(മിസ്റ്റർ എം. കണ്ണൻമേനോൻ എഴുതി വച്ചതു്.)
ഞാൻ പാഞ്ഞു. നരിയെക്കണ്ടാൽക്കൂടി പായാത്ത ഞാനാണു്. പിശാചിനെ കണ്ടാൽക്കൂടി തെറ്റാത്ത ഞാനാണു്. എന്നിട്ടെന്തുവേണ്ടു. കടക്കാരനെ കണ്ടാലാരാണു് പായാത്തതു്. നാലഞ്ചുമാസം മയ്യഴിയിൽ താമസിച്ചു. സംഗതിവശാൽ ഒരിക്കൽ തലശ്ശേരിയിൽത്തന്നെ വരേണ്ടിവന്നു. നേരം സന്ധ്യ മയങ്ങിയതേ ഉള്ളൂ. എന്നെ ആരും കാണല്ലേ എന്നു നേർന്നുങ്കൊണ്ടു ഞാൻ വരികയായിരുന്നു. വണ്ടിത്താവളത്തിന്റെ അടുക്കെ എത്തിയപ്പോഴാണു് ആ താടിക്കാരൻ മൂസ്സാഹയേയും ശിപായിയേയും കണ്ടതു. അദ്ദേഹത്തിന്നു കൊടുപ്പാനുണ്ടായിരുന്നതു അഞ്ഞൂറും പലിശയുമായിരുന്നു. പണം വാങ്ങുമ്പോൾ ഞാൻ തട്ടിമൂളിച്ച ലോഹ്യങ്ങളും പ്രതിജ്ഞകളും കേട്ടപ്പോൾ അഞ്ഞൂറിനു പകരം ആയിരം ചോദിക്കാത്തതെന്തെന്നു് അദ്ദേഹം ക്ലേശിച്ചു. അവധി അടുത്തപ്പോൾ ഞാൻ ചൊരിഞ്ഞുവിട്ട ഒഴികഴിവുകൾ അദ്ദേഹത്തെ കോടതിയിൽ പ്രവേശിപ്പിച്ചു. ഞാൻ കടം സമ്മതിച്ചു. കോടതി വിധിച്ചു ഞാനൊളിച്ചു. കടംകൊണ്ടുഴലുന്ന കൂട്ടരുടെ രക്ഷാസ്ഥലമായ മയ്യഴിയിൽ കടന്നുകൂടി ഒരു ദീർഘശ്വാസം കഴിച്ചു. ഗുരുവായൂരേകാദശിക്കു തല്ലുകിട്ടിയപ്പോൾ പണ്ടൊരാൾ നിലവിളിച്ചപോലെ ഞാനും ഒരു തറവാട്ടുകാരനാണു് എന്നു് എനിക്കും പറയാം. പത്തുപതിനായിരം ഉറുപ്പിക കാലാനുഭവമുള്ള തറവാടുമാണു്. ഞാൻ അടുത്ത അനന്തിരവനുമാണു്. കാരണവരും ഞാനും വലിയ വിരോധത്തിലാണു്. കാരണവർക്കും എനിക്കും തമ്മിൽ സിദ്ധാന്തം ഉണ്ടാക്കിത്തീർത്തതു എന്റെ പരമശത്രുവായ കറുമ്പാല കൃഷ്ണക്കുറുപ്പാണു്. അവന്റെ ഉപദേശപ്രകാരം കാരണവരുടെ ഭാര്യയുടെ ജ്യേഷ്ഠത്തിയുടെ മകളെ, ആ കാണാൻ കോലമില്ലാത്ത കാർത്തായിനിക്കുട്ടിയെ, വിവാഹം കഴിപ്പാൻ എത്രതന്നെ കാരണവർ നിഷ്കർഷിച്ചിട്ടും ഞാൻ കൂട്ടാക്കിയില്ല. കുറുപ്പിന്റെ ഏഷണികേട്ടിട്ടു തറവാട്ടിൽനിന്നു എനിക്കു ന്യായമായ സാപ്പാടുംകൂടി കിട്ടാതായി. കാരണവർക്കു പ്രായവും കുറെ ആയി. ക്ഷയരോഗംകൊണ്ടു ദിവസം തോറും ശരീരപുഷ്ടി കുറഞ്ഞുവരുന്ന കാരണവരെ കണ്ടപ്പോൾ എനിക്കു അന്നത്തേ വെറുപ്പുകൊണ്ടു പുറമേ സങ്കടവും ഉള്ളിൽ സന്തോഷവുമുണ്ടായി. അടുത്ത കാലത്തിനുള്ളിൽ കാരണവരാകുമല്ലോ എന്ന ആശ്വാസത്തിന്മേൽ നടന്നുതുടങ്ങിയപ്പോൾ കുറേ ചങ്ങാതികളും കുറേ കടങ്ങളും ഇത്തിക്കണ്ണിപോലെ എന്നെ ബാധിച്ചു. കാരണവരുടെ രോഗത്തിന്നു ക്ഷയവും ദേഹത്തിന്നു പുഷ്ടിയും വെച്ചുതുടങ്ങിയപ്പോൾ എന്റെ ക്ലേശത്തിന്നു പുഷ്ടിയും മോഹത്തിന്നു ക്ഷയവും ഉണ്ടായി. കടക്കാരൊക്കെ എന്റെ അവധിയാചന പ്രമാണിക്കാതായി. പലരും വിധി സമ്പാദിച്ചു. ആപത്തുകൾ വരുന്നേരമൊന്നിച്ചു് എന്നു പറഞ്ഞപോലെ, ഞാൻ മയ്യഴിയിൽ എങ്ങിനെ ഓടാതിരിക്കും? നാലഞ്ചുമാസം കഴിഞ്ഞപ്പോൾതന്നേ ഞാൻ മടുത്തു. ഒരു ചങ്ങാതിയുടെ ഉപദേശപ്രകാരം കുറുപ്പിന്റെ സേവ എങ്ങിനെയെങ്കിലും വിടുർത്തി കാരണവരോടു ലോഹ്യമായി എന്റെ കടങ്ങൾ തീർത്തുതരാൻ അപേക്ഷിക്കാൻ വേണ്ടിയാണു് ഞാൻ ആരും കാണാതെ മയ്യഴിയിൽനിന്നു പുറപ്പെട്ടു തലശ്ശേരിയിൽ എത്തിച്ചേർന്നതു. മയ്യഴിയിൽ ഉണ്ടായിരുന്ന കുറുപ്പിന്റെ ഒറ്റുകാർ ഈ വിവരം കുറുപ്പിനെ മുൻകൂട്ടി അറിയിച്ചതും കുറുപ്പു നഹയെക്കൊണ്ടു വാറണ്ടെടുപ്പിച്ചതും എനിക്കന്നു വിവരമുണ്ടായിരുന്നില്ല. എന്തിനു പറയുന്നു വണ്ടിത്താവളത്തിൽ എത്തിയപ്പോഴുണ്ടായ എന്റെ ഒന്നാമത്തെ കണിയാണു് നഹ. തോർത്തു തലയിൽക്കൂടെയിട്ട എന്നെ നഹ തുറിച്ചു നോക്കുന്നതു കണ്ടപ്പോൾ ഞാൻ കുറെ ബദ്ധപ്പെട്ടുനടന്നതിൽപിന്നെ പാഞ്ഞു. നഹയും ശിപായിയും എന്റെ പിമ്പെ ഓടുന്നുണ്ടെന്നു എനിക്കു തോന്നി. ഞാൻ തിരിഞ്ഞും മറിഞ്ഞും പാഞ്ഞു. ഒടുവിൽ ഒരു പടിവാതിൽ കടന്നു ഒരു വീട്ടിലേക്കുള്ള നീളമുള്ള നടയിൽ എത്തി. അപ്പോൾ മുറ്റത്തു കുറേ ധാരാളം ആളുകളുണ്ടായിരുന്നതിനാൽ വല്ല കുറിക്കല്യാണമോ മറ്റോ ആയിരിക്കുമെന്നു കരുതി ഞാൻ നടയിൽനിന്നു പറമ്പത്തുകേറി വടക്കോട്ടു നടന്നു ഒരേടത്തു അമർന്നു. ഞാൻ അവിടെ അമർന്നു അധികനേരം കഴിയുംമുമ്പേ നടയിൽനിന്നു രണ്ടാളുകൾ പറമ്പത്തു കേറി എന്റെ നേർക്കു വരുന്നതുകണ്ടു. ഇരുട്ടായതുകൊണ്ടു ആളെ തിരിച്ചറിവാൻ പാടുണ്ടായിരുന്നില്ല. ഒരു സമയം നഹയും ശിപായിയുമായിരുന്നേക്കുമോ എന്നു ഞാൻ ആലോചിച്ചു. ഞാൻ ഇരുന്നേടത്തുനിന്നു് മെല്ലെ എഴുന്നേറ്റു് ഒരു മൂലയ്ക്കുണ്ടായിരുന്ന പറങ്കിമാവിന്റെ ചോടെ ഒളിച്ചു. ചുറ്റും നിലം തൊടുന്നതും ഇലകളാൽ മൂടിയതുമായ കൊമ്പുകളുള്ളതുകൊണ്ടു എന്നെ ആരും കാണാനിടയുണ്ടാകയില്ല എന്ന ധൈര്യം എനിക്കുണ്ടായിരുന്നു. എന്റെ നേരെ വന്നവർ പറങ്കിമാവിന്റെ സമീപം വന്നുനിന്നു. പല വിഷയങ്ങളേപ്പറ്റിയും സംസാരിച്ചു. ഇവരുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി. ഒരാൾ എന്റെ പരമശത്രുവായ കുറുമ്പാല കൃഷ്ണക്കുറുപ്പും മറ്റേതു അയാളുടെ ചങ്ങാതിയായ രാമൻനായരുമായിരുന്നു. ഇവർ പല വർത്തമാനങ്ങളും പറഞ്ഞ കൂട്ടത്തിൽ ഒടുവിൽ പറഞ്ഞതു താഴെ എഴുതുന്നു.
- രാമൻനായർ:
- ഇന്നലെ ഞാൻ നിറങ്കോടിശ്ശങ്കരമേനോനെ കാണാൻ പോയിരുന്നു. അപ്പോൾ നിങ്ങൾ നാളെ സംബന്ധം കഴിക്കാനിരിക്കുന്ന ആ യുവതിയെക്കണ്ടു. സാക്ഷാൽ മഹാലക്ഷ്മി. ഇങ്ങിനെയൊരു സുന്ദരിയെ മലയാളരാജ്യത്തു കാണുകയില്ല. പണ്ടു വെണ്മണി നമ്പൂതിരിപ്പാടു് പറഞ്ഞപോലെ ഞാൻ “നിലവിട്ടൊന്നു പകച്ചു നിന്നുപോയി”. അതിശയനിറം. അതിശയസൗന്ദര്യം.
- കുറുപ്പു:
- സൗന്ദര്യം ജാസ്തിയാകുന്നതു ഒരു നല്ല സിദ്ധിയല്ല.
- രാമൻനായർ:
- എന്തുകൊണ്ടു് ?
- കുറുപ്പു:
- എനിക്കു ശങ്ക തോന്നിപ്പോകുന്നതു അതുകൊണ്ടാണു് സുന്ദരികൾക്കു നടപ്പുദോഷം നേരിടാൻ വളരെ എളുപ്പമാണു്. പെണ്ണുങ്ങളെ വിശ്വസിക്കാമെന്നു വന്നാൽകൂടി സുന്ദരികളെ ഒരിക്കലും വിശ്വസിച്ചുകൂടെന്നാണു് എന്റെ കാര്യമായ അഭിപ്രായം.
- രാമൻനായർ:
- നടപ്പുദോഷം ഉണ്ടോ എന്നു എനിക്കു പറവാൻ കഴികയില്ല. പെണ്ണു കണ്ടാൽ അസ്സൽ പെണ്ണാണു്. നല്ല പൂവൻപഴംപോലെ ഇരിക്കുന്ന പെണ്ണാ! എന്റെ ആയുസ്സിന്നിടയ്ക്കു് ഞാനിത്ര നല്ല പെണ്ണിനെ കണ്ടിട്ടില്ല. ഇനിക്കാണുകയുമുണ്ടാകയില്ല.
- കുറുപ്പു:
- എന്താ നിങ്ങൾ ഭ്രമിച്ചപോലെയാണല്ലോ പറയുന്നതു്.
- രാമൻനായർ:
- ഞാൻ ഉള്ളതു പറഞ്ഞു എന്നുമാത്രം.
- കുറുപ്പു:
- ഭ്രമം ഉണ്ടാവാൻ പാടുള്ളതല്ലേ?
- രാമൻനായർ:
- ഭ്രമിച്ചുപോയാൽത്തന്നെ എന്നെ ആരും കുറ്റം പറയുകയില്ല. അത്ര നല്ല പെണ്ണിനെയാണു് നിങ്ങൾക്കു കിട്ടുന്നതു്. നിങ്ങളുടെ പരമഭാഗ്യം.
- കുറുപ്പു:
- ആട്ടെ, ഒന്നു ചോദിച്ചാൽ നേരു പറയുമോ?
- രാമൻനായർ:
- ഉവ്വു്.
- കുറുപ്പു:
- ആ പെണ്ണിന്നു വല്ല കള്ളക്കളിയോ മറ്റോ ഉണ്ടെന്നു തോന്നിട്ടുണ്ടോ?
- രാമൻനായർ:
- എന്തു കള്ളക്കളി?
- കുറുപ്പു:
- കള്ളനോട്ടം കള്ളച്ചിരി എന്നുതൊട്ട ചിലകൂട്ടം പിത്തലാട്ടങ്ങളില്ലേ? അങ്ങിനെ വല്ലതും കണ്ടോ?
- രാമൻനായർ:
- നല്ല നോട്ടം. നല്ല ചിരി. ഇത്രത്തോളംമാത്രമേ എനിക്കു പറവാൻ കഴികയുള്ളൂ.
- കുറുപ്പു:
- നടപ്പുദോഷം ഉണ്ടെന്നു കേട്ടാൽ എനിക്കു ആ പെണ്ണിനോടു വലിയ അറപ്പാണു്.
- രാമൻനായർ:
- നിങ്ങളെപ്പോലെ തന്നെയാണു് എല്ലാവർക്കും.
- കുറുപ്പു:
- അല്ല എനിക്കതു ഒരു പ്രത്യേകതയാണു്. എന്റെ അറപ്പിനും അസൂയയ്ക്കും ശക്തി ജാസ്തി കാണും.
- രാമൻനായർ:
- അങ്ങിനെയാണെങ്കിൽ അതൊക്കെ അന്വേഷിച്ചു തീർച്ചപ്പെട്ടതിൽപിന്നെ പോരായിരുന്നോ സംബന്ധത്തിന്റെ ആലോചന?
- കുറുപ്പു:
- പരീക്ഷകൾ കഴിക്കാതിരുന്നിട്ടില്ല. നടപ്പുദോഷം ഉണ്ടെന്നതിന്നു ഒരു തെളിവും ഇതേവരെ കിട്ടീട്ടില്ല. എന്നാലും എനിക്കൊരു സംശയം. സൗന്ദര്യം ജാസ്തിയുള്ളതുകൊണ്ടാണു് ഈ സംശയം. കാക്ക കൊത്താത്ത പഴമുണ്ടോ?
- രാമൻനായർ:
- ഇല്ലാതിരിക്കില്ല.
- കുറുപ്പു:
- തരം കിട്ടുമ്പോൾ കാക്ക കൊത്താതിരിക്കില്ല.
- രാമൻനായർ:
- ഈ പഴം കൊത്തുന്ന ഒന്നാമത്തെ കാക്ക നിങ്ങളായിരിക്കും.
- കുറുപ്പു:
- ഒരു സമയം കൊത്തിയ പഴമാണെന്നു ഒന്നാമതറിയുന്ന കാക്ക ഞാനായിരിക്കും.
- രാമൻനായർ:
- നിങ്ങൾ വലിയ സംശയക്കാരനാണു് സാറേ! സ്ത്രീകളെ അനാവശ്യമായി സംശയിക്കുന്നതു ശരിയല്ല.
- കുറുപ്പു:
- നിങ്ങളെന്തറിഞ്ഞു. സംശയിക്കേണ്ടുന്ന കൂട്ടരല്ലേ സ്ത്രീകൾ?
ഇത്രത്തോളം പറഞ്ഞപ്പോൾ ഞാൻ അറിയാതെ ഒരു കൊമ്പു തട്ടിപ്പോയിട്ടു് ഒരു ശബ്ദം ഉണ്ടായി.
- രാമൻനായർ:
- എന്താ, അതിന്റെ ഉള്ളിൽ നമ്മുടെ സംസാരവും കേട്ടുംകൊണ്ടു വല്ലവരുമിരിക്കുന്നുണ്ടോ?
- കുറുപ്പു:
- ഉണ്ടോ എന്നു ഒന്നു പരിശോധിച്ചു നോക്കിക്കളയാം.
ഇങ്ങിനെ പറഞ്ഞുംകൊണ്ടു രണ്ടാളും പറങ്കിമാവിന്റെ നേരെ വന്നു. കൊമ്പു തൊട്ടുപോയാൽ എന്റെ കള്ളി പുറത്താവും. ഓടിപ്പോവാൻ രാമൻനായരോടു ഞാൻ എത്തുകയില്ല. എന്നെ പിടിച്ചുപോകാതിരിക്കില്ല. ശിവനേ!കെണിഞ്ഞോ? ഒരിക്കലുമില്ല. എനിക്കു തല്ക്കാലം ഒരു യുക്തിതോന്നി. അവർ കൊമ്പിന്മേൽ കൈ വെച്ചപ്പോൾ ഞാൻ ചോടെ വീണ ഇലകളിന്മേൽ പാമ്പിഴയുംപോലെയുള്ള ഒരു ശബ്ദമുണ്ടാക്കീ ‘ഫൂ’ എന്നു രണ്ടുവട്ടം ഊതി. ‘ഊയി പാമ്പു്’ എന്നു നിലവിളിച്ചുംകൊണ്ടു ഈ രണ്ടു കൂട്ടരും ഓടിയ ഓട്ടം ഒന്നു കാണേണ്ടതായിരുന്നു. കല്ലും മുള്ളും കുണ്ടും കുഴിയും പ്രമാണിയാതെ കുതിച്ചു രണ്ടു പുള്ളികളും ചക്ക വലിച്ചിടുമ്പോലെ നടയിൽ തുള്ളി കുറി നടക്കുന്ന വീട്ടിലേക്കു തിരിച്ചു.
