സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(സമകാലികമലയാളം വാരിക, 2002-07-05-ൽ പ്രസിദ്ധീകരിച്ചതു്)

images/The_Reader.jpg

പതിന്നാലു് ഭാഷകളിലേക്കു ഇതിനകം തർജ്ജമ ചെയ്യപ്പെട്ട “The Reader ” എന്ന നോവൽ അതിന്റെ രചയിതാവായ ബേൺഹർറ്റ് ഷ്ലിങ്കിനു് (Bernhard Schlink) മഹായശസ്സ് നേടിക്കൊടുത്തു. അതോടെ അദ്ദേഹം വിശ്വസാഹിത്യത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു. ഇപ്പോൾ ജർമ്മൻ സാഹിത്യത്തെക്കുറിച്ചു് നിരൂപണം ചെയ്യുമ്പോൾ ഈ പ്രതിഭാശാലിയെ വിട്ടുകളയാൻ ഒക്കുകയില്ല. വിശ്വസാഹിത്യകാരന്മാരുടെയിടയിൽ തലയുയർത്തി നില്ക്കുന്ന മഹാനായ നോവലിസ്റ്റാണു് ഷ്ലിങ്ക്. അദ്ദേഹത്തിന്റെ “The Reader” എന്ന നോവലിനെക്കുറിച്ചു് ഈ കോളത്തിൽ സാമാന്യം ദീർഘമായ മട്ടിൽത്തന്നെ പ്രതിപാദിച്ചിരുന്നു. വായനക്കാരുടെ സ്മരണയെ പുനഃസ്ഥാപനം ചെയ്യുന്നതിനുവേണ്ടി ഏതാനും വാക്യങ്ങൾ ആ നോവലിനെക്കുറിച്ചു് എഴുതിക്കൊള്ളട്ടെ. ഹെപ്പറ്റൈറ്റിസ് രോഗത്തിൽ നിന്നു് സുഖം പ്രാപിച്ചുവരുന്ന പതിനഞ്ചു വയസ്സുള്ള മിഹായൽ (Michael) അവന്റെ ഇരട്ടി പ്രായമുള്ള ഹന (Hanna—അവൾക്കു് 36 വയസ്സുണ്ടെന്നാണു് എന്റെ ഓർമ്മ) എന്ന സ്ത്രീയെക്കണ്ടു് കാമവിവശനായി രതികേളികളിൽ വീഴുന്നു. അവർ ബന്ധം തുടർന്നു കൊണ്ടിരിക്കുമ്പോൾ മിഹായലിനെ അദ്ഭുതപ്പെടുത്തിക്കൊണ്ടു് അവൾ അപ്രത്യക്ഷയാകുന്നു. കാലം കഴിഞ്ഞു് മിഹായൽ ഒരു കെയ്സ് വിസ്താരം നടന്നുകൊണ്ടിരിക്കുന്ന കോടതിയിൽ വച്ചു് ഹനയെ കാണുന്നു. നിയമവിദ്യാർത്ഥിയായ അവനെ കോടതിനടപടികൾ പഠിക്കാനായി അവന്റെ അധ്യാപകൻ മറ്റു വിദ്യാർത്ഥികളോടൊപ്പം അവിടെ കൊണ്ടുവന്നിരിക്കുകയാണു്. യുദ്ധകാലത്തു തടങ്കൽപ്പാളയത്തിലെ സൂക്ഷിപ്പുകാരിയായ ഹന അക്ഷന്തവ്യമായ കുറ്റം ചെയ്തു. ആ മഹാപാതകത്തിനുവേണ്ടി അവളെ അറസ്റ്റ് ചെയ്തു് വിസ്തരിക്കുമ്പോഴാണു് മിഹായലിനു് അവളെ കാണാൻ ഇടവന്നതു്. എന്തു അപരാധമാണു് ഹന ചെയ്തതു്? അറുന്നൂറു തടവുകാരികളെ ഒരു പള്ളിയ്ക്കകത്താക്കി പൂട്ടിയിട്ടിരിക്കുന്നു. പള്ളിയിൽ ബോംബ് വീണപ്പോൾ പൂട്ടുതുറന്നു തടവുകാരികളെ രക്ഷിക്കാമായിരുന്നു ഹനയ്ക്കു്. പക്ഷേ, അവളതു ചെയ്തില്ല. പള്ളി അഗ്നിയിൽ കരിഞ്ഞതോടൊപ്പം നിരപരാധികളായ സ്ത്രീകളും കരിഞ്ഞുപോയി. അങ്ങനെ ക്രൂരമായി ചെയ്തതു് എന്തിനെന്നു് ജഡ്ജി ചോദിച്ചപ്പോൾ പുതുതായി വരുന്ന തടവുകാർക്കു സ്ഥലം വേണ്ടേ? എന്ന മറുചോദ്യമായിരുന്നു ഹന ചോദിച്ചതു്. കോടതി വധശിക്ഷ മറ്റുള്ളവർക്കു നല്കുന്നതു് പുതിയ ആളുകൾക്കു് ഇടം നല്കാനല്ലേ എന്ന ചോദ്യവും ഇവിടെ ഉയരുന്നു. കുറ്റം, കുറ്റമില്ലായ്മ, നീതി, അനീതി ഇവയെക്കുറിച്ചു് ചിന്തിക്കാൻ ഷ്ലിങ്ക് നോവലിലൂടെ ആവശ്യപ്പെടുന്നു നമ്മളോടു്.

അദ്ദേഹത്തിന്റെ Flights of Love എന്ന കഥാസമാഹാരത്തിലും ഇതൊക്കെത്തന്നെയാണു് വിഷയങ്ങൾ. ഷ്ലിങ്കിന്റെ കഥകളെക്കുറിച്ചു ചില വിമർശകർ വിപ്രതിപത്തി പ്രകടിപ്പിച്ചിട്ടുണ്ടു്. എനിക്കു് അവരോടു യോജിക്കാൻ കഴിയുന്നില്ല. മഹാനായ നോവലിസ്റ്റ് എന്നപോലെ അദ്ദേഹം മഹാനായ കഥാകാരനുമാണെന്നാണു് എന്റെ പക്ഷം. (Flights of Love. Bernard Schlink. Translated from the German by John E. Woods. Pantheon Books, New York. pp. 308, $23.00.)

