SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 2001-12-14-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

images/Max-Broad.jpg
ബ്രോ​റ്റ്

മനോ​ര​ഞ്ജ​ക​മായ പു​സ്ത​ക​മാ​ണു് ഗു​സ്താ​ഫി​ന്റെ (Gustav Janouch) “Conversations with Kafka ” എന്ന​തു്. തി​രു​വ​ന​ന്ത​പു​രം പബ്ളി​ക് ലൈ​ബ്ര​റി​യിൽ നി​ന്നു് ഞാൻ വാ​യി​ക്കാ​നെ​ടു​ത്ത ഇപ്പു​സ്ത​കം കാ​ലാ​വ​ധി തീർ​ന്നി​ട്ടും തി​രി​ച്ചു കൊ​ടു​ക്കാ​തെ പു​തു​ക്കി​യെ​ടു​ത്തു് മൂ​ന്നു മാ​സ​ത്തോ​ളം കൈയിൽ വച്ചി​രു​ന്നു. പി​ന്നെ​യും ‘റി​ന്യൂ’ ചെ​യ്യാൻ യത്നി​ച്ച​പ്പോൾ ലൈ​ബ്ര​റി അധി​കാ​രി​കൾ ഉച്ച​ത്തിൽ “നോ” എന്നു പറ​ഞ്ഞു. അങ്ങ​നെ അതു തി​രി​ച്ചു കൊ​ടു​ക്കേ​ണ്ട​താ​യി വന്നു. പി​ന്നീ​ടു് നോ​ക്കി​യ​പ്പോൾ പു​സ്ത​കം കാ​ണാ​നി​ല്ല. എങ്കി​ലും അതിലെ പല ഭാ​ഗ​ങ്ങ​ളും എനി​ക്കു ഹൃ​ദി​സ്ഥ​ങ്ങ​ളാ​ണു്. ഗു​സ്താ​ഫ് ഒരു ദിവസം കാ​ഫ്കാ​യോ​ടൊ​രു​മി​ച്ചു വന്നു. വീ​ട്ടി​നു സമീപം വച്ചു് അവർ ബ്രോ​റ്റി നെയും (Max Brod, 1884–1968, ജർ​മ്മൻ നോ​വ​ലി​സ്റ്റ്, കാ​ഫ്കാ​യു​ടെ കൃ​തി​കൾ എഡി​റ്റ് ചെയ്ത ആൾ) അദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ​യെ​യും കണ്ടു. കു​റ​ച്ചു​നേ​രം സം​സാ​രി​ച്ച​തി​നു ശേഷം വൈ​കീ​ട്ടു് ഒരു​മി​ച്ചു കൂ​ടാ​മെ​ന്നു തീ​രു​മാ​നി​ച്ചി​ട്ടു് അവർ പി​രി​ഞ്ഞു. ബ്രോ​റ്റി​ന്റെ ഭാ​ര്യ​യെ ഇഷ്ട​പ്പെ​ട്ടോ എന്നു് കാ​ഫ്കാ, ഗു​സ്താ​ഫി​നോ​ടു ചോ​ദി​ച്ചു. അദ്ഭു​ത​ക​ര​മായ വി​ധ​ത്തിൽ നീ​ല​ക്ക​ണ്ണു​ക​ളു​ണ്ടു് അവൾ​ക്കെ​ന്നു ഗു​സ്താ​ഫ് മറു​പ​ടി നല്കി. കാ​ഫ്കാ​യ്കു് വി​സ്മ​യം. അദ്ദേ​ഹം “ഉടനെ നി​ങ്ങൾ അതു് കണ്ടു​പി​ടി​ച്ചോ?” എന്നു സ്നേ​ഹി​ത​നോ​ടു ചോ​ദി​ച്ചു. “ഞാൻ ആരെ​ക്ക​ണ്ടാ​ലും കണ്ണു​കൾ നോ​ക്കും. വാ​ക്കു​ക​ളേ​ക്കാൾ അവ സാർ​ത്ഥ​ക​ങ്ങ​ളാ​ണു്” എന്നു് ഗു​സ്താ​ഫ്. കാ​ഫ്കാ അതു കേ​ട്ടി​ല്ല. അദ്ദേ​ഹം അകലെ നോ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടു് കാ​ഫ്കാ പറ​ഞ്ഞു: “എന്റെ സ്നേ​ഹി​ത​ന്മാർ​ക്കെ​ല്ലാം വി​സ്മ​യ​ദാ​യ​ക​ങ്ങ​ളായ കണ്ണു​ക​ളു​ണ്ടു്. ഞാൻ താ​മ​സി​ക്കു​ന്ന ഇരു​ട്ട​റ​യിൽ പ്ര​കാ​ശം പ്ര​സ​രി​പ്പി​ക്കു​ന്ന​തു് അവ​രു​ടെ കണ്ണു​ക​ളി​ലെ തി​ള​ക്കം മാ​ത്ര​മാ​ണു്. അതും കൃ​ത്രി​മ​മായ തി​ള​ക്ക​മ​ത്രേ. കാ​ഫ്കാ ചി​രി​ച്ചു. ഗു​സ്താ​ഫി​നു് കൈ​കൊ​ടു​ത്തി​ട്ടു് വീ​ട്ടി​ലേ​ക്കു കയ​റി​പ്പോ​യി. കാ​ഫ്കാ പറ​ഞ്ഞ​തിൽ പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാർ മന​സ്സി​രു​ത്ത​ണം. സ്നേ​ഹി​ത​രു​ടെ കണ്ണു​ക​ളി​ലെ തി​ള​ക്കം കൃ​ത്രി​മ​മാ​ണു്. സു​ഹൃ​ത്തു​ക്കൾ തമ്മി​ലു​ള്ള സ്നേ​ഹം വെറും ഹി​പ്പൊ​ക്ര​സി​യാ​ണു്. സന്ദർ​ഭം വര​ട്ടെ. ഒരു സ്നേ​ഹി​തൻ കൂടെ നട​ക്കു​ന്ന​വ​നെ ചതി​ക്കും. പ്രാ​യ​മേ​റെ​യായ ഞാൻ ഈ സത്യം—സ്നേ​ഹി​ത​ന്മാർ വഞ്ചി​ക്കു​ന്ന​വ​രാ​ണു് എന്ന​തു്—ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.

