images/The_Lace-Maker_by_Caspar_Netscher.jpg
The Lace-Maker, a painting by Caspar Netscher (1639–1684).
ഇണക്കവും പിണക്കവും
കെ. സുകുമാരൻ, ബി. എ.
ഒന്നാം അദ്ധ്യായം

അറബിക്കടലിൽനിന്നു് ഏകദേശം 24 നാഴിക കിഴക്കാണു് പൊഞ്ചിണി എന്ന ഒരു വലിയ അംശം കിടക്കുന്നതു്. അതു് നൂറടി ഉയരവും വളരെ ദീർഗ്ഘവിസ്താരവുമുള്ള ഒരു കുന്നിന്റെ മുകൾപ്പരപ്പാണു്. അവിടുത്തെ കാറ്റും, വെള്ളവും രോഗികൾക്കും, സുഖശരീരികൾക്കും ഒരുപോലെ ഗുണപ്രദമായിരിക്കകൊണ്ടു് സ്ഥിരവാസികൾ കൂടാതെ അവിടെ അനേകം അന്യരാജ്യക്കാരും വന്നുകൂടിയിരുന്നു. പ്രമാണികളായ നായന്മാർ മിക്കവർക്കും അവിടെ സ്വന്തമോ, വാടകയ്ക്കോ ഭവനങ്ങൾ കിടപ്പുണ്ടു്. അവിടത്തെ ശിവക്ഷേത്രം വളരെ മുഖ്യമായ ഒന്നാണു്. ത്രിപുരാന്തകൻ എന്ന നാമധേയത്തിലാണു് ശിവനെ അവിടെ പ്രതിഷ്ഠിച്ചതു്. കൊല്ലംതോറും മീനമാസത്തിൽ അവിടെ എട്ടുദിവസം ഉത്സവം കൊണ്ടാടുന്നുണ്ടു്. മലബാറിൽനിന്നു് പ്രത്യേകമായും, മറ്റു് ജില്ലകളിൽനിന്നു് സാമാന്യമായും വളരെ ജനങ്ങൾ ആ സമയത്തു് ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ടു്. വലിയ സ്ക്കൂളൊ മറ്റുവല്ല ഏർപ്പാടുകളൊ ഒന്നും എടുത്തു് പറവാൻ തക്കവണ്ണം ഇല്ലെങ്കിലും, പൊഞ്ചിണി ഒരു ശ്രുതിപ്പെട്ട സ്ഥലമാണു്. പൊഞ്ചിണിയിൽനിന്നു് ചുറ്റുവട്ടത്തിലുള്ള സ്ഥലങ്ങളിലേയ്ക്കു് വണ്ണാമ്പിലപോലെ അനേകം റോഡുകളും കിടപ്പുണ്ടു്. പലരും വന്നുകൂടുന്ന സ്ഥലമായതുകൊണ്ടു് ഈ പാതകൾ മോട്ടോർവണ്ടികൾക്കും മറ്റും സ്വൈരസഞ്ചാരം ചെയ്വാൻ തക്കവണ്ണം വളരെ അകലവും, വൃത്തിയും ഉള്ളവയായിരുന്നു.

തേൻകുണ്ടിൽ കൃഷ്ണൻനായർ ഉദ്യോഗംവേണ്ടെന്നുവെച്ച ഒരു ബി. എ. ആണു്. മനസാ, വാചാ, കർമ്മണാ അന്യായം ചെയ്യുന്നതിനു് അത്യന്തം വിരോധിയാണു്. സ്വാർത്ഥം കേവലം ഇല്ലാത്ത ഒരു ധന്യനാണു്. വകയില്ലാത്തവർക്കു് സൗകര്യമുള്ള ഏർപ്പാടുകളും ഉപകാരങ്ങളും ചെയ്തുകൊടുപ്പാൻ എപ്പോഴും ഉത്സാഹിച്ചുകൊണ്ടിരിക്കുന്ന ഒരു പുണ്യപുരുഷനാണു്. ആളാണെങ്കിൽ ചെറുപ്പമാണു്. കണ്ടാൽ വെളുത്തു് സുന്ദരനാണു്. സ്വത്തുക്കളാണെങ്കിൽ എത്രയെങ്കിലും തന്റെ സ്വന്തംപേരിൽ കിടപ്പുണ്ടു്. എന്നാലുംകൂടി ക്ലേശം സഹിച്ചുകൊണ്ടിരിക്കണം എന്ന തലയിലെഴുത്താണു് അദ്ദേഹത്തിന്റെ വലിയ നിർഭാഗ്യം. അദ്ദേഹത്തിനു് ചില പ്രേരണകൾ അഥവാ ആഗ്രഹങ്ങൾ നിറവേറ്റുവാൻ എപ്പോഴും ഉണ്ടായിരിക്കും. ഇല്ലെങ്കിൽത്തന്നെ ഉണ്ടാക്കിക്കൊള്ളും. ലോകത്തിൽ ഓരോരോ സംഭവങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. അനാവശ്യമായി ചിലതിനൊക്കെ തല കൊടുത്തിട്ടാണു് അദ്ദേഹം അസുഖം അനുഭവിക്കേണ്ടിവരുന്നതു്. മിക്കസമയത്തും അദ്ദേഹത്തിനെ താരുണ്യവും, ധനവീര്യവും പല ദ്രോഹങ്ങളേയും സംഹരിപ്പാനൊ, സമയദീർഗ്ഘംകൊണ്ടു് ബലക്ഷയം വരുത്താനൊ ഹേതുക്കളായി നിന്നിട്ടും ഉണ്ടു്.

ഒരുദിവസം മേടമാസത്തിൽ ക്ഷേത്രത്തിലേയ്ക്കു് ചെല്ലുന്ന നിരത്തിന്മേൽക്കൂടെ പ്രയോജനമൊന്നുമില്ലാതെ അദ്ദേഹം നടന്നുവരികയായിരുന്നു. നേരം ഉച്ചതിരിഞ്ഞിരിക്കുന്നു. മുഖത്തിന്റെ തേജസ്സു് കണ്ടാൽ വ്യസനം എന്തെന്നു് അദ്ദേഹം അറിഞ്ഞിട്ടേ ഇല്ലെന്നു് നിസ്സംശയം ഗണിക്കാവുന്നതാണു്. അദ്ദേഹം അന്നക്കുഞ്ഞിനെപ്പോലെ ആയിരുന്നു. ക്ലേശങ്ങളൊക്കെ മേലാലത്തെ സംഭവങ്ങളായിരുന്നു. അദ്ദേഹത്തിന്റെ കറുത്ത കണ്ണുകൾ ചുറ്റും നോക്കുന്നതു് ദയാപൂർണ്ണമായ ഒരുതരം ഉദ്വേഗതയോടുകൂടെ ആയിരുന്നു. തന്റെ സഹജീവികളുടെ സൗഹാർദ്ദത്തിൽ തനിക്കു് ഒട്ടും വിശ്വാസക്കുറവു് ജനിക്കുവാൻ കാരണമായിട്ടില്ലെന്നു് സൂചിപ്പിക്കുംപോലെ അദ്ദേഹത്തിന്റെ സുന്ദരമായ മുഖം ഒരു ഇളംമന്ദഹാസംകൊണ്ടു് അലംകൃതമായിരുന്നു. മുഖത്തിന്നു് മേലോട്ടേയ്ക്കു് ഒരു തള്ളൽ ഉണ്ടായിരുന്നു. ഇതു് തന്റെ തറവാട്ടിലെ പൂർവ്വന്മാരായിട്ടു് കിട്ടിയ ഒരു സമ്പാദ്യമായിരുന്നു.

ക്ഷേത്രത്തിന്റെ ആലിൻചുവട്ടിൽനിന്നു് ഒരു തലപ്പാവും, കുപ്പായവും ധരിച്ച ഒരു ചെട്ടി പീപ്പി വിളിക്കുന്നതും ഒരു ചെറിയ പെണ്ണു് നൃത്തംവെയ്ക്കുന്നതും കണ്ടു് നാലഞ്ചാളുകളും അവിടെ കൂടിയിരുന്നു. നൃത്തംവെച്ചിരുന്നതു് ഒരു വിളറിയ മുഖത്തോടുകൂടിയ പെൺകിടാവായിരുന്നു. വിനോദം കാണ്മാൻവേണ്ടി വളരെ കുട്ടികളും എത്തിക്കൊണ്ടിരുന്നു. അക്കൂട്ടത്തിൽ—പുറപ്പാടിൽ യാതൊരു രാജസവും കാണാതിരുന്ന ആ കൂട്ടത്തിൽ—പട്ടിന്റെ ഷർട്ടും, കസവുവേഷ്ടിയും ധരിച്ച കൃഷ്ണൻനായർ, കാഴ്ചയ്ക്കുമാത്രം ഉള്ള ഒരാളുമായിരുന്നു. കിഴക്കൻദിക്കിലെ മോഹിനിയാട്ടംപോലെയാണു് ഈ നൃത്തം കൊണ്ടാടിയിരുന്നതു്. സദസ്സിൽ യുവാക്കളേയോ, ധനികന്മാരേയോ കണ്ടാൽ മോഹിനി ചിലപ്പോൾ ചുംബിക്കുവാൻ ഭാവിക്കുംപോലെ ചിറി കൂർത്തുപിടിക്കും. ആണിന്നു് വിസ്സമ്മതമൊന്നും ഇല്ലെന്നുകണ്ടാൽ അവൾ അയാളെ നിശ്ശേഷം ചെന്നു് ചുംബിക്കും. എന്നതിൽപ്പിന്നെ കൈ നീട്ടും. അപ്പോൾ വല്ല നാണ്യവും കയ്യിൽ ഇട്ടുകൊടുക്കണം എന്നതു് നിർബ്ബന്ധമായ ഒരു മര്യാദയാണു്. കൂട്ടത്തിൽ ചെന്നു് താൻ വലിയ ഒരാളാണെന്നു് കേവലം ഭാവിക്കാതെ കൃഷ്ണൻനായരും നിന്നു.

ആ ചെറിയ നടിയുടെ നൃത്തം കണ്ടിട്ടു് കൃഷ്ണൻനായരുടെ മുഖത്തിൽ ഒരു തൃപ്തിസൂചകമായ മന്ദഹാസം ജനിച്ചു. അവളുടെ കണ്ണുകളും വളരെ സന്തോഷത്തോടെ കൃഷ്ണൻനായരുടെ മുഖത്തിൽ പതിഞ്ഞു. അവൾ അവളുടെ നൃത്തകോലാഹലം പെട്ടെന്നു് നിറുത്തിയപ്പോൾ, കുഴലൂത്തിന്റെ നിനാദംമാത്രം ബാക്കിനിന്നു. അവൾ കൃഷ്ണൻനായരുടെ നേരെ ചെന്നു് ചിറികൾ കൂർത്തുപിടിച്ചു് ഒരു ചുംബനത്തിന്നു് കോപ്പുകൂട്ടി.

കൃഷ്ണൻനായർ പിന്നോക്കം വാങ്ങിനിന്നു. കോപ്രാട്ടികൾക്കു് ഒരിക്കലും വഴിപ്പെടാത്ത കൃഷ്ണൻനായർക്കു് പെണ്ണിന്റെ ഈ ചേഷ്ട കേവലം രസിച്ചില്ല. ഊ ഗതിയില്ലാത്ത പെൺകിടാവിന്റെ സംസ്കാരത്തിൽ ശൃംഗാരം ഇല്ലെന്നു് പറവാനും പാടില്ല. അവളുടെ കോലംകണ്ടാൽ ഒരു പെൺകിടാവെന്നു് തോന്നിപ്പോകുമെങ്കിലും കണ്ണിന്റെ കളികണ്ടാൽ നല്ല ഒരു തരുണിതന്നെയാണെന്നു് മനസ്സിലാകുകയും ചെയ്യും.

പെണ്ണു്:
ഓ! വേണ്ടെങ്കിൽ വേണ്ട. നിങ്ങൾ ഇത്രയൊക്കെ നോക്കുന്ന ആളാണെങ്കിൽ—ഞാൻ വിചാരിച്ചു നിങ്ങൾ ഇതിൽ സന്തോഷിക്കുമെന്നു്.
കൃഷ്ണൻനായർ:
ശരി. സമ്മതിച്ചു. നീ അങ്ങിനെ വിചാരിച്ചതും തെറ്റല്ല.

ഇത്രത്തോളം കൃഷ്ണൻനായർ പറഞ്ഞതു് ഒരു അവ്യക്തസ്വരത്തിലായിരുന്നു. അദ്ദേഹം കീശയിൽനിന്നു് ഒരു ഉറുപ്പിക എടുത്തു. അവളുടെ ഇച്ഛാഭംഗം പരിഹരിപ്പാൻ തക്കവണ്ണം അവളുടെ കയ്യിൽ ഇട്ടുകൊടുത്തു. അവൾ വദനംകൊണ്ടു് മാത്രമല്ല കണ്ണുകൊണ്ടുകൂടി ചിരിച്ചെന്നു് തോന്നി.

പെണ്ണു്:
സാറേ! ഒരു അണയുംകൂടി തരുമോ?
കൃ. നാ.:
നിശ്ചയമായിട്ടും. ഒരു വിരോധവുമില്ല.

കൃഷ്ണൻനായർ പിന്നേയും പോക്കറ്റിൽനിന്നു് ഒരു അണകൂടി എടുത്തു് പെണ്ണിന്റെ കയ്യിൽ ഇട്ടുകൊടുത്തു. അവൾ ആരും കാണാതെ അണ കയ്യിൽപിടിച്ചു. ആരും കാണാതെ ഉറുപ്പിക ചേലയുടെ പിരിയുടെ ഉള്ളിലാക്കി ഉദരത്തോടു് ചേർത്തുവെച്ചു. തോൾഭാഗം പിടിച്ചു് “ഉറുപ്പിക നിങ്ങൾ തന്നതു് എനിക്കാണെന്നു് പറയണേ; ദയവുചെയ്തു് ഇതു് എനിക്കു് സ്വന്തമായിട്ടു് തന്നതാണെന്നു് പറയണേ” എന്നു് അപേക്ഷിച്ചു.

ഇത്രത്തോളം കൈകടന്ന അപേക്ഷ, ഈ പെണ്ണിന്റെ കാര്യത്തിൽ അനാവശ്യമായിരുന്നു. എന്തുകൊണ്ടെന്നാൽ, നാവിനേക്കാളും മുന്നെ പെണ്ണിന്റെ കരിങ്കണ്ണുകൾ അദ്ദേഹത്തോടു് അപേക്ഷ ചെയ്തുകഴിഞ്ഞിരുന്നു.

കിഴക്കൻ ചെട്ടിയും അടുത്തെത്തി. അയാൾ പെണ്ണിനെ മയക്കുവാൻ തക്കവണ്ണം ഒരു കള്ളച്ചിരി ചിരിച്ചു. ചെട്ടിയുടെ കണ്ണുകൾ കൃഷ്ണൻനായരുടെ ജന്മിത്വം തിളങ്ങുന്ന സുന്ദരമുഖത്തിൽ പതിച്ചപ്പോൾ നീചവും നിഷ്ഠൂരവുമായി. “ഈ പെണ്ണു് ഒരു വെറും ചൂലാണു്—വലിയ ദുസ്സാമർത്ഥ്യക്കാരത്തിയാണു്—നാണ്യങ്ങൾ കിട്ടിയാൽ അതു് ഒളിച്ചുവെയ്ക്കും. ചേലപ്പുറയിലല്ലെങ്കിൽ റൗക്കയിൽ—റൗക്കയില്ലെങ്കിൽ മടിക്കുത്തിൽ—മടിക്കുത്തിലല്ലെങ്കിൽ…” ഇങ്ങനെ പറഞ്ഞുതുടങ്ങി.

പെണ്ണു്:
അതെ! അതെ! ചെട്ടിയാരെ! അതൊക്കെ ഞങ്ങൾക്കറിയാം. റൗക്കയില്ലെങ്കിൽ ചേലയിൽ—നിങ്ങൾക്കു് ഒരു കാലത്തും കണ്ടുപിടിക്കാൻ സാധിക്കാത്ത വിധത്തിൽ എനിക്കു് ഒരു ഉറുപ്പിക ഒളിച്ചുവെയ്ക്കാം. റൗക്കയും, ചേലയും മടിക്കുത്തുംപോലും—അവിടെയൊക്കെ തിരഞ്ഞുനോക്കാതെ ആരാണു് വിട്ടുകളയുന്നതു് ?

കൃഷ്ണൻനായർക്കു് കാര്യം നല്ലവണ്ണം മനസ്സിലായില്ല. എങ്കിലും അയാൾക്കു് ഒരു നേരമ്പോക്കു് തോന്നി. ചെട്ടി കൃഷ്ണൻനായരെ മയക്കിക്കളയുന്ന മട്ടിൽ അദ്ദേഹത്തെ ഒന്നു് നോക്കി, കണ്ണു് ഒന്നു് ചിമ്മി ഒന്നു് മന്ദഹസിച്ചു.

ചെട്ടി:
യജമാനൻ ഉറുപ്പിക എനിക്കാണു് തന്നതു്. എന്റെ കുഴലൂത്താണു് അയാൾക്കിഷ്ടമായതു്.

ഇതുകേട്ടപ്പോൾ പെൺകുട്ടി തന്റെ സഹജമായ മര്യാദ കേവലം മറന്നു. അവളുടെ ഉള്ളിൽനിന്നു് കോപം പൊട്ടിത്തെറിച്ചു.

പെണ്ണു്:
കള്ളാ! നിന്റെ പലക കീറുമ്പോലെയുള്ള കുഴൽവിളികൊണ്ടു് നീ ആളുകളെ ദ്രോഹിക്കുകയല്ലേ ചെയ്യുന്നതു്. ഇവർക്കു് ബോധിച്ചതു് എന്റെ നൃത്തമാണു്.

ഇതുംപറഞ്ഞു് അവൾ ചെട്ടിയാരുടെ നേരെ നിർഭയം ചെന്നു. അയാൾ കോപാന്ധനായി. വലത്തെമുഷ്ടികൊണ്ടു് പെണ്ണിന്റെ താടിയുടെ താഴെ ഒരു കുത്തു് കൊടുത്തു. പെണ്ണു് വേദനകൊണ്ടു് തലചുറ്റി. “കള്ളപ്പിശാചേ! വിലയും, നിലയും ഇല്ലാത്ത അസത്തെ!” എന്നു് നിലവിളിച്ചു. കൃഷ്ണൻനായരുടെ ചോര പതച്ചു. ചെട്ടിയുടെ ചെകിടത്തു് “ഠേ” എന്നു് ഒരു അടി പൊട്ടി. ആ നിമിഷംതന്നെ ആ ഭീരുവായ മഹാപാപി നിലത്തു് വീണു. ബോധംകെട്ടപോലെ നടിച്ചു. ചെട്ടിയുടെ വായിൽനിന്നും മൂക്കിൽനിന്നും ചോര ഒലിച്ചു. അവന്റെ മുഖം ചോരയിൽ മുഴുകി—കൃഷ്ണൻനായർ പെണ്ണിന്റെ മുഖത്തുനോക്കി. അവളുടെ മുമ്പിൽവെച്ചുതന്നെ അവളെ കൊണ്ടുനടന്ന ആളെ തല്ലിവീഴ്ത്തിയ പാതകത്തിന്നു് അവളോടു് മാപ്പു് ചോദിപ്പാൻകൂടി അയാൾ ഒരുങ്ങി. അവളാകട്ടെ ദുസ്സഹമാകുംവണ്ണം ചിരിക്കുകയായിരുന്നു.

പെണ്ണു്:
(ചിരിക്കുംമദ്ധ്യെ ഉച്ചത്തിൽ)—ഫൂ! അതും വളരെ നന്നായി. അവരുടെ മൂക്കിന്റെ പാലം നിങ്ങൾ പൊട്ടിച്ചിട്ടില്ല. എന്തെങ്കിലും ലഹള ഉണ്ടാക്കീട്ടു് അവരുടെ മൂക്കിൽനിന്നു് കൂടെക്കൂടെ ചോര വീഴാറുണ്ടു്. മുഖത്തു്, പൊന്തിനില്ക്കുന്നതു് മൂക്കല്ലെ! ആദ്യം തടയുന്നതു് അതായിരിക്കും.
കൃഷ്ണൻനായർ:
(അസ്വാസ്ഥ്യത്തോടെ) അയാളുടെ മൂക്കു് പൊട്ടിക്കണം എന്നുഞാൻ കാംക്ഷിക്കുന്നില്ല. അവനു് മതിയാകുംവണ്ണം കിട്ടിപ്പോയി.
പെണ്ണു്:
(ഒരു കളിയാക്കുന്ന സ്വരത്തിൽ) മതിയാകുംവണ്ണം കിട്ടിപ്പോയി എന്തേ? എന്റെ അച്ഛനായിരുന്നെങ്കിൽ അയാളുടെ തടി വെള്ളമാക്കിക്കളയുമായിരുന്നു.

കൃഷ്ണൻനായർ ഒന്നു് ഞെട്ടി. പെണ്ണു് ഒരു രാക്ഷസി ആയിരിക്കുമോ? തടി വെള്ളമാക്കും എന്നു്—എന്തു് ക്രൂരമായ വാക്കാണിതു്. ഒരു സമയം അയാളുടെ പരിഷ്കരിച്ച മനസ്സു് പെണ്ണിന്റെ അപരിഷ്കൃതമനസ്സുമായി വളരെ ഭേദപ്പെട്ടിരിക്കാം. ഇങ്ങനെയൊക്കെ കൃഷ്ണൻനായർക്കു് തോന്നി—ചെട്ടിയാരാകട്ടെ പെട്ടെന്നു് എഴുന്നേറ്റു് മരണപ്പാച്ചൽ പാഞ്ഞുകളഞ്ഞു.

പെ:
നമ്മൾ ഇനി എന്തുചെയ്യും?
കൃ. നായർ:
നമ്മളൊ?
പെ:
അതെ,. നമ്മൾ രണ്ടാളും.

താൻ അറിയാതെ ഒരു വലിയ ഭാരം ഏറ്റെടുത്തുപോയി എന്നു് കൃഷ്ണൻനായർക്കു് പെട്ടെന്നു് ബോദ്ധ്യമായി. ഈ തെണ്ടിനടക്കുന്ന പെണ്ണിന്റെ രക്ഷാപുരുഷൻ എന്ന സ്ഥാനമാണു് നായർക്കു് സിദ്ധിച്ചതു്. ഇവിടുന്നു് പിന്മാറുവാൻ പാങ്ങില്ലെന്നു് കൃഷ്ണൻനായരും ഉറച്ചു. അദ്ദേഹം എന്തു് ചെയ്യേണ്ടു എന്നറിയാതെ ചുറ്റും നോക്കി. ചെട്ടിയാർ എവിടേയ്ക്കോ പാഞ്ഞുപോയിട്ടു് നേരം കുറെ ആയി. അയാളേ തേടിപ്പിടിക്കുക എന്ന കാര്യവും അസാദ്ധ്യമാണു്. അവിടുന്നും, ഇവിടുന്നും നൃത്തം കാണ്മാൻ വന്നുകൂടിയ ആളുകളും അവരവരുടെ പാട്ടിന്നുപോയി. അവിടെ ആ പെണ്ണും കൃഷ്ണൻനായരും മാത്രം ബാക്കിയായി. ചുരുക്കിപ്പറയേണമെങ്കിൽ കാര്യത്തിന്റെ കലാശം ഒരു മാതിരി കൊതുകുജനകമായിത്തീർന്നു.

താരുണ്യത്തിന്റെ തിളപ്പുകൊണ്ടു് ഈ യദൃച്ഛാസംഭവം കൃഷ്ണൻനായർക്കു് ഒരു പരിഭ്രമമൊ, പാഠമോ ആയ്വന്നില്ല. ഒരു കുട്ടിയേപ്പോലെ കൃഷ്ണൻനായർ ഒന്നു് ചിരിച്ചു. പെണ്ണു് ചെറുപ്പമാകകൊണ്ടു് തന്റെ ചങ്ങാതിയുടെ മുഖത്തു് പ്രത്യക്ഷമായ സരസത കണ്ടിട്ടും അവളും തുടർന്നു് ചിരിച്ചു.

കൃ. നാ.:
നല്ല തമാശതന്നെ—അല്ലേ!
പെ:
ഇത്ര വലിയ തമാശ നരകത്തിൽ പോയാലും കാണുകയില്ല.
കൃ. നാ.:
ഛീ, നീ അങ്ങിനെ പറയരുതു്.
പെ:
എന്തുകൊണ്ടു്?

അവളുടെ സ്വരത്തിൽ തെളിഞ്ഞുവന്ന യഥാർത്ഥമായ അത്ഭുതഭാവം കൃഷ്ണൻനായർക്കു് കോട്ടമുണ്ടാക്കി.

കൃ. നാ.:
ഒന്നും ഉണ്ടായിട്ടല്ല. അങ്ങിനെ പറയരുതു്. പെണ്ണുങ്ങൾ ആ മാതിരി വാക്കുകൾ പറയാറില്ല.
പെ:
പറയാറില്ലെന്നോ? നിങ്ങൾ എന്തു് മണ്ണാങ്കട്ടയാണു് അറിയുന്നതു്. എനിക്കു് പരിചയമുള്ള പെണ്ണുങ്ങളുടെ വാക്കു് കേട്ടിട്ടു് ഞാൻ തന്നെ പലപ്പോഴും നടുങ്ങിപ്പോയിട്ടുണ്ടു്. എന്റെ അമ്മയുടെ വാക്കുകേട്ടാൽത്തന്നെ മതി. വെള്ളിയുടേതാണെങ്കിൽ.
കൃ. നാ.:
വെള്ളിയോ?
പെ:
വെള്ളി എന്റെ ഉടപ്പിറന്നവളാണു്. എനിക്കു് താഴേ.
കൃ. നാ.:
എന്തായാലും വേണ്ടില്ല. ആ മാതിരി വാക്കൊന്നും നീ പറയരുതു്. അതു് ശരിയല്ല, മര്യാദക്കാർക്കു് പറ്റിയതല്ല.

ഉത്തരമായി പെണ്ണു് ഒന്നും മനസ്സിലാകാത്ത വിധത്തിൽ നായരെ നോക്കി.

കൃ. നാ.:
ഞാൻ പറയുന്നതു്, നാണവും മാനവും ഉള്ളവർ ആ മാതിരി വാക്കുകൾ പറയുക ഇല്ല എന്നാണു്.
പെ:
നിങ്ങൾക്കു് ബോധിച്ചില്ല—അല്ലേ! എന്റെ സംസാരം കേൾക്കുമ്പോൾ നിങ്ങൾക്കു് ഇഷ്ടക്കേടു് ഉണ്ടാകുന്നോ?

അവൾ കണ്ണു് തുറിച്ചുകൊണ്ടു് കൃഷ്ണൻനായരെ ഒന്നു് നോക്കി. അദ്ദേഹം തല സമ്മതസൂചകമായി ഒന്നു് ആട്ടിയതെ ഉള്ളു.

പെ:
ഓ! ഇനി ഞാൻ ആ മാതിരി ഒന്നും പറയുന്നില്ല.

ഇങ്ങിനെ പറഞ്ഞു്, പെണ്ണു് മെല്ലെ അദ്ദേഹത്തിന്റെ അടുക്കെ ചെന്നു. അദ്ദേഹത്തിന്റെ ശക്തിയുള്ള കൈകളിൽ ഒന്നു് പിടിച്ചു. അതിന്മേൽ ഒരു ചുംബനവും വെച്ചു.

പെ:
(പെട്ടെന്നു്) നിങ്ങളുടെ പേരെന്താണു്?
കൃ. നാ.:
കൃഷ്ണൻനായർ എന്നു്—നിന്റേതോ?
പെ:
പൊന്നി എന്നു്; ഞാൻ ജനിച്ചപ്പോൾ അമ്മയ്ക്കു് പൊന്നു് കിട്ടിയതുകൊണ്ടു്. ഇനി അങ്ങിനെ കിട്ടുമെന്നു് തോന്നുന്നില്ല. അമ്മയ്ക്കു് അങ്ങിനെ ഒരു വിശ്വാസം തന്നെ ഇല്ല.

കിളിയെപ്പോലെ അവളുടെ സ്വരത്തിനു് ഒരു സ്പന്ദനമുണ്ടായി. കൃഷ്ണൻനായർ, ഒന്നു് വല്ലാതായ്പോയെങ്കിലും, അവളുടെകൂടെ ചിരിച്ചു.

പെ:
ഒന്നുകൂടി പറയുവാനുണ്ടു്. എന്നെ ചിലപ്പോളൊക്കെ വിളിക്കുന്നതു് ശീരു എന്നാണു്.
കൃ. നാ.:
നിന്നെ പതിവായിട്ടു് വിളിക്കുന്നതെന്താണു്?
പെ:
രണ്ടും. നിങ്ങളെ പതിവായിട്ടു് എന്താണു് വിളിക്കുന്നതു്?
കൃ. നാ.:
കൃഷ്ണൻനായർ എന്നു്?
പെ:
നിങ്ങളുടെ അമ്മ നിങ്ങളെ എന്താണു് വിളിക്കുന്നതു്?
കൃ. നാ.:
കുട്ടാ എന്നു്.
പെ:
നിങ്ങളുടെ സ്നേഹിതന്മാരോ?
കൃ. നാ.:
കൃഷ്ണൻനായർ എന്നു്.
പെ:
ഞാൻ നിങ്ങളെ കുട്ടാ എന്നു് വിളിക്കട്ടയോ?
കൃ. നാ.:
ആ അധികാരം എന്റെ അമ്മയ്ക്കുമാത്രമേ ഉള്ളു.
പെ:
ഞാൻ നിങ്ങളെ കുട്ടേട്ടാ എന്നു് വിളിക്കട്ടേ?
കൃ. നാ.:
വിളിച്ചോളൂ.

പെണ്ണിന്നു് കൃഷ്ണൻനായരുടെ സഖിത്വം ലഭിച്ചാൽ കൊള്ളാമെന്നു് വളരെ മോഹമുണ്ടായിരുന്നു എന്നതു് പ്രത്യക്ഷമായി. പാതയിൽവെച്ചു് ഒരു ഘാതകന്റെ ദ്രോഹത്തിൽനിന്നു് ഒരു പെൺകുട്ടിയെ വീണ്ടെടുക്കുന്ന ആൾക്കും ചില ബാദ്ധ്യതകൾ അവളോടു് ഉണ്ടായിരിക്കുന്നു. കൃഷ്ണൻനായർ ഇതികർത്തവ്യതാമൂഢനായി കുറേനേരം ആലോചിച്ചു. “ആസീൽക്കാര്യദ്വയാകുലം” എന്നു് പറഞ്ഞ മട്ടിൽ ഒരു അവിവാഹിതയായ യുവതിയെ വീട്ടിലേയ്ക്കു് കൊണ്ടുപോയി പാർപ്പിക്കുന്നതു് മാനത്തിന്നും, ഉചിതത്തിന്നും, അഭിമാനത്തിന്നും, തറവാടിത്വത്തിന്നും പോരാത്ത ഒരു കർമ്മമാണു്. ആധാരമായി ഒരേ ഒരു രക്ഷാപുരുഷൻ മാത്രമുണ്ടായിരുന്നു. ഒരു യുവതിയെ, അവളുടെ മുമ്പിൽ വെച്ചുതന്നെ ആ രക്ഷാപുരുഷനെ തച്ചോടിച്ചതിൽപ്പിന്നെ നിസ്സഹായിയായി യാതൊരു ഗതിയില്ലാതെ മറ്റാരുവാരും ശരണമില്ലാതെ നിന്ന ഒരു പെണ്ണിനെ തനിച്ചിട്ടേച്ചു് പോന്നുകളയുന്നതും തന്റെ സ്വന്തം പുരുഷത്വത്തിനും, മര്യാദയ്ക്കും, ധർമ്മത്തിന്നും, അനുകമ്പയ്ക്കും ഹാനികരമായ ഒരു നീചകർമ്മമായിരിക്കും എന്നതിന്നും സംശയമില്ല.

കൃ. നാ.:
പൊന്നി! ഇങ്ങട്ടു് വാ, ഈ പാതയിൽനിന്നു് സംസാരിച്ചുകൊണ്ടിരിക്കുന്നതു് നമ്മൾ രണ്ടാൾക്കും പോരായ്മയാണു്. നമുക്കു് നല്ലൊരു ചായഷാപ്പു് കണ്ടുപിടിക്കാം. നിന്റെ ദാഹവും വിശപ്പും ഞാൻ തീർത്തുതരാം.

ഇതുകേട്ടപ്പോൾ പൊന്നി സന്തോഷംകൊണ്ടു് “മൂരി നിവർന്നു് കരങ്ങൾ കുടഞ്ഞു.”

പൊന്നി:
അവിടെ ലഡു ഉണ്ടാകുമോ? ഇടയ്ക്കിടെ മുന്തിരിങ്ങയും, കല്ക്കണ്ടവും ഉള്ളതു് ക്ലബ്ബിൽ തേനുള്ള ജിലേബി ഉണ്ടാകുമോ?
കൃ. നാ.:
സകലമാതിരിയും ഉണ്ടാകും.
പൊന്നി:
വേണ്ടുന്നത്ര ഉണ്ടാകുമോ?
കൃ. നാ.:
എന്നുവെച്ചാൽ?
പൊന്നി:
എനിക്കു് മതിയാകുംവണ്ണമുണ്ടാകുമോ?
കൃ. നാ.:
അതേ നുണച്ചീ, നിണക്കു് തിന്നാൽ കഴിയുന്നേടത്തോളം ഞാൻ വാങ്ങിത്തരാം.

അവൻ പുതിയ പരിഷ്കാരത്തിൽ പണിതിട്ടുള്ള ഒരു ഒന്നാംക്ലാസ്സു് ചായഷോപ്പിൽ കേറി. പൊന്നി കോണിയിൽ ചവുട്ടി. വെണ്ണാരക്കല്ലുകൊണ്ടുള്ള മേശകളും, വിചിത്രങ്ങളായ കസേലകളും, ചുമരിന്മേൽ തറച്ച ചിത്രങ്ങളും വളരെ കൗതുകത്തോടും ശങ്കയോടുംകൂടെ നോക്കി.

പൊന്നി:
ഇതിൽ എനിക്കു് കടപ്പാൻ ഭയമാകുന്നു. നമുക്കു് ആ മുറിപ്പീടികയിലെ ചായഷാപ്പിൽ പോയാൽ മതി. ലഡുവും, ജിലേബിയും അവിടെ ഉണ്ടാകയില്ലെങ്കിലും വടയും ദോശയും ഉണ്ടാകും.
കൃ. നാ.:
വരൂ! ഇവിടെത്തന്നെ പോകാം.

ഇങ്ങിനെ പറഞ്ഞു് കൃഷ്ണൻനായർ അവളുടെ കൈ പിടിച്ചു് വലിച്ചു് ഉള്ളിലേയ്ക്കു് കടന്നു. ഒരു ഒഴിഞ്ഞ മേശ കണ്ടിട്ടു് അതിന്റെ അരികെ ഇട്ടിരുന്ന കസേലകളിന്മേൽ കൃഷ്ണൻനായർ ഇരിക്കുകയും അവളെ ഇരിത്തിക്കുകയും ചെയ്തു.

കൃ. നാ.:
ഈ ഷാപ്പിന്നു് എന്താണു് തരക്കേടു്?
പൊന്നി:
ഷാപ്പിനു് ഒരു തരക്കേടും ഇല്ല. എനിക്കാ തരക്കേടു്. എന്റെ ചേല നോക്കൂ. എന്റെ ഉടുപ്പുകളൊക്കെ നോക്കൂ. എത്ര മുഷിഞ്ഞിരിക്കുന്നു. (എന്റെ ചേറുപുരണ്ട കൈ ചേലയിൽ മറച്ചുവെച്ചിട്ടു്) ഈ വലിയ അവസ്ഥക്കാർക്കല്ലാതെ എന്നെപ്പോലെയുള്ളവർക്കു് പറ്റിയതല്ല.
കൃ. നാ.:
അവസ്ഥക്കാർ എന്നുവെച്ചാൽ ആരാണ്ട പൊന്നി? വിലയേറിയ ഉടുപ്പിട്ടവരും, വൃത്തിയിൽ ദേഹം വെയ്ക്കുന്നവരും ആണോ?
പൊന്നി:
അതെ! ഒന്നുംചെയ്യാതെ സ്വസ്ഥമായിരിപ്പാൻ സാധിക്കുന്നവർ. വളരെ പണമുള്ളവർ. അവരാണു് സ്ത്രീകളിൽ മുന്തിയവർ.
കൃ. നാ.:
തെറ്റു്, തെറ്റു്. നേരെ വാ! നേരെ പോ എന്ന പ്രമാണപ്രകാരം സകല കർമ്മങ്ങളും ചെയ്യുന്നവരാണു് സ്ത്രീകളിൽവെച്ചു് മുന്തിയവർ. ചെറുപ്പമായാലും ശരി വയസ്സായാലും ശരി ആ മാതിരി സ്ത്രീകളെയാണു് മുന്തിയ സ്ത്രീകളായി വിചാരിക്കേണ്ടതു്.

ഇതിന്നിടയിൽ പലഹാരങ്ങൾക്കും ചായയ്ക്കും ഒരു പരിചാരകനെ വിളിച്ചു് കൃഷ്ണൻനായർ ‘ഓർഡർ’ (കല്പന) കൊടുത്തുകഴിഞ്ഞിരിക്കുന്നു. അല്പസമയത്തിനുള്ളിൽ പിഞ്ഞാണം നിറയെ ഓരോ പലഹാരങ്ങൾ മേശമേൽ വന്നു് നിരത്തിത്തുടങ്ങി. കെയിക്കും മറ്റും തിന്നുന്നില്ലെ. പൊന്നി കൃഷ്ണൻനായരെത്തന്നെ സൂക്ഷിച്ചുനോക്കി. മാന്യസ്ത്രീകളാരാണെന്ന അയാളുടെ അഭിപ്രായം അവൾക്കും മനസ്സിലായി. എന്നാൽ അങ്ങിനെ ഒരു അഭിപ്രായം പാസ്സാക്കിക്കേട്ടതു് അവൾക്കു് പൂത്തിരിതന്നെ ആയിരുന്നു. കൃഷ്ണൻനായർ ക്ഷണം സംസാരവിഷയം മാറ്റി.

കൃ. നാ.:
തെരുവിൽനിന്നു് നൃത്തംവെച്ചു് പണം സമ്പാദിപ്പാൻ നിണക്കു് എങ്ങിനെ തോന്നി?
പൊ:
നിങ്ങൾ തല്ലിത്തള്ളിയിട്ട ചെട്ടിയാർക്കു് എന്നെ വാടകയ്ക്കു് കൊടുത്തതാണു്.
കൃ. നാ.:
വാടകയ്ക്കു് കൊടുത്തതോ?
പൊ:
അതെ. ചെട്ടിയാർക്കു് പണത്തിന്നുവേണ്ടി ഞാൻ നൃത്തംചെയ്വാൻ കടപ്പെട്ടിരിക്കുന്നു.

ഏതായാലും ഒന്നും ഒളിച്ചുവെയ്ക്കാൻ നോക്കാത്ത ഈ സമാധാനം കൃഷ്ണൻനായർക്കു് വളരെ പിടിച്ചു. അവൾക്കു് അവളുടെ നടവടിയും മറ്റും പരിഷ്കരിക്കണം എന്നു് ആഗ്രഹം ഉണ്ടെന്നു് അയാൾ മനസ്സിലാക്കി. ഇതൊന്നും പോരാഞ്ഞിട്ടു്, അല്പം ഒരു പത്രാസ്സും, പോരായ്മകളിൽ ഒരു മനോവേദനയുംകൂടി ഉണ്ടെന്നു് കണ്ടപ്പോൾ കൃഷ്ണൻനായരുടെ മനസ്സിനു് വളരെ തൃപ്തിയുണ്ടായി. സ്ത്രീകളുടെ കാര്യത്തിൽ കൃഷ്ണൻനായർക്കു് ചില ആദർശങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ പ്രകടിപ്പിച്ചുനോക്കുവാൻ പൊന്നി വിശേഷമായ ഒരു സിദ്ധിയാണെന്നു് അയാൾ നല്ലവണ്ണം അറിഞ്ഞു. അപ്പോൾത്തന്നെ അയാൾ ഒരു കാര്യംചെയ്വാൻ ഉറച്ചു.

കൃ. നാ.:
പൊന്നീ! നിനക്കു് ഒരു വലിയ പദവിയിലുള്ള സ്ത്രീയാവാൻ മോഹമുണ്ടോ? സകലവരും കണ്ടാൽ മാനിക്കുന്ന ഒരു സ്ത്രീയാവാൻ ആഗ്രഹമുണ്ടോ?
പൊ:
എനിക്കു് വളരെ കൊതിയുണ്ടു്.

ഇങ്ങിനെ പറഞ്ഞു് അവൾ നെറ്റിമേൽ വീണിരുന്ന മുടി ഒരാട്ടമോ, തെറിപ്പിക്കലോകൊണ്ടു് തലയിൽത്തന്നെ ആക്കി. എല്ലാം മക്കാറായിരിക്കും എന്ന നിലയിൽ ചിരിച്ചുതുടങ്ങി. അവളുടെ സമ്പൂർണ്ണസൗഭാഗ്യമുള്ള രണ്ടുവരി വെള്ളപ്പല്ലുകളും, രക്തംപോലെ ചുകന്ന ചുണ്ടുകളും, തൊണ്ണും കണ്ടപ്പോൾ കൃഷ്ണൻനായരുടെ ഉള്ളം തെളിഞ്ഞു. അനാഥയായ ഒരു ബാലയെ രക്ഷിച്ചു് തനിക്കുതാൻ പോന്നവളാക്കണം എന്ന ഒരു ധർമ്മബുദ്ധിയില്ലാതെ, മറ്റു് ദുർവിചാരങ്ങൾ യാതൊന്നും കൃഷ്ണൻനായരുടെ ഉള്ളിൽ അങ്കുരിച്ചിരുന്നില്ല. കാമം എന്നതു് കൃഷ്ണൻനായർ അനുഭവിച്ച ഒരു മനഃസ്ഥിതി അല്ല. സ്ത്രീകളുടെ ചാരിത്ര്യം ഏതു് നിലയിലും സംരക്ഷിക്കേണ്ടുന്ന ഒരു വലിയ നിധിയാണെന്ന ബോദ്ധ്യം കൃഷ്ണൻനായരുടെ ഉള്ളിൽ എപ്പോഴും സ്ഥലംപിടിച്ചിരുന്നു. കൃഷ്ണൻനായർ പ്രകൃത്യാ വളരെ അനുകമ്പയുണ്ടായിരുന്ന ഒരാളാണെങ്കിലും ഇങ്ങിനെ ചില കാര്യങ്ങൾ വളരെ വാശിയും, പിടിത്തവും, മനസ്സുറപ്പും തികഞ്ഞ ഒരു പുരുഷസിംഹമായിരുന്നു. പൊന്നിയുടെ കണ്ണിൽക്കൂടി പ്രത്യക്ഷമായ തമാശയോ, നിന്ദയോ അദ്ദേഹത്തെ അസാരം അസ്വസ്ഥനാക്കി. അതുകണ്ടപ്പോൾ പൊന്നിയുടെ കോലവും ക്ഷണം മാറി—അവൾ അയാളുടെ നേരെ ഒന്നു് ചാഞ്ഞു.

പൊന്നി:
നിങ്ങൾ പറഞ്ഞതു് പരമാർത്ഥമോ അല്ല തമാശയോ? എനിക്കു് നിങ്ങളൊരു സത്യവാനെന്നാണു് തോന്നുന്നതു്.
കൃ. നാ.:
ഒരുസമയം ശരിയായിരിക്കാം.

താൻ പറഞ്ഞതു് ആത്മപ്രശംസ ആയ്പോയോ എന്നു് ശങ്കിച്ചിട്ടു് കൃഷ്ണൻനായർക്കു് അസാരം ലജ്ജതോന്നി.

കൃ. നാ.:
പൊന്നീ! നീ എവിടെയാണു് ജനിച്ചു് വളർന്നതു്?
പൊന്നി:
കൊപ്പാറയിൽ. ദരിദ്രന്മാരുടെ നടുവിൽ. കാശു കണികാണാത്തവരുടെ ഇടയിൽ. പതിനേഴുകൊല്ലം ഞാൻ അവിടെനിന്നു് നട്ടം തിരിഞ്ഞു. ആളുകളെ കുറെ മനസ്സിലാകുവാനും ഇടവന്നു.
കൃ. നാ.:
പൊന്നീ! എന്റെ കോലം കണ്ടിട്ടു് ഞാൻ ഒരു സത്യവാനാണെന്നു് നിണക്കു് തോന്നുന്നുവോ?
പൊന്നി:
(ഉറപ്പോടെ) നിശ്ചയമായിട്ടും തോന്നുന്നുണ്ടു്. നിങ്ങളുടെ പുകയിലപ്പൊടിയുടെ നിറമുള്ള കണ്ണുകൾ വളർന്നു് അഴകുള്ളതാണെന്നു് എനിക്കു് തോന്നുന്നു. എന്നാൽ ഒരു പുരുഷൻ ഒരു പെൺകുട്ടിയോടു് നിണക്കു് വിലയും, നിലയും ഉള്ള ഒരു മാന്യസ്ത്രീയാവാൻ ആഗ്രഹമുണ്ടൊ എന്നു് ചോദിക്കുമ്പോൾ അവൾക്കു് അല്പം കരുതൽ വേണ്ടതാണു്.
കൃ. നാ.:
സാധുപ്പെണ്ണു്.

കൃഷ്ണൻനായർക്കു് അയാളുടെ സഹോദരിയെ ഓർമ്മവന്നു. ഏകദേശം പൊന്നിയുടെ പ്രായം തന്നെയാണു്. എന്നാൽ ലോകപരിചയംകൊണ്ടു് പൊന്നിയുമായി ഗണിച്ചു് നോക്കുമ്പോൾ തന്റെ പെങ്ങൾ വെറും ഒരു കൊച്ചുകുട്ടിയാണെന്നു് തോന്നിപ്പോകും.

കൃ. നാ.:
നിന്റെ ഉപജീവനമാർഗ്ഗം നൃത്തമാണെന്നല്ലേ നീ പറഞ്ഞതു്.
പൊന്നി:
തിരുവാതിരക്കാലത്തു് ഞങ്ങളൊക്കെ വേഷം കെട്ടി അഭിനയിക്കാൻ പോകാറുണ്ടു്. ആഴ്ചയിൽ മൂന്നു് ദിവസം എന്നെ ചെട്ടിയാർക്കു് വാടകയ്ക്കു് കൊടുക്കണം. ശനിയാഴ്ച അമ്പലത്തിലെ ആലിൻ ചുവട്ടിൽ നിന്നു് പാട്ടുപാടി നൃത്തംവെയ്ക്കും. ഇങ്ങിനെ എന്റെ അദ്ധ്വാനംകൊണ്ടും, എന്റെ പാട്ടുകൊണ്ടും ഞാൻ എന്റെ ഉദരത്തെ പൂരിപ്പിക്കുന്നു. എന്നുവെച്ചാൽ അന്യസഹായം കൂടാതെ ഞാൻ എന്റെ നാളുകൾ കഴിക്കുന്നു.
കൃ. നാ.:
നീ നിന്റെ അച്ഛനമ്മമാരുടെ ഒന്നിച്ചാണോ പാർക്കുന്നതു്.
പൊ:
അതെ.
കൃ. നാ.:
അപ്പോൾ നിന്നെ ആരാണു് വാടകയ്ക്കു് കൊടുക്കുന്നതു്?
പൊ:
എന്റെ അച്ഛൻ ഞങ്ങൾക്കു് അവിടെ ഒരു ചില്ലറ ചായപ്പലഹാരക്കച്ചവടമുണ്ടു്. ഒരു കടലാസ്സു് വരുന്നുണ്ടു്. ആകെ നാലുമുറി പീടികകളാണുള്ളതു്. അച്ഛനും അമ്മയും കൂടിയാണു് കച്ചവടം കൊണ്ടുനടക്കുന്നതു്. മൂന്നു് മുറി ഊണിന്നും ഉറക്കത്തിന്നുംവേണ്ടി അമ്മ വാടകയ്ക്കു് കൊടുക്കുകയാണു് പതിവു്.

ഇത്രത്തോളം പറഞ്ഞപ്പോൾ പൊന്നിയുടെ കണ്ണുകളേയും ശബ്ദത്തേയും ഒരു പരിഭ്രമം ബാധിച്ചപോലെ തോന്നി. കൃഷ്ണൻനായർക്കു് അസാരം അത്ഭുതം ഉണ്ടാക്കി.

പൊ:
(യാചകഭാവത്തോടെ) രണ്ടുമൂന്നു് ലഡു എടുത്തു് എന്റെ വീട്ടിൽ കൊണ്ടുപോവതിന്നു് വല്ല വിരോധവും ഉണ്ടോ?
കൃ. നാ.:
ഒട്ടുമില്ല. എത്രയെങ്കിലും കൊണ്ടുപൊയ്ക്കൊള്ളു.

ഇങ്ങിനെ പറഞ്ഞു് കൃഷ്ണൻനായർ പരിചാരകനെ വിളിച്ചു് ഇശ്ശിധാരാളം പലഹാരം ഒരു സഞ്ചിയിൽ ഇട്ടുകൊണ്ടുവരുവാൻ കല്പിച്ചു.

പൊ:
പലഹാരമൊക്കെ എന്റെ അമ്മയ്ക്കാണു്. അവർക്കു് നല്ല സാധനങ്ങൾ ഒന്നുംതന്നെ കിട്ടാറില്ല. അവർക്കു് വല്ലതും കൊടുപ്പാൻ ആരും ഇല്ല. സ്ത്രീകൾക്കു് വയസ്സായാൽ പുരുഷന്മാരും അവരെ ഇഷ്ടപ്പെടുകയില്ല. നിങ്ങൾ എന്തുവിചാരിക്കുന്നു?
കൃ. നാ.:
(സ്വന്തം അമ്മയെ വിചാരിച്ചിട്ടു്) ഇഷ്ടപ്പെടുന്നവരും ഉണ്ടു്. നല്ല പുരുഷന്മാർ എന്നുവെച്ചാൽ യോഗ്യന്മാർ—അവർ ഏതു് അവസ്ഥയിലും ഇഷ്ടപ്പെടാതിരിക്കില്ല.
പൊ:
ഇല്ല; അവർ അങ്ങിനെ ചെയ്യുന്ന കൂട്ടരല്ല. വയസ്സായ സ്ത്രീകളോടു് ആണുങ്ങൾ വല്ല ദയയും കാട്ടുമെങ്കിൽ അതു് സ്ത്രീയെ ഭയപ്പെടുവാൻ കാരണമുണ്ടായിട്ടൊ അല്ല. ഉപകാരസ്മരണകൊണ്ടൊ മറ്റൊ ആയിരിക്കണം. ഒരിക്കലും യഥാർത്ഥമായി സ്ത്രീയോടു് തോന്നുന്ന സ്നേഹംകൊണ്ടല്ല എന്നാണു് എന്റെ അമ്മ പറയുന്നതു്.
കൃ. നാ.:
കുട്ടി. നീ ലോകപരിചയം സമ്പാദിച്ചതു് ഒരു ദുർഗ്ഘടസ്ഥലത്തു് വെച്ചുതന്നെയാണു്.
പൊ:
(പതിഞ്ഞ സ്വരത്തിൽ) നിങ്ങൾ തന്ന ഉറുപ്പിക അമ്മയ്ക്കു് വല്ലതും വാങ്ങുവാൻ വേണ്ടിയാണു്. പണമായിട്ടു് ഞാൻ അവർക്കു് കൊടുക്കില്ല. മദ്യം സേവിച്ചുകളയും. എന്റെ പൊന്നേട്ടാ! നിങ്ങൾ ഇത്രയൊക്കെ ആശ്ചര്യപ്പെടേണ്ടതൊന്നും ഇല്ല. എന്റെ അമ്മ നാളുകഴിച്ചുകൂട്ടുന്നവിധം കണ്ടാൽ നിങ്ങൾക്കു് മനസ്സിലാവും. അമ്മാതിരി ഒരു ഘട്ടത്തിൽ എത്തിയാൽ മദ്യപാനത്തിനു് നിങ്ങളും കച്ചകെട്ടുമെന്നു്.
കൃ. നാ.:
നോക്കു് പൊന്നി. നിന്റെ മേൽവിലാസം എന്താണെന്നു് പറഞ്ഞുതരൂ. നിന്നെ ഏതെങ്കിലും ഒരു സ്ക്കൂളിൽ ചേർപ്പാൻ ഞാൻ വേണ്ടുന്ന ഏർപ്പാടുകൾ ചെയ്യാം.
പൊ:
സ്ക്കൂളൊ? എനിക്കു് വയസ്സു് പതിനേഴായി എന്നല്ല എനിക്കു് സ്ക്കൂൾ പണ്ടേ കണ്ടുകൂടാ.
കൃ. നാ.:
നല്ല സ്ക്കൂളായിരിക്കും. നിന്റെ അത്ര വയസ്സുള്ള പെൺകുട്ടികളും അവിടെ ഉണ്ടായിരിക്കും.
പൊ:
അവരൊന്നും എന്നോടു് മിണ്ടാൻ വരില്ല. എന്റെ നടവടിയും, എന്റെ ഉടുപ്പും, എന്റെ സംസാരവും കണ്ടിട്ടു് എന്നെ പരിഹസിക്കാൻ മടിക്കില്ല. സ്ക്കൂൾ എനിക്കു് വേണ്ടേ വേണ്ട.

ഇങ്ങിനെപറഞ്ഞപ്പോൾ പൊന്നിയുടെ കണ്ണിൽ സ്ഫുരിച്ച ക്രൗര്യവും ദുസ്വഭാവവും നിസ്സീമമായിരുന്നു. ആ യുവതിയുടെ അഴകുള്ള വായിൽനിന്നു് പുറത്തു് വന്നതു് വാക്കല്ല, വിഷമാണെന്നു് തോന്നും. കൃഷ്ണൻനായർക്കു് വളരെ അത്ഭുതം തോന്നി. “ഭഗവാനെ! ഇവൾ ഒരു തനിച്ച രാക്ഷസിതന്നെയാണല്ലൊ?” എന്നൊക്കെ അയാൾ ഉള്ളാലെ വിചാരിച്ചു.

കൃ. നാ.:
നിന്നെപ്പറ്റി യാതൊരു പെൺകുട്ടിക്കും പരിഹസിക്കാൻ സംഗതി ഉണ്ടാകയില്ല. അതു് നീ തീർച്ചയാക്കിക്കൊ. നിണക്കു് ഒന്നാംതരം വസ്ത്രങ്ങളും വേണ്ടുന്നത്ര പണ്ടവും തരാൻ ഞാൻ തയ്യാറുണ്ടു്.
പൊ:
ഒരു വലിയ നിലയിലുള്ളവളായി വരാൻ കാലം കഴിഞ്ഞുപോയി. എനിക്കു് വയസ്സു് ജാസ്തിയായിപ്പോയി.

ഇങ്ങിനെ പറഞ്ഞു് പൊന്നി വ്യസനസൂചകമായ ദീർഗ്ഘശ്വാസം വിട്ടു. അവളുടെ മെലിഞ്ഞ ദേഹവും പകുതി മുറിച്ചുകളഞ്ഞ നീലമുടിയും, പുഷ്പംപോലെ മനോഹരമായ മുഖവും കണ്ടാൽ അവൾക്കു് പതിമൂന്നു്—ഏറിവന്നാൽ പതിന്നാലു് വയസ്സുമാത്രമെ ആരും മതിക്കുകയുള്ളു. നിസ്തുല്യങ്ങളായ കണ്ണുകളും പൊക്കി നിങ്ങളെ സമ്പൂർണ്ണമായി നോക്കുമ്പോൾ മാത്രമെ അവൾക്കു് അതിലും ജാസ്തി വയസ്സുണ്ടെന്നു് തോന്നുകയുള്ളു.

പൊ:
നിങ്ങളുടെ വീട്ടിൽ എന്നെ ഇപ്പോൾ കൂട്ടിക്കൊണ്ടുപോവാൻ എന്താണു് വൈഷമ്യം. എന്നാൽ എന്നെ ഒരു വലിയ അവസ്ഥക്കാരത്തി ആക്കാൻ നിങ്ങൾക്കു് എന്നെ പഠിപ്പിക്കാമല്ലൊ. സ്ക്കൂളിൽ പോകുന്നതൊക്കെ ബുദ്ധിമുട്ടാണു്. എനിക്കു് ഇഷ്ടമില്ല. ഞാൻ നിങ്ങളുടെ അവിടുന്നു് മര്യാദകെട്ട വാക്കൊന്നും പറയാതിരിപ്പാൻ വളരെ കരുതിയിരുന്നോളാം. എനിക്കു് അങ്ങിനെ ഒന്നു് തോന്നിയാൽ ചീത്ത വാക്കുകളൊന്നും എന്റെ നാവിൽനിന്നു് വീഴില്ല. എന്നെക്കൊണ്ടു് കാര്യമായി നിങ്ങൾക്കു് ഗുണമുണ്ടാക്കാൻ ഞാൻ ശ്രമിക്കാം.

കൃഷ്ണൻനായരെ അവളുടെ പ്രാർത്ഥനയ്ക്കു് വഴിപ്പെടുത്തുവാൻ തക്കവണ്ണം അവൾ അവളുടെ കരപല്ലവംകൊണ്ടു് കൃഷ്ണൻനായരുടെ തടിച്ച കൈ ഉഴിയുമ്പോലെ തടവി. “പൊന്നേട്ടാ ഞാൻ നിങ്ങളുടെ കൂടെത്തന്നെ പാർത്തുകൊള്ളട്ടെ” എന്നപേക്ഷിച്ചു.

കൃ. നാ.:
എന്തുകഥയാണു് കുട്ടീ നീ പറയുന്നതു്. ഞാൻ എങ്ങിനെ ഒരു യുവതിയായ നിന്നെ എന്റെകൂടെ താമസിപ്പിക്കും. അതുമാത്രം പാടില്ല പൊന്നീ. നീ നല്ല കുട്ടിയായിട്ടു് ഞാൻ പറയുംപോലെ കേൾക്കൂ. നീ ഇപ്പോൾത്തന്നെ നിന്റെ വീട്ടിൽ മടങ്ങിപ്പോകണം. ഇന്നു് നടന്ന സംഗതികളെല്ലാം ഒന്നൊഴിയാതെ നിന്റെ വീട്ടുകാരോടു് പറയണം. രണ്ടു് ദിവസം കഴിഞ്ഞാൽ നിങ്ങളെ ഒക്കെ കാണാൻ ഞാൻ അവിടെ വരാം. എന്നിട്ടു് നിന്റെ കാര്യത്തിൽ വേണ്ടുന്ന ഏർപ്പാടുകളും ചെയ്യാം.

കൃഷ്ണൻനായരെ പിന്നെയും നിർബ്ബന്ധിക്കുവാൻ പൊന്നി ഒരുമ്പെട്ടില്ല. അതു് അവളുടെ ഒരു വലിയ നന്മയായി എണ്ണപ്പെടുത്താൻ യോഗ്യമാണു്. എന്നാൽ അവളെ അപമാനത്തിൽനിന്നു് രക്ഷിച്ച ഉദാരഹൃദയത്തോടു് വിടവാങ്ങാൻ തുടങ്ങിയപ്പോൾ, വ്യസനംകൊണ്ടോ കോപംകൊണ്ടോ, അഭിമാനംകൊണ്ടോ, പശ്ചാത്താപംകൊണ്ടോ പൊന്നിയുടെ കണ്ണിൽ നിറഞ്ഞുവന്ന ചുടുകണ്ണീർ രണ്ടു് ചാലുകളായി അവളുടെ കണ്ണാടിപോലെ മിന്നുന്ന കവിളിൽക്കൂടെ, ഒഴുകിത്താണു. പിന്നെ രണ്ടാമതൊരിക്കൽ തിരിഞ്ഞുനോക്കാതെ അവൾ അവളുടെ വീട്ടിലേയ്ക്കു് യാത്രയായി.

രണ്ടാം അദ്ധ്യായം

തേൻകുണ്ടിൽ കൃഷ്ണൻനായർ അദ്ദേഹത്തിന്റെ സ്നേഹിതന്മാർക്കു് ഭാഗ്യദാതാവാണെങ്കിൽ ചിലസമയത്തു് അവരുടെ സഹനശീലപരീക്ഷകനുമാണു്. ഔദാര്യത്തിന്റെ അതിരേകതകൊണ്ടു് ചിലർ അയാളെ ഒരു ഭ്രാന്തനാണെന്നു് അനുമാനിക്കുന്നുണ്ടു്. അയാൾക്കു് ഒരു തലയ്ക്കിളക്കമൊ, നൊസ്സുതന്നെയോ ഉണ്ടെന്നും, ഏതായാലും ഒടുവിൽ ഏതെങ്കിലും ഒരു അത്യാപത്തിൽ ചെന്നു് തുഞ്ചാതിരിക്കില്ലെന്നും വിശ്വസിക്കുന്നവർകൂടി ഉണ്ടു്. രണ്ടുകൂട്ടക്കാരുടെ അഭിപ്രായവും ഒരുവേള ശരിയായിരിപ്പാൻമതി. പ്രവർത്തകരീതിക്കു് പ്രാബല്യം സിദ്ധിച്ച ഈ നൂറ്റാണ്ടിൽ ഔദാര്യം കൊണ്ടു് നടക്കുന്നതു് ഒരു വിശേഷബുദ്ധിക്കുറവാണെന്നു് കണക്കിൽ പെടുത്തിപ്പോകുമായിരിക്കും. ഈ ലോകത്തിൽ ജീവിച്ചിരിക്കുക, നീതിനൈപുണ്യം ഉപേക്ഷിക്കുക ഇതും ഒരുമാതിരി സാഹസമായിത്തന്നെ ഗണിപ്പാൻമതി. ലോകമര്യാദയെ അനാദരിച്ചും അതിക്രമിച്ചും ജീവിക്കുവാൻ നോക്കുന്നതു് അപായത്തെ ക്ഷണിച്ചുവരുത്തുന്ന ഒരു കർമ്മമാണെന്നുവരും. കൃഷ്ണൻനായരെപ്പറ്റി ഗുണദോഷിക്കുന്നവരാകട്ടെ, ആരാധിക്കുന്നവരാകട്ടെ അയാളെ പ്രശംസിക്കുകയും സ്നേഹിക്കുകയും ചെയ്തു.

ഇരുപത്തിമൂന്നു് വയസ്സുതികഞ്ഞിട്ടെ ഉള്ളു എങ്കിലും സ്വതന്ത്രമായി കാലയാപനം ചെയ്വാനുള്ള അവകാശം അദ്ദേഹം അവലംബിച്ചുകഴിഞ്ഞിരിക്കുന്നു. ലോകരീതിയും, ലോകകാപട്യവും അയാൾ തീരെ വിലവെച്ചിട്ടും, മുഴുവനും കൈക്കൊണ്ടിട്ടും ഇല്ല. അദ്ദേഹത്തിന്റെ അമ്മ ഒരു വിദുഷിയും, ദൈവവിചാരം തികഞ്ഞവരും, സദാ ധർമ്മബുദ്ധി കാണിക്കുന്നവരും ആണെങ്കിലുംകൂടി വിധവയാണെന്ന ഒരു സംഗതികൊണ്ടുമാത്രം അവർ പറയുന്നതൊക്കെ സമ്മതിക്കാനൊ, ചെയ്വാനൊ അദ്ദേഹം ഒരിക്കലും സന്നദ്ധനായിരുന്നില്ല. മതവിഷയത്തിൽ കടുപ്പക്കാരിയാണെങ്കിലും കൃഷ്ണൻനായരുടെ അമ്മ (ദുർഗ്ഗാദേവി എന്നാണു് പേർ) അറിവും, വിവേകവും തികഞ്ഞ ഒരു സ്ത്രീ ആയിരുന്നു. സ്വാതന്ത്ര്യംകൊണ്ടു് തന്റെ പുത്രനു് കാര്യമായി യാതൊരു കന്മഷവും പറ്റാനിടയില്ലെന്നു് അമ്മ നല്ലവണ്ണം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ലോകാചാരങ്ങളാകുന്ന യാതൊരു ശൃംഖലകൊണ്ടും ബദ്ധനാകാതെ സ്വൈരവിഹരം ചെയ്യുന്ന മാരുതനെപ്പോലെ തന്റെ പുത്രന്നു് സ്വന്തന്ത്രനായി ജീവിക്കുവാൻ ഇഷ്ടമുണ്ടെങ്കിൽ അവൻ അങ്ങിനെ ചെയ്യുന്നതിൽ അമ്മയ്ക്കു് യാതൊരു വിരോധവും ഇല്ലായിരുന്നു.

പൊഞ്ചിണിയിൽ കൃഷ്ണൻനായർക്കു് സ്വന്തമായി ഒരു വീടും പറമ്പും അനേകം മറ്റുവസ്തുക്കളും ഉണ്ടു്. വസ്തുക്കളുടെ പിരിവുകൊണ്ടു് തന്റെ അത്യാവശ്യചിലവുകളും, ആവശ്യചിലവുകളും, അനാവശ്യചിലവുകളും കഴിച്ചാലും പിരിവു് പിന്നേയും ബാക്കിയുണ്ടാകും. കൃഷ്ണൻനായരുടെ വീടിന്റെ തൊട്ടതു് തന്റെ അമ്മയുടെ സ്വന്തംവക ഭവനമാണു്. അമ്മയ്ക്കു് സ്ഥിരതാമസം അവിടെനിന്നു് അഞ്ചുപത്തുനാഴിക പടിഞ്ഞാറാണു്.

പൊന്നിയുമായി കണ്ടുമുട്ടൽ കഴിഞ്ഞ പിറ്റെന്നു് രാവിലെ കൃഷ്ണൻനായർ പതിവുപോലെ കാപ്പിയും പലഹാരവും കഴിച്ചു് തന്റെ ആഫീസ്സുമുറിയിൽ ഒരു ചാരുകസേലമേൽ കിടന്നു്, സിഗരറ്റും വലിച്ചുകൊണ്ടു് ഒരു പത്രം വായിക്കുകയായിരുന്നു. അപ്പോൾ പൂമുഖത്തു് ആരേയും വകവെയ്ക്കാത്ത ഒരു ചെറുപ്പക്കാരത്തി തന്നെ കാണ്മാൻവേണ്ടി കാത്തുനില്ക്കുന്നുണ്ടെന്നു് ബൊട്ട്ളർ വന്നുപറഞ്ഞു. കൃഷ്ണൻനായർ തന്റെ ബൊട്ട്ളർ രാരിച്ചനോടു് വിവരം അറിഞ്ഞുവരാൻ പറഞ്ഞു. കുറെ കഴിഞ്ഞപ്പോൾ ബൊട്ട്ളർ രാരിച്ചൻ കൃഷ്ണൻനായരുടെ മുറിയിൽ രണ്ടാമതും ഹാജരായി വിവരം പറഞ്ഞു.

കൃ. നാ.:
ഒരു ചെറുപ്പക്കാരത്തിയൊ? ആരായിരിക്കും രാരിച്ചാ, ഈ നേരത്തുവരാൻ?
രാ. നാ.:
ആരാണെന്നു് എനിക്കു് വിവരമില്ല യജമാനനേ!
കൃ. നാ.:
എനിക്കു് ഇപ്പോൾ ആരേയും കാണാനവസരമില്ല. വല്ല പണം പിരിവിനൊമറ്റൊ ആണെങ്കിൽ അർഹതയുണ്ടെന്നു് തോന്നുന്നപക്ഷം, എനിക്കുവേണ്ടി വല്ല സഹായവും ചെയ്വാൻ നീ ഒട്ടും മടിക്കേണ്ട.
രാ. നാ.:
അങ്ങിനെ തോന്നുന്നില്ല മൂപ്പരെ! പേരെന്താണെന്നു് ചോദിച്ചപ്പോൾ എന്നോടു് കടന്നുപോവാനാണു് പറഞ്ഞതു്.
കൃ. നാ.:
പെണ്ണുങ്ങൾക്കു് ഇത്ര ധിക്കാരമോ! കടന്നു് പോകുകയില്ലെങ്കിൽ പിരടിപിടിച്ചു് തള്ളി പുറത്താക്കും എന്നു് പറയുക.

രാരിച്ചൻനായർ പോയപ്പോൾ കൃഷ്ണൻനായർ പിന്നേയും പത്രവായനയിൽ ഏർപ്പെട്ടു. ഒരു വകുപ്പു് വായിച്ചുതീരുംമുമ്പെ തന്റെ മുറിയുടെ വാതിൽ “ഢം” എന്നു് ഉന്തിത്തുറന്നു. “ആരാണതു്” എന്നു് കൃഷ്ണൻനായർ കോപത്തോടെ ഗർജ്ജിച്ചപ്പോൾ കുണുകുണു എന്നു് കുഴങ്ങുന്ന ഒരു ചിരിയുടെ സന്തുഷ്ടശബ്ദമാണു് ആ മുറിമുഴുവനും മുഴങ്ങിയതു്. “ശകാരം ഇനി ആരുടെ നേർക്കാണു് തിരിക്കേണ്ടതു്. നിങ്ങളല്ലെ ഇപ്പോൾ “ഢം” എന്നു് ഗർജ്ജിച്ചതു്. ഇതു് നല്ല മര്യാദയൊ?”

കൃഷ്ണൻനായർ കുറ്റം കണ്ടുപിടിക്കപ്പെട്ട ഒരാളെപ്പോലെ നേരെ നോക്കിയപ്പോൾ മക്കാറായിട്ടാണെങ്കിലും നേരം പോക്കായി കടാക്ഷിക്കുന്ന പൊന്നിയെയാണു് കണ്ടതു്. രണ്ടാളും ചിരിച്ചു. പൊന്നി മുറി പരിശോധിച്ചുകൊണ്ടു് കൗതുകത്തോടെ കുറെനേരം അങ്ങും ഇങ്ങും നടന്നു.

പൊന്നി:
എത്ര വിശേഷപ്പെട്ട മുറിയാണു് നിങ്ങളുടെ മുറി. (ചുമരിന്മേൽ തൂക്കിയ ചിത്രങ്ങൾ നോക്കീട്ടു്) ഈ കാണുന്നതു് നിങ്ങളുടെ അമ്മയാണെന്നു് ഞാൻ വിചാരിക്കുന്നു. ഇതു് നിങ്ങൾ വിവാഹം ചെയ്വാൻപോകുന്ന യുവതിയുടെതായിരിക്കും.

വെള്ളിച്ചട്ടക്കൂട്ടിൽ ഇട്ട പടം അവൾ ചുമരിന്മേൽനിന്നു് എടുത്തു് അതിൽ സംഭ്രമത്തോടെ വളരെ സൂക്ഷിച്ചു് നോക്കി.

എല്ലാം സഹിക്കതന്നെ എന്ന തോതിൽ കൃഷ്ണൻനായർ വായനയുംനിർത്തി പത്രം ഒരേടത്തുവെച്ചു്, പൊന്നിയുടെ അഭിപ്രായം ഖണ്ഡിപ്പാൻ നിർബ്ബന്ധിതനായി.

കൃ. നാ.:
അങ്ങിനെയൊന്നുമല്ല പൊന്നി; ആ മാതിരി എന്നുവെച്ചാൽ നീ വിചാരിച്ചപോലെയുള്ള സ്ത്രീയൊന്നുമല്ല.
പൊന്നി:
അതും സന്തോഷംതന്നെ. അവൾ ഒരു അതിസുന്ദരിയായ സ്ത്രീയാണെന്നു് ഞാൻ പറയാൻ ഭാവിക്കയായിരുന്നു. ഇവൾ നിങ്ങളുടെ ഭാവിഭാര്യ അല്ലന്നല്ലെ നിങ്ങൾ പറഞ്ഞതു്. ഇനി ഞാൻ പരമാർത്ഥം പറയാം. ഇവളെപ്പോലെ സുന്ദരിയായിട്ടു് സിനിമാതാരങ്ങളുംകൂടി ഞാൻ കണ്ടിട്ടില്ല. ഇവളാരാണുപോലും?
കൃ. നാ.:
എന്റെ സഹോദരി. അതിരിക്കട്ടെ, നീ എന്തിനാണു് ഇപ്പോൾ ഇവിടെ വന്നതെന്നു് എന്നോടു് പറഞ്ഞിട്ടില്ലല്ലൊ?

പൊന്നിയുടെ ചുണ്ടുകൾ നൈരാശ്യംകൊണ്ടു് കൂർമ്പിച്ചു. പറവാൻ തക്കവണ്ണം ശരിയായ ഒരു സമാധാനവും കൂടി പൊന്നിക്കില്ലായിരുന്നു. അവൾക്കു് അങ്ങിനെ പിടിച്ചാലൊതുങ്ങാത്ത ഒരു ആകർഷണം തോന്നി. അവൾ വന്നു. ഒന്നു് ചെയ്യേണമെന്നു് കലശലായ ആഗ്രഹം ജനിച്ചാൽ വിശേഷാൽ പ്രതിബന്ധങ്ങളൊന്നും ഇല്ലെങ്കിൽ, ജന്മനാ സ്വതന്ത്രബുദ്ധി ശീലിച്ചവർക്കു് ആ ആഗ്രഹം നിറവേറ്റുവാൻ യാതൊരു വൈഷമ്യവും കാണുകയില്ല. അവളുടെ മനസ്സിന്റെ ഒഴുക്കത്തിന്നു് അനുകൂലമായി അവളും ഒഴുകിവന്നു എന്നെയുള്ളു. അവൾ കൃഷ്ണൻനായരുടെ അടുക്കെവന്നു് മുട്ടുകുത്തി അദ്ദേഹത്തിന്റെ ഒരു കൈ തന്റെ കയ്യുള്ളിലാക്കി. അവൾ അവളുടെ കൈ വെടിപ്പായികഴുകീട്ടുണ്ടെന്നും നഖങ്ങൾ നല്ലവണ്ണം മുറിച്ചു് ക്ലീനാക്കീട്ടുണ്ടെന്നും കൃഷ്ണൻനായർ നോക്കി മനസ്സിലാക്കി വളരെ സന്തോഷിച്ചു.

പൊന്നി:
എനിക്കു് നിങ്ങളുടെ ഒന്നിച്ചു് ഈ വീട്ടിൽ താമസിക്കേണമെന്നാണു് ഇഷ്ടം. ഞാൻ നിങ്ങളുടെ വേലക്കാരത്തിയാവാം. എത്ര അദ്ധ്വാനമുണ്ടായാൽക്കൂടി സകല പ്രവൃത്തികളും ഞാൻ കൃത്യമായെടുക്കാം. ദയവുചെയ്തു് എന്നെ ഇവിടെ പാർപ്പാൻ സമ്മതിക്കണെ. എന്നോടു് അസാരമെങ്കിലും കൃപ തോന്നണെ.

അവളുടെ മൃദുവായ താമരക്കണ്ണുകളിൽ വേറെതന്നെ ഒരു ആകർഷണം കിടപ്പുണ്ടായിരുന്നു. അവളുടെ പൂഞ്ചുണ്ടുകളുടെ സാമീപ്യവും തന്റെ ദേഹംതൊടാൻ തക്കവണ്ണം അടുത്തുകൂടിയ ആ യുവദേഹത്തിന്റെ വില്ലിപ്പും, ഉഷ്ണവും അവളുടെ ആകർഷണസ്ഥിതി തടുത്തുകൂടാത്തവണ്ണം കടുപ്പമാക്കി. തെറ്റുചെയ്യുന്നതിനു് ഉറ്റമടിയുള്ള കൃഷ്ണൻനായർ, അറിഞ്ഞുകൊണ്ടു് അബദ്ധത്തിൽ ചാടിപ്പാൻ സ്വപ്നത്തിൽക്കൂടി നിരൂപിക്കാത്ത കൃഷ്ണൻനായർ, ബാക്കി യുവാക്കളെപ്പോലെ യാതൊരു ചാപല്യവും കാണിച്ചില്ല. അയാൾ ഇരുന്നേടത്തിൽനിന്നു് ബദ്ധപ്പെട്ടെഴുന്നേറ്റു് ചഞ്ചലചിത്തനായി മുറിയിൽക്കൂടെ കൂട്ടിലിട്ട മൃഗത്തെപ്പോലെ അങ്ങോട്ടും, ഇങ്ങോട്ടും നടന്നു. പൊന്നിയുടെ കണ്ണിൽ തന്നത്താനറിയാതെ വെള്ളംനിറഞ്ഞു.

പൊന്നി:
നിങ്ങൾക്കു് എന്നോടു് പിണക്കം വന്നോ?
കൃ. നാ.:
ഇല്ല, ഇഷ്ടത്തി! എനിക്കു് നിന്നോടു് കോപിക്കാൻ വഴി കാണുന്നില്ല. നിന്നെ ഞാൻ എന്തുവേണ്ടു എന്നു് വിചാരിച്ചിട്ടാണു് എനിക്കു് മനസ്സിനു് വെറിപിടിക്കുന്നതു്.

ഇതുകേട്ടപ്പോൾ പൊന്നി സപ്തനാഡിയും തളർന്നുപോയപോലെ ആ നിലത്തുതന്നെ ഇരുന്നുപോയി. അവളുടെ മുഖത്തു് സങ്കടം പ്രത്യക്ഷപ്പെട്ടു. കൃഷ്ണൻനായർ നടത്തവും നിർത്തി. അവളുടെ അഭിമുഖമായി നിന്നു.

കൃ. നാ.:
നിനക്കു് നിന്റെ വീട്ടിൽ പാർപ്പാൻ സുഖമില്ലെന്നുണ്ടോ?
പൊ:
സുഖമില്ലാത്തതുകൊണ്ടല്ല. ഞാൻ വളരെ ഭയപ്പെടുന്നതുകൊണ്ടാണു്—
കൃ. നാ.:
എന്തുകൊണ്ടാണു് ഭയം?
പൊ:
ഞാൻ ഇനിയും വളരെക്കാലം എന്റെ വീട്ടിൽ താമസിച്ചാൽ എനിക്കു് എന്തുവന്നു് പിടിച്ചുപോകും എന്നു് ഞാൻ അറിയുന്നില്ല. എനിക്കു് ചെയ്യേണ്ടതായി അവിടെ യാതൊന്നും ഇല്ല. എന്റെ അച്ഛന്റെ കാര്യമാണെങ്കിൽ—അവർക്കു് ഇഷ്ടമുള്ളപ്പോൾ മാത്രം വല്ലതും പ്രവൃത്തി എടുക്കും. ചിലപ്പോൾ അവർ ചെയ്യേണ്ടുന്ന പ്രവൃത്തി എന്നെക്കൊണ്ടു് ചെയ്യിക്കും. എന്തെങ്കിലും പിഴച്ചാൽ ദയയില്ലാതെ ചവിട്ടും. കുടിച്ചാൽ മാത്രമെ എന്നോടു് വല്ല ദയയും കാണിക്കാറുള്ളു. അച്ഛനെപ്പോലെ ഇരിക്കുന്ന ഒരാളെ ഭർത്താവായി കിട്ടുന്നതിനേക്കാൾ കിണറ്റിൽ ചാടി മരിച്ചുകളയുന്നതാണു് ഉത്തമം. എനിക്കു് എന്നും നൃത്തംചെയ്തു് കാലം കഴിക്കുവാൻ വയ്ക്കുമോ. എന്നിട്ടു് പതിനെട്ടാമത്തെ വയസ്സു് തികയുവാൻ ഒന്നു് രണ്ടു് മാസമേ ഉള്ളു. വിശാഖമാണു് എന്റെ നാളു്. ജാതകപ്രകാരം വാഹനത്തിലേറി നടക്കാനുള്ള യോഗമുണ്ടുപോലും. ഒരു നേരം ചോറുകിട്ടിയാൽ മതിയായിരുന്നു—
കൃ. നാ.:
അത്രയൊന്നും ക്ലേശിക്കേണ്ട. നിന്നോടു് പറഞ്ഞപ്രകാരം ഞാൻ നിന്റെ അച്ഛനെ ഒന്നുചെന്നു് കാണാം. എന്നിട്ടു് ഞാൻ നിണക്കു് പറ്റിയ ഒരു സ്ക്കൂൾ കണ്ടുപിടിക്കാം. ഈ കാലത്തു് പഠിപ്പില്ലാഞ്ഞാൽ ഒന്നിനും കൊള്ളില്ല.
പൊ:
സ്ക്കൂളല്ല എനിക്കു് വേണ്ടതു്. എനിക്കു് നിങ്ങളേയാണു് വേണ്ടതു്. എന്റെ പ്രേമം നിങ്ങളിൽ പതിഞ്ഞുപോയിരിക്കുന്നു. നിങ്ങൾ എന്നെ പറഞ്ഞയപ്പാൻ തുനിയരുതു്. എന്നെ ഒരിക്കലും ഇവിടുന്നു് വിടുത്തരുതു്. ഞാൻ എല്ലുമുറിയെ പ്രവൃത്തി ചെയ്തുകൊള്ളാം. ഞാൻ നിങ്ങൾക്കുവേണ്ടി കുസ്നിപ്പണിയും പഠിക്കാം.

കൃഷ്ണൻനായർ അനുകമ്പയോടെ ഒരു കസേലയിന്മേൽ അവളെ ഇരുത്തി, താനും അടുക്കെ മറ്റൊരു കസേലമേൽ ഇരുന്നു.

കൃ. നാ.:
ബുദ്ധിയുറയ്ക്കാത്ത പെണ്ണേ! നീ ശ്രദ്ധിച്ചു് കേൾക്കു ഇഷ്ടത്തീ. നീ എനിക്കുവേണ്ടി പ്രവൃത്തി ചെയ്യുന്നതു് കണ്ടാൽ എനിക്കു് ഇഷ്ടമില്ല. നീ സുഖമായിരിക്കണം എന്നെ എനിക്കാശയുള്ളു.
പൊ:
അങ്ങിനെ നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ എന്നെ ഇവിടെ പാർപ്പാൻ അനുവദിക്കാതെ നിവൃത്തിയില്ല. ഞാൻ വെറും നിലത്തുകിടന്നുറങ്ങിക്കൊള്ളാം. നിങ്ങളുടെ സമീപത്തുതന്നെ ഇരിപ്പാൻ ഞാൻ എന്തും ചെയ്വാൻ തയ്യാറാണു്.
കൃ. നാ.:
പൊന്നീ. നിനക്കു് ഞാൻ പറയുന്നതു് മനസ്സിലാകുന്നില്ല, നീ പറയുന്നതു് ന്യായമല്ല. ഇവിടെ നീ പാർക്കുന്നതു് മര്യാദയ്ക്കും, ന്യായത്തിന്നും വിരുദ്ധമായിരിക്കും. ഒന്നാമതു് ഇവിടെ സ്ത്രീകൾ ആരും ഇല്ല. ഞാനും എന്റെ ബൊട്ട്ളെറും മാത്രമെ ഉള്ളു.
പൊ:
അതുകൊണ്ടെന്താ? നമുക്കു് ഇവിടെ സ്ത്രീകൾ ആവശ്യമില്ല. എനിക്കു് സ്ത്രീകളെ കണ്ണെടുത്തു് കണ്ടുകൂടാ.
കൃ. നാ.:
(കണ്ണു് തുറിച്ചുകൊണ്ടു്) അതുകൊണ്ടെന്താണേടി. അല്ല പൊന്നി. ആളുകൾ എന്തെല്ലാം പറയുമെന്നു് നിണക്കു് വല്ല നിശ്ചയവും ഉണ്ടോ? അപവാദത്തെ ചിലപ്പോൾ ഭയപ്പെടുകയും വേണം.
പൊ:
പറവാനായി പ്രത്യേകം യാതൊന്നുമില്ലെങ്കിൽ ആളുകൾ എന്തു് മണ്ണാങ്കട്ട പറവാനാണു്?
കൃ. നാ.:
പറവാനായി ഓരോ സംഗതികൾ ഊഹിച്ചെടുക്കും. അല്ലെങ്കിൽ ഉണ്ടാക്കാം. നിന്നെ വിചാരിച്ചിട്ടു് മാത്രമാണു് ഞാൻ ഇവിടെ നിന്നെ സമ്മതിക്കാതിരിക്കുന്നതു്.

പൊന്നി കുറെനേരം ദൃഢമായി ആലോചിച്ചു.

പൊ:
എന്നാൽ അങ്ങിനെ ആകട്ടെ. നിങ്ങൾക്കു് എന്നെ വേണ്ടെങ്കിൽ എനിക്കു് ഇവിടെ പാർപ്പാൻ പാടില്ല. അതു് തീർച്ചയല്ലേ?
കൃ. നാ.:
എനിക്കു് നിന്നെ വേണ്ടെന്ന കാര്യംകൊണ്ടല്ല ഞാൻ ഈ കാര്യത്തിൽ തടസ്ഥം പറയുന്നതു്. നീ ഒരു വിവാഹം കഴിയാത്ത, ചെറുപ്പക്കാരിയായ പെണ്ണാണു്. നീ ഇവിടെ സ്വകാര്യമായി എന്റെകൂടെ താമസിച്ചാൽ, ജനങ്ങൾ നിന്നെപ്പറ്റി എന്തെല്ലാം പറഞ്ഞുതുടങ്ങും. നീ എന്താ ആ ഭാഗം ആലോചിക്കാത്തതു്.
പൊ:
(ഈർഷ്യയോടെ) ഞാൻ തീരെ ആലോചിക്കാൻ ഭാവമില്ല. ജനങ്ങൾക്കു് എന്തു് കാര്യമുണ്ടു്. മറ്റുള്ളവരെപ്പറ്റി ഗുണദോഷിപ്പാൻ? ജനങ്ങളെ പേടിച്ചിട്ടു് നമുക്കു് ഇഷ്ടമുള്ളതു് ചെയ്തുകൂടെന്നോ? യാതൊന്നും പറവാനില്ലാഞ്ഞിട്ടുകൂടി ജനങ്ങൾ വല്ലതും പറഞ്ഞുതുടങ്ങിയാൽ അവരെ ആർ പൊരുളിക്കുന്നു. അവരെ ആർ വകവെയ്ക്കുന്നു. അവർ ഇഷ്ടംപോലെ പറഞ്ഞുകൊള്ളട്ടെ; നമുക്കെന്താ?
കൃ. നാ.:
അവർ പറയും—അവരെന്തുപറയും, അവർ പറയുന്നതു് പറയട്ടെ എന്നോ?

കൃഷ്ണൻനായർ പൊന്നിയുടെ വാക്കുകൾ ഇങ്ങിനെ ചുരുക്കിപ്പറഞ്ഞു് മെല്ലെ ഒന്നു് ചിരിച്ചു. പൊന്നിയുടെ മുഖത്തു് ഒരുതരം ഈർഷ്യയും, വിവരമില്ലായ്മയും സ്ഫുരിച്ചുകണ്ടപ്പോൾ, അങ്ങിനെ ഒന്നു് തോന്നിയിട്ടു്, പെട്ടെന്നു് അദ്ദേഹം പൊന്നിയെ ഒന്നു് ചുംബിച്ചുപോയി. തടുക്കവയ്യാത്ത പ്രേരണകൊണ്ടു്, തന്നെത്താനറിയാതെ ചെയ്തുപോയ നിർമ്മര്യാദയെപ്പറ്റി കൃഷ്ണൻനായർ അവളോടു് മാപ്പു് ചോദിപ്പാൻ ഒരുമ്പെട്ടു. അവളാകട്ടെ അയാളുടെ മുഖത്തിനുനേരെ അവളുടെ മുഖം തിരിച്ചു് “അങ്ങിനെ പോര, ശരിയായിട്ടു് എന്റെ രണ്ടുചുണ്ടിലും ചുംബിക്കിൻ” എന്നു് പറഞ്ഞു. കൃഷ്ണൻനായർ ശങ്കിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു പ്രമാദകരമായ രോമാഞ്ചം ഉണ്ടായി. രക്തം തലയിൽ കേറിയിട്ടു് അദ്ദേഹത്തിന്റെ ചെള്ളകൾ തുടുത്തു.

“എന്നെ ഒന്നുകൂടി ചുംബിക്കൂ” എന്നു് അവൾ വീണ്ടും ആവർത്തിച്ചു. അവളുടെ ശുദ്ധർത്ഥം അടങ്ങിയ കണ്ണുകൾ തിളങ്ങി. കൂർപ്പിച്ചു് പിടിച്ച അവളുടെ, റോസമൊട്ടുപോലെ ശോഭിച്ച ചുണ്ടുകൾ അദ്ദേഹത്തിന്റെ ചുണ്ടുകളുടെ അടുക്കെ നിർത്തി. പിന്നെ മടിക്കുന്നതാർ എന്നു് പറഞ്ഞകൂട്ടത്തിൽ, കൃഷ്ണൻനായർ മുഖം താഴ്ത്തി. അവൾക്കു് ഇഷ്ട നിവൃത്തി വരത്തക്കവണ്ണം ഒരു ചുംബനം വെച്ചു. ചുംബനം അതിവേഗതയിലും, മൃദുവായും കഴിഞ്ഞുപോയെങ്കിലും കൃഷ്ണൻനായരുടെ ദേഹം മുഴുവനും ഒന്നു് ഇരട്ടിമധുരമാക്കി. ചുംബനം കഴിഞ്ഞ ഉടനെ “കൃഷ്ണൻനായരെ സൂക്ഷിച്ചുകൊൾക” എന്നു് അദ്ദേഹത്തിന്റെ മനസ്സാക്ഷിയും മന്ത്രിച്ചു. എന്നാലുംകൂടി ഈ ചുംബനം മറ്റൊരു സംഗതിയെ വിചാരവീഥിയിൽ കൊണ്ടുവന്നു.

കൃ. നാ.:
പൊന്നീ എന്നെ ചുംബിക്കുവാൻ നീ ഇന്നലെ ആവശ്യപ്പെട്ടു. നിണക്കോർമ്മയുണ്ടോ?
പൊ:
അതെ, നിങ്ങൾ എന്നെ സമ്മതിച്ചില്ല.
കൃ. നാ.:
വേറെ വല്ലവരേയും നീ ചുംബിക്കാൻ സമ്മതിക്കുമായിരുന്നു. ഞാനൊഴികെ മറ്റാരെങ്കിലുമാണെന്നു് വിചാരിച്ചാൽ?
പൊ:
ഒരിക്കലും ഇല്ല. മിക്ക പുരുഷന്മാരേയും ഞാൻ വെറുക്കുന്നു. നിങ്ങൾ എന്നോടു് മന്ദഹസിച്ച നിമിഷത്തിൽത്തന്നെ എനിക്കു് നിങ്ങളോടു് പ്രേമം വീണുപോയി. എനിക്കു് നിങ്ങളെ ചുംബിക്കേണമെന്നു് ആഗ്രഹമുണ്ടായി. എന്തുകൊണ്ടാണെന്നോ? എന്തുകൊണ്ടു്? എനിക്കു് അങ്ങിനെ വേണമെന്നു് തോന്നീട്ടു്. അത്രയേ ഉള്ളു.
കൃ. നാ.:
നിണക്കു് ചെയ്യേണമെന്നു് തോന്നുന്നതൊക്കെ നീ എപ്പോഴും ശരിക്കു് ചെയ്തുവരാറുണ്ടോ?
പൊ:
അതെ! ചെയ്യുന്നതുകൊണ്ടെന്താ?

കൃഷ്ണൻ നായർക്കു്, ഇവളുടെ പ്രായത്തിൽ താൻ കഴിച്ചിരുന്ന ജീവിതവും സ്മരിച്ചു. അന്നൊക്കെ, അന്നും അദ്ദേഹത്തിനു് ചെയ്വാൻ ഇഷ്ടമാണെന്നു് തോന്നിയതൊക്കെ, ശരിക്കുചെയ്വാൻ പാടില്ലാത്തതായിട്ടാണു് വന്നുകൂടിയതു്. എന്നാൽ ഈ “പാടില്ലാത്തതു്” എന്ന പട്ടികയിൽ പെട്ടതൊക്കെ ജനങ്ങൾ വളരെക്കാലമായിട്ടു് ആദരിച്ചുപോരുന്ന ചില വിശേഷാചാരങ്ങൾ മാത്രമായിരുന്നു. വിശേഷാചാരങ്ങളൊന്നും പൊന്നിക്കു് ബാധകമായിരുന്നില്ല.

കൃ. നാ.:
(പെട്ടെന്നു്) പൊന്നി, എന്നെ സന്തോഷിപ്പിക്കാൻ നിനക്കാഗ്രഹമുണ്ടോ?
പൊ:
ഉണ്ടു്. അതു് നിങ്ങൾക്കുതന്നെ അറിയാമല്ലൊ?
കൃ. നാ.:
എന്നാൽ നീ നിന്റെ സ്വന്തം വീട്ടിലേയ്ക്കുതന്നെ മടങ്ങിപ്പൊയ്ക്കൊൾക. ഉടനെ ആയിരിക്കണം. നിന്റെ ബന്ധുജനങ്ങളെ കാണ്മാൻ ഞാനും പിന്നാലെത്തന്നെ വരുന്നുണ്ടു്.

ഇതുകേട്ടപ്പോൾ പൊന്നിയുടെ തിളങ്ങുന്ന കണ്ണുകളുടെ പ്രഭ മങ്ങി. അവളുടെ നിഷ്ടഭാവം, ചുകന്ന ചുണ്ടുകളും സ്ഫുരിപ്പിച്ചു.

പൊ:
(ഇടറിക്കൊണ്ടു്) ഇന്നു് രാവിലത്തെ കോലത്തിലാണെങ്കിൽ, എന്തു് നന്മയാണു് എന്റെ അച്ഛന്നു്, നിങ്ങൾക്കു് ചെയ്തുകൊടുപ്പാൻ സാധിക്കുന്നതു് എന്നു് ഞാനറിയുന്നില്ല.
കൃ. നാ.:
പൊന്നി, ഒരു കാര്യം നീ മനസ്സിലാക്കണം. ഞാൻ പുരുഷനാണെങ്കിൽ നിന്റെ വീട്ടിൽനിന്നു് നിന്നെ വിടുർത്തിക്കൊണ്ടുവരാതെ ഇരിക്കില്ല. നിന്റെ അച്ഛൻ, ഉണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി എല്ലാം ഒന്നുതന്നെ.

സ്വന്തം കൂട്ടക്കാർ വിരോധിച്ചാലും, ദുഷ്ടപരിതസ്ഥിതികളിൽനിന്നു് ഒരു പെൺകുട്ടിയെ വിടുർത്തി, സംസ്കാരമന്ദിരങ്ങളിൽവെച്ചു് വളർത്തുവാൻ പതിദ്ധാരണ സംഘത്തിനു് അധികാരം ഉണ്ടായിരിക്കും എന്ന, പുകപോലെയുള്ള ഒരു ധാരണ കൃഷ്ണൻനായരുടെ ഉള്ളിൽ പൊങ്ങിയിരുന്നു. ആ വക മന്ദിരങ്ങൾ ഈ രാജ്യത്തില്ലെങ്കിലും ഇതിലും പ്രാമുഖ്യമുള്ള രാജ്യങ്ങളിൽ ഉണ്ടായാലും മതിയല്ലോ! അവിടെ കൊണ്ടുപോയാൽ എല്ലാ കാര്യവും ശുഭമാവും എന്നുകൂടി കൃഷ്ണൻനായർ ധരിച്ചു. ഇങ്ങിനെയൊക്കെ വിചാരിപ്പാൻ കാരണം തന്റെ കയ്യിൽ പൊന്നിയെ ഏല്പിക്കാൻ അവളുടെ മാതാപിതാക്കന്മാർ അനുവദിച്ചിട്ടില്ലെങ്കിലോ എന്നുവെച്ചിട്ടാണു്.

പൊ:
എന്റെ കൂടെത്തന്നെ നിങ്ങൾ പോരുമോ?
കൃ. നാ.:
അങ്ങിനെയല്ലാ ഇഷ്ടത്തി. നീ ഇപ്പോൾത്തന്നെ പോകണം. നമ്മൾ ഇരുവരും ഒന്നിച്ചു് പോകുന്നതു് ആക്ഷേപത്തിന്നു് ഇടയുണ്ടാക്കും.

പൊന്നി പെട്ടെന്നു് അടുത്തുചെന്നു് അയാളെ വൻകരടിയുടെ കെട്ടിപ്പിടുത്തത്തേക്കാൾ ശക്തിയോടെ തന്റെ മാറോടടുപ്പിച്ചു്, കെട്ടിപ്പിടിച്ചു് അദ്ദേഹത്തിന്റെ ചുണ്ടുകളിൽ ശക്തിയോടെ ഒന്നു് ചുംബിച്ചു. പിന്നെ ഒന്നും പറയാതെ അദ്ദേഹത്തേയും വിട്ടു് അവിടുന്നു് ഇറങ്ങിപ്പോയി.

മൂന്നാം അദ്ധ്യായം

പൊന്നിയെ പിന്തുടർന്നുകൊണ്ടുതന്നെ കൃഷ്ണൻനായർ അവളുടെ വാസസ്ഥലമായ കൊപ്പാറയിൽ എത്തി. ഒരു ചെറിയ നിരത്തിന്റെ വക്കത്തു് നാലുമുറി പീടികകളുണ്ടായിരുന്നു. ഒന്നിൽ പുകയില, പലഹാരം, ചായ മുതലായവ വില്ക്കാൻ വെച്ചതും കണ്ടു്, പൊന്നിയുടെ വീടു് ഇതുതന്നെ ആയിരിക്കണം എന്നു് കൃഷ്ണൻനായർക്കു് ബോദ്ധ്യംവന്നു. പുറമെനിന്നു് നോക്കിയാൽ മര്യാദക്കാർ പാർക്കുന്ന ദിക്കാണെന്നുതന്നെ തോന്നും. എന്നാൽ ഉള്ളിൽ കടന്നപ്പോൾ രണ്ടുമൂന്നു് വൃത്തിശൂന്യരായ കൂലിവേലക്കാർ അങ്ങും ഇങ്ങും ലാത്തുന്നതു് കണ്ടു്, മര്യാദക്കാർ പാർക്കുന്ന സ്ഥലമായിരിക്കണം എന്ന കൃഷ്ണൻനായരുടെ ബോധവും തകർന്നു. പോരാഞ്ഞിട്ടു് ഒരേടത്തിരുന്നു് കറുപ്പിച്ച കണ്ണും, ചുകപ്പിച്ച ചുണ്ടും ധരിച്ച രണ്ടു് യുവതികൾ, അതിജോറോടെ സംസാരിച്ചുകൊണ്ടു് ചായകുടിക്കുന്നതു് കണ്ടു. ഈ കാഴ്ച അദ്ദേഹത്തിന്റെ സകല സംശയത്തേയും കളഞ്ഞു. അഴികളുടെ മറുഭാഗത്തിൽനിന്നു് ചായ ഉണ്ടാക്കി പകർന്നു് കൊടുക്കുന്ന സ്ത്രീയെ കൃഷ്ണൻനായർ സൂക്ഷിച്ചുനോക്കി. അവളുടെ മുഖം ഘനമായ വ്യസനംകൊണ്ടു് നിരാശ്വാസഭാവം അവലംബിച്ചിരുന്നു.

കൃ. നാ.:
പൊന്നിയുടെ അമ്മയാണു് അല്ലേ!

അവളുടെ ചുണ്ടുകൾ അനുകമ്പ ജനിക്കുമാറു് പരിക്കുകൾകൊണ്ടു് നിറഞ്ഞിരുന്നു. കണ്ണുകൾ വിങ്ങിയിരുന്നു. സല്ക്കാരപൂർവ്വം ഒരു അതിഥിയെ ആദരിക്കുവാനുള്ള ശക്തിയൊ, ഉന്മേഷമോ അവളിൽനിന്നു് ആകമാനം അസ്തമിച്ചുപോയിരുന്നു. പൊന്നിയുടെ പേർ പറഞ്ഞപ്പോൾ അവൾ കൃഷ്ണൻനായരെ ഒന്നുനോക്കി.

അവൾ:
അതെ! ഞാൻതന്നെയാണു് പൊന്നിയുടെ അമ്മ.
കൃ. നാ.:
എന്താണു് പേർ?
അവൾ:
നാണി.
കൃ. നാ.:
നണിയമ്മേ! എനിക്കു് നിങ്ങളോടു് സ്വകാര്യമായി ചില സംഗതികൾ പറവാനുണ്ടു്.

നായർ അടുത്തുവന്നു. അവളെനോക്കിയപ്പോൾ ആ സാധുസ്ത്രീയുടെ കഴുത്തിന്മേൽ വിരലുകളുടെ അടയാളംകണ്ടു് ആരായിരിക്കാം ഇവളെ ഞെക്കിക്കൊല്ലാൻ ശ്രമിച്ചതു് എന്നു് നായർ ആശ്ചര്യപ്പെട്ടു.

നാണിഅമ്മ:
ഒരു തരക്കേടും ഇല്ല. ഇങ്ങട്ടു് വരൂ സാറേ! (കണ്ണിൽ മഷിയിട്ട യുവതികളിൽ ഒന്നിനെ നോക്കീട്ടു്) മകളെ വെള്ളി ഞാൻ മടങ്ങിവരുന്നവരെ ഷാപ്പിലെ സാധനങ്ങളിന്മേൽ കണ്ണുവേണമേ.

നാണിയമ്മയുടെ സംസാരം പഴഞ്ചൻമട്ടിലാണെങ്കിലും തെറ്റില്ലാത്തതായിരുന്നു. ആ സ്ത്രീയുടെ നടവടിയിൽ യാതൊരു പരിഭ്രമവും ഉണ്ടായിരുന്നില്ല. ഒരു കുലസ്ത്രീയുടെ ഭാവം, എത്ര താണ പദവിയിലായിട്ടും അവളിൽനിന്നു് വിട്ടുപോയിരുന്നില്ല. കൃഷ്ണൻനായർക്കു് അത്ഭുതം ജനിച്ചു. അപ്പോഴാണു് പൊന്നി പറഞ്ഞതു് അദ്ദേഹത്തിനു് ഓർമ്മ വന്നതു്. എന്റെ അമ്മ പദവികൊണ്ടു് തന്നിൽ താണ ഒരാളെ അന്നു് വിവാഹം കഴിച്ചതു് എന്നു്. അവളൊ കൃഷ്ണൻനായരെ ഒരു ചെറിയ മുറിയിൽ കൊണ്ടുവന്നു്, ഒരു കുഷ്യനിട്ട കസാലമേൽ അയാളെ ഇരുത്തി.

നാണിഅമ്മ:
ഞാൻ എന്താണു് നിങ്ങൾക്കുവേണ്ടി ചെയ്യേണ്ടതു്. അതു് ചെയ്യുന്നതും എനിക്കു് എപ്പോഴും സന്തോഷമായിരിക്കും.
കൃ. നാ.:
ഇപ്പോൾ ഞാനാണു് നിങ്ങൾക്കുവേണ്ടി ഒരുകാര്യം ചെയ്വാൻ ആലോചിക്കുന്നതു്.
നാണിഅമ്മ:
അനുഗ്രഹംതന്നെ. എന്താണതു്?
കൃ. നാ.:
നിങ്ങളുടെ മകൾ പൊന്നിക്കു് മേലാൽ ഗുണത്തിന്നായി ചില ഏർപ്പാടുകൾ ചെയ്തുകൊടുപ്പാൻ ഞാൻ വിചാരിക്കുന്നുണ്ടു്.

“നിങ്ങൾക്കു് പൊന്നിയെ അറിയാമോ?” എന്നു് ഇടയ്ക്കു് പറഞ്ഞുകൊണ്ടു് നാണിഅമ്മ അസാരം മുന്നോട്ടുചാഞ്ഞു് കൃഷ്ണൻനായരുടെ മുഖം ഒന്നു് നല്ലവണ്ണം നോക്കിമനസ്സിലാക്കി.

നാണിഅമ്മ:
നിങ്ങൾ അവളെ എവിടുന്നു് കണ്ടു?

കൃഷ്ണൻനായർ ചരിത്രമെല്ലാം വിശദമായി പറഞ്ഞു് കൊടുത്തു. നാണിഅമ്മയുടെ കവിളൊട്ടിയ മുഖം ലജ്ജകൊണ്ടു് കറുത്തു.

നാണിഅമ്മ:
പൊന്നിക്കു്, എന്നാൽ കഴിഞ്ഞത്ര, വേണ്ടതൊക്കെ ചെയ്വാൻ ഞാൻ ശ്രമിച്ചിട്ടുണ്ടു്. എന്നാൽ എനിക്കു് അതിനുവേണ്ടുന്ന അവസരവും തക്കവും കിട്ടിയില്ല. ഞാൻ അവളെ ദേവാരത്തിൽ എന്റെ സഹോദരിയുടെ അടുക്കെ അയച്ചു. എന്നാൽ ഒരു മാസംകൊണ്ടു് അവൾ ഇങ്ങട്ടുതന്നെ മടങ്ങിപ്പോരികയാണു് ചെയ്തതു്. ഇനി രണ്ടാമതും അവൾക്കുവേണ്ടി വല്ലതും ശ്രമിക്കുവാൻ എനിക്കു് വയസ്സായി. സാറേ! ഈ നരകത്തിൽനിന്നു് പൊന്നിയെ നിങ്ങൾ വിടുത്തിക്കൊണ്ടുപോയാൽ—

കൊള്ളിപോലെ മെലിഞ്ഞ വിരലുകൾ മേശമേൽ പരത്തി നാണിഅമ്മ മലമ്പനിപിടിച്ചപോലെ ഒന്നു് വിറച്ചു. ആ തള്ളയുടെ തൊണ്ടയിൽനിന്നു് ഒരു ഏങ്ങിഅടയുന്ന ശബ്ദം പുറപ്പെട്ടു.

നാണിഅമ്മ:
അല്പംചില കുറ്റം ഞാനും ചെയ്തുപോയിരിക്കാം. ഈ കാര്യത്തിൽ വലിയകുറ്റക്കാർ ബാക്കിയുള്ളവരാണു്. പൊന്നിക്കു് നന്നാകാൻ ഒരു പഴുതുകിട്ടിയിരുന്നില്ല. നിങ്ങൾ അവൾക്കു് വല്ല നന്മയും വരുത്തിക്കൊടുക്കുമെങ്കിൽ ജഗദീശ്വരൻ നിങ്ങളെ കടാക്ഷിക്കും.

തൃഷ്ണാതിരേകതനിമിത്തം നാണിഅമ്മ കൃഷ്ണൻനായരുടെ കൈ, പരുത്തപരിക്കുകൾകൊണ്ടു് നിറംമാറിയ തന്റെ മുഖത്തു് അടുപ്പിച്ചുവെച്ചു. അവളുടെ കണ്ണുകണ്ടാൽ, ഒതുക്കിപ്പിടിച്ച വ്യസനം ഉള്ളിലുണ്ടെന്നു് ആർക്കും മനസ്സിലാവും.

നാണിഅമ്മ:
പൊന്നിയുടെ ഭാവിയെപ്പറ്റി എനിക്കു് എപ്പോഴും ഭയമുണ്ടായിരുന്നു—അവളുടെ അനുജത്തി വെള്ളിയാണെങ്കിൽ—ഈശ്വരാ! അവളുടെ കഥ എടുത്തു് പറയാത്തതാണു് നല്ലതു്—എനിക്കു് അതു് വിസ്തരിക്കവയ്യ. പൊന്നി ഏതായാലും ആ വഴിക്കു് ചായുകയില്ല. ആ സ്വഭാവം അവൾക്കില്ല.
കൃ. നാ.:
പൊന്നി നിങ്ങളെവിട്ടു് പാർക്കുന്നതിനു് നിങ്ങൾക്കു് വിരോധമില്ലായിരിക്കും.

“വിരോധമോ” എന്നു് അപസ്മാരഗോഷ്ടിയോടെ നാണിഅമ്മ ഉരുവിട്ടു. പിന്നെ കുറെനേരം മിണ്ടാതെനിന്നു.

നാണിഅമ്മ:
എന്റെ ജീവിതത്തിൽ ഒരു ഭാഗ്യകല ഉണ്ടെങ്കിൽ അവളാണു്. എന്റെ പൊന്നിയെ എനിക്കു് മേലാൽ കാണ്മാൻ കഴികയില്ല. എന്നുവെച്ചാൽത്തന്നെ ഈ ചുറ്റുവട്ടത്തിൽനിന്നു് അവളെ കൊണ്ടുപോയതിന്നു് ഞാൻ എല്ലാദിവസവും മുട്ടുകുത്തി ഈശ്വരനോടു് നന്ദിപറയുന്നതാണു്. ഒരു സമയം പെൺകുട്ടികളെ പ്രസവിക്കേണ്ടവളല്ല ഞാൻ എന്നുവരാം. എനിക്കു് വിവരമില്ല. ഒരു കാലത്തു് എന്റെ സ്ഥിതി ഇപ്രകാരമാകുമെന്നു് ഞാനും ബാക്കിയുള്ളവരും വിചാരിച്ചിരുന്നില്ല. അതു് നിങ്ങൾക്കു് മനസ്സിലാവും. വെള്ളി അവളുടെ അച്ഛന്റെമാതിരി ആണു്. ചീത്തവിഷയത്തിലേയ്ക്കു് ചെന്നുചാടുവാനിടയിള്ളു എന്നു് ഞാൻ ഒരിക്കൽ അവളെ ഇവിടുന്നു് വിടുത്തുവാൻ ശ്രമിച്ചിട്ടു് സാധിക്കാതെപോയപ്പോൾ എനിക്കു് ധാരാളം ബോദ്ധ്യം വന്നിരുന്നു. പൊന്നിക്കു് സ്വതസ്സിദ്ധമായിട്ടു് ഒരു വിവേകബുദ്ധി ഉണ്ടു്. അവളെ പ്രസവിക്കുന്നതിനു് മുമ്പെതന്നെ എന്റെ ദേഹവും, മനസ്സും, ധൈര്യവും ഒക്കെ തകർന്നുപോയിക്കഴിഞ്ഞിരുന്നു. യാതൊരു ആശയോ, ചിന്താശ്വാസമോ എനിക്കു് ആ കാലത്തു് ഉണ്ടാവാൻ വഴികണ്ടിരുന്നില്ല. സുഖജീവിതത്തിനുള്ള സകലവഴിയും അടഞ്ഞുപോയിരുന്നു. എന്റെ കഷ്ടാനുഭവങ്ങളും, ആ മാതിരി ദ്രോഹങ്ങളിൽനിന്നു് എനിക്കു് പഠിച്ചപാഠംപോലെ ഉണ്ടായ്വന്ന വിവേകവും, എന്റെ പൊന്നിക്കു് കിട്ടിയതായിരിക്കും.

രണ്ടാളും കുറെനേരം ഒന്നും സംസാരിച്ചില്ല. ഇതൊക്കെ പറയേണ്ടിവന്ന ക്ലേശംകൊണ്ടു് നാണിഅമ്മയും, ഇതൊക്കെ കേട്ടിട്ടുള്ള അത്ഭുതംകൊണ്ടു് കൃഷ്ണൻനായരും കുറേ നേരം ശാന്തി അവലംബിക്കതന്നെ ചെയ്തു.

നാ. അ.:
സാറെ! നിങ്ങൾ എന്തുചെയ്വാനാണു് വിചാരിക്കുന്നതു്.
കൃ. നാ.:
രണ്ടുകൊല്ലത്തോളം അവളെ നല്ല ഒരു സ്ക്കൂളിൽ കൊണ്ടുപോയി ചേർക്കണം. എന്നിട്ടു് കാലയാപനത്തിന്നു് ഒരു പ്രാരംഭമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കണം. ഏതു് പ്രകാരത്തിലാണു് ഞാൻ തല്ക്കാലം പ്രവർത്തിക്കേണ്ടതു് എന്നു് എനിക്കുതന്നെ ഇപ്പോൾ നല്ല നിശ്ചയമില്ല. ഈ കാര്യത്തിൽ പൊന്നിയുടെ അച്ഛന്റെ അനുവാദവും വേണ്ടിവരികയില്ലേ?

ഇതുകേട്ടപ്പോൾ നാണിഅമ്മയുടെ മുഖം, ഒന്നിങ്കൽ ഉറച്ചപോലെ ഒരു നിശ്ചിതഭാവം പുറത്തിറക്കി. ആ സ്ത്രീ പിന്നേയും ആലോചിച്ചു.

നാ. അ.:
സാറേ! ജീവിതം എന്താണെന്നു് ഞാൻ നല്ലപോലെ പഠിച്ചു. സാധുസ്ത്രീകൾ കല്യാണം കഴിക്കുമ്പോൾ പല ഭാഗ്യങ്ങളും സുഖങ്ങളും മേലാൽ അനുഭവിക്കാൻ സംഗതിവന്നു എന്നു് എണ്ണിത്തുടങ്ങും. പിന്നീടു് ഓരോന്നോരോന്നായി അവരുടെ ആശകളും, ആലോചനകളും തെറിച്ചുപോകുമ്പോൾ മാത്രമേ അവരുടെ കണ്ണു് സാക്ഷാൽക്കാരത്തിൽ തുറന്നുവരികയുള്ളു. ഞാൻ ഇപ്പോൾ എന്റെ ജീവൻ സംരക്ഷിക്കുന്നതു് ഒരൊറ്റെ ആളെ വിചാരിച്ചിട്ടാണു്. ഞാൻ ഈ നരകത്തിൽനിന്നു് ഗതി ഇല്ലാതെ ഉഴലുന്നതു് ഒരൊറ്റ ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടിയാണു്. അവളാണു് എന്റെ പൊന്നി. അവളെ ഈ ചുറ്റുവട്ടത്തിൽനിന്നു് മാറ്റിക്കൊണ്ടു് പോകണമെന്നു് ഞാൻ എപ്പോഴും വിചാരിക്കാറുണ്ടു്. പൊന്നി എന്റെ മകളാണു്. നിങ്ങൾക്കു് അവളെകൊണ്ടുപോകാമെന്നു് ഞാനാണു് പറയുന്നതു്. അവൾക്കു് നല്ലവണ്ണം ഉപയോഗപ്രദമായ്വരുന്ന ഒരു ജീവിതം നയിപ്പാനുള്ള മാർഗ്ഗം കാണിച്ചുകൊടുപ്പാൻ ഇപ്പോൾ നിങ്ങളെ മാത്രമേ ഞാൻ കാണുന്നുള്ളു. മലയാളം നല്ലവണ്ണം എഴുതാനും വായിപ്പാനും അറിയാം. പഠിപ്പിൽ ബഹുവാസനയാണു്. ഇനി നിങ്ങളുടെ ഇഷ്ടം.
കൃ. നാ.:
അപ്പോൾ നിങ്ങൾക്കു് എന്നെ വിശ്വാസമാണു് അല്ലേ?
നാ. അ.:
മുഖംനോക്കിയാൽ എനിക്കു് ഒരു നല്ല ആളെ മനസ്സിലാക്കാൻ സാധിക്കും. നിങ്ങൾക്കു് നല്ലതെന്നു് തോന്നുന്നതു് ചെയ്തുകൊൾക. എന്നാൽ ഒരു കാര്യം മാത്രമുണ്ടു്. ഇടയ്ക്കിടയ്ക്കു് എന്റെ പൊന്നുവിന്റെ ഗതിയെപ്പറ്റിയും, സ്ഥിതിയെപ്പറ്റിയും എന്നെ അറിയിക്കുവാനുള്ള ഭാരം നിങ്ങളിൽ കിടപ്പുണ്ടു്.

നാണിഅമ്മയുടെ അപേക്ഷയിൽ പ്രത്യക്ഷമായ ശ്വാസവും താഴ്മയും കണ്ടിട്ടു് പുരുഷനായ കൃഷ്ണൻനായരുടെ കണ്ണു് അസാരം നനഞ്ഞുപോയൊ എന്ന സംശയത്തിന്നു് സംഗതിഉണ്ടായി.

കൃ. നാ.:
വിരോധമില്ല. നിങ്ങളെ അറിയിക്കാം. നിങ്ങൾക്കു് കൂടക്കൂടെ അവളെ കാണുകയും ചെയ്യാം.
നാ. അ.:
അതിനു് ഞാൻ നിർബ്ബന്ധിക്കുന്നില്ല. വാസ്തവം പറഞ്ഞാൽ എന്നെ കാണുന്നതു് അവൾക്കു് ഗുണകരമായിരിക്കയില്ല. ഞാൻ സംഗതിവശാൽ മദ്യപാനം ശീലിക്കേണ്ടിവന്നവളാണെന്നു് നിങ്ങൾ മനസ്സിലാക്കണം. അതിൽ ലയിക്ക മാത്രമെ എനിക്കു് ഒരാശ്വാസമായി ഇപ്പോൾ ബാക്കിയുള്ളു.

ഹൃദയംപിളർന്നു് പുറത്തുവന്ന ഈ വാക്കുകൾ പറയുമ്പോൾ നാണിഅമ്മയ്ക്കും, കേട്ടതുകൊണ്ടു് കൃഷ്ണൻനായർക്കും ഒരേ സമയത്തു് മുഖം തുടുത്തു. കൃഷ്ണൻനായർ ക്ഷണം തന്റെ സഹജമായ ശാന്തത കൈക്കൊണ്ടു.

കൃ. നാ.:
നിങ്ങളുടെ കർമ്മങ്ങളെപ്പറ്റി ഒരു അഭിപ്രായവും പാസ്സാക്കുവാൻ ഞാൻ വിചാരിക്കുന്നില്ല. നിങ്ങൾക്കു് ഭാഗ്യം അസാരം കുറഞ്ഞുപോയി.

നാണിഅമ്മ അതിനു് ഉത്തരം ഒന്നും പറഞ്ഞില്ല.

നാ. അ.:
നിങ്ങൾ പൊന്നിയെ ഉടനെ കൊണ്ടുപോകുമല്ലോ?
കൃ. നാ.:
ഞാൻ ഒരുക്കമാണു്. എന്നാൽ അവളുടെ അച്ഛൻ ലഹളയ്ക്കു് വന്നാലൊ?
നാ. അ.:
അയാൾ വരില്ല. അവൾ എവിടെയാണെന്നവിവരം ആരേയും അറിയിക്കുന്നില്ല. അവൾ വീട്ടിൽനിന്നു് ഓടിപ്പോയി എന്നേ എല്ലാവരും വിചാരിക്കയുള്ളു. അതുകൊണ്ടു് ആർക്കും ഒരു അന്വേഷണമൊ, അത്ഭുതമൊ ഉണ്ടാകയില്ല.
കൃ. നാ.:
വേണ്ടില്ല. പൊന്നിയോടു് നാളെ ഉച്ചതിരിഞ്ഞിട്ടു് എന്റെ വീട്ടിൽ വരാൻ പറയൂ. ഞാൻ പാർക്കുന്നതു് എവിടെയാണെന്നു് അവൾക്കറിയാം. അതിനിടയ്ക്കു് ഞാൻ ഒരു വിശ്വസ്തയായ സ്ത്രീയെ കണ്ടുപിടിക്കാൻ നോക്കട്ടെ. എനിക്കു് ബോദ്ധ്യമായിട്ടു് പലരും ഉണ്ടു്. ഞാൻ അവൾക്കു് പറ്റിയ ഒരു സ്ക്കൂൾ കണ്ടുപിടിക്കുന്നതുവരെ അവളെ ഒരേടത്തു് പാർപ്പിക്കാമല്ലൊ. സ്ക്കൂളിൽ പഠിപ്പിക്കുന്നതു് കൂടാതെ പാർപ്പാനുള്ള സൗകര്യവുംകൂടി ഉണ്ടായിരിക്കണം.
നാ. അ.:
എനിക്കൊന്നു് പറവാനുണ്ടു്. ഞാൻ ഒരു ഉപദേശം നിങ്ങൾക്കു് തരുന്നതാണെന്നു് വിചാരിക്കരുതു്. അവളെ വളരെ വലിയ ബന്തോവസ്സിൽ വെയ്ക്കരുതു്. അവൾക്കു് ഏറ്റവും വലിയകാര്യം സ്വാതന്ത്ര്യമാണു്. ശാസനയേക്കാൾ, നല്ലവാക്കാണു് ഭേദം. ചിലപ്പോൾ തെളിച്ചതിലെ നടക്കാഞ്ഞാൽ നടന്നതിലെ തെളിക്കേണ്ടിയുംവരും.

കൃഷ്ണൻനായരുടെ മുഖം ഒരു ചെറിയ പുഞ്ചിരികൊണ്ടു് വികസിച്ചു. എന്തുകൊണ്ടെന്നാൽ ചുരുങ്ങിയ പരിചയംകൊണ്ടു് ആ അറിവും, അദ്ദേഹം സമ്പാദിച്ചു് കഴിഞ്ഞിരുന്നു.

കൃ. നാ.:
എനിക്കു് മനസ്സിലായി. ഒരു മകളുടെ കാര്യത്തിൽ അമ്മയുടെ ഉപദേശത്തിന്നു് ഒഴിവൊന്നും ആവശ്യമില്ല. അധികകാലമനുഭവിച്ച പീഡകൊണ്ടും, ക്രൗര്യംകൊണ്ടും നിങ്ങളുടെ മാംസപേശികൾക്കും നാഡിക്കും ക്ഷീണം തട്ടിപ്പോയെന്നു് ഞാൻ വിചാരിക്കുന്നു.
നാ. അ.:
നിങ്ങൾ കാര്യമാണു് പറഞ്ഞതു്.
കൃ. ന.:
ആട്ടെ. എന്നാൽ കാര്യമെല്ലാം ഞാൻ പറഞ്ഞപോലെ ഉറച്ചു അല്ലേ!
നാ. അ.:
സാറെ! അതിന്നുവല്ല സംശയവുമുണ്ടോ? നിങ്ങൾക്കു് പൊന്നിയെ ഇപ്പോൾ കാണേണ്ടുന്ന ആവശ്യമുണ്ടോ?
കൃ. നാ.:
ഇല്ല. ഞാൻ ഇപ്പോൾ മടങ്ങുന്നതാണു് നല്ലതു്.

പൊന്നിയെ കണ്ടാൽ അദ്ദേഹത്തിന്റെകൂടെ പോവാൻ അവൾ നിഷ്കർഷിക്കാതിരിക്കയില്ല. അപ്പോൾ അയാൾക്കു് അവളെ വിലക്കുവാൻ ഒരുവേള കർക്കശമായി സംസാരിക്കേണ്ടിവരും. അതൊക്കെ സൊല്ലയാണെന്നു് വിചാരിച്ചിട്ടാണു് അയാൾ നിഷേധിക്കേണ്ടിവന്നതു്. നാണി അമ്മയുടെ കയ്യിൽ അഞ്ചുറുപ്പികയും ഇട്ടുകൊടുത്തു് ആ നിർഭാഗ്യവതിയോടു് വിടയും വാങ്ങി കൃഷ്ണൻനായർ മടങ്ങാൻ ഭാവിച്ചു.

നാ. അ.:
സാറെ! ഈ ഉദാരബുദ്ധി കാണിച്ചതുകൊണ്ടു് ദൈവം നിങ്ങളെ അനുഗ്രഹിക്കാതിരിക്കയില്ല. നിങ്ങളെ ഞാൻ മരിക്കുന്നവരെ മറക്കില്ല. നിങ്ങളെങ്കിലും നിരൂപിക്കാത്തവിധത്തിൽ ഞങ്ങൾക്കു് ഒരു ആശ്വാസമായി എത്തിയതു് പൊന്നിയുടെ ജാതകഫലമായിരിക്കും. ഓ!

അർത്ഥമുള്ള “ഓ” എന്നു് കേട്ടപ്പോൾ കൃഷ്ണൻനായർ പിന്നേയും തിരിഞ്ഞുനിന്നു. നാണിഅമ്മ അവളുടെ മെലിഞ്ഞു് കൊട്ടായ കൈകൾ അലസഭാവത്തോടെ തിരുമ്മുന്നതു് കണ്ടു.

കൃ. നാ.:
ശങ്കിക്കേണ്ട. വേറെവല്ലതും പറവാനുണ്ടോ?
നാ. അ.:
പൊന്നി ഒരു പുതിയജീവിതം ആരംഭിക്കുവാനാണു് പോരുന്നതു്. അവൾക്കു് ആവശ്യമുള്ള ഉടുപ്പുകളൊന്നും ഇല്ല. സാറേ! അതൊക്കെ വാങ്ങിക്കൊടുപ്പാൻ എനിക്കു് ഇതേവരെ ശേഷിയുണ്ടായിട്ടില്ല.
കൃ. നാ.:
അതൊന്നും സാരമില്ല. അവൾക്കു് വേണ്ടുന്നതൊക്കെ ക്ഷണം ഉണ്ടാകും. പൊന്നിയെ പാർപ്പിക്കാൻ ഞാൻ ഒരു സ്ത്രീയെ കണ്ടുപിടിക്കും എന്നു് ഞാൻ പറഞ്ഞില്ലേ. എല്ലാകാര്യത്തിന്നും, ഈ കാര്യത്തിന്നു് പ്രത്യേകിച്ചും ഞാൻ അവളെത്തന്നെ ഏല്പിച്ചുകൊള്ളാം.
നാ. അ.:
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

പിറ്റെത്തെ നിമിഷത്തിൽത്തന്നെ കൃഷ്ണൻനായർ പോയിക്കഴിഞ്ഞിരുന്നു.

നാണിഅമ്മ തന്റെ ഷാപ്പിലേയ്ക്കുതന്നെ മടങ്ങിച്ചെല്ലാൻ ഉദ്യമിച്ചില്ല. അവൾ ഒരേടത്തു് കുറേനേരം ഇരുന്നു. മുറിയുടെ, പുകകൊണ്ടു് കറുത്തുപോയ പാക്കുകൾ അവലോകനശക്തി ക്ഷയിച്ച കണ്ണുകളെക്കൊണ്ടു് നോക്കി. വളരെ കാലത്തോളം ഈശ്വരവിചാരം പോയിട്ടു്, ഈശ്വരൻ ഉണ്ടെന്ന ഒരു വിശ്വാസവുംകൂടി അവൾക്കില്ലായിരുന്നു. എന്നിട്ടുകൂടി അവൾ എല്ലായ്പോഴും പ്രാർത്ഥിച്ചിരുന്നു. കൊപ്പാറയിൽ അരക്ഷിതരും, ഉപേക്ഷിതരും ആയ പെൺകുട്ടികൾ താന്താങ്ങൾക്കൊത്തപോലെ വല്ലതും പ്രവൃത്തിച്ചു് കഷ്ടിപിഷ്ടിയായി കഴിച്ചുകൂട്ടുന്നതു് നാണിയമ്മയുടെ നിത്യകാഴ്ചയായിരുന്നു. തന്റെ പൊന്നി ആ തരത്തിൽ പെട്ടുപോകാതിരിപ്പാൻ വേണ്ടിയായിരുന്നു നാണിഅമ്മ പ്രാർത്ഥനകൊണ്ടു് നടന്നതു്. ആ ഒരൊറ്റ ഉദ്ദേശത്തിനുവേണ്ടി നാണിഅമ്മ നിത്യജപവുംകൂടി നിവർത്തിച്ചുപോന്നിരുന്നു. ഇപ്പോഴാകട്ടെ അവളുടെ പ്രാർത്ഥനയ്ക്കു് ഫലസിദ്ധി വന്നുകൂടി. അങ്ങിനെ വരാതിരിക്കാനും പാടില്ല. ഒരു പ്രത്യേകകാര്യസിദ്ധിക്കുവേണ്ടി നിഷ്കർഷമായ പ്രാർത്ഥനയോ, നിരന്തരവും ശക്തിമത്തും ആയ ഒരു ആഗ്രഹമോ പരിപാലിച്ചു് പോരുന്നതായാൽ ആ കാര്യം വിജയമായി കലാശിക്കും എന്നതിനു് സംശയമില്ല. ആഗ്രഹത്തിന്റെ കടുപ്പംപോലെയാണു് ഫലസിദ്ധിയുടെ അവതരണവുമെന്നു് ഋഷിമാർകൂടി അഭിപ്രായപ്പെട്ടിട്ടുണ്ടു്. നാണിയമ്മ അവിടെത്തന്നെ വളരെ നേരം ഇരുന്നു. അപാരമായി ഉള്ളിൽ തോന്നിയ കൃതജ്ഞതയിൽ അവൾ മുഴുകിപ്പോയി. ഷാപ്പിൽചെന്നു് അവൾ ചെയ്യേണ്ടതായ കർമ്മങ്ങളൊക്കെ മറന്നു. “ടി. ടി” എന്നു് സർവ്വദാ ചിലച്ചുകൊണ്ടു് സമയം പായുന്നു എന്നു് അറിയിക്കുന്ന ഘടികാരത്തിൽപ്പോലും അവളുടെ കണ്ണുകൾ ഓടിയില്ല. അവളുടെ ഭർത്താവും, യജമാനനും ആയ ആൾക്കുണ്ണാനുള്ള സമയവും അടുത്തുപോയെന്നുകൂടി അവൾക്കു് കേവലം ബോധമുണ്ടായില്ല. അല്ലെങ്കിലോ സംസ്ക്കാരമില്ലാത്ത ആണുങ്ങളെ സൃഷ്ടിച്ചതു് ഒരു കാര്യത്തിൽ ഒരേ രീതിയിലാണു്. അവർക്കു് നേരത്തിന്നു് ഊണുകിട്ടാതെ പോയാൽ ഭാര്യമാരെ ഉപേക്ഷിക്കുവാനുംകൂടി മടിക്കയില്ല.

അങ്ങിനെ ഇരിക്കുമ്പോൾ തടിച്ചു് കുമ്പതള്ളിയ ഒരു പുരുഷൻ മുറിയിൽ കേറിവന്നു്—അല്ല ചാടിവീണു—അപ്പഴാണു് ഇരുന്നേടത്തിൽനിന്നു് നാണിഅമ്മ ഒന്നുഞെട്ടി എഴുന്നേറ്റതു്. തന്റെ ഭർത്താവിനെ കണ്ടപ്പോൾ അവൾക്കു് കിടുകിടെ വിറയാണു് വന്നതു്.

നാ. അ.:
നിങ്ങളൊ! നിങ്ങൾക്കു് കഴിക്കാൻ ഞാൻ ക്ഷണം വല്ലതും തയ്യാറാക്കാം—നിങ്ങൾ ഇത്രക്ഷണം വരുമെന്നു് ഞാൻ കരുതിയില്ല.
കേളുനായർ:
(ക്രൂരഭാവത്തോടെ) ഞാൻ വരും എന്നു് അറിയില്ല എന്നോ?—എന്താ—നീ പിന്നെയും മദ്യപിച്ചിട്ടുണ്ടോ? നിശ്ചയമായിട്ടും ഉണ്ടായിരിക്കണം.
നാ. അ.:
ഇല്ല, കേളുനായരേ. ഞാൻ ഓരോന്നാലോചനയിൽ മുഴുകിപ്പോയി.

ഇങ്ങിനെ പറഞ്ഞു് നാണിഅമ്മ ക്ഷണം ഊണും വിഭവങ്ങളും ഒരുക്കിത്തുടങ്ങി. ചോറുവെന്തിരിക്കകൊണ്ടു്, അവൾ, ക്ഷണം വേവുന്ന പദാർത്ഥങ്ങളിൽ കൈവെച്ചു. പപ്പടം വാട്ടുന്നു, കൊണ്ടാട്ടം വറക്കുന്നു, തേങ്ങ രാവുന്നു. ഇതൊന്നും കേളുനായർക്കു് രസിച്ചില്ല.

കേളുനായർ:
നീ ആലോചിക്കുകയായിരുന്നു എന്നോ? നിണക്കു് ആലോചിപ്പാൻ ആർ അധികാരം തന്നു. നീ ഇവിടെ പാർക്കുന്നതു് എന്റെ കാര്യങ്ങൾ നോക്കാനാണു്. എനിക്കു് വേണ്ടുന്നതൊക്കെ ചെയ്വാനാണു്. നിണക്കു് അതിനൊന്നിനും കഴിവില്ലെങ്കിൽ എവിടെയെങ്കിലും കടന്നുപോടീ. നീ പോയാൽ പിന്നെ വളരെനല്ലവണ്ണം ശുശ്രൂഷിപ്പാൻ ഒരു ഡസൻ പെണ്ണുങ്ങളെ ക്ഷണം ഇവിടെ കൊണ്ടുവരാൻ എനിക്കു് സാധിക്കുമല്ലൊ. നിന്നെപ്പോലെ മെലിഞ്ഞു് കൊട്ടായ പിശാചുക്കളെ അല്ല. ബിംബംനക്കിയ പൂച്ചകളെ അല്ല. ഒന്നാന്തരം ചെറുപ്പക്കാരത്തി സുന്ദരികളെ കേട്ടോ.

നാണിഅമ്മ ഒന്നും കേൾക്കാത്ത ഭാവത്തിൽ, എത്രയോ ജാഗ്രതയോടെ തന്റെ ജോലി നടത്തിക്കൊണ്ടിരുന്നു. തല്ക്കാലം വിശപ്പുശമനത്തിന്നായി ചായയും ചില പലഹാരങ്ങളും കൊണ്ടുവെച്ചുകൊടുത്തു.

കേളു:
നീ വിചാരിച്ചോ ഞാൻ ഇതൊക്കെ ഇപ്പോൾ തിന്നുമെന്നു്. നാശംപിടിച്ച കണ്ടാമാലേ. നിന്റെ പലഹാരങ്ങൾ കൊണ്ടുപോയി നരകക്കുഴിയിൽ എറിഞ്ഞുകളയും. നീയും അവിടെത്തന്നെ പോടു്. ലക്ഷണംകെട്ട കഴുത. കണികാണാൻ കൊള്ളാത്ത ചൂലു്. ഒന്നിനുംകൊള്ളാത്ത മുരിക്കു്.

പൊള്ളുന്നവെള്ളം നിറച്ചുണ്ടായിരുന്ന ചായപ്പാത്രം എടുത്തു് ആ നിഷ്ഠൂരൻ അവൾക്കു് ഒരേറു് കൊടുത്തു. എന്നാൽ അവന്റെ ശാസ്ത്രങ്ങൾ തടുത്തിട്ടുള്ള അധിക പരിചയം നിമിത്തം നാണിയമ്മയ്ക്കു് സമയോചിതമായി ഒരുതരം ചുറുചുറുക്കു് വന്നുകൂടിയിരുന്നു. നാണിയമ്മയുടെ അടുത്തുണ്ടായിരുന്ന ചുമരിന്മേൽ തട്ടി, ആ ചായപ്പാത്രത്തിന്റെ അവസാനവും വന്നു. ചുമരിന്മേൽ ചട്ടയിലിട്ടു് തൂക്കിയ ചിത്രങ്ങളുടേയും പണി ഒരുങ്ങി. ചിത്രങ്ങൾ നുറുങ്ങിപ്പോയതു് കണ്ടിട്ടു് കേളുനായർക്കു് പൂർവ്വാധികം കോപം ജനിച്ചു. അയാൾ ഒരു ടിൻ എടുത്തു് ഊക്കോടെ അവളെ എറിഞ്ഞു. അതു് നെഞ്ഞത്തു് കൊണ്ടപ്പോൾ വേദനകൊണ്ടു് ഒന്നു് നിലവിളിച്ചു. അപ്പോൾത്തന്നെ നിലത്തുവീണു. എന്നാലുംകൂടി തന്റെ ഭർത്താവിനെ പഴിച്ചിട്ടു് ഒരു വാക്കുപോലും മിണ്ടിയില്ല. എതിരായൊന്നും പറയാതേയും, പ്രവൃത്തിക്കാതേയും കാണുമ്പോൾ പാപിഷ്ഠരായ നിഷ്ഠൂരാത്മാക്കൾക്കു് കോപവും, വാശിയും വർദ്ധിക്കുകയേ ഉള്ളൂ. അയാൾ ആ വീണുകിടക്കുന്ന തന്റെ ഭാര്യയെ നിർദ്ദയമായി ഒന്നുചവിട്ടി. പിന്നെ ഷാപ്പിൽ കേറിച്ചെന്നു് വെള്ളിയെ വിളിച്ചു. “നിന്റെ അമ്മയുടെ മേൽ ഒന്നു് കണ്ണുവെയ്ക്കണം. അവൾ പിന്നേയും മദ്യപിച്ചിരിക്കുന്നു എന്നു് കൂസലില്ലാതെ പറഞ്ഞു് അയാളുടെ പാട്ടിന്നുപോയി.

വെള്ളി ചെന്നുനോക്കിയപ്പോൾ അമ്മ ഒരു ജീവച്ഛവം പോലെ കിടക്കുന്നുണ്ടു്. പ്രയാസപ്പെട്ടു് അമ്മയെ എഴുന്നേല്പിച്ചു് വെള്ളി ഒരു കട്ടിലിന്മേൽ കിടത്തി. ഒതുക്കിയാൽ ഒതുങ്ങാത്ത ദേഷ്യത്തോടെ പല്ലുകടിച്ചുംകൊണ്ടു് വെള്ളി “അച്ഛൻ നിങ്ങളെ പിന്നേയും തല്ലിയോ” എന്നുചോദിച്ചു. നാണിഅമ്മ തലയാട്ടി. അവളുടെ മെലിഞ്ഞ ഒരു കൈകൊണ്ടു് മാറിന്റെ ഒരു ഭാഗം അമർക്കുന്നതു് കണ്ടു. വെള്ളി അമ്മയെ വേദനപ്പെടുത്താതെ അവരുടെ റൗക്ക അഴിച്ചു് പരിശോധിച്ചു. ഒഴിഞ്ഞ സഞ്ചിപോലെ ഇരിക്കുന്ന ഒരു മുലമേൽ ചക്രാകാരമായി ചോര കല്ലിച്ചുകിടക്കുന്ന ഒരു വലിയ കലകണ്ടു. അനുകമ്പകൊണ്ടു് മനസ്സലിഞ്ഞുപോയ വെള്ളി ആ കലമേൽ ഒരു ചുംബനംവെച്ചു.

വെള്ളി:
ഹൂയെന്റെ അമ്മെ! അവരെ എനിക്കു് കൊല്ലാൻ തോന്നിപ്പോകുന്നു. ഞാൻ ആരെയെങ്കിലും വിളിച്ചിട്ടു് ഈ കലയും, ഇന്നലത്തെ കലകളും കാണിക്കട്ടെ. നമുക്കു് അന്യായം കൊടുക്കുകത്തന്നെ വേണം. സ്ത്രീകൾക്കു് ന്യായക്കോടതികളിൽനിന്നു് അവരുടെ അവകാശംവെച്ചുകിട്ടുമെങ്കിൽ—അവരോടുചെയ്ത അപരാധങ്ങൾക്കു് ശരിയായ ശിക്ഷ കൊടുക്കുമെങ്കിൽ കെയിസ് കൊടുക്കണം.

ഇതുകേട്ടപ്പോൾ നാണിഅമ്മ നിഷേധസൂചകമായി തന്റെ തല ആട്ടി. “വേണ്ട. അത്രത്തോളം വേണ്ട വെള്ളി. എനിക്കു് ഉടവൊന്നും പറ്റീട്ടില്ല. പറയത്തക്ക വേദനയൊന്നും തട്ടീട്ടില്ല എന്നു് മൃദുസ്വരത്തിൽ മന്ത്രിച്ചു. മുഷ്ടിചുരുട്ടിപ്പിടിച്ചുകൊണ്ടും, പല്ലുകൾ കടിച്ചുകൊണ്ടുമായിരുന്നു പിന്നീടു് വെള്ളി ഷാപ്പിൽ മടങ്ങിപ്പോയതു്. മനുഷ്യന്മാർ എന്തുജന്തുക്കളാണു്! വെള്ളി അവരെ നിർദ്ദയം വെറുത്തു.

ആ ചെറിയ മുറിയിൽ നാണി അമ്മ കിടന്നുത്തന്നെ നാഴികകൾ കഴിച്ചു. ഭർത്താവിനെ വെറുക്ക എന്ന മനഃസ്ഥിതി ആ സ്ത്രീക്കു് പണ്ടുതന്നെ കഴിഞ്ഞുപോയിരിക്കുന്നു. അതൊക്കെ സുഖശരീരം ഉണ്ടായിരുന്ന ബാല്യകാലത്തിൽത്തന്നെ കഴിഞ്ഞുപോയിരിക്കുന്നു. അവൾക്കു് നിഷ്ഠൂരനായ തന്റെ ഭർത്താവിനെ വെറുക്കുവാനൊ, സ്നേഹിക്കുവാനൊ ശക്തി ഉണ്ടായിരുന്നില്ല. അവൾക്കു് എല്ലാം സഹിക്കുവാനെ സാധിച്ചിരുന്നുള്ളു. അവൾ ഒന്നും മിണ്ടാതെ കിടന്നു. എന്നിട്ടുകൂടി നിർവ്വിഹാരമായ ആ മുഖത്തിൽ ഒരു തെളിഞ്ഞ മന്ദഹാസം സ്ഫുരിച്ചു. അതു് സ്വാർത്ഥത്തിന്റെ കളങ്കം കേവലം ഇല്ലാത്ത ഒരു മന്ദഹാസംതന്നെയായിരുന്നു. “ഏതായാലും ഇതൊക്കെ വകവെയ്ക്കേണ്ടുന്ന കാലം കഴിഞ്ഞു. എന്റെ പൊന്നി എങ്കിലും ഇവിടുന്നു് രക്ഷപ്പെട്ടല്ലൊ” എന്നു് അവൾ ആശ്വാസത്തോടെ ഒന്നു് മന്ത്രിച്ചു.

പുഞ്ചിരി പൂണ്ടുകൊണ്ടുതന്നെ ആ സാധുസ്ത്രീ തന്റെ റൗക്ക എടുത്തിട്ടു. തന്നെ നിലത്തിട്ടു് ചവുട്ടിയ തന്റെ ക്രൂരനായ ഭർത്താവിന്റെ സന്തുഷ്ടിക്കുവേണ്ടി സകല വിഭവങ്ങളോടുംകൂടിയ ഒരു സുഖകരമായ ഭക്ഷണം ഒരുക്കിവെയ്ക്കാൻ തുടങ്ങി.

നാലാം അദ്ധ്യായം

കൃഷ്ണൻനായർ, മിനുസപ്പെടുത്തി പറയേണമെങ്കിൽ, ഒരു നൂലാമാലയായ കുടുക്കിലാണുകെണിഞ്ഞുപോയതു്. അന്നു് മൂന്നുമണിക്കു് തന്റെ വീട്ടിൽ തന്റെ അമ്മ വരുന്നുണ്ടെന്നു് ഒരു ദൂതൻ വന്നു് അറിയിച്ചു് പോയിരിക്കുന്നു. ആ സംഗതിമാത്രമല്ല അദ്ദേഹത്തെ അസ്വസ്ഥനാക്കിയതു്. എല്ലാ കാര്യങ്ങളുടേയും കരുതിക്കൂടാത്ത ഒത്തുകൂടലാണു് അദ്ദേഹത്തെ പരവശനാക്കുന്നതു്. അമ്മ ഒരു വിദുഷിയും ലോകോപകാരതൃഷ്ണയുള്ളവളും മകനെപ്പോലെത്തന്നെ അധർമ്മവും, അതിക്രമവും, അവിവേകവും വെറുക്കുന്നവരുമായിരുന്നു. നേരം ഏകദേശം മൂന്നുമണി ആവാറായി. എല്ലാകാര്യത്തിലും കൃത്യവും, ചിട്ടയും ഉള്ള ആളായിരിക്കകൊണ്ടു് ദുർഗ്ഗമ്മ അവർ അറിയിച്ച സമയത്തു് എത്താതിരിക്കില്ല. വന്നിരുന്ന സമയത്തൊക്കെ രാത്രിയലത്തെ ഭക്ഷണവും കഴിച്ചിട്ടെ അവർ മടങ്ങിപ്പോവാറുള്ളു. അതു് മാത്രമാണെങ്കിൽ വേണ്ടില്ലായിരുന്നു. ഇന്നസമയത്തിൽ എന്നില്ലാതെ പൊന്നിയും തന്റെ വീട്ടിൽ വന്നുകേറാൻ ഇടയുണ്ടു്. ഒരാളെ കൊപ്പാറയിൽ പറഞ്ഞയച്ചു് അവളോടു് വരേണ്ടെന്നു് പറവാൻ അവസരവുമില്ല. അഥവാ അങ്ങിനെ പറഞ്ഞയച്ചാൽക്കൂടി അവൾ വരാതെ ഇരിക്കുകയും ഇല്ല. ഈ കുടുക്കിൽപ്പെട്ടു് ഉഴലുമ്പോൾ അദ്ദേഹം തന്റെ വിശ്വസ്ഥകാര്യസ്ഥനായ രാരിച്ചനെ വിളിച്ചു് സംഗതികളൊക്കെ ധരിപ്പിച്ചു. രാരിച്ചൻ വളരെ ഗൗരവഭാവത്തോടെ എല്ലാം കേട്ടു. അവസാനമായപ്പോൾ ബഹുമാനം വിടാതെ ആദ്യം ഒന്നു് ചെറുങ്ങനേയും, രണ്ടാമതൊന്നു് ഉച്ചത്തിലും കുരച്ചു.

കൃ. നാ.:
ഒഴിവാൻ വല്ല വഴിയും തല്ക്കാലം നീ കണ്ടിരിക്കുന്നോ?
രാരിച്ചൻ:
ഇപ്പോഴൊന്നും ഞാൻ കാണുന്നില്ല. ഇതു് ഒരു പ്രയാസമുള്ള ഏർപ്പാടായ്പോയി.

നിരാധാരനായ കൃഷ്ണൻനായർ സങ്കടത്തോടെ രാരിച്ചനെ നോക്കി.

രാരിച്ചൻ ആലോചനയിൽ മുഴുകിയിരിക്കുന്നു.

രാരിച്ചൻ:
(അല്പം ശങ്കയോടെ) നിങ്ങൾക്കു് ഇവിടംവിട്ടു് വേറെവല്ല ദിക്കിലും പോയിക്കൂടയോ! അടിയന്തിരമായിട്ടു് ഒരു സ്നേഹിതൻ കൂട്ടിക്കൊണ്ടുപോയതാണു്; രണ്ടുമൂന്നു് ദിവസം കഴിഞ്ഞാലേ വരുള്ളു. എന്നൊക്കെ അമ്മയോടു് പറഞ്ഞു് ഞാനും ഭൂഷണപ്പെടുത്താം.
കൃ. നാ.:
ഞാൻ ഇവിടെ ഉണ്ടായിരുന്നു എന്ന വിവരം പലരും അറിയും. അതുകൊണ്ടു് അതും അമ്മ കേൾക്കാൻ ഇടവരും.
രാരിച്ചൻ:
ആ സമയത്തും നമുക്കു് വല്ല കബളവും കണ്ടുപിടിച്ചുകൂടയോ?
കൃ. നാ.:
അമ്മയെ വഞ്ചിക്കയോ! ഒരിക്കലും പാടില്ല.
രാരിച്ചൻ:
എന്നാൽ ഇവിടെ വരാൻപോകുന്ന ചെറുപ്പക്കാരത്തിയെ കബളിപ്പിച്ചാൽ എന്താ—അതിനും വിരോധമുണ്ടോ?
കൃ. ന.:
ഉണ്ടു്. അല്ലാതെപോയാൽ എനിക്കു് മാനഭംഗം നേരിടും.

രാരിച്ചന്നു്, മനഭംഗം എങ്ങിനെ വരുന്നു എന്ന കാര്യം കേവലം മനസ്സിലായില്ല. യജമാനൻ കൊസ്രാക്കൊള്ളിക്കു് പോകാത്ത ഒരാൾ അല്ലെന്നു് രാരിച്ചനു് ക്ഷണം മനസ്സിലായി. എല്ലാം കാണുന്ന തന്റെ കണ്ണുകളിലും പൊടിയിട്ടു് ഇങ്ങനെ ഒരു ഇടവാടിൽ ചാടണമെങ്കിൽ യജമാനനു് വേണ്ടതിലധികം കള്ളത്രാണവും, വഞ്ചനയും ഉണ്ടായിരിക്കേണമെന്നു് സമ്മതിക്കാതിരിപ്പാനും പാടില്ല.

രാരിച്ചൻ:
ഞാൻ ചെന്നിട്ടു് നല്ലവണം ആലോചിച്ചുനോക്കാം.
കൃ. നാ.:
ആലോചിക്കുകയാണെങ്കിൽ അതു് ക്ഷണം കഴിയണം. മൂന്നടിക്കാൻ പത്തു് മിനിട്ടേ ഉള്ളു.

കുസ്നിയിൽ മടങ്ങിവന്നപ്പോഴും “മൂപ്പർ ഇങ്ങിനെ ഒരു കുണ്ടിൽ ചാടുമെന്നു് ഞാൻ വിചാരിച്ചിരുന്നില്ല. മൂപ്പർ ആൾ ചില്ലറയല്ല” എന്നൊക്കെ വിചാരിച്ചു. രാരിച്ചൻ പല മോചനമാർഗ്ഗങ്ങളും ആലോചിച്ചു. “ചെറുപ്പക്കാരത്തിയായ പെണ്ണു്—യജമാനനു് അപവാദമോ, മാനഭംഗമോ വാഗ്ദത്തഭംഗമോ ഒന്നും വരികയും അരുതു്. അപ്പോൾ ഇങ്ങിനെ ചെയ്താൽ മാത്രമേ കാര്യം ശുഭമായി കലാശിക്കയുള്ളു. പറ്റിയതു് അതുതന്നെയാണു്” രാരിച്ചൻ ഉടനെത്തന്നെ യജമാനന്റെ അടുക്കെ ഓടിച്ചെന്നു.

രാരിച്ചൻ:
മൂപ്പരേ! ആ ചെറുപ്പക്കാരത്തി പെണ്ണിനെ, കുറേ നേരത്തോളം എന്നു് വെച്ചാൽ മൂപ്പരുടെ അമ്മ മടങ്ങിപ്പോകുന്നതുവരെ ഞാൻ കസ്റ്റഡിയിൽ കൊണ്ടു് വന്നു് ഇരുത്തുന്നതിനു് നിങ്ങൾക്കു് വല്ല വിരോധവും ഉണ്ടോ? ഞാൻ അവളെ ചായയ്ക്കും പലഹാരത്തിന്നും ക്ഷണിക്കാം. വേണമെങ്കിൽ വായിക്കാൻ വല്ല കഥാപുസ്തകങ്ങളും കൊടുക്കാം.
കൃ. നാ.:
(ഒരു നിമിഷനേരം ആലോചിച്ചിട്ടു്) അങ്ങിനെ ചെയ്വാൻ എനിക്കിഷ്ടമില്ല. എന്നാലും ഒഴിവാനൊരു മാർഗ്ഗം അതേ ഉള്ളു. പൊന്നിയെ എന്റെ അമ്മ കാണണം എന്നു് എനിക്കു് അശേഷം മനസ്സില്ല. അമ്മയ്ക്കു് എന്നോടുള്ള അഭിപ്രായംതന്നെ ഇടിഞ്ഞുപോകും.
രാരിച്ചൻ:
എനിക്കു് മനസ്സിലായി. ഇവിടുന്നു് പറഞ്ഞതു് ശരിയാണു്.

കൃഷ്ണൻനായർ ഉടനെത്തന്നെ മനസ്സുകൊണ്ടു് ഒരു കണക്കുകൂട്ടൽകഴിച്ചു. തന്റെ അമ്മ എട്ടുമണിക്കു് മടങ്ങിപ്പോകും. ചർക്കപറമ്പത്താണു് തന്നെ ചെറുപ്പത്തിൽ ശുശ്രൂഷിച്ചു് വളർത്തിയ ആയ പാർക്കുന്നതു്. കഷ്ടിച്ചു് നാലുനാഴിക ദൂരമില്ല. അവിടെയാണു് പൊന്നിയെ പാർപ്പിക്കാൻ ഏർപ്പാടു് ചെയ്തു് വെച്ചതു്. ഒരു സമയം പൊന്നിയെ അവിടെ എത്തിക്കാൻ സാധിക്കുമായിരിക്കും. എന്തുകൊണ്ടെന്നാൽ തന്റെ വേലക്കാരൻ രാരിച്ചന്റെ ഒപ്പം പൊന്നിയെ കുസ്നിയിൽ ഇരുത്തിക്കാൻ കൃഷ്ണൻനായർക്കു് മനസ്സോ, മനസ്സാക്ഷിയുടെ സമ്മതമോ ഉണ്ടായില്ല. രണ്ടു് പാപങ്ങളിൽ കടുപ്പംകുറഞ്ഞ പാപം സ്വീകരിക്കുന്നതാണു് നല്ലതു്.

കൃ. നാ.:
രാരിച്ചാ! അവൾക്കു് മുഷിച്ചിലിനൊന്നും വഴിയുണ്ടാക്കരുതു്. സുഖമായിരിക്കണം. ചായകഴിഞ്ഞാൽ വായിക്കാൻ ഈ പുസ്തകം കൊടുത്തോളു.

കുഞ്ചൻനമ്പ്യാരുടെ എല്ലാ തുള്ളൽപ്പാട്ടുകളും അടങ്ങിയ ഒരു പുസ്തകമാണു് രാരിച്ചന്റെവശം കൃഷ്ണൻനായർ കൊടുത്തതു്.

രാരിച്ചൻ:
ഞാൻ ഒന്നിച്ചുള്ളപ്പോൾ അവൾക്കു് യാതൊരു മുഷിച്ചിലിന്നും ഇടവരുത്തുകയില്ല.
കൃ. നാ.:
അവളെ കാത്തുനിർത്തിയതുകൊണ്ടു് എനിക്കു് സങ്കടമുണ്ടെന്നു് അവളെ പറഞ്ഞുമനസ്സിലാക്കണം. വേണ്ടുന്നതൊക്കെ പറഞ്ഞു് അവളെ ആശ്വസിപ്പിക്കണം. അതൊക്കെ നിന്റെ വൈഭവംപോലെ.
രാരിച്ചൻ:
അതൊക്കെ ഞാൻ ഏറ്റു മൂപ്പരേ.

ഇതുംപറഞ്ഞു് രാരിച്ചൻ കുസ്നിയിലേയ്ക്കു് മടങ്ങി. ഗൗരവഭാവത്തോടെ ഇടത്തെക്കണ്ണു് ഒന്നുചീമ്മി. എല്ലാം അറിയുന്നഭാവത്തിൽ ചുണ്ടംവിരൽ മൂക്കിന്മേലുംവെച്ചു. മൂന്നുമണി ശരാശരിക്കു് ദുർഗ്ഗമ്മ കൃഷ്ണൻനായരുടെ ഭവനത്തിൽ വന്നുകേറി. മുടി നരച്ചിട്ടാണെങ്കിലും മുഖത്തു് ഔദാര്യവും തറവാടിത്വവും വിളങ്ങുന്നുണ്ടു്. വെള്ളവസ്ത്രമാണു് ധരിച്ചിരുന്നതു്.

ദുർഗ്ഗമ്മ:
കുട്ടാ! എന്താ നിന്റെ മുഖത്തു് ഒരു വെറി പിടിച്ചഭാവം കാണുന്നതു്. പരോപകാരവിഷയത്തിനുവേണ്ടി വളരെ അദ്ധ്വാനിക്കുന്നുണ്ടായിരിക്കും. ഇടവിടാത്ത പ്രവൃത്തി നിണക്കു് പറ്റിയതല്ല. പ്രവൃത്തി കവിയുമ്പോൾ ഒരു പ്രവർത്തകസംഘം എർപ്പെടുത്തുന്നതായിരിക്കും നല്ലതു്.

ഇങ്ങിനെപറഞ്ഞു് അമ്മ ഒരേടത്തു് ഇരുന്നു.

കൃ. നാ.:
അങ്ങിനെ വല്ലതും ഏർപ്പെടുത്തിയാൽ ആ സംഘംതന്നെ അതു് നിഹനിക്കും. ഞാൻ ഇതൊക്കെ ചെയ്യുന്നതു് ധർമ്മവിഷയമായിട്ടാണെന്നു് ആരും അറിയുകയില്ല. ധനികന്മാരുടെ പട്ടികയിൽ പെട്ടുപോയ നമ്മളെപ്പോലെയുള്ള കൂട്ടർക്കു് ധർമ്മബുദ്ധി അശേഷം ഇല്ല. ദരിദ്രരെ ഉദ്ധരിക്കേണ്ടതു് നമ്മുടെ ബാദ്ധ്യതയാണു്. നമ്മുടെ പൂർവ്വന്മാർ നമ്മളിൽ നിക്ഷേപിച്ച ഒരു ബാദ്ധ്യതയാണു്. അവരാണു് മറ്റുള്ളവരെ കബളിപ്പിച്ചു് പണമൊക്കെ അപഹരിച്ചു് അവരെ ദരിദ്രരാക്കിയതു്. നമ്മൾ പണക്കാരാവാൻവേണ്ടിമാത്രം അവരെ ദരിദ്രരാക്കിയതാണു്. അതുകൊണ്ടു് ദരിദ്രർക്കു് നാം വല്ലതും ഇപ്പോൾ കൊടുത്തുവരുന്നതു് ധർമ്മമായിട്ടല്ല. പൂർവ്വന്മാർ അവരോടു് പിടിച്ചുപറിച്ചതു് നാം ഇപ്പോൾ അല്പാല്പമായി മടക്കിക്കൊടുക്കുകമാത്രമാണു് ചെയ്യുന്നതു്. എന്നുമാത്രം വിചാരിച്ചാൽമതി.
അമ്മ:
പൂർവ്വന്മാരുടെകാര്യം ഇപ്പോൾ എടുത്തു് പറഞ്ഞിട്ടെന്താ?
കൃ. നാ.:
പറയേണ്ടിവന്നതുകൊണ്ടുതന്നെ.
അമ്മ:
നീ ഇവിടെവന്നു് യാചിക്കുന്നവർക്കു് ഒക്കെ വല്ലതും കൊടുക്കുമൊ?
കൃ. നാ.:
ഒരിക്കലും ഇല്ല. അസ്ഥാനത്തിൽ ധർമ്മം കൊടുക്കുന്നതു് പാപമാണു്.
അമ്മ:
നീ ആർക്കാണു് കൊടുക്കുന്നതു്. ഏതാണു് അസ്ഥാനം.
കൃ. നാ.:
ഞാൻ മുഖ്യമായി കൊടുക്കുന്നതു്— അന്ധന്മാർക്കു്—മുടന്തന്മാർക്കു്—മാറാത്ത രോഗികൾക്കു്—അത്യന്തം വൃദ്ധന്മാർക്കു്. അല്ലാതെ ഇരപ്പു് ഒരു ജോലിയായിട്ടു് തേടിപ്പിടിച്ചവരുണ്ടു്. അവർക്കൊന്നും ഞാൻ കൊടുക്കില്ല.
അമ്മ:
ആരാണവർ?
കൃ. നാ.:
വളരെ കൂട്ടരുണ്ടു്. പ്രവൃത്തിഎടുത്തു് കാലംകഴിപ്പാൻ മടിച്ചിട്ടു് യാചകവൃത്തി സ്വീകരിക്കുന്നവരാണു് ശരിയായ പിച്ചക്കാരേക്കാൾ അധികമുള്ളവർ. ചിലർ ഓരോ കാവിവസ്ത്രവുംധരിച്ചു്, സ്വാമി, മയിൽവാഹനം എന്നൊക്കെ നിലവിളിച്ചുകൊണ്ടുവരും. ചിലർ മണിയും മുട്ടി പഴനിആണ്ടവനെ എന്നു് നിലവിളിക്കും. ചിലർ ഊതുന്നതു് ശംഖായിരിക്കാം. ചിലർ അഞ്ചാറാളുകൾ ഒന്നിച്ചുകൂടി ഓടുകൊണ്ടുണ്ടാക്കിയ സുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹവുംകൊണ്ടു് നടക്കും. പിച്ചക്കാരിലും, ചെറുപ്പവും വലിപ്പവും ഉണ്ടെന്നു് കാണിക്കുംപ്രകാരം ചിലർ പൂശാരികളാണെന്ന നാട്യത്തിന്മേൽ ഒരു ചുകപ്പുംചുറ്റി വാളുംഏന്തി തണ്ടയുംഇട്ടു് ഹേമത്തോടെ ഓരോവീട്ടിൽ കേറിച്ചെല്ലും. നമ്മൾ വല്ലവഴിപാടും നേർന്നിട്ടുണ്ടെങ്കിൽ അവരുടെവശം ഏല്പിച്ചാൽ, അവിടെ പൊട്ടാതെ പൊളിയാതെ എത്തിച്ചുകൊടുക്കാമെന്നു് സദയം ഏല്ക്കുകയുംകൂടി ചെയ്യും.
അ:
സാംക്രമികരോഗങ്ങൾ ഭയപ്പെട്ടു് മനുഷ്യന്മാർ ഓരോ വഴിവാടു് ചെയ്യുന്നതു് തെറ്റാണോ?
കൃ. നാ.:
അതു് തെറ്റെന്നു് ഞാൻ പറയുന്നില്ല. ആ പേരുംപറഞ്ഞിട്ടു് ഇരക്കാൻനടക്കുന്ന കള്ളന്മാരെയാണു് ഞാൻ ആക്ഷേപിക്കുന്നതു്. കുറെ സസ്യാദികൾ ഒരു കുടത്തിലാക്കി, മറ്റൊരു കുടത്തിൽനിന്നു് പുകയും ഇറക്കി വാദ്യത്തോടുകൂടി വരുന്ന മാരിയമ്മയെ കണ്ടിട്ടില്ലെ. വൈകുന്നേരമായാൽ ഇക്കൂട്ടരെഒക്കെ കള്ളുഷാപ്പിൽ കാണാം. കള്ളു കുടിപ്പാൻ ആഗ്രഹം ഉണ്ടാകുക—കയ്യിൽ കാശില്ലാതിരിക്കുക—അപ്പോഴാണു് മാരിയമ്മയുടെ വേഷവുംകെട്ടി വീടുതോറും ഇരക്കാൻ നടക്കുന്നതു്. ഈ മാതിരിക്കാർക്കൊന്നും ഞാൻ കൊടുക്കാറില്ല.
അ:
അപ്പോൾ നീ കാവിടിക്കാർക്കും കൊടുക്കില്ലേ?
കൃ. നാ.:
യഥാർത്ഥത്തിൽ നേർച്ചകൊണ്ടു് പഴനിയിൽ പോകുന്ന കാവിടിക്കാർ ഉണ്ടാകും. എന്നാൽ അങ്ങിനെ ഉണ്ടെന്ന നാട്യത്തിന്മേൽ അദ്ധ്വാനം കൂടാതെ പള്ളപിഴപ്പിക്കാൻവേണ്ടി കാവിടിയും ചുമലിലാക്കി നടക്കുന്നവരാണു് വളരെ അധികംപേർ. കൊല്ലത്തോടുകൊല്ലം അവർക്കു് ഇതുതന്നെയാണു് ജോലി.
അ:
സത്യവാന്മാരേയും, കള്ളന്മാരേയും നീ എങ്ങിനെ വേർതിരിക്കും?
കൃ. നാ.:
അതു് എന്നാൽ സാധിക്കുകയില്ല.
അ:
അപ്പോൾ നീ ധർമ്മം ആർക്കുകൊടുക്കും?
കൃ. നാ.:
ആർക്കും കൊടുക്കില്ല.
അ:
സത്യവാന്മാർക്കു് കൊടുക്കാതിരിക്കുന്നതു് തെറ്റായി വരില്ലെ?
കൃ. നാ.:
ചളിയിൽ ചേരുന്നവെള്ളം ഉപേക്ഷിക്കുന്നതു് തെറ്റാണോ?
അ:
സത്യവാന്മാരുംപെടും എന്നുവിചാരിച്ചിട്ടു് എല്ലാവർക്കും ധർമ്മം കൊടുത്തുകൂടയോ?
കൃ. നാ.:
സത്യവാന്മാരേക്കാൾ അസത്യവാന്മാരാണു് അധികം ഉണ്ടായിരിക്കുക. അപ്പോൾ ധർമ്മത്തെക്കാൾ അധർമ്മമാണു് മുന്തിനില്ക്കുക.
അ:
നിണക്കു് ഈശ്വരഭക്തി, കേവലം ഇല്ലെന്നു് തോന്നുന്നു.
കൃ. നാ.:
ഈശ്വരഭക്തി ഭസ്മംതേച്ചും, കാവിഉടുത്തും ഈശ്വരനാമം നിലവിളിച്ചിട്ടും, കാവിടി എടുത്തിട്ടും മറ്റുമുള്ള കോലാഹലങ്ങളിലല്ല കാട്ടേണ്ടതു്. സല്ക്കർമ്മങ്ങൾ ചെയ്തിട്ടാണു് റിക്കാഡാക്കേണ്ടതു്.
അ:
ജപിക്കുന്നതുകൊണ്ടൊന്നും ഫലമില്ലെന്നോ?
കൃ. നാ.:
ജപിക്കുന്നവരൊക്കെ കൊടുംകള്ളന്മാരാണു്. അല്ലെങ്കിൽ നൂറ്റിനു് തൊണ്ണൂറ്റൊൻമ്പതുകണ്ടിട്ടു്.
അ:
നീ ഹിന്ദുമതംതന്നെ വിശ്വസിക്കുന്നില്ലേ?
കൃ. നാ.:
ഞാൻ ഒരു മതവും വിശ്വസിക്കുന്നില്ല.
അ:
അപ്പോൾ നിന്റെ സ്വന്തം മതം ഏതാണു്?
കൃ. നാ.:
എന്റെ മതം എന്റെ ഭാഗ്യംകെട്ട സഹോദരന്മാരെ സഹായിക്കുകയാണു്. കൃസ്ത്യാനികളുടെ മതവും അങ്ങിനെതന്നെയാണെന്നാണു് ജനങ്ങൾ വിശ്വസിച്ചുപോരുന്നതു്. എന്നിട്ടെന്താ?
അ:
യേശുക്രിസ്തുവിന്റെ ഉപദേശം സർവ്വസമ്മതവും ആദരണീയവുമല്ലേ?
കൃ. നാ.:
തന്നെ എന്നു് സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണോ ക്രിസ്ത്യാനികൾ ഇപ്പോൾ നടക്കുന്നതു്. ബിഷപ്പുമാരൊക്കെ വലിയ രാജധാനികളിലല്ലെ താമസിക്കുന്നതു്. അവരെ നിലനിർത്തുവാൻ വേണ്ടിവരുന്ന പണംകൊണ്ടു് എത്ര സാധുകുടുംബങ്ങളെ പുലർത്താം. ഗതിരഹിതന്മാരായ എത്ര ശിശുക്കളെ അകാലമരണത്തിൽനിന്നു് രക്ഷിക്കാം. എല്ലുമുറിയെ പണിചെയ്തിട്ടുംകൂടി കുട്ടികളെ പോറ്റാൻ സാധിക്കാതെ ഉഴലുന്ന എത്ര അമ്മമാർക്കു് ആശ്വാസവും സമാധാനവും ഉണ്ടാക്കിക്കൊടുക്കാം. അവരുടെ ആർച്ച്സിക്കൻമാർക്കും, വികാർമാർക്കും കൊടുത്തുവരുന്ന സംഖ്യകൊണ്ടു്, പ്രവൃത്തികൊണ്ടു് വലഞ്ഞു് ശക്തിയൊക്കെ ക്ഷയിച്ചു് ഭക്ഷണദൗർല്ലഭ്യം നേരിട്ടു് കാലമെത്തുന്നതിൻമുമ്പെ കാലപുരിയിലേയ്ക്കു് കാൽവെയ്ക്കുന്ന എത്രസഹസ്രം മാതാക്കന്മാരെ വീണ്ടെടുക്കാം. മനുഷ്യന്മാരെ ധനികരായും, ദരിദ്രരായും സൃഷ്ടിച്ചതു് ഈശ്വരകല്പിതമാണെന്നു് എല്ലാ കൃസ്ത്യാനിപള്ളികളിൽനിന്നും പ്രസംഗിക്കുന്നതു് എന്തിനാണു്. എന്തിനാണെന്നു് മനസ്സിലായോ? ആ ഉപദേശം ധനികർക്കു് അനുകൂലമാണു്. ആ ധനികന്മാർ തന്നെയാണു് എല്ലാപള്ളികളും പരിപാലിക്കുന്നതും, കൊണ്ടുനടത്തുന്നതും. ഈശ്വരൻ ചിലരെ ദരിദ്രരായി സൃഷ്ടിച്ചു എന്നോ! ശാന്തം. പാവം. ദരിദ്രന്മാർ ഉണ്ടായിരിക്കണം എന്നതു് ധനവാന്മാരുടെ ശാസനയാണു്. പള്ളിയിലെ പാതിരിമാർ ധനികരുടെ ഭാഗംപിടിച്ചു് നില്ക്കുന്നു. അതുകൊണ്ടു് ധനികന്മാർ പാതിരിമാരേയും പുലർത്തുന്നു. ദരിദ്രന്മാരുടെ തല പൊന്തിക്കുവാൻ രണ്ടുകൂട്ടരും സമ്മതിക്കുകയില്ല. ഇപ്രകാരം അവരെ പണ്ടത്തെപ്പാട്ടിൽത്തന്നെ പിടിച്ചുനിർത്തുന്നതു് എങ്ങിനെയെന്നു് അറിയാമൊ. അവരുടെ പ്രസംഗങ്ങളിലെല്ലാം ഈശ്വരന്റെ പേർ വലിച്ചിട്ടു്—ദരിദ്രർ ദൈവസൃഷ്ടിയുടെ വിശേഷതയാണെന്നു് ഉപദേശിച്ചിട്ടു്—അതുകൊണ്ടു് ദരിദ്രർ ആ നിലയിൽത്തന്നെ വർത്തിച്ചു് തൃപ്തിപ്പെട്ടുകൊള്ളേണ്ടതാണു്—ഈശ്വരൻ കല്പിച്ചതു് അപ്രകാരമാണു്—ഇങ്ങിനെയൊക്കെ ഉപദേശിക്കുന്നതു് ന്യായമാണോ?
അ:
ദരിദ്രരേയും ദൈവംതന്നെയല്ലേ സൃഷ്ടിച്ചതു്.
കൃ. നാ.:
തന്നെ—എന്നാൽ ആരേയും ദൈവം ദരിദ്രരായിട്ടൊ, ധനികരായിട്ടൊ സൃഷ്ടിച്ചില്ല. ഓരോരുവൻ അനുഭവിക്കുന്നതു് അവനവന്റെ കർമ്മഫലമാണു്. ദരിദ്രർ ദൈവത്താൽ വെറുക്കപ്പെട്ടവരല്ലെന്നു് അവരെ പറഞ്ഞു് മനസ്സിലാക്കിക്കൊടുക്കുന്നതാണു് എന്റെ മതം. മനുഷ്യന്മാർ എന്ന നിലയിൽ അവർ ഒന്നുകൊണ്ടും ധനികന്മാരിലും താണവരല്ല.
അമ്മ:
ഇതു് സകല സമുദായനിയമങ്ങൾക്കും വ്യത്യാസമായ വാക്കാണല്ലൊ.
കൃ. നാ.:
എന്നാലുംകൂടി ഇതു് സത്യമായ വാക്കാണു്.
അമ്മ:
ഇങ്ങിനെ പറയുന്നതു് രാജദ്രോഹവും, ദൈവവിരോധവുമാണു്. ഇതൊക്കെ ശ്രദ്ധിക്കുന്നതുതന്നെ പാപമാണു്.

ഇങ്ങിനെ പറഞ്ഞു് അമ്മ കസേലമേൽനിന്നു് എഴുന്നേറ്റു് തന്റെ പൊൻപിടിയുള്ള കുടയെടുപ്പാൻ കൈനീട്ടി.

കൃ. നാ.:
അമ്മേ! നിങ്ങൾക്കു് കോപം ജനിച്ചെങ്കിൽ എന്നെ മാപ്പാക്കണം. ഞാൻ എല്ലാറ്റിലും ഒരു ഭിന്നാഭിപ്രായക്കാരനാണു്. ചിലർ തോന്നിവാസി എന്നും ചിലർ നൊസ്സനെന്നും വിളിക്കാറുണ്ടു്. എന്നെ സംബന്ധിച്ചേടത്തോളം അവരും ഭിന്നാഭിപ്രായക്കാരാണു്. എന്നാൽ നിങ്ങൾ എന്റെ സ്വന്തം അമ്മയാണെന്നതിന്നു് ഒരു ഭിന്നാഭിപ്രായത്തിന്നും അവകാശമില്ല. അതുകൊണ്ടു് എന്നോടു് പിണങ്ങിപ്പോയിക്കളയുന്നതു് എനിക്കു് സങ്കടമാണു്. വേണമെങ്കിൽ ഞാൻ മൗനം ധരിച്ചുകൊള്ളാം.

ഇങ്ങിനെ പറഞ്ഞു് അമ്മയെ ആ കസേലമേൽത്തന്നെ കൃഷ്ണൻനായർ പിടിച്ചിരുത്തി. കാറ്റുവരാനായി ജനലിന്റെ പൊളികൾ നല്ലവണ്ണം തുറന്നു. രാരിച്ചനെ വിളിച്ചു് ചായ കൊണ്ടുവരുവാനും ഓർഡർ കൊടുത്തു. ചായ കുടിക്കുമ്പോൾ വിരുദ്ധാഭിപ്രായം ഉണ്ടാവാനിടയുള്ള എല്ലാ സംസാരവും രണ്ടാളും കല്പിച്ചുകൂട്ടിനിർത്തി. എന്നാലും കൃഷ്ണൻനായരുടെ ഗ്രഹപ്പിഴ നേരം വൈകുന്നേരമായിട്ടുംകൂടി പോയ്പോയിട്ടില്ലെന്നുതന്നെ തോന്നും. രാരിച്ചൻ ചായപ്പാത്രങ്ങൾ എടുത്തുകൊണ്ടു് പോയപ്പോൾ അമ്മ തന്റെ ചില പ്രത്യേക ഉദ്യമങ്ങളെപ്പറ്റി എടുത്തുപറഞ്ഞു.

അ:
ആഫ്രിക്കയിലെ കാപ്പിരിക്കുട്ടികളുടെ പരിഷ്കാരഫണ്ടു് എന്ന തലക്കെട്ടിൽ ഞാൻ ചെയ്ത ശ്രമം വളരെ ഫലവത്തായിരിക്കുന്നു. പണം വളരെ പിരിഞ്ഞു.
കൃ. നാ.:
തന്നെയൊ?
അ:
ഒരുമാസംകൊണ്ടു് പതിനാലായിരം അണ പിരിഞ്ഞു. വളരെ പേർ ഓരോ വലിയ തുകയായി തരാനും വാഗ്ദത്തം ചെയ്തിട്ടുണ്ടു്. നാട്ടിൽ പതിനായിരങ്ങളോടാണു് ഓരോ അണയായി പിരിപ്പിച്ചതു്.
കൃ. നാ.:
കാപ്പിരിക്കുട്ടികൾക്കു് കുപ്പായം ഇടുവാൻവേണ്ടി ഇത്രയധികം പണം ചിലവാക്കുന്നതു് അന്യായമല്ലെ. കുപ്പായം ഇല്ലാത്ത കുട്ടികൾ ഈ രാജ്യത്തു് എത്രസംഖ്യം ഉണ്ടു്. കാപ്പിരിക്കുട്ടികൾ കുപ്പായം കൊടുത്താൽത്തന്നെ ഇടുമോ? എത്രയോ ഉഷ്ണമുള്ള രാജ്യത്തു് അവരുടെ ശരീരത്തിന്റെ കറുപ്പുവർണ്ണംതന്നെ ഒന്നാന്തരം കുപ്പായമാണു്.
അ:
കുട്ടാ! അവരുടെ നഗ്നത മറയ്ക്കേണ്ടയൊ; നാണമില്ലായ്മയെ പരിഹരിക്കേണ്ടയോ.
കൃ. നാ.:
കുപ്പായം ഇടുവിച്ചിട്ടു് അതൊക്കെ പരിഹരിക്കാനയിരിക്കും നിങ്ങളുടെ പുറപ്പാടു്. അവർ ഇഷ്ടമുള്ളപ്പോൾ മരവിരികൊണ്ടും, പക്ഷിതൂവൽകൊണ്ടും, ഇലകൾകൊണ്ടും ആവശ്യനിവൃത്തി വരുത്തുന്നുണ്ടു്. നഗ്നത ദൈവപ്രസാദത്തിന്നു് വിരോധമായ ഒരേർപ്പാടല്ല. നമ്മുടെ ഋഷിമാരൊക്കെ നഗ്നന്മാരല്ലെ. ക്രിസ്ത്യൻമതപ്രകാരം ആദാമിനേയും, ഈദിനേയും സൃഷ്ടിച്ചതു് നഗ്നന്മാരായിട്ടല്ലെ.
അ:
കുട്ടാ! ഇന്നു് കാര്യം പറഞ്ഞിട്ടൊന്നും നിന്റെ തലയിൽ കടക്കുന്നില്ല. നീ പറയുന്നതൊന്നും ഞാൻ ഇവിടെ ഇരുന്നു് ഇനിയും കേൾക്കൻ ഭാവമില്ല.

അമ്മ പിന്നേയും എഴുന്നേറ്റപ്പോൾ, ഭഗ്നാശയനായി ക്ഷമായാചനം ചെയ്യാൻ തക്കവണ്ണം കൃഷ്ണൻനായരും എഴുന്നേറ്റു.

കൃ. നാ.:
ഞാൻ പിന്നെയും അവതാളത്തിൽ ചാടി അമ്മേ ഞാൻ എന്തെങ്കിലും പറയുന്നതൊക്കെ നിങ്ങൾ വകവെയ്ക്കരുതു്. നിങ്ങളുടെ ഫണ്ടു് ഉപകാരത്തിന്നെത്താതിരിക്കില്ല. നിങ്ങൾ വിചാരിക്കുന്നത്ര ഇല്ലെങ്കിലും—

ഈ കൂടുതൽ വാക്കു് വളരെ നിർഭാഗ്യമായിപ്പോയി. അമ്മയുടെ മുഖം കോപംകൊണ്ടും, ലജ്ജകൊണ്ടും ചുകന്നു. കാഴ്ചയ്ക്കു് തന്റെ പുത്രന്റേതുപോലെയായിരുന്നു. എങ്കിലും ഫലംകൊണ്ടു് നിർണ്ണയംഫലം സൂചിപ്പിക്കുന്ന തന്റെ കണ്ണുകൾകൊണ്ടു് ദുർഗ്ഗമ്മ തന്റെ പുത്രനെ ഒന്നു് അപാദചൂഡം നോക്കി. ആ നോട്ടംകൊണ്ടൊന്നും അയാൾക്കു് ഭാവഭേദം സിദ്ധിച്ചില്ലെങ്കിലും തന്നോടുതന്നെ തോന്നിയ കോപംകൊണ്ടു് അയാൾ താഴെച്ചുണ്ടു് കടിച്ചു.

കൃ. നാ.:
മതത്തെപ്പറ്റി നമ്മൾ മേലാൽ ഒന്നും സംസാരിക്കാത്തതാണു് നല്ലതു്. എപ്പോഴും വഴക്കിലാണു് കലാശിക്കുന്നതു്. നമുക്കു് തുല്യാഭിപ്രായം വരാൻ പ്രയാസമാണു്.
അ:
അതൊക്കെ നിണക്കീ മതങ്ങളിലൊന്നും വിശ്വാസമില്ലാഞ്ഞിട്ടാണു്. നീ ഒരു നാസ്തികനാണു്. നിന്നെ വിചാരിക്കുമ്പോൾ ഞാൻ ലജ്ജിച്ചു് പോകുന്നു.
കൃ. നാ.:
(രണ്ടുകൈകൊണ്ടും അമ്മയുടെ ചുമൽ പിടിച്ചിട്ടു് മുഖത്തു് നോക്കിക്കൊണ്ടു്) തന്നെയോ? നിങ്ങൾ എന്നെപ്പറ്റി ലജ്ജിക്കുന്നുവോ?

അമ്മ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ എന്തു് മിണ്ടാനാണു്? ഈ ശുദ്ധഹൃദയനെ— വ്യതിചലിക്കാത്തവനെ—നിർമ്മലനെ—യുവാവിനെ—ദിവ്യത്വമുള്ളവനെ—ഉത്തമാദർശങ്ങൾ ഉള്ളവനെ—നിഷ്കളങ്കജീവിതരീതി കൈക്കൊണ്ടവനെപ്പറ്റി ആർക്കാണുപോലും ലജ്ജിപ്പാൻ സംഗതി വരുന്നതു്! ഇങ്ങനെ ഒരു മകനെ പ്രസവിച്ചതുകൊണ്ടു് അമ്മയ്ക്കു് ഒരു അഭിമാനമല്ലെ ജനിക്കേണ്ടതു്. കൃഷ്ണൻനായർ എങ്ങിനെയായാലുംഒരു സാധാരണ പുരുഷനല്ല. ഏകദേശം ഇരുപത്തഞ്ചുകൊല്ലം നീണ്ട അദ്ദേഹത്തിന്റെ നടവടികൊണ്ടു്, കണ്ണിൽനിന്നു് ഒരുതുള്ളി വെള്ളം വീഴാനൊ, ലജ്ജകൊണ്ടു് ഗണ്ഡം ചുകന്നുപോവാനൊ അമ്മയ്ക്കു് സംഗതി ഉണ്ടായിട്ടില്ല. എത്രയോ പുരാണവും എത്രയോ സമ്പന്നവും ആയ ഒരു വലിയ തറവാട്ടിലെ ഏക പ്രതിനിധി (പുരുഷപ്രജ) ഇദ്ദേഹം മാത്രമാണു്. തറവാട്ടുകാരണവന്റെ ആദർശരഹിതവും, തന്ദ്രീഭൂയിഷ്ഠവും, ശൂന്യവും ആയ ജീവിതം ഇദ്ദേഹത്തിനു് ജുഗുപ്സാവഹമായിരുന്നു. കൃഷ്ണൻനായരുടെ പരേതനായ താതനാകട്ടെ, അടുത്തു് നില്ക്കുന്ന അമ്മയ്ക്കാകട്ടെ മകന്നു് അരാജപൂരിതമായ തത്വങ്ങൾ എവിടുന്നു് കിട്ടി എന്നു് നിശ്ചയമില്ല.

