കാറിൽ നിന്നും ഇറങ്ങി ഗേറ്റ് തുറന്നു് നടക്കല്ലിറങ്ങുമ്പോൾ പതിവുപോലെ നോക്കിയതു് ആ മാവിൻ ചുവട്ടിലേക്കായിരുന്നു. ആ ചാരുകസേര അവിടെത്തന്നെയുണ്ടു്. ഓർമ്മയുള്ള കാലം മുതലേ അതവിടെയുണ്ടു്. മഴ നനഞ്ഞും വെയിലു കൊണ്ടും അതവിടെക്കിടക്കും. ഗേറ്റ് കടന്നു് വരുന്ന ആർക്കും ആ കസേരയിൽ കിടക്കുന്ന ആളിനെ കാണാതെ, എന്തെങ്കിലും സംസാരിക്കാതെ, വരാന്തയിലേക്കു് കയറാൻ കഴിയില്ല. കൈ രണ്ടും തലയ്ക്കു് പിന്നിൽ പിണച്ചുകെട്ടി ആകാശത്തേക്കു് നോക്കിയുള്ള ആ അലസമായ കിടപ്പു്. കഞ്ഞി മുക്കി അലക്കിയെടുക്കുന്ന വെളുത്ത ഒറ്റമുണ്ടും അരക്കയ്യൻ ഷർട്ടും ഏതിരുട്ടിലും തിളങ്ങും. ഓർമ്മ വെച്ച നാൾ മുതൽ വെള്ള വസ്ത്രങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല.
ഞങ്ങളുടെ സ്ഥിരം ഇരിപ്പിടമാണു് ആ മരച്ചുവടു്. നാട്ടിലേക്കുള്ള ഓരോ വരവിലും ആ മാവിന്റെ വളർച്ചയെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. അതിപ്പോൾ മുറ്റം നിറയെ പടർന്നു പന്തലിച്ചിരിക്കുന്നു. ഓരോ ശിഖരങ്ങളും മുകളിലേക്കു് വളരാൻ മടിച്ചു് മണ്ണിനെ തൊടാൻ ശ്രമിക്കുന്ന പോലെ താഴേക്കു് വളർന്നിറങ്ങിയിരിക്കുന്നു. മരച്ചുവട്ടിനെ ചുറ്റി വളച്ചു കെട്ടിയ അരമതിലിൽ ഇരുന്നാൽ വേണമെങ്കിൽ കൊമ്പുകളെ കൈയെത്തി തൊടാൻ കഴിയും. സംസാരിച്ചു തീരാത്ത വിഷയങ്ങളുമായി എത്ര രാത്രികളിലാണു് ഉറങ്ങാതെ നേരം പുലരും വരെ ഈ മരച്ചുവട്ടിൽ ഞങ്ങൾ ഇരുന്നിട്ടുള്ളതു്.
ഫോണിലൂടെ പല തവണ പറഞ്ഞതൊക്കെത്തന്നെയാവും അപ്പോഴും ഞങ്ങൾക്കു് സംസാരിക്കാനുണ്ടാവുക. എങ്കിലും അതൊക്കെ ആദ്യമായി കേൾക്കുന്നതു പോലെ ഞങ്ങൾ ചിരിക്കുകയോ അത്ഭുതപ്പെടുകയോ ദുഃഖിക്കുകയോ ചെയ്തു. പ്രിയ സുഹൃത്തിന്റെ മരണം പത്രത്തിലെ ചരമ കോളത്തിൽ കണ്ടു് ഞെട്ടിപ്പോയതു്, ചില സുഹൃത്തുക്കൾക്കു് പെൻഷൻ തുക മുഴുവൻ മരുന്നിനു് ചിലവഴിക്കേണ്ടി വരുന്നതു്, മത പ്രഭാഷണവുമായി വീട്ടിൽക്കയറി വന്ന തബ്ലീക്കുകാരെ ചീത്ത പറഞ്ഞു് വിരട്ടിയോടിച്ചതു്, അങ്ങിനെ ഒന്നിനു പിറകെ മറ്റൊന്നായി വിഷയങ്ങൾ നീണ്ടു പോവുകയും നേരം പുലരുകയും ചെയ്യും.
എന്നാൽ ചില കാര്യങ്ങൾ എന്നോടു് പറയാതെ ഒളിച്ചു വയ്ക്കാറുണ്ടു്. അങ്ങിനെ ഒന്നാണു് പള്ളി ജമാഅത്തു് സെക്രട്ടറിയും, നാട്ടിലെ പ്രമാണിയുമായ സുലൈമാൻ ഹാജി ഒരു വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു ശേഷം ഞങ്ങളെ രണ്ടുപേരെയും ഊരുവിലക്കിയതായി പ്രഖ്യാപിച്ച കാര്യം. മതത്തെ ധിക്കരിച്ചു് ജീവിക്കുന്ന വാപ്പയും മകനുമായി മറ്റു് ഇസ്ലാം വിശ്വാസികൾ സഹകരിക്കരുതെന്നു് അയാൾ ചട്ടം കെട്ടി. രണ്ടുപേരെയും പള്ളിയിൽ കബറടക്കാൻ അനുവദിക്കുന്ന പ്രശ്നമില്ലെന്നും അയാൾ പറഞ്ഞു.
അതിനു മറുപടിയായി അന്നു രാത്രി തന്നെ സുലൈമാനോടു് സംസാരിക്കാൻ അയാളുടെ ആ വീട്ടിൽക്കയറി ചെന്നു.
