
പോലീസുകാരൻ ജോണിനു് കവലയിലെ വലിയ ആൽമരച്ചുവട്ടിൽ നിന്നാണു് കള്ളനെ കിട്ടിയതു്. ആളുകൾ കൂടും മുൻപേ അയാൾ കള്ളന്റെ അരക്കെട്ടിൽ കുത്തിപ്പിടിച്ചു് സ്റ്റേഷനിലേയ്ക്കു് വലിച്ചു നടന്നു.

എന്തിനാണു് പിടിച്ചു വലിക്കുന്നതു് ഞാൻ വരാം എന്നു് കള്ളൻ പറഞ്ഞില്ല. പകരം കള്ളനു് ഒരു തമാശ പോലയാണു് തോന്നിയതു്. അയാൾ പുഞ്ചിരിച്ചുകൊണ്ടു് പോലീസിനോടൊപ്പം നടന്നു.
“സർ,”
പോലീസ് തിരിഞ്ഞു നോക്കി.
“സർ, ഇങ്ങനെ വലിച്ചാൽ ഞാനൊരു പശുവായിപ്പോകും?”
കള്ളൻ ഭൂമിയിൽ കാലമർത്തി നിന്നു. ജോൺ പോലീസിനു് മുന്നോട്ടേയ്ക്കു വലിക്കാൻ പറ്റിയില്ല. അയാൾ അമറി.
“പട്ടീ നടക്കടാ”.
“പട്ടിയല്ല സർ, പശു. സർ, സത്യമായും എന്റെ തലയിൽ കൊമ്പു മുളക്കുന്നുണ്ടു്.”
“ചെലക്കാതെ നടക്കെടാ പട്ടീ”.
“സർ വീണ്ടുമെന്നെ പട്ടീ എന്നു് വിളിക്കുന്നു. പശു എന്നു് വിളിക്കൂ സർ.”
പോലീസുകാരനു ദേഷ്യം വന്നു. അയാൾ കള്ളന്റെ കാൽവിരലുകൾ ബൂട്ട് കൊണ്ടു് ഞെരിച്ചു. കള്ളന്റെ നിലവിളിക്കു് പകരം ‘മ്ഹേ’ എന്ന ശബ്ദം കേട്ടു് പോലീസുകാരൻ കണ്ണു മിഴിച്ചുപോയി. അയാൾ കള്ളനെ വലിച്ചു് വേഗം നടന്നു.
രണ്ടുപേരും കിതച്ചു.
“സർ, എന്നെ ഇപ്പോൾ പട്ടീ എന്നു് വിളിക്കൂ. ഞാൻ പട്ടിയെപ്പോലെ കിതക്കുന്നുണ്ടു്.”
പോലീസുകാരനു സന്തോഷം തോന്നി. അയാൾ ഉച്ചത്തിൽ വിളിച്ചു.
“പട്ടീ.”
പോരാത്തതിനു് കള്ളന്റെ മുതുകിൽ പോലീസുകാരൻ ആഞ്ഞൊന്നു കൊടുത്തു. ചോര പൊടിഞ്ഞ ഒരു കട്ടകഫം കള്ളന്റെ വായിൽനിന്നു് തെറിച്ചു വീണു.
“സർ, എന്നെ ഇനി പട്ടിയെന്നു് വിളിക്കണ്ട. പന്നിയെന്നു് വിളിക്കൂ. ഞാൻ ചേറിലമർന്നപോലെ തോന്നുന്നു.”
“നിന്നെ എന്തു വിളിക്കണമെന്നും എന്തു ചെയ്യണമെന്നും എനിക്കറിയാം. ചെലക്കാതെ നടന്നാമതി.”
പോലീസുകാരൻ തിരിഞ്ഞുനിന്നു് അയാളുടെ ചെവിയും കണ്ണും ചേർത്തു് പടക്കം പൊട്ടും പോലെ ഒരു അടി കൂടി അടിച്ചു.
കള്ളൻ അറിയാതെ തുള്ളിപ്പോയി. കള്ളന്റെ വലതു് കൃഷ്ണമണി മുഴുവനായും വേദനയുടെ ചുവന്ന നീരിൽ മുങ്ങി. ചെവിയിൽ നിന്നു് കണ്ണിന്റെ അറ്റം വരെ പോലീസ് വിരലുകൾ തിണർത്തു് നീലിച്ചു് നിന്നു.
“സർ, ഇത്തിരി വെള്ളം വേണം.”
പോലീസ് കള്ളനെ വലിച്ചിഴച്ചു് റോഡരികിലെ പെട്ടിക്കടയുടെ മുന്നിലെത്തി.
