
സൂപ്പർമാർക്കറ്റിന്റെ പേരെഴുതിയ അഞ്ചോ, ആറോ കവറുകൾ തൂക്കി പിടിച്ചു് അല്പം പ്രയാസപ്പെട്ടു് ലിഫ്റ്റിനരികിലേക്കു് പോകുന്ന മുപ്പതിനും, മുപ്പത്തിയെട്ടിനുമിടയ്ക്കു് പ്രായമുള്ള സ്ത്രീയെ ഒളിഞ്ഞു നോക്കി കൊണ്ടു് പാർക്കിങ്ങ് ലോട്ടിനുള്ളിലെ വമ്പൻ തൂണുകൾക്കൊന്നിനു പിറകിൽ രണ്ടു കള്ളന്മാർ നിൽക്കുന്നുണ്ടായിരുന്നു. ആ സ്ത്രീയുടെ വയസ്സു് ഇവർ ഊഹിച്ചെടുത്തതാണു്. അവരെ കണ്ടാലാർക്കും കൃത്യമൊരു പ്രായം ഗണിച്ചെടുക്കാൻ സാധിക്കുമായിരുന്നില്ല. അവർ മെലിഞ്ഞ ശരീരപ്രകൃതിയുള്ള, അധികം ഉയരമില്ലാത്ത, വൃത്തിയായി വസ്ത്രധാരണം ചെയ്യുന്ന, അധികമാരുമായും ചങ്ങാത്തം സൂക്ഷിക്കാത്ത, സദാ ചുണ്ടിനൊരു വശത്തു് ഒരു ചെറുപുഞ്ചിരി ഒളിപ്പിച്ചു് പിടിക്കുന്ന സ്ത്രീയായിരുന്നു. അവരെ പറ്റി പ്രചരിച്ചിരുന്ന കഥകളും, അവരവിടെ താമസമാക്കിയ കാലവുമവലംബിച്ചു് ആളുകളൂഹിച്ചെടുക്കുന്നതാണവരുടെ പ്രായം.

സത്യത്തിൽ അവരുടെ പ്രായത്തിനു് വല്ല്യേ പ്രസക്തിയൊന്നുമില്ല. അവർ സുന്ദരിയായിരുന്നു. സാമാന്യം മനുഷ്യരൊക്കെ തലയുയർത്തി ഒന്നൂടെ നോക്കുന്ന തരം ഭംഗി. അവർക്കു് ചുരുണ്ട മുടിയായിരുന്നു. അതു് ചന്തി മൂടിക്കിടക്കുന്ന അത്രയ്ക്കൊന്നുമില്ലെങ്കിലും, അഴിച്ചിട്ടാൽ അവരുടെ പുറം മറഞ്ഞു കിടക്കുമായിരുന്നു. സാരിയാണധികവും ധരിക്കുക. ഇടയ്ക്കു് സൽവാറിട്ടു കാറിൽ കയറി ധൃതി പിടിച്ചു് പോകുന്നതു് കണ്ടവരുമുണ്ടു്. അവർ ആരാണെന്നു് പറയാനാദ്യമൊക്കെ ആളുകൾക്കു് ലേശം ഭയമുണ്ടായിരുന്നു. പിന്നെ പറഞ്ഞു് പറഞ്ഞു് പതുക്കെയുമുറക്കെയുമൊക്കെ അവരതു് പറഞ്ഞു തുടങ്ങി. ആ കെട്ടിടത്തിന്റെ ഉടമസ്ഥന്റെ വെപ്പാട്ടിയാണവർ. പക്ഷേ, അവർ നല്ല സ്ത്രീയാണു് കേട്ടോ. ചിലരവരെ അനുകൂലിച്ചു് സംസാരിക്കും. മറ്റുള്ളവരൊക്കെ അനുകൂലിച്ചില്ലെങ്കിലും ആരുമവരെ പറ്റി മോശമായൊന്നും പറഞ്ഞിരുന്നില്ല. അപ്പോൾ ചിലയിടങ്ങളിലെങ്കിലും, ചിലർക്കെങ്കിലും പൊതു സമ്മതത്തോടെ വെപ്പാട്ടികളായി ജീവിക്കാമെന്നൊരു പച്ചക്കൊടി അവിടെ പാറുന്നുണ്ടു്. അത്തരം കൊടി പാറുന്നിടങ്ങളിലൊക്കെ വെപ്പാട്ടിമാർ സന്തുഷ്ടരായി ജീവിച്ചു പോന്നു.
കാർ പാർക്ക് ചെയ്തു് ലിഫ്റ്റിനുള്ളിലേക്കു് അവർ കയറി പോകുന്നതു് നോക്കി നിന്നിരുന്ന ആ കള്ളന്മാർ സ്ഥലത്തെ പ്രധാനികളല്ലെങ്കിലും, കുറച്ചു് പേർക്കൊക്കെ അറിയുന്ന ഗുണ്ടകളും, അത്യാവശ്യം മോഷണം നടത്തുന്നവരുമാണു്. സൂപ്പ് ബിജു, കിർമാണി സുകു. വട്ടപ്പേരുള്ള, നെറ്റിയിൽ വെട്ടിന്റെ പാടും, വളഞ്ഞ കൊമ്പൻ മീശയുമുള്ള സൂപ്പ് ബിജുവിന്റെ കൂടെ ചേർന്നതാണു് കിർമാണി സുകു. (ബിജുവിന്റെ കൂടെ ചേർന്ന ശേഷമാണു് സുകു തനിക്കുമൊരു വട്ടപ്പേരു് പേരിനു മുന്നിൽ ചേർത്തതു്.) സത്യത്തിൽ പന്ത്രണ്ടു് വയസ്സുള്ളപ്പോൾ മാവിൽ വലിഞ്ഞു കയറി കാൽ തെറ്റി കല്ലിൽ നെറ്റിയിടിച്ചു് വീണു്, വയസ്സിനു ചേരുന്ന വിധം പന്ത്രണ്ടു് സ്റ്റിച്ചിട്ടിട്ടാണു് ബിജുവിന്റെ നെറ്റിയിൽ അങ്ങിനെയൊരു വെട്ടിന്റെ പാടു പ്രത്യക്ഷപ്പെട്ടതെങ്കിലും, തന്റെ പ്രൊഫഷനു സഹായിക്കുമെന്നതു് കൊണ്ടു് അതൊരു വെട്ടു് കൊണ്ടതാണെന്നും, വെട്ടിയവന്റെ കൈ താനിങ്ങെടുത്തുവെന്നും ബിജു പറഞ്ഞു പരത്തിയിരുന്നു. തന്തയും തള്ളയും നേരത്തെ പോയോണ്ടു്, ഇതിപ്പോ തിരുത്താനൊന്നും ആരും വരില്ലെന്നു് ബിജുവിനറിയാമായിരുന്നു. ബിജു ആളുകളെ ഇടിച്ചു് സൂപ്പാക്കാറുണ്ടെന്നു് പറഞ്ഞു് സ്വയം ഇട്ട ഇരട്ടപേരായിരുന്നു സൂപ്പ് ബിജു. അങ്ങിനെ സ്വന്തം പേരിൽ സ്റ്റേഷനിൽ വലിയ കേസുകളൊന്നുമില്ലെങ്കിലും അങ്ങിനെയൊക്കെയുണ്ടെന്നു് നടിച്ചു് കൊണ്ടായിരുന്നു അയാൾ പെരുമാറിയിരുന്നതു്. ചെറുപ്പക്കാരികൾ പലരും ഒത്തു് വന്നിട്ടും, ഒരു ഗുണ്ട എന്ന നിലയിൽ താൻ വിവാദപരമായൊരു വിവാഹമേ കഴിക്കൂ എന്നുറപ്പിച്ചു്, ഒടുവിൽ റെയിൽവേ കോളനിയിൽ ഭർത്താവും മക്കളുമൊക്കെ ഉപേക്ഷിച്ചു് പോയ സാമാന്യം ചീത്തപ്പേരുള്ള ബേബി എന്ന അൻപത്തിയാറു വയസ്സുള്ള സ്ത്രീയെ ആണയാൾ കൂടെ കൂട്ടിയതു്. എനിക്കു് “നിങ്ങൾട കൂടെ ജീവിക്കണം. ഞാൻ ചിലവിനു് തന്നോളാം. കല്ല്യാണൊന്നും വേണ്ട. പക്ഷേ, നിങ്ങൾട ആളു ഞാനാന്നു് എല്ലാരുമറിയണം.” ബിജു ഒരു സന്ധ്യനേരത്താണവിടെ കേറി ചെന്നതു്. പഴയ പോലാരുമവരെ അന്വേഷിച്ചു് ചെല്ലാറില്ല. അവർക്കിപ്പോ പഴേ പടി ഒന്നിനും വയ്യെന്റെ മോനെ. ഇനീപ്പ അവരെ തന്നെ വേണന്നാണെങ്കി കൊട്ടംചുക്കാദിയോ, മറ്റൊ വാങ്ങി ആദ്യം നടൂനിട്ടു് ഒന്നു് പിടിച്ചു് കൊടുക്കേണ്ടി വരുമെന്നു് ആളുകൾ പരിഹസിക്കുന്ന കാലത്താണു് ബിജു ചെന്നു് അവർക്കൊരു ഓഫർ കൊടുത്തതു്. “എന്നെ കൊണ്ടു് വല്ല്യേ കാര്യങ്ങളൊന്നും പറ്റില്ലാട്ടാ ചെക്കാ, അങ്ങിനൊക്കെ ധരിച്ചാ വരവെങ്കീ വെറുതെയാവും.” അവരു സത്യം തന്നെ പറഞ്ഞു.
“അയ്നു് നിങ്ങളെനിക്കൊന്നും ചെയ്തു് തരണ്ടാ തള്ളേ. ഞാനിവിട പൊറുക്കും. ഇനി ഇവട വേറാരും വരാൻ പാടില്ലാ. പിന്ന പറ്റണോരൊടൊക്കെ എന്റെ ഈ വിഷയത്തിലുള്ള മിടുക്കു് നിങ്ങളറിയിക്കണം. നടുനു് പാടില്ലെങ്കിലും നാവിനു് കേടൊന്നുല്ല്യല്ലാ. നിങ്ങൾക്കു് കൊറവൊന്നുണ്ടാവില്ലാ. ഇനി നിങ്ങക്കു് തെണ്ടി തിന്നണ്ടി വരില്ല.”
അവർക്കു് സമ്മതായിരുന്നു. അങ്ങിനെ കോളനിക്കാരൊക്കെ മൂക്കത്തു് വിരലു വയ്ക്കണ ബന്ധം കൂടെ സ്ഥാപിച്ചെടുത്ത ബിജു മനസ്സിലേറ്റവുമധികം ആഗ്രഹിക്കുന്നതു്, പറഞ്ഞാലാളുകളൊക്കെ ഞെട്ടുന്ന ഒരു കേസിൽ പ്രതിയാകണമെന്നാണു്.
