images/Two_Women_at_a_Window.jpg
A Girl and her Duenna, a painting by Bartolomé Esteban Murillo (1617–1682).
ഇതു ചതിയോ (സാമുദായിക നോവൽ)
കെ. സുകുമാരൻ, ബി. എ.

രണ്ടു യുവതികൾ

കല്ക്കട്ട (കാളിഘട്ടം) അനേകലക്ഷം ജനങ്ങളുള്ള ഒരു വലിയ പട്ടണം ആകുന്നു. ഒരു മണിക്കൂറിനുള്ളിൽ അവിടെ വെച്ചു് എന്തെല്ലാം സംഭവങ്ങൾ നടക്കുന്നുണ്ടാകും. എത്ര വിരുന്നുകൾ കഴിയുന്നു! എത്ര പട്ടിണികൾ കഴിയുന്നു! എത്ര വിവാഹങ്ങൾ കഴിയുന്നു! എത്ര കൊലകൾ കഴിയുന്നു! എത്ര പേർ ജനിക്കുന്നു! എത്ര പേർ മരിക്കുന്നു! എത്ര പേർ ലക്ഷാധിപരാകുന്നു! എത്ര പേർ പാപ്പരാകുന്നു! ഒരു വലിയ ജലാശയത്തിന്റെ ഉള്ളിൽ നിന്നു് എന്തെല്ലാം കഴിയുന്നോ അതൊക്കെ ഒന്നിച്ചുകാണ്മാൻ സഞ്ജയന്റെ ദിവ്യദൃഷ്ടിക്കുകൂടി സാധിക്കയില്ല. അതൊക്കെ ഊഹിക്കാൻ മനസ്സിന്നു് സാധിക്കയുമില്ല. ഇലയിലെ ഞരമ്പുകളെപ്പോലെ അവിടെ കണക്കിലേറെ പെരുവഴികളും, ഇടവഴികളും, അങ്ങാടികളും, തെരുവുകളും, ഭവനങ്ങളും, ഹോട്ടലുകളും, കാര്യംവിചാരിക്കുന്ന സ്ഥലങ്ങളും, വിനോദത്തിന്നുള്ള ഏർപ്പാടുകളും ഉണ്ടു്. ഉറുമ്പുകൾ ചാലിട്ടുപോകുമ്പോലെ പാതകളിൽക്കൂടെ ജനങ്ങളും വാഹനങ്ങളും ഗതാഗതം ചെയ്യുന്നുണ്ടു്. ചേരട്ടകളെ പ്പോലെ അനേകം തീവണ്ടികളും ഓടുന്നുണ്ടു്. ഇതിന്നൊക്കെ ഒരു കയ്യും കണക്കും ഉണ്ടോ? ഒരു സീമയും അന്തവും ഉണ്ടോ?

പട്ടണത്തിലെ ഒരു നിസ്സാരമായ തെരുവിൽ, രണ്ടുമൂന്നു് മുറികൾ മാത്രം ഉണ്ടായിരുന്ന ഒരു ചെറിയ വീട്ടിൽ കുപ്പയിലെ കുന്നിക്കുരുപോലെ രണ്ടു തരുണീമണികൾ താമസിക്കുന്നുണ്ടു്. അവർ, ഒരു ചുള്ളിയിൽനിന്നു പൊട്ടിയ രണ്ടു് ഞെട്ടുകളിന്മേൽനിന്നു് തമ്മിൽ തൊട്ടുകൊണ്ടു് തൂങ്ങുന്ന രണ്ടു പൂക്കളെപ്പോലെ കാഴ്ചയ്ക്കു കൗതുകം ഉണ്ടാക്കിയിരുന്നു. ഇരുവരും സ്നേഹംകൊണ്ടു് നോക്കിയാൽ അന്യോന്യം കെട്ടിപ്പിടിച്ച വള്ളികളെപ്പോലെ ഇരുന്നു. ബന്ധംകൊണ്ടു് നോക്കിയാൽ രക്തസാദൃശ്യമുള്ള മച്ചിനച്ചികളും ആകുന്നു. രണ്ടാളും നാട്ടുകൃസ്ത്യാനികളാണു്. രണ്ടാൾക്കും മതിഞെട്ടുന്ന പതിനെട്ടു വയസ്സു് തികഞ്ഞു. രണ്ടാൾക്കും, തങ്ങളുടെ അറിവിൽപ്പെട്ടേടത്തോളം അച്ഛനമ്മമാരൊ ചാർച്ചക്കാരൊ ജീവനോടെ ഇല്ല. രണ്ടാളും വെളുത്തിട്ടാണു്. രണ്ടാളും സുന്ദരികളാണു്. ഒരുവളുടെ പേർ ജാനു എന്നും മറ്റവളുടെ പേർ ധനം എന്നുമാണു്. നാട്ടുകൃസ്ത്യാനികൾ ആ മതത്തിൽ ചേർന്നവരെ അങ്ങിനെ ചേർന്നവരുടെ സന്താനങ്ങളൊ മാത്രമായിരിക്കകൊണ്ടു്, ഹിന്തുക്കളുടെ ഇടയിൽ നടപ്പുള്ള പേരുകൾ പുലർത്തിപ്പോരുന്നവരായിരുന്നു. ജാനുവിന്റെ വെളുപ്പു് യൂറോപ്യന്മാരുടേതുപോലെ കവിഞ്ഞ മട്ടിലായിരുന്നു. ധനത്തിന്റെതു് ഇളന്നീരിന്റെ കാമ്പുപോലെ തിളക്കമുള്ളതായിരുന്നു. ജാനു ഒരു എടുത്തുചാട്ടക്കാരത്തിയും, ധനം ഒതുക്കമുള്ളവളും ആയിരുന്നു. ജാനു മുന്നാലോചന ഇല്ലാത്തവളും ധനം മുൻകരുതൽ ഉള്ളവളും ആയിരുന്നു. ജാനുവിന്നു് മുയലിനെപ്പോലെ പാഞ്ഞുകളിക്കണം. ധനത്തിന്നു് ആമയെപ്പോലെ അടങ്ങി നില്ക്കണം. ജാനുവിന്നു് പൈസ ചിലവാക്കി സ്ഥാനമാനങ്ങൾ സമ്പാദിക്കണമെന്ന പ്രേരണ ഉണ്ടു്. ധനത്തിന്നു് ഉല്ക്കർഷംവേണമെന്ന ശാഠ്യമേ ഇല്ല. ജാനുവിന്നു് എത്ര കിട്ടിയാലും പോര. ധനം, കിട്ടിയതുകൊണ്ടു തൃപ്തി അടയുന്നവളാണു്. ജാനു മിന്നൽപ്പിണരാണെങ്കിൽ ധനം ചന്ദ്രികയാണു്. ജാനു മേലോട്ടു് നോക്കുന്ന റോസപ്പൂവും ധനം കീഴോട്ടുനോക്കുന്ന ലില്ലിപ്പൂവുമാണു്. രണ്ടാളും അനാഘ്രാത പുഷ്പങ്ങളാണു്. അനാവേധോൽകീർണ്ണം മണികളാണു്. താർത്തേൻ അനാസ്വാദിതരസമാണു്, രണ്ടാൾക്കും ഒരേ കമ്പനിയിലാണു് ജോലി. ഒരു മുതലാളിയുടെ തുണിക്കടയിൽ ആഗതന്മാർക്കു ശീലകൾ എടുത്തുകൊടുത്തു് വില്ക്കുന്നതാണു് ആ ജോലി. തുണിവാങ്ങുന്നവർ തുണിയുടെ ഉടൽ നോക്കുന്നതിനേക്കാൾ തുണി എടുത്തു കൊടുക്കുന്നവരുടെ ഉടലാണു് നോക്കിപ്പോകുന്നതു് എന്നിട്ടുകൂടി മാസത്തിൽ മുപ്പത്തഞ്ചുറുപ്പികമാത്രമേ അവർക്കു് ശമ്പളമുള്ളു. കൃത്യസമയത്തു് വരികയും കൃത്യസമയത്തു മടങ്ങുകയും ചെയ്യുന്ന ഈ രണ്ടു പൂമ്പാറ്റകളെ കാണുമ്പോൾ നോക്കിനിന്നു പോകാത്ത പുരുഷന്മാർ ഉണ്ടെങ്കിൽ അവർ പുരുഷവേഷത്തിൽ നടക്കുന്ന സ്ത്രീകളായിരിപ്പാനെ തരമുള്ളു.

ഒരു ദിവസം ഈ രണ്ടു യുവതികളും പ്രവൃത്തിയും കഴിഞ്ഞു് മടങ്ങിവരികയായിരുന്നു. അന്നു് ഇങ്ങിനെ ഒരു സംഭാഷണം നടന്നു.

ജാനു:
ഇന്നലെ ഒരാൾ എന്നെ നോക്കി കണ്ണുകൊണ്ടു ചില ഗോഷ്ഠികൾ കാണിച്ചു.
ധനം:
നീ എന്തുകൊണ്ടു അതു് മുതലാളിയോടു് ചെന്നു പറഞ്ഞില്ല?
ജാനു:
മുതലാളിയോടു് ഞാനും അങ്ങിനെ കാണിക്കാറുണ്ടു്.
ധനം:
നിന്നെ അപ്പോൾ പിരിക്കാതെ നിർത്തിയതാണു് അത്ഭുതം.
ജാനു:
അയാൾക്കു് അതു് ഒരു നേരംപോക്കായി തോന്നിയിരിക്കും.
ധനം:
അയാളുടെ കഥ വേറെ. അയാളെപ്പോലെയാണൊ കണ്ണിൽകണ്ടവരൊക്കെ.
ജാനു:
ഈ കാര്യത്തിൽ പുരുഷന്മാരൊക്കെ ഒരു പോലെയാണു്.
ധനം:
അക്കൂട്ടർ നമ്മൾ ആരെന്നാണു് ധരിച്ചിരിക്കുന്നതു്?
ജാനു:
രണ്ടു തെണ്ടികൾ എന്നു്.
ധനം:
നമ്മൾ അവരുടെ അടുക്കെ തെണ്ടാൻ പോയൊ.
ജാനു:
ഇല്ല.
ധനം:
അവരല്ലെ നമ്മുടെ അടുക്കെ വരുന്നതു്?
ജാനു:
അതെ.
ധനം:
അപ്പോൾ അവരല്ലെ തെണ്ടികൾ.
ജാനു:
പുരുഷന്മാർ തെണ്ടുന്നതു് കുറ്റമല്ല.
ധനം:
സ്ത്രീകൾ തെണ്ടുന്നതാണൊ കുറ്റം?
ജാ:
അതെ സ്ത്രീകൾ ഒരേടത്തു ഇരിക്കേണ്ടവരാണു്.
ധ:
അപ്പോൾ ആഹാരം തന്നാലെ വായിൽ വന്നു വീഴുമൊ?
ജാ:
സ്ത്രീകൾ തുറന്നുവെച്ച എലിക്കത്രിപോലെയാണു പോലും. അങ്ങിനെ ചിലർ എഴുതിയതു് ഞാൻ വായിക്കുകയുണ്ടായി.
ധ:
പുരുഷന്മാരൊക്കെ എലികളാണോ?
ജാ:
അതെ, എലിക്കത്രി എലികളെ പിടിപ്പാൻ പാഞ്ഞു നടക്കാറുണ്ടോ?
ധ:
ഇല്ല. എലിയാണു് അതിൽ വന്നു് വീഴുന്നതു്.
ജാ:
അതാണു് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം.
ധ:
എല്ലാ സ്ത്രീകളും തുറന്നുവെച്ച എലിക്കത്രികൾ ആണൊ?
ജാ:
എല്ലാ പുരുഷന്മാരും അങ്ങിനെയുള്ള ദിക്കിൽ ചെല്ലാറില്ല.
ധ:
ഏതു പുരുഷന്മാർക്കാണുപോലും അവിടെചെല്ലാൻ അധികാരം.
ജാ:
മഹാന്മാർക്കു് എന്തുംചെയ്യാമെന്നുണ്ടല്ലോ.
ധ:
ഇതാരുടെ വിധിയാണു പോലും?
ജാ:
പണമുള്ളവരുടെ വിധി.
ധ:
പണമില്ലാത്തവർക്കു് വിധിപ്പാനൊന്നും പാടില്ലെ.
ജാ:
അവരുടെ വിധി ആരും പ്രമാണിക്കയില്ല.
ധ:
ഭൂമിയിൽ പണം ഉള്ളവരെക്കാൾ എത്രയൊ ഇരട്ടി പണമില്ലാത്തവരല്ലെ!
ജാ:
അതെ
ധ:
ഭൂരിപക്ഷം അവർക്കല്ലെ ഉള്ളതു്.
ജാ:
അതെ
ധ:
അപ്പോൾ അവരുടെ വിധിയല്ലെ പ്രമാണമായിപ്പിടിക്കേണ്ടതു്.
ജാ:
ഭൂരിപക്ഷം അവർക്കാണെങ്കിലും അവരിലെ ഭൂരിപക്ഷവും പണക്കാർ പറയുമ്പോലെ ആടുന്നവരണു്.
ധ:
അതുകൊണ്ടല്ലെ വൈഷമ്യം.
ജാ:
അതു് പോക്കാൻ സാധിക്കാത്ത വൈഷമ്യമാണു്.
ധ:
അതുപോക്കാനാണു് നാം ഉത്സാഹിക്കേണ്ടതു്.
ജാ:
അതിന്നും ധനം വേണം.
ധ:
എന്റെ പേരിന്റെ സ്ഥാനത്തിൽനിന്നു് ആ സാധനം എന്റെ പെട്ടിയുടെ ഉള്ളിൽ സ്ഥാനം പിടിച്ചാൽ എത്രനന്നായിരുന്നു.
ജാ:
അപ്പോൾ നീയും പണക്കാരുടെ പട്ടികയിലാകും.
ധ:
എന്തൊരു കഷ്ടമാണു്.
ജാ:
കഷ്ടം പണമില്ലാത്തവർക്കു് നിത്യഗതിയാണു്.
ധ:
ഇഷ്ടം പണമുള്ളവർക്കും.
ജാ:
പണം വശത്താക്കാനാണു് ശ്രമിക്കേണ്ടതു്.
ധ:
അതിന്നും പണം വേണ്ടെ വിത്തിൽനിന്നല്ലെ ചിത്തുണ്ടാക്കുന്നതു്?
ജാ:
പണം ഉണ്ടാക്കാനും നമുക്കു് വഴി ഉണ്ടു്.
ധ:
അതിന്നു് നോക്കുമ്പോൾ കാണത്തക്കവിധത്തിൽ വല്ല നിധിയും നിൽപ്പുണ്ടായിരിക്കണം.
ജാ:
നമ്മുടെ പക്കൽ ഈശ്വരൻ തന്ന നിധി ഉണ്ടു്.
ധ:
ഈശ്വരൻ തന്ന നിധി മാസത്തിൽ 35 ക. അല്ലേ?
ജാ:
പണത്തേക്കാൾ വലിയ നിധി പണം ക്ഷണം കയ്യിലാക്കാവുന്ന നിധി.
ധ:
അതെന്താണു്?
ജാ:
അതു് നമ്മുടെ ദേഹകാന്തി.
ധ:
പെണ്ണിന്റെ കാന്തി പുരുഷന്റെ കണ്ണീന്നു് വെച്ചു നിക്ഷേപിക്കേണ്ടുന്ന ഒരു ചെപ്പായി വരുമോ?
ജാ:
കാന്തികൊണ്ടു് പണമുള്ള പുരുഷന്മാരെ അടിമപ്പെടുത്താം.
ധ:
വേശ്യാവൃത്തിയാണോ ധ്വനിപ്പിക്കുന്നതു?
ജാ:
ഒരിക്കലുമല്ല.
ധ:
പിന്നെ.
ജാ:
കാന്തി ഉണ്ടെങ്കിൽ ധനികന്മാരെ വിവാഹം ചെയ്യാം.
ധ:
അതു് ആയിരത്തിൽ ഒന്നിന്നേ സാധിക്കയുള്ളു.
ജാ:
നമ്മുടെ കാന്തിയും ആയിരത്തിൽ ഒന്നാണു്.
ധ:
അതിന്നു ഭാഗ്യവും കൂടി വേണം.
ജാ:
ഭാഗ്യം ഉണ്ടെങ്കിൽ കാന്തിയുടെ കൂടിവേണ്ട.
ധ:
നമ്മൾ ഭാഗ്യംകെട്ടവരാണു്.
ജാ:
എന്നാലും അർദ്ധം താൻ, അർദ്ധം ദൈവം, എന്നു കേട്ടിട്ടില്ലെ.
ധ:
അതുകൊണ്ടെന്താ.
ജാ:
പണമുള്ളവരെ പാട്ടിലാക്കാൻ നമ്മളുംകൂടി ശ്രമിക്കണം.
ധ:
സ്ത്രീകൾ ശ്രമിക്കുന്നതു് ഒരു വകയല്ലേ.
ജാ:
സ്ത്രീകൾ അനുകൂലിച്ചുനിന്നാൽ മതി.
ധ:
അതിൽ അപായം കിടക്കുന്നില്ലേ?
ജാ:
എന്തു് അപായം.
ധ:
ഭർത്താവില്ലാത്ത ഗർഭം.
ജാ:
അത്രത്തോളം ബുദ്ധിമോശം നമുക്കും വന്നുപോകരുതു്.
ധ:
അതു തുലോം പ്രയാസമാണു്.
ജാ:
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ധ:
അതു സൂക്ഷിച്ചാൽ പിന്നെ ഒന്നും പേടിക്കേണ്ട.
ജാ:
അതേ, നമ്മുടെ പ്രതികൂലത്തിനും കൂടി അനുകൂലത്തിന്റെ ഫലം സിദ്ധിക്കും.
ധ:
ഭാവി ഒക്കെ ദൈവത്തിന്റെ കയ്യിൽ കിടക്കുന്നു.
ജാ:
ദൈവം, പുരുഷപ്രയത്നത്തിന്റെ അധീനത്തിലുമാണു്.
ധ:
സ്ത്രീക്കു് ഒരു പ്രയത്നവും വിധിച്ചിട്ടില്ലേ.
ജാ:
പുരുഷപ്രയത്നം എന്നുവെച്ചാൽ വമ്പിച്ച പ്രയത്നം എന്നു മാത്രം ധരിച്ചാൽ മതി.
ധ:
സ്ത്രീക്കു പ്രയത്നംകൊണ്ടു കിട്ടുന്നതു് ഗർഭമാണു്.
ജാ:
ഗർഭവും ഒരു വലിയ നിധിയാണു്.
ധ:
ആ നിധി ഗുണത്തിന്നും ദോഷത്തിനും മതി.
ജാ:
എല്ലാ നിധിയുടേയും സ്ഥിതി അങ്ങിനെയാണു്.
ധ:
ഗർഭം കെണിയുന്നതു് നിന്ദ്യമാണെന്നു് ആർക്കും കരുതുവാൻ പാടില്ല.
ജാ:
എല്ലാ സംഗതികളിലും അങ്ങിനെ കരുതിവരുന്നില്ല.
ധ:
നിന്ദിക്കേണ്ടതു് മച്ചികളേയാണു്.
ജാ:
മച്ചി എന്നതിന്റെ പുല്ലിംഗമായ ചില പുരുഷന്മാരും ഉണ്ടു്.
ധ:
ഗർഭോല്പാദനശക്തി ഇല്ലാത്ത പുരുഷന്മാരോ!
ജാ:
അതേ.
ധ:
അപ്പോൾ ഭാര്യ പ്രസവിക്കാത്തതു് ആരുടെ കുറ്റമാണു്.
ജാ:
അതും സ്ത്രീകളുടേതു തന്നെ.
ധ:
നിങ്ങളാണെങ്കിൽ എന്തുചെയ്യും?
ജാ:
ഞാൻ അവനെ ഉപേക്ഷിച്ചു് ഇഷ്ടമുള്ളവരെ പ്രാപിക്കും.
ധ:
ഞാനും അങ്ങിനെ ചെയ്യും.
ജാ:
എന്നാൽ ഒരു കാര്യമുണ്ടു്? ഗർഭമുണ്ടാവാൻ എളുപ്പമാണു്.
ധ:
അതു സാരമില്ലെന്നുവെക്കണം ഗർഭം പെണ്ണുങ്ങൾക്കു് അസ്സലല്ലേ?
ജാ:
ഭർത്താക്കന്മാർ ഇല്ലാത്തതാണെങ്കിൽ അതും വൈശികമാണെന്നു് എണ്ണപ്പെടും.
ധ:
അതു ദിവ്യമാണെന്നു നമ്മൾ ധരിച്ചാൽ മതി.
വിധിയുടെ ചൂണ്ടുവിരൽ

“ആനന്ദം” എന്ന നാടകക്കമ്പനിയുടെ അതിഥിഹോൾ പണക്കാരും ജോലിത്തിരക്കില്ലാത്തവരും നേരം പോക്കിന്നു മാർഗ്ഗം തേടുന്നവരും ആയ ജനങ്ങളെക്കൊണ്ടു് നിറഞ്ഞിരുന്നു. അവരൊക്കെ ഭക്ഷണദൗർബല്യം ഇല്ലാത്തവരും ഐശ്വര്യമത്തരും സുഖജീവിതക്കാരും വിനോദതല്പരന്മാരും ആയിരുന്നു. അക്കൂട്ടത്തിൽ ഒരാളാണു് ജെറാൾഡ് ഭാസ്കരൻ എന്ന തരുണൻ. അയാൾ തന്നോടുതന്നെ പിറുപിറത്തു. “ഒരേമാതിരി എന്നു് എപ്പോഴും തോന്നിപ്പോകുന്നു. എല്ലാ രാത്രിയിലും വരുന്നതു് വെവ്വേറെ ജനങ്ങളാണെങ്കിലും ഒരേകൂട്ടരാണെന്നു് തോന്നിപ്പോകുന്നു.” കഴിഞ്ഞ രണ്ടാഴ്ചകളിൽ ഒരു രാത്രി ഒഴികെ സകല രാത്രികളിലും അയാൾ നാടകം കാണ്മാൻ ഹാജരുണ്ടായിരുന്നു. എന്നാൽ അയാളുടെ ഉദ്ദേശം ഒന്നു് വേറെ ആയിരുന്നു. അയാൾ എപ്പോഴും വന്നിരുന്നതു് ആ നാടകക്കമ്പനിക്കു് “ആനന്ദം” എന്ന പേരിടാൻ ഹേതുഭൂതയായ ആനന്ദവല്ലി എന്നു പേരായ നടിയെ കാണ്മാൻ വേണ്ടിയാണു് നാടകശാലയുടെ മുൻവശത്തു് വരച്ചുവെച്ച ആനന്ദവല്ലിയുടെ വലിയ ചിത്രം അയാൾ വളരെ കൗതുകത്തോടെ നോക്കി. അവളുടെ നീലവേണിയും ഉരുളിച്ചപൂണ്ട ഉടലും മനോഹരമുഖവും എത്രകണ്ടാലും അയാൾക്കു് മടുപ്പുതോന്നാറില്ല. “ആനന്ദവല്ലിയുടെ സൗകുമാര്യം ആരാധ്യംതന്നെ അല്പനിമിഷത്തിന്നുള്ളിൽ എല്ലാവരും കാണേ അവൾ രംഗത്തിൽ പ്രവേശിക്കുന്നുണ്ടാകും. അവളുടെ ഭാഗം അഭിനയിച്ചു കഴിഞ്ഞാൽ എന്റെ ഒപ്പം രാത്രിഭക്ഷണത്തിന്നു റസ്റ്റോറണ്ടിൽ വരാനും വാഗ്ദത്തംചെയ്തിട്ടുണ്ടു്. ഒരു സമയം എനിക്കു ഇന്നുരാത്രി എന്നെ വിവാഹം കഴിപ്പാൻ സമ്മതമൊ എന്നു്” ചോദിപ്പാൻ ഒരു അവസരം കിട്ടുവാനുംമതി. ജെറാൾഡ് ഭാസ്കരന്നു് ആനന്ദവല്ലി തന്റെ ഏകൈവപ്രണയഭാജനമാണു്. അവളെ വിവാഹം കഴിക്കണം എന്ന വലിയ പിടിത്തവും ഉണ്ടു്. അവളെ പ്രേമിച്ചമുതല്ക്കു് അയാൾ ബാക്കി സുന്ദരാംഗികളുടെ മുഖത്തുകൂടി നോക്കാതായി.

അവളുടെ പടവുംനോക്കി എത്രനേരം അവിടെത്തന്നെ നിന്നുപോയി എന്നു് അയാൾക്കു നിശ്ചയം ഉണ്ടായിരുന്നില്ല. അയാൾ അവിടുന്നു് തിരിഞ്ഞു. അതിഥിഹാളിൽ അപ്പോൾ ആളുകൾ അധികം ഉണ്ടായിരുന്നില്ല. അവിടെ ഒരു മോശം ചേലയും ഉടുത്തു്, ആഭരണങ്ങൾ അധികം ഇല്ലാത്തതു കൊണ്ടു് ധനികയല്ലെന്നു തെളിയുന്ന ഒരു അഴകുള്ള യുവതിയെ കണ്ടു വെണ്ണാരക്കല്ലു് പാവിയ നിലത്തു്, തലയുംതാഴ്ത്തി, വീണുപോയ എന്തോ ഒന്നു് കണ്ടുപിടിപ്പാൻ കണിശമായി നോക്കി നടന്നിരുന്നു. അവൾ നിലവുംനോക്കിക്കൊണ്ടു് ഭാസ്കരനേയും കടന്നുപോകുമ്പോൾ, അയാൾ എത്രയോ മര്യാദയിൽ “എന്താ! നിന്നോടു് വല്ലത്തും വീണുപോയൊ എന്നെക്കൊണ്ടു് വല്ല ആവശ്യവും ഉണ്ടൊ? ഞാൻ എന്തുവേണം എന്നുപറഞ്ഞാൽ മതി” എന്നു ചോദിച്ചു.

അവൾ ഈ ചോദ്യം കേട്ടപ്പോൾ ഒന്നു ഞെട്ടി. തല ഉയർത്തി ഭാസ്കരന്റെ മുഖത്തു് നോക്കിയപ്പോൾ അവളുടെ കവിൾത്തടം കണ്ണീർകൊണ്ടു് നനഞ്ഞതായിക്കണ്ടു. ഒരുതുള്ളിക്കണ്ണീരുംകൂടി ഉറ്റിവീണപ്പോൾ അവളുടെമുഖം ലജ്ജകൊണ്ടു് ചുകന്നു.

അവൾ:
എന്റെ ടിക്കറ്റു് വീണുപോയി.

അവളുടെ ശബ്ദത്തിന്റെ ഇടർച്ച കടുപ്പമായ ആശാഭംഗം സ്ഫുരിപ്പിച്ചു.

ഭാസ്കരൻ:
അതു കഷ്ടമായിപ്പോയല്ലൊ?

ഇത്രയും പറഞ്ഞപ്പോൾ ഭാസ്കരന്നു് വളരെ അനുകമ്പതോന്നി. അദ്ദേഹം അവളെ ആപാദചൂഡം ഒന്നുനോക്കി അവൾ നിസ്സഹായതയിലും ഭ്രമത്തിലും നിമഗ്നയായിരുന്നു.

ഭാ:
നീ ടിക്കറ്റു് വില്ക്കുന്ന ആളോടു് അന്വേഷിച്ചു നോക്കിയൊ?
അവൾ:
അതെ അവർക്കൊന്നും ചെയ്വാൻ സാധിക്കയില്ല. വാസ്തവത്തിൽ അതു് ഞാൻ അവരോടു വാങ്ങിയ ടിക്കറ്റു് അല്ലായിരുന്നു. അതു് എനിക്കു് ഒരാൾ തന്നതാണു്. അതൊക്കെ ഇപ്പോൾ പറഞ്ഞിട്ടു കാര്യമില്ല. ഇനി വീട്ടിലേയ്ക്കു മടങ്ങിപ്പോകുന്നതാണു് നല്ലതു്.

അവൾ നിവർന്നുനിന്നു മടങ്ങിപ്പോവാൻ ഭാവിച്ചു. ഭാസ്കരന്റെ കണ്ണു് തുറന്നു. ഈശ്വരോ രക്ഷ! ഈ ഒന്നിനും കൊള്ളാത്ത നാടകം കാണ്മാൻ ഒരുമ്പെടുന്നവരും ഉള്ളതാണു് അത്ഭുതം. തനിക്കു് ഇതൊക്കെ കണ്ടിട്ടു് മടത്തുപോയിരിക്കുന്നു. ആനന്ദവല്ലിയുടെ വിചാരംകൊണ്ടു് മാത്രമാണു് അയാളെ അവിടെ കാണ്മാൻ സംഗതിയായതു്. ഈ സാധുപ്പെണ്ണിനു് വലിയ ഇച്ഛാഭംഗം ആയിപ്പോയി. ആരോ ഒരാൾ ദയവിചാരിച്ചു് ഈ പെണ്ണിന്നു് ഒരു ടിക്കറ്റു് കൊടുത്തിട്ടുണ്ടായിരിക്കും. വളരെക്കാലം കഴിഞ്ഞാലേ മറ്റൊരു അവസരം ഇങ്ങിനെ അവൾക്കു കിട്ടുവാൻ ഇടയുണ്ടാകയുള്ളു.

ഭാസ്കരൻ:
(നിർബ്ബന്ധത്തോടെ) നോക്കു. നീ അങ്ങിനെ ശുമ്മാ മടങ്ങിപ്പോവാൻ പാടില്ല. ഏതായാലും കളികാണ്മാൻവേണ്ടി നീ ഇത്രത്തോളം ബുദ്ധിമുട്ടി ഇവിടെ വന്നല്ലൊ ഞാൻ യഥാർത്ഥത്തിൽ ഒരു “ബോക്സ്” മുഴുവനും മേടിച്ചു വെച്ചിട്ടുണ്ടു്. ഞാൻ ഒറ്റയ്ക്കെ ഉള്ളു. നിനക്കു് അവിടെ വരാം. നാലു് കസേലകൾ ഉണ്ടു് ഞാൻ ഒന്നിൽ ഇരുന്നാൽ ബാക്കി മൂന്നു കസേലകൾ കാലിയായിക്കിടക്കും. അതിൽ ഒന്നിൽ നിണക്കു സുഖമായിരുന്നു് കളി കാണാമല്ലോ.

അവന്റെ നീണ്ടുമെലിഞ്ഞ അഴുക്കില്ലാത്ത കോലം അവൾ നല്ലവണ്ണം ഒന്നുനോക്കി. തന്നെത്താനറിയാതെ അവൾ മന്ദഹസിച്ചു.

അവൾ:
ഞാൻ ഒരു ഉപദ്രവമായിരിക്കയില്ലേ!

അയാൾ ചിരിച്ചു. ധനത്തിനു് അയാളുടെ മെലിഞ്ഞു് ദൃഢഗാത്രവും കറുത്തകണ്ണും തടിച്ച കൺപുരികവും ചതുരത്തിൽ നില്ക്കുന്ന താടിയെല്ലാം വളരെ ബോധിച്ചു. അവൾ പുളകിതഗാത്രിയായി. അയാൾ അവളുടെ ചുമലിൽ കൈവെച്ചു് “ബാക്സിൽ” കൊണ്ടുപോയി ഇരുത്തുമ്പോൾ അവളുടെ ഹൃദയം കലശലായി സ്പന്ദിച്ചിരുന്നു.

അയാൾ നാടകക്കമ്പനിയിലെ ഒരു ദാസനോടു് രണ്ടു് നോട്ടീസ്സുവാങ്ങി. സമീപം ഉണ്ടായിരുന്ന “സ്റ്റാളിൽ” നിന്നു് ഒരു വലിയപെട്ടി “ചേക്കളേറ്റ്” വാങ്ങി. അതിന്റെ മീതെ പത്തുറുപ്പികയുടെ ഒരു നോട്ടുംവെച്ചു് ഒരു ചുകന്ന “റിബൺ”കൊണ്ടു കെട്ടി അവൾക്കു കൊടുത്തു ചില്ലറ ഒന്നും ഷാപ്പുകാരൻ മടക്കിക്കൊടുത്തതായി കണ്ടില്ല. “ചോക്കളേറ്റു” പെട്ടി അവളുടെ അരികെ “സീറ്റിൽ” വെച്ചപ്പോൾ ധനം നിഷേധിപ്പാൻ ഒരുമ്പെട്ടു എങ്കിലും അയാൾ കൈകൊണ്ടു് വിലക്കി.

ഭാ:
യുവതികൾ ഈ മാതിരി സമ്മാനം കാംക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതാണു്. അല്ലെങ്കിൽ ഒരു വക സന്തോഷം പോയ്പോകും.

ധനത്തിനു് അനുഭവമായതു് ഒരു ആനന്ദസ്വപ്നമാണു് ആ സമയത്തു് തിരശ്ശീലപൊന്തി നാടകം ആരംഭിച്ചു. എന്നാൽ ആനന്ദവല്ലി രംഗത്തിൽ പ്രവേശിച്ച മുതൽ ജെറാൾഡ് ഭാസ്കരന്റെ ശ്രദ്ധമുഴുവനും അവളുടെ ദേഹത്തിന്മേൽ പതിഞ്ഞു. ആനന്ദവല്ലിയുടെ സൗന്ദര്യം ദിവസം ചെല്ലുന്തോറും ജാസ്തിയാകുന്നു. അവളുടെ മുഖത്തു് ജന്മിത്വം കുറിക്കുന്ന തേജസ്സുംകൂടി ഉണ്ടായിരുന്നു. ഒരു മൃഗസ്വഭാവക്കാരനെ വിവാഹം കഴിക്കേണ്ടിവന്ന ഒരു യുവതിക്കു് ജീവിതം ഭാരമായിത്തീർന്ന ഭാഗമായിരുന്നു ആനന്ദവല്ലി അഭിനയിച്ചതു്. ആ യുവതിയെ മറ്റൊരു പുരുഷൻ പ്രേമിക്കുന്നുണ്ടു്. ആ മറ്റൊരു പുരുഷനെ യുവതിയും പ്രേമിക്കുന്നുണ്ടു്. എന്നാൽ സ്ത്രീധർമ്മം പരിപാലിക്കാൻവേണ്ടി യുവതി ആ പ്രിയ കാമുകനെ തിരസ്കരിക്കുന്നു. ആ തിരസ്കരണം നല്ല തന്മയത്വമായി അഭിനയിക്കാൻ ശീലിച്ചിട്ടുണ്ടു്. ആ പാർട്ട് അത്ര ഭംഗിയിൽ അഭിനയിക്കാൻ അവളെപ്പോലെ ആരും ഉണ്ടായിരുന്നില്ല. ആ യുവതിയുടെ പാർട്ടു് (part) ആനന്ദവല്ലിയുടെ അഭിനയംകൊണ്ടു് അത്ഭുതവശീകരണം ഉള്ളതായിത്തീർന്നിട്ടുണ്ടു്. അവളുടെ ഗാംഭീര്യവും സ്വാർത്ഥമില്ലായ്മയും വളരെ വെളിവാക്കി വിട്ടിട്ടുണ്ടു്.

പിന്നീടു് ബേന്റ്വാദ്യക്കാർ (Band) കളി പിരിഞ്ഞു എന്നറിയിക്കുന്ന വാദ്യം മുട്ടിത്തുടങ്ങി. അപ്പോൾ തന്റെ അരികെ കുത്തിയിരുന്ന പെണ്ണു് എഴുന്നേറ്റു് നന്ദിസൂചകമായി ഭാസ്കരന്റെ മുഖത്തു് ഒന്നുനോക്കി. തിളങ്ങിക്കൊണ്ടിരുന്ന ആ കണ്ണുകൾ ലജ്ജകൊണ്ടു് നിലംനോക്കും പടിതാഴ്ത്തി. അയാൾ അവളേയും കൂട്ടി പുറത്തേയ്ക്കു വരുമ്പോൾ കളിയെപ്പറ്റി അവളുടെ അഭിപ്രായം ചോദിച്ചു. കളി വളരെ അസ്സലായിട്ടുണ്ടെന്നും ആനന്ദവല്ലിയുടെ അഭിനയം മറക്കത്തക്കതല്ലെന്നും അവൾ വളരെ രസിച്ചവിധത്തിൽ പറഞ്ഞു. അവസാനത്തെ അഭിപ്രായം അദ്ദേഹത്തെ ആനന്ദമത്തനാക്കി.

ഭാസ്കരൻ:
എനിക്കു് അരമണിക്കൂർ കഴിഞ്ഞാൽ ഒരു കാര്യത്തിൽ തലകൊടുക്കാനുണ്ടു്. അതുകൊണ്ടു് എന്റെ കാറിൽ നിന്നെ വീട്ടിൽ കൊണ്ടുവിടാൻ എനിക്കു ധാരാളം അവസരം ഉണ്ടു്.

ഇതുകേട്ടപ്പോൾ പാരവശ്യംകൊണ്ടു് ധനത്തിന്റെ ഗണ്ഡങ്ങൾ ചുകുന്നു. പരിണാമരമ്യയായ വസന്തകാലത്തിലെ മന്ദമാരുതൻ അവളെ തലോടിയപ്പോൾ ചൈതന്യംകൊണ്ടു് അവളുടെ നാഡി ജാഗ്രതയായി സ്പന്ദിച്ചു. ഈ യാദൃച്ഛിക സംഭവം ക്ഷണം കഴിഞ്ഞുപോയപോലെ തോന്നി. അവളുടെ ശൂന്യമായ ജീവിതദശയിൽ ഇങ്ങിനെ ഒരു തിളങ്ങിയ സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. അവൾ പ്രവൃത്തി എടുത്തിരുന്ന ഷാപ്പിന്റെ ഉടമയായ പീറ്റർ മല്ലേശനു് അന്നു രാവിലെ അവൾക്കു ഒരു ടിക്കറ്റു കൊടുക്കാൻ തോന്നിയതു് ഭാഗ്യമായി.

റഹമസ്ഥാനം തെരുവിന്റെ സമീപത്തിൽ എത്തിയപ്പോൾ വലിയ കെട്ടിടങ്ങൾ നിവർന്നുനില്ക്കുന്ന ഒരു സ്ഥലം അവൾ ഭാസ്കരന്നു ചൂണ്ടിക്കാണിച്ചു്, കാർ അവിടെ നിർത്തിയാൽ മതി എന്നു പറഞ്ഞു എന്തുകൊണ്ടെന്നാൽ അവൾ പാർക്കുന്ന ചെറ്റപ്പുര ഭാസ്കരൻ കാണുന്നതിൽ അവൾക്കു ലജ്ജ ഉണ്ടായിരുന്നു. അവളും അവളുടെ മച്ചിനച്ചി ജാനുവും പാർപ്പിടമായി ഉപയോഗിച്ചിരുന്ന വീട്ടിൽ രണ്ടു മുറിയും ഗുഹപോലെ ഇടുങ്ങിയ ഒരു കുസ്നിയും മാത്രമേ ഉണ്ടായിരുന്നുള്ളു. കാർ ശബ്ദമില്ലാതെ ഒരേടത്തു നിർത്തി. ഭാസ്കരൻ വാതിൽ തുറന്നു് അവളെ ഇറക്കി അവളുടെ കൈപിടിച്ചു കുലുക്കി “ഗുഡ്നൈറ്റു്! ഇന്നത്തെ പൂർവ്വനിശ എനിക്കു വളരെ സന്തോഷം ഉണ്ടാക്കി. നീ എന്റെ കൂടെ ശങ്കകൂടാതെ വന്നതു് വളരെ ഉപകാരമായി” എന്നും പറഞ്ഞു. കാറിൽ കേറി ഓടിച്ചു. ക്രമേണ കാറിന്റെ പിന്നിൽ ഉണ്ടായിരുന്ന ചുകന്ന വെളിച്ചം അപ്രത്യക്ഷമായി. ഭാസ്കരൻ അവളുടെ പേരെന്തെന്നു ചോദിക്കാൻ വിട്ടുപോയി. അവളും ഭാസ്കരനോടു പേർ ചോദിച്ചിരുന്നില്ല. അവളോടു പിന്നെ ഒരിക്കൽ കാണാം എന്നുകൂടി പറഞ്ഞിരുന്നില്ല. അവളുടെ മുന്നിൽ പെട്ടെന്നു പ്രത്യക്ഷമായപോലെതന്നെ അയാൾ പെട്ടെന്നു് തിരിച്ചുപോകയും ചെയ്തു.

“അങ്ങിനെ വരാൻ പാടുണ്ടോ!” ധനത്തിന്റെ തല ഉയർന്നു. അവളുടെ മൂക്കിൻതുളകൾ വികസിക്കുകയും വിറയ്ക്കുകയും ചെയ്തു. “ഞാൻ ഇനിയും അയാളെ കണ്ടുമുട്ടും എനിക്കു് അതു തീർച്ചയാണു്” എന്നിങ്ങിനെ വരാൻപോകുന്ന ഒരു കാര്യത്തിന്റെ ഒരു ചുഴവന്നപോലെ അവൾ മന്ത്രിച്ചു.

ആനന്ദവല്ലി

ധനത്തേയും പിരിഞ്ഞു കാറിൽ കയറിയ ഉടനെത്തന്നെ അന്നു സന്ധ്യയ്ക്കുശേഷം ധനത്തെ കണ്ടുമുട്ടിയതും, അവളെ കളിക്കു കൂട്ടിക്കൊണ്ടുപോയതും അവളെ ആദരിച്ചതും എന്നു വേണ്ട അവളെത്തന്നെയും ഭാസ്കരൻ മറന്നുകഴിഞ്ഞിരിക്കുന്നു. അങ്ങിനെ ഒന്നു പെട്ടെന്നു തോന്നീട്ടു് അയാൾ ധനത്തിന്നു വേണ്ടി ചില നന്മകൾ ചെയ്തു എന്നേഉള്ളു. ധനത്തെ ഒരു സഹായവുമില്ലാത്ത ശോച്യസ്ഥിതിയിൽ കണ്ടപ്പോൾ ജനിച്ച അനുകമ്പകൊണ്ടു് അങ്ങിനെ ഒക്കെ ചെയ്തു എന്നേഉള്ളു. എന്നാൽ ഭാസ്കരന്റെ മനസ്സിൽ ഒരൊറ്റത്തരുണിയുടെ വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു. അയാളുടെ മനസ്സിൽ മറ്റൊരു തരുണിക്കുംകൂടി കടന്നുകൂടാൻ സ്ഥലം കേവലം ഇല്ലായിരുന്നു. ആ ഒറ്റത്തരുണി സുന്ദരിയായ ആനന്ദവല്ലി ആയിരുന്നു. പ്രഥമവീക്ഷണത്തിൽതന്നെ അവളുടെ രമണീയതകളുടെ ആകർഷണത്തിൽപ്പെട്ടു് ഭാസ്കരൻ കെണിഞ്ഞുപോയിരിക്കുന്നു. ആനന്ദവല്ലി അനുകൂലയായിനില്ക്കുന്നപക്ഷം അവളെ വിവാഹം കഴിപ്പാൻ ഭാസ്കരൻ ഒരുക്കമായിരുന്നു. ആനന്ദവല്ലിയോടു ഭാസ്കരന്നു തോന്നിയ പ്രേമം സീമാതിതമായിരുന്നു. ഭാസ്കരൻ സുന്ദരനാണു്… തരുണനാണു്… ധനികനാണു്… ലോകം അറിഞ്ഞവനാണു്… സ്ത്രീകളുമായി ഇടപെട്ടവനാണു്. എന്നിട്ടുകൂടി ആനന്ദവല്ലിയോടു് ഒത്തുനോക്കുമ്പോൾ, താൻ താണവനും, ഒന്നിനും കൊള്ളരുതാത്തവനും അവൾക്കു പറ്റാത്തവനും ആണെന്നു ഭാസ്കരന്നു് തോന്നിപ്പോകുന്നു.

അവളെ നാടകശാലയിൽ അന്നുരാത്രി ഒരു പ്രത്യേകസമയത്തു് കാണും എന്ന ഏർപ്പാടു് അവർ മുൻകൂട്ടി ചെയ്തുവെച്ചിരുന്നു. എന്നാൽ സമയമാകുംമുമ്പേ വളരെ നേരത്തെ അയാൾ നാടകഹാളിന്റെ വാതില്ക്കൽ ചെന്നു. ദ്വാരപാലകന്നു് (വാതിൽ കാവല്ക്കാരന്നു്) അയാളെ നല്ലവണ്ണം അറിവുള്ളതുകൊണ്ടു് ഉടനെത്തന്നെ വാതിൽതുറന്നു് അയാളെ ഉള്ളിൽ കടത്തിവിട്ടു. ഭാസ്കരന്റെ കണ്ണുകൾ ആശകൊണ്ടു് മിന്നിയിരുന്നു. ഭ്രമം കൊണ്ടു് അയാളുടെ ഹൃദയം തുടിച്ചിരുന്നു. ആനന്ദവല്ലിയുടെ തോഴി, യജമാനത്തിയുടെ ഉടുപ്പുകൾ അണിയുന്ന സ്വകാര്യമുറിയിലേയ്ക്കു വഴി കാണിച്ചുകൊടുത്തു. ആനന്ദവല്ലി, അവളുടെ ദേഹശോഭ നല്ലവണ്ണം തെളിഞ്ഞുകാണുംവിധം ഒരു നേരിയ തുണിയും ഉടുത്തു് ഒരു മേശയുടെ അരികെ കസേലമേൽ ഇരിക്കുകയായിരുന്നു.

ആനന്ദവല്ലി:
നിങ്ങൾ അയച്ച പൂക്കൾ എനിക്കു കിട്ടി. അവ മനോഹരങ്ങളായിരുന്നു.
ഭാസ്കരൻ:
നിന്റെ മുഖംപോലെ മനോഹരമായ മറ്റൊരു വാസ്തുവും ഉണ്ടായിരിക്കയില്ല.

എന്നും പറഞ്ഞു് അവളുടെ കൈപിടിച്ചു് പൊന്തിച്ചു് അതിന്മേൽ അയാൾ ഒരു ചുംബനം പതിപ്പിച്ചു, അപ്പോൾ ആ മുറിയുടെ വാതിൽ തുറക്കുംപോലെ തോന്നിട്ടു് കയ്യുടെ പിടുത്തം വിട്ടു. മുറിയിൽ ചുരുട്ടുംവലിച്ചുകൊണ്ടു് ഒരു വീങ്ങിയ ചുകന്ന മുഖക്കാരൻ കൂസലില്ലാതെ കേറിവന്നു. നടിയുടെ മുഖത്തു് ഒരു ദ്രോഹമോ വല്ലായ്മയോ സ്ഫുരിച്ചു. ഭാസ്കരന്റെ പിൻഭാഗത്തു നിന്നിട്ടു് അവൾ ആഗതനെനോക്കി ചില ആംഗ്യങ്ങൾ കാട്ടി. അതൊന്നും അയാൾ കണ്ടവാറാക്കിയില്ല. അടുത്തുണ്ടായിരുന്ന ചാരുകസേലമേൽ കുറേനേരം കിടന്നതിൽപിന്നെ അയാൾ എഴുന്നേറ്റു് ആരോടും മിണ്ടാതെ ഒരു മേശയുടെ അടുക്കെച്ചെന്നു് അതിന്മേൽ വെച്ചിരുന്ന വിസ്കിയും സോഡയും ഒരു ഗ്ലാസ്സിൽ വേണ്ടുന്നത്ര പകർന്നു കുടിച്ചു. അതിനിടയ്ക്കു അയാൾ ഭാസ്കരനേയും ഒരു നോക്കു നോക്കി.

ആഗതൻ:
ഞാൻ ഊഹിച്ചതിലും ഒരുദിവസംമുമ്പേത്തന്നെ ബോമ്പായിൽ നിന്നു മടങ്ങി എത്തി. വല്ലി! നിന്റെ ഈ ചങ്ങാതി ആരാണു?

ആനന്ദവല്ലിയുടെ ചുകന്ന ചുണ്ടുകൾ ഉള്ളിലോട്ടു വലിഞ്ഞു. ഒരു വരപോലെ നേർമ്മയായി “ഇതു് എന്റെ ഒരു സ്നേഹിതനായ ജെറാൾഡ് ഭാസ്കരനാണു്” എന്നു മാത്രം പറഞ്ഞു്, അവൾ ആഗതനെപ്പറ്റി ഒന്നും മിണ്ടാതെ കഴിച്ചു.

ആഗതൻ:
(അല്പം ലഹരിപിടിച്ച സ്വരത്തിൽ) കണ്ടതു വളരെ സന്തോഷമായി എന്റെ ഭാര്യയുടെ ഏതു ചങ്ങാതിയും എന്റേയും ചങ്ങാതിയാണെന്നു ഞാൻ വിചാരിക്കും.
ഭാസ്കരൻ:
നിങ്ങളുടെ ഭാര്യയൊ!

അറിയാതെകണ്ടുതന്നെ ഭാസ്കരന്റെ നാവിൽനിന്നു് ഈ ചോദ്യം വീണുപോയി. ഒരു തല്ലു് കിട്ടിയപോലെ ഭാസ്കരൻ ഒന്നു ഞെട്ടിപ്പോയി. അയാൾ ഇങ്ങിനെ ഒരു കാര്യം സ്വപ്നത്തിൽകൂടി വിചാരിച്ചിരുന്നില്ല. ആനന്ദവല്ലി വിവാഹം കഴിഞ്ഞുപോയ ഒരുവളോ! വിവാഹാന്വേഷണത്തിന്നു് സന്നദ്ധനായിട്ടല്ലെ അന്നു ഭാസ്കരൻ പ്രത്യേകിച്ചു വന്നതു്!

നടി (ആനന്ദവല്ലി) വിശേഷവിധിയായി ഒന്നും പറയുന്നതല്ലെന്നഭാവത്തിൽ “നിങ്ങൾ ഇതുവരെ എന്റെ ഭർത്താവിനെ കണ്ടിരുന്നില്ലേ!” എന്നു ചോദിച്ചു. ആ സമയത്തു് അവൾ ഒരു മിന്നിച്ചകണ്ണോടുകൂടെ തന്റെ ഭർത്താവിനെ സോദ്ദേശം നോക്കിയിരുന്നു.

ആഗതൻ:
വല്ലതും കഴിക്കുന്നതിന്നു് വിരോധം ഉണ്ടോ? നമുക്കു് സേവോയി റസ്റ്റോറണ്ടിൽ പോകാം. എന്തുപറയുന്നു?

വാസ്തവത്തിൽ ആ ഹോട്ടലിൽ ഭാസ്കരന്നു് സ്വന്തമായി ഒരു മുറികൂടി ഉണ്ടു്. അതിൽ രണ്ടാൾക്കു സുഖമായിരുന്നു് ഭക്ഷണം കഴിപ്പാനുള്ള ഏർപ്പാടും മറ്റും ഉണ്ടു്. എന്നാലും അതു് പാടില്ലെന്നുവെച്ചു. മൂന്നാളാകുമ്പോൾ ഒരാൾ ജാസ്തിയായി എന്നു തോന്നും. ഭാസ്കരൻ ചില ഒഴികഴിവുകളും പറഞ്ഞു ക്ഷണം അവിടംവിട്ടു. അവൻ ഇടനാഴിയിൽകൂടെ പുറമെ വന്നു് ശാന്തമായ ആ വസന്തരാത്രിയിൽ മുഴുകിനിന്നു.

തലയുംതാഴ്ത്തി ചുണ്ടുകൾ മുറുകെകടിച്ചു് അയാൾ ഉദ്ദേശമില്ലാതെ തെരുവുകൾതോറും നടന്നു. അയാൾ ഇതുവരെ ജീവിച്ചതു് ചിന്താനിർമ്മിതമായ ഒരു സ്വർഗ്ഗത്തിൽ മാത്രമായിരുന്നില്ലെ! അവൻ അന്ധനും മൂഢനും ആയ ഒരു വെറും കഴുത ആയിപ്പോയില്ലെ! “ആനന്ദവല്ലിയെ എനിക്കു് കുറ്റം പറവാൻ പാടില്ല” എന്നു് ഭയങ്കരമായി അയാൾ തന്നോടുത്തന്നെ പിറുപിറുത്തു. അവളുടെ സ്വന്തം കാര്യങ്ങളെപ്പറ്റി അവൾ യാതൊന്നും ഇതുവരെ പറഞ്ഞിരുന്നില്ല. അവൾ അയാളേ പ്രേമസൂചകമായ കടാക്ഷംകൊണ്ടു് അഭിഷേകിച്ചിരുന്നതു് ശരിയാണു്. എന്നാലുംകൂടി അയാളെ അവൾ ദൃഢമായി പ്രേമിച്ചിട്ടുണ്ടെന്നു് ഊഹിപ്പാൻ വഴിവെച്ചുകൊടുത്തിട്ടില്ല. അവൾ അയാളെ വഞ്ചിച്ചിട്ടില്ല. ഈ കാര്യത്തിൽ വിഡ്ഢിത്തം പ്രവർത്തിച്ചതു് അയാൾ തന്നെയാണു്. ആ തെറ്റു് മിണ്ടാതെ ചുമക്കേണ്ടുന്ന ഭാരവും അയാളുടെതാണു്. വിവാഹം കഴിച്ച പെണ്ണുങ്ങളുമായി രഹസ്യംപിടിക്കുന്ന നീചസ്വഭാവം അദ്ദേഹത്തിന്നു കേവലം ഇല്ല.

ജാനുവും ധനവും

“ഓ! ധനം! ധനം! നാളെയാണു് എന്റെ വിവാഹം”

തങ്ങളുടെ പൊതുവായ ഉറക്കമുറിയിൽ ജാനുവായ തന്റെ മച്ചിനച്ചി ഇങ്ങിനെ നിലവിളിച്ചുകൊണ്ടു് ഇടിയെ പൊളിയെ കുതിച്ചുവന്നപ്പോൾ ധനം താൻ കിടന്നിരുന്ന കിടയ്ക്കമേൽ ഒരു കൈമുട്ടുംകുത്തി എഴുന്നേറ്റു. ജാനു സുന്ദരിയും മാംസളയും, നീലക്കണ്ണിയും അനഘയും പ്രസന്നയും ആയിരുന്നതുകൊണ്ടു് അവൾ ക്ഷണത്തിൽ വിവാഹിത ആകുന്നതിൽ ആശ്ചര്യപ്പെടുവാനില്ല. അവൾക്കു് “സ്റ്റൈയിലും” പ്രസരിപ്പും അഴകും കണക്കിലേറെ ഉണ്ടു്. എടുത്തുചാട്ടവും ധാരാളം കാണും.

“ഓ, ജാനു നീ ആളുകൾക്കു് രോമഞ്ചം ഉണ്ടാക്കുന്നല്ലോ”.

ധനത്തിന്റെ കണ്ണുകൾ മിന്നി. എന്നാൽ പുറമെ തിളങ്ങിയ പ്രസന്നത ഉള്ളിൽ പൊങ്ങിയ ഒരു ചെറിയ അസൂയയുടെ നിഴൽ മായിച്ചുകളഞ്ഞു.

ധനം:
ആരാണയാൾ? അയാളെപ്പറ്റി എല്ലാവിവരവും എന്നോടു പറയു. ഓ. നിണക്കു് ശുഭംവരട്ടെ എന്നാണു എന്റെ പ്രാർത്ഥന.
ജാനു:
അയാൾ ബില്ലിമഹേശൻ എന്ന നടനാണു്.
ധനം:
ജാനു! നിന്റെ ദശ തെളിഞ്ഞു ഭാഗ്യംവന്നു.
മഹേശൻ ഒരു വലിയ നാടകക്കമ്പനിയിലെ പ്രസിദ്ധതാരമായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടൊ കൂടക്കൂടെ വരാത്ത വാരികയൊ മാസികയൊ ദിനപത്രമൊ ഇല്ല. അനേകം കന്യകകൾ അദ്ദേഹത്തിന്റെ ഭാര്യാപദത്തിന്നു കാംക്ഷിച്ചു കാത്തുനിന്നവരാണു്. പോരാഞ്ഞിട്ടു് അയാൾക്കു തടിച്ച ശമ്പളവും ഉണ്ടു്.

ജാനു സന്തോഷത്തോടെ ചിരിച്ചു.

ജാനു:
അതെ, ഇതുകേൾക്കുമ്പോൾ ചില പെണ്ണുങ്ങൾക്കു് കലികേറാൻ മതി. നീ ഈ കാര്യത്തിന്റെ ഉത്തമഭാഗം കേൾക്കു്. അദ്ദേഹം നൃത്തത്തിൽ എന്നേ ഒരു കൂറ്റുകാരിയായി ശീലിപ്പിക്കുവാനും പോകുന്നുണ്ടു്. ഒരു ഷാപ്പിൽനിന്നു ശീലകൾ എടുത്തുകൊടുത്തു് ജീവകാലം പാഴാക്കികളയുന്നതിനേക്കാൾ ഒരു നൃത്തംവെക്കുന്ന നടിയായിത്തീരുവാൻ ഞാൻ എത്രവളരെ കാംക്ഷിച്ചിരുന്നു എന്നു് നീ തന്നേ അറിയുന്നകാര്യമല്ലെ! മേലാൽ പ്രൗഢകൾക്കു് ചേലകൾ എടുത്തുകൊടുക്കുന്ന ജോലി എനിക്കു് ആവശ്യമെ ഇല്ല. എന്റെ “ബില്ലിമഹേശൻ” ഇന്ത്യാക്കാരുടെ നൃത്തകല കാണിക്കാൻ വേണ്ടി യൂറോപ്പിലേയും ആഫ്രിക്കയിലേയും നാടകഉടമസ്ഥന്മാരോടു് കരാറേറ്റുവാങ്ങിയിരിക്കുന്നു. അയാളുടെ പങ്കുകാരിയായി ചേരുവാനും അയാളെ വിവാഹം കഴിപ്പാനും ഇന്നു എന്നോടു പറഞ്ഞുകഴിഞ്ഞു. ദേഹംക്രമേണ നഗ്നമാക്കി ആണുങ്ങളെ ബേജാറാക്കുന്ന തന്ത്രങ്ങളും എന്നെ ശീലിപ്പിക്കുവാനും അദ്ദേഹം ഏറ്റിരിക്കുന്നു. ഞങ്ങൾക്കിരുവർക്കും ഒരു അതിശയഭാവിയാണു് പ്രകാശിക്കുന്നതു്.

ധനത്തിന്റെ കണ്ണുകൾ തുറന്നു.

ധനം:
നീ അയാളെ പ്രേമിക്കുന്നുണ്ടൊ?
ജാനു:
അതിനെന്തു സംശയം! നീ എന്താ വിചാരിച്ചുതു്? എത്രവളരെ യുവതികളാണു് അയാളെ പാട്ടിലാക്കാൻ ശ്രമിച്ചതു്. (നെറ്റിമേൽ വീണ ചുരുളുകളെ തല ഇളക്കി മെലോട്ടാക്കിയതിൽപിന്നെ) എന്റെ ഇഷ്ടത്തി! നാളെയാണു് ഞങ്ങളുടെ വിവാഹം നാളെരാത്രി പാരീസ് പട്ടണത്തിലേയ്ക്കാണു് ഞങ്ങൾ പുറപ്പെടുന്നതു്. ആ പട്ടണം പരന്ത്രീസ് രാജ്യത്തിന്റെ തലസ്ഥാനമാണു്.
ധനം അത്ഭുതപരിഭ്രമങ്ങൾ കൊണ്ടു “ഓ” എന്നു നിലവിളിച്ചു.
ധനം:
ഇത്രവേഗമൊ? എന്നാലും ജാനു! എന്റെ ചങ്ങാതി. നിശ്ചമായിട്ടും ഞാൻ വളരെ സന്തോഷിക്കുന്നു. നീ സൗന്ദര്യത്തിന്റെ കൂടല്ലെ! നീ ഒരു അസാധാരണപുരുഷനെ വിവാഹം കഴിക്കുമെന്നു് എനിക്കു പണ്ടെ നിശ്ചയമുണ്ടു്. എന്നാൽ നീ പോയാൽ—നീയും കൂടിപോയാൽ—എന്റെ സ്ഥിതി എന്താണു്.
ജാനു:
(വികാരംകൂടാതെ) നീ തനിയെ ഇരിക്കേണ്ടിവരും. നീ കുറെ ഉത്സാഹം കാണിക്കണം. നിണക്കു് കുറെക്കൂടി ഉണർച്ചവേണം കുറെകൂടി ചുറ്റിനടക്കണം ഈ മടയിൽ തന്നെ ശുമ്മാ ഇരുന്നാൽ പോര. നിണക്കു് സൗന്ദര്യം കുറവാണെന്നു് എനിക്കു ബോദ്ധ്യമുണ്ടു്. എന്നാൽ മനസ്സിരുത്തി പ്രവർത്തിച്ചാൽ അഴകില്ലാത്ത പെണ്ണിനുംകൂടി ചില്ലറ കാര്യസാദ്ധ്യം വരുത്താം. ഒന്നുരണ്ടു് ആഴ്ചമുമ്പേയല്ലെ നീ നാടകശാലയിൽവെച്ചു് ഒരു തരുണനുമായി പരിചയമായി എന്നു് പറഞ്ഞതു് അവനെ പിന്നെ നീ കണ്ടില്ലെ!

ധനത്തിന്റെ മുഖത്തു് രക്തംനിറഞ്ഞു. മർമ്മസ്ഥലത്തു് കുത്താൻ ജാനുവിനു് പണ്ടേ ഇഷ്ടമാണു്. ആ മറക്കാൻ പാടില്ലാത്ത രാത്രി അവൾ വീട്ടിൽ മടങ്ങിവന്നു കേറിയപ്പോൾ നാടകശാലയിൽ യദൃച്ഛയാ കണ്ടുമുട്ടിയ ഉദാരപുരുഷനെ പിന്നേയും കാണുമെന്നു് ധനത്തിന്നു് ഉറപ്പായിരുന്നു. ഒരു മനോഹരസ്വപ്നത്തിൽ എന്നപോലെ അയാളെ ഒന്നുകൂടി കാണ്മാൻവേണ്ടി അവൾ പട്ടണത്തിൽകൂടെ ചുറ്റിനടന്നിരുന്നു. അദ്ദേഹത്തെകണികാണ്മാനും കൂടി കിട്ടിയിരുന്നില്ല. അന്നത്തെ രാത്രിയിൽ അനുഭവിച്ചിരുന്ന പുളപ്പു് ക്രമേണ മങ്ങിമറഞ്ഞുപോയി. അവളുടെ ജീവിതം സംഭവമില്ലായ്മകൊണ്ടു വളരെ മൗഢ്യമായി. നേരംപോക്കില്ല. പുരുഷന്മാരുടെ സേവയൊ സമ്പർക്കമൊ ഇല്ല. അപ്പോൾ ജീവിതം പാഴായപോലെ കിടക്കുകയല്ലാതെ എന്താണു് നിവൃത്തി. ധനത്തിന്റെ ദേഹത്തിൽ താരുണ്യത്തിലെ ചോരത്തിളപ്പു് പതച്ചുകൊണ്ടിരുന്നു, സംഭവബഹുലമായ ഒരു ഉണർച്ചയുള്ള ജീവിതം നയിക്കുന്നതിന്നു് പകരം ഒരു തുണിഷാപ്പിന്റെ മുക്കിൽ നിന്നു് മേലാൽ നന്മവരാനിടയില്ലാത്തവിധത്തിൽ പറ്റിപതുങ്ങി ഒരു അന്ധകാരമയമായ ജീവിതം അവൾ ഒരു വിധേന കഴിച്ചുകൂട്ടുകയാണു് ചെയ്യുന്നതു്. അപ്പം കിട്ടേണ്ടുന്ന സ്ഥാനത്തു് അവൾക്കു കല്ലാണു് കിട്ടിപ്പോരുന്നതു്. ഈ വിചാരങ്ങളൊക്കെ ഒരു നിമിഷത്തിൽ—ജാനുവിന്റെ ചോദ്യത്തിന്നു് ഉത്തരം പറയുംമുമ്പെ—കഴിഞ്ഞു പോയതാണു്.

ധനം:
ഇല്ല. ഞാൻ പിന്നെ അയാളെ കണ്ടിട്ടില്ല.

ഒരു നിമിഷനേരം ജാനു സ്വാർത്ഥം മറന്നു.

ജാനു:
ഇരിക്കട്ടെ. അയാളുടെ പേരെന്താണു്?
ധനം:
എനിക്കു നിശ്ചയമില്ല.

ജാനുവിന്റെ കണ്ണു് ആശ്ചര്യം കൊണ്ടു തുറിച്ചു.

ജാനു:
എന്റെ ഭഗവാനെ! അവനോടു് അതു ചോദിക്കാതിരിപ്പാൻ നീ ഒരു ഒന്നിനും കൊള്ളാത്ത ഊമയായിപ്പോയോ? (പുച്ഛഭാവത്തിൽ) ഒരു സമയം നിന്റെ പേരും കൂടി നീ അവനോടു പറഞ്ഞുകൊടുത്തിട്ടിലായിരിക്കും.
ധനം:
(പാരവശ്യത്തോടെ) ഇല്ല. ഞാൻ പറഞ്ഞിട്ടേ ഇല്ല. അയാളെപ്പറ്റി സംസാരിച്ചിട്ടു് എന്തു പ്രയോജനമാണു് ? ഞാൻ താമസിക്കുന്നതു് എവിടെയാണെന്ന വിവരം തന്നെ അയാൾക്കില്ല. അയാൾക്കു് അതു് അറിയേണ്ടുന്ന കാര്യം ഇല്ലായിരിക്കും. അതുകൊണ്ടായിരിക്കും അയാൾ ചോദിക്കാതിരുന്നതു്.(പരിഭവത്തോടെ) അയാളെപ്പോലെയുള്ളവർക്കു് ഒരു പെട്ടി ചോക്ലേറ്റ് (Chocolates) വലിയ കാര്യമാണോ?

അവസാനത്തെ ചോദ്യം ജാനുവിനോടല്ല തന്നോടുതന്നെ ചോദിച്ചതണെന്നു തോന്നിപ്പോകും. ജാനു അപ്പോൾ മുഖത്തു് ഒരു സുഗന്ധതൈലം പിരട്ടി. മോടിപിടിപ്പിക്കുന്ന തിരിക്കിലായിരുന്നു.

ജാനു:
(ഉച്ചത്തിൽ) നീ ഒന്നിനും ശേഷിഇല്ലാത്ത ഒരു പച്ചപ്പയ്യാണു്. സ്പഷ്ടമായി പണത്തിൽ മുഴുകിയ ഒരാൾ എനിക്കു് ഒരു പെട്ടി ചോക്ലേറ്റ് വാങ്ങിത്തരാൻ തക്കവണ്ണം ദയ കാണിച്ചാൽ അയാളെ ഞാൻ മുറകെപ്പിടിക്കുമായിരുന്നു. അവസരം കിട്ടുമ്പോൾ അതു വെറുതേ വിട്ടുകളവാൻ പാടുണ്ടോ?

എന്നിട്ടു് ഒരു കുലുങ്ങുന്ന ചിരിയും ചിരിച്ചു് സ്വിച്ച് (Switch) തിരിച്ചു കാന്തദീപവും കെടുത്തി അവൾ ഉറങ്ങാൻ കിടന്നു.

തന്നോടു ലോഗ്യം കാണിച്ച പുരുഷനെ പിന്നെ ഒരിക്കൽ കണ്ടില്ലല്ലൊ എന്ന നിരാശയോടെ അയാളെത്തന്നെ ധ്യാനിച്ചു കിടക്കുന്ന ധനത്തിന്നു് ലേശംപോലും ഉറക്കം വന്നില്ല. അദ്ദേഹത്തിന്റെ തടിച്ച പുരികത്തിന്റെ ചോടെ വിളങ്ങുന്ന നീലകണ്ണു്—വടിവും ദൃഢതയും സ്ഫുരിപ്പിക്കുന്ന മുഖം—മെലിഞ്ഞു് ബലവും സ്വാധീനവും ഉറപ്പും ഉള്ള ദേഹം—ചേർച്ചയുള്ള മേത്തരം ഉടുപ്പു്—ഇതൊക്കെ അവൾക്കു് കണ്ണിന്നുമുമ്പാകെ കാണുംപോലെ തോന്നി. ആ അന്ധകാരത്തിൽ പ്രവാഹമായി ഒഴുകിവീണ കണ്ണുനീർകൊണ്ടു് തലണമുഴുവൻ നനഞ്ഞു. ഒരു വിനോദകരമായ യാദൃച്ഛികസംഭവം അവളുടെ തമോമയ ജീവിതത്തിൽ മിന്നൽപോലെ ഒന്നു പ്രകാശിച്ചു. അതു് വന്നപാടെതന്നെ അസ്തമിക്കുകയും ചെയ്തു. ആ പഴയഷാപ്പിലെ നിത്യജോലിയും നിവർത്തിച്ചു കൊല്ലങ്ങൾ കഴിയുന്തോറും വയസ്സും വർദ്ധിച്ചു് ജരയും നരയും വർദ്ധിച്ചു് വൃദ്ധയായി കുരച്ചും തുപ്പിയുംകൊണ്ടു് മരിക്കാനായിരിക്കും അവളുടെ വിധി.

അവളുടെ ഏങ്ങൽ നിരോധിപ്പാൻവേണ്ടി തലയണയുടെ ഒരു കോൺ അവൾ വായയിലേയ്ക്കു തള്ളി. ജാനുവോ മറ്റൊ അതു് കേട്ടാൽ പിന്നേയും നിന്ദിക്കുമെന്ന ഭയം അവൾക്കു ധാരാളമുണ്ടായിരുന്നു. അവളുടെ കഴിഞ്ഞ സന്തോഷം വെറും ഒരു സ്മരണ മാത്രമായി. മേലാൽ അവൾക്കു് വിനോദമൊ, സുഖമൊ, പ്രണയമൊ ഒന്നും ഇല്ല. ആ ധന്യനെ കാണുകയും ഉണ്ടാകയില്ല.

യാത്ര

പിറ്റേന്നു് കുളിർകാറ്റു് വീശിയിരുന്ന ഒരു മഴദിവസമായിരുന്നു. അവളുടെ മച്ചിനച്ചി വലിയ ബഹളത്തോടെ ഓരോ ഒരുക്കങ്ങൾ ചെയ്യുന്നതു കണ്ടപ്പോൾ മേലാൽ താൻ അനുഭവിക്കേണ്ടിവരുന്ന ഏകാന്തവാസവിചാരം കൊണ്ടു് ധനത്തിന്നു് അസ്വാസ്ഥ്യം നേരിട്ടു. വിവാഹം രജിസ്ട്രാപ്പീസിൽ വെച്ചു് “വേഗം നടന്നു”. ഒരു മികച്ച റസ്റ്റോറണ്ടിൽ വെച്ചു് അതിഥികൾക്കു് “ലഞ്ചും” ഉണ്ടായി. ധനത്തിന്നു് എന്തൊ ഒരു വലിയ വസ്തു പൊയ്പോയപോലെ തോന്നി. മഹേശൻ മേശയുടെ ചുവട്ടിൽകൂടെ ജാനുവിന്റെ കൈപിടിച്ചു ഞെക്കുന്നതു കണ്ടപ്പോൾ അവൾക്കു് അസൂയയും ജനിക്കാതിരുന്നില്ല. ജാനുവിനു് സുഖം സമ്പാദ്യമായതു് അവൾ ഒരു അഴകുള്ള പെണ്ണായിരിക്കകൊണ്ടാണു്. മറ്റാർക്കും സാധിക്കാത്തവിധത്തിലാണു് മഹേശൻ ജാനുവിന്റെ കണ്ണുകൾ ഉറ്റുനോക്കിയതു്. തന്നെ ആരും ഇങ്ങിനെ നോക്കുകയില്ല എന്ന വിചാരം ധനത്തിന്നു് ഉണ്ടായതു് അവൾക്കു സൗന്ദര്യം ഉണ്ടെന്നു പരമാർത്ഥബോധം കേവലം ഇല്ലാഞ്ഞിട്ടാണു്.

ആനന്ദംകൊണ്ടു് തിളങ്ങുന്ന ആ ദമ്പതികൾ ദേശാടനത്തിന്നു പുറപ്പെട്ടപ്പോൾ തീവണ്ടിസ്റ്റേഷൻവരെ ധനവും ഒന്നിച്ചുപോയി. വണ്ടി സ്റ്റേഷൻ വിടുന്നവരെ ജാനു ചിരിക്കുകയും ഓരോന്നു പറയുകയും ചെയ്തിരുന്നു. ഒടുവിൽ അവൾ ധനത്തെ നോക്കി.

ജാനു:
ഞങ്ങൾ ഏറ്റെടുത്ത കരാറു് നിറവേറ്റിയതിൽ പിന്നെ ഞങ്ങൾ അമേരിക്കയിലാണു് പോകുന്നതു്. മഹേശന്നു് എന്നെ മോഖായിൽ ചേർക്കേണം എന്ന മോഹം ഉണ്ടു് ഞാൻ ഒരു താരമാകുന്നതു് നീ ഒരു ദിവസം കാണും.

ഇങ്ങിനെ പറഞ്ഞു ജാനു ധനത്തിന്റെ ചുമലിന്നു് രണ്ടു മൂന്നു് മുട്ടി. ധനം എന്തൊ വിഴുങ്ങുമ്പോലെയൊ വിലങ്ങിയ പോലയൊ മുഖസ്വഭാവംകൊണ്ടു് വെളിവാക്കി “ജാനു” നിണക്കുവരുന്ന കത്തുകളൊക്കെ ഞാൻ എവിടെയാണു് അയയ്ക്കേണ്ടതു് എന്നു ചോദിച്ചു. പുതിയപെണ്ണു് ഭംഗിയുള്ള തല ഇളക്കി.

ജാനു:
ഇഷ്ടത്തി! നീ അതിനെപ്പറ്റി കേവലം ബുദ്ധിമുട്ടാനൊന്നും ഇല്ല. ഞാൻ ഇവിടവുമായിട്ടുള്ള ബന്ധം കേവലം മുറിച്ചുകളയാനാണു് ഭാവം, എനിക്കുവരുന്ന കത്തുകളൊക്കെ നീ വാങ്ങി ഒത്തതുപോലെ ചെയ്യുക. നീ എന്തുചെയ്യുന്നതിന്നും എനിക്കു വിരോധമില്ല. ഞാൻ ഇങ്ങട്ട് വരുന്നവളല്ല.

പണ്ടേതന്നെ ജാനുവിന്റെ മാതിരി ഇങ്ങനെയാണു്. അവൾക്കു് അദ്ധ്വാനം കുറയുവാൻ വേണ്ടി അവൾ ചെയ്യേണ്ടുന്നകാര്യങ്ങൾ പാടുള്ളേടത്തോളം ധനത്തിന്റെ പിരടിയിലിടുക പതിവാണു്. തീവണ്ടി ഇളകിയപ്പോൾ ധനത്തിന്റെ ഹൃദയം വ്യസനാക്രാന്തമായി. തൊണ്ട ഒരു മുഴ പൊങ്ങിവന്നപോലെ വേദനിച്ചു. അവളും ജാനുവും ഒന്നിച്ചുപാർത്തിട്ടു് മൂന്നുകൊല്ലം കഴിഞ്ഞിട്ടേ ഉള്ളു അവരുടെ മാതാപിതാക്കന്മാർ മരണപ്പെട്ടുപോയതുകൊണ്ടാണു് അവർ ഒന്നിച്ചു പാർപ്പാൻ നിശ്ചയിച്ചതു്. ഈ രണ്ടുയുവതികൾക്കും ഭൂമിയിൽ മറ്റൊരു ചാർച്ചക്കാരും ഉണ്ടായിരുന്നില്ല. ഇപ്പോളാകട്ടെ ധനം ഒറ്റയ്ക്കായി. നൂറു് ലക്ഷം ജനങ്ങളുള്ള ഒരു വലിയ പട്ടണത്തിൽ ധനം തനിച്ചായി. ഈ നൂറുലക്ഷത്തിൽ ഓരോരുവർക്കും അവരവരുടെ അടിയന്തരജോലി നോക്കേണ്ടതുണ്ടായിരിക്കും. ചിലർ തനിച്ചായിപ്പോകുന്ന സങ്കടസ്ഥിതി കുടെക്കൂടെ ഉണ്ടാകാറുള്ള സാധാരണ സംഭവങ്ങൾ ആയിരിക്കകൊണ്ടു് മറ്റുള്ളവർ അതൊന്നും അത്ര വകവെക്കാറില്ല.

ഒരു തീരുമാനം

ശനിയാഴ്ച ഉച്ചതിരിഞ്ഞപ്പോൾ നല്ല തണുപ്പുണ്ടായി ഏകാന്തമായ ആ ചെറിയ പുരയിൽവെച്ചു് ധനത്തിന്നു് ചില പാത്രങ്ങൾ മോറാനുണ്ടായിരുന്നു. ചില്ലറപ്പണി വേറെയും പലതു് ചെയ്വാൻ ഉണ്ടായിരുന്നു. ഈ ചെറിയ ഭവനംതന്നെ ശുചിയായി കൊണ്ടുനടക്കേണമെങ്കിൽ തന്നേപ്പോലെ മറ്റൊരുവളുടെ സഹായവുംകൂടി ധനത്തിനു് വേണ്ടിവരും. തനിയെ ഇരുന്നു് മടുത്തുപോയിട്ടു് ധനം സിനിമ കാണാൻപോയി. രണ്ടുമണിക്കൂറ് വിനോദിച്ചു. ഒഴിഞ്ഞുകിടക്കുന്ന തന്റെ വീട്ടിൽ മടങ്ങിവന്നു് വാതിൽ തുറന്നപ്പോൾ വൈകുന്നേരത്തെ പോസ്റ്റിൽ വന്ന ചില കത്തുകൾ തപാല്ക്കാരൻ ജനലിൽകൂടെ ഉള്ളിൽഇട്ടതു് നിലത്തുകിടക്കുന്നതു് കണ്ടു.

ഗൗവരമുള്ളതാണെന്നു തോന്നുന്ന ഒരു കത്താണു് ജാനുവിന്റെ വിലാസത്തിൽ വന്നുകണ്ടതു്. ധനം അതൊന്നു് തിരിച്ചും മറിച്ചും നോക്കി. ജാനു അവളുടെ വിലാസം തരാതിരുന്നതുകൊണ്ടു് അതു് അവൾക്കു അയച്ചുകൊടുപ്പാനും നിവൃത്തിയില്ലാതെവന്നു. ജാനു സകല കത്തുകളും തുറന്നു് വായിക്കാനുള്ള അധികാരവും അവൾക്കു കൊടുത്തിരുന്നു. പിന്നെ എന്തുകൊണ്ടു് പൊളിച്ചു് വായിച്ചുകൂട. ആ കത്തു് ഭയങ്കര പ്രമുഖ്യമുള്ളതായിരിക്കണം. ചില “സൊളിസിട്ടർ”മാരുടെ (വക്കീൽമാരുടെ) സമാജത്തിൽനിന്നു് വന്നതാണെന്നും കവറിന്മേൽ കണ്ടു. ധനം ശങ്കകൂടാതെ അതു് പൊളിച്ചു വായിച്ചു. ധനത്തിന്റെ കണ്ണുതുറന്നു. അവൾ ഒന്നു് ഞെട്ടിപ്പോയി. ഉള്ളം നടുങ്ങിപ്പോകുന്ന ഒരു കത്താണതു് അവൾ അതു് ഒന്നുംകൂടി വായിച്ചുനോക്കി. വിവരം നല്ലവണ്ണം ഗ്രഹിച്ചു. കാര്യം ശരിയായി മനസ്സിലാക്കി.

(കത്തു്)

മാന്യമാനിനി!

ഞങ്ങളുടെ “ക്ലയണ്ടു്” (വക്കീലാക്കിയ ആൾ) മിസ്റ്റർ റിച്ചേർഡ് ഭാസ്കരൻ (നെബ്വർത്ത് സ്ക്വയർ S. W.) എന്നവർ “റേൻഫർലീറോഡു്–നിച്ച്മണ്ടു്” എന്ന ദിക്കിൽ ഒരു കാലത്തു് താമസിച്ചിരുന്ന മിസ്റ്റർ ഡഗ്ലസ്ജെയിംസ് ത്രിപുരൻ എന്നവരുടെ കുഡുംബത്തെപ്പറ്റി അന്വേഷണം നടത്തി വിവരങ്ങൾ അറിയിപ്പാൻ ഞങ്ങളെ ഏല്പിച്ചിരുന്നു. മരിച്ചു പോയ ഡഗ്ലസ് ത്രിപുരന്റെ പുത്രിയാണു് നിങ്ങൾ എന്നു് ഞങ്ങൾക്കു് അറിവായിരിക്കുന്നു. നിങ്ങളാണു് അവൾ എന്നു് തെളിയിപ്പാൻ വേണ്ടുന്ന രേഖകളോടുകൂടെ ഞങ്ങളെ വന്നു് നേരിട്ടു് കാണുകയൊ കത്തുകൾ വഴിയായി വേണ്ടപ്പെട്ട തെളിവുകൾ തരികയൊ ചെയ്യുന്നതു് നമ്മൾ ഇരുവർക്കും നന്മവരുത്തുന്ന കാര്യമായിരിക്കും. മിസ്റ്റർ ഭാസ്കരനും, മരിച്ചു പോയ മിസ്റ്റർ ത്രിപുരനും തമ്മിൽ ഉണ്ടായിരുന്ന സ്നേഹബന്ധംനിമിത്തം മിസ്റ്റർ ഭാസ്കരന്നു്, ത്രിപുരന്റെ പുത്രിയായ നിങ്ങൾക്കു് വലിയൊരുതുക പണമായി സംഭാവനചെയ്യണം എന്ന ഒരു വിചാരം ഉണ്ടു്. അങ്ങിനെ ചെയ്യേണമെങ്കിൽ മറ്റൊരു നിബന്ധനയ്ക്കുകൂടി ജാനുവായ നിങ്ങൾ അനുകൂലിച്ചു നില്ക്കേണ്ടതുണ്ടു്. അതെന്തെന്നുവെച്ചാൽ, നിങ്ങൾക്കു് വിരോധം ഇല്ലെങ്കിൽ—അഥവാ സമ്മതമാണെങ്കിൽ—മേപ്പടി ഭാസ്കരന്റെ ഏകപുത്രനായ മിസ്റ്റർ ജെറാൾഡ് ഭാസ്കരനെ നിങ്ങൾ വിവാഹം കഴിക്കേണ്ടതാണു്. നിങ്ങളെ വിവാഹം കഴിപ്പാൻ മിസ്റ്റർ ജെറാൾഡ് ഭാസ്കരനു സമ്മതമാണു്…

കത്തിൽ വേറെചില ചില്ലറക്കാര്യങ്ങൾകൂടി ഉണ്ടു്. അതിന്റെ വിസ്മയമായസാരം നെബ്വർത്ത് സ്ക്വയർ S. W. എന്ന സ്ഥലത്തു് താമസിക്കുന്നവരൊക്കെ വലിയ ധനികന്മാരാണു്. കത്തിന്റെ വാചകരീതികൊണ്ടു് ക്ഷണം മനസ്സിലാകുന്നതു ഇതാണു്. ഒരു വലിയ ധനികന്നു് അദ്ദേഹത്തിന്റെ പുത്രൻ, ജാനുവേ വിവാഹം ചെയ്യണമെന്നു് പിടിത്തം ഉണ്ടു്. എല്ലാവരും ചെയ്യുന്നതു് ജാനുവിനെക്കൊള്ളത്തന്നെ. എല്ലാവർക്കും ജാനുവെമാത്രമെ വേണ്ടു. മഹേശനുമായ ബന്ധം ഇല്ലായിരുന്നു എങ്കിൽ ഈ ഭാഗ്യാവസരം ജാനു വിട്ടുകളയുമായിരുന്നൊ? അവൾ ചാടിചെല്ലുമായിരുന്നില്ലെ. ജാനു ഇപ്പോൾ വിവാഹിതയാണു്. പോരാഞ്ഞിട്ടു് പരമാനന്ദത്തിൽ മുഴുകിയവളുമാണു്. ഈ സുവർണ്ണാവസരം അവൾക്കു് ആവശ്യമേ ഇല്ല.

ധനം തന്റെ ചുണ്ടുകൾ തന്നാലെ കടിച്ചുപോയി. ഈ അവസരം തനിക്കല്ലായിരുന്നോ വരേണ്ടതു്… എന്തുചെയ്യും? അങ്ങിനെ ഒരു ഭാഗ്യം തനിക്കു് സിദ്ധിച്ചില്ല. ജാനുവിന്റെ വിവാഹം കഴിഞ്ഞുപോയി എന്ന വിവരം ഈ വക്കീൽമാരെ എഴുത്തുമൂലം അറിയിക്കണമെന്നു് ധനം നിശ്ചയിച്ചു.

അവൾ ആ കത്തിന്റെ ഉറ ഒന്നുകൂടി എടുത്തുനോക്കി. അതിൽ മറ്റൊരു സാധനവും കൂടി ഉണ്ടായിരുന്നു. അവൾ അതു് എടുത്തുനോക്കി. അവൾ എത്രയൊ കൗതുകത്തോടെ പിന്നേയും നോക്കി. അതു് ഒരു പുരുഷന്റെ “ഫോട്ടോ” (പടം) ആയിരുന്നു. അവൾ സ്തംഭിച്ചുപോയി. ചോടെ ജെറാൾഡ് ഭാസ്കരൻ എന്ന പേരാണു് എഴുതിക്കണ്ടതു്. അപ്പോൾ നാടകശാലയിൽ വെച്ചു് അന്നൊരുദിവസം അനുകമ്പ കാണിച്ച ആൾ ജെറാൾഡ് ഭാസ്കരനാണെന്ന ബോധം അവൾക്കുണ്ടായി.

അതായിരിക്കുകയില്ല. അങ്ങിനെവരാൻ പാടുണ്ടോ! എന്തായാലും ഫോട്ടൊ അയാളുടെതുതന്നെയാണെന്നു് ഉറപ്പായി. ധനം ആ മുഖം സകല കോണങ്ങളിലും കൂടി പരിശോധിച്ചുനോക്കി. അയാളുടേതുതന്നെ അവളുടെ സകല ശങ്കയും തീർന്നു. ഇയാളാണു് അച്ഛന്റെ ഇഷ്ടത്തിന്നനുസരിച്ചു് ജാനുവേ വിവാഹം ചെയ്വാൻ തെയ്യാറായിനിന്ന ആൾ. ജാനുവാണെങ്കിൽ അവളുടെ പ്രാണനായ മഹേശനെ വിവാഹം ചെയ്തുകഴിഞ്ഞു.

ആ ഫോട്ടൊ ധനം തന്നേത്താൻ അറിയാതെ മുറുകെ പിടിച്ചുപോയി. അവളുടെ ചുണ്ടു് സ്പന്ദിച്ചു. വളരെ കഷ്ടമായ്പോയി! വളരെ കഷ്ടമായ്പോയി!

അവൾ വക്കീലിന്റെ കത്തു് ആ ലക്കോട്ടിൽതന്നെ മെല്ലെ തള്ളി. അവർക്കു് ഈ വിവരത്തെപ്പറ്റി എഴുതുകയാണു് വേണ്ടതു്. അപ്പഴാണു് അവൾക്കൊരു ശങ്കതോന്നിയതു്. കത്തിന്റെ കൂടെ ഫോട്ടോവും കൂടി അയയ്ക്കണോ? അതുവേണ്ട പിന്നേയും ആ ഫോട്ടോ, അവൾ കൗതുകത്തോടെ നോക്കി. എന്നിട്ടു അതിന്മേൽ ഒരു ചുംബനം പതിപ്പിച്ചു. അവൾ ഓരോ മനോരാജ്യവും നിർമ്മിച്ചു് മുറിയിൽകൂടെ അങ്ങട്ടും ഇങ്ങട്ടും നടന്നു. പിന്നെ പെട്ടെന്നു് കണ്ണുംതുറിച്ചുകൊണ്ടു് വടിപോലെനിന്നു.

അവളുടെ മച്ചിനച്ചി ജാനു ഭൂമിയുടെ മറുഭാഗത്തു് എത്തിപ്പോയി. അവൾ ഇവിടെ ഒരിക്കലും മടങ്ങിവരികയില്ല. അവളുടെ റജിസ്റ്റർ വിവാഹവും കഴിഞ്ഞു. ഈ അത്ഭുതദാനം സ്വീകരിപ്പാൻ ജാനുവിന്നു് ഇഷ്ടമുണ്ടെങ്കിൽ കൂടി സാധിക്കുകയില്ല. ജാനുവിന്റെ സ്ഥാനത്തു് അവൾ പോയിനിന്നാലൊ!

അവൾ ദീർഘമായി ഒന്നു് നിശ്വസിച്ചു. അതിന്നു് വ്യസനസൂചകമായ ഒരു എങ്ങലിന്റെ ഛായയുംകൂടി ഉണ്ടായിരുന്നു. അവളുടെ മുഖം വിളറി. എങ്കിലും കണ്ണുകൾ ചൈതന്യത്തോടെ മിന്നി. അവൾ ചുണ്ടുകൾ വിടർത്തി ജെറാൾഡ് ഭാസ്കരൻ എന്ന നാമം പ്രേമത്തോടെ ഉച്ചരിച്ചു. അയാളുമായി ഒരു വിവാഹം നടക്കുന്നതു് എത്ര ആനന്ദമായിരിക്കും. അയാളുടെ ഭാര്യപദം സിദ്ധിക്കേണ്ടുന്ന ഒരു അവസരം ആരെങ്കിലും പഴുതാക്കിക്കളയുമൊ.

കഴിഞ്ഞ സംഭവങ്ങളൊക്കെ ഈശ്വരൻ കരുതിക്കൂട്ടി വരുത്തിച്ചതാണെന്നു തോന്നിപ്പോകുന്നു. യാദൃച്ഛിക സംഭവങ്ങൾ, ഇത്ര അനുകൂലയോജിപ്പുകളോടുകൂടെ ഓരോന്നിന്റെ തുടർച്ചയായി, ഒരു മുന്നുദ്ദേശത്തിന്നനുസരിച്ചു വന്നുകൂടാൻ ഇടയില്ല.

അദ്ദേഹത്തെ രണ്ടാമതും ഒരിക്കൽ കണ്ടുമുട്ടുമെന്നു് അന്നത്തെ രാത്രിതന്നെ അവൾക്കു് ഒരു ഉദിപ്പു് ഉണ്ടായിരുന്നില്ലേ! അവൾ മുറിയിലെ വാതിലും കടന്നു അവിടെ തൂക്കിയിരുന കണ്ണാടിയിൽ അവളുടെ മുഖം നല്ലവണ്ണം നോക്കി. അവളുടെ മുഖത്തു് ഒരു തേജസ്സു് വന്നുകൂടിയപോലെ തോന്നി. ഒരു ഇരുട്ടുമുറി പെട്ടെന്നു് കത്തിച്ച ഒരു ദീപത്താൽ എന്നപോലെ അവളുടെ മുഖം വിളങ്ങി. അവൾ നെറ്റിമേൽ വീണ നീലാളകങ്ങളെ പിന്നിലേയ്ക്കുതന്നെ തള്ളി. അവ ശുശ്രൂഷയൊന്നും കൂടാതെത്തന്നെ കറുപ്പുനിറം കൊണ്ടു മിന്നി. ചിരിക്കുമ്പോൾ അവളുടെ കണ്ണുകളിൽനിന്നു് തീക്കണങ്ങൾ പാറി. അവറ്റയുടെ കാന്തിക്കും ഒരു കുറവുണ്ടായിരുന്നില്ല. അവൾ നല്ല വസ്ത്രവും കൂടി ധരിച്ചാൽ അവൾക്കു് ആളുകളെ ആകർഷിക്കത്തക്ക കാന്തി ഇല്ലാതിരിക്കില്ല. അദ്ദേഹത്തെ വിവാഹം കഴിച്ചാൽ, അയാളുടെ സമ്പൂർണ്ണ തൃപ്തിനേടാൻ അവൾക്കു സാധിക്കുമെന്നു തോന്നി. അവൾക്കു് അതിന്നു സംശയമേ ഉണ്ടായിരുന്നില്ല. ഉറപ്പുകൂടി ആയിരുന്നു. ആലോചിച്ചു നോക്കുന്തോറും ആത്മവിശ്വാസവും സ്ഥിരപ്രജ്ഞയും അവൾക്കു വന്നുകൂടി. യാതൊരു ഉടവും കൂടാതെ നിശ്ചയിച്ചകാര്യം നിറവേറ്റാമെന്നു് അവൾക്കു ബോദ്ധ്യമായി.

ഭയസമ്മിശ്രമായ ഒരു കമ്പം അവളെ ബാധിച്ചു. “ആരെയാണു് അവൾ ദോഷപ്പെടുത്തുന്നതു്” അവൾ തന്നോടുതന്നെ കോപത്തോടെ ചോദിച്ചുതുടങ്ങി. നിശ്ചയമായിട്ടും തന്റെ മച്ചിനച്ചിയെ അല്ല. ജാനുവിന്നു് അദ്ദേഹത്തെ വിവാഹം കഴിപ്പാൻ പാടില്ലതന്നെ. ഭാസ്കരനാണെങ്കിൽ ഈ വിവാഹം മുൻകൂട്ടി നിശ്ചയിച്ചുപോയ ഒരു ഏർപ്പാടിന്റെ നിർവ്വഹണം മാത്രമാണു്. എന്തുകൊണ്ടെന്നാൽ അദ്ദേഹം ജാനുവെ ഒരിക്കൽ കണ്ടു എന്ന ബന്ധവും കൂടി ഇല്ല. അന്നത്തെ രാത്രി തന്റെ പേരുംകൂടി ചോദിപ്പാൻ അയാളോടു് വിട്ടുപോയതു് ദൈവാനുകൂല്യം കൊണ്ടുമാത്രം ആയിരിക്കണം. എന്നാൽ ജാനുതന്നെ ആണെന്നതിന്നു് മതിയായ തെളിവുവേണം. വല്ലതും കാണുമോ? ജാനുവും ധനവും തങ്ങളുടെ കടലാസുകൾ സൂക്ഷിച്ചുവെച്ചിരുന്ന ഒരു മേശയുടെ അരികെ ധനം ചെന്നു് അതിന്റെ വലിപ്പുതുറന്നു് അതിൽ കണ്ടരേഖകൾ മുഴുവനും പരിശോധിച്ചു നോക്കി. അവൾ ഊഹിച്ചപോലെതന്നെ ജാനു അവളുടെ കടലാസുകൾ മുഴുവനും അവിടെ ഇട്ടേച്ചുപോയിരിക്കുന്നു. “പണ്ടെത്തെ ജീവിതം അസ്തമിച്ചു പുതിയ ജീവിതം ആരംഭിച്ചു” എന്നാണു് അവൾ പറഞ്ഞതു്. ജാനുവിന്റെ ജനന സർട്ടിഫിക്കെറ്റും ജാനുവിന്റെ മാതാപിതാക്കന്മാരുടെ ഫോട്ടോവും അതിൽ ഉണ്ടായിരുന്നു. വേണ്ടപ്പെട്ടതു് സകലതും ആയി. ധനത്തിനു് തൃപ്തിയുമായി.

താൻ ചെയ്വാൻ പോകുന്നതു തെറ്റാണെന്നും, അങ്ങിനെ ചെയ്വാൻ പാടില്ലെന്നും മനഃസ്സാക്ഷി ധനത്തോടു പിന്നേയും പിന്നേയും പറഞ്ഞുകൊടുത്തു. എന്നാൽ ജെറാൾഡ് ഭാസ്കരന്റെ മുഖം—അവളുടെ നവീനാനുരാഗം അപഹരിച്ചുകളഞ്ഞ മുഖം—സകലത്തേയും മായിച്ചുകളഞ്ഞു. അവൾക്കു് ജീവിതസുഖം സിദ്ധിക്കേണ്ടുന്ന ഒരേ ഒരു അവസരം ഇതുമാത്രമാണു്. ഇതുവരെയ്ക്കും പാടുംവറുതിയും കൊണ്ടു് ബുദ്ധിമുട്ടിയ കഷ്ടങ്ങൾക്കു് ഒരു പരിഹാരമാർഗ്ഗം ഇതുമാത്രമാണു്. അവളാണെങ്കിൽ ഒരാളെ ദൂഷ്യപ്പെടുത്തുകയോ സങ്കടപ്പെടുത്തുകയോ ചെയ്യുന്നുമില്ല.

കാര്യം അപ്രകാരം നിറവേറ്റാനുള്ള അത്യാശ, തടുത്തു കൂടാത്തവിധത്തിൽ മനസ്സിൽ ഏറ്റവും ഉപരിയായിനിന്നു. ഞാൻ അങ്ങിനെത്തന്നെ ചെയ്യും. ഞാൻ മറ്റു യാതൊന്നും ഗണ്യമാക്കയില്ല. ചെയ്യും തന്നേ. എന്തുകൊണ്ടെന്നാൽ ഞാൻ ഹൃദയപൂർവ്വം സ്നേഹിക്കുന്നതു് അദ്ദേഹത്തെയാണു് എന്നു് പല്ലും കടിച്ചു് അവൾ തന്നോടുതന്നെ മന്ത്രിച്ചു.

ഭാസ്കരന്റെ അച്ഛൻ

എല്ലാം വിചാരിച്ചുവെച്ചപോലെ എത്രയോ എളുപ്പത്തിൽ കലാശിച്ചു.

ജാനുവിന്റെ രേഖകൾ വക്കീലിന്നു കൊടുക്കുമ്പോൾ ധനത്തിന്റെ കൈ വിറച്ചിരുന്നു. ധനം ജാനുവായി മാറിയതിൽ ഒരാൾക്കും ശങ്കയ്ക്കു അവകാശമുണ്ടായില്ല. ഒരു സാധാരണസംഭവം കഴിയുന്നകൂട്ടത്തിൽ അതും അങ്ങിനെ കഴിഞ്ഞു എന്നുമാത്രം. ഒരു വക്കീലിന്നു് വക്കാലത്തു് കൊടുക്കുമ്പോൾ കൊടുത്ത ആൾ മറ്റൊരാളായിരിക്കുമെന്ന ശങ്കയ്ക്കു് വല്ല അവകാശവും ഉണ്ടോ? അവളുടെമേൽ സംശയത്തിന്റെ ഒരു നിഴൽ പോലുമുണ്ടായില്ല.