ഈ സമാഹാരത്തിലെ ആദ്യത്തെ കഥയായ “Girl with Lizard” തികച്ചും മനോഹരമാണു്. പെൺകുട്ടി കിനാവിലെന്ന പോലെ പല്ലിയെ നോക്കുന്നു. പല്ലി തിളങ്ങുന്ന കണ്ണുകളാൽ പെൺകുട്ടിയെ നോക്കുന്നു. ഈ ചിത്രം ഒരു വീട്ടിലെ ആൺകുട്ടിയെ വല്ലാതെ ആകർഷിക്കുന്നു.

ചിത്രത്തോടുള്ള ഈ മാനസികമായ അടുപ്പമല്ലാതെ ആ കുട്ടിക്കു് ഒന്നിനോടും താൽപര്യമില്ല. അവന്റെ ആന്തരലോകവും ബാഹ്യലോകവും യോജിക്കുന്നില്ല. കുടുംബത്തോടുള്ള ഈ യോജിപ്പില്ലായ്മയും ഇതും ഒന്നു പോലെയാണു്. അച്ഛനമ്മമാരുടെ മുറിയിൽ അവനു കയറിക്കൂടാ. വാതിൽ തുറന്നിട്ടിരിക്കും. എങ്കിലും ആ മുറിയിൽ അവനു കയറിക്കൂടാ. വാതിൽ തുറന്നിട്ടിരിക്കും. എങ്കിലും അവനു ആ മുറിയിലേക്കു പ്രവേശനമില്ല. അതുപോലെ അച്ഛനും അമ്മയും അവന്റെ മുറിയിലേക്കും കയറുകില്ല.

images/Bernhard_Schlink.jpg
ബേൺഹർറ്റ് ഷ്ലിങ്ക്

അവനു പ്രായം കൂടിവരുന്നു. കാമുകിയായി അവൻ ഒരുത്തിയെ തിരഞ്ഞെടുത്തു. പക്ഷേ, അവർ ഒരുമിച്ചു ശയിച്ചപ്പോൾ ദയനീയവസ്ഥയായിരുന്നു ഫലം. അവനു് ലൈംഗികത്വത്തിലും താൽപര്യമില്ല. അവന്റെ മദ്യപാനായിരുന്ന അച്ഛൻ മരിച്ചു. അയാളുടെ മരണത്തിനുശേഷം അവൻ ആ ചിത്രമെടുത്തു് സ്വന്തം മുറിയിൽ തൂക്കി അന്യരെപ്പോലും അവൻ അതു് കാണിക്കില്ല. ആരെങ്കിലും വന്നാൽ അവൻ ചിത്രമെടുത്തു കിടക്കയുടെ അടിയിലിടും. അവർ പൊയ്ക്കഴിഞ്ഞേ അവനതു വീണ്ടും ചുവരിൽ തൂക്കൂ. അച്ഛനു് ധാർമ്മികമായോ അധാർമ്മികമായോ കിട്ടിയ ചിത്രമാണതു്. അന്നു അയാൾ മിലിറ്ററി കോർടിലെ അംഗമായിരുന്നു. പ്രാഡ്വിവാകനായിരുന്നു.

ഒരു ദിവസം വൈകുന്നേരം അവൻ ചിത്രമെടുത്തു വർത്തമാനപ്പത്രത്തിൽ പൊതിഞ്ഞു. കടപ്പുറത്തേക്കു ചെന്നു. അവിടെ ആളുകൾ തീകൂട്ടി ശരീരം ചൂടുപിടിപ്പിക്കുകയാണു്. അവനും ഒരിടത്തു തീ കൂട്ടി ചിത്രം അതിലേക്കു് അവനെറിഞ്ഞു. രൂപമറിയാൻ വയ്യാത്ത വിധത്തിൽ ചിത്രം കരിഞ്ഞു. തീ കെട്ടപ്പോൾ അവൻ പാദരക്ഷ കൊണ്ടു് കനലുകളെ തട്ടിനീക്കി. എല്ലാം ചാരമാകുന്നതുവരെ അവൻ കാത്തുനിന്നില്ല. നീലനിറവും ചുവപ്പുനിറവുമാർന്ന അഗ്നിശിഖകളെ അവൻ കുറച്ചുനേരം നോക്കി. പിന്നീടു് അവൻ വീട്ടിലേക്കു പോയി.

വ്യാകുലമായ മനസ്സാണു് അവന്റേതു്. ആ വ്യാകുലത ബാഹ്യലോകത്തിനുമുണ്ടു്. അവയ്ക്കു തമ്മിൽ പൊരുത്തമില്ല. അതു കണ്ടറിഞ്ഞ അവനു് അച്ഛനോടോ അമ്മയോടോ പൊരുത്തപ്പെടാൻ കഴിയുകയില്ല. ചിത്രമാണു് അവനെ ജീവിപ്പിച്ചതു്. ചിത്രം അധാർമ്മികമായി അച്ഛനു കിട്ടിയ പാരിതോഷികമാണെന്നു് താൻ അറിഞ്ഞപ്പോൾ പ്രശസ്തനായ ഒരു ചിത്രകാരന്റെ നഷ്ടപ്പെട്ട ചിത്രമാണു് അതെന്നു് അറിഞ്ഞപ്പോൾ അവനെ അതു ഹോൺട് ചെയ്യാതെയായി. അവൻ അതു തീയിൽ എരിച്ചു കളഞ്ഞപ്പോൾ പിന്നെയെല്ലാം വിരസമായിബ്ഭവിച്ചു.

ആർക്കു ശക്തിവിശേഷം ലോകത്തു് കൊണ്ടുവന്നു് പരിവർത്തനം വരുത്താൻ കഴിയുമോ അയാൾ/അവൾ ജീനിയസ്.

