SFNസായാഹ്ന ഫൌണ്ടേഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(സമ​കാ​ലി​ക​മ​ല​യാ​ളം വാരിക, 2002-01-11-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

“ഉത്സാ​ഹോ രി​പു​വർ മി​ത്രം

ആല​സ്യം മി​ത്ര​വ​ദ് രിപുഃ

അമൃതം വി​ഷ്വ​ദ് വി​ദ്യാ

ഽമൃ​ത​വ​ദ് വി​ഷ​മം​ഗ​നാ”

ഉത്സാ​ഹം ശത്രു​ത​യാ​യി തോ​ന്നു​മെ​ങ്കി​ലും സ്നേ​ഹി​ത​നെ പോ​ലെ​യാ​ണു്. ആല​സ്യം സ്നേ​ഹി​ത​നെ​പ്പോ​ലെ തോ​ന്നും. പക്ഷേ, അതു ശത്രു​വാ​ണു്. വിദ്യ വി​ഷ​സ​ദൃ​ശ്യ​മാ​യി അനു​ഭ​വ​പ്പെ​ടു​മെ​ങ്കി​ലും അമൃ​ത​മാ​ണു്. സ്ത്രീ​കൾ വി​ഷ​മാ​ണു്. പക്ഷേ, അവർ അമൃതം പോ​ലെ​യാ​ണു്. വനിതാ ഽമൃ​ത​വ​ദ് വിഷം എന്നു് വേ​റൊ​രു കവി. (ഉത്സാ​ഹം = കാ​ര്യ​വി​ഷ​യ​ക​മായ ഉദ്യ​മം. ആല​സ്യം = മടി.)

പു​രു​ഷ​നെ​ഴു​തിയ കാ​വ്യ​മാ​ണി​തെ​ന്നു് സ്പ​ഷ്ടം. അതി​നാ​ലാ​ണു് സ്ത്രീ​കൾ വി​ഷ​മാ​ണെ​ങ്കി​ലും അമൃ​ത​മാ​ണു് എന്ന സാ​മാ​ന്യ​ക​ര​ണം.

images/Montaigne.jpg
മൊൺ​ടെ​യിൽ

പ്രാ​ചീന ഭാ​ര​ത​ത്തിൽ അഗ​ദ​ത​ന്ത്ര​കാ​രൻ (അഗ​ദ​ത​ന്ത്രം = antidote) കൊ​ട്ടാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. രാ​ജാ​വി​നെ ആരും വിഷം കൊ​ടു​ത്തു കൊ​ല്ലാ​തി​രി​ക്കുക എന്ന​തു നോ​ക്കു​ക​യാ​ണു് അയാ​ളു​ടെ ജോലി. എങ്കി​ലും വി​ഷ​ക​ന്യ​ക​മാ​രെ അയ​ച്ചു ശത്രു​ക്കൾ രാ​ജാ​ക്ക​ന്മാ​രെ നി​ഗ്ര​ഹി​ച്ചി​രു​ന്നു. ജനി​ച്ച പെൺ​കു​ഞ്ഞു് സൗ​ന്ദ​ര്യ​മു​ള്ള​താ​ണെ​ന്നു കണ്ടാൽ അല്പ​മാ​യി വിഷം കൊ​ടു​ക്കും. വി​ഷ​മു​ള്ള ഇഴ​ജ​ന്തു​ക്ക​ളു​ടെ മാംസം, വി​ഷ​മ​യ​മായ സസ്യ​ങ്ങൾ ഇവ കു​ഞ്ഞി​നു് കു​റ​ച്ചു കു​റ​ച്ചാ​യി നല്കാം. അങ്ങ​നെ വി​ഷ​ത്തി​ന്റെ അതി​പൂ​രിത സ്വ​ഭാ​വം പെൺ​കു​ട്ടി​ക്കു വന്നാൽ, അവൾ​ക്കു കന്യ​കാ​ത്വം ഇല്ലാ​തെ​യാ​യാൽ ശത്രു​രാ​ജാ​വി​ന്റെ കൂടെ വേ​ഴ്ച​യ്ക്കു് അയ​യ്ക്കും. വേഴ്ച വേണ്ട. രാ​ജാ​വു് കാ​മ​മോ​ഹി​ത​യാ​യി അവളെ ആലിം​ഗ​നം ചെ​യ്യു​ക​യേ വേ​ണ്ടൂ. അയാൾ ചത്തു വീഴും. അലി​ഗ്സാ​ണ്ടർ ചക്ര​വർ​ത്തി ഇന്ത്യ​യി​ലെ​ത്തി​യ​പ്പോൾ ഇവി​ടെ​ത്തെ രാ​ജാ​വു് അദ്ദേ​ഹ​ത്തി​ന്റെ കൂ​ടാ​ര​ത്തിൽ ഒരു വി​ഷ​ക​ന്യ​ക​യെ അയ​ച്ചു കൊ​ടു​ത്തു​വെ​ന്നും അവൾ ആരെ​ന്നു് മന​സ്സി​ലാ​ക്കി ചക്ര​വർ​ത്തി​യു​ടെ അം​ഗ​ര​ക്ഷ​കൻ അവളെ കൊ​ന്നു കള​ഞ്ഞെ​ന്നും ഞാൻ ‘Poison Damsels’എന്ന പു​സ്ത​ക​ത്തിൽ നി​ന്നു മന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടു്. പല ഭാ​ഗ​ങ്ങ​ളാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തിയ കഥാ​സ​രി​തു് സാ​ഗ​ര​ത്തിൽ അനു​ബ​ന്ധ​മാ​യി ഈ പ്ര​ബ​ന്ധം ചേർ​ത്തി​ട്ടു​ള്ള​തു് ഞാൻ കണ്ടി​ട്ടു​മു​ണ്ടു്. കന്നാ​യി​രി​ക്കു​മ്പോൾ അതിനെ ദി​വ​സ​വും എടു​ത്തു​യർ​ത്തിയ ഒരു സ്ത്രീ അതു പശു​വാ​യി മാ​റി​യ​പ്പോ​ഴും അനാ​യാ​സ​മാ​യി പൊ​ക്കി​യെ​ടു​ക്കു​മാ​യി​രു​ന്നു​വെ​ന്നു് ഫ്ര​ഞ്ചെ​ഴു​ത്തു​കാ​രൻ മൊൺ​ടെ​യിൻ (Montaigne—ഫ്ര​ഞ്ച് ഉച്ചാ​ര​ണം വി​ഭി​ന്നം) എഴു​തി​യ​തു് ഞാൻ വാ​യി​ച്ചി​ട്ടു​ണ്ടു്. തെ​റ്റി​ദ്ധാ​ര​ണ​യു​ടെ ലോകം, യഥാർ​ത്ഥ്യ​ത്തി​ന്റെ ലോകം ഇവ തമ്മിൽ വി​ഭി​ന്ന​ത​യി​ല്ല ചി​ലർ​ക്കു്. ആറ്റൂർ രവി​വർ​മ്മ യ്ക്കു് കേ​ന്ദ്ര സാ​ഹി​ത്യ അക്കാ​ഡ​മി​യു​ടെ സമ്മാ​നം കി​ട്ടി​യെ​ന്നു് പത്ര​ത്തിൽ കണ്ട​പ്പോൾ എന്റെ മന​സ്സി​ലൂ​ടെ കട​ന്നു​പോയ വി​ചാ​ര​ങ്ങ​ളാ​ണു് ഇവ. കു​ഞ്ഞാ​യി​രി​ക്കു​മ്പോൾ തന്നെ രണ്ടു വരി രവി​വർ​മ്മ​ക്ക​വിത അതി​ന്റെ കാ​തി​ലോ​ത​ണം. അങ്ങ​നെ ദിവസം തോറും രണ്ടു വരി. ക്ര​മേണ വരികൾ ഏറ്റു​ക്കൊ​ണ്ടു വന്നി​ട്ടു് ഒരു രവി​വർ​മ്മ​ക്ക​വിത സമ്പൂർ​ണ്ണ​മാ​യി കു​ട്ടി​യെ പഠി​പ്പി​ക്ക​ണം അപ്പോൾ ‘ഇമ്യൂ​ണൈ​സേ​ഷൻ’ (immunization = രോഗം വരാ​ത്ത അവസ്ഥ) പ്രാ​യം ചെന്ന അവനോ അവൾ​ക്കോ ഉണ്ടാ​കും. ആറ്റൂർ രവി​വർ​മ്മ​യെ​ക്കാൾ പ്രാ​യം വള​രെ​ക്കൂ​ടിയ ആളാ​ണു് ഞാൻ. അതു​കൊ​ണ്ടു് എന്റെ കു​ട്ടി​ക്കാ​ല​ത്തു് ജനി​ച്ചി​ട്ടു പോ​ലു​മി​ല്ലാ​ത്ത രവി​വർ​മ്മ​യു​ടെ കവി​ത​യി​ലെ രണ്ടു വരികൾ അച്ഛ​ന​മ്മ​മാർ​ക്കു ദി​വ​സ​വും എന്റെ കാ​തി​ല​ടി​ച്ചു കയ​റ്റാൻ സാ​ധി​ക്കു​മോ? ഹത​ഭാ​ഗ്യൻ ഞാൻ. അതി​നാൽ ഈ കേ​ന്ദ്ര സാ​ഹി​ത്യ അക്കാ​ഡ​മി എവോർ​ഡി​ന്റെ വാർ​ത്ത എന്നെ വല്ലാ​തെ ഞെ​ട്ടി​ച്ചു കള​ഞ്ഞു. ഭഗ​വാ​നേ, സച്ചി​ദാ​ന​ന്ദാ, ഗു​രു​വാ​യൂ​ര​പ്പാ, എനി​ക്കു ഇമ്മ്യൂ​ണി​റ്റി നല്ക​ണേ.

