സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-05-24-ൽ പ്രസിദ്ധീകരിച്ചതു്)

images/One_Hundred_Years_of_Solitude.jpg

മേ മാസം 6-ാം തീയതിയിലെ ന്യൂസ് വീക്കിലെ ‘Is Magical Realism Dead’ എന്ന ലേഖനം സാഹിത്യവൃത്തങ്ങളിൽ വൈകാരിക വിക്ഷോഭം ഉളവാക്കിയിരിക്കുന്നു. മാജിക് റിയലിസ ത്തിന്റെ ഉദ്ഘോഷകനായ മാർകേസും അദ്ദേഹത്തിന്റെ ആ പ്രസ്ഥാനവും അപ്രത്യക്ഷമായിക്കഴിഞ്ഞു അല്ലെങ്കിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നു് സമർത്ഥിക്കാൻ യത്നിക്കുന്ന പ്രബന്ധമാണതു്. വിശ്വസനീയവും യഥാതഥവുമായ റിപോർട്ടിങ്ങിന്റെ അടുത്തായി ഭ്രമകല്പനകൾ വച്ചാണു് മാജിക് റിയലിസം നിർമ്മിക്കുന്നതു്. മാർകേസിന്റെOne Hundred Years of Solitude’ എന്ന നോവലിൽ അന്തരീക്ഷത്തിലേക്കു തനിയെ ഉയരുന്ന പുരോഹിതന്മാരുണ്ടു്. സ്വർഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയുണ്ടു്. അനേകം വർഷങ്ങൾ നില്ക്കാതെ പെയ്യുന്ന മഴയുമുണ്ടു്. തെക്കേയമേരിക്കയുടെ യാഥാതഥ്യത്തെ അനുവാചകർക്കു പകർന്നുകൊടുക്കാൻ വെറും റിയലിസം പോരെന്ന വിശ്വാസത്തിൽ നിന്നാണു് മാജിക് റിയലിസത്തിന്റെ ജനനം. കലയുളവാക്കുന്ന വിശ്വാസത്തോടുകൂടി ഈ ‘മാന്ത്രിക യാഥാർത്ഥ്യം’ ചിത്രീകരിച്ചാൽ ജനത അതംഗീകരിക്കുമെന്നു് മാർകേസ് പ്രഖ്യാപിച്ചിട്ടുണ്ടു്.

images/Marquez.jpg
മാർകേസ്

ഫൂഗുത് (Fuguet) എന്ന എഴുത്തുകാരനും കൂട്ടുകാരും ഉദ്ഘാടനം ചെയ്ത മക്ഒൻദോ (Mc Ondo) എന്ന നൂതന പ്രസ്ഥാനമാണത്രേ മാർകേസിന്റെ മാജിക് റിയലിസത്തിനു് നേരേ വെല്ലുവിളി നടത്തുന്നതു്. മാർകേസ് ‘One Hundred Years of Solitude’ എന്ന നോവലിലൂടെ 1970-ൽ പ്രചരിപ്പിച്ച മാജിക് റിയലിസത്തിനുശേഷം ലോകത്തു് പല പരിവർത്തനങ്ങൾ വന്നുവെന്നു ‘ന്യൂസ്വീക്ക് ലേഖകൻ പറയുന്നു. ആ നോവലിൽ മാകോൻദോ എന്ന സാങ്കല്പിക നഗരത്തിന്റെ (Macondo) ഉദ്ഭവവും നാശവുമാണു് നോവലിസ്റ്റ് ചിത്രീകരിക്കുന്നതു്. ബ്വേൻദീയാ (Buendia) കുടുംബം 1820-ൽ രൂപം കൊടുത്ത ആ നഗരം 1920 വരെ വിരാജിച്ചു. 1920-ൽ ഉണ്ടായ കൊടുങ്കാറ്റു് അതിനെ നശിപ്പിക്കുമ്പോൾ നോവൽ അവസാനിക്കുന്നു. ഇവിടെയാണു് സ്വേച്ഛാധിപതികൾ മരിക്കാതെ അഴുകുന്നതു്, കൃഷിക്കാർ പ്രേതങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നതു്. ഫൂഗൂതിന്റെ പുതിയ പ്രസ്ഥാനം 1996-ൽ രൂപവത്കരിക്കപ്പെട്ടു. മുപ്പത്തിയഞ്ചു വയസ്സിനു താഴെയുള്ള പതിനെട്ടു എഴുത്തുകാർ മക്ഒൻദോ എന്ന പേരിൽ ഒരു കഥാസമാഹാരം പ്രസാധനം ചെയ്തപ്പോൾ ഈ പ്രസ്ഥാനം ആവിർഭവിച്ചുവെന്നാണു് ലേഖകൻ പറയുന്നതു്. ഇപ്പോൾ അവർ മക്ഒൻദോ എഴുത്തുകാർ എന്ന പേരിൽ അറിയപ്പെടുന്നു. ഇവർ ആവിർഭവിച്ചപ്പോൾ മാജിക് റിയലിസത്തിന്റെ മാജിക് ഇല്ലാതെയായി. “Mc Ondo slammed the door on magical realism” എന്നു് പ്രബന്ധത്തിൽ മാർകേസ് ചിത്രീകരിച്ച ലാറ്റിൻ അമേരിക്കയെക്കാൾ സത്യാത്മകമാണു് മക്ഒൻദോ കൃതികളിലെ ലാറ്റിനമേരിക്കയെന്നു് ആ എഴുത്തുകാർ വാദിക്കുന്നു.