മൂല്യങ്ങളോടു നിഷേധാത്മകത പ്രദർശിപ്പിക്കുന്ന ചെറുകഥയാണിതെന്നു് ചിലർ പറഞ്ഞേക്കാം. Holocaust-നു ശേഷം കവിതയില്ലെന്നു ഒരു ചിന്തകൻ പറഞ്ഞില്ലേ? അതു സത്യമല്ലേ? ആ സത്യത്തെ ഇക്കഥയിലൂടെ ആവിഷ്കരിക്കുകയാണു് ഷ്ലിങ്ക്. അദ്ദേഹത്തിന്റെ മറ്റു ചെറുകഥകളും ഈ സത്യത്തിന്റെ വിഭിന്നമുഖങ്ങൾ കാണിക്കുന്നു. വ്യക്തിഗതവും രാഷ്ട്രവ്യവഹാരപരവും ചരിത്രപരവും ആയ സത്യങ്ങളെ കലാത്മകമായി ആലേഖനം ചെയ്യുകയാണു് ഷ്ലിങ്ക്.

നാറ്റം

ഇന്നു് (19.6.02) വൈകുന്നേരം പുളിമൂട്ടിലേക്കു ചെന്നപ്പോൾ (പുളിമൂടു് തിരുവനന്തപുരത്തെ മെയ്ൻറോഡിലെ ഒരു ജങ്ഷൻ) ഒരു പരിചയവും എനിക്കില്ലാത്ത ഒരു മധ്യവയസ്കൻ എന്നോടു ചോദിച്ചു. “റ്റി. പദ്മനാഭൻ മാതൃഭൂമി വാർഷികപ്പതിപ്പിൽ എഴുതിയ “ഗൗരി: വീണ്ടും” എന്ന കഥ നിങ്ങൾ വായിച്ചോ?”

ഞാൻ: “വായിച്ചു”

അദ്ദേഹം: “എങ്ങനെയിരിക്കുന്നു?”

ഞാൻ: “സ്റ്റുപിഡിറ്റി ആൻഡ് അബ്സേഡിറ്റി.”

അദ്ദേഹം: “ഈ റബിഷ് എങ്ങനെ മാതൃഭൂമി വിശേഷാൽ പ്രതിയിൽ അച്ചടിച്ചുവന്നു.”

ഞാൻ: (മൗനം)

അദ്ദേഹം: “പദ്മനാഭന്റെ ‘ഗൗരി’ എന്ന രചന വായിച്ചു് കോൾമയിർക്കൊണ്ട ഒരു പെൺകുട്ടി കഥാകാരനെ അഭിനന്ദിച്ചു എന്നാണല്ലോ എഴുതിവച്ചിരിക്കുന്നതു്. ഇതു കഥയാണോ? സാഹിത്യമാണോ?”

ഞാൻ: “അതിലെ ആത്മപ്രശംസയുണ്ടല്ലോ അതു് ധൈഷണികതലത്തിൽ അപരിഷ്കൃതമാണു്.”

അദ്ദേഹം: “നിങ്ങൾക്കു ഇതിൽ ഒന്നും ചെയ്യാനില്ലേ?”

ഞാൻ: “ഞാനെന്തുചയ്യണം?”

അദ്ദേഹം: “ഇതു വായനക്കാരന്റെ ബുദ്ധിശക്തിയെ അപമാനിക്കുന്നു. നിന്ദിക്കുന്നു എന്നു് നിങ്ങളെഴുതണം.”

ഞാൻ: “എഴുതാം.”

(പരിചയമില്ലാത്ത ആളിനോടു പ്രതിജ്ഞ ചെയ്തതു പോലെ ഞാൻ ഇതു എഴുതിയിരിക്കുന്നു. ഇത്തരം കഥകളെ hack work എന്നാണു് ഇംഗ്ലീഷിൽ വിശേഷിപ്പിക്കേണ്ടതു്—നമ്മുടെ സാഹിത്യനാശനത്തെയും ജീർണ്ണതയെയും അതിൽ നിന്നുയരുന്ന ദുർഗ്ഗന്ധത്തെയും ഇതു് അനുഭവപ്പെടുത്തിത്തരുന്നു.)

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങൾ ബോട്ടണി പഠിച്ചിട്ടുണ്ടല്ലോ. ആ വിഷയത്തോടു ആഭിമുഖ്യം തോന്നാൻ കാരണം എന്താണു്?

ഉത്തരം: രണ്ടു മാസമേ പഠിച്ചുള്ളൂ. ലോകമാകെയുള്ള പച്ചിലകൾ പറിച്ചെടുത്തു് കുടിച്ചാൽ പൊട്ടാത്ത ലാറ്റിൻ പേരുകൾ നല്കുന്ന ആ വിഷയം എനിക്കു് അറപ്പും വെറുപ്പും ഉണ്ടാകി.

ചോദ്യം: mediocrity എവിടെക്കാണാം സാഹിത്യവാരഫലത്തിലല്ലാതെ?

ഉത്തരം: ഇടത്തരക്കാരൻ (മീഡിയോക്രിറ്റി) ഇടത്തരക്കാരെക്കുറിച്ചു പുസ്തകങ്ങളെഴുതും.

ചോദ്യം: ജീനിയസ് ആരു്?

ഉത്തരം: ആർക്കു ശക്തിവിശേഷം ലോകത്തു് കൊണ്ടുവന്നു് പരിവർത്തനം വരുത്താൻ കഴിയുമോ അയാൾ/അവൾ ജീനിയസ്.

ചോദ്യം: വിലാസിനി (എം. കെ. മേനോൻ) ബുദ്ധിമാനായിരുന്നോ?

ഉത്തരം: ആയിരുന്നു. കുറിക്കുകൊള്ളുന്ന രീതിയിൽ അദ്ദേഹം വാക്യങ്ങൾ എഴുതും. ഒരിക്കൽ പേരുകേട്ട ഒരു നിരൂപകനു് എഴുതി അയച്ചു: ‘മലയാളനാടു വാരിക മുഴുവൻ തീട്ടമാണു്. പക്ഷേ, അതു ഒ. വി. വിജയന്റേതായതുകൊണ്ടു് നിങ്ങൾക്കിഷ്ടമായിരിക്കും.

ചോദ്യം: ഡ്രസ്സിൽ ഭ്രമമുണ്ടോ നിങ്ങൾക്കു്?