മുന്തിരി പറഞ്ഞറിഞ്ഞ വിവരം വച്ചാണു് ബിജുവും, കിർമാണി സുകുവും കൂടി ദശപുഷ്പം അപ്പാർട്ട്മെന്റ്സ് എന്ന ബിൽഡിങ്ങിനു താഴെ വന്നിങ്ങിനെ ഒളിച്ചിരിക്കുന്നതു്. മുന്തിരി സുകുവിന്റെ കാമുകിയാണു്. അവസരം വരുമ്പോഴൊക്കെ സുകു അവളേയും കൊണ്ടു് മൂന്നാം കിട ഹോട്ടലുകളിൽ മുറിയെടുത്തു് താമസിച്ചിട്ടുണ്ടു്. ഒരിക്കൽ ബിജുവും, ബേബിയും കൂടി ഗുരുവായൂരു് ബേബിയുടെ പേരക്കുട്ടിയുടെ കല്ല്യാണം കൂടാൻ പോയപ്പോ ബേബിയുടെ വീട്ടിലും സുകുവും, മുന്തിരിയും രണ്ടു മണിക്കൂർ നേരത്തേക്കു് ആരുമറിയാതെ വന്നു പോയിട്ടുണ്ടു്. മുന്തിരി ദശപുഷ്പത്തിലെ അഞ്ചു ഫ്ലാറ്റുകളിൽ പണിയെടുക്കുന്നുണ്ടു്. അവളാണു് പറഞ്ഞതു്, കെട്ടിടത്തിന്റെ ഒടമസ്ഥനായിരുന്ന ആൾട വെപ്പാട്ടി അവടത്തെ ഏറ്റവും മോളീത്ത നെലേലു് രണ്ടു് ഫ്ലാറ്റും കൂട ഒന്നിപ്പിച്ചു്, ഗംഭീര വീടു് പോലാക്കി താമസിക്കണുണ്ടു്. അവർക്കു് പണിക്കൊന്നും പൊറത്തൂന്നു് ആളു വേണ്ട. ഒരു സ്ത്രീ അവട സ്ഥിരതാമസണ്ടു്. പിന്ന അവരട അമ്മയും. അണ്ണൻ കണ്ടു നോക്കണം, അവരെ. ഹോ എന്താ അഴകെന്നോ. അവരിട സാറ് കൊല്ലത്തീ രണ്ടു് പ്രാശേ വരൂ. ആകെ കൊറച്ചൂസത്തേക്കു്. ചെലപ്പോ ലണ്ടനീന്നു് വന്നട്ടു് അവരെ കണ്ടു് പിറ്റേ ദിവസം തന്നെയൊക്കെ പോയിട്ടുണ്ടു്. അവരെ കാണാൻ ഇത്രെം പൈസേം ചെലവാക്കി വരണേനു് ഒരത്ഭുതോമില്ലെന്റെ അണ്ണാ. അവരല്ലേ പെണ്ണു്. ഇനിക്കന്നെ ചെലപ്പോ അവരട കവിളിന്റെ മിനുപ്പു് കാണുമ്പോ ഒരു മുത്തം കൊടുക്കാൻ തോന്നും. അവരട പേരിനു തന്നെ എന്താ പത്രാസെന്നോ. കാഞ്ചന. പക്ഷേ, അവരെ ആരും പേരൊന്നും വിളിക്കില്ല. എല്ലാരും മാഡമെന്നു് പറയും. അവരാവട്ടെ അങ്ങിനേമിങ്ങനേമൊന്നും മിണ്ടൂല്ല ആരോടും. വാച്ചർ ദിവാകരേട്ടനെ വിളിച്ചോരൊന്നു് ഏൽപ്പിക്കും. ദിവാകരേട്ടനു പിന്നെ എന്നോടെന്തോ ഒരിതു് ഉള്ളോണ്ടു് ഞാൻ ചോദിച്ചാ ഒക്കങ്ങടു് പറയും. അങ്ങനല്ലേ ഞാനീ വിവരൊക്കെ പിടിച്ചെടുക്കണേ. അവരെവട പോവാണെങ്കിലും അയാളോടു് പറയും. ചെലപ്പോ പെട്ടന്നങ്ങടു് അവരട കെട്ട്യോൻ, അല്ല അങ്ങന അയാളെ വിളിക്കാൻ പറ്റില്ലല്ലോ. ഇഷ്ടക്കാരൻ. അതാ ശരി. പെട്ടന്നങ്ങടു് അവരട ഇഷ്ടക്കാരൻ വന്നാ ദിവാകരേട്ടനെങ്കിലും അറിഞ്ഞിരിക്കണ്ടേന്നു് കരുത്യാത്രേ പറേണതു്. ആവോ. എന്തായാലും, അയാൾക്കു് അറിയാം. അതു് തീർച്ച ്യന്നാ.
കാർപാർക്ക് ഏരിയയിൽ എപ്പോഴും വെളിച്ചം കുറവാണു്. അതു് മുന്തിരി സുകുവിനോടു് മുൻപേ തന്നെ സൂചിപ്പിച്ചിരുന്നു ട്യൂബ് ലൈറ്റുകളങ്ങിങ്ങായി പിടിപ്പിച്ചിട്ടും, കത്താത്ത ബൾബുകളെ പറ്റി ആ ബിൽഡിങ്ങിലെ താമസക്കാർ പരാതി പറഞ്ഞു കൊണ്ടിരുന്നു. ആരെങ്കിലുമൊക്കെ പരാതി പറയുന്ന ദിവസം വാച്ച്മാൻ ദിവാകരൻ അയാളുടെ രണ്ടോ മൂന്നോ അസിസ്റ്റന്റുമാരെ കൂട്ടി വന്നു് നീളൻ ഏണിയൊക്കെ താങ്ങി പിടിച്ചു് കൊണ്ടു് കത്താത്ത ബൾബുകൾ മാറ്റിയിടുന്നതായി നടിക്കും. ഒരു വശത്തെ ബൾബൂരി മറുവശത്തിടുകയല്ലാതെ അയാൾ സത്യസന്ധമായി യാതൊന്നും ചെയ്യുന്നില്ലെന്നു് അവിടുള്ളവർ കൂട്ടം കൂടുമ്പോൾ പറയും. സ്ഥിരമായൊരു പരിഹാരമില്ലാതെ പാർക്കിങ്ങ് ലോട്ടിൽ അങ്ങിങ്ങ് ഇരുട്ടു് പതം പറഞ്ഞു് തങ്ങി തന്നെ നിന്നു. ഇരുട്ടിലേക്കിറങ്ങിയൊളിച്ചു് നടക്കേണ്ടവർക്കൊക്കെ ആ പാർക്കിങ്ങ് ലോട്ട് പ്രോത്സാഹനം കൊടുത്തിരുന്നു.
ദിവാകരൻ കാർ പാർക്കിന്റെ ഒരു വശത്തു് ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് സ്റ്റൂളിലിരുന്നു് ചുമയ്ക്കും. ദേഹാധ്വാനള്ള പണ്യൊന്നും ഇനി പറ്റത്തില്ല. പക്ഷേ, നോക്കിരിക്കണ പണി ഇപ്പഴും പറ്റും. ചുമക്കിടയിൽ അശ്ലീലം ചുവയ്ക്കുന്ന ചില ആംഗ്യങ്ങളും അയാൾ കാണിക്കും. അതു് അവിടത്തെ അന്തേവാസികൾ പോകുമ്പോൾ ചെയ്യില്ല. ആ ബിൽഡിങ്ങിൽ പണിക്കു് വരുന്ന ഒട്ടു മിക്ക സ്ത്രീകളേയും കാണുമ്പോഴറിയാത്ത മാതിരി അയാൾ അവിടിരുന്നതു് പ്രകടിപ്പിക്കും.
മുന്തിരി പറയുന്നതു് കേട്ടു് കേട്ടു് സുകു ഒരിക്കൽ ഇതേ പോലെ കാർപാർക്കിൽ പോയൊളിച്ചിരുന്നു. അന്നവർ ബ്യൂട്ടിപാർലറിൽ പോകുന്നതു് കണ്ടെന്നു് മുന്തിരി ഫോണിൽ വിളിച്ചു് പറഞ്ഞതനുസരിച്ചു് അവൻ വാച്ച്മാന്റെ കണ്ണിൽ പെടാതെ കാറുകളുടെ മറ പിടിച്ചാണവിടെ കേറി ഒളിച്ചതു്. അന്നത്തോടെ അവനൊരു കാര്യമുറപ്പായി. മിനുത്ത കവിളു മാത്രമല്ല, ആകെ മിനുത്തൊരു മുയൽക്കുഞ്ഞാണു് ഉടമസ്ഥന്റെ വെപ്പാട്ടി. മുന്തിരിക്കു് വെറുതെ ഒരുമ്മ കൊടുക്കാനാണു് തോന്നിയതെങ്കിൽ സുകുവിനവരെ പീഡിപ്പിക്കണമെന്നാണു് തോന്നിയതു്. അതെങ്ങിനെ എന്നായിരുന്നു അവനവിടെയിരുന്നു് ചിന്തിച്ചതു്. പണക്കാരനാവാൻ യോഗമുണ്ടെങ്കിൽ തനിക്കുമൊരു വെപ്പാട്ടി ഉണ്ടായിരിക്കുമെന്നു് അവനവിടെയിരുന്നു് നിശ്ചയിച്ചു.
പിന്നീടു് സൂപ്പ് ബിജുവിന്റെ സ്വപ്ന പദ്ധതിയായ കളവിനു പറ്റിയ ഇടമിതാണെന്ന തിരിച്ചറിവിൽ ഇട്ട പദ്ധതിയനുസരിച്ചാണു് അവരിപ്പോഴവിടെ വന്നൊളിച്ചിരുന്നതു്. കാഞ്ചന മാഡത്തിന്റെ അമ്മയും, വേലക്കാരിയും കൂടി രാവിലെ തന്നെ എങ്ങോട്ടൊ പോയെന്നും, അവരവിടെ തനിച്ചാണെന്നും മുന്തിരി സുകുവിനെ വിളിച്ചറിയിച്ചിരുന്നു. കൂട്ടത്തിൽ നിങ്ങൾക്കു് അവരുടെ വീട്ടീ കേറി കക്കാനാണു് പ്ലാനെങ്കിൽ അവർക്കൊരു നീലക്കല്ലുള്ള മാലയുണ്ടു്. അതു് എങ്ങിനെയെങ്കിലും എനിക്കു് വേണ്ടി കട്ടെടുക്കണമെന്നൊരു ആവശ്യവും പറഞ്ഞേൽപ്പിച്ചു.
