സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-06-21-ൽ പ്രസിദ്ധീകരിച്ചതു്)

images/JMCoetzee.jpg
ജെ. എം. കത്സി

തെക്കേയാഫ്രിക്കയിലെ നോവലെഴുത്തുകാരനും നിരൂപകനുമായ ജെ. എം. കത്സി (J. M. Coetzee, b 1940) രണ്ടു തവണ ബുക്കർസ്സമ്മാനം നേടി നോവൽ രചനയ്ക്കു് അദ്ദേഹത്തിന്റെ പുതിയ പുസ്തകം “Youth” ലണ്ടനിലെ സെക്കർ ആൻഡ് വൊർബർഗ് (Secker and Waraburg) ഈ വർഷം പ്രസാധനം ചെയ്തിരിക്കുന്നു (Youth, J. M. Coetzee, Secker and Warburg. £14.99, Indian price, £9.00, Year of publication 2002, pp. 169). ആത്മകഥയെന്നു് വായനക്കാരനു് സംശയം ഉണ്ടാക്കുന്ന ഇപ്പുസ്തകം യഥാർത്ഥത്തിൽ പരികല്പിത സ്വഭാവമാർന്നതാണു്. തന്റെ സ്വഭാവത്തിനു യോജിച്ച വിധത്തിൽ തന്നെ ചിത്രീകരിക്കുകയും ആ ചിത്രീകരണത്തിൽ നിന്നു് വായനക്കാരനു് അന്യാദൃശനായ വ്യക്തിയാണു് താനെന്നു് തോന്നിപ്പിക്കുകയും ചെയ്യുന്നതാണു് ആത്മകഥാകാരന്റെ ഗ്രന്ഥം ആ പ്രതീതി ജനിപ്പിക്കുന്നില്ല കത്സിയുടെ ഈ ഗ്രന്ഥം നോവൽ വായനയുടെ അനുഭൂതികളേ ഇതുളവാക്കുന്നുള്ളു എന്നാൽ നല്ല നോവലാണോ ഇതു്? അതല്ല താനും സംഘട്ടനം. സ്വഭാവചിത്രീകരണം. വികാരം, ആഖ്യാനം ഇവ ഒരുമിച്ചു് ചേർന്നു് രൂപശില്പം ഉണ്ടാകുന്നതാണു് നോവൽ. കത്സിയുടെ ഈ രചനയിൽ ഇപ്പറഞ്ഞതിലൊന്നും തന്നെയില്ല. കഥാപാത്രങ്ങൾ ശക്തിവിശേഷങ്ങളുടെ പ്രതിരൂപങ്ങളായിരിക്കണം. ആ ശക്തിവിശേഷങ്ങൾ അന്യോന്യം പ്രതിപ്രവർത്തനം നടത്തണം. സി. വി. രാമൻപിള്ള യുടെ ‘ധർമ്മരാജാ’ എന്ന നോവലിലെ ഹരിപഞ്ചാനനനെ നോക്കുക. നിസ്തുലമായ ശക്തിവിശേഷം ആ കഥാപാത്രത്തിനുണ്ടു്. അതുപോലെയല്ലെങ്കിലും വേറെ വിധത്തിലുള്ള ശക്തി വിശേഷം പടത്തലവനുണ്ടു്. അവ തമ്മിൽ ഇടയുന്നു. ആ സംഘട്ടനത്തിന്റെ ഫലമായി നാടകീയമായ രൂപം നോവലിനു് കിട്ടുന്ന കത്സിയുടെ രചനയിൽ അതൊന്നുമില്ല. രചയിതാവു് നോവലിൽ കൊണ്ടുവരുന്ന യുവാവിന്റെ ലൈംഗിക ജീവിതത്തിനാണു് ഇവിടെ പ്രാധാന്യം. Is sex the measure of all things? എന്നു കഥ പറയുന്ന ആൾ തന്നെ ചോദിക്കുന്നു. ആ ആൾ അതിനോടു യോജിക്കുന്നുവെന്നു പറയാൻ എനിക്കു ധൈര്യം പോരാ എങ്കിലും ഇക്കൃതിയുടെ വിരസങ്ങളായ നൂറ്റിയറുപത്തിയൊൻപതു് പുറങ്ങൾ വായിച്ചു തീരുമ്പോൾ ലൈംഗികത്വത്തെ എല്ലാത്തിന്റെയും മാനമായി (measure) കത്സി കരുതുന്നുവെന്നു വായനക്കാരനു് തോന്നാതിരിക്കില്ല. ആദ്യം ജാക്കലീൻ എന്ന പെൺകുട്ടിയുമായുള്ള രതികേളികൾ. പിന്നീടു് പാവപ്പെട്ട ഒരു പെൺകുട്ടിയെ ഗർഭിണിയാക്കുന്നതിന്റെ ക്ഷോഭജനകമായ വിവരണം. സാങ്കല്പികമായ സ്ത്രീജനക്കൂട്ടത്തിൽ നിന്നു് ആവിർഭവിച്ചു് കഥ പറയുന്ന ആളിനോടു ലൈംഗികവേഴ്ച നടത്തുന്നതിന്റെ പരോക്ഷാനുഭൂതിയുടെ വിവരണം. വികാരരഹിതമായ സെക്സിന്റെ പ്രതിപാദനം. ഇങ്ങനെ പലതും. ഇടയ്ക്കിടയ്ക്കു് കഷായത്തിനു മേമ്പൊടിയെന്ന മട്ടിൽ സാഹിത്യവിമർശവും. അവയുടെ ഏകപക്ഷീയസ്വഭാവം സഹൃദയനു് ഉദ്വേഗം ജനിപ്പിക്കുന്നു. ലോകം കണ്ട ഭാവാത്മകകവികളിൽ അദ്വിതീയനാണു് വിക്തോർ യൂഗോ. ഭാഷയുടെ ഭാവാത്മക സമ്പന്നത മുഴുവൻ അദ്ദേഹത്തിന്റെ Les Contemplations എന്ന കാവ്യസമാഹാരത്തിൽ കാണാം. ഇംഗ്ലീഷ് തർജ്ജമയിലൂടെയാണെങ്കിലും ഞാനതു് വായിച്ചു് കവിതയുടെ സ്വർഗ്ഗത്തിലേക്കു ഉയർന്നു പോയിട്ടുണ്ടു്. ഈശ്വരൻ, മനുഷ്യജീവിതം, മരണം ഇവയെക്കുറിച്ചു് യൂഗോ എഴുതിയ ഈ കാവ്യങ്ങൾക്കു അടുത്തെത്താൻ പില്ക്കാലത്തെ ഒരു കവിക്കും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെ പൗണ്ടിനോടു ചേർന്നു് (Ezra Pound, 1885–1972) കത്സി windbag. വാചാലൻ. എന്നു വിളിക്കുന്നു (വാചാലത ദോഷമാർന്നതു്. വാഗ്മിത ഗുണമുള്ളതു്).

