
ധീരോദാത്തനും
അതിപ്രതാപഗുണവാനും
വിഖ്യാതവംശജനുമായ
മോഹൻലാൽ
സ്ക്രീൻ പിളർന്നെത്തി.
ചന്തമതിലുകൾ
ചുമടുതാങ്ങികൾ
വെയ്റ്റിങ് ഷെൽട്ടറുകൾ
വാൾ പോസ്റ്ററുകൾ
പിളർന്നു്
പടക്കശാലക്കു്
തീപിടിച്ചപോലലറി.
‘കത്തിച്ചുകളയും ഞാൻ പച്ചക്കു്…
നീ പോടാ മോനേ ദിനേശാ’.
ജുഡീഷ്യറിയെ ഞെട്ടിച്ചു്
പിതാപുത്ര ബന്ധം
അരക്കിട്ടുറപ്പിച്ചു്
കിടുകിടുങ്ങനെ
കുലുകുലുങ്ങനെ
മുണ്ടുകയറ്റി
ട്രൗസറ് കാട്ടി
ചീറി
പോടാ മോനേ ദിനേശാ.
വോട്ടുചെയ്യാനെത്തിയ ജനം
ബോക്സോഫീസടിച്ചു്
ഫിറ്റായി.
മുണ്ടുമുറുക്കിയുടുത്തു്
ചോദനയെ പട്ടിണിക്കിട്ടു്
ഏറ്റുപാടി-
പോടാ മോനേ ദിനേശാ.
അനന്തരം
നരസിംഹം
അപ്രത്യക്ഷമായി!
[1] ശാന്തി—പയ്യന്നൂരിലെ ഒരു ടാക്കീസ്.

പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം വൃദ്ധസദനാത്മകവും
ഹൃദയം നിരാശാഭരിത-
വുമായിരിക്കുന്ന ഈ
നിരാലംബഘട്ടത്തെ എന്റെ
പഴയ സുഹൃത്തു് എങ്ങനെ
വിനിയോഗിക്കുന്നു?
ഞാനാണെങ്കിൽ
എന്റെ ജീവിതത്തിലെ
നിമിഷങ്ങൾ ഓരോന്നും
സാറാമ്മയേക്കുറിച്ചുള്ള
മറവിയിൽ കഴിയുകയാണു്.
സാറാമ്മയോ?
ആകാശമിഠായിയുടെ തള്ളേ!
നമ്മൾ ഗ്രാന്റ്പാരന്റ്സായിരിക്കുന്നു.
മിഠായിയുടെ മക്കൾക്കു് എന്താണു്
പേരിടുക എന്നതത്രേ
ഇപ്പോഴും അവരുടെ തർക്കവിഷയം!
ഏതു സമുദായ-
ത്തിൽ ചേർക്കും എന്നതും തർക്കമത്രേ!
മഞ്ജുവാര്യർ, മീരാനായർ,
ബിജുമേനോൻ തുടങ്ങിയവ
യാണു് അവസാനറൗണ്ടിൽ
എത്തിയ പേരുകൾ
സാമ്പത്തികസംവരണ പ്രശ്നം
തീർന്നേ സമുദായമേതെന്നു
തീരുമാനിക്കൂ എന്നുമറിയുന്നു.
തീവണ്ടി അത്യാഹ്ലാദകരമായ
ഉഗ്രൻ, ഉഗ്രൻ ചൂളം
വിളിയോടെ ഇന്നും
പായുന്നുണ്ടെന്നും പറയപ്പെടുന്നു.
ഡബിൾ ട്രാക്കിന്റെ
പണി പുരോഗമനസ്വഭാവം
കാണിക്കുന്നുണ്ടു്.
ഇലക്ട്രിക്-പുഷ്-പുൾ എഞ്ചി-
നുമുണ്ടെന്നു് പറയപ്പെടുന്നു.