അവർ ലിഫ്റ്റിൽ കയറുമ്പോൾ കൂടെ കയറണം, എന്നിട്ടു് പത്താം നിലയിൽ ഇറങ്ങണം. അവർ പതിനൊന്നിലെത്തി ഫ്ലാറ്റിലേക്കു് കയറുമ്പോൾ പടികളോടി കയറി പതിനൊന്നിലെത്തി അവരുടെ ഫ്ലാറ്റിലെത്തണം. അവിടെ നിന്നു് മോഷണമാണു് ബിജുവിന്റെ ഉദ്ദേശമെങ്കിൽ, പീഡനവും, പിന്നെ നീലക്കല്ലുള്ള മാലയുമാണു് സുകുവിന്റെ അജണ്ട. അതു് ബിജു സമ്മതിക്കില്ലെന്നു് അവനറിയാമായിരുന്നതു് കൊണ്ടു് തൽക്കാലം അവനതു് മനസ്സിൽ വച്ചു. അവരിരുവരും കാഞ്ചന ലിഫ്റ്റിലേക്കു് കയറിയതും മാന്യരെ പോലെ ഓടി ലിഫ്റ്റിൽ കയറി. സത്യത്തിൽ അവരെ ലിഫ്റ്റിൽ കണ്ടാൽ മറ്റുള്ളവർ പുറത്തു് കാത്തു് നിൽക്കും. അവർക്കു് തനിച്ചു് പോകാനാണു് താല്പര്യമെന്നു് അവിടുള്ള എല്ലാവർക്കുമറിയുന്ന കാര്യമാണു്. അതു കൊണ്ടു് പെട്ടെന്നു് രണ്ടു പേരോടി ലിഫ്റ്റിൽ കയറിയപ്പോഴവർ പകച്ചു നോക്കി. അവരെ ശ്രദ്ധിക്കുന്നേയില്ലെന്ന മട്ടിൽ ബിജു ലിഫ്റ്റിലെ അക്കങ്ങളിൽ പത്തു് അമർത്തി. സുകുവാകട്ടെ, തന്റെ തൃഷ്ണ ഒളിപ്പിച്ചു് പിടിക്കാനാവാതെ അവരെ തന്നെ നോക്കി നിന്നു. അവർക്കു് കയ്യിലെ ഭാരമുള്ള സഞ്ചികളേക്കാൾ അസ്വസ്ഥതയായിരുന്നു സുകുവിന്റെ നോട്ടം. പക്ഷേ, കൂടെ നിസ്സംഗനായി മറ്റൊരാൾ നില്ക്കുന്നതു് കണ്ടപ്പോഴവൾക്കു് ആശ്വാസം തോന്നി. ലിഫ്റ്റിനുള്ളിലെ വായുസഞ്ചാരമില്ലായ്മയിൽ അവരുടെ മുഷിഞ്ഞു തുടങ്ങിയ മുണ്ടിന്റെയും ഷർട്ടിന്റെയും മണമവളും, അവളുടെ പെർഫ്യൂമിന്റെ ഗന്ധമവരും പരസ്പരം കൈമാറി. ഒരു പക്ഷേ, അവർ അവൾക്കൊപ്പം കയറിയില്ലായിരുന്നെങ്കിൽ അവളാ കയ്യിലെ കവറുകൾ താഴെ വച്ചു്, തിരിഞ്ഞു് നിന്നു് ലിഫ്റ്റിനുള്ളിലെ മങ്ങി തുടങ്ങിയ കണ്ണാടിയിൽ മുഖം നോക്കിയേനെ. പിന്നെ മീശ പോലെ ചുണ്ടിനു മീതെ അപ്പോഴുണ്ടായ വിയർപ്പിനെ തൂത്തു കളഞ്ഞേനെ. അതിനായി വാലറ്റ് തുറന്നു്, ലാവൻഡർ മണമുള്ള ടിഷ്യൂ ഒരെണ്ണം പുറത്തെടുത്തേനെ. ചിലപ്പോഴൊരു മൂളിപ്പാട്ടു് പാടിയേനെ.
ഇവർ ലിഫ്റ്റിൽ നിൽക്കുന്ന അതേ സമയത്താണു് മൂന്നാം നിലയിലെ ഫ്ലാറ്റ് നമ്പർ മുപ്പത്തിയൊന്നിലിരുന്നു് നാരായണി, ശശികല എന്ന രണ്ടു പെൺകുട്ടികൾ കാഞ്ചനയുടെ കാർ പാർക്കിങ്ങിലേക്കു് കയറിപ്പോകുന്നതു് കണ്ടതും, അവിടെ കരുതി വച്ചിരുന്ന ചാക്കു സഞ്ചികൾ കയ്യിലെടുത്തു് മുകളിലേക്കു് പോകാൻ തയ്യാറെടുത്തതും. ആ ഫ്ലാറ്റിൽ അവർ നാലു പെൺകുട്ടികളാണു് താമസിച്ചിരുന്നതു്. അവരെല്ലാം പല വിധം കച്ചവടങ്ങൾ ചെയ്യുന്നവരായിരുന്നു. ഒരു കമ്പനിയുടെ ഉൽപ്പന്നങ്ങൾ നടന്നു വിൽക്കുന്നതിനോടൊപ്പം അവർ നാലു പേരും, സാരികളും, കുർത്തികളും, ചില പ്രത്യേക ഓർഡർ പ്രകാരമുള്ള അടിവസ്ത്രങ്ങളുമൊക്കെ വിറ്റിരുന്നു. രണ്ടു പെൺകുട്ടികൾ അന്നു് കച്ചവടാവശ്യവുമായി പുറത്തു് പോയിരിക്കുകയായിരുന്നു. ബാക്കിയുള്ള രണ്ടു് പേർ കുറേ നേരമായി പുറത്തേക്കു് പോയ കാഞ്ചന തിരിച്ചെത്തുന്നതും കാത്തു് ജനാലക്കരികിൽ ഇരിക്കുകയായിരുന്നു. ഗ്രേ നിറമുള്ള ഓഡി കാർ വരുന്നതു് കണ്ടതും, ശശികല ഡ്രെസ്സിങ്ങ് ടേബിളിനടുത്തേക്കു് നീങ്ങി മുഖത്തു് ക്രീമിടാനും, സ്പ്രെയെടുത്തു് കക്ഷത്തിൽ പീച്ചാനും തുടങ്ങി. പിന്നെ മുടി ബ്രഷ് ചെയ്തു് വൃത്തിയിലിടാൻ തുടങ്ങിയപ്പോൾ നാരായണി അവളെ ശാസിച്ചു. നോക്കു് നീ ഒരുങ്ങിയൊരുങ്ങി നിന്നാൽ അവർ ചിലപ്പോൾ തിരിച്ചു് വന്നേക്കും. എത്ര ദിവസം കാത്തു നിന്നിട്ടാണു് ഇങ്ങിനെയൊരവസരം കിട്ടിയതു്. ആ വേലക്കാരിപെണ്ണും, ആ മൂശേട്ട തള്ളയും തിരിച്ചെത്തും മുൻപേ അവിടെ ചെന്നു് ബെല്ലടിക്കണം. അവർ തന്നെ വാതിൽ തുറക്കും, നമ്മൾ ചെന്ന കാര്യം പറയുന്നു. അവർ നമ്മളെ അകത്തേക്കു് വിളിക്കുന്നു. നമ്മുടെ കളക്ഷൻസ് കാണുന്നു. ഇഷ്ടമുള്ള മൂന്നോ നാലോ കുർത്തികൾ മേടിക്കുന്നു. ചിലപ്പോൾ മര്യാദ കൊണ്ടു് ജൂസോ, വെള്ളമോ ഓഫർ ചെയ്യുന്നു. നമ്മൾ സന്തോഷത്തോടെ ആ ഓഫർ സ്വീകരിച്ചു്, അവരുടെ പതുപതുത്ത സോഫയിലിരുന്നു് അതു് കുടിക്കുന്നു. അവർ നമ്മളോടു് കുശലപ്രശ്നങ്ങൾ നടത്തുന്നു. നമ്മൾ ജെനുവിൻ ആണെന്നു് അവർക്കൊരു ഫീൽ കിട്ടുന്നു. നമ്മുടെ തുണി വിൽക്കാനുള്ള വാട്ട്സപ് ഗ്രൂപ്പിൽ ചേർക്കട്ടെ എന്നു് നീ ചോദിക്കുന്നു. ചിലപ്പോഴവർ അതിനെന്താ എനിക്കു് ലേറ്റസ്റ്റ് കളക്ഷനെ പറ്റി അറിയാമല്ലോ എന്നു് പറഞ്ഞേക്കും. ചിലപ്പോഴാവട്ടെ, അയ്യോ ഗ്രൂപ്പൊന്നും വേണ്ട. അതൊന്നുമെനിക്കു് ഇൻട്രസ്റ്റ് ഇല്ല എന്നു് പറഞ്ഞേക്കും. അതിനാണു് ചാൻസ് കൂടുതൽ. അപ്പോൾ ചേച്ചി നമ്പർ തന്നാൽ ഗ്രൂപ്പിലിടാതെ ഞങ്ങൾ പേർസണലായിട്ടു് പുതിയ സാരികളും, കുർത്തികളുമൊക്കെ അയച്ചു തരാം, ചേച്ചി സെലക്ട് ചെയ്ത ശേഷമേ ഞങ്ങൾ ഗ്രൂപ്പിലിടൂ എന്നൊരു കാച്ചു് കാച്ചി നോക്കാം. ചിലപ്പോൾ വീണേക്കും. ചിലപ്പോൾ വേണ്ട. നിങ്ങളുടെ നമ്പർ തരൂ. എനിക്കൊഴിവുള്ളപ്പോ ഞാൻ വിളിക്കാം, മെറ്റീരിയൽസ് ഒക്കെ ഇതെ പോലെ ഇങ്ങോട്ടു് കൊണ്ടു് വന്നാ മതി. എന്നു് പറഞ്ഞേക്കാം. ഞാൻ പറഞ്ഞല്ലോ, ഇപ്പോ അവരെന്തു പറഞ്ഞാലും യെസ് എന്നു് പറയാനാണു് നമ്മൾ പോകുന്നതു്. അവരുമായൊരു ചങ്ങാത്തം, പിന്നെ പടിപടിയായി നമ്മൾ അവിടെ കയറി പറ്റുന്നു. വേലക്കാരിയെ വിളിച്ചു് ഇവർ തന്നെ ചട്ടം കെട്ടും, “നാണിയോ, ശശിയോ വന്നാൽ എന്നെ വിളിക്കണം, അവർ എന്റെ ഗസ്റ്റാണെന്നു്.”