ചോ​ദ്യം, ഉത്ത​രം

ചോ​ദ്യം: ആരോ​ഗ്യ​പ​രി​പാ​ല​നം ജീ​വി​ത​വ്ര​ത​മാ​യി സ്വീ​ക​രി​ച്ചു കഴി​യു​ന്ന​വ​രെ​ക്കു​റി​ച്ചു് എന്താ​ണു് അഭി​പ്രാ​യം?

ഉത്ത​രം: വെൺ​കു​ളം പര​മേ​ശ്വ​രൻ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ന്റെ പ്രിൻ​സി​പ്പൽ ആയി​രു​ന്ന നാ​രാ​യ​ണ​പി​ള്ള സാ​റി​ന്റെ മുൻ​പിൽ യോ​ഗ​മു​റ​കൾ കാ​ണി​ക്കു​ക​യും നൂറു വയ​സ്സു​വ​രെ ജീ​വി​ക്കാ​നു​ള്ള മാർ​ഗ്ഗ​ങ്ങൾ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. ഉപ​സം​ഹാര പ്ര​ഭാ​ഷ​ണ​ത്തിൽ നാ​രാ​യ​ണ​പി​ള്ള സാർ ചോ​ദ്യ​ങ്ങൾ സ്വയം ചോ​ദി​ക്കു​ക​യും അവ​യ്ക്കു​ള്ള വെൺ​കു​ള​ത്തി​ന്റെ മറു​പ​ടി​കൾ അദ്ദേ​ഹം തന്നെ നല്കു​ക​യും ചെ​യ്തു.

ചോ​ദ്യം: നി​ങ്ങൾ സിനിമ കാ​ണു​മോ?

ഉത്ത​രം: വെൺ​കു​ള​ത്തി​ന്റെ മറു​പ​ടി​യാ​യി സാറ് തന്നെ പറ​ഞ്ഞ​തു്. ഇല്ല.

ചോ​ദ്യം: നി​ങ്ങൾ പറ​മ്പു കി​ള​യ്ക്കു​മോ?

ഉത്ത​രം: ഇല്ല.

ചോ​ദ്യം: നി​ങ്ങൾ ഒരു സി​ഗ​റ​റ്റെ​ങ്കി​ലും വലി​ക്കു​മോ?

ഉത്ത​രം: ഇല്ല.

ചോ​ദ്യം: നി​ങ്ങൾ ഒരു സ്ത്രീ​യെ സ്നേ​ഹി​ച്ചി​ട്ടു​ണ്ടോ?

ഉത്ത​രം: ഇല്ല. ഇതു​പോ​ലെ അനേകം ചോ​ദ്യ​ങ്ങൾ​ക്കു് ഇല്ല എന്നു മറു​പ​ടി നല്കി​ക്കൊ​ണ്ടു് നാ​രാ​യ​ണ​പി​ള്ള സാർ ചോ​ദി​ച്ചു: “പി​ന്നെ നി​ങ്ങൾ നൂറു വയ​സ്സു വരെ ജീ​വി​ച്ചി​രു​ന്നി​ട്ടു് എന്തു കാ​ര്യം?”(കര​ഘോ​ഷം!)

ചോ​ദ്യം: മലയാള സാ​ഹി​ത്യ നി​രൂ​പ​ണ​ത്തി​ന്റെ പ്ര​ത്യേ​കത എന്തു?

ഉത്ത​രം: പ്ര​ത്യേ​ക​ത​യ്ക്കു പകരം സവി​ശേ​ഷ​ത​യെ​ന്തു് എന്നു ചോ​ദി​ക്ക​ണം. പ്ര​ത്യേ​കത ശബ്ദ​ത്തിൽ each എന്ന അർ​ത്ഥ​മേ​യു​ള്ളു. പ്രതി + ഏകം = പ്ര​ത്യേ​കം പി​ന്നെ നി​രു​പ​ണ​ത്തി​ന്റെ കാ​ര്യം അവർ എഴു​തു​ന്ന വാ​ക്കു​കൾ എല്ലാം മല​യാ​ളം അവ​യ്ക്കു് അർ​ത്ഥ​വും കാണും. പക്ഷേ, ആ വാ​ക്കു​കൾ ചേർ​ത്തു വാ​ക്യ​ങ്ങൾ ഉണ്ടാ​ക്കു​മ്പോൾ അവ​യ്ക്കു് അർ​ത്ഥ​മി​ല്ല.

ചോ​ദ്യം: വി​ഷാ​ദാ​ത്മ​ക​ത്വം, പ്ര​സാ​ദാ​ത്മ​ക​ത്വം ഇവയിൽ ഏതു സ്വീ​കാ​ര്യം?

ഉത്ത​രം: ലോ​ക​ത്തെ ധി​ഷ​ണാ​ശാ​ലി​ക​ളിൽ അഗ്ര​ഗ​ണ്യ​മാ​യ​വൻ വി​ഷാ​ദാ​ത്മ​ക​ത്വം സ്വീ​ക​രി​ക്കു​ന്നു. പ്ര​സാ​ദാ​ത്മ​കത മണ്ട​ന്മാ​രു​ടെ തത്ത്വ​ചി​ന്ത​യാ​ണു്.

ചോ​ദ്യം: തി​രു​വ​ന​ന്ത​പു​രം നാ​റു​ന്ന​ല്ലോ?

ഉത്ത​രം: കക്കൂ​സു് പോലെ നാ​റു​ന്നു എന്ന ഉത്ത​രം എഴു​താ​നാ​ണു് ഞാൻ ഒരു​മ്പെ​ട്ട​തു്. അതു ശരി​യ​ല്ല. കക്കൂ​സു​കൾ​ക്കു​ള്ള വൃ​ത്തി​യും നാ​റ്റ​മി​ല്ലാ​യ്മ​യും ഈ നഗ​ര​ത്തി​നി​ല്ല.

ചോ​ദ്യം: ആത്മ​ഹ​ത്യ നല്ല​ത​ല്ലേ?

ഉത്ത​രം: ആത്മ​ഹ​ത്യ​യ്ക്കു​ള്ള ശ്രമം നിയമം തടയും. ആ യത്ന​ത്തിൽ വിജയം വരി​ച്ചാൽ നിയമം ശഷ്പ​തു​ല്യ​മാ​കും. No one ever lacks a good reason for suicide എന്നു ആത്മ​ഹ​നം നട​ത്തിയ ചെ​സാ​റേ പാ​വേ​സേ എന്ന സാ​ഹി​ത്യ​കാ​രൻ പറ​ഞ്ഞ​തു് ഓർ​മ്മി​ക്കുക.

ചോ​ദ്യം: പ്രേ​മം?

ഉത്ത​രം: അർ​ബ്ബു​ദം പോ​ലെ​യു​ള്ള ഒരു രോഗം തൽ​ക്കാ​ലം വി​വാ​ഹ​ത്താൽ ഭേ​ദ​മാ​യാ​ലും ഒടു​വിൽ സം​ഹാ​രാ​ത്മക ശക്തി​യോ​ടെ രൂപം മാറി വരും. അതിൽ മരി​ക്കും.