കൃഷ്ണൻനായർ ചൈതന്യത്തിന്റെ ഒരു മൂർത്തി ആയിരുന്നു. താൻ ജീവിച്ചിരുന്നു എന്നു് തന്റെ പിൻഗാമികൾക്കു് അറിവാൻ എന്തെങ്കിലും ഒരു അടയാളം ഇട്ടേച്ചു് പോകണം എന്നു് കൃഷ്ണൻനായർക്കും മോഹമുണ്ടായിരുന്നു. തൊഴിലാളികളുടെ വീക്ഷണകോണിൽക്കൂടേയും ഇദ്ദേഹം സാമൂഹിക ജീവിതത്തെ പരിശോധിച്ചിരുന്നു. പ്രജാഭരണഭക്തരുടെ ഭ്രാന്തൻ വാദങ്ങളും, മുതലാളികളുടെ ചക്കരവാക്കുകളും ഇയാൾ ഒരുപോലെ വെറുത്തിരുന്നു. അദ്ദേഹത്തിന്റെ ചുരുങ്ങിയ ജീവിതകാലത്തിന്നുള്ളിൽ വൃത്തികെട്ട സ്ഥലങ്ങളിൽ നിവൃത്തിയില്ലാതെ ജീവിച്ചുപോരേണ്ടിവന്നു. നിർഭാഗ്യരായ ദരിദ്രകക്ഷികളുടെ ഇടയിൽ ചെന്നു് വിശ്വാസത്തോടും, ദൃഢപ്രതിജ്ഞയോടും പ്രയത്നിച്ചു. അവർക്കു് പല ഗുണങ്ങളും തന്റെ പേർ വെളിച്ചത്താകാതെ ചെയ്തുകൊടുത്തിട്ടുണ്ടു്. ഒരു സഹജീവിയെ മോചനമാർഗ്ഗമില്ലാതെ ദാരിദ്ര്യംകൊണ്ടും കഷ്ടതകൾകൊണ്ടും കണ്ടാൽ മാത്രം മതി, കൃഷ്ണൻനായർ അവിടെ ഉണ്ടു്. കുഴങ്ങുന്നവന്റെ മതമെന്തു്, രാജതന്ത്രവിശ്വാസമെന്തു്, നടവടി എന്തു്, സ്വഭാവമെന്തു്, മറ്റു് രക്ഷാമാർഗ്ഗമെന്തു് എന്നുള്ള അന്വേഷണങ്ങൾ ഒന്നും കഴിക്കാതേയാണു് അയാൾ സഹായിപ്പാൻ കൈനീട്ടുന്നതു്. സഹായം ആവശ്യമാണെന്നു് പ്രഥമദൃഷ്ടിയിൽ പ്രത്യക്ഷമാകുന്നേടത്തൊക്കെ അദ്ദേഹത്തിന്റെ അനുകമ്പാപൂർവ്വമായ സഹായവും എത്തും. മനുഷ്യാവസ്ഥയിൽ വന്നു് ഭവിക്കുന്ന കഷ്ടാരിഷ്ടതകളും, ഭയങ്കരഘട്ടങ്ങളും, രോഗങ്ങളും, അപായങ്ങളും, ക്ലേശങ്ങളും പിടിപെടുകയും സഹിക്കുകയും ചെയ്യേണ്ടിവരുന്ന മനുഷ്യസൃഷ്ടിയോടുതന്നെ ഇദ്ദേഹത്തിന്നു് ആദരവുണ്ടായിരുന്നു. നിയമനിർമ്മാണസഭയിൽ കടന്നുകൂടേണമെന്നു് അദ്ദേഹത്തിനു് ഒരു ആശ ഉണ്ടായിരുന്നു. എന്നാൽ രാജ്യതന്ത്രജ്ഞന്നു് അത്യാവശ്യമായ കാപട്യവും വഞ്ചനയും കേവലം ഇല്ലെന്ന കാരണത്തിന്മേൽ സ്നേഹിതന്മാർ ആ പ്രേരണയെ തടഞ്ഞു. ബാക്കിയുള്ളവരുടെ നന്മയിൽ എപ്പോഴും ആലോചനയും നിഷ്കർഷയും ഉള്ള ആളാണെങ്കിലും തന്റെ ഉന്നമനത്തിൽ ഉദാസീനനാണു്.

അദ്ദേഹം ഒരു ഉദാരഹൃദയനാണു്. സ്ത്രീകളെ ആരാധിക്കുന്നവനല്ലെങ്കിലും സർവ്വദാ ആദരിക്കുന്നവനും അപമാനത്തിൽനിന്നു് രക്ഷിക്കുന്നവനുമാണു്. പുരുഷന്മാരോടു് അല്പം ഒരു ഗൗരവക്കാരനായേയ്ക്കാൻ മതി. പുരുഷവർഗ്ഗത്തോടു് അയാൾക്കു് കാര്യമായ സ്നേഹമുണ്ടായിരുന്നില്ല. അനുരാഗം എന്തെന്നു് അയാൾ ഇതുവരെ അറിഞ്ഞിട്ടില്ല. അതിനെപ്പറ്റിയുള്ള സ്വപ്നംതന്നെ അയാൾക്കു് ഇതുവരെ ഉണ്ടായിട്ടില്ല.

ചില സമയത്തു് തന്റെ സ്ത്രീകളോടുള്ള ആകർഷണക്കുറവുകൊണ്ടു് ആലോചിക്കുമ്പോൾ തന്റെ വിധി അവിവാഹിതജീവിതമായിരിക്കണം എന്നുകൂടി അദ്ദേഹം സമാധാനിച്ചു. നാടകം അഭിനയിക്കുന്നവരെ, ആണിനേയും പെണ്ണിനേയും ഇദ്ദേഹം കണ്ടിട്ടുണ്ടു്. നാടകം കാണാനാഗ്രഹമുണ്ടായിരുന്നു എങ്കിലും അഭിനയിക്കാൻ ഇദ്ദേഹത്തിനു് കേവലം ആഗ്രഹമുണ്ടായിരുന്നില്ല. പാട്ടു് കേൾപ്പാൻ ആഗ്രഹമുണ്ടെങ്കിലും പാടുവാൻ ഇഷ്ടമുണ്ടായിരുന്നില്ല. തന്നെ ഇഷ്ടപ്പെടുവാൻ പെണ്ണായി പിറന്നവർ ആരും ഉണ്ടായിരിക്കുകയില്ലെന്നു് ഇദ്ദേഹത്തിനു് ബോദ്ധ്യമാണു്.

അനുരാഗം തന്നെ ബാധിച്ചിരുന്നില്ലെങ്കിലും അനുരാഗാവസ്ഥ ശ്രേഷ്ഠവും ദിവ്യവുമാണെന്ന നിലയിൽ കൃഷ്ണൻനായർ അതിനെ അഭിനന്ദിച്ചും ആദരിച്ചും വരാറുണ്ടു്. ദിവ്യാനുരാഗം അദ്ദേഹത്തിന്റെ ഉള്ളിൽ അങ്കുരിക്കയില്ലായിരിക്കും. എന്നാൽ അതിന്റെ നീചപര്യായമായ കാമം വരിക്കാൻ അയാൾക്കു് കേവലം ഇഷ്ടമില്ലായിരുന്നു. ത്യാഗശക്തിയും, സങ്കോചവും ഉള്ള ആളാണെങ്കിലുംകൂടി തന്റെ ധനവും സ്ഥിതിയും ആലോചിച്ചു് വിവാഹം ചെയ്വാൻ നല്ല പുള്ളിയാണെന്നുറച്ചു് സ്ത്രീകൾ തന്നെ ദ്രോഹിക്കാൻ പുറപ്പെടും എന്നും അയാൾക്കു് അറിവുണ്ടായിരുന്നു.

ആ മാതിരി തന്ത്രങ്ങളും സിദ്ധികളും കൃഷ്ണൻനായർ വെറുത്തു. അദ്ദേഹത്തിന്റെ ആദർശം പരിശുദ്ധമായിരുന്നു. അദ്ദേഹത്തിന്റെ പുരുഷത്വത്തെ അയാൾ നിരാതങ്കമായി പരിപാലിച്ചുപോന്നിരുന്നു. അപൂർവ്വം ചില കഥാപുസ്തകങ്ങളിലല്ലാതെ ഇദ്ദേഹത്തോടു് സദൃശനായ ഒരു നായകനെ കാണുകയില്ല. ഒരു സമയം അദ്ദേഹത്തിന്റെ തെളിഞ്ഞുപേടിയില്ലാത്ത കണ്ണുകളെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മേൽപ്പറഞ്ഞ ഗുണങ്ങൾ അമ്മയ്ക്കും ഓർമ്മവന്നായിരിക്കും.

അ:
ഞാൻ പറഞ്ഞതിന്റെ സാരം നിണക്കു് മനസ്സിലായില്ല. നീ അല്ല, നിന്റെ അഭിപ്രായവും അവിശ്വാസവുമാണു് എന്നെ ലജ്ജിപ്പിക്കുന്നതു്.

ദുർഗ്ഗമ്മ പിന്നേയും പുറപ്പെടാൻ ഒരുങ്ങി.

കൃ. നാ.:
പ്രിയ അമ്മേ! നിങ്ങൾ ഊണു് കഴിക്കാതെയാണോ പോകുന്നതു്.
അ:
ഊണു് ഏതായാലും വേണ്ട. എനിക്കു് നിന്നോടു് രോഷമില്ല. എനിക്കു് സങ്കടമാണു് ഉണ്ടായതു്. നിന്നെപ്പറ്റി എനിക്കു് വ്യസനമുണ്ടു്.

അമ്മയുടെ മുഖം അവരുടെ വാക്കിൽനിന്നു് വ്യത്യാസപ്രകൃതി കാണിച്ചു.

കൃ. നാ.:
(മൃദുവായിട്ടു്) എനിക്കുവേണ്ടി വ്യസനിക്കരുതു്. ഒരു സ്ത്രീയെ വ്യസനിപ്പിക്കുവാൻ തക്ക യോഗ്യത ഒരു പുരുഷനില്ല.

ഈ കൂടിക്കാഴ്ച തന്റേടവും, സഖിത്വവുംകൊണ്ടു് അവസാനിച്ചു് പോകുമായിരുന്നു. എന്നാൽ ആഭാസവും അസംബന്ധവുമായ ചില സംഭവങ്ങൾ അനവസരങ്ങളിൽ തോണ്ടിക്കൊണ്ടുവരാൻ ദുർവ്വിധിക്കു് ഒരു പ്രത്യേക വാസനയുണ്ടു്.

കുസ്നിയിൽനിന്നു് ഒരു ചെറുപ്പക്കാരത്തിയുടെ കോകിലനാദം പുറപ്പെട്ടതു് എല്ലാവരും വ്യക്തമായി കേട്ടു. കൃഷ്ണൻനായർക്കു് മറ്റൊരവസരത്തിലായിരുന്നു എങ്കിൽ വളരെ സ്നേഹവും പരിചയവും ഉള്ളതായിട്ടു് ആനന്ദം കൊടുക്കുമായിരുന്നു. “തീർച്ചയായിട്ടും അദ്ദേഹം എന്നെ കാണും. നാഴികയോടു് നാഴിക ഇവിടെ എന്നെക്കൊണ്ടു് കാത്തുനില്പാൻ കഴികയില്ല. നിങ്ങൾക്കു് എന്നെ പിടിച്ചുവെയ്ക്കാനും സാധിക്കയില്ല. നിങ്ങൾ ഞാൻ വന്നിരിക്കുന്ന വിവരം അദ്ദേഹത്തോടു് പറഞ്ഞിട്ടുണ്ടെന്നു് വിശ്വസിക്കുന്നില്ല—” ഇതിന്നു് മറുപടിയായി ദ്രോഹം ക്ഷമയോടെ അനുഭവിക്കേണ്ടി വന്ന രാരിച്ചന്റെ മറുപടിയും ഇങ്ങിനെ കേട്ടു. “ഞാൻ പറഞ്ഞിരിക്കുന്നു കൊച്ചമ്മേ! എന്റെ യജമാനൻ ചില അതിഥികളോടു് സംസാരിക്കയാണു്. ആ കൂട്ടർ വീട്ടിൽ നിന്നു് ഇറങ്ങിയ ഉടനെ നിങ്ങൾക്കു് അങ്ങട്ടു് ചെല്ലാം.”

ദുർഗ്ഗമ്മയെ എല്ലാംകൂടി ഒരു കൂട്ടരുടെ കൂട്ടത്തിൽ കൂട്ടിയോ!

അത്ഭുതംകൊണ്ടു് അന്ധാളിച്ചുപോയ ദുർഗ്ഗമ്മ തന്റെ മകന്റെ മുഖത്തു് ഒന്നും തിരിയാതെ തുറിച്ചുനോക്കി. കൃഷ്ണൻനായരുടെ മുഖം ലജ്ജിച്ചുപോയ ഒരു യുവതിയുടെ മുഖംപോലെ തുടുത്തു. പുരികവും ചുളിച്ചു് ആ സ്ത്രീ ശബ്ദം പുറപ്പെട്ട വാതിൽ തുറന്നു് നോക്കി. എന്നാൽ കണ്ടതു് മറ്റൊരു മുറിയായിരുന്നു. കുസ്നി അതിന്റേയും അപ്പുറമായിരുന്നു. ഇതുകൊണ്ടൊന്നും അമ്മയ്ക്കു് തൃപ്തി ഉണ്ടായില്ല. അവരും ഒരു സ്ത്രീ ആണു്. ഈ അത്ഭുതം അറിവാനുള്ള കൗതുകം അവരെ ഉത്സാഹിപ്പിച്ചു. അഥവാ ഇതു് ഒരു രഹസ്യം പുറത്തു് വന്നതായിരിക്കുമോ! അമ്മയുടെ ധർമ്മബുദ്ധി അസ്തമിച്ചു. താൻ വിലയും നിലയും പരിപാലിച്ചു് പോരേണ്ടുന്ന ഒരു വലിയ പ്രഭ്വിയാണെന്ന കാര്യവും അവർ മറന്നു. അവർ വാതിൽ തുറക്കാനായ്ക്കൊണ്ടു് അങ്ങട്ടുചെന്നു. ഒഴിവൊന്നും ഇല്ലെന്നു് കണ്ടിട്ടു് കൃഷ്ണൻനായർ കുറേനേരം അമ്മ ചെയ്യുന്നതും നോക്കിനിന്നു. കാര്യത്തിന്റെ നേരമ്പോക്കായ ഭാഗം വിചാരിച്ചിട്ടു് അദ്ദേഹത്തോടു് പെട്ടെന്നു് ചിരിച്ചുപോയി.

വാതിൽ തുറന്നതിന്റെ ശേഷം ദുർഗ്ഗമ്മ വലിയ മുറിയിൽക്കൂടെ നടന്നു്, അതിന്റെ വാതിലും തുറന്നു്, കുസ്നിയിൽ ഇരിക്കുന്ന പൊന്നിയുടെ അടുക്കെ ചെന്നുനിന്നു. ആ സമയത്തും പൊന്നി രാരിച്ചനോടു്—കൂട്ടംകൂടുകയായിരുന്നു. അഭിമുഖമായി കണ്ടപ്പോൾ പെൺകിടാവിന്റേയും വൃദ്ധസ്ത്രീയുടേയും മുഖങ്ങളിൽ പെട്ടെന്നു് ജനിച്ച ഭാവവികാരങ്ങൾ കണ്ടിട്ടു് കൃഷ്ണൻനായരുടെ ഘനഭാവം അസ്തമിച്ചു. അയാൾ അമ്മ ഇരുന്നിരുന്ന കസേലമേൽ ഇരുന്നു. തന്റെ ചിരി അടക്കാൻ ഭഗീരഥപ്രയത്നം ചെയ്തു.

അമ്മയുടെ മുഖത്തു് സ്ഫുരിച്ചിരുന്ന “ആരായിരിക്കും അതു് എന്നറിവാനുള്ള കൗതുകഭാവം” പൊന്നിയെ കണ്ടപ്പോൾ വെറുപ്പും, പുച്ഛവുമായി ക്ഷണം ഭേദിച്ചു. ആ നോട്ടത്തിന്റെ സാരം മനസ്സിലായപ്പോൾ പൊന്നിയും ഒട്ടും താണുകൊടുത്തില്ല. പൊന്നിയുടെ മിന്നുന്ന കണ്ണുകൾ ദുർഗ്ഗമ്മയെ അഗണ്യമായി പോരിനു് വിളിക്കുമ്പോലെ തോന്നി. രണ്ടുനിമിഷത്തോളം രണ്ടാളും പ്രതിമകളേപ്പോലെ ഇളകാതേയും, ഉരിയാടാതേയും നിന്നു. എന്നതിൽപ്പിന്നെ ദുർഗ്ഗമ്മ പൊന്നിയേയും വിട്ടു് ഒരു അക്ഷരവും മിണ്ടാതെ ആ വീട്ടിൽനിന്നു് ഇറങ്ങിപ്പോയി.

പൊന്നിയുടെ പിന്നാലെ നിന്നിരുന്ന രാരിച്ചൻ അസൗഖ്യത്തിന്റെ ഒരു മൂർത്തിത്തന്നെ ആയിരുന്നു. “മൂപ്പരേ എനിക്കു് സങ്കടമുണ്ടു്” എന്നുമാത്രം മന്ത്രിപ്പാൻ ആ ഇളിഭ്യനായ്പോയവന്നു് ശക്തി ഉണ്ടായി.

കൃ. നാ.:
(സഹജമായ ഔദാര്യത്തോടെ) പോ ഇതു് നിന്റെ തെറ്റല്ല. പൊന്നി ഇങ്ങട്ടു് വാ. നിന്നെ വളരെ നേരത്തോളം കാത്തിരുത്തിയതുകൊണ്ടു് എനിക്കു് സങ്കടമുണ്ടു്.

ഉത്തരം പറയുന്നതിനുപകരം പൊന്നി അയാൾ നിന്നിരുന്ന മുറിയിൽ ചെന്നു് വാതിൽ ഭദ്രമായി അടച്ചു്, അദ്ദേഹത്തിന്റെ തുറന്നുപിടിച്ച കൈകൾക്കുള്ളിലേയ്ക്കു് ഒരു ചാട്ടം ചാടി. “എന്റെ പ്രിയപ്പെട്ട ഏട്ടാ, ഞാൻ ഇവിടെ വന്നതു് ഇനി ഒരിക്കലും മടങ്ങിപ്പോകാതിരിപ്പാൻ വേണ്ടി ആണു്. എനിക്കു് നിങ്ങളെ അത്രവലിയ ഇഷ്ടമാണു്” എന്നുപറഞ്ഞു. കൃഷ്ണൻനായർ അത്ഭുതംകൊണ്ടു് പരവശനായി എന്നുമാത്രം പറയുന്നതു് ഒന്നും പറയാത്തതുപോലെയാണു്. അദ്ദേഹത്തിന്റെ മനസ്സിൽ പൊങ്ങിയ വിവിധ വികാരങ്ങൾ വർണ്ണിക്കാൻ ഏതു് ഭാഷയിലും ഉചിതമായി വാക്കുകൾ ഉണ്ടായിരിക്കയില്ല. ആശ്ചര്യാതിരേകതകൊണ്ടു് അദ്ദേഹത്തിനു് വായ തുറപ്പാൻകൂടി സാധിച്ചില്ല.

പൊ:
(പിന്നേയും) നിങ്ങളുടെമേൽ എന്റെ പ്രേമം പതിഞ്ഞുപോയി. ഞാൻ മരിക്കുവോളം നിങ്ങളെമാത്രമേ അനുരാഗപ്പെടുകയുള്ളു. ഞാൻ ഇവിടെ കിടക്കാം. എന്റെ ദേഹത്തിന്മേൽ നിലത്തിൽനില്ക്കുംപോലെനിന്നു് നിങ്ങൾ ചാടിക്കളിക്കുന്നതുംകൂടി എനിക്കിഷ്ടമാണു്. അത്ര കടുപ്പമായ പ്രേമമാണു് എനിക്കു് നിങ്ങളോടു് തോന്നുന്നതു്.
കൃ. നാ.:
ഭഗവാനാണെ നേരു്. പൊന്നീ! നീ ചെറുകിടയിൽ ഒരു രാക്ഷസി ആണു്. നിന്റെമേൽ കേറിനിന്നിട്ടു് ചാടേണ്ട ആവശ്യം എനിക്കില്ല. അങ്ങിനെ ഞാൻ ഒട്ടുചെയ്യുകയും ഇല്ല.
പൊ:
നിങ്ങൾ അങ്ങിനെ ചെയ്താലുംകൂടി എന്റെ പ്രേമത്തിനു് ഭംഗംവരില്ല എന്നാണു് ഞാൻ പറഞ്ഞതിന്റെ സാരം.

ഇതു് പറയുമ്പോൾ പൊന്നിയുടെ ചെമ്പരുത്തിയേക്കാൾ ചുകന്ന ഓഷ്ടത്തിന്നു് ദീർഘമകാനംപോലെ തോന്നുന്ന ഒരു മനോഹരമാറ്റം ഉണ്ടായി.

കൃ. നാ.:
നീ സ്നേഹിക്കേണ്ടുന്ന ഒരു കുട്ടിതന്നെയാണു്.

എത്രയോ മൃദുവായി ഇങ്ങിനെ പറഞ്ഞിട്ടു് അവളുടെ നെറ്റിമേൽ വിതറിക്കിടക്കുന്ന കറുത്തമുടികൾ അങ്ങുംഇങ്ങും മാറ്റി, പുറമെ പ്രകാശിച്ച വെളുവെളുത്ത നെറ്റിമേൽ ഒന്നു് ചുംബിച്ചു.

പൊ:
എന്റെ നെറ്റിയിലല്ല, എന്റെ ചുണ്ടിലാണു് ചുംബിക്കേണ്ടതു്. അവൾ എന്നിട്ടു് അവിടെ മുട്ടുകുത്തിയിരുന്നു, ചുകന്നചുണ്ടുകൾകൊണ്ടു് അലംകൃതമായ ആ ശശിവദനം അവരുടെനേരെ പൊക്കി.

അവൾ ചുംബനത്തിനു് ക്ഷണിച്ചുകൊണ്ടു് അവളുടെ രക്താധരങ്ങൾ വഴങ്ങിക്കൊടുത്തതു് മൂന്നാമത്തെ പ്രാവശ്യമാണു്. എന്നിട്ടുകൂടി മര്യാദപ്രമാണമായൊ പ്രമാദമായൊ മുറുക്കിപ്പിടിച്ച കൃഷ്ണൻനായരുടെ ശങ്ക ഒടുങ്ങിപ്പോയില്ല.

കൃ. നാ.:
പ്രിയപൊന്നീ! നീ അങ്ങിനെ ഒന്നും ചെയ്യരുതു്.
പൊ:
എന്തുകൊണ്ടു്?
കൃ. നാ.:
എന്റെ സരസെ! യാതൊരു പുരുഷനേയും ആ വിധത്തിൽ ചുംബിക്കരുതു്. ഏതെങ്കിലും ഒരു ദിവസം നിണക്കു് ഒരു ഭർത്താവു് ഉണ്ടായിവന്നാൽ അയാളോടു് അങ്ങിനെ ചെയ്യുന്നതു് വിരോധമുണ്ടാകയില്ല.

തന്റെ തത്വോപദേശങ്ങൾകൊണ്ടു് തന്നെത്തന്നെ വഷളാക്കുന്നുണ്ടു് എന്നു് കൃഷ്ണൻനായർക്കും തോന്നാതിരുന്നില്ല. അയാൾക്കു് അപ്പോൾത്തന്നെ ഒരു വല്ലാത്ത അസ്വാസ്ഥ്യം നേരിട്ടു.

പൊ:
ഒരു ഭർത്താവൊ! എനിക്കു് ഭർത്താവൊന്നും വേണ്ട. എനിക്കു് നിങ്ങളെമാത്രംമതി എന്റെ സ്വന്തമായിട്ടു്.

മുറ്റേറെയുള്ള കൺപുരികത്തിന്റെ ചോടെനിന്നു് പ്രകാശിക്കുന്ന താമരക്കണ്ണുകൾകൊണ്ടു് അവൾ അദ്ദേഹത്തെ കടാക്ഷിച്ചു. ദേവകളുടെ പുഷ്പവൃഷ്ടി ഏറ്റതിനേക്കാൾ അയാളുടെ ഉള്ളിൽ സുഖാനുഭവമുണ്ടായി. തന്റെമേൽ പൊന്നി പതിപ്പിച്ച നോട്ടത്തിൽ അവളുടെ ശങ്കയോ ആഗ്രഹച്ഛിദ്രമോ എന്തോ ഒരുതരം വികാരം സ്ഫുരിച്ചിരുന്നു. കൃഷ്ണൻനായരുടെ ശരീരത്തിൽ ഉണ്ടായിരുന്ന രക്തമെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിൽ ചാടിവരുമ്പോലെ തോന്നി. ആ യുവതി അത്ഭുതമാകുംവണ്ണം അയാളെ ചലിപ്പിച്ചു. അല്ലെങ്കിലൊ അദ്ദേഹത്തിന്റെ അഭിലാഷം അഥവാ മര്യാദപാലനനിഷ്കർഷ, ഒന്നുകൊണ്ടും ചാപല്യത്തിനു് വശംവദനാകരുതു് എന്നുതന്നെയായിരുന്നു. അയാളുടെ ഉദ്ദേശം പൊന്നിക്കു് തന്നാൽ സാധിക്കുന്നത്ര ഗുണം ചെയ്തുകൊടുക്കണം എന്നു് മാത്രമായിരുന്നു. അവളുടെ കണ്ണുകൾകാണുമ്പോൾ ഉണ്ടായിരിക്കണം എന്നു് നിരാക്ഷേപം തെളിയിക്കുന്ന മാധുര്യവും, പരിശുദ്ധിയും കണ്ടിട്ടു് അവളുടെ ജീവിതകാലം സുഖപര്യവസായിയാക്കിക്കൊണ്ടുവരണം എന്ന സദ്വിചാരംമാത്രമെ അദ്ദേഹത്തിനു് ആന്തരമായി ഉണ്ടായിരുന്നുള്ളു. എന്നാൽ ഈ കാര്യത്തിൽ പൊന്നിയുടെ അഭിപ്രായം എന്തായിരിക്കും!

കൃ. നാ.:
പൊന്നീ! എന്റെ ചെറിയകുട്ടീ! നീ അടക്കമില്ലാത്തവിധത്തിൽ ആരേയും—പുരുഷന്മാരെ പ്രത്യേകിച്ചും—ചുംബിക്കരുതു്. ചിലർ അതിന്നു് നീ ഉദ്ദേശിക്കാത്ത അർത്ഥം എടുത്തുകളയും.
പൊ:
കുട്ടേട്ടാ! ഞാൻ ഒരു ചെറിയകുട്ടി ഒന്നുമല്ല. ഞാൻ ഇപ്പോൾ വലുതായിരിക്കുന്നു. പ്രേമം ഉള്ളവരെ പെൺകുട്ടികൾ ചുംബിക്കും. ഇല്ലെന്നു് പറയരുതു്. എന്റെ പ്രേമം മുഴുവനും നിങ്ങളോടാണു്. എന്റെ കയ്യിൽനിന്നു് വല്ലവരും നിങ്ങളെ വിടുത്തിക്കൊണ്ടുപോവാൻ ധൈര്യത്തോടെ വരുമെങ്കിൽ ഈശ്വരനാണെ സത്യം ഞാൻ അവരെ കൊന്നുകളയും.

കൃഷ്ണൻനായർ അണ്ണിമറിഞ്ഞുപോയി.

പൊന്നി:
(പിന്നേയും) ഞാൻ ഇപ്പോൾത്തന്നെ പറഞ്ഞില്ലെ എന്റെ പ്രണയം നിങ്ങളോടാണെന്നു്. അതു് തനിച്ചു് പരമാർത്ഥമാണു്. ഞാൻ നിങ്ങളെ സ്നേഹിക്കുക മാത്രമല്ല ആരാധിക്കുകകൂടി ചെയ്യുന്നു. നിങ്ങളും എന്നെ പകരം സ്നേഹിക്കാതിരിപ്പാൻ പാടില്ല.
കൃ. നാ.:
എന്റെ ഇഷ്ടത്തി! ഇതൊക്കെ വെറും ഭ്രാന്താണു്. നിണക്കു് എന്നെ അപ്രകാരം സ്നേഹിക്കാൻ പാടില്ല. നീ എന്നെ നല്ലവണ്ണം അറിയുകതന്നെ ഇല്ല. നീ ബുദ്ധി ഉറയ്ക്കാത്ത ഒരു കുട്ടി മാത്രമാണു്. എന്റെ ഉടപ്പിറന്ന സഹോദരിക്കു് നിന്റെ വയസ്സാണു്. അവൾ ഇപ്പോഴും സ്ക്കൂളിൽ പഠിക്കുകയാണു് ചെയ്യുന്നതു്.
പൊ:
എന്നെ വളർത്തിയതു് ആ വിധം അന്തസ്സിലല്ല. അവൾക്കു് ഇരുപത്തൊന്നു് വയസ്സു് തികയുമ്പോൾ എത്താവുന്ന സ്ത്രീത്വം എനിക്കു് ഇപ്പോൾ പരിപൂർത്തിയായി തികഞ്ഞുപോയിട്ടുണ്ടു്.
കൃ. നാ.:
എന്റെ പ്രിയ പൊന്നീ! എന്നാലുംകൂടി നീ അനുരാഗത്തെപ്പറ്റി ഗുണദോഷിപ്പാൻ ആയിട്ടില്ല.
പൊ:
(ഇടർച്ചയോടെ) നിങ്ങൾക്കു് എന്നോടു് പ്രണയമില്ലേ?

ഈ ചോദ്യം കേട്ടപ്പോൾ നിവൃത്തിയില്ലാതെ വന്നിട്ടു് ഉത്തരം പറയുംമുമ്പെ കൃഷ്ണൻനായർ അവളുടെ മിനുസമായ മുടി തലോടുവാൻ തുടങ്ങി.

കൃ. നാ.:
എനിക്കു് നിന്നോടു് ഒരു സഹോദരീസ്നേഹമാണു് തോന്നിയതു്.
പൊ:
ഞാൻ നിങ്ങളെ സ്നേഹിക്കുന്ന വിധത്തിലല്ലേ?
കൃ. നാ.:
നീ എന്നെ സ്നേഹിക്കുന്നു എന്നു് വിചാരിക്കുന്ന വിധത്തിലല്ല.
പൊ:
നിങ്ങൾ പറഞ്ഞതിന്റെ അർത്ഥം എനിക്കു് നല്ലവണ്ണം മനസ്സിലായില്ല. നിങ്ങൾ എന്നെ വിവാഹം ചെയ്യണം എന്നു് ഞാൻ ആശിക്കുന്നില്ല. നിങ്ങൾ ഒരു കുലത്തിൽ പിറന്ന ആളാണു്. ഞാൻ ഗതിയില്ലാത്ത ഒരു പെണ്ണാണു്. എന്നാലുംകൂടി എനിക്കു് നിങ്ങളെ കണ്ടുകൊണ്ടു് നിങ്ങളുടെ ഒന്നിച്ചുതന്നെ ഇരിക്കേണമെന്നു് വലിയ ആശ ഉണ്ടു്. ഇപ്പോൾ മാത്രമല്ല. എപ്പോഴും—ഞാൻ മരിക്കുന്നവരേയും.

അത്യന്താകുലനായിട്ടു് കൃഷ്ണൻനായർ കസേലമേൽനിന്നു് തുള്ളി എഴുന്നേറ്റു.

കൃ. നാ.:
കുട്ടീ! മിണ്ടാതിരിക്കൂ. നീ പറയുന്നതിന്റെ സാരം നിണക്കുതന്നെ തിരിയുന്നില്ല.
പൊ:
ഞാൻ നല്ലവണ്ണം അറിയും. എനിക്കു് നിങ്ങളെ ഒന്നിച്ചുതന്നെ പാർക്കാനാണു് ഇഷ്ടം. ഞാൻ നിങ്ങളെ ഒരിക്കലും വിട്ടുപോകയില്ല. യഥാർത്ഥത്തിൽ എനിക്കുള്ള കവിഞ്ഞ പ്രണയം നിങ്ങളെ മാത്രമാണു്.

കൃഷ്ണൻനായരുടെ മുഖത്തു് പറന്നുവന്ന തുടിപ്പു് ക്ഷണം അസ്തമിച്ചു. അദ്ദേഹത്തിന്റെ മുഖം വിളർത്തു. ക്ഷണംകൊണ്ടു് പരവശമായി. അദ്ദേഹം അദ്ദേഹത്തിന്റെ മുടി കൈകൊണ്ടു് മിനുക്കുകയും ചൊറികയും ചെയ്തു. പാരവശ്യംകൊണ്ടൊ, പ്രയാസഘട്ടത്തിൽ അകപ്പെട്ടുപോയാലൊ അദ്ദേഹം കാട്ടുന്ന ഗോഷ്ഠികൾ ഇങ്ങിനെഒക്കെയാണു്. അയാൾ ഒരു കടുപ്പഭാവം അവലംബിച്ചു. അഥവാ നടിച്ചു.

കൃ. നാ.:
പൊന്നീ! നീ പറയുന്നതിന്റെ അർത്ഥം നീ ഗ്രഹിക്കുന്നുണ്ടോ?
പൊ:
അതെ!

പറഞ്ഞതു് സാവധാനത്തിലാണെങ്കിലും അവളുടെ നക്ഷത്രംപോലെയുള്ള കണ്ണുകൾ മിന്നി. മൃദുപന്തുകൾപോലെ ഉന്തിക്കണ്ടിരുന്ന അവളുടെ തങ്കസ്തനങ്ങൾ ഗുരുനിശ്വാസം നിമിത്തം പൊന്തിയും താണുംതുടങ്ങി.

പൊ:
ഞാൻ പറയുന്നതു് ഞാൻ നിങ്ങളെ മാത്രമെ അതിയായി സ്നേഹിക്കുന്നുള്ളു എന്നാണു്. എനിക്കു് ഇവിടെ നിങ്ങളുടെ ഒപ്പംതന്നെ പാർപ്പാനാണു് മോഹം. എനിക്കു് നിങ്ങളെ വിട്ടുപോവാൻ തീരെ മനസ്സില്ല.
കൃ. നാ.:
അപ്പോൾ നിന്റെ കാര്യമോ? കുറെ കഴിഞ്ഞാൽ നിന്റെ അവസ്ഥ എന്തായിരിക്കും. ഒരു പുരുഷന്റെമേൽ ഒരു സ്ത്രീക്കു് നിയമപ്രകാരമോ, ജാതിമര്യാദപ്രകാരമോ യാതൊരു അവകാശാധികാരങ്ങളും ഇല്ലെന്നു് വന്നാൽ അയാൾ വല്ല കാരണത്താലും സ്ത്രീയെ മടുത്തുപോയാൽ നിഷ്കാരുണ്യം അവളെ ഒഴിച്ചു് കളകയില്ലെ! ഞാൻ അങ്ങിനെ ഒരാളായി മാറിപ്പോയാലോ?

അദ്ദേഹം താൻ ഒരു ക്രൂരനെന്നു് വരുത്താനാണു്, ഉള്ളിലെ വിചാരങ്ങൾ ഒക്കെ ഒതുക്കി ഈ മാതിരി അസ്ത്രങ്ങൾ പ്രയോഗിച്ചതു്.

പൊ:
അന്നു് അതൊന്നും ഞാൻ വകവെയ്ക്കുകയില്ല. ഇപ്പോൾ നിങ്ങൾക്കു് എന്നെ ഇഷ്ടമാണെങ്കിൽ, പിന്നെ വരാനുള്ള സംഭവങ്ങളെപ്പറ്റിയൊന്നും ഞാൻ ആവലാതിപ്പെടുന്നില്ല. പിന്നീടു് വയറ്റിൽ വേദന ഉണ്ടാകുമെന്നു് ഭയപ്പെട്ടിട്ടു് ഇപ്പോൾ ആരും ഊണുവേണ്ടെന്നു് വെയ്ക്കുകയില്ല.

അദ്ദേഹം അവളെ അനുരാഗത്തിന്റെ ഒരു മൂർത്തിയെന്നപോലെ നോക്കി. അദ്ദേഹത്തിന്റെ നാഡികളിൽക്കൂടെ രക്തം അതിശീഘ്രമായി ഒഴുകിയെങ്കിലും ശാന്തനായിരിപ്പാൻ അയാൾ കഴിയുംവണ്ണം ശ്രമിച്ചു. കൃഷ്ണൻനായരും ഒരു പുരുഷൻതന്നെയാണു്. തന്റെ അടുക്കെയുള്ള പെണ്ണു് അതിശയദേഹകാന്തികൊണ്ടു് തിളങ്ങുന്നവളാണു്. മാർദ്ദവങ്ങളായ സകല ചക്രാകാരതകൾകൊണ്ടും, യൗവ്വനംകൊണ്ടും പരിപൂർണ്ണസൗന്ദര്യം പ്രാപിച്ച ഒരു യുവതീരത്നമായിരുന്നു. ഇതൊന്നും പോരെങ്കിൽ അവളുടെ അനുരാഗം പതിച്ചതു് തന്റെമേലാണെന്നു് അവൾ ദൃഢമായി തുറന്നു് പറയുകയും ചെയ്തിരിക്കുന്നു. എന്നുമാത്രമല്ല പകരമായി തന്റെ അനുരാഗദാനത്തിനുംകൂടെ അപേക്ഷിച്ചു് കഴിഞ്ഞിരിക്കുന്നു. താൻ ഇതുവരെ സ്വപ്നത്തിലുംകൂടി വിചാരിക്കാത്ത അപ്രമേയാനുരാഗത്തിന്റെ സകല കോപ്പുകളും അദ്ദേഹത്തിന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. സാമർത്ഥ്യമുള്ള കൈവീശൽകൊണ്ടു്, വെണ്ണീർപുരണ്ട കനലുകൾപോലെ ആ വികാരങ്ങളൊക്കെ ഉണർന്നു വന്നു. ഒരു ചെറിയ പെണ്ണിന്റെ പ്രേരണനിമിത്തം—പെണ്ണാണെന്ന പ്രത്യേക ധാരണകൂടാതെ, ഒരു സ്ക്കൂൾകുട്ടിയെപ്പോലെ, വെറും അനുകമ്പകൊണ്ടുമാത്രം തന്റെ തലയിലാക്കിയ എങ്ങാൻ പോന്ന ഒരു പെണ്ണിന്റെ ദുസ്സഹമായ ആകർഷണം നിമിത്തം തന്റെ ഉറങ്ങിക്കിടന്നിരുന്ന വികാരങ്ങളെ ഒന്നും ഉണർത്തുവാൻ പാടില്ലെന്നു് അയാൾ ഉറപ്പാക്കി.

കൃ. നാ.:
ജീവകാലം കഴിക്കേണ്ടതു് ഏതുവിധത്തിലാണെന്നു് ഇനിയും നിണക്കു് മനസ്സിലായിട്ടില്ല. ഈ രീതിയിൽ എന്നോടു് സംസാരിക്കരുതു് എന്നാണു് ഞാൻ നിന്നോടു് ആവശ്യപ്പെടുന്നതു്. ഇത്രത്തോളം പറഞ്ഞുപോയതുകൊണ്ടുതന്നെ, നീ കാലാന്തരംകൊണ്ടു് വ്യസനിക്കുവാൻ മതി.
പൊ:
ജീവിച്ചിരിക്കേണ്ടതു് എങ്ങിനെയാണെന്നു് നിങ്ങൾക്കാണു് അറിഞ്ഞുകൂടാത്തതു്. (പരിഭവിച്ചപോലെ നോക്കിക്കൊണ്ടു്) ഞാൻ നിങ്ങളെ ഹൃദയപൂർവ്വം ഇഷ്ടപ്പെടുന്നുണ്ടു്. എന്റെ ആയുസ്സിന്നുള്ളിൽ മറ്റൊരാളുടെമേലും എന്റെ പ്രണയം പതിഞ്ഞിട്ടും ഇല്ല.
കൃ. നാ.:
എന്റെ ഭഗവാനെ! അതൊക്കെ ഞാനും സമ്മതിക്കുന്നു. പതിനേഴു തികയുംമുമ്പെ ഒരാൾ ഒരു ഉർവ്വശിയാകുമെന്നു് ഗണിക്കവയ്യ.

പൊന്നിക്കാകട്ടെ, കൃഷ്ണൻനായരുടെ മനഃസ്ഥിതി കേവലം മനസ്സിലായില്ല. നവീനവും നിർദ്ദോഷവുമായ പ്രകൃതിയുടെ ഒരു അനർഘ സന്താനമായിരുന്നു അവൾ. കൃഷ്ണൻനായരെ അവൾ മോഹാനുരാഗംകൊണ്ടു് മതിമറന്ന ഹൃദയത്തോടെ ദൈവത്തെപ്പോലെ ആരാധിച്ചുപോയിരുന്നു. ഹൃദയത്തിൽ നിറഞ്ഞുവഴിഞ്ഞിരുന്ന വിചാരപരമ്പരകൾക്കു് തടാകവെള്ളത്തിന്നു് ഓവെന്നപോലെ, പുറത്തുപോവാൻ മാർഗ്ഗമില്ലാതെപോയാൽ ഹൃദയംതന്നെ പൊട്ടിത്തെറിച്ചുപോവാൻ മതി. യാതൊരാളും അവളോടു് ഇങ്ങിനെ ഒരു അനുകമ്പ കാണിച്ചിട്ടും ഇല്ല. എത്രതന്നെ സമൃദ്ധിയായി ഉണ്ടായിരുന്നാലും, അവളുടെ അനുരാഗം പലർക്കും വിളമ്പികൊടുക്കുവാൻതക്ക മനഃസ്ഥിതി അവളെ ഇതുവരെ ബാധിച്ചിരുന്നില്ല. ഇപ്പോഴാണു് അവൾക്കു് തക്കതായ ഒരു നായകനെ കണ്ടുകിട്ടിയതു്. അവൾക്കു് അവനെ ശരണം പ്രാപിക്കാതെ യാതൊരു നിവൃത്തിയും ഇല്ലാതായി—അദ്ദേഹത്തിന്റെ സമീപത്തിൽത്തന്നെ ഇരിക്കുക—അദ്ദേഹത്തെ ശുശ്രൂഷിക്കുക—അദ്ദേഹത്തിന്റെ കൈ തൊടുക—ഇത്രയൊക്കെ മാത്രമെ ഇവൾ ആവശ്യപ്പെട്ടിട്ടുള്ളു. അദ്ദേഹത്തിന്റെ സമീപത്തിൽനിന്നു് അകറ്റുന്നതുമാത്രം അവൾക്കു് അത്യന്തം അസഹ്യമായിരുന്നു. അതുമാത്രമാണു് അവൾക്കു് നിരൂപിച്ചുകൂടാത്ത കാര്യം.

അദ്ദേഹത്തിന്റെ ഒരു കൈപിടിച്ചു്, അതു് പ്രേമാധിക്യത്തോടെ അവളുടെ ചുണ്ടുകളോടു് ചേർത്തുപിടിച്ചു. അതുകൂടാതെ ആ കൈ അവളുടെ മൃദുവായ ഗണ്ഡംകൊണ്ടു് തടവി. അങ്ങിനെ ചെയ്യുമ്പോൾ ഒരു മണപ്പിക്കുംപോലെയുള്ള ശബ്ദവും ഉണ്ടാക്കിക്കൊണ്ടിരുന്നു.

കൃ. നാ.:
നീ ഒരു ചെറുജന്തുവാണു്. മെരുക്കമില്ലാത്ത വെറും ഒരു കാട്ടുജന്തുവാണു് നീ.
പൊ:
നിങ്ങളിൽ പ്രേമം സ്ഥാപിക്കുന്നതു് ഒരു കാട്ടുജന്തു കാണിക്കുന്ന സ്വഭാവമാണോ?
കൃ. നാ.:
തന്നെ, എന്നാണു് എനിക്കുതോന്നുന്നതു്. അനുരാഗം ഒരു കളിയുടെ കൂട്ടത്തിൽ കൂട്ടേണ്ടുന്ന കാര്യമല്ല. അതു് എത്രയോ ഗൗരവമായി ഗൗനിക്കേണ്ടുന്ന ഒരു വിഷയമാണു്. അതു് പരിശുദ്ധവും ഉന്നതവും ആയ ഒരു മനഃസ്ഥിതി ആണു്.
പൊ:
അതെ. എനിക്കു് മനസ്സിലായിരിക്കുന്നു. ത്രിപുരാന്തകക്ഷേത്രത്തിന്റെ ഗോപുരങ്ങൾ കാണുമ്പോൾ ഭക്തന്മാരുടെ ഉള്ളിൽ ജനിക്കുന്ന ഭയഭക്തിയേക്കാളും മുന്തിയതാണു് അനുരാഗം.

കൃഷ്ണൻനായർ അതിശയംകൊണ്ടു് നോക്കിനിന്നുപോയി. എല്ലാംകൂടി പൊന്നിക്കു് ജന്മനാ സിദ്ധിച്ച കവിത്വവുംകൂടി ഉണ്ടോ. ഈ ചെറിയപെണ്ണിന്റെ കൂട്ടിൽ ഇത്ര അധികം വാസനകൾ ചേർന്നിട്ടുണ്ടാകുമോ?

കൃ. നാ.:
ഗോപുരങ്ങളെപ്പറ്റി നിണക്കു് എന്തറിവാണുള്ളതു്.
പൊ:
ഞാൻ ഇവിടത്തെ ക്ഷേത്രത്തിലെ ഗോപുരമേ കണ്ടിട്ടുള്ളു. എനിക്കു് വെറി പിടിക്കുമ്പോളൊക്കെ ഞാൻ അവിടെ പോകാറുണ്ടു്—എനിക്കു് സകലത്തോടും വിരസത ജനിക്കുന്ന സമയത്തു്—അപ്പോൾ എനിക്കു് ഒരുമാതിരി സന്തുഷ്ടിയൊ, ശാന്തിയൊ സിദ്ധിക്കാറുണ്ടു്. ആ സമയത്തു് എനിക്കു് ഒരാളോടു് പിണങ്ങാനൊ, ഒരാളെ മുഷിപ്പിക്കുവാനൊ തോന്നാറില്ല.
കൃ. നാ.:
നിണക്കു് ആരെയെങ്കിലും മുഷിപ്പിക്കുവാൻ ഇതുവരെ തോന്നീട്ടുണ്ടൊ?
പൊ:
അതെ പലപ്രാവശ്യവും. ഇപ്പോഴൊന്നും തോന്നാറില്ല. നിങ്ങൾക്കുവേണ്ടി ഞാൻ എന്റെ സ്വഭാവം നന്നാക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടു്.
കൃ. നാ.:
അപ്പൊൾ നിണക്കു് ഞാൻ, ഫലംകൊണ്ടു് ഈ ക്ഷേത്രത്തിന്റെ ഗോപുരമാണു്. നീ വിചാരിക്കുന്നോ ഇതു് അനുരാഗമാണെന്നു്.
പൊ:
വിചാരിക്കുകയല്ല. ഞാൻ അറിയുന്നുണ്ടു്. അനുഭവിക്കുന്നുമുണ്ടു്.
കൃ. നാ.:
വാദപ്രതിവാദത്തിൽ നീ എന്നേയുംകൂടി നിഷ്പ്രയാസം പരാജിതനാക്കിയിരിക്കുന്നു. പൊൻകുട്ടി, പൊന്നീ! എന്റെകൂടെവരൂ നമുക്കൊന്നു് നടക്കാമല്ലൊ.
പൊ:
എവിടത്തേയ്ക്കു് എനിക്കു് നിങ്ങളുടെകൂടെ ഇവിടെ ഇരിക്കുന്നതാണു് താല്പര്യം.
കൃ. നാ.:
നോക്കു. പൊന്നീ! അതാണു് നിണക്കു് ചെയ്വാൻ പാടില്ലാത്ത കാര്യം. ആ കാര്യത്തെപ്പറ്റി ഇനി ഒന്നും—ഒരു ദയാശാലിനിയും, സുശീലയും ആയ സ്ത്രീ വക്കുപറമ്പിൽ നിന്നെയും കാത്തുനില്ക്കുന്നുണ്ടു്. അവൾ നിണക്കു് വേണ്ടതൊക്കെ സന്തോഷത്തോടെ ചെയ്യും. നീ അവിടെ കുറെനാൾ വിശ്രമിച്ചതിൽപ്പിന്നെ, നിന്റെ അധികപഠിപ്പിനുവേണ്ടി നമുക്കു് നല്ല ഒരു പെൺപള്ളിക്കുടം കണ്ടുപിടിക്കാം. ഞാൻ കൂടെക്കൂടെ നിന്നെവന്നു് കാണുകയും ചെയ്യാം. അപ്പോഴൊന്നും നീ അനുരാഗത്തെപ്പറ്റി സംസാരിക്കരുതു്. എന്നേ യഥാർത്ഥത്തിൽ നിന്റെ ജ്യേഷ്ഠനാണെന്നു് കരുതിയാൽ മതി. നമുക്കു് രണ്ടാൾക്കും നല്ല ചങ്ങാതിമാരായിട്ടുകൂടാം. അതാ. നീ കരയാനാണൊ ഭാവിക്കുന്നതു്.
പൊ:
അങ്ങിനെയാണെങ്കിൽ നിങ്ങൾക്കു് എന്നോടു് കേവലം അനുരാഗമില്ല എന്നാണു് വരുന്നതു്.

പൊന്നിയുടെ കണ്ണുകൾ സംശയം തോന്നുംവണ്ണം നനഞ്ഞിരുന്നു. എന്നാൽ മേൽപ്രകാരം സംസാരിക്കുംമുമ്പെ, അവൾ ധൈര്യം അവലംബിച്ചു് തല ഇളക്കിയിരുന്നു.

കൃ. നാ.:
നിണക്കെന്താണു് വന്നുപിടിച്ചുപോയതു്? നിന്നോടുള്ള സ്നേഹം എനിക്കു് ഒരിക്കലും മങ്ങിപ്പോകയില്ല. എനിക്കിഷ്ടമുള്ള ഒരു ചെറിയ സഹോദരിയെപ്പോലെയുള്ള സ്നേഹം.

അവളുടെ മുഖത്തു് നോക്കാതെ മുറിയിൽക്കൂടെ നടന്നു് മറ്റേ വാതിലിന്റെ അടുക്കെ ചെന്നു് കൃഷ്ണൻനായർ രാരിച്ചനെ വിളിച്ചു. രാരിച്ചൻ ഉടനെതന്നെ മുറിയിൽ പ്രത്യക്ഷമായി.

കൃ. നാ.:
രാരിച്ചാ, ഊണിന്റെ ഏർപ്പാടൊന്നും ഇപ്പോൾ ചെയ്യേണ്ടു. ഞങ്ങൾക്കു് കുറെ സൂപ്പും, കോഴിക്കറിയും, റൊട്ടിയും കൊണ്ടുവാ. ഊണു് കഴിക്കാൻ ഇവിടെ ഞങ്ങളാരും ഉണ്ടാകയില്ല.

ഇതുകേട്ടപ്പോൾ രാരിച്ചന്നു് അതിയായ അത്ഭുതവും അസാരം ഭയവും ഉണ്ടായി.

രാരി:
മൂപ്പരെ! നിങ്ങൾ മടങ്ങിപ്പോകയാണോ?
കൃ. നാ.:
അതെ. രാത്രി ഈ കുട്ടിയെ ഇവിടെ പാർപ്പിച്ചാൽ ദൂഷണം പറയും. അമ്മ ഊണു് കഴിക്കാതെ പോയ്ക്കളഞ്ഞതുകൊണ്ടു് ഊണോടു് എനിക്കും വാഞ്ഛയില്ല. നീ ഒരു കാര്യം ചെയ്ക രാരിച്ചാ. നിന്റെ ഏതെങ്കിലും ഒരു സ്നേഹിതനെ ക്ഷണിച്ചിട്ടു് നീയും അവനും കൂടി സുഖമായി ഭക്ഷണം കഴിച്ചോളു. വേണമെങ്കിൽ അവനും ഇവിടെ ഉറങ്ങിക്കൊള്ളട്ടെ.
രാരി:
അങ്ങിനെ ചെയ്യാം മൂപ്പരെ!

പൊന്നി മനമല്ലാമനസ്സോടെ സൂപ്പു് കുടിച്ചു. കൃഷ്ണൻനായർ വളരെ നിഷ്കർഷിച്ചതിൽ പിന്നെ മാത്രമെ അവൾ ഒരു പേരിനു് റൊട്ടിയും കറിയും കഴിച്ചുള്ളു. മൂലഅളമാറയിൽ വെച്ച സർവ്വത്തിന്മേൽ അയാളുടെ കണ്ണു് പതിഞ്ഞു. സംശയഭാവത്തിൽ അയാൾ പൊന്നിയെ നോക്കി. പിന്നെ സർവ്വത്തേക്കാൾ പൊന്നിക്കു് പറ്റിയതു് കാപ്പിയാണെന്നു് വിചാരിച്ചിട്ടു് അയാൾ ഒരു കോപ്പകാപ്പി പകർന്നു കൊടുത്തു. പൊന്നി അതുമുഴുവനും കുടിച്ചു് ഉടുപ്പൊക്കെ ഇട്ടു് തയ്യാറായി നിന്നു.

പൊ:
കുട്ടേട്ടാ! ഒരിക്കലുംകൂടി എന്നെ ചുംബിക്കൂ.

കൃഷ്ണൻനായർ അതിന്നും വഴിപ്പെട്ടു. എന്നാൽ കുട്ടിയുടെ ശരീരം മുഴുവൻ ഒന്നു് കുളുർത്തുകേറിയപോലെ തോന്നി.

ഒമ്പതരമണി രാത്രിയായപ്പോൾ അവർ ഇരുവരും വക്കുപറമ്പത്തുള്ള ലക്ഷ്മിഅമ്മയുടെ സുഖമുള്ള വീട്ടിൽ എത്തി. വൃദ്ധയായ ലക്ഷ്മിഅമ്മ ഒരുകാലത്തു് കൃഷ്ണൻനായരെ നോക്കിയ ആയ ആയിരുന്നു. കൃഷ്ണൻനായർ ദയവിചാരിച്ചിട്ടു് അവൾ അന്യസഹായം കൂടാതെ കാലം കഴിക്കാൻ വേണ്ടി, മാസംതോറും ഒരു പെൻഷ്യൻ അനുവദിച്ചു് കൊടുത്തിരുന്നു. വളരെ കുട്ടികളെ അവളുടെ വീട്ടിൽ പാർപ്പിച്ചു് ലക്ഷ്മിഅമ്മ രക്ഷിച്ചിട്ടുണ്ടായിരുന്നു. ആയയായി കുട്ടിക്കാലത്തു് ശുശ്രൂഷിച്ച കൃഷ്ണൻനായർ ഇന്നും ലക്ഷ്മിഅമ്മയ്ക്കു് ഒരു കുട്ടി തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ വിവരങ്ങൾ ആ സ്ത്രീ കൂടക്കൂടെ അന്വേഷിച്ചറിയാറും ഉണ്ടു്. എന്നൽ ഇന്നുവരേയ്ക്കും അവളുടെ വീട്ടിൽ വരുമ്പോൾ ഒരു പെൺകിടാവിനേയും കൂട്ടി വന്നിട്ടില്ല. ഇന്നു് കൊണ്ടുവന്ന പെൺകിടാവൊ, നോക്കിനിന്നുപോകത്തക്ക അഴകുള്ളവളും ആയിരുന്നു. അവൾക്കു് കൃഷ്ണൻനായരുടെ സന്മാർഗ്ഗത്തിൽ ദൃഢവിശ്വാസമുള്ളവളും ആയിരുന്നു. ഈ യുവതി കൃഷ്ണൻനായരുടെ രഹസ്യക്കാരത്തിയായിരിക്കും എന്ന ദുർബ്ബോധന ലക്ഷ്മിഅമ്മയുടെ അരികെ വഴിപോയിട്ടുംകൂടി ഇല്ല. എന്നിട്ടുകൂടി പൊന്നിയെപ്പറ്റി ആ മാതിരി ധാരണയാണു് ദുർഗ്ഗമ്മയ്ക്കും രാരിച്ചനും ഉണ്ടായതു്.

എന്നാലുംകൂടി ലക്ഷ്മിഅമ്മയ്ക്കു് ഒന്നും ശരിയായി മനസ്സിലായില്ല. കൃഷ്ണൻനായരുടെ പ്രായത്തിൽ മനോഹരിയായ ഒരു മഹിളാരത്നം എല്ലായ്പോഴും ഒരു ലഭ്യയോഗ്യമായ വരമാണു്. ആ പെണ്ണിന്റെ തറവാടും പണവും എത്ര തന്നെ ശുഷ്കമായിരുന്നാലും അവളുടെ സ്ത്രീത്വംതന്നെ—എന്നുവെച്ചാൽ അവളുടെ തദീയതതന്നെ ഒരു ഉത്തമനിധിയാണു്. പൊന്നി ഉറങ്ങാൻ അവളുടെ മുറിയിലേയ്ക്കും, കൃഷ്ണൻനായർ മടങ്ങി തന്റെ ഭവനത്തിലേയ്ക്കും പോയി. കൃഷ്ണൻനായർ പണ്ടൊക്കെ രക്ഷിക്കാനായി തന്നെ ഭരമേല്പിച്ചതും സംരക്ഷണം ചെയ്വാൻ കല്പിച്ചതും പൊന്നിയെപ്പോലെ പൊന്നുപോലെ തിളങ്ങുന്ന പെൺകിടാങ്ങളെ അല്ല. താരുണ്യത്തിന്റെയും, സൗന്ദര്യത്തിന്റേയും നൃത്തരംഗമായ കമനീയാംഗികളായ കാമിനികളെ അല്ല; നിരന്തരജോലികൊണ്ടു് ക്ഷീണിച്ചും, പട്ടണവാസംകൊണ്ടു് ശ്വാസം മുട്ടിപ്പോയിട്ടും, വിവാഹം കഴിയാതെ ഗർഭിണികളായിട്ടും കഷ്ടപ്പാടു് സഹിക്കേണ്ടി വന്ന സാധുസ്ത്രീകളെ മാത്രമായിരുന്നു. ആ പാവങ്ങളെ ഉദ്ധരിച്ചു് അവർക്കു് ഒരു പുതിയ ജീവൻ കൊടുത്തു്, അവരെ മനുഷ്യവർഗ്ഗത്തിൽ വീണ്ടും പെടുത്താൻമാത്രമേ കൃഷ്ണൻനായരുടെ ശ്രമവും ഉത്സാഹവും ഇതുവരേയ്ക്കും ഉണ്ടായിരുന്നുള്ളു.

“ഭക്ഷണം കിട്ടാതെ ഇരന്നും തെണ്ടിയും കാലം കഴിക്കുന്ന ചില തെരുവിലെ പിള്ളർ ഉണ്ടു്. വെടിപ്പവർക്കില്ല. മെലിഞ്ഞു് കൊട്ടുകളാണെങ്കിലും ധിക്കാരത്തിനു് ഒട്ടും കുറവില്ല—അങ്ങനെയുള്ള ചേട്ടകളേയും കൃഷ്ണൻനായർ പുലർത്താൻവേണ്ടി എന്റെ വശം ഏല്പിച്ചു് പോയിട്ടുണ്ടു്. അതിനുംകൂടി എനിക്കു് വിരോധമില്ലായിരുന്നു.” ഇങ്ങനെ ഒക്കെ വിചാരിച്ചു് ലക്ഷ്മിഅമ്മ ചുവരിന്മേൽ തൂക്കിയിരുന്ന കൃഷ്ണൻനായരുടെ അച്ഛന്റെ പടത്തെ ഒന്നു് നമസ്കരിച്ചു. “എത്രതന്നെ സൽസ്വഭാവികളായാലും, എനിക്കു് യുവതികളെ വിശ്വാസമില്ല. സുന്ദരികളായാൽ എന്റെ കൃഷ്ണൻനായരെ വിചാരിക്കുമ്പോൾ ഒട്ടും വിശ്വാസമില്ല” ഇങ്ങിനെ പറഞ്ഞു് ലക്ഷ്മിഅമ്മ ഉറങ്ങാൻപോയി.

അഞ്ചാം അദ്ധ്യായം

വേദവതി ലളിത ഒരു യുവതിയും, ഒരുമാതിരി സുന്ദരിയും, ഒരു എടുത്തുചാട്ടക്കാരത്തിയും, അസൂയാകുക്ഷിയും ആയിരുന്നു. മനഃശുദ്ധിയും, ചാരിത്രശുദ്ധിയും അവൾക്കു് കേവലം ഉണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളായിട്ടു് എണ്ണിപ്പറവാൻ തക്കവണ്ണം അവൾക്കു് ആരും ഇല്ലെന്നുതന്നെ പറയാം. അവൾക്കു് ചിത്രമെഴുത്തിൽ പണ്ടേ ഒരു വാസന ഉണ്ടായിരുന്നെങ്കിലും ഒരു പേരും പെരുമയും ഉള്ള ഒരാളുടെ സഹായമില്ലാഞ്ഞിട്ടു് അവർ കുറേക്കാലം ഉഴന്നിരുന്നു. അന്നത്തെ നരകക്കുഴിയിൽനിന്നു് അവളെ കൈ പിടിച്ചു് കരേറ്റി കൊണ്ടുവന്നതു് ദൈനദിനം ദീനദയാലുവായ കൃഷ്ണൻനായർത്തന്നെ ആയിരുന്നു. അദ്ദേഹം ചാലശ്ശേരിയിൽ അവൾക്കു് ഒരു ഭവനവും അതിനോടുതൊട്ടു് ഒരു ചിത്രപ്രദർശനശാലയും എടുപ്പിച്ചുകൊടുത്തു. ഇപ്പോൾ അവൾ ചിത്രമെഴുത്തുകൊണ്ടു് യാതൊരു ബുദ്ധുമുട്ടുംകൂടാതെ കാലം കഴിക്കുന്നു. ഇന്നു് അവളുടെ പിറന്നാളായിരുന്നു. അതു് വളരെ ആഘോഷത്തോടെ കൊണ്ടാടേണമെന്നു് അവൾക്കു് തോന്നി. പണമുള്ളപ്പോൾ ആഗ്രഹനിവൃത്തി വരുത്താൻ എന്തിനു് മടിക്കുന്നു.

ചിത്രമെഴുത്തിൽ വാസനയുള്ള സകലരേയും, ചിത്രം വിലകൊടുത്തു് വാങ്ങുന്നവരേയും അവൾ ക്ഷണിച്ചു. കലാലയങ്ങളിൽ കേളിസമ്പാദിച്ച ചിത്രമെഴുത്തുകാരിൽ, കൃഷ്ണൻനായരുടെ ഉത്സാഹംകൊണ്ടു് പേരെടുത്തുപോയ ഒരു ഭാഗ്യവതിയാണു് ലളിത. വാസ്തവം പറഞ്ഞാൽ ധനികന്മാരായ സംരക്ഷകന്മാർക്കു് ഒരു ചിത്രത്തിന്റെ യോഗ്യത തിരിച്ചറിവാനുള്ള ശക്തി ഉണ്ടാകയില്ല. ശ്ലോകങ്ങളാണെങ്കിൽ തമ്പുരാക്കന്മാരൊ, പ്രസിദ്ധിയുള്ളവരൊ എന്തു് മണ്ണാങ്കട്ട എഴുതിയാലും അവ “നന്നാകാതെയവാദൃഢം” എന്നും, ജാതിനിന്ദ്യന്മാരൊ കുലഹീനന്മാരൊ എത്ര വിശേഷമായെഴുതിയാലും അവയൊക്കെ നിസ്സാരമെന്നും കണ്ണുംപൂട്ടി വിശ്വസിച്ചുവരുന്ന അനേകം ജനങ്ങൾ നമ്മളുടെ ഇടയിൽ ഇല്ലയോ അങ്ങിനെയാണു് ചിത്രകലയിൽ ധനികന്മാരായ സംരക്ഷകന്മാരുടെ സ്ഥിതിയും. അവർ പ്രസിദ്ധി സമ്പാദിച്ച ചിത്രകാരാണെങ്കിൽ അവരുടെ ചിത്രമൊക്കെ വിലകൊടുത്തു് അലക്ഷ്യമായി വാങ്ങിക്കൊള്ളും. ഏകദേശം ഒരു കൊല്ലത്തിന്നുള്ളിലാണു്, വേദവതി ലളിതയുടെ പേർ ചിത്രകലാ ലോകത്തിൽ പൊന്തിവന്നതു് ഇതിനു് കാരണമായി നിന്നതു് കുറച്ചൊക്കെ അവളുടെ ചിത്രങ്ങൾ അഭിനന്ദിച്ചതും, അവളെ പ്രോത്സാഹിപ്പിച്ചതും. അവൾ പണ്ടു് ഒരു മാസികയിൽ തന്റെ ജന്മവാസന ദുരീകരിച്ചു. ഹാസ്യചിത്രങ്ങൾ എഴുതികൊടുത്തിട്ടു് കഷ്ടിപിഷ്ടിയായി കാലം കഴിച്ചിരുന്നു. ഒന്നുമല്ലെങ്കിൽ സ്വന്തം സമ്പാദിക്കുവാൻ ശേഷിയാകുന്നവരെ, അവളുടെ ചിലവുകൾ താൻതന്നെ നടത്തിക്കൊള്ളാം എന്നു് വാഗ്ദത്തം ചെയ്തതിൽപ്പിന്നേയാണു് കൃഷ്ണൻനായർ മാസികയുമായുള്ള അവളുടെ ബന്ധം മുറിച്ചതു്. അയാൾ പലരേയും ചെന്നുകണ്ടു് ശിപാർശി ചെയ്തതിൽ പിന്നെ ആണു് ധനികന്മാർ അവളുടെ ചിത്രം വാങ്ങിത്തുടങ്ങിയതു്. ഒരു കീർത്തിയും പദവിയും സമ്പാദിച്ചുകഴിഞ്ഞാൽ, അതു് പോയ്പോകാതെ അവിടെത്തന്നെ നിലനില്ക്കും. മേലാൽ അവർക്കു് കൃഷ്ണൻനായരുടെ സഹായം വേണ്ടെന്നുകൂടി അവൾക്കു് ബോദ്ധ്യമായിരുന്നു. എന്നാൽ കൃഷ്ണൻനായരുടെ സഖിത്വവും സഹവാസവും വേണ്ടെന്നുവെയ്ക്കാൻ എത്രതന്നെ യത്നിച്ചാലും സാധിക്കാത്ത കാര്യമായിരുന്നു. തേജസ്സും ഓജസ്സും വിളങ്ങുന്ന അദ്ദേഹത്തിന്റെ തദീയത അവളെ ബലമായി ആകർഷിച്ചു. വശീകരണ വിദ്യകൊണ്ടെന്നപോലെ അയാളെ കാണുമ്പോൾ ഇവളുടെ ധൈര്യമൊക്കെ പറന്നു. മാർദ്ദവശീലനും, സമ്പൂർണ്ണപുരുഷനും, മര്യാദക്കാരിൽവെച്ചു് അഗ്രേസരനുമായ കൃഷ്ണൻനായരാകട്ടെ, ലളിതയോടു് അനുരാഗസൂചകമായ ഒരൊറ്റ വാക്കുപോലും ഇതുവരെ പറയുക ഉണ്ടായിട്ടില്ല. അയാൾ ലളിതയോടു് ദയ കാണിച്ചിരുന്നു—അതെ—വളരെ ദയകാണിച്ചിരുന്നു എന്നതു് വാസ്തവമാണു്. എന്നാൽ ദീനദയാലുവായ അദ്ദേഹം ദൈവസൃഷ്ടിയിൽ ഏവനോടാണു് വേണ്ടിവന്ന പക്ഷം ദയകാണിക്കാതിരുന്നതു്. അയാൾ അവളോടു് ഒരു പുരുഷന്റെ ഔദാര്യത്തോടും വിനയത്തോടും പെരുമാറിയിരുന്നു. ബസ്സിൽ കേറാൻ ഉഴലുന്ന ചണ്ടികളായ പെണ്ണുങ്ങളുടെ കാര്യത്തിലും അദ്ദേഹത്തിന്റെ നടവടി അതേ തോതിലായിരുന്നു. അയാൾ ഒരുകാലത്തു് അവളുടെ ആവശ്യങ്ങളൊക്കെ നോക്കി മനസ്സിലാക്കി അതൊക്കെ നിറവേറ്റിക്കൊടുത്തു് അവളെ രക്ഷിച്ചിരുന്നു. അതുപോലെതന്നെ അദ്ദേഹത്തിന്റെ മുറ്റത്തിൽനിന്നു് നിലവിളിച്ചു്, അടിപിടികൂടാറുള്ള ഇറക്കിളികളേയും അയാൾ മുത്താറിയും ചാമയും എറിഞ്ഞുകൊടുത്തു് രക്ഷിച്ചിരുന്നു. ലളിതയ്ക്കു് അദ്ദേഹത്തെ വിവാഹം കഴിപ്പാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. അവളുടെ ജീവിതകാലത്തു് സ്ഥിരപ്പെട്ടു് നിന്നുപോന്നിരുന്ന ഒരേ ഒരു ഉദ്ദേശവും മോഹവും അവൾക്കു് ഈ ഒന്നു് മാത്രമായിരുന്നു. ലളിത പല ആലോചനകളും കഴിച്ചിരുന്നു. പല മാർഗ്ഗങ്ങളും കണ്ടുപിടിച്ചിരുന്നു. അവൾക്കു് ചിന്താശ്വാസമോ ആശയോ ജനിപ്പിക്കാൻ മതിയായ യാതൊരു വികാരമോ ചേഷ്ടയോ അവളോടുള്ള പെരുമാറ്റത്തിൽ അദ്ദേഹത്തിൽ ഇതുവരെ പുറത്തു് ചാടിയിരുന്നില്ല. ബാക്കിയുള്ള സ്ത്രീകളോടുള്ള പെരുമാറ്റത്തിൽനിന്നു് വ്യത്യസ്തമായ ഒരു പെരുമാറ്റം അദ്ദേഹം ലളിതയോടു് അവലംബിച്ചിരുന്നില്ല എന്ന ബോധം അവൾക്കുതന്നെ ഉണ്ടു്. അവളോടുമാത്രം ഒരു പ്രത്യേകത എന്നു് പറവാൻകൊള്ളുന്ന യാതൊരു നടപടിയും ലളിത അദ്ദേഹം പുറത്തിറക്കിയതു് കണ്ടിരുന്നില്ല.

ലളിതയ്ക്കു് ഇതു് വലിയ ഇച്ഛാഭംഗമായിരുന്നു. ഈ ഇച്ഛാഭംഗം അവൾക്കു് അത്യുഗ്രകോപവും വാശിയും ഉണ്ടാക്കി. കൃഷ്ണൻനായർ ഇപ്പോഴും അവിവാഹിതനായിരിക്കകൊണ്ടു് അവളുടെ ആശ ഇനിയും കേവലം അസ്തമിച്ചു് പോയിട്ടില്ല. ശ്രമിക്കാതെ അടങ്ങിക്കൂടാൻ അവൾ ആലോചിച്ചിട്ടും ഇല്ല.

ലളിതയുടെ വെളുവെളുങ്ങനെ ഇരിക്കുന്ന നെറ്റിയുടെ നടുക്കു വിലങ്ങനെ ഒരു ചാലുപോലെ തോന്നുന്ന ചുളി അയ്യങ്കാരുടെ നാമംപോലെ ഉറച്ചുനിന്നിരുന്നു. വായുടെ ഓരങ്ങളിൽ രേഖകൾപോലെ പ്രത്യക്ഷപ്പെട്ട വലപ്പാടുകൾ ഒരു പ്രത്യേകതരം മരുന്നുതേച്ചു് മായച്ചുകളഞ്ഞിരുന്നുവെങ്കിലും, കലക്കുവെള്ളത്തിൽ കാണുന്ന പ്രതിബിംബംപോലെ അടുത്തുനില്ക്കുന്നവർക്കു് പ്രയാസപ്പെട്ടു് കാണാമായിരുന്നു.

കൃഷ്ണൻനായരെ വിചാരിച്ചിട്ടാണു് അവൾ ഇത്ര കൃത്യമായും ഭംഗിയായും വസ്ത്രധാരണം ചെയ്തിരുന്നതു്. നീലപ്പട്ടിന്മേൽ വൈരപ്പുള്ളികളുള്ള ഒന്നാന്തരം ബനാറിസ് സാരിയും, നീലവില്ലുസിന്റെ ബ്ലൗസും, പൊൻനിറത്തിലുള്ള സ്ലിപ്പറും, പൊന്നിന്റെ ബൽട്ടും കാശിമാലയും മറ്റുവളരെ വിലപിടിച്ച ആഭരണങ്ങളും അവർ ധരിച്ചിരുന്നതു് കൃഷ്ണൻനായരെ വശീകരിപ്പാൻവേണ്ടി മാത്രമായിരുന്നു. അവളുടെ നീളവും നിബിഡിതയും ഉള്ള കടുന്നീലമുടി, നടുപകുത്തിട്ടു് പിൻകഴുത്തിന്റെ മീതെ, ചക്രാകാരമായി ഓരങ്ങൾ പൊന്തിനില്ക്കുന്ന ഒരു പരന്നകെട്ടായി, തലയുടെ പിൻഭാഗത്തെ അലങ്കരിച്ചതുകൂടാതെ, മുടിക്കെട്ടിന്റെ മദ്ധ്യത്തെ പനിനീർപ്പൂക്കളും അലങ്കരിച്ചിരുന്നു. പിൻകഴുത്തോ പൂർണ്ണകുന്തളംപോലെ ഇരിക്കുന്ന, നേർത്തുമിനുസമായിട്ടുള്ള ചെറിയരോമങ്ങളാൽ ഭംഗിക്കു് പരിപൂർണ്ണത വരുത്തിയിരുന്നു. മുടികൊണ്ടു് ഭംഗിയുള്ള കാതുകൾ ഏതാനും മറഞ്ഞുപോയിരുന്നുവെങ്കിലും, ഓരോ കാതിലും ഇട്ടിരുന്ന കമ്മലിന്റെ മദ്ധ്യത്തിൽ പ്രകാശിക്കുന്ന വെള്ളവൈരക്കല്ലുകൾ കണ്ടാൽ സൂര്യപുത്രനായ കർണ്ണൻതന്നെ ഇവളെക്കണ്ടു് മോഹിച്ചിട്ടു് വിളിച്ചു് സമ്മാനിച്ചതോ എന്നുതോന്നും.

അവൾ പ്രദർശനമുറിയുടെ അടുത്തുണ്ടായിരുന്ന ഉടുപ്പുവെയ്ക്കുന്ന മുറിയിൽ ചെന്നു് പൊൻചട്ടയുള്ള ഒരു കണ്ണാടിയെടുത്തു് തന്റെ മുഖം ഒന്നുനോക്കി. എന്തുകൊണ്ടെന്നാൽ അവൾ ചിത്രകലയിൽ വാസനയുള്ളവരെ മാത്രമല്ല നാട്ടിൽ പ്രധാനികളെ മുഴുവനും ക്ഷണിച്ചിരുന്നു. ഇപ്പോഴത്തെ ഒരു വലിയ ഗാർഡൻപാർട്ടിപോലെ, എല്ലാമുറികളിലും എന്നുവേണ്ട, അവിടവിടെ ഇട്ടിരുന്ന പന്തലുകളിലും, മേശകളും കസേലകളും പുഷ്പംനിറഞ്ഞ പൂമ്പാത്രങ്ങളും ഭംഗിയിൽ നിരത്തിയിരുന്നു. എന്നുമാത്രമല്ല അതൊക്കെ നോക്കിനടപ്പാൻ അനവധി പരിചാരകന്മാരും ഉണ്ടായിരുന്നു.

അവൾ ഒരു തനിച്ച സുന്ദരിയായിരുന്നു. “പ്രിയേന സൗഭാഗ്യവതോനചാരുത” എന്നു് പറഞ്ഞകൂട്ടത്തിൽ കൃഷ്ണൻനായർക്കു് അങ്ങിനെ തോന്നിയില്ലെങ്കിൽ അവളുടെ ചാരുതകൊണ്ടു് ഫലമില്ലെന്നു് അവൾ അറിഞ്ഞു. അസാരം മഞ്ഞഛായ ഉണ്ടായിരുന്ന കണ്ണുകൾ, നീലരശ്മികളെ കൂടെക്കൂടെ കടാക്ഷംവഴിയായി വിതറുന്നുണ്ടോ എന്നുതോന്നും. കണ്ണുകൾ ഒരു ഉദാസീനനോട്ടത്തിനു് വളരെ ഭംഗിയുള്ളവയാണെന്നു് തോന്നിപ്പോകുമെങ്കിലും എന്തോ ഒരു കുറവു്, എന്തോ ഒന്നു് മറന്നുപോയപോലെ ഒരു ധ്വനി സ്പഷ്ടമാകുംവണ്ണം കാണിച്ചിരുന്നു. കണ്ണിൽ ആത്മാവിന്റെ പ്രതിബിംബമോ എന്നു് തോന്നിപ്പോകുന്ന ആ ദിവ്യചൈതന്യം കുറവായിരുന്നു. ഭംഗിയിൽ വളഞ്ഞുനില്ക്കുന്ന അവളുടെ വദനം ചുകന്നനിറത്തിൽ, വേണ്ടത്തക്ക വടിവിൽ ശോഭിച്ചിരുന്നു എങ്കിലും, സാരസ്യത്തിന്റെയോ മിനുസത്തിന്റെയോ യാതൊരു ചിഹ്നവും അതിൽ കാണാനില്ലായിരുന്നു. അവളുടെ മുഖത്തിന്റെ ബഹിർഭാഗം—എന്നുവെച്ചാൽ ത്വക്കു്—വെളുത്തു് മിനുസമുള്ളതായിരുന്നു എങ്കിലും, അതു് ഒരു ജീവില്ലാത്ത വെളുപ്പുവർണ്ണമായിരുന്നു. അതിനെ പുലർത്തേണ്ടുന്ന രക്തം ദാനംചെയ്തിരുന്ന അവളുടെ ഹൃദയം കൂടി ഉദാസീനത കാണിക്കുന്നുവോ എന്നുതോന്നും.

ലളിത ഒരു ത്രൈലോക്യസുന്ദരിയാണെന്നു് പ്രഥമവീക്ഷണത്തിൽ ഏതുപുരുഷനും നിസ്സംശയം സമ്മതിക്കുന്ന ഒരു പരമാർത്ഥമാണു്. എന്നാൽ അവളുടെ സൗന്ദര്യം ഒരു ഭംഗിയുള്ള പ്രതിമയുടെ സൗന്ദര്യംമാത്രമായിരുന്നു. ബ്രഹ്മാവു് അവളുടെ ശരീരത്തിൽനിന്നു്, ആത്മാവും അഗ്നിസ്ഫുരണങ്ങളും എടുത്തുകളഞ്ഞിട്ടു് വെറും പുറംപൊളിമാത്രം അവിടെ നിർത്തിയതാണെന്നു് തോന്നും, ലളിതയുടെ മറ്റൊരുഭംഗി അവൾക്കു് വേണ്ടുന്നത്ര നീളവും തടിയും മാത്രമെ ഉണ്ടായിരുന്നുള്ളു എന്ന അവസ്ഥയാണു്. അന്നയാനാ എന്നപേരിനു് അർഹയാകുന്നതും ലളിതയാണു്. എന്തുകൊണ്ടെന്നാൽ അവൾ മന്ദമായിട്ടെ നടക്കാറുള്ളു. നടക്കുമ്പോൾ അവളുടെ നിതംബങ്ങളുടെ അംശങ്ങളും, തങ്ങളുടെ വകയായി മറ്റൊരുനടത്തം നടത്തുന്നുവോ എന്നു് തോന്നുംപ്രകാരം കൗതുകകരവും രസപ്രദവുമായി താണും, പൊന്തിയും, ഉരുണ്ടുംഉള്ള ചില വടിവുകൾ പ്രകാശിപ്പിച്ചിരുന്നു. എന്നാൽ ഉള്ളിലുള്ള ചൈതന്യത്തിന്റെ എടുത്തുചാട്ടങ്ങൾകൊണ്ടു് തെളിയിക്കുന്ന ഉരു യുവതിയുടെ ജീവു് അല്ലെങ്കിൽ തീക്ഷ്ണത അവളിൽ അപ്രത്യക്ഷമായിരുന്നു.

അവൾക്കു് അനന്യസാധാരണമായ ചിത്രകലാവാസനയില്ലായിരുന്നു എങ്കിൽ, അവൾ ഭംഗിയുള്ള ഒരു ബൊമ്മയാണെന്നു് തോന്നിപ്പോകും. എന്നാൽ കൃഷ്ണൻനായരെപ്പോലെ, വേഗത്തിൽ നിലതെറ്റിപ്പോകാത്ത പുരുഷന്മാരൊന്നും ശവംപോലെയുള്ള ബൊമ്മയുടെ കോലത്തിൽ ലയിച്ചുപോകുന്നവരല്ല. ലളിത കണ്ണാടിയിൽ നോക്കിക്കൊണ്ടിരിക്കെ വാതിൽ മെല്ലെ തുറക്കുന്ന ശബ്ദംകേട്ടു. പ്രദർശനമുറിയിൽ കൂടെ ഉടുപ്പിക്കുന്ന മുറിയിലേയ്ക്കു് ആരോ വരുന്നുണ്ടെന്നു് സൂചിപ്പിക്കുന്ന കാൽപ്പെരുമാറ്റം കേൾക്കായിവന്നു. അടുത്ത നിമിഷത്തിൽ, നീണ്ടു് കറുത്തു്, സേനാനായകനെപ്പോലെ ഇരിക്കുന്ന ഒരു ഗംഭീരൻ അതിപരിചിതനെപ്പോലെ ലളിതയുടെ സ്വകാര്യമുറിയിൽ നിർദ്ദാക്ഷിണ്യം കടന്നുവന്നു. ഇദ്ദേഹം രാമാനുജൻ രാജാ എന്ന നാമത്തിൽ അറിയപ്പെട്ടിരുന്ന ഒരു പ്രസിദ്ധനായ മഹാത്മാവായിരുന്നു. ഇദ്ദേഹത്തിന്റെ പ്രത്യേകത കാഴ്ചമാത്രയിൽ സ്ത്രീകളെ വശീകരിപ്പാൻ, അല്ലെങ്കിൽ സ്ത്രീകൾ വശീകരിക്കപ്പെട്ടുപോയിട്ടു് ഇദ്ദേഹത്തിന്റെ ചൊല്പടിക്കു് വെറും കളിക്കുട്ടികളായി ഭവിപ്പാൻ തക്ക ഒരു വൈഭവമോ, വരസിദ്ധിയോ മാത്രമാണു്. കണ്ടാൽ മുഖത്തിൽ ധാരാളം ജന്മിത്വവും, തേജസ്സും വിളങ്ങുന്നുണ്ടാകും. ഇദ്ദേഹത്തിന്റെ കുലത്തിന്റെ പെരുമയും, മുഖത്തിന്റെ ഭംഗിയും, ധനത്തിന്റെ വലുപ്പവും വശീകരണശക്തിയും വിചാരിച്ചാൽ സ്ത്രീകൾ ഏതു് റാണികളായാലും വേണ്ടില്ല, കുശവന്റെ കയ്യിലുള്ള കളിമണ്ണുപോലെ ഏതു് കോലത്തിലും ആടുന്നവരായിത്തീരും. ക്ഷിപ്രലഭ്യങ്ങളായിരിക്കുന്ന സാധനങ്ങളാണെന്നുവെച്ചിട്ടു് അദ്ദേഹത്തിന്നു് സ്ത്രീകളോടു് യാതൊരു ബഹുമാനവും ഉണ്ടായിരുന്നില്ല. നേരെമറിച്ചു് വലിയ പുച്ഛമാണുതാനും. സ്ത്രീകളെ സൃഷ്ടിച്ചതു് തന്റെ പ്രത്യേക വിനോദത്തിന്നുവേണ്ടി മാത്രമെന്നാണു് ഇദ്ദേഹത്തിന്റെ വിശ്വാസവും, അനുഭവവും. എന്തുകൊണ്ടെന്നാൽ വിവാഹിതകളും അവിവാഹിതകളും ഇദ്ദേഹത്തിനു് വഴിപ്പെട്ടിട്ടാണു്. വിവാഹിതകളുടെ പാതിവ്രത്യഭംഗം വരുത്തുന്നതിലും, കന്യകകളുടെ ചാരിത്രഭംഗം വരുത്തുന്നതിലും യാതൊരു കമ്പവും പശ്ചാത്താപവും പിടിപ്പെടാത്ത ഒരു നിഷ്ഠൂരനാണു്. സ്ത്രീവിഷയത്തിൽ ഇദ്ദേഹം നിർദ്ദയനും നിഷ്കരുണനും ആണെങ്കിലും ആ വിവരം കേവലം മനസ്സിലാക്കാത്തതു് സ്ത്രീകൾതന്നെയാണു്. ബാക്കിയുള്ളവർ ഇപ്രകാരം ചെയ്യുന്നതു് തെറ്റാണെന്നു് സമ്മതിക്കുന്ന സ്ത്രീകൾകൂടി രാമാനുജൻ രാജാവു് അങ്ങിനെ ചെയ്യുന്നതു് തെറ്റല്ലെന്നു് പറയുന്നവരും വിശ്വസിക്കുന്നവരുമാണു്. വലിയ സദ്യകൾ കഴിച്ചിട്ടും, സല്ക്കാരങ്ങൾ കഴിച്ചിട്ടും, സ്ത്രീകൾക്കു് സമ്മാനം കൊടുത്തിട്ടും, ദരിദ്രന്മാർക്കു് വാരി എറിഞ്ഞുകൊടുത്തിട്ടും ഇദ്ദേഹത്തിന്റെ സ്വത്തുക്കളൊക്കെ കാണത്തിലും, പണയത്തിലുമായി കുബേരനായി കാലംകഴിച്ചിരുന്ന രാമാനുജൻരാജാവു് ഇപ്പോൾ കുചേലനായിട്ടാണു് നാളുകൾ കഴിക്കുന്നതു്. വസ്ത്രാഡംബരവും ധനബാഹുല്യവും വളരെ താണുപോയിട്ടുണ്ടെങ്കിലും ജന്മസിദ്ധമായ സ്വഭാവത്തിന്നും സൗഹാർദ്ദത്തിനും, സർവ്വം ജയമെന്ന സിദ്ധിക്കും യാതൊരു മാന്ദ്യവും നേരിട്ടിട്ടുണ്ടായിരുന്നില്ല. ലളിത, ഈ മഹാമനുഷ്യൻ അവിടേയും കേറിച്ചെല്ലുമെന്നു് വിചാരിച്ചിരുന്നില്ല.

“രാജാവൊ” എന്നു് പറഞ്ഞപ്പോൾ അവളുടെ കയ്യിൽനിന്നു് കണ്ണാടി താഴത്തുവീണുപോയെങ്കിലും, അയാൾ ചെപ്പടിവിദ്യക്കാരനെപ്പോലെ ഒരു ക്ഷണംകൊണ്ടു്, കണ്ണാടി തന്റെ കയ്യിലാക്കി മേശപ്പുറത്തുവെച്ചു് ഒന്നു് മന്ദഹസിച്ചു.

രാജാ:
സന്തോഷമുള്ള വരവല്ല അല്ലേ?
ലളിത:
തീർച്ചയായിട്ടും (ലോഗ്യഭാവം കാട്ടാതെ കടുപ്പത്തിൽ) ഇന്നലെയല്ലെ ഞാൻ നിങ്ങളുമായുണ്ടായിരുന്ന ബന്ധം വേണ്ടെന്നുവെച്ചു് കേവലം മുറിച്ചുകളഞ്ഞതു്.
രാജാ:
ഒരു കരാറു് റദ്ദാക്കണമെങ്കിൽ രണ്ടുകൂട്ടർ യോജിക്കണ്ടയോ? എനിക്കു് നിന്നോടുള്ള ബന്ധം വിടുർത്താൻ ആഗ്രഹമില്ല—ഏതായാലും ഇപ്പോൾ ഇഷ്ടമില്ല.

ഇങ്ങിനെ പറഞ്ഞു് ഗണ്യമില്ലാതെ ഒരു കസേലവലിച്ചു് അരികത്താക്കി അതിന്മേൽ ഇരുന്നു. കീശയിൽനിന്നു് സിഗരറ്റും തീപ്പെട്ടിയും എടുത്തു് വളരെ തൃപ്തിപ്പെട്ട ഭാവത്തിൽ തീകൊളുത്താൻ തുടങ്ങി.

രാജാ:
ലളിതെ! ഇതാ നിണക്കും ഒന്നിരിക്കട്ടെ. നിന്റെ നാഡിപ്പിഴയ്ക്കും ഇതൊരു സിദ്ധൗഷധമാണു്.

ലളിതയ്ക്കു് സംഭ്രാന്തി പുറപ്പെട്ടു. അവളുടെ ഗണ്ഡങ്ങളിൽ രക്തം സ്ഥാനം പിടിച്ചു. അവൾക്കു് ഉപയോഗമില്ലാത്ത കോപവും പുറപ്പെട്ടു.

ലളിത:
(അപേക്ഷാഭാവത്തോടെ) ദയവുചെയ്തു്, ഞാൻ ഇരിക്കുന്ന മുറിയിൽനിന്നു് പുറത്തുപോകണം. ഇരിക്കണം എന്നു് നിർബ്ബന്ധമുണ്ടെങ്കിൽ എന്റെ പ്രദർശനശാലയിൽ ചെന്നിരിക്കൂ. ഇന്നെനിക്കു് വളരെ അതിഥികൾ വന്നുചേരുന്ന ദിവസമാണു്. നിങ്ങളെ ഇവിടെ വല്ലവരും കണ്ടാൽ എന്റെ നല്ലപേരിനു് കേടുതട്ടും. ഞാൻ കുറവിലാകും.
രാജാ:
നിന്റെ നല്ലപേരോ? എനിക്കു് കേൾക്കേണ്ട. നിന്റെ നല്ലപേർ എന്റെ ഉള്ളങ്കയ്യിലാണു് കിടക്കുന്നതു്. അതു് ഇപ്പഴത്തെ നിലയിൽ നിർത്താനൊ, വിടക്കാക്കാനൊ എനിക്കു് ഇഷ്ടംപോലെ സാധിക്കും.
ലളിത:
രാജാവേ! ഇതുകൊണ്ടൊന്നും ഞാൻ ഭയപ്പെടുകയില്ല.

അവളുടെ പൊക്കിപ്പിടിച്ച മുഖവും, തീപ്പൊരി പാറുന്ന കണ്ണുകളും തനിക്കു് വളരെ പിടിച്ചു എന്ന ഭാവത്തിൽ നിശ്ചലനായ രാജാവു് നോക്കി രസിച്ചു. ഏതു് അധമനായാലും ഒരു പുരുഷൻ ഒരു പെണ്ണിന്റെ ശൗര്യം അഭിനന്ദിക്കാതിരിക്കില്ല.

രാജാ:
ഭഗവാനാണെ—നീ ഭയപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നില്ല. നമ്മൾ ആൽവായിൽ പോയി കുറെക്കാലം സുഖിക്കണം എന്നല്ലെ തീർച്ചപ്പെടുത്തിയതു്. പിന്നെ തൃശ്ശൂരിൽ പോകാൻ നിശ്ചയിച്ചതും ഇത്രവേഗം മറന്നോ?
ലളിത:
ഞാനൊന്നു് പറയാം. ഇപ്പോൾ ഇതിനൊന്നും എനിക്കു് വയ്യ. നിങ്ങൾ സ്ത്രീജിതനാണെന്നു് പരക്കെ ജനങ്ങൾ വിശ്വസിക്കുന്നുണ്ടു്. എന്നാൽ യഥാർത്ഥത്തിൽ സ്ത്രീകളാണു് നിങ്ങളാൽ പരാജിതരാകുന്നതു് എന്ന വിവരവും എനിക്കുണ്ടു്. ഞാൻ ഇപ്പോൾ ജർമ്മൻസേനയെപ്പോലെ അനുജയനിലയിൽ ഇരിക്കുന്നു.
രാജാ:
നീയും തലതാഴ്ത്തും. കൃഷ്ണൻനായരോടു് ഞാൻ ഇപ്പോൾ ഉള്ളതു് പറഞ്ഞാൽ.
ലളിത:
അങ്ങിനെ പറവാൻ നിങ്ങൾക്കു് നാവുവരുമെന്നു് തോന്നുന്നില്ല.
രാജാ:
അത്രത്തോളം ഉറപ്പാക്കേണ്ട. എല്ലാം നിന്നിലാണു് കിടക്കുന്നതു്.
ലളിത:
എങ്ങിനെ! ഞാൻ എന്തുചെയ്യുമെന്നാണു് നിങ്ങൾ ഉദ്ദേശിക്കുന്നതു്.
രാജാ:
ചെയ്വാനൊ! ഒന്നുമില്ല. നമ്മുടെ ചങ്ങാതിത്തം മുറിഞ്ഞുപോകേണമെന്നു് തല്ക്കാലം ഞാൻ വിചാരിക്കുന്നില്ല.
ലളിത:
എന്തിനാണു് ഈ മറിമായകൾ. നിങ്ങൾക്കു് എന്നെ പുല്ലുവിലയാണെന്നു് ഞാൻ അറിയും. ഒരുകാലത്തു് നിങ്ങൾക്കു് എന്നെ വലിയ കാര്യമായിരുന്നു. എന്നു് നിങ്ങൾതന്നെയാണു് പറഞ്ഞതു്. അതു് പരമാർത്ഥമല്ലെന്നു് പിന്നെ എനിക്കു് ക്ഷണം ബോദ്ധ്യമാവുകയും ചെയ്തു.
രാജാ:
എനിക്കു് പ്രമാദമായി നിന്നോടു് പ്രേമമില്ലെങ്കിലും, നീയുമായി സഹവസിച്ചിരുന്നു് വിനോദിക്കത്തക്ക പ്രേമം എന്റെ ഉള്ളിൽനിന്നു് ഇപ്പോഴും ക്ഷയിച്ചുപോയിട്ടില്ല. നീയും ഞാനും പണ്ടു് എപ്രകാരമാണെന്നു് മറ്റുള്ളവർ കാണണം.
ലളിത:
ഞാൻ എന്റെ ഉത്സാഹംകൊണ്ടും വാസനകൊണ്ടും സമ്പാദിച്ചുവെച്ച ഉന്നതപദവി വിചാരിച്ചിട്ടാണൊ, നിങ്ങൾ ഇങ്ങനെ പറയുന്നതു്.
രാജാ:
കൃഷ്ണൻനായർ നിണക്കു് സമ്പാദിച്ചുതന്ന പദവി എന്നു് പറയൂ. അല്ലെങ്കിൽ നീ പറയുംപോലെ ആയിരിക്കും. ഏതായാലും നീ എന്നെ, പൊട്ടിപ്പോയ പിഞ്ഞാണംപോലെ, വലിച്ചെറിഞ്ഞുകഴിഞ്ഞു എന്നു് ജനങ്ങളെക്കൊണ്ടു് പറയിക്കാൻ ഞാൻ ആളാകുകയില്ല. അതു് ഉറപ്പാണു്.
ലളിത:
ഇവിടുന്നു് എന്റെ പ്രദർശനശാലയിലേയ്ക്കു് നടക്കുവിൻ. ഇവിടത്തെപ്പോലെതന്നെ അവിടുന്നും നമുക്കു് സംസാരിക്കാം. ഇവിടെ ആരെങ്കിലും സ്ത്രീകൾ വന്നു് നമ്മെ രണ്ടാളെയും സ്വകാര്യം കണ്ടാൽ നമുക്കു് കുറവില്ലെ?
രാജാ:
കുറവുണ്ടാകുവാൻ നീ ഒരു കന്യകയായിട്ടുവേണ്ടെ? ഇതു് നിന്റെ ഉറക്കമുറിയല്ലല്ലൊ.

ഇങ്ങിനെ പറഞ്ഞു് അദ്ദേഹം ഭംഗിയിൽ അലങ്കരിച്ചുവെച്ച ആ മുറി ചുറ്റും പ്രത്യേകമായി നോക്കി.

ലളിത:
ഞാൻ കിടക്കുന്ന മുറി ഇതല്ല. ഇതിന്നു് തൊട്ടതാണു്.
രാജാ:
അതെനിക്കറിഞ്ഞുകൂടെ. അതിൽനിന്നു് എത്ര പ്രാവശ്യം നിന്റെ വെളുത്ത കരപല്ലവങ്ങളുടെ ചുറയിൽ ഞാൻ പരമാനന്ദമായി കഴിച്ചിട്ടുണ്ടു്.
ലളിത:
കഷ്ടം. നിങ്ങൾ ഒരു മൃഗമായിരിക്കുന്നു. സാക്ഷാൽ മൃഗം. ഏതായാലും നിങ്ങളുടെ ഒപ്പം എന്നെ ഇവിടെ കാണുമാറായിട്ടു് ഞാൻ ദുഷ്പേർ സമ്പാദിക്കുന്നില്ല.

അവൾ എഴുന്നേറ്റു് ക്ഷണം മുറിയുംവിട്ടു് പുറത്തുപോയി. തനിച്ചായപ്പോൾ രാജാവിന്നു് അവളെ പിന്തുടരാതെ ഇരിപ്പാൻ നിവർത്തിയില്ലാതായി.

ഒരു ഉദാസീനനോട്ടക്കാരനു്, രാമാനുജരാജാവു് ഉത്സാഹക്കുറവുനിമിത്തം ലോകത്തിന്നു് ദോഷം ചെയ്വാൻ അശക്തനാണെന്നു് തോന്നിയേക്കാൻമതി. ശക്തിയുള്ള ദേഹവും, സുന്ദരമുഖവും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മുഖത്തിൽ കാലെതന്നെ ആരംഭിച്ച ദുർന്നടവടികളുടെ ഫലമായി അല്പം ക്ഷീണം ബാധിച്ചിരുന്നു. തീക്കട്ട ഉണ്ടെന്നു് തോന്നിപ്പോകുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ പകുതിമാത്രമെ സ്വാഭാവികമായി തുറന്നുകാണാറുള്ളു. എങ്കിലും അദ്ദേഹത്തിന്റെ നോട്ടത്തിൽനിന്നു് യാതൊന്നും വിട്ടൊഴിച്ചുപോകാറില്ല. എത്രയൊ സ്ത്രീകൾ അവരുടെ നാശത്തിന്നുവേണ്ടി അദ്ദേഹത്തിന്റെ നോട്ടത്തിൽപ്പെട്ടു് ആകൃഷ്ടകളായി, അദ്ദേഹത്തിന്നു് വശംവദരായി ഭവിച്ചിട്ടുണ്ടു്.

പരിചയക്കാരൊക്കെ അദ്ദേഹത്തെ ഒരു നല്ല മനുഷ്യനായി എണ്ണിപ്പോന്നു. മദ്യപാനത്തിലും, ശീട്ടുകൈയിലും, ചതുരംഗത്തിലും, കുതിരപ്പന്തയത്തിലും അദ്ദേഹത്തിന്റെ വിദഗ്ദ്ധത സ്തുതിക്കാത്ത ആണുങ്ങളില്ല. എന്നാൽ അവരാരും താന്താങ്ങളുടെ ഭാര്യമാരെയൊ, പെൺകുട്ടികളേയോ, സഹോദരികളെയോ കണ്ടുപോകുമെന്നു് വിചാരിച്ചിട്ടു് സ്വന്തം വീടുകളിൽ അദ്ദേഹത്തെ ക്ഷണിച്ചുവരുത്താൻ ധൈര്യപ്പെട്ടില്ല. ലളിത ബോർഡിന്മേൽ വരച്ചുവെച്ച ചില കാനനഭാഗം കുറിക്കുന്ന രണ്ടുചിത്രങ്ങളുടെ മദ്ധ്യത്തിൽ അദ്ദേഹം ഇരുന്നു.

രാജാ:
നിന്റെ രഹസ്യക്കാരനായിട്ടു് നീ എന്നെ എന്തിനു് സ്വീകരിച്ചു? നിണക്കു് എന്നെ ഒരു പുല്ലോളം സ്നേഹമുണ്ടായിരുന്നു എന്നുഞാൻ വിചാരിക്കുന്നില്ല.

ലളിത അപ്പോൾ ഒരു തുർക്കിസിഗരറ്റ് വലിക്കുകയായിരുന്നു.

ലളിത:
(കടിച്ചുകയറുമ്പോലെ) നിങ്ങളുടെ കഥയില്ലാത്ത ചോദ്യങ്ങൾക്കൊക്കെ ഞാൻ സമാധാനം പറയണമെന്നു് വല്ല നിർബ്ബന്ധവുമുണ്ടോ?
രാജാ:
നോക്കു്—ഞാൻ ഒരു മനഃശ്ശാസ്ത്രവാദിയാണെന്നു് നീ അറിയണം. പ്രത്യേകിച്ചു് സ്ത്രീകളുടെ മനസ്സു്. അതുകൊണ്ടു് നിന്റെ ഉദ്ദേശങ്ങളും, കാരണങ്ങളും ഞാൻ വിചാരിച്ചപോലെതന്നെയോ എന്നു് ഒത്തുനോക്കുവാൻവേണ്ടി നീ സത്യമായി പറഞ്ഞുതരണം.
ലളിത:
ഞാൻ ആരും സഹായമില്ലാതെ ഒറ്റയ്ക്കുതന്നെ നാൾകഴിക്കേണ്ടിവന്നതുകൊണ്ടാണു്. എനിക്കു് വല്ലതും പറവാനാകട്ടെ, രക്ഷപ്രാപിക്കാനാകട്ടെ ആരും ഇല്ലാത്തതുകൊണ്ടുമാണു്. അല്ലായിരുന്നു എങ്കിൽ നിങ്ങളുടെ മുഖത്തുതന്നെ ഞാൻ നോക്കുകയില്ലായിരുന്നു.
രാജാ:
നല്ലതു്. നിന്റെ തുറന്ന മനസ്സാണു് എനിക്കു് ബോധിക്കുന്നതു്. ഒരു രഹസ്യക്കാരൻ വേണമെന്നുള്ള ആവശ്യവുംകൂടി ഉണ്ടായിരുന്നു ഇല്ലേ? സ്വാതന്ത്ര്യമുള്ള യുവതികൾക്കൊക്കെ ഒരു രഹസ്യക്കാരനുംകൂടി വേണം. അല്ലെന്നുണ്ടോ?
ലളിത:
എല്ലായുവതികളുടേയും കാര്യവും എനിക്കു് പറവാൻ സാധിക്കയില്ല.
രാജാ:
നിന്റെ കാര്യം നിണക്കു് പറഞ്ഞുകൂടയോ? നീ വിവാഹം കഴിയാത്ത ഒരു പെണ്ണല്ലേ. നിണക്കു് ഇരുപതുവയസ്സു് കഴിഞ്ഞിട്ടല്ലെ ഉള്ളു. പുരുഷന്മാർക്കു് സ്ത്രീകളെക്കൂടാതെ കഴിയുകയില്ലെങ്കിൽ നിണക്കു് ഒരു പുരുഷനും അത്യാവശ്യമല്ലെ?
ലളിത:
അതെ. നിങ്ങൾ പറയുന്നതു് പച്ചപ്പരമാർത്ഥമാണു്. എന്നാൽ കാമംകൊണ്ടു് എത്രതന്നെ ഉഴന്നാലും, ഞങ്ങൾക്കു് അതു് സമ്മതിക്കുവാൻ പാടില്ലെന്നാണു് ലോകം കണക്കാക്കിവെച്ചതു്. ഞങ്ങളോമറ്റോ ഞങ്ങളുടെ സ്ത്രീത്വവും, അതു് പൂരിപ്പിക്കുവാൻ വേണ്ടിവരുന്ന അത്യാവശ്യങ്ങളും വെളിപ്പെടുത്താൻ ശ്രമിച്ചു എന്നു് വരട്ടെ; എന്നാൽ ലോകത്തിന്റെ കണ്ണിൽ ഞങ്ങൾ ഒന്നിനും കൊള്ളാത്തവരായി, നിശ്ശങ്കം ഉപേക്ഷിക്കപ്പെടേണ്ടവരായി.

ജീവിതകാലത്തു് ഒരു സ്ത്രീയേയും അവതാളത്തിൽ ചാടിക്കാതെ ഇരിക്കാതിരുന്ന രാജാവിന്റെ ഉത്തരം “സ്ത്രീയായി ജനിക്കുന്നതു് സങ്കടംതന്നെ” എന്നായിരുന്നു.

ലളിത:
സങ്കടം എന്നു് മാത്രംപറഞ്ഞാൽ മതിയൊ. നരകംതന്നെ ആണു്.

അവളുടെ കണ്ണു് അസ്പഷ്ടമായി അയാളുടെ ഉള്ളിൽ തോന്നിച്ചുകൊണ്ടിരിക്കുന്നതു് എന്തായിരുന്നു എന്നു് ആ നിമിഷത്തിൽ രാജാവിന്നു് ബോധമുണ്ടായി. പണ്ടു് പട്ടാളത്തിൽ ഉണ്ടായിരുന്ന കാലത്തു് അദ്ദേഹം നരിനായാട്ടിനു് വളരെ പ്രാവശ്യം പോയിരുന്നു. അന്നു് കണ്ടനെ (ആൺപുലിയെ) കൊന്നപ്പോൾ പെൺപുലിയിൽ പ്രത്യക്ഷമായ മദനദാഹ ശമനമാർഗ്ഗം നഷ്ടമായപോലെയുള്ള ഒരു ആർത്തിയായ നോട്ടമാണു് അവളുടെ നോട്ടത്തിലും വെളിവായ്വന്നതു്.

സ്ത്രീകളുടെ മനോവികാരങ്ങളുടെ ഭേദഗതി മനസ്സിലാക്കാനൊന്നും ഈ ദീനദയാലുത്വമോ, ധർമ്മബുദ്ധിയോ ഇല്ലാത്ത ദുഷ്ടന്നു് അവസരമില്ലാതെ പോയി. എന്തുകൊണ്ടെന്നാൽ ലളിതയുടെ അതിഥികൾ ഓരോന്നായി വന്നുതുടങ്ങി. ലളിത അവരോടു് ലോഹ്യം പറവാൻ അങ്ങോട്ടുചെന്നു. പെട്ടെന്നു് അവൾ ഔദാര്യത്തിന്റേയും വിനയത്തിന്റേയും ഒരു മൂർത്തിത്വമായി മാറി. “ഇഷ്ടത്തികളെ! നിങ്ങളൊക്കെ വന്നതു് എനിക്കു് എത്ര സന്തോഷമായി” എന്നു് പറഞ്ഞുകൊണ്ടു് മുമ്പിൽകണ്ട ഇരട്ടപെറ്റപോലെ ഇരിക്കുന്ന രണ്ടു് സഹോദരികളെ കൈ പിടിക്കുകയും, ചുംബിക്കുകയും ചെയ്തു. ഈ കർമ്മം കുറെ കടന്ന നിലയിലായിപ്പോയി എന്നു് ബാക്കിയുള്ളവർക്കു് തോന്നി.

സഹോദരികളിൽ ഒരുത്തി ഇവൾക്കു് ചിത്രമെഴുതാൻ വേണ്ടി ഒരു മാതൃകാസ്വരൂപമായി ഇരുന്നു് കൊടുത്തിട്ടുണ്ടു്. ആ ബഹുമാനത്തിന്നു് മറ്റവളുംകൂടി അർഹയായിരുന്നു. ഒരുവളുടെ പേർ സതി എന്നും മറ്റവളുടെ പേർ രതി എന്നുമാണു്. അവർ തൃശ്ശൂരിലെ ഒരു പ്രസിദ്ധ കരാറുകാരന്റെ മകളായിരുന്നു. വളരെ സുന്ദരികളാണെന്നു് പറഞ്ഞുകൂടെങ്കിലും തൃശൂർപെണ്ണുങ്ങളുടെ ഗുണങ്ങൾ പരിപൂർണ്ണമായുള്ളവരായിരുന്നു. ദേഹപുഷ്ടികൊണ്ടും, മുഖത്തെളിവുകൊണ്ടും, പീഡയില്ലായ്മകൊണ്ടും ആരെയും ആകർഷിക്കത്തക്ക ലാവണ്യമുള്ളവരായിരുന്നു. ജീവിതാവസ്ഥ ഒരു ആനന്ദകരമായ വരമാണെന്നും, അവരുടെ യൗവനവും സന്തോഷം തുളുമ്പിക്കൊണ്ടിരുന്ന നടവടികളും പ്രത്യക്ഷമാക്കി. രാമാനുജൻരാജാവിനെക്കണ്ടു് പരിചയം ധാരാളമുണ്ടായിരുന്നു എങ്കിലും അദ്ദേഹം തന്റെ ലോഹ്യംകൊണ്ടും ഫലിതസംസാരംകൊണ്ടും, സഹോദരിമാരെ ക്ഷണംകൊണ്ടു് പാട്ടിലാക്കി. സഹോദരിമാർ പിന്നെ അയാളോടു് സ്ഥിരപരിചിതനും ബന്ധുവുമാണെന്ന ധാരണയോടെ പെരുമാറി.

സതി:
അങ്ങുന്നേ! ചിത്രപരിശോധനശാലയിൽ അഭിപ്രായത്തിന്നു് ഞങ്ങളുടെ രൂപവും അയച്ചിരുന്നു. നിങ്ങൾ അതു് കണ്ടിരിക്കാൻ ഇടയുണ്ടു്. ഞങ്ങൾ രണ്ടു് സഹോദരിമാരിൽ ആരുടെ ചിത്രമാണു് അവിടെ കണ്ടതു് എന്നു് നിങ്ങൾക്കു് തീർച്ച പറവാൻ സാധിക്കുമോ?

സമർത്ഥനായ രാജാവു് രതിയുടെ മുഖത്തു് മൃദുവായ ഒരു മന്ദാക്ഷഭാവം സ്ഫുരിച്ചതു് കണ്ടു് മനസ്സിലാക്കി. സതിയിൽ ആ ലക്ഷണം കണ്ടില്ല. അതുകൊണ്ടു് അവൾ ഒരു കുട്ടിക്കാരത്തിയും, രതി ഒരു ശുദ്ധയുമാണെന്നു് മനസ്സിലാക്കി. വേഗത്തിൽ വശത്താകുന്നവൾ, അഥവാ ക്ഷണത്തിൽ സ്വാധീനമാകുന്നവൾ, രതിയാണെന്നറിഞ്ഞു് “അതു് നിശ്ചയമായിട്ടും നിന്റെ സഹോദരിയുടേതാണു്” എന്നു് സവ്യക്തം പറഞ്ഞു. ഇച്ഛാഭംഗം നേരിട്ട സതിയെ ഇളമന്ദഹാസത്തോടെ നോക്കി. രതി ഉള്ളാലെ സന്തോഷിച്ചു. എങ്കിലും കാലതാമസംകൂടാതെ പറഞ്ഞതു് ഇങ്ങിനെയായിരുന്നു.

രതി:
അല്ല. അതു് സതിയുടെ ചിത്രമാണു്. (ലളിതയോടു്) നിങ്ങൾ ഇയ്യിടെ ചീനപാത്രങ്ങൾ സ്വരൂപിച്ചു് വെച്ചിട്ടുണ്ടെന്നു് കേട്ടു. ഞങ്ങൾക്കു് അതൊന്നു് കണ്ടാൽ കൊള്ളാം എന്നുണ്ടു്.

ലളിത ഉടനെ അനുകൂലിച്ചു. അവൾ സ്വരൂപിച്ചു് വെച്ച അനേകം അസാധാരണ വസ്തുക്കൾ കാണിച്ചു് കൊടുപ്പാൻ വേണ്ടി, രതിയേയും സതിയേയുംകൂട്ടി അവൾ അവിടുന്നുപോയി. രാജാവു് തനിച്ചായി. അയാൾ തന്റെ കാര്യസാദ്ധ്യത്തിനുവേണ്ടി ഓരോ ഉപായങ്ങൾ കണ്ടുപിടിക്കുകയായിരുന്നു. മുറിയിൽ ആളുകൾ വന്നു് നിറഞ്ഞു. എന്നിട്ടുകൂടി അയാൾ, ആലോചനകളിലും, തന്ത്രങ്ങളിലും നിമഗ്നനായി, ചുറ്റുമുള്ള സംഭവങ്ങളിൽ വിരക്തനായി ഒരു പ്രതിമയെപ്പോലെ അവിടെത്തന്നെ ഇരുന്നു.

രാജവംശജനായിരുന്നു എങ്കിലും ഇപ്പോൾ അയാൾ കടത്തിൽ മുഴുകിയിരുന്നു. അയാളുടെ ധാരാളതകൊണ്ടു് കടം വർദ്ധിച്ചുവരികയല്ലാതെ ഒരിക്കലും ചുരുങ്ങിപ്പോകയില്ല. ശീട്ടുകളിയിലും, കുതിരപ്പന്തയത്തിലും കൂടക്കൂടെ തനിക്കു് സിദ്ധിച്ച ജയംകൊണ്ടാണു് അദ്ദേഹം കഷ്ടിപിഷ്ടിയായി ജീവിച്ചുവരുന്നതു്. തന്റെ കൈവശത്തിൽനിന്നു് തല്ക്കാലം വിട്ടുപോയ ഭൂസ്വത്തു്, തിരികെ എടുക്കുവാനുള്ള ഒരേ ഒരു മാർഗ്ഗം സ്വന്തംപേരിൽ വളരെസ്വത്തുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുക മാത്രമാണു്. ഇങ്ങിനെ ഗൗരവമായി ഇദ്ദേഹം വിചാരിച്ചുതുടങ്ങിയിട്ടു് കാലം കുറെആയി.

ഇപ്പോൾ അതിനു് ഒരു ശരിയായ അവസരവും വന്നുകൂടി. രതിസതികളുടെ അച്ഛനായ കാർത്തികേയൻനായർക്കു് സീമയില്ലാത്ത പണമുണ്ടെന്ന വിവരം അയാൾക്കുണ്ടു്. എത്രകോടിയാണെന്നു് അറിഞ്ഞവർ ആരും ഇല്ല. അദ്ദേഹത്തിന്റെ മക്കളാണെങ്കിൽ കണ്ടാൽ തരക്കേടും ഇല്ല. ആർക്കും കുറ്റംപറവാൻ പാടില്ലാത്ത സൗഭാഗ്യവതികളാണു്. രതി ക്ഷണംകൊണ്ടു് വശത്താകും എന്നും അയാൾ കണ്ടു. സതിയുടെ ആ ചെറിയ താടിയുടെ വടിവുകണ്ടാൽത്തന്നെ അവൾ ഒരു സ്ഥിരപ്രതിജ്ഞയുള്ളവളും സ്വാതന്ത്ര്യപരയും ആണെന്നുകണ്ടു് അവളെ മനസ്സിൽനിന്നു് ക്ഷണം തള്ളി. എന്നാൽ രതിയൊ, താൻ വിചാരിച്ചപോലെ വളച്ചുകൊണ്ടുവരാൻ പ്രയാസമില്ലാത്ത ഒരു അനഘവും, അനർഘവുമാണെന്നുകണ്ടു് അവളോടുതന്നെ ഒന്നു് പയറ്റിനോക്കാൻ നിശ്ചയിച്ചു.

അയാൾ കൂടക്കൂടെ അദ്ദേഹത്തിന്റെ തടിച്ചചുണ്ടുകൾ നാവുകൊണ്ടു് നനച്ചു് ബാക്കിയുള്ളവരാൽ അറിഞ്ഞുകൊണ്ടു് ഉപേക്ഷിതരായ ചില നിലയും വിലയും ഇല്ലാത്ത സ്ത്രീകളുടെ ഇടയിൽ ചെന്നുകൂടി. അവർക്കൊക്കെ ചായ കൊണ്ടുകൊടുപ്പിച്ചു് അവരുടെ പ്രീതിയും ക്ഷണം സമ്പാദിച്ചു. എന്നിട്ടു് ഫലിതപ്രധാനമായ ചില ചെറുകഥകളെക്കൊണ്ടു് അവരെ രസിപ്പിക്കുകകൂടി ചെയ്തു.

അങ്ങിനെ ഇരിക്കെ കൃഷ്ണൻനായരും, ദുർഗ്ഗമ്മയും വന്നു. ഉടനെതന്നെ രാമാനുജൻരാജാ ആ സ്ത്രീകളേയും വെടിഞ്ഞു് ദുർഗ്ഗമ്മയുടെ ശുശ്രൂഷയ്ക്കായി അങ്ങട്ടുചെന്നു. ആ അമ്മയ്ക്കു് രാജാവിനെ വലിയ പിടിത്തമായിരുന്നു. മറ്റുള്ള സ്ത്രീകളെപ്പോലെതന്നെ പുരുഷന്മാരുടെ യഥാർത്ഥസ്ഥിതികണ്ടു് മനസ്സിലാക്കാൻ ആ സ്ത്രീക്കും സാധിച്ചിരുന്നില്ല. ജീവിതകാലത്തെ അവർ, ഇനിയും സൂക്ഷ്മദൃഷ്ട്യാ അവലോകനം ചെയ്തുകഴിഞ്ഞിട്ടില്ല. ഒരുവന്റെ സാക്ഷാൽ ഹൃദയം മനസ്സിലാക്കാൻ അവർക്കു് സാധിച്ചിരുന്നില്ല. അവർ മനുഷ്യരേയും മറ്റു് സാധനങ്ങളേയും പുറമെ ഒരു നോക്കിന്നു് തോന്നുന്നരീതിയിലായിരുന്നു മനസ്സിലാക്കിയിരുന്നതു്. രാജാവിനെ കണ്ടപ്പോൾ ആ സ്ത്രീക്കു് ആശ്വാസവും തൃപ്തിയും ഉണ്ടായി.

ദുർഗ്ഗമ്മ:
ഓ. അങ്ങുന്നോ? എനി ഞാൻ കിടന്നുമുഷിയണ്ട. എനിക്കു് വിനോദിക്കാൻ വഴി ഉണ്ടായ്വന്നു. നിങ്ങൾ അറിയില്ല, എന്റെ പ്രിയകുട്ടൻ എത്രകൊള്ളരുതാത്തവനായിപ്പോയി എന്നു്. അവന്റെ സമുദായപരിശ്രമങ്ങൾ, അവനെ വളരെ അരസികനാക്കുന്നുണ്ടു്.

സ്വന്തം പുത്രനെപ്പറ്റി ഒരു വാത്സല്യമുള്ള മാതാവിനു് എന്തു് മാലാകാരങ്ങളും പറയാം. ആ കാര്യത്തിൽ അവരെ താങ്ങിപ്പറയുന്നതു് നല്ല നയമല്ലെന്നു് രാജാവിന്നു് ക്ഷണം ബോദ്ധ്യമായി.

രാജാവു്:
ഓ! കൃഷ്ണൻനായർക്കു് ഒരു തരക്കേടും ഇല്ല. അയാൾ ഒന്നാന്തരം ആളാണു്. അയാളുടെ ചില അഭിപ്രായങ്ങൾ ഒരുസമയം അനാദരിക്കത്തക്കതാവാൻമതി. എന്നാലും അതു് ഒരു ഘട്ടമാണു്. കാലക്രമേണ അതിൽനിന്നൊക്കെ മോചനം സിദ്ധിക്കുവാൻ ധാരാളം വഴിഉണ്ടു്.

രതിയും, സതിയും അടുക്കെത്തന്നെ ഇരിക്കുന്നതു് അറിയാതെ, മന്ദസ്വരത്തിലാണെങ്കിലും അവർക്കു് സ്പഷ്ടമായി കേൾക്കാൻതക്കവണ്ണം ആ സ്ത്രീ “അവന്റെ ഇയ്യിടെ ഉണ്ടായ ഭ്രാന്തു് നിങ്ങൾ വല്ലതും അറിയുമോ” എന്നു് ചോദിച്ചു.

രാജാവു് ആ സ്ത്രീയെ ആരും അടുത്തില്ലാത്ത ഒരേടത്തു് കൂട്ടിക്കൊണ്ടുപോയി, ഒരു കിടക്ക അടിച്ച കസേലമേൽ അവരെ ഇരുത്തി.

രാജാവു്:
(കൗശലത്തോടെ) എങ്ങാൻകിടക്കുന്ന ഒരു അഗതിയെ പീറപ്പെണ്ണോടു് അദ്ദേഹത്തിനു് പെട്ടെന്നു് പിടിപെട്ട ഭ്രമത്തെപ്പറ്റിയാണൊ നിങ്ങൾ പറയുന്നതു്. നിശ്ചയമായിട്ടും ഞാൻ ആ വർത്തമാനം കേട്ടിട്ടുണ്ടു്. എന്നാൽ ദുർഗ്ഗമ്മെ! എന്റെ സ്നേഹിതൻ കൃഷ്ണൻനായരെപ്പറ്റി നന്മയല്ലാതെ തിന്മാളൊന്നും വിശ്വസിക്കരുതു്. ഒരു സമയം ആ പെണ്ണിനെ സഹായിപ്പാൻ അയാൾ കടപ്പെട്ടുപോയിട്ടുണ്ടായിരിക്കും. മാനം എന്ന അടിസ്ഥാനത്തിന്മേൽ ഉണ്ടായ്വരുന്ന ബാദ്ധ്യതയുടെ വീര്യത്തെപ്പറ്റി അയാൾക്കു് അതിശയോക്തിപ്രധാനമായ അഭിപ്രായമാണു് എപ്പോഴും ഉണ്ടാകുന്നതു് എന്നുനിങ്ങൾ അറിയുന്ന കാര്യമല്ല.
ദുർഗ്ഗമ്മ:
അവളു് അവന്നു് ഒരു ബന്ധവുമില്ലാത്തവളെന്നാണു് അവൻ നിഷ്കർഷിച്ചു് പറയുന്നതു്. എന്നിട്ടെന്താ ലോകത്തിന്റെ പോക്കു് എനിക്കും അസാരം അറിഞ്ഞുകൂടയൊ? ഉള്ളിൽ യാതൊരു ഉദ്ദേശവുമില്ലാതെ പതിനേഴുപ്രായമുള്ള ഒരു സുന്ദരിക്കുട്ടിയെ, ഇരുപത്തഞ്ചുവയസ്സുമാത്രമുള്ള യുവാക്കന്മാർ ശിഷ്യത്തികളാക്കിക്കൊണ്ടു് നടക്കുമോ? അവളുടെ രക്ഷിതാവിന്റെ സ്ഥാനം ഇവനെന്തിനാണു് ഏറ്റെടുക്കുന്നതു്?
രാജാ:
കൃഷ്ണൻനായർ ഒരു അസാധാരണപുരുഷനാണു്. അയാളുടെ മനഃസ്ഥിതി മനസ്സിലാക്കാൻ വേറെതന്നെ ഒരു മാനദണ്ഡം എടുക്കേണ്ടിവരും.

സത്യമായിട്ടും ഇതു് അദ്ദേഹം ആലോചിക്കാതെ പറഞ്ഞുപോയ ഒരു പരമാർത്ഥമാണു്.

ദുർഗ്ഗമ്മ:
അങ്ങുന്നേ! അവൾ വളരെ അഴകുള്ള ഒരു പെണ്ണാണു്. ഞാൻ അവളെ കണ്ടിട്ടുണ്ടെന്നു് നിങ്ങൾ മനസ്സിലാക്കണം.

എന്നിട്ടു് ദുർഗ്ഗമ്മ യദൃച്ഛയാ അവരും, പൊന്നിയും കണ്ടുമുട്ടാൻ സംഗതിവന്ന വിഷയത്തെപ്പറ്റി സത്യവിരുദ്ധവിവരങ്ങൾ പലതും പറഞ്ഞുകൊടുത്തു. യഥാർത്ഥം പറയണമെങ്കിൽ ആ അമ്മ മറ്റുള്ളവരുടെ ദുർബോധനയ്ക്കുവേണ്ടി കല്പിച്ചുകൂട്ടി കളവുപറയുകയാണെന്നു് വിചാരിച്ചുപോകരുതു്. കാര്യങ്ങൾ വിവരിക്കുമ്പോൾ അല്പം ചിലതെല്ലാം കൂട്ടിപ്പറയുന്നതിന്റെ വിലയും സാരസ്യവും ആ സ്ത്രീ വളരെ മുമ്പുതന്നെ പഠിച്ചുവശായിരിക്കുന്നു. വഞ്ചനയാണെന്നു് തോന്നാത്തവിധത്തിലുള്ള ചില നിർമ്മാണങ്ങളും നീട്ടീട്ടും, കുറച്ചിട്ടും വടിവുവരുത്തുന്ന ചില പകിട്ടുകളും സ്ത്രീകളുടെ വിവരണരീതിക്കു് വളരെ വാർണീഷ് കൊടുക്കുന്നുണ്ടു്.

ദുർഗ്ഗമ്മ:
ആ കൂട്ടി ഇപ്പോൾ ഉള്ളതു് എനിക്കു് വളരെ ഇഷ്ടമുള്ള വൃദ്ധലക്ഷ്മിയുടെ വക്കുപറമ്പിലുള്ള ഭവനത്തിലാണുപോലും.

രാജാവു് കടലാസിൽ എന്നപോലെ മനസ്സിൽ ഒന്നു് കുറിച്ചുവെച്ചു. “വക്കുപറമ്പിൽ” വക്കുപറമ്പു്—അതും പരിചയമുള്ള ദിക്കുതന്നെ. ലക്ഷ്മിഅമ്മയുടെകൂടെയാണു്. ലക്ഷ്മിഅമ്മയെ രാജാവു് നല്ലവണ്ണം അറിയും. അവൾ തന്റെ ആഭിജാത്യം വർദ്ധിപ്പിക്കുവാൻവേണ്ടി രാജാവിനെ പല പ്രാവശ്യവും ചായകുടിപ്പാൻ ക്ഷണിച്ചിട്ടുമുണ്ടു്. അതെ. സ്ത്രീസ്വഭാവപാരംഗതനായ രാജാവിന്നു് അദ്ദേഹത്തിന്റെ ഗ്രഹം ഉച്ചത്തിലേയ്ക്കു് കടന്നു. അദ്ദേഹത്തിനു് ഭാഗ്യം ഉണ്ടായിത്തുടങ്ങി എന്നുതോന്നി. ഒരൊറ്റ ദിവസംകൊണ്ടു് അദ്ദേഹത്തിന്നു്, ചാവശ്ശേരിയിലെ സ്ത്രീകളിൽവെച്ചു് സൗന്ദര്യംകൊണ്ടും, സാമർത്ഥ്യംകൊണ്ടും, സമ്പൽസമൃദ്ധികൊണ്ടും അഗ്രഗണ്യയായി എണ്ണപ്പെടുന്ന വേദവതി ലളിതയെ, അവളുടെ ഇഷ്ടപ്രകാരംതന്നെ കൈവിട്ടുകളവാൻ, നോക്കുന്നതു് സാഹസമായ്പോകും എന്നു് നിസ്സന്ദേഹം ധരിപ്പിക്കുവാൻ സാധിച്ചു. അദ്ദേഹം കാർത്തികേയൻ നായരുടെ പുത്രികളുടെ പരിചയം സമ്പാദിച്ചുകഴിഞ്ഞു. എന്നുമാത്രമല്ല, ഒരിക്കൽ അവരെ കുറേക്കാലം ഒരു വിദേശവാസത്തിനുവേണ്ടി, തന്റെ വീട്ടിലേയ്ക്കു് ക്ഷണിപ്പാൻ ദുർഗ്ഗമ്മയോടു് ഉപദേശിക്കുകയും, ആ സ്ത്രീ സമ്മതിക്കുകയും ചെയ്തു. അദ്ദേഹം ഭാവിവിനോദസ്ഥാനങ്ങളായി എണ്ണിയ രതിയെ താൻ ഊഹിച്ചപോലെ ഒരു നിലയ്ക്കു് കൊണ്ടുവെച്ചു. ഇതൊന്നും പോരാഞ്ഞിട്ടു് കൃഷ്ണൻനായരുടെ പുതിയ ശിഷ്യത്തിയുമായി കണ്ടുമുട്ടാൻ ഉതകുന്ന മേൽവിലാസവും സൗകര്യവും അയാൾക്കു് പ്രയാസംകൂടാതെ ലഭിപ്പാൻ ഇടവന്നു.

അദ്ദേഹത്തിന്റെ ജീവിതകാലത്തു് തുടർച്ചയായി വന്നുകൊണ്ടു് ഇത്രവലിയ ഭാഗ്യങ്ങൾ സംശോഭിതമാക്കിയിരുന്നില്ല. സഹോദരികൾ മടങ്ങുമ്പോൾ അദ്ദേഹം രതിയുടെ മുഖത്തുനോക്കി, ഉല്പാദിപ്പിച്ച ഇളംമന്ദഹാസത്തിൽ സ്ഫുരിപ്പിച്ച ആദരവോടുകൂടിയ ബഹുമാനവും, പ്രാർത്ഥനാസാമ്യവും, ആ നിഷ്കളങ്കയായ യുവതീരത്നത്തിന്റെ ഹൃദയത്തെ അപാരമായി തുടിപ്പിച്ചിരുന്നു.

ഈ മാതിരി വിജയങ്ങൾകൊണ്ടൊന്നും അദ്ദേഹത്തിന്റെ സഹജമായ നീചസ്വഭാവം മങ്ങിപ്പോയിട്ടില്ല. സൽസ്വഭാവംകൊണ്ടു് ആവരണം ചെയ്യപ്പെട്ട അയാളുടെ ഉള്ളിൽ കിടക്കുന്ന നീചചേഷ്ടകൾ, വെള്ളത്തിൽനിന്നു് പുറത്തു് ചാടുന്ന തവളകളെപ്പോലെ ചാടിത്തുടങ്ങി. അയാളുടെ പകുതി അടഞ്ഞ കണ്ണുകൾ മുറിയുടെ മറ്റെ തലയ്ക്കൽ വെച്ചു് നടക്കുന്ന ചില രംഗങ്ങളെ കണ്ടുപിടിച്ചു. അയാൾ നോക്കുമ്പോൾ ഒരേടത്തുനിന്നു് വേദവതി ലളിത കൃഷ്ണൻനായരോടു് സംസാരിക്കുന്നതു് കണ്ടു. അദ്ദേഹത്തോടു് സംസാരിക്കുമ്പോൾ പ്രകാശിക്കാത്ത ഒരു ദിവ്യചൈതന്യം അവളുടെ കോമളമുഖത്തിന്റെ ഭംഗിവർദ്ധിപ്പിക്കുന്നതു് കണ്ടു. ആരോടു് സംസാരിക്കുമ്പോഴും അവളുടെ മുഖം ഇത്രവളരെ ശോഭിച്ചുകണ്ടിരുന്നില്ല. രാജാവു് ആരോടും വിടവാങ്ങാതെ തന്റെ വടിയും എടുത്തു് പുറത്തിറങ്ങി.

കുറെ കഴിഞ്ഞപ്പോൾ നാനാതരക്കാരായ അതിഥിസമൂഹവും പോയി. ലളിത ഒരു ആശ്വാസഭാവത്തോടെ തന്റെ ചുമലുകൾ അങ്ങട്ടും ഇങ്ങട്ടും ഇളക്കി. “നമുക്കു് ഇങ്ങട്ടുപോയിരിക്കാ”മെന്നു പറഞ്ഞുകൊണ്ടു്, തന്റെ വേലക്കാരുംകൂടി കടന്നുവരാത്ത ഒരു മുറിയിലേയ്ക്കു് നമ്മുടെ കൃഷ്ണൻനായരെ അവൾ വിളിച്ചുകൊണ്ടുപോയി. കൃഷ്ണൻനായർ അസ്വാസ്ഥ്യത്തോടെ അവളെ പിന്തുടർന്നു. കുറ്റംപറഞ്ഞുപോകത്തക്കവണ്ണം അടക്കവും ഒതുക്കവുമുള്ള കൃഷ്ണൻനായർ, പാടുള്ളേടത്തോളം താനുമായി ഗൂഢസംഭാഷണം ചെയ്വാൻവേണ്ടി ലളിത പ്രയോഗിക്കുന്ന സൂത്രങ്ങൾ നല്ലവണ്ണം സൂക്ഷിച്ചു് മനസ്സിലാക്കിയിരുന്നു. അയാൾ അതൊക്കെ കണ്ടു് മനസ്സിലാക്കിയിരിക്കുന്നു എന്നു് അവളെ ധരിപ്പിക്കാനൊ, അല്ല ആ കാര്യത്തിൽ വല്ല ആക്ഷേപവും പുറത്തിറക്കാനൊ അദ്ദേഹത്തിന്റെ സഹജമായ മര്യാദ സമ്മതിച്ചില്ല. രണ്ടുകൂട്ടരും ഓരോ കസേലമേൽ അഭിമുഖമായി ഇരുന്നു.

ലളിത:
എല്ലാം ശുഭമായിത്തന്നെ കഴിഞ്ഞുകൂടി.
കൃ. നാ.:
ജോലിസംബന്ധമായിട്ടും ശുഭമായി.
ലളിത:
അതെ. എന്റെ സകല ചിത്രങ്ങളും വിറ്റുപോയി. എന്നുമാത്രമല്ല എനിക്കു് നിശ്ചിതകാലത്തിനുള്ളിൽ വരച്ചുപൂർത്തിയാക്കാൻ സാധിക്കാത്തവിധത്തിൽ അനേകം അപേക്ഷകളും കിട്ടിപ്പോയി.

ഇങ്ങിനെപറഞ്ഞു് ലളിത ഒരു സിഗരറ്റിനു് തീപ്പിടിപ്പിച്ചു. അപ്പോൾ അവളുടെ ലോലമായ കരപല്ലവം കുറേശ്ശ വിറയ്ക്കുന്നതു് അയാൾ കണ്ടു.

കൃ. നാ.:
നീ കുറെക്കാലം യാതൊരു ജോലിയിലും ഏർപ്പെടാതെ സ്വസ്ഥമായി ഇരിക്കണം. വിശ്രമം നിനക്കു് അത്യാവശ്യമാണു്.
ലളിത:
എനിക്കു് ചാലിശ്ശേരി വിടാൻ തോന്നുന്നില്ല. എന്നുവെച്ചാൽ തനിയെ വേറെ ഒരേടത്തു് പോവാൻ തോന്നുന്നില്ല. നിശ്ചയമായിട്ടും എനിക്കു് ഒരു വിശ്രമം ആവശ്യമാണു്. ജോലി ജാസ്തിയായിപ്പോയി.
കൃ. നാ.:
എന്നാൽ സാമപ്പേട്ടയിൽ ഒരു ഓട്ടംഓടിയാലെന്താ. എന്റെ അമ്മ വരുന്ന ആഴ്ച അങ്ങട്ടു് പോകുന്നുണ്ടു്. നീയുംകൂടെ ചെല്ലുന്നതു് അവർക്കു് സന്തോഷമായിരിക്കും. നിണക്കു് ചില കരടുവരകൾ വരച്ചുവിടാം. അതു് പിന്നീടു് മനോഹരചിത്രങ്ങളായി വികസിപ്പിക്കുകയും ചെയ്യാം.
ലളിത:
(നേർക്കു് മുഖത്തുനോക്കീട്ടു്) നിങ്ങളുംകൂടെ വരുന്നോ?
കൃ. നാ.:
എന്തിന്നു് ലളിതേ? ഞാൻ വരുന്നില്ല. എനിക്കു് നഗരത്തിൽത്തന്നെ വളരെ കാര്യങ്ങൾ ചെയ്വാൻ ബാക്കി കിടക്കുന്നുണ്ടു്.

ഇതു് കേട്ടപ്പോൾ ലളിത അവളുടെ കണ്ണുകൾ അദ്ദേഹത്തിന്റെ മുഖത്തിൽനിന്നു് പിൻവലിച്ചു് നിലത്തു് നോക്കിത്തുടങ്ങി. അവളുടെ മുഖം തുടിച്ചു.

ലളിത:
നിങ്ങൾ പോകുന്നുണ്ടെങ്കിൽ ഞാനും വരാം.
കൃ. നാ.:
എന്നെപ്പോലെയുള്ള ഒരു ഉണക്കക്കൊള്ളിയെ നിണക്കു് ആവശ്യമുണ്ടെന്നു് തോന്നുന്നില്ല.

ഇതുകേട്ടപ്പോൾ അവൾ പകുതി വലിച്ച സിഗററ്റ് ദൂരെ വലിച്ചെറിഞ്ഞു.

ലളിത:
എനിക്കു് ആവശ്യമില്ലെന്നോ? എനിക്കു് ഏതുസമയത്തും നിങ്ങളെ അത്യാവശ്യമാണു്. നിങ്ങൾ അതു് എന്റെ നടവടിയിൽനിന്നു് മനസ്സിലാക്കുന്നില്ലേ. പുരുഷന്മാർ അന്ധന്മാരാണെന്നു് തോന്നുന്നു.

അയാൾ ഇന്നേടത്തെന്നില്ലാതെ നോക്കിക്കൊണ്ടും, സിഗററ്റ് വലിച്ചു് പുകവിട്ടുകൊണ്ടും മൗനം അവലംബിച്ചു.

ലളിത:
(ക്രൗര്യത്തോടെ) ഞങ്ങൾ സ്ത്രീകളെ എന്തിനായിരിക്കും ഒരു കാപട്യമനഃസ്ഥിതി കാട്ടാൻ സങ്കല്പിച്ചുവെച്ചതു്. ഞങ്ങൾക്കു് ഒന്നും തുറന്നു് പറഞ്ഞുകൂടാ. ഒരു പുരുഷൻ ഞങ്ങളോടു് അയാൾക്കു് അനുരാഗമുണ്ടെന്നു് പറയുന്നവരെ ഞങ്ങൾ മിണ്ടാതിരുന്നുകൊള്ളണം. അല്ലെങ്കിൽ ഞങ്ങൾ ലജ്ജയില്ലാത്ത ചീത്ത ജന്തുക്കളായി. യഥാർത്ഥം പറയേണമെങ്കിൽ, എന്റെ പരമബന്ധോ, എന്റെ ജീവരക്ഷക, എനിക്കു് നിങ്ങളോടാണു് അനുരാഗം. ഞാൻ വളരെ മാസങ്ങളായിട്ടു് നിങ്ങൾ ഒരാളെ മാത്രമാണു് അനുരാഗിക്കുന്നതു്. എന്നിട്ടുകൂടി നിങ്ങളുടെ സഹോദരസ്നേഹംകൊണ്ടും ക്രമരഹിതമായ ശാന്തസ്വഭാവംകൊണ്ടും നിങ്ങൾ എനിക്കു് ഭ്രാന്തുണ്ടാക്കുന്നു. എനിക്കു് നിങ്ങളെ കിട്ടാൻ പ്രമാദമായ ഒരു ആഗ്രഹമുണ്ടെന്നു് നിങ്ങൾ കാണുന്നില്ലേ?
കൃ. നാ.:
ഇഷ്ടത്തി! മിണ്ടാതിരിക്കൂ. നീ അനാവശ്യമായി നിന്നെത്തന്നെ സങ്കടപ്പെടുത്തുന്നു. നിന്റെ തല നേർക്കല്ല. നീ എന്തെങ്കിലും, ഏതെങ്കിലും പറയുന്നു.
ലളിത:
എനിക്കു് ശുദ്ധഭ്രാന്താണെന്നുതന്നെ ഉടനേ പറയൂ. എന്നാൽ നിങ്ങൾക്കു് തെറ്റിപ്പോയി എന്നു് ആരും പറയുകയില്ല. നിങ്ങളാണു് ആ നിലയിൽ എന്നെ കൊണ്ടു് വരുത്തുന്നതു്. വേദവതി ലളിത, ഇങ്ങോട്ടു് ചോദിയ്ക്കാതെ ഒരു പുരുഷനോടു് എനിക്കു് നിങ്ങളോടാണു് അനുരാഗം എന്നുപറവാൻ തക്കവണ്ണം കനിയും എന്നു് ഞാൻ വിചാരിച്ചിരുന്നില്ല.

അവൾ ഒരു പ്രൗഢഭാവത്തോടെ എഴുനേറ്റു്, അവളുടെ വെളുത്തമുഖം അസാരം പൊക്കി, കണ്ണിൽനിന്നു് വെള്ളം ചാടാതിരിപ്പാൻ പല്ലുകൊണ്ടു് മുറിഞ്ഞുപോവാൻതക്കവണ്ണം താഴെചുണ്ടു് മുറുകെ കടിച്ചുപിടിച്ചു് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നുതുടങ്ങി. മറ്റൊരുവഴിയും ഇല്ലെന്നുകണ്ടപ്പോൾ അവളെ ഒന്നു് കൊള്ളിച്ചുപറവാൻ കൃഷ്ണൻനായരും സന്നദ്ധനായി.

കൃ. നാ.:
ഞങ്ങളെല്ലാവരും വിചാരിച്ചതു് നിന്റെ അനുരാഗം സമ്പൂർണ്ണമായി സമ്പാദിച്ച ആൾ രാമാനുജൻ രാജാവു് എന്നായിരുന്നു.
ലളിത:
ഫൂ! രാമാനുജൻകോമാളിപോലും! അയാളെ സ്നേഹിക്കുകയൊ! ഒരു മെരുങ്ങിയ തത്തയും, കരിങ്കുരങ്ങും ആർക്കും അല്പം നേരംപോക്കോ, വിനോദമൊ ഉണ്ടാക്കുമായിരിക്കും. എന്നാൽ ഞാൻ ആരാധിക്കുന്നതു് നിങ്ങളെ ആണു്. ഞാൻ ഇപ്പോൾ നിസ്സാരയായ ഒരു ചിത്രമെഴുത്തുകാരിയല്ല. ഒരു സുന്ദരിയാണെന്ന പ്രസിദ്ധി എനിക്കും ഉണ്ടു്. ബാക്കിയുള്ള സ്ത്രീകളെക്കാൾ എത്രയോ അധികം കീർത്തി ഞാൻ സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു. ലോകത്തിൽ ഇപ്പോൾ എനിക്കു് ഒരു പേരും, പെരുമയും ഉണ്ടു്. നിങ്ങളില്ലാതെ അതൊന്നും ഞാൻ കേവലം വിലവെയ്ക്കുന്നില്ല. നിശ്ചയമായിട്ടും എന്റെ വിലമതിക്കാത്ത അനുരാഗത്തിന്നു് പകരമായി നിങ്ങൾ അല്പമെങ്കിലും എന്നെ സ്നേഹിക്കണം എന്നാണു് എന്റെ ഒരേഒരു അപേക്ഷ.
കൃ. നാ.:
അതെ. നിന്നെ എനിക്കു് ഇഷ്ടമാണു്. എന്നാൽ ഇഷ്ടത്തീ! മേലാൽ ഒരു ഉന്നതപദവി സിദ്ധിക്കണം എന്ന വിചാരംതന്നെ ഇല്ലാത്ത നാട്ടിൽ പതിനായിരത്തിൽ ഒരുവൻമാത്രമാണു് ഞാൻ. ഞാൻ ഒന്നുകൊണ്ടും നിണക്കു് പറ്റിയവനല്ല. പ്രത്യുപകാരസ്മരണ കവിഞ്ഞുപോയിട്ടു് നിന്റെ അനുരാഗം അയോഗ്യനായ എന്റെമേൽ വലിച്ചെറിഞ്ഞു് കളയരുതു്. നിന്നെ ഇപ്പോൾ ഏതു് പ്രഭുവാണു്, ഏതു് കുബേരനാണു് അന്വേഷിച്ചുവരാത്തതു്.

ഒരുത്തിക്കു് ഭർത്താക്കന്മാരായി ബാക്കിയുള്ളവരെ കാണുമ്പോൾ അയാൾക്കു് അവളോടു് അനുരാഗമുണ്ടാകയില്ല എന്നതു് തീർച്ചയാണു്. ഈ തൊഴിലിൽ ഒരാൾ ഏർപ്പെടുന്നതു് തന്റെ സഹോദരിക്കോ, ബന്ധുവിനോ വേണ്ടിയായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ അനുരാഗിക്കുന്ന ഒരു പെണ്ണിന്റെ കാര്യത്തിൽ ആ വക ഏർപ്പാടു് സ്വപ്നത്തിലും കൂടി തോന്നുക ഉണ്ടാകയില്ല. ഇതൊക്കെ മനസ്സിലാവാൻ വേദവതിലളിതക്കു് ഒരു ഭ്രാതാവുകൂടി ഉണ്ടായിരുന്നില്ല. പുരുഷന്മാരുടെ നടവടികൾ അവളുടെ ബുദ്ധിയുടെ പരിധിക്കും അതീതമായിരുന്നു. പ്രഭുക്കളായ ഭർത്താക്കന്മാർ വരുമെന്നു് പറഞ്ഞതിൽ മുഴച്ചുനിന്നിരുന്ന “നിന്നെ എനിക്കുവേണ്ട” എന്ന ധ്വനി അവൾക്കു് കേവലം ഓടിയില്ല. അവൾക്കു് ശബ്ദം പുറത്തുവരാത്തപോലെ തോന്നി.

ലളിത:
മറ്റുള്ളവരെപ്പറ്റി എന്നോടു് ഒന്നും പറയുകയേവേണ്ട. എനിക്കു് അതു് കേട്ടുകൂട. ഓ! നിങ്ങളെ ഞാൻ എത്ര നല്ലവണ്ണം കൊണ്ടുനടക്കും. എത്ര സ്നേഹിക്കും. നിങ്ങൾ എന്നെ ഒരു വലിയ ഗുണവതിയാക്കിതീർക്കും.
കൃ. നാ.:
ഇപ്പോൾ നീ ഒരു ഗുണവതി അല്ലാഞ്ഞിട്ടോ?

ലളിതയുടെ അഭ്യുദയസുഖകാംക്ഷിയാണെങ്കിലും കൃഷ്ണൻനായർക്കു് ലളിത സ്ത്രീസമൂഹത്തിലെ ഒരു വ്യക്തി മാത്രമായിരുന്നു.

കൃ. നാ.:
സ്വഭാവംകൊണ്ടു് നമ്മൾതമ്മിൽ യാതൊരു ചേർച്ചയും ഇല്ല. ഞാൻ ഒന്നിനും കൊള്ളാത്ത ഒരു മനുഷ്യനാണു്. ലോകത്തിൽനിന്നു് വല്ലതും സിദ്ധിക്കണമെന്നു് ആഗ്രഹംപോലും ഇല്ലാത്തവനാണു്. നീ സൗന്ദര്യംകൊണ്ടും, തന്റേടംകൊണ്ടും എതിരില്ലാത്തവളാണു്. ഭൂമിയിൽനിന്നു് ഉണ്ടാവാൻപാടുള്ള സകലസിദ്ധികളും നിണക്കു് അത്യാവശ്യമാണു്.
ലളിത:
എനിക്കു് ലോകത്തിൽനിന്നു് ലഭിക്കാവുന്ന സിദ്ധികളും വേണ്ട—സിദ്ധരേയും വേണ്ട എനിക്കു് നിങ്ങളെ കിട്ടിയാൽമാത്രം മതി. മുഖസ്തുതി, മറ്റുള്ളവരുടെ അഭിനന്ദനം, സ്ത്രീകളുടെ അസൂയാജനകമായനോട്ടം, സ്വാർത്ഥികളായ പുരുഷന്മാരുടെ പ്രശംസ ഇതൊക്കെ എനിക്കാവശ്യമാണെന്നു് നിങ്ങൾ വിചാരിക്കുന്നോ? എന്നാൽ നിങ്ങൾ തെറ്റിപ്പോയി. എനിക്കു് ഒരു വിജനദ്വീപിൽ സന്തോഷത്തോടും, സംതൃപ്തിയോടും പാർക്കാം. നിങ്ങൾ എന്റെകൂടെ ഉണ്ടെങ്കിൽ—

കൃഷ്ണൻനായർ അവളുടെ ഒരു കരപല്ലവം കൈക്കലാക്കി അവളെ ആശ്വസിപ്പിക്കുവാൻ തക്കവണ്ണം തലോടി. എന്നാലോ, ഒരു കരയുന്ന കുട്ടിയെ കണ്ടാലും അദ്ദേഹം ഇപ്രകാരംതന്നെ ആചരിക്കുമായിരുന്നു.

കൃ. നാ.:
ഇഷ്ടത്തീ! ഇങ്ങിനെ ഒന്നും പറയരുതു്. ജോലിയുടെ കടുപ്പംകൊണ്ടു് നീ ക്ഷീണിച്ചുപോയി. നിന്റെ തലയ്ക്കു് വെളിവില്ല. നീ പറയുന്നതു് എന്താണെന്നുകൂടി നിണക്കു് വിവരമില്ല. ആ ഭാഗത്തു് നീ മണ്ണിടുക. ആ വിഷയം നമ്മൾ മറക്കുക.
ലളിത:
എനിക്കു് മറക്കാൻ സാധിക്കില്ല. നിങ്ങളെ ആപാദചൂഡം ഞാൻ ആരാധിക്കുന്നു. നിങ്ങളുടെ ഓരോ രോമവുംകൂടി എനിക്കു് ഓരോ വിലപിടിച്ച വസ്തുവാണു്. എനിക്കു് നിങ്ങളുടെ അനുരാഗംകൂടാതെ കഴികയില്ല. അതു് ഞാൻ സിദ്ധിപ്പിക്കും. (അവളുടെ കൗതുകകരമായ കണ്ണിൽനിന്നു് പ്രകാശിച്ച ശൃംഗാരവും, അവളുടെ വിളർത്ത മുഖത്തിൽ ജ്വലിച്ചുവന്ന ഒരു പ്രഭയുംകണ്ടിട്ടു് ആശ്ചര്യഭരിതനായ നായർ അവളെത്തന്നെ നോക്കിനിന്നുപോയി.)
കൃ. നാ.:
ഇതൊക്കെ വെറും വിഡ്ഢിത്തമാണു്. നമുക്കു് രണ്ടാൾക്കും സങ്കടമുണ്ടാക്കുന്നതു് എന്തിനാണു്. നമ്മൾ കുട്ടികളൊന്നുമല്ല. നീയാണെങ്കിൽ നിന്റെ സാക്ഷാൽ കോലത്തിലല്ല. നീ വേഗത്തിൽ ഒരു ഡോക്ടരെ കാണേണ്ടതാണു്.
ലളിത:
(കോപത്തോടെ) ഡോക്ടരേയൊ! നിങ്ങൾക്കു് എന്നോടു് അതു് പറവാൻ എങ്ങിനെതോന്നി. നിങ്ങൾ മാംസമോ അല്ല കരിങ്കല്ലോ? ഇതുകൊണ്ടു് വ്യക്തമാകുന്നതു് നിങ്ങൾക്കു് എന്നോടു് ഒരു ശിഖരംപോലും അനുരാഗമില്ലെന്നാണു്.
കൃ. നാ.:
നീ ശരിയാണു് പറഞ്ഞതു്. എനിക്കു് നിന്നോടു് അനുരാഗമില്ല.

ഈ വാക്കു് പറയുമ്പോൾ കൃഷ്ണൻനായർക്കു് അയാൾ വളരെ നീചനാണെന്നു് തോന്നിപ്പോയി. തനിക്കു് ഒരിക്കലും അവൾക്കു് സമ്മാനിപ്പാൻ സാധിക്കാത്ത ഒരു കാര്യത്തിൽ അവൾക്കു് അല്പമായിട്ടുകൂടി ഒരു ആശ ജനിക്കുവാൻ കാരണമുണ്ടാക്കുന്നതു് നന്നല്ല എന്നു് പരവശനും, വിനീതനുമായ കൃഷ്ണൻനായർ അപ്പോഴും മറന്നില്ല.

ലളിത:
(കോപാന്ധയായിട്ടു്) മറ്റൊരു സ്ത്രീക്കു് നിങ്ങളെ കിട്ടുകയും ഇല്ല. എന്നേയും എന്റെ അനുരാഗത്തേയും നിങ്ങൾ വിലവെയ്ക്കാതെ പോയാൽ മറ്റൊരു സ്ത്രീയുടെ അനുരാഗം അനുഭവിക്കുവാൻ ഞാൻ നിങ്ങളെ ഒരിക്കലും അനുവദിക്കുകയില്ല. നിങ്ങളെ വിചാരിക്കുമ്പോൾ എന്റെ ഹൃദയത്തിൽനിന്നു് പതച്ചുവരുന്ന അനുരാഗം നിങ്ങൾ എന്റെ സ്വന്തമാണെന്നു് വിളിച്ചുപറയുന്നു. നിങ്ങളെ ഞാൻ വിട്ടൊഴിയാത്തവിധത്തിൽ എന്റെ ആത്മാവോടു് വരിഞ്ഞുകെട്ടാതിരിക്കില്ല. നല്ലവണ്ണം സൂക്ഷിച്ചുകൊൾവിൻ. നിങ്ങൾ മറ്റൊരു സ്ത്രീയുടെ സ്വന്തമാവാൻ പാടില്ല.
കൃ. നാ.:
ലളിതേ! നിണക്കു് ഭ്രാന്താണു്. എന്നോടു് ഈമാതിരി സംസാരിക്കാൻ നിണക്കു് എന്തധികാരമാണു് ഉള്ളതു്? എന്നെ ഇങ്ങിനെ ഭീഷണിപ്പെടുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോടു് എന്തുചെയ്തു?

അവളുടെ അക്രമസ്വഭാവംകൊണ്ടു് പെട്ടെന്നുപൊട്ടിവന്ന കോപംനിമിത്തം മുഖം വിളർത്തുപോയ കൃഷ്ണൻനായർക്കു് ഈ ഭാഗ്യംകെട്ട അഭിനയം കഴിയുന്നവരെ, അവളോടുള്ള അനുകമ്പകൊണ്ടു് അവിടെത്തന്നെ നില്ക്കുവാനും തോന്നി. അതിന്റെശേഷം അവൾക്കു് തന്നോടു് ഒരു വാക്കുപോലും ഉരിയാടുവാൻ ഇടകൊടുക്കാതെ അദ്ദേഹം ചിത്രപ്രദർശനശാലയും വിട്ടു് ക്ഷണം നടന്നുകളഞ്ഞു.

“കൃഷ്ണൻനായരേ! കൃഷ്ണൻനായരേ! ഞാൻ അങ്ങിനെയൊക്കെ പറഞ്ഞതു് അപ്രകാരം ചെയ്യുമെന്ന നിശ്ചയംകൊണ്ടൊന്നുമല്ല. പോകരുതു്. അവിടെ നില്ക്കിൻ. നിങ്ങൾ ഇങ്ങിനെ പിണങ്ങി പോകരുതു്. എന്റെ അനുരാഗത്തെപ്പറ്റി മേലാൽ ഒരക്ഷരംപോലും ഞാൻ ഉച്ചരിക്കയില്ല.” എന്നൊക്കെ ലളിത നിലവിളിച്ചു. അതൊക്കെ വെറും വനരോദനമായി. അയാൾ വീടുംവിട്ടു് പുറത്തിറങ്ങിയപ്പോൾ പിടിച്ചുവലിച്ചടച്ച വാതിലിന്റെ ധ്വനി അവളുടെ ചെവിയിൽ മുഴങ്ങി. സമീപത്തുണ്ടായിരുന്ന ഒരു നരിത്തോലിൽ നെടുനീളെ, വീണപോലെ അവൾ കിടന്നു. നിർബ്ബാധമായി അവൾ വളരെനേരം ഏങ്ങിഏങ്ങിക്കരഞ്ഞു. ഓരോ ഏങ്ങലും അവളുടെ ഹൃദയം പിടിച്ചുപറിച്ചു് കീറുന്നുവോ എന്നു് തോന്നും—

ആറാം അദ്ധ്യായം

ഏപ്രിൽമാസത്തിലെ പ്രഭാതം സൗന്ദര്യത്തിന്റെ ഒരു പൂരമാകുന്നു. അതു് ഒരു അനവരതാനന്ദസ്ഥിതിയല്ലെങ്കിലും ഇടമഴയുടെ തുമ്പില്ലായ്മകൊണ്ടു് കൃഷിക്കാർക്കു് പ്രസാദം തുലോം കുറയ്ക്കുന്നുണ്ടു്. എന്നാൽ ആ പ്രത്യേകകാലം ഒരു പ്രകൃതിശാസ്ത്രജ്ഞന്നു് വളരെ രസമുണ്ടാക്കുന്നു. അതു് പക്ഷികളുടെ “മകരമാസം” ആണു്. രണ്ടുമൂന്നുതരം കുയിലുകളുടെ ശബ്ദം എപ്പോഴും കേൾപ്പാനുണ്ടാകും. രാവും പകലും ഒരുപോലെ മന്ദമായിത്തുടങ്ങി, ധൃതഗതിയിൽ അവസാനിപ്പിക്കുന്ന ശബ്ദപരമ്പരജനിപ്പിക്കുന്ന കുയിൽ—നീട്ടിയും ഇടയ്ക്കിടെ നിർത്തിയുംകൊണ്ടു് ഒരു വിസിൽ ഊതുംപോലെ ശബ്ദിച്ചു്, പിന്നെ അതിജാഗ്രതയോടെ “കിഴക്കെവാ—കൊഴക്കെ വാ—” എന്നു് ഉരുവിടുന്ന മുളക്കുയിൽ—രാവും പകലും—“വിത്തുംകൈക്കോട്ടും—” എന്നപോലെ തളർച്ചയില്ലാതെ ചൊല്ലിക്കൂട്ടുന്ന വെൺതലയൻ കുയിൽ. ഈ മൂന്നുതരക്കാരാണു് പ്രധാന കുയിലുകൾ. ഇതൊന്നുംകൂടാതെ വണ്ണാറികളും, പൊൻകിളികളും, പച്ചക്കിളികളും, മഞ്ഞക്കിളികളും, ഭീമരാജന്മാരും, പൂരുറുത്തികളും, ബുൾബുൾകളും അവരവരുടെ സംഗീതപാടവങ്ങൾ കാട്ടിത്തുടങ്ങിയിരുന്നു. മലബാറിൽ ഹേമന്താവസാനത്തിലാണു് ഗ്രീഷ്മകാലം. ബാക്കി രാജ്യത്തു് നമ്മുടെ ഗ്രീഷ്മം വസന്തവുമാണു്. പയ്യൻ, ഉങ്ങു്, പുളി, തേക്കു്, മരുതു് മുതലായ അനേകം വൃക്ഷങ്ങൾ പൂക്കുന്നതും ഈ കാലത്താണു്.

പൊന്നി, ലക്ഷ്മിഅമ്മയുടെ വീട്ടിന്റെ മുറ്റത്തുവെച്ചു് കോഴികൾക്കു് തീറ്റികൊടുക്കുകയായിരുന്നു. മരങ്ങളുടെ ഇടയിൽക്കൂടെ സൂര്യരശ്മികൾ ഊളനൂലിന്റെ മഞ്ഞപ്പന്തുകൾപോലെ തോന്നുന്ന കോഴിക്കുഞ്ഞുങ്ങളുടെ ശരീരത്തിൽ വീഴുന്നതു് കണ്ടിട്ടു് പൊന്നിക്കു് വളരെ രസവും കൗതുകവും ഉണ്ടായി.

പൊന്നി:
കഴിഞ്ഞ വേനല്ക്കാലത്തുമാത്രമേ ഇവറ്റ സൂര്യവെളിച്ചം കണ്ടിട്ടുള്ളു എന്നുതോന്നും.
ലക്ഷ്മിഅമ്മ:
കഴിഞ്ഞ വേനല്ക്കാലത്തു് ഇവറ്റ ജനിച്ചിരുന്നില്ല.
പൊന്നി:
ജീ.
ലക്ഷ്മിഅമ്മ:
പൊന്നൂ. നീ ജീ എന്നു് പറയരുതു്. അതു് മാനമുള്ളവർ പറയേണ്ടുന്ന വാക്കല്ല. അതു് കിഴിഞ്ഞ വാക്കാണു്.
പൊന്നി:
നിങ്ങൾ എന്നെ ‘പൊന്നു്’ എന്നും വിളിക്കേണ്ട. എന്റെ പേർ പൊന്നി എന്നാണു്. ഞാൻ ജനിച്ച ദിവസം അമ്മയ്ക്കു് പൊന്നുകിട്ടിയിരുന്നുപോലും. ഞാൻ അവരെ വിസ്മയിപ്പിച്ചിരുന്നുപോലും.
ലക്ഷ്മിഅമ്മ:
അതെ. അതൊക്കെ നീ എന്നോടു് പറഞ്ഞിട്ടുണ്ടു്, ആ കാര്യങ്ങളെപ്പറ്റിയൊന്നും നീ ഇപ്പോൾ എടുത്തുപറയേണ്ടതില്ല. നിന്റെ അമ്മയ്ക്കു് ഒരു ആശ്വാസമായിത്തീരുവാനാണു്, ഈശ്വരൻ നിന്റെ അമ്മയ്ക്കു് നിന്നെ സമ്മാനിച്ചതു്. അതുകൊണ്ടു് ആ ഭാഗ്യത്തിന്നു് അവർ കാത്തിരുന്നിട്ടുണ്ടാകും.

അടുക്കെക്കൂടെ ഒരു ചെറിയ, തടിച്ച നായക്കുട്ടി ഓടിപ്പോകുന്നതു് കണ്ടപ്പോൾ പെട്ടെന്നു് അതിന്റെ പിന്നാലെ മരണപ്പാച്ചിൽ പായുന്നതു് കണ്ടു. ആദ്യം ആക്ഷേപിപ്പാൻ ആരംഭിച്ചു. പിന്നീടു് അവളുടെ മുഖത്തു് ഒരു പുഞ്ചിരിയാണു് സ്ഫുരിച്ചതു്.

ലക്ഷ്മിഅമ്മ:
(ആത്മഗതം) നിഷ്കളങ്കമാണു് അവളുടെ ഹൃദയം. കാര്യവിവരം നല്ലവണ്ണം ഉണ്ടു്. ഈ അറിവൊക്കെ അവൾ എവിടുന്നു് സമ്പാദിച്ചതായിരിക്കും.

വാസ്തവം പറഞ്ഞാൽ ലക്ഷ്മിഅമ്മയ്ക്കു് നല്ല വിശേഷബുദ്ധി ഉണ്ടു്. ഈ അറിവൊക്കെ അവൾ എവിടുന്നു് സമ്പാദിച്ചതായിരിക്കും.

വാസ്തവം പറഞ്ഞാൽ ലക്ഷ്മിഅമ്മയ്ക്കു് നല്ല വിശേഷബുദ്ധി ഉണ്ടു്. അനർഘതയും, അജ്ഞാനവും തമ്മിലുള്ള വ്യത്യാസം ആ വൃദ്ധയ്ക്കു് നല്ല നിശ്ചയമുണ്ടായിരുന്നു.

സമീപത്തുനില്ക്കുന്ന ഒരു പിടക്കോഴിയെ നോക്കിക്കൊണ്ടിരിക്കെ “പൊന്നി” അന്നന്നു് നന്നായ് വരുന്നുണ്ടു്. എന്നെ അനുകരിച്ചിട്ടായിരിക്കും. അവളുടെ സംഭാഷണവും സ്വഭാവവും വളരെ പരിഷ്കരിച്ചുവരുന്നുണ്ടു്. ഇതുവരെ, അവളുടെ സംസാരത്തിന്റെ മട്ടും മുഖംകൊണ്ടുള്ള ഗോഷ്ടികളും അവളെ വഷളാക്കിയിരിക്കുന്നു. ഇപ്പോൾ അതൊന്നും ഇല്ല. വ്യാകരണത്തിൽക്കൂടി തെറ്റില്ല. വല്ലാത്തഗ്രഹണ ശക്തിതന്നെ. ശ്രദ്ധിച്ചുകൊൾവിൻ എന്ന ധാരണ ഉണ്ടാക്കാൻ വേണ്ടിയൊ എന്നു് തോന്നുംവണ്ണം പിടക്കോഴി “ക്ലിക്, ക്ലിക്” എന്നു് ഒരു ശബ്ദമുണ്ടാക്കി. എന്നാൽ ആ പിടക്കോഴിയാകട്ടെ, ലക്ഷ്മിഅമ്മതാനാകട്ടെ, നിർഭാഗ്യവതിയായ നാണിഅമ്മ (പൊന്നുവിന്റെ അമ്മ) ഒരു കുലീനയും പഠിപ്പുള്ളവളും ആണെന്നു് അറിഞ്ഞിരുന്നില്ല. തെരുവിൽക്കൂടി പാഞ്ഞുകളിക്കുമ്പോൾ പൊന്നി, പടുഭാഷ ധാരാളം കേട്ടിരുന്നെങ്കിലും, നല്ലഭാഷയിലും അവൾക്കു് ധാരാളം ചെവിടോർമ്മ ഉണ്ടായിരുന്നു. തന്റെ അമ്മയെ സംഭാഷണത്തിൽ അനുകരിക്കുന്നതു് അവൾക്കു് ചെറുപ്പത്തിലെ വളരെ സന്തോഷമായിരുന്നു.

ലക്ഷ്മിഅമ്മ കോഴികളിൽനിന്നു് കണ്ണുവിടർത്തു. മുഖം ഉയർത്തിനോക്കിയപ്പോൾ പൊന്നിയെ അടുത്തൊന്നും കാണാൻ ഉണ്ടായിരുന്നില്ല.

ലക്ഷ്മിഅമ്മ:
എന്റെ ഈശ്വരാ! ഒരു നിമിഷം കണ്ണുതെറ്റിപ്പോയാൽ അവൾ എവിടെയെങ്കിലും പോയിക്കഴിയും. അവൾ ആ പടിവാതിലും കടന്നു് ഇടയിൽക്കൂടെ പാഞ്ഞുപോയിട്ടില്ലെങ്കിൽ ഞാൻ എന്റെ പേരു് മാറ്റിക്കളയും.

അവളുടെ തടിച്ച ശരീരത്തിന്നു് പാടുള്ളേടത്തോളം വേഗതയിൽ ലക്ഷ്മിഅമ്മ പടിവാതിലിന്റെ അടുത്തെത്തിനോക്കിയപ്പോൾ, തടിച്ചുചുകന്ന ചെള്ളയുള്ള ഒരു ഇഴഞ്ഞു് നടക്കുന്ന ശിശുവെ വാരി എടുത്തു്, കുലുക്കിക്കൊണ്ടു് നടക്കുന്നതു് കണ്ടു. കുട്ടിയുടെ അമ്മ ആശ്വാസഭാവത്തിൽ നോക്കിച്ചിരിച്ചിരുന്നു.

“‘പൊന്നീ ക്ഷണം ഇങ്ങട്ടു വാ” എന്നു് വൃദ്ധയായ ലക്ഷ്മി നിലവിളിച്ചു.

ലക്ഷ്മിഅമ്മ:
ആ കുട്ടിയുമായിട്ടു് നിണക്കു് കളിക്കേണ്ടുന്ന കാര്യമില്ല. ആ കുട്ടിയുടെ അമ്മയോടുകൂടി സംസാരിപ്പാൻ എനിക്കു് മനസ്സുവരില്ല. നീ ഇങ്ങിനെഒക്കെ ചെയ്താൽ എനിക്കു് അനുവദിച്ചുതരുന്ന പെൻഷ്യൻതന്നെ പോയ്പോകും.
പൊന്നി:
എന്തുകൊണ്ടു് മിണ്ടിക്കൂടാ. അവൾ പണമില്ലാത്തവളായതുകൊണ്ടോ?
ലക്ഷ്മി:
കുഞ്ഞെ നിണക്കു് നന്മവരട്ടെ. പണമില്ലാത്തതു് ഒരു പാപമല്ല. എന്നാൽ അതു് ഒരു അപമാനംതന്നെയാണു്. അവളുടെ അമ്മ വിവാഹം കഴിക്കാത്ത കാലത്തു് പെറ്റ കുട്ടിയാണു്. അതിനെ നിണക്കു് തൊടാൻ പാടില്ല. സ്നേഹക്കുട്ടിയാണു്.

പൊന്നി ചിരികൾ കൂർപ്പിച്ചു.

പൊന്നി:
സ്നേഹക്കുട്ടിയൊ! സകല കുട്ടികളും സ്നേഹക്കുട്ടികളാണു്. സ്നേഹത്തിന്റെ ഫലമായിട്ടല്ലെ അവരൊക്കെ ജനിക്കുന്നതു്.
ലക്ഷ്മിഅമ്മ:
നീ ഒന്നും നിശ്ചയമില്ലാത്ത ഒരു ബുദ്ദാണു്. ലോകം അറിഞ്ഞുകൂടാ. ഞാൻ പറയുന്നതു് ആ കുട്ടിക്കു് അച്ഛനില്ല എന്നാണു്. അതിന്റെ അമ്മ ആരേയും വിവാഹം കഴിക്കാതെയാണു് അതിനെ പ്രസവിച്ചതു്.
പൊന്നി:
തീർച്ചയായിട്ടും അതിന്നൊരു അച്ഛൻ ഉണ്ടായിരിക്കണം. (നെറ്റിമേൽ വീണ മുടി തലയുടെ ഒരു ആട്ടംകൊണ്ടു് പിന്നോക്കം തെറിപ്പിച്ചിട്ടു്) ലക്ഷ്മി അമ്മ! നിങ്ങൾ പറഞ്ഞതിന്റെ സാരം എനിക്കു് മനസ്സിലായിരിക്കുന്നു. യാത്രാസമയത്തു് കൊണ്ടുപോകുന്ന പെട്ടികളുടെമേൽ എന്നപോലെ, അവളുടെമേലും ആരുടേതാണെന്ന വിവരം എഴുതിപ്പറ്റിച്ച കടലാസിൻകഷണം ഇല്ല. അതു് കുട്ടിയുടെ തെറ്റായി ഗണിക്കുവാൻ പാടുണ്ടോ?
ലക്ഷ്മിഅമ്മ:
(വെറുത്തുപോയപോലെ) അല്ലതന്നെ. എന്നാൽ അതു് അതിന്റെ അമ്മയുടെ തെറ്റാണു്—തെറ്റൊന്നും ചെയ്യാത്ത ആട്ടിൻകുട്ടിയെപ്പോലെ ഇരിക്കുന്ന ആ ചെറിയ ശിശുവെ നീ എടുത്താൽ ഒന്നിനും കൊള്ളാത്ത തള്ളയ്ക്കു് നീ പൊങ്ങച്ചം ഉണ്ടാക്കിക്കൊടുക്കും.
പൊന്നി:
(ശാന്തസ്വരത്തിൽ) എനിക്കു് തോന്നുന്നില്ല. ആ ഓമനക്കുട്ടിക്കു് ഒരുപേർ കൊടുക്കാഞ്ഞതു് അതിന്റെ അച്ഛന്റെ തെറ്റെന്നാണു് ഞാൻ വിചാരിക്കുന്നതു്. അമ്മയ്ക്കു് ചെയ്വാൻ അധികാരമൊന്നുമില്ലല്ലൊ.
ലക്ഷ്മിഅമ്മ:
നീ ഒരു കുസൃതിയാണു് പൊന്നീ.

ആ വൃദ്ധയ്ക്കു് ശരിയായ സമാധാനം ഒന്നും ഉണ്ടായിരുന്നില്ല. പൊന്നിയുടെ നോട്ടംപോയ പോക്കുകണ്ടപ്പോൾ ആ സ്ത്രീ വല്ലാതെ വിസ്മയിച്ചു.

പൊന്നി:
ഒരു സ്നേഹക്കുട്ടിയുടെ അമ്മയോടു് ദയകാണിക്കുന്നതു് കുസൃതിയുടെ ലക്ഷണമാണെങ്കിൽ ഞാൻ ഒരു കുസൃതി ആകുന്നതിൽ എനിക്കു് വിരോധമില്ല. ഭൂമിയിൽ വെച്ചു് വളരെ വ്യസനിക്കുന്നവരും, വ്യസനിക്കപ്പെടേണ്ടവരും അവരാണെന്നു് നിങ്ങൾ കാണുന്നില്ലേ. ഏതു് സമയത്തും അതു് ഒരു പുരുഷൻ ചെയ്ത പിഴയാണു്. പുരുഷന്മാരെ ഞാൻ ആത്മനാ വെറുക്കുന്നു.
ലക്ഷ്മിഅമ്മ:
(ദൈവഭക്തിയോടെ) ആരേയും വെറുക്കുന്നതു് നന്നല്ല. പുരുഷന്മാരിലും നല്ലതും, വിടക്കും ഉണ്ടു്.
പൊന്നി:
പുരുഷന്മാരെ നിങ്ങൾക്കു് അറിഞ്ഞുകൂടെ. ഒരു സാധുപെണ്ണിനെ പല കളവുകളും പറഞ്ഞു് വഞ്ചിച്ചു്, അവൾക്കു് ഗർഭവും ഉണ്ടാക്കി, അവളെ പിന്നെ തിരിഞ്ഞുനോക്കാതെ ഇട്ടെറിഞ്ഞുപോയ്ക്കളയുന്ന പുരുഷന്മാരെ വെറുക്കേണ്ടയോ? പുരുഷന്മാരെ നല്ലവണ്ണം അറിയേണമെങ്കിൽ നിങ്ങൾ ഒന്നാമതു് ഒന്നും വകയില്ലാത്ത സുന്ദരിപ്പെണ്ണായിരിക്കണം. അവൾക്കു് കുടുംബങ്ങളൊ, രക്ഷിതാക്കന്മാരൊ ഒന്നും ഇല്ലാതിരിക്കയും വേണം. അപ്പോൾ കാണാം ആ വഞ്ചകന്മാരുടെ വർണ്ണം.
ലക്ഷ്മിഅമ്മ:
ഞാനും ഒരുകാലത്തു് ഒരു ചെറിയ പെൺകുട്ടിയായിരുന്നു. (വളരെ ഭയഭക്തിഭാവത്തോടെ) എനിക്കും ചില ആകർഷണങ്ങളും ചില മോഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഈശ്വരകാരുണ്യംകൊണ്ടു് അവയൊക്കെ തടുത്തു് നിർത്താനും അവയിൽ നിന്നൊക്കെ പിഴച്ചുപോരുവാനും എനിക്കു് സാധിച്ചു.

പൊന്നിയുടെ ഒതുക്കിയാൽ ഒതുങ്ങാത്ത ചുണ്ടിന്റെ വടിവു് കള്ളക്കോലത്തിൽ ഒന്നു് വളഞ്ഞു. എന്നാൽ ഉത്തരമായി അവൾ ഒന്നും പറഞ്ഞില്ല. അവൾക്കു് സ്വമേധയാ ഒരു ഊഹം ജനിച്ചു. ലക്ഷ്മിഅമ്മയുടെ ആകർഷണത്തിനും മോഹത്തിനും ഒരു ചെറുപ്പക്കാരനായ ഒരു പിച്ചക്കാരന്റെ നോട്ടം വീഴ്ത്തത്തക്ക വീര്യം ഉണ്ടായിരിക്കയില്ലെന്നു് അവൾക്കു് തോന്നി.

അവിടെ പൊന്നിയുടെ ജീവിതം വളരെ സുഖകരമായിരുന്നു. ശുദ്ധവായു, ചുറ്റുവട്ടത്തിലും പാർത്തിരുന്ന സാധുക്കൂട്ടർ, ഇതൊക്കെ അവൾ പണ്ടു് പാർത്തിരുന്ന പരിധിയിൽനിന്നു് വളരെ വ്യത്യാസപ്പെട്ടതായിരുന്നു. ശരീരസുഖത്തിന്റെ വീര്യംകൊണ്ടു് ദീർഘവൃത്താകൃതിയായ അവളുടെ മിനുസമുഖത്തിൽ ഒരു റോസ്നിറവും അവളുടെ കണ്ണിൽ ഒരുതരം തീയ്യും, തീപ്പൊരിയും വിളങ്ങിവന്നു. ഒരു ദിവസം അവൾ ഉണ്ണുന്നതിന്നുമുമ്പെ ഒരു കോപ്പ ചായ കഴിക്കുകയായിരുന്നു.

പൊന്നി:
പ്രിയലക്ഷ്മിഅമ്മേ! എനിക്കു് സ്ക്കൂളിൽ പോകേണ്ടുന്ന ആവശ്യമുണ്ടോ? നിങ്ങൾ എന്തു് വിചാരിക്കുന്നു.
ലക്ഷ്മിഅമ്മ:
ഉണ്ടു്. പോകതന്നെവേണം. പോകുന്നതാണു് വളരെ നല്ലതു്. സ്ക്കൂളിൽനിന്നു് പെൺകുട്ടികൾക്കു് വളരെ പാഠങ്ങൾ പഠിക്കേണ്ടതുണ്ടു്. ഒരു സഭയിൽ പോയാൽ പെരുമാറേണ്ടുന്ന ക്രമം—ചെറുപ്പക്കാരെ കാണുമ്പോൾ അവർക്കു് വെറുപ്പു് തോന്നിപ്പോകാത്തവിധത്തിൽ അവരെ അകറ്റി ദൂരത്തുനിർത്താനുള്ള ഉപായങ്ങൾ—
പൊന്നി:
(പുച്ഛത്തോടെ) അവരെ ദൂരത്തുനിർത്താൻ തന്നെ ആർ പൊരുളിക്കുന്നു. എനിക്കു് അവരെ അകറ്റി നിർത്താനുള്ള വിദ്യ ഇപ്പോഴും കൈവശത്തിൽ ഉണ്ടു്. ഇല്ല ലക്ഷ്മിഅമ്മേ! പുരുഷന്മാരെപ്പറ്റി സ്ക്കൂളിൽ നിന്നൊന്നും എനിക്കു് പുതുതായി പഠിക്കുവാൻ ഉണ്ടാകയില്ല. അതൊക്കെ എനിക്കു് ഇപ്പോൾത്തന്നെ അറിവായിട്ടുണ്ടു്.

ലക്ഷ്മിഅമ്മ പിന്നേയും സ്തംഭിച്ചുപോയി. എന്നാൽ തല്ക്കാലം വിഷയം മാറ്റിക്കളവാനുള്ള വിശേഷബുദ്ധി ആ വൃദ്ധയ്ക്കു് ഉണ്ടായി. പൊന്നി കൂടെ ഉള്ളപ്പോളൊക്കെ, അവൾക്കു് ഞെട്ടലും, ആശ്ചര്യപ്പെടലും, മേലോട്ടുനോക്കലും കോപിക്കലും താക്കീതുചെയ്യലും മാത്രമെ ഫലമായി കണ്ടിരുന്നുള്ളു. പൊന്നിക്കു് അവളുടെ മുമ്പിൽവെച്ചു് ഇനി ഭൂകമ്പം പൊട്ടുംപോലെ പരിഭ്രമജനകമായി യാതൊന്നും കാട്ടാനില്ലെന്നു് വിചാരിച്ചു് സമാധാനിക്കുമ്പോളൊക്കെ, പൊന്നി പാരമ്പര്യമാർഗ്ഗത്തിന്റെ ചാലിൽക്കൂടെ ജീവകാലം കഴിച്ചുകൂട്ടുന്ന ആ വൃദ്ധസ്ത്രീയുടെ നവീനാശയമില്ലാത്ത മനസ്സു് പൊട്ടിത്തെറിക്കുമ്പോലെ, ചില അഭിപ്രായങ്ങളൊ, നൂതന വീക്ഷണകോണങ്ങളൊ പുറത്തേയ്ക്കു് കൊണ്ടുവിടും. അത്ഭുതപരവശയായ ലക്ഷ്മിഅമ്മയ്ക്കു് “ലോകം എവിടെയാണു് ചെന്നു് തുഞ്ചാൻ പോകുന്നതു്” എന്നു് പറയാൻ മാത്രമേ സാധിച്ചിരുന്നുള്ളു.

ഒരു ദിവസം രാവിലെ പൊന്നി, ചാടിക്കൊണ്ടു് ഉണ്ണാൻ വരുമ്പോൾ ഒരു കത്തു് അവളുടെ മേൽവിലാസത്തിൽ വന്നിരിക്കുന്നതു് കണ്ടു. അവൾ അതു് തൃഷ്ണയോടെ കൈക്കലാക്കി. ലക്ഷ്മിഅമ്മ അവളുടെ കൈ മെല്ലെ പിടിച്ചു് തടഞ്ഞു.