നിലം തൊടാതെ പായുന്ന
വണ്ടികളുള്ള ഇക്കാലത്തു്
ഗാഢമായി ചിന്തിക്കാതെ!
മധുരോദാരമായ ഒരു
മറുപടിയില്ലാതെ ഞാനിവിടെ കേശവൻ
നായരായി ജീവിക്കുകയാണു്.
നീയോ?

പറിച്ചെറിഞ്ഞ മുല
റീസൈക്കിൾ ബിന്നിൽ നിന്നും
തിരിച്ചെടുത്തൊട്ടിച്ചൂ കണ്ണകി.
മുറിച്ചുകൊടുത്ത ചെവി
കട്ടെടുത്തു് പെയ്സ്റ്റ് ചെയ്തൂ
വിൻസെന്റ് വാൻഗോഗ്.
കുത്തിപ്പൊട്ടിച്ച കണ്ണു്
കൂട്ടിത്തുന്നിച്ചേർത്തു്
ഇന്റർനെറ്റിൽക്കേറീ
ഈഡിപ്പസ്.
അഴിച്ചെടുത്ത പുടവ
ആരുടേതെന്നറിയാതെ
സിസ്റ്റം ഹാങ്ങായി
കുഞ്ഞിരാമൻ നായർ.

പഴയൊരോട്ടോ തൂക്കിവിറ്റൂ
പുതിയ ഫോറിൻ കാറു വാങ്ങീ
മംഗലശ്ശേരി നീലകണ്ഠൻ.
പഴയൊരില്ലം പുതുക്കിവെച്ചു
പുതുമനയ്ക്കൽ നീലകണ്ഠൻ.
നാലുകെട്ടിൽ മാർബിളിട്ടു
തെക്കിനിത്തറ പടിഞ്ഞേറ്റ
വടക്കിനിയും കടപ്പയിട്ടു.
കടം നല്കാൻ ബാങ്കുവന്നു
ഐ എം എഫ്, ലോകബാങ്ക്
ഹയർപർച്ചേർസ് സ്കീമു വന്നു
ആകെ മുങ്ങീ നീലകണ്ഠൻ.
ഫെയറാൻലവ്ലി ക്രീമുവന്നു
ഐസ്ക്രീമിൻ പാർലർ വന്നു
ഞാനുമോളും തട്ടാനും
ഇംപോർട്ടഡ് കാറുമുണ്ടായ്.
എവിടെ ലോൺ?
(ഇവനു ജാമ്യമീ-
ഞാനാണു് ദൈവമേ!)
നീലകണ്ഠൻ ചോദിച്ചു
വരിവരിയായി ലോൺ വന്നു
മുങ്ങിനീന്തീ നീലകണ്ഠൻ.
അയൽക്കാരന്നസൂയയായി
ഓനീഡാത്തണ്ടർ വന്നു
ടൈപ്പ് റൈറ്റർ തുരുമ്പെടുത്തു
കംപ്യൂട്ടർ മിന്നാമിന്നി
മിനുങ്ങി നിന്നു.
പഴയകാല പ്രതാപങ്ങൾ
പൈതൃകമായി ശാന്തമായി
കരുണമായി ബീഭത്സമായി
നിവർന്നുപൊങ്ങീ നീലകണ്ഠൻ.
സൂര്യനെല്ലിക്കാടുപൂത്തു
കുമരകത്തു് കുളിരുവന്നു
കല്ലുവാതിൽക്കടുക്കനിട്ടൂ
നീലകണ്ഠൻ.
ആന്ധ്രക്കാർ അരി തന്നു
പച്ചക്കറി കന്നടക്കാർ
അണ്ണാച്ചിത്തമിഴൻമാർ
പണികളെല്ലാമവരെടുത്തു.
പുരോഗമനം പത്തിതാഴ്ത്തി
പുട്ടപർത്തീപ്പോയി വന്നു.
അധോഗമനം
ഹോളിവുഡ്ഡായ്
ബോളിവുഡ്ഡായ്
നിളാവുഡ്ഡായ്
തിരയഴിഞ്ഞു.
