സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-05-03-ൽ പ്രസിദ്ധീകരിച്ചതു്)

ഒരാൾ മൂന്നു കാക്കയെ ഛർദ്ദിച്ച കഥ ഞാൻ പ്രാഥമിക വിദ്യാലയത്തിൽ പഠിച്ചപ്പോൾ പഠിച്ചു. കാകവമനം ആ പട്ടണത്തിൽ വലിയ ബഹളമുണ്ടാക്കി. ഓരോ ആളും സത്യമറിയാൻ ഓടുകയായി. ചിലരതു വിശ്വസിക്കുകയും ചെയ്തു. ഒടുവിൽ യാഥാർത്ഥ്യമെന്തെന്നു വ്യക്തമായി. ഒരുത്തൻ ദഹനക്കേടുകൊണ്ടു ഛർദ്ദിച്ചപ്പോൾ അതിൽ മൂന്നു കറുത്ത പാടുകളുണ്ടായിരുന്നു. സൂക്ഷമദർശിനിയിലൂടെ മാത്രം കാണാവുന്ന ആ പാടുകളെയാണു് ജനങ്ങൾ കാക്കകളാക്കിയതു്. കിംവദന്തികൾ ജനിക്കുന്നതിന്റെയും വേലയും തൊഴിലുമില്ലാത്തവർ അതു പെരുപ്പിച്ചു് മറ്റൊന്നാക്കുന്നതിന്റെയും അർത്ഥശൂന്യതയെ ആക്ഷേപിക്കുന്ന കഥയാണു്. തിരുവനന്തപുരത്താണെന്നു തോന്നുന്നു കിംവദന്തികൾക്കു ഏറെച്ചെലവുള്ളതു്. കീർത്തിയുള്ള ഒരഭിനേതാവിനെക്കുറിച്ചു് ഒരാൾ എന്നോടു പറഞ്ഞു ‘അറിഞ്ഞില്ലേ? …നു് കാൻസറാണു്. അദ്ദേഹം അതുകൊണ്ടാണു് ഇപ്പോൾ ഫിലിമിലൊന്നും കാണാത്തതു്.’ ഏതാനും നിമിഷങ്ങൾ കൊണ്ടു് ആ ചലച്ചിത്രതാരത്തിനു് അർബ്ബുദമാണെന്ന വാർത്ത നഗരത്തിലെങ്ങും പരന്നു. റ്റെലിഫോണിലൂടെയുള്ള ചോദ്യങ്ങൾ കേട്ടുകേട്ടു് സഹിഷ്ണുത നഷ്ടപ്പെട്ട അദ്ദേഹത്തിനു് പത്രത്തിൽ പ്രസ്താവന നല്കേണ്ടതായി വന്നു, തനിക്കു ഒരു രോഗവുമില്ലെന്നു്. പൂർണ്ണമായ ആരോഗ്യത്തോടെ താൻ ജീവിച്ചിരിക്കുന്നുവെന്നു്. ഇതു് അസൂയാജന്യമായ കിംവദന്തി. ഇതിനെക്കാൾ ഭീതിദമാണു് ഭാരതത്തിലെയും അതിന്റെ ഒരു ഭാഗമായ കേരളത്തിലെയും രാഷ്ട്രവ്യവഹാരസ്സംബന്ധികളായ കിംവദന്തികൾ. അവയെക്കുറിച്ചെഴുതിയാൽ പണ്ടു് ‘രസികൻ’ പത്രാധിപരായിരുന്ന പച്ചക്കുളം വാസു പിള്ള പറഞ്ഞതുപോലെ ‘മാംസപിണ്ഡത്തിൽ തൊട്ടുകളിക്കാൻ’ ആളുകൾ വരും. അതുപേടിച്ചു് പടിഞ്ഞാറൻ നാടുകളിലേക്കു ഞാൻ പോകട്ടെ. വലിയ ചിന്തകനായ ഐസേഅ ബെർലിൻ (Isaiah Berlin, 1909–1997) റഷ്യൻ കവിയായ (സ്ത്രീ) അന്ന അഹ്മാതവയെ (Anna Akhmatova, 1889–1996) ഒരിക്കൽ കാണാൻ ചെന്നു. സംഭാഷണത്തിനുശേഷം അവർ പിരിഞ്ഞപ്പോൾ ലെനിൻഗ്രാഡിൽ കിംവദന്തി പരക്കുകയായി അഹ്മാതവയെ റഷ്യ വിടാൻ ചർച്ചിൽ പ്രേരിപ്പിച്ചെന്നും അവരുടെ യാത്രയ്ക്കു് വിമാനം അദ്ദേഹം അയച്ചുകൊടുത്തെന്നുമായിരുന്നു ആ കിംവദന്തി (The Proper Study of Mankind, Isaiah Berlin, Pimlico, pp. 542).