അവർ കയ്യിലെ സഞ്ചികളുമായി പുറത്തേക്കിറങ്ങി ഫ്ലാറ്റ് പൂട്ടി കൊണ്ടു് ലിഫ്റ്റിനു നേരെ നടന്നു. അപ്പോൾ മാത്രം ലിഫ്റ്റ് മൂന്നാം നില കടന്നു് നാലിൽ എത്തിയിരുന്നു. കണ്ടൊ, നീ മിസ്സാക്കി. അല്ലെങ്കിൽ നമുക്കു് അവരോടൊപ്പം തന്നെ മോളിലെത്തായിരുന്നു. നാരായണി ദേഷ്യത്തോടെ ലിഫ്റ്റിന്റെ മുകളിലേക്കുള്ള ചിഹ്നത്തിലമർത്തി ശശികലയെ നോക്കി. അവളപ്പോഴും, തന്റെ ചെമ്പിപ്പിച്ച മുടി ഒതുക്കുന്ന തിരക്കിലായിരുന്നു. അതു് ഇടത്തേക്കും, വലത്തേക്കും മാറി മാറി പരീക്ഷിച്ചിട്ടും തൃപ്തി വരാതെ എല്ലാം കൂടി പിന്നിലേക്കിട്ടു് തിരിഞ്ഞും, മറിഞ്ഞും തന്നെ തന്നെ നോക്കി കൊണ്ടിരുന്നു. അതിനിടയിൽ നാരായണിക്കു് മറുപടി എന്നോണം പറയുകയും ചെയ്തു: ഉവ്വു്, ഒന്നാമതേ അവർക്കു് ലിഫ്റ്റിൽ ഒറ്റയ്ക്കാ താല്പര്യം. അതിവിടെ പറയാതെ തന്നെ എല്ലാവർക്കും അറിവുള്ള കാര്യം. പിന്നെ ലിഫ്റ്റിൽ അവർക്കൊപ്പം കയറിയാൽ ചിലപ്പോഴവർ നമ്മളെ ഫ്ലാറ്റിൽ കയറ്റാതെ ലിഫ്റ്റിൽ വച്ചു് തന്നെ സലാം പറഞ്ഞേനെ. വീട്ടിൽ പോയി ബെല്ലടിക്കുക എന്നതിലൂടെ പിന്നേമൊരു എൻട്രിക്കുള്ള പോസിബിലിറ്റി കാണുന്നുണ്ടു്. അവൾ വീണ്ടും മുടിയിൽ കയ്യോടിച്ചു് കൊണ്ടു് ലിഫ്റ്റ് പോയി പത്തിൽ നിൽക്കുന്നതു് ശ്രദ്ധിച്ചു് കൊണ്ടു് ചോദിച്ചു നോക്കു് നാണി, ഇതെന്താ ലിഫ്റ്റ് പോയി പത്തിൽ നിന്നല്ലോ, അപ്പോ ലിഫ്റ്റിൽ അവർക്കൊപ്പം മറ്റാരെങ്കിലും കയറിയോ. അങ്ങിനൊരു കാര്യം പതിവില്ലാത്തതാണല്ലോ. നാരായണിയും രണ്ടു കയ്യിലും പിടിച്ചിരുന്ന സഞ്ചി കീഴെ വച്ചു് കൈ കുടഞ്ഞു കൊണ്ടു് ലിഫ്റ്റിനു മുകളിലെ കുഞ്ഞു സ്ക്രീനിലെ പത്തു് എന്ന അക്ഷരത്തെ നോക്കി. നിമിഷങ്ങൾ കൊണ്ടു് അതു് പതിനൊന്നിലേക്കു് ഇഴഞ്ഞു കയറുന്നതു് അവൾ കണ്ടു.
അല്ല പത്തിലിപ്പോ ആരുണ്ടാവാനാ. ഈ സമയത്തു് ഈ കെട്ടിടത്തിൽ ആരുമുണ്ടാവാറില്ലല്ലൊ. പകുതീം അടഞ്ഞു കെടക്കണ വിദേശികളുടെ ഫ്ലാറ്റുകളാ. പ്രത്യേകിച്ചു്, എട്ടു്, ഒൻപതു്, പത്തു്. മൂന്നു് നിലയിലും കൂടി ആകെ മൂന്നെണ്ണത്തിലോ മറ്റൊ ആളുള്ളൂ. ദിവാകരേട്ടനാവുമോ. വല്ല പ്ലംബിങ്ങ് പണിയായിട്ടു് കേറീതാണെങ്കിലോ. ആവാം. അപ്പോഴേക്കും പതിനൊന്നിൽ ആളെ ഇറക്കി ലിഫ്റ്റ് മൂന്നിലേക്കു് പുറപ്പെട്ടു കഴിഞ്ഞിരുന്നു.
ഇല്ലില്ല, ദിവാകരേട്ടൻ കൊറച്ചു് മുൻപേ പുറത്തേക്കു് പോണതു് ഞാൻ കണ്ടതാ. ഈ മാഡം പുറത്തു് പോയി അധികം വൈകാതെ തന്നെ പോയിരുന്നു. മാഡം വരുമ്പോഴേക്കും തിരിച്ചു വരാമെന്നു് കരുതി പോയതാവും. നടന്നു കാണില്ല. എന്തായാലും, പത്തിലിറങ്ങീതു് ദിവാകരേട്ടനല്ലാട്ടൊ.
നാരായണി, ലിഫ്റ്റ് നാലിലെത്തിയപ്പോഴേക്കും കുനിഞ്ഞു് സഞ്ചികൾ കയ്യിലെടുത്തു് കൊണ്ടു് പറഞ്ഞു. അവിടെയൊന്നും ചൊവ്വാഴ്ചയായിട്ടു് ജോലിക്കാരും പതിവില്ല. ആകെ ശനിയോ ഞായറൊ മാത്രമാണു് എട്ടു്, ഒൻപതു്, പത്തു് ഫ്ലോറുകളിൽ സെർവന്റ്സ് പതിവു്. നാലിലും, അഞ്ചിലുമൊക്കെ പോണ മുന്തിരി വരെ പണി കഴിച്ചു് പോണതു് ഞാൻ കണ്ടിരുന്നു.
നാരായണി സംസാരിക്കുന്നുണ്ടെങ്കിലും, പത്തിലോ, പതിനൊന്നിലോ ആരു വേണമെങ്കിലും, വരികയോ, പോവുകയോ ചെയ്യട്ടെ എന്ന മുഖഭാവത്തിലായിരുന്നു ശശികല ലിഫ്റ്റിനുള്ളിലേക്കു് കയറിയതു്. അവളുടെ ആകാംക്ഷകൾ താരതമ്യേനെ ആയുസ്സു് കുറഞ്ഞവയാണു്. അതു് നാരായണിക്കു് അറിവുള്ളതു് കൊണ്ടു് പിന്നീടു് ആ വിഷയമവളെടുത്തിട്ടില്ല. ലിഫ്റ്റിനുള്ളിൽ അപ്പോഴും കാഞ്ചന ബാക്കി വച്ചു പോയ പെർഫ്യൂമിന്റെ മണമുണ്ടായിരുന്നു. അവരട ലണ്ടൻകാരൻ കൊടുത്ത പെർഫ്യൂമായിരിക്കും. നോക്ക്യേ അവരിറങ്ങി പോയിട്ടും അതിന്റെ മണമിവിടെ പറ്റി നിക്കണതു്. ശശികല ചുണ്ടു കോട്ടി പിടിച്ചാണതു് പറഞ്ഞതു്. ശശീ നാട്ടിലും നല്ല വില കൊടുത്താൽ നല്ല പെർഫ്യൂം കിട്ടും. നമ്മളൊക്കെ വാങ്ങും പോലെ സൂപ്പർമാർക്കറ്റിൽ നിരത്തി വച്ച ഡിയൊഡ്രൻഡ് ഒന്നുമല്ല അവരൊന്നും വാങ്ങുന്നുണ്ടാവാ. നല്ല കടേൽ പോയി നല്ല കാശ് കൊടുത്തു് മേടിക്കണതാവും.
അതേ സമയം പത്താം നിലയിൽ ഇറങ്ങി പോയ ബിജുവും, സുകുവും ധൃതി പിടിച്ചു് പതിനൊന്നിലേക്കു് പടി കയറി കൊണ്ടിരിക്കുകയായിരുന്നു. നിരപ്പാക്കി പണിഞ്ഞിരിക്കുന്ന പടികളാണെങ്കിൽ ഓടി കയറാമായിരുന്നു എന്നവർക്കു് തോന്നി. കുത്തനെ പണിഞ്ഞു വച്ചിരിക്കുന്ന പടികൾ കയറുമ്പോൾ കാലിലെ ഞെരമ്പുകൾക്കു് വേദന ഉള്ളതു് പോലെ സുകുവിനു തോന്നുന്നുണ്ടായിരുന്നു. അല്ലെങ്കിലും പ്രായമധികമായില്ലെങ്കിലും കാലിനും, കയ്യിനുമൊന്നും ആവതില്ലെന്നു് അവനിടയ്ക്കിടെ ഈയിടയായി പരാതി പറയാറുമുണ്ടു്. പെട്ടെന്നാണു് സുകുവിന്റെ ഇടത്തേ കാലിന്റെ മസിൽ ഉരുണ്ടുകയറിയതു്. ഞണ്ടുള്ള പുഴയിൽ മീൻ പിടിക്കാനിറങ്ങുമ്പോൾ ഇടയ്ക്കു് പെട്ടെന്നൊരു ഞണ്ടു് കേറി കാലിൽ പിടിക്കുന്നതു പോലെയാണവനു തോന്നിയതു്. പകുതി പടിയിൽ അയാളനങ്ങാനാവാതെ ഇരിക്കുമ്പോഴേക്കും കാഞ്ചന വീടിന്റെ ഉമ്മറവാതിൽ തുറന്നു് കയറുകയായിരുന്നു.
അതു കഴിഞ്ഞേകദേശമൊരു രണ്ടു മിനിറ്റു് കഴിഞ്ഞപ്പോഴാണു് ലിഫ്റ്റ് വന്നു നിന്നതും, ആ രണ്ടു പെൺകുട്ടികൾ പതിനൊന്നാം നിലയിൽ വന്നിറന്നിങ്ങിയതും. പടിയിൽ ചടഞ്ഞിരിക്കുന്ന സുകുവും, അവനരികിൽ പകച്ചു് നിൽക്കുന്ന ബിജുവും സഞ്ചികളുമായി കാഞ്ചനയുടെ ഫ്ലാറ്റിനു നേരെ നടക്കുന്ന പെൺകുട്ടികളെ കണ്ടു. അവരെ കണ്ടതോടെ നില്ക്കുകയായിരുന്ന ബിജു വേഗത്തിൽ പടിയിൽ ചുരുണ്ടിരുന്നു. അതു വരെ വേദന കൊണ്ടു് നായ്ക്കളൊക്കെ മോങ്ങും പോലെ വികൃതശബ്ദമുണ്ടാക്കി കൊണ്ടിരുന്ന സുകു വായക്കൊരു പൂട്ടിട്ട പോലെ മിണ്ടാതായി. പണ്ടൊരിക്കൽ അലുവയെറിഞ്ഞു് ഒരു നായയെ മിണ്ടാതാക്കിയ കഥ കേട്ടതു് അവന്റെ മൗനം കണ്ടപ്പോൾ ബിജു ഓർത്തു.
മുന്നിൽ നടന്നിരുന്ന പെൺകുട്ടിയുടെ ശരീരപ്രകൃതമേകദേശമൊരു പെൻസിൽ പോലെയാണു്. നിറം കുറവെങ്കിലും ഓരോ കാൽവയ്പ്പും വളരെ ആത്മവിശ്വാസത്തോടെയായിരുന്നു. അവൾക്കു് ചുറ്റുമുള്ളതൊന്നും വിഷയങ്ങളേയല്ലെന്നും, അവൾ തങ്ങളെ കാണാനേ പോകുന്നില്ലെന്നും ബിജുവിനു് മനസ്സിലായി. അവളെന്തോ മനസ്സിൽ കണ്ടാണു് മുന്നോട്ടു് നടക്കുന്നതു്. അതു് മാത്രമാണു് തൽക്കാലമവളുടെ മനസ്സിൽ. പിറകിൽ നടക്കുന്ന പെൺകുട്ടി ഉരുണ്ട പ്രകൃതക്കാരിയാണു്. അവൾ ചുറ്റും നോക്കി കൊണ്ടാണു് നടപ്പു്. തന്നെ കുറിച്ചു് മതിപ്പു് കുറവും, മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതാകാംക്ഷയടക്കി ജീവിക്കുന്നവളാണെന്നു് അവളെ കണ്ട മാത്രയിൽ തന്നെ ബിജു കണക്കു കൂട്ടി. അതു കൊണ്ടു് തന്നെ, തങ്ങളെ കണ്ടു പിടിക്കുകയാണെങ്കിൽ അതു് ഇവളായിരിക്കാനാണു് സാധ്യത എന്നുമവൻ ഊഹിച്ചു. പക്ഷേ, അവരിരുവരും കോണിയിൽ പതുങ്ങിയിരിക്കുന്ന കള്ളന്മാരെ കണ്ടില്ല.
