“എടാ നമ്മടെ കൊപ്പം റോഡ് വീതി കൂട്ടണ പണി കഴിഞ്ഞ ആഴ്ച തൊടങ്ങീ ട്വോ. നല്ല വീതിയിലാ പണിയണതു്.”
നാട്ടിലേക്കു് ആഴ്ചതോറുമുള്ള ഫോൺ വിളിയിൽ അന്നൊരുദിവസം അമ്മ ആദ്യംതന്നെ പറഞ്ഞ വിശേഷം. കുറെ കാലമായി പ്രതീക്ഷിച്ചതാണെങ്കിലും എന്തോ ആ വാർത്ത അന്നെന്നെ വല്ലാതെ അസ്വസ്ഥനാക്കി. പെട്ടെന്നു് മനസ്സിലേക്കോടി വന്നതു് മുണ്ടന്റെ മുഖം തന്നെയായിരുന്നു. ചുക്കിച്ചുളിഞ്ഞ ശരീരവും, പ്രകാശം ചൊരിയുന്ന ആ നരച്ച കണ്ണുകളും.
അമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടു്. കുരുമുളകു് പറിക്കുന്നതിനെക്കുറിച്ചും അച്ഛന്റെ യാത്രകളെക്കുറിച്ചും… അങ്ങനെ പലതും. പക്ഷേ, ഒന്നും മനസ്സിലേക്കു് അങ്ങോട്ടു് കയറുന്നില്ല.
“അമ്മേ, ആരോ വാതിലിൽ മുട്ടുന്നുണ്ടു്! ഞാൻ പിന്നെ വിളിക്കാം”
നിർദ്ദോഷമായ നുണകൾ പരിഭവങ്ങളൊഴിവാക്കാൻ സഹായിക്കുമല്ലോ! ഞാൻ ഫോൺ താഴെവച്ചു.
കുട്ടിക്കാലംതൊട്ടേ മുണ്ടനെ അറിയാം. അച്ഛന്റെ കൈയിൽ തൂങ്ങി പേങ്ങാട്ടിരി അങ്ങാടിയിൽ മുഹമ്മദ് കുട്ടിയുടെ പീടികയിൽ പോകുമ്പോഴും, തലമുടി വെട്ടാൻ ശ്രീധരന്റെ ബാർബർഷാപ്പിൽ പോകുമ്പോഴും ഒക്കെ മുണ്ടനെ കാണാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ മുണ്ടന്റെ ഭാര്യ കാളിയെയും.
മുണ്ടനെ മാത്രമല്ല, കല്ലുവെട്ടുകാരൻ ചാമി, നാരായണൻകുട്ടി മാഷ്, സൈക്കിൾ റിപ്പയർ ചെയ്യുന്ന നാരായണൻ, മീൻകാരൻ ആലി അങ്ങനെ പലരെയും. അന്നു് ആ പലരിൽ ഒരാൾ മാത്രമായിരുന്നു മുണ്ടനും.