അവർ ഒരി​ക്ക​ലും പി​രി​യാ​ത്ത സ്നേ​ഹി​ത​ന്മാ​രാ​യി​രു​ന്നു. അടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ലേ താ​മ​സി​ക്കൂ. ഒരു​മി​ച്ചു് സിനിമ കാണാൻ പോകും. അവ​രു​ടെ സഹ​ധർ​മ്മി​ണി​ക​ളും കൂ​ട്ടു​കാർ. ഒരാ​ളി​ന്റെ വീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന പല​ഹാ​ര​ങ്ങൾ അടു​ത്ത വീ​ട്ടി​ലെ സ്നേ​ഹി​ത​നു കൊ​ടു​ത്ത​യ​യ്ക്കും. അവിടെ നി​ന്നു് ഇങ്ങോ​ട്ടും. പണ​ത്തി​നു് പ്ര​യാ​സം വന്നാൽ ഒന്നു സൂ​ചി​പ്പി​ക്കു​ക​യേ വേ​ണ്ടു. ബാ​ങ്കിൽ കാ​റിൽ​ച്ചെ​ന്നു് ഭീ​മ​മായ സംഖ്യ എടു​ത്തു് ഒരു സു​ഹൃ​ത്തു് മറ്റേ സു​ഹൃ​ത്തി​നു കൊ​ടു​ക്കും. തി​രി​ച്ചു അതു ചോ​ദി​ക്കു​ന്ന പതി​വി​ല്ല. കൊ​ടു​ത്താ​ലാ​യി, ഇല്ലെ​ങ്കി​ലാ​യി. അങ്ങ​നെ​യി​രി​ക്കെ സർ​ക്കാർ അവരെ രണ്ടു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി. ചാർ​ജ്ജ് എടു​ത്തി​ട്ടു് രണ്ടു​പേ​രും ശ്ര​മ​മാ​യി ഒരു സ്ഥ​ല​ത്തു തന്നെ വരാൻ. ആ യത്നം സഫ​ലീ​ഭ​വി​ച്ചു. അടു​ത്ത​ടു​ത്തു​ള്ള വീ​ടു​കൾ വാ​ട​ക​യ്ക്കെ​ടു​ത്തു രണ്ടു​പേ​രും താ​മ​സ​മാ​യി. പുതിയ സ്ഥ​ല​മാ​യ​തു​മി​ല്ല. ഇങ്ങ​നെ കഴി​യു​മ്പോൾ അവരിൽ ഒരാൾ പൊ​ടു​ന്ന​നെ രാ​ത്രി സമ​യ​ത്തു മരി​ച്ചു. നേരം വെ​ളു​ത്ത​പ്പോൾ മൃ​ത​ദേ​ഹം വരാ​ന്ത​യിൽ കി​ട​ക്കു​ന്ന​തു് ആളുകൾ കണ്ടു. കമ്പി​കൾ വേ​ണ്ട​ത്ത​ക്ക​വർ​ക്കു് അയ​ച്ചു അവർ. ബന്ധു​ക്ക​ളും സ്നേ​ഹി​ത​രും വന്നു​കൂ​ടി. മരി​ച്ച​യാ​ളി​ന്റെ മി​ത്രം കര​ഞ്ഞു​കൊ​ണ്ടു് അങ്ങി​ങ്ങാ​യി ഓടു​ക​യാ​ണു്. അയാൾ പൊ​ലീ​സ് ഡി​പാർ​ട്മെ​ന്റി​ലെ ഉന്ന​ത​സ്ഥാ​ന​ത്തി​രി​ക്കു​ന്നു. അപ്പോൾ മരി​ച്ച​യാ​ളി​ന്റെ ബന്ധു​വി​നെ വി​ളി​ച്ചു് മൂ​ന്നു ചെ​റു​പ്പ​ക്കാർ കാ​തിൽ​പ്പ​റ​ഞ്ഞു: “ഇതു​ക​ണ്ടു് വി​ശ്വ​സി​ക്ക​രു​തു്. ഇയാൾ (ചര​മ​മ​ട​ഞ്ഞ ആളി​ന്റെ മി​ത്രം) കൊ​ല​പാ​ത​കി​യാ​ണു്. അദ്ദേ​ഹ​ത്തെ വിഷം കൊ​ടു​ത്തു കൊ​ന്ന​താ​ണു്. സ്ത്രീ​വി​ഷ​യ​ക​മായ എന്തോ തെ​റ്റി​ദ്ധാ​ര​ണ​യാ​ലാ​ണു് അയാൾ ഈ പാതകം ചെ​യ്ത​തു്. അതി​നാൽ പോ​സ്റ്റ്മോർ​ട്ടം പരി​ശോ​ധന കൂ​ടാ​തെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കി​ല്ലെ​ന്നു് നി​ങ്ങൾ നിർ​ബ്ബ​ന്ധി​ക്ക​ണം.” ഇതി​ന​കം ആം​ബ്യു​ലൻ​സ് വന്നു. “ശവ​ശ​രീ​രം വാ​ഹ​ന​ത്തിൽ കയ​റ്റ​ട്ടെ” എന്നു് ആപ്ത​മി​ത്രം ആജ്ഞാ​പി​ച്ചു. അപ്പോൾ ബന്ധു പറ​ഞ്ഞു: “സർ ഇവിടെ പലർ​ക്കും സം​ശ​യ​മു​ണ്ടു് ഈ മര​ണ​ത്തിൽ. പോ​സ്റ്റ്മോർ​ട്ടം എക്സാ​മി​നേ​ഷൻ കഴി​ഞ്ഞി​ട്ടു മൃ​ത​ശ​രീ​രം കൊ​ണ്ടു​പോ​കാം.” അതു​കേ​ട്ടു് പൊ​ലീ​സു​ദ്യോ​ഗ​സ്ഥൻ കോ​പി​ച്ചു. “എന്തു പറ​യു​ന്നു നി​ങ്ങൾ?” എന്റെ ഏറ്റ​വും വലിയ കൂ​ട്ടു​കാ​ര​നാ​ണു് മരി​ച്ച​തു്. അദ്ദേ​ഹ​ത്തി​ന്റെ ശരീരം കീ​റി​മു​റി​ക്കാൻ ഞാൻ സമ്മ​തി​ക്കു​കി​ല്ല. തല​യോ​ടു ഇള​ക്കി​നോ​ക്കാൻ എന്റെ സമ്മ​തം കി​ട്ടു​കി​ല്ല. അനിയാ, ആം​ബ്യു​ലൻ​സിൽ കേ​റി​പ്പോ.” ഇത്ര​യും ആജ്ഞാ​പി​ച്ചി​ട്ടു് അയാൾ കീ​ഴ്ജീ​വ​ന​ക്കാ​രോ​ടു കല്പി​ച്ചു. “തൂണു വി​ഴു​ങ്ങി​യ​വ​രെ​പ്പോ​ലെ നി​ല്ക്കു​ന്ന​തെ​ന്തി​നു്? ഡെ​ഡ്ബോ​ഡി എടു​ത്തു് വാനിൽ കയ​റ്റൂ. (ബന്ധു​വി​നെ നോ​ക്കി) അനിയാ നി​ങ്ങ​ളും കൂടി കയറി ശവ​ത്തി​ന്റെ അടു​ത്തി​രു​ന്നു​കൊ​ള്ളു.” ഓഫീ​സ​റു​ടെ ആജ്ഞ അനു​സ​രി​ക്ക​പ്പെ​ട്ടു. ഡെഡ് ബോഡി കയ​റ്റിയ വാൻ മെ​ല്ലെ നീ​ങ്ങി. അതിനു വേഗം കൂടി.

images/Rosario-Castellanos.jpg
റോ​സ്സാ​റ്യോ കാ​സ്തെ​യാ​നോ​സ്

മാ​ന്യ​വാ​യ​ന​ക്കാ​രേ, ഇത്ര​മാ​ത്ര​മേ​യു​ള്ളു സ്നേ​ഹി​ത​രു​ടെ സ്നേ​ഹം. സ്നേ​ഹി​ത​നാ​ണോ അവൻ ചതി​ക്കും. സൂ​ക്ഷി​ക്കൂ. ഈ ലോ​ക​ത്തു് ഓരോ വ്യ​ക്തി​യും ഒറ്റ​യ്ക്കാ​ണു്. ജന​ക്കൂ​ട്ട​ത്തിൽ നി​ന്നാ​ലും അയാ​ളു​ടെ ഏകാ​കി​ത​യ്ക്കു ഭംഗം വരു​ന്നി​ല്ല. ഇവിടെ സൗ​ഹൃ​ദ​മി​ല്ല, ഓരോ വ്യ​ക്തി​യും ഒറ്റ​യ്ക്കു ജീ​വി​ക്കു​ന്നു. അവ​ന്റെ/അവ​ളു​ടെ ജീ​വി​തം സം​ഘ​ട്ട​നം നി​റ​ഞ്ഞ​താ​ണു്—ഈ ആശയം വി​ശ​ദ​മാ​ക്കു​ന്ന മനോ​ഹ​ര​മായ ഒരു കവി​ത​യു​ണ്ടു്, റോ​സ്സാ​റ്യോ കാ​സ്തെ​യാ​നോ​സി ന്റേ​താ​യി (Rosario Castellanos, 1925–1974, Mexican Poet, സ്ത്രീ). കവി​ത​യു​ടെ പേരു് ‘Chess’ എന്നു്.

Because we were friends and sometimes

loved each other,

perhaps to add one more tie

to the many that already bound us,

we decided to play games of the mind

We set up a board between us

equally divided into pieces, values,

and possible moves.

We learned the rules, we swore

to respect them,

and the match began,

We’ve been sitting here for centuries,

meditating ferociously

how to deal the one last blow that will finally

annihilate the other one for ever

നോ​വ​ലും കഥയും ആകർഷക മാ​കു​ന്ന​തു് അവയിൽ കലാം​ശം ഉള്ള​തി​നാ​ലാ​ണു്. ഭാ​വ​ന​യു​ടെ വ്യാ​പാ​ര​മാ​ണു് ഈ കലാം​ശം പ്ര​ദാ​നം ചെ​യ്യുക.