images/IsaiahBerlin.jpg
ഐസേഅ ബെർലിൻ

കിംവദന്തിയുടെ സ്വഭാവത്തെക്കുറിച്ചു് പ്രതിപാദിക്കുന്ന ഒരിംഗ്ലീഷ് പുസ്തകം ഞാൻ വായിച്ചിട്ടുണ്ടു്. അതിലെ ഒരു സംഭവവർണ്ണന ഓർമ്മയിൽ നിന്നു് ഇവിടെ കുറിക്കാം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു് ജപ്പാൻ കീഴടങ്ങി. ആ കാലത്തു് ഒരു ചൈനീസ് അധ്യാപകൻ ഒരു പുസ്തകത്തിൽ നിന്നു് മനസ്സിലാക്കി ചൈനയിലെ ഏതോ ഒരു കുന്നിന്റെ മുകളിൽ കയറി നിന്നാൽ ചുറ്റുമുള്ള സ്ഥലങ്ങൾ വ്യക്തമായി കാണാമെന്നു്. ബന്ധപ്പെട്ടവരോടു് അനുമതി വാങ്ങിക്കൊണ്ടു് അയാൾ കുന്നിലേക്കു പോയി. പോയതോടുകൂടി കിംവദന്തിയുണ്ടായി; ജപ്പാൻകാരനായ ഒരു ചാരൻ ഫോട്ടോ എടുക്കുന്നതിനുവേണ്ടി കുന്നിന്റെ മുകളിലേക്കു് പോയിരിക്കുന്നുവെന്നു്. സംഭവം പരിപൂർണ്ണമായി അന്യനു മനസ്സിലാക്കാൻ സഹായിക്കുന്ന വിശദവിവരങ്ങൾ വിട്ടുകളയുകയാണു് കേട്ടുകേഴ്‌വി ഉണ്ടാക്കുന്നവൻ. ഇതിനെ ‘ലെവലിങ്’ എന്നുപറയും. സുജനമര്യാദയോടുകൂടിയാണു് വന്നയാൾ അവിടത്തെ ആളുകളോടു് അപേക്ഷിച്ചതു്. അതും വിട്ടുകളയുന്നു. സംഭവത്തിന്റെ മൂർച്ച കൂട്ടുന്നു കിംവദന്തിയുണ്ടാക്കുന്നവൻ അങ്ങനെ നിരപരാധനായ ഒരു മനുഷ്യൻ ചാരനായി മാറുന്നു. അയാളുടെ കൈയിലിരുന്ന പുസ്തകം ക്യാമറയായി മാറുന്നു.

പണ്ടു് ഒരു മരുന്നുവില്പനക്കാരൻ—ആകർഷത്വമുള്ള ശരീരത്തോടുകൂടിയവൻ—തിരുവനന്തപുരത്തു് വന്നു് പല മാജിക്കുകളും കാണിച്ചു. വലിയ ജനക്കൂട്ടം. ഷോ കഴിഞ്ഞു് അയാൾ മരുന്നെടുക്കും വില്പനയ്ക്കായി. കുറെക്കാലം മരുന്നു വിറ്റിട്ടു് അയാളങ്ങു പോയി. തിരുവനന്തപുരത്തുകാർ അയാളെ പാകിസ്ഥാൻ ചാരനാക്കിക്കളഞ്ഞു. പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നതും സ്റ്റെയ്ഷനിലിട്ടു് മർദ്ദിക്കുന്നതും കണ്ടവരുണ്ടു്. ആ സമയത്തു് അയാൾ വേറെ ഏതോ പട്ടണത്തിൽ മരുന്നുവില്പന നടത്തുകയായിരിക്കണം.

ചിലർ കഥയും കവിതയുമെഴുതി പത്രാധിപർക്കു് അയച്ചുകൊടുക്കും അത് അച്ചടിച്ചുവന്നില്ലെങ്കിൽ അവർ പറഞ്ഞു പരത്തും. അറിഞ്ഞോ… വാരികയുടെ പത്രാധിപരെ മാനേജ്മെന്റ് പിരിച്ചുവിടാൻ പോകുന്നു. ചിലപ്പോൾ ഈ കേട്ടുകേഴ്‌വി നിർമ്മാതാക്കൾ നരാധനന്മാരായി പെരുമാറും. ഒരു ദിവസം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ എനിക്കു ഫോൺ സന്ദേശം: “സാർ കവി ദേശമംഗലം രാമകൃഷ്ണൻ മരിച്ചുപോയി. ഡെഡ് ബോഡി കാലത്തു വീട്ടിൽ കൊണ്ടവരും.” ഞാൻ രാത്രിയിൽ ശേഷിച്ച സമയമത്രയും ഉറങ്ങിയില്ല. കാലത്താണു് ആ മരണവാർത്ത കള്ളമാണെന്നു ഗ്രഹിച്ചതു്. രണ്ടാഴ്ചകഴിഞ്ഞു് ദേശമംഗലത്തെ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു് അടുത്തുവച്ചു കണ്ടു. കള്ളവാർത്തയെക്കുറിച്ചു് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. കവി എന്നെ അറിയിച്ചു. “താങ്കളോടു് എന്റെ മരണത്തെക്കുറിച്ചു് പറഞ്ഞവർ തന്നെയാവണം അന്നുരാത്രി എന്നെ റ്റെലിഫോണിൽ വിളിച്ചറിയിച്ചു.” “അറിഞ്ഞോ? എം. കൃഷ്ണൻനായർ മരിച്ചുപോയി.” രാമകൃഷ്ണനും അന്നു രാത്രി പിന്നീടുറങ്ങിയില്ല. ഈ ദുഷ്ടന്മാർ എന്തിനു് ഇതു ചെയ്യുന്നു?

