സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 1998-10-23-ൽ പ്രസിദ്ധീകരിച്ചതു്)

ആധ്യാത്മിക പരിമളം

സ്വാമി രാമന്റെ “Living with the Himalayan Masters” എന്ന പുസ്തകത്തിൽ കണ്ടതാണു താഴെച്ചേർക്കുന്ന ഭാഗം:

images/LivingwiththeHimalayanMasters.jpg

“വായിൽ നിന്നു തീയുണ്ടാക്കാൻ കഴിഞ്ഞ ഒരു സ്വാമിയെ ഞാൻ ഒരിക്കൽ കണ്ടു. അനേകമടി ദൂരത്തേക്കാണു് ആ അഗ്നിജ്വാല പാഞ്ഞുചെന്നതു്. ഇതു സത്യമാണോ എന്നറിയാൻ വേണ്ടി ഞാൻ ചില പരിശോധനകൾ നടത്തി. ഫോസ്ഫെറസ് പോലെയുള്ള വല്ലതും പ്രസരിപ്പിക്കുകയാണോ എന്ന സംശയം തീർക്കാൻ വേണ്ടി ഞാൻ സ്വാമിയോടു വായ് കഴുകാൻ പറഞ്ഞു. എന്റെ സ്നേഹിതന്മാരെക്കൊണ്ടും ഞാൻ അദ്ദേഹത്തെ പരിശോധിപ്പിച്ചു. സ്വാമി സത്യസന്ധനാണെന്നു ഗ്രഹിച്ച ഞാൻ തീരുമാനത്തിലെത്തി. ഈ മനുഷ്യൻ എന്റെ ആചാര്യനെക്കാളും പുരോഗമിച്ചവനാണു്. തീർച്ച”.

സ്വാമി എന്നോടു പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ ആചാര്യനോടൊരുമിച്ചു കഴിഞ്ഞു് സമയവും ശക്തിയും നഷ്ടപ്പെടുത്തുകയാണു്. എന്നോടു കൂടി വരു. ഞാൻ യഥാർത്ഥമായ അറിവു നല്കാം. തീയുണ്ടാക്കുന്നതു് എങ്ങനെയെന്നു ഞാൻ കാണിച്ചു തരാം”.

images/SwamiRama.jpg
സ്വാമി രാമൻ

(സ്വാമി രാമൻ ഈ അദ്ഭുത പ്രക്രിയ ആചാര്യനെ അറിയിച്ചപ്പോൾ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാൻ ആചാര്യൻ ആവശ്യപ്പെട്ടു. ഇരുപത്തിമൂന്നുനാഴിക അകലെ ഹിമാലയ പർവ്വതത്തിൽ പാർക്കുന്ന ആ ‘അഗ്നിജ്ജിഹ്വനെ’ രണ്ടു ദിവസത്തെ യാത്രയ്ക്കുശേഷം സ്വാമി രാമൻ കണ്ടു. അദ്ദേഹം രാമന്റെ ആചാര്യനെ കണ്ടയുടനെ തല കുനിച്ചു. അദ്ദേഹത്തിന്റെ മഠത്തിൽ കുറെക്കാലം കഴിഞ്ഞുകൂടിയവനായിരുന്നു തീസ്സ്വാമി. ആചാര്യൻ ചോദിച്ചു “നീ എന്താണു് ചെയ്തുകൊണ്ടിരുന്നതു്?”)

തീസ്സ്വാമി മറുപടി നല്കി: “ഗുരോ വായിൽ നിന്നു തീയുണ്ടാക്കാൻ ഞാൻ പഠിച്ചു”.

അഗ്നി അദ്ദേഹത്തിന്റെ വായിൽ നിന്നു ചാടുന്നതുകണ്ടു് എന്നോടു ആചാര്യൻ കല്പിച്ചു: “അയാളോടു ചോദിക്കു എത്ര വർഷം കൊണ്ടു് ഇതു പഠിച്ചുവെന്നു്”

“ഇതു പ്രയോഗിക്കാൻ ഇരുപതുകൊല്ലത്തെ അഭ്യാസം വേണ്ടിവന്നു എനിക്കു്” എന്നു സ്വാമിയുടെ മറുപടി.

എന്റെ ആചാര്യൻ തീസ്സ്വാമിയോടു കൂടി പോകാനാഗ്രഹിച്ച എന്നോടു് പറഞ്ഞു: “ഒരു സെക്കൻഡ് കൊണ്ടു് ഒരു തീപ്പെട്ടിക്കോലു് തീയുണ്ടാക്കുമല്ലോ. വായിൽ നിന്നു തീയുണ്ടാക്കാൻ ഇരുപതുകൊല്ലം വേണമെങ്കിൽ നീ മണ്ടനാണു്. എന്റെ കുഞ്ഞേ ഇതു അറിവല്ല” പിന്നീടു് ഞാൻ മനസ്സിലാക്കി ഇത്തരം സിദ്ധികൾക്കു് ആധ്യാത്മികതയുമായി ഒരു ബന്ധവുമില്ലെന്നു്.

ഇമ്മട്ടിലുള്ള പല കഥകളുടെയും വിവരണങ്ങളുടെയും സമാഹാരമാണു് 487 പുറങ്ങളുള്ള ഇപ്പുസ്തകം.

നമ്മുടെ പാരമ്പര്യം ഭാരതിയാണെന്നു രാമൻ പറയുന്നു. ഭാ എന്നാൽ ജ്ഞാനം. രതി എന്നാൽ സ്നേഹം. ഭാരതിയുടെ അർത്ഥം ജ്ഞാനത്തോടുള്ള സ്നേഹം.