ഇവർ ബാക്കിയുള്ളവരേയും കൂട്ടി, വിളക്കും കൊളുത്തി വന്നാൽ കാര്യം അബദ്ധമാകുമെന്നു ഞാൻ ഉറപ്പാക്കി. ഒരു ചെറിയ പുഞ്ചിരിയോടെ ഞാൻ തിണ്ടുംചാടി നിരത്തിന്മേൽ എത്തി മെല്ലെ നടന്നുതുടങ്ങി. ഒരു തിരിച്ചലിൽ അരികെ ഉണ്ടായിരുന്ന മുനിസിപ്പാലിറ്റി ലാന്തർ വെളിച്ചത്തിൽ, എന്റെ കഷ്ടകാലത്തിനു ഞാൻ പിന്നെയും നഹയേയും ശിപായിയേയും കണ്ടുമുട്ടി. കുറുപ്പും രാമൻനായരും പറഞ്ഞതിനേക്കാൾ വേഗത്തിൽ ഞാനും കുതിച്ചു എന്നിട്ടുകൂടി ആ രണ്ടു പുള്ളികളും എന്നെ വിട്ടൊഴിച്ചു പോവാൻ ഭാവമില്ലെന്നു ഞൻ കണ്ടു. ഒടുവിൽ ജോറവൽ ദൊരസരുടെ വീട്ടിന്റെ പടിക്കൽ എത്തിയപ്പോൾ ഞാൻ പടിയും കടന്നു പൂമുഖത്തു കേറിനിന്നു. പൂമുഖത്തു സ്ഫടികംകൊണ്ടുള്ള ഒരു നല്ല തൂക്കുവിളക്കു കത്തുന്നുണ്ടായിരുന്നു. ആളെ ആരെയും കണ്ടില്ല. അവിടെ ഇരുന്നു അല്പം വിശ്രമിക്കുന്നമദ്ധ്യേ നഹയും ശിപായിയും കേറിവന്നു. ഞാൻ അപ്പോൾ ഒരു കൂസലും കൂടാതെ അകത്തേ കോലായിൽ കേറി നേരേ പടിഞ്ഞാറ്റയിൽ കടന്നു ചെന്നു. ദരസരും ഞാനും വളരെ പരിചയമുണ്ടായിരുന്നതുകൊണ്ടു് എന്തെങ്കിലും ഒഴികഴിവു പറയാമെന്നു എനിക്കു നല്ല ധൈര്യമുണ്ടായിരുന്നു. നഹയും ശിപായിയും ആശ്ചര്യംകൊണ്ടെന്നപോലെ കുറേനേരം അവിടെനിന്നു. പിന്നെ എന്തൊക്കെയോ അന്യോന്യം പിറുപിറുത്തു. അവർ നിരത്തിന്മേൽ ഇറങ്ങി. പുറത്തിറങ്ങിയാൽ വൈഷമ്യമുണ്ടെന്നു കരുതി ഞാൻ കുറെനേരത്തോളം പടിഞ്ഞാറ്റയിൽതന്നേ നില്പാനുറച്ചു. നേരം സുമാറൊമ്പതരമണിയായി. അപ്പോഴക്കു പെട്ടെന്നു വിളക്കുംമറ്റുമായി അഞ്ചാറാളുകൾ അടുക്കളവഴിയായി വീട്ടിന്നകത്തു പ്രവേശിച്ചു ഒരു പത്തമ്പതു പ്രായമുള്ള ആൾ മുറ്റത്തുകൂടെ പൂമുഖത്തുകേറി അവിടെ ഇട്ടിരുന്ന ഒരു ചാരുകസേരമേൽ കിടന്നു. ഞാൻ ആളെ ഒന്നു നോക്കി. ജഗദ്വീശ്വരാ! ഞാൻ നടുങ്ങി. എന്റെ മുഖം വാടി. ഞാൻ വിയർത്തു. ദരസർക്കു പകരം കണ്ടതു എനിക്കു ഒരു പരിചയവുമില്ലാത്ത ഒരാളെ ആയിരുന്നു. ദരസർ വീടു മാറിയിരുന്ന വിവരം ഞാനറിഞ്ഞിരുന്നില്ല. ഭയംകൊണ്ടു ചെയ്യേണ്ടതൊന്നും എനിക്കു തല്ക്കാലം തോന്നിയില്ല. എന്തുചെയ്യട്ടെ എന്നു വിഷാദിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു വിളക്കുമായി രണ്ടാളുകൾ അകത്തേക്കോലായിൽ എത്തി. പടിഞ്ഞാറ്റയിൽ എന്നേക്കണ്ടാൽ കാര്യം അബദ്ധമാകുമെന്നു കരുതി ഞാൻ തല്ക്കാലം യാതൊരു നിവൃത്തിയുമില്ലെന്നു കണ്ടു മുറിയുടെ വടക്കുഭാഗത്തിട്ടിരുന്ന കട്ടിലിന്റെ ചുവട്ടിൽ പതുങ്ങി. ആ നിമിഷത്തിൽ രണ്ടു പേർ, മുറിയിൽ, ജനലരികെ ഇട്ടിരുന്ന ഒരു മേശമേൽ ഒരു സ്ഫടികവിളക്കും വെച്ചു, ഓരോ കസേരമേൽ ഇരുന്നു. ഇവർ നായന്മാരാണെന്നു ഞാൻ ഗണിച്ചെടുത്തു. തല്ക്കാലം എല്ലാവരും വീടുവിട്ടതു പടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന കൂടക്കു തീപ്പറ്റിയതുകൊണ്ടു് അതു ക്ഷണം കെടുപ്പാൻ വേണ്ടി മാത്രമായിരുന്നു എന്നു പടിഞ്ഞാറ്റയിൽ വന്നിരുന്ന രണ്ടു പെണ്ണുങ്ങളുടെ സംസാരത്തിൽനിന്നു ഞാൻ മനസ്സിലാക്കി. പെണ്ണുങ്ങൾ രണ്ടും അമ്മയും മകളുമാണെന്നു എനിക്കു ധരിക്കാൻ സംഗതിയുണ്ടായി. ഇവരുടെ മുഖം കാണ്മാൻ സാധിച്ചിരുന്നില്ലെങ്കിലും ഇവരുടെ കാലടി എനിക്കു നല്ലവണ്ണം കാണാമായിരുന്നു. ഞാൻ അനാശാസ്യമായ ഒരു ദുർഘടഘട്ടത്തിൽ ആയിരുന്നു എങ്കിലും ഞാൻ അസാദ്ധ്യമായ ഒരു കുടുക്കിൽപെട്ടു് ഒഴിവാൻ വഴികാണാതെ ഉഴലുന്നവനാണെങ്കിലും കൂടി ആ തരുണിയുടെ വെളുത്ത കാലടിയുടെ തികഞ്ഞ ഭംഗി കണ്ടപ്പോൾ,
“ഗുണയുതനഖമാർന്നിത്തന്വിതൻ
പല്ലവശ്രീ-
യണിയുമടികൾകൊള്ളാം
രണ്ടുപേരേച്ചവിട്ടാൻ
അണിമലരണിവാൻ പൂക്കാത്ത
ശോകത്തെയും നൽ-
പ്രണയകലഹകാലേ കാൽതൊഴും
കാന്തനേയും.”
എന്ന ശ്ലോകം എനിക്കു തോന്നിപ്പോയി. ആ കാലുകളുടെ കാന്തിയും നോക്കി ആനന്ദനിമഗ്നനായിരുന്നുപോയ ഞാൻ എന്റെ അതിയായ നിർഭാഗ്യത്താലും എനിക്കു വലുതായ ഭാഗ്യം സിദ്ധിച്ചുപോയെന്നു വിചാരിച്ചു. എന്റെ അപകടവും എന്റെ സങ്കടവും ക്ഷണംകൊണ്ടു ഞാൻ മറന്നു. കുറേ കഴിഞ്ഞപ്പോൾ ആ തരുണിയുടെ അമ്മ അവരുടെ അറയിലേക്കു പോയി. അമ്മ പോയ ഉടനെ ആ തരുണി എഴുന്നേറ്റു, പടിഞ്ഞാറ്റയുടെ വാതിൽ അടച്ചു ഞാനും തരുണിയും ഒരു മുറിയിൽ തനിച്ചായി.
ഓരോ യോഗം നോക്കുക. ഞാൻ മുറിയിലുള്ള വിവരം തരുണിയുണ്ടോ അറിയുന്നു. മുറിയിൽ ഉണ്ടായിരുന്ന തരുണിയുടെ മുഖം ഞാനുണ്ടോ കാണുന്നു. എന്തൊരു കുടുക്കിലാണു് ഞാൻ അകപ്പെട്ടതു. പട്ടുകിടക്കയിലെങ്ങാൻ കിടക്കേണ്ടുന്ന തറവാട്ടുകാരനായ ഞാൻ, കൂട്ടിലിട്ട മെരുവെപ്പോലെ എങ്ങാൻകിടക്കുന്ന ഒരു തരുണിയുടെ കട്ടിലിൻ ചുവട്ടിൽ നല്ലവണ്ണം ശ്വാസംകഴിപ്പാൻകൂടി തരമില്ലാതെ അടങ്ങിക്കൂടേണ്ടിവന്നതു കണ്ടപ്പോൾ എനിക്കു ശരീരത്തിന്മേൽ ആകപ്പാടെ ഒരു കുളുർപ്പം കേറി എനിക്കു നെഞ്ചിടിപ്പുണ്ടായി. വിളക്കുംകെടുത്തി തരുണി ഉറങ്ങാൻ കിടന്നാൽതന്നെ വാതിലും തുറന്നു ആരും അറിയാതെ എനിക്കു പുറത്തേക്കു പോവാൻ സാദ്ധ്യമാകുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്തുകൊണ്ടെന്നാൽ വാതിൽ അടയ്ക്കുമ്പോൾ പൊങ്ങിയ ശബ്ദം തുറക്കുമ്പോഴും ഉണ്ടായാൽ ആ വീട്ടിലുള്ള സകലരുടേയും ഉറക്കം ഞെട്ടിപ്പാൻ തക്കവണ്ണം കഠിനമായതായിരുന്നു. ഏതു പ്രകാരത്തിൽ നോക്കീട്ടും ഞാൻ എനിക്കൊരു രക്ഷാമാർഗ്ഗം കണ്ടില്ല. ഏകദേശം പത്തുമണി കഴിഞ്ഞപ്പോൾ ക്രമത്തിൽ കേട്ടുതുടങ്ങിയ അവളുടെ നിശ്വാസശബ്ദം അവൾ ഉറങ്ങിയിരിക്കുന്നു എന്നു എന്നെ ബോദ്ധ്യപ്പെടുത്തി. മടയിൽനിന്നു പുറത്തേക്കു വലിഞ്ഞുവരുന്ന പാമ്പിനെപ്പോലെ ഞാൻ കട്ടിലിന്റെ ഉള്ളിൽനിന്നു പുറമേ വലിഞ്ഞു് മെല്ലെ എഴുന്നേറ്റുനിന്നു ആ തരുണിയെ ഒന്നു കൗതുകത്തോടെ നോക്കി. പടിഞ്ഞാട്ടു തലയുംവെച്ചു വടക്കോട്ടു ചെരിഞ്ഞു ഒരു തലയണയും പൊത്തിപ്പിടിച്ചുറങ്ങുന്ന ആ തരുണിയുടെ മുഖം ഞാൻ നല്ലവണ്ണം ഒന്നു നോക്കി. ഈശ്വരാ! ഈശ്വരാ! എന്തൊരു സീമയില്ലാത്ത സൗന്ദര്യമാണു്. എന്തൊരു കളങ്കമില്ലാത്ത വെള്ളനിറമാണു്, എന്തൊരു തികഞ്ഞ യൗവനമാണു്, എന്തൊരു തെളിഞ്ഞ പ്രസന്നതയും പ്രസാദവുമാണു്, “അർക്കായുധപ്രഭയോടൊക്കുന്ന കാന്തിഭരമോർക്കാവതല്ലശിവ നോക്കാവതല്ലശിവ” എന്നു തല കുലുക്കിക്കൊണ്ടു ആരോടാണു് പറഞ്ഞുപോകാത്തതു്. എനിക്കു കണ്ണുചിമ്മാനുംകൂടി ധൈര്യമുണ്ടായില്ല. കുനിഞ്ഞു്, അവളുടെ ചോരച്ചുണ്ടിൽ ഒരു ചുംബനം വെക്കാനുള്ള എന്റെ തടുക്കവയ്യാത്ത ആശ ഞാൻ എങ്ങിനെ ഒരുക്കിവെച്ചു എന്നു് എനിക്കറിഞ്ഞുകൂടാ. ആ കന്യകയുടെ ചാരിത്രശുദ്ധിയാകുന്ന കാവൽക്കാരൻ എന്നെ ഭയപ്പെടുത്തിയിരിക്കും; ആ സുന്ദരിയുടെ തേജസ്സാകുന്ന വെളിച്ചം എന്റെ അന്ധകാരവിചാരത്തെ നിശ്ശേഷം നശിപ്പിച്ചായിരിക്കും; ആ ഭൂലോകരംഭയുടെ പുണ്യവിലാസം എന്റെ ചാപല്യത്തെ വിലക്കിയായിരിക്കും; അവളുടെ മുഖം നോക്കിനില്ക്കുന്തോറും എനിക്കു ചന്ദ്രനോടും താമരയോടുമുണ്ടായിരുന്ന ബഹുമാനം അസ്തമിച്ചു. ലോകം മുഴുവൻ നശിച്ചുപോയാലും ഈ മാതിരി സൗന്ദര്യം നശിച്ചുപോകുന്നതു നിരൂപിക്കവയ്യാത്ത കഷ്ടമായിട്ടെനിക്കു തോന്നി. എനിക്കു പറഞ്ഞാലൊടുങ്ങാത്ത ആഹ്ലാദവും ആനന്ദവുമുണ്ടായി ഞാൻ സൗന്ദര്യലഹരിയിൽ നിമഗ്നനായി. ഞാൻ വിവരിക്കവയ്യാത്ത ഒരു സന്തോഷവാരാശിയിൽ ലയിച്ചുപോയി. എന്റെ അനുരാഗം കാട്ടുതീപോലെ വർദ്ധിച്ചു. ഞാൻ എന്നെത്തന്നെ മറന്നു. അടുത്ത മുറിയിൽ നിന്നു ഒരു ശബ്ദം കേട്ടപ്പോൾ മാത്രം ഞാനൊന്നു ഞെട്ടി. എനിക്കു സുബോധം വന്നു. എന്റെ തല്ക്കാലത്തെ ദുർഘടസ്ഥിതിയുടെ വിചാരം അപ്പോൾ മാത്രമേ എനിക്കുണ്ടായുള്ളൂ. എന്റെ രക്ഷാമാർഗ്ഗം അടിയന്തരമായാലോചിക്കേണ്ടുന്ന കാലം അതിക്രമിച്ചു. വിളക്കൂതിയാൽ അവൾ ഉറക്കം ഞെട്ടി ഉടനെ വിളക്കുകൊളുത്തി അകമൊന്നു പരിശോധിക്കും. ആ സമയത്തു എന്നെ ഒരേടത്തു കാണുകയും അവൾ നിലവിളിക്കുകയും ചെയ്യും. വിളക്കൂതാതെ! കട്ടിൽചുവട്ടിൽതന്നെ ഇരുന്നാൽ സമീപം കാണുന്ന കോളാമ്പിക്കാവശ്യം നേരിട്ടാൽ, എന്നെ പെട്ടെന്നു കാണുകയും തൽസമയം നിലവിളിക്കുകയും ചെയ്യും. വിളക്കരികേയുള്ള കസേലമേൽ ചെന്നിരുന്നാൽ, ഉറക്കം ഞെട്ടിയാൽ കാണാവുന്ന എന്നെ ഒരു പ്രേതമാണെന്നു ശങ്കിച്ചിട്ടു എല്ലാറ്റിലും ഉച്ചത്തിൽ നിലവിളിച്ചു പോവുകയും ചെയ്യും. വിളക്കും ഊതി കഠിനമായി ശബ്ദിക്കുന്ന ആ വാതിൽ തുറന്നാൽ അകത്തേക്കോലായിൽ കിടക്കുന്ന കൂട്ടർ ഉണർന്നു്, അവരുണ്ടാക്കുന്ന ബഹളംകൊണ്ടു് എന്നെപ്പിടിച്ചു കെട്ടിപ്പോകും. ഒന്നിനും വഴിയില്ലെന്നു കണ്ടപ്പോൾ തുറന്നുവെച്ച ജനലിന്റെ ഇരുമ്പഴികൾ ഓരോന്നോരോന്നായി ഞാനിളക്കിനോക്കി. മഹാജനങ്ങളുടെ മനംപോലെ അതും ഇളകിയില്ല. കടത്തിന്റെ കുടുക്കേക്കാൾ വലിയൊരു കുടുക്കിൽ ഞാൻ കെണിഞ്ഞു. ഞാൻ ആ ശാതോദരിയെ ഒന്നുകൂടി നോക്കി. “ആ ഉത്തുംഗസ്തനഭരഭീരുമദ്ധ്യ”യേ ആർക്കവശതപ്പെടുത്തുവാൻ തോന്നും. അവർ കണ്ണുതുറക്കുമ്പോൾ നിലവിളിക്കാതിരിക്കേണമെങ്കിൽ ഒരു വിദ്യമാത്രമേ ഉള്ളൂ എന്നു എനിക്കു തോന്നി. ആണായാൽ വേണ്ടുന്നതു ധൈര്യംതന്നെയാണു്. ഞാൻ മെല്ലെ ആ തലയണ നീക്കി അവളെ തൊട്ടുകൊണ്ടു അവൾ കിടന്നപോലെതന്നെ വടക്കോട്ടു നോക്കിനിന്നു. തലയണ പൊത്തിപ്പിടിച്ചിരുന്ന ആ കരപല്ലവത്തെ എന്നെ പൊത്തിപ്പിടിച്ചപോലെ നിർവർത്തിവെച്ചു. വായനക്കാരെ! നിങ്ങളിപ്പോൾ എന്തു പറയുന്നു? ഞാൻ യുവാവാണെന്നു നിങ്ങൾ മനസ്സിലാക്കണം എന്നെത്തൊട്ടു കിടക്കുന്ന യുവതി ത്രൈലോക്യസുന്ദരിയാണെന്ന കാര്യവും നിങ്ങൾ ഓർക്കണം. എന്റെ നെഞ്ഞിടിപ്പു എനിക്കുതന്നെ അസഹ്യമായി. എനിക്കു കൂടക്കൂടെ രോമാഞ്ചമുണ്ടായി. ഞാൻ കവചനെക്കാളും വലിയ ധൈര്യം അവലംബിച്ചു. അവിടെക്കിടന്നു. എന്റെ മനസ്സിൽ പലമാതിരി ആലോചനകളും ശങ്കകളും പൊങ്ങി, ഞാൻ വളരെ കുഴങ്ങി; നിരൂപിച്ചുകൂടാത്തവിധത്തിൽ നേരിട്ട ദുർഘടമാണെങ്കിലുംകൂടി, ഉപമിച്ചുകൂടാത്ത ‘ലക്ഷ്മിത്വം’ വിളങ്ങുന്ന ഒരു സുന്ദരാംഗിയുടെ മെത്ത പങ്കുകൊള്ളുക എന്ന അപൂർവ്വാനുഭവം ഇടയ്ക്കിടെ എന്നെ ആനന്ദമത്തനാക്കാതിരുന്നില്ല. ദുരാലോചനകളൊന്നും നേരിടാതിരിപ്പാൻ വേണ്ടി ഞാൻ എണ്ണിയെണ്ണി സമയം കഴിച്ചു. ഇതിന്റെ പര്യവസാനം എന്തായിരിക്കുമെന്ന ഒരു ശങ്ക എന്നെ കണക്കിലേറെ പരിഭ്രമിപ്പിച്ചു. ശങ്ക കൊണ്ടും, ഭ്രമംകൊണ്ടും, വ്യവസംകൊണ്ടും ആനന്ദംകൊണ്ടും തിരിച്ചും മറിച്ചും ബാധിതനായി മതിമറന്നുപോയ ഞാൻ ഒരു വിധത്തിൽ യാമങ്ങൾ മുക്കാലും കഴിച്ചുകൂട്ടി. തലക്കോഴി കൂകിയതോടുകൂടി ആ തരുണീമണിയുടെ ഉറക്കവും അടുത്തുകിടക്കുന്ന ഞാനും ഒരുപോലെ ഞെട്ടി. എന്തെന്നറിയാതെ എന്റെ ഹൃദയം പിന്നെയും തുടിച്ചു. എന്നെ പൊത്തിപ്പിടിച്ച രീതിയിൽ വെച്ചിരുന്ന കൈ അവൾ പെട്ടെന്നു വലിച്ചുകളഞ്ഞു. ഞാൻ ഉറക്കത്തിൽ എന്നപോലെ മെല്ലെ മലർന്നുകിടന്നു. എന്റെ മുഖവും തരുണികൾക്കു രണ്ടാമതും കാണണമെന്നു കൗതുകം ജനിപ്പിക്കാത്ത ഒന്നല്ലെന്നു ഞാൻ തന്നെ പറയുന്നതു ഭംഗിയല്ലെങ്കിലും പരമാർത്ഥമാണു്. അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു, ഞാനും അപ്രകാരം ചെയ്തു; അവൾ കണ്ണും തുടച്ചു ആശ്ചര്യത്തോടെ എന്നെ ഒന്നു നോക്കിയപ്പോൾ, ഞാൻ മന്ദഹസിച്ചു, എന്റെ സാഹസത്തെ ക്ഷമിക്കണേ എന്നും പറഞ്ഞു, എന്റെ വീട്ടുപേരും പേരും പറയാതെ, എന്റെ കഥ മുഴുവൻ നടന്നപോലെ പറഞ്ഞു കൊടുത്തു. ഇതെല്ലാം കേട്ടു് അവൾ തൃപ്തിസൂചകമായി ഒന്നു മന്ദഹസിച്ചപ്പോൾ എന്റെ യുക്തി ഫലിച്ചെന്നു കണ്ടു എന്റെ ഹൃദയവും തെളിഞ്ഞു.