ഇന്നത്തെ പദ്ധതി നടക്കില്ല സുകൂ. ആ പിള്ളേരെന്തോ സാമാനങ്ങളു വിക്കാൻ കൊണ്ടോന്നതാണെന്നാ തോന്നണതു്. അവരെപ്പൊ പോകുമെന്നോ, അല്ലെങ്കിൽ ആ സ്ത്രീട വീട്ടിലുള്ളവരൊക്കെ എപ്പോ തിരിച്ചെത്തുമെന്നോ, ഇനി മറ്റാരെങ്കിലും ഇവിടെ ഈ സമയങ്ങളിൽ വരുമോ എന്നൊന്നും പറയാൻ പറ്റാത്തിടത്തോളം ഇവിടമത്ര സുരക്ഷിതമല്ല. നമുക്കു് തിരിച്ചിറങ്ങിയാലോ. ഈ പരിപാടി മറ്റൊരു ദിവസത്തേക്കു് മാറ്റി വയ്ക്കാം.
സുകുവിനു് കാലിന്റെ പ്രാണവേദനക്കിടയിലും, വന്ന കാര്യങ്ങളൊക്കെ മുടങ്ങി പോകുന്നതിൽ നിരാശ തോന്നി. അവനൊന്നെഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇനിയെങ്ങിനെ വാച്ച്മാൻ കാണാതെ ഈ കാലും വച്ചു് പുറത്തു് കടക്കുമെന്നവൻ സന്ദേഹിച്ചു. പക്ഷേ, ഈ മൂന്നു പേരേയും കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്യാനായെങ്കിലെന്നു് അവനാഗ്രഹം തോന്നി.
ഒടുവിൽ ബിജു പറഞ്ഞതാണു് ശരിയെന്നോർക്കുന്നതിനോടൊപ്പം അവനൊരു ബുദ്ധി തോന്നി. എന്തു് കൊണ്ടു് ബിജുവിനു് തനിച്ചൊരു ശ്രമം നടത്തിക്കൂടാ. തനിക്കവരെ കിട്ടില്ല. അതിപ്പോ കക്കാൻ കേറിയാലും ഈ ബിജു സമ്മതിച്ചോളണമെന്നില്ല.
അവൻ പതുക്കെ കാലിൽ തടവികൊണ്ടു് പറഞ്ഞു. ഇനിയൊരവസരത്തിനു കാത്തു നിക്കണോ. നിങ്ങ തന്നെയൊന്നു് ശ്രമിക്കു്. ഞാനിവിടെ ആരേലും വരണുണ്ടോന്നു് നോക്കി നിങ്ങട മൊബൈലിൽ ഒരു റിംഗ് തരാം. അപ്പഴേക്കുമെന്റെ കാലും ശരിയാവും. അവർ ശബ്ദം താഴ്ത്തി സ്വകാര്യത്തേക്കാൾ താഴ്ത്തി ഒരൊച്ചയിലാണു് സംവേദിച്ചതു്. അവർ ആത്മാർത്ഥതയുള്ള കള്ളന്മാരായിരുന്നു.
ബിജു തലയാട്ടി. ഒന്നു ചിരിക്കുകയും ചെയ്തു. സുകു ഇതു് പറയണമെന്നു് അവനാഗ്രഹമുണ്ടായിരുന്നോ എന്നു് ആ നിമിഷം സുകുവിനു തോന്നി. എന്നിട്ടു് പതുക്കെ മുന്നോട്ടു് നടക്കുകയും ചെയ്തു.
നാരായണി വാതിലിനു മുൻപിലായി, ഡോർബെല്ലമർത്തണമോ, വേണ്ടയോ എന്നു് ചിന്തിച്ചു് നിന്നു. വാതിൽ പകുതിയേ ചാരിയിട്ടുള്ളൂ എന്നപ്പോഴാണവൾ ശ്രദ്ധിച്ചതു്. അകത്തെ മുറികളൊക്കെ എങ്ങിനെയായിരിക്കുമെന്നവളോർത്തു. അവൾക്കാ വാതിലിനിടയിലൂടെ വെള്ള സോഫയും, വെള്ളമിറ്റു വീഴുന്ന ഒരു ഫേങ്ങ്ഷൂയി ലാമ്പുമേ കാണുന്നുണ്ടായിരുന്നുള്ളൂ. പതുക്കെ ചെരുപ്പു് കൊണ്ടവളാ വാതിൽ മുന്നോട്ടൊന്നു് നീക്കി നോക്കി. അതൽപ്പം കൂടെ തുറന്നപ്പോഴവൾക്കു് അറ്റം വരെയുള്ള കാഴ്ച സുഗമമായി. വാതിൽ അല്പം തുറന്നതോടെ പിറകിൽ നിന്നിരുന്ന ശശികല നാരായണിയെ തള്ളി മാറ്റി എത്തി നോക്കി. അന്നേരമവർക്കു് ബെല്ലടിക്കാമായിരുന്നെങ്കിലും അവരിലൊരാൾ പോലും അതു് ചെയ്തില്ല. ആ ഫ്ലാറ്റ് ഏറെ നാളുകളായവരുടെ മനസ്സിൽ ഒരു രാജകുമാരിയുടെ അത്ഭുത കൊട്ടാരം പോലെ കൗതുകം ജനിപ്പിച്ചു നിന്ന ഒന്നായിരുന്നു. അതു കൊണ്ടാവും, പെട്ടെന്നാ വാതിൽ മുന്നിൽ തുറന്നു കിടന്നപ്പോഴവർ പരിഭ്രമിച്ചതു്.
അതേ സമയം താഴെ നിന്നു് പതുക്കെ പതുക്കെ ബിജു മുകളിലെത്തിയിരുന്നു. താനെന്താണു് ചെയ്യേണ്ടതെന്നു് അവനറിയാമായിരുന്നു. സത്യത്തിലീ കളവിൽ താൻ പിടിക്കപ്പെട്ടാൽ പോലും അയാൾക്കു് വിരോധമില്ലായിരുന്നു. അങ്ങിനെയൊന്നു് നടക്കണമെന്നുമയാളാഗ്രഹിച്ചിരുന്നു. അതു് സുകുവിനോടു് പറഞ്ഞില്ലെങ്കിലും, അയാൾക്കു് കക്കുന്നതിനേക്കാൾ പിടിക്കപ്പെടുന്നതിലൊരു ആവേശം തോന്നിയിരുന്നു. പിടിക്കപ്പെടുമ്പോൾ താൻ ചെയ്യാനുദ്ദേശിച്ച കാര്യങ്ങൾ പൊലിപ്പിച്ചു് പറയാൻ അയാൾ നിശ്ചയിച്ചിരുന്നു. ഇടയ്ക്കു് എപ്പോഴോ ഫെയ്സ്ബുക്കിൽ ലൈവ് പോയി കളവിനെ ഒന്നു ജനകീയവൽക്കരിച്ചാലോ എന്നയാൾക്കു് ഒരു ബുദ്ധി ഉദിച്ചിരുന്നു. എന്നാലീ ഭാഗങ്ങളൊന്നും തന്നെ അയാൾ സുകുവിനെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. അല്ലെങ്കിലും സ്ട്രെസ്സ് ഉള്ള സന്ദർഭങ്ങൾ കൈകാര്യം ചെയ്യാനിനിയും അവൻ വളരാനുണ്ടെന്നു് ബിജുവിനു് തോന്നിയിട്ടുണ്ടു്. അപ്പോഴത്തെ ആ നിൽപ്പിൽ ബിജു തന്റെ ആഗ്രഹം പോലെ ലൈവ് പോകാൻ നിശ്ചയിച്ചു.
അയാൾ പോക്കറ്റിൽ നിന്നു് മൊബൈൽ വലിച്ചെടുത്തു് സൂപ്പ് ബിജു എന്ന പേരിൽ തന്നെ ലോഗിൻ ചെയ്തു. അതയാൾ ആറു മാസം മുൻപേ ടൗണിലെ ചോർ മാർക്കറ്റിൽ നിന്നു് ചുളു വിലയ്ക്കു് വാങ്ങിയതായിരുന്നു. ഫെയ്സ്ബുക്കിലെ ലൈവ് എന്ന ബട്ടനമർത്തി കൊണ്ടാണു് അവസാനത്തെ പടി കയറി മുകളിലെത്തിയതു്. തനിക്കു് നേരെ തിരിച്ചു് പിടിച്ചു് അയാൾ മുഖം കൊണ്ടു് ഗോഷ്ഠി കാണിച്ചു് നോക്കി. ഹലോ ഹലോ എന്നുറക്കെ പറഞ്ഞു നോക്കി. ആരൊക്കെ തന്നെ കാണുന്നുണ്ടെന്നു് അവൻ ലൈവിനു താഴെ നോക്കി കൊണ്ടിരുന്നു. പലരും ലൈവിൽ വരുന്നതു് കണ്ടവൻ മോഹിച്ചതാണൊരു ഉഗ്രൻ ലൈവ്. പാമ്പിനെ പിടിക്കുന്നവർ, റോഡിലെ വാഹനക്കുരുക്കിൽ പെടുന്നവർ, എന്തിനു് ഓണമായാൽ ഒട്ടുമിക്ക സിനിമാനടികളും ലൈവിൽ വരും. കെട്ടിയിടപ്പെട്ട ചില സ്ത്രീകൾ, അന്യനാടുകളിൽ പെട്ടു പോയവർ, അങ്ങിനെ ലൈവ് ഒരു തരംഗമായി നിൽക്കുന്നതു് അവനെ ആവേശം കൊള്ളിക്കാറുണ്ടു്. അതു കൊണ്ടു് തന്നെ ഈ കളവു് ലൈവിൽ ചെയ്യണമെന്നവൻ നിശ്ചയിച്ചിരുന്നു. ഇതു് പിടിക്കപ്പെടുവാൻ ചെയ്യുന്ന മോഷണമാണെന്നു് അറിഞ്ഞാൽ സുകു പിന്മാറുകയോ, പാര വയ്ക്കുകയോ ചെയ്യുമോ എന്ന ചിന്തയുള്ളതു് കൊണ്ടു് അവനെ അറിയിച്ചതേയില്ല. ലൈവിൽ ചില കൈകൾ പിന്താങ്ങി പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോൾ ബിജു സംസാരിക്കാൻ തുടങ്ങി.

ഞാനിപ്പോൾ നിൽക്കുന്നതു്, ടൗണിലെ തന്നെ ഏറ്റവും വല്ല്യേ കാശുകാരൊക്കെ താമസിക്കുന്ന ഫ്ലാറ്റ് കെട്ടിടത്തിലാണു്. ഞാനൊരു കള്ളനാണു്. അത്യാവശ്യം കളവും, പിന്നെ ചെറിയ ഗുണ്ടാപ്പണിയൂണ്ടു്. ഇപ്പോ ഞാനിങ്ങനെ ലൈവ് വന്നതെന്തെന്നു് വച്ചാൽ, കളവിൽ ഒരു കല ഉണ്ടെന്നു് നിങ്ങളെ അറിയിക്കാൻ കൂടിയാണു്. അവൻ സംസാരിക്കുന്നതു് താഴ്‌ന്ന ഒച്ചയിലായിരുന്നില്ല. ലൈവിനാവശ്യമായ ഉയർന്ന ശബ്ദത്തിൽ തന്നെയായിരുന്നു.
