പൊക്കിളിലൊരു കിളി
കവിളിലാകെയൊരിളി
കുളിരുകൊണ്ടൊരു കുളി
തെരുവിന്നു കണ്ണുകൾ മുളയ്ക്കുന്നു
തെരുവിന്നു കാതുകൾ നീളുന്നു
തെരുവിന്നു ചുണ്ടുകൾ നാമ്പിടുന്നു
തെരുവു് മണത്തു നോക്കുന്നു
തെരുവു് ള്ളേ എന്നു കരയുന്നു
തെരുവു് കൈകൾ നീട്ടുന്നു
തെരുവു് എന്ന മനുഷ്യൻ
മനുഷ്യൻ എന്ന തെരുവു്.
ഇനി നമുക്കു വിടപറയാം.
സ്വർണ്ണത്തോടു്
ഇരുമ്പു്
വിടപറഞ്ഞു കഴിഞ്ഞു.
മഞ്ഞുതുള്ളിയോടു്
പുൽക്കൂമ്പു്
വിടപറഞ്ഞു കഴിഞ്ഞു.
ചുമരുകൾ വീടുകളോടു്
വിടപറഞ്ഞു കഴിഞ്ഞു.
ഇനി നമുക്കു വിടപറയാം.
തെരുവുകൾ വിജനമായിരിക്കുന്നു.
ഈ നട്ടുച്ച അർദ്ധരാത്രിയായിരിക്കുന്നു.
നിങ്ങൾ നിങ്ങൾ മാത്രമാണെന്നു്
ഞാൻ അറിഞ്ഞുകഴിഞ്ഞു.
ഇനി നമുക്കു വിടപറയാം.
ഞങ്ങൾക്കു് ഒരു കൂടുണ്ടാക്കണം.
പുഴക്കരയിൽ
മരച്ചില്ലയിൽ
എന്റെ കൂട്ടുകാർ
ചുള്ളിക്കമ്പുകൾ കൊണ്ടുവരുമ്പോൾ
നിങ്ങളുടെ കൈത്തോക്കു കാണരുതു്.
അതിനാൽ
ഇനി നമുക്കു വിടപറയാം.
പൊടുന്നനെ ബസ്ഷെഡിനു മീതെ
സൂര്യൻ പൊടിഞ്ഞു വീഴുന്നു.
അവരുടെ കാൽപ്പാടുകൾ
സിമന്റു തറയുടെ താഴെ
ഭൂമിയുടെ അച്ചുതണ്ടിനടുത്തു്
വേരുകൾതിരയുന്നു.
ഉരുണ്ടുവരുന്ന മൃഗതൃഷ്ണയിലെ പെട്ടികൾ
ഇരുട്ടിന്റെ മുഖമൂടിയുമായി
ഉരുണ്ടകലുന്നു.
അവരുടെ കൈകൾ
വീശിയപടി
വായുവിൽനിൽക്കുന്നു.
ക്രമേണ
അവർ പ്രതിമകളായി മാറുന്നു.
പെട്ടികൾ ഉരുണ്ടുതന്നെ പോകുന്നു.
സിമന്റു ഷെഡിനു്
നിലാവിന്റെ കണ്ണുകളും
ഇലകളുടെ ചുണ്ടുകളുമുണ്ടാകുന്നു.
കാലം പിന്നോക്കം ചലിച്ചു്
വഴിയമ്പലമായി മാറുന്നു.
ഏതോ ദാഹത്തിൽ
ഏതോ വൈകിയ അത്താഴത്തിൽ
അവരുടെ നോക്കുകൾ തറച്ചുനിൽക്കുന്നു.
എന്റെ ആലസ്യത്തിന്റെ നീലഞരമ്പുകളിൽ
ഏതോ മണിമുഴക്കം.
എന്റെ പ്രയത്നത്തിന്റെ രക്തധമനികളിൽ
ഏതോ മണിമുഴക്കം.
എന്റെ ഏകാന്തതയിൽതഴച്ചുവളരുന്ന
ഇലകൾക്കിടയിൽ
ഒരു മൂകതയുടെ മണിമുഴക്കം.
അനന്തതയുടെ സന്ദേശവുമായി വരുന്ന
ഈ മണിമുഴക്കം
എന്റെ ഞരക്കങ്ങളിൽ
അരഞ്ഞു ചേരുന്നു.