മാരാന്തകൻ എന്ന വക്കീൽ “പൂമാല” എന്ന ഭാസ്കരന്റെ രാജധാനിപോലെയുള്ള ഭവനത്തെ അവളെ കൂട്ടിക്കൊണ്ടുകാണിച്ചു. അവിടത്തെ ഒരു ഭൃത്യൻ, ഭയഭക്തിബഹുമാനങ്ങളോടുകൂടെ അവളെ സ്വീകരിപ്പാൻ പൂമുഖത്തിന്റെ വാതിൽ തുറന്നുകൊടുത്തപ്പോൾ ധനത്തിന്നു് എവിടെയെങ്കിലും ഓടിപ്പോയ്ക്കളയാമെന്നുകൂടി തോന്നിപ്പോയി. എന്തുചെയ്യും! അവളുടെ കാൽ വലിച്ചിട്ടു് വന്നില്ല. ആകെ മുങ്ങിയാൽ ശീതം ഒന്നു് എന്ന പ്രമാണം അവൾ മുറുക്കെപ്പിടിച്ചു. വക്കീൽ തേക്കിന്റെ സമാനങ്ങൾ നിറഞ്ഞ ഒരു വലിയ ഹാളിൽ അവളേയും കൂട്ടിചെന്നു അവിടെ ഭാസ്കരന്റെ അച്ഛൻ അവളെ സ്വീകരിപ്പാൻ സന്നദ്ധനായി നിന്നിരുന്നു. മുഖച്ഛായ കണ്ടപ്പോൾ ഭാസ്കരന്റെ അച്ഛനാണെന്നു് ധനത്തിന്നു് ക്ഷണം മനസ്സിലായി. ഭാസ്കരനെ കുറേനാളേയ്ക്കു് കാണ്മാൻ ഉണ്ടായിരിക്കയില്ലെന്നു കേട്ടപ്പോൾ ധനത്തിന്നു് ആശ്വാസമാണു് ഉണ്ടായതു്. മോട്ടോക്കാറിൽനിന്നു് ഹാനിതട്ടിപ്പോയിട്ടു് കുറെദൂരെയുള്ള ഒരു സ്നേഹിതന്റെ വീട്ടിൽ പരുക്കുകൾക്കു് ചികിത്സിക്കാൻവേണ്ടി അയാൾ താമസിക്കേണ്ടിവന്നു എന്നാണു് അച്ഛൻ പറഞ്ഞതു്. വലിയ പരുക്കുകളൊന്നും നേരിട്ടിട്ടില്ലാത്തതുകൊണ്ടു് ഭയപ്പെടാനൊന്നും ഇല്ലെന്നും അല്പദിവസത്തിനുള്ളിൽ മടങ്ങിവരുമെന്നും അച്ഛൻ ധനത്തെ അറിയിച്ചു.

അതിൽപിന്നെ ഭാസ്കരന്റെ അച്ഛൻ എത്രയോ സ്നേഹത്തോടെ ഒരു കൈ ചുമലിൽവെച്ചു് അവളുടെ മുഖം പരിശോധിക്കുമ്പോലെ കുറേനേരം നോക്കി. ഭയംകൊണ്ടു് വിറച്ചുപോയ ധനം നിലത്തേയ്ക്കു നോക്കി കള്ളിപുറത്താക്കാതെ ഒരു വിധേന കഴിച്ചുകൂട്ടി. പരിശോധനകൊണ്ടു് അയാൾക്കു് തൃപ്തിയായി എന്നു് അദ്ദേഹത്തിന്റെ ആശ്വാസനിശ്വാസം വെളിപ്പെടുത്തി.

അച്ഛൻ:
ഇഷ്ടത്തി എന്റെ മകൻ ഭാസ്കരന്നു് നിന്നെ വിവാഹം കഴിക്കേണമെന്ന ആഗ്രഹം എനിക്കു് എങ്ങിനെ ഉണ്ടായി എന്നു് നീ അത്ഭുതപ്പെടുന്നുണ്ടാകും. അതു് കാരണം കൂടാതെ അല്ല. കുറെക്കൊല്ലം മുമ്പെ ഒരു “ബിസിനസ്സ് ” ഏർപ്പാടിൽ ഞാൻ നിന്റെ അച്ഛനോടു് ഒരു തെറ്റു് ചെയ്തുപോയി. ഈ പട്ടണം ഒരു കാടുപോലെയാണു്. താന്താങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി ആളുകൾ തമ്മിൽ അതിവാശിയായി മത്സരിച്ചിട്ടാണു് കഴിഞ്ഞുപോരുന്നതു്. ത്രിപുരന്നു് ഒരു വലിയ എടവാടിൽ ഒരു നഷ്ടം നേരിട്ടപ്പോൾ ഞാൻ ചില തന്ത്രങ്ങൾകൊണ്ടു് മേലാൽ പൊന്താത്തവിധത്തിൽ അയാളെ പൊളിച്ചു് പാപ്പാരാക്കിക്കളഞ്ഞു. ഇയ്യിടെയാണു് അയാൾ നൈരാശ്യംകൊണ്ടു് തന്നെത്താൻ വെടിവെച്ചു് മരിച്ചുകളഞ്ഞ വിവരം എനിക്കു യദൃച്ഛയാ അറിവു് കിട്ടിയതു്. ഈ സങ്കടസംഭവം ഇവിടെ എടുത്തുപറയേണ്ടിവന്നതിൽ നിണക്കു് വിരോധം ഒന്നുംവേണ്ട. ഞാൻ അയാളെ കേവലം ഗതിയില്ലാതാക്കിത്തീർത്തതു് എന്റെ പക്കൽ വന്ന വലിയ അപരാധമായ്പോയി എന്നു് എനിക്കു ബോദ്ധ്യമായി. അതുകൊണ്ടായിരുന്നു അയാളുടെ മകളായ നീ എവിടെ ഉണ്ടെന്നു് അന്വേഷിച്ചറിവാൻ ഞാൻ എന്റെ വക്കീൽമാരെ ഏല്പിച്ചതു്. കാലംകുറെ ആയിപ്പോയി. എന്നാൽ അയാൾ മരിക്കുമ്പോൾ ഒരു ചെറിയ മകൾ ജീവനോടെ ഉണ്ടായിരുന്നു എന്നു് ഞാൻ കേട്ടിട്ടുണ്ടു്. ഞാൻ ചെയ്തുപോയ തെറ്റിന്നു് ദൈവംമുഖേന ഒരു പരിഹാരമായിട്ടാണു്, എന്റെ മകനെക്കൊണ്ടു് നിന്നെ വിവാഹം ചെയ്യിപ്പാൻ നിശ്ചയിച്ചതു്. എന്നാൽ എന്റെ സ്വത്തുക്കൾ മുഴുവനും പിന്നീടു് നിണക്കും നിന്റെ കുട്ടികൾക്കും ആയിത്തീരുമല്ലോ. ജാനു! നീ എന്റെ മകനെ വിവാഹം ചെയ്വാൻ വഴിപ്പെട്ടതുകൊണ്ടു് ഞാൻ നന്ദിപറഞ്ഞുകൊള്ളുന്നു.

അപ്പോൾ ഇതായിരുന്നു ഈ അത്ഭുതമായ ഔദാര്യത്തിന്റെ കാരണം. ആ വൃദ്ധന്റെ വെളുത്തുവരുന്ന മുടിയും കറുത്തുമിന്നുന്ന കണ്ണുകളും മെലിഞ്ഞ ശരീരവും വ്യസനഭാവവും കണ്ടപ്പോൾ ധനത്തിനു് അയാളുടെ പേരിൽ അതിയായ അനുകമ്പയും സ്നേഹവും ജനിച്ചു. ഒരു വ്യസനപ്രവാഹത്തിൽ ദേഹംമുഴുവനും പെട്ടെന്നു മുഴുകിപ്പോയപ്പോൾ അതിന്റെ ഒപ്പംതന്നെ അവൾ അലക്ഷ്യമായി ആചരിച്ചുവന്ന വഞ്ചനയും മുഴുകിപ്പോയപോലെ തോന്നി. അദ്ദേഹത്തിന്റെ സ്വരത്തിൽ അസ്വാസ്ഥ്യവും യാഥാർത്ഥ്യവും ഉണ്ടായിരുന്നു.

അച്ഛൻ:
വിവാഹം ഉടനെതന്നെ നടക്കണം എന്ന വാശി എനിക്കുണ്ടു്. എനിക്കു് ഹൃദ്രോഹത്തിന്റെ ബാധ ഉണ്ടു്. പെട്ടെന്നു മരിച്ചുപോകാൻ ഇടയുണ്ടെന്നാണു് ഡോക്ടർ എന്നെ താക്കീതുചെയ്തതു്. എന്റെ മകനും നിണക്കും വിവാഹത്തിന്നു് സമ്മതമായിരിക്കെ അനാവശ്യതാമസം വലിച്ചിടേണ്ടുന്ന കാര്യം ഒന്നും ഇല്ല. എല്ലാവിധ ഒരുക്കങ്ങൾക്കും ഒരാഴ്ച ധാരാളം മതി.

ഒരൊറ്റ ആഴ്ചയ്ക്കുള്ളിലൊ! ധനത്തിന്റെ ശരീരത്തിൽ ചൂടും തണുപ്പും തുടർച്ചയായി വന്നുംപോയി കളിച്ചു. അവൾ ഒരു തടസ്ഥം പുറപ്പെടുവിച്ചുനോക്കി. സ്വേഛാഭരണക്കാരനായ ആ വൃദ്ധൻ തടസ്ഥം വേരോടെ നീക്കംചെയ്തു. ആകപ്പാടെ നോക്കിയാൽ നീട്ടുന്നതുകൊണ്ടു് ഒരു ദോഷവും നേരിടാനുമില്ല. സുഖാനുഭൂതിക്കു് അവസരം സിദ്ധിക്കുമ്പോൾ നീട്ടിവെപ്പുകൊണ്ടു അതിനു് ഉടവു് ഉണ്ടാക്കരുതു്. അവളും എന്തിനും വഴിപ്പെടാൻ ഉറച്ചിരിക്കെ കാലവിളംബം ഒന്നുകൊണ്ടും പാടില്ല. ശുഭസ്യശീഘ്രം എന്നും ഉണ്ടല്ലൊ?

പിന്നേയും അവൾക്കു് ഒരു ശങ്ക. ആർക്കും ദ്രോഹമില്ലെങ്കിലും കൂടി വഞ്ചന ഒരു കുറ്റകരമായ തെറ്റല്ലേ! അവൾ എങ്ങിനെ അതിന്നു് ഒരുമ്പെടും? രാത്രിയായപ്പോൾ ഭയകലുഷമായ ഒരു അമ്പരപ്പു് പിടിപെട്ടു് അവളുടെ ദേഹം വിറയ്ക്കുകയും തണുപ്പുകൊണ്ടു് മങ്ങുകയും ചെയ്തു. നേരംപുലർന്നാൽ അവൾ ചെയ്ത തെറ്റൊക്കെ നിർഭയം പറഞ്ഞുകൊടുക്കണം എന്നു് അവൾ തീർച്ചയാക്കി. നേരംപുലർന്നപ്പോൾ കണികണ്ടതു് ഭാസ്കരന്റെ ഒരു എഴുത്താണു്. അവൾ അതിന്മേൽ ഗാഢമായ ഒരു ചുംബനംവെച്ചു. അപ്പപ്പാ! ഒരിക്കലും ഇല്ല. അയാളെ വിട്ടുകളവാൻ അവൾക്കു കേവലം മനസ്സുവന്നില്ല. അയാളെ വെടിയുന്നകാര്യം അവൾക്കു് ദുസ്സഹമായി അയാളോടു് അവൾക്കു അത്രവളരെ പ്രേമം അനുഭവമായിപ്പോയി. വിവാഹം കഴിഞ്ഞാൽ അയാളുടെ അനുരാഗം യഥാർത്ഥത്തിൽ സമ്പാദിപ്പാൻ അവൾ വഴി കണ്ടുകൊള്ളും അപ്പോൾ അവൾ ധനമായാലും ജാനുവായാലും കണക്കൊക്കെ ഒന്നായിരിക്കും. അവൾ ഒരാളേയും ദോഷപ്പെടുത്തുന്നുമില്ല.

മനഃസ്സാക്ഷിയുടെ നിർബന്ധമായ സൗപദേശത്തെ ബലാൽ ഒതുക്കിക്കളവാൻവേണ്ടി ധനം അവളുടെ വിവാഹത്തിന്നുവേണ്ട ഒരുക്കങ്ങൾ കൂട്ടുന്നതിൽ കാണിച്ച ജാഗ്രതകൊണ്ടു് തന്നെത്താൻ മറന്നുകളഞ്ഞു. അവൾക്കു് നിന്നുനിരൂപിക്കാൻ കൂടി അവൾ ഇട ഉണ്ടാക്കിക്കൊടുത്തില്ല. അവളുടെ ആവശ്യങ്ങൾക്കു വേണ്ടി പണം വെള്ളംപോലെ വന്നുതുടങ്ങി. ഭാസ്കരന്റെ അച്ഛന്നു് മിസിസ്സ് താരേശ എന്ന വിധവയായ ഒരു ഭഗിനി ഉണ്ടു്. അവൾക്കു് ലോകപരിചയം, തന്റേടം, സുശീലം, ആകർഷണം മുതലായ പല ഗുണങ്ങൾ ഉണ്ടു്. ധനത്തിന്റെ കാര്യം മുഴുവനും ഏറ്റെടുത്തതു് അവളാണു്. ധനമാണെങ്കിൽ വളരെക്കാലം പരാധീനത്തിൽ ജീവിച്ചവളാണു് ആവശ്യത്തിലും കവിഞ്ഞ ആഡംബരത്തിന്നു് വക ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ പഞ്ചമില്ലാത്ത സുലഭാവസ്ഥ കണ്ടപ്പോൾ ധനത്തിന്നു ഭ്രമവും ഉന്മേഷവും രോമാഞ്ചവും കലശലായി നേരിട്ടു. ഒരു സിനിമാതാരം എന്നപോലെ മിസിസ്സു് താരേശ ധനത്തിന്റെ സഹജമായ മോടി വർദ്ധിപ്പിക്കയും കൃത്രിമമോടികൾ കൂട്ടിക്കൊടുക്കുകയും ചെയ്തു. അവളുടെ നിണ്ടു ചുരുണ്ട തലമുടി വളരെ ഭംഗിയിൽ കെട്ടിവെയ്ക്കുക പതിവാക്കി. അവളുടെ മുറി “സേട്ടിൻ”-“ഫർ”-“ചിഫോൺ”-പട്ടു് വില്ലുസ്-ലെയിസ്-ചേല-ബ്ളൗസ്-“ഷൂസ്”-“സെണ്ടു്” മുതലായ പല സാധനങ്ങൾകൊണ്ടും നിറഞ്ഞു. ചേലകൾ ബെനാറീസിൽ നിന്നും മധുരയിൽനിന്നും വരുത്തി. വെള്ളിസ്സാമാനങ്ങൾക്കു് സീമ ഉണ്ടായിരുന്നില്ല.

ജെറാൾഡ് ഭാസ്കരനും അവിടെ എത്തി.

ധനവും ഭാസ്കരനും ഒന്നാമതു് അഭിമുഖമായിനിന്നു. പണ്ടത്തെ പരിചയക്കാരണെന്ന വിവരം മനസ്സിലായപ്പോൾ ഇരുവരും ശ്വാസംമുട്ടിപ്പോകും പ്രകാരം പരമാനന്ദത്തിൽ നിമഗ്നരായി. ധനത്തിനെ ഒരു മയങ്ങിപ്പോകുന്ന ഭയവും ബാധിച്ചിരുന്നു. ഭാസ്കരൻ ഒരു ആദിയും അന്തവും കിട്ടാത്ത ഭാവത്തിൽ ധനത്തിന്റെ മുഖത്തുനോക്കി. അതിൽപിന്നെ ഒരു മങ്ങിയ ഓർമ്മ അയാളെ ഉണർത്തിയപ്പോൾ അയാൾക്കു് വളരെ സന്തോഷമാണു് ഉണ്ടായതു്.

ഭാസ്കരൻ:
ആരു് നീയോ. ഇതു് അത്ഭുതമായ ഒരു ഒത്തുകൂടലാണെല്ലൊ. വിധിയുടെ ഒഴിച്ചുകൂടാത്ത വലി ഇവിടെ സ്പഷ്ടമാകുന്നുണ്ടല്ലൊ.

വിധിയുടെവലി! ഉദാസീനഭാവത്തിൽ അയാൾ പറഞ്ഞ ഈ വാക്കുകൾ എത്ര ആശ്വാസകരമായിട്ടാണു് ധനത്തിന്നു തോന്നിയതു്. ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ കൊത്തിവെച്ചപോലെ പതിഞ്ഞു. അന്നു് ഉറങ്ങാൻ കിടന്നപ്പോൾ രാമനാമംപോലെ അവൾ ആ വാക്കുകൾ കൂടക്കൂടെ ജപിച്ചു. എന്തോ എന്നറിഞ്ഞില്ല ആ വാക്കുകൾ അവളുടെ വഞ്ചനയുടെ കാർക്കശ്യം കുറച്ചു കളഞ്ഞു എന്നു തോന്നി. തന്നാൽ തടുപ്പാൻ പാടില്ലാതെപോയ ചില ശക്തികൾക്കു് അധീനയായി വന്നതുനിമിത്തം അവൾ ഇപ്രകാരം ആചരിപ്പാൻ നിർബന്ധിതയായിപ്പോയതാണെന്ന തോന്നൽ വലിയ ആശ്വാസത്തിന്നു വഴിഉണ്ടാക്കി.

വിവാഹം

വിവാഹദിവസവും ധൃതഗതിയായിട്ടെന്നപോലെ പുലർന്നു. ഒരു ഒന്നാന്തരം ആനക്കൊമ്പു് സേറ്റിന്റെ (Satin) ഗൗൺ ആയിരുന്നു അവൾ ധരിച്ചിരുന്നതു്. അതിന്മേൽ മുക്താഫലങ്ങൾ ലില്ലിപ്പൂക്കളുടെ ആകൃതിയിൽ തുന്നിപ്പിടിപ്പിച്ചിരുന്നു. കടിതടത്തിൽ വിരിച്ചുവെച്ചപോലെ തോന്നുന്ന ഒരു മുത്തുകൊണ്ടുള്ള ബെൽട്ട് ചുറച്ചിട്ടിരുന്നു. കഴുത്തിൽ പാലിനേക്കാൾ വെളുത്ത മുത്തുമാല കെട്ടിയിരുന്നു. അതായിരുന്നു ഭാസ്കരൻ അവൾക്കു കൊടുത്ത മംഗല്യസമ്മാനം. അവളുടെ മുടിയിൽ മധുരനാരങ്ങപ്പൂമാല ഘടിപ്പിച്ചിരുന്നു. അതു് ലഹരിപ്പിടിപ്പിക്കുന്ന സൗരഭ്യവും കൂടി വഹിച്ചിരുന്നു. മൂടുപടം വിലയേറിയതും വണ്ണാമ്പിലപോലെ നേരിയതും ആയ ലെയിസായിരുന്നു. അവൾ കയ്യിൽ പിടിച്ചതു് ഒരു കെട്ടു് വെളുത്ത ലില്ലിപ്പൂക്കളായിരുന്നു. ആ വലിയ കണ്ണാടിയിൽ അവളുടെ മനോഹരകോലം പ്രതിബിംബിച്ചു. ഇതൊക്കെ വാസ്തവമായിരിക്കുമൊ എന്ന ശങ്ക അവളെ ബാധിച്ചു. അവൾ ഒരു സ്വപ്നം അനുഭവിക്കയാണെന്നു തോന്നിപ്പോയി.

പടികളിൽ ചൂടിപ്പായ പിടിപ്പിച്ചിരുന്ന ഒരു ഏണിപ്പടിയും ഇറങ്ങി അവിടെ റെഡിയായി നിർത്തിവെച്ച ഒരു കാറിൽ അവൾ ഒരു പ്രതിമപോലെ കേറി. ഭാസ്കരന്റെ താതന്റെ കയ്യും ഒരു ആക്കത്തിന്നു് പിടിച്ചുകൊണ്ടു് അവൾ നാനാമാതിരി അലങ്കരിച്ച പള്ളിയിൽ കേറിച്ചെന്നതും ഒരു പ്രതിമപോലെതന്നെ ആയിരുന്നു. വളരെ ജനങ്ങളൊന്നും പള്ളിയിൽ ഉണ്ടായിരുന്നില്ല. ഭാസ്കരൻ അവളേയും കാത്തു് അവിടെ ഹാജരുണ്ടായിരുന്നു. വളരെ ആളുകളെ ക്ഷണിക്കാതിരുന്നതു് ഭാസ്കരന്റെ അച്ഛന്റെ രോഗസ്ഥിതി ഭയപ്പെട്ടിട്ടാണു്. അതു് ആലോചിച്ചിട്ടുതന്നെ ആയിരിക്കണം ഭാസ്കരന്റെ മുഖത്തു് പ്രസാദവും പ്രസന്നതയും കുറഞ്ഞുപോയതു്. ധനത്തിന്റെ കണ്ണിൽ അയാളുടെ രൂപവും സ്വപ്നത്തിൽ കാണുകയാണെന്നു തോന്നി. ഉറക്കം എപ്പോഴാണു് ഞെട്ടിപ്പോകുന്നതു് എന്നുവെച്ചു് അവൾക്കു് പരിഭ്രമത്തിന്നു് ഒട്ടും കുറവില്ലായിരുന്നു.

വർണ്ണച്ചില്ലുകൾ പിടിപ്പിച്ച ജനലുകളിൽകൂടെ വിളങ്ങുന്ന സൂര്യപ്രകാശം അവളുടെ ദന്തനിറമായ ഗൗണിന്മേൽ വീണു്, ഉടുപ്പു് നാനാനിറമുള്ളതാക്കി. നരച്ച മുടിയുള്ളവനും പുണ്യവാനും ഗൗരവഭാവിയും ഭക്തനും ശാന്തനുമായ പാതിരിയുടെ നാവിന്മേൽ നിന്നു, വിവാഹച്ചടങ്ങുകൾ നിർവ്വഹിച്ചുകൊണ്ടിരിക്കെ “നീ ഈ സ്ത്രീയെ സ്വീകരിക്കുമൊ” എന്ന ചോദ്യം പുറപ്പെട്ടു.

അതുകേട്ടപ്പോൾ അവളുടെ സ്വപ്നമയമായ കവചം അഴിഞ്ഞുവീണുപോയി. ആ സമയത്തു് ധനത്തിന്റെ തലയിൽ ഒരു പ്രകാശംവന്നു. അവൾ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം അവൾക്കു് നല്ലവണ്ണം ബോദ്ധ്യമായി. വാസ്തവാവസ്ഥ ഒരു വലിയ തിരപോലെ ഉരുണ്ടുവന്നു കോപത്തോടെ അലറിക്കൊണ്ടു് അവളുടെമേൽ അടിച്ചുവീണു. കർക്കശപാറകളിന്മേൽ ശ്വാസംമുട്ടി അണ്ണിയിടുന്ന അവളെ തള്ളിവിട്ടപോലെ തോന്നി. “നീ ഈ സ്ത്രീയെ സ്വീകരിക്കുമൊ” ഈശ്വര! അവൾ എന്താണു് ചെയ്യുന്നതു്! അവൾ എന്തു വഞ്ചനയാണു് നടത്താൻ പോകുന്നതു് !

അവളുടെ അടുക്കെ നിന്നിരുന്ന ജെറാൾഡ് ഭാസ്കരൻ ആ ചോദ്യത്തിന്നു് ദൃഢമായും നിഷ്കമ്പമായും മറുപടി കൊടുക്കുന്നതു് അവൾ കേട്ടു. പറകവയ്യാത്ത ഒരു ഭയങ്കരഭയം അവൾക്കു് അനുഭവമായി. പള്ളിയിൽനിന്നു് ആരെങ്കിലും എഴുന്നേറ്റു് ഇവൾ മറ്റൊരുവളുടെ സ്ഥാനത്തു് കടന്നുകൂടിയ ഒരു തെണ്ടിപെണ്ണാണെന്നു് ആക്ഷേപിക്കുമൊ എന്നുകൂടി അവൾക്കുതോന്നി. അവളുടെ ഹൃദയം ശീഘ്രമായി തുടിച്ചു. അവൾ ശ്വാസംമുട്ടി വീണുപോകുമൊ എന്നുകൂടി ശങ്കിച്ചു. അവളുടെ ചെവിയിൽ അളരുന്ന വെള്ളം ചാടുന്നപോലെ തോന്നി. ഈ ബഹളത്തിന്റേയും ഭ്രമത്തിന്റേയും മദ്ധ്യത്തിൽ വിവാഹം നടത്തുന്ന പാതിരി ശാന്തസ്വരത്തിൽ അവളോടു് ഇങ്ങിനെ ചോദിച്ചു, “ത്രിപുരന്റെ പുത്രിയായ ജാനു! നീ ഇദ്ദേഹത്തെ നിന്നെ നിയമപ്രകാരം വിവാഹംചെയ്തു ഭർത്താവായി സ്വീകരിച്ചിരിക്കുന്നോ?”

“ത്രിപുരന്റെ പുത്രിയായ ജാനു” എന്നാണു് വിളിച്ചതു്! ഈശ്വരന്റെ പുണ്യവേദിമേൽവെച്ചു് ഈശ്വരപ്രതിനിധിയായ പാതിരിസ്ഥാനം വഹിച്ച ഒരാൾ അവളുടെ മച്ചിനച്ചിയുടെ പേർ വിളിച്ചിട്ടാണു് അവളോടിങ്ങിനെ നേരിട്ടുചോദിച്ചതു്. ഇങ്ങിനെ ഒരു കാര്യം ചെയ്യാമെന്നു അവൾ ആലോചിച്ചതുതന്നെ വലിയ തെറ്റാണു്. ആലോചിച്ചാൽ തന്നെ അതു് സമ്പൂർത്തിയാക്കുംവരെ അവൾക്കു് കൊണ്ടുനടത്താൻ സാധിക്കും എന്ന ധൈര്യം എവിടെനിന്നുണ്ടായി? പാതിരി അവളുടെ മറുപടിക്കു് ക്ഷമയോടെ കാത്തുനില്ക്കുകയായിരുന്നു. ലോകംമുഴുവനും നിശ്വാസമടക്കി കാത്തുനില്ക്കുന്നുണ്ടെന്നു ധനത്തിന്നു തോന്നി. അവൾക്കു് വാക്കുപറയുവാൻ നാവു് ഉലയുന്നില്ല. അവൾ നാവുകൊണ്ടു് ചുണ്ടുകൾ നനച്ചു. എന്നിട്ടുകൂടി യാതൊരു വാക്കും പുറത്തുവന്നില്ല. പാതിരി അതെചോദ്യംതന്നെ അവളോടു് പിന്നേയും ചോദിക്കുന്നതുകേട്ടു. എല്ലാവരുടെ മുഖങ്ങളും, ഉല്ക്കണ്ഠയോടും പരിഭ്രമത്തോടും അവളെ നോക്കുന്നുണ്ടെന്നു് അവൾക്കു മനസ്സിലായി. ഭാസ്കരന്റെ അച്ഛൻ അവളുടെ കാതിൽ എന്തൊ മന്ത്രിച്ചു. ജെറാറാൾഡ് ഭാസ്കരന്റെ മുഖവും മഞ്ഞിൽമൂടിയപോലെ മങ്ങിയനിലയിൽ അവൾ കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകൾ ചോദ്യഭാവത്തോടെ അവളുടെ മുഖത്തു് പതിഞ്ഞു. അയാളോടു് സത്യം പറഞ്ഞുപോയപോലേയും അതു കേട്ടപ്പോൾ പെട്ടെന്നു് അയാളുടെ കോലം മാറിപ്പോയപ്പോലേയും അവൾക്കു തോന്നി. പിന്നെ ദൃഢഭാവത്തോടെ അയാൾ കണ്ണുതിരിച്ചു പിന്തിരിഞ്ഞപോലെയും ഒക്കെ തോന്നിപ്പോയി. സത്യം അറിഞ്ഞുപോയാൽ അദ്ദേഹം അവളെ വെറുത്തു് പുച്ഛിച്ചു തനിക്കൊത്തവണ്ണം നടക്കുമെന്ന നിശ്ചയവും അവൾക്കുണ്ടു്. എന്നാലും കൂടി അവൾക്കു് അയാൾ നഷ്ടമായിപോയി എന്ന നിലവരാൻ പാടില്ല. അവളുടെ സകല നാഡികളും സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഹൃദയം, അയാൾക്കുവേണ്ടിയും അയാളുടെ പ്രേമത്തിന്നുവേണ്ടിയും എന്തിന്നും വഴങ്ങാമെന്ന നിലയിൽ എത്തിയപ്പോൾ ഈ വിവാഹവേദിയിൽവെച്ചു് അയാളെ കൈവിട്ടുകളുവാൻ അയാൾക്കു തീരെ മനസ്സു വന്നില്ല.

ഒരുവിധേന—വളരെ പ്രായസപ്പെട്ടിട്ടു്—പറയേണ്ടുന്ന വാക്കുകൾ അവൾ ഉരുവിട്ടുകൊടുത്തു. ആ സമയത്തുതന്നെ ഭാസ്കരന്റെ മോതിരം അവളുടെ ഐസ്പോലെ തണുത്തുപോയ വിരലിന്മേൽ ചുറഞ്ഞുകൂടി. “ഈ പള്ളി സാക്ഷിയായി ഈ പള്ളിയുടെ നാമത്തിൽ ഞാൻ നിങ്ങളെ ഭാര്യയും ഭർത്താവും ആക്കിത്തീർത്തിരിക്കുന്നു എന്ന പാതിരിയുടെ ഘനത്തനാദം അവൾ ജയഭാവത്തോടെ കേട്ടു.

ഭാര്യയും ഭർത്താവുമോ! അതു് ഇപ്പോൾ ആയിക്കഴിഞ്ഞു. ഇനി അതിൽ നിന്നു് പിൻവലിക്കാനും നിവൃത്തി ഇല്ല. അവൾ ജെറാൾഡ് ഭാസ്കരന്റെ സ്വന്തം മുതലായി. നല്ലവണ്ണം മുറുക്കിയ ഒരു അലാറം (Alaram) സമയമെത്തുമ്പോൾ പെട്ടെന്നു് അഴിഞ്ഞുവിടുമ്പോലെ ധനം ഒരു എങ്ങലോടെ ഭാസ്കരന്റെ കെട്ടിപ്പിടിച്ച കൈകളുടെ ഉള്ളിൽപെട്ടു. വഞ്ചനയാകുന്ന കണ്ടകർക്കശമായ ഒരു മാർഗ്ഗത്തിൽ അവൾ പ്രവേശിച്ചുകഴിഞ്ഞു. പിന്തിരിയുവാനും നിവൃത്തി ഇല്ല. ഇത്രത്തോളം നിറവേറ്റാൻ അവൾക്കു് എങ്ങിനെ സാധിച്ചു! ഭയംകൊണ്ടു് വിറയ്ക്കുന്ന ഈ ചെറിയ ധനത്തിന്നു്!

അനുരാഗം ഒരാൾക്കു് സാധാരണ പിടിപെടുന്ന ഒരു രസാനുഭവം മാത്രമാണു് എന്ന നിലയിലാണു് നാം അതിനെപ്പറ്റി സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതു് അതിനെ നമ്മുടെ ജീവിതകാലത്തു് യഥേഷ്ടം നിലനിർത്താനൊ നിഷ്കാസിപ്പാനൊ ക്ഷണിച്ചുവരുത്തുന്ന ഒന്നാണെന്ന ധാരണ പലർക്കും ഉണ്ടായിരിക്കാൻ മതി. എന്നാൽ അനുരാഗം യഥാർത്ഥത്തിൽ ഒരു വമ്പിച്ച നീരോട്ടമാണു്. അതു് ശക്തനേയും അശക്തനെയും ഒരുപോലെ വലിച്ചുകൊണ്ടുപോകും. അതു് എല്ലാവർക്കും ഒരു ഉദ്ദേശവും മാർഗ്ഗവും ഉണ്ടാക്കിക്കൊടുക്കുന്നുണ്ടു്. എന്നാലും കണ്ണും അടച്ചുകൊണ്ടു് ചിലപ്പോൾ സുഖത്തിലേയ്ക്കോ നാശത്തിലേയ്ക്കോ ചെന്നു് ചാടിപ്പിക്കുന്നു. ധനത്തിന്റെ ജീവിതകാലമാകുന്ന തോണി, എങ്ങോട്ടെന്നറിയാതെ അപായച്ചുഴികളിലും പാറകളിലും അകപ്പെട്ടു് ചുറ്റിത്തിരിയുകയാണു്. അബലയായ ധനമേ! ദൈവം നിന്നെ സഹായിക്കട്ടെ. കലങ്ങിമറിയുന്ന തിരമാലകളിൽക്കൂടെ നീയാകുന്ന തോണി പാറമേലടിച്ചു ഛിന്നഭിന്നമാകാതിരിപ്പാൻ ഒരു സമർത്ഥനായ മാലൂമിക്കുപോലും സാധിക്കുന്നതല്ല. “നെബ്വർത്ത് സ്ക്വയറിലെ” ഭവനത്തിൽവെച്ചു് അവൾ ഒരു വിധേന “ലഞ്ചിയൻ” ലഘുഭക്ഷണം കഴിക്കുന്നതായ ജോലിനിർവ്വഹിച്ചു. ദമ്പതികളുടെ മേൽ കാണുന്നവരൊക്കെ കോരിച്ചൊരിയുന്ന അനുമോദനങ്ങളും ആശിസ്സുകളും അവർ ഒരുമാതിരി സഹിച്ചു. വൃദ്ധനായ റിച്ചേർഡ് ഭാസ്കരൻ അവളുടെ രണ്ടുചെള്ളയിന്മേലും ചുംബിച്ചു. അനുകമ്പയും വീര്യവുംകൊണ്ടു് വൃദ്ധന്റെ കണ്ണുകളിൽ നിന്നു് വെള്ളം ചാടിയിരുന്നു.

വൃദ്ധൻ:
(തൊണ്ടവിറയോടെ) എന്റെ മകന്നു് നീ സുഖജീവിതം ഉണ്ടാക്കിക്കൊടുക്കുക. നീ അങ്ങിനെ ചെയ്യുമെന്നു് എനിക്കു നല്ല വിശ്വാസം ഉണ്ടു്. നീ അർഹിക്കും പ്രകാരം എന്റെ മകനും നിന്നെ സന്തോഷിപ്പിക്കുമെന്നു് ഞാൻ ആശംസിക്കുന്നു. ഈശ്വരനുംകൂടി നിങ്ങളെ കടാക്ഷിക്കട്ടെ ജെറി (ജെറാൾഡു്) മാനശാലിയും വിശ്വാസയോഗ്യനും ആണു്. പണ്ടു് നിന്റെ അച്ഛനെ പാപ്പാരാക്കിയ പാപത്തിന്നു ഞാൻ വേണ്ടുന്ന പരിഹാരം ചെയ്തുകഴിഞ്ഞു. മകളേ! ഇനി എനിക്കു് സന്തോഷത്തോടും തൃപ്തിയോടുംകൂടെ മരിക്കാം. എന്നാൽ ഈശ്വരകാരുണ്യം ഒരു പേരക്കുട്ടിയെ എന്റെ മടിയിൽ ഇരുത്തിലാളിപ്പാൻ സംഗതിവരുത്തട്ടെ. അത്രത്തോളം ആയുസ്സു് ഉണ്ടായാൽ ഞാൻ കൃതാർത്ഥനായി.

അവൾ അർഹിക്കുംപ്രകാരം അവൾക്കു് സുഖം ഉണ്ടാകട്ടെ! ദമ്പതികളുടെ മധുവിധുവിന്നു് തെക്കെ കടൽതീരത്തു് അവർക്കുണ്ടായിരുന്ന ഭവനത്തിലേയ്ക്കു കൊണ്ടുപോവാൻ കൊണ്ടു നിറുത്തിയ കാറിൽ കേറുമ്പോൾ ആ വാക്കുകൾ ധനത്തിന്റെ ഹൃദയം വിഷംപോലെ കലുഷമാക്കി. അർഹിക്കുംപ്രകാരമുള്ള സുഖം! തന്റെ അടുത്തിരിക്കുന്ന ഭർത്താവിന്റെ സൗന്ദര്യം കൊണ്ടു തെളിഞ്ഞമുഖം ഭയംകൊണ്ടു് നിറംമാറിയ അവൾ മെല്ലെ ഒന്നുകടാക്ഷിച്ചു. അദ്ദേഹത്തിന്റെ ചിരി അമർന്നപോലെ, വായ നല്ലവണ്ണം പൂട്ടിയിരുന്നു. ചിരിയുടെ വര കവിളിൽ അസാരം നീണ്ടുകിടന്നിരുന്നു. അദ്ദേഹത്തെ തലേദിവസം കണ്ടിരുന്നപ്പോൾ അങ്ങിനെ ഒരു രേഖ അവിടെ കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ മുഖം കണ്ടാൽ എന്തൊ ഒരു വലിയ സങ്കടം പുറത്തു് കാണാതിരിപ്പാൻ വേണ്ടി അയാൾ ഒതുക്കിവെയ്ക്കുന്നുണ്ടെന്നു തോന്നും. ഒരുസമയം ഈ വികാരം അദ്ദേഹം മറ്റൊരുവളെ പ്രേമിക്കുന്നതുകൊണ്ടു് വന്നുചേർന്നതായിരിക്കുമോ!

ധനത്തിന്റെ ദേഹത്തിന്നു് ഒരു വിറ ഉണ്ടായി. ഹേ! ഉണ്ടാകയില്ല. അങ്ങിനെ ഒരു കാര്യം അവൾ വിശ്വസിക്കുകയില്ല. അദ്ദേഹം മറ്റൊരുവളെ കാമിച്ചിരുന്നു എങ്കിൽ അച്ഛൻ ചെയ്ത ഏർപ്പാടിൽ അനുകൂലിക്ക ഇല്ലായിരുന്നു. എന്നാൽ അയാൾക്കു് തന്നോടു ചേരുന്ന മനസ്ഥിതി ഏതുപ്രകാരത്തിൽ ആയിരിക്കും! തന്നെ(ധനത്തെ)പ്പറ്റി അദ്ദേഹം എന്തുവിചാരിക്കുന്നുണ്ടായിരിക്കും. അവൾ പിന്നേയും അയാളുടെ മുഖത്തു നോക്കി. അയാൾ പുറമെ നോക്കികൊണ്ടിരുന്നു. വളരെ നേരമായിട്ടു് അയാൾ ഒന്നും മിണ്ടിയിരുന്നുമില്ല. അവരുടെ ഭവനത്തിൽനിന്നു് വളരെ അകലെ ചെല്ലുന്തോറും ധനത്തിന്റെ ഭയവും കുറഞ്ഞുകുറഞ്ഞുവന്നു. കാര്യമൊക്കെ കഴിഞ്ഞുപോയി. വലിയ പശ്ചാത്താപവും സങ്കടവും കൊണ്ടൊന്നും വിവാഹാടിയന്തരം ഇല്ലാതായ്പോകയില്ല. അതു് ഇല്ലായ്മചെയ്വാൻ അവൾക്കു് ഒന്നുകൊണ്ടും ആഗ്രഹമില്ല. അതു് തീർച്ചതന്നെ.

ഭാസ്കരന്റെ ദീർഘമായ മൗനത്തിന്നു് വേഗമൊന്നും ഭംഗം വരികയില്ലെന്നു് ധനം വിചാരിച്ചിരുന്നു. എന്നാൽ അങ്ങിനെയല്ല വന്നുകൂടിയതു്. ഭാസ്കരൻ പെട്ടെന്നു് തന്റെ മൗനം പൊട്ടിച്ചു.

ഭാസ്കരൻ:
ഈ വിവാഹക്കരാർ വിചാരിച്ചിട്ടു് നീ പശ്ചാത്തപിക്കുന്നില്ലെന്നു ഞാൻ വിശ്വസിക്കുന്നു.

ധനത്തിന്റെ നിശ്വാസം നിന്നുപോയപോലെ തോന്നി അവളുടെ കണ്ണു് നക്ഷത്രംപോലെ മിന്നി.

ധനം:
പശ്ചാത്തപിക്കുകയോ! ഒരിക്കലും ഇല്ല. അങ്ങിനെ ചെയ്വാൻ ഒരു വഴിയും ഞാൻ കാണുന്നില്ല.

ഇങ്ങിനെ പറഞ്ഞതു് മന്ദമായ സ്വരത്തിലായിരുന്നു എങ്കിലും നല്ല ദൃഢത സ്ഫുരിച്ചിരുന്നു. ഭാസ്കരൻ അവളെ ഒന്നു നോക്കിപ്പോയി.

ഭാസ്കരൻ:
ഭാഗ്യവശാൽ ഇതു് ഒരു “ബിസിനസ്സ്” ഏർപ്പാടു് മാത്രമാണു്. അതുകൊണ്ടു് വേണ്ടാത്ത നാട്യം കൊണ്ടുനടക്കാൻ നമുക്കു് രണ്ടാൾക്കും ബാദ്ധ്യതയില്ല… (അർത്ഥമില്ലാതെ ചിരിച്ചിട്ടു്) നിന്റെ ജീവദശ ഒരു എടാകൂടമായ എർപ്പാടാണു് നിണക്കു് ഉണ്ടാക്കിതീർത്തതു്. അതുകൊണ്ടാണു് അധികപരിചയമില്ലാത്ത കേവലം അന്യനായ എന്നെ നിണക്കു വിവാഹം ചെയ്യേണ്ടിവന്നതു്.

ഇതു കേട്ടപ്പോൾ ധനത്തിനു് ശ്വാസം മുട്ടി.

ധനം:
(മൃദുസ്വരത്തിൽ) കേവലം ഒരു അന്യനോ! എന്റെ വിവാഹത്തിന്നു് മുമ്പെ ഞാൻ നിങ്ങളെ കണ്ടിരുന്നല്ലൊ?

ഭാസ്കരൻ അക്സിലറേട്ടറിന്മേൽ കാലൊന്നിടിച്ചിട്ടു് “ഓ അന്നത്തെ രാത്രിയോ” എന്നുമാത്രം പറഞ്ഞു, കാർ മുന്നോട്ടു ഒരു ചാട്ടം ചാടി. അന്നത്തെ രാത്രിയുടെ സ്മരണയും മനോരാജ്യഭംഗവും സൂചിപ്പിച്ചു സംസാരിക്കുന്നതുതന്നെ അയാൾക്കു് ഇഷ്ടം അല്ലായിരുന്നു. ആ പ്രകടിപ്പുകൊണ്ടു് അദ്ദേഹം ധനത്തിന്റെ ഹൃദയത്തിൽ ഒരു കട്ടാരം കുത്തിഇറക്കുകയാണു് ചെയ്തതു്. അദ്ദേഹം പുഛരസത്തിൽ ഉച്ചരിച്ച “ഓ” എന്ന വാക്കുകൊണ്ടു് അവളുടെ വിചാരം തന്നെ പിന്നീടു് അയാൾക്കു് ഉണ്ടായിട്ടില്ലെന്നു് നല്ലവണ്ണം സ്പഷ്ടമാക്കി.

ഭാസ്കരൻ:
എനിക്കുതരാൻ പാടുള്ളേടത്തോളം ഒരു സുഖകരമായ ജീവിതം ഞാൻ നിണക്കു് ഉണ്ടാക്കിത്തരാം. പെൺകുട്ടികൾ കാംക്ഷിക്കുന്ന സകല സാധനങ്ങളും ഞാൻ ലോഭമില്ലാതെ കൊണ്ടുവന്നുതരാം. ഫ്റോക്കുകൾ-രസങ്ങൾ-വിനോദങ്ങൾ—ഇങ്ങിനെയുള്ള യാതൊന്നിന്നും ക്ഷാമം ഉണ്ടായിരിക്കയില്ല. എന്നെക്കൊണ്ടു് ഒരു തടസ്ഥവും നിണക്കു് നേരിടുകയില്ല. എന്റെയും എന്റെ അച്ഛന്റെയും പേരിന്നു് ഉടവു് വരാത്തവിധത്തിൽ നിണക്ക് ഇഷ്ടംപോലെ എന്തുപ്രവർത്തിക്കുന്നതിന്നും വിരോധമില്ല. പേർ പരിപാലിക്ക എന്ന ഒരൊറ്റ കാര്യത്തിന്നു മാത്രമെ ഞാൻ നിന്നോടു് ആവശ്യപ്പെടുന്നുള്ളു.

ധനം തന്നെത്താനറിയാതെ കാറിന്റെ ഒരു മുക്കിൽ പതുങ്ങിപ്പോയി. ഫ്റോക്കും വിനോദവും സ്വതന്ത്ര്യവും പോലും! ഇത്രമാത്രമെ അദ്ദേഹം എനിക്കു് തരാൻ ഭാവമുള്ളു! അവൾക്കു വേണ്ടിയിരുന്നതു് അദ്ദേഹത്തിന്റെ പ്രേമം ഒന്നുമാത്രമാണു് അവൾ പല്ലുകടിച്ചു. അവൾ വല്ലപ്രകാരത്തിലും അയാളെ പാട്ടിലാക്കും. അതിന്നു് സംശയമില്ല, നിശ്ചയം.

സ്വന്തം ഭവനം ഉണ്ടായിരുന്നതിൽ പോകുന്നതിന്നു പകരം കാർ നിർത്തിയതു് ഒരു ഹോട്ടലിന്റെ മുൻവശത്താണു്. ഭാസ്കരൻ കാറിന്റെ വാതിൽതുറന്നു് അവളെ കൈപിടിച്ചു് ഇറക്കി. രണ്ടാളും ഹോട്ടലിൽ പ്രവേശിച്ചു. ഇതായിരിക്കുമൊ മധുവിധുകാലാരംഭം.

ഹേമാംഗൻ

വരാന്തയിലെ ഒരു വലിയ കസേലമേൽ ഇരുന്നു് ഭാസ്കരൻ ചുരുട്ടുവലിച്ചു. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും നോക്കിക്കൊണ്ടു് അയാൾ ഇരുന്നു, ആകാശത്തിന്നു് വില്ലുസിന്റെ മാർദ്ദവം ഉള്ളപോലെ തോന്നി. അയാളുടെ ചുറ്റും ഒരു ശാന്തത പരന്നു. അപൂർണ്ണചന്ദ്രന്റെ ഒരു മങ്ങിയ പ്രകാശം സമുദ്രത്തിൽ ബിംബിച്ചിരുന്നു. വലിയ തിരകളിന്മേൽ കൂടി പൂക്കളുടെ സൗരഭ്യം പരന്നിരുന്നു. ആ ശാന്തമായ രാത്രി അനുരാഗത്തിന്നും അനുകൂലവിനോദങ്ങൾക്കും പറ്റിയതായിരുന്നു. അദ്ദേഹത്തിന്റെ രക്തം നാഡികളെ ശക്തിയോടെ സ്പന്ദിപ്പിച്ചിരുന്നു.

ധനം അദ്ദേഹത്തിന്റെ മുഖത്തുകണ്ടിരുന്ന രേഖകൾ—ചിരിയുടെ രണ്ടു് ഭാഗത്തും വ്യാപിച്ചുകണ്ട വരകൾ—ആണ്ടു നിന്നു. പുരികം അടുത്തുവരുംപ്രകാരം നെറ്റിചുളിഞ്ഞു. വിവാഹം കഴിച്ചിട്ടു് അച്ഛനെ തൃപ്തിപ്പെടുത്തണം എന്നുമാത്രമേ അയാൾ വിചാരിച്ചിരുന്നുള്ളു. എന്നിട്ടെങ്കിലും ആനന്ദവല്ലിയുടെ സ്വപ്നം മനസ്സിൽനിന്നു് നാടുകടത്തിക്കളയാമെന്നു് അയാൾ വിചാരിച്ചു. അതാണു് തെറ്റു്. അതാ അവളുടെ സ്വരൂപം അന്ധകാരത്തിൽകൂടെ അയാളെ നോക്കിക്കൊണ്ടിരിക്കുന്നു. ദ്രോഹിക്കത്തക്കവണ്ണം ഉള്ള സൗന്ദര്യം! അനുഭവിക്കാൻ ക്ഷണിക്കുന്ന കടാക്ഷം! എന്നാലും അന്യന്റെ ഭാര്യ. അവളേപ്പറ്റിയുള്ള ആഗ്രഹം തന്നെ അധർമ്മവും അസംബന്ധവുമാണു്.

മറ്റൊരാളുടെ ഭാര്യയോ! ഒരു സമയം മറ്റൊരാളുടെ ഭാര്യ എന്ന നിലയിൽ അവൾ വളരെക്കാലം ജീവിക്കേണ്ടിവരികയില്ല. അവളുടെ ഭർത്താവിന്റെ ഒന്നിച്ചുള്ള വാസംകൊണ്ടു് അവൾക്കു് സുഖാനുഭവം ഒന്നും ഉണ്ടായിരുന്നില്ല. ഒന്നുമില്ലെങ്കിൽ അദ്ദേഹത്തിനു് അതു് തീർച്ചയാണു്. അഭിനയരംഗത്തിൽ കാണുമ്പോലെയാണു് അവളേപ്പറ്റിയുളള സ്മരണ അയാൾക്കു് എപ്പോഴും ഉണ്ടാകുന്നതു്. കഷ്ടകാലത്തിന്നു് അവൾ വിവാഹം കഴിച്ചതു് ഒരു തനിച്ച മൃഗത്തെ ആയിപ്പോയി. ആനന്ദവല്ലി തന്റെ അഭിമാനവും ധർമ്മവും ബാദ്ധ്യതയും വിചാരിച്ചിട്ടായിരിക്കാം അവൾ യഥാർത്ഥത്തിൽ പ്രേമിക്കുന്ന ഭാസ്കരനെ ഉപേക്ഷിക്കേണ്ടിവന്നതു്. നാടകം കാണുമ്പോളൊക്കെ അഭിനയം അതിലെ പാത്രത്തിന്റെ പ്രതിനിധിയായിട്ടല്ല ആനന്ദവല്ലി സ്വന്തം നിലയിലാണു് അഭിനയിക്കുന്നതു് എന്നു ഭാസ്കരനു് തോന്നിപ്പോകാറുണ്ടു്. ഇപ്പോഴാകട്ടെ അയാൾക്കു് അതു തീർച്ചയായി. ആ അഭിനയം അവൾ സജീവമാക്കുന്നുണ്ടു്. എന്തുകൊണ്ടെന്നാൽ അതു് അവളുടെ സ്വന്തം അനുഭവമാണു്. അവളുടെ ഭർത്താവു് ഒരു തെമ്മാടിയാണു്. അയാളോടു് അവൾക്കു് ലേശം പ്രേമം ഉണ്ടായിരുന്നില്ല. ഒരു സമയം അവന്റെ ബാധ ഒഴിഞ്ഞുപോവാൻ ഒരു അവസരം അവൾക്കും വന്നുചേരുമായിരിക്കും. ആ കാലത്തു്… ഭാസ്കരന്നു് ഒരു ദീർഘനിശ്വാസം ഉണ്ടായി. അങ്ങിനെ ഒരു അവസരത്തിന്നു് ഭാസ്കരൻ കാത്തുകൊണ്ടിരിക്കുകയായിരുന്നു. അന്നു് അയാൾ അവളെ സാനുകമ്പം സ്വീകരിച്ചു് അവളെ ആശ്വസിപ്പിക്കുമായിരുന്നു.

ഇതൊക്കെ ചെയ്വാൻ വിചാരിച്ചിരുന്നതിന്നുപകരം ഭാസ്കരൻ ജാനു എന്ന നിലയിൽ ധനത്തെ വിവാഹംചെയ്തു ഇരിക്കുകയാണു്. അയാൾ പ്രേമിച്ച ആനന്ദവല്ലിയോടു് അയാൾ വലിയതെറ്റാണു് ചെയ്തതു്. അയാളുടെ വിവാഹം കഴിച്ച ധർമ്മപത്നി അയാളേയും കാത്തു് മുകളിലെ ഒരു മുറിയിൽ ഇരിക്കുകയാണു്. അകാരണം എന്നു് പറയാവുന്ന ഒരു കോപം അയാളെ ആകുലപ്പെടുത്തി. ഈ വിവാഹം നടന്നതു് വളരെ അന്യായമായിപ്പോയി. ഭാസ്കരനെ ഒരു കെണിയിൽ കുടുക്കി ഇട്ടതാണു്. അയാളുടെ അച്ഛൻ ചെയ്തതു് ശരിയല്ല. വലിയ അന്യായമാണു്. അവർ (അച്ഛൻ) ഒരു തെറ്റുചെയ്താൽ അതിന്റെ ഭവിഷ്യത്തുകൾ അവർ തന്നെയാണു് സഹിക്കേണ്ടതു്. പരിഹാരമാർഗ്ഗമായി പുത്രനെ വലിച്ചുകുടുക്കിയതു് നന്നായില്ല.

ഭാസ്കരൻ കോപത്തോടെ ശരീരം ഒന്നിളക്കി. തന്റെ സുഖാനുഭൂതിക്കുള്ള സർവ്വസ്വത്തിനും അയാൾ തന്റെ അച്ഛന്നു കടപ്പെട്ടിരിക്കയാണു്. അച്ഛനെ ഇങ്ങിനെ ദുഷിക്കുന്നതു് നന്ദികേടും അവിഹിതവുമാണു്. അയാൾ ജാനുവിനെ വിവാഹം ചെയ്വാൻ അനുവദിച്ചതു് ധർമ്മപ്രകാരമാണു്. ഒരു അനിഷ്ടവും സൂചിപ്പിക്കപ്പോലും ഉണ്ടായിട്ടില്ല. അങ്ങിനെ ഇരിക്കെ ഇപ്പോൾ വ്യഥാ കണ്ഠക്ഷോഭംചെയ്തിട്ടു് എന്തുഫലമാണു്. അയാൾ യാതൊരു ഉന്മേഷവുമില്ലാതെ തന്റെ മുന്നിൽ കൊണ്ടുവെച്ച വിസ്കിയും സോഡയും കഴിച്ചു. “വെയിറ്ററോടു്” (ദാസനോടു്) പിന്നേയും കൊണ്ടുവരാൻ “ഓർഡറും” (കല്പന) കൊടുത്തു.

അപ്പോഴാണു് ഉച്ചത്തിൽ ആരൊ തന്നെ വിളിക്കുന്നതു് കേട്ടതു്.

“ഭാസ്കരാ! ജെറി! ഭാസ്കരൻ അല്ലെ അതു്?”

ഭാസ്കരൻ ഒന്നുഞെട്ടി. തിരിഞ്ഞുനോക്കി. അപ്പോൾ ഒരാൾ തന്റെ അടുക്കെ വന്നുനിന്നു. അതു് താൻ പണ്ടു് പട്ടാളത്തിൽ ഉണ്ടായിരുന്ന കാലത്തു് തനിക്കു് ഉണ്ടായിരുന്ന ഒരു ഉറ്റചങ്ങാതിയായിരുന്നു.

ഭാസ്കരൻ:
മേറ്റ് ഹേമാംഗനൊ! നിന്നെ ഞാൻ കണ്ടിട്ടു് രണ്ടുകൊല്ലത്തിൽ അധികമായല്ലോ!

അയാൾ ഭാസ്കരന്റെ അടുക്കെവന്നിരുന്നു.

ഹേമാംഗൻ:
അതേ, രണ്ടുകൊല്ലം ആയിപ്പോയിരിക്കാം ഞാൻ പരദേശത്തായിരുന്നു. ഇന്നു രാത്രി ഭക്ഷണത്തിന്നു് നീ നേരത്തെ വന്നിരുന്നപ്പോൾ ഒരൊറ്റ നോട്ടത്തിന്നു് എനിക്കു് നിന്നെ മനസ്സിലായി. (ചിരിച്ചിട്ടു്) അപൂർവ്വദർശനം! ഭൂമി വളരെ വലിയദിക്കല്ലെന്നു് തോന്നിപ്പോകുന്നു. നിന്റെ ഭാര്യയേയും എനിക്കു് കണ്ടഉടനെ മനസ്സിലായി.
ഭാസ്കരൻ:
എന്റെ ഭാര്യയേയൊ?

ഭാര്യ എന്ന ശബ്ദം തന്നെ, ഒരു പുതുമയും അപരിചിതഭാവവും ഭാസ്കരന്റെ ഉള്ളിൽ ഉണ്ടാക്കി. ഒരു വിവാഹിതനാണെന്ന നില ഇനിയും അദ്ദേഹത്തിന്റെ ഹൃദയത്തിൽ നല്ലവണ്ണം പതിഞ്ഞിരുന്നില്ല. ഹേമാംഗൻ തല ഇളക്കിയതേഉള്ളു.

ഹേമാംഗൻ:
അതെ, ധനത്തിനെത്തന്നെ. അവളെ പണ്ടു കണ്ടതു് കുറെ മുമ്പെ ആണു്. അസാരം ഭേദിച്ചു പോയിട്ടുണ്ടു്. അന്നു് ചെറുപ്പമായിരുന്നു. ഇപ്പോൾ നല്ലവണ്ണം വികസിച്ചു എന്നുമാത്രം. പണ്ടേ ഒരു നാണം കുണുങ്ങിയാണു്. ആരോടും വലിയ ലോഹ്യം കാണിച്ചിരുന്നില്ല. സൗന്ദര്യത്തിൽ രണ്ടാംക്ലാസായിരുന്നു അവൾക്കു് ഒരു മച്ചിനച്ചി ഉണ്ടായിരുന്നു. ത്രിപുരന്റെ മകൾ ജാനു. നല്ല ഒരു സുന്ദരിക്കുട്ടി. അവളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നു് ഞാൻ വിചാരിച്ചിരുന്നു. അവളെ കണ്ടിട്ടില്ലെന്നുണ്ടോ?

ഭാസ്കരന്നു് ചങ്ങാതിയുടെ വിവരമില്ലായ്മയെപ്പറ്റി ചിരിയാണു് വന്നതു്?

ഭാസ്കരൻ:
ജാനു-ധനം, എടൊ, നീ ഈ രണ്ടാളേയും ഇടകലർത്തിപ്പറഞ്ഞിട്ടു് മറ്റുള്ളവരെ പരിഭ്രമിപ്പിക്കരുതു് ത്രിപുരന്റെ മകൾ ജാനു എന്റെ ഭാര്യയാണു് അവൾ കുറെകാലം ധനത്തിന്റെ കൂടെയായിരുന്നു പാർത്തിരുന്നതു്.
ഹേമാംഗൻ:
(ഉച്ചത്തിൽ) എടൊ! ഭഗവാനാണെ നേരു്. ഞാൻ രണ്ടുകൊല്ലത്തോളം ജാനുവിനെ ഇടവിടാതെ കണ്ടുപരിചയമുണ്ടു്. ഒരുകാലത്തു് അവളെ വിവാഹം കഴിക്കണം എന്ന വിചാരവും കൂടി എനിക്കുണ്ടായിരുന്നു. അക്കാലത്തു് എന്റെ വശം പണത്തിന്റെ നാമംതന്നെ ഉണ്ടായിരുന്നില്ല. പിന്നെ അവൾ ഒരു ഷാപ്പിൽ ശീലവില്ക്കുന്ന ജോലിക്കാരിയായിക്കൂടിയിരുന്നു. എന്റെ പരദേശാടനം കഴിഞ്ഞിട്ടു് ഞാൻ കുറെ ദിവസം മുമ്പെ മടങ്ങി എത്തിയപ്പോൾ അവളെ കാണ്മാൻവേണ്ടി ഞാൻ ആ ഷാപ്പിൽ ചെന്നു. ഒരു പ്രസിദ്ധനടന്റെ ഭാര്യയായ് അവൾ നാടുവിട്ടുപോയി എന്നു് അവർ പറഞ്ഞറിഞ്ഞു. അവളുടെ ഭർത്താവു് മഹേശനാണു്. അയാളെ കാമിക്കാത്ത സിനിമാതാരങ്ങൾ ഇല്ലെന്നാണു കേട്ടതു്. പോരാഞ്ഞിട്ടു് അവരുടെ ഫോട്ടോവും ഞാൻ അവിടെ കണ്ടു. ഹാ എനിക്കിപ്പോൾ ഓർമ്മവന്നു. ഞാൻ ഒരു കൊല്ലം മുമ്പെ നാടുവിട്ടു് പോയപ്പോൾ ജാനുതന്നെ എനിക്കു തന്ന അവളുടെ ഫോട്ടോ എന്റെ കീശയിൽ ഇപ്പോൾ ഉണ്ടായിരിക്കണം എന്നുതോന്നുന്നു.

ഹേമാംഗൻ, തന്റെ കീശ പരതി ഒരു പോക്കറ്റു ബുക്കു് എടുത്തു. അതിൽനിന്നു് ഒരു ഫോട്ടൊ എടുത്തു് ഭാസ്കരന്റെ കൈവശം കൊടുത്തു അതു് കണ്ണുകൊണ്ടു് ചിരിക്കുന്ന ഒന്നാന്തരം ഒരു സുന്ദരിയുടേതായിരുന്നു. ഇവളും താൻ വിവാഹം ചെയ്ത തരുണിയും തമ്മിൽ ഒരു സാമ്യവും കണ്ടില്ല. ഫോട്ടോവിന്റെ ചോടെ ത്രിപുരൻ മകൾ ജാനു എന്നും എഴുതിയിരുന്നു.

ഹേമാംഗൻ:
ഇവളാണു് ഞാൻ കാമിച്ച പെണ്ണു്. ഈ ജാനുവിന്റെ ചങ്ങാതിയാണു് നിന്റെ ഭാര്യ ധനം. ജാനുവാണു് കുറെമുമ്പേ മഹേശനേയും വിവഹം കഴിച്ചു് നാടുവിട്ടുപോയതു്.

ഭാസ്കരൻ ജാനുവിന്റെ ഫോട്ടൊ നല്ലവണ്ണം നോക്കി.

ഭാസ്കരൻ:
ഞാൻ എന്തുപറയട്ടെ. ഇതു് വാസ്തവമാവാൻ പാടുണ്ടൊ?
ഹേമാംഗൻ:
ഇഷ്ടാ, അവളുമായി രണ്ടുകൊല്ലത്തെ പരിചയം എനിക്കുണ്ടു്.
ഭാസ്കരൻ:
ത്രിപുരന്റെ മകളായി ഒരു ജാനുവല്ലാതെ രണ്ടാൾ ഉണ്ടാവാൻ ഒരിക്കലും പാടില്ലല്ലൊ?
ഹേമാംഗൻ:
(ചിരിച്ചിട്ടു്) ഉണ്ടാവാൻ ഇടയില്ല.

ഭാസ്കരന്റെ നെറ്റിചുളിഞ്ഞു. അയാൾ ചിന്താമഗ്നനായി.

ഭാസ്കരൻ:
എനിക്കൊന്നും മനസ്സിലാകുന്നില്ല. നീ പറയുന്നു, എന്റെ ഭാര്യയെ നിണക്കു് അറിയാമെന്നു് അവൾ ജാനുവല്ലെന്നും നീ പറയുന്നു.

ഹേമാംഗൻ ആശ്ചര്യം കൊണ്ടു് സ്തംഭിച്ചുപോയി.

ഹേമാംഗൻ:
ഇഷ്ടാ! ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്നു് കരുതിക്കൊ. നിന്റെ ഗൃഹസ്ഥാശ്രമത്തിൽ എനിക്കു് കയ്യിടേണ്ടുന്ന കാര്യം ഇല്ല.
ഭാസ്കരൻ:
അങ്ങിനെ വിട്ടുകളവാൻ പാടില്ലാത്ത ഒരു കാര്യമാണിതു്. ഇതിന്റെ അടിയറ്റംവരെ കാണാതെ ഏനിക്കു നിവൃത്തി ഇല്ല. നിങ്ങൾ പറഞ്ഞ ജാനു ആ പ്രസിദ്ധനടനെ വിവാഹം ചെയ്തതു് എന്നായിരുന്നു.
ഹേമാംഗൻ:
(ആലോചിച്ചിട്ടു്) ഇക്കഴിഞ്ഞ ശനിയുടെ മുന്നിലെ ശനിയാഴ്ച എന്നുവെച്ചാൽ കഴിഞ്ഞ പതിനഞ്ചാം തിയ്യതി. ജാനുവിനും അവളുടെ ഭർത്താവിനും കരാർപ്രകാരം തെക്കെ ആഫ്രിക്കയിലും, യൂറോപ്പിലും നിശ്ചിത തിയ്യതികളിൽ എത്തേണ്ടുന്ന ബാദ്ധ്യത ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ അന്നുതന്നെ അവർ രാജ്യംവിട്ടു.

ഭാസ്കരൻ ഒന്നുഞെട്ടി പതിനഞ്ചാം തിയ്യതിയാണു് ജാനു എന്നു ഹേമാംഗൻ പറയുന്നവൾ ഇവിടം വിട്ടുപോയതു്. ഞാൻ വിവാഹം കഴിച്ച ജാനു എന്റെ അച്ഛന്റെ വക്കീലിന്റെ അരികെ ചെന്നതു് പതിനേഴാം തിയ്യതിയാണു്. അന്നു തന്നെയാണു് അവളെ എന്റെ അച്ഛന്റെ അടുക്കെ കൂട്ടിക്കൊണ്ടുപോയതും. ഇതിൽ ഒരു അത്ഭുതം അന്തർഭവിച്ചിട്ടുണ്ടല്ലൊ.

ഭാസ്കരൻ:
ഞാൻ വിവാഹം ചെയ്തവളെ നീ ശരിയായി തിരിച്ചറിഞ്ഞു എന്നോ?
ഹേമാംഗൻ:
(അതെ എന്ന ഭാവത്തിൽ തല കുലുക്കീട്ടു്) എന്നോടു് തെറ്റിപ്പോവാൻ ഒരു വഴിയും ഇല്ല. നിന്റെ ഭാര്യ ധനമാണു്. അവൾ ജാനുവിന്റെ മച്ചിനച്ചിയുമാണു്.

രണ്ടാളും അന്യോന്യം നോക്കി. മേറ്റ് ഹേമാംഗന്റെ നോട്ടത്തിൽ ഒരു ശങ്കയും അത്ഭുതവും നല്ലവണ്ണം സ്ഫുരിച്ചിരുന്നു.

ഹേമാംഗൻ:
ധനവും ജാനുവും ഒന്നിച്ചായിരുന്നല്ലൊ പാർത്തതു്. അന്നെങ്കിലും അവരെ വേർതിരിച്ചറിവാൻ നിങ്ങൾക്കു് സാദ്ധ്യമായിരുന്നില്ലെ!
ഭാസ്കരൻ:
ഞാൻ വിവരിച്ചു പറഞ്ഞുതരാം എന്റെ അച്ഛന്റെ വക്കീൽ ത്രിപുരന്റെ മകൾ ജാനുവിന്നു് ഒരു എഴുത്തയച്ചതു് പതിനഞ്ചാം തീയ്യതിയാണു്. അന്നാണു് അവൾ ഇവിടംവിട്ടു് പരദേശത്തേയ്ക്കു പോയതു് എന്നു് നീ പറയുന്നതു്. എന്നാൽ എഴുത്തുപ്രകാരം ജാനു പതിനേഴാം തീയ്യതി വക്കീൽമാരെ ചെന്നു കണ്ടിട്ടുണ്ടു്. അച്ഛനേയും കണ്ടിട്ടുണ്ടു്. അതിന്നു മുമ്പൊന്നും ജാനുവുമായി എടുത്തുപറയത്തക്ക യാതൊരു പരിചയവും എനിക്കു് ഉണ്ടായിരുന്നില്ല. ഹേമാംഗി! ഞാൻ സകല കാര്യവും തുറന്നു പറഞ്ഞുതരാം. ഈ വിവാഹം തന്നെ ഒരു “ബിസിനസ്സു് ” നടത്തുമ്പോലെയുള്ള ഒരു ഏർപ്പാടാണു് ഡഗ്ലസ് ത്രിപുരൻ എന്ന ഒരാളുമായി എന്റെ അച്ഛന്നു പണ്ടേ പരിചയം ഉണ്ടായിരുന്നു. അയാളുടെ പുത്രിയാണു് ജാനു. ചില പ്രത്യേക കാരണങ്ങൾകൊണ്ടു് ആ പെണ്ണിനെ എന്നെക്കൊണ്ടു് വിവാഹം കഴിപ്പിക്കാൻ അച്ഛൻ നിശ്ചയിച്ചു. അച്ഛൻ ആ പെണ്ണിനെ പണ്ടു് കണ്ടിരുന്നുമില്ല. അങ്ങിനെ ഒരു പെണ്ണുണ്ടെന്നു് വക്കീൽമാർ അന്വേഷിച്ചു വിവരം കൊടുത്തതാണു്. എന്നതിൽ പിന്നെയാണു് ജാനുവെ അച്ഛൻ ഒന്നാമതു കണ്ടതു്.
ഹേമാംഗൻ:
ഡഗ്ലസ് ത്രിപുരനെ എനിക്കു് നല്ലവണ്ണം അറിയാം. അയാളാണു് ജാനുവിന്റെ അച്ഛൻ. അയാൾ വെടിവെച്ചു മരിച്ചുകളകയാണു് ചെയ്തതു്. പാപ്പരായ്പോയതുകൊണ്ടാണു് ആത്മഹത്യയ്കു കാരണം.

ഭാസ്കരൻ ഒന്നു നെടുവീർപ്പിട്ടു. ഈ എടാകൂടമായ ഏർപ്പാടിന്റെ യാഥാർത്ഥ്യം മനസ്സിലായപ്പോൾ ദുസ്സഹമായ കോപംകൊണ്ടു് ഭാസ്കരൻ പല്ലുകടിച്ചു.

ഭാസ്കരൻ:
നമുക്കു വ്യക്തമാകാത്ത ഭാഗം ഇപ്പോൾ മനസ്സിലായി. സത്യം ഇപ്പോഴാണു് എനിക്കു വെളിവായതു്. ഒരു ദുഷ്ടപ്പെണ്ണിന്റെ കല്പിച്ചുകൂട്ടിയ വഞ്ചനയാണിതു്. ഞാൻ ഇന്നു് രാവിലെ വിവാഹം കഴിച്ചപെണ്ണു ധനമാണു്! താനാണു് ജാനു, എന്ന നിലയിൽ എന്നെ വേളികഴിച്ചതാണു്. മച്ചിനച്ചിയുടെ സ്ഥാനത്തു് നിശ്ശങ്കം അവൾ വന്നുനിന്നു. അവൾ അച്ഛനേയും വഞ്ചിച്ചു. ഇതൊക്കെ പണംപിടുങ്ങുവാൻ ഒരു ഉപായം മാത്രമായിരുന്നു. വെറും ഒരു തെണ്ടിപ്പെണ്ണു്. ഞാനാണു് കെണിഞ്ഞതു് എന്റെ ഭാഗവാനെ! ഞാൻ അവളെ വിവാഹം ചെയ്തുപോയല്ലൊ.

എന്നാൽ ഹേമാംഗന്നു് ഒരു കൂസലും കണ്ടിരുന്നില്ല.

ഹേമാംഗൻ:
ഇഷ്ടാ! ഒന്നും ഭയപ്പെടാനില്ല. വഞ്ചനകൊണ്ടോ തെറ്റിദ്ധാരണകൊണ്ടോ നടന്നുപോയ ഒരു വിവാഹം റദ്ദാക്കാൻ (ഇല്ലായ്മചെയ്വാൻ) ഒരു വിഷമവുമില്ല. നിണക്കു് ഇപ്പോൾ തന്നെ അതു് ഭംഗമാക്കാം. വിവാഹം പൊട്ടിക്കാൻ വ്യവഹാരം ഉടനെ കൊടുക്കുക. അവൾക്കു് നിന്റെ മേൽ യാതൊരു ബന്ധവും സിദ്ധിക്കാൻ അർഹതയൊ അവകാശമൊ ഇല്ല. എനിക്കു് മറ്റൊരുദിക്കിൽ ഇന്നു് അടിയന്തിരമായി എത്തേണ്ടതുണ്ടു്. ഞാൻ ഇതാ കുതിക്കുന്നു. നിന്റെ സന്തോഷത്തിന്നു് ഭംഗം ഉണ്ടാക്കിയതിൽ ഞാൻ വ്യസനിക്കുന്നു എന്നു പറവാനും എനിക്കു തരമില്ല.
ഭാസ്കരൻ:
ഹേമാംഗ! നീ എന്റെ നിത്യനന്ദിക്കു് പാത്രമാണു്. ഒരു തെണ്ടിപ്പെണ്ണിന്റെ സൂത്രവും തന്ത്രവും പുറത്താക്കാൻ നീയാണു് കാരണമായതു് എന്റെ ഭാഗ്യമെന്നേ പറയേണ്ടതുള്ളു.

രണ്ടാളും അന്യോന്യം കൈപിടിച്ചുകുലുക്കി ഹേമാംഗൻ അവിടം വിട്ടുപോയി. ഭാസ്കരൻ ഹോട്ടലിലെ വരാന്തയിൽ കൂടെ വളരെനേരം അങ്ങട്ടും ഇങ്ങട്ടും നടന്നു. അയാൾ ഒരു ചുരുട്ടും കടിച്ചുപിടിച്ചിരുന്നു. നിമിഷംതോറും അയാൾക്കു കോപം വർദ്ധിച്ചുവന്നതേ ഉള്ളു.

അവളുടെ സങ്കടനോട്ടവും ലജ്ജാസ്വഭാവവും കണ്ടാൽ അവൾ ഒരു സൂത്രക്കാരത്തിയായ പെറുക്കിപ്പെണ്ണാണെന്നു് വല്ലവർക്കും മനസ്സിലാകുമൊ. ആട്ടെ ഇതുകൊണ്ടു് അവൾക്കു വല്ല കാര്യസാദ്ധ്യമൊ ലാഭമൊ ഉണ്ടാകുമെന്നും അവൾ കരുതേണ്ട. അവൾ എന്തു് ക്രൂരമായ ചതിയാണു് എന്റെ അച്ഛനോടു കാണിച്ചതു്. ഇതിനൊന്നും മറുകൈ ഇല്ലെന്നോ? ചോദിപ്പാൻ ആരുമില്ലെന്നൊ?

ദുസ്സഹകോപം കൊണ്ടു് അയാൾ ഭ്രാന്തനെപ്പോലെ ആയി. ഇപ്പോൾ തന്നെ അവളോടു് ചെന്നുചോദിച്ചാലെന്താ! അയാൾ ഹോട്ടലിന്റെ ഉള്ളിൽകടന്നു് മേലെ തട്ടിലേയ്ക്കു കേറി. ആനന്ദവല്ലി പോയ്പോയതുകൊണ്ടുതന്നെ. അയാളുടെ ഹൃദയത്തിന്നു് മുറിയേറ്റുപോയിരുന്നു. ഇപ്പോൾ ആകട്ടെ മറ്റൊരുപെണ്ണിന്റെ തന്ത്രം കൊണ്ടു് തന്റെ അഭിമാനത്തിന്നും ശാന്തിക്കും ഒരു പീരങ്കിവെടിയും കൂടിക്കൊണ്ടു. ഇതായിരുന്ന അയാളുടെ വിവാഹത്തിന്റെ മധുവിധുവിന്റെ ഒന്നാമത്തെരാത്രി. അയാളുടെ കണ്ടുപിടുത്തവും ഈ വിധത്തിലാണു് കലാശിച്ചതു്.

വിവാഹരാത്രി

ഹോട്ടലിലെ മേലെത്തട്ടിൽ ഉണ്ടായിരുന്ന ശയനമുറിയിലെ ജനലിന്റെ എറിച്ചുനില്ക്കുന്ന ഉൾഭാഗത്തിലെ തിണ്ണമേൽ ധനം ഇരിക്കുകയായിരുന്നു. കടലിൽനിന്നു പുറപ്പെട്ട തണുത്തകാറ്റു് അവളുടെ ശയനമുറിയിൽ എത്തുമ്പോൾ റോസിന്റെയും “കാർനേഷ്യയുടേയും” (Carnationo) സൗരഭ്യത്തിൽ മുഴുകിയിരുന്നു. എന്നാൽ അതിന്നു് അവളുടെ നെറ്റിയിലെ പനിച്ചപോലെ ഉള്ള ചൂടു് ശമിപ്പിക്കാൻ കഴിഞ്ഞില്ല. അവളുടെ ഹൃദയത്തിന്റെ തുടിപ്പിന്റെ വേഗതയ്ക്കും മാന്ദ്യം ഉണ്ടാക്കിയില്ല. ഇതാണു് അവൾ ആശിച്ചിരുന്ന വിവാഹരാത്രി.

അവളുടെ തൊണ്ടയിൽ എന്തോ കെട്ടിനിന്നപോലെ തോന്നീട്ടു് അവൾ ആ ഭാഗം കൈകൊണ്ടു് ഉഴിഞ്ഞു. പാണിബന്ധനത്തിന്റെ ഉള്ളിൽപെടാൻ അവൾ ആറ്റുനോറ്റുകൊണ്ടിരുന്ന ആൾ—അവളുടെ അളവറ്റ നവപ്രേമത്തിന്നു് ആസ്പദമായ ആൾ—ചോടെ ശുമ്മാ ഇരിക്കുന്നുമുണ്ടു്. അതെ അവളുടെ ഭർത്താവു് തങ്ങളുടെ വിവാഹം ഏതുവിധത്തിൽ കലാശിപ്പാനാണുപോലും പോകുന്നതു്? അദ്ദേഹം പറഞ്ഞതു് അതു് ഒരു “ബിസിനസ്” ഏർപ്പാടു മാത്രമാണെന്നാണു് അതിന്റെ ശരിയായ പൊരുൾ എന്തായിരിക്കും? അതു് വെറും ഒരു പേരിന്നുമാത്രമാണു് എന്നായിരിക്കുമൊ അയാളുടെ ധാരണ. എന്നാൽ അദ്ദേഹത്തിന്റെ അച്ഛൻ തന്റെ പേരക്കുട്ടിയെ എടുത്തുലാളിക്കണം എന്ന തന്റെ ആഗ്രഹം സ്പഷ്ടമായി പുറത്തു പറഞ്ഞിട്ടുണ്ടല്ലൊ. ഭാസ്കരൻ അതുകേട്ടിട്ടും ഉണ്ടു്. ജനലിന്റെ തണുത്ത കണ്ണാടിചില്ലിന്മേൽ ധനം അവളുടെ പൊള്ളുന്ന ചെള്ള അമർത്തുവെച്ചു.

അവളുടെ ഹൃദയം ഉരുക്കുന്ന അനുരാഗാതിരേകതയെപ്പറ്റി അദ്ദേഹത്തിനു വല്ല വിവരവും ഉണ്ടായിരിക്കുമൊ? കാറിൽനിന്നു് യാദൃഛികമായി അദ്ദേഹത്തിന്റെ കൈ അവളുടെമേൽ തട്ടിയപ്പോൾ അവൾക്കു് പിടിപ്പെട്ട രോമാഞ്ചം അവൾക്കുമാത്രമെ അറിഞ്ഞുകൂടു. നിശ്ചയമായിട്ടും, ഇതൊന്നും ആലോചിക്കാതെ, അദ്ദേഹം ഉദാസീനനായി ഇരുന്നുകളവാൻ വഴിയില്ല. അവളുടെ ഉള്ളിൽനിന്നു് കത്തിക്കൊണ്ടിരിക്കുന്ന തീയുടെ വെളിച്ചം അദ്ദേഹത്തിന്റെമേലും വീഴാതിരിക്കില്ല. അദ്ദേഹത്തെ വിവാഹം കഴിക്കാമെന്നു് ക്ഷണത്തിൽ സമ്മതിച്ചുപോയതുകൊണ്ടു് ഒരു സമയം അയാൾക്കു് എന്നെ വെറുത്തുപോയി എന്നുവരുമോ?

ഒരു സങ്കടമായ ഏങ്ങൽ അവളുടെ തൊണ്ടയിൽ കെട്ടിനിന്നു. പിന്നെ അവൾ മെല്ലെ എഴുന്നേറ്റു് മേശയുടെ അരികെ വെച്ചിരുന്ന വലിയ കണ്ണാടിയുടെ അടുക്കെ ചെന്നുനിന്നു. അവൾ തന്റെ രൂപം ഒന്നു് നല്ലവണ്ണം പരിശോധിച്ചുനോക്കി. അവളുടെ നീലവേണിയും കരിങ്കണ്ണും ഹേമവർണ്ണവും കണ്ടാൽ ആരാണു് ഭ്രമിച്ചു പോകാത്തതു്. അവൾ പണ്ടത്തെ ധനമല്ല. അവളിൽനിന്നും വളരെ വ്യത്യാസപ്പെട്ടവളാണു് ഇപ്പോഴത്തെ ധനം. അതിന്നു് ഉത്തരവാദിത്വം വഹിക്കുന്നതു് മുടി കെട്ടിവെച്ച രീതിയും, മുഖം മിനുക്കുന്ന തൈലവും, വിലപിടിച്ച ഉടുപ്പിന്റെ മഹിമയും ഒന്നും ഇല്ല. ഉള്ളിൽ നിന്നു ജ്വലിച്ച ഒരു വെളിച്ചം അവളെ പ്രകാശിപ്പിച്ചിരുന്നു. ആ ദിവ്യവെളിച്ചം അവളുടെ അനുരാഗം ആയിരുന്നു.

അവൾ പെട്ടെന്നു് കൈകൾ പൊന്തിച്ചു. അവൾ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ചുറ്റിയിരുന്ന നേരിയ ചിഫോൺ ഉടുപ്പുമാറ്റി, ഒരു നേരിയ മഞ്ഞപ്പട്ടിന്റെ ഉടുപ്പുധരിച്ചു അവൾ ഒരു സുന്ദരിയാണെന്ന യഥാർത്ഥാനുഭവംകൊണ്ടു് പെട്ടെന്നു് അവൾ ഒരു ദീർഘശ്വാസം വലിച്ചു. വിവാഹരാത്രി അവൾ ആരും ആശിക്കത്തക്ക ഒരു പുത്തൻ കന്യകതന്നെ ആയിരുന്നു. എന്നാൽ ഭാസ്കരന്റെ പ്രേമം സമ്പാദിക്കത്തക്ക സൗന്ദര്യം അവൾക്കുണ്ടായിരുന്നോ? അവളുടെ ചുംബനങ്ങൾ അനുഭവിക്കാൻ അയാൾ കൊതിച്ചുനില്ക്കുന്നുണ്ടോ? അദ്ദേഹത്തെ വിചാരിച്ചു—അദ്ദേഹത്തിന്നുവേണ്ടി—അവളുടെ സൗന്ദര്യം ഉടവുകൂടാതെ പരിപാലിച്ചു. അദ്ദേഹത്തിന്റെ അനുരാഗം നിലനിർത്തിപ്പുലർത്തുവാൻ അവൾ സന്നദ്ധയായി. “ഞാൻ നിന്നെ പ്രേമിക്കുന്നു” എന്നു് അയാൾ ഒരിക്കൽ പറയുന്നതു കേട്ടാൽ അവളുടെ വിലപിടിച്ച ഉടുപ്പുകളും, കഴുത്തേക്കാൾ വെണ്മയുണ്ടെന്നു് പറഞ്ഞുകൂടാത്ത മുത്തുകളും അവൾ ശങ്കകൂടാതെ സസന്തോഷം വലിച്ചെറിഞ്ഞു കളയുമായിരുന്നു. “ഭാസ്കരാ! പ്രിയ ഭർത്താവെ!” എന്നു് അവൾ മന്ദമായി മന്ത്രിച്ചു.

അവൾ പെട്ടെന്നു തലപൊന്തിച്ചു് കണ്ണാടിയിൽ നോക്കിയപ്പോൾ അതിൽ പ്രതിബിംബിച്ചുകണ്ടതു് ദീർഘകായനായ ഒരു പുരുഷൻ മുറിയിൽകൂടെ തന്റെ നേരെ വരുന്നതായിരുന്നു. അദ്ദേഹം വാതിലിന്നു് മുട്ടിയിരുന്നില്ല. അദ്ദേഹം മുറിയിൽ എത്തിയ വിവരവും അവൾക്കു ആദ്യം ഉണ്ടായിരുന്നില്ല. അയാൾ അവളുടെ ഭർത്താവു് ഭാസ്കരൻ ആയിരുന്നു. അവളോടു എത്രയോ മന്ദമായി ഒന്നുനിലവിളിച്ചുപോയി. അയാളെ സ്വീകരിപ്പാൻ തിരിഞ്ഞപ്പോൾ മേലെ ഇട്ടിരുന്ന പുതപ്പു് അവൾ മുറുക്കി.

അയാൾ അവളുടെ കുറെ അകലെ വന്നുനിന്നു്, യാതൊന്നും ഉരിയാടാതെ അവളെ നോക്കിനിന്നു ഈ മാതിരി കോലത്തിൽ അവൾ അയാളെ ഇതുവരെ കണ്ടിരുന്നില്ല. അയാളുടെ മുഖത്തു് ഒരു വല്ലായ്മ കണ്ടിരുന്നു. അതു് ആലോചനയും ക്രൗര്യവും സ്ഫുരിപ്പിക്കുന്നുണ്ടെന്നു തോന്നി. അയാളുടെ കണ്ണുകൾ തീപ്പോലെ കത്തിയിരുന്നു.

എന്തെന്നു് രൂപമില്ലാത്ത ഒരു ഭയംകൊണ്ടു് അവളുടെ ഹൃദയം ചുങ്ങിപ്പോയി. “ഭാസ്കരാ! എന്തുണ്ടായി” എന്നു് ചാഞ്ചലസ്യസ്വരത്തിൽ അവൾ ചോദിച്ചു. അയാൾ ആദ്യം കണ്ടപോലെതന്നെ ഒന്നും മിണ്ടിയില്ല. എന്നാലും കണ്ണുകളിൽ നിന്നു് തീക്കത്തിക്കൊണ്ടിരുന്നു. പിന്നെ മെല്ലെ അദ്ദേഹം അവളുടെ അടുക്കെചെന്നു അവൾ മേലിട്ട പുതപ്പുനീക്കി. “ഭഗവാനാണെ സത്യം നീ ഒരു സുന്ദരിയാണു്” എന്നു് ഒതുക്കമുള്ള സ്വരത്തിൽ പറഞ്ഞു. അഥവാ പറഞ്ഞുപോയി. അദ്ദേഹം പെട്ടെന്നു് അവളെ കെട്ടിപ്പിടിച്ചു അവളുടെ ചുമലിന്മേൽ ഒന്നു ചുംബിച്ചു. ധനം ഒന്നു പിന്നോട്ടുവലിഞ്ഞു്, “നിങ്ങളുടെ നടവടി അത്ഭുതമായിരിക്കുന്നു” എന്നു് മൃദുവായിപ്പറഞ്ഞു.

ഭാസ്കരൻ പരുത്തശബ്ദത്തിൽ ഒന്നു ചിരിച്ചു.

ഭാസ്കരൻ:
അത്ഭുതമൊ! നമ്മുടെ വിവാഹരാത്രിയിൽ ഞാൻ നിന്നെ ചുംബിച്ചതോ! നീ എന്റെ ഭാര്യയല്ലേ. അല്ലേ.

അല്ലേ എന്നു് ആവർത്തിച്ചതു് അവൾ ഒന്നും മിണ്ടാതിരുന്നതുകൊണ്ടാണു്.

എന്നാലും അവളുടെ ഹൃദയത്തിന്റെ ഉച്ചമായ തുടിപ്പു് അയാൾ കേട്ടിട്ടുണ്ടാകാതിരിക്കില്ല.

ധനം:
(മൃദുവായി) അതെ ഭാസ്കരാ! ഞാൻ നിങ്ങളുടെ ഭാര്യയാണു്.

“എന്റെ ഭാര്യയൊ” എന്നു അയാൾ ചോദിച്ചസ്വരത്തിൽ ഒരു പരിഹാസം മുഴച്ചിരുന്നു. അതു ധനം സൂക്ഷിച്ചിരുന്നില്ല. “എന്റെ ഭാര്യ” എന്നു് പിന്നേയും പറഞ്ഞു് അയാൾ അവളെ ആലിംഗനം ചെയ്തു.

വിവാഹത്തിന്റെ പിറ്റേന്നു്

വെള്ളലെയിസ് തുന്നിപ്പിടിപ്പിച്ച ബോഡറോടുകൂടിയ കൗണ്ടർപെയിനിന്റെ (വിചിത്രവിരി) തേൻനിറത്തിൽ വരഞ്ഞ ചിത്രനീർകുഴികളിൽ ചൂടുള്ള സൂര്യപ്രകാശം വീണും അതു് മെത്തമേൽ തൂക്കിയ വെളുത്ത മൂടുശീലകളിൽ (Curtains) കൂടെ ചെരിഞ്ഞുകൊണ്ടു് ധനത്തിന്റെ മോടിയുള്ള മുഖത്തു് ചെന്നുവീണു. അവൾ അസ്വസ്ഥയായി അങ്ങട്ടും ഇങ്ങട്ടും തിരിഞ്ഞു് മുഖംതിരിച്ചു. തിളങ്ങുന്ന കിരണങ്ങളുടെ പിടിത്തത്തിൽനിന്നു് ഒഴിവുകിട്ടിയില്ല. അവൾ കണ്ണുതുടച്ചു് നല്ലവണ്ണം കണ്ണുതുറന്നു് മെത്തയിൽനിന്നു് ചാടി എഴുന്നേറ്റു.

അതു് ഒരു മനോഹരപ്രഭാതമായിരുന്നു, നീലയും സ്വർണ്ണവും വെള്ളയും ചുകപ്പും വർണ്ണങ്ങൾ പലവിധത്തിൽ വിളയാടിക്കൊണ്ടിരുന്നു. തോട്ടത്തിൽ വെള്ളയും ഊതയും ലൈലാക് പൂക്കൾ വികസിച്ചിരുന്നു. അടുക്കെ ഒരു മരത്തിന്മേൽ നിന്നു് പൊൻകിളി ഊവലിട്ടും കൊണ്ടിരുന്നു. പക്ഷിയുടെ പാട്ടിന്നനുകൂലമായി തന്റെ ഹൃദയവും ഒരു പാട്ടുപാടുന്നുണ്ടെന്നു ധനത്തിന്നു തോന്നി. ദുസ്സഹപരമാനന്ദ പ്രവാഹത്തിന്റെ തിരമാലകൾ അവളുടെ ദേഹം മുഴുവനും അടിച്ചുനനയ്ക്കുമ്പോലെ തോന്നി അവൾ നടത്തിയ വഞ്ചനയെപ്പറ്റി ഉണ്ടാകാറുള്ള ഭയം കേവലം അസ്തമിച്ചു, അവൾ ജാനുവായാലും കണക്കു് ഒന്നുതന്നെയല്ലേ! ഇന്നുമുതൽ അവൾ ഭാസ്കരന്റെ പ്രിയതമയും, അയാൾ ധനത്തിന്റെ പ്രിയവരനും അല്ലേ!

അവളുടെ സുഖാനുഭവം ഒരു ചെറിയ പാട്ടിന്റെ രൂപത്തിൽ അവളുടെ ചുണ്ടുകളിൽനിന്നു പുറപ്പെട്ടു. അവൾ തന്റെ “പൈജാമ” അഴിച്ചു ചാടി (കളഞ്ഞു എന്നതിന്റെ വടക്കെമലബാർ പ്രയോഗം). ബേസിനിൽ നിറച്ചുവെച്ച ചൂടുവെള്ളത്തിൽ അവൾ കുളിപ്പാൻ ഇരുന്നു. കുളി കഴിഞ്ഞതിൽപിന്നെ അവൾ ഒരു പുതിയ “സൂട്ട്” എടുത്തിട്ടു. പച്ച “ലിനൻ” അവളുടെ താരുണ്യത്തിന്നും നവീനതയ്ക്കും വളരെ യോജിച്ചപോലെ തോന്നി. അവളുടെ നീലമുടി സൂര്യപ്രകാശത്തിൽ മറ്റൊരു കുളിയും കുളിച്ചു. മറ്റേമുറിയിൽ നിന്നു ഭാസ്കരന്റെ ഒരു ഒച്ചപ്പാടും കേട്ടിരുന്നില്ല. ഒരു സമയം അയാൾ ഉറങ്ങുകയായിരിക്കും.

അവൾ ഇരിപ്പറയിൽ (Sitting Room) ശബ്ദമുണ്ടാക്കാതെ കടന്നുചെന്നു. അതു് ഒഴിഞ്ഞുകിടന്നിരുന്നു. ഉറക്കുമുറിയിലേയ്ക്കുള്ള വാതിൽ മലർത്തിവെച്ചിരുന്നു. നോക്കിയപ്പോൾ അവിടേയും ആരേയും കണ്ടില്ല. തന്നെ ഉപദ്രവിക്കരുതെന്നു വെച്ചിട്ടു് ഭാസ്കരൻ ഒരു സമയം ചോടെ ഇറങ്ങി പോയിരിക്കാം. അവൾ ജനൽ തുറന്നു. ദിവ്യമായിത്തോന്നുന്ന മന്ദവായുവിന്റെ നവീനമാഹാത്മ്യം അനുഭവിക്കാൻ തക്കവണ്ണം അവൾ തല ജനലിൽകൂടെ പുറത്തേയ്ക്കു തള്ളി. കടപ്പുറത്തിലെ പാറക്കൂട്ടങ്ങളുടെ ഓരത്തിലേയ്ക്കു, വളരെ അകലെനിന്നു ആരോ ഒരാൾ നടന്നുചെല്ലുന്നതു കണ്ടു. അതു ഭാസ്കരനായിരിക്കണം എന്നു് അവൾക്കു ദൃഢമായിതോന്നി. അവൾ ഒരു തൊപ്പിയും വലിച്ചു തലയിൽ ഇട്ടു് ചോടെ ഇറങ്ങി, പാറക്കൂട്ടം ലാക്കാക്കി ബദ്ധപ്പെട്ടു നടന്നു.

അവളുടെ അഭിമുഖമായി അകലേനിന്നു വരുന്ന ആളുടെ സമീപത്തിൽ ക്ഷണം എത്താൻ വേണ്ടി ആമോദത്തിലും ആവേശത്തിലും മുഴികിയ ധനം മുറുകിനടന്നു. ജീവിതകാലം അത്ഭുതസുഖവാഹിയാണെന്നു രസത്തിൽ മുഴകിയ ധനത്തിനു തോന്നി. അവൾ ആ ഷാപ്പിൽ പണ്ടു ജോലി നടത്തിയിരുന്ന കാലത്തൊന്നും, അവൾ ജീവിതകാലത്തിന്റെ സ്ഥിതി പുറമെനിന്നു് നോക്കിക്കണ്ടതേ ഉള്ളു. അവൾ അനുഭവയോഗ്യമായി ജീവിച്ചിരുന്നില്ല. ജീവിതത്തിൽ ഇത്ര അധികം സുഖം കിടപ്പുണ്ടെന്നു് അന്നു് അവൾ അറിഞ്ഞിരുന്നില്ല.

അങ്ങുന്നു വരുന്ന സ്വരൂപം ക്രമേണ അടുക്കുന്നുണ്ടു്. അയാൾ ഭാസ്കരനാണെന്നു് അവൾക്കു തീർച്ചയായി. ഒരു ചെറിയ ഒണഞ്ഞിന്റെ മുകളിൽനിന്നു് അവൾ അവളുടെ കൈവീശി ആളെ അറിയിച്ചു. അയാൾ പകരം യാതൊരു അറിയിപ്പും കാണിക്കാതിരുന്നപ്പോൾ അവൾ അത്ഭുതപ്പെട്ടു. ആ സ്വരൂപം ഒരു ഗുഹയിൽ കേറി കണ്ണിൽനിന്നു മറഞ്ഞപ്പോൾ അവളെ കല്പിച്ചുകൂട്ടി തിരസ്കരിച്ചപോലെ തോന്നി. അവൾ ഉള്ളൊഴിഞ്ഞ ഒരു ചിരികൊണ്ടു് തന്നെത്താൻ ആശ്വസിപ്പിച്ചു. ഒരു സമയം. തന്നെ കണ്ടുമുട്ടാൻ വേണ്ടി അവൾ വരുമെന്നു് അയാൾ കരുതിയില്ലെന്നു വരാം. ഒരുപക്ഷേ, അദ്ദേഹം തന്റെ നേരെ വരുന്നതു് ധനമാണെന്നു് അറിഞ്ഞിരിക്കയില്ലെന്നും വരാം. പുല്ലു നിറഞ്ഞ നിലത്തിൽകൂടെ നടക്കുമ്പോൾ, ചവിട്ടുകൊണ്ടു പതഞ്ഞുപോയ ദർഭ, മുത്തങ്ങ, മുത്തിൾ മുതലായ ചെടികളുടെ സൗരഭ്യം മൂക്കിൽ പാഞ്ഞപ്പോൾ അവൾ വീണ്ടും ഒന്നു ചിരിച്ചു. ദൂരെനിന്നു് കാണായ്വന്ന ആ ഗുഹയിൽ കേറി നോക്കിയാൽ അയാളെ കാണുമെന്നു് അവൾ വിശ്വസിച്ചു. അയാൾ കല്പിച്ചുകൂട്ടി അവിടെ ഒളിച്ചുനില്ക്കുന്നുണ്ടാകും. അവളെ കണ്ട ഉടനെ അവളെ കെട്ടിപ്പിടിച്ചു് ആലിംഗനം ചെയ്തേയ്ക്കും എന്നും അവൾ ഊഹിച്ചു.

