സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 2001-07-20-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

സമൂ​ഹ​സ്ഥി​തി​പ​രി​വർ​ത്ത​ക​രിൽ തന്നെ ജയി​ക്കാൻ ആരു​മി​ല്ലെ​ന്നു ദൃ​ഢ​മാ​യി വി​ശ്വ​സി​ക്കു​ന്ന ഒരു ചെ​റു​പ്പ​ക്കാ​രൻ എന്നെ​ക്കാ​ണാൻ കൂ​ട​ക്കൂ​ടെ വരു​മാ​യി​രു​ന്നു, വള​രെ​പ്പ​ണ്ടു്. സ്ഥി​തി​സ​മ​ത്വ​ത്തി​ന്റെ ആവ​ശ്യ​കത, വി​പ്ല​വ​ങ്ങ​ളു​ടെ അനി​വാ​ര്യത ഇവ​യെ​ക്കു​റി​ച്ചു് അദ്ദേ​ഹം വാ​തോ​രാ​തെ സം​സാ​രി​ക്കും. ഒരു ദിവസം സം​ഭാ​ഷ​ണ​മൊ​ക്കെ​ക്ക​ഴി​ഞ്ഞു് ഞാനും ആ വി​പ്ല​വ​കാ​രി​യും നാ​ലും​കൂ​ടു​ന്ന മു​ക്കിൽ വന്നു​നി​ന്നു ബസ്സു് കാ​ത്തു്. അപ്പോൾ എന്റെ വീ​ട്ടിൽ തെ​ങ്ങു​കൾ​ക്കു് തട​മെ​ടു​ക്കാ​നാ​യി മുൻ​പു് വന്നി​രു​ന്ന ഒരു​വ​നെ ഞാൻ കണ്ടു. വിനയം ഭാ​വി​ച്ചു് അയാൾ തൊ​ഴു​ത​പ്പോൾ അതി​ന്റെ പി​ന്നി​ലു​ള്ള ചി​ന്ത​യെ​ന്തെ​ന്നു് മന​സ്സി​ലാ​ക്കിയ ഞാൻ മൂ​ന്നു രൂപ അയാൾ​ക്കു് കൊ​ടു​ത്തു.