സ്വാമി രാമന്റെ ആത്മകഥയാണു് ഈ ഗ്രന്ഥമെങ്കിലും യഥാർത്ഥത്തിൽ ഇതു രചിച്ചതു് അദ്ദേഹത്തിന്റെ ശിഷ്യനായ സ്വാമി അജയനാണു്. ശാസ്ത്രജ്ഞനും തത്വചിന്തകനും യോഗിയുമൊക്കെയായിരുന്ന സ്വാമി രാമന്റെ ശിഷ്യനും സന്തത സഹചാരിയുമായ സ്വാമി അജയൻ ഗുരുവിന്റെ പ്രഭാഷണങ്ങളിൽ നിന്നും ഡയറികളിൽ നിന്നും സമാഹരിച്ചതെല്ലാം കൈയെഴുത്തു പ്രതിയാക്കി സ്വാമി രാമന്റെ മുൻപിൽ കൊണ്ടുവച്ചു. “എന്തൊരു ഭാരമാണു് നീ ഇന്നു കൊണ്ടുവന്നിരിക്കുന്നതു്” എന്നു ചോദിച്ചുകൊണ്ടു് അദ്ദേഹം അതുവാങ്ങി വച്ചു. രണ്ടുകൊല്ലത്തേക്കു രാമൻ അതു തൊട്ടില്ല. അപ്പോൾ സ്വാമി അജയന്റെ സുഹൃത്തുക്കളുടെ നിർദ്ദേശമനുസരിച്ചു് അദ്ദേഹം കഥകളെ പുനഃസ്സംവിധാനം ചെയ്തു. കഴിയുന്നിടത്തോളം സ്വാമി രാമന്റെ വാക്കുകളിൽത്തന്നെയാണു് ആത്മകഥ രൂപം കൊണ്ടിരിക്കുന്നതു്. എല്ലാം ആധ്യാത്മികത്വത്തിന്റെ വിശുദ്ധരശ്മികൾ വീണ കഥകൾ. അവ സ്വാമി രാമന്റെ ജീവിതകഥ എന്നതിനെക്കാൾ അദ്ദേഹത്തിന്റെ ആധ്യാത്മിക വികാസത്തിന്റെ കഥയാണു്. ഏതു പാമരനും ഗ്രഹിക്കത്തക്ക വിധത്തിൽ ഗഹനങ്ങളായ ആധ്യാത്മികതത്ത്വങ്ങളെ ഇതിൽ ലളിതമായി. അവക്രമായി പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥം വായിച്ചു കഴിയുമ്പോൾ സ്വാമി രാമൻ ആധ്യാത്മികതയുടെ അധിത്യകയിൽ എത്തിനില്ക്കുന്നതു നമ്മൾ കാണും. പല കഥകളും അദ്ദേഹം ആഖ്യാനം ചെയ്യുമ്പോൾ വിശ്വസിക്കാൻ വയ്യ എന്നു നമ്മൾ പറഞ്ഞുപോകും. എങ്കിലും ഋഷിതുല്യനായ സ്വാമി രാമന്റെ രസന കള്ളം പറയുകയില്ലെന്നു നമ്മൾ സ്വയം ഉദ്ഘോഷിക്കുകയും ചെയ്യും.

images/Neemkaroli.jpg
നിം കരോലി ബാബ

അധ്യാത്മവാദിയുടെ പ്രധാനപ്പെട്ട ലക്ഷണം നിസ്സ്വാർത്ഥമായ മാനസിക നിലയാണു്. ഏതു വ്യക്തിയിൽ അതില്ലയോ അയാൾ ആധ്യാത്മികത്വത്തിൽ ചെന്നവനല്ല. നിം കരോലി ബാബ എന്നൊരു ആചാര്യനെ സ്വാമി രാമനു് അറിയാമായിരുന്നു. ബാബയുടെ ശിഷ്യനായ ഒരു ഔഷധ വ്യാപാരി അദ്ദേഹത്തെ കാണാനെത്തി. ബാബ അയാളെ കണ്ടയുടനെ പറഞ്ഞു: “എനിക്കു വിശക്കുന്നു. നീ എന്താണു് കൊണ്ടുവന്നിരിക്കുന്നതു്?” “ഇതു് ആഴ്സനിക്കാണു് (പാഷാണമാണു്) ഞാൻ അങ്ങേയ്ക്കു് അല്പസമയത്തിനുള്ളിൽ ഭക്ഷണം കൊണ്ടുതരാം” എന്നു് ഔഷധ വ്യാപാരി പറഞ്ഞു. ബാബ അയാളുടെ കൈയിൽ നിന്നു് പാഷാണം തട്ടിപ്പറിച്ചു് മുഴുവനും വായിലേക്കിട്ടു. വെള്ളവും കുടിച്ചു. ബാബ മരിക്കുമെന്നു വ്യാപാരി വിചാരിച്ചെങ്കിലും അദ്ദേഹത്തിനു് ഒന്നും സംഭവിച്ചില്ല. ആധ്യാത്മികതയുടെ മൂർത്തിമദ്ഭാവമായവരെ വിഷത്തിനുപോലും ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന സത്യം പരോക്ഷമായി നമ്മളെ ഗ്രഹിപ്പിക്കുകയാണു് ഈ സംഭവം.

സ്വാമി രാമൻ മഹാത്മഗാന്ധി യോടൊരുമിച്ചു് വാർദ്ധ ആശ്രമത്തിൽ താമസിച്ചിട്ടുണ്ടു്. ആ സന്ദർഭത്തിൽ ഒരു കുഷ്ഠരോഗിയെ ഗാന്ധിജി പരിചരിക്കുന്നതു് അദ്ദേഹം കണ്ടു. കുഷ്ഠരോഗി സംസ്കൃത പണ്ഡിതനായിരുന്നു. ദേഷ്യക്കാരനായ അദ്ദേഹത്തെ സ്നേഹത്തോടെയാണു് മഹാത്മാവ് പരിചരിച്ചതു്. സ്വാമി രാമന്റെ ആചാര്യൻ