ല. അ.:
വേറെ ആളുകൾ ഉള്ളപ്പോൾ അവരുടെ സമ്മതം ചോദിച്ചതിൽപ്പിന്നെ മാത്രമേ കത്തു് പൊളിച്ചു് വായിക്കാൻ പാടുള്ളു.
പൊന്നി:
(ഉച്ചത്തിൽ) എനിക്കു് വന്ന കത്തു് പൊളിച്ചുവായിക്കാൻ ബാക്കിയുള്ളവരുടെ സമ്മതമോ? എന്തു് പറഞ്ഞിട്ടു്! അസംബന്ധം പുലമ്പേണ്ട. ജനങ്ങളൊക്കെ വഞ്ചകന്മാരല്ലെ, ലക്ഷ്മിഅമ്മ. പോരാഞ്ഞിട്ടു് ഇതു് കൃഷ്ണൻനായരുടേതാണു്. എന്നെ സ്നേഹിക്കുന്ന ആ നല്ല കിട്ടേട്ടന്റേതു്.

അവൾ ആ ചെറിയ വീട്ടിൽനിന്നു് പുറത്തേയ്ക്കു് വന്നു് ഒരു പുൽക്കൂട്ടിൽ സുഖമായിരുന്നു് ലക്കോട്ടുപൊളിച്ചു് കത്തുവായിച്ചു.

എന്റെ പ്രിയപൊന്നി!

നാളെ ഞാൻ അവിടെ എത്തും. (എന്നുവെച്ചാൽ ഇന്നു് എന്നു് അവൾ പരിഭ്രമത്തോടെ പറഞ്ഞു.) നിന്നോടു്, നിണക്കു് ഞാൻ കണ്ടുപിടിച്ച ഒരു ഒന്നാന്തരം സ്ക്കൂളിനെപ്പറ്റി പറയുവാനാണു് (അവൾ മുഖംകൊണ്ടു് ചില ഗോഷ്ഠികൾ കാട്ടി എന്തൊക്കയൊ പിറുപിറുത്തു) നമുക്കു് നഗരത്തിൽ പോയിട്ടു് നിണക്കു് വേണ്ടപ്പെട്ട ഉടുപ്പുകളൊക്കെ വാങ്ങാം. നീ നടവടികൊണ്ടും, പെരുമാറ്റംകൊണ്ടും ലക്ഷ്മിഅമ്മയെ വിനോദിപ്പിച്ചു് വളരെ കൃതാർത്ഥയാക്കി എന്നും കേട്ടു. അതുകൊണ്ടു് ഞാൻ നിണക്കു് ഒരു സമ്മാനവുംകൂടി കൊണ്ടുവരുന്നുണ്ടു്. എന്തായിരിക്കും എന്നു് നിണക്കു് ഊഹിച്ചുപറയാമൊ? ഇരിക്കട്ടെ നിണക്കു് അതു് ഉടനെ കാണാമല്ലൊ. രാമരാമം.

എന്നു്, നിന്റെ വിശ്വസ്തനായ ചങ്ങാതി,

ടി. കെ. കൃഷ്ണൻനായർ.

ചങ്ങാതി എന്നുമാത്രം എഴുതിയതു് കണ്ടിട്ടു് പൊന്നി ചുണ്ടുകൾ കൂർപ്പിച്ചു. ഊഹിച്ചെടുപ്പാൻ കഴിയാത്ത സമ്മാനം എന്തായിരിക്കും എന്ന ആലോചനയിൽ മറ്റുള്ളതൊക്കെ മറന്നു. “ഒരു സമയം ഒരു പെട്ടി ചോക്ലേറ്റ് ആയിരിക്കും—ഒരു വെള്ളപൂച്ചക്കുട്ടിയായാലും നന്നു്—ഒരു ചെറിയ വെള്ളപൂച്ചക്കുട്ടിയെ എനിക്കു് വളരെ ഇഷ്ടമാണു്. അവൾ ലക്ഷ്മിഅമ്മ കാപ്പിതയ്യാറാക്കുന്ന മുറിയിൽ ചാടിച്ചെന്നു.

പൊന്നി:
ലക്ഷ്മിഅമ്മേ! കിട്ടേട്ടൻ എനിക്കു് ഒരു പൂച്ചക്കുട്ടിയെ കൊണ്ടുവരുമെന്നു് നിങ്ങൾ വിചാരിക്കുന്നോ? നീലക്കണ്ണും വെള്ള മൂക്കും ഉള്ള ഒരു ചെറിയ വെള്ളപ്പൂച്ചക്കുട്ടി.
ലക്ഷ്മിഅമ്മ:
പൊന്നിക്കെന്താ വന്നുപിടിച്ചിരിക്കുന്നതു്. പൂച്ചക്കുട്ടികളൊക്കെ പ്രായം കുറഞ്ഞ കുട്ടികൾക്കല്ലെ?

ഈ വിരുദ്ധബുദ്ധിയുള്ള പെൺകിടാവിന്റെ പുതിയ വിചാരങ്ങൾ പറഞ്ഞുകേട്ടപ്പോൾ ജീവദശയിലെ ചില അന്ധകാരഭാഗങ്ങളെ ലക്ഷ്മിഅമ്മയ്ക്കു് മനസ്സിലാവാൻ സംഗതിവന്നു. ഒരു പൂച്ചക്കുട്ടിയെ കാംക്ഷിക്കാൻ, പൊന്നിയുടെ ഹൃദയം ഒരു ശിശുവിന്റെ ഹൃദയംപോലെ അവികസിതമായിരുന്നു. ലക്ഷ്മിഅമ്മ ആശ്ചര്യനിമഗ്നയായി. ലക്ഷ്മിഅമ്മ പൊന്നി കൊടുത്ത കത്തു് ശ്രദ്ധയോടെ വായിച്ചു് നോക്കി.

ലക്ഷ്മിഅമ്മ:
അവർ നിണക്കു് തരുന്നതു് ഒരു പുസ്തകമോ, തുന്നൽക്കൊട്ടയൊ ആയിരിക്കാൻ മതി. നീ കാപ്പിയും, പലഹാരവും കഴിച്ചിട്ടില്ലെങ്കിൽ ഞാൻ നിന്റെ കിട്ടേട്ടൻമൂപ്പരോടു് ആവലാതി പറയും. വയറ്റിൽ ഒന്നും ഇല്ലാതെ നിണക്കു് നഗരത്തിലും മറ്റുദിക്കിലും പോവാൻ സാധിക്കുകയില്ല.
പൊന്നി:
എങ്കിലും എനിക്കു് ഒരു മോട്ടോർക്കാറിൽ പോകാം.

ഇങ്ങിനെ ലക്ഷ്മിഅമ്മയെ നാവുകൊണ്ടു് തൃപ്തിയാകുംവണ്ണം ദ്രോഹിച്ചതിൽ പിന്നെ ആ സ്ത്രീ ഉണ്ടാക്കിയിരുന്ന വെണ്ണ പുരട്ടിയ അപ്പം എടുത്തു് ചില വേണ്ടാസനങ്ങൾ തുടങ്ങിയപ്പോൾ അവർ ഒരു രസിക്കാത്ത ഭാവം കാട്ടി അവളെ ദുഷ്കൃത്യത്തിൽനിന്നു് വിരമിപ്പിച്ചു.

ലക്ഷ്മിഅമ്മ:
ഈ രണ്ടു് പൊരിച്ച മുട്ടകളും രണ്ടു് കഷണം വെണ്ണപുരട്ടിയെ അപ്പവും നീ തിന്നണം. അല്ലെങ്കിൽ മൂപ്പരേ, ഇവിടുന്നു് ഒരു കാൽ മുന്നോട്ടു് എടുത്തു് വെയ്ക്കുവാൻ ഞാൻ സമ്മതിക്കുകയില്ല.

ഒടുവിൽ പൊന്നി പലഹാരങ്ങളൊക്കെ വെടിപ്പായി ഭക്ഷിച്ചു. അവൾ പരിഭ്രമംകൊണ്ടു് വിളർത്തു. പത്തുമണിവരെ ഒരു മെരുങ്ങാത്ത ആട്ടിൻകുട്ടിയെപ്പോലെ തോട്ടത്തിൽക്കൂടെ പാഞ്ഞുകളിച്ചു. ദൂരെയുള്ള നിരത്തിന്മേൽക്കൂടെ വരുന്ന ഒരു മോട്ടാർക്കാറിന്റെ ഹോണിന്റെ ശബ്ദം അവളെ ശാന്തയാക്കി.

ഒരു സന്തോഷനിലവിളിയോടെ അവൾ പടിവാതിലിന്റെ അടുക്കെ പാഞ്ഞുചെന്നു. കൃഷ്ണൻനായർ ഇറങ്ങിയ ഉടനെ അവൾ അയാളുടെ അടുക്കെ ചാടി അയാളെ കെട്ടിപ്പിടിച്ചു. ബാക്കിയുള്ളവർ സമീപത്തിൽ ഉണ്ടെന്ന ഒരു വിവരവുംകൂടി അവൾക്കുണ്ടായില്ല. കൃഷ്ണൻനായർക്കു് ഒരു സങ്കോചവും, അവളുടെ പേർക്കു് ഒരു ഒതുക്കിയ വിനോദവും ഏകകാലത്തിൽ ജനിച്ചു.

“ഓ കിട്ടേട്ടാ. എന്റെ പൊന്നികിട്ടേട്ട, നിങ്ങൾ വന്നതു് എനിക്കെത്ര സന്തോഷമായി” എന്നു് പറഞ്ഞുകൊണ്ടു് അയാളുടെ കൈകൾ ചുംബിച്ചു. എന്നു് മാത്രമല്ല, അവളുടെ മിനുസമായ ചെള്ളയെക്കൊണ്ടു് അതു് തലോടുകയും ചെയ്തു.

ലക്ഷ്മിഅമ്മ തന്റെ കെട്ടിടത്തിന്റെ വാതിന്മേൽ നിന്നു് ഈ അഭിനയം തുറിച്ചുനോക്കുന്നതു് കണ്ടപ്പോൾ അദ്ദേഹത്തിന്റെ പരിഭ്രമം ജാസ്തിയായി.

കൃ. നാ.:
സത്യമായിട്ടും പൊന്നീ! നിന്റെ ശിശുത്വം എനിയും വിട്ടുപോയിട്ടില്ല. പൊന്നി ലക്ഷ്മിഅമ്മയുടെ സമീപത്തു് എത്തിയപ്പോൾ ആ സ്ത്രീക്കു് കോപം സഹിച്ചില്ല.
ലക്ഷ്മിഅമ്മ:
(പൊന്നിയോടു്) എന്തു് മാനംകെട്ട ധൈര്യമാണു് കാണിച്ചതു് (കൃഷ്ണൻനായരോടു്) മൂപ്പരേ! എന്റെ കുട്ടിയെപ്പോലെ വളരെ അടക്കത്തിലാണു് ഞാൻ വളർത്തിയിരുന്നതു്. ഇപ്പോൾ കണ്ടില്ലെ!

അവസാനത്തെ വാക്കുകൾക്കു് ആയിരം വാക്കുകളുടെ ഫലമുണ്ടായിരുന്നു.

കൃ. നാ.:
(ഭാവഭേദമില്ലാതെ) അവൾ തെറ്റൊന്നും ചെയ്തിട്ടില്ല. പൊന്നി ഇപ്പോഴും ഒരു ശിശുതന്നെയാണു്.

മര്യാദകേടാണെങ്കിലും അർത്ഥവ്യക്തിയുള്ള ഒരു ഗോഷ്ടിയോടെ പൊന്നി ലക്ഷ്മിഅമ്മയെ ഒന്നുനോക്കി. എന്നിട്ടു് ആ “ശിശു” അദ്ദേഹത്തിന്റെ കഴുത്തു് പിടിച്ചുതാഴ്ത്തി അദ്ദേഹത്തിന്റെ വായ മൂടുംവിധത്തിൽ ഒന്നു് ചുംബിച്ചു. എന്നിട്ടു് വിജയം പ്രാപിച്ച ഒരു ലക്ഷ്മികുമാരിയെപ്പോലെ ചിരിച്ചുകൊണ്ടു് ലക്ഷ്മിഅമ്മയോടു് ഇങ്ങിനെ പറഞ്ഞു. “എനിക്കു് ഇഷ്ടമുള്ളപ്പോളൊക്കെ ഞാൻ ഇവരെ ചുംബിക്കും. ഞാൻ അനുരാഗിക്കുന്നതു് ഇവരേയാണു്.”

ഈ അഭിനയത്തിന്റെ ആഭാസം കുറയ്ക്കുവാൻവേണ്ടി കൃഷ്ണൻനായർ ഒന്നുചിരിച്ചു. എന്നിട്ടു് പൊന്നിയോടു് “ഭൂകമ്പമേ! ഇങ്ങട്ട് വാ, എന്റെ മുറിയിൽ വാ ഞാൻ നിണക്കു് സമ്മാനമായി കൊണ്ടുവന്നതു് എന്താണെന്നു് നോക്കു.”

മോഫിയർ ഒരു വലിയ പെട്ടി എടുത്തുകൊണ്ടുവരുമ്പോൾ പൊന്നി സന്തോഷംകൊണ്ടു് കൈമുട്ടി.

പൊ:
കുട്ടേട്ടാ! അതു് ഒരു പൂച്ചക്കുട്ടി ആയിരിക്കുമോ?
കൃ. നാ.:
പൂച്ചക്കുട്ടിയൊ പൊന്നി? പൂച്ചക്കുട്ടിയെ നിണക്കു് ഇഷ്ടമാണോ?
പൊ:
അതെ! എനിക്കു് ലാളിക്കുവാൻവേണ്ടി.
കൃ. നാ.:
ആട്ടെ. അതിനേക്കാൾ നല്ലതാണു് ഇതിലുള്ളതു്. നോക്കൂ. ആ വലിയപെട്ടി തുറന്നു് അതിന്റെ ഉള്ളിൽനിന്നു് അയാൾ ഒരു കടുംപച്ചനിറത്തിലുള്ള ഡ്രസ്സിങ്ങ്കേയിസ് (ഉടുപ്പുവെയ്ക്കുന്ന തോൽസഞ്ചി) എടുത്തു. അതിന്റെ കൊളുത്തുകളും മറ്റും ശുദ്ധിവെള്ളികൊണ്ടു് പണിതതായിരുന്നു. ഇത്ര മനോഹരമായ സഞ്ചി അവൾ ഇതുവരെ കണ്ടിരുന്നില്ല. ഭംഗിയുള്ള ഡ്രസ്സുകളിന്മേൽ അവളുടെ പേർ കൊത്തിവെച്ചിരുന്നു. ദീർഗ്ഘവൃത്തത്തിൽ ഉണ്ടായിരുന്ന കൈക്കണ്ണാടിയുടെ ഭംഗി അതിലും മികച്ചതായിരുന്നു. ഭംഗിയുള്ള ചില്ലറ സാമാനങ്ങൾ വേറേയും പലതുണ്ടായിരുന്നു. പൊന്നി എല്ലാ സാമാനങ്ങളും എടുത്തു് തിരിച്ചും മറിച്ചും നോക്കി.
പൊന്നി:
കുട്ടേട്ടാ! ഇതൊക്കെ നേരായിട്ടും എനിക്കാണോ? എനിക്കു് സ്വന്തമായിട്ടു്.
പൊ:
അതെ ഇഷ്ടത്തീ! നിന്റെ സ്വന്തത്തേക്കാൾ സ്വന്തം തന്നെ.

സ്നേഹപൂർവ്വമായ നന്ദിയുടെ പ്രകടനം പൂർവ്വാധികം ശക്തിയിൽ പുറപ്പെടുവാൻ ഇടയുണ്ടെന്നു് കരുതി, അയാൾ മദ്ധ്യത്തിൽ ഒരു മേശവെച്ചു് തടസ്തം ചെയ്തു.

പൊന്നിക്കു് സ്ക്കൂളിൽ പോകുമ്പോൾ ഇടുവാൻ ആവശ്യമായ ഉടുപ്പുകളുടേയും, മറ്റു് സാധനങ്ങളുടേയും ഒരു പരിപൂർണ്ണമായ പട്ടിക ലക്ഷ്മിഅമ്മ കൃഷ്ണൻനായരുടെ കയ്യിൽ കൊടുത്തു.

കൃ. നാ.:
അതൊക്കെ എനിക്കും സമ്മതമായി. എന്തൊക്കെ സാധനങ്ങൾ വേണമെന്നു് നീയും പൊന്നിയുമാണു് തീർച്ചയാക്കേണ്ടതു്.
പൊന്നി:
(പെട്ടെന്നു്) എനിക്കു് നിങ്ങൾ പട്ടുബ്ളൗസുകൾ തുന്നിച്ചു് തരികയില്ലെ? ലക്ഷ്മിഅമ്മ പറയുന്നു വൂളും വോയലും, മതി എന്നു്. ശിവകാമി തെരുവിലുള്ള ഒരു ഷാപ്പിൽ ഞാൻ ഭംഗിയുള്ള പട്ടുകൾ കാണാറുണ്ടു്. അതു് നമ്മുടെ ശരീരത്തോടു് തട്ടുമ്പോൾ എന്തൊരു മിനുസവും സുഖവും ഉണ്ടാകും.

കൃഷ്ണൻനായരുടെ കണ്ണുകൾ വിനോദംകൊണ്ടു് മിന്നി.

കൃ. നാ.:
(ഉടനെ) നിണക്കു് വേണ്ടുന്നതു് വാങ്ങിക്കൊൾക. എനിക്കു് ഈ കോപ്പുകളെപ്പറ്റി അറിവു് നന്ന ചുരുങ്ങും.
ല. അ.:
(പരുഷസ്വരത്തിൽ) ക്ഷാമീസ്പട്ടോ, ഒരു വിദ്യാർത്ഥിനി അടിയിലിടുന്നതൊക്കെ പട്ടായിരിക്കണം എന്നു് ആരെങ്കിലും കേട്ടിരിക്കുന്നോ?
പൊ:
നൈറ്റ്ഡ്രസ്സിന്നു് പകരം പൈജാമ മതി.

വായ തുറന്നു് ലക്ഷ്മിക്കുട്ടിഅമ്മ പൊന്നിയെ നോക്കി. വാദം നടത്തുന്നതു് വെറുതെ എന്നു് വിചാരിച്ചിട്ടു് ആ സ്ത്രീ മടങ്ങിപ്പോയി. തോറ്റുകുളിച്ചുപോയി എന്നുതന്നെ പറയാം. കൃഷ്ണൻനായരാകട്ടെ പിരിപ്പാനുള്ള തന്റെ പുറപ്പാടു് ഒതുക്കിവെച്ചു.

കൃ. നാ.:
പെൺകുട്ടികളുടെ നൈറ്റ്ഡ്രസ്സ് എത്ര ഭംഗിയുള്ളതായിരിക്കും. പൈജാമ ആണുങ്ങളാകുന്ന അഴകില്ലാത്ത വഷളന്മാർക്കാണു്. നൈട്ടീസ് ആണു് നിനക്കുവേണ്ടതു്. ഭംഗിയും മൃദുവുമായവ. എന്നാൽ എനിക്കും വളരെ സന്തോഷമായിരിക്കും.

കൃഷ്ണൻനായരുടെ വാക്കിൽ യാതൊരു കളങ്കമൊ ദുരർത്ഥമോ ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മോഫിയർ ഇതും കേട്ടുവന്നതു് നിർഭാഗ്യമായി. തൽസമയത്തു് മോഫിയർ, ലക്ഷ്മിഅമ്മയ്ക്കുവേണ്ടി വാങ്ങിയ ഒരു കുപ്പിപോർട്ട് വൈനും എടുത്തു് വരികയായിരുന്നു. മൂപ്പർ പറയുന്നതായി അയാൾ കേട്ടതു് “നൈട്ടീസാണു് നിണക്കുവേണ്ടുന്നതു്—ഭംഗിയും മൃദുവുമായവ—എന്നാൽ എനിക്കും വളരെ സന്തോഷമായിരിക്കും” ഇപ്പറഞ്ഞ വാക്കുകളായിരുന്നു. ദുർബ്ബോധനമൂലം വിടക്കുകോലത്തിൽ അവൻ ഒന്നു് മന്ദഹസിച്ചു. തന്റെ സ്നേഹിതന്മാരോടു് പറഞ്ഞു് ചിരിക്കുവാൻ നല്ലൊരു തമാശയാണെന്നു് കരുതി അവൻ ഭാവിയിലെ വിനോദത്തിന്നുവേണ്ടി, ആ വാക്കുകൾ മനഃപ്പാഠമാക്കി.

കുറെ കഴിഞ്ഞപ്പോൾ ഒന്നാന്തരം ഒരു മോർഡ് സിഡോനിൽ സമീപത്തു് ഇരുന്നുകൊണ്ടു് പൊന്നി നഗരത്തിലേയ്ക്കുള്ള യാത്രയായി. ലക്ഷ്മിഅമ്മ മോഫിയരുടെ അടുക്കയും ഇരുന്നു. അവൾക്കു് മുന്നിലെ സീറ്റാണു് ഇഷ്ടമെന്നുപറഞ്ഞപ്പോൾ പൊന്നിക്കു് വളരെ സന്തോഷമായി.

യാത്ര മദജനകമായിരുന്നു. പൊന്നി ഓരോന്നു് സംസാരിക്കുകയും, കൂടെക്കൂടെ ചിരിക്കുകയും, ചെയ്തു. ക്രമേണ തന്റെ ഏകചങ്ങാതിയുടെ ചുറുചുറുക്കും ഉണർന്നു് പതച്ചുമറിഞ്ഞു. കൃഷ്ണൻനായർ അവളുടെ മൃദുവായ ഒരു കരംപിടിച്ചമർത്തു. അവളുടെ നഖങ്ങളൊക്കെ നല്ല വടിവിൽ മുറിച്ചു, ക്ലീനാക്കി, എത്രയോ വൃത്തിയിൽവെച്ചതു് കണ്ടപ്പോൾ ദേഹത്തെ കാന്തിയിൽ കൊണ്ടുവെയ്ക്കുവാനുള്ള തൃഷ്ണ ഈ ഉദാസീനമൂർത്തിക്കും പിടിപെട്ടു് എന്നുവെച്ചു് കൃഷ്ണൻനായർ വളരെ സന്തോഷിച്ചു. ഒരു മാസംമുമ്പെ കണ്ട ചെറുതും, ചുകന്നും, പരുപരുത്തും, നഖം പൊട്ടിയതുംആയ കൈകളിൽ നിന്നു് എത്ര ഭേദിച്ചുപോയി. പെൺകുട്ടികളെപ്പോലെ, താന്താങ്ങളുടെ ആകർഷണം വളർത്താനും പുലർത്താനും ഉള്ള ശക്തി മറ്റാർക്കും ശോഭിച്ചു് കാണുകയില്ല.

കൃ. നാ.:
നീ കൂടെയുള്ളവർക്കു് വളരെ ഗുണം ചെയ്യുന്നുണ്ടു്.

നഗരത്തിൽ ഉള്ള ഷാപ്പുകളിൽ ഇറങ്ങി ഓരോ സാധനങ്ങൾ പരിശോധിക്കുന്നതു് എത്രയൊ സംഭ്രാന്തിജനകമായ സംഭവമായിത്തീർന്നു. വകതിരിവും, അടക്കവും മുൻനില്ക്കുന്ന ലക്ഷ്മിഅമ്മ സമീപത്തില്ലായിരുന്നു എങ്കിൽ ഉപയോഗമൊ, ഉറപ്പൊ ഇന്നിന്നസമയത്തു് വേണ്ടതെന്നുള്ള വകതിരിവൊ കാണിക്കാതെ, തിളങ്ങുന്ന വർണ്ണങ്ങളും മിനുസമയങ്ങളും ആയിക്കാണുന്ന സകലവും പൊന്നി തിരഞ്ഞെടുക്കുമായിരുന്നു എന്നുതന്നെ തോന്നിപ്പോകും.

എന്നാലുംകൂടി ലക്ഷ്മിഅമ്മയ്ക്കും കൃഷ്ണൻനായർക്കും ഒരു കാര്യം സ്മരിക്കത്തക്കതായി തോന്നി. അവളുടെ മനസ്സിന്റെ ചാട്ടം കേവലം അബദ്ധത്തിൽ ചെന്നു് തുഞ്ചിയിരുന്നില്ല. നന്മയുള്ള സാധനങ്ങൾമാത്രം തിരഞ്ഞെടുത്തിട്ടു് അവൾ അവളുടെ സഹജമായ രുചിവിശേഷത റിക്കാർട്ടാക്കി. വളരെ തിളങ്ങുന്നതൊ കാണുമ്പോൾ മയങ്ങിപ്പോകുന്നതൊ ആയ സാധനങ്ങൾ സഹജമായ വാസനാബലംകൊണ്ടു് അവൾ കൂസലില്ലാതെ നിരസിച്ചു.

ല. അ.:
(ഒടുവിൽ) എന്താണു് പൊന്നീ. ആവശ്യമില്ലാത്ത സാധനങ്ങളെ നിണക്കുവേണ്ടു എന്നു് തോന്നുന്നു. പട്ടിന്റെ ബ്ലൗസിങ്ങ് അവസ്ഥക്കാരികളായ കുലസ്ത്രീകൾക്കേ പാടുള്ളു—എന്നാൽ—
കൃ. നാ.:
(പതിഞ്ഞസ്വരത്തിൽ) പൊന്നിയും ഒരു കുലസ്ത്രീയാണു്. അതു് അസ്സലാണെന്നു് തോന്നുന്നു. നീ വാങ്ങിക്കൊൾക പൊന്നീ.
ല. അ.:
ഞാൻ വലിപ്പംവെച്ച സ്ത്രീ എന്ന അർത്ഥത്തിലാണു് പറഞ്ഞതു്. ഈ ഒന്നിനുംകൊള്ളാത്ത, ആളുകളുടെ കണ്ണുകളിൽ പൊടിയുന്ന ഉടുപ്പുകളൊന്നും അണിയുവാൻ സ്ക്കൂളിലുള്ള കൂട്ടർ സമ്മതിക്കുകയില്ല.

നാനാവർണ്ണങ്ങളും, ഭംഗിയും ഉള്ള ഒരു കെട്ടവണ്ണാമ്പിലപോലെയുള്ള സ്റ്റോക്കിങ്ങ്സ് പൊന്നി ഉടനെതന്നെ വേണ്ടെന്നുവെച്ചു. എന്നാൽ ഇംഗ്ലീഷ് ഉടുപ്പുകളും, നാട്ടുകാരുടെ ഉടുപ്പുകളും, പാർസികളുടെ ഉടുപ്പുകളും സ്ക്കൂളിലേയ്ക്കു് ഉതകേണ്ടതാണെന്ന വിചാരം കേവലം മറന്നു് പൊന്നി വാങ്ങിക്കൂട്ടി. ധനവതിയായ ഒരു അവസ്ഥക്കാരി യുവതി അടിയന്തിരങ്ങൾക്കു് പോകുമ്പോൾ അണിയുവാൻ ഇഷ്ടപ്പെടുന്ന ബെനാറീസ് പട്ടുകളുംകൂടി പൊന്നിയുടെ കെട്ടിൽ അടങ്ങിപ്പോയിട്ടുണ്ടു്. അവളുടെ സ്ക്കൂളിലേയ്ക്കു് വേണ്ടുന്ന സകല സാമഗ്രികളും തിരഞ്ഞെടുത്തതു് ലക്ഷ്മിഅമ്മ ആയിരുന്നു.

ഷാപ്പിലേയ്ക്കുള്ള ആക്രമണം അവസാനിച്ചപ്പോൾ ലക്ഷ്മിഅമ്മയ്ക്കു് ഒട്ടും തൃപ്തി ഉണ്ടായിരുന്നില്ല. പ്രത്യക്ഷഫലമൊ, ഉപയോഗമൊ ഇല്ലാതെ കുറ അധികം പണം ചിലവാക്കുന്ന കാര്യത്തിൽ താനും പങ്കുകാരിയായി എന്ന ഒരു സങ്കടം ആ സാധുസ്ത്രീയെ പ്രബലമായി ബാധിച്ചു. ഇനിയൊന്നും തനിക്കാവശ്യമില്ലെന്നു് പൊന്നിയും പറഞ്ഞു.

കൃ. നാ.:
(ലക്ഷ്മിഅമ്മയോടു്) ഇനി ഏതായാലും നിങ്ങളുടെ സഹോദരിയെ കാണ്മാൻ സാമപ്പേട്ടയിൽ പോവാൻ നിങ്ങൾക്കു് താല്പര്യമുണ്ടെന്നു് എനിക്കു് ഉറപ്പു് പറയാം. എന്റെ മോഫിയർ നിങ്ങളെ അവിടെ കൊണ്ടുവിടും. തിരികെ കൊണ്ടുവരാൻ ഞങ്ങൾ വൈകുന്നേരം അങ്ങോട്ടു് വരും. ഞാനും പൊന്നിയും കുറെ സുഖിക്കാൻതന്നെയാണു് വിചാരിക്കുന്നതു്.

ഇങ്ങിനെ പറഞ്ഞുകേട്ടപ്പോൾ മോഫിയർ ലക്ഷ്മിഅമ്മയേയും കാറിൽകേറ്റി അവിടേയ്ക്കുപോയി.

കൃഷ്ണൻനായരും പൊന്നിയും തനിച്ചായപ്പോൾ, രണ്ടു് സ്ക്കൂൾകുട്ടികളെപ്പോലെ കാരണമില്ലാതെ ചിരിച്ചു.

കൃ. നാ.:
പൊന്നീ വരൂ! ഇന്നു് നമുക്കു് ഘോഷമായിട്ടു് കഴിക്കണം. അതിന്നു് ഒന്നാമതു് വേണ്ടതു് ഭക്ഷണപദാർത്ഥമാണു്.
ഏഴാം അദ്ധ്യായം

നഗരത്തിന്റെ മദ്ധ്യത്തിൽ, അവിടുത്തെ അവസ്ഥക്കാർ സാധാരണ വന്നുചേരാൻ ഇഷ്ടപ്പെടുന്നതും, ധാരാളം പണച്ചിലവു് നേരിടുന്നതും ആയ ഒരു ഒന്നാന്തരം പരദേശി റസ്റ്റോറണ്ടിന്റെ ഉള്ളിൽ— കുബേരന്മാരാൽമാത്രം—പരിലാളിതമായ ആ ദിക്കിൽ—കാന്തിയുള്ള മുറിയുള്ള ഒരുമുക്കിൽവെച്ചു് പൊന്നി ഒരു തെളിഞ്ഞചോദ്യം ചോദിച്ചു.

പൊന്നി:
കുട്ടേട്ടാ! ഞാൻ സ്ക്കൂളിൽനിന്നു് നല്ലവണ്ണം പഠിച്ചാൽ, ഞാൻ ഒരു അവസ്ഥക്കാരത്തി ആവാൻ ശ്രമിച്ചാൽ, നിങ്ങൾ എന്നെ അനുരാഗിക്കും എന്നു് തോന്നുന്നുവോ!

പൊന്നി ഈ കാര്യത്തിൽ ഒരു സിനിമാതാരത്തിന്റെ നടവടിയൊ അനുകരിക്കുന്നതു് എന്നു് തോന്നിപ്പോകാം. ഈ സംവാദം കൃഷ്ണൻനായർക്കു് രസിക്കാത്തതുകൊണ്ടല്ല. ഒരു യുവതിയിൽ ആ വക വികാരം ഈ ക്ഷണം അങ്കുരിക്കരുതെന്നോ, അങ്കുരിക്കാൻ ഇടകൊടുക്കരുതെന്നോ ഉണ്ടായ ഒരു ദൃഢവിശ്വാസംകൊണ്ടാണു്, അയാൾ അവളോടുകൂടി യോജിച്ചുപറവാൻ ആളായിനില്ക്കാത്തതു്.

കൃ. നാ.:
നീ അനുരാഗത്തെപ്പറ്റി സംസാരിക്കേണ്ടുന്ന പ്രായത്തിൽ ഇനിയും എത്തീട്ടില്ല. അങ്ങിനെ ചെയ്യുന്നതു് സകല സുഖത്തിന്റേയും നാശത്തിന്നായിരിക്കും. എനിക്കു് നിന്നെ കാണ്മാൻ വരുന്നതു് അനുചിതമായി തോന്നും. നമുക്കു് ഇത്ര അടുത്തു് ഇടപെടാനും സാധിക്കുകയില്ല. ശിന്നപ്പെൺകിടാവെ! ആ വിഷയം മനസ്സിൽനിന്നു് തീരെ മായിച്ചുകളയണം. നിന്റെ ശിശുവെപ്പോലെയുള്ള സാക്ഷാൽ തദീയതയാണു് എനിക്കു് സന്തോഷകരമാകുന്നതു്.

കൃഷ്ണൻനായരാകട്ടെ സാധാരണ പുരുഷന്മാരെപ്പോലെ, പൊന്നിയുടെ മനഃസ്ഥിതി ഇരട്ടയാണെന്നും ഒരു ഭാഗം ദുസ്സാധവിജ്ഞേയവും, മറ്റെഭാഗം മൃദുവായ ശിശുമയവുമാണെന്നു് മറന്നിരിക്കുന്നു—അഥവാ അയാൾക്കു് മനസ്സിലാക്കാൻ കഴിയാതെ പോയിരിക്കുന്നു. പൊന്നിയായ ശിശുവും, പൊന്നിയായ യുവതിയും ഒരേ വ്യക്തിയിൽത്തന്നെയാണു് കിടക്കുന്നതു്. പത്തുപതിനാലു് വയസ്സുചെന്ന സാധാരണ പെൺകുട്ടികളിൽ മുളപ്പുവരുന്ന ആ തീവ്രമായ നായകാരാധനകൊണ്ടു് പൊന്നിയായ ശിശു അയാളെ ആദരിച്ചും, അഭിനന്ദിച്ചും വന്നിരുന്നു. ഒരു പ്രായപൂർത്തി പ്രാപിച്ച യുവതിയുടെ കാമത്തോടും, ലോലതയോടും പൊന്നിയായ യുവതി അതികലശലായി അദ്ദേഹത്തെ അനുരാഗിച്ചിരുന്നു.

ഒരു മാതൃകയെ തേടിപ്പിടിച്ചു്, അതിന്നനുസരിച്ചു് തന്റെ ജീവിതരീതിക്കു് ഭേദഗതി വരുത്തുവാൻ, അവൾ ജനിച്ചു് വളർന്നിരുന്ന അചിന്ത്യവും, ആഭാസവും വ്യസനപരവുമായ പരിതഃസ്ഥിതികളിൽനിന്നു് അവൾ തിരഞ്ഞു് നടക്കുമ്പോളാണു്, ഒന്നാമതായി, പെട്ടെന്നാണെന്നു് തോന്നുംവണ്ണം, യഥാർത്ഥാനുകമ്പയും പ്രയോജനേച്ഛ ഇല്ലാത്ത സഹായവും, ക്ഷേമതല്പരതയും ഒരാളിൽ യോജിച്ചുകണ്ടതു്. അവളുടെ ശൈശവമനഃസ്ഥിതിയാണു്. അവളുടെ യുവതി എന്ന മനഃസ്ഥിതി, പകുതിയേ ഉണർന്നിട്ടുള്ളു. എങ്കിലും ഗ്രഹണശക്തിപരമായിരുന്നു. ഓരോരോ സംഭവങ്ങൾ മനസ്സിൽ ഊന്നി നില്ക്കത്തക്കതായിരുന്നു. ആ മനഃസ്ഥിതി ഇടിവെട്ടിയപ്പോൾ ഉണ്ടായ കൂൻപോലെ പെട്ടെന്നു് പൊങ്ങിവന്നു. കണ്ണിമയ്ക്കുംമുമ്പെ, ഒരു യുവതിയുടെ ആശകളെ അർത്ഥവത്താക്കുന്ന വിചാരങ്ങളിൽ അവളെ മുക്കിയിരുന്നു. ജീവിതത്തിലെ ഗണിക്കവയ്യാത്ത ചില മാലാകാരമായരീതിയെപ്പറ്റി നിത്യാലോചനചെയ്തു് തത്വജ്ഞന്മാർ അവരുടെ ജീവകാലം മുഴുവനും ചിലവാക്കിയാലും അവർ കണ്ടു് മനസ്സിലാക്കി എന്നു് വരില്ല. ഒരു സ്ത്രീ ആകട്ടെ ഒരു മിന്നലിന്റെ വെളിച്ചംപോലെ മുമ്പറഞ്ഞ രീതി എന്തു് നിമിത്തമുണ്ടായതാണെന്നു് കണ്ടുപിടിപ്പാൻ ജന്മനാ വൈഭവമുള്ളവളാണു്. അവളുടെ ഉള്ളിൽ അനുരാഗമുണ്ടെന്നു് അതു് ആവിർഭവിച്ച ഉടനെതന്നെ അവൾക്കു് മനസ്സിലാവുന്നു. ഇങ്ങിനെ ഒരു അത്ഭുതസിദ്ധി ഉണ്ടെന്ന വിശ്വാസംതന്നെ ഒരു പുരുഷനു് ഉണ്ടാകയില്ല. അഥവാ വളരെപ്പേർക്കും അതു് അനുഭവിക്കാൻ സംഗതി വന്നിട്ടും ഉണ്ടാകയില്ല. പുരുഷന്റെ അവിശ്വാസംകൊണ്ടൊന്നും ആ അത്ഭുതസിദ്ധി ഇല്ലാതായ്പോകുകയും ഇല്ല.

പൊന്നി തന്റെ തൊണ്ടയിൽ പൊങ്ങിവന്ന ഏങ്ങൽ കീഴ്പ്പോട്ടുതന്നെ ഇറക്കി. ഇരുതല മൂർച്ചയുള്ള വാളുപോലെ, ഗുണകാംക്ഷയോടെ അദ്ദേഹം പറഞ്ഞ വാക്കുകൾ അവളുടെ നൂതനവും, പാവനവുമായ ഹൃദയത്തെ കുത്തിത്തുളച്ചിട്ടുണ്ടെന്ന വിവരത്തെ പുറത്തു് കാണിക്കാതെ, അവൾ ഭക്ഷണം കഴിച്ചു. അനുരാഗത്തിന്റെകൂടെത്തന്നെ ഒരു സ്ത്രീക്കു് സഹനശക്തിയും വരുന്നു. ഒരു വിഷവൃക്ഷത്തിന്റെ പ്രത്യൗഷധം അതിന്റെ സമീപത്തിൽത്തന്നെ വളരുന്നുണ്ടാകും എന്നല്ലേ ഋഷിമാരുടെ മതം.

പൊന്നി:
നിങ്ങളുടെ ഇഷ്ടംപോലെ ഞാൻ ചെയ്യാം. എനിക്കു് സംഗീതം വശത്താക്കുവാൻ മോഹമുണ്ടു്. എനിക്കു് പാടുവാൻ വളരെ ഇഷ്ടമാണു്.

ഇതൊക്കെ ശാന്തസ്വരത്തിൽ പറഞ്ഞതു്, അവരുടെ മനഃസ്ഥിതിക്കു് മറ്റൊരുതരം മാറ്റം സിദ്ധിച്ചിട്ടുണ്ടെന്നാണു് കുറിക്കുന്നതു്.

കൃ. നാ.:
ഇഷ്ടത്തീ! നിണക്കു് ഒക്കെപഠിക്കാം. നീ സ്ക്കൂളിൽ ചേർന്നാൽ യോഗ്യമായ പലതും ചെയ്വാൻ അവിടെ ഉണ്ടാകുമെന്നു് നീ കാണും. അതൊക്കെ അമ്മി അരയ്ക്കുംപോലെ കഠിനമായ പാഠങ്ങളല്ലതാനും. ഞാൻ ഒരു വിശേഷമായ സ്ക്കൂൾ കണ്ടുപിടിച്ചിട്ടുണ്ടു്. മോട്ടോർക്കാർ ഉള്ളവർക്കു് അതു് വളരെ ദൂരത്താണെന്നു് പറഞ്ഞുകൂടാ. അതുകൊണ്ടു് എനിക്കു് അവിടെ വരാനും നിന്നെ കൂട്ടിക്കൊണ്ടു് വരാനും വളരെ പ്രയാസമുണ്ടായിരിക്കയില്ല. അവിടെയുള്ള പെൺകുട്ടികൾ, പാട്ടുകച്ചേരിക്കും, നാടകത്തിന്നും, സിനിമയ്ക്കും മറ്റും പതിവായി പോകാറുണ്ടു്. നിങ്ങൾക്കു് ഇഷ്ടമുണ്ടെന്നു് തോന്നുന്നുവോ?
പൊന്നി:
ഓ ഞാൻ ഇഷ്ടപ്പെടും എന്നതു് തീർച്ചയാണു്. നിങ്ങൾ എന്നേയുംതിരഞ്ഞു് കൂടക്കൂടെ വരേണ്ടതു് അത്യാവശ്യമാണു്.

പൊന്നി സമ്മതിച്ചതു് അവളുടെ ഇഷ്ടത്തിന്നു് എതിരായിട്ടാണു്. അയാൾക്കു് അങ്ങിനെ ഒരു ആഗ്രഹമുണ്ടു് എന്നുവെച്ചിട്ടു് ‘എസ്’ മൂളിയതാണു്.

കൃ. നാ.:
ഞാൻ കൂടെക്കൂടെ വരും. നീ തിന്നുതീർന്നെങ്കിൽ എന്റെകൂടെ വാ. അമ്മമാർക്കുവേണ്ടി നടത്തിയ ഒരു പാട്ടുകച്ചേരിയിലേയ്ക്കു് ഞാൻ നിന്നെ കൂട്ടിക്കൊണ്ടു് പോവാം. അതു് ഇന്നു് ഉച്ചതിരിഞ്ഞിട്ടാണു്.

പൊന്നിയുടെ ഹൃദയം പിന്നേയും, പിന്നേയും അയാളോടു് ഐക്യം പ്രാപിച്ചു. എല്ലാ സ്ത്രീകളും ഒരു പുരുഷനിൽ കാണുന്ന തറവാടിത്വം—അല്ലെങ്കിൽ കുലീനത ഇഷ്ടപ്പെടാതിരിക്കയില്ല. സ്ത്രീകളോടുള്ള ഔദാര്യവും, സഹജീവികളോടുള്ള സ്നേഹവും മറ്റുള്ളവരുടെ അരിഷ്ഠനിവാരണാലോചനയും ഇദ്ദേഹത്തിന്റെ പ്രത്യേകതകൾ ആയിരുന്നു.

അവർ തീവണ്ടിയിൽ കേറി. അവിടുന്നു് കൃഷ്ണൻനായർ നഗരത്തിലെ, ഗതിരഹിതകളും ജോലിയുടെ കാഠിന്യംകൊണ്ടു് കുഴങ്ങുന്നവരും, പകുതിപട്ടിണിക്കാരും, മക്കളെപ്പോറ്റേണ്ടുന്ന ഭാരമുള്ളവരും ആയ മാതാക്കന്മാരെ പുലർത്താൻ വേണ്ടി താൻ കണ്ടുപിടിച്ച ഒരു ഏർപ്പാടിനെപ്പറ്റി വിസ്തരിച്ചു് പറഞ്ഞുകൊടുത്തു.

കൃ. നാ.:
ഈ വിഷയത്തിൽ നീയുംകൂടി ഉത്സാഹിക്കണം. അവസരമുള്ള പെൺകുട്ടികളും, സ്ത്രീകളും ഈ കാര്യത്തിൽ തൃഷ്ണവെച്ചു് മെമ്പർമാർ ആയിട്ടുണ്ടു്. ഞങ്ങൾക്കു് കൊണ്ടുനടത്താൻ സാധിക്കുമെന്നാണു് തോന്നുന്നതു്.
പൊന്നി:
ആരാണു് ഞങ്ങൾ.
കൃ. നാ.:
(വേഗത്തിൽ) ഞാനും ചില ചങ്ങാതിമാരും.

ഇങ്ങിനെയുള്ള ധർമ്മബുദ്ധി ആദ്യം തോന്നിയതു് തനിക്കാണെന്നും ആയതു് കൊണ്ടുനടത്താനുള്ള ചിലവു് ഭൂരിഭാഗവും തന്റെ സ്വന്തമാണെന്നും കൃഷ്ണൻനായർ പറഞ്ഞതെ ഇല്ല.

കൃ. നാ.:
ഞങ്ങൾ വിളിച്ചുവരുത്തിയ സ്ത്രീസേവകർ മാതാക്കന്മാരുടെ വീടുകളിൽ, എല്ലാ ബുധനാഴ്ചകളിലും പോകും. ആ സാധുക്കൾക്കു് (നിർഗ്ഗതികളായ മാതാക്കൾക്കു്) ആഴ്ചയിൽ ഒരു ദിവസമെങ്കിലും സുഖിക്കാമല്ലൊ. ബുധനാഴ്ച, മാതാക്കളുടെ കുട്ടികളെ നോക്കുന്നതും, അന്നു് ചെയ്വാൻ ബാക്കിയുള്ള വീട്ടുജോലികൾ സകലം നിർവ്വഹിച്ചു് പോരുന്നതും സേവകരായിരിക്കും. അന്നു് മാതാക്കന്മാർക്കു് പാട്ടുകച്ചേരി നടത്തുന്ന സ്ഥലത്തൊ, നാടകത്തിന്നൊ, സരസമായ പ്രസംഗം കേൾപ്പാനൊ മറ്റൊ പോകാം. മടങ്ങിവന്നാൽ അവർക്കു് സൗജന്യമായി ചായയും പലഹാരവും കൊടുക്കും.
പൊന്നി:
വിശേഷമായ തോന്നൽ. അതിലും വിശേഷമായ നടത്ത.
കൃ. നാ.:
ഒരു പരിപൂർണ്ണമായ സ്വസ്ഥതയ്ക്കു്— നിത്യഭാരത്തിൽനിന്നു്—ഈ സാധുക്കളെ വിടുത്തി അവരെ ആശ്വസിപ്പിക്കുന്നതു് വലിയ പുണ്യമാണു്.

ഈ നിർഗ്ഗതികൾ സ്ഥിരമായി നിവസിച്ചിരുന്ന സ്ഥലത്തിന്റെ പേർ വാളക്കാളം എന്നാണു്. പൊന്നിയും നായരും അവിടെ എത്തി. അവിടുത്തെ വൃത്തിശൂന്യവും, ദുർഗ്ഗന്ധപൂർണ്ണവും ആയ ചില തെരുവുകളിൽക്കൂടെ നടന്നു് ഒരു വിശാലമായ നെടുമ്പുരയിൽ എത്തി. അവർ കോണിപ്പടിയും ഏറി മുകളിൽ എത്തിയപ്പോൾ അവരെ എതിരേല്പാൻ അനേകം സ്ത്രീകളും, കുട്ടികളും എത്തി. കൃഷ്ണൻനായർ എല്ലാവരോടും മന്ദഹസിച്ചു. ആ മന്ദഹാസത്തിൽ ഒരു മനോഹരതയും, സ്നേഹോദയഭാവവും വിളങ്ങിയിരുന്നു. ആ മന്ദഹാസം മറ്റുള്ളവർക്കു് സുഖംകൊടുത്തതുകൊണ്ടുമാത്രം സന്തുഷ്ടനാകുന്ന ഒരു ധന്യന്റെ മന്ദഹാസമായിരുന്നു.

കൃ. നാ.:
സ്ത്രീകൾ വസാദ് പറയുന്നതിൽ ഒരു പുതുമയുമില്ല.

ഇങ്ങിനെ പറഞ്ഞു്, അവർ തിരശ്ശീലകൊണ്ടു് മറച്ച ഒരു വാതിലുംകടന്നു്, ഒരു പ്രകാശമുള്ള മുറിയിൽചെന്നു. വാതിലുകൾ, ജനലുകൾ എന്നിവയൊക്കെ മാതാക്കന്മാർക്കു് ഉന്മേഷമുണ്ടാക്കാൻവേണ്ടി, പൂനാരങ്ങാനിറത്തിലുള്ള തിരശ്ശീലകളെക്കൊണ്ടു് ആവരണം ചെയ്തിരുന്നു.

വട്ടമേശകളുടെ ചുറ്റും സ്ത്രീകൾ ഇരുന്നിരുന്നു. ചായക്കോപ്പകൾ അങ്ങും ഇങ്ങും കൈമാറ്റം ചെയ്തിരുന്നു. പൊന്നിയും, കൃഷ്ണൻനായരും ചെന്നതുകണ്ടപ്പോൾ ക്രമേണ സംസാരം മങ്ങി എല്ലാവരും നിശ്ശബ്ദരായി.

കൃഷ്ണൻനായരെ തൊടാൻവേണ്ടിമാത്രം വളരെ സ്ത്രീകൾ അദ്ദേഹത്തിന്റെ ചുറ്റും വന്നുനിന്നു. തങ്ങളുടെ വീട്ടിൽ തല്ക്കാലം ഉണ്ടായ സങ്കടമോ, സന്തോഷമോ അദ്ദേഹത്തെ പറഞ്ഞുകേൾപ്പിപ്പാൻ എല്ലാവർക്കും ഇഷ്ടമായിരുന്നു. പൊന്നിക്കു് ഈ ഏർപ്പാടോടും, അതു് കൊണ്ടുനടക്കുന്ന ആളോടും വളരെ കൃതജ്ഞത തോന്നി. ഒരു നീളൻ കുപ്പായമിട്ടു് ഒരു ചെറിയകുട്ടിയെ കണ്ടു. വിനോദിപ്പാൻവേണ്ടി അവൾ അറിയാതെ അദ്ദേഹത്തിന്റെ അടുക്കെ നിന്നു് ഓടിപ്പോയി.

“അമ്മമാർക്കു് അബാധനായി സുഖിക്കാൻവേണ്ടി ബേബികളെ (ശിശുക്കളെ) വീട്ടിൽത്തന്നെ കിടത്തുകയാണെന്നു് ഞാൻ വിചാരിച്ചു.” ഇതായിരുന്നു അടുത്തുനിന്നിരുന്ന മാതാവോടു് അവൾക്കു് പറവാനുണ്ടായിരുന്നതു്.

ഈ വിഷയത്തിൽ പൊന്നി കാണിക്കുന്ന തൃഷ്ണ കണ്ടിട്ടു് ആ സാധുമാതാവിന്നു് വളരെ തൃപ്തിയായി.

മാതാവു്:
അതെ കൊച്ചമ്മെ. എന്റെ കുട്ടിയെപ്പോലെ വളരെ ചെറിയവരെ അങ്ങിനെ വിട്ടുപോരാറില്ല. അതുകൊണ്ടാണു് അവനെ ഞാൻ ഇങ്ങട്ടു് എടുത്തുകൊണ്ടുവന്നതു്.

ഈ സംസാരം മാതാവിനെ, അവൾ ചെയ്യേണ്ടുന്ന ഒരു മുറയെ ഓർമ്മപ്പെടുത്തി. അവൾ അവളുടെ റൗക്ക അഴിച്ചു് കുട്ടിയെ അവളുടെ മുലയോടു് അടുപ്പിച്ചുവെച്ചു. അവസ്ഥക്കാരായ സ്ത്രീകളെപ്പോലെ, ഈ കാഴ്ചകണ്ടിട്ടു് പൊന്നിയും ക്ഷണം മടങ്ങാത്തതെന്തായിരിക്കും എന്നവൾ ആശ്ചര്യപ്പെട്ടു. ആ റാണികൾക്കു് ഈ പ്രകൃതിദത്തമായ ധർമ്മത്തിന്റെ നടത്ത കാണുന്നതു്, അസഹ്യമായിരുന്നു. എത്രയോ സ്വാഭാവികകാര്യങ്ങളിൽ അനാവശ്യജുഗുപ്സ കാണിക്കുവാൻ, പൊന്നി, ജീവിതകാലത്തിലെ കണിശമായ സത്യതത്വങ്ങളെ പരിചയമുള്ളവളായിരുന്നു എന്ന വിവരം അവൾക്കുണ്ടായിരുന്നില്ല. ഒരു ചെറിയ ചുകന്ന വായ, മാതാവിന്റെ മുലയിൽനിന്നു് തന്റെ ജീവാമൃതം ഉൽസുകതയോടെ വലിച്ചെടുക്കുന്നതു് പൊന്നി കൗതുകത്തോടെ നോക്കി.

പൊന്നി:
അതിനു് നല്ല വിശപ്പുണ്ടു്. അല്ലെ.
മാതാവു്:
ശക്തിയുണ്ടെങ്കിൽ എല്ലാ കുട്ടികളുടേയും സ്ഥിതി ഇങ്ങിനെയാണു്.

കേൾപ്പാൻ ഒരാൾ ഉള്ളതുകൊണ്ടു്, മാതാവു് അവൾ അനുഭവിക്കേണ്ടിവന്ന സുഖദുഃഖങ്ങളെപ്പറ്റി പൊന്നിയുടെ അനുകമ്പാപൂരമായ കർണ്ണത്തിൽ കഥാവിസ്താരം ചെയ്തു. പാൽകുടിച്ചു് തൃപ്തിപ്പെട്ട കുട്ടിയെ അതിന്റെ മാതാവു്, മാറോടടുപ്പിച്ചു് അങ്ങട്ടും ഇങ്ങട്ടും ആട്ടുന്നതു് പൊന്നി സന്തുഷ്ടയായി നോക്കിയിരുന്നു. മറച്ചുവെയ്ക്കാത്ത അതൃപ്തിയോടെ ഒരാളുടെ കണ്ണുകൾ തന്റെമേൽ പതിഞ്ഞിരുന്ന വിവരം ഭാഗ്യവശാൽ പൊന്നിക്കും ഉണ്ടായിരുന്നില്ല.

പൊന്നിയെ അങ്ങിനെ ഒരാൾ നോക്കുന്നുണ്ടെന്നു് മുറിയുടെ മറ്റെ തലയ്ക്കൽ നില്ക്കുന്ന കൃഷ്ണൻനായരും കണ്ടുവാശായി. തന്റെ ഈ ഏർപ്പാടിന്നു് വേദവതി ലളിതയേയും ഒരു സഹായകക്ഷിയായി ക്ഷണിച്ചുനിർത്തിയതു് എത്രയോ തെറ്റിപ്പോയി എന്ന പച്ചപ്പരമാർത്ഥം കൃഷ്ണൻനായർക്കു് ശരിയാംവണ്ണം ബോദ്ധ്യമായതു് അപ്പോൾ ആയിരുന്നു. അവളെ ഒരു മെമ്പറായി കൊണ്ടുവരാൻവേണ്ടി വളരെ മാസങ്ങളോളം ദീർഗ്ഘമായ നിർബ്ബന്ധം വേണ്ടിവന്നിരുന്നു. അവളുടെ പേർ സഹായകക്ഷിയുടെ പട്ടികയിൽ പെടുത്താൻ ലളിത സമ്മതിച്ചിരുന്നു. എങ്കിലും വാളതാളത്തിൽ അവൾ ഒന്നാമതായി കാലെടുത്തുവെച്ചതു് അന്നായിരുന്നു. സഹജമായ ഔദാര്യംകൊണ്ടു് അദ്ദേഹത്തിന്റെ ഉള്ളിൽ ജനിച്ച ദുശ്ശങ്കകളൊക്കെ വെറുതെയാണെന്നുവെച്ചു് അയാൾ തള്ളി. ഒരു സമയം അവൾ വന്നതു് കഴിഞ്ഞതൊക്കെ മറന്നു്, പണ്ടത്തെപ്പോലെ താനുമായുണ്ടായ ചങ്ങാതിത്തം നിലനിർത്തുവാൻ വേണ്ടിയായിരിക്കും എന്നുംകൂടി അദ്ദേഹം ഊഹിച്ചു. ലളിത നോക്കുന്ന ദിക്കിലേയ്ക്കു് കണ്ണോടിച്ചപ്പോൾ തന്റെ സ്വന്തം കണ്ണും ചെന്നു് തുഞ്ചിയതു് പൊന്നിയുടെ മേലായിരുന്നു. ആ ചെറിയ കുട്ടിയേയും എടുത്തു് പരിപൂർണ്ണതൃപ്തിയോടെ നില്ക്കുന്ന പ്രണയത്തിന്റെ മൂർത്തിയായ പൊന്നിയുടെ വിഗ്രഹം ഒരു ഒന്നാന്തരം ചിത്രം എന്നപോലെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം അതിശയകരമായ ഒരു ശാന്തതകൊണ്ടു് മാർദ്ദവമായി. അദ്ദേഹത്തിന്റെ ഹൃദയം വേഗത്തിൽ തുടിച്ചു. ചൂടുള്ള രക്തം അദ്ദേഹത്തിന്റെ ദേഹത്തിന്റെ അന്തർഭാഗത്തിൽ ആകമാനം വ്യാപിച്ചു. “ഈശ്വരവിലാസം. എനിക്കു് പൊന്നിയെ യഥാർത്ഥത്തിൽ വളരെ സ്നേഹമാണു്. ആ ചെറിയ കുട്ടിയെ എടുത്തു് നില്ക്കുന്ന പൊന്നിയെ കാണുമ്പോൾ “കൃസ്തുദേവനും അമ്മയും” എന്നു്, കത്തോലിക്കപള്ളിയിൽ കണ്ട ചിത്രമാണു് ഓർമ്മവന്നതു്.” ഇങ്ങിനെ അയാൾ ഒന്നാമതായി തന്നോടുതന്നെ മന്ത്രിച്ചു.

ലളിതയും ആ സമയത്തു് കൃഷ്ണൻ നായരുടെ മുഖത്തൊന്നു് നോക്കി. ആരാധനയുടേയും, ഭക്തിയുടേയും ഒരു മിശ്രഭാവം ആ മനോഹരമുഖത്തിൽ കളിയാടുന്നുണ്ടെന്നു് തോന്നി. തന്റെ മുഖം ആ മാതിരി ചില ഭാവങ്ങൾ കൂറിച്ചിരുന്നു എന്ന ബോധം കൃഷ്ണൻനായർക്കു് ലേശം ഉണ്ടായിരുന്നില്ല. അവളുടെ സ്വാഭാവികമായി വിളറിയ മുഖം തെല്ലുകൂടി വെള്ളയായി. അവൾക്കു് അസൂയ സഹിയാതായി. കല്പിച്ചുകൂട്ടി പൊന്നിയെ അപമാനിക്കണം എന്ന ഏക വിചാരത്തോടെ അവൾ മുറിയിൽക്കൂടെ ശീഘ്രം വന്നു. എന്തുകൊണ്ടെന്നാൽ അവൾ സൂക്ഷിച്ചുനോക്കിയ പൊന്നി, കൃഷ്ണൻനായർ, കുപ്പയിൽനിന്നു് പെറുക്കി എടുത്ത കുന്നിക്കുരു എന്നു് തോന്നിപ്പോകുന്ന ലോലാംഗി ആയിരിക്കണം എന്ന ഊഹം ക്ഷണത്തിൽ അവൾക്കു് ഉണ്ടായി.

ലളിതയുടെ സാമാന്യം നീണ്ട വിഗ്രഹം, പൊന്നിയുടെ മുന്നിൽ വന്നുനിന്നതു് കണ്ടപ്പോൾ പൊന്നി അവളെ നോക്കി. ലളിതയുടെ മുഖത്തു് പ്രത്യക്ഷമായ പിണക്കഭാവം തന്നെ സംബന്ധിച്ചായിരിക്കുമോ എന്നു് പൊന്നി അത്ഭുതപ്പെട്ടു. അങ്ങിനെ ആണെങ്കിൽ, ഈ ശത്രുത്വം സമ്പാദിപ്പാൻ താൻ യാതൊന്നും ചെയ്തിട്ടില്ലെന്ന സത്യബോധവും അവൾക്കില്ലാതിരുന്നില്ല. പൊന്നി അടുക്കെ ഉണ്ടെന്നു് ലേശം വകവെയ്ക്കാതെ ലളിത, കുട്ടിയുടെ മാതാവിന്റെ മുഖത്തുനോക്കി. “ഹ! ആരും സ്നേഹിച്ചുപോകുന്ന കുട്ടി” എന്നു് മെല്ലെ പറഞ്ഞു് മാതാവിനെയും സന്തുഷ്ടയാക്കി. പൊന്നിയുടെ കയ്യിൽനിന്നു് ഒരുതരം അധികാരത്തോടെ കുട്ടിയെ വാരി എടുത്തു. കുട്ടിയുടെ ചരിത്രം വിസ്തരിക്കുന്നതിൻമുമ്പു് മാതാവു് “കുട്ടി ആണാകുന്നു” എന്നു് ലളിതയെ അറിയിച്ചു. ലളിത അവളുടെ ചരിത്രം, തല്ക്കാലം അവലംബിച്ച പുഞ്ചിരിയോടുകൂടെയും, തനിക്കു് ഇതു് കേൾപ്പാൻ സന്തോഷമുണ്ടു് എന്ന ഭാവത്തോടേയും, യഥാർത്ഥത്തിൽ ഉള്ളിൽ തോന്നിയ വെറുപ്പും, മുഷിച്ചലും പുറമെ കാണിക്കാതെയും കേട്ടു. നടക്കാൻ പ്രായമാകാത്ത കുട്ടികൾ മനുഷ്യദ്രോഹത്തിനു് അവതരിച്ചതാണെന്നുവെച്ചു് ലളിത അത്തരക്കാരെ നിരന്തരമായി നിർഭരം വെറുക്കുന്നവളാണു്. കുട്ടി കയ്യിൽ ഇരിക്കുന്നതു് അവൾക്കു് വളരെ അസുഖം ഉണ്ടാക്കി. ലളിത പൊന്നി ഉണ്ടെന്ന വിവരം കല്പിച്ചുകൂട്ടി ദൂരത്തറിഞ്ഞിരുന്നു. എന്നാൽ കുട്ടിയുടെ അമ്മ അവരുടെ ജാതിക്കു് സഹജമായ മനക്കൂർമ്മതകൊണ്ടു് ലളിത പൊന്നിയോടു് കാണിച്ച മര്യാദ ഇല്ലായ്മ നല്ലവണ്ണം മനസ്സിലക്കിയിരുന്നു. ലളിത ആ മാതാവോടു് നടത്തിയ സംഭാഷണത്തിൽ ലളിതയ്ക്കും ഒന്നിച്ചുകൂടുവാൻ അറിഞ്ഞുകൊണ്ടു് ഇടകൊടുത്തില്ല. പൊന്നി അപ്രകാരംതന്നെ ഇങ്ങിനെ ഒരു ലളിത വന്നിട്ടുണ്ടെന്ന സ്മരണപോലും ഇല്ലാത്ത മട്ടിൽനിന്നു.

പൊന്നിയുടെ നേരെ ഒരു ഉറക്കംതൂക്കിയ കടാക്ഷവും വിട്ടു് ലളിത പെട്ടെന്നു് പൊന്നിയെ നോക്കി, മാതാവോടു് ഇങ്ങിനെ ഹാസ്യത്തോടെ ചോദിച്ചു. “ഇതു് നിന്റെ മകളാണു് അല്ലേ!” ഈ മാതിരി ചോദ്യംകൊണ്ടു് പൊന്നിക്കു് കോപം ജനിക്കുമെന്നു് വിചാരിച്ചു് ഭീതയായ കുട്ടിയുടെ മാതാവു് “ഓ അല്ല. കൊച്ചമ്മേ” എന്നുമാത്രം പറഞ്ഞു് വാങ്ങിനിന്നു.

ലളിത:
എന്നാൽ നീ മറ്റൊരു മാതാവിന്റെ കുട്ടിയേയുമെടുത്തു് വന്നതായിരിക്കും—(പൊന്നിയെ നോക്കീട്ടു്) അതായിരിക്കും—ഇവൾ.

ഇങ്ങിനെ ഒരു മനോഹരമന്ദസ്മിതവും അവലംബിച്ചു് ലളിത തന്റെ ഊഹം പറഞ്ഞു. പൊന്നി പൊട്ടിച്ചിരിച്ചു് ആ മുറി മുഴുവനും ശബ്ദത്തിൽ മുഴക്കി. ദുസ്സാമർത്ഥ്യം കാണിക്കുന്ന കണ്ണുകളോടെ പൊന്നി ചിരിക്കുന്ന മദ്ധ്യേ ലളിതയെ നോക്കി “നിങ്ങളുടെ വാക്കു് കേൾക്കുമ്പോൾ ചിരിച്ചുപോകുന്നു.” ഞാൻ ഇന്നലെ ജനിച്ചവളൊന്നും അല്ല. ഞാൻ കൃഷ്ണൻനായരുടെ ഒപ്പം വരുന്നതു് നിങ്ങൾ കണ്ടിട്ടുണ്ടെന്നു് എനിക്കു് മനസ്സിലായിരിക്കുന്നു. എന്നെപ്പറ്റിയുള്ള വിവരമൊക്കെ നിങ്ങൾ സംശയമില്ലാതെ കണ്ടുപിടിച്ചായിരിക്കും. നിങ്ങളുടെ അസൂയയും, കോപവും, ഇച്ഛാഭംഗവും കണ്ടപ്പോൾ കൃഷ്ണൻനായരുടെ ഒന്നിച്ചു് ഞാൻ വരുന്നതു് നിങ്ങൾ കണ്ടിട്ടുണ്ടെന്നു് ഞാൻ അറിഞ്ഞു—പൊന്നി സമ്മതംകൂടാതെ ആ കുട്ടിയെ ലളിതയുടെ ഭാരമാണെന്നു് തോന്നിയ കൈകളിൽനിന്നു് വാരി എടുത്തു. പൊന്നി കുട്ടിയെ പതുക്കെ തന്റെ മുട്ടുകളിന്മേൽവെച്ചു് അങ്ങട്ടും ഇങ്ങട്ടും മെല്ലെ ഇളക്കി. പൊന്നിയുടെ വാക്കു് കേട്ടിട്ടൊന്നും ലളിതയുടെ മന്ദഹാസത്തിന്നു് കുറവുണ്ടായിട്ടില്ല.

ലളിത:
എന്തിനാണു് കുട്ടിയെ എന്നോടു് വാങ്ങിയതു്?
പൊന്നി:
നിങ്ങൾ അവളെ തട്ടിയതു് ഏലില്ലാത്ത വിധത്തിലായിരുന്നു. കുട്ടി കരയാൻ പുറപ്പെട്ടിരുന്നു. പിന്നെ നിങ്ങളുടെ ഊഹപ്രകാരം അതു് എന്റെ ചെറിയ സഹോദരി അല്ലേ! എന്തൊരു നേരംപോക്കാണിതൊക്കെ.

എന്നിട്ടു് അവൾ നീണ്ട ലളിതയുടെ വെളുത്തമുഖത്തു് ഒരു നോട്ടംവെച്ചു. ലളിത അവലംബിച്ച കപടമന്ദഹാസം പൊന്നിക്കു് അസഹ്യമായി തോന്നി. വേദവതിലളിത സമ്പൂർണ്ണമായ പരാജയത്തിൽ ഉഴലേണ്ടിവന്നു. അവൾ പൊന്നിയെ വടിയാക്കേണമെന്ന ദുഷ്ടവിചാരത്തോടുകൂടെയാണു് വന്നതു്—പൊന്നിയെ അനാവശ്യമായി ദ്രോഹിക്കണമെന്ന നിർണ്ണയത്തോടുകൂടെയാണു് വന്നതു്. എന്നിട്ടെന്തുഫലം? പൊന്നി അവളുടെ മുഖത്തുനോക്കി ചിരിച്ചതെ ഉള്ളു. അവളുടെ ജീവകാലത്തിൽ ഇങ്ങിനെ ഒരിക്കലെങ്കിലും അവൾ തോറ്റു് അണ്ണിമറഞ്ഞുപോയിട്ടില്ല. അവൾക്കു് കോപവും അത്ഭുതവും ഒരുപോലെ ഒരേ സമയത്തു് ഉണ്ടായി. ഈ കൂടിക്കാഴ്ചയി, യുദ്ധത്തിൽ ചില കക്ഷികൾ ചെയ്യുംപോലെ, പിന്നോക്കം വെയ്ക്കാൻ മാത്രമെ അവൾക്കു് കഴിഞ്ഞുള്ളു. അവളുടെ ഓരോ ചെള്ളയിലും പൊന്തിവന്ന, കോപലക്ഷണമായ ചുകപ്പുവർണ്ണവും കാണിച്ചുകൊണ്ടു്, ആരോടും വിടവാങ്ങാതെ വന്നപോലെതന്നെ ഇറങ്ങിനടന്നു. കുറെ കഴിഞ്ഞപ്പോൾ അവൾ കൃഷ്ണൻനായരുടെ അടുക്കലേയ്ക്കു് പോയി.

ലളിത:
നിങ്ങൾക്കു് എങ്ങുന്നോ കിട്ടിയ ആ ചെളുക്കപ്പെണ്ണു്—ആ കൊസ്രാക്കൊള്ളിക്കാരത്തി—അവളുടെ ധിക്കാരം ആർ സഹിക്കും.
കൃ. നാ.:
(പൊന്നിയെ താങ്ങേണമെന്ന വിചാരത്തിൽ പതുക്കെ) അവൾ ധിക്കാരിയുമല്ല, കൊസ്രാക്കൊള്ളിയുമല്ല. അവൾക്കു് ശിന്നമായ ഒരു മധുരമുഖമാണുള്ളതു്. അവൾ സുന്ദരിയാണെന്നതിനു് സംശയമില്ല. ഞാൻ വിചാരിച്ചു നീ അവളെ ഒരു സഖിയായി സ്വീകരിക്കുമെന്നു്. അവൾ എനിക്കുള്ള ഒരു വലിയ ചങ്ങാതി ആണു്.
ലളിത:
(കോപനിശ്വാസത്തോടെ) ഞാൻ അവളെ ഒരു സഖിയായി സ്വീകരിക്കുവാനോ. നിങ്ങൾ ചവറ്റുകുഴിയിൽനിന്നു് വലിച്ചെടുത്ത പെണ്ണിനേ!

കൃഷ്ണൻനായരുടെ മുഖം കറുത്തു. വേദവതിലളിതയ്ക്കു് അദ്ദേഹത്തിന്റെ സഖിത്വം സമ്പാദിപ്പാൻ വല്ലവഴിയും ഉണ്ടായിരുന്നു എങ്കിൽ—ആ ശകാരവാക്കു് പൊന്നിയെ സൂചിപ്പിച്ചു് പറഞ്ഞ നിമിഷത്തിൽ ആ വഴി അടഞ്ഞു് പോയി.

ലളിത:
പ്രിയകൃഷ്ണൻനായരേ! ഞാൻ പറഞ്ഞതു് യഥാർത്ഥമല്ല. ഞാൻ വെറും തമാശ പറഞ്ഞതാണു്—ഞാൻ—

അവൾ മാപ്പുചോദിച്ചതു് വെറും വായുവോടായിരിക്കുമൊ! കൃഷ്ണൻനായർ ആ നിമിഷത്തിൽ അവിടംവിട്ടു് എത്തേണ്ടദിക്കിൽ എത്തിക്കഴിഞ്ഞിരിക്കുന്നു.

ആ സമയത്തു് പാട്ടുകച്ചേരിക്കു് ഏർപ്പെടുത്തിയ സംഗീതക്കാർ വന്നു് അവർ അവരുടെ ജോലി മുറിമുഴങ്ങുമാറു് നടത്തി. ഇടയ്ക്കിടെ അവർ ഓരോ സംസാരവും നടത്തിയിരുന്നു. അവരുടെ പഠിച്ചുവെച്ച നേരംപോക്കുകൾ പൊന്നിയെ കണക്കിലേറെ രസിപ്പിച്ചു. വയറ്റിൽവേദന നടിച്ച ഒരു വിദൂഷകൻ അതിനുകാരണം “അമ്മ ഉണ്ടാക്കിയ പലഹാരം” എന്നു് പറയുന്നതു് കേട്ടപ്പോൾ അവൾ വളരെ ചിരിച്ചു. ഒരുത്തി അവളുടെ പരേതനായ ഭർത്താവിനെപ്പറ്റി “അവർ എനിക്കു് ഒരു ഭർത്താവിന്റെമാതിരി അല്ല. ഒന്നാംതരം ഒരു ചങ്ങാതിയുടെ മാതിരി ആയിരുന്നു” എന്നു് സ്തുതിച്ചപ്പോൾ ആ വാക്കിൽ അടങ്ങിയ ധ്വനി മനസ്സിലാക്കി അവൾ മന്ദഹസിച്ചു.

കൃഷ്ണൻനായർ അവളെ കൂട്ടിക്കൊണ്ടുപോവാൻ വന്നപ്പോൾ അവൾക്കു് ആ സ്ഥലം വിട്ടുപോകുന്നതുകൊണ്ടു് അസാരം സങ്കടം ഉണ്ടായി. കൃഷ്ണൻനായരുമായി പരിചയപ്പെട്ട ഒന്നാമത്തെ ദിവസത്തിൽ അവർ പോയ പലഹാരഷാപ്പിൽ, അവർ പിന്നേയും കേറി, ഒരു നല്ല സ്ഥലംകണ്ടുപിടിച്ചു് അവിടെ ഇരുന്നു. അദ്ദേഹത്തിന്റെ ഏർപ്പാടിൽ അവൾ കാണിച്ച ഉന്മേഷവും തൃഷ്ണയും അയാൾക്കു് പുതിയ ഉത്സാഹവും സംതൃപ്തിയും ഉണ്ടാക്കിക്കൊടുത്തപോലെ തോന്നി.

പൊന്നി:
മേലാൽ ഞാൻ അവർക്കു് പാട്ടുപാടിക്കൊടുക്കും. എന്റെ പഠിപ്പു് കഴിഞ്ഞാൽ അങ്ങിനെയല്ലെ വേണ്ടതു്. എനിക്കു് ഇപ്പോഴും പാടാൻ വയ്ക്കും. സംഗീതം നിശ്ചയമില്ല എന്ന കുറവേ ഉള്ളു.
കൃ. നാ.:
നിണക്കു് വീണപ്പെട്ടിയിൽ കൈനടത്താൻ വയ്ക്കുമോ?
പൊന്നി:
ഇല്ല. വീണപ്പെട്ടി ഞങ്ങളുടെ ഇടയിൽ ആർക്കും ഉണ്ടായിരുന്നില്ല. ഞാൻ വിചാരിക്കുന്ന എനിക്കു് ക്ഷണം പഠിക്കാൻ സാധിക്കുമെന്നു്. എനിക്കു് സംഗീതത്തിൽ അത്രത്തോളം വാസന ഉണ്ടു്.
കൃ. നാ.:
നിണക്കു് ഉടനെതന്നെ പഠിക്കാം. നിണക്കു് സ്വന്തമായി ഒരു വീണപ്പെട്ടിയും ഞാൻ തരുന്നുണ്ടു്.

അയാൾ ഒരു ചെറിയ കുട്ടിയെപ്പോലെ മധുരനടവടിയും സന്തോഷവും കൈക്കൊണ്ടിരുന്നു. എന്തുകൊണ്ടെന്നാൽ പൊന്നി, സാധുക്കളുടെ വിനോദത്തിന്നുവേണ്ടി, അദ്ദേഹം വെളിയിലിറക്കിയ ഉദ്ദേശവും, ഏർപ്പാടും ബാക്കിയുള്ള തന്റെ ചങ്ങാതികളെപ്പോലെ പുച്ഛിച്ചിരുന്നില്ല.

ചിലർ അയാളെപ്പറ്റി ഭ്രാന്തനാണെന്നു് പറഞ്ഞിരുന്നു. ചിലർ മുഖംകൊണ്ടു് ഗോഷ്ഠികാട്ടി തലഇളക്കിയ തങ്ങളുടെ വിസമ്മതം കാണിച്ചിരുന്നു. ഈ സഹജീവിദയാലുവിന്നു്, അഗതികൾ കാണിക്കുന്ന നന്ദികേടുതന്നെ ഒരു മറക്കാത്ത പാഠമായിത്തീർന്നു. ഒരു കാര്യമായ ഭേദം ഉണ്ടാകുമെന്നു് വേറെചില പ്രവാചകന്മാരും ഘോഷിച്ചു.

എന്നാൽ പൊന്നിക്കു് നല്ലവണ്ണം മനസ്സിലായി എന്നു് അയാൾക്കു് അനുഭവമായി. ഈ ചെറുപ്പക്കാരിപ്പെണ്ണു്, അഗതികളുടെ കുട്ടി എന്നു് എണ്ണപ്പെടേണ്ടവൾ, തന്റെ ഏർപ്പാടുകൾ അത്യാവശ്യമാണെന്നും താൻ ലോകത്തിനുവേണ്ടി യഥാർത്ഥത്തിൽ യത്നിക്കുന്നുണ്ടെന്നും, തന്റെ ഉദ്ദേശം വെറും നൊസ്സല്ലെന്നും സ്പഷ്ടമായി പറഞ്ഞിരിക്കുന്നു. അതെ, പൊന്നി മാത്രമെ തന്നെ മനസ്സിലാക്കീട്ടുള്ളു. തന്നെ മനസ്സിലാക്കുന്ന ഒരാളെ കണ്ടുകിട്ടാൻ അയാൾ ആർത്തിയോടെ കാത്തിരുന്നു. പൊന്നി ഒരു ഉള്ളു തുറന്ന അനുകമ്പ തന്നോടു് ചോദിക്കാതെ സ്വമേധയായി കാണിച്ചിരുന്നു. വേദവതിലളിതയാകട്ടെ അയാളുടെ ഉദ്ദേശങ്ങൾ കേട്ടിരുന്നതു് അവളുടെ ഉദാസീനത മറച്ചുകളവാൻവേണ്ടി ഒരു ഇല്ലാത്ത തൃഷ്ണ നടിച്ചുകൊണ്ടായിരുന്നു. ഇവർ തമ്മിൽ ഉണ്ടായിരുന്ന ഭീമമായ ഭേദം അപ്പോൾത്തന്നെ അയാൾക്കു് ബോദ്ധ്യപ്പെട്ടു. ലളിത അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വളരെ താണു. ഈ വിചാരം തത്സമയത്തു് അയാളുടെ ഉള്ളിൽ സ്ഥലംപിടിച്ചിരുന്നു.

കൃ. നാ.:
അല്ല പൊന്നീ! നീ ഇന്നു് ഉച്ചതിരിഞ്ഞപ്പോൾ എന്റെ ചങ്ങാതിയോടു് എന്തോ വിശേഷം പറഞ്ഞുകൊണ്ടിരുന്നല്ലൊ, ലളിതയോടു് അവളായിരിക്കും നിന്നോടുവന്നു് പരിചയമായതു്.
പൊന്നി:
ഓ! ആ നീചക്കണ്ണുള്ള സ്ത്രീയോ! അവൾ നിങ്ങളുടെ ചങ്ങാതിയാണോ?
കൃ. നാ.:
അവളുടെ കണ്ണു് നീചമാണെന്നു് എന്തുകൊണ്ടാണു് നീ പറഞ്ഞതു്!
പൊന്നി:
അങ്ങിനെ ആയിട്ടുതന്നെ. സന്തോഷഭാവം ആ കണ്ണിൽ കാണുകയില്ല. അവൾ ചിരിക്കുന്നതു് ചുണ്ടുകൾകൊണ്ടുമാത്രമാണു്. ഞാൻ അവളെ വെറുക്കുന്നു.

എന്നിട്ടു് പൊന്നി, ലളിത കാണിച്ച മര്യാദകേടിനെപ്പറ്റിയും, അവർ തമ്മിൽ ഉണ്ടായ വാഗ്വാദങ്ങളെപ്പറ്റിയും എത്രയോ നേരംപോക്കിൽ വിവരിച്ചുകൊടുത്തു. കൃഷ്ണൻനായർ ഒന്നും മിണ്ടിയില്ല. എന്നാലും അയാളുടെ മുഖം പുഞ്ചിരികൊണ്ടു് തെളിഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യ തനിക്കു് താൻ പോന്നവളാണെന്നു് മനസ്സിലായി. ഏതായാലും ആ ശക്തി അവൾക്കു് അവശ്യം ആവശ്യമാണു്.

സാധുസ്ഥിതിയിൽ നാൾകഴിക്കേണ്ടിവന്ന പൊന്നിയെ ഒരു ഉന്നതപദവിയിൽ കൊണ്ടുവെക്കാനാണു് കൃഷ്ണൻനായരുടെ ഉദ്ദേശം. ലളിതയെപ്പോലെ നിർദ്ദയകളായ അസൂയാകക്ഷികളെകൊണ്ടു് പൊന്നിക്കു് അനേകം ദ്രോഹങ്ങളും അഭിമാനക്ഷയവും സഹിക്കേണ്ടിവരുമെന്നും കൃഷ്ണൻനായർ കണ്ടു. എനിയും ഒരു കൊല്ലത്തോളം, അവളുടെ ചുറുചുറുക്കും, ആത്മശക്തിയും അഗണ്യഭാവവും അത്യാവശ്യമായിരിക്കും.

ലക്ഷ്മിഅമ്മയുടെ വീട്ടിലേയ്ക്കു് പുറപ്പെടുമ്പോൾ നേരം ഏഴു് കഴിഞ്ഞിരിക്കുന്നു. അവർ ടിക്കറ്റുംവാങ്ങി തീവണ്ടിയിൽകേറി.

കൃ. നാ.:
ഒരു പതിനാലു് ദിവസത്തോളം ഞാൻ നിന്നെ സ്വസ്ഥമായി വിടാം. ആ കാലത്തിന്നുള്ളിൽ നിണക്കു് സ്വസ്ഥതകൊണ്ടു് നല്ല ദേഹസുഖവും ഉണ്ടാകും. എന്നതിൽ പിന്നെ നിണക്കു് സ്ക്കൂളിൽപോവാൻ ആരംഭിക്കാം.

സ്ക്കൂൾ എന്ന വാക്കു് കേട്ട ഉടനെ പൊന്നി തന്റെ മുഖം കൂർപ്പിച്ചു. എന്നാൽ കൃഷ്ണൻനായർക്കു് താൻ സ്ക്കൂളിൽ പോകുന്നതാണു് അനുഗ്രഹമെന്നുവെച്ചു് അവൾ ഉടനെ സമ്മതസൂചകമായി മന്ദഹസിച്ചു. രണ്ടാളും ലക്ഷ്മിഅമ്മയുടെ വീട്ടിൽ ക്ഷണം എത്തി.

പൊന്നി:
കുട്ടേട്ടാ! രാമരാമം.

“നിങ്ങൾ എന്നെ ഒന്നു് ചുംബിക്കുന്നില്ലേ” എന്നുകൂടി അവൾക്കു് പറവാൻ തോന്നി എങ്കിലും, തല്ക്കാലം അവൾ വിരമിച്ചു.

ഉറങ്ങാൻ പോകുംമുമ്പെ പൊന്നി തന്റെ അഴകുള്ള ഉടുപ്പുപെട്ടിയും മറ്റും സന്തോഷത്തോടെ തലോടി. പിന്നീടു് അന്നുരാവിലെ അവൾക്കു് കൃഷ്ണൻനായർ അയച്ച കത്തു് തിരഞ്ഞെടുത്തു്, അതിലെ കയ്യെഴുത്തു് മതിവരാത്തവണ്ണം ചുംബിച്ചു. “എന്റെ കുട്ടേട്ടാ—നിങ്ങളുടെ അനുരാഗം എന്നിൽ പതിയുവാൻ എനിക്കു് എത്ര ആഗ്രഹമുണ്ടു്. എനിക്കു് നിങ്ങളോടു് എത്ര വമ്പിച്ച അനുരാഗമുണ്ടു്. ദൈവം നിങ്ങൾക്കു് യാതൊരു ഉടവും വരുത്താതെ എപ്പോഴും നിങ്ങളെ കാത്തുരക്ഷിക്കട്ടെ.”

അവളുടെ മന്ദോഷ്ണമയമായി പന്തുപോലെ ഉരുണ്ടു് തള്ളിനിന്നിരുന്ന മാറത്തു്, അവളുടെ നൈറ്റ്ഡ്രസിന്റെ ഉള്ളിലായി ആ കത്തും ചേർത്തുകൊണ്ടു് അവൾ കരഞ്ഞുംകൊണ്ടു് ഉറങ്ങിപ്പോയി.

എട്ടാം അദ്ധ്യായം

പൊന്നി സ്ക്കൂളിൽ ചേരാൻ നിശ്ചയിച്ച ദിവസത്തിന്റെ തലേന്നു് ലക്ഷ്മിഅമ്മയോടു് വരുമെന്നു് വളരെക്കാലമായിട്ടു് വാഗ്ദത്തം ചെയ്തിരുന്ന രാമാനുജൻരാജാവു് വക്കുപറമ്പിലേയ്ക്കു് ചെന്നു. ലക്ഷ്മിഅമ്മയുടെ സന്തോഷത്തിന്നും, പത്രാസിന്നും സീമ ഉണ്ടായിരുന്നില്ല. ഒരു രാജാവു് തന്നെ കാണ്മാൻ താൻ പാർക്കുന്നേടത്തു് ചെല്ലുന്നതു് ചില്ലറക്കാര്യമാണോ? പൊന്നിയേയുംകൂട്ടി മോട്ടോർക്കാറിൽ ഒന്നു് സവാരി ചെയ്വാൻ സമ്മതം ചോദിച്ചപ്പോൾ ലക്ഷ്മിഅമ്മ ഉടനെതന്നെ അനുകൂലിച്ചു.

പൊന്നിക്കും വളരെ സന്തോഷമുണ്ടായി. പൊന്നിക്കു് ആഗ്രഹവും, വിനോദവും അവളുടെ ചുരുങ്ങിയ ജീവകാലത്തു് ഇത്രത്തോളം തുളുമ്പിവന്നിരുന്നില്ല. പതിനേഴുവയസ്സുതികഞ്ഞ ഒരു പെണ്ണിനു് ജന്മനാ മുളച്ചുവരാനിടയുള്ള ചില നവീനവികാരങ്ങളും ആശകളും മനസ്സിൽ വന്നുചേരുന്ന നൂലാമാലകളായ വിചാരങ്ങളും മറ്റും ഈ ചിത്തശാസ്ത്രതത്വജ്ഞൻ നല്ലവണ്ണം മനസ്സിലാക്കിവെച്ചിരുന്നു. കരിപോലെ ശുമ്മാകിടക്കുന്ന വെടിമരുന്നിൽ ഒരു കനൽ ഇട്ടുകൊടുത്താൽ അതു് പാളാതിരിക്കില്ലെന്നു് രാജാവിന്നു് നല്ല നിശ്ചയമുണ്ടായിരുന്നു. കാറിൽ സവാരിചെയ്ക മുതലായ വിനോദങ്ങളിൽ പൊന്നിക്കു് ഒരു പ്രത്യേക പിടിത്തമുണ്ടായിരുന്നു. പോരാഞ്ഞിട്ടു്, പൊന്നിയുടെ പ്രീതി സമ്പാദിക്കുവാൻവേണ്ടി ലക്ഷ്മിഅമ്മയോടു് വിവരങ്ങളെല്ലാം നോക്കി മനസ്സിലാക്കിയ ആ ധൂർത്തൻ, സ്ക്കൂളിൽ പോകുന്നതു് അനാവശ്യമാണെന്ന അഭിപ്രായവുംകൂടി പാസ്സാക്കിക്കഴിഞ്ഞിരിക്കുന്നു. അവളുടെ മുഖം നോക്കിയപ്പോൾ അവിടെ തിളങ്ങിക്കണ്ട താരുണ്യവും സൗന്ദര്യവും അദ്ദേഹത്തിന്റെ അനുരാഗവഹ്നിക്കു് വിറകുകൾപോലെ നിന്നു. ഇത്ര ആശിക്കത്തക്ക ഒരു സൃഷ്ടിയെ രാജാവു് തന്റെ ആയുസ്സിനിടയ്ക്കു് കണ്ടിരുന്നില്ല.

രാമാനുജൻരാജാ:
എന്തൊരു ലജ്ജാവഹമായ എർപ്പാടാണിതു്. കൃഷ്ണൻനായരുടെ ചില ഏർപ്പാടുകൾ എന്നെ അത്ഭുതപ്പെടുത്തുന്നു. ഹാ! എനിക്കു് കള്ളിയൊക്കെ മനസ്സിലായി. നിന്നെ വല്ലേടത്തും കൊണ്ടയിട്ടു് ഇവിടുന്നു് വിടത്തുവാൻ അയാൾക്കു് ആവശ്യം നേരിട്ടിട്ടുണ്ടു്. കുറെ നാളോളം അദ്ദേഹത്തിന്നു് അങ്ങിനെ ചെയ്യാതിരിക്കുവാൻ നിവൃത്തിയില്ല.

രാജാവിന്റെ അവസാനത്തെ വാക്കിൽ ഉണ്ടായിരുന്ന സൂചന അദ്ദേഹം അവിടെ കല്പിച്ചുകൂട്ടി വെച്ചതായിരുന്നു.

പൊന്നി:
കുറെ നാളുകളോളമോ! അങ്ങുന്നേ! നിങ്ങൾ പറഞ്ഞതിന്റെ സാരമെന്താണു്?
രാജാ:
ഓഹോ. അങ്ങിനെയാണൊ ഞാൻ വിചാരിച്ചു എല്ലാ വിവരവും നീ അറിയുമെന്നു്. വേദവതി ലളിതയില്ലേ! അവൾക്കു് കൃഷ്ണൻനായർ മറ്റൊരു പെണ്ണിന്റെ മുഖത്തുനോക്കുന്നതുതന്നെ അസൂയയാണു്. നിന്റെ കാര്യത്തിൽ അദ്ദേഹം സമയം ചിലവഴിക്കുന്നതു് ലളിതയ്ക്കു് അത്യന്തം വിരോധമാണു്.
പൊന്നി:
ഞങ്ങളുടെ കാര്യത്തിൽ കയ്യിടാൻ അവൾക്കു് എന്തു് അധികാരമാണുള്ളതു്.
രാജാ:
എന്തു്! ഇതുംകൂടി കൃഷ്ണൻനായർ നിന്നോടു് പറഞ്ഞിട്ടില്ല എന്നോ. ക്ഷണം പുറത്താകുന്ന കാര്യം മറച്ചുവെച്ചിട്ടു് ഫലമെന്താണു്. കൃഷ്ണൻനായർ ലളിതയെ അടുത്തു് വിവാഹം ചെയ്വാൻ നിശ്ചയിച്ചിട്ടുണ്ടു്.
പൊന്നി:
ഇല്ല.

അവളുടെ കാന്തിയേറിയ കണ്ണുകൾ ഇടിവെട്ടുംപോലെയുള്ള ഈ വർത്തമാനം കേട്ടിട്ടു് വേണ്ടതിലധികം വികസിച്ചു. സാധുപ്പൊന്നി, തന്റെ സമീപത്തു് സങ്കോചം കൊണ്ടു് വിളർത്തുപോയ മുഖത്തോടെ പറ്റിയിരിക്കുന്നുണ്ടെന്നും തന്റെ കളവു് ശരിക്കു്, കുറിക്കു് കൊണ്ടിട്ടുണ്ടെന്നും, ദയാഹീനനായ ആ വഞ്ചകന്നു് തൃപ്തിയാകുംവിധം ബോദ്ധ്യമായി. എന്നുമാത്രമല്ല പൊന്നി, ചാരിത്രത്തിന്നു് ഇതുവരയ്ക്കും കളങ്കമൊന്നും പറ്റാത്ത “ഒരു അനാഘ്രാതപുഷ്പവും.” “അനാരവധോല്കീർണ്ണംമണിയും,” “കരരുഹെഃഅലൂനം കിസലയവും” ലഭ്യവസ്തുക്കളിൽവെച്ചു് പ്രധാനമായെണ്ണേണ്ടുന്ന ഒരു തരുണീരത്നവും ആണെന്ന ബോധം അദ്ദേഹത്തിന്റെ ദുഷ്കാമത്തിന്നു് വളരെ മാറ്റുകൂട്ടി. നഗരത്തിലെ ലോകം എന്തുതന്നെ അപവദിച്ചാലും, പൊന്നിക്കു് കൃഷ്ണൻനായരോടു് അനുരാഗം ഉണ്ടു് എന്നല്ലാതെ കൃഷ്ണൻനായർക്കു് അവളെ അനുഭവിക്കാൻ അവസരമുണ്ടായിട്ടുകൂടി, തനിക്കു് അവിവാഹിതന്റെ നിലയിൽ പാടില്ലെന്നുവെച്ചു്, കൃഷ്ണൻനായർ ഉപേക്ഷിച്ച വിവരവും രാജാവിന്നുണ്ടായിരുന്നു. രാജാവിന്നു് എല്ലാംകൊണ്ടും അവൾ ആശിക്കത്തക്ക ഒരു രമ്യവസ്തുവാണെന്നു് കണിശമായ അഭിപ്രായം മാത്രമെ ഉണ്ടായിരുന്നുള്ളു. ദുഷ്ടവിചാരം കൂടാതേയും, കാര്യത്തിന്റെ വാസ്തവം അറിയാതേയുംകൂടി ആണെങ്കിലും വേദവതി ലളിതയ്ക്കു് അദ്ദേഹത്തോടുള്ള വാത്സല്യം ഖണ്ഡിതമായ്പോകാ കാരണമായതു് കൃഷ്ണൻനായരാണു്. തന്നതു പകരം വീട്ടണം. പണത്തിൽ കുളിച്ചിരുന്ന ലളിതയെ തന്റെ കയ്യിൽനിന്നു് അപഹരിച്ചതു് കൃഷ്ണൻനായരാണെന്നു് രാജാവു് അനാവശ്യമായി അവളെ കുറ്റപ്പെടുത്തി. കള്ളനെ കക്കുന്നതു് സാരമില്ല.

പൊന്നി അദ്ദേഹത്തിന്റെ അരികെ ഒരു പ്രതിമപോലെ നിവർന്നിരുന്നിരുന്നു. അവളുടെ മുഖം രക്തമില്ലാതെ വിളർത്തുപോയിരുന്നു. രാജാവിന്റെ വിവരം സ്ഥാപിക്കത്തക്ക വല്ലതെളിവുകൾ വേറെയും ഉണ്ടോ എന്നു് അവൾ വിചാരിച്ചുനോക്കുകയായിരുന്നു. വാളക്കാളത്തിൽ ലളിത വന്ന കാര്യം അവൾക്കു് ഓർമ്മ വന്നു. അവൾക്കു് തന്നോടുള്ള അസൂയയും ഓർമ്മവന്നു. കൃഷ്ണൻനായരോടു് സംസാരിക്കുമ്പോളൊക്കെ അവളുടെ മുഖത്തുണ്ടായിരുന്ന തേജസ്സു് വർദ്ധിക്കാറുണ്ടെന്നു് അവൾ കണ്ടിരുന്നു. അതൊന്നും പോരെങ്കിൽ അനുരാഗത്തെപ്പറ്റി തന്നോടു് മിണ്ടിപ്പോകരുതെന്നു് കൃഷ്ണൻനായർ അവളെ താക്കീതുചെയ്തതും മറ്റും ഓർത്താൽ രാജാവിന്റെ വാക്കു് അസത്യമായിരിപ്പാൻ ഇടയില്ലെന്നു് അവൾക്കു് തോന്നി. ഇതിന്നൊക്കെ ശരിയായ കാരണം ഉണ്ടായിരിക്കണം. അതു് അദ്ദേഹത്തിന്റെ അനുരാഗത്തിന്നു് പാത്രമായതു് ലളിതയാകകൊണ്ടാണു്. സംശയമില്ല. അവൾ തന്റെ കരപല്ലവങ്ങൾ ശക്തിയോടെ മടക്കിപ്പിടിച്ചു. മുല്ലമൊട്ടുകൾപോലെ ഇരിക്കുന്ന പല്ലുകളെക്കൊണ്ടു് അവൾ തന്റെ ശോണാധരം മുറിഞ്ഞുപോകുംപ്രകാരം കടിച്ചു. ഒരു നിമിഷത്തിന്നുള്ളിൽ, കൃഷ്ണൻനായർ അനുരാഗിക്കുന്നതു് സുന്ദരിയും, നിർദ്ദയയുമായ ആ തനിച്ച പത്രാസുകാരത്തിയെ ആണെന്നു് അവൾ വ്യസനിച്ചു. അസംസ്കൃതയായ ഒരു പെണ്ണിന്നു് എതിർകക്ഷിയോടു് ജനിക്കുമാറുള്ള ഒരുതരം അനിവാര്യമായ കോപം അവളുടെ ഹൃദയത്തിൽ ഉജ്ജ്വലിച്ചു. അവളുടെ ദേഹം വിറച്ചു. അവളുടെ കണ്ണിൽനിന്നു് തീപ്പൊരിപാറി, “ആ പിശാചു്” എന്നു് ഒരു രാക്ഷസിയെപ്പോലെ അവൾ ഉച്ചരിച്ചു.

രാജാ:
എന്താ നീ പറഞ്ഞതു്. ഞാൻ കേട്ടില്ല.
പൊന്നി:
ഞാൻ ഒന്നും പറഞ്ഞിട്ടില്ല.
രാജാ:
അതെ നീ പറഞ്ഞിട്ടുണ്ടു്. പെൺകുട്ടികൾ ഉണ്ടായകാര്യം ഇല്ലെന്നു് പറയരുതു്.

ശ്വാസംമുട്ടിപ്പോകുന്ന ഏങ്ങലോടെ, അവളുടെ മുടിമേൽ പിണച്ചുവെച്ച കൈകളിൽ തന്റെ സ്പർശനരമ്യമായ ഉത്തമാംഗം സമർപ്പിച്ചു. പൊന്നി വളരെ കരഞ്ഞു. ഇതുകൊണ്ടു് രാജാവിന്നു് ഉള്ളാലെ സന്തോഷമാണു് വളരെ ഉണ്ടായതു്. എന്നാൽ അതിയായ വ്യസനവും, അനുകമ്പയും, പാരവശ്യവും, സമർത്ഥനായ ഒരു നടനേപ്പോലെ അഭിനയിച്ചിരുന്നു.

രാജാ:
(ഇടറിക്കൊണ്ടു്) എന്റെ പ്രിയ പെൺകിടാവെ! നീ ഇത്രത്തോളം വ്യസനിക്കുമെന്നു് ഞാൻ വിചാരിച്ചിരുന്നില്ല. ഞാനാണു് ബുദ്ധിയില്ലാത്ത കഴുത. കൃഷ്ണൻനായർ നിന്നിൽനിന്നു് മറച്ചുവെച്ച എന്തെങ്കിലും ഒരു കാര്യം എന്നോടു് അറിയാതെ പറഞ്ഞുപോയിട്ടുണ്ടോ?

ദീർഘമായി ഒന്നു് നിശ്വസിച്ചതുകൂടാതെ പൊന്നി തന്റെ കൈ അമർത്തുപിടിക്കുന്നതും തനിക്കനുഭവമായി. താൻ ജയസിദ്ധിവരുന്ന മാർഗ്ഗത്തിൽക്കൂടെയാണു് പോകുന്നതു് എന്നും ആ കള്ളന്നു് തീർച്ചവന്നു.

പൊന്നി:
(ഏങ്ങിക്കൊണ്ടു്) നിങ്ങളുടെ തെറ്റൊന്നുമല്ല. അവർ വിവാഹം കഴിപ്പാൻ പോകുന്നുണ്ടെന്ന വിവരം എനിക്കു് കേവലം ഇല്ലായിരുന്നു എന്നു് നിങ്ങൾ ഗ്രഹിച്ചിരുന്നില്ല. എനിക്കു് ഒന്നും ഇല്ല. അവരുടെ ഇഷ്ടത്തിൽ—

രാജാവിനു് വാസ്തവത്തിൽ ചിരിയാണുവന്നതു്. അതു് തന്റെ കാര്യസിദ്ധിക്കു് വിരുദ്ധമായിത്തീരും എന്നു് വിചാരിച്ചിട്ടു് അയാൾ പ്രയാസത്തോടെ അടക്കി.

രാജാ:
ഇല്ലതന്നെ. എനിക്കു് മനസ്സിലായി.
പൊന്നി:
നിങ്ങൾ എന്നെ നോക്കി ചിരിക്കുന്നുണ്ടെന്നു് തോന്നുന്നു.

പൊന്നി പെട്ടെന്നു് അയാളെ നോക്കിയപ്പോൾ കാര്യം മനസ്സിലാക്കിയതാണു്. മുഖത്തിൽനിന്നു് ചിരി അടയാളം അയാൾ അകറ്റിയെങ്കിലും, ആ ചിരിയുടെ മിന്നൽ അയാളുടെ കണ്ണിൽ ശരിക്കു് കണ്ടിരുന്നു. പൊന്നി തന്റെ മുഖം കൂർപ്പിച്ചു.

രാജാ:
ചിരിക്കുന്നോ! എന്തൊക്കെയാണു് എന്റെ ചെറിയ പൊന്നീ പറയുന്നതു്. ഞാൻ കൃഷ്ണൻനായരുടെ മാതിരിക്കാരനൊന്നുമല്ല. എന്നു വെച്ചാൽ നീ എനിക്കു് ഒരു ആരാധ്യവസ്തുവാണു്. അപ്പോൾ എനിക്കു് ചിരി എങ്ങിനെ വരും.

രാജാവു് അയാളുടെ രണ്ടു് കൈകൊണ്ടും അവളുടെ ഒരു കൈപിടിച്ചു് അമർത്തു. രാജാ കുറെനേരം അവളുടെ കണ്ണുകൾനോക്കി. രാജാവിന്റെ ആകർഷണീയവും അർദ്ധനിമീലിതവും ആയ ഓരോ കണ്ണും പക്ഷികളെ മയക്കുന്ന പാമ്പിന്റെതുപോലെ അവൾക്കു് ഒരു വല്ലാത്തമോഹം ഉണ്ടാക്കി.

അവർ നഗരത്തിലെ വിജനവും വൃക്ഷംനിറഞ്ഞതുമായ പാർക്കിൽ എത്തി. രാജാവിന്നു് കാമാധിക്യംകൊണ്ടു് കാർ ശരിയായി കൊണ്ടുനടത്താൻതന്നെ പ്രയാസം നേരിട്ടു. പെട്ടെന്നു് കാർ ഒരേടത്തു് നിന്നുപോയി. അയാൾ അതിനെ വീണ്ടും നടത്താൻ യാതൊരു ശ്രമവും ചെയ്തില്ല. സൂര്യൻ രക്തവർണ്ണമായ ആകാശത്തിൽക്കൂടെ അസ്തമിക്കാൻ പുറപ്പെട്ടു. സന്ധ്യയുടെ ആഗമനം എല്ലാവർക്കും തല്ക്കാലം ഒരു മൗനത ഉണ്ടാക്കി. പക്ഷികളുടെ സന്ധ്യാവന്ദനം ക്രമേണ മന്ദിച്ചു. പ്രാണികളുടെ കരച്ചിൽ എല്ലാം ഒന്നിച്ചിട്ടു് ഒരു ഇടവിടാതെ ഝംകാരം ഉണ്ടാക്കി. പ്രകൃതി നിദ്രയ്ക്കു് ആരംഭിക്കുമ്പോൾ, പൂർണ്ണവിശ്രമത്തിന്നുവേണ്ടി ശബ്ദങ്ങളൊക്കെ അടക്കാൻ ഗായകന്മാർ ചെയ്യുന്ന അദ്ധ്വാനമോ എന്നുതോന്നി. പ്രകൃതി തന്റെ ഉള്ളിൽ അങ്കുരിപ്പിക്കുന്ന ആഗ്രഹം ഫലവത്താക്കേണ്ടുന്ന സമയം അടുത്തെന്നു് രാജാവിന്നു് തോന്നി. പൊന്നിയുടെ നിഷ്കളങ്കമായ ചാരിത്ര്യം! ശഠനായ രാജാവിന്റെ ദുരാഗ്രഹംകൊണ്ടു് കല്ലിച്ചുപോയ ഹൃദയം! ഇവ തുഞ്ചുന്നതു് എവിടെയായിരിക്കും. പൊന്നിയുടെ ദിവ്യമുഖം അദ്ദേഹം കണ്ണുപറിക്കാതെ മതിവരാത്തവണ്ണം വളരെനേരം നോക്കി. നോക്കുംതോറും അവളുടെ വെണ്മയാർന്ന സൗന്ദര്യം അയാളുടെ ഹൃദയത്തിൽ പതിഞ്ഞു. അവളുടെ വളഞ്ഞുചുകന്ന ചുണ്ടു് അയാളുടെ മുഖത്തിന്റെ അടുത്തുതന്നെ ഞങ്ങളെ ചുംബിക്കണെ എന്നു് ക്ഷണിക്കുമ്പോലെ മനോഹരമായി സ്ഥിതിചെയ്യുന്നുണ്ടു്.

രാജാ:
(മന്ത്രിക്കുംപോലെ) എന്റെ പൊന്നുപൊന്നീ, നമുക്കു് കൃഷ്ണൻനായരേയും അയാൾ വിവാഹം ചെയ്വാൻ പോകുന്ന പെണ്ണിനേയും മറന്നുകളയാം. അവളേക്കാൾ നൂറിരട്ടി നല്ലതു് നിയാണു്. നീ ഒരു സുന്ദരിയാണെന്നു് നിന്നോടു് യാതൊരു പുരുഷനും പറഞ്ഞിട്ടില്ലേ!
പൊന്നി:
(നാണംകൊണ്ടുമുഖം ചുകന്നുപോയിട്ടു്) ഇല്ല.

എന്നാൽ ലക്ഷ്മിഅമ്മയുടെ വീട്ടിൽനിന്നു് അവൾ ഉറങ്ങുമ്പോൾ സ്വപ്നത്തിൽ കൃഷ്ണൻനായർ അവളോടു് അങ്ങിനെ പറഞ്ഞിട്ടുണ്ടെന്നു് അവൾക്കുതോന്നി.

കൃഷ്ണൻനായർ പലവക സാധനങ്ങൾ വാങ്ങാൻ നഗരത്തിൽ കൊണ്ടുപോയശേഷം അങ്ങിനെ അവൾക്കു് പല സ്വപ്നങ്ങളും ഉണ്ടായിരുന്നു. അവളുടെ പ്രായപൂർത്തി നല്ലവണ്ണം തികയാത്ത ദേഹത്തിൽ, ആത്മാവു് മെല്ലെ ഉണർന്നു് വന്നിരുന്നു. അവൾ ഒരു യുവതിയായപ്പോൾ മനസ്സിലാക്കാൻ സാധിക്കാത്ത ചില പുതിയ ആഗ്രഹങ്ങളെക്കൊണ്ടു് തിങ്ങിവിങ്ങി അവളുടെ ഹൃദയം സ്പന്ദനം ചെയ്തുകൊണ്ടിരുന്നു. അനുരാഗം അവൾ അനുഭവിക്കുന്നുണ്ടെന്നുതോന്നി. തോന്നി എന്നുമാത്രം പറഞ്ഞാൽപോരാ, അതിന്റെ ശക്തി അവൾ നല്ലവണ്ണം അറിഞ്ഞു. എന്നാൽ അനുരാഗം ഉല്പാദിപ്പാൻ അവളോടാരും ചോദിച്ചിട്ടില്ല. അവളോടാരും ആവശ്യപ്പെട്ടിട്ടില്ല. അങ്ങിനെയുള്ള ഒരു പുരുഷന്റെ നേരെയാണു് അവളുടെ രാഗം വീണുപോയതു്. കൃഷ്ണൻനായരുടെ സുന്ദരനേത്രങ്ങൾ, അവളുടെ നേത്രങ്ങളെ സന്തോഷത്തോടുകൂടെ നോക്കിയപ്പോൾ അവളുടെ ഹൃദയത്തിൽ ഒരു പുതിയ വികാരം ഉണർത്തിയിരുന്നു. അതു് അത്ഭുതമധുരവും, വിവരണാതീതവും, അസ്പഷ്ടവും ആയ ഒരു “അതു”തന്നെയായിരുന്നു. എന്നിട്ടുകൂടി അതു് അവളുടെ ദേഹത്തിന്റെ ഒരു ഭാഗമായിപ്പോയിരുന്നു. അവളുടെ ജീവന്റെ അത്യാവശ്യമായ ഒരു അംശം ആയിപ്പോയിരുന്നു. എന്തുചെയ്യും, കൃഷ്ണൻനായർ ഇനി അവളെ അനുരാഗിക്ക ഉണ്ടാകയില്ല. അയാൾക്കു് ലളിതയേയാണു് വേണ്ടതു്. അയാളുടെ ഇഷ്ടം അങ്ങിനെയായിരിക്കും. അയാൾ ലളിതയേയും കൊണ്ടുപോകട്ടെ. അവൾ പെട്ടെന്നു് രാജാവിനെ നോക്കി.

പൊന്നി:
ഞാൻ അനുരാഗം എന്ന മനസ്ഥിതിയെ വിശ്വസിക്കുന്നില്ല. അനുരാഗം സ്ത്രീകൾക്കു് മാത്രമേ ഉണ്ടാകയുള്ളു. പുരുഷന്മാർക്കനുരാഗമില്ല.
രാജാ:
പുരുഷന്മാർക്കില്ലെന്നോ? എന്നാൽ ഉണ്ടു് എന്നു് ഞാൻ നിണക്കു് കാണിച്ചുതരാം.

എങ്ങിനെയൊ എന്നറിഞ്ഞില്ല. അങ്ങിനെ ഒക്കെ സംഭവിച്ചു. പിന്നെ ഒരിക്കൽ അവളുടെ ശ്രദ്ധ ഇന്നത്തെ സംഭവത്തിൽ പതിഞ്ഞപ്പോൾ പൊന്നിക്കുതന്നെ, അവളുടെ മനഃസാക്ഷിക്കു് തൃപ്തികരമായ ഒരു സമാധാനം ഉണ്ടാവാൻ സംഗതി വന്നില്ല. രാജാവു് അവളെ വാരിയെടുത്തു് മാറോടടുപ്പിച്ചു് പൊത്തിപ്പിടിച്ചു് ഞെരുക്കിയതാണു് അവൾക്കു് പെട്ടെന്നു് അനുഭവമായ്വന്നതു്. അവൾക്കു് അനങ്ങാൻ വയ്യാത്തവിധത്തിൽ അവളെ ഗാഢമായി മുറുക്കിപ്പിടിച്ചിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടുകൾ പൊന്നിയുടെ ചുണ്ടുകളോടു് പിന്നെയും, പിന്നെയും പറ്റിയും കടിപ്പെട്ടും കൊണ്ടിരുന്നു. അയാളുടെ കണ്ണുകളാകട്ടെ അവളുടെ ഹൃദയം തുറന്നു് ആത്മാവു് പരിശോധിക്കുംപോലെതോന്നി.

എന്നാലുംകൂടി ഈ സമയത്തൊക്കെ അവളുടെ മനസ്സിൽ ഒരു ശബ്ദം പൊങ്ങിക്കൊണ്ടിരുന്നു. അതിന്റെ സാരം താഴെ പറയുംപ്രകാരമായിരുന്നു: “കൃഷ്ണൻനായർക്കു് എന്നോടു് അനുരാഗമില്ല. എന്നെ ഒരിക്കലും അനുരാഗിക്കയുമില്ല. അയാൾ വേറെ ഒരാളെ ആണു് അനുരാഗിക്കുന്നതു് ഞാനും, ഒരു സുന്ദരിയും ആഗ്രഹിക്കത്തക്കവളും ആണു്. മറ്റൊരു പുരുഷൻ അപ്രകാരം എന്നെ കാണുകയുംചെയ്തു. ഇനി കൃഷ്ണൻനായരെപ്പറ്റി ആലോചിച്ചിട്ടു് ഫലമില്ല. ഇനി എന്തു് വന്നാലും കണക്കൊന്നുതന്നെ. ഒന്നും ഗണ്യമാക്കേണ്ടുന്ന കാര്യമില്ല.”

രാജാവിന്റെ അനുരാഗവഹ്നി അവളുടെ ചുണ്ടുകളേയും ബാധിച്ചു. ഒരു വിറയലോ, ഒരു പിടയലോ അവളുടെ മെയ്യൊക്കെ വ്യാപിച്ചു. അയാളുടെ ദേഹത്തിനും അറിവുകൊടുത്തു. “നീ ഒരു ചെറിയ ഉർവ്വശിയാണു്” എന്നുപറഞ്ഞു് അയാൾ ചിരിച്ചു.

കൃഷ്ണൻനായർ അങ്ങിനെ ഒന്നും എന്നെ വിളിക്കാറില്ല. പുരുഷന്മാരുടെ ഹൃദയം വേണ്ടപ്പോൾ വേവിക്കാനുള്ള ശക്തി തനിക്കു് അധീനമാണെന്ന പുതിയ ജ്ഞാനം അവൾക്കു് കൗതുകകരമായ ആശ്ചര്യം ഉണ്ടാക്കി. അവളുടെ നടവടിയിൽ ഒരുതരം ഡംഭവും ഇല്ലാതിരുന്നില്ല.

രാജാ:
കൃഷ്ണൻനായർ നിന്നെ ഇപ്പോലെ വല്ലപ്പോഴും ചുംബിച്ചിട്ടുണ്ടൊ?
പൊന്നി:
ഇപ്പോലെ ചുംബിക്കയോ? ഒരിക്കലും ഉണ്ടായിട്ടില്ല. അവരെ ചുംബിക്കാൻ എന്നേയുംകൂടി സമ്മതിക്കാറില്ല.
രാജാ:
അപ്പോൾ അയാളെ ചുംബിക്കാൻ നിണക്കു് ആഗ്രഹമുണ്ടായിരുന്നു. അങ്ങിനെയല്ലേ?

അവൾ ഉത്തരമായി ഒന്നുംതന്നെ പറഞ്ഞിരുന്നില്ല. രാജാവു് അധോമുഖിയായി നില്ക്കുന്ന അവളുടെ രണ്ടു് കണ്ണുകളും വെള്ളംകൊണ്ടു് നിറഞ്ഞിരുന്നു. രാജാവിന്റെ മനഃസ്ഥൈര്യത്തിന്നു് ഒരു ഇടിതട്ടിയപോലെ തോന്നി. സ്ത്രീ സ്വഭാവം മനസ്സിലാക്കിയ അയാൾ അത്രവേഗം തോൽവി കാണിച്ചില്ല.

“പൊന്നീ! നിണക്കു് ഇപ്പോൾ അയാളെ വേണ്ടല്ലൊ. നിന്നെ അയാൾക്കു് വേണ്ടെങ്കിൽ ചെറിയകുട്ടി, അയാളെ നിണക്കെന്തിനുവേണം. നീ വേഴാമ്പലിന്റെ മാതിരി വായും പിളർന്നു് കിടന്നാൽ മതിയോ?”

പൊന്നി:
(ക്ഷീണഭാവത്തോടെ) ഒരു പ്രയോജനവുമില്ല. അദ്ദേഹം എന്നെ വേണ്ടെന്നുവെച്ചാൽ പിന്നെ എനിക്കെന്തു് നിവൃത്തിയാണു്.
രാജാ:
അദ്ദേഹത്തിനു് നിന്നെ വേണ്ടെങ്കിൽ എന്റെ പൊന്നുപൊന്നീ, എനിക്കു് നിന്നെ വേണം. കൃഷ്ണൻനായരുടെ കാര്യം നമ്മൾ മറന്നു് കളയുന്നതാണു് വെടിപ്പു്. നിണക്കു് ഞാനും എനിക്കു് നീയും ഉണ്ടു് എന്നുമാത്രം കരുതിയാൽ മതി. പൊന്നീ—എന്റെ അനുരാഗം നിന്നിൽ പൂർണ്ണമായി വരിച്ചുപോയിരിക്കുന്നു.

പൊന്നിക്കു് ആ വാക്കുകൾ കേട്ടപ്പോൾ രോമാഞ്ചം ഉണ്ടായി. പ്രകൃത്യാ ഒരു എടുത്തുചാട്ടക്കാരത്തിയും, തല്ക്കാലാഗ്രഹത്തിന്റെ അടിമയും, ഭവിഷ്യത്തു് കേവലം ആലോചിക്കാത്തവളും, വെറും ശൈശവബുദ്ധിമാത്രമുള്ളവളും ആയ പൊന്നി, ഈ രാജാവായ രാക്ഷസന്നു് രണ്ടു് മണിക്കൂർ ദീർഗ്ഘമായ പരിചയമേ തന്നോടു് ഉണ്ടായിരുന്നുള്ളു എന്ന വിവരം കേവലം മറന്നുകളഞ്ഞു. അയാൾ പറഞ്ഞിരുന്നു, വളരെ നാളായിട്ടു് കൃഷ്ണൻനായർ മുഖേന അവളെ കേട്ടറിവുണ്ടു് എന്നു് മാത്രം. പൊന്നിയുടെ സംസ്കാരമില്ലാത്ത ബുദ്ധിയിൽ അവളുടെ ചിന്താനിർമ്മിതമായ ലോകത്തിൽ എന്തും സംഭവിക്കുന്നതു് സാധാരണമായിരുന്നു. എല്ലാ യദൃച്ഛാസംഭവങ്ങളും സാധാരണ സംഭവങ്ങളായി എണ്ണിപ്പോന്നിരുന്നു.

“കൃഷ്ണൻനായർ അവളെ അനുരാഗിക്കുന്നില്ല” ഇതാണു് അവളുടെ വിചാരത്തിന്റെ പല്ലവിയും അനുപല്ലവിയും. അവൾക്കു് ആ വിചാരം വരുമ്പോൾ, നെറ്റിയാകുന്ന മുറ്റത്തിൽ വിതറിക്കിടക്കുന്ന കുട്ടികളാകുന്ന കൂന്തലിഴകളെ ഒരൊറ്റ തെറിപ്പിക്കൽകൊണ്ടു് പിന്നോട്ടു് കുതിപ്പിച്ചു് വിട്ടു. എന്നിട്ടു് പിന്നേയും ആലോചിച്ചു് നോക്കുമ്പോൾ, കൃഷ്ണൻനായർ ഇല്ലെങ്കിൽ, വേറൊരാൾ തന്നെ അനുരാഗിക്കുന്നുണ്ടെന്ന ആശ്വാസവിചാരവും അവൾക്കുണ്ടായി. കൃഷ്ണൻനായർക്കു് തന്നോടു് അനുരാഗമില്ലെങ്കിൽത്തന്നെ അനുരാഗിക്കാൻ വേറേയും, പുരുഷന്മാരുണ്ടെന്ന വാസ്തവം കൃഷ്ണൻനായർക്കു് കാണിച്ചു് കൊടുപ്പാൻ അവൾക്കു് ഒരു വാശിയുംകൂടി ഉണ്ടായി. ആ നിസ്സഹായിനിയായ പെൺകുട്ടി വിവേകമില്ലാത്ത ഒരു സാധുപെൺകിടാവു്—അനുരാഗത്തിന്റെ വലിയ പിടുത്തമുണ്ടെന്നു് പണ്ടു് തോന്നീട്ടു് ഇച്ഛാഭംഗത്തിൽ മുഴുകിപ്പോയ ആ ചെറിയ പെൺകിടാവായ പൊന്നി തല്ക്കാലം അദ്ദേഹം ആവശ്യപ്പെട്ട സകലത്തിന്നും വഴിപ്പെട്ടു് കൊടുക്കേണ്ടിവന്നു. കുറെ സമയം കഴിഞ്ഞപ്പോൾ രാജാവു് അവളോടു് പറഞ്ഞതു് “പൊന്നീ, നീ ഇപ്പോൾ എന്റെ പെണ്ണായ്പോയി” എന്നായിരുന്നു.

പൊന്നി ഈ വാക്കിനും ഉത്തരം ഒന്നും പറഞ്ഞില്ല. കാമാതിരേകതകൊണ്ടു് അദ്ദേഹത്തിന്റെ മനസ്സും ശരീരവും ഒരുപോലെ പതച്ചു.

“അങ്ങുന്നേ! നിങ്ങൾ പറയുന്ന എല്ലാറ്റിന്നും ഞാൻ സമ്മതിച്ചു” എന്നു് എന്നോടു് പറയണം എന്നു് ആ രാജാധമൻ അവളെ നിർബ്ബന്ധിച്ചു. അല്ലെങ്കിൽ ശാസിച്ചു.

പൊന്നി:
(മന്ദമായിട്ടു്) ഇല്ല. ഞാൻ ആരുടേയും പെണ്ണായിപ്പോയിട്ടില്ല.
രാജാ:
(അധികാരത്തോടെ) പൊന്നീ! നീ എന്നെ ഒന്നു് ചുംബിക്കൂ.

എന്നിട്ടുകൂടി അവൾ മെല്ലെ പിന്നോക്കം വാങ്ങിക്കളഞ്ഞു. അവളുടെ കാമം കത്തിക്കുന്ന ചെമ്പരത്തിച്ചുണ്ടുകളുടെ സാമീപ്യം രാജാവിനെ ശുദ്ധഭ്രാന്തനാക്കി വിട്ടു.

രാജാ:
ഭഗവാനാണേ നേരു്. എന്റെ പ്രിയ പൊന്നി. എനിക്കു് നിന്നെ വേണം. എനിക്കു് നിന്നെ കൂടാതെ കഴികയില്ല. സ്വപ്നത്തിൽ നിന്നേയും കണ്ടുകൊണ്ടു് വളരെ കൊല്ലങ്ങൾ ഞാൻ കഴിച്ചു. നീ ഒരു ചൈതന്യമുള്ള സുന്ദരിക്കുട്ടിയാണു്. അനുരാഗിക്കാൻ ശക്തിയുള്ള ചെറുപെണ്ണാണു്. കൗതുകത്തിന്റേയും ആനന്ദത്തിന്റേയും ഒരു നിധിയാണു്. മാംസവും രക്തവും ശരിയായി ശരീരത്തിൽ ഉണ്ടെന്നു് കാണിക്കുന്ന ഒരു വിശേഷമൂർത്തി നീയാണു്. ബാക്കിയുള്ള സ്ത്രീകൾ ഒരു പുരുഷന്റെ കാമതാലോലങ്ങളിൽനിന്നു് പിൻവാങ്ങുന്നവരാണു്. നീ മാത്രമേ അതിന്നു് അനുകൂലമായ ഒരു മറുപടി കാണിച്ചു് തന്നിട്ടുള്ളൂ.

അയാൾ അവളുടെ നേരെ തന്റെ മുഖം കുനിച്ചു. അവളുടെ ചുകന്ന വദനത്തിൽ അദ്ദേഹം പിന്നേയും ചുംബിക്കുമായിരുന്നു. അവൾ തത്സമയത്തു് അവളുടെ മുഖം തിരിച്ചതോടുകൂടി, അയാളുടെ ചുംബനചുണ്ടുകൾക്കു് അവളുടെ ചെവിയുടെ ഒരു ഭാഗമേ തടഞ്ഞതുള്ളു. “പൊന്നീ പൊന്നീ” എന്നു് ആ കാമാതുരൻ അക്ഷമനായി വിളിച്ചു.

വാസ്തവത്തിൽ ആ പെൺകുട്ടിക്കു് അയാളുടെ വാക്കിൽ അടങ്ങിയ പുതിയ അർത്ഥങ്ങളൊന്നും മനസ്സിലായില്ല. പെണ്ണുങ്ങളുടെ സ്വഭാവം മനഃപാഠം പഠിച്ചിരുന്ന രാജാവിന്നു്—ആരോടും യഥാർത്ഥമായ അനുകമ്പ തോന്നാത്ത ആ കഠിനമനസ്കന്നു്—ലോകം മുഴുവൻ വഴങ്ങുന്ന ആ അനുഗ്രഹീത പുരുഷനു്—പോലും തല്ക്കാലം അനുഭവിക്കേണ്ടി വന്ന തന്റെ പ്രകൃതിപോലും മനസ്സിലാവാതായി. അയാൾക്കു് നല്ലവണ്ണം മനസ്സിലായതു് ഈ കാര്യം മാത്രമായിരുന്നു. ഈ സുന്ദരിയായ പെൺകിടാവു്—വാസ്തവത്തിൽ ഒരു കുലഹീന—ദേഹപ്രകൃതി കൊണ്ടും മുഖശോഭകൊണ്ടും ദേവസ്ത്രീകളെപ്പോലും നിന്ദിക്കുന്ന ഒരു സൃഷ്ടിവിശേഷം. ബാക്കി യാതൊരു സ്ത്രീകളും ഇളകാത്ത വിധത്തിൽ തന്റെ ഹൃദയത്തിന്റെ അഗാധഭാഗങ്ങൾ തന്നെ ചഞ്ചലിപ്പിച്ചു് വിട്ടു എന്ന കാര്യമായ ഒരു ബോധം മാത്രമായിരുന്നു.

തനിക്കു് തല്ക്കാലമുണ്ടായതു് ആ സുന്ദരിപ്പെണ്ണിനെ തന്റെ മാറോടടുപ്പിച്ചു് പിടിക്കണം എന്ന ഒരു അനിവാര്യമായ അത്യാഗ്രഹം മാത്രമായിരുന്നു. തമ്മിൽ തൊട്ടുമുട്ടുവാൻ തക്കവണ്ണം തന്റെ കണ്ണുകൾകൊണ്ടു് അവളുടെ കണ്ണുകൾ നോക്കുവാനും, അവളുടെ മിനുസവും നേർമ്മയുമായ തലമുടി തലോടുവാനും അവളുടെ ചുകന്ന, അത്യന്തം ചുകന്ന, ആകർഷണീയമാംവണ്ണം ചുകന്ന, ചുംബനങ്ങളെ ഹഠാൽക്ഷണിക്കും പ്രകാരം ചുകന്ന, വദനത്തിന്റെ അതിരായി നില്ക്കുന്ന ആ ചുണ്ടുകളിൽനിന്നു്, മതിവരാത്തവണ്ണം അമൃതം സേവിപ്പാനും ഉള്ള അതികാമം അയാളെ അത്യന്തം ഭ്രാന്തനാക്കി.

നരന്നുവേണ്ടി നാരിയെ സൃഷ്ടിച്ചതു് സാക്ഷാൽ ജഗദീശ്വരന്റെ നവീനാശയവും ബുദ്ധിവിശേഷവും മാത്രമാണു്. അവളുടെ വക്രാകൃതികളായ ഭംഗികളെ ഇത്ര മിനുസപ്പെടുത്തിയതും മറ്റാരാണു്. പുരുഷന്റെ വിനോദത്തിന്നുവേണ്ടി, അവളുടെ ദേഹത്തിന്നു് ഒരു വാർണ്ണീഷ് കൊടുത്തതും ഈശ്വരൻതന്നെയാണു്. അവൾക്കു് ചുകന്നു് വില്ലുസുപോലെ പതുപതുത്ത ചുണ്ടുകൾ കൊടുത്തതും, സ്പർശിക്കുമ്പോൾ ഒരു സ്മരിക്കവയ്യാത്ത മാധുര്യവും ലയവും തോന്നിപ്പിക്കുന്ന ചിരട്ടപ്പുട്ടുകൾപോലെ ഭംഗിയേറിയ മുലകളെ കൊടുത്തതും ഈശ്വരൻ തന്നേയല്ലെ! ഇതൊക്കെ കാണുമ്പോൾ പുരുഷന്മാർക്കു് ജനിക്കുന്ന ഒരേ ഒരു അഭിലാഷം ഒന്നാമതു് അവളെ ലഭിക്കേണമെന്നാണു്. രണ്ടാമതു് അവളെ തന്റെ സ്വന്തമാക്കേണമെന്നാണു്. അവളുടെ ദേഹവും ആത്മാവും തന്റെ അധീനത്തിൽ വരുത്തേണമെന്നാണു്.

അയാളുടെ തീപ്പൊരി പാറുന്ന കണ്ണുകളിൽ ജ്വലിച്ചിരുന്ന സംഭ്രമം പൊന്നി നോക്കിക്കണ്ടിരുന്നു. അവളുടെ സങ്കോചിച്ചുപോന്ന ദേഹത്തിന്മേൽ, അയാളുടെ ശക്തിയേറിയ കൈകളുടെ മൂരിപ്പിടുത്തം കൂടക്കൂടെ മുറുകുന്നുണ്ടെന്ന ദുസ്സഹരസവും പൊന്നിക്കു് അനുഭവമായി. എന്തോ എന്നറിഞ്ഞില്ല, പൊന്നിക്കു് പെട്ടെന്നു് ഒരു ഭയംതോന്നി. അവളെ മാറോടടുപ്പിച്ചുപിടിപ്പാനുള്ള ഒരു അത്യാഗ്രഹം മാത്രമാണു് രാജാവിന്റെ ഉള്ളിൽ മുന്നിട്ടുനിന്നിരുന്നതു്. അവളുടെ കണ്ണിന്റെ അഗാധം കണ്ടുപിടിപ്പാനും, അവളുടെ മാർദ്ദവദേഹം ആകമാനം തലോടുവാനും, അവളുടെ ചുകന്ന ചുണ്ടുകളിൽനിന്നു് അമൃതരസം അനുഭവിക്കുംവണ്ണം, കൂടക്കൂടെ ചുംബിക്കുവാനും മറ്റുമല്ലാതെ ആ കാമഭ്രാന്തന്നു് മറ്റൊന്നും തോന്നിയില്ല.

പൊന്നിക്കു് പിന്നേയും ഒരു ഭയംതോന്നി. ഇതൊക്കെ അനുരാഗത്തിന്റെ ചേഷ്ടകളായിരിക്കുമോ? ശാന്തവും മൃദുവും മധുരവും ആയ ഒരു യക്ഷികഥയുടെ രീതിപോലെയാണെന്നല്ലേ അവൾ അനുരാഗത്തെപ്പറ്റി ധരിച്ചിരുന്നതു്. രാജാവിന്റെ കണ്ണുകളിൽനിന്നു് അവളുടെ കണ്ണിലേയ്ക്കു് പകർന്നെത്തിയ ഗൗരവവും ഭയങ്കരവുമായ ഒരു മനഃസ്ഥിതിയാണൊ അനുരാഗം. അദ്ദേഹത്തിന്റെ നോട്ടം അവളെ വിഴുങ്ങിക്കളഞ്ഞപോലെ തോന്നി. ഒരു സ്ഥിരപ്രതിജ്ഞയുള്ള ഉദ്ദേശം അദ്ദേഹത്തിന്റെ ഉള്ളിൽ കിടക്കുന്നുണ്ടെന്നു്, അവൾക്കു് കണിശമായും ഭയങ്കരമായും ഓർമ്മയായി. ആ ഉദ്ദേശം അവളുടെ നേരെയാണു് കൊണ്ടുപിടിച്ചതു് എന്നും അവൾക്കു് ബോദ്ധ്യമായി. അവൾ അയാളുടെ കൈകളിൽ പ്രയാസപ്പെട്ടു് ഒഴിഞ്ഞുനിന്നു. അവൾ അവളുടെ കൈകൾകൊണ്ടു് സ്വന്തം മുഖംമൂടി.

പൊന്നി:
(ശക്തി കുറഞ്ഞ സ്വരത്തിൽ) എന്നെ വീട്ടിലേയ്ക്കു് കൊണ്ടുവിടണം. ലക്ഷ്മിഅമ്മയുടെ വീട്ടിലേയ്ക്കുതന്നെ മടങ്ങണം. ഇവിടെ ഇരിക്കുന്നതു് എനിക്കു് രക്ഷയില്ലാതെപോലെ തോന്നുന്നു.

രാജാവു് പിന്നേയും അവളുടെ കൈരണ്ടും പിടിച്ചമർത്തു. പിന്നെയും അയാളുടെ ചുണ്ടുകളെ അവളുടെ ചുണ്ടുകളുടെ അടുക്കെ കൊണ്ടുചെന്നു.

രാജാ:
യാതൊന്നും അറിയാത്ത പെൺകിടാവെ! ഞാനാണു് നിന്റെ രക്ഷ. എന്റെ സ്വന്തം ആത്മാവിനെപ്പോലെ ഞാൻ നിന്നെ അനുരാഗിക്കുന്നുണ്ടു്.

ഈ വാക്കു് കേട്ടപ്പോൾ മദംകൊണ്ടെന്നപോലെ പൊന്നിയുടെ ദേഹം ആകപ്പാടെ ഒന്നു് വിറച്ചു. അവൾക്കു് ഇതുവരെയ്ക്കും അനുഭവമാകാത്ത ഒരു കിലികിലിപ്പു് ഉണ്ടായി. ആ സമയത്തു് അങ്ങിനെ പറഞ്ഞാൽ അപ്രകാരമായ ഒരു വികാരം ലോകപരിചയമില്ലാത്ത യുവതികൾക്കു് ഉളവാക്കും എന്നു് രാജാവു് പണ്ടേ മനസ്സിലാക്കിയ ഒരു തത്വമാണു്.

പൊന്നി:
(പതിഞ്ഞസ്വരത്തിൽ) എനിക്കു് എന്തോ ഒരു ഭയം. എന്തെന്നറിയാത്ത ഒരുതരം ഭയം പിടിപെടുന്നു. എനിക്കു് ഇപ്പോൾത്തന്നെ മടങ്ങിപ്പോകണം.

ഒരു ഒതുക്കിപ്പിടിച്ച മുരളലോടെ അയാൾ പിടിത്തം വിട്ടു. അവളുടെ അപേക്ഷകൾ കേട്ടിട്ടല്ല അവളെ അയാൾ തല്ക്കാലം വിട്ടുകളഞ്ഞതു്. അദ്ദേഹത്തിന്റെ കണ്ണുപതിഞ്ഞ ദിക്കിലേയ്ക്കു് നോക്കിയപ്പോളാണു് പൊന്നിക്കു് കാര്യം മനസ്സിലായതു്. ഒരു വലിയ കാർ വന്നു്, അവരുടെ കാറിന്റെ നേരെ വഴിയിൽനിന്നതുകൊണ്ടു് അവർക്കു് പെട്ടെന്നു് മടങ്ങുവാനുള്ള വഴിയും മുടങ്ങി. കാർ നടത്തിയിരുന്നതു് വേദവതി ലളിത ആയിരുന്നു. അവൾ അസ്തമനസൂര്യന്റെ ആഡംബരാവലോകനത്തിൽ ലയിച്ചപോലെ തോന്നി.

“ഒളിച്ചുനോക്കുന്ന ഒറ്റുകാരത്തി” എന്നു് തന്നോടുതന്നെ അയാൾ പൊന്നി കേൾക്കെ പറഞ്ഞു. പെട്ടെന്നു് കാര്യം മനസ്സിലായപ്പോൾ പൊന്നി തന്റെ തലകുലുക്കി. വേദവതിലളിതയുടെ വരവു് പൊന്നിയുടെ രക്ഷയ്ക്കു്, ചാരിത്രരക്ഷയ്ക്കു് എത്രത്തോളം സഹായമായ്പോയി എന്നു് രാമാനുജൻരാജാവിന്നു്, മാത്രമേ ഗ്രഹിപ്പാൻ സാധിച്ചിരുന്നുള്ളു. എന്നാൽ പൊന്നി ലളിതയ്ക്കു് നന്ദിസൂചകമായ യാതൊരു ഭാവവും കാട്ടിക്കൊടുത്തില്ല.

പൊന്നി:
അങ്ങുന്നേ! എന്നെ വീട്ടിലേയ്ക്കു് ഉടനെ മടക്കിക്കൊണ്ടുപോകണം. അവൾ ഇപ്പോൾ മറ്റൊരു ഭാഗത്തേയ്ക്കാണു് നോക്കുന്നതെങ്കിലും നിശ്ചയമായിട്ടും അവൾ നമ്മെ കണ്ടിരുന്നിരിയ്ക്കണം.

“ട്ടുട്-ട്ടുട്-ട്ടുട്-ട്ടുട്-” എന്നു് ചിലച്ചുംകൊണ്ടു് രാജാവിന്റെ കാർ ചില ചെടികളെ ചതച്ചും, ലളിതയുടെ കാറോടു് തൊട്ടുരഞ്ഞുംകൊണ്ടു് പാതയിൽ ചെല്ലുന്ന വഴിയിലേയ്ക്കു് തിരിഞ്ഞു. പറമ്പിൽക്കൂടെ അസാരം തിരിയേണ്ടിവരുന്നതു് ലളിതയുടെ കാർ ആ വഴി മുഴുവൻ തടസ്ഥപ്പെടുത്തിയതുകൊണ്ടായിരുന്നു. അങ്ങിനെ തെറ്റിക്കൊണ്ടുപോവാൻ അയാൾ ലളിതയോടു് മര്യാദപ്രകാരം സമ്മതം ചോദിച്ചില്ല. തന്റെ കാറോടു് രാജാവിന്റെ കാർ വന്നു് മുട്ടിയപ്പോൾ ലളിതയ്ക്കു് തന്റെ കാർ മറിഞ്ഞുപോകാൻ ഇടയുണ്ടോ എന്നുതോന്നി. അവളുടെ കാർ ഒന്നിളകി മറിഞ്ഞു. അവൾ നോക്കിനിന്നിരുന്ന ഇരുവരും അവളുടെ നേരെ ഒരു നോട്ടവും കൂടിവിടാതെ പോയ്ക്കളഞ്ഞതു് കണ്ടപ്പോൾ അവളുടെ ഭയം കോപമായി മാറി.

ലളിതയെ വളരെ പിന്നോക്കമാക്കിക്കഴിഞ്ഞപ്പോൾ “അതു് അവൾക്കു് നല്ലപാഠമായി. അവൾ കോപംകൊണ്ടു് കുഴങ്ങുന്നുണ്ടാകും” എന്നുപറഞ്ഞു് രാജാവു് ചിരിച്ചു. എന്നാൽ അയാളുടെ ചിരി ഹൃദയപൂർവ്വമായ ചിരിയായിരുന്നില്ല. വാസ്തവത്തിൽ അയാൾക്കു് അത്യന്തകോപമാണു് ഉജ്ജ്വലിച്ചതു്. ലളിത അയാളെ കണ്ടുപോയി എന്ന സംഗതികൊണ്ടല്ല. എന്നാൽ പൊന്നിയെ പറ്റിപ്പാനുള്ള ഒരുതരം കൈവെടിഞ്ഞുപോയി എന്ന ധാരണയാണു് അയാളെ കോപാന്ധനാക്കിയതു്. ഇരവഴുതിപ്പോയ സർപ്പംപോലെ അയാൾ തന്റെ ഇച്ഛാഭംഗം സഹിച്ചു. എടുത്തുചാട്ടവും തന്നിഷ്ടവും ഉള്ളവർക്കു് ആശാഭംഗം ദുശ്ശാഠ്യമുണ്ടാക്കാൻ മതി.

ഒമ്പതാം അദ്ധ്യായം

അതേദിവസം വൈകുന്നേരം നഗരത്തിലെ തീവണ്ടിസ്റ്റേഷനിലെ വെയിറ്റിംഗ്റൂമിൽ രതി സ്വകാര്യമായി ഇരുന്നിരുന്നു. വെള്ളയും ചുകപ്പും റോസ് പോലെ ഇരിക്കുന്ന അവളുടെ മനോഹര മുഖം എന്തൊ ഒരു ജിജ്ഞാസമൂലം പരിതാപഭാവം അവലംബിച്ചിരുന്നു. അവളുടെ പല്ലവംപോലെ പതുത്ത കൈകൾ ഒന്നിച്ചു് കെട്ടിയും പിന്നേയും അഴിച്ചും അവളുടെ അസ്വസ്ഥത സൂചിപ്പിച്ചിരുന്നു.

നേരം എട്ടു് മണിയായി. രതിയും അവിടെ പിന്നീടു് വന്നുകൂടിയ പെൺകുട്ടികളും മുറിമുഴുവനും മൂടിക്കളഞ്ഞപോലെ തോന്നി. ചിലർ നിലത്തുനോക്കിയിരുന്നു. ചിലർ ഘടികാരം നോക്കിയിരുന്നു. അവിടെ കൂടക്കൂടെ വന്നു് ചേരുന്ന പരിചയക്കാരെ എതിരേല്പാൻ വേണ്ടി ചിലർ സന്നദ്ധകളായി എഴുന്നേറ്റു് ചെന്നിരുന്നു. നഗരവാസികൾക്കു് സ്വകാര്യസല്ലാപത്തിന്നു് ഒരു സൗകര്യമുള്ള സ്ഥലവും യാത്രക്കാർക്കു് വിശ്രമിപ്പാനുതകുന്ന ഒരു ദിക്കും ഈ മുറി ആയിരുന്നു. അന്യോന്യം അറിവില്ലാത്തവരുടെ ഒരു സമൂഹമാകുമ്പോൾ സ്ത്രീപുരുഷന്മാർക്കു് അവിടന്നു് വാചകവിഷയമാകാതെ വളരെ സ്വാതന്ത്ര്യത്തോടെ നേരംപോക്കിടമായിരുന്നു.

ഒമ്പതു് മണിയായപ്പോൾ രതി തളർന്നപോലെയൊ കാത്തുമടുത്തുപോലെയൊ ഒരു ദീർഗ്ഘശ്വാസം വിട്ടു. അവൾക്കു് തനിയെ സ്റ്റേഷനിൽ വരാൻ മാതാപിതാക്കന്മാർ സമ്മതിക്കുന്ന ഒരു ഒഴികഴിവു് കണ്ടുപിടിപ്പാൻ അത്യന്തം പ്രയാസം വേണ്ടി വന്നിരുന്നു. അതിരിക്കട്ടെ. രാത്രിയായാലും കാത്തിരിപ്പാൻ അവൾ ഏതായാലും ഉറച്ചിരുന്നില്ല. അവളുടെ ചെള്ളകൾ അരുണവർണ്ണമായിവന്നതുതന്നെ തെറ്റിപ്പോയെന്നു് അവൾക്കുതോന്നി. ഇച്ഛാഭംഗം അടയാളപ്പെടുത്തുംപോലെ കണ്ണുകളിൽ വെള്ളവും നിറഞ്ഞു. അവൾ വീട്ടിലേയ്ക്കു് മടങ്ങാൻതന്നെ നിശ്ചയിച്ചു. അവിടുന്നു് എഴുന്നേറ്റു. ശാന്തകളും ചിലപ്പോൾ കോപിഷ്ടകളാകും.

“എനിക്കു് ഇവിടെ വരേണ്ടുന്ന കാര്യമില്ലായിരുന്നു” എന്നു് അവൾ തന്നോടുതന്നെ കോപിച്ചിട്ടു് പിറുപിറുത്തു. ഞാൻ വിചാരിക്കുന്നു, എനിക്കു് ഭ്രാന്തായിപ്പോയി എന്നു്. രാമാനുജൻരാജാവു് എന്റെ തലയിലെ കല്ലിളക്കിക്കളഞ്ഞു. എന്താണു് സതി പറയുന്നതു്. ഞാൻ ക്ഷണത്തിൽ ചെല്ലട്ടെ. ബാക്കിയുള്ളവർ അയാളെ കാണുമ്പോലെ എനിക്കും കണ്ടാൽ മതി. പ്രത്യേകവിശേഷവിധി കാണിക്കുന്നതുകൊണ്ടാണു് ഘനക്ഷയം നേരിടുവാൻ ഇടവരുന്നതു്.

എന്നാൽ അവളുടെ സദാലോചന ഉദിച്ച ഉടനെ അസ്തമിക്കേണ്ടിവന്നു. അവൾ പോവാൻവേണ്ടി എഴുന്നേറ്റപ്പോൾ തിരിപ്പുവാതിലും കടന്നു് ഒരാൾ അവളുടെ അടുത്തുവന്നു. അയാളുടെ കറുത്തമുഖം, അവളെ കണ്ടപ്പോൾ ഒരുവക തേജസ്സുകൊണ്ടു് മിന്നി. അയാൾ നമ്മുടെ രാമാനുജൻരാജാവായിരുന്നു.

“പ്രിയെ! നീ പോയ്ക്കളവാനാണോ ഭാവിക്കുന്നതു്” എന്നും പറഞ്ഞു് അയാൾ അവളുടെ കൈ ചെന്നുപിടിച്ചു് മുറിയിൽ ജനബാധയില്ലാത്ത ഒരു മുക്കുനോക്കി അവളെ അവിടെ കൊണ്ടിരുത്തി.

രതി:
അങ്ങുന്നേ! എട്ടടിപ്പാൻ കാൽ മണിക്കൂറുള്ളപ്പോൾ വരാനാണു് നിങ്ങൾ പറഞ്ഞതു്. ഇപ്പോൾ ഒമ്പതടിച്ചു് പത്തുമിനിട്ടു് കഴിഞ്ഞു. ഇത്രത്തോളം സമയം ഞാൻ കാത്തുനില്ക്കുമെന്നു് നിങ്ങൾ വിചാരിച്ചിരുന്നില്ല നിശ്ചയം.
രാജാ:
എന്റെ കുട്ടിത്തരുണീ. ഞാൻ വളരെ വ്യസനിക്കുന്നു. ഞാൻ ആലോചിക്കാത്തവിധത്തിൽ എനിക്കു് അടിയന്തരമായി നഗരം വിട്ടുപോകേണ്ടിവന്നു. മടങ്ങിവരാൻ കുറെ താമസിച്ചുപോയി. കമ്പി അയയ്ക്കണമെങ്കിൽ “രതിക്കു്—തീവണ്ടി സ്റ്റേഷൻ” എന്നു് എഴുതേണ്ടിവരും. നമ്മളുടെ ഈ രഹസ്യം പരസ്യമാക്കരുതു്. വല്ല നൂലാമാലയ്ക്കും സംഗതിയായിപ്പോകരുതു് എന്ന കരുതലാണു് എന്നെ തടഞ്ഞുനിർത്തിയതു്.
രതി:
അതെ അങ്ങുന്നേ—നിങ്ങളുടെ ന്യായം ഞാൻ കാണുന്നുണ്ടു്. എനിക്കു് എന്റെ മാതാപിതാക്കന്മാരെ വഞ്ചിക്കേണ്ടിവരുന്നതിൽ സങ്കടമുണ്ടു്. എനിക്കു് മനസ്സിനു് സുഖമില്ല. ഞാൻ വന്നതു് തെറ്റിപ്പോയി.
രാജാ:
വരേണ്ടതു് നിന്റെ മുറയാണു്.

ഇതു് മന്ദമായ മധുരസ്വരത്തോടെയാണു് പറഞ്ഞതു്. അവളുടെ അർത്ഥത്തോടെ അവളുടെ മുഖത്തൊന്നുനോക്കി. സഞ്ചിയുടെ ചോടെ കയ്യിറുക്കി. “കാത്തുനിന്നതുകൊണ്ടു് ഇപ്പോൾ നിണക്കു് സങ്കടമൊന്നും ഇല്ലല്ലൊ” എന്നുംകൂടി പറഞ്ഞു.

രതി:
ഇല്ല അങ്ങുന്നേ! നിങ്ങൾ ഇവിടെ ഉള്ളതുകൊണ്ടു്—നേരം വളരെ വൈകി. എനിക്കു് ക്ഷണം പോകണം. നിങ്ങൾ വന്നിട്ടു് പെരുത്തായിട്ടില്ലതാനും.
രാജാ:
എന്റെ പൊന്നു രതി! നീ പറഞ്ഞതു് ശരിയാണു്. എന്നെ പിരിഞ്ഞുപോകാതിരിപ്പാനുള്ള ഏകമാർഗ്ഗത്തിൽ നമുക്കു് അടുത്ത ദിവസത്തിൽതന്നെ പ്രവേശിക്കണം. ദൈവം കടാക്ഷിച്ചിട്ടു് മുടക്കമൊന്നും വരാതിരിക്കട്ടെ.

രാജാവു് സമ്പൂർണ്ണനായ വഞ്ചകനായിരുന്നു. ദൈവകടാക്ഷം എപ്പോൾ വരുമെന്നു് അയാൾക്കു് മുൻകൂട്ടിത്തന്നെ ശരിയായി അറിയാമായിരുന്നു.

രാജാ:
രതീ. നീ എന്നെ നിരാശപ്പെടുത്തരുതേ! ഒരു ദിവസം നീ വന്നു് എന്റെ ഒന്നിച്ചു് ഉണ്ണണം. അതു് ഇന്നുതന്നെ ആയാലെന്താ?
രതി:
ഇന്നോ? എനിക്കു് പാടില്ല. നേരം ഇപ്പോൾത്തന്നെ ഒമ്പതു് കഴിഞ്ഞു.
രാജാ:
ഒമ്പതുകഴിഞ്ഞതുകൊണ്ടെന്താ? നീ സ്ക്കൂളിൽ പോകുന്ന പെണ്ണൊന്നുമല്ലല്ലോ. അവളെ വേദനിപ്പിക്കുന്ന മർമ്മം ഏതാണെന്നു് രാജാവിന്നു് നല്ല നിശ്ചയമുണ്ടു്. അവളേയും അവളുടെ അനുജത്തി സതിയേയും വളരെ ബന്തിലാണു് വളർത്തുന്നതെന്നതു് അവളുടെ ആവലാതിക്കു് കാരണമായിരുന്നു.
രതി:
എന്നാലും ഊണുകഴിപ്പാൻ താമസിപ്പാനൊന്നും ഇപ്പോൾ തരമില്ല.
രാജാ:
എന്നാൽ നമുക്കു് കാറിൽ ഒന്നു് സവാരി ചെയ്യാം. എന്റെ കാർ പുറമെ വെച്ചിട്ടുണ്ടു്. പ്രസന്നമായ നിലാവെളിച്ചവും ഉണ്ടു്. പത്തുമണിക്കു് മുമ്പെ നിന്നെ ഞാൻ വീട്ടിൽ കൊണ്ടാക്കി തരാം.

രതിക്കു് ഒന്നിനും മനസ്സുവന്നില്ല.

രാജാ:
നീ ഇപ്പോൾ എവിടെ എന്നാണു് നിന്റെ മാതാപിതാക്കന്മാർ ധരിച്ചിരിക്കുന്നതു്.
രതി:
ലളിതയുടെ വീട്ടിൽ എന്നു്.

ലളിതയുടെ പേരുകേട്ടപ്പോൾ രാജാവിന്റെ മുഖം കോപംകൊണ്ടു് കറുത്തു. എന്നാലുംകൂടി ഉടനെത്തന്നെ മന്ദഹസിക്കുകയും ചെയ്തു.

രാജാ:
എന്നാൽ നിണക്കു് കുറേക്കൂടി താമസിക്കുന്നതുകൊണ്ടു് വിരോധമില്ല. ലളിതയ്ക്കു് മണിക്കൂറിന്റെ കണക്കൊന്നും ഇല്ല.
രതി:
നേരേമറിച്ചു് ഞാൻ താമസിച്ചാൽ അച്ഛൻ ലളിതയുടെ വീട്ടിൽ ചെന്നു് നോക്കാൻ മതി. എന്നെ അവിടെ കണ്ടില്ലെങ്കിൽ വലിയ ബഹളമാകും.

സാധു രതി ചെന്നു് ചാടിയതു് ഒരു വല്ലാത്ത കുടുക്കിലായിരുന്നു. ചില്ലറ വിരോധമില്ലെന്നു് ആ കള്ളൻ ക്ഷണം മനസ്സിലാക്കി. ഇതു് അയാളുടെ ധൈര്യം വർദ്ധിപ്പിച്ചു. ധൈര്യം ആവശ്യമില്ലാത്ത ഒരാൾക്കു് വീണ്ടും ധൈര്യം ഉണ്ടാക്കിക്കൊടുക്കുന്നതു് അത്യാപത്തിന്റെ അസ്ഥിവാരമിടലാണു്.

എന്നാൽ ലോകജ്ഞാനത്തിൽ രതി വെറും ഒരു ശിശുവായിരുന്നു. അവളുടെ ശാന്തവും എല്ലാരേയും വിശ്വസിക്കുന്നതും ആയ സ്വഭാവം രാജാവിന്റെ ശക്തിമത്തായ തദീയത ആകപ്പാടെ കീഴടക്കിക്കളഞ്ഞിരിക്കുന്നു. രതി അയാളുമായിട്ടു് പരിചയമായിട്ടു് ഒരു മാസം തികഞ്ഞിട്ടില്ല. എന്നാൽ പെണ്ണുങ്ങളെ പരതിനടന്നു് സ്വാധീനിപ്പാൻ ജീവകാലം മുഴുവൻ പരിചയിച്ച രാജാവിനെപ്പോലെയുള്ളവർക്കു് ഒരുദിവസംതന്നെ, ഒരു ജീവകാലത്തിന്നുള്ളിൽ സിദ്ധിക്കാവുന്ന ഒരു വലിയ അവസരമായിത്തീരുന്നു. രതി അയാളെ അതിയായി—അനിതരസാധാരണമായി—അനുരാഗിക്കുന്നു എന്ന വാക്കുതന്നെ യഥാർത്ഥത്തിൽ ശക്തി കുറഞ്ഞതായ്പോകുന്നു. വികാരം വേഗത്തിൽ മെഴുപ്പിടിക്കുന്ന രതിയുടെ ഹൃദയം—ഒരു ശിശുവിന്റേതുപോലെ അനർഘവും നിർമ്മലവുമായ ഹൃദയം മുഴുവനും രാജാവിന്റെ സ്വന്തമായിക്കഴിഞ്ഞിരിക്കുന്നു. രാജാവുമായി അനേകകൊല്ലം പരിചയമുണ്ടെന്നു് രതിക്കു് തോന്നി. അദ്ദേഹത്തിന്റെ അപേക്ഷകളും ആവശ്യങ്ങളും കളങ്കരഹിതങ്ങളാണെന്നുതന്നെ രതിക്കു് തോന്നി.

രാജാവോ! പണ്ടത്തെ സ്ത്രീജിതനും, സ്ത്രീനായാട്ടുകാരനും തന്നെ. ഒരു യുവതിയുടെ നിഷ്കളങ്കാനുരാഗത്തിന്നു് അർഹനല്ലാത്ത ഒരു പ്രത്യേക ജാതി പുരുഷനാണു്. പൊന്നിയെ മൂന്നു് മണിക്കൂർമുമ്പെ ഇരുത്തിയ സീറ്റിൽത്തന്നെയാണു് രതിയേയും ഇരുത്തിയതു് എന്ന വിചാരവുംകൂടി അദ്ദേഹത്തിനെ വിപ്രതീസാമഗ്നനാക്കിയില്ല. അയാളുടെ ഉള്ളിൽ ഒരു ജയഭാവമാണു് ഉണ്ടായതു്. ഒരുത്തിയെക്കൂടി തനിക്കു് പാട്ടിലാക്കാൻ സാധിച്ചു എന്ന ഭാവം. അനുരാഗപ്രധാനമായ ഒരേതരം വാക്കുതന്നെ മറ്റൊരുവളോടു് വിളമ്പുവാൻ അദ്ദേഹത്തിന്നു് ഒരു സന്തോഷകരമായ സംതൃപ്തിയാണു് ഉണ്ടായതു്.

അയാൾ രതിയുടെ അടുക്കെ ഇരുന്നുംകൊണ്ടു് മോട്ടോർക്കാറിന്റെ സ്വാധീനചക്രം പിടിച്ചു. അവർ തെരുവുകളിൽക്കൂടെ പാലശ്ശേരിയിൽ എത്തി. രാത്രി ജനബാധ കേവലം ഇല്ലാത്ത സ്ഥലമേതാണെന്നു് രാജാവിന്നു് നല്ല നിശ്ചയമാണു്. പത്തുമിനുട്ടിനുള്ളിൽ അവർ അങ്ങിനെ ഒരേടത്തു് എത്തി.

രാജാ:
(പെട്ടെന്നു് കാർ നിർത്തീട്ടു്) പ്രിയ രതീ! മുമ്പു് എനിക്കു് നിന്നോടു് ഇത്ര സ്വതന്ത്രമായി സംസാരിപ്പാൻ ധൈര്യം ഉണ്ടായിട്ടില്ല. നമ്മൾ നല്ല പരിചയമാവാൻകൂടി ഇടയുണ്ടായിട്ടില്ലെന്നാണു് ജനങ്ങൾ പറയുക. എന്നാൽ അനുരാഗത്തിൻകാര്യത്തിൽ—കാലം എന്ന കണക്കൊന്നും വെയ്ക്കാൻ പാടില്ല. എനിക്കു് തോന്നുന്നതു് എന്റെ ജീവകാലം മുഴുവനും നിന്നെ ഞാൻ അറിഞ്ഞിട്ടുണ്ടു് എന്നാണു്. നിന്റെ ഈ അനുരാഗം സമ്പാദിപ്പാൻവേണ്ടി ഞാൻ കാത്തുകൊണ്ടിരിക്കയായിരുന്നു. ഞാൻ ആശിച്ചുകൊണ്ടിരിക്കയായിരുന്നു. എന്നല്ല പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നൊക്കെയാണു് എന്റെ അനുഭവം.

രാജാവു് ഈശ്വരനെ ഇതുവരെ ജയിച്ചിട്ടുണ്ടോ എന്നു് സംശയമാണു്. എന്നാൽ ഈ വ്യാജം പറയുമ്പോൾ അദ്ദേഹം പ്രദർശിപ്പിച്ച ഭക്തിരസം കണ്ടാൽ രതിയേക്കാൾ ലോകപരിചയമുള്ള സ്ത്രീകളുംകൂടി വിശ്വസിച്ചുപോകും. പരമാർത്ഥം വകവെയ്ക്കുന്ന എല്ലാ സ്ത്രീകളെപ്പോലെ രതിയും ഭക്തിയോടുഭക്തി കാണിച്ചിരുന്നു.

രാജാ:
എന്റെ സ്വർണ്ണക്കട്ടേ! എന്റെ അനുരാഗം നിന്നിലും പ്രതിബിംബിക്കാൻ നിണക്കും ഒന്നു് ഉദ്യമിച്ചു് നോക്കരുതോ? ഞാൻ അതിന്നു് യോഗ്യനല്ല എന്നു് എനിക്കു് അറിയാം. എന്നാലുംകൂടി.
രതി:
യോഗ്യനല്ലെന്നോ? അങ്ങുന്നേ! അങ്ങിനെ പറവാൻ പാടുണ്ടോ? നിങ്ങൾ എന്തിനാണു് പോരാത്തതു്. നിങ്ങൾ സകലത്തിന്നും മതിയല്ലൊ. എനിക്കു് നിങ്ങളെ അനുരാഗിക്കാൻ ശ്രമിക്കേണ്ടതൊന്നും ഇല്ല. പ്രിയ അങ്ങുന്നേ! നിങ്ങളെ ഞാൻ ഈശ്വരനെപ്പോലെ ആരാധിക്കുന്നു.

രാജാവു് അവളുടെ മുഖത്തു് നോക്കിയപ്പോൾ ആ നിഷ്കന്മഷയുടെ കണ്ണിൽ രണ്ടിലും വെള്ളം നിറഞ്ഞതായി കണ്ടു. ഒരു നിമിഷനേരം അയാൾക്കു് അസാരം ഒരു കിടിലം ഉണ്ടായി. ദുഷ്ടന്മാർക്കു് ഇതു് ചിലപ്പോൾ അനുഭവമാണു്.

രതി:
(അല്പം കഴിഞ്ഞതിൽ പിന്നെ) ഇതിൽ എന്താണു് ഒളിച്ചുവെയ്ക്കാനുള്ളതു്. എന്റെ അച്ഛനോടു് നേരിട്ടുചെന്നു് ചോദിക്കരുതോ? നമുക്കു് രണ്ടാൾക്കും തമ്മിൽ വളരെ അനുരാഗമുണ്ടെന്നും നാം വിവാഹം ചെയ്വാൻ ഇഷ്ടപ്പെടുന്നുണ്ടെന്നും പറഞ്ഞുകൂടയോ? അങ്ങിനെയല്ലേ നാട്ടിൽ നടപ്പു്. ഈ കാലത്തു് പ്രത്യേകിച്ചും.
രാജാ:
(മെല്ലെ ആരും വിശ്വസിച്ചുപോകുംപ്രകാരം) പ്രിയ രതീ! ഞാൻ ഇപ്പോൾ ഒരു നിർദ്ധനനാണു്. എന്റെ സ്വത്തുക്കളെല്ലാം അന്യാധീനപ്പെട്ടു് പോയി. പണമാണെങ്കിൽ കഷ്ടിച്ചു് ഒരു കൊല്ലത്തോളം ചിലവിനെത്തുമോ എന്ന സംശയമാണു്. ഇതു് ഒരു സമയം നിന്റെ അച്ഛന്റെ കണ്ണിൽ ഒരു കുറവാണെന്നു് വന്നേയ്ക്കാം.
രതി:
അങ്ങുന്നേ! നിങ്ങൾ നമ്മുടെ വിവരം അവരെ ഇനിയും അറിയിച്ചിട്ടില്ലേ.
രാജാ:
നിർഭാഗ്യവശാൽ കുലത്തിൽ പിറന്ന ഞങ്ങൾക്കു് ഒരു പ്രഭുത്വം കിടപ്പുണ്ടു്. നിന്റെ സ്വന്തംപേരിൽ എത്രയോലക്ഷം സ്വത്തുക്കളുണ്ടു്. ഞാൻ കാംക്ഷിച്ചായിരിക്കും നിന്നെ വിവാഹം ചെയ്വാൻ വിചാരിക്കുന്നതു് എന്നു് ചിലർക്കു് തോന്നിയേക്കാം.

ഇതു് പറഞ്ഞപ്പോൾ രാജാവു് തന്റെ ശരീരം ഞെട്ടിപ്പോയപോലെ ഒന്നു് വിറപ്പിച്ചു. നിഷ്കന്മഷസ്വാന്തയായ രതി ഇതു് കണ്ടപ്പോൾ അദ്ദേഹത്തിന്റെ ചുമൽ തടവി അദ്ദേഹത്തെ ധൈര്യപ്പെടുത്തി.

രതി:
എല്ലാറ്റിലും വലിയതു് അനുരാഗമാണു്. പണം പ്രമാണമല്ല.
രാജാ:
വെള്ളപ്രാവിനേക്കാൾ നിഷ്കളങ്കേ! നിന്റെ അനുരാഗം തന്നെയാണു് എനിക്കു് വലിയ കാര്യം. അതിലും മീതെ എനിക്കു് ലോകത്തിൽ മറ്റൊന്നുമില്ല. നിണക്കു് എന്നോടു് സ്ഥിരാനുരാഗമുണ്ടോ എന്നാണു് അറിയേണ്ടതു്. അങ്ങിനെ ഉണ്ടു് എന്നറിഞ്ഞാൽ നിന്റെ അച്ഛനോടു് നിന്നെ വിവാഹം കഴിപ്പാൻ സമ്മതം ചോദിക്കും. പ്രിയരതി! ഞാൻ ഒരു ധൈര്യമില്ലാത്തവനല്ല. എന്നാൽ എന്റെ അഭിമാനം തൃണപ്രമാണമാക്കി, വളരെ സ്വത്തുള്ള ഒരുവളെ ലോകാപവാദം ഭയപ്പെട്ടിട്ടു് വിവാഹത്തിനു് ആവശ്യപ്പെടാൻ ഉത്സാഹം തോന്നുന്നില്ല. നിന്നെ വഞ്ചിക്കയാണെന്നുകൂടി തോന്നിപ്പോകുന്നു.

അദ്ദേഹത്തിന്റെ കറുത്ത മുഖം താണു. രക്തഛായ അതിൽനിന്നു് മങ്ങി. ചന്ദ്രവെളിച്ചത്തിൽ അദ്ദേഹത്തിന്റെ മുഖം തനിക്കു് ഉള്ളതിനേക്കാളും വളരെ വെളുപ്പുണ്ടെന്നു് തോന്നി.

രതി:
അങ്ങുന്നേ! പ്രിയ അങ്ങുന്നേ! അങ്ങിനെയൊന്നും പറയരുതേ! നിങ്ങളുടെ അനുരാഗംകൊണ്ടു് ഒരു വിവരിക്കവയ്യാത്ത ആനന്ദമാണു് നിങ്ങൾ എനിക്കു് ഉണ്ടാക്കിത്തന്നതു്. മറ്റുള്ള കാര്യങ്ങൾ ഒന്നും നിങ്ങൾ ആലോചിക്കേണ്ടുന്ന കാര്യമില്ല. നിങ്ങളുടെ ഔദാര്യവും, ധർമ്മതല്പരതയുംകൊണ്ടാണു് നിങ്ങൾക്കു് ഈവിധം തോന്നിയതു്. സ്വാർത്ഥമില്ലായ്മ വലിയ ഗുണമാണു്. എന്നെ ഏതെല്ലാം അപരാധങ്ങളിൽനിന്നു് വീണ്ടെടുക്കാൻ സാധിക്കും എന്ന കാര്യവും മറക്കത്തക്കതല്ല. എനിക്കു് സ്വന്തമായി ഒരുകോടിയിൽ അധികം ഉറുപ്പിക ഉള്ളതു് കേവലം ഗുണപ്രദമല്ല. എന്റെ പണം കാംക്ഷിച്ചുമാത്രം വരുന്ന ചിലരുണ്ടാകും. അവരുടെ കള്ളി ആദ്യം നമ്മൾ അറിയില്ല. വിവാഹം കഴിഞ്ഞതിൽപ്പിന്നെ മാത്രമെ അറിയൂ. അപ്പോൾ കാര്യം കൈകടന്നു് പോകും. ആ മാതിരിക്കാരിൽനിന്നു് നിങ്ങൾ എന്നെ രക്ഷിക്കുകയാണു് ചെയ്യുന്നതു്.
രാജാ:
അതിൽ ഒരു വാസ്തവം കിടപ്പുണ്ടു്.
രതി:
അച്ഛൻ എപ്പോഴും പറയാറുണ്ടു്, എന്നേയും സതിയേയും സൂക്ഷിപ്പാൻ ശക്തിയില്ല എന്നു്. അവർ ഞങ്ങൾക്കു് ഒരു കാശു് തന്നിട്ടില്ലെങ്കിലുംകൂടി അമ്മയാൽ ദത്തമായ ഒരു വലിയ നിധിതന്നെ. ഞങ്ങൾ ഓരോരുവരുടേയും പൂർണ്ണഅധികാരത്തിലും സ്വാധീനത്തിലും കിടപ്പുണ്ടു്.
രാജാ:
അച്ഛന്റെ വശം കോടിക്കണക്കായി പണം കെട്ടിയിരിപ്പുണ്ടു്. അദ്ദേഹം ഒന്നും തന്നിട്ടില്ലെങ്കിലുംകൂടി നിണക്കു് എത്രയെങ്കിലും പണം സ്വന്തമായുണ്ടു് എന്നാണു് നീ പറയുന്നതു്.
രതി:
അതെ. ഒസ്യത്തുപ്രകാരം അമ്മ ഞങ്ങൾ ഓരോരുവർക്കും തന്നതു്.

രാജാവിന്റെ മുഖഭാവം കണ്ടാൽ അദ്ദേഹം ഒരു നാടകത്തിൽ ചേരാൻ പറ്റിയ ആളാണെന്നു് തോന്നും. പണം ധാരാളമുണ്ടെന്ന സംഗതി ഒരു പ്രതിബന്ധമാണെന്നു് മുഖഭാവംകൊണ്ടു് തെളിയിച്ചു. ഉള്ളിൽ ഈ വിചാരം അദ്ദേഹത്തിന്നു് അത്യന്തം സന്തോഷവും തൃപ്തിയും ഉണ്ടാക്കി. വിടനായ അദ്ദേഹത്തിനു് അനാസ്ഥംഭിതരസികയായിരിക്കുന്ന ഒരു സുന്ദരിയെ കിട്ടുന്നു. നിർദ്ധനനായ അദ്ദേഹത്തിന്നു് കോടികോടി പണവും കിട്ടുന്നു.

ഇരയെക്കണ്ട സർപ്പം നാവു് നീട്ടി രസിക്കുന്നപോലെയുള്ള ഒരു തൃപ്തിയാണു് രാജാവിന്നു് ഉണ്ടായതെങ്കിലും അദ്ദേഹത്തിന്റെ മുഖത്തു് അതൊന്നും പ്രത്യക്ഷമായില്ല. അയാൾക്കു് ഒരു നിമിഷം ആ നിഷ്കളങ്കയുവതിയുടെ മുഖം നോക്കാൻ സാധിച്ചില്ല. എന്നതിൽപ്പിന്നെ സങ്കടവും വേദനയുംകൊണ്ടു് കുഴങ്ങുന്ന ഒരാൾ അതൊക്കെ സഹിക്കാൻ നിർബ്ബന്ധിതനായപോലെ അയാൾ ഒരു ദീർഗ്ഘനിശ്വാസം ചെയ്തു.

രാജാ:
പ്രിയരതി! എന്നെപ്പോലെതന്നെ നീയും ഒരു പണമില്ലാത്ത ആളായിരുന്നു എങ്കിൽ എന്റെ ആനന്ദത്തിന്നു് സീമ ഉണ്ടാകുമായിരുന്നില്ല. നിന്റെ സീമയില്ലാത്ത പണമാണു് എന്നെ സങ്കടപ്പെടുത്തുന്നതു്. നമ്മുടെ നിഷ്കളങ്കമായ അന്യോന്യാനുരാഗത്തിന്നു് ഒരു നിർഭാഗ്യകലയാണു് ഈ പണം. നമ്മുടെ തൃപ്തികരജീവിതത്തിന്നു് ഒരു തടസ്ഥമാണു് വേണ്ടതിൽ എത്രയോ കവിയുന്ന പണം.
രതി:
നിങ്ങൾക്കു് പണം ഇല്ലെങ്കിൽ എന്റെ പണം മുഴുവനും നിങ്ങളുടേതാണു്. നമ്മൾ രണ്ടാളും പണക്കാരാണെന്നു് വിചാരിച്ചാൽ മതി. നിങ്ങളെ ഒരു നിമിഷംപോലും വ്യസനിച്ചിരിക്കുന്നതു് കാണാൻ എനിക്കു് ആഗ്രഹമില്ല. എനിക്കു് നിങ്ങളുടെ അനുരാഗമാണു്—പണമല്ല—വലിയകാര്യം.

ഇതുകേട്ടപ്പോൾ, രാജാ തിരിഞ്ഞു. അവളെ മാറോടടുപ്പിച്ചു് പൊത്തിപ്പിടിച്ചു് അവളുടെ മുഖത്തിൽ ചുംബനവർഷം ചൊരിഞ്ഞു.

രാജാ:
പ്രിയ രതി! ഇങ്ങിനെ ഒരു അഭിപ്രായം നിന്റെ മനസ്സിൽ തോന്നിച്ചതു് സാക്ഷാൽ ജഗദീശ്വരനാണു്. നിന്റെ വിലയേറിയ അനുരാഗം എന്നിൽ സമർപ്പിച്ചതുകൊണ്ടു് നിണക്കു് ഒരിക്കലും പശ്ചാത്തപിക്കാൻ ഇടവരില്ല. ഈശ്വരൻ സാക്ഷി.

രാജാവിന്റെ തടിച്ച ചുണ്ടുകൾ പിന്നേയും രതിയുടെ ചുണ്ടിന്മേൽ അമർത്തു. രതിയുടെ ശരീരം ആനന്ദംകൊണ്ടു് വിറച്ചു. അവൾ അനുരാഗാതിരേകംകൊണ്ടു് വിറയ്ക്കുന്നുണ്ടെന്നു് ബോദ്ധ്യമായപ്പോൾ, രാജാവു് പിടുത്തം വിടാതെ കുറേനേരം അങ്ങിനെതന്നെ നിർത്തി. രതിയുടെ ചുടുചോര ശക്തിയോടെ അവളുടെ നാഡികളിൽക്കൂടെ ഒഴുകിത്തുടങ്ങി. രാജാവിന്റെ ശരീരത്തിൽ പെണ്ണുങ്ങളെ ആകർഷിപ്പിക്കുന്ന വിദ്യുച്ഛക്തി അത്ര കലശലായുണ്ടായിരുന്നു. അയാളുടെ വാക്കും കർമ്മവും അനുഭവിച്ചപ്പോൾ സാധു രതി അട്ടിമറിഞ്ഞുപോയി എന്നു് പറയുന്നതിൽ കേവലം അതിശയോക്തിയില്ല. അവൾ, ഇതുവരെ അവളുടെ പ്രേമാസ്പദമാക്കി വിചാരിച്ച എല്ലാ വസ്തുക്കളേയും, സ്വന്തം വീടും, അച്ഛനേയും സഹോദരിയേയും ഈ ഒരാൾക്കുവേണ്ടി സന്തോഷത്തോടെ വിട്ടുകളയാമെന്നു് തോന്നി. രാജാവിന്റെ ഒപ്പം ഏതു് പാതാളത്തിൽ പോവാനുംകൂടി അവൾക്കു് മടി ഉണ്ടായിരുന്നില്ല. ഇതാണു് കാംക്ഷിക്കത്തക്ക ജീവിതാവസ്ഥ എന്നു് അവൾക്കു് തോന്നി. അയാളുടെ ശക്തിയേറിയ ഭുജങ്ങളാൽ കെട്ടിപ്പിടിക്കപ്പെട്ടു്, ഹൃദയത്തുടിപ്പു് രണ്ടുപേർക്കും കേൾക്കത്തക്കവണ്ണം മാറുമാറോടു് അമർത്തുകൊണ്ടു് നില്ക്കുക. അദ്ദേഹത്തിന്റെ ചുണ്ടുകൾ ചുണ്ടോടു് ചേർത്തുപ്പിടിച്ചു് ചുംബനങ്ങൾ അനുഭവിക്കുക. അദ്ദേഹത്തിന്റെ കണ്ണുകളും നോക്കിക്കൊണ്ടു് ആനന്ദകരവും മദകരവും ആയ അനുരാഗാബ്ധിയിൽ വീണു് മുങ്ങിക്കളിക്കുക. ഇതൊക്കെയാണു് ജീവിതകാലത്തിലെ യഥാർത്ഥസുഖമെങ്കിൽ രതിക്കു് മരിക്കാൻ കേവലം മനസ്സുണ്ടായിരുന്നില്ല. വൃദ്ധയാവാൻകൂടി ആഗ്രഹമുണ്ടായിരുന്നില്ല. അഗോചരമായി പതച്ചുമറിയുന്ന അമൃതംപോലെയുള്ള ഇവളുടെ തല്ക്കാലാവസ്ഥയോടു് ഒത്തുനോക്കിയപ്പോൾ അവളുടെ ഇതുവരെയുണ്ടായ ജീവിതം, കെട്ടിനിർത്തിയ വെള്ളംപോലെ, പങ്കിലവും ദുർഗ്ഗന്ധമയവും ആണെന്നു് തോന്നി. അവൾ കുറെ കഴിഞ്ഞപ്പോൾ ഒരു സ്വപ്നം കണ്ടവളേപ്പോലെ ഉണർന്നു. അപ്പോൾകൂടി രാജാവു് അയാളുടെ അനുരാഗമന്ത്രം ജപിച്ചുകൊണ്ടുതന്നെ ഇരുന്നു.

രാജാ:
നിണക്കും എന്നോടു് രാഗമുണ്ടെന്നു് കൂടക്കൂടെ പറയൂ.
രതി:
(മൃദുവായി അനുസരണത്തോടെ) ഞാനും നിങ്ങളെ അനുരാഗിക്കുന്നു.
രാജാ:
ഈ കാര്യത്തിൽ വേണ്ടതു് പ്രവൃത്തിപ്പാൻ എന്നെ മാത്രം ഏല്പിച്ചാൽ മതി. ഞാൻ പറയുമ്പോലെ നീ അനുസരിച്ചാൽ മതി. മറ്റു് സ്ത്രീകളെപ്പോലെ വേണ്ടാത്ത കാര്യങ്ങൾക്കൊന്നും നിഷ്കർഷിക്കരുതു്. നമ്മുടെ കാര്യസാദ്ധ്യത്തിന്നു് ഇടിവുകളൊന്നും നേരിടാതെ വരേണമെങ്കിൽ ഭാവിസൗഖ്യത്തിന്നു് വിരോധമായ യാതൊരു നിബന്ധനയും നീ ആലോചിയാതെ കൊണ്ടുവരരുതു്.
രതി:
ഏതുപ്രകാരത്തിൽ ഞാൻ കൊണ്ടുവരും?
രാജാ:
നിന്റെ അച്ഛനോടു് ഈ വിവരം തല്ക്കാലം പ്രസ്താവിക്കാൻ എന്നെ നിർബ്ബന്ധിക്കരുതു്. എനിക്കു് അങ്ങിനെ ഒന്നു് തോന്നുന്നു. ഞാൻ ഇപ്പോൾ വല്ലതും പ്രസ്താവിച്ചാൽ നിന്റെ അച്ഛൻ ഈ വിവാഹത്തിന്നു് അനുകൂലിക്കയില്ല എന്നു് ഞാൻ അറിയും. നിന്റെ അച്ഛൻ നിന്നേയുംകൂട്ടി നാട്ടിലേയ്ക്കുതന്നെ മടങ്ങിക്കളയുമെന്നു് ഞാൻ അറിയും. രാജാവു് ഇപ്പോൾ പറഞ്ഞതു് പരമാർത്ഥമാണു്. രാജാവിന്റെ ചരിത്രം എല്ലാവരും അറിയും. അയാളുടെ പണമില്ലായ്മയല്ല അയാളുടെ കള്ളസ്വഭാവമാണു് അയാൾക്കു് എതിരായി നില്ക്കുക എന്നു് രാജാവു് മനസ്സിലാക്കിയിരുന്നു. പണമില്ലാത്തവർക്കും രാജാവിനെ മകളുടെ വരനായി വരിക്കാൻ ഇഷ്ടമുണ്ടാകയില്ല. അതുകൊണ്ടാണു് അയാൾ എല്ലാറ്റിനും വഴങ്ങുന്ന രതിയെ ഇങ്ങിനെ താക്കീതു് ചെയ്തു് വിട്ടേച്ചതു്. തന്റെ ഉദ്ദേശത്തിന്റെ അസ്ഥിവാരം ഉറപ്പിക്കാൻ വേണ്ടിയാണു്, അയാൾ ഇങ്ങിനെയുള്ള സൂത്രങ്ങളെല്ലാം പ്രയോഗിക്കുന്നതു്.
രതി:
അങ്ങിനെയാകട്ടെ. അങ്ങുന്നേ! എല്ലാം നിങ്ങളുടെ ഇഷ്ടംപോലെ ആകട്ടെ—എന്നാൽ—
രാജാ:
“എന്നാൽ” ഒന്നും വലിച്ചിടേണ്ട. നമ്മൾ രണ്ടാൾക്കും അന്യോന്യം വളരെ അനുരാഗമുണ്ടെന്നു് പിന്നീടു് മനസ്സിലാകുമ്പോൾ നിന്റെ അച്ഛൻ ഈ വിവാഹത്തിന്നു് സമ്മതിക്കും. നമ്മൾ രണ്ടാളും പരിചയമായിട്ടു് രണ്ടാഴ്ച തികഞ്ഞിട്ടില്ല. അതുകൊണ്ടു് നമ്മുടെ അനുരാഗം വേണ്ടപടി ഉറച്ചിട്ടില്ലെന്നു് നിന്റെ അച്ഛന്നു് തോന്നും. അപ്പോൾ അയാൾ നിങ്ങളെ ഒക്കെക്കൂട്ടി വന്നവഴിക്കുതന്നെ പോവാൻ മതി.
രതി:
കാര്യം എനിക്കു് മനസ്സിലായി. നിങ്ങൾ പറയുന്നതു് ശരിയാണു്.

കാർത്തികേയൻനായർ ക്രൂരതതോന്നുംവണ്ണം തന്റേടവും വാശിയും ഉള്ള ആളും, ലോകനീതി മര്യാദകൾ വിലവെയ്ക്കുന്ന ആളും ആയിരുന്നു. ഈ മാതിരി കാര്യനടത്തയിൽ സ്വേച്ഛാധിപത്യവും മൂരിപ്പിടിത്തവും കാണിക്കുന്ന ഒരു ഗൗരവക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മുഖം അസംസ്കൃതമാണെങ്കിലും ഹൃദയം സല്ക്കാര്യങ്ങളിൽ നല്ല മയത്വവും ദയയും ഉള്ളതായിരുന്നു. തന്റെ സുന്ദരികളായ രണ്ടുമക്കളും ഒരു സമയം ഈ സ്വഭാവം മനസ്സിലാക്കിട്ടില്ലായിരിക്കും. ചെറുപ്പത്തിൽ അമ്മ പോയ്പോയ ഈ സഹോദരികളെ, അമ്മയുടെ സ്ഥാനത്തുനിന്നു് വളർത്തുവാൻ അച്ഛൻ അശക്തനായിരുന്നു. എങ്കിലും ആ ജോലി ഏറ്റെടുക്കാൻ അച്ഛൻ മടിച്ചിരുന്നില്ല. ഈ വിവരം സഹോദരികൾ നല്ലവണ്ണം അറിഞ്ഞിരുന്നു. മുൻകരുതൽ കൂടാതെ അദ്ദേഹം ചിലപ്പോൾ ന്യായമാണെന്ന നിലയിൽ കാട്ടിക്കൂട്ടുന്ന ചില അനീതികൾ സഹോദരികളുടെ ഉള്ളിൽ അമ്പുതറച്ചപോലെ കൊണ്ടിരുന്നു.