വന്ധ്യ​ത്വം

മാ​ക്ലിം ഗോർ​ക്കി യുടെ ഡയ​റി​യിൽ വാ​യി​ച്ച​താ​ണു് താ​ഴെ​ച്ചേർ​ക്കു​ന്ന ഭാഗം: ഭാ​ര്യ​യെ കൊന്ന ഒരു മോ​സ്കോ വി​ദ്യാർ​ത്ഥി കോ​ട​തി​യിൽ​പ്പ​റ​ഞ്ഞ അവ​സാ​ന​ത്തെ വാ​ക്കു​കൾ. “അവൾ മരി​ച്ചു. രക്ത​സാ​ക്ഷി​ത്വം വരി​ച്ചു. സ്വർ​ഗ്ഗ​ത്തു് അവ​ളി​പ്പോൾ വി​ശു​ദ്ധ​യാ​യി കഴി​ഞ്ഞു​കൂ​ടു​ക​യാ​ണു്. ഞാ​നാ​ക​ട്ടെ ഇവിടെ ജീ​വി​ത​ത്തി​ന്റെ ശേ​ഷി​ച്ച ഭാഗം കു​റ്റ​ത്തി​ന്റെ കു​രി​ശു ചു​മ​ന്നും പശ്ചാ​ത്താ​പം അനു​ഭ​വി​ച്ചും കഴി​ഞ്ഞു കൂ​ടു​ന്നു. എന്തി​നു് എന്നെ ശി​ക്ഷി​ക്ക​ണം? ഞാൻ എന്നെ​ത​ന്നെ ശി​ക്ഷി​ച്ചി​രി​ക്കു​ക​യ​ല്ലേ? ഞാൻ നല്ല കൊ​ച്ചാ​പ്പി​ളു​ക​ളും മു​ട്ട​ക​ളും തി​ന്നു​ന്നു: പണ്ടു ഞാൻ ചെ​യ്ത​തു​പോ​ലെ. പക്ഷേ, അവ​യ്ക്കു മുൻ​പു​ള്ള നല്ല സ്വാ​ദി​ല്ല ഒന്നും എനി​ക്കു് സന്തോ​ഷം നല്കു​ന്നി​ല്ല. പി​ന്നെ എന്നെ ശി​ക്ഷി​ക്കു​ന്ന​തെ​ന്തി​നു്?”

images/Cesare_pavese.jpg
ചെ​സാ​റേ പാ​വേ​സേ

ഏതാ​ണ്ടു് ഇതേ രീ​തി​യിൽ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ ‘പെൻ​ഫ്രെ​ണ്ട്സ്’എന്ന കഥ​യെ​ഴു​തി കലാ​കൊ​ല​പാ​ത​കം നട​ത്തിയ ശ്രീ​ബാല കെ. മേനോൻ പറ​യു​ന്നു. കലാ​ഹിംസ ഞാൻ അനു​ഷ്ഠി​ച്ചു കഴി​ഞ്ഞു. ആ ദേ​വ​ത​യു​ടെ മരണം ഒരു തര​ത്തിൽ രക്ത​സാ​ക്ഷി​ത്വം തന്നെ​യാ​ണു്. ഞാ​നി​പ്പോൾ ഉത്കൃ​ഷ്ട വാ​രി​ക​യായ മാ​തൃ​ഭൂ​മി​യു​ടെ നാ​ല​ര​പ്പു​റ​ത്തിൽ എന്റെ കു​ത്തേ​റ്റു മരി​ച്ച കലയെ കി​ട​ത്തി​യി​രി​ക്കു​ന്നു. എന്നെ ശി​ക്ഷി​ക്കാൻ വര​ട്ടെ നി​രൂ​പ​കൻ. എന്റെ ഉറച്ച വി​ശ്വാ​സം ഞാ​നെ​ഴു​തി​യ​തു മനോ​ഹ​ര​മായ കഥ​യാ​ണു് എന്ന​ത​ത്രേ. അല്ലെ​ങ്കിൽ എഡി​റ്റർ എനി​ക്കു കഥാ​വ​ശ​ത്തെ കി​ട​ത്താൻ നാ​ല​ര​പ്പു​റം നല്കു​മോ? ആർ​ടി​സ്റ്റ് മദനൻ നല്ല പട​ങ്ങൾ വര​ച്ചു് അതി​ന്റെ അടു​ത്തു വയ്ക്കു​മോ? എല്ലാ കഥ​യെ​ഴു​ത്തു​കാ​രെ​യും കു​റ്റം പറ​യു​ന്ന മല​യാ​ളം വാ​രി​ക​യി​ലെ നി​രൂ​പ​കൻ എന്റെ രചന നാ​ല​ര​പ്പു​റ​ത്തു് നീ​ണ്ടു​കി​ട​ക്കു​ന്ന​തു കണ്ടു അസൂ​യ​യോ​ടു കു​റ്റ​പ്പെ​ടു​ത്തി​യാ​ലെ​ന്തു്? ഇല്ലെ​ങ്കി​ലെ​ന്തു്? മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലാ​ണു് എന്റെ കഥ ശയി​ക്കു​ന്ന​തു് എന്ന​തു് ഓർമ്മ വേണം അയാൾ​ക്കും വാ​യ​ന​ക്കാർ​ക്കും.

images/Maxim_gorgy.jpg
മാ​ക്ലിം ഗോർ​ക്കി

ഇക്ക​ഥ​യിൽ തെ​റി​ച്ച പെ​ണ്ണായ കാ​ത്തി​യെ കാണാം. അവൾ കു​ടും​ബ​ത്തിൽ ജീ​വി​ക്കാൻ യോ​ഗ്യ​ത​യു​ള്ള​വ​ള​ല്ല. ‘ഇന്റർ​നെ​റ്റ് ചാ​റ്റി​ലാ​ണു്’ അവൾ​ക്കു കൗ​തു​കം. എന്തു​കൊ​ണ്ടു് അവൾ ഇങ്ങ​നെ​യാ​യി​പ്പോ​യി. അവ​ളു​ടെ അമ്മ​യും ചെ​റു​പ്പ​കാ​ല​ത്തു് തെ​റി​ച്ചു നട​ന്ന​വ​ളാ​ണു്. അവൾ​ക്കു് ഇന്റർ​നെ​റ്റി​ന്റെ സൗ​ക​ര്യ​മി​ല്ല അക്കാ​ല​ത്തു്. എഴു​ത്തു​കൾ അയ​ച്ചു് ആൺ​പി​ള്ളേ​രെ പാ​ട്ടി​ലാ​ക്കാം. ഒടു​വിൽ ബോയ് ഫ്ര​ണ്ട് മകളെ വി​ളി​ക്കു​മ്പോൾ തള്ള ഫോ​ണി​ന്റെ കമ്പി മു​റി​ച്ചു​ക​ള​യു​ന്നു. കഥ അതോടെ തീ​രു​ന്നു. വാ​യ​ന​ക്കാ​ര​ന്റെ കഥ തീ​രു​ന്നു. എവി​ടെ​യെ​ങ്കി​ലും കഥ തു​ട​ങ്ങ​ണ​മ​ല്ലോ. വാ​രി​ക​യു​ടെ 42-ആം പു​റ​ത്തു തു​ട​ങ്ങു​ന്നു അതു്. എവി​ടെ​യെ​ങ്കി​ലും അതു് അവ​സാ​നി​ക്ക​ണ​മ​ല്ലോ. അതി​നാൽ വാ​രി​ക​യു​ടെ 46-ആം പു​റ​ത്തു് കഥ അവ​സാ​നി​പ്പി​ക്കു​ന്നു. ഈ പു​റ​ങ്ങൾ​ക്കി​ട​യി​ലു​ള്ള നാ​ല​ര​പ്പെ​യ്ജിൽ പരമ ബോ​റി​ങ്ങായ ആഖ്യാ​ന​വും സം​ഭാ​ഷ​ണ​വും തി​രു​കു​ന്നു. അവ​യൊ​ക്കെ എഴു​ത്തു​കാ​രി വാ​യ​ന​ക്കാ​രിൽ അടി​ച്ചേ​ല്പ്പി​ക്കു​ക​യാ​ണു്. നല്ല കഥ വാ​യി​ച്ചു​തീ​രു​മ്പോൾ സമ്പൂർ​ണ്ണ​ത​യു​ടെ ഒര​നു​ഭൂ​തി വാ​യി​ക്കു​ന്ന​വർ​ക്കു​ണ്ടാ​കും. ഇവിടെ അതൊ​ന്നു​മി​ല്ല. വന്ധ്യ​മായ രചന!