- ഞാൻ:
- എനിക്കു നേരിട്ട ദുർഘടം നിന്നെ നേരിട്ടുകണ്ടു സംസാരിപ്പാനിടയാക്കിയതുകൊണ്ടു് ഒരു അശുഭസംഭവമായി ഞാൻ ഒരിക്കലും വിചാരിക്കുന്നില്ല.
- തരുണി:
- വിചാരിച്ചാലും ശരി, ഇല്ലെങ്കിലും ശരി. ശിപായിയും വാറണ്ടും വഴിക്കൽ കാത്തു നില്ക്കുന്നുണ്ടാകയില്ലേ?
- ഞാൻ:
- നീ ദയവുചെയ്തു് ഇപ്പോൾതന്നെ എന്നെ പുറത്താക്കിയാൽ ഞാൻ എങ്ങിനെയെങ്കിലും അവരെ ഒഴിഞ്ഞുപോയ്ക്കൊള്ളാം.
- തരുണി:
- അവരെ ഒഴിയാത്തവിധത്തിൽ പോവാനൊന്നും മാർഗ്ഗമില്ലേ?
- ഞാൻ:
- പണമില്ലാഞ്ഞാൽ എന്തു മാർഗ്ഗമാണുണ്ടാകുന്നതു്? അല്ലെങ്കിൽ ചില്ലറയോ? അഞ്ഞൂറും പലിശയുമുണ്ടു്.
- തരുണി:
- പണമില്ലെങ്കിൽ അതുണ്ടാക്കണം.
- ഞാൻ:
- എന്റെ കാരണവർക്കു ദയ തോന്നിയെങ്കിൽ അതിനൊന്നും പ്രയാസമില്ലായിരുന്നു.
- തരുണി:
- ബാക്കിയുള്ളവർക്കു ദയ തോന്നിയാൽ പോരെന്നോ?
- ഞാൻ:
- ബാക്കി ആർക്കാണു് എന്നോടു ദയ തോന്നാനിടയുള്ളതു? ആ കള്ളൻ കൃഷ്ണക്കുറുപ്പിന്റെ ഏഷണികൊണ്ടാണു് ഞാനും കാരണവരും മുഷിയേണ്ടി വന്നതു. ആ അസത്തിന്റെ ദുരുപദേശത്താലാണു് നഹ എന്റെ മേൽ വാറണ്ടും കൊണ്ടു നടക്കുന്നതു ആ കഴുവേറി—
- തരുണി:
- അദ്ദേഹത്തെ ഇങ്ങിനെ ശകാരിച്ചാൽ ഒരു സമയം നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരും.
- ഞാൻ:
- ശകാരിക്കുന്നതുകൊണ്ടൊ, അവനേത്തല്ലിപ്പല്ലു കൊഴിച്ചാലും ഞാൻ പശ്ചാത്തപിക്കുമെന്നു തോന്നുന്നില്ല.
- തരുണി:
- അദ്ദേഹത്തെ ശകാരിച്ചതുകൊണ്ടൊന്നും കടം തീരില്ലല്ലോ.
- ഞാൻ:
- അവനെ ശകാരിക്കേണ്ടുന്നതും എന്റെ ഒരു കടമായിട്ടാണു് ഞാൻ കരുതുന്നതു്.
- തരുണി:
- അതുകൊണ്ടു് ആ കടം തീരുമെന്നെല്ലാതെ മറ്റെക്കടം എങ്ങിനെ തീരും?
- ഞാൻ:
- ഓരോരോ കടം തീർത്തുവരട്ടെ.
- തരുണി:
- തീർക്കുന്നതിൻ മുമ്പെ പിടിച്ചുപോയാലോ?
- ഞാൻ:
- പിടിക്കുന്നവനെ തീർത്തുകളയണം, അല്ലെ? ആട്ടെ നേരം നല്ലവണ്ണം പുലരും മുമ്പേ എന്നെ പുറത്തിറക്കിയാൽ വലിയ ഉപകാരമായിരുന്നു.
- തരുണി:
- ഈ നിലയിൽതന്നെയൊ?
- ഞാൻ:
- അതേ.
- തരുണി:
- പരിചയമില്ലാത്ത പെണ്ണുങ്ങളുടെ അറയിൽ പാഞ്ഞു കേറാൻ മടിക്കാത്ത നിങ്ങളേ ഈ നിലയിൽ പുറത്തിറക്കുന്നതും നന്നല്ല.
- ഞാൻ:
- നിന്റെ ഒന്നിച്ചാണെങ്കിൽ, ഞാൻ ഒരിക്കലും പുറത്തിറങ്ങാതെ എന്നും ഇവിടെ കൂടിക്കൊള്ളാം.
- തരുണി:
- എന്റെ ഒന്നിച്ചിരിപ്പാൻ അവകാശികൾ വേറെ ഉണ്ടെന്നും വരും.
- ഞാൻ:
- (ഇച്ഛാഭംഗത്തോടെ) എന്നാലിനി ഒട്ടും താമസിപ്പാൻ തരമില്ല, എന്നെ ക്ഷണം വിട്ടയക്കണം.
- തരുണി:
- വരട്ടെ, നിങ്ങൾ ഇവിടെ വന്നതിന്റെ സ്മാരകമായി ഞാനൊരു സമ്മാനം തരാൻ പോണു. ആ സമ്മാനം വാങ്ങാമെന്നു സഖ്യം ചെയ്താൽ മാത്രമെ ഞാനതു തരികയുണ്ടാകയുള്ളൂ.
- ഞാൻ:
- നീ തരുന്നതു എന്തു സാധനമായാലും വേണ്ടില്ല ഞാൻ വാങ്ങും. ഭഗവാനാണെ വാങ്ങും.
ഇതു കേട്ടപ്പോൾ ആ തരുണി മന്ദഹസിച്ചുകൊണ്ടു ഒരുപെട്ടിതുറന്നു ചിലതെല്ലാമെടുത്തു് എന്റെ കയ്യിൽ ഇട്ടു. അതു നൂറുറുപ്പികയുടെ ആറു നോട്ടുകളാണെന്നു കണ്ടപ്പോൾ ഞാൻ നന്ദികൊണ്ടു മതിമറന്നു. ആ പുണ്യം ചെയ്ത കൈക്കു ഒരു ചുമ്മനംവെച്ചു. അവൾ ഒരു വല്ലാത്തഭാവത്താൽ എന്നെ ഒന്നു നോക്കി, മുറിയുടെയും കോലായുടേയും വാതിലുകൾ തുറന്നു, ആംഗ്യംകൊണ്ടു എന്നെ പോവാനനുവദിച്ചു.
കുറുമ്പാല കൃഷ്ണക്കുറുപ്പ് എഴുതി വെച്ചതു.
കാരണവരോടു മാപ്പു ചോദിപ്പാനും കടം വീട്ടിത്തരാൻ ചോദിപ്പാനും ഒരു സ്നേഹിതൻ കണ്ണൻമേനോനോടു ഉപദേശിച്ചു എന്നും അതിനുവേണ്ടി ഇന്നു പുറപ്പെടുമെന്നും എന്റെ വേലക്കാരൻ കണ്ടുണ്ണി മയ്യഴിയിൽനിന്നു എന്നെ അറിയിച്ചതു നല്ല തരത്തിനു പറ്റിയിരിക്കുന്നു. കണ്ണൻ മേനോന്റെ വരവും കാത്തു നഹയേയും ശിപായിയേയും വാറണ്ടോടുകൂടെ നിർത്തിക്കുവാൻ എനിക്കു സാധിച്ചു. കണ്ണൻമേനോനോടു എനിക്കു പണ്ടുതന്നെ നീരസമാണു്. അവന്റെ സൗന്ദര്യം കണ്ടും അവന്റെ തറവാടിത്വംകൊണ്ടും എനിക്കതിയായ അസൂയയുണ്ടായി. അവനു എന്തെങ്കിലും ദോഷം നേരിടുന്നതു് എനിക്കു വലിയ സന്തോഷമാണു് വാറണ്ടുകാരോടു വിവരമൊക്കെ എന്നെക്കണ്ടു പറയേണമെന്നു ഞാൻ പ്രത്യേകം താക്കീതു ചെയ്തിരുന്നു. ഒമ്പതു മണിക്കു കുറിക്കല്യാണം കഴിഞ്ഞു വീട്ടിൽ നിന്നും മടങ്ങി. എന്നിട്ടും വാറണ്ടുകാരെ കണ്ടില്ല. ഞാൻ കാത്തുനിന്നു നഹയും ശിപായിയും എന്റെ വീട്ടിൽ വരുമ്പോൾ രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു. എന്നെ കണ്ടപ്പോൾ ശിപായി ഇങ്ങിനെ പറഞ്ഞു.
- ശിപായി:
- ഞങ്ങൾ ഒന്നാമതു കണ്ണൻമേനോനെ കണ്ടതു വണ്ടിത്താവളത്തിൽ വെച്ചാണു്. ആ പുള്ളി പാഞ്ഞപ്പോൾ ഞങ്ങളും പിന്നാലേ ഓടി. എങ്കിലും എവിടെ പോയമർന്നെന്നു ഞങ്ങൾക്കു പിടിത്തം കിട്ടിയില്ല.
- കുറുപ്പു:
- എന്നിട്ടു്
- നഹ:
- ഞാൻ ശിപായിയെ വിട്ടില്ല, കണ്ടുപിടിക്കാൻ ശ്രമിക്കണം എന്നു ഞാൻ പറഞ്ഞു.
- ശിപായി:
- ഞങ്ങൾ നാലുപാടും തിരിഞ്ഞുനോക്കി. പുള്ളിയേ കണ്ടില്ല. പിന്നെ ഒരു മുൻസീപ്പാൽ ലാന്തറിന്റെ അരികെ വെച്ചു പ്രതിയെ പിന്നെയും കണ്ടുമുട്ടി പ്രതി ഓടി. ഞങ്ങളും തുടർന്നുകൊണ്ടോടി. ഒടുവിൽ ഞങ്ങൾ നോക്കിനില്ക്കെ അയാൾ, നിങ്ങൾ നാളെ സംബന്ധം ചെയ്വാൻ പോണ പെണ്ണിന്റെ വീട്ടിൽ കടന്നു ഒരു കൂസലും കൂടാതെ സ്വന്തം ആൾക്കാരെന്നപോലെ നേരെ പടിഞ്ഞാറ്റയിൽ കേറിപ്പോകുന്നതു ഞങ്ങൾ രണ്ടാളും കണ്ടു. അദ്ദേഹവുമായി ഇത്രയൊക്കെ ലോഹ്യമായിരുന്നുവെന്നു ഞങ്ങൾ ധരിച്ചിരുന്നില്ല. പിന്നെ രാത്രി വീട്ടിന്റെ അകത്തുവെച്ചു പ്രതിയെ പിടിച്ചുകൂടാത്തതുകൊണ്ടു ഞങ്ങൾ മടങ്ങി.
- കുറുപ്പു:
- ആട്ടെ, ഇപ്പോൾ പോവിൻ. നാളെ കോഴികൂകും മുമ്പേ ആ വീട്ടിന്റെ ചുറ്റും ആളെ നിറുത്തി ആ കള്ളനെ വാറണ്ടുപ്രകാരം പിടിക്കണം.
- നഹ:
- അങ്ങിനെ ആകട്ടെ. നേരംവൈകി. ഞങ്ങൾ ഇപ്പോൾ പോകുന്നു.
നഹയും ശിപായിയും പോയ ഉടനെ ഞാൻ എന്റെ സ്വന്തകാര്യത്തെപ്പറ്റി ആലോചിപ്പാൻ തുടങ്ങി. ഞാൻ സംബന്ധം കഴിപ്പാൻ പോകുന്ന പെണ്ണിന്റെ അറ പടിഞ്ഞാറ്റയാണെന്നല്ലേ എന്റെ അന്വേഷണത്തിൽ അറിഞ്ഞതു. ആ അറയിലേക്കുതന്നെ രാത്രിസമയത്തു ആ കള്ളൻ കണ്ണൻമേനോൻ കേറിപോകുന്നതു കണ്ടു എന്നല്ലേ നഹയും ശിപായിയും പറഞ്ഞതു. അപ്പോൾ ഈ പെണ്ണുങ്ങളെ എങ്ങിനെ വിശ്വസിക്കും? കണ്ണൻമേനോൻ ഒരു സുന്ദരനാകകൊണ്ടു ഏതു പെണ്ണിനും അവന്റെ നേരെ ഒരു ചാട്ടം ഉണ്ടാകാതിരിക്കയില്ല സുന്ദരികളാണെങ്കിൽ ഇതായിരിക്കും ഗതി എന്നു ആ വങ്കൻ രാമൻ നായർ ഇനിയും മനസ്സിലാക്കീട്ടില്ല. കോപംകൊണ്ടും അസൂയകൊണ്ടും എന്റെ ഉള്ളം കത്തിക്കരിഞ്ഞുതുടങ്ങി. എനിക്കു ഉറങ്ങേണ്ടുന്ന വിചാരമേ ഉണ്ടായില്ല. രാത്രി പന്ത്രണ്ടു മണിയായിട്ടും എന്റെ അസ്വാസ്ഥ്യം തീരുന്നില്ല. ഇതിന്റെ പരമാർത്ഥം എങ്ങിനെ അറിയും? ഒന്നു പരീക്ഷിച്ചുനോക്കിയാൽ എന്താണു് ചേതം? ഞാൻ വെളിക്കിറങ്ങി നിരത്തിന്മേൽ ആരും ഉണ്ടായിരുന്നില്ല ഞാൻ മെല്ലെ നടന്നു, നിറങ്കൊടി ശങ്കരമേനോന്റെ വീട്ടിൽ ചെന്നു. മുറ്റത്തെത്തിയപ്പോൾ ഞാൻ അല്പം ശങ്കിച്ചു അവിടെനിന്നു. ഏതായാലും ഒരു കാര്യത്തിനു തുനിഞ്ഞുപോയാൽ അതു നിവൃത്തിച്ചാലെ മടങ്ങാവു എന്ന പ്രമാണത്തിന്മേൽ ഞാൻ മെല്ലെ വീട്ടിന്റെ പടിഞ്ഞാറെ മുറ്റത്തെത്തി പടിഞ്ഞാറ്റയുടെ ജനൽ തുറന്നിരിക്കുന്നു എന്നും ആ അറയിൽനിന്നു വിളക്കു കത്തുന്നുണ്ടെന്നും കണ്ടപ്പോൾ എന്റെ ഉള്ളൊന്നു തെളിഞ്ഞു. ഞാൻ ശബ്ദമൊന്നുമുണ്ടാക്കാതെ ജനലിന്റെ അടുക്കെ വന്നു, അറയിൽ ഇട്ടിരുന്ന കട്ടിലിന്മേൽ നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ രണ്ടടി പിന്നോക്കംവെച്ചു നടുങ്ങി നിന്നുപോയി. കോപംകൊണ്ടും വിസ്മയംകൊണ്ടും അഭിമാനഭംഗംകൊണ്ടും ഞാനവിടെത്തന്നെ ഭസ്മമായിപ്പോകാഞ്ഞതെന്തെന്നു എനിക്കറിഞ്ഞുകൂടാ. നൂറുകൊരടാവുകൾകൊണ്ടു ഒന്നിച്ചടി കിട്ടിയാലും എനിക്കിത്ര വേദനയുണ്ടാകുമെന്നു തോന്നുന്നില്ല. ഞാൻ നാളെ സംബന്ധം ചെയ്വാൻ പോകുന്ന ആ സുന്ദരിയായ കുലട, ലജ്ജയില്ലാത്ത ആ കുലപാംസുല, എന്റെ പരമശത്രുവായ കണ്ണൻമേനോനേയും പൊത്തിപ്പിടിച്ചു കിടക്കുന്നതു കാണുമ്പോൾ ആർ പൊറുക്കും? ശമധനരായ മുനികൾപോലും എങ്ങിനെ സഹിക്കും? ഈ നിന്ദ്യമായ അധമത്തരം കണ്ടപ്പോൾ എനിക്കു നേരിട്ട മനഃപീഡ നരകപീഡയേക്കാൾ ശക്തിയേറിയതായിരുന്നു എന്നു എത്ര ആവർത്തിച്ചുപറഞ്ഞാലും മതിയാകുമെന്നു തോന്നുന്നില്ല. എനിക്കു നെഞ്ഞത്തു ഒരു ഘനവും തൊണ്ടയ്ക്കു ഒരു വീർപ്പും തലക്കു ഒരു വേദനയും കണ്ണുകൾക്കു ഉഷ്ണവും ഒരേ സമയത്തു പൊങ്ങി ഞാൻ പല്ലു കടിച്ചു. ഞാൻ കൈകൾ മുഷ്ടിയാക്കി മുറുക്കി. ഞാൻ ഒന്നുകൂടി ആലോചിച്ചു. എന്റെ മനസ്സു തിരിച്ചു മരവിച്ചുപോയപ്പോൾ ഞാൻ എന്റെ വികാരങ്ങളൊക്കെ അടക്കി. അപ്പോൾ എന്റെ വികാരങ്ങളൊക്കെ അടക്കി. അപ്പോൾ എന്റെ ബുദ്ധി നേർക്കു വന്നു. ഞാൻ അവളെ സംബന്ധം ചെയ്തിട്ടില്ലല്ലോ എന്ന ഒരു വലിയ സമാധാനം എന്നെ ആശ്വസിപ്പിച്ചു. എന്തോ ഒരു വലിയ അപജയം പിണഞ്ഞവനെന്നെപോലെ അല്ലെങ്കിൽ തല്ലുകൊണ്ടു ഇളിഭ്യനായ ഒരു പട്ടി പോകുമ്പോലെ ഞാൻ മടങ്ങി വീട്ടിൽ വന്നു രാത്രി അശേഷം ഉറക്കുണ്ടായില്ല. പ്രതികാരവിചാരംകൊണ്ടു എന്റെ ഉള്ളൊട്ടാകെ നിറഞ്ഞു. അവനെ നാളെ രാവിലെ പിടികിട്ടുമല്ലോ എന്ന ഒരാശ്വാസം എനിക്കു ദാഹിച്ചുവന്നു കിട്ടിയ വെള്ളംപോലെയായി; കോഴി കൂകിയ ഉടനെതന്നെ നഹയും ശിപായിയും എത്തി. ഞങ്ങൾ ദൂരെനിന്നു ആ വീടു കാണത്തക്കവിധത്തിൽ ഒരെടത്തൊളിച്ചു. ഏകദേശം അഞ്ചുമണിയാകുമ്പോൾ മാധവിതന്നെ കതകു തുറന്നു അവനെ പുറത്തിറക്കുന്നതു കണ്ടപ്പോൾ എനിക്കു പിന്നേയും ഒരു പത ഉണ്ടായി. ഞങ്ങൾ ഒരു ഇടവഴിയിൽ വാങ്ങിനിന്നു, മേനവന്റെ വരവും കാത്തുനിന്നു. അദ്ദേഹം അടുത്തെത്തിയപ്പോൾ ശിപായി വാറണ്ടു കാണിച്ചു. മേനവൻ ഒന്നും മിണ്ടിയില്ല. ജെയിൽബത്ത അടപ്പാൻ പണമെടുത്തുകൊൾവാൻ ഞാൻ നഹയോടു പറഞ്ഞപ്പോൾ മേനവൻ എന്റെ മുഖത്തുനോക്കി ഒന്നു ചിരിച്ചു. ഞാൻ കോപാന്ധനായി. ഈ മഹാ പാപിക്കു എന്താപത്തു നേരിട്ടാലും ഒരു കൂസലില്ലല്ലോ എന്ന സംഗതി എനിക്കു വാശി വർദ്ധിപ്പിച്ചു. പല്ലുതേപ്പു, കുളി മുതലായ നിത്യകർമ്മങ്ങൾ കഴിപ്പാൻ അടുത്ത കുളത്തിൽ പോവാൻ നഹയോടു സമ്മതം ചോദിച്ചപ്പോൾ ആ വിഡ്ഢി ഉടനെ അനുവദിച്ചു. ശിപായി ഒന്നിച്ചുള്ളതുകൊണ്ടു എനിക്കത്ര ഭയവുമുണ്ടായില്ല. കുളിച്ചിട്ടു കണ്ണൻമേനോൻ ഏകദേശം ഒരു മണിക്കൂർ ജപിച്ചിരിക്കുന്നു. ഇതൊക്കെ കഴിഞ്ഞുവരുമ്പോൾ മണി ഒമ്പതോടടുത്തു. മടങ്ങി ഞങ്ങളുടെ അടുക്കെ എത്തിയപ്പോൾ മേനോൻ തന്റെ ചെലവു പന്ത്രണ്ടണയ്ക്കു ശിപായിയോടു ചോദിച്ചു.
