SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 1998-09-18-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Rollo_May.jpg
റൊലൊ മേ

ലോ​ക​മാ​കെ അറി​ഞ്ഞ അബോ​ധ​വി​ശ്ലേ​ഷ​ക​നാ​ണു് ന്യ​യോർ​ക്കി​ലെ റൊലൊ മേ (Rollo May). അമേ​രി​ക്ക​യി​ലെ കൊ​ല​റാ​ഡോ സ്റ്റെ​യ്റ്റിൽ താ​മ​സി​ക്കു​ന്ന കെൻ വിൽ​ബ​റി​നെ ക്കു​റി​ച്ചു് (ken Wilber) അദ്ദേ​ഹം പറ​ഞ്ഞ​തു് ഇങ്ങ​നെ: “വിൽ​ബ​റി​ന്റെ ഗ്ര​ന്ഥ​ങ്ങൾ വാ​യി​ക്കാൻ ഭാ​ഗ്യം കി​ട്ടി​യ​വർ​ക്കു് മന​സ്സും ഭാ​വ​ന​യും ഉണരും; അവ പ്ര​ചോ​ദ​നാ​ത്മ​ക​മാ​കും”. “മൂ​ന്നു​പേ​രെ മാ​ത്ര​മേ ഇരു​പ​ത്തി​യൊ​ന്നാം ശതാ​ബ്ദ​ത്തി​ലെ ലോ​ക​ജ​ന​ത​യ്ക്കു തി​ര​ഞ്ഞെ​ടു​ക്കാ​നാ​വൂ” എന്നു ഒരു നി​രൂ​പ​കൻ. “അവർ അരി​സ്റ്റോ​ട്ടൽ, നീച്ച അല്ലെ​ങ്കിൽ വിൽബർ.” പരി​ണാ​മ​ത്തെ​സ്സം​ബ​ന്ധി​ച്ചു് വിൽ​ബ​റി​നു​ള്ള കാ​ഴ്ച​പ്പാ​ടു് കി​ഴ​ക്കു​ദി​ക്കിൽ അര​വി​ന്ദോ​ക്കും പടി​ഞ്ഞാ​റു​ദി​ക്കിൽ ഹേ​ഗ​ലി​നും മാ​ത്ര​മേ​യു​ള്ളു എന്നു വേ​റൊ​രു നി​രൂ​പ​കൻ. ഈ ലേ​ഖ​ന​മെ​ഴു​തു​ന്ന ആൾ വിൽ​ബ​റി​ന്റെ പല പു​സ്ത​ക​ങ്ങ​ളും വാ​യി​ച്ചി​ട്ടു​ണ്ടു്. ധൈ​ഷ​ണി​കാ​ഹ്ലാ​ദ​ത്തി​നു വേ​ണ്ടി വീ​ണ്ടും വീ​ണ്ടും വാ​യി​ച്ചി​ട്ടു​ണ്ടു്. അദ്ദേ​ഹ​ത്തി​ന്റെ ഏറ്റ​വും പുതിയ പു​സ്ത​ക​മായ The marriage of Sense and Soul ഇപ്പോൾ വാ​യി​ച്ചു തീർ​ത്തു. ചി​ന്താ​ര​ത്ന​ങ്ങ​ളു​ടെ മയൂ​ഖ​മാ​ല​ക​ളാ​ണു് ഇതി​ലാ​കെ. അതിൽ വിലയം കൊ​ണ്ടു് ഞാ​നി​തു കു​റി​ക്കു​ന്നു.

images/MarriageofSenseandSoul.jpg

ശാ​സ്ത്ര​വും മതവും വി​ഭി​ന്ന​ങ്ങ​ളാ​ണു്. ശാ​സ്ത്രം മൂ​ല്യ​ങ്ങ​ളിൽ​നി​ന്നു മു​ക്തി​നേ​ടി സത്യം മാ​ത്രം പ്ര​ദർ​ശി​പ്പി​ക്കു​ന്നു. നന്മ​യേ​തു് തി​ന്മ​യേ​തു് വി​വേ​ക​പൂർ​ണ്ണ​മാ​യ​തു് ഏതു് വി​വേ​ക​ര​ഹി​ത​മാ​യ​തു് ഏതു് എന്നു വേർ​തി​രി​ച്ച​റി​യാൻ നമ്മ​ളെ സഹാ​യി​ക്കു​ന്നി​ല്ല ശാ​സ്ത്രം. സൗ​ര​യൂ​ഥ​ത്തി​നു നന്മ​യി​ല്ല, തി​ന്മ​യു​മി​ല്ല. സത്യം മാ​ത്ര​മാ​ണു് ശാ​സ്ത്രം കാണാൻ ശ്ര​മി​ക്കു​ന്ന​തു്. നേരെ മറി​ച്ചാ​ണു് മതം. ജീ​വി​ത​ത്തി​ന്റെ അടി​സ്ഥാ​ന​പ​ര​മായ മൂ​ല്യ​ത്തി​ലേ​ക്കാ​ണു് അതി​ന്റെ നേ​ട്ടം. മതം വി​വേ​ക​ത്തി​ലേ​ക്കു നമ്മ​ളെ കൊ​ണ്ടു​ചെ​ല്ലു​ന്നു. പര​സ്പ​ര​വി​രു​ദ്ധ​ങ്ങ​ളായ ഇവയെ—ശാ​സ്ത്ര​ത്തെ​യും മത​ത്തെ​യും—എങ്ങ​നെ സമ​ന്വ​യി​പ്പി​ക്കാം എന്നു സ്പ​ഷ്ട​മാ​ക്കി​ത്ത​രി​ക​യാ​ണു് കെൻ വിൽബർ. ഈ അനു​ര​ഞ്ജ​ന​ത്തി​നു​ള്ള മാർ​ഗ്ഗ​ങ്ങൾ ഗ്ര​ന്ഥ​കാ​രൻ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തു വാ​യ​ന​ക്കാർ തന്നെ കണ്ടു​കൊ​ള്ളാ​നാ​ണു് എന്റെ വി​ന​യാ​ന്വി​ത​മായ നിർ​ദ്ദേ​ശം. എനി​ക്കു് ഇപ്പോൾ കൗ​തു​ക​മു​ള്ള​തു് വി​ശി​ഷ്ട​മായ ഈ ഗ്ര​ന്ഥ​ത്തി​ലെ മറ്റാ​ശ​യ​സാ​മ്രാ​ജ്യ​ങ്ങ​ളി​ലേ​ക്കു വാ​യ​ന​ക്കാ​രെ നയി​ക്കാ​നാ​ണു്.

