സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-08-07-ൽ പ്രസിദ്ധീകരിച്ചതു്)

മാസത്തിലൊരിക്കൽ മാത്രം വരുന്ന

പൂർണ്ണചന്ദ്രനെ പാഴാക്കുന്ന ആളിനെ

ഈശ്വരൻ രക്ഷിക്കട്ടെ.

ഈ പട്ടണം നശിക്കട്ടെ.

നീ എന്നോടൊപ്പം തീർച്ചയായുമുണ്ട്

എന്ന പോലെ ബുദ്ധിയില്ലാത്ത

ഈ പൂർണ്ണചന്ദ്രൻ പ്രസന്നമായി

പ്രശാന്തമായി പ്രകാശിക്കുന്നല്ലോ

…ഒരു രാപ്പാടിയുമുണ്ടു്.

കഴിഞ്ഞനൂറ്റാണ്ടിലെ പുസ്തകങ്ങളിൽ

പറയുന്നതുപോലെ.

പക്ഷേ ഞാൻ അവനെ പറപ്പിച്ചു

കളഞ്ഞു. കിടങ്ങിന്റെ മറ്റേക്കരയിലേക്കു്.

അങ്ങു ദൂരത്തേയ്ക്കു്.

ഞാൻ ഇത്രയ്ക്കു് ഏകാകിയായിരിക്കുമ്പോൾ

അവൻ പാടുന്നതു തെറ്റല്ലേ?

ഞാൻ അഗ്നിശലഭങ്ങളെ ഒറ്റയ്ക്കു

വിട്ടുകളഞ്ഞു. (പാതയിൽ അവ ഒരുപാടുണ്ടു്)

അവയുടെ പേരു നിന്റെ പേരു പോലെ

ആയതുകൊണ്ടല്ല. അവ അത്രയ്ക്കു

സൗമ്യമായ കൊച്ചു ജീവികളാണല്ലോ;

എല്ലാ അല്ലലുകളേയും അവ

ഇല്ലാതാക്കും.

ഏതെങ്കിലും ദിനത്തിൽ നമ്മൾക്കു

പിരിയണമെന്നുണ്ടെങ്കിൽ

ഏതെങ്കിലും ദിനത്തിൽ നമ്മൾക്കു

വിവാഹം കഴിക്കണമെന്നുണ്ടെങ്കിൽ

ആ ദിനം ജൂണിലായിരിക്കട്ടെ എന്നാണു

എന്റെ വിചാരം.

ചുറ്റും അഗ്നിശലഭങ്ങളോടെ.

നീയില്ലാത്ത ഈ സായാഹ്നം പോലെ.

images/Primo_Levi1.jpg
പ്രീമോ ലേവി

1946 ജൂൺ 28-ാം തീയതി. മഹാനായ ഇറ്റാല്യൻ സാഹിത്യകാരൻ പ്രീമോ ലേവി (Primo Levi 1919–1987) എഴുതിയ Avigilana എന്ന കവിതയുടെ ദുർബ്ബലമായ ഭാഷാന്തരീകരണമാണിതു്. ലേവീയുടെ ഭാര്യയുടെ പേരു Lucia എന്നു്. ഇറ്റലിയിലെ ഭാഷയിൽ അഗ്നിഅലഭങ്ങളെ lucciole എന്നു പറയുന്നു. അതിനാലാണു് സഹധർമ്മിണിയുടെ പേരും അഗ്നിശലഭങ്ങളുടെ പേരും സദൃശങ്ങളാണെന്നു കവി എഴുതിയതു്.

(കാവ്യത്തിന്റെ ശീർഷകത്തിന്റെ (Avigiliana) അർത്ഥം എനിക്കറിഞ്ഞുകൂടാ. തെക്കേ ഇറ്റലിയിൽ ആവ്യിയാനോ (Avigliano) എന്നൊരു ചെറിയ ഭരണഘടകമുണ്ടു്; അതാകാമിതു്. അഭ്യൂഹം മാത്രം.)

ഈ പ്രേമകാവ്യത്തിന്റെ അന്യാദൃശസ്വഭാവം വായനക്കാർ കണ്ടിരിക്കുമെന്നാണു് എന്റെ വിചാരം. ആയതവിലോചനങ്ങളെയും മധുരമന്ദഹാസത്തെയും നുണക്കുഴികളെയും വൈരസ്യദായകമായി വീണ്ടും വീണ്ടും പറഞ്ഞു് അനാഗതശ്മശ്രുക്കളെ രസിപ്പിക്കാനുള്ള യത്നമല്ല ലേവിയുടേതു്. പ്രേമഭാജനമില്ലാത്തതുകൊണ്ടുള്ള കവിയുടെ ഏകാകിത. പൂർണ്ണചന്ദ്രൻ ഉളവാക്കുന്ന വിയോഗദുഃഖം. രാപ്പാടിയുടെ ഗാനം ജനിപ്പിക്കുന്ന അസഹനീയത. അഗ്നിശലഭത്തോടു പേരിലും തേജസ്സിലും സാദൃശ്യം ആവഹിക്കുന്ന സഹധർമ്മിണിയുടെ സൗന്ദര്യാതിശയം, ഇവയൊക്കെ കവി എത്ര ഭാവനാസമ്പന്നതയോടെ അഭിവ്യഞ്ജിപ്പിക്കുന്നുവെന്നു നോക്കുക. അതിഭാവുകത്വമില്ലാത്ത അന്തസാർന്ന പ്രേമകാവ്യമാണിതു്. ഇതെഴുതിയ കവി നോവലിസ്റ്റാണു്. കഥാകൃത്താണു്: ലൂയിജീ പീറാന്തെല്ലോ (Luigi Pirandello 1867–1936. ഇറ്റാല്യൻ സാഹിത്യകാരൻ) ഈതാലോ കാൽവിനോ (Italo Calvino 1923–1987. ഇറ്റാല്യൻ സാഹിത്യകാരൻ) ഇവരുടെ സ്വാധീനതയിലമർന്ന മൗലിക പ്രതിഭയുള്ള വ്യക്തിയാണു്. ഫാസ്റ്റിസ്റ്റ് വിരുദ്ധനായ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജർമ്മൻ തടങ്കൽപ്പാളയമായ ഔഷ്വിറ്റ്സിലേക്കു (Auschwitz) അയച്ചു സർക്കാർ.