ഉത്തരം: ഇല്ല. സുന്ദരികൾ പരിഷ്കാരത്തിനുവേണ്ടി ഡ്രസ് മാറ്റി വേറൊന്നു ധരിച്ചാൽ വൈരൂപ്യമുള്ളവരാകും.

ചോദ്യം: മീശ ഇഷ്ടമാണോ?

ഉത്തരം: സ്ത്രീകളോടു ചോദിക്കേണ്ട ചോദ്യം എന്നോടു ചോദിക്കുകയാണോ നിങ്ങൾ? മീശ ഇഷ്ടമല്ലെങ്കിലും അതിനെക്കുറിച്ചുള്ള പദ്യം എനിക്കിഷ്ടമാണു്. The huge laughing cockroaches on his top lip എന്നു് ഒസിപ്പ് മന്ദിൽസ്തം സ്റ്റാലിന്റെ മീശയെക്കുറിച്ചു്.

‘ഇന്നിപ്പോൾ റഷ്യയെ നോക്കിപ്പഠിക്കണം

മന്നിതിൽ നാമൊക്കെ മീശ വയ്ക്കാൻ

എന്തഴകാണു്, യോജിപ്പാണു് രോമങ്ങൾ

ക്കെന്തു കരുത്താണെന്നോർത്തു നോക്കൂ

ഇല്ല വലിപ്പച്ചെറുപ്പമാ രോമങ്ങ

ളെല്ലാമൊരുപോലാണില്ല ഭേദം’

എന്നു ചങ്ങമ്പുഴ. സ്റ്റാലിന്റെ മീശയെക്കുറിച്ചു്.

ചോദ്യം: പേരിടുന്നതിൽ ഔചിത്യം കാണിച്ചയാൾ ആരു്?

ഉത്തരം: എന്റെ മുത്തച്ഛന്റെ അനിയൻ. അദ്ദേഹം മകനിട്ട പേരു് കേൾക്കണോ? ‘ഷഡക്ഷര സുന്ദരൻനായർ. മകൻ അച്ഛനെക്കാൾ നേരത്തെ മരിച്ചു. അച്ഛനും മരിച്ചു. ഇല്ലെങ്കിൽ അച്ഛന്റെ മരണവേളയിൽ ‘എനിക്കു എന്റെ മോൻ ഷഡക്ഷര സുന്ദരൻനായരെ കാണണ’മെന്നു് അദ്ദേഹത്തിനു പറയാൻ കഴിയുമായിരുന്നില്ല.

കലാത്മകങ്ങളായ കഥകൾ വായിക്കുമ്പോൾ ഒരഭിമർദ്ദം നമ്മുടെ മനസ്സിൽ ഉണ്ടാകും. വാങ്മയ ചിത്രങ്ങൾ നമ്മളെ വേറൊരു ലോകത്തേക്കു കൊണ്ടുപോകും.

Galloping T. B. എന്നു കേട്ടിട്ടുണ്ടു്. Galloping Stupidity എവിടെ കാണാൻ കഴിയും? ഉണ്ണിക്കൃഷ്ണൻ പുതൂർ മാതൃഭൂമി വാർഷികപ്പതിപ്പിലെഴുതിയ ‘മുളംതത്തകൾ’ എന്ന കഥയിൽ ബുദ്ധിശൂന്യതയുടെ ആ കുതിച്ചോട്ടം കാണാം. ഞാൻ ഈ “സാഹിത്യകാരന്റെ” ഒരു രചനയും വായിച്ചിട്ടില്ല. ആദ്യമായിട്ടാണു് ഇക്കഥ വായിക്കുന്നതു്. മരിക്കാൻ കിടക്കുന്ന ഒരുത്തൻ ഭാര്യയോടു സംസാരിക്കുന്നതാണു് ഇക്കഥയുടെ വിഷയം. ഇതിവൃത്തമില്ല. സ്വഭാവചിത്രീകരണമില്ല. സംഘട്ടനമില്ല. ചിത്തവൃത്തിയെസ്സംബന്ധിച്ച പോരാട്ടമില്ല. കുറെ ചത്ത വാക്യങ്ങൾ സമാഹരിച്ചു വച്ചിരിക്കുന്നു ഉണ്ണിക്കൃഷ്ണൻ. Horrifying spectacle എന്നുകൂടെ ഇംഗ്ലീഷിൽ പറഞ്ഞു കൊള്ളട്ടെ.

ജി. കുമാരപിള്ളപാലാ നാരായണൻനായരോടു ഒരു പ്രയോഗവൈകല്യത്തെക്കുറിച്ചു് പറഞ്ഞപ്പോൾ കവി മറുപടി പറഞ്ഞതു് ഇങ്ങനെ “ആ പ്രയോഗത്തിനു് ഞാനുദ്ദേശിച്ച അർത്ഥമില്ലെങ്കിൽ നിങ്ങളെപ്പോലെയുള്ളവർ ആ രീതിയിൽപ്രയോഗിച്ചാൽ മതി, ഇല്ലാത്ത അർത്ഥം വന്നുകൊള്ളും. ഇതു് കുമാരപിള്ള എന്നോടു പറഞ്ഞതാണു്. ഏതു പ്രയോഗവൈകല്യമെന്നതു് എന്റെ വാർദ്ധകസ്മൃതിയിൽ നിന്നു് ഓടിപ്പോയിരിക്കുന്നു. കുമാരപിള്ള സത്യമേ പറയൂ. പാലാ നാരായണൻ നായർ തോന്നിയ പോലെ കവിത എഴുതുന്ന ആളാണു്. അതുകൊണ്ടു ജി. കുമാരപിള്ള പറഞ്ഞതു് ഞാൻ വിശ്വസിക്കുന്നു.

“കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ

കേറിയും കടന്നും അന്യമാം രാജ്യങ്ങളിൽ”

എന്ന രണ്ടു വരികൾ നോക്കുക പശ്ചിമഘട്ടങ്ങളെ എന്നതു് western ghats എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ തർജ്ജമയാണു്. ഘട്ടത്തിനു് കവി ഉദ്ദേശിച്ച അർത്ഥമില്ല. quay or landing place, steps by a river-side എന്നൊക്കെയാണു് ഘട്ടത്തിന്റെ അർത്ഥം (M. Monier Williams). കേറിയും കടന്നും എന്ന പ്രയോഗവും ശരിയല്ല. കേറിക്കടക്കാം. കേറിയും കടന്നും എന്ന ‘സിമൾറ്റേനിയസ്’ കൃത്യം—ഏകകാലികകൃത്യം ഒരിക്കലും നടക്കുകില്ല.