“എടാ സുലൈമാനെ, എന്നേയും എന്റെ മോനേം നീ ഊരുവിലക്കിയതായി ഞാനറിഞ്ഞു. നീ ഞങ്ങളെ പള്ളിപ്പറമ്പിൽ കേറ്റില്ലായിരിക്കും. പക്ഷേ, പള്ളിക്കാട്ടിൽ വരേണ്ടതു് മരിച്ചു കഴിഞ്ഞിട്ടല്ലേടാ. നിനക്കറിയാമോ നീ ആരാണെന്നു്. നീ അതറിഞ്ഞിരുന്നെങ്കിൽ മരണമെന്താണെന്നും ഒരു മയ്യത്തു് എന്താണെന്നും നീ മനസ്സിലാക്കിയേനെ. മരണമില്ലാത്തവർക്കു് എന്തിനാടാ പള്ളിക്കാടു്. ”
അവധിക്കു് നാട്ടിലെത്തിയ എന്നോടു് ഈ സംഭവങ്ങളൊക്കെ പറഞ്ഞതു് പള്ളിയിൽ ഉസ്താദിന്റെ കാര്യങ്ങൾ നോക്കാൻ നിൽക്കുന്ന റഷീദായിരുന്നു. അന്നു് രാത്രി സുലൈമാനോടു് സംസാരിക്കുമ്പോൾ അയാളുടെ വീട്ടിനുള്ളിൽ കയറാതെ മുറ്റത്തുതന്നെ നിന്നു് സംസാരിച്ചതായും അല്പവും ദേഷ്യപ്പെടാതെ ചിരിച്ചു കൊണ്ടാണു് സംസാരിച്ചതെന്നും ഇറങ്ങാൻ നേരം സുലൈമാന്റെ കൈപിടിച്ചു കുലുക്കിയിട്ടു് എനിക്കു് നിന്നോടു് യാതൊരു വിരോധവുമില്ലെന്നു് പറഞ്ഞതായും റഷീദ് എന്നോടു് പറഞ്ഞു.
എന്നാൽ ആ സംഭവങ്ങളൊന്നും ഞങ്ങൾക്കിടയിൽ ചർച്ചയായില്ല. ഞങ്ങൾ അതൊന്നും അറിഞ്ഞതായിത്തന്നെ ഭാവിച്ചില്ല. അതിലെന്തിത്ര ചർച്ച ചെയ്യാനിരിക്കുന്നു എന്ന ഒരു തീരുമാനത്തിൽ ഞങ്ങൾ ഇരുവരും അറിയാതെ എത്തിച്ചേരുകയായിരുന്നു. ഒന്നും പറയാനില്ലാത്ത നേരങ്ങളിൽ ആകാശത്തേക്കു് നോക്കി എത്രയോ നേരം വെറുതെ ഞങ്ങൾ ഇരുന്നിട്ടുണ്ടു്. പക്ഷേ, ആ വിഷയം മാത്രം ഞങ്ങൾക്കിടയിലേക്കു് ഒരിക്കലും കടന്നു വന്നില്ല.
ഞങ്ങളുടെ എല്ലാ ചർച്ചകളും സംവാദങ്ങളും ഒടുവിൽ അവസാനിക്കുന്നതു് വായിച്ചുതീർത്ത പുസ്തകങ്ങളെക്കുറിച്ചാവും. പലപ്പോഴും പറയാറുണ്ടു്: “മോനെ നീ കൊണ്ടു വന്നു തരുന്ന പുസ്തകങ്ങളാണു് എന്റെ ഈ ആരോഗ്യത്തിന്റെ രഹസ്യം. പുസ്തകങ്ങൾ ഔഷധങ്ങളാണു്, ചിലതൊക്കെ വീര്യമുള്ള വേദന സംഹാരികളും. ഒരു ചികിത്സയുമില്ലാത്ത മാറാവ്യാധികളെപ്പോലും അവ വേരോടെ പിഴുതു മാറ്റും. വായിച്ചു തുടങ്ങാൻ വൈകിപ്പോയല്ലൊ എന്ന ദുഃഖം മാത്രമേ എനിക്കുള്ളൂ.”
ഒരിക്കൽ വിളിച്ചപ്പോൾ പറഞ്ഞു:
“മോനെ നീ കഴിഞ്ഞ മാസം അയച്ചു തന്ന പുസ്തകം ഇതുവരെ ഞാൻ താഴെ വച്ചിട്ടില്ല. മയക്കു മരുന്നിനു് അടിപ്പെട്ടതു് പോലെയായി. ഇതാ ഈ നിമിഷം നിന്നോടു് സംസാരിക്കുമ്പോഴും അതെന്റെ കയ്യിലുണ്ടു്. ഇതിലെ ഓരോ ശ്ലോകങ്ങളും ഒരു സ്കൂൾ കുട്ടിയെപ്പോലെ കാണാപാഠം പഠിക്കുകയാണു് ഞാനിപ്പോൾ. ഇതു് അവസാനത്തേതായിക്കോട്ടെ എന്നു് മനസ്സു് പറയുന്നു. ഇനി വേറൊന്നും വായിക്കരുതെന്നും. ഇതിന്റെ ലഹരി മാത്രം അവസാനം വരെ നിൽക്കട്ടെ.”
അന്നു് ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു:
“എങ്കിൽ ഇത്തവണ വരുമ്പോൾ ഞാൻ ഒരെണ്ണം കൂടി കൊണ്ടു വരുന്നുണ്ടു്. അതേ പുസ്തകത്തിന്റെ മലയാള വിവർത്തനം. ഇതും കൂടി വായിച്ചോളൂ. ദി ഹൈയെസ്റ്റ് നോൺ ഡ്യൂൽ ട്രൂത്തിനെ ഒരു സായിപ്പ് എങ്ങിനെയാണു് മനസ്സിലാക്കിയതെന്നും എന്നാൽ അതിന്റെ മൂലകൃതിയെ സംസ്കൃത ഭാഷയിൽ തന്നെ വായിച്ച ഒരാൾ അതിനെ എങ്ങിനെയാണു് ഉൾക്കൊണ്ടതെന്നും അറിയാൻ ഇതുപകരിക്കും.”
“അതേ മോനെ, എല്ലാ ഉദാത്തമായ ആശയങ്ങളും മനസ്സിൽ ഉറച്ചു കിട്ടാൻ ശ്രവണവും മനനവും മാത്രം പോര നിദിധ്യാസനവും കൂടി വേണമെന്നു് പറയുന്നതു് വെറുതെയല്ല. അസിമിലേഷൻ എന്ന ഇംഗ്ലീഷ് വാക്കിനു് ശക്തി പോരെന്നു് തോന്നും. നിദിധ്യാസനം എന്നു് തന്നെ പറയേണ്ടി വരും. ചില വരികൾ വിത്തുകൾ പോലെയാണു്, ഉള്ളിൽ ഉണങ്ങാതെ കിടക്കും. സമയമാവുമ്പോൾ ഈർപ്പം വലിച്ചെടുത്തു് മുളപൊട്ടി വളർന്നു നിറയും”.