images/Malayattoor_Ramakrishnan.jpg
മല​യാ​റ്റൂർ രാ​മ​കൃ​ഷ്ണൻ

വർ​ഷ​ങ്ങൾ​ക്കു മുൻ​പു് മല​യാ​റ്റൂർ രാ​മ​കൃ​ഷ്ണൻ, മല​യാ​ള​നാ​ടു പത്രാ​ധി​പർ എസ്. കെ. നായർ, ഇവ​രോ​ടൊ​രു​മി​ച്ചു് ഞാൻ ചേർ​ത്ത​ലെ ഒരു സമ്മേ​ള​ന​ത്തി​നു പോയി. മദ്യ​മു​ണ്ടാ​ക്കു​ന്ന ഒരു ഫാ​ക്ട​റി​യു​ടെ വാർ​ഷി​ക​ത്തോ​ടു ചേർ​ന്ന മീ​റ്റി​ങ്ങാ​യി​രു​ന്നു. ഫാ​ക്ട​റി​യു​ടെ ജനറൽ മാ​നേ​ജർ മേ​നോ​ന്റെ വീ​ട്ടി​ന്റെ ഒരു രാ​ത്രി കഴി​ച്ചു​കൂ​ട്ടി. അടു​ത്ത ദിവസം കാ​ല​ത്തു് സമ്മേ​ള​നം. എന്റെ പ്ര​ഭാ​ഷ​ണം അല്പം നന്നാ​യി​രു​ന്നു​വെ​ന്നു് സദ​സ്സി​ന്റെ പ്ര​തി​ക​ര​ണ​ത്തിൽ നി​ന്നു മന​സ്സി​ലാ​യി. മീ​റ്റി​ങ്ങ് കഴി​ഞ്ഞു് ഞാൻ മല​യാ​റ്റൂർ രാ​മ​കൃ​ഷ്ണ​നോ​ടു ചോ​ദി​ച്ചു: “എന്റെ പ്ര​സം​ഗം നന്നാ​യോ?” അദ്ദേ​ഹം മറു​പ​ടി നല്കി: “സാ​മാ​ന്യം ബോ​റാ​യി​രു​ന്നു.” പു​തു​ശ്ശേ​രി രാ​മ​ച​ന്ദ്ര​ന്റെ ‘തെ​ങ്ങു്’ എന്ന കാ​വ്യം മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പിൽ വാ​യി​ച്ച ഞാൻ അദ്ദേ​ഹ​ത്തോ​ടു പറ​യു​ന്നു “താ​ങ്ക​ളു​ടെ കവിത അസാ​മാ​ന്യ​മായ വി​ധ​ത്തിൽ ബോ​റാ​യി​ട്ടു​ണ്ടു്.” തേ​ങ്ങാ​ക്കു​ല​യെ ‘പോർ​മു​ല​ക്കുട’മായി സങ്ക​ല്പി​ച്ചു് ഒരു ‘കാ​ച്ചു് നട​ത്തി​യി​ട്ടു​ണ്ട’ല്ലോ കവി. അതു് എന്റെ സ്ഥി​രം പ്ര​യോ​ഗ​മ​നു​സ​രി​ച്ചാ​ണെ​ങ്കിൽ ഓക്കാ​ന​മു​ണ്ടാ​ക്കു​ന്നു. ഉള്ളൂ​രി ന്റെ ഒരു വർ​ണ്ണ​ന​യേ അതി​നോ​ടു മത്സ​രി​ക്കാ​നു​ള്ളൂ. ‘റവു​ക്കാ​യം ഹരിത സൂ​ര്യ​പ​ട​ത്താൽ മേ​ല്ക്ക​ണി​ഞ്ഞ​ക​ളിൽ കൊ​ങ്ക​കൾ രണ്ടും അർ​ക്ക​കാ​ന്തി​യിൽ വി​ള​ങ്ങു​ന്ന ശീ​മ​ച്ച​ക്ക പോലെ ഹൃദയം കവ​രു​ന്നു’ എന്നു സ്വാ​മി. താൻ കവി​യാ​ണെ​ന്നു വി​ചാ​രി​ച്ചു് പു​തു​ശ്ശേ​രി രാ​മ​ച​ന്ദ്രൻ ‘തെ​ങ്ങു്’ എന്ന കവി​ത​യെ​ഴു​തി. പക്ഷേ, ഇതി​നെ​ക്കാൾ Unliterary ആയി അധികം കവി​ത​കൾ ഞാൻ കണ്ടി​ട്ടി​ല്ല.

സഹ​താ​പം

ലോ​ക​ത്തെ ധിഷണാ ശാ​ലി​ക​ളിൽ അഗ്ര​ഗ​ണ്യ​രാ​യ​വർ വി​ഷാ​ദാ​ത്മ​ക​ത്വം സ്വീ​ക​രി​ക്കു​ന്നു. പ്ര​സാ​ദാ​ത്മ​കത മണ്ട​ന്മാ​രു​ടെ തത്ത്വ​ചി​ന്ത​യാ​ണു്.

തോമസ് ഹാർ​ഡി​യു​ടെ ‘No Buyers’ എന്ന കവിത ഹൃ​ദ​യ​സ്പർ​ശി​യാ​ണു്. ബ്ര​ഷു​ക​ളും കൂ​ട​ക​ളും കസേ​ര​ക​ളും കയ​റ്റിയ ഒരു വണ്ടി മഴ​യി​ലൂ​ടെ നീ​ങ്ങു​ന്നു. അതി​ന്റെ കൂടെ ഒരു പു​രു​ഷ​നു​മു​ണ്ടു്. ഒരു സ്ത്രീ​യു​മു​ണ്ടു്. വണ്ടി വലി​ക്കു​ന്ന​തു കുതിര. അതി​ന്റെ മുൻ​പി​ലാ​യി പു​രു​ഷൻ കാ​ലു​കൾ വലി​ച്ചി​ഴ​ച്ചു കൊ​ണ്ടു് ആടി നട​ക്കു​ന്നു. ശവ​സം​സ്കാര ഘോ​ഷ​യാ​ത്ര പോ​കു​ന്ന​തി​നെ​ക്കാൾ മെ​ല്ലെ​യാ​ണു് അവ​രു​ടെ പോ​ക്കൂ്. വി​ല്പ​ന​യു​ള്ള​വ​രു​ടെ പേ​രു​കൾ പാ​ടി​ക്കൊ​ണ്ടാ​ണു് അയാ​ളു​ടെ നട​ത്തം.

images/Puthusseri.jpg
പു​തു​ശ്ശേ​രി രാ​മ​ച​ന്ദ്രൻ

അയാ​ളു​ടെ പി​റ​കു​വ​ശ​ത്തു നി​ന്നു് ഒരു ഗജം പി​ന്നി​ലാ​ണു് കു​തി​ര​യു​ടെ മൂ​ക്കു്. നട​ത്ത​ത്തി​ലും ഭാ​വ​ത്തി​ലും യജ​മാ​ന​ന്റെ പ്ര​കൃ​ത​മാ​ണു് കു​തി​ര​യു​ടേ​തു്. അയാൾ നി​ല്ക്കു​മ്പോൾ കു​തി​ര​യും നി​ല്ക്കും. നി​ല്ക്കാൻ പറ​യേ​ണ്ട​തി​ല്ല അതി​നോ​ടു്. വണ്ടി ഋജു​രേ​ഖ​യി​ലൂ​ടെ കൊ​ണ്ടു​പോ​കാൻ കു​തി​ര​യ്ക്കു ശക്തി​യി​ല്ല. പു​രു​ഷ​നു് സമാ​ന്ത​ര​മാ​യി പാ​ത​യു​ടെ അരി​കി​ലൂ​ടെ സ്ത്രീ നട​ക്കു​ന്നു. അവൾ വെൺ​മ​യു​ള്ള​തും വീ​തി​യു​ള്ള​തു​മായ മുൻ​കു​പ്പാ​യം ധരി​ച്ചി​ട്ടു​ണ്ടു്. മഴ ആ മുൻ​കു​പ്പാ​യ​ത്തെ അവ​ളു​ടെ ശരീ​ര​ത്തോ​ടു ഒട്ടി​പ്പി​ടി​പ്പി​ക്കു​ന്നു. വി​ല്ക്കാ​നു​ള്ള വസ്തു​ക്ക​ളോ​ടു​കൂ​ടി അവർ ഓരോ അടി വച്ചു് മു​ന്നോ​ട്ടു പോ​കു​ന്നു. പക്ഷേ, ആരും ഒന്നും വാ​ങ്ങു​ന്നി​ല്ല. (The Complete Poems, Thomas Hardly, Paperimac, London, pp. 737.) ഇതു് ഇം​ഗ്ലീ​ഷു​കാ​ര​ന്റെ റി​യാ​ലി​റ്റി മാ​ത്ര​മ​ല്ല. ഹാർഡി കവി​ത​യ്ക്കു സാർ​വ​ലൗ​കി​ക​സ്വ​ഭാ​വം വരു​ത്തി കേ​ര​ളീ​യ​ന്റെ​യും റി​യാ​ലി​റ്റി​യാ​ക്കി​യി​രി​ക്കു​ന്നു. വണ്ടി​യു​ടെ മുൻ​പിൽ നട​ക്കു​ന്ന സമയം അയാ​ളു​ടെ ഭാ​ര്യ​യായ മദാ​മ്മ​യും നമ്മു​ടെ ബന്ധു​ക്ക​ളാ​യി മാ​റു​ന്നു. അവ​രോ​ടു നമു​ക്കു സഹ​താ​പം ദേ​ശാ​ഭി​മാ​നി വാ​രി​ക​യിൽ ‘ഇരുൾ പടരും കാലം’ എന്ന കഥ​യെ​ഴു​തിയ കണ്ണോ​ത്തു് കൃ​ഷ്ണൻ ഒരു കുട നന്നാ​ക്കൽ​കാ​ര​നെ വി​ദ​ഗ്ദ​മാ​യി ചി​ത്രീ​ക​രി​ച്ചു് അയാ​ളു​ടെ നേർ​ക്കു് അനു​വാ​ച​ക​ന്റെ സഹ​താ​പ​സ്രോ​ത​സ്സു് പ്ര​വ​ഹി​പ്പി​ക്കു​ന്നു. നല്ല കഥ​യാ​ണി​തു്.