പെട്ടിക്കടയ്ക്കു് മുന്നിലെ ചെറിയ മരത്തിനോടു ചേർത്തുകെട്ടി നിർത്തിയ ബെഞ്ചിലിരുന്നു കള്ളൻ സോഡ കുടിച്ചു. ആ ഇടവേള ആനന്ദകരമാക്കാൻ പോലീസുകാരൻ പെട്ടിക്കടക്കാരനോടു് ഒരു സിഗരറ്റു ചോദിച്ചു. സിഗരറ്റു പുകച്ചുകൊണ്ടു് അയാൾ ആകാശത്തിലേക്കു് നോക്കി. സമൂഹ സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു നിറവേറ്റിയ മനുഷ്യന്റെ നിർവൃതിയിൽ അയാൾ അങ്ങനെ സ്വയം പുകഞ്ഞു പുറന്തള്ളി. പുകഞ്ഞുപുകഞ്ഞു് ഭാവിയിൽ അയാൾ നിർമ്മിക്കാൻ പോകുന്ന ഒരു കൊച്ചു വീടിനെക്കുറിച്ചായി ആലോചന. അയാൾ അവിടെയിരുന്നു് പ്രകൃതിയുടെ പ്രശാന്തതയിലേയ്ക്കു് വെറുതെ പുഞ്ചിരിതൂകി. നഗരത്തിൽനിന്നു് മാറി സ്വച്ഛവും ശാന്തവുമായ ഒരു വീടു്. വീടിനു ചുറ്റും ഒരുപാടു വർണ്ണങ്ങളിലുള്ള പൂച്ചെടികൾ നിർബന്ധമായും ഉണ്ടായിരിക്കണം. രാത്രി മഴയും, മഴയില്ലാത്ത രാത്രികളിൽ നിലാവും, നിലാവില്ലാത്ത രാത്രികളിൽ നക്ഷത്രങ്ങളെയും കാണാൻ മുകളിൽ ഒരു വരാന്ത ഒരുക്കണം. അങ്ങനെ സ്വപ്നങ്ങളിൽ നിലയുറച്ച പോലീസുകാരനിൽ അപാരമായ ഒരു സൌഖ്യം എരിഞ്ഞു കത്തി. അയാൾ കള്ളനെ മറന്നു. ക്ഷോഭം നിറഞ്ഞുതുള്ളിയ തൊട്ടു മുൻപുള്ള നിമിഷങ്ങളും മറന്നു.
പെട്ടിക്കടക്കാരൻ ഭവ്യതയോടെ ചോദിച്ചു.
“ഈ കേസ് ഏതാണു് സാറേ?”
പോലീസുകാരൻ ഉത്തരം പറയുന്നതിനിടയിൽ, കള്ളൻ പെട്ടിക്കടക്കാരനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ, ചുണ്ടിൽ പൊളിഞ്ഞുപോയ പുഞ്ചിരി വിരലുകൾകൊണ്ടു് തുടച്ചുമാറ്റി അയാൾ തല കുനിച്ചിരുന്നു.
“കവലയിൽ ബസ്സ് കാത്തു നിന്ന ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചതാണു്.” സ്വപ്നത്തിൽനിന്നുണർന്ന ക്രുദ്ധനായ പോലീസുകാരൻ സിഗരറ്റു കുറ്റി ദൂരേയ്ക്കു് വലിച്ചെറിഞ്ഞു.
“ഈ വയസ്സാം കാലത്തു് ഇയാൾക്കൊക്കെ എന്തിന്റെ കേടാണു്.” പെട്ടിക്കടക്കാരൻ കള്ളനെ നോക്കാതെ പറഞ്ഞു.
അന്തരീക്ഷത്തിൽ തിളങ്ങി നിൽക്കുന്ന വെയിൽ പെട്ടെന്നു മങ്ങി. പെയ്യാനൊരുങ്ങുന്ന മഴയ്ക്കു് മുന്നേ കുട്ടികൾ പുസ്തക സഞ്ചിയുമായി വേഗം വീട്ടിലേക്കോടി. റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളും പുരുഷൻമാരും നടത്തത്തിനു ധൃതി കൂട്ടി. ആകാശം കൂടുതൽ കറുക്കുകയും കള്ളനും, പോലീസുകാരനും, പെട്ടിക്കടക്കാരനും പെട്ടെന്നു പെയ്ത മഴയിൽ പെട്ടിക്കുമിളയിലേയ്ക്കു് നനയാതെ ഒതുങ്ങി നിന്നു. അതിനിടയിൽ യാതൊരു സങ്കോചവുമില്ലാതെ ഒരു പൂച്ച നനഞ്ഞു കുളിച്ചു് അവരുടെ കാലിനിടയിലേക്കു് വാലു പൊന്തിച്ചു് കയറി വന്നു. പോലീസുകാരന്റെ കാലിൽ അതു തൊട്ടതും അയാൾ ആ ജീവിയെ ബൂട്ടിന്റെ കൂർത്ത മുനയിൽ തോണ്ടി മഴയിലേക്കു തന്നെ വലിച്ചെറിഞ്ഞു.
“സാറേ, പൂച്ചയെ അങ്ങനെ തൊഴിക്കെണ്ടായിരുന്നു. അഞ്ചു പത്തായിരം വർഷങ്ങൾക്കു് മുൻപേ മനുഷ്യരോടൊപ്പം കൂടിയ ജീവിയല്ലേ അതു്?”
പോലീസുകാരൻ കള്ളനെ തുറിച്ചു് നോക്കി.
“എന്തായാലും നന്നായി സാറേ, ഇവിടെ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ കാലിനിടയിലേക്കു് വന്നു ശരീരം ഉരുമ്മലാണു് അതിന്റെ പണി. ചിലർക്കു് പൂച്ചയെ വല്ലാത്ത അറപ്പാണു്.” പെട്ടിക്കടക്കാരൻ ഒരു സിഗരറ്റ് കൂടി പോലീസുകാരനു് നേരെ നീട്ടി. “വലിക്കൂ സർ. സാറിന്റെ തൊഴി മനോഹരമായിരുന്നു. അതിന്റെ എല്ലു് നുറുങ്ങിക്കാണും. വൃത്തികെട്ട ജന്തു ഇനി ഈ വഴിക്കു് വരില്ല.”