സ്നേ​ഹി​ത​രു​ടെ സ്നേ​ഹം ചതു​രം​ഗ​ക്ക​ളി​യി​ലൂ​ടെ കൂ​ടു​തൽ ദൃ​ഢ​ത​യാർ​ജ്ജി​ക്കു​മെ​ന്ന സങ്ക​ല്പ​ത്തോ​ടു​കൂ​ടി അവർ കളി​യാ​രം​ഭി​ക്കു​ന്നു. പക്ഷേ, കളി മു​ന്നോ​ട്ടു പോ​കു​ന്തോ​റും രണ്ടു​പേർ​ക്കും ശത്രു​ത​യു​ണ്ടാ​കു​ന്നു. കളി അവ​സാ​നി​ക്കു​മ്പോൾ അവർ ശത്രു​ക്ക​ളാ​യി മാ​റു​ന്നു. വി​നോ​ദാ​ത്മ​ക​മായ മാ​ത്സ​ര്യം ആദ്യം. അതു് ഹിം​സാ​ത്മ​ക​മായ മാ​ത്സ​ര്യ​മാ​കു​ന്നു പി​ന്നീ​ടു്.

ജീ​വി​ത​സ​മ​രം നട​ക്കു​ന്ന ഈ ലോ​ക​ത്തെ ചതു​രം​ഗ​പ്പ​ല​ക​യാ​ക്കി മാ​റ്റി കവി നൂ​ത​ന​മായ ഉൾ​ക്കാ​ഴ്ച​യോ​ടെ അസാ​ധാ​ര​ണ​മായ പൊ​യ​റ്റി​ക് വി​ഷ​നി​ലൂ​ടെ നമ്മ​ളെ മറ്റൊ​രു ലോ​ക​ത്തിൽ എത്തി​ക്കു​ന്നു. റോ​സ്സാ​റ്യോ​യു​ടെ ഈ കവി​ത​പോ​ലെ എനി​ക്കൊ​രു കവിത എഴു​താൻ സാ​ധി​ച്ചെ​ങ്കിൽ!

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: മയ​കോ​വ്സ്കി യോ ലൊർക യോ? വി​പ്ല​വ​ക​വി​ക​ളെ​ന്ന നി​ല​യിൽ നി​ങ്ങൾ ആരെ അം​ഗീ​ക​രി​ക്കു​ന്നു?

ഉത്ത​രം: ലൊർ​ക​യെ റഷ്യൻ വി​പ്ല​വ​ത്തിൽ തന്നെ കണ്ടെ​ത്തിയ കവി​യാ​യി​രു​ന്നു മയ​കോ​ഫ്സ്കി. ആ വി​പ്ല​വ​മു​ണ്ടാ​യി​ല്ലെ​ങ്കിൽ അദ്ദേ​ഹം ആവിർ​ഭ​വി​ക്കു​മാ​യി​രു​ന്നി​ല്ല. ലൊർക സ്വ​ത​ന്ത്ര​നാ​യി പ്ര​ത്യ​ക്ഷ​നായ മഹാ​ക​വി​യാ​ണു്. അദ്ദേ​ഹ​ത്തി​ന്റെ ‘രക്ത​വി​വാ​ഹം’ എന്ന നാടകം അതി​സു​ന്ദ​ര​മാ​ണു്. “മി​സ്റ്റ​റി ബുഫ്” എഴു​താ​നേ മയ​കോ​ഫ്സ്കി​ക്കു കഴിയൂ. അതു് കലാ​ത്മ​ക​മ​ല്ല. ലൊർ​ക​യു​ടെ നാടകം അദ്ദേ​ഹ​ത്തി​ന്റെ ആത്മാ​വു തന്നെ കല​യാ​യി മാ​റി​യ​താ​ണു്.

ചോ​ദ്യം: നി​ങ്ങൾ എപ്പോ​ഴും ഉപ​യോ​ഗി​ക്കു​ന്ന വാ​ക്കാ​ണു് സ്യൂ​ഡോ രചന എന്ന​തു്. ഇതി​ന്റെ അർ​ത്ഥം എന്താ​ണു്?

ഉത്ത​രം: ഞാൻ അതു പല തവണ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടു്. ഇനി​യും പറ​ഞ്ഞാൽ ആവർ​ത്ത​ന​മാ​യി വരും. ഉദാ​ഹ​ര​ണം നല്കാം. ഈ ആഴ്ച​ത്തെ മാ​തൃ​ഭൂ​മി വാ​രി​ക​യിൽ ബാ​ല​കൃ​ഷ്ണൻ ‘സൈഡ് ബി​സി​ന​സ്’ എന്നു് പേ​രു​ള്ള കവിത എഴു​തി​യി​ട്ടു​ണ്ടു്. സ്യൂ​ഡോ രച​ന​യ്ക്കു് അതു മതി​യായ ഉദാ​ഹ​ര​ണ​മാ​ണു്.

ചോ​ദ്യം: സാ​മു​വൽ ബക്ക​റി ന്റെ ‘Waiting for Godot’ നല്ല നാ​ട​ക​മ​ല്ലേ? അതിലെ ഗോ​ഡോ​ട്ട് ആരാ​ണു്?

ഉത്ത​രം: വെ​യ്റ്റി​ങ് ഫോർ ഗദോ നാ​ട​ക​മേ​യ​ല്ല. ഷെ​യ്ക്സ്പി​യ​റി​ന്റെ King Lear ഉള​വാ​ക്കു​ന്ന പര​മ​ഫ​ലം ബക്ക​റി​ന്റെ ഈ രചന പ്ര​ദാ​നം ചെ​യ്യു​മോ? ഗദോ ഈശ്വ​ര​നാ​ണെ​ന്നു് തോ​ന്നു​ന്നു. എന്റെ തോ​ന്ന​ലാ​ണേ. ശരി​യാ​വാം. തെ​റ്റാ​വാം.

ചോ​ദ്യം: അത്യ​ന്താ​ധു​നിക കവിത?

ഉത്ത​രം: എനി​ക്കൊ​രു ഇം​ഗ്ലീ​ഷ് പ്ര​ഫെ​സ​റെ പരി​ച​യ​മു​ണ്ടു്. അദ്ദേ​ഹം കൂ​ട​ക്കൂ​ടെ dilapidated catastrophe എന്നു കു​ട്ടി​ക​ളെ നോ​ക്കി പറ​യു​മാ​യി​രു​ന്നു. അതി​ന്റെ അർ​ത്ഥ​മെ​ന്തെ​ന്നു് ഞാ​നൊ​രി​ക്കൽ അദ്ദേ​ഹ​ത്തോ​ടു ചോ​ദി​ച്ചു. പു​ള്ളി​ക്കാ​രൻ കണ്ണു മി​ഴി​ച്ചു നി​ന്നു. ഇം​ഗ്ലീ​ഷ് പ്ര​ഫെ​സ​റു​ടെ dilapidated catastrophe ആണു് നവീന മലയാള കവിത.

ചോ​ദ്യം: വാ​യ​ന​ക്കാ​രു​ടെ ഗ്ര​ന്ഥ​പാ​ര​യ​ണ​ശീ​ല​ത്തെ വി​ക​ല​മാ​ക്കു​ന്നു നി​ങ്ങ​ളു​ടെ കോ​ള​മെ​ന്നു് പു​ന​ത്തിൽ കു​ഞ്ഞ​ബ്ദു​ള്ള പറ​ഞ്ഞി​രി​ക്കു​ന്നു. എന്താ​ണ​ഭി​പ്രാ​യം?

ഉത്ത​രം: അദ്ദേ​ഹ​ത്തി​ന്റെ ‘ക്ഷേ​ത്ര​വി​ള​ക്കു​കൾ’ എന്ന മനോ​ഹ​ര​മായ കഥ​യെ​ക്കു​റി​ച്ചു് ഞാൻ പണ്ടു് എഴു​തി​യി​രു​ന്നു. കു​ഞ്ഞ​ബ്ദു​ള്ള പറ​യു​ന്ന​തു ശരി​യാ​ണെ​ങ്കിൽ ഞാൻ അദ്ദേ​ഹ​ത്തി​ന്റെ കഥ സു​ന്ദ​ര​മാ​ണെ​ന്നു് എഴുതി വാ​യ​ന​ക്കാ​രെ വഴി​തെ​റ്റി​ക്കു​ക​യാ​യി​രു​ന്ന​ല്ലോ. കണ്ണൂ​രിൽ വച്ചു് എന്നെ അഭി​ന​ന്ദി​ക്കാൻ കൂടിയ സമ്മേ​ള​ന​ത്തിൽ പു​ന​ത്തിൽ കു​ഞ്ഞ​ബ്ദു​ള്ള പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു. അന്നു് അദ്ദേ​ഹം സാ​ഹി​ത്യ​വാ​ര​ഫ​ല​ത്തെ പ്ര​ശം​സി​ച്ചു. എനി​ക്കു് സംശയം. കു​ഞ്ഞ​ബ്ദു​ള്ള അന്നു പറ​ഞ്ഞ​താ​ണോ സത്യം, അതോ ഇപ്പോൾ പറ​യു​ന്ന​തോ?