മാർകേസ് നോവലെഴുതുന്ന കാലത്തെ ലാറ്റിനമേരിക്കയല്ല ഇന്നത്തെ ലാറ്റിനമേരിക്കയെന്നും അതു സമ്പൂർണ്ണമായി ആധുനികീകരിക്കപ്പെട്ടുവെന്നുമാണു് മക്ഒൻദോയുടെ വാദം. കൂടാതെ മാജിക് റിയലിസം ഉറങ്ങുന്ന, അപ്രത്യക്ഷമാകുന്ന ഒരു ലോകത്തെയാണു് ആവിഷ്കരിച്ചതെന്നും അതിനു് ഇന്നു സത്യാത്മകതയില്ലെന്നും മക്ഒൻദോ പറയുന്നു. ബ്വേൻദിയ കുടുംബത്തിലെ പ്രായംകൂടിയ ഒരംഗം മരിക്കുമ്പോൾ മഞ്ഞപ്പൂക്കളുടെ പതനം അന്തരീക്ഷത്തിൽ നിന്നു് ഉണ്ടായിയെന്നും അതു തെരുവുകളെയാകെ ആവരണം ചെയ്തുവെന്നും മാർകേസ് പറയുന്നു. അയാളുടെ ചോര വീട്ടിൽ നിന്നു് നൂലുപോലെ റോഡിലൂടെ ഒഴുകിയെന്നും വളവുകളിലൂടെ തെറ്റാതെ അതു പ്രവഹിച്ചെന്നും മരിച്ചയാളിന്റെ അമ്മയുടെ അടുക്കളയിൽ ചെന്നുവെന്നും നോവലിൽ കാണുന്നു. ആ അമ്മയാകട്ടെ അപ്പോൾ മുപ്പത്തിയാറു മുട്ടകൾ ഉടച്ചു് റൊട്ടിയുണ്ടാക്കാൻ ഭാവിക്കുകയയായിരുന്നു. ഈ സംഭവത്തിലെ നിദ്രാവസ്ഥ ഇന്നത്തെ ഉണർന്ന അവസ്ഥയ്ക്കു് യോജിക്കുന്നില്ലെന്നു് മക്ഒൻദോ പ്രഖ്യാപിക്കുന്നു. മാജിക് റിയലിസത്തിന്റെ ജനനത്തിനു് കാരണങ്ങൾ ഉണ്ടായിരുന്നു. ആ കാരണങ്ങൾ ഇന്നു അപ്രത്യക്ഷങ്ങളായരിക്കുന്നതിനാൽ ആ പ്രസ്ഥാനവും അപ്രത്യക്ഷമായി എന്നാണു് മക്ഒൻദോയുടെ പ്രഖ്യാപം ഈ നൂതനത്വം ജനസമ്മതി നേടിയിട്ടുണ്ടെങ്കിലും ലോകമാകെയുള്ള മാജിക് റിയലിസത്തിന്റെ ആകർഷകത്വത്തിനു് ന്യൂനത സംഭവിക്കാനിടയില്ല എന്നും മക്ഒൻദോ സമ്മതിക്കുന്നു.

images/Ulysses.jpg

ഇവിടെ ഒരു കാര്യം മക്ഒൻദോ കരുതിക്കൂട്ടി വിസ്മരിക്കുകയാണു്. മാർകേസിന്റെ നോവൽ ലാറ്റിനമേരിക്കയുടെ പരിധികളിൽ ഒതുങ്ങിനില്ക്കാത്ത അസാധാരണമായ കൃതിയാണു്. ടോൾസ്റ്റോയി യുടെ ‘വാർ ആൻഡ് പീസ് ’, ‘അന്നാകരേനിന’ ഇവയെപ്പോലെ, ജോയിസി ന്റെ ‘യുലിസ്യിസിനെ’ (Ulysses) പോലെ World text ആണു്. യുലിസ്യിസിനു് ഐറിഷ് നോവൽ എന്ന പേരു് അസംബന്ധമായിരിക്കുന്നതുപോലെ മാർകേസിന്റെ നോവലിനു് കൊളംബിയൻ നോവൽ എന്ന പേരും അസംബന്ധമത്രേ! മോബിഡിക്ക്, ദ് മാൻ വിത്തൗട്ട് ക്വാളിറ്റിസ് (മ്യൂസിലെ ഴുതിയതു്) ഇവ രണ്ടും വെറും നോവലുകളല്ല. മാർകേസിന്റെ കൃതിപോലെ അവയും World texts-ആണു്. ദേശമോ രാഷ്ട്രമോ അത്തരം കൃതികൾക്കു് പരിധി കല്പിക്കുന്നില്ല. ലോകത്തിനാകെ അപ്രമേയ പ്രഭാവമുണ്ടല്ലോ. ആ പ്രഭാവമാണു് world texts-നുമുള്ളതു്. അതു് നശിക്കുകയില്ല. നശിക്കുമെന്നു് കരുതുന്നതു് ശുദ്ധമായ മണ്ടത്തരം. മാജിക് റിയലിസമെന്നതു് ഒരാവിഷ്കാരശൈലിമാത്രം. അതിനുള്ള ആകർഷകത്വം പൊയ്പോയി എന്ന വാദവും ബുദ്ധിശൂന്യത. ന്യൂസ് വീക്കിലെ ലേഖനത്തിനു് മറുപടിയായി വേറൊരു ലേഖനവും ആ വാരികയിൽത്തന്നെ കാണാം. അതു് എഴുതിയ വില്യം കെന്നഡി മാർകേസിനെ കണ്ടപ്പോൾ അവർ നോവലിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു. സംഭാഷണത്തിനിടയ്ക്കു് മാർകേസ് പറഞ്ഞു: “നോവൽ മരിച്ചെന്നു് പറഞ്ഞാൽ നോവലല്ല മരിച്ചതു്. അതു പറയുന്ന നിങ്ങളാണു് ” കെന്നഡി മാർകേസിന്റെ ഈ മതത്തോടു യോജിച്ചുകൊണ്ടു് എഴുതുന്നു: മക്ഒൻദോ എന്ന പിടിവാദക്കാരൻ സ്വന്തം നാഡി (pulse) പിടിച്ചു നോക്കേണ്ടിയിരിക്കുന്നു.