images/RamdasGandhi.jpg
രാമദാസ്

അദ്ദേഹത്തോടു പറഞ്ഞിരുന്നു ഗാന്ധിജി നടക്കുന്നതെങ്ങനെയെന്നു നോക്കിക്കൊള്ളണമെന്നു്. രാമൻ ഗാന്ധിജിയുടെ നടത്തം നിരീക്ഷിച്ചു. മറ്റുള്ള സന്ന്യാസിശ്രേഷ്ഠന്മാരുടെ നടത്തത്തിൽ നിന്നു വിഭിന്നമായിരുന്നു മഹാത്മാവിന്റെ നടത്തം. തന്റെ ശരീരത്തിൽ നിന്നു വേർപെട്ടു നടക്കുമ്പോലെയായിരുന്നു ഗാന്ധിജി നടന്നതു്. അദ്ദേഹത്തിനു് (ഗാന്ധിജിക്കു്) മൂന്നുപേരായിരുന്നു ഗുരുക്കന്മാർ; ക്രിസ്തു, കൃഷ്ണൻ, ബുദ്ധൻ രാത്രിയും പകലും സ്നേഹത്തിന്റെ അഗ്നി മഹാത്മജിയിൽ ജ്വലിച്ചുനിന്നുവെന്നു് സ്വാമി രാമൻ എഴുതുന്നു. ഗാന്ധിജിയുടെ മകൻ രാമദാസിനെ സ്വാമി രാമൻ ഹിമാലയത്തിലെ മനോഹരമായ ഒരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി. ഗാന്ധിജിയെ കണ്ടതുപോലെ സ്വാമി രാമൻ രവീന്ദ്രനാഥ ടാഗോറി നെയും രമണ മഹർഷി യെയും സന്ദർശിച്ചു.

images/Ramana_Maharshi.jpg
രമണ മഹർഷി

അരവിന്ദഘോഷി നെയും അദ്ദേഹത്തിന്റെ ആശ്രമത്തിലെ അമ്മയെയും കാണാൻ സ്വാമി രാമൻ ചെന്നു. പല തവണ അരവിന്ദനെ രാമൻ കണ്ടു. “His personality was very overpowering and inspiring. I started respecting his modern and intellectual approach of integral Yoga” എന്നാണു് അദ്ദേഹത്തെക്കുറിച്ചു് സ്വാമി രാമന്റെ നിരീക്ഷണം.

ഒരു ജസൂയിറ്റ് സാധുവിനെ രാമൻ കണ്ടതും രസകരമായ സംഭവമാണു്. കുങ്കുമവർണ്ണത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു് കഴുത്തിൽ കുരിശു തൂക്കി നടന്ന ആ സാധുവിനോടു ക്രിസ്തുമതത്തിന്റെ പ്രായോഗികാംശങ്ങളെക്കുറിച്ചു് സ്വാമി രാമൻ സംസാരിച്ചു. സംസ്കൃതത്തിലും ഇംഗ്ലീഷിലും പല ദക്ഷിണേന്ത്യൻ ഭാഷകളിലും പാണ്ഡിത്യമുള്ള ആ ജസൂയിറ്റ് സാധുവിന്റെ ഉറച്ച വിശ്വാസം ക്രിസ്തു ഹിമാലയത്തിൽ കുറെക്കാലം പാർത്തിരുന്നു എന്നത്രേ. ക്രിസ്തുവിനോടൊരുമിച്ചു താൻ നടക്കുന്നുവെന്നു് സാധു പറഞ്ഞു. രണ്ടായിരം കൊല്ലങ്ങൾക്കു മുൻപ് ജീവിച്ച ക്രിസ്തുവുമായി നടക്കുന്നതെങ്ങനെയെന്നു രാമന്റെ സംശയം. സാധുചിരിച്ചിട്ടു പറഞ്ഞു: “എന്തൊരു അജ്ഞത. ക്രിസ്തുവെന്നു പറഞ്ഞാൽ അന്യൂനാവസ്ഥയാണു്. ഏകത്വത്തിന്റെ അവസ്ഥ. സത്യത്തിന്റെ അവസ്ഥ. സത്യം അനശ്വരമാണു്.” സ്വാമി രാമനു് സാധുവിന്റെ ‘ക്രിസ്തുബോധം’ നന്നേ ഇഷ്ടപ്പെട്ടു.

സ്വാമി രാമൻ ശങ്കരാചാര്യ പീഠങ്ങളിലൊന്നിന്റെ അധിപതിയായി ആരോഹണം ചെയ്തിരുന്നു ഇതിനകം. ആധ്യാത്മികത്വത്തിലെ അന്തസ്സു് പൊള്ളയായ അന്തസ്സാണെന്നു ഗ്രഹിച്ച രാമൻ അതുപേക്ഷിച്ചു് കാശ്മീരിലെ അമർനാഥ് ഗുഹയിലേക്കു പോയി. ഒരു കാശ്മീരി പണ്ഡിറ്റായിരുന്നു അദ്ദേഹത്തിനു വഴി കാണിച്ചു കൊടുത്തതു്. യേശുക്രിസ്തു കാശ്മീരിൽ ധ്യാനനിരതനായി വർത്തിച്ചിരുന്നുവെന്നായിരുന്നു ആ പണ്ഡിറ്റിന്റെ വിശ്വാസം. അതിനു മൂന്നു തെളിവുകൾ അദ്ദേഹം നല്കി. യേശു ധരിച്ചിരുന്ന കഞ്ചുകം കാശ്മീരിലെ കഞ്ചുകമാണു്. അദ്ദേഹം തലമുടി വളർത്തിയതും കാശ്മീരിലെ രീതിക്കു സദൃശമായിട്ടാണു്. ക്രിസ്തുവിന്റെ അദ്ഭുതകൃത്യങ്ങൾ യോഗത്തിലുള്ള അദ്ഭുതകൃത്യങ്ങൾ പോലെയാണു്. യേശുക്രിസ്തു പതിമ്മൂന്നാമത്തെ വയസ്സിൽ ഏഷ്യാമൈനർ വിട്ടു പോവുകയും മുപ്പതു വയസ്സ് ആകുന്നതുവരെ കാശ്മീർ താഴ്‌വരയിൽ ജീവിക്കുകയും ചെയ്തുവെന്നു പണ്ഡിറ്റ് സ്വാമി രാമനോടു പറഞ്ഞു.