“ജീവരക്തം ചുരത്തുന്ന കവിത” എന്ന പേരിൽ ഡോ. എം. ലീലാവതി എഴുതിയ ഒരു ലേഖനത്തിൽ (മാതൃഭൂമി വാർഷികപ്പതിപ്പു്) “…എങ്ങനെയോ പ്രചരിച്ച ഒരു കാലഘട്ടത്തിൽ.” എന്നു കാണുന്നു. “കാലഘട്ടത്തിൽ” എന്നതു് രണ്ടാംതരം തെറ്റല്ല, ഒന്നാംതരം തെറ്റാണു്. ഇതു മലയാളഭാഷയിലെ പ്രയോഗമാണു് എന്നു പറഞ്ഞാലും വിലപ്പോകില്ല. നശീകരണം എന്നു ലീലാവതി മുമ്പു് എഴുതി. നശീകരണം തെറ്റു്. നാശനം ശരി. വനനാശനമാണു് ശരി. വനനശീകരണം എന്ന പ്രയോഗം സാധുവല്ല. ഞാനിതു ചൂണ്ടിക്കാണിച്ചു. പല ദിവസങ്ങൾ കഴിഞ്ഞു് കുട്ടിക്കൃഷ്ണമാരാർ ‘മലയാളശൈലി’ എന്ന പുസ്തകത്തിൽ ഇതു് എഴുപതുകൊല്ലം മുൻപു് എടുത്തു കാണിച്ചതാണു് എന്നെഴുതി ശ്രീമതി എന്നെ ‘ഊശിയടിച്ചിരുന്നു’ (ഊശിയടിക്കുക ഗ്രാമ്യപ്രയോഗം—കളിയാക്കുക എന്ന അർത്ഥമാണതിനു്) കുട്ടിക്കൃഷ്ണമാരാർ ജനിച്ചപ്പോൾത്തന്നെ നശീകരണം തെറ്റാണെന്നു് പറഞ്ഞോ? ഗ്രന്ഥങ്ങൾ വായിച്ചിട്ടാണല്ലോ ഏവരും ഇത്തരം പ്രയോഗങ്ങളുടെ തെറ്റുകൾ മനസ്സിലാക്കുക. അല്ലാതെ മാരാരെ പ്രസവിച്ചയുടനെ ആ കുഞ്ഞു് നശീകരണം തെറ്റു്. എന്നു് അമ്മയ്ക്കു് അദ്ഭുതമുളവാക്കുമാറു് ഉദ്ഘോഷിച്ചോ? പിന്നെ ഞാൻ മലയാളശൈലിയിൽ മാരാരുടെ ഈ തിരുത്തു് കണ്ടതായി ഓർമ്മക്കുന്നില്ല. അതിൽ കാണുമായിരിക്കും അങ്ങനെ അല്ലെങ്കിലും എൻ. വി. കൃഷ്ണവാരിയർ മരിച്ചപ്പോൾ ‘ഞാൻ ഇനി സംശയങ്ങൾ ആരോടു ചോദിക്കും?’ എന്നു പരിദേവനം ചെയ്ത സ്ത്രീയാണല്ലോ ഡോക്ടർ എം. ലീലാവതി എൻ. വി. കൃഷ്ണവാരിയർ അമ്മയുടെ ഗർഭാശയത്തിൽ നിന്നു പുറത്തു പോന്നപ്പോൾ അഷ്ടാധ്യായീസൂത്രങ്ങൾ ചൊല്ലിക്കൊണ്ടാണോ കിടക്കയിൽ വീണതു്? എൻ. വി. കൃഷ്ണവാരിയരെക്കുറിച്ചു് എൻ. ഗോപാലപിള്ള എന്നോടു പറഞ്ഞതു് എഴുതാം. “അയാൾ ആലുവയിൽ സ്ക്കൂളധ്യാപകനായിരുന്നപ്പോൾ ഞാൻ പരിശോധനയ്ക്കു് ചെന്നു. ‘അവൾ പെൺകുട്ടിയെ പ്രസവിച്ചു. എന്നു സംസ്കൃതത്തിൽ എഴുതാൻ വാരിയരോടു പറഞ്ഞു. അയാളെഴുതിയതു് ഒന്നാന്തരം തെറ്റായിരുന്നു.” എം. എച്ച്. ശാസ്ത്രികളും ഈ സംഭവത്തെക്കുറിച്ചു് എന്നോടു പറഞ്ഞു.

എം. ലീലാവതിയുടെ പ്രബന്ധത്തിന്റെ പേരു് “ജീവരക്തം ചുരത്തുന്ന കവിത” എന്നത്രേ. മുലയിൽ നിന്നു രക്തം വരുന്നതു കാൻസറിന്റെ ലക്ഷണമാണു്. പാൽ വന്നാൽ നന്നു്. ആരുടെ സ്തനത്തിൽ നിന്നു ചോര വരുന്നോ ആ സ്ത്രീയെ ഉടനെ കാൻസർ സ്പെഷ്യലിസ്റ്റിനെ കാണിക്കണം.