സം​ഭ​വ​ങ്ങ​ളും വ്യ​ക്തി​ക​ളും
images/Ulloor_S_Parameswara_Iyer.jpg
ഉള്ളൂർ

1. കോ​ളേ​ജിൽ കോ ഓപ്പ​റേ​റ്റീ​വ് സ്റ്റോ​ഴ്സ് കാ​ണു​മ​ല്ലോ. ഞാൻ ജോലി നോ​ക്കി​യി​രു​ന്ന കോ​ളേ​ജി​ലെ സ്റ്റോ​ഴ്സി​ന്റെ ചാർ​ജ്ജ് ഒരു മല​യാ​ളാ​ധ്യാ​പ​ക​നാ​യി​രു​ന്നു. അവിടെ നോ​ട്ടു​ബു​ക്കും പാ​ഠ​പു​സ്ത​ക​വും വാ​ങ്ങി വി​ല്പ​ന​യ്ക്കു വച്ചാൽ മതി. കു​ട്ടി​കൾ​ക്കു അവയേ വേ​ണ്ടൂ. പക്ഷേ, ഓവർ സെ​ക്സി​ന്റെ ഉപ​ദ്ര​വ​മു​ള്ള ആ അധ്യാ​പ​കൻ പെൺ​കു​ട്ടി​കൾ​ക്കു വേ​ണ്ടി ബ്രാ കൂടി വാ​ങ്ങി​വ​ച്ചു വി​ല്പ​ന​യ്ക്ക്. പെൺ​പി​ള്ളേർ അതും വി​ല്പ​ന​വ​സ്തു​വാ​ണെ​ന്ന​റി​ഞ്ഞി​ല്ല. ബ്രാ ചെ​ല​വാ​കു​ന്നി​ല്ലെ​ന്നു കണ്ടു് അധ്യാ​പ​കൻ ബ്ലാ​ക്ക് ബോർ​ഡിൽ അതു വി​ല്പ​ന​യ്ക്കു​ണ്ടു് എന്നെ​ഴു​തി​വ​ച്ചു. അധ്യാ​പ​കൻ തന്നെ അതു് വി​ല്ക്കാൻ സന്ന​ദ്ധ​നാ​വു​ക​യും ചെ​യ്തു. ആദ്യ​മാ​ദ്യം ഒന്നു രണ്ടു പെൺ​പി​ള്ളേർ ബ്രാ വാ​ങ്ങാൻ വന്നു. ക്ര​മേണ അവ​രു​ടെ സം​ഖ്യാ​ബ​ലം കൂടി. പെൺ​കു​ട്ടി​കൾ വന്നാൽ അധ്യാ​പ​കൻ ചോ​ദി​ക്കും. ‘നി​ന്റെ അള​വെ​ത്ര?’ മു​പ്പ​തു് എന്നു ലജ്ജ​യോ​ടെ അവൾ മൊ​ഴി​യാ​ടും. അധ്യാ​പ​കൻ ‘സാ​കൂ​ത​സ്മി​ത​നാ​യി’ ‘ഉൽ​ക്ക​മ്പ​ത്താ​ലാ​കു​ല​മായ’ അവ​ളു​ടെ മാ​റ​ത്താ​ഴ്ത്തിയ തെ​ളി​നോ​ട്ട​ത്തോ​ടു​കൂ​ടി ‘മു​പ്പ​ത്തി​ര​ണ്ടു വേ​ണ്ടേ? വേണം’ എന്നു പറയും. പെ​ണ്ണു കാൽ​വി​രൽ കൊ​ണ്ടു തറയിൽ വര​ച്ചു് അവ​ന​ത​ശി​ര​സ്ക​നാ​യി “തന്നേ​ക്കു സാർ” എന്നു പറ​ഞ്ഞു് ബ്രാ വാ​ങ്ങി​ക്കോ​ണ്ടു് പോകും. ഒരു ദിവസം ഞാൻ വരാ​ന്ത​യി​ലൂ​ടെ നട​ന്ന​പ്പോൾ ഒരു ക്ലാ​സ്സിൽ അധ്യാ​പ​ക​നി​ല്ല. ബഹളം പി​ള്ളേ​രു​ടെ. ആരാ​ണു് റ്റീ​ച്ചർ എന്നു് അന്വേ​ഷി​ച്ച​പ്പോൾ അവർ അയാ​ളു​ടെ പേരു പറ​ഞ്ഞു. ഞാൻ കോ ഓപ​റ്റേ​റ്റീ​വു് സ്റ്റോ​ഴ്സിൽ തി​ടു​ക്ക​ത്തിൽ ചെ​ന്ന​പ്പോൾ ക്ലാ​സ് എടു​ക്കേ​ണ്ട അധ്യാ​പ​കൻ ബ്രാ കൈ​യി​ലെ​ടു​ത്തു​വ​ച്ചു് ഒരു സു​ന്ദ​രി​പ്പെൺ​കു​ട്ടി​യോ​ടു് നി​ന്റെ അള​വെ​ത്ര എന്നു ചോ​ദി​ക്കു​ന്ന​തു കേ​ട്ടു.

ബ്രാ വി​ല്പ​ന​യു​ടെ അടു​ത്ത സ്റ്റെ​പ്പാ​യി പെൺ​പി​ള്ളേർ ആർ​ത്ത​വ​കാ​ല​ത്തു ഉപ​യോ​ഗി​ക്കു​ന്ന പാഡും വി​ല്ക്കാൻ അധ്യാ​പ​കൻ പ്ലാ​നി​ട്ടു. അക്കാ​ഴ്ച കാ​ണേ​ണ്ട​താ​യി വന്നി​ല്ല. എനി​ക്കു്. സർ​ക്കാർ എനി​ക്കു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മാ​റ്റം തന്നു.

images/Madampu_Kunjukuttan.jpg
മാ​ട​മ്പു് കു​ഞ്ഞു​കു​ട്ടൻ

2. ഞാൻ ചി​റ്റൂ​രിൽ താ​മ​സി​ക്കു​ന്ന കാലം. ഒരു ദിവസം അണി​ക്കോ​ടു് എന്ന സ്ഥ​ല​ത്തേ​ക്കു നട​ന്ന​പ്പോൾ ഇട​തു​വ​ശ​ത്തു് ഒരു ലെ​യ്നിൽ കണ്ടു. നല്ല വീ​ടു​കൾ. ഒരു വീ​ടി​ന്റെ മുൻ​വ​ശ​ത്തു് ‘ചമ്പ​ത്തിൽ’ എന്നെ​ഴു​തി വച്ചി​രി​ക്കു​ന്നു. ഭവ​ഭൂ​തി​യു​ടെ ഉത്ത​ര​രാ​മ​ച​രി​തം അതി​സു​ന്ദ​ര​മാ​യി തർ​ജ്ജമ ചെ​യ്തു. ചമ്പ​ത്തിൽ ചാ​ത്തു​കു​ട്ടി മന്നാ​ടി​യാ​രു​ടെ വീ​ടാ​ണു് അതെ​ന്നു കരുതി ഗെ​യ്റ്റ് മെ​ല്ലെ​ത്തു​റ​ന്നു് മു​റ്റ​ത്തേ​ക്കു ചെ​ന്നു. മന്നാ​ടി​യാ​രു​ടെ മുറി കാണണം. അദ്ദേ​ഹ​ത്തി​ന്റെ കൈ​പ്പട കാണണം ഈ ആഗ്ര​ഹ​ത്തോ​ടു​കൂ​ടി​യാ​ണു് എന്റെ പ്ര​വേ​ശം മുൻ​വ​ശ​ത്തു് മീശ പി​രി​ച്ചു​കൊ​ണ്ടു് ഒരാൾ ഇരി​ക്കു​ന്നു. ഞാൻ അദ്ദേ​ഹ​ത്തോ​ടു വി​ന​യ​പൂർ​വം ചോ​ദി​ച്ചു: “ചമ്പ​ത്തിൽ ചാ​ത്തു​ക്കൂ​ട്ടി മന്നാ​ടി​യാ​രു​ടെ വീ​ടാ​ണോ ഇതു?” അദ്ദേ​ഹം കോ​പി​ച്ചു് മറു​പ​ടി പറ​ഞ്ഞു “മന്നാ​ടി​യാ​രു​മി​ല്ല. കി​ന്നാ​ടി​യാ​രു​മി​ല്ല ഇവിടെ” അന്ത​രി​ച്ച മന്നാ​ടി​യാ​രോ​ടു​ള്ള ബഹു​മാ​ന​ത്താൽ കൂടുതൽ-​അവിടെ നി​ന്നാൽ ആരോ​ഗ്യം ക്ഷ​യി​ക്കു​മെ​ന്നു കണ്ടു് ഞാൻ തി​രി​ച്ചു മെയ്ൻ റോ​ഡി​ലേ​ക്കു ചെ​ന്നു് അണി​ക്കോ​ട്ടേ​ക്കു നട​ന്നു. ഞാൻ ബഹു​മാ​നി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്തു പണ്ഡി​ത​ന്മാ​രിൽ അദ്വി​തീ​യ​നാ​ണു് പി. കൃ​ഷ്ണൻ നായർ. അദ്ദേ​ഹ​ത്തി​ന്റെ ‘കാ​വ്യ​ജീ​വി​ത​വൃ​ത്തി’യും രണ്ടു കഥ​ക​ളി​ഗ്ര​ന്ഥ​ങ്ങ​ളു​ടെ വ്യാ​ഖ്യാ​ന​ങ്ങ​ളും ഞാൻ ഇപ്പോ​ഴും കൂ​ടെ​ക്കൂ​ടെ വാ​യി​ക്കു​ന്നു​ണ്ടു്. ആ പാ​ണ്ഡി​ത്യ​ത്തി​ന്റെ മുൻ​പിൽ തല​കു​നി​ക്കാ​റു​ണ്ടു്. ഒരു ദിവസം ചി​റ്റൂ​രെ അണി​ക്കോ​ട്ടേ​ക്കു നട​ന്നു. അണി​ക്കോ​ടു് ജം​ങ്ങ്ഷ​നിൽ നി​ന്നു് പാ​ല​ക്കാ​ട്ടോ​ട്ടു പോ​കു​ന്ന റോഡിൽ അല്പം നട​ന്നാൽ പി. കൃ​ഷ്ണൻ നാ​യ​രു​ടെ വീടു് കാണാം. അന്ത​രി​ച്ച ആ മഹാ​പ​ണ്ഡി​ത​നെ സ്മ​രി​ച്ചു​കൊ​ണ്ടു് ഞാൻ ഭക്ത്യാ​ദ​ര​ങ്ങ​ളോ​ടെ ആ വീ​ട്ടി​ന്റെ മുൻ​പിൽ ചെ​ന്നു നി​ന്നു. പക്ഷേ, ആ ഭവനം പ്ര​സ്സാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ടി​രി​ക്കു​ന്നു. എന്റെ സം​സ്കാ​ര​ത്തെ വി​ക​സി​പ്പി​ച്ച പി. കൃ​ഷ്ണൻ നാ​യ​രു​ടെ വീടു് അച്ച​ടി​ശാല ഞാൻ ദുഃ​ഖ​ത്തോ​ടെ തി​രി​ച്ചു​ന​ട​ന്നു.

