“ഏകദേശം ഒരു മാസത്തിനു് മുമ്പാണു് അതു് സംഭവിച്ചതു്. ഉച്ച ഊണൊക്കെ കഴിച്ചു് അല്പം ഉറങ്ങാമെന്നു് കരുതി ഞാനും ഭാര്യയും കൂടി മുറിയിൽക്കയറി വാതിലടച്ചു. അവധി ദിവസങ്ങളിൽ പതിവുള്ളതാണു് ഈ ഉച്ചയുറക്കം. തിരക്കു പിടിച്ച ദിനങ്ങളുടെ ഒടുവിൽ കിട്ടുന്ന ഒഴിവു ദിവസങ്ങളെ കുറച്ചെങ്കിലും ആനന്ദപ്രദമാക്കുന്നതു് ഇതൊക്കെയല്ലേടോ?”
തർവീന്ദർ സിങ് ആ ചോദ്യം എന്നോടു് ചോദിക്കുമ്പോൾ അയാളുടെ മുഖത്തു് ഒരു കുസൃതി ചിരിയുണ്ടായിരുന്നു. എന്നാൽ അതിനുത്തരം പ്രതീക്ഷിക്കാത്തതു് പോലെ അയാൾ നിലത്തേക്കു് നോക്കി എന്തോ ചിന്തിച്ചു് പെട്ടെന്നു് നിശ്ശബ്ദനായി.
തർവീന്ദറിനെ നന്നായി അറിയാവുന്ന ഞാൻ ആ ചോദ്യം കേട്ടതായി നടിച്ചില്ല. ഞാൻ ആ സമയം എന്റെ മേശപ്പുറമെല്ലാം വൃത്തിയാക്കാമെന്നു് തീരുമാനിച്ചു. കീറിക്കളയേണ്ട പേപ്പറുകൾ, ഫയലിംഗ് ചെയ്യേണ്ട റിപ്പോർട്ടുകൾ, ഇമെയിൽ കോപ്പികൾ, വായിച്ചു കഴിഞ്ഞ ന്യൂസ് പേപ്പറുകൾ എല്ലാം ഒരാഴ്ചവരെ മേശപ്പുറത്തുണ്ടാവും. എല്ലാം ഒരുവിധം അടുക്കിപ്പെറുക്കി മേശയുടെ ഒരു സൈഡിൽ വച്ചു. വായിച്ചു പകുതിയാക്കിയ പുസ്തകം മേശയുടെ ഉള്ളിൽ വച്ചു. ടേബിൾ കലണ്ടറും പെൻസ്റ്റാൻഡും ഒരു സൈഡിലേക്കു് മാറ്റി മേശപ്പുറത്തു് ഒരു ന്യൂസ് പേപ്പർ വിരിക്കാനുള്ള സ്ഥലമുണ്ടാക്കി. തർവീന്ദറിനു് വേണ്ടി ക്യാന്റീനിൽ നിന്നും വരുത്തിയ ഓംലെറ്റും ചട്ട്ണിയും നിറച്ച മൺ പിഞ്ഞാണം ന്യൂസ് പേപ്പറിനു് മുകളിൽ വച്ചു് അയാളുടെ മുന്നിലേക്കു് നീക്കി വച്ചു.
തർവീന്ദർ അപ്പോഴും അനക്കമില്ലാതെ ഇരിക്കുകയാണു്. അയാൾ പറയാൻ തുടങ്ങി വച്ച ആ വിഷയം കൈവിട്ടു് താഴെ വീണു് ചിതറിയപ്പോയതു് പോലെ അയാൾ നിലത്തേക്കു് തന്നെ നോക്കിയിരുന്നു. തർവീന്ദർ സിങ് ഇങ്ങിനെയാണു്. സംസാരത്തിനിടയിൽ ഒട്ടും പ്രതീക്ഷിക്കാതെ നിശ്ശബ്ദനാവാറുണ്ടു്. ചിലപ്പോഴൊക്കെ പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങൾ ഇടയ്ക്കു് വച്ചു് മറന്നു പോയതു് പോലെ അയാൾ നിസ്സഹായനായി അകലേക്കു് നോക്കിയിരിക്കും അല്ലെങ്കിൽ അതു വരെ പറഞ്ഞുകൊണ്ടിരുന്ന വിഷയത്തിൽ താൽപ്പര്യം നഷ്ടപ്പെട്ടപോലെ വാക്കുകളെല്ലാം ഉപേക്ഷിച്ചു് അയാൾ ഉള്ളിലെവിടെയോ പോയി മറഞ്ഞ പോലെ തോന്നും.

അയാളുടെ ആ സ്വഭാവം എനിക്കു് നന്നായി അറിയാവുന്നതിനാൽ ആ സമയത്തൊക്കെ ഞാൻ വേറെ എന്തെങ്കിലും അത്യാവശ്യ ജോലികൾ ചെയ്തു തീർക്കും. ഏതെങ്കിലും ഒരു നിസ്സാര കാര്യം പോലും നീണ്ട ഇടവേളകൾ എടുക്കാതെ പല പല ഭാഗങ്ങളായി മുറിച്ചു മാറ്റാതെ അയാൾക്കു് പറയാൻ കഴിയില്ല. അതൊക്കെ മൂളി കേട്ടില്ലെങ്കിലും എന്റെ അഭിപ്രായം പറഞ്ഞില്ലെങ്കിലും അയാൾ വിഷമിക്കാറില്ല. ഇടയ്ക്കിടയ്ക്കു് ചോദ്യങ്ങൾ ചോദിക്കുമെങ്കിലും അതിനൊന്നും ഉത്തരങ്ങൾ ആവശ്യമില്ലാത്തതു് പോലെ അയാൾ നിശ്ശബ്ദനാവും. പലപ്പോഴും അയാൾ എന്റെ മുറിയിൽ ഇരിക്കുന്ന കാര്യമേ ഞാൻ മറന്നുപോവാറുണ്ടു്. ചിലപ്പോഴൊക്കെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ പൂർത്തിയാക്കാതെ യാത്രപോലും പറയാതെ അയാൾ ഇറങ്ങിപ്പോവാറുമുണ്ടു്.
കുറച്ചു കഴിഞ്ഞപ്പോൾ തർവീന്ദർ ചിന്തകളിൽ നിന്നും ഉണർന്നെണീറ്റു് തന്റെ മുന്നിൽ വച്ചിരുന്ന ഓംലെറ്റ് വച്ച പ്ലേറ്റ് കയ്യിലെടുത്തു. വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും കറി വേപ്പിലയും ഇട്ടു് പൊരിച്ചെടുത്ത ഓംലറ്റ് അയാൾക്കിഷ്ട്ടമാണു്. അത് കഴിക്കാൻ കൂടിയാണു് അയാൾ എന്റെ ഓഫീസിൽ വരുന്നതു് തന്നെ. അയാൾ ഓംലെറ്റിനെ സ്പൂൺ കൊണ്ടു് പല തുണ്ടുകളായി മുറിച്ചു തുടങ്ങി.