ആദ്യം മോ​ഡേ​ണി​റ്റി (modernity-​ആധുനികത) ആക​ട്ടെ. ഈശ്വ​രൻ മരി​ച്ചു എന്ന​തു പ്രാ​ഥ​മി​കാ​ശ​യം. പി​ന്നീ​ടു് ജീ​വി​ത​ത്തെ വാ​ണി​ജ്യ​വ​സ്തു​വാ​ക്കൽ. വ്യ​ത്യ​സ്ത​ഗു​ണ​ങ്ങ​ളു​ള്ള​വ​യെ ഒരു​പോ​ലെ​യാ​ക്കൽ. മു​ത​ലാ​ളി​ത്ത​ത്തി​ന്റെ ക്രൂ​രത. ഗു​ണ​ങ്ങൾ​ക്കു പക​ര​മാ​യി സം​ഖ്യാ​വ​ലി​പ്പം, മൂ​ല്യ​രാ​ഹി​ത്യ​വും അർ​ത്ഥ​ന​ഷ്ട​വും, ജീ​വി​ത​ത്തെ ശക​ലി​ത​മാ​ക്കൽ, അസ്തി​ത്വ​വാ​ദ​സം​ബ​ന്ധി​യായ സന്ത്രാ​സം, ഗ്രാ​മ്യ​മായ ഭൗ​തി​ക​ത്വം ഇവ​യൊ​ക്കെ. എല്ലാം ദോ​ഷ​ങ്ങൾ. പക്ഷേ ആധു​നി​ക​ത​യ്ക്കു ഗു​ണ​ങ്ങ​ളു​മു​ണ്ടു്. മധ്യ​കാ​ല​യ​ള​വിൽ ഗലീ​ലി​യോ​ക്കു് ദൂ​ര​ദർ​ശി​നി​ക്കു​ഴ​ലി​ലൂ​ടെ നോ​ക്കി വസ്തു​ത​കൾ ഉറ​ക്കെ​പ്പ​റ​യാൻ കഴി​യു​മാ​യി​രു​ന്നി​ല്ല. പള്ളി​യു​ടെ അധി​കാ​ര​ത്തിൻ​കീ​ഴിൽ കലയും ശാ​സ്ത്ര​വും സന്മാർ​ഗ്ഗ​വും ഒരു​മി​ച്ചു​ചേർ​ന്നു വർ​ത്തി​ച്ചി​രു​ന്നു എന്ന​താ​ണു് അതിനു ഹേതു. പള്ളി​യു​ടെ സന്മാർ​ഗ്ഗ​ചി​ന്ത ഉദ്ഘോ​ഷി​ച്ചി​രു​ന്നു ശാ​സ്ത്ര​ത്തി​നു ഇന്ന​തു ചെ​യ്യാം. ഇന്ന​തു ചെ​യ്തു​കൂ​ടാ​യെ​ന്നു്. സൂ​ര്യൻ ഭൂ​മി​ക്കു​ചു​റ്റും കറ​ങ്ങു​ന്നു​വെ​ന്നു ബൈബിൾ പറ​ഞ്ഞു. അതോടെ ചർച്ച അവ​സാ​നി​ക്കു​ക​യും ചെ​യ്തു. ആധു​നി​ക​ത​യിൽ മൂ​ല്യ​മ​ണ്ഡ​ല​ങ്ങ​ളു​ടെ വേർ​തി​രി​ക്ക​ലു​ണ്ടാ​യി. അപ്പോൾ രാ​ജ്യ​ദ്രോ​ഹി എന്ന മുദ്ര ശരീ​ര​ത്തിൽ പതി​യാ​തെ തന്നെ ഗലീ​ലി​യോ​ക്കു് റ്റെ​ലി​സ്കോ​പ്പി​ലൂ​ടെ നോ​ക്കാ​മെ​ന്നാ​യി. കല​യി​ലും സന്മാർ​ഗ്ഗ​ചി​ന്ത​യി​ലും ഇതു​ത​ന്നെ സം​ഭ​വി​ച്ചു. മത​പ​ര​ങ്ങ​ള​ല്ലാ​ത്ത വി​ഷ​യ​ങ്ങൾ ചി​ത്രീ​ക​രി​ക്കാൻ കലാ​കാ​ര​ന്മാർ​ക്കു കഴി​ഞ്ഞു. ബൈ​ബി​ളി​നോ​ടു യോ​ജി​ക്കാ​തെ തന്നെ അവർ​ക്കു നന്മ​യാർ​ന്ന ജീ​വി​ത​ത്തെ അപ​ഗ്ര​ഥി​ക്കാം. വ്യാ​ഖ്യാ​നി​ക്കാം എന്നാ​യി.

ജനാ​ധി​പ​ത്യ​ത്തി​ന്റെ സ്ഥാ​പ​നം, അടി​മ​ത്ത​ത്തി​ന്റെ ദു​രീ​ക​ര​ണം, സ്ത്രീ​സ​മ​ത്വ​വാ​ദ​ത്തി​ന്റെ വി​കാ​സം ഇവ​യെ​ല്ലാം ആധു​നി​ക​ത​യു​ടെ ഫല​ങ്ങ​ളാ​ണു്. പക്ഷേ വേർ​തി​രി​ക്കൽ വി​യോ​ജ​നാ​വ​സ്ഥ​യിൽ എത്തി (The wonderful differentiation of modernity went too far into actual dissociation) അതോടെ ശക​ലീ​കൃ​താ​വ​സ്ഥ വന്നു. അന്യ​വ​ത്ക​ര​ണം സം​ഭ​വി​ച്ചു. വളർ​ച്ച അർ​ബ്ബു​ദ​മാ​യി മാറി. ജഡ​വ​സ്തു​വിൽ​നി​ന്നു മനു​ഷ്യ​ശ​രീ​ര​ത്തി​ലേ​ക്കും അതിൽ​നി​ന്നു് മന​സ്സി​ലേ​ക്കും അതിൽ​നി​ന്നു ആത്മാ​വി​ലേ​ക്കും അതിൽ​നി​ന്നു പര​മാ​ത്മാ​വി​ലേ​ക്കു​മു​ള്ള വി​കാ​സം ലോ​ക​ത്തു​ള്ള എല്ലാ മത​ങ്ങ​ളും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടു്. ഇതിനെ Great Chain of Being എന്നു വി​ളി​ക്കു​ന്നു. ആധു​നി​ക​ത​യു​ടെ ഭൗ​തി​ക​ത്വം ഈ ശൃം​ഖ​ല​യെ നശി​പ്പി​ച്ചു.

ആധു​നി​കത അപ്ര​ത്യ​ക്ഷ​മാ​യ​പ്പോൾ പോ​സ്റ്റ് മോ​ഡേ​ണി​റ്റി വന്നു. സത്യ​മെ​ന്ന​തു ഇല്ല, വ്യാ​ഖ്യാ​ന​മേ​യു​ള്ളൂ എന്നു പുതിയ പ്ര​സ്ഥാ​നം ഉദ്ഘോ​ഷി​ച്ചു. സാ​മൂ​ഹി​ക​മാ​യി സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​താ​ണു് എല്ലാ വ്യാ​ഖ്യാ​ന​ങ്ങ​ളും എന്നാ​യി അതി​ന്റെ വാദം. ഇതിനെ post modernism എന്ന​ല്ല extreme post modernism, എന്നാ​ണു് കെൻ വിൽബർ വി​ളി​ക്കുക. ഇനി അദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​കൾ തന്നെ​യാ​വ​ട്ടെ: “If Descartes is modern, Derrida is post modern, if perspectival rationality is modern, aperspectival network-​ logic is postmodern… If representation is modern, non representation is postmodern. If the internal combustion engine is modern, the Internet is postmodern”.

പോ​സ്റ്റ് മോ​ഡേ​ണി​സ​ത്തി​ലെ​ത്തി​യ​പ്പോൾ ഭാഷ വി​ശ്വ​സി​ക്കാൻ കൊ​ള്ളാ​വു​ന്ന ഉപ​ക​ര​ണ​മ​ല്ലാ​തെ​യാ​യി. ലോ​ക​ത്തെ നി​ഷ്ക​ള​ങ്ക​ത​യോ​ടെ നോ​ക്കാ​നു​ള്ള ജന്ന​ല​ല്ല ഭാഷ

പോ​സ്റ്റ് മോ​ഡേ​ണി​സ​ത്തി​ലെ​ത്തി​യ​പ്പോൾ ഭാഷ വി​ശ്വ​സി​ക്കാൻ കൊ​ള്ളാ​വു​ന്ന ഉപ​ക​ര​ണ​മ​ല്ലാ​തെ​യാ​യി. ലോ​ക​ത്തെ നി​ഷ്ക​ള​ങ്ക​ത​യോ​ടെ നോ​ക്കാ​നു​ള്ള ജന്ന​ല​ല്ല ഭാഷ. ഭാഷ പോ​സ്റ്റ് മോ​ഡേ​ണി​സ്റ്റു​കൾ​ക്കു അവ​രു​ടെ​തായ ലോകം സൃ​ഷ്ടി​ച്ചു​കൊ​ടു​ക്കു​ന്നു. ‘എന്റെ ഭാ​ഷ​യു​ടെ അതി​രു​കൾ എന്റെ ലോ​ക​ത്തി​ന്റെ അതി​രു​ക​ളാ​ണെ’ന്നു് വി​റ്റ്ഗൻ​ഷ്ടൈൻ പറ​ഞ്ഞ​തു് ഓർ​മ്മി​ക്കുക.

മനു​ഷ്യൻ മരി​ച്ചു. ഗ്ര​ന്ഥ​കാ​രൻ മരി​ച്ചു. പ്ര​തി​പാ​ദ്യ​വി​ഷ​യം മരി​ച്ചു എന്നൊ​ക്കെ പോ​സ്റ്റ് മോ​ഡേ​ണി​സ്റ്റു​കൾ ഉദ്ഘോ​ഷി​ച്ചു. അപ്പോൾ കെൻ വിൽ​ബ​റ​ല്ല പു​സ്ത​ക​മെ​ഴു​തി​യ​തു്. ഭാ​ഷ​യാ​ണു് എല്ലാ കൃ​ത്യ​ങ്ങ​ളും അനു​ഷ്ഠി​ക്കു​ന്ന​തു്. ഇവിടെ വിൽ​ബ​റി​ന്റെ നേ​ര​മ്പോ​ക്കു് “… although this did not prevent I, Ronald Barthes, or I, Michel Foucault, from accepting the royalty cheques written to the author that supposedly did not exist.”