പരമാർത്ഥം പറയേണമെങ്കിൽ, ധനം സമ്പാദിപ്പാനുള്ള വഴിയും നോക്കി നടക്കുന്ന ചില കപടസന്യാസികൾ ലോകത്തിൽ ഉണ്ടു്. അങ്ങിനെയുള്ള ധനകാംക്ഷികളുടെ കെണിയിൽ തന്റെ മക്കൾ പെട്ടുപോകുന്നതിന്നു് അദ്ദേഹത്തിന്നു് അത്യന്തം വിരോധവും ഭയവും ഉണ്ടായിരുന്നു. അതുകൊണ്ടാണു് ഒരു രക്ഷിതാവിന്റെ നിലയിൽ ഇത്രത്തോളം അടക്കവും ചിട്ടയും പിടിത്തവും അദ്ദേഹം കാണിക്കേണ്ടിവന്നതു്. ഈ സദുദ്യമത്തിന്റെ ഫലം വിപരീതത്തിലാണു് കലാശിച്ചതു്. ഇവരെ കൊണ്ടുനടത്തുവാനും ഉപദേശിപ്പാനും സൽസ്വഭാവവും, ബുദ്ധിയും, ലോകപരിചയവും ഉള്ള ഒരു പ്രൗഢയെ ആയിരുന്നു ഇവരുടെ മിസ്ട്രസ്സായി, ഒരു ജ്ഞാനമുള്ള അച്ഛൻ വെയ്ക്കേണ്ടിയിരുന്നതു്. അവരുടെ സ്നേഹവും അനുസരണവും മറ്റൊരാളിൽ പതിഞ്ഞുപോകുന്നതും അദ്ദേഹത്തിന്നു് ഇഷ്ടമില്ലാത്ത ഒരു കാര്യമായിരുന്നു.

ഇങ്ങിനെ അപത്നികനായ അച്ഛന്റേയും അമ്മയില്ലാത്ത കുട്ടികളുടെ ഗൃഹജീവിതം ദുഃഖപര്യവസായിയായി കലാശിക്കാനെ ഇടയുണ്ടാകയുള്ളു. അതിന്റെ ആരംഭനിലയിലാണു് നമ്മുടെ ഈ കഥയായ ചരിത്രവും ആരംഭിച്ചതും. അതിന്റെ സമ്പൂർണ്ണഫലസിദ്ധിക്കു് നമ്മുടെ രാജാവിനെപ്പോലെയുള്ള ഒരാളുടെ പ്രവേശനം മാത്രംമതി. വിടവാങ്ങും മുമ്പെ അദ്ദേഹം തന്റെ നില ഒന്നുകൂടി ഉറപ്പിച്ചു.

രാജാ:
പ്രിയരതി! എന്നെ കൂടക്കൂടെ കാണാൻ ഉപായം ഉണ്ടാക്കണെ.

രതി ശങ്കിച്ചുകളിച്ചു. ആ നിമിഷത്തിൽ അദ്ദേഹം മുഖം കുനിച്ചു. അവളുടെ വെളുത്ത മൃദുവായ മുൻകഴുത്തിൽ അദ്ദേഹത്തിന്റെ രണ്ടു് ചുണ്ടും അമർത്തി. ആ കണ്ഠത്തിന്റെ ഉരുളിച്ചയും, മിനുസവും, ലോലതയും അടുത്തു് നില്ക്കുന്ന ആ വിടന്റെ കാമം തടുത്തുകൂടാത്തവിധം മർദ്ദിതമായി.

രാജാ:
പ്രിയകാമിനീ! നീ വരില്ലെ?
രതി:
അതെ. അങ്ങുന്നേ! ഞാൻ വരാൻ ഏർപ്പാടുകൾ ചെയ്യാം.

അങ്ങിനെ ഒരു ഉത്തരമോ, വാഗ്ദത്തമോ കിട്ടാതിരിക്കില്ലെന്നു് രാജാവു് മുൻകൂട്ടി കണക്കാക്കിയിരുന്നു. ഈ ചെറിയ തൃശ്ശൂർക്കാരത്തി പെണ്ണിന്റെ സർവ്വസ്വവും, സർവ്വാധികാരിയും താൻ മാത്രമാണെന്നു് അയാൾ അറിഞ്ഞു. താൻ എന്തു് പറഞ്ഞാലും, അപ്രകാരം ചെയ്യാൻ അവൾ ക്ഷണം അനുകൂലിക്കുമെന്നും, അയാൾ അറിഞ്ഞു. അയാൾ അവശ്യപ്പെടുന്ന സമയത്തു് ലോകപരിചയമില്ലാത്ത അവൾ, അവളുടെ ദേഹവും, ആത്മാവും, മാനവും ഉപേക്ഷിക്കാൻ മടിക്കില്ലെന്നും അയാൾ അറിഞ്ഞു. അവളെ രക്ഷിപ്പാനൊ ശിക്ഷിപ്പാനെ ഉള്ള പ്രത്യേകശക്തി തന്റെ വശമാണു് കിടക്കുന്നതു് എന്നറിഞ്ഞിട്ടു് അദ്ദേഹത്തിന്റെ ഹൃദയം ദുരഭിമാനത്തിൽ മുഴുകി.

രതിക്കു് അവളുടെ ആശ്രയത്വം അഥവാ നിസ്സഹായത മനസ്സിലായിരിക്കാൻ മതി. അദ്ദേഹത്തിന്റെ പ്രേമമയവും ആശ്വാസകരവുമായ സാമീപ്യത്തിൽനിന്നു് അവൾ അസാരം പിൻവാങ്ങി നിന്നു.

രതി:
അങ്ങുന്നേ! എനിക്കു് വീട്ടിലേയ്ക്കു് പോകാൻ സമയം അതിക്രമിച്ചുപോയി.
രാജാ:
പ്രിയരതി! നിണക്കു് ഭയമൊന്നുമില്ലല്ലോ?
രതി:
ഏതുപ്രകാരത്തിൽ! എനിക്കെന്തിനാണു് ഭയം?
രാജാ:
എന്റെ സമീപത്തു് നില്ക്കുമ്പോൾ നിണക്കു് ഒരു ദുശ്ശങ്ക ഉണ്ടെന്നു് തോന്നിപ്പോകുന്നു. ഞാൻ നിന്നെ വല്ലതും ചെയ്തുകളയുമോ എന്നുകൂടി നീ ഭയപ്പെടുന്നു.

ഇങ്ങിനെ അദ്ദേഹത്തിനോടു് പറഞ്ഞുപോയതു് ഒരു വിജയിയുടെ ഡംഭു കൊണ്ടു് മാത്രമായിരുന്നു. ആ വാക്കിന്റെ സാരം മനസ്സിലാക്കാൻ തക്കവണ്ണം രതിക്കു് ലോകപരിചയമോ വക്രബുദ്ധിയോ ഉണ്ടായിരുന്നില്ല. രതി അത്രത്തോളം പരിശുദ്ധയും നിഷ്കളങ്കയും ആയിരുന്നു. സമ്പൂർണ്ണാനുരാഗം പതിഞ്ഞുപോയ ഒരു പുരുഷന്നു് ഭയപ്പെടേണ്ടുന്ന കാരണമെന്താണു്. തന്നോടുള്ള പെരുമാറ്റത്തിൽ അയാൾ കാണിച്ചിരുന്നതു് ഔദാര്യവും അനുരാഗവും രക്ഷയും മാത്രമായിരുന്നു. ഭയമോ? രതിക്കു് ചിരിവന്നു. “ഓ. അങ്ങുന്നേ! എന്റെ പ്രിയ നേരംപോക്കുകാരാ. നിങ്ങൾക്കു് നായനാരുടേയും കുമാരൻമാസ്റ്റരുടേയും ഗുണമുണ്ടെന്നു് ഞാനറിഞ്ഞില്ല” എന്നു് രതി മന്ത്രിച്ചു.

ചിലസമയത്തു് തൃശ്ശൂരും മലബാറും തമ്മിൽ ഭേദമുണ്ടെന്ന ഒരു ദുഷ്ടവിചാരം ഈ കള്ളന്നു് ചൂട്ടുപിടിച്ചുകൊടുത്തു. തൃശ്ശൂർക്കാരെ പറ്റിക്കുന്നതു് ഒരു വലിയ ദോഷമല്ലെന്നു് ഈ വിടൻ സമാധാനിച്ചു. ചാരിത്രശുദ്ധി, നാട്ടിലല്ല പെണ്ണിലാണു് കിടക്കുന്നതു് എന്ന സത്യബോധം ആ വഞ്ചകന്റെ ഹൃദയത്തിൽ ഉദിച്ചതേയില്ല. അയാൾ തന്റെ കാറിനെ പമ്പടിച്ചു് ഉണർത്തി. സഹജമായ ദുർബുദ്ധികൊണ്ടു് അയാൾ പെട്ടെന്നു് ശക്തിയോടെ കാർ തിരിച്ചു്, അടുത്തു് ഇരുന്ന രതിയെ അനാവശ്യമായി ഒന്നു് ഞെട്ടിപ്പിച്ചു. അതിസ്നേഹം കാണിക്കുന്നതു് അപകടമാണെന്നു് അയാൾക്കു് തോന്നി. സ്ത്രീസ്വഭാവം അയാൾ നല്ലവണ്ണം പഠിച്ചുവെച്ച ഒരു വിഷയമാണു്. നമ്മൾ സ്ത്രീകളുടെ ദേഹാത്മാക്കളാണെന്ന ബോധവും ബോദ്ധ്യവും അവർക്കു് വന്നുപോയാൽ യജമാനനു് ഒരു അടിമയെക്കൊണ്ടെന്നപോലെ നമ്മളെ അവർ സകല കളിയും കളിപ്പിക്കും എന്നു് അയാൾ പണ്ടേ മനസ്സിലാക്കിയിരിക്കുന്നു.

രതിയുടെ അച്ഛൻ വാടകയ്ക്കു് വാങ്ങിയ ഒന്നാന്തരം ബങ്ക്ളാവിന്റെ വിശാലമായ പറമ്പിന്റെ ഒരു മുക്കിൽ എത്തിയപ്പോൾ രാജാവു് അവളെ ഇറക്കിവിട്ടു. അയാൾ അവളുടെ കൈപിടിച്ചു് ഒന്നുഞെക്കിയതല്ലാതെ അവളെ ചുംബിപ്പാനൊന്നും പോയില്ല.

രാജാ:
നോക്കു എനിയത്തെ ആഴ്ച ഈ ദിവസത്തിൽ തന്നെ, ഇന്നു് നീ വന്നുനിന്നേടത്തു് വൈകുന്നേരം ഏഴുമണിക്കു് എന്നേയും, കാത്തു് നീ നില്ക്കണം. നമുക്കു് രണ്ടാൾക്കും ഒരു റിസ്റ്റോറണ്ടിൽ പോയി നല്ലവണ്ണം ഒന്നു് സാപ്പിടണം.
രതി:
അയ്യോ! അങ്ങുന്നേ. എനിക്കു് ഇനിയും അവിടെവന്നു് കാത്തിരിപ്പാൻ തരമില്ല. അതു് വളരെ പബ്ളിക്കായ്പോയി. ഇന്നു് രാത്രിതന്നെ ഞാൻ വേണ്ടതിലധികം ദ്രോഹം അനുഭവിച്ചു.
രാജാ:
അതാണു് നമുക്കു് പറ്റിയ ദിക്കു്. പ്രഭുക്കന്മാരും, ലക്ഷാധിപന്മാരും അവിടെ ഉണ്ടാകയില്ല. പ്രിയെ! ഗുഡ്നൈട്ട്.

അവർക്കു് കുറെദൂരംകൂടി നടപ്പാനുണ്ടായിരുന്നു. എന്നാലെ വീട്ടിലേയ്ക്കു് തിരിയേണ്ടുന്ന വഴി എത്തുകയുള്ളു. അവിടെ എത്തിയപ്പോൾ പൂമുഖത്തെ വിളക്കുകൾ നല്ലവണ്ണം കത്തുന്നുണ്ടായിരുന്നു. രതിയുടെ ചുകന്നചുണ്ടുകൾ അനുരാഗംകൊണ്ടു് വിറച്ചു. അയാൾ പോകാൻ തുടങ്ങുമ്പോൾ “എന്നെ ഒന്നു് ചുംബിക്കാൻകൂടി നിങ്ങൾക്കു് ഭാവമില്ലേ” എന്നു് രതി സങ്കടത്തോടെ ചോദിച്ചു. രാജാവു് കുനിഞ്ഞു് തന്റെ ചുണ്ടുകൊണ്ടു് അവളുടെ ചെള്ള ക്ഷണം ഒന്നു് തടവി. കാർതിരിച്ചു് വീട്ടിൽ എത്തി. അദ്ദേഹം താൻ പാർക്കുന്നേടത്തെ പൂമുഖത്തു് എത്തിയപ്പോൾ, അദ്ദേഹത്തിന്റെ സുന്ദരമുഖത്തിന്മേൽ ഒരു മന്ദഹാസം വിളയാടിക്കൊണ്ടിരുന്നു. ഹിറ്റ്ലർക്കുണ്ടായ ജയം! വിഡ്ഢികൾ സ്ത്രീകളോടു് ഏതു് സമയത്തും ദയയോടും, പ്രേമത്തോടും ബഹുമാനത്തോടും പെരുമാറണം എന്നു് വിചാരിച്ചുകൊള്ളട്ടെ. അയാൾ, രാമാനുജൻ രാജാ; ഒരു വിഡ്ഢിയല്ല. വശീകരണവിഷയത്തിൽ ഓരോ ഘട്ടത്തിലും ഒരു സ്ത്രീക്കു് ഇത്ര ചുംബനം കൊടുക്കണമെന്നും ഇത്ര ഡിഗ്രി അനുരാഗം കാണിക്കണം എന്നും അയാൾക്കു് ശരിയായും കൃത്യമായും അറിയാം.

പുരുഷന്മാരുടെ അനുരാഗാവസ്ഥയിൽ അല്പം ഒരു ശങ്ക മങ്കമാർക്കു് അങ്കുരിച്ചുകൊണ്ടിരിക്കണം. അവളുടെ ഉള്ളിൽ അല്പമെങ്കിലും ഒരു അനിശ്ചിതാവസ്ഥ ഉണ്ടാക്കി കൊടുക്കണം. അല്ലെങ്കിൽ അവൾ പുരുഷന്മാരുടെ ഗാഢാനുരാഗം സാധാരണമാണെന്ന ഭാവത്തിൽ വിചാരിച്ചുകളയും. അതൊന്നും പാടില്ല. ഇത്രത്തോളം എന്നനില വാക്കുകളെ ബാധിക്കുകയില്ലെങ്കിലും കർമ്മങ്ങളെ ബാധിക്കണമെന്നാണു് നമ്മുടെ കാമശാസ്ത്രപാരംഗതനായ രാജാവിന്റെ വിശ്വാസം. എന്നുവെച്ചാൽ അയാൾക്കു് സ്ത്രീകളോടുള്ള പിടുത്തത്തേക്കാൾ, സ്ത്രീകൾക്കു് തന്നോടുള്ള പിടുത്തത്തിന്നു് ശക്തികുറയണം അഥവാ കുറയ്ക്കണം ഇതാണു് രാജാവിന്റെ മനോനിശ്ചയം. ലോകത്തെ ദ്രോഹിക്കുന്നതിനേക്കാൾ ഇദ്ദേഹം ലോകത്തെ പഠിക്കുകയാണു് ചെയ്യുന്നതു് എന്നു് ചില വിവേകശൂന്യർ അഭിപ്രായപ്പെടാനും മതി.

പത്താം അദ്ധ്യായം

പൊന്നി കുറെനാൾ ആമരേശംസ്ക്കൂളിലായിരുന്നു. യഥാർത്ഥം പറയണമെങ്കിൽ സ്ക്കൂൾജീവിതം അവൾ സർവ്വാത്മനി വെറുത്തിരുന്നു. സ്ക്കൂളിന്നു് യാതൊരു കുറവും ഉണ്ടായിരുന്നില്ല. അതു് ഇപ്പോഴത്തെ മാതൃകയിൽ സൃഷ്ടിച്ച, എല്ലാ അവസ്ഥകളും തികഞ്ഞ ഒരു സ്ക്കൂൾതന്നെയായിരുന്നു. പഠിപ്പിനേക്കാൾ ലോകജ്ഞാനം സമ്പാദിപ്പാൻ ഉദ്യമിക്കുന്ന മടിച്ചികളാണെങ്കിലും ധനം ധാരാളമുള്ള യുവതികളുടെ സങ്കേതസ്ഥാനമായിരുന്നു ആ സ്ക്കൂൾ. അവരുടെ നാടകാഭിനയങ്ങൾ പൊന്നിയെ വളരെ രസിപ്പിച്ചു. എല്ലാ വൈകുന്നേരവും അവൾ നാടകം കാണാൻ പോക പതിവായിരുന്നു. അവൾക്കു് കേവലം ബോധിക്കാത്തതു്, എല്ലാ വിശേഷനടവടികളും തെറ്റാതെ കാണിക്കേണ്ടുന്ന രാത്രിയത്തെ ഊണും, ഊണു് കഴിഞ്ഞാൽ പിന്നെ തുടങ്ങുന്ന അഭിനയത്തെപ്പറ്റിയുള്ള ഗുണദോഷിക്കലും ആയിരുന്നു. ആമരേശത്തിന്റെ ചുറ്റും ഉണ്ടായിരുന്ന ചെറുചെടികളെക്കൊണ്ടു് ബോഡറിട്ട, നടകളിൽക്കൂടെ നടക്കുവാൻ അവൾക്കു് വളരെ ഇഷ്ടമായിരുന്നു. എന്നാൽ നിർബ്ബന്ധമായി കൂടെ നടക്കേണ്ടുന്ന ഒരു വൃദ്ധമിസ്ട്രസ്സിന്റെ സഹവാസം അവൾക്കു് അസഹ്യമായി തോന്നി. മുള കല്ലിന്മേൽ പറ്റുംപോലെ മിസ്ട്രസ് അവളുടെകൂടെ പറ്റുന്നുണ്ടെന്നു് അവൾക്കു് തോന്നി. യുവതികളെ തനിയെ വിസ്തൃതമായ തോട്ടത്തിൽക്കൂടെ ചുറ്റി നടക്കുവാൻ വിട്ടുകൂട എന്നാണു് സ്ക്കൂളിലെ കണിശമായ നിയമം. ഇതും പോരെങ്കിൽ നടക്കുന്ന സമയത്തൊക്കെ മിസ്ട്രസ് നാടകം, ശില്പവിദ്യ, സാഹിത്യം മുതലായ ഗഹനവിഷയങ്ങളെപ്പറ്റി ദീർഗ്ഘപ്രസംഗം ചെയ്തു് അവളുടെ വെറുപ്പു് വർദ്ധിപ്പിക്കുകയും ചെയ്തു. വളരെ രസം പിടിപ്പിച്ച രണ്ടു് കാര്യങ്ങൾ, ബൈസിക്കിൾ സവാരിയും, സംഗീതവും ആയിരുന്നു. അവിടത്തെ നരച്ചു് മാതൃതുല്യയായ പ്രിൻസിപ്പാലിന്നു് പൊന്നിയുടെ ഈ രണ്ടു് വിഷയത്തിലും ഉണ്ടായിരുന്ന പുരോഗതി അതിശയവും തൃപ്തിയും ഉണ്ടാക്കി. ആദ്യം പൊന്നി സ്ക്കൂളിൽ ചേർന്നപ്പോൾ സപ്തസ്വരങ്ങൾ എന്തെന്നു് നല്ല നിശ്ചയമില്ലാത്തവളാണെന്നു് കണ്ടു് പൊന്നിയെ വളരെ പുച്ഛമായിരുന്നു. പിന്നീടു് മോട്ടോക്കാറിന്റെ വിദ്യകൾകൂടി മനസ്സിലാക്കാൻ ശ്രമിക്കുന്ന പൊന്നിയെ കണ്ടിട്ടു് പ്രിൻസിപ്പാൾ ആശ്ചര്യപ്പെട്ടു. ഒരു ദിവസം നിർദ്ദയമായി ഒരു കഴുതപ്പുറത്തു് കേറി സവാരി ചെയ്ത ഇവളെപ്പറ്റി സ്ക്കൂളിലെ ദോവി ആക്ഷേപിച്ചിട്ടു് പ്രിൻസിപ്പാലിന്നു് ഇവളെ താക്കീതു് ചെയ്യേണ്ടിയും കൂടിവന്നു.

പൊന്നി വിചാരിക്കുന്നപോലെ, ബാക്കി കുട്ടികളൊന്നും ഇവളുടെ കർമ്മങ്ങൾ മെഴുപ്പിടിച്ചു്, അഭിനയിച്ചു് ഇവളെ മക്കാറാക്കിയിരുന്നില്ല. അവരൊക്കെ ആ പ്രായത്തിൽ നിന്നു് കവിഞ്ഞു് പോയിരിക്കുന്നു. വളരെ വിദ്യാർത്ഥിനികൾ, അവരുടെ അമ്മമാരേക്കാൾ, തന്റേടവും അച്ചടക്കവും ഉള്ളവരായിരുന്നു. പൊന്നി ഏതെങ്കിലും മുഴച്ചു് നില്ക്കുന്ന തെറ്റോ, മര്യാദകേടോ കാണിക്കുമ്പോൾ ഒന്നുരണ്ടു് കൂട്ടർ രസിക്കാത്ത വിധത്തിൽ അവളുടെ നേരെ നോക്കാതിരുന്നില്ല. എന്നാൽ മിക്ക വിദ്യാർത്ഥിനികളും അവളോടു് സഖിത്വം കാണിച്ചിരുന്നു. അവൾ ധരിച്ചിരുന്ന സാരികളും പണ്ടങ്ങളും അവളെ ഈ കാര്യത്തിൽ വളരെ സഹായിച്ചു. അഴകും വിലയും ഏറിയ എല്ലാമാതിരി ഉടുപ്പുകളും ശേഖരിച്ചു് കൊടുപ്പാൻ കൃഷ്ണൻനായർക്കു് അലംഭാവമില്ലായിരുന്നു. പോരാഞ്ഞിട്ടു് മാസംതോറും ന്യായമായ ഒരു തുക പോക്കറ്റുമണിയായി ഇഷ്ടംപോലെ ചിലവാക്കാൻവേണ്ടി ഇവൾക്കു് കൊടുത്തിരുന്നു.

അവളുടെ സകല കർമ്മങ്ങൾക്കും ഒരു മനോഹരത ഉണ്ടായിരുന്നു. അവളുടെ നടത്തവും ഭാവവും കണ്ടാൽ അവൾ ഒരു കുലീനയാണെന്നു് തോന്നാതിരിക്കില്ല. അവളുടെ സഹപാഠികളൊക്കെ യഥാർത്ഥത്തിൽ കുലീനകളാണെങ്കിലും പൊന്നി അവരിൽനിന്നു് ഒട്ടും താണവളല്ലെന്നു് എല്ലാവർക്കും തോന്നി. അവൾ പണ്ടു് തെണ്ടിയായി നടക്കുമ്പോൾ പഠിച്ചിരുന്ന അപശബ്ദങ്ങളൊന്നും ഇപ്പോൾ അവളിൽ കാണാതായി. ബാക്കിയുള്ളവരെ അപേക്ഷിച്ചു് താൻ ഒട്ടും താണുപോകരുതെന്ന ഒരു ഗർവ്വം അവളുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. തന്റെ നടവടികൊണ്ടു് താൻ ഒരു നല്ല കുലത്തിൽ പിറന്നവളല്ലയെന്നു് കാണിക്കുന്നതു് ബാക്കിയുള്ളവർക്കു് തന്നെ നിന്ദിപ്പാൻ ഒരു വഴിയും വളവും വെച്ചു് കൊടുക്കുകയാണെന്നു് അവളുടെ വിശേഷബുദ്ധി അവളെ പഠിപ്പിച്ചു.

ഒന്നുരണ്ടു് പ്രാവശ്യം അവൾ അവളുടെ അമ്മയ്ക്കു് കത്തയച്ചിരുന്നു. കിട്ടിയ മറുപടികൾ മുഷിഞ്ഞ കടലാസ്സിൽ എഴുതിയ ചില അവ്യക്തവാചകങ്ങളായിരുന്നു. കത്തൊക്കെ കിട്ടിയതു് കൃഷ്ണൻനായർ മുഖേന ആയിരിക്കകൊണ്ടു് അന്യകാര്യാന്വേഷികളായ ചിലർക്കൊന്നും അതിൽ ആരുമറിയാതെ കയ്യിടുവാൻ കഴിഞ്ഞില്ല.

കൃഷ്ണൻനായർക്കു് അയാളുടെ ശിഷ്യത്തിയോടു് പ്രേമം അന്നന്നു് വർദ്ധിച്ചു് വന്നു. സംഗീതപഠനം പൂർത്തിയാക്കിയതിൽപ്പിന്നെ തന്റെ ഉപജീവനമാർഗ്ഗം തനിക്കുതന്നെ ഉണ്ടാക്കാനുള്ള ശക്തി അടുത്തുവരുത്തിക്കണം എന്നായിരുന്നു അവളുടെ പ്രാർത്ഥന. ആ കാലത്തു് അവൾക്കും അവളുടെ അമ്മയ്ക്കും ഒന്നായി പാർക്കാമല്ലൊ എന്നും പൊന്നി പറഞ്ഞപ്പോൾ അദ്ദേഹം കണ്ടതു് ഒരു അദൂരഭാവിയിൽ ഉണ്ടാവാനിടയുള്ള വ്യസനോൽഭയം മാത്രമായിരുന്നു. അദ്ദേഹം, പൊന്നി തന്റെ ഇളയ ഒരു സഹോദരിയായാൽ കൊള്ളാമായിരുന്നു എന്നും വിചാരിച്ചു. കൃഷ്ണൻനായരുടെ സ്വന്തം സഹോദരി, സ്വഭാവംകൊണ്ടു് തന്റെ അമ്മയുടെ ഒരു മുറിയായിരുന്നു. എത്രതന്നെ വിലയും സദ്വിചാരവും ഉണ്ടായാലും ഒരു പരിമിതപരിധിയിൽ വളർന്നവളാകകൊണ്ടു് അവളുടെ ആലോചനയും ഉദ്ദേശവും തന്നുടേതിൽനിന്നു് ഭിന്നിച്ചതായിരുന്നു.

പിന്നെ അദ്ദേഹത്തോടുള്ള പൊന്നിയുടെ പെരുമാറ്റത്തിന്നു് ഒരു ലോലമായ ഭേദം നേരിട്ടിട്ടുണ്ടെന്നു് അദ്ദേഹം കണ്ടറിഞ്ഞു; അഥവാ മണത്തറിഞ്ഞു. ഷാപ്പുകളിൽ നിന്നു് സാമാനങ്ങൾ വാങ്ങാൻവേണ്ടി നഗരത്തിൽപോയന്നു് തുടങ്ങിയാണു് ഈ ഭേദം പ്രത്യക്ഷമായതെന്നും അയാൾ കണ്ടു. ഈ സംഗതി അയാൾക്കു് അത്ഭുതവും, ആശാഭംഗവും ഒരുതരം വിവരമില്ലായ്മയും ഉണ്ടാക്കി. പോരാഞ്ഞിട്ടു് ഈ പെൺകിടാവോടു് ഒരു പ്രത്യേകവാത്സല്യംതന്നെ പടർന്നു് പിടിക്കുന്നുണ്ടെന്നും അയാൾക്കു് തോന്നി. സ്ത്രീകളോടു് കാമവിഷയമായി ഇതുവരെ പെരുമാറാത്ത അദ്ദേഹത്തിന്നു് തന്റെ ഹൃദയത്തിൽ അങ്കുരിച്ച സ്നേഹം യഥാർത്ഥത്തിൽ അനുരാഗമാണെന്നു് ആ അനഘന്നു് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

പൊന്നിയോ; ഉറക്കമില്ലാത്ത അനേകരാത്രികളോളം ദീർഘമായ ആലോചനകൊണ്ടു് കണ്ടുപിടിച്ചു് ശരിപ്പെടുത്തിയ ഒരു നയമോ, സൂത്രമോ ആണു് ഇപ്പോൾ കല്പിച്ചുകൂട്ടി അവലംബിച്ചു് വരുന്നതു്.

കൃഷ്ണൻനായർ വിവാഹംചെയ്വാൻ ഉറപ്പുകൊടുത്തുപോയ പെണ്ണു് ലളിതയാണെന്നു് രാമാനുജൻ രാജാവു് പറഞ്ഞതു് അവൾ വേദവാക്യംപോലെ വിശ്വസിച്ചുവന്നിരുന്നു. ആ ബോധം അവളുടെ നവജീവിതരീതിക്കു് ഒരു വിപരീത ഭേദവും ബോധവും ഉണ്ടാക്കി. കൃഷ്ണൻനായർ ഒന്നാമതായി അവളുമായി പരിചയപ്പെട്ട സമയത്തു്, അവൾ ഒരു ശിശുവായിരുന്നില്ല. ഒരു തനിച്ച യുവതിയായിരുന്നു. ഇപ്പോൾ അവൾ സ്ത്രീരത്നമായി പരിണമിക്കാൻ പോകുന്ന ഒരു പരിപൂർണ്ണയുവതിയായി വികസിച്ചുനില്ക്കുകയാണു്. പൊന്നി ഇപ്പോൾ “മത്തഭൃംഗത്തെയും കാത്തു്—പൂത്തുനില്ക്കുന്ന മല്ലിക” എന്നു് പറഞ്ഞകൂട്ടത്തിലാണു്. സഹനശക്തി വളരെ ഉള്ള സ്ത്രീഹൃദയമാണു് ഇപ്പോൾ അവൾക്കുള്ളതു്. ഒരു ധന്യന്റെമേൽ ഉല്പാദിച്ച നിഷ്ഫലകാമംകൊണ്ടു് ഇളകിമറിഞ്ഞു് ഒഴിവുമാർഗ്ഗം കാണാതെ നട്ടംതിരിഞ്ഞുപോയ ഹൃദയമാണു് അവൾക്കുള്ളതു്. ഇച്ഛാഭംഗംമൂലം അഭിമാനക്ഷയം നേരിട്ടു് പൊന്നി “വരുമ്പോലെവരട്ടെ. എല്ലാം കെട്ടിലടങ്ങും” എന്ന ഒരു സഹായവിചാരക്കാരത്തിയായിരിക്കുന്നു. ദൈവഭക്തി ഇല്ലാത്തവർക്കു് ചിന്താശ്വാസം ഒരിക്കലും ഉണ്ടാകയില്ല.

കൃഷ്ണൻനായരോടു് തനിക്കു് അത്യന്തം അനുരാഗമുണ്ടെന്ന ഒരു ശിഖരംപോലും അദ്ദേഹത്തെ അറിയിപ്പാൻ പൊന്നിയുടെ സഹജമായ ഗർവ്വം സമ്മതിച്ചില്ല. അവൾ കൃഷ്ണൻനായരുമായി പരിചയപ്പെട്ട ആരംഭഘട്ടത്തിൽ അവൾ അവളുടെ അനുരാഗത്തെപ്പറ്റി തുറന്നു് പറഞ്ഞതു് പൊന്നിക്കു് ഇപ്പോഴും നല്ല ഓർമ്മയുണ്ടായിരുന്നു. അവളുടെ നായകനായി വരിച്ച അവതാരപുരുഷനോടു് പരമാർത്ഥം നിഷ്കളങ്കമായി പറഞ്ഞുപോയതാണു്. ആ വിചാരം വരുമ്പോളൊക്കെ അവൾ ലജ്ജകൊണ്ടു് രക്താനനയായിവന്നു. അന്നു് തന്റെ എടുത്തുചാട്ടസ്വഭാവംകൊണ്ടു് ഉള്ളിൽ നിറഞ്ഞുവഴിഞ്ഞുപോയ അനുരാഗത്തെപ്പറ്റി തന്നെത്താനറിയാതെ ആ ശാന്തനോടു് പറഞ്ഞുപോയതാണു്. എങ്ങിനെ ഇത്ര ക്ഷണം തന്റെ മനഃസ്ഥിതി സങ്കോചമില്ലാതെ ഒരു പുരുഷനോടു് തുറന്നുപറവാൻ തനിക്കു് ധൈര്യംവന്നു എന്നാണു് ഇപ്പോൾ പൊന്നിയെ അസ്വസ്ഥയാക്കുന്നതു്.

ഈ മാതിരി ആലോചനകൾ അവളെ ദ്രോഹിക്കുകയും ആകുലപ്പെടുത്തുകയും ചെയ്തു. തന്റെനേരെ പൊന്നി കാണിച്ച അകൽച്ചയുടെ കാരണം ഒരു ശിഖരംപോലും അറിയാത്ത—അഥവാ ഊഹിക്കപോലും ചെയ്വാൻകഴിയാത്ത—കൃഷ്ണൻനായർക്കു് ഒരു വാക്കുകൊണ്ടു് അവളെ സമാധാനിപ്പാൻ എങ്ങിനെ സാദ്ധ്യമാകും.

ഒരു രാത്രി സ്ക്കൂളിന്റെ പൂമുഖത്തുവെച്ചു് ഒരു വിഷയത്തെപ്പറ്റി വാദപ്രതിവാദം നടത്തുകയായിരുന്നു. അവർ അന്നു് ഒരു നാടകം കാണ്മാൻപോയിരുന്നതു്. അതിൽ പ്രതിഫലിപ്പിച്ച കഥാവസ്തു എന്തിനും ഒരുങ്ങിയ ഉദാസീന്തന യുവതികൾക്കുംകൂടി നൈരാശ്യം ജനിക്കത്തക്കവണ്ണം അത്ര കടുപ്പമുള്ളതായിരുന്നു.

ഒരുത്തി:
(ദൃഢനിശ്ചയത്തോടെ) അനുരാഗം എന്ന ഒന്നു് കേവലം ഇല്ലാത്തതാണു്. അതു് ഒരു കവിയുടെ നിർമ്മാണമെന്നാണു് എന്റെ അമ്മ പറയുന്നതു്. വിവാഹം കഴിഞ്ഞ ഉടനെ ഇതു് പരമാർത്ഥമാണെന്നു് എല്ലാ സ്ത്രീകൾക്കും മനസ്സിലാകുംപോലും.

ലോലയും ചിമ്മറക്കണ്ണിയും ആയ ഒരു വലിയ ജന്മിയുടെ മകൾ “മിക്ക പെൺകുട്ടികളും അതു് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നു. ഇല്ലേ?” എന്നു് പറഞ്ഞു.

ഇതിന്നു് ഉത്തരമായി ഒരു കുലുക്കമില്ലാത്ത യുവതി, തന്റെ അമ്മയെ മൂന്നുഭർത്താക്കന്മാർ ഒഴിച്ചിരിക്കുന്നു, എന്നതു് ഒരു മാനമായി കരുതുകയും ഘോഷിക്കയും ചെയ്യുന്നവൾ “അതാണു് അവരുടെ തെറ്റു്. എന്നാൽ നമ്മൾ അങ്ങിനെ വിശ്വസിക്കാത്തപക്ഷം വിവാഹം ഒന്നും നടക്കില്ല എന്നതു് ഉറപ്പാണു്” എന്നുപറഞ്ഞു.

ഒരുത്തി:
അതു് വളരെ നന്നായിരിക്കും. വിവാഹം എന്നതിന്റെ സാരം സ്ത്രീക്കു് സങ്കടവും പുരുഷന്നു് എന്തും ചെയ്യാമെന്ന ഒരു സ്വാതന്ത്ര്യവുമാണു്.

മേല്പറഞ്ഞപ്രകാരം അഭിപ്രായപ്പെട്ടവളുടെ അമ്മായി സ്ത്രീകളുടെ സമത്വത്തിന്നും സ്വാതന്ത്ര്യത്തിന്നുംവേണ്ടി പടവെട്ടി ജയിലിലുംകൂടി പോയവളാണു്. അവളെപ്പോലെ പുരുഷന്മാരെ വെറുക്കുന്ന ഒരാളെ കാണുകയില്ല.

ഇവരുടെ വാദപ്രതിവാദങ്ങൾ കേട്ടപ്പോൾ പ്രിൻസിപ്പാൾ പുറത്തുവന്നു. “കുട്ടികളെ, കുട്ടികളെ നിങ്ങളുടെ വയസ്സിൽ ഈ വക കാര്യങ്ങളുടെ പൊരുളുകൾ മനസ്സിലാക്കാൻ സാധിക്കും എന്നു് വിചാരിക്കുന്നതു് വെറുതെയാണു്. അതിലും നല്ലതു് ഇരുപത്തിനാലുവൃത്തം എഴുതിയതു് എഴുത്തച്ഛനോ, പണിക്കരോ എന്നു് ഗുണദോഷിക്കുന്ന; അല്ലെങ്കിൽ കൃഷ്ണാർജ്ജുനവിജയം തുള്ളപ്പാട്ടു് കുഞ്ചൻനമ്പ്യാരല്ല എഴുതിയതു് എന്നു് തെളിയിക്കുന്ന ന്യായങ്ങൾ കണ്ടുപിടിക്കുക” എന്നുപറഞ്ഞു.

മറ്റൊരുത്തി:
പ്രിയഭാർഗ്ഗവിഅമ്മേ! ചത്തുമണ്ണായ്പോയ ഇവരെയൊക്കെ ആർ കണക്കുവെയ്ക്കുന്നു. സ്ത്രീകളായി വികസിക്കുവാൻ തുടങ്ങുന്ന ഞങ്ങൾക്കു് അനുരാഗം എന്ന വിഷയം വളരെ കൗതുകകരമായ ഒന്നാണു്.
ഭാർഗ്ഗവിഅമ്മ:
(വിചാരപരമായിട്ടാണെങ്കിലും വിഡ്ഢിത്തമായി) കാളിദാസനെ മറന്നുപോയാലും അനുരാഗം മറന്നുപോകാതെ നിലനില്ക്കും. അഥവാ പഠിപ്പുള്ളവർ അയാളെ മറക്കില്ലായിരിക്കും.
ആദ്യമായി വാദപ്രതിവാദം വലിച്ചിട്ടവൾ:
ഞാൻ പിന്നേയും പറയുന്നു അനുരാഗം എന്ന ഒന്നു് ഇല്ലെന്നു്. അങ്ങിനെ ഒരു നാമം ഉണ്ടാക്കിത്തീർത്തതു് പുരുഷന്മാരാണു്. എന്തിനു്? ആ പേരുംപറഞ്ഞു് സ്ത്രീകളെ വഞ്ചിച്ചു് അടിമകളാക്കാൻവേണ്ടി.
ഭാ. അമ്മ:
മാധവീ! നീ പറഞ്ഞതു് തെറ്റാണു്.
ജയിലിൽ പോയ അമ്മയുടെ മകൾ:
ഞങ്ങൾ ശരിയാണെങ്കിൽക്കൂടി നിങ്ങൾ അതു് സമ്മതിക്കുകയില്ല. നിർഭാഗ്യവശാൽ സ്ത്രീകൾക്കു് തമ്മിൽത്തന്നെ പൊരുത്തമില്ല. അവിവാഹിതകളായ നമ്മളെ അജ്ഞാനത്തിൽത്തന്നെ വെച്ചിരിപ്പാൻ വിവാഹിതകളായ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ സഹായിക്കുന്നു.
പൊന്നി:
(അങ്ങിനെ ഒന്നുതോന്നീട്ടു് പെട്ടെന്നു്) നിങ്ങൾ പറയുന്നതൊക്കെ തെറ്റാണു്.

പൊന്നി ഇവരുടെ വാദപ്രതിവാദങ്ങളിൽ പങ്കുകൊള്ളുക പതിവില്ല. ഇതു് കേട്ടപ്പോൾ എല്ലാവരും ആശ്ചര്യത്തോടെ അവളെ നോക്കി.

പൊന്നി:
(കൂസലില്ലാതെ) അനുരാഗം എന്നതു് നിശ്ചയമായിട്ടും ഒരു വാസ്തവമായ മനഃസ്ഥിതി ആണു്. അതു് ഒരു കവിയുടെ ദിവാസ്വപ്നമൊന്നുമല്ല. ഭൂമിയിൽവെച്ചു് എത്രയും ശ്രേഷ്ഠമായ വസ്തു; കൗതുകവും, അത്ഭുതവും ആയ ആ ദിവ്യമനഃസ്ഥിതിയെയാണു് നമ്മളെ പുരുഷന്മാരുടെ അടിമകളാക്കാൻവേണ്ടിയാണെന്നു് നിങ്ങൾ പറഞ്ഞതു് എനിക്കു് മനസ്സിലായില്ല. ഒരാളെ നിങ്ങൾ ശരിയായി അനുരാഗിക്കുന്നുണ്ടെങ്കിൽ നിങ്ങൾ തന്നാലെതന്നെ അയാളുടെ അടിമകളായി പോകുന്നില്ലേ! അയാളൊന്നും ചെയ്യാതെതന്നെ അയാളുടെ സർവ്വത്തിന്നും വഴിപ്പെടുന്ന അടിമകളായിപ്പോകുന്നില്ലേ. അയാൾ നിങ്ങളെ ചവുട്ടിനോക്കട്ടെ, തള്ളിയിട്ടുചവിട്ടട്ടെ എന്നുകൂടി വിചാരിക്കുന്നതു് നിങ്ങൾക്കു് സന്തോഷം തരുന്നില്ലെ? നിങ്ങളുടെ ദേഹാത്മാക്കളെ അയാളുടെ കാലിൻകീഴിൽ സമർപ്പിക്കുവാൻ നിങ്ങൾക്കു് ആഗ്രഹമുണ്ടാവില്ലെ? നിങ്ങൾ ഈശ്വരനേക്കാൾ അയാളെ ആരാധിക്കുവാൻ മുതിരേണ്ടവരല്ലെ?

“എന്റെ ഭഗവാനെ പൊന്നീ! നിണക്കു് ഭ്രാന്തായ്പോയോ? നീ മദ്യപന്റെമാതിരി സംസാരിക്കുമെന്നു് ഞാൻ വിചാരിച്ചിരുന്നില്ല.”

ഇങ്ങനെ പറഞ്ഞതു് ഒരു പോലീസ്ഇൻസ്പക്ടരുടെ മകൾ കാർത്ത്യായനിയാണു്. സ്ക്കൂളിൽവെച്ചു് ഒരു ചങ്ങാതിയായി പൊന്നിക്കു് ഇവൾ മാത്രമെ ഉണ്ടായിരുന്നുള്ളു. കാർത്ത്യായനി ആശ്ചര്യംകൊണ്ടു് നെറ്റിചുളിച്ചു. അവൾ മുള്ളരുടെ കസർത്തെടുത്തിട്ടു് ശരീരത്തിന്നു് ആരോഗ്യം വളരെ വർദ്ധിച്ചവളാണു്. അവളെ നോക്കുമ്പോൾ പെണ്മയേക്കാൾ ആണ്മയാണു് കാണുന്നതു്. ഇതുവരയ്ക്കും പൊന്നിയുടെ പ്രായോഗികവിശേഷബുദ്ധി ശരിയെന്നു് സമ്മതിച്ചവളാണു് ഇവൾ.

കാർത്ത്യായനി:
(കോപത്തോടെ ഉച്ചത്തിൽ) ഒരു പുരുഷന്റെ അടിമയോ? എന്നെ അടിമയാക്കുന്ന പുരുഷനെ എനിക്കൊന്നു് കാണേണ്ടിയിരിക്കുന്നു.
പൊന്നി:
നിണക്കു് അനുരാഗം പിടിപെടുംവരെ ക്ഷമിക്കൂ. അപ്പോൾ നിണക്കു് മനസ്സിലാകും. അന്നു് നീ അയാൾക്കുവേണ്ടി ഒരേടത്തുകിടന്നു് മരിക്കാനുംകൂടി തയ്യാറാകും.
കാർത്ത്യായനി:
വിഡ്ഢിത്തം പറയേണ്ട. മരിക്കാനൊരുങ്ങുന്ന നാട്യമൊന്നും എന്നെ ബാധിക്കയില്ല. അവളുടെ മുഖഭാവംകണ്ടാൽ അവൾ പറഞ്ഞതു് ശരിയല്ലെന്നു് സമ്മതിക്കേണ്ടിവരും. ഒരു കരടിക്കുട്ടിയുടെ ശക്തിയും ചൈതന്യവും അവളിൽ സ്ഫുരിക്കുന്നുണ്ടു്. അവളുടെ പൂർണ്ണാരോഗ്യം അവളുടെ മുഖംതന്നെ വിളിച്ചുപറയുന്നുണ്ടു്. അവളും ആ ദീനമനഃസ്ഥിതിയുമായി എന്തുബന്ധമാണുള്ളതു്. കാർത്ത്യായനി പുച്ഛസൂചകമായി മൂക്കുകൊണ്ടു് ഒരു ശബ്ദമുണ്ടാക്കി.
പൊന്നി:
(കോപത്തോടെ) നീ മുക്കുറയിട്ടോളു. എന്നാലും നിണക്കു് അനുരാഗത്തെപ്പറ്റി ഒരു വിവരവും ഇല്ല.
ഭാ. അമ്മ:
(ഉടനെ ഒരു മദ്ധ്യസ്ഥയുടെ നിലയിൽ) എന്തു് മുക്കുറ എന്നോ?
പൊന്നി:
(പിടിത്തത്തോടെ) അതെ, അവൾ മുക്കുറ ഇട്ടു. അവൾക്കു് അനുരാഗത്തെപ്പറ്റി എന്തു് മണ്ണാങ്കട്ട അറിയാം.
കാർത്ത്യായനി:
ഒന്നും അറിഞ്ഞുകൂടാ. ദൈവം സഹായിക്കട്ടെ.
പൊന്നി:
എന്നാൽ അതിനെപ്പറ്റി സംസാരിക്കേണ്ട. അനുരാഗം എന്താണെന്നു് ഞാൻ അറിയും.

“നീ ആരേയും അനുരാഗിക്കുന്നുണ്ടോ. പൊന്നീ!” എന്നു് ഒരു മുക്കിൽ ഇരുന്ന ചിന്താവിഷ്ടയായ ഒരു നീലകേശി മർമ്മസ്പൃക്കാകുംവണ്ണം ചോദിച്ചു.

പൊന്നി:
(സ്വമേധയായി എന്നപോലെ) നിശ്ചയമായിട്ടും ഉണ്ടു്. ഞാൻ അനുരാഗിക്കുന്ന പുരുഷന്നു് ഒരു നിമിഷസുഖം കൊടുപ്പാൻവേണ്ടി എന്റെ ആത്മാവുതന്നെ ബലികഴിക്കാൻ ഒരുങ്ങുംപ്രകാരം ഞാൻ അനുരാഗിക്കുന്നുണ്ടു്.
ആലോചനയുള്ള മറ്റൊരുപെണ്ണു്:
അതു് ഒരു അമ്മയുടെ വാത്സല്യമാണു്. ഒരു കാമിനിയുടെ അനുരാഗമല്ല.

സംസാരവിഷയം യുവതികൾക്കു് തല്ക്കാലം അനുചിതമായ അനുരാഗവിഷയത്തിൽനിന്നും, മനുഷ്യരുടെ അതികാമത്തിലേയ്ക്കു് ചാടുന്നതിനുമുമ്പെ വല്ലതും പറയണമെന്നു് വെച്ചിട്ടു് “എല്ലാ സ്നേഹങ്ങളിലും ഒരു മാതൃത്വച്ചുവയുണ്ടാകും. സ്ത്രീകൾക്കു് പ്രത്യേകിച്ചും അങ്ങിനെ ആയിരിക്കും” എന്നു് ഭാർഗ്ഗവിഅമ്മ ഇടയിൽ പറഞ്ഞു.

തന്റെ സ്ക്കൂളിൽ പുതുതായിച്ചേർന്ന പെണ്ണു്, ഈ ലോലയും അത്ഭുതനേത്രയും ആയ പെണ്ണു്, ഒരു എരിയുന്ന ചുട്ടലൊ പൊങ്ങുന്ന ബാണമോ എന്നു് തോന്നുംപ്രകാരം കടുപ്പമുള്ള മനോവികാരങ്ങൾ പതച്ചുകൊണ്ടിരിക്കുന്നവളാണെന്നു് ഭാർഗ്ഗവിഅമ്മയ്ക്കു് തോന്നി. ഇവളുടെ സഹവാസം മറ്റു് യുവതികളിൽ വല്ല മാറ്റങ്ങളും വരുത്തിയേയ്ക്കുമോ എന്നുകൂടി ആ സ്ത്രീ ശങ്കിച്ചു. തന്റെ സ്ക്കൂളിലെ കുട്ടികൾക്കു്, അവിടുന്നു് പഠിക്കുന്ന കാലംവരെ അനുരാഗേതരവിചാരമാണു് വരുത്തേണ്ടതു്. അതാണു് ഒരു അദ്ധ്യാപികയുടെ ധർമ്മം. പുരുഷന്മാരോടു് തന്റേടവും, ഗൗരവവും വിട്ടുപെരുമാറരുതെന്നാണു് ഭാർഗ്ഗവിഅമ്മ ഇതുവരെ പഠിപ്പിച്ചിരുന്നതു്.

ശീതം പേടിച്ചിട്ടു് ജീവകാലംമുഴുവനും, വെയിലത്തും തീയുടെയടുത്തും ഇരുന്നുകഴിക്കുകയൊ? എന്നാൽ പൊന്നി ആ തരത്തിൽ പെട്ടവളല്ല. എന്നാൽ ലോകത്തിൽ ഭാർഗ്ഗവിഅമ്മകളാണു് പൊന്നികളേക്കാൾ അധികമുള്ളതു്. പ്രതേകിച്ചു് കേരളത്തിൽ. എന്നാൽ നമ്മുടെ നാശത്തിന്നു്, ഭാർഗ്ഗവിഅമ്മകളുടെ വാക്കുകളാണു് പൊന്നികളുടെ വാക്കുകളേക്കാൾ ലോകം ആദരിച്ചും അനുസരിച്ചും പോരുന്നതു്.

അന്നു് രാത്രി പൊന്നി അവളുടെ വെള്ളക്കിടയ്ക്കയിൽ ചെന്നുകിടന്നപ്പോൾ അവൾക്കു് അശേഷം ഉറക്കമുണ്ടായില്ല. അവളും കാർത്ത്യായനിയും ഒരു മുറിയിലാണു് കിടന്നതു്. ഇൻസ്പക്ടരുടെ മകളുടെ ശാന്തവും കൃത്യവും ആയ നിശ്വാസം അവളുടെ ഗാഢനിദ്ര അറിയിച്ചു. പൊന്നിയാകട്ടെ അസ്വാസ്ഥ്യംകൊണ്ടു് കണ്ണുപൂട്ടാതെ കിടന്നു.

അനുരാഗം എന്നതു് അവൾ അനുഭവംകൊണ്ടു് അറിഞ്ഞു. ഒരു പെണ്ണിന്റെ ജീവകാലത്തു് ഉണ്ടാവാനിടയുള്ള ഒരു മുഖ്യവും ദിവ്യവുമായ സംഭവമാണതു്. അവൾക്കു് അനുരാഗം കൂടാതെ കഴികയില്ല എന്ന കാര്യത്തിന്റെ പരമാർത്ഥതയ്ക്കും ഉറപ്പുകൂട്ടി. അവൾ കൃഷ്ണൻനായർക്കു് അനപേക്ഷമാണു് എന്ന നിലയിൽ അവളുടെ അനുരാഗപൂരിതമായ ലോലഹൃദയം ഉദാരബുദ്ധിയോടും വിനീതഭാവത്തോടും സമർപ്പിച്ചു. എത്ര അപേക്ഷിച്ചിട്ടുകൂടി അതു് സ്വീകരിക്കുവാൻ അയാൾ കൂട്ടാക്കിയില്ല. എന്നിട്ടുകൂടി അയാളോടുണ്ടായ അനുരാഗം പിൻവലിച്ചുകളവാൻ അവൾക്കു് പാടില്ലാതായിത്തീർന്നു. അവൾക്കു് വയസ്സു് പതിനേഴേ ആയിട്ടുള്ളു. എന്നാൽ അവൾക്കു് നേരിട്ട, അസുഖാനുഭവങ്ങൾ അവളുടെ പ്രായം അധികരിച്ചിട്ടുണ്ടെന്നുതോന്നിച്ചു. അവളേക്കാൾ നല്ലവണ്ണം വളർത്തപ്പെട്ട ഇരുപത്തഞ്ചുവയസ്സുള്ളവളേക്കാൾ സ്ത്രീത്വം കണ്ടിരുന്നതു് പൊന്നിയിലായിരുന്നു.

“ഓ. എന്റെ കിട്ടേട്ടാ! നിങ്ങളെ ഞാൻ എത്രത്തോളം അനുരാഗിക്കുന്നുണ്ടു്” എന്ന അവളുടെ മന്ത്രം പഞ്ചഭുതങ്ങൾമാത്രം കേട്ടു. “നിങ്ങളെ എനിക്കു് എത്രത്തോളം ആവശ്യമുണ്ടു്.” പ്രത്യുത്തരം കിട്ടാത്ത ചുറ്റുവട്ടത്തിൽ അയാളെ പിടിക്കാൻ തക്കവണ്ണം അവളുടെ വെളുത്ത ലോലമായ കരപല്ലവങ്ങൾ പ്രജ്ഞയില്ലാതെ വീശിതുടങ്ങി. “വേദവതി ലളിതയ്ക്കു് അറിവുള്ളതിനേക്കാൾ എത്രയോ മികച്ച രീതിയിൽ മരിച്ചാലും മറന്നുപോകാത്തവിധത്തിൽ, ഞാൻ നിങ്ങളെ അനുരാഗിക്കുമായിരുന്നില്ലേ! ഇപ്പോഴും നിങ്ങൾ അറിയാതെ അനുരാഗിച്ചുപോരുന്നില്ലെ. ഓ. കിട്ടേട്ടാ! എന്റെ കുട്ടേട്ടാ!” എന്നതിൽപിന്നെ അവൾ വളരെനേരം കരഞ്ഞു. കണ്ണുനീർകൊണ്ടും അവൾക്കു് ആശ്വാസം സിദ്ധിച്ചില്ല. അവൾ നൈരാശ്യംകൊണ്ടു് തലയണയുടെ ഉറയ്ക്കടിച്ചു. “അയാൾ ഒരു തറവാട്ടുകാരനാണു്. ഒരു സമയം ഞാൻ ആ പദവിയിൽപ്പെട്ട ഒരുവൾ അല്ലായിരിക്കും. ഞാൻ അയാൾക്കുപറ്റിയ പെണ്ണല്ലായിരിക്കും.” പിന്നേയും ചിന്ത ഇങ്ങിനെ പൊന്തിത്തുടങ്ങി. “എന്നാലും ഞാനും ഒരു സുന്ദരിയല്ലേ—എന്നല്ലേ സകലരും പറയുന്നതു്—ഞാൻ മിനുസവും കമനീയവുമായ ശരീരമുള്ളവളാണെന്നു് എത്രപേർ പറഞ്ഞുകഴിഞ്ഞു. ഇതൊക്കെ ഞാൻതന്നെ അറിയുന്നുണ്ടു്. എനിക്കുതന്നെ ബോദ്ധ്യമായിട്ടുണ്ടു്.” അവൾ അവളുടെ തുടിക്കുന്ന നെഞ്ഞു് കൈകൊണ്ടമർത്തു് അവളുടെ കൊങ്കകളുടെ റബ്ബർപോലെ വഴങ്ങുന്ന കഠിനത്വം അവളെത്തന്നെ “കണ്ടകംകൊണ്ടകോല”യാക്കി.

എന്നതിൽപ്പിന്നെ അവൾ കുമ്പിട്ടുകിടന്നു. അവളുടെ വദനാരവിന്ദം തലയണയിൽ അമർത്തി. അവളുടെ വിചാരങ്ങൾ അവളെത്തന്നെ ലജ്ജിപ്പിച്ചു. പിന്നേയും ഒരു ഇടറിയസ്വരത്തോടെ “എന്റെ ജഗദീശ്വരാ, എന്നെ ഇങ്ങിനെ ആക്കിത്തീർത്തതു് എന്തിനാണു്? എനിക്കു് എന്തിനാണു് ഈ അഴകു് തന്നതു്? ഞാൻ അനുരാഗിക്കുന്ന എന്റെ പ്രിയനെ എനിക്കു് തരാഞ്ഞാൽ എനിക്കു് എന്തിനാണു് സൗന്ദര്യം. “നിനിന്ദരൂപം ഹൃദയേനപാർവ്വതി” എന്നല്ലേ കുമാരസംഭവത്തിൽ കാണുന്നതു്.”

പിന്നേയും കുറെനേരം അവൾ മിണ്ടാതെ കിടന്നു. പിന്നേയും അവൾ മന്ത്രിക്കുവാൻ തുടങ്ങി. “ഭഗവാനേ! ഞാൻ നിങ്ങളെ വെറുക്കുന്നു. നിങ്ങൾ കേൾക്കുന്നുണ്ടോ? എനിക്കു് നിങ്ങളെ കണ്ടുകൂട. നിങ്ങൾ എന്നെ ഒരു ജഗദൈകസുന്ദരിയായി സൃഷ്ടിച്ചു. എന്റെ ഹൃദയത്തിൽ തിരയടിച്ചുതുള്ളുംപോലെ പതയ്ക്കുന്ന ഈ അനുരാഗവും ഉണ്ടാക്കി. എന്റെ ജീവനേക്കാൾ എനിക്കുവേണ്ടതു് എന്റെ കിട്ടേട്ടനെയാണെന്നു് ഒരു സ്ഥിരബോധവും എന്റെ ഉള്ളിൽ കൊത്തിവെച്ചു. ഇങ്ങിനെഒക്കെ കോപ്പുകൾകൂട്ടീട്ടുകൂടി ആ ദീനദയാലുവായ മഹാനെ നിങ്ങൾ എനിക്കു് തന്നില്ല—ഞാൻ എന്തുചെയ്യും? എന്നാൽ എന്തുചെയ്വാൻ കഴിയും? എനിക്കു് അയാളെ ഒരിക്കലും മറന്നുകൂട എന്നു് വന്നിരിക്കുന്നു. അയാളെക്കൂടാതെ എനിക്കു് ജീവിച്ചിരിക്കാൻപോലും സാധിക്കയില്ലെന്നു് വന്നിരിക്കുന്നു.” പിന്നേയും അവൾ ശാന്തയായി.

പിന്നേയും മറ്റൊരു പൊട്ടിത്തെറിപ്പു്. പിന്നേയും ഒരു ശാന്തി. ഒടുവിലത്തെ ശാന്തി ഗതിരഹിതയായ ഒരുവളുടെ ശാന്തിമാത്രമായിരുന്നു.

“കൃഷ്ണൻനായർ അവർകളെ! എന്റെ ജീവിതസർവ്വസ്വമേ! നിങ്ങൾ എന്നെ അനുരാഗിക്ക ഉണ്ടാകയില്ല. ഞാൻ ലളിതയേക്കാൾ സുന്ദരിയാണെന്നു് എനിക്കും ബാക്കിയുള്ളവർക്കും നല്ലവണ്ണം അറിയാം. അവൾ ഒരു സുന്ദരിതന്നെയായിരിക്കും. അവളുടെ സൗന്ദര്യം ഒരു പ്രതിമയുടെ സൗന്ദര്യം മാത്രമാണു്. ഐസുപോലെ തണുത്ത സൗന്ദര്യം. അവൾ സൗന്ദര്യമുള്ള ഒരു ശവം മാത്രമാണു്. ഓ! എന്റെ കിട്ടേട്ടാ. എന്റെ കൃഷ്ണൻനായരേ!”

പിന്നേയും അവൾ വളരെ ആലോചിച്ചു. “ആട്ടെ രാമാനുജൻരാജാവെങ്കിലും എന്നെ അനുരാഗിക്കുന്നുണ്ടു്. വളരെ വലിയ തറവാട്ടുകാരത്തികളുംകൂടി അയാളെ അനുകൂലിച്ചിട്ടുണ്ടെന്നു് അയാൾതന്നെയാണു് എന്നോടു് പറഞ്ഞതു്. അവരേക്കാൾ എത്രയോ ആശിക്കത്തക്കവളാണു് ഞാൻ എന്നുകൂടി അയാൾ പറഞ്ഞിരിക്കുന്നു.”

സാധുപൊന്നി! ‘ആശിക്കത്തക്കവൾ’ എന്നതിന്റെ ശരിയായ അർത്ഥം അവൾക്കു് കേവലം മനസ്സിലായിട്ടില്ല. രാമാനുജൻരാജാവു് പറഞ്ഞതിന്റെ അർത്ഥം, അനുരാഗിക്കത്തക്കവളാണു് അവൾ എന്നാണു് പൊന്നി ധരിച്ചതു്.

“അതേ, രാജാവിന്നു് എന്നോടു് വളരെ അനുരാഗമുണ്ടു്. എനിക്കു് ജീവച്ഛവം പോലെ ഇരിപ്പാൻ സാധിക്കയില്ല” വിഷയരസം ജാസ്തിയുള്ളവർക്കെന്നപോലെ കവിത്വമുള്ള ആശയങ്ങൾ പൊന്നിക്കും ഉണ്ടായിരുന്നു. രാത്രി മുഴുവനും, ഏകാകിനിയായി നഷ്ടം വന്നുപോയ കാമുകനെപ്പറ്റി അത്യന്തം പരിതപിച്ചു. വ്യസനം നിറഞ്ഞ ഹൃദയത്തിൽനിന്നു് ചമല്ക്കാരമുള്ള വാക്കുകൾ പുറപ്പെടുമെങ്കിൽ അങ്ങിനെയുള്ള വാക്കുകൾകൊണ്ടാണു് കൃഷ്ണൻനായരുടെ കാമത്തിന്റെ ചരമം അവൾ പാടിയിരുന്നതു്. യഥാർത്ഥസങ്കടത്തിൽ മുഴുകിയ ഒരു സുന്ദരി, അത്യന്തം ദയനീയമായ ഒരു ദർശനവസ്തുവാണു്. എന്നാൽ തല്ക്കാലം അവളെ കാണുവാൻ ആരും ഇല്ലായിരുന്നു.

അനുരാഗത്തിന്റെ സങ്കടവും, പാരവശ്യവും ഇല്ലാതെ ആ ദിവ്യമനോവികാരത്തിന്റെ കാറ്റുപോലും ഏശാതെ പതിനേഴു പ്രായം പരിപൂർണ്ണമായിട്ടുകൂടി കാർത്ത്യായനിക്കു് ഒരു കോമളശിശുവെപ്പോലെ സുഖമായുറങ്ങാൻ സാധിച്ചു. കാർത്ത്യായനി! നിന്റെ ശരീരംപോലെതന്നെയാണു് നിന്റെ മനസ്സും എന്നു് പൊന്നി ഓർത്തു.

പതിനൊന്നാം അദ്ധ്യായം
സതി:
നീ ഒരു മഹാവിഡ്ഢിയല്ലെങ്കിൽ ഞാൻ നിന്റെ അനുജത്തി അല്ല. ഞാൻ അതാണുതാനും. എന്നെപ്പോലെ ഒരു നിർഭാഗ്യവതി ഉണ്ടോ?

ഇങ്ങിനെ ഉച്ചത്തിൽ പറഞ്ഞു് ഒരു കസേലമേൽ ഇരുന്നു. മറവൊന്നുമില്ലാതെ അവൾ നിസ്തൂപം കരഞ്ഞു.

രതി:
എന്താ സതി. നിണക്കു് എന്തുവന്നു പിടിച്ചു. സതിയുടെ അരികെ അവളെ ആശ്വസിപ്പാൻ വേണ്ടി ചെന്നിരുന്നപ്പോൾ രതിയുടെ കണ്ണിലും വെള്ളം നിറഞ്ഞിരുന്നു. സതി അനുജത്തിയെ തള്ളി അകറ്റി.
സതി:
എന്റെ അടുക്കെ വരരുതു്. നീ ഒരു വിഡ്ഢിയും, ഭ്രാന്തിയും, കൃതഘ്നയും ആണു്. നിന്നെ ഞാൻ ഒരു അമ്മയെന്നപോലെ ഇതുവരെ കൊണ്ടുനടന്നില്ലേ.

വാസ്തവം പറഞ്ഞാൽ സതിയും, രതിയും ഇരട്ടപെറ്റ കുട്ടികളാണു്. സതി രതിയേക്കാൾ ഒരു മണിക്കൂർ മുന്നിലാണു് ജനിച്ചതു്. എന്നാൽ സതിയുടെ ഉറച്ചനടവടിയും അവളുടെ വിശേഷബുദ്ധിപ്രധാനമായ സ്വഭാവവും അവൾ രതിയേക്കാൾ വളരെ പ്രായമുള്ളവളായിരിക്കണം എന്നു് ബഹുജനങ്ങൾക്കു് തോന്നിച്ചു. ആറുകൊല്ലംമുമ്പെ അവരുടെ അമ്മ മരിച്ചപ്പോൾ, പിടക്കോഴി കുട്ടികളെ ചിറകിനുള്ളിലാക്കി രക്ഷിക്കുമ്പോലെ, സതി, രതിയെ പരിപാലിച്ചുപോന്നിരുന്നു. ഒരു ശക്തികുറഞ്ഞ മനഃസ്ഥിതിയുടെ അടയാളങ്ങളാകുന്ന അധൈര്യവും, വശംവദയാകുക എന്നു് വഴിപ്പെടുന്ന നിലയും കണ്ടിട്ടു് രതിയെപ്പറ്റി സതിക്കു് പാരവശ്യം നേരിട്ടിരിക്കുന്നു.

സതി:
പുരുഷരുടെ ഒന്നിച്ചു്, നഗരത്തിൽക്കൂടെ ചുറ്റിനടക്കാൻ നിണക്കു് ഒരിക്കലും പാടില്ലെന്നു് നീ അറിയുകയില്ലെ? പോരാഞ്ഞിട്ടു് അച്ഛനേയും എന്നേയും ഈ കാര്യം നീ ഒളിപ്പിച്ചുവെച്ചില്ലേ?

അവൾ പറയുന്നതു് കേട്ടാൽ സാധുരതിക്കു് ഈ മാതിരി സമ്പ്രദായം വളരെ സാധാരണമാണെന്നുതോന്നും. രതി ഒരിക്കൽകണ്ണുംപൂട്ടി. അപ്പോൾ അവളുടെ രഹസ്യം പുറത്തായി അല്ലേ! പുരുഷന്മാരുടെയൊ! ഒരൊറ്റ പുരുഷന്റെ ഒന്നിച്ചല്ലെ നടന്നുള്ളു. അയാളുടെ ഒന്നിച്ചുമാത്രമല്ലേ മേലാൽ നടക്കാൻ ഭാവമുള്ളു.

രതി:
നല്ലവണ്ണം വിവരിച്ചുപറയൂ.
സതി:
ഇതാണു് നിന്റെ പോക്കു്. ദ്രോഹിക്കുന്നതുതന്നെയാണു് എന്നനില നിനക്കറിഞ്ഞുകൂടെ. നീ രാമാനുജൻരാജാവിന്റെ ഒന്നിച്ചു് തീൻകഴിപ്പാൻപോയ വിവരം.
രതി:
അതൊരു കുറ്റമാണോ?

രാമാനുജൻരാജാവിന്റെ പേർ പറഞ്ഞപ്പോൾ സതിയിൽ അത്യന്തം പുച്ഛരസം സ്ഫുരിച്ചിരുന്നു. പ്രകൃത്യാ ബലഹീനസ്വഭാവിയായ രതിയെപ്പോലെയുള്ളവർക്കു് അതു് ഒരു പിടിത്തമാണു് ഉണ്ടാക്കിത്തീർത്തതു്. ശരിയായ മനോദൃഢതയ്ക്കു് പകരം രതിക്കു് ഒരു ദുർവ്വാശിമാത്രമാണു് ഉണ്ടായ്വന്നതു്.

സതി:
അതു് കുറ്റമല്ലെന്നോ? അതു് വലിയ വഞ്ചനയാണു്. എന്നുമാത്രമല്ല, എന്നോടുകാണിച്ച ഒരു വലിയ നന്ദികേടുമാണു്. ഏതു് കാര്യവും നിന്റെ സഹോദരിയായ എന്നോടു് തുറന്നുപറയും എന്നാണു് ഞാൻ ധരിച്ചിരുന്നതു്.
രതി:
(തന്നെ താങ്ങിപറയുംപ്രകാരത്തിൽ) രാജാവിനെ എനിക്കു് വലിയ ഇഷ്ടമാണു്. അദ്ദേഹത്തിന്റെ ഒന്നിച്ചു് ഭക്ഷണം കഴിച്ചതു് ദോഷമല്ല.
സതി:
ദോഷവുമാണു്. അതിലപ്പുറവുമാണു്. എനിക്കു് അയാളെ കണ്ണെടുത്തുകണ്ടുകൂടാ. എന്തോ അയാളുടെ കണ്ണുകൾ കാണുമ്പോൾ ഒരു കിടിലമോ, ഞെട്ടലോ ഉണ്ടായ്പോകുന്നു.
രതി:
അദ്ദേഹത്തിന്റെ കണ്ണു് വളരെ അഴകുള്ളതാണു്.

സതി ഒന്നുഞരങ്ങിയതേ ഉള്ളു. കുറേനേരം ആരും മിണ്ടിയില്ല.

സതി:
രാജാവിന്റെ കണ്ണു് അഴകുള്ളതാണെന്നു് പറയണമെങ്കിൽ നിന്റെകാര്യം അതിരുകവിഞ്ഞുപോയിരിക്കുന്നു. ഇനി ഈ കാര്യത്തിൽ ഞാൻ യാതൊന്നും പറയാത്തതാണു് നല്ലതു്.
രതി:
പറഞ്ഞിട്ടു് ഒരു ഫലവുമില്ല. അദ്ദേഹം ഒരു തറവാട്ടുകാരനാണു്. അയാളെ ഞാൻ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടു്.
സതി:
ഞാൻ അയാളെ അനുരാഗിക്കുന്നു എന്നുതന്നെ ഉടനെ പറയൂ.
രതി:
നിന്റെ ആ ഊഹവും ശരിയാണു്. ഞാൻ അയാളെ നിശ്ചയമായിട്ടും അനുരാഗിക്കുന്നുണ്ടു്.

അവരുടെ മുമ്പാകെ കാമദേവൻ പരമേശ്വരനെ എയ്യുന്ന ഒരു ചിത്രം തൂക്കിയിരുന്നു. സതി ആ ചിത്രംനോക്കീട്ടു് “എടോ ഭയങ്കര, നീ രതിയേക്കാൾ കടന്നുപോവാൻ നോക്കേണ്ട.”

എന്നിട്ടു് കണ്ണിൽനിന്നു് വളരെവെള്ളം ചാടുംവണ്ണം അവൾ കരഞ്ഞു. രതിയും അപ്രകാരം അവളെ അനുകരിച്ചു. കുറെനേരം കരഞ്ഞപ്പോൾ സതി ശാന്തയായി.

സതി:
മൂന്നാഴ്ചമാത്രം പരിചയമുള്ള ഒരാളെ നീ അനുരാഗിക്കുന്നു എന്നു് പറയുന്നതു് എനിക്കു് മനസ്സിലാക്കാൻ പ്രയാസമായിരിക്കുന്നു.
രതി:
എങ്ങിനെ എന്നൊന്നും പറവാൻ എനിക്കുവയ്യ. ഞാൻ അറിയുന്നതു് അദ്ദേഹത്തെ ഞാൻ അനുരാഗിക്കുന്നുണ്ടു് എന്നപരമാർത്ഥമാണു്.
സതി:
ഇതൊക്കെ ഞാൻ അച്ഛനോടു് പറയും. കാര്യംപറയുമ്പോൾ നീ കേൾക്കുക. ഇല്ലെങ്കിൽ അച്ഛൻ പറയുംപോലെങ്കിലും നീ കേൾക്കുമായിരിക്കും.
രതി:
ഞാൻ കേൾക്കണമെങ്കിൽ കാര്യമായിട്ടു് വല്ലതും നീ പറയേണ്ടെ? നിണക്കു് രാജാവിനെ ഇഷ്ടമില്ലായിരിക്കും. അതു് ആ ശുദ്ധന്റെ കുറവാണൊ?
സതി:
ശുദ്ധൻഎന്നൊ? കാര്യം ഇത്ര കൈകടന്നുപോയൊ—ഇനി അയാൾ നിന്നെ “പ്രാണപ്രിയെ” എന്നും വിളിക്കുമോ?
രതി:
അങ്ങിനെമാത്രമല്ല. അതിലും കവിഞ്ഞിട്ടാണു് അയാൾ എന്നെ വിളിക്കുന്നതു്. ഞാൻ പറഞ്ഞില്ലെ? രാജാവിനെ നിണക്കു് എന്തോ എന്നറിഞ്ഞില്ല കണ്ടുകൂട. കാര്യം പറയുകയാണെങ്കിൽ നിണക്കു് അയാളെപ്പറ്റി യാതൊരു വിവരവും ഇല്ല.
സതി:
നിണക്കും ഇല്ല. അതെന്താ ആലോചിക്കാത്തതു്.
രതി:
അയാളെക്കൂടാതെ എനിക്കു് ജീവിക്കാൻ സാധിക്കയില്ല. എന്നേടത്തോളം എനിക്കു് വിവരമുണ്ടു്.
സതി:
ഫൂ! നീ വേണ്ടാത്തകഥകൾ വളരെ വായിക്കുന്നുണ്ടെന്നു് തോന്നുന്നു. നിന്റെ തല തിരിഞ്ഞുപോകുന്നതു് അതുകൊണ്ടാണു്.
രതി:
രാജാവോ! നിണക്കുള്ളതു് അനാവശ്യവിരോധമാണു്. നിന്റെ മനസ്സു് വളരെ ക്രൂരമായിപ്പോയി.

ഇങ്ങിനെപറഞ്ഞു് രതി ഏങ്ങിഏങ്ങി കരഞ്ഞുതുടങ്ങിയപ്പോൾ സതിയുടെ സ്ഫടികപ്രമാണമായ ഹൃദയം അലിഞ്ഞു.

സതി:
(വളരെ സ്നേഹത്തോടെ) എന്റെ പ്രിയരതി! ഈ ആൾനിമിത്തം നമുക്കു് രണ്ടാൾക്കും മുഷിച്ചലിന്നു് ഇടഉണ്ടായ്വരരുതു്. നിണക്കു് അയാളെ നല്ലവണ്ണം അറിവാൻ തന്നെ അവസരം ഉണ്ടായിട്ടില്ല. അയാൾ ഒരു വിശ്വസ്തനല്ല. അല്ലെങ്കിൽ നിന്നോടു് പറയുംമുമ്പെ അയാൾ അച്ഛന്റെ സമ്മതം ചോദിക്കുമായിരുന്നു.
രതി:
അദ്ദേഹത്തിന്നു് പണമില്ലാഞ്ഞിട്ടായിരിക്കും നീ അദ്ദേഹത്തിന്റെ എതൃത്തുപറയുന്നതു്.
സതി:
നിണക്കു് എന്റെ ഉദ്ദേശം മനസ്സിലായിട്ടില്ല. കാരണമില്ലാതെ എനിക്കു് ആരോടും അനിഷ്ടം തോന്നാറില്ല. നമ്മുടെ അച്ഛൻ കൂലിവേലചെയ്തു് കാലംകഴിച്ചവരായിരുന്നു. വൃത്തിഇല്ലാത്ത ദിക്കും പണിയും. കുട്ടിക്കാലത്തു് നാലണയായിരുന്നു ഒരു ദിവസം ശമ്പളം വാങ്ങിയിരുന്നതു്. അതൊന്നും ഒളിച്ചുവെക്കാത്തവളാണു് ഞാൻ. പണമില്ലാപ്പാട്ടൊന്നും എന്നോടു് കൊണ്ടുവരണ്ട. പണമില്ലായ്മ സാരമില്ല. രാജാവിനെപ്പോലെയുള്ളവരുടെ പണമില്ലായ്മയാണു് സൂക്ഷിക്കേണ്ടതും സഹിച്ചുകൂടാത്തതും. അയാൾ ഉദ്ദേശിക്കുന്നതും കാംക്ഷിക്കുന്നതും നിന്റെ പണം മാത്രമാണു്. അതു് കൈക്കലാക്കാൻവേണ്ടി മാത്രമാണു് നിന്നെ കടന്നുപിടിച്ചതു്.

വഞ്ചകനായ രാജാവു് ഈ കാര്യവുംകൂടി എടുത്തുപറഞ്ഞു് രതിയെ ധാരാളം സമാധാനിപ്പിച്ചിരുന്നു എന്നവിവരം നിർഭാഗ്യവശാൽ സതിക്കുണ്ടായിരുന്നില്ല. തന്നെപ്പറ്റി, പണംപറ്റിക്കാൻ നടക്കുന്ന ആളാണെന്നു് ജനങ്ങൾ തെറ്റിദ്ധരിക്കും എന്നുകൂടി രാജാവു് രതിയെ പറഞ്ഞു് ഫലിപ്പിച്ചുകഴിഞ്ഞിരുന്നു. രതിക്കു് ഇതുകേട്ടപ്പോൾ വിശ്വാസകേടും കോപവുമാണു് ജനിച്ചതു്. അവൾ പല്ലു് കടിച്ചു.

രതി:
ഞാൻ മൈനരല്ല. എനിക്കു് ഇരുപത്തൊന്നുവയസ്സു് കഴിഞ്ഞു. എനിക്കു് ഇഷ്ടപ്രകാരം ചെയ്വാൻ സ്വാതന്ത്ര്യമുണ്ടു്.
സതി:
(വാതിലിന്റെനേരെ നോക്കീട്ടു്) അതു് നിണക്കു് അച്ഛനോടുതന്നെ പറയാം.

സതി അങ്ങോട്ടുചെന്നപ്പോൾ രതി അവളുടെ പിന്നാലെ ഓടിച്ചെന്നു.

രതി:
സതീ! അച്ഛനോടു് തല്ക്കാലം ഒന്നും പറയരുതേ.
സതി:
എന്തുകൊണ്ടു് പറയേണ്ട എന്നു്.

വാസ്തവത്തിൽ സതി അച്ഛനോടു് പറയും എന്നു് ഭാവിച്ചതു് വെറും ഒരു അഭിനയം മാത്രമായിരുന്നു. നുണയും ഏഷണിയും അവളുടെ കൂട്ടിൽ കേവലം ഇല്ല. അച്ഛനോടു് പറഞ്ഞാലുള്ള ഭവിഷ്യത്തും അവൾ നല്ലവണ്ണം അറിയും. അദ്ദേഹം ഉടനെ തൃശ്ശൂരിലേയ്ക്കു് മടങ്ങും. ഇവരുടെ നടവടികൾ വളരെ കണിശമായി മേലന്വേഷണം ചെയ്യും. ഇവർക്കു് ഇടവുംവലവും തിരിവാൻ പാടില്ലാതാക്കും. ഇവർ ഘോഷകളെപ്പോലെ വീട്ടിൽത്തന്നെ കിടന്നു് കാലംകഴിക്കേണ്ടിവരും. തൃശ്ശൂരിൽനിന്നു് ഒരു സുന്ദരനായ തമ്പുരാൻ അവളുടെമേൽ കണ്ണുവെച്ച വിവരവും സതിക്കുണ്ടായിരുന്നു. ക്ഷിപ്രപരിചയംകൊണ്ടു് ഒരാളെ പരിണയം ചെയ്വാൻ പാടില്ല എന്ന നിലയാണു് തമ്പുരാനെ തല്ക്കാലം പിൻവാങ്ങിപ്പിച്ചതു്. അനുരാഗം മിക്കസമയത്തും ഒരു മിന്നൽപോലെ പെട്ടെന്നാണു് ഹൃദയത്തിൽ ജ്വലിക്കുന്നതു്. കാലത്തിന്റെ കണക്കൊന്നും അതിനില്ല. വാതിലിന്റെ അടുക്കെ എത്തുംമുമ്പെതന്നെ സതിയെ രതി കെട്ടിപ്പിടിച്ചു. “സതീ, നീ അച്ഛനോടു് പറയുക ഇല്ലല്ലൊ” എന്നു് അപേക്ഷാഭാവത്തിൽ ചോദിച്ചു. സതി ഉറപ്പോടുകൂടി ശാഠ്യംപിടിച്ചുകൊണ്ടു് “അതെ ഞാൻ പറയും. ഞാൻ ഇപ്പോൾത്തന്നെ ചെന്നുപറയും” എന്നുംപറഞ്ഞു് രതിയുടെ പിടുത്തവും വിടുത്തി മുറിയിൽനിന്നു് പുറമെ ഓടി.

രതി സങ്കടംകൊണ്ടു് മുറിയിൽ ഇട്ടിരുന്ന ഒരു പുള്ളിപ്പുലിത്തോലിന്മേൽ കവിണ്ണുവീണു് വളരെനേരത്തോളം സഖിയില്ലാത്തവളെപ്പോലെ കരഞ്ഞു. എന്നതിൽപ്പിന്നെ ഒരു ഉപായം അഥവാ, അവലംബിക്കേണ്ടുന്ന ക്രമം അവളുടെ മനസ്സിൽ തോന്നി. അവൾ മെല്ലെ എഴുന്നേറ്റു്, ഉടുപ്പുവെച്ചമുറിയിൽപോയി ഒന്നാമതു് കണ്ണുകൾ പച്ചവെള്ളത്തിൽ കഴുകി, നല്ലവണ്ണം തോർത്തുകൊണ്ടു് ആറ്റിതുടച്ചു. എന്നതിൽപ്പിന്നെ പോളെമേൽ കുറെ പനിനീർ പിരട്ടി. അവൾ പിന്നെ പനങ്കുലപോലെ നീണ്ടുനിബിഡമായ മുടി കെട്ടഴിച്ചു് പിന്നിൽ ഇട്ടു് അതു് ചിക്കി നല്ലവണ്ണം ഒതുക്കികെട്ടി. എത്രയോ വെളുത്ത ഒരു ലിനൻസാരിയും ചുറ്റി. അളമാരിമേൽ വെച്ചിരുന്ന ഒരു ടൈംപീസ് നോക്കിയപ്പോൾ പതിനൊന്നു് മുട്ടാറായിട്ടെ ഉള്ളു. രാജാവിന്റെ വീട്ടിലേയ്ക്കു് ഊണിന്നുമുമ്പു് പോയിവരാൻ അവൾക്കു് ധാരാളം സമയമുണ്ടായിരുന്നു. കാർ നടത്താൻ അവൾക്കു് ധാരാളം വശമുണ്ടു്. പോരാഞ്ഞിട്ടു് ഇയ്യിടെ ഒരു ടൂസീറ്റർകാർ അവൾക്കു് അച്ഛൻ മേടിച്ചുകൊടുത്തിട്ടുമുണ്ടു്. മോഫിയർമാർ ആരേയും വിളിക്കേണ്ടകാര്യവും ഇല്ലായിരുന്നു. കള്ളി അവരുംകൂടി അറിഞ്ഞാൽ, അച്ഛന്റെ ചെവിട്ടിൽ ക്രമേണ എത്തും എന്നു് അവൾ അറിഞ്ഞിരുന്നു. അവരുടെ പ്രത്യേകകാര്യങ്ങൾ നിവർത്തിച്ചുകൊടുപ്പാൻ ശിന്നമണി എന്ന ചെറുപ്പക്കാരിയായ ഒരു പരിചാരിക ഉണ്ടായിരുന്നു. അവളുടെ അമ്മ നിത്യേന അമ്പലത്തിൽ പോകുന്നവരും, വീട്ടിൽ നിത്യപൂജ കഴിക്കുന്നവരും ആകകൊണ്ടു്, കുട്ടിയെ ദൈവഭക്തിയോടും വിനീതഭാവത്തോടും ഇണക്കിവളർത്തിയിരുന്നു. അതൊക്കെ അറിഞ്ഞിട്ടാണു് കാർത്തികേയൻനായർ ശിന്നമണിയെ തന്റെ മക്കളുടെ ശുശ്രൂഷയ്ക്കു് നിർത്തിയിരുന്നതു്.

രതി:
ശിന്നമണി! എനിക്കൊന്നു് പുറത്തുപോകണം.
ശിന്നമണി:
അതെ, കൊച്ചമ്മെ!
രതി:
ആരെങ്കിലും ചോദിച്ചാൽ ഞാൻ ഇവിടെ ഇല്ലെന്നവിവരം പറയരുതു്.
ശിന്നമണി:
ശരി. അങ്ങിനെ ചെയ്യാം.
രതി:
എനിക്കു് ഒരു തുണിഷാപ്പിൽ പോകേണ്ടതുണ്ടു്. അവിടത്തെ ഒരു തുണിക്കാരന്റെവശം ചിലതെല്ലാം തുന്നാൻ കൊടുത്തിട്ടുണ്ടു്. അതു് ഇതുവരെ കൊണ്ടുവരാത്തതെന്തെന്നറിയണം.
ശിന്നമണി:
അങ്ങിനെ ആകട്ടെ.

രതി സാധാരണയായിട്ടു് കളവു് പറയാറില്ല. സൗകര്യത്തിന്നുവേണ്ടി പെണ്ണുങ്ങൾ സാധാരണ പറഞ്ഞുപോരുന്ന ഒഴികഴിവു് കളവുകളുംകൂടി പാപമെന്നുവെച്ചിട്ടുള്ളവളാണു് രതി. അതുകൊണ്ടു് കളവു് പറയേണ്ടിവന്നപ്പോൾ ലജ്ജകൊണ്ടു് അവളുടെ മുഖം ചുകന്നുപോയി. ശിന്നമണിക്കു് തുന്നക്കാരനെയല്ല രഹസ്യക്കാരനെയാണു് കാണാൻ പോകുന്നതു് എന്നു് ഊഹിക്കാൻ ക്ഷണം കഴിഞ്ഞു. ശിന്നമണിക്കു് കൗതുകവും ജിജ്ഞാസയും ഉണ്ടായി. എല്ലാംകൂടി, രതിക്കുംകൂടി ഒരു രഹസ്യക്കാരനൊ? അഥവാ കാമുകനോ? ഈ പ്രായത്തിൽ അങ്ങിനെതന്നെയാണു് വേണ്ടതു്. രതി ഒരു സുന്ദരിയാണു്. രതിയുടെ അച്ഛൻ വലിയ കൃത്യക്കാരനും ശാഠ്യക്കാരനുമാണു്.

രതി:
എനിക്കു് എന്റെ ചെറിയ കാർ വേണ്ടിയിരുന്നു.
ശിന്നമണി:
എപ്പോൾ?
രതി:
ഇപ്പോൾത്തന്നെ ക്ഷണം.

ശിന്നമണി ഓടിപ്പോയി. രതി അതിനുള്ളിൽ തന്റെ ഉടുപ്പിന്നും മറ്റും കണ്ടിരുന്ന വീഴ്ചകളൊക്കെ നീക്കി വടിവിൽ വരുത്തി. അവൾക്കു് പരിഭ്രമം ഉണ്ടായിരുന്നു. എങ്കിലും അവളുടെ കാമുകന്റെ സന്നിധിയിൽ, ഉചിതമായ വേഷാഡംബരത്തോടല്ലാതെ സന്നിഹിതയാകരുതെന്നു് എല്ലാസ്ത്രീകൾക്കും ഉള്ള വാശി അവൾക്കും ഉണ്ടായിരുന്നു. അവൾ നീലച്ചേലയും സ്വർണ്ണബൽട്ടും ധരിച്ചു. ചുകന്നവില്ലുസിന്റെ സ്ലിപ്പർ അവളുടെ കാലിന്റെ വെണ്മയ്ക്കു് കടുപ്പം വർദ്ധിപ്പിച്ചു. കയ്യിൽ മാണിക്യം പതിച്ച ഒരു നാഗകങ്കണവും, കഴുത്തിൽ ഒരു ചെയിനും, കാതിൽ ചെറിയ വൈരക്കമ്മലും ഇട്ടിരുന്നു. കാർ എത്തിയ ഉടനെ അവൾ അതിൽകേറി രാമാനുജൻരാജാവിന്റെ വീട്ടിലേയ്ക്കു് ഓട്ടി. അവിടെ എത്തിയപ്പോൾ വലിയ പടിവാതിലിൽക്കൂടെ വീട്ടിന്റെ ഉമ്മറത്തു് അല്പം ഭയത്തോടെ കാർനിർത്തി. അപ്പോൾ അവൾക്കു്, വന്നതു് തെറ്റിപ്പോയി എന്ന ഒരു സങ്കടവും ഉണ്ടായി.

രാജാവു് താമസിച്ചിരുന്നതു് പണത്തിന്റെ ക്ഷാമംകൊണ്ടു് ഒരു ചെറിയ ബങ്കളാവിലായിരുന്നു. ഊണു് ഹോട്ടലിൽ വരുത്തുകയൊ, ചിലസമയത്തു് അവിടെചെന്നു് കഴിക്കുകയൊ ആണു് പതിവു്. ഒരു ചൊക്കറയും ഒരു വേലക്കാരത്തിയും അയാൾക്കുണ്ടു്. അവർ സ്ഥിരക്കാരല്ല. ഒരു നിശ്ചിതസമയത്തു് വരികയും പോകയും ചെയ്യുന്നവരാണു്.

ചൊക്ര അവളെ കണ്ടു. അവന്റെ പഠിത്തംകൊണ്ടൊന്നും അടക്കികൂടാത്ത വിധത്തിൽ അവളെ അവർ ഒന്നു് ഉറ്റുനോക്കി, രാജാവിന്റെ മുറിയും കാണിച്ചുകൊടുത്തു. അവനറിയാം ചിലപ്പോളൊക്കെ യുവതികൾ അവിടെ വരാറുണ്ടെന്നു്. എന്നാൽ ആ സ്ത്രീകളൊക്കെ ഒന്നാംക്ലാസിൽ എണ്ണപ്പെടേണ്ടവരായിരുന്നില്ല. ആ ചൊക്രയ്ക്കുംകൂടി, ഈ ആശിക്കത്തക്ക ഒരു നിഷ്കളങ്കയുവതിയെ കണ്ടപ്പോൾ അല്പം ഒരു ആർദ്രതയൊ, അനുകമ്പയൊ ആ യുവതിയോടുണ്ടായി. ഏതായാലും അവൻ മനമല്ലാത്ത മനസ്സോടുകൂടെ അവളെ ആ ഖലൻ രാജാവിന്റെ മുറിയിൽ കൊണ്ടുവിട്ടു. എന്നിട്ടു് കുസ്നിയിൽ മടങ്ങിവന്നു് തന്റെരികെയുള്ള വേലക്കാരോടു് ഇങ്ങിനെ ചില അഭിപ്രായം പാസ്സാക്കി. “ഈ രാജാവൊ? ഇയ്യാൾക്കു് നാണമില്ലല്ലൊ. എത്രയൊ പെണ്ണുങ്ങളെ പണത്തിന്റെ അടിമകളാക്കിത്തീർത്തു. എന്നിട്ടും മതിയാകാതെ ഒരു യുവതിയെയും ഇതാ ക്ഷണിച്ചുവരുത്തിയിരിക്കുന്നു. ഇവളെ നിശ്ചയമായിട്ടും എന്റെ സ്വന്തം സഹോദരിയേക്കാൾ കൃത്യമായും കണിശമായും ഉള്ള നടവടിയിൽ ഏതോ ഒരു മഹാൻ സംരക്ഷിച്ചുവന്നവളായിരിക്കും. ഇനിയൊ ഈ വാടകയ്ക്കുവാങ്ങിയ മുറിയിൽ, ആർക്കും കൂസലില്ലാതെ കടന്നുചെല്ലാൻപാടുള്ള ഈ മുറിയിലാണു് വരുത്തിയതും.” ഇങ്ങിനെ പലതും എത്രയൊ പ്രാവശ്യം കണ്ടിരുന്ന വേലക്കാരത്തിക്കൊന്നും അതുകൊണ്ടു് ഒരു വികാരവും ഉണ്ടായില്ല. ബൊട്ലർ തുടർന്നു് പറഞ്ഞു.

ബൊട്ലർ:
എടാ ചെക്കാ നീ മിണ്ടാതിരിക്കു്. നീ പോയിട്ടു് ഗാന്ധിയുടെ ആശ്രമത്തിൽ ചെന്നുചേർന്നോ? അതാണു് നല്ലതു്. നമ്മുടെ യജമാനനെപ്പോലെ ലോകം അറിയുന്നവരെ ശുശ്രൂഷിക്കുന്നതിനേക്കാൾ നിണക്കു് ഗാന്ധിയെപ്പോലെയുള്ളവരെ സേവിക്കുന്നതായിരിക്കും ഗുണം. നീ ഇതുവരെ ഒരു ചെറുപ്പക്കാരിയായ പെണ്ണിനെ, ഒരു പുരുഷന്റെ വീട്ടിൽ സ്വകാര്യമായി കണ്ടിട്ടില്ലെന്നോ? ഇതു് സകലനാളും ഉണ്ടാകുന്ന സംഭവമാണു് ചെക്കാ! സകലരാത്രിയിലും.

ഇതൊക്കെ എടുത്തുപറവാൻ തക്കവണ്ണം സാരമില്ലാത്ത കഥയാണെന്നു് സ്ഥാപിക്കുമ്പോലെ ബൊട്ലർ തന്റെ കയ്യൊന്നാട്ടി ആ സാധുചൊക്രയെ വിലക്കി. ഇങ്ങിനെ ചില സൃഷ്ടികളേയും പരിപാലിച്ചുപോരുന്നതു് രാജാവിന്റെ ഒരു പ്രത്യേക നയമായിരിക്കാം.

രതിയെ ആട്ടിൻകുട്ടിയെ നരിക്കൂട്ടിൽ ഇട്ടുകൊടുക്കുമ്പോലെ രാജാവിന്റെ പരിചാരകന്മാർ ഇട്ടുകൊടുത്തു. രാവിലെ നല്ല ഉഷ്ണമുണ്ടായിരുന്നു. എന്നാലുംകൂടി രാത്രി ഒരു ചട്ടിയിൽ ഇട്ടിരുന്ന ചിരട്ടക്കനൽ പ്രകാശിച്ചുങ്കൊണ്ടുതന്നെ ഇരുന്നിരുന്നു. അതുംകൂടി വിടനായ രാമാനുജൻരാജാവിന്നു് തന്റെ കാമാഗ്നിയെ മറ്റൊരു അഗ്നിയുടെ സ്ഥാനംകൂടി വഹിച്ചിരുന്നു. രതിയെ കണ്ട ഉടനെതന്നെ ഒരു നിധികിട്ടിയപൊലെ ആശ്ചര്യഭരിതനായ രാജാവു് ആനന്ദാകുലനായി.

രാജാ:
ഇതെന്തൊരു പരമാനന്ദമാണു് എനിക്കു് സിദ്ധിച്ചതു്. അല്ല. എന്റെ പ്രാണപ്രിയെ! നമ്മളുടെ ഉദ്ദേശങ്ങളൊന്നും അപകടസ്ഥിതിയിൽ ചെന്നു് തുഞ്ചീട്ടില്ലായിരിക്കും എന്നു് ഞാൻ വിശ്വസിക്കുന്നു.
രതി:
എന്റെ പ്രിയ അങ്ങുന്നേ! എല്ലാം കഷ്ടത്തിലായി. ഇന്നലെ രാത്രി നിങ്ങളും ഞാനും റിസ്റ്റോറണ്ടിൽപോയി തീൻകഴിച്ച വിവരമെല്ലാം സതിക്കു് അറിവായിരിക്കുന്നു. എന്നുമാത്രമല്ല ആ സംഗതി അച്ഛനോടു് പറയും എന്നു് എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടു്. അവൾ എന്തുചെയ്യും എന്നു് എനിക്കുകൂടി നിശ്ചയമില്ല.

രാജാവു ഇതിനു് ഉത്തരമായി “ഓ” എന്ന ഒരു ശബ്ദം മാത്രമേ ഉച്ചരിച്ചിരുന്നുള്ളു. എന്നാൽ അദ്ദേഹത്തിന്റെ ആ വാക്കും പച്ചളിച്ചമുഖവും, ഒരു വലിയ ഗ്രന്ഥത്തിൽ ഒതുക്കുവാൻ കഴിയാത്ത മനോവികാരം സ്ഫുരിപ്പിച്ചു. കാർത്തികേയൻനായരോടുള്ള പ്രത്യേക ഭീതികൊണ്ടൊന്നുമല്ല ആ വഞ്ചകനായ രാജാവിനെ ഇത്ര അധികം പരിഭ്രമിപ്പിച്ചതു്. തമ്പുരാനായാലും ശരി കൂലിക്കാരനായാലുംശരി, താൻ അഹണ്യമായി വിചാരിക്കുന്ന ആളെ മുഖത്തുനോക്കി ചിരിച്ചു് പരിഹസിക്കാൻകൂടി മടിയാത്ത ഒരു പുള്ളിയാണു് രാജാവു്. അധൈര്യം എന്ന ഒരു വീഴ്ച രാജാവിനെ കേവലം ബാധിച്ചിരുന്നില്ല. അയാളെ ശരിയായി ബാധിച്ച ഒരു ഭയം തന്റെ ഉദ്ദേശഭംഗം ഒന്നുമാത്രമായിരുന്നു. രതിയെ അഥവാ പരമാർത്ഥം പറയേണമെങ്കിൽ അവളുടെ സീമയില്ലാത്ത പണത്തെ വിട്ടുപോകുന്നകാര്യം അദ്ദേഹത്തിന്റെ എല്ലു് വെള്ളമാക്കി. ആ ഒരു ഭയം ദുർദ്ദേവതയെപ്പോലെ അയാളെ എപ്പോഴും ബാധിച്ചുകൊണ്ടിരുന്നു. രതിയെ വല്ലപ്രകാരത്തിലും വിവാഹം കഴിച്ചല്ലാതെ അദ്ദേഹത്തിന്റെ നിലയ്ക്കു് ഒരു ആശ്രയവും സ്ഥിരതയും ഉണ്ടാകയില്ലെന്നു് ആ സമർത്ഥൻ പണ്ടുതന്നെ ഊഹിച്ചകാര്യം ക്ഷിപ്രസാദ്ധ്യമാക്കേണമെന്നു് ഒരു ഘട്ടവും വന്നുചേർന്നു എന്നു് മനസ്സിലാക്കി.

തന്റെ സ്ഥിതിയാണെങ്കിൽ പണയംവെച്ചു് കത്തു് കളി, ദൂതു്, ചട്ടിക്കളി മുതലായ ഏർപ്പാടുകളിൽ വേണ്ടതിലധികം പരാജിതനായി ആപാദചൂഡം കടത്തിൽ മുഴുകി രക്ഷാമാർഗ്ഗമൊന്നുമില്ലാത്ത ഒരു ദുരവസ്ഥയാണു്. താൻ ആശ്രയിച്ചുവച്ചിരുന്ന ഒരു ചില്ലറതുക—അതിന്റെ പലിശകൊണ്ടു് തന്റെ നിത്യച്ചിലവു് കഷ്ടിപിഷ്ടിയായി കഴിച്ചുകൂട്ടുവാൻ മതിയായ ഒരു തുക—പെട്ടെന്നു് ഒരു കുതിരപ്പന്തയത്തിന്റെ ഫലത്തിൽ കൊണ്ടയിട്ടു് നാമാവശേഷമായിപ്പോയിരിക്കുന്നു. ഈ വിവരങ്ങളൊക്കെ നല്ല നിശ്ചയമുള്ള തന്റെ പേരിന്നു് മാത്രമുണ്ടായിരുന്ന ചങ്ങാതികളൊക്കെ അദ്ദേഹത്തിന്നു് ഒരു കാശുപോലും കൊടുക്കില്ലെന്നു് ഉറപ്പാക്കിയും കഴിഞ്ഞിരിക്കുന്നു. പണത്തിന്റെ കാര്യത്തിൽ മൂപ്പരു് ഒരു കാര്യസിദ്ധിയുമില്ലാത്ത മീങ്കൂറയെപ്പോലെ വട്ടത്തിൽ തിരിയേണ്ടുന്ന ഒരു ഘട്ടത്തിലാണു് എത്തിയതു്. അതു് പരിഹരിക്കാനുള്ള ഏകമാർഗ്ഗമായിട്ടാണു് രതിയുമായുള്ള വിവാഹം അദ്ദേഹം ആലോചിച്ചുവെച്ചതു്. അതൊക്കെ താൻ വിചാരിച്ചപോലെ കൊണ്ടുനടത്തിക്കും എന്ന ചിന്താശ്വാസത്തോടെ ഇരിക്കുന്ന സമയത്താണു് രതിയുടെ പെട്ടെന്നുള്ള വരവു്. തന്റെ കള്ളി പുറത്തായിപ്പോയി എന്നായിരുന്നു ആ വഞ്ചകന്റെ ദൃഢമായ വിശ്വാസം. അതുകൊണ്ടു് രതിയെ മയക്കുമാറു് അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒരു മനസ്സലിവോ, ദീനദയാലുത്വമോ ധാരാളം ഉണ്ടായിരുന്നു.

രാജാ:
ഓ നീ ഇപ്പോൾ വന്നതു് എന്നെ വിവാഹം കഴിപ്പാൻ സാധിക്കുകയില്ല എന്നു് പറയാനായിരിക്കും—അല്ലെ. എന്റെ പൊന്നുരതി.

ആ ശരിയായ ഘട്ടത്തിൽ അദ്ദേഹം തന്റെ ശബ്ദത്തിന്നു് ഒരു ഇടർച്ചവരുത്തി. അയാൾ പെണ്ണുങ്ങളുടെ കാര്യത്തിൽ പന്തീരാംപയറ്റു് ശീലിച്ച ഒരാളായിരുന്നു.

രതി:
അങ്ങുന്നേ! ഞാൻ ഇവിടെവന്നതു് എന്നെ ഇവിടുന്നു് വിടുർത്തിക്കൊണ്ടുപോയ്ക്കളയണം എന്ന ഒരു അപേക്ഷയോടുകൂടിയാണു്. എനിക്കു് ഈ ദ്രോഹവും വിപരീതഭാവങ്ങളും സഹിച്ചിരിപ്പാൻ കഴിയുകയില്ല. എന്നെ നിങ്ങൾ ഇവിടുന്നു് വേറെ എവിടെയെങ്കിലും കൊണ്ടുപോകണം. അതാണു് എന്റെ അപേക്ഷ. എന്നെ നിങ്ങളുടെ സ്വന്തമാക്കണം. ഒരു സാധാരണസ്ത്രീയെപ്പോലെ ജീവിച്ചിരിപ്പാനുള്ള അവകാശാധികാരങ്ങൾ എനിക്കു് തരണം. എന്നെ കാവൽക്കാരെക്കൊണ്ടു് രക്ഷിച്ചുനിർത്തിയ ഒരു പ്രതിമയെപ്പോലെ ആക്കരുതു്. ഞാൻ നിങ്ങളുടെ ഒരു പ്രത്യേകസ്വത്തായിവന്നാൽ നമുക്കു് ഒന്നിച്ചുപാർത്തു് ലോകത്തെ മുഴുവനും പുല്ലാക്കിവിട്ടുകളയാം.

യഥാർത്ഥമായിട്ടു് തത്തുല്യമായ യാതൊരു വികാരവും അദ്ദേഹത്തിന്റെ ഉള്ളിൽ ജനിച്ചിരുന്നില്ല. ഒരു മുക്കുവന്നു് തന്റെ കയ്യിൽ ഉണ്ടായിരുന്ന മത്സ്യം കരയിൽ തുള്ളിപ്പിടയ്ക്കുന്നതുകണ്ടാൽ വല്ല ഇച്ഛാഭംഗം നേരിടുമോ? കുറെനേരം പിടയ്ക്കുമായിരിക്കും. എന്നാലും മത്സ്യം തന്റെ അധീനത്തിൽത്തന്നെ. ഇതു് ഒരു നല്ല അവസരമാണെന്നു് രാജാവു് ക്ഷണം മനസ്സിലാക്കി. ഇരിമ്പു് പഴുത്താൽമാത്രമെ പലവാർപ്പിലും ഇഷ്ടംപോലെ അടിച്ചുകൊണ്ടുവരാൻ സാധിക്കയുള്ളു. അയാൾ അദ്ദേഹത്തിന്റെ ശബ്ദം, ഒരു മരിച്ചവീട്ടിൽനിന്നു് എന്നപോലെ വളരെ താഴ്ത്തി.

രാജാ:
എന്റെ പ്രിയരതി! നീ ഒന്നിന്നും ധൈര്യപ്പെടുകയില്ല. പിന്നെ മിഥ്യാലാഭംകൊണ്ടു് എന്താണു് ഫലം?
രതി:
നിങ്ങൾക്കുവേണ്ടി ഏതുകാര്യത്തിന്നും ഞാൻ ധൈര്യപ്പെടും. നിങ്ങൾ ഇനിയും എന്നെ മനസ്സിലാക്കീട്ടില്ലെ? ഞാൻ ഇവിടെവന്നതു്, എന്നെ ഇവിടുന്നു് വേറെ ഒരേടത്തു് വിടുത്തിക്കൊണ്ടുപോവാൻ നിങ്ങളോടപേക്ഷിക്കാനാണു്. എന്നെ വിവാഹംകൊണ്ടു് നിങ്ങളുടെ സ്വന്തമാക്കാനാണു്. ഭാര്യാഭർത്താക്കന്മാർ എന്ന സ്വൈരജീവിതത്തിൽ നമുക്കു് രണ്ടാൾക്കും പങ്കുകൊള്ളാനാണു്. നിങ്ങൾ അങ്ങിനെ ചെയ്വാൻ ഒരുക്കമുണ്ടോ?

ഒരു നിമിഷനേരം രാജാവുതന്നെ ഒന്നു് അന്ധാളിച്ചുപോയി. ഇവൾ ഹൃദയപൂർവ്വം അപ്രകാരം ആശിക്കുന്നുണ്ടായിരിക്കുമോ? അതായിരുന്നു ആ ധൂർത്തന്റെ ശങ്ക.

രതി:
വെളുപ്പും, ചുകപ്പും, കറുപ്പും മനോഹരമായി വേണ്ടേടത്തു് സ്ഫുരിച്ചിരുന്നു.
രതി:
ശുദ്ധയായ രതി—ഇത്രത്തോളം കടുപ്പത്തിൽ ഒരു പുരുഷനെ അനുരാഗിക്കാത്ത ശക്തിയുള്ളവളാണെന്നു് അദ്ദേഹം വിചാരിച്ചിരുന്നില്ല. അവൾക്കു് അയാളുടെ നേരെ നിർഭയംവന്നു് വണങ്ങുവാൻതക്ക ധൈര്യമുണ്ടായിരിക്കും എന്നു് അയാൾ അറിഞ്ഞിരുന്നില്ല. ഇപ്പൊഴൊ, അവളെമാത്രമല്ല അവളുടെ സർവ്വസ്വത്തേയുമാണു് അവൾ ഈ വഞ്ചകന്നു് വഴങ്ങിക്കൊടുക്കുന്നതു്. നമ്മൾ കെണിവെയ്ക്കുന്ന കാര്യത്തിൽ ദൈവവുംകൂടി അനുകൂലിച്ചാൽ പിന്നെ അതില്പരം നന്മയെന്താണു്. അഭിനയത്തിലും രാജാവായ നമ്മുടെ “ഇസ്ഹദ്” രാജാവു് അവളുടെ കസേലയുടെ അരികെപോയി മുട്ടുകുത്തി ഇരുന്നു. അവളുടെ ഒരു കരപല്ലവം എടുത്തു് തന്റെ മാറോടടുപ്പിച്ചുപിടിച്ചു് എന്നിട്ടു് നാലഞ്ചുപ്രാവശ്യം ദീർഘനിശ്വാസം വിട്ടു. “രതി! പ്രിയരതി! നീ പറയുംപ്രകാരം എന്റെ അടുത്തു് വരുമോ? നിണക്കു് ഭയമില്ലയോ?” എന്നു് ഉള്ളുരുകുംപ്രകാരമുള്ള സ്വരത്തിൽ ചോദിച്ചു.

അദ്ദേഹത്തിന്റെ ദുസ്സാമർത്ഥ്യം പൈശാചികമായിരുന്നു അദ്ദേഹത്തിന്നു് അവൾ മനഃപാഠം പഠിച്ച ഒരു ഗുണകോഷ്ടമോ അമരശ്ലോകമോ മാത്രമായിരുന്നു. അവൾക്കു് മനസ്സുറപ്പു് പോരെന്നും അവൾക്കു് ധൈര്യം ഇല്ലെന്നും അയാൾ വിചാരിക്കുന്നുഎന്നു് സൂചിപ്പിച്ചാൽ അവളുടെ ഉദ്ദേശത്തിന്നു് പിടുത്തവും ഉറപ്പും കൂട്ടുമെന്നു് ഈ വഞ്ചകൻ നല്ലവണ്ണം അറിഞ്ഞിരുന്നു. പ്രകൃത്യാ ധൈര്യമില്ലാത്ത സ്വഭാവമുള്ളവർ, ആ സ്വഭാവം വല്ലാതെ വെറുക്കും. ആ സ്വഭാവം തങ്ങൾക്കു് തീരെ ഇല്ലെന്നു് തെളിയിക്കുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കും. എന്നുമാത്രമല്ല, ആരെങ്കിലും, ആ സ്വഭാവത്തെപ്പറ്റി സൂചിപ്പിച്ചുപറഞ്ഞാൽ അതു് കഴിയുന്നത്ര പ്രതിഷേധിപ്പാൻ ശാഠ്യംപിടിക്കുകയും ചെയ്യും. രതിയുടെ മുഖം ചുകന്നു.

രതി:
അങ്ങുന്നെ! ഞാൻ നിർണ്ണയിച്ചുറപ്പിച്ച ഒരു കാര്യത്തിന്നുവേണ്ടി അല്ലാതെ, നിങ്ങളുടെ വീട്ടിൽ സ്വകാര്യമായി വരാൻ ധൈര്യപ്പെടും എന്നു് നിങ്ങൾ വിചാരിക്കുന്നുണ്ടോ?
രാജാ:
ഇല്ല. പ്രിയരതി! നിശ്ചയമായിട്ടും ഇല്ലതന്നെ. എന്നാൽ നീ ഇപ്പോൾ ആവശ്യപ്പെടുന്നതു് ഒരു വമ്പിച്ച കാര്യമാണു്. അതിന്റെ ഭവിഷ്യത്തു് നീയും നിന്റെ ബന്ധുക്കളുംതമ്മിലുള്ള അടുത്ത ബന്ധുത്വം തീരെ മുറിച്ചുകളയുന്ന ഒന്നാണെന്നു് നീ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നോ? നിണക്കു് നിന്റെ അച്ഛനേയും സതിയേയും വിട്ടുകളവാൻ പാടുണ്ടോ?
രതി:
(വിശ്വാസത്തോടെ) സതി എന്നെ വിട്ടുകളയുകയില്ല. അച്ഛനും എന്നെ തീരെ വിട്ടുകളയുമെന്നു് ഞാൻ വിചാരിക്കുന്നില്ല. ആദ്യം അവർക്കു് കോപമുണ്ടായേക്കാൻ മതി. എന്നാൽ എന്നെ കേവലം വെടിഞ്ഞുകളയത്തക്കവണ്ണം അവർക്കു് ഒരിക്കലും സിദ്ധാന്തം ഉണ്ടാവാൻ ഇടയില്ല.
രാജാ:
എനിക്കുവേണ്ടി സകലവും പണയംവെയ്ക്കാൻ നീ ഒരുക്കമാണോ?

ഇങ്ങിനെ ഒരു ചോദ്യം വിട്ടപ്പോൾ രാജാവു് അവളുടെ നീലക്കണ്ണുകളിൽ അടിയെത്തുംവരെ നോക്കി. അങ്ങിനെ അഗാധാനുരാഗം സ്പഷ്ടമാക്കുന്ന നോട്ടങ്ങൾ എപ്പോഴും അനുഭവിക്കാൻ ഇടവന്നാൽ അദ്ദേഹത്തിന്നുവേണ്ടി മരിക്കേണ്ടതിന്നുംകൂടി താൻ തയ്യാറാണെന്നു് രതിക്കു് ബോദ്ധ്യംവന്നു.

രാജാ:
പ്രിയരതി! നീ പറയുന്നതൊക്കെ ശരിയാണു്.

ഒരു നിമിഷത്തിന്നുള്ളിൽ അദ്ദേഹത്തിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിന്മേൽ അമർന്നു. അവളുടെ ശരീരത്തിന്റെ ഉള്ളിൽനിന്നു് നാഡികളിൽക്കൂടെ രക്തം ബാണംപോലെ ഒഴുകിത്തുടങ്ങി. എന്നിട്ടു് അയാൾ അവളെ അയാളുടെ ശക്തിയുള്ള ഭുജങ്ങളുടെ ഉള്ളിൽ കെട്ടിപിടിച്ചുനിർത്തി. ഉടലോടെ അവളെ പൊന്തിച്ചുപ്പിടിച്ചു്, അദ്ദേഹം ഒരേടത്തു് ഇരുന്നതിൽപ്പിന്നെ അവളെ തന്റെ മടിയിൽ ഇരുത്തി. അവളെ മുറുക്കിപിടിച്ചു് അവളുടെ തല അദ്ദേഹത്തിന്റെ മാറോടു് തൊട്ടിരുന്നു. അഥവാ അവിടെ സ്ഥാപിച്ചിരുന്നു. അയാളുടെ തോളിൽക്കൂടെ ഇട്ടിരുന്ന അവളുടെ കരപല്ലവങ്ങൾ അദ്ദേഹത്തേയും മുറുകെ പിടിച്ചിരുന്നു. അയാൾ അവളുടെ മൂർദ്ധാവു് വളരെപ്രാവശ്യം മണപ്പിച്ചു. അവൾക്കു് വളരെ തൃപ്തിയും ആശ്വാസവും ആനന്ദവും ഉണ്ടായി. ആ ആനന്ദം ഒരു ശാന്തിമയമായ ലയത്തിൽ സമ്മേളിച്ചുപോകത്തക്കവണ്ണം അത്ര മഹത്തരവും ദിവ്യവുമായിരുന്നു.

അവൾ ഒന്നു് ആ വഞ്ചകന്റെ മുഖത്തു് നല്ലവണ്ണം നോക്കിയിരുന്നു എങ്കിൽ അവളുടെ ശാന്തി പൊട്ടിത്തെറിച്ചു് ഭസ്മമായിപ്പോകുമായിരുന്നു. അയാളുടെ മൂർഖസ്വഭാവം തത്സമയത്തു് കണ്ടിരുന്നാൽ രതിയേക്കാൾ എത്രയോ അനർഘങ്ങളായ യുവതികളുംകൂടി അദ്ദേഹത്തെ ഒരു അവിശ്വസ്തനായ ഘാതകന്റെ നിലയിൽ അകറ്റുമായിരുന്നു.

അയാൾ നേരെ, എവിടെയെന്നില്ലാതെ ആകാശത്തിൽ നോക്കുംപോലെയാണു് മുന്നോട്ടു് നോട്ടംവെച്ചിരുന്നതു്. സകലവും കുത്തിത്തുളയ്ക്കുവാൻ കരുത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ കറുത്തു് സുന്ദരമായ നേത്രം, ഒരു നൂലാമാല കണ്ടുപിടിക്കുവാൻ വട്ടംകൂട്ടിയിരുന്ന സ്വഭാവം വെളിക്കിറക്കിയിരുന്നു എങ്കിലും അതിൽ സ്പഷ്ടമായ ഒരു നേരംപോക്കും മിന്നിയിരുന്നു. ഭാഗ്യം ഏതെല്ലാം വിധത്തിലാണു് അദ്ദേഹത്തെ വന്നുതലോടുന്നതു്. ഇന്നലെ രാത്രി ഈ പെൺകുട്ടിയെ യഥാർത്ഥത്തിൽ വിവാഹം ചെയ്വാൻകൂടി കിട്ടുകയില്ലെന്നു് വിചാരിച്ചു് പശ്ചാത്തപിച്ചിരുന്ന ഒരു പുരുഷനായിരുന്നു ഇദ്ദേഹം. അവളുടെ അച്ഛന്റെ സമ്മതംകൂടാതെ ഒരു വിവാഹത്തിന്നു് അവൾ ഒരിക്കലും അദ്ദേഹത്തെ അനുവദിക്കുകയില്ലെന്നു് അയാൾ സമ്പൂർണ്ണമായി വിശ്വസിച്ചുപോന്നിരുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞകഥകൾ, ലോകം മുഴുവൻ പരസ്യമായി അറിയുന്നകഥകൾ, രതിയുടെ അച്ഛന്റെ ചെവിട്ടിൽ എത്തിയകഥകൾ, അദ്ദേഹത്തിന്റെ ഈ നിർവ്വാഹമില്ലാത്ത ഉദ്ദേശത്തിന്നു് വമ്പിച്ച തടസ്ഥമായിരിയ്ക്കും എന്നുംകൂടി അദ്ദേഹം നല്ലവണ്ണം അറിഞ്ഞിരുന്നു. ആ നീചൻ അവളെ ഒഴികഴിവില്ലാത്ത ഒരു വിഡ്ഢിത്തത്തിൽ ചാടിച്ചിട്ടു് നിർബ്ബന്ധമായി വിവാഹംചെയ്യണം എന്നുകൂടി കരുതിക്കൂട്ടി ഉറപ്പിച്ച ഒരു മഹാപാപിയായിരുന്നു. ആരും അറിയാതെ ഒരു റജിസ്റ്റർവിവാഹംകൊണ്ടു് ഇവളെ കെട്ടിയിടണം എന്നുകൂടി അദ്ദേഹം ആലോചിച്ചുവെച്ചിരുന്നു. എന്നാൽ ഇന്നുവൈകുന്നേരം അവൾ കാട്ടിവിട്ട അവളുടെ നിഷ്കളങ്കമായ പാവനമായ പരിശുദ്ധത കണ്ടപ്പോൾ ഇമ്മാതിരി നിർമ്മലകളെ അവതാളത്തിൽ ചെന്നുചാടിക്കുന്നതു് തന്റെ കല്ലുപോലത്തെ ഹൃദയത്തിന്നും കൂടി വിസമ്മതമായ കാര്യമാണെന്നു് അയാൾക്കു് ബോദ്ധ്യം വന്നു. മിനിഞ്ഞാന്നുരാത്രിയാണു് എല്ലാം വിശ്വസിക്കുന്ന അവളെ ഒരു വമ്പിച്ച റിസ്റ്റോറണ്ടിൽ കൊണ്ടുപോയി, ചിലവു് ഗൗനിക്കാതെ തീൻ കഴിപ്പിച്ചതു്. അദ്ദേഹം സ്വന്തമായി ഒരു മുറിതന്നെ ഇരുവർക്കും ഏർപ്പെടുത്തിവെച്ചിരുന്നു. അതിൽ ഉണ്ടായിരുന്ന കാന്തവെളിച്ചം എത്രയോ മങ്ങിയനിലയിൽ താണിരിക്കണം എന്നുംകൂടി അദ്ദേഹം താക്കീതുചെയ്തിരുന്നു. എത്രയോ പരിമളമാർന്ന പൂക്കൾ, എത്രയോ വിശേഷമേറിയ വീഞ്ഞുകൾ ഇതൊക്കെ അവളുടെ സന്തോഷത്തിന്നുവേണ്ടി ഏർപ്പെടുത്തിവെച്ചിരുന്നു. അവളെയോ ഒരു കാമുകന്റെ നിലയിൽ ചിലസമയം അയാൾ തലോടുകയുംകൂടി ചെയ്തിരുന്നു. എന്നിട്ടൊക്കെ വല്ലഫലവും ഉണ്ടായിരുന്നോ? എന്നാൽ അവളുടെ നേരമ്പോക്കു് തുളുമ്പിക്കൊണ്ടിരുന്ന കരിനീലക്കണ്ണുകളിൽനിന്നു് ഒരു കാമവികാരത്തിന്റെ ഒരു ശിഖരംപോലും പൊടിച്ചിട്ടുണ്ടായിരുന്നില്ല.

അയാൾ അവളെ തന്റെ തുടിക്കുന്ന മാറോടു് അമർത്തുവെച്ചു വേദനിക്കുംപ്രകാരം ഞെക്കിപ്പിടിച്ചു. അയാളുടെ നാഡികൾ തീപ്പിടിച്ചപോലെ സ്പന്ദനം ചെയ്തു. എന്നാൽ അങ്ങിനെയൊരു കിടിലത, പകരത്തിന്നുപകരമായി അവളിൽനിന്നു് കേവലം പുറപ്പെട്ടിരുന്നില്ല.

ഇതിനിടയിൽ അദ്ദേഹം രതിയോടു് വിവാഹം നടന്നിട്ടില്ലെങ്കിലും വിവാഹത്തിന്റെ അനന്തരചടങ്ങുകൾ കാട്ടിക്കൂട്ടുന്നതിൽ ഒരു കുറ്റവും വിരോധവുമില്ലെന്നു് പറഞ്ഞു് മനസ്സിലാക്കിയിരുന്നു. അതു് ഒരു ശരിയായ വിവാഹമാണെന്നും പക്ഷേ, നീതിനിപുണന്മാർ അതിനെ ഗാന്ധർവ്വവിവാഹം എന്ന പട്ടികയിൽ പെടുത്തീട്ടുണ്ടെന്നും പറഞ്ഞു് മനസ്സിലാക്കി. ദുഷ്യന്തൻ ശകുന്തളയെ അങ്ങിനെയാണു് ചെയ്തതെന്നും അദ്ദേഹം വാസ്തവമായി ഉദാഹരണത്തിനുവേണ്ടി എടുത്തുപറഞ്ഞു. രതിയോ, യാതൊരു വിവരവും ഇല്ലാത്തവളായിട്ടു്, ഇദ്ദേഹം പറയുന്നതൊക്കെ തന്നെ യഥാർത്ഥമായി വിവാഹം കഴിപ്പാൻവേണ്ടിയാണെന്നു് വേദവാക്യംപോലെ വിശ്വസിച്ചുപോന്നു. കളങ്കമില്ലാത്തവർ അന്യരിൽ കളങ്കം കാണുന്നതു് അപൂർവ്വമാണു്.

രതിക്കു് യാതൊരു കാമവികാരമൊ, കാമലീലാഭ്രമമൊ ഒട്ടും ജനിച്ചില്ലെന്നുമാത്രമല്ല തന്റെ അമിതമായ ശുശ്രൂഷകൾക്കും വഴിപ്പെടാതെതന്നെ അവൾനിന്നു. ശരിയായ വിവാഹം കഴിക്കാതെ ഒരു കന്യകയുടെ ചാരിത്രഭംഗം വരുത്താൻ പാടില്ല എന്നായിരുന്നു അവളുടെ ആശാസ്യമായ ശാഠ്യം. രതിയുടെ ചാരിത്രശുദ്ധിയോടു് പൊരുതി, രാജാവു് പരാജിതനായി. നരിമടയിൽ കേറിച്ചെന്ന ഒരു ആട്ടിൻകുട്ടി അപായത്തിൽ ചാടാതെ മടങ്ങിഎത്തുന്നതു് നരിക്കാണു് പോരായ്മ. രാജാവു് നൈരാശ്യംകൊണ്ടു് പല്ലു കടിച്ചു. അവൾ സ്വമേധയായിട്ടാണു് അവിടെ കടന്നുവന്നതു്. എന്നിട്ടുകൂടി അയാൾക്കു് താൻ ഉദ്ദേശിച്ച കാര്യം നിറവേറ്റിടാൻ സാധിച്ചില്ല എന്നു് വന്നതു് രാജാവിന്റെ ഒരു പുതിയ അനുഭവമായി വന്നുകൂടി. അവൾ വഴിപ്പെടണമെങ്കിൽ ശരിയായ വിവാഹം നടക്കേണ്ടിവരും എന്നും ആ സമർത്ഥൻ മനസ്സിലാക്കിക്കഴിഞ്ഞു. ഇനി ബലമായി അദ്ദേഹം വല്ലതും ചെയ്തുവിട്ടാൽത്തന്നെ—അതിനും ലേശം ശങ്കയോ സങ്കോചമോ ഇല്ലാത്ത ആളാണു് രാജാവു്—ചാരിത്രഭംഗംവന്ന തന്റെ മകളെ കാർത്തികേയൻനായർ കയ്യുംനീട്ടി വീണ്ടെടുക്കുകയല്ലാതെ തനിക്കു് വിവാഹംകഴിച്ചുകൊടുക്കുക ഉണ്ടാകയില്ല എന്നും രാജാവു് അറിഞ്ഞു. തന്റെ ഉദ്ദേശനിവൃത്തിക്കു് വിവാഹമല്ലാതെ മറ്റുഗതി ഇല്ലെന്നു് രാജാവിന്നു് സമ്പൂർണ്ണമായി മനസ്സിലാക്കി.

വിവാഹംകൊണ്ടു്, താൻ ഇതുവരെ അനുഭവിച്ചുവന്ന സ്വാതന്ത്ര്യജീവിതം ബലികഴിപ്പാൻ അദ്ദേഹത്തിന്നു് അത്യന്തം മടി ഉണ്ടായിരുന്നു. എന്നാലും കോടിക്കണക്കായി പണം കിട്ടുന്ന കാര്യത്തിൽ സ്വാതന്ത്ര്യജീവിതം എന്ന ചില്ലറക്കാര്യം വകവെക്കേണ്ടതല്ലെന്നു് ആ നയജ്ഞന്നു് നല്ല വിവരമുണ്ടായിരുന്നു. അങ്ങിനെ ചെയ്വാൻതന്നെ അയാൾ ഉറപ്പാക്കി. രതി അവിടം വിട്ടുപോകുംമുമ്പെ, ആരും അറിയാതെ റജിസ്റ്റർവിവാഹം ചെയ്വാനായിക്കൊണ്ടു് അവളെ സമ്മതിപ്പിച്ചു. അതു് ക്ഷണത്തിൽ വേണമെന്നു് അദ്ദേഹത്തിൻ അപേക്ഷയ്ക്കും അവൾ അനുകൂലിച്ചു.

പന്ത്രണ്ടാം അദ്ധ്യായം

അവർ ചെന്നതു് വേദവതി ലളിതയുടെ വീട്ടിലായിരുന്നു. അവർ അവിടെ രണ്ടുമൂന്നുദിവസം താമസിക്കേണ്ടിവന്നു. അവിടുന്നു് നഗരത്തിൽ ചെന്നു് ഒരു റജിസ്ത്രാർമുഖാന്തിരമാണു് വിവാഹം നടന്നതു്. ലളിതയല്ലാതെ ഈ കാര്യം മറ്റൊരാളും അറിഞ്ഞിരുന്നില്ല. മെയ് മാസത്തിലെ സൂര്യൻ അതികഠിനമായി ജ്വലിക്കുമ്പോഴാണു്, ദമ്പതിമാർ തീവണ്ടിസ്റ്റേഷനിൽ എത്തിയതു്.

രതിയെ ഒരുതരം ലജ്ജ ബാധിച്ചിരുന്നു. അവൾക്കു് കൂടക്കൂടെ കണ്ണിൽ വെള്ളംനിറഞ്ഞു. അവളുടെ ദേഹം ഇടയ്ക്കിടെ വിറച്ചു. രാജാവിന്റെ ഭാവം കണ്ടാൽ തന്നിൽ വിശ്വാസമുള്ള ഒരു വിജയി ആണെന്നു് വിളിച്ചുപറയും. ഒരു കന്യകയുടെ ഉടമസ്ഥതകൊണ്ടു് മദിക്കുന്ന ഒരാളെപ്പോലെ തോന്നി—യുദ്ധത്തിൽ പരാജിതത്വം ഏല്പിച്ച എതിരാളിയെ വിലങ്ങിട്ടുകൊണ്ടുവരുന്ന ഒരു സേനാനായകന്റെ ഭാവമാണു് രാജാവിന്റെ മുഖത്തു് സ്ഫുരിച്ചിരുന്നതു്. അരമണിക്കൂർമുമ്പെ റജിസ്ത്രാഫീസിൽനിന്നു് അദ്ദേഹം ചിന്താമഗ്നനും പരവശനും ആയിരുന്നു. രതിയേയും അവളുടെ സീമയില്ലാത്ത ധനത്തേയും ആരെങ്കിലും തന്റെ കയ്യിൽനിന്നു് പിടിച്ചുപറിച്ചേയ്ക്കുമോ എന്ന ഒരു അകാരണമായ ഭയം അദ്ദേഹത്തെ ബാധിച്ചിരുന്നു. വിവാഹം കഴിയുന്നവരെ അദ്ദേഹം അത്യന്തം അസ്വസ്ഥനായിരുന്നു.

ഇപ്പോൾ അയാൾക്കു് ആരേയും എന്തിനേയും ഒരു പുല്ലുവിലയായി. രതി തന്റെ ധർമ്മപത്നിയായിത്തീർന്നു. രാജാവിനെപ്പോലെയുള്ളവർക്കു് ഒരു ഭാര്യ എന്നുവെച്ചാൽ ഒരു രഹസ്യക്കാരത്തിയേക്കാൾ എത്രയൊ താണപദവിയിൽ ഇട്ടേക്കേണ്ടുന്ന ഒരുവൾ മാത്രമാണു്. ഒരു വീട്ടുസാമാനത്തിന്റെ ബന്ധംമാത്രമെ അവൾക്കുണ്ടായിരുന്നുള്ളു. രഹസ്യക്കാരത്തിയുമായുള്ള ഇടവാടിൽ അവൾക്കു് തന്നോടു് യഥർത്ഥമായി പ്രണയമുണ്ടോ എന്ന ഒരു സന്ദേഹംതന്നെ ഒരുതരം രമ്യമായ മനോഭാവമായിരുന്നു. വിവാഹാവസ്ഥയിൽ, ഭർത്താവിന്റെ കല്പനപ്രകാരം ഭാര്യയ്ക്കു് അനുസരിക്കേണ്ടിയും അനുരാഗിക്കേണ്ടിയും വരുന്നതു് ഒരു നിർബ്ബന്ധമാണു്. അവൾക്കു് സ്വാതന്ത്ര്യം കേവലമില്ലാതായി.

രാജാ:
നമുക്കു് പാർപ്പാൻ സ്വന്തം ഭവനം അനുവദിച്ചുതന്നതു് ലളിതയുടെ ധർമ്മബുദ്ധിയല്ലേ? അവൾ മാത്രമേ നമ്മളുടെ കള്ളി അറികയുള്ളു. അല്ലെ?

ഇതിന്നു് ഉത്തരമായി രതി യാതൊന്നും പറഞ്ഞില്ല. അവർ ഒരു ചില്ലറതീവണ്ടിസ്റ്റേഷനിൽ എത്തിയപ്പോൾ അവിടത്തെ ബഹളത്തിൽ രാജാവിന്റെ ശ്രദ്ധപതിഞ്ഞപോലെ തോന്നി. സ്റ്റേഷൻ വിട്ടപ്പോൾ രതി എന്തോ പറവാൻ ഭാവിച്ചു.

രതി:
അവളുടെകൂടെ കുറെദിവസം ചെന്നു് താമസിപ്പാൻ ലളിത എന്നെ ക്ഷണിച്ചതു് എത്രനന്നായി. അച്ഛൻ ഉടനെതന്നെ സമ്മതിച്ചു. ലളിത ഒരു മിടുക്കത്തിയും തനിക്കുതാൻ പോരുന്നവളെന്നുമാണു് അച്ഛന്റെ അഭിപ്രായം.
രാജാ:
(കടിക്കുന്നമട്ടിൽ) അതു് ശരിയാണു്.

വേദവതിലളിത, കോപംജനിച്ചുപോകത്തക്കവണ്ണം സ്തോഭമില്ലാത്തവളാണെങ്കിലുംകൂടി ഒരു കമനീയാംഗിയായിരുന്നു. ഒരു മോഹനവും സുന്ദരവും ആയ പ്രതിമയെപ്പോലെ ഉടവില്ലാത്തവളായിരുന്നു. അവൾ ബൊമ്മയെപ്പോലെ, സംസാരിക്കുന്ന ഒരു യന്ത്രം മാത്രമായിരുന്നില്ല. വിചാരത്തിന്നു് അനുകൂലമായ ആചാരങ്ങൾ ഒന്നും തന്റെ സ്വന്തം ഭാര്യയെപ്പോലെ, പുറത്തു് കാണിക്കുന്നവളല്ലെന്നു് രാജാവു് വിചാരിച്ചു.

രതി:
നമ്മൾ അവിടെ ചെല്ലുമ്പോൾ ലളിത അവിടെ ഉണ്ടായിരിക്കുമോ?
രാജാ:
ഇല്ല. അവൾ കരടുചിത്രങ്ങൾ വരപ്പാൻവേണ്ടി ദേശാടനം ചെയ്യുകയാണു്.

രാജാവിന്റെ ശബ്ദത്തിൽ മുഴച്ചുനിന്നിരുന്ന അതൃഷ്ണയും ഉന്മേഷക്കുറവും രതിയുടെ ഹൃദയത്തിൽ തട്ടി. അവൾ അയാളുടെ മുഖം ഒന്നു് ശ്രദ്ധവെച്ചുനോക്കി. പിന്നെ അവൾ അവളുടെ വേഷവും ആകപ്പാടെ പരിശോധിച്ചു. നിശ്ചയമായിട്ടും അവളുടെ രൂപം ഏതു് പുരുഷനെയും ആകർഷിക്കാനൊ, വശീകരിക്കാനൊ പോന്നതായിരുന്നു. വിവാഹം കഴിഞ്ഞിട്ടു് ഒരു മണിക്കൂർകഴിയാത്ത ഒരു ഭർത്താവിന്നു് എങ്ങിനെ അതു് രുചിക്കാതിരിക്കും.

തീവണ്ടിയുടെ ജനലിൽക്കൂടെ രാജാവു് ഇന്നേടത്തെന്നില്ലാതെ നോക്കി. രതിയാകട്ടെ അവളുടെ ചെറിയ സഞ്ചിയിൽനിന്നു് ഒരു കണ്ണാടി എടുത്തു് അവളുടെ മനോഹരമുഖം ഒരു ഗുണദോഷനിരൂപണം ചെയ്യുന്ന ആളെപ്പോലെ നോക്കി. അതെ. അവൾ ഒരു അതിരുചിതംഗിയായിരുന്നു എന്നതിന്നു് രണ്ടുപക്ഷമില്ലായിരുന്നു. അവളുടെ കണ്ണുകൾ നിറംകൊണ്ടു് നീലയായിരുന്നു. എങ്കിലും പുറത്തു് വിട്ടിരുന്നതു് വൈരത്തേക്കാൾ വെളുത്ത വീക്ഷണങ്ങളായിരുന്നു. അവളുടെ കണ്ണിൽനിന്നു് തിളങ്ങിയ ആ ദിവ്യപ്രകാശം ഒരൊറ്റകാര്യമാണു് ഉദാഹരിച്ചിരുന്നതു്. ഒരു ഗുണവതിയായ യുവതിയുടെ ഏകാന്താനുരാഗത്തിനർഹനായ ആ പുരുഷനെ ഈശ്വരനെപ്പോലെ ആരാധിച്ചുപോരുന്നവിധത്തിലുള്ള ഒരുതരം ഭക്തിബഹുമാനങ്ങളായിരുന്നു.

അവളുടെ ചുകപ്പും വെളുപ്പുംകൊണ്ടു് പരിശോഭിതമായ ആ മനോഹരമുഖം വില്ലൂസുപോലെ മിനുത്തതും ‘ചുംബിക്കണെ’ എന്നു് നിലവിളിക്കുന്നതും ആയ കോലത്തിലായിരുന്നു. ഉള്ളിൽ പൊങ്ങിയിരുന്ന അനുരാഗാധിക്യംകൊണ്ടു് അവളുടെ ചുണ്ടുകൾ ചുകന്ന റോസിനേക്കാളും ചുകന്നതായിരുന്നു. അവൾ പിന്നേയും ലജ്ജകൊണ്ടു് നിമഗ്നയാണെങ്കിലും തന്റെ അനുരാഗം അപഹരിച്ച ആ ഭർത്താവിനെ—അഥവാ കാമുകനെ—വളരെ പ്രണയത്തോടുകൂടെ നോക്കി. അവളുടെ ശോഭയേറിയ ശരീരത്തിന്റെ സകലനാഡികളും, സകലാനുരാഗസമ്മിളിത വികാരങ്ങളും അദ്ദേഹത്തിൽചെന്നു് ലയിച്ചിരിക്കെ, ഇത്ര അടുക്കെ അവൾ ഇരുന്നിട്ടുംകൂടി അദ്ദേഹത്തിന്നു് തത്തുല്യമായ വികാരങ്ങൾ ഒന്നും പൊങ്ങിവരാത്തതു് എന്തുകൊണ്ടായിരിക്കും? അയാളെ തൊട്ടുകൊണ്ടിരിക്കുക, അയാളുടെ ശക്തിമത്തായ തദീയതകൊണ്ടു് മദം അപ്പപ്പോൾ വർദ്ധിച്ചുവരിക, അയാൾ അവളുടെ സ്വന്തമാണെന്ന വിചാരം സകല ശങ്കയും കളഞ്ഞിരിക്കുക ഇതൊക്കെ അറിഞ്ഞിട്ടുകൂടി അദ്ദേഹത്തിന്റെ സ്തോഭമില്ലാത്ത മനഃസ്ഥിതി അവളെ വളരെ പരിഭ്രമിപ്പിച്ചു. എന്തുംചെയ്വാൻ മടിയില്ലാത്തവളെപ്പോലെ അവളെ കണക്കിലേറെ ആകുലപ്പെടുത്തി.

അവൾ കാംക്ഷിച്ചിരുന്നതു് അദ്ദേഹം ഇപ്പോൾ കാട്ടിക്കൊണ്ടിരുന്ന അവലക്ഷണസ്വഭാവത്തിന്റെനേരെ വിപരീതമായ ഒന്നു് കാണുമെന്നായിരുന്നു. അവൾ വിചാരിച്ചിരുന്നതു് അയാൾ അയാളുടെ കൈകൾകൊണ്ടു് അവളെ വാരി എടുത്തു് കെട്ടിപ്പിടിക്കുമെന്നായിരുന്നു. അവളെ മാറോടടുപ്പിച്ചു് പിടിച്ചുനിർത്തി ഒരു നവോഢയുടെ അധൈര്യം പറപ്പിക്കുമെന്നായിരുന്നു. ഇപ്പോഴാകട്ടെ അവൾക്കു് അറിയാത്തവിധത്തിൽ ഉള്ളുരുക്കുംപോലെയുള്ള ഒരു ഭയമായി. എന്തിന്നു്? അയാളെ അനുരാഗിക്കുന്നു എന്നു് പറയുന്നതിന്നു് ഭയമായി. ഒന്നുമില്ലെങ്കിൽ, തന്നെ തൊട്ടുകൊണ്ടിരിക്കുന്ന, തന്റെ സ്വന്തമായിത്തീർന്ന ഒരു സുന്ദരിയുവതിയെ അയാൾ കെട്ടിപ്പിടിച്ചു് ഗാഢമായി പുണരേണ്ടതായിരുന്നില്ലെ? ഒരു നാവോഢയ്ക്കു് ഹൃദയത്തിൽ ഉല്പാദിപ്പാനിടയുള്ള എല്ലാ അധൈര്യത്തേയും ശങ്കകളേയും അദ്ദേഹം ഒരു കാമുകന്റെ വിവിധതരമായ ലാളനകൾകൊണ്ടും തലോടൽകൊണ്ടും മാച്ചുകളയുവാൻ അധികാരമുള്ള ഒരാളായിരുന്നില്ലേ? എന്നാൽ മനം തഴമ്പിച്ചുപോയ ആ മഹാമനുഷ്യൻ അങ്ങിനെ യാതൊന്നും ചെയ്വാൻ പ്രേരിതനായിത്തീർന്നില്ല. അങ്ങിനെ വല്ലതും ചെയ്വാനായി ഒരു തൃഷ്ണപോയിട്ടു് ഒരു ഇച്ഛയുണ്ടെന്നുംകൂടി കാണിച്ചിട്ടില്ല. കനകത്തെ കമനീമണിയേക്കാൾ വകവെയ്ക്കുന്ന മനുഷാധമന്നു് ഒരുവൾ സുന്ദരിയാണെന്നതു് എന്തു് മണ്ണാങ്കട്ടയാണു്?

അവൾ “ആനന്ദവികടൻ” എടുത്തു് വായിക്കട്ടെ എന്നു് വിചാരിച്ചു. അവൾ തുറന്നുപിടിച്ച ഒന്നാമത്തെ ഭാഗത്തിൽ വീണതു് അവളുടെ ഒരു കണ്ണുനീർത്തുള്ളി മാത്രമായിരുന്നു. അതു് യഥോചിതം വർണ്ണിപ്പാൻ എനിക്കു് മിസ്റ്റർ നാരായണമേനോന്റെ പാടവവുമില്ല. ഞങ്ങളുംകൂടി കൂടെവരുവാൻ തയ്യാറുണ്ടെന്നു് കാണിക്കുമ്പോലെ ആദ്യത്തെ കണ്ണുനീർത്തുള്ളിയുടെ തുടരെത്തുടരെയായി പിന്നേയും പല തുള്ളികൾ വീണു. ആനന്ദവികടൻ മഴയിൽപ്പെട്ടുപോയ ഒരു പുസ്തകംപോലെ ആയി. രാജാവു് അയാളുടെ സകലവും കാണുന്ന ചിമ്മറക്കണ്ണുകളെക്കൊണ്ടു് ഇവളുടെ ദുരവസ്ഥയും കണ്ടു. “എന്റെ വെളുവെളുത്ത കുഞ്ഞിപ്പുത്തൻ പെണ്ണെ! നിണക്കു് എന്താണു് വന്നു് പിടിച്ചുപോയതു്” എന്നുപറഞ്ഞു് അവളുടെ കൈപിടിച്ചു് മെല്ലെ ഒന്നു് ഞെക്കി. അവളെ തല്ക്കാലം കണക്കിലേറെ ദ്രോഹിക്കുന്നതുകൊണ്ടു് ഫലമൊന്നുമില്ലെന്നു് ആ വഞ്ചകൻ മനസ്സിലാക്കി. ഏതായാലും അവൾ അദ്ദേഹത്തിന്റെ സ്വന്തം ഭാര്യയായിക്കഴിഞ്ഞു. പിന്നെ എന്തു് ചേഷ്ടകളാണു് കാണിക്കാനുള്ളതു്. ഒരു ബസ്സ്, കിട്ടുന്നവരെ ഒരാൾ നിലവിളിച്ചു് അതിന്റെ വഴിയെ പായുമായിരിക്കും. കിട്ടിയാൽ എന്തു് ബഹളമുണ്ടാക്കാനാണു്.

രതി:
പ്രിയ അങ്ങുന്നേ! എനിക്കെന്തോ എന്നറിഞ്ഞില്ല, വളരെ പാരവശ്യവും ഭയവും പിടിപെടുന്നു. എന്റെ വീട്ടിൽത്തന്നെ മടങ്ങിപ്പോവാനാണു് എന്റെ ഇഷ്ടം. എന്റെ അച്ഛന്റേയും സതിയുടെയും അരികത്തു്.
രാജാ:
വിഡ്ഢിത്തരമൊന്നും പറയാതിരിക്കൂ. നീ എന്റെ ഒരുമിച്ചാണു്. നിണക്കു് വേണ്ടുന്ന ശുശ്രൂഷകൾ ചെയ്വാൻ ഞാൻ തയ്യാറാണു്. ഇഷ്ടത്തീ! ഒരു സമയം ഞാൻ ഒരു വീര്യക്ഷയം കാണിച്ചു എന്നു് നീ ശങ്കിച്ചേക്കാൻമതി. വാസ്തവത്തിൽ എന്റെ ലജ്ജാവതിയും, പരിശുദ്ധയും ആയ പുതിയപെണ്ണിനെ ആദ്യംതന്നെ ഭയപ്പെടുത്തരുതു് എന്ന ധാരണകൊണ്ടാണു് ഞാൻ മിണ്ടാതിരുന്നതു്—നിന്നെ എന്റെ സ്വന്തമായി—സ്വന്തം സ്വന്തമായി—എന്ന മനോഭാവത്തോടെ കെട്ടിപ്പിടിച്ചുപുണർന്നു്, നീ മേലാൽ എന്റെ വെറും സ്വന്തമാണെന്നു് ബോദ്ധ്യപ്പെടുത്താൻ, ഞാൻ ഒരു ശരിയായ അവസരവും പ്രതീക്ഷിച്ചു് നില്ക്കുകയായിരുന്നു.

ഇങ്ങിനെ പറഞ്ഞു് രാജാവു് ഒന്നാമതു് അവളുടെ നെറ്റിമേലും, പിന്നെ കണ്ണുകളിന്മേലും ചുകന്ന വദനത്തിന്മേലും ഓരോ പ്രത്യേകചുംബനം കൊടുത്തു. ചുണ്ടുകളിന്മേൽ കൊടുത്ത ചുംബനം ഒരു ലഘുക്രിയ മാത്രമായിരുന്നു. രതി പുരുഷന്മാരുടെ അവ്യാകൃതങ്ങളും വഞ്ചനകളും മനസ്സിലാകാത്ത ഒരു വിഡ്ഢി, കേവലം ശിശുവായ ഒരു നവോഢ. ഇതൊക്കെ സത്യമാണെന്നു് വിശ്വസിച്ചു് വളരെ തൃപ്തിപ്പെട്ടു.

അവൾ അദ്ദേഹത്തിന്റെ പിടിത്തത്തിൽ വളരെ സന്തുഷ്ടിയോടുകൂടെ ഉൾപ്പെട്ടു. അവൾ എത്രത്തോളം വിഡ്ഢിത്തരമാണു് ചെയ്തിരുന്നതു് എന്നു് അറിവാൻതക്കവണ്ണം അവൾക്കു് കേവലം വിശേഷബുദ്ധിയില്ലായിരുന്നു. അവൾക്കു് ഒരു മുഹൂർത്തനേരത്തോളംമാത്രമെ ഭയവും ശങ്കയും ഉണ്ടായിരുന്നുള്ളു. എന്തുകൊണ്ടെന്നാൽ അവളെ അദ്ദേഹം പണ്ടേപ്പോലെ തലോടുകയോ, താലോലിക്കുകയോ ചെയ്തിരുന്നില്ല. അയാൾക്കൊ, അനേകം കന്യകകളുടെ ചാരിത്രഭംഗം വരുത്തുവാൻ ഒരു സങ്കോചമില്ലാത്ത അയാൾക്കൊ, രതിയെ പേടിപ്പെടുത്താൻ വളരെ ശങ്കയും ഭയവും ഉണ്ടായിരുന്നു. അവളാകട്ടെ അവളുടെ കന്യകയെന്ന തദിയത വിവാഹംകൊണ്ടല്ലാതെ ഭേദിക്കുവാൻ സമ്മതിച്ചിരുന്നില്ല. അവളുടെ അഭിപ്രായത്തിൽ അയാൾ ഒരു സന്മാർഗ്ഗിയും സ്ത്രീകളുടെ കാര്യത്തിൽ ഒരു ദീനദയാലുവുമായിരുന്നു.

താൻ അനുരാഗിക്കുന്ന ഒരു പുരുഷന്റെ സമ്പൂർണ്ണോപയോഗത്തിന്നുവേണ്ടി തന്റെ ദേഹം ആകപ്പാടെ വിട്ടുകൊടുപ്പാൻ ഒരു കന്യകയ്ക്കും ഉണ്ടാവാനിടയുള്ള സകല ഭയവും പരിഭ്രമവും അവൾക്കു് ഇല്ലാതിരുന്നില്ല. അവൾ അവളുടെ സ്വാതന്ത്ര്യവും, ജീവനും, തദീയതയും ഒരു ക്ഷിപ്രകാലത്തേയ്ക്കല്ല ജീവപര്യന്തം കൊടുക്കുവാനാണു് പോകുന്നതു്. ഒരു പുരുഷന്റെ ജീവകാലത്തിലെ സുഖം, അവന്നു് അവന്റെ ഭാര്യയിൽനിന്നു് ലഭ്യമാകുവാൻ ഇടയുള്ള സുഖത്തിന്റെ ഏറ്റക്കുറവിന്നു് അനുസരിച്ചായിരിക്കും. എന്നാൽ ആ പുത്തൻപ്പെണ്ണും, ആ സമയത്തു് വളരെ എളമപ്പെട്ടവളും, വിടരാത്ത പുഷ്പംപോലെ മുന്നോട്ടുവരാൻ ഇച്ഛിക്കാത്തവളും, ഭൂമിയിൽവെച്ചു് ഏറ്റവും ലജ്ജാവതിയും ആയിരിക്കും. പ്രതിബന്ധമായി മരണമൊന്നുമാത്രമേ വരാവൂ എന്ന സമ്പൂർണ്ണാനുരാഗത്തോടെ എന്നും അയാളെ അനുരാഗിക്കുവാൻ തക്കവണ്ണം ഒരു പുത്തൻപെണ്ണിനെ വരുത്തേണ്ടുന്ന ഭാരം നിശ്ചയമായിട്ടും ഭർത്താവിനാണുള്ളതു്. ഇനി അവൾ അവനെ വെറുത്തുപോയിട്ടു് അവന്റെ സഹവാസവുംകൂടി ദുസ്സഹമാണെന്നു് തോന്നിവരുന്ന മനഃസ്ഥിതിയിലാണു് ചെന്നുചാടിയതെങ്കിൽ, അതിന്നു് കുറ്റപ്പെടുത്തേണ്ടതു് പുരുഷനെത്തന്നെയാണു്. അദ്ദേഹത്തിനെ നല്ലവണ്ണം നോക്കാൻകൂടി മടിക്കുന്ന അവളുടെ നേത്രങ്ങളെ, ഒരു വിജയിയായ പുരുഷന്റെ നിലയിലാണു് ആ ഖലൻ നോക്കിയിരുന്നതു്.

രാജാ:
പ്രിയരതി! നീ കേവലം എന്റെ സ്വന്തമായ്പോയതുകൊണ്ടു് നീ സന്തോഷിക്കുന്നില്ലേ?

ആകപ്പാടെ വിചാരിച്ചാൽ കന്യക എന്നനില വിട്ടുപോകാത്ത ഒരു മഹാലജ്ജാവതിയും അനർഘയുമായ ഒരു യുവതിയിൽ കാമം ജനിപ്പിക്കത്തക്കവണ്ണം ചില ആചാരങ്ങൾ കാട്ടിക്കൂട്ടുക എന്നതു് ആഭാസവും നിന്ദാവഹവും ആയിത്തീർന്നേയ്ക്കുവാൻ മതി. എന്നാൽ രാജാവിന്റെമാതിരിക്കാർക്കു് അവ ചില സന്തോഷവികാരങ്ങൾ ഉജ്ജ്വലിപ്പിക്കുന്ന ഒരു നൂതനമാർഗ്ഗമാണെന്നപോലെ തോന്നി.

അദ്ദേഹത്തിന്റെ കണ്ണുകൾ നോക്കാൻകൂടി ധൈര്യപ്പെടാത്ത അവളുടെ കണ്ണുകൾ തുളച്ചുകയറുമ്പോലെ അയാൾ നോക്കി.

രാജാ:
എന്നോടു് നിണക്കു് നാണംതോന്നാൻ ഇടയില്ലല്ലോ?
രതി:
(സംഭ്രമത്തോടെ) ഇല്ല. അങ്ങുന്നേ!
രാജാ:
എന്റെ ആത്മസർവ്വസ്വമായ പ്രിയഭാര്യെ! എന്റെ അടുക്കെവരാൻ നിണക്കു് ഭയമൊന്നും ഇല്ലല്ലൊ?

അദ്ദേഹത്തിന്റെ കരിങ്കണ്ണിൽനിന്നു് തെറിച്ച അഗ്നിക്കനലുകൾ കണ്ടപ്പോൾ അവളുടെ നേത്രം ഭയംകൊണ്ടു് ചോടെനോക്കി.

രതി:
(വീണ്ടും) ഇല്ല. അങ്ങുന്നേ!
രാജാ:
നീ എന്റെ മുഖത്തു് ഒന്നു് നല്ലവണ്ണം നോക്കൂ.

അവളുടെ മുതുകെല്ലിന്റെ മദ്ധ്യസ്ഥിതമായ സുഷുപ്തിയിൽക്കൂടെ ഒരു കിടിലംവീണു. അതിന്റെ വിദ്യുദ്ദീപംപോലെയുള്ള ശക്തി പിടിപെട്ടിട്ടു് അവൾ തന്റെ കണ്ണുകൾ അദ്ദേഹത്തിന്റെ നേരെനോക്കാൻ ഉത്സാഹിപ്പിച്ചു. എന്നിട്ടുകൂടി ആ നോട്ടം ചോടെയിട്ടിരുന്ന മൂടുപ്പടത്തിന്മേൽ മാത്രമേ പതിച്ചതുള്ളു.

രാജാ:
(കല്പിക്കുംപ്രകാരം) എന്നെനോക്കൂ. എന്റെ സ്വർണ്ണക്കട്ടെ!

അവളാകട്ടെ അവളുടെ മുഖം അദ്ദേഹത്തിന്റെ ചുമലിൽ ചേർത്തുപിടിച്ചു് മറച്ചു.

രതി:
അങ്ങുന്നേ! എനിക്കു് സാധിക്കയില്ല.

രാജാവിന്നു് ഈ പുതുതായ അനുഭവം സന്തോഷമായിത്തന്നെ പരിണമിച്ചു. ഒരു പെൺകിടാവിനെ വളർത്തേണ്ടതു്, ലോകത്തിലെ യന്ത്രതന്ത്രങ്ങൾക്കു് അനുസരിച്ചായിരിക്കണം എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിന്നു് ഒരു മാറ്റം സിദ്ധിച്ചോ എന്നുതന്നെതോന്നും. ഒരുത്തി ലോകപരിചയമില്ലാത്ത ഒരു വെറും ചടയാണെങ്കിൽ അതും അദ്ദേഹത്തിന്നു് ഒരു ദോഷകരമായ അവസ്ഥതന്നെ ആയിരുന്നു. അദ്ദേഹം മൃദുവായിട്ടു് അവളുടെ വടിവേറിയ താടി പൊക്കിപ്പിടിച്ചു. എന്നിട്ടുകൂടി അവളുടെ കണ്ണു് താഴെമാത്രം നോക്കിയിരുന്നു.

രാജാ:
എന്തുകൊണ്ടു് നിണക്കു് നോക്കിക്കൂട. എന്നുവെച്ചാൽ നിണക്കു് എന്നെ ഭയമാണെന്നു് തോന്നുന്നുവല്ലോ!

പരിഭ്രമംകൊണ്ടും പാരവശ്യംകൊണ്ടും അവളുടെ ചോടെ നോക്കിയിരുന്ന കൺപോളകളിൽ വെള്ളംനിറഞ്ഞു.

രതി:
എനിക്കു് ഭയമില്ല അങ്ങുന്നേ!
രാജാ:
എന്റെ പൊന്നുരതീ! നിന്നെ കരയിപ്പിക്കണമെങ്കിൽ ഞാൻ ഒരു അധമൻതന്നെ ആയിരിക്കണം.

ഇങ്ങിനെ പറഞ്ഞു് ആ ഖലൻ ഒരു ചെറിയ കുട്ടിയെ ആശ്വസിപ്പിക്കുമ്പോലെയുള്ള സകല ചടങ്ങുകളും ചിലവാക്കിവിട്ടു. രതി അവളുടെ നഷ്ടംവന്ന ചിന്താശ്വാസം തിരികെ വിളിച്ചുവരുത്തുമ്പോലെ അവിടെ ഒന്നാന്തരം മന്ദഹാസത്തോടെ കുത്തനെ ഇരുന്നു.

രതി:
ഞാനാണു് ഈ വിവാഹദിവസത്തിൽ നിങ്ങളെ ക്ലേശിപ്പിക്കുന്ന ഒരു നന്ദിയില്ലാത്ത കഴുത.

ഈ വാക്കു് കേട്ടപ്പോൾ അയാൾക്കു് അവളെ തലോടുവാനല്ലാതെ ഗത്യന്തരമില്ലായിരുന്നു.

രാജാ:
ഇഷ്ടത്തീ. നീ എന്റെ സ്വത്താണു്. നീ എന്റെ കുഞ്ഞിബ്ഭാര്യയാണു്. ഏകദേശം—
രതി:
ഏകദേശമോ? ഞാൻ മുഴുവനും നിങ്ങളുടെ സ്വന്തമാണു്. ഞാൻ ഇപ്പോൾ നിങ്ങളുടെ ധർമ്മപത്നി അല്ലേ?

ഇതു് കേട്ടപ്പോൾ ഒരു അർത്ഥവ്യക്തിയില്ലാത്ത മന്ദഹാസം അയാളുടെ മുഖത്തിൽ സ്ഫുരിച്ചു. അയാൾ ഒന്നും മിണ്ടിയില്ല. അവർ ഇറങ്ങേണ്ടുന്ന സ്റ്റേഷനിലെത്തിയപ്പോൾ നേരം ഉച്ചതിരിഞ്ഞിരുന്നില്ല. മോട്ടോറിൽക്കൂടെ പോകുമ്പോൾ ലളിതയുടെ വീട്ടിൽ എത്താൻ അരമണിക്കൂർ സമയം മാത്രമെ വേണ്ടിവന്നിരുന്നുള്ളു. ലളിതയുടെ ആ പ്രത്യേകഭവനം ഓലമേഞ്ഞതായിരുന്നു. ഇറ താണതുകൊണ്ടു് പുറമെനിന്നു് ഉൾഭാഗം ഏതുപ്രകാരമായിരിക്കും എന്നു് തിരിച്ചറിവാൻ പാടുണ്ടായിരുന്നില്ല. അതിന്റെമീതെ അരിമുല്ലയും പവിഴവള്ളിയും പടർന്നുപിടിച്ചിരുന്നു. രതി സന്തോഷംകൊണ്ടു് കൈവിരലുകൾകോർത്തു് കെട്ടിപ്പിടിച്ചു.

രതി:
ഹാ! അങ്ങുന്നേ! എത്രനല്ലസ്ഥലം.

രാജാവിന്നു് എപ്പോഴും ഒരു ഒന്നാംക്ലാസ് റസ്റ്റോറണ്ടോ ഹോട്ടലോ ആയിരുന്നു ഇഷ്ടം. എന്നാലും മനമല്ലാത്ത മനസ്സോടെ അദ്ദേഹത്തിന്നു് സന്തോഷമാണെന്നഭാവം പുറത്തുകാട്ടി. കാർ അതിന്റെ സ്ഥാനത്തുവെച്ചു്, പുല്ലുനിറഞ്ഞ ഒരു നടയിൽക്കൂടെ രണ്ടുഭാഗത്തും പരിമളപുഷ്പങ്ങൾ നിറഞ്ഞവഴിയിൽക്കൂടെ അവർ പൂമുഖത്തേയ്ക്കു് നടന്നു. അവരേയും കാത്തുകൊണ്ടു് ഒരു ശുചിയായ പ്രൗഢ അവളുടെ മാംസളയായ ഒരു സുന്ദരയുവതിയായ മകളോടുകൂടെ ആ വീട്ടിൽ സ്വാഗതം പറവാൻ സന്നദ്ധയായി നിന്നിരുന്നു.

പ്രൗഢ:
(തലകുനിച്ചിട്ടു്) നിങ്ങളെ സുഖത്തിൽകൊണ്ടുനടക്കെണമെന്നു് ലളിതയുടെ ഒരു കത്തു് ഞങ്ങൾക്കുണ്ടായിരുന്നു. ഞങ്ങൾ കഴിയുംപ്രകാരം എല്ലാ ഏർപ്പാടുകളും ചെയ്തുവെച്ചിട്ടുണ്ടു്.
രാജാ:
വേണ്ടില്ല. വേണ്ടില്ല. ഞങ്ങൾക്കു് തല്ക്കാലം ചായമാത്രം മതി.
പ്രൗഢ:
ഒരു വിരോധവുമില്ല. ജാനീ! നീ ചെന്നു് നോക്കൂ. കെറ്റൽ ഇപ്പോൾ ചൂടായിരിക്കണമെന്നു് തോന്നുന്നു.

ആ നാട്ടുപുറത്തെ സുന്ദരിയായ യുവതി അങ്ങട്ടുപാഞ്ഞു. ആ ലോലമായ ശരീരത്തിന്റെ ഉടമയെ, ദേഹസുഖംകൊണ്ടും ജീവചൈതന്യംകൊണ്ടും ദേഹസ്പന്ദനം ചെയ്തുകൊണ്ടിരുന്ന ആ കോമളസ്വരൂപത്തെ രാജാവു് കുറുക്കൻ കോഴിയെ എന്നപോലെ പിന്തുടർന്നു.

പ്രൗഢ:
(ഡംഭോടെ) എന്റെ സാറേ! എന്റെ ജാനിക്കു് എപ്പോഴും സന്തോഷമാണു്. ലളിതാമ്മ പലകോലത്തിലുമായിട്ടു് അവളുടെ ചിത്രം വരഞ്ഞിട്ടുണ്ടു്.
രാജാ:
(അവളെ ഒന്നു് പൊന്തിച്ചുവിടാൻവേണ്ടി) എനിക്കു് നല്ലവണ്ണം അതു് മനസ്സിലായിട്ടുണ്ടു്. എന്റെ പ്രിയരതി. ഈ അമ്മിണിഅമ്മ നിണക്കുവേണ്ടുന്ന ശുശ്രൂഷകൾ ചെയ്യും. ഞാൻ ചായയ്ക്കുവേണ്ടി ഇവിടെ പത്തുമിനിട്ടു് കാത്തിരിക്കാം.

അമ്മിണിഅമ്മ രതിയേയും കൂട്ടി, ഏണിപ്പടിയും കയറി, ഒന്നാന്തരം ഒരു മുറിയിൽ കൊണ്ടുപോയി. എട്ടുഭാഗമുള്ള ഒരു പുതുരീതിയിലുള്ള മുറിയായിരുന്നു. ജനലുകൾക്കും വാതിലുകൾക്കും മുസ്ലിൻതിരശ്ശീലകൾ ഇട്ടിരുന്നു.

രതി:
(സന്തോഷത്തോടെ) അമ്മിണിഅമ്മെ! എന്തൊരു മനോഹരമുറിയാണിതു്. തൃശ്ശൂരിലെ ചില ബങ്കളാവുകൾ ഈ മട്ടിലാണു്. എന്റെ അച്ഛനുംകൂടി ഇതു് ഇഷ്ടമായിരിക്കും, എന്നു് എനിക്കു് തോന്നുന്നു.

അമ്മിണിഅമ്മ രതിയുടെ പെട്ടികളും സാമാനങ്ങളും ഓരോദിക്കിൽ ഒതുക്കിവെയ്ക്കുകയായിരുന്നു. രതി പറയുന്നതൊക്കെ ശ്രദ്ധിച്ചുകേട്ടിരുന്നില്ലെങ്കിലുംകൂടി ആ തള്ള “അതെ. അതെ.” എന്നു് പറഞ്ഞുകൊണ്ടിരുന്നു. കട്ടിൽ തേക്കിന്റേതും വളരെ കൊത്തുപണികൾ നിറഞ്ഞതുമായിരുന്നു. കട്ടിലിന്റെ മേക്കട്ടിമേൽ, നാലുഭാഗത്തും നിലംതൊടുംവരെ തൂങ്ങുന്ന കൊതുവലയും ഇട്ടിരുന്നു. കട്ടിലിന്റെ അടുക്കെ ഒരു നീലനിറത്തിലുള്ള ചൂടിച്ചവിട്ടിയും ഇട്ടിരുന്നു. മുറിയുടെ ഒരു മുക്കിലെ മേശമേൽ പൂ നിറഞ്ഞ ഒരു പുഷ്പവാഹിനിയും വെച്ചിരുന്നു. എല്ലാങ്കൊണ്ടും പലവർണ്ണങ്ങൾ സമ്മേളിച്ച ഒരു കാന്തി മുറിയുടെ ഏതുഭാഗത്തിൽനിന്നും വിളങ്ങിക്കൊണ്ടിരുന്നു.

മുറിയുടെ മറ്റൊരുതലക്കൽ പുസ്തകങ്ങൾ നിറച്ചുവച്ച അളമാരികൾ ഉണ്ടായിരുന്നു. അതിന്റെ അടുക്കെ ഓരോ ഇരിമ്പു് ഇരുത്തിമേൽ റോസാപ്പൂക്കൾ വികസിച്ച ചെടികളുള്ള പൂച്ചട്ടികൾ വെച്ചിരുന്നു. പനിനീർപ്പൂവിന്റെ സൗരഭ്യം മുറിയെങ്ങും വ്യാപിച്ചിരുന്നു. പുറമെനിന്നു് വണ്ടിന്റെ ഝങ്കാരവും പക്ഷികളുടെ പാട്ടുകളും പുറപ്പെട്ടിരുന്നു. ഇതൊക്കെ കണ്ടപ്പോൾ രതിയുടെ ഹൃദയത്തിൽ പൊങ്ങിവന്നതു് ഒരു കൃതജ്ഞതയായിരുന്നു. ഇതൊക്കെ ചെയ്തുവച്ച തന്റെ ഭർത്താവിനോടു് തോന്നിയ ഒരു നന്ദിയായിരുന്നു അവളുടെ ഉള്ളിൽ ഉണ്ടായതു്. വാസ്തവത്തിൽ അവൾ കടപ്പെടേണ്ടിയിരുന്നതു് അമ്മിണിഅമ്മയുടെ മകൾ ജാനകിയോടു് മാത്രമായിരുന്നു. അമ്മിണിഅമ്മ ആ മുറിവിട്ട ഉടനെ രതി, തന്റെ പുതിയ ജീവിതത്തിന്റെ ആരംഭത്തിൽ ഈശ്വരനെ സ്തുതിച്ചു. “എത്രസ്നേഹിച്ചാലും മതിവരാത്ത സർവ്വശക്തനായ ദൈവമേ! ഇത്രത്തോളം സന്തോഷം ഈ ഏഴയായ എനിക്കു് കല്പിച്ചുതന്നതുകൊണ്ടു് ഞാൻ നിങ്ങളുടെ പാദാരവിന്ദത്തിൽ കുമ്പിട്ടുകൊള്ളുന്നു. എന്റെ എത്രയോ പ്രിയപ്പെട്ട എന്റെ ഭർത്താവിന്നു്, ഞാൻ ഒരു പ്രിയഭാര്യയായി വന്നുകൂടുവാൻ എന്നെ അനുഗ്രഹിക്കേണമേ!” എന്നാണു് അവളുടെ നിഷ്കളങ്കഹൃദയത്തിൽനിന്നു് പുറപ്പെട്ട പ്രാർത്ഥന.

അമ്മിണിഅമ്മ മുറിയിൽ ഒരു ചെറിയ കുരയോടെ വന്നപ്പോൾ രതി കൈകൂപ്പി ജപിക്കുന്നതു് കണ്ടിട്ടു് ആശ്ചര്യപ്പെട്ടു. രതി ഗൗരവംവിടാതെ ആശ്വാസപ്പെട്ടപോലെ എഴുന്നേറ്റു് വള്ളിച്ചപ്പുമുള്ള ഒരു നേരിയ വെള്ളച്ചേല ഉടുത്തു. ലളിതയുടെ ബനാറീസ് ചേലകളെ കണ്ടുകണ്ടു് തഴക്കംവന്ന അമ്മിണിഅമ്മയ്ക്കു് ഇതും ഒരു ആശ്ചര്യമായിതോന്നി. രതി എത്ര സുന്ദരിയാണു്. എന്തൊരു ചന്തം? പിടിച്ചുകൂട്ടി പുണരുവാൻതക്കവണ്ണം ആശ ഉദിപ്പിക്കുന്ന തടുത്തുകൂടാത്ത കാന്തിയാണു് അവൾക്കുള്ളതു്. അമ്മിണിഅമ്മയുടെ ഹൃദയത്തിൽ തന്റെ ചെറുപ്പത്തിൽ ജ്വലിച്ചിരുന്ന വികാരങ്ങൾ അസാരം ഉണർന്നു. മുപ്പതുകൊല്ലം കഴിഞ്ഞ സംഭവങ്ങളെപ്പറ്റി അവൾ ഒന്നു് ഓർത്തു് നോക്കി. താരതമ്യപ്രകാരം അതൊക്കെ സങ്കടകരവും അതൃപ്തിദവും ആണെന്നു് കണ്ടു. അവൾ ഒന്നു് നെടുവീർപ്പിട്ടു.

രതി തന്റെ മുടിക്കു് ഒടുവിലത്തെ മിനുക്കവും കൊടുത്തു് വേഗത്തിൽ ചോടെ ഇറങ്ങിവന്നു. രാജാവു് പൂമുഖത്തു് നില്ക്കുകയായിരുന്നു. രതി കൂസലില്ലാതെ അയാളുടെ കയ്യിടയിലേയ്ക്കു് പാഞ്ഞു. അപ്പഴാണു് അയാൾക്കു് ചേഷ്ടകളൊന്നും വെളിപ്പെടുത്താത്ത ലളിതയുടെ അകന്നുനില്പും തന്റെ ധർമ്മപത്നിയുടെ അനുരാഗത്തിന്റെ പതച്ചുമറയലും തമ്മിലുള്ള വ്യത്യാസം ഓർമ്മതോന്നിയതു്. രാജാവിന്റെ അഭിപ്രായം രതിക്കു് അനുകൂലമായിരുന്നില്ല. എന്നാൽ അയാൾ ഒന്നും പുറത്തു് പറഞ്ഞില്ല.

രതി:
എന്റെ സാരി നിങ്ങൾക്കു് ബോധിച്ചോ? എനിക്കതു് ചേർച്ച ഉണ്ടോ?
രാജാ:
ഒന്നാന്തരം. ഏതു് സാരി ഉടുത്താലും എന്റെ പ്രിയരതിയുടെ ദൈവദത്തമായ അഴകു് എവിടെ പോകുന്നു?

ഇങ്ങിനെ പറഞ്ഞു് അയാൾ അവളുടെ ചുണ്ടുകളിൽ തീക്ഷ്ണമായ ഒരു ചുംബനം പതിപ്പിച്ചു. ആ സമയത്തുംകൂടി അദ്ദേഹത്തിന്നു് ഉണ്ടായതു് ചൂടുള്ള ഒരു കോപ്പ ചായയുടെ വിചാരം മാത്രമായിരുന്നു.

അമ്മിണിഅമ്മ ചായപ്പൊഞ്ചിയും, പഞ്ചസാരയും, പാലും, കോപ്പകളും കൊണ്ടുവെച്ചു. രതി ക്ഷണം രണ്ടുകോപ്പ ചായ റഡിയാക്കി. പിന്നേയും മൂന്നുകോപ്പകൂടി തയ്യാറാക്കിവെച്ചു. നല്ല വാസനയുള്ള മൂന്നുകോപ്പ ചായയും, വെണ്ണപിരട്ടിയ മൂന്നുറൊട്ടിച്ചീന്തുകളും പള്ളയിലാക്കിയതിൽപ്പിന്നെമാത്രമെ അദ്ദേഹം സംസാരത്തിന്നു് ഒരുമ്പെട്ടുള്ളു.

രാജാ:
പ്രിയരതി, നിന്റെ സാരി അസ്ഥാനത്തിലാണു്.
രതി:
എന്തുകൊണ്ടു്?
രാജാ:
പുത്തൻപെണ്ണു് വെളുത്തതാണു് ഉടുക്കേണ്ടതു്… ശരിയല്ല—ഇനിയും ഉടുക്കാൻ ആയിട്ടില്ല.

രതി അയാളുടെ വാക്കിൽ അടങ്ങിയ അർത്ഥമൊന്നും കണ്ടില്ല. അയാളുടെ ഉള്ളു്, മുഖഭാവംകൊണ്ടു് മനസ്സിലാക്കാൻ ആർക്കു് സാധിക്കും? എന്തോ ഒരു സംഗതികൊണ്ടു് തന്റെ ഉടുപ്പു് അനുചിതമായ്പോയി എന്നുമാത്രം അവൾ അറിഞ്ഞു. ചായ കഴിഞ്ഞ ഉടനെ അവൾ മുകളിൽ പോയി ഒരു വെള്ളസാട്ടിൻസാരി അണിഞ്ഞുവന്നു. അവളുടെ ബ്ളൗസിന്റെ പിൻഭാഗം വളരെ താഴ്ത്തിമുറിച്ചിരുന്നതുകൊണ്ടു് കഴുത്തുമുഴുവനും, അസാരം പുറവും കാണാമായിരുന്നു.

രതി:
അങ്ങുന്നേ! ഇപ്പോൾ നിങ്ങൾക്കു് എന്നെ ബോധിച്ചില്ലേ! ഞാൻ ഇതാ ഒരു വെള്ളസ്സാരി ഉടുത്തുവന്നിരിക്കുന്നു.

അവളുടെ ശിശുവെപ്പോലെയുള്ള തുറന്നസ്വഭാവം രാജാവിനെ ഒഴിഞ്ഞു് ബാക്കി സകലരേയും വശീകരിക്കത്തക്കതായിരുന്നു. താൻ നടത്തേണ്ടുന്ന ഒരു ധർമ്മമാണെന്നുവെച്ചു് അയാൾ അവളെ പിന്നേയും ചുംബിച്ചു.

രാജാ:
എത്ര ക്ഷണത്തിലാണു് എന്റെ അഭിപ്രായം നീ വകവെയ്ക്കുന്നതു്!
രതി:
പുത്തൻഭാര്യയ്ക്കു് വെള്ളയാണു് വേണ്ടതു് എന്നല്ലേ നിങ്ങൾ പറഞ്ഞതു്.
രാജാ:
ഞാൻ ഒരു ഫലിതം പറഞ്ഞു എന്നുമാത്രം കരുതിയാൽ മതിയായിരുന്നു. വെള്ള നിശ്ചയമായിട്ടും പുതിയപെണ്ണിന്നു് പറ്റിയതാണു്. എന്നാൽ ആ പുതുപെണ്ണു് ഭർത്താവിന്നു് സകലത്തിന്നും വഴങ്ങുന്നതുവരെമാത്രമാണു്.

കുറെ കഴിഞ്ഞപ്പോൾ അമ്മിണിഅമ്മ ഊണു് കൊണ്ടുവന്നു. രാജാ, ഒരു അളമാരി തുറന്നു്, ബ്രാണ്ടി എടുത്തു് നല്ലവണ്ണം കുടിച്ചു.

ചന്ദ്രോദയം ആരംഭിച്ചപ്പോൾ അവർ പൂന്തോട്ടത്തിൽകൂടെ നടന്നു. സൗരഭ്യമുള്ള പുഷ്പങ്ങളും ലതാഗൃഹങ്ങളും അവിടെ വേണ്ടതുണ്ടായിരുന്നു. അതുനോക്കാതെ വിട്ടേച്ചു. പൂന്തോട്ടമൊന്നുമല്ല അങ്ങിനെ തോന്നിപ്പിക്കാൻ വേണ്ടി, ഈ കലയിൽ വൈഭവമുള്ളവർ പണിതുവെച്ചതായിരുന്നു. വേദവതിലളിത ദിവ്യവാസനയുള്ള ഒരു കലാനിധിതന്നെയായിരുന്നു. അവളുടെ ബങ്കളാവിലെ സകല ആകർഷണീയമുറികളും, അസാധാരണതോട്ടവും, ആ അഭിപ്രായത്തെ ബലവത്താക്കിയിരുന്നു. രതിക്കു് എന്തോ ഒരു വിറയൽ തോന്നി. അതു് രാജാവു്, കൈപിടിത്തത്തിൽനിന്നു് മനസ്സിലാക്കി.

രാജാ:
നിണക്കു് ശീതിക്കുന്നോ?
രതി:
ക്രിസ്ത്യാനികൾ പറയുമ്പോലെ ആരോ എന്റെ ശവംവെച്ച സ്ഥലത്തിന്മേലെ നടക്കുന്നുണ്ടു് എന്ന ഒരു തോന്നൽ.
രാജാ:
ആമാതിരി മൂഢവിശ്വാസം നിണക്കുണ്ടോ? ആശ്ചര്യംതന്നെ.
രതി:
ഇല്ല, അങ്ങുന്നേ. എന്നാൽ ചിലപ്പോളൊക്കെ ഒരു മുന്നറിവു് തോന്നാറുണ്ടു്.
രാജാ:
എന്നാൽ ഈശ്വരനെ വിചാരിച്ചിട്ടു് നമ്മുടെ പുത്തൻ ദമ്പതിത്വം തീരുംവരെ ആ വക വിചാരങ്ങൾ വലിച്ചുകൊണ്ടുവരേണ്ട.

രാജാവിന്റെ ശബ്ദത്തിന്റെ കാർക്കശ്യം കേട്ടപ്പോൾ രതി ഒന്നുഞെട്ടി. അവളുടെ വെളുത്തു് പല്ലവംപോലെ പതുത്ത കൈ അയാളുടെ ചുമലിൽവെച്ചു.

രതി:
പ്രിയ അങ്ങുന്നേ—എന്നോടു് മുഷിയരുതേ!

ഭാര്യയുടെ താഴ്ചകണ്ടപ്പോൾ അയാൾക്കു് ഉള്ളിൽ ആശ്വാസമുണ്ടായി. അതുകൊണ്ടു് ചില കളവുകൾ പറവാനും ഒരുങ്ങി.

രാജാ:
ഞാൻ മുഷിഞ്ഞിട്ടൊന്നുമില്ല. ഈ മാതിരി വിഡ്ഢിത്തം പറയത്തക്കവണ്ണം നിണക്കു് ബുദ്ധിയില്ലാതയ്പോയൊ എന്നുമാത്രം ഞാൻ അതിശയിച്ചു.

നിണക്കു് ക്ഷീണമായിരിക്കും എന്നു് രാജാവു് രതിയെ അറിയിച്ചപ്പോൾ പകൽ കഴിഞ്ഞിട്ടു് നാഴിക അധികമായിട്ടില്ല.

രാജാ:
പ്രിയെ! നീ കിടക്കാൻ ചെല്ലുക (വളരെ ദയാഭാവത്തിൽ) നിണക്കു് ഒരു ക്ഷീണകരമായ പകലാണു് കഴിഞ്ഞതു്.

രതി സമ്മതസൂചകമായി തലഇളക്കി. അയാളുടെ ചുംബനത്തിന്നുവേണ്ടി അവൾ സങ്കോചമില്ലാതെ മുഖവും പൊക്കിനിന്നു. അവളുടെ കണ്ണുകളിലാകട്ടെ ഒരു ദിവ്യ വെളിച്ചം മിന്നിയിരുന്നു. രാജാവു് അവളെ ഉടനെ കെട്ടിപ്പിടിച്ചു. അനുരാഗാതിരേകതകൊണ്ടു് അവളുടെ മനോഹരമുഖം ഭേദിച്ചു് വന്നിരുന്നു. ആ അനുരാഗമാകട്ടെ അയാളുടെ പ്രത്യേകമായിരുന്നൂതാനും. അദ്ദേഹം ക്രൂരമെന്നും രാക്ഷസമെന്നുംവണ്ണം അതിശക്തിയോടെ അവളെ ചുംബിച്ചു.

രാജാ:
(അതിപ്രേമത്തോടെ) എന്റെ പ്രണയപാത്രമേ—എന്റെ പ്രിയെ എന്റെ കന്യകയെ ഭാര്യേ! നീ എന്റേതായി. സർവ്വസ്വവും എന്റേതായി. നീ എന്നെ സ്നേഹിക്കുന്നില്ലേ!
രതി:
(മൃദുവായിട്ടു്) എന്റെ ആത്മനാ. എന്റെ സ്വന്തം അങ്ങുന്നേ!

പിറ്റത്തെ നിമിഷംതന്നെ തന്റെ ഭർത്താവിന്റെ ആജ്ഞ അനുസരിപ്പാൻ അവൾ അവളുടെ മുറിയിലേക്കു് ഓടി. രാജാവാകട്ടെ ആ കന്യകയുടെ നവീനവികാരങ്ങൾക്കു് യാതൊരു പ്രതികർമ്മമാലോചിയാതെ താൻ പണ്ടു് ഇരുന്നേടത്തുതന്നെ ചെന്നിരുന്നു് ചില ദുരാലോചനയിൽ നിമഗ്നനായിത്തീർന്നു. ഒരു നിഷ്കളങ്കമായ നവീനഹൃദയം തങ്കൽ സർവ്വദാനമായി സമർപ്പിച്ചിരിക്കുന്നു എന്ന ഒരു ബാദ്ധ്യതയോ, ബോദ്ധ്യമോ ആ ഖലന്റെ ഉള്ളിൽ ഉല്പാദിച്ചില്ല.