ഒരു ഹിന്ദി ന്യൂസ് പേപ്പറിലെ സീനിയർ റിപ്പോർട്ടർ ആണു് തർവീന്ദർ സിങ്. ഹിന്ദിയിൽ നിമിഷ കവിതകൾ എഴുതാറുള്ള അയാൾ ഏതെങ്കിലും പുതിയ കവിതകൾ എഴുതിയാൽ അതൊക്കെ എന്നെ വായിച്ചു് കേൾപ്പിക്കുന്നതു് പതിവാണു്. രാവിലെ തന്നെ ഫോൺ ചെയ്യും: “എടൊ താൻ ഓഫീസിൽ എത്തിയോ? ഞാനിതാ വരുന്നു. ഇതു് തന്നെയൊന്നു് വായിച്ചു കേൾപ്പിച്ചാലേ ഒരു തൃപ്തിയുള്ളു. ഞാനിതാ എത്തി. താൻ ഒരു ഡബിൾ എഗ്ഗിന്റെ ഓംലെറ്റ് ഓർഡർ ചെയ്യ്, കൂടെ ഒരു കോഫിയും.”
എന്റെ ഓഫീസിന്റെ തൊട്ടു പിറകിലാണു് അയാൾ ജോലി ചെയ്യുന്ന പത്രത്തിന്റെ ഓഫീസ്. പത്തു് മിനിറ്റ് മതി അയാൾക്കു് നടന്നെത്താൻ. ഒരു പത്ര പ്രവർത്തകൻ എന്നതിലുപരി ഒരു കവിയായി അറിയപ്പെടാനാണു് തർവീന്ദറിനു് ആഗ്രഹം.
ഒരിക്കൽ പ്രധാന മന്ത്രി പങ്കെടുത്ത ഒരു ഹൈ ലെവൽ വാർത്താ സമ്മേളനത്തിൽ തന്റെ പത്രത്തെ പ്രതിനിധീകരിച്ചു് തർവീന്ദറും പങ്കെടുത്തു. രണ്ടായിരത്തി ഇരുപത്തിനാലിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന പ്രധാന മന്ത്രിയുടെ വാഗ്ദാനം ശരിക്കും നടക്കുമോ എന്ന ചോദ്യമാണു് പ്രധാനമന്ത്രിയോടു് ചോദിയ്ക്കാൻ തർവീന്ദറിനെ തന്റെ എഡിറ്റർ ചുമതലപ്പെടുത്തിയിരുന്നതു്. എന്നാൽ തന്റെ ഊഴം വന്നപ്പോൾ പ്രധാന മന്ത്രി അപ്പോൾ ധരിച്ചിരുന്ന കുർത്തയെ പ്പറ്റി എട്ടു വരി കവിത എല്ലാവരും കേൾക്കെ ഉറക്കെ ചൊല്ലി കേൾപ്പിക്കുകയാണു് തർവീന്ദർ ചെയ്തതു്. അയാളുടെ കവിതയെ പ്രശംസിച്ച പ്രധാന മന്ത്രി അടുത്ത ദിവസം തന്റെ വസതിയിൽ വച്ചു നടത്തിയ വിശിഷ്ട വ്യക്തികൾക്കായുള്ള ഒരു അത്താഴ വിരുന്നിൽ ഡൽഹിയിലെ ചില പ്രമുഖ പത്രപ്രവർത്തകരോടൊപ്പം തർവീന്ദറിനെയും ക്ഷണിച്ചു.
ഒരു കവിയെ അല്ല ഞങ്ങളുടെ പത്രത്തിനു് വേണ്ടതു് എന്ന തീരുമാനത്തിൽ എത്തിയ എഡിറ്റർ അടുത്ത ദിവസം തന്നെ തർവീന്ദറിനെ പുറത്താക്കിയെങ്കിലും തന്റെ സർഗാത്മകതയ്ക്കു് കിട്ടിയ ആ വലിയ അംഗീകാരം അയാളെ അല്പവും വിഷമത്തിലാക്കിയില്ല.
തലസ്ഥാന നഗരിയിൽ എവിടെ കവിയരങ്ങുണ്ടോ അവിടെ തർവീന്ദർ ഉണ്ടാവും. വാർത്തകളേക്കാൾ അയാൾ കവിതകളെയും കവികളെയും തേടി നഗരത്തിലൂടെ അലഞ്ഞു നടന്നു.
തർവീന്ദർ സ്പൂൺ കൊണ്ടു് ഓംലെറ്റിന്റെ കഷണങ്ങളെ ഒരു പ്രത്യേക ആകൃതിയിൽ ക്രമീകരിക്കാൻ തുടങ്ങി. ഓരോ കഷണത്തെയും ഒരേ ആകൃതിയിൽ മുറിച്ചിട്ടു് വേണം തിന്നേണ്ടതു് എന്നു് ആരോ നിർബന്ധിച്ച പോലെ അയാൾ ഓരോന്നും ക്ര്യത്യമായി വീണ്ടും വീണ്ടും മുറിച്ചുകൊണ്ടിരുന്നു. ഒടുവിൽ എല്ലാം തൃപ്തിയായി മുറിച്ചു വെച്ചിട്ടു് അയാൾ പറഞ്ഞു തുടങ്ങിയ വിഷയത്തിലേക്കു് മടങ്ങി വന്നു.
“ഞങ്ങൾ ഉച്ചയുറക്കത്തിനു് പോവുമ്പോഴൊക്കെ ഞാൻ കതകു് അടച്ചു് കുറ്റിയിടാറുണ്ടു് കാരണം മകൾ തൊട്ടടുത്ത മുറിയിലാണു് ഉള്ളതു്. അന്നു് കതകടച്ചു് തിരിഞ്ഞതും തുറന്നു കിടന്ന ജനാലയിലൂടെ ഒരു പ്രാവു് മുറിക്കുള്ളിലേക്കു് പറന്നു വന്നു. പുറത്തേക്കുള്ള വഴി അന്വേഷിച്ചു് അതു് നാലു് ചുറ്റും പറക്കുകയും പല തവണ ചുമരിൽ തലയിടിച്ചു് വീഴുകയും ചെയ്തു. ഞാൻ കരുതി അതു് കറങ്ങിക്കൊണ്ടിരുന്ന ഫാനിൽ തലയിടിച്ചു് ചിതറി താഴെവീഴുമെന്നു്. ഭാഗ്യത്തിനു് അതുണ്ടായില്ല”.
“പിന്നെന്തുണ്ടായി” ഞാൻ ഇമെയിലുകൾ ചെക്ക് ചെയ്യുന്നതിനിടയിൽ താൽപ്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു.