നടന്നുനടന്നു് ഒരു തുറസിലൂടെ അവൾ ഗുഹയിലേയ്ക്കു ഇറങ്ങിയപ്പോൾ ഭാസ്കരൻ അവളുടെ അഭിമുഖമായി നില്ക്കുന്നതു കണ്ടു. തണുത്ത കടല്ക്കാറ്റു് ഏറ്റപ്പോൾ ധനം തന്റെ തലയിലെ തൊപ്പിനീക്കി. അവൾ വഴുക്കുള്ള സ്ഥലത്തിൽ കൂടെ ഒരു ചെറിയ കുട്ടിയെപ്പോലെ അയാളുടെ നേരെ പാഞ്ഞു. അടുത്തെത്തിയപ്പോൾ മുട്ടിപ്പോകാതിരിപ്പാൻ അവൾ പെട്ടെന്നു് ഓട്ടം നിർത്തി.

അയാൾ ഒരു ഭാഗത്തു് ഒഴിഞ്ഞുനിന്നതുകൊണ്ടു് അവൾ അയാളേയും കടന്നുപോയി. അവൾ ഉടനെതന്നെ പിന്തിരിഞ്ഞു് അയാളുടെ അടുക്കെവന്നു കിതപ്പുകൊണ്ടു് അവളുടെ മുഖം മിന്നിയിരുന്നു.

ധനം:
ഭാസ്കരാ! ഞാൻ നിങ്ങളെ കണ്ടുമുട്ടാൻ വന്നതാണു്.

അവൾ അയാളെ പിടിപ്പാൻ തക്കവണ്ണം കൈനീട്ടി. എന്നാൽ പെട്ടെന്നു് അവളുടെ കൈ താണുപോയി. അവളുടെ സ്വാഗതച്ചിരിയും നിന്നുപോയി. അവളുടെ മുഖത്തു് ഒരു ഒന്നും തിരിയാത്ത ഭാവം സ്ഫുരിച്ചു.

“അങ്ങിനെയാണു് സ്ഥിതി” എന്ന ഭാസ്കരന്റെ ലോഹ്യമറ്റ പരിഹാസ വാക്കുകൾ പരുപരുത്തരീതിയിൽ പുറത്തുവന്നു. ആ വാക്കു ഒരു മൂർച്ചയുള്ള കത്തിയുടെ കുത്തുപോലെ അവളുടെ ഹൃദയത്തിൽ തറച്ചു. ഇതിന്നു് എന്തായിരിക്കും സംഗതി. ഇന്നലെ അവൾ വിവാഹം കഴിച്ച ഭാസ്കരൻ ഇദ്ദേഹം തന്നെ ആയിരിക്കുമൊ? അയാളുടെ കവിൾഒട്ടി കണ്ണുകുണ്ടം പാഞ്ഞു്, ചുണ്ടുകൾ സഞ്ചിപോലെ പൂട്ടിനില്ക്കുന്നു. അയാളുടെ നോട്ടം അവളെ കുറ്റപ്പെടുത്തും പ്രകാരമായിരുന്നു. ധനത്തിന്നു ഹൃദയം മറ്റൊരുഭാഗത്തേയ്ക്കു തിരിഞ്ഞുപോയപോലെ തോന്നി. അവൾ ചോടെ നോക്കിയപ്പോൾ അയാളുടെ ചെരിപ്പിന്മേൽ വെള്ളപ്പൊടി ഘനത്തിൽ കെട്ടിനില്ക്കുന്നതു കണ്ടു. അദ്ദേഹത്തിന്റെ നനഞ്ഞ നെറ്റിമേലും അതെമാതിരി പൊടി പറ്റിനിന്നിരുന്നു. അയാൾ വളരെനേരം നടന്നിട്ടുണ്ടാകുമെന്നു സ്പഷ്ടമായി. കിതപ്പുകൊണ്ടു് അവളുടെ തൊണ്ട ഇടറി.

ധനം:
അങ്ങുന്നേ! എന്തുണ്ടായി.

അയാൾ കോപത്തോടെ ചിരിച്ചു. അവളുടെ മുഖത്തു് നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ ഉരുക്കുവാളിന്റെ അലകുപോലെ മിന്നി. ധനം മെല്ലെ ഒന്നു നിലവിളിച്ചു. അവളുടെ കൈ നെഞ്ഞത്തു അമർന്നു. സ്മാരനിദ്രയിൽ എന്ന പോലെ അവൾ ഭാസ്കരനെ ഒന്നുനോക്കി. പെട്ടെന്നു് അവൾക്കു് ഉണർച്ചഉണ്ടായി. അവളുടെ വഞ്ചന അയാൾ എങ്ങിനെയോ മനസ്സിലാക്കിക്കഴിഞ്ഞു. അടികിട്ടിയപോലെ പെട്ടെന്നു് അവൾ പിന്നോക്കം വാങ്ങിനിന്നു. അവൾ ദയനീയമായി നിലവിളിച്ചു. അവളുടെ ശബ്ദം സങ്കടംകൊണ്ടു് ഇടമുറിഞ്ഞു. അവൾ പൊടുന്നനെ അയാളുടെ കയ്യുടെ തോളിന്റെ ഭാഗം പിടിച്ചു. “ഓ അങ്ങുന്നേ! എനിക്കു പറവാനുള്ളതും കേൾക്കു” എന്നു് അപേക്ഷിച്ചു. അദ്ദേഹം ഉത്തരമായി അവളുടെ കൈ പിടുത്തം ഒരു തിരച്ചൽ കൊണ്ടു് വിടുർത്തിനിന്നു. അദ്ദേഹത്തിന്റെ സംസാരം മന്ദവും ആലോചനാപൂർവ്വവുമായിരുന്നു.

ഭാസ്കരൻ:
നീ കാണിച്ചതു് വമ്പിച്ച വഞ്ചനയാണു്. വളരെ സൂത്രത്തിൽ അതു നിറവേറ്റുകയും ചെയ്തു. എന്നാൽ ഈ കോപ്രാട്ടി നീട്ടിക്കൊണ്ടുപോവാൻ പാടുള്ളതല്ല. നമ്മൾ ഇരുവരും ഗൗരവമായി ചില സംഗതികൾ സംസാരിക്കേണ്ടുന്ന ഘട്ടവും വന്നു. ചതി ആർക്കും ഉചിതമല്ല.

“ഓ” എന്നു് സങ്കടത്തോടെ ഒരു ശബ്ദംമാത്രം പുറത്തിറക്കി, ധനം, കൈകൾകൊണ്ടു് അവളുടെ മുഖം മറച്ചു. എന്നാൽ ഭാസ്കരന്റെ സ്വരത്തിൽ കടുപ്പവും നിർദ്ദയത്വവും ഇങ്ങിനെ വെളിപ്പെട്ടു.

ഭാസ്കരൻ:
നിന്റെ വഞ്ചനയൊക്കെ വെളിപ്പെട്ടുപോയി. ഇനി നിന്റെ കള്ളനാട്യം കൊണ്ടൊന്നും ഒരു ഫലമില്ല. നീ ഒരു കാര്യക്കാരത്തിയും നല്ല മിടുക്കും ഉള്ളവൾതന്നെ. പണം കൈക്കലാക്കാൻ അഥവാ പിടിച്ചുപറിക്കാൻ നിനക്കു് ഒരു പ്രത്യേക വാസന ഉണ്ടെന്നു സമ്മതിച്ചെ കഴിയൂ. ഈശ്വരൻ നിനക്കു് അതിന്നൊരു അവസരവും ഉണ്ടാക്കിത്തന്നു. നിന്നെപ്പോലെ കൗശലവും കളവും ഉള്ള ഒരു തരുണി അങ്ങിനെ ഒരു സ്വർണ്ണാവസരം പാഴാക്കിക്കളയുകയും ഇല്ല. ജാനുവിന്റെ വിവാഹവും കഴിഞ്ഞു് അവൾ കണ്ണെത്താത്ത ദിക്കിൽ ആയിക്കഴിഞ്ഞു. അവളുടെ രേഖകൾ നിന്റെ കയ്യിൽ പെട്ടു. നീ ഇന്നവളാണെന്നു് തിരിച്ചറിയുന്നവർ ആരും ഉണ്ടായില്ല. അതിൽ എപ്പോഴും ഒരു അപകടം കിടപ്പുണ്ടാക്കുമെന്ന വിചാരം നിണക്കുണ്ടായില്ല. നിണക്കു സിദ്ധിക്കാൻ പോകുന്നതോ സീമയില്ലാത്ത പണമാണു്. ഒരു കുബേരന്റെ പുത്രനെ വിവാഹം കഴിച്ചു എന്ന നിലയും പൊങ്ങച്ചമില്ലാതെ പറയാമെങ്കിൽ കൗശലവും കപടവും കൊണ്ടു് നടക്കുന്ന ഒരു പെണ്ണിന്നു്—പണത്തിന്നുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു പെണ്ണിന്നു്—എന്നെപ്പോലേയുള്ള ഒരു പുരുഷൻ ഒരു വലിയ സിദ്ധിയായി. അല്ലെങ്കിൽ സമ്പാദ്യമായി. ഒരു ഭാര്യയ്ക്കും ഭർത്താവിന്മേലുള്ള അവകാശാധികാരങ്ങൾ നിസ്സാരങ്ങളല്ല. അവ ത്യാജ്യങ്ങളുമല്ല. വിവാഹമോചനം സിദ്ധിച്ചാൽതന്നെ അവളുടെ ഭാവി ജീവനാംശമായി ഒരു വലിയ സംഖ്യ ധനികന്മാരായാൽ വെച്ചുകൊടുക്കാതിരിക്കില്ല.

അദ്ദേഹത്തിന്റെ വാക്കിൽ സ്ഫുരിച്ച നിന്ദയും പുച്ഛവും ധനത്തിന്റെ നാവു് ഇളക്കിവിടാൻ തക്കവണ്ണം രൂക്ഷങ്ങളായിരുന്നു.

ധനം:
അങ്ങിനെയൊന്നുമല്ല. അല്ല. അയ്യോ അങ്ങുന്നേ! അപ്രകാരമല്ല. ഇതിന്നൊക്കെ കാരണം—നാരായവേരായ കാരണം—ഞാൻ നിങ്ങളേ അത്യന്തം പ്രേമിച്ചുപോയി എന്നതാണു്. എന്റെ വമ്പിച്ച പ്രേമം മാത്രമാണു് കാരണം.

അവൾ സങ്കടംകൊണ്ടു് ഇങ്ങിനെ കരഞ്ഞു പറഞ്ഞതു് എത്രയോ മന്ദസ്വരത്തിലാണെങ്കിലും അയാൾ അതു കേൾപ്പാൻ വിട്ടുപോയിരുന്നില്ല.

“പ്രേമമൊ! നിന്നെപ്പോലെയുള്ളവർക്കു് പ്രേമം എന്തെന്നറിയാമോ” എന്നു് നിന്ദാഭാവത്തിൽ അയാൾ ചോദിച്ചു. അയാൾ പുച്ഛരസത്തിൽ ഒന്നു ചിരിച്ചു. അതുകേട്ടപ്പോൾ തന്നെ ധനം ഒടുവിൽ ശരണം പ്രാപിച്ച ആശാശംസകൾ പാടേ തകർന്നുപോയി.

ഭാസ്കരൻ:
അന്നു രാത്രി, നാടകശാലയിൽവെച്ചു നിണക്കു എന്നോടു പ്രഥമ ദൃഷ്ടിയിൽ പ്രേമം ജനിച്ചുപോയി എന്ന സത്യം വിശ്വസിക്കാനാണോ നീ എന്നോടു പറഞ്ഞുകൊണ്ടു വരുന്നതു്.

ധനം, അദ്ദേഹത്തെ നിരാശയായി സങ്കടത്തോടെ നോക്കി. ഈശ്വരാ ഇയ്യാൾക്കു അതിന്റെ യഥാർത്ഥം മനസ്സിലാകുന്നില്ലല്ലൊ. പ്രേമം ഉത്ഭവിച്ചതു് അപ്രകാരം തന്നെയല്ലേ! ആ പ്രേമത്തിന്റെ അതിരറ്റ അധീനശക്തി കൊണ്ടായിരുന്നില്ലെ ജാനുവിന്റെ സ്ഥാനം വഹിക്കാൻ അവൾ പ്രേരിതയായി വന്നതു്. അവൾ വിറയ്ക്കുന്ന മന്ദസ്വരത്തിൽ “എന്നെ വിശ്വസിക്കുമൊ? ഞാൻ സത്യം പറയട്ടെയൊ?” എന്നു പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അയാളുടെ കുരയ്ക്കുംപോലെ ക്രൂരമായ ചിരി തടസ്ഥമായി ഭവിച്ചു.

ഭാസ്കരൻ:
അതൊന്നും പറയേണ്ട അതൊക്കെ വിശ്വസിക്കാൻ തക്ക പൊങ്ങച്ചം എനിക്കുണ്ടെന്നും ഞാൻ കരുതുന്നില്ല. നീ അതു് ഒരു കാരണമായി എടുത്തുപറഞ്ഞതു് ഒന്നാന്തരം സൂത്രമായി. നിന്നെപ്പോലെയുള്ളവർക്കു് വളരെ ചേർച്ചയുള്ളതാണു്. സംശയമില്ല. ഈ സൂത്രം വേറെ എത്ര പുരുഷന്മാരിൽ നീ ഫലിപ്പിച്ചു നോക്കീട്ടുണ്ടാകും എന്ന അത്ഭുതമാണു് എനിക്കു് പിടിപ്പെടുന്നതു്.

അദ്ദേഹത്തിന്റെ മർമ്മം കടിക്കുന്ന ദുസ്സഹനിർദ്ദയരാക്ഷസവാക്കുകൾ കേട്ടു് അവൾ ആടി വിറച്ചുപോയി. ധനത്തിന്നു് പരമാർത്ഥം തെളിയിക്കേണമെങ്കിൽ കാര്യങ്ങൾ വിസ്തരിച്ചു പറയേണ്ടിവരും. അല്ലാതെ അയാൾക്കു് ഒന്നും മനസ്സിലാകയില്ല. അവൾ ഒരു കൗശലക്കാരത്തിയും വഞ്ചനക്കാരിയും ചതിയത്തിയും ആയ്പോയതാണു്. സാക്ഷാൽ അത്തരത്തിൽ പെട്ടവളല്ലെന്നു് അയാൾ അറിയേണ്ടതും അയാളെ അറിയിക്കേണ്ടതും അത്യാവശ്യമാണു്. എന്നാൽ അതു് ഏതു പ്രകാരത്തിലാണു് സാധിപ്പിക്കേണ്ടതു്. അവളുടെ വാദങ്ങളൊക്കെ എങ്ങിനെയൊ അസ്തമിച്ചുപോയി. അവൾക്കു് ശരിയായ വാക്കുകൾ തോന്നാതായ്പോയി. ധനത്തിന്റെ കനകപ്രിയമല്ല, ഭാസ്കരനോടു തോന്നിയ സീമാതീതമായ അനുരാഗം മാത്രമാണു് അവളെ എന്തും ചെയ്വാൻ മടിയില്ലാത്തവളാക്കിത്തീർത്തതു്. അനുരാഗം ഒന്നുമാത്രമാണു് സർവ്വകുറ്റങ്ങൾക്കുമുള്ള ഏകൈവ സമാധാനം. എന്നാൽ അദ്ദേഹം അവളെ കഠിനമായ അറപ്പോടും വെറുപ്പോടും തെറ്റിദ്ധാരണയോടും പരിഹാസത്തോടുംകൂടെ നോക്കുന്ന കാലത്തോളം ആ പരമാർത്ഥം അയാളുടെ തലയിൽ കടക്കുകയില്ല. കടത്തുവാനും നോക്കേണ്ട. ധനത്തിന്റെ നാവിന്റെ കോട്ടം അസാരം തീർന്നെങ്കിലും വളരെ വാക്കുകൾ ഒന്നിച്ചുപറവാനുള്ള ശക്തി ഇനിയും വന്നിട്ടില്ല.

ധനം:
നിങ്ങൾ ഈ വിവരം എങ്ങിനെ അറിഞ്ഞു?
ഭാസ്കരൻ:
(ക്രൗര്യത്തോടെ) നിന്റെ വഞ്ചനയിൽ മുഴുകിയ തന്ത്രം ആരാണു് പുറത്തിറക്കിയതു് എന്നറിവാൻ ഒരു ആവേശം നിണക്കുണ്ടായിരിക്കും എന്നു് ഞാനും വിചാരിച്ചിരുന്നു. മേറ്റ് ഹേമംഗൻ എന്ന ഒരാളെ നീ അറിയുമായിരിക്കും.
ധനം:
അതേ, അയാൾ ജാനുവെ കാമിച്ച ഒരാളാണു്.
ഭാസ്കരൻ:
ശരി ഇന്നലെരാത്രി അയാൾ ഇവിടെ ഉണ്ടായിരുന്നു. ജാനുവിന്റെ—ശരിയായ ജാനുവിന്റെ—ഒരു ഫോട്ടൊ അയാൾ എനിക്കു കാണിച്ചു. അപ്പോൾ ഞങ്ങൾ തമ്മിൽ ചില വാദപ്രതിവാദങ്ങൾ നടന്നു. ഒന്നാമതു് എനിക്കു വിശ്വാസം വന്നില്ല. പിന്നീടു് എനിക്കു് എല്ലാം വെളിവായി. നിന്റെ ചതിപുരണ്ട സൂത്രം—നിന്റെ ആൾമാറ്റവും ഭയങ്കരവഞ്ചനയും എല്ലാം പുറത്തുവന്നു.

എന്നാൽ അദ്ദേഹം പറഞ്ഞതു് അവൾ നല്ലവണ്ണം കേട്ടിരുന്നില്ല. അവൾ ഭയംകൊണ്ടും ലജ്ജകൊണ്ടും മതിമറന്ന ഭാവത്തിൽ അയാളുടെ മുഖത്തു് നോക്കുകയായിരുന്നു. അവളുടെ കണ്ണു് അയാളോടു് ആവലാതി പറയുംപോലെ തോന്നി. “ഇന്നലെ രാത്രിയൊ! ഇന്നലെ രാത്രിയാണു് അയാൾ നിങ്ങളോടു് പറഞ്ഞതെങ്കിൽ നിങ്ങൾ എന്റെ അരികെ വരുമ്പോൾ ഈ വിവരം ഒക്കെ നല്ലവണ്ണം അറിഞ്ഞിരുന്നു.

ഒരു ചെറു ചുകപ്പുവർണ്ണം അയാളുടെ മുഖത്തു് പ്രത്യക്ഷമായി. അതു് ഒരു സമയം ലജ്ജകൊണ്ടായിരിക്കാനും മതി.

ഭാസ്കരൻ:
(പല്ലുകടിച്ചുപിടിച്ചിട്ടു്) അതെ, ഞാൻ ഇന്നലെ രാത്രിതന്നെ അറിഞ്ഞു. വിവാഹദിവസം പൊട്ട ആക്കേണ്ടെന്നു തോന്നി.

ധനം പിന്നോക്കം ചെരിഞ്ഞു. ഒരു കല്ലിന്മേൽ അടി ഉറയ്ക്കാൻ വേണ്ടി ഇരുന്നു. ആരും കേൾക്കാത്തവിധത്തിൽ “നിങ്ങൾ അറിഞ്ഞിരുന്നു” എന്ന വാക്കുകൾ തന്നോടുതന്നെ പറഞ്ഞു. അവളുടെ ഹൃദയം ഭയംകൊണ്ടു് ജീവനില്ലാത്തപോലെ ആയി. പുരുഷന്മാർ അങ്ങിനെ ആയിരിക്കാൻ പാടുണ്ടോ? ഹൃദയത്തിൽ വെറുപ്പുള്ള ഒരാൾക്കു് ഇത്ര ഗാഢമായും മധുരമായും ചുംബിക്കുവാൻ സാധിക്കുമൊ? അവൾക്കു് മനംപിരിഞ്ഞു. തല ചുറ്റി അവൾക്കു് അയാളോടു തോന്നിയ പ്രേമം അഗാധവും നിസ്സീമവും മതിമറന്നതും ആയിരുന്നു. എന്നിട്ടു് അദ്ദേഹം ഏതുപ്രകാരമാണു് പെരുമാറുന്നതു്.

അവളുടെ മുഖത്തു് സ്ഫുരിച്ച സങ്കടവും ഭയവും നിരാശയും മറ്റും കണ്ടപ്പോൾ ഒരു ഭാവപ്പകർച്ച ഭാസ്കരനും നേരിട്ടു. അവന്നു് ഒരു അസ്വാസ്ഥ്യം ബാധിച്ചപോലെ തോന്നി. ഇന്നലെ രാത്രി അയാൾക്കു തലയ്ക്കിളക്കമായിരിക്കണം. എന്നിട്ടുകൂടി. എന്നിട്ടുകൂടി… അവൾ അത്രപോലും അർഹിച്ചിരുന്നില്ല. മറ്റൊരുയുവതിയെ പരിഹാരാർത്ഥം രക്ഷിപ്പാൻ പരമാർത്ഥമായി ഉദ്യമിച്ചിരുന്ന ശുദ്ധഹൃദനായ എന്റെ അച്ഛനെ ഇവൾ കല്പിച്ചുകൂട്ടി വഞ്ചിച്ചില്ലെ! തന്നേയും നിശ്ശങ്കം വഞ്ചിച്ചു് ഇവൾ വഷളാക്കിയില്ലെ! ഇപ്പോൾ സങ്കടഭാവം അവലംബിക്കുവാൻ അവൾക്കു് എന്തു് അവകാശമാണു് ഉള്ളതു്. കെണിയിൽപെട്ടു് ദേഹത്തിന്നു് മുറിതട്ടിയ ഒരു കുറുക്കനോടു് വല്ലവർക്കും കരുണതോന്നാൻ പാടുണ്ടോ? പോരെങ്കിൽ ഈ കെണിയും കുടുക്കും ഉണ്ടാക്കിത്തീർത്തതും ഇവൾ ഒരുവളല്ലേ! അവളുടെ കെണിയിൽ അവൾ തന്നെ പെട്ടുപോയാൽ അവൾക്കു് വല്ല ആവലാതിയും പറവാൻ കാരണമുണ്ടോ.

കുറെനേരം രണ്ടാളും ഒന്നും മിണ്ടിയില്ല. ആണുംപെണ്ണും തമ്മിലുള്ള മത്സരം എപ്പോഴും ഉളതാണു്. മേലാൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണു്. ഈ ചുറ്റിത്തിരിയുന്ന ലോകത്തിൽപെട്ടു് വലഞ്ഞിരുന്ന ധനം ഒരു പിടിത്തം കിട്ടുവാൻ ഒന്നു് ശ്രമിച്ചു എന്നു മാത്രമെഉള്ളു. അവൾ ഒരു ഇളക്കത്തോടെ ഇരുന്നേടത്തിൽനിന്നു എഴുന്നേറ്റു.

ധനം:
(മന്ദസ്വരത്തിൽ)ഞാൻ ചെയ്തതു തെറ്റാണു്. തെറ്റു് ഞാൻ അറിഞ്ഞുകൊണ്ടുതന്നെ ചെയ്തതാണു്. എന്നാൽ അതു് എന്തിന്നുവേണ്ടി ചെയ്തതാണെന്നു് നിങ്ങളെ പറഞ്ഞു് ബോദ്ധ്യപ്പെടുത്താൻ എനിക്കു സാധിക്കുമെന്നു് തോന്നുന്നില്ല. ഇതിന്നു് പരിഹാരമായി വല്ലതും ചെയ്വാൻ ഉണ്ടെങ്കിൽ അതൊക്കെ ചെയ്തുതരാൻ ഞാൻ ഒരുക്കമാണു് നിങ്ങൾക്കു് വിവാഹം റദ്ദാക്കാം. ഞാൻ എതൃവാദം പുറപ്പടുവിക്കയില്ല. വിവാഹമോചനമാണെങ്കിൽ അതിന്നും ഞാൻ അനുകൂലമായി നിന്നുകൊള്ളാം. വന്നതുവന്നു. ഇനി അതുഭൂഷണമാക്കാൻ എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്തുകൊള്ളാം. എന്നെക്കൊണ്ടു് ഒരുതടസ്ഥമൊ ദ്രോഹമൊ നിങ്ങൾക്കു് മേലാൽ ഉണ്ടാകയില്ല. (പിന്നേയും പറവാൻ നാവു് വളഞ്ഞില്ല.)

അവൾ നൈരാശ്യത്തിന്റെ മൂർത്തിത്വംപോലെ അവിടെ നിന്നു. ക്രൗര്യവും രോഷവും വെറുപ്പും കൈപ്പും ബാധിച്ചുപോയ ഭാസ്കരൻ സന്തോഷിമില്ലാത്ത ഒരു കിരാതച്ചിരി പുറത്തിറക്കി.

ഭാസ്കരൻ:
ഭർത്താവിന്റെ അനുമതിയോടെ ഭാര്യ വിവാഹമോചനത്തിന്നു് ഭർത്താവാണു് തെറ്റുകാരൻ എന്നനിലയിൽ ഒരു അന്യായം ഫയലാക്കുക. അവൾക്കു് ദൂഷ്യാരോപണം യാതൊന്നും നേരിടാനില്ല. ഒരു വലിയ തുക മാസംതോറും കൈനീട്ടി വാങ്ങുകയും ചെയ്യാം. അതുതന്നെ ആയിരിക്കും ഇപ്പോഴത്തെ നിന്റെ വിചാരം. അങ്ങിനെ യാതൊരു ഏർപ്പാടും ചെയ്വാൻ ഞാൻ വിചാരിക്കുന്നില്ലെന്നു് നീ മനസ്സിലാക്കുന്നതാണു് നല്ലതു്. ഇഷ്ഠത്തി നമ്മുടെ വിവാഹം റദ്ദാക്കണം എന്ന ആലോചന തല്ക്കാലം എന്റെ ഉള്ളിലില്ല.

“എന്നാൽ—എന്നാൽ” എന്നുമാത്രമെ മറുവടിയായി അവളുടെ നാവിന്മേൽനിന്നു് വീണുള്ളൂ. അവളുടെ കണ്ണിൽ തിരിഞ്ഞുപിരിഞ്ഞ ഒരുതരം വെളിച്ചം പെട്ടെന്നു് മിന്നൽപോലെ മിന്നി. വിവാഹമോചനം വേണ്ടേന്നൊ! എല്ലാംകൂടി ഈ വിവാഹം നിലനിർത്തുവാനാണൊ അയാളുടെ ഭാവം. ഒരു സമയം അയാൾ അവളെ അവൾ ശങ്കിച്ചപോലെ അത്രഭയങ്കരമായി വെറുക്കുന്നില്ലായിരിക്കും.

ഭാസ്കരന്റെ കണ്ണു് സ്ഥൈര്യം കുറിച്ചിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകൾ എലിക്കത്രിയുടെ രണ്ടു കൈപോലെ ഇരുന്നിരുന്നു.

ഭാസ്കരൻ:
വിവാഹമോചനം ആവശ്യമില്ല. മോചനം വേണമെങ്കിൽ ഒരു വിവാഹംശരിയായി ഉണ്ടായിരിക്കേണ്ടതാണു്. നമ്മൾ തമ്മിൽ ന്യായമായ വിവാഹം നടന്നിട്ടില്ല.

വിശ്വാസമില്ലാത്തവിധത്തിൽ ധനത്തിന്റെ വായിൽ നിന്നു് ഒരു കരയും പോലെയുള്ള ശബ്ദം പുറപ്പെട്ടു.

ധനം:
വിവാഹം നടന്നിട്ടില്ലെന്നോ! അങ്ങുന്നേ! പള്ളിയിൽ വെച്ചല്ലെ നമ്മുടെ വിവാഹം നടന്നതു്. (ഉച്ചത്തിൽ) ഞാൻ നിങ്ങളുടെ ഭാര്യയാണു്. വിവാഹമോചനം കൊണ്ടേ ആ ബന്ധം വിടുത്താൻ സാധിക്കയുള്ളു.

അയാൾ അവളുടെ നേരെ തിരിഞ്ഞു അവളുടെ കണ്ണിൽ നിന്നു് പാറുന്ന തീ അവളെ ദഹിപ്പിക്കുമ്പോലെതോന്നി എന്നാൽ അയാളുടെ വാക്കുകൾ പുറത്തുവന്നതു് മന്ദമായും വ്യക്തമായും ആയിരുന്നു.

ഭാസ്കരൻ:
വഞ്ചനകൊണ്ടു് നടന്നുപോയ വിവാഹം യഥാർത്ഥത്തിൽ ഒരു വിലയുള്ള വിവാഹം ആയിരിക്കില്ല. വിവാഹം ദൈവമുഖേന—അഥവാ ദൈവം സാക്ഷിയായി—പള്ളിയിൽവെച്ചു് നടത്തപ്പെടുന്ന ഒരു പുണ്യകർമ്മമാണു്. അതു് സ്വതന്ത്രരാണെങ്കിലും അനുകൂലികളായ രണ്ടു് സ്ത്രീപുരുഷന്മാർ തമ്മിൽ മാനം മര്യാദയിലും നിയമപ്രകാരവും ഒരു മുറിയാത്തബാദ്ധ്യത ഉണ്ടാക്കുന്ന ഒരു തരം കരാറാണു്. ജാനുവിനെയാണു് വിവാഹംചെയ്യുന്നതു് എന്നു് തെരിദ്ധരിപ്പിച്ച എന്നെ ഒരു അനുകൂലകക്ഷിയായി നിണക്കു് എണ്ണുവാൻ പാടില്ല.

“എന്നാൽ—എന്നിട്ടു്” എന്നു് തുറിച്ച കണ്ണുകാളോടുകൂടെ പറഞ്ഞു് അവൾ രണ്ടടി പിന്നോക്കംവെച്ചു.

അയാൾ തുടർച്ചയായി പിന്നേയും ഇങ്ങിനെ പറഞ്ഞതുടങ്ങി. അയാളുടെ വാക്കുകൾ പൊള്ളുന്ന എണ്ണത്തുള്ളികൾ പോലെ അവളുടെ ചെവിയിൽ വീണു.

ഭാസ്കരൻ:
ഞാൻ ഉടനെത്തന്നെ ഈ പൊട്ടക്കളിയായ വിവാഹം നിഷേധിക്കാനും റദ്ദാക്കാനും പോകുന്നുണ്ടു്. വിവാഹം ഒന്നുകൊണ്ടും നിലനില്ക്കത്തക്കതല്ല എന്നായിരിക്കും എന്റെ വ്യവഹാരം. കോടതി അപ്രകാരം സ്ഥാപിക്കുകയും ചെയ്യും. വിവാഹമോചനം എന്ന നാമത്തിന്നുതന്നെ അവകാശം ഉണ്ടായിരിക്കയില്ല. റദ്ദാക്കുവാൻ തക്കവണ്ണം ഒരു ന്യായമായ വിവാഹം നടന്നിട്ടില്ല. നീ എടുത്തുകൂട്ടിയ വഞ്ചനയ്ക്കും ആൾ മാറ്റത്തിന്നും നീ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാൽ നിന്റെ മേൽ വ്യവഹാരം കൊണ്ടുവരാൻ ഞാൻ ഒരുങ്ങുന്നില്ല. (പുച്ഛരസം അയാളുടെ ചുണ്ടിൽ സ്ഫുരിച്ചു. അവൾക്കു് അതു് തല്ലുകിട്ടുമ്പോലെ തോന്നി) നിന്റെ പേരോടു് എന്റെ പേരും കൂട്ടി എഴുതാൻ പാടില്ലെന്നു് ഞാൻ പ്രത്യേകം താക്കീതുചെയ്യുന്നു വല്ല ഭംഗവും വരുത്തിയാൽ ക്ഷമിക്കുകയില്ലെന്നു ഓർമ്മയും നല്ലവണ്ണം ഇരിക്കട്ടെ.

ധനം ഒരു വസ്തുവും പറയാതെ തലതാഴ്ത്തിനിന്നു. ഒക്കെസ്പഷ്ടമായിട്ടുണ്ടു്. പളുങ്കുപോലെ സ്പഷ്ടം. അവളെ തീരെ തിരസ്കരിച്ചു് ഉപേക്ഷിച്ചു നിർദ്ദയം തള്ളിക്കളയുവാനാണു് അയാൾ ഉദ്ദേശിക്കുന്നതു്. അവൾ സ്വീകരിച്ച ഭ്രാന്തൻ നടവടിയുടെ കൊള്ളരുതായ്മയും ഭയങ്കര ഭവിഷ്യത്തും അവൾക്കു് മതിയാകുംവണ്ണം തോന്നാതിരുന്നതു വലിയ വിഡ്ഢിത്തം ആയിപ്പോയി. ഒന്നും പറവാൻ വയ്യാതെ അവൾ തല തിരിച്ചപ്പോൾ പൊള്ളുന്ന കണ്ണീർ അവളുടെ കവിളിൽകൂടെ ഒഴുകി.

ഭാസ്കരൻ:
(നിർദ്ദയമായി) ഇപ്പോൾ നമുക്കു് രണ്ടാൾക്കും ഓരോരുവരുടെ സ്ഥിതിയും ചാർച്ചയും മനസ്സിലായി. എന്റെ അച്ഛനെ നീ നീചമായും നിഷ്ഠുരമായും ചതിച്ചു. കബളിപ്പിച്ചു. ഞാൻ അതൊക്കെ അദ്ദേഹത്തോടു പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടി ഇന്നു തന്നെ കല്ക്കട്ടയിലേയ്ക്കു പോകുന്നതാണു്. കള്ളന്ത്രാണം വെളിവാക്കുന്നതു് എനിക്കു് ഒരു സന്തോഷപ്രവൃത്തിയാണു്. ഇപ്പോൾ ഞാൻ നേരെ പോകുന്നതു് നമ്മുടെ ഹോട്ടലിലേയ്ക്കാണു്. അവിടത്തെ ബില്ലൊക്കെ കൊടുത്തുതീർക്കണം. നിന്റെ സാമാനങ്ങളൊക്കെ പേക്കു് ചെയ്തുവെയ്ക്കാൻ ഏല്പിക്കണം. നീ പോകുന്നകാര്യം നിന്റെ ഇഷ്ടത്തിന്നു് വിട്ടിരിക്കുന്നു. ഉച്ച പന്ത്രണ്ടുമണിക്കു ഇവിടുന്നു് കല്ക്കട്ടയിലേയ്ക്കു ഒരു തീവണ്ടി ഉണ്ടു്. അതു നിണക്കു് സൗകര്യമുള്ള ഒന്നായിരിക്കും. എന്റെ ഒന്നിച്ചു് യാത്രചെയ്യാമെന്ന വിചാരം നീ സ്വപ്നത്തിലും കൂടി കരുതേണ്ട. കൊത്തൊന്നു് കഷണം രണ്ടു് എന്നപോലെ നമ്മുടെ ബന്ധവും മുറിഞ്ഞു.

അവൾക്കു് കരച്ചിൽ ഒതുക്കുവാൻ തീരെ സാധിച്ചില്ല. അവളുടെ കണ്ണിൽ നിന്നു ചൂടും വലിപ്പവും ഉള്ള കണ്ണുനീർത്തുള്ളികൾ അവളുടെ കവിളിൽകൂടെ ഒഴുകിവരും പ്രകാരം ഒന്നോടൊന്നായി വീണുതുടങ്ങി. ആ കവിളുകളാണു് കുറെമുമ്പെ അത്ഭുതാനന്ദപാരവശ്യംകൊണ്ടു് തിളങ്ങിയിരുന്നതു്. ഏങ്ങികരയുമ്പോൾ അവളുടെ ദേഹം വിറയ്ക്കുകയും വില്ലിക്കുകയും ചെയ്തു.

ഭാസ്കരൻ ആക്കം ഒരു കാലിന്മേൽ നിന്നു് മറ്റേക്കാലിന്മേൽ ആക്കി മാറ്റിമാറ്റിനിന്നു. അസ്വാസ്ഥ്യം കൊണ്ടു് അയാൾ ചുണ്ടുകൾ ഉള്ളോടു വലിച്ചുപിടിച്ചു. ഒരു തെണ്ടിപെണ്ണിന്റെ വേണ്ടുമ്പോൾ വരുത്താൻ സാധിക്കുന്ന കണ്ണുനീർകൊണ്ടൊന്നും ഭാസ്കരൻ അവശനായ്പോകുമെന്നു് ആരും കരുതേണ്ട. ഇതൊക്കെ ആളുകളെ മിരട്ടിവിടുന്ന മറ്റൊരു സൂത്രമായിട്ടെ അയാൾ കരുതിയിരുന്നുള്ളു.

അദ്ദേഹം ഒരു പണസഞ്ചി കീശയിൽ നിന്നെടുത്തു് അതു തുറന്നു് കുറെ നോട്ടുകൾ അവളുടെ കയ്യിൽ പിടിപ്പിച്ചു.

ഭാസ്കരൻ:
പട്ടണത്തിലേയ്ക്കു മടങ്ങാൻ ചിലവിന്നു പണം ഇതാ. പിന്നെ നീ എന്തുചെയ്താലും എനിക്കൊരു മണ്ണാങ്കട്ടയും ഇല്ല. ഇതു നമ്മുടെ അവസാനത്തെ അഭിമുഖസംസാരമാണു്. നിന്നെ ഞാൻ ഇനി കാണാൻ വരുന്നതുമല്ല.

അയാൾ ഇതും പറഞ്ഞു് പെട്ടെന്നു് നടന്നുകളഞ്ഞു.

ചതിയുടെ കൂലി

ഗുഹയിലെ ഒരു ചെറിയ വെൺകല്ലിന്മേൽ ഇരുന്നിട്ടുണ്ടായിരുന്ന ധനം പെട്ടെന്നു് ചാടി എഴുന്നേറ്റു കൈമുന്നോട്ടുനീട്ടി “ഭാസ്കരാ! അങ്ങുന്നേ! ഈശ്വരനെ വിചാരിച്ചിട്ടു് എനിക്കു പറവാനുള്ളതും കേൾക്കണേ” എന്നു നിലവിളിച്ചു. അയാൾ അതിന്നുള്ളിൽ ഹോട്ടലിന്നടുക്കെ വിളിച്ചാൽ കേൾക്കാത്ത ദൂരത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. അയാൾ അവളേയും വെടിഞ്ഞുപോയി, ഒരിക്കലും തിരിച്ചുവരാത്ത വിധത്തിൽ ആയിരിക്കുമോ? അവൾക്കു പറവാനുള്ള യാതൊന്നു കൊണ്ടും അയാൾ മടങ്ങാനിടയില്ല. എന്തുകൊണ്ടെന്നാൽ അവൾ എന്തു തന്നെ പറഞ്ഞാലും പരമാർത്ഥം ഭേദിച്ചുപോകയില്ല. ഉള്ളതു് എങ്ങിനെ ഇല്ലാതാകും.

അവളുടെ പാപം അവളെ ദ്രോഹിപ്പാൻ തുടങ്ങി. അവൾ വഞ്ചന നടത്തി. പ്രതികാരം അവളെ കണക്കിൽ ബാധിച്ചു. അവൾക്കു ശരിയായ കൂലികിട്ടി. കവിഞ്ഞുപോയി എന്നു് ഒരിക്കലും പറഞ്ഞുകൂട. മറ്റുള്ളവർ ഉണ്ടാക്കിവിട്ട സങ്കടമല്ല. താൻതന്നെ തന്റെ മേൽ വലിച്ചിട്ട സങ്കടമാണു്.

എന്നാലും ഒരു വലിയ പാപം ചെയ്യണം എന്ന ഉദ്ദേശം അവൾക്കും ഉണ്ടായിരുന്നില്ല. അവളുടെ ജീവിതകാലം, ഭാസ്കരനെ കണ്ടുമുട്ടുംവരെ സംഭവശൂന്യമായിരുന്നു. ഭാസ്കരന്റെ വരവു് ശൂന്യവും സന്തോഷരഹിതവും ആയ അവളുടെ അന്ധകാരജീവിതത്തിൽ സൂര്യപ്രകാശം പ്രത്യക്ഷമായപോലെ തോന്നിച്ചിരുന്നു. അനുരാഗം എല്ലാം നശിപ്പിക്കുന്ന ഒരു പ്രവാഹംപോലെ അവളെ അടിതെറ്റിച്ചൊഴുക്കിക്കളഞ്ഞു. വരാൻപോകുന്ന മറ്റൊന്നും ഗൗനിപ്പാൻ അവൾക്കു തോന്നിയതേ ഇല്ല. ഭാസ്കരൻ ഒഴിഞ്ഞ ലോകത്തിൽ മറ്റുപലരും ഉണ്ടെന്ന ബോധമേ അവൾക്കുണ്ടായിരുന്നില്ല. ഭാസ്കരനെ അല്ലാതെ അയാളുടെ ധനത്തെ അവൾ കാംക്ഷിച്ചിട്ടേ ഉണ്ടായിരുന്നില്ല. അയാൾ അങ്ങിനെ തെറ്റിദ്ധരിച്ചതു് ഇവളുടെ വഞ്ചനകൊണ്ടാണു്. വഞ്ചന നടത്തിയതു ഭാസ്കരനെ കിട്ടേണമെന്ന ഏകോദ്ദേശത്തിന്മേലാണെന്ന പരമാർത്ഥം അയാൾക്കു് ഓടിയതേ ഇല്ല. ഇപ്പോളൊ! ഒരു രാത്രി വിരഹം വരാതെ കഴിച്ചുകൂട്ടിയതിൽപിന്നെ അദ്ദേഹം അവളേയും വിട്ടു പോയ്ക്കളഞ്ഞു.

ചോടെ ഉള്ള നിലം ചിലേടത്തു സുരഭിലതൃണങ്ങളെ ക്കൊണ്ടും വാസനപ്പൂക്കളുള്ള ചെടികളെക്കൊണ്ടും നിറഞ്ഞിരുന്നു. അവൾ അതിന്മേൽ ചെന്നു വീഴുമ്പോലെ ഇരുന്നു. അവൾ ഏങ്ങിക്കരഞ്ഞു. ചിന്താശ്വാസനത്തിനുള്ള സകല വഴിയും അയാൾക്കു മുട്ടി. അവൾ വ്യസനത്തിൽ ആപാദചൂഡം മുഴുകി. ഇന്നലത്തെ രാത്രി! ഇന്നലത്തെ രാത്രി! അതിൽ പിന്നെയോ! അയാളുടെ ഭാര്യസ്ഥാനത്തിൽനിന്നു് അവൾഭ്രഷ്ടയായി.

നൈരാശ്യംകൊണ്ടും അനുഭവമായ മാനഭംഗം കൊണ്ടും അവൾ ഒരു വിരൽ വായിലിട്ടു് ചോരവരുംവരെ കടിച്ചു. അവൾ പ്രേമിച്ച പുരുഷൻ അവൾക്കു നഷ്ടമായി ഇതൊക്കെ അവളുടെ ഭ്രാന്തൻ വഞ്ചനയുടെ ഫലമാണു്. അദ്ദേഹത്തിന്റെ ചങ്ങാതിത്തത്തിന്നും അനുകമ്പയ്ക്കുംകൂടി അവൾ അനർഹയായി. അവൾ, ഒരു കാര്യസിദ്ധിക്കുവേണ്ടി മാത്രം അവളുടെ സർവ്വസ്വവും പണയംവെച്ചു. അവൾ അപജയം പ്രാപിച്ചു.

ഒരു തരം ചെറിയ നിലപ്പൂമ്പാറ്റകൾ,അവളുടെ പൂവെച്ച മുടിയിൽ വീണിട്ടും ചുറ്റിപ്പറന്നിട്ടും കളിച്ചുതുടങ്ങി. അവളുടെ ചെവികൾ തേനീച്ചകളുടെ ഒന്നിച്ചുചേർന്ന “ഹം” സ്വരംകൊണ്ടു് നിറഞ്ഞു. അവൾ ആകപ്പാടെ ഒന്നു മയങ്ങി അവൾ ഒരു പൂമ്പാറ്റയെപ്പോലെ ആയിരുന്നു. സൂര്യപ്രകാശമാകുന്ന സുഖസ്ഥിതിയിൽ ഇളകുന്ന ചിറകുകൾ ചൂടാക്കി കുറെ നാഴികനേരത്തോളം അവളും ചുറ്റിക്കളിച്ചു. കുറെനാഴികനേരം മാത്രം. ഇപ്പോൾ അവളുടെ ചിറകുകൾ മുറിഞ്ഞു. ദേഹം വെള്ളത്തിൽകൂടെ എങ്ങോട്ടെന്നറിയാതെ ഒഴുകിപ്പോവാൻ തുടങ്ങുന്നു.

ഭാസ്കരൻ അവളുടെ കയ്യിൽ ഇട്ടേച്ചുപോയ നോട്ടുകൾ അവൾ നോക്കി. അവൾ അവ മുറക്കെ പിടിച്ചിരുന്നു. പണം! പണം! ഇതൊക്കെ തരാനും അയാൾക്കു ധൈര്യം വന്നു. അവൾ കോപത്തോടെ ആ നോട്ടുകൾ ചുരുട്ടി, ദൂരെ എറിഞ്ഞു. അവ കാറ്റിൽപെട്ടു വെള്ള ഇലകളെപ്പോലെ പാറിയും ഇഴഞ്ഞും വിളയാടി. അവൾ ചുണ്ടുകൾ കടിച്ചു. അവളുടെ വശം വേറേ പണം ഉണ്ടായിരുന്നില്ല. അവൾക്കു് കല്ക്കട്ടയിൽ മടങ്ങി എത്തുകയും വേണം. പണംകൂടാതെ അതിന്നു് സാധിക്കുകയുമില്ല. അവൾ ഓടിച്ചാടിച്ചെന്നു. അവ അവളെ പരിഹസിക്കുംപോലെ പിടിത്തം കൊടുക്കാതെ പറന്നുകളിച്ചു. കടല്ക്കരയിലെ വലിയ പാറകളുടെ വക്കത്തു വെച്ചു് അവൾക്കു് രണ്ടെണ്ണം പിടികിട്ടി. ബാക്കിയൊക്കെ കടലിൽ വീണു നീന്തിത്തുടങ്ങി.

ധനം ചുണ്ടു കടിച്ചു അവൾ എന്തൊരു വിഡ്ഢിക്കഴുതയാണു്. അവളുടെ ഉദ്ദേശം പണമല്ലെന്നു കാണിപ്പാൻ നോട്ടുകളൊക്കെ അയാൾക്കു മടക്കി കൊടുക്കുകയായിരുന്നു വേണ്ടതു്. ഇപ്പോൾ ഒരു ഫലമില്ലാതെ രണ്ടെണ്ണമൊഴികെ നോട്ടുകളും നഷ്ടംവന്നു. രണ്ടെണ്ണം കല്കട്ടയിലേയ്ക്കു മടങ്ങനുളള ചിലവിലേയ്ക്കും വേണം. പണമൊക്കെ അവൾ വാങ്ങിവെച്ചു എന്നാണു് ഭാസ്കരൻ ശരിയായിട്ടു വിചാരിക്കുകയും ചെയ്യുന്നതു്. അവൾ കിട്ടിയതൊക്കെ കൈക്കലാക്കി എന്നല്ലാതെ മറ്റെന്തു വിചാരിക്കാനാണു്.

അവൾ മെല്ലെ തിരിഞ്ഞു ഹോട്ടലിന്റെ നേർക്കു നടന്നു. അവളുടെ സാമാനങ്ങൾ ഒരുക്കിവെക്കേണ്ടതുണ്ടു്. ഭാസ്കരനും അദ്ദേഹത്തിന്റെ അച്ഛനും അവൾക്ക് സമ്മാനമായിക്കൊടുത്ത ആഭരണമെങ്കിലും മടക്കിക്കൊടുക്കാമല്ലോ കഴുത്തിൽ ഇടാൻ മുത്തുമാല. കൈയ്ക്കു വള. അതിന്നു ചേർന്ന കർണ്ണാഭരണം. അതൊക്കെ മടക്കിയതു് കാണുമ്പോൾ അവൾ പണത്തിന്നു് അത്രത്തോളം അലഞ്ഞവളല്ലെന്നു ഭാസ്കരൻ മനസ്സിലാക്കുമായിരിക്കും. പെട്ടെന്നുള്ള കോപം ക്രമേണ തണുത്തു വരുമ്പോൾ അങ്ങിനെ ധരിക്കാനും ഇടയുണ്ടു്. അങ്ങിനെ ഒരു ദിവസം വരാനും മതി.

ഇന്നു രാവിലെയാണു് അവൻ ഉള്ള സംഗതികളെല്ലാം തുറന്നു പറഞ്ഞതു്. അതിൽ അസാരം ചിന്താശ്വാസത്തിന്നു വഴി ഉണ്ടു് എന്ന ഒരു മങ്ങിയ വിചാരം ധനത്തിന്റെ ഉള്ളിൽ ഉല്പാദിക്കാതിരുന്നില്ല. ഒരു സമയം—ഭാവിയിൽ ഒരു ദിവസം ഭാസ്കരനെ അവളുടെ പാട്ടിലാക്കാൻ അവൾക്കു് ഒരു അവസരം കിട്ടുമായിരിക്കും. അയാളെ ആകർഷിക്കാൻ അവൾക്കു സാധിച്ചിട്ടുണ്ടു്. അവൾ വശീകരണ ശക്തിയുളളവളാണെന്നു് അയാൾ എടുത്തുപറയുകകൂടി ചെയ്തിട്ടുണ്ടു്. മൃഗസ്വഭാവത്തിലാണെങ്കിലും കൂടി അയാൾ അങ്ങിനെ പറഞ്ഞതു വാസ്തവമാണു്. പുരുഷനും സ്ത്രീയും തമ്മിൽ മനസ്ഥിതി കൊണ്ടുനോക്കിയാൽ വലിയ വ്യത്യാസം ഉണ്ടാവാനിടയില്ല. അവർ ഒന്നിച്ചുചേർന്നു സുഖിച്ച രാത്രിയിലെ കഥ ആലോചിച്ചാൽ ആ ആർത്തിയോടുണ്ടായ ചുംബനങ്ങൾ അടിസ്ഥാനരഹിതങ്ങളാണെന്ന വിചാരിക്കവയ്യാ. അതൊക്കെ അത്ര വേഗം അറപ്പിലും വെറുപ്പിലും തുഞ്ചാൻ പാടില്ല… എന്നാൽ ഹോട്ടലിൽ എത്തിയപ്പോൾ അവൾ വിഡ്ഢിയാണെന്ന ബോധം സമ്പൂർണ്ണശക്തിയിൽ അവളെ ബാധിച്ചു.

ഹോട്ടലിന്റെ വാതിലിന്റെ അരികെ ഒരു “ടാക്സി” നിർത്തിയതുകണ്ടു. ഒരു സൂട്ട്കെയിസ് അരികെവെച്ചുകൊണ്ടു് ഒരു സ്ത്രീ മാനേജരോടു് എന്തോ കാര്യമായി സംസാരിച്ചു കൊണ്ടു് ഹാളിൽ നിന്നിരുന്നു. അവൾ ആവേശത്തോടുകൂടെ ഇങ്ങിനെ ചോദിക്കുന്നതുകേട്ടു. “എന്റെ ടാക്സി ഇവിടെ എത്തുമുമ്പേ ഇവിടുന്നു്” കാറിൽ പോയതുകണ്ടതു മിസ്റ്റർ ഭാസ്കരനായിരിക്കുമോ? ശ്രുതിപ്പെട്ട കല്ക്കട്ടയിലെ ഭാസ്കരൻ! അദ്ദേഹം ഇവിടെ താമസമാക്കി ഇരിക്കുന്നുവോ?

മാനേജർ:
(അല്പം ഇച്ഛഭംഗത്തോടെ) അയാൾ ഇവിടെത്തന്നെയായിരുന്നു താമസിച്ചതു്. അയാളുടെ കാറിൽ ഇപ്പോൾ ഇവിടം വിട്ടുപോയതും അയാളാണു്. മിസ്റ്റർ ഭാസ്കരൻ ഇങ്ങട്ടു് മടങ്ങുകയില്ല എന്നാണു്” പറഞ്ഞതു്. ഓ. മിസ്റ്റർ ഭാസ്കരന്റെ ഭാര്യ ഇവിടെ വന്നിരിക്കുന്നു.

മാനേജർ ധനത്തെ ഒന്നു് താണുതൊഴുതു് അവളുടെ അടുക്കെ ചെന്നു “മിസ്റ്റർ ഭാസ്കരൻ ഈ കത്തു് നിങ്ങളുടെ കയ്യിൽ തരാൻ പറഞ്ഞിരിക്കുന്നു.” എന്നും പറഞ്ഞു ഒരു എഴുത്തടങ്ങിയ “എൻവലപ്പ്” അവളുടെ വശം കൊടുത്തു.

അവൾ ഒരു പ്രതിമയെപ്പോലെ അതുവാങ്ങി “അദ്ദേഹം ഇവിടം വിട്ടിരിക്കും?” എന്നുമാത്രം വികാരങ്ങൾ ഒതുക്കി ചോദിച്ചു.

മാനേജർ:
നിങ്ങൾ വരുന്നതിന്നു് അല്പംമുമ്പെയാണു് അയാൾ പോയതു്. നിങ്ങൾ പന്ത്രണ്ടുമണിയുടെ വണ്ടിക്കു് പോകുമെന്നാണു് മിസ്റ്റർ ഭാസ്കരൻ പറഞ്ഞതു്. കാൽമണിക്കൂർമുമ്പെ കാർ ഇവിടെ റെഡിയായി ഉണ്ടാകും.
ധനം:
നല്ലതു്.

ധനം പിന്തിരിഞ്ഞു. എന്നാൽ ഹോളിൽ നിന്നിരുന്ന ഒരു സ്ത്രീ ധനത്തിന്റെ നേരെവന്നു് അവളുടെ കൈ ഒന്നുതൊട്ടു.

ആ സ്ത്രീ:
(കോപിച്ചുവിറച്ചിട്ടു്) നിങ്ങൾ മിസ്റ്റർ ഭാസ്കരന്റെ ഭാര്യയാണെന്നോ ഞാൻ മനസിലാക്കേണ്ടതു്.

ധനം അവളുടെ മുഖത്തുനോക്കി മുഖം ധനത്തിന്നു് പരിചയം ഉള്ള പോലെ തോന്നി. അവൾ എവിടെയോവെച്ചു കണ്ടിരുന്നു. പരിചയം തോന്നിയ ആ സ്ത്രീയുടെ മുഖം കോപം കൊണ്ടു് ജ്വലിച്ചിരുന്നു.

ആ സ്ത്രീ:
(കർക്കശമായി) നിങ്ങൾ ഭാസ്കരന്റെ ഭാര്യയാണോ?

ധനം ഒന്നു നിവർന്നുനിന്നു അവളുടെ ഉള്ളുകള്ളികളെന്നും ഈ ഹോട്ടലിൽവെച്ചു് വിസ്തരിക്കാൻ അവൾക്കു് ഭാവമുണ്ടായിരുന്നില്ല. അവൾക്കു് മാനഹാനി ഒന്നും നേരിടാത്തവിധത്തിൽ ഭാസ്കരൻ കാര്യമൊക്കെ വെടിപ്പായി നടത്തിവെച്ചിരുന്നു. ധനം അവളുടെ വികാരങ്ങളൊക്കെ പാടുള്ളേടത്തോളം ഒതുക്കിവെക്കാൻ വളരെഅദ്ധ്വാനിക്കേണ്ടിവന്നു.

ധനം:
നിങ്ങൾ ആരാണു്! നിങ്ങൾക്കെന്താ അതു് അറിഞ്ഞിട്ടു്.
ആ സ്ത്രീ:
ഞാൻ ആനന്ദവല്ലിയാണു്. പാരീസിൽ നിന്നു് വന്നതാണു്. ഞാൻ വന്നിട്ടു് അരമണിക്കൂറെ ആയിട്ടുള്ളു. ഈ ഹോട്ടലുംവിട്ടു് ഭാസ്കരൻ പോകുന്നതുമാത്രം ഞാൻ കണ്ടു. (ഉച്ചത്തിൽ) നിങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയാണെന്നു് കേട്ടതു തെറ്റായിരിക്കും. അയാൾ പ്രേമിക്കുന്നതു് എന്നെയാണു്. അയാൾ എന്നെ അല്ലാതെ മറ്റൊരുവളെ വിവാഹിക്ക ഉണ്ടാകുയില്ല.

ആനന്ദവല്ലിയോ! ധനം ദീർഘമായി ഒന്നു നിശ്വസിച്ചു. നിശ്ചയമായിട്ടും അന്നത്തെ രാത്രി നാടകശാലയിൽ വെച്ചു കണ്ടതാണു്. ആനന്ദവല്ലിയുടെ അഭിനയം വളരെ കൗതുകത്തോടെ ഭാസ്കരൻ നോക്കിയിരുന്നതു് അവൾക്കു് ഓർമ്മവന്നു. അവർ നാടകശാലവിട്ടു പോകുംമുമ്പെ ഭാസ്കരൻ ആനന്ദവല്ലിയോടു് എന്തൊക്കെയൊ സ്വകാര്യം പറഞ്ഞതും അവൾക്കു് ഓർമ്മയായി. അപ്പോൾ ഭാസ്കരൻ പ്രേമിക്കുന്നതു് ഇവളെയാണു്. തന്റെ വിവാഹം ഒരു പിള്ളർ കളിയായിപ്പോയി. ധനത്തിന്റെ തൊണ്ടയിൽ എന്തോ ഒന്നു് കെട്ടിനിന്നതുപോലെ തോന്നി. തന്നെ കോപത്തൊടെ അദ്ദേഹം വെടിഞ്ഞുപോയതിൽ ആശ്ചര്യപ്പെടുവാനില്ല. ഒട്ടും ആശ്ചര്യമില്ല. അയാളുടെ മനസ്സിൽ ഈ സ്ത്രീയുടെ വിചാരം മാത്രമേ എപ്പോഴും ഉണ്ടായിരുന്നുള്ളു. അവളാകട്ടെ അദ്ദേഹത്തെ കല്പിച്ചുകൂട്ടി തോല്പിക്കുകയാണു ചെയ്തതു്. അച്ഛന്റെ ഇഷ്ടം എന്ന സൂത്രമാണു് അവൾ അതികൗശലമായി പ്രയോഗിച്ചതു്.

ധനം തൊണ്ടയിൽനിന്നു ഒന്നും പൊട്ടിപ്പുറത്തുവരാതിരിക്കാൻ വേണ്ടി അവിടെ കൈ അമർത്തുപിടിച്ചു. ആനന്ദവല്ലിയുടെ രുഷാകഷായിതാക്ഷികൾ അവളെ നോക്കുന്നുണ്ടെന്നും ധനം അറിഞ്ഞു. ഭാസ്കരൻ പ്രേമിക്കുന്ന യുവതിയും ഇവളാണു്.

ധനം:
(പതുക്കെ ശ്വാസംമുട്ടിയപോലെ) ഞാൻ ഭാസ്കരന്റെ ഭാര്യയല്ല.

മറ്റെ സ്ത്രീയുടെ കണ്ണിൽ സ്ഫുരിച്ചിരുന്ന ആശ്വാസവും ധനം നോക്കിയറിഞ്ഞു. ആനന്ദവല്ലിയുടെ പുച്ഛസ്വരത്തിലുള്ള ചിരിയും അവൾ കേട്ടു. ധനം ഒരു അന്ധകാരാവൃത എന്നപോലെ ഹോട്ടലിൽനിന്നു പുറത്തിറങ്ങി നടന്നു. പന്ത്രണ്ടുമണിയാവാൻ സമയം ഇനിയും വളരെ ഉണ്ടു്. കുറേനേരം നടക്കാൻതന്നെ ധനം ഉറച്ചു. സങ്കടവും നൈരാശ്യവും പൊള്ളുന്ന കത്തികൊണ്ടു് എന്നപോലെ അവളുടെ തലയും ഹൃദയവും കുത്തിത്തിരിച്ചു. കുറെ നടന്നാലെങ്കിലും അല്പം ആശ്വാസം കിട്ടുമെന്നു് അവൾക്കു തോന്നി. അവൾ പുല്ലിൽകൂടെ നടന്നു. പിന്നെ പാറകളും മണലും നിറഞ്ഞ കടൽതീരത്തിലേയ്ക്കു ചെല്ലുന്ന വഴിയിൽ അവൾ കേറി. അപ്പഴാണു് ഒരു കളിയുടെ നോട്ടീസിന്റെ കാര്യം അവൾക്കു് ഓർമ്മയായതു്. അതിൽ വലിയ അക്ഷരത്തിൽ ആനന്ദവല്ലിയുടെ പേരും എഴുതിയിരുന്നു. ആ സംഗതികൊണ്ടായിരിക്കും ഈ ശ്രുതിപ്പെട്ട ഹോട്ടലിൽ അവൾ സ്ഥലംപിടിച്ചതു്… അതെ. ഭാസ്കരന്നു്, അദ്ദേഹം പ്രേമിക്കുന്ന ഇവളെ വിവാഹിപ്പാനും സാധിക്കും. വെളുത്ത മുഖവും കറുത്ത മുടിയും കൊണ്ടു് കേൾവിപ്പെട്ട ഈ ആനന്ദവല്ലിയെ—കല്ക്കട്ട മുഴുവനും സംസാരവിഷയമാക്കുന്ന ഈ സുന്ദരിയായ ആനന്ദവല്ലിയെ.

മുമ്പേത്തന്നെ ആനന്ദവല്ലിയോടു തോന്നിയ അനുരാഗമാകുന്ന വലയിൽ കെണിഞ്ഞുപോയിരുന്ന ഒരു പുരുഷന്റെ പ്രേമം തന്നെക്കൊണ്ടു് അപഹരിപ്പാൻ സാധിക്കുമെന്നു് ധനം വിചാരിച്ചതു് വിഡ്ഢിത്തമാണു്.

അവൾ മണലിൽകൂടെ ഇന്നേടത്തെന്നില്ലാതെ കണ്ണും പൂട്ടി നടന്നു. അവളുടെ ഹൃദയത്തിൽ ഒരു മാറാത്ത വേദന ഉണ്ടായിരുന്നു. പന്ത്രണ്ടുമണിക്കു കല്ക്കട്ടയിലേയ്ക്കു മടങ്ങുന്നതിന്നുള്ള ട്രെയിൻ തെറ്റിപ്പോകുമെന്ന വിചാരവും അവൾക്കു തല്ക്കാലം ഉണ്ടായിരുന്നില്ല. അവൾ പാറകളുടെ ഇടയിൽ കൂടേയും മൺകൂമ്പാരങ്ങളിൽകൂടേയും നടന്നു. അവൾക്കു് സങ്കടനിവാരണം വരുമെന്നു് വിചാരിച്ചിട്ടാണു് ഇങ്ങിനെ നടന്നതു്. അവൾ എങ്ങിനെയെങ്കിലും അവൾ ചെയ്ത അവ്യാകൃതവും അവൾക്കു കിട്ടിയ കൂലിയും മറന്നുപോകട്ടെ എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഭാസ്കരൻ, വിവാഹം സൂത്രത്തിൽ ഉണ്ടാക്കിയ വഞ്ചനാമയമായ ഒരു കുറ്റമാണെന്നു് ആക്ഷേപിക്കും. കോടതിയിൽ അതു റദ്ദാക്കാൻ ഒരു വ്യവഹാരവും ഫയലാക്കും. ജഡ്ജിയും വക്കീൽമാരും വർത്തമാനപത്രം വായിക്കുന്നവരും വായിച്ചു നിർദ്ദയം അധിക്ഷേപിക്കയും വിമർശിക്കയും ചെയ്യുന്നതു് അവളുടെ ഗംഭീരചതിയേയും കൗശലത്തേയും ദുസ്സാമർത്ഥ്യത്തേയുംപറ്റിയായിരിക്കും. വേണമെങ്കിൽ സകല മാസികയിലും വാരികയിലും ദിനപത്രത്തിലും അവളുടെ ഫോട്ടോവും ഉണ്ടായിരിക്കും. നിരത്തിന്മേൽ ഇറങ്ങിയാൽ ഓരോരുവർ അവളെ ചൂണ്ടിക്കാണിച്ചു പരിഹസിക്കുന്നുണ്ടാകും. അവർ പറയുന്നതു് ഇങ്ങിനെ ആയിരിക്കും. “അതാ ആ പോകുന്നതു് ധനം എന്ന ഒരു തെണ്ടിപ്പെണ്ണാണു്. മറ്റൊരു പെണ്ണാണെന്നു് നടിച്ചു് ആ പേരും ധരിച്ചു് ഉപായത്തിൽ ഒരു ലക്ഷാധിപനെ വിവാഹം ചെയ്തു വഞ്ചിച്ചവളാണു്. ഇത്ര ധിക്കാരമായ വഞ്ചന ഞാൻ ഇതുവരെ ഒരു പെണ്ണു് നടത്തി കേട്ടിട്ടില്ല. ഇമ്മാതിരിക്കാരെ തടവിൽനിന്നു് പുറത്തിറക്കാൻ പാടില്ല.”

അവൾ ഇങ്ങിനെ ചെയ്തതു് അതിരറ്റ അനുരാഗംകൊണ്ടാണെന്നു് ജനങ്ങൾ മനസ്സിലാക്കുകയൊ, ജനങ്ങൾക്കു് മനസ്സിലാകയൊ ഉണ്ടാകയില്ല. ഒരുസമയം ജാനുവിന്നു് മനസ്സിലാകും. അവൾ അനുരാഗത്തിന്റെ വീര്യം അറിഞ്ഞവളാണു്. ധനം സഹിക്കേണ്ടിവന്ന അരിഷ്ടകളും കഷ്ടങ്ങളും ദാരിദ്രവും ജാനു മാത്രമെ ശരിയായി അറിഞ്ഞിട്ടുണ്ടായിരുന്നുള്ളു. ആനന്ദവല്ലിക്കു് സകലഭാഗ്യങ്ങളും തെളിഞ്ഞിട്ടുണ്ടു്. അവളുടെ ജോലി (അഭിനയം) മനോഹരമാണു്. ജനസ്വാധീനവും കീർത്തിയും പണവും എത്രയെങ്കിലുമുണ്ടു്. സകലരും, അവളെ കൗതുകമോടെ കടാക്ഷിച്ചിരുന്നു. പോരാഞ്ഞിട്ടു് ഭാസ്കരന്റെ അളവറ്റ അനുരാഗവും അവൾ കൈക്കൊണ്ടിരുന്നു. അതു് ഒന്നുമാത്രംപോരെ ഒരു സ്ത്രീയുടെ ഭാഗ്യത്തിന്നും ആനന്ദത്തിന്നും? ഭാസ്കരനെ വശീകരിപ്പാൻ എത്ര സ്ത്രീകൾ ആർത്തിയോടെ കാത്തിരിക്കുന്നുണ്ടു്. എന്നിട്ടെന്താ! ഭാസ്കരൻ കാത്തിരിക്കുന്നതു് ആനന്ദവല്ലിയെ അല്ലെ!

ധനം ഒരു പാറ തടഞ്ഞുവീണു. അവളുടെ മർമ്മഭേദകങ്ങളായ വിചാരശല്യങ്ങളിൽനിന്നു് അവൾ ഉണർന്നു. അവൾക്കു് മടങ്ങാനും നേരം വൈകി—പന്ത്രണ്ടുമണിയുടെ വണ്ടി—കല്ക്കട്ടയിലേയ്ക്കു മടങ്ങിപ്പോകേണ്ടുന്ന വണ്ടി—അവിടെ വിരസവും സംഭവരഹിതവും, ഒരേരീതിയുംഉള്ള ഒരു ജോലിയിൽ ഏർപ്പെടുവാൻവേണ്ടി—അവിടെ ശീല എടുത്തിട്ടും തലവേദനിക്കുംവരെ “ടൈപ്പു്” അടിച്ചിട്ടും നാളുകൾ കഴിക്കേണ്ടിവരും—പുഴു നടക്കുംപോലെയുള്ള “ഷോർട്ട്ഹേണ്ടു്” ചുരുക്കെഴുത്തുകൊണ്ടു് നോട്ടുബുക്കുകൾ നിറയ്ക്കണം. അതു സാധാരണ എഴുത്തിൽ വേറേയും പകർത്തണം—മൗഢ്യത്തിന്നു് വേറെവല്ലതും വേണൊ?

അവൾ പിന്തിരിഞ്ഞു് ചുറ്റും ഒന്നുനോക്കി. അവൾ മതിലുകൾപോലെ പാറകൾ നില്ക്കുന്ന ഒരു അർദ്ധഗോളാകൃതിയായ ഗുഹയിൽകൂടെയാണു് നടക്കുന്നതു്. കടലിലെ വെള്ളം വേലിയേറ്റംകൊണ്ടു് കുതിച്ചുകേറുന്നുംഉണ്ടു്. അവൾ ചുറ്റിയിരുന്ന മണൽകൂമ്പാരം വെള്ളത്തിൽ മുങ്ങിപ്പോകുന്നതുകണ്ടു. തിരകൾ പാറകളോടു് വന്നടിച്ചു വെള്ളം നുരയാക്കിത്തുടങ്ങി. ആ സമയത്തു് മറ്റൊരു തിര ഉരുണ്ടുകൊണ്ടു വന്നു് അവളുടെ കാലിന്റെ അടുക്കെവന്നു് ഛിദ്രിച്ചു് അവളെ മുട്ടോളം നനച്ചു.

അവൾ അടിച്ചുകേറുന്ന തിരമാലകളിൽപെട്ടു.

ധനം ഭയംകൊണ്ടു് ഒന്നുഞെട്ടി. അവൾ നാലുഭാഗത്തും ഉടനെ നോക്കി. അവൾ നടന്നിരുന്ന പൂഴിസ്ഥലം നനഞ്ഞിരുന്നു എങ്കിലും ഉറപ്പുള്ളതായിരുന്നു. എന്നുവെച്ചാൽ വേലിക്കയറ്റത്തിൽ മുങ്ങിപ്പോകുന്ന ഒരു പ്രദേശമായിരുന്നു. തള്ളിക്കേറുന്ന വെള്ളവും പാറക്കൂട്ടവും തമ്മിൽ വളരെ അടുത്തു. അവളുടെ തലയ്ക്കുമീതെ കടൽപ്പായൽ പതിഞ്ഞിരുന്ന ഒരു പാറക്കഷണം എറിച്ചുനിന്നിരുന്നു. കടൽപ്പായൽ അവിടെയോ? ഒരുമാതിരി ഭയവും ഭ്രമവും ഉടനെ അവളെ ബാധിച്ചു. അവൾ അറിയാതെ വന്നെത്തിയതു് കടല്ക്കരയിലെ ഏറ്റവും അപായകരമായ ദിക്കിലായിരുന്നു. മറ്റൊരു തിര വന്നുപൊട്ടിയതു് പാറച്ചുമരിന്മേൽതന്നെ ആയിരുന്നു.

അവൾക്കു രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവും ഇല്ലാതായി.

ധനം ഭയംകൊണ്ടു് ഒന്നു നിലവിളിച്ചുപോയി. രക്ഷവേണമെങ്കിൽ പൊങ്ങിനില്ക്കുന്ന കട്ടമേൽ പിടിച്ചു് മേലോട്ടു് പൊത്തിപ്പിടിച്ചു് കേറേണ്ടിവരും. അതാണെങ്കിൽ ഒരു കൊതയൊ എറിപ്പോ കൂടാതെ ഇരുപതടി ഉയരത്തോളം കിഴക്കാംത്തൂക്കമായ ഒരു മതിൽപോലെയാണു് നില്ക്കുന്നതു്. മിനുസമുള്ള ഒരു പാറയോടുപറ്റി വല്ല പിടിത്തവും കിട്ടാനുണ്ടൊ എന്നു് കൈകൊണ്ടും കാൽകൊണ്ടും പരിശോധിച്ചു. നിമിഷംപ്രതി പൊങ്ങിത്തുടങ്ങുന്ന വെള്ളം സൂര്യവെളിച്ചം കൊണ്ടു് നീലയും മഞ്ഞയുമായി മിന്നി. തിരകൾ വൈരത്തരികൾപോലെ ഇരിക്കുന്ന ചില്ലടിയിൽ അവളെ നനച്ചു.

ധനം പിന്നേയും ഒരു പതിഞ്ഞസ്വരത്തിൽ നിലവിളിച്ചു. പിന്നെ പെട്ടെന്നു് അവളെ ഒരു ശാന്തിപിടിപെട്ടു. തന്റെ സങ്കടത്തിൽനിന്നു് ഒന്നാന്തരം മോചനമാണു് ഈ അത്യാഹിതം എന്നു് എന്തുകൊണ്ടു് വരുത്തിക്കൂട. ജീവിച്ചിരുന്നിട്ടു് മേലാൽ എന്തൊരു നന്മയാണു് അവൾക്കു് സിദ്ധിപ്പാൻ ഇടയുള്ളതു്. ഒരു വസ്തുംതന്നെ ഇല്ല. ഈ മരണം താൻ ചെയ്തുപോയ മഹാവഞ്ചനയ്ക്കു് ഒരു പ്രതിവിധിയാണെന്നു് കരുതിയാൽമാത്രം മതിയല്ലൊ. ഇങ്ങിനെയായാൽ ഭാസ്കരന്നു് തന്റെ വിവാഹം അസാധുവാണെന്നു സ്ഥാപിക്കേണ്ടുന്ന ഭാരവും ഇല്ലാതെ കഴിയുമല്ലൊ. ഇതാണു് ദൈവം കാണിച്ചുതന്ന അഥവാ ഉണ്ടാക്കിത്തന്ന അസ്സൽമാർഗ്ഗം. ആരും ഒന്നും അറിയേണ്ടതില്ല. ശവം കിട്ടാതിരിക്കുകയുമില്ല.

ഒരു ഭയങ്കരശാന്തി അവളെ ബാധിച്ചു. മുന്നോട്ടടിക്കുന്ന ഒരു തിര മടക്കത്തിൽ അവളെ പിന്നോട്ടു കൊണ്ടുപോയി കടലിന്റെ കഴുത്തിൽത്താഴ്ത്തിക്കളയുകയും ചെയ്യും. ഒന്നും വേണ്ട. വേണ്ട. വേണ്ട. എന്തുതന്നെവന്നാലും ജീവിച്ചിരിപ്പാനുള്ള തൃഷ്ണ അവൾക്കു് എല്ലാറ്റിലും ഉപരിയായി നിന്നു. എലിക്കത്രിയിൽ കുടുങ്ങിയ എലിയെപ്പോലെ ചാവാൻ അവൾ ഒട്ടും ഇഷ്ടപ്പെട്ടില്ല. അതുമാത്രം സാധിക്കയില്ല. ഇല്ലതന്നെ.

കിഴക്കാംതൂക്കമായ പാറമേൽ ഒരു മരണപ്പിടിത്തം പിടിച്ചു മെല്ലെ മേലോട്ടു് കേറാൻനോക്കി. ചതഞ്ഞുപോയ വിരലുകളിന്മേൽനിന്നു് ചോര ഒലിച്ചിരുന്നു. വെള്ളംപൊന്തുംതോറും അവൾ പാറന്മേൽ പറ്റാതിരുന്നാൽ അവളുടെ നാമംതന്നെ ബാക്കി ഉണ്ടാകില്ല. അവളും വെള്ളത്തോടുകൂടി പൊന്തിത്തുടങ്ങി. ഒരു തുറിച്ചുനിന്ന പാറ അവളുടെ മേലോട്ടുള്ള പറ്റിക്കേറലിന്നു് തടസ്ഥം ഉണ്ടാക്കി. അതു് ചുറ്റിത്തിരിഞ്ഞു് കേറാൻ മനുഷ്യർക്കു് പ്രയാസമായിരിക്കും. എല്ലാംകൂടി കടലിൽ വിഴുങ്ങിപ്പോകുന്ന അപായത്തിന്റെ വരവു് തെല്ലൊന്നു ദീർഘിപ്പിച്ചു എന്നുമാത്രം ആയിപ്പോകുമൊ! തനിക്കു് നേരിടാൻപോകുന്ന അത്യാപത്തു് കാണാതിരിപ്പാൻ വേണ്ടി ധനം കണ്ണുംഅടച്ചു പ്രാർത്ഥിച്ചു.

അപ്പോൾ അടുക്കെനിന്നു പെട്ടെന്നു് ഒരു കൈമുട്ടും അലർച്ചയും പുറപ്പെട്ടതു കേട്ടു. “അവിടത്തന്നെ മുറുക്കിപ്പിടിച്ചൊ. പിടിത്തം ഇളകരുതു്. ഞാൻ എത്തിപ്പോയി.”

ഈ അലർച്ച അവൾ മന്ദമായിട്ടെ കേട്ടിരുന്നുള്ളൂ. വളരെനേരം അങ്ങിനെ പിടിച്ചുതൂങ്ങാൻ അവൾക്കു് സാധിക്ക ഉണ്ടാകയില്ല. ചുറ്റും ഒരു അന്ധകാരം പരക്കുംപോലെ അവൾക്കുതോന്നി. പൊട്ടിത്തെറിക്കുന്ന തിരമാലകൾ ഉണ്ടാക്കുന്ന ശബ്ദത്തോടുകൂടെ രക്തം അവളുടെതലയിൽ തള്ളിക്കേറുന്നതു് അവൾക്കു് അനുഭവമായി. ഭാസ്കരന്റെ ശബ്ദംപോലെ ഒന്നുകേട്ടു. എന്നാൽ അവൾ അനിശ്ചിതമായ ഒരു അന്ധകാരലോകത്തിലേയ്ക്കു കാൽ എടുത്തുവെച്ചു കഴിഞ്ഞിരിക്കുന്നു. ആ സമയത്തു് മരവിച്ചുപോയ അവളുടെ വിരലുകളുടെ പിടിത്തവും വിട്ടുപോയി.

ആ ശരിയായ സമയത്തു് ഒരുവന്റെ കൈ അവളുടെ നേർക്കു് തള്ളുന്നതും അവളുടെ കൈ മുറുക്കേ പിടിക്കുന്നതും കണ്ടു.

അതിൽപിന്നെ

മെല്ലെമെല്ലെ അവളേയും ഇഴച്ചു് ഭാസ്കരൻ പാറയുംപിടിച്ചു് മേലാട്ടു് കേറിത്തുടങ്ങി. അയാളുടെ വിരലുകളും ചതഞ്ഞു് ചോര ഉറ്റുന്നതൊന്നും അയാൾ ഗണിച്ചില്ല. അയാളുടെ ചെവിയോരങ്ങളിൽനിന്നു് രക്തനാഡികളുടെ വമ്പിച്ച തുടിപ്പിന്റെ ശബ്ദം നല്ലവണ്ണം കേൾക്കാമായിരുന്നു. മാംസപേശികൾ കമ്പക്കയർപോലെ പിരിഞ്ഞുനിന്നിരുന്നു. തിരയുടെ ശബ്ദംകൂടാതെ അയാളുടെ ചെവിയുടെ ഉള്ളിൽ നിന്നും അത്രതന്നെ കടുപ്പമായ ഒരു ശബ്ദം പുറപ്പെട്ടിരുന്നു. ഭാസ്കരന്റെ മുഖം സ്വേദംകൊണ്ടു് മൂടിയിരുന്നു.

ഭഗീരഥപ്രയത്നം ചെയ്തിരുന്ന ഭാസ്കരന്റെ തല പാറയുടെ വിതാനത്തിൽനിന്നു് പൊന്തിനില്ക്കുന്നതു് കണ്ടു. ഒരു സ്ത്രീയേയും വഹിച്ചുവരുന്ന അവനെ സഹായിപ്പാൻതക്കവണ്ണം പാറയുടെ മുകളിൽനിന്നു് ഒരാൾ കൈനീട്ടി അവനേയും ധനത്തേയും കരയ്ക്കു വലിച്ചാക്കി. ഭാസ്കരന്റെ പ്രയത്നം അങ്ങേഅറ്റംവരെ എത്തിക്കഴിഞ്ഞുപോയിരുന്നു. സഹായം അത്യാവശ്യസമയത്തുതന്നെ കിട്ടി. രണ്ടാളുടെ ദേഹത്തിലും വാർന്നതും കല്ലിച്ചതും കലകൾ നിറഞ്ഞിരുന്നു. ഒരു പാറയും ചവിട്ടിപ്പിടിച്ചു് ഇവരെ കരയ്ക്കു് ഒരുവിധേന വലിച്ചുകേറ്റിയതു് ഹേമാംഗൻ ആയിരുന്നു. അവന്റെ കൈ സന്ധിയിൽ നിന്നു് ഊരിപ്പോകുമൊ എന്നു സംശയിക്കുംപ്രകാരം ഹേമാംഗൻ തന്റെ ശക്തിമുഴുവൻ പ്രയോഗിച്ചിരുന്നു.

ഏതായാലും തളർന്നുപോയനിലയിൽ ഭാസ്കരനും ധനവും അവിടെ കിടന്നിരുന്നു. ധനം ഒരുകെട്ടു് നനഞ്ഞ തുണിപോലെ ഇരുന്നിരുന്നു. ഭാസ്കരൻ കണ്ണുംപൂട്ടി ഏങ്ങുംപോലെ നിശ്വസിച്ചിരുന്നു. അയാൾക്കു് ശ്വാസംകഴിപ്പാൻതന്നെ പ്രയാസംനേരിട്ടു. അത്രകഠിനമായി അദ്ദേഹത്തിന്റെ ഹൃദയം തുടിച്ചിരുന്നു.

കുറെ കഴിഞ്ഞപ്പോൾ ഭാസ്കരൻ കൈമുട്ടുകുത്തി ദേഹം അസാരം ഉയർത്തി “ഹേമാംഗ! അവൾക്കു് അപകടമൊന്നും പിണഞ്ഞിട്ടില്ലല്ലൊ” എന്നു് ഹേമാംഗനോടു് മന്ത്രിച്ചു.

ഹേമാംഗൻ തല്ക്കാലം ഉത്തരമായി ഒന്നും പറഞ്ഞില്ല. ഒരുകെട്ടു് തുണിപോലെ കാഴ്ചയിൽ തോന്നിപ്പോകുന്ന ധനത്തിന്റെ അരികെ മുട്ടുകുത്തി ഹേമാംഗൻ ഒരു പരിശോധന നടത്തുകയായിരുന്നു. ധനത്തിന്റെ മുഖം ഹേമാംഗന്റെ മുഖത്തിന്റെനേരെ വിപരീതഭാവത്തിൽ തിരിഞ്ഞനിലയിലാണു് കിടക്കുന്നതു്. ഭാസ്കരന്റെ മുഖം വ്യസനാവൃതവും ഹൃദയം അന്ധകാരാവൃതവുമായി. ഭാസ്കരന്റെ ചുണ്ടുകൾ ആവേശം കൊണ്ടു് കൂർത്തുനിന്നുപോയി. ഭാസ്കരൻ അത്യദ്ധ്വാനംചെയ്തു് ഒരുവിധേന എഴുന്നേറ്റു് അവളുടെ അടുക്കെച്ചെന്നു് ഹേമാംഗനോടു് “അവൾ മരിച്ചുപോയിട്ടില്ല. അല്ലേ!” എന്നു ചോദിച്ചു.

ഹേമാംഗൻ:
(ഒരു വല്ലാത്ത സ്വരത്തിൽ) ഇല്ല. എനിക്കു് അങ്ങിനെ തോന്നുന്നില്ല. അവൾ ബോധംകെട്ടുപോയി എന്നേ ഉള്ളൂ.

അദ്ദേഹം ധനത്തെ നല്ലവണ്ണം നോക്കി. മുഖത്തു് കെട്ടി നിന്നിരുന്ന മണലും ചോരയും തന്റെ “ടവ്വൽ” (കൈലൈസ് = ഉറുമാൽ) കൊണ്ടു് തുടച്ചു. പിന്നേയും ഒന്നു നല്ലവണ്ണം നോക്കി.

ഹേമാംഗൻ:
നിണക്കു് ഇവൾ ആരാണെന്നു മനസ്സിലായിരിക്കും.
ഭാസ്കരൻ:
മനസ്സിലാവാൻ സംഗതി ഇല്ല.

നനഞ്ഞ തുണിയുടെ ഒരു ചെറിയ കൂമ്പാരംപോലെ തോന്നുന്ന ആ സത്വത്തെ മുട്ടുകുത്തി ഒന്നു പരിശോധിച്ചു. “ഞാൻ അവളുടെ മുഖം കണ്ടിരുന്നില്ല” എന്നു് പരുങ്ങലോടെ പറഞ്ഞിട്ടു് അവളെ കുനിഞ്ഞു നല്ലവണ്ണം പിന്നേയുംനോക്കി. ഒന്നു ഞെട്ടിപ്പോയപോലെ “എന്റെ ഭഗവാനെ!” എന്നുമാത്രം പറഞ്ഞു.

ധനമോ! ഇതു വളരെ ആശ്ചര്യമായിരിക്കുന്നല്ലൊ. അവളെ, കടലിനോടു് തൊട്ടുനില്ക്കുന്ന പാറമതിലിന്മേൽകൂടെ കരയിലേയ്ക്കു വലിച്ചിടുമ്പോൾ, അവൾ ഇട്ടിരുന്ന പച്ച ഉടുപ്പു് ചുമലിനോടടുത്തഭാഗം മുതൽ കീറിപ്പോയിരുന്നു. അവളുടെ മുഖത്തു് മണലും ചോരയും കുറെക്കൂടി ഉണ്ടായിരുന്നു. കാറ്റുംകോളുംകൊണ്ടു് ഒടിഞ്ഞുവീണുപോയ ഒരു ലില്ലിപ്പൂവിന്റെ സാദൃശ്യം അവൾക്കുണ്ടായിരുന്നു, അവൾ തുണയ്ക്കാരുമില്ലാത്ത ഒരു ഗതികെട്ടുപോയവളാണെന്നു് ആർക്കും തോന്നും. അവൾ എത്രയോ നിഷ്ഠൂരമായി അയാളെ വഞ്ചിച്ചിരുന്നു എങ്കിലും താൻ അവളുടെ അടുക്കെനിന്നു് കത്തുന്ന കോപത്തോടെ വിട്ടുപിരിഞ്ഞുപോന്നതാണെങ്കിലും ഒരു പുതുതായ അനുകമ്പയുടെ നിഴൽ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായി.

ഭാസ്കരൻ:
(ആവേശത്തോടെ) നമ്മൾ ഉടനെതന്നെ അവളെ ഒരു ഡോക്ടരുടെ അടുക്കെ കൊണ്ടുപോകണം. എന്റെ കാറിൽ ഒരുതുള്ളി ബ്രാണ്ടിയുംകൂടില്ല. എന്തുചെയ്യട്ടെ.
ഹേമാംഗൻ:
നിങ്ങൾ വളരെ ക്ഷീണീച്ചുപോയിരിക്കും. ഞാൻ ഇവളെ ചുമന്നുനടക്കാം.

ഹേമാംഗൻ ആ കൃശാംഗിയെ തന്റെ കൈകളിലാക്കി ക്ഷണം കാറിന്റെഉള്ളിൽ കിടത്തി. കാർ അവിടെ റെഡിയായി നിന്നിരുന്നു. പരവശനായ ഭാസ്കരനും അതിൽക്കേറി. അയാളുടെ അത്യദ്ധ്വാനംകൊണ്ടുണ്ടായ തളർച്ച അസാരം ശമിച്ചപോലെ തോന്നി. ഹേമാംഗൻ അവളെ എടുത്തു കാറിലേയ്ക്കു കൊണ്ടുവരുമ്പോൾ ആ ജോലി താനായിരുന്നു വഹിക്കേണ്ടതു് എന്നു ഭാസ്കരന്നു തോന്നി. അതും ഒരു പുതുമതന്നെ. ആ കാറിൽതന്നെ ആയിരുന്നു ഇന്നലെ അവൾ കല്ക്കട്ടയിൽ നിന്നുവന്നതു്. കാർ ഓടിച്ചതു് ഭാസ്കരൻതന്നെയാണു്. ഡോക്ടരുടെ സഹായത്തിന്നു് കാലതാമസം പാടില്ലാത്തതുകൊണ്ടു് ഭാസ്കരൻ ചരിതത്തോടു കൂടെയാണെങ്കിലും വളരെ വേഗതയിൽ കാറോടിച്ചു.

ധനം!… ആ സമയത്തു് അയാൾ അവിടെ എത്തിച്ചേർന്നതു് ആശ്ചര്യമായിരിക്കുന്നു. യദൃച്ഛയായിട്ടാണെങ്കിലും ഭാഗ്യമായിക്കലാശിച്ചു. തന്റെ അരികെ കിടക്കുന്ന സ്വരൂപത്തേ കണ്ടാൽ ആർക്കാണു് അനുകമ്പ തോന്നിപ്പോകാത്തതു്? ധനം! അയാളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു് ഒരു ശങ്ക പൊങ്ങി. എല്ലാംകൂടി അതു് ഒരു യാദൃച്ഛികസംഭവം ആയിരിക്കയില്ലെന്നു വരുമോ! അയാൾ പല്ലു് കടിച്ചു… അതു് ഒരു അപായംതന്നെ ആയിരിക്കാൻ മതി. ഒരാളെ ആപത്തിൽനിന്നു് പാടുള്ളേടത്തോളം രക്ഷിക്കേണമെന്ന വിചാരമെ അയാൾക്കുണ്ടായിരുന്നുള്ളൂ. ആപത്തിൽ അകപ്പെട്ടതു് ധനമാണെന്നു് മനസ്സിലായാൽകൂടി അയാൾ ആ കിഴുക്കാംത്തൂക്കമായ പാറയും ഇറങ്ങി അവളുടെ സഹായത്തിന്നു ചെല്ലാതിരിക്കില്ല. ഏതൊരു പുരുഷനും അങ്ങിനെ ചെയ്വാൻ ബാദ്ധ്യസ്ഥനാണു്. നിങ്ങളുടെ പൗരുഷം അങ്ങിനെ ചെയ്വാൻ പ്രേരിപ്പിക്കാതിരിക്കില്ല. എന്നാലുംകൂടി അവൾ ഒരു കൗശലമുള്ള ചണ്ടിപ്പെണ്ണാണെന്ന വാസ്തവം ഇല്ലാതായ്പോകയില്ല. അവളല്ലെ, മറ്റൊരുവളാണെന്നു് നടിച്ചിട്ടു് സൂത്രത്തിൽ തന്നെ വിവാഹം കഴിച്ചുകളഞ്ഞതു്. തന്നെയും തന്റെ അച്ഛനേയും കല്പിച്ചുകൂട്ടിച്ചതിച്ചവളല്ലേ ഇവൾ. ഇപ്പോൾ ഒരു ഒടിഞ്ഞുവീണ ലില്ലിപ്പൂപോലെ ഇരിക്കുന്നതുകൊണ്ടെന്താ! ഒരു സ്ത്രീക്കു് പുരുഷന്മാരേ കബളിക്കാൻ ഇങ്ങിനെ എന്തെല്ലാം സൂത്രങ്ങൾ ഉണ്ടായിരിക്കാം.

വേലിയേറ്റത്തിൽ പെട്ടിട്ടു് അവൾ ഒരു മരണക്കുടുക്കിൽ കെണിഞ്ഞപ്പോൾ താൻ ആ വഴിയിൽ കടന്നുപോകേണ്ടിവന്നതു് എന്തുതന്നെയായാലും ഒരു അത്ഭുതകണ്ടുമുട്ടൽതന്നെയാണു്. യഥാർത്ഥം പറഞ്ഞാൽ, അയാൾ ഉദ്ദേശിച്ചപോലെ ആചരിച്ചിരുന്നു എങ്കിൽ അയാൾ ഇവിടെനിന്നു് വളരേനാഴിക അകലെ ആയിരിക്കേണ്ടതാണു് ആനന്ദവല്ലിയുടെ പേർകൊണ്ടു് വിളങ്ങിയ ഒരു നോട്ടീസ് കണ്ടതുകൊണ്ടാണു് അയാൾ ഇവിടെത്തന്നെ നില്ക്കേണ്ടിവന്നതു്. അതേ നാടകക്കമ്പനിയിൽ—അയാൾ അനേകം പ്രാവശ്യം കണ്ട അതേകളിയിൽ അന്നു കളിക്കുന്നുണ്ടെന്നാണു് പരസ്യം. അപ്പോൾ അതുകണ്ടിട്ടു്, മടങ്ങിയാൽമതി എന്നു് അയാൾ നിശ്ചയിച്ചു. അയാളുടെ കാറിൽതന്നെ കേറ്റി, അവളെ കല്ക്കട്ടയിൽ എത്തിച്ചേരേണ്ടിയിരുന്ന അയാൾ ഇങ്ങുതന്നെ നിന്നുപോയതു്. ഹേമാംഗൻ ആ പ്രദേശത്തിൽകൂടെ നടക്കുന്നതു് കണ്ടതു് ഒരു അത്ഭുതസംഭവമാണെന്നും പറഞ്ഞുകൂട. ആനന്ദവല്ലിയാണു് ധനത്തേ രക്ഷിച്ചതു് എന്നുതന്നെ പറയാം.

എന്നാലും, ആ സമയത്തുപോലും ഹൃദയത്തിന്റെ ഉള്ളിൽ ധനത്തോടു തോന്നിയ വെറുപ്പു് കേവലം വിട്ടുപോകുന്നില്ല. ഹേമാംഗൻ വാരിയെടുത്തു് തന്റെ കാറിൽകൊണ്ടുവെച്ച ആ പരുക്കു നിറഞ്ഞ രൂപം, സുഖപ്പെടാതെ നശിച്ചുപോയി എന്നു് വന്നാലോ! ഛീ! ആ വിചാരം നന്നല്ല.

ഒടുവിൽ ആ പട്ടണത്തിന്റെ അതൃത്തിയിൽ ഉണ്ടായിരുന്ന ഒരു നർസിങ്ങു്ഹോമിൽ അവർ എത്തി. ഒരു ഡോക്ടർവന്നു ധനത്തേ പരിശോധിച്ചു. അവളുടെ ദേഹം കുറെ ഉഴിഞ്ഞു. അടുത്തുള്ളവരോടു് അപായത്തെപ്പറ്റി പല ചോദ്യങ്ങളും ചെയ്തു. എന്നിട്ടു് “തരക്കേടൊന്നും വരാനില്ല. അപായത്തിനൊന്നും അവകാശമില്ല. കാര്യമായിട്ടു് ഭയംകൊണ്ടുള്ള ഞെട്ടലും ദേഹത്തിലെ ഈ പരുക്കുകളും മാത്രമെഉള്ളു. മുട്ടു് അസാരം ഉളുക്കിപോയിട്ടുംഉണ്ടു്. ക്ഷണം ബോധംവരും” എന്നു ഡോക്ടർ പറഞ്ഞു.

ഇതുകേട്ടപ്പോൾ ഭാസ്കരന്നു് അനുഭവമായതു് ഒരു വലിയ ആശ്വാസംമാത്രമായിരുന്നു. അപ്പോൾ അവൾ ചെയ്ത അക്രമങ്ങളും വഞ്ചനകളും എവിടെപ്പോയി മറഞ്ഞുകളഞ്ഞുപോലും. ധനത്തിന്റെ കൺപോളകൾ ഒന്നു വിറച്ചതിൽപിന്നെ അസാരം വിടർന്നു. അവൾ ഒന്നും തിരിയാത്തപോലെ ചുറ്റും നോക്കി.

വെള്ളക്കുമ്മായമിട്ട മുറിയുടെ മതിലുകളേയും വെള്ള അങ്കി ഇട്ട ഡോക്ടരേയും മനസ്സിലാകാത്തവിധത്തിൽ നോക്കീട്ടു് “എന്തു് ! എന്തുണ്ടായി” എന്നു് അവൾ മെല്ലെ മന്ത്രിച്ചു. പിന്നെ “ഓ—ഞാൻ— എനിക്കോർമ്മയായി… സമുദ്രം.” ഇത്രത്തോളം പറഞ്ഞപ്പോൾ അവൾ ഭയംകൊണ്ടു് വിറച്ചു. പിന്നെ അവളുടെ കണ്ണുകൾ തുറിച്ചു വിശ്വാസമില്ലാത്തവിധത്തിൽ “ഭാസ്കരനൊ—നിങ്ങളൊ!” എന്നവാക്കു് അവളുടെ നാവിന്മേൽനിന്നു വീണു.

ഭാസ്കരൻ:
(പല്ലുകടിച്ചിട്ടു്) ആ സമയത്തു് ഞാൻ അതിലെ കടന്നുപോയിരുന്നു.
ഡോക്ടർ:
(ആശ്ചര്യത്തോടെ തിരിഞ്ഞു ഭാസ്കരനെ നോക്കീട്ടു്) അപ്പോൾ നിങ്ങൾ ഈ യുവതിയെ അറിയും. അല്ലെ! നല്ല ഭക്ഷണവും ചികിത്സയുമാണു് ഇവൾക്കുവേണ്ടതു്. ഒന്നു രണ്ടുദിവസം അവൾ കിടന്നനിലയിൽ കഴിയണം. ഈ നെർസിങ്ങുഹോം പറ്റില്ലെങ്കിൽ മഞ്ചൽ വഴിയായി ഇവളെ ഗ്രാമാസ്പത്രിയിൽ എത്തിക്കാം (അവസാനത്തെ വാചകത്തിൽ ഒരു ശങ്ക സ്ഫുരിച്ചിരുന്നു.)
ഭാസ്കരൻ:
ഇവളെ ഇവിടെത്തന്നെ നിർത്തുവിൻ. എല്ലാ ചിലവുകൾക്കും ഞാൻ ഉത്തരവാദിത്വം വഹിക്കുന്നു.
ഭാസ്കരൻ:
ധനത്തിന്റെ കണ്ണു് പിന്നേയും അടഞ്ഞു. ഡോക്ടരുടെ നോട്ടം അവളുടെ ഇടത്തെ കൈപ്പടത്തിന്മേൽ ഒന്നുമിന്നി. മൂന്നാമത്തെ വിരലിന്മേൽനിന്നു് ഒരു നേരിയ സ്വർണ്ണമോതിരം വിളങ്ങുന്നതുകണ്ടു. ഭാസ്കരൻ അതും മനസ്സിലാക്കി. അദ്ദേഹത്തിന്റെ കണ്ണു് കോപംകൊണ്ടു് ജ്വലിച്ചു. അവൾക്കു് കേവലം മര്യാദ ഇല്ലെന്നോ?