നമ്മുടെ പാരമ്പര്യം ഭാരതിയാണെന്നു രാമൻ പറയുന്നു. ഭാ എന്നാൽ ജ്ഞാനം. രതി എന്നാൽ സ്നേഹം. ഭാരതിയുടെ അർത്ഥം ജ്ഞാനത്തോടുള്ള സ്നേഹം (ജ്ഞാനത്തെ സ്നേഹിക്കുന്നവൻ എന്നു് സ്വാമി രാമൻ) ഭാരതം എന്ന വാക്കിന്റെ അർത്ഥം ആധ്യാത്മികജ്ഞാനമെന്നാകുന്നു. അഹങ്കാരത്തെ ദൂരീകരിച്ചു് മഹാനായ ഒരാചാര്യൻ ആധ്യാത്മികജ്ഞാനമാർജ്ജിച്ചതെങ്ങനെയെന്നു് മനസ്സിലാക്കാൻ ഇപ്പുസ്തകം സഹായിക്കും. (Himalaya International Institute of Yoga, Science and Philosophy of the U.S.A., Rs. 295).

മൂടൽമഞ്ഞിലൂടെ കാണപ്പെടുന്ന പൂർണ്ണചന്ദ്രൻ? അറുപതുവയസ്സു കഴിഞ്ഞിട്ടും രതിഭാവം മുഖത്തുകാണിച്ചു് നില്ക്കുന്ന സ്ത്രീയെപ്പോലെ.

സ്വാമി രാമൻ 1925-ൽ വടക്കേയിന്ത്യയിൽ ജനിച്ചു. ഹിമാലയ പർവ്വതത്തിന്റെ താഴ്‌വരയിൽ ജീവിച്ച ഒരു മഹായോഗിയുടെ ശിഷ്യനായി ആധ്യാത്മിക കാര്യങ്ങൾ പഠിച്ചു. ബാംഗ്ലൂർ, പ്രയാഗ, ഓക്സ്ഫഡ് സർവകലാശാലകളിൽ വിദ്യാഭ്യാസം. ഇരുപത്തിനാലാമത്തെ വയസ്സിൽ ശങ്കരാചാര്യരായി. 1952-ൽ അതു ഉപേക്ഷിച്ചു് ഹിമാലയത്തിലേക്കു പോന്നു. ആചാര്യന്റെ ഉപദേശമനുസരിച്ചു് പടിഞ്ഞാറൻ തത്ത്വചിന്ത പഠിച്ചു. മോസ്കോയിൽ പാരാസൈക്കോളോജിക്കൽ ഗവേഷണത്തെ സഹായിച്ചു. തിരിച്ചു് ഇന്ത്യയിലെത്തി ഹിമാലയത്തിൽ ആശ്രമം സ്ഥാപിച്ചു. 1996-ൽ അദ്ദേഹം പ്രത്യക്ഷശരീരം ഉപേക്ഷിച്ചു.

ചോദ്യം, ഉത്തരം

ചോദ്യം: വേദം, വേദാന്തം, ഭഗവദ്ഗീത ഇവയെക്കുറിച്ചു് സായാഹ്നങ്ങളിൽ പ്ലാറ്റ്ഫോമിൽ കയറിനിന്നു വാതോരാതെ പ്രസംഗക്കുന്നവരെക്കുറിച്ചു് നിങ്ങൾ എന്തു പറയുന്നു?

ഉത്തരം: പുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ അവർ ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന മട്ടിൽ പറയുന്നതേയുള്ളു. ബ്രഹ്മം, മായ എന്നൊക്കെ അവർ ഉദ്ഘോഷിക്കും. എന്നാൽ തികഞ്ഞ അജ്ഞതയാണു് അവർക്കു് അതിനെസ്സംബന്ധിച്ചുള്ളതു്. ഭാരതത്തിൽ ശ്രീരാമകൃഷ്ണനോ രമണ മഹർഷിയോ അവയുടെ അഗാധതയിലേക്കു ചെന്നിരിക്കും. അത്രേയുള്ളു. ഇക്കൂട്ടർ—സായാഹ്ന പ്രഭാഷകർ—വെറും വാക്കുകൾ എടുത്തു പന്താടുന്നു. സഹജാവബോധം കൊണ്ടു് ബ്രഹ്മമെന്തെന്നു ഗ്രഹിക്കാത്ത ഇവർ അക്കാരണത്താലാണു് ലൗകികജീവിതം നയിക്കുന്ന നമ്മളെക്കാൾ മോശമായ രീതിയിൽ പെരുമാറുന്നതു്. എനിക്കറിയാവുന്ന ഈ ‘വേദാന്തികൾ’ ബാങ്ക് ബാലൻസ് ദിവസവും കൂട്ടിക്കൊണ്ടു്. അന്യന്റെ മുതൽ പിടിച്ചു പറിച്ചുകൊണ്ടു് ‘മാ ഗൃധഃ കസ്യ സ്വിദ്ധനം’ എന്നു് അലറുന്നു. ഹിപ്പൊക്രസി.

ചോദ്യം: വൃദ്ധന്മാരുടെ കാമചാപല്യങ്ങൾ പരിഹസിക്കപ്പെടേണ്ടവയല്ലേ?

ഉത്തരം: നിലംപതിക്കാറായ വന്മരം ഒരു ദിവസം കാലത്തു് മനോഹരമായ പൂ വിടർത്തി നില്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്.

ചോദ്യം: കോഴി കൂവിയാണോ പ്രഭാതത്തെ വരുത്തുന്നതു് ?

ഉത്തരം: ഒരു ദിവസം ഞാൻ രാത്രി അർദ്ധനിദ്രയിലാണ്ടു കിടന്നപ്പോൾ കോഴി കൂവുന്നതു കേട്ടു ചാടിയെഴുന്നേറ്റു് നേരം വെളുത്തു എന്ന വിചാരത്തോടെ വാച്ച് നോക്കി. സമയം രാത്രി രണ്ടുമണി. സുഖമായി കാലത്തു് ആറുമണി വരെ ഉറങ്ങുന്ന നിങ്ങൾക്കു് ആ നിദ്രയാണു് പ്രഭാതത്തെ ആനയിക്കുന്നതു്.

