തിരുമേനിയുടെ വീട്ടിലേക്കുള്ള ചെറിയ ഗേറ്റ് തുറന്നു കിടക്കുകയാണു്. ഇടറോഡിൽനിന്നുള്ള മൂന്നു പടികൾ കയറിയപ്പോഴേ ഉമ്മറത്തെ ചാരുകസേരയിൽ അദ്ദേഹം കിടക്കുന്നതു കണ്ടു. വണ്ടികളൊക്കെ കയറാവുന്ന പ്രധാന റോഡിലേക്കുള്ള വീതികൂടിയ ഗേറ്റ് വീടിന്റെ വടക്കുവശത്താണു്. വലിയ റോഡ് വന്നതിനു ശേഷവും ഉമ്മറം ഇടറോഡിലേക്കു് നോക്കിക്കൊണ്ടുതന്നെയാണു്. ചാരുകസേരയുടെ നീണ്ട കൈകളിലേക്കു് കാലുകൾ കയറ്റിവച്ചുള്ള തിരുമേനിയുടെ സ്ഥിരം ഇരിപ്പുതന്നെ. ഗേറ്റിൽ എന്റെ തലവെട്ടം കണ്ടപ്പോഴേ അദ്ദേഹം വായിച്ചുകൊണ്ടിരുന്ന പുസ്തകം വയറിനു മുകളിലേക്കു് കമഴ്ത്തി.
തിരുമേനി വളരെ പ്രസിദ്ധമായ ഒരു ഗവേഷണ സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായിരുന്നു. ഡോക്ടർ, അദ്ധ്യാപകർ, ശാസ്ത്രജ്ഞർ തുടങ്ങിയവർ സർവീസിൽനിന്നു് വിരമിച്ചാലും സാധാരണഗതിയിൽ അവരുടെ പൂർവ്വകാല ജോലിപ്പേരിൽത്തന്നെയാണു് അറിയപ്പെടുക. എന്നാൽ തിരുമേനിയുടെ കാര്യത്തിൽ ‘ആയിരുന്നു’ എന്ന പ്രയോഗം മനഃപൂർവ്വമാണു്, കാരണം ഇനി ഇപ്പണി വേണ്ടായേ എന്നു് അലറിപ്പറഞ്ഞു് ഗവേഷണ ജീവിതത്തോടു് സുല്ലിട്ടുവന്ന മനുഷ്യനാണു് നടുവളച്ചു് തൊട്ടിലിലെന്നപോലെ ചാരുകസേരയിൽ കിടക്കുന്നതു്.
“എന്താ ഗോപാലാ… രാവിലേന്നെ?” ചാരുകസേരയ്ക്കു സമീപമുള്ള സ്റ്റൂളിൽ വച്ചിരുന്ന ചെല്ലത്തിൽനിന്നും തിരുമേനി ഒരു അടയ്ക്കക്കഷണമെടുത്തു് വായിലിട്ടു് കടിച്ചു. എന്നോടു് ഉമ്മറത്തിട്ടിരുന്ന കസേരയിലേക്കു് ഇരിക്കാൻ ആംഗ്യംകാണിച്ചു. വി. കെ. എന്നിന്റെ അധികാരമാണു് അദ്ദേഹത്തിന്റെ വയറിനു മുകളിൽ കമഴ്‌ന്നു കിടന്നു് കൈകാലിട്ടടിക്കുന്നതു്.
“മൂത്തവൻ പന്ത്രണ്ടാം ക്ലാസ്സിലാണു്. അവന്റെ ഉപരിപഠനത്തെക്കുറിച്ചു് അങ്ങയോടൊന്നു് സംസാരിക്കാംന്നു് വിചാരിക്കാൻ തൊടങ്ങീട്ടു് കൊറേ ദിവസായി. ഇന്നാണു് തരായീതു്.” കാര്യങ്ങൾ തുറന്നു പറയുന്നതാണു് തിരുമേനിക്കു് ഇഷ്ടമെന്നു് അറിയാമായിരുന്നതിനാൽ വളച്ചുകെട്ടാതെ ഞാൻ വന്നകാര്യം പറഞ്ഞു.