ചോ​ദ്യം: സ്നേ​ഹി​ക്കൂ, സ്നേ​ഹി​ക്കൂ എന്നു് നി​ര​ന്ത​രം ഉദ്ഘോ​ഷി​ക്കു​ന്നു ചില സ്ത്രീ​കൾ. താ​ങ്ക​ളെ​ന്തു പറ​യു​ന്നു?

ഉത്ത​രം: ഹി​പ്പൊ​ക്ര​സി.

ഭാവന

“പത്ര​ത്തിൽ വരു​ന്ന വലിയ തല​ക്കെ​ട്ടു​കൾ നി​ങ്ങ​ളെ വഴി തെ​റ്റി​ക്കാ​തി​രി​ക്ക​ട്ടെ. രാ​ത്രി കി​ട​ക്ക​യിൽ എഴു​ന്നേ​റ്റി​രു​ന്നു് കര​യു​ന്ന എഴു​ത്തു​കാ​ര​നാ​ണു് യാ​ഥാർ​ത്ഥ​ത്തിൽ എഴു​ത്തു​കാ​രൻ.”

റ്റാ​ഗോ​റി​ന്റെ ഒരു കവി​ത​യു​ടെ ഭാ​ഷാ​ന്ത​രീ​ക​ര​ണം നല്ക​ട്ടെ:

‘പ്ര​ഭാ​ത​ത്തിൽ ചേ​ങ്ങല പത്തു തവണ ശബ്ദി​ക്കു​മ്പോൾ ഞാൻ പാ​ത​യി​ലൂ​ടെ നട​ക്കു​ന്നു വി​ദ്യാ​ല​യ​ത്തി​ലേ​ക്ക്. എന്നും കൊ​ണ്ടു​ന​ട​ന്നു വി​ല്ക്കു​ന്ന​വൻ “വളകൾ, കു​പ്പി​വ​ള​കൾ” എന്നു വി​ളി​ക്കു​ന്ന​തു് ഞാൻ കേൾ​ക്കു​ന്നു. അയാളെ കാ​ണു​ന്നു. തി​ടു​ക്ക​ത്തിൽ പോകാൻ അയാൾ​ക്കു് ആഗ്ര​ഹ​മി​ല്ല. നൂ​ത​ന​മാ​യി പാത കണ്ടെ​ത്തേ​ണ്ട​തു​മി​ല്ല. പോകാൻ പുതിയ സ്ഥ​ല​മി​ല്ല. ഇന്ന സമ​യ​ത്തു് വീ​ട്ടി​ലെ​ത്ത​ണ​മെ​ന്നു​മി​ല്ല.

പാ​ത​യിൽ “വളകൾ, കു​പ്പി​വ​ള​കൾ” എന്നു വി​ളി​ച്ചു​കൊ​ണ്ടു് പക​ലാ​കെ നട​ക്കാൻ എനി​ക്കാ​ഗ്ര​ഹം.

വൈ​കു​ന്നേ​രം നാലു മണി​ക്കു് ഞാൻ വി​ദ്യാ​ല​യ​ത്തിൽ നി​ന്നു് തി​രി​ച്ചു വരു​ന്നു. ആ വീ​ട്ടി​ന്റെ ഗെ​യ്റ്റി​ലൂ​ടെ എനി​ക്കു കാണാം ഉദ്യോ​ന​പാ​ല​കൻ തറ കു​ഴി​ക്കു​ന്ന​തു്. തനി​ക്കി​ഷ്ട​മു​ള്ള​തു് അയാൾ ചെ​യ്യു​ന്നു മൺ​വെ​ട്ടി​കൊ​ണ്ടു്. പൊ​ടി​കൊ​ണ്ടു് അയാൾ സ്വ​ന്തം വസ്ത്ര​ങ്ങ​ളിൽ അഴു​ക്കു പു​ര​ട്ടു​ന്നു. വെ​യി​ലിൽ നി​ന്നു് പൊ​രി​ഞ്ഞാ​ലെ​ന്തു്? മഴ​യേ​റ്റു നന​ഞ്ഞാ​ലെ​ന്തു്? ആരും അയാളെ വഴ​ക്കു പറ​യു​ന്നി​ല്ല. ആരും തട​സ്സ​പ്പെ​ടു​ത്താ​തെ പൂ​ന്തോ​ട്ട​ത്തിൽ തറ കു​ഴി​ക്കു​ന്ന പൂ​ന്തോ​ട്ട​ക്കാ​ര​നാ​കാൻ എനി​ക്കു ആഗ്ര​ഹം.

സന്ധ്യ കഴി​ഞ്ഞു. ഇരു​ട്ടാ​വു​മ്പോൾ അമ്മ എന്നെ ഉറ​ങ്ങാ​നാ​യി അയ​യ്ക്കു​ന്നു. സൂ​ക്ഷി​പ്പു​കാ​രൻ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും നട​ക്കു​ന്ന​തു് എനി​ക്കു ജന്ന​ലിൽ​ക്കൂ​ടി കാണാം. പാത ഇരു​ണ്ട​തു്. അതു് ജന​ര​ഹി​ത​വും. തെ​രു​വി​ള​ക്കു്, ശി​ര​സ്സിൽ ഒരു ചു​വ​ന്ന കണ്ണു​മാ​യി രാ​ക്ഷ​സ​നെ​പ്പോ​ലെ നി​ല്ക്കു​ന്നു. സൂ​ക്ഷി​പ്പു​കാ​രൻ വി​ള​ക്കു് അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ആട്ടി അയാ​ളു​ടെ വശ​ത്തു​ള്ള നി​ഴ​ലോ​ടു​കൂ​ടി നട​ക്കു​ന്നു. ജീ​വി​ത​ത്തിൽ അയാൾ ഉറ​ങ്ങാൻ പോ​യി​ട്ടി​ല്ല. രാ​ത്രി മു​ഴു​വൻ തെ​രു​വു​ക​ളിൽ നട​ന്നു് വി​ള​ക്കോ​ടു​കൂ​ടി നി​ഴ​ലു​ക​ളെ വേ​ട്ട​യാ​ടു​ന്ന സൂ​ക്ഷി​പ്പു​കാ​രൻ ആകാൻ എനി​ക്കാ​ഗ്ര​ഹം.’

വി​ദ​ഗ്ദ്ധ​രായ മരം മു​റി​പ്പു​കാർ നമു​ക്കു വേണം. ആപ​ത്തു​ണ്ടാ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളെ വെ​ട്ടി​മാ​റ്റാ​നും സാ​ഹി​ത്യ​ഭൂ​മി​യിൽ നി​ന്നു് വലിയ മര​ങ്ങ​ളെ വീ​ഴ്ത്താ​നും.

കു​ഞ്ഞു​ങ്ങൾ​ക്കു ഭാ​വ​നാ​ശ​ക്തി കൂ​ടു​ത​ലാ​ണു്. ചെറിയ കാ​റ്റേ​റ്റു് തി​ര​യി​ള​കു​ന്ന കള​ത്തിൽ സൂ​ര്യ​പ്ര​കാ​ശം വീണു തി​ള​ങ്ങി​യാൽ ‘കുളം എന്നെ നോ​ക്കി ചി​രി​ച്ചു്’ എന്നു കു​ട്ടി പറയും. ഒരു പ്രാ​യ​മെ​ത്തു​മ്പോൾ ഈ ശക്തി​വി​ശേ​ഷം നശി​ച്ചു പോ​കു​മെ​ന്നേ​യു​ള്ളു. ഇക്ക​വി​ത​യിൽ കു​ട്ടി ഓരോ​ന്നും ഭാ​വ​ന​യിൽ​ക്ക​ണ്ടു് അതിനെ സാ​ക്ഷാ​ത്ക​രി​ക്കാൻ യത്നി​ക്കു​ന്നു. നി​ത്യ​ജീ​വി​ത​ത്തി​ലെ ക്ഷു​ദ്ര​സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ഭാ​വ​നാ​ത്മ​ക​മായ ലോ​ക​ങ്ങ​ളിൽ പ്ര​വേ​ശി​ക്കു​ക​യാ​ണു് കു​ട്ടി.