കഥാപാത്രങ്ങൾ ശക്തിവിശേഷങ്ങളുടെ പ്രതിരൂപങ്ങളായിരിക്കണം. ആ ശക്തിവിശേഷങ്ങൾ അന്യോന്യം പ്രതിപ്രവർത്തനം നടത്തണം. സി. വി. രാമൻ പിള്ളയുടെ ‘ധർമ്മരാജ’ എന്ന നോവലിലെ ഹരിപഞ്ചാനനെ നോക്കുക. നിസ്തുലമായ ശക്തിവിശേഷം ആ കഥാപാത്രത്തിനുണ്ടു്.

സെക്സും സർഗ്ഗാത്മകതയും ഒരുമിച്ചു പോകുന്നു. കത്സിക്കു് അതിൽ സംശയമില്ല. സൃഷ്ടികർത്താക്കന്മാരായതുകൊണ്ടു് കലാകാരന്മാർക്കു് പ്രേമത്തിന്റെ രഹസ്യമറിയാം. കലാകാരനിൽ എരിയുന്ന അഗ്നി സ്ത്രീകൾക്കു് കാണാനാവും, ജന്മവാസനയാൽ. എന്നാൽ സ്ത്രീകൾക്കു് ആ പാവനമായ അഗ്നിയില്ലതാനും (സാഫോ, എമിലി, ബ്രൊൻറ്റി ഇവരൊഴിച്ചു് സ്ത്രീകൾ കലാകാരന്മാരെ പിന്തുടരുകയും അവർക്കു് വിധേയകളാവുകയും ചെയ്യുന്നു, പുറം 66). സ്ത്രീകൾക്കില്ലെന്നു കത്സി പറയുന്ന ഈ പാവനാഗ്നി അദ്ദേഹത്തിനുമില്ല. ഉച്ചരിതത്തിൽ പൂക്കൾ നല്ലപോലെ വിടരുമെന്നു് ഷെയ്ക്‍സ്പിയർ പറഞ്ഞതു് കത്സി ആവർത്തിക്കുന്നു. ലൈംഗിക പൂരിഷത്തിൽ പൂതിഗന്ധം പ്രസരിപ്പിച്ചു് നിൽക്കുന്ന ഒരു പൂവാണു് ഇപ്പുസ്തകം.

ചോദ്യം, ഉത്തരം

ചോദ്യം: മലയാള സാഹിത്യത്തിന്റെ പ്രത്യേകത എന്തു്?

ഉത്തരം: വള്ളത്തോളി നെയും ചങ്ങമ്പുഴ യെയും വൈലോപ്പിള്ളി യെയും സൃഷ്ടിച്ച മലയാള സാഹിത്യം ആധുനിക കവികളെയും സൃഷ്ടിച്ചിരുന്നു.

ചോദ്യം: നിങ്ങൾ തൂലിക കൊണ്ടല്ല നടക്കുന്നതു്. കഠാര കൈയിലെടുത്താണു്. ദേഷ്യമില്ലെങ്കിൽ ഇതിനു ഉത്തരം പറയൂ?

ഉത്തരം: കരടിയെ കീഴ്പ്പെടുത്താൻ കഠാര വേണ്ടേ? അതിരിക്കുന്നിടത്തു് കാളിദാസന്റെ ‘കുമാരസംഭവം’ കൊണ്ടു ചെന്നാൽ മതിയോ?

ചോദ്യം: എന്റെ സ്നേഹിതനു് ‘ബട്ടക്ക് മേനിയ’. സ്ത്രീയെക്കണ്ടാൽ അവളുടെ മുഖമല്ല അയാൾ നോക്കുന്നതു്. ചന്തിയെയാണു്. ഇതു മാനസിക രോഗമാണോ?

ഉത്തരം: അതേ ഈ രോഗം ഭേദമാകണമെങ്കിൽ മ്യൂസിക് കണ്ടക്‍ടർ തിരിഞ്ഞുനില്ക്കുന്നതു് എപ്പോഴും കാണിച്ചു കൊടുക്കണം. അല്ലെങ്കിൽ കല്യാണസമയത്തു് ഫോട്ടോ ഗ്രാഫർമാർ തിരിഞ്ഞുനിന്നു് വധൂവരന്മാരുടെ ഫോട്ടോ എടുക്കുന്നതു കാണിച്ചു കൊടുക്കൂ. മെലിഞ്ഞ ചന്തികൾ കണ്ടുകണ്ടു് നിങ്ങളുടെ സ്നേഹിതനു് ചന്തിഫോബിയയുണ്ടാകും. പിന്നെ അതിനു ചികിത്സ തുടങ്ങിയാൽ മതി.