വേദവതി ലളിതയെ തന്റെ അനുകൂലയായി വരുത്താൻ അയാൾക്കു് ഭഗീരഥപ്രയത്നം വേണ്ടിവരുന്നു. അവൾ തന്നേയും രതിയേയും അവളുടെ വീട്ടിൽ ക്ഷണിച്ചു് വരുത്തുക എന്ന ഒരു ബാദ്ധ്യത മാത്രമേ ഏറ്റിരുന്നുള്ളു. എന്നാൽ ആ തത്സമയത്തു് കാർത്തികേയൻ നായരേയും, സതിയേയും കണ്ടുമുട്ടാതിരിപ്പാൻവേണ്ടി അവൾ അവരെ, ഒരു പ്രമാണിയായ പ്രഭുവിനെക്കൊണ്ടു് ക്ഷണിച്ചു് വരുത്തിപ്പിച്ചു് മറ്റൊരു ദിക്കിലേയ്ക്കു് സ്ഥലംമാറ്റം ചെയ്തിരുന്നു. അവൾ ഇതൊക്കെ ചെയ്തതു് രാജാവും അവളുമായി ഉണ്ടായ ബന്ധം തീരെ മുറിച്ചുകളയുമെന്ന ഒരു കരാർ പ്രകാരമായിരുന്നു. എന്നുമാത്രമല്ല രാജാവു് കൃഷ്ണൻനായരെക്കൊണ്ടു് അവളെ വിവാഹം ചെയ്യിപ്പിക്കണമെന്ന ഉദ്യമത്തിൽ സർവ്വപ്രകാരവും സഹായിക്കുമെന്നൊരു സത്യബോധത്തിന്മേൽക്കൂടെ ആയിരുന്നു. അവളുടെ ഇതുവരേയ്ക്കും ഉണ്ടായിരുന്ന കാമുകനായ രാജാവിനെക്കൊണ്ടു്, ഇവളുടെ തത്സമയത്തു് കാമം വീണുപോയ മറ്റൊരു കാമുകനെ സമ്പാദിച്ചു് കൊടുക്കുമെന്ന ഒരു സത്യത്തിന്മേലാണു്. രതിയുമായിട്ടുള്ള സംസർഗ്ഗം അയാളുടെ ഉദ്ദേശത്തിന്റെ സമ്പാദനത്തിന്നു് ഒന്നാമത്തെ കോണിപ്പടിയാണെന്നുകൂടി ലളിത ധരിച്ചു. എന്തുകൊണ്ടെന്നാൽ ആ കോടീശ്വരന്റെ മകളായ രതിയെ താൻ വിവാഹം കഴിപ്പാൻകൂടി ഒരുക്കമാണെന്ന വിവരം അവളെ മുൻകൂട്ടി അറിയിപ്പാൻ തക്ക ഭയങ്കരവിഡ്ഢിത്തം രാജാവിനെ ബാധിക്കുന്ന ഒരു രോഗമല്ലായിരുന്നു. ആ രഹസ്യം പരസ്യമായാൽ കേരളം ആകപ്പാടെ ഒന്നിളക്കിമറിക്കുന്ന കാഴ്ചയായിരിക്കും. രാജാവു് എഴുന്നേറ്റു് ഒരു കണ്ണാടിയിൽ പ്രതിബിംബിച്ച തന്റെ സ്വരൂപത്തെ അഭിനന്ദിക്കുമ്പോലെയുള്ള ഒരു മന്ദഹാസത്തോടുകൂടെ നോക്കി—

ഈ ഉപായങ്ങളിലൊക്കെ തന്നെ ഭ്രാന്തുപിടിപ്പിക്കുന്ന ഭാഗം തനിക്കു് ഒരുവളെ വിവാഹം കഴിക്കേണ്ടിവന്നല്ലോ എന്ന ഒരു വിചാരമായിരുന്നു. ഒരു അവിവാഹിതന്റെ നിലയിൽ കാലംകഴിക്കാമെന്നു് നിശ്ചയിച്ചിരുന്ന ഒരാളല്ലായിരുന്നോ രാജാവു്. എന്നിട്ടുകൂടി വിവാഹിതർക്കുകൂടി അലഭ്യാമോദങ്ങളിൽ അയാൾ കുളിച്ചിരുന്നില്ലേ! ന്യായമായാലും ശരി—അന്യായമായാലും ശരി—ആ ഭാഗം അന്വേഷിക്കേണ്ടുന്ന കാര്യംതന്നെ അയാൾക്കില്ലായിരുന്നു. എന്തുകൊണ്ടെന്നാൽ തന്നോടു് ഇതുവരെ ഒരു എതൃശബ്ദം ജനിപ്പിക്കാൻ തക്ക ഒരു പെണ്ണു് പിറന്നിട്ടുണ്ടായിരുന്നില്ല. എന്നിട്ടുകൂടി ഒരു വിവാഹിതനായി—എന്നുവെച്ചാൽ ഒരു പെണ്ണോടുകൂടിക്കെട്ടപ്പെട്ടവനായി—എന്ന വലിയ ‘കുടുക്കു്’ അദ്ദേഹത്തിന്റെ അപജയസൂചകമായ ഒരു മുഴപോലെ ഹൃദയത്തിൽ പൊങ്ങിനിന്നു. തനിക്കു് മുമ്പായിരുന്ന സ്വാതന്ത്ര്യത്തെ ബലികഴിപ്പാൻ തക്കവണ്ണം താൻ ഒതുങ്ങിക്കളയേണ്ടുന്ന കാര്യമെന്തായിരുന്നു. അധമന്മാർ താന്താങ്ങളുടെ കുറ്റങ്ങൾ അന്യരിൽ അരോപിച്ചു് തൃപ്തിപ്പെടുമ്പോലെ, ഈ വിചാരണയുടെ ഫലമായി അയാളുടെ വിധി, രതിയാണു് കുറ്റക്കാരത്തി എന്നായിരുന്നു. അയാൾക്കു് ആ നിഷ്കളങ്കയോടു് ഒരു ഈർഷ്യയും കോപവുംകൂടി ഉണ്ടായി.

ഇരിക്കട്ടെ, ഇപ്പോൾ അവൾ തന്റെ അധീനത്തിൽ, തന്റെ കാലടിയിൻകീഴിൽ പെട്ടുവല്ലോ! താൻ കല്പിച്ചു് കൂട്ടിവെച്ചതുപോലെ അവളുമായി പെരുമാറണം എന്നു് നിശ്ചയിച്ചു. ഇപ്പോൾ രതി അയാളുടെ ഭാര്യയാണു്. അവളെ സ്വാധീനമാക്കാൻ പണിപ്പെടേണ്ട ഒരു കന്യകയല്ല. ആ സ്വാധീനപ്പെടുത്തലാകുന്ന കർമ്മങ്ങളെല്ലാം മുഴുവൻ കഴിഞ്ഞുപോയി. ഇനി അവളെ അടിമപ്പെടുത്തേണ്ടുന്ന കാര്യം മാത്രമേ ഇപ്പോൾ അയാൾക്കു് അലക്ഷ്യമായി ആലോചിക്കേണ്ടതുള്ളു. സാധാരണ മനുഷ്യരെപ്പോലെ സ്വാഭിമാനം വിറ്റുകളയുന്ന സ്വഭാവം രാജാവിന്നില്ലായിരുന്നു. നേരെമറിച്ചു് മറ്റുള്ളവർ അവരുടെ സ്വാഭിമാനം രാജാവിന്നുവേണ്ടി ഉപേക്ഷിക്കണം എന്നായിരുന്നു. ആ ധൂർത്തൻ ഇതുവരക്കും പരിപാലിച്ചുപോന്നിരുന്ന പിടുത്തം. ബാക്കിയുള്ള ഭർത്താക്കന്മാർ ഭാര്യമാരെ ലാളിക്കുകയും തലോടിക്കുകയും ചെയ്യും. അപ്പോൾ ഭാര്യയ്ക്കു് ഭർത്താവു് പറയുമ്പോലെ സൗന്ദര്യമുള്ളവളാണു് താനെന്നും തോന്നും. അവൾ ആശിക്കത്തക്ക ഒരു സൃഷ്ടിയാണെന്നും, അദ്ദേഹത്തിന്റെ സുഖത്തിന്നു് അപരിഹാര്യമായ ഒരു സിദ്ധിയാണെന്നും അവൾക്കു് തോന്നും. എന്നാൽ രാജാവു് തന്റെ ഒഴിച്ചുകൂടാത്ത കാര്യലാഭത്തിന്നു്, അങ്ങനെ ചെയ്യുമെന്നല്ലാതെ, മുക്കാലോഹരിയും അങ്ങിനെ ചെയ്വാൻ ഒരുങ്ങുകയില്ലെന്നുതന്നെ നിശ്ചയിച്ചു. ആരംഭത്തിൽത്തന്നെ, തന്റെ വീട്ടുകാര്യം നിറവേറ്റുന്നവരേയും, തന്റെ ഭാര്യയേയും, തന്റെ ഇഷ്ടംപോലെ കല്പിക്കുന്നതു് താനായിരിക്കണം എന്നുകൂടി അയാൾ നിശ്ചയിച്ചു.

തന്റെ ഭാര്യയായ രതി ചെന്നിരുന്നതു്, മുകളിലെ എട്ടുകോണുള്ള മുറിയിലായിരുന്നു. ആ മുറിയുടെ സകല ഭാഗങ്ങളും രതിക്കു് മരിക്കുവോളം മറക്കവയ്യാത്തവിധത്തിൽ ഉറച്ചുപോയിരുന്നു. രാജാവിന്റെ ഭാര്യ, രതി ഇരുന്നതു് ഒരു ജനലിന്റെ പടിയിന്മേലാണു്. അവളുടെ മനോഹരനേത്രം ഒഴിഞ്ഞദിക്കിൽ നോക്കിക്കൊണ്ടിരുന്നു.

ഉപചാരണവേല ദ്രോഹകരമായി തീരുംതക്കവണ്ണം ആചരിച്ചുവന്നിരുന്ന അമ്മിണിഅമ്മയെ രതി മടക്കി അയച്ചിരുന്നു. അവൾ സാരി ഒക്കെ അഴിച്ചു് ഒരു നീണ്ട ഷാമിനിമാത്രം ഇട്ടു് ഉറങ്ങാൻവേണ്ടുന്ന ഏർപ്പാടുകൾ ചെയ്തു. അവൾ മുടി അഴിച്ചിട്ടു്, “പര്യുൽസുകത്വമബലാനിശിവഞ്ഞിതെവ” ഒരു ഭയാകുലമായ ഹൃദയത്തോടും ശങ്കയോടും, തന്റെ ഭർത്താവു് വാതിലിന്നുമുട്ടുന്ന ശബ്ദവുംകാത്തു് നില്ക്കുകയായിരുന്നു.

അനിശ്ചിതശങ്കയോടെ അവൾ വളരെനേരം കാത്തു. അവളുടെ ദേഹാത്മാക്കളോടുകൂടെ സമ്പൂർണ്ണമായി അനുരാഗിച്ച ഒരു പുരുഷനെത്തന്നെ അവൾക്കു് വരനായി കിട്ടിയല്ലൊ എന്നു് വിചാരിക്കുമ്പോൾ അവൾ ഒരു ഉന്മാദജനകമായ ഉന്മേഷത്തിൽ മുഴുകി. ഇത്രനേരത്തോളം അവളെ സ്വന്തമായി ഇട്ടേക്കാൻ തന്റെ ഭർത്താവിന്നു് മനസ്സുവന്നതു് എങ്ങിനെ എന്ന അത്ഭുതവും അവളെ അത്യന്തം പരവശയാക്കാതെ ഇരുന്നുമില്ല.

അദ്ദേഹമാകട്ടെ ചിന്താമഗ്നനായി ഒരു ചുരുട്ടുംകൂടി വലിച്ചുതീർക്കുകയായിരുന്നു. ചോടെ മുറിയിലെ, ജനലിൽക്കൂടെ അതിന്റെ സൗരഭ്യം മേലോട്ടു് അവളുടെ മുറിയിലും എത്തി. അയാൾ കാര്യങ്ങൾ ഏതുവിധത്തിൽ കലാശിപ്പിക്കണം എന്നു് നല്ലവണ്ണം ആലോചിക്കുകയായിരുന്നു. ആ ഇരുത്തത്തിൽനിന്നു് അയാൾക്കു് യാതൊരു അനക്കവും ഉണ്ടായിരുന്നില്ല. ആ ചുരുട്ടിന്റെ വാസന, സമ്പൂർണ്ണബന്ധകരവും പ്രേമപരവും ആയ പല ആലോചനകളിലും അവളെ കുളിപ്പിച്ചു. അവസാനത്തെ ചുരുട്ടായിരിക്കും വലിച്ചിരുന്നതു് എന്നു് അവൾ ആദ്യം ആലോചിച്ചു. സമയദീർഘംകൊണ്ടു് അയാൾ ഒന്നിലേറെ ചുരുട്ടുകൾ വലിക്കുന്നുണ്ടെന്നു് അവൾ തീർച്ചയാക്കി. അതിന്റെ വാസന മുകളിൽ വന്നടിക്കുന്തോറും അവൾ ഒരു മന്ദഹാസതൃപ്തിയോടെ സഹിച്ചു.

അവസാനം അദ്ദേഹം വരുന്നുണ്ടു് എന്നുതോന്നി. അദ്ദേഹത്തിന്റെ തുറന്നുവെച്ച ജനലിന്റെ എതിരായി നിന്നിരുന്ന പറമ്പത്തു് അതുവരയ്ക്കും പരന്നിരുന്ന പ്രകാശം പെട്ടെന്നു് കാണാതായി. ഏണിപ്പടികൾ ഞരങ്ങുമ്പോലെ ശബ്ദിച്ചെന്നു് തോന്നിയതുകൊണ്ടു്, അയാൾ മുകളിൽ കയറിവരുന്നുണ്ടെന്നു് അവൾ നിശ്ചയിച്ചു. അവളുടെ പന്തുകൾപോലെ ഉരുണ്ട റബ്ബർമുലകളിന്മേൽ സന്തോഷം സഹിയാതെ അവൾ കൈകൾ പിണച്ചുവെച്ചു. ഇളക്കംകിട്ടിയവളെപ്പോലെ അയാൾ തന്റെ അടുക്കെവരുന്നുണ്ടു് എന്ന സന്തോഷമായ പരിഭ്രമം അവളെ ബാധിച്ചു.

ഏണിപ്പടിയുടെ ഞരക്കം ശമിച്ചു. അദ്ദേഹം അവളോടു് പിന്നേയും അടുത്തായിരിക്കും. അവളുടെ ഹൃദയം വേദനിക്കുംപ്രകാരം തുടിച്ചു. അതിൽപ്പിന്നെ ഒരു വാതിൽപ്പൊളി ഉന്തിത്തുറക്കുംപോലെ തോന്നി. അയാൾ ഉടുപ്പിട്ടുവെക്കുന്ന മുറിയിൽ എത്തി എന്നു് തോന്നി. അവൾക്കു് ഒരു നിമിഷംനേരം മനസ്സമാധാനമുണ്ടായി.

വിളക്കിന്നടുക്കെ വെച്ചിരുന്ന ഒരു കണ്ണാടിയുടെ അരികെചെന്നു് അവൾ പനങ്കുലപോലെ സ്ഫുരിച്ചു് വീണിരുന്ന അവളുടെ കരിമുടി ചീർപ്പുകൊണ്ടു് ഒന്നുകൂടി ചിക്കി. വെളിച്ചം വീണു് ആ കരിമുടിയും കൂടി മിന്നിത്തുടങ്ങിയപ്പോൾ അവളുടെ മുഖം മറ്റൊരു തരം തേജസ്സുകൊണ്ടു് ചുറ്റപ്പെട്ടപോലെ തോന്നി. നാഡിബലം ക്ഷയിപ്പിക്കുന്ന പരിഭ്രമംമൂലം അവളുടെ സ്വാഭാവികമനോഹരമുഖത്തിന്റെ വെണ്മ അസാരം കുറഞ്ഞുപോയിരുന്നു. അവളുടെ മുഖത്തിന്റെ വളർന്നുപോയ നിറത്തിന്മേൽ അവളുടെ വായ ഒരു ചുകപ്പുവരപോലെ തോന്നി. അവളുടെ കണ്ണുകൾക്കു് ഒരു അഗാധഭാവം ഉണ്ടായി. അവ ഒരു അത്ഭുതകരമായ എരിപൊരിച്ചിലോടെ മിന്നിയും പാളിയും കളിച്ചിരുന്നു. അവളുടെ ചേല പിന്നോട്ടു് മാടിയിരുന്നതു് ചുമലിന്മേൽനിന്നു് താണു് മുൻഭാഗത്തു് നിലത്തു് വീണിരുന്നതു് അവൾ അറിഞ്ഞിരുന്നേ ഇല്ല. യാതൊരു ഒടിയും ഇല്ലാതെ വടിപോലെ നില്ക്കുന്ന ഒരു ചെറിയ ബാലന്റെ കാന്തിയേക്കാൾ കവിഞ്ഞ കാന്തിയോടെ അവിടെ നിന്നപ്പോൾ, ഭൂലോകത്തിൽ വല്ല ദേവസ്ത്രീയും ഇറങ്ങിവന്നതോ എന്നു് തോന്നിപ്പോകും. വണ്ണാമ്പിലപോലെ മൃദുവും, ഹിമംപോലെ നേർമ്മനും ആയ അവളുടെ ഉടുപ്പു് കാലിന്മേലും അതിന്റെ മുൻഭാഗത്തും ചുരുട്ടിവെച്ചപോലെ വീണ, ഒരു ചെറിയ കൂമ്പാരമായി നിന്നിരുന്നു. സോട്ടിൻസ്ലിപ്പറിന്മേൽകണ്ട വലക്കെട്ടുപണിയുടെ, വിടകളിൽക്കൂടി കാണായ്വന്ന അവളുടെ മേലടിയുടെ അംഗങ്ങൾ, പറമ്പിന്മേൽവീണ സൂര്യകിരണങ്ങൾ, നിലത്തു് വെളുത്തനാണ്യങ്ങൾ വിതറിയപോലെ കാണിക്കുന്ന വിശിഷ്ടകാന്തി ഓർമ്മപ്പെടുത്തിയിരുന്നു. അവളുടെ നെഞ്ഞിന്റെ മേൽഭാഗവുംകൂടി കാണുവാൻ തക്കവണ്ണം താഴ്ത്തിവെട്ടിയിരുന്ന അവളുടെ ബ്ളൗസിന്റെ വക്കു്, തൊണ്ടക്കുതാഴെ ഒരു തേജോമയവര വരച്ചപോലെ, അവളുടെ ദിവ്യപ്രകാശം പിന്നേയും വർദ്ധിപ്പിച്ചു. കൈമുട്ടുമുതൽ അവളുടെ കൈകൾ വസ്ത്രാവരണമില്ലാതെ വെണ്ണാരക്കല്ലു് കടഞ്ഞുവെച്ചപോലെ ശോഭിച്ചിരുന്നു. സൂക്ഷിച്ചുനോക്കിയാൽ ചെറിയ സിരകൾ അവയെ ലളിതമാക്കുന്നുണ്ടെന്നു് തോന്നും.

അവളുടെ ലളിതരൂപത്തിന്റെ മനോഹരചക്രാഹാരങ്ങൾ ഉള്ളു് കാണിക്കുമ്പോലെ തുളുമ്പിയും മിന്നിയും കൊണ്ടിരുന്നു. തുണിയാൽ ഛന്നങ്ങളായി നില്ക്കുന്ന വിശിഷ്ട തരങ്ങളായി വിളങ്ങിയിരുന്നു. പ്രായം ഇരുപത്തിരണ്ടു് തികഞ്ഞിരുന്നു എങ്കിലും, പ്രായം അത്ര ആരും മതിക്കുകയില്ലായിരുന്നു. രതിക്കുകൂടി അവൾ സുന്ദരിയാണെന്ന ബോധം ഉണ്ടായി. പ്രതിമപോലെ ജീവച്ഛവസൗന്ദര്യമല്ല അവളിൽ വിളങ്ങിയിരുന്നതു്. അനർഘവും അനാസ്വാദിതവും ആയ ഒരു നവയുവതിയുടെ സൗന്ദര്യമായിരുന്നു അതു്. ഈ പരമാർത്ഥം അവൾക്കു് പ്രത്യക്ഷമായപ്പോൾ അവൾ അവളുടെ കണ്ണുകളെ കൈകൊണ്ടു് മറച്ചു. അവളുടെ യുവരക്തം പൊങ്ങി. അവളുടെ മുഖപത്മത്തിൽ റോസ്നിറം പരത്തി. നിശ്ചയമായിട്ടും രാജാവിനും അവൾ ഒരു സുന്ദരിയാണെന്നു് സമ്മതമാകും. ഹാ! അവളുടെ ഹൃദയംചെന്നു് മുട്ടുംപോലെ തുടിച്ചിരുന്നു. അവളുടെ നാഡികൾ തവള തത്തുംപോലെ സ്പന്ദിച്ചുകൊണ്ടിരുന്നു. അവൾക്കു് പരിഭ്രമസമ്മിശ്രമായ ഒരു ഭീതി ഉണ്ടായി. എന്നാലുംകൂടി “ഞാൻ എന്തിനു് ഭയപ്പെടണം” എന്ന ഒരു ആശ്വാസവും ഒരു സമയത്തു് ജനിച്ചു.

അവളുടെ ഭർത്താവു് വരുന്നുണ്ടു്. ഉടനെ അയാൾ മാറോടണച്ചു് കെട്ടിപ്പിടിക്കും—മൗനമായ മുറിയിലേ മങ്ങിയ വെളിച്ചത്തിൽവെച്ചു്—മധുരവും നിശ്ശബ്ദവും ആയ ഈ രാത്രിയിൽ—അദ്ദേഹത്തിന്റെ തുടിക്കുന്ന മാറോടു് അവളെ അടുപ്പിച്ചടുപ്പിച്ചു് ഞെക്കിപ്പിടിക്കും—ചൈതന്യം സ്ഫുരിക്കുന്ന അനേകായിരം രാത്രി ജന്തുക്കളുടെ വിവിധവും മിനുസവുമായ നിസ്വനപരമ്പരകൊണ്ടു് അവർ രണ്ടാളും ചുറ്റപ്പെട്ടിരിക്കും—അയാൾ അവളെ അത്യന്തം അനുരാഗിക്കുന്നുണ്ടെന്നു് പറയും—അവൾ അവളുടെ മുഖം അദ്ദേഹത്തിന്റെ തൊണ്ടയിൽ സ്ഥാപിച്ചു്, ലജ്ജയോടെ മൃദുവായി അങ്ങിനെതന്നെ എന്നു് ആവർത്തിക്കും—അദ്ദേഹത്തിന്റെ കഴുത്തിന്റെ മുൻഭാഗമോ, ഒരു തൂണുപോലെ ശോഭിച്ചതാണു്—അവളുടെ കണ്ണു് നോക്കീട്ടു്, അവളുടെ ആത്മാവിന്റെ തനിച്ച മധുരനഗ്നത അയാൾ മനസ്സിലാക്കാതിരിപ്പാൻവേണ്ടി—അവൾ കണ്ണുകൾ രണ്ടും പൂട്ടും—എന്നിട്ടു് ഒന്നുകൂടി അയാളെ അനുരാഗിക്കുന്നുണ്ടെന്നു് മന്ത്രിക്കും—അവളുടെ സ്വന്തവിചാരങ്ങൾതന്നെ അവളുടെ മുഖം ലജ്ജകൊണ്ടു് ചുകപ്പിച്ചു.

അവളുടെ ദേഹം മുഴുവനും താൻ അനുഭവിക്കുവാൻ പോകുന്ന പുതുരസങ്ങളുടെ ചിന്തകൊണ്ടുല്പാദിച്ച ഒരു മനോഹരമാധുര്യത്തിന്റെ തടുക്കവയ്യാത്ത വീര്യങ്കൊണ്ടു് പരവശപ്പെട്ടിരുന്നു. “ഓ, എന്റെ പ്രിയ അങ്ങുന്നേ! നിങ്ങൾ വരാൻ ഇത്ര വൈകുന്നതു് എന്താണു്” എന്നു് അവൾ നിശ്വാസത്തോടെ മന്ത്രിച്ചു. ഈ അവജ്ഞ—അവളുടെ പണ്ടത്തെ കാമുകനും ഇപ്പോഴത്തെ ഭർത്താവും അയ മഹാത്മാവിന്റെ വരവു്—ഈ ഭയപ്പെട്ടിരുന്നതും അത്യന്തം ആശിച്ചിരുന്നതും ആയ വരവു്—കാണാത്തതുകൊണ്ടു് അവളുടെ ദേഹം ആകമാനം വിറച്ചു.

പരിഭ്രമംകൊണ്ടു് അവൾക്കു് നാഡികൾ തളർന്നു. അവൾ ക്ഷീണത്തോടെ കിടക്കയിൽ ചെന്നിരുന്നു. ശരിയാകുംവണ്ണം നിശ്വസിക്കാതെ മൗനമായി അവൾ വളരെ നേരം കാത്തിരുന്നു. എന്നിട്ടുകൂടി അയാൾ വരുന്നതു് കാണ്മാനില്ല. അവൾ പിന്നേയും എഴുനേറ്റു.

സകലവും നിശ്ശബ്ദമായിരുന്നു. ഒരു കുളിരടിക്കുന്ന നിശ്ശബ്ദത ആകാശത്തിലും വ്യാപിച്ചിരുന്നു. മേശമേൽ വെച്ചിരുന്ന ഒരു ടൈംപീസിൽ അവൾ സമയം എത്രയാണെന്നു് നോക്കി. നേരം രണ്ടുമണിയായി. ശ്വാസം ഒതുക്കി. നിശ്ചലയായി അവൾ കുറേനേരം ശ്രദ്ധിച്ചു. ഒരു ശബ്ദംപോലും വീട്ടിൽനിന്നു് പൊങ്ങിയിരുന്നില്ല. അവൾ എന്തിനായിരുന്നു ഇങ്ങിനെ കാത്തിരുന്നതു്? മഴപെയ്യുംപോലെ കണ്ണീർ വീഴുമാറു് അവൾ പൊട്ടിക്കരഞ്ഞു.

ഏങ്ങി ഏങ്ങിക്കരയുമ്പോൾ അവളുടെ നിശ്വാസത്തിനനുസരിച്ചു് മനോഹര മുലകളും സങ്കടം കൊണ്ടെന്നപോലെ നൃത്തം വെച്ചിരുന്നു.

രാജാവിന്നു് അവളുടെ അരികെ വരാൻ ഭാവമില്ല. അയാൾക്കു് അവളെ ആവശ്യമുണ്ടായിരുന്നില്ല. വിവാഹം കഴിച്ചിട്ടു് ഒരു ദിവസം തികയാത്ത ഒരു പുതിയ ഭാര്യയെ അയാൾ പുല്ലോളം വകവെച്ചിരുന്നില്ല. അവളെ വന്നു് അവകാശപ്പെട്ടെടുപ്പാനൊ, ആ പരിശുദ്ധവിവാഹത്തെ തദനന്തര നടവടികൾകൊണ്ടു് പരിപൂർത്തിയാക്കുവാനൊ, അദ്ദേഹം വരുവാൻ ഒരുക്കമില്ലായിരുന്നു.

അയാൾക്കു് അവളെ ആവശ്യമില്ല. നടന്നുപോയ വിവാഹത്തെപ്പറ്റി ഒരു സമയം അയാൾ പശ്ചാത്തപിക്കുന്നുണ്ടായിരിക്കുമോ? അവളെ ഇത്രത്തോളം പുച്ഛമാക്കി വിട്ടുകളവാൻ അവൾ എന്തുചെയ്തു? അയാളുടെ അഭാവം അവളെ പുച്ഛിക്കുന്നതുതന്നെയാണെന്നു് രതി വിചാരിച്ചതും ശരിയാണു്. അവളുടെ അരികെ വരാൻ ഔൽസുക്യം അദ്ദേഹത്തിന്നു് ഉണ്ടായിരിക്കേണ്ടതല്ലേ! വെറും പേരിനുമാത്രം ഒരുവളെ ഭാര്യയാക്കിയാൽ മതിയോ! സമ്മോദംകൊണ്ടു് മതിമറന്നപോലെ ബദ്ധപ്പെട്ടുവന്നു്, അവളെ വാരിയെടുത്തു് പലതരം ക്രീഡാചരണംകൊണ്ടു് അവളെ യഥാർത്ഥമായിട്ടും ഭാര്യയാക്കിത്തീർക്കേണ്ടേ?

ചുകന്ന നഖങ്ങൾ, ഉള്ളങ്കയ്യിൽ താരച്ചുപോകുംപ്രകാരം അവൾ വിരലുകൾ മടക്കിപ്പിടിച്ചു. അവളുടെ വായവിറച്ചു. അവളുടെ കണ്ണുകൾ ഉഷ്ണംകൊണ്ടു് പൊള്ളുംപോലെ തോന്നി. എന്നാലുംകൂടി, കണ്ണുനീർ അവൾ പ്രയാസപ്പെട്ടു് തടുത്തുനിർത്തി. അയാൾ കരുതിക്കൂട്ടി അവളെ പുല്ലാക്കിവിട്ടതാണു്. അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ചു് കാത്തുനില്ക്കുവാൻവേണ്ടി അവളെ തനിച്ചിട്ടേച്ചുപോയതാണു്. അപ്രകാരം അവൾ കാക്കുകയും ചെയ്തു. മധുരമായ ഭീതി പരിഭ്രമങ്ങൾ ജനിപ്പിക്കുമാറു് അവളെ ഉപേക്ഷിച്ചുപോയതാണു്. കോഴി കൂകാറായിട്ടുകൂടി അദ്ദേഹം വന്നുകണ്ടില്ല. അവളുടെ മാധുര്യം അയാൾക്കു് മണ്ണാങ്കട്ടയായിരുന്നു. അവളുടെ ചിറി ചെമ്പരത്തി നിറമാണു്. ദേഹം ശാരദനീരദംപോലെയാണു്. അവളുടെ മിനുസമഹിളാദേഹം അനുകൂലതകൊണ്ടു് അയാൾക്കു് അധീനപ്പെട്ടതാണു്. അതു് അദ്ദേഹത്തോടു് അങ്കുരിച്ച അനുരാഗങ്കൊണ്ടു് സ്പന്ദനം ചെയ്യുന്നതാണു്. ഒരാൾ അനുരാഗിക്കുന്ന സ്ത്രീരത്നം എന്തൊക്കെ ചെയ്യണമെന്നു് അയാൾ ഉദ്ദേശിക്കുന്നുവോ, അതൊക്കെ ചെയ്യുവാനുള്ള ഉദ്വേഗതയോടെ അവൾ ആശിച്ചുനിന്നതാണു്. അയാളെ സന്തോഷിപ്പിക്കാൻവേണ്ടി അവൾ ആർദ്രതയോടെ അവസരവുംകാത്തു് നിന്നതാണു്. ഇതൊക്കെ വിചാരിച്ചിട്ടു് ഫലമെന്താണു്? തന്റെ വിവാഹംകഴിഞ്ഞ രാത്രിയിൽ, അവളുടെ ഭർത്താവും യജമാനനും ആണെന്നു് എണ്ണപ്പെടേണ്ട ആൾ, സ്വകാര്യമായി മറ്റൊരുമുറിയിൽ കിടന്നുറങ്ങുകയാണു്.

അവളുടെ ഭാവിയൊക്കെ, മറ്റൊരു പുരുഷന്റെ ബന്ധനത്തിന്നധീനമായി വെയ്ക്കുക എന്നതു് ഒരു സ്ത്രീയുടെ ജീവിതദശയിൽ സംഭവിക്കുന്ന അനുഭവങ്ങളിൽവെച്ചു് ഏറ്റവും മുഖ്യവും ഗൗരവവുമായ ഒന്നാണു്. ഒരു സ്ത്രീയുടെ വികാരാനുകൂലിയായ ആത്മാവിന്നു് വളരെ സ്തംഭനവും സംഭ്രമവും ജനിപ്പിക്കുന്ന അവസരമാണു്. അതു് മനോശുദ്ധിയുള്ള ഒരു മനുഷ്യന്നു് മാത്രമേ ഗ്രഹിപ്പാൻ ശക്തി ഉണ്ടാകയുള്ളു. ഒരു സ്ത്രീയുടെ ഭർത്താവു് സ്ത്രീഹിതാനുരാഗിയാണെങ്കിൽ അയാൾക്കു് ഈ കാര്യം ക്ഷണം മനസ്സിലാവും. അവളെ അയാൾ മധുരവും മിനുസവുമായ രീതിയിൽ മയക്കുകയും സാവധാനം ഇണക്കുകയും ചെയ്തുകൊണ്ടുവരും. അവൾ കന്യകയുടെ നിലയിൽ അവസാനം പുരുഷന്റെ അധീനത്തിൽ വെച്ചുകൊടുത്ത ആ വലിയ സമ്മാനം അവൻ സ്വീകരിക്കുന്ന രീതിയിലാണു്, അവന്റേയും ഭാര്യയുടേയും ഭാവിസുഖം ആശ്രയിച്ചു് നില്ക്കുന്നതു്. ഒരു കാമുകന്റെ നിലയിൽ വിവാഹം കഴിപ്പാനുള്ള സമ്മതം ലഭിക്കുവാൻ ഒരു പുരുഷനു് എത്രത്തോളം അപേക്ഷയും മിരട്ടും, വേണ്ടി വരുന്നുവോ, അതിലും പത്തിരട്ടി ചടങ്ങുകൾ, വിവാഹം പൂർത്തിയാക്കുവാനുള്ള സമ്മതം കിട്ടുവാൻ വേണ്ടിവരുന്നതാണു്. എന്നാൽ ഒരുവളുടെമേൽ പെട്ടെന്നു് സിദ്ധിച്ച ഉടമസ്ഥത പുതുതായി ഒരു ഭാര്യയെ കിട്ടുന്ന ഭർത്താവിന്റെ തല ചിലപ്പോൾ തിരിച്ചുകളയുന്നുണ്ടു്. അപ്പോൾ അയാൾ ഭാര്യയെ, ഒരു അനുരാഗനിധിയായ ചങ്ങാതി എന്നതിനുപകരം, ന്യായമായി സിദ്ധിച്ച സ്വത്തു് എന്നുമാത്രം വിചാരിച്ചുപോകുന്നു.

ഒരു കാമുകന്റെ കാമപരമായ അപേക്ഷകൾ ഹൃദയത്തിൽനിന്നു് തണുത്തുപോകുന്നതിനുമുമ്പേ ഒരു ഭർത്താവിന്റെ ചോദിച്ചമാത്രയിൽ തരണം എന്ന സിദ്ധാന്തം—അപേക്ഷപോയി ഹേമമായി എന്നു് പെട്ടെന്നു് കാണായ്വരുന്ന ഭാര്യാപദത്തിൽ ആദ്യമായി പ്രവേശിക്കുന്ന ഒരു കന്യകയ്ക്കു് പാരവശ്യം മാത്രമല്ല അന്യാകുലത്വവുംകൂടി ഉണ്ടായിരുന്നു.

എന്നാൽ രാമാനുജൻരാജാവു് ഒരു കാമുകനുമല്ല ഒരു ഉടമസ്ഥനുമല്ല. അയാൾ നിശ്ശേഷം അന്തർദ്ധാനം ചെയ്തുകളഞ്ഞു. ഇതു് തന്റെനേരെ കാണിച്ച അഭിമാനക്ഷയകരമായ വെറും പുച്ഛമാണെന്നു് രതിക്കു് തോന്നിയതു് ശരിയാണു്.

അയാൾ അവളുടെ ഭർത്താവാണു്. എന്നാലുംകൂടി ഭർത്താവല്ലതാനും. ഒരു വിവാഹദിവസം രാത്രി ഇങ്ങിനെ കാണിച്ചതു് ഒരു ഭാര്യയായിരുന്നു എങ്കിൽ അതു് എല്ലാങ്കൊണ്ടും ക്ഷമിക്കത്തക്കതും സഹിക്കത്തക്കതും ആയിരുന്നു. ഭർത്താവാണെങ്കിൽ ആ ഉദാസീനത ഒന്നുംകൊണ്ടും ക്ഷന്തവ്യമല്ല. രാജാവാകട്ടെ തൊട്ടമുറിയിൽ ഉണ്ടായിരുന്നു. പോരാഞ്ഞിട്ടു് നല്ലവണ്ണം ഉറങ്ങുകയുമായിരുന്നു. അയാളുടെ കൃത്യവും ദീർഘവും ആയ നിശ്വാസപരമ്പര അവൾക്കു് നല്ലവണ്ണം കേൾക്കാമായിരുന്നു. ഒരു നിമിഷനേരം അദ്ദേഹത്തിന്റെനേരെ അവൾക്കു് ഒരു വെറുപ്പുതോന്നി. എന്നതിൽപ്പിന്നെ അവൾ കിടയ്ക്കയിൽ ചെന്നുവീണു. ഏങ്ങിഏങ്ങിക്കരഞ്ഞു. ശ്വാസം മുട്ടിയതുപോലെ ഒരിക്കൽ അവളുടെ ഏക്കം അവൾ നിർത്തിപ്പിടിച്ചു. എന്തുകൊണ്ടെന്നാൽ അങ്ങേമുറിയിൽ കിടക്കുന്ന അവളുടെ പരിചാരിക ഉണർന്നുപോകാതിരിപ്പാൻവേണ്ടി. ഒരു ദമ്പതിശയ്യയിൽനിന്നു് ഒരു ഭാര്യയുടെ ദീനവിലാപങ്ങളും സങ്കടപരനിശ്വാസങ്ങളും കഠിനമായി ഇടവിടാതെ പുറപ്പെടുന്നതു് കേൾക്കുമ്പോൾ, പരിചാരികയോ, മകളോ അല്ല രണ്ടുപേരുമോ എന്തു് വിചാരിക്കും?

രതി പിന്നേയും ആലോചിച്ചു. അവൾ കിടന്നിരുന്നതു് അവിടുന്നു് പിന്നേയും ഒരു ഏണിമുറിയും ഇടനാഴികയും കഴിഞ്ഞതിൽപ്പിന്നെ വരുന്ന മുറിയിൽ ആയിരുന്നു. അവൾക്കു് അവളുടെ വ്യസനം അടക്കിവെക്കേണ്ടുന്ന ആവശ്യമില്ല. അവളുടെ ധാരധാരയായി ഒഴുകിവീഴുന്ന കണ്ണുനീർ വറ്റിച്ചുപിടിക്കേണ്ടുന്ന ആവശ്യമില്ല. പോരാഞ്ഞിട്ടു് അവൾക്കു് അങ്ങിനെ ചെയ്യാനുള്ള ശക്തിയും മനഃസ്ഥൈര്യവും ഉണ്ടായിരുന്നില്ല. അന്യന്മാരാരും അതു് കേൾപ്പാൻ അടുത്തുണ്ടായിരുന്നില്ല. അവളുടെ അടുത്തമുറിയിൽ മണവാളൻ മാത്രമേ ഉള്ളു. ആ മണവാളനോ ഗാഢനിദ്രയിൽ മുഴുകി മതിമറന്നു് കിടക്കുകയാണു്!!

കരഞ്ഞുകരഞ്ഞു് അവളുടെ കണ്ണുനീരിന്റെ കലവറയും ഒഴിഞ്ഞു. അവളുടെ കണ്ണുകൾ അസ്പഷ്ടമായും നിരുദ്ദേശമായും ആ മുറിയിൽ എല്ലാടവും നോക്കി. പെട്ടെന്നു് എല്ലാസാധനങ്ങളുടെ കാഴ്ചയും അവൾക്കു് അരുചി ജനിപ്പിച്ചു. ഉച്ചതിരിഞ്ഞപ്പോൾ ആകർഷണീയവും കോമളവുമാണെന്നു് തോന്നിയ എല്ലാസാധനങ്ങളും ഇപ്പോൾ അവളെ വെറുപ്പു് പിടിപ്പിച്ചു. ചായകഴിഞ്ഞതിൽപ്പിന്നെ ആ ചെറിയ വട്ടമേശമേൽ വെച്ചിരുന്ന പുഷ്പങ്ങളൊക്കെ മാറ്റിവെച്ചതും അവൾക്കു് പ്രത്യക്ഷമായി. പുഷ്പങ്ങൾ ഉറക്കമുറിയിൽ വെയ്ക്കുന്നതു് ക്ഷേമകരമല്ലെന്നു് ഒരു അഭിപ്രായം അവളുടെ മങ്ങിയ വിചാരവീഥിയിൽ പൊങ്ങിവന്നു. ഇപ്പോൾ നേരിട്ട പ്രത്യേകാവശതയിൽനിന്നും വേർവിട്ടതില്ല. ആ സാധനങ്ങളുടേയും സംഗതികളുടേയും സ്മരണ മനസ്സിൽ പൊങ്ങിവരുന്നതും ആശ്ചര്യമാണു്. രതിക്കാകട്ടെ ആ മുറിയും അതിൽ ഉണ്ടായിരുന്ന സാമാനങ്ങളും, പൂക്കളും ഒന്നും മറന്നുപോയിട്ടില്ലായിരുന്നു.

ഉച്ചതിരിഞ്ഞ സമയത്തുതന്നെയാണു് അവൾ ശാന്തിക്കും അനന്തരഭാഗ്യോദയങ്ങൾക്കുംവേണ്ടി ഈശ്വരനെ പ്രാർത്ഥിച്ചതു്. അവളെ ഒരു ഉത്തമഭാര്യയാക്കാൻവേണ്ടി ഈശ്വരകടാക്ഷം കാംക്ഷിച്ചിരുന്നതു്. അവൾ ഭ്രാന്തുപിടിച്ചപോലെ ഒന്നു് ചിരിച്ചു… അവളെ ആവശ്യമില്ലാത്ത ഒരാളുടെ ഉത്തമഭാര്യയാവാൻ വേണ്ടിയോ?

പാരവശ്യം സഹിയാതെ അവൾ ഉറങ്ങാൻ കിടന്നു. എന്നാൽ ലജ്ജകൊണ്ടും, ഇച്ഛാഭംഗംകൊണ്ടും, അയാൾക്കു് അവളോടു് അനുരാഗമില്ല എന്ന ഭയംകൊണ്ടും ഭയങ്കരമാകുംവണ്ണം പരാജിതയായിപ്പോയ അവൾക്കുണ്ടോ ഉറക്കുണ്ടാവാൻപോകുന്നു.

അവളുടെ തൊണ്ടയിൽനിന്നു് ദീർഘനിശ്വാസങ്ങൾ പുറപ്പെട്ടു. അവളുടെ കണ്ണുകൾ അതിൽനിന്നു് പുറപ്പെട്ട ഉപ്പുനീരിൽ കുളിച്ചു. അവളുടെ മുഖം അവളുടെ തലയണയിൽ അവൾ താഴ്ത്തി. തിക്തകംകഷായത്തേക്കാൾ കടുപ്പമായ വ്യസനത്തിന്നും മാനഭംഗത്തിന്നും ഇരയാകുംവണ്ണം അവളെ നിർബ്ബാധമായി ഒഴിച്ചുവിട്ടുകൊടുത്തു.

വാതിൽ തുറക്കുന്നതു് അവൾ കേട്ടതേഇല്ല. അവളുടെ മുടി മൃദുവായി ഒന്നു് സ്പർശിച്ചതും അവൾ അറിഞ്ഞിരുന്നില്ല.

എന്നാൽ പട്ടുപോലെ മൃദുവായ മനസ്സുള്ള രതിയെ സമാധാനപ്പെടുത്താൻ അയാളുടെ അല്പംചില പഞ്ചാരവാക്കുകൾ മതിയെന്നു്, ആ ധൂർത്തൻ ധാരാളം ധരിച്ചിരുന്നു.

രാജാ:
എന്റെ പൊന്നേ! എന്റെ കുഞ്ഞിക്കെട്ടിയവളെ! എന്റെ പ്രിയസുഹൃത്തേ! നീ ഇങ്ങിനെ കിടന്നുകളയുവാൻ എന്തു് സംഗതിയുണ്ടായി.

കണ്ഠേനിൻകരവല്ലി ബന്ധനമഴിച്ചോ

ഞാൻപ്രമാദത്തിനാ-

ലുണ്ടായൊ ബഹുമാനഭംഗമുണരുംനേരം

തിരിച്ചെന്മുഖെ:

കണ്ടായോയിഹമാം കിനാവില

പരസ്ത്രീസക്തനായിന്നു നീ-

മിണ്ടാതാവതിനെന്തു കാരണമി

വന്നുണ്ടായതെൻ വല്ലഭേ!”

എന്ന ഒരു ശ്ലോകവും അസ്ഥാനത്തിൽ ചൊല്ലി.

ആ ധൂർത്തൻ സ്ത്രീഹൃദയം നല്ലവണ്ണം മനസ്സിലാക്കിയവനാണു്. രതിയുടെ ഹൃദയം അതിനേക്കാളും അറിഞ്ഞവനാണു്. കരയുന്നനിലയിൽ അവൾ തന്റെ ഭർത്താവാണെന്നറിഞ്ഞു. അവൾ കണ്ണുനീരോടെ അയാളെ നോക്കി. എന്നാൽ കണ്ണുനീർകൊണ്ടു് അടയാളപ്പെട്ടുപോയ അവളുടെ മനോഹരമുഖം മനസ്സിലാവാൻ സാധിക്കാത്തവണ്ണം വിവർണ്ണമായ്പോയിരുന്നു.

രാജാ:
എന്തുസംഗതി ഉണ്ടായി?

അവൾക്കു് പറവാൻ അധികമൊന്നും ഉണ്ടായിരുന്നില്ല. “എനിക്കു് നിങ്ങളെ വേണ്ടിയിരുന്നു” എന്നുമാത്രം ആ നിഷ്കളങ്ക മറുപടി പറഞ്ഞു. അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന വിവിധചിന്തകൾ വിവരിച്ചുകൊടുപ്പാൻ അവൾക്കു് ഒരിക്കൽക്കൂടി സാധിക്കുമായിരുന്നോ?

അവളെ എന്നുവെച്ചാൽ ഒരു നവോഢയെ ബാധിക്കാനിടയുള്ള ആ പുതിയ ആശകളേയും ആശയങ്ങളേയുംകൊണ്ടു് അവൾ ഏതുപ്രകാരത്തിൽ ആവശ്യപ്പെട്ടു എന്നു് എങ്ങിനെ പറഞ്ഞു് ധരിപ്പിക്കും? അയാൾ അവളെ പാണിബന്ധനത്തിൽ ബലമായി കെട്ടേണ്ടതാണെന്നും, മാറോടടുപ്പിച്ചു് പിടിക്കേണ്ടതാണെന്നും, ഉണ്ടായിരുന്ന ആശയേയും ആശംസയേയും അവൾ എങ്ങിനെ വിസ്തരിക്കും. അയാൾ അവളെ കെട്ടിപ്പിടിച്ചുകൊണ്ടു് ചില ആനവലിപ്പിൽ നീങ്ങാത്ത കളവുകൾ പറവാൻതന്നെ ഒരുങ്ങി.

രാജാ:
എന്റെ തേനേ! ഞാൻ വിചാരിച്ചു് നീ വളരെ ക്ഷീണിച്ചുപോയിരുന്നു എന്നു്. ഞാൻ നിന്റെ അടുത്തുവരാൻ കാംക്ഷിച്ചുകൊണ്ടിരുന്നു. എന്റെ സ്വന്തം ഭാര്യയാണു് നീ എന്ന മധുരാവകാശം വെളിപ്പെടുത്തിത്തരുവാൻ.

അവൾ ഇതുവരയ്ക്കും അനുഭവിച്ചിരുന്ന നരകയാതനകൾ അകറ്റുവാൻ തക്കവണ്ണം ആ പിശാചു് ആ ദേവസ്ത്രീയുടെ മുഖത്തിൽ ഗാഢമായും, ദീർഘമായും, പ്രേമസൂചകമായും, മടുപ്പുവരാത്തവിധമായും ചുംബിച്ചു. അവളാകട്ടെ വിവിധവികാരങ്ങളാൽ മുന്നെതന്നെ ക്ഷീണബാധിതയായ്പോകകൊണ്ടു്, ചുംബനത്തിന്നു് പകരം ചുംബനം കൊടുപ്പാനുംകൂടി ശക്തിയില്ലാതായി വന്നു. അദ്ദേഹത്തിന്റെ വിശാലമായ മാറിൽ തലയുംവെച്ചു് ചാരിക്കിടന്നു.

രതി:
അങ്ങുന്നേ! നിങ്ങൾ എന്നെ കേവലം അനുരാഗിക്കുന്നില്ലെന്നു് ഞാൻ വിചാരിച്ചുപോയി.

ഇതുകേട്ടപ്പോൾ ഉത്തരം പറയുംമുമ്പെ അയാൾ അവളുടെ പവിഴംപോലെ ചുകന്ന ചുണ്ടുകളിന്മേൽ പിന്നേയും ചുംബനംവെച്ചു.

രാജാ:
എന്റെ പ്രാണപ്രിയെ! ഇപ്പോഴെങ്കിലും നീ എന്റെ സർവ്വസ്വമാണെന്നു് മനസ്സിലാക്കിയായിരിക്കും.
രതി:
അതെ അങ്ങുന്നെ. ഇപ്പോൾ മനസ്സിലായി. ഇതു് അവൾ പറഞ്ഞതു് അദ്ദേഹത്തിന്റെ അഭിപ്രായം അനുസരിക്കാൻവേണ്ടി മാത്രമായിരുന്നു. ഇതു് കേട്ടപ്പോൾ ആ കപടഭർത്താവു് വളരെ തൃപ്തിയോടുംകൂടെ ഉള്ളാലെ ചിരിച്ചു.

എന്തുചെയ്യും! ലോകത്തിൽ ഇങ്ങിനെയുള്ള കൂട്ടർക്കു് ജയവും! പരമാർത്ഥിക്കു് പനങ്കഴുവും!

പതിമൂന്നാം അദ്ധ്യായം

അമരേശും സ്ക്കൂളിലെ എല്ലാ യുവതികളും, അവരവരുടെ പഠിപ്പും പൂർത്തിയാക്കി മദ്ധ്യവേനൽ വെക്കേഷന്നു് അവരുടെ വീടുകളിൽ പോയി. പൊന്നിമാത്രം പോയില്ല. അവൾക്കു് പോവാൻ ഒരു വീടും ഉണ്ടായിരുന്നില്ല. അവിടുത്തെ പ്രിൻസിപ്പാൽ ദയവിചാരിച്ചിട്ടു് അവളോടു് അവിടെത്തന്നെ പാർത്തുകൊൾവാൻ പറഞ്ഞു. എന്നുമാത്രമല്ല, കടൽതീരത്തു് നിവസിക്കുവാൻ സൗകര്യമുള്ള ഒരു സ്ഥലത്തു് കൊണ്ടുചെല്ലാനുംകൂടി ഏറ്റു.

പൊന്നി ഇതുവരേയ്ക്കും സമുദ്രം കണ്ടിരുന്നില്ല. കുശാപുരം എന്ന ദിക്കു് സമുദ്രതീരത്തിലെ ഒരു ചെറിയ സ്ഥലമായിരുന്നു. അവിടെ കൂട്ടിക്കൊണ്ടുപോകുമെന്നു് ഒരാളുടെ വാഗ്ദത്തം പ്രമാണമാക്കി അവൾ ജിജ്ഞാസയോടുകൂടെ കാത്തുകെട്ടി നില്ക്കുകയായിരുന്നു. വെക്കേഷൻ ഉന്മേഷരഹിതമാണെന്ന കാരണത്തിന്മേൽ അവളുടെ ചങ്ങാതി കാർത്ത്യായനി സഹതപിച്ചപ്പോൾ പൊന്നി മന്ദഹസിക്കുകയാണു് ചെയ്തതു്.

പൊന്നി:
നേരമ്പോക്കൊന്നും ഉണ്ടായിരിക്കയില്ലെന്നോ? സമുദ്രത്തിന്റെ അരികിലല്ലേ! പിന്നെ എനിക്കു് സഹായമായി എന്റെ സംഗീതാഭ്യാസവുമില്ലെ. ഞാൻ ഒരു വണ്ടിക്കു് കെട്ടിയ കാളയേക്കാൾ പ്രയത്നിക്കുവാൻ വിചാരിക്കുന്നുണ്ടു്.

പറഞ്ഞപ്രകാരം ഭഗീരഥപ്രയത്നം അവൾ നടത്തുകയും ചെയ്തു. അവളെ പാട്ടു് പഠിപ്പിക്കുന്ന ഭാഗവതർ അവളുടെ സഹജമായ വാസനകണ്ടിട്ടു് മൂക്കിൽ കൈവിരൽ വെച്ചുപോയി. എന്നുമാത്രമല്ല സംഗീതകലാശാലയിൽ പൊന്നിയുടെ ഈ പാടവം ഒരു വാചകവിഷയവും കൂടി ആയിത്തീർന്നു.

പൊന്നിയുടെ ശബ്ദം രമണീയമാണെന്നതു് ഒരു സർവ്വസമ്മതമായ പരമാർത്ഥമാണു്. ഫിഡിൽകൂടാതെ അവൾക്കു് പിയാനൊ വായിക്കാൻകൂടി വയ്ക്കുമായിരുന്നു. എന്നാൽ ശൈശവത്തിലും യൗവനത്തിലും ഒരുപോലെ നിലനിന്നുപോരേണ്ടുന്ന പരിശീലനക്കുറവുകൊണ്ടു് അവളുടെ പിയാനൊ നൈപുണ്യം അത്ര കീർത്തിക്കത്തക്കതല്ലായിരുന്നു. എന്നാലും ഈ പ്രത്യേകസംഗീതകലയിൽ അവൾ കേവലം പോരാത്തവളാണെന്നു് ആരും പറയുകയില്ല.

ഇപ്പോൾ സ്ക്കൂൾപൂട്ടി. രാവിലെ മുഴുവനും അവളെ സംഗീതശാലയിൽ കാണപ്പെട്ടു. അവൾ ഒരു വലിയ പിടിത്തക്കാരിയായിരുന്നു. അവൾക്കു് അത്യന്തം ഇഷ്ടമുള്ള പാട്ടുകൾ അവൾ വൈകുന്നേരം മാത്രമേ പാടിയിരുന്നുള്ളു. രാവിലെ പാടിയിരുന്നതു് പലവിധ രാഗങ്ങളുടെ ആലാപമായിരുന്നു. അവളുടെ വീണവിളിപോലെ രാഗങ്ങളിൽ കാണുന്ന അയുക്തകളും പ്രശംസനീയമായിരുന്നു. വൈകുന്നേരം ഒരു സവാരിക്കോ, ഒരു ചില്ലറ സംഗീതപ്രദർശനനാടകത്തിനോ അവൾ സന്നിഹിതയാകും. വൈകുന്നേരം മുമ്പറഞ്ഞപോലെ അവൾ ഉള്ളാലെ സ്നേഹിച്ചിരുന്ന പാട്ടുകൾ പക്ഷികളെപ്പോലെ അനായാസേന പാടുകയും ചെയ്യും.

എന്നാൽ ഇപ്പോഴൊക്കെ അവൾ പാടിയിരുന്നതു് വ്യസനപരമായ പാട്ടുകൾ മാത്രമായിരുന്നു. ഒരുദിവസം വൈകുന്നേരം കൃഷ്ണൻനായർ പ്രിൻസിപ്പാലിനെ കാണ്മാൻ വന്നിരുന്നു. ഒരു പുരാണതെലുങ്കുഗാനത്തിന്റെ വ്യസനപരമായ അലകൾ സംഗീതശാലയിൽനിന്നു് പുറപ്പെട്ടതു് കേട്ടപ്പോൾ അദ്ദേഹം ഇങ്ങിനെ പറഞ്ഞു. “ആ കുട്ടിക്കു് ഇത്ര വ്യസനകരമായ പാട്ടുകൾ പാടേണ്ടുന്ന അർഹതയില്ല. നല്ല ഓജസ്സും ഉന്മേഷവും ജനിപ്പിക്കത്തക്ക പാട്ടുകളാണു് അവൾ പാടേണ്ടതു്.”

ഭാർഗ്ഗവിഅമ്മ:
പൊന്നി ഒരു കാര്യത്തിൽ ശിശുവാണു്. എന്നാലൊ, ഇവിടെയുള്ള മറ്റു് യുവതികളുടേതിനേക്കാൾ, അവളുടെ മനസ്സിന്നു് പക്വത കൂടും. അവളുടെ ആ പ്രത്യേകമനഃസ്ഥിതിക്കു് അവരൊക്കെ വഴങ്ങുകയാണു് ചെയ്യുന്നതു്.

ഇതുകേട്ടപ്പോൾ കൃഷ്ണൻനായർക്കു് അസാരം ഒരു കിടിലം ഉണ്ടായി.

കൃ. നാ.:
ഏതുപ്രകാരത്തിൽ? അവൾ സങ്കടപ്പെടേണ്ട കാര്യമെന്താണു്?
ഭാ. അ.:
മൂപ്പരേ? എനിക്കു് ഒരു കാരണം ഗണിച്ചെടുപ്പാൻ സാധിക്കുന്നില്ല. (വിപരീതമായി) അനുരാഗം നിമിത്തം വല്ല വൈപരീത്യമോ ഇച്ഛാഭംഗമോ നേരിടാൻ തക്കവണ്ണം അവൾക്കു് വയസ്സും അത്ര ആയിട്ടില്ല.
കൃ. നാ.:
(ഗൗരവത്തോടെ) അവൾക്കു് ഇനിയും പതിനെട്ടു് തികഞ്ഞിട്ടില്ല.
ഭാ. അ.:
(മെല്ലെ) പതിനെട്ടു് അവൾക്കു് നാളെ തികയും.
കൃ. നാ.:
(ശാഠ്യത്തോടെ) തന്നെയായിരിക്കാം. എന്നാലും അവൾ വളരെ കുട്ടിയാണു്.

ഇതുപറയുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ ഒരു സുഖമില്ലാത്ത അനുഭവത്തിൽ ചെന്നു് തുഞ്ചി. വളരെ അവസരങ്ങളിൽ പൊന്നി, അവളുടെ അനുരാഗത്തെപ്പറ്റി അയാളോടു് ഹൃദയം തുറന്നു് പറഞ്ഞിരുന്നു. അയൾ അന്ധാളിച്ചു.

സ്ത്രീഹൃദയം എന്നുവേണ്ട തന്റെ സ്വന്തഹൃദയംതന്നെ കേവലം മനസ്സിലാക്കാൻ ശക്തിയില്ലാത്ത ഒരു ശുദ്ധാത്മാവാണു് കൃഷ്ണൻനായർ. പൊന്നിക്കു് തന്നോടു് തോന്നിയതും, തനിക്കു് പൊന്നിയോടു് തോന്നിയതും ദർശനമാത്രത്തിൽ പൊങ്ങിയ ഒരു ദിവ്യാനുരാഗമാണെന്നു്, പൊന്നിക്കു് മനസ്സിലായിരുന്നു. എങ്കിലും കൃഷ്ണൻനായർക്കു് ഇതുവരെ മനസ്സിലായിരുന്നില്ല. അയാളും കലുഷമായ അദ്ദേഹത്തിന്റെ വിചാരത്തിന്നടങ്ങിക്കൊണ്ടുതന്നെ നിന്നു.

കൃ. നാ.:
അതു് അനുരാഗമായിരിക്കാൻ ഇടയില്ല.
ഭാ. അ.:
ഇരുപതു് വയസ്സിന്റെ ചുറ്റുവട്ടത്തിൽ എത്തിത്തുടങ്ങിയ ഒരു യുവതിയുടെ കാര്യത്തിൽ ഒന്നു് തീർച്ചയാക്കിക്കൂടാ.

ഭാർഗ്ഗവിഅമ്മ ഒന്നു് നിശ്വസിച്ചു. അനുരാഗത്തിന്റെ കാലം അതിക്രമിച്ചുപോയ വൃദ്ധകളെപ്പോലെ ഭാർഗ്ഗവി അമ്മയുടെ വിചാരം, സംസാരസാരത്തെ മറക്കുവാൻവേണ്ടി ഭക്തി അവലംബിച്ചു. കൃഷ്ണൻനായർ അസുഖത്തോടെ അയാളുടെ ചുമൽ രണ്ടുമൂന്നുകുറി ഇളക്കി.

കൃ. നാ.:
അവളോടു് ഞാൻ ഒന്നു് സംസാരിച്ചുനോക്കട്ടെ.

ഒരു മിനുട്ടു് കഴിയുംമുമ്പെ, പൊന്നി കൃഷ്ണൻനായരുടെ മുമ്പിൽ വന്നു നിന്നിരുന്നു. അവളുടെ മുഖം അവളുടെ മസ്ലിൻചേലപോലെതന്നെ വെളുത്തതായിരുന്നു. ഭാർഗ്ഗവിഅമ്മ അവളുടെ വിളർച്ച നോക്കി മനസ്സിലാക്കി. കൃഷ്ണൻനായർ ഏതുപ്രകാരത്തിൽ പൊന്നിയെ മനസ്സിലാക്കിയാലും, പൊന്നി അവളുടെ രക്ഷിതാവായ ഉദാരശീലനെ അനുരാഗിക്കുന്നുണ്ടെന്നു് ഒരൊറ്റ നോട്ടത്തിന്നു് മനസ്സിലാക്കിയ ഭാർഗ്ഗവിഅമ്മ അവരുടെ സ്വൈരസല്ലാപത്തിന്നു് തന്നെക്കൊണ്ടു് വിഘ്നമൊന്നും നേരിടരുതെന്നുവെച്ചു് കാര്യാന്തരത്തിനുവേണ്ടി മുറിയും വിട്ടുപോയി.

അവരുടെ പതിവായ സ്വാഗതമൊക്കെ പറഞ്ഞു് കഴിഞ്ഞു.

കൃ. നാ.:
(പൊടുന്നനെ) പൊന്നീ! നീ എന്തിനാണു് നീലാംബരിയിൽ സങ്കടഗാനങ്ങൾ പാടുന്നതു്.
പൊന്നി:
(നിശ്ശങ്കം) അവ ഭംഗിയുള്ളവ ആകകൊണ്ടുതന്നെ. ഭംഗിയുള്ള വസ്തുക്കൾ സങ്കടമിശ്രങ്ങളായിരിക്കും.

അയാൾ അവളുടെ ശരീരത്തിന്റെ ഒരു ഭാഗത്തിൽ തൂങ്ങിക്കിടന്നിരുന്ന ഒരു കരപല്ലവത്തെ തന്റെ കയ്യിലാക്കി.

കൃ. നാ.:
എന്തെങ്കിലും നിന്നെ ദുഃഖിപ്പിക്കുന്നുണ്ടോ?

ദുഃഖിപ്പിക്കുന്നുണ്ടോ എന്നാണു് ആ ശുദ്ധന്റെ ചോദ്യം. അവൾ അവളുടെ തൊണ്ടയിൽനിന്നു് പുറപ്പെട്ട ഏങ്ങൽ പ്രയാസപ്പെട്ടു് പിടിച്ചുനിർത്തി, പുറമെ ഒരു ഇളമ്മന്ദഹാസം സ്ഫുരിപ്പിച്ചു.

പൊന്നി:
ഒന്നുമില്ല മിസ്റ്റർ. കൃഷ്ണൻനായരേ!

ഇത്രമാത്രമേ അവൾക്കു് പറവാൻ സാധിച്ചുള്ളു. അവൾക്കു് അദ്ദേഹത്തിന്റെ കരപാശത്താൽ കെട്ടപ്പെട്ടുകൊണ്ടു് “അതെ എന്നെ ഒരു കാര്യം ആകുലപ്പെടുത്തുന്നുണ്ടു്. നിങ്ങൾക്കുവേണ്ടി എന്റെ ഹൃദയം വെന്തുരുകിപ്പോകുന്നുണ്ടു്” എന്നു് പറയാമായിരുന്നു. അവൾ ഇപ്പോൾ ഒരു തികഞ്ഞ സ്ത്രീയായി. സ്ത്രീയുടെ അനുരാഗം അവളിൽ പൂർണ്ണമായി വികസിച്ചിരുന്നു. ആ അനുരാഗം അമർത്തിപ്പിടിപ്പാനുള്ള ശക്തിയും അതിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. അതുംപോരാഞ്ഞിട്ടു്, ആ അനുരാഗം പുറത്തുവന്നുപോയാൽ ചിലർ തന്നെ പരിഹസിപ്പാനിടയുണ്ടെന്നുവെച്ചു് ആ വികാരത്തെ വേണ്ടുംവണ്ണം ഒതുക്കിവെപ്പാൻ നിർബ്ബന്ധിതയുംകൂടി ആയിത്തീർന്നു. കൃഷ്ണൻനായർ പരിഹസിക്കുമെന്നു് അവൾക്കു് തോന്നിയിരുന്നില്ല. എന്നാൽ അവൾ തൊട്ടാവാട്ടിപോലെ പരിതാവസ്ഥയിൽ മയങ്ങിപ്പോകുന്നവളായിരുന്നു. അതുകൂടാതെ ലളിതയുടെ കാര്യവും അവൾക്കു് ഓർമ്മതോന്നി.

കൃ. നാ.:
ചെറിയകുട്ടി! നിന്നെ യാതൊന്നും സങ്കടപ്പെടുത്തുന്നില്ല എന്നതു് തീർച്ചയാണോ?
പൊന്നി:
തീർച്ചതന്നെ. എന്നെ ഒരു കാര്യവും സങ്കടപ്പെടുത്തുന്നില്ല മിസ്റ്റർ കൃഷ്ണൻനായരേ!
കൃ. നാ.:
(പശ്ചാത്താപത്തോടെ) കിട്ടേട്ടൻ പോയിട്ടു് ഇപ്പോൾ മിസ്റ്റർ കൃഷ്ണൻനായരായോ?
പൊന്നി:
(പൊളിയാണെന്ന നാട്യത്തിന്മേൽ) ഹൊ. ഇപ്പോൾ ഞാൻ വളർന്നുവന്നില്ലേ! നാളെ എനിക്കു് പതിനെട്ടും തികയുകയില്ലേ!
കൃ. നാ.:
എനിക്കറിയാം. നാളെ നിന്റെ പിറന്നാളാണെന്നു്. എനിക്കു് നിന്നേയുംകൂട്ടി ഒരു സവാരിക്കു് പോവാൻ ഇഷ്ടമുണ്ടു്. നീ വരുമോ!
പൊന്നി:
സംശയമുണ്ടോ. എനിക്കു് വലിയ ഇഷ്ടമാണു്.

അവളുടെ ഉദ്വേഗത അയാളുടെ മനസ്സിന്നു് ഒരു ഉണർവ്വുണ്ടാക്കി. എന്നാലുംകൂടി, ഇവൾ, കുറെമാസങ്ങൾ മുമ്പത്തെ, അനുരാഗപ്പെടേണ്ടവളും, എടുത്തുചാട്ടം കാട്ടിവിടുന്നവളുമായ ആ ചെറിയ പൊന്നിയല്ലെന്നു് അയാൾ തന്നോടുതന്നെ പറഞ്ഞു.

ഒരു അവസ്ഥയേറിയ പെൺസ്ക്കൂളിൽ ഇവളെ ചെന്നു് ചേർത്തതു് ഒരുസമയം ശരിയല്ലെന്നു് അയാൾക്കു് തോന്നി. വലിയ തറവാടുകളിൽ കണക്കിലേറെ കാണുന്ന, ആത്മാവു് പ്രത്യക്ഷമാകാതേയും, വിശ്വസിച്ചുകൂടാതേയും, ചൈതന്യമില്ലാതെയും ഇരിക്കുന്ന യുവതികളെപ്പോലെ സ്ക്കൂളിലെ അദ്ധ്യക്ഷന്മാർ ഇവളേയും ആക്കിവിടുമായിരിക്കും. അയാളുടെ സ്വന്തം സഹോദരിതന്നെ ഇതിന്നു് ഒരു ദൃഷ്ടാന്തമാണു്. അയാൾ വ്യസനത്തോടെ ഒന്നു് നിശ്വസിച്ചു. ഇവളെ വീട്ടിൽവെച്ചു് സ്വകാര്യമായി പഠിപ്പിച്ചിരുന്നു എങ്കിൽ ഇതിലും എത്രയോ നന്നായിരുന്നു എന്നു് അയാൾക്കു് തോന്നി.

കൃ. നാ.:
(കുറെ കഴിഞ്ഞിട്ടു്) നീ പാട്ടിൽ വളരെ മിടുക്കത്തിയായി വന്നിട്ടുണ്ടു്.
പൊന്നി:
അതെ എന്നു് തോന്നുന്നു. ഒരു നടിയായിട്ടോ, പാട്ടുകച്ചേരിയിൽ ഒരംഗമായിട്ടൊ എന്റെ ഉപജീവനമാർഗ്ഗം എനിക്കുതന്നെ സമ്പാദിപ്പാൻ എപ്പോൾ സാധിക്കുമെന്നു് നിങ്ങൾക്കു് തോന്നുന്നു.
കൃ. നാ.:
അതിനു് കുറേക്കൂടി കാലതാമസം വേണ്ടിവരും. രണ്ടുകൊല്ലം വേണമെന്നു് തോന്നുന്നു. തഞ്ചാവൂരിലും തൃശ്ശിനാപ്പള്ളിയിലും കൂടാതെ ബോമ്പായിലും ഇന്ദ്രപസ്ഥത്തും പോകേണ്ടിവരും.
പൊന്നി:
ഇവിടെഒക്കെ പോകേണ്ടിവരുമോ! എനിക്കു് ഇഷ്ടം തന്നെയാണു്. എന്നാലുംകൂടി എന്നെ പുലർത്താൻ എനിക്കു് കഴിയുന്ന വേഗത്തിൽ സാധിക്കണമെന്ന നിഷ്കർഷയും കൂടെത്തന്നെ ഉണ്ടു്. നിങ്ങൾക്കു് ഞാൻ ഒരു ഭാരമായിത്തീരരുതു്.
കൃ. നാ.:
എന്താ ഇത്ര പെട്ടെന്നു് ഒരു സ്വാതന്ത്ര്യബുദ്ധി തോന്നുന്നതു്. എന്റെ സഹായം കൂടാതെകഴിപ്പാൻ നീ എന്തിന്നു് ആഗ്രഹിക്കുന്നു.

ഈ രണ്ടു് ചോദ്യത്തിന്നും സമാധാനമായി “വേദവതി ലളിത” എന്ന നാമംമാത്രം പൊന്നിക്കു് ഉച്ചരിച്ചാൽ മതിയായിരുന്നു. അതിന്നു് അവൾക്കു് പത്രാസ്സ് ജാസ്തിയായിപോയി.

പൊന്നി:
അതൊന്നുമല്ല. എനിക്കു് എന്തെങ്കിലും ഒരു ജോലിയിൽ ഏർപ്പെടേണമെന്നു് വളരെ ഇഷ്ടമുണ്ടു്. പാട്ടുകച്ചേരിയിൽ ഏർപ്പെടാൻ എന്റെ ശബ്ദഗുണം മാത്രം മതി എന്നാണു് ഭാഗവതർ പറഞ്ഞതു്. എന്നെ പുലർത്താൻ എനിക്കു് എന്നും സാധിക്കും എന്ന ഒരാലോചനമാത്രമേ ഇപ്പോൾ എനിക്കുള്ളു. എന്നാൽ എന്റെകൂടെ താമസിപ്പാൻ എന്റെ അമ്മയേയുംകൂടി കൊണ്ടുപോരാമായിരുന്നു.
കൃ. നാ.:
നിണക്കു് നല്ല സമ്പാദ്യം വേണമെങ്കിൽ കുറേക്കൂടി ശീലിക്കേണ്ടിവരും.

പൊന്നി മുഖം കൂർപ്പിച്ചു. “അങ്ങിനെയായാൽ ഞാൻ ഉപജീവനമാർഗ്ഗം കണ്ടുപിടിക്കുമ്പോൾ ഒരു മുത്തിത്തള്ളയാവാൻ മതി” എന്നു പറഞ്ഞു. രണ്ടാളും കുറെ ചിരിച്ചു. എന്നതിൽപ്പിന്നെ അയാൾ കീശയിൽനിന്നു് ഒരു നൂറുറുപ്പികയുടെ നോട്ടു് എടുത്തു.

കൃ. നാ.:
നിണക്കു് ഇഷ്ടപ്രകാരം എന്തെങ്കിലും വാങ്ങാൻ ഇതാ ഒരു സമ്മാനം.

പൊന്നി നന്ദിസൂചകമായ ചില വാക്കുകൾ പറവാൻ പുറപ്പെട്ടപ്പോൾ അദ്ദേഹം തടഞ്ഞു.

കൃ. നാ.:
ഇതല്ല. ഞാൻ നിണക്കു് സാക്ഷാൽ തരാൻ വിചാരിച്ച സമ്മാനം. അതു് നാളെ ഇവിടെ എത്തും. അതു് നിണക്കു് ഇഷ്ടമാകും എന്നു് ഞാൻ വിചാരിക്കുന്നു.

“നിങ്ങൾ എനിക്കു് വളരെ ഉപകാരങ്ങൾ ചെയ്യുന്നു” എന്നുമാത്രം മൃദുസ്വരത്തിൽ അവൾ മന്ത്രിച്ചു. എന്നാലുംകൂടി അവളുടെ ഹൃദയം അലിഞ്ഞു. ഭൂമിയിലുള്ള സർവ്വസമ്മാനങ്ങളേക്കാളും അവൾ വിലമതിച്ചിരുന്നതു് അയാളുടെ അനുരാഗം ഒന്നുമാത്രമായിരുന്നു.

കൃഷ്ണൻനായരുടെ പിറന്നാൾപ്രമാണിച്ച സമ്മാനം ഒരു ഒന്നാന്തരം പിയാനൊ ആയിരുന്നു. അതു് കരിമരത്തിന്റെ പെട്ടിയിലായിരുന്നു അടക്കം ചെയ്തിരുന്നതു്. പിറ്റേന്നു് രാവിലെ അവളുടെ പിറന്നാൾദിവസത്തിൽത്തന്നെ അതു് അവിടെ വന്നുചേർന്നു. ഈ വിലയേറിയ സംഗീതോപകരണം കണ്ടപ്പോൾ, ഇതു് തനിക്കു് സമ്മാനിച്ചതാണെന്നും. ഇതു് തന്റെ സ്വന്തമാണെന്നും, വിശ്വസിപ്പാൻകൂടി പൊന്നിക്കു് ധൈര്യം ഉണ്ടായില്ല.

സമ്മാനത്തിന്റെ ദ്രവ്യത്തുക കണ്ടപ്പോൾ, ഭാർഗ്ഗവിഅമ്മ അന്ധാളിച്ചുപോയി. ഇങ്ങിനെ ഒരു കൺതുറന്നു് പോകുന്ന സമ്മാനം ഒരു അഗതിയായ പെണ്ണിന്നു് കിട്ടേണമെങ്കിൽ അവളുടെ തലയിലെഴുത്തു് നന്നായ്പോയെന്നു് ആരും വിചാരിച്ചുപോയേക്കാം. എന്നാൽ അവൾ മാത്രം അങ്ങിനെ വിചാരിച്ചില്ല.

ഭാ. അ.:
ഇന്നുമുതൽ നിണക്കു് ഇവിടെ സ്വന്തമായിത്തന്നെ ഒരു മുറി വേണ്ടിവന്നിരിക്കുന്നു. ഈ സമ്മാനം ഒരു മുറിക്കുണ്ടു്.

തല്ക്കാലം അതു് വരാന്തയിലെ അടുത്തമുറിയിൽ വെച്ചിരുന്നു. പൊന്നി ഉടനെതന്നെ അതിന്റെ ശബ്ദം പരിശോധിപ്പാൻ ഒരുമ്പെട്ടു. പതിനൊന്നുമണിയാകുംവരെ കൃഷ്ണൻനായർ അവളെ ആ നിലയിലാണു് കണ്ടതു്. അയാൾ അവിടെ വന്നു് കേറുമ്പോൾ കേട്ടിരുന്നതു് പൊന്നിയുടെ സങ്കടഗാനങ്ങൾ—പിയാനൊ വഴിയായി വിളിക്കുന്ന സങ്കടഗാനങ്ങൾ—മാത്രമായിരുന്നു.

“ഈ സങ്കടകരഗാനങ്ങൾ ഒക്കെ നശിച്ചുപോകട്ടെ. ഞാൻ ഇവൾക്കു് ത്യാഗരാജന്റെ ചില പാട്ടുകൾ വശപ്പെടുത്താൻ ശ്രമിക്കും.” ഇങ്ങിനെ പിറുപിറുത്തുകൊണ്ടാണു് കൃഷ്ണൻനായർ അവിടെ കേറിച്ചെന്നതു്.

പൊന്നി തന്റെ പണ്ടത്തെ അതിപരിചയഭാവത്തോടെ അദ്ദേഹത്തെ എതിരേല്പാൻ പാഞ്ഞുചെന്നു.

പൊന്നി:
ഇത്ര വലിയ ഒരു പിയാനൊ സമ്മാനം ചെയ്തതുകൊണ്ടു് നിങ്ങൾക്കു് എന്നോടുള്ള ദയയും സ്നേഹവും ഞാൻ കണ്ടു. എനിക്കു് മതിയായ നന്ദി പറവാൻകൂടി ത്രാണിയില്ല.

അവൾ അവളുടെ കൈകൾകൊണ്ടു് അദ്ദേഹത്തിന്റെ കഴുത്തു് കെട്ടിപ്പിടിച്ചു് ഒന്നു് നല്ലവണ്ണം അമർത്തു. കൃഷ്ണൻനായർക്കു് അവളെ ഒന്നു് ചുംബിക്കണം എന്ന ആഗ്രഹം മാത്രമുണ്ടായി. ഈ ഒരു ആഗ്രഹം ആ വരണ്ട ഹൃദയത്തിൽ ഇതുവരെ ജനിക്കാത്ത ഒന്നായിരുന്നു. അവളുടെ കരപാശങ്ങളുടെ കെട്ടുകൾ കഴിച്ചുവിടുമ്പോൾ അദ്ദേഹത്തിന്റെ മുഖം തുടുത്തുപോയിരുന്നു.

ഇങ്ങിനെ ആയിരിക്കുമോ ചില പ്രത്യേക മനുഷ്യരെ അനുരാഗം ബാധിക്കുന്നതു്. അവർക്കുതന്നെ മനസ്സിലാവാത്തവിധത്തിൽ? പൊന്നിയുടെ മനഃസ്ഥിതി അയാളെ സംബന്ധിച്ചേടത്തോളം അസാരം ഭേദിച്ചുപോയെന്ന പരമാർത്ഥം അയാളെ അത്യധികം വേദനിപ്പിച്ചതെന്തുകൊണ്ടാണെന്നു് ഇപ്പോൾ മാത്രമേ ആ മണ്ടനായ മഹാത്മാവിന്നു് ബോദ്ധ്യമായ്വന്നുള്ളു. അവളുടെ ദുഃഖപര്യവസായികളായ ഗാനങ്ങളാണു് അയാളെ ഉണർത്തിയതു്. അദ്ദേഹത്തിന്റെ അനുരാഗം അവളിൽ പതിച്ചു. അവ അദ്ദേഹത്തിന്റെ അധീനത്തിൽത്തന്നേയാണുതാനും. എന്നാലുംകൂടി തന്നെ അനുരാഗിക്കുന്ന ചിഹ്നങ്ങൾ അവളിൽനിന്നു് പുറപ്പെടുന്നുണ്ടോ എന്നു് അയാൾ പ്രത്യാശയോടുകൂടെ പരിശോധിച്ചു.

അവൾ എന്നും സുഖമായിരിക്കണം എന്നു് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണു്. അവളേപ്പോലെ ഒരു ചെറുപ്പക്കാരത്തി ദുഃഖപരമായ ഗാനങ്ങൾകൊണ്ടു് അവളുടെ മനസ്സു് ആകുലപ്പെടുത്തരുതെന്ന വിചാരം അദ്ദേഹത്തിന്നു് എപ്പോഴും ഉണ്ടായിരുന്നു. വീണപ്പെട്ടിയുടെ കാര്യത്തിൽ അവൾ പറഞ്ഞ വാക്കായിരുന്നു പിന്നെ അദ്ദേഹത്തിന്നു് ഓർമ്മവന്നതു്.

കൃ. നാ.:
നിണക്കതു് ഇഷ്ടമായി എന്നറിഞ്ഞതുകൊണ്ടു് ഞാൻ വളരെ സന്തോഷിക്കുന്നു. നീ സവാരിക്കു് പോവാൻ റെഡിയായൊ?
പൊന്നി:
ഏകദേശം റെഡിയായി. ഒരു നിമിഷനേരത്തെ താമസവുംകൂടിയേ വേണ്ടതുള്ളു.

അവൾ പറഞ്ഞപ്രകാരംതന്നെ വളരെ ക്ഷണം മടങ്ങിവന്നു. അവളുടെ ലിനൻചേലയും, വെൽവെറ്റ് ബാഡിയും, വെള്ളിബൽട്ടും, ചുകന്ന പാപ്പാസും ഒന്നു് കാണേണ്ടതുതന്നെയായിരുന്നു. ഒരു യുവതിയുടെ മാധുര്യത്തിന്റെ മൂർത്തിതന്നെയാണെന്നു് ആർക്കും തോന്നിപ്പോകും. അവളുടെ കടഞ്ഞുമിനുക്കിയ വെള്ളക്കഴുത്തു് കണ്ടാൽ ആരും നോക്കി നിന്നുപോകും. അവൾ അടുത്തുവന്നപ്പോൾ ആംഗ്ലേയയുവതികൾ കാണിക്കുമ്പോലെ ഒന്നു് തലചരിച്ചു് റെഡിയെന്നു് കാണിച്ചു.

കൃ. നാ.:
നീ വളർച്ച വെയ്ക്കുന്തോറും ഒരു സുന്ദരിയായിത്തീരുന്നുണ്ടു് പൊന്നീ.

അദ്ദേഹം പെട്ടെന്നു് ആലോചിക്കാതെ പറഞ്ഞുപോയ ഈ വാക്കിന്നു് വിപരീതാർത്ഥമാണു് സ്ഫുരിച്ചുപോയതു്. അവൾ പെട്ടെന്നു് സുന്ദരിയാണെന്നു് തോന്നി എന്നാണു് ധ്വനി വന്നതു്. ഇതുവരേയ്ക്കും അവൾ തിരിഞ്ഞുനോക്കാൻകൂടി കൊള്ളരുതാത്തവളായിരുന്നു എന്നുംകൂടി സൂചിപ്പിച്ചിരിക്കുന്നോ എന്നു് തോന്നിപ്പോകും.

ഇതുകേട്ടപ്പോൾ പൊന്നിയുടെ മുഖം തുടുത്തു. അവളുടെ കരിങ്കണ്ണുകളിൽനിന്നു് തീപ്പൊരി പാറി.

പൊന്നി:
ഏതായാലും ലളിതയുടെ അത്ര സൗന്ദര്യം എനിക്കു് ഒരുകാലത്തും ഉണ്ടായിരിക്കുകയില്ല.
കൃ. നാ.:
(ചിരിച്ചുകൊണ്ടു്) എന്തിനാണു് ഇത്രചൊടി. നമ്മൾ ലളിതയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ എന്തിനായിരുന്നു ഈ അനാവശ്യമായ ഉപമ.

ഇതു് പറയുമ്പോഴും നായരുടെ വിചാരം എന്തായിരുന്നു എന്നറിയുമോ? ഈ മഞ്ഞുതുള്ളിമേൽ സൂര്യരശ്മി പതിക്കുമ്പോൾ അതു് നവരത്നങ്ങളെപ്പോലെ തുള്ളിക്കളിച്ചുമിന്നും. അതിൻപ്രകാരം പൊന്നിയുടെ മുഖത്തിൽനിന്നല്ലാതെ ലളിതയുടെ മുഖത്തിന്മേൽനിന്നു് എങ്ങിനെ വരുമെന്നായിരുന്നു. ആ ജീവനുള്ള പൊന്നിയുടെ മുഖം ആ ലളിതയുടെ ശവമായ മുഖത്തേക്കാൾ എത്രയോ പതിന്മടങ്ങു് മിന്നിയിരുന്നു.

പൊന്നി:
അതെ. അവൾ ഒരു തറവാട്ടുകാരത്തിയാണു്. ഞങ്ങൾ രണ്ടാളേയും ഒരു നാവുകൊണ്ടു് പറഞ്ഞുകൂട.
കൃ. നാ.:
ഈശ്വരനേയും കാഷ്ഠത്തേയും ഒരേനാവുകൊണ്ടു് പറവാൻ പാടുണ്ടു് എന്നു് നീ അറിയുന്നോ?
പൊന്നി:
അതെ. എന്നാൽ ഈശ്വരൻ ഈശ്വരനായിരിക്കും. കാഷ്ഠം കാഷ്ഠവുമായിരിക്കും.
കൃ. നാ.:
എന്താ പൊന്നി നീ എന്നോടു് ഇങ്ങിനെ പറയുന്നതു്.
പൊന്നി:
വേറെപ്രകാരത്തിൽ എനിക്കു് പറവാൻ ധൈര്യമില്ലാത്തതുകൊണ്ടു്.
കൃ. നാ.:
എന്നോടു് പറവാനോ?
പൊന്നി:
അതെ—അതെ—അതെ.
കൃ. നാ.:
എന്റെ ചെറിയ പൊന്നിക്കുട്ടി! നീ അറിയുമോ? നിണക്കു് ഒരു സുഖവും സന്തോഷവും തരുവാനാണു് എന്റെ വിചാരമെന്നു്. ഞാൻ അതിനുവേണ്ടി എനിയും എത്ര അദ്ധ്വാനിക്കാൻ ഭാവമുണ്ടെന്നു് വല്ലവിവരവും നിണക്കുണ്ടോ?

ഈ ചെറിയ ശകാരം, അഥവാ ഓർമ്മക്കുറിപ്പു് അവളുടെ ന്യായവിചാരത്തെ ഉണർത്തി. അവർ ഇരുവരും സ്ക്കൂൾ മുറിയുടെ വെള്ള ഏണിപ്പടി ഇറങ്ങുകയായിരുന്നു. ഭാർഗ്ഗവിഅമ്മ തിരശ്ശീലയിൽ മറഞ്ഞു് അവരെ മതിവരാത്തവിധത്തിൽ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അതും പൊന്നി മനസ്സിലാക്കിയിരുന്നു. എന്നാലും അവൾ അതു് പുല്ലോളം ഗണ്യമാക്കിയിരുന്നില്ല. അവൾ ആ മഹാമനുഷ്യന്റെ കയ്യിന്മേൽ അവളുടെ ലോലമായ കരം ഒന്നു് വെച്ചിരുന്നു. എന്നിട്ടു് അദ്ദേഹത്തിന്റെ മുഖത്തിന്മേൽ ഒരു അപേക്ഷാഭാവത്തോടെ നോക്കിയിരുന്നു.

പൊന്നി:
എന്റെ പൊന്നങ്ങുന്നേ! ഞാൻ നിങ്ങളെ സങ്കടപ്പെടുത്തി എന്നു് തോന്നുന്നു. ഞാൻ ചെറുനിലയിൽ ഒരു മെരുവാണു്. അഥവാ ഒരു കടിക്കുന്ന ഒരു പട്ടിയാണു്. ഒരുസമയം ഞാൻ അതൊന്നുമല്ല എന്നു് നിങ്ങൾ പറഞ്ഞേക്കാം. എന്നാലുംകൂടി എന്നെ ഒരു തറവാട്ടുകാരത്തിയാക്കാൻ ഞാൻ വിചാരിച്ചാലും—എന്തിനുപറയുന്നു. നിങ്ങൾ വിചാരിച്ചാലുംകൂടി സാധിക്കുകയില്ല.

ഇതു് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ പെട്ടെന്നു് വെള്ളം നിറഞ്ഞു. എന്നാലുംകൂടി അവൾ ധൈര്യം അവലംബിച്ചു് അതിനെ അവിടെത്തന്നെ ഉണക്കി. അവൾ അദ്ദേഹത്തിന്റെ സുഖകരമായ കാറിൽ അദ്ദേഹത്തിന്റെ ശരീരം ഉരസിക്കൊണ്ടു് സന്തുഷ്ടയായിട്ടിരുന്നു.

പൊന്നി:
അങ്ങുന്നേ! എന്റെ അപരാധം മാപ്പാക്കണം. മേലാൽ ഞാൻ അങ്ങിനെ ചെയ്കയില്ല. ഞാൻ ഒരു കുരയ്ക്കുന്ന പട്ടിയാകയില്ല.
കൃ. നാ.:
ചെറിയകുട്ടീ! ശരിതന്നെ അതിനെപ്പറ്റി ഇനി ഒന്നും കീർത്തിക്കേണ്ട. അത്തലയ്ക്കു് മണ്ണിട്ടുകളയൂ.

നായർ അദ്ദേഹത്തിന്റെ മോഫിയറോടു് ഒരുവാക്കു് പറഞ്ഞപ്പോൾ, കാർ ഒരു ശബ്ദവും പുറപ്പെടുവിച്ചു് ഓടാൻ തുടങ്ങി. പൊന്നിക്കു് അവളുടെ അസൂയയും ദുസ്വഭാവവും വിചാരിച്ചു് കരച്ചിൽവന്നു. കൃഷ്ണൻനായരാകട്ടെ, ബുദ്ധിക്കു് വയനാടൻകോട്ടയുടെ ആവരണം വന്നുപോയപോലെ ലളിതയുടെ പേർ പൊന്നി പറഞ്ഞതു് എന്തിനായിരിക്കുമെന്നറിയാതെ—ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ഒരാളെപ്പോലെ ആശ്ചര്യപ്പെട്ടു. അദ്ദേഹം അവളുടെ ഇടത്തുകൈത്തണ്ടു് മൃദുവായി ഒന്നുപിടിച്ചു.

കൃ. നാ.:
ഇതു് ഒന്നാന്തരം വളയല്ലൊ! ഇതും ഒരു പിറന്നാൾ സമ്മാനമായിരിക്കുമോ?
പൊന്നി:
അതെ. ഇതു് രാമാനുജൻരാജാവു് എനിക്കു് അയച്ചുതന്നതാണു്. അദ്ദേഹത്തിന്നു് എന്നോടു് അത്രത്തോളം ദയതോന്നിയതും നന്നായി. ഇതിന്റെ കൊത്തുപണി ലൈസ്പോലെ മെച്ചമായിരിക്കുന്നു. എന്നാൽ ഇതു് ശുദ്ധസ്വർണ്ണമാണുതാനും.

അവൾ പറഞ്ഞപോലെ അതിൽ പ്രകാശിച്ചിരുന്നതു് ആരേയും വിസ്മരിക്കത്തക്കവണ്ണം മനോഹരവും സ്പഷ്ടതരവുമായിരുന്നു. ഒരു ഒന്നാന്തരം തട്ടാനുമാത്രമെ അങ്ങിനെ ഒന്നു് പണിതുതീർക്കാൻ സാധിക്കുമെന്നതും നിശ്ചയമായിരുന്നു.

കൃ. നാ.:
(സന്തോഷമില്ലാതെ) നീ ഇപ്പോഴും രാജാവിനെ കാണാറുണ്ടോ?

ലക്ഷ്മിഅമ്മ, രാജാവു് അവിടെ വന്നിരുന്ന വിവരം കൃഷ്ണനായരോടു് പറഞ്ഞുകൊടുത്തിരുന്നു. എന്നാൽ ആ കള്ളത്തി ഒരു കാര്യം കല്പിച്ചുകൂട്ടി പറയാതെ ഇരുന്നിരുന്നു. അവൾ പൊന്നിപഠിക്കുന്ന സ്ക്കൂൾ ഏതാണെന്നു് അദ്ദേഹത്തോടു് പറഞ്ഞുകൊടുത്ത പരമാർത്ഥം മാത്രം.

പൊന്നി:
ഞാൻ ഒന്നോരണ്ടോ പ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടുണ്ടു്.
കൃ. നാ.:
സ്ക്കൂളിൽ ചേർന്നതിൽപ്പിന്നെയോ?
പൊന്നി:
അതെ. അദ്ദേഹം വന്നപ്പോളൊക്കെ ഭാർഗ്ഗവിഅമ്മ അയാളെ ചായയ്ക്കു് ക്ഷണിച്ചു് അവിടെ ഇരുത്തിച്ചു. അയാൾ നിങ്ങളുടെ ഒരു ചങ്ങാതി എന്നു് പറഞ്ഞിട്ടാണു് അങ്ങിനെ ഇരുത്തിയതു്. ആ തള്ളയ്ക്കു് എന്നുവേണ്ട ആ സകല പെൺകുട്ടികൾക്കും അയാളെ വളരെ സ്നേഹമായിരുന്നു. പിന്നെ ഒരിക്കൽ അയാൾ വന്നപ്പോൾ അയാളുടെ പാട്ടിന്റെ താളത്തോടു് യോജിച്ചു് എന്നോടു് വീണവിളിക്കാൻ പറഞ്ഞു. എന്നതിൽപ്പിന്നെയാണു് അയാൾ ഇത്ര മനോഹരമായ ഒരു സമ്മാനം എനിക്കയച്ചതു്.

ഇതു് കേട്ടപ്പോൾ കൃഷ്ണൻനായർ ഒരു രസികതയില്ലാത്ത ചെറിയ ചിരിചിരിച്ചു.

കൃ. നാ.:
അയാൾ അവിടേയും ഒരു ജനസ്വാധീനമുള്ള ആളാണു്. പെണ്ണുങ്ങളുടെ ഇടയിൽ പ്രത്യേകിച്ചും അങ്ങിനെയാണു്.
പൊന്നി:
നിങ്ങൾക്കു് അദ്ദേഹത്തെ ഇഷ്ടമില്ലേ.
കൃ. നാ.:
വലിയ ഇഷ്ടമൊന്നുമില്ല. ഇത്രത്തോളം ഞാൻ പറയുന്നതു് നീ ഇങ്ങിനെ കുത്തിച്ചോദിച്ചതുകൊണ്ടു് മാത്രമാണു്.

തുറന്നുപറയുക എന്നതു് കൃഷ്ണൻനായരുടെ ഗുണമൊ അഥവാ നീതിനിപുണന്മാരുടെ അഭിപ്രായത്തിൽ ഒരു വലിയ ദോഷമോ ആയിരിക്കും. ഈ കാര്യത്തെപ്പറ്റി രാജാവിനോടു് ഒന്നും നല്ലവണ്ണം സംസാരിക്കണം എന്നു് നായരും ഉറച്ചു. നായർ ഒരു ശുദ്ധനായ്പോയതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ ധൈര്യത്തിന്നു് ഒട്ടും കുറവില്ലായിരുന്നു. പൊന്നി അവളുടെ മനോഹരമായ കങ്കണം സങ്കടഭാവത്തോടെ ഒന്നുനോക്കി.

പൊന്നി:
രാജാവു് വളരെ നല്ല ആളാണു്. എത്രയോ ഉദാരശീലനുമാണു്. എന്നാലുംകൂടി നിങ്ങൾക്കു് അങ്ങിനെ തോന്നുന്നപക്ഷം എന്റെ വള അയാൾക്കു് ഇപ്പോൾത്തന്നെ മടക്കിഅയയ്ക്കാൻ ഞാൻ ഒരുക്കമാണു്.
കൃ. നാ.:
എന്തുകാര്യത്തിന്നു്? നീ അതുവെച്ചുകൊൾക. നിന്റെ പിറന്നാളിന്നു് നിണക്കു് ഒരു സമ്മാനം തരാൻ അയാൾക്കും അധികാരമില്ലേ!

ഇവരുടെ സവാരി ഇങ്ങിനെ ഒരു കർക്കശസംഭാഷണത്തിലാണു് ആരംഭിച്ചതു്. ആ പുരുഷനും സ്ത്രീയും കേവലം പൊരുളിച്ചതേ ഇല്ലായിരുന്നു. രണ്ടാളുടെ ഹൃദയവും വ്യസനംകൊണ്ടു് ഇരുളിപ്പിടിച്ചിരുന്നു. രണ്ടാളും അവരവരുടെ ഹൃദയത്തിലെ രഹസ്യം മുറുക്കനെ അടക്കിപ്പിടിച്ചിരുന്നു. അഭിമാനം രണ്ടുപേർക്കും തുല്യമായിരുന്നു. സമാധാനമായി ഒരൊറ്റ വാക്കു് ആരെങ്കിലും ഒരാൾ പറഞ്ഞാൽമാത്രം മതിയായിരുന്നു. എന്നാൽ അവരുടെ ഭാവിജീവിതം എത്ര പ്രമോദകരമായിരുന്നു. ഒരു ചില്ലറവെളിപ്പെടുത്തൽ അതു് എത്ര ശക്തിമത്താണു്. ഒരു ചില്ലറമറവു്—അതു് എത്ര അകന്നതായ്പോകുന്നു. എന്തിനുപറയുന്നു അവർ രണ്ടാളും അവരവരുടെ മനഃസ്ഥിതിയെപ്പറ്റി സമാധാനമായി യാതൊന്നും വിവരംപോലെയോ വിവരിച്ചോ പറഞ്ഞില്ല.

മോട്ടോക്കാർ അതിന്റെ ദ്രുതഗതിയോടെ കുതിച്ചുകൊണ്ടിരുന്നു. അവർ ഓരോ നിസ്സാരകാര്യങ്ങളെപ്പറ്റി മാത്രം സംസാരിച്ചുകൊണ്ടിരുന്നു. ഓരോരുവർക്കു് താന്താങ്ങളെപ്പറ്റിയും അടുത്തുള്ളവരേപ്പറ്റിയും അതൃപ്തി ഉണ്ടായി. പൊന്നി അവളുടെ സ്ക്കൂൾജീവിതത്തെപ്പറ്റിയും, ബാക്കിയുള്ള സഹപാഠികളെപ്പറ്റിയും, അവളുടെ സംഗീതത്തെപ്പറ്റിയും, അവളുടെ ആഗ്രഹത്തെപ്പറ്റിയും പറഞ്ഞു. അദ്ദേഹം പറഞ്ഞതു് ആദ്യം തന്റെ വിനോദങ്ങളെ—വിനോദസിദ്ധിക്കുവേണ്ടിച്ചെയ്ത ഏർപ്പാടുകളെ—മാത്രമായിരുന്നു. പിന്നീടു് നിരാധാരരായ മാനുഷ്യരെപ്പറ്റിയായിരുന്നു. അഗതികളായ നഗരവാസികളെക്കുറിച്ചായിരുന്നു. അവർക്കുവേണ്ടി പ്രതിഫലേച്ഛയില്ലാതെ അദ്ദേഹം ചെയ്ത പണച്ചിലവുള്ള കർമ്മങ്ങളെപ്പറ്റിയും കൂടിയായിരുന്നു. എന്നുമാത്രമല്ല നിയമനിർമ്മാണസഭയിൽ ഒരു മെമ്പറായിച്ചെല്ലാനും, അവിടന്നു് അഗതികൾക്കു് ഉദ്ധാരണമാർഗ്ഗം ഉണ്ടാക്കിക്കൊടുപ്പാനും മറ്റുമായിരുന്നു.

രണ്ടാളും അടുത്തിരിക്കുന്നവരുടെ സംസാരം ശ്രദ്ധയോടും ബഹുമാനത്തോടും കേട്ടു. എന്നാൽ അവരുടെ സവാരിയും അവസാനിച്ചു. അവർ എത്തേണ്ട ദിക്കിൽ എത്തിയപ്പോൾ രണ്ടാളും ഉള്ളാലെ സന്തോഷിച്ചു. ഇതു് വിനോദത്തിനുവേണ്ടി അദ്ദേഹം കണ്ടുപിടിച്ച ഒരു പുഴയോരത്തെ കിഴുക്കാംതൂക്കായ വഴിയായിരുന്നു. അവർ അവിടെ ഇറങ്ങി. മോഫിയർ ലഘുഭക്ഷണങ്ങളുടെ കൊട്ടയുംപേറി അവരെ പിന്തുടർന്നിരുന്നു.

കൃ. നാ.:
നഗരത്തിൽ ഇങ്ങിനെയും ചില ഭംഗിയുള്ള ഭാഗങ്ങളുണ്ടു്.
പൊന്നി:
കൗതുകം ജനിച്ചുപോകുന്ന ഭാഗങ്ങൾ.

അവൾ മിനുസമായും, മൃദുവായും, മർമ്മരജനകമായും ഒഴുകുന്ന ആ ചെറിയ പുഴയുടെ ഓവുപാലത്തിന്റെ ചോടെകൂടെ ഒഴുകുന്ന വെള്ളത്തിന്റെ സ്പടികത നോക്കി. പിന്നെ അവർ ചെന്നുകേറിയതു് നായരുടെ വിശാലമായ തെക്കിനിമാളികയുടെ പറമ്പത്തായിരുന്നു.

കൃ. നാ.:
(മന്ദസ്വരത്തിൽ) ഇതിന്റെ പേർ ദ്വാരക എന്നാണു്. നിന്നെ ഇതുമായി പരിചയപ്പെടുത്തിയാൽ എന്നെപ്പോലെത്തന്നെ നീയും ഇതു് ഇഷ്ടപ്പെടും. ഈ സുന്ദരമായ ദിക്കു്—പുരാണവും ചരിത്രസംബന്ധമായും കേൾവിപ്പെട്ട ഈ ദിക്കു്, എനിക്കു് ഒരു ആരാധ്യദിക്കാണെന്നു് നീ മനസ്സിലാക്കണം.

ഇദ്ദേഹത്തിന്റെ എസ്റ്റേറ്റിന്റെ അതിരായ പുഴയിൽക്കൂടെ ഒരു പിക്ക്നിക്ക് എടുപ്പാനാണു്. അദ്ദേഹം മുൻകൂട്ടി ഒരു വിനോദബോട്ട് ഏർപ്പെടുത്തിവെച്ചിരുന്നതു് അവളെ അതിന്റെ കൊമ്പിന്മേൽ നിരത്തിവെച്ചിരുന്ന കുഷ്യനിൽ എത്രയോ ഭദ്രമായി കൊണ്ടയിരുത്തി. കൊട്ട മോഫിയരോടു് വാങ്ങി നായർ അവനെ മടക്കി അയച്ചു. എന്നിട്ടു് അതിൽനിന്നു് ഒരു പെട്ടി ചോക്കളെയിട്ടു് എടുത്തു് അവളുടെ കയ്യിൽ കൊടുത്തു. അയാൾ തണ്ടുപിടിച്ചു് തന്റെ ശക്തിയേറിയ കൈകളെക്കൊണ്ടു് ബോട്ടുനടത്താൻ തുടങ്ങി.

പൊന്നി:
എന്തൊരു കൗതുകം.

ഒഴുകുന്ന വെള്ളത്തിൽ അവൾ തന്റെ ലോലമായ ഒരു കൈപ്പടംമുക്കി. വെള്ളത്തിന്റെ പതയ്കുകൂടി അവളുടെ കയ്യുടെ വെണ്മയെ ജയിക്കാൻ സാധിച്ചില്ല. ഇവരെപ്പോലെ നഗരത്തിൽനിന്നു് മറ്റാരും ബോട്ടിൽ യാത്രചെയ്ക എന്ന വിനോദത്തിന്നു് ഏർപ്പെട്ടിരുന്നില്ല. അതുകൊണ്ടു് ചുറ്റുവട്ടം മുഴുവനും വളരെ ശാന്തമായിരുന്നു. രണ്ടുകരയിലും ഉണ്ടായിരുന്ന ചെടികളിൽനിന്നും ലതപടർന്ന വൃക്ഷങ്ങളിൽനിന്നും പക്ഷികൾ പാട്ടുപാടിക്കൊണ്ടിരുന്നു. ചില സമയത്തു് വാനമ്പാടി എന്നു് തെറ്റായി പേർകൊടുക്കപ്പെട്ട ഒരുതരം വാലൻകുട, അഞ്ചെട്ടടി മേലോട്ടുപറന്നു്, പാട്ടും പാടിക്കൊണ്ടു് ചിറകടിച്ചു് കീഴെ പതിച്ചുകൊണ്ടിരുന്നു. ഈ മാതിരി പലകാഴ്ചകൾകൊണ്ടു് ഇവരുടെ കണ്ണുകൾ കുളുർക്കുകയും, ഗാനംകൊണ്ടു് ചെവികൾ തൃപ്തിപ്പെടുകയും ചെയ്തു. ആകാശത്തിന്റെ കണ്ണുകൾപോലെ ഇരിക്കുന്ന നക്ഷത്രങ്ങൾ ഈ കാഴ്ചകാണ്മാൻവേണ്ടിയെങ്കിലും എന്താണുപോലും ഉണരാത്തതു്. അഥവാ അവരുടെ തിളക്കത്തിന്നും ഒരു പ്രത്യേകസമയവും നിയമവും ഈശ്വരൻ വെച്ചുകൊടുത്തിട്ടുണ്ടായിരിക്കും.

പൊന്നി അവളുടെ മൃദുതലയണകളുടെമേൽ ചാരിക്കിടന്നു. എന്നിട്ടു് ചുറ്റുവട്ടത്തിൽനിന്നു് ശോഭിക്കുന്ന പ്രകൃതിവിലാസത്തിൽ മുഴുകിപ്പോയപോലെ ഇടത്തുംവലത്തും മതിവരാത്തവിധത്തിൽ നോക്കിത്തുടങ്ങി. കൃഷ്ണൻനായർ ഒരു ഹൃദയംഗമനായ ചങ്ങാതിയെപ്പോലെ വർത്തിച്ചിരുന്നു. അദ്ദേഹം പണ്ടത്തെ പുരുഷകുഞ്ജരന്മാരെപ്പറ്റി നടപ്പുണ്ടായിരുന്ന പല കഥകളെക്കൊണ്ടും അവളെ രസിപ്പിച്ചു. തന്റെ എസ്റ്റേറ്റിന്റെ ഭംഗി ആ കഥകളുടെ ഭംഗിയിൽ പ്രതിബിംബിച്ചു. ചില കഥകൾ ഫലിതമയങ്ങളുംചിലവ ചിന്താകൃഷ്ടങ്ങളും, ചിലവ കൗതുകകരങ്ങളും ആയിരുന്നു. പണ്ടൊരുകാലത്തു് അവിടെ നാട്ടുരാജാക്കന്മാരുടെ താവളങ്ങളുണ്ടായിരുന്നുഎന്നും അതു് ക്ഷിപ്രകാലങ്കൊണ്ടു് അപ്രത്യക്ഷമായിരുന്നില്ലെന്നും, പലതലമുറകളോളം പരിപാലിച്ചു് പോന്നിരുന്ന ഒരു സമയവ്യയമായിരുന്നു എന്നും, അവളുടെ കണ്ണുകൾ തുറന്നുപോകുംപ്രകാരം പറഞ്ഞു് മനസിലാക്കിക്കൊടുത്തു. ചില രാജാക്കന്മാരുടേയും ഒരു പ്രസിദ്ധറാണിയുടേയും ശയ്യമടക്കിയതാണെന്നു് വിചാരിച്ചുപോന്നിരുന്ന ദിക്കുകളും അവൾക്കു് ചൂണ്ടിക്കാണിച്ചുകൊടുത്തു.

പൊന്നി:
എനിക്കു് ഒരു രാജധാനികാണ്മാൻ ആഗ്രഹമുണ്ടു്.
കൃ. നാ.:
ഇന്നു് അതിന്നു് തരമില്ല. നമുക്കു് ഒരു പ്രത്യേകദിവസം അതിനു് നിയോഗിക്കേണ്ടിവരും. വരുന്ന ആഴ്ചയിൽ ഒരുദിവസം പോകുന്നതിന്നു് നിണക്കു് വല്ല വിരോധവുമുണ്ടോ?
പൊന്നി:
നാളെ ഞാൻ കാരാപുരത്തു് പോകേണ്ട ദിവസമല്ലേ? അതു് നിങ്ങൾ മറന്നോ?
കൃ. നാ.:
ശരി. ശരി. നീ ഇല്ലെങ്കിലും നിന്നെ ഞാൻ മറന്നുപോകയില്ല.
പൊന്നി:
എന്നെ നിങ്ങൾ മറന്നുപോകയില്ലെന്നോ?

ഇതു് പറഞ്ഞപ്പോൾ പൊന്നിയുടെ ചെള്ളകൾ തുടുത്തു. അവളെ മറന്നുപോകയില്ലെന്നോ? ഈ മനോഹരമനുഷ്യൻ നിസ്സാരയായ അവളെ മറക്കുകയില്ലെന്നോ? ഈ ഉദാരഹൃദയൻ ഗതിരഹിതയായ അവളെ ഓർമ്മിച്ചുകൊണ്ടിരിക്കുമെന്നോ? ഏതായാലും ഈ പരമാർത്ഥം കേട്ടപ്പോൾ അവൾക്കു് സന്തോഷവും തൃപ്തിയും ഉണ്ടായി. എന്നാലുംകൂടി അദ്ദേഹത്തിനെ തന്റെ വിചാരവിധിയിൽനിന്നു് അപ്രത്യക്ഷമാകുമ്പോളുള്ള സങ്കടം തന്നെ അദ്ദേഹത്തിന്നു് അപ്രകാരമായ സങ്കടം ഉണ്ടായിരിക്കയില്ലെന്നു് അവൾ നല്ലവണ്ണം അറിഞ്ഞു. അനുരാഗവിഷയത്തിൽനിന്നു് മനസ്സു് മറ്റൊരുവിധത്തിൽ പ്രചരിപ്പാൻ പുരുഷന്നു് വളരെ സൗകര്യങ്ങളുണ്ടു്. എന്നാൽ ഒരു സ്ത്രീക്കു് അനുരാഗമെന്നതു് തന്റെ ജീവിതസർവ്വസ്വമാണു്. അവളുടെ ഹൃദയത്തിൽ സ്ഥാപിച്ച ഒരു നിക്ഷേപം. അവളുടെ ബ്രഹ്മാണ്ഡം മുഴുവനും അതാണു്. ബ്രഹ്മാണ്ഡത്തിലെ സകല വിഷയങ്ങളും ആ സമുദ്രത്തിന്റെ വെറും പോഷകനദികൾ മാത്രമാണു്. അതിനോടു് നോക്കുമ്പോൾ മറ്റുള്ളതൊക്കെ വെറും പൊന്തകളാണു്. ഇല്ലാത്തവസ്തുക്കളാണു്.

കൃഷ്ണൻനായർക്കു് ഒരു ദീർഘനിശ്വാസം ഉണ്ടായി. അവളുടെ കോലം മധുരവും ആഗ്രഹിക്കത്തക്കതും ആയിരുന്നു. അവളുടെ ചുരുളന്മുടികൾ പ്രത്യേകിച്ചു് വെളുത്ത നെറ്റിമേൽനിന്നു് നൃത്തംവെച്ചുകൊണ്ടിരിക്കുന്നവ. ചെറുശ്ശേരിനമ്പൂതിരി പറഞ്ഞപോലെ “വലിയമുടിയുടെ സന്താനങ്ങളായ പൂർണ്ണകുന്തളങ്ങൾ ഇളങ്കാറ്റു് മാടിവിളിച്ചപ്പോൾ നെറ്റിയാകുന്ന മുറ്റത്തിൽ വന്നു് തൂള്ളിക്കളിക്കുന്നോ” എന്നു് തോന്നും.

കറുപ്പും, വെളുപ്പും, ചുകപ്പും, വർണ്ണങ്ങളെക്കൊണ്ടു് ഇത്ര സുന്ദരമായ ഒരു രൂപം സൃഷ്ടിക്കാൻ യാതൊരു ചിത്രകാരനും സാധിക്കയില്ല. ജഗദ്വീശനു് മാത്രമേ സാധിക്കയുള്ളു. അനുരാഗംകൊണ്ടു് അവളുടെ കറുത്ത കണ്ണുകളുടെ ഛായ തെല്ലൊന്നു് ഭേദിച്ചിരിക്കുന്നു. കമാനംപോലെ വളഞ്ഞ അവളുടെ ചുകന്ന ചുണ്ടുകൾ അല്പം വ്യസനത്തിന്റെ ഛായ ധ്വനിപ്പിക്കുന്നുണ്ടെന്നു് തോന്നും. അതിന്റെ ശാന്തത, മന്ദമാരുതനാൽ ആന്ദോളിതമായ ഒരു തടാകനീരിന്നു് നേരിടുന്ന സ്പന്ദനംപോലെ മാറിവന്നിരുന്നു. അദ്ദേഹം ഒന്നാമതായി കണ്ടപ്പോൾ, വ്യസനരഹിതയും, ആനന്ദപൂർണ്ണയും ആയിട്ടു് അവളെ കണ്ടുമുട്ടിയപ്പോൾ കണ്ട കണ്ണുകളുടെ ലോകത്തിൽനിന്നു് ഭേദിച്ചുപോയിരുന്നു. അവൾ ദുർഭിക്ഷയും ഗൃഹജീവിതാരിഷ്ടതകളും ചെറുപ്പത്തിൽത്തന്നെ അനുഭവിച്ചവളായിരുന്നു. എന്നാൽ അനുരാഗത്തെപ്പോലെ അവളെ ആ ബാധകളൊന്നും ആകുലപ്പെടുത്തിയിരുന്നില്ല. അതൊക്കെ അവളുടെ മനസ്സു് തഴമ്പു് കേറ്റിപ്പിക്കയാണു്. അനുരാഗം അതു് മിനുസപ്പെടുത്തുന്നു.

ശുദ്ധനായ കൃഷ്ണൻനായർക്കു് മഞ്ഞാൽമറഞ്ഞപോലെ ഒരുതരം സ്പഷ്ടമില്ലാത്ത വിചാരം ഈ ഭേദത്തിന്റെ സ്സൂചന മാത്രമേ ഉണ്ടാക്കിക്കൊടുത്തിരുന്നുള്ളു. യുവതികൾ മനസ്സിലാക്കാൻ കഴിയാത്ത ചില നൂലാമാലകളുടെ കെട്ടുകളാണു്. പ്രത്യേകിച്ചു് പ്രായാധിക്യമില്ലാത്ത യുവതികൾ.

അദ്ദേഹം ബോട്ട് ഒരു കരയുടെ അടുക്കെ കൊണ്ടുനിർത്തി. എന്നിട്ടു് അവളുടെ അരികെ ചെന്നിരുന്നിട്ടു് ആ ലഘുഭക്ഷണക്കൊട്ട തുറന്നു്, അതിൽ പൊരിച്ച കോഴിക്കുട്ടികൾ, മാംസം പിരട്ടിയ റൊട്ടിച്ചീന്തുകൾ, കെയിക്ക്, പഴം എന്നുംമറ്റുമായിരുന്നു. തർമോഫ്ളാസ്കിൽ കാപ്പിയും വെർമുത്ത് എന്ന വൈനും ഉണ്ടായിരുന്നു. ദേവലോകത്തിലെ കാമുകന്മാർക്കുംകൂടി ഇത്ര മഹത്തായ അമൃതം കിട്ടാൻ ഇടയുണ്ടായിരുന്നില്ല. ശുദ്ധനായ കൃഷ്ണൻനായർ തുറന്നു് പറയേണ്ടുന്ന കാര്യം മങ്ങി മയങ്ങിയ രീതിയിൽ പറവാനെ ധൈര്യപ്പെട്ടുള്ളു.

കൃ. നാ.:
എന്റെ ചെറിയ പെൺകിടാവെ! എന്റെ ജീവിതകാലത്തിന്നു് എത്ര വ്യത്യാസമാണു് നീ ഉണ്ടാക്കിത്തരുന്നതു് എന്നു് നിണക്കു് മനസ്സിലായിട്ടുണ്ടോ?
പൊന്നി:
ഇല്ല സാറേ! അങ്ങിനെ വല്ലതും ഞാൻ ഉണ്ടാക്കിത്തരുന്നുണ്ടോ?

അവളുടെ പൊന്നേക്കാൾ ആഗ്രഹിക്കത്തക്കതോ അതിൽനിന്നു് പുറപ്പെട്ട ആ കോകിലനാദത്തിൽ അടങ്ങിയ ചോദ്യചിഹ്നത്തിന്റെ സാരം അയാൾക്കു് കേവലം മനസ്സിലായില്ല. ഈ ശുദ്ധയും, മധുരവും ആയ ഒരു പെണ്ണിന്റെ ഹൃദയം മനസ്സിലാക്കാൻ പുരുഷന്മാർ നിർഭാഗ്യവശാൽ വളരെ പരുപരുത്ത മനസ്കന്മാരും, കൂർമ്മത കുറഞ്ഞുപോയ ബുദ്ധിയുള്ളവരും മാത്രമാണു്. എന്നാൽ മുമ്പറഞ്ഞതിൽനിന്നു് വ്യത്യസ്തശീലമുള്ള പെണ്ണുങ്ങളെ, ദേവസ്ത്രീകളെപ്പോലെ ആരാധിക്കാൻ അവരുടെ ബുദ്ധി അതിശയമാകുംവണ്ണം കൂർമ്മയുള്ളതാണു്! പൊന്നി, സംസാരിക്കുന്നതിൻമുമ്പെ അവളുടെ കോലം, അവൾ പറയുന്നതെന്തായിരിക്കുമെന്നു് എഴുതിവെച്ചപോലെ സ്പഷ്ടമുള്ളതായിരുന്നു. അയാൾ, എന്തോ ഒരു അനിശ്ചിതോദ്ദേശനിവൃത്തിക്കായി അവളുടെ ചുമലിൽ കൈവെച്ചതു്, വളരെ ദയകാണിക്കുന്ന ഒരു രക്ഷകന്റെ നിലയിൽ മാത്രമായിരുന്നു.

കൃ. നാ.:
പൊന്നീ! നമ്മൾ എപ്പോഴും നല്ല ചങ്ങാതികളേപ്പോലെ പെരുമാറിക്കൊണ്ടിരിക്കണം.
പൊന്നി:
(മന്ദസ്വരത്തിൽ) അങ്ങിനെ ആകട്ടെ! സാറേ!

അവൾക്കു് അവളുടെ കണ്ണുകൾ ഉയർത്തി അയാളെ നോക്കുവാൻ ധൈര്യം വന്നില്ല. അതിന്റെ അടിയിൽ ഉറവുള്ള ഭാഗമുണ്ടെന്ന വിചാരം ആ കന്യകയെ വിട്ടൊഴിഞ്ഞില്ല. അതു് ഒരു ചില്ലറ കിക്കിളികൊണ്ടു് കാട്ടാറുപോലെ ഒഴുകിച്ചാലും എന്ന വിവരവുംകൂടി അവൾക്കുണ്ടായിരുന്നു. ആ ചില്ലറ പ്രോത്സാഹകാരണം അവൾക്കു് തത്സമയത്തു് സിദ്ധിച്ചിട്ടുമുണ്ടായിരുന്നു. അതു് അദ്ദേഹത്തിന്റെ നിഷ്കളങ്കത സൂചിപ്പിക്കുന്ന കണ്ണുകളിലും ദൃഢതകുറിക്കുന്ന വദനത്തിലും സ്ഥാപിതമാണെന്നു് അവൾക്കു് തോന്നി. എന്നാലും അനാവശ്യമായി വിഡ്ഢിത്തത്തിൽ ചാടരുതെന്ന ഒരു ശുദ്ധവിചാരവുംകൂടി അവളുടെ ഉള്ളിൽ മുളയ്ക്കാതിരുന്നില്ല. കരഞ്ഞിട്ടു് അവർ അനുഭവിച്ചു് വരുന്ന ഈ ഭാഗ്യദിവസത്തിന്റെ സുഖം അപഹരിപ്പാൻ അവൾ ഒരുങ്ങിയില്ല. അല്ലെങ്കിൽ ദിവസമോ, അയാൾ അവളെ വിനോദിപ്പിക്കാൻവേണ്ടി തിരഞ്ഞെടുത്ത ഒന്നായിരുന്നു. അദ്ദേഹം കാലതാമസം കൂടാതെ വേദവതി ലളിതയെ വിവാഹം കഴിപ്പിച്ചതിൽപ്പിന്നെ, ഇത്രത്തോളം രസകരമായി ഒന്നിച്ചു് കഴിക്കുവാൻ ദിവസങ്ങൾ ഉണ്ടായിരിക്കുകയില്ലെന്നും അവളുടെ അസൂയാകലുഷമായ ഹൃദയം മന്ത്രിച്ചുകൊടുത്തു. ഈ സമയത്തുകൂടി, അയാൾ ലളിതയെ വിവാഹം ചെയ്വാൻ ഉറപ്പാക്കിയ അവസരത്തിലുംകൂടി, തന്നെ ഈ മാതിരി വിനോദയാത്രയ്ക്കു് ഒന്നിച്ചുകൂട്ടിക്കൊണ്ടുപോകുന്നതു് എന്തിനായിരിക്കും എന്നു് ചിലപ്പോൾ അവൾക്കു് ദുർഗ്രാഹ്യമായ ശങ്കയും അങ്കുരിച്ചു. “ആ സ്ത്രീ” എന്നുമാത്രമായിരുന്നു ലളിതയുടെ മുഖം അവളെ ഓർമ്മപ്പെടുത്തിയിരുന്നതു്. എന്നാൽ ആ ബുദ്ധിമാനായ പടുവങ്കൻ അവളെ ഒരു ശിശുവേപ്പോലെ മാത്രമേ കരുതിയിരുന്നുള്ളു. ആ ‘ശിശു’വിന്റെ തൊണ്ടയിൽനിന്നു് ഒരു ആർത്തസ്വരം ജനിച്ചു. എന്നാൽ അവൾ അവളുടെ പറഞ്ഞാൽ കേൾക്കുന്ന വായ ശാന്തിയോടെ അടച്ചു് ആ ശബ്ദം പുറത്തു് വിടാതെ അടക്കിപ്പിടിച്ചു. എന്നതിൽപ്പിന്നെ അവളുടെ മനോഹരാംഗങ്ങൾ ഒന്നു് ശക്തിയോടെ പൊക്കിപ്പിടിച്ചു. അതിന്മേൽ സ്ഥാപിതമായിരുന്ന നായരുടെ കൈ തെറിപ്പിച്ചുകളഞ്ഞു. എന്തു് മനഃസ്ഥിതിയിലാണു് അവളെ ഇങ്ങിനെ നിർബ്ബന്ധിച്ചതെന്നു് അവൾക്കുതന്നെ മനസ്സിലായില്ല. അവൾ അന്ധാളിച്ചു.

പൊന്നി:
ഇന്നു് നമുക്കു് സസ്യപ്രദർശനസ്ഥലത്തു് പോകണം എന്നു് നിങ്ങൾ പറഞ്ഞിരുന്നില്ലേ?
കൃ. നാ.:
(പൊടുന്നനെ) അതെ. അതിന്നു് നമുക്കു് ഇനിയും വളരെ സമയമുണ്ടു്.

അതൊരു ദുർഗ്രാഹ്യമായ യുവതിയാണു് അവൾ. അവർ ഇരുന്നേടത്തെ കരയിലെ മരങ്ങളിൽക്കൂടി അനാവശ്യമായി തുള്ളിക്കളിക്കുന്ന അണ്ണാന്റെ ചേഷ്ടിതങ്ങളാണു് അവൾ വെളിപ്പെടുത്തിയതു്. യാതൊന്നും പറയാതെ അയാൾ ബോട്ട് മടക്കയാത്രയിലേയ്ക്കു് തിരിച്ചു. അയാൾ നിശ്ശബ്ദനായി തുഴഞ്ഞുതുടങ്ങി. കൃഷ്ണൻനായർക്കു് വ്യസനകരമായ ഇച്ഛാഭംഗമാണു് ഇവളോടു് ജനിച്ചുപോയതു്. പൊന്നിക്കാണെങ്കിൽ ഇദ്ദേഹത്തിനേയും വിട്ടുപിരിഞ്ഞു് ഒരു ഏകാന്തതയിൽ എത്തിയാൽ മതി എന്നൊരു വിചാരവും പിടിപ്പെട്ടു. എന്തിനുവേണ്ടി? സ്ത്രീകൾക്കു് സഹജമായി നേരിടുന്ന ഇച്ഛാഭംഗത്തെ ആരുമറിയാതെ വെളിപ്പെടുത്തുന്നതും ശാന്തപ്പെടുത്തുന്നതും ആയ ഒരൊന്നാന്തരം കരച്ചിൽ കരഞ്ഞിട്ടു് അദ്ദേഹത്തിന്റെ കൈ അവളുടെ ചുമലിൽനിന്നു് നിർദ്ദയം തെറിപ്പിച്ചു് കളഞ്ഞതുകൊണ്ടു് അയാൾക്കു് മുഷിച്ചൽ ഉണ്ടാക്കി എന്ന ബോധം അവളേയും ബാധിച്ചു. എന്നാലുംകൂടി അവൾ ഒരു നിസ്സാരമായതൊ, അവിവേകമായതോ ബുദ്ധിയോടുകൂടിയല്ല അങ്ങിനെ ചെയ്വാൻ നിർബ്ബന്ധിതയായതു്. അദ്ദേഹം മറ്റൊരു സ്ത്രീയുടെ ഉടമയാണെന്ന ബോദ്ധ്യം അവളെ ആകുലപ്പെടുത്തിയതുകൊണ്ടുമാത്രമാണു്. അവളോടു് അദ്ദേഹം കാണിച്ച അതിപരിചയമോ, സ്വാതന്ത്ര്യമോ അവളെ പരവശപ്പെടുത്തിയതു്. ഇങ്ങിനെ ലോകം എത്ര തെറ്റിദ്ധാരണകൾ പരിപാലിച്ചു് പോരുന്നുണ്ടെന്നു് ഈശ്വരന്നു് മാത്രമേ അറിയാവൂ.

അവർ കരയ്ക്കിറങ്ങേണ്ടേടത്തു് എത്തിയപ്പോൾ, അവളെ ഇറക്കുവാൻ നായർ ഒരുമ്പെടുന്നതിനു് മുമ്പെതന്നെ, അതു് അവൾക്കു് അനാവശ്യമെന്നു് തോന്നിപ്പിക്കുംപ്രകാരം അവൾ ബോട്ടിൽനിന്നു് തീരത്തേയ്ക്കു് കൂസലില്ലാതെ ചാടി. ഇതുകണ്ടപ്പോൾ പിന്നേയും ആ ഉദാരഹൃദയന്റെ ഉള്ളിൽ ഒരു ഇച്ഛാഭംഗം ഉണ്ടായി. ഒരു പെൺചങ്ങാതിക്കുവേണ്ടി അവളെ ഇഷ്ടപ്പെടുന്ന ഒരു ആണിന്നു് ഈ മാതിരി ചില ചില്ലറ സഹായസഹകരണങ്ങൾ ചെയ്യുന്നതു് ഒരു മോദകരകർമ്മമായിരുന്നു. അവളുടെ ആ അതിസ്വാതന്ത്ര്യബുദ്ധി—എന്നുവെച്ചാൽ അയാൾ തനിക്കു് ഒരു ഒഴിച്ചുകൂടാത്ത സഹായി അല്ലെന്നു് സൂചിപ്പിച്ച ബുദ്ധി അദ്ദേഹത്തിന്നു് തിക്തകംകഷായത്തേക്കാൾ ദുസ്സഹമായി തോന്നി.

ശരീരസുഖം പരിപൂർത്തിയായി വിളങ്ങുന്ന ഒരു യുവതീരത്നത്തിന്നു് ഒരു ഒഴുകുന്ന തോണിയിൽനിന്നോ, ഓടുന്ന ബസ്സിൽനിന്നോ ചാടുന്നതു് ഒരു സാഹസമായിപ്പോയെന്നു് വിചാരിക്കുന്നതും അബദ്ധമാണു്. ഇപ്പോഴത്തെ പെൺകുട്ടികൾക്കു് സൈക്കിളിന്മേൽ കേറുന്നതിന്നും, ചിലപ്പോൾ കുതിരപ്പുറത്തു് കേറുന്നതിന്നുംകൂടി ആണിന്റെ പിൻതുണ ആവശ്യമില്ല. എന്നാൽ ഒരു ആണിന്റെ സഹായത്തിന്നു് അനാവശ്യമാണെങ്കിലുംകൂടി ഒരു ആണിന്നു് വഴിപ്പെട്ടുകൊടുക്കുന്നതു് അവൾ കാണിക്കുന്ന ഒരു പ്രേമലക്ഷണം മാത്രമാണു്. അങ്ങിനെ ആണുങ്ങൾ പരിപാലിച്ചുപോരുന്ന ഒരു വിശ്വാസം തൃണപ്രമാണമാക്കി ഒരുവൾ വലിച്ചെറിഞ്ഞു് കളയുന്നതു് ആണിന്റെ ഡംഭിന്നും, ആധിപത്യത്തിന്നും ഹാനികരമായ ഒരു കാര്യമാണു്.

പുഴക്കരയിൽനിന്നു് അസാരം മേലോട്ടുകേറിച്ചെന്നപ്പോൾ അവരുടെ മോട്ടോർക്കാർ നിർത്തിയിരുന്ന സ്ഥലത്തെത്തി. മോഫിയർ അവരുടെ വരവും പ്രതീക്ഷിച്ചുനില്ക്കുകയായിരുന്നു. “സസ്യപ്രദർശനദിക്കു്” എന്നുമാത്രം അവനോടു് കൃഷ്ണൻനായർ മന്ത്രിച്ചു. ആ ദിക്കു് പുഴക്കരയിലെപ്പോലെ ഇവൾക്കു് സുഖകരമായിത്തീരുമോ എന്നുകൂടി കൃഷ്ണൻനായർക്കു് ഒരു ശങ്കയുണ്ടാക്കി. എന്തുകൊണ്ടെന്നാൽ അദ്ദേഹത്തിന്നു് ശാന്തരസം നല്കിയതു് ആ പുഴത്തീരമായിരുന്നു.

അവൾ കാട്ടിയ അനാശ്വാസം, അതൃപ്തിയാണെന്നു് അയാൾ വ്യാഖ്യാനിച്ചു. അയാൾ ഒരുനാളത്തെ സുഖത്തിന്നുവേണ്ടീ ചിലവഴിച്ച പണവും പ്രയത്നവും അവൾക്കു് വിരസമായിവന്നു എന്നുതോന്നി. പ്രകൃതിയുടെ ലളിതമായ രാമണീയകത അനുഭവരസത്തോടുകൂടെ കൊണ്ടാടുവാൻ അവൾക്കു് അസാദ്ധ്യമായ്പോയല്ലൊ എന്ന വിവരം അദ്ദേഹത്തിന്നു് നൈരാശ്യം ഉണ്ടാക്കി. എന്നാൽ അവളുടെ യഥർത്ഥ വിചാരം ഈ മഹാമനുഷ്യൻ വല്ലതും മനസ്സിലാക്കിയോ? ആ പുഴക്കരയിൽവെച്ചു് കഴിഞ്ഞ രണ്ടുമണിക്കൂർ ദീർഘമായ സല്ലാപം അവളുടെ ദേഹത്തിന്നു് രോമാഞ്ചം ഉണ്ടാക്കിയിരുന്നു.

അഹോ! ഈ രണ്ടു് കമനീകമനന്മാർ! അന്യോന്യം മനസ്സിലാവാതെ എത്രത്തോളം വിപരീതബുദ്ധി കൈക്കൊള്ളേണ്ടിവന്നു.

മനുഷ്യരുടെ ദുരവസ്ഥയ്ക്കു് കാരണമായിനില്ക്കുന്നതു് ദ്രവ്യമാണെന്നു് ചില നീതിനിപുണന്മാർ പറയുന്നതു് എന്റെ അഭിപ്രായത്തിൽ അതു് തെറ്റിദ്ധാരണ ഒന്നു് മാത്രമാണു്.

കൃ. നാ.:
നിണക്കു് പട്ടണത്തിലുള്ള നാടകസംഘങ്ങളിൽ ഒന്നിൽ ഏർപ്പെടേണമെന്നു് ആഗ്രഹമുണ്ടോ?

അവൾക്കാകട്ടെ ഈ ചോദ്യം വിഡ്ഢിത്തവും വ്യർത്ഥവുമാണെന്നു് തോന്നി. സംസാരിക്കുന്ന നിമിഷത്തിൽ സംസാരിക്കുന്നവന്റെ ഉദ്ദേശം മനസ്സിലാകാതെപോയാൽ എല്ലാവർക്കും തോന്നുന്നതു് ഇങ്ങിനെതന്നെയായിരിക്കും. ഏതായാലും അവളെ തല്ക്കാലം ഓർമ്മപ്പെടുത്തിയതു് പ്രകൃതിയുടെ രാമണീയകംമാത്രം ആയിരുന്നു.

പൊന്നി:
പട്ടണത്തിലുള്ള വല്ലതിലും ഏർപ്പെടണമെന്നു് എനിക്കു് ആഗ്രഹമില്ല. എന്തിന്നു് ഇന്നത്തെ ഈ ഏർപ്പാടു് പരിപൂർണ്ണമായ ഒന്നാണെന്നു് എനിക്കു് തോന്നുന്നു. ഈശ്വരൻ ഈ വൃക്ഷങ്ങളേയും ചെടികളേയും പുഷ്പങ്ങളേയും നിരത്തിനിർത്തിച്ചമാതിരി കാണുന്നില്ലേ. പിന്നെ ഈ പുല്ലിന്റെ പടർപ്പോ? ഒരു വില്ലുസിന്റമേൽ നടന്നതിലും കവിഞ്ഞ സുഖം എനിക്കു് ഉണ്ടാക്കിത്തരുന്നു. ഇതു് ചവിട്ടുമ്പോൾ ഒരു സ്പ്രിങ്ങിന്മേൽ ചവിട്ടുമ്പോലെ ഞാൻ ആനന്ദംകൊണ്ടു് മേലോട്ടു് തുള്ളിപ്പോകുന്നു.

ഒന്നാന്തരം രീതിയിൽ സൂക്ഷിക്കപ്പെട്ടുവെച്ച ഈ തോട്ടത്തിൽക്കൂടെ നടക്കുമ്പോൾ അവൾക്കു് ഇങ്ങിനെയൊക്കെ തോന്നി. അവളുടെ ചങ്ങാതിയെപ്പോലെ നടന്നിരുന്ന കൃഷ്ണൻനായരുടെ ദുശ്ശീലം ശമിച്ചു. അദ്ദേഹം പണ്ടേപ്പോലെയുള്ള ഒരു മനുഷ്യനായിത്തന്നെത്തീർന്നു.

കണ്ണാടിച്ചില്ലകളുടെ മദ്ധ്യത്തിൽ പരിരക്ഷിക്കേണ്ടിവന്നിരുന്ന പല ചെടികളുടേയും ഭംഗി അവർ കണ്ടു. അവർ ചിലസമയത്തു് മുറപോലെതോന്നുന്ന, ഏണിപ്പടികൾ കയറി അവിടെ എത്തിച്ചേർന്നു. വിശാലമുറികളിൽ സ്ഥാപിതസാധനങ്ങളേയുംകണ്ടു്, അവർ സ്ക്കൂൾപഠിക്കുന്ന രണ്ടു് ശിശുക്കളെപ്പോലെ അർത്ഥമില്ലാതെ ചിരിച്ചു. അവിടെ നട്ടിരുന്നതു് ആഫ്രിക്കയിലെ ചില ഈത്തപ്പനകളായിരുന്നു. അതിന്നുവേണ്ടുന്ന ദുസ്സഹമായ ഉഷ്ണപരിതഃസ്ഥിതി ഈ കൂട്ടരെ വിയർപ്പിച്ചു. പിന്നെ ചില ചെറിയ വിശാലവൃക്ഷങ്ങളുടെ ശീതളവീഥിയിൽക്കൂടെ ഇവർ രണ്ടുപേരും സഞ്ചരിച്ചു. പുഴയുടെ ഓരത്തു് വളരുന്ന ഏടാക്കൂടാവേർപ്പടർപ്പു് തികഞ്ഞ വൃക്ഷങ്ങളെ അങ്ങിനെയുള്ള പരിതഃസ്ഥിതിയിൽ വെച്ചു് കണ്ടിട്ടു് അവർ ആശ്ചര്യപ്പെട്ടു. നാരച്ചെടികളുടെ അദൃഷ്ടാകർഷണസ്വഭാവത്തിൽ അടിമകളായി അവർ അവറ്റയുടെ ഇടയിൽ വളരെനേരം നിന്നു. ആ പുഷ്പങ്ങളുടെ സൗരഭ്യം അവർ, ദേവസ്ത്രീകളേക്കാൾ ആനന്ദത്തോടെ അനുഭവിച്ചു. ഗോട്ടിപോലെ ചെറിയ നാരങ്ങകൾ, പന്തുപോലെ വലിയ നാരങ്ങകളാവാൻ ഉദ്യമിക്കുന്ന ചെറിയ കിടാങ്ങൾ അവരുടെ കാഴ്ചയ്ക്കു് കുളുർമ്മ ഉണ്ടാക്കി. പാലപ്പൂക്കളും, ചെമ്പകപ്പൂക്കളും, ബദാപൂക്കളും കണ്ടപ്പോൾ പൊന്നിക്കു്, കൃഷ്ണൻനായർ സമ്മാനിച്ച ചില ജാപ്പാൻകാർ വരച്ച ചിത്രങ്ങളെ ഓർമ്മപ്പെടുത്തി. പൊന്നിയുടെ ചിന്താഭൂയിഷ്ടമായ മനസ്സിൽ കൗതുകകരവും ഉൽകൃഷ്ടതരവുമായ ചില നവീനരാജ്യങ്ങളുടെ ചിത്രങ്ങൾ സവർണ്ണവും, സാനുകൂലസംഭവപര്യാപ്തവുമായ ദിക്കുകളുടെ പടങ്ങൾ, ആ അന്യരാജ്യപുഷ്പങ്ങളുടെ വെണ്മകൾ ചിത്രീകരണംചെയ്തു. അവളുടെ നിശ്വാസംതന്നെ അടഞ്ഞുപോയൊ എന്നുതോന്നി.

പൊന്നി:
സാറേ! എനിക്കു് അന്യരാജ്യങ്ങൾ കാണ്മാൻ വളരെ ആഗ്രഹമുണ്ടു്. എത്രഗതിയില്ലാത്തവരുംകൂടി കാവിവസ്ത്രവും ഉടുത്തു് ഇരന്നുകൊണ്ടു് വളരെ ദൂരദിക്കുകളിൽക്കൂടി സഞ്ചരിക്കുന്നുണ്ടു്.

പൊന്നി ഒരു ചങ്ങാതി മാത്രമായി അന്യരാജ്യങ്ങളിൽ സഞ്ചരിക്കുന്നതു് എത്ര പുണ്യവും ഭാഗ്യവുമായിരിക്കുമെന്നു് കൃഷ്ണൻനായർ തത്സമയത്തു് നല്ലവണ്ണം മനസ്സിലാക്കി.

കൃ. നാ.:
അതിനെന്താ വിരോധം? നീ ഒരു സുശീലയായ പെണ്ണായാൽ.

പണ്ടു് പലരാജാക്കന്മാരും അധിവസിച്ചിരുന്ന രാജധാനികളിൽകൂടെ അവർ നടന്നു. പൊന്നി രാജാക്കന്മാരുടെ പാർപ്പിടങ്ങളാണെന്നു് മനസ്സുകൊണ്ടു് സങ്കല്പിച്ചു് രൂപങ്ങളിലും വളരെ താണകിടയിലാണവറ്റയെന്നു് അവൾക്കു് തോന്നി.

ഒന്നുരണ്ടു് മുറിയിൽ കാണായ്വന്ന ചില കൊള്ളരുതാത്ത വീട്ടുസാമാനങ്ങൾ—രാജാക്കന്മാരാലും രാജ്ഞികളാലും എഴുതപ്പെട്ടതും, ചട്ടക്കൂട്ടത്തിലടയ്ക്കപ്പെട്ടതുമായ ചില, കൊള്ളരുതാത്ത എഴുത്തുകൾ, മരിച്ചു മണ്ണായ്പോയ രാജവംശജാതരായ ആൺപെണ്ണുകൾ പ്രതിദിവസം തൊട്ടുപെരുമാറിയിരുന്ന സാധനങ്ങൾ—ഇതൊക്കെ കണ്ടപ്പോൾ പൊന്നിയുടെ മനസ്സു് ഭയകൗതുകാരാധനവിചാരപരമ്പരകളാൽ പരിപൂർണ്ണമായി.

തൃണപരവതാനിയിൽ ഇരുന്നുകൊണ്ടു് അവർ ചായ കഴിച്ചു. ചായയ്ക്കു് കൂടാൻ ധാരാളം കട്ടിയിൽ വെണ്ണപിരട്ടിയ റൊട്ടിപ്പൊളികളായിരുന്നു. ചിലതു് തേനിൽ മുക്കിയതുമായിരുന്നു. അവർ മുമ്മൂന്നുകോപ്പ ചായയാണു് കഴിച്ചതു്.

പൊന്നി:
സാറേ! ഇങ്ങിനെ ഒരു സുദിനം കൊണ്ടാടുവാൻ സംഗതിവന്നതു് എന്റെ ഭാഗ്യംതന്നെയാണു്. എന്റെ പതിനെട്ടാമത്തെ പിറന്നാൾ എനിക്കു് ഒരിക്കലും മറന്നുപോകാത്ത ദിവസമായിരിക്കും. ഈ സന്തോഷമൊക്കെ എനിക്കു് ഉണ്ടാക്കിത്തന്നതു് നിങ്ങൾ ഒരാൾ മാത്രമാണു്.
കൃ. നാ.:
എനിക്കു് വളരെ സന്തോഷമുണ്ടു്. നമുക്കു് ഇങ്ങിനെ കൂടക്കൂടെ സഞ്ചരിക്കാൻ തരമുണ്ടാകണം. എന്നാൽ മാത്രമേ അന്യോന്യം നല്ലവണ്ണം മനസ്സിലാക്കാൻ സാധിക്കയുള്ളു.

അവൾ കുറെ മുമ്പെ കാണിച്ച അച്ചടക്കം വിപരീതാർത്ഥത്തിൽ ധരിച്ചുപോയതുകൊണ്ടു് നായർക്കു് അസാരം പശ്ചാത്താപമുണ്ടായി. അവൾ ഒരു കൃതഘ്നയാണെന്നുകൂടി അയാൾക്കു് കാര്യമായി തോന്നിപ്പോയിരുന്നു. യുവതികൾ മനസ്സിലാക്കാൻ നിവൃത്തിയില്ലാത്ത ചില മുൾപടർപ്പുകളാണു്. പിന്നെ അവരുടെ വിചാരങ്ങളേയും വികാരങ്ങളേയും മനസ്സിലാക്കാൻ നായരെപ്പോലെയുള്ളവർക്കു് എന്തെങ്കിലും എങ്ങിനെയെങ്കിലും സാധിക്കുമോ?

കൃ. നാ.:
നീ പോകുന്നതു് കടല്ക്കരയിലെ ഒരു ദിക്കിലാണു്. നീ മടങ്ങി വന്നാൽ നമുക്കു് ഇങ്ങിനെ ഓരോ വിനോദയാത്രകൾ ചെയ്യാം. നമുക്കു് പോകാൻ—സ! ഇന്തെന്തു് കഥ.

അദ്ദേഹം പെട്ടെന്നു് വർത്തമാനം നിർത്തിനോക്കിയ ദിക്കിലേയ്ക്കു് പൊന്നിയും ഭീതിയോടെ നോക്കി. അദ്ദേഹത്തിന്റെ നോട്ടത്തിൽ സുഖക്കുറവും രോഷവും പ്രത്യക്ഷപ്പെട്ടിരുന്നു. പൊന്നിയുടെ മുഖം സങ്കടംകൊണ്ടു് ചുകന്നു.

അയ്യോ! ഈ രമ്യദിവസത്തിന്റെ പര്യവസാനം ഇങ്ങിനെയായിത്തീർന്നോ!

പതിനാലാം അദ്ധ്യായം

കൃഷ്ണൻനായരുടെ പെട്ടെന്നുണ്ടായ ഈ വിലാപം എന്തെന്നറിവാൻവേണ്ടി അദ്ദേഹം നോക്കിയ ദിക്കിലേയ്ക്കു് പൊന്നിയും നോക്കി. അവർ ഇരുന്നേടത്തിന്റെ നാലഞ്ചുവാര അകലെയായി മറ്റോരേടത്തു് വേദവതി ലളിതയും രമാനുജൻ രാജാവും എന്തോ കുടിക്കുന്നതു് കണ്ടു. കൃഷ്ണൻനായർക്കുണ്ടായ ദ്രോഹം താനും അദ്ദേഹവും ഒന്നിച്ചിരുന്നു് വിനോദിക്കുന്നത്ര ലളിത കണ്ടുപോയതുകൊണ്ടായിരിക്കുമെന്നു്, പൊന്നി ഊഹിച്ചെടുത്തു. അതും പോരാഞ്ഞിട്ടു് താൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെകൂടെ രാജാവിനെ കണ്ടതുകൊണ്ടായിരിക്കും എന്നു് മറ്റൊരു സംഗതിയും അവൾ ഊഹിച്ചെടുത്തു. തെറ്റിദ്ധാരണയ്ക്കു് സീമ ഉണ്ടാകയില്ല. ഒരാൾ ഒരു ഭ്രാന്തനാണെന്നു് പറഞ്ഞുകൊടുത്താൽ അദ്ദേഹം ചെയ്യുന്ന സർവ്വകാര്യങ്ങളും ഭ്രാന്തന്റെ തൊഴിലെന്നേ ആളുകൾ അഭിപ്രായപ്പെടുകയുള്ളു.

യഥാർത്ഥം പറയേണമെങ്കിൽ അവരുടെ ആനന്ദകരമായ വിനോദയാത്രയിൽ ഒരു പ്രതിബന്ധമോ, വിഘ്നമോ ഉണ്ടാക്കിത്തീർക്കാൻ ഇവർ എത്തിയ ദ്രോഹമാണു് വിഷാദിപ്പിച്ചതു്. രാജാവു് ഒരു നിമിഷത്തിനുള്ളിൽ അവരെക്കണ്ടു. അയാൾ ലളിതയുടെ അടുക്കെനിന്നു് എഴുന്നേറ്റു്, പുല്ലിന്റെ നടയിൽക്കൂടെ നടന്നു് പൊന്നിയുടെ അരികെ ചെന്നിരുന്നു. കൃഷ്ണൻനായരുടെ ആഞ്ഞുവലിഞ്ഞുചെയ്യേണ്ടിവന്ന ഒരു അകറ്റുന്നമാതിരിയിലെ സ്വീകാരംകൊണ്ടൊന്നും രാജാവിന്നു് ഒരു കുലുക്കവും കണ്ടില്ല.

രാജാ:
സസ്യപ്രദർശനാലയത്തിൽ നമ്മൾ ഇരുവരും ഒരേസമയത്തു് കണ്ടുമുട്ടിയതു് അത്ഭുത്മായിരിക്കുന്നു. (പിന്നെ പൊന്നിയുടെ മുഖത്തു് പ്രത്യേകം നോക്കീട്ടു്) ഒരൊറ്റവിചാരംകൊണ്ടു് യോജിക്കപ്പെട്ട രണ്ടു് ശരീരികൾ.
പൊന്നി:
കൃഷ്ണൻനായരായിരിക്കും നിങ്ങൾ സൂചിപ്പിക്കുന്ന ഒരു ശരീരി. എന്റേയും അദ്ദേഹത്തിന്റേയും വിചാരം ഒരുപോലെ ആയിരിക്കാൻ ഇടയില്ലെന്നു് നിങ്ങൾ അറിഞ്ഞ കാര്യമല്ലെ! ഈ സ്ഥലംകണ്ടുപിടിച്ചതും അദ്ദേഹമാണു്, ഞാനല്ല.

കൃഷ്ണൻനായരുടെ മൗനംകൊണ്ടൊന്നും രാജാവിന്നു് ഗണ്യമുണ്ടായിരുന്നില്ല.

രാജാ:
വടക്കെഗാലറിയിൽ നിരത്തിവെച്ച ചിത്രങ്ങളെപ്പറ്റി ഞാനും, ലളിതയുംതമ്മിൽ ഒരു തർക്കം ഉണ്ടായി. ചില ചിത്രങ്ങളുടെ വർണ്ണച്ചേർച്ചയെപ്പറ്റി അവൾ കുറെ ഘോഷിച്ചു. തനിച്ചുനില്ക്കുന്ന വൃക്ഷങ്ങളേയൊ, പൂക്കളെയൊ, ഇഴജാതികളേയോ വരച്ചുകാണുമ്പോൾ എനിക്കു് ഓക്കാനമാണു് ജനിക്കുന്നതു്. അതുകൊണ്ടു് ഞങ്ങൾ തമ്മിൽ ഒരു വാദപ്രതിവാദം നടന്നു.
കൃ. നാ.:
വർണ്ണസൗഷ്ടവം പൗരസ്ത്യർക്കാണു് പാശ്ചാത്യരേക്കാൾ വെളിപ്പെടുന്നതു്. ഏതായാലും എനിക്കങ്ങിനെയാണു് തോന്നുന്നതു്.
രാജാ:
ചില ചിത്രങ്ങളിൽ ഇന്ത്യയിലെ ഛിന്നഭിന്നങ്ങൾ ചുഴയ്ക്കുന്നുണ്ടു്. അതൊക്കെ പ്രശംസിക്കത്തക്കതുതന്നെ എന്നു് സമ്മതിക്കാം. എന്നാൽ ബാക്കിയിലതു് എന്റെ പുച്ഛരസത്തിനും അധീനമാകുന്നു. (പൊന്നിയെനോക്കീട്ടു് നേരംപോക്കായി) എന്നെപ്പോലെയുള്ള മനുങ്കടർക്കു് ഒരു ഗാലറിയിൽചെന്നു് വരിവരിയായി ലക്ഷംകണക്കായി നിരത്തിവെച്ച ഒരേമാതിരിയിലോ, ഒരേ ആളുടെയൊ ചിത്രങ്ങൾ വെച്ചതു് ഒരു വെറുപ്പിക്കുന്ന കാഴ്ചയാണു്.
കൃ. നാ.:
നളിനി എന്ന ഒരു പെണ്ണാണു് അവൾ ദേശാടനം ചെയ്തിട്ടാണു് ഇതിന്റെ സ്ഥൂലഭാഗം കൊണ്ടുവന്നതു്. എന്നിട്ടു് മനസ്സങ്കല്പമാണു് ഈ ചിത്രങ്ങൾക്കു് പരിപൂർണ്ണത വരുത്തിയതു്. എന്നിട്ടാണു് ഈ കാഴ്ചബങ്കളാവിൽ ഇതൊക്കെ അവൾ സൗജന്യമായി കൊടുത്തതു്.

ഈ ഘട്ടത്തിൽ ലളിതയും അവരുടെ അരികെ വന്നു. പൊന്നിക്കു് അവർ തമ്മിൽ ഒന്നാമതായി കണ്ടുമുട്ടിയ അവസരം നല്ലവണ്ണം മനസ്സിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതു് പൊന്നിയാണെന്നു് ഒന്നും അറിയാത്തപോലെ രാജാവു് ലളിതയോടു് പറഞ്ഞുകൊടുത്തു. ലളിത പൊന്നിയുടെ മുഖത്തുനോക്കി. അവളെ അത്ഭുതപ്പെടുത്തുംപ്രകാരം മധുരമായി ഒന്നു് മന്ദഹസിച്ചു.

ലളിത:
(മന്ദസ്വരത്തിൽ) നീ ഒരു കേൾവിപ്പെട്ട പാട്ടുകാരത്തിയാവാൻ പോകുന്നു എന്നു് ഞാൻ കേട്ടു.

ലളിതയുടെ ജീവനില്ലാത്ത കണ്ണിൽനിന്നു് ഒരു പൂച്ചക്കണ്ണിന്റെ മിന്നൽ പുറപ്പെട്ടോ എന്നുകൂടി പൊന്നിയുടെ സൂക്ഷ്മദൃഷ്ടിക്കു് തോന്നി.

പൊന്നി:
(പെട്ടെന്നു്) നിങ്ങൾ എത്രത്തോളം വലിയ ചിത്രമെഴുത്തുകാരിയാവാൻപോകുന്നോ അത്രത്തോളം വലിയ പാട്ടുകാരത്തിയാവാൻ ഞാനും പോകുന്നുണ്ടു്.

ലളിത അവളുടെ ഉള്ളു് പരിശോധിക്കുമ്പോലെ പൊന്നിയെ ഒന്നുനോക്കി. എന്നാൽ അവളെ നോക്കിയിരുന്ന പൊന്നിയുടെ മനോഹരനേത്രത്തിൽ, വഞ്ചനരഹിതമായ കണ്ണിൽ, വിശ്വാസത്തോടും നിർദ്ദയമായും അവളെ നോക്കിയ പൊന്നിയുടെ കണ്ണിൽ മക്കാറോ, ദ്വയാർത്ഥമോ ഉദ്ദേശിക്കുന്ന യാതൊരു ലക്ഷണങ്ങളും സ്ഫുരിച്ചിരുന്നില്ല.

രാജാവിന്നു് ചിരിവന്നിരുന്നു എങ്കിലും അയാൾ ചിരിച്ചില്ല. പൊന്നിയെപ്പറ്റി അദ്ദേഹം ധരിച്ചിരുന്നതു് കൃഷ്ണൻനായരുടെ ലോലയായ പെൺകിടാവു് എന്ന ഒരു പുച്ഛരസത്തോടു് മാത്രമായിരുന്നു. വേദവതിലളിതയൊന്നും അവൾക്കു് കീഴയല്ലെന്നു് രാജാവിന്നുകൂടി തല്ക്കാലം സമ്മതിക്കേണ്ടിവന്നു. ലളിതയുടെ, വേണ്ടുന്നേടത്തുമാത്രം നീട്ടാവുന്നതും ബാക്കിസമയത്തു് ഉള്ളിൽ ഒതുക്കുന്നതും ആയ മാർജ്ജാരനഖചേഷ്ടകളൊന്നും പൊന്നിയോടു് പറ്റുകയില്ലെന്നു് അദ്ദേഹത്തിന്നു് തോന്നി.

രാജാ:
ഞങ്ങൾ നളിനിയുടേയും അവളുടെ ചിത്രങ്ങളുടേയും കാര്യമാണു് ഇതുവരെ പറഞ്ഞിരുന്നതു്.
ലളിത:
(ഒരു ആവിഅകർത്തുങ്കൊണ്ടു്) അതെ ഒന്നിനും കൊള്ളാത്ത സാധനങ്ങൾ. നമ്മൾ ഇവിടെനിന്നു് പോകുംമുമ്പെ രാജധാനി ഒന്നുകാണണം.

കൃഷ്ണൻനായരുടെ വിചാരം അവർ എവിടെയെങ്കിലും കടന്നുപോകട്ടെ എന്നായിരുന്നു.

കൃ. നാ.:
അതു് ഞങ്ങൾ കണ്ടുകഴിഞ്ഞു. ഇപ്പോൾ ഇരുട്ടാകുംമുമ്പെ ഞങ്ങൾക്കു് ചെന്നു് കാണേണ്ടതു് നളിനിയുടെ ചിത്രങ്ങളാണു്.

രാജാവിന്നു് നായരുടെ ഉദ്ദേശം ക്ഷണം മനസ്സിലായി. അയാൾ ഇങ്ങിനെ ഒരു വെച്ചരശും കൊടുത്തു.

രാജാ:
എന്തു്? ഇനിയും ഒന്നുരണ്ടുമണിക്കൂറോളം വെളിച്ചം വേണ്ടുന്നത്ര ഉണ്ടാകും.

ഇങ്ങിനെ ഒരു ഹേതുവായ സംസാരത്തിന്നുപകരം, അതു് പല ശാഖകളായി പിരിഞ്ഞു. പൊന്നിയുടെ സമീപത്തു് എങ്ങിനെയെങ്കിലും രാജാവു് പറ്റിക്കൂടി. ആ തഞ്ചത്തിന്നു് ലളിത അവളുടെ കസേല നായരുടെ സമീപത്തിലേയ്ക്കു് വലിച്ചു്, അയാളുടെ ശ്രദ്ധ മറ്റോരേടത്തു് പതിയാത്ത വിധത്തിൽ ചില സംഭാഷണങ്ങളിൽ അയാളെ മുക്കി.

ഇതു് ലളിതയും രാജാവും മുൻകൂട്ടിക്കരുതിവെച്ച ഒരു ബുദ്ധിമത്തായ പ്രവേശകമായിരുന്നു. ഇവരുടെ ഒളിയമ്പു് ഏറ്റവർ കൃഷ്ണൻനായരും പൊന്നിയും ആയിരുന്നു. അവർ തമ്മിലുള്ള തെറ്റിദ്ധാരണയ്ക്കു് ഇടയുണ്ടാക്കിയതു് രാജാവായിരുന്നു. അന്യോന്യം അവർ ഉള്ളുതുറന്നു് സംസാരിച്ചിരുന്നു എങ്കിൽ പൊന്നിക്കും നായർക്കും ഈ ശത്രുക്കളെ പുല്ലുപോലെ തുലച്ചുകളയാമായിരുന്നു. അവിശ്വാസംകൊണ്ടു് പൊന്നിയും, അന്ധത്വംകൊണ്ടു് നായരും രണ്ടു് കക്ഷികളെപ്പോലെ പിരിഞ്ഞു് നില്ക്കേണ്ടിവന്നതുകൊണ്ടു് ‘വിനാശകാലേ വിപരീതബുദ്ധി’ എന്നു് പറയാതിരിക്കാനും നിവൃത്തിയില്ല. അവർ ഇരുവരും അതു് ചാടാതിരിപ്പാൻ പാടില്ലാതായ്വന്നു.

ലളിത, നായരോടു് സംസാരിക്കുമ്പോൾ അവലംബിച്ച മൃദുവായ ശബ്ദവും, തന്റെ സ്വന്തമാണെന്ന നിലയിൽ ലാളിക്കുമ്പോലെ പുറത്തിറക്കിയ താലോലസ്വഭാവവും പൊന്നിയെ വളരെ വെറുപ്പിച്ചു.

ലളിത:
മിസ്റ്റർ നായരെ! ഏതായാലും നമ്മൾ ഇവിടെ വെച്ചു് കണ്ടുമുട്ടിയല്ലൊ. ഒന്നു് നമ്മൾക്കു് രാജധാനി കാണണം. രാജാവു് ഒരു വീരസനായ ചങ്ങാതിയാണെന്നു് ചിത്രദർശനത്തിൽ എനിക്കു് തോന്നി. അയാളുടെ ഒന്നിച്ചുപോയാൽ ഞങ്ങൾ ഇരുവരും മുഷിയുവാനെ തരമുള്ളു.
കൃ. നാ.:
നിന്റെ ഒന്നിച്ചുവരാൻ എനിക്കു് ഇന്നു് സമയമുണ്ടാകുമെന്നു് തോന്നുന്നില്ല. എനിക്കു് ചിത്രദർശനത്തിന്നു് പൊന്നിയെ കൂട്ടിക്കൊണ്ടുപോകേണ്ടുന്ന ഭാരമുണ്ടു്.

ഇതുകേട്ടപ്പോൾ പൊന്നി ആശ്ചര്യത്തോടെ നായരെ നോക്കി. എന്തു് ലളിതയുടെ സഹവാസവും വെടിഞ്ഞു് തന്നെ ചിത്രദർശനത്തിന്നു് കൊണ്ടുപോവാൻ നായർ എങ്ങിനെ സന്നദ്ധനായി. അയാൾക്കു് തന്നോടു് ഇത്രത്തോളം കാരുണ്യമുണ്ടാകുമോ? ഇതായിരുന്നു പൊന്നിയുടെ വിചാരം.

രാജാ:
അല്ല കൂട്ടരെ. നമ്മൾ എല്ലാവർക്കും തൃപ്തികരമായ ഒരു കാര്യത്തിൽ ഏർപ്പെടുന്നതാണു് നല്ലതു്. ഏതായാലും ലളിതയ്ക്കു് എന്റെ കമ്പനി വേണ്ടെന്നു് അവൾ തന്നെ പറഞ്ഞു് കഴിഞ്ഞു. (ഇതു് അവളെ നോക്കി അർത്ഥത്തോടെ ഒന്നു് മന്ദഹസിച്ചതിൽ പിന്നെയാണു്) പൊന്നിയ്ക്കു് ചിത്രദർശനത്തിന്നു് ഇഷ്ടമുണ്ടെന്നും പറഞ്ഞിരിക്കുന്നു. പിന്നെ എന്റെകൂടെ വരാൻ അവൾ ഇതുവരെ ഒരു വിരോധവും ഭാവിച്ചിട്ടില്ല. അതുകൊണ്ടു് ക്ഷണത്തിൽ ഞാൻ എല്ലാവരേയും ഇണക്കിക്കൊണ്ടുവരാം. പൊന്നിയെ ചിത്രദർശനത്തിന്നു് കൊണ്ടുപോവാനുള്ള ഭാരം ഞാൻ ഏല്ക്കാം. നളിനിയെപ്പറ്റിയും, നളിനിയുടെ ചിത്രങ്ങളെപ്പറ്റിയും, അവളുടെ സാമർത്ഥ്യത്തെപ്പറ്റിയും പൊന്നിയ്ക്കു് വിവരിച്ചുകൊടുപ്പാനുള്ള ഭാരം ഞാൻ ഏറ്റു. മിസ്റ്റർ നായരെ, നിങ്ങൾ ലളിതയെ രാജധാനിയിൽ കൊണ്ടുപോയി അവളുടെ ആവലാതികൾക്കും ഒരു അടക്കം ഉണ്ടാക്കുന്നതായിരിക്കും ഉത്തമം. അരമണിക്കൂർ കഴിഞ്ഞാൽ നമുക്കു് പണ്ടെത്തെ റിസ്റ്റോറണ്ടിൽ മടങ്ങി എത്താം.

കാര്യം അവളുടെ സമ്പൂർണ്ണസംതൃപ്തിപ്രകാരം കലാശിച്ചു എന്ന നിലയിൽ ലളിത സന്തോഷത്തോടും ഭംഗിയിലും എഴുന്നേറ്റു. ഒരു നിഷേധമായ മറുവടി ഉറപ്പായി പറവാൻ ഒരുമ്പെട്ടുങ്കൊണ്ടൂ് കൃഷ്ണൻനായർ പൊന്നിയുടെ നേരെ ഒന്നുനോക്കി. അപ്പോൾ അദ്ദേഹം കണ്ടതു് പൊന്നി അവൾ ഇരുന്നേടത്തിൽനിന്നു് എഴുന്നേറ്റു് ഒരു മനോഹര മന്ദഹാസത്തോടെ സമ്മതസൂചകമായി രാജാവിനെ നോക്കുന്നതായിരുന്നു.

പൊന്നി:
(രാജാവോടു്) അങ്ങിനെ ആകട്ടെ, നമുക്കു് പോകാം.

കൃഷ്ണൻനായർ അത്യാശ്ചര്യംകൊണ്ടു് അമ്പരന്നുപോയി. അദ്ദേഹം ജയഭേരി അടിച്ചുകൊണ്ടിരുന്നു. ലളിതയുടെകൂടെ പോവാൻ നിർബ്ബന്ധിതനായി. അയാൾക്കു് ഇച്ഛാഭംഗം വളരെ ദുസ്സഹമായി തോന്നി. പൊന്നിയ്ക്കു് തന്നേക്കാൾ രാജാവിനോടാണോ ബഹുമാനവും പ്രേമവും എന്നു് അയാൾ ആശ്ചര്യപ്പെട്ടു. പൊന്നിയ്ക്കാണെങ്കിൽ രാജാവിന്റെ കമ്പനിയും ദുസ്സഹമായിത്തോന്നിയിരുന്നു. വേദവതിലളിതയുടെ ഒന്നിച്ചുപോവാനാണു് നായർക്കു് ഇഷ്ടമെങ്കിൽ (വാസ്തവത്തിൽ അങ്ങിനെ യാതൊരു ഇഷ്ടവും സാധുനായർ കാണിച്ചിരുന്നില്ല.) ഞാൻ അതിന്നു് എന്തു് കാര്യത്തിന്നു് തടസ്ഥമുണ്ടാക്കണം എന്നു് പൊന്നിയും വിചാരിച്ചു.

മുഖം പൊന്തിച്ചുപിടിച്ചുങ്കൊണ്ടു്, തന്റെ നൈരാശ്യത്തെ മറച്ചിട്ടു് അവൾ രാജാവിന്റെകൂടെ പോയി. അവരുടെ സംഭാഷണം ബാക്കിയുള്ളവർ കേൾക്കാത്തവണ്ണം ദൂരെ ആയപ്പോൾ, അദ്ദേഹം മെല്ലെ ആർദ്രതയും, പ്രേമവും, അനുരാഗവും സംഭാഷണത്തിൽ കൊണ്ടുവരുവാൻ തുടങ്ങി. അതു് താൻ ജീവിതകാലത്തു് പഠിച്ച പാഠമാണു്. ഇപ്പോൾ അതു് ഒരു വെറും ചൊല്ലിക്കൂട്ടൽ മാത്രമാണു്. അയാൾ എല്ലാം അറിയുന്ന ഭാവത്തിൽ പൊന്നിയെനോക്കി ഒന്നുചിരിച്ചു.

രാജാ:
(ലളിതയേയും നായരേയും ഉദ്ദേശിച്ചിട്ടു്) അവർക്കിരുവർക്കും മറ്റൊരാളുടെ ബാധയില്ലാതെ കഴിയുന്നതാണു് സുഖം എന്നു് ഞാൻ പണ്ടുതന്നെ മനസ്സിലാക്കിയ കാര്യമാണു്. എന്റെ പൊന്നീ—നമുക്കും അങ്ങിനെതന്നെ ഇരിപ്പാനാണു് ആഗ്രഹം അല്ലേ.

ഇങ്ങിനെ പറഞ്ഞു് അയാൾ അവളുടെ കയ്യൊന്നു് ഞെക്കി. പൊന്നി ഉത്തരമായി ഒന്നും മിണ്ടില്ല.

രാജാ:
(കണ്ണൊന്നു് ചിമ്മിട്ടു്) ലളിതയുടെ സ്ഥാനത്തു് നിണക്കു് നിന്നാൽ കൊള്ളാമെന്നുണ്ടൊ?
പൊന്നി:
ഒരിക്കലുമില്ല. എന്തു് വിഡ്ഢിത്തമായ ചോദ്യമാണു്.

ഇങ്ങിനെ പറഞ്ഞതു് ഒരു കടിക്കുംപോലെയുള്ള സ്വരത്തിൽ വളരെ ഊർജ്ജിതമായിട്ടാണു്. ഇത്ര കലശലായി നിഷേധിക്കുന്നതു് അവളുടെ അനുകൂല്യമാണു് സൂചിപ്പിക്കുന്നതെന്നു് രാജാവും മനസ്സിലാക്കാതിരുന്നിട്ടില്ല.

പൊന്നിക്കു് ലളിതയോടു് അസൂയ ഉണ്ടായിരുന്നില്ല എന്നാണു് തോന്നുന്നതു്. ഒരു നിമിഷനേരം അവൾ അവളുടെ താഴെചുണ്ടു് ഒന്നു് മുറുകെ കടിച്ചു. അവളുടെ കരപല്ലവം ഒന്നു് നിശ്ചലമായപോലെ അതു് പിടിച്ചിരുന്ന രാജാവിന്നു് തോന്നി. അതിൽപ്പിന്നെ അവൾ വികാരങ്ങളൊക്കെ അടക്കി പണ്ടത്തെ നിലയിൽത്തന്നെ എത്തി. അവർ വടക്കെഹാളിൽ എത്തിയപ്പോൾ പ്രസന്നവദനയായി മന്ദഹസിച്ചു. നളിനിയുടെ അശ്രാന്തപരിശ്രമശീലം പൊന്നിക്കും വെളിവായിവന്നു. പൊന്നിക്കു് ചിത്രങ്ങൾ കണ്ടപ്പോൾ വളരെ ആശ്ചര്യം ജനിച്ചു.

പൊന്നി:
നളിനി അവളുടെ ആയുഷ്കാലം മുഴുവനും ചിത്രമെഴുത്തിൽ കഴിച്ചുകളഞ്ഞു എന്നാണു് തോന്നുന്നതു്.
രാജാ:
(അനുകൂലത്തോടെ) സംശയമില്ല. ഓരോ ചിത്രത്തിന്റെ ലഘുവായ ഭാഗങ്ങൾകൂടി എത്ര രമണീയമായവിധത്തിൽ പൂർണ്ണമായിരിക്കുന്നു എന്നു് നോക്കുക. എന്നെ ആശ്ചര്യപ്പെടുത്തി എന്നതു് കാരണമില്ലാതെ ആണോ? മറ്റൊരു സഹജീവിയിൽ ഇത്രത്തോളം ഉത്സാഹവും ചൈതന്യവും ഉണ്ടായിക്കാണുന്നതു് ആരെയാണു് ആശ്ചര്യപ്പെടുത്താത്തതു്? എന്നാൽ ചിലർക്കു് അസൂയയും, വെറുപ്പും, ദുഷ്പ്രേരണയും എല്ലാമാതിരി അധർമ്മങ്ങളും തോന്നിയേക്കാനും മതി.
പൊന്നി:
(സഹജമായ തുറന്ന സ്വഭാവത്തിൽ) ചിത്രമെഴുത്തിൽനിന്നു് വിട്ടിട്ടു് അവൾക്കു് വിവാഹംകഴിപ്പാനുംകൂടി സമയമുണ്ടായിരുന്നില്ല എന്നു് തോന്നുന്നു.
രാജാ:
ഇല്ലതന്നെ. അവൾ വളരെ സുന്ദരിയും ആളുകളെ ആകർഷിക്കത്തക്ക പ്രസന്നയും ആയിരുന്നുപോലും. യഥാർത്ഥത്തിൽ സമർത്ഥകളായ പെണ്ണുങ്ങളൊക്കെ സുന്ദരികളായിരിക്കും. അവർക്കു് ആ വിവരം നിശ്ചയമുണ്ടെന്നു് ബാക്കിയുള്ളവരെ അറിയിപ്പാൻകൂടി മടിയായിരിക്കും.
പൊന്നി:
അപ്പോൾ ലളിത യഥാർത്ഥത്തിൽ മിടുക്കത്തിയല്ലെന്നോ?
രാജാ:
അവളുടെ ചിത്രമെഴുത്തുജോലിയിൽ അവൾക്കു് മെച്ചമുണ്ടായിരിക്കും. ലോകദൃഷ്ടിയിൽ അങ്ങിനെഅല്ല. എന്നാൽ എനിക്കു് അവൾ ഒരു “സ്ത്രീ” ആണെന്ന ബോദ്ധ്യം കുറയും. അവൾ പുറമെയുള്ള നോട്ടത്തിന്നു് സുന്ദരിയാണെന്നു് കരുതാം. എന്നാൽ അവളുടെ മനസ്സു് ഐസ്സുപോലെ തണുത്തിട്ടാണു്. ചൈതന്യം കേവലം ഇല്ല. ഉള്ളു് വെറും പൊള്ളയാണു്.

അദ്ദേഹത്തിന്റെ പറയുന്ന മട്ടു് ശോഭകുറഞ്ഞതാണെങ്കിലും അയാളുടെ അർത്ഥം പൊന്നിക്കു് ക്ഷണം മനസ്സിലായി.

രാജാ:
നിന്നെപ്പറ്റി പറയുകയാണെങ്കിൽ നീ അങ്ങിനെ അല്ല. നിണക്കു് ജീവുണ്ടു്, തേജസ്സുണ്ടു്, ആത്മാവുണ്ടു്. പല വികാരങ്ങളും ആഗ്രഹങ്ങളും ഉണ്ടു്.
പൊന്നി:
വേണ്ടതിലേറെ.

ഇങ്ങിനെ പറഞ്ഞു് അവൾ മെല്ലെ ഒന്നു് ചിരിച്ചു. കൃഷ്ണൻനായരോടു് തോന്നിയ ഫലരഹിതമായ അനുരാഗത്തിന്റെ തീക്ഷ്ണതയാണു് അവൾക്കു് ഓർമ്മവന്നതു്. അവൾ അതു് എല്ലാരാത്രിയിലും ഓർത്തിരുന്നു.

രാജാ:
വേണ്ടതിലേറെയോ. എത്ര ഏറിയാലും അതു് ഒരു സ്ത്രീക്കു് പോരെന്നേ തോന്നാവൂ. വേണ്ടുന്നത്ര ഉള്ള സ്ത്രീകൾ കുറവാണു്. അതാണു് ആണുങ്ങൾ ചപലന്മാരാണെന്നു് തോന്നിപ്പോകുന്നതു്. ആകപ്പാടെ നോക്കിയാൽ പെണ്ണുങ്ങൾ ചൈതന്യരഹിതകളാണു്. ഉണർവ്വില്ലാത്തവരാണു്. എടുത്തിട്ടാൽ കടിക്കാത്തവരാണു്. ആരേയും തൃപ്തിപ്പെടുത്താൻ വൈഭവമില്ലാത്തവരാണു്. ഉള്ളിൽ ഉല്പാദിക്കുന്ന അനുരാഗമാകുന്ന ആ ദിവ്യതേജസ്സു് ഉണ്ടെന്നറിയിപ്പാൻ ഭയംമൂലം ശങ്കിച്ചു് കളിക്കുന്നവരാണു്. ഉള്ളിലെ വിചാരം നിസ്സംശയം മൂടിവെക്കുന്നവരാകകൊണ്ടു് പുരുഷന്മാർ കാത്തുകാത്തു് മടുത്തുപോകുന്നു. ചിന്താശ്വാസത്തോടെ ജീവകാലം മുഴുവനും വേണമെങ്കിൽ കാത്തുനില്ക്കേണ്ടിവരുന്നു. മാതൃകാസ്ത്രീയെ കാണാതിരിക്കില്ല എന്ന ആശംസ അവരുടെ ഉള്ളിൽനിന്നു് ഒരിക്കലും വിട്ടുപോകയുമില്ല. അനുരാഗത്തെ ഭയപ്പെടാത്തവരാണു് യഥാർത്ഥസ്ത്രീകൾ. അവളുടെ ഹൃദയത്തിലെ അനുരാഗത്തിന്റെ വീര്യം തുറന്നു് പുറമെ കാട്ടുവാൻ ധൈര്യപ്പെടുന്നവരാണു് ശരിയായ സ്ത്രീകൾ. അതു് ഇപ്പോൾ മിക്കവാറും കാണുന്നതു് സംസ്ക്കാരമില്ലാത്ത ചില കാട്ടാളജാതികളിലാണു്. അവരവർക്കു് പറ്റിയ തുണകളെ കണ്ടുപിടിപ്പാൻ അവർക്കു് പ്രയാസവും കാണുന്നില്ല.

പൊന്നിക്കു് അദ്ദേഹത്തിന്റെ വാക്കിന്റെ പൂർണ്ണമായ അർത്ഥം ഗ്രഹിപ്പാൻ പ്രായപൂർത്തിയോ, ലോകപരിചയമോ ഇല്ലെന്നു് രാജാവിനോടു് ഓർമ്മവിട്ടുപോയിരിക്കുന്നു. ഇടയ്ക്കിടെ ചോദ്യമില്ലാതെ നിശ്ശബ്ദമായി എല്ലാം കേൾക്കുന്ന ഒരാളെ കിട്ടിയതുകൊണ്ടു് അദ്ദേഹത്തിനു് വളരെ സന്തോഷമായി.

രാജാ:
സകല പുരുഷന്മാരും അനുരാഗവശരാകുമ്പോൾ വെറും ജന്തുക്കളാണു്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഒരു ആൺമൃഗം ഒരു വന്ദ്യനായ ജന്തുവാണു്. അതിന്റെ സ്വാതന്ത്ര്യത്തിന്നു് സീമയില്ല. അതു് ഭയപ്പെടുന്ന മറ്റു് ജന്തുക്കളുമില്ല. അവന്റെ ശക്തിക്കും സ്സ്വേച്ഛാധികാരത്തിന്നും എതിരില്ല.

പൊന്നി മൗനം ധരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. അവൾ മുന്നിലുണ്ടായിരുന്ന ജനലിൽക്കൂടെ പുറമെ നോക്കിക്കൊണ്ടിരുന്നു. അവൾക്കു് ചിത്രത്തിലാകട്ടെ ഒരു വസ്തുക്കളിലാകട്ടെ യാതൊരു പ്രതിപത്തിയും ഇല്ലായിരുന്നു. ഈ ഹൃദയാനുകൂലവും, ജന്മവാസനസിദ്ധവും ആയ വികാരാനുസരണമായ ജീവിതത്തേക്കാൾ, നീതിനിപുണന്മാരും, യുക്തിയുക്തരും, തന്ത്രജ്ഞരും, സൂത്രപ്രയോഗികളും, പ്രസരിപ്പമർത്തുന്നവരും ആയ ജനങ്ങളുടെ ജീവിതമാണു് ഈ ലോകത്തിൽ നന്നെന്നു് അവൾക്കു് അവ്യക്തമായി തോന്നിത്തുടങ്ങി. അവൾ പിന്നേയും അർത്ഥമില്ലാതെ ഒരു സ്വപ്നാടനക്കാരിയെപ്പോലെ ജനലിന്റെ ഉള്ളിൽക്കൂടെ നോക്കിത്തുടങ്ങി.

രാജാ:
ഞാൻ വിവാഹം കഴിച്ച ഒരു ഭാര്യ എന്നെ അനുരാഗിക്കുമ്പോലെ അത്ര ശക്തിയോടെ എന്നെ അനുരാഗിക്കാൻ ഞാൻ കണ്ടപെണ്ണുങ്ങളിൽവെച്ചു് നീ മാത്രമേ എണ്ണിപ്പറയേണ്ടവളാണെന്നു് എനിക്കു് തോന്നീട്ടുള്ളു.

ഇതുകേട്ടപ്പോൾ പൊന്നിയുടെ മനോഹരമായ മുഖത്തിൽ രക്തം നിറഞ്ഞു. പറങ്കിമാങ്ങ രണ്ടു് നിറത്തിലുണ്ടു്. ഒന്നു് സ്വർണ്ണനിറത്തിലും ഒന്നു് ചുകപ്പുനിറത്തിലും. പൊന്നിയുടെ അഴകുള്ള മുഖത്തിൽ ഈ രണ്ടു് വർണ്ണങ്ങളും മാറിമാറിവന്നുകൊണ്ടിരുന്നു. കുറെ മാസങ്ങൾക്കുമുമ്പെ ഇതേമാതിരി അഭിപ്രായം അവളുടെ മുഖത്തുനോക്കി രാജാവു് പാസ്സാക്കിയിരുന്നു എങ്കിൽ അവൾ സംശയമില്ലാതെ അദ്ദേഹത്തിന്റെ മുഖത്തു് തുപ്പിക്കളയുമായിരുന്നു. ഇപ്പോൾ, അനുരാഗമെന്നതു് അത്രവേഗം തിരസ്കരിക്കപ്പെടേണ്ടുന്ന ഒരു മനഃസ്ഥിതിയല്ലെന്നു് അവൾക്കു് ബോദ്ധ്യമായി. ഈമാതിരി സാരമില്ലാത്ത സംസാരം നമ്മുടെ രാജാവു് എത്ര അധികം യുവതികളോടു് പറഞ്ഞു് മനഃപാഠമാക്കിയതാണെന്നു് അന്വേഷിപ്പാനുള്ള ഒരു ചിന്തപോലും അവളുടെ മനസ്സിൽ ഉണ്ടായില്ല. അവൾക്കു് അവളുടെ സുഖദേഹം പ്രോത്സാഹിപ്പിക്കുന്ന അനുരാഗംമാത്രം സിദ്ധിച്ചാൽ മതിയെന്നു് തോന്നി. അവളുടെ അംഗങ്ങളുടെ പരിപൂർണ്ണത, പ്രത്യേകിച്ചു് സ്തനങ്ങളുടേയും, നിതംബത്തിന്റേയും സ്ഥൂലത അവൾ ഒരു കുരൂപിണിയായിരുന്നെങ്കിൽക്കൂടി ഏതു് പുരുഷനേയും ഹഠാൽ ആകർഷിപ്പാൻ മതിയായതായിരുന്നു. പിന്നെ അവളുടെ മനസ്സിന്റെ കൂർമ്മത വിപരീതമായ വിശിഷ്ടരീതിയിൽ വളർത്തപ്പെട്ട യുവതികളുടേതേക്കാൾ തുലോം അതിശയിച്ചിരുന്നു.

പൊന്നി ആത്മാവിന്റെ മഹത്വംകൊണ്ടും, നന്ദിയുടെ അതിരേകതകൊണ്ടും മുന്നണിയിൽ നിർത്തേണ്ട ഒരു ചെറുപെണ്ണായിരുന്നു. അവളുടെ നദിയുടെ അഗാധതയും, സ്വാർത്ഥത്യാഗത്തിന്റെ ശക്തിയും നിസ്സീമമായിരുന്നു. അവൾക്കു് ഒരു പേരിനുമാത്രമേ ഒരു അമ്മ ഉണ്ടായിരുന്നുള്ളു. അവളുടെ അമ്മ നിർദ്ധനയും, അടിയുടേയും അക്രമങ്ങളുടേയും ഊക്കുകൊണ്ടു് എപ്പോഴും പരിക്കണിഞ്ഞവളും, മദ്യപാനംകൊണ്ടു് അതൊക്കെ മറക്കാൻ ശ്രമിക്കുന്നവളും ആയിരുന്നു. അവൾ നിശ്ചയമായിട്ടും പൊന്നിയെ പ്രണയനിധിയായി വിചാരിച്ചിരുന്നു. എന്നാൽ ആ പ്രണയം നാം നമ്മൾപേറ്റുന്ന നിസ്സഹായികളായ നായ്ക്കളോടും മറ്റും കാണുന്ന ഒരു രീതിയിലായിരുന്നു. എന്നുവെച്ചാൽ അതിനെ രക്ഷിക്കണം എന്ന വിചാരവുമുണ്ടു്. അതിനെ ദ്രോഹിക്കരുതു് എന്ന ഒരു അനുകമ്പാഭാവമുണ്ടു്.