പി. എൻ. വിജയൻ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലെ​ഴു​തിയ ‘ഉത്ത​ര​ങ്ങൾ ശരി​പ്പെ​ട്ടു​വ​രു​മ്പോൾ’ എന്ന കഥയിൽ ക്ഷു​ദ്ര സം​ഭ​വ​ങ്ങൾ മാ​ത്ര​മേ​യു​ള്ളു. ഭാ​വ​ന​യു​ടെ ലോ​ക​മി​ല്ല. അതി​നാൽ കഥ വാ​യി​ച്ചു തീ​രു​മ്പോൾ വൈ​ര​സ്യം. ചൈ​ത​ന്യ​നാ​ശം വന്ന ഒരു വ്യ​ക്തി​യാ​ണു് കഥയിൽ വന്നു നി​ന്നു് വാ​യ​ന​ക്കാ​രെ മെ​ന​ക്കെ​ടു​ത്തു​ന്ന​തു്. അയാൾ എഴു​ത്തു​കൾ​ക്കു മറു​പ​ടി അയ​യ്ക്കു​ന്ന​വ​ന​ല്ല. വി​ശേ​ഷി​ച്ചു് കാ​ര്യ​മൊ​ന്നും ഉണ്ടാ​യി​ട്ട​ല്ല. ജഡത ഒന്നി​നും സമ്മ​തി​ക്കു​ന്നി​ല്ല. അന്നു് ഏതാ​യാ​ലും മറു​പ​ടി എഴു​താൻ അയാൾ തീ​രു​മാ​നി​ച്ചു. വാ​ങ്ങിയ ഇൻ​ലൻ​ഡ് ലറ്റർ അബോ​ധാ​ത്മക പ്രേ​ര​ണ​യാൽ വഴി​യിൽ കള​ഞ്ഞി​ട്ടു നട​ന്നു. ആരോ അയാൾ​ക്കു് അതു എടു​ത്തു കൊ​ടു​ത്തു. ഗൗ​ര​വാ​വ​ഹ​ങ്ങ​ളായ കാ​ര്യ​ങ്ങ​ളി​ലും അയാൾ​ക്കു തൽ​പ​ര​ത്വം ഇല്ല. സു​ഹൃ​ത്തു ശസ്ത്ര​ക്രിയ കഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണു്. അയാളെ അന്വേ​ഷി​ച്ചു പോ​കു​ന്നി​ല്ല ആ മനു​ഷ്യൻ. ബാ​ങ്കിൽ നി​ന്നു കട​മെ​ടു​ത്ത തുക മാസം തോറും തി​രി​ച്ച​ട​യ്ക്കാ​നും അയാൾ​ക്കു മടി. ഇങ്ങ​നെ ‘ലെ​തർ​ജി’യെ (ജാ​ഡ്യം) കാ​ണി​ക്കു​ന്ന പല സം​ഭ​വ​ങ്ങൾ നി​ര​ത്തു​ന്നു വിജയൻ. ഒടു​വിൽ തീ​രു​മാ​ന​ത്തി​ലെ​ത്തു​ന്നു അയാൾ; എല്ലാം ഉത്സാ​ഹ​പൂർ​വ്വം അനു​ഷ്ഠി​ക്കാൻ.

വി​ജ​യ​ന്റെ കഥ​ക​ളി​ലെ പ്ര​തി​പാ​ദ്യ​ങ്ങൾ​ക്കു പു​തു​മ​യു​ണ്ടു്. ഒരി​ക്ക​ലും അദ്ദേ​ഹം വി​ഷ​യ​ങ്ങൾ ആവർ​ത്തി​ച്ചു കണ്ടി​ട്ടി​ല്ല. പക്ഷേ, അദ്ദേ​ഹ​ത്തി​ന്റെ കഥകൾ സാ​ഹി​ത്യ​മ​ണ്ഡ​ല​ത്തിൽ പ്ര​വേ​ശി​ക്കു​ന്ന​വ​യ​ല്ല. ഇതിനു കാരണം രച​ന​യു​ടെ ആന്ത​ര​മ​ണ്ഡ​ലം കലാ​ത്മ​ക​മ​ല്ല എന്ന​താ​ണു്. നോ​വ​ലും കഥയും ആകർ​ഷ​ക​മാ​കു​ന്ന​തു് അവയിൽ കലാം​ശം ഉള്ള​തി​നാ​ലാ​ണു്. ഭാ​വ​ന​യു​ടെ വ്യാ​പാ​ര​മാ​ണു് ഈ കലാം​ശം പ്ര​ദാ​നം ചെ​യ്യുക. പി. എൻ. വി​ജ​യ​നു് ഭാ​വ​ന​ക​ലർ​ത്തി മാ​ന്ത്രി​ക​ത്വം സൃ​ഷ്ടി​ക്കാ​ന​റി​ഞ്ഞു​കൂ​ടാ. അദ്ദേ​ഹം ശു​ഷ്ക​പ്ര​സ്താ​വ​ങ്ങൾ ഒരു​മി​ച്ചു കൂ​ട്ടി അതിനെ കഥ​യെ​ന്നു് വി​ളി​ക്കു​ന്നു.