ചോദ്യം: കഴിഞ്ഞകാലം എന്നെ വേദനിപ്പിക്കുന്നു സാറേ. ഞാൻ എന്തുചെയ്യണം?

ഉത്തരം: നമ്മൾ കഴിഞ്ഞ കാലത്താണു ജീവിക്കുന്നതു്. ‘These roses under my window make no reference to former roses or to better ones; they are for what they are… There is no time for them’ എന്നു് എമെ(ഴ്)സൻ പറഞ്ഞതാവട്ടെ നിങ്ങളുടെ മുദ്രാവാക്യം.

ചോദ്യം: സാഹിത്യത്തിൽ അശ്ലീലമെഴുതുന്നതു ശരിയാണോ?

ഉത്തരം: അശ്ലീലത. നഗ്നത ഇവയൊന്നും ആരെയും ചലനം കൊള്ളിക്കുന്നില്ല ഇന്നു്. സ്ത്രീയുടെ നഗ്നതകണ്ടു് ഇന്നത്തെ യുവാക്കന്മാർക്കു പോലും ഒരിളക്കവും കൂടാതെ കഴിയാൻ സാധിക്കും. ലൈംഗികത്വത്തിന്റെ ആകർഷകത്വവും ‘എയ്ഡ്സ്’ വന്നതിനുശേഷം ഇല്ലാതായിരിക്കുന്നു. ഇപ്പോൾ പുരുഷന്റെ അടുത്തു പോകാൻ സ്ത്രീക്കു പേടിയാണു്. സ്ത്രീയെ സ്പർശിക്കാൻ പുരുഷനും ഭയം.

ചോദ്യം: മൂടൽമഞ്ഞിലൂടെ കാണപ്പെടുന്ന പൂർണ്ണചന്ദ്രൻ?

ഉത്തരം: അറുപതുവയസ്സുകഴിഞ്ഞിട്ടും രതിഭാവം മുഖത്തുകാണിച്ചു് നില്ക്കുന്ന സ്ത്രീയെപ്പോലെ.

ചോദ്യം: മെൽവിലിന്റെമോബിഡിക്കി’ന്റെ സവിശേഷതയെന്തു്?

ഉത്തരം: Great art എന്നതാണു് ആ നോവൽ. തിമിംഗലം വേട്ടയാണു് വിഷയമെങ്കിലും അതിന്റെ സങ്കുചിതലോകത്തു് നിന്നു വായനക്കാരനെ മോചിപ്പിച്ചു് ആ കലാശില്പം കാലമില്ലാത്ത ഒരു അവസ്ഥയിലേക്കു വായനക്കാരനെ കൊണ്ടുചെല്ലുന്നു. ‘War and Peace’, ‘Brothers Karamazov’ ഈ നോവലുകൾ ഇതുതന്നെയാണു് അനുഷ്ഠിക്കുന്നതു്. ഇവയ്ക്കു സദൃശങ്ങളായ മറ്റു കൃതികൾ പത്തൊൻപതാം ശതാബ്ദത്തിനുശേഷം ഉണ്ടായിട്ടില്ല.

പാരായണം അവസാനിപ്പിക്കൽ
images/Moby-Dick.jpg

ബ്രിട്ടീഷ് കവിയും നോവലിസ്റ്റുമായ വൊൾട്ടർ ഡിലമറിന്റെ (Walter de la Mare 1873–1956) കാവ്യങ്ങളെ അവലംബിച്ചു് ഡി ലിറ്റിനു ‘തീസിസ്’ തയ്യാറാക്കിയ ഒരു സുഹൃത്തു് എനിക്കുണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും തിരുവനന്തപുരത്തെ ഒരു പുസ്തകക്കടയിൽ ചെന്നു് ആ കവിയുടെ സമ്പൂർണ്ണകൃതികൾ വാങ്ങിച്ചു. തിരിച്ചു പോരുമ്പോൾ കാഴ്ചബംഗ്ലാവിന്റെ മുൻവശത്തുള്ള പൂന്തോട്ടത്തിൽ ഇരുന്നു. സുഹൃത്തു് ഡിലമറിന്റെ കാവ്യഗ്രന്ഥം തുറന്നു് ഒന്നു നോക്കി. അരുണിമയാർന്ന മുഖത്തോടെ അദ്ദേഹം പുസ്തകം അടച്ചു വച്ചിട്ടു് എന്നെ നോക്കി പുഞ്ചിരി പൊഴിച്ചു. വികാരഭരിതനായി കുറെനേരമിരിക്കുകയും ചെയ്തു. ‘എന്താ കാര്യം?’ എന്നു ഞാൻ ഉത്കണ്ഠയോടെ ചോദിച്ചപ്പോൾ ‘ഞാൻ ‘The Listeners’ എന്ന കവിത വായിക്കുകയായിരുന്നു. ചെറിയ കവിത. അതു വായിച്ചുതീർന്നാൽ എന്റെ സൗന്ദര്യാസ്വാദനവും തീർന്നു പോകുമല്ലോ എന്നു കരുതി അതു പൂർണ്ണമായും വായിക്കാതെ ഞാൻ പുസ്തകം അടയ്ക്കുകയായിരുന്നു’ എന്നു് അദ്ദേഹം മറുപടി പറഞ്ഞു. ‘എന്തൊരു ഹിപ്പൊക്രസി’ എന്നു് മനസ്സിൽപ്പറഞ്ഞു ഞാൻ സ്നേഹിതനെ തെല്ലു പുച്ഛത്തോടെ നോക്കി. കുറെക്കഴിഞ്ഞു് ഞങ്ങൾ യാത്ര പറഞ്ഞു പിരിയുകയും ചെയ്തു. അന്നു മുഴുവൻ സമയവും ഞാൻ ആ ചങ്ങാതിയുടെ—ഡിലറ്റാന്റിയുടെ—നാട്യത്തെക്കുറിച്ചു അവജ്ഞയോടെ ചിന്തിക്കുകയായി.