ചലനാത്മകം
images/Heraclite.jpg
ഹെറക്ലീറ്റസ്

ഗ്രീക്കു് തത്ത്വചിന്തകൻ ഹെറക്ലീറ്റസ് (Heraclitus, 540–480 BC) അഭിപ്രായപ്പെട്ടു ആർക്കും ഒരു നദിയിൽത്തന്നെ രണ്ടുതവണ കാലുകുത്താൻ കഴിയില്ലെന്നു്. കാരണം രണ്ടാമത്തെത്തവണ നദിയിൽ ഇറങ്ങുമ്പോൾ വേറെ ജലമായിരിക്കും നദിയിലെന്നു്. നദിയിൽ കാലു വയ്ക്കുന്നവനും മറ്റൊരു പുരുഷനായിരിക്കുമെന്നു്. രണ്ടു സെക്കൻഡ് കൊണ്ടു് അയാൾക്കു വയസ്സു കൂടിയിരിക്കുമെന്നു്. ഹെറക്ലീറ്റസിന്റെ ശിഷ്യനായ ക്രാറ്റലസ് (Cratylus) ഗുരുവിനോടു പറഞ്ഞതു് ഒരു തവണ പോലും ആർക്കും ഒരു നദിയിൽ കാലുവയ്ക്കാൻ സാധിക്കില്ലെന്നാണു്. നദീജലം ഒഴുകിക്കോണ്ടിരിക്കുന്നതിനാൽ ഒരു നദി തന്നെ ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. കാൽ കുത്തുന്നവൻ പ്രായമായിക്കൊണ്ടിരിക്കുകയാണു്. ഒരു സെക്കൻഡ് കൊണ്ടു് പ്രായം കൂടും അയാൾക്കു്. ജലത്തിന്റെ ചലനം ശാശ്വതം. നദിയിൽ ഇറങ്ങുന്നവന്റെ വയസ്സും ചലനാത്മകും. അതുകൊണ്ടു് ചലനമേയുള്ളു ഈ ലോകത്തു് സത്യമായി.

images/O_V_Vijayan.jpg
ഒ. വി. വിജയൻ

അനുഗൃഹിതരായ കഥാകാരന്മാർ എഴുതുന്ന ഏതു കഥയും ഹെറക്ലീറ്റസിന്റെ നദി പോലെ ചലനാത്മകമാണു്. ബഷീറിന്റെ ‘ശബ്ദങ്ങൾ’ എന്ന കൊച്ചുനോവൽ വായിക്കു. അതിലെ ഒഴുക്കുകൊണ്ടു് നമ്മൾ മറിഞ്ഞുവീഴും. അല്ലെങ്കിൽ ‘ഒരു ഭഗവദ്ഗീതയും കുറെ മുലകളും’ എന്ന കഥയാവട്ടെ. ആന്തരപ്രവാഹത്താൽ കാലുപതറിപ്പോകും. അനുഗൃഹീതരല്ലാത്തവരുടെ കഥകളിൽ ഇറങ്ങി നിന്നാൽ ഈ അനുഭവം ഉണ്ടാകില്ല. വി. പി. മനോഹരൻ എഴുതുന്ന ഏതു കഥയിൽ ഇറങ്ങി നിന്നാലും പൊട്ടക്കുളത്തിൽ നില്ക്കുന്ന പ്രതീതിയാണു് എനിക്കു്. അദ്ദേഹത്തിന്റെ ‘തുറന്നിട്ട വാതിലുകൾ’ എന്ന കഥയുടെ സ്ഥിതിയും വിഭിന്നമല്ല (മാതൃഭൂമി ആഴ്ചപ്പതിപ്പു്). മാവോയിസത്തെ ആദരിക്കുന്ന ഒരു വൃദ്ധന്റെ കഥപറയുകയാണു് മനോഹരൻ, കുറ്റിയടിച്ചു അതിൽ പശുവിനെ കെട്ടിയാൽ ചിലപ്പോൾ അതു് അയവിറക്കാതെ നിശ്ചലമായി വർത്തിക്കുമല്ലോ. അതുപോലെയുള്ള ഒരു ദൃശ്യം മനോഹരന്റെ കഥ പ്രദാനം ചെയ്യുന്നു. വളരെക്കാലമായി അദ്ദേഹം നമ്മളെ പൊട്ടക്കുളത്തിൽ നിറുത്തുന്നു; കുറ്റിയിൽ കെട്ടിയ പശു അനങ്ങാതെ നില്ക്കുന്നതു കാണിച്ചു തരുന്നു. ഈ ലോകത്തെ ഏതും വികാരം കൊള്ളും, ചലിക്കും. മുഞ്ചിറ എന്ന സ്ഥലത്തു് ഒരു തരത്തിലുള്ള മരത്തിൽ നിന്നു് മട്ടിപ്പാലു് എന്നു വിളിക്കുന്ന കറയുണ്ടാകും, അതു് ഒലിക്കും. ചിരട്ടയിൽ അതെടുത്തു തീക്കനിൽ ഇട്ടാൽ സൌരഭ്യമുള്ള പുക ഉയരും. അതിൽ സ്ത്രീകൾ തലമുടി കാണിച്ചു് അതിനെ സുരഭിലമാക്കും. മരം പോലും സെൻസീറ്റീവ്. മനോഹരന്റെ കഥ സെൻസീറ്റീവല്ല. എങ്കിലും അദ്ദേഹം കഥയെഴുത്തു തുടരുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: ഒ. വി. വിജയനോ ആനന്ദോ?

ഉത്തരം: വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു് വൈകാരികമായ സത്യസന്ധതയുണ്ടു്. ആനന്ദിന്റെ ‘ആൾക്കൂട്ട’ത്തിനു് ധൈഷണികമായ സത്യസന്ധതയേയുള്ളു. വൈകാരികമായ സത്യസന്ധതയുള്ളതാണു് സാഹിത്യം മറ്റേതു സാഹിത്യമല്ല.