ഡോക്ടർ ഒരു വലിയ പുസ്തകം (റജിസ്റ്റർ) തുറന്നു “പേരെന്താ” എന്നു ചോദിച്ചു. ഒരു നിമിഷനേരം ആരും മിണ്ടിയിരുന്നില്ല. എന്റെ സ്നേഹിതൻ തന്റെ മുഖത്തു് ഒന്നുനോക്കുന്നുണ്ടെന്നു ഭാസ്കരന്നു് മനസ്സിലായി. “മിസ്സ് ധനം” എന്നും പറഞ്ഞു് ഹേമാംഗൻ വാതിലിന്റെനേരെ തിരിഞ്ഞു.

ഭാസ്കരനും ഹേമാംഗനെ പിന്തുടർന്നു. രണ്ടാളും ഒന്നും മിണ്ടാതെ നെർസിങ്ങു് ഹോമിൽനിന്നു് പുറത്തിറങ്ങി കാറിന്റെ അരികെവന്നു് സിഗരട്ടു് കത്തിപ്പാൻവേണ്ടിനിന്നു.

ഹേമാംഗൻ:
അപ്പോൾ വിവാഹം റദ്ദാക്കാൻ നിങ്ങൾ ഉറച്ചു.
ഭാസ്കരൻ:
സംശയമുണ്ടോ. ഞാൻ എന്തൊരാളാണെന്നാ നിങ്ങൾ വിചാരിച്ചിരുന്നതു്.

കാറിൽകേറി അവർ യാത്രയായി. ഹേമാംഗൻ കുറെ ആലോചിച്ചു.

ഹേമാംഗൻ:
എന്നാൽ ഞാനൊന്നു പറയട്ടെ. ധനത്തിന്റെ അന്വേഷണത്തിൽനിന്നു് നിങ്ങൾ ഒഴിഞ്ഞുനിന്നുകളയൂ. അവൾ ഈ ആസ്പത്രിയിൽ കിടക്കുന്നകാലത്തോളം സകലചിലവും ഞാൻ ഏറ്റെടുത്തുകൊള്ളാം.
ഭാസ്കരൻ:
എന്തു് അസംബന്ധമാണു് പറയുന്നതു്.
ഹേമാംഗൻ:
ഇഷ്ടാ. കുറേ വിശേഷ ബുദ്ധി ഉപയോഗിച്ചു സംസാരിക്കൂ. നിനക്കു് ഇഷ്ടംപോലെ ആടിക്കളിക്കുവാൻ നിയമം അനുവദിക്കുകയില്ല. ഒന്നുകിൽ വിവാഹം നിലനില്ക്കണം. അല്ലെങ്കിൽ അതു് റദ്ദാക്കണം. നിങ്ങൾ അനുകൂലമാണെന്നു കാണിക്കുന്ന യാതൊരു ചേഷ്ടയുടേയൊ കർമ്മത്തിന്റേയോ ഒരു നിഴൽകൂടി പുറത്തിറക്കരുതു്. അല്ലാതെ പോയാൽ ഈ വിവാഹം ഇളക്കവും കുലുക്കവും നേരിടാതെ ആജീവനാന്തം സ്ഥിരപ്പെട്ടുപോകും. ഞാൻ ഒരു കാലത്തു് വക്കീൽഭാഗം പഠിച്ചവനാണു്—പാസായവനാണു്. ഞാൻ വക്കീലായി ജോലി നടത്തീട്ടില്ല എന്നുമാത്രം. ലോകമഹായുദ്ധമാണു് അതിന്നു് പ്രതിബന്ധമായി നിന്നതു്.

ഇതൊന്നും രസിക്കാത്ത വിധത്തിൽ ഭാസ്കരൻ തന്റെ ചുണ്ടുകൾ കടിച്ചു.

ഭാസ്കരൻ:
എന്നാൽ സ്നേഹിത! അവളുടെ ആസ്പത്രിച്ചിലവുകൾ സഹിക്കുവാൻ നിങ്ങളെ വിടുന്നതു് എനിക്കു സമ്മതമാകുന്നില്ല. ഈ മാതിരി “നെർസിങ്ങു് ഹോമും” ശരിയായി നടക്കേണമെങ്കിൽ കൂടക്കൂടെ കൈമടക്കിക്കൊണ്ടിരിക്കണം. നിങ്ങളല്ലെ കുറെമുമ്പെ ദീപാളിയായിപ്പോയെന്നു് എന്നോടു പറഞ്ഞതു്.
ഹേമാംഗൻ:
ജാനുവെ വിവാഹിക്കാൻ വിചാരിച്ച കാലത്തു് ഞാൻ ഒരു നിർദ്ധനൻതന്നെ ആയിരുന്നു. എന്നാൽ തല്ക്കാലം എനിക്കു സമ്പാദ്യമായി ഒരു നല്ല തുക ഉണ്ടു്. ചില്ലറകൊണ്ടൊന്നും ചാടിക്കളിക്കുന്ന പ്രകൃതി എനിക്കില്ലെന്നു് നിങ്ങൾക്കു ബോദ്ധ്യമില്ലെ! അതുകൊണ്ടു് ആ ബാദ്ധ്യത എന്റെമേൽതന്നെ വിട്ടേയ്ക്കു. ധനത്തിന്റെ കാര്യം വെടിപ്പായി നോക്കാൻ ഞാൻ ഏറ്റിരിക്കുന്നു. നിങ്ങൾ ക്ഷണം കൽക്കട്ടയിലേയ്ക്കു മടങ്ങിച്ചെല്ലു. വിവാഹമോചനത്തിന്നു വ്യവഹാരവും ഫയലാക്കു. നിശ്ചയമായിട്ടും നിങ്ങൾക്കു് അനുകൂലമായി സാക്ഷിപറവാൻ ഞാനുണ്ടു്. എന്തുകൊണ്ടെന്നാൽ ഈ ഏർപ്പാടു് ബോമ്പിട്ടു് തകർക്കുവാൻ ഞാനാണു് കാരണം—എനിക്കിവിടെയാണു് ഇറങ്ങേണ്ടതു്. ദയ വിചാരിച്ചു് കാർ ഒന്നു നിർത്തിയാൽ ഉപകാരം. എന്റെ വിലാസം കുറിച്ച ഈ കാർഡ് നിങ്ങളുടെ വശം ഇരിക്കട്ടെ. കല്ക്കട്ടയിൽവെച്ചു് വേറെ ഒരു അവസരത്തിൽ നമുക്കു കണ്ടുമുട്ടാം. അല്ലാ ഈ വരുന്നവൾ നിങ്ങളുടെ ഈ സ്നേഹിത ആയിരിക്കുമൊ?

കാറു് മന്ദഗതിയായി നിന്നപ്പോൾ അവരുടെ നേരെ ഒരു സ്ത്രീ വരുന്നതുകണ്ടു. അവൾ ഉടുത്തിരുന്നതു മുഴുവനും കറുപ്പു് വർണ്ണത്തിലായിരുന്നു. അതൊക്കെ വളരെ വില പിടിച്ച ശീലകളായിരുന്നു.

അവൾ ആനന്ദവല്ലി ആയിരുന്നു.

ഹേമാംഗൻ നടന്നുകളഞ്ഞു എന്നു കണ്ടപ്പോൾ ഭാസ്കരൻ കാറിൽനിന്നു് നിലത്തുചാടി. അയാളുടെ കണ്ണിന്റെ തിളക്കത്തിലും സ്വാഗതം പറയുന്ന സ്വരത്തിലും, അന്തർഗ്ഗതം വെളിവാക്കിയിരുന്നു.

അവൾ അവളുടെ കൈ ഭാസ്കരന്റെ നേരെ നീട്ടി. അവളുടെ മുഖത്തു് വ്യസനഭാവവും ഒരു ചെറിയ പുഞ്ചിരിയും പ്രകാശിച്ചു. “ഭാസ്കരാ! എന്റെ പ്രിയസ്നേഹിതാ! ഇപ്പോൾ ഒന്നുംകൂടി കാണ്മാൻ സംഗതി വന്നതു് ഭാഗ്യമായി. നിങ്ങൾ കുറെ നാളായി എന്നെ വെടിഞ്ഞിരിക്കയാണു്. അല്ലേ!” എന്നു പറഞ്ഞു.

ഭാസ്കരൻ:
(ആവേശത്തോടെ) ഒരു നോട്ടീസ്സിൽ ഞാൻ നിന്റെ പേർ കണ്ടു. അതുകൊണ്ടു് ഞാൻ ഇവിടെ കാത്തു നിന്നു. നാടകശാലയിലേയ്ക്കു് ഒരു കുറിപ്പു് നിണക്കു തരാൻ ഒരാളെ ഏർപ്പെടുത്താമെന്നു് കരുതി. നിന്റെ അഭിനയം കഴിഞ്ഞതിൽ പിന്നെ കല്ക്കട്ടയിലേയ്ക്കു എന്റെ ഒന്നിച്ചുമടങ്ങാം. ദയവിചാരിച്ചു “യേസ്” എന്നു പറയൂ.

അവൾ കല്പിച്ചുകൂട്ടിയ ആതുരമന്ദഹാസത്തോടെ അവളുടെ കറുത്ത കണ്ണുകൾ വികസിപ്പിച്ചു് അയാളുടെ മുഖത്തു നോക്കി.

ആനന്ദവല്ലി:
നിങ്ങൾ കാറിലേയ്ക്കു് എന്നെ ക്ഷണിച്ചതു് എന്നോടുള്ള പ്രേമത്തിന്റെ ചിഹ്നമാണു്. ആൾത്തിരക്കുള്ള തീവണ്ടിയിൽ കേറി ശ്വാസംമുട്ടുന്നതിനേക്കാൾ കാറിൽ കേറി ഓടിക്കുന്നതാണു് സുഖം.
ഭാസ്കരൻ:
അങ്ങെത്തിയാൽ, നിശാഭിനയത്തിന്നു സന്ധ്യയ്ക്കുതന്നെ പിന്നേയും മടങ്ങേണ്ടിവരുമൊ?

ആനന്ദവല്ലി ഒരു രുചിരമന്ദഹാസത്തോടെ നിഷേധരൂപത്തിൽ തല ഇളക്കി. “ഞാൻ സ്വാർത്ഥത്തിൽ അത്രത്തോളം പിടുത്തകാരി അല്ല. എന്റെ കീഴിലെ നടികൾക്കും ഓരോ അവസരം ഞാൻ വെച്ചുകൊടുക്കാറുണ്ടു്. ഞാൻ ബോമ്പായിൽ കുറെനാൾ ഉണ്ടായിരുന്നു. ഇന്നത്തേതു് ഒരു വിശേഷാൽ “മേട്ടിനി” ആയിരുന്നു. നാളെത്തുടങ്ങി പതിവുപോലെ കൃത്യങ്ങളിൽ ഞാൻ ഏർപ്പെടുകയായി.”

ഇങ്ങിനെ ഒരിക്കൽകൂടി, ആ വസന്തകാലദിവസം ഉച്ച തിരിഞ്ഞതിൽപിന്നെ ഭാസ്കരൻ താൻ പ്രേമിക്കുന്ന യുവതി. ഒരു നിഷ്ഠുരനെ വിവാഹംചെയ്ത സ്ത്രീ മഹത്തായവിധത്തിൽ ഭർത്താവിനെ ഉപേക്ഷിക്കുന്നതൊക്കെ, അഭിനയിച്ചുകൂട്ടുന്നതു് എത്രയോ രസത്തോടെ കണ്ടു. എന്നാൽ ഭർത്താവിനെ വെടിയുമ്പോൾ കാണിച്ച അഭിനയം പണ്ടത്തെപ്പോലെ നന്നായില്ലെന്നു തോന്നി. തന്മയത്വം അസാരം കുറഞ്ഞുപോയി. നാടകശാലയിൽനിന്നു് മടങ്ങുന്നവഴിക്കു് ഒരു സിഗറട്ടിനു് തീപ്പിടിപ്പിക്കാൻനിന്നപ്പോൾ അയാൾ ചുമൽ ഒന്നുരണ്ടുതവണ കുലുക്കി. ആ വസന്തത്തിലെ തേജോമയമായ സായാഹ്നം, നാടകാഭിനയം പണ്ടത്തേക്കാൾ നിർജ്ജീവവും ഉന്മേഷരഹിതവും ആക്കിയപോലെ തോന്നി. പിന്നെ അയാൾ ഇതു് എത്രയോ തവണ കണ്ടതുമാണു്. അതിലെ വാചകങ്ങളും ദേഹത്തിന്നു് വരുത്തുന്ന സ്ഥിതിഭേദങ്ങളും മുഖഭാവങ്ങളും ആനന്ദവല്ലിയാണു് നടിക്കുന്നതു് എന്ന ധാരണ ഉണ്ടായിട്ടുകൂടി അയാൾക്കു രസമായിത്തോന്നിയില്ല.

അയാൾക്കു് ഒക്കെ കെട്ടിലടങ്ങും. എല്ലാം സഹിപ്പാനും സാധിക്കും. എന്തുകൊണ്ടു്? കല്ക്കട്ടയിലേയ്ക്കു മടങ്ങുമ്പോൾ ആനന്ദവല്ലി, കാറിൽ തന്റെ അരികെ ഇരിക്കുന്നുണ്ടാകുമല്ലൊ എന്ന വിചാരംകൊണ്ടു്. ബാക്കി യാതൊന്നിന്നും ഒരു ഭേദവും സിദ്ധിച്ചതായിക്കണ്ടില്ല. ആനന്ദവല്ലി ഒരു വിവാഹിതയാണെന്ന കാര്യവും അയാൾക്കു മറക്കാൻ പാടില്ല. ഒരു നാട്ടുമ്പുറത്തിലെ സത്രത്തിൽ അവർ ഭക്ഷണംകഴിപ്പാൻ ഇരുന്നു. നീയാരിന്റെ (Quisqualia) പൂങ്കുലകളുടെ സൗരഭ്യം മൃദുവായുവഴിയായി അവർ അനുഭവിച്ചു.

ആ സത്രത്തിന്റെ അരികെക്കൂടെതന്നെയായിരുന്നു അയാൾ ഇന്നലെ തന്റെ മധുവിധു അനുഭവിക്കാൻ ലണ്ടനിൽ നിന്നു് സമുദ്രതീരത്തിലെ ഹോട്ടലിലേയ്ക്കു യാത്രചെയ്തതു് എന്ന വിവരവും അയാൾക്കു് ഓർമ്മയായി. അന്നു് തന്റെ അരികെ ഉണ്ടായിരുന്നതു് മറ്റൊരു പെണ്ണായിരുന്നു. അയാളുടെ മധുവിധു ഭ്രാന്തൻ വിധിയുടെ ഊഹിച്ചെടുത്തുകൂടാത്ത ചക്രം തിരിച്ചൽകൊണ്ടു്, അയാൾ ഇന്നു് മടങ്ങുന്നതു് താൻ കാര്യമായി പ്രേമിക്കുന്ന പെണ്ണിന്റെ ഒന്നിച്ചാണു്. ഇന്നലെ അയാൾ ബന്ധനസ്ഥനായിരുന്നു. ഇന്നു് അയാൾ സ്വതന്ത്രനായി. നിയമപ്രകാരമോ, അഭിമാനപ്രകാരമോ ബദ്ധനല്ല.

മാനമോ! എന്താണു് അയാൾ കാണുന്നതു്? ഒരു വെള്ള അടിച്ച “വാർഡ്” (ആസ്പത്രിയിലെ ഒരു മുറി) അതിന്റെ ഒരു ഭാഗത്തു് ഒരു വലിയ കണ്ണാടി. അതിൽ നിഴലിച്ചു കാണുന്നതു് ഒരു വെളുത്ത കൃശാംഗിയുടെ വിഗ്രഹം. സൂര്യപ്രഭ അവളുടെ മുഖം ധവളമാക്കിയിരുന്നു. അവളുടെ മുഖത്തിന്റെനേരെ മീതെ പ്രതിബിംബിച്ചിരുന്ന തന്റെ സ്വന്തമുഖത്തിന്റെ കാര്യവും ഓർമ്മവന്നപ്പോൾ അയാൾ ഒന്നു ഞെട്ടിപ്പോയി. അയാളുടെ മുഖം കോപംകൊണ്ടു് കലുഷമായിരുന്നു. സ്തോഭംകൊണ്ടു് കറുത്തിരുന്നു. താൻ മന്ദമായി ആ മുറിയിൽക്കൂടെ നടന്നിരുന്നു. പട്ടുടുത്ത ആ കൃശാംഗിയെ കൈകളിൽ വാരിയെടുത്തു് അവളെ തല്പത്തിന്മേൽ കിടത്തി സ്വിച്ചു് തിരിച്ചു വെളിച്ചം കെടുത്തികളഞ്ഞതും അയ്യാൾക്കു് ഓർമ്മയായി. പിന്നെ ഓർമ്മയായതു് നനഞ്ഞതുണികൊണ്ടു് ചുറ്റപ്പെട്ട ആ പരവശപ്പെട്ട കൃശാംഗമാണു്. കോളിൽപെട്ടു് ഉലഞ്ഞുടഞ്ഞുപോയ വെളുത്ത ലില്ലിയെപ്പോലെ മനോഹരമായ അവളുടെ ശരീരമാണു്. പിഞ്ഞാണത്തിന്റെ അരികെ നീട്ടിയ കൈ മുഷ്ടിചുരുട്ടിപ്പോയി.

ആനന്ദവല്ലി:
ചങ്ങാതി! എന്താ മിണ്ടാത്തതു്. വല്ലവ്യസനവും നേരിട്ടൊ.

ആനന്ദവല്ലിയുടെ സ്വരം ആക്ഷേപവും നൈരാശ്യവും കുറിച്ചിരുന്നു. ഭാസ്കരൻ ക്ഷണം സ്വന്തം കോലത്തിലായി. പുരുഷന്മാരുടെ അനുകമ്പ, അവരെ തെണ്ടിപ്പെണ്ണുങ്ങളുടെ നേരെ വലിച്ചുകൊണ്ടുപോകുന്നു. അനഘതകുറിക്കുന്ന നേത്രങ്ങളുള്ള അവസരനോട്ടക്കാരികളുടെ കയ്യിലാക്കപ്പെട്ടുപോകുന്നു. മുങ്ങിച്ചാകാറായ അവളേയും എടുത്തു് പാറകളുടെമേലെ കൊണ്ടുവന്ന വിചാരം എങ്ങിനെ ഉപേക്ഷിക്കും! വെറും ഒരു യാദൃഛികസംഭവം! എന്നിട്ടുകൂടി ആ ശപിക്കപ്പെട്ട അനുഭവം മനസ്സിൽനിന്നു് വിട്ടുപോകുന്നില്ല. ഇന്നലെരാത്രി കഴിഞ്ഞകഥയൊ!… അതിനെന്താ! അവൾ, മറ്റൊരുവളാണെന്നു നടിച്ചതു് അവൾക്കു് നിശ്ചയമില്ലേ! കൗശലവും വഞ്ചനയുംകൊണ്ടു് ഉണ്ടാക്കിത്തീർത്ത വിവാഹം നിലനില്ക്കയില്ലെന്നു് അവൾ നിശ്ചയമായിട്ടും അറിഞ്ഞിരിക്കും.

“ആനന്ദവല്ലി! നീ അരികെ ഉള്ളപ്പോൾ എനിക്കു് സുഖക്കുറവു് നേരിടാൻ ഇടയുണ്ടോ?” എന്നും പറഞ്ഞു് അവളുടെ നേരെ ചെരിഞ്ഞു്, അവൾ കടിച്ചുപിടിച്ച സിഗറട്ടിനു് തീകൊളുത്തിക്കൊടുത്തു. അവൾ പെട്ടെന്നു് എഴുന്നേറ്റു് ഇങ്ങിനെപറഞ്ഞു: “ഭാസ്കർ, നമുക്കു് പിന്നിലുള്ള മരക്കൂട്ടത്തിൽ കൂടെ ഒന്നു് ഇറങ്ങി നടക്കാം. നോക്കു. ഇന്നു് പ്രഥമയാണു്. എനിക്കു് ധനസമ്പാദനത്തിനുള്ള ഭാഗ്യം ഉണ്ടു്.”

ചിരിച്ചുങ്കൊണ്ടു് അവൾ മുമ്പിൽനടന്നു. പഴയസമ്പ്രദായത്തിൽ ഉണ്ടാക്കിയ പൂന്തോട്ടവും കടന്നു് പൈൻ, ബീച്ചു് മുതലായ മരങ്ങളുടെ കൂട്ടത്തിൽ ദൂരെയുള്ള കുന്നിന്മേൽ അവർ കേറാൻതുടങ്ങി. അരിവാൾപോലെ ചന്ദ്രന്റെ ചെറിയ ഒരംശം ചക്രവാളത്തിന്റെ ഒരു അറ്റത്തു് കാണപ്പെട്ടു. പടിഞ്ഞാറെ അറ്റത്തിൽനിന്നു് അസ്തമനസൂര്യന്റെ രക്തകിരണങ്ങൾ മുഴുവനും വിട്ടുപോയിട്ടില്ല. ഒന്നും മിണ്ടാതെ അവർ തമ്മിൽ തൊട്ടുംകൊണ്ടു് കുറെനേരം നടന്നു. വൃക്ഷങ്ങളുടെ ഇടതിങ്ങിയ ശാഖകൾകൊണ്ടു് മേൽഭാഗം പായിട്ടപോലെ തോന്നി.

ആനന്ദവല്ലി:
(പിന്നീടു് ഒരു പതുങ്ങിയ ചിരിയോടെ) അന്നത്തെ രാത്രിയിൽപിന്നെ നിങ്ങൾ എന്തുകൊണ്ടു് എന്നെ കാണ്മാൻ വന്നില്ല.
ഭാസ്കരൻ:
(മന്ദമായിട്ടു്) നീ അറിയും എന്നു് ഞാൻ വിചാരിച്ചു. അതുവരെ നീ വിവാഹിതയാണെന്നു് ഞാൻ ധരിച്ചിരുന്നില്ല.
ആനന്ദവല്ലി:
(വ്യസനത്തോടെ) എന്റെ ഭർത്താവു് മരിച്ചുപോയി.

“എന്തു്” എന്നു വെടിപൊട്ടുംപോലെ ഒരു ശബ്ദം ഭാസ്കരനോടു് പുറത്തിറക്കിപ്പോയി. എന്നിട്ടു് ഭാസ്കരൻ മരംപോലെ ഒരേടത്തു് നിന്നുപോയി.

ആനന്ദവല്ലി:
അതേ. ബോമ്പായിൽവെച്ചിട്ടു്. ഒരു അപകടത്തിൽപെട്ടുപോയിട്ടു്. ഞാൻ ഇപ്പഴാണു് മടങ്ങി എത്തിയതു്. ഓ. (തല പിന്നോക്കം വെച്ചു് കൈരണ്ടും അഭിനയിക്കുമ്പോലെ മുന്നോട്ടു് തള്ളിപ്പിടിച്ചിട്ടു്) വാസ്തവത്തിൽ എനിക്കു് ഉണ്ടാവാൻ പാടില്ലാത്ത വ്യസനം ഞാൻ ഉണ്ടെന്നു് എന്തിനു് നടിക്കുന്നു, പരമാർത്ഥം എനിക്കു് വിടാൻ പാടില്ല. വിശ്വസിക്കുവാൻ കൊള്ളുന്നവളാണെന്ന പേരാണു് ഞാൻ ഇതുവരയ്ക്കും പുലർത്തിയതു്. അയാൾ എന്റെ ഭാസ്കരാ! ഒരു ശുദ്ധ മൃഗമായിരുന്നു. (അവൾ ഞെട്ടിവിറച്ചപോലെ നടിച്ചു.) ആ വിവരം ആർക്കും ഉണ്ടായിരുന്നില്ല. ആരും ഊഹിച്ചെടുത്തിട്ടുമില്ല. ഭാര്യയുടെ ധർമ്മം വിചാരിച്ചു് ഞാൻ ഒരിക്കലും അയാളെ വഞ്ചിച്ചിട്ടുമില്ല. പുറമെ ആരോടും അയാളുടെകള്ളി വെളിച്ചത്താക്കീട്ടില്ല. ഞാൻ എന്തെല്ലാം കഷ്ടങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നു് ആരും അറിയുകയില്ല. മദ്യപാനം-അവീൻ-പരസ്ത്രീസേവ—ഇതൊക്കെയാണു് അയാളുടെ പ്രത്യേകതകൾ. മിക്കസമയത്തും എന്റെ കയ്യും പുറവും നീലപ്പരുക്കുകൾകൊണ്ടു് നിറഞ്ഞിരുന്നു. ഞാൻ ഒരു കൊല്ലംമുമ്പെ അയാളെ ബോമ്പായിൽ ഇട്ടേച്ചുപോന്നു. എന്റെ പേർ പത്രങ്ങളിലുംമറ്റും പ്രസിദ്ധപ്പെടുത്തിക്കണ്ടപ്പോൾ അയാൾ കല്ക്കട്ടയിൽ എന്നേയും പിന്തുടർന്നുവന്നു. ഞാൻ കൈക്കൂലിയായി എന്റെ പണംമുഴുവനും അയാൾക്കുകൊടുത്തു. അപ്പഴാണു… (അവൾ അല്പം വിരമിച്ചു. കൈകൾകൊണ്ടു് മുഖംപൊത്തി) ഇഷ്ടാ! ഇങ്ങിനെയിരിക്കെ അയാൾ മരിച്ചതു് എനിക്കു് സുഖമായിത്തോന്നിയതിൽ എന്താണത്ഭുതം? നിങ്ങൾ എന്നേ ഇതുകൊണ്ടു് ദയയില്ലാത്തവൾ എന്നു് എണ്ണുമൊ! അങ്ങിനെ ഒരു അപരാധം എന്റെ മേൽ ഇതുവരെ ചുമത്തിയതായിക്കേട്ടിരിക്കുന്നോ?

അവളുടെ തൊണ്ടയിടറി, വാക്കുകൾ പുറമെ വരുത്താൻ പ്രയാസപ്പെട്ടു. അതു കണ്ടപ്പോൾ അയാളുടെ കണ്ണിൽനിന്നു് വെള്ളം പൊടിയുവാൻ പോകുന്നുണ്ടെന്നു് തോന്നിപ്പോയി. നാടകരംഗത്തിനേക്കാൾ നല്ലനാട്യം അനുഭവിക്കാൻ സൗകര്യം മറ്റുദിക്കിൽവെച്ചാണു് കിട്ടാനെളുപ്പം. എന്നാൽ ഈ ഒരു പാഠം ഭാസ്കരൻ പഠിച്ചിരുന്നില്ല. അയാൾ അറിഞ്ഞിരുന്നുമില്ല. അയാൾ നല്ലവണ്ണം അറിഞ്ഞതു് (ഒന്നു്) ആനന്ദവല്ലിയുടെ ഭർത്താവു് മരിച്ചു. (രണ്ടു്) ആനന്ദവല്ലിക്കു് മറ്റൊരാളെ വിവാഹം കഴിപ്പാൻ സ്വാതന്ത്ര്യം കിട്ടി.

ആ നിമിഷത്തിൽ കഴിഞ്ഞുപോയ ആഴ്ചയിലെ സകല സങ്കടാനുഭവങ്ങളും തേഞ്ഞുമാഞ്ഞുപോയി. ആനന്ദവല്ലി വിവാഹിതയാണു് എന്നറിഞ്ഞ ആ രാത്രി മനോവേദന സഹിയാതെ തെരുവുകളിൽകൂടെ ചുറ്റിത്തിരിഞ്ഞിട്ടായിരുന്നു അദ്ദേഹം കഴിച്ചതു്. ഇപ്പോളാകട്ടെ രണ്ടുപേരും സ്വതന്ത്രരായി. അവളും അയാളും! “ആനന്ദവല്ലി! എന്റെ പ്രേമഭാജനമായ ആനന്ദവല്ലി! എന്റെ ജീവിതസർവ്വസ്വമെ!” എന്നു് അയാൾ തന്നേത്താനറിയാതെ നിലവിളിച്ചുപോയി. അയാളുടെ പാണിബന്ധനത്തിൽ അകപ്പെടാൻ അവൾ ഒരുങ്ങിനിന്നിരുന്നു. എന്നാൽ പ്രേമംകൊണ്ടു് മതിമറന്നുപോയ ഭാസ്കരൻ യൂറോപ്യൻസമ്പ്രദായത്തിൽ അവളുടെ മുന്നിൽ മുട്ടുകുത്തി അവളുടെ കൈപിടിച്ചു് അതിന്മേൽ ഒരു ചുംബനംവെച്ചുകഴിഞ്ഞിരിക്കുന്നു. ആനന്ദവല്ലി ഒരു നേരംപോക്കുപോലെ അയാളുടെ കോമാളിക്കളികണ്ടിട്ടു് പുറപ്പെട്ടുപോയ ചിരി ഒരുവിധേന ഒരുക്കി. ഈ കാമികൾ ഭ്രാന്താശയന്മാരാണു്. അവർ സ്ത്രീകളെ ഈശ്വരികളെപ്പോലെ ആരാധിച്ചുവരുന്നവരാണു്. എന്നിട്ടു് ഒരു വല്ലാത്തസ്വരത്തിൽ അവൾ സംസാരിച്ചു.

ആനന്ദവല്ലി:
നിങ്ങൾ അറിയുമോ? നിങ്ങളുടെ വിവാഹം കഴിഞ്ഞുപോയി എന്ന ഒരു സംസാരം ഞാൻ കേട്ടു.
ഭാസ്കരൻ:
ആനന്ദവല്ലി! നിന്നെയാണു് ഞാൻ വിവാഹം കഴിപ്പാൻ പോകുന്നതു്. നിന്നെ ഒന്നാമതു് കണ്ടമുതല്ക്കു് എന്റെ സ്വപ്നം അതുതന്നെ ആയിരുന്നു. നമ്മൾ പട്ടണത്തിലേയ്ക്കു മടങ്ങുക.

ഇന്നലെക്കഴിഞ്ഞുപോയ ആ വഞ്ചനാവിവാഹം റദ്ദാക്കുവാൻ ഇനി ഒരു നിമിഷംപോലും താമസിക്കുക വയ്യാതായി. നാളെ രാവിലെ അയാൾ ചെയ്വാൻവെച്ച ഒന്നാമത്തെ കൃത്യം തന്റെ വക്കീലിനെ ചെന്നുകാണുകയാണു്. വിവാഹം നിയമപ്രകാരം അസാധുവാണെന്നു് സ്ഥാപിക്കുകയാണു്. മദ്ധ്യവേനലിലെ ഒഴിവുദിവസങ്ങൾക്കു മുമ്പായി കോടതിവിധി സമ്പാദിക്കണം. പിന്നെ ആനന്ദവല്ലിയെ വിവാഹവും കഴിക്കണം.

ആ രമ്യമായ ആലോചന അയാളെ ലഹരിപിടിപ്പിച്ചു.

ധനത്തെപ്പറ്റിയുള്ള ഭാരവാഹിത്വം മുഴുവനും ഹേമാംഗൻ ഏറ്റെടുത്തതു് വളരെ നന്നായെന്നു് ഭാസ്കരന്നു തോന്നി. അതൊരു പരിഹാരമാർഗ്ഗമാണെന്ന ശങ്കകൂടി ആർക്കും ഉണ്ടാകരുതു്. അവളുടെ വെളുത്ത ദേഹവും ഇരുണ്ടമുടി സൂര്യരശ്മിയിൽ വിളങ്ങിയരീതിയും നിലത്തുകിടത്തിയ ആ നനഞ്ഞ തുണിക്കൂമ്പാരവും ഒരു മധുരക്കിനാവുപോലെ അയാൾക്കു തോന്നി.

തെണ്ടിപ്പെണ്ണു്! കരിങ്കള്ളത്തി! ചതിച്ചി! ഭാസ്കരന്റെ ചുണ്ടുകൾക്കു് ഉറപ്പുകൂടി. അയാൾ കാറിന്റെ ഏക്സലറേട്ടിന്മേൽ കാൽവെച്ചു. അവളെ അയാൾ മേലാൽ കാണുകകൂടി ഉണ്ടാകയില്ല. അയാൾ ആനന്ദവല്ലിയെ വിവാഹം ചെയ്വാനാണു പോകുന്നതു്.

ഹേമാംഗന്റെ സഹായം
ഹേമാംഗൻ:
ഹേ ധനം! നീ മേലാൽ എങ്ങിനെ കഴിവാനാണു് ഭാവം! വല്ല പ്ലാനും കരുതിവെച്ചിട്ടുണ്ടോ?

ഇങ്ങിനെ പറയുമ്പോൾ അയാൾ ധനത്തിന്റെ മുഖത്തിന്റെ അരികെ തന്റെ തലകുനിച്ചിരുന്നു. ധനം നല്ലേരിക്കയിലായിരുന്നു. അവൾ ശീതബാധ ഇല്ലാതിരിപ്പാൻ ഒരു കൊട്ടപോലെ തോന്നുന്ന കസേലയുടെ ഉള്ളിൽ നിറഞ്ഞു പോയിരുന്നു. അവളുടെ മുഖത്തിന്റെ വിളർച്ച ഇനിയും കേവലം വിട്ടുപോയിട്ടില്ല. ഒരു കൈയ്ക്കു കറുത്ത ഒരു പട്ടുറുമാലിന്റെ കെട്ടു് ഉണ്ടായിരുന്നു. ഇതൊക്കെ അല്ലാതെ അവൾ അനുഭവിക്കേണ്ടിവന്ന കഠിനാരിഷ്ടങ്ങളുടെ വേറെ ചിഹ്നങ്ങൾ ഒന്നും അവൾ വഹിച്ചിരുന്നില്ല.

ധനം നിഷേധസൂചകമായി ഉരുണ്ടു മനോഹരമായ തന്റെ തല ഇളക്കിയപ്പോൾ, കണ്ണുനീർത്തുള്ളി രണ്ടു കവിളിന്മേൽകൂടേയും ഒഴുകിവീണു. അവൾ ഉടനെത്തന്നെ അതു തുടച്ചുകളഞ്ഞു.

ധനം:
അങ്ങുന്നേ! എനിക്കു് എന്തെങ്കിലും ഒരു ജോലി കിട്ടാൻ നോക്കേണ്ടതുണ്ടു്. ഞാൻ അതിനേപ്പറ്റി നിങ്ങളോടു പറവാൻ ആലോചിച്ചുകൊണ്ടിരുന്നു. ഇവിടുന്നു് എനിക്കു് എങ്ങിനേയെങ്കിലും വിട്ടുപോകാതെ നിവൃത്തി ഇല്ല. ഇവിടത്തെ കണക്കുതീർപ്പാൻ മറ്റെനിക്കു സാധിക്കയില്ല.
ഹേമാംഗൻ:
(സന്തോഷത്തോടെ) ഓ. അതിനെപ്പറ്റി വേശാറാകേണ്ടതൊന്നും ഇല്ല. ഇവരുടെ കണക്കു ഞാൻ ഇന്നു തന്നെ തീർക്കും.
ധനം:
അതിന്നു കുറേ അധികം പണം വേണ്ടിവരില്ലെ? പിന്നെ നിങ്ങൾ പണത്തിന്നു ബുദ്ധിമുട്ടുള്ള ആളാണെന്നും പറഞ്ഞില്ലേ! നിങ്ങൾ എന്തു കാര്യത്തിനാണു് ഞാൻ കൊടുക്കേണ്ടുന്ന പണം ഏറ്റെടുക്കുന്നതു്?

ഹേമാംഗൻ ചിരിച്ചു. കാര്യം മനസ്സിലാകാത്ത ഭാവം അയാളുടെ മുഖത്തു സ്ഫുരിച്ചു.

ഹേമാംഗൻ:
ഞാൻ കാശില്ലാതെ കുഴങ്ങിയ കാലവും ഉണ്ടായിരുന്നു. അതുകൊണ്ടായിരുന്നു നിന്റെ ചങ്ങാതി ജാനു എന്നെ വിവാഹം ചെയ്യാതിരുന്നതു്. ഇവിടത്തെ കണക്കുതീർപ്പാൻ എനിക്കു് ഒരു ദിവസം പട്ടിണി കിടക്കേണ്ടിവരും എന്നു തോന്നുന്നില്ല. അതുകൊണ്ടു് അതു വിചാരിച്ചിട്ടൊന്നും ഖേദിക്കേണ്ടുന്ന കാര്യം ഇല്ല. നീ ഇപ്പോൾ നിന്റെ ദേഹത്തിന്റെ കാര്യംമാത്രം ആലോചിച്ചാൽ മതി.
ധനം:
(മന്ദഭാവത്തോടെ) നിങ്ങൾ എന്തു കാര്യത്തിനാണു് എന്നോടു് ഇത്രത്തോളം ദയ കാട്ടുന്നതു് എന്നു് എനിക്കു മനസ്സിലാകുന്നില്ല.

ഹേമാംഗൻ പിന്നേയും ഒന്നും മനസ്സിലാകാത്ത ഭാവത്തോടെ അവളെ നോക്കി. ഇവളെന്താ യാതൊരു തെറ്റു ചെയ്യാത്തവളെപ്പോലെയും പ്രേമലംഘനംനിമിത്തം സങ്കടപ്പെടുന്ന ഒരു നിഷ്കളങ്കയേപ്പോലെയും എന്നോടു നടിച്ചുനോക്കുന്നതു്? എന്നാൽ അഭിനയത്തിന്നു് നല്ല തന്മയത്വവും യഥാർത്ഥഭാവവും ഉണ്ടു്. അയാൾ വായിൽ കടിച്ചുപിടിച്ചിരുന്ന സിഗറട്ടെടുത്തു ദൂരെ എറിഞ്ഞു.

ഹേമാംഗൻ:
വാസ്തവത്തിൽ എനിക്കും മനസ്സിലാകുന്നില്ല.

അദ്ദേഹത്തിന്റെ കല്പിച്ചുകൂട്ടിയ മന്ദഹാസത്തിൽ വളരെ അർത്ഥങ്ങൾ ധ്വനിച്ചിരുന്നു.

ഹേമാംഗൻ:
ഇങ്ങിനെ ഒരു തോന്നൽ ഭാസ്കരനും എനിക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാസ്കരന്നു് ഇപ്പോൾ അതു പാടില്ലാതായി വന്നിരിക്കുന്നു. അയാൾ വിവാഹം അസാധുവാണെന്നു സ്ഥാപിക്കാൻ ഹർജി ബോധിപ്പിച്ചുകഴിഞ്ഞു് എന്നു് നീ അറിയുമായിരിക്കും.

ഇതുകേട്ടപ്പോൾ കസേലയുടെ കൈപിടിച്ച അവളുടെ കയ്യുടെ പിടിത്തം മുറുകിയതും അവളുടെ ദേഹം ഒന്നു വിറച്ചു പോയതും അയാൾ കണ്ടു. അവളുടെ സ്വരം നല്ലവണ്ണം പൊന്തിയിരുന്നില്ല.

ധനം:
അതു ഞാൻ ആലോചിച്ചതാണു്.

അദ്ദേഹത്തിന്റെ നോട്ടം അവളുടെ വെളുത്തു നേരിയ വിരലുകളിന്മേലാണു് പിന്നീടു പതിച്ചതു്. ഒന്നിന്മേൽനിന്നു വിവാഹമോതിരം മിന്നിയിരുന്നു.

ഹേമാംഗൻ:
(അതു ചൂണ്ടിക്കാണിച്ചിട്ടു് കർക്കശമായി) നിണക്കു് ആ മോതിരം ഇടാൻ അധികാരമില്ല. അങ്ങിനെ ഇട്ടാൽ അതു വലിയ കുണ്ടാമണ്ടിക്കിടയാകും എന്നു് നീ അറിഞ്ഞിരിക്കേണ്ടതാണു്. നീ യഥാർത്ഥത്തിൽ ഭാസ്കരനെ വിവാഹം കഴിച്ചിട്ടില്ല. കോടതി നിശ്ചയമായിട്ടും ആ ഉപായത്തിൽ നടത്തിയ വിവാഹം അസാധുവാണെന്നു് സ്ഥാപിക്കാതിരിക്കയില്ല. പോരാഞ്ഞിട്ടു് മറ്റൊരുവളാണെന്നു തെറ്റിദ്ധരിപ്പിച്ചു നടത്തപ്പെട്ട വിവാഹം വഞ്ചന അറിഞ്ഞ ഉടനെത്തന്നെ അയാൾ നിഷേധിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടു്. നിണക്കു് അദ്ദേഹത്തിന്റെ നാമം നിന്റെ പേരിനോടു കൂട്ടിച്ചേർപ്പാനോ ഈ മോതിരം ഇടാനോ പാടുള്ളതല്ല.

ഹേമാംഗന്നു് ഒരുതരം ദ്രോഹം അനുഭവമായി വന്നിരുന്നു. അയാൾ പിന്നേയും കുനിഞ്ഞു് അവളുടെ മുഖത്തു നോക്കി.

ഹേമാംഗൻ:
(പെട്ടെന്നു്) നീ എന്തു ദുരിതത്തിനാണു് ഇങ്ങിനെ ചെയ്തതു്. ഊഹിപ്പാൻ പ്രയാസമായിരിക്കുന്നു. പണത്തിനുവേണ്ടി ഇത്രത്തോളം സാഹസം ചെയ്യുന്നവളാണെന്നു് ഞാൻ നിന്നെ കരുതിയിരുന്നില്ല.

അവൾ ഹേമാംഗനെ മുഖം ഉയർത്തീട്ടു് ഒന്നു നോക്കി.

ധനം:
(ഉല്ക്കണ്ഠയോടും ആവേശത്തോടും) അങ്ങുന്നേ! അതു പണം കൊതിച്ചിട്ടായിരുന്നില്ല. ഓ! അതൊന്നും നിങ്ങളെ പറഞ്ഞു മനസ്സിലാക്കിത്തരുവാൻ സാധിക്കയില്ലെന്നും തീർച്ചയാണു്. നിങ്ങളെ എന്നല്ല ഒരാളേയും പറഞ്ഞു ധരിപ്പിക്കാൻ ആവതല്ല. അതു് ഒരു വലിയ തെറ്റാണെന്നു് എനിക്കറിയാം. എന്നാൽ; ഓ! ജീവിതത്തിലെ അന്ധകാരവും ശൂന്യതയും സുഖമില്ലായ്മയും മറ്റും നിങ്ങൾ സഹിക്കേണ്ടിവന്നിരിക്കയില്ല. അങ്ങിനെ ഇന്നും നാളെയും എന്നവിധത്തിൽ ലോകത്തോടു് കാര്യമായ ബന്ധം ഒന്നും ഇല്ലാതെ ജീവിച്ചുകൊണ്ടിരിക്കുക. അങ്ങിനെ ഇരിക്കുമ്പോളാണു് എനിക്കു് ഒരു ദിവസം ഭാസ്കരനെ കണ്ടുമുട്ടാൻ സംഗതിവന്നതു്. എന്റെ മുതലാളി, നാടകത്തിന്നു പോവാൻവേണ്ടി, എനിക്കു് ഒരു ടിക്കറ്റു് സമ്മാനിച്ചിരുന്നു. അതു് എന്നോടു വീണുപോയി… അദ്ദേഹം എന്നെക്കണ്ടു വിവരം അറിഞ്ഞു. അയാളുടെ റിസേർവ് ചെയ്ത ബോക്സിൽ എന്നേയും കൊണ്ടിരുത്തി എന്നോടു് വളരെ ദയ കാണിച്ചു. അന്നത്തെ രാത്രി ഞാൻ സ്വർഗ്ഗലോകത്താണെന്നു് എനിക്കു തോന്നിപ്പോയി. അദ്ദേഹം എന്റെ പേരുംകൂടി ചോദിച്ചിരുന്നില്ല. ഞങ്ങൾ പിരിഞ്ഞു. ജാനു വിവാഹവും കഴിഞ്ഞു മടങ്ങിവരാത്ത വിധത്തിൽ രാജ്യംവിട്ടു. അങ്ങിനെ ഇരിക്കുമ്പോൾ ജാനുവിന്നു വക്കീൽമാരുടെ കത്തുവന്നു. ആ സമയത്താണു് ഭാസ്കരനോടുള്ള പ്രണയംകൊണ്ടു് മിന്നൽപോലെ ഒരു യുക്തി എനിക്കു തോന്നിയതു്. എന്നെ ബാധിച്ച, പ്രണയപരമായ മനോരാജ്യം യഥാർത്ഥ രാജ്യമാക്കേണ്ടുന്ന ഒരു ഒന്നാന്തരം വഴി ദൈവംതന്നെ കാണിച്ചുതന്നതാണെന്നു് എനിക്കു തോന്നി. എന്നിട്ടുകൂടി എന്റെ മനഃസ്സാക്ഷി എന്നെ സമ്മതിച്ചില്ല. ഞാൻ അതിനോടും പടവെട്ടി ജയിച്ചു. ഞാൻ ഭാസ്കരനെ അത്രത്തോളം പ്രേമിച്ചുപോയി. എന്റേതു് ഒരിക്കലും ധനപ്രേരണയല്ല. പ്രേമപ്രേരണ മാത്രമായിരുന്നു.

ഇങ്ങിനെ പറയുമ്പോൾ അവളുടെ തൊണ്ട ഇടറി. ഒരു നിമിഷനേരം അവൾ കൈകൊണ്ടു് മുഖംപൊത്തി. എന്നിട്ടു് ലോകത്തോടുണ്ടായിരുന്ന അവസാനത്തെ ബന്ധവുംകൂടി പൊട്ടിക്കാൻ ഒരുങ്ങിയപോലെ അവൾ വിരലിന്മേൽനിന്നു് മോതിരം ഊരി എടുത്തു് ഹേമാംഗന്നു് വെച്ചുകാട്ടി.

ധനം:
ദയവിചാരിച്ചു് ഇതു് എന്റെ കയ്യിൽനിന്നു വാങ്ങു. ഇതു് എനിക്കുവേണ്ടി ഭാസ്കരന്നുതന്നെ മടക്കിക്കൊടുത്തേയ്ക്കു. നിങ്ങൾ പറഞ്ഞതു ശരിയാണു്. അതു് എനിക്കു മേലാൽ ധരിപ്പാൻ അവകാശമില്ല. അദ്ദേഹത്തിന്റെ യാതൊരു സാധനത്തിന്നും എനിക്കു് അവകാശമില്ല.

അയാൾ ആലോചിച്ചിട്ടു് ആ മോതിരം വാങ്ങി അതു തിരിച്ചും മറിച്ചും നോക്കി. അതിൽപ്പിന്നെ തന്റെ പോക്കറ്റിൽ ഇട്ടു. എന്നാൽ, അയാൾ അവളുടെ വാക്കു വിശ്വസിച്ചിരുന്നോ? അതു പാടില്ലെന്നാണു് അയാൾക്കു തോന്നിയതു്. അവളുടെ വാക്കുകളിൽ ഒരു ഗൗരവം ഉണ്ടായിരുന്നു. സത്യത്തിന്റെ ഒരു ചുഴ നിശ്ചയമായിട്ടും ഉണ്ടായിരുന്നു. “സാധുകുട്ടി, സാധുകുട്ടി” എന്നു മാത്രം അയാൾ പിറുത്തു. കുറേനേരം രണ്ടാളും ഒന്നും മിണ്ടിയിരുന്നില്ല. ഒരു കോലമില്ലാത്ത മാതിരിയിലാണെങ്കിലും ആ മൗനത്തിനു ഭംഗം വരുത്തിയതു് അയാൾ ആയിരുന്നു.

ഹേമാംഗൻ:
നോക്കു ധനം! നിന്നെ പണംകൊണ്ടും മറ്റും സഹായിക്കാൻഎന്നെ അനുവദിക്കണം. ഒരുസമയം ഒരേരീതിയുടെ ആവർത്തനംകൊണ്ടു് മുഷിച്ചൽ ഉണ്ടാകാത്ത മറ്റൊരു ജോലിയിൽ നിന്നെ ഏർപ്പെടുത്തിത്തരാൻ എനിക്കു സാധിച്ചു എന്നു വരും. നീയിപ്പോൾ എന്റെ കൂടെ വരുമെങ്കിൽ ഞാൻ നിന്നെ വിനോദിപ്പിക്കാൻ നോക്കാം.

അയാളുടെ വായിൽനിന്നു് അർത്ഥമുള്ള ഈ വാക്കുകൾ പുറപ്പെട്ടപ്പോൾ അയാളുടെ അഭിമുഖമായി ഇരുന്നിരുന്ന തരുണിയും അയാൾക്കുതന്നേയും അത്ഭുതംതോന്നി. അവൾ നല്ലവണ്ണം കണ്ണുതുറന്നു് അയാളെ നോക്കി. അയാളെ യഥാർത്ഥരൂപത്തിൽ അവൾ മനസ്സിലാക്കിയതു് അപ്പോളാണു്. അയാൾക്കു ഭാസ്കരനേക്കാൾ ജാസ്തി വയസ്സുണ്ടു്. ചുരുളാത്ത കറുപ്പുമുടിയാണു് അയാൾക്കുള്ളതു്. കണ്ണു് ഉള്ളോട്ടു് അമർന്നതും ചുണ്ടു നേരിയതും, താടിയെല്ലു് വിസ്തൃതവും രോമം കളഞ്ഞതുകൊണ്ടു് നീലനിറവും ആയിരുന്നു. കണ്ണിൽ സ്തോഭത്തിന്റെ അഭാവം കണ്ടിരുന്നു. ലോകത്തിലെ പല പ്രകൃതിഭേദങ്ങളും അയാൾ അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നു തോന്നും. അതൊന്നും ഗണ്യമാക്കാത്ത ഒരാളാണെന്നു മുഖത്തിന്റെ ദാർഢ്യം കുറിക്കുന്നുണ്ടു്. ആൾ ഒന്നു കൊണ്ടും കലങ്ങിപ്പോകാത്ത മനസ്സുറപ്പിന്റെ ഒരു മൂർത്തിയാണെന്നതു് നിസ്സംശയമാണു്. ചുണ ധാരാളം ഉണ്ടു്. താൻ ഒന്നിന്നുറച്ചാൽ പരമാർത്ഥം വളരെ വിലവെയ്ക്കാത്ത ഒരു സ്വഭാവവുംകൂടി അയാൾക്കുണ്ടു്.

ധനം:
നിങ്ങൾ എന്നോടു് ഇത്ര ഔദാര്യം കാണിക്കുന്നതെന്തിനാണു്?
ഹേമാംഗൻ:
എന്തുകൊണ്ടു് എനിക്കു കാണിച്ചുകൂട?

അയാൾ പതുക്കെ ചിരിച്ചു. എന്നാൽ സ്വരം അസാരം പരുപരുത്തതായിരുന്നു. അദ്ദേഹത്തിന്നു് ഒരു ആവേശവും ഭ്രമവും ഉള്ളതുപോലെ തോന്നി. പണ്ടൊന്നും അവൾ ഇത്ര സുന്ദരിയാണെന്നു മനസ്സിലാക്കാതിരുന്നതു് അത്ഭുതമായിട്ടു് അയാൾക്കു തോന്നി. അയാൾ പെട്ടെന്നു് എഴുന്നേറ്റു നിന്നു.

ഹേമാംഗൻ:
നിന്റെ സുഖക്കേടു ഭേദമായി. നാളെ നിണക്കു് ആസ്പത്രിവിട്ടുപോകാം എന്നാണു് ഡോക്ടർ പറഞ്ഞതു്. ഞാൻ ഒരു കാർ കൊണ്ടുവരാം. നിന്നെ കല്ക്കട്ടയിൽ കൊണ്ടുവിടാം. നിന്റെ ഭാവിയെപ്പറ്റി അവിടെവെച്ചു നമുക്കു സംസാരിക്കാം. എന്നിട്ടു് വേണ്ടതു് തീർച്ചപ്പെടുത്താം. എന്നാൽ ഇപ്പോൾ പോകട്ടെ. നാളെ കാണാം. രാമരാമാ.
ഹേമാംഗന്റെ ശ്രമം

കുറേദിവസം കഴിഞ്ഞപ്പോൾ ധനത്തെ പിന്നേയും കല്ക്കട്ടയിൽ കാണുമാറായതു് ഇങ്ങിനെയാണു്. “വെസ്റ്റ് എണ്ടിലെ” ഒരു എണ്ണംപറഞ്ഞ ഹോട്ടലിൽ അവൾക്കു് ഒരു ടൈപ്പിസ്റ്റിന്റെ ഉദ്യോഗം കിട്ടി. അവളുടെ ചുറ്റുവട്ടത്തിലുള്ള ജീവിതരീതി വളരെ ഉന്മേഷജനകമായിരുന്നു. പണ്ടു് മുപ്പത്തഞ്ചുറുപ്പിക ശമ്പളമായി ഒരു തുണിഷാപ്പിൽ—ഒരു വെളിച്ചം അധികമില്ലാത്ത മുറിയിൽ—അവൾ കഴിക്കേണ്ടിവന്ന കാലത്തേക്കാൾ തിരക്കും, ഉണർച്ചയും, വിനോദവും സംഭവവിപുലവുമായ കാലത്തിലാണു് അവൾ പ്രവേശിച്ചതു്. അവളുടെ ശമ്പളം ആഴ്ചയിൽ നൂറുറുപ്പികയാണു്.

ഇപ്പോൾ അവൾക്കു പണത്തിന്റെ ഭാവമോ അഭാവമോ വലിയ വികാരഭേദത്തിന്നു് കാരണമായിരുന്നില്ല. അവിടത്തെ റിസ്റ്റോറണ്ടിലും പൂന്തോട്ടത്തിലും നിറഞ്ഞിരുന്ന, അവസ്ഥക്കാരായ സ്വദേശികളും പരദേശികളും പെരുമാറിയിരുന്ന രീതികാണ്മാൻ അവൾക്കു വളരെ കൗതുകമായിരുന്നു. ഒരു ദിവസം നിശ്ചയമായിട്ടും, ഭാസ്കരൻ അങ്ങിനെ ഒരിക്കൽ ഇവിടെ വന്നുകേറാനും മതി. അപ്പഴൊ! അങ്ങിനെ വന്നാലൊ! അങ്ങിനെ ഒരു സംഭവം വന്നുചേരുന്നതു് സന്തോഷമായോ ഭയമായോ അവൾ പ്രതീക്ഷിക്കുന്നതു് എന്നു് തല്ക്കാലം ഉറപ്പുപറവാൻ അവൾക്കു സാധിച്ചില്ല. അദ്ദേഹം അവളുടെ നേരെ ഒരു നോട്ടവുംകൂടി വെയ്ക്കില്ലായിരിക്കും തീർച്ചയാണു്. അവൾ ഇരിക്കുന്നതു് ലോഹവലക്കെട്ടുള്ള ഒരു മുറിയുടെ ഉള്ളിലാണു്.

ആപ്പീസ്സിൽ അവൾക്കു് ഒരു ചങ്ങാതിയെ കിട്ടി. അവളുടെ പേർ മാർത്ത എന്നാണു്. അവൾ പരിഷ്ക്കാരത്തിന്റെ കൂടാണു്. അവളുടെ സ്കർട്ട് നീളം കുറഞ്ഞതും ദേഹത്തോടു പറ്റിനില്ക്കുന്നതുമായിരുന്നു. അവൾ നല്ല വെളുപ്പാണു്. കൺപുരികം ഒരു വരപോലെ ആകത്തക്കവണ്ണം പൊരിപ്പിച്ചുകളഞ്ഞിരിക്കുന്നു. ചുണ്ടുകളിന്മേൽ “ലിപ്സ്റ്റിക്കു് ” തേച്ചിട്ടും ഉണ്ടു്. മാർത്ത നീണ്ട കണ്ണുകളുള്ളവളും തന്റെ പരിതഃസ്ഥിതി നല്ലവണ്ണം മനസ്സിലാക്കിയവളും, പുരുഷന്മാരെ പുച്ഛമായി ഗണിക്കുന്നവളും നല്ല നടവടിയിൽനിന്നു് വ്യതിചലിക്കാത്തവളും ആയിരുന്നു. മാർത്തയുടെ തന്റേടവും അകന്ന നില്പും കണ്ടിട്ടു് ധനത്തിന്നു് അവളോടു സ്നേഹമായി. മാർത്ത ധനത്തെ ഒരു മാതൃസ്നേഹത്തോടെ ശുശ്രൂഷിച്ചിരുന്നു. മാർത്ത ധനത്തോടു് എപ്പോഴും സംസാരിച്ചിരുന്നു.

മാർത്ത:
ഈ “വെസ്റ്റ് എണ്ടിൽ” നീ പണ്ടൊന്നും ജോലി നടത്തീട്ടുണ്ടായിരുന്നില്ല. അല്ലേ! ഇഷ്ടത്തി! നിന്റെ കണ്ണിൽ ഒരു അഗാധ വ്യസനചിഹ്നം ഞാൻ കാണുന്നുണ്ടു്. ചില സിനിമാതാരങ്ങളെപ്പോലെ. നീ നിന്റെ നില വിട്ടു കൊടുക്കരുതു്. ആരും നിന്നെ അപകടത്തിലാക്കാതിരിപ്പാൻ പ്രത്യേകം സൂക്ഷിക്കേണ്ടതാണു്. ഇവിടെ വളരെ പുരുഷച്ചെന്നായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ടു്. അവരുടെ നോട്ടം അഴകുള്ള തരുണികളുടെ മേലെയാണു്.

ധനം ചെറുതായി ഒന്നു മന്ദഹസിച്ചു. എന്നാൽ അവൾക്കു തന്റെ ചങ്ങാതിയുടെ സാരവത്തായ ഉപദേശം അനാവശ്യമായിരുന്നു. എന്തുകൊണ്ടെന്നാൽ തന്റെ ചുറ്റുവട്ടത്തിൽ കണ്ട യാതൊരാൾക്കും, ഒരു ആകർഷണമൊ തദീയതയൊ ഉണ്ടായിരുന്നില്ല. പോരാഞ്ഞിട്ടു് അവളുടെ കൺമുമ്പിൽ അവൾ ഏതുസമയത്തും കണ്ടിരുന്നതു് ഒരേ ഒരു മുഖമാണു്. അതു ഭാസ്കരന്റേതു മാത്രമാണു്. അയാളെ അവൾക്കു് ഒരിക്കലും മറക്കുവാൻ സാധിക്കയില്ല! അയാളെപ്പറ്റിയുള്ള അവളുടെ മധുരവും കയ്പും കലർന്ന സ്മരണകൾ ഒരിക്കലും മാഞ്ഞുപോകയില്ലേ?

അവളുടെ ജോലിയിൽ മാത്രം മനസ്സിരുത്തി. കഴിഞ്ഞ സംഭവങ്ങൾ കേവലം മറന്നുകളവാൻ അവൾ ശ്രമിച്ചു. ഒന്നും ഫലിച്ചില്ല. അവളുടെ മനസ്സു് ജോലിയിൽ ഇരുത്താൻ വിചാരിച്ചാലും ജോലി അത്രയ്ക്കുമാത്രം ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ അദ്ദേഹം വരുന്നുണ്ടോ എന്നു് എപ്പോഴും നോക്കിയിരുന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഫോൺവഴിയായി ഹേമാംഗൻ അവളെ വിളിച്ചു. അപ്പോൾ അവൾ ജോലിയിൽ ഏർപ്പെട്ടിരുന്നു. ചോദിച്ചതു് ഏതെങ്കിലും ഒരുദിവസം വൈകുന്നേരം അയാളുടെ ഒപ്പം “ഡിന്നർ” കഴിപ്പാൻ അവൾക്കു് അവസരം ഉണ്ടാകുമോ എന്നാണു്. ആ അവസരം അവൾ നന്ദിപൂർവ്വം സ്വീകരിച്ചു. ഒരു സമയം അവൾക്കു് ഭാസ്കരന്റെ വല്ല വർത്തമാനവും കിട്ടുവാൻ ഇടയുണ്ടായിരിക്കും. അവളുടെ ആർത്തിയോടു നില്ക്കുന്ന ആത്മാവിന്നു് അതെങ്കിലും ഒരു ആശ്വാസമായിരിക്കും. ഒരു സമയം തന്റെ വിവാഹം അസാധുവാണെന്നു സ്ഥാപിക്കുന്ന വിധി കോടതിയിൽനിന്നു് സിദ്ധിച്ചോ എന്ന വിവരവുംകൂടി അവൾക്കു് അറിവാൻ ഇട ഉണ്ടായിരിക്കും.

എന്നാൽ അങ്ങിനെയൊന്നും പാസ്സായിട്ടില്ല എന്നാണു് ഹേമാംഗൻ അവളെ ധരിപ്പിച്ചതു്. എന്നതിൽപ്പിന്നെ അദ്ദേഹം ഭാസ്കരന്റെ നാമംതന്നെ ഉച്ചരിച്ചില്ല. അതിന്നു പകരം സന്തോഷവും വിനോദവും സ്ഫുരിക്കുന്ന സംഭാഷണങ്ങളിൽത്തന്നെ അയാൾ എപ്പോഴും ഏർപ്പെട്ടു. ക്രമേണ ഓരോ അസ്പഷ്ടമായ പുഞ്ചിരി ധനത്തിന്റെ മുഖത്തിലും കൂടക്കൂടെ അങ്കുരിച്ചുതുടങ്ങി. അവൾ ജോലി എടുത്തിരുന്ന ഹോട്ടലിൽനിന്നു സിദ്ധിക്കുന്നതിലും വിശിഷ്ടപദാർത്ഥങ്ങൾ നല്ല ഒരു “റെസ്റ്റോറണ്ടിൽ” വെച്ചു് അയാൾ, അവളെക്കൊണ്ടു തീറ്റിച്ചു. തെള്ളിപ്പതച്ചുവരുന്ന “ഷേമ്പൈൻ” അവളെക്കൊണ്ടു കുടിപ്പിച്ചു. അയാൾ അവളെ പിടിച്ചു് ഒന്നു നൃത്തം വെച്ചപ്പോൾ അവൾ വിരോധം ഭാവിച്ചില്ല. നൃത്തത്തിന്റെയും സംഗീതത്തിന്റേയും വിനോദലഹരിയിൽ, ക്ഷണകാലംകൊണ്ടു് അവളുടെ സങ്കടങ്ങളൊക്കെ അവൾ മറന്നു.

അവളുടെ ഹൃദയം അദ്ദേഹത്തിന്റെ ആകർഷണത്തിൽ മുങ്ങിത്തുടങ്ങി. അയാൾ വലിയ ഔദാര്യമാണു് അവളോടു കാണിച്ചിരുന്നതു്. എത്രയോ സാരമായ ദയ! അവളുടെ താമസം “ചെൽമ്പിയയിലെ” പിൻതെരുവിലെ ഒരു ഭവനത്തിൽ ആയിരുന്നു. അയാൾ ഒരു ടാക്സിപിടിച്ചു് അവളെ അവിടെ കൊണ്ടാക്കി. അയാൾ വളരെനേരം ഒന്നും മിണ്ടാതെ അവളുടെ അടുക്കെത്തന്നെ ഇരുന്നു. അവൾ സ്വന്തം ആലോചനയിൽ മുഴുകിയിരുന്നു.

അപ്പോൾ ഹേമാംഗൻ പെട്ടെഴുന്നേറ്റു്, അവളുടെ അത്യാശ്ചര്യത്തിന്നു് അവളെ കൂട്ടടങ്ങനെ പൊത്തിപ്പിടിച്ചു്, അവളെ പാണിബന്ധനത്തിനുള്ളിലാക്കി, “ധനം! നിന്നെ ഞാൻ പ്രേമിക്കുന്നു. എന്നെ നീ സ്വീകരിക്കുക. എല്ലാസുഖങ്ങളും ഞാൻ ഉണ്ടാക്കിത്തരാം” എന്നു് അവളുടെ ചെവിയിൽ മന്ത്രിച്ചു.

ഒരു നിമിഷനേരം, ആശ്ചര്യംകൊണ്ടു് ധനത്തിന്നു് അയാളെ തടസ്ഥപ്പെടുത്താൻ സാധിച്ചില്ല. പണ്ടൊരിക്കൽ ജാനുവേ കലശലായി പ്രേമിച്ച ആളാണു് ഈ ഹേമാംഗൻ. അക്കാലത്തു് അയാൾ ധനത്തിനെ ഒരു നോക്കു് നോക്കുകയോ ഒരു വാക്കു് ധനത്തോടു മിണ്ടുകയൊ ചെയ്തിരുന്നില്ല. അദ്ദേഹത്തിന്റെ മുഖം അവളെ ചുംബിക്കാൻതക്കവണ്ണം തിരിയുന്നതു കണ്ടു. അതു പാടില്ല. അവൾ ഉള്ളംകൈ അയാളുടെ മാറിന്മേൽവെച്ചു് ഊക്കോടെ തള്ളി അയാളെ അകറ്റിനിർത്തി. “ഹേമാംഗാ! നിങ്ങൾക്കു് ഭ്രാന്താണോ” എന്നു് പരിഭ്രമത്തോടെ ചോദിച്ചു.

ഹേമാംഗൻ:
(മന്ദമായി ചിരിച്ചിട്ടു്) ഭ്രാന്തോ! നിന്നെ പ്രേമിക്കുന്നതു് ഭ്രാന്തിന്റെ ലക്ഷണമാണോ?
ധനം:
എന്നുവെച്ചാൽ—ജാനുവിനെയല്ലേ നിങ്ങൾ പ്രേമിച്ചതു്. നിങ്ങൾ അന്നു് എന്നെ ഒന്നു നോക്കിയതുകൂടി ഇല്ലായിരുന്നല്ലൊ.

അവളെ ബാധിച്ചതു കോപത്തേക്കാൾ ആശ്ചര്യമായിരുന്നു. അയാൾ ഒരിക്കൽകൂടി ചിരിച്ചു.

ഹേമാംഗൻ:
ഇഷ്ടത്തി! ജാനുവിന്റെ വിവാഹം കഴിഞ്ഞുപോയി ഇല്ലേ! ഇനി ഇല്ലെന്നു വിചാരിച്ചാലും എന്റെ മനസ്സിൽനിന്നു് അവളുടെ രൂപം നീ നിശ്ശേഷം മായിച്ചുകളഞ്ഞിരിക്കുന്നു. അവൾ ഒരു സുന്ദരി ആയിരിക്കാം. എന്നാൽ നീയാണു് മനോഹരി.
ധനം:
മനോഹരിയോ! (വിഡ്ഢിത്തമായി ആ വാക്കു് ആവർത്തിച്ചിട്ടു്) ഹേമാംഗ! ദയവുചെയ്തു് എന്നെ നോക്കിച്ചിരിക്കാതിരിക്കൂ.

അവളുടെ വാക്കു് ഇടറി. എന്നാലും, ദയനീയനിലയിലാണെങ്കിലും അവൾ അവളുടെ ഗൗരവം വിട്ടിരുന്നില്ല. അവൾ ഒരു മനോഹരി ആയിരുന്നു എങ്കിൽ ഭാസ്കരൻ ഇത്രത്തോളം പുഛമായി അവളെ തിരസ്ക്കരിച്ചുകളകയില്ലായിരുന്നു.

ഹേമാംഗൻ:
നിണക്കു് ആ വിവരം ഇല്ലെന്നോ നീ പറഞ്ഞുകൊണ്ടുവരുന്നതു്?

ഇങ്ങിനെ ചോദിച്ചതു് വിശ്വാസമില്ലാത്ത ഭാവത്തിലാണു്. എന്നാൽ അയാൾ രണ്ടാമതും അവളേ പിടിച്ചുകൂട്ടുവാൻ ശ്രമിച്ചില്ല. “ടാക്സി”, ഓവുപാലത്തിന്മേൽനിന്നു തെറ്റി രാജവീഥിയിൽ എത്തിപ്പോയി. അവിടെ ജനങ്ങൾ ലാത്തിക്കൊണ്ടിരുന്നു. അവളുടെ സൗന്ദര്യം കുടിപ്പാൻവേണ്ടി എന്നപോലെ അയാൾ അവളുടെ നേർക്കുതന്നെ നോട്ടംവെച്ചു അവൾ പാപം ചെയ്യാത്ത ഒരു അനർഘയോ, അല്ല ഒന്നിനും മടിക്കാത്ത സ്വാർത്ഥതല്പരയോ, ഇതിന്റെ യഥാർത്ഥമാണു് അയാൾക്കു് മനസ്സിലാക്കാൻ സാധിക്കാത്തതു്. കഴിഞ്ഞ ആഴ്ച ഈ പ്രശ്നം നൂറുതവണ അയാൾ ആവർത്തിച്ചിരുന്നു. എന്നിട്ടു് കൂടി ഒരു തൃപ്തികരമായ സമാധാനം അയാൾക്കു ലഭിച്ചിരുന്നില്ല. അയാൾ മന്ദസ്വരത്തിൽ പിന്നേയും പറഞ്ഞുതുടങ്ങി.

ഹേമാംഗൻ:
നീ എന്റെ ചോദ്യത്തിന്നു് ഉത്തരം പറഞ്ഞിട്ടില്ല. നിന്നെക്കൊണ്ടുനടക്കുന്നതൊക്കെ ഞാനാക്കാം. നീ എന്റെ ഒന്നിച്ചുപോരുക. എനിക്കു് നീ അത്യാവശ്യമാണു്. ഞാൻ നിന്നെ പ്രേമിക്കുന്നു. എനിക്കു് ഇപ്പോൾ പണം ധാരാളം ഉണ്ടു്. നിനക്കു് വേണ്ടുന്നതൊക്കെ ഞാൻ തരാം.

നിഷേധഭാവത്തിൽ ധനം തല ഇളക്കി. അവളുടെ കണ്ണിൽവെള്ളം നിറഞ്ഞു.

ധനം:
ഹേമാംഗ! ഞാൻ പ്രേമിക്കുന്നതു് ഭാസ്കരനെയാണു്. എനിക്കു് മറ്റൊരാളെയും പ്രേമിക്ക വയ്യാ! (ബദ്ധപ്പാടോടെ) നിങ്ങൾ ഒന്നു് അറിയേണ്ടതുണ്ടു്. ഞാൻ ഏതു് സമയത്തും വിവാഹം ചെയ്തിട്ടുണ്ടെന്നുതന്നെ ധരിക്കും. നിയമം ഇല്ലെന്നു് സ്ഥാപിച്ചാലും എന്റെ മനോഭാവത്തെ മാറ്റുവാൻ നിയമത്തിന്നും മറ്റുള്ളവർക്കും സാധിക്കയില്ല. ഞാൻ അദ്ദേഹത്തിന്റെ സ്വത്താണു്. എനിക്കു മറ്റൊരാളെ വിവാഹം കഴിപ്പാൻ മനസ്സു് വരില്ല.

വിവാഹം കഴിക്ക എന്നോ! ഹേമാംഗന്റെ മുഖത്തു് ഒന്നും തിരിയാത്തപോലെ ഉള്ള വികാരം പ്രത്യക്ഷമായി. ഇങ്ങിനെ പറയത്തക്കവണ്ണം ദോഷരഹിതമായ ഹൃദയമാണോ അവൾക്കുള്ളതു്. അല്ല! ഇതൊക്കെ അതിയായ സൂത്രവും തന്ത്രവുംകൊണ്ടു് പുറത്തിറക്കുന്ന നാട്യങ്ങളൊ! അവളേകൊണ്ടു നടക്കും എന്നു് പറഞ്ഞപ്പോഴും അവളെ വിവാഹം കഴിക്കും എന്ന വിചാരം അയാൾക്കു് കേവലം ഉണ്ടായിരുന്നില്ല. അധികം ആലോചിക്കാനില്ല. ആരാൻ ഒരുവളുടെ സ്ഥാനത്തു കേറി. ഒരു പുരുഷനെ മറ്റവളാണെന്നു് തെറ്റിദ്ധരിപ്പിച്ചു് വിവാഹം കഴിപ്പാൻ മടിക്കാത്ത പെണ്ണല്ലേ ഇവൾ! ഇപ്പോൾ ഇത്ര മേന്മ ഭാവിച്ചാലോ! എന്നാലും അവൾക്കു് ഒരു വിവരിക്കവയ്യാത്ത തന്റേടവും ഗൗരവവും ഉണ്ടു്. എന്തായാലും അതു് വെറും നാട്യമല്ലെന്നും തോന്നിപ്പോകുന്നു.

ധനം:
(ശാന്തസ്വരത്തിൽ) നിങ്ങൾ എന്നോടു് വളരെ ദയയും ഔദാര്യവും കാണിച്ചിട്ടുണ്ടു്. എനിക്കു പ്രതിയായി വല്ലതും ചെയ്തുതരാൻ സാധിക്കാത്ത വിധത്തിൽ നിങ്ങൾ വളരെ ഉപകാരംചെയ്തു. നേർസിങ്ങ് ഹോമിൽ ഞാൻ കൊടുക്കാനുള്ളതു് നിങ്ങളാണു് കൊടുത്തുതീർത്തതു്. ഞാൻ ഇപ്പോൾ കൊണ്ടുനടക്കുന്ന ജോലി എനിക്കു സിദ്ധിച്ചതു് നിങ്ങളെക്കൊണ്ടാണു്. ഞാൻ ഗതിയില്ലാതെ പരവശയായി നടക്കുമ്പോൾ നിങ്ങൾ എനിക്കു് ഒരു അസ്ഥിവാരം ഉണ്ടാക്കിത്തന്നു. നിങ്ങളോടു് ഞാൻ എത്രത്തോളം നന്ദിയുള്ളവളാണെന്നു് എനിക്കു് പറഞ്ഞറിയിപ്പാൻ പ്രയാസം.

ഹേമാംഗന്നു് അസാരം ലജ്ജ തോന്നി. അയാൾ പലരാജ്യങ്ങളിൽ ചുറ്റിത്തിരിഞ്ഞിട്ടുണ്ടു്. താൻ ഒരു സന്യാസിയാണെന്ന ഭാവവും അയാൾ നടിച്ചിരുന്നില്ല. ഏതായാലും അവളെ വെപ്പാട്ടിയാക്കാമെന്ന തന്റെ ഉദ്ദേശത്തെ അവൾ വിവാഹമെന്നാക്കി തെറ്റിദ്ധരിച്ചതും വളരെ നന്നായെന്നു് അയാൾക്കു തോന്നി. സ്ത്രീകളുമായി നേരിടുമ്പോൾ ഒരു പുരുഷന്നു് മിശ്രമനസ്ഥിതിയോ, ക്ഷണം ക്ഷണം ഭേദിക്കുന്ന മനസ്ഥിതിയോ ആണു് അനുഭവമാകുന്നതു്. എന്നാലുംകൂടി അയാൾ തെറ്റുചെയ്തുപോയി എന്ന വ്യസനധാരണയോടെ ചിരിച്ചു. ടാക്സി ധനത്തിന്റെ പടിയരികെ എത്തിയപ്പോൾ നിർത്തി.

ഹേമാംഗൻ:
എന്തായാലും എന്റെ പ്രേമം നിലവിൽ നില്ക്കുന്നുണ്ടു്. എന്നു വെച്ചിട്ടു് നാം തമ്മിലുള്ള ചങ്ങാതിത്വത്തിന്നു് ഭംഗം വരുത്തേണ്ടുന്ന ആവശ്യമില്ല. അതു പണ്ടത്തെ നിലയിൽത്തന്നെ നില്ക്കട്ടെ.
ധനം:
(ഉൽക്കണ്ഠയോടെ) നിങ്ങൾ ഒരു ഉത്തമനായ ചങ്ങാതിയാണു്. ഒരു യുവതിക്കു് ഇത്ര നല്ല ഒരു ചങ്ങാതിയെക്കിട്ടുവാൻ പ്രയാസമാണു്.

കൈ പിടിച്ചു്, ഇംഗ്ലീഷു് സമ്പ്രദായത്തിൽ കുലുക്കിയതിന്റെ ശേഷം ധനം തന്റെ വീട്ടിൽകേറി വാതിൽ തഴുതിട്ടു.

ഹേമാംഗൻ തിരിഞ്ഞുനിന്നു് ഒരു സിഗറട്ടിന്നു തീപ്പിടിപ്പിച്ചു. “ഞാൻ ഒരു വിഡ്ഢിയാണു്. ഇത്ര വലിയ പടുവങ്കനായി എന്നെപ്പോലെ ഒരാളും ഉണ്ടായിരിക്കയില്ല.” എന്നു തന്നോടുതന്നെ പിറുപിറുത്തു.

ഭാസ്കരനുംകൂടി ഇത്ര വിഡ്ഢിയായിരുന്നില്ല. ഹേമാംഗൻ അയാളെ ഒരു വീരധർമ്മം പരിപാലിക്കുന്ന പുരുഷനാണെന്നു കണക്കാക്കീട്ടുണ്ടു്. ഏതായാലും ഭാസ്കരൻ തന്റെ കണ്ണിൽ പൊടിയിടുവാൻ ഈ പെണ്ണിന്നു്, നിന്നു കാണിച്ചു കൊടുത്തിട്ടില്ല. ഇരിക്കട്ടെ. ജീവിതകാലം ഒരു ഏടാകൂടകാലമാണു്. എന്താണു് വരാൻ പോകുന്നതു് എന്നൊന്നും നിശ്ചയിച്ചുകൂട.

ഹേമാംഗൻ തന്റെ ദേഹം ഒന്നു് ഇളക്കി പിന്നേയും ഒരു സിഗറട്ടിന്നു തീപിടിപ്പിച്ചു. മറ്റൊരു ടാക്സി വിളിച്ചുവരുത്തി. ഏതായാലും ഒരു ന്യായപ്രകാരവും അവൾ ഭാസ്കരന്റെ ധർമ്മപത്നി ആയിരുന്നില്ല. താനാണു്, ഭാസ്കരന്നു് ബോമ്പിട്ടുകൊടുത്തപോലെ കള്ളിമുഴുവൻ വെളിച്ചത്താക്കിക്കൊടുത്തതു്. വിവാഹത്തിന്നു പ്രതിബന്ധം ഉണ്ടാക്കിയതും അയാൾതന്നെയാണു്. ആ സ്മരണകളൊക്കെ വന്നുചേർന്നപ്പോൾ കലശലായ സംതൃപ്തികൊണ്ടു് ഒരു ഭയങ്കര വിജയം സിദ്ധിച്ചിട്ടുണ്ടെന്നു് അയാൾക്കു ബോദ്ധ്യമായി.

“കാലാവലോകനം കാര്യസാദ്ധ്യം സഖേ.” തല്ക്കാലം അവളെ ഭയപ്പെടുത്താൻ പാടില്ല. കാര്യങ്ങളുടെ കോലമൊക്കെ സൂക്ഷിച്ചു മനസ്സിലാക്കി ഉറപ്പിച്ചു നടന്നുകൊൾക. തന്നിൽ അവൾക്കു് ഇളകാത്ത വിശ്വാസവും ആശ്രയഭാവവും ഉണ്ടാക്കിത്തീർക്കുക. അതാണു് ശരിയായ നടപടി.

മാർത്തയുടെ സഹായം

അതു് ഒരു ജൂൺമാസത്തിലെ സായാഹ്നമായിരുന്നു. സൂര്യപ്രകാശത്തിന്റെ അപൂർവ്വോഷ്ണം നിമിത്തം, തെരുവുകളൊക്കെ സ്പന്ദിക്കുംപോലെ തോന്നിയിരുന്നു. സൂര്യപ്രകാശത്തിൽ മുഴുകിയ പാർക്കിലെ പച്ചപ്പുല്ലു് മൂടിയ മൈതാനി മിന്നുകയും വിറയ്ക്കുകയും ചെയ്തിരുന്നു. ദൂരേനിന്നു കാണപ്പെട്ടപള്ളിയുടെ ഗോപുരം ഒരു മങ്ങിയ നീലത്തടാകത്തിന്റെ വക്കിൽനിന്നു് പൊന്തിനില്ക്കുന്നതാണെന്നു തോന്നിപ്പോകും. റോയൽപാർക്കു് ഹോട്ടലിന്റെ ഉള്ളു്, ജന്നലുകൾക്കിട്ട തിരശ്ശീലകൾകൊണ്ടും, ഇലക്ട്രിക് (Electric) ഫേൻ (വിശറി) കൊണ്ടും, വേണ്ടതിലധികം “ഐസ്” സ്ടോറിലാക്കിവെച്ചതുകൊണ്ടും, ഉഷ്ണശമനം വരുത്താൻ യത്നിച്ചിട്ടുണ്ടു്. എന്നിട്ടുകൂടി ശാന്തി വന്നില്ല. ജനങ്ങളുടെ വിനോദാഗമനത്തിന്നു പരമകാഷ്ഠ സിദ്ധിച്ച കാലമാണിതു്. പണവും സമയവും ഉള്ള ജനങ്ങൾക്കു് എവിടെയും പോകാൻ സാധിക്കും. എന്നാൽ അവർ ഒത്തുകൂടിയതു് സ്വാഗതഹാളിലാണു്. എന്തുകൊണ്ടെന്നാൽ സാമുദായികവും കാലികവുമായ ഒരു ആചരണം, ആ ഹോട്ടലിൽ അക്കാലത്തു് വന്നുകൂടിയവരുടെ പേരുകൾ അടങ്ങിയ ഒരു പട്ടിക അവിടെ പറ്റിച്ചുവെക്കുക എന്ന കർമ്മമാണു്. തങ്ങളുടെ പേരും ഈ പട്ടികയിൽ പെട്ടിരിക്കുന്നോ എന്നറിവാനാണു് ഈ തിക്കും തിരക്കും ബഹളവും.

ധനം ജോലി എടുത്തിരുന്ന ഹോട്ടൽ ഇതുതന്നെ ആയിരുന്നു. അവൾ ഇരുന്നിരുന്ന കൂടുപോലെയുള്ള മുറിയിൽ ആർക്കും പ്രവേശനം നിരോധിച്ചിരുന്നു. ഇവരൊക്കെ എന്തു വിഡ്ഢികളാണെന്നു ധനം വിചാരിച്ചു. ഒരു മടുത്തുപോയ വിധത്തിൽ അവൾ നെറ്റിമേൽ വീണ ചൂർണ്ണകുന്തളം മേലോട്ടു് ഉന്തിനിർത്തി. അവൾ ഓരോരുത്തർ കൊടുക്കേണ്ടുന്ന തുകയ്ക്കു “ബിൽ” ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. അവൾ കണക്കു തിരിച്ചും മറിച്ചും കൂട്ടിത്തുടങ്ങി.

അപ്പോൾ ടെലിഫോൺ ബെൽ അളറി. അതു അളറിയതു് ആളുകളെ ചൈത്താൻ പിടിക്കുന്ന മട്ടിലായിരുന്നു. ചിലപ്പോൾ നമ്പർ ശരിയല്ല. ചിലപ്പോൾ ഉപയോഗിക്കുന്നവരുടെ ശീലം നന്നല്ല. ധനം “റിസീവർ” എടുത്തു ചെവിയുടെ അടുക്കെ പിടിച്ചു. “അതെ! അതെ! അതെ! ഞാൻ അവളോടു പറയാം” എന്നും പറഞ്ഞു മതിയാക്കി. എന്നതിൽപിന്നെ അവൾ മിസ്സ് ഭാരതിയെ വിളിച്ചു് “മാനേജർക്കു നിന്നെ അയാളുടെ സ്വന്തം മുറിയിൽവെച്ചു് ഉടനേ കാണണംപോലും” എന്നു് അറിവു കൊടുത്തു.

മിസ്സ് ഭാരതി ആപ്പീസിലെ ഹെഡ്ക്ലാർക്കായിരുന്നു. പ്രായം നാല്പതായി. അവൾ മെലിഞ്ഞു വെറിപിടിച്ചവളായിരുന്നു. ഏതു സമയത്തും തന്റെ ഉദ്യോഗം പൊയ്പോകുമോ എന്ന ഭയം അവളെ പീഡിപ്പിച്ചിരുന്നു. അവൾ സമീപത്തു് ഒരു ചെക്കു് വെച്ചിരുന്നു. അവളെ വിളിച്ച സമയത്തു് അവൾ ഒരു കേഷ്ബോക്സിൽനിന്നു് ട്രഷറിനോട്ടുകൾ എടുത്തു് എണ്ണുകയായിരുന്നു. തന്നെ വിളിക്കുന്നു എന്നു കേട്ടപ്പോൾ അവൾ ബദ്ധപ്പാടിൽ ചെക്കെടുത്തു കേഷ്പെട്ടിയിൽ ഇട്ടു് താക്കോലിട്ടു പൂട്ടി, നോട്ടുകളൊക്കെ ധനത്തിന്റെ മുന്നിൽ ഇട്ടുകൊടുത്തു കല്പിക്കുംപോലെ ഇങ്ങിനെ പറഞ്ഞു. “ഇതാ പിടിക്കു. ആ “പിജിയൻ” ഹോളിന്റെ അടുക്കെ നില്ക്കുന്ന അയാൾക്കു് ഈ നോട്ടുകൾ കൊടുക്കുക. ഇതു് നൂറ്റമ്പതുറുപ്പികയാണു്. അയാളുടെ ചെക്കു മാറിയ പണമാണു്.” അവൾ ഉടനെതന്നെ അവിടുന്നുപോയി. അനാവശ്യമായി തന്നെ കാത്തുനിർത്തി സമയം വെറുതേ പോക്കി എന്നു കണ്ടാൽ മേനേജർക്കു നേരിടുന്നതു് രുദ്രന്റെ കോലമായിരുന്നു.

ധനം നോട്ടുകളും എടുത്തു് ആ “പിജിയൻ” ഹോളിന്റെ സമീപം ചെന്നു. പുറമെ ഒരാൾ നില്ക്കുന്നുണ്ടു്. അയാളെ തൊട്ടുകൊണ്ടു് ഒരു സ്ത്രീയും നിന്നിരുന്നു. മുഖം നല്ലവണ്ണം കണ്ടുകൂടായിരുന്നു. എങ്കിലും ധനം “സാറേ! നിങ്ങൾ ചെക്കുമാറിയ പണം ഇതാ” എന്നു വിളിച്ചുപറഞ്ഞു. അപ്പോൾ അദ്ദേഹം അടുത്തുവന്നു തലകുനിച്ചു നോട്ടുകൾ എടുക്കുമ്പോൾ ധനം യദൃച്ഛയാ ഒന്നുനോക്കി. അവൾ ഒന്നു ഞെട്ടിപ്പോയി!

അയാൾ ഭാസ്കരൻ ആയിരുന്നു.

അദ്ദേഹത്തിന്റെ പേരു് അറിയാതെ വിളിച്ചുപോയപോലെ അവൾക്കു തോന്നി. അല്ല അവളുടെ ഹൃദയം കരിഞ്ഞുപോയതുകൊണ്ടു് അവൾക്കു് അങ്ങിനെ തോന്നിപ്പോയതായിരിക്കുമോ? അവൾ ചിറിയും മുറുക്കിപ്പൂട്ടി വടിപോലെ അവിടെനിന്നു. എന്നാൽ അയാളുടെ നോട്ടം അവളുടെ മേൽ പതിഞ്ഞിരുന്നില്ല. അടുത്തു നിന്നിരുന്ന സ്ത്രീയോടു് സംസാരിച്ചുകൊണ്ടു് അയാൾ നോട്ടെല്ലാം വാരി എടുക്കുകയായിരുന്നു.

ധനത്തിന്റെ മുഖം അയാൾ സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ നേരെ തിരിഞ്ഞു. അവൾ ആനന്ദവല്ലി ആയിരുന്നു. സംശയമില്ല. സമുദ്രതീരത്തിലെ ഹോട്ടലിൽ വെച്ചു് അവർതമ്മിൽ കണ്ടുമുട്ടിയതും ധനത്തോടു് അവൾ പറഞ്ഞ സംഗതിയും ധനത്തിന്നു് നല്ലവണ്ണം ഓർമ്മവന്നു. ആനന്ദവല്ലിക്കും അവൾ ധനമാണെന്നു മനസ്സിലായിരിക്കണം. എന്തു കൊണ്ടെന്നാൽ അവൾ എത്രയോ പുച്ഛമായി ഒന്നു മന്ദഹസിച്ചിരുന്നു. ഭാസ്കരൻ നോട്ടുകളും എടുത്തു മടങ്ങാൻ ഭാവിക്കയായിരുന്നു.

ധനം:
ഇതാ ഒരു നോട്ടു്. നിങ്ങളോടു് എടുക്കാൻ വിട്ടുപോയി.
ഭാസ്കരൻ:
വലിയ ഉപകാരം.

അദ്ദേഹം മടങ്ങിവന്നു്, മുഖം പൊന്തിച്ചു് അവളുടെ മുഖത്തു് നല്ലവണ്ണം ഒന്നുനോക്കി. ധനത്തിന്നു് ശബ്ദം പുറമെ പുറപ്പെടാതായ്പോയി. അവളുടെ ഹൃദയം കഠിനമായി തുടിച്ചു. ഭാസ്കരന്റെ കണ്ണു് ഒരു നിമിഷനേരം അവളുടെ മുഖത്തു പതിച്ചു. അവളെ അയാൾ മറന്നിട്ടില്ലെന്നു ക്ഷണം വെളിവായി. അയാൾക്കു പരുങ്ങലായി. അവൾ, അയാൾ സംസാരിക്കാൻ ഭാവിക്കുന്നതു കണ്ടു. പെട്ടെന്നു് അയാൾ ചുമലൊന്നിളക്കി, അറിഞ്ഞു എന്നു കാണിക്കുംപ്രകാരം തലകുനിച്ചു് അവിടംവിട്ടു നടന്നുകളഞ്ഞു.

“ഭഗവാനെ! എന്താണു് ധനം! നീ വാ പൊളിച്ചു നോക്കുന്നതു്? ഞാൻ നിന്നോടു് രണ്ടുവട്ടം മിണ്ടിയല്ലൊ! നിണക്കു് എന്തുവന്നുപിടിച്ചുപോയി.”

ഇങ്ങിനെ പറഞ്ഞതു് മാർത്ത ആയിരുന്നു. അവളുടെ അഭിനയിക്കുംപോലെയുള്ള നടത്തവുംകൊണ്ടു് അവൾ ധനത്തിന്റെ അരികെ വന്നു്, ഒരു മേശയുടെ ഓരത്തു് കയ്യുംകുത്തി നിന്നു.

മാർത്ത:
ആ കറപ്പുചേല ഉടുത്തിരുന്നതു്, നാടകത്തിലെ താരമായ ആനന്ദവല്ലിയാണു്. ധനമെ! അവൾ ഇട്ടിരുന്ന മുത്തുമാല നീ കണ്ടില്ലെ! അവളുടേതു് ഒരു കവിഞ്ഞ അവസ്ഥയായിപ്പോയി. അവൾ ഇപ്പോൾ ഇവിടെത്തന്നെയാണു്. ഞാനും ആയിട്ടു് വലിയ അടുപ്പമൊന്നുമില്ല. എന്തൊ എനിക്കു് അവളെ അത്ര പിടിച്ചിട്ടില്ല. നിന്റെ അടുക്കെവന്നു് ഒരാൾ ചെക്കു് കേഷ് ചെയ്തില്ലെ! അയാളെ ആണു് അവൾ വിവാഹിക്കാൻ പോകുന്നതു്. അയാളെ നല്ല ഉടുമ്പിന്റെ പിടിത്തമാണു് പിടിച്ചതു്. അയാൾ അവളെ നോക്കിയമാതിരി കണ്ടാൽ ഏതൊരാൾക്കും ആ കാര്യം ഊഹിച്ചെടുക്കാം.

ഇതും പറഞ്ഞു് മാർത്ത നടന്നു. ധനം തിരിഞ്ഞു് അവളുടെ “ഡെസ്കിന്റെ” നേരെ നടന്നു. അവൾ ഒന്നു് ഇളകിമറിഞ്ഞു എന്നുതന്നെ പറയാം. ഒരു മാതിരി അന്ധകാരം അവളെ മൂടി. അഗാധവും കലങ്ങിമറിയുന്നതും ആയ ഒരു ചെറിയ പുഴയുടെ അക്കരയ്ക്കാണു് അവളുടെ കസേലവെച്ചതു് എന്നുതോന്നി. അവിടെ കടന്നുചെല്ലാൻ ഒരു ചൂടിയുടെ പാലം മാത്രമേ ഇട്ടിരുന്നുള്ളൂ എന്നും തോന്നി. ഞാണിന്മേൽ കളിക്കുന്നവനെപ്പോലെ എത്രയോ ചരിതത്തോടെ അവൾ അടിവെച്ചു തുടങ്ങി. ഒരു സമയം ഞാണിന്മേൽനിന്നു് അവൾ വെച്ച അടി തെറ്റിപ്പോയിരിക്കാം. ഒരു ഗർജ്ജനത്തോടുകൂടിയ അന്ധകാരത്തിൽ അവൾ നിമഗ്നയായിപ്പോയി.

ബോധം വന്നു് അവൾ കണ്ണു തുറന്നപ്പോൾ അവൾ ഉടുപ്പുമാറ്റുന്ന മുറിയിലാണെന്നു് മനസ്സിലായി. മാർത്ത അവളുടെ മുഖത്തു് പച്ചവെള്ളം തളിക്കുകയായിരുന്നു. അവളോടു് ഉച്ചത്തിൽ ഇടവിടാതെ സംസാരിക്കുന്നും ഉണ്ടു്. “ധനം! ഹേ ധനം! തന്റേടം വിട്ടുകളയൊല്ല. ഒന്നു നല്ലവണ്ണം ഉണരുക. ഹാ! അതു നന്നായി. നിന്റെ ക്ഷീണം ഒക്കെ തീർന്നു. എന്തുകാരണത്താലാണു് നീ ബോധംകെട്ടുപോയതു് എന്നു് എനിക്കു് മനസ്സിലാകുന്നില്ല” ധനം എഴുന്നേറ്റു് നേരെ ഇരുന്നു. “എനിക്കറിഞ്ഞുകൂട” എന്നുമാത്രം അവൾ ആവേശത്തോടെ പറഞ്ഞു. പിന്നേയും ഇങ്ങിനെ തുടർന്നുപറഞ്ഞു. “ഒരു സമയം ഉഷ്ണംകൊണ്ടായിരിക്കാൻമതി എന്നു ഞാൻ വിചാരിക്കുന്നു. ഞാൻ പണ്ടൊന്നും ഇങ്ങിനെ അകാരണമായി ബോധംകെട്ടു് പോയിട്ടില്ല. ഇന്നു് എനിക്കു് ഒരു വല്ലാത്ത തലചുറ്റും മനംപിരിച്ചലും പിടിപെട്ടിരുന്നു.

മാർത്ത:
(ഉച്ചത്തിൽ) അതേ. സംശയമില്ല. ഞാൻ അതു ഊഹിച്ചു. ഞാൻ നിന്നെ നോക്കിക്കൊണ്ടിരുന്നു. നിന്റെ ഉള്ളിൽ എന്തോ ഉണ്ടെന്നു ഞാൻ മനസ്സിലാക്കി. എടി! ശിന്ന വിഡ്ഢി! (കോപത്തോടെ) നീ പിഴച്ചു കാൽവെക്കാൻ തുടങ്ങിയോ?

മാർത്തയുടെ സ്വരത്തിൽ, കോപവും, അമ്പരപ്പും, ആവേശവും, അനുകമ്പയും കൂടിക്കലർന്നിരുന്നു. അവൾ സംസാരിച്ചതു് ധനത്തിന്റെ കൈത്തണ്ട പിടിച്ചിട്ടു് അവളെ ബലമായി ഇളക്കിക്കൊണ്ടാണു്.

ധനം:
എന്തു് ! നിങ്ങൾ പറഞ്ഞതിന്റെ സാരം എന്താണു്?

ധനത്തിന്റെ പരിഭ്രമം ഇനിയും തീരെ ശമിച്ചു പോയിരുന്നില്ല. അവൾക്കു് കഠിനമായ ഒരു തലവേദനയുംകൂടി ഉണ്ടായിരുന്നു. സഹായമില്ലാത്തപോലെ ധനം യുവതിയായ മാർത്തയെ നോക്കി.

മാർത്ത:
ഈശ്വരനെ വിചാരിച്ചിട്ടെങ്കിലും നീ നിന്റെ തലച്ചോർ ഉപയോഗിക്കുക കുട്ടി. ഒരു പുരുഷന്റെ കെണിയിൽ ഒന്നും നീ പെട്ടിട്ടില്ലല്ലൊ. അതു പറ.

ഇങ്ങിനെ പറഞ്ഞു് മാർത്ത പരിശോധിക്കുംപോലെ അവളുടെ മുഖംനോക്കി. ധനം വല്ലാതെ ഒന്നു പരുങ്ങി.

ധനം:
വല്ല പുരുഷരും എന്നോ? അതും ഇതും ആയിട്ടു്—ഓ.

അവൾ പെട്ടെന്നു വിരമിച്ചു് ആടുംപോലെ എഴുന്നേറ്റു നിന്നു. എങ്കിലും അവൾ വിളർത്തുപോയി. ദേഹത്തിന്മേൽ ഒരു തണുപ്പു് പടർന്നുപിടിച്ചു. “ഇല്ല. ഇല്ല. ഇല്ല.” എന്നു നിലവിളിച്ചുങ്കൊണ്ടു് അവൾ എടുത്തിടുംപോലെ കസേലമേൽ ഇരുന്നു. കൈകൾകൊണ്ടു് അവൾ മുഖം മറച്ചു.

മാർത്ത പിന്നേയും അവളുടെ കൈ പിടിച്ചു് അവളേ ആകപ്പാടെ ഇളക്കി.

മാർത്ത:
(കോപസ്വരത്തിൽ) എടി! ശിന്നവിഡ്ഢി! എടീ ശിന്നവിഡ്ഢി! എന്റെ ചോദ്യത്തിന്നു് നീ ഉത്തരം പറഞ്ഞപോലെ ആയി. എനിക്കു് മനസ്സിലായി. പുരുഷന്മാർ തനിച്ച ചെന്നായകളാണെന്നു പണ്ടേ ഞാൻ താക്കീതു് ചെയ്തിരുന്നില്ലെ! നീ അവരോടു് ഒരിക്കലും ലോഹ്യം കെട്ടുകയില്ലെന്നു് നടിച്ചു. അവരെ കണ്ടവാറാക്കുകയില്ലെന്നു കൂടിപ്പറഞ്ഞു! ഈശ്വരോരക്ഷ!