“ഗോപാലാ ആളെങ്ങെന്യാ, കുത്തിയിരുന്ന് പഠിക്കണ ടൈപ്പാണോ? അതോ വെർതെ തെക്കുവടക്കു നടന്ന് സുഖിക്കണ ആളാണോ? നൊമുക്ക് രണ്ടാമത്തേതിലാ താല്പര്യം ട്ടോ… ഹ…ഹ…”
“അതു് പറയാൻ ഞാൻ ആളല്ല തിരുമേനീ. ഏതായാലും അവനു് എൻട്രൻസ് പരീക്ഷേല് നല്ലോണം മാർക്കുണ്ടു്. നല്ല ഏതെങ്കിലും ഐ. ഐ. ടി., അല്ലെങ്കിൽ സയൻസ് പഠിക്കാൻ ഐസർ. ഇതിലൊന്നിൽ അഡ്മിഷൻ കിട്ടും, അതു് ഒറപ്പാ. അതാണു് ആകെ ഒരു കൺഫ്യൂഷനും. മാർക്ക് കൊറവാണെങ്കീ ബുദ്ധിമുട്ടു് അത്രകണ്ടു് ഉണ്ടാവില്ലായിരുന്നു. കിട്ടിയതിൽ മെച്ചമെന്ന മട്ടിൽ എവിടേങ്കിലും ചേർന്നാ മതീലോ.”
“അത് നന്നായി. ആള്. മിട്ക്കനാണല്ലോ!” തിരുമേനി എന്നെത്തന്നെ നോക്കി. ഒന്നു് കണ്ണടച്ചു. കണ്ണു് തുറന്നു് ഒന്നു് ഏന്തി വലിഞ്ഞു് മുറ്റത്തേക്കു് നീട്ടിത്തുപ്പി.
“അപ്പൊ മാർക്കും ബുദ്ദീം ള്ള സ്ഥിതിക്ക് മൂപ്പർക്ക് എഞ്ചിനീയറോ ശാസ്ത്രജ്ഞനോ ആകാം ല്ലേ ഗോപാലാ?”
“തിരുമേനീ അതാണു് കൺഫ്യൂഷൻ. ഏതു് വേണംന്നു് തീരുമാനിക്കണേനു് മുമ്പു് അങ്ങേടെ അഭിപ്രായം അറിയാന്നു് വിചാരിച്ചു.”
“മക്കള് പന്ത്രണ്ടാം ക്ലാസ്സ്ല് എത്തുമ്പോ എല്ലാടത്തും ഇത് പതിവാ, അതായത്… ഈ കൺഫ്യൂഷനേയ്, ഹ… ഹ… എത്ര ആളോളോട് ചോയ്ച്ചാലും ഒരു തൃപ്തി അങ്ങ്ട് വരില്യ. പത്ത് ആളോട് ചോയ്ച്ചാ പതിനഞ്ച് ഉത്തരം കിട്ടും. ന്നാ ചോയ്ക്കാണ്ടിരിക്കാൻ പറ്റ്വോ, അതൊട്ട് ങേഹേ…”
ഉപരിപഠന കാര്യത്തിൽ തിരുമേനിയുടെ അഭിപ്രായത്തിനായി ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്കുതന്നെ നോക്കി. എന്തൊക്കെയോ മനസ്സിൽ ഒരുക്കൂട്ടിക്കൊണ്ടു് അദ്ദേഹത്തിന്റെ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കി. തിരുമേനിയുടെ ചുവന്ന ചുണ്ടുകളിൽ അല്പം നർമ്മരസം തത്തിക്കളിക്കാൻ വെമ്പുന്നതു് ഞാൻ കണ്ടു.