സ്പർ​ശ​ത്തി​നു വേ​ണ്ടി
images/Kafka.jpg
കാ​ഫ്കാ

അയാൾ കു​പ്ര​സി​ദ്ധ​നായ സ്ത്രീ​ജി​ത​നാ​ണു്. സു​ന്ദ​രി ആയി​രി​ക്ക​ണ​മെ​ന്നി​ല്ല. ഒരു കമ്പിൽ സാരി ചു​റ്റി അയാ​ളു​ടെ മുൻ​പിൽ വച്ചാൽ മതി. അതിനെ നോ​ക്കി ചാളുവ (ഉമി​നീ​രു്, ഗ്രാ​മ്യ​പ്ര​യോ​ഗം) ഒഴു​ക്കി​ക്കൊ​ണ്ടി​രി​ക്കും. ഒരി​ക്കൽ അയാ​ളു​മൊ​രു​മി​ച്ചു് ഒരു മീ​റ്റി​ങ്ങി​നു പോ​കാ​നു​ള്ള ദൗർ​ഭാ​ഗ്യം എനി​ക്കു​ണ്ടാ​യി. കാണാൻ കൊ​ള്ളാ​വു​ന്ന ഒരു ചെ​റു​പ്പ​ക്കാ​രി​യു​മു​ണ്ടാ​യി​രു​ന്നു. സ്ത്രീ​ജി​തൻ അധ്യ​ക്ഷ​നാ​യി​രു​ന്നു. ഞാൻ പതി​നാ​യി​രം തവണ കേട്ട അയാ​ളു​ടെ പ്ര​സം​ഗം പതി​നാ​യി​ര​ത്തി ഒന്നാ​മ​ത്തെ തവണ അന്നും കേ​ട്ടു. ഞാൻ പ്ര​ഭാ​ഷ​ണ​ത്തി​നു് എഴു​ന്നേ​റ്റൂ. എന്റെ ദോഷം കൂ​ട​ക്കൂ​ടെ ശ്ലോ​ക​മോ ദ്രാ​വി​ഡ​വൃ​ത്ത​ത്തി​ലു​ള്ള വല്ല പദ്യ​മോ ചൊ​ല്ലു​മെ​ന്ന​താ​ണു്. അതിനെ ഡോ​ക്ടർ രാഘവൻ പിള്ള സദൃ​ശ​മാ​ക്കി​ക്ക​ല്പി​ച്ച​തു് പൊ​ലീ​സു​കാ​രൻ പു​ള്ളി​യെ ഇടി​ക്കു​ന്ന​തി​നോ​ടാ​ണു്. ഇടി​യേ​റ്റു് പു​ള്ളി ബോധം കെ​ടു​മ്പോൾ അയാൾ​ക്കു വെ​ള്ളം കൊ​ടു​ക്കും. ബോ​ധ​ക്കേ​ടു് മാ​റു​മ്പോൾ പി​ന്നെ​യും ഇടി. എന്റെ പ്ര​ഭാ​ഷ​ണ​ത്തി​ലെ ഗദ്യ​ഭാ​ഗം ഇടി​ക്കു തു​ല്യം. ഇടി​യേ​റ്റു് ശ്രോ​താ​ക്കൾ ബോധം കെ​ടു​മ്പോൾ ശ്ലോ​കം ചൊ​ല്ലൽ എന്ന വെ​ള്ളം കൊ​ടു​ക്കൽ. ഈ രീതി എനി​ക്കു മാ​റ്റാൻ കഴി​യി​ല്ല. അന്നും ഞാൻ കവി​ത​കൾ ചൊ​ല്ലി​യാ​ണു് പ്ര​സം​ഗി​ച്ച​തു്. ഇരു​ന്നു കഴി​ഞ്ഞ​യു​ട​നെ എന്റെ തൊ​ട്ട​ടു​ത്തി​രു​ന്ന യു​വ​തി​യോ​ടു് “എന്റെ പ്ര​സം​ഗ​മെ​ങ്ങ​നെ ഇഫ​ക്ടീ​വാ​യോ?” എന്നു ചോ​ദി​ച്ചു. ഇതു് എന്റെ ദൗർ​ബ്ബ​ല്യ​മാ​ണു്. ആ ദൗർ​ബ്ബ​ല്യ​ത്തി​നു് ശ്രീ​മ​തി ഇഫ​ക്ടീ​വായ മറു​പ​ടി തന്നു. “സാറു് ഇട​യ്ക്കി​ടെ പാ​ട്ടു് എന്ന മട്ടിൽ പരു​ക്ക​നാ​യി കവിത ചൊ​ല്ലി​യി​ല്ലേ? അതു​കേ​ട്ടു് സദ​സ്സി​ലു​ള്ള​വർ മി​ണ്ടാ​തി​രു​ന്നു.” ഞാൻ പി​ന്നെ മി​ണ്ടി​യ​തേ​യി​ല്ല. മീ​റ്റി​ങ് തീർ​ന്നു. കാറിൽ യാ​ത്ര​യാ​യി. സ്ത്രീ​ജി​ത​നു് വഴി​യിൽ ഇറ​ങ്ങ​ണം. അയാൾ ഇറ​ങ്ങി​യ​പ്പോൾ ശ്രീ​മ​തി​യും മര്യാ​ദ​യു​ടെ പേ​രി​ലാ​വ​ണം റോ​ഡി​ലേ​ക്കു് ഇറ​ങ്ങി. സ്ത്രീ​ജി​തൻ വി​ദ്യു​ച്ഛ​ക്തി വി​ള​ക്കി​ല്ലാ​ത്ത ആ പ്ര​ദേ​ശ​ത്തു​വ​ച്ചു് അവ​ളെ​യ​ങ്ങു കെ​ട്ടി​പ്പി​ടി​ച്ചു. ചും​ബി​ച്ചി​ല്ല എന്നാ​ണു് എനി​ക്കു തോ​ന്നി​യ​തു്. ആ ആശ്ലേ​ഷ​സു​ഖ​ത്തിൽ അവൾ കാ​റി​ലേ​ക്കു കയറി. കയ​റി​യ​തേ​യു​ള്ളു “സാർ സാ​റി​ന്റെ പ്ര​സം​ഗം ഒന്നാ​ന്ത​ര​മാ​യി. ചൊ​ല്ലിയ കവി​ത​കൾ ഭേഷ്. സാറു് പാ​ട്ടു പഠി​ച്ചി​ട്ടു​ണ്ടോ” എന്നൊ​ക്കെ എന്നോ​ടു പറ​ഞ്ഞു. നേ​ര​ത്തേ എന്നെ അപ​മാ​നി​ച്ച​വ​ളാ​ണു്. ആലിം​ഗ​നം കണ്ടു​പോ​യി​ല്ലേ ഞാൻ. അതു​കൊ​ണ്ടു​ള്ള മധു​ര​വർ​ത്ത​മാ​ന​മാ​യി​രു​ന്നു അതു്. കാർ ശ്രീ​മ​തി​യു​ടെ വീ​ട്ടി​ന്റെ നടയിൽ വന്നു​നി​ന്നു. “സാർ വീ​ട്ടിൽ കയ​റി​യി​ട്ടു പോകാം” എന്നു് എന്നെ തേ​നൊ​ഴു​കു​ന്ന ഭാ​ഷ​യിൽ ക്ഷ​ണി​ച്ചു. ഞാന് മറു​പ​ടി​യൊ​ന്നും പറ​യാ​തെ ഡ്രൈ​വ​റെ ഒന്നു തോ​ണ്ടി “കാറ് വീടു്” എന്നു് ആജ്ഞാ​പി​ച്ചു. അയാൾ കാറ് വി​ട്ടു. യുവതി തല​കു​നി​ച്ചു് സ്വ​ന്തം വീ​ട്ടി​ലേ​യ്ക്കു കയ​റി​പ്പോ​വു​ക​യും ചെ​യ്തു.

ദൗർ​ഭാ​ഗ്യം ഒറ്റ​യ്ക്ക​ല്ല വരു​ന്ന​തു്. അടി​ക്ക​ടി വരു​മ​തു്. മു​ക​ളി​ലെ​ഴു​തിയ സംഭവം കഴി​ഞ്ഞി​ട്ടു് ഒരു മാ​സ​മാ​യി​ല്ല. അതിനു മുൻ​പു് എനി​ക്കു് ആ സ്ത്രീ​ജി​ത​നോ​ടൊ​രു​മി​ച്ചു് അങ്ങു വട​ക്കൊ​രി​ട​ത്തു് ഒരു സ്ഥാ​പ​ന​ത്തി​ലെ വാർ​ഷി​കാ​ഘോ​ഷ​ങ്ങ​ളിൽ പങ്കു​കൊ​ള്ളേ​ണ്ട​താ​യി വന്നു. രണ്ടു​നി​ല​ക്കെ​ട്ടി​ടം, മു​ക​ളി​ല​ത്തെ ഹോ​ളി​ലാ​ണു് മീ​റ്റി​ങ്. പ്ര​വർ​ത്ത​കർ വന്നു വി​ളി​ച്ച​പ്പോൾ ഞാനും അയാ​ളും എഴു​ന്നേ​റ്റു. അപ്പോൾ അവി​ട​ത്തെ ഒര​ധ്യാ​പിക സ്ത്രീ​ജി​ത​നെ സമീ​പി​ച്ചു് “സാർ എന്റെ സഹായം വേണോ കോ​ണി​പ്പ​ടി കയറാൻ?” എന്നു ചോ​ദി​ച്ചു. “വേണം” എന്നു ദയ​നീ​യ​സ്വ​ര​ത്തിൽ അയാ​ളു​ടെ മറു​പ​ടി. അവൾ അയാ​ളു​ടെ കൈ​ക്കു പി​ടി​ച്ചു പ്രാ​ഞ്ചി​പ്രാ​ഞ്ചി സ്ത്രീ​ജി​തൻ നട​ക്കു​ക​യാ​ണു്. കോ​ണി​പ്പ​ടി കയ​റി​യ​പ്പോൾ അയാൾ അധ്യാ​പി​ക​യെ അങ്ങു് പു​ണർ​ന്നു. അവ​ളു​ടെ മു​തു​കിൽ വച്ച കൈ കൂ​ട​ക്കൂ​ടെ പൃ​ഥു​ല​നി​തം​ബ​ത്തി​ലേ​ക്കു പോരും. ഇങ്ങ​നെ മെ​ല്ലെ​ക്ക​യ​റി—വളരെ മെ​ല്ലെ​യാ​ണേ—അവർ രണ്ടു​പേ​രും ഹോ​ളി​ലെ​ത്തി. യു​വാ​വി​നു പോ​ലു​മി​ല്ലാ​ത്ത ഊർ​ജ്ജ​ത്തോ​ടെ അയാൾ പ്ര​സം​ഗി​ച്ചു. മീ​റ്റി​ങ് കഴി​ഞ്ഞ​പ്പോൾ അയാൾ കസേ​ര​യിൽ അവ​ശ​നാ​യി വീണു. നാ​ട്യം. “വെ​ള്ളം വേണോ സാർ” എന്നു് സം​ഘാ​ട​ക​രിൽ ഒരു​ത്ത​ന്റെ ഓണ​സ്റ്റായ ചോ​ദ്യം. “വേണ്ട” എന്നു​ത്ത​രം. അയാൾ​ക്കു വേ​ണ്ട​തു് ആ അധ്യാ​പി​ക​യു​ടെ സു​ഖ​സ്പർ​ശ​മാ​ണു്. അവൾ വന്നു. സ്ത്രീ​ജി​തൻ വീ​ണ്ടും കെ​ട്ടി​പ്പി​ടി​ത്തം നട​ത്തി. കോ​ണി​പ്പ​ടി ഇറ​ങ്ങു​മ്പോൾ അയാ​ളു​ടെ കരതലം അവ​ളു​ടെ നി​തം​ബ​ത്തി​ന്റെ ഔന്ന​ത്യ​വും മാം​സ​ള​ത്വ​വു​മ​റി​ഞ്ഞു. കാറിൽ കയറിയ ഞങ്ങൾ കൊ​ല്ല​ത്തെ​ത്തി​യ​പ്പോൾ ഒരു ചാ​യ​ക്ക​ട​യു​ടെ മുൻ​പിൽ നി​ന്നു. റോഡിൽ നി​ന്നു് ചാ​യ​ക്ക​ട​യി​ലേ​ക്കു അര ഫർ​ലോ​ങ് നട​ക്ക​ണം. ദുർ​ബ്ബ​ല​നാ​യി നേ​ര​ത്തേ നടി​ച്ച സ്ത്രീ​ജി​തൻ കു​തി​ര​ക്കു​ട്ടി​യെ​പ്പോ​ലെ ഞങ്ങ​ളു​ടെ കൂടെ നട​ന്നു. ഞാൻ രണ്ടു പൂരി തി​ന്ന​പ്പോൾ അയാൾ നാലു പൂരി അക​ത്താ​ക്കി.