“ജനാലപ്പടിയിൽ പല്ലിയെപ്പിടിക്കാൻ വച്ചിരുന്ന ഒരു കെണിയിൽ ആ പ്രാവു് കുടുങ്ങി. ഭാര്യക്കു് പല്ലിയെ ഭയങ്കര പേടിയാണു്. ഒരു പല്ലിയെ കണ്ടാൽ അവൾ പ്രേതത്തെ കണ്ടപോലെ നിലവിളിക്കും. പല്ലിയെ പിടിക്കാനുള്ള കെണികൾ അവൾ വീട്ടിനുള്ളിൽ പല സ്ഥലങ്ങളിലും വച്ചിട്ടുണ്ടു്. പശ വച്ചുള്ള ഒരു കെണിയായിരുന്നു അത്. ഒരു മനുഷ്യന്റെ കയ്യോ കാലോ അതിൽ ഒട്ടിപ്പോയാലും ഇളക്കിയെടുക്കാൻ പാടുപെടും പിന്നല്ലേ ഒരു പ്രാവു്. പശയിൽ ചുണ്ടും ചിറകുകളും ഒട്ടിപ്പിടിച്ചതിനാൽ പറന്നു പോവാൻ കഴിയാതെ അതു് പിടഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ അത് അനങ്ങാതെയായി. മരണ വെപ്രാളം, എനിക്കതു് നോക്കി നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ രണ്ടും കൽപ്പിച്ചു് അതിനെ കയ്യിലെടുത്തു”
“അത് നന്നായി. ജീവനുണ്ടായിരുന്നോ അതിനു്” ഞാൻ വീണ്ടും അയാളുടെ മുഖത്തു് നോക്കാതെ ചോദിച്ചു.
“അതെ, കയ്യിലെടുത്തപ്പോൾ ആദ്യം അതിനു് ജീവനില്ലാത്തപോലെ തോന്നി. കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്റെ കയ്യിലെ ചൂടു് തട്ടിയതു് കൊണ്ടാവണം അതിന്റെ ഹൃദയമിടിപ്പു് വിരലുകളിലൂടെ ഞാനറിഞ്ഞു. ക്രമേണ ഹൃദയമിടിപ്പിന്റെ ശക്തി കൂടിക്കൂടി വരികയും കാലുകളും ചിറകുകളും അനക്കിത്തുടങ്ങുകയും ചെയ്തു. ഒടുവിൽ അതു് കണ്ണുകൾ തുറന്നു് ചുറ്റും നോക്കി.”
തർവീന്ദർ സംസാരം മതിയാക്കിട്ടു് പ്ലേറ്റിൽ നിന്നും മുട്ടയുടെ രണ്ടു കഷണങ്ങൾ ഫോർക്കിൽ കുത്തിയെടുത്തു് ചട്ട്ണിയിൽ മുക്കി കഴിച്ചിട്ടു് കൈലേസ് എടുത്തു് നീണ്ട മീശയും താടിയും തുടച്ചു വൃത്തിയാക്കിയിട്ടു് പറഞ്ഞു.
“ഒരു വിധത്തിൽ ഞാനതിനെ ജനാലയിലൂടെ പറത്തി വിട്ടു”.
“ഹോ ഇത്രയേയുള്ളോ, താൻ രാവിലെ തന്നെ എന്നെ പേടിപ്പിച്ചുകളഞ്ഞല്ലോ” ഞാൻ ചിരിച്ചു കൊണ്ടു് പറഞ്ഞു.
എന്റെ വാക്കുകൾ കേൾക്കാത്ത പോലെ അയാൾ വീണ്ടും നിശ്ശബ്ദനായി ഒഴിഞ്ഞ പ്ലേറ്റിലേക്കു് നോക്കിയിരുന്നു. ഞാൻ എന്റെ ജോലികൾ തുടർന്നു. എന്റെ ബോസ്സ് അന്നു് അവധിയായിരുന്നു. അവധിയെടുത്താലും ഓരോ മണിക്കൂർ ഇടവിട്ടു് ഫോൺ ചെയ്തു് അയാൾ എന്തെങ്കിലുമൊക്കെ എന്നോടു് ചോദിച്ചുകൊണ്ടേയിരിക്കും. ഞാൻ റൂമിൽ തന്നെ ഉണ്ടോ എന്നറിയാനാണു് ആ ഫോൺ വിളികൾക്കു് പിന്നിലെ ഉദ്ദേശമെന്നു് എനിക്കറിയാം. എന്നാൽ അയാൾ അവധിയെടുക്കുന്ന ദിവസങ്ങളിലാണു് എനിക്കു് ഒരിടവും പോകാതെ റൂമിൽ ത്തന്നെ ഇരിക്കാൻ ഇഷ്ടവും. വായിക്കാനും എഴുതാനും വെറുതെയിരിക്കാനും സ്വസ്ഥത കിട്ടുന്ന നേരം അപ്പോഴാണു്.
കുറച്ചു നേരം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോഴും തർവീന്ദർ അതേ ഇരിപ്പിലാണു്. ഒരു പ്ലേറ്റ് ഓംലെറ്റ് കൂടി ഓർഡർ ചെയ്യട്ടെ എന്നു് ചോദിയ്ക്കാൻ തുടങ്ങുകയായിരുന്നു ഞാൻ. എന്നാൽ ആ നിമിഷം എന്തെങ്കിലും ചോദിച്ചു് അയാളുടെ ശ്രദ്ധ തിരിക്കേണ്ട എന്നു് തോന്നി. ആ സംഭവം അവിടെ അവസാനിച്ചില്ല എന്നും പതിവുപോലെ അയാൾ ഓർമ്മകളെ അടുക്കിപ്പെറുക്കിയെടുക്കാൻ ഉള്ളിലെവിടെയോ പോയിരിക്കുകയാണെന്നും എനിക്കപ്പോൾ തോന്നി.
ആ സമയം ഞാൻ ക്യാന്റീനിലേക്കു് ഫോൺ ചെയ്തു് രണ്ടു കോഫിക്കു് ഓർഡർ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ക്യാന്റീനിൽ നിന്നും കോഫിയുമായി വന്ന പയ്യൻ രണ്ടു കപ്പുകൾ മേശപ്പുറത്തു് വെച്ചിട്ടു് തർവീന്ദറിനോടായി ചോദിച്ചു: “ക്യാ ഹാലെ സാബ്”. എന്റെ മുറിയിൽ സ്ഥിരമായി വന്നിരിക്കാറുള്ള തർവീന്ദറിനെ അയാൾക്കറിയാം. എന്നാൽ ജീവനില്ലാത്തൊരു പ്രതിമ പോലെ അനക്കമില്ലാതിരുന്ന തർവീന്ദർ അയാളെ ശ്രദ്ധിച്ചേയില്ല. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ സംഭവത്തിന്റെ ബാക്കി ഭാഗവുമായി തർവീന്ദർ വീണ്ടും തിരിച്ചെത്തി.
“എടോ ആദ്യമായാണു് ഞാൻ ഒരു പക്ഷിയെ അങ്ങിനെ കൈക്കുള്ളിൽ ഒതുക്കിപ്പിടിച്ചതു്. അതു് എന്റെ വിരലുകൾക്കുള്ളിലിരുന്നു് കുറുകിക്കരഞ്ഞു. മരണപ്പിടച്ചിലിൽ അതിനുള്ളിലെ ജീവൻ വളരെ വേഗതയിൽ ഉയർന്നു താഴുന്നതു് വിരലുകളിലൂടെ ഞാനറിഞ്ഞു. കുതറി മാറാൻ ശ്രമിക്കുന്ന ആ കുഞ്ഞു ശരീരത്തിലെ ജീവന്റെ ചൂടു്, അതെന്റെ ഞരമ്പുകളിലൂടെ വൈദ്യുതി പോലെ പാഞ്ഞുകയറി.”