മഴയൊന്നടങ്ങിയപ്പോൾ പോലീസുകാരൻ എഴുന്നേറ്റു, എഴുന്നേറ്റു് വാടാ. പക്ഷേ, ഇത്തവണ പോലീസുകാരൻ കള്ളന്റെ അരക്കെട്ടിൽ പിടിച്ചു വലിച്ചില്ല. കള്ളൻ എഴുന്നേറ്റു് പോലീസുകാരന്റെ കൂടെ നടന്നു.
“തന്റെ പേരെന്താ?” പോലീസുകാരൻ ചോദിച്ചു
“ഭാസ്കരൻ”.
“തന്നെ കണ്ടാൽ ഒരു കള്ളനാണെന്നു് തോന്നില്ല. അതാണ് നിന്റെ പ്രത്യേകത”. പോലീസുകാരൻ ഉച്ചത്തിൽ ഒരു ചിരി നിർമ്മിച്ചു. “നിനക്കൊക്കെ വല്ല കാര്യവുമുണ്ടോ കണ്ടവരുടെയൊക്കെ ബാഗിൽ കയ്യിട്ടു് മോഷ്ടിക്കാൻ”.
“അതിനു് സാറെ ഞാൻ കള്ളനല്ല. ഞാൻ ഒന്നും മോഷ്ടിച്ചിട്ടുമില്ല”.
“താൻ കള്ളനല്ലേ? പിന്നെ ഞാൻ കണ്ടതല്ലേ താൻ ആ പാവംപിടിച്ച സ്ത്രീയുടെ ബാഗിൽ കയ്യിടുന്നതും അവർ നിലവിളിക്കുന്നതും”.
“സർ, ഞാൻ അവരുടെ ബാഗിൽ പൊന്തിക്കിടന്ന ഒരു ബുക്ക് എടുക്കാൻ ശ്രമിച്ചതാണു്.”
“അതെ, മറ്റുള്ളവരുടെ ബാഗിൽനിന്നു് എന്തെടുത്താലും മോഷണം തന്നെയല്ലേ?” പോലീസുകാരൻ ഇപ്പോൾ കൂടുതൽ ദയയുള്ളവനും കേൾവിക്കാരനുമായി കള്ളനോടൊപ്പം നടന്നു.
കള്ളൻ കുറച്ചു് സമയത്തേയ്ക്കു് ഒന്നും മിണ്ടിയില്ല. മഴ കഴിഞ്ഞെത്തിയ ഒരു കുളിർകാറ്റു് ആ പ്രദേശത്തിലൂടെ വട്ടംചുറ്റി എങ്ങോട്ടോ പറന്നു പോയി. വേദന വീർത്തു തൂങ്ങിയ വലത്തെ കണ്ണുകൾക്കു് മുകളിലൂടെ അയാൾ വിരലുകളോടിച്ചു. കട്ടിപിടിച്ച കഫം പുറത്തേക്കു വരാനാകാതെ നെഞ്ചിൽ കുറുകി കുറുകി കിടന്നു. ചുവന്നു പൊട്ടാറായ മൂക്കിൻ തുമ്പിൽ ചോരയുടെ മണം ഊറിക്കിടക്കുന്നു. എങ്കിലും കള്ളനു ഭയമോ ആശങ്കയോ തോന്നിയില്ല. അയാൾ ശാന്തനായി പറഞ്ഞു
“സാറെ, ആ ബുക്ക് വളരെക്കാലം മുൻപു് ഞാനെഴുതിയ ഒരു നോവലായിരുന്നു.”
പോലീസുകാരൻ കള്ളനെ നോക്കി മന്ദഹസിച്ചു. അയാൾ കള്ളൻ പറഞ്ഞതൊന്നും വിശ്വസിക്കാതിരിക്കാൻ ശ്രമിച്ചു. പക്ഷേ, മൂടിവെക്കുമ്പോൾ കത്തുന്ന ചിലതുണ്ടു് നമ്മളിൽ. നെഞ്ചിൽനിന്നു് ഒരു കനൽ പുകഞ്ഞു് കുടലിലേക്കിറങ്ങി ആളിക്കത്തിയപ്പോൾ അയാൾക്കു വിയർത്തു.
“ഞാൻ വിശ്വസിക്കില്ല. പ്രത്യേകിച്ചു് ഒരു പോലീസുകാരനോടാണു് താൻ കള്ളക്കഥയുണ്ടാക്കി പറയുന്നതോർമ്മവേണം. നിന്റെ മറ്റേ കണ്ണുകൂടി ഞാൻ അടിച്ചു് പൊട്ടിക്കും”.
“സർ, ആ നോവലിൽ താങ്കളെപ്പോലെയുള്ള ഒരു പോലീസുകാരൻ ഉണ്ടു്. അയാൾ സാത്വികനായ ഒരു മനുഷ്യനായിരുന്നു. കള്ളൻമാർ അയാളെ എപ്പോഴും പറ്റിക്കും. എനിക്കോർമ്മയുണ്ടു്, എഴുതിത്തുടങ്ങുമ്പോൾ അയാളെ ഞാൻ ഒരു അദ്ധ്യാപകൻ ആക്കാനാണു് ശ്രമിച്ചതു്. പക്ഷേ, ആ മനുഷ്യൻ എന്റെ കയ്യിൽ നിന്നു് വഴുതിമാറി പോലീസുകാരനാവുകയാണു് ചെയ്തതു്. അതുകൊണ്ടു തന്നെ അയാൾ ജീവിതത്തിൽ ഒരുപാടു് അനുഭവിക്കേണ്ടി വന്നിട്ടുണ്ടു്. ഞാനൊരു ചോദ്യം ചോദിക്കട്ടെ? ദൈവം താങ്കളെ പോലീസുകാരനായി തന്നെയാണോ ഉദ്ദേശിച്ചതു്?”
