
ജലമതിന്റെ യാഥാർത്ഥ്യത്തിലേക്കുള്ള
സഞ്ചാരം നടത്തുന്നു.
ഖരം ഒരിക്കലും അതല്ല
വീണുടഞ്ഞുപോകുന്നതല്ല.
ദ്രാവകം ആണെന്നു് ഒരിക്കലും
പറയാനൊക്കില്ല.
രൂപങ്ങളെ അഴിച്ചുവയ്ക്കുന്നതു്
അതിന്റെ സ്വഭാവമല്ല.
വാതകമല്ല
തന്മാത്രകൾക്കിടയിലത്രയും
ദൂരങ്ങളില്ല.
രണ്ടു വാക്കുകൾക്കിടയിലാണതിന്റെ
സത്യം.
തടാകത്തിന്റെ
മധ്യത്തിൽ നിന്നു്
ഒരു തരംഗം പാഞ്ഞു വരുന്നു.
തന്റെയുള്ളിൽ വഴികൾ നഷ്ടപ്പെട്ടു്
കരയിലേക്കതു പടരുന്നു.
അകലങ്ങളിലിരുന്നു്
രണ്ടു പേർ
ജലമെന്നു പറയുന്നു
രണ്ടു രൂപങ്ങളിൽ
ജലം വിളികേൾക്കുന്നു.
കല്ലിനുള്ളിലൊരു
സംഭരണി.
വാക്കുകളെന്ന പോൽ.
നീർച്ചാലുകൾ ചേർന്നൊരു നദി.
ഭാഷയിലൊരു
കവിതനിർമ്മിക്കുന്നു.
അടുക്കിവച്ച വാക്കുകളിൽ
നീരൊലിപ്പു്,
നീരാവിയുടെ ചൂട്.
ഉള്ളിലേക്കു നോക്കിനോക്കി
ഭാഷയൊരു കിണർ.
ഉരുളൻ കല്ലുകളുടെ
സ്വപ്നങ്ങൾക്കുമീതെ
ജലത്തിന്റെ പാട.
ദിവസവും
തൊട്ടിയിൽ
ഞാൻ വിവർത്തനം ചെയ്യുന്നതു്
കല്ലുകളുടെ പതം പറച്ചിൽ.

അനന്തമായ കുത്തുകൾ
ഒരു രൂപം നിർമ്മിക്കുന്നു.
രണ്ടു് കുത്തുകൾക്കിടയിലൊരു സ്ഥലം.
അത്രമേൽ വിശാലമായതു്,
അത്രമേൽ ഇടുങ്ങിയതും.
നമ്മളവിടെയുണ്ട്
രണ്ടു് സഞ്ചാരികൾ.
നക്ഷത്രങ്ങളിലേക്കു്
പറക്കുന്നവർ
ശരീരത്തിലന്യോന്യം
തുന്നൽപ്പണി ചെയ്യുന്നവർ.
ഒരേസമയം
തുടക്കത്തിലേക്കും
അവസാനത്തിലേക്കും
ചലിക്കുന്ന
ഗതികിട്ടാത്തവർ.
ഈ കുത്തുകൾക്കും മുൻപേ
ഇവിടെയെല്ലാം
കുത്തുകളായിരുന്നു.
ചെറിയ വിടവുകളിൽ നിന്നു്
നിലാവും നക്ഷത്രങ്ങളും
എഴുന്നേറ്റു വരും
രണ്ടു പേർ അപ്പോഴും
യാത്രയിലായിരിക്കും.
ദുഃഖത്തിലേക്കും,
സുഖത്തിലേക്കും
ഒരേ സമയം.
കുത്തുകൾക്കപ്പുറം
മറവിയാണു്.
വിടവുകളിൽ പാർക്കാത്ത
സഞ്ചാരികളെ
അത് ആകർഷിച്ചെടുക്കും.
കരിമ്പനകൾക്കുമുകളിൽ ചെന്നു്
ഉടുപ്പുകളൂരും.
വന്യമായ മറവിയുടെ യുദ്ധം.
ഇരുട്ടിന്റെ ഒരു തൂവലിലേക്കവർ
ഇളകിയമരും.