ആ സംഭവം നടന്നതു് അൽപ്പം മുമ്പായിരുന്നു എന്ന പോലെ അയാൾ തന്റെ രണ്ടു കയ്യും മാറി മാറി നോക്കി.
“എന്തായാലും അതങ്ങു പറന്നു പോയില്ലേ” ഞാൻ അയാളെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു.
“പക്ഷെ അതൊരു വഴിത്തിരിവായിരുന്നെടോ. ജീവിതം തന്നെ വല്ലാതെ മാറിപ്പോയി”, അയാൾ മുഖത്തേക്കു് നോക്കാതെ സംസാരിച്ചു.
“എങ്ങിനെ?”
“അന്നു രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോഴാണു് സംഭവങ്ങളുടെ തുടക്കം”
“എന്നു വെച്ചാൽ”
“അന്നു് രാത്രി ഭക്ഷണത്തിനു് ഭാര്യ ഉണ്ടാക്കിയതു് ചപ്പാത്തിയും പൊരിച്ച കോഴിയുമായിരുന്നു. കനലിൽ ഇട്ടു് പൊള്ളിച്ചെടുത്ത വെണ്ണ തേച്ച ചപ്പാത്തിയും കടുകെണ്ണയിൽ മുക്കി പൊരിച്ച ചിക്കൻ കാലും അവൾ ഒരു പ്ലേറ്റിൽ എന്റെ മുന്നിൽ കൊണ്ടു വച്ചു. മൊരിഞ്ഞ ചിക്കന്റെ കാലു് ചപ്പാത്തിയിൽ പൊതിഞ്ഞെടുത്തു് ഞാൻ വായിൽ വച്ചു. അപ്പോഴാണു് അതു് സംഭവിച്ചതു്”
“ഏതു?”
“ചപ്പാത്തിയിൽ പൊതിഞ് വായിൽ വച്ച പൊരിച്ച ചിക്കൻ കാലു് എന്റെ വായ്ക്കുള്ളിൽ ഇരുന്നു് ജീവൻ വച്ച പോലെ ഒന്നു് പിടഞ്ഞു, അതു് പുറത്തേക്കു് രക്ഷപ്പെടാൻ ശ്രമിക്കുമ്പോലെയാണു് എനിക്കു് തോന്നിയതു്. ഷോക്കടിച്ചപോലെ ഞാനതിനെ പ്ലേറ്റിലേക്കു് തുപ്പിയിട്ടു”
തർവീന്ദർ മേശപ്പുറത്തിരുന്ന തണുത്ത കോഫി ശബ്ദത്തോടെ ഒരിറക്കിനു് കുടിച്ചിട്ടു് കസേരയിൽ ചാരിയിരുന്നു് എന്റെ മുഖത്തേക്കു് നോക്കി. പിന്നെ കണ്ണുകൾ അടച്ചു. ഇതിനൊരു വിശദീകരണം നൽകേണ്ടതു് ഇപ്പോൾ എന്റെയും കൂടി കടമയാണെന്നു് അയാൾ ഓർമ്മപ്പെടുത്തുമ്പോലെ എനിക്കു് തോന്നി.
ഇടയ്ക്കു് വച്ചു് ഇന്ധനം തീർന്നു പോയതിനാൽ ശബ്ദവും വെളിച്ചവും കെട്ടുപോയ ഒരു എൻജിൻ പോലെ അയാൾ കസേരയിൽ അമർന്നു. ഇനി കുറച്ചു നേരത്തേക്കു് അയാൾ ശബ്ദിക്കില്ല എന്നറിയാമെന്നതിനാൽ ഞാനും ആ സമയം ഒന്നും ചെയ്യാനില്ലാതെ കസേരയിൽ ചാരിയിരുന്നു. അതുവരെ ഇല്ലാത്തൊരു തളർച്ച എന്നെ വന്നു പൊതിയുന്നതു് ഞാനറിഞ്ഞു. കാലുകൾ നീട്ടി വച്ചു് എവിടെയെങ്കിലും ഒന്നു് മലർന്നു കിടക്കണമെന്നു് തോന്നി. തുറന്നു കിടന്ന ജനാലയിലൂടെ പുറത്തെ വേപ്പുമരത്തിന്റെ ഇലകൾ കാറ്റിൽ ഉലയുന്നുതു് കണ്ടു. വേപ്പുമരങ്ങളെ ചുറ്റി വരുന്ന കാറ്റിനു് എപ്പോഴും ഏതോ കയ്പുള്ള പച്ചില മരുന്നിന്റെ മണമുണ്ടാവുമെന്നു് എപ്പോഴും തോന്നാറുണ്ടു്. ഈ നഗരത്തിലെ വീഥികൾ മുഴുവനും വേപ്പുമരങ്ങളാണു്. പനി പിടിച്ച പോലെ എന്റെ ചുണ്ടിലും നാവിലും കയ്പു പടർന്നു.
അയാൾ പറഞ്ഞ സംഭവത്തിലെ ഒട്ടും പ്രതീക്ഷിക്കാത്ത ആ ട്വിസ്റ്റ് എന്റെ ഉള്ളിലെവിടെയോ ഉടക്കിപ്പിടിച്ചിരുന്നു. രാവിലെ മുതൽ വായിക്കുകയായിരുന്നു എന്ന പോലെ എന്റെ കണ്ണുകളിൽ പെട്ടെന്നു് ഭാരം നിറഞ്ഞ പോലെ തോന്നി. അവ ഭാരം താങ്ങാനാവാതെ അടഞ്ഞു പോവുകയാണു്. തലയില്ലാത്തൊരു കോഴി മേശപ്പുറത്തു് വിളമ്പി വച്ച പാത്രത്തിൽ നിന്നും ഇറങ്ങി നടക്കുന്നു. ദിശതെറ്റി ചുറ്റിക്കറങ്ങി വഴി മറന്നു് തളർന്നു് ഒടുവിൽ അത് പാത്രത്തിലേക്കു് തന്നെ രക്ഷപ്പെടാനാകാതെ തിരിച്ചെത്തുന്നു. തലയറ്റുപോവുമ്പോഴും നിമിഷങ്ങളോളം ജീവൻ ബാക്കിയുണ്ടാവാം. ആ നിമിഷങ്ങളിൽ തുറന്ന കണ്ണുകളിലൂടെ എന്തു് കാഴ്ചയായിരിക്കും അവ കാണുക. ഓരോ ജീവിയും ലോകത്തെ നോക്കുന്നതു് ഓരോ മാനങ്ങളിലൂടെയാവാം. ഞാൻ അറിയാതെ വലതു് കൈ കൊണ്ടു് എന്റെ നെഞ്ചുഴിഞ്ഞു. എന്റെ കയ്യിലെ രോമങ്ങൾ എണീറ്റു് നിന്നു. തൊണ്ട വരണ്ടു.