images/Antara_Dev_Sen.jpg
Antara Dev Sen

സമൂ​ഹ​സ്ഥി​തി​പ​രി​വർ​ത്ത​ക​നു് അതു് ഒട്ടും ഇഷ്ട​പ്പെ​ട്ടി​ല്ല. അദ്ദേ​ഹം ക്ഷോ​ഭി​ച്ചു് പറ​ഞ്ഞു: “കൂ​ലി​ക്കാ​രോ​ടും പരി​ചാ​ര​ക​ന്മാ​രോ​ടും ഈ ദയ പാ​ടി​ല്ല, അതു​കാ​ണി​ച്ചാൽ അവർ തലയിൽ കയറും. സമ​ന്മാ​രെ​പ്പോ​ലെ പെ​രു​മാ​റു​ക​യും ചെ​യ്യും”. വി​പ്ല​വ​വീ​ര്യ​ത്തി​ലും ബൂർ​ഷ്വാ ചി​ന്താ​ഗ​തി എന്നു് ഞാ​ന​ങ്ങു വി​ചാ​രി​ച്ചു​പോ​യി. കാലം ഇപ്പോൾ മാ​റി​യി​രി​ക്കു​ന്നു. സേ​വ്യ​സേ​വ​ക​ഭാ​വം ഇന്നി​ല്ല. യജ​മാ​നൻ അതു​കാ​ണി​ച്ചാൽ പരി​ചാ​ര​കൻ മു​ഖ​ത്തു കാർ​ക്കി​ച്ചു തു​പ്പി​യി​ട്ടു് പാ​ട്ടി​നു പോകും. അവർ​ക്കു് മാ​സ​ന്തോ​റും കൊ​ടു​ക്കു​ന്ന ശമ്പ​ള​ത്തി​നു് വന്ന വ്യ​ത്യാ​സം നോ​ക്കുക. എഴു​പ​തു കൊ​ല്ലം മുൻ​പു് വീ​ടു​ക​ളിൽ വേ​ല​ക്കാ​രി​യാ​യി വരു​ന്ന ചെ​റു​പ്പ​ക്കാ​രി​ക്കു് ശമ്പ​ളം രണ്ടു രൂ​പ​യാ​യി​രു​ന്നു പ്ര​തി​മാ​സം. അവൾ പി​ഞ്ഞാ​ണ​മോ ഗ്ലാ​സോ പൊ​ട്ടി​ച്ചാൽ അതി​ന്റെ വില രണ്ടു രൂ​പ​യിൽ നി​ന്നു പി​ടി​ച്ചെ​ടു​ക്കും കൊ​ച്ച​മ്മ. ഇപ്പോൾ കാ​ല​ത്തു് ഒൻ​പ​തു​മ​ണി​ക്കു വീ​ട്ടി​ലെ​ത്തി ചൂലു മു​റ്റ​ത്തോ​ടി​ച്ചു് മു​ഷി​ഞ്ഞ വസ്ത്ര​ങ്ങൾ വെ​ള്ള​ത്തിൽ മു​ക്കി മു​റ്റ​ത്തെ കയറിൽ തൂ​ക്കി​യി​ട്ടു് രണ്ടു മണി​ക്കൂ​റി​ന​ക​ത്തു് സ്ഥലം വി​ടു​ന്ന പരി​ചാ​രി​ക​യ്ക്കു് രണ്ടാ​യി​രം രൂ​പ​യാ​ണു് മാ​സ​ന്തോ​റു​മു​ള്ള ശമ്പ​ളം. അവൾ ആഴ്ച​യിൽ മൂ​ന്നു ദിവസം വരി​ക​യു​മി​ല്ല. കൊ​ച്ച​മ്മ പരി​ചാ​രി​ക​യും പരി​ചാ​രിക കൊ​ച്ച​മ്മ​യു​മാ​യി മാ​റി​യി​രി​ക്കു​ന്ന അവ​സ്ഥാ​വി​ശേ​ഷ​മാ​ണി​തു്. ചില വീ​ടു​ക​ളിൽ വേ​ല​ക്കാ​രി തന്നെ​യാ​ണു് ഗൃ​ഹ​നാ​യിക. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു് ഇരു​പ​തു കി​ലോ​മീ​റ്റർ അക​ലെ​യു​ള്ള ഒരു സ്ഥ​ല​ത്തു് ഞാൻ ഒരു മീ​റ്റി​ങ്ങി​നു പോ​യി​രു​ന്നു. സമ്മേ​ള​നം കഴി​ഞ്ഞു് ‘സ്ഥ​ല​ത്തെ പ്ര​ധാന ദിവ്യ’ന്റെ വീ​ട്ടിൽ കാ​പ്പി​കു​ടി. പല​ഹാ​രം കൊ​ണ്ടു​വെ​ക്കു​ന്ന​തും കാ​പ്പി ഒഴി​ച്ചു കൊ​ടു​ക്കു​ന്ന​തും വീ​ട്ടി​ലെ ജോ​ലി​ക്കാ​രി. ചല​ച്ചി​ത്ര​താ​രം പോ​ലെ​യു​ള്ള നി​തം​ബ​ച​ല​ന​ത്തോ​ടെ, മന്ദ​സ്മി​ത​ത്തോ​ടെ അതി​ഥി​ക​ളി​രി​ക്കു​ന്നി​ട​ത്തു വരു​മ്പോൾ ഗൃ​ഹ​നാ​ഥൻ ‘കണ്ണു​കൾ​കൊ​ണ്ടു് അവളെ പാനം ചെ​യ്യു​ന്ന​തു്” ഞാൻ എന്റെ കണ്ണു​ക​ളാൽ കണ്ടു. കമലം! കമലം! എന്നു് അയാൾ പ്രേ​മാ​തി​രേ​ക​ത്തോ​ടു​കൂ​ടി വി​ളി​ക്കു​ന്ന​തു് അങ്ങു ദൂരെ “കദ​ന​മൊ​രു രൂ​പ​മെ​ടു​ത്ത പോ​ല​ങ്ങ​നെ” നിന്ന ഒരു സ്ത്രീ​യും കേ​ട്ടു. അവൾ അയാ​ളു​ടെ ഭാ​ര്യ​യാ​ണു്. ആ പാ​വ​പ്പെ​ട്ട സ്തീ​യെ​നോ​ക്കി ഞാൻ ദു:ഖി​ച്ചു. ഇമ്മ​ട്ടിൽ എത്ര​യെ​ത്ര വീ​ടു​ക​ളാ​ണു് ഈ കേ​ര​ള​ത്തി​ലു​ള്ള​ത്! ഗൃ​ഹ​നാ​യ​കൻ എന്തു​വേ​ണ​മെ​ങ്കി​ലും ആ വേ​ല​ക്കാ​രി​യെ ചെ​യ്യ​ട്ടെ. അതു് ഞങ്ങ​ളെ​ക്കൂ​ടി അറി​യി​ക്കേ​ണ്ട​തു​ണ്ടോ എന്നു ഞാൻ വി​ചാ​രി​ച്ചു. ഇതെ​ത്ര​ഭേ​ദം ഞാൻ ഒരു ബന്ധു​ഗൃ​ഹ​ത്തിൽ കണ്ട കാ​ഴ്ച​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാൽ! കാ​പ്പി​യൊ​ക്കെ മേ​ശ​പ്പു​റ​ത്തു്. ഞങ്ങൾ അതി​ഥി​കൾ ഇരു​ന്നു. ഗൃ​ഹ​നാ​യ​ക​നു​മി​രു​ന്നു. പെ​ട്ടെ​ന്നു് അയാൾ​ക്കു് അസ്വ​സ്ഥത. “എവിടെ സരോജം?” എന്നു് അയാൾ ചോ​ദി​ച്ചു. ഈ ചോ​ദ്യം കേ​ട്ടു് സരോജം കു​ണു​ങ്ങി​ക്കു​ണു​ങ്ങി വന്നു. യജ​മാ​ന​ന്റെ അടു​ത്തി​ട്ട ഒഴി​ഞ്ഞ കസേ​ര​യിൽ അവൾ ഇരു​ന്നു. അയാ​ളു​ടെ ഭാര്യ അമാ​വാ​സി​യി​ലെ ഇരു​ട്ടോ​ടു​കൂ​ടിയ മു​ഖ​വു​മാ​യി അകലെ നിൽ​ക്കു​ക​യാ​ണു്. അവ​രോ​ടു് ഇരി​ക്കാൻ പോലും പറ​യാ​തെ അയാൾ “ഇനി കാ​പ്പി കു​ടി​ക്ക​രു​തോ?” എന്ന ചോ​ദ്യ​വു​മാ​യി ഇഡ്ഡ​ലി മു​റി​ച്ചു് ചമ്മ​ന്തി​യിൽ മു​ക്കി വാ​യ്ക്ക​ക​ത്തേ​ക്കു് ഇട്ടു. വ്രീ​ളാ​വി​വ​ശ​യായ പരി​ചാ​രി​ക​യും ഗൃ​ഹ​നാ​ഥ​നെ അനു​ക​രി​ച്ചു. ഈ കാ​പ്പി​കു​ടി​ക്കു ശേഷം അയാ​ളു​ടെ ഭാര്യ തൂ​ങ്ങി​ച്ചാ​കാൻ കയർ എടു​ത്തി​രി​ക്കും എന്നു ഞാൻ വി​ചാ​രി​ച്ചു. ഇല്ല. അങ്ങ​നെ വി​ചാ​രി​ച്ച ഞാൻ മണ്ടൻ. ആ ഗൃ​ഹ​നാ​യ​കൻ വേ​റൊ​രു ദേ​ശ​ത്തു ജോലി നോ​ക്കു​ന്നു. ആ പാവം ഭാ​ര്യ​യും അവിടെ കാണും. നമ്മു​ടെ നാ​ട്ടി​ലെ സ്ത്രീ​കൾ എത്ര ദൗർ​ഭാ​ഗ്യ​മു​ള്ള​വ​രാ​ണു്. വി​വാ​ഹം കഴി​ച്ചു​കൊ​ടു​ത്ത സ്ഥി​തി​ക്കു് “നീ ഭർ​ത്താ​വി​നോ​ടു കൂടി താ​മ​സി​ക്ക​ണം. വി​ട്ടു​വീ​ഴ്ച​കൾ നട​ത്ത​ണം” എന്നു പറ​ഞ്ഞു് തോ​രാ​ക്ക​ണ്ണീ​രു​മാ​യി ചെ​ല്ലു​ന്ന അവളെ ബന്ധു​ക്കൾ ഭർ​ത്താ​വി​ന്റെ വീ​ട്ടി​ലേ​ക്കു് തി​രി​ച്ച​യ​യ്ക്കും. അയാ​ളു​ടെ വ്യ​ഭി​ചാ​രം കണ്ടു​നീ​റു​ന്ന മന​സ്സോ​ടെ അവൾ അവിടെ കഴി​ഞ്ഞു​കൂ​ടും. മറ്റു മാർ​ഗ്ഗ​മി​ല്ലാ​തെ വരു​മ്പോ​ഴാ​ണു് അവൾ കയർ അന്വേ​ഷി​ക്കു​ന്ന​തു്, വിഷം കൈ​യി​ലെ​ടു​ക്കു​ന്ന​തു്, കട​ലി​ലേ​ക്കു ചാ​ടു​ന്ന​തു്, മണ്ണെ​ണ്ണ സാ​രി​യി​ലൊ​ഴി​ച്ചു് തീ കത്തി​ക്കു​ന്ന​തു്.

ആംഗ്ലോ-​അമേരിക്കൻ കവി തോം ഗന്നി​ന്റെ (Thom Gunn) ഒരു കാ​വ്യ​ത്തി​ലെ പരി​ചാ​രി​ക​യു​ടെ പരി​ദേ​വ​നം കേൾ​ക്കുക:

“My little breasts, my face, my hips

My legs they study while they feed

Are not found on the list they read

While wiping gravy off their lips”

ഇവിടെ പറ​ഞ്ഞ​വ​രിൽ​നി​ന്നെ​ല്ലാം വി​ഭി​ന്ന​യായ ഒരു പരി​ചാ​രി​ക​യെ​യാ​ണു് മൃണാൾ പാ​ണ്ഡേ​യു​ടെ Bibbo എന്ന ചെ​റു​ക​ഥ​യിൽ നമ്മൾ കാ​ണു​ന്ന​തു്. (ഏതു് ഇം​ഗ്ലീ​ഷ് പ്ര​സാ​ധ​ന​ത്തോ​ടും സാ​ദൃ​ശ്യം വഹി​ക്കു​ന്ന​തും Antara Dev Sen എഡി​റ്റ് ചെ​യ്യു​ന്ന​തു​മായ The Little Magazine, May 2000 നോ​ക്കുക, Noam Chomski, Jhumpa Lahiri, Ashis Nandi, Martha Nussbaum, Amartya Sen, ഇവ​രൊ​ക്കെ​യാ​ണു് ഇതിലെ മറ്റെ​ഴു​ത്തു​കാർ, വില 75 രൂപ.)

കമുകറ എന്നു കേ​ട്ടാ​ലു​ട​നെ ആത്മ​വി​ദ്യാ… ലയമേ എന്നു് ഞാൻ പറയും. ലയം തീ​രെ​യി​ല്ലാ​ത്ത ദാ​രു​മ​യ​മായ പാ​ട്ടു​കൾ പാടിയ ആളാ​ണു് അദ്ദേ​ഹം.