ശിപായി ഉടനെ കൊടുത്തു. അതുംവാങ്ങി ആ കുലുക്കമില്ലാത്ത ധൂർത്തൻ മന്ദഹസിച്ചുകൊണ്ടു ഞങ്ങളെ ഒക്കെ ചായക്കു ക്ഷണിച്ചു. ഞാൻ പോയതേ ഇല്ല. “എന്നാൽ അത്രയെങ്കിലും ലാഭം കിട്ടട്ടേ” എന്നു പറഞ്ഞുകൊണ്ടു ബാക്കിയുള്ളവരോടുകൂടെ ആ ചാഞ്ചല്യമില്ലാത്ത മഹാപാപി അടുത്തു കണ്ട ഒരു ചായ ഷാപ്പിൽ കേറി. അവിടുന്നിറങ്ങുമ്പോൾ നേരം ഏകദേശം പത്തായി. എന്റെ മുമ്പിൻ വന്നപ്പോൾ നഹയോടു വിധിക്കടം എത്ര ഉണ്ടെന്നു ചോദിച്ചു. അഞ്ഞൂറ്റിത്തൊണ്ണൂറോളം ഉണ്ടെന്നു നഹ പറഞ്ഞു. ഇതു കേട്ടപ്പോൾ അവൻ കുപ്പായക്കീശയിൽ കൈയിട്ടു് ഒരു ലക്കോട്ടേടുത്തു ഞങ്ങൾ കാൺകെ ആറു നൂറ്റുപ്പിക നോട്ടുകൾ എടുത്തു ഓരോന്നായി എണ്ണി അതൊക്കെ വീണ്ടും ലക്കോട്ടിൽതന്നെ ഇട്ടു് എന്റെ മുഖത്തൊന്നു നോക്കി ഞാനൊന്നു ഞെട്ടി. എന്റെ ഇച്ഛാഭംഗത്തിന്നും കോപത്തിന്നും സീമയുണ്ടായിരുന്നില്ല. എനിക്കവിടെ നില്ക്കാൻതന്നെ പ്രയാസമായി. ഞാൻ ഇന്നു വൈകുന്നേരം സംബന്ധം കഴിപ്പാൻ നിശ്ചയിച്ച ആ കുലടയായ മാധവി ഇവൻ വരുമ്പോൾ അറുനൂറുറുപ്പികയുംകൂടി സഹായിക്കേണമെങ്കിൽ അവൾക്കു ഇവന്റെ മേൽ എത്രമാത്രം ഇഷ്ടമുണ്ടായിരിക്കണം. ഞാൻ എന്തിന്നുകൊള്ളും? ഞാൻ ജീവിച്ചിട്ടെന്തു ഫലം? എനിക്കു പറഞ്ഞ പെണ്ണിനെ ഇവൻ പാട്ടിലാക്കി ആ പെണ്ണിന്റെ സഹായത്തിന്മേൽ ഞാൻ ഇളിഭ്യനായി. ആ പെണ്ണിന്റെ കള്ളി പുറത്താക്കി അവളെ നാട്ടിൽ നടത്താതാക്കണം എന്ന ശപഥവുംചെയ്തുകൊണ്ടു ഞാൻ ആ ദിക്കിൽ നിന്നു് വീട്ടിലേക്കു മടങ്ങി.
(മിസ്റ്റർ പൂങ്കോന്നി നാരായണൻനായർ എഴുതിവെച്ചതു്.)
“എന്റെ മരുമകൾ മാധവിക്കുട്ടിയുടെ സംബന്ധം ഇന്നേക്കാണു് നിശ്ചയിച്ചതു്. അവളുടെ അച്ഛൻ കുറേനാളായി ദേഹസുഖത്തിന്നുവേണ്ടി ഇവിടെ അടുക്കെ ഒരു വീടും വാടകയ്ക്കുവാങ്ങി താമസിച്ചുവരുന്നു. മാധവിക്കുട്ടി എപ്പോഴും അവളുടെ അച്ഛന്റെ ഒന്നിച്ചായിരുന്നു താമസിച്ചുവന്നിരുന്നതു്. എന്നാൽ സംബന്ധം നടത്തേണ്ടുന്നതു അവളുടെ തറവാട്ടിൽതന്നെയായിരിക്കണം എന്നു വിചാരിച്ചു ഇന്നു രാവിലെ പത്തുമണിക്കുതന്നെ അവളെ ഇവിടെ കൂട്ടിച്ചുകൊണ്ടുവന്നിട്ടുണ്ടു്. പെണ്ണിന്റെ മുഖത്തു ഒരു പ്രസാദം കാണുന്നില്ല. എന്തൊ മനോരാജ്യത്തിൽ മുങ്ങിയപോലെ തോന്നുന്നു. അവളെ സംബന്ധം ചെയ്വാൻ നിശ്ചയിച്ച കുറുമ്പാല കൃഷ്ണക്കുറുപ്പു് വലിയ തറവാട്ടുകരനല്ലെങ്കിലും നല്ല പണക്കാരനാണു്. പ്രായം അസാരം കവിഞ്ഞുപോയി. കണ്ടാൽ കറുത്തിട്ടാണെങ്കിലും വലിയ വിരൂപനാണെന്നൊന്നും പറഞ്ഞുകൂടാ. കൂടക്കൂടെ വലിക്കുമ്പോൾ പുകയില പൊടിയുംകൂടി ഒഴിച്ചുകൂടാത്തവിധം ഒരു നന്മയുള്ള സാധനമാണെന്നു തോന്നിപ്പോകുംപ്രകാരം പഴക്കംവെക്കും തോറും ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള സ്നേഹത്തിന്നു ശക്തി വർദ്ധിപ്പാനിടയുണ്ടെന്നു എനിക്കു എന്റെ കാര്യത്തിൽതന്നെ ബോദ്ധ്യമായ ഒരു സംഗതിയാണു്. അതുകൊണ്ടു രൂപംമാത്രം ഇച്ഛിക്കുന്ന കന്യകയുടെ മനോഗതങ്ങളൊന്നും തല്ക്കാലം അറിയേണ്ടുന്ന സംഗതിയോ ആ മനോഗതത്തിന്നനുസരിച്ചു ആടേണ്ടുന്ന ആവശ്യമൊ എനിക്കില്ല. സംബന്ധം എത്രയോ ചുരുക്കത്തിലാണു് കൊണ്ടാടാൻ വിചാരിക്കുന്നതു്. കഷ്ടിച്ചു ഒരു മുപ്പതാളുകളുണ്ടാകുമോ എന്നു സംശയമാണു്. അതുകൊണ്ടു വലിയ ഒരുക്കങ്ങൾക്കൊന്നും ഏർപ്പാടു് കാലേതന്നെ ചെയ്യേണ്ടുന്ന ഭാരമൊന്നുമില്ല. ഇപ്പോഴത്തെ പരിഷ്ക്കാരത്തിന്റെ കൂട്ടത്തിൽ ഇതൊരു ഗണ്യമായ പുണ്യമാണെന്നു എല്ലാ തറവാട്ടിൽ കാരണവന്മാരും സമ്മതിക്കുന്ന ഒരു കാര്യമാണു്. വേണ്ടപ്പെട്ട കാര്യങ്ങളൊക്കെ നിവർത്തിക്കാൻ ഞാൻ എന്റെ പെങ്ങളേയും ഭാര്യയേയും ഏല്പിച്ചു. ഒടുക്കം പറഞ്ഞവൾ സ്വന്തമായി ഒരു രാജ്യത്തേക്കു മതിയായിരുന്നു. എങ്കിലും നാട്ടുമര്യാദ വിചാരിച്ചു ഞാൻ പെങ്ങളേയും ഒന്നിച്ചുപെടുത്തി എന്നു മാത്രമേ ഉള്ളൂ. പല ദിക്കിലും ഓടിത്തുടങ്ങുന്ന വാല്യക്കാരും പലവഴിയായി വന്നെത്തുന്ന സാമഗ്രികളും മറ്റും ഞാൻ ഏല്പിച്ച കൂട്ടർ അവരുടെ പ്രവൃത്തി ശരിയായി നിർവ്വഹിക്കുന്നുണ്ടെന്നു എന്നെ അറിയിച്ചു. ഞാൻ കൃതാർത്ഥനായി മാധവിക്കുട്ടി നല്ല തന്റേടമുള്ള ഒരു പെണ്ണാണു്. അകാരണമായി വ്യസനിച്ചിരിക്ക എന്നതു അവളുടെ സ്വഭാവത്തിന്നു എതിരായ ഒരു സമ്പ്രദായമാണു്. ഞങ്ങളുടെ ഇടയിൽ നടപ്പുള്ള സംബന്ധത്തിനു അറയിൽ എത്തിയാൽ മാത്രമേ ഭാര്യഭർത്താക്കന്മാർ അന്യോന്യം കണ്ടുമുട്ടുകയുള്ളൂ. മിക്ക അവസരങ്ങളിലും ഭാര്യ, ഭർത്താവിനെ കാണുന്നതു ഒന്നാമതു അവിടെ വെച്ചായിരിക്കും. അതുകൊണ്ടു സംബന്ധത്തിനു മുമ്പു് ഈ കന്യകയ്ക്കു അപ്രതീക്ഷിതമായ ഒരു കൗതകത്തിന്നല്ലാതെ അകാരണമായ ഇച്ഛാഭംഗത്തിനൊന്നും അവകാശമുണ്ടാകയില്ല. പിന്നെ മാധവിക്കുട്ടിക്കു ഒരു മൗഢ്യഭാവം വരാനെന്തായിരിക്കും കാരണം? ഒരു സമയം അവൾ കൃഷ്ണക്കുറുപ്പിനെ കണ്ടെന്നുംവരാം. അദ്ദേഹത്തെ അത്ര കണ്ണിൽ പിടിച്ചിച്ചെന്നും വരാം. ഒരു സമയം അവൾക്കു മറ്റൊരാളുടെ നേരെ വാത്സല്യംവായിച്ചു എന്നും വരാം. ഇംഗ്ലീഷുപഠിപ്പുള്ള കന്യകകൾക്കു കുറുമ്പിൽകൂടാതെ പ്രണയത്തിലും സ്വാതന്ത്ര്യമുണ്ടെന്നാണു് കേൾക്കുന്നതു്. അങ്ങിനെ ഒരു തന്നിഷ്ടമൊന്നും മാധവിക്കുട്ടിയെ ബാധിക്കാനിടയുണ്ടെന്നു തോന്നുന്നില്ല. അഥവാ ബാധിച്ചാൽതന്നെ ഈ തറവാട്ടിൽ നിന്നു അതു പ്രകടിപ്പിക്കാനുള്ള ധൈര്യം അവൾക്കുണ്ടാകുന്നതുമല്ല പെൺകിടാങ്ങളുടെ താന്തോന്നിത്തത്തിനു വഴങ്ങിനില്പാൻ എന്നെക്കൊണ്ടു ഏതായാലും ആവില്ല. പെണ്ണുങ്ങൾക്കു സ്വാഭിപ്രായം അരുതു്. അവർക്കു വിധിച്ചപോലെ അല്ലാതെ കൊതിച്ചപോലെ വരാനൊന്നും കാംക്ഷിക്കാൻ പാടില്ല അവർ കിട്ടിയതുകൊണ്ടു തൃപ്തിപ്പെടേണ്ടകൂട്ടരാണു്. ഓരോരുവളുടെ തലയിലെഴുത്തുപോലെ വന്നുകൂടും. അല്ലാതെ പുരുഷന്മാർക്കു എന്തു ശക്തിയുണ്ടു്.”
ഇങ്ങിനെ ഞാൻ ഓരോന്നേ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ കൃഷ്ണക്കുറുപ്പിന്റെ പ്രാണസ്നേഹിതൻ രാമൻനായർ എന്റെ അടുക്കെ വന്നു ഒരു എഴുത്തും കൈയിൽ തന്നു, ക്ഷണം മടങ്ങിപ്പോയി. ഞാൻ ലക്കോട്ടും പൊട്ടിച്ചു കത്തുവായിച്ചു.
ശ്രീ.
ഇങ്ങിനെ ഒരു കത്തു ഈ അവസരത്തിൽ നിങ്ങൾക്കെഴുതേണ്ടിവന്നതിൽ എനിക്കു സന്താപത്തേക്കാളും സന്തോഷവും സംതൃപ്തിയുമാണു് തോന്നുന്നതെന്നു ഞാൻ ആവർത്തിച്ചറിയിച്ചു കൊള്ളുന്നു. മുന്നാലോചിക്കവയ്യാത്ത ഒരാപത്തിൽനിന്നും അബദ്ധത്തിൽനിന്നും അപമാനത്തിൽനിന്നും ദൈവം എന്നെ രക്ഷിക്കുവാൻ തക്കവണ്ണം സംഗതികാണിച്ചുതന്നതുകൊണ്ടു് ഞാൻ ഒന്നാമത്തു് ആ സർവ്വസാക്ഷിക്കു ബഹുമാനപുരസ്സരം നന്ദിപറഞ്ഞുകൊള്ളുന്നു. ഇന്നു നിങ്ങളുടെ അനന്തിരവൾ മാധവിയെ വിവാഹംചെയ്വാൻ വന്നുകൊള്ളാമെന്നുള്ള എന്റെ വാദത്തെ ഞാൻ പിൻവലിക്കേണ്ടിവന്നിരിക്കുന്നു. ഇപ്രകാരം ചെയ്യേണ്ടിവന്നതു എന്റെ തെറ്റുകൊണ്ടല്ല; നിങ്ങളുടെ സുന്ദരിയായ മാധവിക്കുട്ടിയുടെ തെറ്റുകൊണ്ടുതന്നെയാണു്. ഞാൻ ഒരു അനാവശ്യമായ ദൂഷ്യാരോപണക്കാരനാണെന്നു നിങ്ങളാരും കരുതരുതു. ഞാൻ കണ്ട കാര്യമാണു് പറയുന്നതു്. അവളും എം. കണ്ണൻമേനോനും പാതിവ്രത്യത്തിന്നു വിരുദ്ധമായ രീതിയിൽ രഹസ്യമുണ്ടെന്ന വിവരം നിങ്ങളൊക്കെ അറിയുമോ എന്തോ? എങ്ങിനെയായാലും ഒരു തറവാട്ടുകാരിയായ പെണ്ണു് ഇങ്ങിനെ ഒരു ദുർന്നടപ്പിന്നൊരുമ്പെടാൻ തക്കവണ്ണം ധൈര്യമുള്ളവളായിത്തീരുന്നതു കാരണവരുടേയും അച്ഛന്റേയും കുറവുകൊണ്ടാണു്. അതുകൊണ്ടു അവളേക്കാൾ വലിയ തെറ്റുകാർ നിങ്ങൾ രണ്ടാളുമാണു്. എന്റെ ശാപവും ദൈവകോപവും നിങ്ങളുടെ തലയിൽനിന്നൊരിക്കലും വിട്ടൊഴിയാതിരിക്കട്ടെ.
എന്നു് പ്രാർത്ഥിച്ചുകൊണ്ടു,
നിങ്ങളുടെ ഇപ്പോഴത്തെ ശത്രു കെ. കൃഷ്ണക്കുറുപ്പു്.