പ്രേ​മം? അർ​ബു​ദം പോ​ലെ​യു​ള്ള ഒരു രോഗം. തൽ​ക്കാ​ലം വി​വാ​ഹ​ത്താൽ ഭേ​ദ​മാ​യാ​ലും ഒടു​വിൽ സം​ഹാ​രാ​ത്മ​ക​ശ​ക്തി​യോ​ടെ രൂപം മാറി വരും. അതിൽ മരി​ക്കും.

3. ചി​റ്റൂർ കോ​ളേ​ജി​ലെ കെ​മെ​സ്ട്രി ഡി​പാർ​ട്മെ​ന്റിൽ ജോ​ലി​യാ​യി​രു​ന്ന അര​വി​ന്ദാ​ക്ഷ മേനോൻ (കൊ​ടു​ങ്ങ​ല്ലൂർ​ക്കാ​രൻ) എന്നെ ഒരി​ക്കൽ ഇരി​ങ്ങാ​ല​ക്കുട പെൺ​പി​ള്ളേ​രു​ടെ കോ​ളേ​ജിൽ പ്ര​സം​ഗി​ക്കാൻ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി. അവി​ടെ​ച്ചെ​ന്ന​പ്പോൾ ഇരി​ങ്ങാ​ല​ക്കുട മു​നി​സി​പ്പാ​ലി​റ്റി ചെ​യർ​മാൻ, പ്ര​ശ​സ്ത​നായ സാ​ഹി​ത്യ​കാ​രൻ മാ​ട​മ്പു് കു​ഞ്ഞു​കു​ട്ടൻ ഇവരും മീ​റ്റി​ങ്ങിൽ പങ്കെ​ടു​ക്കു​വാൻ വന്നി​രി​ക്കു​ന്ന​തു കണ്ടു. മീ​റ്റി​ങ്ങ് തു​ട​ങ്ങി. പെൺ​പി​ള്ളേ​രു​ടെ കോ​ളേ​ജാ​ണെ​ങ്കി​ലും അടു​ത്തു​ള്ള ആൺ​പി​ള്ളേ​രു​ടെ കോ​ളേ​ജി​ലെ കു​ട്ടി​കൾ ഹോളിൽ കയ​റി​യി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആദ്യം ചെ​യർ​മാൻ പ്ര​സം​ഗി​ച്ച ഒരു ശബ്ദം പോ​ലു​മു​യർ​ന്നി​ല്ല. കു​ട്ടി​ക​ളു​ടെ ചെ​യർ​മാ​നെ അവർ ബഹു​മാ​നി​ച്ചു​വെ​ന്ന​തു് വ്യ​ക്തം. മാ​ട​മ്പി​നെ കര​ഘോ​ഷ​ത്തോ​ടെ കു​ട്ടി​കൾ സ്വാ​ഗ​തം ചെ​യ്തു. അദ്ദേ​ഹ​ത്തി​ന്റെ പ്ര​ഭാ​ഷ​ണം ഒന്നാ​ന്ത​രം. അതും കു​ട്ടി​കൾ​ക്കു ഇഷ്ട​മാ​യി. അവർ മാ​ട​മ്പി​നെ ബഹു​മാ​നി​ച്ചു. അടു​ത്ത​തു് എന്റെ ഊഴം. ഞാൻ എഴു​ന്നേ​റ്റ​പ്പോൾ തന്നെ ആൺ​പി​ള്ളേർ കൂവി. ഒര​ക്ഷ​രം പോലും പറയാൻ അവർ സമ്മ​തി​ച്ചി​ല്ല. തി​രി​ച്ചു​പോ​ന്നു. കൊ​ടു​ങ്ങ​ല്ലൂർ വഴി. കു​ഞ്ഞി​ക്കു​ട്ടൻ തമ്പു​രാ​ന്റെ ഓർ​മ്മ​യു​ണ്ടാ​യി എനി​ക്കു കൊ​ടു​ങ്ങ​ല്ലൂർ കണ്ട​പ്പോൾ. അച്ചു​പി​ഴ​യാൽ മാ​ത്ര​മേ അബ​ദ്ധം മഹാ​ഭാ​രത തർ​ജ്ജ​മ​യിൽ ഉണ്ടാ​കൂ എന്നു് ഉദ്ഘോ​ഷി​ച്ച കു​ഞ്ഞി​ക്കു​ട്ടൻ തമ്പു​രാ​ന്റെ വീടു കാ​ണ​ണ​മെ​ന്നു് ഞാൻ കെ​മി​സ്ട്രി അധ്യാ​പ​ക​നോ​ടു പറ​ഞ്ഞു. ആകൃ​തി​സൗ​ഭ​ഗ​വും സു​ജ​ന​മ​ര്യാ​ദ​യ​മു​ള്ള അര​വി​ന്ദാ​ക്ഷ​മേ​നോൻ പറ​ഞ്ഞു. “കു​ഞ്ഞി​ക്കു​ട്ടൻ തമ്പു​രാ​ന്റെ കൊ​ട്ടാ​രം ഇപ്പോൾ ഹോ​ട്ട​ലാ​ണു്.” ഞാൻ നോ​ക്കി, ചി​ക്കൻ ഫ്രൈ പ്ളെ​യ്റ്റിൽ വച്ചു​കൊ​ണ്ടു് വെ​യ്റ്റർ ഓടു​ന്നു. മാ​വേ​ലി​ക്കര മന്ന​നെ​യും മാ​ന്യ​മ​തി​യാം മന്നാ​ടി​യാ​രെ​യും വെ​ല്ലു​വി​ളി​ച്ച കു​ഞ്ഞി​ക്കു​ട്ടൻ തമ്പു​രാ​ന്റെ കൊ​ട്ടാ​ര​ത്തി​നു വന്ന മാ​റ്റം. റോ​റി​ക്കി​ന്റെ ഉദാ​ത്ത​ങ്ങ​ളായ ചി​ത്ര​ങ്ങൾ വച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ കെ​ട്ടി​ടം ഇപ്പോൾ പൊ​ലീ​സ് സ്റ്റെ​യ്ഷ​നാ​ണു്. എന്തെ​ല്ലാം മാ​റ്റ​ങ്ങൾ!