മുഹമ്മദ് കുട്ടിയുടെ പലചരക്കുകട, ശ്രീധരന്റെ ബാർബർഷാപ്പ്, എഴുത്തച്ഛന്റെ റേഷൻ പീടിക, കുമാരൻ വൈദ്യരുടെ ആയുർവ്വേദ മരുന്നുകട, റോഡിലേക്കു് കയറുന്ന കയറ്റത്തിൽ നാരായണന്റെ വീടിനോടുചേർന്ന സൈക്കിൾ റിപ്പേറിങ് ഷെഡ്. പിന്നെ ഉങ്ങിൻ ചോട്ടിൽ മീൻ കുട്ടയുമായി ഇരിക്കുന്ന ആലിയും. ഇത്രയുമാണു് എന്റെ ഓർമ്മകളെ പരമാവധി പിന്നിലേക്കു് നീട്ടിയാൽ അന്നത്തെ പേങ്ങാട്ടിരി അങ്ങാടി. ഓഫീസുകളായി പോസ്റ്റ് ഓഫീസും പഞ്ചായത്തു് ഓഫീസും അന്നേ ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്തുതന്നെയാണു് സഹകരണ ബാങ്കിന്റെ ഒരു കെട്ടിടവും പേങ്ങാട്ടിരിയിൽ വരുന്നതു്. ടാറിട്ട വഴിയായി പട്ടാമ്പിയിൽ നിന്നും ചെർപ്പുളശ്ശേരിയിലേക്കുള്ള ഒരേഒരു റോഡാണു് അന്നു് നാട്ടിലുണ്ടായിരുന്നതു്. ചന്തപ്പുര ഭാഗത്തുനിന്നും തുടങ്ങി കുലുക്കല്ലൂർ റെയിൽപാത വരെ പോകുന്ന ഒരു നാട്ടുവഴി ഉണ്ടായിരുന്നു. ആ വഴി തിരിയുന്നിടം ഇംഗ്ലീഷ് അക്ഷരമായ Y-ക്കു സമാനമായിരുന്നു. പടർന്നു പന്തലിച്ചു നിന്നിരുന്ന ഒരു ഉങ്ങുമരം വഴിയെ പിളർക്കാനെന്നപോലെ അവിടെ നിന്നിരുന്നു. ആ നാട്ടുവഴിയാണു് പിന്നീടു് കൊപ്പം റോഡായി മാറിയതു്. ഈ വഴിയുടെ ഓരത്താണു് നാട്ടിലെ ഏക തൊഴിൽ സ്ഥാപനമായിരുന്ന ഈർച്ചമിൽ ഉണ്ടായിരുന്നതു്. ആധുനികവൽക്കരണം നടത്തി അതു് ഇന്നും അവിടെത്തന്നെയുണ്ടു്.
മുഹമ്മദുകുട്ടിയോടു് മത്സരിക്കാൻ കുന്നംകുളംകാരന്റെ പലചരക്കുകടയും, മൊയ്തീൻകുട്ടിയുടെ ബേക്കറിയുമൊക്കെ വരുന്നതു് ഞാൻ അഞ്ചാം ക്ലാസ്സിലോ ആറാം ക്ലാസ്സിലോ പഠിക്കുമ്പോഴാണു്.
“എന്തൊക്കെയാ മുണ്ടാ വിശേഷങ്ങൾ?” മുണ്ടനെ വഴിയിൽ കണ്ടാൽ അച്ഛനതു ചോദിക്കാതെയിരുന്ന ഒരു ദിവസം പോലും എനിക്കോർമ്മയില്ല.
“ഞമ്മക്കും വീട്ടിലേം നെരത്തിലേം കുട്ട്യോൾക്കും നല്ലതന്നെ മാഷേ”
മുണ്ടന്റെ പതിവു് മറുപടി. കൂടെ കാളി ഉണ്ടെങ്കിൽ അവരുടെ വക മുറുക്കുകറ പിടിച്ച പല്ലുകാട്ടി നല്ലൊരു ചിരിയും. ആദ്യമൊന്നും മുണ്ടന്റെ മറുപടി മുഴുവനായും എനിക്കു് മനസ്സിലായിരുന്നില്ല.
“ഈ നിരത്തിലെ കുട്ടികൾ ആരാണച്ഛാ?”
“എടാ മുണ്ടൻ നിരത്തെന്നുപറയുന്നതു് ഈ അങ്ങാടിയെയാണു്. ഇവിടെക്കാണുന്ന ഭൂരിഭാഗം മരങ്ങളും മുണ്ടൻ വെച്ചു് പിടിപ്പിച്ചതാണു്. ഇതെല്ലം സ്വന്തം മക്കളാണെന്നാ അയാളുടെ പറച്ചിൽ.”