മനു​ഷ്യ​ത്വ​ത്തി​നു പ്രാ​ധാ​ന്യം നൽ​കി​യാ​ണു് ആ പരി​ചാ​രി​ക​യോ​ടു് അവ​ളു​ടെ കൊ​ച്ച​മ്മ​യും യജ​മാ​ന​നും പെ​രു​മാ​റു​ന്ന​തു്. വെണ്ണ, മുട്ട, പാൽ, പഴ​ങ്ങൾ, പാൽ​ക്ക​ട്ടി ഇവ​യൊ​ക്കെ​യാ​ണു് അവ​ളു​ടെ ആഹാരം. വീ​ട്ടു​കാർ കഴി​ക്കു​ന്ന​തെ​ന്തും അവൾ​ക്കും അവർ കൊ​ടു​ക്കും. വലിയ സ്വാ​ത​ന്ത്ര്യ​മാ​ണു് ആ പരി​ചാ​രി​ക​യ്ക്കു് ആ വീ​ട്ടിൽ. മണി​ക്കൂ​റു​കൾ കൊ​ണ്ടു് പഴ​ങ്ങ​ളും ജാമും അപ്ര​ത്യ​ക്ഷ​മാ​കും അവിടെ. കൊ​ച്ച​മ്മ​യു​ടെ അമ്മ കൊ​ടു​ത്ത​യ​ക്കു​ന്ന പഴ​വർ​ഗ്ഗ​ങ്ങൾ വീ​ട്ടി​ലെ​ത്തി​യാ​ലു​ടൻ പകു​തി​യാ​കും. കാ​ല​ത്തെ കൊ​ച്ച​മ്മ​യ്ക്കു് കാ​പ്പി സമ​യ​ത്തി​നു​കി​ട്ടാ​റി​ല്ല. അപ്പോൾ പരി​ചാ​രിക സു​ഖ​നി​ദ്ര​യി​ലാ​യി​രി​ക്കും. കഥാ​കാ​രി ഏതാ​നും വാ​ക്യ​ങ്ങൾ​കൊ​ണ്ടു് ജീ​വ​നു​ള്ള ആ കഥാ​പാ​ത്ര​ത്തെ നമ്മു​ടെ മുൻ​പിൽ കൊ​ണ്ടു​വ​രു​ന്നു. അങ്ങ​നെ​യി​രി​ക്കെ അവ​ളു​ടെ വീ​ട്ടു​കാർ അവൾ​ക്കു് വി​വാ​ഹം നി​ശ്ച​യി​ച്ചു. വീ​ട്ടിൽ സ്വേ​ച്ഛാ​ധി​പ​ത്യം പു​ലർ​ത്തു​ന്ന പരി​ചാ​രിക പോ​കു​ന്ന​തിൽ ഗൃ​ഹ​നാ​യി​ക​യ്ക്കു് സന്തോ​ഷ​വും ആശ്വാ​സ​വും. ഒരു​ദി​വ​സം കാറിൽ കയറി അവ​ള​ങ്ങു​പോ​യി. വളരെ വൈ​കാ​തെ വീ​ട്ടു​കാർ അവളെ വി​സ്മ​രി​ക്കു​ക​യും ചെ​യ്തു. കോ​ടി​ക്ക​ണ​ക്കി​നു് വേ​ല​ക്കാ​രി​ക​ളു​ണ്ടു് ഈ ലോ​ക​ത്തിൽ, പക്ഷേ മൃണാൾ പാ​ണ്ഡേ ചി​ത്രീ​ക​രി​ക്കു​ന്ന പരി​ചാ​രിക അവ​രു​ടെ കഥയിൽ മാ​ത്ര​മേ​യു​ള്ളൂ എന്നു പറ​ഞ്ഞാ​ലോ? താൻ ആലേ​ഖ​നം ചെ​യ്യു​ന്ന പരി​ചാ​രി​ക​യെ നൂ​ത​ന​മാ​യി കഥാ​കാ​രി കാ​ണു​ന്നു. എന്ന​തു​ത​ന്നെ, ഇതാ​ണു് കല​യു​ടെ ധർ​മ്മം, കഥ​യു​ടെ ധർ​മ്മം.

ഭീ​ക​ര​മായ ശമ്പ​ളം ചോ​ദി​ക്കു​ന്നു പരി​ചാ​ര​കർ എന്ന​തു മാ​ത്ര​മ​ല്ല ഇന്ന​ത്തെ ശോ​ച​നീ​യ​മായ അവസ്ഥ. ഏതു പരി​ചാ​രിക വന്നാ​ലും വാ​ഷി​ങ്ങ് മെ​ഷ്യ​നു​ണ്ടോ, ഗ്രൈൻ​ഡ​റു​ണ്ടോ, വാ​ക്വം ക്ലീ​ന​റു​ണ്ടോ എന്നു ചോ​ദി​ക്കും. ഇവയിൽ ഏതെ​ങ്കി​ലും ഒന്നി​ല്ലെ​ന്നു പറ​ഞ്ഞാൽ അവൾ തല വെ​ട്ടി​ച്ചു പോകും.

images/Martha_Nussbaum.jpg
Martha Nussbaum

എനി​ക്കു് സീമോൻ വീൽ (Simone Weil) എന്ന ഫ്ര​ഞ്ച് എഴു​ത്തു​കാ​രി​യു​ടെ രചനകൾ ഇഷ്ട​മാ​ണു്. അവ​രു​ടെ Oppression and Liberty (Routledge Classics, Indian price Rs. 295) ഈയി​ടെ​യാ​ണു് ഞാൻ വാ​യി​ച്ച​തു്. സീമോൻ പറ​യു​ന്നു അതിൽ: “To the conflict set up by money between buyers and sellers of labour has been added another conflict, set up by the very means of production, because those who have the machine at their disposal and those who are at the disposal of the machine.”

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: കാ​പ​ട്യം ഏറ്റ​വും വലിയ തോതിൽ എവി​ടെ​ക്കാ​ണാം?

ഉത്ത​രം: മൃ​ത​ദേ​ഹ​ദർ​ശ​ന​ത്തിൽ ഓരോ വ്യ​ക്തി​യു​ടെ​യും മു​ഖ​ത്തു് അതു കാണാം.

ചോ​ദ്യം: കട​പ്പു​റ​ത്തെ​ക്കു​റി​ച്ചു് താ​ങ്ക​ളു​ടെ അഭി​പ്രാ​യ​മ​റി​ഞ്ഞാൽ കൊ​ള്ളാം.

ഉത്ത​രം: ഒറ്റ​യ്ക്കി​രു​ന്നാൽ പേ​ടി​യാ​കു​ന്ന സ്ഥലം. കാ​മു​കി​യു​മാ​യി ഇരു​ന്നാൽ സ്വർ​ഗ്ഗം പോലെ തോ​ന്നു​ന്ന സ്ഥലം.

ചോ​ദ്യം: വ്ലാ​ഡി​മിർ നബോ​ക്കോ​വി​ന്റെ ‘ലോലിത’ എന്ന നോവൽ മാ​സ്റ്റർ പീ​സ​ല്ലേ?

ഉത്ത​രം: നബോ​കെ​ഫി​ന്റെ ‘ലോ​ലീ​റ്റ’ disgusting ആയ കൃ​തി​യാ​ണു്. അതു് നോ​വ​ല​ല്ല. വ്ലാ​ഡി​മർ എന്ന​ല്ല ഉച്ചാ​ര​ണം. അതെ​ഴു​തി​ക്കാ​ണി​ക്കാൻ വയ്യ.

ചോ​ദ്യം: കമുകറ പു​രു​ഷോ​ത്ത​മ​ന്റെ പാ​ട്ടി​നെ​ക്കു​റി​ച്ചു് എന്താ​ണ​ഭി​പ്രാ​യം?

ഉത്ത​രം: കമുകറ എന്നു കേ​ട്ടാ​ലു​ട​നെ ആത്മ​വി​ദ്യാ… ലയമേ എന്നു് ഞാൻ പറയും. ലയം തീ​രെ​യി​ല്ലാ​ത്ത ദാ​രു​മ​യ​മായ പാ​ട്ടു​കൾ പാടിയ ആളാ​ണു് അദ്ദേ​ഹം.