മാർത്ത കോപത്തോടെ അവളുടെ പിടുത്തം വിട്ടു്, അവളുടെ നെറ്റിയുടെ രണ്ടുഭാഗവും പിടിച്ചു. അവൾ നിലത്തു് കോപത്തോടെ ചവിട്ടി. “വിഡ്ഢികൾവിഡ്ഢികൾ-വിഡ്ഢികൾ—ഈ പെൺകുട്ടികൾ എങ്ങിനെയാണു് ഇത്ര വിഡ്ഢികൾ ആയിപ്പോകുന്നതു്” എന്നു പറഞ്ഞു.

എന്നാൽ ധനം അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. കൊട്ടപോലെ താണ കസേലമേൽ അവൾ ചുരുണ്ടുകൂടി. ഉടുപ്പു മുറിയിൽ കാര്യമായിട്ടു് ആ ഒരു കസേല മാത്രമേ ഉണ്ടായിരുന്നുള്ളൂ. കണ്ണുമൂടിയ അവളുടെ കയ്പടങ്ങൾ മലമ്പനി പിടിച്ചപോലെ വിറച്ചിരുന്നു. താൻ കണ്ടതും കേട്ടതും ഒക്കെയും പരമാർത്ഥമായിരിക്കുമോ! എല്ലാം കളവാണെന്നു വന്നാൽ എത്ര നന്നായിരുന്നു. മാർത്ത അവളോടു് പറഞ്ഞുകൊടുത്തതു് എന്തൊരു ഭയങ്കരവർത്തമാനമാണു്. അവളുടെ കുറ്റത്തിലും വളരെ കവിഞ്ഞ ശിക്ഷയാണു് അവൾക്കു കിട്ടിയതു്. അതൊക്കെ സത്യമായിരിപ്പാൻ പാടില്ല. പാടില്ലതന്നെ. അവളുടെ ചുണ്ടുകൾ പറഞ്ഞു. അവൾ ദീനഭാവത്തോടെ ഒരാശ്വാസത്തിന്നുവേണ്ടി മാത്രം മുമ്പറഞ്ഞപ്രകാരം മന്ത്രിച്ചു. എന്നാലുംകൂടി അതൊക്കെ സത്യമാണെന്നു വന്നാലോ!

അങ്ങിനേയും വന്നുകൂടെ! തീർച്ചയായിട്ടും അങ്ങിനേയും വരാം. ആ പൊട്ടപ്പൊറോട്ടു കളിയായ മധുവിധു കഴിഞ്ഞതിൽപിന്നെ. കാറ്റും കോളുംകൊണ്ടു് ഇലകൾ ഇളകുമ്പോലെ അവളുടെ അവയവങ്ങൾ വിറച്ചു. അന്നത്തെ പരമാനന്ദത്തിന്റെ ഫലം ഇന്നത്തെ ഭയങ്കരമായ വിറയലോ! മാർത്ത ധനത്തിന്റെ അരികെ മുട്ടുകുത്തിനിന്നു.

മാർത്ത:
ധനം! ധനം! ധൈര്യപ്പെടുക. കുറെ വീര്യവും ഉശിരും കാണിക്കുക. ഞാൻ നിന്റെ ചങ്ങാതിയാണു്. നിനക്കു തുണയായിട്ടു് എപ്പോഴും ഞാൻ ഉണ്ടു്, ഈശ്വരനെ വിചാരിച്ചു് നീ ഒന്നു ധൈര്യം അവലംബിക്കുക.

എന്നാൽ ധൈര്യം അവലംബിക്കാനാണു് ധനത്തിന്നു് കേവലം സാധിക്കാതെ പോയതു്. അവളുടെ ഉള്ളിലെ കാതൽ പൊട്ടിപ്പോയപോലെ തോന്നി. അവളുടെ ഒരേ രീതിയിലുള്ള ജോലികൊണ്ടും ഏകാന്തവാസംകൊണ്ടും അവളുടെ നാഡിബലം വളരെ ക്ഷയിച്ചുപോന്നിരുന്നു. പോരാഞ്ഞിട്ടു കഴിഞ്ഞ ആഴ്ചയിൽ വന്നുകൂടിയ വികാരഭേദങ്ങളും ദേഹോപദ്രവങ്ങളും അവളുടെ ജീർണ്ണീച്ചുപോയ നാഡിക്കു പിന്നേയും മാന്ദ്യത വന്നുകൂട്ടിയിരുന്നു. അവൾ ഏങ്ങി ഏങ്ങി അപസ്മാരബാധ പിടിപ്പെട്ടപോലെ കരഞ്ഞു. അവളുടെ കൃശശരീരം നശിപ്പിക്കാൻ ഒരുമ്പെട്ടപോലെ അവളുടെ എങ്ങൽ ദേഹത്തേ പറിച്ചുകീറി. ഈ കഷ്ടാരിഷ്ടകളായ കഠിനകോളിൽപെട്ടിട്ടു് അവൾ തനിക്കു് ഉണ്ടാക്കിവെച്ച നിരോധനങ്ങൾ തകർന്നുപോയി. വളരെ കാലമായിട്ടു് അവൾ ശീലിച്ചുവെച്ച അച്ചടക്കവും ഒലിച്ചുപോയി. ജീവിതത്തിന്റെ സുഖസന്തോഷങ്ങൾ ശേഖരിച്ചുവെച്ച പാതയിൽ ഒരു യുവതി കാലെടുത്തു വെച്ചിട്ടെ ഉള്ളു. അപ്പോൾതന്നെ അവളുടെ നേരെ വന്നതു് ഒടുവിൽ മാത്രം വരേണ്ടുന്ന നാശമാണു്.

മാർത്ത അവളുടെ താഴ്ചയില്ലാത്ത സെട്ടിൽ “സ്കർട്ടോടു” കൂടെ ധനത്തിന്റെ അരികെ പിന്നെ മുട്ടുകുത്തി. പുരികം പൊരിപ്പിച്ചു. വടുപോലെ ഒരു പേരിന്നു മാത്രം നിർത്തിവെച്ച മാർത്ത—ചുണ്ടു് വേണ്ടുവോളം ചുകപ്പിച്ച മാർത്ത— അവൾ ചെറുപ്പമാണെങ്കിലും ധനത്തോടു് ഒരു മാതൃസ്നേഹം നല്ലവണ്ണം സ്ഫുരിപ്പിച്ചിരുന്നു.

മാർത്ത:
എന്റെ പ്രിയപ്പെട്ട ധനമേ! ആരും സഹായത്തിന്നു നില്ക്കാത്ത പെൺകിടാവേ! ഞാൻ നിന്നെ ഇട്ടേച്ചു പോകയില്ല. നിനക്കു വേണ്ടുന്ന സഹായം ഞാൻ ചെയ്യും. ഇതു് ഒരു സമയം ഞാൻ ഊഹിച്ചതൊന്നും അല്ലായിരിക്കും.

ഒരു ലക്കു് തെറ്റിപ്പോയ യുവതിയെ ക്രമേണ പണ്ടത്തേപ്പോലെയുള്ള സ്ഥിതിയിൽകൊണ്ടുവന്നേക്കണം എന്ന ഉദ്ദേശം മാത്രമേ ധർമ്മബുദ്ധിയുള്ള മാർത്തക്കു് ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു് ധനത്തെ ആശ്വസിപ്പാനും ദയയോടെ ശുശ്രൂഷിപ്പാനും ഉള്ള ഭാരം മാർത്ത ഏറ്റെടുത്തു.

ഒടുവിൽ അപസ്മാരരോഗിയിൽ കാണപ്പെടുന്ന ഒരുതരം ഗോഷ്ടിപോലെ ധനം പെട്ടെന്നെഴുന്നേറ്റിരുന്നു്, അവളുടെ കണ്ണുതുടച്ചു. അവളെ ബാധിച്ചിരുന്ന പിശാച് അവളെ വിട്ടുപോയി എന്നുതന്നെ പറയാം. “ഞാൻ ഇങ്ങിനെ കുഴങ്ങിവീണു് നിങ്ങൾക്കു് ഒരു ഉപദ്രവമായിത്തീർന്നു പോയതിൽ എനിക്കു വളരെ വ്യസനമുണ്ടു്. മാർത്തേ! ഇതിലും അധികം ഇനി നിങ്ങളൊന്നും ചെയ്വാനില്ലെന്നു ഞാൻ വിചാരിക്കുന്നു.” എന്നു് ഒരു ഇടറിയ സ്വരത്തിൽ പറഞ്ഞു.

ധനം അല്പമെങ്കിലും ഭേദപ്പെട്ടു എന്നു കണ്ടപ്പോൾ മാർത്തയ്ക്കു വലിയ ആശ്വാസമായി. കല്പിക്കുംപോലെയുള്ള കർക്കശസ്വരം അവൾ വീണ്ടും അവലംബിച്ചു. അതു് അവൾക്കു സ്വാഭാവികമാണു്.

മാർത്ത:
വെറുതെ ഓരോ വിഡ്ഢിത്തം പറയേണ്ട. നമ്മൾ യുവതികൾ അന്യോന്യം സഹായത്തിന്നു് ഉതകുന്നവരായിരിക്കണം. ഇഷ്ടത്തി! ഞാൻ നിന്നോടു് ചോദിക്കട്ടെ. നീ അദ്ദേഹത്തെ വലിയ കാര്യമായി വിചാരിക്കുന്നുണ്ടോ? ആരെങ്കിലുമാകട്ടെ. ഞാൻ പറയുന്ന ആൾ നീ അറിയും. നീ അയാളെ പ്രേമിക്കുന്നുണ്ടോ.

ധനം സമ്മതസൂചകമായി തല ഇളക്കി. തന്റെ ചങ്ങാതിയുടെ ഉറച്ചനിൽപ്പും ഭാവവും ധനത്തിന്നു് വിശാസവും ധൈര്യവും ഉണ്ടാക്കി.

ധനം:
അതേ, ഞാൻ അയാളെ പ്രേമിക്കുന്നുണ്ടു്. അയാൾ എനിക്കു് എന്റെ ജീവനേക്കാൾ വലുതാണു്.
മാർത്ത:
(ഉറപ്പോടെ കൈ ചുണ്ടിന്മേൽ വെച്ചിട്ടു്) എന്നാൽ അയാൾ നിന്നെ വിവാഹം കഴിക്കും. അയാളെക്കൊണ്ടു് കഴിപ്പിക്കും.

ധനം നിഷേധഭാവത്തിൽ മെല്ലെ തല ഇളക്കി.

ധനം:
സാധിക്കുമെന്നു തോന്നുന്നില്ല.
മാർത്ത:
സാധിക്കാത്തതൊന്നും ലോകത്തിൽ ഇല്ല. നീ ഈ കാര്യം എന്നെ ഏല്പിച്ചാൽമതി. എന്താണു് അയാളുടെ പേരു്.

ധനം പിന്നേയും നിഷേധഭാവത്തിൽ അവളുടെ തല ഇളക്കി.

ധനം:
മാർത്തേ! എനിക്കു് നിന്നോടു് അതൊന്നും പറവാൻ പാടില്ല. നീ എന്റെ പ്രാണസഖിയാണെന്നു് എനിക്കറിയാം. ഈ കാര്യത്തിൽ എനിക്കു് ഒരു ഗുണവും സിദ്ധിക്കാനിടയില്ല. അത്ര നൂലാമാലയിലാണു് ഓരോ കാര്യങ്ങൾ വന്നുചേർന്നതു്. പൈശാചികം എന്നുതന്നെ പറയേണം. എന്നാൽ എല്ലാം എന്റെ തെറ്റുകൊണ്ടാണു്.

ഇങ്ങിനെ പറയുമ്പോൾ അവൾക്കു് രണ്ടാമതും അപസ്മാരബാധതുടങ്ങുമൊ എന്നു് മാർത്ത ശങ്കിച്ചു. മാർത്ത, അവളുടെ പുരികം ഉയർത്തി വിരലുകൾ വിടർത്തി.

മാർത്ത:
എനിക്കു് വിശ്വാസം വരുന്നില്ല! ഇഷ്ടത്തി! നീ ആ മാതിരിക്കാരത്തി അല്ല. എനിക്കു് ഓരോരുവരെപ്പറ്റി മിന്നൽപോലെ ഓരോ അഭിപ്രായം തോന്നിപ്പോകാറുണ്ടു്. അതു് എപ്രകാരമാണെന്നു് എനിക്കു് വിവരിക്കാൻ സാധിക്കയില്ല. അതുകൊണ്ടു് ഒരു പുരുഷന്റെമേൽ ചെന്നുവീഴുന്ന ഒരുത്തിയാണു് നീ എന്നു് എനിക്കു തോന്നുന്നില്ല. ഒരു കൊടുങ്കാറ്റിന്റെ അടിയിൽ പെട്ടുപോയിട്ടോ മറ്റോ അങ്ങിനെ ചെന്നുവീഴാനെ ഇടയുള്ളൂ. നീ പറയുന്ന നൂലാമാല ഒരിക്കൽ നിണക്കു് ഗുണമായി കലാശിക്കും എന്ന വിശ്വാസവുംകൂടി എനിക്കുണ്ടു്. ഒന്നും പേടിക്കാനില്ല. നീ വാ! വല്ലതും പള്ളയിലാക്കാൻ നോക്കണം. ദഹിക്കാൻ പ്രയാസമുള്ളതൊന്നും വേണ്ട. നിന്റെ “മുത്തശ്ശി” ഞാനാണു്.

ധനത്തിന്റെ കൈത്തണ്ടു മുറുക്കെ പിടിച്ചു്, അവളെ ഇഴച്ചുകൊണ്ടു പോകുമ്പോലെ മാർത്ത അടുത്തുണ്ടായിരുന്ന സഹായവിലയുള്ള ഒരു റിസ്റ്റോറണ്ടിൽ കൊണ്ടുപോയി. അവളുടെ കലശലായ നിർബ്ബന്ധംകൊണ്ടു് ധനം അല്പംചില പദാർത്ഥങ്ങൾ കഴിക്കേണ്ടിവന്നു. വായ വരണ്ടുപോയിരുന്നതുകൊണ്ടു് ആരംഭത്തിൽ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടി.

മാർത്ത:
തേനെ! ഇങ്ങട്ടു് നോക്കൂ. ഞാൻ കുറെ ക്ഷീണിച്ചിട്ടുണ്ടു്. ഇന്നുരാത്രി എനിക്കൊരു കാര്യം നിറവേറ്റണ്ടതുണ്ടു്. അതു മുൻകൂട്ടി ഏർപ്പാടു് ചെയ്തുവെച്ചതാണു്. നിണക്കു് എന്റെ തുണകൂടാതെ, തനിച്ചു് മടങ്ങിപ്പോവാൻ സാധിക്കുമെന്നു് തോന്നുന്നുണ്ടോ? പിന്നെ വിഡ്ഢിത്തം ഒന്നും കാട്ടി കൂട്ടരുതു് എന്നു് എന്നോടു് വാഗ്ദത്തം ചെയ്യുകയും വേണം.
ധനം:
(മന്ദഹാസത്തോടെ) നിശ്ചയമായിട്ടും മാർത്തേ! ഇന്നുരാത്രി ക്ഷീണംകൊണ്ടു് എനിക്കു് ഒന്നും ചെയ്വാൻ സാധിക്കയില്ല. വിഡ്ഢിത്തമായാലുംശരി, ബുദ്ധിപൂർവ്വമായാലുംശരി.
മാർത്ത:
സഹായത്തിന്നു് ആരുമില്ലാത്ത സാധുക്കുട്ടീ!

അവളെ മാർത്ത ഒരു ബസ്സിൽ കേറ്റിവിട്ടു. ധനത്തെ ധൈര്യപ്പെടുത്തുവാൻവേണ്ടി, അവളുടെ കൈ പിടിച്ചുഞെക്കി. “നോക്കു കുട്ടി നീ വിചാരിക്കുന്ന ആൾ നിന്നെ വിവാഹം കഴിക്കും. നീ ഈ കാര്യത്തിൽ എന്റെ വാക്കു് പ്രമാണമായി പിടിച്ചോളൂ.”

എന്തുതന്നെ ആയാലും മാർത്തയുടെ ധൈര്യപ്പെടുത്തൽ ധനത്തിന്നു് അല്പമെങ്കിലും ചിന്താശ്വാസവും ആശംസയും ഉണ്ടാക്കി. അവളെ ബാധിച്ച ഭയങ്കര നാഡിപ്പിഴയുടെ ഗോഷ്ഠികൾകൊണ്ടു് തളർന്നുപോയ അവളുടെ മനസ്സിന്നു് മാർത്ത പറഞ്ഞതിന്റെ സാരം പരിപൂർണ്ണമായി മനസ്സിലായില്ല എന്നും വരാം. അവൾ പ്രയാസപ്പെട്ടു് ബസ്സിൽനിന്നിറങ്ങി അവൾ പാർക്കുന്ന കൊള്ളരുതാത്ത തെരുവിൽ എത്തി. അവൾക്കു ശ്വാസംമുട്ടുംപോലെ തോന്നി. യഥേഷ്ടം ശ്വസിക്കാനും അസാരം പാടുപെടേണ്ടിവന്നു. എന്നാലും മാർത്തയുടെ അവസാനത്തെ വാക്കുകൾ ചിന്താശ്വാസം സൂചിപ്പിക്കുന്ന ഒരു, മണിയടിപോലെ തോന്നി. “നീ ഞാൻ പറയുന്നതു നമ്പിക്കൊ. അദ്ദേഹം നിന്നെ വിവാഹിക്കും” എന്നല്ലേ മാർത്തപറഞ്ഞതു്.

ധനം മാർത്തയോടു് സത്യം മുഴുവനും തുറന്നു പറഞ്ഞിരുന്നില്ല. അവൾ കാണിച്ചുകൂട്ടിയ വഞ്ചന ആരോടും പറവാൻ ഒരു പ്രകാരത്തിലും അവൾക്കു മനസ്സുവന്നില്ല. അതെങ്ങാൻ കേട്ടുപോയാൽ മാർത്ത ഞെട്ടി നടുങ്ങി വീണുപോകും. മാർത്തയാണെങ്കിൽ ഒരു കള്ളമൊ കളങ്കമോ ഇല്ലാത്തവൾ! എത്ര ധൈര്യവും ആത്മവിശ്വാസമുള്ളവൾ! വാക്കിലും നടപ്പിലും സത്യംപ്രമാണമായിപ്പിടിക്കുന്നവൾ! മറ്റൊരുപെണ്ണാണെന്നു് നടിച്ചു് ഒരു മാന്യനെ വിവാഹംചെയ്തു കഴിഞ്ഞവളല്ലേ അവൾ! ജീവിതരീതിയുടെ സുഖാനുഭൂതിയും ബന്ധുസമ്മേളനവും ധനമില്ലായ്മയും, ഭാവിശ്രേയശൂന്യതയുംകൊണ്ടു് ഉഴലുന്ന കാലത്തു് അവളോടു് അങ്ങിനെ ഒരു തെറ്റു് ചെയ്തുപോയതാണു് എന്നു് ഒരിക്കലും അവൾക്കു് മാർത്തയെ പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കയില്ല. ഭാസ്കരനോടു് അവൾക്കു് തോന്നിയ പ്രേമം അന്ധകാരത്തിലെ വെളിച്ചംപോലെ ആയിരുന്നു.

എന്താ ഒന്നു് ഭാസ്കരന്റെ അടുക്കെ പോയാലു്? അപ്രതീക്ഷിതവും ഭയങ്കരവുമായ ഫലം ആ സംഗമത്തിൽനിന്നു് ഉല്പാദിച്ചിട്ടുണ്ടെന്നവിവരം അവൻ ശരിയായി അറിയേണ്ടതല്ലെ! അതു കേട്ടാൽ അയാളുടെ മനസ്സിന്നു് വല്ല ഭേദഗതിയും നേരിടുമൊ എന്തൊ? നിയമപ്രകാരം ഒരു കോടതി അവർതമ്മിൽ നടത്തിയ വിവാഹം അസാധുവാണെന്നു് സ്ഥാപിക്കുംവരെ ഈ ഗർഭംകൊണ്ടു് അവളും ഭാസ്കരനും തമ്മിൽ ഒരു ചെറിയ ബന്ധം ഉണ്ടായപോലെ തോന്നി. ഭാസ്കരൻ വിവാഹം റദ്ദാക്കേണ്ടതിന്നായി ഒരു ഹർജി കോടതിയിൽ ഇനിയും ഫയലാക്കീട്ടും ഇല്ല. വൈകുന്നേരം അയാൾ അവളുടെ മുഖത്തു് നോക്കേണ്ടിവന്നപ്പോൾ അയാളുടെ മുഖം ഒരു ഉറച്ച മനോഭാവം കുറിച്ചിരുന്നു. അന്നൊരുദിവസം രാവിലെ പാറക്കൂട്ടങ്ങളുടെ ഇടയിൽവെച്ചു് അവളോടു്, അവളുടെ കള്ളി ഒക്കെ പുറത്തായി എന്നും, അവളെ എന്നെന്നും വെടിഞ്ഞിരിക്കുന്നു എന്നും അയാൾ പറഞ്ഞപ്പോൾ ആ മാതിരി പുച്ഛവും, നിന്ദയും വെറുപ്പും, കുറിക്കുന്ന മുഖഭാവംതന്നെയാണു് അവൾ ഇന്നും കണ്ടിരുന്നതു്. അതൊക്കെ പറഞ്ഞിട്ടു് ഫലമില്ല. എന്തുതന്നെ വന്നുഭവിച്ചാലും അയാൾ അവളെ സ്വീകരിക്കുകയൊ മാപ്പാക്കുകയൊ ഉണ്ടാകയില്ല നിശ്ചയം.

എന്നാലുംകൂടി, ഒന്നു് ശ്രമിച്ചുനോക്കുന്നതിന്നെന്താ വിരോധം? ഗർഭം ഉണ്ടെന്നതു് ഉറപ്പായി അറിയേണ്ടയോ… ഒരു ഡോക്ടരുടെ ആസ്പത്രിയിലെ വരാന്തയിൽ അനിശ്ചിതഭാവത്തോടെ അവൾ ചെന്നു നില്ക്കുകയായിരുന്നു. ഗർഭമാണെന്ന ശങ്കകൊണ്ടു് ഒരു വല്ലാത്തഭയം അവളെ മർദ്ദിച്ചു. എന്തെല്ലാമാണു് സംഭവിക്കാൻ പോകുന്നതു് എന്ന വിചാരം ഒരു വിട്ടൊഴിയാത്ത ഭയമായി. അതിലും നല്ലതു് ഉണ്ടോ ഇല്ലയോ എന്നു് തീർച്ചവിവരം ഉടനെ അറിയുന്നതാണു്. അവൾ ധൈര്യപ്പെട്ടു് അകത്തു് കടന്നുചെല്ലാൻ ഉറച്ചു. ആ മിന്നുന്ന പിച്ചളമേശ കണ്ടപ്പോൾ ഒരു വിസമ്മതമാണു് അവളുടെ ഉള്ളിൽ പൊങ്ങിയതു്. പിന്നെ ആകെ മുങ്ങിയാൽ ശീതം ഒന്നു് എന്ന നിലയിൽ അവൾ വാതിലും തള്ളിത്തുറന്നു് ഉള്ളിൽകടന്നു.

സാഹസം

അരമണിക്കൂറു കഴിഞ്ഞതിൽപ്പിന്നെ അവൾ പുറത്തു വന്നു. യഥാർത്ഥം അവൾക്കു മനസ്സിലായി. അവൾക്കു ഗർഭംതന്നെ ആയിരുന്നു. കുറേമുമ്പേ, അവളെ ബാധിച്ചിരുന്ന വരുത്തമെടുക്കലിന്നു പകരം അവളെ ബാധിച്ചതു് ഒരു സുസ്ഥിരമായ ആശ്വാസമില്ലായ്മയും വിവരമില്ലായ്മയും ആയിരുന്നു.

അവളുടെ ജോലിയും നഷ്ടമാകും. അതും അവൾ അറിഞ്ഞു. മാനേജർ നിർദ്ദയനും കണിശമായ കൃത്യബോധമുള്ളവനും ആയിരുന്നു. അതു് അവൾക്കു പല സംഗതികൊണ്ടും ബോദ്ധ്യമായിരുന്നു. അവൾക്കു് അടിക്കടി ഗതിയില്ലായ്മയും ഒന്നിനും നിവൃത്തിയില്ലായ്മയും ആണു് നേരിട്ടുവരുന്നതു്. എത്രയോ താലോലിച്ചും സകല രക്ഷയ്ക്കും ഉള്ള കരുതലോടുകൂടിയും നിർത്തപ്പെട്ട ഒരു ഭാര്യതന്നെ ഗർഭിണിയാകുമ്പോൾ അസ്വാസ്ഥ്യം കാണിച്ചുപോകാറുണ്ടു്. അവൾ എന്തുചെയ്യും! ഇരിക്കട്ടെ. പ്രസവം കഴിഞ്ഞുപോയാൽത്തന്നെ അവളുടെ സ്ഥിതി എന്താണു് ! അവൾക്കു മീൻപാച്ചൽപോലെ ദേഹം മുഴുവനും ഒരു വിറ വന്നുചേർന്നു. അപ്പപ്പാ! നിവൃത്തി ഇല്ല. ഒന്നുകൊണ്ടും പാടില്ല. ഭാവിയെപ്പറ്റി ഗണിക്കുകയോ ചിന്തിക്കുകയോ ഒന്നും പാടില്ല. ഗർഭസ്ഥനായ കുട്ടി എന്തു കുറ്റംചെയ്തു? കാലം നീളംചെന്നാൽ, ഒരുസമയം ജനിക്കുന്ന കുട്ടി അവളെ ശകാരഭാവത്തിൽ നോട്ടംവെയ്ക്കയില്ലെ? അവൾ അതും സഹിക്കേണ്ടിവരില്ലേ—ആക്ഷേപം-നിന്ദ-പുച്ഛം-വെറുപ്പു് ഇതൊക്കെയാണു് അവൾക്കു മേലാൽ സിദ്ധിക്കുന്ന നിക്ഷേപങ്ങൾ!

അതൊക്കെ സഹിക്കാൻ തക്ക വീര്യമോ മുരുമയോ അവൾക്കുണ്ടാകയില്ല. അവൾ നടത്തിയ വഞ്ചന പുറത്തായപ്പോളും, ഭാസ്കരൻ, നിന്ദിച്ചും ഭത്സിച്ചും ശകാരിച്ചുംകൊണ്ടു് അവളെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞപ്പോഴും, അവൾക്കു പാടുള്ളേടത്തോളം അഭിമാനക്ഷയവും ആധിയും വന്നുകഴിഞ്ഞുപോയി എന്നു് അവൾ വിചാരിച്ചിരുന്നു. ഇതിലും കടുപ്പമേറിയ സങ്കടങ്ങൾ പിന്നേയും അനുഭവിക്കാനുണ്ടു്.

അവൾ അതിതീക്ഷ്ണമായി മുഷ്ടിചുരുട്ടിപ്പിടിച്ചിരുന്നതുകൊണ്ടു്, നഖങ്ങൾ തറച്ചുപോയിട്ടു് ഉള്ളങ്കയിൽനിന്നു് ചോരപൊടിഞ്ഞു. ഒരു വെറും യന്ത്രംപോലെ അവൾ പുഴയുടെ നേരെ തിരിഞ്ഞു. കല്ക്കട്ട ശുദ്ധവായുവിന്റെ ദൗർല്ലഭ്യംകൊണ്ടു് അല്ലെങ്കിൽത്തന്നെ ദുസ്സഹമായിരുന്നു. പുഴയരികെ ഉള്ള വൃക്ഷങ്ങളുടെ ഇലകൾ ഇളകിയ ശബ്ദം നല്ലവണ്ണം കേൾക്കാമായിരുന്നു.

ഭാസ്കരന്റെ അരികെ ചെന്നു് ഒരു അപേക്ഷയുംകൂടി ചെയ്യാതെ നിവൃത്തി ഇല്ല. അവളുടെ കാര്യത്തിന്നുവേണ്ടിയല്ല. അവൾക്കു ജനിക്കാൻ പോകുന്ന കുട്ടിയുടെ കാര്യം വിചാരിച്ചിട്ടുമാത്രം. അയാളുടെ കുട്ടി!

ഇങ്ങിനെ തീർച്ചയാക്കിയതിൽപ്പിന്നെ അവൾ തലയും താഴ്ത്തി, കണ്ണു നല്ലവണ്ണം തുറക്കാതെ അന്ധയെപ്പോലെ ബദ്ധപ്പെട്ടു് മുന്നോട്ടു നടക്കുകയായിരുന്നു. ആ സമയത്തു് ഒരു മാളിക വീടിന്റെ പടിവാതിലും കടന്നുവന്നിരുന്ന ഒരു പുരുഷനുമായി അവൾചെന്നു മുട്ടിപ്പോയി. അയാൾ മാപ്പുംചോദിച്ചു പിന്നോക്കം വാങ്ങിനിന്നു. പിന്നെ അയാൾ പെട്ടെന്നു് അടുത്തുവന്നു.

അയാൾ:
ധനം! ഒരു കാര്യമുണ്ടു്. നീ ഇങ്ങിനെ എന്നേയും തേടി എന്റെ പിന്നാലെ നടന്നു കളിക്കുന്നതു് എനിക്കു സമ്മതമല്ല.

ശ്വാസം മുട്ടിപ്പോകുമ്പോലെ ഇരിക്കുന്ന ഒരു ഞെട്ടലോടെ ധനം തല പൊന്തിച്ചു. കാഴ്ച നന്നാക്കാൻവേണ്ടി അവൾ കണ്ണുകൾ തുടച്ചു നോക്കിയപ്പോൾ കണ്ടതു് ഭാസ്കരനെയാണു്. പ്രതീക്ഷിക്കാത്തവിധത്തിൽ അവൾ അന്നു് ഭാസ്കരനുമായി കണ്ടു മുട്ടിയതു് രണ്ടാമത്തെ പ്രാവശ്യമാണു്.

ധനം:
ഓ! നിങ്ങളോ!

ആ സമയത്തു് അവളുടെ ചുണ്ടുകൾ വരണ്ടുപോയിരുന്നു. നല്ലവണ്ണം സംസാരിക്കാൻതന്നെ സാധിച്ചിരുന്നില്ല. അവൾ അദ്ദേഹത്തിന്റെ മുഖഭാവം പരിശോധിച്ചു. അതു് കരിങ്കല്ലേക്കാൾ കഠിനമായിരുന്നു. അയാളുടെ കണ്ണു് ദൃഢത കുറിച്ചിരുന്നു. അയാൾ അവളെ നിർഭരം വെറുത്തിരുന്നു. അയാളുടെ സ്വരം തീക്ഷ്ണവും ക്രൂരവുമായിരുന്നു.

ഭാസ്കരൻ:
എന്നേയും തേടി നടക്കാൻ നിനക്കു് അവകാശമില്ല. എനിക്കു മേലാൽ നിന്നോടു് യാതൊരു ബന്ധവും ഇല്ല. നീ വല്ല അപവാദവും എനിക്കുണ്ടാക്കാൻ കാരണമായാൽ ഞാൻ നിന്നെ പോലീസിൽ ഏല്പിക്കും.

അയാളെ കൈകൊണ്ടു് ഒരു പരുത്ത തല്ലു് കിട്ടിയപോലെ അവൾ രണ്ടുചോടു് വാങ്ങിനിന്നു. അവൾ തന്നത്താനറിയാതെ കൈ ഉയർത്തിപ്പോയതു് ഒരു തല്ലു് തടുക്കാൻവേണ്ടി എന്ന ഭാവത്തിൽ ആയിരുന്നു. ഭയംകൊണ്ടും നൈരാശ്യംകൊണ്ടും ഗതി ഇല്ലായ്മകൊണ്ടും അവളുടെ കണ്ണുകൾ തുറിച്ചു. അവളുടെ അവയവങ്ങൾ അരയാലിലപോലെ വിറച്ചു. ഒരു സമയം അവൾ സഹിക്കേണ്ടി വന്ന സങ്കടവും ദ്രോഹവും അല്പമെങ്കിലും അയാൾ മനസ്സിലാക്കിയിരിക്കാം. എന്തുകൊണ്ടെന്നാൽ അതിൽപ്പിന്നെ അയാളുടെ സ്വരത്തിന്നു് തീഷ്ണത അസാരം കുറഞ്ഞിരുന്നു.

ഭാസ്കരൻ:
എന്നെകൊണ്ടു് നിനക്കു് എന്താണു് വേണ്ടതു്. പണമാണെങ്കിൽ അതിന്നു് എഴുത്തയച്ചാൽ മതി. ഇന്നു് ഉച്ചയ്ക്കു നിനക്കു് ഒരു ജോലി സിദ്ധിച്ചു എന്നല്ലെ കണ്ടതു്. നിനക്കു് ഒരു ജോലി വാങ്ങിത്തന്നു എന്നു് ഹേമാംഗൻ പറഞ്ഞുവല്ലൊ. നീ പട്ടിണികിടന്നു കാണ്മാൻ എനിക്കു് ഇഷ്ടമില്ല. നീ എന്നോടു് ചെയ്ത കെടുതികൾ എന്തുതന്നെ ആയാലും ശരി.
ധനം:
പണത്തിന്റെ കാര്യമല്ല.

ശ്വാസം മുട്ടിപ്പോയിട്ടു് അവളുടെ വാക്കുകൾ നല്ലവണ്ണം പുറത്തുവന്നില്ല. ഘനം കൂടിപ്പോയപോലെ അതു് എത്രയൊ പ്രയാസമായിട്ടും സാവധാനമായും മാത്രമെ പുറമെ വന്നുള്ളു. യാതൊരു രക്ഷമാർഗ്ഗവും കാണാതെ—കരകാണാതെ ഉഴന്നുപോയ—അവളുടെ ദേഹസ്ഥിതി അവൾക്കു് ഓർമ്മയായി. മുങ്ങിച്ചാകുന്നവൻ എന്തും പിടിക്കും എന്നു് പറഞ്ഞപോലെ അവൾ അദ്ദേഹത്തിന്റെ കൈ മുറുകെ പിടിച്ചു കിതച്ചുംകൊണ്ടു് ഇങ്ങിനെ പറഞ്ഞു: “ഭാസ്കരാ! അങ്ങുന്നേ! എന്നെ നിങ്ങൾ വെടിയരുതു്. ഒരിക്കൽകൂടി വിവാഹം കഴിക്കണം. അതു് തീർച്ചയായിട്ടും വേണം. കൂടാതെ കഴികയില്ല. കാരണം…”

എന്നാൽ കോപത്തോടുകൂടെ അയാൾ കൈ ഇളക്കി. അവളുടെ പിടിത്തത്തിൽനിന്നു് ഒഴിഞ്ഞുനിന്നു. മാർദ്ദവമായി വന്ന അദ്ദേഹത്തിന്റെ മുഖപ്രകൃതിക്കു പിന്നേയും രൂക്ഷതകൂടി.

ഭാസ്കരൻ:
(ഉച്ചത്തിൽ) ഒരിക്കലും ഇല്ല. ഒരു കാലത്തും ഇല്ല. അങ്ങിനെ ഒരു കാര്യം തോന്നേണമെങ്കിൽ നിണക്കു് ശുദ്ധ ഭ്രാന്തായിരിക്കണം. തനിച്ചു് അഹമ്മതിയും ധിക്കാരവുമാണു്.

അയാൾ പിന്നെ നടന്നുപോവാൻ ഭാവിച്ചു. അവൾ വിട്ടില്ല. അവൾ പിന്നേയും കടന്നു് അയാളുടെ കൈക്കു് ഒരു മരണപ്പിടിത്തംവെച്ചു.

ധനം:
അങ്ങുന്നേ! ഇതു കേൾക്കാതെ പോവാൻ പാടില്ല. കേട്ടെ കഴിയൂ. എനിക്കു ഗർഭമാണു്. നിങ്ങളാണു് അതിന്റെ കർത്താവു്. അതുകൊണ്ടാണു് ഞാൻ ഇത്ര വളരെ നിഷ്കർഷ കാണിച്ചതു്.

“എന്തു്” എന്നു് ഇടിവെട്ടുംപോലെ തിരിഞ്ഞുനിന്നു ചോദിച്ചു. ഒരു നിമിഷനേരം അയാൾ ഒന്നും മിണ്ടാതെ അവളെ നോക്കി. പിന്നെ അയാൾ കർക്കശഭാവത്തിൽ ഒന്നു ചിരിച്ചു.

ഭാസ്കരൻ:
ഈ ഭയങ്കര സൊള്ളാണു്, ഞാൻ വിഴുങ്ങാൻവേണ്ടി ഇപ്പോൾ കാഴ്ചവെച്ചതു് അല്ലേ! (നിന്ദയും പുച്ഛവും സ്ഫുരിപ്പിച്ചുകൊണ്ടു്) ഒന്നാമതു് നീ മറ്റൊരുവളാണെന്നു് നടിച്ചു് എന്നെ വിവാഹത്തിൽപെടുത്തി. എന്നിട്ടു് അതിൽ നിന്നു് എന്നെ വിട്ടൊഴിയാതെ പിടിച്ചുനിർത്തുവാൻ വഴി ആലോചിക്കയായി. ഇതു പെണ്ണുങ്ങൾ പണ്ടുപണ്ടേ ഉപയോഗിച്ചുവരുന്ന ഒരു വലിയ സൂത്രമാണു്. അതാണു് നീയും പ്രയോഗിച്ചതു്. എന്നാൽ പണ്ടേത്തേതിനെക്കാൾ കുറെ അധികവിവരവുംകൂടി എനിക്കു നിന്നെപ്പറ്റി കിട്ടീട്ടുണ്ടു്. എനിക്കു നീ വിശ്വാസയോഗ്യ അല്ലെന്നു് തോന്നുണ്ടെങ്കിൽ അതിന്നു് ഉത്തരവാദി നീയും നിന്റെ നടവടിയുമാണു്.

വിശ്വാസം വരാത്തവിധത്തിൽ അവൾ അയാളെ ഒന്നു നോക്കി.

ധനം:
അപ്പോൾ നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.

ഈ വാക്കു പറഞ്ഞതു് എത്രയോ മന്ദസ്വരത്തിലാണു്.

“ഞാൻ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്ന ഭാസ്കരന്റെ വാക്കുകൾ അവളെ കൊരടാവുകൊണ്ടു് അടിച്ചപോലെ തോന്നി.

ഭാസ്കരൻ:
ഇതു്, അപവാദം ഉണ്ടാക്കും എന്നു് ഭീക്ഷണിപ്പെടുത്തി, ആ സംഗതി വെളിച്ചത്താക്കാതിരിപ്പാൻവേണ്ടി എന്നോടു് നിർബന്ധപൂർവ്വം പണം പിടുങ്ങാൻ അവസരംപാർത്തു് നില്ക്കുമ്പോലെ തോന്നുന്നു. (ദൃഢഭാവത്തോടെ) നീ ഇനിയും എന്നെ ദ്രോഹിക്കാൻ പുറപ്പെട്ടാൽ, ഞാൻ വല്ലതും ഒരു നിവൃത്തിമാർഗ്ഗം ആലോചിക്കേണ്ടിവരും. എന്റെ വിവാഹം അസാധുവാണെന്നു് സ്ഥാപിക്കുന്ന വ്യവഹാരം ഇനിയത്തെ ആഴ്ചയ്ക്കാണു് വിചാരണയ്ക്കു വെച്ചിരിക്കുന്നതു്. അതു നാടോടെ പുക്കാറായ്പോകുന്നതിന്നു് ഉത്തരവാദി ഞാൻ ആയിരിക്കയില്ല. എന്നെക്കൊണ്ടു് അങ്ങിനെ ചെയ്യിപ്പിച്ചതു് നീയാണു്. നിണക്കാണെങ്കിൽ ഒന്നും പൊയ്പോകാനില്ല. എന്റെ മാനത്തിന്നും പദവിക്കുമാണു് നിന്നെക്കൊണ്ടു് ഉടവു് സിദ്ധിക്കുന്നതു്.

അവളോടു് യാത്ര പറകയുംകൂടി ചെയ്യാതെ അയാൾ അവിടം വിട്ടുപോയി. ഒരു തിരിച്ചലിന്നു് അയാളുടെ രൂപം കാണാതായ്പോകുംവരെ ധനം ഒരു മരംപോലെനിന്നു മൗഢ്യഭാവത്തോടെ നോക്കി.

വിവാഹം റദ്ദാക്കാനുള്ള വ്യവഹാരം ഇനിയത്തെ ആഴ്ചയാണുപോലും? പോരാഞ്ഞിട്ടു് അവൾ പറഞ്ഞതൊന്നും വിശ്വസിപ്പാൻ അയാൾ കൂട്ടാക്കുന്നുമില്ല. അവൾക്കു് വന്നുകൂടിയ പൈശാചികമായ ദുർഗ്ഗതി ഇനി ആരോടു പറവാനാണു്! പരമാർത്ഥം പറഞ്ഞുകൊടുത്തതു്, അയാളെ കെണിവെപ്പാനുള്ള മറ്റൊരു സൂത്രമാണെന്നല്ലെ അയാൾ കരുതിയതു്.

ഓവുപാലത്തിന്റെ മതിലിന്റെ മുകളിൽ അവൾ കൈവെച്ചു. ഭാസ്കരനിൽനിന്നു് അവൾക്കു മേലാൽ യാതൊന്നും കാംക്ഷിക്കാനില്ല. ജീവിതകാലത്തു് യാതൊരു സുഖവും പ്രതീക്ഷിപ്പാൻകൂടിയില്ല. ജീവിതകാലം അവൾക്കു് ഒരു ദുസ്സഹദ്രോഹാവസ്ഥമാത്രമായിരുന്നു. ഈ മാതിരി ജീവിതം ദീർഘിപ്പിച്ചിട്ടു് എന്തുകാര്യമാണു്…

ചോടെനിന്നു് ഘറഘറശബ്ദത്തോടെ അടിച്ചും നുരച്ചും ഒഴുകുന്ന വെള്ളത്തെ ദുരുദ്ദേശംകൊണ്ടു് അന്ധതപ്രാപിച്ച മനസ്സോടെ അവൾ കുറേനേരം നോക്കിനിന്നു. ദൂരെനിന്നു ചോടെ ഉണ്ടായിരുന്ന, നനഞ്ഞ കല്ലിന്മേൽ ഒരു ദീപവെളിച്ചം വീണപ്പോൾ, സപ്തവർണ്ണങ്ങളിൽ ഓരോന്നു് മിന്നിപ്പിച്ചുങ്കൊണ്ടു് വെള്ളത്തുള്ളികൾ തിളങ്ങി. തോട്ടിലെ വെള്ളം പൊന്തിവരുംപോലെ അവൾക്കു് തോന്നി.

നിരാശയും നിസ്സഹായതയുംകൊണ്ടു് അവളുടെ നെറ്റിയുടെ രണ്ടു് അറ്റത്തിൽനിന്നും നാഡി കഠിനമായി സ്ഫന്ദിച്ചു. ധൈര്യമുണ്ടെങ്കിൽ അവൾക്കു് ഈ ദുഷ്കാലത്തിനൊക്ക ക്ഷണം ഒരു അറുതിവരുത്താം. അവളുടെ കുറ്റംകൊണ്ടു് പ്രസവിക്കാൻപോകുന്ന ഒരു ശിശുവിന്റെ തലയിൽ അപവാദവും നിന്ദയും വലിച്ചിട്ടു് കൊടുക്കുന്നതിനേക്കാൾ അതല്ലെ നല്ലതു്… അവൾ കണ്ണുകൾ പൂട്ടി. കൈ പാലത്തിന്റെ തിണ്ടുമേൽതന്നെ വെച്ചിരുന്നു. ധൈര്യം തരാൻ പ്രാർത്ഥിച്ചുകൊണ്ടു് നില്ക്കുമ്പോൾ അവളുടെ കൈക്കു് ബലംകൂടിയപോലെ തോന്നി. ലഘുതരനിശ്വാസംകൊണ്ടു് കിതയ്ക്കുമ്പോലെ ഇരിക്കുന്ന ഒരു ശബ്ദത്തോടെ അവൾ ആ ഓവുപാലത്തിന്റെ ഒരു ഭാഗത്തെ തിണ്ടുമേൽകേറി. വെള്ളത്തിന്റെ “ഗർഗള” ശബ്ദം കടുപ്പത്തിലായപോലെ അവളുടെ ചെവികളിൽ വീണു. അവൾ മനക്കണ്ണുകൊണ്ടു് കണ്ടതു് എന്നും നിലനില്ക്കുന്ന ഒരു അന്ധകാരംമാത്രം ആയിരുന്നു. വരുമ്പോലെ വരട്ടെ എന്ന ഭാവത്തോടെ അവൾ ചാടാൻ ഒരുമ്പെട്ടപ്പോൾ, ആരോവന്നു് അവളുടെ കൈ ശക്തിയോടെ പിടിച്ചു. അവളെ പാലത്തിന്മേൽതന്നെ വലിച്ചുനിർത്തി. “അങ്ങിനെ ചെയ്വാൻ നിണക്കുപാടില്ല.” എന്നു് ഒരു പുരുഷൻ, അനുകമ്പയോടുകൂടെയാണെങ്കിലും ശക്തിയേറിയ സ്വരത്തിൽ അവളോടു പറഞ്ഞു. “നിണക്കു് എന്തുവന്നു പിടിച്ചുപോയി” എന്നു് തുടർച്ചയായി അയാൾ ചോദിച്ചു.

തലയ്ക്കു വെളിവില്ലാത്തതുകൊണ്ടു് ഒരുമ്പെട്ടുപോയ കഠിന കർമ്മാരംഭത്തിൽനിന്നു് മോചനംസിദ്ധിച്ച വിചാരാവശതകൊണ്ടു് അവളുടെ കാൽമുട്ടുകൾക്കു് ശക്തി ഇല്ലാതായി. “ഞാൻ-ഞാൻ” എന്നു് ഏങ്ങിക്കൊണ്ടു് പറഞ്ഞു് അവൾ വിരമിച്ചു. തന്നെ രക്ഷിച്ച ആളുടെ മുഖത്തു് അവൾ തുറിച്ചുനോക്കി. അദ്ദേഹം ദീനസ്വരത്തിൽ പിന്നേയും ഇങ്ങിനെ പറഞ്ഞു. “നീ വിചാരിച്ചുവെച്ച ഈ മാതിരി ത്യാഗത്തിന്നു് അർഹനായിട്ടു് പുരുഷവംശത്തിൽ ആരും ഉണ്ടാകയില്ല. നീ നല്ലവണ്ണം ശ്രമിച്ചുനോക്കിയാൽ മറ്റൊരുവഴി കാണാതിരിക്കയില്ല. ഏതായാലും ഇതിന്റെ ഒക്കെ അർത്ഥമെന്തന്നു് നീ വിവരിച്ചുതരിക. നീ ഒരു ചെറുപ്പക്കാരിയാണല്ലൊ.” അദ്ദേഹം കുനിഞ്ഞു് അവളുടെ മുഖം നല്ലവണ്ണം ഒന്നുനോക്കി. അയാൾ “ഓ” എന്നു് നിലവിളിച്ചു് “ജാനുവോ” എന്നു് മാത്രം പറഞ്ഞു.

അദ്ദേഹം ഭാസ്കരന്റെ അച്ചൻ ആയിരുന്നു. അദ്ദേഹവും മകനും ഇവിടെ ഏതോ ഒരു വീടു് തിരഞ്ഞു നടക്കുകയായിരിക്കണം എന്നു് അവൾ തീർച്ചയാക്കി. ദയാലുവായ ആ വൃദ്ധൻ എല്ലായ്പോഴും അവളുടെ ഗുണകാംക്ഷിയായിരുന്നു. അവളുടെ വിവാഹത്തിന്നു് ഒരു ആഴ്ച മുമ്പേ അദ്ദേഹം സ്വന്തം മകളെപ്പോലെ അവളോടു് പെരുമാറിയിരുന്നു. ആ മഹാത്മാവിനേയാണു് അവൾ നിർല്ലജ്ജം വഞ്ചിച്ചുകളഞ്ഞതു്. ജാനു എന്നാണു് അവളെ വിളിച്ചതും. പരമാർത്ഥം ഇനിയും അയാൾക്കു മനസ്സിലായിട്ടില്ല. എന്തിന്നു മടിക്കുന്നു! ഇദ്ദേഹത്തേയും ഇനി വഞ്ചിക്കേണ്ടുന്ന കാര്യം എന്താണു്.

ധനം:
ഞാൻ ജാനുവല്ല. യഥാർത്ഥത്തിൽ എന്റെ പേർ ധനമാണു്.

ഒരു നിമിഷനേരത്തോളം രണ്ടുപേരും മൗനംധരിച്ചു: അയാൾ സകല വികാരങ്ങളും ഉള്ളിൽ ഒതുക്കിവെച്ചു.

ഭാസ്കരന്റെ അച്ഛൻ:
(ഗൗരവത്തോടെ) കഥ ഒക്കേ ഞാൻ അറിയും. എന്റെ മകൻ ഒക്കെ പറഞ്ഞുതന്നപ്പോൾ വിശ്വാസം വരാത്തവിധത്തിൽ ഞാൻ ആശ്ചര്യപ്പെട്ടുപോയി. കുട്ടി! നീ എന്തിന്നു് അങ്ങിനെ ചെയ്തു?

മകന്റെ അടുത്തുനിന്നു കിട്ടിയ ക്രൗര്യവും ശകാരവും നിന്ദയും ഇദ്ദേഹത്തിന്റെ കയ്യിൽനിന്നും കിട്ടുമെന്നു് അവൾ ആലോചിച്ചുപോയിരുന്നു. ഈ ചോദ്യം അവളെ സങ്കടപ്പെടുത്തി. അയാളുടെ ഗൗരവം ക്രൗര്യത്തേക്കാൾ ദുസ്സഹമായിത്തോന്നി. അവളുടെ ഞരമ്പുകൾ പൊട്ടിപ്പോകും പ്രകാരം വലിഞ്ഞുനിന്നിരുന്നു. എന്നാലും അയാളുടെ സ്വരത്തിൽ ഒരു ദീനദയാലുത്വം ചുഴച്ചിരുന്നു. ധനത്തിന്നു് വാസ്തവം മുഴുവനും അയാളോടു് തുറന്നു പറഞ്ഞുകൊടുക്കണം എന്നുതോന്നി. അവർ ഇരുവരും ഒരു മരക്കൂട്ടത്തിലേയ്ക്കു നടന്നു. അവൾ ആദ്യംമുതൽ അവസാനംവരെ കഴിഞ്ഞ സംഭവങ്ങളൊക്കെ, പറഞ്ഞുകൊടുത്തു. ഒരു യുവതി കുമ്പസാരിക്കുന്നതു ക്ഷമയോടെ കേൾക്കുന്ന ഒരു പാതിരിയെപ്പോലെ ഭാസ്കരന്റെ അച്ചൻ വിഘ്നമുണ്ടാക്കാതെ എല്ലാം കേട്ടു.

ഭാ. അച്ഛൻ:
അയ്യോ. സാധു-മഹാസാധുക്കുട്ടി.

ധനം ആശ്ചര്യത്തോടെ അയാളെ ഒന്നു നോക്കി.

ധനം:
(ഇടർച്ചയോടെ) നിങ്ങൾ എന്നേ ശകാരിക്കുന്നില്ല എന്നോ?
ഭാ. അച്ഛൻ:
(ഗൗരവമായി) നീ വേണ്ടതിലധികം സങ്കടം അനുഭവിച്ചുകഴിഞ്ഞു എന്നാണു് എന്റെ പക്ഷം. എന്നാലും, ധനം! നീ എന്തോ ഒന്നു പറയാതെ വിട്ടുകളഞ്ഞപോലെ തോന്നുന്നു. കുറേമുമ്പേ നീ ആത്മഹത്യ ചെയ്വാനല്ലെ ഭാവിച്ചതു്. കുറേക്കൂടി നിണക്കു് പറയുവാനുണ്ടായിരിക്കണം.

ധനത്തിന്നു് ശ്വാസംമുട്ടി.

ധനം:
(പതിഞ്ഞസ്വരത്തിൽ) അതേ. ചിലതു് പറവാൻ ബാക്കിയാണു് എനിക്കു് ഗർഭമാണു്. അതു നിങ്ങളുടെ മകന്റെ വകയാണു്.

ഭാസ്കരന്റെ അച്ഛനോടു നിലവിളിച്ചുപോയി.

ഭാ. അച്ഛൻ:
(ഇടറിയസ്വരത്തിൽ) ഇതു കാര്യത്തിന്റെ സ്വഭാവം തീരെ മാറ്റിക്കളയുന്നുണ്ടു്. എന്റെ മകനോടു് ഈ സംഗതി ക്ഷണം പറയേണം.

അവൾക്കു് ഒരു വിറയലാണു് വന്നുചേർന്നതു്.

ധനം:
(ഇടർച്ചയോടെ) അദ്ദേഹത്തോടു് ഞാൻ പറഞ്ഞു. അയാൾ എന്റെ വാക്കു് വിശ്വസിച്ചില്ല.
ഭാ. അച്ഛൻ:
എപ്പഴാണു് നീ പറഞ്ഞതു്?
ധനം:
(മന്ദസ്വരത്തിൽ) ഇപ്പോൾതന്നെ. എന്നുവെച്ചാൽ നിങ്ങൾ വരുന്നതിന്നും കുറെമുമ്പെ.

വൃദ്ധൻ അവളുടെ കൈപിടിച്ചു് അവളുടെ മുഖത്തു നോക്കി.

ഭാ. അച്ഛൻ:
അതുകൊണ്ടാണോ നീ വെള്ളത്തിൽ ചാടി മരിച്ചുകളവാൻ ഭാവിച്ചതു്.

സമ്മതസൂചകമായി ധനം തല ഇളക്കി. ഭാസ്കരനുമായി നടന്ന അഭിമുഖസംഭാഷണത്തിന്റെ നിഷ്ഠൂരഫലം അവളെ വല്ലാതെ പീഢിപ്പിച്ചു. അവൾക്കു മിണ്ടാനുംകൂടി വയ്യാതായി. ഇതുകേട്ടപ്പോൾ വൃദ്ധന്നു് കോപം പൊട്ടി.

വൃദ്ധൻ:
അവന്റെ ബുദ്ധി രാക്ഷസീയമായിപ്പോയി. എന്റെ മകന്നു് ഭ്രാന്തായ്പോയി. അവനെ നല്ലവണ്ണം പറഞ്ഞു മനസ്സിലാക്കിക്കണം. കാര്യം ഇത്രത്തോളം എത്തിപ്പോയതു് ഞാനും വിചാരിച്ചിരുന്നില്ല. (ശാന്തമായി) ഓമനേ! നിനക്കു മേലാൽ ആവലാതിക്കൊന്നും വഴി ഉണ്ടാകയില്ല.

എന്റെ മകൻ നിന്നെ വീണ്ടും വിവാഹംചെയ്യും. നിന്റെ സ്വന്തം പേരിൽ.

അവളേ ആകപ്പാടെ ഒരു ആശ്വാസം വന്നുമൂടി.

ധനം:
അങ്ങുന്നേ! നിങ്ങൾ ഗുണവാനാണു്. ഉദാരമതിയുമാണു് എന്നോടു ചെയ്തുപോയ ചില സംഗതികൾ ആലോചിച്ചാൽ, ഇത്രത്തോളം ദയയും ധർമ്മബുദ്ധിയും ഞാൻ നിങ്ങളിൽനിന്നും ആശംസിച്ചിരുന്നില്ല. ഞാൻ അർഹിച്ചും ഇരുന്നില്ല. എന്നാലും നിങ്ങൾ ഒരു കാര്യം മനസ്സിലാക്കീട്ടില്ല. നിങ്ങളുടെ മകൻ പ്രേമിക്കുന്നതു് മറ്റൊരുവളേയാണു് അയാളുടെ പ്രേമം സമ്പാദിക്കാൻ ഇനി എനിക്കു സാധിക്കുമെന്നു തോന്നുന്നില്ല. എനിക്കുവേണ്ടി അയാൾ അവളെ വെടിയുക ഉണ്ടാകയില്ല.
വൃദ്ധൻ:
(ദൃഢതയോടെ) അവൻ അവളെ വെടിയും, അവന്നു പിറക്കാൻപോകുന്ന കുട്ടിയേ വിചാരിച്ചിട്ടു്. ഒരാൾ ഒരു കുട്ടിയുടെ അച്ഛനാണെന്നു വന്നാൽ അയാൾക്കു് ഒഴിച്ചു കൂടാത്ത ചില ഭാരവാഹിത്വങ്ങൾ സഹിക്കേണ്ടതുണ്ടു്. (അവളുടെ കൈ തടവിട്ടു്) എന്റെ കുട്ടീ! ഇപ്പോൾ അവൻ കോപിച്ചും മുഷിഞ്ഞും ഇരിക്കുകയാണു്. ഒരു സമയം അവനേയും കുറ്റം പറവാൻ പാടില്ലായിരിക്കും. എന്നാലും എന്റെ മകൻ ന്യായം പ്രവർത്തിക്കാതിരിക്കില്ല. ഒരാൾക്കു ജനിച്ച കുട്ടിയുടെ അമ്മയ്ക്കു് അയാളുടെ മേൽ ചില അവകാശാധികാരങ്ങൾ സിദ്ധിച്ചിട്ടും ഉണ്ടു്.

ആശ്വാസത്തോടെ നിശ്വസിച്ചിട്ടു് ധനം അയാളെ പിടിച്ച പിടിത്തം വിട്ടില്ല. തിരമാലകളാൽ തല്ലിത്തകർക്കപ്പെട്ടു് മരിക്കാറായ ഒരാൾക്കു് ഉണങ്ങിയ കര കണ്ടുകിട്ടിയപോലെ ഒരു സുഖം അവൾക്കു് ഉണ്ടായി. എന്നാൽ ഭാസ്കരന്റെ കോലം അത്യുഗ്രകോപംകൊണ്ടു് ജ്വലിച്ചു കണ്ടതു് അവളുടെ മനസ്സിൽനിന്നു വിട്ടുപോയില്ല. “ഒരു സമയം അയ്യാൾ ഒന്നിനും വഴിപെടാതിരുന്നാലോ” എന്നു് അവൾ വൃദ്ധനോടു ചോദിച്ചു.

വൃദ്ധൻ:
(കണ്ണിൽനിന്നു തീപ്പൊരി പാറുംപ്രകാരം) അവന്നു് ഒരിക്കലും നിഷേധിപ്പാൻ പാടില്ല. അവൻ വഴിപ്പെടാതിരുന്നാൽ എന്റെ സമ്പാദ്യമായ സ്വത്തിൽ ഒരു പൈപോലും അവനു കിട്ടുമെന്നു് വിചാരിക്കേണ്ട. നിനക്കും നിനക്കു ജനിക്കാൻ പോകുന്ന കുട്ടിക്കും എന്നെ ഒരു രക്ഷയായി ആശ്രയിക്കാം. എന്റെ കൂടെ വരണം എന്നാണു് ഞാൻ പറയുന്നതു്.

എന്നാൽ ധനം നിഷേധസൂചകമായി ഒന്നു തല ഇളക്കി.

ധനം:
അതിന്നു് ഇനിയും കാലമായിട്ടില്ല. നിങ്ങൾ മകനുമായി സംസാരിച്ചതിൽ പിന്നെ മാത്രമേ എനിക്കു് അതിന്നു ധൈര്യം വരികയുള്ളൂ.
വൃദ്ധൻ:
ഒന്നുകൊണ്ടു നോക്കിയാൽ നീ ശരിയാണു്. പ്രിയ കുട്ടി! ഞാൻ നിനക്കു് ഒരു എഴുത്തയയ്ക്കും. അതിനിടയിൽ നീ യാതൊരു തെറ്റോ സാഹസമൊ ചെയ്കയില്ലെന്നു് എന്നോടു വാഗ്ദത്തം ചെയ്യുകയുംവേണം.

എത്രയോ സന്തോഷത്തോടെ അവൾ വാഗ്ദാനവുംചെയ്തു. അവളെ അവളുടെ കേവലം കണ്ണിൽ പിടിക്കാത്ത പാർപ്പിടംവരെ കൊണ്ടാക്കി വൃദ്ധൻ യാത്രയും പറഞ്ഞു് അവിടംവിട്ടു. ധനത്തിന്റെ കാര്യത്തിൽ ക്ഷണകാലംകൊണ്ടു് ലോകം ആകപ്പാടെ ഭേദിച്ചുപോയി. ഭാസ്കരന്റെ അച്ഛൻ ഗുണവാനും ദീനദയാലുവും മാനശാലിയും ആയിരുന്നു. അദ്ദേഹം വാഗ്ദത്തം ചെയ്തതുകൊണ്ടു് ഭാവികാലജീവിതം ഭയവും ലജ്ജയും കൂടാതെ സുഖകരമായി കഴിക്കാമെന്നു് അവൾ പ്രതീക്ഷിച്ചു.

ദുരുപദേശവും മറ്റും

“എടോ! ഹേമാംഗ! നിന്നെ കാണണം എന്ന കാംക്ഷയോടുതന്നെ ഞാൻ നടക്കുകയായിരുന്നു. മാറ്റാരെയുമല്ല, നിന്നെത്തന്നെ!” എന്ന ഭാസ്കരന്റെ സന്തുഷ്ടശബ്ദമാണു് ഹേമാംഗൻ പെട്ടെന്നു് കേട്ടിരുന്നതു്. ഭാസ്കരൻ അവന്റെ ക്ലബ്ബിന്റെ മാർബിൾസീറ്റുംകടന്നു് “പാൾമാൾ” എന്ന ദിക്കിലേയ്ക്കു പോവാനുള്ള ആനവാതിലിന്റെ അടുത്തു വരികയായിരുന്നു. ഹേമാംഗൻ, വർത്തമാനപത്രവും താഴത്തിട്ടു്, തന്റെ സ്നേഹിതനെ എതിരേല്ക്കുവാൻ എഴുന്നേറ്റു. അയാൾ തന്റെ സ്വർണ്ണസിഗരട്ടുസഞ്ചി അയാളുടെ നേരെ നീട്ടി.

ഹേമാംഗൻ:
(ഒരു ഒതുക്കിയ ചിരിയോടെ) ഞാൻ വിചാരിച്ചു നീ നാടകശാലയിൽ ആയിരിക്കുമെന്നു്.

എന്നാൽ ഭാസ്കരൻ വ്യസനത്തോടും നിഷേധസൂചകമായും തന്റെ തല ഇളക്കി.

ഭാസ്കരൻ:
ആനന്ദവല്ലി. പിന്നേയും രണ്ടുദിവസത്തേയ്ക്കു ബോമ്പായിൽ പോയിരിക്കുന്നു.

ഭാസ്കരൻ തന്റെ വായ ഉറപ്പിച്ചു പൂട്ടി. ഒരു നിമിഷനേരം ഒന്നും മിണ്ടാതെ തന്റെ മുൻഭാഗത്തു് നോക്കിനിന്നു. അതിൽപിന്നെ ഉണർവ്വുവരുംപ്രകാരം ദേഹം ഒന്നു നല്ലവണ്ണം കുലുക്കി.

ഭാസ്കരൻ:
നീ എന്റെകൂടെ എന്റെ “കണ്ഠനാദം” എന്ന ഭവനത്തിൽ വരുമോ? എനിക്കു് നിന്നോടു് ഒരു കാര്യം പറവാനുണ്ടു്.

“ഒരു വിരോധവുമില്ല” എന്നു പറഞ്ഞു തൊപ്പിയും ഇട്ടു് ഹേമാംഗൻ എഴുന്നേറ്റു. രണ്ടാളും ഇറങ്ങി, അധികം ജനബാധ ഇല്ലാത്ത “‘പാൾമാളിലെ” വിസ്തൃതതെരുവുകളിൽ അന്യോന്യം ഉരിയാടാതെ കുറേനേരം നടന്നു. മൗനം ഒന്നാമതു പൊട്ടിച്ചതു ഭാസ്കരനാണു്.

ഭാസ്കരൻ:
നിങ്ങൾക്കു് എന്റെ വക്കീൽമാർ അയച്ച നോട്ടീസ് കിട്ടിയായിരിക്കും. എന്റെ ഹർജി ഈ വരുന്ന ബുധനാഴ്ചയാണു് വിചാരണയ്ക്കു വെച്ചിരിക്കുന്നതു്.
ഹേമാംഗൻ:
(തലകുലുക്കീട്ടു്) വക്കീൽമാരുടെ ഒരു എഴുത്താണു് എനിക്കു കിട്ടിയതു്. അതും ഇന്നു രാവിലെയാണു്. വെക്കേഷനുമുമ്പു് അതു വിചാരണയ്ക്കു വെപ്പിച്ചതുകൊണ്ടു് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. ഈ സ്റ്റേഷനിൽ വിചാരണയ്ക്കു് എത്രയോ അധികം കെയിസുകൾ വെച്ചുപോയിട്ടുണ്ടു്. അതുകൊണ്ടു വളരെ നമ്പർ നീട്ടിവെക്കാനും ഇടയുണ്ടു്. അതുകൊണ്ടു് അടുത്തുവെച്ചു കിട്ടിയതു് നിങ്ങളുടെ ഭാഗ്യമാണു്.
ഭാസ്കരൻ:
അതെ. ഭാഗ്യം തന്നെ. (കുറേനേരം മിണ്ടാതിരുന്നിട്ടു്) ആകപ്പാടെ ഒരു സൊല്ലപിടിച്ച തകരാറായിട്ടു് എനിക്കു തോന്നുന്നു. ഈ മാലാകാരമൊക്കെ ഒരുവിധം തീർത്താൽ എനിക്കു സുഖമായിരുന്നു.

തൽക്ഷണം ഹേമാംഗനു് ഒരു ശങ്കയോ സംശയമോ തോന്നി.

ഹേമാംഗൻ:
(പെട്ടെന്നു്) നിങ്ങൾ ഉടനെതന്നെ ആനന്ദവല്ലിയെ വിവാഹം ചെയ്യുമെന്നു ഞാൻ കരുതുന്നു.
ഭാസ്കരൻ:
അങ്ങിനെയാണു് ഞാനും വിചാരിക്കുന്നതു്.

ഹേമാംഗൻ പെട്ടെന്നു് അദ്ദേഹത്തെ തിരിഞ്ഞുനോക്കി.

ഹേമാംഗൻ:
എന്താണു് നിങ്ങൾ പറഞ്ഞതു്? വിവാഹം ഒക്കെ ശട്ടംചെയ്തു്, ഒരുക്കങ്ങളുംകൂടി കഴിഞ്ഞു എന്നല്ലെ ഞാൻ ധരിച്ചതു്.

ഭാസ്കരൻ താൻ വലിച്ചിരുന്ന സിഗറട്ടു് വായിൽനിന്നെടുത്തു് വലിച്ചെറിഞ്ഞു. അദ്ദേഹത്തിന്നു് ഒരു ക്ഷമയില്ലാത്തഭാവം ഉണ്ടായി.

ഭാസ്കരൻ:
വിവാഹം കഴിപ്പാനുള്ള ലൈസൻസ് ഞാൻ വാങ്ങിക്കഴിഞ്ഞു. എന്റെ വിവാഹം അസാധുവെന്ന നിലയിൽ റദ്ദാക്കിക്കിട്ടിയ പിറ്റേന്നു് എന്നെ വിവാഹിക്കാമെന്നു് ആനന്ദം വാഗ്ദത്തം ചെയ്തിട്ടുണ്ടു്.

ഭാസ്കരൻ അല്പം പരുങ്ങി. നിവൃത്തിയില്ല എന്ന വിധത്തിൽ പിന്നേയും സംഭാഷണം തുടർന്നു.

ഭാസ്കരൻ:
ഹേമാംഗ! ആ പെണ്ണിനെ വിചാരിച്ചിട്ടു് എനിക്കു് എന്തോ ഒരു ചഞ്ചലഭാവം പിടിപെട്ടുപോകുന്നു. മനസ്സിൽ ഒരു ശല്യം.
ഹേമാംഗൻ:
(കർക്കശമായിട്ടു്) ധനത്തിനെ വിചാരിച്ചിട്ടൊ. അവൾക്കൊന്നും പേടിക്കാനില്ലല്ലൊ. റോയൽപാർക്കു് ഹോട്ടലിൽ ഞാൻ അവൾക്കു് ഒരു ജോലി സമ്പാദിച്ചു കൊടുത്തിട്ടുണ്ടല്ലൊ. അവളുടെ കാര്യത്തിൽ നിങ്ങൾ എന്തിനാണു് തലയിടുന്നതു്?
ഭാസ്കരൻ:
(ദേഹം ആകെ ഒന്നിളക്കി മന്ദസ്വരത്തിൽ ഞാൻ അവളെ ഇന്നു രാവിലെ കണ്ടു. അവൾക്കു് ഗർഭമാണെന്നു് അവൾ പറഞ്ഞു.

“എന്തു്” എന്ന ഒരു ചോദ്യം ഹേമാംഗന്റെ വായിൽനിന്നു വെടി പൊട്ടുംപോലെ പുറപ്പെട്ടു.

ഹേമാംഗൻ:
(ഉച്ചത്തിൽ)ഒരു കുട്ടിജനിക്കാൻ പോകുന്നു എന്നോ? നിശ്ചയമായിട്ടും അതിന്നിടയില്ലല്ലൊ.

ഭാസ്കരൻ ചുണ്ടുകൾ മുറുകെ കടിച്ചു. “അവൾ പറയുന്നതു നേരാണെന്നു് ഞാൻ വിശ്വസിക്കുന്നില്ല. ഇതു് എന്നെ പറ്റിക്കാനുള്ള മറ്റൊരു സൂത്രമായിരിക്കണം. “ഞാൻ അതു് വിശ്വസിക്കുകയില്ല” എന്നു് ഞാൻ അവളോടു് അപ്പോൾതന്നെ പറഞ്ഞു. എന്നാലും ഹേമാംഗ! ഈ അത്ഭുതം. അല്പം അസ്വസ്ഥനാക്കാതിരിക്കുന്നുമില്ല.”

ഹേമാംഗൻ:
അന്നു് രാത്രി നിങ്ങൾ അവളെ വെറുതെ വിട്ടിട്ടില്ല.

ഭാസ്കരൻ കൈമുഷ്ടി മുറുക്കിപ്പിടിച്ചു. അയാളുടെ ശബ്ദം അവ്യക്തമായി. അസത്യം പറയുവാൻ ഒരിക്കലും അയാൾക്കു് മനസ്സുവന്നില്ല.

ഭാസ്കരൻ:
രാത്രി ഞങ്ങൾ ഒന്നിച്ചു് സുഖമായിക്കഴിച്ചു. പിറ്റേന്നു രാവിലെയാണു് ഞാൻ അവളെ വെടിഞ്ഞതു്. ഞാൻ ഒരു ശുദ്ധ മൃഗത്തേപ്പോലെ ആചരിച്ചുപോയി ഹേമാംഗ! അവൾ എന്നോടു് ചെയ്ത കെടുതിവിചാരിച്ചാൽ ഞാൻ അങ്ങിനെ ഒന്നിന്നു് ഒരുമ്പെടരുതായിരുന്നു. അന്നു് എന്റെ നില തെറ്റിപ്പോയിരുന്നു. ചാരിത്രഭംഗം വരുത്തിയതിന്നു് പ്രതികാരേച്ഛയായിരുന്നു പ്രബലമായ കാരണം. എന്റെ കർമ്മംകൊണ്ടു് ഞാനാണു് തോറ്റതു്. എന്തുകൊണ്ടെന്നാൽ ഒരു സമയം അവൾ പറയുന്നതു് സത്യമാണെന്നു വിചാരിച്ചാലൊ!അല്ല, സത്യമാണെന്നു വന്നാലൊ!

“സത്യമോ” എന്നു് അയാളുടെ വാക്കുകൾ ഖണ്ഡിക്കും പ്രകാരം നിലവിളിച്ചിട്ടു് ഹേമാംഗൻ പരുപരുത്ത ശബ്ദത്തിൽ ഒന്നു ചിരിച്ചു. വാസ്തവം പറഞ്ഞാൽ ഹേമാംഗന്റെ കൈത്തണ്ടയിൽനിന്നും നെറ്റിയുടേയും ചെവിയുടേയും മദ്ധ്യത്തിൽനിന്നും തന്റെ നാഡികളും കഠിനമായി സ്ഫന്ദിക്കുന്നുണ്ടെന്നു ഹേമാംഗന്നു ബോദ്ധ്യമായി. അപ്പോൾ ധനം പേരിന്നു് മാത്രമല്ല യഥാർത്ഥത്തിലും അയാളുടെ സ്വന്തമായി. ഇന്നലെ രാത്രി അയാൾ അവളെ ചുംബിച്ചിട്ടുണ്ടാകയില്ല… അയാൾ (ഹേമാംഗൻ) അവളെ വിവാഹം ചെയ്വാനാണു് ചോദിച്ചതു് എന്നു് നടിപ്പാനും അവൾക്കു് ധൈര്യം വന്നു അല്ലേ! ഹേമാംഗന്നു് ഒരു വലിയ ഭയമുണ്ടു്. ഭാസ്കരനെക്കൊണ്ടു് അവളെ രണ്ടാമതും സ്വീകരിപ്പിക്കാൻ ധനത്തിന്നു് സാധിച്ചു എന്നുവരാൻമതി. അതാണു് ഹേമാംഗൻ സൂക്ഷിക്കേണ്ടതു്. അതാണു് അയാൾ മുടക്കേണ്ടതു്.

“എന്റെ ഭഗവാനെ! ഭാസി! ആ മാതിരി പിത്തലാട്ടം കൊണ്ടൊന്നും നീ കെണിഞ്ഞുപോകരുതെ. നിന്നെത്തന്നെ നീ വിലയില്ലാതെകണ്ടു് വലിച്ചെറിഞ്ഞുകളയരുതു്.” എന്നു് എത്രയോ പുച്ഛരസത്തിൽ ചിരിച്ചുകൊണ്ടു് ഹേമാംഗൻ ചോദിച്ചു. തിരി കെട്ടുപോകുമ്പോലെ, വല്ല ശങ്കയും ഭാസ്കരന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു എങ്കിൽ, അതും അസ്തമിച്ചുപോയി. മിത്രഭാവത്തിൽ നില്ക്കുന്ന ശത്രുവിനേക്കാൾ വലിയ പിശാചില്ലെന്നു് ഭാസ്കരൻ അറിഞ്ഞില്ല.

ഭാസ്കരൻ:
(ഉറപ്പോടെ)ഇല്ല. ഒരിക്കലും ഞാൻ അങ്ങിനെ ചെയ്കയില്ല. മാത്രം അവൾക്കു വല്ല പണത്തിന്നും തിടുക്കം നേരിട്ടാൽ—

പിന്നേയും ഹേമാംഗൻ പുച്ഛമായിച്ചിരിച്ചു.

ഹേമാംഗൻ:
ഇഷ്ടാ ഭാസി! അങ്ങിനെയുള്ള പെണ്ണുങ്ങളുമായി നിണക്കു് ഇനിയും പരിചയം സിദ്ധിച്ചിട്ടില്ല. ഞാൻ ഭൂമിചുറ്റിസ്സഞ്ചരിക്കുന്നതിന്നിടയിൽ ആ ജാതി സ്ത്രീകളിൽ ചിലരുമായി പരിചയിക്കേണ്ടിവന്നിരുന്നു. പണമേ അവർക്കു വേണ്ടുള്ളൂ. പണം പിടുങ്ങണം എന്നു തോന്നിയാൽ അതിന്നുവേണ്ടി കൈനീട്ടാൻ അവർക്കു കേവലം നാണവും മാനവും ഉണ്ടാകയില്ല. കാര്യം തുറന്നു പറയേണമെങ്കിൽ നമ്മുടെ ചങ്ങാതിച്ചി ധനം, ഒരു നല്ലതുകയ്ക്കുവേണ്ടി എന്നോടും വന്നു കെഞ്ചീട്ടുണ്ടു്. ഞാൻ ഒന്നുകൂടി നിങ്ങളെ താക്കീതു ചെയ്യുന്നു. ആ മാതിരിക്കാരോടു് വളരെ അകന്നുനില്ക്കുന്നതാണു് നല്ലതു്. അവൾ നിങ്ങളെ കബളിക്കാൻവേണ്ടി കെട്ടി ഉണ്ടാക്കിയ കഥയിൽ ഒരു അക്ഷരംപോലും എനിക്കു വിശ്വാസമില്ല. നിങ്ങൾ ഒരിക്കൽ വിഡ്ഢിത്തംകൊണ്ടു് അല്പം ദയകാണിച്ചുപോയാൽ, അവൾ അതിന്മേൽ പിടിച്ചുകേറാതിരിക്കില്ല. നിന്റെ ഹർജി നിലവിലാണുള്ളതു്. എന്നും നീ ആലോചിക്കേണ്ടതാണു്. അതു ബുധനാഴ്ചയാണു്. സൂക്ഷിച്ചോ!

സമ്മതിച്ചപോലെ ഭാസ്കരൻ തല ഇളക്കി.

ഭാസ്കരൻ:
ഹേമാംഗ! നീ പറഞ്ഞതു ശരിയാണു് ഞാനും വിചാരിക്കുന്നു. എന്റെ അഭിപ്രായത്തോടു നിങ്ങളും അനുകൂലിച്ചുകാണുന്നതു് എനിക്കു സന്തോഷമാണു്.

ഇങ്ങിനെ പറഞ്ഞു് ഭാസ്കരൻ, തന്റെ അച്ഛന്റെ വീട്ടിന്റെ പടിക്കൽ എത്തിയപ്പോൾ അവിടെനിന്നു് “നിങ്ങൾക്കു വല്ലതും കുടിപ്പാൻ വേണമോ” എന്നു ചോദിച്ചു.

എന്നാൽ ഹേമാംഗൻ അതിന്നു നില്ക്കാതെ പോയി. ഭാസ്കരൻ കോണിയും കേറി തന്റെ മുറി തുറക്കാൻ താക്കോൽ പൂട്ടിൽ ഇറക്കി. തനിക്കു് അതുവരേയ്ക്കും അനുഭവമായ മനസ്സാക്ഷിയുടെ കുത്തും ശകാരവും, തന്റെ ചങ്ങാതിയുടെ വാക്കുകൾ കേട്ടപ്പോൾ ശമിച്ചുപോയി. എന്നുമാത്രമല്ല ഹേമാംഗൻ അവൾക്കു പണം കൊടുക്കേണ്ടിവന്നു എന്നു കേട്ടപ്പോളും അയാൾ വല്ലാതെ ഒന്നു ഞെട്ടിപ്പോയി. ധനത്തോടു തനിക്കു് ഇതുവരെ ഉണ്ടായിരുന്ന അനുകമ്പ ഒക്കെ അസ്തമിച്ചു. അതിന്റെ സ്ഥാനത്തു കോപം കയ്യേറി… ഭൂ. അയാൾ ദേഹം ഒന്നു കുലുക്കി. ധനം തനിക്കു് ഒന്നും അല്ലാത്തവളായി. അതിലും താണവളായി. ഒന്നിന്നും കൊള്ളാത്തവളായി. അവളെ സംബന്ധിച്ചു് തനിക്കു് അകാരണമായി തോന്നിയ മനസ്സാക്ഷിയുടെ കമ്പം, തന്റെ വെറും ആലോചന ഇല്ലായ്മയും വങ്കത്തരവും കൊണ്ടുണ്ടായതാണെന്നു് അയാൾ ഉറച്ചു.

ഭാസ്കരൻ മുറിയിൽ പ്രവേശിച്ചു വാതിൽ പൂട്ടി. കിഴവൻ ബട്ളേർ ഉടനെ തന്റെ മുറിയിൽ കേറിവന്നു. “ഭാസ്കരൻമൂപ്പരേ! നിങ്ങൾ ഇപ്പോൾതന്നെ നിങ്ങളുടെ അച്ഛന്റെ മുറിയിൽ ഒന്നു ചെല്ലുമോ? നിങ്ങൾ വന്നാൽ ഉടനെ ഒന്നു് അത്രത്തോളം ചെല്ലാൻ നിങ്ങളോടു പറവാൻ വലിയമൂപ്പർ കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

ഭാസ്കരൻ:
(ആശ്ചര്യത്തോടെ) എന്തുണ്ടായി സുന്ദരം ബൊട്ളേർ!

തന്റെ അച്ഛൻ തന്നെ വിളിക്കാനയച്ചിട്ടു വളരെ കൊല്ലമായി. അദ്ദേഹം രാത്രി പതിനൊന്നുമണിക്കു കിടന്നുറങ്ങാൻ പോക എന്ന പതിവു് ഇതുവരെ പൊട്ടിച്ചിരുന്നിട്ടും ഇല്ല. ഞാനൊന്നും അറിയുകയില്ല എന്ന ഭാവത്തിൽ ബൊട്ളേർ തല ഇളക്കി.

ബൊട്ളർ:
മൂപ്പർ വന്നുകേറുമ്പോൾ ഒരു സ്വസ്ഥത ഇല്ലാത്തപോലെ കളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ രോഗാവസ്ഥയിൽ ഇങ്ങിനെ കമ്പിതനായി കണ്ടപ്പോൾ എനിക്കു ഭയം നേരിട്ടിരുന്നു.

ശോകം വീശുന്ന മനസ്ഥിതിയോടെ, ഭാസ്കരൻ ക്ഷണം, പുസ്തകങ്ങൾ വെച്ചിരുന്ന മുറിയുടെ വാതിൽ ചെന്നു തുറന്നു. അയാളുടെ അച്ഛൻ ഒരു ഒഴിഞ്ഞ തീച്ചട്ടിയുടെ അരികെ ഇരുന്നിരുന്നു. വിവിധ വികാരങ്ങൾ നിമിത്തം അദ്ദേഹത്തിന്റെ മുഖം വിളറിയതും ചാലുകൾ നിറഞ്ഞതും ആയിരുന്നു. ഭാസ്കരൻ പ്രവേശിച്ചപ്പോൾ അയാളുടെ ദേഹം അസാരം ഇളക്കി. അയാൾക്കു സംസാരിപ്പാനും കൂടി അദ്ധ്വാനം വേണ്ടിവന്നു. അദ്ദേഹം ശ്വസിക്കുമ്പോൾ കിതച്ചിരുന്നു.

വൃദ്ധൻ:
മകനേ! എനിക്കു നിന്നോടു് ഒരു കാര്യം പറവാനുണ്ടു്. വളരെ മുഖ്യമായ ഒന്നാണു്. ധനത്തേ… ഞാൻ കണ്ടു.

ഭാസ്കരൻ ഉടനേതന്നെ തന്റെ അച്ഛന്റെ അടുക്കെചെന്നു നിന്നു് “എന്നിട്ടച്ഛാ” എന്നു പറഞ്ഞു. എന്നാൽ ഭാസ്കരൻ അച്ചനെ താങ്ങാൻ കൈനീട്ടും മുമ്പേ വൃദ്ധൻ ചാഞ്ഞു് “റഗ്ഗി”ന്മേൽ വീണു. കുറേ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുഭാഗത്തിൽനിന്നു് ഒരു ഡോക്ടർവന്നു് വൃദ്ധനെ പരിശോധിച്ചു. പരിശോധന കഴിഞ്ഞു ഉടനെ ഡോക്ടർ. ഭാസ്കരനെ വിളിച്ചു. “ഇതു പക്ഷപാതമാണു്. ഇനി ഇദ്ദേഹത്തിന്നു് ഇളകാനോ മിണ്ടാനോ സാധിക്കുകയില്ല” എന്നുമാത്രം പറഞ്ഞു.

ഭാസ്കരന്നു് തന്റെ അച്ഛനെ വളരെ സ്നേഹവും ബഹുമാനവും ആയിരുന്നു. പക്ഷപാതം എന്നു കേട്ടപ്പോൾ ഒരു ഭയവും അനുകമ്പയും ഒരു വലിയ തിരപോലെ അയാളുടെ ഉള്ളിൽ പൊങ്ങി. അയാൾ ഉടനെ അച്ഛന്റെ അരികെ മുട്ടുകുത്തി. സ്ഥിതിചെയ്തു. വൃദ്ധന്റെ കൺപോളകൾ അടഞ്ഞും തുറന്നുംകൊണ്ടിരുന്നു. “കേടു തട്ടാത്ത ഭാഗം അതുമാത്രമാണു് ” എന്നു ഡോക്ടർ മന്ത്രിച്ചു.

വൃദ്ധന്റെ മങ്ങിയ കണ്ണുകൾ മകന്റെ മുഖത്തു പതിഞ്ഞു. പെട്ടെന്നു് മരണമയമായ ജീവിതത്തിൽ പ്രവേശിക്കപ്പെട്ടുപോയിരുന്നു എങ്കിലും ആ കണ്ണിൽ ചിലപ്പോൾ ചൈതന്യം സ്ഫുരിച്ചു.

“അവർക്കു് എന്തോ എന്നോടു പറവാനുണ്ടു്” എന്നു് ഭാസ്കരൻ പറഞ്ഞു.

എന്നാൽ, നീലിച്ചുപോയ ചുണ്ടുകളുടെ ഇടയിൽക്കൂടെ നാവു പുറമേ വരുന്നതു കണ്ടില്ല. പെൻസിൽകൊണ്ടു് പണ്ടു് എഴുതാൻ വെയ്ക്കുന്ന കൈ, ഒരു ഉണങ്ങിപ്പോയ മരക്കൊമ്പുപോലെ ഇരുന്നു. വൃദ്ധന്നു് പറവാനുണ്ടായിരുന്ന അവസാനശാസനകൾ മകനോടു പറഞ്ഞുകൊടുപ്പാൻ വയ്യാതായിപ്പോയി.

“ഒരു സമയം ഈ നിലയിൽ ഇദ്ദേഹം കുറെ കൊല്ലങ്ങളോളം കിടന്നുപോവാനും മതി. അല്ലെങ്കിൽ ഉടനെ മരിച്ചു പോകുവാനും മതി” എന്നു് ഹാളിൽ എത്തിയപ്പോൾ ഡോക്ടർ, ഭാസ്കരനോടു പറഞ്ഞു.

ഡോക്ടർ:
എന്നാൽ പണ്ടത്തെ നിലയിലോ, മിണ്ടാൻ വയ്ക്കുന്ന നിലയിലോ പിന്നേയും വരേണമെങ്കിൽ അതു് അത്ഭുതങ്ങളിൽവെച്ചു് അത്ഭുതമായിരിക്കും. എന്നാൽ കണ്ണിന്റെ ഉള്ളിൽ അസാരം ഓർമ്മയുടെ തെളിവു് മിന്നുന്നുണ്ടു്. ആ നല്ല ലക്ഷണവും ക്രമേണ മങ്ങിപ്പോവാൻ മതി. മിസ്റ്റർ ഭാസ്കരാ! സകല കാര്യങ്ങളും നടത്താൻ നിങ്ങൾതന്നെ ഏറ്റെടുക്കേണ്ടിവരും. കാര്യങ്ങൾ കൊണ്ടുനടത്തേണ്ടുന്ന ബാദ്ധ്യത വിചാരിച്ചാൽ നിന്റെ അച്ഛൻ ജീവനോടെ ഇല്ലെന്നു തന്നെ വിചാരിച്ചാൽ മതി.

ഇങ്ങിനെ തോടു് മാത്രം ശേഷിച്ച ഒരു ഫലംപോലെ വൃദ്ധൻ തന്റെ ശയനമുറിയിൽ കിടക്കേണ്ടിവന്നു. ഒരു നേർസിനേയും അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്കുവേണ്ടി നിയമിച്ചിട്ടുണ്ടു്. ഇങ്ങിനെ നാളുകളും കുറെകഴിഞ്ഞു. ഒരു ദിവസം ഓരോ വിചാരത്തിൽ മുഴുകി ഭാസ്കരൻ ഒരേടത്തിരുന്നിരുന്നു. തന്റെ ശൈശവംമുതല്ക്കേ തന്റെ പ്രിയ അച്ഛൻ തനിക്കു് അച്ഛനും അമ്മയും കൂടിയായിരുന്നു. വേണ്ടുന്നതെന്തെന്നു ക്ഷണം മനസ്സിലാക്കി കുട്ടിക്കാലത്തു് തന്നോടു് അദ്ദേഹം വളരെ ദയയോടെ പെരുമാറിയിരുന്നു. കുട്ടിക്കാലത്തു് ഇങ്ങിനെ ഒരു കാരുണ്യമൂർത്തിയായ നല്ല അച്ഛനെ കിട്ടിയതു് അവന്റെ ഭാഗ്യമാണു്. ഭാസ്കരന്റെ കണ്ണുനനഞ്ഞു. വ്യസനം തൊണ്ടയിൽ കെട്ടിക്കൂടിയപോലെ ആ ഭാഗം ചീർത്തു വേദനിച്ചു. അവനും അച്ഛനുംതമ്മിലുള്ള പ്രണയം വളരെ അടുപ്പവും വീര്യവുംഉള്ള യഥാർത്ഥ പ്രണയമായിരുന്നു. ഇക്കാലത്തെ അച്ഛനും മകനും തമ്മിൽ ഉള്ളപോലെ വെറും ഒരു പേരിന്നോ കാഴ്ചയ്ക്കോ മാത്രമല്ല. അതുകൊണ്ടായിരുന്നു തന്റെ അച്ഛൻ ആവശ്യപ്പെട്ടപ്പോൾ, താൻ പണ്ടൊരിക്കലും കാണാത്ത ഒരു പെണ്ണിനെ വിവാഹിക്കാനുംകൂടി അയാൾ ഒരുങ്ങിനിന്നതു്.

വൃദ്ധനും മാനശാലിയും ആയ തന്റെ അച്ഛനോടു്, ധനം എത്ര ക്രൂരമായ വഞ്ചനയാണു് കാട്ടിയിരുന്നതു്. തന്റെ ജീവകാലത്തു് ചെയ്തുപോയ ഒരു തെറ്റു് പരിഹരിപ്പാൻവേണ്ടിയല്ലേ അച്ഛൻ ജാനുവും താനുമായി ഒരു വിവാഹം ഏർപ്പെടുത്തിയതു്. ഒരു സമയം ഇങ്ങിനെ ജീവച്ഛവമായി വീഴുന്ന അവസരത്തിന്നുമുമ്പെ അദ്ദേഹം പറവാൻ ഭാവിച്ചിരുന്നതു് ധനത്തിന്റെ വഞ്ചനയെപ്പറ്റി ആയിരിക്കാനുംമതി. ഇതിന്നൊക്കെ കാരണം ആ അസത്തു പെണ്ണാണു്. ഭാസ്കരൻ ചോരപൊട്ടുംവരെ തന്റെ ചുണ്ടുകൾ കടിച്ചു… പിന്നെ പെട്ടെന്നു് ഒരു മിന്നൽ പോലെ തന്റെ അച്ഛൻ എല്ലാം അറിഞ്ഞിട്ടുണ്ടെന്നു് അയാൾക്കു് മനസ്സിലായി. ഗർഭമാണെന്നു് അവൾ ഉണ്ടാക്കിത്തീർത്ത കൗശലവും കളവും ഫലിപ്പിക്കുവാൻവേണ്ടി ധനം തന്റെ അച്ഛന്റെ അടുക്കെച്ചെന്നു തോന്നിയതൊക്കെ പറഞ്ഞുകൊടുത്തിട്ടുണ്ടായിരിക്കണം.

ആ പാരവശ്യമാണു് വക്കീൽ അച്ഛന്റെ മുഖത്തു് വിളയാടിക്കണ്ടതു്. പക്ഷപാതത്തിന്റെ തല്ലേല്ക്കുംമുമ്പെ അച്ഛൻ പറവാൻ പുറപ്പെട്ടതു് ധനത്തിന്റെ പേരായിരിക്കണം. ധനം! കള്ളത്തി! വഞ്ചകി! തെണ്ടിത്തിന്നി! ഇപ്പൊളൊ ഒരു ശുദ്ധ കൊലപാതകി! എന്തുകൊണ്ടെന്നാൽ, അവൾചെയ്ത തെറ്റു് അച്ഛനെ തോക്കെടുത്തു വെടിവെച്ചപോലെയാണു്.

ഇതൊക്കെ അവൾ വീട്ടേണ്ടിവരണ്ടെ! അയാൾക്കു് ജീവനുള്ള കാലത്തോളം അവളെ വെറുതെ വിട്ടുകളക എന്ന കാര്യം ഉണ്ടാകയില്ല. അയാളുടെ അവസാനത്തെ ഒരു തുള്ളി ചോരയും ഒരു കാശുപണവും തീരുവോളം അയാൾ കുറ്റത്തിന്നു് തക്കശിക്ഷ കൊടുക്കുകയൊ കൊടുപ്പിക്കാതിരിക്കുകയൊ ചെയ്കയില്ല.

ഹേമാംഗന്റെ വിശ്വാസവഞ്ചന

ഭാസ്കരന്റെ അച്ഛന്നു് പക്ഷപാതം പിടിപെട്ട ദിവസത്തിന്റെ തലേന്നു്, മാർത്ത, പതിനഞ്ചുദിവസം കല്പനയും എടുത്തു സുഖിപ്പാനും വിനോദിക്കാനുംവേണ്ടി മറ്റൊരു ദിക്കിലേക്കു പോയിരുന്നു. ധനത്തെ അന്നു് ഹോട്ടലിൽവെച്ചു് കണ്ടിരുന്നില്ലെങ്കിൽ അവൾ അവിടംവിട്ടുപോകുവാൻ മടിക്കുമായിരുന്നു. ധനത്തിന്റെ മുഖത്തു് അന്നു് ആമയചിഹ്നങ്ങളൊന്നും കണ്ടിരുന്നില്ല. എല്ലാക്കാര്യവും ശുഭമായി കലാശിച്ചു എന്നാണു് ധനം പറഞ്ഞതും.

പിറ്റെ ദിവസം ഹോട്ടൽമാനേജർ ഒരാഴ്ചത്തേ ശമ്പളവുംകൊടുത്തു് ധനത്തെ ജോലിയിൽനിന്നു് പിരിച്ചു. പിരിച്ചുവിടുമ്പോൾ അവളോടു് യാതൊരു സമാധാനവും ചോദിച്ചിരുന്നില്ല. ഒരു കാരണവും അവർ പറഞ്ഞിരുന്നും ഇല്ല. പെട്ടെന്നു് പിരിച്ചയപ്പാനുള്ള കാരണം ഹേമാംഗന്നു് മാത്രമെ നിശ്ചയം ഉണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടെന്നാൽ ഹോട്ടൽ മാനേജർ അയാളുടെ ഒരു പഴയ സ്നേഹിതനായിരുന്നു. ധനത്തിന്നു് ഒരു ജോലി അവിടെ റെഡിയാക്കിക്കൊടുത്തിരുന്നതും ഹേമാംഗൻ ശിപാർശ ചെയ്തിട്ടായിരുന്നു. അവളെ മുന്നറിവു് കൊടുക്കാതെ പിരിച്ചുവിട്ടതും ഹേമാംഗന്റെ ഉപദേശപ്രകാരമായിരുന്നു. ധനം മറ്റൊരാളുമായി സംഗമംകഴിച്ചിട്ടുണ്ടെന്നവിവരം അറിഞ്ഞ മുതല്ക്കേ അവളെ തനിക്കും ഒന്നു് അനുഭവിക്കണം എന്ന അത്യാധുനികകാമം ഹേമാംഗന്നു് അതിവാശിയോടെ പിടിപെട്ടിരുന്നു. അവൾ അനഘയാണെന്നു് നടിച്ചു് ഒരിക്കൽ അയാളെ അകറ്റി. അവൾ ഭാസ്കരനേയും കെണിച്ചു വഷളാക്കി. മേലാൽ ഭാസ്കരന്റെ ഗുണകാംക്ഷിയായ സ്നേഹിതനെപ്പോലെ ധനത്തെ സംബന്ധിച്ചേടത്തോളം ഒന്നും ചെയ്യാതെ ശുമ്മാ ഇരുന്നു കളവാൻ ഹേമാംഗൻ ഒരുക്കമില്ലെന്നു തീർച്ചയാക്കി. ഒന്നും അയാൾ വകവെക്കാൻ ഭാവമില്ല.

ഹേമാംഗൻ ലോകപരിചയം ധാരാളം ഉണ്ടായിരുന്ന ഒരു കഠിനമനസ്ക്കനാണു്. ഒരു പെണ്ണിനെ വശത്തുവരുത്താൻ ഏറ്റവും ഉത്തമവും എളുപ്പവുമായ മാർഗ്ഗം അവളെ പണമില്ലാത്തമൂലം ഗതികെട്ടവളാക്കിത്തീർത്തതിൽപിന്നെയാണു്. ആ സമയത്തു് അനുകമ്പയോടുകൂടെ ധനസഹായം ചെയ്തു് അവളെ രക്ഷിച്ചാൽ അവൾ പാട്ടിലാകാതിരിക്കുമോ?