images/Crime_and_Punishment.jpg

വർഷങ്ങൾ കഴിഞ്ഞു. ദസ്തെയെവ്സ്കി യുടെ ‘കുറ്റവും ശിക്ഷയും’ എന്ന നോവൽ വായിക്കുകയായിരുന്നു ഞാൻ ഒരു ദിവസം. സൊന്യ എന്ന വേശ്യപ്പെൺകുട്ടിയുടെ അച്ഛൻ അയാളുടെ ജീവിതകഥ റസ്കൽ നിക്കഫിനെ പറഞ്ഞു കേൾപ്പിക്കുന്ന ഭാഗത്തെത്തി. സാമാന്യം ദീർഘതയുള്ള ആ ആത്മകഥാഖ്യാനം പകുതിയോളം വായിച്ചിട്ടു് അതു തീർന്നുപോകുമോ എന്നു സംശയിച്ചു ഞാൻ അതിന്റെ അന്ത്യഭാഗത്തിലേക്കു കടലാസ് മറിച്ചു നോക്കുകയും പതിനഞ്ചു മിനിറ്റ് കൂടി വായിച്ചാൽ ആഖ്യാനം പര്യവസാനത്തിലെത്തുമെന്നുകണ്ടു് നോവൽ അടച്ചു വയ്ക്കുകയും ചെയ്തു. ഞാനും ഹിപ്പൊക്രസി കാണിക്കുകയായിരുന്നു. അല്ലേ, പ്രിയപ്പെട്ട വായനക്കാരേ? അല്ല. സൗന്ദര്യാസ്വാദനത്തിനു് അറുതി വരുത്താൻ ഒരു സഹൃദയനും കഴിയുകയില്ല. The Listeners വായിച്ചു വികാരാവേശം കൊണ്ട സ്നേഹിതനെ ഞാൻ പുച്ഛിച്ചതു തെറ്റു്.

images/Fyodor_Dostoevsky.jpg
ദസ്തെയെവ്സ്കി

മഹത്തമമായ എല്ലാ കാവ്യങ്ങളുടെയും നോവലുകളുടെയും ചെറുകഥകളുടെയും സ്ഥിതി ഇതുതന്നെ. ‘രഘുവംശം’, ‘മേഘസന്ദേശം’, ‘മഗ്ദലനമറിയം’, ‘ഗീതാഞ്ജലി’, ‘കാരമാസോവ് സഹോദരന്മാർ’, ‘ഡ്രീന നദിയിലെ പാലം’ ഇവവായിക്കമ്പോൾ പാരായണം അവസാനിക്കരുതെന്നു കരുതി നമ്മൾ പുസ്തകം അടച്ചുവയ്ക്കും. മോപസാങ്ങി ന്റെയും ചെക്കോവി ന്റെയും കഥകൾ വായിക്കുമ്പോൾ എനിക്കു് ഈ അനുഭവം ഉണ്ടായിട്ടുണ്ടു്. ഉറൂബിന്റെ ‘വാടകവീടുകൾ’ എന്ന കഥ വായിച്ചപ്പോഴും ആസ്വാദനം അവസാനിക്കാതിരിക്കാനായി ഞാൻ കഥാഗ്രന്ഥം അടച്ചുവച്ചു. കല നമ്മുടെ ഇച്ഛാശക്തിയെ പിടിച്ചടക്കുമ്പോൾ അതിന്റെ ആ വിജയം സമ്മതിച്ചു കൊടുക്കാതിരിക്കാനായിട്ടാവാം നമ്മൾ ഗ്രന്ഥമടച്ചു വയ്ക്കുന്നതു്. അതും ഒരു വ്യാഖ്യാനം തന്നെ.

ഇനി ശ്രീ. വത്സലൻ വാതുശ്ശേരി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘പണിഷ്മെന്റ്സ് ഇൻ ചൈന’ എന്ന കഥ വായിച്ചു നോക്കുക. ഒരു കോളത്തിനപ്പുറം വായന നീട്ടിക്കൊണ്ടുപോകാൻ സഹൃദയത്വമുള്ളവനു സാധിക്കില്ല. നമ്മൾ വൈരസ്യത്തോടെ വാരിക ദൂരെയെറിയുന്നു. എന്റെ സ്നേഹിതന്റെ ഗ്രന്ഥമടച്ചുവയ്ക്കൽ ആസ്വാദനത്തിനു അന്ത്യം സംഭവിക്കുമല്ലോ എന്ന പേടിയാൽ. വത്സലന്റെ കഥയുൾക്കൊള്ളുന്ന വാരിക ദൂരെയെറിയുന്നതു് വൈരസ്യത്തിന്റെ ആക്രമണത്താൽ. ‘പണിഷ്മെന്റ്സ് ഇൻ ചൈന’ എന്ന പുസ്തകത്തെയും ഒരു ശ്രീധരനെയും ഒരു ധർമ്മലിംഗത്തെയും കൂട്ടിയിണക്കി വത്സലൻ നിർമ്മിച്ചു വയ്ക്കുന്ന ഈ വൈരൂപ്യം അസഹനിയമാണു്. എന്തിനേറെപ്പറയുന്നു? മോപസാങ്ങിന്റെ ‘കൊമേഴ്സ്യൽ’ ചെറുകഥകൾ പോലും നമ്മളെ മൂർത്താവസ്ഥയിലേക്കു നയിക്കുന്നു. വത്സലനും അദ്ദേഹത്തെപ്പോലെയുള്ള മറ്റുള്ളവരും അമൂർത്തമായതു് ആവിഷ്കരിച്ചു് വായനക്കാരെ പീഡിപ്പിക്കുന്നു.

പ്രകാശം, അന്ധകാരം

മനസ്സിന്റെ വാതിലിലൂടെ യുക്തിയെ കഴുത്തിൽപ്പിടിച്ചു പുറത്തേക്കു തള്ളിയിട്ടു് ആ വാതിൽ ശബ്ദത്തോടെ അടച്ചു് അകത്തിരിക്കുന്നവരാണു് മൗലികവാദികൾ.