images/The_Drowned_and_the_Saved.jpg

സോവിയറ്റ് സൈന്യം 1945-ൽ തടങ്കൽപ്പാളയത്തിലുള്ളവരെ മോചിപ്പിച്ചപ്പോൾ അദ്ദേഹം ജന്മദേശത്തേക്കു പോന്നു. ‘നിന്റെ സഹോദരന്റെ രക്തം നിലത്തുനിന്നു് നിലവിളിച്ചുകൊണ്ടു ഉയരുന്നു’ എന്ന ചൊല്ലിനെ സാർത്ഥകമാക്കുമാറു് ‘The Drowned and the Saved’ എന്ന ആത്മഹനനപരമായ ഗ്രന്ഥം 1986-ൽ പ്രസിദ്ധപ്പെടുത്തിയതിനു ശേഷം 1987-ൽ അദ്ദേഹം ‘സ്റ്റെയർ വെല്ലി’ലേക്കു ചാടി ജീവനൊടുക്കി. “Suicide is an act of man and not of the animal. It is a meditated act, a noninstinctive, unnatural choice” എന്നു് അദ്ദേഹമെഴുതി. വേറൊരു മഹാനായ ഇറ്റാല്യൻ സാഹിത്യകാരൻ ചേസാറേ പാവേസ്സേ (Cesare Pavese 1908–1950 ആത്മഹത്യ ചെയ്തു. 1950 ഓഗസ്റ്റ് 27 തീയതി). ‘ഏകാകിത വേദനയാണു്, സ്നേഹിക്കൽ വേദനയാണു്, സമ്പാദിക്കൽ വേദനയാണു്, ജനക്കൂട്ടത്തോടു ചേരുന്നതു് വേദനയാണു്. എല്ലാ വേദനകളെയും മരണം ഇല്ലാതാക്കുന്നു’ എന്നു പറഞ്ഞതു് ഞാൻ ഇപ്പോഴും ഓർമ്മിക്കുന്നു.

images/Cesare_pavese.jpg
ചേസാറേ പാവേസ്സേ

‘Some Applications of the Mimer’ എന്ന പേരിൽ ലേവി എഴുതിയ വിചിത്രമായ ഒരു ചെറുകഥയുണ്ടു്. അചേതനവസ്തുക്കളെ പീഡിപ്പിക്കാൻ ഗിൽബർട്ടോക്ക് എന്തെന്നില്ലാത്ത കൗതുകമാണു്. അയാൾ കുടിക്കില്ല. പുക വലിക്കില്ല. വസ്തുക്കളെ ഇരട്ടിപ്പിക്കാൻ കഴിയുന്ന ഒരുപകരണമുണ്ടു് അയാളുടെ കൈയിൽ. ഒരു ദിവസം അയാൾ ടെലിഫോണിലൂടെ കഥ പറയുന്നയാളിനെ അറിയിച്ചു: “ഞാൻ എന്റെ ഭാര്യയെ ഇരട്ടിപ്പിച്ചിരിക്കുന്നു”. ഗിൽബർട്ടോ ഈ ശതാബ്ദത്തിന്റെ സന്തതിയാണു്. അതേ നമ്മുടെ ശതാബ്ദത്തിന്റെ പ്രതീകം തന്നെ. ഉറങ്ങിക്കിടക്കുന്ന ഭാര്യയെ അയാൾ ഉപകരണത്തിന്റെ വീപ്പയിലെടുത്തു കിടത്തി. രണ്ടാമത്തെ ഭാര്യയെ നിർമ്മിച്ചു. ആദ്യത്തെ ഭാര്യ—എമ്മാ (ഇംഗ്ലീഷിൽ എമ എന്നും ഇറ്റാല്യനിൽ എമ്മാ എന്നു ഉച്ചാരണം—ലേഖകൻ) ഉണർന്നതേയില്ല. ഐശ്വര്യവും മാനുഷികവുമായ നിയമങ്ങളെ ലംഘിച്ചു് ഗിൽബർട്ടോ എന്തിനു് ഒരു ഭാര്യയെക്കൂടി നിർമ്മിച്ചു? ഭാര്യയോടു് തനിക്കു് സ്നേഹാധിക്യമുള്ളതിനാൾ അവളെപ്പോലെ ഒരുത്തികൂടി ഉണ്ടായിരുന്നെങ്കിൽ നന്നെന്ന വിചാരമാണു് ആ ഇരട്ടിപ്പിക്കലിനു പ്രേരകമായതെന്നു് അയാൾ കഥ പറയുന്ന ആളിനെ അറിയിച്ചു. സ്വാഭാവികമായ നിദ്രയായിരുന്നില്ല എമ്മായുടേതു്. ഗിൽബർട്ടൊ അവൾക്കു് ഉറക്കമരുന്നു് കൊടുത്തിരുന്നു.