കള്ളന്റെ ചോദ്യം കേട്ടു് പോലീസുകാരൻ കുലുങ്ങിപ്പോയി. തന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത ഈ തെണ്ടിയുടെ കൊരവള്ളി അടിച്ചു് പൊട്ടിച്ചാലോ എന്നു് പോലീസുകാരൻ ഓർത്തു. പക്ഷേ, അയാൾ വിരലുകൾ ഒതുക്കിപ്പിടിച്ചു് ദീർഘമായി നിശ്വസിച്ചു. ഉള്ളിൽ കുമിഞ്ഞുകൂടിയ വൈകാരിക ക്ഷോഭം അയാൾ ഊതിപ്പറപ്പിച്ചു. ലോകത്തിൽ തനിക്കു് ചെറിയ ഒരിടം മാത്രം മതി എന്നു് പോലീസുകാരനു് തോന്നി.
“എവിടെയാണു് തന്റെ വീടു്?”
“സർ, പുഴ കടന്നു് അപ്പുറത്താണു്. സർ, എന്റെ നോവലിലെ പോലീസുകാരന്റെ പേരു് ബാലൻ എന്നാണു്. താങ്കളുടെ പേരെന്താണു്?”
“ജോൺ”.
“സർ, ബാലൻ പോലീസിനു് ഒരു സ്ത്രീയോടു് പ്രണയമുണ്ടായിരുന്നു. അയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണു്. പരസ്ത്രീയോടു് പ്രണയമുള്ള ഒരാളെ എങ്ങനെയാണു് സാത്വികൻ എന്നു് വിശേഷിപ്പിച്ചതു് എന്നു താങ്കൾ അത്ഭുതപ്പെട്ടു അല്ലെ? ഭാര്യയോടും ആ സ്ത്രീയോടും അയാൾക്കു് ഒരുപോലെ പ്രണയം തോന്നിയിരുന്നു. ഞാൻ അയാളെ ഭാര്യയെ മാത്രം സ്നേഹിപ്പിക്കാൻ ചില ചൊട്ടു വിദ്യകളൊക്കെ പ്രയോഗിച്ചു”.
“എന്തു് ചൊട്ടുവിദ്യ?” പോലീസുകാരൻ ചോദിച്ചു.
“അതോ. ഞാൻ കാമുകിയെ നാടുകടത്തി. പക്ഷേ, അയാൾ അവരെ അന്വേഷിച്ചു് പല ദിക്കിലേയ്ക്കും പോയി. ഒടുവിൽ ഏതോ ഒരു നാട്ടിൽ മുഷിഞ്ഞ വസ്ത്രത്തിൽ ഭക്ഷണം കഴിക്കുകപോലും ചെയ്യാതെ അലഞ്ഞു തിരിഞ്ഞു നടന്നപ്പോൾ ഞാൻ അയാളെ രക്ഷിക്കുകയാണുണ്ടായതു്. എന്തിന്റെയൊക്കെയോ പേരും പറഞ്ഞു് ഞാൻ കാമുകിയെ അയാളുടെ മുന്നിൽ എത്തിച്ചു. ശരിക്കും അയാളെന്നെ തോല്പിക്കുകയായിരുന്നു. കഥാപാത്രങ്ങൾ ചിലപ്പോൾ നമ്മളെ വെല്ലുവിളിക്കും, തോന്നുമ്പോലെ ജീവിക്കും. അങ്ങനെയാവുമ്പോൾ അവരെ നിയന്ത്രിക്കാൻ വല്ലാതെ ബുദ്ധിമുട്ടും. ഞാൻ വിചാരിക്കും ചിലതിനെയങ്ങു് അടിച്ചു കൊന്നാലോ എന്നു്? പക്ഷേ, അടിച്ചു കൊല്ലാൻ അവർ കൊതുകല്ലല്ലോ? ഹഹ. സർ ബാലൻ പോലീസിനെപ്പോലെ താങ്കൾക്കും കാമുകിയുണ്ടോ?”
പോലീസുകാരൻ ഒന്നും മിണ്ടിയില്ല.
കുറച്ചു നേരത്തെ മൌനത്തിനു ശേഷം കള്ളൻ പറഞ്ഞു.
“താങ്കൾക്കും ഭാര്യയെ കൂടാതെ കാമുകിയുണ്ടു്. താങ്കൾ വളരെ വൃത്തിയുള്ള വസ്ത്രം ധരിച്ചിരിക്കുന്നു, ബൂട്ടുകൾ പോളീഷിൽ മിന്നിത്തിളങ്ങുന്നു. മീശയും മുടിയും വൃത്തിയായി വെട്ടിയൊതുക്കിയിരിക്കുന്നു മാത്രമല്ല സമയം കിട്ടുമ്പോഴൊക്കെ താങ്കൾ മുടി ചീകിയൊതുക്കുന്നതു് ഞാൻ ശ്രദ്ധിക്കുകയായിരുന്നു. കാമുകിയില്ലാത്ത പുരുഷൻ അശ്രദ്ധനായാണു് ജീവിക്കുക”.