images/albert-camus.jpg
കമ്യൂ

പെ​ണ്ണി​ന്റെ സ്പർ​ശം ആഹ്ലാ​ദ​ജ​ന​ക​മാ​ണെ​ന്നു് ഫ്ര​ഞ്ചെ​ഴു​ത്തു​കാ​രൻ കമ്യൂ വും പറ​ഞ്ഞി​ട്ടു​ണ്ടു്. പൂ​വി​ന്റെ സ്പർ​ശം ചെ​റു​പ്പ​ക്കാ​രി​യായ സു​ന്ദ​രി​യു​ടെ സ്പർ​ശം ഇവ പു​രു​ഷ​നെ ആഹ്ലാ​ദ​ത്തി​ന്റെ നീർ​ക്ക​യ​ത്തി​ലേ​ക്കു് എറി​യും എന്നാ​ണു് കമ്യൂ എഴു​തി​യ​തു്. ഈ മധു​ര​സ്പർ​ശ​ത്തി​നു വഴി​യി​ല്ലാ​ത്ത​വർ മല​യാ​ളം വാ​രി​ക​യി​ലെ ‘കാ​നാ​നി​ലെ സു​ന്ദ​രി’ എന്ന കഥ വാ​യി​ച്ചാൽ മതി. കാ​മോ​ത്സു​ക​ത​യു​ടെ അനു​ഭൂ​തി​യു​ണ്ടാ​കും. അല്ലാ​തെ സാ​ഹി​ത്യാ​സ്വാ​ദ​ന​ത്തി​നു വേ​ണ്ടി വാ​യി​ക്കേ​ണ്ട​തി​ല്ല. ഒരു സു​ന്ദ​രി​യു​ടെ സാ​മീ​പ്യ​ത്തി​നും സ്പർ​ശ​ത്തി​നും വേ​ണ്ടി ഒരു പൊ​ലീ​സു​കാ​ര​ന്റെ കൊ​തി​യെ വർ​ണ്ണി​ക്കു​ന്ന ഈ രചന കഥാ രചന എത്ര പ്ര​യാ​സ​മു​ള്ള പ്ര​ക്രി​യ​യാ​ണെ​ന്നു് നമ്മ​ളെ ഓർ​മ്മി​പ്പി​ക്കു​ന്നു. ഒരു പോ​യി​ന്റു​മി​ല്ലാ​തെ സെ​ക്സ് എഴു​തു​ന്ന​വർ​ക്കു് ഇതു പ്ര​യാ​സ​ര​ഹി​ത​മായ പ്ര​ക്രി​യ​യാ​ണെ​ന്ന സത്യം അനു​വാ​ച​ക​രെ ഗ്ര​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

നി​രീ​ക്ഷ​ണ​ങ്ങൾ

1. ഗെ​റ്റേ യുടെ ഏതോ ഗദ്യ​ഗ്ര​ന്ഥ​ത്തിൽ ഞാൻ വാ​യി​ച്ച​താ​ണി​തു്. എഴു​ത്തു​കാ​രൻ അർ​ദ്ധ​രാ​ത്രി​യിൽ ഉറ​ക്ക​ത്തിൽ നി​ന്നെ​ഴു​ന്നേ​റ്റു് കി​ട​ക്ക​യി​ലി​രു​ന്നു കര​യു​ന്നു. കാരണം ചോ​ദി​ച്ച​പ്പോൾ എഴു​ത്തു​കാ​ര​നെ​ന്ന നി​ല​യിൽ തനി​ക്കൊ​ന്നും നേടാൻ കഴി​ഞ്ഞി​ല്ലെ​ന്നും അതു​കൊ​ണ്ടാ​ണു് കര​യു​ന്ന​തെ​ന്നും മറു​പ​ടി പറ​ഞ്ഞു​വ​ത്രെ. നമ്മു​ടെ എഴു​ത്തു​കാർ​ക്കു് ഇങ്ങ​നെ കര​യേ​ണ്ട​താ​യി വരി​ല്ല. തങ്ങൾ മഹാ​ക​വി​ക​ളാ​ണെ​ന്നും മഹാ​നോ​വ​ലി​സ്റ്റു​ക​ളാ​ണെ​ന്നും അവർ വി​ശ്വ​സി​ച്ചു കൊ​ണ്ടാ​ണു് രാ​ത്രി​യിൽ ഉറ​ങ്ങാൻ കി​ട​ക്കു​ന്ന​തു്. അവർ പ്ര​ഭാ​ഷ​ണ​ങ്ങ​ളിൽ പറ​യു​ന്ന ‘കോ​മൺ​പ്ലെ​യ്സാ’യ ആശ​യ​ങ്ങൾ പത്ര​ക്കാർ സൗ​ജ​ന്യ​മാ​ധു​ര്യ​ത്തോ​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും വലിയ അക്ഷ​ര​ങ്ങ​ളിൽ. കാ​ല​ത്തു് ഉറ​ക്ക​മെ​ഴു​ന്നേ​റ്റു് പത്ര​ങ്ങൾ കണ്ണു തി​രു​മ്മി വാ​യി​ക്കു​ന്ന കവി അല്ലെ​ങ്കിൽ നോ​വ​ലി​സ്റ്റ് ‘എനി​ക്കി​ത്ര മഹ​ത്ത്വം പത്രം കല്പി​ക്കു​ന്ന​ല്ലോ. ഞാൻ ജീ​നി​യ​സ് തന്നെ’ എന്ന വി​ശ്വാ​സ​ത്തോ​ടെ മധു​ര​പ്പു​ഞ്ചി​രി​യോ​ടു​കൂ​ടി നട​ക്കും. ബഹു​ജ​ന​വും പത്ര​ങ്ങ​ളി​ലെ വെ​ണ്ട​യ്ക്കു അക്ഷ​ര​ങ്ങൾ കണ്ടു് ഇയാൾ മഹാ​ക​വി തന്നെ, മഹാ നോ​വ​ലി​സ്റ്റ് തന്നെ എന്ന ഇല്യൂ​ഷ​നു വി​ധേ​യ​രാ​കു​ന്നു. എനി​ക്കു ബഹു​ജ​ന​ത്തോ​ടു പറ​യാ​നു​ള്ള​തു് ഇത​ത്രേ. “പത്ര​ത്തിൽ വരു​ന്ന വലിയ തല​ക്കെ​ട്ടു​കൾ നി​ങ്ങ​ളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്ക​ട്ടെ. രാ​ത്രി കി​ട​ക്ക​യിൽ എഴു​ന്നേ​റ്റ​രു​ന്നു് കര​യു​ന്ന എഴു​ത്തു​കാ​ര​നാ​ണു് യഥാർ​ത്ഥ​ത്തിൽ എഴു​ത്തു​കാ​രൻ.”