ഇയാൾക്കു് കക്കാൻ പോയിട്ടു് ഭ്രാന്തായോ എന്ന സംശയത്തിൽ മസിലു കയറിയ കാലിനെ ഒറ്റ കൈ കൊണ്ടു് താങ്ങി കൊണ്ടു് സുകു ഇരുന്നിടത്തു് നിന്നെഴുന്നേറ്റു് എത്തി നോക്കി. അപ്പോഴേക്കും, ബിജുവിന്റെ ശബ്ദം കേട്ടു് പെൺകുട്ടികൾ തിരിഞ്ഞു നിന്നു. ബിജുവാവട്ടെ, ലോകത്തു് ഇത്രയും ആത്മാർത്ഥതയോടെ മറ്റെന്തു ചെയ്യാനെന്ന മട്ടിൽ മുന്നോട്ടു് നടന്നു കൊണ്ടിരുന്നു. അയാളെ കാണുന്ന ആളുകൾ കൂടുന്നുണ്ടായിരുന്നു. അതു് കണ്ടപ്പോൾ ബിജുവിനാവേശമായി. ഒരാൾ ഇതിനിടെ താഴെ കമന്റിട്ടു. ചേട്ടാ, കെട്ടിടം പറ, അപ്പഴല്ലേ ത്രില്ല്. ആ കമന്റ് വായിച്ചു് ചിരിച്ചു് കൊണ്ടു് ബിജു പറഞ്ഞു, അതു പറയും, പക്ഷേ, ഏറ്റവുമൊടുവിൽ. ദേ ഈ കെട്ടിടത്തിന്റെ ഉടമസ്ഥന്റെ വകേലൊരു ഭാര്യയുടെ വീട്ടിലേക്കാണെന്റെ പോക്കു്. അവിടെയാണു് ഞാനിന്നു് കക്കാൻ പോകുന്നതു്.
അയാൾ ചുമരിന്റെ മറവിൽ നിന്നു് പൊക്കി പിടിച്ച ഫോണുമായി പെൺകുട്ടികൾക്കു് മുന്നിൽ പ്രത്യക്ഷനായി. സഹോദരിമാരെ, ഒരിത്തിരി സ്ഥലമെനിക്കും തരൂ. ഞാനിവിടെ കക്കാൻ വന്നതാണു്. കുറേ നാളായി ലൈവിൽ വന്നു് മോഷണം നടത്തണമെന്നു് കരുതി ഞാനൊരു അവസരത്തിനായി കാത്തു് നിൽക്കുകയായിരുന്നു. ലൈവിലേക്കു് ബിജു ആ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തിയതോടെ അതാരാണെന്ന ചോദ്യങ്ങൾ വന്നു. അതാരാണെന്നു് ചോദിച്ചാലെനിക്കുമറിയില്ല. ഇവിടെ എന്തോ സാമാനങ്ങൾ വിക്കാൻ വന്ന പെൺകിടാങ്ങളാണെന്നു് തോന്നുന്നു.
അവർ പകച്ചു പോയി. ജീവിതത്തിൽ ആദ്യമായൊരു കള്ളനെ അവർ തൊട്ടടുത്തു് കണ്ടതായിരുന്നു. അതിനപ്പുറം, ഫെയ്സ്ബുക്ക് പോലൊരു സമൂഹമാധ്യമത്തിൽ ലൈവ് ഒക്കെ പോയി കളവു നടത്തുന്ന ഒരാൾ. അവർക്കു് അവിടെ നിൽക്കണോ, അതോ എത്രയും വേഗം സ്ഥലം വിടണോ എന്ന കാര്യത്തിൽ ആശങ്ക തോന്നി. അവരവിടെ നിൽക്കാൻ തീരുമാനിച്ചു. ഞാനൊരു കള്ളനാണെന്നറിഞ്ഞിട്ടും, വന്നതു് കക്കാനാണെന്നു് പറഞ്ഞിട്ടും, ഇവിടെ നിൽക്കുന്ന പെൺകുട്ടികൾ പോയിട്ടില്ല. ഒരു പക്ഷേ, അവർ ഞാനൊരു കള്ളനല്ല, കള്ളം മാത്രം പറഞ്ഞവനാണെന്നാവും ധരിച്ചതു്. അതേതായാലും വിഷയമല്ല. ഞാനിപ്പോഴീ വീടിന്റെ അകത്തേക്കു് പ്രവേശിക്കാൻ പോകുകയാണു്. നിങ്ങൾക്കു് കാണാനായി ഈ വീടിന്റെ സോറി, ഫ്ലാറ്റിന്റെ പരിസരം ഞാനിപ്പോ കാണിച്ചു് തരാം. രണ്ടു ഫ്ലാറ്റുകൾ കൂട്ടി ചേർത്തു് ഉണ്ടാക്കിയ ഒരുഗ്രൻ ഒറ്റ ഫ്ലാറ്റാണിതു്. വലിയൊരു വീടിനോളമുണ്ടു്.
അയാൾ ഫോൺ തിരിച്ചു് പിടിച്ചു് ഫ്ലാറ്റിന്റെ പരിസരം ലൈവിൽ കൊണ്ടു വന്നു. ഫ്ലാറ്റിനു പുറത്തായി പല തരം പൂക്കളും, ചെടികളും വളർത്തിയിട്ടുണ്ടെന്നു് അപ്പോഴാണു് ആ പെൺകുട്ടികൾ പോലും ശ്രദ്ധിച്ചതു്. കമ്പി കൊണ്ടുണ്ടാക്കിയ സ്റ്റാൻഡിൽ വച്ചിരിക്കുന്ന റോസാച്ചെടിയിൽ നിന്നൊരു പൂ പറിച്ചെടുത്തു് മൂക്കിനോടു് ചേർത്തു് ബിജു അതിന്റെ ഗന്ധമാസ്വദിക്കുന്നതായി അഭിനയിച്ചു. പിന്നെയാ പൂവയാളുടെ പോക്കറ്റിൽ തിരുകി വച്ചു.
ഒരു നിമിഷത്തേക്കു് പെൺകുട്ടികളും തങ്ങളവിടെ വന്നതിന്റെ ഉദ്ദേശം മറന്നു നിന്നു. അപ്പോഴവർക്കു് വഴിയോരസർക്കസ്സ് കാണുന്ന കുട്ടികളുടെ മുഖമായിരുന്നു. അവരങ്ങിനെ നില്ക്കുന്നതു് കണ്ടപ്പോഴാണു് ബിജു വീണ്ടും തന്റെ ലൈവിനെ പറ്റിയോർത്തതു്.
അതിനിടെ അകത്തു് നിന്നെന്തോ ശബ്ദം ഉയർന്നതു് പെൺകുട്ടികൾ ശരിക്കും കേട്ടെങ്കിലും, ബിജു അതത്ര ശ്രദ്ധിച്ചില്ല. തന്റെ ലൈവിനു വരുന്ന കമന്റുകൾ വായിച്ചതിനൊക്കെ മറുപടി പറയുന്ന ധൃതിയിലായിരുന്നു ബിജു. പോലീസിനെ ഭയമില്ലേ എന്ന ചോദ്യത്തിനു് അവൻ പറഞ്ഞ മറുപടി, ഭവനഭേദനത്തിനു് അങ്ങിനെ കൊടും ശിക്ഷയൊന്നും കിട്ടില്ല ബ്രോ എന്നായിരുന്നു.
ഇനിയവൻ അകത്തേക്കാണു് കടക്കേണ്ടതു്. അങ്ങിനെയാണവൻ ലൈവിൽ പറഞ്ഞതും. വീട്ടിൽ മോഷ്ടിക്കാനാണെത്തിയതെന്നു്. പെൺകുട്ടികൾ പരിഭ്രമിച്ചിരുന്നു. അവർക്കു് ഇപ്പോഴവിടെ നിന്നും പോകണമെന്നു് തീർച്ചയായും തോന്നുന്നുണ്ടായിരുന്നു. എന്നാൽ ടിക്കറ്റ് എടുത്തു് കയറിയ പടം മുഴുവൻ കാണാതെ ഇടയ്ക്കിറങ്ങും പോലെയല്ലേ അതെന്ന തോന്നലിലോ മറ്റൊ അവരവിടെ നിന്നണുവിട അനങ്ങാതെ നിന്നു. ഇടയ്ക്കു് ഒന്നോ രണ്ടോ തവണ അവർ മുഖാമുഖം നോക്കിയെന്നതൊഴിച്ചാൽ അവർ സംസാരിക്കുകയോ, എന്തെങ്കിലും വിധത്തിൽ തമ്മിൽ സംവദിക്കുകയോ ചെയ്തിട്ടില്ല. അവർ ഭയന്നിട്ടല്ല, മറിച്ചു് അവർക്കൊരു ജിജ്ഞാസയായിരുന്നു. അവർക്കു് എളുപ്പത്തിൽ അവിടെ നിന്നു് പോകാമായിരുന്നിട്ടും, ഒരു പക്ഷേ, അറിഞ്ഞു കൊണ്ടവർ അപകടത്തിലേക്കു് തല നീട്ടുകയായിരിക്കാമെങ്കിലും, അവരവിടെ തന്നെ നിന്നു. ബിജുവിന്റെ കളവിനും, ലൈവിനും കാഴ്ചക്കാരാണെന്ന മട്ടിൽ.
ബിജു വാതിലിപ്പോൾ തള്ളി തുറക്കുമെന്നു് അവർക്കറിയാമായിരുന്നു. അവർ അകത്തേക്കു് ഉത്സുകതയോടെ നോക്കി നിന്നു. അപ്പോഴാ ഫേങ്ങ് ഷൂയി ലാമ്പിൽ പച്ചവെളിച്ചമാണു് കത്തിയിരുന്നതു്. ഓരോ തിരിച്ചലിലും അതിൽ ഓരോ നിറങ്ങളിലുള്ള വെളിച്ചം പൊഴിക്കുന്ന തരം ലാമ്പായിരുന്നു അതു്. ആ പച്ച വെളിച്ചമതിൽ കണ്ട നിമിഷം നാരായണിയും, ശശികലയും തമ്മിൽ നോക്കിയൊന്നു് ചിരിച്ചു. അവരതിനെ സമ്മതമായി കണ്ടു എന്നാണു് മനസ്സിലാക്കേണ്ടതു്. ബിജു ചിരിച്ചു് കൊണ്ടു് ലൈവിൽ പറഞ്ഞു, നോക്കൂ, ഈ വീട്ടുകാരി വാതിൽ പോലുമടയ്ക്കാൻ മറന്നു പോയിരിക്കുന്നു. ഞങ്ങളെ പോലുള്ളവരെ തീരെ ഭയമില്ലാതായതോ, അതോ ഇത്തരം കാര്യങ്ങളിൽ മനുഷ്യർ ജാഗ്രതയുപേക്ഷിച്ചു തുടങ്ങിയോ. അയാൾ പതുക്കെ ആ വാതിൽ തള്ളി കൊണ്ടു് ചുണ്ടിൽ വിരൽ വച്ചാണകത്തേക്കു് പ്രവേശിച്ചതു്. അയാൾ കാഴ്ച കാണുന്നവരെ നോക്കി ഒരു കണ്ണിറുക്കി കാണിക്കുന്നുണ്ടായിരുന്നു.