“ഈ പുസ്തകം ഞാൻ അയക്കുന്നില്ല, വരുമ്പോൾ കൊണ്ടു് വരാം. എനിക്കിതു് ആ കയ്യിൽ ഏൽപ്പിക്കണം ”
അന്നു് ചിരിച്ചുകൊണ്ടു് പറഞ്ഞു: “ശരി വൈദ്യൻ കല്പിക്കും പോലെ തന്നെ ആവട്ടെ”
ഇന്നാദ്യമായി ആ കസേര ഒഴിഞ്ഞു കിടക്കുകയാണു്. ഞാൻ വരാന്തയിലേക്കു് കയറാതെ മുറ്റത്തു തന്നെ നിന്നു. കൈവരിയോടു് ചേർത്തിട്ടിരുന്ന കട്ടിലിലാണു് കിടപ്പു്. ഇത്തവണ ഷർട്ടിന്റെ സ്ഥാനത്തു് വെളുത്ത തുണി പുതപ്പിച്ചിട്ടുണ്ടു്. മുടി പറ്റെ വെട്ടിയ നരച്ച തല മാത്രം പുറത്തു കാണാം.
ഇപ്പോഴും ആകാശത്തേക്കു് നോക്കി കണ്ണുകളടച്ചാണു് കിടപ്പു്. താഴേക്കു് നോക്കുമ്പോഴല്ല ആകാശത്തേക്കു് നോക്കുമ്പോഴൊക്കെയാണു് ഉപാധികളില്ലാത്ത സ്വാതന്ത്ര്യം എന്തായിരിക്കുമെന്നു് അറിയാൻ കഴിയുന്നതെന്നു് ഒരിക്കൽ പറഞ്ഞതു് ഞാനോർത്തു. ആറു മാസങ്ങൾക്കു് മുൻപു് ഞാൻ യാത്ര ചോദിച്ചു് പിരിയുമ്പോൾ കണ്ട മുഖമല്ല ഇപ്പോൾ. നെഞ്ചോളം നീട്ടി വളർത്തിയിരുന്ന നരച്ച താടിയും മുടിയും പറ്റെ വെട്ടി ക്രോപ്പ് ചെയ്തിരിക്കുന്നു. കവിളെല്ലുകൾ ഉന്തി, കണ്ണുകൾ കുഴിഞ്ഞു്, കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത രൂപം, തടിച്ച കൺ പോളകൾ കൃഷ്ണമണികളെ പകുതി മറച്ചു പിടിച്ചിരിക്കുന്നു.
അരണ്ട സന്ധ്യാ വെളിച്ചത്തിൽ മരച്ചുവട്ടിൽ വീണു കിടന്നിരുന്ന കരിയിലകളിൽ ചവിട്ടി ഞാൻ നിന്നു. മൈലുകൾ താണ്ടിയെത്തിയ ഒരു ദേശാടനപ്പക്ഷി തളർന്ന ചിറകുകളുമായി സ്വന്തം കൂടണഞ്ഞിരിക്കുന്നു.
എന്റെ വരവും കാത്തിരുന്നു് ഉറങ്ങിപ്പോയതു് പോലെയാണു് ആ കിടപ്പു്. നീയൊന്നു് വിളിച്ചു നോക്കു് ഞാനിപ്പോൾ ഉണരും എന്ന ഭാവമാണു് ആ മുഖത്തു്. ഉണർന്നാലും പുതിയതായി പറയാൻ വിശേഷങ്ങൾ ഒന്നും ഉണ്ടാവില്ലെന്നു് എനിക്കറിയാം. ഫോണിലൂടെ പല തവണ പറഞ്ഞതൊക്കെ ഒരാവർത്തികൂടി കേട്ടു് പരസ്പരം അത്ഭുതപ്പെടുകയും ചിരിക്കുകയും ചെയ്യേണ്ടി വരും. എനിക്കാണെങ്കിൽ ഒന്നും പറയാനില്ല. എല്ലാം കേൾക്കാനാണു് ഞാൻ വന്നതു്. ഞാൻ ആകാശത്തേക്കു് നോക്കി. സമൃദ്ധമായി വളർന്നു നിറഞ്ഞ ഇലകൾക്കിടയിലൂടെ മഴക്കാറു് മൂടിയ ഇരുണ്ട ആകാശം എന്നെ തിരിച്ചു നോക്കി.
ഞാൻ വിളിച്ചു. “വാപ്പച്ചി ഞാനിതാ വന്നു.”
“മോനെ, നീ എന്താ ഇത്ര വൈകിയതു്?”
“രണ്ടു മണിക്കു് തിരിച്ച ഫ്ളൈറ്റാണു്. ഇടയ്ക്കു് സ്റ്റോപ്പ് ഇല്ലാത്തതിനാൽ നാലു് മണിക്കൂറേ വേണ്ടിവന്നുള്ളൂ ഇവിടെ എത്താൻ. പക്ഷേ, എയർപോർട്ടിൽ നിന്നും പുറത്തുവരാൻ വീണ്ടും സമയമെടുത്തു.”
“എനിക്കു് സമാധാനമായി. ഈ നേരത്തു് നീ എന്റെ അടുത്തു് വേണം എന്നു തോന്നി. വെറുതെ ഒരു തോന്നൽ. എല്ലാം നോക്കിയും കണ്ടും നിൽക്കാൻ ഒരാൾ വേണമെന്നു് തോന്നി അത്രയേയുള്ളൂ. പിന്നീടൊരിക്കൽ ഒന്നും ഓർത്തെടുത്തു് നീ ദുഃഖിക്കരുതു് എന്നു് തോന്നി. ഇന്നു് രാവിലെ മുതൽ ദാ ഇവിടെ ഇതേ കിടപ്പാണു്. എത്ര ദിവസത്തെ അവധിയുണ്ടു് നിനക്ക്?”
“നാലു് ദിവസം.”
“ആരാണു് നിന്നെ വിവരം അറിയിച്ചതു്?”