ചോദ്യം: നിങ്ങൾ മിറക്കിൾസിൽ. അതിമാനുഷ കർമ്മങ്ങളിൽ. വിശ്വസിക്കുന്നുണ്ടോ?

ഉത്തരം: വിശ്വസിക്കുന്നു ട്രാൻസ്പോർട്ട് ബസ്സിൽ കയറിയ നമ്മളോടു ‘നീങ്ങി നില്ക്ക്’ എന്നു കൺഡക്‍ടർ പറഞ്ഞാലും നമ്മൾ അതു അനുസരിക്കുന്നില്ല. അപ്പോൾ ബെല്ലടിച്ചു് അദ്ദേഹം ബസ് നിറുത്തിച്ചു് നമ്മളെ കഴുത്തിനു കുത്തിപ്പിടിച്ചു വെളിയിൽ തള്ളുന്നില്ല. ഇതു മിറക്കിൾ ആണു്. മിറക്കിൾസിൽ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ? പോസ്റ്റ്മാൻ നമ്മുടെ റ്റെലിഫോൺ ബിൽ വേറൊരു വീട്ടിൽ കൊടുക്കുന്നു. അതു കിട്ടുന്നവൻ തിരിച്ചു പോസ്റ്റുമാനു കൊടുക്കാതെ, നമ്മുടെ വീട്ടിലെത്തിക്കാതെ കീറിക്കളയുന്നു. അതിന്റെ ഫലമായി നമ്മുടെ റ്റെലിഫോൺ കണക്‍ഷൻ വിച്ഛേദിക്കപ്പെടുന്നു. മിറക്കിൾ. മിറക്കിൾസ് നിറഞ്ഞതാണു് മലയാളിയുടെ ജീവിതം.

ചോദ്യം: നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ?

ഉത്തരം: ഇതുവരെ അതില്ലായിരുന്നു. രോഗം വരരുതേ എന്നു് ഇപ്പോൾ പ്രാർത്ഥിച്ചു തുടങ്ങിയിരിക്കുന്നു. മരുന്നിന്റെ വില അത്രയ്ക്കു കൂടുതലാണു്. ഒരു കാപ്സ്യൂളിനു് 95 രൂപ കൊടുത്തുവാങ്ങുന്നതു പതിവായിരിക്കുന്നു. അതിനാൽ രോഗം വരരുതേ ഭഗവാനേ എന്നാണു് എന്റെ പ്രാർത്ഥന.

ചോദ്യം: മാതാപിതാക്കന്മാരും സന്താനങ്ങളും തമ്മിലുള്ള ബന്ധമെങ്ങിനെ ഇപ്പോൾ?

ഉത്തരം: മകന്റെ ആജ്ഞ അച്ഛൻ അനുസരിക്കുന്നു. മകൾ അമ്മയെ ഭരിക്കുന്നു. പണ്ടു് സന്താനങ്ങൾ അച്ഛനമ്മമാരെ പേടിച്ചിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. സന്താനങ്ങളെ അച്ഛനമ്മമാർ പേടിക്കുന്നു.

ചോദ്യം: അതിഥിസൽക്കാരം എന്നാൽ എന്തു്?

ഉത്തരം: അതു പലതരത്തിലാണു് ഞാൻ വരാപ്പുഴെ താമസിച്ച കാലത്തു് വടക്കൻ പറവൂരിൽ എനിക്കൊരു സ്നേഹിതനുണ്ടായിരുന്നു. ഞാൻ അയാളെ ഒരിക്കൽ കാണാൻ പോയി. മദ്ധ്യാഹ്നഭക്ഷണം കഴിഞ്ഞു് വൈകുന്നേരം വരെ അവിടെയിരുന്നു തിരിച്ചുപോരാനായിരുന്നു എന്റെ വിചാരം. ഞാൻ ചെല്ലുന്നതുകണ്ടു സ്നേഹിതൻ ഓടിവന്നു ഗെയിറ്റിനു പുറത്തു് സ്നേഹത്തോടെ ആശ്ലേഷിച്ചു വീട്ടിലേക്കു ക്ഷണിക്കാതെ അവിടെത്തന്നെ എന്നെ നിറുത്തി അരമണിക്കൂർ നേരം സംസാരിച്ചു. എന്നിട്ടു ഗുഡ്ബൈ പറഞ്ഞു അയാൾ സ്വന്തം വീട്ടിലേക്കു പോയി. ഞാൻ വരാപ്പുഴ ബസ് തേടി കച്ചേരിപ്പടിക്കലേക്കു നടന്നു. ഇതു് തന്നെ അതിഥിസൽക്കാരം!