‘എല്ലാ മൂ​ല്യ​ങ്ങ​ളെ​യും നശി​പ്പി​ക്കൂ. എല്ലാ ഗു​ണ​വി​ശേ​ഷ​ങ്ങ​ളെ​യും നശി​പ്പി​ക്കൂ. എല്ലാ അർ​ത്ഥ​ങ്ങ​ളെ​യും നി​ഗ്ര​ഹി​ക്കൂ.’ എന്നു പോ​സ്റ്റ് മോ​ഡേ​ണി​സം ആവ​ശ്യ​പ്പെ​ടു​ന്നു. ഉപ​രി​ത​ല​ത്തെ വാ​ഴ്ത്തു​ക​യും അഗാ​ധ​ത​യെ നി​ന്ദി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​സ്ഥാ​ന​മാ​ണി​തു്.

images/Marcel_Duchamp.jpg
മർസൽ ദ്യൂ​ഷാ​ങ്

കെൻ വിൽ​ബ​റി​ന്റെ കലാ​വി​ഭ​ജ​നം യു​ക്തി​ഭ​ദ്ര​മാ​ണു്. 1. വസ്തു​നി​ഷ്ഠ​മായ കല അല്ലെ​ങ്കിൽ പ്ര​തി​ച്ഛാ​യാ​പ​ര​മായ കല (objective art or representational art) ‘മാം​സ​ച​ക്ഷു​സ്സു​കൊ​ണ്ടു് (eye of flesh) കാ​ണു​ന്ന​താ​ണി​തു്. ഭാ​ജ​ന​ങ്ങ​ളിൽ വച്ച പഴ​ങ്ങൾ, ഭൂ​വി​ഭാ​ഗ​ങ്ങൾ, വൈ​യ​വ​സാ​യിക നഗ​ര​ങ്ങൾ, നഗ്നർ, തീ​വ​ണ്ടി​പ്പാ​ള​ങ്ങൾ, മലകൾ, നദികൾ ഇവ​യെ​ല്ലാം ബാ​ഹ്യ​ച​ക്ഷു​സ്സ് കാ​ണു​ന്നു. റി​യ​ലി​സ്റ്റു​കൾ, ഇം​പ്ര​ഷ​നി​സ്റ്റു​കൾ, നാ​ച്ചു​റ​ലി​സ്റ്റു​കൾ ഇവർ ഈ വി​ഭാ​ഗ​ത്തിൽ​പെ​ടും. 2. മാ​ന​സി​ക​മ​ണ്ഡ​ല​ത്തി​ന്റെ കല. മന​സ്സി​ന്റെ നേ​ത്രം കാ​ണു​ന്നവ സറ​യ​ലി​സം. അമൂർ​ത്ത​കല, അമൂർ​ത്ത​മായ എക്സ്പ്ര​ഷ​നി​സം. മർസൽ ദ്യൂ​ഷാ​ങ് (Marcel Duchamp 1887–1968. French artist) പറ​ഞ്ഞു: “I wanted to get away from the physical aspect of painting. I was much more interested in recreating ideas in painting. I wanted to put painting once again at the service of the mind”. ‘മാം​സ​ച​ക്ഷു​സ്സ്’ ജനി​പ്പി​ക്കു​ന്ന പ്ര​തീ​തി​യ​ല്ല കല​യ്ക്കു ആധാ​ര​മെ​ന്നു് ഇക്കൂ​ട്ടർ വി​ശ്വ​സി​ക്കു​ന്നു. 3. സൂ​ക്ഷ്മ​ത​ല​ത്തി​ലു​ള്ള കല. പല​ത​ര​ത്തി​ലു​ള്ള പ്ര​കാ​ശ​ന​ങ്ങൾ (illuminations), ദർ​ശ​ന​ങ്ങൾ (visions) പ്രാ​ക്ത​രൂ​പ​ങ്ങൾ (archetypal forms) ഇവയെ അനു​ധ്യാ​ന​ത്തി​ന്റെ കണ്ണു​കൊ​ണ്ടു് കാ​ണു​ക​യും കണ്ട​തി​നെ ആവി​ഷ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു്.

പ്ര​മു​ഖ​വി​ഷ​യ​ത്തെ ഉപേ​ക്ഷി​ച്ചു് ഞാൻ ഇവ​യെ​ക്കു​റി​ച്ചു് പറ​ഞ്ഞ​തു് ഗ്ര​ന്ഥ​കാ​ര​ന്റെ മൗ​ലി​കാ​ശ​യ​ങ്ങൾ വാ​യ​ന​ക്കാ​രും കൂടി അറി​യ​ട്ടെ എന്നു കരു​തി​യാ​ണു്. പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​പ​റ​ഞ്ഞാൽ സ്ഥ​ല​പ​രി​മി​തി​യാൽ ഇവയെ സൂ​ചി​പ്പി​ക്കാൻ പോലും ഒക്കു​ക​യി​ല്ല. ഈ കാ​ല​യ​ള​വി​ലു​ണ്ടായ സമു​ജ്ജ്വ​ല​മായ ഗ്ര​ന്ഥ​മാ​ണി​തു്. (New Leaf Publication, Published 1998, pp. 223, Rs. 480.25)

ഉഷാ​ന​മ്പ്യാർ

അടി​മു​ടി പൂ​ത്തു​നിൽ​ക്കു​ന്ന മു​ല്ല​വ​ള്ളി​യിൽ നി​ലാ​വു​വ​ന്നു​വീ​ണാൽ എങ്ങ​നെ​യി​രി​ക്കും? മഴയിൽ കു​തിർ​ന്നു നിൽ​ക്കു​ന്ന മാ​മ​ര​ത്തിൽ രാ​ത്രി​സ​മ​യ​ത്തു മി​ന്നൽ വന്നു​പ​തി​ച്ചാൽ എങ്ങ​നെ​യി​രി​ക്കും? പൂത്ത മു​ല്ല​വ​ള്ളി​യും നനഞ്ഞ മരവും കൂ​ടു​തൽ സു​ന്ദ​ര​മാ​വും. ഒരു സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്റെ​യും പ്ര​ശാ​ന്ത​മായ ദാ​മ്പ​ത്യ​ജീ​വി​ത​ത്തിൽ സ്ത്രീ​യു​ടെ പൂർ​വ​കാ​ല​പ്രേ​മം താൽ​കാ​ലി​ക​മാ​യി മി​ന്ന​ലൊ​ളി പര​ത്തു​ന്ന​തു് ശ്രീ​മ​തി ഉഷാ​ന​മ്പ്യാർ ‘ചങ്ങാ​തി’ യെന്ന ചെ​റു​ക​ഥ​യിൽ ആകർ​ഷ​ക​മാ​യി ആലേ​ഖ​നം ചെ​യ്യു​ന്നു. രണ്ടു​പേ​രു​ടെ​യും ‘ഹൃ​ദ​യ​വേഗ’ത്തി​നു അനു​രൂ​പ​മായ ചടു​ല​ത​യാർ​ന്ന ആഖ്യാ​നം. ആ ചടു​ല​ത​യിൽ കൃ​ത്രി​മ​ത്വ​മി​ല്ല. സെ​ക്സി​നു് അന്തർ​ജ്ജാ​ത​മായ ശക്തി​വി​ശേ​ഷ​മു​ണ്ട​ല്ലോ. അതു പൂർ​വ​കാ​മു​ക​നിൽ​നി​ന്നു് ഊറ്റ​ത്തോ​ടെ പ്ര​വ​ഹി​ക്കു​ന്നു​വെ​ങ്കി​ലും വേ​റൊ​രു​ത്ത​ന്റെ ഭാ​ര്യ​യാ​യി ജീ​വി​ക്കു​ന്ന, അമ്മ​യാ​യി​ക്ക​ഴി​ഞ്ഞ അവൾ​ക്കു് അതി​നു് ബഹി:പ്ര​കാ​ശം നൽകാൻ കഴി​യു​ക​യി​ല്ല. ഉഷാ​ന​മ്പ്യാർ ഈ അം​ശ​ങ്ങ​ളെ സമ​ഞ്ജ​സ​മാ​യി സ്ഫു​ടീ​ക​രി​ക്കു​ന്നു. (കഥ ദേ​ശാ​ഭി​മാ​നി ഓണം വി​ശേ​ഷാൽ പ്ര​തി​യിൽ).