തന്റെ തൂവലുകൾ ഓരോന്നായി പറിച്ചെറിയുന്നതു പോലെ തോന്നി പോലീസുകാരനു്. ഈ മനുഷ്യൻ കള്ളനാണോ അല്ലയോ? വ്യക്തമാകുന്നില്ല. ജീവിതം സന്ദിഗ്ദ്ധ നിമിഷങ്ങളിൽപ്പെട്ടു് ചലനമില്ലാതാകുന്നു. ഒരു ചെറിയ കള്ളനെപ്പോലും തിരിച്ചറിഞ്ഞില്ലെങ്കിൽ? അയാൾ കുപ്പായത്തിൽ തുന്നിപിടിപ്പിച്ച കറുത്ത നാമത്തകിടിൽ വിരലുകളോടിച്ചു. ജോൺ സാമുവൽ, ഓർമ്മയുടെ അങ്ങേ അറ്റത്തിലേയ്ക്കു പോയി. ഭൂമിയിലെ എല്ലാ കൃമികീടങ്ങളോടും ഒറ്റക്കു നിന്നു് പൊരുതാൻ സന്നദ്ധനായ ഒരു ചെറുപ്പക്കാരൻ. ജീവിതം സ്പഷ്ടവും നേർരേഖയിലുള്ളതുമായ നീണ്ട പന്ഥാവായിരുന്നു. പക്ഷേ, ഇപ്പോൾ ജീവിതം ആശയക്കുഴപ്പങ്ങൾകൊണ്ടു് പൊറുതിമുട്ടുകയാണു്.
“തന്റെ വീടെവിടയാണു്?”
“സർ, ഞാൻ പറഞ്ഞില്ലേ പുഴയ്ക്കു് അക്കരെയാണു്?”
“താൻ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലടോ?” പോലീസുകാരൻ ക്ഷീണിച്ചിരുന്നു. അയാൾ കള്ളന്റെ ചുമലിൽ കൈവച്ചുകൊണ്ടു് ചോദിച്ചു. “പറ, താൻ കള്ളനോ അതോ മറ്റാരെങ്കിലോ?”
“സാർ ഒരു കാര്യം ചെയ്യൂ, എന്നോടൊപ്പം എന്റെ വീടു വരെ ഒന്നു വരൂ. എന്റെ എഴുത്തു മുറിയും പുസ്തകങ്ങളും കണ്ടാൽ സാറിനു വിശ്വസിക്കാം. പിന്നെ ആരാണു് സർ കളവു പറയാത്തതു്? ബാലൻ പോലീസ് ഒരിക്കൽ ഒരു പോക്കറ്റടിക്കാരനെ പിടിച്ച കഥ കേൾക്കണോ? പോക്കറ്റടിക്കാരൻ രക്ഷപ്പെടാൻ പല അടവുകളും പ്രയോഗിച്ചു പോലീസ് ആദ്യമൊന്നും വിശ്വസിച്ചില്ല. ഒടുവിൽ പോക്കറ്റടിക്കാരൻ അമ്പലനടയിൽ ദൈവത്തിന്റെ മുന്നിൽ സത്യം ചെയ്തു. ബാലൻ പോലീസിനു് വിശ്വസിക്കാതെ നിവർത്തി ഉണ്ടായില്ല. കാരണം ബാലൻ പോലീസിനു് ദൈവത്തെ വിശ്വാസമായിരുന്നു. അതിനിടയിൽ ദൈവത്തിന്റെ മുഖം രക്ഷിക്കാനായി ഞാൻ ഒരു കാര്യം ചെയ്തു. അയാൾ ശരിക്കും പോക്കറ്റടിക്കാരനായിരുന്നു എന്നു് ഞാൻ ബാലൻ പോലീസിനെ അറിയിച്ചില്ല. ഞാൻ സാറിനോടു് പറയുകയാണു് അയാൾ ശരിക്കും പോക്കറ്റടിക്കാരനായിരുന്നു. എഴുത്തുകാർക്കു് ചില അധികാരങ്ങളൊക്കെയുണ്ടു്. നമുക്കു് കഥയിൽ ആരുടെ മുഖം വേണെമെങ്കിലും രക്ഷിച്ചെടുക്കാനാവും. പക്ഷേ, ജീവിതത്തിൽ അങ്ങനെ സാധിക്കണമെന്നില്ല സാറേ. പറഞ്ഞു വന്നതു് ഞാൻ കള്ളനല്ലെന്നു് ദൈവത്തെ പിടിച്ചു് ഒന്നും സത്യം ചെയ്യുന്നില്ല. എന്റെ വീടുവരെ വരൂ. താങ്കൾക്കു് ബോധ്യമാവും”.
ജലം കണ്ണാടിപോലെ അനക്കമില്ലാതെ മിന്നുന്നു. ഒരു ചെറുതോണിയിൽ അവർ അക്കരയ്ക്കു് തുഴഞ്ഞു. പോലീസുകാരൻ മേഘങ്ങൾ ഒഴുകുന്ന പുഴയുടെ പ്രതലത്തിലെ പ്രശാന്തതയിലേക്കു നോക്കികൊണ്ടിരിക്കയാണു്. കള്ളൻ മറുവശത്തിരുന്നു് തുഴയെറിഞ്ഞു. ലളിതമായി അങ്ങനെ ഒഴുകിപ്പോകുമ്പോൾ അനുഭവിക്കുന്ന തീവ്രമായ ശാന്തത പോലീസുകാരനിൽ നേർത്ത ഒരു ഉല്ക്കണ്ഠയുണ്ടാക്കി. അയാൾക്കു വിയർത്തു. തോണിയിൽ വന്നുടയുന്ന ചെറു ഓളങ്ങളിൽ അയാൾ നീട്ടി തൊട്ടു. അപ്പോഴാണ് കള്ളൻ പറഞ്ഞതു് “സർ ഏകദേശം പുഴയുടെ ഈ ഭാഗത്തു് വെച്ചാണു് ബാലൻ പോലീസ് മുങ്ങിമരിച്ചതു്.”