എത്രയോ കാലത്തോളം, അവളുടെ മനോവികാരപ്രസരിപ്പിനുള്ള ശക്തി കോപത്തിന്റേയും ദാരിദ്ര്യത്തിന്റേയും വികാരം ഒഴിച്ചുവിട്ടാൽ—ഇതുവരെ ആരും പരിശോധിച്ചു് അറിഞ്ഞിരുന്നില്ല. അവളുടെ റൗക്ക പൊട്ടിക്കുമാറു് തെള്ളിനിന്നിരുന്ന കുചകുംഭങ്ങളുടെ അടിയിലെ ഹൃദയത്തിൽ ഒളിച്ചുവെച്ചിരുന്ന അനുരാഗപ്രാഗത്ഭ്യത്തിന്റെ നിക്ഷേപത്തെപ്പറ്റി ആരും ഊഹിക്കപോലും ചെയ്തിരുന്നില്ല. എത്രയോ പെട്ടെന്നു്, അതിന്റെ ഇരിപ്പിനെപ്പറ്റിയുള്ള ബോധം, പൊന്നിയായ യുവതിക്കും പ്രസ്പഷ്ടമാകുംവണ്ണം തടുത്തുനിർത്താൻ കഴിയാത്തവണ്ണം ഉദിച്ചുവന്നു. അതു് ഒന്നാമതു് ഉണർത്തിയിരുന്നതു്, കൃഷ്ണൻനായരോടു് തോന്നിയ ബഹുമാനവും നന്ദിയുമായിരുന്നു. അന്നായിരുന്നു ഒരു യുവതിയായി വികസിച്ചു് വന്നിരുന്ന ഒരു ലോലയായ പെൺകിടാവിന്റെ ഹൃദയകമലത്തിൽ മുളച്ചുവന്ന അനുരാഗം അവൾക്കു് ഒന്നാമതായി അനുഭവമായതു്. എന്നാൽ അവൾ അങ്ങട്ടു് കാണിച്ച അനുരാഗത്തിന്റെ ഒരു ശതാംശംപോലും തന്റെ ഉള്ളിൽ ഇല്ലെന്ന അസത്യബോധമാണു് ആ ശുദ്ധാത്മാവു് അവൾക്കു് നിസ്സംശയമായും നിശ്ശങ്കമായും കാണിച്ചുകൊടുത്തതു്. അല്ലെങ്കിൽ അയാൾ വളരെ കാര്യങ്ങളിൽ തന്നെ താങ്ങിയും രക്ഷിച്ചും പോന്നിരുന്നതുകൊണ്ടും അദ്ദേഹത്തെ ഒരു ധീരോദാത്തനായും, ഔദാര്യവാരിധിയായും ആരാധിച്ചുപോന്നിരുന്ന ഒരു ചെറിയ പെണ്ണായിരുന്നു അവൾ. അവൾക്കു് അദ്ദേഹത്തിൽനിന്നു് അനുരാഗം ഒന്നല്ലാതെ പണമോ ഐശ്വര്യമോ സിദ്ധിക്കേണമെന്നു് യാതൊരു സ്വാർത്ഥവിചാരവുംകൂടി ഇല്ലായിരുന്നു.

വളരെ പണ്ടു് അദ്ദേഹത്തെ താൻ അനുരാഗിക്കുന്നുണ്ടെന്നു് അവൾ അദ്ദേഹത്തോടു് പറഞ്ഞതു് വെറും പച്ചപ്പരമാർത്ഥം മാത്രമായിരുന്നു. അതു് കേട്ടിരുന്ന കാലത്തു് കൃഷ്ണൻനായർക്കു് അനുരാഗത്തിന്റെ മുളപോയിട്ടു് ഒരു വിചാരവുംകൂടി ഉള്ളിൽ പൊങ്ങിവരാത്ത ഒരു കാലമായിരുന്നു. അദ്ദേഹത്തിന്നു് നവീനസംസ്കാരത്തിന്റെ ആധിക്യം മനോവികാരത്തിന്റെ അമർത്തിപ്പിടിത്തത്തിന്നു് അനുകൂലമായി നിന്നിരുന്നു. അതുവരയ്ക്കും അദ്ദേഹത്തിന്റെ ജീവിതദശയുടെ പ്വെരുമാറ്റവും ആ ചേഷ്ടയ്ക്കു് ഒരു ഉത്തമദൃഷ്ടാന്തവുംകൂടി ആയിരുന്നു. അയാൾ വിശ്വസിച്ചുപോന്നതു് നവീനസംസ്കാരവും പരിഷ്കാരവും ഘോഷിക്കുന്ന ഒരു കൊള്ളരുതാത്ത പൊളിയിലായിരുന്നു. എന്നുവെച്ചാൽ അനുരാഗം പെട്ടെന്നു് പിടിപെടുന്ന ഒരു മനോവികാരമല്ലെന്നു്—സാംക്രമികരോഗങ്ങളെപ്പോലെതന്നെ അനുരാഗവും പെട്ടെന്നു് പിടിപെടുന്ന ഒരു ബാധയാണെന്നു് ആ ശുദ്ധൻ മനസ്സിലാക്കിയതേ ഇല്ല. അഥവാ തനിക്കും മനസ്സിലായിട്ടുണ്ടു് എന്നു് മനസ്സിലാക്കിയതേ ഇല്ല. അനുരാഗം ഒരു നിമിഷത്തിന്നുള്ളിൽ, വെറും ഒരു മനസ്സിന്റെ ചാട്ടത്തിന്നുള്ളിൽ ഇടിവെട്ടുമ്പോൾ മുളച്ചുവരുന്ന കൂനുപോലെ മുൻകൂട്ടി വല്ല വിചാരമൊ, ഏർപ്പാടൊ, സൂത്രമൊ കൂടാതെ മിന്നൽപോലെ ഹൃദയത്തെ ഒന്നു് ധവളിപ്പിക്കുന്ന ഒരു ദിവ്യശക്തിയാണെന്നു് ആ മൂഢൻ മനസ്സിലാക്കിയതേ ഇല്ല. അനുരാഗം, പരിണാമശക്തി വിദ്യോതിപ്പിക്കുന്ന ഒരു പ്രമേയംപോലെ, അധികകാലം നിരൂപണം ചെയ്തിട്ടും തട്ടിത്തിരിച്ചു് നോക്കീട്ടും മതിയായതെന്നു് ദൃഢപ്പെടുത്തിക്കൊണ്ടുവരുന്ന ഒരു മനഃസ്ഥിതിയോ മനോവികാരമൊ അല്ല. അനുരാഗത്തിന്നു് പ്രത്യേകകാരണമൊ, വിവേചനമൊ മുന്നാലോചനയൊ ഒന്നും ആവശ്യമില്ല.

കൃഷ്ണൻനായരെ യഥാർത്ഥത്തിൽ അവൾ അനുരാഗിക്കുന്നുണ്ടെന്നു് പൂർണ്ണമായി മനസ്സിലായമുതൽ പൊന്നിക്കു് ഒരു അസ്വാസ്ഥ്യവും ചിന്താമഗ്നതയും, സ്വപ്നസ്വഭാവവും കൂടെക്കൂടെ പൊങ്ങിവന്നിരുന്നു. എന്തോ ഒരു പുതിയ, വിവരിക്കവയ്യാത്തെ വികാരം തന്റെ ഹൃദയത്തിൽ മുളച്ചുവന്നിരുന്നു എന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. ആ വിചാരമൊ അവൾക്കു് ഒരിക്കലും ഒരു ശാന്തിയോ സ്വസ്ഥതയൊ കൊടുത്തിരുന്നില്ല. അവൾക്കു് മനസ്സിലാകാത്ത വിധത്തിൽ അവളുടെ ആത്മാവിന്റെ അഗാധമായ ഒരു ഭാഗത്തിൽനിന്നു് ഒരു മങ്ങിമറിഞ്ഞുകൊണ്ടു് ഉല്പാദിച്ചുവരുന്ന ഒരു വാസനയോ, പ്രേരണയോ, ആഗ്രഹമൊ, ആകർഷണമോ അവളെ അത്യന്തം ഉപദ്രവിച്ചിരുന്നു. അതു് എന്തെന്നു് വിശേഷബുദ്ധി ഉപയോഗിച്ചു് പരിശോധിപ്പാൻ കൂടി അവൾക്കു് ധൈര്യമുണ്ടായിരുന്നില്ല. അവൾക്കു് അത്യാവശ്യമായി ഒരു കാര്യം ഒഴിച്ചുകൂടാത്തവണ്ണം വേണമെന്നു് തോന്നി. വളരെ അടിയന്തിരമായിട്ടു് അവളെ സർവ്വപ്രകാരത്തിലും ബലമായി വഴിപ്പെടുത്തിക്കൊണ്ടുവന്നിട്ടു് എന്നിട്ടുകൂടി അതിന്റെ ആവിർഭാവം അവൾക്കു് അനധിതപരിച്ചേദമായ ഒന്നുതന്നെയായിരുന്നു.

പ്രസരിപ്പും എടുത്തുചാട്ടവും പ്രസ്പഷ്ടമായി വിളയാടുന്ന ഒരു സ്വഭാവത്തിൽ, ഒരു പ്രത്യേകവികാരം ഒരിക്കൽ സുഷുപ്നാവസ്ഥയുംവിട്ടു്, ഉജ്ജ്വലമായി ഉണർന്നുവന്നാൽ, ആ വികാരത്തിന്റെ തുഞ്ചൽ—അഥവാ—കലാശം—എവിടെയായിരിക്കുമെന്നും, ഏതുവിധത്തിലായിരിക്കുമെന്നും അറിയാതെ അസ്തമിച്ചുപോയ്ക്കളവാൻ വിട്ടുകളവാനുള്ള ഉദാസീനത ഉണ്ടാകുകയില്ല. അനുരാഗത്തിന്റെ പര്യവസാനം അറിയണമെന്ന ഒരു തൃഷ്ണ പൊന്നിക്കും ഉണ്ടായി. രാജാവു് അവളുടെ മനഃസ്ഥിതി ഒരു നിമിഷംകൊണ്ടു് മനസ്സിലാക്കി. ഇരുമ്പു് പഴുക്കുമ്പോൾ അടിച്ചാലേ വളയുകയുള്ളു എന്നും ആ ലോകപരിചിതൻ മനസ്സിലാക്കിയിരുന്നു.

രാജാ:
പൊന്നീ! ഞാൻ നിന്നെ ഒരിക്കൽ നല്ലവണ്ണം ചുംബിച്ചിട്ടുണ്ടു്.
പൊന്നി:
തന്നയോ?
രാജാ:
എന്റെ പ്രിയ പൊന്നീ! അതു് നീ നല്ലവണ്ണം അറിയുന്ന സംഗതിയല്ലേ! ഞാൻ എത്ര ഗാഢമായിട്ടാണു് നിന്നെ ചുംബിച്ചതു്. ഞാൻ മരിച്ചാലും ആ സുഖം മറക്കുമോ?

അദ്ദേഹം എന്നിട്ടു് മുൻകരുതലോടുകൂടെ നാലുപുറവും ഒന്നുനോക്കി. അവിടത്തെ ഒരേ ഒരു മസ്സാലിച്ചിയോ, എട്ടണ്ടറോ അശ്രദ്ധയോടെ മറ്റൊരുദിക്കിലേയ്ക്കു് നോക്കുകയായിരുന്നു. അദ്ദേഹം ഒരു കരംകൊണ്ടു് അവളുടെ നിതംബം ഞെക്കത്തക്കവണ്ണം കെട്ടിപ്പിടിച്ചു്, മറ്റെകരംകൊണ്ടു് താടിപിടിച്ചു്, അവളുടെ വദനാരവിന്ദം അസാരം പൊന്തിച്ചു് അവളുടെ ചെള്ളയ്ക്കു് ഗാഢമായി ഓരോ ചുംബനംവെച്ചു. ചുണ്ടു് ആ സമയത്തു് അവൾ തിരിച്ചുകളഞ്ഞിരുന്നു.

രാജാ:
പൊന്നീ! നീ എന്റെ അനുകൂലയും, പ്രേമലതയും ആകുകയില്ലേ!

വെടിമരുന്നുകണ്ടാൽ വെറും കരിമരുന്നാണു്. എന്നാൽ ഒരു തീക്കനൽ അതിൽ വീണാൽ തിങ്ങിത്തിളങ്ങിപ്പൊങ്ങിവരും. ഇതുപോലെയായിരുന്നു പൊന്നിയുടെ മനഃസ്ഥിതി. അദ്ദേഹത്തിന്റെ ചെള്ളമേലുള്ള ചുംബനം അവളുടെ ഉള്ളിൽ ഒതുക്കിവെച്ചിരുന്ന ഊർജ്ജ്വലനത്തിന്റെ പ്രസരിപ്പു് മരുന്നുവെച്ചപോലെ ഉണർത്തി. ഈ ഊർജ്ജ്വലനം ഒരു ശരിയായ കാമുകന്റെ സ്പർശനമില്ലാഞ്ഞിട്ടു് ഇതുവരയ്ക്കും ശവംപോലെ കിടക്കുകയായിരുന്നു. മൃതസഞ്ജീവനവിദ്യപോലെ ഈ സ്പർശനം അവളുടെ സകലവിധമായ ചലനങ്ങളേയും വയനാടൻപനിപോലെ വിറപ്പിച്ചു.

അവൾ ഒരു നിമിഷനേരത്തോളം അയാളെ ഒന്നു് തുറിച്ചുനോക്കി. അദ്ദേഹത്തിന്റെ മുഖത്തു് കൃഷ്ണൻനായരുടെ മുഖംപോലെയുള്ള ഒരു ജന്മിത്വം കേവലം ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ശരീരം ആരോഗ്യപരിപൂർണ്ണമായിരുന്നു. അല്പം സ്ഥൂലത സൂചിപ്പിക്കുന്നുണ്ടെന്ന കാര്യം അവൾക്കു് തോന്നിയതില്ല. അഥവാ മനസ്സിലാക്കാൻ സാധിച്ചില്ല. അതും പരിചയക്കുറവുകൊണ്ടായിരിക്കാൻമതി. ഏതായാലും അദ്ദേഹം ഒരു ധീരനായ പുരുഷനാണെന്നു് അവൾക്കു് തികച്ചും തോന്നി. യൗവന്യം തികഞ്ഞ ഒരു തരുണിക്കു് ഏതു് പുരുഷനും കാമുകസ്ഥാനത്തിന്നു് യോഗ്യനാണു്. അവൾ അനുരാഗിക്കുന്നതു് കൃഷ്ണൻനായരെ ആണു്. അതിന്നു് സംശയമില്ല. പക്ഷേ, കൃഷ്ണൻനായർ അനുരാഗിക്കുന്നതു് മറ്റൊരാളെയാണു്. അങ്ങിനെയല്ലെ ചില സൂത്രമുള്ളവർ അവളെ തെറ്റിദ്ധരിപ്പിച്ചുവിട്ടതു്. അവളുടെ ഹൃദയത്തിന്റെ അഗാധഘട്ടത്തിൽനിന്നു് പുറപ്പെട്ട ഒരു നിർമ്മലാനുരാഗമായിരുന്നു അവൾക്കു് അദ്ദേഹത്തോടു് ഉണ്ടായിരുന്നതു്. അതു് അവൾ വളരെ പ്രാവശ്യം അദ്ദേഹത്തോടു് ആവർത്തിച്ചിട്ടുണ്ടു്. എന്നിട്ടുകൂടി ആ നിർദ്ദയൻ അതിന്നു് വഴിപ്പെട്ടില്ല. അവളുടെ ശരീരം ആകമാനം സ്പന്ദിച്ചിരുന്നു. ആ സംഭ്രാന്തകരമായ പ്രേരണയെ ഒരു അനുകൂലലാളനകൊണ്ടു് അദ്ദേഹം ശാന്തിപ്പെടുത്തിയില്ല. പോരാഞ്ഞിട്ടു് അയാൾ മറ്റൊരുസ്ത്രീയുടെ ഉറപ്പിച്ചുവെച്ച ഭാവിഭർത്താവുമാണു്. ഈ വ്യാജമല്ലേ അവളുടെ ആന്തരമായ വിശ്വാസം. ഒഴുകുന്ന തോണിക്കു് ഒരു ഉന്തു് എന്നു് പറഞ്ഞകൂട്ടത്തിൽ അവളുടെ മനസ്സു് അദ്ദേഹത്തിൽനിന്നു് വ്യതിചലിച്ചു. അവളുടെ ഹൃദയം സങ്കടംകൊണ്ടു് വേദനിച്ചു. ഒരു നിരൂപിക്കവയ്യാത്തവിധത്തിൽ അവളുടെ ഹൃദയത്തിൽ ഉജ്ജ്വലിച്ചുവന്ന കാമത്തിന്നു് ഒരു ശമനമാർഗ്ഗംകൂടാതെ കഴികയില്ലെന്നു് അവളുടെ യുവഹൃദയത്തിന്നു് വേണ്ടതിൽപരം ബോദ്ധ്യമായി. ആ ശമനമാർഗ്ഗം അവൾ എത്രയോ ആശിച്ചുകൊണ്ടിരുന്നു. കൃഷ്ണൻനായർ കൊടുക്കുവാൻ ഒരുക്കമില്ലെങ്കിൽ—ഇരിക്കട്ടെ. നോക്കാം—ഒരു ചെറിയ ഞെട്ടൽ അവളുടെ ചുമലുകളെ ഒന്നു് വിറപ്പിച്ചു. അവൾക്കു് വിവേകപരിപൂർണ്ണമായി ആലോചിക്കുവാനോ, ആലോചിക്ക വേണ്ടതാണെന്നു് നിശ്ചയിപ്പാനൊ തല്ക്കാലം സാധിക്കും.

രാജാ:
എന്റെ പ്രിയപൊന്നി! എന്റെ പ്രേമം നിറഞ്ഞ ചോദ്യത്തിന്നു് നീ ഇനിയും ഒരു സമാധാനം പറഞ്ഞു് തന്നിട്ടില്ല.

പൊന്നി അയാളെ പിന്നെയും ഗൗരവമായും ഔൽസുക്യമായും നോക്കി. പെട്ടെന്നു് അവൾ അവളുടെ മനസ്സുറപ്പിച്ചു് കഴിഞ്ഞു. ആകെമുങ്ങിയാൽ ശീതമൊന്നു് എന്നു് അവൾക്കു് തോന്നി. കയ്യിൽ കിട്ടിയതും വിട്ടു്, പറക്കുന്നതിനെ പിന്തുടരരുതെന്നു് അവൾ മനസ്സിലാക്കി. അവളും ഒരു കാര്യത്തിൽ ധൈര്യസമേതം മനസ്സുറപ്പിച്ചു. താൻ കാമിച്ച ആളെ കിട്ടാതെ പോയാൽ തന്നെ കാമിച്ച ആളെ കിട്ടുന്നതും അവൾക്കു് ഒരു ആശ്വാസജനകമായ പ്രതിവിധിയായി തോന്നി. അവളുടെ കലങ്ങിമറിഞ്ഞ മനസ്സിന്നു് തല്ക്കാലം തോന്നിയതു് അങ്ങിനെയൊരു സംഭ്രാന്തിയായിരുന്നു. അവൾ അവളുടെ ചഞ്ചലമായ ഹൃദയം നിഷ്പന്ദമാക്കിപ്പിടിച്ചു് നിർത്തി.

പൊന്നി:
അതെ. അങ്ങുന്നേ! ഞാൻ നിങ്ങൾക്കു് വഴിപ്പെടുന്നു.
രാജാ:
എന്റെ സ്വർണ്ണക്കട്ടെ! എന്നാൽ വേഗമാകട്ടെ. കൃഷ്ണൻനായർ മടങ്ങിവരുന്നതിന്നുമുമ്പെ എന്നെ ഒന്നു് ഗാഢം ചുംബിക്കൂ.

അവൾ അനുസരണത്തോടെ ആ മനോഹരമായ മുഖം ആ വഞ്ചകന്റെ മുഖത്തിന്റെ അടുത്തുവരാൻ തക്കവണ്ണം ഉയർത്തി. അദ്ദേഹത്തെ ഒന്നു് ചുംബിച്ചു. ആ ചുംബനത്തിൽ ഒരു തൃഷ്ണക്കുറവുണ്ടെന്നു് ആ ധൂർത്തൻ മനസ്സിലാക്കി. എങ്കിലും യുദ്ധത്തിൽ വിജയം നേടിയതുകൊണ്ടു് അയാൾ കൃതാർത്ഥനായി.

കുറെ കഴിഞ്ഞപ്പോൾ അവർ മുൻകൂട്ടി നിശ്ചയിച്ചപോലെ ലളിതയേയും കൃഷ്ണൻനായരേയും റിസ്റ്റോറണ്ടിൽവെച്ചു് കണ്ടുമുട്ടി, ലളിതയുടെ മുഖത്തു് അവൾ ജിതയും പൊന്നി പരാജിതയും ആയ്പോയെന്നു് സൂചിപ്പിക്കുന്ന വിജയസൂചകമായ ഹാസ്യരസം വിളയാടിയിരുന്നതും പൊന്നി മനസ്സിലാക്കാതിരുന്നില്ല.

വീട്ടിൽ മടങ്ങിവന്നിട്ടു് അവൾ കൃഷ്ണൻനായരെ പറ്റിക്കൊണ്ടാണു് ഇരുന്നതു്. അദ്ദേഹത്തിന്റെ പരിശുദ്ധവും ഉന്മേഷജനകവുമായ സംഭാഷണം കേട്ടുകൊണ്ടിരിക്കെ, അവൾ രാജാവിന്നു് സ്വമേധയായി കൊടുത്ത ചുംബനത്തിന്റെ കഥയോർത്തു് വളരെ വിപ്രതീസാരമഗ്നയായി കണ്ണിൽ പൊങ്ങിവന്ന വെള്ളം പുറത്തു് വരുത്താതെ അമർത്തിപ്പിടിച്ചു. അവർ അവളുടെ ആ ചാപല്യത്തെ സർവ്വാത്മനാ ശപിച്ചു. എന്നാൽ ഈ മാതിരി കഴിഞ്ഞുപോയ കാര്യങ്ങളിൽ പശ്ചാത്താപവും, തെറ്റിപോയെന്ന ധാരണയും ഒന്നിനും കൊള്ളരുതാത്തവയാണു്. നിഷ്ഫലമായ ഒരു തരം അമാന്തചേഷ്ടമാത്രമാണു്.

പതിനഞ്ചാം അദ്ധ്യായം

കൃഷ്ണൻനായർ പൊന്നിയെ അവളുടെ സ്ക്കൂളിന്റെ പടിവാതിലിന്നരികെ കൊണ്ടുവിട്ടു. അവളോടു് ക്ഷണം യാത്ര പറകയും ചെയ്തു. അവൾ, അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം കാണിച്ച വ്യത്യാസപ്പെട്ട സ്വഭാവതയെപ്പറ്റി അയാൾ പരിഭ്രമിക്കുകയും വാസ്തവം പറഞ്ഞാൽ അയാളെ മുഷിപ്പിക്കുകയും ചെയ്തു. രാവിലെതന്നെ അവൾ പെരുമാറ്റംകൊണ്ടു് അദ്ദേഹത്തെ വേണ്ടതിലധികം ദ്രോഹിച്ചിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവളുടെ ഹൃദയം ഉരുകി. അദ്ദേഹത്തെ അത്യന്തം ആനന്ദിപ്പിച്ചിരുന്നു. പിന്നെയും കുറെ കഴിഞ്ഞപ്പോൾ അവളുടെ ഹൃദയം ഐസിൻകട്ടപോലെ ഉറച്ചുപോയിരുന്നു. കാറിൽക്കൂടെ ഉണ്ടായ മടക്കയാത്രയിൽ അവൾ, കോഴിയെപ്പോലെ അദ്ദേഹത്തെ കൊത്തിപ്പറിച്ചിരുന്നു.

അവളുടെ ഹൃദയം അനിശ്ചിതമായ ഒരു വിവിധസ്വഭാവസ്ഫുരണകേന്ദ്രം മാത്രമായിരിക്കുമോ? ഒരുത്തന്നെത്താനറിയാത്ത ഭ്രമണശുദ്ധിയില്ലാത്ത മൂഢയാണോ? അതല്ല ഈമാതിരി ചപലകൾ കാണിച്ചതു് യൗവനപരിപൂർത്തി വന്ന ഒരു സ്ത്രീയിൽ ഇതൊക്കെ ഒരുമാതിരി അലങ്കാരമാണെന്നു് വിചാരിച്ചിട്ടുണ്ടായിരിക്കുമോ? ഇതൊക്കെ വെറും ഒരു നടിപ്പുമാത്രമായിരിക്കുമോ?

അവയൊക്കെ എന്തുതന്നെയായാലും വേണ്ടില്ല നായർക്കു് ദുസ്സഹമായ ഒരു ശങ്കയുണ്ടായി. അവളുടെ നടവടി നിശ്ചയമായിട്ടും ആരേയും അത്യന്തം കോപിപ്പിക്കത്തക്കതായിരുന്നു.

അവളുടെ വിപരീതബുദ്ധി, എന്നല്ല അവളുടെ ശത്രുത്വം സമ്പാദിക്കാൻ അദ്ദേഹം എന്തുചെയ്തു എന്നു് അയാൾക്കു് അറിവുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരേ ഒരു ഉദ്ദേശം അവൾക്കു് ഒരു സുഖകരമായ ജീവിതം ഉണ്ടാക്കിക്കൊടുക്കേണമെന്ന ഒരു സൽബുദ്ധിമാത്രമായിരുന്നു. അതിന്നുപകരം തന്റെ സ്വന്തം സുഖത്തെ അയാൾ അടിച്ചൊടിച്ചു് കളയുകയാണൊ ചെയ്തതു്?

ഭാർഗ്ഗവിഅമ്മ പൊന്നിയെ എതിരേല്പാൻ ചെന്നു.

ഭാ. അ.:
പൊന്നി! നിന്റെ പിറന്നാൾ ഒരു സന്തോഷകരമായ ദിവസംതന്നെ ആയിരുന്നോ? അതു് ആശിക്കത്തക്ക ഒരു സുദിനംതന്നെ ആയിരുന്നോ?
പൊന്നി:
സന്തോഷകരമായ ദിനമെന്നോ? നിങ്ങളുടെയൊക്കെ കാരുണ്യംകൊണ്ടു് അങ്ങിനെതന്നെയായി. വളരെവളരെ സന്തോഷകരമായ ഒരു പിറന്നാൾ.

പൊന്നിയുടെ പരിഭ്രമമാണ്ട മുഖവും, നനഞ്ഞ കണ്ണും കണ്ടിട്ടു് ഉദാരബുദ്ധിയുള്ള ഭാർഗ്ഗവിഅമ്മ അസാരം ആശ്ചര്യപ്പെട്ടു. എന്നാൽ പൊന്നി എതൃചോദ്യങ്ങൾക്കും സമാധാനങ്ങൾക്കും ഇടവരുത്താതെ ക്ഷണം അവിടംവിട്ടു. അവൾ ഏണിയും കേറി അവൾക്കു് അനുവദിച്ചുകൊടുത്തിട്ടുണ്ടായിരുന്ന മുറിയിൽ പ്രവേശിച്ചു. തന്റെ സഖിയായ കാർത്ത്യായനിയുടെ ശയ്യ ഒഴിഞ്ഞുകണ്ടതുകൊണ്ടു് അവൾ സന്തോഷിച്ചു. കാർത്ത്യായനിയും, ഒരു ജീവിതഭേദത്തിനുവേണ്ടി മറ്റൊരു ദിക്കിൽ യാത്രചെയ്തു് വിനോദിക്കുകയായിരുന്നു. അവൾ അവിടുന്നും വളരെ ദൂരെയുള്ള ദിക്കാണു് ഇതിന്നു് കണ്ടുപിടിച്ചിരുന്നതും. പൊന്നി ചെന്നിട്ടു് അവളുടെ മെത്തയിൽ കവിണ്ണുവീണു. എന്നിട്ടു് അവളുടെ സങ്കടത്തിന്നു് അവളെ അത്യന്തം ദ്രോഹിപ്പാനുള്ള അവസരം സന്തോഷത്തോടെ ഉണ്ടാക്കിക്കൊടുത്തു. പണ്ടെന്നപോലെ അവൾ കണ്ണുനീർ ചൊരിഞ്ഞിരുന്നില്ല. അവൾക്കു് യാതൊരു കാര്യത്തിലും ഏർപ്പെടാൻ ഒരു തൃഷ്ണയോ ഉത്സാഹമോ ഉണ്ടായില്ല. കണ്ണുനീർ വീഴ്ത്തി സമാധാനിക്കാൻ കഴിയുന്നതിലും വളരെ കവിഞ്ഞ സ്ഥിതിയിലായിരുന്നു. അവളുടെ വിവരിക്കവയ്യാത്ത കഷ്ടാരിഷ്ടകളും, അന്യസഹായമില്ലാത്ത ഏകാന്തവാസവും.

രാജാവിനു് അവളെ ചുംബിപ്പാൻ വഴിപ്പെട്ടു കൊടുത്തതുകൊണ്ടു് അവൾ തന്നെ വെറുക്കുകയും ശപിക്കുകയും ചെയ്തു. അവൾക്കു് അവളുടെ ആത്മാവിനെ എന്തോ ഒരു ഭയങ്കരവസ്തു സർപ്പം ചുറയുമ്പോലെ ചുറയുന്നുണ്ടെന്നു് തോന്നി. അവളുടെ ഭാവി എന്തായിരിക്കുമെന്നു് ഒരു മനം പിരിയുന്ന ഭയം അവളെ പരവശപ്പെടുത്തി. അവൾക്കു് തന്നെപ്പറ്റി ഒരു ജാതിയിൽനിന്നു് പുറത്താക്കപ്പെട്ടവളെപ്പോലെ—സ്മാർത്തവിചാരണ കഴിച്ചു് ജാതിയിൽനിന്നു് കൈകൊട്ടി പുറത്താക്കപ്പെട്ട ഒരു അന്തർജ്ജനത്തേപ്പോലെ വളരെ വൈരസ്യം ജനിച്ചു. അദ്ദേഹം തന്നെ അനുരാഗിക്കുന്നില്ല എന്ന വിചാരത്താൽ അരഞ്ഞുകൊണ്ടിരുന്ന മനസ്സോടെ, അവളുടെ ദൈനംദിനജീവിതം പ്രയാസമായിരിക്കും എന്ന വിധത്തിൽ അദ്ദേഹത്തെ കൈവശപ്പെടുത്തേണമെന്ന അവളുടെ അത്യാവശ്യം അപരിഹാര്യമാകുംവണ്ണം കടുപ്പമായിരുന്നു എന്നും അവളുടെ ജന്മവാസന അവളെ അറിയിച്ചു.

എന്തോ ഒരുതരം ആപത്തു് അവളെ ചുറ്റിച്ചുറയുന്നുണ്ടെന്നു് അവൾക്കു് തോന്നി. അതെന്തായിരുന്നു? അവൾക്കു് വിവരിക്കുവാൻ വയ്യാത്തവിധത്തിൽ അന്ധകാരാവൃതമായിരുന്നു. എന്നാൽ ആ പ്രജ്ഞ വളരെ യഥാർത്ഥവും വളരെ ശക്തിമത്തുമായിരുന്നു. യുവതിയുടെ നിലയിൽ അനുരാഗം ഹൃദയത്തിൽ ഒരിക്കൽ ഉണർന്നുപോയാൽ അവളുടെ അനർഘമായ ശൈശവജീവിതം കേവലം അസ്തമിച്ചുപോയെന്നു് അവൾക്കു് അറിവായി. പണ്ടേത്തെ ശാന്തമനഃസ്ഥിതി സിദ്ധിക്കേണമെങ്കിൽ, തന്റെ അനുരാഗത്തിന്നു് ഒരു പുരുഷന്റെ പ്രത്യനുകൂലതയും വേണമെന്നു് അവൾക്കു് ആരോ പഠിപ്പിച്ചുകൊടുത്തപോലെ പൂർണ്ണബോദ്ധ്യമായി.

കൃഷ്ണൻനായരാണു് ഒന്നാമതു് അവളുടെ ഹൃദയത്തിൽ അനുരാഗം ഉല്പാദിപ്പിച്ചതു്. അതു് മടക്കിക്കൊടുപ്പാൻ അയാൾ അറിയാതെയൊ അറിഞ്ഞുകൊണ്ടോ ഒരുമ്പെട്ടില്ല. അവൾക്കു് ഒതുങ്ങിയ നിലയിൽ അദ്ദേഹത്തോടു് ഒരു മുഷിച്ചൽതന്നെ തോന്നി.

പൊന്നിയെ സൃഷ്ടിച്ചതു് അവളുടെ നേരെ പുരുഷന്മാർക്കു് അനുരാഗം ഉല്പാദിക്കുവാൻവേണ്ടി മാത്രമാണെന്നു് തോന്നും. ആ അനുരാഗമോ ശുദ്ധവും പ്രേമഭൂയിഷ്ഠവുമായിരിക്കണം. അനുരാഗം എന്നതു് നിഷേധിക്കപ്പെട്ടുപോയാൽ, നിരന്തരജോലികളും, വിജയാപ്തികളും, പ്രശംസയും അവൾക്കു് തൃപ്തികരപുണ്യങ്ങളായിരിക്കയില്ല. അവളുടെ ജീവന്നു് പരിപൂർണ്ണത വരുത്തേണമെങ്കിൽ അനുരാഗം എന്നതിന്റെ അഭാവം ഒരിക്കലും അപര്യാപ്തമായിപ്പോകരുതു്.

അനുരാഗമില്ലാത്ത ജീവകാലം പൊന്നിക്കു് പരദേശക്കാർക്കു് പൂർവ്വശിഖ എന്നപോലെ നിഷിദ്ധമായിരുന്നു. മരിക്കാനുള്ള വിചാരം ഉള്ളിൽ ഉദിക്കേണ്ടുന്ന കാലവും അവൾക്കു് ഇതല്ല. അവളുടെ ദേഹം സുഖവും ശക്തിയുംകൊണ്ടു് പരിപൂർണ്ണമായി തിളങ്ങുന്ന ഒന്നായിരുന്നു. പിന്നെ അവളുടെ ഭാവി എന്തുപോലെയായിരിക്കും? ജീവിക്കാൻ, ചെറുപ്പമുള്ള ഏവർക്കും അവളെപ്പോലെ ആഗ്രഹമുണ്ടു്. അനുരാഗമില്ലാത്ത ജീവിതം അവൾക്കു് നസ്യവും നാനാപ്രകാരേണ സുഖരഹിതവും ആയിരുന്നു. ഒരൊറ്റക്കാര്യമേ ഇതിന്നു് പരിഹാരമായിട്ടുള്ളു എന്നു് അവൾക്കു് തോന്നി. പൊന്നി ഒരു ലോകനയജ്ഞയും അസുഖാനുഭവവിരസയും അല്ലാത്തതുകൊണ്ടു് അവളുടെ മനസ്സാക്ഷിക്കു് വിരോധമായി ഒന്നു് പ്രവർത്തിക്കാത്തവളായിരുന്നു—അനുരാഗം കൂടാതെ ജീവിച്ചിരിപ്പാൻ അവൾക്കു് അസാദ്ധ്യമാണെന്നു് അവൾ നല്ലവണ്ണം അറിഞ്ഞു. കൃഷ്ണൻനായരുടെ അനുരാഗം സിദ്ധിപ്പാൻ കഴിയാതെ പോയാൽ—പിന്നെയോ! ധീരയായ പൊന്നിക്കുപോലും ഈ ചോദ്യത്തിന്നു് ശരിയായ സമാധാനം പറവാൻ തല്ക്കാലം മനസ്സില്ലാതെ വന്നു—കൃഷ്ണൻനായരുടെ അനുരാഗമില്ലെങ്കിൽ പിന്നെ സ്വീകരിക്കേണ്ടതു് ആരുടെ അനുരാഗം!

അവളുടെ ഉള്ളിൽ ഉണ്ടായ തോന്നൽ ദുശ്ചിന്ത്യവും ദുസ്സഹവുമായിരുന്നു. അതു് ഒരിക്കലും ഒഴിച്ചുകൂടാത്ത ഒന്നാണെന്നും അവൾക്കു് ബോദ്ധ്യമുണ്ടു്. രാജാവിനെ, അവളെ ചുംബിപ്പാൻ അവൾ അനുവദിച്ചുകൊടുത്തിരുന്നു. അനുരാഗം എന്നതു് യഥാർത്ഥത്തിൽ അവൾക്കു് അയാളോടില്ലായിരുന്നു. എന്നാൽ പരിപൂർണ്ണയൗവനത്തിൽ നിമഗ്നനയായ അവളുടെ കോമളശരീരത്തിന്റെ തല്ക്കാലപ്രസരിപ്പിന്നും പ്രത്യാശയ്ക്കും, പ്രേരണയ്ക്കും ഇതു് ഒരു പ്രതിവിധിക്കും ശമനത്തിന്നും ഒരു ഭേഷജമായിരിക്കും എന്നു് അവൾ ആശ്വസിച്ചിരുന്നു. അവളുടെ ആ യൗവനം, ശക്തിമത്തായും, അഗാധമായും ഉള്ള അനുരാഗസിദ്ധിക്കു്, ദേഹത്തിന്നും മനസ്സിന്നും ഒരുപോലെ സംതൃപ്തിവരുത്തുന്ന അനുരാഗസിദ്ധിക്കു് അവളെ കടിഞ്ഞാൺ അഴിച്ചിട്ട കുതിരയെപ്പോലെ ഓടിപ്പിച്ചിരുന്നു.

ഭാവിയിലെ കാര്യവും ഇങ്ങിനെ ആയിരിക്കുകയില്ലെ? പൊന്നിക്കു് ആ കാര്യത്തിൽ സംശയംതന്നെ ഉണ്ടായിരുന്നില്ല.

ഭാവിജീവിതത്തിന്റെ യാഥാർത്ഥ്യം മറയ്ക്കുന്ന യവനിക, അവളുടെ ആത്മാവിന്റെ ദൃഷ്ടിക്കു് പെട്ടെന്നു് പൊന്തിപ്പോയപോലെ അവൾക്കു് തോന്നി. അവളുടെ ആത്മാവിന്റെ ദൃഷ്ടിയിൽ വെളിവാക്കപ്പെട്ട കാര്യങ്ങൾ, അവളുടെ സ്പന്ദനം ശക്തിമത്തായി ചെയ്യപ്പെടുത്തിയ ഹൃദയത്തിന്മേൽ അവളെ കൈ അമർത്തിപ്പിടിപ്പാൻ, ദീർഗ്ഘനിശ്വാസത്തോടെ അവളെ പ്രേരിപ്പിച്ചു. അവളുടെ മനസ്സല്ലെങ്കിൽ അവളുടെ ദേഹത്തെ ആർക്കെങ്കിലും അവൾ വഴിപ്പെട്ടുകൊടുക്കേണ്ടിവരും. അങ്ങിനെ ചെയ്യുവാൻ, ഭ്രമജനകവും, വിവരിക്കവയ്യാത്തതും, രൂപമില്ലാത്തതും ആയ ഒരു ശക്തി അവളെ ഉത്സാഹിപ്പിച്ചു. തന്നെ വേണ്ടാത്ത കൃഷ്ണൻനായർക്കു് സർവ്വത്തിന്നും വഴിപ്പെട്ടുകൊടുത്തിട്ടും ഒരു ഫലവും ഉണ്ടാകയില്ല. എന്നാലുംകൂടി തന്നെ വേണ്ടുന്ന വല്ലവർക്കും വഴങ്ങിക്കൊടുക്കുന്നതിന്നു് എന്താണുവിരോധം? അവളുടെ സങ്കടപരിഭ്രമസമ്മിശ്രമായ മനസ്സിൽ ആ പരമാർത്ഥം ഒന്നുകൊണ്ടും നീക്കംചെയ്വാനോ പൊട്ടിപ്പാനൊ സാദ്ധ്യമല്ലാത്ത ഒരു കരിങ്കല്ലിന്റെ കുന്നുപോലെ നിന്നു. വിചാരിക്കുംതോറും അവളുടെ ഉള്ളിലെ അനുരാഗപ്രേരണ—അഥവാ കാമശമനമാർഗ്ഗം—അവളെ വളരെ കഷ്ടനിരൂപണത്താലിട്ടു് കുഴക്കി. കൃഷ്ണൻനായർ അവളുടെ അനുരാഗം പ്രതിഷേധിച്ചിരിക്കുന്നു. കൃസ്ത്യൻപാതിരിമാർ പറയുമ്പോലെ, ദേഹത്തിന്റെ ദുഷ്പ്രേരണകൾ ശമിപ്പിപ്പാൻ സംഗമം അത്യാവശ്യമാണു്. ഇതു് സിദ്ധിക്കാതെ പോയാൽപ്പിന്നെ അവൾ ജീവിച്ചിട്ടു് ഫലമെന്താണു്?

ഈ വിചാരം വന്നപ്പോൾ അവളുടെ ദേഹത്തിന്നു് ഇളങ്കാറ്റാൽ വിറയ്ക്കുന്ന അരയാലിലകളെക്കാളും തീക്ഷ്ണമായ ഒരു വിറ ഉണ്ടായി. ഒരു പുരുഷന്റെ അനുരാഗസിദ്ധിക്കു് അവൾക്കു് ഒരു പ്രത്യേകമായ ഒരു മനോഭാവവും ആസക്തിയും ഉണ്ടായി. യഥാർത്ഥത്തിൽ അവൾ അനുരാഗിച്ചിരുന്നതു് കൃഷ്ണൻനായരായ ഒരേ ഒരാളെ മാത്രമായിരുന്നു എന്നു് അവൾ നല്ലവണ്ണം അറിഞ്ഞിരുന്ന ഒരു പച്ചപ്പരമാർത്ഥമാണു്. അദ്ദേഹത്തിനെ വിട്ടു് മറ്റൊരാളെ യഥാർത്ഥത്തിൽ അനുരാഗിക്കാൻ അവൾക്കു് അസാദ്ധ്യമായിരിക്കും എന്നുകൂടി അവൾ നല്ലവണ്ണം അറിഞ്ഞു. രാജാവു് എല്ലാംകൊണ്ടും ഒരു വിപരീതസത്വമായിരുന്നു. ചിലപ്പോളൊക്കെ അദ്ദേഹത്തെ അവൾ അത്യന്തം വെറുക്കുകകൂടി ചെയ്തിരുന്നു.

ഒരു സമയം അന്യപുരുഷന്മാരും അവളെ തിരഞ്ഞുവരാൻമതി. എന്തുകൊണ്ടെന്നാൽ അവൾ ഒരു വെണ്മയും സൗന്ദര്യവും തികഞ്ഞ, ആരാലും ആകർഷിക്കത്തക്കവളാണെന്നും അവൾ മനസ്സിലാക്കിയിരുന്നു. അങ്ങിനെയുള്ളവരുടെ കമ്പനിയിൽനിന്നു് അവൾക്കു് കേവലം അകന്നുനിന്നേക്കാൻ പാടുണ്ടാകുമോ? അവളുടെ പ്രബലമായി ഒഴുകുന്ന രക്തം അവളോടു് വിളിച്ചുപറയുന്നതെന്തായിരുന്നു. “എടീ നിന്റെ ഹൃദയം ഒരു പുരുഷന്റെ അനുരാഗത്തിന്നുവേണ്ടി നിസ്സംശയം സ്പന്ദിച്ചുകൊണ്ടിരുന്നു. ഒരു പുരുഷന്റെ കരങ്ങൾ നിന്നെ ശക്തിയോടെ കെട്ടിപ്പിടിക്കാൻ വേണ്ടി നീ കഠിനമായിക്കൊതിക്കുന്നു. നിണക്കു് കാമം എന്നതു് ഒരു തിരസ്കരിപ്പാൻ പാടില്ലാത്ത പ്രേരണയാണു്.”

പ്രകൃതിവിജ്ഞാനവും വയസ്സും പൂർത്തിയായ ഒരു മാതാവിനെപ്പോലെ, അവളുടെ സന്താനങ്ങൾക്കു് ജന്മസിദ്ധമായിത്തന്നെ ചില വാസനകൾ കൊടുത്തുവിട്ടേച്ചിട്ടുണ്ടു്. അതിന്റെ ശക്തികൊണ്ടു് പൊന്നി ചില പരമാർത്ഥതത്വങ്ങളും കണ്ടുപിടിച്ചിട്ടുണ്ടു്. അനുരാഗം എന്നതു് പരിശുദ്ധവും, ദിവ്യവും, സുന്ദരവും, ആരോഗ്യവുമായ ഒരു വസ്തുവോ, മനശ്ചക്രവർത്തിയോ ആണു്. ആ അനുരാഗം കൃഷ്ണൻനായർക്കു് അനുകൂലിച്ചുകൊടുക്കുകയല്ലാതെ, അസ്ഥാനത്തിൽ മറ്റുവല്ലവർക്കും ഇഷ്ടേതരമായി വെച്ചുകൊടുക്കുന്നതു് ദുഷ്കരമായ പാപമാണെന്നു് അവൾക്കു തോന്നി.

അവളുടെ ദേഹപരിപൂർണ്ണത, ഒരു അതിശയകാന്തിയാകുന്ന തേജസ്സിൽ മുഴുകിയിരുന്നു. പണ്ടത്തെ ശിശുവേപ്പോലെ ഇരുന്നിരുന്ന കാലക്ഷേപം അവൾ കേവലം നിഷ്കാസിച്ചുകളയേണ്ടിയും വന്നിരുന്നു. ഇനി അവൾക്കു് അവളുടെ ആഗ്രഹങ്ങളിൽനിന്നും, പ്രേരണകളിൽനിന്നും പിന്നോട്ടുകാൽവെക്കാൻ സാധിക്കുകയില്ല. അവൾ മുന്നോട്ടുതന്നെ നടക്കേണ്ടിവരും. കൃഷ്ണൻനായർക്കു് അവളെ അനുരാഗിപ്പാൻ മനഃസ്ഥിതികൊണ്ടോ, ലോകമര്യാദകൊണ്ടോ സാദ്ധ്യമല്ലാതെപോയാൽ, അവൾക്കു് കിട്ടാതെ കഴികയില്ല എന്ന നിർബ്ബന്ധത്തോടെ ഉള്ളിൽനിന്നു് ചാഞ്ചാടിക്കളിക്കുന്ന അനുരാഗത്തെ പകരം കൊടുപ്പാൻ സാധിക്കാതെപോയാൽ, അവളുടെ ഭാവി വളരെ വിഷാദിക്കപ്പെടേണ്ടുന്ന ഒരു ദുരവസ്ഥയായിത്തീരും. കൃഷ്ണൻനായർ അനുരാഗത്തെ അവളെ സംബന്ധിച്ചേടത്തോളം നിഷേധിച്ചുകളഞ്ഞിരിക്കുന്നു. അവൾക്കാണെങ്കിൽ അനുരാഗം ഒരു അനുപേക്ഷണീയമായ ആവശ്യവും ആയിത്തീർന്നിരിക്കുന്നു.

ഈ അവിതർക്കിതവും നിർദ്ദയവും ആയ പരമാർത്ഥം അവളുടെ ഹൃദയത്തിൽ അഗാധമായി വേരൂന്നി മുളച്ചുവന്നപ്പോൾ, അവൾക്കു് നേരിട്ട അഭിമാനക്ഷയം അത്യന്തം ഭീമമായിരുന്നു. അവൾ, തന്നെത്തന്നെ വെറുത്തു. പുച്ഛിച്ചു ശപിച്ചു. മനുഷ്യജീവിതത്തിൽ ആൺ, പെൺ എന്ന വിപരീതസ്വരൂപികളെ സൃഷ്ടിച്ചു്, അതിൽ ഒരു കക്ഷിക്കുമാത്രമുള്ള ഉല്പാദിച്ചുവിടുന്ന ദിവ്യശക്തിയോടു് ഇവൾക്കു് അതികഠിനമായ കോപം കത്തിത്തഴച്ചു. അവൾക്കു് ഉണ്ടാവാൻപോകുന്ന—നേരിടാനിടയുള്ള—കാര്യങ്ങളുടെ ചില ഭയങ്കരഫലങ്ങൾ, ആലോചിച്ചു് അവളുടെ അടി വഴുതിപ്പോയിട്ടുപോലുമില്ല.

കുറെ കഴിഞ്ഞപ്പോൾ അവൾ കിടക്കയിൽനിന്നു് എഴുന്നേറ്റു. അവൾ മുറിയിൽ ഉണ്ടായിരുന്ന മേശമേൽ വെച്ചിരുന്ന തേക്കിൻചട്ടയിട്ട കണ്ണാടിയിൽ അവളുടെ വെണ്മകൊണ്ടു് വിളങ്ങുന്നമുഖം ഒന്നുനോക്കി. വ്യസനംകൊണ്ടു് വിളറിപ്പോയ അവളുടെ മുഖത്തിന്റെ പ്രതിബിംബം അവൾ ആകുലംകൊണ്ടു് തുറിച്ചുപോയ കണ്ണിണയാൽ നോക്കി. അവളുടെ വയസ്സു് ആ നിമിഷത്തിൽ പത്തുവർഷം ജാസ്തിയായിട്ടുണ്ടെന്നു് അവൾക്കു് തോന്നി. എന്തിന്നുപറയുന്നു അതുതന്നെ അവൾക്കു് നല്ലവണ്ണം അനുഭവമായി.

എന്തുകൊണ്ടെന്നാൽ ഒരു സ്ത്രീക്കു് പ്രായംമതിക്കേണ്ടതു് സംവത്സരങ്ങൾ കണക്കാക്കീട്ടില്ല. അവളുടെ അനുഭവങ്ങളും കഷ്ടാരിഷ്ടതകളുടെ ഭാവവും, ഭാവങ്ങളുടെ വീര്യവും കണക്കാക്കീട്ടാണു്.

അവളുടെ എരിപൊരിയുന്ന കീഴ്പോളയിന്മേൽ ഒരു ചുകപ്പുഛായയുടെ ഉദയം ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. അവളുടെ വദനം താക്കോലിട്ടുപൂട്ടിയ പെട്ടിപോലെ വർണ്ണഭേദമില്ലാത്തതും തുറക്കാതിരുന്നതുമായിരുന്നു. അവൾ താഴെപറയുംപ്രകാരം തന്നോടുതന്നെ മന്ത്രിച്ചു. ഈ വീര്യവികാരങ്ങളേയും എന്റെ ഹൃദയത്തിൽ നിക്ഷേപിച്ചിട്ടു് ഞാൻ എന്തിനായിരിക്കും ഈ ഭൂമിയിൽ ജനിച്ചതു്? ഞാൻ കാർത്ത്യായനിയേയും മറ്റുപെണ്ണുങ്ങളെപ്പോലേയും ഭൂമിയിൽ ജന്മം കിട്ടിയതുകൊണ്ടുമാത്രം സുഖകരമായി നിവസിക്കുന്നതാണു് നല്ലതെന്ന അഭിപ്രായക്കാരിയായിത്തീരാത്തതു് എന്തുകൊണ്ടായിരിക്കും? എനിക്കു് സംതൃപ്തി വേണമെങ്കിൽ എനിക്കു് അനുരാഗിക്കാനും എന്നെ അനുരാഗിക്കാനും ഒരു പുരുഷൻ വേണമെന്ന ശാഠ്യം എന്നെ സൃഷ്ടിച്ചകൂട്ടിൽ എന്തിനായിരിക്കും നിർദ്ദാക്ഷിണ്യമായി കൊണ്ടുവെച്ചിരുന്നതു്? എനിക്കു് വികാരവികൃതികൾ കൂടാതെ ശാന്തമായി എന്തുകൊണ്ടു് ഇരുന്നുകൂടാ?

അവൾ കണ്ണാടിയും നോക്കി വളരെനേരം വിചാരമഗ്നനായി തന്നത്താൻമറന്നു് നിന്നുപോയി. വികാരവികൃതികളുടെ വീര്യം വിവരംപോലെ ഗ്രഹിച്ച വികൃതസൃഷ്ടികൾക്കുമാത്രമെ അവരുടെ ഹൃദയത്തിന്റെ അഗാധഭാഗത്തു് നിസ്സാരവും അസാരവും ആയ സംഗതികളെക്കൊണ്ടു് ഉല്പാദിക്കാനിടയുള്ള കഷ്ടവും, സങ്കടവും, ദ്രോഹവും, അസ്വാസ്ഥ്യവും എത്രമാത്രം കഠോരമായിരിക്കുമെന്ന പരമാർത്ഥബോധം ഉണ്ടായിരിക്കയുള്ളു.

“എന്നോടു് ചോദിച്ചിട്ടാണൊ, അല്ലെങ്കിൽ ഞാൻ ആവശ്യപ്പെട്ടിട്ടാണൊ എന്നെ ഇവിടെ ജനിപ്പിച്ചതു്” എന്നും മറ്റും യാതൊരു നിവാരണമാർഗ്ഗവും കിട്ടാതെ വിവശയായിത്തീർന്ന ആ നിഷ്കളങ്കയുവതി വനരോദനംപോലെ മറ്റൊരാളുമില്ലാത്ത ആ മുറിമാത്രം കേൾക്കുമാറു് പറഞ്ഞു. പുരുഷന്മാർക്കുള്ള നിരന്തരമായ ആവലാതിയും സൃഷ്ടികർത്താവിനോടു് ബോധിപ്പിപ്പാനുണ്ടായിരുന്നതു് ഇതുപോലെത്തന്നെ ആയിരുന്നു എന്ന കാര്യവും മറന്നിട്ടാണു് അവൾ ഇപ്രകാരം അപലപിച്ചതു്. അവരുടെ ദീനവിലാപവും ഏകദേശം താഴെ പറയുംപ്രകാരമായിരുന്നു. “നിങ്ങൾ എന്നെ സൃഷ്ടിച്ചതു് എന്തിനായിരിക്കും. വല്ല ഉദ്ദേശസിദ്ധിക്കുവേണ്ടി ആയിരിക്കുമോ? എന്നെക്കൊണ്ടു് എന്തു് കർത്തവ്യമാണു്.”

അവൾ, അങ്ങിനെ ഒന്നു് തോന്നീട്ടു് ഒരു ഒന്നാന്തരം ബ്ളൗസും ഒരു വിലയേറിയ ചേലയും അണിഞ്ഞു. “അനുരാഗശക്തി ഇത്രത്തോളം കഠിനമായി, ഇത്രത്തോളം കലശലായി, എന്റെ ഹൃദയത്തിൽ നിലനിർത്തുവാൻ ഞാൻ യാതൊരു ശക്തിയോടും അപേക്ഷിച്ചിട്ടില്ല. എന്നിട്ടു് ആ വിലയേറിയ വരം എനിക്കു് ഈശ്വരൻ തരികയും ചെയ്തു. എന്നെപ്പറ്റി വെറുക്കുവാനോ അപവാദവും അപകീർത്തിപരവും ആണെന്നു് തോന്നിപ്പോവാനോ ഇടയില്ലാത്തവിധത്തിൽ, എന്റെ അനുരാഗം പതിഞ്ഞ ഒരേ ഒരാളെ സിദ്ധിക്കുന്നതിൽ, എന്നെ മനഃപൂർവ്വം തടഞ്ഞുനിർത്തിയതു് എത്രത്തോളം ക്രൂരമായ ഒരു കർമ്മമാണു്. ഇതിന്നു് വല്ല പ്രതിവിധിയും ഉണ്ടായിരിക്കുമോ?”

അവൾ കൃഷ്ണൻനായരുടെ അടുക്കെ ചെല്ലുവാൻതന്നെ ഉറച്ചു. അവളുടെ അന്തർഗ്ഗതം മുഴുവനും അദ്ദേഹത്തോടു് തുറന്നു് പറയുവാൻ നിശ്ചയിച്ചു. അദ്ദേഹം അയാളുടെ അനുരാഗമായ നിധി അവളിൽ സമർപ്പണം ചെയ്യാതെപോയാൽ, അവളുടെ യുവഹൃദയത്തിൽ പൊങ്ങുന്ന ഔൽസുക്യത്തോടും, ഉന്മേഷത്തോടും, പ്രസാദത്തോടും അവൾ കഴിച്ചുകൂട്ടുവാൻ വിചാരിച്ച ജീവിതദശ, ശുദ്ധമായും നിഷ്കളങ്കമായും അനന്യസ്പർശമായും കഴിപ്പാൻ വിചാരിച്ച ജീവകാലം വ്യർത്ഥമായിരിക്കും എന്നു് അവളെ മനസ്സാക്ഷി മനസ്സിലാക്കിക്കൊടുത്തു. അവളുടെ മനഃസ്ഥിതി സത്യമായിട്ടും വ്യക്തമായിട്ടും, ഒട്ടൊഴിയാതെ അദ്ദേഹത്തെ പറഞ്ഞുകേൾപ്പിപ്പാൻ അവൾ ഒരുങ്ങി. അവളെ സഹായിപ്പാനും അവളോടു് സഹകരിപ്പാനും അയാൾ സന്നദ്ധനായിരിക്കും എന്ന വിശ്വാസം അവൾക്കു് ശരിയായിട്ടുണ്ടായിരുന്നു. കഷ്ടാരിഷ്ടഭൂയിഷ്ടമായും പ്രത്യാശാരഹിതമായും നന്ദിക്കേണ്ടിവന്ന ഒരു ജീവിതത്തിൽനിന്നു് അദ്ദേഹമാണു് അവളെ പ്രതിഫലേച്ഛകൂടാതെ രക്ഷിച്ചതു്. ഈ പ്രാവശ്യവും അയാൾക്കു് ദാക്ഷിണ്യമുണ്ടാവാതിരിക്കയില്ലെന്നു് അവൾക്കു് പൂർണ്ണബോദ്ധ്യം ഉണ്ടായിരുന്നു.

ആ സമയത്താണു് അവൾക്കു് വേദവതി ലളിതയുടെ കാര്യം ഓർമ്മയായതു്. ഒരു നിമിഷത്തിനുള്ളിൽ അവളുടെ സ്വരൂപം കുരൂപമായി പരിണമിച്ചു. അവളുടെ കൈപ്പടങ്ങൾ, ശക്തിയോടെ മുഷ്ടി ചുരുട്ടിപ്പിടിച്ചു. കൊലനടത്താനുംകൂടി ശങ്കയില്ലാത്ത ഒരുതരം വെറുപ്പു്, ദേവതാഗോഷ്ടിപോലെ അവളെ ബാധിച്ചു. അവളുടെ കണ്ണുകളിൽനിന്നു് യഥാർത്ഥമായി തീപ്പൊരി പാറി. “ഞാൻ അവളെ വെറുക്കുന്നു. ആ നീചയെ ഹൃദയപൂർവ്വം ഞാൻ കഠിനമായി വെറുക്കുന്നു. എന്റെ കൃഷ്ണൻനായരെ ഞാൻ അവൾക്കു് വിട്ടുകൊടുക്കയില്ല നിശ്ചയം.”

മണി എത്രയായിരിക്കുമെന്നു് ഘടികാരത്തിൽ നോക്കാതെ അവൾ ഏണിപ്പടി ഇറങ്ങി. തെരുവുകളിൽക്കൂടെ ആൾപെരുമാറ്റം കേവലം ശമിച്ചുപോയിരുന്നു. എന്നാൽ ചന്ദ്രൻ നല്ലവണ്ണം പ്രകാശിച്ചിരുന്നതുകൊണ്ടു്, രാത്രി അസാരം കടന്നുപോയി എന്ന വിചാരം പൊന്നിക്കുണ്ടായിരുന്നില്ല.“നിണക്കു് ഭയമില്ലയോ സഖി തനിച്ചുപോയിടുവാൻ—അനംഗനിഷ്ടവും തൊട്ടുള്ള തുണയായെനിക്കില്യോ” എന്നു് അമരുകൻ പറഞ്ഞതു് വളരെ പെണ്ണുങ്ങളുടെ കാര്യത്തിലും കാര്യമായിരിക്കും. അവൾ അരമണിക്കൂർകൊണ്ടു് കൃഷ്ണൻനായരുടെ വീട്ടിന്റെ പടിവാതില്ക്കൽ ചെന്നു് വിളിച്ചു. കാര്യങ്ങളൊക്കെ അറിവാൻ വളരെ ജിജ്ഞാസ ഉണ്ടായിരുന്ന രാരിച്ചൻ, പടിതുറന്നു് അവൾക്കു് ഉള്ളിലേയ്ക്കു് പ്രവേശനം കൊടുത്തു.

ഈ രഹസ്യത്തെപ്പറ്റി രാരിച്ചന്നു് വളരെനാൾ ദീർഗ്ഘമായ ഒരു ശങ്ക ഉണ്ടായിരുന്നു. പെണ്ണുങ്ങളുമായിട്ടുള്ള ഇടപാടുകളിൽ തന്റെ യജമാനന്നു് സാധാരണന്മാർക്കെന്നപോലെ മറ്റൊരുതരം ബുദ്ധി ഉണ്ടായിട്ടു് രാരിച്ചൻ ഇതുവരെ കണ്ടിട്ടുമില്ല. എന്നാൽ പൊന്നിയെപ്പോലെയുള്ള ഒരു കമനീയാംഗി, ബാല്യംകൊണ്ടു് തിളങ്ങുന്ന ഒരു പൊൻപെണ്ണു്, മറ്റൊരാളും സഹായത്തിന്നില്ലാതെ രാത്രി വരുമ്പോൾ തന്റെ യജമാനൻ നിർദ്ദോഷിയും നിഷ്കളങ്കനും ആയിരിക്കുമെന്ന ബോധം ഉണ്ടാവാൻ തക്കവണ്ണം ആ ബുദ്ധിഹീനനു് മനോദൃഢത ഉണ്ടായിരുന്നില്ല.

ഇപ്പോളാകട്ടെ അവന്റെ സംശയങ്ങളൊക്കെ ശമിച്ചു. പെണ്ണു് തന്റെ യജമാനന്റെ വീട്ടിൽ വന്നിരുന്നതു് നട്ടപാതിരായ്ക്കാണു്. എന്നിട്ടു് ആവശ്യപ്പെട്ടതു് കൃഷ്ണൻനായരെ കാണേണ്ടതുണ്ടു് എന്നുമാത്രമാണു്. ഒരു അവിവാഹിതനായ യുവാവിന്റെ വീട്ടിൽ അർദ്ധരാത്രി കേറിച്ചെല്ലുന്നതിൽ അസാധാരണത്വം ഉണ്ടെന്ന ഒരു സങ്കോചംതന്നെ അവൾക്കു് ഉണ്ടായിരുന്നില്ല. ആകപ്പാടെ വിചാരിച്ചാൽ ഈ മാതിരി രഹസ്യസമ്മേളനങ്ങൾ രാരിച്ചന്റെ മാതിരിക്കാർക്കു് ഓരോ ധനസമ്പാദനമാർഗ്ഗം മാത്രമായിരുന്നു.

രാരിച്ചൻ:
(ഒരു മനസ്സിലായ ചിരിയോടെ) അയാൾ ഉണ്ടോ എന്നു് തിട്ടമായ വിവരം എനിക്കില്ല. ഞാൻ ഇപ്പോൾത്തന്നെ കിടക്കാൻ പോകുകയായിരുന്നു. ഒരു സമയം അദ്ദേഹം നിങ്ങളേയും കാത്തിരിക്കുന്നുണ്ടായിരിക്കും അല്ലെ!

പൊന്നി അവൻ പറഞ്ഞിരുന്നതു് നല്ലവണ്ണം ശ്രദ്ധിച്ചിരിയ്ക്കുമോ എന്നു് സംശയമാണു്. അവനേയും കടന്നു് അവൾ നടുമുറിയിൽ പ്രവേശിച്ചു. കൃഷ്ണൻനായരെ അവിടെ കണ്ടില്ല. അവൾ ചെയ്യുന്നതു് ഇന്നതെന്നു് ഒരു ശിഖരംപോലും ആലോചിയാതെ, അവൾ ഒരു തിരശ്ശീലകൊണ്ടു് മറച്ച മുറി തുറക്കാൻ നോക്കി.

അതു് പൂട്ടീട്ടില്ലായിരുന്നതുകൊണ്ടു് അവൾ അതിൽക്കൂടി ചെന്നതു് നായരുടെ ഉറക്കറയിലായിരുന്നു. അവളുടെ മനഃസ്ഥിതി അത്രത്തോളം കഷ്ടത്തിലായിരിക്കകൊണ്ടു് ഈ ദുർന്നടവടി അവൾക്കു് സംഭ്രമം ഉണ്ടാക്കിയില്ല.

കൃഷ്ണൻനായർ മെത്തമേൽ കിടന്നു് ഒരു ശിശുവെപ്പോലെ ശ്രാന്തിതീരുംവണ്ണവും, ശാന്തമായും ഉറങ്ങിയിരുന്നു. ഉണർന്നനിലയേക്കാൾ ഉറങ്ങുന്ന നിലയിലാണു് അയാളുടെ മുഖത്തിന്നു് അധികകാന്തി കണ്ടതു്. സാധാരണ ജനങ്ങൾക്കു് ഇതിന്റെ വിപരീതാവസ്ഥയാണു്. ഉണർന്ന സമയത്തു് മനസ്സിലൊന്നും, മുഖത്തിൽ അതിന്റെ വിപരീതഭാവവും ലോകപരിചിതരായ ജനങ്ങൾക്കു് കാട്ടാൻ കഴിയും. ഉറങ്ങുമ്പോൾ സാക്ഷാൽ വികാരം മറയ്ക്കാൻ ആർക്കും സാധിക്കയില്ല. യഥാർത്ഥസ്വഭാവം പ്രകാശിച്ചുനില്ക്കുന്നുണ്ടാകും. ലോകത്തിന്റെ കണ്ണിൽനിന്നു് ഉണർന്നനിലയിൽ മറച്ചുവെയ്ക്കാൻ കഴിയുന്ന എല്ലാ ചീത്തത്തരങ്ങളും, ഉറങ്ങുമ്പോൾ മുഖത്തിൽനിന്നു് കുളത്തിലെ വെള്ളത്തിൽ കാണുന്ന തവളകളെപ്പോലെ എത്തിനോക്കുന്നുണ്ടാകും. ജാഗ്രതാവസ്ഥയിൽ പലർക്കും മറച്ചുവെയ്ക്കാൻ സാധിക്കുന്ന മുഖരേഖകൾ വെറുപ്പു്, അസൂയ, സത്യാഗ്രഹം, പരശ്രീകണ്ടുകൂടായ്മ, ഭയം മുതലായതിന്റെ അടയാളങ്ങൾ, ഉറങ്ങുമ്പോൾ സ്പഷ്ടമായി വിളങ്ങുന്നതു് കാണാം. അതുകൊണ്ടായിരുന്നു, ഉറങ്ങുമ്പോൾ ശിശുക്കൾക്കു് ധാരാളം സൗന്ദര്യം കാണുന്നതു്.

കൃഷ്ണൻനായർക്കു് യാതൊന്നും ഒളിച്ചുവെയ്ക്കാൻ ഇല്ലായിരുന്നു. ഉറങ്ങിയനിലയിലും ഉണർന്ന നിലയിലും അദ്ദേഹത്തിന്റെ സ്വഭാവഗുണം എപ്പോഴും പ്രസ്പഷ്ടമായി നില്ക്കുന്നതാണു്. അദ്ദേഹത്തിന്റെ മനോഹരമുഖം ഒരു ഇളമന്ദഹാസംകൊണ്ടു് തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ഗണ്ഡങ്ങൾ ലേശം ചുകന്നിരുന്നു. കരിന്നീലമുടികൾ, ചെവിയുടെ നേരെ മീതെ അല്പം നനഞ്ഞപോലെ തോന്നി. ഒരു കൈ തലയുടെ ചുറ്റും വെച്ചിരുന്നു. അദ്ദേഹത്തിന്റെ മുൻകഴുത്തു് അനാവരണമായിരുന്നു. താൻ ഇട്ടിരുന്ന പട്ടുഷർട്ടിന്റെ കുടുക്കുകൾ അഴിഞ്ഞിരിക്കകൊണ്ടു് നെഞ്ഞിന്റെ ചില ഭാഗങ്ങളും കാണാമായിരുന്നു. മനസ്സിൽ വെറിപിടിച്ചിട്ടുകൂടി, വെയിൽകൊള്ളാത്ത ശരീരഭാഗങ്ങൾ വെള്ളവില്ലുസുപോലെ തിളങ്ങിയിരുന്നു എന്നു് പൊന്നി കണ്ടു. മുഖവും, കഴുത്തും, കയ്യും, കൈത്തണ്ടയും ഒരു ചെമ്പിന്റെ ഛായ പാഞ്ഞവയായിരുന്നു. ബാക്കിഭാഗങ്ങൾ പാലുപോലെ വെളുത്തിട്ടായിരുന്നു. ആകപ്പാടെ അയാളുടേതു് ഒരു ശക്തിയുള്ള പുരുഷന്റെ ശരീരമായിരുന്നു. അവൾക്കു് ആ സമയത്തു് അദ്ദേഹത്തോടു് തോന്നിയതു് ഒരു മാതൃസ്നേഹം മാത്രമായിരുന്നു. അവൾ ശബ്ദമുണ്ടാക്കാതെ അയാളുടെ അടുത്തു് ചെന്നു. നല്ലവണ്ണം ശ്വാസവുംകൂടി അവൾ കഴിച്ചിരുന്നില്ല.

മുഖം കുനിച്ചിട്ടു് അവൾ അദ്ദേഹത്തിന്റെ നെറ്റിമേൽ മൃദുവായി ഒന്നു് ചുംബിച്ചു. “എന്റെ പ്രിയസഖെ! രക്ഷിതാവെ!” എന്നു് മന്ത്രിച്ചു. അയാൾ ഒന്നു് ഇളകി. ഒരു ദീർഘശ്വാസം കഴിച്ചു. “പൊന്നീ. ചെറിയപൊന്നീ” എന്നുമെല്ലെ ഉച്ചരിച്ചു.

ഇങ്ങിനെ അദ്ദേഹം പറഞ്ഞതു് ഉറക്കത്തിൽ ആയിരുന്നു. എന്നാൽ അവളെ അയാൾ കണ്ടറിഞ്ഞു എന്നാണു് പൊന്നി ധരിച്ചുപോയതു്. അവൾ കിടക്കയുടെ അരികെ മുട്ടുകുത്തി ഏങ്ങിഏങ്ങിക്കരഞ്ഞു. അവൾ അടക്കി വെച്ച സങ്കടവികാരവിചാരങ്ങളും പുറമെ പൊട്ടിഒലിച്ചു. കട്ടിലിന്മേൽ ശരീരം തൊട്ടുവെച്ച അവളുടെ ദീർഘനിശ്വാസങ്ങൾകൊണ്ടു് കട്ടിലുംകൂടി കുലുങ്ങി.

ഒരു ഞെട്ടലോടുകൂടി കൃഷ്ണൻനായർ ഉണർന്നു. അയാൾ പെട്ടെന്നെഴുന്നേറ്റിരുന്നു. അയാൾ തന്റെ മുന്നിൽ നില്ക്കുന്നതു് പൊന്നിയാണെന്നു് വിശ്വസിക്കാത്തപോലെ അവളെ കുറെനേരം തുറിച്ചുനോക്കി. കാര്യം ശരിയായി മനസ്സിലായപ്പോൾ, കുറച്ചുനേരത്തേയ്ക്കു് മിണ്ടാൻ വയ്യാത്തവണ്ണം അയാൾ അത്ഭുതംകൊണ്ടു് അമ്പരന്നുപോയി.

കൃ. നാ.:
പൊന്നീ എന്തുണ്ടായി. നിണക്കു് എന്താപത്തു് പിണഞ്ഞു. ശിന്നക്കുട്ടി പറയൂ. എന്റെ ഈശ്വരാ! (അയാൾ സംസാരിച്ചിരുന്ന സ്ഥലത്തിന്റെ അനൗചിത്യം ഓർമ്മവന്നപ്പോൾ) ഈ സമയത്തു് ഇവിടെ വരാൻ നിണക്കു് എങ്ങിനെ തോന്നി. നീ എങ്ങിനെ ധൈര്യപ്പെട്ടു.
പൊന്നി:
എന്റെ പ്രാണബന്ധോ! എനിക്കു് മനസ്സിന്നു് അശേഷം സുഖമില്ല. എനിക്കു് ഭയങ്കരമായ ഒരു വല്ലായ്മ. സീമയില്ലാത്ത അസുഖം.
കൃ. നാ.:
എന്താണതു് ചെറിയപൊന്നീ!

അയാൾ വളരെ അനുകമ്പയോടാണു് ഇങ്ങിനെ പറഞ്ഞതു്. അവൾക്കു് എന്തോ ഒരു ദ്രോഹം നേരിട്ടിട്ടുണ്ടെന്നു് അയാൾ ക്ഷണം മനസ്സിലാക്കി. അയാൾക്കു് വളരെ സന്താപവും സഹതാപവും ഉണ്ടായി. അയാൾ ലോകാചാരങ്ങളിൽ, വളരെപ്പിടുത്തമുള്ള ഒരാൾ അല്ലായിരുന്നു. എന്നാൽ അവളുടെ രാത്രിയത്തെ വരവു് ലോകം ഏതുവിധത്തിൽ വ്യാഖ്യാനിക്കും എന്ന അറിവു് അയാളെ വളരെ വെറുപ്പുപിടിപ്പിച്ചു. അവളെ വിചാരിച്ചിട്ടുമാത്രമാണു് അയാൾക്കു് വെറുപ്പുണ്ടായതു്. ദുഷ്ടമാനസന്മാരായ വഞ്ചകന്മാരുടെ ദൂഷണങ്ങൾകൊണ്ടൊന്നും അയാൾ ഒരു കുലുങ്ങിപ്പോകുന്ന ഭീരുവല്ലെന്നു് അയാൾക്കുതന്നെ അറിവുണ്ടു്.

പൊന്നി:
കൃഷ്ണൻനായരേ! എന്റെ പ്രാണമിത്രമേ എനിക്കു് വല്ല ആപത്തും എത്തിച്ചേരുവാൻ നിങ്ങൾക്കു് ഇഷ്ടമുണ്ടാകയില്ല—ഉണ്ടൊ?

മുട്ടുകുത്തി ഇരുന്നേടത്തിൽനിന്നു് അയാളെ പൊത്തിപ്പിടിച്ചു് അവൾ എഴുന്നേറ്റു. അവൾ അദ്ദേഹത്തിന്റെ അരികെ ഇരുന്നു. ഒരു ചുമൽ കണ്ണുനീർകൊണ്ടു് നനച്ചു.

കൃ. നാ.:
പൊന്നീ! എന്താണു് ഉണ്ടായതു്. വല്ല ദ്രോഹവും നിണക്കു് നേരിട്ടോ? എന്താണു് നിണക്കു് നേരിടാനുള്ളതു് ? നീ വല്ല ദുസ്വപ്നം കണ്ടിട്ടുണ്ടായിരിക്കുമോ? എന്റെ സ്വന്തം, ഭീരുവല്ലാത്ത പെൺകുട്ടിതന്നെയാണെന്നു് കാണിക്കൂ. നിന്നെ വേദനപ്പെടുത്താൻ ആർക്കും അവകാശമില്ല.
പൊന്നി:
പ്രാണമിത്രമേ! എന്നെ നിങ്ങൾ രക്ഷിക്കേണം. അല്ലെങ്കിൽ എനിക്കു് വല്ലതും വന്നേക്കാൻമതി. എന്റെ ഹൃദയത്തിൽ അങ്ങിനെ ഒരു വിചാരം ഉറച്ചുപോയിരിക്കുന്നു. എനിക്കതിന്നു് സംശയമില്ല.

ഇവൾ ഈ സമയത്തു് കരഞ്ഞിരുന്നില്ല. അവൾ അദ്ദേഹത്തെ ചാരി ഇരുന്നിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യംതന്നെ അവൾക്കു് സംതൃപ്തി ഉണ്ടാക്കി.

കൃഷ്ണൻനായർക്കു് വളരെ പരിഭ്രമമുണ്ടായി. ഇവൾക്കു്, പെണ്ണുങ്ങൾക്കു് ചിലപ്പോൾ പിടിപെടുന്ന സംഭ്രാന്തിയായിരിക്കുമോ? അവൾക്കു് അടക്കാൻ കഴിയാത്ത എടുത്തുചാട്ടങ്ങളും ഉണ്ടായിരുന്നതു് ഓർമ്മവന്നു. ചിലപ്പോൾ അതു് തന്നോടുള്ള നന്ദികൊണ്ടായിരിക്കും. ചിലപ്പോൾ അതു് വേദവതിലളിതയോടു് നേരിട്ടുള്ള വെറുപ്പുകൊണ്ടായിരിക്കും. ചിലപ്പോൾ അവളുടെ അമ്മയുടെ ദയനീയാവസ്ഥ വിചാരിച്ചിട്ടായിരിക്കും. ചിലപ്പോൾ സ്ക്കൂൾജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യഭംഗംകൊണ്ടായിരിക്കും. അവൾക്കു് അല്പം നൊസ്സു്—ചിത്തഭ്രമം—പിടിപെട്ടോ എന്നുകൂടി പെട്ടെന്നു് അവൾക്കു് ഒരു ശങ്ക ഉണ്ടായി. ആത്മനിയമനം പഠിച്ചു് മനസ്സിലാക്കാൻ തക്കവണ്ണം, കോളേജ് പഠിത്തമോ, സ്വഭവനപരിശീലനമോ അവൾക്കു് കേവലം ഉണ്ടായിട്ടില്ലെന്ന കാര്യം അയാളുടെ മനസ്സിൽനിന്നുതീരെ വിട്ടുപോയിരിക്കുന്നു. അവൾ ഒരു മനുഷ്യജന്തു മാത്രമാണു്. സാധാരണ സ്ത്രീകൾക്കു് സിദ്ധിച്ചുകാണുന്ന മനോവികാരങ്ങളേക്കാൾ കടുപ്പമേറിയവയാണു് ഈശ്വരനാൽ അവൾക്കു് ദത്തമായതു്. അവളുടെ നിർമ്മലവും, അച്ചടക്കമില്ലാത്ത ഹൃദയവും തോന്നിപ്പിക്കുംപ്രകാരം ആചരിച്ചുവരികയല്ലാതെ മറ്റുള്ളവരുടെ ഉപദേശമൊന്നും അവൾ സ്വീകരിച്ചിരുന്നില്ല. ഈ കാര്യങ്ങളൊക്കെ അയാൾ മറന്നിരിക്കുന്നു. ഒരു സമയം അയാൾ മനസ്സിലാക്കീട്ടില്ല എന്നുംവരും പുരാതനമനുഷ്യരുടേതുപോലെ വാർണീഷ് കേവലമില്ലാത്ത സ്വഭാവമുള്ള പൊന്നിയെപ്പോലെ ഇരിക്കുന്ന സൃഷ്ടികളോടു് സമ്പർക്കം അയാൾക്കു് വളരെഒന്നും ഇല്ലായിരുന്നു. ഇടവിട്ട സകല സ്ത്രീപുരുഷന്മാരും അദ്ദേഹം അടുത്തുപെരുമാറിനോക്കിയേടത്തോളം അവരവർക്കു് വേണ്ടുന്നത്ര അച്ചടക്കവും വിചാരശമനവും തന്നേപ്പോലെ ശീലിച്ചവരായിരുന്നു.

പൊന്നി അയാൾക്കു് ഒരു വിസ്മയജനകമായ സൃഷ്ടിയായിട്ടു് തോന്നി. അയാൾ അവളെ നിർഭരം തെറ്റിദ്ധരിച്ചു. നമുക്കു് നല്ലവണ്ണം മനസ്സിലാകാത്തവരുടെ ആചരണങ്ങൾ നമ്മൾ മിക്കസമയത്തും മറ്റൊരുവിധത്തിൽ അർത്ഥമെടുത്തുപോകുന്നതു് പ്രപഞ്ചരീതിയാണു്.

പൊന്നി അയാളെ തൃഷ്ണകൂടുംപ്രകാരം പറ്റിയിരുന്നു. തല്ക്കാലസ്ഥിതിയുടെ നിർമ്മര്യാദം അയാൾക്കു് വിശദമായി ബോദ്ധ്യം വന്നു. അയാൾ അവളുടെ താമരവദനം, ക്രൂരമായിട്ടെന്നപോലെ തന്റെ ചുമലിന്മേൽനിന്നു് തെറിപ്പിച്ചുകളഞ്ഞു. പോരാഞ്ഞിട്ടു് ഒരു കഠിനഭാവവും അവലംബിച്ചു.

കൃ. നാ.:
പൊന്നീ! നീ വരുന്നതു് രാരിച്ചൻ കണ്ടിട്ടുണ്ടായിരിക്കയില്ലെ!
പൊന്നി:
അയാളാണു് എന്നെ കടത്തിത്തന്നതു്.
കൃ. നാ.:
നിന്നെ കടത്തിത്തന്നതോ! ആ ഒന്നിനും കൊള്ളാത്ത കഴുത. ഞാൻ എന്റെ ഉറക്കറയിലാണെന്നു് അവൻ അറിഞ്ഞിരുന്നു.

അയാളുടെ മുഖം കറുത്തു.

കൃ. നാ.:
നീ ഇതിനോടു് തൊട്ട മറ്റെ മുറിയിൽപോയി ഇരിക്കൂ. ഞാൻ എന്റെ ഉടുപ്പിടട്ടെ. ഈ സംഭവത്തിന്റെ ഗൗരവം നീ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു എന്നു് എനിക്കു് തോന്നുന്നില്ല. ഇങ്ങിനെ ഒരു സംഭവം വരാതിരിപ്പാൻവേണ്ടി ഞാൻ ഭഗീരഥപ്രയത്നംതന്നെ ചെയ്വാൻ ഒരുക്കമായിരുന്നു.
പൊന്നി:
അങ്ങിനെയല്ല. എനിക്കു് ഇവിടെത്തന്നെ താമസിക്കാനാണു് ആഗ്രഹം. അതു് നിങ്ങളെന്താ മനസ്സിലാക്കാത്തതു്. എന്നെ നിങ്ങളുടെകൂടെത്തന്നെ എപ്പോഴും താമസിപ്പിക്കണം എന്നാണു് എന്റെ അപേക്ഷ. എനിക്കു് സ്വകാര്യമായി താമസിക്കാൻ മേലാൽ സാധിക്കയില്ല. അങ്ങിനെയായാൽ എനിക്കു് ഭ്രാന്തുപിടിച്ചുപോകും.
കൃ. നാ.:
നിണക്കു് ഇപ്പോൾത്തന്നെ ഭ്രാന്താണു്. ജനങ്ങൾ എന്തുപറയും! രാരിച്ചൻ ബാക്കിയുള്ളവരോടു് ഈ വിവരം പറയുകയില്ലേ!

ഒരക്ഷരവും മിണ്ടാതെ പൊന്നി മുറിയുംവിട്ടുപോയി.

കൃഷ്ണൻനായർ ചമയം ചമഞ്ഞു. ബദ്ധപ്പാടിൽ അയാൾക്കു് ഒരു വിറ നേരിട്ടോ എന്നുകൂടി തോന്നി. ഹൃദയത്തിൽ അദ്ദേഹത്തിന്നു് ഇതുവരയ്ക്കും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു പുതിയ വികാരം ജനിച്ചു. ഈ വികാരത്തെ, ഒരു കുടയൽകൊണ്ടു് തെറിപ്പിച്ചുകളവാൻ അദ്ദേഹം അശക്തനായി. അദ്ദേഹത്തിന്നു് അത്ഭുതവും ഭീതിയും ദ്രോഹവും ഏകോപിച്ച ഒരു പുതിയ സംഭ്രാന്തി നേരിട്ടു.

പൊന്നി അരികെ ഇരിക്കുമ്പോഴൊക്കെയും തന്നെ ചഞ്ചലിപ്പിച്ച വികാരം ഇന്നതാണെന്നു് അദ്ദേഹത്തിന്നു് കുറെശ്ശെ മനസ്സിലായിവരുന്നുണ്ടൊ എന്നുതോന്നും. അവളുടെ സാമീപ്യം അയാൾക്കു് ഒരു രോമാഞ്ചമുണ്ടാക്കി. ബാക്കിയുള്ളവരെപ്പോലെ താനും ഒരു പുരുഷനാണെന്ന ബോദ്ധ്യം അദ്ദേഹത്തിന്റെ തീക്കട്ടയുടെ വെണ്ണീർ പാതി നീക്കിയപോലെ തോന്നുന്നു. ആത്മാവിനെ ഉജ്ജ്വലിപ്പിച്ചിരുന്നു. ഒന്നിലധികം പ്രാവശ്യം, അവളെ പിടിച്ചുകെട്ടി ചുംബിക്കണം എന്ന ആശ അയാൾ പിടിച്ചൊതുക്കിയിരുന്നു. എന്നാൽ തന്റെ അധൈര്യത്തിന്നു് ഒരു മറുകയ്യായി അയാൾ കണ്ടുപിടിച്ച സമാധാനം അവൾ വെറും ഒരു ശിശുവാണെന്ന വങ്കത്തരം മാത്രമായിരുന്നു. അതുകൊണ്ടു് ഇനിയും കുറേക്കൂടി കാത്തുനില്ക്കണമെന്നാണു് ആ വങ്കശിരോമണിക്കു് തോന്നിയിരുന്നതു്.

ഇപ്പോളാകട്ടെ അവൾ ക്ഷണിക്കാതെതന്നെ അയാളുടെ വീട്ടിൽവന്നു. എന്നിട്ടു് അവളെ സ്വീകരിപ്പാൻവേണ്ടി അവൾ തന്നെ നിസ്സങ്കോചം അദ്ദേഹത്തെ ക്ഷണിച്ചു. അയാൾക്കു് ഒരു വിപരീതാനുഭവമാണു് കഷ്ടകാലത്തിന്നു് തോന്നിയതു്. അവളുടെ മാധുര്യം കണ്ടപ്പോൾ അദ്ദേഹത്തിന്റെ ചോര പതപ്പിക്കുംപ്രകാരം, ഉള്ളിൽ ഉജ്ജ്വലിച്ചുവന്ന അത്യാഗ്രഹത്തെ ശമിപ്പിപ്പാൻ തനിക്കു് ശക്തി ഉണ്ടാകയില്ലെന്ന ഭയമാണു് അദ്ദേഹത്തിനെ ഒരു ഗൗരവഭാവിയും കടുപ്പക്കാരനും ആക്കിത്തീർത്തതു്. അവളുടെ നിഷ്കളങ്കവും അനർഘവും ആയ ആരാധനയുടെ ഫലമായി അവൾ വഴങ്ങിക്കൊടുത്ത സ്വന്തദേഹത്തെ അയാൾക്കു് നിഷ്പ്രയാസം സ്വീകരിക്കാമായിരുന്നു. അങ്ങിനെ ഒരു സ്വാതന്ത്ര്യം ക്ഷണത്തിൽ എടുക്കുന്നതു് ഒരു ഭീരുവിന്റെ ലക്ഷണമാണെന്നു് അദ്ദേഹത്തിനു് തോന്നിയതേ ഇല്ല. എന്നാലുംകൂടി, സർവ്വകാര്യത്തിന്നും വഴങ്ങിക്കൊണ്ടു് തന്നെതൊട്ടുകൊണ്ടു് ഇരുന്നിരുന്ന ആ മധുരാവസ്ഥ വിട്ടുകളഞ്ഞതു് നന്നായില്ലെന്നു് ആ മന്ദന്നു് തോന്നി.

അനുരാഗത്തിന്റെ ഏകച്ഛത്രാധിപത്യംപോലെ സർവ്വത്തിന്നും വഴങ്ങിക്കുന്ന ശക്തിയെ അദ്ദേഹം പല പ്രാവശ്യവും വിശ്വസിക്കുവാൻ ശങ്കിച്ചിരുന്നു. താന്താങ്ങളുടെ നീചാഗ്രഹങ്ങളെ കുറ്റപ്പെടുത്തുന്നതിന്നു് പകരം പുരുഷന്മാർ അനുരാഗത്തെ കുറ്റപ്പെടുത്തി പറയുന്നതാണു് തെറ്റു് എന്നു് അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾമാത്രമേ തന്റെ ആ അഭിപ്രായം തെറ്റാണെന്ന ബോദ്ധ്യം അയാൾക്കു് ഉണ്ടായിരുന്നുള്ളു. മനുഷ്യനെ സംബന്ധിച്ചേടത്തോളം ആ വിചാരചക്രവർത്തി ഈശ്വരനെപ്പോലെ സർവ്വശക്തനാണെന്നും അതിന്റെ അധീനത്തിൽപെട്ടാൽ എല്ലാവരും വെറും പാവകളാണെന്നും അയാൾക്കു് ഇപ്പോഴെങ്കിലും മനസ്സിലായി. ആ പരമാർത്ഥം ബോദ്ധ്യമായപ്പോൾ അയാൾക്കു് കോപമാണു് ഉണ്ടായതു്. അനുരാഗംകൊണ്ടു് കൃഷ്ണൻനായരാണെന്നു് അഭിമാനിച്ചുപോരുന്ന ധീരനായ അദ്ദേഹം ഒരു ഭീരുവായിത്തീർന്നുപോയതു് എല്ലാംകൊണ്ടും അദ്ദേഹത്തെ അവശതപ്പെടുത്തി. അയാൾ മുറിയിൽനിന്നു് കടന്നുപോകുമ്പോൾ പൊന്നി ഒരു ചൂടിപ്പായിന്മേൽ, ഒരു നിരാശാമൂർത്തിയേപ്പോലെ ഇരുന്നിരുന്നു.

ആ, വങ്കരിൽവെച്ചു് വങ്കൻ, വേണ്ടുന്നേടത്തു് വേണ്ടതു് പ്രവർത്തിക്കാൻ, പെണ്ണുങ്ങളോടുള്ള ബഹുമാനവും ആദരവും വന്ദനവുംകൊണ്ടു് അറിയാതെപോയ ആ കചൻ, രാരിച്ചനെ വിളിച്ചുണർത്തി, അവൻ ഇങ്ങിനെ കിട്ടുമെന്നു് ഇതുവരയ്ക്കും വിചാരിക്കാത്ത ശകാരവർഷംകൊണ്ടു് അവനെ കുലുക്കിയും കുളിപ്പിച്ചും വിട്ടു. അയാൾ സാധാരണ അതിഥികളെ സ്വീകരിക്കുന്ന മുറിയിൽ വിളക്കു് നല്ലവണ്ണം കത്തിച്ചുവെക്കാൻ അവനെ ശാസിച്ചു. രാരിച്ചനാകട്ടെ പരിഭ്രമംകൊണ്ടു് അന്ധാളിച്ചുപോയി. പൊന്നിയുടെ കാര്യം അതിലും കവിഞ്ഞു.

അയാൾ പൊന്നിയുടെ അരികെചെന്നിരുന്നു. ഈ നടുപാതിരയ്ക്കു് അവളുടെ സ്ക്കൂളും വിട്ടു് തന്റെ വീട്ടിൽ കേറിച്ചെല്ലുന്ന വങ്കത്തരത്തിന്നു് അവൾ കോപ്പിട്ടതെന്തിനാണെന്നു് വളരെ ശാന്തനായും മർമ്മസ്പർശകനായും അവളോടു് ചോദിച്ചപ്പോൾ, ആ വികാരശൂന്യനും ദൃഢമനസ്കനുമായ അദ്ദേഹത്തെ പൊന്നിക്കു് ഭയമാണു് തോന്നിയതു്.

കൃ. നാ.:
എന്തെങ്കിലും, നിണക്കു് പറവാനുണ്ടായിരുന്നെങ്കിൽ അതു് നിണക്കു് പകൽ പറഞ്ഞുകൂടായിരുന്നോ! പകൽ ഏകദേശം മുഴുവനും നീ എന്റെകൂടെ ഇല്ലായിരുന്നോ! ഞാൻ നിന്നെ വിട്ടിട്ടു് വളരെ നാഴിക കഴിയുംമുമ്പെ നീ പിന്നേയും ഇവിടെ പാഞ്ഞെത്തി.

കൃഷ്ണൻനായരുടെ കോപം യഥാർത്ഥത്തിൽ തന്നോടായിരുന്നു എന്ന വിവരം പൊന്നിക്കു് ഊഹിക്കപോലും വയ്യാത്തതായിരുന്നു. ഒരു സന്നിവാതമോ, ഒരു വലിയ പരവശതയോ, ഇതു് കേട്ടപ്പോൾ അവൾക്കു് പിടിപെട്ടു. അവളുടെ പളുങ്കുപോലെ വെളുത്ത ഗണ്ഡങ്ങൾ ചുകന്നു. അയാൾ തന്നെ അനുരാഗിക്കുന്നില്ല. അയാൾ ഏതുകാലത്തെങ്കിലും അവളെ അനുരാഗിക്കാൻ അവകാശമുണ്ടാകും എന്നു് വിചാരിപ്പാനും കാരണമില്ല. ഈ മാതിരി നിർദ്ദയമായി അവളോടു് സംസാരിക്കണമെങ്കിൽ അനുരാഗം കേവലമില്ലെന്ന ഒരു വലിയ തെളിവാണു് അയാൾ പുറത്തിറക്കുന്നതു്.

എന്നാൽ കൃഷ്ണൻനായർക്കു് താൻ അവളെ യഥാർത്ഥത്തിൽ അനുരാഗിക്കുന്നുണ്ടെന്ന പരമാർത്ഥം പുറത്തുപറവാൻ വളരെ ഭയമായിരുന്നു. അതു് ഉദാഹരിക്കുവാൻവേണ്ടി മാത്രമായിരുന്നു, അയാൾ കപട്യമായി കാണിച്ച ദുശ്ശീലം. അതും ഒരു കൈകടന്ന കർമ്മമായിപ്പോയി. ഇതിന്റെ പര്യവസാനം എന്തായി എന്നു് നിങ്ങൾ വിചാരിക്കുന്നു. അയാൾ തന്റെ ജീവകാലത്തിൽ ഇതുവരെ കാണിക്കാത്തവിധത്തിൽ, ദുസ്സഹശീലം കല്പിച്ചുകൂട്ടി അവലംബിച്ചുകൊണ്ടിരുന്നു.

പൊന്നി അവളുടെ ശരീരം വ്യസനാകുലയായി മുന്നോട്ടും പിന്നോട്ടും ആട്ടിക്കൊണ്ടിരുന്നു.

പൊന്നി:
ഞാൻ മരിച്ചാൽ എത്ര നന്നായിരുന്നു. എനിക്കു് എന്നല്ല എല്ലാവർക്കും എത്ര നന്നായിരുന്നു. ഇതു് എന്റെ പതിനെട്ടാമത്തെ പിറന്നാളാണു്. ഇന്നു് ഈശ്വരൻ എന്നെ മടക്കിവിളിച്ചാൽ എത്ര നന്നായിരുന്നു. ഞാൻ അതിന്നു് പ്രാർത്ഥിക്കുകയുംകൂടി ചെയ്യുന്നു.

കൃഷ്ണൻനായർ ഇളകാതെ ഒരേടത്തുതന്നെ ഇരുന്നു. അവളെ സമാധാനിപ്പാനുള്ള ചിന്തയെ ആ മഹാത്മാവിനുണ്ടായില്ല. എന്നാലുംകൂടി അവളുടെ ആധി അയാളുടെ ഉള്ളു് കത്തിക്കരിപ്പിച്ചിരുന്നു. അയാൾക്കു് ദുസ്സഹമായിരുന്നു. അതു് തന്റെ പുരുഷത്വത്തിന്നു് പറ്റിയതല്ലെന്നു് പെണ്ണുങ്ങളുടെ ഹൃദയം മനസ്സിലാക്കാത്ത ആ ‘ചണ്ഡാളൻ’ നിശ്ചയിച്ചു.

കൃ. നാ.:
നിണക്കു് മരിക്കണമെന്നോ? ബാക്കിയുള്ളവരുടെ ഉള്ളിലും അവർ മരിക്കട്ടെ എന്ന വിചാരം നീ ജനിപ്പിച്ചുവിടുന്നുണ്ടു്.

ഇതു് പറയുമ്പോൾ അദ്ദേഹത്തിന്റെ മനഃസ്സാക്ഷി അദ്ദേഹത്തോടു് മന്ത്രിച്ചതു് ഇങ്ങിനെയായിരുന്നു. “എടാ അവളുടെ അടുത്തുപൊയ്ക്കോ. അവളെ നിന്റെ കൈകൊണ്ടു് കെട്ടിപ്പിടിക്കുക. അവളെ ആശ്വസിപ്പിക്കുക.”

എന്നിട്ടെന്തുപ്രയോജനം? അവളുടെ ഗണ്യമില്ലാത്ത എടുത്തുചാട്ടത്തെപ്പറ്റി ലോകം എന്തുപറയുമെന്നു് എത്രയോ ശകാരരൂപേണ അവളെ മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു. വിവേകം അയാളോടു് പറഞ്ഞുകൊടുത്തതു് ഇങ്ങിനെയായിരുന്നു. “നീ അവളുടെ വലയിൽ പെടേണ്ട. അവളുടെ വിഡ്ഢിത്തരത്തെപ്പറ്റി അവളെ കഠിനമായും നിർദ്ദയമായും ശകാരിക്കൂ.”

ലോകമര്യാദയ്ക്കും നടവടിരീതിയ്ക്കും ജയസിദ്ധി ഉണ്ടായി. എന്നിട്ടുകൂടി ജന്മസിദ്ധിയുടെ ശക്തിനിമിത്തം ലോകബുദ്ധി പരാജിതയായ്പോകാൻ ഒരു ഉറുമ്പുചാലിന്റെ വ്യത്യാസമെ ഉണ്ടായിരുന്നുള്ളു.

അയാളുടെ കരങ്ങൾക്കു് അവളെ പിടിച്ചുകൂട്ടുവാൻ, തിറമ്പൊടിക്കുന്നു എന്ന വിവരം പൊന്നിക്കുണ്ടായിരുന്നില്ല. അവളുടെ കണ്ണുനീർ തന്റെ ചുണ്ടുകളെക്കൊണ്ടു് തുടച്ചുകളയണം എന്നു് അയാൾക്കുണ്ടായിരുന്ന അഭിലാഷവും പൊന്നിക്കു് മനസ്സിലായിരുന്നില്ല. അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഓരോ തുള്ളി രക്തത്തിന്നുംകൂടി പൊന്നിയുടെ ശരീരം ഒരു കല്പദ്രുമമാണെന്നു് അദ്ദേഹത്തിന്റെ ജീവിതസർവ്വസ്വമായ വിചാരം പൊന്നിക്കുണ്ടായിരുന്നില്ല. ആ ശുദ്ധാത്മാവിന്നു് അറിയിച്ചുകൊടുപ്പാനുള്ള വൈഭവവുംകൂടി ഉണ്ടായിരുന്നില്ല. പെണ്ണുങ്ങളുടെ കാര്യത്തിൽ പുരുഷന്മാർ വിഡ്ഢികളാണു്. പുരുഷന്മാരുടെ കാര്യത്തിൽ പെണ്ണുങ്ങൾ എല്ലാമറിയുന്ന വമ്പത്തികളുമാണു്. സ്ത്രീക്കാണു് പുരുഷന്മാർ എപ്പോഴും കപ്പം കൊടുക്കേണ്ടതു്.

നമ്മുടെ കൃഷ്ണൻനായർ യജമാനൻ അവർകൾ അയാളുടെ ശകാരവർഷമൊക്കെ നിർത്തി. “രാരിച്ചാ ഞങ്ങൾക്കു് കാപ്പികൊണ്ടുവാ” എന്നുപറഞ്ഞു. അവൻ ക്ഷണം അതു് നിറവേറ്റാനും പോയി. കപ്പി രണ്ടാളും കഴിച്ചു. രാരിച്ച നീ ഇവിടെത്തന്നെ ഉണ്ടായിരിക്കണം. എനിക്കു് ഈ പെൺകുട്ടിയെ അവളുടെ വീട്ടിൽ കൊണ്ടുവിടണം.

രാരിച്ചൻ പിന്നെയും പോയി പൊന്നിയെ ദേഹസൂചകമായി നോക്കിത്തുടങ്ങി. അവളെ വീട്ടിൽ കടത്തിവിടാൻ തക്കവണ്ണം താൻ ഇത്ര വിഡ്ഢിയായിപ്പോയതു് എങ്ങിനെ എന്നുവിചാരിച്ചു് തന്നെത്തന്നെ ശപിച്ചുതുടങ്ങി. അപ്പോൾ ഉറക്കമുറിയിൽനിന്നു് ഇടിനാദംപോലെയുള്ള ഒരു ശബ്ദം രാരിച്ചനെ പിന്നേയും സ്തബ്ധനാക്കി.

കൃ. നാ.:
നേരം എത്രയായി.
രാരിച്ചൻ:
യജമാനനെ! ഒരുമണി കഴിഞ്ഞെ ഉള്ളു.
കൃ. നാ.:
എന്റെ കാർ കൊണ്ടുവാ. അല്ലെങ്കിൽ വേണ്ട. നീ ഇവിടെ ഇരിക്കൂ. ഞാൻ അതു് കൊണ്ടുവരാം.

പൊന്നിയുടെ വായിൽനിന്നു് ഒരു ചെറിയവിലാപം പുറപ്പെട്ടു. അയാൾക്കു് താനും പൊന്നിയും സ്വകാര്യമായി ഒരു നിമിഷംപോലും ഇരിപ്പാൻ അഭിലാഷമോ മോഹമോ ഉണ്ടായിരുന്നില്ല. അവളുടെ കാഴ്ചതന്നെ അയാൾ എത്രത്തോളം വെറുത്തിരിക്കണം! അയാളുടെ അനുരാഗം നേടുവാനുള്ള അവളുടെ ആശ ഛിന്നഭിന്നമായ്പോയി. അതു് ലഭിപ്പാനുള്ള അവളുടെ ശ്രമം, അദ്ദേഹത്തിന്നു് അവളോടുണ്ടായിരുന്ന ഒരു വീര്യത്തെക്കൂടി നശിപ്പിച്ചുകഴിഞ്ഞു.

കൃഷ്ണൻനായർ അവളുടെ സ്വഭാവത്തിന്നെതിരായിട്ടാണു് പൊന്നിയുടെ നടവടിയെപ്പറ്റി ഗുണദോഷവിവേചനം ചെയ്തിരുന്നതു്. ഒരു നിർദ്ദയന്റേയും, കുറ്റം കാണാൻ ആശിക്കുന്നവന്റേയും സ്വഭാവമായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്നതു് എന്നു് പൊന്നിക്കു് മനസ്സിലായി. അവളുടെ ശീലവും കോലവും ക്ഷന്തവ്യമല്ലാത്തതാണെന്നും അവൾ അറിഞ്ഞു. എന്നാൽ ആ ഭംഗം അവളെ ഒരിക്കലും പരവശപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ അടുക്കെ പോകണം എന്ന ഒരു അതിയായ അഭിലാഷം അവൾക്കുണ്ടായി അവൾ പോകുകയും ചെയ്തു.

അദ്ദേഹം അവളെ അനുരാഗിക്കുന്നില്ല എന്ന അറിവുതന്നെ അവൾക്കു് ഒരു നരകദുഃഖമായിരുന്നു. എന്നാൽ അയാൾ അവളെ വെറുക്കകൂടി ചെയ്യുന്നുണ്ടു് എന്ന അറിവു് ഏറ്റവും ദുസ്സഹമായിരുന്നു. അവൾ അവിടെ പോയിരുന്നതു് അവളുടെ ഹൃദയത്തിൽനിന്നു് പൊങ്ങിമറയുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു് മനസ്സിലാക്കാൻവേണ്ടിയായിരുന്നു. അയാളോടു് ഒന്നപേക്ഷിക്കാൻവേണ്ടി മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മര്യാദപുരസ്കരവും, വികാരശൂന്യവും ആയ രോഷം സഹിപ്പാൻ ആർക്കു് സാധിക്കും. അവൾക്കു് ആ അവസരത്തിൽ അദ്ദേഹത്തോടുണ്ടായിരുന്ന അതിശയാനുരാഗത്തെപ്പറ്റി ഒരു വാക്കു് പറവാൻകൂടി ശക്തിയില്ലാതെവന്നു.

അവൾ അമ്പുകൊണ്ടും വെട്ടുകൊണ്ടും പടക്കളത്തിൽ വീണ ഒരു യോധനേക്കാൾ അധികം പരവശയായി. അഭിമാനക്ഷയംകൊണ്ടു് അവൾക്കു് കണക്കിലേറെ നാണമുണ്ടായി. അവൾ അവളേയും അവളുടെ മനോവികാരത്തേയും വളരെ വെറുത്തു.

അപ്പോൾ കണ്ടതു് കൃഷ്ണൻനായർ തന്നെ മോഫിയറായി ഒരു മോട്ടോർകാർ പടിവാതിലിന്റെ അടുക്കെകൊണ്ടു് നിർത്തിയതാണു്. പൊന്നിയെ രാരിച്ചന്റെകൂടെ പിൻഭാഗത്തിരുത്തി ഡ്രൈവരുടെ സ്ഥാനത്തു് കൃഷ്ണൻനായരും ഇരുന്നു. കാർ വളരെ വേഗതയോടെ ഓടിത്തുടങ്ങി.

പൊന്നി ഒരു ഉറുമാൽ കണ്ണുകളോടു് അടുപ്പിച്ചുപിടിച്ചു. അതിൽനിന്നു് പൊഴിയുന്ന വെള്ളം ബാക്കിയുള്ളവർ കാണാതെ ഒളിപ്പിച്ചു. അവളെ രാരിച്ചന്റെ അടുത്തിരുത്തിയതു് ശരിയാണെന്നു്, ഒരു കൈപ്പുരസത്തോടെ അവൾ വിചാരിച്ചു. അവളുടെ ചിന്തപോയതു് മറ്റൊരു വിധത്തിലായിരുന്നു. കൃഷ്ണൻനായർ ഒരു തറവാട്ടുകാരനാണു്. അയാളുടെകൂടെ ഇരിപ്പാൻ അവൾക്കു് യോഗ്യതയില്ല. അവൾ ഒരു കുലഹീനയാണു്. അതുകൊണ്ടു് കൃഷ്ണൻനായരുടെ ബൊട്ട്ളർ രാരിച്ചന്റെ ഒപ്പം ഇരിക്കാനുള്ള യോഗ്യതയേ അവൾക്കുള്ളു.

അനുരാഗംകൊണ്ടു് അവളുടെ താണനിലയിലോളം താണുവരാൻ കൃഷ്ണൻനായർ വിചാരിക്കുമെന്ന അവളുടെ ആശ അക്രമവും അതിൽ കവിഞ്ഞതുമായിരുന്നു എന്നു് അവൾക്കു് ബോദ്ധ്യമായി. ഇപ്പോൾമാത്രമേ അവളുടെ കണ്ണു് തുറന്നിട്ടുള്ളു എന്നും അവൾ അറിഞ്ഞു. ഇതറിവാൻ കാലതാമസം വേണ്ടിവന്നു എന്ന വൈഷമ്യമേ അവളെ ബാധിച്ചിരുന്നുള്ളു.

ഉടനെതന്നെ ഭാർഗ്ഗവിഅമ്മയുടെ സ്ക്കൂളിന്റെ വെറുപ്പു് പിടിപ്പിക്കുന്ന വിചാരം, കാർ ഒരേടത്തുനിന്നപ്പോൾ പൊന്നിക്കുണ്ടായി. കൃഷ്ണൻനായർ ഇറങ്ങി. പൊന്നിയുടെ കൈപിടിച്ചു് അവളേയും ഇറക്കി.

കൃ. നാ.:
(മൃദുസ്വരത്തിൽ) എന്റെ ചെറിയ പെൺകിടാവെ! വ്യസനിക്കേണ്ട. ഞാൻ ഒരു നിർദ്ദയനല്ല എന്നായിരുന്നു ഞാൻ കാണിച്ചുതരേണ്ടിയിരുന്നതു്. നീ ഇപ്പോഴും എന്റെ കണ്ണിൽ ഒരു വെറും ശിശുമാത്രമാണു്. അതൊന്നും നീ മനസ്സിലാക്കുന്നില്ല. കുറെനാളേയ്ക്കു് ഞാൻ ഇവിടം വിട്ടുപോകാനാണു് വിചാരിക്കുന്നതു്. ഞാൻ മടങ്ങിവന്നാൽ ഇന്നത്തെ ഇടർച്ച നമ്മളുടെ രണ്ടാളുടെ മനസ്സിൽനിന്നു് മാഞ്ഞുപോകും. അപ്പോൾ നമുക്കു് പണ്ടേപ്പോലെ ചങ്ങാതികളാകാം.

അവൾ ഉത്തരമായി ഒന്നും മിണ്ടിയില്ല. അവൾ സ്ക്കൂളിലെ ബെൽ അധികാരസൂചകമായി എപ്പോൾമുട്ടും എന്നിട്ടു് ഭാർഗ്ഗവിഅമ്മ അവളോടു് എന്തൊക്കെ പറയും എന്നീമാതിരി വിചാരത്തിൽ നിമഗ്നയായിരുന്നു.

കൃ. നാ.:
(പിന്നേയും) നമ്മൾ എനിയും സഖാക്കളായിരിക്കണം.
പൊന്നി:
(അർത്ഥവും ധ്വനിയുമില്ലാത്ത സ്വരത്തിൽ) അതെ! അതിനെന്താ മുടക്കം.

ആ ഉറങ്ങിക്കിടന്നിരുന്ന സ്ക്കൂൾശിപായിയോടു് കൃഷ്ണൻനായർ കുറെ ആശ്വാസജനകമായ വാക്കുകൾ ഉച്ചരിച്ചു. കാലതാമസത്തെപ്പറ്റിയുണ്ടായ കുറ്റത്തെ ശാന്തപ്പെടുത്തി. പൊന്നി തന്റെ മുറിയിലേയ്ക്കു്, ശിരച്ഛേദം ചെയ്വാൻ വിധിച്ച ഒരു കുറ്റക്കാരൻ അവന്റെ ജയിൽ എന്നപോലെ പ്രവേശിച്ചു.

ആരും ഇവളുടെ അഭാവത്തിൽ തിരിഞ്ഞുനോക്കാനോ അന്വേഷിക്കാനോ ഉണ്ടായിരുന്നില്ല. അതു് പൊന്നിക്കു് വലിയ ഒരു ആശ്വാസമായിത്തോന്നി. ഏതായാലും സമ്മതം കൂടാതെ പുറത്തു് പോയിരുന്നതുകൊണ്ടു് ഭാർഗവിഅമ്മയോടു് യാതൊരു സമാധാനവും കൊടുക്കേണ്ടിവരേണ്ട എന്ന ഒരു സമാധാനം അവൾക്കും ഉണ്ടായിരുന്നു. പൊന്നിയുടെ കണ്ണിന്റേയും മൂക്കിന്റേയും തുടിപ്പുകണ്ടിട്ടു് ഭാർഗ്ഗവിഅമ്മ അതിന്റെ കാരണത്തെപ്പറ്റി അവളോടു് ചോദിക്കുമായിരുന്നു. അതെങ്കിലുംകൂടാതെ കഴിക്കുന്നതു് ഒരു ആശ്വാസംതന്നെയാണു്.

ഒരാളുടെ പിറന്നാളിന്റെ അന്ത്യഘട്ടം ഇങ്ങിനെയായാൽ എന്തുപറവാനാണു്. അവൾ എത്രയോ സ്നേഹിക്കുന്ന അവളുടെ രക്ഷാപുരുഷനുമായ പ്രേമബന്ധം ഏതായാലും ഉറച്ചിരുന്നില്ല. നേരെമറിച്ചു് ആ ബന്ധത്തിന്നു് അവൾ ഒരു പ്രതിബന്ധവുംകൂടി ഉണ്ടാക്കീട്ടുണ്ടെന്നു് അവൾക്കുതോന്നി. അവൾ ക്ഷീണഭാവത്തോടുകൂടെ അവളുടെ ശയനമുറിയിൽ കേറിച്ചെല്ലുമ്പോൾ അവൾ തന്നോടുതന്നെ ഇങ്ങിനെ മന്ത്രിച്ചു. “എന്റെ ഈശ്വരാ! ദയവുചെയ്തു് എനിക്കു് മരണം വരുത്തണെ. കൃഷ്ണൻനായർ—എന്റെ പൊന്നേട്ടൻ എന്നെ വെറുക്കുന്നു. എനിക്കു് ജീവിച്ചിട്ടു് ഫലമില്ല. അദ്ദേഹത്തിന്റെ ഒന്നിച്ചല്ലാത്ത ജീവിതം—അദ്ദേഹത്തിന്റെ അനുരാഗം സിദ്ധിക്കാത്ത ജീവിതം—നന്മയും, ബഹുമാനവും, സൗഖ്യവും ഉണ്ടാക്കുന്ന എല്ലാവിചാരങ്ങളും കത്തിക്കെടുത്തുന്ന ഒരു തീയുടെ സമീപത്തു് ബന്ധിച്ചുനിർത്തിയപോലെയാണു്—അനുരാഗം എന്ന വികാരം നമ്മളിൽ ഒരു വലിയ ഭാരംപോലെ നിക്ഷേപിക്കുന്നതു് എന്തിനായിരിക്കും. ഈ വലിയഭാരം പേറുവാൻമാത്രം നമ്മളെ വിധിച്ചുനിർത്തിയതു് എന്തിനായിരിക്കും. ഇങ്ങിനെ ജീവിച്ചിരിപ്പാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടാകുമോ? എന്റെ ഈശ്വരാ! ഒരു നന്മ എന്റെനേരെ തോന്നണെ! എന്റെ പ്രാർത്ഥന സ്വീകരിക്കണെ. കൃഷ്ണൻനായരുടെ അനുരാഗം സിദ്ധിക്കാതെപോയാൽ എനിക്കു് നന്മയുള്ള ഒരു ജീവിതം നയിപ്പാൻ ഒരിക്കലും സാധിക്കുകയില്ല. എന്റെ നടവടിയും സ്വഭാവവും ചീത്തയായിപ്പോകും. ഇതു് പരമാർത്ഥമാണെന്നു് എന്റെ മനഃസ്സാക്ഷി വിളിച്ചുപറയുന്നു. കൃഷ്ണൻനായരെപ്പറ്റി വിചാരിക്കുമ്പോൾത്തന്നെ എന്റെ ഹൃദയത്തിൽ ഒരുമാതിരി വഹ്നി ജ്വലിച്ചുവരുന്നു. അയാളുടെ സകല നടവടിയും പുരുഷത്വം സ്ഫുരിക്കുന്നുണ്ടു്. അയാളുടെ ദേഹത്തിന്റെ വടിവും ശക്തിയും ആരെയും ആകർഷിക്കത്തക്കതാണു്. എന്റെ വിചാരങ്ങളുടെ കേന്ദ്രം അദ്ദേഹം മാത്രമാണു്. എന്റെ ആത്മാവു് അദ്ദേഹത്തിന്റെ സഖിത്വത്തിന്നും ചേർച്ചയ്ക്കും അഭിലഷിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. എന്നിട്ടെന്തു് ഫലം. ആ മാതിരി വിചാരവും അദ്ദേഹത്തിന്നില്ല. അയാൾ എന്നോടു് കേവലം പ്രേമം കാണിക്കുന്നില്ല. എന്റെ നേരെ അയാളുടെ ഹൃദയം ഐസുപോലെ തണുത്തിട്ടാണു് നില്ക്കുന്നതു്. ഒരിക്കലും ഉരുകയും അലികയും ചെയ്യുകയില്ല. എന്തിനായിരിക്കുംപോലും ഇത്ര ബലവത്തായ മനോവികാരം എനിക്കു് ദത്തമായതു്. അനുരാഗം എന്റെ നേരെ തോന്നാത്ത ഒരാളെ ഇത്ര കലശലായി അനുരാഗിക്കാൻ എന്നെ പ്രേരിപ്പിച്ചതു് എന്തിനായിരിക്കും. എനിക്കു് എന്തെങ്കിലും ഭയങ്കരമായ ഭവിഷ്യത്തു് ഉണ്ടായിരിക്കും എന്നു് എനിക്കു് ഉള്ളിൽ തോന്നുന്നു. അതു് കൃഷ്ണൻനായർ എന്നെ അനുരാഗിച്ചാൽ ഒരിക്കലും വന്നുചേരുകയില്ലായിരുന്നു. സർവ്വശക്തനായ ദൈവമേ! എന്നെ തുണയ്ക്കണെ! നിങ്ങൾക്കു് ശക്തിയില്ലേ! അയാൾക്കു് എന്നോടു് അനുരാഗം ജനിപ്പിക്കുവാൻ ശക്തിയില്ലെങ്കിൽ എനിക്കു് മരണമെങ്കിലും വരുത്തിത്തന്നാൽ നന്നായിരുന്നു. അയാളെ കിട്ടാതെപോയാൽ എന്റെ ജീവിതരീതി നിസ്സംശയം ദുഷിച്ചുപോകും. തീർച്ചയായിട്ടും ദുഷിച്ചുപോകും. എനിക്കു് അതു് നല്ല നിശ്ചയമുണ്ടു്.

പതിനാറാം അദ്ധ്യായം

സമുദ്രത്തെ പലരും വർണ്ണിച്ചിട്ടുണ്ടു്. ഒരു സമുദ്രവർണ്ണനയില്ലാഞ്ഞാൽ ഒരാൾ എന്തെഴുതിയാലും ശോഭിക്കില്ല. അതാ ആ സമുദ്രം. അതിന്റെ തീരം ധീരനും അഗണ്യനുമായി അതിനെ തടുത്തുകൊണ്ടിരിക്കുന്നു. സമുദ്രത്തെ കാണുമ്പോൾ, എത്ര തോണിക്കാർ, എത്ര മുക്കുവന്മാർ, എത്ര കപ്പൽക്കാർ, എത്ര കപ്പൽയാത്രക്കാർ ജീവൻ വെടിഞ്ഞു് അതിന്റെ അടിയിൽ താണുപോയിട്ടുണ്ടെന്ന വിചാരം എങ്ങിനെ ജനിക്കാതിരിക്കുന്നു. സമുദ്രത്തെ കാണുമ്പോൾ എനിക്കു് ഉല്പാദിക്കുന്ന മനഃസ്ഥിതി അതിനെ താണുവണങ്ങേണമെന്ന ഒരു തരമാണു്. അതു് എപ്പോഴും ദംഷ്ട്രം പുറത്തിറക്കിയ ഒരു വ്യാഘ്രത്തേക്കാൾ ഭയങ്കരനാണു്. അതു് ആത്മാവോ അനുകമ്പയോ ഇല്ലാത്ത ഒരു അഗാധമനസ്കനാണു്. സൂര്യനെ മറച്ചുകളവാൻ ഒരു മേഘംപോലും ഉണ്ടായിരുന്നില്ല. അതു് ഉഷ്ണവും ചൈതന്യവും പ്രദാനം ചെയ്യുന്ന രശ്മികളെക്കൊണ്ടു് ഭൂമിയെ തലോടിയിരുന്നു.

പൊന്നി കാരാപുരത്തിലെ ഒരു കുന്നിന്റെ പുല്ലുനിറഞ്ഞ ഭാഗത്തു്, പ്രകൃതിയുടെ രമ്യവും ഗംഭീരവുമായ പ്രദർശനങ്ങളെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. തിരമാലകളുടെ ഒരു പതിഞ്ഞ നിനാദം അവളുടെ കർണ്ണങ്ങളെ ഉണർത്താതിരുന്നില്ല. ഒരു ഉറങ്ങിക്കിടക്കുന്ന സമുദ്രം നമുക്കു് ഉണ്ടാക്കിത്തീർക്കുന്ന ആശ്വാസവും വിശ്രാന്തിയും അവൾക്കു് അനുഭവമായിരുന്നു. അവൾ വളരെ ഉയരമുള്ള ഒരു കുന്നിൻ ഉദരത്തിലായിരുന്നു കിടന്നിരുന്നതു്. അവൾ ചോടെ നോക്കിയപ്പോൾ കാണുമാറായതു് വലിയ പാറകളും ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മാത്രമായിരുന്നു. വടക്കുഭാഗം പല ചരിത്രങ്ങളാലും പരിശോഭിതമായ ഒരു ദിക്കായിരുന്നു. പാറക്കൂട്ടങ്ങളുടെ അരുവിൽ അനേക മുക്കുവക്കുടികളും ഉണ്ടായിരുന്നു. അവളുടെ നേരെചോടെ ഒരു മനോഹരമായ പാത നീണ്ടുകിടന്നിരുന്നു. അതു് മനുഷ്യന്മാരുടെ ചാതുര്യത്തിന്നും അചിന്തയ്ക്കും ഉത്തമോദാഹരണമായി വിളങ്ങിയിരുന്നു. അവൾ അവിടുന്നു് എഴുന്നേറ്റു്, കുറെ വാര ദൂരം നടന്നു്, ഒരു കമാനപടിവാതിൽ കടന്നാൽ അവൾക്കു് വേറെതന്നെ ഒരു പുതിയ ഭൂഭാഗം കണ്ടു് വിനോദിക്കാൻ സാധിക്കുമെന്നു് അവൾക്കു് നല്ലവണ്ണം അറിയാമായിരുന്നു. ആ ഒരു കോട്ടയുടേയോ, വീട്ടിന്റേയോ തെക്കെ ഭാഗത്തേയ്ക്കു് പോയാൽ ചുകന്ന ഓടുകൾ മേഞ്ഞ അനേകം വീടുകളും ഉണ്ടെന്നു് അവൾക്കു് അറിയാം. തെക്കോട്ടു് വളരെ ദൂരെ ഒരു വലിയ കുന്നും പൊങ്ങിക്കിടന്നിരുന്നു.

പൊന്നി ഉള്ളോട്ടു് തള്ളിക്കടന്ന സമുദ്രത്തിന്റെ നേരെ ഒരു നോട്ടംവെച്ചു. ആ മുക്കാലും ജീർണ്ണിച്ചുപോയ എടുപ്പിന്റെ ഉള്ളിൽപോയാലെ അവളുടെ ആഗ്രഹം പരിപൂർത്തിയാകയുള്ളു എന്നു് പൊന്നിക്കു് തോന്നി. ഒരു കവിയുടെ നിരൂപണത്തിന്റെ സൗന്ദര്യത്തിലും കവിഞ്ഞ ഒന്നായിരുന്നു പൊന്നിയുടെ ഉള്ളിൽ പൊങ്ങിവന്ന ചിന്ത. കുറെനാളായിട്ടു് അവൾ കാവ്യങ്ങളും വായിച്ചു് വന്നിരുന്നു.

കാവ്യം, സംഗീതം സകലത്തിന്നും മാതാവായ പ്രകൃതി വീക്ഷണം മുതലായതിൽ, അവൾ പാർക്കുന്നേടത്തിന്നു് ഏർപ്പെടുവാൻ അവൾക്കു് വളരെ സൗകര്യമുണ്ടായിരുന്നു. അവളുടെ അനുരാഗപീഡിതമായ ചെറിയ ഹൃദയം രാത്രിയിൽ അനുഭവിക്കേണ്ടിവന്ന അവശതകൾക്കു് പകൽ സമയത്തു് അവൾക്കു് സിദ്ധിച്ച ഈ കാഴ്ച ഒരു പരിഹാരപദ്ധതിയായിരുന്നു.

അവൾ ഒരു പുല്ലുതിന്നുന്ന പശുവേപ്പോലെ, ബദ്ധപ്പാടില്ലാതേയും മറ്റൊരു വിചാരമില്ലാതേയും അവിടെ കിടന്നിരുന്നു. ഒരു മന്ദഹസിക്കുന്ന ലോകത്തിന്റെ, ശാന്തിദമായ സൗന്ദര്യങ്ങളെ അവശതപ്പെടുത്താൻവേണ്ടി അനുരാഗം എന്ന ഒരു മനോവികാരം സ്ത്രീകൾക്കു് അനാവശ്യമായി ദത്തമായതു് എന്തിനാണെന്നുംകൂടി അവൾക്കു് തോന്നി.

അനുരാഗം അവളുടെ ജീവിതകാലത്തു് അവൾക്കു് അനുഭവിക്കേണ്ടിവന്നിരുന്നില്ല എങ്കിൽ അവൾ പണ്ടേപ്പോലെ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത, ചിരിച്ചുപുളയ്ക്കുന്ന ഒരു സ്വതന്ത്രപെൺകിടാവായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. കൃഷ്ണൻനായരോടു്, അദ്ദേഹത്തിന്റെ വീട്ടിൽവെച്ചു് നടുപാതിരയ്ക്കു് ഉണ്ടായ ഭാഗ്യംകെട്ട കണ്ടുമുട്ടൽ കഴിഞ്ഞതിൽപ്പിന്നെ, അവളുടെ കഷ്ടാരിഷ്ടങ്ങൾക്കു് യാതൊരു ക്ഷയവും ഉണ്ടായിരുന്നില്ല. എന്നാലുംകൂടി അവളുടെ സങ്കടം പുറത്തുകാണിക്കാതെ സഹിച്ചുകളവാനുള്ള ഗർവ്വം അവളിൽനിന്നു് വിട്ടുപോയിരുന്നില്ല.

ഓരോരോ മനോരാജ്യങ്ങളിൽ ഏർപ്പെടുവാൻ ഈ ദിവസങ്ങളിൽ അവൾക്കു് ധാരാളം സമയമുണ്ടായിരുന്നു. എന്നാൽ വാസ്തവത്തിൽ ഈ ദിവാസ്വപ്നങ്ങൾ അവൾക്കു് ഹാനികരമായിരുന്നു. അവളെ നോക്കുവാൻ, അവളുടെ ഉപചാരത്തിന്നുവേണ്ടി, ഒരു ബുദ്ധിയും, വിശാലഹൃദയവും ആയ ഒരു രക്ഷിതാവായിരുന്നു അവൾക്കു് വേണ്ടിയിരുന്നതു്. അവൾ അവൾക്കു് വേണ്ടുന്ന പാഠങ്ങളിൽ ശ്രദ്ധ പതിപ്പിച്ചുകൊള്ളുമായിരുന്നു. അവളെ പ്രകൃതി വിലോകിച്ചു് രസിപ്പിക്കൻ രാവിലെ നടത്തത്തിന്നും കൊണ്ടുപോകുമായിരുന്നു. അവളെ കുളത്തിലെ മത്സ്യങ്ങളേയും, പാടവരമ്പുകളിൽ കാണുന്ന പൂക്കളേയും കാണിച്ചുപഠിപ്പിക്കുമായിരുന്നു. അവളുടെ മനസ്സു് പ്രായോഗികരീതിയിൽ കൊണ്ടുവരുമായിരുന്നു. അവളുടെ ജീവിതകാലത്തിന്റെ പ്രഭാതം, ഒരു നിശ്ചഞ്ചലമനസ്സോടെ അവലോകിച്ചു് ശരിപ്പെടുത്താൻ അവൾക്കു് ശക്തി ഉണ്ടാക്കിക്കൊടുക്കുമായിരുന്നു.

എന്നാൽ സാക്ഷാൽ ഉണ്ടായ അവസ്ഥയെന്താണു്. അവൾ ജീവിച്ചിരുന്നതു് വെറും ഒരു സ്വപ്നമയലോകത്തിൽ മാത്രമായിരുന്നു. അവളുടെ ചുറ്റും കണ്ടിരുന്നതു് പ്രകൃതിയുടെ രമണീയകാഴ്ചകളായിരുന്നു. അവൾ കാളിദാസൻ, മാഘൻ, ഭാരവി മുതലായവരുടെ കാവ്യപാരായണം ചെയ്തു. ജീവിതകാലത്തിലെ യഥാർത്ഥാവസ്ഥകളിൽനിന്നു് അവളുടെ മനസ്സു് വ്യതിയാനംചെയ്തു. അവളെ ഉണ്ടാക്കിയ കൂടു്, ചിത്രകാരന്മാരുടേയും കവികളുടേയും കൂട്ടായിരുന്നു. അവളുടെ ഈ വളർച്ചയുടെ ഈ മനോവികാസത്തിനു്, അനിശ്ചിതഘട്ടത്തിൽ വേണ്ടപോലെ ഒരു പരിശീലനം അവൾക്കു് ദത്തമായിരുന്നു. എങ്കിൽ, അവൾ ഒരു കീർത്തിപ്പെട്ട പാട്ടുകാരത്തിയൊ, ഒരു വിദഗ്ദ്ധയായ കവയത്രിയോ ആയിത്തീരുമായിരുന്നു. എന്നാൽ അവൾ അവളുടെ സമയവും, അത്ഭുതബുദ്ധിശക്തിയേയും അനാവശ്യമായി ചിലവാക്കിക്കളയുന്നു. അവളുടെ ഹൃദയം ബുദ്ധിശൂന്യയെപ്പോലെ പാഴാക്കിക്കളയുന്നു. അവളെ വേണ്ടപ്പെട്ട ആൾ അനുരാഗിക്കുന്നില്ലെന്ന വിചാരം അവളുടെ മനസ്സിൽനിന്നു് എപ്പോഴും കടന്നു് കളിക്കുന്നുണ്ടു്. എന്നാലും അതിനു് വിപരീതമായി മനോരാജ്യംകൊണ്ടു് അവൾക്കു് വരുത്താനും സാധിക്കുന്നുണ്ടു്. കൃഷ്ണൻനായരുടെ ഹൃദയം കവർന്ന ഒരു പെണ്ണു് താൻമാത്രമാണെന്നു് വിചാരിയാത്ത ഒരൊറ്റ രാത്രി അവൾ കഴിച്ചിട്ടുണ്ടോ എന്നു് സംശയമാണു്. ശ്രീപാർവ്വതി പരമേശ്വരനെ എന്നപോലെ അവൾ അയാളേയും, ഇന്ദ്രൻ അഹല്യയെപ്പോലെ അയാൾ അവളേയും സ്നേഹിക്കുന്നുണ്ടെന്ന ഒരു സ്വപ്നം അവളെ ഒരിക്കലും വിട്ടുപോകാറില്ല. ആ ചിന്താശ്വാസമാണു് അവളെ ജീവിപ്പിച്ചുപോരുന്നതു്.

കൃഷ്ണൻനായരുടെ കണ്ണു് ആരേയും ആകർഷിക്കത്തക്ക കണ്ണാണു്. തന്റെ ശുദ്ധമനസ്സു് വ്യക്തമാക്കുന്ന കണ്ണാണു്. അയാളുടെ നീണ്ടു് തള്ളിനില്ക്കുന്ന മൂക്കു് വളരെ കൗതുകകരവും ആദരണീയവുമായിരുന്നു. അയാളുടെ പൂട്ടിവെച്ച വദനം ഒരു ദൃഢതയെ കുറിച്ചിരുന്നു. അയാളുടെ ചുരുണ്ട തലമുടിയും വെയിൽകൊണ്ടു് അസാരം വരണ്ടുപോയ മുഖവും കൈകളും പുരുഷലക്ഷണങ്ങളെ കുറിച്ചിരുന്നു. അവൾക്കു് അദ്ദേഹം എപ്പോഴും ഒരു ഉത്തമപുരുഷനായിരുന്നു. അദ്ദേഹം അനുരാഗമായ ചൂടു് ഉഛ്വസിച്ചുകൊണ്ടു് നടക്കേണ്ടുന്ന ഒരാളുമായിരുന്നു. എന്നാൽ അയാൾ അദ്ദേഹത്തിന്റെ വേഷത്തിൽ ശ്രദ്ധവെയ്ക്കാത്ത ഒരാളായിരുന്നു. കാർത്തിയുടെ മനസ്ഥിതിക്കാർക്കൊന്നും അദ്ദേഹത്തെ ഒരു ഉദാഹരണപുരുഷനായി തോന്നുകയില്ലെങ്കിലും ഒരു മാന്യപുരുഷനാണെന്നു് എപ്പോഴും തോന്നുന്നതാണു്.

പൊന്നിക്കു് ഇപ്പോൾ സ്വപ്നാടനമാണു് എന്നു് തോന്നിപ്പോകും. അവളും കൃഷ്ണൻനായരും ഒരു ബോട്ടിൽക്കൂടെ ഒരു വിനോദസഞ്ചാരംചെയ്തു് എത്രയോ കൃതാർത്ഥത പൂണ്ടവരാണു്. അവളുടെ ബോട്ട് അവളേക്കാൾ മനോഹരമായ ഒരു അരയന്നംതന്നെയായിരുന്നു. അവർ ഇരുവരും വായുവാഹനമായ മേഘംപോലെ ഒലിച്ചുപോയിരുന്നവരായിരുന്നു. രണ്ടാളും അന്യോന്യാനുരാഗംകൊണ്ടു് ലയിച്ചുപോയവരുമായിരുന്നു. അവർ അവരുടെ വിവാഹത്തിന്നുവേണ്ടി പോയവയൊ എന്നു് ബാക്കിയുള്ളവർക്കു് തോന്നിപ്പോയിരുന്നു എങ്കിൽ ആ തോന്നൽ ക്ഷന്തവ്യമായിരുന്നു. അവരുടെ ജീവിതകാലം ആ പുഴയിൽക്കൂടെ ഒഴുകിപ്പോകുന്ന ബോട്ടുപോലെ അവർക്കും കഴിക്കാമായിരുന്നു. അങ്ങിനെ ഒഴുകിപ്പോകുമ്പോൾ ഒരുസമയം ഒരു ദ്വീപിൽ അവർ ഇരുവരും വന്നെത്തുമായിരിക്കും. ആ ദ്വീപിൽ ഒരുസമയം അവളുടെ മഹാരഥൻ ഒരു ചെറിയ മന്ദിരം അവൾക്കു് ഉണ്ടാക്കിക്കൊടുത്തു എന്നും വരാം. ഒരുസമയം ഈ സ്വപ്നമയവിചാരം യഥാർത്ഥമായി വന്നേക്കാനും മതി. കുഞ്ഞിപ്പൊന്നി സന്തോഷംകൊണ്ടു് പുളകിതഗാത്രയായി. സൂര്യൻ അസ്തമിക്കാൻ പോകുന്നു. പക്ഷികളൊക്കെ പകലോടു് യാത്രപറഞ്ഞുതുടങ്ങിയിരിക്കുന്നു. പ്രാണികൾ, ഒരു ഉറക്കം തൂക്കിക്കുന്ന സ്വരം പുറപ്പെടുവിച്ചുംകൊണ്ടിരിക്കുന്നു.

ആകാശമായ ഒരു അതിവിശാലമായ മച്ചു് അവരുടെ പൂകെട്ട മന്ദിരത്തെ അലങ്കരിച്ചിരുന്നു. “ഇതൊക്കെ പറഞ്ഞതും പറവാൻ പോകുന്നതും പൊന്നിയുടെ മനസ്സിൽ അങ്കുരിച്ചിരുന്ന വിചാരങ്ങളാണെന്നു് വായനക്കാർ മറക്കരുതേ.” അവിടെവെച്ചു് അവൾ അവളുടെ സർവ്വസർവ്വസ്വവും അദ്ദേഹത്തിന്നു് വഴങ്ങിക്കൊടുക്കും. അദ്ദേഹത്തിന്റെ സ്വന്തസ്വത്തായി മരണംവരെ ഇരിക്കാൻ അനുകൂലിച്ചുകൊടുക്കും. ആ മനുഷ്യനെ സന്തുഷ്ടനാക്കുന്നതു് എത്ര അമേയമായ സന്തോഷമായിരിക്കും. തനിക്കു് ഇങ്ങട്ടും അനുരാഗം വേണമെന്നുള്ള ബാദ്ധ്യതയെ ഇല്ല. തനിക്കു് അങ്ങട്ടു് അനുരാഗംകൊണ്ടു് ലയിക്കണം—മയങ്ങണം—ഉറങ്ങണം—സ്വപ്നംകാണണം—ലോകം മറക്കണം—ഇതു് അവളുടെ മനഃസ്ഥിതിയുടെ ഒരു ചെറിയ അംശത്തിന്റെ വിവരണംമാത്രമാണു്. അവളുടെ പ്രേമഭാജനം, അവളുടെ സ്വന്തം മനുഷ്യൻ അദ്ദേഹത്തെ എത്രതന്നെ സ്നേഹിച്ചാലും മതിയാകുമോ? അദ്ദേഹത്തിന്നു് എന്തു് സങ്കടങ്ങൾ സഹിക്കാനും അവൾ ഒരുക്കമായിരുന്നു. അവൾ അദ്ദേഹത്തെ പൊത്തിപ്പിടിച്ചു്, അയാൾക്കു് നേരിടുന്ന സകല ആപത്തുകളും പുറത്താക്കിക്കളവാൻ ഒരുക്കമായിരുന്നു. അവൾക്കു് അവളെ ആകമാനം അയാളുടെ അനുരാഗാധീനത്തിൽ ഏല്പിച്ചുകൊടുപ്പാൻ യാതൊരു കൂസലും ഇല്ലായിരുന്നു. അവളുടെ ദേഹവും, ആത്മാവും, സർവ്വസർവ്വസ്വവും അദ്ദേഹത്തിന്റെ അധീനത്തിൽവെച്ചു് കൊടുപ്പാൻ അവൾക്കു് പരമാനന്ദമായിരുന്നു. ലോകത്തിൽ ഈ ഒരു കാര്യത്തിന്നുവേണ്ടി ബാക്കി മുഴുവനും വലിച്ചെറിഞ്ഞുകളവാൻ നമ്മളുടെ കുഞ്ഞിപ്പൊന്നി ബദ്ധശ്രദ്ധകങ്കണയായിരുന്നു. അനുരാഗം എന്ന ഒരു പരമാനന്ദാനുഭവം സിദ്ധിച്ചാൽ ബാക്കിയുള്ളതൊക്കെ എന്തു് മണ്ണാങ്കട്ടയാണു്. അവൾ അനുരാഗിക്കുന്ന ഒരു പുരുഷന്നു് സന്തുഷ്ടി നല്കുന്നതല്ലേ അവളുടെ പരമമായ ധർമ്മം. ഒരു ഗുണവതിയായ യുവതിയുടെ ശ്രേഷ്ടതയും, തേജസ്സും, ധൈര്യവും ആമാതിരി ഘട്ടത്തിലല്ലേ കാണിക്കേണ്ടതു്. അവളുടെ മനോലയംകൊണ്ടുള്ള ആർദ്രതയും മറ്റെവിടെവെച്ചിട്ടാണു് കാണിക്കേണ്ടതു്.

പൊന്നി ഒരു സ്വപ്നമയമായ മനോരാജ്യത്തിൽ ലയിച്ചുപോയിരുന്നു. അവൾ അരയന്നങ്ങൾ വലിച്ചുകൊണ്ടുപോകുന്ന ഒരു ബോട്ടിൽ സഞ്ചരിക്കുന്നു. അവളുടെ അനുരാഗം പതിഞ്ഞ ആളും അവളുടെ ഒക്കെത്തിന്നു് ഉണ്ടായിരുന്നു. അവൻ ഒരു ചെറിയ ദ്വീപിൽ അവരെ വിവാഹംചെയ്വാനുള്ള ഏർപ്പാടു് മേലന്വേഷണം ചെയ്യുകയായിരുന്നു. എന്നിട്ടു് അവർ ഇരുവരും ഈ ലോകത്തിൽ ബഹളങ്ങൾ ബാധിയാതെ ആ ബോട്ടിൽക്കൂടെ ഇന്നേടത്തു് എന്നില്ലാതെ ഒഴുകിക്കൊണ്ടുപോയിരുന്നു. എന്നിട്ടു് ആ നദിയുടെ മദ്ധ്യത്തു്, ഒരു ചെറിയസ്ഥലത്തു് അവൾ അനുരാഗിക്കുന്ന പുരുഷൻ അവൾക്കു് ഒരു ചെറിയ മന്ദിരം ഉണ്ടാക്കികൊടുക്കും. അതു് അവളുടെ സ്വന്തം ഭവനമായിരിക്കും. പൊന്നിക്കു് ഒരു രോമാഞ്ചം ഉണ്ടായി. അവിടെ അവൾ അസ്തമിക്കുന്ന സൂര്യന്റെ കിരണങ്ങളിൽ കുളിച്ചു്, പകലോടു് യാത്രപറയുന്ന പറവകളുടെ നാദങ്ങളും ശ്രവിച്ചു്, അവരു ചെവികളിൽ വിവിധപ്രാണികളുടെ ഉറക്കം വരുത്തുന്ന ശബ്ദങ്ങളും മുഴങ്ങി, അവരുടെ ആരാമത്തിന്റെമേൽ, മേല്ക്കട്ടിപോലെ ഇട്ടിരുന്ന നീലാകാശകമാനവും നോക്കി. അവൾ ആ പുരുഷന്നു് അവളുടെ ശരീരം, സകല വികാരങ്ങളോടുകൂടെ, എത്രയോ ആനന്ദത്തോടുകൂടെ വഴങ്ങിക്കൊടുക്കുകയും ചെയ്യും. അയാളുടെ എന്നന്നേയ്ക്കും ഉള്ള അടിമയെപ്പോലെ അവൾ, പൂവനെക്കണ്ട പിടയെപ്പോലെ വഴങ്ങിക്കൊടുക്കും. അദ്ദേഹത്തിന്നു് ആനന്ദംകൊടുക്കുക എന്നതു് എത്രസുഖകരമായ ഒരു കർമ്മമാണു്. അവളെ അയാൾ സ്നേഹിക്കണം എന്നബോധത്തേക്കാൾ അവൾക്കുണ്ടായിരുന്നതു് അവൾ അയാളെ ദിവ്യാനുരാഗംകൊണ്ടു് അഭിഷേകംചെയ്യണം എന്നതായിരുന്നു. അദ്ദേഹത്തിന്റെ മൂർത്തി, തിരുവാതിരഞാറ്റുവേലയിലെ മഴപോലെയിരിക്കുന്ന അനുരാഗംകൊണ്ടു് കുളുർപ്പിക്കണം എന്നുമാത്രമായിരുന്നു. അവൾക്കു് ആ മഹാനെ, അവളുടെ ദിവ്യപുരുഷനെ എത്ര അനുരാഗിച്ചാലും മതിയാകയില്ലെന്നുതോന്നി. അവൾക്കു് ആ മഹാത്മാവിന്നുവേണ്ടി എത്ര സങ്കടമനുഭവിക്കുന്നതും ഒരു ബ്രഹ്മാനന്ദമായി തോന്നി. അയളെ അവളുടെ നെഞ്ഞത്തു് കിടത്തേണമെന്ന മോഹവും അവൾക്കു് ഇല്ലാതിരുന്നില്ല. സകല ആപത്തുകളിൽനിന്നും, അവളുടെ പാണിബന്ധംകൊണ്ടു് അദ്ദേഹത്തെ രക്ഷിക്കാമെന്നുതോന്നി. അവളുടെ ദേഹമെന്നല്ല അവളുടെ സർവ്വസ്വവും അദ്ദേഹത്തിന്റെ അധീനത്തിൽ വെച്ചുകൊടുക്കാമെന്നും അവൾക്കു് തോന്നി. ഭൂമിയിൽ ബാക്കിയുള്ളവർ വിചാരിച്ചുവരുന്ന സകലസ്വത്തുക്കളും അവൾ വെറും പുല്ലായിക്കരുതി. അനുരാഗം എന്ന ആ ദിവ്യവികാരം അനുഭവിച്ചുകഴിഞ്ഞാൽ അതിനേക്കാൾ വലിയ മറ്റൊരു അനുഭവം ഉലകത്തിൽ എന്തൊന്നാണു്. അവൾ ആ അനുരാഗിക്കുന്ന പുരുഷന്നു് സന്തോഷവും സംതൃപ്തിയും കൊടുക്കുന്നതിനേക്കാൾ മറ്റൊരു പരമാനന്ദം ഒരു സ്ത്രീക്കു് എന്താണു്. അവളുടെ ആർദ്രത ആ മഹാപുരുഷന്റെ അനുരാഗത്തിൽ, ഒരു നദിയെ മറ്റൊരു പോഷകനദി എന്നപോലെ ഒന്നിച്ചുകൂടി, ഒന്നാകുന്നതിനെപ്പോലെ ഒരു മഹാനന്ദകർമ്മം മറ്റു് എന്തൊന്നാണു്?

പകരത്തിന്നുപകരം അനുരാഗസിദ്ധിയില്ലാതെപോയതുകൊണ്ടു് സ്വപ്നവിചാരത്തിൽ അകപ്പെടുന്ന പെൺകിടാങ്ങൾ, ഒരു കാര്യം ആലോചിച്ചാൽ വെറും വിഡ്ഢികളാണു്. എന്നാലുംകൂടി അവരുടെ സ്വാർത്ഥരഹിതമായ അനുരാഗം എത്ര പരിശുദ്ധവും, ആശ്ചര്യകരമാകുംവിധം മധുരവും, ദിവ്യവുമാണെന്നു് ഒരു പെണ്ണിന്റെ ഹൃദയം അറിഞ്ഞവർക്കേ അറിഞ്ഞുകൂടു. ഒരു സമയം ഒന്നാമതു് പ്രസവിക്കുന്ന പെണ്ണിന്നു് അവളുടെ കുട്ടിയോടു് തോന്നുന്ന വാത്സല്യം ഇതിലും കടുപ്പമായിരിക്കും. എന്നാൽ അതു് എല്ലാ സംഗതികളിലും സാധുവായിരിക്കയില്ല. ലോകാപവാദത്തെ ഭയപ്പെട്ടു് പ്രസവിച്ച കുട്ടിയെ നിർദ്ദയം കൊന്നുകളയുന്ന മാതാക്കന്മാരും ഉണ്ടു്. ഈ മാതിരി വിചാരങ്ങളിൽ ലയിച്ചു് കിടക്കുമ്പോഴാണു് രാമാനുജൻരാജാവു് പൊന്നിയെ കണ്ടുമുട്ടിയതു്. കണ്ട ഉടനെ “അല്ല നിസ്തുലനേത്രങ്ങളുള്ള പൊന്നിയോ?” എന്നാണു് അയാൾ ഒരു നടന്റെമാതിരി ഉച്ചരിച്ചതു്.

അവൾ അദ്ദേഹത്തെ കണ്ടറിയാത്തവിധത്തിൽ ഒരു നോട്ടം അദ്ദേഹത്തിന്റെ നേരെവെച്ചു. പിന്നീടവളുടെ കണ്ണിൽ അവ്യക്തവും, ചപലവും, കവികൾക്കനുകൂലമായും ഇരിക്കുന്ന ഒരു വീക്ഷണം പുറത്തുവന്നു. എന്നതിൽപിന്നെമാത്രമെ അവൾക്കു് പെട്ടെന്നു് അയാൾ ആരെന്നും അയാൾ അരികെ ഉണ്ടെന്നും എന്ന വിചാരം ഉദിച്ചതു്. അയാൾ അവളുടെ ഹൃദയചോരനായ കാമുകനൊന്നുമല്ല. അയാൾ വെറും രാമാനുജൻമാത്രമായിരുന്നു.

പൊന്നി:
ഓ! നിങ്ങളാണോ?

അതു് കേട്ടപ്പോൾ, അയാൾ പച്ചവില്ലുസ്പോലെയുള്ള ചെരുവിൽ അവളുടെ അടുക്കെ, ശരീരം തൊടത്തക്കവണ്ണം ചെന്നിരുന്നു.

രാജാ:
അതെ. എന്റെ പൊന്നിഷ്ടത്തി. ഇവിടെ നമ്മൾ കണ്ടുമുട്ടണം എന്നതു് എത്ര രമ്യമായ വിധികല്പിതമാണു്.

അവൾ കാരാപുരത്തുപോവാൻ ഏർപ്പാടു് ചെയ്യുന്നുണ്ടെന്നു് അദ്ദേഹത്തോടു് കുറെ ദിവസംമുമ്പു് പറഞ്ഞിരുന്ന വിവരം മറന്നുപോയ പൊന്നി അയാളെ താങ്ങിപ്പറഞ്ഞു.

രാജാ:
ശരി. എന്റെ ആത്മസുഹൃത്തേ! എന്റെ ജീവിതസർവ്വസ്വമേ!

ഇതുകേട്ടപ്പോൾ പൊന്നി ഉടനെ എഴുന്നേറ്റിരുന്നു.

പൊന്നി:
അങ്ങുന്നേ! നിങ്ങളെക്കണ്ടതുകൊണ്ടു് ഞാൻ നിശ്ചയമായിട്ടും വളരെ സന്തോഷിക്കുന്നു. (എന്നിട്ടു് അവൾ അവളുടെ റിസ്റ്റ്വാച്ചിൽ ഒന്നു് നോക്കീട്ടു്) ചായകുടിപ്പാൻ സമയം അടുത്തെന്നുതോന്നുന്നു.
രാജാ:
ചായയുടെ കാര്യം ശിഥിലമാണു്. നിന്റെ സന്തോഷമാണു് എനിക്കു് എല്ലാറ്റിലും വലിയകാര്യം.

അദ്ദേഹത്തിന്റെ നോട്ടം കണ്ടപ്പോൾ പൊന്നിയുടെ മുഖം തുടിച്ചു. അവൾ, അതു് പ്രതിഷേധിപ്പാൻ നിസ്സീമമെന്നു് തോന്നുന്ന സമുദ്രവിതാനത്തെ നോക്കി. ആ കറുത്ത കൗതുകകണ്ണുകളോ, അനേകം യുവതികളുടെ ചാരിത്രഭംഗത്തിന്നും വിനാശത്തിന്നും ഹേതുഭൂതങ്ങളായിരുന്നു. പൊന്നിയുടെ തല്ക്കാലത്തെ മനഃസ്ഥിതി എന്തുപോലെയാണെന്നു് വിചാരിക്കുന്നു. അവൾ ഹൃദയപൂർവ്വം സ്നേഹിച്ച കാമുകനാൽ നിർദ്ദയം ത്യജിക്കപ്പെട്ടു. ആ അവസ്ഥയിൽ അവളുടെ ദേഹത്തിന്റേയും ആത്മാവിന്റേയും പ്രേരണക്കനുസരിച്ച ഒരു ചിത്താശ്വാസംകൊണ്ടു് സമാധാനിക്കാൻ അടുത്തുവരുന്ന ഏതൊരു കാമുകനേയും സ്വീകരിക്കുന്നതിന്നു് വിരോധമില്ല എന്നു് വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവളായിരുന്നു.

രാജാ:
നീ വല്ലതും വായിക്കുന്നുണ്ടോ?
പൊന്നി:
വായനകൊണ്ടാണു് ഞാൻ ജീവിക്കുന്നതു്.
രാജാ:
നിണക്കു് സംസ്കൃതമറിയാമൊ.
പൊന്നി:
സംസ്കൃതകൃതികൾ മിക്കതും ചില മഹാന്മാർ ഭാഷയിലാക്കിത്തന്നിരിക്കുന്നു. അതുകൊണ്ടു് അവയുടെ സ്വാരസ്യം അറിവാനും എനിക്കു് സാധിച്ചിട്ടുണ്ടു്.
രാജാ:
നീ വലിയ പഠിപ്പുള്ള പെണ്ണാണല്ലൊ.
പൊന്നി:
എനിക്കു് വലിയ പഠിപ്പൊന്നുമില്ലെങ്കിലും പഠിപ്പുള്ളവർ എഴുതിയതു് വായിച്ചു് വിനോദിക്കാൻ സാധിക്കും.
രാജാ:
നിന്നെ വിനോദിപ്പിച്ചതു് എന്തൊക്കെയാണു്.
പൊന്നി:
രാമവാരിയരുടെ വ്യാഖ്യാനമുള്ളേടത്തോളം ഞാൻ കാളിദാസൻ, മാഘൻ, ഭാരവി മുതലായവരുടെ കൃതികൾ വായിച്ചിണ്ടു്. അവരുടെ ഓരോ വർണ്ണനകൾ എന്നെ രസിപ്പിച്ചിട്ടും ഉണ്ടു്.

ദേഹത്തിന്റെ ചേഷ്ടകൾ ഒത്തവർക്കു് ബുദ്ധികൊണ്ടുള്ള സാദൃശ്യവും ശരിയായാൽ പിന്നെ താൻ ആലോചിച്ചുവെച്ചകാര്യത്തിന്നു് ഒരു തടസ്ഥവും ഉണ്ടാവാനിടയില്ലെന്നു് സമർത്ഥനായ രാജാവു് മനസ്സിലാക്കി. അദ്ദേഹവും ഒരു വ്യുല്പത്തിയുള്ള ആളായിരുന്നു.

രാജാ:
ഭ്രാന്തിമതം അലങ്കാരത്തിന്നു് ഉദാഹരണമായി ഒരു ശ്ലോകം നിണക്കു് തോന്നുമോ?
പൊന്നി:
തോന്നും. ഒരു യുവതിയായ സുന്ദരിയെ അവളുടെ പടിപ്പുരയിൽ നില്ക്കുന്നതു് കണ്ടപ്പോൾ അതിലെ പോകുന്ന വിടൻ “മത്തഭൃംഗത്തെയും കാത്തു—പൂത്തുനില്ക്കുന്ന മല്ലിക” എന്നാണു് പറഞ്ഞതു്.
രാജാ:
അതു് സമാസോക്തിയുടെ ഉദാഹരണമായിട്ടാണു് കോവുണ്ണി നെടുങ്ങാടി വെച്ചതു്.
പൊന്നി:
അതും ഒരു സംഭ്രാന്തിതന്നെയല്ലേ?
രാജാ:
ആലങ്കാരിന്മാർ ആ ജാതിയിൽ പെടുത്തീട്ടില്ല.
പൊന്നി:
ഭ്രാന്തിമതത്തിന്നു് വല്ല ഉദാഹരണവും തോന്നുന്നുണ്ടോ?
രാജാ:
തോന്നും. മാഘന്റെ ശിശുപാലവധം കാവ്യത്തിൽ ദ്വാരകയുടെ ഒരു വർണ്ണന ഉണ്ടായിരുന്നു. അതിലാണു് ഞാൻ സരസമായ ഭ്രാന്തിമതം കണ്ടെത്തിയതു്.
പൊന്നി:
എന്താണു് ആ ശ്ലോകം.
രാജാ:
ചിത്രംസയാകൃതിമപതി പക്തെ—കപോതപാളീഷു നികേതനാനാം. മാർജ്ജാരമപ്യായത നിശ്ചലാംഗം—യസ്യാംജനഃകൃത്രിമമേവമേതെ.
പൊന്നി:
ഞാൻ അതു് വായിച്ചിട്ടുണ്ടു്. നിങ്ങൾ ചൊല്ലിത്തരുമ്പോൾ മാത്രമേ എനിക്കു് അതിന്റെ ഫലിതം മനസ്സിലായുള്ളു.
രാജാ:
പൊന്നി, നമ്മളെപ്പോലെ മനസ്സുകൊണ്ടും സംസ്കാരംകൊണ്ടും ഒത്തവരെ കാണുകയില്ല. നമ്മളെ അന്യോന്യം അടുത്തുപെരുമാറുവാൻവേണ്ടി ഈശ്വരൻ സൃഷ്ടിച്ചതാണു്. നീ ഇവിടെ ഉണ്ടെന്നു് ഈശ്വരാനുഗ്രഹംകൊണ്ടു് എന്നോടു് ഒരാൾ പറഞ്ഞതാണു്. ഞാൻ മിനുട്ടിന്നു് ഇവിടെ എത്തി.
പൊന്നി:
മനസ്സുകൊണ്ടു് നമുക്കു് യോജിപ്പുണ്ടായിരിക്കാം.
രാജാ:
എന്നാൽ അതു് പരിപൂർണ്ണമാക്കുവാൻ ദേഹത്തിന്റെ യോജിപ്പുംകൂടി മതി.
പൊന്നി:
ഹാ! അങ്ങിനെയൊ.

ആ ചെറിയ വാക്യത്തിൽ അനേകം അർത്ഥങ്ങൾ ഗർഭിച്ചുകിടക്കുന്നു. ശക്തിമത്തായ കാമം അന്യോന്യബുദ്ധിയുടെ ഐക്യതകൊണ്ടു് വളരെ ഉജ്ജ്വലിക്കുന്നു. എല്ലാം തികഞ്ഞ രാജാവു് തത്സമയത്തു് ആ കാര്യത്തെപ്പറ്റി ആലോചിക്കുകയായിരുന്നു. പൊന്നിക്കു് അസാധാരണ ബുദ്ധിശക്തിയുണ്ടെന്നു് ലോകപരിചയപരിജ്ഞാനം സിദ്ധിച്ച രാജാവിന്നു് നല്ലവണ്ണം അറിയാമായിരുന്നു. അവളുടെ കണ്ണു് കണ്ടപ്പോൾ അവൾക്കു് കാമവികാരം അതികലശലായി സ്ഫുരിക്കുന്നുണ്ടെന്നും രാജാവറിഞ്ഞു. അദ്ദേഹം തന്റെ മോട്ടോർകാറിൽനിന്നു്, ഒരേടത്തു് കൊണ്ടുപോയി ഒന്നു് ചുംബിച്ചപ്പോൾ അവളുടെ ദേഹം തന്റെ പാണിബന്ധത്തിൽനിന്നു് ആപാദചൂഡം സ്പന്ദനം ചെയ്തമാതിരിയും രാജാവിന്നു് നല്ലബോദ്ധ്യം ഉണ്ടായിരുന്നു.

ആ ചുംബനത്തിന്റെ വിലയെപ്പറ്റി അയാൾ പിന്നീടു് വളരെ പ്രാവശ്യം ചിന്തനം ചെയ്തുകൊണ്ടിരിക്കുന്നു. അതിന്റെ ഒരു അനുഭവത്തിന്നുകൂടിവേണ്ടി—അല്ലെങ്കിൽ ആവർത്തനത്തിന്നുവേണ്ടി അയാൾ സർവ്വദാ കാംക്ഷിച്ചുകൊണ്ടിരുന്നു. ഒരു പുരുഷനെ യഥാർത്ഥമായി അനുരാഗിക്കുന്ന ഒരു പെണ്ണിന്റെ ചാരിത്രത്തിന്നു് ഒരിക്കലും രക്ഷ ഉണ്ടാകയില്ല. പുരുഷന്റെ പ്രണയത്തിന്നും സത്യമില്ലെങ്കിലും ശക്തി വളരെകൂടും. നിരുജ്ജ്വലവും, ചാഞ്ചല്യവും, അവിശ്വസ്ഥവും ആയ പ്രണയം കാണിക്കുന്ന പെണ്ണുങ്ങളെയാണു് പുരുഷന്മാർക്കു് മടുത്തുപോകുന്നതു്. തന്നെ അനുരാഗിച്ചുകൊൾവാൻ സർവ്വസമ്മതമായി അനുകൂലിച്ചുകൊടുക്കുന്നതിൽ യാതൊരു ശങ്കയും, സങ്കോചവും കാണിക്കാത്ത ഒരു പൊട്ടിത്തെറുപ്പുള്ള സുന്ദരിയെ—അനുരാഗം എന്നതു് എന്തെന്നു് നല്ലവണ്ണം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു യുവതിയെ—അതു് കന്മഷവും ചാരിത്രഹാനികരവുമാണെന്നു് നിഷേധിക്കുന്ന ഒരു പെൺമണിയെ—അതു് മനുഷ്യസൃഷ്ടികൾക്കു് ഈശ്വരനാൽ ദത്തമായ ഏറ്റവും പരിശുദ്ധവും, ഏറ്റവും മാധുര്യവുംതികഞ്ഞ ഒരു സ്ത്രീരത്നത്തെ, പുരുഷന്മാരായ പുരുഷന്മാരൊക്കവെ ഹിമാലയൻ പർവ്വതം തുടങ്ങി കന്യാകുമാരിവരെ തിരഞ്ഞുനടക്കാതിരിക്കില്ല.

പൊന്നി അങ്ങിനെയുള്ള ഒരു സ്ത്രീരത്നമായിരുന്നു. അവൾക്കു് തന്നേക്കൊണ്ടു് അങ്ങിനെ ഒരു ബോധവുംകൂടി ഇല്ലായിരുന്നു. ഇഹലോകജീവിതത്തിലെ സ്വാർത്ഥപരമായ ജ്ഞാനം സർവ്വസ്വവും വഴങ്ങേണമെന്നു് തോന്നുന്ന അനുരാഗത്തിന്റെ കീഴിലാണു് അവൾ വെച്ചതു്.

അവൾ, കൃഷ്ണൻനായർക്കു് എന്തിനും വഴങ്ങിക്കൊടുപ്പാൻ തയ്യാറായിരുന്നു. അവൾ അന്നു് അസംസ്കൃതമാനുഷ്യസ്വഭാവത്തിന്റെ ഒരു മൂർത്തിത്വംമാത്രമായിരുന്നു. അവൾക്കു് ഒരു നിമിഷത്തിന്റെ മനശ്ചാഞ്ചല്യവുംകൂടി ഉണ്ടാകുമായിരുന്നില്ല. അവളുടെ ചക്രവർത്തി യഥാർത്ഥാനുരാഗംമാത്രമായിരുന്നു. എന്നാലുംകൂടി, അവൾ അനുരാഗിച്ച ഒരു പുരുഷൻ അവളെ അനുരാഗിക്കാതെപോയാൽ, പുരുഷന്മാരെ കേവലം വെറുത്തു് കോൺവെന്റിൽ ചെന്നുചേരുവാൻ ഇച്ഛിക്കുന്നവളും അല്ല. അവൾ മരുഭൂമിയിലെ ഒരു കുസുമമാണു്. ആ നിർബാധമായി, അന്യാദൃശമായ ഏകാന്തതയിൽക്കൂടി അതിന്നു് വികസിക്കാതെ കഴികയില്ല. അനുരാഗം എന്ന വൃക്ഷത്തിന്റെ വേരു് അവളുടെ ഹൃദയത്തിൽ ഉറച്ചുപോയിരിക്കുന്നു. അതു് ഒരേടത്തു് വീണാൽ വേരുകൾ ചുറ്റിപ്പിടിച്ചു്, ഒരു ഉറച്ചസ്ഥാനം വഹിക്കുന്ന നാല്പാമരമരത്തിൽ ഒന്നിനേക്കാൾ ബലവത്തായിരിക്കുന്നു. അതിന്നു് വളരുവാനും പുഷ്പിക്കാതിരിക്കാനും നിവൃത്തിയില്ല. അതിന്റെ ഭംഗി ബാക്കിയുള്ളവർക്കു് കാണിപ്പാനും, അനുഭവിപ്പാനും കൊടുക്കാതെ നിവൃത്തിയില്ല. അതിന്റെ വളർച്ച കുറയ്ക്കുന്ന ഇത്തിക്കണ്ണിക്കും, സ്വാർത്ഥമെന്നു് എണ്ണാവുന്ന അരിവാളിന്നും, അതിനെ അമർത്താനോ നശിപ്പിപ്പാനോ സാധിക്കയില്ല.

രാജാ:
(മന്ദസ്വരത്തിൽ) പൊന്നീ! നീ എന്റെ പ്രേമഭാജനമാണു്. നീ എന്റെ സ്വന്തമാകും എന്നു് എന്നോടുചെയ്ത വാഗ്ദത്തം നീ മറന്നുകളഞ്ഞിട്ടില്ലായിരിക്കും.
പൊന്നി:
(മൗഢ്യത്തോടെ) എനിക്കോർമ്മയുണ്ടു്.
രാജാ:
എന്തായിരുന്നു?
പൊന്നി:
എനിക്കോർമ്മയുണ്ടു്. യഥാർത്ഥത്തിൽ നിങ്ങൾക്കു് എന്നെ വേണമോ? നിങ്ങളെ വിവാഹം കഴിപ്പാൻ യോഗ്യതയുള്ള പല യുവതികളും ഉണ്ടായിരിക്കുമല്ലോ.

വിവാഹം എന്ന വാക്കുകേട്ടപ്പോൾ രാജാവു് ഒന്നുഞെട്ടി. അയാൾക്കു് പൊങ്ങിവന്ന ദീർഘനിശ്വാസം താഴത്തുതന്നെ താഴ്ത്തി. ഒരു പുരുഷൻ അനുരാഗത്തിന്റെ കാര്യം പറയുമ്പോൾ ഒരു കന്യകക്കു് വിവാഹജീവിതവിചാരമാണോ ഉല്പാദിക്കുന്നതു് എന്നു് ആ വിടൻ ആശ്ചര്യപ്പെട്ടു.

വാസ്തവത്തിൽ അതല്ലാതെ മറ്റെന്തൊന്നാണു്? അനുരാഗത്തിന്റെ യഥാർത്ഥമായും പരിപൂർണ്ണമായും ഉള്ള പര്യവസാനം സ്വാഭാവികമായി വിവാഹമാണെന്നു് തെളിയിക്കുന്നതു് ആ മനുഷ്യന്നു് ഒരു ഇച്ഛാഭംഗമായിത്തോന്നി. സ്വതന്ത്രബുദ്ധികൊണ്ടു് നടക്കുന്ന കമനീകമനന്മാർ എന്തെങ്കിലും അപലപിക്കട്ടെ. അഥവാ വിവാഹം അനുകൂലമല്ലാതെ വന്നുപോയാൽ ഏതു് തടസ്ഥങ്ങളും ജയിപ്പാനൊ, നിരാകരിപ്പാനൊ ഉള്ള ശക്തി അനുരാഗത്തിന്നു് ഉണ്ടായിരിക്കേണ്ടതാണു്. എന്നാൽ അതിനൊന്നും തടസ്ഥമില്ലായ്ക—അല്ലെങ്കിൽ തടസ്ഥങ്ങളെ അകറ്റുവാനുള്ള ശക്തി ഉണ്ടായിരിക്കുക—ആ അവസ്ഥയിൽ, ഇഷ്ടാനുസരണം പ്രവർത്തിക്കുക എന്ന സ്വാതന്ത്ര്യമനഃസ്ഥിതിക്കല്ല—വിവാഹത്തിന്നാണു് ഏകച്ഛത്രാധിപത്യം സിദ്ധിക്കുന്നതു്. അനുരാഗം എന്നതു് അനുരാഗമാണെങ്കിൽ സ്വമേധയായി ഉല്പാദിക്കുന്ന ഒരു മനോവികാരമാണു്. അതിനെ ബന്ധനത്തിൽ ഇട്ടുവെക്കാൻ ആർക്കും സാധിക്കുന്നതല്ല. എന്നാൽ ഗാന്ധർവ്വത്തിനെപ്പോലെതന്നെ യഥാർത്ഥവിവാഹംകൊണ്ടും ആ അനുരാഗത്തെ സമ്പൂർണ്ണവും അഗാധവുമാക്കുവാൻ സാധിക്കുന്നതാണു്. വിവാഹം ഒരു തടസ്ഥമല്ല. മനുഷ്യന്മാർക്കു് വിധിച്ചിട്ടുള്ള അനുരാഗസഫലീകരണത്തിന്റെ ഒരു അനുകൂലമാർഗ്ഗം മാത്രമാണു്. അതു് ഒരു അഭിമതവും അഭിമാനജനകവുമായ സംഭവമാണു്.

പൊന്നി അവരുടെ സംസാരത്തിൽ കൊണ്ടുവന്നിറക്കിയ സന്ദർഭത്തെപ്പറ്റി വാദപ്രതിവാദം നടത്തുവാൻ രാജാവു് ഒന്നുകൊണ്ടും ഒരുങ്ങിയിരുന്നില്ല. അയാൾ ഒരു ചോദ്യം ചോദിപ്പാൻ നിശ്ചയിച്ചു. അതിന്റെ ഉത്തരമെന്തായിരിക്കും എന്ന നിശ്ചയവും അയാൾക്കുണ്ടായിരുന്നു.

രാജാ:
പ്രിയെ! നീ എവിടെയാണു് താമസിക്കുന്നതു്.
പൊന്നി:
ഭാർഗ്ഗവിഅമ്മയുടെ വീട്ടിൽ.
രാജാ:
ആ സ്ത്രീയെ എനിക്കറിയാം. ഞാനും വരാം.
പൊന്നി:
അവരുടെ ശുശ്രൂഷകൊണ്ടു് ഞാൻ കുഴങ്ങി. ചിലപ്പോളൊക്കെ അതിൽനിന്നു് അകന്നുനില്ക്കേണമെന്നാണു് എന്റെ മോഹം.

അവളുടെ “ഹോട്ടലിലേയ്ക്കു്” ചിരിച്ചുകൊണ്ടു് പൊന്നിയും രാജാവും നടന്നുതുടങ്ങി. അതു് പട്ടണത്തിലാണെങ്കിലും ഒരു വലുതും വിജനവുമായ പറമ്പത്തായിരുന്നു.

രാജാ:
എനിക്കും നിന്നെ അവളെകൂടാതെ കിട്ടേണമെന്നാണു് മോഹം.
പൊന്നി:
ഹോട്ടലിൽ പൊൻകോലോത്തെ ഒരു തമ്പുരാൻവന്നു് താമസിക്കുന്നുണ്ടു്. അവർക്കു് അയാളെ വലിയകാര്യമാണു്. കറുകറുത്തതാടിയും മീശയുമാണു് അയാൾക്കുള്ളതു്. സിനിമയ്ക്കു് പോകുമ്പോളൊക്കെ ഒരു കറുത്ത അങ്കിയാണു് അയാൾ ധരിക്കുന്നതു്. നോവലുകളിലെ വഞ്ചകനെപ്പോലെയാണു് അയാളുടെ നടവടി.
രാജാ:
നിന്റെ വിവരണം കേട്ടാൽ അയാൾ ഒരു കുടകനാണെന്നുതോന്നും. അയാൾ അരയിൽ കത്തിചെരുതിയിരുന്നോ ഇല്ലയോ എന്നു് നീ സൂക്ഷിച്ചു് നോക്കിയിരിക്കുന്നോ?

ഹോട്ടലിൽ എത്തുന്നവരെ ഇങ്ങിനെയുള്ള അഗൗരവസംസാരത്തിൽ അവർ നിമഗ്നരായിരുന്നു. ഇടയ്ക്കിടെ, അന്യോന്യം സാമീപ്യംകൊണ്ടു് തൃപ്തരായവരെപ്പോലെ ചിരിച്ചുമിരുന്നു. പൊന്നി സർവ്വാത്മനാ എല്ലാവരോടും വളരെ ഇണക്കമുള്ള യുവതിയായിരുന്നു. ഒരു പുരുഷനെ ചങ്ങാതിയായി കിട്ടിയതുകൊണ്ടു് അവൾക്കും സന്തോഷമായിരുന്നു. അവർ വീട്ടിന്റെ പടികടന്നു.

രാജാ:
(മന്ദസ്വരത്തിൽ) ചായകഴിഞ്ഞ ഉടനെ നിന്നെ എന്റെ മോട്ടോർകാറിൽ ഒരു സവാരിക്കു് കൊണ്ടുപോകാൻ ഞാൻ ഭാർഗ്ഗവിഅമ്മയുടെ സമ്മതം വാങ്ങാം. സമ്മതിക്കാതിരിക്കില്ല. അവർക്കു് എന്നെ വളരെ ഇഷ്ടമാണു്.

അദ്ദേഹത്തിന്നു് തന്റെ ധിക്കാരംകൊണ്ടു് ഒരു മന്ദഹാസം ഉണ്ടായി.

രാജാ:
എന്നുമാത്രമല്ല അവർക്കു് പുത്തൻകോലോത്തെ തമ്പുരാനുമായി അബാധമായി സല്ലപിക്കാൻ അവസരവും കിട്ടുമല്ലോ.
പൊന്നി:
പുത്തൻകോലോത്തല്ല. പൊൻകോലോത്തു്.
രാജാ:
വീട്ടുപേർ എന്തുമണ്ണാങ്കട്ടയെങ്കിലുമാകട്ടെ. ഭാർഗ്ഗവിഅമ്മയെ നമ്മുടെ ഇടയിൽ കൊണ്ടുവരാതെ ഇരുന്നാൽ തമ്പുരാൻ എന്ന സ്ഥാനത്തിന്നു് അയാൾ ഒരു യോഗ്യനാണെന്നു് ഞാൻ കരുതും.

അപ്പോഴേയ്ക്കു് അവരുടെ അഭിമുഖമായി ഭാർഗ്ഗവിഅമ്മ വരുന്നതുകണ്ടു.

രാജാ:
എന്താ ഭാർഗ്ഗവിഅമ്മേ! സുഖംതന്നെയല്ലേ. ഇപ്പോൾത്തന്നെ നിങ്ങളെപ്പറ്റി ഞാൻ പൊന്നിയോടു് പറയുകയായിരുന്നു.

പൊന്നിയെ കണ്ടുമുട്ടാനുള്ള യദൃച്ഛയാ വന്നുചേർന്നകാരണങ്ങളെപ്പറ്റി അദ്ദേഹം അനവധി സമാധാനങ്ങൾ പറഞ്ഞുതുടങ്ങി. ഇങ്ങിനെ പെട്ടെന്നു് കണ്ടുമുട്ടിപ്പോകുമെന്നു് രാജാവും കരുതിയിരുന്നില്ല. ആ സ്ത്രീയുടെ പിന്നാലെ, അടികിട്ടിയ പട്ടിയെപ്പോലെ, ഒതുങ്ങിവന്നിരുന്ന ഒരാളെ കണ്ടപ്പോൾ, അയാളായിരിക്കും തമ്പുരാൻ എന്നും മനസ്സിലായി. ഏതായാലും തമ്പുരാൻ കാഴ്ചയ്ക്കു് ഗുണമില്ലാത്ത ഒരാളാണെന്നു് ഒരൊറ്റനോട്ടംകൊണ്ടു് രാജാവു് മനസ്സിലാക്കി.

മോട്ടോർസവാരിയുടെ വിവരം കേട്ടപ്പോൾ ഭാർഗ്ഗവിഅമ്മയുടെ മുഖത്തു് സ്ഫുരിച്ചതു് ഒരു രസിക്കാത്ത ഭാവമാണു്. അതു് കൃഷ്ണൻനായരുടെ ചങ്ങാതിക്കു്, കൃഷ്ണൻനായർ തന്റെ കയ്യിൽ ഏല്പിച്ചുവിട്ട ഒരു പെണ്ണോടു് തനിക്കു് മാതാവിനെപ്പോലെ പ്രണയം ഉണ്ടെന്നു് കാണിക്കുന്ന ഒരു അഭിനയം മാത്രമായിരുന്നു. പൊന്നിയുടെ അഭാവംകൊണ്ടു് തനിക്കു് സിദ്ധിക്കാൻ പോകുന്ന, അബാധമായ സന്ധ്യാസമയത്തെപ്പറ്റി ഉള്ളാലേ ആ സ്ത്രീക്കു് വളരെ സന്തോഷമാണു് ഉണ്ടായതു്. തമ്പുരാനും അവളും വളരെ അടുപ്പമായിട്ടാണു് പെരുമാറിയിരുന്നതു്. ഒരു സ്ക്കൂൾ പരിപാലിക്കുന്ന ഭാരത്തിന്നു് ആവരണം മറ്റൊരാളുടെ സഹായം സിദ്ധിക്കുക എന്നതു് നിരാകരിക്കേണ്ടുന്ന ഒരു കാര്യമല്ല. നേരെമറിച്ചു് ഒരു ആഗ്രഹിക്കേണ്ടുന്ന വരംതന്നെ ആയിരുന്നു.

രാജാവും പൊന്നിയും വൈകുന്നേരത്തെ ചായ കാലതാമസംകൂടാതെ കഴിച്ചു് മോട്ടോർകാർ കൊണ്ടുവരാൻപോയി. കാർ, രാജാവിന്റേതായിരുന്നില്ല. വേദവതി ലളിതയോടു് കടംമേടിച്ചു് കൊണ്ടുവെച്ചതായിരുന്നു. അതു് അദ്ദേഹം പതിവായി പോന്നിരുന്ന ഹോട്ടലിലാണു് വെച്ചിരുന്നതു്. രണ്ടു് സ്ക്കൂൾകുട്ടികൾ രക്ഷിതാക്കന്മാരറിയാതെ അവ്യകൃതത്തിന്നു് പോകുമ്പോലെ അവർ ഇരുവരും വളരെ ചിരിച്ചുകൊണ്ടു് കാറിൽ കയറി. രാജാവിന്റെ മന്ദഹാസത്തിൽ ഒരു അഗാധഭാഗമുണ്ടായിരുന്നു. അതു് പൊന്നിക്കു് മനസ്സിലാക്കാൻ സാധിച്ചിരുന്നു എങ്കിൽ അവൾ ക്ഷണം മടങ്ങിക്കളയുമായിരുന്നു. ഭാർഗ്ഗവിഅമ്മയോടും തമ്പുരാനോടും ഉള്ള സഹവാസത്തിൽ വിനോദിപ്പാൻ അവൾക്കു് വിരോധമുണ്ടാകയില്ലായിരുന്നു.

പകലിലെ ചൂടുകഴിഞ്ഞതിൽപ്പിന്നെ സായംകാലത്തു് ഒരു സുഖകരമായ തണുപ്പുണ്ടായിരുന്നു. പ്രകൃതിയുടെ ഭേദഗതികളിൽ വിനോദിച്ചുപോവാൻ പൊന്നിക്കു് ഒരു പ്രത്യേക മനഃസ്ഥിതിയും ഉണ്ടായിരുന്നു. കാർ, രാജാവിന്റെ ഓടിക്കൽകൊണ്ടു്, തുള്ളിപ്പായുന്നതു് കണ്ടപ്പോൾ അപ്പോലെ ഉള്ള ഒരു മനഃസ്ഥിതി പൊന്നിക്കും ഉണ്ടായി അവർ നഗരവും വിട്ടു് വടക്കെപാതയിൽക്കൂടെ തിരിഞ്ഞു. അവരുടെ ഇടത്തുഭാഗത്തു് വിവിധപുഷ്പങ്ങൾ നിറഞ്ഞു് സുരഭിയായ പാടമായിരുന്നു. വലത്തു് സമുദ്രത്തിന്റെ ഒരു പുളിരസം ജനിപ്പിക്കുന്ന ഗന്ധം വളരെ സുഖകരമായിത്തോന്നിയിരുന്നു. സമുദ്രം ദീർഘമേറിയ പാറകളിന്മേൽ ഗർജ്ജനം ചെയ്തുകൊണ്ടു് അടിച്ചുനരച്ചു് പൂക്കുറ്റി കത്തുമ്പോലെയുള്ള ജലകണങ്ങളെ വളരെ ഉയരത്തിൽ പൊക്കിക്കൊണ്ടിരുന്നു.

ചെക്കിരിക്കാൻ കാംക്ഷിക്കുംകരയിലെ പക്ഷികൾ ഏകൈകരായി പറന്നു് ആർത്തനാദം പുറപ്പെടുവിക്കുന്ന കടൽക്കാക്കളോടു് മത്സരിച്ചു.

ഉറക്കം തൂങ്ങിക്കിടക്കുന്ന പല ഗ്രാമങ്ങളിൽക്കൂടെയും പച്ചനടക്കാവുകളുടെ ഉള്ളിൽക്കൂടെയും ‘കാർ’ മണ്ടിത്തുടങ്ങി. കാറിന്റെ ഗമനാവശ്യം ഉണ്ടാക്കിയതാർക്കാണു്. പുഷ്പം നിറഞ്ഞ നടകളിൽക്കൂടെയും കാർ നടത്താൻ രാജാവിന്നു് ദാക്ഷിണ്യം ഉണ്ടായിരുന്നില്ല. ഒടുവിൽ അവർ തുറസ്സായ ഒരു തരിശുസ്ഥലത്തെത്തി രാജാവു് കാർ നിർത്തി. ഒരു ഭാഗത്തു് വിസ്തൃതസമുദ്രമായിരുന്നു. “വാ പൊന്നീ, നാം കടപ്പുറത്തേയ്ക്കു് നടക്കുക” എന്നു് രാജാവു് പറഞ്ഞു. അവർ കാറിൽനിന്നിറങ്ങി, ആ സ്ഥലത്തിൽക്കൂടെ വളരെ നാഴിക ദൂരത്തുകിടക്കുന്ന ഒരു ഉൾപ്രദേശത്തിൽനിന്നു് തുടങ്ങി സമുദ്രംവരെ നീണ്ടുകിടക്കുന്ന ആ തരിശിൽക്കൂടെ ഉലാത്തി.

ചില പാറകളുടെ ഇടയിൽ എത്തിയപ്പോൾ “നമ്മൾക്കു് ഇവിടെ കുറെ വിശ്രമിക്കാം” എന്നു് അയാൾ പറഞ്ഞു. അവർ പച്ചപ്പുല്ലിന്മേൽ, ഒരു പട്ടുമെത്തയിൽ എന്നപോലെ ഇരുന്നു. പ്രകൃതിയുടെ രമണീയകാഴ്ചകൾ കണ്ടിട്ടു് പൊന്നിക്കു് ഒരു ചെറിയ കിതപ്പാണു് ഉണ്ടായിരുന്നതു്. വളരെ ദൂരം സമുദ്രവും ആകാശവും മുട്ടിയപോലെ ചക്രവാളം വിളങ്ങുന്നുണ്ടായിരുന്നു. സന്ധ്യ അസ്തമിച്ചുവരുന്തോറും സമുദ്രത്തിന്നു് ഒരു കുറവും അനിശ്ചിതഭാവവും ഉണ്ടായി. വളരെദൂരെ കുറെ വെള്ളപ്പാറകൾ കണ്ടിരുന്നു. ഒരു കനൽപ്പന്തുപോലെ ചുകന്ന അസ്തമനസൂര്യൻ വിളങ്ങിയിരുന്നു. നീലാകാശത്തിന്റെ ചുറ്റും നദിപോലെയും വയൽപോലെയും തോന്നുന്നു. മധുരനാരങ്ങയുടെ ഉള്ളുപോലെയും സ്വർണ്ണംപോലെയും ഉള്ള വർണ്ണങ്ങൾ തിളങ്ങിയിരുന്നു.