ചോദ്യം: അടുക്കളയിൽ മാത്രം കഴിയുന്ന സ്ത്രീയെക്കുറിച്ചു് എന്തുപറയുന്നു?

ഉത്തരം: സ്ത്രീ അടുക്കളിയിൽ കയറി ജോലി ചെയ്തില്ലെങ്കിൽ പുരുഷൻ മരിക്കും. പക്ഷേ, തന്റെ ജീവൻ നിലനിറുത്തുന്ന ആ സ്ത്രീയോടു പുരുഷനു സ്നേഹമില്ല. നന്ദിയില്ല.

ചോദ്യം: നല്ല കവികളെ എങ്ങനെ തിരിച്ചറിയാം?

ഉത്തരം: നല്ല കവികൾ വിമർശനത്തിൽ പരാതിപ്പെടുകയില്ല. അവർക്കു കവിതയെഴുതണമെന്നേയുള്ളു. എന്റെ അറിവിൽ വള്ളത്തോൾ മാത്രമേ ഈ ഗുണങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ളു.

ചോദ്യം: വ്യായാമത്തെ പുച്ഛിക്കുന്ന വിവരംകെട്ടവനല്ലേ നിങ്ങൾ?

ഉത്തരം: ആരു പറഞ്ഞു ഞാൻ വ്യായാമത്തെ പുച്ഛിക്കുന്നുവെന്നു്. കഠിനമായി വ്യായാമം ചെയ്തു് നേരത്തെ മരിക്കുന്നവരുടെ വീട്ടിൽ ഞാൻ ഓടിച്ചെല്ലും. സഞ്ചയനത്തിനു് പോകും. പതിനാറാം ദിവസമുള്ള കളിക്കും പോകും. ഈ സ്ഥിരമായ നടത്തം എന്റെ മാംസപേശികൾക്കും ബലം നൽകും. ഇന്നുവരെ വ്യായാമം ചെയ്തിട്ടില്ലാത്ത ഞാൻ, കാലത്തോ വൈകുന്നേരമോ ഒരടിപാലും നടക്കാത്ത ഞാൻ എൺപതു വയസ്സായിട്ടും ജീവിച്ചിരിക്കുന്നു. മരണം നടന്ന വീട്ടിലേക്കുള്ള നടത്തം തന്നെയാണു് എന്റെ വ്യായാമം.

ചോദ്യം: സാഹിത്യം ഉത്കൃഷ്ടമാകണമെങ്കിൽ?

ഉത്തരം: ആശയത്തിന്റെയും വികാരത്തിന്റെയും അതിശക്തമായ സംവേദനം നടക്കണം. ചതഞ്ഞ ഭാഷയിലാണു് നവീന കവികളും കഥാകാരന്മാരും എഴുതുക. അതു ഹൃദയത്തിലേക്കു കടക്കുകില്ല.

ചോദ്യം: റ്റെലിവിഷൻ വിദ്യാഭ്യാസത്തെ സഹായിക്കുന്നതല്ലേ?

ഉത്തരം: അതേ. കുട്ടികൾ സെറ്റ് സ്വിച്ചോൺ ചെയ്യുമ്പാൾ താൻ അടുത്ത മുറിയിൽ ചെന്നിരുന്നു് പുസ്തകം വായിക്കുമെന്നു് ഒരു പടിഞ്ഞാറൻ ഹാസ്യസാഹിത്യകാരൻ പറഞ്ഞിട്ടുണ്ടു്.

ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ എന്നെ ഭൂമിശാസ്ത്രം പഠിപ്പിച്ചതു് കെ. എം. ജോസഫായിരുന്നു. അദ്ദേഹം E. S. L. C.യുടെ പരീക്ഷക്കടലാസ്സ് നോക്കിയപ്പോൾ കണ്ടതു എന്റെ ക്ലാസ്സിൽ പറഞ്ഞു. “Simla is cooler than Delhi”, കാരണം പറയാനാണു് ചോദ്യം. വിദ്യാർത്ഥി എഴുതിയ ഉത്തരം: “Simla is cooler than Delhi because the Viceroy goes and lives there in summer.”

images/Vallathol.jpg
വള്ളത്തോൾ

എം. പി. മന്മഥൻസ്സാറ് എന്നോടു് പറഞ്ഞതു: ഞാൻ മലയാളത്തിൽ നിന്നു് ഇംഗ്ലീഷിലേക്കു തർജജമ ചെയ്യാൻ ഒരു ഖണ്ഡിക വിദ്യാർത്ഥികൾക്കു നല്കി. അതിലെ ആദ്യത്തെ വാക്യം: “പ്രധാനമന്ത്രിക്കു് മന്ത്രിമാരെ നിയമിക്കാനും പിരിച്ചുവിടാനും അധികാരമുണ്ടു്. മഹാത്മാഗാന്ധി കോളേജിൽ ബി. എ. ക്ലാസ് വിദ്യാർത്ഥി അതു തർജ്ജമ ചെയ്തതു് ഇങ്ങനെ:” “The prime minister has powers to appoint ministers and to disappoint them.”