പ്രകൃതി, മനുഷ്യൻ
images/Andre_Gide.jpg
ആങ്ദ്രേ ഷീദ്

എൽ സൽവദൊറിലെ ഡിഫെൻസ് മന്ത്രിയെക്കുറിച്ചു് ഞാൻ ഒരു കഥ കേട്ടിട്ടുണ്ടു്. അയാൾ മീൻ പിടിക്കാനിറങ്ങി. ചൂണ്ടയിൽ വളരെ നേരമായിട്ടും ഒന്നും കൊത്തിയില്ല. ഒടുവിൽ ചൂണ്ട ഒന്നനങ്ങി. മന്ത്രി അതു് ഉയർത്തിയപ്പോൾ നാലിഞ്ചു് നീളത്തിൽ ഒരു കൊച്ചു മീൻ പിടയ്ക്കുന്നതു് അയാൾ കണ്ടു. മന്ത്രിക്കു ദേഷ്യവും സങ്കടവും. അയാൾ മീനിനെ ചൂണ്ടയിൽ നിന്നെടുത്തു് തലയിൽപ്പിടിച്ചു് അതിനെ തുടർച്ചയായി അടിച്ചിട്ടു ചോദിച്ചു. “വലിയ മീനുകൾ എവിടെ താമസിക്കുന്നു? അവ എന്തുകൊണ്ടു് ചൂണ്ടയിൽ കൊത്തുന്നില്ല?” ഞാൻ ചൂണ്ടയിട്ടു് വലിയ സാഹിത്യമത്സ്യം പിടിക്കാൻ ശ്രമിക്കുന്നു. അതിൽ കൊത്തുന്നതൊക്കെ ചെറിയ മീനുകൾ. അവയെ അടിച്ചിട്ടു് അർത്ഥരഹിതമായി ഞാൻ ചോദിക്കുന്നു വലിയ മത്സ്യങ്ങൾ ഇല്ലാത്തിടത്തു് ചൂണ്ടയെറിഞ്ഞതുകൊണ്ടു് എന്തു ഫലം? ഇപ്പോൾ ഒരു വ്യത്യസ്തത. വലിയ മീനല്ലെങ്കിലും തീരെച്ചെറുതല്ലാത്ത മീൻ എന്റെ ചൂണ്ടയിൽ കൊത്തിയിരിക്കുന്നു. ഞാൻ ലക്ഷ്യമാക്കുന്നതു് എ. എം. മുഹമ്മദിന്റെ ‘റൊബസ്റ്റ’ എന്ന കഥയാണു് (മാതൃഭൂമി ആഴ്ചപ്പതിപ്പു്). Robusta കാപ്പിച്ചെടിയാണു്. അതും അതു പരിപാലിക്കുന്ന ആളും തമ്മിലുള്ള ബന്ധം പ്രഗല്ഭമായി ചിത്രീകരിച്ചു് വിശാലമായ അർത്ഥത്തിൽ പ്രകൃതിയും മനുഷ്യനും ഒന്നാണെന്നു് വ്യക്തമാക്കിത്തരുന്ന ഇക്കഥ അതിന്റെ രചയിതാവിനെ സാഹിത്യകാരൻ എന്ന പേരിനു് അർഹനാക്കുന്നു. നിങ്ങളല്ലാതെ വേറെയാരെങ്കിലും പറഞ്ഞതു് ഒരിക്കലും ചെയ്തതു് ഒരിക്കലും ചെയ്യാതിരിക്കൂ എന്നു് ആങ്ദ്രേ ഷീദ് ഏതോ നോവലിൽ പറഞ്ഞിട്ടുണ്ടു്. മറ്റുള്ളവർ പറഞ്ഞതു് ഇവിടത്തെ എഴുത്തുകാർ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലയളവിൽ ആവർത്തനമില്ലാതെ ഒരു കഥയെഴുതിയിരിക്കുന്നു എ. എം. മുഹമ്മദ് അത്രയുമായി.

സൗന്ദര്യാസ്വാദനം

ഞാൻ ചിറ്റൂരെ സർക്കാർ കോളേജിൽ അധ്യാപകനായിരിക്കുന്ന കാലം. ഒരു വർഷം കഴിഞ്ഞപ്പോൾ തിരുവനന്തപുരത്തുകാരിയായ ഒരു സുന്ദരി ഇംഗ്ലീഷ് ലക്ചറർ അവിടെ സ്ഥലം മാറി വന്നു. അധ്യാപകരുടെ ഇടയിൽപോലും സെൻസേഷൻ. ശ്രീമതിയുടെ തലമുടിയാണു് വിദ്യാർത്ഥികളെയും അധ്യാപകരെയും വല്ലാതെ ആകർഷിച്ചതു്. ശ്രീമതി അതു് വിടർത്തിയിടും പിറകുവശം മുഴുവൻ ആവരണം ചെയ്യത്തക്കവിധത്തിൽ. അവർ ക്ലാസ്സ് കഴിഞ്ഞു കോണിപ്പടിയിറങ്ങുമ്പോൾ ഒരു വിദ്യാർത്ഥി പിറകെ വന്നു. അവൻ ആ കാഴ്ച കണ്ടു് അറിയാതെ പറഞ്ഞു പോയി. “റ്റീച്ചറിന്റെ തലമുടിയുടെ ഭംഗി അസാധാരണം!” അദ്ധ്യാപിക കോപത്തോടെ തിരിഞ്ഞുനോക്കി അവനോടു പറഞ്ഞു “അതാസ്വദിക്കാൻ എന്റെ ഭർത്താവുണ്ടു്.” പയ്യൻ പിന്നീടു് ഒന്നും ഉരിയാടിയില്ല.