images/Luigi_Pirandello.jpg
ലൂയിജീ പീറാന്തെല്ലോ

ഒന്നരമാസം കഴിഞ്ഞു് കഥ പറയുന്നയാൾ രണ്ടു എമ്മാകളെയും നേരിട്ടുകണ്ടു. രണ്ടുപേരും ഒരേ രീതിയിൽ വസ്ത്രധാരണം. മുഖം, പല്ല്, തലമുടി, നെറ്റിയിലെ തഴമ്പു് ഇവയ്ക്കൊന്നും വ്യത്യാസമേയില്ല, കൃത്രിമമായി നിർമ്മിച്ച എമ്മായെ തിരിച്ചറിയുന്നതിനുവേണ്ടി അവളുടെ തലമുടിയിൽ വെളുത്ത നാട ധരിപ്പിച്ചിരുന്നു, ഗിൽബർട്ടോ. പുതിയ എമ്മാ ഇരുപത്തിയെട്ടുവയസ്സോടുകൂടിയാണു് ഈ ഭൂമിയിൽ വന്നതു്. അവൾക്കു് ആദ്യത്തെ എമ്മായുടെ എല്ലാ മാനസികസവിഷേഷതകളും ഉണ്ടായിരുന്നു. മാത്രമല്ല, ആദ്യകാലയളവിലെ മധുവിധുയാത്ര, കൂടെപ്പഠിച്ചവർ ഇതെല്ലാം വ്യാജ എമ്മാ ഓർമ്മിക്കുന്നുണ്ടു്. മാസങ്ങൾ കഴിഞ്ഞു. ഭാര്യമാർ ക്രമേണ വിഭിന്ന സ്വഭാവമുള്ളവരായി. ഗിൽബർട്ടോക്ക് രണ്ടാമത്തെ എമ്മായോടു് സ്നേഹം കൂടി. ആദ്യത്തെ എമ്മായ്ക്കു് അമ്പരപ്പും. അങ്ങനെയിരിക്കെ കഥ പറയുന്നയാൾ ടെലിഫോണിലൂടെ ഇങ്ങനെ കേട്ടു: നോക്കൂ ഞാൻ എന്നെക്കുറിച്ചല്ല സംസാരിക്കുന്നതു്. ഗിൽബർട്ടോ ഒന്നാമനെപ്പറ്റിയാണു് ഞാൻ സംസാരിക്കുന്നതു്. ഞൻ കഴിഞ്ഞ ഞായറാഴ്ചയാണു് ഉണ്ടായതു്. കാര്യം വ്യക്തം. ഗിൽബർട്ടോ തന്നെ ഇരട്ടിപ്പിച്ചിരിക്കുന്നു. ശാസ്ത്രകാരന്മാർ ഈശ്വരന്റെ ജോലി ചെയ്യാൻ തുടങ്ങിയാൽ ഏതു തരത്തിലുള്ള ആപത്തുകളുണ്ടാവുമെന്നു് മുന്നറിയിപ്പു് നൽകുകയാണു് ലേവി. വർഷങ്ങൾക്കുശേഷമുണ്ടായ ‘ക്ലോണിങ്ങി’നെ ക്രാന്തദർശിതയോടെ ആവിഷ്കരിക്കുകയാണു് ലേവി ഈ ചെറുകഥയിൽ.

images/Jean_Baudrillard.jpg
ഷാങ് ബോദ്രിയാർ

ഫ്രഞ്ച് സമൂഹശാസ്ത്രജ്ഞനും സംസ്കാര നിരൂപകനുമായ ഷാങ് ബോദ്രിയാറിന്റെ (Jean Baudrillard, born 1929) ഒരു പ്രബന്ധത്തിൽ ഇതിനു സദൃശമല്ലെങ്കിലും ഏതാണ്ടു് സദൃശമായ ഒരാശയം ഞാൻ കാണുകയുണ്ടായി. അതിന്റെ വിശദീകരണത്തിനു് ലണ്ടനിലെ ബിർക്ക്ബെക്ക് കോളേജിലെ സ്റ്റീവൻ കൊണോറിനെ ഞാൻ ആശ്രയിക്കുന്നു. അനുകരണം (imitation) ഛദ്മാനുകരണം (simulation) ഇങ്ങനെ രണ്ടു പ്രക്രിയകളെക്കുറിച്ചു് ബോദ്രിയാർ പറയുന്നുണ്ടു്. ഒരു രോഗത്തെ അനുകരിച്ചാൽ ചതി കണ്ടുപിടിക്കാൻ പ്രയാസമുണ്ടെങ്കിലും സത്യവും അസത്യവും അതിൽ അന്തർഭവിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. പക്ഷേ ആ രോഗത്തിന്റെ ഛദ്മപ്രക്രിയ നടത്തുമ്പോൾ (simulation) രോഗത്തിന്റെ ലക്ഷണങ്ങൾ യഥാർത്ഥമായിത്തന്നെ ആ വ്യക്തി കാണിച്ചെന്നുവരും. ഛദ്മപ്രക്രിയയിൽ—വ്യാജപ്രവൃത്തിയിൽ—സത്യവും അസത്യവുമുണ്ടു്. (രോഗത്തെ വ്യാജമായി അനുകരിക്കുമ്പോൾ യഥാർത്ഥമായ ചില ലക്ഷണങ്ങൾ ഉണ്ടാകുന്നതിനാൽ സത്യത്തിന്റെ അംശം) അതുകൊണ്ടു് രക്തമൊഴുക്കിയ ഗൾഫ് യുദ്ധം ഉണ്ടായില്ല എന്നാണു് ബോദ്രിയാറിന്റെ അഭിപ്രായം. മറ്റുയുദ്ധങ്ങളെപ്പോലെ ഉണ്ടായതല്ല ഗൾഫ് യുദ്ധം. അതു് മാദ്ധ്യമങ്ങൾ (media) സംവിധാനം ചെയ്ത, നിർവഹിച്ച ദൃശ്യം (spectacle) മാത്രമായിരുന്നു. അതു് പ്രാചീനമായ അർത്ഥത്തിൽ യുദ്ധമായിരുന്നില്ല. പിന്നെയോ? വ്യാജപ്രക്രിയ മാത്രം. നമ്മുടെ കാലയളവു് വ്യാജപ്രക്രിയകളുടേതാണു്. സത്യത്തെക്കുറിച്ചുള്ള ബോധം നമുക്കു നഷ്ടപ്പെട്ടുവെന്നു് പറയുകയാവാം ബോദ്രിയാർ. 1981-ൽ അദ്ദേഹമിതു പറയുന്നതിനു് എത്രയോ വർഷം മുൻപു് ലേവി ഏതാണ്ടിതേ ആശയം ആവിഷ്കരിച്ചു എന്നതു വിസ്മയദായകമായിരിക്കുന്നു.