അലോസരങ്ങളിൽ മുങ്ങിനിവരുന്ന
റബ്ബർ പ്രതിമകളുടെയിടയിൽ
വെളിച്ചത്തിന്റെ മണിമുഴക്കം.
ജ്വരം പിടിച്ച
പ്ലാസ്റ്റിക് വള്ളികളിൽനിന്നു്
മരവിച്ച മണിമുഴക്കം
നുറുങ്ങി വീഴുന്നു.
ഒരു പുഞ്ചിരി
ഓരോ വാതിൽക്കലുമെത്തുന്നു
മുട്ടുന്നൂ മിഴിച്ചുനോക്കുന്നു.
പല്ലുകളില്ലാതേ ചുണ്ടുകളില്ലാതേ.
മരത്തിലതു കൂടുണ്ടാക്കുന്നു
കുരുവികളൊപ്പം പറന്നിടുന്നു
നിങ്ങടെ നാവിൽചേർക്കുകയായ്
ആദ്യ പദം.
ഒരു പുഞ്ചിരി തെരുവിൽ ചിതറുന്നു
പാകുന്നൂ വിസ്മിത ചലനങ്ങൾ
നമ്മുടെയുദ്ദേശ്യങ്ങളിൽ വെണ്മപകർന്നീടുന്നു
വിരിയുകയായ് നമ്മുടെ ആരംഭങ്ങളിൽ.
പെട്ടെന്നതു കണ്ണുകളായ് തുള്ളുന്നു
വിരലുകളായ് കൂമ്പുന്നു
നമ്മുടെ ഗൂഢതകളിലേക്കു കടക്കുന്നു
നമ്മെ നയിക്കുകയായ് നമ്മുടെ ഇടനാഴികളിൽ.
പിന്നെ ക്രമമായതു വളരുന്നു
വ്യക്തമൊരു പൊട്ടിച്ചിരിയായ്
ഒരു ചുറ്റികപോലതു മേടുകയായ്
നമ്മുടെയുച്ചയുറക്കങ്ങളിലും
ചുളിഞ്ഞ കർട്ടനുകളിലും.
ഒരു ഭൂകമ്പോദ്വേഗത്തോടാർത്താർത്തതു
പിന്നെയൊഴിഞ്ഞൊരു പാതകളുടെ
ജനപദങ്ങളിലൂടെ
മുഴങ്ങുന്നു.
അനുഭവത്തിന്റെ ഉള്ളിൽ
മൗനമുണ്ടെന്നു്
അസ്തിത്വവാദികൾ
പറയുമായിരിക്കാം.
എന്നാൽ അതു്
കത്തിയുടെ മൗനമാണെന്നു്
ഞാൻ പറയും.
അനുഭവത്തിന്റെയുള്ളിൽ
മിഥ്യയാണെന്നു്
അദ്വൈതികൾ
പറയുമായിരിക്കാം.
അതു്
സത്യത്തിന്റെ
ക്രൂരതയാണെന്നു്
ഞാൻ പറയും.
അനുഭവത്തിന്റെയുള്ളിൽ
വിശപ്പും
വിശപ്പിന്റെ പകയിൽനിന്നുള്ള
കുതിച്ചോട്ടവും
ലോകവും
ലോകത്തിന്റെ നേരിടലിൽനിന്നുള്ള
കിതപ്പും ഉണ്ടു്.
എന്നാൽ
ഏറ്റവുമധികമുള്ളതു്
കൊഴിഞ്ഞുവീണ സ്വപ്നത്തിന്റെ
അല്ലികളാണു്.
പുറത്തു്
അടുപ്പങ്ങളിൽ കാൽവെപ്പുകൾ മുളയ്ക്കുന്നു.
പുറത്തു്
പുൽക്കൂമ്പുകളിൽ സൂര്യരശ്മികൾ മുട്ടയിടുന്നു.
പുറത്തു്
പൊരുളുകൾ ഇലകളെയിളക്കുന്നു.
പുറത്തു്
അകൽച്ചകൾ കൊഴിഞ്ഞുവീഴുന്നു.
പുറത്തു്
മനസ്സുകൾക്കു മാംസപേശികൾ വളരുന്നു.