ആ സ്വീകരണമുറിയുടെ ഒരു ചുവരിനെ മുട്ടക്കരുവിന്റെ മഞ്ഞ നിറത്തിൽ പെയിന്റ് ചെയ്തു് ഹൈലൈറ്റ് ചെയ്തിരുന്നു. അതിനു തൊട്ടരികിലുള്ള മേശപ്പുറത്തു്, പകുതി കണ്ണടച്ചു്, ബാക്കി തുറക്കണോ എന്ന സംശയം കാണിച്ചു് ബുദ്ധനിരിക്കുന്നുണ്ടു്. അയാളകത്തേക്കു് നടന്നപ്പോൾ ഒരു മായാവലയത്തിലകപ്പെട്ട പോലെ ആ പെൺകുട്ടികൾ അയാളെ പിന്തുടർന്നു. അവിടെയിരിക്കുന്ന ബുദ്ധന്റെ കണ്ണുകൾ പോലെ അവരുടെ കണ്ണുകളും പാതിയടഞ്ഞതു പോലെയായിരുന്നു. മറ്റൊരാളുടെ വീട്ടിലേക്കു് അയാളുടെ അനുവാദമില്ലാതെ കയറുന്നതിനെ അതിക്രമിച്ചു് കടക്കലെന്നാണു് പറയാറു് എന്നൊക്കെ അറിയുന്നവരാണവർ. പിന്നീടൊരവസരത്തിൽ അവരെ ചോദ്യം ചെയ്താൽ അതൊരു ട്രാൻസിൽ പെട്ടതു പോലെയായിരുന്നു ആ നിമിഷമെന്നവർ പറയുമായിരുന്നു. അവർ അർദ്ധബോധത്തിൽ ചെയ്തതാവണം. അതു് കാണുന്ന ആർക്കും മനസ്സിലാവും. കാരണം അപ്പോഴവരുടെ കണ്ണുകൾ മകുടി കേട്ടു് ആടുന്ന പാമ്പിന്റെ കണ്ണുകൾ പോലെയായിരുന്നു. അയാളുടെ ലൈവിനു പിറകെ അവർ നടന്നു.
അടുക്കളയുടെ മുന്നിലെ ഒരു ചെറുമുറി പോലുള്ളിടത്തു് നിന്നു് കാലനക്കം കേട്ടപ്പോൾ നിര നിരയായി അഞ്ചു പൂച്ചകുട്ടികൾ പുറത്തേക്കിറങ്ങി വന്നു. പഞ്ഞികെട്ടുകൾ പോലെയായിരുന്നു ആ അഞ്ചു പൂച്ചകുട്ടികളും. വട്ടമുഖവും, ചാരക്കണ്ണുകളും, വണ്ണമുള്ള വാലുകളും, ആ അഞ്ചു പേർക്കും ഒരു പോലെയായിരുന്നു. നിറം ലേശം വ്യത്യസ്തമായിരുന്നതു് കൊണ്ടു് അവയെ തമ്മിൽ വേറിട്ടു കാണാനെളുപ്പമായിരുന്നു. ആ വീടിനുള്ളിൽ പാലിക്കേണ്ട മര്യാദ അതാണെന്ന മട്ടിൽ നേർത്ത ശബ്ദത്തിലായിരുന്നു അവറ്റകൾ മ്യാവൂ ശബ്ദമുണ്ടാക്കിയിരുന്നതു്. ഒരു നിമിഷം ആ പെൺകുട്ടികൾക്കു് താഴെയിരുന്നു് ആ പൂച്ചകുട്ടികളെയെടുത്തു് മടിയിൽ വയ്ക്കാൻ തോന്നി. ഒരേ സമയമായിരുന്നു അവർക്കു് ആ ചിന്തയുണ്ടായതു്. പക്ഷേ, അവരിരുവരും ആ പ്രലോഭനത്തിൽ വീഴാതെ ബിജുവിനെ നോക്കി നിന്നു. അയാൾ ചലിക്കുന്നതനുസരിച്ചാണു് തങ്ങൾ മുന്നോട്ടു് പോകേണ്ടതെന്നോ മറ്റൊ അവർ ഇതിനകം ചിന്തിച്ചു വച്ചു കാണും. പൂച്ചകുട്ടികൾ തങ്ങളുടെ ബിൽഡിങ്ങിലുണ്ടായിരുന്നെന്നു് ആ നിമിഷം വരെ അവർക്കു് അറിയുമായിരുന്നില്ല. പൂച്ചകുട്ടികൾ കുറച്ചു നേരം ചിണുങ്ങി നിന്നു് പിന്നെ പതുക്കെ അകത്തേക്കു് തന്നെ നടന്നു പോയി.
അപ്പോഴും ബിജുവിന്റെ വിരൽ ചുണ്ടിലമർന്നിരുന്നു. ആ ചുണ്ടുകളുടെ നടു ഭാഗത്തിനു കറുപ്പു നിറമായിരുന്നു. സിഗരറ്റമർന്നിരുന്നു് വന്ന പാടാണെന്നു് ആർക്കും കണ്ടാൽ മനസ്സിലാവും. അയാൾക്കൊപ്പം ബേബിയും ചുരുട്ടു വലിക്കും. ഇടയ്ക്കു് പുക പുറത്തു വിടുമ്പോഴവർ ഉറക്കെ ചുമയ്ക്കും. അവർക്കീയിടെയായി ശ്വാസം മുട്ടലുണ്ടു്. ഉറങ്ങാൻ കിടക്കും മുൻപേ അസ്താലിനെടുത്തു് വിഴുങ്ങുന്നതു് കാണുമ്പോഴൊക്കെ ബിജുവിനവരോടു് സ്നേഹം തോന്നും. അവൻ കിടക്കുന്ന ഒറ്റ കട്ടിലിനു താഴെ പായ വിരിച്ചാണവർ കിടക്കാറുള്ളതു്. ഉറക്കത്തിലവരുടെ ശ്വാസമിടയ്ക്കുറക്കെ ഉയരുമ്പോൾ ബിജു ഞെട്ടി ഉണരും. അവരെ അവൻ ചീത്ത പറയാറില്ല. അങ്ങിനെ ഉണർന്നാലുടനൊരു ബീഡിയോ, സിഗരറ്റൊ, അതുമല്ലെങ്കിൽ ചുരുട്ടോ എടുത്തവൻ ഉമ്മറത്തു ചെന്നിരിക്കും. ബേബി അവന്റെ തീരുമാനമായിരുന്നെന്നും, അവരെ തനിക്കു് ചീത്ത പറയാനധികാരമില്ലെന്നുമവൻ പറഞ്ഞു പഠിച്ചു വച്ചിരുന്നു.
അപ്പോഴവനെന്തോ അവരെ ഓർമ്മ വന്നു. ബിജു ആ ഒരു മിനിറ്റ് നേരത്തേക്കു് മറ്റേതോ ചിന്തയിൽ പെട്ടിരിക്കുകയാണെന്നു് ലൈവ് കാണുന്നവർക്കു് മനസ്സിലായിരുന്നു. അവൻ പെട്ടെന്നു് തന്നെ നമ്പറില്ലാത്ത ആ ഫ്ലാറ്റിനുള്ളിലേക്കു് തിരിച്ചു് വന്നു. അവനപ്പോൾ പിറകോട്ടായിരുന്നു നടന്നതു്. കുഴിയാനയൊക്കെ നടക്കും പോലെ. ആളുകൾക്കു് കാഴ്ച കൃത്യം കാണണമെന്നതായിരുന്നു ഉദ്ദേശം. അവൻ നടന്നിരുന്ന ഇടനാഴി പോലെ തോന്നിച്ചിരുന്ന ഭാഗത്തു്, മുകളിൽ പിടിപ്പിച്ചിരുന്ന ഒരു വളയത്തിൽ ഒരു കൂടു് തൂങ്ങി കിടപ്പുണ്ടായിരുന്നു. പക്ഷികളെ വളർത്താനുപയോഗിക്കുന്ന മാതിരി ഒന്നു്. അവൻ ആകാംക്ഷയോടെ ലൈവിലേക്കു് നോക്കി പറഞ്ഞു, ഇവിടെ കൂടിനുള്ളിൽ വളർത്തിയിരിക്കുന്ന ഒരു പക്ഷിയുണ്ടു്. തത്തമ്മയാവാനാണു് വഴി. സുന്ദരികൾ വളർത്തുന്ന പക്ഷിയാണു് തത്തമ്മ. അയാളടുത്തെത്തി കൂടിനുള്ളിലെ പക്ഷിയെ കണ്ടു് അമ്പരന്നു നിന്നു. കൂടിനുള്ളിലെ വളയത്തിൽ കാലു കോർത്തു് പിടിച്ചിരുന്നു് ഉറങ്ങുന്ന ഒരു മൂങ്ങ. അങ്ങിനെയൊരു പക്ഷിയെ അവിടെ തീരെ പ്രതീക്ഷിക്കാത്തതു കൊണ്ടാവും, ബിജു ഒരു നിമിഷ നേരത്തേക്കു് പകച്ചു് നിന്നു. ആ ഇടനാഴിയിൽ കാറ്റു വരുന്നില്ലെന്നും, തനിക്കു് ചൂടെടുക്കുന്നുണ്ടെന്നുമപ്പോഴവനോർത്തു. അവനാ പക്ഷിയെ പറ്റി ലൈവിൽ ഒന്നും പറഞ്ഞില്ല. ചേട്ടാ, അതു തത്തമ്മയല്ലല്ലോ എന്നാരോ എഴുതിയതു് അവൻ കണ്ടെങ്കിലും പ്രതികരിച്ചില്ല. അവനപ്പോഴേക്കും നടന്നൊരു നീണ്ട ഹോൾ പോലെ തോന്നിക്കുന്ന മുറിക്കു് മുന്നിലെത്തിയിരുന്നു.
അല്പം മുൻപേ കാഞ്ചന കയ്യിൽ തൂക്കി പിടിച്ചകത്തേക്കു് കൊണ്ടു് പോയ ചില കവറുകളാ മുറിക്കു് മുന്നിൽ പാതി തുറന്ന രീതിയിൽ കിടപ്പുണ്ടായിരുന്നു. പെൺകുട്ടികളതിനുള്ളിലേക്കു് എത്തി നോക്കി. അപ്പോൾ ശശികല, പൂച്ചകുട്ടികളുടെ മുറിക്കു് മുന്നിലും, ഒരു കവർ തുറന്നു കിടന്നിരുന്നതായി ഓർമ്മിച്ചു. ആ മുറിക്കു് മുന്നിൽ ഇൻഡോർ പ്ലാന്റുകൾ തിങ്ങി നിരന്നിരുപ്പുണ്ടായിരുന്നു. അതൊരു കാടാണെന്നും, താൻ ഇരുട്ടിലേക്കാണു് നടക്കുന്നതെന്നും, ബിജുവിനു തോന്നാതിരുന്നില്ല. അപ്പോഴേക്കും ബിജു താൻ ലൈവിലാണെന്ന കാര്യം മറന്നു് പോയിരുന്നു. താനിതു വരെ പ്രതീക്ഷിച്ചതല്ലാത്ത ഒരു കാഴ്ചയാണിനി മുന്നിൽ വരാൻ പോകുന്നതെന്നു് അവനപ്പോഴേക്കും തോന്നിയിരുന്നു.