ബീഭത്സം
images/W_W_Jacobs.jpg
ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്സ്

നിർമ്മലങ്ങളായ കാട്ടുപാതകളുണ്ടു്. അരികുകളിൽ നിൽക്കുന്ന മരങ്ങളിൽ നിന്നു് ഇലകൾ അവയിൽ വീഴുന്നതു് സാധാരണമാണു്. ആദ്യമായി ഒരില വീഴുന്നു. പിന്നീടു് പല ഇലകൾ. ഇങ്ങനെ ജീർണ്ണപത്രങ്ങൾ വീണുവീണു് പാത മെത്തപോലെയാവുന്നു. രണ്ടടി കനമാർന്ന പത്രശയ്യകൾ ഞാൻ കണ്ടിട്ടുണ്ടു്. ആദ്യം വീണ ഇലയുടെ സ്വഭാവം അതു കാണാൻ വയ്യാത്ത നമുക്കു് അറിയാൻ പാടില്ല. മനുഷ്യബുദ്ധി ഈ പാത പോലെയാണു്. ഒരു ഗ്രന്ഥം വായിക്കുന്നു. അതു ബുദ്ധിമാർഗ്ഗത്തിൽ പതിക്കുന്നു. പിന്നീടു് വായിക്കുന്ന പുസ്തകങ്ങൾ ഒന്നിനു മേലെ മേലെ വീഴുന്നു അതിനാൽ ആദ്യം പതിച്ച ഗ്രന്ഥത്തിന്റെ സ്വഭാവം നിർണ്ണയിക്കാൻ വയ്യ. അതിന്റെ ഓർമ്മയും അവ്യക്തം. 1950-നു് അടുപ്പിച്ച ഏതോ വർഷത്തിലാണു് ഞാൻ ഇംഗ്ലീഷ് കഥാകാരനായ ഡബ്ല്യൂ. ഡബ്ല്യൂ. ജേക്കബ്സി ന്റെ “The Monkey’s Paw” എന്ന ചെറുകഥ വായിച്ചതു്. (പിന്നീടു് അതിന്റെ നാടകരൂപവും വായിച്ചു) കുരങ്ങിന്റെ ചുക്കിച്ചുളിഞ്ഞ പാദം ഒരു കുടുംബത്തിനു കിട്ടുന്നു. അതിനു് അത്ഭുതജനകമായ മാന്ത്രികസ്വഭാവമുണ്ടു്: മൂന്നു ആഗ്രഹങ്ങൾക്കു് അതിന്റെ സഹായത്താൽ സാഫല്യമുണ്ടാകും. ഇത്രയും വസ്തുതകൾ സ്പഷ്ടം. ഇനിയുള്ള ഓർമ്മകൾ മറ്റു ഗ്രന്ഥപത്രങ്ങളുടെ പതനംകൊണ്ടു് അസ്പഷ്ടങ്ങൾ കുടുംബത്തിനു് ഇൻഷ്വറൻസ് തവണയോ മറ്റോ അടയ്ക്കാൻ പണം വേണം ഏതോ കുടുംബാംഗം നിർദ്ദേശിച്ചതനുസരിച്ചു് ഗൃഹനായകൻ കുരങ്ങിൻ പാദമെടുത്തു് ആദ്യത്തെ ആഗ്രഹം പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ ഫാക്ടറിയിൽ ജോലിക്കുപോയ മകൻ യന്ത്രത്തിനിടയിൽപെട്ടു മരിച്ചുവെന്നു് കുടുംബത്തിനു് അറിവു കിട്ടി. സ്വല്പംകൂടി സമയം കഴിഞ്ഞു. മകന്റെ മരണത്തിനു ‘കോംപെൻസേഷനാ’യി (ക്ഷതിപൂരകമായി) ഇരുന്നൂറു പവൻ കമ്പനി കൊടുത്തയച്ചു. ദിവസങ്ങൾക്കുശേഷം ഒരു കുടുംബാംഗത്തിന്റെ പ്രേരണയനുസരിച്ചു് ഗൃഹനായകൻ കുരങ്ങിൻ പാദമെടുത്തു് ‘മകൻ ജീവിച്ചു വരേണമേ’ എന്ന അഭിലാഷം വാക്കുകളിലൂടെ പ്രകടിപ്പിച്ചു. ഒച്ച കേട്ടുതുടങ്ങി. മകന്റെ വരവാണതു്. ഭവനത്തിലുള്ളവർക്കു പേടിയായി. ഒച്ച കൂടിക്കൂടി വന്നപ്പോൾ സന്ത്രാസത്തിന്റെ തീക്ഷ്ണതയാൽ മകൻ വീണ്ടും ശവക്കുഴിയിൽ പ്രശാന്തതയോടുകൂടി കിടക്കട്ടെ എന്നു് അയാൾ ആഗ്രഹം ആവിഷ്ക്കരിച്ചു. ക്രമേണ ഒച്ച കുറഞ്ഞു. കുറഞ്ഞു കുറഞ്ഞു് അതു തീരെയില്ലാതെയായി. ഇതുപോലെയൊരു horror story ഞാൻ വേറെ വായിച്ചിട്ടില്ല. ക്ലാസ്സിക്കായി പരിഗണിക്കപ്പെടുന്ന ഇക്കഥ വായനക്കാർ വായിക്കണമെന്നു് ഞാൻ അഭ്യർത്ഥിക്കുന്നു.