“രാവിലെ പതിവു് പോലെ ഓഫീസിലെ തിരക്കിലായിരുന്നു ഞാൻ. ആരുടെയോ ഒരു ഫോൺ വന്നു. വളരെ പതിഞ്ഞ ശബ്ദത്തിൽ, മടിച്ചു മടിച്ചാണു് സംസാരിച്ചു തുടങ്ങിയതു്. ഒരു ദുഃഖവാർത്ത അറിയിക്കാനുണ്ടു്, വിഷമിക്കരുതു്, എല്ലാം സഹിക്കാൻ കഴിയണം, പടച്ചവൻ വിളിക്കുമ്പോൾ എല്ലാവർക്കും ഒരു ദിവസം പോയേപറ്റൂ എന്നൊക്കെയുള്ള മുഖവുരയോടെ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ കേൾക്കാൻ പോവുന്നതു് എന്താണെന്നു് എനിക്കു് മനസ്സിലായി. പിന്നെ തിരിച്ചൊന്നും ചോദിച്ചില്ല. ആരാണു് വിളിക്കുന്നതെന്നും ചോദിച്ചില്ല. എല്ലാം മൂളിക്കേട്ടു് നിന്നു. പിന്നെ വേഗം റൂമിൽ പോയി മാറിയുടുക്കാൻ തുണികളുമെടുത്തു് നേരെ എയർപ്പോർട്ടിലെത്തി.”
“ഉച്ചക്കു് നീ എന്തെങ്കിലും കഴിച്ചോ?”
“ഇല്ല. വിശപ്പു് തോന്നിയില്ല. കുറച്ചുനേരം ഉറങ്ങാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു് സീറ്റിൽ കണ്ണടച്ചിരുന്നു. എന്നാൽ ആ നാലു് മണിക്കൂറിലാണു് ജീവിതത്തിൽ ആദ്യമായി പൂർണ്ണ ബോധത്തോടെ ഞാൻ ഉണർന്നിരുന്നതു് എന്നു് തോന്നിയതു്. ”
“ഇതു് ആദ്യമായിട്ടാണു് നീ വരുമ്പോൾ കൂട്ടികൊണ്ടു പോരാൻ എനിക്കു് വരാൻ കഴിയാത്തതു്. ”
“എങ്കിലും ബാഗുമായി പുറത്തിറങ്ങിയപ്പോൾ ഞാൻ നാലുപാടും തിരഞ്ഞു. ഒരു പക്ഷേ, എവിടെയെങ്കിലും മറഞ്ഞു നിൽപ്പുണ്ടെങ്കിലോ പണ്ടൊരിക്കൽ എന്നെ പറ്റിച്ചതു് പോലെ. അന്നു് എന്റെ പിറകിലൂടെ വന്നു് ഒരു കള്ളനെപ്പോലെ ബാഗ് പിടിച്ചു വാങ്ങി അതിശയിപ്പിച്ചതു് ഇന്നു് ഞാൻ വെറുതെ ഓർത്തു.”
“ഹ ഹ ഹ. നീയതു് ഇപ്പോഴും ഓർത്തു വച്ചിരിക്കുന്നു അല്ലെ. നീ എത്ര വളർന്നാലും എനിക്കു് ഒരു കുട്ടി തന്നെയാണു്. കാലത്തിനൊത്തു് രൂപം മാറുന്നതും പ്രായമാവുന്നതും ശരീരം മാത്രമാണു്. ഉള്ളിലിരുന്നു് പുറത്തേക്കു് നോക്കുന്ന ബോധത്തിന് പ്രായമാവുന്നില്ല.”
“വർഷങ്ങൾക്കു് ശേഷം ആദ്യമായാണു് എയർപോർട്ടിൽ നിന്നും തനിച്ചു് വീട്ടിലേക്കു് വരുന്നതു്. വീട്ടിലേക്കുള്ള വഴികൾ മറന്നു പോയതു് പോലെ തോന്നി”
“നിനക്കറിയില്ല ആറുമാസത്തിൽ ഒരിക്കലുള്ള ആ കാത്തുനിൽപ്പിന്റെ ത്രിൽ. നിന്നോടു് എനിക്കതു് പറഞ്ഞു തരാനും കഴിയില്ല. നീ വരുന്നു എന്നറിഞ്ഞാൽ ആ നിമിഷം മുതൽ ദിവസങ്ങളെ ഞാൻ എണ്ണിയെണ്ണി കുറച്ചു തുടങ്ങും. നിന്റെ വരവും മടക്കയാത്രയുമല്ലാതെ വേറെന്താണു് എനിക്കിനി അടയാളപ്പെടുത്തിവയ്ക്കാനും ഓർമ്മിച്ചു വയ്ക്കാനും. നീ വിഷമിക്കരുതു്. ”
“ഇല്ല.”
“കാണേണ്ടവരൊക്കെ രാവിലെ തന്നെ കണ്ടിട്ടു് മടങ്ങി. വന്നവരൊക്കെ സംസാരിച്ചതു് നിന്നെപ്പറ്റിയായിരുന്നു. നീയിവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങിനെ വച്ചുനീട്ടണ്ടായിരുന്നു. ആ സമയത്തു് നീ അടുത്തുണ്ടായിരുന്നെങ്കിൽ ഇച്ചിരി വെള്ളം കൊടുക്കാമായിരുന്നു, ഒരു മോനുണ്ടായിട്ടു് എന്തു് പ്രയോജനം എന്നൊക്കെ ആയിരുന്നു വന്നവരുടെയൊക്കെ പരാതി.”
“ഞാൻ പ്രതീക്ഷിച്ചില്ല എല്ലാം ഇത്ര പെട്ടെന്നുണ്ടാവുമെന്നു്. ഒടുവിൽ നീണ്ട കാത്തിരിപ്പു് അവസാനിച്ചിരിക്കുന്നു അല്ലെ?”
“അതെ, കൂടെ പഠിച്ചവരും, ഒരുമിച്ചു് കളിച്ചു വളർന്നവരും, ജീവിതം പങ്കിട്ടവളും തനിച്ചാക്കി പോയിട്ടു് കാലമെത്രയായി. അസുഖം നോക്കാൻ വന്നവരും, ദീർഘായുസ്സു് നേർന്നവരും, ഉറങ്ങാതെ കൂട്ടിരുന്നവരും മുമ്പേ പോയി. എണീറ്റിരിക്കാനും, ടോയ്ലെറ്റ് വരെ നടന്നുപോവാനും കഴിയാതെ വന്ന അന്നുമുതൽ ആഗ്രഹിച്ചു തുടങ്ങിയതാണു് എത്രയും വേഗം പോകണമെന്നു്.”