ചായക്കട്ട

പൊന്മുടി തുടങ്ങിയ തേയില എസ്റ്റേറ്റുകൾ സായ്പന്മാരുടെ അധീനതയിൽ ആയിരുന്ന കാലത്തു് ഞാൻ പലപ്പോഴും അവരുടെ വീടുകളിൽ പോയിട്ടുണ്ടു്. സായ്പ് പ്രഭാതഭക്ഷണം കഴിക്കുന്ന സമയത്താണു് ഞാൻ ചെല്ലുന്നതെങ്കിൽ അദ്ദേഹം പരിചാരകനെ വിളിച്ചു് ചായ എനിക്കും തരാൻ ആജ്ഞാപിക്കും. തരക്കേടില്ലാത്ത ഒരു കപ്പ് ചായ എന്റെ മുൻപിൽ കൊണ്ടുവയ്ക്കും അയാൾ. സായ്പ് ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിട്ടാണു് ഇരിക്കുന്നതെങ്കിൽ അയാളുടെ വീട്ടിൽ ചെല്ലുന്ന ആർക്കും ചായ കൊടുക്കില്ല. സംസാരിച്ചിട്ടു പറഞ്ഞയച്ചുകളയും അതിഥിയെ. പൊന്മുടിയിൽ ഇന്നു് ചായക്കടകൾ കാണുമായിരിക്കും. ഞാൻ പോകുന്ന കാലയളവിൽ ഒറ്റച്ചായക്കടപോലും ഇല്ല. ഞാൻ ഒരു ദിവസം ദാഹിച്ചു വലഞ്ഞു് എസ്റ്റേറ്റ് മാനേജറായ സായ്പിന്റെ വീട്ടിൽച്ചെന്നു കയറി. ചായ വേണമെന്നു പറയുന്നതെങ്ങനെ? എങ്കിലും നാണംകെട്ടു അയാളോടു പറഞ്ഞു: ‘I would like to have a cup of tea’ സായ്പിന്റെ മറുപടി ‘Sorry’ എന്നായിരുന്നു. തൊണ്ട കൂടുതൽ ഉണങ്ങിക്കൊണ്ടു് ഞാൻ അയാളുടെ വീട്ടിൽ നിന്നിറങ്ങിപ്പോന്നു.

നമ്മുടെ അതിഥി സൽക്കാരരീതി സായ്പിന്റെ രീതിയിൽ നിന്നു വിഭിന്നമാണു്. നട്ടുച്ചയ്ക്കു സ്നേഹിതന്റെ വീട്ടിൽച്ചെന്നു കയറിയാൽ ഒരു കപ്പു് ചായ ഉടനെ നമ്മുടെ മുൻപിൽ കൊണ്ടുവന്നുവയ്ക്കും ഗൃഹനായിക. പലപ്പോഴും അതു കുടിക്കാൻ ഒക്കുകയില്ല. കാലത്തു് തയ്യാറാക്കിയ ചായ തുറന്നിട്ട ചരുവത്തിലിരുന്നതു് കപ്പിലൊഴിച്ചു് അതിഥിക്കു കൊടുക്കുകയായിരിക്കും ശ്രീമതി, അസഹനീയമായ തണുപ്പാണു് ആ ഒട്ടുന്ന ദ്രാവകത്തിനു്. വേണ്ടപോലെ തേയില ഇട്ടിട്ടില്ലായിരിക്കും. പഞ്ചാര കപ്പിന്റെ മുകളിലൂടെ കൊണ്ടുപോയിരിക്കുകയേയുള്ളു. പാലും ഇല്ലായിരിക്കും. ചായ തരുമെന്നു വിചാരിച്ചു് പേടിച്ചു് ഞാൻ ഇപ്പോൾ ഒരു പരിചയക്കാരന്റേയും വീട്ടിൽ പോകാറില്ല.

സാഹിത്യത്തിൽ തൽപരത്വമുള്ള ഒരാൾ എന്നെ പലപ്പോഴും ആ ആളിന്റെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. ‘വരൂന്നേ നമുക്കൊരുമിച്ചു ചായ കഴിക്കാം’ എന്നു ആ വ്യക്തി കൂടെക്കൂടെ ക്ഷണിക്കും. പരിഭവം വരാതിരിക്കാൻ ഞാൻ ഒരു ദിവസം വൈകുന്നേരത്തു് ആ ആളിന്റെ വീട്ടിൽച്ചെന്നു. ചില കാര്യങ്ങൾ സംസാരിച്ചതിനുശേഷം വ്യക്തി ‘ഗോപാലൻനായരേ, കൃഷ്ണൻനായർക്കു ചായ കൊടുക്കു’ എന്നു പരിചാരകനോടു കല്പിച്ചു. ഒരു സെക്കൻഡ് ആയില്ല അതിനു മുൻപു് ചായ എന്റെ മുൻപിൽ വന്നുകഴിഞ്ഞു. ഞാൻ കപ്പിൽ തൊട്ടപ്പോൾ തണുപ്പു് അനുഭവിച്ചു. കപ്പിനകത്തേക്കു നോക്കിയപ്പോൾ ഒരു കറുത്ത കട്ട കണ്ടു. ചായ ഫ്രീസ് ചെയ്തു്. ചായക്കട്ടയായി മാറിയിരിക്കുന്നു. കത്തിയും മുള്ളും ഉണ്ടെങ്കിൽ കഷണം കഷണമായി മുറിച്ചുതിന്നാമായിരുന്നു എന്നു് തോന്നിയെനിക്കു് ‘അഞ്ചുമണിക്കുശേഷം ചായ കുടിച്ചാൽ എനിക്കു രാത്രി ഉറക്കം വരില്ല’ എന്നു് കള്ളം പറഞ്ഞു് ഞാൻ ചായക്കപ്പു് നീക്കിവച്ചു. കേരളീയർ ചായ കൊടുക്കുന്നു അതിഥിക്കു് എന്നു കരുതി ഓടവെള്ളമാണു് അയാളുടെ മുൻപിൽ കൊണ്ടുവയ്ക്കുന്നതു്. ഇതു നമ്മുടെ ഗൃഹനായികമാർ നിറുത്തണം.

കെ. പി. ഭവാനി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘കടംകഥകൾ’ എന്ന ചെറുകഥ വായിച്ചപ്പോൾ ചായ എന്ന പാനീയത്തെക്കുറിച്ചു ഞാൻ ഓർമ്മിച്ചുപോയി. അതിനോടു ബന്ധപ്പെട്ട ചില സംഭവങ്ങൾ സ്മരണയിൽ എത്തിയതു് ഇവിടെ കുറിച്ചിടുകയും ചെയ്തു. ഭവാനിയുടെ ചായ മാതൃഭൂമി വാരിക എന്ന കപ്പിലാണു് വച്ചിരിക്കുന്നതു്. പക്ഷേ, ‘വീക്ക് റ്റീ’യാണതു്. തണുപ്പു് അസഹനീയം. ദാഹമുള്ള വായനക്കാർ എടുത്തു മോന്തുന്നു അതു്. പക്ഷേ, അവരുടെ വായിലേക്കു ഒരു തുള്ളിപോലും വീഴുന്നില്ല. കത്തിയും മുള്ളും തരു ഭവാനീ മുറിച്ചു തിന്നാം ചായക്കട്ട എന്നു് അവർ പറയുന്നതു് എന്റെ ആന്തരശ്രോത്രം കേൾക്കുന്നു.