images/Musil.jpg
മ്യൂസിൽ

മനുഷ്യസ്വഭാവമാണു് അനുഗ്രഹീതനായ ജേക്കബ്സ് ഇക്കഥയിലൂടെ ചിത്രീകരിക്കുന്നതു്. എത്രതന്നെ സ്നേഹം തോന്നിയാലും മരിച്ചുപോയ ബന്ധു ഏതെങ്കിലും വിധത്തിൽ വീണ്ടും ജീവനാർന്നു് നമ്മളോടു ജീവിക്കാൻ വന്നാൽ നമുക്കു പേടിയാകും. പക്ഷേ, സാഹിത്യത്തിന്റെ കാര്യത്തിൽ മരിച്ചവർ വീണ്ടും ജീവിച്ചുവരുന്നതു നന്നു് എന്നു നമുക്കു തോന്നുന്നു. കുമാരനാശാനും വള്ളത്തോളും ഉള്ളൂരും ശങ്കരക്കുറുപ്പും വൈലോപ്പിള്ളി യുമൊക്കെ അവരുടെ മരണാവസ്ഥയിൽ നിന്നു മോചനമാർന്നു വീണ്ടും നമ്മുടെയിടയിൽ ജീവിച്ചെങ്കിൽ എന്തു നന്നായിരുന്നുവെന്നു് ഇപ്പോഴത്തെ കവിതകൾ വായിക്കുമ്പോൾ എനിക്കുതോന്നാറുണ്ടു്. മലയാളം വാരികയിൽ വി. പി. മനോഹരൻ എഴുതിയ “ഗന്ധം” എന്ന കഥ വായിച്ചപ്പോൾ തകഴി ശിവശങ്കരപ്പിള്ള യും പി. കേശവദേവും വൈക്കം മുഹമ്മദ് ബഷീറും മരണത്തിൽ നിന്നു് എഴുന്നേറ്റു് യഥാക്രമം തകഴിയിലും പൂജപ്പുരയിലും കോഴിക്കോട്ടും ജീവിക്കാൻ തുടങ്ങിയെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോയി. കാരൂരിന്റെ ‘മരപ്പാവകൾ’ എന്ന കഥ ഇതിനകം ക്ലാസ്സിക്കായി മാറിയിട്ടുണ്ടല്ലോ. കേരളത്തിൽ ഇപ്പോൾ കഥയെഴുതുന്നവരിൽ ഒരാളിനുപോലും അതുപോലെയൊരു ക്ലാസ്സിക് രചിക്കാൻ കഴിയാത്തതു് എന്തുകൊണ്ടു്?

മനോഹരന്റെ ‘ഗന്ധം’ എന്ന കഥ അസ്വാഭാവികതയാൽ കലയിലെ അനുപേക്ഷണീയ ഘടകമായ ദൃഢപ്രത്യയത്തിന്റെ ഇല്ലായ്മയാൽ (belief) ബീഭത്സമത്രേ. ബീഭത്സം ഒരു രസമാണെങ്കിൽ ജുഗുപ്സാവഹം എന്നു് വേണ്ടവർ തിരുത്തിക്കൊള്ളട്ടെ. ഭാര്യയും ഭർത്താവും വിവാഹമോചനത്തിനു തീരുമാനിക്കുന്നു. കോടതിവിധി ഉണ്ടാകുന്ന ദിനംവരെ അവർ ഒരുമിച്ചു് ഒരു വീട്ടിൽത്തന്നെ താമസിക്കാൻ നിശ്ചയിക്കുന്നു. സംഭവിക്കേണ്ടതു് സംഭവിക്കുന്നു. അവർ ക്രമേണ അടുക്കുന്നു. മനോഹരന്റെ സംഭാഷണങ്ങളും കൃത്രിമങ്ങളാണു്.

“ഒരേ തരംഗദൈർഘ്യത്തിൽ നമ്മൾ ചിന്തിച്ച ഒരേ ഒരു കാര്യം ഒരു പക്ഷേ, ഇതു മാത്രമായിരിക്കും”. എന്നു ഒരാൾ. “ശരിയാ… ഏതായാലും ഉഭയസമ്മതമായ ഒരു കാര്യമെന്ന നിലയിൽ ഒട്ടും വച്ചു നീട്ടണ്ട” എന്നു വേറൊരാൾ. പണ്ടത്തെ മലയാളം ഒൻപതാം ക്ലാസ്സ് പരീക്ഷയിൽ ജയിച്ചവർ അല്ലെങ്കിൽ തോറ്റവർ ഇമ്മട്ടിൽ സംസാരിച്ചു ഞാൻ കേട്ടിട്ടുണ്ടു്. നിത്യ ജീവിതത്തിൽ ഈ സംഭാഷണമില്ല കലയുടെ ലോകത്തും ആരും ഇങ്ങനെ സംസാരിക്കാറില്ല ‘ചിന്താഭാര ക്ലാന്തതയാൽ ഭവതി ക്ഷുണ്ണഹൃദയയായി ശയനീയത്തിൽ ശയിക്കുന്നതു് അസ്മാദൃശന്മാർക്കു് സമാലോചനയ്ക്കു് അപ്രാപ്യമാണു്. എന്നു് കഥാകാരൻ എഴുതിയില്ലല്ലോ. ഭാഗ്യം! ഏതുകഥയ്ക്കും അത്ഭുതജനകമായ അനിവാര്യത ഉണ്ടായിരിക്കണം. മനം മറിപ്പിക്കുന്ന സർവ്വസാധാരണത്വമാണു് ഇക്കഥയ്ക്കുള്ളതു്. ഇന്നത്തെ കഥയെഴുത്തുകാർ പേന തൊടാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു. (മനോഹരന്റെ രചന മലയാളം വാരികയിൽ)

ചോദ്യം, ഉത്തരം

ചോദ്യം: സമകാലീന ജീവിതത്തിന്റെ പ്രത്യേകതയെന്തു്?