ഞാൻ ഈശ്വരവിശ്വാസിയാണെങ്കിലും അമ്പലങ്ങളിൽ പോകുന്നവനല്ല. എത്ര ‘സാന്നിദ്ധ്യമുള്ള’ ക്ഷേത്രമാണെന്നു മറ്റുള്ളവർ പറഞ്ഞാലും വിഗ്രഹങ്ങൾ കല്ലുകളാണു്. ലോഹനിർമ്മിതങ്ങളായ വസ്തുക്കളാണു് എന്നേ എനിക്കു തോന്നൂ. വർഷങ്ങൾക്കു മുൻപു ഗുരുവായൂർ ക്ഷേത്രത്തിൽ പോകേണ്ടതായി വന്നു എനിക്കു്. കൂടെയുള്ളവരെ തൊഴാൻ അകത്തേക്കു് അയച്ചിട്ടു് ഞാൻ അമ്പലത്തിനു വെളിയിൽ ഒരു മണിക്കൂറോളം കാത്തുനിന്നു. അപ്പോൾ വരുന്നു പുത്തേഴത്തു രാമമേനോൻ. അദ്ദേഹം ക്ഷേത്രത്തിനകത്തേക്കു പോകാൻ എന്നെ സ്നേഹപൂർവം വിളിച്ചിട്ടും ഞാൻ പോയില്ല. കാര്യമിങ്ങനെയൊക്കെ ആയതുകൊണ്ടു് എന്റെ വീട്ടിനടുത്തുള്ള ശിവക്ഷേത്രത്തിൽ ഞാൻ പോകാറില്ല എന്നു് എന്തിനെടുത്തു പറയണം? സൂപ്പർ സ്റ്റാർ ശ്രീ. സുരേഷ്ഗോപി അവിടെ വിഗ്രഹത്തിന്റെ മുൻപിൽ കൂപ്പിയ കൈകളുമായി നില്ക്കുന്നതു് ഞാൻ പലതവണ കണ്ടിട്ടുണ്ടു്. ഞാൻ അദ്ദേഹത്തിന്റെ ആകൃതിസൗഭഗം ദർശിച്ചിട്ടുണ്ടു്. ക്ഷേത്രത്തിനകത്തുള്ള വിഗ്രഹത്തിന്റെ സൗന്ദര്യം കണ്ടിട്ടില്ല. പക്ഷേ ഇന്നു സന്ധ്യാവേളയിൽ അമ്പലത്തിന്റെ മുൻപിലൂടെ എനിക്കു പോകേണ്ടതായി വന്നു. മണിനാദം. എന്തൊരു സുഖമാണു് അതു് എനിക്കു പ്രദാനം ചെയ്തതു്! ‘അപ്സരസ്സുകൾ പോലെ അദ്ഭുതാംഗിമാർ വലംവയ്ക്കുന്നു. നടന്നുനടന്നു് വീട്ടിലെത്തി ഞാൻ. റ്റ്യൂബ് ലൈറ്റിന്റെ മയൂഖമാലകൾ. പഞ്ചലോഹനിർമ്മിതമായ ‘മെമെന്റോ’യിലെ സൂര്യനെയും അരുണനെയും കുതിരകളെയും തിളക്കുന്നു. കുതിരകളുടെ കടിഞ്ഞാൺ പോലും സ്വർണ്ണനൂലുകളായി മാറിയിരിക്കുന്നു. മുറിയിലെത്തി. കെൻവിൽബറിന്റെ ഗ്രന്ഥതല്ലജങ്ങൾ ചിതറിക്കിടക്കുന്നു. അവയിലെ ചിന്താരത്നങ്ങൾ കാന്തി ചിന്തുന്നു. ഞാൻ മലയാളപുസ്തകങ്ങൾ വിലകൊടുത്തു വാങ്ങാറില്ല. പക്ഷേ ഇന്നു കറന്റ് ബുക്ക്സിൽ നിന്നു് ശ്രീ. സേതുവിന്റെ ‘കൈമുദ്രകൾ’ എന്ന പുതിയ നോവൽ 175 രൂപ കൊടുത്തു വാങ്ങി. വിദ്യുച്ഛക്തി പ്രകാശത്തിൽ നോവൽ ശോഭിക്കുന്നു. ഉള്ളടക്കത്തിനും തിളക്കം കാണും. സേതു എഴുതിയതല്ലേ. ഇതെഴുതുമ്പോൾ എന്റെ പേനയുടെ നിബ്ബ് പോലും സ്വർണ്ണം പോലെ പ്രകാശിക്കുന്നു. പാതയുടെ രണ്ടു വശങ്ങളിലുമായി സൗധങ്ങൾ. അറേബ്യൻ കഥകളിലെ കൊട്ടാരങ്ങൾ പോലെ അവ നിലാവിൽ വെൺമയാർന്നു നില്ക്കുന്നു. എല്ലാം സ്വർണ്ണമയം, ധവളമയം, എല്ലാം ആഹ്ലാദമയം, ഞാൻ ദേശാഭിമാനി വാരികയെടുത്തു ശ്രീ. ശ്രീവരാഹം ബാലകൃഷ്ണന്റെ ‘ഏഴിലംപാല’ എന്ന ചെറുകഥ വായിച്ചു. തുടർന്നു് ശ്രീ. ടി. എസ്. സുഭീഷിന്റെ ‘സ്വപ്നാന്തരം’ എന്ന കഥയും. കാഞ്ചനശോഭയും മാനസോല്ലാസവും ഇല്ലാതെയായി. സ്യൂഡോ ആർടിന്റെ അന്ധകാരം! ‘നക്ഷത്രം സ്വന്തം രശ്മികൾ കൊണ്ടു് മുക്കുറ്റിപ്പൂവിനെ മറ്റൊരു നക്ഷത്രമാക്കുന്നതു പോലെ’. (മഹാകവിയുടെ പ്രയോഗം) പ്രതിപാദ്യ വിഷയത്തെ പ്രതിഭകൊണ്ടു ജ്വലിപ്പിക്കാൻ കഥാകാരന്മാരായ നിങ്ങൾക്കു അറിഞ്ഞുകൂടെങ്കിൽ വേണ്ട. ഇരുട്ടു പരത്താതിരുന്നാൽ മതി.