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: എനി​ക്കൊ​രു വി​വാ​ഹ​പ്പ​ര​സ്യം കൊ​ടു​ക്ക​ണ​മെ​ന്നു​ണ്ടു്. എങ്ങ​നെ​യെ​ഴു​ത​ണ​മ​ത്?

ഉത്ത​രം: പര​സ്യം ഇങ്ങ​നെ​യാ​വാം. സു​ന്ദ​രി​യായ യുവതി വി​വാ​ഹം കഴി​ക്കാൻ ഉദ്ദേ​ശി​ക്കു​ന്നു. വര​നാ​യി വരു​ന്ന​യാൾ സു​ന്ദ​ര​നാ​യി​രി​ക്ക​ണം. മദ്യ​പാ​നം അരു​തു്. സി​ഗ്റ​റ്റ് ദിവസം ആറെ​ണ്ണം വലി​ക്കാം. പ്ര​തി​മാ​സം ഇരു​പ​തി​നാ​യി​രം രൂ​പ​യെ​ങ്കി​ലും ശംബളം വേണം. ഏറ്റ​വും പ്ര​ധാ​ന​മാ​യ​തു് അയാൾ​ക്കു് അമേ​രി​ക്കൻ പ്ര​സി​ഡ​ന്റ് ക്ലി​ന്റൻ എന്ന മധ്യ​വ​യ​സ്ക​ന്റെ സ്വ​ഭാ​വ​മു​ണ്ടാ​യി​രി​ക്ക​രു​തു്.

ചോ​ദ്യം: നി​ങ്ങൾ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളിൽ​നി​ന്നു് അക​ന്നു നിൽ​കു​ക​യാ​ണോ?

ഉത്ത​രം: അതേ. ഒഴി​ച്ചു​കൂ​ടാൻ വയ്യാ​ത്ത സന്ദർ​ഭ​ങ്ങ​ളി​ലേ ഞാൻ മറു​പ​ടി പറയാൻ ചെ​ല്ലൂ. നമ്മു​ടെ പത്ര​ങ്ങ​ളിൽ നട​ക്കു​ന്ന​തെ​ല്ലാം വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള​ല്ല. ഒരു​ത​രം വൈ​കാ​രിക നാ​ട​ക​ങ്ങ​ളാ​ണു് അവ. അതിൽ കരു​തി​ക്കൂ​ട്ടി അഭി​ന​യി​ക്കു​ക​യാ​ണു് ചില വ്യ​ക്തി​കൾ. അഭി​ന​യം കഴി​ഞ്ഞാൽ അവർ ചങ്ങാ​തി​ക​ളു​മാ​ണ്.

ചോ​ദ്യം: അപ​കർ​ഷ​താ​ബോ​ധ​മു​ള്ള​വ​രെ എങ്ങ​നെ തി​രി​ച്ച​റി​യാം?

ഉത്ത​രം: അപ​കർ​ഷ​താ​ബോ​ധ​മു​ള്ള​വർ അല്ലെ​ങ്കിൽ ന്യൂ​ന​താ​ബോ​ധ​മു​ള്ള​വർ കാ​റി​ന്റെ ഒരു​വ​ശ​ത്തു പൊ​ടി​പു​ര​ണ്ടി​രു​ന്നാൽ അതിൽ സ്വ​ന്തം പേ​രെ​ഴു​തും. കോവളം കട​പ്പു​റ​ത്തു​പോ​യാൽ അവി​ട​ത്തെ പാ​റ​യിൽ പേ​രു​കൊ​ത്തി​വ​യ്ക്കും. ചൂ​ടു​വെ​ള്ള​ത്തിൽ കു​ളി​ക്കു​മ്പോൾ ആവി​കൊ​ണ്ടു് കു​ളി​മു​റി​യി​ലെ കണ്ണാ​ടി​യിൽ മങ്ങ​ലു​ണ്ടാ​യാൽ അതി​ലും സ്വ​ന്തം പേര് എഴു​തും.

ചോ​ദ്യം: ദി​വ​സ​ങ്ങൾ ദീർ​ഘ​ങ്ങ​ളോ ഹ്ര​സ്വ​ങ്ങ​ളോ?

ഉത്ത​രം: പണം ധാ​രാ​ള​മു​ണ്ടെ​ങ്കിൽ ദി​ന​ങ്ങൾ ഹ്ര​സ്വ​ങ്ങൾ. പണ​മി​ല്ലെ​ങ്കിൽ ഒരോ ദി​ന​വും ശതാ​ബ്ദം.

ചോ​ദ്യം: നി​ങ്ങൾ​ക്കു് എത്ര വയ​സ്സാ​യി?

ഉത്ത​രം: എനി​ക്കു് എത്ര വയ​സ്സു​ണ്ടെ​ന്നു നി​ങ്ങൾ​ക്കു തോ​ന്നു​ന്നു​വോ അത്ര​യും വയ​സ്സു​ണ്ടു് എനി​ക്കു്. ഒരു ദിവസം പോലും കൂ​ടു​ത​ലാ​യി ഇല്ല. ഒരു ദിവസം പോലും കു​റ​വാ​യു​മി​ല്ല.

ചോ​ദ്യം: ഞാൻ വീ​ട്ട​മ്മ​യാ​ണു്. എന്റെ ഭർ​ത്താ​വി​ന്റെ മന​സ്സിൽ എന്തു​മാ​തി​രി സ്ഥാ​ന​മാ​ണു് എനി​ക്ക്?

ഉത്ത​രം: ഭർ​ത്താ​വി​ന്റെ മന​സ്സിൽ ഒരു സ്ഥാ​ന​വു​മി​ല്ല. അദ്ദേ​ഹം എപ്പോ​ഴും വി​ചാ​രി​ക്കു​ന്ന​തു് നി​ങ്ങൾ അടു​ക്ക​ള​യിൽ നിൽ​ക്കു​ന്നു​വെ​ന്നാ​ണു്. അതു​കൊ​ണ്ടു് നി​ങ്ങൾ വീ​ട്ടു​മു​റ്റ​ത്തെ ചെ​ടി​കൾ​ക്കു് വെ​ള്ള​മൊ​ഴി​ക്കു​മ്പോ​ഴും ഭർ​ത്താ​വ് അടു​ക്ക​ള​യി​ലേ​ക്കു​നോ​ക്കി​യാ​ണു് നി​ങ്ങ​ളു​ടെ പേ​രു​വി​ളി​ക്കു​ന്ന​തു്.

ചോ​ദ്യം: തി​രു​വ​ന​ന്ത​പു​ര​ത്തു് വി​മർ​ശ​കർ കൂ​ടു​ത​ലാ​ണോ?

ഉത്ത​രം: ഇപ്പോൾ കൊ​തു​കാ​ണു് കൂ​ടു​തൽ.