ഉത്തരം: ആധിക്യമാണു് സമകാലിക ജീവിതത്തിന്റെ സവിശേഷത. നെയ്ത്തിരി കത്തിച്ചുവച്ചു് പണ്ടു് ഞാൻ വായിച്ചിരുന്നു. ഇന്നു നൂറു വാട്സ് ബൾബുണ്ടെങ്കിലേ വായിക്കാനാവൂ. പണ്ടു് ഞാൻ കാളവണ്ടിയിൽ സഞ്ചരിച്ചു. ഇന്നു എനിക്കു വിമാനത്തിൽ പോകാനാണു് കൗതുകം. രചനയിൽ മിതം സാരം ച വചോഹി വാഗ്മിതാ—മിതവും സാരവത്തുമായ വാക്കാണു് വാഗ്മിത—എന്ന സാരസ്വതരഹസ്യം എഴുത്തുകാർ മനസ്സിലാക്കിയിരുന്നു. കാലത്തെസ്സംബന്ധിക്കുന്നതു് കാലികം. സമകാലികം എന്നു പ്രയോഗിക്കുന്നതു് നന്നു്. പ്രത്യേകതയ്ക്കു പകരമായി സവിശേഷത എന്നാവണം. പ്രതി + ഏകം = പ്രത്യേകം. each എന്ന അർത്ഥമേയുള്ളു അതിനു്: excess-നെക്കുറിച്ചു് പൊൾ വലേറി എഴുതിയ പ്രബന്ധം താങ്കൾ വായിക്കണം.

ചോദ്യം: മലയാളത്തിലെ കവികൾക്കുള്ള പ്രധാനപ്പെട്ട ദോഷമെന്തു്?

ഉത്തരം: കീർത്തി വർദ്ധിപ്പിക്കാൻ അവർ അശ്രാന്തപരിശ്രമം ചെയ്യുന്നു. വള്ളത്തോളും ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇതു ചെയ്തിരുന്നില്ല. ജി. ശങ്കരക്കുറുപ്പ് തന്നാലാവും വിധം ഇതനുഷ്ഠിച്ചിരുന്നു. സാഹിത്യപരിഷത്തിന്റെ സമ്മേളനങ്ങൾ വിളിച്ചുകൂട്ടിയിട്ടു് അനേകം പ്രാദേശിക കവികളെക്കൊണ്ടു പ്രഭാഷണം ചെയ്യിപ്പിക്കുക, ശിഷ്യരെക്കൊണ്ടു് തന്റെ കവിതയെക്കുറിച്ചു് ലേഖനങ്ങൾ എഴുതിപ്പിക്കുക. ഗ്രന്ഥങ്ങൾ രചിപ്പിക്കുക ഇങ്ങനെ പലതും അദ്ദേഹത്തിന്റെ കൃത്യങ്ങളായിരുന്നു. ആനയ്ക്കു് അതിന്റെ ബലം അറിഞ്ഞുകൂടാ എന്നു പറയുന്നതുപോലെ ശങ്കരക്കുറുപ്പിനു് തന്റെ കവിതയുടെ മഹനീയത അറിഞ്ഞുകൂടായിരുന്നു. മലയാളത്തിലെ ഒരേയൊരു Cosmic കവിയാണു് അദ്ദേഹം. അതു് അദ്ദേഹത്തിനു് അറിയാമായിരുന്നില്ല.

ചോദ്യം: കേരളത്തിൽ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ കേരള സർവീസ് റൂൾസ് ലംഘിച്ചു് സർക്കാരിനെയും മന്ത്രിയെയും വിമർശിക്കുന്നതു ശരിയാണോ?

ഉത്തരം: ശരിയല്ല. സർക്കാരും മന്ത്രിയും തെറ്റുചെയ്താലും ഉദ്യോഗസ്ഥനു് വിമർശിക്കാൻ പാടില്ല. വിമർശിക്കണമെങ്കിൽ ജോലി രാജിവയ്ക്കണം. ജോലിയിലിരിക്കുമ്പോൾ സർവീസിന്റെ ലിഖിതനിയമങ്ങൾക്കും അലിഖിതനിയമങ്ങൾക്കും ആ ഉദ്യോഗസ്ഥൻ അടിമയാണു്. ബ്യൂറോക്രസിയുടെ നിയമമതാണു്. ഒരു സാധാരണ ബോംബിട്ടാൽ മണൽക്കാടായി മാറുന്ന ചില കൊച്ചുരാജ്യങ്ങൾ അമേരിക്ക എന്ന Super power-നെ ഭീഷണിപ്പെടുത്തുമ്പോൾ എനിക്കു് ആ കൊച്ചുരാജ്യങ്ങളോടു പുച്ഛം തോന്നാറുണ്ടു്. സർക്കാർ മഹാസ്ഥാപനമാണു്. അതു കൊടുക്കുന്ന ശംബളം പറ്റിക്കൊണ്ടു് അതിനെയും മന്ത്രിയെയും വിമർശിക്കുന്നതു് ശരിയല്ല. സി. പി. രാമസ്സ്വാമി യുടെ കാലത്താണെങ്കിൽ ഇങ്ങനെ വിമർശിക്കുന്ന ഉദ്യോഗസ്ഥനെ explanation പോലും വാങ്ങാതെ ഡിസ്മിസ് ചെയ്യുമായിരുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ പേരിൽ ഇക്കൂട്ടർ പുലരുന്നു.

ചോദ്യം: നായ്ക്കുളിൽ അമിതമായ താൽപര്യമുള്ള ചില സ്ത്രീകളുണ്ടു്. അവരെക്കുറിച്ചു്?

ഉത്തരം: അവർക്കു human beings-നെ സ്നേഹിക്കാൻ കഴിയുകയില്ല.

ചോദ്യം: സാഹിത്യകാരന്മാർക്കു് ഉപേക്ഷിക്കാൻ വയ്യാത്ത ഗുണങ്ങൾ ഏവ?