തിയഡോർ റെറ്റ്കി (Theodore Roetheke) എന്ന കവി പറയുന്നു:

The stethoscope tells what everyone fears

You’re likely to go on living for years

images/Theodore_Roethke.jpg
തിയഡോർ റെറ്റ്കി

(ഓരോ ആളും പേടിക്കുന്നതു സ്റ്റെതസ്കോപ് പറയുന്നു, വർഷങ്ങളോളം നിങ്ങൾ ജീവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നു്) എബ്രഹാം മാത്യു എന്ന പേരു് വാരികയിൽ അച്ചടിച്ചുകണ്ടാൽ എനിക്കു പേടിയാണു്. ആ നാമധേയത്തിന്റെ താഴെവരുന്ന ചെറുകഥ എന്റെ ദയനീയമായ ജീവിതത്തിന്റെ ദയനീയത വളരെക്കൂട്ടുമെന്നു് എനിക്കു ഭയം. മാധ്യമം വാരികയിൽ അദ്ദേഹത്തിന്റെ പേരുകണ്ടു പേടിച്ചു. ഞെട്ടി. ‘ചുവപ്പിന്റെ നിറം’ എന്ന കഥ ആ വികാരങ്ങളോടെ വായിച്ചു. വായിച്ചുകഴിഞ്ഞപ്പോൾ പേടി കൂടി; ഞെട്ടൽ കൂടി. ഇമ്മാതിരിക്കഥകൾ പതിവായി വായിച്ചാൽ നമ്മൾ സാഹിത്യത്തെ വെറുക്കും. കഥ ദുർഗ്രഹമായിക്കൊള്ളട്ടെ. അർത്ഥരാഹിത്യത്തിലേക്കു ചെല്ലട്ടെ, ‘സ്റ്റുപിഡിറ്റി’യോളം എത്തട്ടെ. പക്ഷേ അതു വായനക്കാരെ കൊല്ലരുതു്. അന്തരിച്ച മീഡിയോക്കർ (ഇടത്തരം) എഴുത്തുകാരൻ പി കേശവദേവ് എബ്രഹാം മാത്യു കഥയെഴുതുമെന്നു് മുൻകൂട്ടികണ്ടു് പണ്ടേ പറഞ്ഞു: ‘കൊല്ലരുതനിയാ കൊല്ലരുതു്’.

ചോദ്യം, ഉത്തരം

ചോദ്യം: എന്റെ മനസ്സു് നിരാശകൊണ്ടു് മൂകം. ഏതുപോലെ?

ഉത്തരം: മാവിന്റെ കൊമ്പിലിരുന്നു് രാത്രിയിൽ പാടുന്ന കുയിൽ പൊടുന്നനെ പാട്ടുനിറുത്തുമ്പോൾ പരക്കുന്ന നിശ്ശബ്ദതപോലെ. (നിരാശൻ = ആശയറ്റവൻ; നിരാശ = ആശയറ്റവൾ. അവരുടെ ഭാവം നിരാശത).

ചോദ്യം: എനിക്കു പുസ്തകങ്ങൾ റെവ്യു ചെയ്താൽ കൊള്ളാമെന്നുണ്ടു്. പത്രാധിപരോടു് താങ്കളൊന്നു് ശുപാർശചെയ്യുമോ?

ഉത്തരം: പാലക്കാട്ടുകാരനാണോ താങ്കൾ. മലയാള ഭാഷയിലെ എല്ലാ അക്ഷരങ്ങളും വായിക്കാനും എഴുതാനുമറിയാമോ? അറിഞ്ഞുകൂടെങ്കിൽ ഞാൻ പത്രാധിപരോടു് അഭ്യർത്ഥിച്ചു് പുസ്തകങ്ങൾ താങ്കളെക്കൊണ്ടു് റെവ്യു ചെയ്യിപ്പിക്കാം. അതല്ല അക്ഷരങ്ങൾ അറിയാമെങ്കിൽ ഞാൻ വിചാരിച്ചാൽ ഒരു ‘രക്ഷയുമില്ല’.

ചോദ്യം: ഏതു ഫ്രഞ്ചെഴുത്തുകാരനെയാണു് നിങ്ങൾക്കിഷ്ടം?

ഉത്തരം: സാങ്തേഗ്സ്സുപേരി (Saint Exupery). അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചിട്ടില്ലെങ്കിൽ അതു വലിയ നഷ്ടമായിത്തീരും.

അദ്ഭുതാംശം

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പൂവമ്പഴം’, ഉറൂബിന്റെ ‘വാടകവീടുകൾ’ ഈ കഥകളുടെ പര്യവസാനത്തെക്കുറിച്ചു് വായനക്കാരനു് ഒരഭ്യൂഹവും നടത്താൻ കഴിയുകയില്ല. കഴിയുകയില്ല എന്നതിലാണു് കലാത്മകതയിരിക്കുന്നതു്.