വർഷങ്ങൾക്കു് മുമ്പേ മാംസാഹാരം ഉപേക്ഷിച്ചവനാണു് ഞാൻ. ഒരിക്കൽ ഒരു റംസാൻ കാലത്തു് ചിക്കൻ വാങ്ങാനായി കടയിൽ പോയി. കടയ്ക്കു് മുന്നിൽ അന്നു് നല്ല ക്യൂ ആയിരുന്നു. ഇറച്ചി വെട്ടുകാരൻ കോഴികളെ കഴുത്തു് മുറിച്ചു് ഒരു ബക്കറ്റിലേക്കു് എറിഞ്ഞുകൊണ്ടിരുന്നു. തിരക്കു് കൂടി വന്നപ്പോൾ അയാൾ ബക്കറ്റിൽ നിന്നും ജീവൻ പോകാത്ത കോഴികളെ പുറത്തെടുത്തു് തൂവൽ ഉരിയുന്നതു് കാണേണ്ടിവന്നു. കയ്യും കാലും മുറിച്ചു മാറ്റുമ്പോഴും ചിലതു് പിടയുന്നുണ്ടായിരുന്നു. എനിക്കു് കിട്ടിയ പൊതിയുമായി വീട്ടിലേക്കു് നടക്കുമ്പോൾ എപ്പോഴോ എന്റെ കൈക്കുള്ളിലെ പൊതിയിൽ ഇരുന്നു് മുറിച്ചു മാറ്റിയ അതിന്റെ അവയവങ്ങൾ ഒന്നു് പിടഞ്ഞതുപോലെ തോന്നി. ഞാനതു് റോഡരുകിലേക്കു് വലിച്ചെറിഞ്ഞു. അന്നു് ഞാൻ വീട്ടിലെത്തി രാത്രി മുഴുവനും ഛർദിച്ചു് അവശനായി. അതിനു ശേഷം ഞാൻ മാംസാഹാരം കഴിച്ചിട്ടില്ല.
എന്നിൽ നിന്നും ഒരു വിശദീകരണം പ്രതീക്ഷിക്കുന്നപോലെ തർവീന്ദർ കണ്ണുകൾ തുറന്നു് എന്നെ നോക്കി.
“ഹേയ് തനിക്കു് തോന്നിയതാവും. അങ്ങിനെയാവാൻ ഒരു വഴിയുമില്ല. അല്ലെങ്കിലും തനിക്കു് അൽപ്പം ഭാവന കൂടുതലാണു്. താനൊരു കവിയല്ലേ, ഇതു് തന്റെ ഒരു ഭാവനയാണു്, എ മോർബിഡ് ഇമാജിനേഷൻ”.
അങ്ങിനെ പറയുമ്പോൾ ഞാൻ ചിരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ ചിരി കഫം നിറഞ്ഞൊരു ചുമയായി പുറത്തു വന്നു.
“അല്ലെടോ അതു് എന്റെ വായിൽ നിന്നു് പിടഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുമ്പോലെയാണു് തോന്നിയതു്. ഞാൻ അതിനെ പ്ലേറ്റിലേക്കാണു് തുപ്പിയതെങ്കിലും അതു് അവിടെയും നിൽക്കാതെ ജീവൻ വച്ചപോലെ നിലത്തേക്കു് ചാടിപ്പോയി. അന്നു് വീട്ടിൽ ആരും ഭക്ഷണം കഴിച്ചില്ല. ഞാൻ പറഞ്ഞതു് ഭാര്യയും മകളും വിശ്വസിച്ചില്ല. ആ സംഭവത്തിനു് ശേഷം എനിക്കു് നോൺവെജ് ഭക്ഷണത്തെപ്പറ്റി ചിന്തിക്കാൻ പോലും പറ്റാതെയായി. തനിക്കു് എന്നെ അറിയാമല്ലോ. ആരോഗ്യമുള്ള ഒരു കോഴിയെ കണ്ടാലോ ഇറച്ചിക്കടയിൽ നല്ല ആട്ടിറച്ചി കൊത്തി നുറുക്കുന്നതു് കണ്ടാലോ വായിൽ വെള്ളമൂറുന്നവനായിരുന്നു ഞാൻ. എനിക്കിപ്പം അതൊന്നും ചിന്തിക്കാനേ വയ്യ”. അയാൾ ചുണ്ടുകൾ കോട്ടിപ്പിടിച്ചു് മുഖം തിരിച്ചു.
“എന്തായാലും അതു് നന്നായി, തനിക്കു് വയസ്സു് അമ്പതു് കഴിഞ്ഞതല്ലേ ഒരു പ്രായം കഴിഞ്ഞാൽ ഭക്ഷണത്തിനൊക്കെ ഒരു കൺട്രോൾ നല്ലതു് തന്നെ”, ഞാൻ അയാളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
ഒരു ദിവസത്തിൽ മൂന്നു നേരവും മാംസാഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണു് തർവീന്ദർ. അയാളുടെ ഭാര്യ ഉണ്ടാക്കി കൊടുക്കുന്ന ആടിന്റെ തലച്ചോർ റോസ്റ്റ് ചെയ്തതും ആട്ടിൻ കരളിനെ കടുകെണ്ണയിൽ ഇട്ടു് കറി വെയ്ക്കുന്നതും അയാൾ വിശദമായി വിവരിക്കുമ്പോഴൊക്കെ എനിക്കു് മനംപിരട്ടൽ വരും. അപ്പോഴൊക്കെ ഞാൻ മനപ്പൂർവം വിഷയം മാറ്റാറുണ്ടു്.
തർവീന്ദർ കുറച്ചു നേരമായി എന്നെ നോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണു് എന്റെ പിന്നിലെ ജനാലയിൽ ശബ്ദത്തോടെ ചിറകടിച്ചുകൊണ്ടു് ഏതോ ഒരു പക്ഷി വന്നിരുന്ന ശബ്ദം കേട്ടതു്. ആ നിമിഷം തർവീന്ദറിന്റെ മുഖത്തൊരു പ്രകാശം മിന്നിമറയുന്നതും വളരെക്കാലങ്ങളായി പരിചയമുള്ള ഒരാളെ കണ്ടപോലെ അയാൾ ആ ജനാലയിലേക്കു് നോക്കി ചിരിക്കുന്നതും ഞാൻ കണ്ടു. അയാൾ എന്താണു് നോക്കുന്നതെന്നറിയാൻ ഞാൻ പിറകിലേക്കു് തിരിഞ്ഞു നോക്കി. ജനൽ കമ്പിയിൽ ഒരു പ്രാവു് അയാളെത്തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. വളരെ സ്നേഹത്തോടെ ആ പ്രാവു് അയാളെ തല ചരിച്ചു് നോക്കുന്നതായും അയാൾക്കു് മാത്രം മനസ്സിലാകുന്ന ഭാഷയിൽ എന്തോ പറയാൻ ശ്രമിക്കുന്നതു് പോലെയും എനിക്കു് തോന്നി.