കത്തു വായിച്ച ഉടനേതന്നെ എന്റെ മുഖം വാടി. വ്യസനംകൊണ്ടും കോപംകൊണ്ടും ആകുലചിത്തനായ ഞാൻ നേരിടാൻ പോകുന്ന അപമാനത്തെയോർത്തു കേവലം ഒരു ഭ്രാന്തന്റെ മട്ടായി. രാമൻനായരല്ലായിരുന്നു കത്തുകൊണ്ടുവന്നിരുന്നതെങ്കിൽ ഞാൻ ആ കത്തു കള്ളക്കത്തിന്റെ കൂട്ടത്തിൽ തള്ളി വിട്ടേക്കുമായിരുന്നു. ഈ സംഗതിയിൽ അതിനും വഴിയില്ല. അതുകൊണ്ടു ഞാൻ ഉച്ച ഒരു മണിക്കുള്ള വെയിലും കൂടി പ്രമാണിയാതെ നിറങ്കോടിശ്ശങ്കരമേനോന്റെ വീട്ടിലേക്കു ഓടി. അവിടെച്ചെല്ലുമ്പോൾ ഒരു കടലാസ്സും കൈയിൽ പിടിച്ചിട്ടു ശങ്കരമേനോൻ തന്റെ പൂമുഖത്തു, ബഹുധൃതിയായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണു് കണ്ടതു്. പൂമുഖത്തിൽ എത്തിയതോടുകൂടി ഇരിക്കാൻ പറഞ്ഞപ്രകാരം ഞാൻ അവിടെ ഇരുന്നു. കത്തിന്റെ വിവരം പറഞ്ഞപ്പോൾ, അങ്ങിനെതന്നെ ഒരു കത്തു തനിക്കും കിട്ടീട്ടുണ്ടെന്നു ശങ്കരമേനോനും സമ്മതിച്ചു. ആ കത്തിൽ വാചകം ഒന്നു ജാസ്തി ഉണ്ടായിരുന്നു. “അതുകൊണ്ടു പത്തമ്പതാൾക്കു ശേഖരിച്ചുവെച്ച സദ്യവട്ടങ്ങളൊക്കെ എന്റെ പേരിൽ ഇന്നു സാധുക്കൾക്കു ധർമ്മം കൊടുപ്പാൻ എന്റെ പ്രത്യേക അപേക്ഷയുണ്ടെന്നു നിങ്ങൾതന്നെ നാരായണൻനായരേ അറിയിച്ചാൽ വലിയ ഉപകാരം” ഇതാണു് ആ വാചകം.
- ഞാൻ:
- കുറുപ്പു ഇത്ര ഇരപ്പനാണെന്നു ഞാനറിഞ്ഞില്ലല്ലൊ. കണ്ണൻമേനോൻ ഞങ്ങളുടെ തറവാട്ടിൽ കടക്കാറേ ഇല്ല. ഇനി കടന്നാൽകൂടി മാധവിക്കുട്ടി മിക്ക അവസരങ്ങളിലും നിങ്ങളുടെ കൂടെയല്ലാതെ തറവാട്ടിൽ പാർക്കുന്നതു അപൂർവ്വമാണു്.
- ശങ്കരമേനോൻ:
- കണ്ണൻമേനോൻ എന്റെ വീട്ടിലേ വരാറില്ല ഞാൻ അയാളെ കണ്ടിട്ടുകൂടി ഇല്ല. ഇതെന്തൊരു സംഗതിയില്ലാത്ത ദൂഷ്യാരോപണമാണു്.
- ഞാൻ:
- അയാൾ മാമ്പല്ലി രാഘവമേനോന്റെ അടുത്ത അനന്തിരവനാണു്.
- ശങ്കരമേനോൻ:
- എനിക്കു അദ്ദേഹത്തേയും അറിഞ്ഞുകൂടാ.
- ഞാൻ:
- ഇവിടെവെച്ചു വലിയൊരു ജന്മിയും നല്ലൊരു തറവാട്ടുകാരനുമാണു്. നല്ല തന്റേടവും വീര്യവുമുള്ള ഒരു പുരുഷനാണു്. എന്നോടു ഒരു പ്രത്യേകതാല്പര്യമുള്ള വൃദ്ധനാണു്.
- ശങ്കരമേനോൻ:
- നല്ലതുതന്നെ. എന്നാൽ കുറവില്ലാതെ നമ്മൾ ഇക്കാര്യത്തിൽനിന്നെങ്ങിനെ ഒഴിയും. കുറുപ്പു് ഇല്ലാത്ത അപരാധങ്ങളൊക്കെ നാടൊക്കെ പരത്താതിരിക്കയില്ല.
- ഞാൻ:
- കുറുപ്പു് രാഘവമേനോന്റെ വലിയ ആശ്രിതനാണു്. ഞാൻ അവരുമായി ഒന്നാലോചിക്കട്ടെ. അദ്ദേഹം ഉൽകൃഷ്ടലോകപരിചയം ഉള്ള ഒരാളാണു്. നമുക്കു അദ്ദേഹത്തിന്റെ ഉപദേശപ്രകാരം നടക്കാം.
ഇങ്ങിനെ പറഞ്ഞു ഞാൻ രാഘവമേനോന്റെ വീട്ടിലേക്കു നടന്നു. അദ്ദേഹം കോലായിൽ ഇട്ടിരുന്ന കോച്ചിന്മേൽ കിടക്കയായിരുന്നു. ഞാൻ അദ്ദേഹത്തോടു് എന്റെ സങ്കടം മുഴുവൻ അറിയിച്ചു. അദ്ദേഹം രണ്ടു പ്രാവശ്യം കൃഷ്ണക്കുറുപ്പിനെ വിളിപ്പാനാളെ അയച്ചു. എന്നിട്ടുംകൂടി കുറുപ്പു വരാൻ കൂട്ടാക്കിയില്ല. സാധാരണ തന്റെ വീട്ടിൽ നിത്യനായിരുന്ന കുറുപ്പു്—വളരെ കാര്യങ്ങളിൽ തനിക്കു കടപ്പെട്ടിരുന്ന കുറുപ്പു്—താൻ രണ്ടു പ്രാവശ്യവും വിളിച്ചിട്ടു വരാഞ്ഞപ്പോൾ രാഘവമേനോന്നു കോപം ജനിച്ചു. കോപം ജനിച്ചതോടുകൂടി അദ്ദേഹത്തിനു കുറുപ്പിന്റെ യാഥാർത്ഥ്യവും മനസ്സിലായി. ദീനംകൊണ്ടു വലഞ്ഞുകിടക്കുന്ന ആ സാധു കുറേനേരം ആലോചിച്ചു. പിന്നെ എത്രയോ പതിഞ്ഞ സ്വരത്തിൽ മന്ദമായി എന്നോടു ഇങ്ങിനെ പറഞ്ഞു.
- രാഘവമേനോൻ:
- കുറുപ്പു വിശ്വസിക്കാൻ കൊള്ളരുതാത്തവനാണു്. അയാളാണു് എന്നേയും കണ്ണനേയും വിരോധികളാക്കിത്തീർത്തതു. കണ്ണനെ ഇന്നു വാറണ്ടിൽ പിടിച്ചു കോടതിയിൽ ഹാജരാക്കീട്ടുണ്ടെന്നു ഞാൻ കേട്ടു. ഞാൻ കടം എത്രയുണ്ടെന്നറിവാൻ ഒരാളെ വിട്ടിട്ടുണ്ടു്. കണ്ണന്റെ കടമൊക്കെ വീട്ടിയാൽ അവൻ നന്നാവും. കണ്ണൻ ഒന്നുകൊണ്ടും ഒരു പോരാത്തവനല്ല. നിങ്ങളുടെ കാര്യത്തിൽ ഞാൻ കണ്ണനോടൊന്നു പറഞ്ഞുനോക്കട്ടെ. അവൻ അനുസരിക്കുമെന്നു തീർച്ച പറഞ്ഞുകൂടാ അനുസരിച്ചാൽ കുറുപ്പിനേക്കാൾ നല്ലവനെ നിങ്ങൾക്കു പകരം കിട്ടും. കുറുപ്പിന്നു പറഞ്ഞുവെച്ചവളാണെന്നു മാത്രം അവൻ അറിയരുതു്. വിവരം ഞാൻ ഉടനെ അറിയിക്കാം. സമ്മതിച്ചാൽ സംബന്ധം ഇന്നുതന്നെ നടത്തണം. ഞാൻ പത്തുമുപ്പതാളോടുകൂടി പുറപ്പെടുന്നതാണു്.
ഇതൊക്കെ കേട്ടു വളരെ ആശ്വാസത്തോടെ ഞാൻ മടങ്ങി. കുറുപ്പേക്കാൾ എന്റെ മരുമകൾക്കു എത്രയോ പറ്റുന്ന യോഗ്യൻ കണ്ണൻമേനോനാണെന്നു ഞാൻ നല്ലവണ്ണം അറിയും. ആശിച്ചപോലെ ഈ കാര്യം നിറവേറ്റിപ്പോയാൽ ഞങ്ങൾ ഒരുക്കിയ സദ്യ കുറുപ്പുപദേശിച്ചപോലെ സാധുക്കൾക്കു മാത്രമായിപ്പോകയില്ല എന്ന ഒരു വിചാരവും എനിക്കു പുറപ്പെടാതിരുന്നില്ല. ഞാൻ വീട്ടിൽ മടങ്ങിച്ചെന്നു ശങ്കാകുലനായി കാത്തുനിന്നു.
(മിസ്റ്റർ എം. കണ്ണൻമേനോൻ എഴുതിവെച്ചതു.)
ഞാനും നഹയും ശിപായിയും കോടതിയിൽ എത്തുമ്പോൾ ഏകദേശം പതിനൊന്നു മണിയായിരിക്കുന്നു ഈ കൂട്ടർ എന്നെ ചതിച്ചാലോ എന്നു ശങ്കിച്ചിട്ടാണു് ഞാൻ ആദ്യംതന്നെ വിധിക്കടം ശിപായിയുടെ കൈയിൽ കൊടുക്കാഞ്ഞതു. കോടതിമുഖേനകൊടുത്താൽ പിന്നീടു യാതൊരു തരക്കേടും ഉണ്ടാവാനിടയില്ലെന്നു ഞാനും മനസ്സിലാക്കി അന്നു കഷ്ടകാലത്തിന്നു മുൻസിപ്പു വരാൻ രണ്ടു മണിയായി പലവക കഴിയുമ്പോൾ നേരം ഏകദേശം മൂന്നുമണിയായി. എന്റെ ഹർജി എടുത്തപ്പോൾ ഞാൻ പണവും ഹാജരാക്കി. പണം അടച്ച ഉടനെതന്നെ എന്നെ വിട്ടയച്ചു. ഞാൻ കോടതിയിൽനിന്നു ചിന്താമഗ്നനായി മടങ്ങി വൃദ്ധനായ കാരണവരുടെ സ്നേഹം സമ്പാദിപ്പാൻ ഞാൻ ഏതു പ്രകാരത്തിൽ ഉദ്യമിക്കണമെന്നും മറ്റും ഓരോ മനോരാജ്യത്തിൽ മുഴുകി നടക്കുമ്പോൾ, ഗോവിന്ദക്കിടാവും ഒരു ശിപായിയും മറ്റൊരു വാറണ്ടോടുകൂടി എന്റെ മുമ്പിൽ പ്രത്യക്ഷമായി. എനിക്കൊഴിവാനൊരു മാർഗ്ഗവുമുണ്ടായിരുന്നില്ല. കാരണവരല്ലാതെ മറ്റൊരു ശരണവുമെനിക്കില്ലായിരുന്നു എന്റെ മാമ്പല്ലിത്തറവാട്ടിൽ എന്റെ ഒന്നിച്ചുതന്നെ വന്നാൽ ഞാൻ കടം വീട്ടിത്തരാമെന്നു ഗോവിന്ദക്കിടാവോടു പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. ഇദ്ദേഹത്തിനു ഞാൻ മുന്നൂറ്റിച്ചില്ലാനം ഉറുപ്പിക കൊടുക്കുവാനുണ്ടായിരുന്നു. ഇദ്ദേഹം വാറണ്ടെടുത്തതും നമ്മുടെ കുറുപ്പിന്റെ ഉത്സാഹത്തിന്മേലായിരുന്നു. എനിക്കു പൂർവ്വോപകാരിണിയായ ആ കന്യകയുടെ സുന്ദരമുഖം ഓർമ്മവന്നു. എന്നെ രക്ഷിച്ചല്ലോ എന്ന ചാരിതാർത്ഥ്യത്തോടെ വസിക്കുന്ന ആ പുണ്യവതി ഞാൻ രണ്ടാമതും കുടുക്കിലായെന്നു കേട്ടാൽ അവളുടെ രാവിലത്തെ ധർമ്മം അസ്ഥാനത്തിലാണെന്നു വിചാരിക്കാനിടയില്ലേ? അവളുടെ കടം വല്ല പ്രകാരത്തിലും തീർക്കേണമെന്നു ഉദ്ദേശിച്ചിരുന്ന എനിക്കു രണ്ടാമതും ഒരു പ്രതിബന്ധം നേരിട്ടപ്പോൾ ഞാൻ സഹിക്കവയ്യാത്ത നൈരാശ്യത്തോടെ എന്റെ പല്ലു കടിച്ചുപോയി. “കോപമാകുന്നതല്ലോ കൊടിയ നരകങ്ങൾ” എന്ന പ്രമാണം ഓർമ്മവന്നു. ഞാൻ എന്റെ സകല വികാരങ്ങളും ഒതുക്കി. തറവാട്ടിൽ ചെല്ലുമ്പോൾ പതിവുപോലെ എന്റെ കാരണവർ കോലായിൽ ഒരു കൊച്ചിന്മേൽ കിടക്കുന്നതു കണ്ടു. എന്നെ ദൂരെ നിന്നു കണ്ട ഉടനെ വൃദ്ധന്റെ മുഖത്തു സന്തോഷസൂചകമായ ഒരു മന്ദഹാസം സ്ഫുരിച്ചു. തെറ്റുകാരനാണെന്നു എന്നെപ്പറ്റി ഒരു ധാരണ ഉറച്ചുപോയ ഞാൻ, കോലായിൽ കേറി, കാരണവരുടെ കാൽ പിടിച്ചതും അദ്ദേഹം എന്റെ നെറുകയിൽ തൊട്ടു അനുഗ്രഹിച്ചതും ഒരു നിമിഷംകൊണ്ടു കഴിഞ്ഞു. പിന്നെ കാരണവർ ഗോവിന്ദക്കിടാവിനെ നോക്കിവന്ന വിവരമെല്ലാം ചോദിച്ചു മനസ്സിലാക്കി. കടത്തിന്റെ സംഖ്യ എത്രയാണെന്നു കേട്ടപ്പോൾ അദ്ദേഹം ഒരക്ഷരവും മിണ്ടാതെ സമീപമുണ്ടായിരുന്ന എഴുത്തുപെട്ടി തുറന്നു അതെല്ലാം എണ്ണിക്കൊടുത്തു കാരണവരുടെ ഔദാര്യം കണ്ടപ്പോൾ എനിക്കും ഒരു ആശ്വാസസൂചകമായ ദീർഘശ്വാസം ഉണ്ടായി വന്നവരൊക്കെ പോയപ്പോൾ “കുട്ടാ! എനിക്കു നിന്നോടൊരു ഗൗരവമേറിയ കാര്യം പറവാനുണ്ടു് ” എന്നു പറഞ്ഞു എന്നെ അടുക്കെ വിളിച്ചു. ഗുരുനാഥന്റെ അടുക്കെ ചെന്ന തെറ്റുകാരനായ ഒരു ശിഷ്യനെപ്പോലെ ഞാൻ കാരണവരുടെ അടുക്കൽ ചെന്നുനിന്നു “നമ്മൾ ഒന്നുകൊണ്ടും വിരോധികളായിരിക്കേണ്ടവരല്ല. നമ്മേ തമ്മിൽ തെറ്റിച്ചതു കുറുമ്പാല കൃഷ്ണക്കുറുപ്പാണെന്നു എനിക്കിയ്യിടെ നല്ലവണ്ണം മനസ്സിലായി. ആ അസത്തിനെ ഞാനിനിമേലാൽ എന്റെ പടി കേറ്റുകയില്ല എനിക്കു രോഗംകൊണ്ടും മറ്റും ഇനി തറവാട്ടുകാര്യം നല്ലവണ്ണം നടത്താൻ സാധിക്കുന്നതുമല്ല. നീ തുമ്പുകെട്ടു നടക്കാതിരിപ്പാൻ തക്കവണ്ണം ആ വക ഭാരമെല്ലാം നിന്നെ ഏല്പിക്കാൻ വിചാരിക്കുന്നു. ജോലിയൊന്നുമില്ലാഞ്ഞിട്ടാണു് കുട്ടികൾ തെമ്മാടികളായിപ്പോകുന്നതു. അതുകൊണ്ടു ഈ ഒരു ഭാരം വന്നുചേർന്നാൽ നിണക്കു നിന്റെ ഉത്തരവാദിത്വം നല്ലവണ്ണം മനസ്സിലാകും. എന്നാൽ ഇതൊക്കെ ഏല്പിച്ചുതരുന്നതിന്നു മുമ്പേ നീയും ഒരു കാര്യം ചെയ്യേണ്ടതുണ്ടു്. തറവാട്ടിന്നു അപമാനകരമായ യാതൊരു കാര്യത്തിലും നിന്നെ ഞാൻ ചാടിക്കുന്നതല്ല! അങ്ങിനെ ചെയ്താൽ കുറവു നമുക്കു രണ്ടാൾക്കും ഒരുപോലെയുണ്ടു്. നീ ഇന്നുതന്നെ ഒരു സംബന്ധം ചെയ്യണം. പെണ്ണു നിണക്കു് ഇഷ്ടമില്ലാത്ത കാർത്ത്യായനിക്കുട്ടിയൊന്നുമല്ല പൂങ്കോണിത്തറവാട്ടിലെ മാധവി