ഉത്തരം: തലച്ചോറും ഹൃദയവും. ഭാഗ്യക്കേടുകൊണ്ടു് അവർക്കു് രണ്ടുമില്ല. തലച്ചോറില്ലാത്തതുകൊണ്ടു ഭ്രാന്തു് വരില്ല. ഹൃദയമില്ലാത്തതുകൊണ്ടു് ഹൃദയസ്തംഭനം അവർക്കു ഒരിക്കലും ഉണ്ടാകുകയില്ല.

ചോദ്യം: ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവരും അതില്ലാതെ കവിതയെഴുതുന്നവരും തമ്മിൽ എന്തേ വ്യത്യാസം?

ഉത്തരം: നീലാന്തരീക്ഷത്തിൽ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്താണു് ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവൻ. ‘ചൊട്ടച്ചാൺ വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കും’ കോഴിയാണു് വൃത്തമില്ലാതെ കവിതയെഴുതുവന്നവൻ.

മെനക്കെടുത്തൽ

പീനൽകോഡിൽ പല നിയമങ്ങളുണ്ടു്. ആ നിയമങ്ങൾക്കനുസരിച്ചു് ശിക്ഷാർഹരായ ആളുകൾ ഉണ്ടാവും. ഒരു നിയമവും വ്യർത്ഥമായിപ്പോവുകയില്ല. ഉദാഹരണത്തിനു് “കഥയെഴുതി മനുഷ്യരെ ശല്യം ചെയ്യുന്നവർക്കു മൂന്നുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും നല്കാം” എന്നൊരു നിയമമുണ്ടെന്നിരിക്കട്ടെ. അതിനു സർവ്വഥാ യോഗ്യനായി ഒരാളെ കിട്ടാൻ പ്രയാസമുണ്ടെന്നു് നമുക്കു തോന്നും. ആ തോന്നൽ വെറുതേ. ദേശാഭിമാനി വാരികയിൽ “മായാബസാർ” എന്ന ചെറുകഥയെഴുതിയ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിക്കു് പീനൽകോഡിലെ ആ പരികല്പനത്തിൽ നിർബ്ബാധം ചെന്നു നില്ക്കാം. ഒറ്റപ്പാലം കോളേജിൽ വച്ചു കൂടിയ ഒരു സമ്മേളനത്തിൽ ഒരു ഭ്രാന്തൻ പ്രഭാഷണം നടത്തി. കാളിദാസൻ സാമൂഹികങ്ങളായ കാര്യങ്ങളെക്കുറിച്ചു് ഒന്നും മിണ്ടിയിട്ടില്ലാത്തതു കൊണ്ടു് അദ്ദേഹം കവിയല്ല എന്നായിരുന്നു അയാൾ പറഞ്ഞതു്. മീറ്റിങ് കഴിഞ്ഞു് ഞങ്ങൾ വരാന്തയിൽ നിന്നപ്പോൾ ഒളപ്പമണ്ണ ആ പ്രഭാഷകനെ കളിയാക്കി. “കവിയല്ല കാളിദാസൻ എന്നുപറഞ്ഞതു് വെറുതെയല്ല. ഒരു കാരണവും കൂടി കാണിച്ചല്ലോ എന്നു് അദ്ദേഹം പുച്ഛത്തിൽ പറഞ്ഞു. അതുപോലെ കൃഷ്ണൻകുട്ടിക്കും കഥയെഴുത്തിനു് കാരണമുണ്ടു്. വൈയവസായികത്വവും മീഡിയ സംസ്കാരവും കുടുംബങ്ങളെ തകർത്തുകളയും എന്ന അഭിപ്രായത്തിനു് ബഹിഃർപ്രകാശനം നല്കാനാണു് കൃഷ്ണൻകുട്ടി കഥയെഴുതിയതു്. മാതൃകാ ദമ്പതികളായിരുന്നവർ ക്രമേണവ്യവസായത്തിന്റെ അധമത്വവുമായി ബന്ധപ്പെട്ടു് മീഡിയ സംസ്കാരത്തിന്റെ പ്രലോഭനങ്ങൾക്കു വശംവദരാകുന്നതിനെ നിന്ദിക്കണം കഥാകാരനു്. പക്ഷേ, ആവിഷ്കാരത്തിനു് സൗന്ദര്യമോ ശക്തിയോ ഇല്ല. അവിശ്വസനീയമായ അന്ത്യവും കഥയ്ക്കു്. മായാബസാറിൽ പോയ ഭാര്യ തിരിച്ചുവരുന്നില്ലത്രേ. പ്രതിപാദ്യവിഷയത്തിന്റെ വിശ്വസനീയതയ്ക്കുവേണ്ടി കഥാകാരൻ ഒരു സ്ത്രീയെ കഥയിൽനിന്നു് അപ്രത്യക്ഷയാക്കിക്കളയുന്നു. ഏതൊരു സ്ക്കൂൾ കുട്ടിയും കൃഷ്ണൻകുട്ടിയെക്കാൾ ഈ വിഷയത്തെക്കുറിച്ചു് നല്ല കഥയെഴുതും. അദ്ദേഹം വളരെക്കാലമായി വായനക്കാരെ മെനക്കെടുത്തുന്നു സ്വന്തം രചനകൾ കൊണ്ടു്.