തിരുവനന്തപുരത്തെ Woman’s College-ൽ ബി. എസ്. സി. ക്ലാസ്സിൽ പഠിക്കുന്ന റ്റീച്ചർ സ്വാമി വിവേകാനന്ദനെ ഉദ്ദേശിച്ചു് “വിവേകാനന്ദന്റെ കൃതികൾ വായിച്ചിട്ടുണ്ടോ നിങ്ങൾ. ഉണ്ടെങ്കിൽ ഒരു കൃതിയുടെ പേരു പറയൂ.” ചോദ്യം കേട്ടപ്പോൾ തന്നെ ഞാൻ പറയാം എന്ന മട്ടിൽ കൈ നീട്ടിക്കാണിച്ച ഒരു പെൺകുട്ടി ഉത്തരം നല്കി: “കള്ളിച്ചെല്ലമ്മ”.

തിരുവനന്തപുരത്തെ സംസ്കൃത കോളേജിൽ എൻട്രൻസ് എന്ന പേരിൽ ക്ലാസ്സുണ്ടായിരുന്നു. അതു ജയിച്ചാലേ പ്രീ യൂണിവേഴ്സിറ്റി ക്ലാസ്സിൽ ചേരാൻ പറ്റു. ഞാൻ എൻട്രൻസ് ക്ലാസ്സിൽ പഠിപ്പിക്കുകയായിരുന്നു. പെസിഫിക് സമുദ്രം അറ്റ്ലാന്റിക് സമുദ്രം ഇവയെക്കുറിച്ചു് പഠിപ്പിക്കാനായി ഞാൻ വിദ്യാർത്ഥികളോടു് സമുദ്രങ്ങൾ എത്ര എന്നു ചോദിച്ചു. ഒരു വിദ്യാർത്ഥി മാത്രം കൈ നീട്ടിക്കൊണ്ടു ചാടി. അവന്റെ ബുദ്ധിസാമർത്ഥ്യം കണ്ടു മറ്റു കുട്ടികൾ അദ്ഭുതപ്പെട്ടുകൊള്ളട്ടേ എന്നു കരുതി ഞാൻ പറയൂ എന്നു ആവശ്യപ്പെട്ടു. ഉടനെ ആ വിദ്യാർത്ഥി പറഞ്ഞു തുടങ്ങി: ക്ഷീരാബ്ധി. തുടർന്നു പറയാൻ തടസ്സം നേരിട്ടു. എന്റെ Stupid എന്ന പദപ്രയോഗം ആ വിദ്യാർത്ഥിയുടെ വായടച്ചുകളഞ്ഞു.

ഈയിടെ ഞാനൊരു വൈദ്യനെ കാണാൻ പോയി. രോഗലക്ഷണങ്ങളെക്കുറിച്ചു് അദ്ദേഹം ചോദിച്ചപ്പോൾ ഒരു ചോദ്യമിതായിരുന്നു. കാറ്ററാക്റ്റ് ഉണ്ടോ? കാറ്റാക്റ്റ് ഉണ്ടെങ്കിൽ ശസ്ത്രക്രിയ കൊണ്ടേ അതു മാറ്റാനാവൂ. തിമിരം എന്നതിനു് കറ്ററാക്റ്റ്—Cataract—എന്നു് ഇംഗ്ലീഷ്. അതാണു് വൈദ്യന്റെ കാറ്റാക്റ്റ് എന്നു മനസ്സിലാക്കി ഞാൻ ചികിത്സ മതിയാക്കി.

ഒരിക്കലെഴുതിയതോണോ എന്തോ? ആവർത്തനമാണെങ്കിൽ വായനക്കാർ ക്ഷിമിക്കണം. കെ. ജി. മേനോൻ ചീഫ് സെക്രട്ടറിയായി വന്നകാലം. കീഴ്ജീവനക്കാരെ മാത്രമല്ല മന്ത്രിമാരെയും അദ്ദേഹം വിറപ്പിച്ചു. ഗ്രാന്റ്സ് കമ്മീഷന്റെ ശംബളം ഇവിടത്തെ കോളേജ് അധ്യാപകർക്കു കൂടി നല്കണമെന്നു് അഭ്യർത്ഥിക്കാനായി സംസ്കൃത കോളേജ് അധ്യാപകരായ ഞങ്ങൾ ചീഫ് സെക്രട്ടറിയെ കാണാൻ പോയി. ഞങ്ങളുടെ നേതാവു് പേരുകേട്ട സംസ്കൃത പണ്ഡിതൻ. ഇംഗ്ലീഷ് ഒട്ടറിഞ്ഞും കൂടാ. ‘എന്താ’ എന്നു കെ. ജി. മേനോൻ ചോദിച്ചു. അധ്യാപകനോതാവു് പറഞ്ഞു: ‘ഗ്രാന്റ് കമ്മീഷന്റെ ശമ്പളം ഞങ്ങൾക്കും തരണം.’ ഗ്രാന്റ്സ് കമ്മീഷനു വന്ന ഉച്ചാരണവൈരൂപ്യം ചീഫ് സെക്രട്ടറി മന്ദസ്മിതത്തോടുകൂടി അംഗീകരിച്ചു. പലതും പറഞ്ഞ കൂട്ടത്തിൽ അദ്ദേഹം ഒരു സംശയം കൂടി “അവതരിപ്പിച്ചു”. ‘ഫാർസ് നമ്പർ ഉത്തരക്കടലാസ്സിൽ ഇട്ടതുകൊണ്ടു പ്രയോജനമുണ്ടോ?’ ഞങ്ങളുടെ നേതാവു് ഉടനെ മറുപടി നല്കി: ‘പ്രയോജനമില്ലാതില്ല. ഉത്തരക്കടലാസ്സുകൾ ‘ഷപ്പിൾ’ ചെയ്തല്ലേ അധ്യാപകർക്കു കൊടുക്കുന്നതു്. shuffle എന്ന പദത്തിനു വന്ന രൂപപരിവർത്തനം കണ്ടു് ചീഫ് സെക്രട്ടറി ഞങ്ങളെയെല്ലാം തുറിച്ചുനോക്കി. Excuse me, Sir എന്നുപറഞ്ഞിട്ടു് ഞാൻ അദ്ദേഹത്തിന്റെ മുറിയിൽ നിന്നു് ഇറങ്ങിപ്പോന്നു.