“അതേയ്, ഗോപാലാ… അവൻ ഐഐടീല് പോയാല് പണ്ടത്തെ കണക്കില് നല്ല ഒരു എഞ്ചിനീയറ് ആവായിരുന്നു. ന്നാ ഇപ്പൊ കാര്യക്കെ മാറി. ഇപ്പൊ ഏത് എൻജിനീയറ് ആണെങ്കിലും ഐടി വേണം, ഐടീന്നു് വച്ചാൽ കമ്പ്യൂട്ടറില് കോഡിങ്ങ് നടത്തണ വിദ്യ. അതു് പറ്റ്വോ ന്നാ ഇന്റർവ്യൂല് ആദ്യത്തെ ചോദ്യം വര്വാ. എന്നിട്ടു് ഒരു ജോലി കിട്യാലോ!”
തിരുമേനി ചാരുകസേരയിൽ തന്റെ പുറവും തലയുമൊന്നുയർത്തി എന്നെ നോക്കി ഒരു സുഭാഷിതം ചൊല്ലി:
“മശകോ മക്കുണോ രാത്രൗ
മക്ഷികാ യാചകോ ദിനേ
പിപീലികാ ച ഭാര്യാ ച
ദിവരാത്രം തു ബാധതേ”
“ഗോപാലന് മനസ്സിലായോ? ആദ്യ വരി കേട്ടില്ലേ? ഐടി പഠിച്ചവന്റെ ചോര രാത്രി മശകകോം മക്കുണോം ഊറ്റുന്നതുപോലെ അവന്റെ മുതലാളി ഊറ്റും”
“മശകം മനസ്സിലായി, ഈ മക്കുണം! അതെന്താ സാധനം?”
“മക്കുണം ച്ചാൽ നമ്മടെ മൂട്ട. ഐടിക്കാരൻ ചെക്കന് മിക്കവാറും രാത്രി ഉറങ്ങാൻ പറ്റില്യ. കാരണം അവന്റെ പ്രധാന ക്ളൈന്റ്സൊക്കെ ഭൂഗോളത്തിന്റെ അങ്ങേ ഭാഗത്തായിരിക്കും. അതായതു് നമ്മടെ രാത്രി അവർക്ക് പകല്. ഇനി, ശമ്പളം ലേശം കൊറഞ്ഞാലും ഇവിടുത്തെ പണി മതീന്ന് ആക്യാലോ ‘മക്ഷികാ യാചകോ ദിനേ’ എന്ന മട്ടില് പകല് നല്ല ദ്രോഹം ണ്ടാവും ന്ന കാര്യോം ഉറപ്പാ. പിന്നെ ഗോപാലാ, ആ സുഭാഷിതത്തിലെ മൂന്നാമത്തെ വര്യോട് നിക്ക് അത്ര യോജിപ്പ് ല്യാട്ടോ.”
ക്രോണിക് ബാച്ചിലർ ആണെങ്കിലും അദ്ദേഹം ഒരു പുരോഗമനവാദിയും സ്ത്രീ ശക്തീകരണത്തിന്റെ വക്താവുമാണു്.
“ഇനി ചെക്കൻ ശാസ്ത്രജ്ഞനാവാൻ ഐസറില് ചേർന്നൂന്ന് വച്ചോളൂ, ശാസ്ത്രജ്ഞന്മാരടെ കാര്യം അതിലും ബഹു വിശേഷാണ് ട്ടോ! അവര്ടെ മുമ്പില് രണ്ട് വഴി തെളിയും, ഒന്ന് തിയറിറ്റീഷ്യൻ, മറ്റേത് എക്സ്പിരിമെന്റലിസ്റ്റ്. ഗോപാലന് മനസ്സിലായോ, ഒന്നുകിൽ ഒരു സിദ്ധാന്തവാദി അല്ലെങ്കിൽ ഒരു പരീക്ഷണാത്മകൻ”
ശാസ്ത്രജ്ഞനായിരുന്ന തിരുമേനി, കാര്യങ്ങൾ ശാസ്ത്രീയമായി വിശദീകരിക്കാൻ തുടങ്ങിയപ്പോൾ എനിക്കു് കാര്യമായി ഒന്നും മനസ്സിലായില്ല. ഞാൻ അന്തംവിട്ടു് വായുംപൊളിച്ചിരുന്നു.