“അവസാന നിമിഷങ്ങളിൽ തനിച്ചായിരുന്നു എന്നു് ചിന്തിച്ചു് വിഷമിച്ചിരുന്നോ?”
“ഇല്ല, നീ ഒന്നോർത്തും വിഷമിക്കേണ്ട. ഞാൻ അധികം കഷ്ട്ടപ്പെട്ടില്ല. ആരും ഒന്നിനും ഒരു കുറവും വരുത്തിയില്ല. മാസാമാസം ശമ്പളം വാങ്ങിയിരുന്ന ഹോം നഴ്സ് കൃത്യമായി തന്റെ ഡ്യൂട്ടി നോക്കി. വിശന്നാലും ഇല്ലെങ്കിലും അവൾ കൃത്യമായി മൂന്നു നേരവും ഭക്ഷണം കഴിപ്പിച്ചു, വിശപ്പില്ല എന്നു് പറയുമ്പോഴും നിർബന്ധിച്ചും, ചിലപ്പോൾ വഴക്കു പറഞ്ഞും തീറ്റിപ്പിച്ചു. കുളിക്കാൻ തോന്നുന്നില്ല എന്നു് പറയുമ്പോഴും നിർബന്ധിച്ചു് കുളിപ്പിച്ചു. ടോയ്ലെറ്റിൽ പോകാൻ തോന്നാത്ത നേരത്തും ഇനിമ വച്ചു് സഹായിച്ചു. ഒന്നിനും ഒരു കുറവുമില്ലായിരുന്നു. രണ്ടു് ദിവസങ്ങൾക്കു് മുൻപേ തന്നെ ചില തോന്നലുകൾ ഉണ്ടായിരുന്നു. ഒന്നും നിന്നെ അറിയിക്കേണ്ട എന്നു് കരുതി, തിരക്കുപിടിച്ച നിന്റെ നഗര ജീവിതം… ”
“എന്നെ അറിയിക്കാമായിരുന്നു.”
“പക്ഷേ, ഇതൊക്കെ ഒരിക്കൽ ഉണ്ടാവുമെന്നു് നീ പ്രതീക്ഷിച്ചിരുന്നതല്ലെ?”
“അതെ. ഇങ്ങിനെ ഒരു ദിവസത്തെ ഞാൻ പ്രതീക്ഷിച്ചിരുന്നു. അസമയത്തു് ഒരു ഫോൺ കോൾ, നിനച്ചിരിക്കാതെ ഒരു യാത്ര, വീട്ടുമുറ്റം നിറയെ ആൾക്കാർ, അടക്കിപ്പിടിച്ച കരച്ചിലുകൾ, ചേർത്തു പിടിച്ചു് ആശ്വസിപ്പിക്കുന്ന ചിലർ, ഒടുവിൽ ആരും കാണാതെ ഒന്നു് കരയാൻ തോന്നുക. എല്ലാം ഒരിക്കൽ ഉണ്ടാവുമെന്നു് പ്രതീക്ഷിച്ചിരുന്നു.”
“പക്ഷേ, നീ കരയില്ലെന്നു് എനിക്കറിയാം.”
“അതെ, കഴിഞ്ഞ നാലു് മണിക്കൂറുകളായി ആ ചോദ്യം ഞാൻ എന്നോടു് തന്നെ ചോദിക്കുകയായിരുന്നു. എന്തു് കൊണ്ടു് കരയാൻ കഴിയുന്നില്ല എന്നു്. ഇഷ്ടപ്പെടുന്ന ഒരാൾ പെട്ടെന്നു് ഇല്ലാതാകുമ്പോൾ അതോടൊപ്പം നഷ്ടമാവുന്നതു് ആ രൂപവും, ആ ശബ്ദവും, ആ സാമീപ്യവും ഒക്കെയാണു്. അതൊക്കെ ഇനിയൊരിക്കലും ആവർത്തിക്കില്ല എന്നറിയുമ്പോൾ കരയാൻ തോന്നുന്നില്ല. ആഴമുള്ള ഒരു നിശ്ശബ്ദത ചുറ്റും വലയം ചെയ്തു് നിൽക്കുന്ന പോലെയാണു് തോന്നുന്നതു്.”
“നിനക്കറിയാമോ ഒട്ടും പ്രതീക്ഷിക്കാതെ മുന്നിൽ വന്നു പെടുന്ന ഓരോ ക്രൈസിസും പ്രപഞ്ചം മനുഷ്യനു് വേണ്ടി ഒരുക്കിക്കൊടുക്കുന്ന ഓരോ കടമ്പകളാണു്. വേണമെങ്കിൽ അവനു് സ്വയം തിരിച്ചറിയാൻ ആ അവസരം ഉപയോഗിക്കാം, ഫ്രീ വിൽ കൊണ്ടു് ശ്രദ്ധയോടെ ചാടിക്കടക്കേണ്ട കടമ്പകൾ, സ്വയം മാറ്റുരച്ചു നോക്കാൻ കിട്ടുന്ന അവസരങ്ങൾ.”
“ഏറ്റവും പ്രിയപ്പെട്ടവരെ കരുക്കളാക്കി വച്ചുള്ള ചൂതു കളികൾ.”
“കരയാൻ തോന്നുന്നെങ്കിൽ കരയണം. ഒന്നും ഉള്ളിലൊതുക്കരുതു്. പണ്ടേ പൊട്ടിച്ചിരിക്കാനും കരയാനും, എന്തിനു് സംസാരിക്കാൻ പോലും പിശുക്കുള്ളവനായിരുന്നു നീ. നിന്റെ ഉമ്മച്ചി പണ്ടു് പറയാറുണ്ടു് തന്തയ്ക്കു് പറ്റിയ മോൻ തന്നെയാണു് നീയെന്നു്, രണ്ടും മൗനി സ്വാമികൾ എന്നും. എത്രയോ അവസരങ്ങളിൽ എന്റെ കയ്യിൽ നിന്നും അടിവാങ്ങിയിട്ടു് കല്ലുപോലെ നിന്നിട്ടുണ്ടു് നീ. ഒരു തമാശ കേട്ടു് ഉറക്കെ ചിരിക്കുന്നതു് പോലെ തന്നെയാണു് വേദന തോന്നുമ്പോൾ കരയാൻ തോന്നുന്നതും.”