ചോ​ദ്യം: കു​മാ​ര​നാ​ശാ​ന്റെ ‘പ്ര​രോ​ദ​നം’ എങ്ങ​നെ?

ഉത്ത​രം: വി​ലാ​പ​കാ​വ്യ​മെ​ന്നാ​ണു് വയ്പു്. വി​ലാ​പ​മേ​യി​ല്ല അതിൽ. ഇഞ്ചി​ക്ക​റി തൊ​ട്ടു നക്കാ​റി​ല്ലേ, നി​ങ്ങൾ വി​വാ​ഹ​സ​ദ്യ​യിൽ പായസം നാലും കഴി​ച്ചി​ട്ടു്. അതു​പോ​ലെ ചങ്ങ​മ്പു​ഴ​ക്ക​വിത വാ​യി​ച്ചി​ട്ടു് അതി​ന്റെ ദോഷം തീർ​ക്കാൻ ‘പ്ര​രോ​ദന’മെന്ന ഇഞ്ചി​ക്ക​റി തൊ​ട്ടു് നാ​ക്കിൽ വയ്ക്കാം. മു​ഴു​വൻ കഴി​ച്ചാൽ കു​ട​ലി​ന്റെ lower extremity വല്ലാ​തെ നീറും.

ചോ​ദ്യം: ഭർ​ത്താ​വാ​രു്?

ഉത്ത​രം: ഭാര്യ പ്ര​ഭാത ഭക്ഷ​ണ​വേ​ള​യിൽ പറ​യു​ന്ന​തൊ​ക്കെ കേൾ​ക്കു​ന്നു​വെ​ന്നു് ഭാ​വി​ക്കു​ന്ന​വൻ. എന്നാൽ ഒര​ക്ഷ​രം പോലും കേൾ​ക്കു​ന്നു​മി​ല്ല. ആ സമ​യ​ത്തൊ​ക്കെ ഓഫീ​സി​ലെ സു​ന്ദ​രി​യെ വി​ചാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മനു​ഷ്യൻ.

ചോ​ദ്യം: അതി​രു​ക​ട​ന്ന വിനയം അം​ഗീ​ക​രി​ക്കാ​മോ?

ഉത്ത​രം: വി​ക​ലാം​ഗ​നെ​ക്ക​ണ്ടാ​ലു​ണ്ടാ​കു​ന്ന അസ്വ​സ്ഥത എനി​ക്കു് അതി​വി​ന​യം കണ്ടാ​ലു​മു​ണ്ടാ​കും.

ഡീ​ജെ​ന​റെ​യ്ഷൻ
images/Nandy_ashis.jpg
Ashis Nandi

ഹം​ഗ​റി​യിൽ ജനി​ച്ച ജർ​മ്മൻ ഡോ​ക്ട​റും ഗ്ര​ന്ഥ​കാ​ര​നു​മായ മാ​ക്സു് നൊർ​ഡൗ​വി​നെ​ക്കു​റി​ച്ചു് (Max Nordau) അദ്ദേ​ഹ​ത്തി​ന്റെ Degeneration എന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു് എനി​ക്കു് പറ​ഞ്ഞു​ത​ന്ന​തു് പ്ര​ഫെ​സർ എസു്. ഗു​പ്തൻ നാ​യ​രാ​ണു്. അതിലെ ചില വാ​ക്യ​ങ്ങൾ കേ​ട്ടാ​ലും: “Degenerates are not always criminals, prostitutes, anarchists, and pronounced lunatics, they are often authors and artists… Some among these degenerates in literature, music and painting have in recent years come into extraordinary prominence, and are revered by numerous admirers as creators of a new art, and heralds of the coming centuries.” മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ ‘തട്ടിൻ​പു​റം’ എന്ന കഥ​യെ​ഴു​തിയ പി. സു​ധാ​ക​ര​നും ‘ചില സ്വ​പ്ന​ങ്ങ​ളിൽ സീ​താ​ല​ക്ഷ്മി​യു​ടെ കറു​ത്ത മു​ടി​യിഴ’ എന്ന കഥ​യെ​ഴു​തിയ ഇന്ദു മേ​നോ​നും യഥാ​ക്ര​മം കഥാ​കാ​ര​ന​ല്ല, കഥാ​കാ​രി​യു​മ​ല്ല. ‘ഡീ​ജെ​നെ​റെ​യ്റ്റ്സു’കളാ​ണു് (കല​യു​ടെ അപ​കൃ​ഷ്ടാ​വ​സ്ഥ​യിൽ എത്തി​യ​വ​രാ​ണു്). മാ​ന്യ​വാ​യ​ന​ക്കാർ ആ രച​ന​ക​ളി​ലൂ​ടെ കണ്ണോ​ടി​ച്ചാൽ മതി. ഞാ​നി​പ്പ​റ​ഞ്ഞ​തു് സത്യ​മാ​ണെ​ന്നു് ഗ്ര​ഹി​ക്കാ​നാ​വും.

ഇപ്പോ​ഴാ​ണു് ആകാ​ശ​വാ​ണി​യിൽ റി​ക്കാർ​ഡി​ങ്ങ് ഉള്ള​തു്. പണ്ടൊ​ക്കെ മൈ​ക്കി​ന്റെ അടു​ത്തി​രു​ന്നു് സ്ക്രി​പ്റ്റ് അങ്ങ് വാ​യി​ക്കു​ക​യാ​ണു്. അപ്പോൾ ഇസ്പീ​ഡ് ഗു​ലാ​നെ​പ്പോ​ലെ, ക്ലാ​വർ റാ​ണി​യെ​പ്പോ​ലെ ഒരാ​ളി​രി​ക്കും. സമ​യ​ത്തി​നു​ള്ളിൽ വാ​യി​ച്ചു തീർ​ക്ക​ണ​മ​ല്ലോ. അതി​നു​വേ​ണ്ടി പാ​രാ​യ​ണ​ത്തി​ന്റെ വേഗം കൂ​ട്ട​ണ​മെ​ങ്കിൽ ഗു​ലാ​നോ റാ​ണി​യോ വി​ര​ലു​കൾ അഞ്ചും ഒന്നി​ച്ചു് മു​ക​ളി​ലോ​ട്ടു് ഉയർ​ത്തും. അവ ചലി​പ്പി​ക്കും. വായന മന്ദ​ഗ​തി​യി​ലാ​ക്ക​ണ​മെ​ങ്കിൽ കൈ കടു​ത്ത വാതം പി​ടി​ച്ച മട്ടിൽ പതു​ക്കെ ചലി​പ്പി​ക്കും. എൻ. ഗോ​പാ​ല​പി​ള്ള ശൃം​ഗാര രസ​ത്തെ​ക്കു​റി​ച്ചു് പ്ര​ഭാ​ഷ​ണം നിർ​വ​ഹി​ക്കാൻ ആകാ​ശ​വാ​ണി​യിൽ ചെ​ന്നു. മൈ​ക്കു് അദ്ദേ​ഹ​ത്തി​ന്റെ മുൻ​പിൽ. അതി​ന​ടു​ത്തു് വൈ​രൂ​പ്യ​ത്തി​നു് ആസ്പ​ദ​മായ ഒരു പെ​ണ്ണു്. അവ​ളാ​ണു് അനൗൺ​സ് ചെ​യ്യു​ന്ന​തു്. ഗോ​പാ​ല​പി​ള്ള സ്ക്രി​പ്റ്റ് മേ​ശ​പ്പു​റ​ത്തി​ട്ടു് പൊ​ടു​ന്ന​നെ എഴു​ന്നേ​റ്റു. മു​റി​ക്കു് പു​റ​ത്തു ചെ​ന്നി​ട്ടു് നാ​ഗ​വ​ള്ളി ആർ. എസ്. കു​റു​പ്പി​നെ വി​ളി​ച്ചു​പ​റ​ഞ്ഞു: “കു​റു​പ്പേ, ഇവൾ എന്റെ മുൻ​പി​ലി​രു​ന്നാൽ എനി​ക്കു് ശൃം​ഗാര രസ​ത്തെ​ക്കു​റി​ച്ചു് പ്ര​സം​ഗി​ക്കാ​നാ​വി​ല്ല. ബീ​ഭ​ത്സ രസ​ത്തെ​ക്കു​റി​ച്ചേ സം​സാ​രി​ക്കാൻ കഴിയൂ.” കലാ​മ​ണ്ഡ​ലം ദേ​വ​കി​യു​ടെ നവ​ര​സാ​ഭി​ന​യ​ത്തി​ന്റെ പട​ങ്ങൾ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ കാണാം. അതിൽ ശൃം​ഗാ​രം എന്നു് അച്ച​ടി​ച്ചി​രി​ക്കു​ന്ന​തി​നു പകരം ബീ​ഭ​ത്സം എന്നു് അച്ച​ടി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ബീ​ഭ​ത്സം എന്നു് അച്ച​ടി​ച്ചി​ട​ത്തു് ശൃം​ഗാ​ര​മെ​ന്നും.