4. ഒരു കോ​ളേ​ജി​ലെ രണ്ട​ധ്യാ​പ​കർ എന്നെ പ്ര​ഭാ​ഷ​ണ​ത്തി​നാ​യി ക്ഷ​ണി​ച്ചു രണ്ടു വർഷം മുൻ​പു്. ക്ഷ​ണി​ച്ച​വർ അധ്യാ​പ​ക​രാ​യി​രു​ന്ന​തു കൊ​ണ്ടു് ഞാൻ പോ​കാ​മെ​ന്നു സമ്മ​തി​ച്ചു. അന്നു രാ​ത്രി എട്ടു മണി​യോ​ടു് അടു​പ്പി​ച്ചു് എനി​ക്കു ഫോൺ കോൾ. ഫോ​ണി​ലൂ​ടെ അറി​യി​പ്പു്. “സാ​ഹി​ത്യ​വാ​ര​ഫ​ലം പതി​വാ​യി വാ​യി​ക്കു​ന്ന സാ​റി​ന്റെ ആരാ​ധ​ക​നാ​ണു് സം​സാ​രി​ക്കു​ന്ന​തു്. സാ​റി​നെ ആരെ​ങ്കി​ലും അപ​മാ​നി​ക്കു​ന്ന​തോ അതി​ന​പ്പു​റ​ത്താ​യി ആപ​ത്തു ഉണ്ടാ​ക്കു​ന്ന​തോ എനി​ക്കി​ഷ്ട​മി​ല്ല. സാ​റി​നെ എനി​ക്ക​ത്ര സ്നേ​ഹ​വും ബഹു​മാ​ന​വു​മാ​ണു് സാറ്… കോ​ളേ​ജി​ലെ മലയാള സമാജം ഉദ്ഘാ​ട​നം ചെ​യ്യാൻ ചെ​ല്ലാ​മെ​ന്നു സമ്മ​തി​ച്ചി​ല്ലേ? പോ​ക​രു​തേ സാർ, ആപ​ത്തു​ണ്ടാ​കും.” റി​സീ​വർ താഴെ വയ്ക്കു​ന്ന ശബ്ദം. ഞാ​നു​ട​നെ പ്രിൻ​സി​പ്പ​ലി​നെ റ്റെ​ലി​ഫോ​ണിൽ വി​ളി​ച്ചു് ഈ മു​ന്ന​റി​യി​പ്പി​നെ​ക്കു​റി​ച്ചു പറ​ഞ്ഞു. അദ്ദേ​ഹം മറു​പ​ടി നല്കി​യ​തു് ഇങ്ങ​നെ: “സാ​റി​നു് ഒരു ശത്രു​വു​ണ്ടു്. അയാൾ അധ്യാ​പ​ക​നാ​ണു്. ധൈ​ര്യ​മാ​യി മീ​റ്റി​ങ്ങി​നു് വരൂ. ഞാൻ നോ​ക്കി​ക്കോ​ള്ളാം.” ഒരു മണി​ക്കൂർ കഴി​ഞ്ഞു് എന്റെ ഫോൺ ശബ്ദി​ച്ചു. നേ​ര​ത്തെ എനി​ക്കു മു​ന്ന​റി​യി​പ്പു തന്നു് ആളി​ന്റെ ശബ്ദം തന്നെ. “താൻ പ്രിൻ​സി​പ്പ​ലി​നെ കാ​ര്യ​മൊ​ക്കെ അറി​യി​ച്ചി​ല്ലേ. കോ​ളേ​ജിൽ വന്നാൽ തന്നെ ബോം​ബെ​റി​ഞ്ഞു കൊ​ല്ലും. അതു​കൊ​ണ്ടു് താൻ വീ​ട്ടിൽ ഇരു​ന്നാൽ മതി. സൂ​ക്ഷി​ച്ചു ജീ​വി​ക്കു്.” ഞാൻ പി​ന്നെ​യും പ്രിൻ​സി​പ്പ​ലി​നെ റ്റെ​ലി​ഫോ​ണിൽ വി​ളി​ച്ചു ഭീഷണി ഉണ്ടാ​യ​തി​നെ​ക്കു​റി​ച്ചു പറ​ഞ്ഞു. “ഇതു് ഓല​പ്പാ​മ്പു കാ​ണി​ച്ചു​ള്ള പേ​ടി​പ്പി​ക്ക​ലാ​ണു്. ധൈ​ര്യ​മാ​യി വരണം സാർ.” ഞാൻ പേ​ടി​ച്ചു. ഉദ്ഘാ​ട​ന​ത്തി​നു പോ​കേ​ണ്ട​തി​ല്ല എന്നു് തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. അടു​ത്ത ദിവസം കാ​ല​ത്തു് എവി​ടെ​യോ പോയി എന്ന​റി​യി​ച്ചേ​ക്ക​ണം. മീ​റ്റി​ങ്ങി​നു പോയാൽ ബോംബ് എറി​യും. താൻ മരി​ച്ചു പോ​കു​ക​യും ചെ​യ്യും. പത്തു മണി​ക്കു് ആ രണ്ടാ​ധ്യാ​പ​കർ എന്റെ വീ​ട്ടി​ലെ​ത്തി. “ഇവി​ടെ​യി​ല്ല. എവി​ടെ​യോ കാ​ല​ത്തു പോയി” എന്നു സഹ​ധർ​മ്മി​ണി പറ​ഞ്ഞു. നമ്മു​ടെ വീ​ട്ടി​ലെ സ്ത്രീ​കൾ​ക്കു കള്ളം പറയാൻ അറി​ഞ്ഞു​കൂ​ടാ. സഹ​ധർ​മ്മി​ണി കള്ളം പറ​ഞ്ഞ​പ്പോൾ ഞാൻ അക​ത്തെ മു​റി​യി​ലി​രി​ക്കു​ന്നു​വെ​ന്നു് അധ്യാ​പ​കർ​ക്കു തോ​ന്നി​യി​രി​ക്കും. അവർ ഉടനെ അറി​യി​ച്ചു: “ഞങ്ങൾ വന്ന​തു് സാ​റി​നെ മീ​റ്റി​ങ്ങി​നു കൊ​ണ്ടു​പോ​കാ​ന​ല്ല. മല​യാ​ള​സ​മാ​ജ​ത്തി​ന്റെ ഉദ്ഘാ​ട​നം വേ​റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി​വ​ച്ചു. ബോംബ് എറി​ഞ്ഞു് സാ​റി​നെ കൊ​ല്ലു​മെ​ന്നു പറ​ഞ്ഞ​തും മറ്റും സാ​റി​ന്റെ ശി​ഷ്യ​നായ ഒര​ധ്യാ​പ​കൻ തന്നെ​യാ​ണു്. അത​റി​യി​ക്കാ​നാ​ണു് ഞങ്ങൾ വന്ന​തു്. സാറ് വീ​ട്ടിൽ നി​ന്നു് ഒരി​ട​ത്തും പോ​യി​ട്ടി​ല്ലെ​ന്നും ഞങ്ങൾ​ക്ക​റി​യാം.” അവർ മര്യാ​ദ​യോ​ടു​കൂ​ടി ഇത്ര​യും പറ​ഞ്ഞി​ട്ടു് പോയി. ഭീ​ക​ര​ന്മാർ​ക്കു രാ​ഷ്ട്ര​വ്യ​വ​ഹാ​ര​സ്സം​ബ​ന്ധി​ച്ച ലക്ഷ്യ​മെ​ങ്കി​ലു​മു​ണ്ടു്. സം​സ്കാ​ര​ത്തെ വി​ക​സി​പ്പി​ക്കാൻ ശ്ര​മി​ക്കു​ന്ന അധ്യാ​പ​കൻ ഭീ​ക​ര​ന്മാ​രെ​ക്കാൾ കെട്ട നി​ല​യിൽ പ്ര​വർ​ത്തി​ക്കു​ന്നു. സാ​ഹി​ത്യ​വി​മർ​ശ​നം നട​ത്തി​യാൽ ബോംബ് എറി​യു​മെ​ന്നു വരെ ആയി​ട്ടു​ണ്ടു്. ഈശ്വ​രൻ ഉണ്ടെ​ങ്കി​ലും ഇല്ലെ​ങ്കി​ലും കർ​മ്മ​സി​ദ്ധാ​ന്തം ശരി​യാ​ണു്. അതി​നാൽ ഇതു ചെയ്ത ആളിനു പ്ര​കൃ​തി, ശിക്ഷ നല്കാ​തി​രി​ക്കി​ല്ല. അതു വൈ​കു​മെ​ന്നേ​യു​ള്ളൂ. മന്ദ​ഗ​തി പ്ര​കൃ​തി​യു​ടെ സവി​ശേ​ഷ​ത​യാ​ണു്. പൂ​മൊ​ട്ടു വി​രി​യാൻ ഇരു​പ​ത്തി​നാ​ലു മണി​ക്കൂ​റെ​ങ്കി​ലും വേണം. വി​ത്തു് കു​ഴി​ച്ചി​ട്ടാൽ അടു​ത്ത ദിവസം അതു് വലിയ വൃ​ക്ഷ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടി​ല്ല. വർ​ഷ​ങ്ങൾ കൊ​ണ്ടേ ആ വി​ത്തു് വന്മ​ര​മാ​യി മാറൂ. കൊ​ല​പാ​ത​കം ചെ​യ്താൽ കൊ​ല​പാ​ത​കി​ക്കു് പ്ര​കൃ​തി ഉടനെ ശിക്ഷ നൽ​കി​ല്ല. God sees the truth, but he waits എന്ന​തു പ്ര​ത്യ​ക്ഷ​രം ശരി​യാ​ണു്. ഭൂ​ട്ടോ​യെ കൊന്ന സിയാ ഉൾ ഹക്കി​നു് പി​റ്റേ ദിവസം ശിക്ഷ കി​ട്ടി​യി​ല്ല. പക്ഷേ, വർ​ഷ​ങ്ങൾ കഴി​ഞ്ഞ​പ്പോൾ ശിക്ഷ കി​ട്ടി. അതു​കൊ​ണ്ടു് ആരും ആരെ​യും ദ്രോ​ഹി​ക്ക​രു​തു്. ശകാ​രി​ക്കുക പോലും അരു​തു്. ഈശ്വ​രൻ സത്യം കാ​ണു​ന്നു. പക്ഷേ, അദ്ദേ​ഹം കാ​ത്തി​രി​ക്കു​ന്നു എന്ന​തു് ഓരോ വ്യ​ക്തി​യും ഓർ​മ്മി​ക്ക​ണം.