ഗ്രേ​സി​യു​ടെ കഥ
images/Joyce_Carol_Oates.jpg
ജോ​യ്സ് കരോൾ ഓറ്റ്സ്

പ്രാ​ഗൽ​ഭ്യ​മു​ള്ള​വർ​ക്കു് ഏതു സർ​വ​സാ​ധാ​ര​ണ​മായ വി​ഷ​യ​വും ചേ​തോ​മ​നോ​ഹ​ര​മാ​ക്കാൻ കഴി​യും. ഇപ്പോൾ എന്റെ ഓർ​മ്മ​യി​ലെ​ത്തു​ന്ന​തു് അമേ​രി​ക്കൻ നോ​വ​ലി​സ്റ്റ് ഓറ്റ്സി​ന്റെ (Joyce Carol Oates-​ b 1938) ഒരു ചെ​റു​ക​ഥ​യാ​ണു്. അതി​ന്റെ പേരും മറ്റും എന്റെ സ്മരണ മണ്ഡ​ല​ത്തിൽ ഇല്ല. ഒരു ചെ​റു​പ്പ​ക്കാ​രി അച്ഛ​ന​മ്മ​മാ​രെ കാണാൻ കാ​റോ​ടി​ച്ചു​പോ​കു​ന്നു. വളരെ ദൂ​രെ​യാ​ണു് അവ​രു​ടെ താമസം. അവി​ടെ​ച്ചെ​ന്ന​പ്പോൾ ടെ​ലി​വി​ഷൻ സെ​റ്റ് ഉച്ച​ത്തിൽ ശബ്ദി​ക്കു​ന്നു. മകൾ വന്ന​തു​കൊ​ണ്ടു് അതി​ന്റെ ശബ്ദം കു​റ​ക്കേ​ണ്ട​ത​ല്ലേ അമ്മ? അവ​ര​തു​ചെ​യ്യു​ന്നി​ല്ല. ഭക്ഷ​ണ​സ​മ​യം. അച്ഛ​ന്റെ​യും അമ്മ​യു​ടെ​യും പ്രാ​യ​ത്തി​നു​യോ​ജി​ച്ച മട്ടി​ല​ല്ല അവ​രു​ടെ അന്യോ​ന്യ​മു​ള്ള സം​സാ​ര​വും പ്ര​വൃ​ത്തി​ക​ളും. മകൾ കി​ട​പ്പു​മു​റി​യിൽ കയറി കത​ക​ട​ച്ചു. അച്ഛ​ന​മ്മ​മാർ കി​ട​ക്കു​ന്ന മു​റി​യിൽ​നി​ന്നു ലൈം​ഗി​ക​കേ​ളി​യു​ടെ ശബ്ദം. അതോ അതു് ടെ​ലി​വി​ഷൻ​സെ​റ്റിൽ​നി​ന്നു വരു​ന്ന​തോ? ടെ​ലി​വി​ഷ​നിൽ​നി​ന്നു് ഉദ്ഭ​വി​ക്കു​ന്ന​താ​ണോ ശബ്ദ​മെ​ന്ന സംശയം നി​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മാ​താ​പി​താ​ക്ക​ന്മാ​രു​ടെ മുൻ​പു​ള്ള പെ​രു​മാ​റ്റ​വും വർ​ത്ത​മാ​ന​വും ആ സംശയം ഇല്ലാ​താ​ക്കു​ന്നു​ണ്ടു് മകൾ​ക്കു്. വാ​യ​ന​ക്കാർ​ക്കും. തി​ക​ച്ചും സാ​ധാ​ര​ണ​മായ വി​ഷ​യ​മാ​ണു് ഇക്ക​ഥ​യിൽ. പക്ഷേ ഓറ്റ്സി​ന്റെ പ്ര​തി​പാ​ദ​ന​രീ​തി​യു​ടെ വൈ​ശി​ഷ്ട്യം കഥ​യ്ക്കു നവീ​ന​ത​നൽ​കു​ന്നു. ഇത്ത​ര​ത്തി​ലു​ള്ള വൈ​ദ​ഗ്ധ്യ​മാ​ണു് ശ്രീ​മ​തി ഗ്രേ​സി ‘നാ​യ​യു​ണ്ടു് സൂ​ക്ഷി​ക്കുക’ എന്ന കഥ​യു​ടെ രച​ന​യിൽ കാ​ണി​ക്കു​ന്ന​തു്. (കഥ ദേ​ശാ​ഭി​മാ​നി ഓണം വി​ശേ​ഷാൽ​പ്ര​തി​യിൽ). ആളൊ​ഴി​ഞ്ഞ വീ​ട്ടിൽ ചെ​ന്നു​ക​യ​റു​ന്നു ഒരു ചെ​റു​പ്പ​ക്കാ​രി. ആരു​മി​ല്ലെ​ന്നു മന​സ്സി​ലാ​ക്കി അവൾ അത്ഭു​ത​പ്പെ​ട്ടു​നിൽ​ക്കു​മ്പോൾ ‘ഒരു വൃ​ത്തി​കെ​ട്ട കൈ​പ്പ​ടം അവ​ളു​ടെ’ വാ​യ്ക്കു​മു​ക​ളി​ലാ​യി അമ​രു​ന്നു. ‘അതു വീ​ട്ടു​കാ​വൽ​ക്കാ​ര​ന്റെ​താ​യി​രു​ന്നു’. യു​വ​തി​ക്കു​ണ്ടാ​കു​ന്ന ഞെ​ട്ടൽ അനു​വാ​ച​ക​നും ഉണ്ടാ​കു​ന്ന രീ​തി​യിൽ ഗ്രേ​സി കഥ പറ​ഞ്ഞി​രി​ക്കു​ന്നു. ഭീ​തി​ദ​മായ അന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാൻ കഥാ​കാ​രി​ക്കു ഏതാ​നും വാ​ക്കു​ക​ളേ വേ​ണ്ടൂ. ഇക്കഥ ദേ​ശാ​ഭി​മാ​നി വാർ​ഷി​ക​പ്പ​തി​പ്പി​നു് ഒരു അപൂർവ ശോഭ നൽ​കി​യി​രി​ക്കു​ന്നു.

എന്റെ സം​ശ​യ​ങ്ങൾ

രാ​മ​ച​രി​ത​കർ​ത്താ​വു​തൊ​ട്ടു ചങ്ങ​മ്പുഴ വരെ​യു​ള്ള കവി​ക​ളു​ടെ കാ​വ്യ​ങ്ങ​ളിൽ പൂ​മാ​ല​യിൽ വാ​ഴ​നാ​രെ​ന്ന​പോ​ലെ ഒരു സാ​മാ​ന്യ​ഘ​ട​ക​മു​ണ്ടോ? ചങ്ങ​മ്പു​ഴ​യ്ക്കു ശേഷം കവി​താ​പ്ര​വാ​ഹ​ത്തിൽ ഒരു വി​ച്ഛേ​ദ​നാ​വ​സ്ഥ വന്നു പോ​യി​ട്ടി​ല്ലേ?

ഫെ​മി​നി​സ്റ്റു​കൾ തങ്ങ​ളു​ടെ രച​ന​ക​ളിൽ പു​രു​ഷ​ന്മാ​രെ പു​ല​ഭ്യം പറയാൻ ഉപ​യോ​ഗി​ക്കു​ന്ന ശക്തി പയ്യൻ താ​ക്കോ​ലിൽ പ്ര​യോ​ഗി​ക്കു​ന്ന ശക്തി​യെ​ക്കാൾ കൂ​ടു​ത​ല​ല്ലേ?

2. വീ​ട്ടി​ലു​ള്ള​വ​രെ​ല്ലാം സിനിമ കാണാൻ പോയി. ഞാൻ വൈ​കു​ന്നേ​ര​ത്തു് പട്ട​ണ​ത്തി​ലേ​ക്കു​പോ​കാ​നാ​യി വീ​ട്ടിൽ​നി​ന്നി​റ​ങ്ങി. വാതിൽ താ​ക്കോ​ലു​കൊ​ണ്ടു​പൂ​ട്ടി. അപ്പോ​ഴാ​ണു് പണ​മെ​ടു​ക്കാൻ മറ​ന്നു​പോ​യി​യെ​ന്നു തോ​ന്നി​യ​തു്. ഞാൻ താ​ക്കോൽ വീ​ണ്ടും കത​കി​ലെ ദ്വാ​ര​ത്തി​ലേ​ക്കു​ക​ട​ത്തി തി​രി​ച്ചു​തു​ട​ങ്ങി. വാതിൽ തു​റ​ക്കു​ന്നി​ല്ല. റോ​ഡി​ലൂ​ടെ പോയ ഒരു യു​വാ​വി​നെ വി​ളി​ച്ചു സഹാ​യി​ക്കാൻ അപേ​ക്ഷി​ച്ചു ഞാൻ. അയാൾ താ​ക്കോൽ തി​രി​ച്ചി​ട്ടും തി​രി​ച്ചി​ട്ടും തി​രി​ഞ്ഞി​ല്ല. അപ്പോൾ ഒരു കമ്പി താ​ക്കോ​ലി​ന്റെ പി​ടി​യി​ലു​ള്ള ദ്വാ​ര​ത്തിൽ കട​ത്തി അയാൾ ആ കമ്പി​യു​ടെ രണ്ട​റ്റ​വും പി​ടി​ച്ചു​തി​രി​ച്ചു​തു​ട​ങ്ങി. വാതിൽ തു​റ​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, താ​ക്കോൽ വല്ലാ​തെ വള​യു​ക​യും ചെ​യ്തു. ഉടനെ എന്റെ ആത്മ​ഗ​തം. ഫെ​മി​നി​സ്റ്റു​കൾ തങ്ങ​ളു​ടെ രച​ന​ക​ളിൽ പു​രു​ഷ​ന്മാ​രെ പു​ല​ഭ്യം പറയാൻ ഉപ​യോ​ഗി​ക്കു​ന്ന ശക്തി പയ്യൻ താ​ക്കോ​ലിൽ പ്ര​യോ​ഗി​ക്കു​ന്ന ശക്തി​യെ​ക്കാൾ കൂ​ടു​ത​ല​ല്ലേ? എന്റെ ചോ​ദ്യം ശരി​യാ​ണോ?