എന്നിട്ടും എനിക്കൊന്നും മനസ്സിലായില്ല. വീട്ടിലെത്തി അമ്മയോടു് ചോദിച്ചു “മുണ്ടനെങ്ങനെയാണു് വഴിയിലെ മരങ്ങളൊക്കെ മക്കളാകുന്നതു?”
“ആ മുണ്ടനു് പ്രാന്താണെടാ. അയാളും ഭാര്യ കാളിയും വേറെ പണിയില്ലാത്തപ്പോഴൊക്കെ റോഡുവക്കത്തു് പോയി മരം നടലും വെള്ളമൊഴിക്കലുമൊക്കെയാണു്. ഇങ്ങനീം ഓരോ പ്രാന്തന്മാരു് ണ്ടാവ്വോ?”
അന്നതു ശരിയാണെന്നു് എനിക്കും തോന്നി. വീടിന്റെ പറമ്പിലും തൊടിയിലുമൊക്കെ ഇഷ്ടംപോലെ മരങ്ങളുണ്ടല്ലോ? ഇയാളെന്തിനാ വഴിയിലൊക്കെ മരം വച്ചു് വെള്ളം നനച്ചു് നേരം കളയണതു? ശരിക്കും പ്രാന്തു തന്നെ.
1992-ൽ ആണു് ഞാൻ ജോലി കിട്ടി മുംബൈ മഹാനഗരത്തിലേക്കു് വണ്ടി കയറുന്നതു്. അന്നെനിക്കു് പ്രായം ഇരുപതിനോടടുക്കാറായിരുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്കു് വണ്ടി കയറാനായി പോകുമ്പോഴും പേങ്ങാട്ടിരി അങ്ങാടിയിൽ മുണ്ടനെ കണ്ടതായി ചെറിയ ഒരു ഓർമ്മയുണ്ടു്. രണ്ടായിരാമാണ്ടിനുശേഷമാണു് കുലുക്കല്ലൂരിൽ റെയിലിനെ മുറിച്ചുകൊണ്ടു് ഒരു റോഡു വരുന്നതും കൊപ്പം റോഡിന്റെ നിറം കറുപ്പാകുന്നതും. മുളയങ്കാവിലെ വേലയ്ക്കുള്ള കാളക്കോലങ്ങൾ ആളുകളുടെ തോളിൽനിന്നിറങ്ങി റോഡിലൂടെ ഉരുളാൻ തുടങ്ങിയ പുരോഗമനം ഇതിന്റെ പരിണതഫലമായിരുന്നു.
ആയിടയ്ക്കാണു് പഞ്ചായത്തിലെ പുരോഗമനവാദികൾ ഒരു ഷോപ്പിംഗ് കോംപ്ലക്സ് പണിയാനുള്ള തീരുമാനമെടുക്കുന്നതു്. പറ്റിയ സ്ഥലം പട്ടാമ്പി റോഡിനും കൊപ്പം റോഡിനും ഇടയ്ക്കുള്ള സ്ഥലം തന്നെയാണെന്നു് പറയേണ്ടതില്ലല്ലോ! ആകെ തടസ്സമായിട്ടുണ്ടായിരുന്നതു് നിരത്തിലെ മുണ്ടന്റെ ചില മക്കൾ മാത്രമായിരുന്നു.
“അന്റെ മരങ്ങളെക്കൊണ്ടു് തോറ്റൂലോ മുണ്ടാ. ഏതായാലും ഈർച്ചമിൽ തൊട്ടടുത്തന്നെ ഉള്ളതു് കാര്യായി” പ്രസിഡന്റിന്റെ വാക്കുകൾ പഞ്ചായത്തു് ഓഫീസിലെ തിണ്ണയിൽ കുന്തിച്ചിരുന്നുകൊണ്ടു് നിർവികാരനായി മുണ്ടൻ കേട്ടു. മരങ്ങൾക്കു മുന്നിൽത്തന്നെ അവയെ വെട്ടിക്കീറാനുള്ള സംവിധാനങ്ങൾ ഉള്ളതു് കാര്യങ്ങൾ എളുപ്പമാക്കി.