നിരീക്ഷണങ്ങൾ

സിമിത്തേരിയിൽ ദിനംപ്രതി ശവങ്ങൾ കുഴിച്ചിടുന്നു. മൺകൂന അതിന്റെ മുകളിൽ നിർമ്മിക്കുന്നു. ഏറി വന്നാൽ അമ്പതുസെന്റ് സിമിത്തേരിക്കു്. അതിൽ ഇത്രയും ശവങ്ങൾ എങ്ങനെ കുഴിച്ചിടുന്നു എന്നു ഞാൻ സംശയിച്ചിട്ടുണ്ടു്. ആ സംശയത്തിനു് അടിസ്ഥാനമില്ല. കാലംകഴിഞ്ഞ മൺകൂന തട്ടിക്കളഞ്ഞിട്ടു് പുതിയ ശവം അവിടെ കിടത്തും. മൺകൂനയുണ്ടാക്കും. എത്ര ശവങ്ങൾ ഉണ്ടെങ്കിലും സിമിത്തേരിയിൽ അടക്കാം. കഥകൾ എത്ര പറട്ടയാണെങ്കിലും വാരികകൾ ധാരാളം. ഏതിലെങ്കിലും പബ്ലിഷ് ചെയ്യാം. പത്രാധിപർ പ്രതിഫലവും അയച്ചുകൊടുക്കും. അതു പണ്ടത്തെപ്പോലെയല്ല. നല്ല സംഖ്യയാണു് പ്രതിഫലമായി നല്കുന്നതു്. സാഹിത്യത്തിൽ ഒരു കഴിവുമില്ലാത്തവർ കഥാകാരന്മാരായി, കവികളായി വിലസുന്നു കേരളത്തിൽ.

images/Joyce.jpg
ജോയിസ്

സംസ്കൃത കോളേജ് പ്രിൻസിപ്പലായിരുന്ന ഡോക്ടർ പി. കെ. നാരായണപിള്ളയോടൊരുമിച്ചു് ഞാൻ നാഗർകോവിലിൽ ഒരു സമ്മേളനത്തിനു പോയി. തിരിച്ചു വരുമ്പോൾ സാറിന്റെ കാർഡ്രൈവർ പറഞ്ഞു “പെട്രോൾ തീരാറായി ഇവിടെയാണെങ്കിൽ അതു കിട്ടും. അല്പം കൂടി മുന്നോട്ടുപോയാൽ കാറ് നില്ക്കും. പെട്രോൾ ഒരിടത്തുനിന്നും കിട്ടുകയുമില്ല”. സാറിന്റെ കാറിലായിരുന്നു സമ്മേളനത്തിനുള്ള പോക്കും തിരിച്ചുള്ള യാത്രയും. സാറ് ഡ്രൈവറോടു ചോദിച്ചു—“തീരെത്തീർന്നോ പെട്രോൾ?” ഡ്രൈവർ പറഞ്ഞു: “തീരെത്തീർന്നു.” പി. കെ. ആജ്ഞാപിച്ചു “കാർ പോകട്ടെ പെട്രോൾ നമുക്കു ശരിപ്പെടുത്താം” ഡ്രൈവർ വാശിയോടുകൂടി ഓടിക്കാൻ തുടങ്ങി. രണ്ടു മൈൽ താണ്ടിയിരിക്കും. വാഹനം പൊടുന്നനെ നിന്നു. ആ സ്ഥലത്തോ അടുത്തുള്ള സ്ഥലങ്ങളിലോ പെട്രോൾ കിട്ടില്ല. സാറ് ഡ്രൈവറോടു പറഞ്ഞു. “അടുത്ത ബസ്സിൽ കയറി കിട്ടുന്ന സ്ഥലത്തുനിന്നു് പെട്രോൾ വാങ്ങിക്കൊണ്ടു വരു.” “എനിക്കു വയ്യ” എന്നു ഡ്രൈവറുടെ മറുപടി. അയാൾ രണ്ടുമണിക്കൂറോളം താടിക്കു കൈകൊടുത്തു ഇരുന്നു. പിന്നീടു് റ്റിന്നെടുത്തു പിന്നിട്ടവഴിയിലേക്കു നടന്നു. ഒരു മണിക്കൂർ കഴിഞ്ഞു് അയാൾ തിരിച്ചെത്തി പെട്രോളുമായി. തിരുവനന്തപുരത്തു് ഞങ്ങൾ എത്തിയപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. സാഹിത്യവാഹനത്തിന്റെ ഊർജ്ജം ഇല്ലാതായിപ്പോയിയെന്നു് നിരൂപകർ പറയാൻ തുടങ്ങിയിട്ടു് കാലമേറെയായി. സാഹിത്യത്തിൽ പ്രവർത്തിക്കുന്നവർ—കവികളും കഥാകാരന്മാരും—വാഹനം മുന്നോട്ടു പോകട്ടെ എന്നാജ്ഞാപിച്ചുകൊണ്ടിരിക്കുന്നു. അതു നില്ക്കാറായി.

സാധാരണക്കാരായ മന്ത്രിമാർക്കു പകരം ഇന്റലെക്ച്ച ്വൽസ് (ധിഷണാശാലികൾ) രാജ്യം ഭരിച്ചാൽ അതു് സ്വർഗ്ഗമാകുമെന്നതു തെറ്റിദ്ധാരണയാണു്. ഇന്റലെക്ച്ച ്വലിനു് അമൂർത്തമായേ ചിന്തിക്കാൻ കഴിയൂ. അതു പ്രായോഗികതലത്തിൽ കൊണ്ടുവരാനും കഴിയുകയില്ല. ധിഷണാശാലികളല്ലാത്ത മന്ത്രിമാർ സാധാരണ ജീവിതത്തെ കണ്ടറിയും. അതിനോടൊത്തു അവർ നീന്തിത്തുടിക്കും. ധിഷണാശാലിക്കു് നിത്യജീവിതത്തോടു പുച്ഛമാണു്. സാധാരണ ജീവിതത്തെ അയാൾ അംഗീകരിക്കുന്നില്ല. ജീവിതത്തെ പ്രവാഹമായി കരുതിയാൽ അതിന്റെ തീരത്തു നില്ക്കുന്നവൻ മാത്രമാണു് ഇന്റലെക്ച്ച ്വൽ. അയാൾക്കു ജീവിതത്തിൽ ഒരു പരിവർത്തനവും വരുത്താൻ കഴിയുകയില്ല.