റഷ്യൻ സാഹിത്യകാരൻ ഗാർഷിന്റെ (Vsevolod Garshin 1855–1888) ‘The Signal’ എന്ന ചെറുകഥ വിശ്വവിഖ്യാതമാണു്. റെയിൽവേ ജോലിക്കാരനായ വസ്യെൽയി (Vasily) വിപ്ലവകാരിയാണു്. അയാളുടെ കൂട്ടുകാരനായ സിംയൊൻ (Semyon) നിയമങ്ങളനുസരിച്ചു് ജീവിക്കുന്നവനും. സർക്കാരിനോടു പിണങ്ങി വസ്യെൽയി തീവണ്ടിവരാറായ സമയത്തു പാളമിളക്കിയിട്ടിട്ടു കാട്ടിലേക്കോടി. പാളം തിരിച്ചു ചേർക്കാനുള്ള കൂട്ടുകാരന്റെ അപേക്ഷയൊന്നും വസ്യെൽയി വകവെച്ചില്ല. തീവണ്ടി വരുന്നു. ഒരു ചുവന്ന കൊടി വേണം സിംയോഗിനു്. മറ്റുമാർഗ്ഗമില്ലാതെ അയാൾ പേനക്കത്തി കൈയിൽ കുത്തിയിറക്കി ചോര ചാടിച്ചു് കൈലേസ് അതിൽമുക്കി ഒരു മുളന്തണ്ടിൽ കെട്ടി രണ്ടുപാളത്തിനിടയിൽ ആ രക്തപതാക ഉയർത്തിപ്പിടിച്ചുകൊണ്ടുനിന്നു. എഞ്ചിൻ ഡ്രൈവർ അതുകണ്ടു. അയാൾ തീവണ്ടി നിറുത്തുന്നതിനുമുൻപു് സിംയോഗിന്റെ തലകറങ്ങി താഴെ വീഴാൻപോയി. പക്ഷേ ഒരദൃശ്യകരം ആ കൊടി അയാളുടെ കൈയിൽനിന്നുവാങ്ങി. അതു് ഉയർത്തിപ്പിടിച്ചു് കൊണ്ടു് അയാൾ നിന്നു. തീവണ്ടി നിന്നപ്പോൾ ചുവന്ന കൊടിയേന്തിയ വസ്യെൽയി പറഞ്ഞു: ‘എന്നെ അറസ്റ്റ് ചെയ്യൂ. ഞാനാണു് പാളമിളക്കിയതു്’. (കഥ ഓർമ്മയിൽനിന്നും എഴുതുന്നതു്). ‘The Signal’ എന്ന ഇക്കഥയുടെ പര്യവസാനം കണ്ടു് വായനക്കാർക്കു് അദ്ഭുതപ്രതീതിയുണ്ടാകുന്നു. ചെറുകഥയുടെ അവസാനത്തോളമെത്തുന്ന വായനക്കാരനും അതിന്റെ സമാപ്തി ഇത്തരത്തിലാകുമെന്നു് സംശയിക്കുകപോലുമില്ല. ആ സംശയമില്ലായ്മയാണു് വിസ്മയ പ്രതീതിക്കു ഹേതു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പൂവമ്പഴം’, ഉറൂബിന്റെ ‘വാടകവീടുകൾ’ ഈ കഥകളുടെ പര്യവസാനത്തെക്കുറിച്ചു് വായനക്കാരനു് ഒരഭ്യൂഹവും നടത്താൻ കഴിയുകയില്ല. കഴിയുകയില്ല എന്നതിലാണു് കലാത്മകതയിരിക്കുന്നതു്. മുകളിൽ ഞാൻ സംക്ഷേപിച്ചെഴുതിയ ഇറ്റാല്യൻ കഥയുടെ പര്യവസാനവും ആ വിധത്തിലാകുമെന്നു് ഒരു വായനക്കാരനും ഊഹിക്കാനാവുകയില്ല. ഗിൽബർട്ടോ തന്നെ ഇരട്ടിപ്പിച്ചിരിക്കുന്നു എന്നു കേൾക്കുമ്പോൾ നമ്മുടെ ഭാവനയിൽ ഒരഗ്നികിരണം വന്നുവീഴുന്നു. നമ്മൾ അതോടെ ആശ്ചര്യത്തിന്റെ അഗാധഹ്രദത്തിൽ ചെന്നുവീഴുന്നു. ജീവിതം ഓരോ നിമിഷത്തിലും അദ്ഭുതദായകങ്ങളായ സംഭവങ്ങൾ നൽകുന്നതുകൊണ്ടു് കഥകളും അമ്മട്ടിലാവണമെന്നു് നോബൽ ലാറിയിസ്റ്റായ ബാഷേവിസ് സിങ്ങർ പറഞ്ഞതും ഇപ്പോൾ ഞാൻ ഓർമ്മിക്കുന്നു. ഈ സാരസ്വതരഹസ്യം മലയാളം വാരികയിൽ ‘കാതിലോല’ എന്ന കഥയെഴുതിയ ശ്രീ. ബി. മുരളിക്കു് അറിഞ്ഞുകൂടാ. കാഞ്ചനമാലയും അനസൂയയും കൂട്ടുകാർ. അനസൂയ പ്രേമബന്ധത്തിൽ പെട്ടവരെ വിവാഹബന്ധത്തിൽ കൊണ്ടുചെല്ലാൻ യത്നിക്കുന്നവളാണു്. നിഷാദൻ കാഞ്ചനമാലയുടെ കാമുകനായി എത്തി. അവരെ വിവാഹം വരെ കൊണ്ടുചെല്ലാൻ ശ്രമിക്കുന്ന അനസൂയയുടെ നേർക്കു് കാമാസ്ത്രം അയയ്ക്കുന്നു നിഷാദൻ. കഥയിൽ നിഷാദൻ പ്രവേശിച്ചയുടനെത്തന്നെ എനിക്കു് ഊഹിക്കാൻ കഴിഞ്ഞു അയാൾ കാഞ്ചനമാലയെ നിരാകരിച്ചു് അനസൂയയെ പ്രേമിക്കുമെന്നും അതോടെ കഥ പര്യവസാനത്തിലെത്തുമെന്നും. എന്റെ അഭ്യൂഹത്തിനൊത്തു് കഥ അവസാനിച്ചതുകൊണ്ടു് എനിക്കൊരു വിസ്മയപ്രതീതിയും ഉളവായില്ല. പച്ചവെള്ളംകുടിച്ച തോന്നൽ മാത്രം. കഥ പറയുന്ന രീതിക്കു് വിഭിന്നതയുണ്ടു്. നന്നു്. പക്ഷേ കോളേജ് മാഗസിനുകളിൽ മനസ്സിനു് പരിപാകമില്ലാത്ത വിദ്യാർത്ഥികൾ എഴുതുന്ന കഥകൾക്കുപോലും മുരളിയുടെ കഥയെക്കാൾ കലാമൂല്യമുണ്ടു്.