ഷോപ്പിംഗ് കോംപ്ലക്സ് വന്നശേഷം കുറച്ചുനാളുകൾക്കിടെ പേങ്ങാട്ടിരി അങ്ങാടിയിൽ തലപൊങ്ങിയതു് പുതിയ വില്ലജ് ആപ്പീസ് കെട്ടിടമാണു്. ഷോപ്പിംഗ് കോംപ്ലെക്സിനോടു് ചേർന്നുള്ള കുറച്ചു തണൽ കൂടി അപ്രത്യക്ഷമായി. മുണ്ടനപ്പോഴും നിർവികാരനായി മക്കൾക്കു് വെള്ളം കോരി, കൂടെ കാളിയും.
കൊല്ലത്തിൽ ഒന്നുരണ്ടു തവണയുള്ള നാട്ടിൽ പോക്കിൽ ഇതൊന്നും എന്നെ കാര്യമായി ബാധിച്ചതേയില്ല. അല്ലെങ്കിലെന്തു് ബാധിക്കാൻ? നാട്ടിൽ പോയാലുള്ള ഓട്ടത്തിനിടയിൽ അങ്ങാടിയിലെ മാറ്റങ്ങളെല്ലാം നമുക്കു് സ്വാഭാവികമായതുതന്നെ അല്ലെ!
ആയിടക്കാണു് പട്ടാളത്തിൽ പോയ രമണന്റെ ഫോൺ വിളിയിൽ ഒരു വിശേഷം വരുന്നതു്!” ഉണ്ണ്യേട്ടാ, അറിഞ്ഞോ നമ്മടെ മുണ്ടൻ ആള് പ്രശസ്തനായി ട്ടോ!”
“അതെന്താ രമണാ മുണ്ടൻ പണ്ടും പ്രശസ്തനല്ലെ? ചെറിയ നൊസ്സിന്റെ പ്രശസ്തിയല്ലേ?”
“അല്ല ഉണ്ണ്യേട്ടാ, മുണ്ടന്റെ ഫോട്ടോയും വാർത്തയുമൊക്കെ പേപ്പറിൽ വന്നു. അതും ഹിന്ദുവിലും ഇന്ത്യൻ എക്സ്പ്രസ്സിലുമൊക്കെ!”
“ഒന്നുപൊടാ ചെക്കാ, വട്ടന്മാരുടെ വാർത്ത കൊടുക്കാൻ അവർക്കും വട്ടായോ?”
“അതല്ല. മുണ്ടന്റെ മരം നടലും വെള്ളം നനയ്ക്കലുമൊക്കെ വലിയ കാര്യമായിട്ടാണു് അവർ റിപ്പോർട്ട് ചെയ്തിരിക്കുന്നതു്. ഞാനതിന്റെ ലിങ്ക് ഇ-മെയിൽ ചെയ്തു തരാം. ഒന്നു് വായിച്ചു നോക്കൂ. മുണ്ടനെ മരമുണ്ടൻ എന്നാണു് ഇപ്പോൾ എല്ലാവരും വിളിക്കുന്നതത്രേ!”