2. എന്റെ വീ​ട്ടി​ന്റെ മുൻ​വ​ശ​ത്തു് ഒരു വലിയ തെ​ങ്ങു് ആപ​ത്തു​ണ്ടാ​ക്കു​ന്ന രീ​തി​യിൽ വള​ഞ്ഞു നി​ന്നി​രു​ന്നു. കാ​ഫ​ല​മേ​റിയ ആ മരം മു​റി​ച്ചു​ക​ള​യാൻ വീ​ട്ടു​കാർ​ക്കി​ഷ്ട​മി​ല്ല. എങ്കി​ലും എന്റെ നിർ​ബ്ബ​ന്ധം കാരണം അതു മു​റി​ക്ക​പ്പെ​ട്ടു. മു​റി​ക്കു​മ്പോൾ അതു കെ​ട്ടി​ട​ത്തിൽ വീ​ഴു​മെ​ന്നാ​യി​രു​ന്നു എന്റെ പേടി. പക്ഷേ, ആ പേ​ടി​യിൽ അർ​ത്ഥ​മി​ല്ല. ഓരോ മരം മു​റി​പ്പു​കാ​ര​നും വി​ദ​ഗ്ദ്ധ​നാ​ണു്. ഒരു ഓല പോലും കെ​ട്ടി​ട​ത്തിൽ വീ​ഴാ​തെ മരം മു​റി​ക്കു​ന്ന​വർ തെ​ങ്ങു മു​റി​ച്ചു മാ​റ്റി. എല്ലാ മരം മു​റി​പ്പു​കാ​രും ഇമ്മ​ട്ടിൽ വി​ദ​ഗ്ദ്ധ​രാ​ണു്. ചില വി​മർ​ശ​കർ ഈ മരം മു​റി​പ്പു​കാ​രെ​പ്പോ​ലെ​യാ​ണു്. അവർ അഭി​ന​ന്ദ​നാർ​ഹ​മായ വി​ധ​ത്തിൽ എഴു​ത്തു​കാ​രൻ എന്ന മരം മു​റി​ച്ചു മാ​റ്റം. ഇങ്ങ​നെ പ്ര​വർ​ത്തി​ക്കു​ന്ന വി​മർ​ശ​കർ നമു​ക്കു​ണ്ടോ? ഇല്ല. റ്റി. എസ്. എല്യ​റ്റ് പ്ര​ഗ​ല്ഭ​നായ വൃ​ക്ഷ​ഹ​ന്താ​വാ​ണു്. സ്വിൻ​ബേൺ എന്ന വന്മ​ര​ത്തെ എത്ര വി​ദ​ഗ്ധ​മാ​യി അദ്ദേ​ഹം സാ​ഹി​ത്യ​ഭൂ​മി​യിൽ നി​ന്നു് മു​റി​ച്ചു​മാ​റ്റി. ഉള്ളൂ​രി​നെ​യും വള്ള​ത്തോ​ളി​നെ​യും മു​റി​ക്കാൻ ചെന്ന മു​ണ്ട​ശ്ശേ​രി ആ കൃ​ത്യം ഭം​ഗി​യാ​യി അനു​ഷ്ഠി​ച്ചി​ല്ല. ‘രക്ത​ചം​ക്ര​മ​ണ​വും ഹൃ​ദ​യ​സ്പ​ന്ദ​വും അവി​ഭ​ക്ത​ങ്ങ​ളാ​ണെ​ങ്കിൽ ഉള്ളൂർ കവി​യ​ല്ല’ എന്നെ​ഴു​തിയ സി. നാ​രാ​യ​ണ​പി​ള്ള ആ മര​ത്തിൽ വെ​ട്ടു​കൾ ഏല്പി​ച്ച​തേ​യു​ള്ളു. വൃ​ക്ഷം മു​റി​ഞ്ഞു താഴെ വീ​ണി​ല്ല. വി​ദ​ഗ്ദ്ധ​രായ മരം മു​റി​പ്പു​കാർ നമു​ക്കു വേണം. ആപ​ത്തു​ണ്ടാ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളെ വെ​ട്ടി മാ​റ്റാ​നും സാ​ഹി​ത്യ​ഭൂ​മി​യിൽ നി​ന്നു് വലിയ മര​ങ്ങ​ളെ വീ​ഴ്ത്താ​നും.

പുതിയ പു​സ്ത​കം
images/norton-anthology.jpg
The Norton Anthology of Theory and Criticism

ഗ്ര​ന്ഥ​പ്ര​സാ​ധ​ന​ത്തിൽ നി​സ്തു​ലാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു ന്യൂ​യോർ​ക്കി​ലെ W. W. Norton and Company. അവ​രു​ടെ ‘The Norton Anthology of Theory and Criticism’ എന്ന ഗ്ര​ന്ഥം നോ​ക്കുക. നി​സ്തു​ലാ​വ​സ്ഥ എന്നു ഞാൻ പറ​ഞ്ഞ​തു ശരി​യാ​ണെ​ന്നു കരു​തും വാ​യ​ന​ക്കാർ. തീർ​ച്ച​യാ​ണ​തു്. സാ​ഹി​ത്യ​സി​ദ്ധാ​ന്ത​ത്തി​ന്റെ പരി​ധി​ക​ളെ വി​ക​സി​പ്പി​ച്ച നൂ​റ്റ​മ്പ​തോ​ളം മഹാ​ന്മാ​രു​ടെ രച​ന​ക​ളു​ടെ സമാ​ഹാ​ര​മാ​ണു് ഈ ഗ്ര​ന്ഥം. ഓരോ രച​ന​യ്ക്കും ആമു​ഖ​മാ​യി പ്ര​സാ​ധ​കർ നല്കു​ന്ന ദീർ​ഘ​പ്ര​ബ​ന്ധം​ത​ന്നെ വി​ദ്വ​ജ്ജ​നോ​ചി​ത​മാ​ണു്. ഞാൻ പ്രാ​ചീ​ന​രായ മഹാ​ന്മാ​രെ വി​ട്ടി​ട്ടു് ആധു​നി​ക​രായ ധി​ഷ​ണാ​ശാ​ലി​ക​ളെ​ക്കു​റി​ച്ചു് മാ​ത്രം പറ​യു​ക​യാ​ണു്. സാം​സ്കാ​രി​ക​പ​ഠ​ന​ങ്ങ​ളിൽ ബാർത്, ബൻ​യ​മിൻ, ഫൂ​ക്കോ, ഗ്രാം​ഷി, സെ​യ്ദ് ഇങ്ങ​നെ പല​രു​ടെ​യും രചനകൾ ഇതിൽ വാ​യി​ക്കാം. പോ​സ്റ്റ് സ്റ്റ്ര​ക്ച​റ​ലി​സ​ത്തിൽ ദെറീദ, ഏലൻ സീസു, ക്രി​സ്തേവ ഈ ധി​ഷ​ണാ​ശാ​ലി​കൾ തങ്ങ​ളു​ടെ രച​ന​കൾ​കൊ​ണ്ടു് നമു​ക്കു് മസ്തി​ഷ്ക​ത്തോ​ടു ബന്ധ​പ്പെ​ട്ട ആഹ്ലാ​ദം നല്കു​ന്നു. ലൂ​ക്കാ​ച്ച്, ട്രോ​ഡ്സ്കി, ആഡോർ​നോ ഈ ചി​ന്ത​കർ മാർ​ക്സി​സ്റ്റ് വീ​ക്ഷ​ണ​ഗ​തി വി​ശ​ദീ​ക​രി​ക്കു​ന്നു. മാ​ന​സി​കാ​പ​ഗ്ര​ഥ​ന​ത്തിൽ ഹാ​രോൾ​ഡ് ബ്ലൂം, ഫ്രോ​യി​റ്റ്, ലകാങ് ഇവ​രാ​ണു് പണ്ഡി​തോ​ചി​ത​ങ്ങ​ളായ പ്ര​ബ​ന്ധ​ങ്ങ​ളാൽ നമ്മ​ളെ ഉദ്ബു​ദ്ധ​രാ​ക്കു​ന്ന​തു്. നാടകം, നോവൽ, കവിത ഇവ​യെ​ക്കു​റി​ച്ചാ​ണോ വാ​യ​ന​ക്കാർ​ക്കു് അറി​യേ​ണ്ട​തു്. മഹാ​ന്മാ​രും മഹ​തി​ക​ളും ആ അറിവു പകരും ഉജ്ജ്വ​ല​ങ്ങ​ളായ പ്ര​തി​പാ​ദ​ന​ങ്ങ​ളി​ലൂ​ടെ. മഹാ​ഭാ​ര​ത​ത്തിൽ ഇല്ലാ​ത്ത​താ​യി വേ​റൊ​ന്നു​മി​ല്ല ഒരി​ട​ത്തു​മെ​ന്നു് പറ​യാ​റു​ണ്ട​ല്ലോ. സാ​ഹി​ത്യ​സി​ദ്ധാ​ന്ത​ങ്ങ​ളെ​ക്കു​റി​ച്ചു് ഈ ഗ്ര​ന്ഥ​ത്തിൽ ഇല്ലാ​ത്ത​തു് ആയി വേ​റൊ​ന്നും ഒരി​ട​ത്തും കാ​ണു​കി​ല്ല (പു​റ​ങ്ങൾ 2624, വില 995 രൂപ).

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2001-12-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: S Sreeja; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.