“മനസ്സിലായില്ല അല്ലേ? നമ്മടെ ഹിറ്റ്ലർ ണ്ടായിരുന്നില്ലേ, മൂപ്പര് ഒരു നല്ല തിയറിറ്റീഷ്യനായിരുന്നു. തന്റെ സിദ്ധാന്തത്തില് ഒറച്ചു നിന്നു. അതോണ്ട് എന്താ പറ്റീത്? ജീവിതത്തില് തോറ്റുപോയി. വേറൊരു ആള് ഉണ്ടായിരുന്നു. മൂപ്പര് ഭീകര എക്സ്പിരിമെന്റലിസ്റ്റ് ആയിരുന്നു. ആരാന്ന് അറിയോ ഗോപാലന്?”
തിരുമേനി എന്നെ ആസകലം കണ്ണുകൊണ്ടു് ഉഴിഞ്ഞൊന്നു നോക്കി. അറിയില്ലെന്നു് ഞാൻ തലയാട്ടി.
“അയാളാണെടോ നമ്മടെ മീശക്കാരൻ സ്റ്റാലിൻ. തിയറിറ്റീഷ്യന് താൻ ചെയ്യണതൊന്നും അങ്ങനെ മറച്ചു വയ്ക്കാൻ സാധിക്കില്യ. മറ്റവനോ! കൊടും ഭീകരനാണെങ്കിലും അയാളെ നല്ലവനെന്ന് പറയാനും പറയിപ്പിക്കാനും ധാരാളം ആളോള് കാണും. അതല്ലേ ചറപറാന്ന് കൊറേ എണ്ണത്തിനെ ആരുമറിയാതെ കുഴിച്ചുമൂടിയ നല്ലൊരു എക്സ്പിരിമെന്റലിസ്റ്റ് ആയിരുന്ന മീശക്കാരനു് ഇന്നും ജയ് വിളി കിട്ടണതു്. മുറിമീശക്കാരനെ ആർക്കും വേണ്ടാതാവേം ചെയ്തു.”
എഞ്ചിനീയറായാലും ശാസ്ത്രജ്ഞനായാലും ഇക്കാലത്തു് ഗുണം പിടിക്കില്ലെന്നും, ഇതു രണ്ടും മകനെ ഒരു നല്ല മനുഷ്യനാക്കാൻ സാധ്യത ഇല്ലെന്നും ഉറപ്പായതിനാൽ, അവനെ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു് ഒരു മാഷ് ആക്കിയാലോ എന്നായി എന്റെ ചിന്ത. മനസ്സു് വായിച്ചിട്ടെന്നപോലെ, എന്നെ അത്ഭുതപ്പെടുത്തികൊണ്ടു് തിരുമേനി ചോദിച്ചു:
“ന്നാ അവനെ ഒരു മാഷ് ആക്യാലോ ന്നായിരിക്കും ഗോപാലന് തോന്നണത്, ല്ലേ?” ഞാൻ തലയാട്ടി.
“കേട്ടോളൂ, അതും അത്ര സുഖള്ള പണിയല്ല ഇക്കാലത്ത്. മാത്രല്ല പണി ഇങ്ങോട്ട് കിട്ടാനുള്ള സാധ്യതേം നല്ലോണംണ്ട്”
എന്റെ ഇരിപ്പു് കണ്ടിട്ടു് തിരുമേനിക്കു് നല്ല രസം.