രമണന്റെ ഇ-മെയിലും ആ വാർത്തകളും വായിച്ചതിനുശേഷം, എന്തോ ഒരു കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി. കണ്മുന്നിലെ ആ ചെറിയ മനുഷ്യനുള്ളിലെ വലിയ മഹത്വത്തെ എന്തേ കാണാതെ പോയതു? പിന്നീടാണു് മുണ്ടന്റെ പ്രശസ്തിയുടെ കാരണക്കാരൻ ബാങ്കിലെ ബാബുവേട്ടനാണെന്നു് ആശാരി ഗോപി പറഞ്ഞു് ഞാനറിയുന്നതു്. എന്നേക്കാൾ ആറോ ഏഴോ വയസ്സേ ബാബുവേട്ടനു് കൂടുതലുള്ളൂ. സഹകരണ ബാങ്കിലെ ജോലിക്കാരനാണു്. മുണ്ടനാണെങ്കിൽ ബാങ്കിലെ രാത്രി കാവൽക്കാരനും. ഒന്നാം ക്ലാസിൽ ഒരു ദിവസം മാത്രം പഠിച്ച മുണ്ടനെ വാച്ച്മാൻ എന്നു് വിളിക്കാൻ വിഷമമായതിനാൽ ബാങ്കിലെ കാവൽക്കാരൻ എന്നുതന്നെയാണു് എല്ലാവരും പറഞ്ഞിരുന്നതു്. മുണ്ടും തോളിലെ തോർത്തും അഞ്ചു കട്ട ടോർച്ചുമാണു് രാത്രിയിലെ ഔദ്യോഗിക വേഷം! താഴ്ത്തിയിട്ട ഷട്ടറിനു മുൻപിൽ പായയിട്ടു് കിടക്കും. അതുതന്നെ കാവൽ.

മുണ്ടന്റെ മരപ്രേമവും വെള്ളംനനയും കണ്ടു് ബാബുവേട്ടൻ മൂപ്പരോടു് ഒരു ദിവസം ചോദിച്ചു ’മുണ്ടാ ങ്ങക്കു് ഈ പണിക്കൊക്കെ ആരെങ്കിലും ശമ്പളായിട്ടു് വല്ലതും തര്ണു് ണ്ടോ?”
“ഹ… ഹ… ഇതു് ഞമ്മളെ ആരും ഏൽപ്പിച്ച പണ്യല്ല കുട്ട്യേ. ഒക്കെ ഒരു സന്തോഷത്തിനു് ചെയ്യണതല്ലേ !”
“അതെന്താ മുണ്ടാ, ദിൽ ത്ര സന്തോഷിക്കാൻ?”
“കുട്ട്യേ ആ മരത്തിന്റെ മോൾലേക്കു് ഒന്നു് നോക്യേ! എത്ര കിളികളാ! അവറ്റടെ ആ സന്തോഷം ഒന്നു് കാണു്. പണ്ടൊക്കെ തലച്ചുമടുമായി വരണ ആൾക്കാരു് ഞാൻ നട്ട ഈ ഉങ്ങിന്റെ തണലിലു് ഇരിക്കാറുണ്ടു്. വേനക്കാലത്തു് മേഞ്ഞുനടക്കണ ആടുകളും പൈക്കളും ഈ മരങ്ങൾടെ തണലിൽ വീണു കിടക്കണ എന്തെങ്കിലും എല ഒക്കെ തിന്നു് ഇങ്ങനെ കെടക്കാറ്ണ്ട്. അവറ്റടെ മൊഖത്തു് കാണണ ആ സന്തോഷം തന്നെല്ലേ ഏറ്റവും വല്യേ സുഖം. ബാബുട്ടൻ ഇന്റൊപ്പം ഒന്നു് വാ.” മുണ്ടൻ ബാബുവേട്ടനെയും കൊണ്ടു് വില്ലേജാപ്പീസിന്റെ പിന്നിലേക്കു് നീങ്ങി.
“കുട്ട്യേ ദ് കണ്ടോ! ഈ ആലു് ഞാൻ കാളീനെ കല്യാണം കയിച്ച കൊല്ലം നട്ടതാ. അന്നൊക്കെ കല്യാണം ഇരുപതു് വയസ്സിനും മുൻപാ നടക്കാ. ഇപ്പൊ നാട്ടുകാരുടെ കണക്കുപോലെ ആണെങ്കിൽ ഇക്കു് തൊണ്ണൂറു് കയിഞ്ഞു. കുട്ടീ… അയിന്റെ മോളിൽക്കു് ഒന്നു് നോക്കു്.” ആലങ്ങിനെ വളർന്നു് വില്ലേജാപ്പീസിനു് കുട പിടിച്ച പോലെ നിൽക്കുകയാണു്.