“അതെ.”
“മരിച്ചു പോയവർ കുറച്ചു കാലത്തേക്കു് ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിൽ ഉണ്ടാവും. കാണാൻ തോന്നുമ്പോഴൊക്കെ അവരെ ഓർമ്മയിൽ വിളിച്ചു വരുത്താം. എന്നാൽ ആ ഓർമ്മകളെ ചുമന്നു നടക്കുന്നവരും മരിക്കുമ്പോൾ അവർ അതുംകൊണ്ടാണു് പോവുന്നതു്. ഓരോ മനുഷ്യനും മരിക്കുമ്പോൾ അവർ അനേകം പേരെ കൂടെ കൊണ്ടുപോവുന്നു. ഒന്നിനു പിറകെ ഒന്നായി അവസരവും കാത്തു് വരി നിൽക്കുന്ന ഓർമ്മകൾ. ഏറ്റവും പിന്നിലായിപ്പോവുന്ന ഓർമ്മകൾ എന്നന്നേക്കുമായി ഇല്ലാതാവുകയാണു്. അവർ ഒരിക്കൽ ജീവിച്ചിരുന്നതായി തെളിയിക്കാൻ പോലും ആർക്കും കഴിയില്ല. മരിച്ചുപോയ ഒരാളും, എവിടെയോ ജീവിച്ചിരിക്കുന്ന ഒരാളും ഓർമ്മകളിൽ ഒരുപോലെയല്ലെ? കൈയ്യെത്തി തൊടാൻ കഴിയില്ല എന്നേയുള്ളൂ.”
“അതെ”
“ജീവിതത്തിലെ ഓരോ അനുഭവങ്ങളും നിമിഷം പ്രതി ഓർമ്മകളായി മാറുകയാണു്. ഒരാൾ കണ്മുന്നിൽ ഇല്ലാതിരിക്കുമ്പോൾ, അയാൾ എവിടെയോ ജീവിച്ചിരുന്നാൽ പോലും, വെറും ഓർമ്മകൾ മാത്രമല്ലേ, മരിച്ചതിനു് തുല്യം. അയാൾ എവിടെയോ ജീവിച്ചിരിക്കുന്നു എന്നു് വേണമെങ്കിൽ വിശ്വസിക്കാം അങ്ങനെയൊരാൾ ജീവിച്ചിരുന്നിട്ടേയില്ല എന്നും വിശ്വസിക്കാം. മരിക്കുന്നതിനു മുമ്പേ തന്നെ എല്ലാത്തിനോടും മരിക്കാൻ എന്നെ തയ്യാറാക്കിയതു് നീ തന്നെയല്ലേ മോനെ, നീ തന്ന പുസ്തകങ്ങൾ.”
“ഞാനിനി എന്താണു് ചെയ്യേണ്ടതു്?”
“എനിക്കു് നിന്നോടു് കുറച്ചു കാര്യങ്ങൾ പറയാനുണ്ടു്.”
“പറയു”
“ഒരിക്കലും ചർച്ച ചെയ്യാൻ നമുക്കു് താൽപ്പര്യം തോന്നാത്ത ആ വിഷയം തന്നെ. പള്ളിയിലെ ഊരുവിലക്കു്. മരണവാർത്ത അറിഞ്ഞ ഉടനെത്തന്നെ ജമാഅത്തു് കമ്മിറ്റിക്കാർ ഊരുവിലക്കു് പിൻവലിച്ചതായി പ്രഖ്യാപിച്ചു കൊണ്ടു് വീട്ടിലെത്തി. കരഞ്ഞുകൊണ്ടു് ഖുർ-ആൻ പാരായണം ചെയ്യാൻ നാലഞ്ചു സ്ത്രീകളേയും കൊണ്ടാണു് വന്നതു്. കുറച്ചുപേർ പള്ളിപ്പറമ്പിൽ കുഴി വെട്ടാനും തുടങ്ങി. കുറച്ചുപേർ മയ്യത്തിനെ കുളിപ്പിക്കാനും വന്നു. എല്ലാം സുലൈമാൻ ഹാജിയുടെ നേതൃത്വത്തിൽ തന്നെയാണു്.”
“അവരുടെ പെട്ടെന്നുള്ള ഈ മനംമാറ്റത്തിന് കാരണമെന്തായിരിക്കും?”
“പടച്ചവൻ കൊടുക്കുന്ന കൂലിയാണു് കാരണം. സ്വന്തം മതത്തെ ധിക്കരിച്ചു് കാഫിറായി ജീവിച്ച ഒരാളെ തിരിച്ചു് മതവിശ്വാസിയാക്കി മാറ്റി കബറടക്കിയാൽ എത്രയോ ഇരട്ടി കൂലിയാണു് പടച്ചവൻ വാഗ്ദാനം ചെയ്തിരിക്കുന്നതു്, എന്നാണു് അവർ വിശ്വസിക്കുന്നതു്.”
“കഷ്ടം”
“എന്നാൽ കേട്ടോളു, നീ ചിരിക്കരുതു് ഇഫ്രീത്തുകൾ തടസ്സം സൃഷ്ടിച്ചു.”
“എങ്ങിനെ?”
“കുഴിയെടുക്കാൻ തുടങ്ങുമ്പോഴാണു് സംഭവങ്ങളുടെ തുടക്കം. കുഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ചില അദൃശ്യ സാന്നിദ്ധ്യങ്ങൾ തടസ്സം നിൽക്കുന്നതായി കുഴിയെടുക്കുന്നവർക്കു തോന്നിയത്രേ. കുഴിക്കുന്തോറും കരയിൽ നിന്നും കുഴിയിലേക്കു് തന്നെ മണ്ണിടിഞ്ഞു വീണു കൊണ്ടേയിരുന്നു. ആരോ മണ്ണു് നീക്കി കുഴി മൂടാൻ ശ്രമിക്കുന്നതു് പോലെയായിരുന്നത്രെ അതു്. തള്ളക്കുഴിയിൽ നിന്നും മണ്ണു് വീണു് പിള്ളക്കുഴി നിറഞ്ഞു തുടങ്ങിയപ്പോൾ കുഴിച്ചു കൊണ്ടിരുന്നവർക്കു് എന്തോ ഭയം തോന്നി. അവർ കുഴിയെടുപ്പു് മതിയാക്കി മൗലവിയെ കാണാൻ തീരുമാനിച്ചു.”