images/Changampuzha.jpg
ചങ്ങമ്പുഴ

വേറൊരു സംഭവം വിദ്യാർത്ഥി പറയുകയാണു്. “കോണിപ്പടികൾ ഇറങ്ങുകയായിരുന്നു ഞാൻ, റ്റീച്ചറിന്റെ പിറകിലായി.” ഞാൻ താഴെ എത്തിയപ്പോൾ അവർ എന്നോടു പറഞ്ഞു. “നീ അതു ചെയ്തു” ഞാൻ ചോദിച്ചു. “എന്തു ചെയ്തു?” അവർ പറഞ്ഞു. “എന്തു ചെയ്തുവെന്നു് നിനക്കറിയാം. സമ്മതിക്കൂ. നീ അതു ചെയ്തു എന്നതിൽ സംശയമില്ല” ഇങ്ങനെ അറിയിച്ചിട്ടു് റ്റീച്ചറങ്ങു പോയി. വിദ്യാർത്ഥി നിഷ്കളങ്കനായി ഭാവിച്ചെങ്കിലും അവൻ ചെയ്തതു് എന്താണെന്നു് നമുക്കൊക്കെ അറിയാം പിറകുവശം മറയ്ക്കാൻ വയ്യാത്ത ഡ്രസ്സ് ആയിരുന്നിരിക്കണം റ്റീച്ചറിന്റെ. നമ്മുടെ നാട്ടിൽ തരുണികൾ നിതംബചലനവും അഴിച്ചിട്ട തലമുടിയും മറയ്ക്കാനായി സാരി മുതുകിലൂടെ വലിച്ചിട്ടു് ആ ഭാഗങ്ങൾ മറയ്ക്കും. അതോടെ പുരുഷന്റെ സൗന്ദര്യാസ്വാദനവും നശിക്കും. ബി. മുരളിയുടെ കഥകൾ ഞാൻ പല വർഷങ്ങളായി വായിക്കുന്നു. സൗന്ദര്യത്തെ മറയ്ക്കുന്ന ആവരണമിടുന്നതിൽ അദ്ദേഹം തൽപരനാണു്. അതിനാൽ പച്ചവെള്ളം കുടിച്ച പ്രതീതിയാണു് അദ്ദേഹത്തിന്റെ ഓരോ കഥയും ഉളവാക്കുന്നതു്. മലയാളം വാരികയിൽ അദ്ദേഹമെഴുതിയ ‘രാമൻ എത്തനൈ രാമനടി’ എന്ന കഥയിൽ എല്ലാമുണ്ടു്. പക്ഷേ, സൗന്ദര്യമില്ല. ഹനുമാന്റെ വേഷംകെട്ടി അഭിനേതാവെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിക്കുന്ന മുഹമ്മദ് സങ്കുചിതമായ മതവൈരത്താൽ ദുരന്തം വരിക്കുന്നതാണു് ഇതിലെ കഥ മനസ്സിൽ ഒരു നേരിയ ചലനം പോലും സൃഷ്ടിക്കാൻ മുരളിക്കു കഴിയുന്നില്ല രചന കൊണ്ടു് കഥാകാരന്റെ അപ്രഗല്ഭത മാത്രമേ ഇതിൽ കാണുന്നുള്ളൂ. മുരളി വായനക്കാരെ ആകർഷിക്കാൻ കഥയോടു ബന്ധമില്ലാത്ത പടിഞ്ഞാറൻ സാഹിത്യകാരന്മാരുടെ പേരുകൾ പറയുന്നു. ഇക്കഥയിൽ ശിവാജി ഗണേശന്റെ സിനിമയുടെ പേരാണുള്ളതു്. വിവരമില്ലാത്ത പെണ്ണുങ്ങളെ ആകർഷിക്കാൻ ഇതു പ്രയോജനപ്പെടുമായിരിക്കും. അഭിജ്ഞന്മാരുടെ പുച്ഛത്തെ ക്ഷണിച്ചുവരുത്താൻ മാത്രമായി പ്രയോഗിക്കുന്ന ഈ ‘ഡേർടി ട്രിക്ക് ’ മുരളി എത്ര വേഗം നിർത്തുമോ അത്രത്തോളം നന്നു്.

സ്വത്വശക്തി

ഞാൻ വൈക്കത്തു തെക്കേ നടയിൽ താമസിക്കുമ്പോൾ വേമ്പനാട്ടു കായലിൽ പായ് കെട്ടിയ വലിയ വള്ളങ്ങളിൽ പതിവായി സഞ്ചരിച്ചിട്ടുണ്ടു്. കാറ്റുപിടിച്ച പായ് വീർത്തുനില്ക്കും. വഞ്ചി വളരെ വേഗത്തിൽ പായും. അതിനെ നിയന്ത്രിക്കാൻ വലിയ തുഴയുമായി അമരക്കാരൻ നില്ക്കും. അയാൾ അനങ്ങില്ല. തുഴ വേണ്ട സമയത്തിൽ തിരിക്കുമെന്നേയുള്ളു. അതൊട്ടു ഞാൻ കാണുകയുമില്ല. ആയസപ്രതിമപോലെ വികാസംകൊണ്ട മാംസപേശികളോടുകൂടി അയാൾ നില്ക്കുന്നതു കണ്ടാൽ നമുക്കത്ഭുതമുണ്ടാകും. വള്ളത്തോളിന്റെ ‘തോണിയാത്ര’ എന്ന മനോഹരമായ കവിത ഞാൻ ചൊല്ലിക്കൊണ്ടാണു് വഞ്ചിയിൽ ഇരിക്കുന്നതു്. ഇന്നും ചൊല്ലിക്കൊണ്ടാണു് വഞ്ചിയിൽ ഇരിക്കുന്നതു്. ഇന്നും ഹൃദിസ്ഥമായ ആ മനോഹരകാവ്യം ചൊല്ലിച്ചൊല്ലി

തൻചിത്രവർണ്ണാംഗമരീചിയാൽക്ക-

ണ്ണഞ്ചിപ്പൊരോമൽക്കിളിയേറെ നേരം

കൊഞ്ചിക്കളിച്ചു കളനിസ്വനത്തോ

ടെൻ ചിത്തവല്ലിച്ചെറുചില്ലതോറും

വള്ളത്തോളിനെയും ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും സൃഷ്ടിച്ച മലയാളസാഹിത്യം ആധുനിക കവികളെയും സൃഷ്ടിച്ചിരിക്കുന്നു.