“ബാബൂട്ടാ ഈ ആലിന്റെ അടുത്തു് നിക്കണ ആ മാവു് കണ്ടോ? അദ് ന്റെ മൂത്ത ചെക്കൻ ണ്ടായിട്ടു് ഒരു് കൊല്ലം കയിഞ്ഞിട്ടു് നട്ടതാണു്. ങ്ങക്കറിയോ ഒരു് ആലും മാവും കൂടിയാലു് ആൽമാവു് ആണു്. ന്റേം കാളീന്റേം ആൽമാവാണു് ആ നിക്കണതു്.”
മാർച്ച് മാസത്തിന്റെ തുടക്കത്തിൽ ഇലകളെ മറച്ചു് പൂക്കൾ മാത്രം നിറഞ്ഞുനിൽക്കുന്ന ആ മാവിൻചുവട്ടിൽ മുണ്ടന്റെ നരച്ച കണ്ണുകൾ മുകളിലേക്കു് നോക്കി നിറഞ്ഞുനിന്നു. ആ ആലിലകളാകട്ടെ ചാഞ്ഞു ചെരിഞ്ഞു് മുണ്ടനെ വീശിയാറിച്ചു.
സ്ഥലത്തെ അറിയപ്പെടുന്ന സഹകാരിയാണു് ബാബുവേട്ടൻ. തൂവെള്ള ഖദർ ഷർട്ടും മുണ്ടും, തോളിലൊരു ഈരെഴ തോർത്തും സ്ഥിരം വേഷം. ബാങ്കിലായാലും പുറത്താണെങ്കിലും അങ്ങനെതന്നെ. ഇദ്ദേഹത്തിന്റെ പേനയും നാക്കും തന്നെയാണു് ഞങ്ങളുടെ നാട്ടിൻപുറത്തിനും അപ്പുറത്തേക്കു് മരമുണ്ടനെന്ന വര്യന്റെ അസ്തിത്വത്തെക്കുറിചുള്ള വാർത്തകളെത്തിച്ചതും.
അക്കാലത്താണു് രമണന്റെ മറ്റൊരു മെയിലും അതിലൊരു യൂ ട്യൂബ് ലിങ്കും എനിക്കു് വരുന്നതു്. “നമ്മുടെ സിറാജും കൂട്ടുകാരും മുണ്ടനെ അഭിനയിപ്പിക്കുകയും ചെയ്തു” എന്ന അടിക്കുറിപ്പോടെ! മുണ്ടനെക്കുറിച്ചുള്ള ആ മനോഹര ലഘുചിത്രം പ്രകൃതിയുമായുള്ള മനുഷ്യന്റെ കൂടിച്ചേരലിന്റെ അനിവാര്യതയെ അടിവരയിട്ടു പറയുന്ന ഒന്നാണെന്നു് കണ്ടപ്പോൾ തോന്നി. ആ യൂട്യൂബ് ലിങ്കു് മറ്റുള്ളവർക്കു് അയച്ചുകൊടുക്കുമ്പോൾ മുണ്ടന്റെ നാട്ടുകാരനാണു് ഞാൻ എന്ന ഒരു അഭിമാനവും (അതോ അഹങ്കാരമോ) ഉള്ളിൽ തോന്നിയിരുന്നു.