വളരെ സന്തോഷത്തോടെ “ഇതു് എന്തൊരു ദിവ്യതേജസ്സാണു്” എന്നു് പൊന്നിയോടു് പറഞ്ഞുപോയി.

രാജാ:
പ്രകൃതിയുടെ ശോഭ അവിടെക്കിടക്കട്ടെ. പൊന്നീ നിണക്കു് എന്നോടു് അനുരാഗമില്ലേ?
പൊന്നി:
(വളരെ ശങ്കിച്ചുകൊണ്ടു്) അതേ അങ്ങുന്നേ!

അവളുടെ ആത്മാവു് കളവു് പറഞ്ഞതുകൊണ്ടു് അവളെ കുറ്റപ്പെടുത്തി. ആ ശബ്ദം “അല്ല അല്ല കൃഷ്ണൻനായരെയാണു് നീ അനുരാഗിക്കുന്നതു്” എന്നു് അവളെ പിന്നേയും ഓർമ്മപ്പെടുത്തി. രാജാവു് അദ്ദേഹത്തിന്റെ രണ്ടുകൈകളും നീട്ടി, അവളെ അതിന്റെ ബന്ധനത്തിൽപെടുത്തി “എന്റെ ചെറിയപൊന്നീ! ഇതിന്റെ ഉള്ളിൽ, നമ്മുടെ രണ്ടുശരീരവുംതമ്മിൽ തൊട്ടുകൊണ്ടു് കിടക്കുന്നതാണു് ഉത്തമം” എന്നു് മനോഹരമാകുംവണ്ണം മന്ത്രിച്ചു.

ഇങ്ങിനെ പൊന്നി അയാളെ തൊട്ടുകൊണ്ടു് കിടന്നു. ആ സമയത്തും അങ്ങിനെ ചെയ്യരുതെന്ന ബോധം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ അനുരാഗം കൂടാതെ കഴികയില്ലെന്നും അത്യാവശ്യമാണെന്നും അവളുടെ ഉള്ളിൽ തോന്നിയതുകൊണ്ടാണു് അവൾ അനുസരിച്ചതു്. അയാളുടെ ഹൃദയത്തിന്റെ തുടിപ്പു് തന്റെ ഹൃദയത്തിന്റെ തുടിപ്പോടും താളം പിടിച്ചിരുന്നു. ചുറ്റിൽനിന്നു് മണ്ണിന്റെ സുരഭിലവാസനയും അവളുടെ ഉന്മേഷം വർദ്ധിപ്പിച്ചിരുന്നു. കൗതുകകരങ്ങളായ പല വികാരങ്ങളും അവന്നു് അത്യന്തം പരവശയായി. അതിനെപ്പറ്റി പ്രസ്താവിപ്പാൻ പുറപ്പെട്ടപ്പോൾ അയാൾ അവളുടെ വായ തന്റെ ചുണ്ടുകൾകൊണ്ടു് അടച്ചുകളഞ്ഞു. രണ്ടാളുടെ ഹൃദയത്തിലും കാമാഗ്നി കത്തികൊണ്ടിരുന്നെങ്കിലും അവർ ഇളകാതെ അന്യോന്യം ബന്ധിച്ചുകൊണ്ടു് വളരെനേരം കിടന്നു. അവർക്കു് സ്ഥലത്തിന്റേയോ, സമയത്തിന്റേയോ, ഔചിത്യത്തിന്റേയോ യാതൊരു വിചാരവും ഉണ്ടായില്ല.

സൂര്യനാകട്ടെ ഈ കാഴ്ചയ്ക്കു് താൻ ഒരു സാക്ഷിയാകരുതെന്നുവെച്ചു് ക്രമേണ താണു് മറഞ്ഞുകളകയും ചെയ്തു. അപ്പോൾ ചന്ദ്രൻ മെല്ലെ, സൂര്യഭഗവാനെ ഭയപ്പെട്ടവനോ എന്നു് തോന്നുംമട്ടിൽ, ആകാശത്തിന്റെ ആധിപത്യം വഹിപ്പാൻ തക്കവണ്ണം മന്ദം പൊങ്ങിവന്നു. അതിന്റെ പ്രകാശത്തിന്നും ഒരു മങ്ങിയ തേജസ്സുണ്ടായിരുന്നു. അതു് വളരെ ദൂരെയുള്ള ഒരു ചക്രവാളസ്ഥിതനാണെങ്കിലും കാഴ്ചയ്ക്കു് ശാന്തതയും, കുളുർമ്മയും, അനുരാഗവും ഉല്പാദിപ്പിക്കുന്നവനായിരുന്നു. ചന്ദ്രരശ്മിയുടെ സ്പർശം സിദ്ധിക്കാതെതന്നെ, സമുദ്രത്തിന്റെ കരിന്നീലവിതാനത്തിന്മേൽ, വെള്ളനിറത്തിൽ ഉള്ള ഒരു ചാൽ കാണപ്പെട്ടു. കവിതാവാസനയുള്ള ആ ഒരു പാട്ടും ആരാധനയോടും ഈ മനോഹരകാഴ്ചയിൽ മതിമറന്നു് മുങ്ങിപ്പോയി.

പൊന്നി:
പ്രിയാങ്ങുന്നേ! ചന്ദ്രനെ നോക്കൂ. സമുദ്രത്തെ നോക്കൂ. ആകാശത്തെ നോക്കൂ.
രാജാ:
അതൊന്നും സാരമില്ല.
പൊന്നി:
നോക്കൂ—ഒരു കാർ ചന്ദ്രനെ മറയ്ക്കുവാൻ തുടങ്ങുന്നതു്.
രാജാ:
അതു് കാറിന്റെ മുറയാണു്.
പൊന്നി:
ഇതു് എന്റെ മനഃസ്ഥിതിക്കു് അനുസരിച്ച കാഴ്ചയാണു്.
രാജാ:
നീ അന്യോന്യാനുരാഗംകൊണ്ടു് ആനന്ദിക്കുന്നവളല്ലെ.
പൊന്നി:
എനിക്കുള്ള ആനന്ദാനുഭവത്തിൽക്കൂടി സ്ഥായിയായിനില്ക്കുന്ന ഒരു വ്യസനമാണു് അനുഭവമാക്കുന്നതു്.
രാജാ:
അതെങ്ങിനെ?
പൊന്നി:
ഈ നിലയിൽ ചന്ദ്രനെക്കണ്ട ഒരാൾ ചന്ദ്രനെനോക്കി പറയുംപ്രകാരം ഒരു ശ്ലോകമുണ്ടാക്കിയിരുന്നു.
രാജാ:
ആരാണയാൾ?
പൊന്നി:
ആരോ? അയാൾ എക്സ് എന്നുമാത്രമേ വെച്ചിരുന്നുള്ളു.
രാജാ:
എന്താണു് ശ്ലോകം.
പൊന്നി:
ഞാൻ ചൊല്ലിത്തരാം—“നേരായാധികലർന്നു, മന്ദഗതിയായ് സ്വന്തംപ്രസന്നാനനം—ചേരാതെന്തുയരുന്നതംബരതലേതാരേശ ഭഗ്നാശയ: നേരാകാശനിവാസിമാരിപുരിഹക്ഷോണീം തപിപ്പിക്കുമീ—മാരാവേശമിരിക്കുമോ വിപുലമാകുന്നാധി കുന്നിക്കുമോ?”
രാജാ:
ചന്ദ്രൻ ഏതുനിലയിലും ഭംഗിയുള്ളവനാണു്.
പൊന്നി:
എന്നാൽപ്പിന്നെ നിങ്ങൾ എന്താണു് ചന്ദ്രനെ നോക്കാത്തതു്.
രാജാ:
നിന്നെ അല്ലാതെ ഇപ്പോൾ എനിക്കു് വേറെ ഒന്നിനേയും നോക്കാൻ ഇഷ്ടമില്ല. എന്റെ പൊന്നേ! നീയാണു് എന്റെ ചന്ദ്രനും, എന്റെ സ്വർഗ്ഗവും, എന്റെ സർവ്വസ്വവും (പിന്നെ കല്പിക്കുന്നരീതിയിൽ) പൊന്നീ! നി എന്നെ ചുംബിക്കൂ.

അവൾ അദ്ദേഹത്തിന്റെ ചെള്ളയ്ക്കു് ഒരു ലഘുചുംബനംവെച്ചു. അദ്ദേഹത്തിന്നു് ആ ചേഷ്ട ഒട്ടും രസിച്ചില്ല. അയാൾ തന്റെ കൈകൾകൊണ്ടു്, ബലമായി അവളുടെ മുഖംതിരിച്ചു്, വായുടെമേൽ ഒരു ദീർഘചുംബനം വെച്ചു. ഒരു വിദ്യുച്ഛക്തി അവളുടെ ദേഹത്തെ ഒന്നു് ആനന്ദകരമായി ഞെട്ടിപ്പിച്ചു. അവൾക്കു് ഒരു വിവരിക്കവയ്യാത്ത ഭയവും ഉണ്ടായി.

പൊന്നി:
അങ്ങുന്നേ വേണ്ട. നിങ്ങൾക്കു് ആ മാതിരിയിൽ എന്നെ ചുംബിക്കുവാൻ പാടില്ല. അങ്ങിനെ ഇനിയും ചെയ്യരുതു്.
രാജാ:
ഞാൻ ചെയ്യും. ഞാൻ അങ്ങിനെ മതിവരാത്തവിധത്തിൽ ഇനിയും ചെയ്യും. നീ എന്റെ സ്വന്തമാണു്. എന്റെ സ്വന്തം പ്രേമഭാജനമാണു്. ദൈവമുഖേന എന്റെ ഭാര്യയുമാണു്.

അദ്ദേഹത്തിന്റെ ശക്തിമത്തായ വാക്കുകളും, പ്രണയബഹളചുംബനങ്ങളും അദ്ദേഹം ഉദ്ദേശിച്ച മനഃസ്ഥിതി പൊന്നിക്കും ഉണ്ടാക്കിത്തുടങ്ങി. ഒരു കൗതുകകരവും മധുരവുമായ ഉന്മേഷോഷ്ണംകൊണ്ടു് അവളുടെ ശരീരംമുഴുവനും പതച്ചപോലെ തോന്നി. ഇങ്ങിനെയുള്ള ഒരു അനുരാഗമായിരുന്നു പൊന്നിക്കു് വേണ്ടിയിരുന്നതു്—പൊന്നി സർവ്വാത്മനാ കാംക്ഷിച്ചിരുന്നതു്—സിദ്ധിക്കുവാൻ പ്രാർത്ഥിച്ചിരുന്നതു്—നിത്യം ജപിച്ചുകൊണ്ടിരുന്നതു്. ആ മാതിരി ഒരു അനുരാഗം ഒരു പുരുഷൻ യഥേഷ്ടം കാഴ്ചവെച്ചിട്ടുണ്ടെന്നു് അവൾക്കു് തോന്നി. അവൾ വിചാരിച്ചാൽ അതു് തിരസ്കരിപ്പാനുള്ള ശക്തി അവൾക്കു് എവിടുന്നുണ്ടാകും. മന്ദമായിട്ടും മൃദുവായിട്ടാണെങ്കിലുംകൂടി അയാളുടെ കഴുത്തിന്റെ ചുറ്റും അവൾ ചുംബനമാലയിൽ ഒന്നു് അലങ്കരിച്ചു. അവൾ അയാളുടെ തൊണ്ടയും, ഫാലവും കണ്ണുകളും, വായും പ്രത്യേകം പ്രത്യേകം ചുംബനവർഷത്താൽ ഉണർത്തി. അയാളെ ചുംബിക്കുമ്പോളൊക്കെ, അവളെ ധൈര്യപ്പെടുത്തിയതു്, അവൾ ചുംബിക്കുന്നതു് കൃഷ്ണൻനായരുടെ ഒരു മനോസങ്കല്പത്തെ മാത്രമായിരുന്നു എന്ന ധാരണയായിരുന്നു. ഇതു് വിശ്വസനീയമല്ലെങ്കിലും കവിതാസ്വപ്നമുള്ള പൊന്നി അങ്ങിനെതന്നെ വിശ്വസിച്ചു. ഇവളുടെ ചുംബനങ്ങൾ അനുഭവിച്ചപ്പോൾ, അദ്ദേഹത്തിന്റെ കാമപ്രവാഹത്തിന്നു് ഒരുത്സാഹകരവും, ഹുങ്കാരവും ഉണ്ടാക്കി. അദ്ദേഹത്തിന്നു് പെട്ടെന്നു് ഇരുപതാളുകളുടെ ശക്തി കാമദേവനാൽ ദത്തമായെന്നുതോന്നി. അയാളുടെ പാണിബന്ധനത്തിന്നു് അതികഠിനമായ ഒരു മുറുക്കം സിദ്ധിച്ചു. അതിശക്തിമത്തായ കാമംകൊണ്ടുമാത്രം ഉജ്ജ്വലിക്കാവുന്ന ഒരുതരം മിന്നൽപ്പിണർകൊണ്ടു് ദ്വീപിച്ചുങ്കൊണ്ടിരുന്ന അയാളുടെ കണ്ണുകൾ അവളെ ഭയപ്പെടുത്തി. അവൾ അദ്ദേഹത്തിന്റെ ബന്ധനത്തിൽനിന്നു് അവളുടെ ദേഹം വേർപ്പെടുത്തുവാൻനോക്കി. പെരുമ്പാമ്പിന്റെ ചുറ്റിൽനിന്നു് ഒരു മുയൽ എങ്ങിനെ പുറത്തുപോകും.

പൊന്നി:
ഊയി അങ്ങുന്നേ! നമ്മൾ വീട്ടിലേയ്ക്കു് മടങ്ങുക.

ആ സമയത്തു് അദ്ദേഹം അവളുടെ മുൻകഴുത്തു് കാമദീപം കത്തിക്കുന്ന ചുംബനങ്ങൾകൊണ്ടു് നിരത്തുകയോ നിറയ്ക്കുകയോ ചെയ്കയായിരുന്നു.

രാജാ:
വീട്ടിലേക്കൊ? എന്റെ ചെറിയ പൊന്നീ! നിണക്കു് വീട്ടിലേയ്ക്കു് എന്തിന്നു് പോകണം? എന്നെ നിണക്കെന്തിനാണു് ഭയം? ഞാൻ നിന്നെ അനുരാഗിക്കുന്നില്ലേ! എന്നെ നിണക്കു് വിശ്വാസമില്ലേ! പൊന്നീ! പൊന്നീ! എനിക്കു് ഇന്നു നിന്നെ അനുഭവിക്കാതെ വിടാൻ സാധിക്കയില്ല. എന്റെ പൊന്നേ! “ഒന്നാംസംഗമവേളയിൽ” പെൺകിടാങ്ങൾക്കു് ഭയവും പരിഭ്രമവും ഉണ്ടാകുന്നതു് സാധാരണയാണു്. എന്നാലും ഞാനല്ലെ നിന്നെ ആലിംഗനം ചെയ്യുന്നവൻ എന്നു് നിണക്കു് വിചാരിച്ചുകൂടെയൊ?
പൊന്നി:
അങ്ങുന്നേ! എനിക്കു് ഭയമാകുന്നു. എന്റെ പ്രിയ-പ്രിയ—അങ്ങുന്നേ! നമ്മൾ മടങ്ങേണ്ടുന്ന സമയമായി. രാത്രിയും ജാസ്തി കടന്നു.

പൊന്നി പറഞ്ഞതു് വാസ്തവമായിരുന്നു. രാത്രി കുറെ അതിക്രമിച്ചു് പോയിരുന്നു. അവൾക്കു് പാർക്കുന്നേടത്തു് മടങ്ങിപ്പോകുവാൻ സാധിക്കാത്ത വിധത്തിൽ അതിക്രമിച്ചുപോയിരുന്നു—രാജാവിന്നും അവളുടെ അപേക്ഷയ്ക്കു് അനുകൂലിക്കുവാൻ സാധിക്കാത്തവിധത്തിൽ അദ്ദേഹം ഇങ്ങിനെ ഒരു യുക്തി പ്രായോഗികരീതിയിൽ വരുത്തിയതായിരുന്നു—അവളെ മടങ്ങിപ്പോവാൻ സമ്മതിച്ചാൽ അവൾ പണ്ടേപ്പോലെ കന്യകയായിത്തന്നെ മടങ്ങും. അവൾ മടങ്ങിപ്പോകുംമുമ്പെ അവൾ അദ്ദേഹത്തിന്നു് കീഴടങ്ങണം അന്ന ശപഥം അദ്ദേഹം മുൻകൂട്ടിത്തന്നെ ഇട്ടുകഴിഞ്ഞിരിക്കുന്നു. അയാൾ വ്യസനംകൊണ്ടു് ഏങ്ങുന്നപോലെ ഒരു ശബ്ദവും നിശ്വാസവും നിപുണനായ നടനെപ്പോലെ പുറത്തുവിട്ടു.

രാജാ:
എന്റെ പൊന്നീ! നീ എന്നെ അനുരാഗിക്കുന്നു എന്നു് ഞാൻ വിശ്വസിക്കുന്നു.
പൊന്നി:
ശരി അങ്ങുന്നേ! ശരി. എനിക്കു് ഒരു ഇണയും തുണയും ഇല്ലാഞ്ഞിട്ടു് എന്റെ നിസ്സഹായനില എന്നെ വെറുപ്പിച്ചിരുന്നു. എനിക്കു് ഒരാളെ അനുരാഗിക്കാൻ ആഗ്രഹമുണ്ടായിരുന്നു—ഏതെങ്കിലും ഒരാളെ. എന്നാലും അപ്പാ! എനിക്കു് ഭയമാകുന്നു.

അദ്ദേഹം അവളുടെ മുടിയും പുറവും തലോടിക്കൊണ്ടു് അവളുടെ ഭയം ശമിപ്പിച്ചു.

രാജാ:
(എണീട്ടു്) എന്നെയോ നീ ഭയപ്പെടുന്നതു്, പൊന്നീ!

പൊന്നിക്കു് അവളുടെ സ്വാധികാരം, മനശ്ശക്തി, തദീയത ഉറയിൽനിന്നു് വാളെടുത്തു് വീശുമ്പോലെ കാണിക്കുവാൻ ശക്തിയില്ലാതായി. അവളുടെ ഹൃദയം അവളെ വേദനിപ്പിക്കുംപ്രകാരത്തിൽ വേഗത്തിൽ തുടിച്ചു. ദീർഘവും, അതിലും അധികം ദീർഘവുമായ ചുംബനങ്ങളെ അയാൾ അവളുടെ അനഘാധരങ്ങളിൽനിന്നു് പിടിച്ചുപറിച്ചു. ഓരോരോ ചുംബനം കൊടുക്കുന്തോറും അവളുടെ ധൈര്യവും, തദീയതയും, ചരിത്രശുദ്ധിയും അസ്തമിച്ചു. അവൾ അയാളുടെ ശരീരത്തോടു് അവളുടെ ശരീരത്തെ ശക്തിയോടെ പറ്റിപ്പിടിക്കുന്നുണ്ടെന്നു് അയാൾ അറിഞ്ഞു. അവളുടെ ആത്മാവും, ആത്മാഭിമാനവും, വിവേചനാശക്തിയും ഒക്കെ വിട്ടൊഴിഞ്ഞു് അദ്ദേഹത്തിന്റെ അടിമകളായിത്തീർന്നു എന്നു് ആ കള്ളനും മനസ്സിലാക്കി—

അദ്ദേഹത്തിന്റെ വെറും സ്പർശനംതന്നെ അവളെ പുളകിതഗാത്രയാക്കി. ഇതാണോ അനുരാഗം? ഈ സ്വതന്ത്രവും, മധുരവും, മദകരവും, സ്വപ്നമയവുമായ ഒരു മനോവികാരം? എന്നാൽ അവൾ കാംക്ഷിച്ചിരുന്നതു് അവളെ ഇങ്ങിനെ പ്രബലമായി അനുരാഗിക്കണം എന്നുതന്നെയായിരുന്നു. ഇങ്ങിനെ അവളെ ജീവാവസാനംവരെ അനുരാഗിക്കുന്ന ഒരാളെ കിട്ടുന്നതാണു് അവളുടെ ജന്മസിദ്ധി എന്നുകൂടി അവൾക്കു് തോന്നി. ഇപ്പോൾ അവൾ കണ്ണുപൂട്ടി സ്വപ്നമയമായി അനുഭവിച്ചുകൊണ്ടിരുന്ന സുഖം എന്താണെന്നു് നിങ്ങൾ വിചാരിക്കുന്നു! ഈശ്വരന്റെ അനന്തമായ ആകാശമാണു് അവരുടെ മേല്ക്കട്ടി. പച്ചപ്പട്ടുപോലെ തോന്നുന്ന പുല്പടർപ്പാണു് അവരുടെ മെത്ത. നിരന്തരതിരമാലകളുടെ ശബ്ദമായിരുന്നു അവരുടെ പഞ്ചവാദ്യം. അവളുടെ കാമുകന്റെ ബലമേറിയ കൈകളായിരുന്നു അവളെ ഒരേടത്തു് പിടിച്ചുനിർത്തിയ ശൃംഖലകൾ. ഇതിലും വലിയ ശൃംഖലകൾ എന്താണെന്നു് വിചാരിക്കുന്നു! അദ്ദേഹത്തിന്റെ ചുണ്ടുകളും! അദ്ദേഹത്തിന്റെ കണ്ണുകളും! കാര്യം ഒരുവിധേന കലാശമാക്കിയപ്പോൾ അയാൾ അവളുടെ കർണ്ണങ്ങളിൽ മന്ത്രിച്ചതു് ഇങ്ങിനെയായിരുന്നു. “എന്റെ പൊന്നീ! എന്റെ പ്രിയ പൊന്നീ! നിന്നോടുള്ള അഭിരുചിയും അനുരാഗവും എനിക്കു് വർദ്ധിച്ചുവരുന്നതേയുള്ളു. എന്റെ ആത്മാവുതന്നെ, ദാഹിച്ചവൻ വെള്ളം എന്നപോലെ നിന്നെ കാംക്ഷിക്കുന്നു… നിന്റെ ആ മനോഹരമാധുര്യം… നിന്റെ ദേഹത്തിന്റെ പ്രണയജനകവും സംഭ്രാന്തിജനകവും ആയ ആ മദപ്രദമാർദ്ദവം… നിന്റെ വിനോദമതിയുടെ കൗതുകകരമായ തീക്ഷ്ണത പൊന്നീ! ഇപ്പോൾ നീ എന്റെ സ്വന്തം ആളായിപ്പോയി. എന്റെ അധീനത്തിൽ ആയുഷ്കാലത്തോളം എന്നും നില്ക്കേണ്ടവളായിപ്പോയി. എന്റെ ശിന്നപത്നി! എനി നിണക്കു് എന്നെ ഭയമില്ലാതായ കാലമായി. വാ! എന്റെ അരികെ ഒന്നുകൂടി. ഹാ-ഹാ-ഹാ”

രണ്ടാമതും അവർ സ്ത്രീപുരുഷന്മാർക്കു് ഈശ്വരനാൽ ദത്തമായ ആനന്ദത്തിൽ മുഴുകി. ചുറ്റും നിശ്ശബ്ദമായിരുന്നു. ഇവരും ശബ്ദമുണ്ടാക്കിയിരുന്നില്ല. എങ്കിലും, ദേഹത്തിലുള്ള സർവ്വഭാഗങ്ങളും, വിറച്ചും, പിടച്ചും, ചലിച്ചും, ജ്വലിച്ചും കൊണ്ടിരുന്നു. അവർ അനുഭവിച്ചിരുന്നതു് ഈശ്വരസൃഷ്ടിയുടെ മരണത്തിന്നു് പ്രതിഹാരമായിരുന്ന ജനനജോലിമാത്രമായിരുന്നു. അവർ അതിൽ ലയിച്ചു് സർവ്വപരിതഃസ്ഥിതികളും മറന്നിരുന്നു. പിന്നെയും അവർ വിരമിച്ചു. അയാളുടെ ശബ്ദത്തിന്നു് വീര്യം കുറഞ്ഞുപോയിരുന്നു.

രാജാ:
പൊന്നീ! ഒന്നുകൂടി നീ എന്നെ അനുരാഗിക്കുന്നുണ്ടെന്നു് പറയൂ? എന്റെ പൊൻകട്ടെ! അങ്ങിനെ ഒന്നു് പറയൂ.

പൊന്നി ഉത്തരമായി ഒന്നും പറഞ്ഞില്ല. നമുക്കു് അനുഭവമായ പ്രപഞ്ചത്തിൽനിന്നു് അവളുടെ ആത്മാവു് ദൂരെ പറന്നുപോയ്ക്കളഞ്ഞിരുന്നു. ഒരു ബോധംകെട്ടുപോയിരുന്ന സ്വപ്നാടനംപോലെയായിരുന്നു അവളുടെ വിവേചനശക്തിയില്ലാത്ത മനഃസ്ഥിതി. അവൾ ഇന്നുമുതൽ പണ്ടത്തെ പൊന്നിയല്ലായിരുന്നു. അവൾ കന്യകയുടെ കവാടനിരോധം പരിത്യജിച്ചവളായിരുന്നു. ചാരിത്രഭൂഷണം നഷ്ടമായ ഒരു കന്യകയായിരുന്നു. മാണിക്യരത്നം നഷ്ടമായ നാഗമായിരുന്നു. തന്നെത്താൻ ശപിക്കുന്ന ഒരു പാവപ്പെട്ടവളായിരുന്നു.

പതിനേഴാം അദ്ധ്യായം

കൃഷ്ണൻനായരുടെ അമ്മ ഭക്തികൊണ്ടും ദാനശീലംകൊണ്ടും കീർത്തിസമ്പാദിച്ച മറ്റുള്ള സ്ത്രീകളെപ്പോലെതന്നെ ദൂഷണനടവടികളെപ്പറ്റി അപഹസിച്ചു് സംഭാഷണം ചെയ്വാൻ ഇഷ്ടമുള്ളവളായിരുന്നു. അങ്ങിനെ ഒരു തൃപ്തികരമായ അവസരം അവൾക്കു് കിട്ടീട്ടു് അധികനേരമായിട്ടില്ല. എന്തുകൊണ്ടെന്നാൽ നഗരത്തിലെ ദൂഷണഭാഷിണികളിൽവെച്ചു് അഗ്രാസനാധിപസ്ഥാനം അർഹിക്കുന്ന, കേൾവിപ്പെട്ട തറവാട്ടുകാരിയായ പാത്തിഞ്ഞ ഊർമ്മിളനേത്യാരമ്മ, ബാക്കിയുള്ളവരാരും വരുന്നതിനുമുമ്പെ, ഒരു രസകരമായ വർത്തമാനവുംകൊണ്ടു് നന്നാരാവിലെതന്നെ അവിടെ പാഞ്ഞുചെന്നിരുന്നു. അവർ അവിടം വിടുമ്പോൾ പറഞ്ഞ വാക്കുകൾ “എന്റെ പ്രിയചെങ്ങാതി ആ കാര്യം അവിടെത്തന്നെ ഇട്ടേയ്ക്കു. ഇതിലും കവിഞ്ഞൊന്നും പ്രവൃത്തിക്കേണ്ട” എന്നായിരുന്നു.

ദുർഗ്ഗമ്മ:
ഒരിക്കലും ഇല്ല. അതു് ഞാൻ എന്റെ മനസ്സിൽ ഭദ്രമായി സൂക്ഷിച്ചുവെയ്ക്കും. എന്റെ നാവാകുന്ന താക്കോലിന്നൊന്നും, എന്റെ ഉള്ളാകുന്ന പെട്ടിതുറക്കാൻ സാധിക്കുകയില്ല.
നേത്യാരമ്മ:
ആ സാധുപ്പെണ്ണിന്റെ ചാർച്ചക്കാരുടെ ചെവിയിൽ ഈ വിവരം എത്തണമെന്ന ആഗ്രഹമേ എനിക്കില്ല. അവർ ഗതികെട്ടവരാണുപോലും. എന്നാലും എത്രത്തോളം അവർ തെറ്റിദ്ധരിച്ചുപോയിട്ടുണ്ടു്. അവളുടെ ദുർന്നടവടികളൊന്നും അവർ ധരിക്കുന്നില്ല. കഷ്ടം.
ദുർഗ്ഗമ്മ:
കാർത്തികേയനോടോ അയാളുടെ മറ്റെമകൾ സതിയോടൊ ഈ വിവരംപറവാൻ ഞാൻ ഒരുമ്പെടുന്നേ ഇല്ല. എനിക്കു് വിശേഷിച്ചു് യാതൊരുകാര്യവുംഇല്ല.

നേത്യാരമ്മപോയ ഉടനെതന്നെ കൃഷ്ണൻനായരുടെ അമ്മ, അവരുടെ കാർ കൊണ്ടുവരുവാൻ കല്പിച്ചു. മോഫിയരോടു് കൊടുത്ത ഉപദേശം കാർത്തികേയൻനായരുടെ ഭവനത്തിലേയ്ക്കു് ഓടുവാനായിരുന്നു.

യഥാർത്ഥം പറകയാണെങ്കിൽ ദുർഗ്ഗമ്മ ഒരു ശുദ്ധയായിരുന്നു. അവർക്കു് രതിയോടു് പറയത്തക്ക യാതൊരു പ്രേമവും ഇല്ല. എന്നാൽ രാമാനുജൻരാജാ തന്റെ മകളെ വിവാഹം കഴിക്കണമെന്ന കലശലായ ഒരു മോഹം ആ സ്ത്രീയുടെ മനസ്സിൽ പണ്ടുപണ്ടേ ഉണ്ടായിരുന്നു. അതുകൊണ്ടാണു് നേത്യാരമ്മ പറഞ്ഞചരിത്രം കാർത്തികേയൻനായരുടെ വീട്ടുകാരോടു് പറവാൻ ആ സ്ത്രീക്കു് ഇത്രവലിയ തൃഷ്ണ ഉണ്ടായതു്. രാമാനുജൻരാജാവിന്റെ ജീവിതരീതിയും ജീവചരിത്രവും ആ അമ്മയെ അശേഷം ആലസ്യപ്പെടുത്തിയിരുന്നില്ല. അയാൾ ചൂതുകളികൊണ്ടും കുതിരപ്പന്തയംകൊണ്ടും അലക്ഷ്യവും അപകീർത്തികരവുമായ ജീവിതം നയിക്കുന്ന ഒരാളെന്നു് ആ സ്ത്രീക്കു് നല്ല ബോദ്ധ്യമുണ്ടു്. ഇതൊന്നും പോരാഞ്ഞിട്ടു് ഒരു അസാദ്ധ്യവിടനും ചാരിത്ര്യശുദ്ധിഘാതകനും ആണെന്ന ബോധവുംകൂടി ഉണ്ടു്. അയാളുടെ വായുടേയും കണ്ണിന്റേയും ചുറ്റും പുറപ്പെടുവാൻതുടങ്ങുന്ന രേഖകൾ, ഏതുവിധജീവിതമാണു് അയാൾ നയിക്കുന്നതെന്നു് ആ സ്ത്രീയെ ബോദ്ധ്യപ്പെടുത്തിക്കൊടുത്തിട്ടും ഉണ്ടു് എന്തുചെയ്യും? സ്ത്രീകൾക്കു് മറ്റൊരംബുജാക്ഷിയെ തൊടാത്ത രാമനേക്കാൾ പലസ്ത്രീകളുടെ ചാരിത്രഭംഗം വരുത്തിയ രാവണനെയാണു് ഇഷ്ടം. എന്തുതന്നെആയാലും അയാൾ ഒരു രാജാവല്ലെ! ആ പ്രഭുത്വം എവിടെപ്പോകും? അയാൾ കണ്ടാൽ കൊള്ളരുതാത്തവനാണെന്നു് കണ്ണുള്ള ഒരുവരും പറയുകയില്ല. ക്ഷീണലക്ഷണങ്ങൾ ഉണ്ടെങ്കിലും “” എന്നക്കൂട്ടത്തിൽ ഗണിക്കേണ്ട ഒരാളാണു് അയാളുടെ സ്വഭാവികമായ ഔദാര്യവും, വിനയവും, ദയയും ആ സ്ത്രീയെ പണ്ടുതന്നെ പാട്ടിലാക്കിപ്പോയതായിരുന്നു.

അയാൾക്കു് കടമുണ്ടായിരുന്നാലെന്താ? അതു് ഒരു കുറ്റമല്ല. അതു് കൊടുത്തുതീർപ്പാൻ അവർക്കു് ശക്തിയുമുണ്ടു്, ധൈര്യവുമുണ്ടു്. കൃഷ്ണൻനായരുടെ ഒരേ ഒരു പെങ്ങളല്ലെ തന്റെ മകൾ. അവളുടെ പേരിൽ എത്രപണം കിടപ്പുണ്ടു്. അദ്ദേഹത്തിന്റെ സകലകടങ്ങളും ആയിരം പതിന്മടങ്ങു് വീടിയാലും പിന്നേയും ബാക്കിയുണ്ടായിരിക്കുകയില്ലേ! വിടത്വം പുരുഷന്മാർക്കു് ഒരു പരിഹരിക്കവയ്യാത്ത കുറ്റമല്ല. പോരാഞ്ഞിട്ടു് ഒരു ക്ഷന്തവ്യമായ കുറ്റവുംകൂടി ആണു്. രാജാവു് തന്റെ മകളെ വിവാഹം കഴിച്ചാൽ അദ്ദേഹത്തിന്റെ ചാരവശാലുള്ള അമ്മാമൻ എത്രവലിയ ആളെന്നപരമാർത്ഥവും ആലോചിക്കേണ്ടതല്ലയോ? അത്ര വലിയ ഒരു പ്രഭുവിന്റെ ചാർച്ചകൊണ്ടു് അദ്ദേഹത്തിന്റെ കുറ്റങ്ങളൊക്കെ വെറും പോക്കിരിത്തരങ്ങളും, വിനോദങ്ങളും മാത്രമാണെന്നനിലയിൽ തള്ളപ്പെട്ടുപോരുകയില്ലേ!

പസാദു് പറയുന്ന വിനോദത്തിനേക്കാൾ, ദുർഗ്ഗമ്മയ്ക്കു് മറ്റെ ഉദ്ദേശമായിരുന്നു കാര്യമായൊന്നാമതു്. രാജാവിന്നു് തന്റെ മകളെ വിവാഹം ചെയ്തുകൊടുപ്പാൻ ആ സ്ത്രീയ്ക്കു് കലശലായ ഭ്രമം ഉണ്ടായിരുന്നു. അതുകൊണ്ടാണു് കാർത്തികേയൻനായരുടെ വീട്ടിൽ ചെല്ലാൻ കച്ചകെട്ടി പുറപ്പെട്ടതു്.

അവിടെ ചെന്നപ്പോൾ അവിടുത്തെ ആടുകളെപ്പറ്റിയും, കോഴികളെപ്പറ്റിയും അയാൾ സതിയുമായി ഒരു സംഭാഷണം നടത്തുന്നതാണു് കണ്ടതു്. അവൾക്കു് തൃശ്ശൂരിലെ വമ്പിച്ചവ്യവസായങ്ങളെപ്പറ്റി അദ്ദേഹം പണ്ടു് പറഞ്ഞുകൊടുത്തതു് വളരെ വിനോദിപ്പിച്ചിരുന്നു. നായർ അവരുടെ പെൺകുട്ടികൾക്കു് അവരെ ശരിയായി കൊണ്ടുനടത്താൻ ഒരു പ്രൗഢയെ നിശ്ചയിച്ചുവരുത്താഞ്ഞതു് അവിടെചെന്നു് കേറിയഉടനെതന്നെ ചോദിച്ചു. സമർത്ഥയായ സതിക്കു് ദുർഗ്ഗമ്മയുടെ സ്വഭാവം നല്ലവണ്ണം അറിയാമായിരുന്നു. ആ വാക്കു് സ്ഥിരപ്പെടുത്തുവാൻ ഒരു തർക്കംകൂടിനടത്താൻ ആ തള്ള ഒരുക്കമാണെന്നു് സതിക്കുതോന്നി. രതിയും രാജാവും തമ്മിൽ കഴിഞ്ഞവിവരം സതി മുഴുവൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ലെങ്കിലും തല്ക്കാലം ആ സംഗതിയാണു് സതിക്കു് ഓർമ്മതോന്നിയതു്. അവൾക്കു് സഹോദരിയുടെ കാര്യംഓർത്തു് പെട്ടെന്നു് ദുഃഖംജനിച്ചു. വരാൻ പോകുന്നതെന്തെന്നു് മുൻകൂട്ടി മണത്തറിഞ്ഞപോലെ, അവൾ ഒന്നും മിണ്ടാതെകാത്തു.

ദുർഗ്ഗമ്മ സാവധാനത്തിൽ, (കുറ്റമെന്നു് തോന്നീലെങ്കിൽ ക്ഷമിക്കണം എന്ന ഭാവത്തിൽ) തന്റെ കഥ പറഞ്ഞുതുടങ്ങി. ദുർഗ്ഗമ്മയ്ക്കു് സംഭ്രമംകൊണ്ടു് സുഖംപോരെന്നു് സതിക്കു് തോന്നിയെങ്കിലും, അവരെ യാതൊരുവിധത്തിലും സഹായിക്കാനൊ, പ്രേരിപ്പിക്കാനൊ അവൾ ഒരുമ്പെട്ടില്ല. ആ യുവതിയുടെ ദീർഘവും, നീലയും, ശാന്തവുമായ കണ്ണുകളുടെ അനിമേഷമായിരിക്കുന്ന നോട്ടം ദുർഗ്ഗമ്മയുടെ മുഖത്തുവീണപ്പോൾ സൂചികൊണ്ടു് കുത്തുമ്പോലെയുള്ള അസുഖം ആ തള്ളയ്ക്കു് ഉണ്ടായി. ആ അമ്മ ചരിത്രംമുഴുവൻ പറഞ്ഞതിൽപ്പിന്നെ, ഞാൻ സഹതപിക്കുന്നു എന്നുകൂടി പറഞ്ഞു. അച്ഛനാകട്ടെ, മകൾക്കാകട്ടെ യാതൊരു വികാരവും ഉണ്ടാകാത്തതു് കണ്ടപ്പോൾ ദുർഗ്ഗമ്മ ആശ്ചര്യപ്പെട്ടു.

കാർത്തികേയൻനായർ:
(എഴുന്നേറ്റിട്ടു്) നിങ്ങൾ ഈ കാര്യത്തിൽ യാതൊരു തെളിവും തന്നിട്ടില്ല. ശരിയൊ, തെറ്റൊ എന്നു് ഞാൻ എങ്ങിനെ തീർച്ചയാക്കും.
സതി:
(ചിരിച്ചുംകൊണ്ടു്) ആരോ ചിലർ നിങ്ങളെ മദ്ധ്യമമാക്കാൻ ഒരുമ്പെട്ടിട്ടുണ്ടു്. ചില സൊള്ളുകൾ—നിസ്സാരനുണകൾ—പറഞ്ഞുതന്നിട്ടുണ്ടു്. രതിയുടെ വർത്തമാനമൊക്കെ നിശ്ചയമായും ഞങ്ങൾ അറിയും. അവൾ എവിടെയാണു് പോകുന്നു എന്നൊ, എവിടെയാണു് താമസിക്കുന്നു എന്നൊ ഞങ്ങൾക്കു് നല്ല വിവരമുണ്ടു്.

ദുർഗ്ഗമ്മ പോവാൻവേണ്ടി എഴുന്നേറ്റു.

സതി:
ചായകഴിച്ചിട്ടു് പോയാൽ പോരെ?
ദുർഗ്ഗമ്മ:
വേണ്ട. എനിക്കു് അല്പം തിരക്കുണ്ടു്.

ആ സ്ത്രീ പോയ ഉടനെ അവർ നടിച്ചകുലുക്കമില്ലായ്മ ക്ഷണം തകർന്നു. സതിയും അവളുടെ അച്ഛനും, നിവൃത്തിയൊന്നുമില്ലാതെ അന്യോന്യം നോക്കിനിന്നു.

കാ. കേ. നായർ:
ലളിതയുടെ ഭവനത്തിലേയ്ക്കു് നമുക്കു് കാലതാമസം കൂടാതെ ചെല്ലണം എന്നാണു് എന്റെ പക്ഷം.
സതി:
ശരിതന്നെ അച്ഛാ! എന്നാൽ ആ സ്ത്രീ പറഞ്ഞ സംഗതികൾകൊണ്ടൊന്നും നിങ്ങൾക്കു് വെറിപിടിക്കേണ്ട ആവശ്യമൊന്നും ഇല്ല.
കാ. നാ.:
ഇല്ല സതി. എനിക്കു് സമാധാനക്കേടൊന്നുമില്ല. അവൾ പറഞ്ഞ ഒരൊറ്റ വാക്കു് ഞാൻ വിശ്വസിക്കുന്നില്ല.

കുറെ കഴിഞ്ഞപ്പോൾ തീവണ്ടിയിൽ കയറി അവർ ഇരുവരും യാത്രയായി. അതിൽ ഇരിക്കുമ്പോൾ അയാൾ തന്റെ അവിശ്വാസത്തെ സ്ഥിരപ്പെടുത്തി. യാതൊരു വികടവും ഇല്ലാതിരിക്കട്ടെ എന്നു് പ്രാർത്ഥിച്ചു. തന്റെ മകളുടെ സുഖജിവിത്തിൽ അദ്ദേഹത്തിന്നു് അത്ര തൃഷ്ണയും ശ്രദ്ധയും ഉണ്ടായിരുന്നു.

സതി:
(മന്ദസ്വരത്തിൽ) എന്തെങ്കിലും വന്നുപോയിട്ടുണ്ടെങ്കിൽ അച്ഛാ! നിങ്ങൾ രതിയോടു് കടുങ്കൈ കാട്ടരുതേ.
കാ. നാ.:
ഇല്ലെടി. ഇല്ല. രതിക്കു് നിന്റെ അത്ര വിശേഷബുദ്ധി ഇല്ല. അവൾ നിന്റെ അമ്മയെപ്പോലെ ആയിരുന്നു. ലോകത്തോടു് ഇടപെടുമ്പോൾ ഇത്ര ആർദ്രതയും, അനുകമ്പയും ആർക്കും പാടില്ല. എന്നാൽ അവർക്കാർക്കും നമ്മളുള്ളപ്പോൾ ലോകത്തോടു് ഇടപെടാനൊ ലോകത്തെ ഭയപ്പെടാനൊ ഒരു അവസരം ഉണ്ടായിരുന്നില്ല. (ഒന്നു് തുമ്മീട്ടു്) ഞാൻ ഏതുസമയത്തും നിങ്ങളുടെ ക്ലേശങ്ങളെ ഏറ്റുവാങ്ങാൻ ഒരുങ്ങിനില്ക്കുന്ന ഒരാളുമാണു്.
സതി:
രതിയോടു് കർക്കശമായി സംസാരിക്കയില്ല എന്ന നിങ്ങളുടെ വാഗ്ദത്തവും നിങ്ങൾ മറക്കരുതു്.

ഇങ്ങിനെ മാത്രമേ സതി പറഞ്ഞിരുന്നുള്ളു. എന്നാലും അവളുടെ കണ്ണിൽനിന്നു് പൊങ്ങിവരുന്ന നീർ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണും ഒന്നു് നനഞ്ഞു.

കാ. നാ.:
സതി! എന്റെ പൊന്മകളെ! നിങ്ങളുടെ അമ്മയെ ഇഹലോകത്തിൽനിന്നു്—നമ്മുടെ ഇടയിൽനിന്നു്—കൊണ്ടുപോയതുതന്നെ നമുക്കു് ഒരു മതിയായ ശിക്ഷയായിരുന്നില്ലേ! ഇനി രതിയുംകൂടി മറ്റൊരു പ്രകാരത്തിൽ നമുക്കു് നഷ്ടപ്പെടണം എന്നൊരു വിധിയുംകൂടി തന്നു് നമ്മെ ഇങ്ങിനെ അവശതപ്പെടുത്തേണ്ടുന്ന ആവശ്യമുണ്ടായിരുന്നോ?

സതി അച്ഛനെ ആശ്വസിപ്പിക്കുവാൻവേണ്ടി ധൈര്യത്തോടെ ഒന്നു് ചിരിക്കുവാൻ നോക്കി. അവളുടെ ശ്രമം കഠിനമായ പരാജയത്തിൽ കലാശിച്ചു.

സതി:
അച്ഛാ! നമ്മൾക്കു് അവൾ നഷ്ടംവന്നുപോയി എന്നു് തീർച്ചപറവാനും പാടില്ല. കണ്ടുകിട്ടിയാൽ അവളെ നിങ്ങൾ ഇങ്ങട്ടു് കൂട്ടിക്കൊണ്ടുവരണം.
കാ. നാ.:
തീർച്ചയായിട്ടുമെടീ. എന്റെ കുട്ടിയെ ഞാൻ കൂട്ടിക്കൊണ്ടു് വരാതിരിക്കുമോ? അവൾ എത്ര തെറ്റുചെയ്താലും എനിക്കു് അവളെ വെടിയുവാൻ പാടുണ്ടോ? സതി! ഞാൻ നിന്നോടു് ശപഥം ചെയ്തുതരാം. അവൾക്കു് ഒരു മതിയായ സമാധാനം ഉണ്ടാകുമെന്നു്. അവൾ ഒരു ശുദ്ധമനസ്സുള്ള കുട്ടിയായിരുന്നു. എപ്പോഴും അങ്ങിനെതന്നെ.

“അതെ” എന്നു് ഒരു ചെറിയ കുരയോടെ സതി സമ്മതിച്ചു. രണ്ടുപേർക്കും സംഭാഷണവിഷയം അസഹ്യമാണെന്നു് തോന്നി. വണ്ടിയുടെ ജനലിൽക്കൂടി മടങ്ങി, വിവരമില്ലാത്ത കണ്ണുകൾകൊണ്ടു് നോക്കി അച്ഛനും മകളും നിശ്ശബ്ദത എന്ന വ്രതം അനുഷ്ഠിച്ചു.

പതിനെട്ടാം അദ്ധ്യായം

വേദവതിലളിത പണ്ടൊരിക്കൽ രാമാനുജൻരാജാവു് പറഞ്ഞപോലെ, ഒരു പുലിയുടെ കോലത്തിലായിരുന്നു. യാതൊന്നുകൊണ്ടും അവൾ സന്തോഷപ്പെട്ടിരുന്നില്ല. തന്റെ അമ്മയുടെ ക്ഷണനപ്രകാരം അവൾ റായപ്പേട്ടയിൽ കുറെനാൾ ചെന്നുതാമസിക്കുമ്പോൾ, കൃഷ്ണൻനായരും അവിടെ ഉണ്ടായിരിക്കണം എന്നു് അവൾ ചെയ്ത ഉടമ്പടിയേയും അപേക്ഷയേയും അദ്ദേഹം നിർദ്ദയം നിഷേധിച്ചുകളഞ്ഞിരുന്നു. അയാൾ മറ്റൊരു രാജാവിന്റെ ക്ഷണനപ്രകാരം വയനാട്ടിൽ ശിക്കാറിന്നായിരുന്നു പോയതു്. അവളെ ലോകംതന്നെ അനാവശ്യമായി ദ്രോഹിക്കുന്നുണ്ടെന്നു് അവൾക്കു് തോന്നി. അവളുടെ ചിന്താനിർമ്മിതമായ ദ്രോഹകർത്താവു് ആരെന്നു് കണ്ടുപിടിച്ചു് അയാളുടെ നേരെ പ്രതികാരം ചെയ്യേണ്ടതാണെന്ന തീർപ്പോടുകൂടെ അവൾ ആലോചിച്ചു് നോക്കിയപ്പോൾ, അവളുടെ മനസ്സിൽ തോന്നിയതു് രാമാനുജൻരാജാവിനെയാണു്. അതുകൊണ്ടായിരുന്നു അവൾ ഒരു ശരൽക്കാലത്തിലെ ഉഷസ്സിൽ; താൻ ഇവർക്കു് വിട്ടുകൊടുത്ത ഭവനത്തിൽ ഹാജരായതു് രാജാവിന്റെ സർവ്വ കള്ളികളും പുറത്താക്കുമെന്നു് അവൾ അയാളെ ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങിനെ ചെയ്യാതെ ഇരിക്കേണമെങ്കിൽ, അവളുടെ ജീവിതകാംക്ഷയായിരുന്ന കൃഷ്ണൻനായരെ വിവാഹം കഴിക്കേണമെന്നുള്ള ഇച്ഛ സഫലീകരിപ്പാൻ അദ്ദേഹം അവളെ യഥാർത്ഥമായും ശക്തിമത്തായും സഹായിക്കുന്നുണ്ടെന്നു് ഒരു വിശ്വാസം അവൾക്കു് തോന്നണം.

അവൾ അവിടെ ചെന്നപ്പോൾ രാജാവു് പൂച്ചട്ടികൾ രണ്ടുഭാഗത്തും വെച്ചിരുന്ന ഒരു പുൽനടയിൽ ഇട്ട ഒരു ചെറിയ ചാരുകസേലമേൽ ഇരുന്നു് വിശ്രമിക്കുകയായിരുന്നു. അയാൾ എന്തോ ഒരുതരം വൈൻ (മധുരമദ്യം) ഇടയ്ക്കിടെ ഇറക്കിക്കൊണ്ടിരുന്നു. അദ്ദേഹം അവളെ ഒരു തമാശപോലെയാണു് നോക്കിയതു്.

രാജാ:
(മന്ദതയോടെ) ലളിതെ! കള്ളിയെല്ലാം നിന്റെ ഇഷ്ടംപോലെ പുറത്താക്കിക്കൊൾക. എനിക്കു് യാതൊരു ഭയവുമില്ല.
ലളിത:
ഞാൻ നിശ്ചയമായിട്ടും പുറത്താക്കും. നിങ്ങൾക്കു് ഭയമില്ലെങ്കിൽ കേൾക്കുന്നവർക്കു് ഭയമുണ്ടായാൽ മതി.
രാജാ:
ആട്ടെ. നിന്റെ ഇഷ്ടം നിറവേറ്റിക്കൊൾക. എനിക്കറിയേണ്ടതു് എന്തുമണ്ണാങ്കട്ടയാണു് നീ പുറത്താക്കാൻ പോകുന്നതെന്നാണു്.
ലളിത:
എന്താണെന്നോ? രതിയോടുള്ള നിങ്ങളുടെ കൂട്ടുകെട്ടു്.
രാജാ:
(പരിഹാസമായിട്ടു്) അതു് ഉണ്ടാക്കാനും നിലനിർത്തുവാനും നിന്റെ ദയാപരമായ സഹായമായിരുന്നില്ലെ എനിക്കുണ്ടായതു്.
ലളിത:
ഞാൻ ഇത്രത്തോളം വിഡ്ഢിയും, വിഡ്ഢിത്തം പ്രവർത്തിക്കുന്നവളും ആയ്പോയതുകൊണ്ടു് ഞാൻ ഹൃദയപൂർവ്വം വ്യസനിക്കുന്നു.
രാജാ:
നിന്റെ മനഃസ്ഥിതിയുടെ ഗതിഭേദങ്ങളെപ്പറ്റി ഞാനും വ്യസനിക്കുന്നു.

അവളുടെ ജിജ്ഞാസപരമായ ആ കണ്ണുകൾ അടഞ്ഞു.

രാജാ:
ഇഷ്ടത്തീ! നീ അതാണു് ഉദ്ദേശിച്ചതു് എങ്കിൽ—
ലളിത:
എന്നെ ഇഷ്ടത്തി എന്നുവിളിക്കേണ്ട.
രാജാ:
(പുഞ്ചിരിയോടെ) വേണ്ടെങ്കിൽ വേണ്ട. ഞാനും രതിയുമായുള്ള കൂട്ടുകെട്ടിൽ നിണക്കു് മാനസികമായോ ആത്മീകമായോ യാതൊരു വേദനയ്ക്കും ഇടയില്ലെന്നു് ഞാൻ നല്ലവണ്ണം അറിയുന്ന കാര്യമാണു്. വാടകയ്ക്കാണെന്നപോലെ നിന്റെ ഈ ഭംഗിയുള്ള ഭവനം കുറെക്കാലവുംകൂടി ഉപയോഗിക്കുവാൻ രാജനിയമവും, രാജ്യനിയമവും ഞങ്ങൾക്കു് സമ്പൂർണ്ണാധികാരം തന്നിട്ടുണ്ടു്. ഞങ്ങൾ ഇവിടെ കാൽവെക്കുംമുമ്പെത്തന്നെ ഞങ്ങൾക്കു് ആ അധികാരം സിദ്ധിച്ചിട്ടുണ്ടു്. ഞങ്ങൾ ഇരുവരും സ്വന്തമായി ഇവിടെ പാർക്കാൻ അർഹന്മാരാണു്.

ലളിത അവൾ ഇരുന്നിരുന്ന കസേലയുടെ കൈ മുറുകെ പിടിച്ചു. അവൾക്കിതു് ഒരു കല്പിച്ചുകൂട്ടി അറിവാൻ സാധിക്കാത്ത കാര്യമായിരുന്നു.

ലളിത:
എങ്ങിനെ അങ്ങുന്നേ!
രാജാ:
നീ വിചാരിക്കുന്നു. ഞാൻ ഇവളെ വശീകരിച്ചു് എന്റെ വെപ്പാട്ടിയായി കൊണ്ടുനടക്കുകയാണെന്നു്.
ലളിത:
അങ്ങിനെയല്ലേ?
രാജാ:
ലളിതേ—ഈ യുവതിയെ, ഈ അനർഘയെ മര്യാദയിൽ പോറ്റിവളർത്തിയവളെ, ഈ രതിയെ, ഒരു റജിസ്ത്രാർമുഖാന്തിരം വിവാഹം കഴിക്കാതെ ഞാൻ കൊണ്ടുനടക്കുമെന്നു് നീ വിചാരിച്ചുപോയൊ.
ലളിത:
(കടിക്കുംപ്രകാരം) ഞാൻ ഒരിക്കലും അതു് വിശ്വസിക്കില്ല.
രാജാ:
എനിക്കറിയാം നീ അതു് വിശ്വസിക്കുന്നുണ്ടെന്നു്. അല്ലെങ്കിൽ നിണക്കു് ഇത്ര അധികം കോപം ജനിക്കില്ല.

ലളിത കുറെനേരം മൗനം അവലംബിക്കേണ്ടിവന്നു. പിന്നെ അവൾ ചോദിച്ചതു് ഒരു സിഗരറ്റിനായിരുന്നു. ഒന്നു് തീപ്പിടിപ്പിച്ചിട്ടു് അവൾ കസേലമേൽ നല്ലവണ്ണം ചാരിയിരുന്നു. എന്നിട്ടു് വളരെനേരം രാജാവിനെ തുറിച്ചുനോക്കി.

രാജാ:
(പുച്ഛസ്വരത്തിൽ) അങ്ങിനെതന്നെയാണു് ഓരോരോ സംഭവങ്ങൾ സ്വീകരിക്കേണ്ടതു്. നിണക്കു് ധൈര്യമുണ്ടെന്നുപറവാൻ, ലളിതേ, ഞാൻ എപ്പോഴും തയ്യാറാണു്.
ലളിത:
നിങ്ങളുടെ പതിവുപോലെ, നിങ്ങളുടെ സ്വാർത്ഥത്തിന്നുവേണ്ടി എന്നേയും ഉപയോഗിച്ചു എന്നുമാത്രമേ ഉള്ളു. അല്ലെ! നിങ്ങളുമായി പരിചയപ്പെടുവാൻ നിർഭാഗ്യവശാൽ സംഗതി വന്ന സകല സ്ത്രീകളേയും നിങ്ങൾ സ്വാർത്ഥത്തിനുവേണ്ടി ബലികഴിച്ച ആളല്ലേ? അദ്ദേഹം തലയുംതാഴ്ത്തി ആ കുറ്റം സമ്മതിച്ചു. പക്ഷേ, മറുപടി ഇങ്ങിനെയായിരുന്നു. “നീ എന്നെ പ്രശംസിക്കുകയാണു് ചെയ്യുന്നതു്.”
ലളിത:
കൃഷ്ണൻനായരെ വിവാഹം ചെയ്വാൻ സൗകര്യമുണ്ടാക്കിത്തരുന്നകാര്യത്തിൽ എന്നെ സഹായിപ്പാൻ നിങ്ങൾ ഇതുവരെ വിചാരിച്ചിട്ടും ഇല്ല. മേലാൽ വിചാരിക്കാൻ പോകുന്നും ഇല്ല. അല്ലേ!
രാജാ:
എന്റെ ഇഷ്ടത്തി! നേരെമറിച്ചു് ഞാൻ ഏതു് സമയത്തും അങ്ങിനെ ഉദ്ദേശിച്ചിരുന്നു. ഒന്നാമതു് എനിക്കു് കൃഷ്ണൻനായരെ കേവലം ഇഷ്ടമില്ല. അതുകൊണ്ടാണു് അയാൾ നിന്നെ വിവാഹം കഴിക്കേണമെന്നു് എനിക്കു് താല്പര്യം.

ഈ അമ്പുകൊണ്ടപ്പോൾ ലളിത അവിടംവിട്ടു് പോവാൻവേണ്ടി എഴുന്നേറ്റു. “അങ്ങുന്നേ! നിങ്ങൾക്കു് മര്യാദയില്ല. ഇതുകൂടാതെതന്നെ പലപ്പോഴും നിങ്ങൾ എന്നെ ദ്രോഹിച്ചിട്ടും, ഞാൻ പരിതപിച്ചിട്ടും ഉണ്ടു്.”

രതിയുടെ വീട്ടിന്റെ സമീപം ഗോപാലമേനോൻ എന്നൊരാൾ—ഒരു ചെറുപ്പക്കാരൻ—ഉണ്ടു്. അയാൾക്കു് ഒരു ചെറിയ വിമാനം, എന്നുവെച്ചാൽ ഏറോപ്ലെയിൻ ഉണ്ടു്. ഓരോ ആളെമാത്രമേ അതിൽ കേറ്റാൻ സ്ഥലമുണ്ടായിരുന്നുള്ളു. അദ്ദേഹം അഞ്ചുറുപ്പികയ്ക്കു് ആണായാലും പെണ്ണായാലുംശരി, അരമണിക്കൂറോളം, ഏറ്റിക്കൊണ്ടു് നടത്തുന്നതു് പതിവാണു്. വളരെ യുവതികളുംകൂടി ഈ രസം അനുഭവിക്കാൻ പണം പ്രമാണിയാതെ ഇദ്ദേഹത്തിന്റെ വിമാനത്തിൽ കേറി സവാരിചെയ്തിട്ടുണ്ടു്. തനിച്ച മര്യാദക്കാരനായിരുന്നതുകൊണ്ടു്—അഥവാ തന്റെ വലിയ ആദായം അനാവശ്യമായി തടഞ്ഞുകളവാൻ ആഗ്രഹമില്ലാത്ത ഒരാളായിരിക്കകൊണ്ടു്, യാതൊരു യുവതികൾക്കും ഇദ്ദേഹത്തിന്റെ നടവടിയെപ്പറ്റി കുറ്റംപറവാൻ അവകാശമുണ്ടായിരുന്നില്ല. അതുകൊണ്ടാണു് ചില്ലറഭക്ഷ്യങ്ങൾ കഴിച്ചതിൽപ്പിന്നെ രതിയും, ലളിതയും, രാജാവും അദ്ദേഹം പാർക്കുന്നേടത്തു് ചെന്നതു്. പോരാഞ്ഞിട്ടു് അയാൾ രതിയുടെ ഒരു നാട്ടുകാരനുംകൂടി ആയിരുന്നു. ആ ചെറുപ്പക്കാരന്നു് വിമാനം കൊണ്ടുനടത്താൻ വളരെ വൈഭവവും ഉണ്ടായിരുന്നു. ഇതൊന്നും പോരാഞ്ഞിട്ടു് രതിയുടെ അച്ഛനെക്കൊണ്ടു് അധികംപണം ചിലവഴിപ്പിച്ചു് ഒരു വിമാനനിർമ്മാണശാല സ്ഥാപിക്കാൻ ഉത്സാഹിച്ചുവരുന്ന ആളും ആണു്.

വിമാനനടത്തലിൽ അദ്ദേഹം അദ്വിതീയനായിരുന്നു. ദ്വിതീയാക്ഷരപ്രാസത്തിൽ കേരളവർമ്മയ്ക്കു് എത്ര വൈഭവമുണ്ടായിരുന്നോ അതിലും വൈഭവം വിമാനനടത്തിപ്പിൽ ഗോപാലമേനോനും ഉണ്ടായിരുന്നു. അദ്ദേഹം തന്റെ വിരുന്നുകാരെ സാദരം ചായയ്ക്കു് ക്ഷണിച്ചു. തന്റെ വിമാനംകൊണ്ടുള്ള ചില അഭ്യാസങ്ങൾ—അഥവാ കസർത്തുകൾ—ഇവർക്കൊക്കെ കാണിച്ചു് ഇവരെ അസാരം വിനോദിപ്പിക്കുവാനും നിശ്ചയിച്ചു.

അദ്ദേഹം വാടകയ്ക്കു് വാങ്ങിയ വീട്ടിന്റെ മുൻഭാഗം ഒരു പരന്ന മൈതാനസ്ഥലമായിരുന്നു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ വിമാനശാല സ്ഥാപിതമായിരുന്നതു്. കാലസ്ഥിതി അനുകൂലമായിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിമാനങ്ങളുടെ ഭയങ്കരവും അപ്രീതികരവും ആയ ഗർജ്ജനം വളരെനാഴികദൂരത്തോളം കേൾക്കാമായിരുന്നു.

യുവാവും, സുന്ദരനും, വിനോദം സ്ഫുരിക്കുന്ന കണ്ണുള്ളവനും ആയ ആ പുരുഷന്റെ ജോലിയുടെ മഹിമയേക്കാൾ വേദവതി ലളിതയ്ക്കു് ആ പുരുഷനെത്തന്നെ ആയിരുന്നു ഇഷ്ടമായതു്. അവൾ അവനെ വശീകരിപ്പാൻവേണ്ടി പല പൊടിക്കൈകളും പ്രയോഗിച്ചുനോക്കി. ഒന്നും ഫലിച്ചില്ല. അവന്റെ കണ്ണിന്റെ നോട്ടം മുഴുവനും, വിഴുങ്ങിക്കളവാൻ ഭാവമുണ്ടോ എന്ന വിധത്തിൽ രതിയുടെനേരെ ആയിരുന്നു പതിഞ്ഞതു്. ആ പുത്തൻ പെണ്ണു്, അവളുടെ സംസാരംകൊണ്ടു്, അയാളുടെ ജോലിയിൽ അവൾ കാണിച്ച ബുദ്ധിപൂർവ്വമായ താല്പര്യവും സഹകരണവുംകൊണ്ടും അയാളെ അത്യധികം ആകർഷിച്ചിരുന്നു.

അയാൾ ആകാശത്തിൽ പറന്നുപോയി കുറെനേരം കാണിച്ചുകൊടുത്ത ചില നൂലാമാലയായ അടവുകളും, വമ്പിച്ച കസർത്തുകളും, ഭ്രമണങ്ങളും, ഉത്ഥാപനങ്ങളും ചക്രയാനങ്ങളും കണ്ടിട്ടു് അവരൊക്കെ ശ്വാസമില്ലാതെ നോക്കിനിന്നുപോയിരുന്നു. അവസാനം അയാൾ ഭൂവിതാനത്തിൽ ഇറങ്ങി എന്നു കണ്ടപ്പോൾ എല്ലാവർക്കും വളരെ ആശ്വാസമായി.

രാജാ:
“കാരണവരെ!” നിങ്ങളുടെ നെഞ്ഞൂക്കിന്നു് ആരും കപ്പം തന്നുപോകും.
ഗോപാലമേനോൻ:
(വിനീതഭാവത്തിൽ) അതു് കാണുമ്പോലെ അത്ര അപായകരമായ വേലയല്ല.

ഇതുകേട്ടപ്പോൾ അയാളെ വശീകരിക്കുംപ്രകാരം ഒന്നു് മന്ദഹസിച്ചുകൊണ്ടു് “നിങ്ങൾ സ്ത്രീകളേയും മേൽഭാഗത്തു് കൊണ്ടുപോകാറുണ്ടോ!” എന്നു് ലളിത ചോദിച്ചു.

അയാൾക്കു് ആ ചോദ്യം രസിച്ചിട്ടില്ല എന്നു് അയാളുടെ ചുമലിന്റെ ഇളക്കം എല്ലാവരേയും ബോദ്ധ്യമാക്കി.

ഗോ. മേ.:
ആ മാതിരി ഒരു ജോലി എനിക്കു് അത്ര ഇഷ്ടമില്ല. എന്റെ ധൈര്യത്തിന്നുംകൂടി ആ മാതിരി ഒരു അവസരം ഭംഗം ഉണ്ടാക്കുന്നു. ഏതു് സമയത്തും അവർ ഭയംകൊണ്ടു് കൊള്ളിയായിപ്പോകുമോ എന്ന ഭയമാണു് ഞങ്ങൾക്കും ഉണ്ടാക്കുന്നതു്. പെണ്ണുങ്ങൾ ആണുങ്ങളെപ്പോലെ ധൈര്യമുള്ളവരല്ല.
രതി:
(ആഗ്രഹം ഉള്ളപോലെ) മേനോൻ ഒരിക്കൽ എന്നെ മേലോട്ടു് കൊണ്ടുപോകും. ഞാൻ ഒരു ഭീരുവല്ലെന്നു് കാണിക്കേണ്ടുന്ന കാലം വരുമ്പോൾ മാത്രം മതി.
രാജാ:
ഫൂ. രതി! സ്ത്രീകൾ വിമാനസഞ്ചാരത്തിൽ ഒരിക്കലും കീർത്തിപ്പെട്ടവരാകയില്ല.
ലളിത:
(ചിരിച്ചുകൊണ്ടു്) ഈ സാധുവായ ചെറിയ രതിക്കു് വിമാനസഞ്ചാരം ചെയ്വാൻതന്നെ ഒരിക്കലും ധൈര്യമുണ്ടാകയില്ല.

അവളെ താങ്ങിക്കൊണ്ടാണെങ്കിലും അപഹസിക്കുന്ന വാക്കുകളുടെ ശല്യം രതിക്കു് ധാരാളം കൊണ്ടു. ആ പുച്ഛരസം രതി വിസ്മയത്തോടെ അനുഭവിക്കേണ്ടിവന്നു. ഇതു് മറപിടിച്ച ധിക്കാരവും, കുറിക്കുകൊള്ളിക്കുന്ന നിർമ്മര്യാദയും ദിവസം മുഴുവൻ തന്റെ നേരെ പ്രയോഗിക്കുവാൻ താൻ ലളിതയോടു് എന്തുതെറ്റു് ചെയ്തെന്നു് രതിക്കു് മനസ്സിലായില്ല. അവളുടെ കണ്ണാടിപോലെ വെളുത്ത മനോഹരഗണ്ഡം മനോവികാരംനിമിത്തം ചുകന്നു.

രതി:
എന്താ നിങ്ങൾ ഇങ്ങിനെ പറയുന്നതു്? ഞാൻ ചെറുതാണെങ്കിലും എനിക്കു് എന്നേക്കാൾ വലിപ്പവും വയസ്സും ഉള്ള നിങ്ങളെപ്പോലെത്തന്നെ ഒന്നിന്നും ഭയമില്ല.

രതി പറഞ്ഞതു് അവളുടെ തുറന്ന മനസ്സോടുകൂടെ ആയിരുന്നു. അവളുടെ ഉള്ളിലൊന്നും മറച്ചുവെയ്ക്കാത്ത ഹൃദയത്തോടുകൂടെ ആയിരുന്നു. അതു് കേട്ടപ്പോൾ അവളുടെ ഭർത്താവു്—തന്നെ ഏതു് നിലയിലും താങ്ങേണ്ടുന്ന ഭാരവാഹിത്വമുള്ള ഒരേ ഒരാൾ—പുച്ഛരസത്തോടെ പൊട്ടിച്ചിരിച്ചു.

രാജാ:
ലളിതെ! ഇതു് നിണക്കുകിട്ടിയ ചളികൊണ്ടുള്ള ഏറാണു്.
ഗോ. മേ.:
ഭീരുവായ ഒരു തൃശ്ശൂർക്കാരത്തിയെ കാണുവാൻ ആരും വളരെ പ്രയാസപ്പെടും.
ലളിത:
(കോപത്തോടെ മന്ദഹസിച്ചിട്ടു്) ഏതായാലും ഇപ്പോൾ ഞാൻ ഒരുവളെ എന്റെ മുമ്പിൽ കാണുന്നുണ്ടു്. രതി ആ ഉയർന്ന പാറമേൽനിന്നു് സമുദ്രത്തിൽ ചാടും എന്നു് പറയുമ്പോലെയാണു് അവൾ ഒരു വിമാനത്തിൽകേറാൻ ധൈര്യപ്പെടും എന്നു് പറയുന്നതു്.

എന്നിട്ടു് അവൾ ഒരു നടിയെപ്പോലെ ചക്രവാളം ചുണ്ടിക്കാണിച്ചു.

രതി:
(കൂസലില്ലാതെ) എനിക്കു് ധൈര്യമുണ്ടു്. അതു് ഞാൻ നിങ്ങൾക്കു് കാണിച്ചുതരാം.

അവൾ തന്റെ ചെറിയ കൈ മടക്കിപ്പിടിച്ചിരുന്നു. അവളുടെ കണ്ണിൽനിന്നു് തീ പാളിയിരുന്നു. അവൾ തല ഒന്നുകുലുക്കി. അഭിമാനഭംഗംകൊണ്ടു് അവളുടെ കണ്ണിൽ വെള്ളംനിറഞ്ഞതു് ആരും കാണാതെപോവാൻ അവൾ പ്രാർത്ഥിച്ചു. യഥാർത്ഥത്തിൽ അവൾ ഒരു പേടിക്കുലേച്ചിയാണെന്നു് അവൾക്കുതന്നെ ബോദ്ധ്യമുണ്ടു്. ധൈര്യം സമ്പാദിപ്പാൻ അവൾ വളരെ ആശിക്കുകയും അദ്ധ്വാനിക്കുകയും ചെയ്തിരുന്നു. നാഡിബലമില്ലാത്ത ഭീരുവായിരിക്കകൊണ്ടു് അവൾക്കു് മോട്ടോർക്കാറോട്ടാനും, നീന്തുവാനും സാധിച്ചിരുന്നില്ല. നിർഭാഗ്യവതിയായ ആ യുവതി അതൊക്കെ ഒരു കുറവായിട്ടൊ, കുറ്റമായിട്ടൊ കരുതി. അവളുടെ ധൈര്യമില്ലായ്മ അവളുടെ മനസ്സു് ചഞ്ചലമാക്കിയിരുന്നു. ഇപ്പോഴാകട്ടെ, ലളിത ആ സംഗതിനിമിത്തം അവളെ പുച്ഛിച്ചുവിട്ടു. അതുതന്നെ അവളുടെ പ്രിയഭർത്താവും രാജ്യക്കാരനുമായ രാജാവിന്റെ മുമ്പിൽവെച്ചിട്ടു്.

ഗോപ്യമായ ഒരു വിവാഹത്തിന്നു് അവളെ പ്രേരിപ്പിച്ച ആ പിടിത്തംതന്നെ തനിക്കു് ഇപ്പോഴും ഉണ്ടായി. ആ പിടിത്തം നീ ഭീരുവല്ലെന്നു് അവൾക്കു് കാട്ടിക്കൊടുക്കുക. നീ അവൾ വിചാരിക്കുമ്പോലെ, ചപലയും നിസ്സാരയും ആയ ഒരു ചെറിയ ബൊമ്മയല്ലെന്നു് കാട്ടിക്കൊടുക്കുക എന്നു് മന്ത്രിച്ചുകൊടുക്കുംപോലെ തോന്നി. ആ പിടിത്തം അവളുടെ ബുദ്ധി രാക്ഷസിയാക്കി.

രതി:
(ഉച്ചത്തിൽ) ഞാനും പോകാം. ഇപ്പോൾത്തന്നെ പോകാം. മേനോനെ! നിങ്ങൾ കേൾക്കുന്നുണ്ടോ? നിങ്ങളുടെകൂടെ ഞാനും വരുന്നു. ഉത്സാഹംകൊണ്ടു് ചുകന്ന അഭിലഷണീയമായ ആ സുന്ദരമുഖം മേനോൻ ഒന്നുനോക്കി. അതു് ധൈര്യമുണ്ടെന്ന ഡംഭംകൊണ്ടു് ദ്വീപിപ്പിച്ചിരുന്നു. അവൾ ജയഭാവത്തോടെ ലളിതയെ നോക്കിയിരുന്നു.
മേനോൻ:
കണ്ടോ ലളിതേ. നിന്റെ അഭിപ്രായം തെറ്റാണു്.
ലളിത:
ഒരു കാര്യം വാകൊണ്ടു് പറയുന്നതു് ചെയ്യുന്നതുപോലെ അല്ല.
മേനോൻ:
വരൂ. താമസിക്കേണ്ട. ഇതിൽ ഒരാൾക്കുകൂടി സ്ഥലമുണ്ടു്. ധൈര്യം വേണ്ടുന്ന ഏർപ്പാടുകളിൽ ചെന്നുചാടാൻ തൃശ്ശൂർകാർക്കു് ഭയമില്ലെന്നു് കാണിച്ചുകൊടുക്കാം.

പെട്ടെന്നു് കോലം മാറിയ രതിയെപ്പോലെ ആ ചെറുപ്പക്കാരൻ മേനോനും, കൂസലില്ലാത്തവനും ഭവിഷ്യത്തു് ആലോചിക്കാത്തവനും ആയിരുന്നു. ഇപ്പോൾ അയാൾക്കു് തന്റെ രാജ്യക്കാരുടെ നെഞ്ഞൂക്കു് അടുത്തുനില്ക്കുന്നവർക്കു് കാണിച്ചുകൊടുക്കുന്നതോടുകൂടി സുന്ദരിയായ ചെറിയ രതിക്കും പ്രതിമപ്രായയായ ലളിതയുടെമേൽ ഒരുനോട്ടം ഉണ്ടാക്കിക്കൊടുപ്പാൻ സഹായവും ചെയ്യാം.

മേനോൻ വളരെ സൂക്ഷിച്ചു് രതിയെ വിമാനത്തിൽ ഇരുത്തേണ്ടുന്നിടത്തു് ഇരുത്തി. അപ്പോൾ അവൾ ഭയംകൊണ്ടു് പെട്ടെന്നു് വെളുത്തുപോയതുകണ്ടിട്ടു് അവളുടെ ചെവിട്ടിൽ ഇങ്ങനെ മന്ത്രിച്ചു. “നമുക്കു് ഒന്നു് പൊന്തിപ്പോയിട്ടു് താണുവരാം. ഞാൻ വളരെ സൂക്ഷിച്ചുകൊൾകയും ചെയ്യാം. അവളുടെ വിറയ്ക്കുന്ന ചെറുകൈ, അവളെ ധൈര്യപ്പെടുത്തുവാൻവേണ്ടി, പിടിച്ചു് ഒന്നു് അമർത്തു.

ലളിതയുടെ നിശ്വാസത്തിന്നു് വേഗത കൂടി. അവൾ ഈ മാതിരി കലാശം ഊഹിച്ചിരുന്നില്ല. ഈ അപായകരമായ ജോലിയിൽ ഏർപ്പെടാൻ അവൾക്കു് ധൈര്യം ഉണ്ടാകുമായിരുന്നില്ല. വിമാനം ഭംഗിയോടെ മേല്പോട്ടുപൊങ്ങി.

രാജാ:
(കർക്കശമായിട്ടു്) ലളിതെ! നീ ഒരു മഹാവിഡ്ഢിയാണു്.

അദ്ദേഹത്തിന്നു് രതിയുടെ ധൈര്യം കണ്ടിട്ടു് അവളുടെ നേരെ ഉണ്ടായ ആദരവു് വളരെ വർദ്ധിച്ചു് വന്നിരിക്കുന്നെന്നു് ഹൃദയപൂർവ്വം അറിഞ്ഞു.

രാജാ:
(ദുശ്ശീലത്തോടെ) നിന്നെപ്പോലെ ഒരാളുടേയും ഗുണകാംക്ഷിയല്ലാത്ത സ്വാർത്ഥപരമായ ഒരുത്തിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
ലളിത:
(താഴ്ചയോടെ) ഞാൻ അവളോടു് അങ്ങിനെ പറയേണ്ടായിരുന്നു എന്നു് എനിക്കു് ഇപ്പോൾ തോന്നുന്നു. അവൾ മടങ്ങിവരുന്നവരെ എനിക്കു് കഠിനദയവുണ്ടാകും. ഇങ്ങിനെ അവളെ ഉത്സാഹിപ്പാൻ എനിക്കു് എന്തുവന്നു് പിടിച്ചുപോയി എന്നു് ഞാൻ അറിയുന്നില്ല.
രാജാ:
ഞാൻ അറിയും. ഇന്നത്തെ ദിവസം മുഴുവനും നീ നിന്റെ പൈശാചികശീലത്തിലായിരുന്നു. അവളെ വിമാനത്തിലേറാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ലായിരുന്നു. ഞാൻ വിചാരിച്ചു, ആ ഘട്ടം വരുമ്പോൾ അവൾ മനസ്സുമാറ്റുമെന്നു്. എന്നാലും മേനോൻ മോശക്കാരനല്ല. മേനോനെ കരുതാം. നല്ല ആളാണു്.

വിമാനം ഭൂമിവിട്ടു് മേലോട്ടു് ഉയർന്നപ്പോൾ, പരിപൂർണ്ണമായ രക്ഷ ഉണ്ടെന്നു് രതിക്കു് അനുഭവമായി. രതിക്കു് കേവലം പ്രതീക്ഷിക്കാത്ത ഈ സംഭവം അത്യന്തം ആനന്ദപ്രദമായിരുന്നു. ഒരു ബോട്ടിൽ കേറുമ്പോൾ നമ്മളും നമ്മളെ മുക്കുന്നവെള്ളവും തമ്മിൽ നാലിഞ്ചു് തടിപ്പുള്ള ബോട്ടിന്റെ അടിയിലെ മരക്കഷ്ണം മാത്രമേ ഉള്ളു എന്നു് ആരും വിചാരിക്കാറില്ല. നമ്മൾക്കു് വലിയ ഒരു രക്ഷയാണു് ബോട്ടെന്നു് തോന്നും. അതുപോലെതന്നെ വിമാനത്തിൽ ഉറച്ചിരുന്നപ്പോൾ വിസ്തൃതമായ ആകാശത്തെ ഭയപ്പെടാനൊന്നുമില്ലെന്നു് അവൾക്കു് തോന്നി. അവൾ സന്തോഷത്തിൽ മുങ്ങി. അവളുടെ ഭയാകുലമായ ചെറിയ ആത്മാവിനെ അവളുടെ മനഃശ്ശക്തി അധീനമാക്കി വരുത്തിയതുകൊണ്ടു് അവൾക്കു് തൃപ്തിയും ഉണ്ടായി.

ഇനിമേലാൽ കൂടെക്കൂടെ വിമാനസഞ്ചാരം ചെയ്യണമെന്നു് അവൾ ഉറച്ചു. അവൾ നിസ്സാരമായ ഒരു ചെറിയ കീടമല്ലെന്നു് ലളിതയ്ക്കു് ഉദാഹരിച്ചുകൊടുക്കുകയും ചെയ്യാം.

അവൾ നെഞ്ഞൂക്കുള്ളവളാണെന്നു് കാണിച്ചുകൊടുത്തിട്ടു് രാജാവിന്നു് തന്റെ നേരെയുള്ള അനുരാഗം വളരെ വർദ്ധിപ്പിക്കും. പുരുഷന്മാർ നെഞ്ഞൂക്കു് ബഹുമാനിക്കും എന്നു് അവൾ അറിയും. അങ്ങിനെ ഒരു സാധനം സ്ത്രീകൾക്കും ഉണ്ടായിരിക്കാനും മതി എന്ന കാര്യം അവർക്കു് മിക്കവാറും സമയത്തു് മനസ്സിലാകയില്ല.

രാജാ:
(ദുശ്ശീലത്തോടെ) ലളിതെ! ഇനിയത്തേതു് നിന്റെ വട്ടമാണു്.
ലളിത:
ഓ! എനിക്കതിന്നു് കേവലം ധൈര്യമില്ല. എനിക്കു് ആ കാര്യം സമ്മതിക്കാനും ലജ്ജയില്ല. ഞാൻ രതി ഇങ്ങിനെ—

അവളുടെ വാചകം മുഴുവൻ പൂർത്തിയാക്കാൻ അവൾക്കു് സാധിച്ചില്ല. അവൾ പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്നു് രാജാവിന്റെ മുഖത്തുനോക്കിയിരുന്നു. അയാളുടെ മിഴിച്ചുകൊണ്ടിരുന്ന കണ്ണുകൾ, പറകവയ്യാത്ത പരിഭ്രമങ്ങളോടെ, തലയിൽ അടിച്ചുതാഴ്ത്തി തറപ്പിച്ചുവെച്ചപോലെ തോന്നിയിരുന്നു. അദ്ദേഹം പറഞ്ഞിരുന്നതു് സുശ്രാവ്യമല്ലായിരുന്നു. അയാളുടെ നാവു് വരണ്ടുപോയ അണ്ണാക്കോടു് തട്ടുമ്പോൾ ഒരു ശബ്ദമുണ്ടാക്കുംപോലെ തോന്നി.

രാജാ:
എന്റെ ഭഗവാനെ! എന്റെ ജഗദീശ്വരാ നോക്കു ലളിതേ. നോക്കൂ!

ഒരു ഭയങ്കരഭീതിമൂലം പിടിപെടുന്ന വിറയലോടെ അവൾ മേലെനോക്കുവാൻ നിർബ്ബന്ധിതയായി. വിമാനം തന്റെ ഗതി ശരിപ്പെടുത്തുവാൻ പ്രയാസപ്പെടുന്നുണ്ടെന്നു് തോന്നി. അതു് കൂടെക്കൂടെ ചുരുങ്ങിപ്പോകുന്നുണ്ടെന്നു് അവൾ കണ്ടു. അതിന്റെ ശരിയായ വടിവു് പ്രത്യക്ഷമായി. വെടികൊണ്ട പക്ഷിയെപ്പോലെ കുറെനേരം ചിറകുമടിച്ചു് ഒരേദിക്കിൽത്തന്നെ നിന്നു. പിന്നെ അതു് ചക്രംതിരിയുവാൻ തുടങ്ങി. നോക്കിനില്ക്കുന്ന രണ്ടാളും ഭയംകൊണ്ടു് നിശ്ശബ്ദരായി. അതിന്റെ തിരിച്ചിൽ കൂടക്കൂടെ വേഗതകൂടുന്നതായിത്തീർന്നു.

വിമാനശാലയിലെ ഒരു പ്രവൃത്തിക്കാരൻ അതു് കണ്ടപ്പോൾ അങ്ങട്ടു് ഓടിച്ചെന്നു. വിമാനം പമ്പരംപോലെ തിരിഞ്ഞിരുന്നു എന്നു് മാത്രമല്ല, അതിവേഗതയോടെ ചോടെ വീഴുകയായിരുന്നു.

രാജാവിന്നു് തന്റെ ശബ്ദം പൊന്തിക്കാൻ വളരെ പ്രയാസം നേരിട്ടു. “ഈശ്വരാ നമുക്കു് ഒന്നിന്നും പങ്കില്ലേ” എന്നു് അയാൾ നിലവിളിച്ചു. വേദവതിലളിത തന്റെ കൈകൾകൊണ്ടു് കണ്ണുകൾമൂടി ഏങ്ങിഏങ്ങിക്കരഞ്ഞു.

പിറ്റെത്തെ നിമിഷംതന്നെ, പൊട്ടുന്നതും, പൊളിയുന്നതും, കീറുന്നതും, ചീറുന്നതും ഒക്കെപ്പാടെ ഒരുമിച്ചു് ഒരു ഭയങ്കരശബ്ദം കേട്ടു. മരങ്ങൾ കീറിത്തെറിക്കുമ്പോലെയും, തുണി പറിച്ചുകീറുമ്പോലെയും, ലോഹങ്ങൾ തമ്മിൽ തല്ലുമ്പോലെയും ഉള്ള ഘോഷാദിനാദങ്ങൾ പൊങ്ങി. പക്ഷേ, മനുഷ്യശബ്ദം ഒന്നും ഉണ്ടായില്ല. ഒരു ഞരക്കംപോലും കേൾക്കാനുണ്ടായിരുന്നില്ല.

യാതൊരു ശബ്ദവുമില്ലാതെ രണ്ടുപുരുഷന്മാരും മുഖത്തോടുമുഖം നോക്കിനിന്നു. കുറെവാര അകലെയുള്ള ഭൂവിതാനത്തെ മലിനപ്പെടുത്തുന്ന ആ ചുക്കിച്ചുളിഞ്ഞ വലിയ ഭാണ്ഡത്തിന്റെ അരികെ അവർ ഇരുവരും പാഞ്ഞുചെന്നു.

ഒരു നിമിഷനേരത്തോളം ഈ നാശാവശിഷ്ഠത്തെ നോക്കുവാൻ രാജാവിന്നു് ധൈര്യമുണ്ടായില്ല. പിന്നെ നോക്കിയസമയത്തു് അയാൾ ഒന്നുവിരണ്ടു് മൂന്നുനാലടി പിന്നോക്കംവെച്ചു. എന്തൊ ഒരു ഭയങ്കര ദുസ്വപ്നം കാണുന്ന ആൾ കൈകൾകൊണ്ടു് തടയുംപ്രകാരമുള്ള ചില ആംഗ്യങ്ങൾ കാട്ടി. ആ സമയത്തു് വിമാനശാലയിൽ പിന്നേയും രണ്ടാളുകൾ ഓടിവന്നു. തന്റെ ഭയങ്കര വികാരത്തെ അടക്കുവാൻ ഭഗീരഥപ്രയത്നം ചെയ്തുകൊണ്ടു് രാജാവു് തുണചെയ്വാൻ ഓടിച്ചെന്നു.

ഒരാൾ രാജാവിനേയും കടന്നുവെച്ചു് ഒരു ഡോക്ടരെ കൂട്ടിക്കൊണ്ടുവരാൻ ഓടിപ്പോകുമ്പോൾ അദ്ദേഹത്തെ നോക്കി ഇങ്ങിനെ പറഞ്ഞു. “അങ്ങട്ടു് ചെന്നിട്ടു് ഒരു ഫലവുമില്ല യജമാനനെ! ഞാനാണെങ്കിൽ ആ കാഴ്ചകാണ്മാൻ എന്റെ കാൽ മുന്നോട്ടു് എടുത്തുവെക്കില്ല.

രാജാ:
എടോ മനുഷ്യാ! അതു് എന്റെ ഭാര്യയാണു്. അതെ—എന്റെ ഭാര്യ—ആ ചുരുണ്ടുകീറിയരൂപം! എന്റെ ഈശ്വരാ! അതാണു് രതി.

ഉപചരണംചെയ്വാൻ ഉദ്യമിക്കുന്ന രണ്ടാളുടേയും മുഖങ്ങൾ സ്ഥൈര്യവും പാകതയും കാണിച്ചിരുന്നു. “ഈ ചെറിയ സ്ത്രീ മരിച്ചുപോയിരിക്കുന്നു സാറെ! ഞങ്ങൾ കുഴിച്ചെടുത്തു് നോക്കിയാൽ മേനോൻയജമാനനും മരിച്ചിട്ടുണ്ടാകും എന്നതിനു് ഞങ്ങൾക്കു് കേവലം സംശയമില്ല.

രാജാവു് ഞരങ്ങി. ആ നാശക്കൂമ്പാരത്തിന്റെ കുറെ അകലെ കിടന്നിരുന്ന, നിശ്ചലമായി, ചതഞ്ഞതായി, പൈശാചികമായിക്കണ്ട ഒരു കോലത്തിന്റെ മേൽനിന്നു് അയാൾ എത്രതന്നെ ശ്രമിച്ചിട്ടും അയാളുടെ കണ്ണുകൾ മാറ്റാൻ അയാൾക്കു് സാധിച്ചില്ല. ഇതുമാത്രമായിരുന്നു സുന്ദരിയായ രതിയുടെ അവശിഷ്ടങ്ങൾ. വിമാനത്തിന്റെ പതനത്തോടുകൂടെ അവളും പതിച്ചിരുന്നു. അവളുടെ രാജ്യക്കാരനായ മേനോൻ വിമാനത്തിന്റെ ഘനം മേലേറ്റിട്ടു് ഉടഞ്ഞുപോയിരുന്നു. അദ്ദേഹത്തെ കുഴിച്ചെടുത്തുനോക്കിയപ്പോൾ, നിലത്തു് രണ്ടുമൂന്നു് അടികുഴിച്ചിട്ടു് പോകത്തക്കവണ്ണം, ആ പതനത്തിന്റെ ശക്തി അയാളെ തള്ളിവിട്ടിരുന്നു. അയാളെ ശരിയായി കുഴിച്ചെടുക്കുകയാണു് ചെയ്തതു്. ഉടനെതന്നെ ഡോക്ടരുടെ വരവുണ്ടായി. എന്നാൽ അദ്ദേഹത്തിന്നു് ചെയ്യേണ്ടതായിട്ടു് ഒന്നും ഉണ്ടായിരുന്നില്ല. “അവർ പതനത്തോടുകൂടി മൃതിയടഞ്ഞുപോയതുകൊണ്ടു് യാതൊരു വേദനയും അനുഭവിക്കാൻ ഇടയില്ല” എന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ ചക്രംചുറ്റൽ അവരെ ബോധംകെടുത്തും. അവരുടെ തല പമ്പരംപോലെ ചുറ്റിപ്പിക്കും. അതുകൊണ്ടു് ഭൂമിയിൽ അടിച്ചു് വിടുമ്പോൾ എന്തുണ്ടായി എന്നു് അറിയുവാൻതന്നെ അവർക്കു് ഗ്രഹണശക്തി ഉണ്ടായിരിക്കുകയില്ല. നോക്കിനില്ക്കുന്നവർക്കു് വിശ്വസിക്കാൻ കഴിയാത്തവണ്ണം, സങ്കടകരമായ അവസാനമാണു് അവർക്കു് സിദ്ധിച്ചതു്.

അവർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ പല അഭിപ്രായങ്ങളും പുറത്തിറങ്ങി. ചിലർ ചിറകിന്നും, ചിലർ മുന്നിലെ വിശറിക്കും, ചിലർ പെട്രോൾവാഹിക്കുംമറ്റും കുറ്റം പറഞ്ഞു. രാജാവു് ഇതൊക്കെ കേൾക്കുന്നുണ്ടു് എന്നല്ലാതെ ഒന്നും ശ്രദ്ധിച്ചില്ല. ദുഃഖപര്യവസായിയായ ഒരു വിനോദയാത്ര അയാൾ തന്റെ ജീവകാലത്തിൽ ഇതുവരെ കണ്ടിരുന്നില്ല. കുറെ നേരത്തോളം അദ്ദേഹത്തിന്റെ മനസ്സു് മുരുമിച്ചുപോയി.

വിമാനശാലയിലെ സകല പ്രവൃത്തിക്കാരും പിന്നെ അവിടെ എത്തിക്കഴിഞ്ഞു. രണ്ടുമൂന്നാളുകൾ കുട്ടികളെപ്പോലെ കരഞ്ഞിരുന്നു. കുറെനേരംമുമ്പെ, തേജസ്സും, നെഞ്ഞൂക്കുംകൊണ്ടു് മന്ദഹസിച്ചിരുന്ന ആ തൃശ്ശൂർക്കാരനായ മേനോൻയുവാവു്, പിണഞ്ഞുതിരിഞ്ഞുപോയ അവയവങ്ങളും ചതഞ്ഞരഞ്ഞുപോയ മാംസവുംകൊണ്ടുള്ള വെറും കൂമ്പാരമായിട്ടാണു് അവർ കണ്ടതു്. അവർ എത്രയോ സ്നേഹിക്കുന്ന ഒരാളുടെ, കശാപ്പുകാരന്റെ വെട്ടുകൾ ഏറ്റപോലെ മുറിഞ്ഞുപോയിട്ടുള്ള എല്ലുകൾ അവിടവിടെ തുറിച്ചുനില്ക്കുന്നതും കണ്ടു.

മേനോന്റെ പ്രത്യേകവാത്സല്യത്തിന്നു് പാത്രനായ ഒരു പ്രവൃത്തിക്കാരൻ കണ്ടാൽ ചെറുകിടയിൽ ഒരു ഭീമസേനൻ, രാജാവിന്റെ ചുമലിൽ കൈവെച്ചു്, ശീതോഷ്ണം പ്രമാണിയാത്ത തന്റെ മുഖത്തിൽക്കൂടെ കണ്ണുനീർ ഒലിപ്പിച്ചുകൊണ്ടു് ആ സ്ഥലം വിട്ടുപോവാൻ അയാളെ നിർബ്ബന്ധിച്ചു. സാറെ! ഇവിടം വിട്ടുപോയിക്കൊൾവിൻ. നിങ്ങൾ ഇവിടെ നിന്നിട്ടു് ഒരു ഗുണമോ, ഫലമോ ഇല്ല. അവയെ എടുത്തുകൊണ്ടുപോവാൻ ഡോക്ടർ ഞങ്ങൾക്കു് വേണ്ടതും തക്കതുമായ ഉപദേശം തരും. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇപ്പോൾ നിങ്ങൾ പോകുന്നതാണു് നല്ലതു്.

രാജാവുപോയി. സ്വതവെ നിഷ്ഠൂരമനസ്കനായ അദ്ദേഹത്തിന്നു് ഇതുവരെ ഇത്ര അധികം ആധി ബാധിച്ചിരുന്നില്ല. അദ്ദേഹം അടികിട്ടിയപോലെ കൂന്നുപോയി. പിരടിപിടിച്ചു് തള്ളപ്പെട്ടപോലെ മാനംകെട്ടുപോയി. മുപ്പത്തെട്ടുകൊല്ലത്തിന്നുള്ളിൽ ഇത്ര വലിയ ഘോരസംഭവംകൊണ്ടു് അയാൾ ഞെട്ടി, അട്ടിമറിഞ്ഞു് പോയിരുന്നില്ല.

അദ്ദേഹം പിന്നോക്കം തിരിഞ്ഞു. നാവുകൊണ്ടു് ചുണ്ടുകൾ നനച്ചിട്ടു് ഇങ്ങിനെ പറഞ്ഞു. “ആ രണ്ടു് ചതഞ്ഞുപോയ ദേഹങ്ങൾ ഞാൻ പാർക്കുന്നേടത്തു് കൊണ്ടുവാ. നിണക്കു് മനസ്സിലായില്ലേ?”

മെല്ലെ പാടത്തിൽക്കൂടെ അയാൾ താമസിക്കുന്ന ഭവനത്തിൽ എത്തി. പ്രസന്നവും, സുന്ദരവുമായ മുഖം പൂണ്ട ഒരു ചെറുയുവതിയായി രതി. രണ്ടുമണിക്കൂർ മുമ്പെ പുറപ്പെട്ട ഭവനം ഇപ്പോൾ അവൾ—അല്ലാ! ദൈവമേ! അദ്ദേഹത്തിന്നു് ചിന്തിക്കാനുംകൂടി വയ്യാതായി. ഒരു സ്വപ്നാടനനെപ്പോലെ അദ്ദേഹം നടന്നുപോകുമ്പോൾ ഒരു കാർ പടിയുടെ അരികെ നിർത്തിയതുകണ്ടു. പരവശതമൂലം കരഞ്ഞുകൊണ്ടു് ലളിത ഇറങ്ങിവന്നു. അയാൾ അവളുടെ വെളുത്ത കൈപിടിച്ചു് അവളെ ഒരു തള്ളുകൊടുത്തു.

അവൾ അയാളുടെ പിന്നാലെ നടന്നു. വരാന്തയിൽ തിരിഞ്ഞുനിന്നു് അവളെ ഒരുപടി ശകാരിച്ചു. അദ്ദേഹം തന്റെ നടുമുറിയിൽ പ്രവേശിച്ചു. കണ്ടാലറിയാത്തമാതിരിയിലും ബുദ്ധിശൂന്യമായും അവിടെ ഇരുന്നിട്ടുണ്ടായിരുന്ന രണ്ടു് സ്വരൂപങ്ങളെ കണ്ടെത്തി. ഒരു സ്വരൂപം പ്രായംചെന്ന ഒരു പുരുഷനായിരുന്നു. അയാൾ പറഞ്ഞതു് “ഹാ! സതി! നീ നോക്കൂ അയാളാണു് നിശ്ചയമായിട്ടും കുറ്റക്കാരൻ. നോക്കു് അയാളുടെ കണ്ണുകൾക്കു് നമ്മളെ നേരിട്ടു് നോക്കുവാൻ സാധിക്കാത്തതു്” എന്നുപറഞ്ഞു.

രാജാ:
(കോപത്തോടെ) കുറ്റം ചെയ്തതു് ഞാനല്ല. നിങ്ങൾ ഞാനാണെന്നു് ഒരിക്കൽക്കൂടി പറഞ്ഞാൽ, അച്ഛനാണെ, ആ വാക്കുകൾ പറയുന്ന നിങ്ങളുടെ തൊണ്ട മറ്റൊരുവാക്കു് പുറപ്പെടുവിക്കുവാൻ വയ്യാത്തവിധം ഞാൻ ഞെക്കി അമർത്തുകളയും. ശപിക്കപ്പെട്ടവനെ! ഞാനല്ല കുറ്റക്കാരൻ. ഞാനല്ല അവളെ ഭത്സിച്ചുപറഞ്ഞതു്. ഞാൻ പറയുന്നതുകേൾക്കു അങ്ങിനെ ചെയ്തതു് വേദവതിലളിതയാണു്.
സതി:
അച്ഛാ! ഇതിൽ നാം അറിയാത്ത എന്തോ ഒരു സംഗതി കിടപ്പുണ്ടു്.

ഇങ്ങിനെ പറഞ്ഞു് അവൾ ആ വൃദ്ധന്റെ ചുമലിൽ തന്റെ ഒരു കൈവെച്ചു. വൃദ്ധൻ രാജാവിനെ അടിക്കുവാൻ തക്കവണ്ണം അദ്ദേഹത്തിന്റെ വയനാടൻവടി പൊക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നെറ്റിമേൽ ഒരു നീല നാഡി, നാടപോലെ വണ്ണത്തിൽ തള്ളിനിന്നിരുന്നു. ഒരു സ്ത്രീസഹജമായ മുന്നറിവോടെ എന്തോ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നു് സതി മനസ്സിലാക്കി. രാജാവിന്റെ മുഖം പരിഭ്രമത്തിന്റെ കൂടായിരുന്നു. അയാളുടെ കണ്ണുകൾ ഇപ്പോഴും തുറിച്ചുങ്കൊണ്ടിരുന്നു. അവരുടെ സാമീപ്യംതന്നെ അയാൾക്കു് നല്ലബോധമില്ലായിരുന്നു. അയാളുടെ മനസ്സു് ആ പച്ചമൈതാനത്തിൽ തറച്ചുപോയിരുന്നു. അവിടെ വെച്ചുനടന്ന ഘോരസംഭവങ്ങൾ ഒന്നൊഴിയാതെ സിനിമ കാണുംപോലെ കാണുകയായിരുന്നു. സതിയുടെ മുഖം മാത്രമല്ല. ചുണ്ടുംകൂടി വെളുത്തു് വിളർത്തുപോയിരുന്നു.

സതി:
അങ്ങുന്നേ! രതിക്കു് എന്തുണ്ടായി എന്നു് നിങ്ങൾ ഞങ്ങളോടു് പറഞ്ഞുതരികയില്ലെ! അവൾക്കു് വല്ലദണ്ഡവും പിടിപെട്ടൊ?

രാജാവിനെ നിന്ദിപ്പാൻവേണ്ടി വന്ന സതി അയാളോടു് ഒരു അപേക്ഷാഭാവം അവലംബിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ഭ്രാന്തനോട്ടം അവളെ ഭയപ്പെടുത്തി. അദ്ദേഹം കണ്ടിരുന്ന ഭയങ്കരകാഴ്ച അദ്ദേഹത്തിന്റെ മുഖവികാരങ്ങൾ, രൂപമില്ലായ്മയും, ഞെട്ടലും, ഭ്രമവും, ഭയവുമൊഴിഞ്ഞു് മറ്റൊരുവിധത്തിൽ വിശദീകരിച്ചിരുന്നില്ല.

രാജാവിന്റെ വിട്ടുനിന്നിരുന്ന വിശേഷബുദ്ധി മടങ്ങിവന്നു. അവിടുന്നുണ്ടായ വിചാരവും കാഴ്ചയുമില്ലാത്ത ബദ്ധപ്പാടോടുകൂടിയ നടത്തവും മറ്റുംകൊണ്ടു് അയാളുടെ ലക്കു് തെറ്റിപ്പോയിരുന്നു. എവിടുന്നുണ്ടായ നടത്തം! ഹൂ! അയാൾ അദ്ദേഹത്തിന്റെ കണ്ണുകൾ കൈകൊണ്ടു് മൂടി ഒരു കസേലമേൽ വീണപോലെ ഇരുന്നു. അദ്ദേഹത്തിന്റെ ശബ്ദം ഇടറിയും ക്ഷുദ്രമായും ഇരുന്നു.

രാജാ:
നിങ്ങൾ എന്റെ ഭാര്യയെപ്പറ്റിയാണു് ചോദിക്കുന്നതു്? ഓഹോ. ക്ഷമിക്കണം ഇപ്പോൾ മാത്രമേ നിങ്ങൾ ആരാണെന്നു് എനിക്കു് മനസ്സിലായുള്ളു.
കാർത്തികേയൻനായർ:
നിങ്ങളുടെ ഭാര്യയോ? എന്തു്! എന്റെ മകൾ രതി നിങ്ങളുടെ ഭാര്യയോ—ഏതായാലും ഞങ്ങൾ വിചാരിച്ചപോലെ അബദ്ധമായിട്ടില്ല.

നായർ കുറെ ആശ്വാസമോടെ നിശ്വസിച്ചു. ഒരു ഗുമൂർത്ഥമർത്ഥി, ഒരു ചാരിത്രമംഗകാരകനേക്കാൾ മേന്മയുള്ളവനാണെന്നു് അദ്ദേഹം അറിഞ്ഞു. പിന്നേയും അയാൾ തുടർന്നുപറഞ്ഞു. “ചെറുപ്പക്കാരാ! എനിക്കു് വിവാഹത്തെ സ്ഥാപിക്കുന്ന രേഖകൾ കാണേണം.” അദ്ദേഹത്തിന്റെ നെറ്റി ചുളിഞ്ഞിരുന്നു. അയാൾ രാജാവിനെ തുറിച്ചു് നോക്കിയിരുന്നു. രാജാവു് ഭഗീരഥപ്രയത്നം ചെയ്തു്, അദ്ദേഹത്തിന്റെ സംഭാഷണം തടഞ്ഞുനിർത്തി.

രാജാ:
സാറെ! ഞാൻ വളരെ വ്യസനിക്കുന്നു. ഈ സംസാരം തല്ക്കാലം നിർത്തിവെച്ചാൽ കൊള്ളാമെന്നാണു് ഞാൻ അപേക്ഷിക്കുന്നതു്. നിങ്ങളുടെ മകൾ—എന്നുവെച്ചാൽ എന്റെ അഗ്നിസാക്ഷിയായ ഭാര്യ—എന്നുവെച്ചാൽ—ഞാൻ നിങ്ങളോടു് പറയുന്നതു്—ഇതല്ലസമയം.
സതി:
അങ്ങുന്നേ! രതിയെപ്പറ്റിയാണു് നിങ്ങൾ സംഭ്രമിക്കുന്നതു്. എനിക്കു് നല്ലവണ്ണം അറിയാം. എന്റെ രതിക്കു് എന്തൊവന്നു് പിടിച്ചുപ്പോയിട്ടുണ്ടു്. എനിക്കറിയാം. എനിക്കു് അനുഭവമാകുന്നുണ്ടു്. അങ്ങുന്നേ! ഞങ്ങളോടു് എന്താണെന്നു് പറയൂ. അവൾക്കു് ദണ്ഡമായിരിക്കും എന്നാണു് തോന്നുന്നതു്. എന്നെ അവളുടെ അടുക്കെ കൂട്ടിക്കൊണ്ടുപോകണം.

രാജാവു് പിന്നേയും തന്റെ വരണ്ടുപോയ ചുണ്ടുകൾ നാവുകൊണ്ടു് നനച്ചു. എപ്രകാരമാണു് അദ്ദേഹം ഈ ഭയങ്കരസംഭവം അവരോടു് പറയേണ്ടതു്? ക്ഷമയില്ലാതെ, സതി അയാളുടെ ചുമൽപിടിച്ചു് ഒന്നു് കുലുക്കി.

സതി:
അവൾക്കു് ദണ്ഡമാണൊ? നിങ്ങൾക്കു് മിണ്ടിക്കൂടയൊ? ഞങ്ങളോടു് പറവാൻ ഒട്ടും ശങ്കിക്കേണ്ട. ഞാൻ വിചാരിക്കുന്നു അവൾ ദീനമായി കിടക്കുകയാണെന്നു്.

അയാൾ തലയൊന്നിളക്കി. അയാൾ കാർത്തികേയൻ നായരെ ആശ്വാസം കുറഞ്ഞരീതിയിൽ ഒന്നുനോക്കി. പരമാർത്ഥം പറയാതെ നിവൃത്തിയില്ലെന്നു് അയാൾക്കു് തോന്നി—എന്നാലുംകൂടി—?

സതി:
(ജാസ്തിപരിഭ്രമത്തോടെ) എവിടെയാണവൾ? ഇവിടെ ഉണ്ടോ?

അയാൾ പിന്നേയും ഒന്നു് തലകുലുക്കി. സതി വാതിലിന്റെനേർക്കു് ഒരു പാച്ചിൽപാഞ്ഞു. അവളുടെ അച്ഛന്റെ മന്ദമായ ഒരു ഗർജ്ജനം അവളെ തടഞ്ഞുനിർത്തി. പടിവാതിലും കടന്നിട്ടു്, ഭീതിജനിപ്പിക്കുംപ്രകാരം ഒരു ചെറിയകൂട്ടം ജനങ്ങൾ വരുന്നുണ്ടായിരുന്നു. ഒരു മയ്യത്തുകട്ടിലിന്മേൽ ഉണ്ടായിരുന്ന വെള്ളവിരിപ്പിന്റെ ചുവടെ ഭാണ്ഡംപോലെയുള്ള ഒരു സാധനം പൊന്തിനില്ക്കുന്നതു് കാർത്തികേയൻനായർ അത്യന്താകുലനായി തുറിച്ചുനോക്കി. സതി അദ്ദേഹത്തിന്റെ അടുക്കെ പാഞ്ഞുചെന്നു. അയാൾ നോക്കുന്നേടത്തു് നോക്കി. അവൾ അച്ഛന്റെ കൈ മുറുക്കെപിടിച്ചു.

സതി:
(മന്ദസ്വരത്തിൽ) അച്ഛാ! പ്രിയാഅച്ഛാ! അതു് രതിയാണു്. അതു് നമ്മുടെ ചെറിയ രതിയാണു്.
രാജാ:
(പതിഞ്ഞസ്വരത്തിൽ) ഈശ്വരനെ വിചാരിച്ചിട്ടു് അവളെ നോക്കുവാൻ ഒരുമ്പെടരുതു്. ഞാൻ പറയുന്നു. അവളെ നോക്കരുതു് എന്നു്. അവർ ഇവിടെ ഈ അകത്തു് എത്തിയാൽ, അവളെ കാണണം എന്ന കാംക്ഷയെ നിങ്ങൾക്കു് ഉണ്ടാകരുതു്. അയ്യോ! നിങ്ങൾ നോക്കരുതു്. ഓ. ഈശ്വരാ എന്റെ ലളിതെ! ഈശ്വരനെ വിചാരിച്ചിട്ടു് അവരോടു് സത്യം പറഞ്ഞുകൊടുക്കൂ.

ലളിത നിശ്ശബ്ദയായി ആ മുറിയിൽ കടന്നുവന്നിരുന്നു. വാതിലിന്നടുക്കെ ശവംപോലെ വിളറിയ മുഖത്തോടുകൂടിയ ഒരു ഊമയെപ്പോലെ നിന്നിരുന്നു.

പത്തൊമ്പതാം അദ്ധ്യായം

ഭാര്യയുടെ നിസ്സീമമായ സ്വത്തുക്കൾ മുഴുവനും അവകാശപ്രകാരം ഭാഗ്യംതികഞ്ഞ രാജാവിന്നുകിട്ടി. ദുഷ്ടവംശത്തിൽപ്പെട്ടവരുടെ പ്രത്യേകതകൾ രാജാവിന്നു് ഉണ്ടായിരുന്നു. പെട്ടെന്നു് ഒരു സ്വത്തുകാരനായപ്പോൾ മേലാൽ മാനം ദീക്ഷിക്കണം എന്നു് അയാൾ തീർച്ചയാക്കി.

“മാനം ദീക്ഷിക്ക” എന്ന വാചകം വെറുക്കത്തക്ക ഒന്നാണു്. എന്തൊക്കെ മാറ്റങ്ങൾ മറക്കുവാനുള്ള ശക്തി അതിന്നുണ്ടു്. എന്തൊക്കെ ദോഷങ്ങൾ ഒളിപ്പിക്കാനുള്ള ശക്തി അതിനുണ്ടു്.

തന്റെ ഭാര്യയുടെ ദുഃഖപരമായ മരണത്തെ വിചാരിച്ചിട്ടു് അയാൾക്കു് യഥാർത്ഥമായി വളരെ സങ്കടമുണ്ടായിരുന്നു. തന്നേക്കാൾ മുരുമുറിച്ച ആത്മാവുള്ളവരെപ്പോലും ആ മരണത്തിന്റെ ഭീതി സങ്കടപ്പെടുത്തുമായിരുന്നു. സാധു രതിയുടെ അച്ഛനും, സോദരിയും തന്നോടു് വളരെ ദയയോടു് പെരുമാറിയതു് കണ്ടിട്ടു് അദ്ദേഹത്തിന്റെ ഉള്ളിൽ പശ്ചാത്താപത്തിന്റെ എത്രയോ ചെറിയ ഒരു ഛായ പതിഞ്ഞു.

രാജാവു് മരിച്ച രതിയോടു് മാനഭംഗം വരുത്താതെ പെരുമാറിയിരിക്കുന്നു എന്നു് കാർത്തികേയൻനായർക്കും, സതിക്കും മനസ്സിലായപ്പോൾ അയാളോടു് സ്നേഹമായി നടക്കുവാൻ അവർ റെഡിയായിരുന്നു. അവളുടെ ഭർത്താവോടു് അവൾക്കുണ്ടായിരുന്ന അളവറ്റ പ്രേമത്തെപ്പറ്റി അപ്പോൾ കുറിച്ചുവെച്ചിരുന്ന ഒരു ദിനസരിയും രതിയുടെ വകയായി കണ്ടുകിട്ടിയിരുന്നു. അതിൽ ചില ദയ കാണിച്ചതു് അതിശയോക്തിപ്രധാനമായിട്ടാണു് കുറിച്ചുവെച്ചിരുന്നതു്. അതു് ഒഴുകുന്ന കണ്ണുനീരോടുകൂടെ വായിക്കുന്ന അച്ഛനും സോദരിക്കും രാജാവു് ഒരു മാതൃകാഭർത്താവായിരുന്നു എന്നു് തെളിഞ്ഞിട്ടുണ്ടു്. അവരുടെ പ്രിയപ്പെട്ട രതിക്കു് തോഷതൃപ്തികൾ നിസ്സംശയം കൊടുത്തിരുന്നു എന്നും വ്യക്തമായിരുന്നു. വിവാഹം നടന്നതു് ഗോപ്യമായിട്ടായിരുന്നു എന്നു് രാജാവിന്റെമേൽ ആരോപിക്കാവുന്ന കുറ്റം, ആ ശുദ്ധാത്മാക്കൾ ദയയോടെ മാപ്പാക്കിക്കളഞ്ഞിരുന്നു. രാജാവു് തന്റെ സഹജമായ കാപട്യത്തോടെ, താൻ അങ്ങിനെ ചെയ്യേണ്ടിവന്നതു് രതിയുടെ നിർബ്ബന്ധംകൊണ്ടാണു് എന്നുകൂടി അവരെ ധരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമല്ലെന്നു് ശപഥം ചെയ്വാൻകൂടി അയാൾ മടിച്ചില്ല.

തന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന എല്ലാത്തരം മുതലുകളും അയാൾക്കു് സിദ്ധിച്ചു എന്നുമാത്രമല്ല, രതിയുടെ അച്ഛന്നു് തൃശ്ശൂരിൽ ഉണ്ടായിരുന്ന സകല ഏർപ്പാടുകളിലും അദ്ദേഹത്തെ കൂറുകാരനാക്കി.

കല്പിച്ചുകൂട്ടി അയാൾ വേദവതിലളിതയെ അകറ്റി നിർത്തി. അയാൾ സത്യത്തിന്റേയും, മര്യാദയുടേയും മൂർത്തിത്വമാണെന്നു് തോന്നുമ്പോലെ അപ്പഴാണു് തന്റെ തലയിൽ ഇടിത്തീ വീണപോലെ ഒരു സംഭവം ഉണ്ടായതു്.

അയാൾ അദ്ദേഹത്തിന്റെ മാവാരത്തിലെ ബംഗ്ലാവിലെ വായനമുറിയിൽ ഒരു ദിവസം വൈകുന്നേരം ഇരിക്കുകയായിരുന്നു. (പണ്ടു് താമസിച്ച വീടു് തന്റെ യോഗ്യതയ്ക്കു് പോരാത്തതുകൊണ്ടു് കാലതാമസംകൂടാതെ ഉപേക്ഷിച്ചുകളഞ്ഞിരുന്നു) അപ്പോൾ അവിടെ കേറിവന്നു്, അദ്ദേഹത്തിന്റെ മുന്നിൽനിന്നതു് പൊന്നിതന്നെ ആയിരുന്നു.

പൊന്നിയുടെ സ്വഭാവത്തിൽ ഒരു ഒതുക്കമില്ലായ്മയും ഗണ്യമില്ലായ്മയും മുഴച്ചുനിന്നിരുന്നു. “നിങ്ങളുടെ ശിപായിയോടു് നിങ്ങൾ എന്നെ കാണാതിരിക്കില്ലെന്നു് പറഞ്ഞിട്ടു്, എന്നെ കടത്തിവിടാൻ അവനെ നിർബ്ബന്ധിതമായി സമ്മതിപ്പിച്ചതാണു്.”

അവളുടെ മുഖത്തു് രക്തപ്രകാശം അസാരം കുറഞ്ഞുപോയിരുന്നു. അവളുടെ ചുരുളൻമുടി വളരെ തിങ്ങിയിരുന്നു. അതെ, പിന്നിൽ ഒരു വലിയ കെട്ടാക്കി ഇട്ടിരുന്നു. അവൾക്കു് ഇപ്പോൾ സ്ത്രീത്വം പരിപൂർണ്ണമായി വികസിച്ചിരുന്നു. എങ്കിലും തടി ലേശം പോരാതെ വന്നോ എന്ന ഒരു ശങ്ക മാത്രം ജനിപ്പിച്ചു.

രാജാ:
(കടുപ്പത്തിൽ) എന്താണു് പൊന്നീ! നിണക്കു് വേണ്ടതു്?
പൊന്നി:
ഞാൻ ഇതിന്നുമുമ്പേ നിങ്ങളുടെ അടുക്കെ വരുമായിരുന്നു. എന്നാൽ നിങ്ങളുടെ വിവാഹത്തെപ്പറ്റി കേട്ടപ്പോൾ കോപത്തിന്റെ കടുപ്പംകൊണ്ടു് എനിക്കു് വരാൻ സാധിച്ചില്ല. എനിക്കു് ഇപ്പോൾ നിങ്ങളുടെ സഹായത്തിന്നു് ചോദിക്കാതെ നിവൃത്തി ഇല്ല. ഞാൻ എന്റെ വീട്ടിൽ പോയിരുന്നു—എന്റെ പണ്ടത്തെ വീട്ടിൽ.

അവൾ വിരമിച്ചു. അവൾ ശീതങ്കൊണ്ടു് വിറയ്ക്കുന്നതു് രാജാവു് കണ്ടു.

രാജാ:
(മൃദുവായി) ആ തീച്ചട്ടിയുടെ അടുക്കെ ചെല്ലു. ഡിസെമ്പ്ര്മാസത്തിൽ അതികലശലായി ശീതം ഉണ്ടാകും.

അവൾ മറുപടി പറയുമ്പോൾ വാക്കുകൾ അവ്യക്തങ്ങളായിരുന്നു.

പൊന്നി:
ഡിസമ്പ്ര്മാസമോ? അതും എന്റെ കാര്യവുമായിട്ടു് എന്തുബന്ധമാണു് എന്നോടു് പീറാസ്സുകളൊന്നും പറയേണ്ട.

രാജാവു് കുറെ ബ്രാണ്ടി ഒരു ഗ്ലാസിൽ പകർന്നു് അവളെക്കൊണ്ടു് കുടിപ്പിച്ചു.

രാജാ:
(അപേക്ഷാഭാവത്തിൽ) നീ ഒന്നാമതു് ഒരേടത്തു് ഇരിക്കുക. പിന്നെ നിണക്കു് എന്നോടു് പറവാനുള്ളതു് സാവധാനം പറഞ്ഞുകൊൾക. കൂട്ടിലിട്ട മൃഗത്തെപ്പോലെ അങ്ങട്ടും ഇങ്ങട്ടും നടന്നുകളിക്കുന്നു.

പൊന്നി ഒരേടത്തു് ഇരുന്നു. പ്രയാസപ്പെട്ടിട്ടു് ഒരുവിധം ശാന്തയായി.

പൊന്നി:
അങ്ങിനെ ആകട്ടെ. നിങ്ങൾ വിവാഹം ചെയ്യുന്ന കാര്യം നിങ്ങൾ എന്നോടു് പറഞ്ഞില്ല. നിങ്ങൾ ഏതു് സമയത്തും എന്നെ വിവാഹിക്കും എന്നാണു് വാഗ്ദത്തം ചെയ്തതു്.
രാജാ:
ശരി. ഞാൻ ഇല്ലെന്നു് പറഞ്ഞിട്ടില്ല.

പൊന്നി അയാളെ ഒന്നു് തുറിച്ചുനോക്കി. എന്നിട്ടു് “നിങ്ങളുടെ ഭാര്യ മരിച്ചിട്ടു് രണ്ടുമാസമായിട്ടില്ല.”

രാജാവു് തല ഒന്നിളക്കി അതും സമ്മതിച്ചു.

പൊന്നി:
ഞാൻ എനിക്കു് ഒരു ഉപകാരം ചെയ്തുതരുവാൻവേണ്ടി നിങ്ങളുടെ അടുക്കെ വരില്ലായിരുന്നു. പോവാനായി ഞാൻ മറ്റൊരാളെയും കാണുന്നില്ല. ഞാൻ എന്റെ വീട്ടിൽപോയി (ഇവിടെ അവളുടെ വാക്കു് ഇടറി) ഇപ്പോൾത്തന്നെ—ഞാൻ വീട്ടിൽപോയി വിവരങ്ങളൊക്കെ അറിഞ്ഞു. എനിക്കു് ഒരു പാട്ടുകാരത്തിയായി നിങ്ങളെ പുലർത്തിക്കൊണ്ടു് ജീവകാലം കഴിക്കണമെ എന്നു് എനിക്കെപ്പോഴും ആഗ്രഹമുണ്ടായിരുന്നു. നിങ്ങൾ അറിയുന്ന കാര്യമല്ലെ.
രാജാ:
അതെ.
പൊന്നി:
എന്റെ അമ്മയെ എന്റെ ഒന്നിച്ചുതാമസിപ്പിക്കാൻ വേണ്ടിയാണു്. എന്തുന്നുപറയുന്നു. അമ്മ മരിച്ചുപോയി. എന്റെ അനുജത്തി എവിടെയോ പൊയ്ക്കളഞ്ഞു. എവിടെ എന്നു് ഈശ്വരന്നു് മാത്രമേ അറിഞ്ഞുകൂടു. ഷാപ്പിൽ അച്ഛന്റെകൂടെ ഒരു വല്ലാത്ത ഭയങ്കരരാക്ഷസിയും പാർക്കുന്നുണ്ടാകും. അച്ഛൻ അവളെ വിവാഹിച്ചിരിക്കും.
രാജാ:
നിന്റെ ഈ നേരമ്പോക്കായ കുഡുംബചരിത്രം എന്നെ കേൾപ്പിച്ചിട്ടു് കാര്യമെന്താണു്?

പൊന്നി ഒന്നും മിണ്ടാതെ അയാളെ നോക്കി. അയാളുടെ നീലക്കണ്ണിൽ മാത്രം ഒരു അതിശയഭാവം സ്ഫുരിച്ചിരുന്നു. അയാൾ തന്നെ അനുരാഗിക്കുന്നുണ്ടെന്നു് ഉദ്വേഗതയോടെ ശപഥം ചെയ്തു് പറഞ്ഞകാലത്തു്, അയാളുടെ വാക്കു് ഒരിക്കൽ വിശ്വസിച്ചുപോയല്ലൊ എന്നായിരുന്നു അതിശയം. അവൾ അയാൾ ഇട്ടുകൊടുത്ത കയ്യുള്ള കസേലമേൽ നല്ലവണ്ണം ചാരിയിരുന്നു. അവൾ പരിഭ്രമംകൊണ്ടു് കൈകൾ തിരുമ്പി. അയാളെ അവൾ ശങ്കയോടെ ഒരു വല്ലാത്ത വിധത്തിൽ നോക്കി.

പെട്ടെന്നു് അവളുടെ വിളർത്ത മുഖം ചുകന്നു. അതു് ശമിച്ചപ്പോൾ അവളുടെ മുഖം പണ്ടത്തേക്കാൾ രക്തത്തിന്റെ അഭാവം നിമിത്തം ചുണ്ണാമ്പുപോലെ ആയി.

പൊന്നി:
നിങ്ങൾക്കു് ഇനിയും ഊഹിച്ചുകൂടയോ? എനിക്കു് നിങ്ങളുടെ ഗർഭമാണു്. ഒരു കുട്ടി ജനിക്കാൻ പോകുന്നു എന്നു്.

അവളുടെ മെലിഞ്ഞ കൈകൾകൊണ്ടു് ദുസ്സഹമായ ലജ്ജയോടും പശ്ചാത്താപത്തോടും മുഖം മറച്ചു.

രാജാ:
ഗർഭം ഉലയ്ക്കയാണു്?

അയാൾ എന്നിട്ടു് അങ്ങട്ടും ഇങ്ങട്ടും മുറിയിൽക്കൂടെ നടന്നു. അയാളുടെ മുഖം കോപംകൊണ്ടു് കറുത്തുപോയിരുന്നു. ഒടുക്കം അയാൾ അവളുടെ മുന്നിൽ ചെന്നുനിന്നു.

രാജാ:
ഞാൻ സത്തേമ്പർ കഴിഞ്ഞതിൽപ്പിന്നെ നിന്നെ കണ്ടിട്ടില്ലല്ലൊ?

പൊന്നിയുടെ മുഖം പിന്നേയും ചുകന്നു. അയാൾ എന്തായിരിക്കും സൂചിപ്പിക്കുന്നതു്?

പൊന്നി:
(വിറച്ചുകൊണ്ടു്) അതും ഇതും ആയിട്ടു് എന്തു് ബന്ധമാണുള്ളതു്?

അയാൾ അവളുടെ താടിപിടിച്ചു് മുഖം ഉയർത്തിപ്പിടിച്ചു് അവളുടെ കണ്ണുകൾ നോക്കി. മനഃശുദ്ധിയും സത്യനിഷ്ഠയും അതിൽ പണ്ടേപ്പോലെ തിളങ്ങിക്കൊണ്ടിരുന്നു. ഇപ്പോൾ ഒരു പുതിയ പരിഭ്രമം, ഭയം, കഠിനപാരവശ്യം അതുകൾ അവളെ ദ്രോഹിച്ചിരുന്നു.

രാജാ:
പൊന്നീ! നീ ക്ഷമിക്കണം. എനിക്കു് ഒരു അതിശയംപോലെ തോന്നുന്നു. നിണക്കു് നല്ല നിശ്ചയമുണ്ടോ?
പൊന്നി:
നല്ല നിശ്ചയമുണ്ടു്.

അവൾ ഒന്നും മിണ്ടിയിരുന്നില്ലെങ്കിലും അവളുടെ നോട്ടത്തിൽ സ്ഫുരിച്ച ക്ഷമയും, മനോവേദനയും, നിസ്സഹായതയും അയാളുടെ ശീലംമാറ്റി.

രാജാ:
നായാട്ടുകാരുടെ ഇടയിൽപ്പെട്ട മൃഗത്തെപ്പോലെ നോക്കല്ലേ.

ഒരു സ്ത്രീയുടെ രോഗമോ, സങ്കടാനുഭവമോ കാണുമ്പോൾ രാജാവിനെപ്പോലെയുള്ള ആണുങ്ങൾക്കു് കോപമാണു് സാധാരണ പിടിപ്പെടുന്നതു്. അവർക്കു് ആ സങ്കടനിവാരണം ചെയ്യുവാൻ സാധിക്കാതെപോയല്ലൊ എന്ന കട്ടിപരമാർത്ഥമാണു് ഇങ്ങിനെ ഒരു കോപം ഉണ്ടാക്കുന്നതു്. എന്നാലും പുരുഷന്മാർക്കു് മൃദുവായ അനുകമ്പമാത്രമെ കാണിച്ചുകൂടു എന്ന ഘട്ടത്തിൽ അവർ കോപഭാവം സ്ഫുരിപ്പിക്കുമ്പോൾ സ്ത്രീകൾക്കു് അത്യന്തം വെറുപ്പും മുഷിച്ചലും ഉണ്ടായിവരുന്നു. ശബ്ദമുണ്ടാക്കാതെ ആണെങ്കിലും ഹൃദയം പൊട്ടിപ്പോകുംപ്രകാരം പൊന്നി കുറെനേരം കരഞ്ഞു. രാജാവിന്നു് സങ്കടമുണ്ടായി.

സങ്കടം കാണിക്കുവാൻ തനിക്കു് ഇപ്പോൾ സാധിക്കും എന്നായിരുന്നു അയാൾ വിചാരിച്ചതു്. ഇങ്ങിനെ തന്റെ ദുർന്നടവടികൊണ്ടു് അനേകം യുവതികൾക്കു് ഗർഭം കെണിഞ്ഞുപോയിരുന്നു. അല്പം ഒന്നു് അവളെ പാട്ടിലാക്കി. സമ്മതിച്ചിട്ടോ, അല്ല അറിയാതെയോ അതു് കലക്കികളയാമെന്നു് അയാൾ സമാധാനിപ്പിച്ചു.

അഗാധമായ ആലോചനയിൽ മുഴുകി അയാൾ മുറിയിൽനിന്നു് അങ്ങട്ടും ഇങ്ങട്ടും യത്നം വേണ്ടിവരുമ്പോലെ വേഗതയിൽ നടന്നു.

രാജാ:
(അവളുടെ കസേലയുടെ അരികെ ഇരുന്നിട്ടു്) നോക്കു പൊന്നി! എന്റെ അവശതകളൊക്കെ ഒഴിഞ്ഞാൽ ഞാൻ നിന്നെ വിവാഹംചെയ്യാം. അതെ പ്രിയപൊന്നി—അതിനിടയിൽ—
പൊന്നി:
(കോപത്തോടെ തടഞ്ഞിട്ടു്) നിങ്ങൾ എന്നെ വിവാഹം ചെയ്യണമെന്നു് എനിക്കു് ഇഷ്ടമേ ഇല്ല. ഞാൻ നിങ്ങളെ വിവാഹംകഴിക്കുകയെ ഇല്ല. എന്റെ പ്രസവം കഴിയുന്നവരെ നിങ്ങൾ എന്നെ സഹായിച്ചാൽ മതി. എന്റെ പാടൊക്കെ തീർന്നു് ഞാൻ ഉപജീവനമാർഗ്ഗം എന്നെക്കൊണ്ടു് സിദ്ധിക്കുവാൻ സാധിക്കുന്നതുവരെ—
രാജാ:
കൃഷ്ണൻനായരും നീയും എങ്ങിനെയാണു്.

അവളുടെമുഖത്തു് ഒരു ആശ്വാസമില്ലാത്ത ഭാവം ഉണ്ടായി.

പൊന്നി:
ദയവിചാരിച്ചു് അയാളുടെ പേർ പറയരുതു്. ഞാൻ ഈ വിവരം അയാളോടു് പറകയില്ല എന്നതു് തീർച്ചയാണു്.
രാജാ:
പ്രിയപൊന്നി! ഞാൻ ഒരു ഉപായം കണ്ടിട്ടുണ്ടു്. നീ ഭാർഗ്ഗവിഅമ്മയുടെ അടുക്കെത്തന്നെ ഇപ്പോൾ പോകണം. അതെ. അതെ. പോകാതെ നിവൃത്തിയില്ല. (അവൾ ശങ്കിച്ചു് കളിക്കുന്നതു് കണ്ടിട്ടു്) നിവൃത്തിയില്ലാത്ത ഘട്ടമാണു്. നിന്റെ കുറനാളത്തെ അഭാവത്തിന്നു് എന്തെങ്കിലും ഒരു ഒഴികഴിവു് പറഞ്ഞുകൊൾക. ഇന്നു് തുടങ്ങീട്ടു് ഒരാഴ്ചകഴിഞ്ഞാൽ ഇങ്ങട്ടുതന്നെ പിന്നേയും മടങ്ങിവരിക. എന്നാൽ രാവിലെ പത്തുമണിക്കു് ഇവിടെ എത്തണം. നേർത്തെവരുന്നതാണു് ഭേദം. മറ്റൊരു നല്ലദിക്കിലേക്കു് നിന്നെ കൊണ്ടുപോവാൻ ഞാൻ സകല ഏർപ്പാടുകളും ചെയ്തു് കാത്തുനില്ക്കാം. നല്ല പെണ്ണല്ലേ? ഇപ്പോൾ ഞാൻ പറയുമ്പോലെ പൊയ്ക്കൊൾക. എന്റെ കാറിൽ നമുക്കു് പോകാം.

പൊന്നി പൊളിഞ്ഞു് തമ്പ്ലോറായിപ്പോയി. അവളുടെ പ്രസന്നമായ ഉന്മേഷമൊക്കെ തെറിച്ചുപോയി. അവൾ മൗഢ്യഭാവത്തിൽ കീഴടങ്ങി. രണ്ടാളും ക്ഷണം യാത്രയായി. അവളുടെ സ്ക്കൂളിന്റെ അടുക്കെ അവളെ ഇറക്കിയപ്പോൾ അയാൾ അവളെ ഒന്നു് ചുംബിച്ചു. എന്നാൽ അയാളുടെ സ്പർശനംകൊണ്ടു് അവൾക്കു് യാതൊരു ഉണർവ്വും ഉണ്ടായിവന്നില്ല. അനുരാഗംകൊണ്ടുള്ള കളി ഇനി വേണ്ടെന്നു് അവൾക്കു് തോന്നിപ്പോയി. അവളുടെ തല്ക്കാലാവസ്ഥ മനസ്സിലായ ഉടനെ അവൾക്കു് രാജാവോടു് വളരെ വെറുപ്പാണു് തോന്നിപ്പോയതു്. അയാൾ ഒരുകാലത്തും അവളെ യഥാർത്ഥമായി അനുരാഗിച്ചിട്ടില്ലെന്നു് അവൾക്കു് ബോദ്ധ്യംവന്നുപോയിരുന്നു. അയാൾ അനുരാഗം എന്നുപറഞ്ഞതു് അയാളുടെ കാമത്തെപ്പറ്റിയായിരുന്നു. കാമം കലശലായപ്പോൾ, അവളെക്കൊണ്ടു് ശമനംവരുത്തിച്ചതായിരുന്നു.

അവൾ തന്നെത്തന്നെയും അതികഠിനമായി പുച്ഛിക്കുകയും വെറുക്കുകയും ചെയ്തു. വിവാഹിതയായിട്ടോ, അവിവാഹിതയായിട്ടോ, രാമാനുജൻരാജാവിന്നു് വഴിപ്പെട്ടുകൊടുക്കുവാൻ തക്കവണ്ണം, താണപടിയിൽ അവൾ നിന്നുപോവാൻ ഒരിക്കലും സമ്മതിക്കരുതായിരുന്നു. ഇതൊക്കെ ഇപ്പോൾ മാത്രമെ അവൾക്കു് ബോദ്ധ്യമായ്വന്നുള്ളു. അതു് ഒരിക്കലും ഇളകാത്ത ഒരു പരമാർത്ഥമാണു്. ഇപ്പോൾ പറഞ്ഞിട്ടു് ഫലമില്ലാത്ത ഘട്ടവും വന്നു. സകലത്തിന്നും കാര്യം വൈകിപ്പോയി. തെറ്റാദ്യം പശ്ചാത്താപം പിന്നീടു്.

അവൾ ഉറക്കത്തിന്റെ ഒരു ചിഹ്നവും കൂടാതെ നിശ്ശബ്ദമായ രാത്രിയിൽ അവളുടെ ചെറിയ നേരിയ മെത്തയിൽ കിടക്കുമ്പോൾ, അവളുടെ മനോവേദനകളും സകലാനുഭവങ്ങളും, ഭയങ്കരമാകുംവിധം യഥാർത്ഥങ്ങളും ആയിരുന്നു. അവളുടെ മുറി പങ്കുകൊണ്ടിരുന്ന അനുരാഗവിഹീനയായ കാർത്ത്യായനിയുടെ അനഘവും ശാന്തവും മധുരവുമായ നിദ്രയുടെ കാര്യവും അവൾക്കു് നിർദ്ദയമാകും സ്മരണപഥത്തെ അക്രമിച്ചിരുന്നു. അവൾക്കു് സകലങ്ങളുടേയും യഥാർത്ഥം ഇപ്പോൾ മനസ്സിലായിവന്നു.

രാത്രി ഒന്നും അവൾക്കു് നല്ല ഉറക്കമുണ്ടായിരുന്നില്ല. അവളുടെ ക്ഷീണിച്ചുപോയ മസ്തിഷ്കത്തിന്നു് സമാധാനമോ സ്വസ്ഥതയോ ഉണ്ടായിരുന്നില്ല. മാതൃത്വം ഒരു ഉന്നതവും ജന്മിത്വവുമുള്ള അവസ്ഥയാണെന്നു് അസ്പഷ്ടമായി തിരഞ്ഞുകൊണ്ടിരിക്കുന്ന രീതിയിൽ അവൾ മനസ്സിലാക്കി. അവൾക്കു് ആരുടേയും അഗ്നിസാക്ഷിയായ ഭാര്യ ആയിരുന്നില്ലെങ്കിലും, സ്ത്രീകൾക്കു് എന്നും പറഞ്ഞിട്ടുള്ള ആ വലിയുടെ തേജസ്സു്, തനിക്കും സിദ്ധിക്കാൻ പോകുന്നുണ്ടെന്നു് അവൾ അറിഞ്ഞു. രാജാവിന്നുപകരം അപ്രകാരം അവൾ നിർല്ലജ്ജം വഴങ്ങിക്കൊടുത്തതു് കൃഷ്ണൻനായർക്കു് ആയിരുന്നു എങ്കിൽ അവൾക്കു് തന്നെത്തന്നെ വെറുപ്പോ, അപമാനമോ, ലജ്ജയോ ഒന്നും ഉണ്ടായിരിക്കയില്ലെന്നു് അവൾ അറിഞ്ഞു. അവൾക്കു് അടക്കിനിർത്തുവാൻ തക്കവണ്ണം അവളുടെ ഉള്ളിൽ അർത്ഥമില്ലാത്ത ആചാരതല്പരതയോ, കളവായ ചാരിത്രനിഷ്ഠപ്രതിജ്ഞയോ യാതൊന്നും അവളെ ബാധിച്ചിരുന്നില്ല. ഔചിത്യപ്രതിപത്തി ഉള്ളവർ തന്നെക്കൊണ്ടു് എന്നു് അഭിപ്രായം പാസ്സാക്കിയാലും, അവിവാഹിതയാണെങ്കിൽക്കൂടി, തന്നെ അനുരാഗിക്കുന്ന ഒരു പുരുഷന്റെ ഗർഭം ധരിക്കുന്നതു്, ഒരു ദുർന്നടവടിയായി അവർ ഒരിക്കലും കരുതുകയില്ലായിരുന്നു.

അവൾ അവളുടെ ചാരിത്ര്യം ചിലവാക്കിക്കളഞ്ഞതു് അവൾ അനുരാഗിക്കാത്ത ഒരാൾക്കായിരുന്നു. ഒരു തെറ്റായ പുരുഷന്നായിരുന്നു. അവളുടെ തല്ക്കാലസ്ഥിതിയുടെ മുഴച്ചു് നില്ക്കുന്ന അന്യായം ഇതുമാത്രമായിരുന്നു.

അവൾ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ തന്നോടുതന്നെ ഇങ്ങിനെ ഓരോന്നു് മന്ത്രിക്ക പതിവായിരുന്നു. ഞാൻ അപ്രകാരം ചെയ്തതു് കൃഷ്ണൻനായരുടെ അനുരാഗം സിദ്ധിപ്പാനുള്ള സംഭ്രാന്തികൊണ്ടു് മാത്രമായിരിക്കണം എന്നാണു് ഞാൻ വിചാരിക്കുന്നതു്. അയാളുടെ കണ്ണിൽനിന്നു്, അയാളുടെ അനുരാഗം സിദ്ധിച്ചാൽ ജീവിതകാലം എത്ര പരമാനന്ദമായിരിക്കും എന്നു് മനസ്സിലാക്കിയിരുന്നു. ഞാൻ അപ്പോഴൊന്നും വികസിക്കാത്ത ഒരു പെൺകുട്ടിയല്ലായിരുന്നു. ഒരു പൂർണ്ണയൗവനം തികഞ്ഞ സ്ത്രീയായിരുന്നു. ഒരു സ്ത്രീയുടെ ആശകളും ആവശ്യങ്ങളും, പുരുഷസ്പർശനകാംക്ഷയും എന്നെ ധാരാളം ബാധിച്ചിരുന്നു. ഒരു പെൺകുട്ടിയുടെ ജീവിതം എനിക്കു് കേവലം തൃപ്തികരമോ സമ്പൂർണ്ണമായൊ എനിക്കു് തോന്നിയിരുന്നില്ല. ഞാൻ അതിൽനിന്നു് ഉണർന്നു—അഥവാ അതും ഉപേക്ഷിച്ചു് സ്ത്രീത്വത്തിലേയ്ക്കു് കടന്നുചെല്ലുകയാണു് ചെയ്തതു്. കൃഷ്ണൻനായരെ! ഞാൻ അപേക്ഷിച്ച അനുരാഗം നിങ്ങൾ എനിക്കു് തന്നില്ല. അതുകൂടാതെ എനിക്കു് ജീവിക്കാൻ വിഷമമായിത്തോന്നി. അനുരാഗം കൂടാത്ത ജീവിതം അസാദ്ധ്യമെന്നുതോന്നി. അതു് മറ്റൊരാൾ തന്നപ്പോൾ ഞാൻ അതു് സ്വീകരിച്ചു. ഈശ്വരൻ എനിക്കു് മാപ്പുതരട്ടെ.

ഒരു പുരുഷന്നു് എത്ര വിലയില്ലാത്തെ വിധത്തിലാണു് ഒരു സ്ത്രീയുടെ അനുരാഗം സ്വീകരിക്കുന്നതു് എന്നു് അവൾ ആശ്ചര്യപ്പെട്ടു. അതുതന്നെ പ്രായപൂർത്തിവരാത്ത പൊൻകിടാവോടു് അപഹരിച്ചെടുക്കുക. അവൾക്കു് അന്നു് പതിനെട്ടു് വയസ്സുമാത്രമേ ആയിരുന്നുള്ളു. ആ ചെറുപ്രായത്തിലാണു്, അനുരാഗനിവൃത്തിക്കുവേണ്ടി, തന്റെ മാധുര്യവും, കാന്തിയും, ചാരിത്രശുദ്ധിയും അവൾ ബലികഴിച്ചുകളഞ്ഞതു്. ഈ കാര്യങ്ങളൊക്കെ ഇപ്പോൾ ഇദ്ദേഹം ഗൗരവമായി ആലോചിക്കാത്തതു് വെണ്മയും, സുന്ദരവും, മൃദുവും ആയ അവളുടെ ഭവിഷ്യത്തു് ആലോചിയാതെ അയാൾ അധീനത്തിലാക്കിയില്ലേ. അവൾ വഴങ്ങിക്കൊടുത്തതു് അവളുടെ അനുരാഗത്തിന്റെ ദിവ്യത്വവും കടുപ്പവുംകൊണ്ടു് മാത്രമായിരുന്നു. അങ്ങിനെതന്നെ ഒരു അനുരാഗം അദ്ദേഹത്തിന്റെ ഹൃദയത്തിലും ഉല്പാദിച്ചിട്ടുണ്ടെന്നു് അവൾ വിശ്വസിച്ചുപോയി. സ്ത്രീകൾക്കു് അനുരാഗം എന്നതു് ഒരുതരം സ്വാർത്ഥത്യാഗമാണു് ഒരു കീഴടങ്ങലാണു്. അതിന്റെ പ്രമാദമായ ഉല്ലാസംകൊണ്ടു് ബാക്കി സകലവും ബലികഴിപ്പാൻ അവൾ തയ്യാറുമാണു്. ഒരു ചെറിയ കന്യകയുടെ സഹജങ്ങളായ വിശ്വാസവും, ചാരിത്രശുദ്ധിയും മാനവും എത്രത്തോളം നിർമ്മലവും മാർദ്ദവവുമാണു്. ഇതൊക്കെ പുല്ലുവിലയാക്കി നാലുഭാഗത്തും വലിച്ചെറിവാൻ തക്കവണ്ണം രാജാവു് കൃതഘ്നനും കഠിനനും ആയിപ്പോയല്ലോ.

ഇതൊക്കെ പൊന്നിക്കു് ശരിയായി കാരണംമൂലം മനസ്സിലാക്കാൻ സാധിച്ചില്ല. പൊന്നിയുടെ മനസ്സു് അത്ര ശുദ്ധവും ലോലവുമായിരുന്നു. സകല കന്യകയുടെ ആത്മാവിന്റേയും പരിശുദ്ധമായ ഒരേടത്തു് ആരും കാണാതെ കാത്തിരിക്കുന്ന ഒരു ഗർഭിണിയുടെ ആരാധ്യങ്ങളായ അവകാശങ്ങളും അർഹതകളും പുരുഷന്മാർ ആദരിക്കുവാൻ പഠിക്കുന്നവരെ, സ്ത്രീകൾ എപ്പോഴും അത്ഭുതപ്പെട്ടും, അവശതപ്പെട്ടും വാഴേണ്ടിവരും.

ചിലപ്പോൾ ആണായി പിറന്ന സർവ്വരോടും അവൾക്കു് ഭയങ്കരകോപമുണ്ടായി.

ഉറങ്ങിക്കിടക്കുന്ന രാത്രിയോടു് ഉറങ്ങാതെ കിടക്കുന്ന ഇവൾ ഇങ്ങിനെ മന്ത്രിക്കാറുണ്ടു്. “ഞാൻ ആണുങ്ങളെ വെറുക്കുന്നു. ഞാൻ അവരെ കണക്കിലേറെ വെറുക്കുന്നു അവർ ക്രൂരന്മാരാണു്. അവർ വെറും സ്വാർത്ഥതല്പരന്മാരാണു്. അവർക്കു് യഥാർത്ഥാനുരാഗം ഇല്ല. അനുരാഗം എന്ന വാക്കു് ഉച്ചരിക്കാൻതന്നെ അവർ എങ്ങിനെ ധൈര്യപ്പെടും? അവർക്കു് വേണ്ടുന്നതൊക്കെ സിദ്ധിക്കുംവരെ, സ്ത്രീകളോടു് അവർ അനുരാഗത്തെപ്പറ്റി പറയുന്നതോ പച്ചക്കളവുകളാണു്. കാര്യം പറ്റിക്കാൻവേണ്ടിയുള്ള മിത്ഥ്യാലാപങ്ങളാണു്.” അതിൽപിന്നെ ഒരു കൗതുകകരമായ ആർദ്രതകൊണ്ടു് അവളുടെ ഹൃദയം നിറയും. അപ്പോൾ അവൾ ശബ്ദമുണ്ടാക്കാതെ കരയും. എല്ലാ പുരുഷന്മാരും അത്തരക്കാരല്ല. അവളുടെ കൃഷ്ണൻനായർ അങ്ങിനെ ഒരാളല്ല. രാജാവു് അവളോടു് കാണിച്ചപോലെ കൃഷ്ണൻനായർ ഒരിക്കലും അവളോടു് കാണിക്കുകയില്ലായിരുന്നു. അയാൾ ശാന്തനും ദീനദയാലുവും സ്ത്രീചാരിത്രരക്ഷകനുമായിരുന്നു. ഈ ഒരു വിചാരമാണു് അവൾക്കു് ധൈര്യം ഉണ്ടാക്കിക്കൊടുത്തതു്. തന്റെ ഹൃദയത്തെ രോഷമാകുന്ന ചെന്നായ കാരുമ്പോളൊക്കെ, അവൾ വിഷപ്പാമ്പിനെപ്പോലെ സ്പർദ്ധിക്കുകയും ക്രുദ്ധിക്കുകയും ചെയ്യാത്തതു് ഈ ഒരു വിചാരംകൊണ്ടുമാത്രമാണു്.

ഭാർഗ്ഗവിഅമ്മ അവളുടെ മാറ്റംകണ്ടു് മനസ്സിലാക്കി, അവളോടു് ഒരിക്കൽ മെല്ലെ ചോദിക്കുകയും ചെയ്തു. ആ അമ്മയ്ക്കു് പൊന്നിയെ വളരെ സ്നേഹമായിരുന്നു. പൊന്നിയുടെ തേജസ്സു് മങ്ങിപ്പോയിരുന്നു. അവളുടെ സരസമന്ദഹാസം അസ്തമിച്ചുപോയിരുന്നു. മെലിഞ്ഞും വിളറിയുംകൊണ്ടു് അവൾ സ്ക്കൂളിൽപോകുന്നതു് കണ്ടപ്പോൾ ആ സ്ത്രീക്കു് സങ്കടം ഉണ്ടായി. ഒന്നാമതു് കരാപുരത്തുവെച്ചും, രണ്ടാമതു് അവർ മടങ്ങി അമരേശത്തു് വന്ന സമയത്തും പൊന്നിയെ തനിയെ രാജാവിന്റെ കമ്പനിയിൽ ഇട്ടേച്ചതു്, തന്റെ സ്വന്തം ഉദാസീനതയും തെറ്റുമാണെന്നു് ആ സാധുസ്ത്രീ സ്വപ്നത്തിലുംകൂടി വിചാരിച്ചിരുന്നില്ല. പൊന്നിയുടെ മാറ്റംവന്ന ആകൃതിക്കു് കാരണഭൂതൻ രാജാവാണെന്നു് ആ സ്ത്രീക്കു് ഒരു ഊഹവുംകൂടി ഉണ്ടായിരുന്നില്ല. അവളുടെ യുവമനോരഥസ്വപ്നത്തിൽ ദീപിക്കുന്ന നായകൻ കൃഷ്ണൻനായരായിരിക്കുമോ എന്നു് ആ സ്ത്രീ ഒന്നിലേറെപ്രാവശ്യം സംശയിച്ചു. പൊന്നി സഫലമായിവരാത്ത ഒരു അനുരാഗത്തിന്റെ അടിമയായിപ്പോവാൻ വല്ല സംഗതിയും ഉണ്ടായൊ എന്നും ആ സ്ത്രീ വിചാരിക്കാതിരുന്നിട്ടില്ല.

എന്നാൽ പൊന്നി, അവളുടെ ഗോപ്യമായ അവസ്ഥ ബാക്കി ആരും അറിയാതെ ഗോപ്യമായിത്തന്നെ സൂക്ഷിച്ചുവെച്ചു. രാജാവുമായ കൂടിക്കാഴ്ചകഴിഞ്ഞിട്ടു് ഏഴുദിവസമായപ്പോൾ, ഒരു ദിവസം രാവിലെ അവൾ ഏറ്റവും ഇഷ്ടപ്പെടുന്ന ചില സാധനങ്ങൾ ഇട്ടുവെച്ചു് ഒരു കൈസഞ്ചിയും എടുത്തു് അവൾ വീട്ടിൽനിന്നു് പുറത്തുവന്നു. പോയതു് രാജാവിനെത്തേടിയായിരുന്നു.

രാജാവിന്നു് വേണ്ടുന്ന ഒരുക്കങ്ങൾ ഒക്കെ ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചെയ്തുവെയ്ക്കാൻ സാധിച്ചു. പണമുണ്ടായാൽ എന്തു് കാര്യമാണു് സാധിക്കാത്തതു്. പൊന്നി ശീതംകളയുന്ന ഒരു തീച്ചട്ടിയുടെ അരികെ സുഖമായി ഇരുന്നിരുന്നു. ഉണ്ണാൻ എന്ന ഭാവത്തിൽ മാത്രമായിരുന്നു. അയാളുടെ ഏർപ്പാടിന്റെ സകല വിവരങ്ങളും രാജാവു് പൊന്നിയെ പറഞ്ഞുകേൾപ്പിച്ചു.

അയാൾ ഒരു പരിചയമുള്ള പെറ്റിച്ചിയെ (നേർസിനെ) മാസപടിക്കു് നിർത്തിയിരുന്നു. ദേവാരത്തിന്റെ, ദൂരെ ഒരു മൂലയ്ക്കു് അവൾക്കു് നല്ലൊരു പഴയവീടുണ്ടായിരുന്നു. അവൾ ദയയുള്ളവളും, വേണ്ടതു് വേണ്ടുന്നസമയത്തു് പ്രവർത്തിക്കുവാൻ വയ്ക്കുന്നവളും ആയിരുന്നു. പൊന്നിക്കു് ഒരു വിറ ഉണ്ടായി. അവളുടെ ദ്രോഹംതീരുന്നവരെ ഈ നേർസല്ലെ അവളെ പരിപാലിക്കേണ്ടതു് എന്നും അവൾക്കു് തോന്നി.

നേർസ്:
പേടിക്കേണ്ട. മാലാകാരം ക്ഷണംതീരും.
പൊന്നി:
(കോപത്തോടെ) എന്റെ തല്ക്കാലാവസ്ഥ മാലാകാരമായി വിചാരിക്കരുതു്. ഞാൻ വിവാഹിതയായിരുന്നു എങ്കിൽ നീ അങ്ങിനെ പറയുകയില്ലായിരുന്നു.
നേർസ്:
വേണ്ടെ! എന്നാൽ അതു് നിന്റെ ഭാഗ്യമണെന്നു് ഞാൻ വിചാരിച്ചുകൊള്ളാം.
പൊന്നി:
ഒരു റജിസ്തർ ആഫീസിൽചെന്നു്, രണ്ടുമൂന്നുറുപ്പിക കൊടുത്തിരുന്നു എങ്കിൽ നിന്റെ അവസ്ഥയ്ക്കു് എത്രകാര്യമായ ഭേദം സിദ്ധിച്ചുപോകുമായിരുന്നു. എത്ര നന്മയും, മാനവും ഉണ്ടാകുമായിരുന്നു.

ഇതു് കേട്ടപ്പോൾ രാജാവു് പുച്ഛരസത്തോടെ ഒന്നുചിരിച്ചു.

പൊന്നി:
അങ്ങുന്നേ! ഇളിച്ചുകാട്ടുക ഒന്നുംവേണ്ട. വിവാഹിതയല്ലാത്ത ഒരു ഗർഭിണിയോടു് ലോകം ഇത്രനിർദ്ദയമായി പെരുമാറുന്നതു് എന്തുകൊണ്ടായിരിക്കും. തമാശയല്ല ഗർഭമുണ്ടാക്കിയ പുരുഷനെപ്പറ്റി ഒരു ചിന്തയും ഇല്ലാത്തതു് എന്തുകൊണ്ടാണു്?
രാജാ:
പെണ്ണുങ്ങളെപ്പോലെ ഗർഭലക്ഷണങ്ങൾ, ഗർഭമുണ്ടാക്കിയ പുരുഷന്മാർക്കു് സ്പഷ്ടമായി കാണിക്കാൻ ഒന്നും ഇല്ലാത്തതുകൊണ്ടായിരിക്കും. ഗർഭത്തിന്നു് ഉത്തരവാദികൾ ഇന്നവരാണെന്നു് എങ്ങിനെ നിർണ്ണയിക്കാനാണു്. അങ്ങിനെ അല്ലേ!
പൊന്നി:
എന്തുകൊണ്ടാണെന്നു് ഞാൻ നിങ്ങളോടു് പറഞ്ഞുതരാം. പണ്ടു് എന്റെ തലയിൽ കടക്കാത്ത പല സംഗതികളെപ്പറ്റിയും, ഞാൻ ഇയ്യിടെ കുറെക്കാലമായിട്ടു് വിചിന്തനം ചെയ്തിട്ടുണ്ടു്. താന്താങ്ങളുടെ രക്ഷയ്ക്കുവേണ്ടി വിവാഹിതകളായ സ്ത്രീകളാണു് ഈ ക്രൗര്യത്തിന്റേയും, കാപട്യത്തിന്റേയും അടയാളമായ ഒരു അനാവശ്യനിരോധനം നിലനിർത്തിപ്പോരുന്നതു്. എന്നെപ്പോലെയുള്ള യുവതികൾക്കു് ദ്രോഹം നേരിടുന്നതു് സ്ത്രീകൾ യാതൊരു തടസ്ഥവുംകൂടാതെ, ചോദിച്ചമാത്രയിക് വഴിപ്പെട്ടുകൊടുത്താൽ ആണുങ്ങൾ ബുദ്ധിമുട്ടും പണച്ചിലവും വേണ്ടിവരുന്ന വിവാഹജീവിതത്തിന്നു് ഒരുമ്പെടുകയില്ല എന്നു് അവർക്കു് അറിയാം. സ്ത്രീകൾ പുരുഷന്മാരോടു് പറയുന്നവാക്കുകളുടെ സാരം എന്തെന്നുവെച്ചാൽ—ഞങ്ങളെ അധീനത്തിൽ വരുത്തേണമെങ്കിൽ വേണ്ടപ്പെട്ട ആളുടെ സമ്മതം വാങ്ങണം—വേണ്ടപ്പെട്ട അധികാരികളെ അറിയിക്കണം. നിങ്ങളുടെ വരവിന്നു് അനുസരിച്ചു് ഞങ്ങളെ ഭംഗിയായി കൊണ്ടുനടക്കണം യാതൊരു സങ്കോചമോ, തടസ്ഥമൊ ഇല്ലാതെ, ഉല്ലാസത്തോടും ഹൃദയപൂർവ്വമായും ഒരു പുരുഷന്നു് വഴിപ്പെട്ടുകൊടുക്കുന്ന സ്ത്രീകളെ, തന്നെപ്പോറ്റികളായ ഈ കൂട്ടരാണു് എന്നും നിന്ദ്യസ്ഥാനത്തുവെച്ചുകളയുന്നതു്.
രാജാ:
(ആലോചിച്ചിട്ടു്) അതൊന്നും ഭേദപ്പെടുത്തുവാൻ നിണക്കു് സാധിക്കില്ല പൊന്നീ, അവർ ധൈര്യമില്ലാത്തവരായിരിക്കും. ഭീരുക്കളായി ഇരുന്നുകളയുന്നതാണു് സമുദായത്തിൽനിന്നു് ബഹിഷ്കരണം ചെയ്തുപോകുന്നതിനേക്കാൾ നല്ലതു്. നീ പറയുന്നതൊക്കെ സത്യമാണുതാനും. ലക്ഷംജനങ്ങൾ നീ പറയുന്നതു് ശരിയാണെന്നു് സമ്മതിക്കും. അതിൽ പത്താളുകൾ പരസ്യമായി സമ്മതിക്കുവാൻ ധൈര്യപ്പെടുമോ എന്നു് സംശയമാണു്.
പൊന്നി:
(പുച്ഛമായിട്ടു്) എന്നാൽ അവരൊക്കെ ധൈര്യമില്ലാത്തവരാണു്.
രാജാ:
അവർ ധൈര്യമില്ലാത്തവരായിരിക്കും. എന്നാൽ ഭീരുക്കളായിത്തന്നെ ഇരുന്നുകളയുന്നതാണു്, സമുദായത്തിൽനിന്നു് കേവലം ബഹിഷ്കരണം ചെയ്തുപോകുന്നതിനേക്കാൾ നല്ലതു്.
പൊന്നി:
ഈ ഭീരുത്വം, ഈ ദുരവസ്ഥയെ പിന്നേയും ചീത്തയാക്കുന്നില്ലേ! ഞാൻ ഏതായാലും ഒരു ഭീരുവായി ഇരുന്നുകളവാൻ വിചാരിക്കുന്നില്ല. തെളിവുവേണമെങ്കിൽ എന്നോടു് കെട്ടിക്കൊൾവാൻ പറഞ്ഞു. നിങ്ങൾ തന്ന മംഗല്യസൂത്രം ഇതാ ഞാൻ നിങ്ങൾക്കുതന്നെ മടക്കിത്തരുന്നു. അഥവാ വേണ്ട.

അവൾ കുറിതെറ്റാതെ തീച്ചട്ടിയിലേയ്ക്കു് എറിഞ്ഞു. രാജാവു് ഉച്ചത്തിൽ നിശ്വസിച്ചു. അവളുടെ പെട്ടെന്നുള്ള തോന്നൽ നിരസിച്ചു. പൊന്നിയെ അയാൾ എപ്പോഴും യഥാർത്ഥമായി സ്നേഹിച്ചിരുന്നു. ബാക്കി ഒരു സ്ത്രീയെക്കൊണ്ടും സാധിക്കാത്തവിധത്തിൽ പൊന്നി അയാളെ ആശ്വസിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്തിരുന്നു. അയാൾ ഒന്നാമതു് കാണുമ്പോൾ അവൾ എത്ര മധുരസ്വരൂപിണി ആയിരുന്നു എന്നും അയാൾക്കു് ഓർമ്മവന്നു. അവൾ, അവളെ പൊത്തിപ്പിടിച്ചുകൊണ്ടു്, അനുരാഗവും മന്ത്രിച്ചുകൊണ്ടു് കഴിച്ചുകൂട്ടിയ, ആ ഹൃദയം തുടിപ്പിക്കുന്ന മോഹനരാത്രികളെപ്പറ്റി അയാൾ വിചാരിക്കാത്ത ദിവസമുണ്ടായിരുന്നില്ല. ഒരു സമയം അന്നു് അയാൾ അനുരാഗിച്ചിരുന്നില്ല—കാമിച്ചതെയുള്ളു. ശരിയായിട്ടുള്ള അനുരാഗം സ്വാഭാവികമായി അദ്ദേഹത്തിന്നു് ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. അതു് ക്രീഢയ്ക്കുമാത്രംനോക്കുന്ന കാമത്തിന്റെ പരമശത്രുവാണു്. അതിന്നുപകരം അദ്ദേഹത്തിന്നു് ഇപ്പോൾ അവൾക്കു കൊടുപ്പാൻ സാധിക്കുന്ന ഏറ്റവും വിശേഷമായ സാധനം അവൾക്കു കൊടുപ്പാൻ അയാൾക്കു കാംക്ഷയുണ്ടായി.

അയാൾ അവൾ ഇരുന്ന കസേലയുടെ അടുക്കെചെന്നു കുനിഞ്ഞുനിന്നു.

രാജാ:
കാര്യമെല്ലാം ശുഭമായി കലാശിച്ചുകഴിഞ്ഞാൽ, പൊന്നു, നീ എന്നെ വിവാഹംചെയ്വാൻ ആഗ്രഹിക്കുന്നു.
പൊന്നി:
ഇപ്പോൾ പാടില്ലേ.

ലോഹത്തിന്നുമുട്ടുമ്പോലെയുള്ള ധ്വനി അവളുടെ ശബ്ദത്തിന്നുണ്ടായിരുന്നു.

രാജാ:
(ചുമൽ ഇളക്കീട്ടു്) ശരി. അതു് കുറെ അമാന്തമായിരിക്കും. എന്റെ ഭാര്യ മരിച്ചിട്ടു് പെരുത്തുനാളായിട്ടില്ല. നീയും നല്ലകോലത്തിലല്ല. സകലവും അതിനു് എതിരായിട്ടാണു് കാണുന്നതു്.
പൊന്നി:
ഒരു കുറവു് പ്രത്യേകിച്ചും മുഴച്ചുനില്ക്കുന്നുണ്ടു്.

പൊന്നിയുടെ കണ്ണുകൾക്കു് ഉണർവ്വില്ലായിരുന്നു. അവളുടെ ശബ്ദത്തിന്നും ജീവനില്ലായിരുന്നു.

രാജാ:
(അസ്വസ്ഥതായിട്ടു) നേരൊ? എന്താണതു്?
പൊന്നി:
അനുരാഗം. നിങ്ങൾ യഥാർത്ഥത്തിൽ എന്നെ അനുരാഗിച്ചിരുന്നു എങ്കിൽ, വിവാഹംകൊണ്ടു്, ലോകത്തിന്റെ കപടനിന്ദയുടെ തീക്ഷ്ണതയിൽനിന്നു് എന്നെ പണ്ടെങ്ങാൻ രക്ഷിച്ചുകളയുമായിരുന്നു.
രാജാ:
അതു് എനിക്കു സാധിച്ചില്ല. അതു് എന്റെ ഭാവിശ്രേയസ്സിന്നു ഹാനികരവുമായിരുന്നു.
പൊന്നി:
എന്റെ ജീവിതദശയ്ക്കു പറ്റിപ്പോയ ആപത്തും ഹാനിയും ഒന്നും എണ്ണത്തിൽ പെടുത്താനില്ലായിരുന്നു. അല്ലെ! ഞാൻ നിങ്ങളെ അതിന്നു നിർബ്ബന്ധിക്കുന്നുണ്ടെന്നു വിചാരിച്ചുപോകരുതു്. മാനത്തോടുകൂടിയ ഒരു വിവാഹത്തിന്നു ഞാൻ ഇപ്പോൾ അർഹയല്ലെങ്കിൽ അഞ്ചാറുമാസം കഴിയുന്നതുകൊണ്ടുമാത്രം ഞാൻ അതിന്നു് അർഹയായിത്തീരുകയില്ല.

രാജാവു് അക്ഷമനായെങ്കിലും കോലം മാറ്റിയില്ല.

രാജാ:
(വഴങ്ങുന്ന മന്ദഹാസത്തോടെ) നിന്റെ കുട്ടിക്കളി ഇനിയും വിട്ടുപോയിട്ടില്ല പൊന്നീ!

ഒരുസമയം അദ്ദേഹത്തിന്റെ അഭിപ്രായം ശരിയായിരിക്കാൻ മതി. അന്നു വയസ്സുകൊണ്ടും പ്രകൃതികൊണ്ടും അവൾ ഒരു കുട്ടിതന്നെ ആയിരുന്നു. അല്ലാതെ പോയിരുന്നാൽ, ഇയ്യാളുടെ വലയിൽനിന്നു് അവൾ രക്ഷപ്പെട്ടുപോകുമായിരുന്നു.

പൊന്നി:
ഞാൻ കുട്ടി ഒന്നും അല്ല. ഞാൻ സങ്കടം എന്തെന്നു് നല്ലവണ്ണം അറിഞ്ഞ ഒരു സ്ത്രീയാണു്. ഇനിയും വളരെ അറിവാനുള്ള യോഗവുംകൂടി ഉണ്ടു്. എന്നാൽ നിങ്ങളോടു് ഞാൻ ഒരു കാര്യം പറഞ്ഞുതരാം. നിങ്ങളെ ഞാൻ ഒരിക്കലും വിവാഹം കഴിക്കയില്ല. ഇല്ല എന്നതു് ഉറപ്പാണു്. ഇല്ല എന്നു് ഒന്നുകൂടി ഞാൻ പറയുന്നു. (ഇതു് പറയുമ്പോൾ അവളുടെ വാക്കിന്നു് ശക്തികൂട്ടുവാനായി കസേലയുടെ കൈയ്ക്കു് അവൾ രണ്ടുമൂന്നുവട്ടം കുത്തി) നിങ്ങളേയും നിങ്ങളുടെ തരക്കാരേയും മുഖത്തു് തുപ്പിപ്പോകുംപ്രകാരം ഞാൻ വെറുക്കുന്നു. എനിക്കു് ജനിക്കാൻ പോകുന്ന കുട്ടിയുടെ നിസ്സഹായത വിചാരിച്ചാലുംകൂടി ഞാൻ നിങ്ങളെ വിവാഹം ചെയ്വാൻ ഒരുമ്പെടുകയില്ല.

രാജാവിന്റെ മേന്മയ്ക്കും ഡംഭത്തിന്നും മുറിയേറ്റപ്പോൾ അയാൾ ഒന്നുഞെട്ടി. കോപംകൊണ്ടു് അയാളുടെ മുഖം കറുത്തു.

രാജാ:
അനേകമാസം കഴിഞ്ഞുവരുന്ന ഒരു കാര്യത്തെപ്പറ്റി ഇപ്പോൾ ഗുണദോഷിച്ചിട്ടു് ഫലമെന്താണു്. നമ്മൾ യാത്രയ്ക്കൊരുങ്ങുക.
പൊന്നി:
“ഒരിക്കലും നോക്കാത്തകാര്യത്തെപ്പറ്റി” എന്നാണു് നിങ്ങൾ പറയേണ്ടതു്.

രാജാവു് ഏർപ്പെടുത്തിയ ഭവനം ദേവാരത്തിലെ ഒരു വലിയ പഴയ ഭവനം ആയിരുന്നു. അവിടേയ്ക്കായിരുന്നു രാജാവും, നേർസും, പൊന്നിയും തീവണ്ടിവഴിയായിപ്പോയതു്.

ഇരുപതാം അദ്ധ്യായം

ഭാർഗ്ഗവിഅമ്മ ഭയത്തോടും വ്യസനത്തോടുംകൂടെ പൊന്നി ഒളിച്ചുപൊയ്ക്കളഞ്ഞ വിവരം കൃഷ്ണൻനായരെ അറിയിച്ചു. കൃഷ്ണൻനായർക്കു് വളരെ അസ്വസ്ഥത ഉണ്ടായി എന്നു് പറയുന്നതുകൊണ്ടു് മാത്രം അദ്ദേഹത്തിന്റെ കഠിനമായ മനോവേദനയും ഭയവും ഇത്രയാണെന്നു് ഗണിക്കുവാൻ പര്യാപ്തമാകയില്ല.

ഒരു ചെറിയ കത്തു് അദ്ദേഹത്തിന്റെ വിലാസത്തിൽ പിയ്യാനോവിന്റെ മേലെ വെച്ചിരുന്നു. അതിൽ വിശേഷിച്ചു് വിവരമൊന്നും ഇല്ലായിരുന്നു. അവളോടു് അദ്ദേഹം കാണിച്ച ദയയ്ക്കൊക്കെ അയാളോടു് നന്ദി പറഞ്ഞിരുന്നു. അവൾക്കു് ആപത്തൊന്നും വരാനിടയില്ലെന്നു് അവൾക്കു് സുഖമാണെന്നും, അദ്ദേഹത്തിന്നു് അയാളെപ്പറ്റി സങ്കടപ്പെടാനൊന്നുമില്ലെന്നു് അറിയിച്ചിരുന്നു. അവൾ മരിക്കുന്നവരെ അദ്ദേഹത്തോടു് നന്ദിയുള്ളവളായിരിക്കും എന്നുകൂടി റിക്കാർഡാക്കായിരുന്നു.

ആ ചെറിയ കത്തു് വായിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. അദ്ദേഹത്തിന്റെ ഇരുപത്താറുവയസ്സിന്നിടയിൽ, ആ ചുളിഞ്ഞുമുഷിഞ്ഞ കടലാസിന്റെ തുണ്ടംപോലെ യാതൊന്നും ഇതുവരെ വേദനപ്പെടുത്തിയിരുന്നില്ല.

അദ്ദേഹത്തിന്റെ വിശേഷപ്പെട്ട ബങ്കളാവിൽ യാതൊന്നിലും തൃഷ്ണയില്ലാതേയും ദുസ്സഹമായ ശല്യം അനുഭവിച്ചും അയാൾ ഏകനായി ഇരുന്നിരുന്നു. ഭംഗിയുള്ള കൊത്തുപണികൾ പ്രദർശിപ്പിക്കുന്ന കസേല മേശ മുതലായ പല സാമാനങ്ങളും ആ ഭവനത്തിൽ ഉണ്ടായിരുന്നു. ആനക്കൊമ്പു് പതിച്ച അനേകം സാമാനങ്ങളും, ആനക്കൊമ്പുകൊണ്ടുള്ള പല പ്രതിമകളും അവിടെ ഉണ്ടായിരുന്നു. വെള്ളിപ്പാത്രങ്ങളും സ്വർണ്ണാഭരണങ്ങളും രത്നങ്ങൾ പതിച്ച പൊൻഭൂഷണങ്ങളും അവിടെ ഉണ്ടായിരുന്നു. വിലമതിക്കാൻ പാടില്ലാത്ത വലിയ ചിത്രങ്ങളും കണ്ണാടികളും അവിടെ സുലഭമായുണ്ടായിരുന്നു. ചിത്രപ്പണിയുള്ള പരവതാനികളും അവിടെ വെറും നിലത്തു് വിരിച്ചുവെച്ചിരുന്നു. പൊന്നിക്കു് സുഖവും രക്ഷയും ഉണ്ടെന്നു് സൂക്ഷ്മവിവരം അറിഞ്ഞാൽ അയാൾ ഇതൊക്കെ ആ സന്തോഷവർത്തമാനംകൊണ്ടു് വരുന്ന ആൾക്കു് സമ്മാനമായി കൊടുത്തുകളവാൻകൂടി അദ്ദേഹത്തിന്നു് മടിയില്ലായിരുന്നു.

എന്തോ ഒരു ആപത്തിന്റെ ഭയങ്കരബോധം അയാളെ അവശനാക്കി. എന്തൊ ഒരുതരം നിഷ്ഠൂരമായ അപകടം തന്റെ പ്രേമഭാജനമായ പൊന്നിക്കു് നേരിട്ടിട്ടുണ്ടെന്നു് അയാൾക്കു് തോന്നി. വിവരിച്ചുകൂടാത്ത വിധത്തിലാണെങ്കിലും, അവ്യക്തമായിട്ടാണെങ്കിലും, അയാൾ ഹൃദയപൂർവ്വം സ്നേഹിച്ചിരുന്ന പെൺകിടാവു് ഭയങ്കരവിപത്തിൽ പെട്ടിട്ടുണ്ടെന്നു് യഥാർത്ഥഭാവത്തിൽ അയാൾക്കു് തോന്നി.

പൊന്നിയുടെ പണ്ടത്തെ ഭവനത്തിൽ അയാൾ ചെന്നുനോക്കി. ഫലമൊന്നും ഉണ്ടായില്ല. അയാൾ സി. ഐ. ഡി. പോലീസിനെ കെയിസ്സ് തുമ്പുണ്ടാക്കാൻ ഏല്പിച്ചു. പോരാഞ്ഞിട്ടു് കുറ്റാന്വേഷണത്തിൽ വിദഗ്ദ്ധനായ ഒരു പെൻഷ്യൻ ഇൻസ്പക്ടരേയും ഈ കാര്യത്തിൽ നിയമിച്ചു.

വളരെ ദിവസത്തോളം അദ്ദേഹത്തിന്നു് ഉറക്കമുണ്ടായിരുന്നില്ല. അയാളുടെ കണ്ണുകൾ കുണ്ടിൽ പാഞ്ഞു. അയാളുടെ വായ ഇടുങ്ങിപ്പോയി. അയാളുടെ ചെള്ളകൾ രക്തപ്രകാശമില്ലാതായി. സങ്കടംതോന്നിപ്പോകുംപ്രകാരം ഒട്ടിപ്പോകയും ചെയ്തു. നഗരത്തിൽ ഏകാകിനിയായി, സുന്ദരിയായി, നിർദ്ധനയായി, നിസ്സഹായയായി, നിഷ്കളങ്കയായ ഒരു യുവതിക്കു് നേരിടാനിടയുള്ള അനർത്ഥങ്ങളെപ്പറ്റി വിചാരിച്ചുനോക്കിയപ്പോൾ പ്രകൃത്യാ മനഃശ്ശക്തി ധാരാളം ഉണ്ടായിരുന്ന, അദ്ദേഹത്തിന്റെ വിചാരത്തിന്നുകൂടി ഒരു അതിരും, വെളിവും, ശാന്തിയുമില്ലാതായി. അദ്ദേഹത്തിന്റെ കരിപോലെ കറുത്തമുടിയിൽ, ഇടയ്ക്കിടെ നരച്ചരോമം ഒരു ആഴ്ചകൊണ്ടു് പ്രത്യക്ഷപ്പെട്ടു. ഒരു ദ്രോഹിക്കപ്പെട്ട സാധുമൃഗത്തിന്റെ കണ്ണുകൾപോലെ അദ്ദേഹത്തിന്റെ കണ്ണുകളും ക്ഷീണംപിടിച്ചപോലെ നിഷ്രഭമായി.

അദ്ദേഹത്തിന്നും, പരതിനടപ്പാൻ നിയോഗിച്ച സേനയ്ക്കും, പണിതുടരാനായി ദൃഷ്ടാന്തമായി എണ്ണാവുന്ന ആരംഭചിഹ്നങ്ങൾതന്നെ കിട്ടിയിരുന്നില്ല. പൊന്നി കണ്ടുപിടിക്കത്തക്കവണ്ണം യാതൊരു വലിയ സാമാനങ്ങളും കൂടെ കൊണ്ടുപോയിരുന്നില്ല. ഭാർഗ്ഗവിഅമ്മ പൊന്നിയേയും തിരഞ്ഞു് അടുത്തുണ്ടായിരുന്ന കുറ്റിക്കാടുകൾ മുഴുവനും പരിശോധിച്ചു. കാലുളുക്കിപ്പോയിട്ടു് പൊന്നി അവിടെ എങ്ങാനും വീണുകിടക്കുന്നുണ്ടാകും എന്നാണു് ആ സ്ത്രീയുടെ ഊഹം. സഹായിപ്പാൻ കൂടിയ കൂട്ടർക്കു് മുഴുവൻ ഉത്സാഹമുണ്ടായിരുന്നു. ചിലർ ന്യൂസ്പേപ്പറിൽ വിവരിച്ചെഴുതണം എന്നഭിപ്രായപ്പെട്ടു. അതു് മദിരാശിയിൽനിന്നു് മടങ്ങി എത്തിയ രാജാവായിരുന്നു. ആ ഭാരം അയാളെത്തന്നെ ഏല്പിച്ചു. ദുർഗ്ഗമ്മയുംകൂടി സഹായിപ്പാൻ ശ്രമിച്ചു. ആ സ്ത്രീക്കു് യാതൊരു ഗുണവും ഇതുകൊണ്ടു് സിദ്ധിക്കുകയില്ലെന്നു് ദൃഢമായ ഒരു വിശ്വാസവുംകൂടി ഉണ്ടായിരുന്നു. ആ പെണ്ണിന്നു് നന്നാകേണ്ടുന്ന വിചാരംതന്നെ ഇല്ലെന്നു് ആ സ്ത്രീ പണ്ടേ മനസ്സിലാക്കിയിരുന്നു. എന്നു് തന്റെ മകൾ കേൾക്കാതെ ആ അമ്മ പ്രസ്താവിച്ചു.

ആഴ്ചകൾ ഇങ്ങിനെ ഓരോന്നോരോന്നായി ഇഴഞ്ഞു് പോയിത്തുടങ്ങി. ഓണം ഓണത്തേയും, വിഷു മറ്റൊരു വിഷുവേയും ഭൂമിയിൽ ഇറക്കി. പൊന്നിയുടെ വിവരം ആർക്കും അറിവു് കിട്ടിയില്ല.

തന്റെ ജീവിതത്തിന്റെ പ്രകാശം കെട്ടുപോയി എന്നു് കൃഷ്ണൻനായർക്കു് തോന്നി. സൂര്യചന്ദ്രന്മാർ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊള്ളട്ടെ. വസന്താദി ഋതുക്കളും വന്നും പോയും കൊണ്ടിരിക്കട്ടെ. നിരന്തരം വീശുന്ന വായു വൃക്ഷങ്ങളുടെ ഇലകളെക്കൊണ്ടു് നൃത്തം വെപ്പിക്കട്ടെ. സമുദ്രം തിരമാലകൾകൊണ്ടു് തീരം തകർത്തുകൊള്ളട്ടെ. പക്ഷികളും പ്രാണികളും നിലവിളിച്ചുകൊള്ളട്ടെ. ഇതൊന്നും അയാൾക്കു് ആശ്വാസജനകമായ ഒരു അറിയിപ്പു് കൊണ്ടുവന്നുകൊടുത്തില്ല.

നീലനിറമായ ആകാശത്തിന്റെ നിസ്സീമമായ വിതാനത്തിൽനിന്നു് നക്ഷത്രങ്ങൾ മിന്നട്ടെ. അതും അദ്ദേഹത്തിന്നു് ഒരു കൗതുകകരമായ കാഴ്ചയായി തോന്നിയില്ല. ഹേമന്തകാലം വരട്ടെ. അതു് തന്റെ ഹൃദയംപോലെ തണുപ്പും ശൂന്യവുമായിരിക്കും. എന്തുകൊണ്ടെന്നാൽ തന്റെ ആത്മാവിനെക്കാളും താൻ അനുരാഗിക്കേണ്ടിവന്നുപോയ സ്ത്രീരത്നത്തെ തനിക്കു് നഷ്ടംവന്നുപോയിരിക്കുന്നു.

ഇരുപത്തൊന്നാം അദ്ധ്യായം

ഏതുമാതിരിയിലും, നല്ലവണ്ണം പൊടിച്ചുവളരുംപ്രകാരം നടാവുന്ന ഒരുതരം അസാധാരണ വൃക്ഷമാണു് ക്ഷമ. എത്രമോശമായ മണ്ണിലുംകൂടി പുല്ലുനീക്കി വളമിട്ടാൽ ക്ഷമയാകുന്ന വൃക്ഷം തെഴുത്തുവരാതിരിക്കയില്ല. എന്നാൽ ഹൃദയമാകുന്ന ഭൂമിയിൽ അതു് നട്ടാൽ മനുഷ്യന്മാർ ഒന്നാമതു് ശ്രമിച്ചുനോക്കേണ്ടതാണു്. അതിന്നു് ഒരു അവസരം കൊടുക്കേണ്ടതാണു്.

എന്നാൽ പൊന്നിയുടെ ഗുണങ്ങളിൽ ഒന്നു് ക്ഷമയല്ല. എന്നാൽ ദേവാരത്തിലെ കുറ്റിക്കാടുനിറഞ്ഞ ഒരു വിസ്തൃതമായ തരിശുസ്ഥലത്തിന്റെ വക്കിലുണ്ടായിരുന്ന പാപ്പിയമ്മയുടെ പഴയവീട്ടിൽ പാർക്കുമ്പോൾ അനുഭവിക്കേണ്ടിവന്ന ഏകാന്തവാസംകൊണ്ടു്, അവൾ മന്ദംമന്ദം, ക്ഷമയും തത്വജ്ഞാനവും സമ്പാദിച്ചു് തുടങ്ങീട്ടുണ്ടു്. ക്ഷമ ആസ്തികന്മാരുടെ നന്മയും, തത്വം നാസ്തികന്മാരുടെ രക്ഷയുമാണെന്നു് ചിലർ പറയുന്നതു് കേട്ടിട്ടുണ്ടു്. എന്നാൽ പൊന്നി ആസ്തികത്തിന്റേയും, നാസ്തികത്തിന്റേയും ഉരുക്കിവാർത്ത ഒരു വല്ലാത്ത കൂട്ടാണു്.