എന്ന ശ്ലോകത്തിൽ എത്തുമ്പോൾ കേരളത്തിൽ ജനിക്കാനും വള്ളത്തോളിന്റെ ഈ കവിത വായിക്കാനും ഭാഗ്യം സിദ്ധിച്ചല്ലോ എനിക്കെന്നു് ഞാൻ അഭിമാനത്തോടെ വിചാരിക്കാറുണ്ടായിരുന്നു പലതവണ ഇങ്ങനെ വള്ളത്തിൽ സഞ്ചരിച്ചപ്പോൾ അതിലുണ്ടായിരുന്ന താൽപര്യം കുറഞ്ഞെനിക്കു്. ഒടുവിൽ വിരസമായിബ്ഭവിച്ചു തോണിയാത്ര. ഞാനതു നിർത്തുകയും ചെയ്തു. എന്തുകൊണ്ടാണു് ഈ വൈരസ്യമുണ്ടായതു് യാത്രയ്ക്കു്. വള്ളത്തോളിന്റെ കവിത ഇപ്പോഴും പുളകോദ്മകാരിയായതു എന്തുകൊണ്ടു്? നമ്മൾ അഭിമുഖഭവിച്ചുനിൽക്കുന്ന ഏതു വസ്തുവും വ്യക്തിയും സ്വത്വനിർമ്മിതിക്കു സഹായിക്കണം. ഇരുമ്പുപ്രതിമ പോലെ നില്ക്കുന്ന അമരക്കാരനും ജലോപരി പായുന്ന വലിയ വള്ളവും അതിലെ ആളുകളും സ്വത്വശക്തിയുള്ളവരല്ല. വള്ളത്തിനും അമരക്കാരനും ആളുകൾക്കും കാറ്റുപിടിച്ച പായ്ക്കും പരിധികളുണ്ടു്. അവയെ ലംഘിച്ചു് സ്വത്വം പ്രകാശിക്കുന്നില്ല. അതല്ല വള്ളത്തോൾക്കവിതയുടെ സവിശേഷത. എന്റെ മനുഷ്യത്വത്തെ വികസിപ്പിക്കുന്നു വള്ളത്തോൾ. എന്റെ സ്വത്വശക്തിയെ പ്രകാശിപ്പിക്കുന്നു മഹാകവി. അതിനാൽ ബാല്യകാലത്തു് ഞാൻ ഹൃദിസ്ഥമാക്കിയ ആ മനോഹരകാവ്യം ഈ ഭയജനകമായ വാർദ്ധക്യത്തിലും എന്റെ സ്വത്വശക്തിക്കു ബഹിഃപ്രകാശം നല്കുന്നു. സാഹിത്യം ഇങ്ങനെയാണു് വ്യക്തികളെ ഉയർത്തുന്നതു്. ദേശാഭിമാനി വാരികയിൽ ടി. ആര്യൻ കണ്ണനൂർ എഴുതിയ “അടയുന്ന കിളിവാതിലുകൾ” എന്ന കഥ ചത്ത രചനയാണു്. ഭാരതത്തിനു് സ്വാതന്ത്ര്യം കിട്ടിയപ്പോൾ കിളിവാതിലുകൾ മലർക്കെ തുറന്നു കിട്ടി. പിന്നീടു് കൊലപാതകങ്ങൾ മതവൈരത്തിന്റെ പേരിൽ കൂടിക്കൂടി വന്നപ്പോൾ, ചോരപ്പുഴ ഒഴുകിയപ്പോൾ ആ വാതിലുകൾ താനേ അടഞ്ഞുപോയി. ചില വാക്യങ്ങളുടെ സമാഹാരമെന്നല്ലാതെ വേറൊന്നും പറയാനില്ല. ഈ രചനയെക്കുറിച്ചു് നമ്മുടെ വ്യക്തിത്വശക്തിയെയും സ്വത്വശക്തിയെയും പ്രസരിപ്പിക്കാൻ ഈ കഥ അസമർത്ഥമാണു്.

കഥകൾക്കു പടം വരയ്ക്കുന്ന ‘ദേശാഭിമാനി’യിലെ ചിത്രകാരൻ ആരെന്നു് എനിക്കറിഞ്ഞുകൂടാ. പക്ഷേ, എല്ലാ സ്ത്രീകൾക്കും പൊക്കമേറെ നൽകിയാൽ അതു കലയാവും എന്നുകരുതുന്ന ആ ചിത്രകാരൻ ബീഭത്സരചനയാണു് നിർവഹിക്കുന്നതു് എന്നെനിക്കറിയാം. അസഹനീയങ്ങളാണു ഈ ചിത്രങ്ങൾ.

മര്യാദകേടു്
images/Vallathol.jpg
വള്ളത്തോൾ

എനിക്കു പ്രഭാഷകനാകാൻ താൽപര്യമില്ല. താൽപര്യമില്ലെന്നു മാത്രമല്ല, ഞാനതു വെറുക്കുകയും ചെയ്യുന്നു. എങ്കിലും ഒരുകാലത്തു് നിർബന്ധത്തിന്റെ പേരിൽ ഞാൻ സമ്മേളനങ്ങൾക്കു പോയിരുന്നു. തൃശ്ശൂരെ സാഹിത്യപരിഷത്തു് സമ്മേളനത്തിൽ ഞാൻ പ്രഭാഷകനായിരുന്നു. ഡോക്ടർ കെ. ഭാസ്കരൻ നായർ മുൻവരിയിൽ ശ്രോതാവായി ഇരിക്കുന്നു. കെ. കെ. രാജാ എന്ന നല്ല കവി ബനിയൻ പോലുമിടാതെ ഒറ്റമുണ്ടുടുത്തു ഭാസ്ക്കരൻ നായരുടെ അടുത്തിരിക്കുന്നു. എസ്. ഗുപ്തൻനായരു ടെ പ്രഭാഷണം കഴിഞ്ഞു. അടുത്തതു് എന്റെ ഊഴം. അധ്യക്ഷൻ എന്റെ പേരു് വിളിച്ചപ്പോൾ ഞാൻ എഴുന്നേറ്റു. ഡോക്‍ടർ കെ. ഭാസ്ക്കരൻ നായർ പൊടുന്നനെ എഴുന്നേറ്റ് ഹോളിൽ നിന്നു പുറത്തേക്കു പോയി. “നീയൊക്കെ പ്രസംഗിക്കുന്നതു് കേൾക്കാൻ ഞാനാരു്? എന്ന മട്ടിൽ ഒറ്റപ്പോക്കു്. എന്തെങ്കിലും ആവശ്യകതയുടെ പേരിലല്ല അദ്ദേഹം പോയതു്. ഹോളിന്റെ വരാന്തയിൽ നിന്നു് അദ്ദേഹം ഒരാളിനോടു സംസാരിക്കുന്നതു് ഞാൻ കണ്ടു. എന്റെ പ്രഭാഷണം തീർന്നിട്ടും ഭാസ്ക്കരൻനായർ പരിചയക്കാരനോടുള്ള സംസാരം നിറുത്തിയില്ല. ഇതു തികഞ്ഞ മര്യാദകേടാണു്. ഞാൻ ആരുമല്ലെങ്കിലും പ്രസംഗിക്കാൻ തുടങ്ങിയാൽ ഇ. എം. എസ്. അതു സമ്പൂർണ്ണമായും കേൾക്കും. ഞാനാരു്? ഇ. എം. എസ്സാരു്? എങ്കിലും സംസ്കാരസമ്പന്നനായ അദ്ദേഹം ഞാൻ പറയുന്നതൊക്കെ കേൾക്കുമായിരുന്നു. പലതവണ ഇതുണ്ടായിട്ടുണ്ടു്.