images/MoYan.jpg
Mo Yan

5. രണ്ടോ മൂ​ന്നോ വർ​ഷ​ങ്ങൾ​ക്കു മുൻ​പു് ഈ കോ​ള​ത്തിൽ ചൈ​ന​യി​ലെ Mo Yan എന്ന നോ​വ​ലി​സ്റ്റി​നെ​ക്കു​റി​ച്ചും അദ്ദേ​ഹ​ത്തി​ന്റെ പ്ര​കൃ​ഷ്ട​ര​ച​ന​യായ Red Sorghum-​നെ ക്കു​റി​ച്ചും ഞാൻ എഴു​തി​യി​രു​ന്നു. ഈ നോവൽ എവോർ​ഡു​കൾ നേടും എന്നു് ഞാ​നെ​ഴു​തി എന്നാ​ണു് ഓർമ്മ പറ​യു​ന്ന​തു്. ഡി​സം​ബർ 24-ആം തീ​യ​തി​യി​ലു​ള്ള റ്റെം വാ​രി​ക​യിൽ ഈ നോ​വ​ലി​സ്റ്റും അദ്ദേ​ഹ​ത്തി​ന്റെ ആരാ​ധ​ക​രും നോബൽ സമ്മാ​നം കൊ​തി​ക്കു​ന്ന​വ​രാ​ണെ​ന്നു് സൂ​ചി​പ്പി​ക്കു​ന്ന ലേഖനം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. ‘He is viewed as a potential Nobel laureate in the eyes of both the cadres in Beijing and authors like Kenzaro Oe.’ (കെൻ​സാ​റോ ഓയേ​ക്കു് സാ​ഹി​ത്യ​ര​ച​ന​യായ നോബൽ സമ്മാ​നം കി​ട്ടി​യെ​ന്നു് വാ​യ​ന​ക്കാർ ഓർ​മ്മി​ക്കു​മ​ല്ലോ.) മോ യാ​ന്റെ ഒരു ചെ​റു​ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്റെ നി​രൂ​പ​ണ​മാ​ണു് റ്റെം വാ​രി​ക​യി​ലെ പ്ര​ബ​ന്ധം. അതി​നെ​ക്കൂ​റി​ച്ചു് അത്ര നല്ല അഭി​പ്രാ​യ​മി​ല്ല റെ​വ്യൂ എഴു​തിയ ആളി​നു്. ‘But compared with the intense, orgiastic prose of ‘Red Sorghum’, these stories feel flat എന്നാ​ണു് റെ​വ്യൂ​വി​ലെ നി​രീ​ക്ഷ​ണം. Mo’s work rings with refreshing authentically എന്നു് റ്റെ​മി​ലെ ലേ​ഖ​ന​മെ​ഴു​തിയ Annie Wang സമ്മ​തി​ക്കു​ന്നെ​ങ്കി​ലും അദ്ദേ​ഹ​ത്തി​നു സ്വീ​ഡി​ഷ് ബഹു​മ​തി കി​ട്ടു​മോ എന്നു അവർ​ക്കു സംശയം.

മോ യാ​നി​ന്റെ മാ​സ്റ്റർ​പീ​സി​നെ​ക്കു​റി​ച്ചു് ഞാൻ എന്തെ​ഴു​തി എന്നു് ഓർ​മ്മ​യി​ല്ല. പു​സ്ത​കം നഷ്ട​പ്പെ​ട്ട​തു​കൊ​ണ്ടു് അതു വീ​ണ്ടും നോ​ക്കാൻ വയ്യ​താ​നും. എങ്കി​ലും ഈ നോ​വ​ലി​സ്റ്റ് പസ്ത്യർ​ന​ക്കി​നെ​പ്പോ​ലെ വ്യ​ക്തി​വാ​ദ​ത്തിൽ (individualism) വി​ശ്വ​സി​ക്കു​ന്ന ആളാ​ണെ​ന്നു സം​ശ​യ​ലേ​ശം കൂ​ടാ​തെ പറയാം. നോ​വ​ലി​ലെ പ്ര​ധാന കഥാ​പാ​ത്രം ‘ഞാൻ സൗ​ന്ദ​ര്യ​ത്തെ സ്നേ​ഹി​ക്കു​ന്നു. എന്റെ ശരീരം എന്റേ​തു മാ​ത്രം’ എന്നു പറ​യു​ന്ന​താ​യി ഓർ​മ്മ​യു​ണ്ടെ​നി​ക്കു്. അതു വ്യ​ക്തി​വാ​ദ​ത്തെ നീ​തി​മ​ത്ക​രി​ക്കു​ന്ന പ്ര​സ്താ​വ​മാ​ണ​ല്ലോ.

images/Ben_Okri.jpg
ബെൻ ഓക്രീ

6. നൈ​ജീ​രി​യൻ സാ​ഹി​ത്യ​കാ​ര​നാ​ണു് ബെൻ ഓക്രീ (Ben Okri, b. 1959) നൈ​ജീ​രി​യ​യ്ക്കു വേ​ണ്ടി​യും ലോ​ക​ത്തി​നാ​കെ വേ​ണ്ടി​യും സാ​ഹി​ത്യ​നിർ​മ്മി​തി​യിൽ ഏർ​പ്പെ​ട്ടി​രി​ക്കു​ന്ന മഹാ​നാ​ണു് ഓക്രീ. അദ്ദേ​ഹ​ത്തി​ന്റെ മഹ​നീ​യ​മായ കാ​വ്യ​മാ​ണു് ‘Mental Flight’. മനു​ഷ്യൻ വലിയ കാ​ര്യ​ങ്ങൾ ചെ​യ്തി​രി​ക്കു​ന്നു എന്നു് അദ്ദേ​ഹം സമ്മ​തി​ക്കു​ന്നു. നമ്മൾ ശൂ​ന്യാ​കാ​ശ​ത്തു് സഞ്ച​രി​ച്ചു് ജന​വാ​സ​മി​ല്ലാ​ത്ത ഗ്ര​ഹ​ങ്ങ​ളു​ടെ ഏകാ​കി​ക​ത​യെ നി​രീ​ക്ഷ​ണം ചെ​യ്തി​രി​ക്കു​ന്നു. സു​ശ​ക്ത​ങ്ങ​ളായ മതേതര ഘടനകൾ നിർ​മ്മി​ച്ചു കഴി​ഞ്ഞു. മത​പ​ര​ങ്ങ​ളായ ഘട​ന​ക​ളെ​യും. ഭീ​തി​ദ​ങ്ങ​ളായ രോ​ഗ​ങ്ങ​ളെ ചി​കി​ത്സി​ച്ചു മാ​റ്റാൻ ഇന്നു നമു​ക്കു കഴി​യും. മാ​ന​സിക ഭ്രം​ശ​ങ്ങ​ളി​ലേ​ക്കു് നമ്മൾ പ്ര​കാ​ശം പ്ര​സ​രി​പ്പി​ച്ചു. ഭീ​തി​ത​മായ അണു​ശ​ക്തി​യെ നമ്മൾ വേർ​പെ​ടു​ത്തി​യി​രി​ക്കു​ന്നു. പക്ഷേ, മലി​നീ​ക​ര​ണ​ങ്ങൾ​കൊ​ണ്ടു് ഭൂ​മി​യു​ടെ ദുർ​ബ​ല​മായ സമനില വക്ര​മാ​യി തീർ​ന്നി​രി​ക്കു​ന്നു ഇപ്പോൾ. ശര​ണാർ​ത്ഥി ക്യാ​മ്പു​ക​ളിൽ മനു​ഷ്യ​രാ​ശി മരി​ക്കു​ന്നു. യഹൂ​ദർ​ക്കു വേ​ണ്ടി​യു​ള്ള നഗ​ര​ഭാ​ഗ​ങ്ങ​ളിൽ അതി​നു് (മനു​ഷ്യ​രാ​ശി​ക്കു്) ഭ്രാ​ന്തു് പി​ടി​ക്കു​ന്നു. അധ​മ​ങ്ങ​ളായ സർ​ക്കാ​രു​കൾ അതിനെ ക്രൂ​ര​സ്വ​ഭാ​വ​മൂ​ള്ള​താ​ക്കു​ന്നു. വി​ഷ​സ​ദൃ​ശ്യ​ങ്ങ​ളായ യു​ദ്ധ​ങ്ങ​ളിൽ മനു​ഷ്യർ ചത്തൊ​ടു​ങ്ങു​ന്നു.

ഈ കാ​വ്യം വാ​യി​ക്കുക. നമ്മു​ടെ അക​ക്ക​ണ്ണു തു​റ​പ്പി​ക്കാൻ ഇതിനു ശക്തി​യു​ണ്ടു്. ബെൻ ഓക്രീ നല്ല നോ​വ​ലി​സ്റ്റ് എന്ന പോലെ നല്ല കവി​യു​മാ​ണു് എന്നു നമ്മൾ പറയും.

Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-01-11.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.