ഡിസ്ക് വാങ്ങി
ഡിസ്കവറി വാങ്ങി
ഡിസ്ക്കിളകിക്കിടപ്പായി
കോട്ടക്കൽപ്രതിമയായി
നീലകണ്ഠൻ.
ഉഴിഞ്ഞിട്ടും പിഴിഞ്ഞിട്ടും
പിഴിഞ്ഞൂറ്റിക്കുടിച്ചിട്ടും
നട്ടെല്ലു് നീരുന്നില്ല.
ആശുപത്രീൽ കിടപ്പാനായ്
ലോണുവേണം
അത്യാവശ്യം കുടിപ്പാനായ്
ലോണു വേണം.
ഇണയ്ക്കാളെ വേണമെങ്കിൽ
പണംവേണം, ലോണു ദൈവം.
മക്കൾക്കു് പഠിപ്പാനായ്
ലോണ് വേണം
നീലകണ്ഠനു് പഠിപ്പിക്കാൻ
ലോണു വേണം.
കെട്ടിയോൾക്കു്
കെട്ടിവെക്കാൻ
ലോണ് വേണം.
വീടുപണി മുഴുപ്പിക്കാൻ
വിടുപണിക്കു് ലോണ് വേണം
ലോണടക്കാൻ
ലോണുവാങ്ങീ
നീലകണ്ഠൻ.
ഒന്നാം നാൾ ജപ്തി വന്നു
രണ്ടാം നാൾ അറസ്റ്റ് വന്നു
മൂന്നാം നാൾ ഇഞ്ചംങ്ഷൻ
നാലാം നാൾ നാണം വന്നു.
കൊളസ്ട്രോള് കൂടി വന്നു
പ്രഷറ് വന്നു ഷുഗറ് വന്നു
അക്വയേഡ് ഇമ്യൂണിറ്റി
ഇറ്റിറ്റായി കുറഞ്ഞുവന്നു.
മംഗലശ്ശേരി നീലകണ്ഠൻ
കുടി നിർത്തി വലി നിർത്തി.
പഴയപേരു് മറന്നുപോയി
മംഗലശ്ശേരി നീലകണ്ഠൻ.
പകൽവെട്ടം പോലെയല്ലോ
നാട്ടുകാരും വീട്ടുകാരും
കെട്ടിയോളും കുട്ടികളും
കല്ലെറിഞ്ഞു.
ലോണുവാങ്ങാത്തോരുമാത്രം
കല്ലെറിഞ്ഞാൽ മതിയെന്നു്
നിലവിളിച്ചൂ നീലകണ്ഠൻ…

പയ്യന്നൂർ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ. കവിതയിലും നിരൂപണത്തിലും താല്പര്യം. കവിതകളുടെ രണ്ടു് വാല്യങ്ങൾ പ്രസിദ്ധീകരിച്ചു: വായനാവികൃതി, ഇടച്ചേരി. The Making of the Male: A Study of the Popular Art Films in Malayalam, എന്ന പ്രബന്ധത്തിനു് പിഎച്ച്. ഡി. മലയാളത്തിലെ ലേഖനങ്ങളുടെ സമാഹാരം: അപകേരളീകരണം, ഇംഗ്ലീഷിലെ ലേഖനങ്ങളുടെ ശേഖരം: Locating the Local: In Literature and Films, എഡിറ്റുചെയ്ത പുസ്തകം: Kerala and the Crises of Modernity, വൈലോപ്പിള്ളി അവാർഡ്, വി. ടി. കുമാരൻ അവാർഡ്, എൻ. എൻ. കക്കാട് അവാർഡ്, മൂടാടി ദാമോദരൻ അവാർഡ്, ഗായത്രി അവാർഡ്, ന്യൂഡൽഹി, പാലക്കാട് ‘സപര്യ’ സാഹിത്യവേദി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ടു്.