images/CVRamanpillai.png
സി. വി. രാമൻപിള്ള

കായങ്കുളത്തെ വിനോബ സ്ക്കൂളിന്റെ വാർഷികസമ്മേളനം അധ്യക്ഷപ്രസംഗം കഴിഞ്ഞു ജഗദി വേലായുധൻനായർ പാടിക്കൊണ്ടു് ദീർഘമായി പ്രസംഗിച്ചു. അടുത്തതു് ഞാനാണു്. ഞാനെഴുന്നേറ്റു് പ്രഭാഷണം തുടങ്ങി. അഞ്ചു മിനിറ്റായില്ല. അപ്പോൾ മന്ത്രിയായിരുന്ന ശങ്കർ വന്നു. ഉദ്ഘാടനമായിരുന്നു അദ്ദേഹത്തിനു് വളരെനേരം കാത്തിരുന്നിട്ടും അദ്ദേഹം വരാതിരുന്നതു കൊണ്ടു് മീറ്റിങ് തുടങ്ങിയതാണു്. സ്ക്കൂളിലെ പ്രഥമധ്യാപകനും മറ്റുള്ള അധ്യാപകരും മന്ത്രിയെ സ്വീകരിക്കാൻ പാഞ്ഞുപോയി. ശ്രോതാക്കൾ മന്ത്രിയെ നോക്കിക്കൊണ്ടിരുന്നു. ശങ്കർ സഭാവേദിയിലേക്കു കയറിയപ്പോൾ സർക്കാരുദ്യോഗസ്ഥനായ ഞാൻ അദ്ദേഹത്തോടു ചോദിച്ചു. “Sir, shall I continue my speech?” മന്ത്രി ഉടനെ മറുപടി പറഞ്ഞു. “Stop it, I am in a hurry” ഞാൻ കസേരയിലിരുന്നു. ശങ്കർ കുമാരനാശാനെക്കുറിച്ചു പ്രസംഗിച്ചു. ഞാൻ ആയിരം തവണ ആ പ്രസംഗം കേട്ടിട്ടുള്ളതാണു്. അതുകൊണ്ടു് മെല്ലെ പ്ലാറ്റ്ഫോമിൽ നിന്നിറങ്ങി. ‘എന്താ ഇറങ്ങിയതു്?’ എന്നു് സ്ക്കൂളിലെ ഒരധ്യാപകൻ ചോദിച്ചു. മറുപടി നല്കി ഞാൻ ഇങ്ങനെ: “ലക്ഷത്തിയമ്പതിനായിരം തവണ ഞാനിതു കേട്ടുകഴിഞ്ഞു. ഒരു തവണകൂടി കേൾക്കാൻ വയ്യ. ‘പുണ്ണിൽ അമ്പേറ്റതുപോലെ’യാവും അതു്.” ശങ്കറിന്റെ “Stop it” എന്ന ആജ്ഞയും പ്രഭാഷണത്തിന്റെ ആവർത്തനവും ശരിയാണോ എന്നു വായനക്കാർ ആലോചിക്കണം മറ്റൊരു മര്യാദകേടു്. ഒരാൾ പ്രസംഗിക്കുമ്പോൾ വേറൊരു പ്രഭാഷകൻ പുസ്തകം വായിച്ചുകൊണ്ടിരിക്കും! വി. എസ്. ശർമ്മയും ഗുപ്തൻ നായരും ഇതു ചെയ്തിട്ടുണ്ടു്, ഞാൻ പ്രസംഗിക്കുമ്പോൾ.

images/G_Sankarakurup.jpg
ജി. ശങ്കരക്കുറുപ്പ്

ജി. ശങ്കരക്കുറുപ്പി നെ പലർക്കും കണ്ണിനു കണ്ടു കൂടായിരുന്നു. അവരിൽ പ്രധാനൻ എൻ. ഗോപാലപിള്ള. അദ്ദേഹത്തിന്റെ കൂടെ ചേർന്നുനിന്നു കെ. ദാമോദരൻ, എം. പി. അപ്പൻ, കെ. ബാലരാമപ്പണിക്കർ, ഇ. എം. ജെ. വെണ്ണിയൂർ, എം. എച്ച്. ശാസ്ത്രികൾ, കെ. ബാലകൃഷ്ണൻ. ഞാനും ഇവരുടെ കൂട്ടത്തിൽ ചേരുമായിരുന്നു. ശങ്കരക്കുറുപ്പിന്റെ സ്വഭാവം അങ്ങനെയാണു്. പക്ഷേ, അദ്ദേഹത്തിന്റെ കവിതയുടെ ഉദാത്തതകണ്ടു് ഞാൻ ഭക്തിവിവശനായിപ്പോയി.