images/Max_Nordau.jpg
മാ​ക്സ് നൊർ​ഡൗ​വ്

ബീ​ഭ​ത്സം ഒരു രസ​മാ​ണ​ല്ലോ. അതി​ന്റെ സ്ഥാ​യീ​ഭാ​വം ജു​ഗു​പ്സ. ആ സ്ഥാ​യി​ഭാ​വം കാ​ണ​ണ​മെ​ങ്കിൽ മല​യാ​ളം വാ​രി​ക​യിൽ സമദു് പന​യ​പ്പി​ള്ളി എഴു​തിയ ‘പ്ര​ണ​യ​മാ​യ് ഒരു പുഴ’ എന്ന കഥ വാ​യി​ച്ചാൽ മതി. പു​ഴ​യോ​ടു് പെൺ​കു​ട്ടി പതി​വാ​യി സം​സാ​രി​ക്കു​ന്നു. അതു​ക​ണ്ട ഒരു​ത്തൻ നാ​ടാ​കെ അതു പറ​ഞ്ഞു പര​ത്തു​ന്നു. പെൺ​കു​ട്ടി പി​ന്നെ പു​ഴ​യു​ടെ അരി​കിൽ വരാ​തെ​യാ​യി. കാലം കഴി​ഞ്ഞു് ചെ​ന്ന​പ്പോൾ പുഴ മി​ണ്ടു​ന്നി​ല്ല അവ​ളോ​ടു്. എത്ര​യൊ​ക്കെ അവൾ അഭ്യർ​ത്ഥി​ച്ചി​ട്ടും പുഴ നി​ശ്ശ​ബ്ദം. പെൺ​കു​ട്ടി അതിൽ ചാ​ടി​ച്ചാ​വു​ന്നു. ഞാൻ സെ​ക്ര​ട്ടേ​റി​യ​റ്റിൽ ഗു​മ​സ്ത​നാ​യി​രു​ന്ന കാ​ല​ത്തു് ഫയലിൽ എന്തോ എഴു​തി​യ​തു് വലിയ ബു​ദ്ധി​മാ​നാ​യി​രു​ന്ന അസി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി എം. സി. തോ​മ​സി​നു് രസി​ച്ചി​ല്ല. അദ്ദേ​ഹം എന്റെ നോ​ട്ടെ​ഴു​ത്തി​നെ unlimited stupidity എന്നു് വി​ശേ​ഷി​പ്പി​ച്ചു. ഇക്ക​ഥ​യും അതി​ര​റ്റ ബു​ദ്ധി​ശൂ​ന്യ​ത​യാ​ണു്. ജി. ശങ്ക​ര​ക്കു​റു​പ്പി​ന്റെ പ്ര​തി​രൂ​പാ​ത്മ​ക​ങ്ങ​ളായ കവി​ത​കൾ വാ​യി​ച്ചു് വാ​യി​ച്ചു് സൂ​ര്യ​നെ കണ്ടാൽ പര​മാ​ത്മാ​വാ​ണെ​ന്ന മട്ടിൽ ഞാൻ നോ​ക്കി​ത്തു​ട​ങ്ങി. താ​മ​ര​യെ കണ്ടാൽ ജീ​വാ​ത്മാ​വെ​ന്നും കരുതി. ഭാ​ഗ്യം കൊ​ണ്ടു് എന്റെ വീ​ട്ടി​ന​ടു​ത്തു​കൂ​ടി പു​ഴ​യി​ല്ല. ഈ രച​ന​യു​ടെ ‘ഗു​ട്ടൻ​സു്’ എന്തെ​ന്നു് മന​സ്സി​ലാ​ക്കാൻ ഞാൻ പല പരി​വൃ​ത്തി അതു വാ​യി​ച്ചു​നോ​ക്കി. ഏറെ​ച്ചി​ന്തി​ച്ചു. ഇപ്പോൾ പുഴ കണ്ടാൽ ഞാനും ആ പെ​ണ്ണി​നെ​പ്പോ​ലെ അതിൽ ചാ​ടു​മെ​ന്നു് തീർ​ച്ച.

വാ​യ​ന​ക്കാ​ര​ന്റെ കൗ​തു​കം വളർ​ത്തു​ന്ന മട്ടിൽ നമ്പൂ​തി​രി എന്ന അനു​ഗൃ​ഹീത കലാ​കാ​രൻ ഇതിൽ ഒരു സ്ത്രീ​രൂ​പം വര​ച്ചു​ചേർ​ത്തി​ട്ടു​ണ്ടു്. എനി​ക്കു് ഒരു​പാ​ടു് പ്രാ​യ​മാ​യി​പ്പോ​യി. ഇരു​പ​ത്ത​ഞ്ചു വയ​സ്സു​ള്ള ഒരു നവ​യു​വാ​വാ​യി​രു​ന്നെ​ങ്കിൽ ഞാൻ എന്നു് അഭി​ല​ഷി​ച്ചു പോ​കു​ന്നു. അങ്ങ​നെ ആയി​രു​ന്നെ​ങ്കിൽ ഞാൻ ഇവളെ വി​വാ​ഹം കഴി​ക്കാൻ ആഗ്ര​ഹി​ക്കു​ന്നു​വെ​ന്നു് നമ്പൂ​തി​രി​യോ​ടു് പറ​യു​മാ​യി​രു​ന്നു.

ചെ​ന്നാ​യ്

ജോ​വാ​ന്നീ വേർഗാ (Giovanni Verga, 1840–1922) എന്ന ഇറ്റാ​ല്യൻ നോ​വ​ലി​സ്റ്റി​ന്റെ ചെ​റു​ക​ഥ​കൾ വാ​യി​ച്ചി​ട്ടു​ണ്ടോ എന്റെ വാ​യ​ന​ക്കാർ. ഇല്ലെ​ങ്കിൽ വാ​യി​ക്ക​ണം. ഒരു കഥ​യെ​ക്കു​റി​ച്ചു് ഞാൻ പറ​ഞ്ഞു​കൊ​ള്ള​ട്ടെ. The Wolf എന്നു് ചെ​റു​ക​ഥ​യു​ടെ പേരു്. ചെ​ന്നാ​യ് പൊ​ക്ക​മു​ള്ള മെ​ലി​ഞ്ഞ സ്ത്രീ​യാ​ണു്. ചെ​റു​പ്പം കഴി​ഞ്ഞെ​ങ്കി​ലും ശക്ത​ങ്ങ​ളായ ഉറച്ച മു​ല​ക​ളും കറു​ത്ത തല​മു​ടി​യും അവൾ​ക്കു​ണ്ടു്. തണു​ത്ത, ചു​വ​ന്ന ചു​ണ്ടു​കൾ. അവ​ളു​ടെ വലിയ കണ്ണു​കൾ നി​ങ്ങ​ളെ വി​ഴു​ങ്ങും. ആർ​ക്കും അവളെ തൃ​പ്തി​പ്പെ​ടു​ത്താൻ കഴി​യി​ല്ല. അതു​കൊ​ണ്ടു് ഗ്രാ​മ​ത്തി​ലു​ള്ള​വർ അവളെ ചെ​ന്നാ​യ് എന്നു വി​ളി​ച്ചു. അവൾ കട​ന്നു പോ​കു​മ്പോൾ അവർ കു​രി​ശു വര​യ്ക്കും. ഇമ ചി​മ്മു​ന്ന സമയം കൊ​ണ്ടു് അവൾ അവ​രു​ടെ ആൺ മക്ക​ളെ​യും ഭർ​ത്താ​ക്ക​ന്മാ​രെ​യും പി​ടി​ച്ചെ​ടു​ക്കും.