ഒരു സ്ത്രീഡോക്ടറുടെ കൂട്ടുകാരി ഒരു യുവതി. അവർ ഡോക്ടറുടെ ചികിത്സാലയത്തിൽചെന്നപ്പോൾ അവിടെ ഒരു ഭ്രാന്തി. കൂട്ടുകാരി ഉന്മാദം പിടിച്ചവളോടു സംസാരിച്ചു. മനസ്സിന്റെ അനിയതത്വം ബന്ധുക്കളുടെയും മറ്റു പരിചയക്കാരുടേയും അവഗണനയാലുണ്ടായതെന്നു് ഡോക്ടറുടെ കൂട്ടുകാരി കണ്ടുപിടിക്കുന്നു. ആ കണ്ടുപിടുത്തത്തിലൂടെ മാലോകരുടെ നൃശംസതയിലേക്കു ഭവാനി ചെല്ലുന്നു. കോളേജ് കുട്ടികൾ. സ്ക്കൂൾക്കുട്ടികൾ ഭവാനിയേക്കാൾ നല്ലപോലെ എഴുതും. കലാത്മകങ്ങളായ കഥകൾ വായിക്കുമ്പോൾ ഒരഭിമർദ്ദം നമ്മുടെ മനസ്സിൽ ഉണ്ടാകും. വാങ്മയചിത്രങ്ങൾ നമ്മളെ വേറൊരു ലോകത്തേക്കു കൊണ്ടുപോകും സർവ്വസാധാരണമായ വിഷയം കൈകാര്യം ചെയ്യുന്ന ഭവാനിയുടെ കഥയിൽ നിന്നു് ഇതൊക്കെ പ്രതീക്ഷിക്കുന്നതെന്തിനു്? ഭവാനീ, അതിഥിക്കു ചായ കൊടുക്കുന്നതിൽ താൽപര്യമുണ്ടെങ്കിൽ നല്ല രീതിയിൽ കൊടുക്കു. ഇല്ലെങ്കിൽ സായ്പിനെപ്പോലെ Sorry എന്നു പറഞ്ഞിട്ടു മൗനം അവലംബിക്കൂ.

പലരും പലതും

പ്രശസ്ത നിരൂപകൻ, പ്രശസ്ത നോവലിസ്റ്റ് എന്നൊക്കെ ദിനപത്രങ്ങളിൽ കാണാം. പക്ഷേ, അവരുടെ പ്രശസ്തി ഇങ്ങു ദൂരെയിരിക്കുന്ന എന്റെ അടുത്തു എത്തുന്നില്ല എന്നതാണു് സത്യം.

ആരെങ്കിലും മരിച്ചാൽ പിറ്റേ ദിവസം വരുന്ന പത്രത്തിൽ മരിച്ച വ്യക്തിയെക്കുറിച്ചു് അത്യുക്തി കലർത്തിയ പ്രശംസ വരും. ചിലപ്പോൾ പത്രാധിപർ സബ്ബ് ലീഡർ എഴുതുകയും ചെയ്യും. അങ്ങനെ യുഗപ്രഭാവനായ സത്യനും മഹാകവി ഒളപ്പമണ്ണയും നമുക്കു ലഭിക്കുന്നു. പത്രക്കാർ ഈ അത്യുക്തിയിൽ നിന്നു് ഒഴിഞ്ഞു നില്ക്കണമെന്നാണു് എന്റെ അഭ്യർത്ഥന. അല്ലെങ്കിൽ അതു ജനവഞ്ചനയായിത്തീരും. അതുപോലെ ‘പ്രശസ്ത’പദം ഒരു വിവേചനവും കൂടാതെ പത്രങ്ങളിൽ അച്ചടിക്കുന്നു. പ്രശസ്ത നിരൂപകൻ, പ്രശസ്ത നോവലിസ്റ്റ് എന്നൊക്കെ ദിനപത്രങ്ങളിൽ കാണാം. പക്ഷേ, അവരുടെ പ്രശസ്തി ഇങ്ങു ദൂരെയിരിക്കുന്ന എന്റെ അടുത്തു എത്തുന്നില്ല എന്നതാണു് സത്യം.

കെ. ബാലകൃഷ്ണൻ സ്വന്തം വീടിന്റെ ഗെയ്റ്റിൽ ചാരി നില്ക്കുന്നതു ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ സഹായത്താൽ ഉയർന്നവർ അങ്ങോട്ടു ചെല്ലാതെ ഒളിച്ചു പൊയ്ക്കളയും. കൃതജ്ഞത Strong Point ആയിട്ടുള്ള എനിക്കു് അതൊക്കുകില്ല. എന്നെ എഴുത്തുകാരനാക്കിയ ബാലകൃഷ്ണന്റെ അടുക്കൽ ഞാനെത്തും. അദ്ദേഹം എന്നോടു രണ്ടു രൂപ ചോദിച്ചു. ഞാൻ ഇരുപതു രൂപയുടെ കറൻസി നോട്ടെടുത്തു കൊടുത്തു. അതുംകൊണ്ടു ബാലകൃഷ്ണൻ അടുത്തെവിടെയോ പോയിട്ടുവന്നു് മുറുക്കാൻ കടയിൽനിന്നു് മുറുക്കി എന്നിട്ടു ‘വാ’ എന്നു് എന്നെ വിളിച്ചു. ഞാൻ ബാലകൃഷ്ണനോടു് ഒരുമിച്ചു് അദ്ദേഹത്തിന്റെ മുറിയിൽ കയറി. അദ്ദേഹം നില്ക്കുകയാണു്. എന്റെ ഉപകർത്താവു് ഇരിക്കാതെ ഞാൻ ഇരിക്കില്ല. കുറെനേരം നിന്നു കാലുകഴച്ചപ്പോൾ ഞാൻ ബാലകൃഷ്ണനോടു ‘ഇരുന്നാട്ടെ’ എന്നു പറഞ്ഞു. അദ്ദേഹം കോപിച്ചു. എന്നിട്ടു് പാരുഷ്യത്തോടെ പറഞ്ഞു. “ങ്ഹാ, ഇരുത്താൻ വരുന്നോ? കെ. ബാലകൃഷ്ണനെ ഇന്നുവരെ ആരും ഇരുത്തിയിട്ടില്ല. മനസ്സിലായോ?” ഞാൻ മറുപടിയൊന്നും പറയാതെ തൊഴുതിട്ടു് റോഡിലിറങ്ങി. വീട്ടിലേക്കു പോരുകയും ചെയ്തു. പ്രഭാവമുള്ള വ്യക്തിയായിരുന്നു കെ. ബാലകൃഷ്ണൻ. അദ്ദേഹം പറഞ്ഞതു് ശരി. ആരും അദ്ദേഹത്തെ ഇരുത്തിയിട്ടില്ല. ഇരുത്താനൊട്ടു സാദ്ധ്യവുമല്ലായിരുന്നു.