“എടോ തനിക്കറിയോ പക്ഷികൾ നന്ദിയുള്ളവരാണു്, മനുഷ്യരെപ്പോലെയല്ല. സത്യത്തിൽ മനുഷ്യർക്കു് പക്ഷികളിൽ നിന്നും പലതും പഠിക്കാനുണ്ടു്. എനിക്കു് തോന്നുന്നതു് നല്ല മനുഷ്യർ മരിച്ചാൽ അവർ വീണ്ടും പക്ഷികളായി ജനിക്കുമെന്നാണു്. ഒരു പക്ഷെ ഞാൻ രക്ഷപ്പെടുത്തിയതു് ഈ പ്രാവിനെത്തന്നെ ആണെങ്കിലോ. സ്നേഹത്തോടെയുള്ള അതിന്റെ ആ നോട്ടം കണ്ടോ. മനുഷ്യരേക്കാൾ എത്ര സ്വതന്ത്രരാണു് അവർ. ഇഷ്ടമുള്ളിടത്തേക്കു് അതിർത്തികളില്ലാതെ പറക്കാം, ഇഷ്ടമുള്ള ഇണയുമായി തോന്നുമ്പോഴൊക്കെ ഇണചേരാം.”
അയാൾ എണീറ്റു് തന്റെ മൊബൈൽ ഫോണുമെടുത്തു് അതിന്റെ ഫോട്ടോയെടുക്കാൻ ഫോക്കസ് ചെയ്തുകൊണ്ടു് സ്ലോ മോഷനിൽ ജനാലയ്ക്കടുത്തേക്കു് നടന്നു കൊണ്ടു് പറഞ്ഞു.
തർവീന്ദർ ജനാലക്കു് അടുത്തേക്കു് എത്തിയതും അത് ചിറകടിച്ചു് ശബ്ദത്തോടെ പറന്നകന്നു. അതു് പറന്നുപോയ വഴിലേക്കു് നോക്കി ജനലിന്റെ അഴികളിൽ പിടിച്ചു് അയാൾ അവിടെത്തന്നെ നിന്നു.
മേശപ്പുറത്തെ കപ്പും പ്ലേറ്റുമൊക്കെ ഒതുക്കി വച്ചു് ഞാൻ വീണ്ടും വായിക്കാനായി പുസ്തകമെടുത്തു. വായിച്ചു പകുതിയാക്കിയ ഒരു നോവൽ തീർക്കാമെന്നു് കരുതി തുറന്നു വച്ചപ്പോഴാണു് സർദാർജി തന്റെ പ്രാവിന്റെ കഥയുമായി വന്നതു്. എന്തായാലും രണ്ടു മണിക്കൂർ മാറിക്കിട്ടി. നഷ്ട്ടപ്പെട്ടുപോവുന്ന സമയത്തെക്കുറിച്ചൊക്കെ വ്യാകുലനാവുന്നതു് ഈ അടുത്ത കാലത്തു് കൂടിയിട്ടുണ്ടു്. വായിക്കാനായി കുറെയേറെ പുസ്തകങ്ങൾ നോട്ട് ചെയ്തു് വച്ചിട്ടുണ്ടു്. പക്ഷെ ഈയിടെയായി മറവിയും കൂടിയിട്ടുണ്ടു്. വായിച്ചതൊന്നും ഓർമ്മയിൽ നിൽക്കുന്നുമില്ല. വായിച്ചതൊക്കെ ഇങ്ങനെ മറക്കുകയാണെങ്കിൽ എന്തിനു് വായിച്ചു് സമയം കളയണമെന്നും ചിന്തിക്കാറുണ്ടു്. ഇതൊക്കെ ചിന്തിച്ചു് ജനാലയിലൂടെ പുറത്തേക്കു് നോക്കി നിൽക്കുന്ന തർവീന്ദറിനെ കാത്തു് ഞാൻ ഇരുന്നു.
“എടൊ ആ സംഭവം അവിടം കൊണ്ടും തീർന്നില്ല”. തർവീന്ദർ പിന്നിൽ വന്നു നിന്നു് മുരടനക്കി. അയാൾ വീണ്ടും കസേര വലിച്ചിട്ടു് മുന്നിൽ വന്നിരുന്നു.
സർദാർജി എന്നെ വീണ്ടും ആകാംഷാഭരിതനാക്കുകയാണു്. പെട്ടെന്നു് മനസ്സിൽ ജനിച്ച ഒരു നിമിഷ കവിതയിലെ വരികളെ ക്രമപ്പെടുത്തിയെടുക്കാൻ ശ്രമിക്കുമ്പോലെ അയാൾ വീണ്ടും കസേരയിൽ തല ചാരി ഒരു നിമിഷം കണ്ണടച്ചിരുന്നു. പിന്നെ സാവധാനം കണ്ണുകൾ തുറന്നു് മുന്നോട്ടു് ആഞ്ഞിരുന്നു.
ആ മുറിയിൽ ആ നേരത്തു് ഞങ്ങളുടെ സമീപം ആരും ഇല്ലാതിരുന്നിട്ടും തന്റെ ഇടതും വലതും നോക്കി വേറെ ആരുമില്ലെന്ന് ഒരിക്കൽക്കൂടി ഉറപ്പു് വരുത്തിയിട്ടു് ഒരു രഹസ്യം പോലെ അയാൾ ശബ്ദം വളരെ താഴ്ത്തി പറഞ്ഞു:
“എടൊ ആ ദിവസത്തിനു് ശേഷം എനിക്കു് മാംസത്തിനോടു് വല്ലാത്ത വെറുപ്പു് തോന്നിത്തുടങ്ങി, വെറുപ്പല്ല അതു്, എന്നെക്കൊണ്ടു് ഒന്നിനും കഴിയുന്നില്ല എന്നൊരു തോന്നൽ. തനിക്കതു് മനസ്സിലാവുമല്ലോ അല്ലെ. കൈകൾ കൊണ്ടു് ശരീരത്തെ ഒന്നു് തൊടാൻ പോലും കഴിയുന്നില്ല, ഒന്നു് തലോടാൻ പോലും കഴിയുന്നില്ല. ചില ഭാഗങ്ങളിൽ വിരലുകൾ കൊണ്ടു് തൊടുമ്പോഴേക്കും അതൊക്കെ കൈകളിൽ ഒതുങ്ങാതെ ചിറകു് മുളച്ചു് പറന്നുയരാൻ ശ്രമിക്കുമ്പോലെ തോന്നും. കൈ പൊള്ളുന്നപോലെ തോന്നും.”
അയാൾ ഒരു കവിയെപ്പോലെ സംസാരിച്ചു. വളരെ അടുത്തു് വന്നിരുന്ന് സംസാരിച്ചതിനാൽ ഉള്ളിയുടെയും മുട്ടയുടേയും ഗന്ധം എന്നെ ശ്വാസം മുട്ടിച്ചു. അതെന്നെ അൽപ്പം അലോസരപ്പെടുത്തി.