പോലീസുകാരൻ ഒരുൾക്കിടിലത്തോടെ തണുത്ത ജലത്തിൽനിന്നും വിരലൂരിയെടുത്തു. ദൂരെ ഒരു പക്ഷി ജലത്തിൽ നിന്നും വെള്ളിമീനിനെ കൊത്തിപ്പറന്നു. മീൻ അതിന്റെ കൊക്കിൽ വളഞ്ഞു തൂങ്ങി നിശ്ചലമായി.
“സാറിനു് മരിക്കാൻ ഭയമുണ്ടോ?” കള്ളന്റെ ചോദ്യം കേട്ടു് പോലീസുകാരൻ തണുത്തുറഞ്ഞുപോയി.
“ബാലൻ പോലീസിനെ വെള്ളത്തിൽ മുക്കികൊല്ലാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എനിക്കു് അയാൾ കുറച്ചുകൂടി ജീവിക്കണമെന്നു് ആഗ്രഹമുണ്ടായിരുന്നു. ഞാൻ നേരത്തേ പറഞ്ഞില്ലേ അയാൾ സാത്വികനായ ഒരു മനുഷ്യനാണു്. അതുകൊണ്ടു തന്നെ. അയാൾ ഒരിക്കൽ എന്റെ സമ്മതമില്ലാതെ ഈ പുഴയിൽ കുളിക്കാൻ ഇറങ്ങിയതാണു്. അപകടത്തിൽപെട്ടു. സാറിനറിയാമോ ഈ പുഴക്കടിയിൽ വലിയ കാടാണു്. വലിയ കാടു് എന്നു പറഞ്ഞാൽ വൃക്ഷങ്ങൾ ഒക്കെയുള്ള കാടു്. അതു് മനസ്സിലാകണമെങ്കിൽ വേനൽക്കാലമാകണം. പുഴ വറ്റണം. മഴക്കാലത്തു് വന്നു നിറയുന്ന മഴവെള്ളത്തിൽ കാടു് അപ്രത്യക്ഷമാകും. ഒരുപാടു് നൂലാമാലകൾ ഒളിപ്പിച്ചു് നടക്കുന്ന മനുഷ്യരെപ്പോലെ പുഴ അപ്പോഴും ശാന്തമായി ഒഴുകും. പക്ഷേ, അപകടം ഗർഭംധരിച്ച വെള്ളി നിറമുള്ള കെണിയാണതു്. ഇതറിയാതെ പുഴയിലേക്കു് ചാടിയ ചിലരൊക്കെ സ്വന്തം ജീവനെ ഏതോ മരച്ചില്ലയിൽ കൊളുത്തിവച്ചു് പിറ്റേദിവസം പൊങ്ങി വരാറുണ്ടു്. പുഴയിലെ മീനുകളാണു് മിക്കവാറും ചില്ലകളിൽ നിന്നും കുരുക്കൂരിയെടുക്കുന്നതു്. പക്ഷേ, ചില്ലകൾക്കിടയിൽ കുടുങ്ങിയ ബാലൻ പോലീസ് വെള്ളത്തിനു് മുകളിലേയ്ക്കു് പൊങ്ങി വന്നില്ല. ആളുകൾ മുങ്ങിയെടുത്തതാണു്.”
ഒരു തണുത്ത കാറ്റു് നദിക്കു് മുകളിലൂടെ ഊതിപ്പറന്നു വന്നു. ആകാശത്തു് അരികു പൊട്ടിയ ചന്ദ്രബിംബം പകൽ മായും മുൻപേ പ്രത്യക്ഷപ്പെട്ടു. കള്ളൻ തുഴകളെറിഞ്ഞു കൊണ്ടേയിരുന്നു. അതിനിടയിൽ കള്ളൻ തോണിത്തുമ്പത്തു് ഒന്നനങ്ങിയിരുന്നപ്പോൾ നൌകയുടെ കൊമ്പൊന്നു് പാളി. പോലീസുകാരനിൽ പുഴയ്ക്കടിയിലെ വനത്തിന്റെ ചിത്രം മിന്നി മറഞ്ഞു. ജീവനെ തോണ്ടുന്ന ഒരു കൊളുത്തു് അയാളുടെ മൂക്കിൻ തുമ്പിലൂടെ പറന്നു പോയി. തോണിയുടെ ഒഴുക്കു് വീണ്ടും ശാന്തമായപ്പോൾ അയാൾ കണ്ണുകളടച്ചിരുന്നു.

“സാറേ പേടി തോന്നുണ്ടോ? നമ്മൾ പെട്ടെന്നു് എത്തും.”
തോണി കരക്കടുപ്പിച്ചു് സന്ധ്യയുടെ നിഴൽവീണ പുഴയുടെ തീരത്തിലൂടെ അവർ നടന്നു. വെളുത്ത പക്ഷികളുടെ ഒരു കൂട്ടം പുഴയ്ക്കു മുകളിലൂടെ പറന്നകന്നു. മുന്നിൽ നടക്കുന്ന കള്ളനോടു് പോലീസുകാരൻ ചോദിച്ചു.
“ബാലൻ പോലീസ് മരിച്ചപ്പോൾ അയാളുടെ കുടുംബത്തിനു് എന്തു് പറ്റി?”