3. ‘എല്ലാ ചെ​റു​ക​ഥ​ക​ളെ​യും കവി​ത​ക​ളെ​യും കു​റ്റം പറ​യു​ന്ന തനി​ക്കു് ഒരു ചെ​റു​ക​ഥ​യോ കവി​ത​യോ എഴു​താൻ അറി​യാ​മോ?’ പതി​വാ​യി എനി​ക്കു കി​ട്ടു​ന്ന കത്തു​ക​ളി​ലെ ചോ​ദ്യ​മാ​ണി​തു്. ഒരി​ന്ത്യൻ പേ​ന​യും എഴു​താൻ കൊ​ള്ളു​കി​ല്ല. അഞ്ഞൂ​റു​രൂ​പ​കൊ​ടു​ത്തു ഞാൻ വാ​ങ്ങി​ച്ച ഫൗ​ണ്ടൻ പേ​ന​യും ശരി​യാ​യി എഴു​തു​ക​യി​ല്ല. അതു​കൊ​ണ്ടു് ഇന്ത്യ​യി​ലു​ണ്ടാ​ക്കു​ന്ന ഫൗ​ണ്ടൻ​പേ​ന​കൾ എഴു​താൻ കൊ​ള്ളാ​വു​ന്ന​വ​യ​ല്ല എന്നു ഞാൻ പറ​ഞ്ഞാൽ ‘എന്നാൽ താ​നൊ​രു ഫൗ​ണ്ടൻ​പേന ഉണ്ടാ​ക്കി​ക്കാ​ണി​ക്കൂ’ എന്നാ​രെ​ങ്കി​ലും പറ​യു​മോ? പറ​യു​ന്ന​വ​രു​ണ്ടു് എന്ന​തി​നു തെ​ളി​വാ​ണു് കഥാ​ര​ച​ന​യെ​ക്കു​റി​ച്ചും കാ​വ്യ​നിർ​മ്മി​തി​യെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യം. പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാ​രേ, ഫൗ​ണ്ടൻ​പേന നിർ​മ്മി​ക്കാൻ കഴി​യു​മെ​ങ്കി​ലേ ഞാ​ന​തി​നെ കു​റ്റ​പ്പെ​ടു​ത്താൻ പാ​ടു​ള്ളൂ എന്ന അഭി​പ്രാ​യം ശരിയോ?

എൻ. പി. മു​ഹ​മ്മ​ദ്

അദ്ദേ​ഹം ഇം​ഗ്ലീ​ഷി​ലും മല​യാ​ള​ത്തി​ലും സം​സ്കൃ​ത​ത്തി​ലും പാ​ണ്ഡി​ത്യ​മു​ള്ള ആളാ​ണു്. അദ്ദേ​ഹ​ത്തോ​ടൊ​രു​മി​ച്ചു് ഞാൻ കാ​ഞ്ഞി​രം​കു​ളം എന്ന സ്ഥ​ല​ത്തു് സമ്മേ​ള​ന​ത്തി​നു​പോ​യി. കൂടെ ശ്രീ. പവനനു മു​ണ്ടു്. അന്നു് പവനൻ തി​രു​വ​ന​ന്ത​പു​ര​ത്താ​ണു് താ​മ​സി​ച്ചി​രു​ന്ന​തു്. പണ്ഡി​തൻ സമ്മേ​ള​ന​ത്തി​ന്റെ അദ്ധ്യ​ക്ഷ​നാ​യി​രു​ന്നു​വെ​ന്നു് എടു​ത്തു​പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. അധ്യ​ക്ഷ​സ്ഥാ​ന​ത്തി​രു​ന്നാൽ അദ്ദേ​ഹം ഡി​സ്റ്റ്രി​കു് മജി​സ്റ്റ്രേ​റ്റി​ന്റെ അധി​കാ​ര​ങ്ങൾ പ്ര​യോ​ഗി​ച്ചു​ക​ള​യും. ഞാൻ പ്ര​സം​ഗി​ക്കാൻ എഴു​ന്നേ​റ്റ​പ്പോൾ ‘കൃ​ഷ്ണൻ നായർ റ്റെൻ മി​നി​റ്റ്സ്’ എന്നു പറ​ഞ്ഞു. പത്തു​മി​നി​റ്റ് കഴി​ഞ്ഞു മൂ​ന്നു​മി​നി​റ്റു​കൂ​ടി ആയ​പ്പോൾ അദ്ദേ​ഹം എന്നോ​ടു് പ്ര​സം​ഗം നി​റു​ത്താൻ ആജ്ഞാ​പി​ച്ചു. എനി​ക്കു കല്പന അനു​സ​രി​ക്കാ​തി​രി​ക്കാൻ കഴി​ഞ്ഞി​ല്ല. പി​ന്നെ രണ്ടോ മൂ​ന്നോ പ്ര​ഭാ​ഷ​ക​ന്മാ​ക്കു​കൂ​ടി അദ്ദേ​ഹം സമ​യ​പ​രി​ധി കല്പി​ച്ചു. അതി​നു​ശേ​ഷ​മാ​ണു് പവനൻ പ്ര​ഭാ​ഷ​ണ​ത്തി​നാ​യി എഴു​ന്നേ​റ്റ​തു്. അധ്യ​ക്ഷൻ മൊ​ഴി​യാ​ടി; ‘പവനൻ ഫി​ഫ്റ്റീൻ മി​നി​റ്റ്സ്’. പവ​ന​നു​ണ്ടോ അനു​സ​രി​ക്കു​ന്നു. അദ്ദേ​ഹം നാ​ല്പ​ത്തി​യ​ഞ്ചു​മി​നി​റ്റ് പ്ര​സം​ഗി​ച്ചു. ഉപ​സം​ഹാ​ര​പ്ര​ഭാ​ഷ​ണ​ത്തിൽ അധ്യ​ക്ഷൻ ഞങ്ങ​ളെ​യെ​ല്ലാ​വ​രു​ടെ​യും പ്ര​സം​ഗ​ങ്ങ​ളെ വി​മർ​ശി​ച്ചു. തി​രി​ച്ചു​പോ​രാൻ കാ​റിൽ​ക​യ​റി​യി​ട്ടും അദ്ദേ​ഹം വി​മർ​ശ​നം നി​റു​ത്തി​യി​ല്ല. അപ്പോൾ പവനൻ ചി​രി​ച്ചു​കൊ​ണ്ടു് എന്നോ​ടു് പറ​ഞ്ഞു: അധ്യ​ക്ഷൻ ഉപ​സം​ഹാ​ര​പ്ര​സം​ഗം നട​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു’. അധ്യ​ക്ഷ​ന്റെ വീ​ടെ​ത്തി. അദ്ദേ​ഹം ഗെ​യ്റ്റ് കട​ന്നു വീ​ട്ടി​ന്റെ അട​ച്ച​വാ​തി​ലി​ന്റെ മുൻ​പിൽ​നി​ന്നു. ഭാ​ര്യ​യെ വി​ളി​ക്കാൻ ധൈ​ര്യ​പ്പെ​ട്ടി​ല്ല. കത​കിൽ​ത​ട്ടാ​തെ, ഭാ​ര്യ​യെ വി​ളി​ക്കാ​തെ ഞങ്ങ​ളോ​ടു് പോകാൻ ആം​ഗ്യം കാ​ണി​ച്ചു. പെ​ട്രോ​ളിൽ പൊ​ടി​യോ മറ്റോ ഉണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​വ​ണം കാർ സ്റ്റാർ​ട്ടാ​യി​ല്ല. ഡ്രൈ​വർ വാ കൊ​ണ്ടു പെ​ട്രോൾ വലി​ച്ചെ​ടു​ക്കു​ന്ന സമ​യം​വ​രെ അധ്യ​ക്ഷൻ കത​കി​ന​ടു​ത്തു​നി​ന്നു. അദ്ദേ​ഹം എന്തേ ഭാ​ര്യ​യെ വി​ളി​ക്കു​ന്നി​ല്ല എന്നു പവനനു സംശയം തോ​ന്നി​യെ​ങ്കി​ലും എനി​ക്കു് ഒരു സം​ശ​യ​വും ഉണ്ടാ​യി​ല്ല. ഞങ്ങൾ അവിടെ നിൽ​ക്കു​മ്പോ​ഴാ​ണു് കതകു് ഭാര്യ തു​റ​ന്ന​തെ​ങ്കിൽ രാ​ത്രി രണ്ടു​മ​ണി​ക്കു് വൈ​കി​യെ​ത്തി​യ​തി​നു് അവർ വി​ളി​ക്കു​ന്ന പു​ളി​ച്ച തെറി ഞങ്ങൾ കേൾ​ക്കു​മെ​ന്നു് ഭയ​ന്നാ​ണു് അധ്യ​ക്ഷൻ മി​ണ്ടാ​തെ നി​ന്ന​തെ​ന്നു് എനി​ക്കു് മന​സ്സി​ലാ​യി. കാറ് വന്നു​നി​ന്ന​തി​ന്റെ ശബ്ദം കേ​ട്ടി​ട്ടാ​വ​ണം രണ്ടാ​മ​ത്തെ നി​ല​യിൽ​നി​ന്നു അര​ത്ത​മ്മ​പ്പി​ള്ള​ത്ത​ങ്ക​ച്ചി ഇറ​ങ്ങി​വ​ന്നു കത​കു​തു​റ​ന്നു. അപ്പോൾ​ത​ന്നെ കാർ സ്റ്റാർ​ട്ടാ​യി. പൊ​ടു​ന്ന​നെ ദി​ഗ​ന്ത​ങ്ങ​ളെ ഭേ​ദി​ച്ചു​കൊ​ണ്ടു് ‘ഫ… ഉറ​ങ്ങാൻ സമ്മ​തി​ക്കാ​തെ ശല്യ​പ്പെ​ടു​ത്തു​ന്നു, നേ​ര​ത്തെ വന്നു​കൂ​ടാ​യി​രു​ന്നോ’ എന്ന ഗ്രാ​മ്യ​ശ​കാ​രം ഉയർ​ന്നു. ധി​ക്കൃ​ത​ശ​ക്ര​പ​രാ​ക്ര​മ​നാ​കിന നക്ത​ഞ്ച​രൻ അധ്യ​ക്ഷൻ പരു​ങ്ങ​ലോ​ടെ ഞങ്ങ​ളെ നോ​ക്കി. അതു​കേ​ട്ടി​ല്ലെ​ന്നു ഭാ​വി​ച്ചു് ഞങ്ങ​ള​ങ്ങു പോ​വു​ക​യും ചെ​യ്തു. ‘അച്ചി​ക്കു ദാ​സ്യ​പ്ര​വൃ​ത്തി ചെ​യ്യു​ന്ന​വൻ കൊ​ച്ചി​ക്കു പോ​യ​ങ്ങു തൊ​പ്പി​യി​ട്ടീ​ട​ണം’ എന്ന കവി​വാ​ക്യം ഞാൻ അപ്പോൾ ഓർ​മ്മി​ച്ചു. ഏതു പു​രു​ഷ​നു് വീ​ട്ടിൽ ആധി​പ​ത്യം പു​ലർ​ത്താൻ കഴി​യു​ന്നി​ല്ല​യോ അയാൾ കൊ​ച്ചി​ക്കു പോ​കേ​ണ്ട​തു​ത​ന്നെ​യാ​ണു്. വേ​ല​ക്കാ​രും വീ​ട്ടി​ലെ പട്ടി​യും അയാളെ നി​ന്ദി​ക്കും തന്റേ​ട​മി​ല്ലാ​ത്ത ഇക്കൂ​ട്ടർ ഗവേ​ഷ​ണം നട​ത്തു​ന്നു എന്ന മട്ടിൽ വയ​സ്സു​കാ​ല​ത്തു ലൈ​ബ്ര​റി​യിൽ​ചെ​ന്നു് ഇരു​ന്നു പു​സ്ത​ക​ങ്ങൾ വാ​യി​ക്കു​ന്നു​വെ​ന്നു നടി​ക്കും.