ഗുരുനിന്ദ

അന്ധകാരം ഇഴഞ്ഞിഴഞ്ഞു് എത്തുകയാണു്. കുറച്ചുകഴിഞ്ഞാൽ കൊടും തിമിരം എന്നെ പൊതിയും. ഏതുപോലെയാണു് ഇരുട്ടിന്റെ ആക്രമണം, അതു ഞാൻ ഈ ഖണ്ഡികയുടെ പര്യവസാനത്തിൽ പറയാം.

എഴുതാൻ പോകുന്ന സംഭവം ഒരിക്കലെഴുതിയതാണു്. സന്ദർഭത്തിന്റെ അർത്ഥനകൾക്കു് അനുരൂപമായി അതു വീണ്ടും എഴുതേണ്ടിയിരിക്കുന്നു. പ്രിയപ്പെട്ട വായനക്കാർ സദയം ക്ഷമിക്കണം. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ അധ്യാപകനായിരിക്കുമ്പോൾ ഒരു ക്രിസ്തുശിഷ്യൻ എന്റെ ക്ലാസ്സിലുണ്ടായിരുന്നു. കവിത, ലേഖനം ഇവയൊക്കെ അദ്ദേഹം എഴുതിക്കൊണ്ടുവരും. ഞാൻ അവ തിരുത്തിക്കൊടുക്കും. നിർദ്ദേശങ്ങൾ നൽകും. ശിഷ്യൻ പരീക്ഷയിൽ ജയിച്ചു് എവിടെയോ പോയി. അങ്ങനെയിരിക്കെ എനിക്കൊരു എഴുത്തുവന്നു. തുറന്നുനോക്കിയപ്പോൾ ക്രിസ്തുശിഷ്യന്റെ കത്താണെന്നുമനസ്സിലായി. സന്തോഷത്തോടെ വായിച്ചുതീർത്തിട്ടാണു് ഞാൻ കത്തിന്റെ മുകളിലുള്ള സംബുദ്ധിയിലേക്കു് അറിയാതെ നോക്കിപ്പോയതു്. Dear Krishnan Nair എന്നു് ആ പൂർവശിഷ്യൻ എഴുതിയിരിക്കുന്നു. അതുകണ്ടു് എനിക്കു ദുഃഖം തോന്നി.

images/Italo_Calvino.jpg
ഈതാലോ കാൽവിനോ

മൂന്നുവർഷം പഠിപ്പിച്ചു് ഞാൻ കണ്ണുതെളിയിച്ചുവിട്ട ക്രിസ്തുശിഷ്യൻ ഗുരുനാഥനായ എന്നെ പേരുപറഞ്ഞു വിളിക്കുന്നു. ക്രിസ്തുദേവൻ ആ മനുഷ്യനു ശിക്ഷകൊടുത്തുകൊള്ളുമെന്നു് വിചാരിച്ചു് ഞാൻ ദുഃഖമകറ്റി. വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം സന്ധ്യയോടടുത്തപ്പോൾ അദ്ദേഹം എന്റെ വീട്ടിലെത്തി. അതിഥി ഈശ്വരനുതുല്യനാണല്ലോ. ഞാൻ അദ്ദേഹത്തെ സത്കരിച്ചു. ആ ക്രൈസ്തവപുരോഹിതൻ പറഞ്ഞു: ‘ഒരാവശ്യവുമായിട്ടാണു് ഞാൻ വന്നതു്. തായാട്ടുശങ്കരൻ വിവേകാനന്ദനെ ആക്ഷേപിച്ചെഴുതിയ ലേഖനം എനിക്കു പഠിപ്പിക്കാനുണ്ടു്. അതിന്റെ കൊള്ളരുതായ്മ ഒന്നു കോളത്തിലൂടെ വ്യക്തമാക്കണം’. വിവേകാനന്ദനെ ആക്ഷേപിച്ചു എന്നുകേട്ടാൽ എന്റെ ചോര തിളയ്ക്കുമെന്നാണു് അദ്ദേഹം കരുതിയതു്. ഞാൻ ഹിന്ദുമതത്തിൽ പെട്ടവനാണെങ്കിലും ഹിന്ദുത്വത്തിന്റെ പേരിൽ ഒരാവേശവും എനിക്കുണ്ടാകില്ല. ഞാൻ മിണ്ടാതിരുന്നു. അപ്പോൾ ആഗതൻ തുടർന്നു പറഞ്ഞു: ‘അവൻ എന്നെ പഠിപ്പിച്ചിട്ടുണ്ടു്. എങ്കിലും എനിക്കെഴുതാൻ മടിയില്ല. പക്ഷേ ഞാനെഴുതുന്നതു് അച്ചടിച്ചുവന്നില്ലെങ്കിലോ എന്നു സംശയം’. അവൻ എന്നു പുരോഹിതനും അധ്യാപകനുമായ ആ മനുഷ്യൻ പറഞ്ഞതു് എന്റെ മിത്രവും അഭിവന്ദ്യനുമായ തായാട്ടുശങ്കരനെക്കുറിച്ചാണെന്നു് മനസ്സിലാക്കി ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. എന്നെ ആ മനുഷ്യൻ പേരുപറഞ്ഞു വിളിച്ചതു് ഈ ഗുരുനിന്ദയോടു തട്ടിച്ചുനോക്കുമ്പോൾ എത്ര നിസ്സാരം!