കുഞ്ചൻ നമ്പ്യാർ, ഈ. വി. കൃഷ്ണപിള്ള ഇവരേ നമുക്കു ഹാസ്യസാഹിത്യകാരന്മാരായി ഉള്ളൂ. ഈ. വി.യുടെ കൂട്ടുകാരനായിരുന്ന ഈ. എം. കോവൂർ യഥാർത്ഥത്തിൽ ഈ. വി.യുടെ അനുകർത്താവായിരുന്നു. അദ്ദേഹത്തിന്റെ ഹാസ്യം ഒരുതരം forced humour ആയിരുന്നു എന്നതിൽ സംശയമില്ല. നമ്മുടെ ഇപ്പോഴത്തെ ഹാസ്യസാഹിത്യകാരന്മാർ ഹാസ്യസാഹിത്യകാരൻമാരല്ല. ഒന്നോ രണ്ടോ പേരൊഴിച്ചുശേഷമുള്ളവരെല്ലാം forced ഹ്യൂമർ പ്രഭാഷണത്തിലും രചനയിലും കൊണ്ടുവരുന്നവരാണു്. അവരിൽ പലർക്കും അശ്ലീലത പ്രയോഗിക്കുന്നതിലാണു് താൽപര്യം. ഒരുദാഹരണം നല്കാം. എന്റെ കൂടെ പ്രസംഗിക്കാൻ ഒരു ഹാസ്യസാഹിത്യകാരനുണ്ടായിരുന്നു. എന്റെ ശുഷ്കമായ പ്രഭാഷണത്തിനുശേഷം അദ്ദേഹം എഴുന്നേറ്റു സദസ്സാകെ ഇളകി. പണ്ടു് എൻ. എസ്. കൃഷ്ണനെയും റ്റി. എ. മധുരത്തെയും തിരശ്ശീലയിൽ കണ്ടാൽ മതി സിനിമ കാണാൻ വന്നിരിക്കുന്നവർ കയ്യടിക്കും. ചൂളം വിളിക്കും. അടൂർ ഭാസി അഭിനയിച്ചു തുടങ്ങേണ്ടതില്ല. പ്രേക്ഷകർ അദ്ദേഹത്തിന്റെ ചിത്രം കണ്ടാൽ മതി. സന്തോഷം കൊണ്ടു അവർ മതിമറക്കും. ഹാസ്യസാഹിത്യകാരൻ പറഞ്ഞു. “ഞങ്ങൾ തീവണ്ടിയിലാണു് ഇങ്ങോട്ടു വന്നതു്. ഒരു ചെറുപ്പക്കാരിയും അവളുടെ കുഞ്ഞും ഞങ്ങളുടെ കൂടെയുണ്ടു്. കുഞ്ഞു് കരയാൻ തുടങ്ങി. അരമണിക്കൂർ നേരം നിറുത്താതെ കരഞ്ഞു അതു്. യാത്രക്കാർക്കു ശല്യം. അതൊഴിവാക്കാൻ വേണ്ടി ചെറുപ്പക്കാരി ബ്ലൗസ് പൊക്കി ബ്രായുടെ അടിയിലൂടെ സ്തനം വെളിയിലേക്കു് എടുത്തു് കുഞ്ഞിന്റെ വായിലേക്കു് മുലക്കണ്ണു് തിരുകി. കുഞ്ഞു് മുലകുടിക്കാതെ അതു തട്ടിമാറ്റി യാത്രക്കാരുടെ കാതടപ്പിക്കുന്ന മട്ടിൽ നിലവിളിച്ചു. മുലപ്പാലു കൊടുക്കാനുള്ള യുവതിയുടെ യത്നം വിഫലീഭവിച്ചപ്പോൾ അവൾ കുഞ്ഞിനോടു പറഞ്ഞു ‘നീ കുടിച്ചില്ലെങ്കിൽ ഞാൻ ഈ അങ്കിളിനെക്കൊണ്ടു കുടിപ്പിക്കും’” (അങ്കിൾ ഹാസ്യസാഹിത്യകാരൻ തന്നെ). ആൺപിള്ളേർ ഡസ്കിലടിച്ചു ചിരിച്ചു. പെൺപിള്ളേർ ഹോളിൽ നിന്നു് ഇറങ്ങിപ്പോകുമെന്നാണു് ഞാൻ വിചാരിച്ചതു്. ഞാൻ എത്ര മണ്ടൻ. അവർ കി കി കി എന്നു ചിരിച്ചതേയുള്ളു. പ്രിയപ്പെട്ട വായനക്കാരേ, ഹാസ്യത്തിന്റെ പേരിൽ അശ്ലീലത വിളമ്പുന്നതു് ഇവിടത്തെ സ്ഥിരം സ്വഭാവമായിരിക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Samakalikamalayalam Weekly; Kochi, Kerala; 2002-07-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 8, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.