ഇന്റലെക്ച്ച ്വൽ മന്ത്രിയായാൽ പരാജയം സംഭവിക്കും. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ പരാജയമടഞ്ഞു. ലൂക്കാച്ചിനെ അരിസ്റ്റോട്ടലി നോടു സമീകരിക്കുന്നു ചിലർ. മന്ത്രിയെന്ന നിലയിൽ അദ്ദേഹവും പരാജയപ്പെട്ടു. അതിനാൽ അമൂർത്തമായി മാത്രം ചിന്തിക്കുന്ന ധിഷണാശാലിയെ നമ്മൾ മന്ത്രിപദത്തിലേക്കു ഉയർത്തരുതു്. ഇന്നത്തെ രീതിതന്നെയാണു് അഭിമാക്യം. ഫിലോസഫർ-കിങ് എന്ന ആശയം ആപത്തുണ്ടാക്കുന്നതാണു്.

images/CVRamanpillai.png
സി. വി. രാമൻപിള്ള

ഞാൻ ബഹുമാനിക്കുന്ന ഒരു സാഹിത്യചിന്തകൻ സി. വി. രാമൻപിള്ള യെയും തകഴി ശിവശങ്കരപ്പിള്ളയെയും താരതമ്യപ്പെടുത്തി തകഴിയാണു് better artist എന്നു് പണ്ടു് അഭിപ്രായപ്പെട്ടു. ഈ മതം അത്രകണ്ടു ശരിയാണോ എന്നതിൽ സംശയം. സി. വി.യുടെ കഥാപാത്രങ്ങൾ അവരുടെ സ്രഷ്ടാവിൽ നിന്നു് പരിപൂർണ്ണമായ മോചനം നേടിയവരാണു്. ഹരിപഞ്ചാനനനും ചന്ത്രക്കാറനും സി. വി. പറഞ്ഞാലും അനുസരിക്കുന്നവരല്ല. തകഴിയുടെ കഥാപാത്രങ്ങൾ നിർമ്മാതാവിനെ വിട്ടു നില്ക്കുന്നവരല്ല. സി. വിയുടെ കഥാപാത്രങ്ങൾ അവരുടേതായ ജീവിതം നയിക്കുന്നു. തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടി നിഴലാണു്. അയാൾ തകഴിയെ ഒട്ടിനില്ക്കുന്നു. ‘കയറി’ലെ കഥാപാത്രങ്ങൾക്കും ഈ ന്യൂനതയുണ്ടു്. അതിനാൽ സി. വി. രാമൻപിള്ളയെയും തകഴി ശിവശങ്കരപ്പിള്ളയെയും താരതമ്യപ്പെടുത്താൻ വയ്യ.

ഞാൻ കാസാനോവയുടെ ഓർമ്മക്കുറിപ്പുകൾ വായിച്ചിട്ടുണ്ടു് വളരെ വളരെ വർഷങ്ങൾക്കു മുൻപു്. ലോകം കണ്ട വിഷയാസക്തന്മാരിൽ—ലമ്പടന്മാരിൽ— ഒന്നാമത്തെ സ്ഥാനമാണു് അയാൾക്കു്. ഒരു സ്ത്രീയോടുകൂടി ശയിച്ച ഒരു രാത്രിയാണു് തികഞ്ഞ ആഹ്ലാദം തനിക്കു പ്രദാനം ചെയ്തതെന്നു് അയാൾ ഓർമ്മക്കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ടു്. ആ സ്ത്രീയുടെ വയസ്സു് എത്രയായിരുന്നുവെന്നോ? വെറും എഴുപതു്. വിഷയാസക്തന്മാരുടെ മാനസികനില അസാധാരണം തന്നെ.

എന്തിനു് പുരുഷന്മാരെ മാത്രം കുറ്റം പറയണം? വർഷങ്ങൾക്കു മുൻപു് ഞാൻ ഒരു സ്ഥലത്തു് സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനു് പോയി. സമ്മേളനം രാത്രി എട്ടുമണിക്കേ ആരംഭിക്കൂ. അത്രയും നേരം എനിക്കൊരു വീട്ടിൽ വിശ്രമിക്കേണ്ടതായി വന്നു. അല്പനേരം ആരെയും കണ്ടില്ല. പെട്ടെന്നു് ആകർഷകത്വമുള്ള ഒരു സ്ത്രീ ഞാനിരുന്ന സെറ്റിയിൽ വന്നു് ഇരുന്നു. അവരുടെ അടുത്തങ്ങനെ ഇരിക്കുന്നതു് മോശമാണെന്നു് കരുതി ഞാൻ സെറ്റിയുടെ അറ്റത്തേക്കു നീങ്ങി. പിന്നെ എനിക്കു നീങ്ങാൻ സ്ഥലമില്ല. അവർ സംഭാഷണം തുടങ്ങി. സത്യസായി ബാബയെക്കുറിച്ചായിരുന്നു ശ്രീമതിയുടെ സംസാരം. പറഞ്ഞുപറഞ്ഞു് അവർക്കു് ഒരു ദിവസം പൂജാമുറിയിൽ എത്താൻ കഴിഞ്ഞില്ല എന്നറിയിച്ചു. ഞാൻ സംഭാഷണത്തിനു വേണ്ടി ‘എന്താ കഴിയാത്തതു്?’ എന്നു് ചോദിച്ചു. അവരുടെ മറുപടി: “എന്റെ period ആയിരുന്നു സാർ അന്നും എന്റെ flow നിന്നിട്ടില്ലായിരുന്നു.” ഇതു കേട്ട എന്റെ വയസ്സു് അന്നു എത്രയായിരുന്നുവെന്നോ? വെറും എഴുപതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-05-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 9, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.