എൻ. വി., ഡോ. ആനന്ദബോസ്
images/C_V_Ananda_Bose.jpg
സി. വി. ആനന്ദബോസ്

വിദ്യുച്ഛക്തി ഇല്ലാതെയായിരിക്കുന്നു. ഇനി മുപ്പതു മിനിറ്റോളം കാത്തിരിക്കണം. അപ്പോൾ കിട്ടിയാലായി. ഇല്ലെങ്കിലായി. അതുകൊണ്ടു ചാരുകസേരയുടെ കൈയിൽ മെഴുകുതിരി കത്തിച്ചുവച്ചു. നിലാവുണ്ടെങ്കിലും ആ വെളിച്ചത്തിൽ എഴുതാനൊക്കുകയില്ലല്ലോ. മാത്രമല്ല ചന്ദ്രൻ ഇപ്പോൾ ഒരു വലിയ മേഘത്തിന്റെ പിറകിലുമാണു്. മെഴുകുതിരി ദീപം കൈയുയർത്തി അപ്രമേയ പ്രഭാവമാർന്ന ശക്തിവിശേഷത്തെ വന്ദിക്കുകയാണു്. അതേ സമയം അതറിയാതെ തന്നെ സ്വന്തം ശീതളരശ്മികൾ എന്റെ വെൺമയാർന്ന കടലാസ്സിലേക്കു വീഴ്ത്തി എഴുതാൻ സഹായിക്കുന്നു. ഡോക്ടർ സി. വി. ആനന്ദബോസും ഇതുതന്നെയാണു് അനുഷ്ഠിക്കുന്നതു്. അദ്ദേഹം എൻ. വി. കൃഷ്ണവാരിയരെ പ്രബന്ധത്തിലൂടെ സ്മരിക്കുന്നു. ആ സ്മരണ വായനക്കാരനായ എന്നെ പരോക്ഷമായി സഹായിക്കുന്നു. എൻ. വിയുടെ സമാദരണീയമായ സ്വത്വശക്തിയെയും വ്യക്തിത്വശക്തിയെയും കുറിച്ചു് എനിക്കു് അറിവു നല്കുന്നു.

എനിക്കറിയാവുന്ന വലിയ ബുദ്ധിശാലികളിൽ അനിഷേധ്യമായ സ്ഥാനമുണ്ടു് ഡോക്ടർ സി. വി. ആനന്ദബോസിനു്. നല്ല സാഹിത്യകാരൻ. പ്രഗല്ഭനായ ഭരണാധികാരി. വാഗ്മി, സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി അക്ഷീണയത്നം ചെയ്യുന്ന മനുഷ്യസ്നേഹി—ആനന്ദബോസ് ഇവയെല്ലാമാണു്. അദ്ദേഹം വേറൊരു മഹാവ്യക്തിയെ—എൻ,വി. കൃഷ്ണവാരിയരെ—നമ്മുടെ മുൻപിൽ കൊണ്ടുവരുന്നു.

ഇംഗ്ലീഷിൽ Sincerity എന്നു പറയുന്ന സത്യസന്ധതയാണു് ഈ പ്രബന്ധത്തിന്റെ മുഖമുദ്ര (ഡോക്ടർ സി. വി. ആനന്ദബോസിന്റെ പ്രബന്ധം മലയാളം വാരികയിൽ).

images/N_V_Krishna_Warrier.jpg
എൻ. വി. കൃഷ്ണവാരിയർ

എല്ലാ മതങ്ങളിലും മൗലികവാദികൾ ഉണ്ടു്. മനസ്സിന്റെ വാതിലിലൂടെ യുക്തിയെ കഴുത്തിൽപ്പിടിച്ചു പുറത്തേക്കു തള്ളിയിട്ടു് ആ വാതിൽ ശബ്ദത്തോടെ അടച്ചു് അകത്തിരിക്കുന്നവരാണു് മൗലികവാദികൾ. അവർ അസത്യത്തിൽ ആമജ്ജനം ചെയ്തു് അതുതന്നെയാണു് സത്യമെന്നു കരുതുന്നു. നമ്മുടെ കൊച്ചെഴുത്തുകാരെ ഈ മൗലികവാദികളോടു തട്ടിച്ചുനോക്കിയാൽ മൗലികവാദികളാണു് ഭേദപ്പെട്ടവരെന്നു മനസ്സിലാക്കാം. ഈ പിഗ്മികൾ വിചാരിക്കുന്നു തങ്ങൾക്കു ജയന്റിന്റെ ശക്തിയുണ്ടെന്നു്. അവരെക്കുറിച്ചു് അനുകൂലമല്ലാത്ത രീതിയിൽ എന്തെങ്കിലും പറഞ്ഞാൽ അതു പറയുന്നവനെ അവർ അസഭ്യം പറയുന്നു. അതേസമയം തങ്ങൾക്കു് എന്തു കഴിവുണ്ടെന്നു് അക്കൂട്ടർ ആലോചിക്കുന്നുമില്ല. അനന്തമായ കാലപ്രവാഹത്തിൽ വലിയ ജീനിയസ്സുകൾ പോലും കടപുഴകി വീണുപോകും. വീണു പോയിട്ടുമുണ്ടു്. അപ്പോൾ ഈ ക്ഷുദ്രജീവികളെക്കുറിച്ചു് എന്തു പറയാനിരിക്കുന്നു? ലിലിപ്യൂഷ്യരേ (സ്വീഫ്റ്റിന്റെ സാങ്കല്പികലോകം ലിലീപൂട്. അവിടത്തെ തീരെക്കൊച്ചായ ആളുകൾ ലിലിപ്യൂഷ്യർ) നിങ്ങൾക്കു പണ്ടേ ഉപദേശം നല്കിയിട്ടുണ്ടു് ഒരാൾ. ‘Know Thyself’

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 1998-10-23.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.