ബിജുവിനൊപ്പം പെൺകുട്ടികളും ആ ഗൗരവതരമായ സാഹചര്യത്തിനുതകുന്ന രീതിയിൽ പെരുമാറി തുടങ്ങിയിരുന്നു. അവരിപ്പോഴേകദേശം ബിജുവിനൊപ്പം ഈ കളവിൽ പങ്കു ചേരാനെത്തിയ സുകുവിനെ പോലെയായി കഴിഞ്ഞിരുന്നു. അയാൾ ചെയ്യുന്നതൊക്കെ അവരും ചെയ്യണമെന്നു് അവരേതാണ്ടു് നിശ്ചയിച്ചുറപ്പിച്ചതു പോലെയായിരുന്നു അപ്പോഴവരുടെ ശരീരഭാഷ.
ആ വലിയ ഹോളിന്റെ ചുമർ ചില്ലു കൊണ്ടായിരുന്നു. ആ മുറിക്കുള്ളിൽ നിസ്സാരമായി തമ്മിൽ തൊടാതെ ഇരുപതു പേർക്കെങ്കിലും ഇരിക്കാനാവുമെന്നു് അവൻ മനക്കണക്കു കൂട്ടി.
അപ്പോഴേക്കും ലൈവിൽ കാണിച്ചിരുന്നതു്, അയാളുടെ പാന്റിന്റെ പോക്കറ്റിന്റെ ഉൾവശമായിരുന്നു. ഇരുട്ടു്. കുറച്ചു് നേരം കമന്റിട്ടും, കൂവി വിളിച്ചിട്ടും ബിജുവിനെ കാണാതായതോടെ ലൈവ് വിട്ടു് ആളുകളെഴുന്നേറ്റു് പോയ് തുടങ്ങിയിരുന്നു. താൻ ലൈവിലായിരുന്നു എന്നവൻ പൊടുന്നനെ മറന്നു പോയിരുന്നു. ഇപ്പോഴവൻ ചില്ലിനരികിൽ പല്ലിയൊക്കെ ചുവരിൽ താങ്ങി പറ്റി പിടിച്ചു് നിൽക്കും പോലെ നിൽക്കാൻ തുടങ്ങിയിരുന്നു. അവനു പിറകിൽ തങ്ങളുമിതിനൊരു ഭാഗമെന്ന മട്ടിൽ നിന്നിരുന്ന പെൺകുട്ടികളും അവന്റെ രണ്ടു വശത്തേക്കും നിന്നു കൊണ്ടു് അവനൊപ്പം തന്നെ അകത്തെ കാഴ്ചയിലെക്കിറങ്ങി ചെന്നു. അവർ പറയാതെ തമ്മിലുണ്ടാക്കിയെടുത്ത ഒരു ചേർച്ച ആ മിനിറ്റുകൾക്കകം ഉണ്ടായിട്ടുണ്ടായിരുന്നു. അപ്പോഴേക്കും ഞൊണ്ടി ഞൊണ്ടി സുകുവും വന്നു് ചില്ലിൽ കൈ വച്ചു് അകത്തേക്കു് നോക്കുന്നുണ്ടായിരുന്നു. പെട്ടെന്നവന്റെ കാലിന്റെ കോച്ചിപിടുത്തം മാറിയതു് അവനറിഞ്ഞതേയില്ല. അവനവിടെ വന്നു നിന്നതാവട്ടെ മറ്റു മൂന്നു പേർ അറിഞ്ഞതേയില്ല. അപ്പോഴേക്കും, അവരാ മുറിക്കുള്ളിലേക്കു് തങ്ങളുടെ ശ്രദ്ധ മുഴുവനായും സംഭാവന നൽകി കഴിഞ്ഞിരുന്നു.

ആ മുറിയുടെ ചുവരുകൾ പ്രത്യേക നിറങ്ങൾ പൂശിയവയായിരുന്നു. ബിജുവിന്റെ ഇടതു ഭാഗത്തുള്ള ചുവരിനു് ചുവപ്പു നിറമായിരുന്നു, നേരെ കാണുന്ന ചുവരിൽ വലുതായി വരച്ചിട്ട ഒരു അബ്സ്ട്രാക്ട് പെയിന്റിംഗായിരുന്നു. അതിലുള്ളതെന്താണെന്നു് അവനു മനസ്സിലായില്ല. അവനതിലേക്കു് നോക്കി നിന്നപ്പോഴവനു വെറുതെ ഭയം തോന്നി. ആ ഭയമവനരികിൽ നില്ക്കുന്ന പെൺകുട്ടികളിലേക്കവൻ സന്നിവേശിപ്പിച്ചെതെങ്ങിനെയെന്നു് അവനറിയില്ലായിരുന്നു. അവനൊപ്പം അവരും ഭയന്നിരുന്നു എന്നവനു മനസ്സിലായതേയില്ല. വലതു ഭാഗത്തെ ചുവരിനു മേൽ നിറയെ ഇലകളായിരുന്നു വരഞ്ഞിട്ടിരുന്നതു്. ഇടയ്ക്കിടെ ചുവന്ന പൂക്കളും, പെട്ടെന്നാണൊരു പൂ വിടരും പോലെ, ആ ചുവരിലെ ഒരു വാതിൽ തുറന്നു് ചുവന്നൊരു സാരി ചുറ്റി കാഞ്ചന ഇറങ്ങി വന്നതു്. കാഞ്ചനയെ കണ്ട മാത്രയിൽ അവർ അതു വരെ ചിന്തിച്ചു് വച്ച പേടി മറന്നു പോയി. അവർ മുടി അഴിച്ചിട്ടിരുന്നു. കഴുത്തിൽ മാലയൊന്നും ധരിച്ചിരുന്നില്ല. എന്നാൽ കൈ നിറയെ ചുവന്ന കുപ്പിവളകളിട്ടിരുന്നു. അവരാരായും കാണുന്നുണ്ടായിരുന്നില്ല. അവർ ചുറ്റും നോക്കിയിരുന്നില്ല. ആ ചുവപ്പുടുത്തു് അവരെ കണ്ടപ്പോഴും, സുകുവിന്റെ മനസ്സിൽ വേണ്ടാത്ത ചിന്തകൾ വരുന്നുണ്ടായിരുന്നില്ല. അവരപ്പോൾ ഫുട്ബോൾ ഗെയിം കാണാനെത്തിയ, ഒരേ ടീമിനെ സപ്പോർട്ട് ചെയ്യാനെത്തിയ നാലു പേരെ പോലെയായിരുന്നു. അവർക്കു് കാഞ്ചന അടുത്തതായെന്താണു് ചെയ്യാൻ പോകുന്നതു് എന്നൊഴിച്ചു് മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. അവർ നോക്കി നിൽക്കേ പെട്ടെന്നു് അവർ ആടി തുടങ്ങി. കാഞ്ചന ഒരു പാട്ടിന്റെ താളത്തിലാണു് ചുവടു് വയ്ക്കുന്നതെന്നു് അവർക്കു് മനസ്സിലായിരുന്നു. പക്ഷേ, അവർക്കു് ശബ്ദം കേൾക്കുമായിരുന്നില്ല. (ശബ്ദം പുറത്തു് വരാത്ത രീതിയിലായിരിക്കണം ആ ഹോൾ സജ്ജീകരിച്ചിരിക്കുന്നതു്. അതവർ ഒരുമിച്ചു് ഓർക്കുകയും ചെയ്തിരുന്നു). ഒരു സാധാരണ നർത്തകി വയ്ക്കുന്ന ചുവടുകളായിരുന്നില്ല അതെന്നു് അവർക്കു് മനസ്സിലായി. അവർ ചെയ്യുന്ന നൃത്തരൂപം അസാധാരണമായ എന്തോ ഒന്നാണെന്നു് അവർക്കു് തോന്നി. അവർക്കു് പേടി തോന്നും വിധമുള്ള ചില മുഖഭാവങ്ങളും ആ സുന്ദരമുഖത്തു് നിന്നുണ്ടായി. അപ്പോഴല്പം മുൻപേ അവർ പേടിച്ച കാര്യമവർ ഓർക്കുകയും ചെയ്തു. അസാമാന്യ മെയ് വഴക്കമുള്ള ആ നൃത്തം ഒരു സാധാരണക്കാരിക്കു് ചെയ്യാനാവില്ലെന്നു് അവർക്കു് തോന്നി. ഓരോ ചുവടും, അവർ മയിലിനെ പോലെ ചാടിയും, ചെരിഞ്ഞും, തറയിലൂടെ പാമ്പിനെ പോലെയിഴഞ്ഞും, ദേഹാധ്വാനത്തോടെയായിരുന്നു ചെയ്തു കൊണ്ടിരുന്നതു്. ഒരു കാണി പോലുമില്ലാതിങ്ങിനെ ഉറഞ്ഞു തുള്ളുമ്പോലെ അവരാടുന്നതെന്തിനെന്നു് സുകു ചിന്തിച്ചു. ബിജുവോ, പെൺകുട്ടികളോ, അങ്ങിനെ ചിന്തിക്കുകയേ ഉണ്ടായില്ല. അവർ മയങ്ങിയിരുന്നു.
കാഞ്ചനയാവട്ടെ തന്റെ നൃത്തം കാണാനാളുകൾ നിൽക്കുന്നതറിയാതെ പാട്ടിന്റെ താളത്തിൽ ചുവന്ന കാർപെറ്റിട്ട ആ മുറിയുടെ ഓരോ മൂലയിലേക്കും, തന്നെ നോക്കി നിൽക്കുന്ന ആയിരങ്ങൾക്കു് മുന്നിലെന്ന മട്ടിൽ ആടി കൊണ്ടിരുന്നു. ചിലങ്കയുടെ മണികളും, ആ മുറിയുടെ ഓരോ മൂലയിൽ വളർത്തിയിരിക്കുന്ന വീടിനുള്ളിൽ വളരുന്ന ചെടികളും, അവളുടെ ചാരി നിർത്തിയിരിക്കുന്ന വീണയും, പിന്നവളറിയാത്ത ഈ എട്ടു ജോഡി കണ്ണുകളും അപ്പോൾ ആ നൃത്തത്തിലേക്കു് അലിഞ്ഞു പോയിരുന്നു. നൃത്തത്തിനിടയിൽ അവരുടെ കണ്ണിൽ നിന്നു് ഒലിച്ചിറങ്ങിയിരുന്ന കണ്ണീർ അവരുടെ കൂട്ടത്തിൽ ബിജു മാത്രം കണ്ടിരുന്നു. അപ്പോഴയാളും വെറുതെ കരയുന്നുണ്ടായിരുന്നു.

തൃശ്ശൂർ സ്വദേശം.
4 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 1 നോവലും, 3 കഥാസമാഹാരങ്ങളും.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