തന്നെ ജോലിയിൽനിന്നു പിരിച്ചതു് ഹേമാംഗന്റെ ദുർന്നയമാണെന്ന വിവരം ധനത്തിന്നു ലേശവും ഉണ്ടായിരുന്നില്ല. തത്സമയത്തു് അവളെ പിരിച്ചയച്ചതു ധനത്തിന്നു് ഒരു ശാന്തിപ്രദാവസ്ഥയായിട്ടേ തോന്നിയുള്ളൂ. ഭാസ്കരന്റെ അച്ഛൻ അവളുടെ ഭാവി ശുഭകരമാക്കും എന്നു വാഗ്ദത്തം ചെയ്തിട്ടുണ്ടു്. ആ വാക്കിൽ അവൾക്കു ദൃഢവിശ്വാസവും ഉണ്ടായിരുന്നു. എന്നാൽ അയാൾ ഇതുവരെ എഴുത്തുമൂലമൊ മറ്റുപ്രകാരമോ അവളെ യാതൊരു വിവരവും അറിയിക്കാഞ്ഞതുകൊണ്ടു് അവൾ അതിശയിച്ചു. ദിവസം രണ്ടല്ല, മൂന്നും നാലും കൂടിക്കഴിഞ്ഞു. ഒരു പുതുതായ ആസ്വാസ്ഥ്യം അവളെ ബാധിച്ചു. ഭാസ്കരന്റെ അച്ഛൻ തന്നെ ശുമ്മാ വിട്ടുകളയുമെന്നതു് ഒരു വിശ്വസിക്കവയ്യാത്ത കാര്യമാണു്. അയാൾ അവളുടെ ചരിത്രത്തിന്റെ നല്ലതും ചീത്തയും ഭാഗങ്ങൾ ശരിയായി അറിഞ്ഞതിൽപിന്നെയാണു് വാഗ്ദത്തം ചെയ്തതു്. എന്നിട്ടാണു് ഭാസ്കരൻ ധനത്തിന്റെ സ്വന്തം പേരിൽ അവളെ പിന്നേയും വിവാഹം കഴിക്കുമെന്നു ശപഥംചെയ്തതു്. വിവാഹം അസാധു എന്ന നിലയിൽ റദ്ദാക്കുവാൻ കൊടുത്ത ഹർജി ഭാസ്കരനെക്കൊണ്ടു് പിൻവലിപ്പിക്കുമെന്നാണു് പറഞ്ഞതു്. എന്തുതന്നെ വന്നാലും അവളുടെ ഭാവിജീവിതത്തിന്റെയും അവളുടെ പിറക്കാൻ പോകുന്ന ശിശുവിന്റെയും സകല ഭാരവാഹിത്വവും അയാൾ ഏറ്റെടുത്തിരിക്കുന്നു എന്നു് കൂടി ശപഥം ചെയ്തിരുന്നു. പിന്നെ എന്തുകൊണ്ടാണു് അയാൾ ഒരു എഴുത്തുംകൂടി അയക്കാതിരുന്നതു്.

അഞ്ചാമത്തെ ദിവസം പുലർച്ചെ അവളുടെ വിലാസത്തിൽ “ടൈംസ്” പത്രത്തിന്റെ ഒരു പ്രതി അവൾക്കു കിട്ടി. ഇതു് ആർ അയച്ചതായിരിക്കും? ആ പത്രത്തിൽ ആ ആഴ്ചയ്ക്കും വിചാരണയ്ക്കുവെച്ചിരുന്ന നമ്പർകളുടെയും ഹർജികളുടെയും ഒരു പട്ടിക ഉണ്ടായിരുന്നു. കക്ഷികളുടെ പേരുംകൂടി ഉണ്ടായിരുന്നു. ആ പട്ടികയിൽ ഒരാളുടെ പേരിന്റെ ചുറ്റും ചുകന്നമഷികൊണ്ടു് ഒരു വൃത്തം, ശ്രദ്ധപതിപ്പിക്കാൻ വേണ്ടി വളച്ചിട്ടിരുന്നു. “ജെറാൾഡ് ഭാസ്കരൻ—വിവാഹം അസാധുവാണെന്ന സ്ഥാപനയ്ക്കു്” ഇങ്ങിനെ ആയിരുന്നു ചുകന്നമഷികൊണ്ടു് അടയാളപ്പെടുത്തിയ പരസ്യം.

ധനം അവളുടെ കൈ നെഞ്ഞത്തുവെച്ചു. ചുകന്ന മഷിയിൽ അടങ്ങിയ വിവരം അവളെ ശ്വാസംമുട്ടിച്ചു. അവളുടെ തൊണ്ട ചീർത്തു. അക്ഷരങ്ങൾ അവളുടെ കൺമുമ്പാകെ നൃത്തംചെയ്യുംപോലെ തോന്നി. അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞതുംകൂടി ഗണ്യമാക്കാതെ ഭാസ്കരൻ വ്യവഹാരം നടത്തി വിവാഹം റദ്ദാക്കുവാൻതന്നെയാണു് ഭാവിക്കുന്നതു്. ഒരു സമയം ഈ പത്രത്തിന്റെ കോപ്പി തനിക്കു് അയച്ചതു ഭാസ്കരൻതന്നെ ആയിരിക്കും. അദ്ദേഹത്തിനു് അവളെപ്പറ്റി ഉണ്ടായ അഗണ്യതയും നിന്ദയും പുച്ഛവും കാണിക്കുവാൻ വേണ്ടിമാത്രം.

കടലാസ് അവളുടെ കയ്യിൽനിന്നു ചോടെ വീണു. എന്നിട്ടു് അവൾ ബദ്ധപ്പെട്ടു് എഴുന്നേറ്റുനിന്നു. അവളുടെ കാര്യം വിചാരിച്ചിട്ടല്ല, ഒരിക്കൽ അവൾ പ്രസവിക്കാനിടയുള്ള ശിശുവിന്റെ കാര്യം ആലോചിച്ചിട്ടുമാത്രം. ഒരിക്കൽക്കൂടി അപേക്ഷിച്ചുനോക്കാതെ നിവൃത്തിയില്ല. അവൾ ഉടുപ്പും ഇട്ടു്, ഉഷ്ണംകൊണ്ടു പതയുന്ന കല്ക്കട്ടയിലെ തെരുവുകളിൽകൂടെ നടന്നു. അവൾ ഒരു ബസ്സ് പിടിച്ചു് ഭാസ്കരന്റെ വീട്ടിന്നരികെയുള്ള “നെബ്വർത്തു് സ്ക്വയർ” എന്നേടത്തു് ഇറങ്ങി. മുഖവും വിളറി—ചുണ്ടു വെളുത്തു—ഈ ദുരവസ്ഥയിൽ വീട്ടിന്റെ വാതിലിന്നു ചെന്നുമുട്ടി. സുന്ദരംബട്ളേർ വാതിൽ തുറന്നപ്പോൾ കണ്ടതു ധനത്തേയാണു്. അയാൾ നിശ്ചലനും നിർവ്വികാരനും ആയിട്ടു് ധനത്തെ കണ്ടിട്ടുണ്ടായ ആശ്ചര്യം മറിക്കുവാൻ ശ്രമിക്കുകയായിരുന്നു.

ധനം:
(കിതപ്പോടെ) എനിക്കു പെരിയവരെ ഒന്നു കാണേണ്ടിയിരുന്നു. കാരണവരായ റിച്ചേർഡ് ഭാസ്കരൻ എന്നവരെ.
ബൊട്ളേർ:
അവരെ കാണ്മാൻ പാടില്ല.
ധനം:
(ഉറച്ചസ്വരത്തിൽ) കൂടാതെ കഴികയില്ല. ജീവനോ മരണമൊ എന്നു തീർച്ചപ്പെടുന്ന ഒരു അടിയന്തരഘട്ടമാണിതു്. അദ്ദേഹം എന്നെ കാണാതിരിക്കില്ല എന്നു് എനിക്കു നല്ല നിശ്ചയമുണ്ടു്. ഇന്നാൾ അയാൾ എന്നോടു് വാഗ്ദത്തവും കൂടിചെയ്തിട്ടുണ്ടു്. ദയവു് ചെയ്തിട്ടു് ഞാൻ ഇവിടെ വന്നിട്ടുണ്ടെന്നു് അയാളോടു പറഞ്ഞാൽ വേണ്ടില്ല.

ആളുകളോടു് പെരുമാറാൻ നല്ലവണ്ണം ശീലിച്ചിരുന്ന ബൊട്ളേർ അവളുടെ സങ്കടം കണ്ടപ്പോൾ മൃദുമനസ്കനായി.

ബൊട്ളേർ:
(അനുകമ്പയോടെ) കൊച്ചമ്മേ? ഞാൻ വ്യസനിക്കുന്നു. പെരിയവർക്കു നന്നസുഖക്കേടാണു്. ഒരാളേയും കാണാൻ സാധിക്കയില്ല. ഒരാളേ കണ്ടാൽതന്നെ, തിരിച്ചറിവാനുംകൂടി സാധിക്കുകയില്ല.

ഇതുകേട്ടപ്പോൾ അവളോടു് “ഓ” എന്നു് നിലവിളിച്ചുപോയി.

ധനം:
(അപേക്ഷാഭാവത്തോടെ) സുന്ദരൻ ബൊട്ളേരെ! പെരിയവർ എന്നെ കാണാതിരിക്കില്ല. അദ്ദേഹം അത്ര കണിശമായി എന്നോടു വാഗ്ദത്തം ചെയ്തിരിക്കുന്നു.

പെട്ടെന്നു് അവളുടെ കൈ ആരോ പിടിച്ചു്, അഭിമുഖമായി വരാൻ തക്കവണ്ണം തിരിച്ചുനിർത്തി. അതു ഭാസ്കരൻ ആയിരുന്നു.

ഭാസ്കരൻ:
(ക്രൂരഭാവത്തോടെ) നീ എന്താണു് ഇവിടെ വെച്ചുകാട്ടുന്നതു്.

അവൾ മെല്ലെ ഒന്നു നിലവിളിച്ചു. രണ്ടു രൂപങ്ങളേ—രണ്ടു പുരുഷരൂപങ്ങളേ, കാറിൽനിന്നു ഇറങ്ങി, കോണിപ്പടികേറിപ്പോകുന്നതു് അവൾ സ്വപ്നംപോലെ കണ്ടു. ഒന്നു ഭാസ്കരനായിരുന്നു. അയാളുടെ മുഖത്തുനോക്കിയപ്പോൾ അതു കരിപോലെ കറത്തുകണ്ടു.

ഭാസ്കരൻ:
നിണക്കു് ഇവിടെ വരാൻ എങ്ങിനെ ധൈര്യംവന്നു.
ധനം:
ഞാൻ നിങ്ങളുടെ അച്ഛനേ കാണാൻ വന്നതാണു്. എനിക്കു് അവരെ കാണാതെ കഴികയില്ല.

ധനം അയാളുടെ കൈ പിടിച്ചപ്പോൾ അയാൾ കോപത്തോടെ പിടി വിടുർത്തി.

ഭാസ്കരൻ:
(കർക്കശമായിട്ടു്) എന്റെ അച്ഛനേയൊ. അങ്ങിനെ എന്നോടു ചോദിപ്പാൻ നിനക്കു ധൈര്യം വന്നോ! നീയല്ലെ അയാളെ കൊന്നതു്. നീ നിമിത്തമാണു് അവർക്കു് നാവു് പൊന്താതായിപ്പോയതു്.

ഭാസ്കരന്റെ മുഖഭാവം കണ്ടപ്പോൾ ധനത്തിന്നു് ഭയമായി. അവൾ അമ്പരന്നു. അവളുടെ ചുണ്ടുകൾ വരണ്ടു.

ധനം:
എന്തു്, എന്താണു് നിങ്ങൾ പറഞ്ഞതു്.
ഭാസ്കരൻ:
അവർക്കു് പക്ഷപാതം പിടിച്ചുപോയി. ജീവനുണ്ടെങ്കിലും മരിച്ചപോലെ ആയ്പോയി. അവർ വീണു പോകുന്ന സമയത്തു് നിന്റെ നാമമാണു് ഉച്ചരിച്ചതു്. ഒരു വർത്തമാനം കേട്ടിട്ടു് ഞെട്ടിപ്പോയ നിമിത്തമാണു് ഇങ്ങിനെ ഭവിച്ചതു്. ഡോക്ടർമാർ സൂക്ഷിച്ചിരിപ്പാൻ അവരെ താക്കീതു് ചെയ്തിരുന്നു. നീയാണു് അവർക്കു് ഞെട്ടൽ ഉണ്ടാക്കിത്തീർത്തതു്. വഞ്ചനചെയ്തതുകൂടാതെ കൊലക്കുറ്റത്തിന്നുകൂടി നീ അർഹയായി. ഇനിയെങ്കിലും നീ ഇവിടുന്നുപൊക്കൊ. അല്ലെങ്കിൽ നീ ഒരു പെണ്ണാണെന്നു് ഞാൻ വിചാരിക്കയില്ല. എന്നോടു നിന്നെ കൊന്നുപോകും.

അയാൾ, അവൾ നിന്നേടത്തുനിന്നു തിരിഞ്ഞു് പോയ്ക്കളഞ്ഞു. അന്ധകാരം വന്നു പിടിച്ചപോലെ അവൾ പിന്നേയും കോണിഇറങ്ങി. ആരോ തന്റെ പിന്നാലെ പോരുന്നുണ്ടെന്നു് അവൾക്കുതോന്നി. ഒരു കാറിൽ ആരൊ അവളെ കൈ പിടിച്ചുകേറ്റി. ഉടനേതന്നെ ഹേമാംഗൻ അവളുടെ അരികെ കേറിവീണു. കാറു് ഓടിത്തുടങ്ങി.

ധനം കാറിൽ വടിപോലെ നിവിർന്നിരുന്നു. അവളുടെ അവയവങ്ങൾ “ഐസ്”പോലെ തണുത്തുപോയിരുന്നു. സൂര്യരശ്മിയുടെ ചൂടൊന്നും അവളെ ബാധിക്കാത്തപോലെ തോന്നി. അവൾ ആ വൃദ്ധനെപ്പോലെ—ഗുണവാനും ദയാലുവും ആയ ഭാസ്കരന്റെ അച്ഛനെപ്പോലെ—ജീവനില്ലാത്ത ഒരു മാംസക്കൂമ്പാരം മാത്രമായി.

അവൾക്കുണ്ടായിരുന്ന ഏകൈവബന്ധുവും രക്ഷകർത്താവും രോഗാതുരനായി ശവംപോലെ കിടന്നുപോയി. അവൾ മേലാൽ ആത്മഹത്യ ചെയ്വാൻ ഒരുങ്ങുകയില്ലെന്നു ഭാസ്കരന്റെ അച്ഛനോടു സത്യം ചെയ്തുകൊടുത്തുപോയി. അതും വളരെ തെറ്റിപ്പോയി. തെറ്റിദ്ധാരണകൊണ്ടു് ഇത്രത്തോളം തകരാറുകൾ വന്നുചേരുമെന്നു് അവൾ ആലോചിച്ചിരുന്നില്ല. അവൾക്കു് ചുകന്നമഷികൊണ്ടു് വരയിട്ട ആ പത്രത്തിലെ വർത്തമാനം ഓർമ്മവന്നു. ഉടനെത്തന്നെ അവൾ തന്റെ അടുത്തിരുന്ന ആളെനോക്കി. അവളുടെ വാക്കു് ഒരു കൈത്തോക്കിൽനിന്നു് ഉണ്ടപോലെ പുറത്തുവന്നു.

ധനം:
ആ ഹരജി വിചാരണ കഴിഞ്ഞോ.

ഹേമാംഗൻ ആ കടലാസുപോലെ—രക്തപ്രകാശം കേവലം വിട്ടുപോയ—വെളുത്തമുഖത്തു് ഒന്നുനോക്കി. എന്തിനു് അവളോടു് സത്യം പറയേണം! ഇന്നു് രാവിലെ ഭാസ്കരനും ഹേമാംഗനും കോടതിയിൽ ചെന്നപ്പോൾ, ഭാസ്കരന്റെ ഹർജി വിചാരണചെയ്വാൻ സമയമില്ലെന്നനിലയിൽ മറ്റൊരുദിവസത്തേയ്ക്കു് നീട്ടിവെയ്ക്കുകയാണു് ചെയ്തതു്. വെക്കേഷൻ കഴിഞ്ഞതിൽപിന്നെ ഒരു ദിവസത്തേയ്ക്കാണു് അതു നീട്ടിവെച്ചിരുന്നതു്. അന്നും വിചാരണയ്ക്കു വരുമോ എന്നു് ആർകണ്ടു. എന്നാലും ഹേമാംഗന്നു് ഇതു് ഒരു നല്ല അവസരമാണെന്നു് തോന്നി. അയാളുടെ ഹൃദയം വല്ലാതെ തുടിച്ചു.

ഹേമാംഗൻ:
(സാവധാനം) എന്റെ പ്രിയധനം! നീ ധൈര്യപ്പെട്ടിരിപ്പാനുള്ള അവസരം ഇതാണു്. ഹർജി ഒരു പ്രകാരത്തിലെ വിധിപ്പാൻ ഇടയുള്ളു എന്നു് നീ പണ്ടുതന്നെ മനസ്സിലാക്കിയ സംഗതിയല്ലേ? ആ സൊല്ലയൊക്കെ എങ്ങിനെയെങ്കിലും കലാശിച്ചതു് നന്നായി. അല്ലേ!

അവൾ യഥാർത്ഥത്തിൽ ഒരു ഞെട്ടിവിറച്ചുപോയി. അവൾ കൈകൊണ്ടു് അവളുടെ മുഖം മൂടി. ഇങ്ങിനെ ആ ഹർജിയും വിധിച്ചുപോയി. അവൾ ഭാസ്കരന്റെ ഭാര്യ അല്ലെന്നു്! അവൾ ഭാസ്കരന്റെ ഭാര്യ ഒരിക്കലും ആയിരുന്നില്ലെന്നും കോടതി സ്ഥാപിച്ചുകഴിഞ്ഞു… ആ രാത്രിയുംകൂടി അവൾ ഭാര്യാപദത്തിലായിരുന്നു എന്നുവന്നില്ല.

ആട്ടെ. അതൊക്കെ അങ്ങിനെ വരുമെന്നു് അവൾ അറിഞ്ഞതല്ലെ! എന്നാലുംകൂടി—അതേ എന്നാലുംകൂടി— ഉന്മൂലനാശമാണു് അവൾക്കു് നേരിട്ടുപോയതു്. അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ ചിന്താശ്വാസമുണ്ടാക്കുന്ന ഒരു ആശയോ ആശംസയോ അവൾ പരിപാലിച്ചുപോന്നിരുന്നു എന്നു് ഇപ്പോൾ മനസ്സിലായി. അതിന്റെ രശ്മിയുംകൂടി ഇപ്പോൾ കെട്ടുപോയി. അവളുടെ ജീവിതമായ അഗ്നിയുംകൂടി ഇതോടുകൂടി കെട്ടുപോകുമോ എന്നു് അവൾ ശങ്കിച്ചു.

അവർ കാറിലൂടെ നാട്ടുമ്പുറത്തു് എത്തിക്കഴിഞ്ഞു. ഹേമാംഗൻ എവിടെയാണു് അവളെ കൊണ്ടുപോകുന്നതു് എന്നു് അവൾക്കു മനസ്സിലായിരുന്നില്ല. ഒരു വിജനമായ നിരത്തെത്തിയപ്പോൾ ഹേമാംഗൻ കാർനിർത്തി. “ധനം! നീ എന്തുചെയ്യാനാണു് ഭാവം!” എന്നു് ഉടനെ അവളോടു ചോദിച്ചു. ഒന്നുമില്ല എന്ന ഭാവത്തിൽ അവൾ തല ഇളക്കി.

ധനം:
വരുമ്പോലെ വരട്ടെ. ഇനി എനിക്കു് എന്തുവന്നാലെന്താ!

അവളുടെ മന്ദമായ സ്വരത്തിൽ ചൈതന്യത്തിന്റെ ഒരു ഉണർച്ചയും കൂടി ഉണ്ടായിരുന്നില്ല. അവൾക്കു ശരിയായ ജീവനുംകൂടി ഇല്ലെന്നു തോന്നി. “ഞാൻ നിന്നെ പുലർത്തും” എന്നു പറഞ്ഞുംകൊണ്ടു് ഹേമാംഗൻ പെട്ടെന്നവളെ ആലിംഗനം ചെയ്തു. ഒരു ജയഭാവം അയാളെ ആകപ്പാടെ ഒന്നു് ഉണർത്തി. ഭയങ്കരവും ക്രൂരവുമായ ഒരു വിജയം! അവൾ ഇപ്പോൾ അദ്ദേഹത്തിന്റെ സ്വന്തമായി. അവളോടു് അവൾക്കു യഥേഷ്ടം എന്തും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യംകിട്ടി. അദ്ദേഹത്തിന്റെ ഇഷ്ടത്തിന്നു് എതിരു പറവാൻ മേലാൽ അവൾക്കു ശക്തി ഇല്ലെന്നും വന്നു…

എന്നാൽ അദ്ദേഹത്തിന്റെ ചുണ്ടുകളോടു പറ്റിയ അവളുടെ ചുണ്ടുകൾ ഐസ് പോലെ തണുത്തതായിരുന്നു. അവളുടെ ചത്തുപോയ ചുണ്ടുകളാണു് അയാൾക്കു ചുംബിക്കാൻ കിട്ടിയതു്. ഹേമാംഗന്റെ കടുപ്പവും സർവ്വവിജയിയും ആണെന്നു തോന്നിപ്പോയ കാമം അപ്പാടെ അട്ടിമറിഞ്ഞുപോയി. അയാളുടെ കെട്ടിപ്പിടുത്തം തന്നാലെ അഴഞ്ഞുപോയി. ധനം മുന്നോട്ടു് ഒരു ശവംപോലെ വീണുപോയി. അയാൾ കോപത്തോടെ തൽക്ഷണം, അവളെ സമാധാനിപ്പിക്കുവാൻ വേണ്ടി ചില സാന്ത്വനവാക്കുകൾ പറഞ്ഞുനോക്കി.

അവളോ തൽക്ഷണം ബോധഹീനനായി നിലംപതിച്ചു. അവൾ തന്റെ സ്വന്തമായിപ്പോയി എന്ന വിജയാഭിമാനത്തോടെ ആനന്ദത്തിൽ മുഴുകിയ സമയത്തുതന്നെ, അവൾ തന്റെ കയ്യിൽനിന്നു് ഊരി ഒഴിഞ്ഞുപോയി. തന്റെ കാമതാലോലത്തിൽ അവൾ ലയിച്ചുവഴങ്ങിപ്പോയിട്ടില്ലെന്നു് അയാൾക്കു ധാരാളം മനസ്സിലായി. ഒരു നിർവ്വികാരമായ മന്ദഹാസംകൊണ്ടു് അയാളുടെ ചുണ്ടുകൾ ചുളിഞ്ഞു. താൻ ചുംബിച്ച വിവരവുംകൂടി അവൾക്കു കേവലം ഇല്ലായിരുന്നു. അയാൾ അവളെ ഒന്നു ചുംബിച്ചു എന്നുമാത്രം. ആ സമയത്തു് അവളുടെ ആത്മാവു് അവിടെ ഒന്നും ഇല്ലായിരുന്നു.

ബോധംകെട്ടു വീണുകിടക്കുന്ന ആ യുവതിയുടെ കോലം നോക്കിയപ്പോൾ ഹൃദയപൂർവ്വമല്ലെങ്കിലും ഒരു അനുകമ്പയുടെ ഛായ ഹേമാംഗന്റെ ഉള്ളിൽ ജനിച്ചുപോയിരുന്നു. ഹേമാംഗൻ ദയ ഒരാളുടെ വീഴ്ചയായിട്ടാണു് എണ്ണിപ്പോന്നിരുന്നതു്. അക്ഷമയോടെ ആ മനോഭാവം അയാൾ അകറ്റിക്കളഞ്ഞു. എന്നാൽ ഈ ബോധക്കേടു്, അവൾ ഭാസ്കരനോടു പറഞ്ഞ കാര്യം സത്യമാണെന്നു തെളിയിക്കുന്നുണ്ടു്. അയാൾ പിശാചിനേപ്പോലെ ഒന്നു മന്ദഹസിച്ചു. ഇതൊക്കെ തന്റെ കാര്യലാഭത്തിന്നു് അനുകൂലസംഭവങ്ങളാണു്. അവൾ എത്ര കണ്ടു് ശക്തിയില്ലായ്മയും സഹായമില്ലായ്മയുംകൊണ്ടു് നിർവ്വാഹമില്ലാതെ കുഴങ്ങിപ്പോകുന്നുവോ, അത്രകണ്ടു് എളുപ്പത്തിൽ അയാളുടെ ദുരാഗ്രഹത്തിന്നു വഴിപ്പെട്ടുപോകും എന്നു് അയാൾക്കു നല്ല ബോദ്ധ്യമുണ്ടു്.

അയാൾ കാർ ഓട്ടുവാൻവേണ്ടി കാൽ അമർത്തിയപ്പോൾ അതു് മുന്നോട്ടു് കുതിച്ചു. ഹേമാംഗന്നു് പരേതനായ ഒരു നൊസ്സൻകാരണവരുടെ വകയായി കുറേ അധികം സ്വത്തുകൾ കിട്ടീട്ടുണ്ടു്. ഒന്നു് നാട്ടുംപുറത്തിലെ ഒരു ഭവനമാണു്. അതിന്റെ അടുക്കെയാണു് അവർ എത്തിയതു്. അവിടെ വെച്ചു് പല വിരുന്നുസല്ക്കാരങ്ങളുംകൊണ്ടു് ഘോരഘോരമായി കുറേക്കാലം കഴിക്കേണമെന്നു് അയാൾ നിശ്ചയിച്ചിരുന്നു. ആ ആവശ്യത്തിന്നു് ഭവനം വെടിപ്പാക്കി പല സാമാനങ്ങളുംകൊണ്ടു് അലങ്കരിച്ചിരുന്നു. അവിടത്തെ ഒന്നാമത്തെ വിരുന്നുകാരത്തിയായി ധനത്തെ എന്തുകൊണ്ടു് വെച്ചു കൂടാ. മന്ദഹാസംകൊണ്ടു് അയാളുടെ ചുണ്ടുകൾ പിന്നേയും ചുളിഞ്ഞു. ആ ആലോചന തന്റെ ഉള്ളിൽ വിളയാടി വന്നതുകൊണ്ടായിരിക്കണം കാർ ഇവിടെത്തന്നെ എത്തിപ്പോയതു്. അവിടെ വീടു് കൊണ്ടുനടക്കാൻ ഒരു വൃദ്ധസ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. അതും നന്നായി. അയാൾക്കു് അനവധി ദാസന്മാരൊന്നും തല്ക്കാലം വേണ്ടായിരുന്നു. ഇവിടെ ധനംമാത്രം മതി.

അയാൾ പിന്നേയും അവളെ ഒന്നു് നോക്കി. അവൾ സീറ്റിന്മേൽതന്നെ ബോധരഹിതയായി വീണുകിടക്കുന്നുണ്ടു്. അവളെ തന്റെ വീട്ടിൽ കൊണ്ടുകിടത്തുംവരെ അവൾ ഈ നിലയിൽതന്നെ ഇരുന്നാൽ ഉപകാരമായിരുന്നു എന്നു് ഹേമാംഗൻ ഓർത്തു. എങ്ങിനെയെങ്കിലും ഇവിടെ എത്തിയല്ലോ. പറമ്പു് മുഴുവൻ പച്ചപ്പുല്ലു് നിറഞ്ഞിരിക്കുന്നു. വീടു് ചെങ്കല്ലുകൊണ്ടു് പണിതതും ആണു്. വലിയ വീടിന്റെ നാനാവശത്തും ചെറിയ എടുപ്പുകളും വളരെ ഉണ്ടു്. വലിയ വീട്ടിന്മേൽ പലമാതിരി പൂക്കളുള്ള വള്ളിപ്പടർപ്പുകൾ സുലഭമായുണ്ടായിരുന്നു. ജനലുകൾ ഓരോന്നിനും കണ്ണാടിപ്പൊളികൾ കൂടാതെ കേവലം അടച്ചുമൂടിക്കളവാനുള്ള കിടിക്കുകളുടെ (Shutters) കോപ്പുംകൂടി ഉണ്ടായിരുന്നു. കുസ്നിയിൽനിന്നു് തടി അധികമില്ലാത്ത പുക ചുറഞ്ഞുകൊണ്ടു് പൊന്തുന്നതും കണ്ടു.

ഹേമാംഗൻ മെല്ലെ നടത്തിയിരുന്ന കാർ നിർത്തി. ധനത്തെ വീട്ടിന്റെ വെളിച്ചം അധികമില്ലാത്ത പഴയഹോളിൽ എടുത്തുകൊണ്ടുപോയി ഒരു സോഫയിന്മേൽ കിടത്തി. വീട്ടു് കാവല്ക്കാരിയോടു് ബ്രാണ്ടി കൊണ്ടുവരാൻ പറഞ്ഞു. കുറെ പ്രയാസപ്പെട്ടു് പല്ലു് കടിവിടർത്തി വായിൽ പകർന്നു് കൊടുത്തു. ആവേശത്തോടുകൂടെ അയാൾ കുനിഞ്ഞു് കണ്ണുപറിക്കാതെ അവളെത്തന്നെ നോക്കിനില്ക്കയായി. ചുറ്റുമുള്ള ശാന്തതയിൽനിന്നു് തന്റെ ഹൃദയം തുടിക്കുന്ന ശബ്ദവുംകൂടി അയാൾക്കു് കേൾക്കാമായിരുന്നു.

അവൾക്കു് കണ്ണുതുറപ്പാൻ എല്ലാംകൂടി വയ്യാതായ്പോകുമോ?

കുറേ കഴിഞ്ഞപ്പോൾ അവൾ അങ്ങട്ടുംഇങ്ങട്ടും ഇളകാൻ തുടങ്ങി. അവൾ ഓരോന്നു് നൊടിഞ്ഞുകൊണ്ടിരുന്നതു് എന്താണെന്നു് മനസ്സിലാകാത്തവിധത്തിൽ ആയിരുന്നു. എന്നാലും ഭാസ്കരന്റെ നാമം സ്പഷ്ടമായി ഉച്ചരിക്കുന്നതു് അവൾക്കു് നല്ലവണ്ണം കേൾക്കാമായിരുന്നു. അതുകേട്ടപ്പോൾ അയാൾ ചുണ്ടുകൾ കടിച്ചു. അയാളുടെ കനൽപോലെ മിന്നിക്കൊണ്ടിരുന്ന തീ പെട്ടെന്നു് ജ്വാലയായി പൊങ്ങുന്നുണ്ടെന്നു് അയാൾക്കുതോന്നി. ഒരിക്കൽ താൻ സ്നേഹിതനാണെന്നു് എണ്ണിപ്പോന്നിരുന്ന ഭാസ്കരന്റെമേൽ ഭ്രാന്തുപോലെ തോന്നിയ അസൂയ അയാളെ ബാധിച്ചു. ധനം അയാൾക്കു് വഴങ്ങിക്കൊടുത്തിരുന്നു. ധനം അയാളുടെ സ്വന്തം ആയിരുന്നു…

“ധനം! ഉറക്കുമതിയാക്കി ഉണരുക. കണ്ണു് തുറക്കു. എന്നേ നോക്കൂ.” എന്നു് അയാൾ അട്ടഹസിച്ചു.

അനുസരണമായി അവളുടെ മൂടിയ വെളുത്ത കൺപോളകൾ മെല്ലെതുറന്നു. അന്ധകാരംപോലെ കറുത്തമിഴികളിൽ ഒരു പ്രകാശം തിളങ്ങി. അവളുടെ കണ്ണു് അയാളുടെ മുഖത്തു് പതിഞ്ഞു. എന്നാൽ ആളെ അറിഞ്ഞ ഭാവം സ്ഫുരിച്ചിരുന്നില്ല. തടിച്ച കണ്ണാടിച്ചില്ലിൽകൂടെ ഒരു സാധനം നോക്കുംപോലെ നല്ല വ്യക്തമായിരുന്നില്ല. ഒരു വെള്ളമറകൊണ്ടു് ഉള്ളിലെ ആത്മാവു് മൂടിക്കളഞ്ഞപോലെ തോന്നി. “ഭാസ്കരാ! അയ്യോ ഭാസ്കരാ!” എന്ന ആർത്തനാദം പിന്നേയും അവളുടെ നാവിന്മേൽനിന്നു് പുറത്തുവന്നു.

ഹേമാംഗൻ പിന്നേയും കോപംകൊണ്ടു് പല്ലുകടിച്ചു. ശപിച്ചുകൊണ്ടു് അയാൾ ചാടി എഴുന്നേറ്റു. സാധാരണ ബോധക്കേടിനേക്കാൾ ഇതിന്നു് ഒരു വിശേഷവിധിയുണ്ടെന്നു് അയാൾക്കു് തോന്നി. ഒരു ഡോക്ടരെ വിളിക്കാതെ നിവൃത്തി ഇല്ലെന്നു് അയാൾക്കു് തോന്നി. റെഡിയയി പൂമുഖത്തുതന്നെ നിർത്തിവെച്ച കാറിന്റെ അരികെ ഓടിച്ചെന്നു. അരമണിക്കൂർകൊണ്ടു്, ചുകന്നു് പ്രസന്നവദനയായ ഒരു തടിയനേയുംകൂട്ടി മടങ്ങിവന്നു. അദ്ദേഹത്തെ കണ്ടാൽ ഡോക്ടരാണെന്നു് തോന്നുന്നതിന്നു് പകരം ഒരു സമ്പന്നനായ കൃഷിക്കാരനാണെന്നു് തോന്നും. അയാൾ ഒരു കറുത്ത തോൽസഞ്ചി കയ്യിൽ പിടിച്ചിരുന്നു. അയാൾ ഇട്ടതു് ഒരു കള്ളികളുള കോട്ടായിരുന്നു.

അന്ധകാരമയമായ ഹോളിൽ കണ്ട സോഫയിന്മേൽ കിടന്നിരുന്ന തരുണിയെ കണ്ടപ്പോൾ ഡോക്ടരുടെ നെറ്റി ചുളിഞ്ഞു. ആ ചുറ്റുവട്ടത്തിലൊന്നും ഇങ്ങിനെ ഒരു സർവ്വാംഗസുന്ദരിയെ അയാൾ കണ്ടിരുന്നില്ല. അദ്ദേഹത്തെ പെട്ടെന്നു് വിളിച്ചുകൊണ്ടുവന്ന അവശനായ ആളെ ഡോക്ടർ മായാവരൻ ഇടങ്കണ്ണിട്ടു് നോക്കി. അയാൾ ചുമൽ മന്ദമായിളക്കി തരുണിയുടെ നേരെ കുനിഞ്ഞു് പരിശോധനയ്ക്കു് ആരംഭിച്ചു. അദ്ദേഹത്തിന്നു് ഗൗരവം മനസ്സിലായി. അയാൾ ഹേമാംഗന്റെ നേരെ തിരിഞ്ഞു. “അവൾക്കു് സുബോധമില്ല. തലച്ചോറിനു് പനി പിടിപെട്ടിട്ടുണ്ടു്. സംശയമില്ല. മനസ്സിന്നു് ഒരു നിലനിന്ന നടുക്കം തട്ടിപ്പോയിട്ടുണ്ടായിരിക്കണം. ദേഹം വളരെ ക്ഷീണിച്ചുപോയതിൽ പിന്നെയാണു് ഈ ഞെട്ടൽ ഉണ്ടായതു്. അങ്ങിനെയല്ലെ” എന്നു് പറഞ്ഞു. ഹേമാംഗൻ സമ്മത സൂചകമായി തല ഇളക്കി.

ഹേമാംഗൻ ശരിതന്നെ. ഡോക്ടരെ അപായം ഉണ്ടോ?

ഡോക്ടർ:
(തല ഇളക്കീട്ടു്) ഒന്നും തീർച്ചപറയാറായിട്ടില്ല. വളരെ നന്നായ ശുശ്രൂഷവേണ്ടിവരും. ഗ്രാമാസ്പത്രിയിലേയ്ക്കു് എടുത്തുകൊണ്ടുവരാൻ ഞാൻ ഒരു മഞ്ചൽ അയയ്ക്കാം. അല്ലെങ്കിൽ നിങ്ങളുടെ കാറിലായാലും തരക്കേടില്ല. ഇവിടുന്നു് കുറെദൂരം ഉണ്ടു്. ഏതായാലും അവളെ ഒരു കിടക്കയിൽ ഉടനെതന്നെ കിടത്തണം.

ഹേമാംഗൻ തന്റെ വരണ്ട ചുണ്ടുകൾ നാവുകൊണ്ടു് നനച്ചു. “നിങ്ങൾ ഇവിടെ ഒരു നെർസിനെ (Nurse) അയുച്ചുതന്നാൽ മതിയാവില്ലേ” എന്നു് പെട്ടെന്നു് ചോദിച്ചു.

ഇതു കേട്ടപ്പോൾ ഡോക്ടർ മായാവരൻ ഒന്നു് ചുറ്റും നോക്കി.

ഡോക്ടർ:
ഇവിടെയോ? ഇതാ ഒന്നും വിചാരിക്കരുതേ. ഇതു് വളരെ കാലമായിട്ടു് പൂട്ടിയിട്ട വീടായിരുന്നില്ലേ?
ഹേമാംഗൻ:
(പൊടുന്നനെ) അല്ല. എനിക്കു് വേലക്കാരുടെ ഒരു സേന ഇവിടെ ഉണ്ടു്. പോരാഞ്ഞിട്ടു് വീടു് റിപ്പേർ ചെയ്വാൻ മറ്റൊരു സേനയുംകൂടി വരുന്നുണ്ടു്. ഇവിടെ വീടു് നോക്കിയിരുന്ന രാജമ്മ ഈ ചെറുപ്പക്കാരത്തി ധനത്തിന്നു് ഇപ്പോൾതന്നെ ഒരു ‘റൂം’ (മുറി) തെയ്യാറാക്കിക്കൊടുക്കട്ടെ. മറ്റൊന്നു് നിങ്ങൾ അയയ്ക്കാൻ പോകുന്ന നേർസിന്നു വേണ്ടിയും ഒരുക്കട്ടെ. എനിക്കു് അതാണു് അധികസൗകര്യം.
ഡോക്ടർ:
(മന്ദഹസിച്ചിട്ടു്) നിങ്ങളുടെ ഇഷ്ടംപോലെ മുഖ്യകാര്യം വെടിപ്പായ ശുശ്രൂഷയും നോട്ടവുമാണു്. ഞാൻ ഇപ്പോൾത്തന്നെ ഒരു പരിചവും തഴക്കവുമുള്ള നേർസിനെ അയച്ചുതരാം. അവൾ എല്ലാം ഏറ്റെടുക്കട്ടെ. അതിനിടയിൽ വീടു് റിപ്പേർചെയ്യുന്ന കൂട്ടരെ കുറേ ദിവസത്തോളം അകറ്റി നിർത്തുന്നതായിരിക്കും നല്ലതു്. രോഗിണിക്കു് സുഖപ്പെടുംവരെ ആ മാതിരി ബഹളങ്ങളൊന്നും അടുത്തുവെച്ചുനടത്താൻ പാടില്ല.

ഡോക്ടർ വിടവാങ്ങി. മേലേത്തട്ടിൽ ഉണ്ടായിരുന്ന ഒരു വലിയ അന്ധകാരമുറിയിൽവെച്ചു് കർട്ടനിട്ടു് മൂടിയ ഒരു കട്ടിലിന്മേൽ ഹേമാംഗൻ ധനത്തെ എടുത്തുകൊണ്ടു് പോയി കിടത്തി. വേലക്കാരത്തി അതു് മുൻകൂട്ടി വെടിപ്പാക്കി ഒരുക്കിവെച്ചിരുന്നു. അയാൾ അവളെ എടുത്തു് കിടത്തിയപ്പോൾ ഒന്നു് നല്ലവണ്ണം കുനിഞ്ഞുനോക്കി. അയാളുടെ മുഖം ദുസ്സഹകാമം നിമിത്തം ഇരുണ്ടുപോയിരുന്നു.

അവളുടെ നേരെ ഉണ്ടായ കാമംകൊണ്ടു് അയാളുടെ രക്തം വിഷം കലർന്നപോലെ ദുഷിച്ചുപോയി. അവളുടെ വായിൽനിന്നു് ഒരു ദീനമായ വിലാപസ്വരത്തിൽ തന്റെ എതിരാളിയായ ഭാസ്കരന്റെ നാമം പിന്നെയും പുറത്തു് വന്നപ്പോൾ ഹേമാംഗൻ കോപാതുരനായി തന്റെ മുഷ്ടിചുരുട്ടിപ്പിടിച്ചു.

അവളുടെ മനസ്സിൽ കൊത്തിവെച്ചപോലെ പതിഞ്ഞു് പോയ ഭാസ്കരന്റെ ബിംബം വേരോടെ നശിപ്പിച്ചു് കളയും വരെ ഹേമാംഗന്നു് തന്റെ ജീവിതം ഒരു നരകയാതനയായിക്കഴിപ്പാനെ തരം ഉണ്ടാകയുള്ളു. ഹൂ! അവൾ കഴിച്ച പ്രണയ പരിപൂർണ്ണമായ ആ മധുവിധുരാത്രി…! അയാൾ പല്ലുകടിച്ചു. അയാളുടെ കണ്ണിന്റെ മുമ്പിൽ ഒരു രക്തവർണ്ണമായ മത്തു് സ്വരൂപിച്ചപോലെ തോന്നി. അവൾ ഭാസ്കരന്റെ അധീനത്തിൽ ആയിക്കഴിഞ്ഞു. ഇനി അവൾ തന്റേയും അധീനത്തിൽ ആകണം. ഇപ്പോൾ അവൾ കിടക്കുന്നതു് ഹേമാംഗന്റെ സ്വന്തം വീട്ടിലാണു്. അവൾ അയാളുടെ സ്വന്തം ആളായിത്തീർന്നതിൽപ്പിന്നെ മാത്രമേ ഈ വീടുംവിട്ടു് പോകയുള്ളു. അവളുടെ ദേഹവും ദേഹിയും—അവളുടെ ഒരു ബിന്ദുപോലും വിട്ടുപോകാതെ അവൾ ആകപ്പാടെ തന്റെ സ്വന്തമായിത്തീർന്നതിൽപ്പിന്നെ മാത്രമെ അവളെ അവിടം വിട്ടു് പോവാൻ ഹേമാംഗൻ സമ്മതിക്കയുള്ളു.

ധനവും ഹേമാംഗനും

താൻ എവിടെയാണെന്നു് യാതൊരു വിവരവും ഇല്ലാതെ അഞ്ചുദിവസത്തോളം ധനം ബോധരഹിതയായി എന്തെങ്കിലും ഏതെങ്കിലും നൊടിഞ്ഞുകൊണ്ടു് കിടന്നു. എന്നാൽ നർസിന്റെ സമ്മതപ്രകാരം ഇടയ്ക്കിടെ ഹേമാംഗൻ, അവളെ വന്നുനോക്കി കാഴ്ചകൊണ്ടെങ്കിലും അയാൾക്കുണ്ടായ കാമം ശമിപ്പിക്കാൻ, തടിച്ച ചൂടിപ്പായയിൽകൂടെ ശബ്ദമുണ്ടാക്കാതെ വന്നുകൊണ്ടിരുന്നു. അതും ധനത്തിനു് നിശ്ചയം ഉണ്ടായിരുന്നില്ല. അവളുടെ ചൂടുകൊണ്ടു് വറണ്ടുപോയ ചുണ്ടിൽ നിന്നു് ഭാസ്കരന്റെ നാമം പുറപ്പെടുന്ന അവസരത്തിലൊക്കെ ഹേമാംഗൻ കോപാന്ധനായി, അസൂയാക്രാന്തനായി പല്ലും കടിച്ചുനില്ക്ക പതിവായിരുന്നു. അതും ധനം അറിഞ്ഞിരുന്നില്ല.

ധനത്തിന്റെ നാഡികളൊക്കെ പൊട്ടിപ്പോവാൻ എളുപ്പമായ സ്ഥിതിയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. സുഖാവസ്ഥയിൽ ഇരിക്കുന്നവരുടെ മനോഭാവം ആതുരഭാവംകൊണ്ടു് മനസ്സു് മറഞ്ഞുപോയവരുടെ മനോഭാവത്തിൽനിന്നു് വേർതിരിക്കുന്ന ആ സ്വപ്നമയമായ മദ്ധ്യപ്രദേശത്തു് നില്ക്കുംപോലെ ധനം കുറെ ദിവസം കഴിച്ചുകൂട്ടി. യാതൊരു കരയും കാണാത്ത നിരാശ്രയത്തിൽ അവളുടെ തലച്ചോറു്, കരിങ്കാറു് കൊണ്ട നിലാവെന്നപോലെ, ചടച്ചുപോയിരുന്നെങ്കിലും, അവളുടെ സഹജമായ താരുണ്യശക്തി, ആമയത്തോടു് അനവരതം പൊതി, അടിക്കടി ജയസിദ്ധി ഉണ്ടാക്കിക്കൊടുത്തു.

എന്നാൽ ഇനിയും സൂര്യപ്രകാശം തികച്ചും എത്തിക്കഴിഞ്ഞിട്ടില്ല. അവളുടെ മനസ്സു് മങ്ങിപ്പിക്കാൻ പുറപ്പെട്ട കരിങ്കാറിനെ അവളുടെ ദേഹബലം അകറ്റിനിർത്തിക്കളഞ്ഞെങ്കിലും, അവളുടെ പരിതസ്ഥിതികളുടെ ശരിയായ ബോധം അവൾക്കു് ഉണ്ടായിവന്നപ്പോൾ, അവളുടെ പദവിക്കും നിലയ്ക്കും ഭേദം നേരിടാതെ അവ പണ്ടേപോലെ ശോച്യാവസ്ഥയിൽതന്നെ കിടക്കുന്നു എന്നു് അവൾക്കു് ബോദ്ധ്യമായി. അവളുടെ ഭാവി നിരാശയിലും ശോകവിശുനസ്ഥിതിയിലും അന്ധകാരമായിത്തന്നെ കിടക്കുന്നു. ഭാസ്കരന്റെ ഹരജിപ്രകാരം വിധി ഉണ്ടായി എന്നല്ലെ ഹേമാംഗൻ പറഞ്ഞതു്. ആ വാക്കു് കളവാണെന്ന ഒരു ശങ്ക അവളെ അണുപോലും ബാധിച്ചിരുന്നില്ല. അവൾ അവസാനക്കയ്യായി ഭാസ്കരനെക്കണ്ടു് വേണ്ട അപേക്ഷകൾ ചെയ്തു. അപേക്ഷകൾ തള്ളിയതുകൂടാതെ നിർദ്ദയവും ക്രൂരവുമായ വാക്കു് ഉപയോഗിച്ചു് അവിടുന്നു് അവളെ മടക്കി. കൊലക്കുറ്റം ചെയ്തവൾ എന്നാണു് അയാൾ ധനത്തെ വിളിച്ചതു്. ധനം വിറച്ചു. അദ്ദേഹം ക്രൂരവും അന്യായവുമായി അവളോടു് പെരുമാറിയതുകൂടാതെ അവളെ നിർഭരം വെറുക്കുകയും കൂടിച്ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തോടുണ്ടായ പ്രേമം അവളുടെ ഉള്ളിൽനിന്നു് വിട്ടുപോയില്ല.

മേൽക്കട്ടിയിട്ട ആ വലിയ കട്ടിലിന്മേൽ കിടന്നുകൊണ്ടിരുന്ന സമയത്തു്, തന്റെ പ്രേമവിഷയത്തെ സംബന്ധിച്ചേടത്തോളം ഒരു ശരിയായതീർപ്പിൽ വന്നെത്തുവാൻ ധനത്തിന്നു് സാധിച്ചില്ല. അവൾ വളരെ സങ്കടം അനുഭവിച്ചു. പലമാതിരി വികാരങ്ങളും സഹിക്കേണ്ടിവന്നു. അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന സകല വികാരങ്ങളുടെയും ഉറവ സ്ഥലം ഉണങ്ങിപ്പോയിരിക്കുന്നു, വിധി പാടുള്ളേടത്തോളം അവളെ ദ്രോഹിച്ചുകഴിഞ്ഞു. ഇനിയും പാരവശ്യങ്ങൾ സഹിക്കാനുണ്ടെങ്കിൽ, അതൊക്കെ താൻ അനുഭവിച്ചേടത്തോളം അത്ര കടുപ്പമായിരിക്കയില്ല. എന്താപത്തു് നേരിട്ടാലും, അതുകൊണ്ടു് സിദ്ധിക്കാവുന്ന ക്ലേശങ്ങൾ അത്ര കടുപ്പമായ നിലയിൽ, അവൾക്കു് അനുഭവമായ്വരികയും ഇല്ല.

അവൾ ഹേമാംഗന്റെ വീട്ടിൽ എങ്ങനെ എത്തി എന്നു് ഹേമാംഗൻ പറഞ്ഞുകൊടുത്ത സമാധാനം അവൾ യാതൊരു ക്ഷോഭമോ ആവേശമോ കാണിക്കാതെ കേട്ടു. അവൾ കാറിൽവെച്ചു് പെട്ടെന്നു് രോഗാതുരയായിപ്പോയി എന്നാണു് ഹേമാംഗൻ പറഞ്ഞു് മനസ്സിലാക്കിക്കൊടുത്തതു്. അതെന്തെങ്കിലുമാകട്ടെ ഇപ്പോൾ അവൾ ഇവിടെയാണു്. എവിടെയെങ്കിലും ഒരു ദിക്കിൽ അവൾ വേണ്ടുന്നതാണു്. അതു് ഏതു് ദിക്കായാലും കണക്കു് ഒന്നുതന്നെ. കഴിഞ്ഞുപോയ ദിവസംപോലെതന്നെയാണു് വരുവാൻ പോകുന്ന ദിവസവും. ഒരാളെപ്പോലെതന്നെ മറ്റൊരാളും എന്നു് പറയാമോ? തന്നേസംബന്ധിച്ചേടത്തോളം ഒരാൾക്കും നിസ്വാർത്ഥമായ ഒരു കാംക്ഷ ഉണ്ടോ എന്നു് സംശയമാണു്.

കിടക്കയിൽനിന്നു് എഴുന്നേറ്റു് ഇരുട്ടുപിടിച്ച വീട്ടിൽ കൂടെ യഥേഷ്ടം ചുറ്റിനടപ്പാൻ, ശുശ്രൂഷക്കാർ അവളെ അനുവദിച്ചു. ഹേമാംഗൻ അവളുടെകൂടെ നടപ്പാൻ എപ്പോഴും റെഡിയായി നിന്നിരുന്നു. ആ ഭവനത്തിൽ അയാൾ നടത്താൻ പോകുന്ന പരിഷ്കാരങ്ങളെപ്പറ്റി അയാൾ അവളോടു് പറഞ്ഞുകൊണ്ടിരുന്നു. വാതിലിന്മേൽ മങ്ങിയ വർണ്ണത്തിൽ ചായമിടുക. ചുമരിന്മേൽ ഭംഗിയുള്ള ചിത്രക്കടലാസുകൾ പതിക്കുക. പഴയ സാമാനങ്ങൾ നീക്കംചെയ്തു് ഇപ്പോഴത്തെ പരിഷ്കൃതസാമാനങ്ങൾകൊണ്ടു് വെയ്ക്കുക. പുതിയ കുളിമുറികൾ—ശീതോഷ്ണങ്ങൾ നിയമനം ചെയ്യുന്ന ഏർപ്പാടുകൾ വിദ്യുച്ഛക്തിയുടേയും കാന്തശക്തിയുടേയും യന്ത്രക്കോപ്പുകൾ. ഒന്നാന്തരം തോട്ടംകൊണ്ടു് പറമ്പു് ഒരു നന്ദനവനമാക്കാനുള്ള ഏർപ്പാടുകൾ ഇങ്ങിനെ പല ഏർപ്പാടുകളേപറ്റിയും അയാൾ വിസ്തരിച്ചു് പറഞ്ഞു. മറ്റേ വിവരത്തെപ്പറ്റിപ്പറവാൻ കാലമായിട്ടില്ലെന്നു് ഹേമാംഗനനു് നല്ലവണ്ണം അറിയാം. പറയുന്നതൊക്കെ ധനം നിശ്ശബ്ദമായി ശ്രദ്ധിക്കുന്നുണ്ടെന്നു് തോന്നിപ്പോകുമെങ്കിലും അവൾ ഒന്നും കേട്ടിരുന്നില്ല. അവൾ ചില ശബ്ദങ്ങൾ കേട്ടിരുന്നു എങ്കിലും അർത്ഥമൊന്നും മനസ്സിലാകാത്ത വിധത്തിലായിരുന്നു. ജീവിതകാലത്തിലെ ഭയങ്കര കഷ്ടാരിഷ്ടകളിൽ പെട്ടു് ഉഴലുന്നവർക്കു് കുളിമുറികളും വൈദ്യുതദീപങ്ങളും മറ്റും ആവശ്യമില്ല.

ഹേമാംഗൻ ഇങ്ങിനെ ഒക്കെ പറഞ്ഞു എന്നല്ലാതെ അയാളുടെ വിചാരങ്ങളും മറ്റും മറ്റൊരു മാർഗ്ഗത്തിൽകൂടെ ആയിരുന്നു. അയാൾ വിചാരിക്കുന്നതു് ധനത്തിന്റെ മനസ്സിൽ നിന്നു് ഭാസ്കരന്റെ സ്മരണ നാരായവേരോടെ പൊരിച്ചു് ചാടിയ നിലവന്നുപോയ ഒരു ദിവസം പുലരുവാനാണു്. ഭാസ്കരന്റെ സ്ഥാനത്തു് അവളുടെ മനസ്സിൽ തനിക്കു് കടന്നുകൂടാൻ വഴികണ്ടുപിടിക്കാനാണു്. മരിക്കാറായിപ്പോയ ഈ മനോഹരിക്കു് ഒരു പുതിയ ജീവൻ വെപ്പിച്ചുകൊടുത്തു് അവളെ ഉണർത്തണം. അവളുടെ ഉള്ളിൽ കാമവികാരം കത്തിപ്പിക്കണം. അതു് തന്നെക്കുറിച്ചു് ആയിരിക്കയും വേണം.

വീട്ടിന്റെ ചുറ്റുവട്ടത്തും അപരിഷ്കൃത സ്ഥിതിയിൽ കിടക്കുന്ന വലിയ പറമ്പുണ്ടു്. സൂര്യന്റെ ഉഷ്ണംകൊണ്ടു് ഇലകളൊക്കെ കൊഴിഞ്ഞു് വീഴുന്ന കാലമാണു്. എന്നാൽ മങ്ങിയ വെളിച്ചവും തണലും ഉള്ള ദിക്കുകൾ ആ പറമ്പത്തു് ധാരാളം ഉണ്ടായിരുന്നു. അതിൽക്കൂടെ ധനത്തേയുംകൂട്ടി അയാൾ ഒരു ദിവസം നടക്കാൻ പോയി. അവർ ഒരു ചെറിയ “ചേപ്പലിൽ” (പ്രാർത്ഥിക്കാൻ ഉപയോഗിക്കുന്ന ഒരു ഗുഹ) എത്തി. അതു് പാറകൊണ്ടു് പണിതതായിരുന്നു. അവിടെ കൊത്തുപണിയുള്ള ഒരു ശവകുടീരം ഉണ്ടായിരുന്നു. കല്ലിന്റെ വിടകളിൽക്കൂടെ പുല്ലു് പൊങ്ങിവന്നിരുന്നു. അതു് ഹേമാംഗന്റെ പൂർവ്വന്മാരിൽ ഒരാളുടെ ശവം അടക്കംചെയ്ത ദിക്കാണെന്നു് യദൃച്ഛയാ എന്നപോലെ ഹേമാംഗൻ അവളോടു് പറഞ്ഞുകൊടുത്തു. അയാൾ ഒരു കോപിഷ്ഠനും താന്തോന്നിയും ആയിരുന്നത്രേ. അവിടത്തെ പാറീഷ്പള്ളിയിലെ “വികാരി”യുമായി അയാൾ പിണങ്ങി. തന്റെ ശവം അടക്കം ചെയ്വാൻവേണ്ടി അയാൾ ഈ ഗുഹപണിയിച്ചതാണു്. ആ ഗുഹയിൽ എത്തിയപ്പോൾ നേരിട്ട തണുപ്പും മറ്റുംകൊണ്ടു് ധനത്തിന്നു് ഒരു നടുക്കവും വിറയലും ഉണ്ടായി. അവിടുന്നു് പുറത്തുവന്നു് ശുദ്ധവായു ഏറ്റപ്പോൾ അവൾക്കു് വലിയ ആശ്വാസമായി. അവൾ വീട്ടിലേയ്ക്കു് ബദ്ധപ്പെട്ടു് നടന്നപ്പോൾ ഹേമാംഗനെ കടത്തിവെച്ചുപോയി. അവളുടെ ഉന്മേഷത്തിന്നു് ഒരു ഇളക്കം നേരിട്ടപോലെ തോന്നി. അതു് അവൾക്കു് സാധാരണ ഉണ്ടാകാറുള്ള ഗണ്യമില്ലായ്മയിൽനിന്നു് അസാരം ഭേദിച്ചുപോയ ഒരു വികാരമായിരുന്നു. വരാൻ പോകുന്ന ആപത്തിനെ കുറിക്കുംപ്രകാരം അവൾക്കു് തോന്നി.

ഇരുടാപ്പിടിച്ച വീട്ടിന്റെ ഹാളിൽ എത്തിയപ്പോൾ സന്ധ്യയായി. വിളക്കു് കത്തിച്ചുവെച്ചിരുന്നു. തീക്കായാൻ വേണ്ടിമാത്രം ഉണ്ടാക്കിവെച്ച ഒരു വലിയ അടുപ്പിൽ വിറകു് കത്തിക്കൊണ്ടിരുന്നു. തീക്കുണ്ഡത്തിന്റെ അടുക്കെ ഒരു ചെറിയ വട്ടമേശ വെച്ചിരുന്നു. അതിന്മേൽ രണ്ടുപേർക്കു് ഭക്ഷിക്കാനുള്ള കോപ്പുകൾ കൊണ്ടുവെച്ചിരുന്നു. ധനം മേലെതട്ടിൽ ഉള്ള അവളുടെ മുറിയിലേയ്ക്കു് പോയി. പിന്നെ, ഒന്നും മനസ്സിലാകുന്നില്ല എന്ന മുഖഭാവത്തൊടെ അവൾ ക്ഷണം ഇറങ്ങിവരുന്നതും കണ്ടു.

ധനം:
ഹേമാംഗ! നെർസിന്റെ മുറിയിൽ ആരേയും കാണുന്നില്ല. അവളുടെ സാമാനങ്ങളും കാണ്മാനില്ല.
ഹേമാംഗൻ:
(അടുത്തുവന്നു് ചിരിച്ചുകൊണ്ടു്) അതു് കൊണ്ടെന്താ ധനം നിനക്കു് വേണ്ടപ്പെട്ട ദേഹസുഖം കിട്ടി എന്നല്ലേ അതു് കാണിക്കുന്നതു്. നിന്റെ രോഗമൊക്കെ ഭേദമായാൽ പിന്നെ നെർസ് എന്തിനാണു്?
ധനം:
അപ്പോൾ അവൾ പോകുമെന്ന വിവരം നിങ്ങൾക്കുണ്ടായിരുന്നു.
ഹേമാംഗൻ:
നിശ്ചയമായിട്ടും.

ധനത്തിന്റെ നെറ്റിചുളിഞ്ഞു. പുരികങ്ങൾ തമ്മിൽ അടുത്തു. ഇദ്ദേഹത്തിന്റെ ഭവനത്തിൽ കഴിക്കേണ്ടിവന്ന ദിവസങ്ങൾ അവൾക്കു് തന്റേടം ഇല്ലാത്ത നാളുകൾ ആയിരുന്നു. ഒരു വിവരിക്കവയ്യാത്ത ആപത്ഭയം അവളെ പിടികൂടി. ഇനി അവൾ ഇവിടെ നില്ക്കേണ്ടുന്ന കാര്യം എന്താണു്? അവൾക്കു് ഇവിടെ ഇരിപ്പാൻ പാടില്ല. ഇങ്ങിനെ തനിച്ചിരിപ്പാൻ ഒട്ടും പാടില്ല. അവൾക്കു് ശ്വാസംമുട്ടി.

ധനം:
(കിതപ്പോടെ) അവൾ പോകുന്ന വിവരം നിങ്ങൾ എന്നേയും അറിയിക്കേണ്ടതായിരുന്നു. ഹേമാംഗ! നിങ്ങൾ എനിക്കു് വളരെ ഉപകാരം ചെയ്തിട്ടുണ്ടു്. എന്നാലും കൂടി എനിക്കിവിടെ ഇങ്ങിനെ പാർക്കാൻ പാടുള്ളതല്ല. ഞാൻ ഇതിന്നുമുമ്പേതന്നെ നിങ്ങളോടു് പറയേണ്ടതായിരുന്നു. കാര്യങ്ങൾ ഞാൻ അറിയാതെ അങ്ങിനെ വന്നു് കലാശിച്ചു എന്നേ ഉള്ളു. എനിക്കു് ഒരു വിവരവും ഉണ്ടായിരുന്നില്ല. ബോധമില്ലാത്ത നിലയിലായിരിക്കണം എന്നേ ഇവിടെ കൊണ്ടുവന്നതു്. (നെറ്റി തടവി ഓർമ്മിച്ചുനോക്കീട്ടു് വളരെ ദയനീയഭാവത്തിൽ) നിങ്ങൾ എന്തുകൊണ്ടു് എന്നെ ആസ്പത്രിയിൽ കൊണ്ടുപോയി വിട്ടില്ല.
ഹേമാംഗൻ:
എനിക്കു് നിന്നെ ഇവിടെവേണം എന്നു് വെച്ചതുകൊണ്ടു്.

ഹേമാംഗന്റെ കോലം മാറി എന്നു് അയാളുടെ സ്വരത്തിന്റെ പുതിയ രീതി അറിയിച്ചു. ഇതുവരെ അയാളുടെ സ്വരം ദയകുറിക്കുന്ന ഒരു പതിഞ്ഞരീതിയിലായിരുന്നു. ആ സ്വരത്തിന്റെ ശരിയായ അർത്ഥം ധനത്തിന്നു് മനസ്സിലായില്ലെങ്കിലും അതു് തനിക്കു് ഗുണകരമല്ലെന്നു് അവൾ നല്ലവണ്ണം അറിഞ്ഞിരുന്നു. ആ സ്വരത്തിൽ കാമത്തിന്റെ മൂർദ്ധന്യസ്ഥിതിയും വരുവാൻ പോകുന്ന വിജയത്തിന്റെ മദവും ധ്വനിച്ചിരുന്നു.

“എന്നാൽ—” എന്നു് മാത്രം പറഞ്ഞു് അവൾ അവളുടെ വിരലുകൾ തുറക്കുകയും പൂട്ടുകയും ചെയ്തുകൊണ്ടു് കുറേനേരം നിന്നു. എന്നതിൽപിന്നെ ബദ്ധപ്പാടുള്ളപോലെ ഒരു സ്വഭാവം കാണിച്ചു.

ധനം:
(പതുക്കെ) എനിക്കു് ഇപ്പോൾ ഇവിടുന്നു് പോവാൻ സമ്മതം തരണം. എനിക്കു് കല്ക്കട്ടയിൽ മടങ്ങിപ്പോയി ഒരു ജോലിക്കു് അന്വേഷിച്ചു് നോക്കേണ്ടതുണ്ടു്.

ഹേമാംഗൻ ധൃതിയോടെ അവളുടെ അടുക്കെ വന്നിനിന്നു.

ഹേമാംഗൻ:
ഞാൻ ഇവിടുന്നു് നിന്നെ മടങ്ങിപ്പോവാൻ സമ്മതിക്കുകയില്ല. ഒരിക്കലും സമ്മതിക്കുകയില്ല.

അവൾ ഭയത്തോടെ നിലവിളിച്ചു് പിന്നോക്കം വാങ്ങി നിന്നു.

ധനം:
നിങ്ങൾ എന്താണു് ചെയ്വാൻ ഭാവം. എന്താ നിങ്ങൾക്കു് ഭ്രന്തായ്പോയോ? എനിക്കു് മടങ്ങിപ്പോകാതെ നിവൃത്തിയില്ല. അതു് ഉടനെത്തന്നെ ആയിരിക്കുകയും വേണം.
ഹേമാംഗൻ:
(അവളുടെ കൈ പിടിച്ചിട്ടു്) പോവാൻ പാടില്ല. പോവാൻ സമ്മതിക്കുകയും ഇല്ല. ധനം ഞാൻ നിന്നെ പ്രേമിക്കുന്നു.

അയാൾ വളരെ പണിപ്പെട്ടു് തന്റേടത്തോടു് നിന്നു. അയാളുടെ കാമപാരവശ്യത്തിന്റെ അതിരേകത ധനത്തിനെ ഭയപ്പെടുത്തുവാനും കരുതിയിരിപ്പാനും പര്യാപ്തമായിപ്പോകും എന്നു് അയാൾ കണ്ടു. ഉടനെത്തന്നെ അയാൾ ഒരു മാർദ്ദവഭാവം അവലംബിച്ചു.

ഹേമാംഗൻ:
ധനം! നിന്നെ തുണയ്ക്കാനുള്ള വിചാരമേ എനിക്കുള്ളു. നിന്നെ സഹായിപ്പാൻ ഭൂമിയിൽ ഒരാളും ഇല്ല.
ധനം:
എന്നെ ഇവിടെത്തന്നെ നിർത്തുന്നതുകൊണ്ടു് നിങ്ങൾക്കു് യാതൊരുവിധത്തിലും എന്നെ സഹായിപ്പാൻ സാധിക്കുന്നതല്ല.
ഹേമാംഗൻ:
(അവളുടെ കൈ മുറുകെ പിടിച്ചിട്ടു്) നീ ഈ വീട്ടിന്റെ അധികാരിണിയായി ഇവിടെത്തന്നെ താമസിച്ചുകൊൾക. നീ ഇവിടെ എന്റെ ഭാര്യയായി ഇരുന്നുകൊൾക.

അവൾ അദ്ദേഹത്തെ അമ്പരപ്പോടെ നോക്കി.

ധനം:
നിങ്ങളുടെ ഭാര്യയായിട്ടൊ! എന്നുവെച്ചാൽ ഞാൻ നിങ്ങളെ വിവാഹം കഴിക്കേണമെന്നോ? അതു് അസാദ്ധ്യമാണു്.
ഹേമാംഗൻ:
എന്തുകൊണ്ടു്?
ധനം:
(ചുണ്ടുകടിച്ചുകൊണ്ടു്) ഭാസ്കരൻ.

ആ പേരു് എത്രയോ പതിഞ്ഞ സ്വരത്തിലായിരുന്നു അവൾ ഉച്ചരിച്ചതു്.

തന്റെ കണ്ണുകൾ കുറിക്കാനിടയുള്ള, വെറുപ്പിന്റെ മിന്നൽ കാണാതിരിപ്പാൻ ഹേമാംഗൻ തല തിരിച്ചുകളഞ്ഞു.

ഹേമാംഗൻ:
(ദയയില്ലാതെ) നീ അയാളുടെ ഭാര്യയല്ല.
ധനം:
(കണ്ണു് ചിമ്മിക്കൊണ്ടു് മെല്ലെ) അയാളുടെ കുട്ടിയാണു് എന്റെ പള്ളയിലുള്ളതു്.

ഹേമാംഗൻ കഠിനഭാവത്തോടെ ഒന്നു് മന്ദഹസിച്ചു. ആ ഘട്ടം താൻ മുൻകൂട്ടി കണ്ടുവെച്ച ഒന്നായിരുന്നു. അതു് തകർത്തുവാനുള്ള ഒരു ഉപായവും അയാൾ കണ്ടുപിടിച്ചുവെച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അയാൾ കരുതിവെച്ച ഉപായം തനിക്കു് ജയസിദ്ധിവരുത്തുന്ന ഒരു ബ്രഹ്മാസ്ത്രംതന്നെ ആയിരുന്നു.

ഹേമാംഗൻ:
ആ കാര്യവും ഞാൻ അറിയും. ഭാസ്കരൻ തന്നെ അതു് എന്നോടു് പറഞ്ഞിട്ടുണ്ടു്. ജാനുവാണെന്നു് നടിച്ചതുകൊണ്ടു് ആ കാര്യവുംകൂടി അയാൾ നിഷേധിച്ചുകഴിഞ്ഞു. അതുകൊണ്ടു് നിന്റെ പിറക്കാൻപോകുന്ന കുട്ടിക്കു് തന്റെ പേരോ തന്റെ പണമോ കൊടുക്കുകയില്ലെന്നു് അയാൾ ഉറപ്പാക്കിക്കഴിഞ്ഞു. ആ കുട്ടിക്കു് രണ്ടും ഞാൻ ദാനം തരാം. ധനം നീ എന്നെ വിവാഹം കഴിക്കുക. ഞാൻ നിന്നേയും നിനക്കു് ജനിക്കാൻപോകുന്ന കുട്ടിയേയും രക്ഷിച്ചുകൊള്ളാം. എന്റെ പ്രിയധനം! നീ ഇതിനാൽ ഉണ്ടാവുന്ന ഗുണം നല്ലവണ്ണം കാണുന്നില്ലെന്നുണ്ടോ! ജനിക്കാൻ പോകുന്ന കുട്ടിയെ വിചാരിച്ചിട്ടെങ്കിലും, ഞാൻ പറഞ്ഞ കാര്യം നിനക്കു് നിഷേധിച്ചുകൂടാത്തതാണു്. അതുകൊണ്ടു് നിഷേധിക്കുന്നതു് നിന്റെ അധോഗതിയായിരിക്കും—ഇപ്പോൾത്തന്നെ വാഗ്ദത്തം ചെയ്തുകൊൾക. നീ എന്നെ വിവാഹം ചെയ്യുമെന്നു് ഉറപ്പിച്ചു് പറയൂ.

അവൾ സംഭ്രത്തോടെ രണ്ടുമൂന്നടി പിന്നോക്കം വങ്ങി നിന്നു.

ധനം:
ഓ. അങ്ങിനെ ചെയ്യുന്നതു് നിങ്ങൾക്കു് ഒരു നന്മയുണ്ടാകയില്ല. അങ്ങുന്നേ! അദ്ദേഹത്തെ പ്രേമിക്കുംപോലെ നിങ്ങളെ ഞാൻ പ്രേമിക്കുന്നേ ഇല്ല. മറ്റൊരാളേയും ഞാൻ പ്രേമിക്കാനിടയില്ല. അയാളെ പ്രേമിച്ചതോടുകൂടി എന്റെ പ്രേമം മുഴുവനും ചെലവായിപ്പോയി.
ഹേമാംഗൻ:
എന്നാൽ അയാൾ നിന്നെ സ്നേഹിക്കുന്നില്ല. ഞാൻ ആണെങ്കിൽ നിന്നേയും ജനിക്കാൻപോകുന്ന കുട്ടിയേയും—എന്നുവെച്ചാൽ രണ്ടു് പേരേയും സ്നേഹിക്കുന്നുണ്ടു്. നീ പ്രസവിക്കുന്നതുവരെ നിന്നോടു് ഞാൻ യാതൊരു കാര്യത്തിന്നും നിർബ്ബന്ധമായി ആവശ്യപ്പെടുന്നും ഇല്ല. ഇഷ്ടത്തി നീ പ്രസവിക്കാൻ പോകുന്ന കുട്ടിയുടെ കഥ ആലോചിച്ചു് നോക്കൂ. കുറെ കൊല്ലം കഴിഞ്ഞാൽ നീ പ്രസവിക്കുന്ന കുട്ടി തന്നെ നിന്റെനേരെ വെറുപ്പോടെ തിരിയും. നിനക്കു് എന്റെ അപേക്ഷ കൈക്കൊള്ളാതെ ഒരു നിവൃത്തിയും ഉണ്ടാകയില്ല.

അവൾ അവളുടെ മുഖം കൈകൊണ്ടു് പൊത്തി. വിവാഹം! ഭർത്താവു്! അവൾക്കു് മേലാൽ വിവാഹമാകട്ടെ ഭർത്താവാകട്ടെ ആവശ്യമില്ല. എന്നാലുംകൂടി ഒരു തരുണിക്കു് ഒരു പുരുഷനെ ആശ്രയിച്ചിട്ടുമാത്രമേ ന്യായമായ രീതിയിൽ ജീവിതം നയിക്കാൻ സാധിക്കയുള്ളു. “പുരുഷന്മാർ ചെന്നായ്ക്കളാണു്” എന്നാണു് മാർത്ത പറഞ്ഞതു്. എന്നാലും ഹേമാംഗൻ അവളോടു് ദയയോടും ചരിതത്തോടുമാണു് പെരുമാറിയിരുന്നതു്. ദയ! ചരിതം! അദ്ദേഹം അവൾക്കു് ജനിക്കാൻ പോകുന്ന കുട്ടിയുടെ മാനത്തെ രക്ഷിക്കാൻകൂടിയാണു് നോക്കുന്നതു്. അദ്ദേഹം ചെയ്വാൻ ഉദ്ദേശിക്കുന്നതു് ശരിയും ന്യായവുമാണു്. അവൾക്കു് നിഷേധിപ്പാൻ ഒട്ടും തരമില്ല. അവൾ ദീർഘമായി ഒന്നു് നിശ്വസിച്ചു.

ധനം:
ഹേമാംഗ! നിങ്ങൾ പറഞ്ഞതു് ശരിയാണു്. ഞാൻ നിങ്ങളെ പ്രേമിക്കുന്നില്ലെന്നു് അറിഞ്ഞിട്ടുകൂടി നിങ്ങൾക്കു് എന്നെ ഭാര്യാപദവിയിൽ സ്വീകരിക്കാമെങ്കിൽ എനിക്കു് നിങ്ങളെ നിഷേധിപ്പാൻ പാടില്ലാത്തതാണു്.

ഹേമാംഗൻ അവളെ കെട്ടിപ്പിടിച്ചു് നിലത്തിൽനിന്നു് കൂടടങ്ങനെ പൊന്തിച്ചു് അവിടെത്തന്നെ കൊണ്ടുവെച്ചു. അവൻ ചൊരിയുന്ന ചുംബനങ്ങൾ ഇപ്പോൾ തുടങ്ങുമെന്നുവെച്ചു് അവൾ പരുങ്ങിയും ഞെരുങ്ങിയും ഒതുങ്ങിയും കാത്തുനിന്നു. എന്നാൽ അയാൾ അവളുടെ വിരലുകളിന്മേൽ ഒന്നു് ചുംബിച്ചതേ ഉള്ളു. പിന്നെ ഒന്നും ചെയ്തില്ല. എന്തുദയ! എന്തു് അടക്കം! അവളുടെ ഹൃദയം നന്ദികൊണ്ടു് നിറഞ്ഞു.

ഒരു വലിയ ഭാരത്തിൽനിന്നു് ഒഴിവു് കിട്ടിയപോലെ അവൾക്കു് തോന്നി. അവളുടെ കുട്ടിയെ വിചാരിച്ചുമാത്രം! ആ ഒരു സംഗതികൊണ്ടുമാത്രം! ആ കാര്യത്തിൽ അവളുടെ പിടിത്തം അഴിച്ചുവിടാൻ പാടില്ല. കുട്ടി പിറന്നു് കഴിഞ്ഞാൽ നിശ്ചയമായിട്ടും കാര്യങ്ങൾക്കു് ഒരു ഭേദഗതി സിദ്ധിക്കും. അവൾ അദ്ദേഹത്തിന്റെ ഭാര്യ എന്ന നിലയിൽതന്നെ ഇരിക്കും. അവൾ പ്രേമിക്കാത്ത ഒരാളുടെ ഭാര്യ! പ്രേമമില്ലാത്ത വിവാഹങ്ങൾ വേറെയും സ്ത്രീകൾ കഴിച്ചിട്ടുണ്ടായിരിക്കും. അങ്ങിനെ കഴിച്ച കൂട്ടർ ഒടുവിൽ സുഖജീവിതത്തിൽ പ്രവേശിച്ചു എന്നും വന്നിരിക്കാം. ഇവൾക്കാണെങ്കിൽ തുടക്കത്തിൽതന്നെ സ്നേഹപരമായ ഒരു നന്ദി അടിസ്ഥാനമായി ഉറച്ചുനില്ക്കുന്നുണ്ടു്.

ഹേമാംഗൻ:
വിവാഹം നടത്താൻവേണ്ടി ഞാൻ ഒരു പ്രത്യേക “ലൈസൻസ്” വാങ്ങിക്കളയാം. എന്നാൽ നമുക്കു് ഉടനെതന്നെ വിവാഹവും നടത്തിക്കളയാം.

ഈ വാക്കു് ധനത്തിന്നു് അത്ര പിടിച്ചില്ല. ഉടനേയോ! ധനത്തിന്റെ ഉള്ളിൽനിന്നു് എന്തൊ ഒന്നു് തിരിയുകയും മറിയുകയും ചെയ്തു. എന്നാൽ വിവാഹം എന്നതു് അവളുടെ പ്രസവംവരെ ഒരു ക്രിയ മാത്രമാണു് എന്നല്ലെ വെച്ചിട്ടുള്ളു. അങ്ങിനെ ഇരിക്കെ ഭാര്യാഭർത്തൃബന്ധം നടക്കാതെ ഒരു താല്ക്കാലിക വിവാഹംകൊണ്ടു് ദോഷമൊന്നും സിദ്ധിക്കാനില്ലല്ലോ. കുട്ടിക്കു് കഴിയുന്ന വേഗത്തിൽ ഒരു അച്ഛനെ സമ്പാദിക്കുന്നതല്ലെ നല്ലതു്. അപ്പഴൊ—എന്നാലും കൂടി—ഭാസ്കരനില്ലെ! കുട്ടിയെ എങ്ങിനെ അന്യന്റേതാക്കും. അതും തെറ്റല്ലേ—വളരെ ഒന്നും ആലോചിക്കേണ്ടതില്ല. അങ്ങിനെയുള്ള ഒരു ഘട്ടമല്ല ഇതു്. കയ്യിൽ കിട്ടിയതിനേയും ഉപേക്ഷിച്ചിട്ടു് പറക്കുന്നതിനെ പിടിക്കാൻ നോക്കിയാൽ രണ്ടും നഷ്ടമായി എന്നെ വരുള്ളു. അധികം ആലോചന പാടില്ല. ഭാസ്കരനെപ്പറ്റി വിചാരിച്ചിട്ടു് ഒരു ഫലവുമില്ല. അയാളുടെ രൂപം ഒരു കിനാവുപോലെ മനസ്സിൽ ഇരിക്കട്ടെ. അയാളല്ലെ നിർദ്ദയമായി അയാളുടെ വീട്ടിൽനിന്നു് അവളെ ആട്ടിപ്പായിച്ചതു്. അവളുടെ ജീവിതകാലത്തു് അയാളുമായി നടന്ന ബന്ധം ഒരിക്കലും നിലനില്ക്കയില്ല. ലോകം അതൊന്നും വിലവെയ്ക്കയില്ല. അയാൾക്കു് അവളെ വേണ്ടെങ്കിൽ, അവൾക്കു് അയാളെ വേണമെന്നു് വാശിപിടിക്കാൻ പാടില്ല. പിടിച്ചിട്ടു് ഫലവും ഇല്ല. അയാളുടെ വിചാരംതന്നെ മേലാൽ പാടില്ല. സാധിക്കുമെങ്കിൽ അയാളെ മറന്നുകളവാനാണു് നോക്കേണ്ടതു്. എന്നാലുംകൂടി തന്റെ പള്ളയിലെ കുട്ടിക്കു് ഹേതുഭൂതനായ ഒരാളെ എങ്ങിനെയാണുപോലും മറന്നുകളയേണ്ടതു്. നടന്നുപോയ കാര്യം ഇല്ലാതാക്കാൻ ഈശ്വരന്നുകൂടി സാധിക്കയില്ല.

ഹേമാംഗൻ അവളുടെ കൈ ഒരിക്കൽകൂടി ചുംബിച്ചു് അവൾ ഒറ്റയ്ക്കു് അവളുടെ ശയനമുറിയിലേയ്ക്കു് പോയി മനോദൃഢതയോടെ വാതിലും തഴുതിട്ടു. ഹേമാംഗന്റെ കണ്ണിൽ നിന്നു് എന്തോ ഒരു കള്ളത്തരം മിന്നിക്കൊണ്ടിരുന്നു എന്നു് ധനത്തിന്നു് പലപ്രാവശ്യവും തോന്നിപ്പോയിട്ടുണ്ടു്. ധനം തന്നെത്താൻ ശപിച്ചു. ചിലപ്പോൾ അവൾക്കു് ഭയവുമായി.

അവൾ ഉറങ്ങാൻ പോയി എന്നു് കണ്ടപ്പോൾ ഹേമാംഗൻ ഒരു സിഗറട്ടിന്നു് തീ പിടിപ്പിച്ചു. അയാളുടെ ദേഹം മുഴുവനും വിറച്ചിരുന്നു. എന്നാലുംകൂടി അയാളുടെ കണ്ണുകളിൽ ഒരു വിജയസമ്പാദനം സ്ഫുരിച്ചിരുന്നു.

അദ്ദേഹം അവളെ ഭയപ്പെടുത്തുവാൻ ഇടവരുത്തിയിരുന്നു എങ്കിൽ—അല്ലെങ്കിൽ നിർബ്ബന്ധമായി അവളെക്കൊണ്ടു് തന്നെ സ്വീകരിപ്പാൻ ഇടവരുത്തിയിരുന്നു എങ്കിൽ അവൾ അയാളേയുംവിട്ടു് എവിടെയെങ്കിലും ഓടിപ്പോയിക്കളയുമായിരുന്നു. എന്നാൽ അയാളുടെ ഭാര്യയായാൽ നിയമപ്രകാരമുള്ള ബന്ധങ്ങളിൽനിന്നു് വിട്ടൊഴിവാൻ അവൾക്കു് അത്ര വേഗം ധൈര്യം വരില്ല. അയാളുടെ ഭാര്യ! അവൾ ചിലതൊക്കെ ആലോചിച്ചു് കോപത്തോടെ ചിരിച്ചു. താൻ ന്യായമായിട്ടാണോ അവളെ വിവാഹം കഴിക്കുന്നതു് എന്ന പ്രശ്നം ഹേമാംഗനു് ഉണ്ടായി. അതു് പറഞ്ഞിട്ടു് കാര്യമില്ല. അവൾക്കു് ഒരാളെ വിവാഹം കഴിക്കേണമെന്നു് തോന്നിയപ്പോൾ അവളും വഞ്ചന നടത്താൻ മടിച്ചിരുന്നില്ലല്ലോ. അതുകൊണ്ടു് ഈ വിവാഹം എന്ന നിലയിൽ താൻ നടത്തുന്ന വഞ്ചന പുറത്തുവന്നാൽതന്നെ അവൾക്കു് ആക്ഷേപിക്കാൻ യാതൊരു അവകാശാധികാരങ്ങളും ഉണ്ടായിരിക്കയില്ല. ഒന്നാമതു് വിവാഹം റദ്ദാക്കാനുള്ള ഭാസ്കരന്റെ ഹരജി വിചാരണയ്ക്കു് വന്നിട്ടുകൂടിയില്ല. അതുകൊണ്ടു് പബ്ളിക്കായി ഒരു യഥാർത്ഥവിവാഹം നടത്തി അവതാളത്തിൽചെന്നു് ചാടാൻ തക്കവണ്ണം ഹേമാംഗൻ അത്ര വിഡ്ഢി അല്ല.

പിറ്റേന്നു് ഹേമാംഗൻ തന്റെ കാറിൽ കല്ക്കട്ടയിലേയ്ക്കു് പോയി. വെസ്ട് എൻണ്ടിലെ ദുഷ്കീർത്തിയുള്ള പഠനശാലകളുടെ ഇടയിൽനിന്നു് അയാൾ കുറെ നേരം ചുറ്റിക്കളിച്ചു. ചിലരോടു് ചില അന്വേഷണങ്ങൾ നടത്തുന്നുമുണ്ടു്. പിന്നെ അടുത്തുണ്ടായിരുന്ന ഒരു ഗുഹാമന്ദിരത്തിൽ ഇറങ്ങിച്ചെന്നപ്പോൾ അയാൾ തിരഞ്ഞു് നടന്ന ആളെക്കണ്ടെത്തി.

“എടോ! നാഥാ! അഞ്ഞൂറു് ഉറുപ്പിക സമ്പാദിക്കാനുള്ള വഴിയുംനോക്കി നടക്കുകയാണോ” എന്നായിരുന്നു ഹേമാംഗന്റെ സ്വാഗതം.

ഹേമാംഗൻ ലോഹ്യഭാവത്തിൽ അയാളുടെ ചുമലിന്നു് ഒന്നടിച്ചപ്പോൾ അയാൾ ഒന്നു് ഞെട്ടി പേടിയോടും കൗശലത്തോടും കുറുക്കനെപ്പോലെ തിരിഞ്ഞുനടന്നു. ഹേമാംഗനാണെന്നു് മനസ്സിലായപ്പോൾ മന്ദഹസിച്ചു.

അയാൾ:
ഹേമാംഗനോ? ഒരു നിമിഷനേരം എനിക്കു് ആളെ മനസ്സിലായില്ല. നിങ്ങൾ നല്ല കോലത്തിൽ ഇരിക്കുന്നുണ്ടല്ലോ. നിങ്ങൾ പണം എവിടുന്നോ വാരിയിട്ടുണ്ടെന്നു് ഞാൻ കേട്ടു. പണ്ടേത്തെ ഇടങ്ങളിലൊന്നും ഇപ്പോൾ നിങ്ങളെ കണ്ടുകിട്ടാതായി.

അയാൾ ഹേമാംഗന്റെ മുഖത്തു് നല്ലവണ്ണം ഒന്നു് നോക്കി. പിന്നെ അയാൾ ഒരു മന്ദസ്വരം അവലംബിച്ചു് “ആ അഞ്ഞൂറിന്റെ കാര്യം എന്താണു്” എന്നു് ചോദിച്ചു.

ഹേമാംഗൻ:
നമുക്കു് അതാ അവിടെ പോയിട്ടു് തടസ്ഥംകൂടാതെ സംസാരിക്കാം.

അവർ ഇരുവരും ആൾബാധയില്ലാത്ത ഒരു മുക്കിൽ ഇട്ടു് കണ്ടിരുന്ന ഒരു ചെറിയ മേശയുടെ അരികെ ചെന്നിരുന്നു. താൻ തിരിഞ്ഞു് പിടിച്ച സ്നേഹിതനെ സല്ക്കരിക്കാൻവേണ്ടി എന്നപോലെ രണ്ടുഗ്ലാസ് വിസ്കി കൊണ്ടുവരാൻ പാനീയശാലയിലെ പരിചാരകനോടു് വിളിച്ചുപറഞ്ഞു.

ഹേമാംഗന്റെ ഒന്നിച്ചു് സന്തോഷത്തോടു് കൂടിയ ആൾ, പണ്ടൊരുകാലത്തു് ഒരു സാമാന്യം നല്ലനിലയിൽ മാനവും മര്യാദയും വെടിയാതെ കഴിഞ്ഞ ഒരാളായിരിക്കണം എന്നു് കാഴ്ചയിൽ തോന്നി. താടി വടിച്ചിട്ടാണു്. ദുർന്നടപ്പും ദുർജ്ജീവിതവും അയാളുടെ മുഖത്തു് പണ്ടു് സ്ഫുരിച്ചിരുന്ന ജന്മിത്വത്തിന്റെ നഷ്ടശിഷ്ടങ്ങളെ കേവലം മാർജ്ജനം ചെയ്തുകഴിഞ്ഞിട്ടില്ല.

അയാൾ:
(ഇരുന്നതിൽപിന്നെ) ഇതു് ഫലമുള്ള സംസാരമാണോ?
ഹേമാംഗൻ:
(തലകുലുക്കീട്ടു്) നിനക്കു് ഇപ്പോഴും വിവാഹം നടത്തേണ്ടുന്ന ചടങ്ങു് നിശ്ചയമുണ്ടോ? ശരിയായ വിവാഹമാണെന്നു് തോന്നത്തക്കവിധത്തിൽ കഴിച്ചുകൂട്ടാമൊ?
അയാൾ:
(നെറ്റിചുളിച്ചിട്ടു്) എന്തുസംശയം! തീർച്ചയായിട്ടും. പരേതരായ എന്റെ മാതാപിതാക്കന്മാർ എന്നെ സ്വർഗ്ഗത്തിലേയ്ക്കു് വഴികാട്ടുന്ന ഒരു “പൈലട്ട്” (മാലുമി) ആയിട്ടല്ലെ വളർത്തിയതു്?

ഈ അപഹാസവാക്കുകൾ ഉച്ചരിക്കുമ്പോൾ അയാളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു് പുറപ്പെട്ടിരുന്ന വിഷാദം അയാൾ ക്ഷണത്തിൽ ഒതുക്കി.

ഹേമാംഗൻ:
ഒന്നും കണ്ടിട്ടും അറിഞ്ഞിട്ടും ഇല്ലെന്നഭാവം നടിക്കാനും ഒന്നും പുറത്തുപറയാതെ ശുമ്മാ ഇരുന്നുകളവാനും ഇപ്പോളും വയ്ക്കുമൊ?

അയാൾ അഭിമാനത്തോടെ ഒന്നു് നിവർന്നു. അയാളുടെ ജന്മിത്വം കേവലം നഷ്ടമായിപ്പോയിരുന്നില്ല.

അയാൾ:
ആഹാരം ഉണ്ടാക്കിത്തരുന്ന ആളെ വഞ്ചിക്കയില്ല. അതാണു് ഞാൻ മുറുക്കെപിടിച്ച സമ്പ്രദായം. സ്നേഹിതന്മാരെ ഒരിക്കലും വെടിഞ്ഞുകളകയുമില്ല. അതു് ചെറുപ്പത്തിലെ പഠിച്ച ശീലമാണു്.
ഹേമാംഗൻ:
(മുഖഭാവംകൊണ്ടു് അയാളെ മൗനം അവലംബിപ്പിച്ചിട്ടു്) ഇരുപത്തിനാലുമണിക്കൂർ നേരത്തോളം മദ്യം തൊടില്ല എന്നു് പ്രതിജ്ഞചെയ്യണം. അല്ലെങ്കിൽ വന്ന ഏർപ്പാടു് വേണ്ടെന്നുവെയ്ക്കും.

ഹേമാംഗന്റെ വാക്കിൽ ദൃഢത ഉണ്ടായിരുന്നു.

മറ്റേ ആൾ മുഷ്ടികൊണ്ടു് മേശയ്ക്കു് ഒരു മുട്ടുമുട്ടി. നേരം രാവിലെ ആയിട്ടെ ഉള്ളു. എങ്കിലും അയാൾ വേണ്ടതിലധികം കുടിച്ചുകഴിഞ്ഞിരുന്നു. “ചങ്ങാതിയുടെ കാര്യത്തിൽ അങ്ങിനെചെയ്വാനുംകൂടി ഒരുക്കമാണു്. നീ ചെല്ലു് എന്നു് പറയുന്നവരെ ഒരു പാനദിക്കിലും ഞാൻ കടക്കില്ല. വാക്കുപറഞ്ഞാൽ മാനശാലികൾ തെറ്റില്ല” എന്നുകൂടിപ്പറഞ്ഞു.

ഹേമാംഗൻ രണ്ടു് അഞ്ചുറപ്പികനോട്ടുകൾ അയാളുടെ കയ്യിൽ ഇട്ടുകൊടുത്തു് മടങ്ങി. വീരനാഥൻ തന്റെ കയ്യിലിട്ട പണം നോക്കി. അതെ. അതെ. ഏതോ ഒരു സാധുത്തരുണിയെ വഞ്ചിക്കാൻ വിചാരിക്കുന്നുണ്ടായിരിക്കും. അയാളുടെ ഉള്ളിൽ നിന്നു് എന്തോ ഒന്നിളക്കി. പണ്ടു് മനസ്സാക്ഷി എന്നു് പറഞ്ഞിരുന്ന ഒരു സാധനത്തിന്റെ നഷ്ടശിഷ്ടമായ ഒരു നിഴലായിരിക്കാനും മതി. ഒരു തരുണി… അയാളുടെ ചെറുപ്പകാലത്തിലെ ഓരോ സംഭവങ്ങൾ ഓർത്തുപോയി… ഹു! ഒരു പെണ്ണാണു് അയാളുടേയും അധഃപതനത്തിന്നു് കാരണം. അയാൾ കയ്യിൽകിട്ടിയ പണം ഉടനെത്തന്നെ തന്റെ കീശയിലാക്കി… തന്റെ ഭാഗ്യം ആഘോഷിപ്പാൻവേണ്ടി ഒരു ഗ്ലാസ് മദ്യവുംകൂടി വേണം… എന്നിട്ടു് മതി കാര്യാലോചന. നോട്ടുകൾ കീശയിൽനിന്നു് ഇളകുന്നശബ്ദം അയാൾക്കു് സംഗീതത്തേക്കാൾ രസകരമായതായിരുന്നു.

വിവാഹ ഫലം

അങ്ങിനെ വിവാഹവും കഴിഞ്ഞു.

ധനം അവൾക്കു് പുതുതായി സിദ്ധിച്ച വൈവാഹിക മോതിരംനോക്കി. അവൾക്കു് ആപാദചൂഡം ഒരു വിറ ഉണ്ടായി. കൂട്ടിൽ കെണിഞ്ഞുപോയ ഒരു മൃഗത്തെപ്പോലെ അവൾ നടുങ്ങി. അവൾക്കു് ഉറക്കെ നിലവിളിക്കാൻ തോന്നി. എന്നാലുംകൂടി അവൾ എത്തിച്ചേർന്ന വിഷമഘട്ടത്തിൽ ഇതിലും ഉപരിയായ മറ്റൊരു മോക്ഷമാർഗ്ഗം അവൾക്കു് കേവലം ഉണ്ടായിരുന്നില്ല. അവൾ പ്രസവിക്കാൻ പോകുന്ന കുട്ടിക്കു് ഒരു പേരും ഒരു അച്ഛനേയും അവൾ ഉണ്ടാക്കിക്കൊടുത്തു. അവളുടെ ഭാവിയും ഒരു ഉറച്ച നിലയിലാക്കി. നിശ്ചയമായിട്ടും അവൾ പ്രവൃത്തിച്ചതൊക്കെ ബുദ്ധിക്കും സൗകര്യത്തിനും യുക്തിക്കും അനുകൂലമായിട്ടുതന്നെയാണു്. എന്നാൽ അവൾ ഇപ്പോൾ ചെയ്തുകൂട്ടിയതൊക്കെ ഇല്ലെന്നുവരുത്താൻ, അവളുടെ സർവ്വസ്വവും കൊടുപ്പാൻ അവൾ തയ്യാറുമായിരുന്നു.

അവൾക്കു് ക്ഷോഭം ഉണ്ടാക്കിയതു് ഒരു സമയം വിവാഹചടങ്ങുകൾ ആയിരിക്കാനും മതി. അവൾ ഇതിന്നു് മുമ്പേ ഉച്ചരിച്ചുകൊടുത്ത പ്രതിജ്ഞകൾ മുഴുവനും ഇപ്പോൾ മറ്റൊരാൾക്കുവേണ്ടി ചെയ്തുകൊടുത്തകാര്യം അവളുടെ ഹൃദയത്തിൽ സങ്കടവും പശ്ചാത്താപവും നിലനില്ക്കുന്ന ഒരു മാതിരി കളങ്കം ഉണ്ടാക്കി. ഭാസ്കരന്റെ കാര്യത്തിന്നു് പൂർണ്ണവിരാമമിട്ടുപോയി എന്നാണു് ഈ വിവാഹം നിമിത്തം അവൾ ഉണ്ടാക്കിയ അവസ്ഥ. എന്നാൽ മനസ്സിൽ നിന്നു് ഇല്ലായ്മചെയ്വാൻ അവൾക്കു് കേവലം സാധിച്ചില്ല. ഭാസ്കരൻ അവളോടു് വളരെ ക്രൗര്യം കാണിച്ചു. ഭാസ്കരൻ അവളെ ഒരു ബന്ധവും ഇല്ലാത്തപോലെ തിരസ്കരിച്ചു. ഭാസ്കരൻ കർക്കശകഠിനനിർദ്ദയവാക്കുകൾ പ്രയോഗിച്ചു് അവളെ ശകാരിച്ചു. എന്നാലുംകൂടി ഭാസ്കരനോടു് ഉണ്ടായ പ്രേമം അവളുടെ ഉള്ളിൽനിന്നു് വിട്ടുപോയില്ല… എന്നിട്ടു് അവൾ എന്താണു് ചെയ്തതു്? ഹേമാംഗന്നു് അവളെ വിറ്റുകളഞ്ഞു. അയാളുടെ അധികാരത്തിന്നു് അധീനമായിനിന്നുകൊടുപ്പാൻ അനുവദിച്ചുകൊടുത്തു. അതെ. അവളുടെ പ്രേമം നശിച്ചുപോയി എന്നായിരുന്നു അവൾ വിചാരിച്ചതു്. വിധി എന്തുതന്നെ ആയാലും ഹൃദയത്തെ മറ്റൊരുപ്രകാരത്തിൽ കൊണ്ടുവരാൻ ഒന്നിന്നും ശക്തി ഇല്ലെന്നു് അവൾകണ്ടു. അവൾ ഭാസ്കരനോടുള്ള പ്രേമത്തിൽ ആപാദചൂഡം നിമഗ്നയായി. അതു് വിചാരിക്കുംതോറും അവളുടെ ഹൃദയത്തിൽ, പിടയ്ക്കുന്നതും വേദനിക്കുന്നതും നിലനില്ക്കുന്നതുമായ വേദനയുടേയും സങ്കടത്തിന്റേയും ആധിപത്യം ഉണ്ടായി.

ഇപ്പോഴാകട്ടെ, പരിണാമസൂര്യൻ ഉണ്ടാക്കിവിടുന്ന നീണ്ട നിഴലുകൾ ആ ഭാഗ്യംകെട്ട വീട്ടിന്റെ ചുറ്റുവട്ടവും ഇരുട്ടിൽ മുക്കിത്തുടങ്ങി. സകല ദിക്കുകളിലും ഒരു നിശ്ശബ്ദാവസ്ഥ പടർന്നുപിടിച്ചു. ധനത്തിന്നു് പെട്ടെന്നു് ഒരു പേടി പിടിപെട്ടു. അതു് അടിക്കടി ജാസ്തിയായി. ഭയംചെന്നു് തുഞ്ചിയതു് ഒരു കടുപ്പമായ അമ്പരപ്പിലാണു്. അതിനൊന്നും മതിയായ കാരണമൊന്നും കാണ്മാനില്ലതാനും. അതു്, കുറേമുമ്പെ ഉച്ചതിരിഞ്ഞ സമയത്തു്, ആ ഭാഗ്യംകെട്ട വീട്ടിന്റെ പറമ്പത്തൊരു ഭാഗത്തുണ്ടായിരുന്ന അന്ധകാരഗുഹയിലെ ചെറിയ പള്ളിയിൽവെച്ചു് നടത്തിയ വിവാഹാടിയന്തിരം കഴിഞ്ഞതിൽപിന്നെ ആവിർഭവിച്ച മനസ്ഥിതിയാണു്. വിവാഹം അവിടെവെച്ചു് നടക്കണം എന്നു് ഹേമാംഗൻ എന്തിനായിരിക്കും വാശിപിടിച്ചതു്. എല്ലാം ഗോപ്യമായിരിക്കാൻ വേണ്ടിയാണു് ഇങ്ങിനെ ചെയ്തതെന്നു് അയാൾ പറഞ്ഞു. ഞങ്ങൾ ഇരുവരും വിവാഹിതർ അല്ലായിരുന്നു എന്നു് ആർക്കും അവകാശമില്ലാതിരിക്കാൻവേണ്ടിയാണു് ഈ കാര്യം ഗോപ്യമായി വെയ്ക്കുന്നതെന്നും പറഞ്ഞു. ഇതു് ഒരു ശരിയായ സമാധാനമാണെന്നു് ഒരിക്കലും വരുന്നില്ല.