പാപ്പിഅമ്മയെ കണ്ടാൽ ഒരു മാതൃസ്ഥാനം വഹിച്ചവളാണെന്നു് തോന്നും. അവളുടെ യൗവന്യം കുറിക്കുന്ന നേത്രങ്ങളും, ഔൽസുക്യം കുറിക്കുന്ന മുഖവും കാണുമ്പോൾ അവളുടെ വെളുത്ത മുടിയും, സങ്കടവും അതൃപ്തിയും കുറിക്കുന്ന വായും, ഒരു വിപരീതാഭിപ്രായം ജനിപ്പിക്കുമാറു് അസ്ഥാനത്തിലാണെന്നു് തോന്നിപ്പോകുന്നു. അവൾ രാജാവിൽനിന്നു്, ആരും അധീനമായ്പോകുന്ന ഒരു വലിയ സംഖ്യ സ്വീകരിച്ചിരുന്നു. ഇതിന്നു് പകരമായി അവൾ ചെയ്യേണ്ടുന്ന ജോലി, പൊന്നിയെ നോക്കിനടക്കുക എന്നതു് മാത്രമാണു്. പ്രസവത്തിന്നു് സമയമാകുമ്പോൾ പൊന്നിക്കു് വേണ്ടപ്പെട്ട ശുശ്രൂഷകൾ ചെയ്ക എന്നതാണു് മുഖ്യമായ മറ്റൊരുജോലി. ഈമാതിരി ജോലിയിൽ പ്രവേശിച്ചു് പണം സമ്പാദിക്കണം എന്നു് വിചാരിക്കുന്ന ഒരു രാക്ഷസിയൊന്നുമല്ല അവൾ. അവൾക്കു് അത്യാവശ്യമായി വേണ്ടുന്ന ഒരു ഘട്ടം നേരിട്ടിരുന്നു. അതുകൊണ്ടു് മാത്രമാണു് ഈ ജോലി ഏറ്റെടുത്തതു്.

നഗരത്തിൽനിന്നു് ദേവാരത്തേയ്ക്കു് വരുമ്പോൾ പൊന്നിയുടെകൂടെ ഉണ്ടായിരുന്ന, ജോലിശീലമുള്ള നേർസ്, ഈ പാപ്പി അമ്മതന്നെ ആയിരുന്നു. അന്നുതന്നെ പൊന്നിക്കു് അവളെ ബോധിച്ചുപോയിരുന്നു. പാപ്പിഅമ്മ, താൻ ഒരു വിധവയാണെന്നും, വളരെക്കലത്തോളം നഗരത്തിലെ ഒരു വലിയ ആസ്പത്രിയിൽ നേർസായിരുന്നു എന്നും പറഞ്ഞുകൊടുക്കുമ്പോൾ, പൊന്നിയുടെ ഇടത്തെ കയ്യുടെ മൂന്നാമത്തെ വിരലിന്മേൽ മോതിരവും, കഴുത്തിൽ മംഗല്യസൂത്രവും കാണാഞ്ഞിട്ടു്, ഇവൾ അഗ്നിസാക്ഷിയായി വിവാഹംചെയ്യപ്പെട്ട ഒരു ഭാര്യയല്ലെന്നു് കണക്കാക്കി. പൊന്നിക്കു് ലോകത്തെ ബോധിപ്പിക്കാൻ അതൊക്കെ ചെയ്യാമായിരുന്നു. എന്നാൽ കാപട്യം ഏതുസമയത്തും വെറുക്കുന്നവളാണു് പൊന്നി. അവളുടെ തല്ക്കാലാവസ്ഥ വിവരിച്ചുകൊടുപ്പാൻ പൊന്നി യാതൊരുശ്രമവും ചെയ്തില്ല. മിണ്ടായ്മയാണു് കളവേക്കാൾ നല്ലതെന്നു് അവൾക്കുതോന്നി. രാജാവു് പാപ്പിഅമ്മയെ പറഞ്ഞുധരിപ്പിച്ചതു്, പൊന്നി തന്റെ തറവാട്ടിലെ ഒരു അംഗമാണെന്നും, അവളുടെ ഭർത്താവു് മിലിട്ടറിയിൽചേർന്നു് പരദേശത്തു് പോയിരിക്കുന്നു എന്നും മറ്റുമാണു്. ഈ അറിയിപ്പു്—അല്ലെങ്കിൽ സമാധാനം—പൊന്നി സ്ഥാപിക്കുകയൊ, നിഷേധിക്കുകയൊ ചെയ്യാത്തതുകൊണ്ടു് ഈമാതിരിഘട്ടങ്ങളിൽ, നൂറ്റിന്നു് ഒരാൾക്കുമാത്രം ചെയ്വാൻവയ്ക്കുന്ന ഒരു കാര്യം പാപ്പിഅമ്മയും ചെയ്തു. അവൾ അവളുടെ കാര്യംമാത്രം നോക്കിനടന്നു.

അവളുടെ വീടു് പഴയനാലുകെട്ടിൽ സമ്പ്രദായത്തിൽ എടുത്ത ഒരു വമ്പിച്ച കെട്ടിടമായിരുന്നു. ഭർത്താവു് ഉണ്ടായിരുന്ന സമയത്തു് അതിന്നു് പല പരിഷ്കാരങ്ങളും വരുത്തീട്ടുണ്ടായിരുന്നു. പുതിയമട്ടിലും, പഴയമട്ടിലും, ഉള്ള സാമാനങ്ങൾകൊണ്ടു് മുറികൾ നിറച്ചിരുന്നു. പുരാതനവസ്തുക്കളെ ആദരിപ്പാൻ ശീലിച്ചവളല്ലെങ്കിലും പൊന്നിയുടെ ചെറിയ ആത്മാവു്, അനുഭവയോഗ്യമായ പല കാഴ്ചയും കണ്ടിട്ടു് ആനന്ദിച്ചു. ഒരു കുഴിഞ്ഞസ്ഥലത്തു് ഭംഗിയുള്ള ഒരു പഴയ പൂന്തോട്ടമുണ്ടായിരുന്നു. അതിന്റെ വക്കിന്മേൽ കാറ്റാടിമരങ്ങൾ ഉണ്ടായിരുന്നു. സംവത്സരാരംഭത്തിൽ ശീതം കുറെജാസ്തിയായിരുന്നു എങ്കിലും ചില പുഷ്പങ്ങളും അവിടവിടെ വികസിച്ചുകൊണ്ടിരുന്നു. മെരുങ്ങാത്തപക്ഷികൾ തോട്ടത്തിലുണ്ടായിരുന്നതുകൂടാതെ ഒരു മെരുങ്ങിയ മയിലും അവിടുന്നു് തിറയണിഞ്ഞുകൊണ്ടിരുന്നു. ലതാവൃതങ്ങളായ വള്ളിക്കുടിലുകൾ, ആളുകളെ ആകർഷിക്കത്തക്ക രീതിയിൽ അവിടവിടെ വെറിയപോലെ നിന്നിരുന്നു. ആളുകൾക്കു് നടക്കാനുള്ള ചെറിയ നടകൾ പുല്ലുകൊണ്ടും, ചിലേടത്തു് ചരൽകൊണ്ടും, ചിലേടത്തു് ഇത്തിൾകൊണ്ടും വിതാനിച്ചിരുന്നു. ഒരേടത്തു് ഒരു വലിയ ഏരി ഉണ്ടു്. അതിൽ നിറച്ചും വെള്ളയും ചുകപ്പും നിറമുള്ള ആമ്പലുകൾ ഉണ്ടായിരുന്നു. ഇലകളുടെമേൽനിന്നു് അനേകം നീർക്കോഴികൾ നൃത്തംവെക്കുംപോലെ നടന്നുകൊണ്ടിരുന്നു. ഈ സ്ഥലത്തിൽക്കൂടെ പണ്ടുപണ്ടു് എത്ര ആണുങ്ങളും, പെണ്ണുങ്ങളും പഠിപ്പുള്ളവരും ഇല്ലാത്തവരും, പരിഷ്കൃതരും അതില്ലാത്തവരും നടന്നിട്ടുണ്ടായിരിക്കും. എന്തെല്ലാം ലീലകൾ ഇവിടെവെച്ചു് നടന്നുപോയിട്ടുണ്ടാകും. പൊന്നിക്കു് ഇതിൽക്കൂടെ നടന്നുകളിപ്പാൻ വളരെ ഇഷ്ടമായിരുന്നു.

രാത്രി ചിലപ്പോളൊക്കെ, അവളുടെ ജനലിൽക്കൂടെ നക്ഷത്രങ്ങളും, ചന്ദ്രനും വിളങ്ങുന്ന നീലാകാശം നോക്കി അവൾ രസിച്ചു. കവികൾക്കു് തോന്നുംപോലെ നവീനാശയങ്ങൾ പലതും അവൾക്കു് തോന്നി. ഭൂമിയെക്കാൾ വലുതായ അനേകം ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നുണ്ടു്. ചിലവയ്ക്കു് എട്ടുംപത്തും ചന്ദ്രന്മാരാണു്. അവിടെ ഉള്ള അവസ്ഥ എന്തായിരിക്കും? അവൾ മനസ്സുകൊണ്ടു് പുരാതനന്മാരെപ്പറ്റി ചിത്രീകരണം പലതുംചെയ്തു. എന്നാൽ അവരാരെങ്കിലും തന്നെപ്പോലെ അവശത അനുഭവിച്ചിട്ടില്ലെന്നുതന്നെ അവൾ വിശ്വസിച്ചു. അവർ വളരെമാതിരി ധീരകൃത്യങ്ങൾചെയ്ത നായകന്മാരുടെ രൂപം മനസ്സുകൊണ്ടു് കൃത്രിമമായുണ്ടാക്കി. എന്നാൽ ആ രൂപങ്ങളുടെ ഛായ കൃഷ്ണൻനായരുടേതുപോലെ ആയിരുന്നു. അവളുടെ സ്വപ്നങ്ങളൊക്കെ പര്യവസായികളാക്കിവരുത്താൻ അവൾ ശ്രമിച്ചു. എന്നാൽ അവളുടെ സ്വന്തം ചരിത്രത്തിന്നു് ഇങ്ങിനെ ഒരു കലാശമുണ്ടായിരിക്കുമോ? ഇല്ലാ. അവൾക്കു് ഇനി സുഖം കേവലം ഉണ്ടാകയില്ലെന്നു് അവൾ തീർച്ചപ്പെടുത്തി.

ഈ യഥാർത്ഥാനുഭവത്തിന്നു്, എതൃപ്രയത്നം കൂടാതെ വഴങ്ങിക്കൊടുപ്പാൻ അവൾ ഒരുങ്ങിയിരുന്നില്ല. അവൾ ക്ഷമാശീലം പഠിച്ചുവരികയാണു്. ചില സമയത്തു് പൊന്നേക്കാൾ ഉൽകൃഷ്ടവും, പുഷ്പത്തേക്കാൾ സുരഭിയും ആയ അവളുടെ താരുണ്യവികാരങ്ങൾ അവളുടെ ഹൃദയത്തിൽ, തീപ്പോലെ കത്തിത്തെളിഞ്ഞു. അതിനെ ഉചിതകർമ്മങ്ങൾകൊണ്ടു് ശമനപ്പെടുത്തുവാൻ ശക്തിയോടെ നിഷ്കർഷിച്ചു.

ചില സമയത്തു് ബാധപിടിച്ചപോലെ അവൾ ഏങ്ങിഏങ്ങിക്കരയും. അവൾ ജീവിച്ചിരിക്കുന്നതു് വ്യസനാവധിയുടെ ഒരു നിഴൽ മാത്രമായിരിക്കും എന്നു് തോന്നി. അവൾ തന്നേയും, തന്റെ ഗർഭസ്ഥശിശുവേയും വെറുത്തു. നിറമാലപോലെ മറഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ വിചാരം പിന്നേയും ഒന്നുമാറും. ഒരു നിമിഷം മുമ്പെത്തന്നെ പിടിപെട്ടിരുന്ന വെറുപ്പിന്റെ കഠിനത ഓർത്തു് അവർ വിറച്ചുംകൊണ്ടു് മെല്ലെ കരയും. അവൾ പ്രസവിക്കാൻ പോകുന്ന ശിശു അതിന്റെ ജന്മത്തിന്നു് ഒരുവിധത്തിലും ഉത്തരവാദിയല്ലെന്നു്, അവൾ അനുകമ്പയോടെ ഉദരത്തിൽ കൈവെച്ചു് ആലോചിക്കുന്നുണ്ടാകും. ആ ശിശു ദയനീയമാകുംവണ്ണം സഹായാശ്രയങ്ങൾ ഇല്ലാത്തതാണു്. അവളുടെ സ്വന്തം മാംസവും രക്തവും ആ ചെറിയ ശരീരത്തിൽ ഉണ്ടു്. സുഖത്തിന്നും സ്നേഹത്തിന്നുംവേണ്ടി ആ ശിശു അബലവും മൃദുവും ആയ ചെറുകൈകളെകൊണ്ടു് തന്റെ ഹൃദയം സ്പർശിക്കുവാൻ വേണ്ടിയൊ എന്നു് തോന്നുമാറു് അപ്പപ്പോൾ ഇളകുന്നുണ്ടെന്നും അവൾ അറിഞ്ഞു. അവളുടെ ഉള്ളിൽ ഭയജനകമായ ഒരു കമ്പം ഉണ്ടായ്വന്നു. അവളുടെ പള്ളയിൽനിന്നു് ആ മനുഷ്യശിശുക്കിടാവു് സങ്കടപ്പെടുന്നുണ്ടോ എന്നു് അവൾ ആശ്ചര്യപ്പെട്ടു. ഏകാന്തവാസിയായ ആ ശിശു മാതൃസ്നേഹത്തിന്നുവേണ്ടി വിനീതനായി നിശ്ശബ്ദനായി തന്നോടു് അപേക്ഷിക്കുന്നുണ്ടെന്നു് അവൾക്കു് തോന്നി.

അപ്പോളൊക്കെ ശിശുവോടു് ഉത്തരം പറയുമ്പോലെ “ചെറുക്കിടാവെ! നിന്നെ ഞാൻ സ്നേഹിക്കും. യാതൊന്നും ഭയപ്പെടേണ്ട. നിന്നെ ഞാൻ താലോലിക്കും. അസുഖമൊന്നും നേരിടാതെ നിന്നെ ഞാൻ പോറ്റും” അവൾ തന്നോടുതന്നെ മന്ത്രിക്കുകയും ചെയ്യും.

വിവാഹസന്താനമല്ലാത്ത ആ ചെറിയ കുട്ടിയുടെമേൽ അവളുടെ മധുരവും ശക്തിമത്തും ആയ അനുരാഗം പകർന്നു. നാളുകൾ ചെല്ലുന്തോറും ആ ഗർഭസ്ഥനോടുള്ള അവളുടെ പ്രണയം വർദ്ധിച്ചുവന്നു. പ്രസവിക്കുംമുമ്പെ മറ്റുയാതൊരു ശിശുവിന്നും സിദ്ധിപ്പാൻ വിധിച്ചിട്ടില്ലാത്ത, ഒരു മാതാവിന്റെ ആർദ്രതപരമായ പ്രണയം ആ ശിശുവിന്നു് സമ്പാദ്യമായി.

അവൾ പ്രസന്നമായി പെരുമാറിയിരുന്നില്ലെങ്കിൽ, അവളുടെ ശിശുവിന്നും അതിന്നു് ശരിയായി അവകാശപ്പെട്ട പ്രപഞ്ചസൗഖ്യം സിദ്ധിക്കയില്ലെന്നു് പൊന്നിയോടു് പാപ്പിഅമ്മ പറഞ്ഞുകൊടുത്തിരുന്നു. കമനീയവസ്തുക്കളെമാത്രം നോക്കുകയും സ്മരിക്കുകയും ചെയ്താൽ അവളുടെ ശിശുവിന്നും ഒരു കമനീയസ്വഭാവം ഉണ്ടാകും. സത്യവും കാന്തിയുമുള്ള സർവ്വത്തേയും ജന്മവാസനകൊണ്ടു് ആ ശിശു ഇഷ്ടപ്പെടും. അസത്യവും നീചവുമായ സർവ്വത്തിൽനിന്നു് പിൻവലിക്കുകയും ചെയ്യും. അന്നുമുതൽ സങ്കടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വഭാവത്തിൽനിന്നു് അവൾ വിരമിച്ചു. അവൾക്കു് സങ്കടവിചാരം പിടിപെട്ടാൽ അവൾ പാട്ടുപാടി, ഗർഭസ്ഥനെ അവൾക്കു് സന്തോഷമാണെന്നു് ധരിപ്പിക്കും. നാട്ടുംപുറത്തിലെ പലമാതിരി ഭംഗികൾ അവൾ നോക്കി രസിച്ചു. പുഷ്പങ്ങളേയും, മൃഗങ്ങളേയും, പക്ഷികളേയും വീക്ഷണംചെയ്യുന്നതിൽ അവൾക്കു് ഒരു നവീനോല്ലാസം ഉല്പാദിച്ചു. പാപ്പിഅമ്മയുടെ മേൽനോട്ടത്തിൽ അവൾ ചില ലെയിസുകളും മടഞ്ഞുതുടങ്ങി.

അവൾ താരാട്ടുപാട്ടുകളും പഠിച്ചു് തുടങ്ങി. “ഓമനത്തിങ്കൾക്കിടാവൊ—നല്ല—കോമളത്താമരപ്പൂവോ” എന്നുതുടങ്ങിയ പാട്ടു് അവളുടെ ഹൃദയത്തിന്നു് അമൃതംപോലെ തോന്നി. ശാന്തവും പരിശുദ്ധവുമായ ഒരുതരം മനഃസ്ഥിതി അവൾക്കുണ്ടാക്കി. പാത്തുമ്മ പൂമരം കാണ്മാൻ പോയ നാട്ടിലെ കഥ തന്റെ സ്വന്തം കഥയോടു് സാദൃശ്യമുണ്ടെന്നുന്നു് അവൾക്കു് തോന്നി.

യാതൊരു സംബന്ധവുമില്ലാതെ “പാപ്പിഅമ്മെ! എന്റെ കുട്ടി ഒരു പെൺകുട്ടിയാകരുതു് എന്നാണു് എന്റെ പ്രാർത്ഥന” പൊന്നി നേർസോടു് പറഞ്ഞു.

അവർ ഇരുവരും കുസ്നിക്കും ശരിയായി വീട്ടിന്നും മദ്ധ്യേയുള്ള ഒരു വലിയ അകത്തു് ഇരിക്കുകയായിരുന്നു. മുറിയുടെ ജനലിൽക്കൂടെ മേലോട്ടുനോക്കിയാൽ, ആകാശത്തിന്റെ മഞ്ഞുക്കണ്ണുകൾപോലെ മിന്നുന്ന നക്ഷത്രങ്ങളെ കാണാമായിരുന്നു.

പാപ്പിഅമ്മ:
(ശാന്തസ്വരത്തിൽ) ഇഷ്ടത്തീ! നീ അങ്ങിനെ പറയരുതു്. ആണായാലും പെണ്ണായാലും ശരി. നിണക്കു് നിന്റെ സ്വന്തം കുട്ടിയെ സ്നേഹിക്കാതിരിപ്പാൻ ഒരു നിവൃത്തിയും ഉണ്ടാകയില്ല.
പൊന്നി:
അതു് ശരിതന്നെ. ഒരു പെണ്ണായാൽ ഞാൻ ഭയപ്പെടും.

അവളുടെ നീലക്കണ്ണുകളിൽ ഒരു ഔൽസുക്യസ്വഭാവം സ്ഫുരിച്ചിരുന്നു. ഇതുകണ്ടപ്പോൾ പാപ്പിഅമ്മ, പൊന്നിക്കു് ജനിപ്പാൻപോകുന്ന ശിശുവിന്നുവേണ്ടി തുന്നിക്കൊണ്ടിരുന്ന ചെറിയ കുപ്പായത്തിന്റെ പണിനിർത്തി, അവളുടെ അഗാധമെന്നു് തോന്നുന്ന കണ്ണുകളെ നോക്കി എത്രയോ പ്രേമത്തോടെ മന്ദഹസിച്ചു. പാപ്പിഅമ്മ പൊന്നിയെ തന്റെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചുകഴിഞ്ഞിരുന്നു. എത്ര തന്നെ തെറ്റുകളും ഉണ്ടായാലും പ്രകൃത്യാ പ്രണയശീലയായ ഒരുവളെ അങ്ങട്ടും ആർക്കും സ്നേഹിച്ചുപോകാതിരിക്കില്ല.

പാപ്പിഅമ്മ:
ഒരു പെൺകുട്ടി ഒരുവൾക്കു് വളരെ ആശ്വാസമായിരിക്കും.
പൊന്നി:
അതുകൊണ്ടല്ല. അവൾ വണ്ണംവെച്ചാലാണു് ബുദ്ധിമുട്ടു്. എത്രതന്നെ സൂക്ഷിച്ചിട്ടു് നിങ്ങൾ അവളെ വളർത്തിയാലും, എത്രതന്നെ അവളെ രക്ഷിച്ചാലും സ്നേഹിച്ചാലും ഒരു ഫലവുമുണ്ടാകയില്ല. അടുത്താലും, അകന്നാലും ശരി. അവളുടെ ഹൃദയം പൊട്ടിക്കാനും ജീവിതകാലം ദ്രോഹകരമാക്കാനും ഒരു പുരുഷൻ എത്തുകയില്ല എന്നു് വല്ലവർക്കും തീർച്ച പറയാമോ?
പാപ്പിഅമ്മ:
ഈ മാതിരി കാര്യങ്ങൾ ചിന്തിക്കുവാൻ നിന്റെ മനസ്സിന്നു് ഇനിയും സിദ്ധിച്ചിട്ടില്ല. എന്റെ കുട്ടീ!

പൊന്നി മന്ദഹസിച്ചു. അതു് വ്യസനാവരണം ചെയ്യുന്ന ഒരു മന്ദസ്മിതം മാത്രമായിരുന്നു. ചിന്താശ്വാസങ്ങളെല്ലാം നശിച്ചുപോയ തരുണികളുടെ മന്ദസ്മിതം മാത്രമായിരുന്നു.

പാപ്പിഅമ്മ:
ഒരു കാര്യത്തിന്റെ സകല പടർച്ചകളെപ്പറ്റിയും മുൻകൂട്ടി വിചാരിക്കാത്തതാണു് നല്ലതു്. നിണക്കു് ഉണ്ടാവാൻ പോകുന്ന ശിശു ഇന്നമാതിരിയായിരിക്കണം എന്ന നിന്റെ ഇഷ്ടം അർത്ഥമില്ലാത്തതാണു്. ഞാൻ അറിയും. എനിക്കു് ഒരു കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു ആൺകുട്ടി. ആ കുട്ടിയുടെ അച്ഛൻ എന്നെ ഒരിക്കലും അനുരാഗിച്ചിരുന്നില്ല. അന്നു് എനിക്കു് വളരെ ചെറുപ്പമായിരുന്നു. എന്റെ ഒരേ ഒരു ആശ്വാസം അവന്റെ ജനനമായിരുന്നു. എന്റെ ഭർത്താവു് എന്നെ വിവാഹം ചെയ്തതു് എന്റെ പണം കണ്ടിട്ടുമാത്രമായിരുന്നു. അതൊക്കെ അയാൾ അല്പകാലത്തിനുള്ളിൽ ധ്വംസനം ചെയ്തുകളകയും ചെയ്തു.
പൊന്നി:
എന്തു്! നിങ്ങളുടെ കുട്ടിയെപ്പറ്റി നിങ്ങൾ ഇതുവരെ പറഞ്ഞിരുന്നില്ലല്ലൊ. അവൻ പഠിക്കുന്നുണ്ടായിരിക്കും അല്ലേ!
പാപ്പിഅമ്മ:
(ശാന്തമായിട്ടു്) അവൻ ഇപ്പോൾ ഒരു ഭ്രാന്തശാലയിലാണു് ഉള്ളതു്. അങ്ങിനെ ഒരുവൻ ജനിച്ചുകിട്ടാൻ ഞാൻ ഏറിയ വഴിപാടുകൾ ചെയ്തവളാണു്. എന്തിന്നു് എനിക്കു് സ്നേഹിച്ചു് വളർത്താൻ ഒരു സ്വന്തം കുട്ടി വേണമെന്നു് എനിക്കു് വലിയ ആഗ്രഹമുണ്ടായിരുന്നു. (അവൾ ഒരു ദീർഗ്ഘശ്വാസം കഴിച്ചു) നീ നോക്കു, വിധി നേരെ വിപരീതമാണു് പ്രവൃത്തിച്ചതു്.
പൊന്നി:
അയ്യൊ! അയ്യൊ! എന്തൊരു കഷ്ടം! ഈ വിവരമൊന്നും എന്നോടു് ഇതിനുമുമ്പു് എന്തുകൊണ്ടു് പറഞ്ഞിരുന്നില്ല.

ഒരു നിമിഷത്തിന്നുള്ളിൽ പൊന്നി ഓടിച്ചെന്നു്, പാപ്പിഅമ്മയുടെ അരികിൽ പോയി മുട്ടുകുത്തി, അവളുടെ നേരിയ കരപല്ലവംകൊണ്ടു് ആ സ്ത്രീയുടെ കഴുത്തു് ചുറ്റിപ്പിടിച്ചു. “പാപ്പിഅമ്മേ! ഞാൻ വളരെ വ്യസനിക്കുന്നു” എന്നുമാത്രം പറഞ്ഞു. പാപ്പിഅമ്മയാകട്ടെ അവളുടെ കൈ തലോടിക്കൊണ്ടിരുന്നു.

പാപ്പി:
അതു് വളരെകൊല്ലംമുമ്പെ ഞാൻ ഏല്കേണ്ടിവന്ന ഒരു മുറിയാണു്. ഇപ്പോൾ അതിന്റെ കലമാത്രമേ ബാക്കിയുള്ളു. എന്റെ കുട്ടിക്കു് ഇപ്പോൾ ഇരുപത്തിരണ്ടു് വയസ്സായി. ഈമാതിരി കാര്യത്തിൽ മുൻകൂട്ടി വളരെ ഒന്നും ആരും ആശിച്ചുപോകരുതു് എന്നു് തെളിയിക്കാൻവേണ്ടിമാത്രമാണു്, ഞാൻ ഈ കാര്യം ഇപ്പോൾ എടുത്തുപറഞ്ഞതു്. ഇച്ഛാഭംഗമോ മറ്റോ വന്നുപോയാൽ വളരെ ഭയങ്കരമാകും.

ഇതോടുകൂടി സംസാരത്തിന്നു് ഒരു വിരാമംവന്നു. പിന്നെ വിഷയം മാറ്റി. രണ്ടാൾക്കും അതു് തുടർന്നുകൊണ്ടിരിപ്പാൻ ഇഷ്ടമുണ്ടായിരുന്നില്ല.

പൊന്നിയുടെ കൂട്ടിൽ ധൈര്യം ഒരു മുഖ്യസ്ഥാനം വഹിച്ചിരുന്നു എന്നുള്ളതു് അവളുടെ ഒരു വരമാണു്. എന്നാൽ പ്രസവവും കാത്തു് വളരെനാൾ ഇരിക്കേണ്ടിവന്നപ്പോൾ ആ ധൈര്യംകൊണ്ടും ഫലമില്ലാതായി. അവൾ പ്രസവിക്കുന്ന സമയത്തു് ഏതെല്ലാംമാതിരി ദുഃഖവും വേദനയും അനുഭവിക്കേണ്ടിവരും എന്നു് അവൾ ആശ്ചര്യപ്പെട്ടു. അവളുമായിട്ടുള്ള ബന്ധവുംവിട്ടു് സ്വതന്ത്രനായി പുറത്തുവന്നു് വീഴുമ്പോൾ തന്നെപ്പോലെത്തന്നെ വേദനയും ദേഹോപദ്രവും ആ കുട്ടിക്കും ഉണ്ടായിരിക്കുമോ? പിന്നെ പ്രസവിച്ച ഉടനെ ശിശുക്കളൊക്കെ കരയുന്നതെന്തിനാണു്? അപ്പോൾ കഠിനവേദന സഹിക്കേണ്ടിവരും എന്നു് ബാക്കിയുള്ളവർ പറഞ്ഞുകേട്ടിട്ടു് അവൾക്കു് നല്ല നിശ്ചയമുണ്ടായിരുന്നു. വേദന സഹിക്കേണ്ടതായിവരുമ്പോൾ എല്ലാ മനുഷ്യരും ഒന്നു് പിന്നോക്കംവെയ്ക്കും. അവളുടെ വിറയ്ക്കുന്ന ദേഹം മുഴുവനും തണുത്ത വിയർപ്പു് പൊട്ടിവരാൻതക്കവണ്ണം അവളുടെ അന്തമില്ലാത്ത വിചാരങ്ങൾ അവളെ ഒരു ഭീമമായ ഭയാനകസ്ഥിതിയിൽ കൊണ്ടുവെച്ചു.

അവളുടെ ഭയം അമർത്തിവെപ്പാൻവേണ്ടി, ചുണ്ടുകൾ കടിച്ചുപിടിച്ചിട്ടു് “ഞാൻ ഒരു ഭീരുവാകയില്ല. എത്ര ലക്ഷംകോടി സ്ത്രീകൾ പ്രസവിച്ചിട്ടുണ്ടു്. എനിക്കുവേണ്ടി എന്റെ അമ്മയും സർവ്വംസഹിച്ചില്ലെ! പിന്നെ എനിക്കുമാത്രം മോചനം എങ്ങിനെ സിദ്ധിക്കും?”

പാപ്പിഅമ്മയോടു് ചോദിച്ചു് എല്ലാവിവരവും മനസ്സിലാക്കാൻ അവൾക്കു് ഉള്ളാലെ ലജ്ജതോന്നി. അവൾക്കു് വിവരമില്ലാത്ത ഈ ഗോപ്യകാരണങ്ങളെപ്പറ്റി അവളോടു് പറഞ്ഞുകൊടുപ്പാനും അവളെ ആശ്വസിപ്പിക്കാനും തന്റെ അമ്മ ഇല്ലാതെപോയതു് പൊന്നിയുടെ നിർഭാഗ്യം തന്നെയാണു്.

അവളുടെ ദേഹസ്ഥിതിയും അവശതയും അനുകമ്പയോടെ കണ്ടുമനസ്സിലാക്കി, പ്രതിവിധിചെയ്യാനും, ശിശുവിന്റെ ജനനം പരിഭ്രമത്തോടും ഈശ്വരവിശ്വാസത്തോടും ഭക്തിയോടും കാത്തുനില്ക്കുവാനും, കുട്ടിക്കു് സമീപത്തു് ഒരു അച്ഛനില്ലാതെപോയതും അവളുടെ മറ്റൊരു നിർഭാഗ്യം തന്നെയാണു്.

കുട്ടിയുടെ അച്ഛൻ വിവാഹംചെയ്വാൻതക്കവണ്ണം അവളെ അനുരാഗിച്ചിരുന്നു എങ്കിൽ അവൾക്കു് സ്വന്തമായി പാർപ്പാൻ ഒരു ഭവനം കൊടുത്തിരുന്നു എങ്കിൽ, അവളുടെ ശിശുവോടുള്ള ആദരവും സ്വാഗതവും വെളിവാക്കുവാൻ വേണ്ടി അവനെ കിടത്തുവാൻ ഒരു കട്ടിൽ കൊടുത്തിരുന്നു എങ്കിൽ കാര്യങ്ങളൊക്കെ എത്ര വെടിപ്പായിപ്പോകുമായിരുന്നു.

അവളുടെ പ്രിയപ്പെട്ട കൃഷ്ണൻനായർ ശിശുവിന്റെ അച്ഛനായിരുന്നു എങ്കിൽ!

പള്ളയിലുള്ള കുട്ടിയെ ബുദ്ധിമുട്ടിക്കാതിരിപ്പാൻവേണ്ടി അവൾ ചുമരോടു് തിരിഞ്ഞുകിടന്നു. ശാന്തമായും, മൃദുവായും, ദേഹമിളകാതെയും കരഞ്ഞു. കണ്ണുനീർ കുറേ അധികം പോയപ്പോൾ അവൾക്കു് കുറെ ആശ്വാസം കിട്ടി. കുറെകഴിഞ്ഞപ്പോൾ അവൾക്കു് ഭേദമായി.

“ഓ! എന്റെ കൃഷ്ണൻനായരെ! എന്റെ ആത്മാവിൽ സ്ഥിതിചെയ്യുന്ന പുരുഷോത്തമ! ഈ ലോകത്തിൽ എനിക്കുണ്ടായിരുന്ന ഒരെ ആശ്വാസത്തിന്നു് കാരണഭൂതനായ ദീനദയാലോ! ഞാൻ നിങ്ങളെ എത്ര അധികം അനുരാഗിക്കുന്നുണ്ടു്. എനിക്കു് പ്രസവവേദന കിട്ടുമ്പോൾ ഞാൻ നിങ്ങളെ വിചാരിക്കും. ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട സൗമ്യമുഖവും നിങ്ങൾ എനിക്കുചെയ്ത ഉപകാരങ്ങളും എന്നോടു് കാണിച്ച ദയയും. എന്നാൽ എനിക്കു് എല്ലാവിധ വേദനകളും ഉപദ്രവങ്ങളും സഹിപ്പാൻ ശക്തി ഉണ്ടാകും. കാരുണ്യമുള്ള ഈശ്വരൻ എന്നെ കടാക്ഷിക്കും. ഞാൻ അനുരാഗിക്കുന്ന ഒരെഒരു മഹാത്മാവേ! നിങ്ങളെ വിചാരിച്ചാൽ ഏതുവേദനയും എനിക്കു് വെറും വിനോദമായിരിക്കും. നമ്മുടെ ചെറുശിശുവിന്നു് നിങ്ങളാണു് കാത്തുകെട്ടി നില്ക്കുന്നതു് എന്നു് എന്നോടുതന്നെ ഞാൻ മന്ത്രിക്കും. കൃഷ്ണൻനായരെ! നമ്മുടെ ശിശു എന്നാണു് ഞാൻ പറയുന്നതു്. എന്നാൽ ഞാൻ യാതൊന്നും ഭയപ്പെടുകയില്ല. ഒരു കാലത്തുമില്ല” എന്നിങ്ങനെ ആർത്തയായിട്ടു് അവൾ മന്ത്രിച്ചു.

മാർച്ചുമാസംകാലത്തു് അസാരം ശീതമുണ്ടായിരുന്ന സമയത്തു് പൊന്നിയുടെ ഉറക്കു പെട്ടെന്നു് ഞെട്ടി. അവളെ അത്യുഗ്രമായ ഒരു ഭീതിയും പിടിപെട്ടു. അവൾ എഴുന്നേറ്റിരുന്നു. അന്ധകാരാവൃതമായ മുറിയിൽക്കൂടെ ഒന്നും മനസ്സിലാകാത്തപോലെ നാലുപാടും നോക്കി. ഒരു വിറപ്പിക്കുന്ന കുളിർ അവളുടെ ആത്മാവിനെക്കൂടി ഒന്നു് ചഞ്ചലിപ്പിച്ചു് ഒരു അനിശ്ചിതഭയംകൊണ്ടു് അവളുടെ അവയവങ്ങൾ വിറച്ചു. അവൾ സാരവദനയായി. അവൾ വിചാരിച്ചതു് ഇങ്ങിനെയായിരുന്നു. “എനിക്കു് എന്തുവന്നുപിടിച്ചുപോയി. അതു്—പ്രസവം—അതല്ല. അതിന്നു് കാലമായിട്ടില്ല. എനിക്കു് ദണ്ഡവും ഇല്ല. എനിക്കു് ഗർഭവേദനയുടെ ആരംഭവും ഉണ്ടായിത്തുടങ്ങീട്ടില്ല. എടീപൊന്നീ! ഭ്രാന്തസ്ത്രീ! മിണ്ടാതെകിടന്നു് ഉറങ്ങിക്കൊൾക.”

അവൾ കിടന്നു. എന്നാൽ ഉറങ്ങാൻ ആയിരുന്നില്ല. അവളുടെ മനസ്സു് ഭയംനിമിത്തം—അനാവൃതമായ വെറും ഭയംനിമിത്തം, മർദ്ദിതമായ്പോയിരുന്നു. ഓരോ വാതിലിന്റേയും മറ്റും നിഴലുകൾകൂടി അവളെ ഭയപ്പെടുത്തി. പുറമെനിന്നു് കാറ്റു്, ആ തരിശുഭൂമിയിൽക്കൂടെ, നൂറായിരം പിശാചുക്കൾ ഒത്തുചേർന്നപോലെ ഗർജ്ജിച്ചും, കൂക്കിവിളിച്ചുംകൊണ്ടു് വീശിയിരുന്നു. വൃക്ഷങ്ങൾ ആടിയും വിറച്ചുംകൊണ്ടു് വ്യസനത്തോടെ നിലവിളിക്കുംപ്രകാരം ഓരോതരം ശബ്ദങ്ങൾ പുറത്തിറക്കി. അവളുടെ ആത്മാവിൽനിന്നു് കത്തിത്തുടങ്ങിയ അത്യുഗ്രഭീതി അടങ്ങുവാൻവേണ്ടി അവൾ വളരെനേരം ശ്രദ്ധിച്ചുകൊണ്ടുതന്നെ ഇരുന്നു. അങ്ങിനെ ഇരിക്കെ കാറ്റിന്റെ വീശൽ ശമിച്ചു. വൃക്ഷങ്ങൾ നിശ്ശബ്ദരായി. മഴ പെയ്തുതുടങ്ങി. പട-കട-പടകട—എന്നുതോന്നിപ്പോകുംപ്രകാരമാണു് പെയ്തതു്. ഒന്നാമതു് ഒരു മടിയനായ കുട്ടിയേപ്പോലെ വളരെ സാവധാനത്തിലായിരുന്നു ആ മഴ തന്റെ കൃത്യം ആരംഭിച്ചതു്. പിന്നെ ഉത്സാഹത്തിന്നു് വർദ്ധനവുണ്ടായി. പിന്നെ ഒരേരീതിയിൽ നിലനിന്നു് പോന്ന ഭയങ്കരമഴ മതിവരാത്തവണ്ണം പെയ്തു. മഴ ഓരോ ശബ്ദമുണ്ടാക്കി, ഓരോ വർത്തമാനം നിലവിളിച്ചു് പറയുംപോലെ തോന്നി. അവളുടെ രക്തംതന്നെ നാഡികളിൽ സ്തംഭിച്ചുനിന്നപോലെ തോന്നി. “എനിക്കു് എന്തോരു ബാധയാണു് പിടിച്ചുപോയതു്. എന്റെ ജീവദശയിൽ ഒരിക്കലും മഴയെ ഭയപ്പെട്ടിരുന്നില്ല” എന്നും അവൾ വിചാരിച്ചു.

ആ രാത്രിയുടെ ഭയങ്കരത്വം വർദ്ധിപ്പിക്കുമാറു്, പാരവശ്യം തോന്നിക്കുന്ന കൂമന്റെ മൂളലും കൂടെക്കൂടെ ഉണ്ടായിത്തുടങ്ങി. പൊന്നി അവിടന്നു് തുള്ളി എഴുന്നേറ്റു് “കൃഷ്ണൻനായരെ! എന്റെ പൊന്നേട്ടാ! എനിക്കു് ഭയമാകുന്നു” എന്നു് സങ്കടത്തോടെ നിലവിളിച്ചു.

അവൾ ബദ്ധപ്പെട്ടു് ചെരിപ്പുകൂടി കാലിനിടാതെയൊ, പുതപ്പുംകൂടി ചുമലിൽ ഇടാതെയോ വാതിലിന്നകത്തു് ചെന്നു്, അതും തുറന്നു്, മറ്റെ മുറിയിൽ ചെന്നു. അവിടുന്നു് പാപ്പിഅമ്മയുടെ മുറിയുടെ വാതിലിന്നരികെ എത്തി. ആ സ്ത്രീയെ വാതിലിന്നു് മുട്ടി ഉണർത്താതെ അവൾ ആ മുറിയിൽ ചെന്നുകേറി. പൊന്നിയുടെ ഭാഗ്യത്തിന്നു് ആ സ്ത്രീ ഉറങ്ങീട്ടില്ലായിരുന്നു. ആ സ്ത്രീ ഒരു ചിമ്മണിവിളക്കും കത്തിച്ചുവെച്ചു് വായിക്കുകയായിരുന്നു.

പാപ്പിഅമ്മ:
പൊന്നിയൊ! എന്താണെന്റെ പൊന്നുകുട്ടി! നിണക്കു് വല്ല ദണ്ഡവും പിടിപ്പെട്ടോ. പൊന്നി നില്ക്കുവാൻവയ്യാതെ ആടിപ്പോരുന്നതുകണ്ടപ്പോൾ പാപ്പിഅമ്മ ചാടി എഴുന്നേറ്റു് അവളെ രണ്ടുകൈകൾകൊണ്ടു് പിടിച്ചു.
പാപ്പിഅമ്മ:
പൊന്നീ! നിണക്ക് ഗർഭവേദന തുടങ്ങിയൊ? വേഗം പറയൂ. യഥാർത്ഥമായി എന്തുണ്ടായി എന്നു് എനിക്കറിയണം.

അവൾ ഇങ്ങിനെ പറയുമ്പോൾ നേർസിന്റെ ബുദ്ധിയായിരുന്നു കാണിച്ചിരുന്നതു്. അവളുടെ ഔൽസുക്യം കണ്ടപ്പോൾ പൊന്നിയുടെ കണ്ണുകൾ തുറന്നു.

പൊന്നി:
ഓ. ഇല്ല. വേദന തുടങ്ങീട്ടൊന്നുമില്ല. ജൂൺമാസത്തിലല്ലാതെ അതൊന്നും വന്നുതുടങ്ങാനിടയില്ല. അതു് നിങ്ങൾക്കും നിശ്ചയമില്ലേ?

ഈ വിഷയത്തിൽ അവൾക്കു് സിദ്ധിച്ച അറിവിൽ അവൾക്കു് അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. ഇപ്പറഞ്ഞതു് മറ്റൊരു അവസരത്തിൽ ആയിരുന്നു എങ്കിൽ പാപ്പിഅമ്മ പൊട്ടിച്ചിരിക്കുമായിരുന്നു.

പൊന്നി:
ഞാൻ വിചാരിക്കുന്നു എനിക്കു് ഒരു ഭയങ്കരസ്വപ്നം ഉണ്ടായി എന്നു്. കാറ്റും, മഴയും ഒക്കപ്പാടൊന്നും നിങ്ങൾ കേൾക്കുന്നില്ലെ ഈ കോലാഹലം.
പാപ്പിഅമ്മ:
മിണ്ടാതിരിക്കൂ കുട്ടീ! ഇതൊക്കെ അപസ്മാരഗോഷ്ഠികളാണു്. കാറ്റുംമഴയും ഭൂമിയിൽ ഇല്ലാത്ത ഒന്നാണൊ? എനിക്കാണെങ്കിൽ, ഒരു തരിശുസ്ഥലത്തുംകൂടി ഒറ്റയ്ക്കു് ചെന്നുറങ്ങാൻ കഴിയും. അതല്ലെ അഗണ്യമായി ഞാൻ ഈ സമയത്തു് വായിക്കുന്നതു്. ഞാൻ പോയി നിണക്കു് ഉന്മേഷം ഉണ്ടാക്കുന്ന ഒരു വൈനോ, ബ്രാണ്ടിയൊ എടുത്തുകൊണ്ടുവരുന്നവരെ ഞാൻ വല്ലവരേയും വിളിച്ചുവരുത്തി നിണക്കു് തുണയായി ഇവിടെ ഇരുത്തട്ടെ?
പൊന്നി:
വേണ്ട. നമസ്കാരം. എന്റെ അസ്വാസ്ഥ്യമൊക്കെ പോയി. പിന്നേയും ഒരു നമസ്കാരം. ഞാൻ എന്തൊരു വിഡ്ഢിയാണു്. ഇരിക്കട്ടെ നിങ്ങളുടെ മെത്തയിൽ നേരംപുലരുന്നവരെ ഞാൻ കിടക്കട്ടെയൊ?

പാപ്പിഅമ്മ അവൾക്കു് നല്ല ഒരു ഡോസ് ബ്രാണ്ടി കൊടുത്തു. എന്നിട്ടു് അവളെ തന്റെ മെത്തയിൽ സുഖമായി കൊണ്ടുകിടത്തി. ബ്രാണ്ടി എന്തെങ്കിലും അത്യാവശ്യം നേരിട്ടാൽ ഉപയോഗിപ്പാൻവേണ്ടി അവൾ കരുതിവെച്ചതായിരുന്നു. പൊന്നിയുടെ കൂടെക്കൂടെ ഞെട്ടിപ്പോകുന്ന ഉറക്കം വിശ്രമത്തിന്നു് വിപരീതമായിരുന്നു. എന്നുമാത്രമല്ല ഉറക്കത്തിൽ അവൾ കൂടക്കൂടെ ഞരങ്ങുകയും നിലവിളിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു് പരിഭ്രമത്തോടെ ഉറങ്ങാതെ, അവളുടെ മെത്തയുടെ ഒരു വക്കത്തു് ചെന്നിരുന്നു. പുലരാനാകുമ്പോൾ പൊന്നിയുടെ അസ്വാസ്ഥ്യം വർദ്ധിച്ചു.

പൊന്നിയുടെ മുഖം ചുകന്നുപോയിരുന്നു. അവളുടെ തോൽ വരണ്ടു് പതിച്ചിരുന്നു. ഒരു ജ്വരമാനയന്ത്രങ്കൊണ്ടു് പാപ്പിഅമ്മ അവളുടെ ശരീരത്തിന്റെ ചൂടു് അളന്നെടുത്തു. പാപ്പിഅമ്മ ഒന്നു് ഞെട്ടി. വീട്ടിലുള്ളവരെഒക്കെ വിളിച്ചുണർത്തി. വിട്ടീന്നു് അടുത്ത ഡോക്ടരെ വിളിക്കാൻ ആളെ അയയ്ക്കുകയും ചെയ്തു.

ഉച്ചയായപ്പോൾ പൊന്നി, കഠിനപനികൊണ്ടു് ഒരേടത്തു് കിടക്കുകയാണു്. ഡോക്ടർ പാപ്പിഅമ്മയെ, ധൈര്യഹീനനായി ഒന്നുനോക്കി. ഡോക്ടർക്കു് അയാളെ നല്ലവണ്ണം അറിയാമായിരുന്നു. അവളുടെ നേർസ് പ്രവൃത്തിയിലെ വിദഗ്ദ്ധയും നല്ല നിശ്ചയമുണ്ടായിരുന്നു.

“ഇവളെ വീണ്ടെടുക്കേണമെങ്കിൽ നമുക്കു് ഭഗീരഥപ്രയത്നംതന്നെ വേണ്ടിവരും” എന്നു് അയാൾ പാപ്പിഅമ്മയോടു് പറഞ്ഞു.

പാപ്പിഅമ്മ തല ഒന്നു് കുലുക്കി സമ്മതിച്ചു. മറ്റൊരാളുടെ ശുശ്രൂഷയിൽ കാലനുമായി പൊരുതി ജയിച്ച പല സിദ്ധികളും പാപ്പിഅമ്മയ്ക്കു് ഇതിന്നുമുമ്പുണ്ടായിരുന്നു. രാത്രിയായപ്പോൾ പൊന്നിയുടെ ആപത്തു് മറ്റൊരു പ്രകാരത്തിൽ പുറപ്പെട്ടു് ഒരു സംഭവത്തോടുകൂടി നൂറിരട്ടി വർദ്ധിച്ചു. ജൂൺമാസത്തിൽ പൊന്നിക്കു് വിധിച്ച മാതൃസ്ഥാനം നഷ്ടമായി. എന്തുകൊണ്ടെന്നാൽ ഈ കലാപങ്ങളുടെ ഇടയിൽ, പൊന്നിയുടെ പക്വമില്ലാത്ത ഗർഭപാത്രത്തിൽക്കൂടെ പുറത്തുവന്നുകണ്ടതു്, പൂർണ്ണശിശുത്വം പ്രപിക്കാത്ത ഒരു കുട്ടിയുടെ ശവം മാത്രമായിരുന്നു.

ഇരുപത്തിരണ്ടാം അദ്ധ്യായം

വേദവതി ലളിതയുടെ ഏറ്റവും വലിയ ചങ്ങാതി—അങ്ങിനെ ഒരാൾ അവൾക്കുണ്ടെന്നുവരികിൽ—രതിയുടെ മരണം കഴിഞ്ഞു് പിന്നെത്തെ കുറെ മാസങ്ങളോളം കാലം ഒരിക്കലും അവളെ സുന്ദരി എന്നു് പറയുകയില്ലായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ അവളുടെ ശത്രുക്കൾ (എത്രയെങ്കിലും ഉണ്ടായിരുന്നവർ) അവൾ എത്രത്തോളം മെലിഞ്ഞു് പരവശയായിപ്പോയെന്നു്, ഹൃദയപൂർവ്വമല്ലാത്ത അനുകമ്പയോടെ അഭിപ്രായപ്പെട്ടു. ഏതായാലും അവൾക്കു് വയസ്സു് ഉറഞ്ഞുപോയി എന്നു് എല്ലാവരും അഭിപ്രായപ്പെട്ടു.

പ്രസന്നവദനയും, യുവതിയും ആയ തൃശ്ശൂർക്കാരത്തിയെ പരിഹാസംമൂലം വാശിപിടിപ്പിച്ച സംഗതി, നിർദ്ദയമായി വാശിപിടിപ്പിച്ചിട്ടു് ആ യുവതിയെ കാലപുരത്തിലേയ്ക്കു് പറഞ്ഞയപ്പാൻ ഹേതുവായ സംഗതി അവൾക്കു് എപ്പോഴും മറന്നുപോകാത്ത കാര്യവും തന്നെത്തന്നെ ശപിക്കേണ്ടിവന്ന ഒരു അവസരവും ആയി ചമഞ്ഞു. ആ ഭയങ്കരമരണം ലളിത സ്വപ്നത്തിലുംകൂടി എപ്പോഴും കണ്ടു. രതി ഒരിക്കലും അവളുടെ ശത്രുവായിരുന്നില്ല. അങ്ങിനെയായിരുന്നു എങ്കിൽ അതു് അവളുടെ കുറ്റത്തിന്റെ വീര്യം കുറയ്ക്കുമായിരുന്നു. രതി മരിച്ചു് മണ്ണായതിൽ പിന്നെയാണു് ലളിതയ്ക്കു് അവളിൽനിന്നു് കൂടെക്കൂടെ സിദ്ധിച്ച ദയാപരമായ പല കർമ്മവും ഓർമ്മവന്നതു്. ലളിതയുടെ ചിത്രകലാനൈപുണ്യത്തെ, എത്ര ഹൃദയപൂർവ്വമായും, അസൂയാരഹിതമായും രതി ആരാധിച്ചുപോന്നിരുന്നു. ചിത്രപ്രദർശനശാലയിൽ അയയ്ക്കുവാൻവേണ്ടി ലളിത വരഞ്ഞ സതിയുടെ ചിത്രം ജനങ്ങൾ തന്റെ ചിത്രമാണെന്നു് തെറ്റിദ്ധരിച്ചപ്പോൾ ഒരു ശിശുവെപ്പോലെ അവൾ എത്ര സന്തോഷിച്ചിരുന്നു.

അവൾ അനുഭവിച്ച മനോവേദനയ്ക്കു് സീമ ഉണ്ടായിരുന്നില്ല. ചെറിയ പുത്തൻപെണ്ണു് ഭീരുവാണെന്നു് ലളിത അഭിപ്രായപ്പെട്ടതുകാരണം കൂടാതെയാണു് അവളെ കാണിപ്പാനുള്ള നിശ്ചയത്തോടെ അവൾ വിമാനത്തിൽ കേറിയപ്പോൾ, അല്പനേരത്തോളം അവൾ സഹിക്കേണ്ടിവന്ന സങ്കടത്തേക്കാൾ എത്രയോമടങ്ങു് വലുതായ സങ്കടമായിരുന്നു അവൾ അനുഭവിച്ചുവന്നതു്. രതിയുടെ സങ്കടം ക്ഷണഭംഗുരമായ ഒന്നായിരുന്നു. ലളിതയുടെ ദീർഗ്ഘകാലം നിലനിന്നുപോന്നിരുന്ന ഒന്നായിരുന്നു.

പശ്ചാത്താപം—അവളുടെ കുറ്റത്തെക്കുറിച്ചുള്ള ഉഗ്രഭയം—(അവൾ രതിയെ ഒരു കഠാരംകൊണ്ടു് കുത്തിക്കൊന്ന പ്രകാരത്തിൽ ഒരു കൊലക്കുറ്റമാണു് ചെയ്തതു് എന്നു് അവൾക്കു് തോന്നി)—പ്രയോജനരഹിതമായ വിപ്രതീസാരമഗ്നത—അവളുടെ ഉള്ളു് കടിച്ചു് തിന്നുതുടങ്ങി. ആ വലിയ കുറ്റം അവളുടെ ഹൃദയം ഒരു നരകമാക്കി.

ഇതൊന്നും പോരാഞ്ഞിട്ടു് കൃഷ്ണൻനായർ സ്പഷ്ടമായിട്ടു് തന്റെ ചങ്ങാതിത്വം തീരെ വെടിഞ്ഞു. അദ്ദേഹത്തിന്റെ അനുരാഗം സിദ്ധിക്കുവാൻ സ്വപ്നത്തിലുംകൂടി വിചാരിക്കുന്നതു് അഫലവും കേവലം അർത്ഥമില്ലാത്തതും ആണെന്നു്, അവസാനം അവൾക്കു് മനസ്സിലാകുകയുംചെയ്തു. അവളുടെ ഉദ്യമത്തിൽ അവൾ സമ്പാദിച്ചതു് അവളെപ്പറ്റിയുള്ള നല്ല അഭിപ്രായത്തിന്റെ അസ്തമനം മാത്രമായിരുന്നു. അവളുടെ ജീവകാലം ഭയങ്കരമായ അപജയത്തിൽ കലാശിച്ചുഎന്നു് അവൾക്കു് തോന്നി. ജീവദശയിൽ ഒരു പുരുഷന്നു് പറയാവുന്ന ഏറ്റവും ഉൽകൃഷ്ടവും ആശ്വാസജനകവുമായ മന്ത്രം “ഞാൻ വേണ്ടതൊക്കെ സാധിപ്പിച്ചു എന്നാണു്. എന്നാൽ ഒരു സ്ത്രീക്കു് അപ്രകാരം പറയാവുന്നതു് ഞാൻ അനുരാഗിക്കപ്പെട്ടു” എന്നു് മാത്രമാണു്. അതിൽ സകലവും അടങ്ങിപ്പോയി. യൗവന്യത്തിലെ തിളങ്ങുന്ന കാന്തി ക്ഷയിച്ചുപോകുംമുമ്പേ, ഈ വിലയേറിയ അമൃതം സേവിക്കാൻ സാധിക്കാതെപോയ ഒരു സ്ത്രീയുടെ ജീവകാലം വ്യർത്ഥവും അനുഭവയോഗ്യമല്ലാത്തതും ആണു്. പുറമെ അവൾ ഈ പരമാർത്ഥം എത്രതന്നെ മറച്ചുവെക്കാൻ നോക്കിയാലും, ഉള്ളാലെ ഈ പരമാർത്ഥം ഗ്രഹിക്കാതിരിക്കില്ല. അനുരാഗത്തിന്റെ അഭാവത്തിൽ ഉന്നതപദവിയും ധനമഹിമയും ലോകാരാധനയും ഒരു സ്ത്രീക്കു് വെറും പുല്ലാണു്.

ചിത്രമെഴുത്തിൽ വിജയംപൂണ്ടുവാണിരുന്ന കാലത്തു് ലളിതയുടെ സ്വഭാവം കഠിനവും കർക്കശവുമായിരുന്നു. ചിത്രകലയിൽ വിജയം സിദ്ധിച്ചിട്ടുണ്ടെന്നു് ഒരു സ്ത്രീയുടെ നിലയിൽ അവൾ പരാജിതയായ്പോയി എന്നു് ലളിതക്കു് ഇപ്പോൾ നല്ലവണ്ണം ബോദ്ധ്യമായി. ഇതോടുകൂടി അവളുടെ സ്വഭാവവും തീരെ ഒന്നുമാറി. അവളുടെ ഡംഭം ഛിന്നഭിന്നമായി. അവൾക്കു് തന്നിൽ ശരിയായ വിശ്വാസം ഇല്ലാതായി. സഹജീവികളോടു്, തന്നെപ്പോലെയുള്ള സ്ത്രീകളോടുകൂടി ദയയോടു് പെരുമാറണം എന്ന വിചാരം അവൾക്കു് തന്നാലെ മുളച്ചുവന്നു. ഒരു സമയം രതിയുടെ മരണത്തിന്നു് കാരണഭൂതയല്ലായിരുന്നു എങ്കിൽ അവൾ മരണംവരെ കോപിഷ്ടയും, കഠിനമനസ്കയും ആകുമായിരുന്നു. ഒരു മനുഷ്യജീവിയുടെ ജീവദശയ്ക്കു് അഭിപ്രായത്തിന്നും പരിപൂർണ്ണമായ ഭേദം സിദ്ധിക്കും എന്നു് പറയുമ്പോൾ പലരും വിശ്വാസമില്ലാത്തപോലെ നെറ്റി ചുളിക്കുമായിരിക്കും. ഒരു നിമിഷംകൊണ്ടു് ഇത്ര വമ്പിച്ച ഭേദങ്ങൾ നേരിടുമോ എന്നാണു് അവരുടെ ഹാസ്യമയമായ ചോദ്യം. അവരൊക്കെ മനുഷ്യസ്വഭാവത്തെ തീരെ മനസ്സിലാക്കത്തവരാണു്. പെട്ടെന്നുള്ള ഭേദം നേരിടുന്നതുകൊണ്ടല്ലേ, ആളുകൾ ആത്മഹത്യചെയ്യുന്നതു്. ഒരു ഞെട്ടിപ്പോകുന്നകാഴ്ച, നമുക്കൊ, നാം ഇഷ്ടപ്പെടുന്നവർക്കൊ നേരിടുന്ന ഒരു അത്യാപത്തു്, ഒരൊറ്റനിമിഷത്തിനുള്ളിൽ ജീവിതരീതി മുഴുവനും അട്ടിമറിച്ചുകളയുവാൻ പര്യാപ്തമായതാണു്. ജീവിതാവസ്ഥ കണക്കാക്കേണ്ടതു്, കൊല്ലങ്ങൾകൊണ്ടല്ല, മനോവികാരങ്ങളെക്കൊണ്ടാണു്.

ഒരിക്കൽ ലളിത രതിയുടെ രൂപത്തിന്റെ ഒരു പെൻസിൽപകർപ്പു് എടുത്തിരുന്നു. രതി മരിച്ചിട്ടു് കുറെക്കാലം കഴിഞ്ഞപ്പോൾ ആ പകർപ്പു് അടിസ്ഥാനപ്പെടുത്തി ലളിത ഒരു ഒന്നാന്തരം ചിത്രംവരച്ചു. അവൾ മറ്റൊന്നു് എത്രയോ ചെറുതായിവരച്ചു് തന്റെ പോക്കറ്റിൽ അടച്ചുവെച്ചു. ഈ ജോലിയിൽ ഏർപ്പെടുമ്പോൾ അവളെ പശ്ചാത്താപവും മറ്റു് പലവികാരങ്ങളും ബാധിച്ചിരുന്നു. കല്പിച്ചുകൂട്ടിയിട്ടല്ലെങ്കിലും അവൾ കാരണമായി മരണമടഞ്ഞ ഒരു യുവതിയുടെ ഛായ വരച്ചുകൊണ്ടേ ഇരിക്കുന്നതായ ജോലി ചിലസമയത്തു് അവൾക്കു് കഠിനവ്യസനം ഉണ്ടാക്കി. ഒരു തപസ്വിയെപ്പോലെ അവൾ സ്വയം കല്പിച്ച ഏർപ്പാടിൽ സ്ഥിരപ്രജ്ഞയായിത്തന്നെ ഇരുന്നു. ഒടുവിൽ ചിത്രം പരിപൂർണ്ണമാവുകയും ചെയ്തു.

കാർത്തികേയൻനായരും മകളും അവരുടെ മൃതിയടഞ്ഞ രതിയുടെ ശവം മറവുചെയ്ത സ്ഥലത്തിന്റെ അടുക്കെത്തന്നെ ഇരിപ്പാൻവേണ്ടി പാറപ്പുറത്തു് ഒരു വീടുവാങ്ങി താമസിക്കുകയായിരുന്നു. ഒരു ഏപ്രിൽമാസം തെളിഞ്ഞ രാവിലെ അവൾ മോട്ടോർകാർവഴിയായി അവിടേയ്ക്കു് പുറപ്പെട്ടു.

അച്ഛനും മകളും വീട്ടിൽ ഉണ്ടായിരുന്നു. ലളിതയും, അവളുടെ പിന്നിൽ എന്തോ ഒരു വലിയ സാധനം എടുത്തുകൊണ്ടു് അവളുടെ മോഫിയറും വരുന്നതു് കണ്ടപ്പോൾ അവർ ആശ്ചര്യംകൊണ്ടു് കണ്ണുതുറന്നു. ലളിത വന്നകാര്യം ഉടനെ പറഞ്ഞു. സതിക്കു് അവൾ ആ ലോക്കറ്റ് കൊടുത്തു, “ഇതു് നിന്റെ സഹോദരിയുടെ ഓർമ്മയ്ക്കുവേണ്ടി ഞാൻ നിർമ്മിച്ചതാണു്. അങ്ങുന്നേ ഈ വലിയചിത്രം നിങ്ങൾക്കാണു്” എന്നുപറഞ്ഞു.

അതു് ഉടനെ പൊളിച്ചു. തനിക്കു് നല്ലവണ്ണം പരിചയമുള്ള ആ സർവ്വവിശ്വാസമനശ്ശീലവും അബാധശാന്തതയും, സ്ഫുരിക്കുന്ന കണ്ണുകളോടും മന്ദഹാസത്തോടും തന്റെ കണ്ണുകൾ നോക്കുന്ന രതിയുടെ രൂപം, മധുരവും മനോഹരവും സചൈതന്യവുമായ രതിയുടെ രൂപം കണ്ടപ്പോൾ സാധുവൃദ്ധന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.

സതി:
ലളിതെ! നീ വളരെ ശുഭശീലതന്നെ. നിന്റെ വിചാരത്തിന്നു് മാധുര്യവും ഹൃദയത്തിന്നു് അനുകമ്പയും ഉണ്ടു്. ചിത്രം അസ്സലായിട്ടുണ്ടു്.

അങ്ങിനെ ഒന്നു് തോന്നീട്ടു് സതി, ലളിതയുടെ തണുത്ത ചെള്ളമേൽ ഒരു ചുംബനം വെച്ചു. അവരുടെ നന്ദിവാക്കുകൾകൊണ്ടൊന്നും ലളിതയുടെ അസ്തമിച്ചുപോയ സന്തോഷം ഉണർന്നുവന്നില്ല. അവളുടെ മുതുകിൽക്കൂടെ തല മുതൽ നിതംബംവരെ ഒരു കുളുർച്ച ചാട്ടം ഉണ്ടായി. “ഈശ്വരാ! ഇവരൊ മറ്റൊ പരമാർത്ഥം അറിഞ്ഞിരുന്നെങ്കിൽ—എന്റെ കുറ്റം മനസ്സിലായിരുന്നു എങ്കിൽ” എന്നുമാത്രം വിചാരിച്ചു. അരമണിക്കൂർ കഴിഞ്ഞപ്പോൾ, അവൾ നഗരത്തിൽ അവളുടെ വീട്ടിലേയ്ക്കു് മടങ്ങി.

എന്തുചെയ്യും! കഴിഞ്ഞുപോയതു് ഇല്ലാതാക്കാൻ ഈശ്വരനുംകൂടി ആവതല്ല. എന്നാൽ അതിന്നു് വല്ല പ്രതികാരവും ഉണ്ടെങ്കിൽ അതൊക്കെ ചെയ്വാൻ അവൾ നിശ്ചയിച്ചു. പ്രതിവിധി ചെയ്വാൻ ഒരു കാലവും അവസരവും കിട്ടുന്നതു് ജീവദശയിലെ ഒരു വലിയ പുണ്യമാണു്.

അവളുടെ അബാധമായ ശാന്തിക്കു് ജനങ്ങളും, തിരക്കും, ഒച്ചയും നിറഞ്ഞ ഒരു വലിയ നഗരം നന്നല്ലെന്നു് ഒരു തോന്നൽ ആദ്യം മങ്ങിയപോലെ ഉണ്ടായി. അവളേപ്പോലെ ചിത്രമെഴുതാൻ നല്ല കാഴ്ച കണ്ടുപിടിപ്പാൻ രാജ്യംതോറും സവാരി ചെയ്യുന്ന ഒരു ചങ്ങാതി അവൾക്കുണ്ടായിരുന്നു. ഇന്നദിക്കിൽ, ജനോപദ്രവമൊന്നുമില്ലാതെ ഒറ്റയ്ക്കു് നില്ക്കുന്ന ഒരു ചെറിയ ഗ്രാമം ഉണ്ടെന്നു് അവൾ ലളിതയോടു് പറഞ്ഞുകൊടുത്തിരുന്നു. അവൾ അവിടെ പോവാൻവേണ്ടി ക്ഷണം നഗരംവിട്ടു.

ഗ്രാമം വളരെ പഴക്കം ചെന്നതാണെങ്കിലും സുഖവും സൗകര്യവുമുള്ളതായിരുന്നു. പ്രകൃതിയിൽ പ്രത്യക്ഷമായ പല രാമണീയകതയും വിലോകിച്ചിട്ടു് അവളുടെ കലുഷമാനസത്തിന്നു് ഭേദവും സുഖവും ഉണ്ടാക്കാൻ വളരെനാൾ അവൾ അവിടെ പാർത്തു.

അവൾക്കു് നല്ല കരടുപകർപ്പുകൾ പലതും വരച്ചുവിടാൻ സാധിച്ചു. നാട്ടുമ്പുറത്തു് കാണായ്വരുന്ന പ്രകൃതിവിലാസങ്ങൾക്കു് ഒരു മാധുര്യം വേറെതന്നെ ഉണ്ടാകും. നട്ടുവളർത്തിയതൊ, കല്പിച്ചുകൂട്ടി ഉണ്ടാക്കിയതൊ അല്ലാത്ത തോടുകൾ, മരങ്ങൾ, ചെടികൾ, പുഷ്പങ്ങൾ, ചെറുഭവനങ്ങൾ വരയുന്നതിൽ ഒരു ജന്മിത്വവും മഹിമയും വേറെതന്നെ കിടക്കുന്നുണ്ടു്. അസ്തമനസൂര്യന്റെ ഉള്ളം തിളയ്ക്കുന്ന രൂപം അബാധമായി കാണാവുന്ന ഒരു പ്രത്യേകസ്ഥലം, ഒരു ദിവസം സന്ധ്യമയങ്ങുമ്പോൾ അവൾക്കു് കണ്ടുകിട്ടി. അവളുടെ ചിത്രത്തിന്റെ മരക്കൂട്ടിന്റെ കാലുകൾ നിലത്തു് ഉറപ്പിക്കാൻ ഒരു പഴയവീട്ടിന്റെ പറമ്പത്തു് അവൾക്കു് കേറിച്ചെല്ലേണ്ടിവന്നു.

“എന്തൊരു ഉപദ്രവമാണു് അപ്പാ. വീട്ടുകാരോടു് സമ്മതം ചോദിപ്പാൻ പുറപ്പെട്ടാൽ ചിത്രം വരയ്ക്കാനുള്ള അവസരം കഴിഞ്ഞുപോകും. സൂര്യന്റെ ചുറ്റിൽനിന്നു് വിളങ്ങുന്ന തേജസ്സും പ്രകാശവും ക്ഷണം ഒഴിഞ്ഞുപോകും. ഇങ്ങിനെ ഒരു അവസരവും ആകാശസ്ഥിതിയും എനിക്കു് മേലാൽ കിട്ടിയില്ലാ എന്നും വന്നേയ്ക്കാം.”

ഇങ്ങിനെ വിചാരിച്ചു് ആരോടും സമ്മതം ചോദിക്കാതെ, പറമ്പിൽ കരേറി, ചിത്രത്തിന്റെ കൂടും നിലത്തുറപ്പിച്ചു്, അവളുടെ പ്രവൃത്തി ആരംഭിച്ചു. വസന്തകാലത്തിന്റെ മന്ദോഷ്ണംകൊണ്ടു് പച്ചനിറം പൂണ്ടു് തെഴുക്കുന്ന, വൃക്ഷങ്ങളുടെ കർക്കശങ്ങളല്ലാത്ത വിടകളിൽക്കൂടെ പശ്ചിമസൂര്യന്റെ ബിംബം കാണാമായിരുന്നു. അതു് ചക്രവാളത്തിന്റെ തൊട്ടു് മേൽഭാഗത്തു് കൂട്ടവും, ചിലേടത്തു് നീട്ടവും ആയി ദീപിക്കുന്ന കാറുകളാൽ ആവൃതമായി. രക്തവർണ്ണദീപംകൊണ്ടു് വിളങ്ങുന്ന ഒരു ചീനറാന്തൽപോലെ ശോഭിച്ചിരുന്നു. ലളിത വരയ്ക്കുന്നതു് വേഗത്തിലാണെങ്കിലും അവളുടെ കലാനൈപുണ്യം വെളിപ്പെട്ടുവരാൻ തക്കവണ്ണവുമായിരുന്നു. അവളുടെ ചിത്രം വരച്ചുവരുന്നകാലത്തു് സുന്ദരകല എന്നുവെച്ചാൽ സൗന്ദര്യസമ്മേളനം കാണുവാനും പ്രദർശിപ്പാനുമുള്ള ഒരു അവകാശം അവൾക്കു് സിദ്ധിച്ചു് വന്നിരുന്നു. എന്നാലുംകൂടി ഈ സമയത്തു് അവളുടെ കൺമുമ്പിൽ പ്രത്യക്ഷമായ അതിശയശോഭയിൽ അവൾ സമാധി അടഞ്ഞുപോകുമ്പോലെ തോന്നി.

അവസരമുള്ളപ്പോൾ, ഒരു പരിപൂർണ്ണഭംഗിയുള്ള ചിത്രമായി കൊണ്ടുവരാൻ വേണ്ടുന്ന, പ്രാരംഭവരയും കുറിയുമായിരുന്ന ഒരു കരടു്, സൂര്യൻ അസ്തമിക്കുംമുമ്പെതന്നെ അവൾ വരച്ചുകഴിഞ്ഞിരിക്കുന്നു—

അവൾ അവളുടെ സാമാനമൊക്കെ ഒരു ഭാണ്ഡമായി കെട്ടുകയായിരുന്നു. പെട്ടെന്നു് അവൾ തന്റെ ജോലി നിർത്തേണ്ടിവന്നുപോയി. അവളുടെ ചെറിയ കേമ്പു്സ്റ്റൂളിന്മേൽ ഇരുന്നു. ആ പഴയവീട്ടിലേയ്ക്കു് ചെവിടോർത്തുങ്കൊണ്ടു് ഇരുന്നു. അതേ ആ വീട്ടിൽനിന്നു് പാട്ടുപാടുന്നതു് കേട്ടു. കുയിൽനാദത്തെ നിന്ദിക്കുന്ന ഒരു വിശദവും വിമലവുമായ സ്വരം, ചേതസ്സു് ലയിപ്പിക്കുംവിധത്തിൽ ഗീതാകൃതിയിൽ പുറത്തുവരുന്നതു് കേട്ടു. പാട്ടുപാടുന്ന ഭംഗിയല്ല അവളെ അപഹൃതചിത്തയാക്കിത്തീർത്തതു്. അവൾ ഇന്ത്യയിലെ കേളികേട്ട ആണുംപെണ്ണുമായ സകല പാട്ടുകാരുടേയും പാട്ടു് കേട്ടിട്ടാണു്. ആ ശബ്ദം അവൾക്കു് നല്ല പരിചയമുള്ള ഒരാളുടെ ശബ്ദംപോലെ തോന്നി.

കോകിലനാദംപോലെ മധുരവും, മണിയുടേതുപോലെ വിശദവുംപോലെയുള്ള ആ ശബ്ദം ഇതിന്നുമുമ്പു് അവൾ എവിടുന്നായിരിക്കും കേട്ടതു്.

സൂര്യൻ അസ്തമിച്ചു. ആ പാട്ടിന്റെ മൃദുവും ശോകപ്രധാനവുമായ രാഗം ഉരുകി, ശാന്തമായ്പോയി. ലളിതയുടെ ഒന്നുംതിരിയാത്ത മാനസം ആശ്ചര്യംകൊണ്ടു് വലഞ്ഞു. പാട്ടുകാരി ആരാണെന്നു് ഓർമ്മിച്ചെടുക്കുകയും സ്ഥാപിക്കുകയും ചെയ്യാൻ സാദ്ധ്യമാകാഞ്ഞിട്ടു് ലളിതയ്ക്കു് ഇഞ്ചിപിടിച്ചു.

അവൾ അവളുടെ സാമാനങ്ങളെല്ലാം ഒരു ചെറിയ ഭാണ്ഡമാക്കി അവിടംവിട്ടു. അവൾക്കു് കടന്നുപോകേണ്ടുന്ന ഒരു ചെറിയ അരപ്പൂക്കാട്ടിന്റെ സമീപത്തു് എത്തിയപ്പോൾ അവൾ നിന്നു. ആ പാട്ടു് അവൾ പിന്നേയും കേട്ടുതുടങ്ങി. ദൂരത്തിൽനിന്നു് മുട്ടുന്ന ഒരു മണിയുടെ ശബ്ദം മന്ദമാരുതമാർഗ്ഗമായി എത്രയോ മൃദുവായി കൊണ്ടുവരുമ്പോലെ തോന്നി. അവളുടെ മുമ്പത്തെ സങ്കടജനകമായ പാട്ടിൽനിന്നു്, പാട്ടുകാരി കല്പിച്ചുകൂട്ടി കുടഞ്ഞു് എഴുന്നേറ്റു് തന്റെ മനസ്സു് ഒരു വിപരീതമാർഗ്ഗത്തിൽ വലിച്ചിട്ടപോലെ തോന്നി—

പല്ലവി—

പ്രാണനാഥനെനിക്കു നൽകിയ

പരമാനന്ദരസത്തെ—ബാലേ

പറവാനെളുതാമൊ.

അനുപല്ലവി—

ഏണനേർമിഴിമാർ മണെ!—സഖി—

ഏകാന്തെ മണിമയശയനെ—(പ്രാണ)

ചരണങ്ങൾ—

അങ്കത്തെലിരുത്തിയെൻ,

കൊങ്കണങ്ങൾ കര-

പങ്കജംകൊണ്ടവൻ തലോടി

പുഞ്ചിരിതൂകി

തങ്കക്കുടമെന്നു കൊണ്ടാടി

ഗാഢംപുണർന്നി-

ട്ടങ്കുരിതപുളകം കലർന്നിടു-

മെൻ കപോലെ,മതിലമ്പൊടു

തിങ്കൾമുഖത്തെ,യണ-

ച്ചധരത്തെ നുകർന്നും

പല ലീലതുടർന്നു—(പ്രാണ)

2

ഉത്താശനായി കാന്തൻ

വിസ്താരമാർന്ന മാർവിൽ

ചിത്താനന്ദത്തോടണച്ചെന്നെ—ചുംബനാദികൾ

ത്തത്താദൃശങ്ങൾചെയ്തു പിന്നെ-എന്റെമാര-

പത്തനാംബുജമാശു, കണ്ടതി

ചിത്തകൗതുകമാർന്നു മൽപതി

മത്തമാം ഭ്രമരത്തൊടു സമത വഹിച്ചും

മധുവുണ്ടുരസിച്ചു—(പ്രാണ)

3

ഊരുമൂലത്തിൽ മെല്ലെ

ചാരുവാം പാണികൊണ്ടു

പാരാതെ കരികരലീലാഭേദങ്ങൾചെയ്തും

വാരരസാംബുരാശി വെലകവിയുമാറ-

ന്നേരമതി സീല്ക്കാരഭാവവി-

കാരപരവശയായൊരെൻ കുച-

ഭാരമതിങ്കലുദാര നഖക്ഷതിചേർത്തും

ചെയ്തരസത്തെ പേർത്തും—(പ്രാണ)

4

കാന്തനോരോരോ രതി-

കാന്തതന്ത്രത്തി,ലെന്റെ

പൂന്തുകിലഴിച്ചൊരുനേരം—തുടങ്ങിഞാനും

മാന്താർശരക്കടലിൽ ചെന്നുവീണു

നീന്തി മദനഭ്രാന്തിനാലതി

നാന്ദിപൂണ്ടു് ഹിതാന്തമങ്ങിനെ

കാന്തകൃതം സുരതാന്തമഹോത്സവ-

ഘോഷം പുനരെത്രവിശേഷ-(പ്രാണ)

5

കാമിനിമാർകൾകൂടി

കാമനെന്നു കൊണ്ടാടും

കോമളരുചി ചാരുശീലൻ

ശ്രീപത്മനാഭ—

സ്വാമിതൻ സേവാലോലൻ

വല്ലഭനെന്നിൽ

പ്രേമമതിനു വിരാമമെന്നിയെ

കാമലീലയിലോമലേ ശൃണു

മാമക മാനസമാശുവശീകൃതമാക്കി

വിരവോടഴൽ പൊക്കി—(പ്രാണ)

ലളിത പാട്ടു് അവസാനിക്കുംവരെ അവിടെത്തന്നെ നിന്നു. പിന്നെ ബദ്ധപ്പെട്ടു് നടന്നു. ആ ശബ്ദം അവൾ അറിയുന്ന ശബ്ദമാണെന്നു് അവൾക്കു് തീർച്ചയായതുകൊണ്ടും ആരെന്നു് കണ്ടുപിടിപ്പാൻ തല്ക്കാലം സാധിക്കാതെപോയതുകൊണ്ടും അവൾക്കു് അക്ഷമയും അസാരം കോപവും ഉണ്ടായി. പിന്നെയും പാട്ടിന്റെ സ്വരം കേട്ടപ്പോൾ ലളിത ആ പാട്ടു് കേൾക്കാൻകഴിയാത്ത ദൂരംവരെ അവളുടെ ചെവിയിൽ കയ്യിട്ടുനടന്നുകളഞ്ഞു.

അവൾ തന്റെ വീട്ടിലെത്തി, സാമാനങ്ങൾ ഒരേടത്തു് വെച്ചു് അസാരം വിശ്രമിച്ചു. വീട്ടുടമസ്ഥ അവൾക്കു് ചായകൊണ്ടുവന്നു.

ലളിത:
ആ തരിശിന്റെ വക്കിനുള്ള പഴയ വീട്ടിൽ പാർക്കുന്നതാരാണു്?
സ്ത്രീ:
ആ കൽക്കുഴിയുടെ അടുത്തുള്ള പഴയവീട്ടിലോ?
ലളിത:
അതെ.
സ്ത്രീ:
നാം തരിശിലേക്കു് ഇറങ്ങി ചെല്ലുന്ന വഴിക്കോ?

ലളിത ജിഞാസയോടു് തലകുലുക്കി.

സ്ത്രീ:
നഗരത്തിൽനിന്നു് കുറെക്കാലമായിട്ടു് ഇവിടെ വന്നു് താമസമാക്കിയ ഒരു ദീനക്കാരേയും ഗർഭിണികളേയും മറ്റും ശുശ്രൂഷിക്കുന്ന ഒരു നേർസാണു്. ഒരു സ്വതവെയുള്ള വൈഭവം അവൾക്കുണ്ടു് എന്നാണു് എല്ലാവരും പറയുന്നതു്. (ശബ്ദം വളരെ പതുക്കെയാക്കീട്ടു്) അവൾക്കു് ഒരു സാധുമകനുണ്ടു്. പിശാചുപീഢയാണു് അവന്നു്.
ലളിത:
പിശാചുപീഢയോ.
സ്ത്രീ:
അതെ. ആ കുട്ടിക്കു് ഇതുവരെ ബുദ്ധി ഉണ്ടായിട്ടില്ല. ആ സ്ത്രീ ഗർഭിണിയായപ്പോൾ ഒരു ദിവസം റോട്ടിലൂടെ നടന്നുപോകുകയായിരുന്നു. വയസ്സുകൊണ്ടു് കൂന്നുപോയ ശവംതിന്നിക്കാളിഅമ്മ മുറിയത്തിൽക്കൂടെ കടന്നുപോയി. ശവംതിന്നിക്കാളിയമ്മ ഒരു പിശാചിന്റെ മകളാണുപോലും.
ലളിത:
അവിടെ പാർക്കുന്ന സ്ത്രീയുടെ പേരെന്താണു്?
സ്ത്രീ:
എന്തായിരുന്നു. ഇപ്പോൾ എനിക്കു് തോന്നുന്നില്ല. എനിക്കറിയാമായിരുന്നു. (അവൾ അവളുടെ നരച്ചതല കുറെ മാന്തി) ഞാൻ മറന്നു. എന്നാൽ നിങ്ങൾക്കുവേണ്ടി ഞാൻ അതു് അറിഞ്ഞുവരാം.
ലളിത:
ഓ. ബുദ്ധിമുട്ടെണ്ട. അറിഞ്ഞിട്ടു് വലിയ കാര്യമൊന്നും ഇല്ല. അവൾ ഒരു ചെറുപ്പക്കാരിയാണൊ?
സ്ത്രീ:
ചെറുപ്പക്കാരിതന്നെ. നാല്പത്തഞ്ചു് വയസ്സു് കാണും.

പറയുന്നയാൾക്കു്, പറയപ്പെട്ട സ്ത്രീയേക്കാൾ ഇരുപതു് വയസ്സു് ജാസ്തികാണും. അപ്പോൾ നാല്പത്തഞ്ചുകാർ അവൾക്കു് ചെറുപ്പക്കാരായിട്ടേ തോന്നുകയുള്ളു.

ലളിത:
ഞാൻ കേട്ടതു് ഒരു ചെറുപ്പക്കാരിയായ പെണ്ണു് പാടുന്നതാണു്. ഒരു യുവതിയായിരിക്കണം സംശയമില്ല.

അവിടത്തെ ഏതെങ്കിലും ഒരു വേലക്കാരിയുടെ പാട്ടായിരിക്കും നിങ്ങൾ കേട്ടതു്. ആളും ഓരും ഇല്ലാത്ത ആ സാധുവിധവയുടെകൂടെ മനുഷ്യനായിപ്പിറന്ന ആരും പാർപ്പാനുണ്ടായിരുന്നില്ല. മേലാൽ ഉണ്ടാവാൻ പാടുണ്ടു് എന്നു് വിചാരിക്കാനും തരമില്ല.

രാത്രിയായി. പകൽ സമയം ലളിതയെ സ്വരൂപമില്ലാതെ കുഴക്കിയ സ്വരം ആ സമയത്തു് ലളിതയ്ക്കു് വ്യക്തമായി ഓർമ്മവന്നു. ഒരു മിന്നൽപോലെ, പല കാഴ്ചകളും അവളുടെ മനോരംഗത്തിൽ വിളങ്ങി. ഒരു വെടിപ്പില്ലാത്ത ചെറിയ മുറിയിൽ ഗതിയില്ലാത്ത മാതാക്കന്മാരെക്കൊണ്ടു് നിറഞ്ഞതും ഉടലോടു് പറ്റിയപോലെ തോന്നുന്ന ഒരു വെള്ളവസ്ത്രവും ധരിച്ചു് ഒരു ചെറിയ പെൺകുട്ടി അവർക്കു് പാട്ടുപാടിക്കൊടുക്കുന്നതും അവരൊക്കെ നനഞ്ഞ കണ്ണുകളോടും അതിതൃഷ്ണയോടും അതു് കേൾക്കുന്നതും മറ്റും അവൾക്കു് ഓർമ്മവന്നു. ലളിതയും അസൂയാകലുഷമായ കണ്ണുകളെക്കൊണ്ടു് ഇതൊക്കെ നോക്കി അവിടെ നിന്നിരുന്നു. പെൺകുട്ടി പാട്ടുനിർത്തിയപ്പോൾ കേട്ടവർ സർവ്വം അവളെ പുകഴ്ത്തുകയും ആരാധിക്കുകയും ചെയ്തിരുന്നതു് ലളിതയുടെ അസൂയവർദ്ധനവിന്നു് കാരണമായിത്തീർന്നിരുന്നു. പ്രസന്നവദനനായ ഒരു നീണ്ട യുവാവു് ആർദ്രതയോടുകൂടെ പാട്ടുകാരിയുടെ മുഖത്തെ നോക്കിനിന്നിരുന്നു.

അവൾ കിടക്കയിൽനിന്നു് എഴുന്നേറ്റു് ഒരു കുറ്റിപോലെ അവിടെ ഇരുന്നു. അവളുടെ കണ്ണുകളിൽ ആശ്ചര്യം സ്ഫുരിച്ചു. പൊന്നി ഇവിടെ എങ്ങിനെ എത്തി. പരിഷ്കാരം ബാധിക്കാത്ത ദേവാരത്തിലെ തരിശിന്റെ അടുക്കെ ഉള്ള ഒരു പഴയ വീട്ടിൽ, ബാക്കിയുള്ളവരുടെ കണ്ണിൽനിന്നു് മറഞ്ഞുകൊണ്ടു് പൊന്നി പാർക്കുവാൻ സംഗതി എന്തുണ്ടായി?

ആറുമാസത്തിൽ അധികം കാലമായിട്ടു്, അവൾ മുമ്പു് സഹവസിച്ചിരുന്ന ജനങ്ങൾക്കു് അവൾ ചത്തുപോയി എന്ന വിശ്വാസം ജനിക്കുമാറു് ഇവിടെ വന്നുകൂടിയതിന്റെ സാരം എന്താണു്? ആളുകൾ അവരവരുടെ ഇഷ്ടംപോലെ വിചാരിച്ചുകൊള്ളട്ടെ എന്നായിരിക്കുമോ ഉദ്ദേശം?

ഒരു സമയം അവളുടെ ഇഷ്ടത്തിന്നെതിരായി, ഒരു തടവുകാരിയെപ്പോലെ അവളെ കൊണ്ടുവെച്ചതായിരിക്കുമോ? അവളുടെ പരിതാവസ്ഥകൾ കാണുമ്പോൾ അങ്ങിനെ അനുമാനിക്കാനാണു് എളുപ്പം.

ലളിത കിടക്കയിൽനിന്നു് എഴുന്നേറ്റു്, വിളക്കുകത്തിച്ചു. പിന്നെ സ്റ്റൊ എടുത്തു് ഒരു കോപ്പചായ കാച്ചുവാൻ വട്ടംകൂട്ടി. ചായകുടിച്ചതിൽ പിന്നെ പലതും ആലോചിക്കുവാൻ തുടങ്ങി. പൊന്നിയുടെ അഭാവത്തിന്നു് തക്കതായ കാരണം ഒന്നും അവൾക്കു് കാണുവാൻ സാധിച്ചില്ല. പൊന്നി ഏതുസമയത്തും അത്ഭുതമാകുംവണ്ണം വെറിയും വിഷാദവും ബാധിയാത്ത ലളിതക്കു് എല്ലായ്പോഴും തോന്നിയിരുന്നു. കൂസലില്ലാതെ, തീക്കട്ടപോലെ ഇരുന്ന പൊന്നിയും ഈ പഴയവീടും തമ്മിൽ എന്തു് ബന്ധമുണ്ടാവാനാണു്! ഒരു മന്ദമാരുതന്റെ വിചാരരഹിതവും ഉല്ലാസജനകവുമായ വീശൽപോലെ ആയിരുന്നില്ലേ അവളുടെ നടവടി.

ഒരു കാര്യം അവളുടെ മനസ്സിൽ തെളിഞ്ഞുനിന്നിരുന്നു.

കൃഷ്ണൻനായർ പൊന്നി എവിടെയാണെന്നു് അറിയുകയില്ല.

ഒന്നാമതായി പൊന്നിയെ കാണാതായ വർത്തമാനം കേട്ടപ്പോൾ അദ്ദേഹത്തിന്നു് നേരിട്ട അഗാധവ്യസനം ലളിതയ്ക്കു് ഇപ്പോൾ നല്ല ഓർമ്മയായി. അവളുടെ പരിശോധന കഴിക്കുന്ന കണ്ണുകളിൽനിന്നു് നായർക്കു് അയാളുടെ കഠിനസങ്കടം മറച്ചുവെയ്ക്കാൻ സാധിച്ചിരുന്നില്ല.

ഒരു നിമിഷനേരത്തോളം അവളുടെ നേരിയ ചുണ്ടുകൾ ശക്തിയോടെ അവൾ അമർത്തുപിടിച്ചു. അയാൾ തന്റെ അനുരാഗത്തെ ഖണ്ഡിച്ചു. ഏതായാലും പൊന്നിയുടേതു് സമ്പാദിപ്പാൻ അയാൾക്കു് അവസരവും വേണ്ടപ്പെട്ട സമയവും കിട്ടിയില്ല. ഒരു നിമിഷത്തിന്നുള്ളിൽ പണ്ടെന്നപോലെ അവളുടെ കണ്ണിൽ ഒരു തിളക്കം ഉണ്ടായി.

എന്നാൽ അതു് ഒരു നിമിഷനേരം മാത്രമേ നിലനിന്നുള്ളു.

പിന്നെ അവൾ ക്ഷീണം പിടിച്ചപോലെ ദീർഘനിശ്വാസം ചെയ്തു. മറ്റുള്ളവരുടെ കഷ്ടങ്ങളിൽ രസിച്ചിട്ടു് എന്തു് കാര്യസിദ്ധിയാണു് വരുവാനുള്ളതു്? തങ്ങളുടെ സ്വന്തം കഷ്ടങ്ങൾക്കു് അതുകൊണ്ടു് വല്ല ക്ഷയമോ മോചനമോ ഉണ്ടാകുമോ?

കൃഷ്ണൻനായരെ ഇവിടെ ലളിതയ്ക്കു് വേണമെങ്കിൽ സഹായിക്കാം. കൃഷ്ണൻനായരെ അവൾ പണ്ടുപണ്ടെ ഇഷ്ടമായിരുന്നു എന്നു് കാണിച്ചുകൊടുക്കാം. അയാൾക്കു് അവളോടുള്ള അഭിപ്രായം ഏതു് വിധമാണെന്നു് അവൾക്കറിയാം. അയാൾ വിശ്വസിക്കുംപ്രകാരം അവൾ സ്വാർത്ഥം മാത്രം നോക്കുന്ന ഒന്നിന്നും കൊള്ളാത്തവളല്ലെന്നു് അയാൾക്കു് കാണിച്ചുകൊടുക്കാം.

പൊന്നി ഇവിടെ ഉണ്ടെന്നു് അവൾ എഴുത്തുമൂലം അറിയിക്കും. ആ അവൾ കടലാസും പേനയും എടുത്തു് പകുതി എഴുതിയപ്പോൾ എഴുത്തു് അവൾ ചീന്തിവലിച്ചെറിഞ്ഞു.

“ഞാൻ എന്തൊരു വിഡ്ഢിയാണു്. തീർച്ചയായിട്ടും ഒരു കമ്പിയാണു് ഞാൻ അയയ്ക്കേണ്ടതു്. രാത്രി ഒന്നും കമ്പിയാപ്പീസു്, പോസ്റ്റാപ്പീസു്പോലെ പൂട്ടുക ഉണ്ടാകയില്ല.”

ഇരുപത്തിമൂന്നാം അദ്ധ്യായം

“പാപ്പിഅമ്മെ! ഈ ദണ്ഡത്തിന്റെ കാരണം എന്തെന്നാണു് ഡോക്ടർ പറഞ്ഞതു്.”

രാജാവു് കസാലമേൽ ചാരിയിരുന്നു. അവളുടെ ഉത്തരത്തിന്നു് ജിജ്ഞാസയോടെ കാത്തുനിന്നു.

പാപ്പിഅമ്മ:
അയാൾ ഒന്നാമതു് പറഞ്ഞതു് എന്തൊ ഒരു സംഗതിമൂലം അവൾ കഠിനമായി ഞെട്ടിപ്പോയതുകൊണ്ടു് എന്നാണു്. അങ്ങിനെ ഒരു സംഭവം അവൾക്കുണ്ടായിട്ടുണ്ടെന്നു് എനിക്കു് തോന്നുന്നില്ല. എന്തൊ ഒരു കാര്യം കൊണ്ടു് അവൾ പരവശയാകുന്നുണ്ടെന്നു് ഞാൻ അദ്ദേഹത്തോടു് പറഞ്ഞു.
രാജാ:
എന്നിട്ടു്?
പാപ്പിഅമ്മ:
അതുതന്നെയായിരിക്കണം എന്നു് ഡോക്ടരും സമ്മതിച്ചു. മനസ്സിൽ വല്ല ക്ലേശവും ഉണ്ടെങ്കിൽ അതു് ഒന്നാമതു് ചെന്നുപിടിക്കുന്നതു് തലയ്ക്കാണു്. ഈമാതിരി സമയത്തും.
രാജാ:
ശരി. എനിക്കു് അവളെ ഒന്നു് കാണേണ്ടിയിരുന്നു.

ഇതു് ആറാമത്തെ പ്രാവശ്യമാണു് രാജാവു് ആവർത്തിക്കുന്നതു്.

പാപ്പിഅമ്മ:
അതിനെന്താമുടക്കം. ഇപ്പോൾത്തന്നെ നേർസ് അവളെ താഴത്തു് കൊണ്ടുവരും.
രാജാ:
അവൾക്കു് അത്രത്തോളം പാരവശ്യമുണ്ടോ?
പാപ്പിഅമ്മ:
അവളെ ആരും വെറിപിടിപ്പിക്കരുതു്. വളരെ നല്ലവണ്ണം ശുശ്രൂഷിച്ചാൽ അവളുടെ രോഗം ക്ഷണത്തിൽ സുഖപ്പെടുവാൻമതി. ഇപ്പോൾ അവൾക്കു് അത്യന്തം ക്ഷീണമാണു് ഉള്ളതു്. ചെറിയ ഒരു ഗതിതന്നെ അവളെ കുഴക്കിക്കളയുന്നു. അവൾ പാട്ടുപാടരുതു്. എന്നാലുംകൂടി പാടുള്ള സമയത്തു് അവൾ പാടാതേയും ഇരിക്കില്ല.

ഇങ്ങിനെ പറഞ്ഞു്, തലയും കുലുക്കി അവൾ അവളുടെ അപ്രീതി റിക്കാർട്ടാക്കി.

രാജാ:
ഹാ—അവൾക്കു് പണ്ടെത്തെ ചൊണ ഇപ്പോഴും ഉണ്ടു്.

പരമാർത്ഥം പറയെണമെങ്കിൽ പൊന്നിയുടെ സുഖക്കേടുനിമിത്തം രാജാവു് കേവലം അട്ടിമറിഞ്ഞുപോയിരുന്നു. പണ്ടു് ശീതകാലത്തു്, നഗരത്തിൽനിന്നു് അവളെ ദേവാരത്തു് (ഇവിടെ) കൊണ്ടുവരുമ്പോൾ കണ്ടതിൽപിന്നെ ഈ പ്രകാശമുള്ള മെയ് മാസത്തിലെ ഒരു പ്രഭാതത്തിലാണു് അവളെ കാണ്മാൻ അയാൾക്കു് അനുവാദം സിദ്ധിക്കുവാൻ പോകുന്നതു്.

ഒരിക്കൽ കണ്ടാൽപിന്നെ ആരോടും മറന്നുപോകത്തക്കവളല്ല പൊന്നി. അവളുടെ പാണിബന്ധനത്തിൽ പിണഞ്ഞുകിടപ്പാനുള്ള മോഹമില്ലാതെ ഒരു ദിവസംപോലും അയാൾക്കു് കഴിഞ്ഞിരുന്നില്ല. പകലാണെങ്കിൽ അവളുടെ സചൈതന്യവും, സന്തോഷകരവും ആയ സഖിത്വത്തെ ആർത്തിയോടെ ആശിച്ചു. രാത്രിയായാൽ അവളുടെ ചുംബനങ്ങൾക്കു് അയാൾ കൊതിച്ചു.

ദിവസങ്ങൾ അതിദീർഘമായിത്തീരുമ്പോലെ അയാൾക്കുതോന്നി. ജൂൺമാസത്തിൽ അയാളുടെ കുട്ടി ജനിക്കും. അവളെ പാണിബന്ധനത്തിലാക്കാൻ അയാൾക്കു് പിന്നേയും അക്ഷമനായി കാത്തുകൊണ്ടുതന്നെ ഇരിക്കണം. പൊന്നി അയാളെ തിരസ്കരിക്കുമെന്ന ആലോചന അയാൾക്കു് ലേശം ഉണ്ടായിരുന്നില്ല. കുട്ടി ജനിക്കുംമുമ്പെ അവൾ വിവാഹയായിരിക്കില്ല എന്നു് അവൾ പറഞ്ഞതു് ശരിയാണെങ്കിലും അതു് കോപംകൊണ്ടുമാത്രം അവൾ പറഞ്ഞതാണു്.

അവൾ കൊണ്ടുവരാനുള്ള തടസ്ഥങ്ങളൊക്കെ തനിക്കു് തകർത്തുകളയാമെന്നു് അയാൾ കണക്കാക്കിയിരുന്നു. തന്നിലും, സ്ത്രീകളിൽ തനിക്കുള്ള സ്വാധീനശക്തിയിലും അയാൾക്കു് ദൃഢവിശ്വാസമുണ്ടായിരുന്നു. ഈ ശോച്യാവസ്ഥയിൽ അവൾക്കു് താൻ പറയുന്നതു് കേൾക്കാനല്ലാതെ മറ്റൊരു നിർവ്വാഹവും ഉണ്ടാകയില്ല. കയ്യിൽ കാശും, ഇരിപ്പാൻ കുടിയും ഇല്ലാത്ത ഒരുത്തിക്കു് ഒരു ശിശുവുംകൂടി കഴുത്തിലായാൽ അവൾ എന്തുചെയ്യും? തനിക്കു് വഴിപ്പെടുകയല്ലാതെ അവൾ മറ്റുവല്ലവരേയും കാംക്ഷിക്കുമെന്നു് തോന്നുന്നില്ല. അല്ലെങ്കിൽ അന്യസന്താനത്തോടുകൂടിയ ഒരുവളെ മറ്റുവല്ലവരും കാംക്ഷിക്കുമോ? കഷ്ടം! കാര്യത്തിന്റെ വാസ്തവം വല്ലതും രാജാവു് അറിഞ്ഞിരിക്കുന്നോ?

ഇപ്പോൾ എല്ലാം ഭേദിച്ചുപോയിരിക്കുന്നു. കുട്ടിയില്ല. കഠിനജ്വരം അവളുടെ കുട്ടിയേയും ശരീരസുഖത്തേയും ഒന്നിച്ചു് കവർന്നുകൊണ്ടുപോയിരിക്കുന്നു. അവളുടെ ജീവനേയും എന്നുകൂടി പറയേണ്ടിവരുമായിരുന്നു. അവൾ മരണവുമായി എത്ര അടുത്തുപോയിട്ടുണ്ടെന്നു് പാപ്പിഅമ്മയ്ക്കും ഡോക്ടർക്കും മാത്രമെ അറിഞ്ഞുകൂടു.

അകത്തിൽനിന്നു് വാതിൽ തുറക്കുന്നതു് കേട്ടപ്പോൾ രാജാവു് ചാടി എഴുന്നേറ്റു. യുവതിയായ നേർസ്, പൊന്നിയുടെ കൈപിടിച്ചിട്ടൊ, അല്ല പൊന്നിയെ എടുത്തിട്ടോ വരുന്നുണ്ടാകും എന്നാണു് അയാൾ ആലോചിച്ചിരുന്നതു്. എന്നാൽ പൊന്നി, വാതിൽ വേഗത്തിൽ കടന്നുവന്നു. അവളുടെ നടത്തത്തിൽ പണ്ടെത്തെ നിവിരലും തെള്ളലും ഉണ്ടായിരുന്നു. അവളുടെ അധരത്തിലും ഗണ്ഡത്തിലും ഒരു മങ്ങിയ റോസ്നിറം ഉണ്ടായിരുന്നു. അവൾ വളരെ മെലിഞ്ഞുപോയിരുന്നു. അവളുടെ കവിൾ അസാരം ഒട്ടിപ്പോയതുകൊണ്ടു് നീലക്കണ്ണുകൾക്കു് വലിപ്പവും അഗാധവും ജാസ്തിയായിപ്പോയി. അവളുടെ കയ്യിൽ കറുത്ത ഒരു പട്ടുതലയണ ഉണ്ടായിരുന്നു. ശക്തിയില്ലാത്തപോലെ അവളുടെ മെലിഞ്ഞ കൈകൾ തൂങ്ങിയിരുന്നു. അവളുടെകൂടെ പാപ്പിഅമ്മയും നേർസും ഉണ്ടായിരുന്നു.

രാജാവു് അവളെ ഒരു കിടയ്ക്കഅടിച്ച കസേലമേൽ ഇരുത്തി. മറ്റുരണ്ടുപെണ്ണുങ്ങളെ പ്രമാണിയാതെ.

രാജാ:
പ്രിയപൊന്നി! ഇപ്പോളും നിന്റെ ക്ഷീണം വിട്ടുപോയിട്ടില്ലല്ലൊ.
പൊന്നി:
അങ്ങുന്നേ! ദീനമായി കിടക്കുന്നതു് എത്രയൊ രസകരമായ അവസ്ഥയാണു്. തമാശയല്ല. നമ്മുടെ ചൊല്പടിക്കു് നില്പാൻ റെഡിയായിട്ടു് ആളുകളുണ്ടാകും. സകല ഏർപ്പാടിന്നും മുഖംചുളിച്ചു് കുറ്റംപറയാം. പരിചരിക്കുന്നവരെ അനാവശ്യമായി ശകാരിക്കയുംകൂടി ചെയ്യാം.

നേർസും പാപ്പിഅമ്മയും ഈ അവസരത്തിൽ മുറിയുംവിട്ടുപോയി.

അദ്ദേഹം അവളുടെ മെലിഞ്ഞ കൈപിടിച്ചു് എത്രയോ താലോലത്തോടെ തലോടി.

രാജാ:
ഇഷ്ടത്തി! ഞാൻ വളരെ വ്യസനിക്കുന്നു. ഇതൊക്കെ എന്റെ തെറ്റാണു്.
പൊന്നി:
നിങ്ങളുടെ തെറ്റാണോ? ആ മാതിരി അഹങ്കാരം വേണ്ട. എന്റെ ഇഷ്ടത്തിന്നു് എതിരായി എന്നെ വളച്ചു് കൊണ്ടുവരാൻ നിങ്ങൾക്കു് സാധിക്കുകയില്ല.
രാജാ:
അപ്പോൾ നീ എനിക്കു് വഴങ്ങിയതു് നിണക്കു് അങ്ങിനെ ഒരു താല്പര്യം ഉണ്ടായിട്ടാണു്. അമർത്തിവെപ്പാൻ കഴിയാത്തവണ്ണം നിന്റെ കാമത്തിന്നു് ശക്തി ഉണ്ടായിരുന്നു എന്ന കാരണം മാത്രംകൊണ്ടല്ല.

സ്ത്രീ സ്വഭാവശ്ര എന്ന പണ്ഡിതന്റെ ഭാവം രാജാവിന്റെ മനസ്സിൽനിന്നു് ഒരിക്കലും വിട്ടൊഴിഞ്ഞു് പോകാറില്ല.

പൊന്നി:
ഞാൻ നിങ്ങൾക്കു് വഴങ്ങിയതു് നിങ്ങളുടെമേലുള്ള സ്നേഹം കൊണ്ടല്ല. സംഗമത്തിന്റെ അനുഭവം ഏതുവിധമായിരിക്കും എന്നു് അറിവാനുള്ള അതിതൃഷ്ണകൊണ്ടാണു്. അനുഭവിച്ചറിയണം എന്ന ഭ്രാന്താണു് എനിക്കു് പിടിപെട്ടതു്. നിങ്ങൾ കാമം എന്നു് ഇപ്പോൾ പറഞ്ഞ പ്രത്യേകവികാരം മറ്റൊരു പുരുഷൻ എന്റെ ഹൃദയത്തിൽ ഉറങ്ങിക്കിടന്നിരുന്നതു് ഉണർത്തി. അത്യന്തം ദീപിപ്പിച്ചു. ഞാൻ അനുരാഗിച്ച പുരുഷൻ എനിക്കു് വിവരിക്കവയ്യാത്തതാണെങ്കിലുംകൂടി ഒരു ഒഴിച്ചുകൂടാത്ത അത്യാവശ്യം ഉണ്ടാക്കിവിട്ടു. ആ ആവശ്യം നിവൃത്തിയാകേണമെങ്കിൽ ഒരു പുരുഷന്റെ ആലിംഗനം കൂടാതെ കഴികയില്ല. ഞാൻ അനുരാഗിച്ച ആൾ മറ്റൊരുവളെ ആയിരുന്നു അനുരാഗിച്ചതു്. എന്നാൽ ആ പരമാർത്ഥം, എനിക്കു് അയാളെ കിട്ടണം എന്ന അഭിലാഷത്തിന്നു് കുറവൊന്നും ഉണ്ടാക്കിയില്ല. അതു് അന്നന്നു് വർദ്ധിച്ചുവർദ്ധിച്ചു് വിന്ധ്യന്റെ മാതിരിയായി. എന്തിന്നു്, എന്റെ ഹൃദയവും ആത്മാവും, ദേഹവും വരണ്ടുപോയി. അനുരാഗത്തിന്റെ ആന്തരാർത്ഥം മനസ്സിലാവാൻ ഒരു പുരുഷന്റെ സംഗമംകൂടാതെ കഴികയില്ല എന്നു് കാമംകൊണ്ടു് വേവുന്ന എനിക്കു് മനസ്സിലായി. അപ്പൊഴാണു് നിങ്ങൾ വന്നതു്. നിങ്ങളെക്കൊണ്ടു് ആ ആവശ്യം നിറവേറ്റി എന്നുമാത്രം.

ഇതൊക്കെ ഇവൾ എവിടുന്നു് മനസ്സിലാക്കി! പൊന്നിക്കു് വളരെ കാര്യത്തിൽ അസാധാരണത്വം കാണിക്കുന്നുണ്ടു്. വയസ്സിൽ കവിഞ്ഞ ബുദ്ധി അവൾക്കുണ്ടു്. ഇത്രക്ഷണം അവൾ അയാളെ അനുവദിച്ചതുകൊണ്ടു് അയാൾക്കു് വിസ്മയം ജനിച്ചിരുന്നു.

രാജാ:
പൊന്നി. മറ്റൊരു പുരുഷനൊ—ഏതാണു് മറ്റൊരു പുരുഷൻ!
പൊന്നി:
അതു് എന്റെ രഹസ്യമാണു്. എത്രയോ മധുരമായ രഹസ്യം.

ഒരു ശീതളമായ വിറയൽ രാജാവിനെ ബാധിച്ചു. ആരേയും ഗണ്യമാക്കാതെ ഈ പച്ചയിൽ പറഞ്ഞ വാക്കുകൾ വിവാഹത്തിന്നു് വഴങ്ങുന്ന ഒരു പെണ്ണിന്റെ നാവിൽനിന്നു് വീഴുകയില്ല.

രാജാ:
പൊന്നീ! നീ എന്നെ അനുരാഗിക്കുന്നില്ലേ!
പൊന്നി:
ഇല്ല. ഇതുവരെ ഇല്ല. കേവലം ഇല്ല. മേലാൽ ഉണ്ടാകുമെന്നും തോന്നുന്നില്ല. ഞാൻ അനുരാഗിക്കുന്നതു് വേറെ, ഒരു പുരുഷനെയാണു് ഞാൻ എപ്പോഴും അനുരാഗിച്ചിരുന്നതും, ഇപ്പോഴും അനുരാഗിക്കുന്നതും അയാളെ മാത്രമാണു്. ഈ സംഭവം ഉണ്ടായതു് നിങ്ങളെ ഒന്നാമതായി കണ്ടുമുട്ടുന്നതിന്നു് എത്രയോ മുമ്പാണു്.
രാജാ:
നമ്മൾതമ്മിൽ കഴിഞ്ഞകാര്യങ്ങൾ ഓർത്തിട്ടുകൂടി—

പൊന്നി അറിഞ്ഞുകൊണ്ടു് അവളുടെ നേരിയ വിരലുകളുടെ സന്ധികളിൽനിന്നു് പൊട്ടുമ്പോലെയുള്ള ഒരു ശബ്ദം ഉണ്ടാക്കി.

പൊന്നി:
ഈ ശബ്ദത്തിന്റെ ബന്ധമെ അതിനുള്ളു. കഴിഞ്ഞതൊക്കെ കഴിഞ്ഞു് ചത്തുപോയി. എനിക്കു് ജോലിക്കിറങ്ങാൻ ശക്തിവരുന്നവരെ ഞാൻ കാത്തിരിക്കും. പിന്നെ ഞാൻ ഇവിടംവിട്ടു് എന്റെ ഉപജീവനത്തിനു് ഒരു മാർഗ്ഗം കാണും.
രാജാ:
പൊന്നി! പൊന്നീ! കാര്യം പറയുമ്പോൾ അനുസരിക്കേണമെന്നാണു് എന്റെ അപേക്ഷ. നിന്നെ അനുരാഗിപ്പാൻ ഞാൻ നിർബ്ബന്ധിതനായ്പോയി ഞാൻ—
പൊന്നി:
അതെ വിവാഹമില്ലാതെ എന്നെ ഗർഭിണിയാക്കുവാൻ തക്കവണ്ണം നിങ്ങൾ എന്നെ അനുരാഗിച്ചു. ആ സാധുശിശു ഗർഭത്തിൽത്തന്നെ മരിച്ചിരുന്നു. ആ കുട്ടി മരിച്ചുപോയിരുന്നില്ലെങ്കിൽ, ഞാൻ ഈശ്വരസൃഷ്ടികളിൽവെച്ചു് ഏറ്റവും ശോച്യയും, വർജ്ജ്യയുമായ ഒരു സ്വരൂപമാകുമായിരുന്നു. എന്നുവെച്ചാൽ വിവാഹിതയല്ലാത്തെ മാതാവു് ആ സ്ഥാനം ഇപ്പോൾ എനിക്കില്ല.
രാജാ:
എന്തൊക്കെയാണു് പൊന്നി! നീ പറയുന്നതു് നിന്നെ രക്ഷിക്കുവാൻ ഞാൻ റെഡിയാണെല്ലൊ. വിവാഹമാണു് ഞാൻ നിണക്കു് സമ്മാനിക്കുന്നതു്.
പൊന്നി:
അതെ. അതിനുള്ള കാലം കഴിഞ്ഞപ്പോൾ നിങ്ങൾക്കു് എന്നെ ഒരിക്കൽ വിവാഹം ചെയ്വാൻ അവസരമുണ്ടായിരുന്നു. ഒന്നാമതു് നിങ്ങൾ എന്നെ ഒരു വിനോദമാർഗ്ഗമായി മാത്രം ഗണിച്ചു. പിന്നീടു് നിങ്ങൾ സൃഷ്ടിച്ചുതന്ന കുട്ടിയേയും പള്ളയിലാക്കി നടക്കുന്ന ഒരു പെണ്ണിന്റെ വിവാഹം ചെയ്യുന്നതു് നിങ്ങൾക്കു് അപമാനമാണെന്നു് വിചാരിച്ചു.
രാജാ:
എന്റെ പൊന്നുപൊന്നീ അതിനുവേണ്ടുന്ന സകല പരിഹാരങ്ങളും ചെയ്വാൻ ഞാൻ ഒരുക്കമാണു്. എനിക്കു് അതിന്നു് ഒരു അവസരം കിട്ടുകമാത്രമേ വേണ്ടൂ. ഞാൻ നിന്നോടു് തെറ്റായി പെരുമാറീട്ടുണ്ടെങ്കിൽ അന്നു് എനിക്കു് എത്രത്തോളം ആരാധ്യവസ്തുവാണു് നീ എന്നറിയാതെ പോയതുകൊണ്ടാണു്. എന്റെ ജീവിതത്തിന്നു് നീ ആവശ്യമാണെന്ന ബോധം ഇല്ലാഞ്ഞിട്ടാണു്. എന്നാൽ ഇപ്പോൾ എനിക്കു് എല്ലാം ബോദ്ധ്യമായി. ഞാൻ ഇതുവരയ്ക്കും മറ്റൊരു പെണ്ണിനെ ഇത്ര കലശലായി അനുരാഗിച്ചിട്ടില്ല. ഞാൻ ഒരാളെ അനുരാഗിക്കുന്നു എന്നു് ഇതുവരെ ഞാൻ സ്വപ്നംകാണുക മാത്രമേ ഉണ്ടായിട്ടുള്ളു. അനുരാഗം എന്താണെന്നു് നീയാണു് എനിക്കു് കാണിച്ചുതന്നതു്. നീ എന്റെകൂടെ വരില്ലേ. കഴിഞ്ഞതിനെപ്പറ്റി ഞാൻ പരിതപിക്കുന്നു എന്നു് കാണിക്കുവാൻ ഒരു അവസരം നീ എനിക്കു് തരികയില്ലെ? പൊന്നീ! കാലം കഴിഞ്ഞുപോയി എന്നു് നീ എന്തിനുപറയുന്നു.

അദ്ദേഹത്തിന്റെ കറുത്തകണ്ണുകളെ ചുറ്റിനില്ക്കുന്ന വെളുപ്പു് ചുകപ്പായി. അയാളുടെ കണ്ണു് സംഭ്രമം സൂചിപ്പിച്ചു. എന്നെന്നും അവളെ അയാൾക്കു് കിട്ടാതെപോകയൊ? അതുതന്നെ തന്റെ സ്വന്തം ശപിക്കത്തക്ക തെറ്റുകൊണ്ടു്? അയാളുടെ നാഡി യഥാർത്ഥാനുരാഗംകൊണ്ടു് വേഗത്തിൽ തുടിപ്പിക്കുവാൻ തക്കശക്തി ഇവൾക്കല്ലാതെ മറ്റൊരുപെണ്ണിനുണ്ടൊ? അദ്ദേഹം ഇമിറ്റേഷൻ അനുരാഗങ്ങൾ മാത്രമെ ഇതുവരെയ്ക്കും അനുഭവിച്ചിരുന്നുള്ളു. ശരിയായ അനുരാഗത്തിന്റെ പരമാനന്ദം അദ്ദേഹത്തിന്നു് കാട്ടിക്കൊടുത്തതു് പൊന്നി മാത്രമാണു്. അതു് അനുഭവിച്ചതോടുകൂടി അതു് തന്റെ അധീനത്തിൽനിന്നു് മറഞ്ഞുപോക എന്നതു് എത്ര കഷ്ടഭൂയിഷ്ടമായ അവസ്ഥയാണു് !

രാജാ:
പൊന്നീ! എനിക്കു് നിന്നെ കിട്ടണം. ഞാൻ പറയുന്നു. ഞാൻ നിന്നെ അനുരാഗിക്കുന്നു എന്നു്. നിന്റെ വായും നിന്റെ കണ്ണും നിന്റെ ഒക്കെയും എനിക്കുവേണം. എനിക്കുനിന്നെ കെട്ടിപ്പിടിക്കണം. ഈശ്വരനാണെ സത്യം. നിന്നെ എനിക്കു് സ്വന്തമായികിട്ടണം.
പൊന്നി:
ഓ! നിങ്ങൾക്കു് കിട്ടുകയില്ല. ഇതു് നിങ്ങൾ എന്നോടു് പണ്ടൊരിക്കൽ പറഞ്ഞ കഥയാണു്. അന്നു് നിങ്ങൾ പറഞ്ഞതു് ശരിയായിരുന്നു, ന്യായമായിരുന്നു. ഇപ്പോൾ നിങ്ങൾ പറയുന്നതു് അപ്രകാരമല്ല. തെറ്റാണു് ഞാൻ ഒരിക്കലും നിങ്ങളുടേതാകയില്ല. ഒരുകാലത്തുമില്ല.

അവളുടെ വാക്കിൽ ഒരു ഭയങ്കരമായ പൂർണ്ണവിരാമം ഉണ്ടെന്നു് ആ മഹാപാപിക്കു് തോന്നി. അതു് അപ്പീലില്ലാത്ത ഒരു വിധിതന്നെയായിരുന്നു.

രാജാ:
പൊന്നി—ലോകത്തിലുള്ള മറ്റു് സകലവസ്തുക്കളെക്കാളും എനിക്കു് വേണ്ടുന്നതു് നിന്നെയാണു്.
പൊന്നി:
നിങ്ങൾക്കു് കുറെ വയസ്സായില്ലെ. അതാണു് ഒരു കാര്യം നിങ്ങൾക്കു് കിട്ടാൻ കഴിയാത്തതു് എന്നു് ഇനിയും നിങ്ങൾക്കു് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെ?

അവളുടെ ശാന്തവാക്കുകൾ അയാളെ പരാജിതനാക്കി. പണ്ടു് അവളിൽ അങ്കുരിച്ചിരുന്ന മധുരവും കൗതുകകരവുമായ കാമം ആകപ്പാടെ അടിവറ്റിപ്പോയൊ? അവൾ എടുത്തിട്ടാൽ കടിക്കാത്ത എന്തൊരു ജന്തുവായ്പോയി. ശാന്തമായി മന്ദഹസിക്കുന്നുണ്ടെങ്കിലും, തത്തുല്യമായ മനോവികാരം അവളുടെ മനസ്സിൽ ഉണ്ടായ്വരുന്നോ? എന്റെ ഭഗവാനെ. ഒരുസമയം അവൾ അയാളെ വെറുക്കുന്നുണ്ടാകുമോ?

രാജാ:
എന്റെ പ്രിയപൊന്നി! കാലം വൈകിപ്പോയി എന്നുമാത്രം നീ പറയരുതു്. ഞാൻ നിണക്കുവേണ്ടിട്ടുമാത്രമേ മേലാൽ ജീവിക്കുകയുള്ളു. നിന്നെ ഞാൻ എത്രത്തോളം അനുരാഗിക്കുന്നുണ്ടെന്നു് കാണിക്കുവാൻവേണ്ടിമാത്രം നീ ദയവിചാരിച്ചു് ഒരു അവസരം എനിക്കുതരിക. ആലോചിച്ചുനോക്കിയാൽ നീ മുഴുവനും എന്റെതായിപ്പോയതല്ലെ!
പൊന്നി:
എനിക്കു് ഒരു ഹൃദയമോ ആത്മാവൊ ഒന്നുംതന്നെ ഇല്ല. അതൊക്കെ അന്തർദ്ധാനം ചെയ്തിട്ടു് കാലംകുറെ ആയി. അതു് പണ്ടു് നിന്നേടത്തു് ഒരു ക്ഷോഭമില്ലാത്ത വരണ്ടദിക്കു് മാത്രമേഉള്ളു. അതിന്റെ ഒരംശം വിട്ടുപോയതു് കഴിഞ്ഞ വസന്തത്തിലാണു്. ബാക്കിപോയതു് എന്റെ കുട്ടി മരിച്ചുഎന്നു് കേട്ടപ്പോളാണു്. ആ കുട്ടിയുടെ മുഖംതന്നെ എനിക്കു് കാണ്മാൻ സാധിച്ചിട്ടും ഇല്ല.

പിന്നേയും അവൾ മന്ദഹസിച്ചു. അതു് കുറിച്ചതു് അവളുടെ ഏകാന്തതയും സഹായവിഹീനതയും മാത്രമായിരുന്നു.

രാജാ:
(കുറെകഴിഞ്ഞിട്ടു്) നിന്നെ ഞാൻ വിവാഹം കഴിക്കും എന്നാണു് പറഞ്ഞതു്. അതു് നിഷേധിക്കാൻ തക്കവണ്ണം നിണക്കു് ഭ്രാന്തായ്പോയൊ?
പൊന്നി:
ഒരു സമയം എനിക്കു് ഭ്രാന്തായിരിക്കും. ഏതായാലും നിങ്ങളെ ഭർത്താവായി സ്വീകരിക്കുന്നതു് ഭ്രാന്തിന്റെ ലക്ഷണമാണെങ്കിൽ, നിസ്സംശയമായി എനിക്കു് ഭ്രാന്തുതന്നെയാണു്.

പെണ്ണിന്റെ ഗണ്യമില്ലാത്ത ധിക്കാരം അയാളെ കോപിഷ്ടനാക്കി.

രാജാ:
ഞാൻ വെറുതെയാണു് എന്റെ സമയം ചിലവാക്കുന്നതു്.
പൊന്നി:
(സന്തോഷത്തോടെ) ഒരു ശിഖരംപോലും ഉപകാരമില്ല.
രാജാ:
ഞാൻ രണ്ടാമതു് വരുമ്പോൾ, പറയുന്നതു് തലയിൽ കടക്കുന്നകോലത്തിൽ നിന്നെ കാണുമെന്നു് വിശ്വസിക്കുന്നു.
പൊന്നി:
(സാവധാനം) പിന്നേയും വരാൻ നിങ്ങൾ ബുദ്ധിമുട്ടേണമെന്നില്ല. നിങ്ങളെ വിവാഹം കഴിക്കുകയില്ല എന്ന നിന്റെ നിശ്ചയം ഇളക്കമില്ലാത്തതാണു്. അതിനെപ്പറ്റി അനാവശ്യമായി വാദപ്രതിവാദം നടത്തുന്നതുകൊണ്ടു് നമുക്കിരുവർക്കും എന്തുപ്രയോജനമാണു് ഉള്ളതു്.

അയാൾ രണ്ടാമതും വന്നപ്പോൾ പൊന്നി അയാളെ കാണാൻ കൂട്ടാക്കിയില്ല. കാണാൻ പാടില്ല എന്ന പിടിത്തം പാപ്പിഅമ്മയും അഹമ്മതിയാണെന്നു് തോന്നാത്തവിധത്തിൽ പിടിച്ചു. പണ്ടത്തെ സംഭാഷണത്തിന്റെ ഫലമായി പൊന്നി വളരെ ക്ഷീണിച്ചുപോയിരുന്നതുകൊണ്ടു് ഇപ്പോൾ കാണാൻ പാടില്ല. അവളുടെ ദേഹസ്ഥിതിക്കു് ഇനിയും ഒരു തെളിവു് വന്നിട്ടില്ല. അവൾക്കു് ശാന്തിയും സമാധാനവുമാണു് വേണ്ടതു്. മറ്റൊരു അവസരത്തിൽ കാണാം. ഇപ്പോൾ കേവലം തരമില്ല.

അതുംകേട്ടു് രാജാവു് മടങ്ങിപ്പോകേണ്ടിവന്നു.

എന്നാൽ കാര്യം അവിടംകൊണ്ടു് കലാശിപ്പാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല എന്നതു് അദ്ദേഹത്തിന്റെ ഒരു സ്വഭാവവിശേഷമാണു്. അയാൾ ഏതെങ്കിലും ഒരു കാര്യത്തിന്നുവേണ്ടി തന്റെ മനസ്സു് വ്യാപരിച്ചിട്ടുണ്ടോ ആ കാര്യം ഇതുവരയ്ക്കും അയാൾക്കു് ഒടുവിൽ സാധിക്കാതെ വന്നിട്ടില്ല. അയാൾ അത്യന്തം കോപത്തോടെ നഗരത്തിൽ മടങ്ങിവന്നു. പൊന്നി പറഞ്ഞപ്രകാരം നടക്കുമെന്നു് അദ്ദേഹത്തിന്നു് കേവലം ബോദ്ധ്യമുണ്ടായിരുന്നില്ല.

ഒരു കാര്യംകൊണ്ടു് അദ്ദേഹത്തിന്റെ വരവു് നല്ലതരത്തിലായി എന്നുപറയാം. അതു് പൊന്നിക്കു് ആലോചിക്കാൻ ഒരു മാർഗ്ഗമുണ്ടാക്കിക്കൊടുത്തു. അവളുടെ ഉറങ്ങിക്കിടന്നിരുന്ന ബുദ്ധി ഉണർന്നു. സുഖക്കേടു് കഴിയുന്നവിധത്തിൽ വേഗതയോടെ ഭേദപ്പെടുത്തി, അവൾക്കു് മോചനം സിദ്ധിക്കണം എന്ന ഒരു വാശി അവൾക്കുണ്ടായി. രാജാവിന്റെ രക്ഷയിൽനിന്നു് ഒഴിയണം. ആരുടെ രക്ഷയിൽനിന്നും ഒഴിഞ്ഞുനില്ക്കണം. ബാക്കിയുള്ള കാര്യവിചാരങ്ങളേക്കാൾ ഏറ്റവും മുൻനിന്നതു് തന്റെ സ്വന്തം പ്രവൃത്തികൊണ്ടുതന്നെ പോറ്റണം എന്ന ചിന്തയാണു്. അവളെ പുലർത്തേണ്ടുന്ന പണം ഏതുപ്രകാരത്തിൽ സമ്പാദിക്കണം എന്നു് ശരിയായിട്ടു് ഒരു രൂപവും അവൾക്കു് ഇല്ലായിരുന്നു. എന്നാലുംകൂടി അങ്ങനെ ചെയ്വാൻ അവൾ ഉറച്ചു. അതെ അതെ, അവളെ പുലർത്താൻ എന്തെങ്കിലും ഒരു മാർഗ്ഗം അവൾ കണ്ടുപിടിക്കാതെ ഇരിക്കയില്ല.

എല്ലാദിവസവും കുറെനേരത്തോളം ഒരു തുറസ്സുസ്ഥലത്തു് ഇരുന്നു് കാറ്റുകൊൾവാൻ അവൾ നിർബ്ബന്ധിതയായി. അവളുടെ രോഗക്കട്ടിലിൽ കിടന്നു് പരവശപ്പെടാനും സ്വപ്നം കാണാനും ഉള്ള അവസരം അവൾക്കു് കുറെ കുറഞ്ഞും ലെയിസു് മടയുന്നതിൽ എന്തൊരു കൗതുകകരമായ ആശാസ്യം കിടക്കുന്നുണ്ടെന്നു് അവൾ പഠിച്ചപോലെ മനസ്സിലാക്കി. അവളെപ്പോലെത്തന്നെ നൂറായിരം പെണ്ണുങ്ങളും ഇതിന്നുമുമ്പെ മനസ്സിലാക്കിയിരുന്നു. അവൾ പ്രവൃത്തി എടുക്കുമ്പോളൊക്കെ പാട്ടുപാടിയിരുന്നു. അവൾ ഇരുന്നതു് ഒരു കിടയ്ക്ക അടിച്ചു് നല്ല ഒരു കസേലമേലായിരുന്നു. അവളുടെ കവിതാവാസന അവൾ അത്യദ്ധ്വാനം ചെയ്തു് പിടിച്ചടക്കി. അതു് ദുസ്സഹമായ ആലോചനയും വികാരവുമാണു് അവളുടെ ഉള്ളിൽ കൊണ്ടുവന്നതു്. അവളുടെ ഏറ്റവും ഹൃദ്യേയമായ ആസനസ്ഥാനം ഒരു വലിയ ജാമ്പമരത്തിന്റെ ചുവടെയായിരുന്നു. അതിന്റെ റോസനിറത്തിലുള്ള പൂക്കൾ അവളുടെ മേൽഭാഗത്തിൽക്കൂടെ ആകാശവിമാനങ്ങൾ എന്നപോലെ സഞ്ചരിച്ചു. ആ മേടമാസത്തിലെ അത്ഭുതമായ സൂര്യകാന്തിയിൽ അതു് സൗരഭ്യമുള്ള മേഘംപോലെ സഞ്ചരിച്ചു.

ഇവിടെയായിരുന്നു ഒരു ദിവസം രാവിലെ കൃഷ്ണൻനായർ പൊന്നിയെക്കണ്ടതു്. അവളുടെ കണ്ണുകൾ ലെയിസുതുന്നുന്ന കട്ടിസൂചികളിന്മേൽ പതിച്ചിരുന്നു. കൃഷ്ണൻനായർക്കാകട്ടെ അവളുടെ അടുത്തുചെല്ലുവാൻ ഭയമായി. ഒരു സമയം പെട്ടെന്നുണ്ടാകാനിടയുള്ള ഞെട്ടൽ അവൾക്കു് ഹാനികരമായി വന്നേയ്ക്കാനിടയുണ്ടു്. നൂറുവാര അകലെ എത്തിയപ്പോൾ അദ്ദേഹം അവിടെനിന്നു. കണ്ണുകൾകൊണ്ടു് അദ്ദേഹം പൊന്നിയെ വിഴുങ്ങി എന്നു് പറയുന്നതു് ഒരിക്കലും ഒരു അതിശയോക്തിയല്ല. അവൾ എത്ര വിളറിപ്പോയി! എത്ര വാടിപ്പോയി. അവളുടെ തലയിലെ റോസാപ്പൂപോലെ.

പെട്ടെന്നു് അവൾ ഒന്നു് മുഖം പൊന്തിച്ചുനോക്കി. അവളുടെ ചെള്ളയിൽ ഒരു മനോഹരമായ വർണ്ണം ചാടിവന്നു. അവൾ എഴുന്നേറ്റു. രണ്ടു് വടിപോലെ തോന്നുന്ന അവളുടെ കൈകൾ, ഒരു തോന്നലിന്നു് പെട്ടെന്നു് പൊന്തിപിടിച്ചു. ഒരു പ്രാവശ്യം മദ്യപാനിയെപ്പോലെ ആടി വീണു് അവളുടെ കസേലമേൽത്തന്നെ വീണു.

“പൊന്നീ! എന്റെ പൊന്നേ! നീ രോഗത്തിൽ വലഞ്ഞു ഇല്ലെ.”

അയാൾ മുന്നോട്ടു് പാഞ്ഞു. അവൾ ഇരുന്നേടത്തു് വെറുംനിലത്തു് അയാൾ ചെന്നിരുന്നു. ഒരു കൈ പ്രണയത്തോടെ അവളുടെ ചുമലിൽ വെച്ചു. എത്രയൊ മാർദ്ദവമായി അവളെ അദ്ദേഹം പിടിച്ചു. എന്നാലുംകൂടി ആ പിടിത്തം മൃദുവായതാണെങ്കിലും ആർക്കും വിട്ടുകൊടുപ്പാൻ ഭാവമില്ല എന്ന ഒരു കാഠിന്യവും, ദൃഢതയും കുറിച്ചിരുന്നു.

അയാൾ യാതൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ അവളുടെ മെലിഞ്ഞ വിരലുകളിന്മേൽ, അനേകായിരം ചുംബനങ്ങൾ വെച്ചു. അതുകൂടാതെ അവളുടെ ചുരുളമുടികളും താലോലത്തോടുകൂടെ തലോടി. അവളെ നല്ലവണ്ണം തൊടാനുംകൂടി അദ്ദേഹത്തിന്നു് ഭയമായിരുന്നു. പൊന്നി ഒരു ദീർഘശ്വാസം കഴിച്ചു. എന്നിട്ടു് അയാളുടെ കൈകളിൽ ചാരിക്കിടന്നു. അവളുടെ കണ്ണു് സന്തോഷംകൊണ്ടു് അടഞ്ഞു. അവൾ സമധിയടഞ്ഞപോലെ ശാന്തമായി. അവൾ അനങ്ങാതെ അദ്ദേഹത്തിന്നു് അധികമെന്നു് തോന്നുംവണ്ണം കുറെ കിടന്നു.

കൃഷ്ണൻനായർ:
പൊന്നീ, എന്റെ പൊന്നിഷ്ടത്തീ! എന്നോടു് മിണ്ടുക.

അവൾ കണ്ണുകൾ ഉയർത്തി അദ്ദേഹത്തെ നോക്കി. ആ മുഖം കണ്ടപ്പോൾ തന്നാലെത്തന്നെ അവൾക്കു് ഒരു പുഞ്ചിരി ഉണ്ടായി.

പൊന്നി:
കൃഷ്ണൻനായരെ! ഞാൻ ഒന്നും പറവാൻ ഭാവിക്കുന്നില്ല. എനിക്കു് ഇങ്ങിനെ ഇവിടെ കഴിഞ്ഞാൽ മതി എന്നു് തോന്നിപ്പോകുന്നു.

അവളുടെ വ്യസനാക്രാന്തങ്ങളായി രക്ഷാഭൂയിഷ്ടങ്ങളായ കൺപോളകൾ തടിച്ചുവന്നതുകൊണ്ടു് അവളെ വാരിയെടുത്തു് വീട്ടിൽകൊണ്ടുപോയി. പാപ്പിഅമ്മയോടു് ബ്രാണ്ടി കൊണ്ടുവരുവാൻ അദ്ദേഹം കർക്കശമായി ശാസിച്ചപ്പോൾ പൊന്നി അവളുടെ കണ്ണുകൾ തുറന്നു് പിന്നേയും മന്ദമായി മന്ദഹസിച്ചു.

പൊന്നി:
എന്റെ പ്രിയപ്പെട്ട കൃഷ്ണൻനായരെ! എനിക്കു് ഏകദേശം സുഖമായിരിക്കുന്നു. നിങ്ങളുടെ മുഖം കണ്ടതുകൊണ്ടായിരിക്കുമോ എന്നു് ആർ കണ്ടു. എനിക്കു് പെട്ടെന്നു് ഉറങ്ങണം എന്നു് തോന്നി.

പാപ്പിഅമ്മ ബ്രാണ്ടിയുടെ കാര്യം മറന്നില്ല. പൊന്നിക്കു് താങ്ങാൻ പാടുള്ളതിലും കവിഞ്ഞ ഒരു ഡോസ് കൊടുത്തു.

അവർ രണ്ടാളേയും ഒരേടത്താക്കി വിടുമ്പോൾ അവളെ ഉറങ്ങാൻമാത്രം സമ്മതിക്കരുതെ. അവളോടു് സംസാരിച്ചുകൊണ്ടുതന്നെ ഇരിക്കണം. എന്തെങ്കിലും അവളുടെ മനസ്സു് ഈ സ്ഥിതിയിൽ ആയിരിക്കുമ്പോൾ അവൾ ഉറങ്ങരുതു്. പിന്നെ ഒരിക്കൽ അവൾ ഉണരുകതന്നെ ഉണ്ടാകയില്ല.

നാം ഇടപെടേണ്ടിവരുന്ന ഭൂലോകവുമായിട്ടുള്ള സമ്പർക്കം അവളുടെ ബുദ്ധിക്കു് വേണ്ടുമ്പോലെ ഇല്ലായിരുന്നു. കൃഷ്ണൻനായരുടെ സാക്ഷാൽത്വംതന്നെ അവൾ വിശ്വസിക്കാൻ വയ്യാതായി. ഒരു ഛായാലോകത്തിൽ സ്വപ്നമയരൂപംപോലെ അയാൾ പെട്ടെന്നു് അഴകുകൊണ്ടു് ദീപിച്ചിരുന്നു. ഒരിക്കൽക്കൂടി അവളുടെ ആനന്ദം പൂർത്തിയായി. മനസ്സിലാകാത്തതും, കടുപ്പമായതും, പാഴായതും ആയ യഥാർത്ഥലോകത്തിൽ മടങ്ങിവരാൻ അവൾക്കു് ഇഷ്ടമില്ലാതാവാൻ തക്കവണ്ണം അവൾ പരമാനന്ദത്തിൽ മുഴുകി. കൃഷ്ണൻനായരും അനുരാഗവും ഒഴിഞ്ഞുപോയ ലോകം എന്തിന്നുകൊള്ളും.

കൃ. നാ.:
പൊന്നി! നിണക്കു് ഉറങ്ങാൻ പാടില്ല. നിണക്കു് മനസ്സിലായോ? ഞാൻ കൃഷ്ണൻനായരാണു്. ഞാൻ നിണക്കുവേണ്ടി ഇവിടെ വന്നതാണു്. നിന്നെ കൊണ്ടുപോവാൻവേണ്ടി വന്നതാണു്. നിന്നെ എന്റെ ശിന്ന ഭാര്യയാക്കാൻ വേണ്ടി.

അയാൾ അവളുടെ വായ അടക്കി ചുംബിച്ചു. അയാളുടെ ചുണ്ടുകൾ അനുരാഗാധിക്യംകൊണ്ടു് ദീപിച്ചിരുന്നു.

ഒടുവിൽ അവൾക്കു് ഒരു ഉണർവ്വ്വന്നു. അവൾ നേരെ ഇരിപ്പാൻ ശ്രമിച്ചു. താണു് അഗാധമായ കസേലയുടെ കിടയ്ക്കമേൽത്തന്നെ കൃഷ്ണൻനായർ മെല്ലെ അവളെ ചായിച്ചുവെച്ചു. എന്നിട്ടു് പിന്നേയും അവൾക്കു് ബ്രാണ്ടിയും സോഡയും കൊടുത്തു.

കൃ. നാ.:
ഇതുവരെ നീ നിന്റെ ഇഷ്ടപ്രകാരം നടന്നു. ഇനി എന്റെ അധികാരമാണു്.

അദ്ദേഹത്തിന്റെ ശക്തിമത്തായ നിശ്ചയത്തിൽ മഹത്തായ ഒരു അനുകമ്പ വിളയാടിയിരുന്നു. പൊന്നിക്കു് നല്ല തൃപ്തിയായി. ആരെങ്കിലും നോക്കാനും രക്ഷിക്കാനും ഉള്ളതു് ഒരു വലിയ നന്മയും ഉപകാരവുമാണു്. പ്രത്യേകിച്ചിട്ടു് അവൾ ആരാധിക്കുന്ന ഒരു പുരുഷൻ ആജ്ഞാപിക്കുന്നതൊക്കെ അനുഭവയോഗ്യമായ ഒരു പുണ്യമാണു്.

അവൾ ക്ഷണത്തിലും, അവളുടെ ചെവികൾ ഒരു സമയം അവളെ കളിയാക്കുന്നതായിരിക്കുമോ എന്ന വിചാരത്തോടും പറഞ്ഞതു് ഇങ്ങിനെയായിരുന്നു. “നിങ്ങൾ ഇപ്പോൾ പറഞ്ഞതു്, ഒന്നുകൂടി പറയുമോ സാറേ!”

കൃ. നാ.:
എന്റെ പ്രിയപൊന്നി! ഞാൻ നിന്നെ ഇവിടുന്നു് കൊണ്ടുപോവാനാണു് വന്നതു്. നിന്നെ ഞാൻ എന്റെ ഭാര്യയാക്കാനാണു് ഭാവം.
പൊന്നി:
നിങ്ങൾ ലളിതയെ വിവാഹം കഴിപ്പാനല്ലെ നിശ്ചയിച്ചതു്. ഞാൻ വിചാരിച്ചു, നിങ്ങൾ അവളെ വിവാഹം ചെയ്തുകഴിഞ്ഞു എന്നു്.
കൃ. നാ.:
വേദവതിലളിതയെ ഞാനൊ! എന്തു് ആരാണു് നിന്റെ തലയിൽ ഈ മാതിരി തോന്നിവാസങ്ങൾ കൊണ്ടയിട്ടതു്.

പൊന്നിയ്ക്കു് ഉത്തരമായി യാതൊന്നും പറവാൻ ഉണ്ടായിരുന്നില്ല. ആശ്ചര്യവും കാര്യവുമായ കോപവും, പരിഭ്രമമില്ലായ്മയും സ്ഫുരിക്കുന്ന അദ്ദേഹത്തിന്റെ കപടമറ്റ കണ്ണുകൾ കണ്ടപ്പോൾ അവളോടു് ആരും ഒന്നും പറയേണ്ടുന്ന കാര്യമില്ലെന്നുതന്നെ തോന്നി.

പൊന്നി:
എനിക്കങ്ങിനെ തോന്നി.
കൃ. നാ.:
എന്നാൽ പ്രിയപൊന്നി! നിണക്കു് തോന്നിയതു് ഒരുകാലത്തും സത്യമാവാൻ പാടില്ലാത്ത ഒരു കാര്യമാണു്. എന്താപൊന്നീ! ഞാൻ അനുരാഗിക്കുന്നതു് നിന്നെയല്ലെ! നീ എനിക്കു് എത്രത്തോളം അടുപ്പമായിപ്പോയി എന്നു് ഞാൻ മനസ്സിലാകിയമുതൽ എന്റെ ഹൃദയത്തിൽ നിണക്കുമാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളു. നീ പോയ്ക്കളഞ്ഞു എന്നു് കേട്ടപ്പോൾ ഞാൻ നരകത്തിലായിരുന്നു പാർത്തതു്. ലളിതയോ! സത്യം പറയേണമെങ്കിൽ അവളെ കണ്ണെടുത്തുകണ്ടുകൂട.

ലളിതയുടെ പേർ പറയുമ്പോൾതന്നെ അദ്ദേഹം പല്ലുകടിച്ചു. ഒരു സമയം അതു് നന്ദിയില്ലായ്മയാണെന്നു് വന്നേക്കാൻമതി. എന്തുകൊണ്ടെന്നാൽ ഇവർ ഇരുവരും കണ്ടുമുട്ടാൻ ഇടയുണ്ടാക്കിക്കൊടുത്തതു് അവളാണു്.

രണ്ടാളും കുറെനേരം മിണ്ടാതെ ഇരുന്നു.

പൊന്നി:
കൃഷ്ണൻനായരെ! നിങ്ങളോടു് വളരെ പറവാനുണ്ടു്. സകലകാര്യങ്ങളും കേട്ടതിൽപിന്നെമാത്രമേ നിങ്ങൾക്കു് എന്നെ ചുംബിക്കാൻ പാടുള്ളു.

അവളുടെ ശക്തിയെല്ലാം പ്രയോഗിച്ചു് അവൾ അദ്ദേഹത്തിന്റെ പിടിത്തത്തിൽനിന്നു് ഒഴിഞ്ഞുനടന്നു. അവളുടെ കണ്ണിൽ അവർണ്ണ്യമായ വ്യസനവും പശ്ചാത്താപവും ജ്വലിച്ചു. വ്യസനം രണ്ടാളേയും സംബന്ധിച്ചതായിരുന്നു. പശ്ചാത്താപം അവളെ സംബന്ധിച്ചുമാത്രമായിരുന്നു.

പൊന്നി:
നിങ്ങൾ തൊടത്തക്കവണ്ണമുള്ള യോഗ്യത എനിക്കില്ല. ഞാൻ നിങ്ങളുടെ ഭാര്യയാവാൻ പാടില്ല. അത്രത്തോളം ദൂഷ്യപ്പെട്ടുപോയിരിക്കുന്നു.
കൃ. നാ.:
മിണ്ടാതിരിക്കൂ. നീ എന്റെ ഭാര്യയാവാൻ പോകുന്നവളാണു്. പൊന്നീ! നിഷേധം ഞാൻ സ്വീകരിക്കുകയില്ല. നീ എന്നെ അനുരാഗിക്കുന്നുണ്ടെന്നു് ഇപ്പോൾ ഞാൻ അറിയുന്നു. അതു് സംശയിക്കാൻ ഞാൻ ഒരു വിഡ്ഢിയായിപ്പോയി. നിന്റെ അനുരാഗം നിന്റെ കണ്ണുകൾകൂടി വിളിച്ചുപറയുന്നുണ്ടു്. ഇനി നിന്നെ ഞാൻ വിട്ടുകളയുമെന്നു് നീ വിചാരിക്കേണ്ട. ഒരിക്കലും ഇല്ല. ഇല്ലതന്നെ.

രണ്ടുദിവസം മുമ്പെയായിരുന്നു മറ്റൊരുപുരുഷൻ അവളോടു് ഇതേമാതിരി വാക്കുകൾ പറഞ്ഞതു്. അവൾക്കു് ഒരു വിറയാണു് വന്നുപിടിച്ചതു്.

പൊന്നി:
കൃഷ്ണൻനായരെ! നിങ്ങൾ എനിക്കു് പറവാനുള്ളതു് മുഴുവൻ കേൾക്കണം. എല്ലാകാര്യവും നിങ്ങൾ അറിഞ്ഞാൽ നിങ്ങൾക്കു് എന്നെ വിവാഹം കഴിക്കേണ്ട എന്നുതോന്നും. (അവളുടെ ശബ്ദം കരച്ചിൽവന്നിട്ടു് ഇടറി) ഞാൻ നിങ്ങളോടു് പറയും—ആ പുരുഷന്റെ പേർമാത്രം ഞാൻ ഒരിക്കലും പറഞ്ഞുതരികയില്ല. അയാളെപ്പോലെത്തന്നെ, തെറ്റു്, എന്റെപക്കലും ഉണ്ടു്.

കൃഷ്ണൻനായരുടെ മുഖം കല്ലിച്ചു. അവളുടെ കഥയിൽ ഒരു പുരുഷനുംകൂടി ഉണ്ടു്. അതും കഷ്ടമായി. അയാൾ പിന്നേയും ആലോചിച്ചു് ഒന്നിന്മേൽ ഉറച്ചു.

കൃ. നാ.:
പൊന്നീ! മറ്റൊരിക്കൽ തെറ്റിപ്പോയി എന്നുവിചാരിച്ചു് പരിതപിക്കുവാൻ തക്കവണ്ണം യാതൊന്നും നീ ഇപ്പോൾ പറയണമെന്നില്ല. അഥവാ നീ എന്തുതന്നെ എന്നോടു് പറഞ്ഞുതന്നാലും നിന്നെ വിവാഹം കഴിക്കണമെന്നു് എന്റെ നിശ്ചയത്തിന്നു് ഒരിക്കലും ഭംഗം നേരിടുകയില്ല. പിന്നെ വല്ലതും എന്നോടു് പറഞ്ഞുതന്നിട്ടു് എന്തു് ഫലമാണു്?

അവളുടെ കണ്ണുകൾ നനഞ്ഞു. പുരുഷന്മാർ സ്ത്രീകളോടു് ഔദാര്യവും വിനയവും ക്ഷമയും കാണിക്കുന്നതു് പുസ്തകത്തിൽ എഴുതിക്കണ്ടതല്ലാതെ യഥാർത്ഥത്തിൽ ഉണ്ടായിരിക്കും എന്നു് അവൾ ഇതുവരെ അറിഞ്ഞിരുന്നില്ല. വാസ്തവത്തിൽ അവൾ വ്യതിയാനം ചെയ്യേണ്ടിവന്നതും അനേകകഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്നതും കൃഷ്ണൻനായർ ഒരാളുടെ മൗഢ്യവും ഉപേക്ഷയുംകൊണ്ടാണു്. ഈ നിലയിൽ അവളെ രക്ഷിക്കേണ്ടുന്ന ഭാരം കൃഷ്ണൻനായർക്കുണ്ടു്.

പൊന്നി:
എന്റെ എത്രയോ പ്രിയപ്പെട്ട അങ്ങുന്നേ! എന്റെ ചരിത്രം പറഞ്ഞുതരാതെ ഇരിപ്പാൻ ഒരിക്കലും പാടില്ല. ഒരുസമയം നിങ്ങൾ എന്നെ സ്നേഹിക്കുന്ന അവസാനത്തെ അവസ്ഥ ഇതായിരിക്കും. നിങ്ങൾ അവിടെ മുട്ടുകുത്തി ഇരിക്കുക; എന്നിട്ടു് എന്നെ പൊത്തിപ്പിടിക്കുക. നിങ്ങളുടെ ചുമലിൽ ഞാൻ എന്റെ തലവെയ്ക്കട്ടെ. എന്നാൽ നിങ്ങൾ എന്റെ കണ്ണുകൾ കാണ്മാൻ പാടുണ്ടാകയില്ല. നിങ്ങൾ എന്നെ നോക്കുന്നു എന്നുകണ്ടാൽ എനിക്കു് സത്യംപറവാൻ പ്രയാസമായിരിക്കും.

അവൾ അവളുടെ ചരിത്രം പറവാൻതുടങ്ങി. അവൾക്കു് വളരെ അദ്ധ്വാനം വേണ്ടിവന്നു. ശബ്ദം നല്ലവണ്ണം പൊന്തിയില്ല. അവൾ പറഞ്ഞുതീരുന്നവരെ അയാൾ അനങ്ങിയില്ല. മിണ്ടിയതുമില്ല. ഒന്നും അവൾ ഒളിച്ചുവെച്ചില്ല. ഒന്നിന്റേയും ഗൗരവമോ ശക്തിയൊ കുറച്ചുകളഞ്ഞിട്ടുമില്ല. അയാളോടു് പറഞ്ഞുകൊടുക്കാത്തതു് രാജാവിന്റെ പേർമാത്രമാണു്.

ഒരു അസാദ്ധ്യനേരംപോക്കൊ, ബുദ്ധിയില്ലാത്ത സൂത്രംകൊണ്ടു് പറ്റിയ അപജയമോ, ആലോചിയാതെ പ്രവൃത്തിച്ചിട്ടു് അപായവും ദണ്ഡവും സിദ്ധിച്ച ഭീതിയോ മറ്റോ ആയിരിക്കും അവൾ പറവാൻ ഭാവിക്കുന്നതു് എന്നു് കൃഷ്ണൻനായർ ഗണിച്ചിരുന്നു.

എന്നാൽ ഈ കഥ സകലത്തിലും കൈ കടന്നുപോയി.

അദ്ദേഹത്തിന്റെ മുഖം വെളുത്തും ഉരുക്കുപോലെ വിളറിപ്പോയിരുന്നു. അയാളുടെ മാംസപേശികൾ ഇളക്കമില്ലാതെ ഉറച്ചുപോയിരുന്നു. അവൾ കഥ അവസാനിപ്പിച്ചപ്പോൾ അയാളുടെ കറുത്ത കണ്ണുകൾ മിന്നിയിരുന്നു. അയാളുടെ ജീവകാലത്തിൽ ഒന്നാമത്തെ പ്രാവശ്യം അയാൾക്കു് കൊലനടത്തിക്കളയാമെന്നു് തോന്നി. ആ അജ്ഞാതനാമന്റെ തലയെടുക്കണം എന്നു് അയാൾക്കു് വളരെ ആഗ്രഹമുണ്ടായി. അവന്റെ കഴുത്തുപിടിച്ചു് ഞെക്കണം എന്നു് തോന്നി. പൊന്നി പേർ പറഞ്ഞു് കൊടുക്കാത്തവന്റെ തലയ്ക്കു് ഇടിച്ചിട്ടും, കഴുത്തു് ഞെക്കിയിട്ടും കൊല്ലണമെന്നുതോന്നി. ഭ്രാന്തൻനായയെ എന്നപോലെ അയാളെ തല്ലിക്കൊല്ലണം—അല്ലെങ്കിൽ കഴുത്തുപിടിച്ചമർത്തീട്ടു് കണ്ണു് തുറിപ്പിച്ചുകൊല്ലണം—അയാളുടെ തല ചുമരോടു് അടിച്ചിട്ടുകൊല്ലണം—അയാളെ പല ഭേദ്യങ്ങളും ചെയ്തുതരിച്ചു് കളയണം.

യാതൊന്നും മിണ്ടാതെ അയാൾ എഴുന്നേറ്റു്, അനാവശ്യമായി അയാളുടെ മുടി കൈകൊണ്ടു് തടവി, ഇടറിക്കൊണ്ടു് അവളുടെ കുറെ അകലെ നടന്നു. വാതിലിന്റെ അടുക്കെ എത്തിയപ്പോൾ അയാൾ തിരിഞ്ഞു. അയാൾ ഇതുവരെ കാണാത്തവിധം അവൾ ശക്തിഹീനയും പൊളിഞ്ഞുപോയവളും ആയ്പോയി എന്നുകണ്ടു. അവളുടെ വിളറിയ മുഖത്തിൽക്കൂടെ കണ്ണുനീർ ഒലിച്ചു. ദയനീയമാകുംവണ്ണം അവളുടെ ചുണ്ടുകൾ വിറച്ചു. അവൾ അയാളുടെ മുഖത്തു് നോക്കിയതേ ഉള്ളൂ. അവളുടെ മങ്ങിയ കണ്ണുകൾ ക്ഷമ ചോദിച്ചതല്ലാതെ ദയ കാംക്ഷിച്ചിട്ടില്ല.

അയാൾ അവളുടെ അടുത്തുചെന്നു. അയാളെ ആകപ്പാടെ എടുത്തു് പൊന്തിച്ചു് വളരെ ഉദ്വേഗതയോടെ അവളുടെ കണ്ണുകളും ചുംബിച്ചു. ഒരു ചുടുകണ്ണുനീർ തന്റെ ചെള്ളമേൽ പറ്റിയപ്പോലെ തോന്നി, പൊന്നി അതിശയിച്ചു.

എന്നതിൽപ്പിന്നെ അയാൾ പോയി.

അയാൾ തരിശുഭൂമിയിൽക്കൂടെ നടന്നു. നടത്തം എവിടെയാണു് എത്തുന്നതെന്നൊ, എത്തേണ്ടതു് എവിടെയാണെന്നോ ഒരു വിചാരവുംകൂടാതെ അയാൾ നടന്നു. മുന്നോട്ടു് നടന്നു. അയാളുടെ തലയ്ക്കു് നല്ല വെളിവു് എന്നല്ല ഒരു വെളിവുംകൂടി ഇല്ലായിരുന്നു. അയാളുടെ വിചാരങ്ങൾ ഒന്നിന്റെ മുകളിൽ മറ്റൊന്നു് പാഞ്ഞുകേറുംപോലെ ആയിരുന്നു. വളരെ നേരത്തോളം അയാൾ ധൃതഗതിയിൽ നടന്നു. എന്നതിൽപിന്നെ അയാൾക്കു് ഒരു ശാന്തിവന്നു. അയാൾ അറിയാതെത്തന്നെ തന്റെ നടത്തത്തിന്റെ വേഗത മന്ദമായിത്തീർന്നു. അദ്ദേഹത്തിന്റെ മനോവികാരങ്ങളും നിശ്ചയങ്ങളും ഒരു കൃത്യമായ രൂപം അവലംബിച്ചു. അയാൾക്കു് വഴിഞ്ഞുകവിഞ്ഞു് മുറിഞ്ഞുപോകുന്ന ഒരുതരം അനുകമ്പ പൊന്നിയോടുണ്ടായി. അവളോടു് അദ്ദേഹത്തിന്നു് ഉള്ളലിഞ്ഞുപോകുന്ന ഒരു ആർദ്രത ഉണ്ടായി. അവൾ അനുഭവിക്കേണ്ടിവന്ന ദുഃഖത്തെപ്പറ്റി അദ്ദേഹത്തിന്നു് ഒരു വിപ്രതീസാരമഗ്നത്വം ഉണ്ടായി.

അദ്ദേഹത്തിന്നു് അവളോടു് ഒരു നിന്ദയൊ, രോഷമോ, പ്രതികൂലവിചാരമോ ഒന്നും തോന്നിയില്ല. ഇതു് അയാളെത്തന്നെ അത്ഭുതപ്പെടുത്തി. അവളുടെ മോശവും, ദ്രോഹപരവും, നിർബ്ബന്ധബഹുലവും ആയ ചരിത്രം കേട്ടപ്പോൾ അവൾ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽനിന്നു് ഒട്ടും കുറഞ്ഞുപോയില്ല. അദ്ദേഹത്തിന്റെ ഹൃദയത്തിൽ, എന്നിട്ടുകൂടി അവൾക്കു പണ്ടത്തെപ്പോലെത്തന്നെ ഒരു അഭിനന്ദിക്കത്തക്കതായ സ്ഥാനം ഉണ്ടായിരുന്നു.

അവൾ വ്യതിചലിച്ചു. പക്ഷേ, അവൾ വളരെ കഷ്ടാരിഷ്ടതകൾ സഹിക്കേണ്ടിയും വന്നു. പൊന്നിയുടെ പണ്ടത്തെ നിർബ്ബന്ധങ്ങൾ ഒക്കെ അയാൾ ആലോചിച്ചുനോക്കി. ഈ ചെറിയ പൊന്നിയൊ! ഇത്ര കഠിനമായ കാമം അവളുടെ വയസ്സുള്ളവർക്കു് ഉണ്ടായിവരുമെന്നു ആർ വിശ്വസിക്കും! തന്റെ അനുരാഗക്കുറവുകൊണ്ടും ആശ്വാസക്കുറവുകൊണ്ടുമാണു് അവൾ അവളുടെ സർവ്വസ്വവും ബലികഴിച്ചുകഴിഞ്ഞതു് എന്നോർക്കുമ്പോൾ കൃഷ്ണൻനായർക്കു് എന്തു മനസ്സമാധാനമാണു് ഉണ്ടാകാൻ പോകുന്നതു്?

സ്ത്രീകൾ അത്ഭുതജീവികളാണു്. അവർക്കു് അവരെത്തന്നെ മനസ്സിലാക്കാൻ സാധിക്കുകയില്ല. പിന്നെ പുരുഷന്മാർക്കു അവരെ മനസ്സിലാക്കാൻ വല്ല മാർഗ്ഗവുമോ കഴിവുമോ ഉണ്ടോ?

എന്നാൽ ഒരു കാര്യം അയാൾക്കു വിശദമായിരുന്നു.

പൊന്നിയെ അയാൾ പിന്നേയും കണ്ടുമുട്ടി. പൊന്നിയെക്കൂടാതെയുള്ള ജീവിതം അയാൾക്കു അസഹ്യമായി. അവൾ എന്തുകുറ്റം ചെയ്തിരുന്നാലും അതിന്റെ സഹസ്രഭൂയിഷ്ടമായി അവൾ ദുഃഖം അനുഭവിച്ചു കഴിഞ്ഞു. അവൾ തെറ്റു ചെയ്തതിനേക്കാൾ ലോകം അവളോടാണു് തെറ്റു് ചെയ്തതു്. അവളുടെ പൂർവ്വജീവിതം അയാൾക്കു് ഓർമ്മവന്നു. മറ്റുപ്രകാരത്തിൽ ശാസിച്ചുവളർത്തപ്പെട്ട പെൺകുട്ടികളുടെ, ഒരു അച്ചടക്കമോ, പിടിച്ചുനിർത്തലോ കടിഞ്ഞാൺവലിയൊ അവളുടെ സ്വഭാവത്തിന്നു് ഉണ്ടായിരുന്നില്ല. അഥവാ അവളുടെ സ്വഭാവത്തെ ഒതുക്കിവെപ്പിച്ചിരുന്നില്ല. അവൾ പ്രകൃതിയുടെ നിഷ്കളങ്കമായ ഒരു സന്താനമായിരുന്നു. മുങ്കോപിയും, ജീവിതരഹസ്യാനുഭവത്തിൽ നിഷ്കർഷണിയുമായിരുന്നു. അനുരാഗം അവളെ വിട്ടൊഴിഞ്ഞുപോയപ്പോൾ അനുരാഗത്തിന്റെ ഒരു ഛായയെ അവൾ രണ്ടു് കൈകൊണ്ടും മുറുകെ പിടിച്ചുകളഞ്ഞു എന്നുമാത്രമേ ഉള്ളു.

അവൾ തെറ്റിപ്പോയി എങ്കിൽ, അവൾ ഒരിക്കലും മറന്നുപോകാത്ത പാഠവും പഠിച്ചുകഴിഞ്ഞു.

അവൾ പേരുപറയാതെ ഇരുന്നുകളഞ്ഞ പുരുഷനെ വിചാരിക്കുമ്പോൾ മാത്രമേ അവന്റെ ചോര ഭൂമിയിൽ വീഴ്ത്തണം എന്ന ഒരു കലശലായ ഭ്രമം അയാളെ ബാധിച്ചിരുന്നുള്ളു. ആ മനഃസ്ഥിതി അയാൾക്കു് വേഗമൊന്നും വിട്ടുപോകുന്നതല്ലെന്നും അയാൾ മനസ്സിലാക്കി. ഇരിക്കട്ടെ. അതു് പൊന്നിയുടെ രഹസ്യമായിരിക്കകൊണ്ടു് അതു് കുത്തി തുറക്കുവാൻ അദ്ദേഹത്തിന്നു് ഒരുപ്രകാരത്തിലും പാടില്ലെന്നു് തോന്നി. അതുകൊണ്ടു് അയാൾ അതു് ആദരിച്ചു് പോരുവാൻതന്നെ ഉറച്ചു.

ഇരുപത്തിനാലാം അദ്ധ്യായം

കൃഷ്ണൻനായർ അദ്ദേഹത്തിന്റെ നീണ്ടനടത്തം കഴിഞ്ഞു് മടങ്ങിവന്നപ്പോൾ പൊന്നി ഒരേടത്തു് വിശ്രമിക്കുകയായിരുന്നു.

പാപ്പിഅമ്മ അദ്ദേഹത്തെ ഒരു നെഞ്ഞിടിപ്പോടെ നോക്കി. വന്നുകൂടുന്ന സംഭവങ്ങൾ സത്യമായിട്ടും അവളെ നൂലാമാലയിലാക്കി. ഇതിൽനിന്നൊക്കെ വിട്ടൊഴിഞ്ഞുപോവാനുള്ള ഒരു ആഗ്രഹവും ആ സ്ത്രീക്കുണ്ടായി. പൊന്നിയെനോക്കി നടക്കുവാനുള്ള ഏർപ്പാടു് അവൾ ഏറ്റെടുത്തതു് വളരെ തെറ്റിപ്പോയി എന്നുകൂടി അവൾക്കുതോന്നി. എന്നാലുംകൂടി പൊന്നിയെ തന്നെത്താനറിയാതെ അവൾ ഇഷ്ടപ്പെട്ടുപോയിരുന്നു. അവളുടെ ഭ്രാന്തുപിടിച്ച മകന്റെ കാര്യവും അവൾക്കു് മറക്കത്തക്കതല്ലായിരുന്നു. രാജാവു് അവൾക്കു് അനുവദിച്ചുകൊടുത്ത സംഖ്യ അവളുടേയും മകന്റേയും ജീവാവസാനംവരേയും സുഖകരമാക്കാൻ മതിയായതായിരുന്നു.

കൃഷ്ണൻനായർ അവളുടെ മുഖത്തു്, വല്ലതും കണ്ടുപിടിക്കാൻ തിരയുമ്പോലെയുള്ള ഒരു നോട്ടം നോക്കി. അദ്ദേഹം അവളെ വിശ്വസിപ്പാൻതന്നെ ഉറപ്പാക്കി. അയാൾക്കു് ആ വിശ്വാസത്തെപ്പറ്റി പശ്ചാത്തപിക്കുവാൻ പിന്നീടു് ഒരു കാരണവും ഉണ്ടായിരുന്നില്ല.

അല്പംകഴിഞ്ഞിട്ടു് അയാൾ പൊന്നിയെ കാണാൻ പോയി. അവളുടെ മുറിയിൽ ഉണ്ടായിരുന്ന ഒരു ജനലിന്റെ പടിമേൽ ഇരുന്നു. അവൾ എന്തെന്നില്ലാതെ പുറമെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അയാൾ “പൊന്നി” എന്ന ഒരു വിളിവിളിച്ചു. അവൾ തിരിഞ്ഞുനോക്കി. അയാൾ വന്നതു് അവളെ ശകാരിക്കാനായിരിക്കുമോ? ശരി. അതു് അവൾക്കു് കിട്ടേണ്ടുന്ന ശിക്ഷയുടെ ഒരോഹരിമാത്രമായിരിക്കാൻ മതി.

എന്നാൽ യഥാർത്ഥത്തിൽ ഉണ്ടായതു് എന്താണു്? അവൾ അയാളുടെ പാണിബന്ധത്തിൽ അകപ്പെട്ടിരുന്നു. അയാൾ അവളെ പിടിച്ചതു് അവളെ വേദനിപ്പിക്കുംപ്രകാരമുള്ള ശക്തിയോടെ ആയിരുന്നു. ആ പിടിത്തത്തിന്റെ മുറുക്കം, ഇനിമേലാൽ തന്നെയുംവിട്ടു് പൊന്നിയെ പോയ്ക്കളവാൻ സമ്മതിക്കാത്തവിധം ശക്തിയുള്ളതായിരുന്നു.

കൃ. നാ.:
പൊന്നീ! ഇന്നുരാവിലെ ഞാൻ നിന്നെ അനുരാഗിക്കുന്നുണ്ടെന്നു് നിന്നോടു് ഞാൻ പറഞ്ഞു. എന്റെ പ്രിയെ! ഇപ്പോൾ ഞാൻ വന്നതു് അങ്ങിനെ ഒന്നുകൂടി പറവാൻവേണ്ടി മാത്രമാണു് പൊന്നീ! നീ എന്നെ വിവാഹം ചെയ്യുമോ?

അവൾ വിനീതയയിട്ടു് അദ്ദേഹത്തിന്റെ കണ്ണുകൾ നോക്കി.

പൊന്നി:
ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ടും കൂടിയൊ അങ്ങുന്നേ!
കൃ. നാ.:
നീ എന്റെ പ്രേമഭാജനമായിത്തീർന്നിരിക്കുന്നു. നീ പറഞ്ഞുതന്നതു് ഒക്കെ ഞാൻ കേൾക്കുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. പൊന്നീ! എനിക്കു് നിന്നെക്കൂടാതെ കഴിയുകയില്ല. നീ പറഞ്ഞുതന്ന കാര്യങ്ങളൊക്കെ നാം മേലാൽ മിണ്ടരുതു് എന്നുവെച്ചുകളയാം. അതൊക്കെ നമുക്കു് മറക്കാം. എന്റെ പൊന്നെ! എന്നെ നിണക്കു് വിശ്വാസമില്ലെ! നിന്റെ കഷ്ടങ്ങളൊക്കെ നിന്നെക്കൊണ്ടു് ഞാൻ മറന്നുകളയിപ്പിക്കും. പിന്നെ എന്റെ അധീനത്തിൽ നിണക്കെന്തുകൊണ്ടു് വന്നുകൂടാ.

അയാളുടെ പാണിബന്ധനത്തിൽ പെട്ടിരുന്ന പെണ്ണു് ഒന്നും മിണ്ടിയില്ല. എന്നാൽ അവൾ അവളുടെ മെലിഞ്ഞ കൈകൊണ്ടു് അയാളുടെ കഴുത്തുചുറ്റിപ്പിടിച്ചു. അയാളുടെ തല അവളുടെ നെഞ്ഞത്തുവെച്ചു.

കൃ. നാ.:
പൊന്നീ! നീ മറുപടി ഒന്നും പറഞ്ഞിട്ടില്ല.
പൊന്നി:
നിങ്ങളോടു് ബന്ധംവരത്തക്കവണ്ണം ഒരു യോഗ്യത എനിക്കുണ്ടൊ?

രാത്രി വളരെ നേരത്തോളം അവർ തമ്മിൽ വാദം നടത്തി. അവൾ രോഗംകൊണ്ടു് ക്ഷീണിച്ചുപോയവളാണെന്ന കാര്യവുംകൂടി രണ്ടാളും മറന്നു. ഭാവിയെപ്പറ്റി സംസാരിക്കുമ്പോൾ അവർ ഇരുവരും വെറും ശിശുക്കളാണെന്നു് തോന്നിപ്പോകും.

കൃ. നാ.:
ഇപ്പോൾതന്നെ നമുക്കു് വിവാഹം നടത്താം. ഇനിയും അത്യാപത്തു് വന്നുകൂടാൻ ഞാൻ കാത്തുനില്ക്കുകയില്ല. ഇനിയൊന്നു് വന്നാൽ എന്നെന്നേയ്ക്കും നീ എന്റെ കയ്യിൽനിന്നു് വിട്ടുപോവാൻ മതി. ഞാൻ ഒരു പ്രത്യേക ലൈസൻസ്പ്രകാരം റജിസ്ത്രാപ്പീസിൽവെച്ചു് നടത്തിപ്പിക്കാം. നിണക്കു് അതിന്നു് വിരോധമില്ലായിരിക്കും.
പൊന്നി:
എവിടെവെച്ചു് നടത്തിയാലും വേണ്ടില്ല. എനിക്കു് നിങ്ങളുടെ സ്വന്തമായിത്തീരണം എന്ന വിചാരം മാത്രമേ ഉള്ളു.
കൃ. നാ.:
നീ എന്റെ അടുക്കെ വരുന്നതിന്നുമുമ്പെ ശക്തിയുള്ളവളായിത്തീരണം. ഞാൻ പറയുന്നതിന്റെ അർത്ഥം നിണക്കു് മനസ്സിലായിരിക്കും. നിന്നെ രക്ഷിക്കാൻവേണ്ടി നമുക്കു് ഉടനെ വിവാഹം നടത്താം. എന്നാൽ എന്റെ സ്വന്തമായ്വരണമെങ്കിൽ നിന്റെ രോഗമൊക്കെ ഭേദമായി നീ പണ്ടത്തെ പൊന്നിയായ്വരണം. ചെറിയ പെൺകുട്ടി! നിണക്കു് ഇനിയും ബലംവെച്ചിട്ടില്ല.
പൊന്നി:
എനിക്കു് ഇപ്പോൾ നിങ്ങളെ കിട്ടിയില്ലെ! അതുകൊണ്ടു് എന്റെ രോഗം ക്ഷണം സുഖപ്പെടും.

അവൾ ശരിയായ മുന്നറിവുള്ളവളായി. അന്നു് തുടങ്ങി അവൾ ഭീമമായി ഭേദപ്പെട്ടുതുടങ്ങി. രണ്ടാഴ്ചകഴിഞ്ഞപ്പോൾ അവരുടെ ഘോഷമില്ലാത്ത വിവാഹവും കഴിഞ്ഞു. പാപ്പിഅമ്മ ഒരു സാക്ഷിയായി ഉണ്ടായിരുന്നു.

ലളിത നഗരത്തിൽ മടങ്ങിവന്നു. അവരുടെ പരമാനന്ദം കണ്ടുരസിപ്പാൻ അവൾക്കു് അപ്പോഴും ആവതില്ലായിരുന്നു.

നാളുകൾ ചെല്ലുന്തോറും പൊന്നിയുടെ മുഖം പണ്ടെത്തെ കോലത്തിൽ എത്തിത്തുടങ്ങി. അവളുടെ പണ്ടെത്തെ ഉല്ലാസജനകമായ ചിരിയും കേട്ടുതുടങ്ങി. രണ്ടാമതും അവളുടെ സൗന്ദര്യം കാഴ്ചവെയ്ക്കത്തക്ക രീതിയിൽ വികസിച്ചു. പണ്ടെത്തെക്കാൾ ദേഹത്തിന്നു് അസാരം ഒരു സ്ഥൂലത ഉണ്ടായി. അതു് അവളുടെ ആകർഷണത്തിന്നു് ഒരു മാറ്റുകൂടി ഇട്ടതെ ഉള്ളു. അവളുടെ ദേഹവടിവും അവളുടെ സന്തോഷമുഖവും, സ്ത്രീത്വവും, സൗന്ദര്യവും കുറെക്കൂടി സ്പഷ്ടമാക്കിയിരുന്നു.

അവർ തരിശുഭൂമിയിൽക്കൂടെ വളരെ നടന്നു. പാപ്പിഅമ്മയുടെ വീട്ടിൽ കുറെ വിശ്രമിച്ചു. തൃണവിതാനത്തിൽ ഇരുന്നു് ഒന്നാന്തരം ചായകഴിച്ചു. സായംകാലത്തു് പച്ചയായ നടയിൽക്കൂടെ നടന്നുകളിച്ചു. രാത്രി പാട്ടുപാടുകയും മറ്റോരോ വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തു. രാത്രിയായാൽ പൊന്നി അവളുടെ ഭർത്താവിനേയും ചുംബിച്ചു്, ഏകാകിനിയായി അവളുടെ മുറിയിൽ കിടക്കാൻപോകും.

അവളുടെ സന്തോഷം പരിപൂർണ്ണമായിരുന്നു. അദ്ദേഹത്തിന്റെ അനുരാഗം അഭിനന്ദിക്കത്തക്ക ഒന്നുതന്നെ ആയിരുന്നു. എന്നാലുംകൂടി അവൾക്കു് അല്പം അസ്വാസ്ഥ്യം ഇല്ലാതിരുന്നില്ല. ഇപ്പോൾ അവൾക്കു് പണ്ടത്തെ ശക്തി ഒക്കെ വന്നുകൂടി. അവൾ, സ്ത്രീയുടെ പുണ്യസിദ്ധികളായ ശരീരസുഖത്തിന്റേയും സൗന്ദര്യത്തിന്റെയ്യും മൂർത്തിയായിത്തീർന്നു. അവൾ പണ്ടത്തെ കോലത്തിൽ എത്തിയപ്പോൾ വിവാഹത്തിന്റെ വെറും കാട്ടിക്കൂട്ടൽ, എന്നുവെച്ചാൽ പുറമ്പൊളിച്ചടങ്ങുകൾകൊണ്ടൊന്നും തൃപ്തിപ്പെടാത്ത ഒരു ചൈതന്യവും കാമവും ഉള്ള സ്ത്രീയാണെന്നു് തെളിയിച്ചു.

ചന്ദ്രനും പുഷ്പങ്ങളും വിടർന്നുവന്ന മീനമാസത്തിലെ ഒരു ഉഷ്ണദിനമായിരുന്നു അതു്. റോസ്കളുടെ സൗരഭ്യം തണുത്തുവരുന്ന വായുവിൽ നിലനിന്നിരുന്നു. വൃക്ഷങ്ങൾ നിഷ്കമ്പരായിനിന്നു. ഒരു ഇരുണ്ട ശാന്തത എല്ലാടവും പരന്നിരുന്നു. ഒരു മാവിന്മേൽനിന്നു് വിഷുക്കിളി ഇടവിടാതെ നിലവിളിച്ചുകൊണ്ടിരുന്നു.

പൊന്നി രാത്രിയുടെ ശാന്തത നോക്കിക്കണ്ടു. അവളുടെ ആത്മാവിലും അങ്ങിനെ ഒരു കൗതുകകരമായ ശാന്തത വരുമോ എന്നു് അവൾ ശങ്കിച്ചു. അവൾക്കു് എന്തോ ഒരു അകാരണമായ അസ്വാസ്ഥ്യം നേരിട്ടിരുന്നു. ഒരു വിവരിക്കവയ്യാത്ത സ്വഭാവം അവളെ കടന്നുപിടിച്ചു. അവളുടെ കൂട്ടിക്കെട്ടാത്ത മുടി നിബിഡമായി അഴിഞ്ഞുവീണു. അവളുടെ നെറ്റിയും ചുമലുംകൂടി അക്രമിച്ചു.

അവളുടെ നേരിയ തുണി ഉടുത്തു. ഒരു നേരിയ മുണ്ടും മാറത്തിട്ടിരുന്നു. അവളുടെ ചുകന്ന കാലിന്മേൽ ചെരിപ്പൊന്നും ഇല്ലായിരുന്നു. അവളുടെ കൈകളും നെഞ്ഞും ഹിമത്തിന്റെ വെണ്മകൂടി കടത്തിവെച്ചിരുന്നു.

അവൾക്കു് ഉറങ്ങണം എന്ന വിചാരം ഉണ്ടായിരുന്നില്ല. പ്രകൃതികണ്ടു് രസിപ്പാനും, നല്ലവായു ശ്വസിപ്പാനും വേണ്ടി വാതിലും തുറന്നു് പുറത്തുപോവാൻ തോന്നി. അവളെ ബാധിച്ച നാഡിക്ഷീണവും സംഭ്രമവും കേവലം വിട്ടുപോയിട്ടില്ല.

വളരെ രാത്രികളിലും അങ്ങിനെ ഒരു തോന്നൽ അവൾക്കു് വന്നുപിടിച്ചിരുന്നു. ഈ രാത്രി ആ തോന്നൽ അടക്കിവെയ്ക്കാൻ അവൾക്കു് സാധിച്ചില്ല. അവൾക്കു് ഒരുതരം ഏകാന്തത പിടിപെട്ടു. അവൾക്കു് ഒരു പുരുഷന്റെ സഖിത്വം വേണമെന്നുതോന്നി. എന്താ അവളുടെ ഭർത്താവിന്റെ അടുക്കെ പോയാൽ? അദ്ദേഹത്തിന്റെ അടുക്കെ ചെല്ലാൻ അവൾ സർവ്വാത്മനാ കാംക്ഷിച്ചു് ശാന്തമായ രാത്രി മുഴുവനും അദ്ദേഹത്തിന്റെ പാണിബന്ധത്തിൽ കഴിച്ചുകൂട്ടാൻ അവൾക്കു് തോന്നി. എന്തോ ഒന്നു് അവളെ തടഞ്ഞുനിർത്തി. ആവശ്യപ്പെടാതെ സ്വമേധയായി അങ്ങട്ടുചെല്ലാൻ അവൾ ശങ്കിച്ചു. അവളുടെ ഉള്ളിൽ ഒരു മാതിരി ലജ്ജ ഉണ്ടായിരുന്നു. അവൾ അനുഭവിക്കേണ്ടിവന്ന സങ്കടസംഭവങ്ങൾകൊണ്ടൊന്നും മൂർച്ചകുറഞ്ഞൊ, നശിച്ചോ പോകാത്ത ഒരു തന്റേടം അവൾക്കു് പൊങ്ങിവന്നിരുന്നു. അവളുടെ ചെള്ളകൾ കത്തുമ്പോലെ തോന്നി. അവളുടെ കണ്ണുകൾ ആരാധ്യവസ്തുക്കളെപ്പോലെ തിളങ്ങുന്നുണ്ടെന്നു് കണ്ണാടി കാണിച്ചുകൊടുത്തു. അനുരാഗംകൊണ്ടുമാത്രം വിരൂപികളായ സ്ത്രീകൾക്കുംകൂടി വന്നുചേരുന്ന നിർണ്ണയിക്കവയ്യാത്ത ലാളിത്വംകൊണ്ടു് അവളും വേണ്ടതിലധികം ശോഭിച്ചിരുന്നു.

“ഓ! കൃഷ്ണൻനായരെ! എനിക്കു് നിങ്ങളുടെ അരികെ വരാൻ ധൈര്യമുണ്ടാവാൻ ഞാൻ എത്ര ആശിക്കുന്നു. ഞാൻ നിങ്ങളെ അനുരാഗിക്കുന്നു—എനിക്കു് നിങ്ങളെ വേണം—അത്യാവശ്യമായിട്ടു്.”

ഒച്ച ഉണ്ടാക്കാതെ വാതിൽ തുറക്കപ്പെട്ടു. കൃഷ്ണൻനായർ അവളുടെ മുമ്പിൽ പ്രത്യക്ഷമായി അവളെ ചുംബനങ്ങളിൽ കുളിപ്പിച്ചു. “പൊന്നീ! ഞാൻ ഇതാ നിന്റെ അടുക്കെ വന്നിരിക്കുന്നു. എനിക്കു് നിന്നേയും വിട്ടുപിരിഞ്ഞിരിപ്പാൻ കേവലം വയ്യാ—എന്റെ ശിന്നഭാര്യെ! ഞാൻ പോകണം എന്നു് നീ പറയുന്നൊ?”

പൊന്നി:
നിങ്ങൾ പോകരുതു് എന്നാണു ഞാൻ പറയുന്നതു്. എനിക്കു് നിങ്ങളുടേതു് ആയിത്തീരണം എന്ന വിചാരം മാത്രമേ ഉള്ളു. നിങ്ങൾ എന്റെ ഭർത്താവാണു് എന്റെ പ്രാണനാണു്.
കൃ. നാ.:
നീയും ഇപ്പോൾ എന്റെ പൊന്നുഭാര്യതന്നെ പൊന്നീ!

ശുഭം

കെ. സുകുമാരൻ, ബി. എ.[1]

കെ. സുകുമാരന്‍ കാമ്പില്‍ തട്ടായിലത്തു ഗോവിന്ദന്റെയും, ഇടമലത്തു മാധവിയുടേയും മകനായി 1876 മെയ് 20-നു് ജനിച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സിപ്പല്‍ സ്ക്കൂള്‍, ബാസല്‍ മിഷന്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലാണു് പഠിച്ചതു്. ഇന്റര്‍മീഡിയറ്റ് പഠനം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പാലക്കാട് വിക്ടോറിയയിലും ആയിരുന്നു. ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും 1894-ല്‍ ബിരുദം നേടി. തുടര്‍ന്നു് സിവില്‍ കോടതി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 1915-ല്‍ സിവില്‍ ജുഡീഷ്യറി ടെസ്റ്റ് പാസായി. 1931-ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റി. കൗസല്യയെ ആണു് സുകുമാരന്‍ വിവാഹം ചെയ്തതു്. അദ്ദേഹം 1956 മാര്‍ച്ച് 11-നു് മരിച്ചു. ചെറുകഥ, നോവല്‍, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി അമ്പതോളം കൃതികള്‍ ഉണ്ടു് സുകുമാരന്റേതായി. സുകുമാരകഥാമഞ്ജരി, ചെറുകഥ, അഞ്ചുകഥകള്‍ എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ കഥകള്‍ ലഭ്യമാണു്.

കൃതികള്‍: അഴകുള്ള പെണ്ണു്, വിധി, ആ വല്ലാത്ത നോട്ടം, ഇണക്കവും പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി, വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമന്‍.

കുറിപ്പുകൾ

[1] അതീവ ഖേദത്തോടെ പറയട്ടെ. ഇത്രയും പ്രശസ്തനായിരുന്ന ഈ സാഹിത്യകാരന്റെ ഒരു ഫോട്ടോ പോലും കിട്ടാനില്ല. വായനക്കാരിൽ ആർക്കെങ്കിലും ഫോട്ടോ അയച്ചു തരാൻ കഴിയുമെങ്കിൽ നമുക്കു് ഈ ഡോക്യുമെന്റേഷൻ പൂർണതയിലെത്തിക്കാം.

Colophon

Title: Inakkavum Pinakkavum (ml: ഇണക്കവും പിണക്കവും).

Author(s): K. Sukumaran, B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Novel, K. Sukumaran, B. A., Inakkavum Pinakkavum, കെ. സുകുമാരൻ, ബി. എ., ഇണക്കവും പിണക്കവും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 15, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Lace-Maker, a painting by Caspar Netscher (1639–1684). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.