images/Giovanni_Verga.jpg
ജോ​വാ​ന്നീ വേർഗാ

യോ​ഗ്യ​ത​യു​ള്ള​വ​ളാ​യി​രു​ന്നു അവ​ളു​ടെ മകൾ. ചെ​ന്നാ​യു​ടെ മക​ളാ​യ​തു​കൊ​ണ്ടു് തന്നെ ആരും വി​വാ​ഹം കഴി​ക്കി​ല്ലെ​ന്നു വി​ചാ​രി​ച്ചു് അവൾ ആരും കാ​ണാ​തെ കര​ഞ്ഞു. പട്ടാ​ള​ത്തിൽ നി​ന്നു് തി​രി​ച്ചു വന്ന സു​ന്ദ​ര​നായ ഒരു ചെ​റു​പ്പ​ക്കാ​ര​നെ​ക്ക​ണ്ടു് ചെ​ന്നാ​യ് പ്രേ​മ​ത്തിൽ വീണു. “അമ്മേ നി​ങ്ങൾ​ക്കെ​ന്തു വേണം?” എന്നു് അവൻ ഉപ​ദ്ര​വം സഹി​ക്കാ​നാ​വാ​തെ ചോ​ദി​ച്ചു. അവൾ പറ​ഞ്ഞു: “എനി​ക്കു് നി​ന്നെ വേണം. സൂ​ര്യ​നെ​പ്പോ​ലെ നീ സു​ന്ദ​രൻ. തേൻ പോലെ നി​ന​ക്കു മാ​ധു​ര്യം. എനി​ക്കു് നി​ന്നെ വേണം.” പു​ഞ്ചി​രി പൊ​ഴി​ച്ചു​കൊ​ണ്ടു് അവൻ പറ​ഞ്ഞു: “നി​ങ്ങ​ളു​ടെ മകളെ എനി​ക്കും വേണം” ക്രി​സ്മ​സ്സി​നു ശേഷം വി​വാ​ഹം നട​ത്താ​മെ​ന്നു് ചെ​ന്നാ​യ് സമ്മ​തി​ച്ചു. അവൾ​ക്കു് രോഗം വന്ന​തു​പോ​ലെ​യാ​യി. എങ്കി​ലും അവൾ മരു​മ​ക​നെ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രു​ന്നു. മകൾ പോ​ലീ​സി​നോ​ടു് പരാ​തി​പ്പെ​ട്ടു. അവർ വന്നു് അവളെ (ചെ​ന്നാ​യെ) ഭീ​ഷ​ണി​പ്പെ​ടു​ത്തി. “കൊ​ല്ലൂ. നീ​യി​ല്ലാ​തെ എനി​ക്കു് ജീ​വി​ക്കാൻ വയ്യ” എന്നാ​യി​രു​ന്നു അവ​ളു​ടെ മറു​പ​ടി. വയ​ലി​ലൂ​ടെ അവൾ നട​ന്നു വരു​ന്ന​തു കണ്ട അവൻ കോ​ടാ​ലി​യു​മാ​യി അവ​ളു​ടെ നേർ​ക്കു് ചെ​ന്നു. പക്ഷേ അവൾ ഒര​ടി​പോ​ലും പി​റ​കോ​ട്ടു പോ​യി​ല്ല. കറു​ത്ത കണ്ണു​ക​ളാൽ അവനെ ഗ്ര​സി​ച്ചു​കൊ​ണ്ടു് അവൾ മു​ന്നോ​ട്ടു തന്നെ നട​ന്നു. “നി​ന്റെ ആത്മാ​വു് ശപി​ക്ക​പ്പെ​ട​ട്ടെ” എന്നു് അവൻ ഉറ​ക്കെ​പ്പ​റ​ഞ്ഞു.

ഇപ്പോൾ ആരെ​ന്തു് എഴു​തി​യാ​ലും abstraction ആയി​വ​രും. സാ​ഹി​ത്യ​ത്തി​ലെ ഈ വിഗത ചേ​ത​ന​ത്വം abstraction നമ്മ​ളെ സത്യ​ത്തി​ലേ​ക്കു് നയി​ക്കു​ക​യി​ല്ല.

ചെ​ന്നാ​യ്ക്കു് യു​വാ​വി​നോ​ടു് തോ​ന്നിയ കാമം തന്നെ​യ​ല്ലേ ശൂർ​പ്പ​ണ​ഖ​യ്ക്കു് ശ്രീ​രാ​മ​നെ കണ്ട​പ്പോ​ഴു​ണ്ടാ​യ​തു? അതേ എന്നു് The Little Magazine ന്റെ മാർച്ച്-​എപ്രിൽ 2001 ലക്ക​ത്തിൽ ശൂർ​പ്പ​ണഖ എന്ന കഥ​യെ​ഴു​തിയ അമി​തു് ചൗധരി പറ​യു​ന്നു. കാ​മ​വും അദ​മ്യ​ങ്ങ​ളായ രണ്ടു​വി​കാ​ര​ങ്ങ​ളെ​ന്നു് മന:ശ്ശാ​സ്ത്ര​ജ്ഞൻ വി​ളം​ബ​രം ചെ​യ്യു​ന്നു​ണ്ടു്. ഇവയിൽ കാ​മ​ത്തി​നാ​ണു് അധീ​ശ​ത്വം. വി​ശ​പ്പും സഹി​ക്കും മനു​ഷ്യൻ. കാ​മ​ത്തി​നു് സാ​ഫ​ല്യ​മു​ണ്ടാ​യി​ല്ലെ​ങ്കിൽ അവനു് സഹി​ക്കാ​നാ​വി​ല്ല. ചെ​ന്നാ​യു​ടെ അനി​യ​ത​മായ ലൈം​ഗി​ക​ത്വ​ത്തെ അവ​ളു​ടെ പ്ര​വർ​ത്ത​ന​വും മറ്റു​ള്ള​വ​രു​ടെ പ്ര​തി​പ്ര​വർ​ത്ത​ന​വും കൊ​ണ്ടു് വേർഗാ വി​ശ​ദ​മാ​ക്കി​ത്ത​രു​ന്നു. കാ​മ​വി​കാ​ര​മി​ള​കിയ ആ സ്ത്രീ​ക്കു് മൂ​ല്യാ​ധി​ഷ്ഠി​ത​മായ വി​ല​യി​രു​ത്തൽ സാ​ദ്ധ്യ​മ​ല്ല. കാ​മ​മെ​ന്ന പ്ര​വാ​ഹം കൂലം തകർ​ത്തു മു​ന്നേ​റു​ന്നു. ഫലമോ? ട്രാ​ജ​ഡി. രാ​മാ​യ​ണ​ത്തി​ലെ ശൂർ​പ്പ​ണ​ഖ​യെ​സ്സം​ബ​ന്ധി​ച്ച കഥ​യ്ക്കു് മി​ത്തി​ന്റെ (myth) യാ​ഥാ​ത​ഥ്യ​മു​ണ്ടു്. അതിനെ പു​ന​രാ​ഖ്യാ​നം ചെ​യ്യു​ന്ന അമിത് ചൗധരി ആ യാ​ഥാ​ത​ഥ്യ​ത്തെ ഗള​ഹ​സ്തം ചെ​യ്തി​ട്ടു് വൈ​ര​സ്യ​മു​ള​വാ​ക്കു​ന്നു. മി​ത്തി​ന്റെ വീ​ണ്ടും ആവി​ഷ്ക​രി​ക്കു​മ്പോൾ നൂ​ത​ന​മായ ഇൻ​സൈ​റ്റ് (അന്തർ​വീ​ക്ഷ​ണം) വേണം. അമി​തു് ചൗ​ധ​രി​യു​ടെ കഥയിൽ അതി​ല്ല, ദുർ​ബ്ബ​ല​മായ രചന.