ദേശാഭിമാനി വാരികയിൽ ശ്രീ. റസാക്കു് കുറ്റിക്കകം എഴുതിയ ‘അബ്ദുള്ള മാസ്റ്ററുടെ കുട്ടികൾ’ എന്ന ചെറുകഥയിൽ ഗുരുനാഥനോടു് ശിഷ്യന്മാർ കാണിക്കുന്ന അനാദരത്തെ അഭിവ്യഞ്ജിപ്പിച്ചിട്ടുണ്ടു്. പഠിപ്പിക്കുക മാത്രമല്ല പാഠപുസ്തകങ്ങൾ വാങ്ങിക്കൊടുക്കുകയും കുടപോലും മേടിച്ചുനൽകുകയും ചെയ്യുന്ന ഗുരുനാഥനോടു് ഒരു ശിഷ്യൻ നന്ദികേടുകാണിക്കുന്നതിനെ ധ്വനിപ്പിക്കുന്ന ഇക്കഥ പ്രതിപാദ്യവിഷയവ്യത്യസ്തതയാൽ എനിക്കു കൗതുകമുളവാക്കി. അന്ധകാരത്തിന്റെ സാന്ദ്രത വർദ്ധിച്ചുവരുന്നു. ഗുരുനിന്ദയുടെ തമസ്സാണോ ഇങ്ങനെ കൂടിക്കൂടി വരുന്നതു്? ആയിരിക്കും.

കേരളമണ്ണിന്റെ മണമില്ലാതെ

സ്വിസ് സാഹിത്യകാരൻ ഡൂറൻമാറ്റിന്റെ (Durrentmatt 1921–1990) The Tunnel (തുരങ്കം) എന്ന ചെറുകഥ വായിച്ചിട്ടില്ലാത്തവർ സാഹിത്യകാരന്റെ ശക്തി സമ്പൂർണ്ണമായി അറിഞ്ഞവരല്ലെന്നു് ഞാനെഴുതിയാൽ അതു വായിക്കാത്തവരോടു് എനിക്കു ബഹുമാനക്കുറവൊന്നുമില്ല. ആ കഥയുടെ അസാധാരണമായ ശക്തിയിലേക്കു കൈ ചൂണ്ടാനേ എനിക്കു ലക്ഷ്യമുള്ളു.

ഇരുപത്തിനാലു വയസ്സുള്ള ആ ചെറുപ്പക്കാരൻ അന്നും ആ തീവണ്ടിയിൽ കയറി. തീവണ്ടി തിരിക്കുന്ന സമയം അഞ്ചു് അമ്പതു്. ചെന്നെത്തുന്നതു് ഏഴു് ഇരുപത്തിയേഴിനു്. ഒരു സെമിനാറിൽ പങ്കെടുക്കാൻ അയാൾ സർവകലാശാലയിലേക്കു പോകുകയാണു്. ഒരു ചെറിയ തുരങ്കമുണ്ടു് യാത്രയ്ക്കിടയിൽ. തീവണ്ടി വലിയ വേഗത്തിൽ പോകുന്നതുകൊണ്ടു് ഇരുട്ടിലൂടെയുള്ള യാത്ര കുറച്ചുനേരത്തേക്കു മാത്രം. പക്ഷേ അന്നു തുരങ്കത്തിലൂടെ