ഇനി സി. വി. ശ്രീരാമൻ മലയാളം വാരികയിൽ എഴിതിയ ഹാസ്യകഥ. സ്വാമിജി ദ്വൈതസിദ്ധാന്തത്തെക്കുറിച്ചു് ബാലന്മാരെ പഠിപ്പിക്കാനായി വന്നു. ദ്വൈതത്തെക്കുറിച്ചു് പറയണമെങ്കിൽ അദ്വൈതമെന്നാൽ എന്താണെന്നു കുട്ടികൾ അറിഞ്ഞിരിക്കണമല്ലോ. അദ്വൈതം എന്താണെന്നു സ്വാമി കുട്ടികളോടു് ചോദിച്ചു. ഒരുത്തൻ മറുപടി നല്കി. ‘അതു ഒരു സിനിമയാണു്.’ ‘സംവിധായകന്റെയും നടീനടന്മാരുടെയും പേരു പറയണോ സ്വാമിജി’ എന്നും അവൻ ചോദിച്ചു. സ്വാമിയിൽ നിന്നും മറുപടി ഉണ്ടായില്ല. അദ്ദേഹം അതിനകം നിന്നുകൊണ്ടേ സമാധിയടഞ്ഞിരുന്നു. സി. വി. ശ്രീരാമന്റെ ഹാസ്യം നന്നു്.

കെ. വി. സുരേന്ദ്രനാഥ്
images/Surendranath.jpg
കെ. വി. സുരേന്ദ്രനാഥ്

ഫ്രഞ്ചെഴുത്തുകാരാൻ ബൈഫോങ് (Buffon, 1707–1788) രീതി എന്നതു് മനുഷ്യൻതന്നെ—Style in the man himself—എന്നു് പറഞ്ഞു. അതു് കെ. വി. സുരേന്ദ്രനാഥി നു് നല്ലപോലെ ചേരും. അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ വായിച്ചാൽ സ്വാഭാവ സവിശേഷതകൾ വ്യക്തമാകും. സുരേന്ദ്രനാഥ് ആർജ്ജവമുള്ളയാളാണു് (Sincerity). കഴിയുന്നിടത്തോളം അദ്ദേഹം സത്യമേ പറയു. മുഖസ്തുതി നടത്തുകയില്ല. അദ്ദേഹത്തെക്കുറിച്ചു് ഉള്ളതു പറഞ്ഞാലും ‘ഏയ് ഇതു് മുഖസ്തുതി’ എന്നുപറഞ്ഞു തള്ളിക്കളയും.

ആരു ജോലിക്കു് അപേക്ഷിച്ചാലും നെപ്പോളിയൻ പറയുമായിരുന്നു. “Has he written anything? Let me see his style.” സുരേന്ദ്രനാഥ് നെപ്പോളിയന്റെ കാലത്താണു് ജീവിച്ചതെങ്കിൽ അദ്ദേഹം എഴുതിയതു വായിച്ചു് ചക്രവർത്തി വലിയ ഉദ്യോഗം അദ്ദേഹത്തിനു വിളിച്ചുകൊടുക്കുമായിരുന്നു. സ്വാഭാവശുദ്ധി പ്രകടിപ്പിക്കുന്ന ശൈലിയാണു് സുരേന്ദ്രനാഥിന്റേതു്. ഇത് അദ്ദേഹത്തിന്റെ “മനുഷ്യൻ കടലിനെ വിഴുങ്ങിയ കഥ” എന്ന പ്രബന്ധത്തിലും കാണാം (പ്രഫസർ വിശ്വമംഗലം സുന്ദരേശൻ എഡിറ്ററായി പ്രസാധനം ചെയ്ത ‘സാഹിത്യകേരളം’ മാസികയിൽ). വിദ്വജ്ജനോചിതങ്ങളായ ഇത്തരം പ്രബന്ധങ്ങൾ സ്വാഗതാർഹങ്ങളാണു്.