പല വി​ഷ​യ​ങ്ങൾ

1. രാ​ഷ്ട്ര​വ്യ​വ​ഹാ​ര​മ​ണ്ഡ​ല​ത്തി​ലെ സു​പ്ര​ധാ​ന​നായ ഒരു നേ​താ​വി​നെ എനി​ക്കു് പരി​ച​യ​മു​ണ്ടാ​യി​രു​ന്നു. അദ്ദേ​ഹം കൂ​ട​ക്കൂ​ടെ എന്നെ വീ​ട്ടി​ലേ​ക്കു് വി​ളി​ക്കും. സ്വ​ന്തം കാ​ര്യ​ങ്ങൾ പറയാൻ. സ്വാർ​ത്ഥ താ​ല്പ​ര്യ​മേ​റിയ നേ​താ​ക്ക​ന്മാർ പൊ​ങ്ങ​ച്ചം പറ​യു​മ്പോൾ അതു് ക്ഷ​മ​യോ​ടെ കേൾ​ക്കാൻ ആരെ​ങ്കി​ലും വേ​ണ​മ​ല്ലോ. നേ​താ​വി​നെ​ക്ക​രു​തി ഞാൻ കൂ​ട​ക്കൂ​ടെ അദ്ദേ​ഹ​ത്തി​ന്റെ ക്ഷണം സ്വീ​ക​രി​ച്ചു് നി​ശ്ശ​ബ്ദ​നാ​യി ഇരു​ന്നു​കൊ​ടു​ക്കും. വൈ​ര​സ്യം മറ​ച്ചു്. ഒരി​ക്കൽ അദ്ദേ​ഹം പറ​ഞ്ഞു: കൃ​ഷ്ണൻ നായരേ ഞാൻ ഒരു അതി​സു​ന്ദ​രി​യെ​യാ​ണു് വി​വാ​ഹം കഴി​ച്ച​തു്. പക്ഷേ മധു​വി​ധു ആഘോ​ഷി​ക്കാ​നൊ​ന്നും പറ്റി​യി​ല്ല. എന്ന​ല്ല വി​വാ​ഹം കഴി​ഞ്ഞു് 72 മണി​ക്കൂർ ആയി​ല്ല. അതി​നു​മുൻ​പു് സി.പി. രാ​മ​സ്വാ​മി അയ്യർ എന്നെ ജയി​ലിൽ അട​ച്ചു. കൃ​ഷ്ണൻ നായരേ എനി​ക്കു് ആ ബ്യൂ​ട്ടി ക്വീ​നി​നെ വി​ട്ടു​പോ​കേ​ണ്ട​താ​യി വന്നു. അവ​ളു​ടെ ശരീ​ര​ത്തിൽ എവിടെ ഉമ്മ വച്ചാ​ലും ചെ​മ്പ​ര​ത്തി​പ്പൂ​പോ​ലെ അവിടം ചു​വ​പ്പു​നി​റ​മാ​കും. ‘സാറു് എത്ര​ത​വണ ചു​വ​പ്പു​നി​റം ശ്രീ​മ​തി​യു​ടെ ശരീ​ര​ത്തിൽ വരു​ത്തി ദിവസം തോറും’ എന്നു് ചോ​ദി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു എനി​ക്ക്. ചോ​ദി​ച്ചി​ല്ല (ആ സ്ത്രീ മരി​ച്ചു​പോ​യി​രു​ന്നു).

2. മു​ക​ളിൽ പറഞ്ഞ നേ​താ​വു​ത​ന്നെ വേ​റൊ​രു ദി​വ​സ​ത്തെ സം​ഭാ​ഷ​ണ​ത്തി​നി​ട​യിൽ പറ​ഞ്ഞു: ‘ഞാൻ ഇന്ന കമ്മ​റ്റി​യു​ടെ ചെ​യർ​മാൻ. എനി​ക്കാ​ണു് സർ​വ്വാ​ധി​കാ​ര​വും. പക്ഷേ മന്ത്രി കൈ​ക​ട​ത്താൻ വന്നു കമ്മ​റ്റി പ്ര​വർ​ത്ത​ന​ങ്ങ​ളിൽ.’ മന്ത്രി​യു​ടെ പ്ര​വൃ​ത്തി ശരി​യാ​യി​രു​ന്നി​ല്ല എന്നു വരു​ത്താൻ അദ്ദേ​ഹം ഒര​ല​ങ്കാ​ര​പ്ര​യോ​ഗം നട​ത്തി എന്നെ നോ​ക്കി​ക്കൊ​ണ്ടു്; “കൃ​ഷ്ണൻ നായരേ, എന്റെ ഇപ്പോ​ഴ​ത്തെ ഭാ​ര്യ​യു​ടെ കൂടെ കി​ട​ക്കാൻ എനി​ക്കാ​ണോ അധി​കാ​രം? അതോ കൃ​ഷ്ണൻ നാ​യർ​ക്കോ?” ആ ചോ​ദ്യം കേ​ട്ടു് ഞാൻ ഞെ​ട്ടി. അവ​രു​ടെ ആകൃ​തി​വൈ​രൂ​പ്യ​മോർ​ത്തു് “താ​ങ്കൾ​ക്കു് തന്നെ​യാ​ണു് അധി​കാ​രം എന്നു പറ​യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു എനി​ക്ക്. പക്ഷേ പറ​ഞ്ഞി​ല്ല. ഞാൻ അന്നു് തടി​യ​നാ​യി​രു​ന്നു. എന്നാൽ നേ​താ​വി​നാ​യി​രു​ന്നു ആരോ​ഗ്യ​ക്കൂ​ടു​തൽ. അതി​നാൽ ചിന്ത മന​സ്സി​ല​ട​ക്കി വെ​ക്കേ​ണ്ടി​വ​ന്നു.

3. മഹാ​പ​ണ്ഡി​തൻ എന്നാ​ണു് അദ്ദേ​ഹ​ത്തെ ബഹു​ജ​നം വി​ളി​ച്ചി​രു​ന്ന​തു്. ഒരു ദിവസം ഞാൻ അദ്ദേ​ഹ​ത്തോ​ടു് സം​സാ​രി​ച്ചു​കൊ​ണ്ടു് വഴു​ത​യ്ക്കാ​ട്ടു് റോ​ഡി​ലൂ​ടെ നട​ക്കു​ക​യാ​യി​രു​ന്നു. ഒരാ​ളി​ന്റെ ബു​ദ്ധി​ശൂ​ന്യ​മായ പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ചു് ഞാൻ പറ​ഞ്ഞ​പ്പോൾ മഹാ​പ​ണ്ഡി​തൻ മൊ​ഴി​യാ​ടി: “Then he must be the foolest of fools” ആ degree of comparison നോ​ക്ക​ണേ. good, better, best എന്നു പറ​യു​ന്ന​തു​പോ​ലെ fool, fooler, foolest. Adjective, adverb ഇവ​യ്ക്കു് ഡി​ഗ്രി​യാ​കാം. നാ​മ​ത്തി​നു​മാ​കാ​മെ​ന്ന​ല്ലേ മഹാ​പ​ണ്ഡി​തൻ സ്പ​ഷ്ട​മാ​ക്കി​യ​തു്. ഞാൻ തർ​ക്കി​ക്കാൻ പോ​യി​ല്ല. അദ്ദേ​ഹം എം.എ. പരീ​ക്ഷാ ബോർ​ഡിൽ വന്നാ​ലോ? ഞാൻ വി​ദ്യാർ​ത്ഥി.