സാ​ഹി​ത്യ​കാ​രൻ തന്റെ കലാ​സൃ​ഷ്ടി​യിൽ ആധി​പ​ത്യം സ്ഥാ​പി​ക്ക​ണം. ഉറൂ​ബി​ന്റെ, വൈ​ക്കം മു​ഹ​മ്മ​ദ് ബഷീ​റി​ന്റെ കഥകൾ വാ​യി​ക്കൂ. രണ്ടു​പേ​രും പദ​ങ്ങ​ളോ​ടു് ആജ്ഞാ​പി​ച്ച​ത​നു​സ​രി​ച്ചു് അവ​രു​ടെ സ്ഥാ​ന​ങ്ങ​ളിൽ ചെ​ന്നി​രു​ന്നു​വെ​ന്നേ തോ​ന്നൂ. ശ്രീ. എൻ. പി മു​ഹ​മ്മ​ദി​ന്റെ ‘കാ​ലി​ല്ലാ​ക്കു​ട്ടി’ എന്ന ചെ​റു​കഥ വാ​യി​ക്കുക. (മാ​തൃ​ഭൂ​മി ഓണപ്പതിപ്പ്-​ ഒന്നാം ഭാഗം). ഒരു നാ​ട്ടിൽ ജനി​ക്കു​ന്ന കു​ഞ്ഞു​ങ്ങൾ​ക്കു് കാ​ലി​ല്ല. അതി​ന്റെ പേരിൽ യു​ക്തി​വാ​ദി​യും അധ്യാ​ത്മ​വാ​ദി​യും സം​ഘ​ട്ട​നം. പഞ്ചാ​യ​ത്തു് പ്ര​സി​ഡ​ന്റ് വേ​ല​പ്പൻ ഇവർ​ക്കു നടു​വിൽ തി​ര​മാ​ല​യിൽ ചാ​ഞ്ചാ​ടു​ന്ന ഒത​ള​ങ്ങ​പോ​ലെ ചാ​ഞ്ചാ​ടു​ന്നു. കു​ഞ്ഞു​ങ്ങൾ അം​ഗ​വൈ​ക​ല്യ​മി​ല്ലാ​തെ ജനി​ക്ക​ണ​മെ​ങ്കിൽ മനു​ഷ്യ​ക്കു​രു​തി വേ​ണ​മെ​ന്നു് നാ​ട്ടി​ലെ സന്ന്യാ​സി​ശ്രേ​ഷ്ഠൻ വി​ധി​ക്കു​ന്നു. ആരും മരി​ക്കാൻ തയ്യാ​റാ​യി മു​ന്നോ​ട്ടു​വ​രാ​ത്ത​തു​കൊ​ണ്ടു് പഞ്ചാ​യ​ത്തു​പ്ര​സി​ഡ​ന്റ് തന്നെ അതിനു തയ്യാ​റാ​വു​ന്നു. അലി​ഗ​റി​യു​ടെ മട്ടി​ലു​ള്ള സറ്റ​യ​റാ​ണി​തു്. കഥ​യു​ടെ മു​ക്കാൽ​ഭാ​ഗ​ത്തോ​ളം കഥാ​കാ​രൻ ആധി​പ​ത്യം പു​ലർ​ത്തി​നിൽ​ക്കു​ന്നു. പക്ഷേ ശേ​ഷ​മു​ള്ള ഭാ​ഗ​മാ​കെ അശ​ക്തം. ഒടു​വിൽ ഒരാ​ന്റി ക്ലൈ​മാ​ക്സ്. അതി​ലെ​ത്തു​ന്ന​തി​നു​മുൻ​പു​ത​ന്നെ എൻ. പി മു​ഹ​മ്മ​ദി​നു് കഥ​യി​ലു​ള്ള പിടി വി​ട്ടു​പോ​കു​ന്നു. ആന്റി ക്ലൈ​മാ​ക്സി​ലെ​ത്തു​മ്പോൾ അനു​വാ​ച​ക​നു് കഥ പരി​ണാമ രമ​ണീ​യ​മാ​യി​ല്ല​ല്ലോ എന്ന വി​ചാ​ര​ത്താൽ നൈ​രാ​ശ്യം.