“ഞാനവരെ മറന്നുപോയി. ബാലൻ പോലീസിന്റെ മരണശേഷം നോവലിൽ അവരെക്കുറിച്ചു് പറഞ്ഞിട്ടേയില്ല. അവരിപ്പോഴും എങ്ങനെയെങ്കിലും ജീവിക്കുന്നുണ്ടാവാം. നമ്മൾ കാണാത്തവരും പറയാത്തവരുമായി ലോകത്തിൽ ഒരുപാടു് പേരില്ലേ?”
“അവർ ശരിക്കും ജീവിച്ചിരിപ്പുണ്ടോ?” പോലീസുകാരൻ നിഷ്കളങ്കനായ ഒരു കുട്ടിയെപ്പോലെയാണു് ചോദ്യം ചോദിച്ചതു്.
“അറിയില്ല സാറേ. സാറ് സഹാനുഭൂതിയുള്ള ഒരു മനുഷ്യനാണു്. അതുകൊണ്ടാണു് ഇങ്ങനെയൊക്കെ ചോദിക്കുന്നതു്.”
അവർ കുത്തനെയുള്ള ഒരു ഇടവഴിയിലേക്കു കയറി.
“വീടെത്താൻ കുറെ ദൂരമുണ്ടോ?”
“ഇല്ല സാറേ, ഈ കയറ്റം കേറി ഇറങ്ങിയാൽ അവസാനത്തെ വീടു്.”
വലിയ വൃക്ഷങ്ങൾക്കും കാട്ടുചെടികൾക്കും നടുവിൽ ഓടുമേഞ്ഞ ചെറിയ ഒരു വീടു്. മുറ്റത്തും പറമ്പിലും കാലങ്ങളായി അടിഞ്ഞമർന്ന കരിയിലകൾ. ആൾപ്പെരുമാറ്റമുണ്ടായപ്പോൾ ഇഴജന്തുക്കൾ പരക്കം പാഞ്ഞു. പൊടിപിടിച്ച കോലായിൽ നരച്ചു മങ്ങിയ ഒരു മരക്കസേര. എവിടെ നിന്നോ ഒരു പഴയ തുണി എടുത്തുകൊണ്ടു വന്നു് കള്ളൻ കസേര തുടച്ചു് പോലീസുകാരനെ അവിടെയിരുത്തി.
“ഇവിടെ താൻ താമസിക്കാറില്ലേ?”
“ഉണ്ടു് സാറേ. ഞാൻ ഇവിടെത്തന്നെയാണു് താമസിക്കാറു്. ഒരു ചായ എടുക്കാം”. അയാൾ അടുക്കളയിലേയ്ക്കു പോയി. അടുക്കളയിൽനിന്നു് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “സാറേ, കോലായിലെ ലൈറ്റ് ഇട്ടോളൂ.”
അടുക്കളയിൽനിന്നു് പിന്നീടു് ശബ്ദമൊന്നും ഉണ്ടായില്ല. മുന്നിലെ മരത്തൂണിൽ പടർന്നുപിടിച്ച പുറ്റിനെ നോക്കി പോലീസുകാരൻ കുറച്ചുനേരം അനങ്ങാതിരുന്നു. നൂറുകണക്കിനു ചിതലുകൾ പുറ്റിനുള്ളിൽ തിങ്ങിപ്പാർക്കുന്നു. മനുഷ്യനെന്നല്ല ഭൂമിയിലെ എല്ലാ ജീവികളുടെയും ജീവിതം വെറുമൊരു പരക്കംപാച്ചിലാണെന്നു് പോലീസുകാരനു തോന്നി. പുറ്റിനെക്കുറിച്ചുള്ള ചിന്തയുടെ വേരു മുറിഞ്ഞപ്പോൾ അയാൾ എഴുന്നേറ്റു് വീട്ടിനുള്ളിലേയ്ക്കു് നടന്നു.
പെട്ടെന്നു് അടുക്കളയിൽ നിന്നു് ചായയുമായി കയറി വന്ന കള്ളൻ പോലീസുകാരന്റെ മൂക്കോടു് മുട്ടാതെ രക്ഷപ്പെട്ടു.
“സർ ഈ അകം കണ്ടോ”. കള്ളൻ വാതിൽ തുറന്നു് പോലീസിനെ ഒരു കിടപ്പു മുറിയിലേയ്ക്കു് ക്ഷണിച്ചു. അവിടെ കിടക്കയില്ലാത്ത ഒരു കട്ടിൽ മാത്രം. മുറിയുടെ ജനൽപാളികൾ തുറന്നു വച്ചിരുന്നു.
“സർ, ബാലൻ പോലീസ് മരിച്ചപ്പോൾ ശവം ഞാൻ ഈ മുറിയിലാണു് കിടത്തിയത്”. പോലീസുകാരൻ അയാൾ പറയുന്നതു് ശ്രദ്ധയോടെ കേൾക്കുകയായിരുന്നു.
“സർ, അടുത്ത മുറി ഞാൻ കാണിക്കാം. ഇവിടെയാണു് ഞാൻ എഴുതാൻ ഇരിക്കുന്നതു്.” പഴകി ദ്രവിച്ചതും ദ്രവിക്കാത്തതുമായ ഒരുപാടു പുസ്തകങ്ങൾ ആ മുറിയിൽ പലയിടങ്ങളിലായി തിക്കിത്തിരുകി വച്ചിരുന്നു. “ഈ മുറിക്കു് ജനലുകൾ ഇല്ല. എഴുതുമ്പോൾ പുറത്തു നിന്നുള്ള ഇത്തിരി വായു പോലും ഇതിനുള്ളിലേക്കു് പ്രവേശിക്കുന്നതു് എനിക്കിഷ്ടമല്ല.”