പുറത്തു്
വീടുകൾ ഒന്നിച്ചു മാർച്ചുചെയ്യുന്നു.
പുറത്തു്
പാറകൾ ചിലങ്കയണിയുന്നു.
പുറത്തു്
നദികൾ അഗ്നിപർവ്വതങ്ങളെ വിഴുങ്ങുന്നു.
പുറത്തു്
വഴിപോക്കർ പാതകൾക്കു വീതികൂട്ടുന്നു.
പുറത്തു്
പൊട്ടിച്ചിരികൾക്കു കൂനു നിവരുന്നു.
പുറത്തു്
മൈതാനങ്ങൾ മുഷ്ടിയുയർത്തുന്നു.
പുറത്തു്
നമ്മിലെ നമ്മൾ നമ്മെ കണ്ടെത്തുന്നു.
പുറത്തു്
ഗണിതസംഖ്യകൾ ഒന്നിലേക്കു തിരിച്ചെത്തുന്നു.
പെട്ടെന്നുപടിഞ്ഞാറെജ്ജന്നലിൽക്കൂടി, കാലം
ഞെട്ടറ്റുവീഴുമ്പോലെ,യവതാരത്തെപ്പോലെ
ഊർന്നു വീഴുകയാണീ മൃഗം, എന്നത്താഴത്തി-
ന്നോർമ്മയിലൊരു പാതിരാ വിശപ്പുരുക്കുന്നു.
പച്ചക്കണ്ണുകളാലേ പ്രപഞ്ചത്തിനെച്ചൂഴ്‌ന്നു
പിച്ചയായ് പ്രളയത്തിന്നിരുട്ടിൽച്ചുരുട്ടുന്നു.
എട്ടുദിക്കുകളൊന്നായ്ക്കൂട്ടി, ജനലിന്നഴി-
ക്കൂട്ടിലൂടൊരു ചൂണ്ടലായ് രാവിലാഴ്ത്തി, സ്വയം
നിദ്രയറ്റമാവാസിപോലെ, പേടിയേ നീറ്റി
യഗ്നിതാരമായ് വാലാൽ വിണ്ണിന്നുച്ചിയിലെറി-
ഞ്ഞൂക്കി,ലൊന്നുമൊന്നുമേയറിയാത്തപോൽ, പൂച്ച-
ക്കാലിന്റെ മൃഗമൗനഭാഷയിൽ പരതുന്നു.
എത്രയോ നൂറ്റാണ്ടുകളൂടെയെൻ ഞെരമ്പുക-
ളത്രയും വെറും ചൂടിക്കയറാക്കി ഞാൻ പിരി-
ച്ചുറിയായ് കെട്ടിത്തൂക്കിനേൻ പുതുഗണിതത്തിൻ
മുറയിൽപണിഞ്ഞൊരീ മുറിതൻ മുകളിലെ-
യഴിയിൽ, ചുടുനെഞ്ചിടിപ്പാകെക്കറുന്നൂറ്റി-
ക്കുറുക്കിത്തിളപ്പിച്ചൊട്ടുറപാർന്നേതോ മേരു-
ശിഖരത്തിനെ,പ്പാതാളത്തിലുമിമ്മണ്ണിലു
മിഴയും കാർക്കോടക വാസുകി നാഗങ്ങളെ-
പ്പിരിച്ച കയറിനാലുരുട്ടി മഥനം ചെയ്-
തൊരു മുഷ്ടിമാത്രമാം വെണ്ണയെസ്സൂക്ഷിച്ചേ,നാ-
ക്കലത്തിൽപതുക്കെത്തൻ പച്ചക്കണ്ണിറക്കുന്നു
നീൾനഖത്തുമ്പാൽ വക്കിൽപ്പിടിച്ചു ചെരിക്കുന്നൂ
വൈദ്യുത വെളിച്ചമായ് തൈരൊഴുകുന്നൂ താഴെ.
അടിച്ചു ചമ്മന്തിയായ് ചതച്ചേ പറ്റൂ, മുണ്ടൻ
വടിയുമെടുത്തു ഞാനെന്റെ സംഗീതത്തിന്റെ
മൃദുലമുകുളിത വക്ഷസ്സിൽനിന്നും ചാടി-
ക്കുതറിച്ചെന്നേൻ, ഒന്നുമൊന്നുമേയറിയാത്ത
ഭാവത്തിൽ മനസ്സിന്റെയഴിയൂടവനീറൻ
നാവുമായ് പിൻവാങ്ങിപ്പോയ് മറഞ്ഞൂ നിമിഷത്തിൽ.