നി​ങ്ങൾ രാ​ത്രി​യിൽ ഉറ​ങ്ങു​ക​യാ​ണു്. മൃ​ദു​ല​വും ശീ​ത​ള​വു​മായ കൈ നെ​റ്റി​യി​ല​മ​രു​മ്പോൾ നി​ങ്ങൾ കണ്ണു​തു​റ​ക്കു​ന്നു. പ്രി​യ​ത​മ​യെ കാ​ണു​ന്നു. അവൾ വി​ളി​ക്കു​ന്നു. ‘വരൂ.. അമ്പ​ല​ത്തി​ലെ കമ്പ​ക്കെ​ട്ട്’. അവൾ വി​ളി​ച്ച​തു​കൊ​ണ്ടു​മാ​ത്രം നി​ങ്ങൾ നീരസം മറ​ച്ചു് ജന്ന​ലി​ന്റെ അരി​കിൽ​ച്ചെ​ന്നു് അന്ത​രീ​ക്ഷ​ത്തി​ലേ​ക്കു നോ​ക്കു​ന്നു. ഒര​മി​ട്ടു് ഉയ​രു​ക​യാ​ണു്. അതു് പൊ​ട്ടി​ച്ചി​ത​റി വിവിധ വർ​ണ്ണോ​ജ്ജ്വ​ല​ങ്ങ​ളായ കൊ​ച്ചു​ഗോ​ള​ങ്ങൾ ഉണ്ടാ​കു​മെ​ന്നു​ക​രു​തി നിൽ​കു​മ്പോൾ ആര​വ​ത്തോ​ടെ ഉയർ​ന്ന അമി​ട്ടു് ‘ശൂ’ എന്ന ശബ്ദം മാ​ത്രം കേൾ​പി​ച്ചു​കൊ​ണ്ടു് കെ​ട്ടു​പോ​കു​ന്നു. എൻ. പി. മു​ഹ​മ്മ​ദി​ന്റെ കഥ ‘രസ​ക്കു​ടു​ക്ക​കൾ’ ചി​ത​റു​ന്നി​ല്ല. അതു് ‘ശൂ’ എന്ന ശബ്ദം കേൾ​പ്പി​ക്കു​ന്ന​തേ​യു​ള്ളൂ.

‘ആക്ഷൻ എടു​ക്കൂ’

തി​രു​വി​താം​കൂർ സെ​ക്ര​ട്ടേ​റി​യേ​റ്റിൽ ഞാൻ കു​റെ​ക്കാ​ലം ജോ​ലി​നോ​ക്കി​യി​രു​ന്നു​വെ​ന്നു് പലതവണ എഴു​തി​യി​ട്ടു​ണ്ടു്. അക്കാ​ല​ത്തു് ഞങ്ങ​ളെ​ല്ലാം പതി​വാ​യി പറ​യു​ക​യും ചെ​യ്യു​ന്ന ചില വാ​ക്കു​ക​ളു​ണ്ടു്. ‘ആ ലറ്റ​റിൽ ഒന്നു ആക്ഷൻ എടു​ക്ക​ണ​മ​ല്ലോ’ എന്നു ഞാൻ കൂ​ട്ടു​കാ​ര​നോ​ടു്. ‘ആക്ഷൻ എടു​ക്കാം’ എന്നു കൂ​ട്ടു​കാ​രൻ. ‘നി​ങ്ങ​ളെ​ന്താ​ണു് ഐ. ജി​യു​ടെ ലറ്റ​റിൽ ആക്ഷൻ എടു​ക്കാ​ത്ത​ത്’ എന്നു് ചീഫ് സെ​ക്ര​ട്ട​റി ജി. എൻ തമ്പി എന്നോ​ടു്. ‘ആക്ഷൻ എടു​ക്കാം സാർ’ എന്നു എന്റെ മറു​പ​ടി. ഞാൻ ഒരാ​ക്ഷൻ എടു​ത്തു് സെ​ക്ര​ട്ട​റി​യേ​റ്റിൽ​നി​ന്നു മാറി സർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു പോയി. പി​ന്നി​ടാ​ണു് ഞാൻ ഹെ​ന്റി​ഹ് ബോ​യ്ലി ന്റെ Action will be taken എന്ന ചെ​റു​കഥ വാ​യി​ച്ച​തു്. ജോ​ലി​ക്കു് അപേ​ക്ഷ​യു​മാ​യി​ച്ചെ​ന്ന

images/Heinrich_Boll.jpg
ഹെ​ന്റി​ഹ് ബോയ്ൽ

ഒരു യു​വാ​വി​നു് അധി​കാ​രി​കൾ ചോ​ദ്യാ​വ​ലി നൽകി, ഉത്ത​ര​ങ്ങൾ എഴു​താൻ. ‘മനു​ഷ്യ​നു് രണ്ടു കൈയും രണ്ടു കാലും രണ്ടു കണ്ണും രണ്ടു ചെ​വി​യും മതിയോ? ഉദ്യോ​ഗാർ​ത്ഥി ഉത്ത​രം എഴുതി. ‘നാലു കൈയും കാ​ലു​ക​ളും കണ്ണും ചെ​വി​യും തന്നെ പോരാ’ രണ്ടാ​മ​ത്തെ ചോ​ദ്യം: ‘ഒരേ സമയം നി​ങ്ങൾ​ക്കു് എത്ര ടെ​ല​ഫോൺ കൈ​കാ​ര്യം ചെ​യ്യാം?’ മറു​പ​ടി ‘ഏഴെ​ണ്ണം എനി​ക്കു പോരാ. ഒൻ​പ​തെ​ണ്ണം വേണം’. അയാൾ​ക്കു ജോലി കി​ട്ടി. ഫോ​ണു​ക​ളി​ലൂ​ടെ അയാൾ അട്ട​ഹ​സി​ച്ചു. ‘ഉടൻ ആക്ഷൻ അടു​ക്കൂ’ ‘ആക്ഷൻ എടു​ക്കും’ ‘ആക്ഷൻ എടു​ത്തു​ക​ഴി​ഞ്ഞു’ ആക്ഷൻ എടു​ത്തേ തീരൂ’. ഒരു ദിവസം ഫാ​ക്ട​റി ഉട​മ​സ്ഥൻ അയാ​ളു​ടെ അടു​ത്തു് ഓടി​വ​ന്നു പറ​ഞ്ഞു. നമു​ക്കു ആക്ഷൻ എടു​ക്കാം’ അയാൾ മറു​പ​ടി പറ​ഞ്ഞു; ‘ആക്ഷൻ എടു​ക്കും, തീർ​ച്ച’. ഫാ​ക്ട​റി​യു​ട​മ​സ്ഥൻ ഉടനെ മറി​ഞ്ഞു​വീ​ണു മരി​ച്ചു. അയാൾ ഫാ​ക്ട​റി​യി​ലെ ഒര​ധി​കാ​രി​യു​ടെ അടു​ത്തെ​ത്തി അറി​യി​ച്ചു: ‘നമു​ക്കു ആക്ഷൻ എടു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു’. അധി​കാ​രി: ‘എന്ത്?’ അയാൾ: ‘ഉട​മ​സ്ഥൻ മരി​ച്ചു. വന്നു​നോ​ക്കൂ. ശവ​സം​സ്കാ​രം എന്ന ആക്ഷ​നെ​ടു​ത്തു. അയാൾ​ക്കു ടെ​ലി​ഫോൺ അറ്റൻ​ഡ​ന്റ് എന്ന ജോലി ചെ​യ്യേ​ണ്ട​തി​ല്ല ഇനി. മര​ണ​ത്തിൽ വി​ല​പി​ക്കു​ന്ന​വ​നാ​യി അഭി​ന​യി​ച്ചാൽ മതി. കൂ​ടെ​ക്കൂ​ടെ ഉട​മ​സ്ഥ​ന്റെ ശവ​ക്കു​ഴി സന്ദർ​ശി​ക്കേ​ണ്ട​തേ​യു​ള്ളൂ അയാൾ​ക്കു്. ജന്മ​നാ മടി​യ​നായ അയാൾ​ക്കു പറ്റിയ ജോലി. ആക്ഷൻ എടു​ക്കും’ എന്ന അയാ​ളു​ടെ മുൻ​പു​ള്ള വി​ളി​ക​ളെ​ല്ലാം കള്ളം. ഫാ​ക്ട​റി​യിൽ എന്തു സാ​ധ​ന​മാ​ണു് ഉണ്ടാ​ക്കി​യി​രു​ന്ന​തെ​ന്നു​പോ​ലും അയാൾ​ക്കു് അറി​യി​ല്ലാ​യി​രു​ന്നു. ഒരു​പ​ക്ഷേ സോ​പ്പ് ആവാം അവിടെ നിർ​മ്മി​ച്ചി​രു​ന്ന​തു്.

മനു​ഷ്യൻ യന്ത്ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണു് ജീ​വി​ക്കു​ന്ന​തു്. അവനു് കലാ​പ​ര​മോ, സന്മാർ​ഗ്ഗി​ക​മോ ആയ ഒരു ചിന്ത പോ​ലു​മി​ല്ല എന്നാ​വാം ബോയ്ൽ ഇക്ക​ഥ​യി​ലൂ​ടെ പറ​യു​ന്ന​തു്. ഒന്നാം​ത​രം പരി​ഹാ​സ​കഥ.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-09-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.