നിരീക്ഷണങ്ങൾ
images/Basheer.jpg
ബഷീർ

1. പ്രാകൃത ജനത സകല വസ്തുക്കളിലും സംഭവങ്ങളിലും മിസ്റ്റീരിയസായ—പരമ ഗഹനമായ—ശക്തിവിശേഷങ്ങൾ കാണുന്നവരാണു്. ശിവനോടു് ഗംഗാനദിക്കുള്ള ബന്ധം കൊണ്ടാവണം അതിന്റെ ജലം വിശുദ്ധമാണു് എന്നൊരു സങ്കല്പം ഹിന്ദുക്കൾക്കുണ്ടു്. ഗംഗാജലം കൊണ്ടുവന്നു് ചെറിയ കുപ്പിയിലോ കലശത്തിലോ ആക്കി വീട്ടിലെ കഴുക്കോലിൽ കെട്ടിത്തൂക്കുന്നതു് പതിവാണു്. വ്യക്തി മരിക്കാൻ പോകുമ്പോൾ ആ ജലം അവന്റെയോ അവളുടെയോ വായിലൊഴിച്ചു കൊടുക്കും. അതോടെ ആ വ്യക്തി പവിത്രീകരിക്കപ്പെടുന്നു എന്നാണു് വിശ്വാസം. എന്നാൽ ഗംഗയിലെ ജലമെങ്ങനെ? മനുഷ്യമലവും മൂത്രവും അതിൽ നിറഞ്ഞൊഴുകുന്നു. കരയിൽ ദഹിപ്പിക്കുന്ന മൃതദേഹങ്ങൾ അതിൽ വലിച്ചെറിയുന്നു. പകുതി ചാരമായ ശവങ്ങളാണു് ഗംഗയിൽ വീഴുന്നതു്. എല്ലാ ബാക്റ്റീരിയകളും അതിൽ കാണും. അതാണു് ചാകാൻ പോകുന്നവൻ കുടിക്കുന്നതും കുടിക്കേണ്ടതും. ഈ പ്രാകൃതത്വം നമ്മുടെ സാഹിത്യനിരൂപണത്തിലും കാണുന്നു. അതുകൊണ്ടു് നമ്മൾ പരിഷ്കാരവും സംസ്കാരവും ആർജ്ജിച്ചവരല്ല എന്നു് ഞാൻ വിശ്വസിക്കുന്നു. പാരായണയോഗ്യമായ നോവൽ കണ്ടാൽ അതിനു് നോബൽ സമ്മാനം കൊടുക്കേണ്ടതാണെന്നു് ചിലർ അഭിപ്രായപ്പെടും. ബഷീറി ന്റെ ‘പാത്തുമ്മയുടെ ആടു് ’ വായിക്കാൻ കൊള്ളാവുന്ന നോവലാണു്. അതിനെക്കുറിച്ചു് ഒരു കഥയെഴുത്തുകാരി അടുത്തകാലത്തു് അതിശയോക്തി കലർത്തിപ്പറഞ്ഞ അഭിപ്രായം ഏതോ വാരികയിലോ പത്രത്തിലോ ഞാൻ കണ്ടു. അതു വായിച്ചു എനിക്കു തൊലി പൊള്ളിപ്പോയി. കാലം കഴിയുന്തോറും ഈ പ്രാകൃതത്വം കൂടിക്കൂടി വരുന്നതേയുള്ളു. ചലച്ചിത്രത്തിലെ അഭിനേതാവായ സത്യൻ മരിച്ചപ്പോൾ അഭിനയകലയിൽ സാമർത്ഥ്യമുള്ള അദ്ദേഹം അന്തരിച്ചു എന്നെഴുതിയാൽ സത്യം. പക്ഷേ, സത്യനെ യുഗപ്രഭാവനാക്കിയിട്ടേ പ്രാകൃതത്വം അടങ്ങിയുള്ളൂ. ബർയേമാൻ, കിസിലോവ്സ്കി, സത്യജിത് റേ, ശാന്താറാം ഇവരുടെ സമീപത്തെങ്ങാൻ ചെല്ലാനുള്ള യോഗ്യത നമ്മുടെ ഏതെങ്കിലും സംവിധായകനുണ്ടോ? എന്നാൽ പത്രം നിവർത്തിയാൽ നമ്മൾ കാണുന്നതെന്താണു്? വിശ്വചലച്ചിത്രമണ്ഡലത്തിലെ അദ്വിതീയനായ സംവിധായകനായി ഇവിടത്തെ ഒരു സംവിധായകനെ വർണ്ണിക്കുന്നു. ദേവനെയും ദേവതയെയും എങ്ങും കാണുന്നവരാണു് ഇവിടത്തെ ആളുകൾ. വസ്തുനിഷ്ഠമായ സത്യം കാണാൻ ആർക്കും താൽപര്യമില്ല.

images/Krzysztof_Kieslowski.jpg
കിസിലോവ്സ്കി

2. ഇതെഴുതുന്ന ആൾ തിരുവനന്തപുരത്തെ ആർട്സ് കോളേജിൽ ജോലി നോക്കിയിരുന്ന കാലത്തു് ഇംഗ്ലീഷ് ഡിപാർട്മെന്റിൽ ബുദ്ധിശാലിനിയായ, അതുകൊണ്ടു് തന്നെ eccentric ആയ, ഒരധ്യാപിക ഉണ്ടായിരുന്നു. സാഹിത്യവാരഫലം എല്ലാ ആഴ്ചയും വായിച്ചിട്ടു് അവർ നല്ല രീതിയിൽ അഭിപ്രായം പറയുമായിരുന്നു എന്നോടു്. ഒരു തരത്തിലുള്ള ആരാധന ആയിരുന്നു ശ്രീമതിയുടേതു്. ഒരു ദിവസം അവർ എന്നോടു ചോദിച്ചു “സാറേ, ഉറങ്ങാറുണ്ടോ?” “എന്താ അങ്ങനെ ചോദിക്കുന്നതു്?” എന്നു ഞാൻ അങ്ങോട്ടു്. “അല്ല ഇത്രയും വായിച്ചു് എഴുതണമെങ്കിൽ ഉറക്കം ഇല്ലെങ്കിലേ പറ്റു” എന്നു് അവർ. സംഭാഷണം നീട്ടിക്കൊണ്ടുപോകാനായി ഞാൻ വെറുതേ ചൊദിച്ചു: “റ്റീച്ചർ എവിടെ താമസിക്കുന്നു?” അവരുടെ മറുപടി: “ഊളമ്പാറയ്ക്കടുത്തു്.” ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ഇംഗ്ലീഷ് പ്രഫെസർ രവീന്ദ്രൻ നായർ (നിഷ്കരുണം ശ്വാസം മുട്ടിച്ചു് കൊല്ലപ്പെട്ട നിഷ്കളങ്കനായ ഉഷയുടെ അച്ഛൻ) പറഞ്ഞു: അപ്പോൾ റ്റീച്ചർ എത്തേണ്ടിടത്തുതന്നെ എത്തിയിരിക്കുന്നു. ഡിപാർട്മെന്റ് അധ്യക്ഷനായതുകൊണ്ടാവാം അദ്ദേഹത്തോടു് ഒന്നും പറഞ്ഞില്ല റ്റീച്ചർ.