“ഒന്നു നടുങ്ങി ഞാൻ ആ നടുക്കം തന്നെ

മിന്നുമുഡുക്കളിൽ ദൃശ്യമാണിപ്പൊഴും”

എന്നെഴുതിയ ജി. ശങ്കരക്കുറുപ്പിനെ ആരാധിക്കാതിരിക്കുന്നതെങ്ങനെ? അതിനാൽ ഞാൻ ശങ്കരക്കുറിപ്പിന്റെ കവിതയെ ആവോളം വാഴ്ത്തി അദ്ദേഹത്തിന്റെ സ്വഭാവസവിശേഷത കണ്ടറിഞ്ഞു് മൗനം അവലംബിച്ചു. എനിക്കു ജീവിതാസ്തമയം ആയി. അവസാന നിമിഷത്തിൽ ആരെങ്കിലും എന്നോടു ജി. ശങ്കരക്കുറുപ്പിനെക്കുറിച്ചു ചോദിച്ചാൽ പ്രാണൻ പോകുന്ന സന്ദർഭത്തിലും ഞാൻ പറയും: “കവിയെന്ന നിലയിൽ അദ്ദേഹം അന്യാദൃശനാണു്. മഹാകവിത്രയത്തിനെപ്പോലും പല കാര്യങ്ങളിലും ജി. അതിശയിച്ചിട്ടുണ്ടു്. പക്ഷേ, മനുഷ്യനായ ശങ്കരക്കുറുപ്പിനെക്കുറിച്ചു് എന്നോടു ചോദിക്കരുതേ. Truth sits upon the lips of the dying man. ആ സത്യം എന്നെക്കൊണ്ടു പറയിക്കരുതേ.”

പണ്ടു് സന്താനങ്ങൾ അച്ഛനമ്മമാരെ പേടിച്ചിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. സന്താനങ്ങളെ അച്ഛനമ്മമാർ പേടിക്കുന്നു.

വൈദ്യൻ ഉണ്ടാക്കിക്കൊടുക്കുന്ന ധാന്വന്തരം കുഴമ്പു് മേലാകെ തേച്ചു് അരമണിക്കൂർ നിന്നു് വേദനകളും കുഴപ്പുകളും മാറ്റി നീലിഭൃംഗാമലകാദി എണ്ണ തലയിൽ തേച്ചു കുളിച്ചു് കണ്ണുകൾക്കു തണുപ്പു വരുത്തിക്കൊണ്ടു് പ്ലാറ്റ്ഫോമിൽ കയറി നിന്നു് വൈദ്യന്മാരെ അധിക്ഷേപിക്കുന്ന ഒരലോപ്പതി ഡോക്‍ടർ ഇവിടെയുണ്ടായിരുന്നു. അദ്ദേഹവും ഒരു മഹാപണ്ഡിതനും ഏതോ കാര്യത്തിനു് തർക്കിച്ചു. ഡോക്ടർ പണ്ഡിതനെ അധിക്ഷേപിച്ചു് എഴുതും പത്രത്തിൽ. പണ്ഡിതൻ മറുപടി എഴുതും. പത്രാധിപർ രണ്ടുപേരുടേയും വ്യക്തിപ്രഭാവം കണ്ടിട്ടാവാം തുടരെത്തുടരെ അവരുടെ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി. ഒരു ദിവസം ഞാൻ ആ പണ്ഡിതനെ റോഡിൽ വച്ചു കണ്ടു. ഞാൻ അദ്ദേഹത്തോടു ചോദിച്ചു. “സർ ഈ വാക്കുതർക്കം നീണ്ടുപോകുമോ?” അദ്ദേഹം മറുപടി നല്കി. “എന്റെ ലേഖനത്തിനു് അയാൾ മറുപടി എഴുതി. അതു വായിച്ചപ്പോൾ എനിക്കു തോന്നി അതിനു മറുപടി കൊടുക്കണമെന്നു്. എന്റെ ലേഖനം വായിച്ചതിനുശേഷം അയാൾക്കു തോന്നുന്നെങ്കിൽ എഴുതട്ടെ. അതു വായിച്ചാൽ എനിക്കു ചിലപ്പോൾ തോന്നിയെന്നു വരും സമാധാനം പറയാൻ. അങ്ങനെ എഴുതിയെഴുതി ആരുടെ വാക്കുകൾക്കാണു് ശക്തിയെന്നു് തെളിയിക്കട്ടെ രണ്ടുപേരിൽ ഒരാൾ.” ഞാനതിനു മറുപടി പറഞ്ഞില്ല. മിണ്ടാതെ പോയി.

മുകളിൽപ്പറഞ്ഞ പണ്ഡിതൻ ഉദ്ഘാടകൻ. തിരുവനന്തപുരത്തെ ഒരു വക്കീൽ അധ്യക്ഷൻ. അദ്ദേഹവും പണ്ഡിതനെപ്പോലെ മഹായശസ്കൻ. അധ്യക്ഷൻ ഉപക്രമപ്രസംഗത്തിൽ പറഞ്ഞു: “ഇവിടെ രണ്ടു പണ്ഡിതന്മാർ പ്രസംഗിക്കാൻ വന്നിട്ടുണ്ടു്. പണ്ഡിതന്മാർ പട്ടികളെപ്പോലെയാണു്. അവർ കടിപിടി കൂടുന്നതു നിങ്ങൾക്കു രസകരമായ കാഴ്ചയായിരിക്കും.” ഉപക്രമപ്രസംഗത്തിനു ശേഷം ഉദ്ഘാടകൻ പറഞ്ഞു “പ്രഭാഷകരായി വന്ന ഞങ്ങൾ പട്ടികളെപ്പോലെയാണു്. പണ്ഡിതന്മാരാണെന്നു് അധ്യക്ഷന്റെ അഭിപ്രായം. അധ്യക്ഷൻ പറഞ്ഞതു് ശരി. പക്ഷേ, അദ്ദേഹം മഹാപണ്ഡിതനാണു്.” നീണ്ട കരഘോഷം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-06-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 8, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.