എന്ന ഒരു കുട്ടിയാണു്. കണ്ടാൽ വളരെ അഴകുള്ള പെണ്ണാണെന്നു അവളെ കണ്ടവരെല്ലാം പറയുന്നുണ്ടു്. പ്രായവും നന്നക്കുറയും. പൂങ്കോണിക്കാർ നല്ല തറവാട്ടുകാരും വലിയ ആസ്ഥിക്കാരുമാണു് കാലതാമസം അനാവശ്യമാണെന്നു വിചാരിച്ചിട്ടാണു് ഇന്നുതന്നെ നീ സംബന്ധം കഴിക്കേണമെന്നു ഞാൻ നിഷ്കർഷിക്കുന്നതു്. നിന്റെ കടങ്ങളെപ്പറ്റി യാതൊന്നും നീ ഒട്ടും വിഷാദിക്കേണ്ട അതിന്റെ ഒരു പട്ടിക തന്നാൽ ഞാൻ നാളെത്തന്നെ വീട്ടാം”. കാരണവരുടെ ഇങ്ങിനെയുള്ള വാക്കുകൾ കേട്ടപ്പോൾ ഞാൻ വല്ലാതെ പരിഭ്രമിച്ചു. എനിക്കു പിന്നേയും ഇന്നു രാവിലത്തെ ഔദാര്യശീലയുടെ മുഖപത്മം ഓർമ്മവന്നു. പ്രഥമദൃഷ്ടിയിൽത്തന്നെ അവളിൽ അധികം ലയിച്ചുപോയ ഞാൻ കാരണവരുടെ സാന്ത്വനമധുരങ്ങളായ വാക്കുകൾക്കു എന്തു മറുപടിയാണു് കൊടുക്കേണ്ടതു്. ആ വൃദ്ധൻ ഒരു വല്ലാത്ത അപേക്ഷാഭാവത്തിൽ എന്നേ നോക്കി “എന്റെ ഒന്നിച്ചിരിപ്പാൻ അപ്പോൾ അവകാശികൾ വേറെ ഉണ്ടാകും” എന്ന അവളുടെ അർത്ഥഗർഭങ്ങളായ വാക്കുകൾ എന്റെ ചെവികളിൽ വീണ്ടും മുഴങ്ങി. ഒരു സമയം അവൾ സ്വതന്ത്രയല്ലെന്നു വന്നാൽ എന്റെ ശാഠ്യം വെറുതെയായിപ്പോകയില്ലേ? കാര്യത്തിന്റെ പരമാർത്ഥമറിയാതെ, കാരണവരുമായി രഞ്ജിപ്പാനുള്ള ഈ അവസരവും വെറുതെ വീട്ടുകളഞ്ഞാൽ ഞാൻ അതുമില്ല, ഇതുമില്ല എന്ന നിലയിൽ കുഴങ്ങിപ്പോകയില്ലേ; വിധിച്ചപോലെ എല്ലാം വരട്ടെ എന്ന നിലയിൽ ഞാൻ കാരണവർക്കു എനിക്കെല്ലാം സമ്മതമണെന്നു വാക്കും കൊടുത്തു. വൃദ്ധന്റെ മുഖം ക്ഷണം തെളിഞ്ഞു. അദ്ദേഹം ഒന്നു രണ്ടു കത്തുകൾ അടിയന്തരമായി എഴുതാൻ ഒരുമ്പെട്ടപ്പോൾ ഞാൻ ഒരു സ്വപ്നം കാണുന്നവനെപ്പോലെ തെക്കേ അകത്തുവന്നു ഓരൊന്നാലോചിച്ചു. “പൂങ്കോണിത്തറവാടെനിക്കറിയാം. അവിടെ എത്രയെങ്കിലും പെങ്കിടാങ്ങളുണ്ടെന്നും എനിക്കറിയാം. അവരിൽ ഏവളാണുപോലും എന്റെ ഭാര്യാപദത്തിൽ പ്രവേശിക്കാൻ പോകുന്നതു് ? കൊതിച്ച പെണ്ണിനേ കിട്ടാൻ ഭാഗ്യമില്ലാത്ത എനിക്കു ബാക്കി ഏതു പെണ്ണിനേ സംബന്ധംചെയ്താലും എന്താണു്? നേരം ഏകദേശം അഞ്ചരമണിയായി. ആളുകൾ ഓരോന്നായി വന്നുതുടങ്ങി. ഞാൻ ആരോടും ലോഹ്യം പറവാൻതന്നെ പുറത്തിറങ്ങിയില്ല. രാവിലത്തേ സുശീലയോടു് ഒരു വാക്കെങ്കിലും പറയാതെ ഇങ്ങിനെ ഒരു പുതിയ സംബന്ധത്തിന്നു ഏർപ്പാടുചെയ്തതു എന്റെ നന്ദികേടിന്നും വിചാരശൂന്യതക്കും ഒരുത്തമദൃഷ്ടാന്തമാണെന്നു എന്റെ നടവടികൊണ്ടു ഞാൻ രേഖപ്പെടുത്തേണ്ടിവന്നതിൽ എനിക്കു സഹിക്കവയ്യാത്ത പശ്ചാത്താപം ഉണ്ടായി. അറിവില്ലാത്ത എന്നെ, പ്രഭാതത്തിലേ പ്രസന്നമുഖി, ശകാരഭാവത്തിൽ നോക്കുന്നുണ്ടോ എന്നു കൂടി എനിക്കു തോന്നി. അവളുടെ ആചാരവിശേഷങ്ങൾ ഓർക്കുന്തോറും എന്റെ അസ്വാസ്ഥ്യം വർദ്ധിച്ചു. നല്ലവണ്ണം ആലോചിയാതെ എല്ലാറ്റിന്നും വഴിപ്പെട്ടു കൊടുത്തതു അബദ്ധമായെന്നു എനിക്കു അടിക്കടി നിർണ്ണയംവന്നു. ആരും അറിയാതെ ഇവിടുന്നു ഒളിച്ചുപോയ്ക്കളഞ്ഞാലെന്താണു് വിഷമം. അതൊരിക്കലും പാടില്ല. കാരണവരോടു വാക്കുപറഞ്ഞു. ക്ഷണിച്ചവരൊക്കെ എത്തുകയും ചെയ്തു. ഞാൻ കുടുങ്ങിയ എല്ലാറ്റിലും വലിയ കുടുക്കു ഇതാണെന്നെനിക്കു തോന്നി. ലോകം മുഴുവനും എന്നെ ചതിപ്പാൻ പുറപ്പെട്ടിട്ടുണ്ടെന്ന വിചാരം എന്റെ മനസ്സിൽ വളരെ മുഷിച്ചൽ ഉണ്ടാക്കി എനിക്കു ജീവിതത്തിൽ കൊതിയില്ലാതായി ആത്മഹത്യയുടെ വിചാരവുംകൂടി എന്റെ ഉള്ളിൽ പെട്ടെന്നു പൊങ്ങി. ഞാൻ മുറി ഒന്നാകെ പരിശോധിച്ചു. അപ്പോഴാണു് “എന്താ താമസം. എല്ലാരും കാത്തുനില്ക്കുന്നു. ഇനി പുറപ്പെടുകയല്ലെ?” എന്നും പറഞ്ഞു ഒരാൾ എന്റെ മുറിയിൽ പ്രവേശിച്ചതു്. ഞാൻ യാതൊന്നും സംസാരിക്കാതെ ഒരു ബാലനെപ്പോലെ അദ്ദേഹത്തിന്റെ പിന്നാലെ പോയി. ഞാൻ സ്വശക്തിയില്ലാത്ത ഒരു വിഡ്ഢിയെപ്പോലെ ഇവരുടെ ഇടയിൽകൂടെ നടന്നു. എനിക്കു നടക്കുന്നതാകട്ടെ ഇവരൊക്കെ പറയുന്നതാകട്ടെ ഒന്നും ഒരു രൂപവുമുണ്ടായിരുന്നില്ല. അനുരാഗം ചേർന്നതു ഒരുത്തിയിലും വിവാഹം ചേരുന്നതു മറ്റൊരുത്തിയിലും, എന്ന നില ആർക്കാണു് തൃപ്തികരമാകുന്നതു്? ഞാൻ പൂങ്കോണിയിൽ പരിവാരസമേതം എത്തിയതും അവിടെനിന്നു ഊണു കഴിച്ചതും ഒരു പാവയുടെ മട്ടിലായിരുന്നു. അവരൊക്കെ പറയുംപ്രകാരം ചെയ്ത എന്നല്ലാതെ എന്റെ ഇഷ്ടപ്രകാരം ഞാൻ അവിടുന്നു യാതൊന്നും ചെയ്തില്ല. എന്റെ ഇഷ്ടപ്രകാരമോ? എനിക്കെന്തിഷ്ടമാണുള്ളതു്? എന്റെ സ്വാതന്ത്ര്യത്തെ വിറ്റുകളഞ്ഞു അടിമയായ എനിക്കു എന്തിഷ്ടംവന്നിരിക്കുന്നു. നീചനായ എനിക്കു എല്ലാറ്റിന്നും വഴിപ്പെടുകയല്ലാതെ മറ്റെന്താണു് ഗതി. ഗുണമായാലും വേണ്ടില്ല, ദോഷമായാലും വേണ്ടില്ല, ഇനിയൊക്കെ യോഗംപോലെ വന്നുചേരട്ടെ, എന്നു ഞാനും ഉറച്ചു. സംബന്ധവീട്ടിൽ നിന്നും നിർവഹിക്കേണ്ടുന്ന എല്ലാ കൃത്യങ്ങളും ഒരുവിധം പൂർത്തിയായി. ഈ ദുർദ്ദിനത്തിലേ കർമ്മങ്ങളൊക്കെ വല്ല പ്രകാരത്തിലും പര്യവസാനിക്കട്ടെ എന്നു ഞാനും ഓർത്തു. ചുരുക്കിപ്പറഞ്ഞാൽ ഏകദേശം ഒരു പതിനൊന്നരമണിക്കു എന്നെ ഒരാൾ ക്ഷണിച്ചു മാളികമേൽ എനിക്കൊരുക്കിവെച്ചിരുന്ന അറ കാണിച്ചുതന്നു. അവിടെ ഉണ്ടാക്കിവെച്ചിരുന്ന യാതൊരു അലങ്കാരങ്ങളാകട്ടെ ആഡംബരങ്ങളാകട്ടെ എന്റെ കണ്ണിൽ പതിഞ്ഞില്ല. ഞാൻ ഒരു സ്വപ്നം കാണുന്നവനെപ്പോലെ ആ കട്ടിലിന്മേൽ ചെന്നിരുന്നു. എത്രതന്നെ യത്നിച്ചിട്ടും രാവിലത്തെ സുന്ദരിയുടെ സ്വരൂപം എന്റെ ഉള്ളിൽനിന്നു മാഞ്ഞുപോകുന്നില്ല. ആ തരുണിയോടു എനിക്കുണ്ടായിരുന്ന പ്രേമത്തിന്നു ഇത്രത്തോളം ശക്തി ഉണ്ടായിരിക്കുമെന്നു ഞാൻ ഇതുവരയ്ക്കും വിചാരിച്ചിരുന്നില്ല. യാതൊന്നിന്നും നിർവ്വാഹമില്ലാത്ത ഈ സമയത്തു ഇങ്ങിനെയുള്ള വിചാരങ്ങൾ മനസ്സുകൊണ്ടു സ്വീകരിക്കുന്നതുതന്നെ മഹാപാപമാണെന്നു എനിക്കു തോന്നി. ഞാൻ വൃദ്ധചരിതങ്ങളോടെല്ലാം യാത്രപറയുമ്പോലെ ഒന്നു ദീർഘമായി നിശ്വസിച്ചു. ഇതുവരെയും കലുഷമായിപ്പതിച്ചിരുന്ന എന്റെ മനസ്സു് അല്പം തെളിഞ്ഞു. എന്റെ ഭാവിയായ ഗുണദോഷങ്ങൾ പങ്കുകൊള്ളുവാൻ സന്നദ്ധയായിവരുന്ന ആ യുവതി ആരായിരിക്കും എന്നറിവാൻ എനിക്കു ഒരു കൗതുകംജനിച്ചു. എന്റെ അനുരാഗം മറ്റൊരുത്തിയിൽ ലയിച്ചുപോയിരിക്കുന്നു എന്നറിയാതെ എന്നെ ജീവിതസർവ്വസ്വമായി സ്വീകരിച്ചുംകൊണ്ടുവരുന്ന ആ നിഷ്കളങ്കമായ നീരജാക്ഷി ആരായിരിക്കുംപോലും? അവളെ മനഃസ്സാക്ഷിക്കു വിരോധമായി ഞാൻ എങ്ങിനെ വഞ്ചിക്കും? ഇങ്ങിനെ ഓരോ വിചാരസാഗരത്തിൽ നീന്തിക്കൊണ്ടിരിക്കെ, തുറന്നുവെച്ച വാതിൽവഴിയായി, ഒരു വെള്ളവസ്ത്രം ധരിച്ച യുവതി കണ്ണുംപൊത്തിക്കൊണ്ടു് എന്റെ മുറിയിൽ കടന്നുവന്നു, ഞാനിരുന്നിരുന്ന കട്ടിലിന്റെ ഒരറ്റത്തു തലയും താഴ്ത്തി, ഇരുന്നു. അവളുടെ പെട്ടെന്നുള്ള വരവും, ഇവൾ എന്റെ ഭാവിയായ ഭാര്യയാണെന്ന വിചാരവും എനിക്കു കണക്കിലേറെ നെഞ്ഞിടിപ്പുണ്ടാക്കി. ഞാൻ അവളെ ഒന്നു നല്ല വണ്ണം സൂക്ഷിച്ചുനോക്കി. രാവിലെത്തന്നേ എന്റെ ഹൃദയം കവർന്ന ആ മംഗലാംഗിയോടു് ഇവൾക്കു അസാരം സാമ്യമുള്ളതുപോലെ തോന്നി. ഞാൻ ആശ്ചര്യപ്പെട്ടു. ഞാൻ സഹിക്കവയ്യാത്ത കൗതുകത്തോടെ അവളുടെ അടുക്കെ ചെന്നുനിന്നപ്പോൾ ലജ്ജകൊണ്ടും വിനയംകൊണ്ടും പരവശയായ ആ നവോഢയും എഴുന്നേറ്റുനിന്നു. ഞാൻ മന്ദമായി അവളുടെ മുഖംമറച്ച രണ്ടു കൈകളും താഴ്ത്തി മുഖം ഉയർത്തി അവളെ ഒന്നു നോക്കിയപ്പോൾ കണ്ണുചിമ്മിക്കളഞ്ഞിരുന്ന അവൾ ആ പ്രഭാതത്തിലെ സുന്ദരിയാണെന്നു ബോദ്ധ്യംവന്നു ആനന്ദാതിശയലഹരിയിൽ മുഴുകിക്കൊണ്ടു് “ആരു? നീയോ” എന്നു ചോദിച്ചപ്പോൾ ആ സുമുഖിയും കണ്ണു നല്ലവണ്ണം തുറന്നു എന്നെ ഒന്നു കടാക്ഷിച്ചു. “എന്തു്? നിങ്ങളോ?” എന്നു ചോദിച്ചു. ആശ്ചര്യവും ആനന്ദവും ഞങ്ങൾക്കു രണ്ടാൾക്കും ഒരുപോലെയായിരുന്നു. എന്നെ ഇന്നു രാവിലെ ഒരു ഒഴിച്ചുകൂടാത്ത കുടുക്കിൽ നിന്നു രക്ഷപ്പെടുവാൻ സഹായിച്ച ഈ ഔദാര്യശീലയായ ത്രൈലോക്യസുന്ദരിയോടു നന്ദിപറവാനുംകൂടി എനിക്കു തല്ക്കാലം നേരമുണ്ടായില്ല. പ്രഥമദൃഷ്ടിയിൽ തന്നെ എന്റെ ജീവിതസർവ്വസ്വമായി എന്നാൽ ഗണിക്കപ്പെട്ട ആ മനോഹരാംഗിയെത്തന്നെ അപ്രതീക്ഷിതമായി എനിക്കു സിദ്ധിച്ചതായ മഹാഭാഗ്യത്തെപ്പറ്റി അഭിനന്ദിക്കാൻ തന്നേ എനിക്കു നേരമുണ്ടായില്ല. എത്ര കഷ്ടാരിഷ്ടതകളിൽപെടുത്തി ഉഴലിച്ചാലും, രാത്രി കഴിഞ്ഞാൽ പകലുണ്ടാകും എന്നു തെളിയിക്കും പ്രകാരം ഒടുവിൽ എനിക്കു അളവില്ലാത്ത സുഖവും അമേയമായ തൃപ്തിയും അമിതമായ ആനന്ദവും അതർക്കിതമായ ഇഷ്ടപൂർത്തിയും അനുഭവമാക്കിത്തന്ന ആ ജഗദീശ്വരനെ സ്തുതിപ്പാൻ തന്നേ എനിക്കു തല്ക്കാലം നേരമുണ്ടായില്ല. മുഴുത്ത ഭാഗ്യംകൊണ്ടും കൊഴുത്ത ആനന്ദംകൊണ്ടും മികച്ച ചിത്താശ്വാസംകൊണ്ടും കടുത്ത മദംകൊണ്ടും മതിമറന്നുപോയ എനിക്കു തുറന്നുകിടക്കുന്ന വാതിൽ പൂട്ടാൻതന്നെ തല്ക്കാലം നേരമുണ്ടായില്ല. ഞാൻ എന്റെ മുമ്പിൽ മന്ദഹസിച്ചുകൊണ്ടുനില്ക്കുന്ന ആ നിസ്തുലാംഗിയെ മാറോടുകെട്ടിപ്പിടിച്ചു എന്റെ “കടംകൊണ്ടു കിട്ടിയ മുതലേ” എന്നു മന്ദമായി പറഞ്ഞുകൊണ്ടു ആ ചുകന്ന ചുണ്ടിൽ ഒരു ദീർഘചുംബനം വെച്ചു.[1]
[1] മിസ്റ്റർ മേനോന്നു് ഇതിന്നെങ്കിലും നേരമുണ്ടായല്ലോ.