അടുക്കളയുടെ മുകളിൽ വിരിച്ച
വെളിച്ചം ചോർന്നൊലിക്കുന്ന ടാർപോളിൻ.
പ്രകാശത്തിന്റെയൊരു കടൽ
ടാർപോളിനുമുകളിൽ
ഇരമ്പുന്നത് അടുക്കളയിൽ നിന്നും
നോക്കുന്നയെന്നെ
ഞാൻ സ്വപ്നം കാണുന്നു.
ജീവിതം മുഴുവൻ
ഒരു കണ്ണാടിയിൽ കണ്ടെടുക്കുന്നപോലെ.
ചെറിയ വിടവുകളിലൂടെ
മഴവില്ലിന്റെ പാലം
താഴേക്കിറങ്ങുന്നു.
പാലം കടന്നു് കടലിലേക്കു്.
വെളിച്ചത്തിന്റെ
തീരമെവിടെയാവും
തിരകളുണ്ടാക്കുന്ന
ശബ്ദങ്ങളുണ്ടോ അവിടെ
ഉപ്പിനെപ്പോലെ
പ്രകാശവും
കരുതി വെക്കുന്നുണ്ടാവുമോ
ഒരു രുചി.
ടാർപോളിനിലേക്കു്
പടരുന്ന പേരക്കയിൽ ഞാന്നുപിടിച്ചു്
താഴോട്ടിറങ്ങി.
ഉണർച്ചയിലൊരു
പേരക്കയുടെ മണം.

ഹൂഗ്ലി നദിയിൽ നിന്നും
നമ്മളെഴുന്നേറ്റു വന്ന സന്ധ്യ.
നിന്റെ നനഞ്ഞ കാല്പാടുകൾ
കാറ്റിലാറിപ്പോകുന്നതും കാത്ത്
അവിടെ ഞാനിരുന്നു.
നിന്റെ നനവിനെ
കാറ്റെടുത്തില്ല
സന്ധ്യ തോർന്നില്ല…
എന്റെ നില്പിനു
ശില്പങ്ങളോടു സാമ്യം
തോന്നിത്തുടങ്ങുന്നു.
സമയം എന്നെ കൊത്തി
പണിയുന്നു.
നിന്റെ നഗരം ഇപ്പോഴും
അതിപ്പോഴും
ശബ്ദ സാഗരത്തിന്റെ
ചൂടു പറ്റാറുണ്ടോ
റോഡുകളിലിപ്പോഴുമുണ്ടോ
പഴയ ട്രാമുകൾ.
അവരെന്റെ
കാമുകിമാർ
അന്ധരായ തെരുവുഗായികകൾ.
ഇപ്പോഴും
നട്ടുച്ചയ്ക്കും
റോഡിലൂടെ പരക്കം
പായാറുണ്ടോ നീ.
വീട്ടിലേക്കു് ഇടുങ്ങിയ
ചുമരുകൾക്കിടയിലൂടെ…
ഇരുളിൽ നിന്നു ഞാനെപ്പോഴും
പകർത്തി വരക്കാറുള്ള പകൽ.
ആ ഓട്ടം ഇപ്പോഴും
തുടരുന്നില്ലേ
കിതപ്പിന്റെ നീളം
ഇന്നലെയും എനിക്കളന്നെടുക്കാനാവുന്നു.
മതിയാക്കൂ
താളമേ…
എന്റെ പ്രിയപ്പെട്ട
ട്രാമുകളിലൊന്നിൽ
വന്നെന്നെ കൊണ്ടു പോകൂ.
ആവർത്തനങ്ങളുടെ
അനന്തതയിൽ നിന്നു്…
നിന്റെ നഗരത്തിലെ
സംഗീതശാലകളിൽ
നൃത്ത വേദികളിൽ
നിന്റെ പ്രിയപ്പെട്ട
സമയസീമകളിൽ.

കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി. 1997 ൽ ജനനം. ഇപ്പോൾ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഒന്നാം വർഷ എം. ടെക്., പോളിമർ ടെക്നോളജി വിദ്യാർത്ഥി.
ചിത്രങ്ങൾ: വി. മോഹനൻ