images/duerrenmatt.jpg
ഡൂറൻമാറ്റ്

യുള്ള യാത്രയ്ക്കു വിരാമമില്ലെന്നു തോന്നി. തീവണ്ടി മാറിപ്പോയോ എന്നാണു് യുവാവിന്റെ സംശയം. റ്റിക്കറ്റ് പരിശോധിക്കാൻ വന്ന ഉദ്യോഗസ്ഥൻ ആ സംശയത്തെ ദൂരീകരിച്ചു. “But the gentleman is on the right train” എന്നാണു് അയാൾ പറഞ്ഞതു്. തുരങ്കത്തിലൂടെ വളരെ നേരമായി തീവണ്ടി ചലനം കൊളളുകയാണെന്നു് ചെറുപ്പക്കാരൻ അറിയിച്ചപ്പോൾ ആ ഉദ്യേഗസ്ഥൻ മറുപടി നൽകി. ചീത്തക്കാലാവസ്ഥയാകാമിതു്. കൊടുങ്കാറ്റു്. അതുകൊണ്ടാണു് ഈ ഇരുട്ടു്. ഓരോ കാതിലും പഞ്ഞി വച്ചിട്ടുണ്ടു് യുവാവു്. അതു കാതുകളിൽ തിരുകിക്കയറ്റിയതിനുശേഷം അയാൾ പ്രധാനപ്പെട്ട ഉദ്യേഗസ്ഥന്റെ അടുത്തേക്കു പോയി. തീവണ്ടിയുടെ വേഗം കൂടിക്കൂടി വരുന്നു. ഇത്രയും ദൂരമുള്ള ഒരു തുരങ്കം താൻ പതിവായി സഞ്ചിരിക്കുന്ന മാർഗ്ഗത്തിൽ ഇല്ലെന്നു് അയാൾ ആ ഉദ്യേഗസ്ഥനോടു പരാതിയായി പറഞ്ഞു. തുരങ്കത്തിനു അവസാനമില്ല എന്നതു സമ്മതിച്ചിട്ടു് തനിക്കൊന്നും അറിയിക്കാനില്ലെന്നാണു് അയാൾ ചെറുപ്പക്കാരനോടു പറഞ്ഞതു്. മണിക്കൂറിൽ അറുപത്തിയഞ്ചു മൈലിൽ കൂടുതലായി ആ തീവണ്ടി പോയിട്ടേയില്ല. ഇപ്പോൾ നൂറ്റിയഞ്ചു മൈൽ വേഗത്തിലാണു് അതു പോകുന്നതു്. അതും താഴോട്ടു്. എഞ്ചിൻ കാബിനിലേക്കു നോക്കി യുവാവു്. ഡ്രൈവർ തീവണ്ടിയിൽ നിന്നു ചാടി രക്ഷപ്പെട്ടിരിക്കുന്നു. നൂറ്റിമുപ്പതായി വേഗം. ട്രെയിൻ താഴോട്ടു പോകുന്നു. ഭൂമിയുടെ അന്തർഭാഗത്തെക്കോ? അതേ. ഭീതിദമായ യാത്ര. കണ്ണാടിച്ചില്ലുകളും ലോഹച്ചില്ലുകളും യുവാവിന്റെ ശരീരത്തിൽ വന്നു തറച്ചു. ശക്തിയായി കാറ്റു് അയാളുടെ കാതുകളിലെ പഞ്ഞിക്കഷണങ്ങളെ വലിച്ചെടുത്തു് അമ്പുകളായി മുകളിലേക്കു് അയച്ചു. ‘ഒന്നുമില്ല. ഈശ്വരൻ നമ്മെ വീഴ്ത്തുകയാണു്. നമ്മൾ അദ്ദേഹത്തെ കാണും ഇപ്പോൾ’ എന്നാണു് യുവാവു് പറഞ്ഞതു്. കഥ ഇവിടെ അവസാനിക്കുന്നു. പ്രത്യക്ഷസത്യങ്ങൾ എന്നു നമുക്കു തോന്നുന്നവയെ രൂപപരിവർത്തനത്തിലൂടെ ചിത്രീകരിച്ചു് മനുഷ്യജീവിതത്തിന്റെ ദുരന്തസ്വഭാവത്തെ കാണിച്ചു തരികയാണു് ഡൂറൻമാറ്റ്.

ഇനി ശ്രീ. ജോർജ് ജോസഫ് കെ. മലയാളം വാരികയിൽ എഴുതിയ ‘വിസ്മയ ജാലകങ്ങൾ’ എന്ന ചെറുകഥ വായിച്ചു നോക്കുക. ഡൂറൻമാറ്റിന്റെ കഥയുടെ അനുകരണമാണു് ജോർജ് ജോസഫ് കെയുടെ കഥയെന്നു് എനിക്കഭിപ്രായമില്ല. അദ്ദേഹം സ്വിസ് കഥ വായിച്ചിരിക്കുകയുമില്ല. കഥയുടെ ഇംഗ്ലീഷ് തർജ്ജമ വായിക്കുമ്പോൾ നമുക്കു ഭയമുണ്ടാകുന്നു. അനിയന്ത്രിതവും ഭയോത്പാദകവുമായ ലോകത്തെയാണു് ഡൂറൻമാറ്റ് തീവണ്ടിയായി ചിത്രീകരിക്കുന്നതു്. അതിൽ മനുഷ്യനെത്ര നിസ്സാരൻ എന്ന തോന്നൽ രചനാപാടവും കൊണ്ടു് അനായാസമായി ജനിപ്പിക്കുന്നു ഡൂറൻമാറ്റ്. ഡ്രൈവറില്ലാതെ “ഇരുട്ടിന്റെ തുരങ്ക”ത്തിലൂടെ പായുന്ന തീവണ്ടിയിലിരിക്കുന്ന ഒരുത്തന്റെ അനുഭവത്തെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ജോസഫ് കെയുടെ കഥ തികഞ്ഞ പരാജയമാണു്. അതിൽ നിന്നു് ഒരനുഭൂതിയും വായനക്കാരനു് കിട്ടുന്നില്ല. കുറെ വാക്കുകൾ കൊണ്ടു് കളിക്കുന്നതേയുള്ളു ജോസഫ് കെ. അതുമാത്രമല്ല അനുഭൂതിരഹിതങ്ങളായ ജോസഫ് കെ. കഥകൾക്കു അന്യദേശോദ്ഭവ സ്വഭാവവുമുണ്ടു്. കേരളീയനായ എഴുത്തകാരന്റെ ജീവരക്തത്തിൽ അലിഞ്ഞുചേർന്ന ആശയങ്ങളല്ല അദ്ദേഹത്തിന്റെ രചനകളിലുള്ളതു്. വിദേശത്തുള്ള കഥാരൂപത്തിൽ കുറേ വിദേശാശയങ്ങൾ കുത്തിനിറയിക്കുന്നതേയുള്ളു അദ്ദേഹം. മലയാള കഥയ്ക്കു നമ്മുടെ മണ്ണിന്റെ മണം വേണം. ആ മണത്തോടു കൂടിയ കഥയ്ക്കു സാർവജനീന സ്വഭാവവും വരണം. ഇതൊന്നും ജോസഫ് കെയുടെ രചനകളിൽ ഇല്ലേയില്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-08-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.