“മൗലവി എന്തു് പറഞ്ഞു?”
“പള്ളിക്കു് സ്ഥലം വാങ്ങാനും പള്ളി പുതുക്കിപ്പണിയാനുമുള്ള ഫണ്ടിലേക്കു് മരിച്ച മനുഷ്യൻ സംഭാവന നല്കിയിട്ടില്ലായിരുന്നു. ദീനിനു് വേണ്ടി സഹായം ചെയ്യാത്തൊരു മനുഷ്യന്റെ മയ്യത്തടക്കാൻ ഇഫ്രീത്തുകൾ തടസ്സം സൃഷ്ടിച്ചിരിക്കാം എന്നാണു മൗലവിക്കു് വെളിപ്പെട്ടു കിട്ടിയതു്. ഹദീഥുകളും, ആയത്തുകളും മനഃപാഠമാക്കിയ മൗലവിക്കു് ഇഫ്രീത്തുകളുടെ കറാമത്തുകൾ വെളിപ്പെട്ടു കിട്ടിക്കാണണം.”
“പിന്നീടെന്തുണ്ടായി?”
“കൊടുക്കേണ്ട എല്ലാ കുടിശ്ശികയും പിഴയോടു് കൂടി അടച്ചു തീർത്തിട്ടു് കുഴിയെടുത്താൽ മതിയെന്നു് അവർക്കു് നിർദ്ദേശം കിട്ടി.
“അതു കൊള്ളാമല്ലോ മനുഷ്യരോടൊപ്പം കൂട്ടു് കൂടി റിയൽ എസ്റേറ്റിലും സാമ്പത്തിക തട്ടിപ്പുകളിലും അദൃശ്യ ശക്തികൾക്കും താല്പര്യം വന്നു തുടങ്ങിയിരിക്കുന്നു.”
“പ്രശ്നങ്ങൾ അവിടേയും തീർന്നില്ല. രാവിലെ മയ്യത്തിനെ ആദ്യമായി കുളിപ്പിക്കാൻ എടുത്തപ്പോഴായിരുന്നു തടസ്സങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു് തുടങ്ങിയതു്. ”
“എന്തു പറ്റി?”
“കുളിപ്പിക്കാൻ എടുത്തപ്പോൾ മയ്യത്തിനു് ഭാരം കൂടിയതായി തോന്നിയത്രേ. എടുത്തവരുടെ കൈകാലുകൾ തളർന്നു പോവുന്നതായും ദിക്കും ദിശയും തെറ്റി അവർ മുറിയിൽതന്നെ വട്ടം കറങ്ങിയത്രേ. ശരീരത്തിനുള്ളിലെ അഴുക്കുകൾ എല്ലാം വൃത്തിയാക്കി വേണം മയ്യത്തിനെ മറവു ചെയ്യാൻ. അടിവയർ എത്ര ഞെക്കി കഴുകിയിട്ടും ഉള്ളിൽ കെട്ടിക്കിടന്ന മലവും മൂത്രവും തീരുന്നില്ല. വെള്ളം കോരി ഒഴിക്കുന്തോറും കറുത്ത മഷി പോലെ അഴുക്കുകൾ പുറത്തേക്കു് ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. എന്തോ പന്തികേടു് തോന്നിയ അവർ വീണ്ടും മൗലവിയെ കാണാൻ പോയി.”
“മൗലവി എന്തു് പറഞ്ഞു?”
“ദുനിയാവിൽ ചെയ്തു കൂട്ടിയ പാപങ്ങൾ അഴുക്കുകളായി ഉള്ളിൽ കെട്ടികിടക്കാൻ സാദ്ധ്യത ഉണ്ടത്രേ. മുടക്കിയ നിസ്കാരങ്ങൾ, അനുഷ്ഠിക്കാതെ പോയ നോമ്പുകൾ, സക്കാത്തുകൾ, ഒഴിവാക്കിയ ജുമാ നിസ്കാരങ്ങൾ, ഈമാൻ—ഇസ്ലാം കാര്യങ്ങൾ നിഷേധിച്ചുള്ള ജീവിത രീതി. അങ്ങിനെയൊക്കെ ജീവിച്ചവരിൽ ഇതു് സംഭവിക്കാം എന്നായിരുന്നു പറഞ്ഞതു്.”
“കുളിപ്പിച്ചവർ ബുദ്ധിമുട്ടിക്കാണുമല്ലോ.”
“ഇല്ല. അഴുക്കുകൾ കൂടുതൽ ഇളകി വരുന്തോറും അവർ സന്തോഷം കൊണ്ടു് മാഷാ അള്ളാ, സുബ്ഹാനള്ളാ എന്നു് പറയുകയും കൂടുതൽ ഉത്സാഹത്തോടെ വെള്ളം കോരി ഒഴിക്കുകയും, കൈകൾ കൊണ്ടു് തേച്ചു വൃത്തിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.”
“മനുഷ്യ സ്നേഹികൾ.”
“അല്ല, അവിടെയും പടച്ചവൻ നൽകുന്ന കൂലിയായിരുന്നു കാരണം. ഒരു കാഫിറിനെപ്പോലെ ജീവിച്ചു മരിച്ച ഒരു മനുഷ്യന്റെ അഴുക്കുകൾ കഴുകി ശുദ്ധീകരിക്കുമ്പോൾ കിട്ടുന്ന ഗുണങ്ങൾ ലോകത്തു് മറ്റേതു് സൽപ്രവൃത്തികൾ ചെയ്യുമ്പോൾ കിട്ടുന്ന ഗുണത്തേക്കാളും പത്തിരട്ടി എന്നാണു മൗലവി അവരോടു് പറഞ്ഞതു്. ”
“ എന്തായാലും എല്ലാവർക്കും കൂലിയുടെയും ഗുണത്തിന്റെയും ഇനത്തിൽ നല്ലൊരു ദിവസമായിരുന്നു ഇന്നു്, അല്ലെ?”
“അതെ.”