“എടൊ താനല്ലേ അൽപ്പം മുൻപു് എന്നോടു് പറഞ്ഞതു് ആ ദിവസത്തിനു് ശേഷം താൻ വെജിറ്റേറിയൻ ആയെന്നു് വീണ്ടും താനെന്തിനാ കൈകൊണ്ടു് മാംസത്തിനെ തൊടാനൊക്കെ പോവുന്നതു്”
എന്റെ ശബ്ദം അറിയാതെ ഉയർന്നു പോയെങ്കിലും, വളരെപ്പെട്ടെന്നു് ശബ്ദം കുറയ്ക്കുകയും സംഭാഷണത്തിന്റെ രഹസ്യ സ്വഭാവം നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു.
“എടൊ ഞാൻ ഉദ്ദേശിച്ചതു് തനിക്കു് മനസ്സിലായില്ലേ. അതായതു്… അല്ലെങ്കിൽ വേണ്ട തന്നോടു് ഇതൊക്കെ ഞാനെന്തിനു് പറയണം… ”
അയാൾ എന്തോ ചില കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുകയും എന്നാൽ വാക്കുകൾ കിട്ടാതെ തോറ്റു് പിന്മാറിയ ഒരാളെപ്പോലെ പോലെ തലകുനിച്ചിരിക്കുകയും ചെയ്തു.
അയാൾ എന്താണു് ഉദ്ദേശിച്ചതെന്നു് എനിക്കപ്പോത്തന്നെ മനസ്സിലായി എങ്കിലും ഞാനതു് പുറത്തു കാണിക്കാതെ അയാളുടെ ഓർമ്മകളെ ക്രമേണ ചുരുളഴിയാൻ സഹായിക്കുകയായിരുന്നു. അയാളുടെ കഥയിലെ രണ്ടാമത്തെ ട്വിസ്റ്റിൽ ഞാൻ വീണ്ടും വീണുപോയിരുന്നു.
“തർവീന്ദർ ഭായ് താൻ ഉദ്ദേശിച്ചതു് എനിക്കു് മനസ്സിലായി. ഈ പ്രായത്തിൽ അതിനും ഒരു നിയന്ത്രണമൊക്കെ നല്ലതാ”, അല്പനേരത്തിനു് ശേഷം ചിരിക്കാൻ ശ്രമിച്ചു കൊണ്ടു് ഞാൻ പറഞ്ഞു.
അയാളുടെ അതേ പ്രായമാണു് എനിക്കു്. എങ്കിലും ഒരു കാരണവരെപ്പോലെ അയാളെ അങ്ങിനെ ഉപദേശിച്ചതു് ശരിയായില്ലെന്നു് എനിക്കു് തോന്നി. എനിക്കുപോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വേറൊരാൾ ചെയ്യണം എന്നൊക്കെ ഉപദേശിക്കുന്നതു് ശരിയല്ലെന്നു് തോന്നി. മധുരം കഴിക്കരുതു് എന്നു് ഒരാളെ ഉപദേശിക്കണമെങ്കിൽ ആദ്യം ഉപദേശിക്കുന്നയാൾ തന്നെ മധുരം കഴിക്കാതെയിരിക്കണം. ഒരു മനുഷ്യന്റെ ഇവല്ലുഷനെ സഹായിക്കുന്നതു് ഇത്തരം സത്യസന്ധതയിലുള്ള ഉറച്ചു നിൽപ്പല്ലേ എന്നും എനിക്കു് തോന്നി.
“എടൊ ഭാര്യ പറയുന്നതു് ഏതെങ്കിലും ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നതു് നല്ലതായിരിക്കുമെന്നാണു്. താൻ എന്തു് പറയുന്നു”.
എന്റെ മേശപ്പുറത്തിരുന്ന പേപ്പർ വെയിറ്റ് അയാൾ വിരലുകൾ കൊണ്ടു് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടിക്കൊണ്ടു് എന്റെ മുഖത്തേക്കു് നോക്കി.
“ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ തക്ക രീതിയിൽ തനിക്കതിനു് പ്രശ്നമൊന്നുമില്ലല്ലോ” ഞാൻ കാര്യങ്ങളെ അൽപ്പം ലഘൂകരിക്കാൻ ശ്രമിച്ചു കൊണ്ടു് പറഞ്ഞു.
“തനിക്കു് അതൊക്കെ പറയാം. എടൊ ഒരു മാസമായി അവളുടെ ശരീരത്തിൽ ഒന്നു് സ്പർശിക്കാൻ കൂടി കഴിയുന്നില്ല”
“താൻ അതിനു് ശ്രമിച്ചോ” ഞാൻ ചോദിച്ചു
“ശ്രമിച്ചതു കൊണ്ടല്ലേ പറഞ്ഞതു്”
“ബോധപൂർവം ആയിരുന്നോ ആ ശ്രമം”?
“ഇതെന്തു് ചോദ്യമാടോ” അയാളുടെ മുഖം ഇഞ്ചി കടിച്ച പോലെയായി
“എടൊ ഒരു ദിവസം ഇരുപതോളം സിഗരറ്റ് വലിക്കുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്കു്. നിർത്താൻ പഠിച്ച പണി പതിനെട്ടും നോക്കി, നടന്നില്ല. ഒരു ദിവസം ഞാനതങ്ങു നിർത്തിപ്പിച്ചു”
“എങ്ങിനെ”
“ഒരു ദിവസം ഇരുപതു് വളരെ കുറവാണു് നാളെ മുതൽ ഇരുപത്തഞ്ചെണ്ണം വലിക്കാൻ അയാളോടു് പറഞ്ഞു”
“അതെങ്ങിനെ”
“പക്ഷെ വലിക്കുമ്പോൾ ബോധപൂർവ്വം വലിക്കാൻ പറഞ്ഞു. സിഗരറ്റ് എടുത്തു് കത്തിക്കുന്നതു് മുതൽ അതു് എരിഞ്ഞു തീരുന്നതു് വരെ ബോധപൂർവ്വം ആ പ്രവർത്തിയെ പിന്തുടരാൻ പറഞ്ഞു. പുക വായിലൂടെ, ശ്വാസനാളത്തിലൂടെ ഉള്ളിൽ കടക്കുന്നതും, ശ്വാസകോശത്തിലൂടെ രക്തത്തിൽ കലരുന്നതും, രക്തത്തിലൂടെ ശരീരം മുഴുവനും അതിന്റെ നിക്കോട്ടിൻ എന്ന വിഷം നിറയുന്നതും ബോധപൂർവ്വം അറിയാൻ പറഞ്ഞു. രണ്ടു ദിവസം അതുപോലെ ചെയ്തു. മൂന്നാമത്തെ ദിവസം അയാൾ തിരിച്ചറിഞ്ഞു താൻ തന്റെ ശരീരത്തിനോടു് എന്താണു് ചെയ്യുന്നതെന്നു്. അന്നു് നിർത്തിയതാണു് അയാൾ. പിന്നെ അയാൾ സിഗരറ്റ് തൊട്ടിട്ടില്ല…
“എന്റെ പ്രശ്നവും ഈ സിഗരറ്റ് വലിയുമായി എന്തു് ബന്ധമാണുള്ളതു്” തർവീന്ദർ അക്ഷമനായി.