ജാനകിയെക്കണ്ടു കലശലായി ഭ്രമിച്ചിട്ടു കാലം വളരെ ഒന്നും ആയിട്ടില്ല. ജാനകി ഒരു യുവതിയും, ഒരു വിദ്യാർത്ഥിനിയും, ഒരു സുമുഖിയും, ഒരു കുസൃതിയുമാണു്. ലേശം ഡംഭവും അസാരം കവിതാവാസനയും ഇവൾക്കില്ലെന്നില്ല. എന്റെ തറവാട്ടിൽ ഒരു സൂചികുത്താനുള്ള ഭൂമിപോലുമില്ലെങ്കിലും എനിക്കു അമ്പതുറുപ്പിക ശമ്പളമുണ്ടു്. ജാനകിക്കാണെങ്കിൽ അച്ഛൻ മാഞ്ചോല ശങ്കരൻവക്കീൽ കൊടുത്തിട്ടുള്ള അമ്പതിനായിരത്തിനുള്ള ഭൂസ്വത്തുണ്ടു. അതുകൊണ്ടു ജാനകിയെ ശങ്കരൻ വക്കീലിന്റെ വീട്ടിലെ ചെലവുപട്ടികയിലും എന്റെ വീട്ടിലെ വരവുപട്ടികയിലും പെടുത്തിക്കാണ്മാൻ എനിക്കു വല്ലാത്ത ആഗ്രഹം ജനിച്ചു. ജാനകിയായ ധനത്തിലും ജാനകിയുടെ ധനത്തിലും ഞാൻ നന്നാ കൊതിച്ചു. എന്തുകൊണ്ടെന്നാൽ ജാനകിയാകുന്ന എളകുന്ന സ്വത്തും ജാനകിയുടെ എളകാത്ത സ്വത്തും കൈവശം കിട്ടിപ്പോയാൽ ബാക്കിയുള്ള ജീവകാലം പരമാനന്ദസമുദ്രത്തിൽ മുഴുകിക്കഴിക്കാമായിരുന്നു എന്നൊരു മോഹമുണ്ടായി. ഇതൊക്കെ ആലോചിച്ചിട്ടു ഞാൻ ജാനകിയിൽ മതിമറന്നു ഭ്രമിച്ചു. ഒരു പെണ്ണിനെക്കണ്ടു ഭ്രമിക്കുന്നതു എത്രയോ എളുപ്പമായ കാര്യമാണെങ്കിലും ഒരു പെണ്ണിനെ ലഭിക്കുന്നതു എത്രയോ പ്രയാസമായ കാര്യമാണെന്നു എനിക്കാരും പറഞ്ഞുതരേണ്ട. എന്നാലുംകൂടി ജാനകിയെ കൈക്കലാക്കാനുള്ള ഉപായങ്ങൾ ഞാൻ ആലോചിക്കാതിരുന്നില്ല. ജാനകി കോളേജിൽ പോകുമ്പോളൊക്കെ ഞാൻ വഴിക്കൽ പാറാവു നടന്നു. അഞ്ചാറുകുറി നടന്നിട്ടും ഇങ്ങിനെ ഒരു വിദ്വാൻ തന്നെ നോക്കുന്നുണ്ടെന്നു വകവെക്കാതെ തലയും താഴ്ത്തി, ആമപ്പുറം ജയിച്ച വടിവും, ആനക്കൊമ്പു ജയിച്ച നിറവും പൂണ്ട തന്റെ പെരുവിരലിന്റെ നഖവും നോക്കി നടന്നുകളഞ്ഞു. ഞാൻ വിടുമോ? പിന്നെയും പണ്ടേപ്പോലെ ബീറ്റു നടന്നു. ഒരു കുറി എന്റെ മഹാഭാഗ്യത്തിന്നു അവളുടെ കരിനീലക്കണ്ണുകൾ എന്റെ മുഖത്തിന്മേൽ പതിഞ്ഞപ്പോൾ ഞാൻ വരുന്നതു വരട്ടെ, എന്നുവെച്ചു അവൾക്കു ആഞ്ഞുവലിഞ്ഞു ഒരു സലാം വെച്ചുകൊടുത്തു. അവൾ കോപത്തോടെ മുഖംതിരിച്ചുകളഞ്ഞു. ഞാൻ താപത്തോടെ തിരിച്ചുനടന്നു. ഇച്ഛാഭംഗം തട്ടിയ എനിക്കു എനിയെന്തു ഗതി? ആട്ടെ, ജാനകിയുടെ അച്ഛൻ വക്കീലിനോടു അടുത്തുകൂടട്ടെ എന്നു വിചാരിച്ചു ചില സൂത്രങ്ങൾ കണ്ടു പിടിക്കാൻ നോക്കി. കോമൻനായരുടെ വകയായി വക്കീൽ ഒരു നമ്പർ ഫയലാക്കീട്ടുണ്ടെന്നു യദൃച്ഛയാ കേട്ടപ്പോൾ ആ നമ്പറിന്റെ ഗുണദോഷങ്ങൾ ചോദിച്ചറിവാനാണെന്ന ഹേതുവും പറഞ്ഞു ഞാൻ വക്കീലിനെ ചെന്നുകണ്ടപ്പോൾ, അതൊന്നും നിങ്ങൾക്കു അറിയേണ്ടുന്ന കാര്യമല്ലെന്നും പറഞ്ഞു ആ നിർദ്ദയൻ എന്നെ ചെന്നപാടെ മടക്കി. പിന്നെ ഒരിക്കൽ ഒരു കാണാധാരം എഴുതാനുള്ള വാചകത്തെപ്പറ്റി അന്വേഷിക്കാനാണെന്ന നാട്യത്തിന്മേൽ ഞാൻ വക്കീലിന്റെ അടുക്കൽ എത്തി. ആധാരത്തിന്റെ വിവരങ്ങളൊക്കെ കേട്ടു നിരാധാരനായ ഞാൻ അന്നും മടങ്ങി. വേറെ ഒരിക്കൽ എന്റെ അയൽവക്കത്തിലെ നായ് എന്റെ പറമ്പിൽ കേറിക്കുരച്ചാൽ ആ നായയുടെ ഉടമയുടെ പേരിൽ, സിവിലൊ, ക്രിമിനലൊ ആയി വല്ല നമ്പറും നില നില്ക്കുമോ എന്നു അന്വേഷിപ്പാൻ ചെന്നു. ചെല്ലുന്നതൊക്കെ ജാനകി വീട്ടിലുണ്ടാകുമെന്നൂഹിക്കാവുന്ന ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലും മാത്രമായിരിക്കും. മറ്റൊരിക്കൽ അച്ഛന്റെ സമ്മതംകൂടാതെ ഒരു യുവതി വിവാഹം കഴിച്ചുകൊടുക്കുന്നതോ വലിയ കുറ്റമെന്നറിവാൻ ഞാൻ ചെന്നു. അന്നു അസാരം വാദപ്രതിവാദങ്ങൾ നടന്നെങ്കിലും സൽക്കരിക്ക എന്ന സമ്പ്രദായം അന്നും നടപ്പിൽ വന്നില്ല. വേറെ ഒരിക്കൽ കന്യകകളായ യുവതികൾ വെറും വിനോദത്തിന്നുവേണ്ടി വ്യഭിചരിക്കുന്നതോ, അല്ല ഭർത്താവുള്ള ധനരഹിതകൾ പണത്തിന്നുവേണ്ടി വ്യഭിചരിക്കുന്നതോ അധികം നന്മയെന്നറിവാൻവേണ്ടി അവിടെ ചെന്നപ്പോൾ അന്നും കലശലായ തർക്കമുണ്ടായി. എന്നിട്ടുംകൂടി ജാനകിയുടെ ശ്രദ്ധയെ ആകർഷിക്കാൻ കഴിഞ്ഞില്ല. വീണ്ടും ഒരിക്കൽ കുണ്ടാമണ്ടിയുള്ള മറ്റൊരു വിഷയവും കണ്ടുപിടിച്ചു വക്കീലിന്റെ ഭവനത്തിൽ എത്തി. വെറും ശ്ലോകികൾക്കു കവിശാർദ്ദൂലൻ എന്ന സ്ഥാനം കൊടുക്കുന്നതോ, സാക്ഷാൽ കവികൾക്കു യാതൊരു സ്ഥാനവും കൊടുക്കാതിരിക്കുന്നതോ വലിയ പാപമെന്നു വക്കീലിന്റെ അഭിപ്രായം അറിവാൻ ഒരപേക്ഷകനായി ചെന്നു. കുമാരനാശാനു സ്ഥാനം കൊടുക്കാത്തതിനെപ്പറ്റി ഞാൻ അധികാരസ്ഥന്മാരെ അത്യന്തം അധിക്ഷേപിച്ചു. അന്നത്തെ വാദം കടുകട്ടിയിൽ നടന്നു. ഒന്നുരണ്ടുകുറി ജാനകി ഏന്തിനോക്കുന്നതും കണ്ടു. ഇങ്ങിനെ വക്കീലിനോടടുത്തുകൂടി ക്രമേണ അവിടെ ഒരു നിത്യയാകാമെന്നു കരുതി എനിക്കു നല്ല മനസ്സമാധാനം ഉണ്ടായപ്പോളാണു് വക്കീലിന്റെ, മീശപൊടിക്കാത്തൊരു ഗുമസ്തൻ, വക്കീലിന്റെ ഒരു കത്തുംകൊണ്ടു തന്നു, സലാമും തന്നു, ബദ്ധപ്പെട്ടു മടങ്ങിയതു്. കത്തു പൊളിച്ചുനോക്കിയപ്പോൾ പല പ്രാവശ്യമായി വക്കീലിനാൽ സിദ്ധിച്ച തന്റെ ജോലിസംബന്ധമായ ഉപദേശങ്ങൾക്കു മതിക്കാവുന്ന നൂറ്റമ്പതു റുപ്പിക ഫീസ്സിന്റെ ഒരു അപേക്ഷയായിരുന്നു. ഞാൻ അന്ധാളിച്ചു. ശിവ! ശിവ! സമ്പാദ്യമായി കടങ്ങൾ മാത്രമുണ്ടായിരുന്ന ഞാൻ ഏടാകൂടമായ മറ്റൊരു കുടുക്കിലും കെണിഞ്ഞു. കയ്യിൽ കാശില്ലാത്തതുകൊണ്ടു മാസന്തോറും എട്ടീതണയായി വീട്ടിക്കൊള്ളാമെന്നു വക്കീലിനോടപേക്ഷിച്ചുനോക്കാമെന്നുറച്ചപ്പോൾ, ജാനകിയേ വിചാരിച്ചു വക്കീലിന്റെ കോപവും പുച്ഛവും ഒന്നുകൊണ്ടും സമ്പാദിപ്പാൻ പാടില്ലെന്ന മറ്റൊരുതരം ആലോചനയും, പനിപിടിച്ചവനു വിറയെന്നപോലെ എന്നെ ബാധിച്ചു. ഞാൻ ചൂരക്കാട്ടിൽ ചോരക്കണ്ണൻ നൂറ്റമ്പതുറുപ്പികയ്ക്കു, ഒരുങ്ങുമ്പോൾ കൊടുക്കാമെന്ന നിശ്ചയത്തിന്മേൽ ഒരു വാഗ്ദത്ത പത്രവും എഴുതിക്കൊടുത്തു, ഉറുപ്പികയും വാങ്ങി, പ്രയാസപ്പെട്ടു മന്ദഹസിച്ചുംകൊണ്ടു വക്കീലിന്റെ മുമ്പിൽ കൊണ്ടുവെച്ചു, ക്ണിം, ക്ണിം എന്ന ശബ്ദംകൊണ്ടു ജാനകി കണ്ണു തുറന്നു പോകുമാറു ഒന്നാന്തരം വെള്ളി ഉറുപ്പിക എണ്ണിക്കൊടുത്തു, വക്കീലിന്റെ കടം വീട്ടിയതോടുകൂടി, വക്കീലിന്നു എന്റെ നേരെ ഒരു കടമയും ഉണ്ടാക്കി. ലോഹ്യം പറയുന്നതിനുകൂടി ഫീസിന്നു ചോദിക്കുന്ന പുള്ളിയെ കൂടക്കൂടെ ചെന്നു കണുന്നതിനേക്കാളും ഒരിക്കൽകൂടി ചെന്നുകണ്ടു എന്റെ ഉദ്ദേശം തുറന്നു പറഞ്ഞു നിറവേറ്റാൻ നോക്കുന്നതാണു് നല്ലതെന്നു എനിക്കു തോന്നി. ഞാൻ ഒരു ദിവസം രാവിലെ കുളിച്ചു കുറിയും തൊട്ടു പലകുറി തലമുടിയും ചിക്കി, കണ്ണാടിയിൽ ബിംബിച്ച എന്റെ മുഖത്തിന്റെ പ്രതിബിംബവും നോക്കി തൃപ്തിപ്പെട്ടു, നല്ല വസ്ത്രങ്ങളും ധരിച്ചു കയ്യിൽ വെള്ളികെട്ടിയ ഒരു മലാക്കാച്ചൂരലും പിടിച്ചു വക്കീലിന്റെ ഭവനത്തിൽ ചെന്നു.
- വക്കീൽ:
- എന്താ സുകുമാരൻ വന്നതു? എടാകൂടമായ വല്ല സംശയവും ഞാൻ തീർക്കേണ്ടതായിട്ടുണ്ടോ?
- ഞാൻ:
- അതിനൊന്നുമല്ല. ഇന്നു ഒരു ഗൗരവകാര്യത്തേപ്പറ്റി പറവാൻ മാത്രമാണു് വന്നതു.
- വക്കീൽ:
- എന്തു നിങ്ങൾക്കു ഗൗരവവിഷയത്തിൽ ബുദ്ധിചാടി എന്നോ? ചുരുങ്ങിയ കാലംകൊണ്ടു വല്ല ചിത്തഭ്രമമൊ മറ്റൊ പിടിപെട്ടായിരിക്കുമോ?
- ഞാൻ:
- എന്തോ എന്നറിഞ്ഞില്ല. ഒരു കലശലായ ഭ്രമം എന്നെ ബാധിച്ചിട്ടുണ്ടെന്നു സംശയമില്ല.
- വക്കീൽ:
- ഭ്രമത്തിന്റെ ഫലം വിശേഷബുദ്ധിയുടെ ജനനമാണെങ്കിൽ അതു തരക്കേടില്ല. എനിക്കു വളരെ സന്തോഷം.
- ഞാൻ:
- നിങ്ങളെ സന്തോഷിപ്പിപ്പാനിടവന്നല്ലോ എന്നൊരു സന്തോഷം എനിക്കും.
- വക്കീൽ:
- ആട്ടെ. എന്താണീ ഗൗരവകാര്യം.
- ഞാൻ:
- അതു നിങ്ങൾ ശ്രദ്ധിച്ചുകേൾക്കുമെങ്കിൽ ഞാൻ പറയാം.
- വക്കീൽ:
- അങ്ങിനെയാകട്ടെ. പറഞ്ഞോളൂ. ഞാൻ കേൾപ്പാൻ തയാർ.
- ഞാൻ:
- എനിക്കു വിശേഷാൽ ബന്ധുക്കളാരുമില്ല. ഈ രാജ്യത്തു വലിയ പരിചയക്കാരും ഇല്ല. ഞാൻ ഇവിടുത്തെ സ്കൂളിൽ അമ്പതുറുപ്പിക ശമ്പളം വാങ്ങുന്ന ഒരു മാസ്റ്ററാണു്. ഭാവിയിൽ ജാസ്തി മാസ്പടി കിട്ടത്തക്കതായ പാസും ഉണ്ടു്. ഇതൊക്കെ ഓർത്തപ്പോൾ ഒരു പെണ്ണിനെ വിവാഹംകഴിച്ചു ഒരിടത്തുറച്ചു നില്ക്കുന്നതാണു് നല്ലതെന്നു തോന്നി.
- വക്കീൽ:
- നല്ല കാര്യം തന്നെ. ഈ പ്രായത്തിലാണു് യുവാക്കന്മാർ തുമ്പുകെട്ടു പോകുന്നതു. അതതു പ്രായം തികയുമ്പോൾ അതതു പ്രായത്തിനനുസരിച്ച ക്രമവും നടത്തേണ്ടതാണു്.
- ഞാൻ:
- നിങ്ങളുടെ നല്ലവാക്കു കേൾക്കുന്തോറും എനിക്കു വിവാഹത്തോടുള്ള താല്പര്യം വർദ്ധിക്കുന്നു.
- വക്കീൽ:
- ഈ പ്രായത്തിൽ തന്നേയാണു് വിവാഹം കഴിക്കേണ്ടതു?
- ഞാൻ:
- കഴിക്കാൻ മനസ്സില്ലാഞ്ഞിട്ടല്ല. കഴിക്കാൻ നിവൃത്തിയില്ലാഞ്ഞിട്ടാണു് ഞാൻ കുഴങ്ങുന്നതു.
- വക്കീൽ:
- അതുകൊണ്ടൊന്നും നിരാശപ്പെടേണ്ടാ. പണമോ മറ്റൊ വേണ്ടിവന്നാൽ ഞാൻ സഹായിക്കും.
- ഞാൻ:
- പണത്തിന്റെ കാര്യമല്ല ഞാൻ ആലോചിച്ചതു. അതു നിങ്ങളാൽ ചില ഗുരുജനങ്ങൾ എന്നെ സഹായിക്കുമെന്നു എനിക്കു നല്ല ബോദ്ധ്യമുണ്ടു്. ഞാൻ വിചാരിച്ചതു വേറെ തന്നെ ഒരു കാര്യമാണു്.
- വക്കീൽ:
- എന്താണതു?
- ഞാൻ:
- മറ്റൊന്നുമല്ല. എനിക്കിവിടെ ചേർച്ചക്കാരും ചാർച്ചക്കാരുമായി ആരും ഇല്ല. അതുകൊണ്ടാണു് വൈഷമ്യം.
- വക്കീൽ:
- അതിനെന്താണു് വൈഷമ്യം. നിന്റെ ഒത്താശക്കു നിനക്കു വിശ്വാസമുള്ള വല്ലവരേയും കൂട്ടരുതോ?
- ഞാൻ:
- എനിക്കു നിങ്ങളെപ്പോലെ ഭൂമിയിൽ ഒരാളേയും വിശ്വാസമില്ല. എന്റെ വിവാഹം നിങ്ങൾതന്നെ നടത്തിത്തരേണ്ടിവരും. അതിന്നായി വിനയപൂർവ്വം ഒരപേക്ഷകൂടി ഉണ്ടു്.
- വക്കീൽ:
- അതിനെന്തു മുടക്കം? ഞാൻ നിശ്ചയമായിട്ടും അതിന്നു വേണ്ടുന്ന ഒത്താശ ചെയ്യും. ഞാൻ തീർച്ചയായിട്ടും നിന്റെ വിവാഹം നടത്തിത്തരും. നീ എന്തിന്നു ഭയപ്പെടുന്നു.
- ഞാൻ:
- നിങ്ങൾ വാക്കു് തെറ്റുന്ന ആളല്ലെന്നു എനിക്കറിയാം. എന്നാലും കൂടി മനുഷ്യാവസ്ഥകൊണ്ടു പറയുന്നതാണു്. എന്നോടു മുഷിയുകയില്ലെങ്കിൽ ഞാൻ പറയാം. എനിക്കു ഒരു ഭയം? ധൈര്യം കേവലം വരുന്നില്ല. വല്ല പ്രകാരത്തിലും ഇതൊക്കെ മുടങ്ങിപ്പോയാലൊ നിങ്ങളെ ആരെങ്കിലും ദുരുപദേശം ചെയ്തു എന്റെ എതിരായി നിറുത്തിക്കളഞ്ഞാലോ? എന്നൊക്കെയോർത്തു ഒരു ഭയം.
- വക്കീൽ:
- എന്റെ കാര്യത്തിൽ നീ ഭയപ്പെടേണ്ട. ദേവേന്ദ്രൻ വന്നപേക്ഷിച്ചാലും ഞാൻ തെറ്റുകയില്ല.
- ഞാൻ:
- ഞാൻ പരദേശിയായതുകൊണ്ടായിരിക്കും എനിക്കിവിടുന്നു ഒരു മനസ്സുറപ്പു പോരാത്തതു. എന്റെ മനസ്സമാധാനത്തിനുവേണ്ടി നിങ്ങൾ ഒരു ശപഥം ചെയ്തു എന്നെ ധൈര്യപ്പെടുത്തണം.
- വക്കീൽ:
- എന്തു സംശയം. വടക്കോട്ടീശ്വരനാണേ നേരു് നിന്റെ വിവാഹം ഞാൻ നടത്തിത്തരും. ആരു മുടക്കം പറഞ്ഞാലും ഞാനീക്കാര്യം നിറവേറ്റിത്തരും.
- ഞാൻ:
- അതാണുചിതം. ഏതായാലും നിങ്ങളെച്ചൊല്ലി എനിക്കൊരു മുടക്കവും നേരിടില്ലെന്നു ഞാൻ കരുതുന്നു. ഞാൻ അപ്രകാരം ഉറപ്പാക്കിക്കൊള്ളട്ടെ.