“ജൈന മതത്തിൽ സന്താര എന്നൊരു മാർഗ്ഗമുണ്ടു്. ഒരു മോക്ഷ മാർഗ്ഗം. ഭക്ഷണം പടിപടിയായി വർജ്ജിച്ചുകൊണ്ടു് മരണത്തിലേക്കു് പതിയെ പതിയെ നടന്നടുക്കുന്ന ഒരു രീതി. സ്നേഹിക്കുന്നു, നന്നായി പരിപാലിക്കുന്നു എന്നു് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി വിശപ്പില്ലെങ്കിലും നിർബന്ധിച്ചു തീറ്റി പോറ്റുന്നവരിൽ നിന്നും രക്ഷ നേടാം. മരണ സമയത്തു് ദഹിക്കാതെ കിടക്കുന്ന ഭക്ഷണങ്ങൾ ഉള്ളിൽ കിടന്നു് ചീഞ്ഞു നാറില്ല. പാപിയായി മരിക്കുമ്പോഴും മറ്റൊരുവനു് ഗുണകരമാവുന്നു എങ്കിലും കുളിപ്പിക്കുന്നവരെ ബുദ്ധിമുട്ടിക്കേണ്ടി വരില്ല.”
“പിന്നേയും ഇബിലീസുകൾ അവരെ വെറുതെ വിട്ടില്ല”
“എങ്ങിനെ?”
“ഖുർ-ആൻ പാരായണം ചെയ്തുകൊണ്ടിരുന്ന സ്ത്രീകൾ തുടർച്ചയായി കോട്ടുവായ് ഇടുകയും അവർ ഇടയ്ക്കിടെ ഉറങ്ങിപ്പോവുകയും ചെയ്തു. വായിച്ചു കൊണ്ടിരുന്ന വരികൾ തെറ്റിപ്പോകുകയും വെള്ളെഴുത്തു് ബാധിച്ചവരെപ്പോലെ അക്ഷരങ്ങൾ അവരുടെ കണ്ണുകളിൽ തെളിയാതെ പോവുകയും ചെയ്തു.”
“കറാമത്തുകൾ?”
“അതെ, അദൃശ്യരായി നിന്നിരുന്ന ഇബ്ലീസുകൾ കരഞ്ഞുകൊണ്ടു് ഖുർ-ആൻ ഓതിയവരെ ചിരിപ്പിച്ചു. അവർ കരയുന്നതിനിടയ്ക്കു് കുലുങ്ങി ചിരിക്കുന്നതും കണ്ടു.”
“ഒരു ബന്ധവും ഇല്ലാത്ത ഒരു മനുഷ്യനു വേണ്ടി കരഞ്ഞതായിരിക്കാം ഒരു പക്ഷേ, അദൃശ്യ ശക്തികളെ ചൊടിപ്പിച്ചത്.”
“അറിയില്ല, ഇത്തരം അതിരു കടന്ന ചോദ്യങ്ങൾ ചോദിയ്ക്കാൻ ആർക്കാണു് ധൈര്യം?”
“ശരിയാണു്, അതിരുകൾക്കുള്ളിൽ നിൽക്കുന്നവർക്കു് ചോദ്യങ്ങൾ ഉണ്ടാവില്ല. സുരക്ഷിതരാണവർ. അറവു ശാലയിലേക്കു് തെളിച്ചു കൊണ്ടുപോകുന്ന മൃഗങ്ങളെപോലെ ശാന്തരാണവർ. നയിക്കുന്നവരെ അനുസരിച്ചാൽ മതി. ചോദ്യങ്ങൾ വേണ്ട. വഴി അറിയാത്തവരേയും അവർ ലക്ഷ്യത്തിലെത്തിക്കും. എന്നാൽ അതിരുകൾക്കു് പുറത്തു് ചോദ്യങ്ങളുമായി തനിച്ചു നിൽക്കാനാണ് ധൈര്യം വേണ്ടതു്. ഏതു് നിമിഷവും വേട്ടയാടപ്പെടാം.”
“തനിച്ചു നിൽക്കേണ്ടിവരുമ്പോൾ ഭയക്കരുതു്. ”
“മരണത്തെ മനസ്സിലാക്കിയവരെ ഭയം തീണ്ടില്ല. മരണത്തേക്കാളും ഭയപ്പെടുത്തുന്നതായി യാതൊന്നുമില്ലല്ലോ ലോകത്തിൽ.”
“അതെ.”
മാവിന്റെ ഇലകൾ കാറ്റിലിളകി, ചവിട്ടി നിന്ന കരിയിലകൾ കരയുന്നു. ഞാൻ ആകാശത്തേക്കു് നോക്കി. ഇപ്പോൾ ഉരുണ്ടുകൂടി നിന്ന മഴക്കാറില്ല. നക്ഷത്രങ്ങൾ തെളിഞ്ഞിരിക്കുന്നു.
“ഇന്നു് ആകാശം നിറയെ നക്ഷത്രങ്ങളാണല്ലോ, നമുക്കു് ഈ രാത്രി മുഴുവനും ഉണർന്നിരുന്നാലോ?”
“അതിനെന്താ ഇരിക്കാമല്ലോ, നിനക്കറിയാമോ ആകാശത്തു് മിന്നിത്തിളങ്ങുന്ന ഈ നക്ഷത്രങ്ങളെല്ലാം നോക്കുന്ന ആളിന്റെ ഉള്ളിൽ തന്നെയാണു്.”
“അറിയാം, നക്ഷത്രങ്ങൾ മാത്രമല്ല, മുന്നിൽ കാണുന്ന എല്ലാ കാഴ്ചകളും, ഈ ശരീരം പോലും നോക്കുന്നവന്റെ ഉള്ളിൽ തന്നെയാണ്.”
“ജാഗ്രത്തിലും, സ്വപ്നത്തിലും, സുഷുപ്തിയിലും ഉണർന്നിരിക്കുന്ന ബോധം.”
“മരണമില്ലാതെ.”
“അതെ അതിനു് മരണമില്ല, ജനനവും.”
square
തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. കഴിഞ്ഞ മുപ്പതു് വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്നു. ഇപ്പോൾ നീതി ആയോഗിൽ ജോലി ചെയ്യുന്നു.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: അഷ്റഫ് മുഹമ്മദ്