4. സാ​ന്താ​യാന എന്ന തത്ത്വ​ചി​ന്ത​ക​ന്റെ The Sense of Beauty എന്ന പു​സ്ത​കം വാ​യി​ച്ചി​ട്ടു് ഇരു​പ​ത്തി​യ​ഞ്ചു​വർ​ഷ​ത്തി​ലേ​റെ​യാ​യി​രി​ക്കു​ന്നു. അതിൽ സ്വ​കാ​ര്യ സിം​ബ​ലു​ക​ളെ​ക്കു​റി​ച്ചു് പറ​ഞ്ഞ​തു് ഓർ​മ്മ​യിൽ നി​ന്നു കു​റി​ക്കാം. ഒരു ഋജു​രേഖ വര​ച്ചി​ട്ടു് നേരെ യാത്ര ചെ​യ്യു​ന്ന​തി​ന്റെ അനു​ഭൂ​തി​യാ​ണു് അതു് ജനി​പ്പി​ക്കു​ന്ന​തെ​ന്നു് അഭി​പ്രാ​യ​പ്പെ​ടാം. ആ സ്റ്റ്രൈ​യ്റ്റ് ലൈൻ കണ്ടി​ട്ടു് ‘ഹാ കന്യാ​കു​മാ​രി റോഡി’ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു് യാത്ര ചെ​യ്താൽ ഉണ്ടാ​കു​ന്ന ആഹ്ലാ​ദ​മാ​ണു് ഇതു് ഉള​വാ​ക്കു​ന്ന​തെ​ന്നു് പ്ര​ഖ്യാ​പി​ക്കാം. വളഞ്ഞ വര വര​ച്ചു​വെ​ച്ചി​ട്ടു് കോട്ടയം-​പെരുമ്പാവൂർ റോ​ഡി​ലൂ​ടെ പോ​യാ​ലു​ള്ള തല​ക​റ​ക്ക​മാ​ണു് ഇതു് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും പറയാം.

images/George_Santayana.jpg
സാ​ന്താ​യാന

ഇവിടെ ഋജു​രേ​ഖ​യും വക്ര​രേ​ഖ​യും സ്വ​കാ​ര്യ പ്ര​തി​രൂ​പ​ങ്ങ​ളാ​ണു്. എന്നാൽ സൂ​ര്യ​നും താ​മ​ര​യും തമ്മി​ലു​ള്ള ബന്ധം പര​മാ​ത്മാ​വി​ന്റെ​യും ജീ​വാ​ത്മാ​വി​ന്റെ​യും ബന്ധ​ത്തെ സ്പ​ഷ്ട​മാ​ക്കു​ന്നു എന്നു പറ​ഞ്ഞാൽ അവിടെ സൂ​ര്യ​നോ താ​മ​ര​യോ സ്വ​കാ​ര്യ സിം​ബ​ലു​ക​ള​ല്ല. ശതാ​ബ്ദ​ങ്ങ​ളാ​യി അവ യഥാ​ക്ര​മം പര​മാ​ത്മാ​വി​ന്റെ​യും ജീ​വാ​ത്മാ​വി​ന്റെ​യും പ്ര​തി​രൂ​പ​ങ്ങ​ളാ​യി സ്വീ​ക​രി​ക്ക​പ്പെ​ട്ടു പോ​രു​ന്നു.

നവീന സാ​ഹി​ത്യ​ത്തിൽ വ്യ​ക്തി​യു​ടെ സ്വ​ന്തം പ്ര​തീ​ക​ങ്ങൾ ഉപ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടു് അതു് ദുർ​ഗ്ര​ഹ​മാ​യി മാ​റു​ന്നു. ചോ​ദ്യ​ക്ക​ട​ലാ​സു് തേ​ടി​വ​രു​ന്ന പെൺ​കു​ട്ടി​യെ​ക്കു​റി​ച്ചു് എം. ആർ. മനോഹര വർമ്മ മാ​ധ്യ​മം ആഴ്ച​പ്പ​തി​പ്പി​ലെ​ഴു​തിയ ‘പഴയ ചോ​ദ്യ​ങ്ങൾ’ എന്ന കഥ​യു​ടെ അർ​ത്ഥം എനി​ക്കു് പി​ടി​കി​ട്ടാ​ത്ത​തു് സ്വ​കാ​ര്യ പ്ര​തി​രൂ​പ​ങ്ങൾ അതിൽ നി​റ​ച്ചു വച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണു്. സ്വ​കാ​ര്യ പ്ര​തീ​ക​ങ്ങൾ പ്ര​യോ​ഗി​ക്കു​മ്പോൾ ചില സൂ​ച​ക​പ​ദ​ങ്ങൾ എഴു​ത്തു​കാർ നി​വേ​ശി​പ്പി​ക്കാ​റു​ണ്ടു്. തോ​മാ​സ് മന്നി​ന്റെ The Black Swan എന്ന നോ​വ​ലിൽ അർ​ബ്ബു​ദം വന്നു മരി​ക്കു​ന്ന ഒരു സ്ത്രീ​യെ ചി​ത്രീ​ക​രി​ക്കു​ന്നു. പക്ഷേ പടി​ഞ്ഞാ​റൻ സം​സ്കാ​ര​ത്തി​ന്റെ ജീർ​ണ്ണ​ത​യെ​യാ​ണു് നോ​വ​ലി​സ്റ്റ് ആലേ​ഖ​നം ചെ​യ്യു​ന്ന​തെ​ന്നു് നോവൽ വാ​യി​ച്ചാ​ലു​ട​നെ ഗ്ര​ഹി​ക്കാം. അതിനു സഹാ​യി​ക്കു​ന്ന സൂ​ച​ക​പ​ദ​ങ്ങൾ അതി​ലു​ണ്ടു്. മനോഹര വർ​മ്മ​യു​ടെ കഥയിൽ അവ​യി​ല്ല.

images/kadammanitta.jpg
കട​മ്മ​നി​ട്ട

കട​മ്മ​നി​ട്ട​യു​ടെ ഒരു കാ​വ്യ​സ​മാ​ഹാ​ര​ഗ്ര​ന്ഥ​ത്തി​നു് നരേ​ന്ദ്ര പ്ര​സാ​ദ് എഴു​തിയ അവ​താ​രിക വളരെ നന്നാ​യി​യെ​ന്നു് ഞാൻ കട​മ്മ​നി​ട്ട​യോ​ടു് പറ​ഞ്ഞു. അതു​കേ​ട്ടു് കവി അറി​യി​ച്ചു: “ങ്ഹ. എഴു​തു​ക​യാ​ണെ​ങ്കിൽ abstraction പാ​ടി​ല്ല എന്നു് ഞാൻ പ്ര​സാ​ദി​നോ​ടു് പറ​ഞ്ഞു. അത​നു​സ​രി​ച്ചു് അദ്ദേ​ഹം എഴു​തിയ അവ​താ​രി​ക​യാ​ണ​തു്”. കട​മ്മ​നി​ട്ട​യു​ടെ ഈ ഉപ​ദേ​ശം എല്ലാ​വ​രും സ്വീ​ക​രി​ച്ചാൽ നന്നു്. ഇപ്പോൾ ആരെ​ന്തു് എഴു​തി​യാ​ലും abstraction ആയി​വ​രും. സാ​ഹി​ത്യ​ത്തി​ലെ ഈ വിഗത ചേ​ത​ന​ത്വം abstraction നമ്മ​ളെ സത്യ​ത്തി​ലേ​ക്കു് നയി​ക്കു​ക​യി​ല്ല.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2001-07-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.