3. പൂജപ്പുര സെൻട്രൽ ജയിലിന്റെ വലിയ ഗെയ്റ്റിനു് മുൻപിലൂടെ ഞാൻ പലപ്പോഴും നടന്നു പോയിട്ടുണ്ടു്. തടവുകാർ ചാടി രക്ഷപ്പെടാതിരിക്കാൻ വേണ്ടി പൊക്കം കൂട്ടിയ മതിൽ അങ്ങകലെയുള്ളതു് റോഡിൽ നിന്നുതന്നെ കാണാം. ജയിലിനകത്തു് കിടന്നു നരകിക്കുന്ന ആളുകളെ ഓർത്തു് ഞാൻ ദീർഘശ്വാസം പൊഴിച്ചിട്ടുണ്ടു് ഓരോ തവണ കടന്നുപോകുമ്പോഴും. കഥയിലും കവിതയിലും അത്യന്താധുനികത കൊണ്ടുവന്ന ഭയങ്കരന്മാർ കിടക്കേണ്ട സ്ഥലത്തു് പാവങ്ങൾ കിടക്കുന്നല്ലോ എന്നു് ഞാൻ വിചാരിച്ചിട്ടുണ്ടു്.

images/Raja_Raja_Varma.jpg
എ. ആർ. രാജരാജവർമ്മ

4. എ. ആർ. രാജരാജവർമ്മ, സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള, കുട്ടികൃഷ്ണമാരാർ ഇവരെയൊക്കെ പേടിയോടുകൂടി വീക്ഷിക്കുന്ന ദാസസമൂഹം കേരളത്തിൽ വർദ്ധിച്ചുവരുന്നു. ഇപ്പറഞ്ഞ നിരൂപകർ തങ്ങളുടേതായ മണ്ഡലങ്ങളിൽ ആദരണീയമായി ചിലതെല്ലാം ചെയ്തിട്ടുണ്ടു് എന്നല്ലാതെ അത്ര കേമമാണോ അവ എന്നു് ചോദിക്കാൻ തോന്നിപ്പോകുന്നു. നപുംസനാമങ്ങൾക്കു ബഹുത്വം സൂചിപ്പിക്കുന്ന പ്രത്യയം ചേർക്കേണ്ടതില്ല എന്നു രാജരാദവർമ്മ പറഞ്ഞതുകൊണ്ടു് വല്ല വിദ്യാർത്ഥിയും പത്തു മരങ്ങൾ എന്നെഴുതിയാൽ ഉത്തരക്കടലാസ്സു നോക്കുന്നയാൾ ചുവന്ന മഷികൊണ്ടു് ഒരു വെട്ടു വെട്ടും. അയാളുടെ ആ പ്രവർത്തിക്കു നീതിമത്കരണമുണ്ടോ? സംശയമാണു്. പറമ്പിൽ ‘പത്തു തെങ്ങുകളുണ്ടെങ്കിൽ’ പത്തു തെങ്ങു് എന്നെഴുതിയാൽ മതി. എന്നാൽ പറമ്പിൽ മാവു്, പുളി, തേക്കു് ഇങ്ങനെ പത്തു വിഭിന്ന വൃക്ഷങ്ങൾ ഉണ്ടെങ്കിൽ പത്തു മരങ്ങൾ എന്നുതന്നെ പറയണം.‘താങ്കൾ അയച്ച രണ്ടു കത്തും കിട്ടി’ എന്നെഴുതുന്നതു ശരിയല്ല. ഓരോ കത്തും മറ്റുള്ളവയിൽ നിന്നു് വിഭിന്നമായതുകൊണ്ടു് ‘താങ്കൾ അയച്ച രണ്ടു കത്തുകളും കിട്ടി’ എന്നുവേണം എഴുതാൻ. കുട്ടിക്കൃഷ്ണമാരാരുടെ ഒരു പുസ്തകത്തിന്റെ പേരു് ‘പതിനഞ്ചുപന്യാസം’ എന്നാണു്. അതു രണ്ടാംതരം തെറ്റല്ല. ഒന്നാന്തരം തെറ്റാണു്. ഓരോ ഉപന്യാസവും മറ്റുപന്യാസങ്ങളിൽ നിന്നു് വിഭിന്നത ആവഹിക്കുന്നതുകൊണ്ടു് ‘പതിനഞ്ചു് ഉപന്യാസങ്ങൾ’ എന്നുതന്നെ വേണ്ടിയിരുന്നു പേരു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-05-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 10, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.