എന്നാലും അയാളുടെ വാദത്തിൽ ഒരു ന്യായം കിടപ്പുണ്ടു്. പെട്ടെന്നു് കഴിച്ചുകൂട്ടുന്ന ഒരു വിവാഹമാണെങ്കിൽ അതു് ആളുകൾ അധികംകൂടാത്ത ഒരു പള്ളിയിൽനിന്നു് നടത്തുന്നതിനു് വിരോധമില്ല. അതിന്നു് ആഡംബരവും ആഘോഷവും ഒന്നും ആവശ്യമില്ലല്ലൊ. ആ ലക്ഷണംകെട്ട പള്ളിസ്ഥലം—കല്ലുകളുടെ വിടകളിൽകൂടെ പുല്ലുകൾ തള്ളിപ്പൊടിച്ചിരുന്ന ആ ശൂന്യപ്രദേശം അവളുടെ ആത്മാവിൽ ഒരു ഭയങ്കരസന്നിബാധ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. പാതിരി അവളെ നോക്കിയ നോട്ടത്തിലും അവൾ ഒരുതരം വല്ലായ്മ കണ്ടിരുന്നു.

കോപത്തോടെ അവൾ തന്റെ ശരീരം ഒന്നിളക്കി. “നാഡിപ്പിഴയോ ക്ഷീണമോ എന്താണെന്നെ ബാധിച്ചിരിക്കുന്നതു്. ഞാൻ അധൈര്യപ്പെടരുതു്. കല്ക്കട്ടയിൽനിന്നുവന്ന പാതിരിയായ വീരനാഥനെ കുറെ ദൂരത്തോളം മടക്കിക്കൊണ്ടുവിടാൻ ഹേമാംഗൻ കാറുംകൊണ്ടുപോയിരിക്കുകയാണു്. അയാൾ വേഗം മടങ്ങിവരും” അവൾ എങ്ങിനെയെങ്കിലും കഴിച്ചുകൂട്ടാൻ ബാദ്ധ്യതയുള്ളവളാണു്. ഒരു കാർ വരുന്ന ശബ്ദം കേൾക്കുമ്പോലെ അവൾക്കു് തോന്നി. അയാൾ വന്നു.

വൈകുന്നേരം ഹേമാംഗന്റെ മുഖത്തു് ഒരു പന്തിയല്ലാത്ത സ്വഭാവം കണ്ടിരുന്നു. എവിടേയും ഓരോ പന്തിയല്ലാത്തെ മാതിരി കാണുന്നതു് ഒരു സമയം തന്റെ സ്വന്തം നാഡിപ്പിഴയോ ആമയമൊ കൊണ്ടായിരിക്കാനും മതി. സന്തോഷരഹിതവും അന്ധകാരാവൃതവുമായ ആ ഹാളിൽ, അവർക്കു് രണ്ടാൾക്കും, വായ തുറക്കാതെ അവിടത്തെ വേലക്കാരത്തി കൊണ്ടുകൊടുത്ത ഭക്ഷണം വളരെ പ്രയാസപ്പെട്ടിട്ടാണു് അവൾ കഴിച്ചതു്. ഹേമാംഗൻ കൊണ്ടുവന്ന “ഷേംപെയിൻ” കുടിക്കാനും അവൾക്കു് താല്പര്യമുണ്ടായിരുന്നില്ല. “നമ്മുടെ സുഖത്തിന്നു്—നമ്മുടെ സന്തോഷത്തിന്നു്” എന്നാണു് കുടിക്കാൻ പോകുമ്പോൾ അയാൾ പറഞ്ഞിരുന്നതു്. അതു് ഒരു ആഭാസപരിഹാസംപോലെ അവൾക്കു് തോന്നി.

പെട്ടെന്നു് അവളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. താൻ കുടിക്കാൻ ഭാവിച്ച ഗ്ലാസ്സ് ഒരു നിലയില്ലായ്മ പിടിപെട്ടപോലെ അവൾ ചോടെ വെച്ചു. മേശയുടെ അങ്ങേഭാഗത്തിൽനിന്നു് ഹേമാംഗൻ അവളുടെ ഭാഗത്തേയ്ക്കു് തന്റെ തലകുനിച്ചു. അവൾ പേടിച്ചു് വിറച്ചുപോകത്തക്കവണ്ണം പെട്ടെന്നു് പിടിപ്പെട്ട രൂക്ഷതയോടും ഭയങ്കരമായി കല്പിക്കുംപ്രകാരമുള്ള സ്വരത്തോടും “കുടി! കുടിക്കു! നമ്മൾ ഇരുവരുടേയും ഭാവി നന്മയ്ക്കുവേണ്ടി” ഹേമാംഗൻ കഠിനമായി കല്പിച്ചു. അവൾ ആശ്ചര്യവും ഭയവുംകൊണ്ടു് നടുങ്ങിപ്പോയി. അവൾ എങ്ങിനെയെങ്കിലും പതച്ചുകൊണ്ടിരിക്കുന്ന ആ വൈൻ ചിറിയിൽകൂടെ അസാരം വായിലാക്കി. അതു് കണ്ടപ്പോൾ അയാൾ പെട്ടെന്നു് ചാടി എഴുന്നേറ്റുനിന്നു. അവളുടെ കയ്യിൽനിന്നു് ഗ്ലാസ് പിടിച്ചു് പറിച്ചു് അതു് ഊക്കോടെ നിലത്തെറിഞ്ഞു് ആറായിരം കഷണങ്ങളാക്കി. അയാൾ അവളെ കെട്ടിപ്പിടിച്ചു് ചുംബനവർഷംകൊണ്ടു് അവളുടെ ശ്വാസം മുട്ടിച്ചു. അവൾ അയാളുടെ പിടിത്തത്തിൽനിന്നു് വിട്ടൊഴിവാൻ വളരെ ശ്രമിച്ചുനോക്കി. “ഹേമാംഗ! അങ്ങുന്നെ! നിങ്ങൾക്കു് ഭ്രാന്തായ്പോയൊ? നിങ്ങൾ ചെയ്ത വാഗ്ദത്തം മറന്നോ” എന്നു് അവൾ കിതച്ചുകൊണ്ടു് പറഞ്ഞു.

അയാൾ കർക്കശമായിച്ചിരിച്ചു് അവളെ ആലിംഗനം ചെയ്തു. “ഞാൻ വാഗ്ദത്തം ചെയ്തതു് ആർ കണക്കു് വെയ്ക്കുന്നു. നീ ഇപ്പോൾ എന്റേതായി എന്റെ സ്വന്തം ആയി. നീ തനിച്ചു് ഇന്നു് എന്റെ കൂടെ ആയി. ഇവിടെ ഇന്നു് നമ്മൾ ഇരുവർ മാത്രമേ ഉള്ളു. നീയെന്താ എന്റെ ഭാര്യ അല്ലെന്നുണ്ടോ” എന്നു് ഹേമാംഗൻ കൂസലില്ലാതെ അവളോടു് പറഞ്ഞു.

“അല്ല അല്ല” എന്നു് അവൾ നിലവിളിച്ചു. അയാളെ ഉന്തി അകറ്റുവാൻ നോക്കി. എന്നാൽ അയാളുടെ ശക്തിയോടു് ആമയംകൊണ്ടു് ക്ഷയിച്ചുപോയ അവളുടെ ശക്തി ഒരു പുല്ലോളം എതൃത്തുനിന്നില്ല.

ഹേമാംഗൻ:
(കടുപ്പമായിട്ടു്) നിന്റെ ആലോചന ഇപ്പോഴും ഭാസ്കരനെത്തന്നെയാണു്. ഞാൻ അവനെ നിന്റെ ഉള്ളിൽനിന്നു് പിടിച്ചു് പിഴിഞ്ഞു് കളവാനാണു് ഭാവം. അവനെ അവിടെനിന്നു് നാരായവേരോടെ നശിപ്പിച്ചു് കളവാനാണു് ഭാവം. നീ എന്റെ സ്വത്താണു് നീ എന്റേതുമാത്രമാണു്. അവനെ നീ മറന്നു് കളയുകയില്ലെങ്കിൽ ഞാൻ നിന്നെക്കൊന്നു് കളയും.

അയാൾ അവളെ എടുത്തു് പൊന്തിച്ചു് കോണിപ്പടിയുടെ അടുക്കെ കൊണ്ടുപോയി. അവൾ അയാളുടെ കയ്യിൽനിന്നു് പിടച്ചുകളിച്ചിരുന്നു. കാമഭ്രാന്തിന്റെ കടുപ്പംകൊണ്ടു് അയാളുടെ ചുകന്ന കണ്ണു് തീപ്പാറുംപോലെ കളിക്കുന്നതു് കണ്ടപ്പോൾ ഭയവും അമ്പരപ്പുംകൊണ്ടു് അവൾ കിടുകിടാ വിറച്ചുപോയി. അകാരണമായി അവൾക്കുണ്ടായിരുന്ന ഭയവും ഭാവിപീഡയും മറ്റും ഇതായിരുന്നു കാണിച്ചതു്. അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒരു ജന്മവാസന; വിശേഷബുദ്ധി അയാളെ വിശ്വസിച്ചുകൊൾവാൻ അവളോടു് ഉപദേശിച്ചുകൊടുത്തിട്ടുകൂടി അനായാസേന അവളെ ആ ആചരണത്തിൽനിന്നു് പിൻമടക്കി. ആത്മാർത്ഥമായി അയാളെ ലേശംപോലും വിശ്വസിപ്പാൻ, എന്തോ ഒരു നിർബ്ബന്ധംകൊണ്ടു് അവൾക്കു് കേവലം വയ്യാതായി അവൾ എന്താണു് ചെയ്തതു്! അവൾ എന്തെല്ലാമാണു് ചെയ്തുകൂട്ടിയതു്. അവൾ എന്തിന്നൊക്കെയാണു് വഴിപ്പെട്ടുകൊടുത്തതു്. അവളേയുംകൊണ്ടു് അയാൾ കോണിപ്പടി ഏറിത്തുടങ്ങി “എന്നെവിടു ഞാൻ പോട്ടെ” എന്നു് ഇടവിടാതെ പറഞ്ഞുകൊണ്ടിരിക്കുന്നും ഉണ്ടു്.

ധനം‌ അയാളുടെ പിടിയിൽനിന്നു് മോചനം സിദ്ധിക്കാൻ മരണക്കളി കളിച്ചുനോക്കി. അവൾ മുഷ്ടിചുരുട്ടി അയാളുടെ മുഖത്തും നെഞ്ഞത്തും തെരുതെരെക്കുത്തി. പേടി കൊണ്ടു് സകലം മറന്നുപോയിട്ടു് അവൾ അയാളെ മാന്തി. അയാളെ ചവിട്ടി.

ആ കഴുവേറി ശുമ്മാചിരിച്ചതേ ഉള്ളു. വേണ്ടതിലേറെ മദ്യം പെരുമാറിയ നിമിത്തം, അയാളുടെ ശബ്ദവും മുഖവടിവും ഒക്കെ മരയിച്ചുപോയിരുന്നു. വൈനിന്റെ ആവികൊണ്ടു് മലിനപ്പെട്ടുപോയ അയാളുടെ നിശ്വാസം അറപ്പും മനം പിരിച്ചലും ശ്വാസത്തിന്നു് തടസ്ഥവും ഉണ്ടാക്കി.

ഹേമാംഗൻ:
എടി! നരിക്കുട്ടി! ഞാൻ നിന്നെ വിടില്ല. നീ എന്നെ വിവാഹം ചെയ്തില്ലേ! ഇന്നു് നീ നിന്നെ എനിക്കു് സ്വന്തമായിത്തന്നില്ലെ!
ധനം:
എന്നാലും കുറെ കാലത്തോളം നിങ്ങൾ ഒന്നും ചെയ്കയില്ലെന്നു് വാഗ്ദത്തം ചെയ്തിട്ടില്ലെ. (മനോവേദനയോടും ഭയത്തോടുംകൂടെ) അത്ര കണിശമായിചെയ്ത വാഗ്ദത്തം ഇപ്പോൾ എവിടെ വെച്ചിരിക്കുന്നു? ആ അവധി കഴിയട്ടെ. അങ്ങുന്നേ! അപ്പോൾ ഞാൻ നിങ്ങളുടെ ഭാര്യയാവാം. ഇപ്പോൾ പാടില്ല. അതു് ഉറപ്പാണു്. ന്യായവുമാണു്.
ഹേമാംഗൻ:
ഹൈ! ആ വാദമൊക്കെ വലിച്ചെറിയൂ. ഇപ്പോൾതന്നെ വേണം. ഒന്നും ശങ്കിക്കേണ്ട.

അയാൾ സുബോധമില്ലാത്ത ലഹരിപിടിച്ചു് നേരെനില്പാൻ വയ്യാതെ ആടിയിരുന്നു. കിഴക്കാംതൂക്കമായ ഏണിപ്പടിയുടെ ഒന്നാമത്തെപടിയിന്മേൽ അയാൾ കേറിനിന്നിരുന്നു. അവളുടെ പിടയൽകൊണ്ടു് പിന്നേയും കേറിപ്പോവാൻ അയാൾക്കു് സാധിച്ചിരുന്നില്ല. അയാൾ ഇടുങ്ങിയ ആ സ്ഥലത്തു് അവളോടു് വാദം നടത്താൻ വേണ്ടിനിന്നു. അസൂയകൊണ്ടും അതികാമംകൊണ്ടും അയാളുടെ സ്വരം കർക്കശവും കഠിനവും ആയിരുന്നു.

ഹേമാംഗൻ:
നീ ഇതിനു് മുമ്പേ മറ്റൊരാൾക്കു് എത്രയോ ഇഷ്ടത്തോടെ വഴങ്ങിക്കൊടുത്തിട്ടുണ്ടു്. ഇപ്പോളാകട്ടെ നീ എന്റെ സ്വന്തമാണു്. എന്റെ സ്വന്തം. ആ ഹോട്ടലിൽവെച്ചു് അന്നുരാത്രി ഞാൻ നിന്നെ കണ്ടതുമുതൽ നിന്നെ വശത്താക്കാൻ എനിക്കു് വളരെ ആഗ്രഹമുണ്ടായി. ഇപ്പോൾ ആകട്ടെ നീ എന്റെ സ്വന്തമായി. നിന്റെ പൂർണ്ണ സമ്മതത്തോടുകൂടെയാണു് നീ എന്നെ വിവാഹം ചെയ്തതും. നിനക്കു് എന്റെ ഒന്നിച്ചുതന്നെ താമസിക്കാനും മറ്റും ബാദ്ധ്യത ഉണ്ടു്. ഞാൻ ഭാസ്കരന്റെ കയ്യിൽനിന്നു് നിന്നെ കേവലം വിടുത്തിക്കൊണ്ടുവരാനാണു് ഇങ്ങിനെ ചെയ്തതു്. നിന്നെക്കൊണ്ടു് നിന്റെ പൂർവ്വചരിത്രം മറപ്പിക്കാനാണു് ഞാൻ പോകുന്നതു്. എന്നെയല്ലാതെ മറ്റൊരാളേയും നീ തൊട്ടിട്ടില്ലെന്ന മനസ്ഥിതി നിനക്കു് ഉണ്ടാക്കിത്തരാനാണു് ഭാവം.

അദ്ദേഹത്തിന്റെ പിടിത്തം അയാൾ ഒന്നുകൂടി മുറുക്കി. അയാളുടെ കൈകൾ ഇരിമ്പുപട്ടകളെപ്പോലെ ഉറപ്പുള്ളവയായിരിക്കകൊണ്ടു് ആ പിടിത്തം വിടുത്തിക്കളവാൻ അവൾക്കു് സാധിച്ചില്ല. അയാൾ മെല്ലെ കോണികേറി. മേലെ തട്ടിൽ, അവളുടെ ശയനമുറിയിലെ എടനാഴിയിൽ എത്താൻ ഒന്നുരണ്ടു് പടിയുംകൂടി കേറേണ്ടതേ ഉള്ളു.

പിടിത്തത്തിൽനിന്നു് വിട്ടുകിട്ടാൻ പിന്നേയും ഒന്നു് ശ്രമിച്ചുനോക്കുവാൻ ധനം തീർച്ചയാക്കി. അവളുടെ ശക്തി ക്ഷീണംനിമിത്തം ക്ഷയിച്ചിരുന്നു. പോരാഞ്ഞിട്ടു് അവൾ രോഗശയ്യയിൽനിന്നു് എഴുന്നേറ്റിട്ടു് വളരെ നാൾ കഴിഞ്ഞിട്ടും ഇല്ല. അവൾ പിരിഞ്ഞും തിരിഞ്ഞും ഇരുന്നുംനോക്കി. അവൾ അയാളെ ഉന്തി അകറ്റാൻ നോക്കി. അവൾ മുഷ്ടി ചുരുട്ടി അയാളെ കുത്തി. ഒരു ഫലവും ഉണ്ടായില്ല. ഭ്രാന്തു് പിടിച്ചപോലെ അവൾ പടവെട്ടി. അവൾ ദേഹം പലവിധത്തിൽ ഉലച്ചുനോക്കി. എന്നാൽ പിടിത്തത്തിന്നു് അസാരം അഴവു് വരുത്താനല്ലാതെ അതിൽനിന്നു് വിട്ടൊഴിഞ്ഞുപോരാൻ അവൾക്കു് സാധിച്ചില്ല.

അവളുടെ അപേക്ഷ ഉച്ചത്തിൽ കരയുന്ന രീതിയിലായി. കടുത്ത ഭയംകൊണ്ടു് അവൾക്കു് ഭ്രാന്തു് പിടിച്ചപോലെ തോന്നി. ആ വീടാണെങ്കിൽ ആളില്ലാതെ ഒഴിഞ്ഞതും, വായുസഞ്ചാരമറ്റതും നിശ്ശബ്ദതയിൽ മുഴുകിയതും അന്ധകാരംകൊണ്ടു് ആപത്തു് കുറിക്കുന്നതും ആയിരിക്കകൊണ്ടു് അവൾക്കു് ഭയം എങ്ങിനെ അടിക്കടി വർദ്ധിക്കാതിരിക്കും? ഇരുണ്ട കോണിപ്പടിമേൽ ഇപ്പളിപ്പോൾ കെടും എന്നു് തോന്നിപ്പോകുന്ന ഒരു മെഴുത്തിരിയുടെ കോലം മാറിക്കൊണ്ടിരുന്ന വെളിച്ചം മാത്രമെ ഉണ്ടായിരുന്നുള്ളു. മെഴുത്തിരിതന്നെ പകുതിയും കത്തിത്തീർന്നുപോയിരിക്കുന്നു. അയാൾ കോണിപ്പടിയുടെ ഒരു തിരിച്ചലിൽ എത്തി. മുൻഭാഗം ഇല്ലട്ടക്കരിപോലെ ഇരുട്ടായിരിക്കുന്നു. അവൾക്കു് അദ്ദേഹത്തിന്റെ മുഖവുംകൂടി കണ്ടുകൂടായിരുന്നു. എന്നാൽ അയാളുടെ കണ്ണുകൾ മിന്നുന്നതു് അവൾ ഇടയ്ക്കിടയ്ക്കു് കണ്ടു. അയാളുടെ ഹൃദയം വേഗത്തിൽ സ്പന്ദിക്കുന്നതും അവൾക്കു് ഗ്രഹിക്കാമായിരുന്നു. അയാൾ ഒരു വിധേന കാൽകൊണ്ടു് തപ്പിപ്പിടിച്ചു് അവസാനത്തെ കോണിയും കേറി മുകളിൽ എത്തി. അതിന്റെ മുൻഭാഗത്തു് ഇരുട്ടുകൊണ്ടു്, കണ്ടുകൂടാത്തവിധത്തിൽ കുറേ അകലെയാണു് അവളുടെ ശയനമുറി.

അയാൾ ഒരു നില കിട്ടാൻവേണ്ടി ഒരേടത്തു് കുറേ നിന്നിട്ടുണ്ടെന്നു് അവൾക്കറിവായി. ഭ്രാന്തു് പിടിച്ചപോലെ അവൾ ഇരുട്ടത്തു് ഒന്നും ആലോചിക്കാതെ പെട്ടെന്നു് ഒരു കൈ നീട്ടി. കോണിപ്പടിയുടെ റെയ്ലിങ്ങ്സിന്റെ ഏറ്റവും മേലെ അറ്റത്തെ മരത്തിന്റെ ഉരുണ്ട മുഴയുടെ മേൽ അവളുടെ കൈ തടഞ്ഞു. അവൾ അതു് ഒരു മരണപ്പിടിത്തം പിടിച്ചു. എന്തു് കളി കളിച്ചിട്ടും ആ പിടിത്തം വിട്ടില്ല. അതിൽപിന്നെ മുൻഭാഗത്തിലെ അന്ധകാരത്തിൽനിന്നു് ഒരു ശീതളമാരുതൻ വീശിക്കൊണ്ടുവന്നു. ഒരു ചിറകിന്റെ അടിപോലെയുള്ള ശബ്ദംകേട്ടു. എന്തോ ഒന്നു് അവളുടെ മൂർദ്ധാവിൽ ഉരഞ്ഞുകൊണ്ടുപോയി. കറുത്ത ഒന്നു്. ആപത്തുണ്ടാക്കുന്ന ഒന്നു്. അവൾ ഉച്ചത്തിൽ തന്നെത്താനറിയാതെ നിലവിളിച്ചുപോയി. അവളെ കയ്യിൽ എടുത്തു് മുറുകെ പിടിച്ച അയാളുടെ വകയായും ഒരു നിലവിളി ഉണ്ടായി. അയാൾ അടിതെറ്റി ആടിക്കളിക്കുന്നുണ്ടെന്നു് അവൾ അറിഞ്ഞു. അവളുടെ തലയുടെ മേലെ എന്തൊ ഒന്നു് ചിറകടിച്ച കാറ്റു് വരുത്തുന്നതു് അവൾക്കു് നല്ലവണ്ണം അനുഭവമായി. അവരെ ഇങ്ങിനെ പെട്ടെന്നു് ഉപദ്രവിച്ചു് പരവശപ്പെടുത്തിയതു് എന്തൊന്നാണെന്നു് അവൾക്കു് നല്ല രൂപം ഉണ്ടായിരുന്നില്ല. എന്തോ ഒന്നു് അവളുടെ തലമുടി മാന്തുംപോലെ തോന്നി. അവളുടെ ദേഹത്തിന്മേൽ ഒരു കുളുർപ്പം പാഞ്ഞുകേറി. അവൾക്കു് ഭയംകൊണ്ടു് നില കിട്ടാതായി. ഈ അജ്ഞാതസാധനം ഒരു ജന്തു ആയിരിക്കുമോ?

ഹേമാംഗന്റെ വായിൽനിന്നു് ശാപവും ശപഥവും ഒന്നിച്ചു് പുറപ്പെട്ടു. അയാൾ അവളെ പിടിച്ച പിടിത്തം പെട്ടെന്നു് അഴഞ്ഞുപോയി. അവൾ മരംകൊണ്ടുണ്ടാക്കിയ റെയിലിന്മേൽ (Ralilings) വീണു. അതുവരെയ്ക്കും അതിന്റെ മേലെ അറ്റമായിരുന്നു അവൾ പിടിച്ചിരുന്നതു്. അന്ധകാരത്തിൽകൂടെ പറന്നും ചിറകടിച്ചുംകൊണ്ടിരുന്ന എന്തൊ ഒരു കറുത്തു് അപായം കുറിക്കുന്ന വ്യക്തിയെ കണ്ടപ്പോൾ വല്ല പിശാചുമായിരിക്കൊമൊ എന്നു് കരുതി ഭയവും ഭ്രമവുംകൊണ്ടു് അവൾ നടുങ്ങിപ്പോയി. ഹേമാംഗന്റെ അളരലും ശപഥവും ഒരേടത്തിൽനിന്നു് കപ്പലിന്റെ പായ കാറ്റുകൊണ്ടു് അടിക്കുന്നപോലെ ഒരു ശബ്ദം മറ്റൊരേടത്തിൽനിന്നു്—അതിൽപിന്നെ ഹേമാംഗന്റെ വകയായിട്ടു് ഉച്ചവും കർക്കശവുമായ ഒരു അളർച്ച. പിന്നെ ഒരു ഘനമുള്ള സാധനം വീണപോലെയുള്ള ഒരു ശബ്ദം—ഒരു ഞരക്കം—ചിറകടിച്ചുകൊണ്ടു് “ഭർ” എന്ന ഒരു ശബ്ദം. മടങ്ങി ഒഴിഞ്ഞുപോയതിൽപ്പിന്നെ ഒരു നിശ്ശബ്ദം—ഇതൊക്കെയാണു് ആ ചുരുങ്ങിയ സമയത്തിന്നുള്ളിൽ അവൾക്കു് അനുഭവമായതു്. ആ ശബ്ദം പിന്നേയുമതാ അടുത്തുവരുന്നു. അതു് അവളുടെ തലയുടെ മേലെ എത്തി എന്നു് അവൾക്കു് തോന്നി. ഭയംകൊണ്ടു് അവൾ തലകുനിച്ചു. പിന്നേയും നിശ്ശബ്ദം—ശ്വാസംമുട്ടിച്ചു് നിർത്തിയപ്രകാരം എല്ലാടത്തും വ്യാപിച്ച ഒരു മരണമൗനം.

ധനം മെല്ലെ എഴുന്നേറ്റുനിന്നു. അവളുടെ ദേഹം ഐസുപോലെ തണുത്തു. അവൾ ഭയംകൊണ്ടു് ഒന്നു് ഉച്ചത്തിൽ നിലവിളിച്ചു. അവളുടെ ശയനമുറിയുടെ മുൻഭാഗത്തു് അവൾ ബോധംകെട്ടു് വീണു.

അവൾ എത്രത്തോളം അങ്ങിനെ കിടന്നിരുന്നു എന്ന വിവരം ധനത്തിന്നു് ഉണ്ടായിരുന്നില്ല. ഒടുവിൽ, സുബോധത്തിന്റെ പ്രാരംഭ ഉണർച്ച അവളെ ഒന്നു് ചലിപ്പിച്ചു. പിന്നെ അവൾ നല്ലവണ്ണം കണ്ണുതുറന്നു. അവളുടെ ദേഹം തണുത്തും മരയിച്ചുംപോയി. ഐസ്പോലെ തണുത്തു് വിറപ്പിച്ചിരുന്നതും തെല്ലുമുമ്പേ അവൾക്കു് അനുഭവമായിരുന്നതും ആയ ഭീമഭയം അവളെ കേവലം വിട്ടൊഴിഞ്ഞുപോയിട്ടും ഇല്ല.

അവൾ തനിച്ചായിരുന്നു. അവൾ ഭയന്നു് വീണുപോയതിൽപ്പിന്നെ ഹേമാംഗൻ അവളെ പിടിച്ചെടുപ്പാൻ ഭാവിച്ചിരുന്നില്ല. അയാൾ എവിടെയായിരിക്കും? ആ കറുത്ത സാധനമൊ! അവരുടെ നേരെ കുതിച്ചുവന്നു് പടതല്ലാൻ കോണിപ്പടി രംഗമാക്കിയ ആ ഭയങ്കരസത്വം എവിടെ!

ധനം കിടക്കയിൽനിന്നു് തലപൊന്തിച്ചു് ചെവിടോർത്തു് നോക്കി. ഒരു ശബ്ദവും കേൾക്കാനുണ്ടായിരുന്നില്ല. ചോടെ, ഹാളിൽനിന്നു് കത്തിയിരുന്ന മെഴുത്തിരികളുടെ വെളിച്ചം കോണിപ്പടിയുടെ തിരിച്ചലിൽ ഉണ്ടാക്കിയ നിഴലുംകൂടി കണ്ടിരുന്നില്ല. അവൾ ബോധംകെട്ടു് വീണിരുന്ന സമയത്തു് അവറ്റയും ബോധിച്ചേടത്തു് പോയിക്കഴിഞ്ഞിരിക്കാം. ശരീരം ഇളകിയും അവയവങ്ങൾ വിറച്ചുംകൊണ്ടു് അവൾ വളരെ അദ്ധ്വാനിച്ചു് ഒരുവിധേന മുട്ടുകുത്തി ഇരുന്നു. ഒരു കാറ്റുവന്നു് അവളുടെ നെറ്റിമേൽ അടിച്ചു. അവളുടെ മുടിയിലെ ചില ഇഴകൾ അവളുടെ മുഖത്തുവീണു. അതു് വല്ലാത്ത ഒരു കാറ്റും! അവൾക്കു് രണ്ടാമതും ഒരു വിറയൽ അനുഭവപ്പെട്ടു. കാറ്റിന്റെ ഒന്നിച്ചുതന്നെ ആ ഭയങ്കരസത്വത്തിന്റെ കഥയും അവൾക്കു് ഓർമ്മവന്നു. ധനം കൈനീട്ടിതപ്പിപ്പിടിച്ചുനടന്നു. തന്റെ ശയനമുറിയുടെ വാതിലിന്റെ പിടി അവളുടെ കൈയ്ക്കു് തടഞ്ഞു. ഉന്തിയപ്പോൾ വാതിൽ ഉള്ളോട്ടു് തുറന്നു.

ഒരു ദീപം! അതു് കണ്ടെത്തിയതുകൊണ്ടു് ഈശ്വരനെ സ്തുതിക്കട്ടെ. അവിടെ ചില മെഴുത്തിരികൾ കത്തുന്നുണ്ടായിരുന്നു. ഒരു ആശ്വാസനിശ്വാസത്തോടെ അവൾ ആ മുറിയിൽ കടന്നുകൂടി. ഉടുപ്പു് മുറിയുടെ മേശമേൽ വെച്ചിരുന്ന നാലു വലിയ (നീണ്ട) മെഴുത്തിരികൾ പകുതി കത്തിക്കഴിഞ്ഞിരിക്കുന്നു. മെഴുകുതിരിത്തട്ടിന്മേൽനിന്നു് ആറെണ്ണം കത്തിയിരുന്നു. കിടക്കയുടെ അടുക്കെ പിച്ചളച്ചുറയിന്മേൽ നിന്നു് രണ്ടെണ്ണം കത്തിയിരുന്നു. ഓരോന്നും ഓരോ പരിധിയിൽ മങ്ങിയ മഞ്ഞവെളിച്ചം ഉണ്ടാക്കി. എന്നിട്ടുകൂടി ആ മുറിയിൽ കെട്ടിപ്പിടിച്ച അന്ധകാരം മുഴുവനും വിട്ടുപോയില്ല. എങ്ങിനെ വിട്ടുപോവും! ആ പഴയ വീട്ടിലെ മുറി പ്രകൃത്യാ അന്ധകാരമയമായിരുന്നു. കിടയ്ക്കവിരിച്ച കട്ടിൽ മുഴുവൻ കർട്ടൻകൊണ്ടു് മൂടപ്പെട്ടിരുന്നു. സകല മെഴുത്തിരികളും പകുതി കത്തിപ്പോയിരുന്നു. അതൊക്കെ വിവാഹ ദിവസം കൊണ്ടാടാൻ കത്തിച്ചുവെച്ച ദീപാവലി ആയിരുന്നു. വീട്ടുകാർ പുതിയ ഭാര്യാഭർത്താക്കന്മാരെ സ്വാഗതം ചെയ്വാൻ ഒരുക്കങ്ങൾ കൂട്ടിയിരുന്നു. കിടയ്ക്കയിൽ ചതുരാകൃതിയിലുള്ള രണ്ടു് തലയണകളും വെച്ചിരുന്നു. ധനത്തിന്നു് ശ്വാസം നേരെ വരാതായി. അവൾ തേക്കിന്റെ കട്ടിലിന്മേൽ ചാരിനിന്നു് അവളുടെ കൈകൾ പള്ളമേൽ അമർത്തുവെച്ചിരുന്നു.

കോണിപ്പടിയുടെ മേലെ അറ്റത്തുവെച്ചു് എതിരിട്ടും ഉപദ്രവിച്ചിട്ടും ദ്രോഹം നടത്തിയ ആ പാപിജന്തു ദുസ്സഹമായ അഭിമാനഭംഗത്തിൽനിന്നു് രക്ഷപ്രാപിപ്പാൻ അവളെ സഹായിച്ചിരുന്നു. അവൾ ഹേമാംഗനെ വിവാഹം കഴിച്ചതു് ശരിയാണെങ്കിലും അവനിൽനിന്നു് അകന്നുനില്ക്കേണ്ടിവരുന്നതും അത്യാവശ്യമാണു്. അവളുടെ കുട്ടി പിറന്നതിൽപ്പിന്നെ മാത്രമേ ദാമ്പത്യജീവിതം സമ്പൂർണ്ണമാക്കയുള്ളു എന്നു് അദ്ദേഹം അവളോടു് ഒരു കണിശമായ സത്യം ചെയ്തുകൊടുത്തിരുന്നു. അവൾ അയാളെ ലവലേശം പ്രേമിച്ചിരുന്നില്ല എന്നതു് തർക്കമില്ലാത്ത വാസ്തവമാണു്. അവൾ മേലാലും അയാളെ പ്രേമിക്ക ഉണ്ടാകയില്ല എന്നതും പച്ചപ്പരമാർത്ഥമാണു്. എന്നാലുംകൂടി പ്രസവിക്കുംവരെ കാത്തുനില്പാൻ അദ്ദേഹത്തിന്നു് ക്ഷമ ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹത്തിന്നു് വഴങ്ങിക്കൊടുക്കണം എന്ന അവളുടെ കരാറു്, പല്ലുംകടിച്ചു്, കണ്ണുംപൂട്ടി അവൾ നിറവേറ്റുമായിരുന്നു. എന്നാൽ അയാളുടെ യാതൊന്നും ഗണ്യമാക്കാത്ത കാമഭ്രാന്തിന്റെ നിഷ്ഠുരവ്യാപാരത്തിന്നുള്ള ശ്രമം, അവളെ കേവലം ഒരു തെണ്ടിത്തേവിടിശ്ശിയെന്നപോലെ അയാൾ വിചാരിച്ചതുകൊണ്ടാണു്. ഹേമാംഗന്റെ അധീനത്തിൽനിന്നു് അവൾക്കു് വല്ലപ്രകാരത്തിലും വിട്ടൊഴിയാതെ നിവൃത്തിയില്ല. ആ സാധനം, ഭൂമിയിലേയോ സ്വർഗ്ഗത്തിലേയോ ഏതെങ്കിലുമാകട്ടെ അവൾക്കു് ഒരു രക്ഷാമാർഗ്ഗം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടു്. ആ അവസരം അവൾക്കു് പാഴാക്കിക്കളവാൻ പാടില്ല.

എന്നാൽ ഹേമാംഗൻ എവിടെ ആയിരിക്കും. ആരോ ഒരു ഘനമുള്ള മനുഷ്യൻ ഊക്കോടെ വീഴുന്ന ശബ്ദം അവൾ കേട്ടിരുന്നല്ലൊ. വീണതിൽപ്പിന്നെ ഒരു ഒച്ചപ്പാടും ഉണ്ടായിരുന്നില്ല എന്നതും ശരിയാണു്.

ധനം തുണികൾകൊണ്ടു് നിറഞ്ഞ ഉടുപ്പുമുറിയിൽ പാഞ്ഞുചെന്നു് ഉടുപ്പൊക്കെ അണിഞ്ഞു് രണ്ടു് മെഴുത്തിരികൾ കൊളുത്തിവെച്ച പിച്ചളവിളക്കും പിടിച്ചു് ആ പറന്നുകളിക്കുന്ന സാധനം പിന്നേയും വരുമെന്നു് ഭയപ്പെട്ടിട്ടു് കോണി ഇറങ്ങി. വെളിച്ചത്തിന്നു് ഒരു രക്ഷയായി കയ്യുടെ മറവും പിടിച്ചു് എത്രയോമെല്ലെ വളരെ ചരിതത്തോടെ പുറത്തേയ്ക്കുവന്നു. ഒരു കാറ്റുകൊണ്ടു് മെഴുത്തിരി ഒന്നു് തുള്ളിപ്പോയി. കോണിപ്പടിയുടെ മറുഭാഗത്തുണ്ടായിരുന്ന ഇച്ചില്ലില്ലടിച്ച ഒരു ചെറിയ ജനൽ കാറ്റുകൊണ്ടു് തുറന്നുപോയി. അവൾ മേലോട്ടൊന്നു് നോക്കി. അവൾ ഭയംകൊണ്ടു് ഞെട്ടിപ്പോയി. മേല്പുരയ്ക്കു് ഒരു താങ്ങായി വെച്ച തേക്കിന്റെ ഉത്തരത്തിന്മേൽ തല താഴേ ആക്കി ഒരു കടവാതിൽ തൂങ്ങിയതു് കണ്ടു. ഇത്രവലിയ ഒരു കടവാതിലിനെ അവൾ ജനിച്ചതിൽപിന്നെ കണ്ടിട്ടില്ല. കടവാതിൽ ഇത്ര വലിപ്പംവെക്കുമെന്നു് അവൾ സ്വപ്നത്തിലുംകൂടി വിചാരിച്ചിരുന്നില്ല.

ധനം ഞെട്ടി വിറച്ചുപോയി. അപ്പോൾ ഇതാണു് അവരുടെ എതിരായിപ്പറന്നുവന്നതു്. തന്റെ സ്വന്തം ശ്രമംകൊണ്ടു് സിദ്ധിക്കാൻ സാധിക്കാത്ത മോചനം അവൾക്കു് എളുപ്പത്തിൽ, കിട്ടുമാറാക്കിക്കൊടുത്തതും ഈ കടവാതിലാണു്. ഇതിന്റെ ഉച്ചത്തിലുള്ള ചിറകടിയും അതിന്റെ എതൃപ്പിന്റെ ശക്തിയും വേഗതയും നിമിത്തമാണു് ഹേമാംഗനോടു് അവളെ പിടിച്ചപിടിത്തം ഊരിപ്പോയതു്. അതിരിക്കട്ടെ ഹേമാംഗൻ എവിടെ പോയിമറഞ്ഞായിരിക്കും. മെഴുത്തിരിദീപം കെട്ടുപോകാതിരിപ്പാൻ അതു് എത്രയോ ചരിതത്തോടെ കൈകൊണ്ടു് മറച്ചു് അവൾ കോണിപ്പടി ഇറങ്ങി.

കോണിയുടെ ചോടെ ഹേമാംഗൻ ഒരു കറുത്ത പൊതിക്കെട്ടുപോലെ അനക്കമില്ലാതെ ഒരു ശവംപോലെ കിടക്കുന്നതു് കണ്ടു. എത്രനേരത്തോളം അയാൾ അവിടെ ആ നിലയിൽ കിടന്നിട്ടുണ്ടായിരിക്കും. അവൾ അയാളെ കുനിഞ്ഞുനോക്കി. അയാളുടെ കൈ തൊട്ടുനോക്കി. അയാളുടെ കയ്യുടെ ഐസ്പോലത്തെ തണുപ്പു് തന്റെ ദേഹത്തിൽ പാഞ്ഞുകേറിയപോലെ അവൾ ഒരു ഞെട്ടലോടെ പിന്നോക്കം വാങ്ങിനിന്നു. എല്ലാംകൂടി അയാൾ…! ഇല്ല—ഇല്ല—ഇല്ല അങ്ങിനെ വരാൻ ഇടയില്ല. എന്നാൽ അയാൾക്കു് യാതൊരു ഇളക്കവും കാണാത്തതു് എന്തുകൊണ്ടായിരിക്കും. അതിന്റെ അർത്ഥമെന്തു്?

“അങ്ങിനെ നീ അയാളെ കൊന്നു” എന്നു് പരുഷമായും കടുപ്പമായും ആരോ ഒരാൾ അവളോടു് പറയുന്നതു് ധനം കേട്ടു.

സ്വപ്നം സത്യമായി

നാഡിക്ഷീണംകൊണ്ടും അത്യന്തം ഭയംകൊണ്ടും ധനത്തോടു് ഉറക്കെ നിലവിളിച്ചുപോയി. അവൾ ഞെട്ടി ആരാണു് ഇങ്ങിനെ പറഞ്ഞതു് എന്നു് അറിവാൻവേണ്ടി തിരിഞ്ഞുനോക്കി. ആ വലിയവീട്ടിലെ നിത്യവാസിയും നോക്കുകാരിയും ആയ രാജമ്മ അവളുടെ ചുമലരികെ നില്ക്കുന്നതുകണ്ടു. നോക്കുകാരിയുടെ കയ്യിൽ ഒരു മെഴുത്തിരിയും ഉണ്ടായിരുന്നു. അവളുടെ വീങ്ങിയ മുഖത്തിലും ചെറിയ കണ്ണിലും ഒരുതരം പകയൊ പ്രതികാരേഛയോ വിളങ്ങിക്കൊണ്ടിരുന്നു. രാജമ്മയ്ക്കു് എന്തോ എന്നറിഞ്ഞില്ല ധനത്തേ കണ്ടമുതല്ക്കേ അവളോടു് കഠിനകോപവും അസൂയയും ആയിരുന്നു. ഒന്നാമതു് ധനത്തിന്റെ വരവുകൊണ്ടു് രാജമ്മയ്ക്കു് ആ വീട്ടിൽ അതുവരയ്ക്കും ഉണ്ടായിരുന്ന ഏകഛത്രാധിപത്യം നഷ്ടമായി. യജമാനത്തി എന്ന നിലയിൽനിന്നു് അവൾ ഒരു ദാസി എന്ന നിലയിലായി. ധനത്തെ ശുശ്രൂഷിക്കേണ്ട ഭാരവുംകൂടി രാജമ്മ സഹിക്കേണ്ടിവന്നു.

നോട്ടക്കാരി (രാജമ്മ) തന്റെ തടിച്ചുകുറിയ വിരൽ കൊണ്ടു് ചുരുണ്ടു് ഒരു കൂമ്പാരംപോലെ കിടക്കുന്ന ഹേമാംഗനെ ചൂണ്ടിക്കാണിച്ചു് “നീ അയാളെ കൊന്നു” എന്നു് പിന്നേയും പറഞ്ഞു.

ധനം:
(കോപത്തോടെ) ഞാൻ അയാളെ കൊന്നിട്ടില്ല. രാജമ്മേ! അങ്ങിനെ പറവാൻ നിങ്ങൾക്കു് എവിടുന്നു് ധൈര്യം വന്നു.

അവൾ ഭയത്തോടുകൂടിയും ആയിരുന്നു അങ്ങിനെ ചോദിച്ചതു്. ആ പഴയവീടു്—എപ്പോഴും ഇരുടാപ്പിടിച്ച ഭാഗങ്ങൾ അടങ്ങിയ ആ ദുരിതംപിടിച്ച വീടു്—ആളുകളുടെ സംസാരം കേൾക്കാത്തതുകൊണ്ടു് ദുസ്സഹമായ നിശ്ശബ്ദതയിൽ എപ്പോഴും മുഴുകിയിരുന്ന ആ വീടു്—ആരെയാണു് ഭയപ്പെടുത്താതിരിക്കുന്നതു്. അതു് ഒരു വറക്കത്തില്ലാത്ത വീടാണു്. ആ രാത്രി അവിടെനിന്നു് നടന്ന കാര്യങ്ങളോ! അവളുടെ നാഡികൾ വലിഞ്ഞു് പൊട്ടിപ്പോകാറായി. നിലത്തു ചുരുണ്ടുകിടക്കുന്ന ആ ദേഹത്തിന്മേൽ പതിച്ച കണ്ണുകൾ വലിച്ചെടുപ്പാൻ അവൾക്കു പ്രയാസമായി. കുറച്ചുമുമ്പേ അവളെ ഭീഷണിപ്പെടുത്തിയ ആളല്ലേ അതു്? അയാൾതന്നെയല്ലേ ഇപ്പോൾ അവിടെ ഇളക്കമില്ലാതെ ഒരു ശവംപോലെ കിടക്കുന്നതു്.

ധനം:
(ഒരു വല്ലാത്തസ്വരത്തിൽ) അയാൾ മരിച്ചിട്ടില്ല.

രാജമ്മയുടെ വീങ്ങിയ മുഖത്തു് പടുത്തീയുപോലെ നിന്ന ചെറിയ കണ്ണുകൾ ആളുകളെ പേടിപ്പെടുത്തുംപ്രകാരം മിന്നി.

രാജമ്മ:
അയാൾ മരിച്ചുപോയി; സംശയമില്ല. ഏണിപ്പടിയുടെ മേൽഭാഗത്തിൽനിന്നു് ചോടെ ഉന്തിയിട്ടതാണു്. അങ്ങിനെ ചെയ്തതു് മറ്റാരാണെന്നുതന്നെയാണു് എനിക്കു് അറിയേണ്ടതു്. നീയല്ലാതെ ആരാണു് ധനം ഇങ്ങിനെ ചെയ്യുവാനുള്ളതു്. വേറെ ഒരാളും ഈ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇങ്ങിനെ ചെയ്തതു് ഞാനല്ലെന്നു് നിനക്കു് നല്ല നിശ്ചയവും ഉണ്ടു്. അല്ല, ഞാനാണെന്നു് പറവാൻ നിനക്കു് ഭാവമുണ്ടോ?

ധനം തല ഇളക്കി. “അതു് ഒരു കടവാതിലായിരുന്നു” എന്നു് മന്ദസ്വരത്തിൽ പറഞ്ഞു. “ഇരുട്ടിലൂടെ കോണിപ്പടിയും കേറി മേലെചെന്നപ്പോൾ ഒരു വലിയ കടവാതിൽ ചിറകടിച്ചു് പറക്കുമ്പോൾ അയാളുടെ മുഖത്തു് തട്ടിപ്പോയി. അയാളുടെ ആക്കവും നിലയും തെറ്റി. അയാൾ വീഴുന്നതു് ഞാൻ കേട്ടിരുന്നു. അതിൽ പിന്നേ ഞാനും ബോധംകെട്ടു് വീണു പോയി. ഞാൻ ഒരു മെഴുത്തിരി കത്തിച്ചു് നോക്കിയപ്പഴേ എനിക്കു് കാര്യസ്ഥിതി മനസ്സിലായുള്ളു.

രാജമ്മ:
(പുച്ഛപരിഹാസങ്ങളോടെ) ഒരു കടവാതിലോ! വിശ്വസിക്കത്തക്ക ഒരു കഥ തന്നെ! എന്നേ പറഞ്ഞു് വിശ്വസിപ്പിക്കാൻ നോക്കുന്നതു് അവിടെ ഇരിക്കട്ടെ. കോടതിയിൽവെച്ചു് കേയിസ് വിചാരണചെയ്യുമ്പോൾ നിന്റെ ഈ പൊട്ടക്കഥയുംകൊണ്ടു് ജൂറിമാരെ (Jury) മിരട്ടാൻ സാധിക്കുമെന്നു് തോന്നുന്നില്ല. ഈ വീട്ടിൽ ഒരു ആനയോളം പോരുന്ന കടവാതിൽപോലും! ഒന്നു് പറഞ്ഞാൽ എവിടെയെങ്കിലും ഒക്കണം. ആ കടവാതിലിനെ നീ ദയവിചാരിച്ചു് എനിക്കു് ഒന്നു് കാണിച്ചുതരാമോ!
ധനം:
(ഞെട്ടലോടെ) കോണി ഇറങ്ങേണ്ടുന്ന സ്ഥലത്തിന്റെ നേരെ മീതെ ആ തേക്കിന്റെ ഉത്തരത്തിന്മേൽ അതു് തൂങ്ങിക്കിടന്നിരുന്നു. ഞാൻ താഴെ ഇറങ്ങുമ്പോൾ അതിനെക്കണ്ടു. ഇരുട്ടത്തു് ഞങ്ങളുടെ മുഖത്തുതടഞ്ഞതും അയാളുടെ മുഖത്തുവീണു് ചിറകടിച്ചതും കടവാതിലാണെന്നു് എനിക്കു് അപ്പോളെ മനസ്സിലായിരുന്നുള്ളു. അതു് അവിടെത്തന്നെ ഉണ്ടാകും.

അവൾ പിന്നേയും കത്തുന്ന മെഴുതിരിയും എടുത്തു് കൊണിപ്പടി കേറിത്തുടങ്ങി. അവളുടെ പിന്നാലേതന്നെ നോട്ടക്കാരിയും (രാജമ്മ) ഞരങ്ങിയും കിതച്ചുംകൊണ്ടു് കേറി. ധനം തേക്കിന്റെ ഉത്തരം നല്ലവണ്ണം കാണ്മാൻവേണ്ടി വിളക്കു് പൊക്കിപ്പിടിച്ചു. ഒരു ജന്തുവേയും കണ്ടില്ല. അവൾ സകലമുക്കും മൂലയും വെളിച്ചം വീഴ്ത്തിപ്പരിശോധിച്ചുനോക്കി. സകല ആപത്തുകൾക്കും കാരണക്കാരനെന്നു് വിചാരിക്കപ്പെട്ട ആ കറുത്ത വലിയ കടവാതിലിനെ ഒരേടത്തും കാണ്മാൻ ഉണ്ടായിരുന്നില്ല.

രാജമ്മ പരുപരുത്ത ശബ്ദത്തിലും അത്യുച്ചത്തിലും ചിരിച്ചു.

രാജമ്മ:
ഒരു കടവാതിലായിരുന്നു അല്ലേ! അയാൾ മരിച്ചാൽ അയാളുടെ പണത്തിന്നും സ്വത്തിന്നും എന്നുവേണ്ട സകലത്തിന്നും അവകാശി നീയല്ലേ! അതൊക്കെ അറിഞ്ഞിട്ടു് നീ അല്ലേ അയാളെ ഉന്തി ചോടെ തള്ളി മരണപ്പെടുത്തിയതു്. ഇരിക്കട്ടെ നമുക്കു് കാണാം. ചെറുപ്പക്കാരത്തി! നീ അക്കഥ കോടതിയിൽ കേറിപ്പറഞ്ഞുനോക്കൂ. നീ ഹേമാംഗന്റെ ഭാര്യ ആയിരിക്കും. എന്നാലും അവർ നിന്റെ കഥ വിശ്വസിക്കുമോ എന്നു് നമുക്കു് കാണാം. ഞാൻ പോലീസിനെ വിളിച്ചുകൊണ്ടുവരാൻ എന്റെ മരുമകനെ അയയ്ക്കുന്നുണ്ടു്. നിനക്കു് ഹേമാംഗനെ കോണിപ്പടിയുടെ മീതെനിന്നു് ചോടെ തള്ളിയിട്ട കടവാതിലിന്റെ കഥ പറഞ്ഞുകൊടുക്കാം.

വെറുപ്പു് തോന്നുംപ്രകാരം അവൾ ഒന്നു് മുരളി. എന്നിട്ടു് അവളുടെ തടിച്ചദേഹം കുലുങ്ങുംപ്രകാരം പൈശാചികമായ ഒരു പകയോടെ ആ രാക്ഷസി ഒരു ചിരിചിരിച്ചു.

ധനം മെല്ലെ കോണിപ്പടി പിന്നേയും ഇറങ്ങി. എന്നിട്ടു് ഒരു രൂപമില്ലാത്തവിധത്തിൽ ഒന്നിച്ചുചേർന്നു് ചുരുണ്ടുകിടക്കുന്ന ഹേമാംഗന്റെ ചേഷ്ടയില്ലാത്ത ദേഹം കണ്ണുപറിക്കാതെ അവൾ നിന്നു് നോക്കി. അവൾ അയാളുടെ ചുമൽ പിടിച്ചു് വലിച്ചു. അയാൾ പണ്ടു് അവളെ കിടത്തിയിരുന്ന സോഫമേൽ അയാളെ ഉയർത്തി കിടത്താൻ നോക്കി. അയാൾ ഇളകിയില്ല. ജീവനുണ്ടെന്ന യാതൊരു അടയാളവും കാണിച്ചില്ല. എന്നതിൽപിന്നെ അവൾക്കു് ഭയങ്കരമായ ഒരു വിറയൽ പിടിപെട്ടു.

അയാൾ എല്ലാംകൂടി മരിച്ചുപോയിരിക്കുമോ? ആ വൃദ്ധരാക്ഷസി ധനമാണു് അയാളെ കൊന്നതു് എന്നു് പറഞ്ഞു് കഴിഞ്ഞു. അല്പം അകലെ താമസിച്ചിരുന്ന മരുമകനെ പോലീസിലേയ്ക്കു് അയയ്ക്കാൻവേണ്ടി വിളിക്കാനായിട്ടു് വൃദ്ധരാജമ്മ ആളെ അയച്ചുകഴിഞ്ഞു. അവൾ കടവാതിലിനെപ്പറ്റിപ്പറഞ്ഞ കഥ… ആരെങ്കിലും അതു് വിശ്വസിക്കുമെന്നു് വരുമോ? അതു് വെറും ഒരു കെട്ടുകഥപോലെ തോന്നി. ഐസിൽ കുളിച്ചപോലെ ഞെട്ടിപ്പിക്കുന്ന ഒരു കടുത്തഭയം ധനത്തിനെ പിടിപെട്ടു. ഇല്ല, അവർ ഒരിക്കലും വിശ്വസിക്കുക ഉണ്ടാകയില്ല. അവളല്ല കൊന്നതു് എന്നു് പറഞ്ഞപ്പോൾ തന്നെ അവളെ വിശ്വസിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അവളുടെ കഴിഞ്ഞ ചരിത്രത്തെ പോലീസുകാർ അന്വേഷിച്ചു് കുത്തിപ്പൊക്കാതിരിക്കയില്ല. മറ്റൊരു പേരിൽ ഭാസ്കരനെ വഞ്ചിച്ചു് വിവാഹം ചെയ്ത കഥ! കോടതിക്കാർ അവൾ ഒന്നിനും മടിക്കാത്ത ഒരു തെണ്ടിപ്പെണ്ണാണെന്നു് റിക്കാർട്ടാക്കി വെച്ചുപോയിട്ടുണ്ടാകും. പണത്തിന്നുവേണ്ടി എന്തും ചെയ്യുന്നവൾ! അതൊക്കെ പുറത്തുവന്നാൽ അവളെപ്പറ്റി എന്തു് ദൂഷണം പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കാതിരിക്കില്ല. അവളെ പിടിപ്പാൻ ഇട കൊടുക്കരുതു്. ഈ വീട്ടിൽ ഒരു നിമിഷംപോലും താമസിക്കാൻ പാടില്ല. അതിന്റെ നിശ്ശബ്ദതതന്നെ അവളെ പരിഹസിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നു് തോന്നി. കോച്ചിന്മേൽ കിടത്തിവെച്ച ഹേമാംഗന്റെ ശവവുംകൂടി മുഖംതിരിച്ചു്, ഒരു പരിഹാസപ്പുഞ്ചിരിയോടെ അവളെ നോക്കുന്നുണ്ടെന്നു് തോന്നി. അദ്ദേഹത്തെ നിരസിച്ചതുകൊണ്ടു് അയാൾക്കു് പകവീട്ടാൻ ഒരു അവസരം കിട്ടി എന്ന ഒരു ജയധാരണ അയാളുടെ മുഖത്തുണ്ടെന്നു് അവൾക്കു് തോന്നി.

മുറിയുടെ തേക്കുകൊണ്ടു് ഉണ്ടാക്കിയ വലിയ വാതിൽ ഘനമുള്ള ഇരുമ്പഴികൾകൊണ്ടും തഴുതുകൾകൊണ്ടും അടച്ചുപൂട്ടിയിരുന്നു. അവൾ തന്റെ ശക്തിയെല്ലാം ഉപയോഗിച്ചിട്ടും അവ വലിച്ചുതുറക്കാൻ സാധിച്ചില്ല. ഏതോ ഒരു ചെറുവാതിലിൽക്കൂടെ രാജമ്മ പോയിക്കളഞ്ഞിരിക്കാൻ മതി. ധനം നിരാശയായി ചുറ്റുംനോക്കി. ജനലിന്റെ അഴികളിൽക്കൂടി ഞെക്കിഞെരുക്കിക്കടന്നു് വീഴാമെന്നു് അവൾക്കു് തോന്നി. അവളുടെ മെലിഞ്ഞ ശരീരം അവളുടെ ഉദ്യമത്തിന്നു് ഒരു സഹായിയായി. ഏതു് നിമിഷത്തിലെങ്കിലും രാജമ്മ അവളുടെ മരുമകന്റെയോ മറ്റുവല്ലവരുടേയോകൂടെ മടങ്ങിവരാനും മതി. അവർ അവളെ വിട്ടുപോരാൻ സമ്മതിക്കുകയും ഇല്ല. അവൾ ജനലിന്മേൽ കേറി അതിന്റെ പൊളി ഉന്തിത്തുറന്നു. അതിൽക്കൂടെ ദേഹം ഉന്തിപ്പിടിച്ചു് പുറത്തായി എന്നു് കണ്ടപ്പോൾ നിലത്തുചാടി.

നക്ഷത്രവെളിച്ചം ഉണ്ടായിരുന്നതുകൊണ്ടു് പുറമെ അത്ര ഇരുട്ടുണ്ടായിരുന്നില്ല. ധനം ഒരു കുറ്റിക്കാടിന്റെ പിറകെ കുറെനേരം ഒളിച്ചു. ആരും ആ വഴിയിൽക്കൂടെ വരുന്നില്ലെന്നു് കണ്ടപ്പോൾ സമാധാനമായി. ഒരു പുല്ലുനിറഞ്ഞ നടയിൽക്കൂടെ അവൾ ബദ്ധപ്പെട്ടു് നടന്നു. വലിയ പയൻമരങ്ങളുടെ ഇടയിൽ രക്ഷപ്രാപിച്ചു. അതിന്റെ ഇടയിലായിരുന്നു നനഞ്ഞു് ഒഴിഞ്ഞുകിടക്കുന്ന ചെറിയ പള്ളി നിന്നിരുന്നതു്. ഇന്നലെ വൈകുന്നേരം അവിടെവെച്ചായിരുന്നു താനും ഹേമാംഗനും തമ്മിൽ വിവാഹം നടന്നിരുന്നതു്. കൃത്യസമയത്തു് അവിടെ എത്തിവീണു. ദൂരെനിന്നു് ഒരു ലാന്തറിന്റെ വെളിച്ചം മിന്നുന്നതു് അവൾ കണ്ടു. ആരെല്ലാമോ സംസാരിക്കുന്ന ശബ്ദവും അവൾ കേട്ടു.

അവൾ ഉച്ചത്തിൽ ശ്വാസവുംകൂടിക്കഴിച്ചില്ല. നടയുടെ ഓരത്തിൽനിന്നു് കുറെ അകലെ നിന്നിരുന്ന അവൾ പാളിനോക്കി. തടിച്ചിയായ രാജമ്മ ചാഞ്ഞും ചെരിഞ്ഞും നടന്നുവരുന്നുണ്ടായിരുന്നു. അവളുടെ പിന്നാലെ വേറേയും ചിലർ ഉണ്ടായിരുന്നു. അവരുടെ ഭാഗ്യത്തിന്നു് ഗ്രാമത്തിലെ കാൺസ്റ്റബിൾ അടുക്കെത്തന്നെ ഉണ്ടായിരുന്നു എന്നു് ധനം മനസ്സിലാക്കി. അവർ, ആ വലിയ പറമ്പത്തു് അനാവശ്യക്കാർ കടന്നുകൂടീട്ടുണ്ടോ എന്നു് പരിശോധിപ്പാൻ ബീറ്റുനടക്ക പതിവായിരുന്നു. കാൺസ്റ്റബിളിനോടു് രാജമ്മ ഉണ്ടായ സംഗതികൾ തിരിച്ചും ഭേദപ്പെടുത്തിയും പറഞ്ഞു് കൊടുക്കുകയായിരുന്നു. കാൺസ്റ്റബിൾ നടന്നുവരുന്തോറും ഇടത്തും വലത്തും തന്റെ പ്രഭയുള്ള ലാന്തർ മിന്നിച്ചു് പരിശോധിച്ചുനോക്കിക്കൊണ്ടിരുന്നു. അവരുടെകൂടെ രാജമ്മയുടെ മരുമകൻ മെലിഞ്ഞു് ചടച്ച ജിംറാജനും ഉണ്ടായിരുന്നു.

ധനത്തിന്റെ ഒളിസ്ഥലവും കടന്നു് മുന്നോട്ടുപോകുമ്പോൾ “അവൾതന്നേയാണു് ആ കൊലനടത്തിയതു്” എന്നു് രാജമ്മ പറഞ്ഞു. അവളുടെ വാക്കിൽ പകയും വിഷവും ഒരുപോലെ കലർന്നിരുന്നു.

രാജമ്മ:
എന്റെ ചെറുപ്പമായ യജമാനൻ അവളെ ഇവിടെ കടത്തിക്കൊണ്ടു് വന്നപ്പോൾതന്നെ, അവളിൽ ഒരു നന്മയും ഉണ്ടാകില്ലെന്നു് ഞാൻ അറിഞ്ഞിരുന്നു. ഉറക്കത്തു് അവൾ എപ്പോഴും സംസാരിക്കുമ്പോൾ മറ്റൊരാളുടെ പേരാണു് അവൾ വിളിച്ചുപറയുന്നതു്. നേർസിനു് ഭക്ഷണം കൊണ്ടുവരുമ്പോളൊക്കെ അവൾ ആ പേർ പറയുന്നതു് ഞാൻ കേൾക്കാറുണ്ടു്. എന്നിട്ടുകൂടി എന്റെ യജമാനൻ ഹേമാംഗനെ വിവാഹം കഴിച്ചു. എന്തിന്നു്? അന്നുരാത്രിതന്നെ അവരെ കോണിപ്പടിയുടെ മുകളിൽനിന്നു് ഉന്തി താഴെ തള്ളിയിടുവാൻവേണ്ടി. എന്തിന്നു്? അയാളുടെ പണവും വീടും ഒക്കെ കിട്ടുവാൻവേണ്ടി മാത്രം! എന്നാൽ അവൾക്കു് വീടും മറ്റും കിട്ടുകയില്ല. ഈ രാജ്യത്തു് ന്യായമുള്ള കാലത്തോളം അവൾ അതിനൊന്നും മോഹിക്കേണ്ട. അല്ലേ ജോവേൽ?

എന്നാൽ കൺസ്റ്റബിൾ ഒന്നു് മൂളി ലാന്തറിന്റെ പ്രഭ, ഇടത്തും വലത്തും വീഴ്ത്തി പരിശോധന കഴിക്കയായിരുന്നു. ഒരു രശ്മി ധനത്തിന്റെ കണ്ണിൽവീണു. അവൾ തല താഴ്ത്തി. അവളുടെ ഹൃദയം കടപ്പത്തിൽ തുടിച്ചു. അയാൾ അവളെ കണ്ടിരിക്കുമോ… കൺസ്റ്റബിൾ നടത്തം പതുക്കെ ആക്കി. എന്നതിൽ പിന്നെ അവർ മൂവരും മുന്നോട്ടു് നടന്നുപോയി.

ധനം അവിടുന്നു് മെല്ലെ എഴുന്നേറ്റു് ഓടാൻ തുടങ്ങി. അവൾ ഭയപ്പെട്ടുപോയിട്ടാണു് അങ്ങിനെ ചെയ്തതു്. അവർ ഒരു സമയം അവൾ പറയുന്ന ശബ്ദം കേട്ടുപോയായിരിക്കാം. കുറച്ചുസമയത്തിന്നുള്ളിൽ അവളെ പിടിച്ചുകൊണ്ടുവരാനുള്ള സകല ഏർപ്പാടുകളും പോലീസുകാർ പുറത്തിറക്കും. വീട്ടിൽ ടെലിഫോണിന്റെ കോപ്പുകളൊന്നും ഇല്ലാഞ്ഞതു് ഭാഗ്യമായി. അവളെപ്പറ്റിയുള്ള വർത്തമാനം പരസ്യമാക്കണമെങ്കിൽ കൺസ്റ്റബിൾ ഗ്രാമത്തിൽ മടങ്ങി എത്തേണ്ടിവരും. അത്ര സമയംമാത്രമേ അവൾക്കു് അവിടുന്നു് വിട്ടൊഴിവാൻ കിട്ടുകയുള്ളു.

അവൾക്കു് തന്റെ ചുറ്റുവട്ടത്തിലുള്ള ദിക്കുമായി യാതോരു പരിചയവും ഉണ്ടായിരുന്നില്ല. ഹേമാംഗൻ ഇവിടെ അവളെ കൊണ്ടുവന്നതിൽപിന്നെ, അവൾ വീട്ടിന്റെ കന്മതിലിന്റെ പുറത്തുപോയിട്ടില്ല. എന്നാൽ അവൾക്കു് ഇപ്പോൾ അത്യാവശ്യമായി വേണ്ടതു് അവിടുന്നു് വിട്ടൊഴിയണം എന്നു് മാത്രമായിരുന്നു. എവിടെയായാലും തരക്കേടില്ല. പറഞ്ഞാൽ ആർക്കും വിശ്വാസം വരാത്ത ഒരു വിശേഷാൽ സംഭവംകൊണ്ടു് മരണപ്പെട്ട ഒരാളെ, കൊന്നതു് താനാണെന്നു് വരുത്തി പോലീസുകാർ അനാവശ്യമായി പിടിച്ചുചാർജ്ജു് വെക്കാതിരിപ്പാൻവേണ്ടി എവിടെയെങ്കിലുംചെന്നു് മറഞ്ഞുകളയണം എന്ന വിചാരമേ ധനത്തിന്നുണ്ടായിരുന്നുള്ളു.

അവൾ എത്ര നടന്നു എന്ന നിശ്ചയം അവൾക്കു് ഉണ്ടായിരുന്നില്ല. മുന്നോട്ടു് ആരോ പിരടി പിടിച്ചു് തള്ളിയപോലെ, പോകുന്നുണ്ടു്. തുറസ്സു് സ്ഥലങ്ങൾ അവൾ കല്പിച്ചുകൂട്ടി ഉപേക്ഷിച്ചു. അവൾ എപ്പോഴും വൃക്ഷങ്ങളുടെ മറവിൽകൂടെ നടന്നു. അങ്ങിനെ മുന്നോട്ടു് മുന്നോട്ടു് പോയിത്തുടങ്ങി. അവളുടെ കാലും തലയും മുള്ളുള്ള ചെടിയും ലതയും തട്ടി വാർന്നുപോയ അടയാളം ധരിച്ചു. അവളുടെ കാൽ വിങ്ങിക്കടഞ്ഞു. അവൾക്കു് നില്പാൻ പാടില്ല. വിശ്രമിപ്പാൻ അവസരം ഇല്ല. അവൾക്കു് ആ ദേശം വിട്ടൊഴിയണം. നേരം പുലരുംമുമ്പെ, ആ വീട്ടിലെ പറമ്പിൽനിന്നു് പാടുള്ളേടത്തോളം അകലെ എത്തണം. മണിക്കൂറുകൾ ഓരോന്നായിക്കഴിഞ്ഞു. നക്ഷത്രങ്ങളുടെ പ്രകാശവും മങ്ങി. ആകാശത്തിൽ ഇരുളും കുറഞ്ഞു. അധികനേരം കഴിയുംമുമ്പേ പ്രഭാതത്തിന്റെ പ്രഭ എല്ലാ ദിക്കിലും പരക്കും. അവളെ തിരഞ്ഞു് നടക്കുന്ന കൂട്ടർക്കു് അവളെ ക്ഷണത്തിൽ കണ്ടുപിടിക്കാനും സാധിക്കും.

തലയും കുനിച്ചുകൊണ്ടു് ധനം മുന്നോട്ടു് കുതിച്ചുനടന്നു. അവളുടെ ഉടുപ്പു് കൂടക്കൂടെ കൊളുത്തിപ്പോയിട്ടും നില്ക്കേണ്ടിവന്ന നീണ്ട പുല്ലുകളിലും അരിത്തണ്ടുകളിലും കൂടെ അവൾ ഉന്തിത്തള്ളി നടന്നു. ആ മാതിരി തടസ്ഥങ്ങളൊന്നും അവൾ പൊരുളിച്ചില്ല. വൃക്ഷങ്ങളുടെ ഇടയിൽ എത്തുമ്പോളൊക്കെ ഒരു ചെറിയ അന്ധകാരം അവളെ രക്ഷിച്ചിരുന്നു. ഭയംകൊണ്ടും വിശപ്പുകൊണ്ടും ക്ഷീണംകൊണ്ടും കാഴ്ച കുറഞ്ഞും മരയിച്ചും അവൾ മൂക്കുകുത്തി വീഴാൻപോകുന്നപോലെ ഇടറിനടന്നു. ഒരിക്കൽ ഒരു ചെറിയ വെളിച്ചത്തിൽ എത്തി. പിന്നെ അവളുടെ കാലുകൾ ബലക്ഷയംകൊണ്ടു് ചോടെനിന്നു് വഴുതിപ്പോകുംപോലെ തോന്നി. ഒരു ദുസ്സഹവേദനകൊണ്ടു് അവൾ നിലവിളിച്ചുപോയി. അവൾ നിലത്തു് വീണു.

ആ സമയത്തു് ഒരാൾ പുല്ലുകളുടെയും ചെടികളുടേയും ഉള്ളിൽനിന്നു് അവളുടെ നേരെ ഓടിവന്നു. വായിൽനിന്നു് പൊട്ടിത്തെറിക്കുന്ന അനേകം ശപഥങ്ങളോടുകൂടിയ അയാളുടെ ശബ്ദം അവൾ കേട്ടു. അയാൾ അവളുടെ അടുക്കെ വന്നിരുന്നു. അവളുടെ കാലിന്മേൽ മരണപ്പിടിത്തം പിടിച്ച ആ സാധനത്തിൽനിന്നു് അവളെ ഒഴിക്കാൻവേണ്ടി അയാൾ ഭഗീരഥപ്രയത്നം ചെയ്തിരുന്നു. അയാൾ ദയകാട്ടിയിരുന്നു എങ്കിലും അയാളുടെ സ്വരം പരിഷ്കാരമില്ലാത്ത കൂട്ടരുടേതുപോലെ ഒരു കടിഉള്ളതായിരുന്നു. “നീ ഒരു കത്രിക്കെണിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. നിന്നെ താക്കീതു് ചെയ്വാൻ ഞാൻ ഓടി വരികയായിരുന്നു. എന്നാൽ ഞാൻ എത്തുംമുമ്പേ നീ പെട്ടുപോയി. ഞാൻ അല്പം താമസിച്ചുപോയി.”

അയാൾ അവളെ അവളുടെ കാലിന്മേൽ നിർത്തിവെച്ചു. എന്നാൽ അവൾക്കു് ക്ഷീണംകൊണ്ടു് നില്ക്കാൻ സാധിച്ചില്ല. അവൾ വീഴാൻ പോകുമ്പോൾ അയാൾ പിടിച്ചു. അവിടെത്തന്നെ നിർത്തി, വേദനയും ക്ഷീണവുംകൊണ്ടു് തല ചുറ്റിപ്പോയ ധനം അവളുടെ കണ്ണടച്ചു. അയാൾ അവളെ പരിശോധിക്കുംപ്രകാരം നല്ലവണ്ണം നോക്കി. ഇതിന്നിടയിൽ പ്രഭാതത്തിന്റെ അരുണനിറം കിഴക്കെ ചക്രവാളത്തിൽ വിളങ്ങിത്തുടങ്ങി. നിമിഷംതോറും ഇരുട്ടു് കുറഞ്ഞുംവന്നു.

അയാൾ:
ഓഹോ! നീ ഒരു ക്രിസ്ത്യാനിയാണു്. ഞാൻ നീ ഒരു കാബൂൾക്കാരത്തിയാണെന്നു് ധരിച്ചുപോയി.

അയാളുടെ വാക്കുകേട്ടപ്പോൾ ധനത്തിനു് അസാരം സുബോധം ഉണ്ടായി. അതിൽ അസാരം അപകടം ഉണ്ടായേക്കാൻമതി എന്നു് അവൾ മനസ്സിലാക്കി. അവൾ കണ്ണു് മിഴിച്ചു് അയാളെ നോക്കി. അയാളുടെ മുഖം കറുത്ത നിറത്തിൽ കോമളമായിരുന്നു. ദേഹം മെലിഞ്ഞിട്ടാണെങ്കിലും അവയവങ്ങൾക്കു് നല്ല യോജിപ്പു് ഉണ്ടായിരുന്നു. കറുത്ത തലമുടി നെറ്റിമേൽ വീണിരുന്നതു് പിന്നോട്ടു് മാടിവെച്ചിരുന്നു. പല്ലുകൾ വളരെ വെളുപ്പാണു്.

ധനം:
(മന്ദസ്വരത്തിൽ) എന്നെ രക്ഷിച്ചതുകൊണ്ടു് വന്ദനം. എനിക്കിപ്പോൾതന്നെ പോകണം. എന്റെ ക്ഷീണമൊക്കെ തീർന്നു് എനിക്കു് നല്ലവണ്ണം നടക്കാൻ വയ്ക്കും.
അയാൾ:
(പെട്ടെന്നു്) നിങ്ങൾ പോലീസിനെ പേടിച്ചു് പായുന്നതാണോ?

ധനത്തിന്റെ ദേഹം ഒന്നു് ചുരുങ്ങിപ്പോയി. അവൾ ഭയത്തോടെ ഒന്നു് ചുറ്റും നോക്കി.

ധനം:
(പാരുഷ്യത്തോടെ) നീ എന്തിനാണു് അപ്രകാരം വിചാരിച്ചതു്? ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ലല്ലൊ.
അയാൾ:
(മന്ദഹാസത്തോടെ) അതു് ശരിയായിരിക്കും. എന്നാലുംകൂടി നിങ്ങൾ പോലീസിനെ ഭയപ്പെട്ടോടുകയാണു്. മറ്റെന്തിനാണു് നിങ്ങൾ രാത്രി കാട്ടിൽക്കൂടെ ഓടുന്നതു്. ഞാൻ ഒരു കാബൂളിയാണു്. ഈ കെണി ഞാൻ വെച്ചതാണു്. എനിക്കും പോലീസിനെ കണ്ടുകൂട.

അയാൾ തന്റെ വെളുത്ത പല്ലുകൾ കാണുംപ്രകാരം മന്ദഹസിച്ചു. “നിങ്ങൾ ക്ഷീണിച്ചിരിക്കുന്നു. നിങ്ങളുടെ കാലിന്റെ മുറിയിൽ മരുന്നുവെച്ചു് കെട്ടേണ്ടതുണ്ടു്. എന്റെ ഒന്നിച്ചുവരൂ. ഞാൻ എന്റെ കൂട്ടക്കാരിൽ ഒരു പ്രഭുവാണു്. നിങ്ങളെ ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കും വരിക.”

അയാൾ ധനത്തിന്റെ കൈപിടിച്ചു. അയാളെ നിരോധിക്കാൻ തല്ക്കാലം അവൾക്കു് ശക്തി ഉണ്ടായിരുന്നില്ല. അയാൾ താങ്ങിപ്പിടിച്ചിട്ടില്ലായിരുന്നു എങ്കിൽ അവൾ പിന്നേയും വീഴുമായിരുന്നു. അവളെ ഏകദേശം എടുത്തുംകൊണ്ടു് കാബൂളി, വൃക്ഷങ്ങളുടെ ഉള്ളിൽ പ്രവേശിച്ചു. കുറേക്കഴിഞ്ഞപ്പോൾ അവൻ ഒരു വലിയ തുറസ്സു് സ്ഥലത്തിൽ പ്രവേശിച്ചു. അവിടെ വിവിധവർണ്ണങ്ങളുള്ള ഉടുപ്പുകൾ ധരിച്ചിരുന്ന ഒരുകൂട്ടം നാടോടികൾ കൂടിയിരുന്നു. അവരുടെ മൃഗങ്ങളെ ഒക്കെ അവർ കെട്ടിയിട്ടിരുന്നു. ഒരു മഞ്ഞുകൂടാരത്തിൽ (തമ്പ് = Tent) നിന്നു് നീലനിറമുള്ള ഒരു പുക ചുറ്റി അടിച്ചുംകൊണ്ടു് മേലോട്ടു് പൊന്തിയിരുന്നു. വൃക്ഷങ്ങളുടെ മേലെ അറ്റത്തു് സൂര്യകിരണങ്ങൾ വീണിരുന്നു. മഞ്ഞുകൊണ്ടു് മൂടപ്പെട്ട പുൽപ്രദേശങ്ങൾ വൈരക്കല്ലുകൾ വേറിയപോലെ മിന്നി.

ചെറുപ്പക്കാരനായ കാബൂളി “ഞാൻ നിന്നെ എന്റെ അമ്മയാണെന്നു് കരുതുന്നു” എന്നുംപറഞ്ഞു് ധനത്തേയും താങ്ങി ഒരു മരത്തിൻഭവനത്തിന്റെ അടുക്കെ ചെന്നു് അതിന്റെ വാതിലിന്നു് മുട്ടി.

ഒരു വൃദ്ധ വാതിൽ തുറന്നു. അവളുടെ കറുത്തമുഖം തോൽ ചുളുങ്ങിയ ചാലുകളെക്കൊണ്ടു് നിറഞ്ഞിരുന്നു. തടിച്ച പുരികങ്ങളുടെ ചോടെ സ്ഥാനംപിടിച്ചുകഴിഞ്ഞ കുണ്ടിൽ പാഞ്ഞ കണ്ണുകൾ ഇപ്പോഴും ബാല്യത്തിൽ ഉണ്ടായിരുന്ന തിളങ്ങലോടെ മിന്നി. ചെറുപ്പക്കാരനായ കാബൂളി വിവരങ്ങളൊക്കെ ക്ഷണം പറഞ്ഞുകൊടുത്തു. കാര്യം അടിയന്തരമാണെന്നു് അവരുടെ ചേഷ്ടകളിൽനിന്നു് മനസ്സിലാക്കാമായിരുന്നു. അവർ സംസാരിച്ച ഭാഷ ധനത്തിന്നു് മനസ്സിലായിരുന്നില്ല. ഒടുവിൽ വൃദ്ധ പുറത്തുവന്നു. ധനത്തോടു് കൂടാരത്തിന്റെ ഉള്ളിൽ കടന്നുകൊൾവാൻ ആംഗ്യം കാണിച്ചു. ധനത്തോടു് പെട്ടെന്നു് പിന്നോക്കം വാങ്ങിപ്പോയി. ആ വീടു് സാധാരണപോലെ “കേൻവാസ്” തുണികൊണ്ടു് തല്ക്കാലോപയോഗത്തിന്നു് വേണ്ടിമാത്രം ഉണ്ടാക്കിവെച്ചതല്ല. അതു് മരം അടിച്ചുണ്ടാക്കിയ ഒരു രണ്ടുതട്ടു് മാളിക ആയിരുന്നു. ധനം പിന്നേയും ശങ്കിച്ചുകളിക്കുന്നതു് കണ്ടപ്പോൾ ചെറുപ്പക്കാരനായ കാബൂളി അവളെ ഉടലോടെ എടുത്തു് പൊന്തിച്ചു് കോണിപ്പടികേറി, മേലെത്തട്ടിൽ വന്നു. ഒരു വീതികുറഞ്ഞ ബെഞ്ചിന്മേൽ അവളെ കിടത്തി.

കാബൂളി:
(പുഞ്ചിരിയോടെ) ഇവിടെ നിണക്കു് അപകടത്തിന്നൊന്നും അവകാശമില്ല. സർക്കാരിന്റെ ആൾക്കാരൊന്നും ഇവിടെ പ്രവേശിക്കുകയില്ല. ആ വയസ്സേറിയവളെപ്പോലെ പച്ചച്ചെടികളുടേയും ഔഷങ്ങളുടേയും വിവരവും വീര്യവും അറിയുന്നവർ ആരും ഇല്ല.

ഉടനെതന്നെ വൃദ്ധ, ധനത്തിന്റെ കാലിന്മേൽ കെട്ടിയ തുണിക്കഷണം അഴിച്ചു് അവളുടേ കാൽ വെടിപ്പിൽ കഴുകി. കത്രിയുടെ ഇരുമ്പുപല്ലു് തറിച്ച പാടുകൾ ഒരു തൈലം പിരട്ടിക്കെട്ടി. ആ തൈലം വേദനയ്ക്കു് വളരെ ആശ്വാസമുണ്ടാക്കി. മുറികളും അത്ര കടുപ്പത്തിൽ ആയിരുന്നില്ല. കേടുതട്ടിയഭാഗം നൈപുരട്ടിയും, കഴുകിയും, ഉഴിഞ്ഞും ചെയ്തുകൊണ്ടിരിക്കെ ആ വൃദ്ധ ധനത്തിന്നു് മനസ്സിലാകാത്ത ഒരു ഭാഷയിൽ ഒരു നൊടിയുന്ന ശബ്ദത്തിൽ പല മന്ത്രങ്ങളും ഉച്ചരിച്ചുകൊണ്ടിരുന്നു. കാൽ നല്ലവണ്ണം വരിഞ്ഞുകെട്ടിയതിൽപിന്നെ കോപ്പയിൽ ഒരു പതയ്ക്കുന്ന ഒരു ദ്രാവകം കൊണ്ടുവന്നു് “ഇഷ്ടത്തി! ഇതു് കുടിക്കു. നീ ഇതും കുടിച്ചു് നല്ലവണ്ണം ഉറങ്ങിയാൽ നിന്റെ സകല അവശതകളും പറന്നുപോകും” എന്നു് തന്റെ സഹജമായ ക്രൂൺകാരത്തിൽ പറഞ്ഞു.

ക്ഷീണാവശയായ ആ യുവതിയുടെ ചുണ്ടിന്നരികെ വൃദ്ധ, കോപ്പപിടിച്ചുകൊടുത്തു. തടസ്ഥം പറവാനുംകൂടി ശക്തി ഇല്ലെന്നു് കണ്ടിട്ടു് ധനം അതു് കുടിച്ചു. എന്നതിൽപിന്നെ അവൾ മലർന്നുകിടന്നു. ഒരു നിമിഷത്തിന്നുള്ളിൽ അവൾ ഗാഢനിദ്രയിലായി.

ആനന്ദവല്ലിയുടെ തിടുക്കം

ആനന്ദവല്ലി അവളുടെ കാമുകന്റെ പാണിബന്ധനത്തിൽനിന്നു് അവളുടെ വടിവൊത്ത കോമളശരീരം വിടുത്തി അയാളെ മുഷിച്ചലോടും ആവേശത്തോടും നോക്കി. അവർ ഇരുന്നിരുന്നതു്, ഒരു ശ്രുതിപ്പെട്ട ഹോട്ടലിൽ ആനന്ദവല്ലി പണം കൂസലാക്കാതെ വാടകയ്ക്കു് വാങ്ങിയ ഒരു മനോഹരമായി അലങ്കരിച്ച മുറിയിലായിരുന്നു.

ആനന്ദവല്ലി:
എന്നാലോ ഭാസ്കരാ! ഞാൻ ഒന്നു് പറയട്ടെ. ഞാൻ കല്ക്കട്ടയിലേയ്ക്കു് മടങ്ങിവന്ന ഒന്നാംരാത്രിയാണിതു്. എനിക്കു് രണ്ടായിരം പവൻ വേണം. നിങ്ങൾക്കു് അതു് സാരമില്ലാത്ത ഒരു തുകയാണു്. എനിക്കാണെങ്കിൽ അതു് അത്യാവശ്യവുമാണു്. നിങ്ങൾ അതു് തരാതിരിക്കരുതു്. എന്നോടു് പ്രേമമുണ്ടെങ്കിൽ—

അവളുടെ നീലക്കണ്ണുകൾ, അവറ്റയ്ക്കു് സഹജമായുണ്ടായിരുന്ന സകല ആകർഷണങ്ങളോടും ആർദ്രതയോടും അയാളെ കടാക്ഷിച്ചു. ആ കടാക്ഷത്തിന്നു് ഒരിക്കലും തോൽമ സിദ്ധിച്ചിരുന്നില്ല. അതു് ഭാസ്കരനെ മയക്കുവാൻ അവൾ കൈക്കലാക്കിയ ഒരു ബ്രഹ്മാസ്ത്രമായിരുന്നു. ഭാസ്കരൻ അയാളുടെ ചുണ്ടുകൾ കടിച്ചു.

ഭാസ്കരൻ:
പ്രിയേ! എനിക്കു് ഇഷ്ടംപോലെ പ്രവർത്തിക്കാൻ സാധിച്ചിരുന്നു എങ്കിൽ നിണക്കു് എത്രയെങ്കിലും തരാമായിരുന്നു. (അവന്റെ വാക്കു് രോമാഞ്ചത്തോടുകൂടെ പറഞ്ഞതായിരുന്നു) ആനന്ദവല്ലി! സുന്ദരിയായ എന്റെ പ്രേമഭാജനമേ! നിശ്ചയമായിട്ടും നിണക്കു് അതു് മനസ്സിലായിരിക്കണം. എന്റെ കൈവശം കെട്ടിയിരിപ്പുണ്ടായിരുന്ന സകല പണവും ഞാൻ എന്റെ അച്ഛന്റെ “ബിസിനസ്സിൽ” ഇറക്കിയിരിക്കയാണു്. ഇപ്പോഴാകട്ടെ “ബിസിനസ്സ്” ഒരു അഴഞ്ഞ നിലയിലാണു്. അതുംപോരെങ്കിൽ ഞങ്ങളെ ഒക്കെ വെറിപിടിപ്പിക്കുംപ്രകാരം ദ്രോഹകരമായ ഒരു പണിമുടക്കത്തിന്റെ പുറപ്പാടും ഉണ്ടെന്നു് കേട്ടു. അങ്ങിനെ ഇരിക്കെ അത്ര വലിയ ഒരു തുക മടക്കി എടുക്കാൻ സാധിക്കുന്നതല്ല.

ആനന്ദവല്ലി മുഖം കോപംകൊണ്ടു് വീർപ്പിച്ചു. വെള്ളിച്ചെരിപ്പിട്ട കാൽകൊണ്ടു്, നിലത്തുവിരിച്ചിരുന്ന പരവിതാനിയിൽ അവൾ ഒന്നു് രണ്ടു് ഇടിച്ചു. “ഭാസ്കരാ! ഇതു് എനിക്കു് ഒരു നല്ല തക്കവും അവസരവുമാണെന്നു് നിങ്ങൾ മനസ്സിലാക്കുന്നില്ല. ഒരു നാടകത്തിൽ വൃദ്ധനായ ആറൻ ജെപ്സൻ അഭിനയിക്കാൻതന്ന ഭാഗം എനിക്കു് എല്ലാപ്രകാരത്തിലും യോജിച്ചതാണു്. ആ അഭിനയം എനിക്കു് വലിയ ഒരു ജയഘോഷം ഉണ്ടാക്കിത്തീർക്കും. മുന്നണിയിൽ നില്ക്കുന്ന സിനിമാതാരങ്ങളിൽ ഒന്നു് ഞാനും ആയിത്തീരും. നിങ്ങൾ എനിക്കു് ഈ പണം എങ്ങിനെയെങ്കിലും “എഡ്വാൻസാ”യിത്തന്നാൽ അതിന്റെ ഇരട്ടി നിങ്ങൾക്കു് മടക്കിത്തരാൻ എനിക്കു് സാധിക്കും. ആ ഭാഗം അഭിനയിപ്പാൻ അദ്ദേഹം എന്നെ അനുവദിക്കേണമെങ്കിൽ, ആരുടെ കയ്യോ കാലോ പിടിച്ചു് ആ പണം ഞാൻ ഒരുക്കിക്കൊടുക്കേണ്ടിവരും. അതാണു് അയാൾ ചെയ്ത കരാറു്. നിർബ്ബന്ധമാക്കിയ ഉടമ്പടി. നിങ്ങൾ ഈ പണം എനിക്കു് തരുവാൻ ഒരുക്കമില്ലെങ്കിൽ ഞാനും മറ്റു് വല്ലവരേയും അഭയം പ്രാപിക്കേണ്ടിവരും. ഒരു സമയം സേർ എഡോൾഫിയെത്തന്നെ പിടിക്കേണ്ടിവരും.”

ഇതു് കേട്ടപ്പോൾ ഭാസ്കരൻ ഒന്നു് ഞെട്ടിപ്പോയി. “സേർ എഡോൾഫി” വല്ല തരുണിക്കും ഒരു സഹായം ചെയ്തുകൊടുക്കേണമെങ്കിൽ ഒന്നാമതു് ആ തരുണി അവളുടെ ദേഹം പണയം വെയ്കണം. പണത്തിന്റെ പെരുമയേക്കാൾ ദുർന്നടപ്പിൻ വാസനയാണു് അയാൾക്കു് അധികം മുഴച്ചുകാണുന്നതു് എന്നതു് സർവ്വവിദിതമാണു്.

ഭാസ്കരൻ:
പ്രിയെ! അങ്ങിനെ ഒരു തെമ്മാടിയോടു് നീ പണത്തിന്നു് ചോദിക്കുന്നതു് ആഭാസമാണു്. ആനന്ദം! അങ്ങിനെ ചെയ്വാൻ ഒരിക്കലും പാടില്ല. അതു് വലിയ അസംബന്ധമാണു്. അയാളെപ്പറ്റിയുള്ള ശ്രുതി നീ അറിഞ്ഞിരിക്കെ മാനമുള്ളവർ ചെന്നുകേറുമോ?

അവൾ തന്റെ ചുമലിൽ ചൊറിഞ്ഞു. അവളുടെ കണ്ണിൽ ഒരു ദൃഢത വന്നുകൂടിയിരുന്നു.

ആനന്ദവല്ലി:
നിങ്ങളാണു് നമ്മുടെ വിവാഹം നീട്ടിവെച്ചതു്. ഇപ്പോൾ നിങ്ങൾ എന്നെ സഹായിക്കുന്നും ഇല്ല. പിന്നെ നിങ്ങൾ എന്തുചെയ്വാനാണു് വിചാരിക്കുന്നതു്.
ഭാസ്കരൻ:
(വികാരത്തോടെ) ആനന്ദം! അതു് എന്റെ കുറ്റമല്ല. ധനവും ഞാനും തമ്മിൽ കഴിഞ്ഞ വിവാഹം റദ്ദാക്കാനുള്ള (അസാധുവാണെന്നു് സ്ഥാപിക്കാനുള്ള) ഹരജി കഴിഞ്ഞപ്രാവശ്യം സമയമില്ലാഞ്ഞിട്ടു് നീട്ടിപ്പോയി. അതു് ഇനിയും വിചാരണയ്ക്കു് എടുത്തിട്ടില്ല. അതുകൊണ്ടല്ലെ നമ്മുടെ വിവാഹവും നിർത്തിവെയ്ക്കേണ്ടിവന്നതു്. അതിന്നു് ഇനിയും പെരുത്തു് താമസം ഉണ്ടാകുമെന്നു് തോന്നുന്നില്ല. അതിന്റെ വിധി പറഞ്ഞ ഉടനെ നമ്മുടെ വിവാഹം നടത്താം.

അവൾ അതൃപ്തിസൂചകമായി അവളുടെ ചുമലുകൾ പൊക്കി.

ആനന്ദവല്ലി:
അങ്ങിനെ നിങ്ങൾ പറയുന്നു. ആ ഹരജി പിന്നേയും നിർത്തിവെയ്ക്കേണ്ടിവന്നാലോ? അതിനിടയിൽ എനിക്കു് ജീവൻ പുലർത്തേണ്ടയോ? എനിക്കു് ഒരുവിധത്തിൽ കഴിഞ്ഞുകൂടേണ്ടയൊ? ഈ ആഴ്ച കഴിയുംമുമ്പേ എനിക്കു് ആറൻജെപ്സനു് ഉറപ്പുകൊടുക്കേണ്ടതാണു്. ഇപ്പോൾ എനിക്കു് ക്ഷീണംകൊണ്ടു് ഒന്നിനും വയ്യാ. നിങ്ങൾ ഇവിടുന്നു് ക്ഷണം പോകുന്നതാണു് നല്ലതു്. (ഒരു ദീർഘശ്വാസം അടക്കിവെച്ചിട്ടു്) നിങ്ങൾക്കു് വലിയ പ്രേമമില്ലെന്നു് ഞാൻ വിചാരിക്കുന്നു.

വിട്ടുപിരിയുമ്പോൾ പതിവുപോലെ ഭാസ്കരൻ അവളെ ചുംബിപ്പാൻ ചെന്നു. അവൾ വഴിപ്പെടാതെ അയാളെ ശകാരഭാവത്തിൽ നോക്കി.

അയാളെ നിരാശനാക്കിപ്പിരിച്ചയച്ചു. ഭാസ്കരൻ മടങ്ങിയതു് നെറ്റിചുളിച്ചും ചുണ്ടുകടിച്ചുംകൊണ്ടാണു്. പിന്നേയും ആനന്ദം അയാളോടു് പണത്തിന്നു് ചോദിക്കുന്നു. അവളുടെ കടം വീടാൻ ആയിരം പവൻ അയാൾ അവൾക്കു് കൊടുത്തുകഴിഞ്ഞു. തല്ക്കാലം അവൾ ചോദിച്ച രണ്ടായിരം കൊടുപ്പാൻ അയാൾക്കു് ഒന്നുകൊണ്ടും സാദ്ധ്യമായിരുന്നില്ല. “ബിസിനസ്സിൽ” ഇറക്കിപ്പോയ മൂലധനം ഒന്നുകൊണ്ടും മടക്കി എടുപ്പാൻ നിവൃത്തിയില്ല. “ഷേറുകൾ” വില്ക്കാനേ തരമുള്ളു. അതു് ക്ഷിപ്രസാദ്ധ്യവുമല്ല. അവളുടെ തിടുക്കവും വളരെ അടിയന്തിരമാകകൊണ്ടു് അവളുടെ കോപം അസ്ഥാനത്തിലാണെന്നു് വെച്ചു് പരിഭവിക്കാനും പാടില്ല. അവളുടെ വിവാഹവും നീണ്ടുപോയി. അതിന്നു് അയാളെ കുറ്റംപറവാൻ പാടില്ല. എന്നാലും അവൾക്കു് ദിവസം പുലർത്തേണ്ടതുണ്ടു് എന്നു് അവൾ പറഞ്ഞിരുന്നല്ലൊ. പുലർത്തേണ്ടതിലേയ്ക്കു് കണക്കിലേറെ പണവും അവൾക്കു് അത്യാവശ്യമാണു്. സൗന്ദര്യവും ദുഷ്ചിലവും ആനന്ദവല്ലിക്കു് വളരെ അധികമായിപ്പോയി. അവൾ ആ നിലയിൽ, പണം ധാരാളം ചിലവു് ചെയ്യുന്നരീതിയിൽ ജീവിച്ചിരിക്കണം എന്നാണു് ഭാസ്കരന്റെയും ഇഷ്ടം! എന്തുവന്നാലും “സേർ എഡോൾഫി”യുടെ അടുക്കെ അവളെ വിടാൻ പാടില്ല. വല്ല പ്രകാരത്തിലും അവൾക്കു് പണം ഉണ്ടാക്കിക്കൊടുക്കുകതന്നെവേണം… ഈ ബുദ്ധിമുട്ടുകൾക്കൊക്കെ കാരണം ധനമാണു്. കച്ചുപോയ വാക്കുകളും പൊഴിച്ചു്, അവളെ അദ്ദേഹത്തിന്റെ വീട്ടിൽനിന്നു് മടക്കിപ്പായിച്ച മുതൽ ധനത്തിന്റെ ഒരു വിവരവും അദ്ദേഹം കേട്ടിരുന്നില്ല. ഹേമാംഗന്റെ വിവരവും അയാൾക്കു് ഉണ്ടായിരുന്നില്ല. ധനത്തെപറ്റി ഒന്നും കേൾപ്പാൻ അയാൾക്കു് ഇഷ്ടവും ഉണ്ടായിരുന്നില്ല.

അച്ഛന്റെ കല്പന

ഭാസ്കരൻ വാതിലും തുറന്നു് അദ്ദേഹത്തിന്റെ മുറിയിൽ എത്തിക്കൂടി. തന്റെ അച്ഛൻ പണ്ടൊരിക്കൽ രോഗാതുരനായി കിടന്നുപോയ അവസരത്തിൽ രാത്രി ബൊട്ളേർ തന്റെ മുറിയിൽ പ്രവേശിച്ചപോലെതന്നെ അന്നും ബൊട്ളേറുടെ വരവുണ്ടായി. ബൊട്ളേർ തന്നെയും കാത്തു് ഹാളിൽ നിന്നിരുന്നു.

ബൊട്ളേർ:
ഭാസ്കരൻ മൂപ്പരേ! നിങ്ങൾ നിങ്ങളുടെ അച്ഛന്റെ മുറിയിൽ ക്ഷണം ചെല്ലണേ. ഡോക്ടർ അവിടെ ഉണ്ടു്.

ഒരു ചീത്തഘട്ടമായിരിക്കുമോ? ഭാസ്കരൻ എഴുന്നേറ്റു് എത്രയോ ആവേശത്തോടെ കോണി ഇരട്ടപ്പടിയായി പാഞ്ഞു കേറി. അച്ഛന്റെ മുറിയുടെ വാതിലിന്റെ അരികെ അയാളേയും കാത്തു് ഡോക്ടർ നിന്നിരുന്നു. ഭാസ്കരന്റെ മുഖംവാടി.