അവർ ചായ കുടിച്ചുകൊണ്ടു് കോലായിലേയ്ക്കു് ഇറങ്ങി.
“സർ ഇനി പറയൂ. ഞാൻ ഒരു കള്ളനാണോ?” നീരു വീണ വലത്തെ കണ്ണിനു് മുകളിൽ വിരലുകളോടിച്ചുകൊണ്ടു് അയാൾ ചോദിച്ചു.
പോലീസുകാരൻ മറുപടിയൊന്നും പറഞ്ഞില്ല. അയാൾ കണ്ണുകളടച്ചു് സ്വയം സമാധാനിക്കാൻ ശ്രമിക്കുകയാണു്. പെട്ടെന്നു് ഇരുട്ടിൽ നിന്നും പ്രത്യക്ഷപ്പെട്ട മേഘത്തുണ്ടു പോലെ വെളുത്ത ഒരു പൂച്ച അയാളുടെ മടിയിലേയ്ക്കു് ചാടിക്കയറിയിരുന്നു. അതിന്റെ കണ്ണുകൾ നീല നിറത്തിൽ മിന്നുന്നുണ്ടായിരുന്നു. അതിനെ മടിയിൽ നിന്നു് തട്ടി പുറത്തേയ്ക്കു കളയാൻ തോന്നിയെങ്കിലും അകാരണമായ ഒരു ഭീതിയിൽ പോലീസുകാരൻ വിറച്ചുപോയി. അയാളുടെ തൊണ്ടക്കുഴലുകൾ വരണ്ടുണങ്ങി. കാലുകളിലൂടെ പടർന്നു കയറിയ ഒരു സ്ഫുലിങ്ഗം നെറ്റിയിൽ വന്നു് പിടച്ചുനിന്നു.
“സർ ബാലൻ പോലീസ് മരിച്ച ദിവസം, കുടുംബത്തിനു കാണാൻ വേണ്ടി ഞാൻ ശവം കുറച്ചു നേരം ജനാലകളുള്ള മുറിയിൽ കിടത്തി എന്നു് പറഞ്ഞില്ലേ. അന്നു് ഇതു പോലുള്ള ഒരു പൂച്ച ജനൽവഴി തുള്ളി പുറത്തു പോകുന്നതു് ഞാൻ കണ്ടതാണു്. അതു് ബാലൻ പോലീസിന്റെ ആത്മാവു് തന്നെയാണു് എന്നാണു് ഞാൻ ഉറപ്പായും കരുതിയതു്”.
പോലീസുകാരൻ മടിയിലിരിക്കുന്ന പൂച്ചയെ വിരലുകൾകൊണ്ടു് തൊട്ടു. ആ നനുത്ത സ്പർശം ജീവന്റെ ഉള്ളു പോലെ മൃദുലമായി തോന്നി. പൂച്ചയുടെ തല മുതൽ വാലു വരെ തടവിക്കൊണ്ടു് അയാൾ ഇരുട്ടിലേയ്ക്കു് നോക്കിക്കൊണ്ടിരുന്നു.

കള്ളനോടു് ഒന്നും പറയാതെ പോലീസുകാരൻ ഇരുട്ടിലേയ്ക്കു് ഇറങ്ങി നടന്നു. അയാളോടൊപ്പം പൂച്ചയും തുള്ളിയിറങ്ങി. നിലാവിൽ ഇടവഴിയിലൂടെ, പുഴവക്കിലൂടെ നടന്നുനടന്നു് അവർ തോണിക്കരികിലേയ്ക്കു് എത്തി. പുഴയ്ക്കു് മുകളിൽ പ്രത്യക്ഷപ്പെട്ട മഞ്ഞും നിലാവും ലയിച്ച ധൂമികകൾക്കിടയിൽ മറഞ്ഞും തെളിഞ്ഞും അയാൾ വളരെ ശ്രദ്ധാപൂർവ്വം തുഴഞ്ഞു. നക്ഷത്രങ്ങൾക്കു താഴെ വിശാലമായ ഭൂമിയിലെ വെള്ളി വിതാനത്തിൽ തോണിയുടെ വക്കിൽ പഞ്ഞിക്കെട്ടു് പോലെ പൂച്ച നിലാവിൽ കുളിച്ചു നിന്നു. ആത്മാവു് വെള്ളത്തിലേയ്ക്കു് വഴുതി വീഴുമോ എന്നയാൾക്കു് ഭീതിയുണ്ടായിരുന്നു.

കഥാകൃത്തു്, കോഴിക്കോട് ജില്ലയിലെ വടകര, ഇരിങ്ങൽ സ്വദേശി. പതിനഞ്ചു വർഷമായി ദുബായിൽ ഐടി ഇൻഫ്രാസ്ട്രക്ചർ കൺസൽട്ടണ്ടായി ജോലി ചെയ്യുന്നു. കഴിഞ്ഞ മൂന്നു നാലു് വർഷങ്ങൾക്കിടയിൽ മലയാളത്തിലെ പ്രമുഖ സാഹിത്യ വാരികകളിലും മാസികകളിലുമായി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഇവല്യൂഷനറി സൈക്കൊളജി, ന്യൂറോ ഫിലോസഫി പുസ്തകങ്ങൾ വായിക്കാനിഷ്ടം. മരിക്കാതിരിക്കൽ മാത്രമാണു് ജീവിതം.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