ചിലപ്പോൾ
നാം നിൽക്കുന്നു
തനി നഗ്നരായി
മുഖങ്ങളുടെ ലബോറട്ടറിയിൽ.
ആ രോഗപരിശോധനാ തുറിനോട്ടങ്ങൾ
നമ്മുടെ വേഷങ്ങളുടെ കീറലുകൾ
കുറ്റങ്ങൾ
രുഗ്ണമായ പശ്ചാത്തലത്തിൽ
അഴിഞ്ഞു വീഴുന്നു.
എന്നിട്ടു നമ്മുടെ തൊലികൾ
നമ്മുടെ പൊങ്ങച്ചങ്ങളും അഹന്തകളും പോലെ
ഉരിക്കപ്പെടുന്നു.
ചിലപ്പോൾ നാം നിൽക്കുന്നു
തനിനഗ്നരായി
ഇപ്രകാരം.
അവർ പരിശോധിക്കുന്നു
ആ പരിശോധനാനേത്രങ്ങൾ
തീരെ അടുത്തായ ദൂരത്തിലൂടെ
രാത്രിയുടെ ഇരുണ്ട പൂച്ചനോക്കുകൾപോലെ.
അവർ പരിശോധിക്കുന്നു, കുഴിക്കുന്നു
ഇപ്രകാരം വെളിവാക്കപ്പെട്ട
ഈ ഉള്ളിയാകാരത്തിനുള്ളിലേക്കു്
ഒരു ചെറുപരിഹാസം
ഒരു ഉത്സാഹ ശൂന്യമായ ദ്രോഹബുദ്ധി
ഒരബോധമായ പക.
അവർ ഈ ആകാരം പരിശോധിക്കുന്നു.
ആകാരങ്ങളുടേയും തുറിനോട്ടങ്ങളുടേയും
ഭീകരത
ഒരു നീല മധ്യാഹ്നത്തിന്റെ തളത്തിലേക്കു്
ഊളിയിട്ടുകൊണ്ടു്.
നമ്മുടെ വിതാനങ്ങളും ഊർന്നുവീഴുന്നു.
ആവിയാകുന്ന വയലറ്റു വിതാനങ്ങൾ.
പിന്നെ ആകാരത്തിന്റെ ലജ്ജ
പരുക്കൻ നഗ്നം
പരിഹരിക്കപ്പെടുന്നു, നാം വിറയ്ക്കുന്നു.
സഹതാപത്താലും ഭയത്താലും
നമുക്കു് നമ്മുടെ ഏകസ്വത്തു് നഷ്ടപ്പെടുന്നു.
നമ്മുടെ തൊലികൾ നമ്മുടെ അഭയസ്ഥാനങ്ങൾ.
നമ്മുടെ താഴ്‌വരകൾ.
ചിലപ്പോൾ നാമിങ്ങനെ നിൽക്കുന്നു
തനിനഗ്നരായി
പരിശോധിക്കുന്ന കണ്ണുകൾക്കിടയിൽ.
തിളനില—കവിതാ പുസ്തകപരമ്പര-2, ഇളം മഞ്ഞു് 2017-ൽ പ്രസിദ്ധീകരിച്ചതു്.
1960-80 കാലത്തു് മലയാളകവിതയിൽ സജീവമായിരുന്ന എഴുത്തുകാരനാണു് ടി. ആർ. ശ്രീനിവാസ്. കവി, ചിന്തകൻ, സംഗീതനിരൂപകൻ, ശാസ്ത്രജ്ഞൻ എന്നീനിലകളിലെല്ലാം പ്രതിഭതെളിയിച്ചു. ജീവിതകാലത്തു് കവിതകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഉന്മാദംപോലുള്ള അവസ്ഥകൾ തീവ്രമായി ആവിഷ്കരിച്ച കവിതയാണു് ശ്രീനിവാസന്റേതു്.
രേഖാചിത്രത്തിനു കടപ്പാടു്: കെ. ജി. എസ്.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