ഡോക്ടർ:
നിന്റെ അച്ഛന്റെ പരലോകപ്രവേശനത്തിന്നു് സമയം അടുത്തുപോയി എന്നു് എനിക്കു് തോന്നുന്നു. എന്നാലും നിന്റെ അച്ഛന്നു് സംസാരിപ്പാനുള്ള ശക്തി വന്നുചേർന്നിട്ടുണ്ടു്. തിരി കെടാൻ പോകുമ്പോൾ ഒന്നു് നല്ലവണ്ണം ആളിക്കത്തും. നിന്നെ ഒന്നു് കാണേണം എന്നാണു് പറയുന്നതു്.

ഉടനെതന്നെ, രോഗാരംഭത്തിൽ പണ്ടൊരിക്കൽ താൻ പോയിരുന്ന ഘട്ടം ഭാസ്കരന്നു് ഓർമ്മവന്നു. അന്നു് അച്ഛന്നു് തന്നോടു് പറവാനുള്ളതു് മുഴുവൻ പറവാൻ, നാവു് വീണുപോയിട്ടു് സാധിച്ചിരുന്നില്ല. അയാൾ തന്റെ അച്ഛന്റെ മുറിയിൽ കടന്നുചെന്നപ്പോൾ, വ്യസനംകൊണ്ടു് തന്റെ തൊണ്ട തടിച്ചുവീർത്തപോലെ തോന്നി. അയാൾ അച്ഛന്റെ കട്ടിലിന്റെ അരികെ ചെന്നു് മുട്ടുകുത്തി.

ഭാസ്കരൻ:
അച്ഛാ! ഞാൻ ഇതാ അടുത്തുണ്ടു്.
അച്ഛൻ:
ഭാസു! എന്റെ മകനെ!

ഇടയ്ക്കു് നിർത്തിയും തൊണ്ടയിൽ കെട്ടിപ്പോയിട്ടും അയാൾക്കു് വളരെ പ്രയാസപ്പെട്ടിട്ടേ സംസാരിക്കാൻ സാധിച്ചുള്ളു. കുറേനേരം ഒന്നും മിണ്ടിയില്ല. പിന്നെ വളരെ ആലോചിച്ചിട്ടു് തനിക്കു് പറവാനുള്ളതു് ഓർമ്മവന്നപോലെ—

അച്ഛൻ:
ധനം—എനി വരുന്ന കുട്ടി—എന്റെ പേരക്കുട്ടി. ഞാൻ വളരെക്കാലം ആശിച്ചിരുന്നു ഭാസി.

ഇത്രത്തോളം പറഞ്ഞപ്പോൾ അദ്ദേഹത്തിന്നു് ശബ്ദം പുറത്തുവരാതായി. ഭാസ്കരൻ വളരെ ഭയപ്പെട്ടു.

ഭാസ്കരൻ:
അച്ഛാ! നിങ്ങൾക്കു് വാസ്തവം മനസ്സിലാകുന്നില്ല. നിങ്ങൾ ഇപ്പറഞ്ഞതു് ആലോചനാപൂർവ്വമല്ല. നിങ്ങൾ അവൾക്കു് ഒരു കുട്ടി ഉണ്ടാവാൻ പോകുന്നു എന്നു് പറഞ്ഞ കഥ വിശ്വസിച്ചുപോയോ? ഓരോരുവർ പറയുന്നതു് അപ്പാടെ വിശ്വസിച്ചുകളവാൻ പാടുണ്ടൊ?

ഒന്നും മനസ്സിലാകാത്തപോലെ അച്ഛൻ മകനെനോക്കി. അദ്ദേഹത്തിന്റെ വാതാവശദേഹത്തിന്നു് ഒരു വല്ലാത്ത വിറയൽ പിടിപെട്ടു.

അച്ഛൻ:
സത്യം—നീ വിവാഹം കഴിക്കു.

എന്നതിൽപിന്നെ അച്ഛന്നു് വാക്കൊന്നും പുറത്തുവന്നില്ല. വൃദ്ധൻ പറവാനുള്ളതു് പറഞ്ഞുകഴിഞ്ഞു. പിന്നീടു് ദേഹംശവംപോലെ ഇളക്കമില്ലാത്ത സ്ഥിതിയിൽതന്നെ പ്രാപിച്ചു. ചുക്കിച്ചുളിഞ്ഞ കൺപോള ശക്തിയില്ലാതെ വീണു. അച്ഛന്റെ ഇളക്കമില്ലാത്ത ശാന്തി കണ്ടപ്പോൾ ഭാസ്കരന്നു് അത്യന്തം ഭയമായി. തൽസമയത്തു് മുറിയിൽ പ്രവേശിച്ച ഡോക്ടരെ ഭാസ്കരൻ ഒന്നുനോക്കി. ഡോക്ടർ കുനിഞ്ഞു് രോഗിയെ പരിശോധിച്ചു.

“ഇവരുടെ ജീവൻ—” ആ ഭയങ്കരമായ ഒടുവിലത്തെ വാക്കുചേർത്തു് ഡോക്ടർ വാചകം പൂർത്തിയാക്കിയില്ല.

“മരിച്ചുപോയോ” എന്ന ഭാവത്തിൽ ഭാസ്കരൻ ഡോക്ടരെ നോക്കി. ഡോക്ടർ തല ഇറുക്കി “ഇല്ല” എന്നുമാത്രം പറഞ്ഞു.

ഡോക്ടർ:
ഇദ്ദേഹം ഈ നിലയിൽതന്നെ കിടന്നുകൊള്ളട്ടെ. ആരും ഉപദ്രവിക്കാൻ പോകേണ്ട. അദ്ദേഹത്തിന്നു് സംസാരിപ്പാൻ അത്യദ്ധ്വാനം വേണ്ടിവന്നു. അതുകൊണ്ടു് അയാൾ വളരെ ക്ഷീണിച്ചുപോയിരിക്കുന്നു. നിന്നെ ഇവിടെ കണ്ടാൽപിന്നേയും വല്ലതും പറയേണമെന്നു് തോന്നും. ഇതു് അവസാനത്തെ ഒരു ആളലോ രോഗശമനാരംഭമോ ആയിരിക്കും. തല്ക്കാലം അതു് എന്താണെന്നു് ശരിയായി പറവാൻ എനിക്കു് സാധിക്കയില്ല.

ഇതുകേട്ടപ്പോൾ ഭാസ്കരൻ ശബ്ദം ഉണ്ടാക്കാതെ മുറിയിൽ നിന്നു് പുറത്തുപോയി. അയാൾക്കു് തല ചുറ്റിപ്പോയിരുന്നു. അച്ഛന്റെ അവസാനത്തെ അപേക്ഷ ഒരുപ്രകാരത്തിലും തള്ളിക്കളവാൻ പാടില്ലാത്തതാണു്. എന്നാലുംകൂടി—ആനന്ദവല്ലി—അച്ഛൻ ഒന്നും മനസ്സിലാക്കാതെപോയി എന്നു് ക്രോധത്തോടെ അയാൾ തന്നോടുതന്നെ പറഞ്ഞു. താൻ അറിഞ്ഞിരിക്കുന്ന സാക്ഷാൽ അവസ്ഥ പറഞ്ഞുകൊടുത്തിട്ടുകൂടി വീരധർമ്മാതനായ വൃദ്ധന്നു് ധനത്തിന്റെ വഞ്ചനയുടെ കടുപ്പം അത്രവളരെ കർശനമായിത്തോന്നിയില്ല. ഭാസ്കരന്റെ തലമുറക്കാർ സ്ത്രീകൾ അർദ്ധം ശിശുക്കളും അർദ്ധം ദിവ്യകളും ആണെന്നു് ധരിച്ചുവരുന്നവരാണു്. താൻ പ്രേമിക്കുന്ന സ്ത്രീ സ്വതന്ത്രയായി തന്നെ വിവാഹം കഴിപ്പാൻ കാത്തുനില്ക്കുന്ന സമയത്തു്, ഒരു തെണ്ടിപ്പെണ്ണിനെ വിവാഹം ചെയ്തുപോയ ബന്ധം പിന്നേയും നിലനിർത്തിപ്പോരുവാൻ തന്റെ അച്ഛൻ നിർബ്ബന്ധിച്ചതിൽ ഭാസ്കരന്നു് അത്ഭുതം തോന്നി. ഇല്ല—ഇല്ല—അങ്ങിനെ ചെയ്യുവാൻ പാടുള്ളതല്ല. അത്രത്തോളം ത്യാഗത്തിന്നു്, മകനെ നിർബ്ബന്ധിക്കാൻ മരിക്കാൻ കിടക്കുന്ന തന്റെ അച്ഛനുകൂടി അധികാരാവകാശങ്ങൾ ഇല്ല.

ആ ദ്രോഹംനിറഞ്ഞ രാത്രിയും കഴിഞ്ഞു. പ്രഭാതവും പ്രത്യക്ഷമായി. എന്നാൽ അതുകൊണ്ടൊന്നും ഭാസ്കരനെ ബാധിച്ച അവശതകൾക്കും ബുദ്ധുമുട്ടുകൾക്കും സംഭ്രമസ്ഥിതികൾക്കും ഒരു ഭേദവും നേരിട്ടില്ല. വ്യവസായശാലകളുടെ അപകടസ്ഥിതികൾ പണ്ടത്തേതിലും മോശസ്ഥിതി പ്രാപിച്ചിരുന്നു. ഒരു വലിയ കലക്കത്തിന്റെയും പരിവർത്തനത്തിന്റെയും സകല ലക്ഷണങ്ങളും കാണുന്നുണ്ടു്. പണത്തിന്റെ കാര്യത്തിൽ—ആനന്ദവല്ലിക്കു് അത്യാവശ്യമായി പണം ഒരുക്കിക്കൊടുക്കേണ്ടുന്ന കാര്യത്തിൽ—ഭാസ്കരൻ പല നിവൃത്തിമാർഗ്ഗങ്ങളും ആലോചിച്ചുനോക്കി. ബിസിനസ്സിൽ ഇറക്കിപ്പോയ പണത്തിൽനിന്നു് ഒരു പൈപോലും മടക്കി എടുപ്പാൻ അസാദ്ധ്യമാണെന്നു് ഭാസ്കരന്നു് ബോദ്ധ്യമായി. ആനന്ദവല്ലിക്കു് കൊടുക്കാനുള്ള രണ്ടായിരം പവന്നു് എവിടെപ്പോകും?

ആനന്ദവല്ലി! അവളുടെ വിചാരംതന്നെ ഒരു വിറയലൊ രോമാഞ്ചമോ അയാൾക്കു് ഉണ്ടാക്കി. അവളെ വെടിയുവാൻ അയാൾക്കു് സാധിക്കുകയില്ല. അവളെ വെടിയുവാൻ അയാൾ ആശിക്കുന്നുമില്ല. ആറൻ ജെപ്സന്റെ ധനാശ ശമിപ്പിക്കാൻ വേണ്ടുന്ന പണത്തിന്നായ്ക്കൊണ്ടു് സേർ എഡോൾഫിയുടെ അടുക്കെ അവളെ വിട്ടുകൊടുപ്പാനും അയാൾക്കു് തീരെ മനസ്സുണ്ടായിരുന്നില്ല. കടം മേടിക്കുന്ന കാര്യത്തിൽ അയാൾ വിമുഖനായിരുന്നു. എങ്കിലും ആനന്ദവല്ലിക്കുവേണ്ടി അങ്ങിനെ ചെയ്വാൻതന്നെ അയാൾ തീർച്ചപ്പെടുത്തി.

ഇങ്ങിനെ ഒന്നിൽ ഉറച്ചശേഷം, ഭാസ്കരൻ തന്റെ വീട്ടിലേയ്ക്കു് മടങ്ങുവാൻ പട്ടണത്തിലെ “വെസ്റ്റെണ്ടി”ലെ വിജന പ്രദേശത്തിൽകൂടെ നടക്കുകയായിരുന്നു. ഭാസ്കരന്നു് ഉഷ്ണവും ക്ഷീണവും തോന്നി. വിനോദത്തിന്നുവേണ്ടി കടൽത്തീരത്തൊ മലപ്രദേശത്തിലൊ പോവാനുറച്ച ബഹുജനങ്ങൾ എല്ലാ കോപ്പുകളോടുംകൂടെ യാത്ര ചെയ്യുന്നതു് കണ്ടപ്പോൾ ഭാസ്കരന്നു് അവരോടു് അസൂയ തോന്നി. അയാൾ തന്റെ അച്ഛനേയും വിട്ടുപോകുന്നതു് കുറെ ദിവസത്തേയ്ക്കു് മാത്രമായിരുന്നു. ബിസിനസ്സിന്റെ ബുദ്ധിമുട്ടുകളും സ്വന്താവശതകളും അദ്ദേഹത്തിനെ വളരെ അസ്വസ്ഥനാക്കിയിരുന്നു. അയാൾ വളരെ ആളുകൾ ചെല്ലാറുള്ള ഒരു മദ്യഷാപ്പിൽ ചെന്നു് ഒരു കസേലമേൽ ഇരുന്നു. എന്നാൽ കുറെ അകലെ മറ്റൊരാൾ ഇരിക്കുന്നതു് കണ്ടു. അയാൾ ആറൻ ജെപ്സൻ ആയിരുന്നു. പ്രസിദ്ധനും ധനികനുമായ നാടകശാലാ ഉടമസ്ഥൻ ഭാസ്കരനെ ഒരു വലിയ സ്നേഹിതന്റെ നിലയിൽ സ്വീകരിച്ചു. നാടകശാലയുടെ, ജനങ്ങളെ നിരോധിച്ചിരുന്ന ഉൾഭാഗങ്ങളിൽകൂടെ അദ്ദേഹത്തെ പിടിച്ചു് വലിച്ചു് കൊണ്ടുപോയിരുന്നു.

ആറൻ:
ഹലോ ഭാസ്കരൻ! നിങ്ങളും എന്നെപ്പോലെ ഒരു കുഴപ്പത്തിൽ ആയിരിക്കുന്നു, അല്ലെ. നിങ്ങളെ കണ്ടതു് വളരെ സന്തോഷമായി. ഇവിടെ വിനോദത്തിനുവേണ്ടി മറ്റൊരേടത്തും പോകാതെ ഞാൻ മാത്രമെ ഉണ്ടാകയുള്ളു എന്നു് ഞാൻ ധരിച്ചുപോയി. ഈ പ്രവശ്യം തെറ്റു് വന്നുപോയതു് എന്നോടാണു്.

ഭാസ്കരൻ താൻ ഓർഡർ ചെയ്ത വിസ്കിയും സോഡയും ക്ഷണം കഴിച്ചു.

ഭാസ്കരൻ:
നിങ്ങൾ ഒരു പുതിയ നാടകം പുറത്തിറക്കാൻ ഭാവമുണ്ടെന്നു് കേട്ടു.
ആറൻ ജെപ്സൻ:
(തലകുലുക്കീട്ടു്) അതു് ശരിതന്നെ. അതു് ജയം കൊണ്ടുവരും സംശയമില്ല. ആളുകളുടെ തല ഇളകിപ്പോകും—അതിനിടയ്ക്കു്, ഞാൻ നിങ്ങളുടെ ചങ്ങാതി ആനന്ദത്തിന്നാണു് വീരതരുണിയുടെ ഭാഗം കൊടുത്തിട്ടുള്ളതു്. അവൾ അതിന്നു് പറ്റിയ വൈഭവമുള്ളവളാണു്. ലൈംഗികകലയിൽ പുരുഷന്മാരെ വിനോദിപ്പിക്കാനും ഭ്രമിപ്പിക്കാനും മിടുമിടുക്കത്തിയാണു്. അതിന്റെ അർത്ഥം, നല്ല പ്രതിഫലം കൊടുത്തല്ലാതെ വെറുതെ അഭിനയിക്കുന്നവളല്ലെന്നാണു്. ബഹുജനങ്ങൾക്കു് വേണ്ടുന്നതു് മറ്റൊന്നുമല്ല. അഭിനയിക്കുന്നവർക്കു് കണ്ടാൽ ഗുണം. പെണ്ണായാൽ സുന്ദരിയായിരിക്കണം. എന്നാൽ അവർ എന്തും വിഴുങ്ങാൻ തെയ്യാറാകും.

ഭാസ്കരൻ ആശ്ചര്യപ്പെട്ടു. “അതൊക്കെ തീർച്ചപ്പെടുത്തിക്കഴിഞ്ഞു എന്നാണോ നിങ്ങൾ പറയുന്നതു്.”

ആറൻ ജെപ്സൻ:
അതെ. എന്തു് സംശയം? മൂന്നുദിവസംമുമ്പെ ആനന്ദം എനിക്കു് കരാർ എഴുതിത്തന്നു. ഇന്നലെ മുതൽ അഭിനയം ശീലിച്ചുവരികയാണു്.
ഭാസ്കരൻ:
(ഒന്നും തിരിയാത്തപൊലെ) അപ്പോൾ അവൾ നിങ്ങൾക്കു് രണ്ടായിരം പവൻ തന്നോ?
ആറൻ ജെപ്സൻ:
(ചുരുട്ടു് വായിൽനിന്നു് എടുത്തു് കയ്യിൽ പിടിച്ചിട്ടു്) രണ്ടായിരമോ? എന്തു് രണ്ടായിരം?
ഭാസ്കരൻ:
രണ്ടായിരം പവൻ! കരാർ എഴുതുന്നതിന്നു് മുമ്പേ അവൾ നിങ്ങൾക്കു് രണ്ടായിരം പവൻ തരേണ്ടതല്ലേ!
ആറൻ ജെപ്സൻ:
ഏതു് നാണമില്ലാത്തവനാണു് ഈ വക ഭോഷ്ക് നിങ്ങളെ പറഞ്ഞു് ഫലിപ്പിച്ചതു്. ആരാണു് ഇങ്ങിനെ പറഞ്ഞുതന്നതു് കേൾക്കട്ടെ. എന്റെ സ്വന്തം കാര്യത്തിൽ എത്ര പവൻ വേണ്ടിവന്നാലും അതൊക്കെ ചിലവാക്കാൻ എനിക്കു് ശേഷി ഉണ്ടു്. ആനന്ദവല്ലി മുതലായവർക്കു് ഞാൻ അങ്ങോട്ടു് കൊടുക്കുക അല്ലാതെ ഒരാളോടും ഇങ്ങട്ടു് വാങ്ങുന്ന സമ്പ്രദായം എനിക്കില്ല. ഇതുവരെ ഉണ്ടായിട്ടില്ല. മേലാൽ ഉണ്ടാവുന്നതും അല്ല.
ഭാസ്കരൻ:
എന്നെ ക്ഷമിക്കണം. എന്റെ പക്കൽവന്ന തെറ്റിദ്ധാരണതന്നെയാണു്.

ഭാസ്കരന്റെ നെറ്റി, പരമാർത്ഥം പോയപോക്കു് കണ്ടിട്ടു് ചുളിഞ്ഞു. അവളുടെ കരാർ എഴുതിക്കഴിഞ്ഞതിൽപിന്നെ ആനന്ദവല്ലി ഇങ്ങിനെ ഒരു ഭ്രാന്തോ അസംബന്ധമോ തന്നോടു് പറഞ്ഞുകൊണ്ടുവന്നതു് എന്തിന്നായിരിക്കും! ഏതായാലും രണ്ടായിരം പവൻ കൊണ്ടുകൊടുക്കാനുള്ള ഭാരം തനിക്കില്ല എന്നു് അറിഞ്ഞതു് വലിയ ആശ്വാസമായി. എല്ലാം മൃദുവായി കലാശിച്ചു എന്നറിയുന്നതു് അവൾക്കും ആശ്വാസമായിരിക്കും.

ഭാസ്കരൻ അയാളുടെ വാച്ചൊന്നു് നോക്കി. നാടകശാലയിലേയ്ക്കു് പുറപ്പെടുംമുമ്പേ ആനന്ദവല്ലിയെ ഹോട്ടലിൽവെച്ചു് കാണ്മാൻ ഇപ്പോൾതന്നെ പോയാൽ സാധിക്കുമെന്നു് അയാൾക്കു് തോന്നി. അയാൾ ആറൻജെപ്സനോടു് “ഗുഡ് ബൈ” പറഞ്ഞു. മനസ്സിൽനിന്നു് ഒരു വലിയ ഭാരം ഒഴിഞ്ഞപോലെ അയാൾ ആനന്ദവല്ലിയുടെ ഹോട്ടലിലേയ്ക്കു് ആഞ്ഞുവലിഞ്ഞു നടന്നു. “ലിഫ്ട്” നടത്തുന്ന ബാലനോടു് മുന്നറിയിപ്പുകൂടാതെ അങ്ങോട്ടു് ചെന്നുകൊള്ളാമെന്നു് പറഞ്ഞു. ബാലൻ അദ്ദേഹം ആനന്ദവല്ലിയുടെ ഒരു പ്രത്യേക ചങ്ങാതിയാണെന്നു് അറിഞ്ഞതുകൊണ്ടു് അതിന്നു് വിരോധമൊന്നും പറഞ്ഞില്ല. ചോടെനിന്നു് തന്നെ വിളിച്ച വേറെ ചിലരുടെ ആവശ്യനിവൃത്തിക്കായി ബാലൻ അവിടം വിട്ടുപോയി.

പരവതാനി വിരിച്ച ഇടനാഴിയിൽക്കൂടെ ഭാസ്കരൻ നടന്നുചെന്നു. അവളുടെ മുറിയുടെ വാതിൽ ഒരു വിട ഉണ്ടാക്കുവാൻതക്കവണ്ണംമാത്രം തുറന്നുവെച്ചിരുന്നു. പടി കടപ്പാൻ ഭാവിച്ചപ്പോൾ ഏതോ ഒരു പുരുഷസ്വരം തന്റെ പേർ ഉച്ചരിക്കുന്നതു് കേട്ടു.

“നിന്റെ ചെറുപ്പക്കാരൻ ചങ്ങാതി ഭാസ്കരൻ നീ ആവശ്യപ്പെട്ട തുക കൊണ്ടുവന്നു് തന്നോ?” എങ്ങിനെ ആരോ ഒരു തെമ്മാടിയുടെ രീതിയിൽ ചോദിക്കുന്നതാണു് അയാൾ കേട്ടതു്. ഭാസ്കരൻ അങ്ങട്ടു് കടക്കാതെ അവിടെത്തന്നെ സ്തംഭിച്ചുനിന്നുപോയി. അപ്പോൾ ആനന്ദവല്ലിയുടെ ഒരു കുലുക്കിച്ചിരിയും തുടർന്നു് കേൾക്കായ്വന്നു. “അതിൽ ഒന്നും സംശയിപ്പാനില്ല. രണ്ടായിരം പവൻ അയാൾ കൊണ്ടുവന്നു് തരാതിരിക്കില്ല. അല്ലെങ്കിൽ ഞാൻ പണത്തിന്നുവേണ്ടി സേർ എഡോൾഫിയുടെ അടുക്കെ പോകുമെന്നു് പറഞ്ഞു് ഭീഷണിപ്പെടുത്തീട്ടുണ്ടു്. നാം കെട്ടി ഉണ്ടാക്കിയ കബളം അയാളെ പറഞ്ഞു് ഫലിപ്പിച്ചിട്ടുണ്ടു്. എനിക്കു് ഒരു അവസരം ഉണ്ടാക്കിത്തരാൻവേണ്ടി ആറൻ ജെപ്സൻ ഏറ്റിരിക്കുകയാകകൊണ്ടു് പ്രതിഫലമായി രണ്ടായിരം പവൻ അയാൾക്കു് കൊടുപ്പാൻ എന്നെ നിർബ്ബന്ധിക്കുന്നു എന്നാണു് പറഞ്ഞതു്. പിന്നെ സേർ എഡോൾഫിയുടെ അടുക്കെ പോകേണ്ടിവരും എന്ന സുയിപ്പും പൊട്ടിച്ചുകൊടുത്തു. എഡോൾഫിക്കു് എന്നെ കണ്ണെടുത്തു് കണ്ടുകൂട എന്ന വിവരവുംകൂടി വിഡ്ഢി ഭാസ്കരന്നുണ്ടായില്ല. അതില്ലാഞ്ഞതു് എന്റെ ഭാഗ്യം. ഞാൻ എഡോൾഫിയുടെ അടുക്കെ പോകുമെന്നു് പറഞ്ഞപ്പോൾ ഭാസ്കരന്റെ മുഖം നിങ്ങൾ ഒന്നു് കാണേണ്ടിയിരുന്നു.” ഇങ്ങിനെ ഓരോ ധിക്കാരവും പറഞ്ഞു് ആനന്ദവല്ലി കുടുകുടു എന്നു് പുച്ഛരസത്തിൽ ചിരിക്കുന്നതും ഭാസ്കരൻ കേട്ടു. ഭാസ്കരന്നു് ശ്വാസംമുട്ടി. അയാളുടെ കൈ തന്നാലെ മുഷ്ടിചുരുട്ടി. താൻ കേൾക്കുന്നതൊക്കെ ശരിയായിരിക്കുമോ എന്നുതന്നെ അയാൾക്കു് തോന്നിപ്പോയി. അത്രത്തോളം വിപരീതനിലയിലാണു് ആ കുലടയുടെ ദയാശൂന്യവും പ്രേമരഹിതവുമായ സംസാരം. അത്ര ശുദ്ധഹൃദയനായ ഭാസ്കരന്റെ കണ്ണുകൾ തുറന്നുപോയി. അയാൾ വന്നുകേറിയപ്പോൾ വല്ലതും ഒളിച്ചുകേൾക്കണം എന്ന വിചാരമേ അയാൾക്കു് ഉണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്നു് യദൃഛയാ ഇതൊക്കെ കേൾക്കേണ്ടി വന്നപ്പോൾ അയാളുടെ കാലുകൾ കുഴിച്ചിട്ടപോലെ അവിടെ ഉറച്ചുപോയി. ഏതായാലും മുഴുവൻ കേൾപ്പാൻ നിശ്ചയിച്ചു് അയാൾ മിണ്ടാതെനിന്നു.

ആനന്ദവല്ലിയോടു് സംസാരിച്ചുകൊണ്ടിരുന്ന ആളും കർക്കശമായി ചിരിച്ചു. “വളരെ നന്നായി. ആനന്ദം! നിന്റെ കൈ ഇതാ ഞാൻ ചുംബിക്കുന്നു. നിന്റെ ബുദ്ധി അതിശയമായിരിക്കുന്നു. നീ അവനോടു് രണ്ടായിരം പവൻ പിടുങ്ങീട്ടു് എനിക്കു് എപ്പോൾ തരും” എന്നു് അവൻ ചോദിച്ചു.

ആനന്ദവല്ലി:
നിങ്ങളുടെ ഓഹരി ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്കു് കിട്ടും. (ആ കുലട സംസാരിക്കുന്നതു് അവളുടെ ഭർത്താവായ പെരിയനോടാണു്.)
ആനന്ദവല്ലി:
നിങ്ങൾ പിന്നെ ഉടനെത്തന്നെ ബോംബായിൽ പോയി മറഞ്ഞുകളയണെ. നിങ്ങളെ മേലാൽ ഭാസ്കരൻ കണ്ടുപോകരുതു്. ഇപ്പോൾതന്നെ നിർഭയം നിങ്ങൾ വന്നതു് വിഡ്ഢിത്തം ആയിപ്പോയിരിക്കുന്നു. ഞാൻ നമുക്കു് ഇരുവർക്കും ഗുണവും അഭിവൃദ്ധിയും ഉണ്ടായിവരത്തക്കവിധത്തിൽ ഭാസ്കരനോടു് ഒരു ഉടമ്പടി ചെയ്തുവെച്ചിട്ടുണ്ടു്. നിങ്ങൾ ബോംബായിൽ പോയി വല്ല പെൺകുട്ടികളുമായി സുഖിച്ചുകൊൾക. ഭാസ്കരന്റെ ഖജാന മേലാൽ എന്റെ സൂക്ഷിപ്പിലായിരിക്കും. വേണ്ടുന്ന പണം നിങ്ങൾക്കു് ഞാൻ അയച്ചുതരും. എന്നെ നിങ്ങൾ ഭാസ്കരനെ വിവാഹംചെയ്വാൻവേണ്ടി വിട്ടേയ്ക്കുക.

ഒരു കസേല പിന്നോക്കം തള്ളും പോലെ ഒരു ശബ്ദം കേട്ടു. പെരിയൻ കുരയ്ക്കുമ്പോലെ ഒന്നു് ചിരിച്ചു.

പെരിയൻ:
ഇതിലും വലിയ ഒരു സന്തോഷം എനിക്കു് ഇതുവരെ ഉണ്ടായിട്ടില്ല. എന്റെ ആനന്ദം! നമ്മുടെ വിവാഹം കഴിഞ്ഞിട്ടു് അഞ്ചുകൊല്ലമായി. അഞ്ചുകൊല്ലം നമ്മൾ ഇടവിടാതെ ആനന്ദം അനുഭവിച്ചു. ഇനി കുറേകാലത്തേയ്ക്കു് ഞാൻ നിന്നെ ഭാസ്കരന്നു് വിട്ടുകൊടുത്തിരിക്കുന്നു. എന്റെ സ്ഥാനം അവൻ വഹിക്കട്ടെ. നിന്റെ ദുശ്ശീലം സഹിപ്പാൻ അവന്നു് ക്ഷമ ഉണ്ടാകട്ടെ. പ്രിയേ! നിണക്കു് ഭാഗ്യം വന്നു് തെളിഞ്ഞുപോയി. ഏതായാലും ഇത്രവലിയ ഒരു കോടീശ്വരനെ വിവാഹം കഴിച്ചതിൽപിന്നെ, നീ ഇടയ്ക്കിടയ്ക്കു് വേറെ ചില വിലപിടിച്ച സമ്മാനങ്ങളും നിന്റെ സാക്ഷാൽ ഭർത്താവായ എനിക്കു് അയയ്ക്കാൻ മറക്കരുതെ. നീ വിചാരിക്കേണ്ട. എന്നെപോലെ ഇങ്ങിനെ സകലത്തിന്നും വഴിപ്പെടുന്ന ഒരു ഭർത്താവിനെ നിണക്കു് കിട്ടുമെന്നു് തോന്നുന്നില്ല.

അമ്പരപ്പുകൊണ്ടു് ഒരേടത്തു് ഉറച്ചുപോയ ഭാസ്കരന്റെ നിർത്തം പൊരിഞ്ഞുപോയപോലെ ഇളകി. ഒരൊറ്റ അടിവെപ്പുകൊണ്ടു് അയാൾ ആനന്ദം ഇരുന്ന മുറിയിൽ എത്തി. ആ മനോഹരമായി അലങ്കരിച്ചുവെച്ച മുറിയിൽ എത്തി. അയാളുടെ മുമ്പിൽ കണ്ടതു് ആനന്ദവല്ലിയേയും, അവൾ മരിച്ചുപോയി എന്നു പറഞ്ഞ അവളുടെ ഭർത്താവിനേയും ആയിരുന്നു.

ഒരു നിമിഷനേരത്തോളം കണ്ണിന്നു് തല്ലുകിട്ടിയ ഒരാളെപ്പോലെ ഒന്നും തിരിയാതെ ഭാസ്കരൻ നിന്നു. അപ്പോൾ ആനന്ദവല്ലി മന്ദഹാസത്തോടെ കൈ പൊക്കിപ്പിടിച്ചുംകൊണ്ടു് സ്വാഗതം ചെയ്വാൻവേണ്ടി, എഴുന്നേറ്റു് അയാളുടെ നേരെ വന്നു. “ഭാസി” എന്നു് മിനുസമായി വിളിച്ചുംകൊണ്ടു് അവൾ അയാളുടെ കഴുത്തു് കെട്ടിപ്പിടിച്ചു. എന്നാൽ പണ്ടേപ്പോലെ അദ്ദേഹത്തിന്നു് അനുകൂലഭാവമോ ആചരണമോ പുറപ്പെട്ടുകണ്ടില്ല. അവളുടെ സാക്ഷാൽ പ്രകൃതിയിലാണു് അയാൾ അവളെ ഇപ്പോൾ കാണുന്നതു്. പ്രേമമില്ല. ദയയില്ല. അനുകമ്പ ഇല്ല. ആത്മാവില്ല. ഒന്നിനെ മറ്റൊന്നാക്കി മറിക്കുന്നവൾ. ഉള്ളിൽ വിഷവും പുറമെ അഴകും വഹിക്കുന്ന ഒരു തെമ്മാടിച്ചിരാക്ഷസി! പണം പിടുങ്ങാനുള്ള സൂത്രങ്ങളും തന്ത്രങ്ങളും കണ്ടുപിടിച്ചു് ജീവിതകാലം സുഖമായിക്കഴിയാൻ നോക്കുന്ന സ്വാർത്ഥതല്പരയായ ഒരു തേവിടിശ്ശി! പണം ഒന്നിന്നുമാത്രം ആറ്റുനോറ്റിരിക്കുന്ന പിശാചു്. ലൈംഗികാകർഷണം! അതായിരുന്നു ആറൻജെപ്സൻ അവളെപ്പറ്റി പറഞ്ഞിരുന്നതു്. ആ സൂത്രംകൊണ്ടാണു് അവൾ തന്നേയും വശീകരിച്ചു് കളഞ്ഞതു്. എന്തൊരു ലജ്ജാവഹമായ കമ്പമായിരുന്നു തന്നെ ബാധിച്ചതു്. അവളുടെ തിളക്കവും നടിപ്പും വെറും പുറംപൂശിലായി. അവൾ ഒരു മൃഗം മാത്രമായി പ്രത്യക്ഷപ്പെടും.

നായ ഒരു എലിയെ പിടിച്ചു് കുടയുംപോലെ അവളുടെ നഗ്നമായ ചുമലുകൾ പിടിച്ചു് അയാൾ ഊക്കോടെ കുലുക്കി. അവളുടെ ചുകന്ന ആകർഷണീയമായ ചുണ്ടിൽനിന്നു് ഒരു ഭയപ്പെട്ട രോദനം പുറപ്പെട്ടു. പിന്നെ പെട്ടെന്നു് ഭാസ്കരൻ അവളെ ഒരു ഊക്കൻ തള്ളുതള്ളി. എന്നിട്ടു് ആ മുറിയിൽനിന്നു് പുറത്തിറങ്ങിപ്പോകയും ചെയ്തു.

താൻ വിവാഹം ചെയ്വാൻ ആലോചിച്ചുവെച്ചിരുന്ന പെണ്ണു് എങ്ങിനെയുള്ളവളാണെന്നും അയാൾക്കു് മനസ്സിലായി. ഫൂ! അവളെ പണ്ടു് കെട്ടിപ്പിടിച്ചതും ചുംബിച്ചതുംകൊണ്ടു് അയാൾ അശുദ്ധമായിപ്പോയപോലെ തോന്നി. മറ്റൊരു ഭയങ്കരതെറ്റുകൂടിച്ചെയ്യുന്നതിന്നുമുമ്പെ, അവളുടെ കള്ളി താൻ കണ്ടുപിടിച്ചുകളഞ്ഞതുകൊണ്ടു് അയാൾ ദൈവത്തെ സ്തുതിച്ചു. സ്ത്രീകൾക്കു് കേവലം നന്മയില്ലെന്നോ.

ധനം! ആനന്ദം! രണ്ടാളും പണം പിടുങ്ങാനുള്ള സൂത്രവും നോക്കിനടക്കുക… ധനത്തിന്റെ കാര്യത്തിൽ അതു് സത്യമായിരിക്കാൻ പാടില്ല. ചില കാരണം മനസ്സിലാകാത്ത സംഭവങ്ങൾ അയാൾ ഇപ്പോൾ ഓർമ്മിച്ചുതുടങ്ങി. ധനം, അദ്ദേഹം കൊടുത്തയച്ച മുത്തുകൾ മടക്കി അയയ്ക്കുകയാണു് ചെയ്തതു്. സകല ബേനാറീസ് ചേലകളും കൊടുത്തയച്ചപാടു് മടക്കിയിരുന്നു. അയാളെക്കൊണ്ടു് ധനത്തിന്നു്, ഒരു കാശിന്റെ ലാഭവുംകൂടി ഉണ്ടായിട്ടില്ല. പിന്നെ എന്തിനായിരിക്കും അവൾ തന്നോടു് ആ മാതിരി ഒരു വഞ്ചന കാണിച്ചതു്. ഒരു സമയം അവൾക്കു് തന്നോടു് തോന്നിയ പ്രേമംകൊണ്ടുമാത്രം ആയിരിക്കാം. ഭാസ്കരന്റെ കണ്ണു് ഇപ്പോൾ മാത്രമെ തുറന്നിട്ടുള്ളു.

ആകപ്പാടെ വിചാരിച്ചാൽ അയാൾ ധനത്തോടു് ചെയ്തതൊക്കെ തെറ്റാണു്. അദ്ദേഹത്തിന്റെ അച്ഛന്റെ അഭിലാഷം അങ്ങിനെ ആയിരിക്കകൊണ്ടു് തെറ്റുകൾക്കു് പരിഹാരമാർഗ്ഗങ്ങൾ കാണേണ്ടതും അയാളുടെ മുറയാണു്. അയാളുടെ പ്രേമം ഉടഞ്ഞുപോയി. അയാൾ പ്രേമിച്ചും വിശ്വസിച്ചും ആരാധിച്ചും പോന്നിരുന്ന ആ ആനന്ദവല്ലി കേവലം ഇല്ലാത്തവളായിപ്പോയി. അവൾ സ്വപ്നത്തിലെ ഒരു ജീവി മാത്രം ആയി. ഉണർന്നപ്പോൾ അങ്ങിനെ ഒരുവൾ—അയാൾ വിചാരിച്ചിരുന്നപോലെ ഒരുവൾ—ഇല്ലാതായി. അയാൾ ധനത്തിനെ വിവാഹം ചെയ്താലും ഇല്ലെങ്കിലും എല്ലാം കണക്കു് ഒന്നുതന്നെ. ധനത്തെ മറ്റൊരു വിവാഹംകൊണ്ടു് വീണ്ടെടുക്കേണമെങ്കിൽ അങ്ങിനെ ചെയ്യുന്നതിന്നും മുടക്കമില്ല.

ഇനി അവളെ കണ്ടുപിടിക്കേണ്ട ഭാരം അദ്ദേഹത്തിന്നുണ്ടു്. അച്ഛനോടു് ചെയ്ത വാഗ്ദത്തം പാഴാക്കിക്കളവാൻ പാടില്ല. അവൾ എവിടെ ഉണ്ടെന്നു് ഹേമാംഗൻ അറിയാതിരിക്കയില്ല. അയാളോടു് ചോദിച്ചാൽ വിവരം ഒക്കെ കിട്ടും. അദ്ദേഹത്തിന്റെ വിവാഹം അസാധുവാണെന്നു് സ്ഥാപിക്കാനുള്ള ഹരജി വിചാരണയ്ക്കുവെച്ച ദിവസം അതു് നീട്ടിവെച്ചതിൽപിന്നെ, ഹേമാംഗനെ അയാൾ കണ്ടിരുന്നില്ല. അന്നു് വീട്ടിൽ മടങ്ങിയതിന്റെ ശേഷമാണു് വാതിലിന്നടുക്കെ ധനത്തെ അയാൾ കണ്ടുമുട്ടിയതു്.

അയാൾ ഹേമാംഗൻ സാധാരണ പാർത്തിരുന്ന മുറിയുടെ വാതിലിന്നു് മുട്ടി. അദ്ദേഹം നാട്ടുംപുറത്തുള്ള തന്റെ വലിയ ഭവനത്തിൽ പോയിരിക്കുകയാണെന്നു് ആരോ വന്നുപറഞ്ഞു. ഭാസ്കരൻ കാറിൽനിന്നു് പുറത്തിറങ്ങി. അവിടെ വൈകുന്നേരം പോകാമെന്നു് അയാൾ തീർച്ചപ്പെടുത്തി. അയാൾക്കു് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്ന വിചാരമായി. അങ്ങിനെ ചെയ്യാതിരുന്നാൽ അദ്ദേഹത്തിന്റെ കണ്ണു് തുറപ്പിച്ച സംഗതികളാൽ പെട്ടെന്നുണ്ടായ മനോവേദനയ്ക്കു് ശാന്തിവരികയില്ലെന്നു് അയാൾക്കു് തോന്നി. ഹേമാംഗന്നു് കുറെ മുമ്പെ സിദ്ധിച്ച വലിയ വീട്ടിൽ എത്തുമ്പോൾ രാത്രി പതിനൊന്നുമണിയായെന്നു് ഭാസ്കരൻ കണ്ടു.

ഹേമാംഗൻ പണത്തിൽ കളിച്ച സമയത്തു് ഇത്ര വലിയ ഒരു പഴയവീട്ടിൽ താമസമാക്കിയതിൽ ഭാസ്കരന്നു് അത്ഭുതം തോന്നി.

വീട്ടിലുള്ളവർ ഉറങ്ങാൻ കിടന്നുപോയിരിക്കണം എന്നു് ആദ്യം ഭാസ്കരൻ വിചാരിച്ചു. വീടു് അത്രത്തോളം അന്ധകാരത്തിൽ മുഴുകിയിരുന്നു. പിന്നെ ഒരു ദീപം മിന്നുന്നതു് കണ്ടപ്പോൾ വീട്ടിന്റെ പുറമെ ഉണ്ടായിരുന്ന വലിയ മണി അയാൾ മുട്ടി. വാതിൽ ഉടനെ തുറന്നതു് വണ്ണംകൊണ്ടു് മലപോലെ ഇരിക്കുന്ന ഒരു സ്ത്രീ ആയിരുന്നു. തടിച്ചു് വീങ്ങിയ മുഖത്തു് കറുത്ത കണ്ണുകൾ എത്രയോ ചെറുതാണെന്നു് തോന്നിപ്പോകും. ഹേമാംഗനെപ്പറ്റി ചോദിച്ചപ്പോൾ അവൾ നിഷേധഭാവത്തിൽ തല ഇളക്കി. ഒരു പക ഉണ്ടായിരുന്നപോലെ അവളുടെ ചെറിയ കണ്ണുകൾ മിന്നി.

തടിച്ചവൾ:
ഹേമാംഗൻ മരിച്ചുപോയി.

അവൾ, വാതിൽ മുട്ടിക്കളഞ്ഞു. അവളുടെ ദേഹം ഒരു ഭാഗത്തേക്കാക്കി, മെഴുത്തിരികൾ കത്തിച്ച ഒരു വലിയ ഹാളിന്റെ ഒരു ഭാഗത്തു് കൂടിയ ചില ആളുകളെ ചൂണ്ടിക്കാണിച്ചു് “അവിടെയാണു് അയാൾ കിടക്കുന്നതു്. നിങ്ങൾ അയാളുടെ ഒരു സ്നേഹിതനാണെങ്കിൽ നിങ്ങൾക്കും അവിടെ കടന്നുചെല്ലുന്നതിന്നു് ഒരു വിരോധവും ഇല്ല” എന്നു പറഞ്ഞു.

ഹേമാംഗൻ

ഭാസ്കരൻ ആശ്ചര്യംകൊണ്ടു് എന്തോ തന്നോടുതന്നെ പറഞ്ഞു. ഉള്ളിൽ കടന്നു് അങ്ങോട്ടു് നടന്നുചെന്നു. ഒരു പഴയ സോഫയുടെ അടുക്കെ ഒരു ഉടുപ്പിട്ട കൺസ്റ്റബിൾ നില്ക്കുന്നതുകണ്ടു. മെലിഞ്ഞൊടിഞ്ഞ മറ്റൊരാളേയും കണ്ടു. അയാൾക്കു് മുപ്പത്തഞ്ചു് വയസ്സു് കാണും. സോഫമേൽ ഇളക്കമൊന്നുമില്ലാതെ കൂമ്പാരംപോലെ ഒരു രൂപം കിടക്കുന്നുണ്ടു്. അതായിരുന്നു തന്റെ പണ്ടത്തെ ചങ്ങാതി ഹേമാംഗൻ. ഭാസ്കരൻ ക്ഷണം, പരുക്കേറ്റ അയാളുടെ കൈ എടുത്തു് നാഡി പിടിച്ചുനോക്കി.

ഭാസ്കരൻ:
എന്തുണ്ടായി. ഈ ആപത്തു് എങ്ങിനെ പറ്റി.

മെലിഞ്ഞുടഞ്ഞ ആൾ തന്റെ തൊണ്ട വെടിപ്പാക്കി. “ഇതു് ഒരു ആപത്തല്ല. (തടിച്ചിയെ ചൂണ്ടിക്കാണിച്ചിട്ടു്) അതാ എന്റെ അമ്മായി രാജമ്മ. അവരോടു് ചോദിച്ചാൽ എല്ലാം അറിയാം. അവർ എന്നെ കൂട്ടിക്കൊണ്ടു് വരാൻ എന്റെ “ലോഡ്ജിൽ” ഇപ്പഴാണു് വന്നതു്. ഭാഗ്യവശാൽ അവിടെ എത്തിയ കൺസ്റ്റബിൾ ഹരീശനും എന്റെകൂടെ ഉണ്ടായിരുന്നു. ഇതു് ഒരു കൊലയാണു്?

ഭാസ്കരൻ:
എന്തു്? ഹേമാംഗനെ ഒരാൾ കൊന്നു എന്നോ?

തന്റെ സ്നേഹിതനായിരിക്കും എന്നു് ഇതുവരെ വിചാരിച്ചുപോന്നിരുന്ന ഹേമാംഗന്റെ സമീപത്തിൽ നിന്നിരുന്ന ഭാസ്കരൻ ഒന്നും മിണ്ടാതെ തെല്ലൊന്നാലോചിച്ചു്, രാജമ്മയെ ഒന്നു് വല്ലാതെ നോക്കി. അവൾ ചുണ്ടും കടിച്ചു് ഊരയ്ക്കു് കയ്യും കൊടുത്തു് ആരുടെ മേലെ ചാടിവീഴണം എന്ന പകയോടെ ചുറ്റും നോക്കിയിരുന്നു.

രാജമ്മ:
(ഒരിമാതിരി തൃപ്തിയോടെ) ഇതു് ഒരു കൊലയാണു് എന്നതിന്നു് സംശയമില്ല. നാലഞ്ചാഴ്ചയിൽ അധികമായി എന്നു് തോന്നുന്നു ഹേമാംഗൻ മൂപ്പർ ഒന്നിച്ചുകൊണ്ടുവന്ന ഒരു ചെറുപ്പക്കാരത്തിപ്പെണ്ണു് ഇവിടെ താമസമാക്കീട്ടു്. ഇന്നു് ഉച്ചതിരിഞ്ഞതിൽ പിന്നെയാണു് മൂപ്പർ അവളെ വിവാഹം കഴിച്ചതു്. അവളാണു് കോണിപ്പടിയുടെമേലെ അറ്റത്തിൽനിന്നു് അയാളെ ചോടെ തള്ളിയിട്ടതു്. അയാളെ കൊന്നാൽ സ്വത്തൊക്കെ തനിക്കു് കിട്ടുമെന്നു് അവൾ നിശ്ചയമായും കരുതീട്ടുണ്ടായിരിക്കും.
ഭാസ്കരൻ:
(ഞെട്ടിപ്പോയിട്ടു്) തള്ളി വീഴ്ത്തുന്നതു് നിങ്ങൾ കണ്ടോ?
രാജമ്മ:
(ഞെളിഞ്ഞു് നിന്നിട്ടു്) എന്റെ സ്വന്തം കണ്ണു കൊണ്ടു് കണ്ടു. ഹേമാംഗൻ മൂപ്പർ അവരെ വിവാഹം ചെയ്തതു് ഞാൻ അറിഞ്ഞിരിക്കയില്ല എന്നാണു് അവർ വിചാരിച്ചതു്. അവർ ഒന്നും ആരോടും പറയാതെ കഴിച്ചുകൂട്ടി. എങ്കിലും ഞാൻ അതു് അറിഞ്ഞുവശായി. കാര്യം ഇപ്രകാരം കലാശിച്ചതിൽ എനിക്കു് വലിയ അത്ഭുതം ഉണ്ടായില്ല. ധനത്തെപ്പറ്റി എന്തു് ഭയങ്കര കാര്യങ്ങൾ കേട്ടാലും എനിക്കു് വിശ്വസിപ്പാൻ ശങ്ക ഉണ്ടാകയില്ല. വിവാഹം കഴിക്കുംമുമ്പേ, വിവാഹം കഴിക്കാൻ പോകുന്ന ആളുടെ കൂടെ വന്നു് താമസിക്കുക. നാണവും മാനവും ഇല്ലാത്തവൾ!

ഒരു വിശ്വസിക്ക വയ്യെന്നു് സൂചിപ്പിക്കുന്ന ശബ്ദം ഭാസ്കരൻ ഉണ്ടാക്കി.

ഭാസ്കരൻ:
ധനമൊ? അതുതന്നെയാണു് അവളുടെ പേരെന്നു് നിങ്ങൾക്കു് നിശ്ചയമുണ്ടോ! അവൾ ഇപ്പോൾ എവിടെ ഉണ്ടു്.

ഹാളിന്റെ ഇരുണ്ട നിഴലിൽ എങ്ങാനും അവൾ പതുങ്ങിയതായിരിക്കുമോ എന്ന ഭാവത്തിൽ ഭാസ്കരൻ ചുറ്റും നോക്കി. രാജമ്മ പുച്ഛഭാവത്തോടെ മൂക്കിൻതുളകൾ വീർപ്പിച്ചു.

രാജമ്മ:
സാറെ! അവൾ ഓടിപ്പോയി. ഞാൻ സഹായത്തിന്നുവേണ്ടി ലോഡ്ജിൽ പോയി എന്റെ മരുമകനെ വിളിച്ചുകൊണ്ടുവന്നു. ധനത്തെ കാത്തുനില്പാൻ വീട്ടിൽ വേറെ ആരും ഉണ്ടായില്ല. ഞാൻ പോയ തഞ്ചത്തിന്നു് അവൾ മണ്ടിക്കളഞ്ഞു.

“അവൾ വളരെ ദൂരം എത്താറായിട്ടില്ല” ഇങ്ങിനെ കൺസ്റ്റബിൾ തന്റെ വകയായി ഒന്നാമതായി സംസാരിച്ചു. “അവളെ പിടിക്കാൻ കിട്ടും. സംശയമില്ല. സാറേ! നിങ്ങളുടെ കാറിൽ എന്നേയുംകൂടെ കൊണ്ടുപോയാൽ ഞാൻ അധികാരസ്ഥന്മാർക്കു് അറിവുകൊടുക്കാം. ഇൻസ്പക്ടർ വരുംവരെ ശവം അവിടെത്തന്നെ ഇരിക്കട്ടെ എന്നു് വെയ്ക്കുന്നതാണു് നല്ലതു്.”

പരിക്കേറ്റു് കിടക്കുന്ന മനുഷ്യനെ പിന്നേയും ഭാസ്കരൻ പരിശോധിച്ചു.

ഭാസ്കരൻ:
ഇയ്യാൾ മരിച്ചിട്ടില്ല കോൺസ്റ്റബിളെ! അദ്ദേഹത്തിന്റെ നാഡി മന്ദമായിട്ടെങ്കിലും തുടിച്ചുകൊണ്ടിരിക്കുന്നുണ്ടു്. നാം ഇപ്പോൾ ചെയ്യേണ്ടതു് കഴിയുന്ന വേഗത്തിൽ ഒരു ഡോക്ടരെ വിളിക്കുകയാണു്. അല്ലെങ്കിൽ ഒരു ആസ്പത്രിയിൽ ഇയ്യാളെ എടുത്തുകൊണ്ടു് പോകയാണു്.

അയാൾ എഴുന്നേറ്റുനിന്നു. അപ്പോൾ കാറ്റുതട്ടിയ കപ്പലിന്റെ പായപോലെ ചില ശബ്ദം മുറിയിലെ ഇരുട്ടടിച്ച മേൽഭാഗത്തിൽനിന്നു് കേട്ടുതുടങ്ങി. അതേസമയത്തുതന്നെ എന്തൊ ഒന്നു് അയാളുടെ പിരടിക്കു് ഊക്കോടെ വന്നടിച്ചു. അയാൾ തന്നാലെ ഒന്നു് ഞെട്ടിപ്പോയി.

എന്നാൽ ഒരു നിമിഷത്തിന്നുള്ളിൽ അയാളുടെ ബുദ്ധി നേർക്കുവന്നു. “അതെന്തായിരുന്നു” എന്നു് അയാൾ മറ്റുള്ളവരോടു് ചോദിച്ചു.

കൺസ്റ്റബിൾ:
ഒരു കടവാതിലാണു് സേർ—ഇത്ര വലിയ കടവാതിലിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇതെങ്ങിനെ ഇവിടെ കടന്നുകൂടി എന്നാണു് ഞാൻ ആലോചിക്കുന്നതു്.

രാജമ്മ ഒന്നും മിണ്ടിയില്ല. എന്നാൽ അവളുടെ മുഖം മുന്നേത്തേതിലും ഒന്നു് ചീർത്തു. ഭാസ്കരൻ ഹേമാംഗനെ കൂട്ടിപ്പിടിച്ചു് എടുത്തു് ഒരുവിധേന ഹാനിഒന്നും തട്ടാതെ തന്റെ കാറിൽ കൊണ്ടുവന്നു കിടത്തി.

ഹേമാംഗന്നു് രോഗം മാറുമോ! അല്ല അയാൾ മരിച്ചു പോകുമോ? എന്നു് ആർ കണ്ടു? അച്ഛന്റെ മരണശയ്യാന്തികം വിട്ടതിൽപിന്നെ ഹേമാംഗന്റെ മരണശയ്യാന്തികത്തിലും ഭാസ്കരൻ എത്തി. രണ്ടാൾക്കും അത്യാഹിതം നേരിട്ടതു് ധനം ഹേതുവായിട്ടുതന്നെ.

ഭാസ്കരൻ പല്ലുകടിച്ചു. ഇതാണു് ഉത്തരമായിട്ടു് തന്റെ അച്ഛന്നു് കൊണ്ടുകൊടുക്കേണ്ടുന്ന വർത്തമാനം. ധനം മറ്റൊരു പുരുഷന്റെ ഒന്നിച്ചു് പാർക്കുക അയാളെ വിവാഹം കഴിക്കുക. അല്ലെങ്കിലൊ, തന്റെ വിവാഹം റദ്ദാക്കാൻ കൊടുത്ത ഹരജി വിചാരണചെയ്യാതെ നിലവിൽ നില്ക്കുന്നുമുണ്ടു്. ഇങ്ങിനെ വിവാഹം ചെയ്ത ഉടനെ ഭർത്താവിനെ കൊല്ലുവാൻ നോക്കുക. ആനന്ദവല്ലി! ധനം! ഭാസ്കരന്റെ ഹൃദയം മടുത്തു. ജീവിതം ഒരു ഭാരമായി. എല്ലാംകൂടി ചാരിത്രശുദ്ധിയും സത്യതല്പരതയും പരിപാലിച്ചുപോരുന്ന ഒരു പെണ്ണു് സ്ത്രീലോകത്തിൽ ഇല്ലെന്നോ!

കാർ ഒരു ഗ്രാമത്തെരുവിൽ എത്തി. കൺസ്റ്റബിൾ ഭാസ്കരന്റെ ചുമൽ ഒന്നു് തൊട്ടു് “ഡോക്ടർ ജീവന്റെ ഭവനം ഇതാണു് സാറെ! ഹേമാംഗനെ എടുത്തു് ഉള്ളിൽ കൊണ്ടുപോവാൻ സഹായത്തിന്നു് ഞാനുംകൂടാം. എന്നിട്ടു് ഞാൻ പോലീസ് ഇൻസ്പക്ടരെ വിളിച്ചുകൊണ്ടുവരാൻ പോകാം. ആ തരുണിയുടെ ശരിയായ ഒരു വിവരണം നമുക്കു് നാടോടെ പരത്തേണ്ടതും ഉണ്ടു്. ഒട്ടും താമസിക്കാൻ പാടില്ല” എന്നു് പറഞ്ഞു.

ഒരു രസിക്കാത്ത ഭാവം ഭാസ്കരനെ ആകുലനാക്കി. ധനം തെണ്ടിപ്പെണ്ണു്! കള്ളത്തി!—കൊലക്കുറ്റക്കാരത്തി ആവാൻ പോണവൾ! രാജമ്മ കണ്ടു എന്ന നിലയിൽ ധനത്തെ കുറ്റപ്പെടുത്തിപ്പറഞ്ഞുകഴിഞ്ഞു. എന്നാലുംകൂടി ഭാസ്കരൻ ഹേമാംഗനേയും എടുത്തു് ഡോക്ടരുടെ വീട്ടിലെ നടയിൽകൂടെ പോകുമ്പോൾ അയാൾക്കു് സ്വപ്നത്തിൽ എന്നപോലെ ചില സംഗതികൾ മനസ്സിൽ ഉദിച്ചു. വില്ലൂസ്പോലെ മൃദുവായ മെയ്യിൽവീണ ദീപപ്രഭ—ആവേശവും സങ്കടവും സ്ഫുരിപ്പിച്ച ആ രണ്ടു് കണ്ണുകൾ, കരിങ്കാറിൽനിന്നു് മിന്നൽ പുറപ്പെട്ടപോലെ തിളങ്ങുന്നവറ്റ—അങ്ങിനെയെല്ലാമിരിക്കുന്ന ധനത്തെ പോലീസ് ബന്തോവസ്സിൽ വെയ്ക്കുകയോ! അയാൾ അവളെ അങ്ങിനെ വരുത്താനല്ലെ ശ്രമിക്കുന്നതു്.

കണ്ടുമുട്ടൽ

എല്ലാ കാബൂളികളും അവിടുന്നു് പത്തുനാഴിക അകലെയുള്ള ഒരു ചന്തസ്ഥലത്തു് കെട്ടും ഭാണ്ഡവും എടുത്തു് കടന്നുപോയി. വൃദ്ധ സാറയുടെ മഞ്ഞ ഭവനംമാത്രം ആ തുറസ്സു് സ്ഥലത്തു് നില്ക്കുന്നതു് കണ്ടു. ധനം ഒന്നാമതു് അതു് കണ്ടതു് വെള്ളികീറിവരുന്ന ശീതളമായ ഒരു പ്രഭാതത്തിലാണു്. അവളുടെ വീടും അവളുടെ മകന്റെ വണ്ടിയും ആയിരുന്നു അവൾ കണ്ടതു്. എന്നാൽ സാറ താനും ചെറുപ്പക്കാരനായ കാബൂളിയും എവിടെയോ പോയിരുന്നു. രാത്രി വളരെ ചെന്നാലെ അവർ മടങ്ങിവരികയുള്ളു. എന്നാൽ വൃദ്ധ പോകുന്നതിന്നുമുമ്പേ, ഒരു ദീർഘനിദ്രയും കഴിഞ്ഞു് ധനം ഉണർന്നിരുന്നു. പോകുമ്പോൾ വൃദ്ധ ധനത്തോടു് ഇങ്ങിനെ പറഞ്ഞിരുന്നു. “നീ ഈ വീട്ടിൽതന്നെ ഇരുന്നു് ക്ഷീണം തീർക്കുക. നിണക്കു് ചുറ്റിനടക്കുന്നതു് നന്നല്ല. നിണക്കു് അഴകു് ജാസ്തിയായിപ്പോയി. ഞങ്ങളുടെകൂടെ വന്നാൽ കണ്ണുകൊൾകയോ മറ്റുവല്ല ആപത്തു് നേരിടുകയോ ചെയ്യും. അങ്ങിനെയാണു് എന്റെ മകൻ പറഞ്ഞതു്. ഇക്കൂട്ടത്തിൽ അവനാണു് പ്രമാണി. അവൻ പറയുമ്പോലെ എല്ലാവരും കേൾക്കും.

ഒടുവിൽ വീട്ടിന്റെ ഉള്ളിൽ ഒളിച്ചിരുന്നുകൊള്ളാമെന്നു് ധനം അവരോടു് വാഗ്ദത്തംചെയ്തു. അവളുടെ കാര്യമാണെങ്കിൽ പാർപ്പാൻ വീടുമില്ല—കയ്യിൽ കാശുമില്ല. ഈ കാബൂളികൾ അവളോടു് വളരെ ദയ കാണിച്ചിട്ടുണ്ടു്. കാട്ടിലെ ഏകരീതിമയവും നിശ്ശബ്ദവുംകൊണ്ടു് ദീർഘിച്ചുപോയതും ആയ നാളുകൾ കഴിച്ചുകൂട്ടാൻ അവൾക്കു് വളരെ പ്രയാസം നേരിട്ടു. തലേദിവസംപോലെതന്നെ പകൽ നല്ല ചൂടുണ്ടായിരുന്നു. ധനത്തിന്നു് ചുറ്റും ഉണ്ടായിരുന്ന ശീതോഷ്ണസ്ഥിതിയും തന്റെ തല്ക്കാലമനസ്ഥിതിയും കണ്ടിട്ടു് എന്തോ ഒരു വലിയ കാര്യം സംഭവിപ്പാൻ പോകുന്നുണ്ടെന്നു് ഒരു മുന്നറിയിപ്പു് അനുഭവമായി. സൂര്യപ്രകാശം മരങ്ങളുടെ ഇടയിൽക്കൂടെ വീണിട്ടു് ചിലേടത്തു് വെള്ളിനാണ്യങ്ങൾ വേറിയപോലെ ഒരു പടംവരച്ചു. ആ സമയത്തു് അവൾ ഒരേടത്തു് അടങ്ങിക്കൂടി. ഒരു കാര്യത്തെപ്പറ്റി ഒരു സ്ഥിരപ്രജ്ഞ അവൾക്കു് ഉണ്ടായിരുന്നില്ല. അവൾ വളരെ ക്ഷീണിച്ചുപോയിരുന്നു. ദേഹത്തിന്നു് മാത്രമല്ല മനസ്സിന്നും തളർച്ചപിടിച്ചു് പോയിരുന്നു. അവൾക്കു് തലചുറ്റിയിരുന്നു.

കുറേ കഴിഞ്ഞപ്പോൾ ചുറ്റുവട്ടത്തിലുണ്ടായിരുന്ന സൂര്യവെളിച്ചത്തിന്നും ഒരു മയക്കം നേരിട്ടു. ആകാശത്തിന്നു് ഒരു കട്ടിപ്പും മഞ്ഞനിറവും വന്നുകൂടി. അവളുടെ ഹൃദയത്തിൽ എന്തോ ഒരു വിചാരം ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. ഇവിടെ നിശ്ശബ്ദമായും ചിന്താമഗ്നയായും വളരെ നേരം കിടന്നാൽ അവൾക്കു് ഭ്രാന്തുപിടിച്ചുപോകുമെന്നു് തോന്നി. ധനം ചാടി എഴുന്നേറ്റു് ആ വീട്ടിന്റെ മേൽത്തട്ടിൽനിന്നു് ചോടെ ഇറങ്ങിവന്നു. വരമ്പത്തുചെന്നു് വൃക്ഷത്തണലിൽ നിന്നിട്ടു് പിടിച്ചമർത്തുംപോലെയുള്ള ഒരു അനുഭവം അവളെ തീരെ വെടിഞ്ഞില്ല. അവൾ ഇന്നേടത്തെന്നില്ലാതെ നടന്നുതുടങ്ങി. എവിടേയ്ക്കാണു് പോകുന്നതു് എന്ന നിശ്ചയം ഇല്ലായിരുന്നു. എങ്കിലും വഴി അവൾക്കു് നിശ്ചയമില്ലായിരുന്നു. അവളുടെ അറിവിന്നും ഇഷ്ടത്തിന്നും എതിരായി അദൃശ്യമായ ഒരു കാന്തശക്തി അവളെ വലിച്ചുകൊണ്ടുപോകുംപോലെ തോന്നി. അപ്പോൾ പെട്ടെന്നു് അവളുടെ വളരെ അടുത്തായി വേദനകൊണ്ടു് ആരോ ഞെരുങ്ങുന്ന ഒരു ശബ്ദംകേട്ടു. അവൾ ഉടനെ നിന്നു്, ചഞ്ചലഭാവത്തോടെ നാലുപുറത്തും നോക്കി. പെട്ടെന്നു് രോമംനിറഞ്ഞു് കരിഞ്ചുകപ്പായ എന്തോ ഒന്നു് വേദനകൊണ്ടു് ഉറക്കെക്കരയുന്നതു് അവൾ കണ്ടു.

തലേന്നുരാത്രി അവൾ എന്നപോലെ അതും കത്രിക്കെണിയിൽ പെട്ടുപോയി. ഈ ചെറിയ ജന്തുവോടു് തല്ക്കാലം ഉണ്ടായ അനുകമ്പമൂലം ധനം തന്റെ കുഴപ്പങ്ങൾ ഒക്കെ മറന്നു. ആ ചെറു ജന്തുവെ കെണിയിൽനിന്നു് വിടുത്താൻവേണ്ടി ഓടിച്ചെന്നപ്പോൾ, അവൾ എത്തിയതു് ആലോചിയാതെ ഒരു വലിയ റോഡിന്റെ വക്കത്താണെന്നു് കണ്ടു.

ആ ഭയങ്കര ഇരിമ്പണ്ണികളെ വലിച്ചു് തുറക്കുന്നതു് ഒരു എളുപ്പപ്രവൃത്തി ആയിരുന്നില്ല. അതിൽ കെണിഞ്ഞിരുന്ന മുയൽ ഭയംകൊണ്ടു് തുള്ളിച്ചാടിപ്പിടിച്ചിരുന്നു—ആ ചെറിയ ജന്തുവിന്റെ ഭയവും വേദനയും കണ്ടപ്പോൾ ധനത്തിന്നു് അത്യന്തം സങ്കടം ഉണ്ടായി.

“ഞാനും സഹായത്തിന്നു് വരട്ടെയോ” എന്നു് പിന്നിൽ നിന്നു് ഒരു ചോദ്യം കേട്ടു. ഒരു മുയിഡ്കോട്ടു് ധരിച്ച വിഗ്രഹം, തന്റെ അടുക്കെ കുനിഞ്ഞുനിന്നു് അവളുടെ കൈ യന്ത്രത്തിൽനിന്നു് വിടുത്തി, അയാളുടെ മാംസപേശികൾ നിറഞ്ഞ ശക്തിയുള്ള കൈകൾ ആ സ്ഥാനത്തു് കൊണ്ടുവെയ്ക്കുന്നതു് ധനത്തിന്നു്, അനുഭവമായി. അയാളുടെ ഒരു വിരലിന്മേൽ ഒരു പരുക്കിന്റെ പാടു് ഉണ്ടായിരുന്നു. ആ ചെറിയ കല, ധനം തുറിച്ചുനോക്കി. അവൾക്കു് തിരിഞ്ഞു് അദ്ദേഹത്തിന്റെ മുഖം നോക്കാൻ പാടുണ്ടായിരുന്നില്ല. അവളുടെ ഹൃദയം കഠിനമായി തുടിച്ചു. അവളുടെ സപ്തനാഡിയും തളർന്നു.

“അതാ? ഈ സാധു ജന്തു! ഇതിന്നു് കഠിനമായ പരുക്കൊന്നും ഏറ്റിരുന്നില്ല!” എന്നു് അവളുടെ അടുക്കെനിന്നു് പറഞ്ഞു് മുയലിനെ ഒരു വിധേന ഇളക്കിവിട്ടു. മുയൽ ക്ഷണത്തിൽ ഒരു പൊന്തയിലേയ്ക്കു് ചാടിപ്പോയി ഒളിച്ചു. അയാൾ ഒന്നാമതായി തിരിഞ്ഞുനിന്നു് അവളുടെ മുഖത്തു് നോക്കിയതു് ആ സമയത്താണെന്നു് ധനത്തിന്നു് മനസ്സിലായി. അയാളുടെ നോട്ടം സഹിക്കാൻ പാടില്ലാത്ത അവൾ ശ്വാസം ഒതുക്കിനിന്നു.

അയാൾ:
(ഉച്ചത്തിൽ) ധനമോ?

അതുകേട്ടപ്പോൾ അവൾ എഴുന്നേറ്റുനിന്നു് അയാളുടെ മുഖത്തുനോക്കി. മുയലിന്റെ സങ്കടം കണ്ടിട്ടു് തന്റെ കണ്ണിൽനിന്നു് പൊട്ടിയ വെള്ളം കവിളിൽകൂടെ ഒലിച്ചുതാണ വിവരം അപ്പോൾ അവളോടു് ഓർമ്മ വിട്ടുപോയിരുന്നു.

ധനം:
(കിതച്ചുകൊണ്ടു്) ഭാസ്കരനോ! നിങ്ങൾ ഇവിടെ വരാൻ കാരണം എന്തുണ്ടായി.

അവൾ വളരെ മെലിഞ്ഞു്, വളരെ അസന്തുഷ്ടയായി വളരെ ശോചനീയമായ അവസ്ഥയിൽ ആയിരുന്നു. അദ്ദേഹത്തിലെ ഒരു കമ്പി അവൾക്കു് അനുകൂലമാകും വിധത്തിൽ സ്പന്ദിച്ചു. അയാൾക്കു് അവളെ കെട്ടിപ്പിടിക്കണം എന്നു് തോന്നി. അവളുടെ രക്ഷാകർത്താവായി നില്ക്കണം എന്നും തോന്നി. അയാൾ ദേഹം ഒന്നു് കുലുക്കി.

ഭാസ്കരൻ:
(മന്ദമായി) പോലീസുകാർ നിന്നെ നോക്കി നടക്കുന്നുണ്ടെന്ന വിവരം നിണക്കുണ്ടോ? നീ ഹേമാംഗനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണു് അവർ പറയുന്നതു്.

അവൾ കൈകൾ നെഞ്ഞത്തു് കൂട്ടിവെച്ചു.

ധനം:
(വരണ്ട ചുണ്ടോടെ) അതു് സത്യമല്ല.

ഭാസ്കരൻ പിന്നേയും തന്റെ ദേഹം ഒന്നു് കുലുക്കി “എന്നാൽ അയാളുടെ ഒന്നിച്ചു് ആ വീട്ടിൽ നീയും ഉണ്ടായിരുന്നല്ലൊ. പോരാഞ്ഞിട്ടു് വളരെ നാളോളം നീ അവിടെത്തന്നെ ആയിരുന്നല്ലൊ. (ഘനഭാവത്തോടെ) ഇന്നലെ നിന്നെ വിവാഹം ചെയ്വാൻ നീ അയാളെ നിർബ്ബന്ധിച്ചു.”

ധനം:
(അദ്ദേഹത്തിന്റെ കയ്യുടെ മേൽഭാഗം പിടിച്ചിട്ടു്) ഇല്ല—ഇല്ല—ഇല്ലതന്നെ. കാര്യത്തിന്റെ യഥാർത്ഥം അങ്ങിനെയായിരുന്നില്ല. അങ്ങുന്നേ! നിങ്ങൾ അതു് കേൾക്കേണ്ടതാണു്. കേൾക്കാതെ നിവൃത്തിയില്ല. കാര്യം കഴിഞ്ഞു് കൂടിയതു് നിങ്ങൾ വിചാരിക്കുന്ന വിധത്തിലല്ല. നിങ്ങളുടെ അച്ഛന്റെ ഭവനത്തിന്റെ ഉമ്മറത്തു്, അന്നത്തെ ദിവസം രാവിലെ ഞാൻ നില്ക്കുന്നതു് കണ്ടപ്പോളാണു് ഹേമാംഗൻ “നിങ്ങളുടെ ഹരജി വിചാരണ കഴിഞ്ഞു എന്നും, നമ്മുടെ വിവാഹം റദ്ദാക്കി വിധി ഉണ്ടായെന്നും മേലാൽ നിങ്ങളെപ്പറ്റി ഒരിക്കലും ആശ്രയഭാവം പാടില്ലെന്നും എന്റെ ശമ്മലിൽനിന്നു് നിങ്ങൾ കേവലം മുക്തനായതുകൊണ്ടു് ആനന്ദപരവശനായിട്ടുണ്ടെന്നും, അവിടെ നിന്നിട്ടു് ഒരു കാര്യവുമില്ലെന്നും പറഞ്ഞിട്ടു് എന്നെ കൂട്ടിക്കൊണ്ടു് പോയതു്.
ഭാസ്കരൻ:
(ഉച്ചത്തിൽ) ഹേമാംഗൻ നിന്നോടു് അങ്ങിനെ ഒക്കെ പറഞ്ഞോ?
ധനം:
അയാളുടെ ഒപ്പമായിരുന്നു നിങ്ങൾ കോടതിയിൽനിന്നു് മടങ്ങിയതു്, അന്നു് രാവിലെ. എന്നിട്ടു് അയാൾ എന്നേയും കാറിലേറ്റി ഓടിക്കാൻ തുടങ്ങി. അങ്ങിനെ വളരെനേരം ഓടി. എവിടെയാണെന്നു് എനിക്കു് നിശ്ചയമുണ്ടായിരുന്നില്ല. നിങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോയപ്പോൾ എവിടെയായാലെന്താ എന്നനിലയാണു് എനിക്കുണ്ടായതു്. എന്നാൽ വിവാഹം റദ്ദായ സംഗതി ഓർത്തോർത്തു് ഞാൻ ബോധംകെട്ടുപോയി. വളരെ ദിവസം കഴിഞ്ഞതിൽപിന്നെയാണുപോലും എനിക്കു് ബോധംവീണതു്. ആ പഴയ ഈ വീട്ടിലാണു് എന്നെ കൊണ്ടുവന്നു് കിടത്തിയതു്. എന്റെ ശുശ്രൂഷയ്ക്കു് ഒരു നേർസിനെയും നിയമിച്ചിരുന്നു. ആ വീടു് അയാളുടേതാണു്. നേർസിനെ വിളിച്ചു് ചോദിച്ചാൽ നിങ്ങൾക്കു് സകല വിവരവും മനസ്സിലാകും. അതിൽപിന്നെ അയാൾ എന്നോടു് അയാളെ വിവാഹം ചെയ്യാൻ പറഞ്ഞു. എനിക്കു് ഗർഭമായിരുന്നതുകൊണ്ടും കുട്ടിക്കു് അച്ഛനില്ലെന്ന നില എത്തിച്ചേരുന്നതുകൊണ്ടും (സങ്കടംകൊണ്ടു് ഇടറിക്കൊണ്ടു്) ഞാൻ അതിന്നു് വഴിപ്പെടേണ്ടിവന്നു. ഇന്നലത്തെ രാത്രി അയാൾ ഒരു അപായത്തിൽ പെട്ടതാണു്. (അന്നു് കഴിഞ്ഞകാര്യങ്ങൾ ഒക്കെ അവൾ വിസ്തരിച്ചുപറഞ്ഞു.) അയാൾ എന്നേയും എടുത്തു് മേലെത്തട്ടിൽ കൊണ്ടുപോയി. മെഴുത്തിരി ഹാളിൽ ആയിരുന്നതുകൊണ്ടു് പോകുന്നവഴി കൂരിരുട്ടായിരുന്നു. എന്തോ ഒന്നു് അയാളുടെ മുഖത്തുവീണു് അടിച്ചു, അയാളുടെ ആയംതെറ്റി അയാൾ ചോടെ വീണു. അയാളെ സംഭ്രമിപ്പിച്ചതു് ഒരു കടവാതിലാണെന്നു് പിന്നെ എനിക്കു് മനസ്സിലായി. ഞാൻ അയാളെ ഒന്നും ചെയ്തിട്ടില്ല. ഞാൻ എങ്ങിനെ ചെയ്യും. നിങ്ങൾ എങ്കിലും ഞാനാണു് ചെയ്തതു് എന്നു് വിശ്വസിക്കാതിരുന്നാൽ മതി.

മരത്തണലിൽനിന്നു് ഭാസ്കരൻ അവളേയും നോക്കി. പുതിയ ചില വികാരങ്ങൾ അയാളുടെ മനസ്സിൽ പൊന്തിത്തുടങ്ങി. ഹേമാംഗൻ, ഭാസ്കരൻ കൊടുത്ത ഹരജിയുടെ വിചാരണ കഴിഞ്ഞുപോയി എന്നാണു് അവളെ ധരിപ്പിച്ചതു്. അതിനെപ്പറ്റിയും തനിക്കുണ്ടാവാൻ പോകുന്ന കുട്ടിയെപ്പറ്റിയും ഹേമാംഗൻ അവളെ തെറ്റിദ്ധരിപ്പിച്ചു് ചതിക്കുകയാണു് ചെയ്തതു്. അദ്ദേഹം അവളുടെ മുഖത്തു് നോക്കിയപ്പോൾ അവൾ പറഞ്ഞതൊക്കെ പരമാർത്ഥമായിരിക്കണം എന്നു് അദ്ദേഹത്തിന്റെ ഉള്ളിൽനിന്നുതന്നെ ഒരു ബലമായ തോന്നൽ ഉണ്ടായി. എന്തുകൊണ്ടെന്നാൽ പരമാർത്ഥം തന്റെ അച്ഛൻ അറിഞ്ഞിട്ടുണ്ടായിരിക്കണം എന്നു് അയാൾക്കു് ബോദ്ധ്യമായി. ഭാസ്കരൻ, ഹേമാംഗനോടു് തോന്നിയ ക്രോധം ഒതുക്കേണ്ടിവന്നതിൽ തന്റെ പല്ലുകൾ കടിച്ചു. ജഗദീശ്വരാ! അദ്ദേഹം ധനത്തോടു് എന്താണു് കാണിച്ചതു്? അയാൾ എന്തൊരു നായുംനീചനുമായ്പോയി!

ധനം:
(മന്ദവും ക്ഷീണവും ഭാവത്തോടെ) നിങ്ങൾ എന്നെ വെടിഞ്ഞുകളവാൻ ഭാവിക്കുന്നുണ്ടോ? ഇതൊക്കെ എന്നെ തിരഞ്ഞു് നടക്കുന്നവരോടു് ഒളിച്ചുവെക്കത്തക്ക ശക്തി ഇനിയും എനിക്കുണ്ടെന്നു് തോന്നുന്നില്ല. (അവളുടെ ഒടുവിലത്തെ വാചകം ഒരു കരയുന്ന ഏങ്ങലിലാണു് കലാശിച്ചതു്.)

അവളെ ദ്രോഹിച്ചവരോടു് കോപവും ക്രൗര്യവും അയാൾക്കുണ്ടായി.

ഭാസ്കരൻ:
നിന്നെ വെടിയുകയൊ? ഒരിക്കലും ഇല്ല. ഞാൻ നിന്നെ വേണ്ടുംപോലെ കൊണ്ടുനടക്കാൻ എന്റെ വീട്ടിലാണു് കൂട്ടിക്കൊണ്ടു് പോകുന്നതു്. ധനം! നീ ശ്രദ്ധവെച്ചു് കേൾക്ക. ഹേമാംഗൻ നിന്നോടു് പറഞ്ഞതൊക്കെ ശുദ്ധ കളവാണു്. എന്റെ ഹരജി ഇനിയും വിചാരണയ്ക്കു് വന്നിട്ടില്ല. അതു് മറ്റൊരു തിയ്യതിക്കു് നീട്ടിവെയ്ക്കുകയാണു് ചെയ്തതു്. ഞാൻ അതു് പിൻവലിക്കാനാണു് ഭാവം. അതുകൊണ്ടു് നീ എന്റെ ഭാര്യയാണു്. നീ എന്റെ ഭാര്യയാണെങ്കിലുംകൂടി എല്ലാ വീഴ്ചകളും ശരിപ്പെടുത്തുവാൻവേണ്ടി നമുക്കു് ഒരു വിവാഹംകൂടി നടത്തിക്കളയാം. അതൊക്കെ ഇരിക്കട്ടെ. നീ എന്റെ ഭാര്യതന്നെയാണു്, വിശ്വസിച്ചുകൊൾക. ഞാൻ നിനക്കു് വേണ്ടുന്ന സഹായസഹകരണങ്ങൾ ചെയ്വാൻ അടുക്കെത്തന്നെ ഉണ്ടു്. എന്റെകൂടെ ഇപ്പോൾ വാ. എന്റെ കാർ റെഡിയായി നില്ക്കുന്നുണ്ടു്.

അവളെ അവിടുന്നു് കൊണ്ടുപോവാൻവേണ്ടി ഭാസ്കരൻ അവളുടെ കൈപിടിച്ചു. സന്തോഷത്തോടെ കാറിൽ കടന്നിരിപ്പാൻ ഭാവിച്ച ധനത്തിന്റെ വായിൽനിന്നു് “ഭാസ്കരാ! കാലം വൈകിപ്പോയി. എന്നെ പിടിച്ചുകൊണ്ടു പോവാൻ പോലീസ് വരുന്നതു് കണ്ടോ” എന്ന വാക്കുകളാണു് വീണതു്.

ഭാസ്കരന്റെ ശ്വാസം കുറേ നേരത്തേയ്ക്കു് അടഞ്ഞുപോയി. അയാൾ തിരിഞ്ഞുനോക്കിയപ്പോൾ ഒരു കൺസ്റ്റബിൾ അയാളുടെ അടുക്കെ നില്ക്കുന്നതു് കണ്ടു. ധനത്തിനെ പിടിപ്പാൻ വേണ്ടിയായിരിക്കും. അവളെ ഭാസ്കരൻ കുറേക്കൂടി മുറുകെപിടിച്ചു. ആ സമയത്തു് പെട്ടെന്നു് ഒരു രക്ഷാമാർഗ്ഗം അയാൾ കണ്ടു. ഒരു തടസ്ഥം നീങ്ങിപ്പോയപോലെയാണു് അയാൾക്കു് തോന്നിയതു്. അന്ധകാരത്തിൽവന്ന വെളിച്ചംപോലെ അയാൾക്കു് ഒരു ആശ്വാസം ഉണ്ടായി. ഈ തരുണി ദൈവമുഖേന അയാളുടെ ഭാര്യയാണു്. അവൾക്കു് പിറക്കാൻ പോകുന്ന കുട്ടിയും അയാളുടേതാണു്. അവൾക്കുവേണ്ടി മരിക്കുന്നവരെ പടവെട്ടാൻ അയാൾ ഒരുങ്ങി, അവളെ അത്ര വേഗം പോലീസുകാർ പിടിച്ചുകൊണ്ടു് പോവാൻ പാടില്ല.

പോലീസുകാർ അടുത്തുവന്നു് ഭാസ്കരന്നു് ഒരു മിലിട്ടറി സെല്യൂട്ട് കൊടുത്തു്, “ഭാസ്കരൻ സാറേ! നിങ്ങൾക്കു് തരാൻ ഞങ്ങളുടെ പക്കൽ ഒരു എഴുത്തു് ഏല്പിച്ചിട്ടുണ്ടു്” എന്നും പറഞ്ഞു് ലക്കോട്ടിൽ അടക്കം ചെയ്ത ഒരു എഴുത്തു് ഭാസ്കരന്റെ കയ്യിൽ കൊടുത്തു.

കൺസ്റ്റബിൾ:
സാറേ നിങ്ങൾ ഒരു വർത്തമാനം കേൾക്കുമ്പോൾ വ്യസനിക്കും.
ഭാസ്കരൻ:
എന്താണതു്?
കൺസ്റ്റബിൾ:
സാറേ! മിസ്റ്റർ ഹേമാംഗൻ ഇന്നു് രാവിലെ മരിച്ചുപോയി.
ഭാസ്കരൻ:
മരിച്ചുപോയോ!

തന്റെ അടുക്കെ നില്ക്കുന്ന ധനം മരയിച്ചുപോയപോലെ ഭാസ്കരന്നു് തോന്നി. അയാൾ അവളെ മുറുക്കെ പിടിച്ചു.

കൺസ്റ്റബിൾ:
മരിക്കുന്നതിന്നു് മുമ്പേ ഹേമാംഗന്നു് ഒരു ഭാഗ്യത്തിന്നു് സുബോധം ഉണ്ടായി. അയാൾ വീണതു് അബദ്ധംകൊണ്ടുമാത്രമാണെന്നു് അയാൾ വിവരിച്ചുതന്നു. ആ പെൺകുട്ടിയെ കുറ്റപ്പെടുത്തിപ്പറഞ്ഞ രാജമ്മയ്ക്കു് മിസ്റ്റർ ഹേമാംഗൻ, ഒരു മാസത്തിന്നുള്ളിൽ പിരിഞ്ഞുപോകണം എന്നു് നോട്ടീസ്സ് കൊടുത്തിരുന്നു. ഇവളാണു് ആ നോട്ടീസ്സിന്നു് കാരണം എന്നു് ആ തള്ള വിചാരിച്ചു. അതുകൊണ്ടുള്ള പകകൊണ്ടുമാത്രം ആ പെൺകുട്ടിയെ കുറ്റപ്പെടുത്തിപ്പറഞ്ഞതാണു്. ഒരു വലിയ കടവാതിൽ അയാളുടെ മുഖത്തു് വീണപ്പോൾ കാൽ ഇടറി അയാൾ ചോടെ വീണുപോയതാണു്. ആ ജന്തുവെ ഇന്നു് രാവിലെ ആ വീട്ടിൽവെച്ചു് ഞങ്ങൾ കണ്ടു. ഞങ്ങൾ അതിനെ കൊന്നു. ഒരു ഭയങ്കര വലിപ്പമുള്ള ജന്തു!

കൺസ്റ്റബിൾ ഒരു സെല്യൂട്ടുകൂടി കൊടുത്തു് മടങ്ങിയപ്പോൾ “ഈശ്വരൻ സഹായിച്ചു” എന്നു് ആശ്വാസത്തോടെ ധനം ഉച്ചത്തിൽ പറഞ്ഞു. ഭാസ്കരൻ കവർ പൊളിച്ചു് എഴുത്തു് പുറത്തെടുത്തു. എഴുതിയതു് പെൻസിൽകൊണ്ടായിരുന്നു. കൈവിറയലോടെ എഴുതിയ ഒരു അറിയിപ്പായിരുന്നു.

“ഭാസി! എന്റെ കഥ കഴിയാറായി. മരിക്കുംമുമ്പേ നിങ്ങൾ ചില വാസ്തവങ്ങൾ അറിയേണ്ടതുണ്ടു്. അബദ്ധത്തിൽ വീണുപോയതാണു്. പിന്നെ ഞാൻ ധനത്തെ വഞ്ചിച്ചു. നിങ്ങളുടെ വിവാഹം റദ്ദാക്കി കോടതിവിധിച്ചു എന്നു് അവളെ ധരിപ്പിച്ചു. ഞാൻ അവളുമായി നടത്തിയ വിവാഹം ഒരു കാട്ടിക്കൂട്ടിയ വിവാഹമായിരുന്നു. പാതിരിയായി അഭിനയിച്ചതു് ഒരു കള്ളക്കഴുവേറി ആയിരുന്നു. അതിന്നു് വഴിപ്പെടാൻവേണ്ടിതന്നെ ഞാൻ വളരെക്കളവുകൾ പറഞ്ഞു് അവളെ നിർബ്ബന്ധിക്കേണ്ടിവന്നു. അവളെ ഒരു കുറ്റവും പറവാനില്ല. അവൾക്കു്, പിറക്കാൻപോകുന്ന തന്റെ കുട്ടിയുടെ പേരു് രക്ഷിക്കണം എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾക്കു് സാധിക്കുമെങ്കിൽ എനിക്കു് മാപ്പുതരാൻ പറയണം. ഞാൻ വിചാരിക്കുന്നു, നിങ്ങളും പലകാര്യത്തിൽ അവളോടു് മാപ്പുചോദിക്കേണ്ടുന്ന ഒരാൾ തന്നെയാണു്. എന്നു് ഹേമൻ.

മാപ്പുചോദിപ്പാൻ വളരെ ഉണ്ടു് അല്ലെ! ഇത്രവളരെ തന്നോടു് മറ്റുള്ളവർ ചെയ്ത തെറ്റുകൾ, മാപ്പാക്കി മറന്നുകളവാനുണ്ടായിട്ടു് മറ്റൊരു തരുണി ഭൂമിയിൽ ജീവനോടെ ഉണ്ടോ? സുന്ദരിയും അനഘയും ആയ ധനം മറ്റുള്ളവരുടെ തെറ്റുകൊണ്ടും തെറ്റിദ്ധാരണകൊണ്ടും എത്രവളരെ സങ്കടാവശതകൾ സഹിക്കേണ്ടിവന്നു. എന്നാൽ ഇപ്പോൾ അവൾക്കു് ഉന്മേഷവും ഉണർച്ചയും വന്നുപോയി. ആ കരിമുടിയുടെ മുന്നിൽനിന്നു് അവളുടെ വെളുത്തമുഖം ചന്ദ്രനെപ്പോലെ വിളങ്ങി.

ധനം:
(ഒരു ദീർഘനിശ്വാസത്തോടെ) ഇനി ആപത്തൊന്നും വരാനില്ല. കാബൂൾക്കാരുടെ കൂട്ടത്തിലാണെങ്കിൽ അവിടെ പോവാനും എനിക്കു് വിരോധമില്ല.

അവൾ മടങ്ങിപ്പോവാൻ വേണ്ടിത്തിരിഞ്ഞു. എന്നാൽ ഭാസ്കരൻ അവളെ തന്റെ പാണിബന്ധനത്തിനുള്ളിലാക്കി. “ധനം! നീ പോവാൻ പാടില്ല. നീ എന്റെ ഭാര്യയാണു്. നീ എന്റെ സ്വന്തമാണു്. ഞാൻ നിന്നെ പ്രേമിക്കുന്നു. നിന്നെ എനിക്കു് വേണം. കഴിഞ്ഞതൊക്കെ മാപ്പാക്കി മറന്നുകളയൂ. നീ എന്റെകൂടെത്തന്നെ വരൂ. നീയില്ലാതെ എനിക്കു് ഒരു നിവൃത്തിയും ഇല്ല.

അവൾ വിശ്വസിക്കാൻ പ്രയാസമായ ഭാവത്തിൽ അവനെ ഒന്നുനോക്കി. അവളുടെ ഹൃദയം ആനന്ദത്തിൽ മുഴുകിയിരുന്നു എന്നു് അവളുടെ കണ്ണുകൾ വിളിച്ചുപറഞ്ഞു. അവൾക്കു് സന്തോഷാധിക്യംകൊണ്ടു് വാക്കുകൾ വ്യക്തമായി പുറത്തുവരാതായി. “നിങ്ങൾ എന്നെ പ്രേമിക്കുന്നു എന്നോ! അപ്പോൾ ആനന്ദവല്ലിയൊ!” എന്നുചോദിച്ചു.

ഭാസ്കരൻ:
(ദൃഢമായിട്ടു്) അങ്ങിനെ ഒരുത്തി എനിക്കില്ല. ആ ബന്ധം പാടെ മുറിഞ്ഞുപോയി. അവളിൽ പണ്ടൊരിക്കൽ ഞാൻ ഭ്രമിച്ചുപോയി എന്നുമാത്രം. അവൾ കാര്യങ്ങൾ വെളിച്ചത്തു് കാണ്മാൻ എന്നെ സമ്മതിക്കാത്ത ഒരു കൂരിരുൾ മാത്രമായിരുന്നു. ഇപ്പോൾ അവൾ ഇത്രയ്ക്കേ ഉള്ളു എന്നു് ഞാൻ മനസ്സിലാക്കിക്കഴിഞ്ഞു. അവൾ ഒരു തടസ്ഥമെന്ന നിലയിൽ മേലാൽ ഒരിക്കലും ബാധിക്കുന്നതല്ല. ധനമേ! നീ എന്നെ സ്വീകരിച്ചാൽ, എന്റെ സകല കുറ്റങ്ങൾക്കും നീ ഒരു പരിഹാരമാർഗ്ഗമായിത്തീരും. ധനം! ധനം! ഇതുവരെ നിന്നെ സംബന്ധിച്ചേടത്തോളം ഞാൻ ഒരു അന്ധനായിരുന്നു. ഇപ്പോൾ എന്റെ കണ്ണു് തുറന്നു. ഞാൻ പ്രേമിക്കുന്നതു് നിന്നെയാണു്. നിന്നെയല്ലാതെ മറ്റൊരുവളെ ഞാൻ പ്രേമിക്കുകയില്ല.

ഈ വാക്കുകൾ ഒരു തരുണിയുടെ കർണ്ണത്തിന്നു് ഒന്നാന്തരം സംഗീതമൊ അമൃതധാരയൊ ആയിരുന്നു. “നിന്നെ ഞാൻ പ്രേമിക്കുന്നു” എന്നാണു് ആ മധുരവാക്കുകൾ. പറയുന്ന ആളൊ അവൾ ലോകത്തിൽവെച്ചു് ഏറ്റവും പ്രേമിക്കുന്ന ഭാസ്കരനുമാണു്. അവൾ ഒരു ആനന്ദസ്വപ്നത്തിലൊ എന്നുകൂടി സംശയിച്ചു.

ധനം ഒരു ആനന്ദശബ്ദത്തോടെ ഭാസ്കരന്റെ പാണിബന്ധനത്തിൽ നിർഭയം ചെന്നുകൂടി. അയാൾ അവളുടെ രക്ഷാപുരുഷൻ എന്നപോലെ ആ കെട്ടിപ്പിടുത്തത്തിൽ അവളെ കുറെനേരം നിർത്തി. തന്നെത്താനറിയാതെ ആ പിടിത്തം വളരെ കൂടിപ്പോയി. പുതുതായി ഉണർന്നുവന്ന പ്രേമത്തിന്റെ പ്രസരിപ്പുമൂലം അയാൾ അവളെ ദീർഘമായി ഒന്നു് ചുംബിച്ചു.

*****

ഇനി അധികമൊന്നും പറവാനില്ല. ധനഭാസ്കരന്മാരുടെ വിവാഹം വലിയ ആഡംബരഘോഷങ്ങളോടെ കഴിഞ്ഞു. ആനന്ദവല്ലി തന്റെ വിലയേറിയ ജീവിതം ഒരു ലഘുജീവിതമാക്കിക്കഴിയേണ്ടിവന്നു. അവളുടെ ആനന്ദമൊക്കെ അസ്തമിച്ചു് ഒരു പുഷ്പിക്കാത്ത വല്ലിമാത്രമായി. രാജമ്മ താറാവിനെപ്പോലെ നടന്നു് തന്റെ മരുമകന്റെ വീട്ടിൽ ശരണംപ്രാപിക്കേണ്ടി വന്നു. തന്റെ സ്വാഭാവികമായി തടിച്ച മാംസളമായ ആ പർവ്വതദേഹം പോലീസിന്റെ അടിയും കുത്തും ഏറ്റിട്ടു് കുറെക്കൂടെ വിങ്ങിപ്പോയി. വൃദ്ധയായ കാബൂൾക്കാരത്തി പത്തുദിവസത്തിന്നുള്ളിൽ ധനത്തിന്റെ രൂപംതന്നെ മറന്നു. ഇങ്ങിനെ കാലം നീളം കഴിയുന്നതിന്നു് മുമ്പേത്തന്നെ നേർ മുഴുവനും തെളിഞ്ഞു. ഈശ്വരന്റെ കണ്ണുകൾ മറിക്കുവാൻ മനുഷ്യർക്കാർക്കും സാദ്ധ്യമല്ലെന്നും തെളിഞ്ഞു. ദൈവം ന്യായസ്ഥനും സർവ്വജ്ഞനും ആണെന്നു് എല്ലാവർക്കും ബോദ്ധ്യമായി. ഇതു് വായിക്കുന്ന നിങ്ങളുംകൂടി ഉൾപ്പെടുമെന്നു് അറിഞ്ഞുകൊൾക. എല്ലാവരും കാംക്ഷിക്കുന്ന ഒന്നാണു് ശുഭം.

കെ. സുകുമാരൻ, ബി. എ.[1]

കെ. സുകുമാരന്‍ കാമ്പില്‍ തട്ടായിലത്തു ഗോവിന്ദന്റെയും, ഇടമലത്തു മാധവിയുടേയും മകനായി 1876 മെയ് 20-നു് ജനിച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സിപ്പല്‍ സ്ക്കൂള്‍, ബാസല്‍ മിഷന്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലാണു് പഠിച്ചതു്. ഇന്റര്‍മീഡിയറ്റ് പഠനം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പാലക്കാട് വിക്ടോറിയയിലും ആയിരുന്നു. ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും 1894-ല്‍ ബിരുദം നേടി. തുടര്‍ന്നു് സിവില്‍ കോടതി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 1915-ല്‍ സിവില്‍ ജുഡീഷ്യറി ടെസ്റ്റ് പാസായി. 1931-ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റി. കൗസല്യയെ ആണു് സുകുമാരന്‍ വിവാഹം ചെയ്തതു്. അദ്ദേഹം 1956 മാര്‍ച്ച് 11-നു് മരിച്ചു. ചെറുകഥ, നോവല്‍, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി അമ്പതോളം കൃതികള്‍ ഉണ്ടു് സുകുമാരന്റേതായി. സുകുമാരകഥാമഞ്ജരി, ചെറുകഥ, അഞ്ചുകഥകള്‍ എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ കഥകള്‍ ലഭ്യമാണു്.

കൃതികള്‍: അഴകുള്ള പെണ്ണു്, വിധി, ആ വല്ലാത്ത നോട്ടം, ഇണക്കവും പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി, വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമന്‍.

കുറിപ്പുകൾ

[1] അതീവ ഖേദത്തോടെ പറയട്ടെ. ഇത്രയും പ്രശസ്തനായിരുന്ന ഈ സാഹിത്യകാരന്റെ ഒരു ഫോട്ടോ പോലും കിട്ടാനില്ല. വായനക്കാരിൽ ആർക്കെങ്കിലും ഫോട്ടോ അയച്ചു തരാൻ കഴിയുമെങ്കിൽ നമുക്കു് ഈ ഡോക്യുമെന്റേഷൻ പൂർണതയിലെത്തിക്കാം.

Colophon

Title: Ithu Chathiyo (ml: ഇതു ചതിയോ).

Author(s): K. Sukumaran, B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Novel, K. Sukumaran, B. A., Ithu Chathiyo, കെ. സുകുമാരൻ, ബി. എ., ഇതു ചതിയോ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 16, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Girl and her Duenna, a painting by Bartolomé Esteban Murillo (1617–1682). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.