മുണ്ടൻ ഇന്നില്ല. കുറച്ചുവർഷങ്ങൾക്കു് മുൻപുതന്നെ തന്റെ മക്കളെ നിരത്തിൽ വിട്ടു് മരമുണ്ടൻ മുകളിലേക്കു് യാത്രയായി. അതിനും മുൻപേ മുണ്ടനോടു ചോദിക്കാതെതന്നെ പല മക്കളെയും പലരും ജനലും വാതിലും വിറകുമൊക്കെയായി മാറ്റിയിരുന്നു. കൊപ്പം റോഡിലെ ഉങ്ങിൻ ചുവട്ടിൽ ഒരു ഓട്ടോ സ്റ്റാൻഡ് സ്ഥലം പിടിച്ചു. മീൻകാരൻ ആലിയെ അവിടെ കാണാനുണ്ടായിരുന്നില്ല. പഞ്ചായത്തു് കെട്ടിയ കടമുറികളിലൊന്നിൽ ഞാൻ അറിയാത്ത ഒരാൾ മീൻ കച്ചവടം തുടങ്ങി. ശ്രീധരന്റെ ബാർബർഷാപ്പിനുപകരം ഏതോ ഒരു യുവകോമളന്റെ എയർ കണ്ടിഷൻ ചെയ്ത ഹെയർ ഡ്രസിങ് സെന്റർ പേങ്ങാട്ടിരിയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. അപ്പോഴും വില്ലേജാപ്പീസിനരികിൽ ഈർച്ചമില്ലിനെ നോക്കിക്കൊണ്ടു് മുണ്ടന്റെ ആൽമാവും അതിലെ കിളികളും താഴത്തെ തണലും ഉണ്ടായിരുന്നു.
അമ്മയുടെ റോഡുപണി വിശേഷം ഫോൺ വന്നിട്ടു് മാസങ്ങൾ കഴിഞ്ഞിരുന്നു. ഇന്നലത്തെ വിളിയിൽ ആ കാര്യം വീണ്ടും വന്നു.
“എടാ കൊപ്പം റോഡിന്റെ വീതി കൂട്ടണ പണിയൊക്കെ കഴിഞ്ഞു.”
“അപ്പൊ അമ്മേ നമ്മടെ മുണ്ടന്റെ ആലും മാവുമൊക്കെ?” ഒരാന്തലോടെ ഞാൻ ചോദിച്ചു.
“എല്ലാം വെട്ടി ഈർച്ചമില്ലിലാക്കിയെടാ. എന്താ റോഡിന്റെ വീതി! ടാറിങ്ങ് പണി ഉടനെ തുടങ്ങും. ഈ റോഡ് സ്റ്റേറ്റ് ഹൈവേ ആക്കാൻ പോവാന്നാ കേക്കണതു്” അമ്മയ്ക്കു് നല്ല സന്തോഷം!
മുണ്ടന്റെ ആൽമാവും ഉങ്ങുമരങ്ങളും തണൽ വിരിക്കാത്ത കറുത്തു നീണ്ട കൊപ്പം റോഡ്. ആ മീനച്ചൂടിൽ അതു് എന്റെ നെടുവീർപ്പുകളിൽ ചുട്ടുപഴുത്തു കിടന്നു.

1973-ൽ പാലക്കാടു് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള നെല്ലായയിൽ ജനിച്ചു. AUPS ഇരുമ്പാലശ്ശേരി, ഗവ: ഹൈസ്കൂൾ ആനമങ്ങാടു്, ഗവ: പോളിടെക്നിക് പെരിന്തൽമണ്ണ, സർദാർ പട്ടേൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുംബൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ജോലിചെയ്യുന്നു. മൂന്നു് പതിറ്റാണ്ടായി മുംബൈയിൽ താമസം. നെപ്പോളിയന്റെ നാട്ടിൽ (യാത്രാവിവരണം), ഓലപ്പുരയിലെ ഋതുഭേദങ്ങൾ (ഓർമ്മ), അയനം (കഥാസമാഹാരം) എന്നിവ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും കഥകളും ലേഖനങ്ങളും എഴുതാറുണ്ടു്.
ഭാര്യ: അനുമപ
മക്കൾ: ഭരതു്, ആദിത്യ
ചിത്രീകരണം: വി. പി. സുനിൽകുമാർ