“ഞാൻ ചോദിക്കട്ടെ പൊരിച്ച കോഴിക്കാലും തന്റെ പ്രിയതമയുടെ ശരീരവും തമ്മിൽ എന്തു് ബന്ധമാണുള്ളതു് ”
തർവീന്ദർ ഉത്തരം മുട്ടി നിന്നു.
“നോക്കു, മനുഷ്യന്റെ പല പ്രവർത്തികളിലും അവൻ അബോധമായാണു് ഇടപെടാറുള്ളതു്. ഏതു് പ്രവൃത്തിയിൽ ഏർപ്പെടുമ്പോഴും ഒരു സ്വയം നിരീക്ഷണം എപ്പോഴും നല്ലതാണു്. ഏതു് പ്രവൃത്തിയിലാണോ മുഴുകുന്നതു് ആ പ്രവൃത്തിയെ ബോധപൂർവ്വം നിരീക്ഷിച്ചു നോക്കു.
ഏതു് പ്രവൃത്തിയിലും അതിൽ ഏർപ്പെടുന്നവനും അവന്റെ ബോധവുമാണു് പ്രധാനം. പൂർണ്ണ ബോധത്തോടെ ചെയ്യുകയാണെങ്കിൽ പല പ്രവൃത്തികളിൽ നിന്നും അവൻ ഒഴിഞ്ഞു നിൽക്കും. ഞാൻ ഈ നിമിഷം എന്താണു് ചെയ്യുന്നതു് എന്ന പൂർണ്ണമായ തിരിച്ചറിവോടു കൂടി ഒരാൾക്കു് മറ്റൊരാളെ കൊല്ലാൻ കഴിയുമെന്നു് എനിക്കു് തോന്നുന്നില്ല. എന്നാൽ ചില കാര്യങ്ങളിൽ നേരെ തിരിച്ചുമാണു്. എന്തുകൊണ്ടു് ഇത്രയും കാലം ഞാൻ ഈ അനുഭവത്തെ തിരിച്ചറിഞ്ഞില്ല എന്നു് തോന്നാം. ഒരാളെ നമ്മൾ സ്പർശിക്കുമ്പോൾ, ഒരാളെ നോക്കുമ്പോൾ പോലും ആ പ്രവൃത്തി ബോധത്തോടെയാണോ ചെയ്യുന്നതെന്നു് ശ്രദ്ധിച്ചിട്ടുണ്ടോ. ഒരു വ്യക്തിയുമായി അടുത്തു് ഇടപഴകുമ്പോൾ, അതു് ഭാര്യ ആയാലും അതുപോലെ വളരെയടുത്ത ഒരാളായാലും ശരി ആ വ്യക്തിയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ അല്ലെങ്കിൽ ഓർമ്മകളുടെ മുൻവിധികളില്ലാതെ ആ നിമിഷങ്ങളെ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ. ഒന്നിൽ നിന്നും മറ്റൊന്നിലേക്കു് തെന്നിപ്പോവുന്ന ഓർമ്മകളിൽ കുടുങ്ങിപ്പോവാതെ, അതാതു നിമിഷങ്ങളിലെ ജീവിതാനുഭവങ്ങളെ നിരീക്ഷിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും.”
“ഒന്നു കൂടി തെളിച്ചു പറയൂ”
“നമുക്കു് തന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്നു് താൻ ചിന്തിക്കുന്ന ആ സംഭവത്തിലേക്കു് തന്നെ തിരിച്ചു പോവാം.
“ശെരി”
“വിരസമായ ആഴ്ചയുടെ ഒടുവിൽ കിട്ടിയ ആ അവധി ദിനത്തിൽ താൻ ഭാര്യയുമായി ഉച്ചയുറക്കത്തിനു് മുറിയിലേക്കു് പോവുന്നു. അപ്പോഴാണു് വഴിതെറ്റി പറന്നു വന്ന ഒരു പ്രാവു് ജനാലയിലൂടെ മുറിക്കുള്ളിലേക്കു് പറന്നു വന്നതു്. പുറത്തേക്കു് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അതു് പല്ലിക്കു് വെച്ചിരുന്ന കെണിയിൽ കുടുങ്ങിപ്പോവുകയും ചെയ്യുന്നു. താൻ അതിനെ കയ്യിലെടുക്കുകയും ചെയ്യുന്നു. ആദ്യമായി പിടയുന്ന ഒരു ജീവനെ കയ്യിലെടുത്ത താൻ അതിനെ കയ്യിൽ ഒതുക്കിപ്പിടിക്കാൻ കഴിയാതെ വെപ്രാളത്തിൽ പുറത്തേക്കു് പറത്തി വിടുന്നു. ഇത്രയും ശരിയല്ലേ”
“അതെ, എല്ലാം കൂടുതൽ വ്യക്തമായി ഇപ്പോൾ എനിക്കു് കാണാൻ കഴിയുന്നു”
“ഇത്രയല്ലേ അന്നവിടെ സംഭവിച്ചതു്”
“അതെ”
“ഇതിൽ എവിടെയാണു് തന്റെ ജീവിതം മാറിപ്പോയതു്”
“എനിക്കറിയില്ലെടോ” തർവീന്ദർ തന്റെ പകിടിയിൽ കൈ ചേർത്തു് തലകുനിച്ചിരുന്നു.
“എടൊ താൻ വിഷമിക്കേണ്ട താൻ ആ പ്രാവിനെ ഒരിക്കൽക്കൂടി കയ്യിലെടുത്തു എന്നു് ഭാവന ചെയ്യൂ. താനൊരു കവിയല്ലേ തനിക്കതിനു കഴിയും”
“ശെരി കയ്യിലെടുത്തു”
“താൻ അതിനെ ചേർത്തു് പിടിക്കു, ബോധത്തോടെ അതിനെ കൈകളിൽ ഒതുക്കി പിടിക്കു. തന്റെയുള്ളിൽ എന്താണു് സംഭവിക്കുന്നതെന്നു് തിരിച്ചറിയൂ. ആ ജീവന്റെ തുടിപ്പു്, അതിന്റെ ചൂടു്, അതിന്റെ കുറുകി കരച്ചിൽ എല്ലാം”
“അതെ ഞാൻ അതിനെ വിടാതെ ചേർത്തു് പിടിച്ചിട്ടുണ്ടു്”
“മതി അത്രയും മതി”
തർവീന്ദർ കണ്ണുകളടച്ചു് ഓർമ്മകളിലൂടെ മറ്റൊരു പലായനത്തിനു് തയാറെടുത്തു് കസേരയിലേക്കു് ചാരുന്നതു് കണ്ടപ്പോൾ ഞാൻ വായിക്കാനായി കയ്യിലെടുത്ത പുസ്തകം തുറന്നു.

തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. കഴിഞ്ഞ മുപ്പതു് വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്നു. ഇപ്പോൾ നീതി ആയോഗിൽ ജോലി ചെയ്യുന്നു.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