“ഹ…ഹാ… ഗോപാലന് കൺഫ്യൂഷൻ കൂടി ല്ലേ? ചെക്കന് പതിനേഴ് കഴിഞ്ഞതല്ലേ ള്ളൂ. പണ്ടത്തെ പോലെല്ല ഇന്ന്. ഈ ടീനേജില് ഒരു തീരുമാനത്തില് എത്താൻ വല്യ പാടാ.”
“തിരുമേനീ, പിന്നെ എന്താ ഇപ്പൊ കരണീയം?”
“ഒന്നേ വഴി ഉള്ളൂ. ഒന്നോ രണ്ടോ കൊല്ലം ചെക്കനെ അവന് ഇഷ്ടള്ളതുപോലെ കയറഴിച്ച് വിടുക. അവൻ അങ്ങനെ മേഞ്ഞ് നടക്കട്ടെ. ഒന്നും പഠിച്ചില്ലെങ്കിലും ഒരു കുഴപ്പോം ല്യ. കുടുംബത്തില് മൂന്ന് നേരം കഴിക്കാള്ള വക ണ്ടല്ലോ. അവൻ പല ജീവിതങ്ങളും കാണട്ടെ. ഞാൻ ഒറപ്പ് പറയുന്നു, ആ കാലംകൊണ്ട് അവൻ ഒരു തീരുമാനത്തിലെത്തും.”
ഞാൻ തിരുമേനിയുടെ വീട്ടിൽനിന്നുമിറങ്ങി. റോഡിനിരുവശവും കൃഷി നിർത്തിയപ്പോൾ കാടുപിടിച്ചുകിടക്കുന്ന പാടത്തു് നിർബാധം മേയുന്ന പശുക്കളാണു്, വിജനമായ റോഡിലാകട്ടെ എന്നെതന്നെനോക്കി ധാരാളം തെരുവു നായ്ക്കളും. അവയ്ക്കിടയിലൂടെ ഒരു തീരുമാനത്തിലെത്താനാകാതെ ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു.
1973-ൽ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള നെല്ലായയിൽ ജനിച്ചു.
ഗവൺമെന്റ് പോളിടെക്നിക്ക് പെരിന്തൽമണ്ണ, സർദാർ പട്ടേൽ കോളേജ് ഓഫ് എൻജിനീയറിങ്ങ് മുംബൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1993 മുതൽ മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ജോലി ചെയ്യുന്നു. ‘നെപ്പോളിയന്റെ നാട്ടിൽ’ (യാത്രാവിവരണം), ‘ഓലപ്പുരയിലെ ഋതുഭേദങ്ങൾ’ (ഓർമ്മകൾ), ‘അയനം’ (കഥാസമാഹാരം), ‘എന്റെ ചെറിയ വായനകൾ’ (ലേഖനങ്ങൾ), ‘ആപ്പവൈദ്യനും കല്യാണിയും’ (ബാലസാഹിത്യം, ഇതിനു് പ്രതിഭ ബുക്സ്, തൃശൂർ 2022-ൽ ബാലസാഹിത്യത്തിനു് നടത്തിയ മത്സരത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ടു്), ‘ക്യൂറിമാരുടെ കഥ’ എന്നിവ പുസ്തകരൂപത്തിലും ‘ആൽമാവ്’ എന്നാ കഥ സായാഹ്നയിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഗ്രന്ഥാലോകം, പച്ചക്കുതിര, സാഹിത്യചക്രവാളം, തളിരു്, ശാസ്ത്രകേരളം, സഹജ, വാഗ്ദേവത, അദ്ധ്യാപകലോകം, Dimdima, Bhavan’s Journal തുടങ്ങി പല ആനുകാലികങ്ങളിലും രചനകൾ പ്രസിദ്ധീകൃതമായിട്ടുണ്ടു്. ഇ-മീഡിയയിലും സജീവമാണു്.
മുംബൈ സാഹിത്യവേദിയുടെ 2023-ലെ വി. ടി. ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടു്.
ഭാര്യ: അനുപമ
മക്കൾ: ഭരത്, ആദിത്യ