- വക്കീൽ:
- ഉറപ്പാക്കേണ്ടതിനൊട്ടും വിഷമപ്പെടേണ്ട. വാക്കുപറഞ്ഞാൽ തെറ്റുന്നവരെ എനിക്കു പണ്ടേ കണ്ടുകൂടാ. എന്റെ വാക്കു റജിസ്ട്രാധാരത്തിന്നു സമമാകുന്നു.
- ഞാൻ:
- ആവൂ. ഇങ്ങിനെ കേൾക്കുന്നതുതന്നെ എനിക്കു വലിയ ആശ്വാസം. നിങ്ങൾക്കു ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും.
- വക്കീൽ:
- ഉപകാരം ചെയ്വാനല്ലേ ശരീരം. തെറ്റാതെ നടപ്പാനല്ലേ വാക്കു്.
- ഞാൻ:
- അതു വാസ്തവമാണു്. നിങ്ങൾ വാക്കിന്നിത്ര വിലയുള്ള ആളാണെന്നു എനിക്കിന്നുമാത്രമേ തിരിഞ്ഞുള്ളൂ. അതേതായാലും എന്റെ ഭാഗ്യം.
- വക്കീൽ:
- ആട്ടെ പെണ്ണിനെ കണ്ടിട്ടുണ്ടോ?
- ഞാൻ:
- കണ്ടിട്ടുണ്ടെന്നു മാത്രമല്ല, ഒരു സലാം വെച്ചിട്ടുകൂടി ഉണ്ടു്.
- വക്കീൽ:
- ഹാ! ഹാ! ഹാ! നീ ആളൊരു സരസനാണു്. ഏതാണാകുട്ടി?
- ഞാൻ:
- ഒരു യുവതി. ഒരു കോളേജു് വിദ്യാർത്ഥിനിയാണു്. നിങ്ങൾ നല്ലവണ്ണം അറിയുന്ന ഒരു കുട്ടിയാണു്.
- വക്കീൽ:
- അതും വളരെ നന്നായി. അറിയുന്ന ഒരു കുട്ടിയുടെ കാര്യത്തിൽ യത്നം ചെയ്തു എന്ന ഒരു മേന്മകൂടി എനിക്കു സിദ്ധിക്കുമല്ലോ.
- ഞാൻ:
- എന്റെ സാറെ! ഈ കാര്യത്തിൽ നിങ്ങളുടെ ബന്ധുത്വം എനിക്കു ദൈവസഹായംകൊണ്ടു കിട്ടിയതാണു്. കുട്ടിയുടെ കാര്യത്തിലുള്ള യത്നം എനിക്കാണു് വലിയ ഉപകാരമായിത്തീരുന്നതു്.
- വക്കീൽ:
- ഇത്രയൊന്നും കീർത്തിക്കേണ്ടുന്ന കാര്യമില്ല. കുട്ടിയുടെ പേരെന്താണു്?
- ഞാൻ:
- നിങ്ങൾ പലപ്പോഴും കേട്ട പേർതന്നെയാണു്.
- വക്കീൽ:
- അതു സമ്മതിച്ചെടോ! എന്താണെന്നു പറയരുതേ?
- ഞാൻ:
- ജാനകി എന്നാണു്.
- വക്കീൽ:
- ആരുടെ മകളാണു്.
- ഞാൻ:
- ഒരു വക്കീലിന്റെ.
- വക്കീൽ:
- ആ വക്കീലിന്റെ പേരോ?
- ഞാൻ:
- മാഞ്ചോല ശങ്കരൻ അവർകൾ.
- വക്കീൽ:
- ആരു. ഞാനോ?
- ഞാൻ:
- അതേ. നിങ്ങൾതന്നേ.
- വക്കീൽ:
- എന്റെ മകളേയോ?
- ഞാൻ:
- അതെ, നിങ്ങളുടെ മകളേത്തന്നെ.
- വക്കീൽ:
- ഈ മാതിരി വഞ്ചനയുംകൊണ്ടു നീ എന്റെ നേരെ വരേണ്ടാ.
- ഞാൻ:
- ഒരു പെണ്ണിനെ വിവാഹത്തിന്നന്വേഷിക്കുന്നതിൽ എന്താണു് വഞ്ചന?
- വക്കീൽ:
- ആദ്യംതന്നെ ഉള്ളതു പറയാതെ ഇത്രയൊക്കെ വളച്ചു പറയേണ്ടുന്ന കാര്യമുണ്ടായിരുന്നോ?
- ഞാൻ:
- കാര്യമുണ്ടായിട്ടുതന്നെയാണു് അങ്ങിനെ പറയേണ്ടിവന്നതു്.
- വക്കീൽ:
- എടോ നീ എന്നെ ദ്വേഷ്യം പിടിപ്പിക്കേണ്ട.
- ഞാൻ:
- എനിക്കു അങ്ങിനെ ഒരുദ്ദേശമേ ഇല്ല.
- വക്കീൽ:
- നേരം പോക്കിനുവേണ്ടി എന്തും ചെയ്യുന്നതു അത്ര നന്നല്ല.
- ഞാൻ:
- എന്റെ ഗൗരവമായ കാര്യം ഒരു നേരംപോക്കായി കരുതാതിരിപ്പാൻ ഒരു പ്രത്യേക അപേക്ഷയുണ്ടു്.
- വക്കീൽ:
- എനിക്കു നിന്നോടൊന്നും സംസാരിക്കേണ്ടുന്ന കാര്യമില്ല. നീ പോയ്ക്കോ.
- ഞാൻ:
- എനിക്കു നിങ്ങളോടൊന്നും സംസാരിക്കേണ്ടുന്ന കാര്യമുണ്ടു്. ഞാൻ പോകില്ല.
- വക്കീൽ:
- നീ വെറുതെ നില്ക്കേണ്ട.
- ഞാൻ:
- ഞാൻ വെറുതെയല്ല നില്ക്കുന്നതു. നിങ്ങളുടെ വാഗ്ദത്തം നിറവേറ്റിത്തരാൻവേണ്ടി നില്ക്കുന്നതാണു്.
- വക്കീൽ:
- ഞാൻ ഈ കാര്യത്തിൽ യാതൊരു വാഗ്ദത്തവും നിന്നോടു ചെയ്തിട്ടില്ല.
- ഞാൻ:
- ഈ കാര്യത്തിലല്ലാതെ മറ്റു യാതൊരു കാര്യത്തിലും നിങ്ങൾ വാഗ്ദത്തം ചെയ്തിട്ടില്ല.
- വക്കീൽ:
- കാര്യമെന്താണെന്നറിയാതെ ചെയ്ത വാഗ്ദത്തത്തിന്നു വിലയില്ല.
- ഞാൻ:
- നിങ്ങളുടെ വാഗ്ദത്തം അത്ര ചില്ലറയായി എണ്ണാനും പാടില്ല.
- വക്കീൽ:
- എണ്ണിയാലും ശരി, എണ്ണിയില്ലെങ്കിലും ശരി. എന്തെങ്കിലും ചെയ്തൊ.
- ഞാൻ:
- നിങ്ങളുടെ വാക്കാകുന്ന റജിസ്ട്രാധാരവും പിടിച്ചു എനിക്കു നിങ്ങളുടെ മേൽ ഒരന്യായവുംകൂടി കൊടുക്കാം. നിങ്ങളുടെ സാക്ഷികൊണ്ടു തന്നെ എന്റെ കേസു തെളിയും.
- വക്കീൽ:
- നിനക്കു പണ്ടേ ന്യായത്തേക്കാൾ അന്യായത്തോടാണു് ഭ്രമമെന്നു ഞാൻ അറിയും.
- ഞാൻ:
- വക്കീൽമാരുടെ സേവ കിട്ടിയതോടുകൂടി എനിക്കു അന്യായത്തിൽ വാസനയും കിട്ടിപ്പോയിരിക്കും.
- വക്കീൽ:
- നീ തോന്നിയവാസം പറയേണ്ട. എന്തു വാഗ്ദത്തമാണു് ഞാൻ നിന്നോടു ചെയ്തതു?
- ഞാൻ:
- എന്റെ വിവാഹം നടത്തിത്തരുമെന്ന വാഗ്ദത്തം.
- വക്കീൽ:
- നീ കാണുന്ന പെണ്ണിനെ വിവാഹം ചെയ്തുതരും എന്നു ഞാൻ വാഗ്ദത്തം ചെയ്തിട്ടില്ല.
- ഞാൻ:
- നിങ്ങൾ കാണുന്ന പെണ്ണിനെ വിവാഹം കഴിക്കും എന്നു ഞാനും കണക്കാക്കീട്ടില്ല.
- വക്കീൽ:
- എന്റെ മകളെ നിനക്കു വിവാഹം കഴിച്ചുതരും എന്നു ഞാൻ നിന്നോടു വാഗ്ദത്തം ചെയ്തിട്ടില്ല.
- ഞാൻ:
- എന്റെ വിവാഹത്തിന്നു വേണ്ടുന്ന ഒത്താശകൾ ചെയ്തു തന്നു, വിവാഹം നടത്തിത്തരുമെന്നു നിങ്ങൾ വ്യക്തമായി വാഗ്ദത്തം ചെയ്തിട്ടുണ്ടു്. പോരെങ്കിൽ സത്യവും ചെയ്തിട്ടുണ്ടു്.
- വക്കീൽ:
- നീ ഒരു കാര്യം മറന്നുകളയുന്നു.
- ഞാൻ:
- സകലകാര്യവും എനിക്കോർമ്മയുണ്ടു്.
- വക്കീൽ:
- ഞാൻ സത്യം ചെയ്തുപോയതുകൊണ്ടു നിന്റെ വിവാഹം നടത്തിത്തരാൻ ഞാൻ ബാദ്ധ്യസ്ഥനാണു്. പെണ്ണിന്റെ കൂട്ടുകാരുടെ സമ്മതം മേടിച്ചുതരും എന്നു ഞാൻ വാക്കേറ്റിട്ടില്ല.
- ഞാൻ:
- അതിന്നെനിക്കു നിങ്ങളുടെ ഒത്താശ ഉണ്ടായാൽ മതി.
- വക്കീൽ:
- ഒത്താശയൊക്കെ പെണ്ണിനെ വിവാഹം ചെയ്വാൻ ഉറപ്പുകൊടുത്തതിന്റെ ശേഷമാണു്. നിന്റെ സ്നേഹിതന്റെ നിലയിൽ നിനക്കൊത്താശചെയ്വാൻ ഞാനൊരുക്കമാണു്. പെണ്ണിന്റെ അച്ഛന്റെ നിലയിൽ പെണ്ണിനെ നിനക്കു തരുവാൻ ഞാൻ ഒരിക്കലും അനുവദിക്കയില്ല.
- ഞാൻ:
- ഇതു വേദാന്തികൾ പറയുംപോലെയായിപ്പോയല്ലോ. ഇതൊക്കെയുണ്ടുതാനും, എന്നാലോ യഥാർത്ഥത്തിൽ ഒന്നും ഇല്ലതാനും.
- വക്കീൽ:
- വേദാന്തികൾ പറയുന്നതിലും കാര്യമുണ്ടായിരിക്കും.
- ഞാൻ:
- നമ്മൾ ഇനി നമ്മളുടെ കാര്യം പറയുക. നിങ്ങൾ വിവാഹം നടത്തിത്തരാൻ ഭാവമുണ്ടോ?
- വക്കീൽ:
- ഉണ്ടു്. നീ ഏർപ്പാടുചെയ്ത പെണ്ണിനെ കാണിക്കൂ.
- ഞാൻ:
- ഇങ്ങിനെ പറയുന്നതു കഷ്ടമാണു്.
- വക്കീൽ:
- ഇതിലും കവിഞ്ഞു പറയാത്തതു നിന്റെ ഭാഗ്യമാണു്.
- ഞാൻ:
- എന്നാൽ ഞാൻ ഒരു കാര്യം പറയാം.
- വക്കീൽ:
- ഈ മാതിരി കാര്യമാണെങ്കിൽ എനിക്കു കേൾക്കയേ വേണ്ട.
- ഞാൻ:
- ഇതു നിങ്ങൾ കേൾക്കത്തക്കതും അറിയത്തക്കതുമായ ഒരു കാര്യമാണു്.
- വക്കീൽ:
- ആ മാതിരി കാര്യം നിന്റെ നാവിൽനിന്നു വീഴുമോ എന്നു സംശയമാണു്.
- ഞാൻ:
- നിങ്ങളെപ്പോലെതന്നെ ഞാനും ഒരു സത്യംചെയ്യുന്നു.
- വക്കീൽ:
- എന്തിനു് ?
- ഞാൻ:
- നിങ്ങളെ സത്യഭംഗമാകുന്ന പാപത്തിൽനിന്നു രക്ഷിക്കുവാൻ.
- വക്കീൽ:
- അങ്ങിനെ വല്ല സത്യഭംഗവും ഞാൻ ചെയ്തുപോയിട്ടുണ്ടെങ്കിൽ അതിൽനിന്നു എന്നെ രക്ഷിക്കുവാൻ ഈശ്വരനേ സാധിക്കയുള്ളൂ.
- ഞാൻ:
- എനിക്കും സാധിക്കും. ഞാൻ എന്റെ സത്യം നിറവേറ്റിയാലും മതി.
- വക്കീൽ:
- അതു നിനക്കുമാത്രമേ ബാധകമാകയുള്ളൂ.
- ഞാൻ:
- നിങ്ങൾക്കും ബാധകമാക്കിത്തരാം.
- വക്കീൽ:
- അസംബന്ധം പറയാതെ കടന്നുപോവൂ.
- ഞാൻ:
- പോവാനല്ലാതെ ഞാൻ ഇവിടെ പാർക്കാൻ വന്നവനല്ല.
- വക്കീൽ:
- എനിക്കു നിന്റെ അസംബന്ധം ഒന്നും കേൾക്കണ്ടാ.
- ഞാൻ:
- എന്നാൽ എന്റെ സംബന്ധം കേട്ടോളൂ. ഇന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ ഞാൻ നിങ്ങളുടെ മകളെ വിവാഹം കഴിക്കും. ദൈവത്താണെ നേരു്. ഇതിന്നൊരു ഭംഗവും മുടക്കവും ഉണ്ടാകയില്ല.
- വക്കീൽ:
- ഇതു നിന്റെ വലിയ ധിക്കാരമാണു്.
- ഞാൻ:
- വിവാഹം കഴിക്കുന്നതു ധിക്കാരമാണോ?
- വക്കീൽ:
- എന്റെ സമ്മതം കൂടാതെയോ?
- ഞാൻ:
- നിങ്ങളുടെ സമ്മതത്തോടുകൂടി.
- വക്കീൽ:
- സമ്മതമുണ്ടെങ്കിൽ ഇത്ര താമസിക്കേണ്ടുന്ന കാര്യമുണ്ടായിരുന്നോ?
- ഞാൻ:
- കാര്യമുണ്ടെങ്കിൽ അല്പം താമസിക്കേണ്ടിയും വരും. നിങ്ങളോ എനിക്കുവേണ്ടി ഒരു സത്യംചെയ്തു. എന്റെ സത്യം നിറവേറ്റുന്നതോടുകൂടി നിങ്ങളുടെ അപകീർത്തിയും മാഞ്ഞുപോകും.
- വക്കീൽ:
- അതു രണ്ടിന്നും നിനക്കു സാധിക്കുമെന്നു തോന്നുന്നില്ല.
- ഞാൻ:
- ഞാൻ ആണാണെങ്കിൽ ഇതു രണ്ടും സാധിപ്പിക്കും.
- വക്കീൽ:
- എന്നാൽ നീ ഇപ്പോൾ പോയ്ക്കോ. വെറുതേ സമയം കളയേണ്ട.
- ഞാൻ:
- വേറെ ഒരിക്കൽ വരാൻതക്കവണ്ണം ഞാൻ ഇപ്പോൾ പോയ്ക്കോളാം.
- വക്കീൽ:
- നീ മേലാൽ എന്റെ പടി കടന്നുപോകരുതു.
- ഞാൻ:
- ഞാൻ കേറും. നിങ്ങൾ എനിക്കു കേറാൻ സമ്മതവും തരും.
- വക്കീൽ:
- അതപ്പോൾ പറയാം. നിന്റെ വീരവാദം മതിയാക്കൂ. ഇപ്പോൾ നീ ഇറങ്ങിക്കോ. നിനക്കു നല്ലതാണു് ഞാൻ പറഞ്ഞുതരുന്നതു.
- ഞാൻ:
- നല്ലതു പറയുമ്പോൾ ആരും വഴിപ്പെടേണ്ടതാണു്. ഞാനിതാ പോകുന്നു. മുഷിയരുതു സാറേ! സലാം.
എന്നും പറഞ്ഞു വക്കീലിന്റെ പടിയുംകടന്നു ജാനകിയുടെ മുഖവും ഓർത്തു ഞാൻ ചിന്താമഗ്നനായി എന്റെ വീട്ടിലേക്കു തിരിച്ചു.
*****
നിങ്ങൾ ഒരു വർത്തമാനം കേട്ടിരിക്കുന്നോ? ഞാൻ അക്കാലത്തു് ഒരു സുന്ദരനായിരുന്നു. അതേ; വെളുത്തു തടിച്ചു മീശയും താടിയും നല്ലവണ്ണം മുളയ്ക്കാത്ത ഒരു മാംസളനായ സുന്ദരൻ. എന്റെ കളവാണെങ്കിൽ നിങ്ങൾ എന്റെ ചങ്ങാതിമാരോടു ചോദിച്ചുനോക്കിൻ. സ്ത്രീകൾ എന്തു ചെയ്യുമ്പോലെയായിരുന്നു—എനിക്കോർമ്മയില്ല. അങ്ങനെയാണുപോലും ആത്മപ്രശംസ ചെയ്യുന്നതു. അതുകൊണ്ടു ആ കാര്യം അവിടെ കിടക്കട്ടെ. ഞാൻ എന്റെ ജോലി നടത്തട്ടെ. പ്രോനോട്ടിൽ ഒപ്പിട്ടുകൊടുത്തു പണം മേടിപ്പാൻ എളുപ്പമാണു്. അതു മടക്കിക്കൊടുപ്പാനാണു് പണി. അതുപോലെ സത്യമോ ഞാൻ ചെയ്തുപോയി. അതു നിറവേറ്റുവാനല്ലേ പാടു്. ഒന്നാമതു ജാനകിയെ പാട്ടിലാക്കണം. രണ്ടാമതു വക്കീൽ സമ്മതിക്കണം. വീട്ടിലോ എനിക്കു കടക്കാനും പാടില്ല. പോരാഞ്ഞിട്ടു വക്കീൽ തന്റെ മകളെ താക്കീതു ചെയ്തുവിട്ടിട്ടുമുണ്ടായിരിക്കും. ആട്ടെ ഞാനൊരു വഴി കാണാതെയിരിക്കയില്ല. വക്കീലിന്റെ ഭാര്യ മരിച്ചിട്ടു പത്തുകൊല്ലം കഴിഞ്ഞുപോലും. ജാനകിയെ വിചാരിച്ചു രണ്ടാമതൊന്നിനെ കെട്ടീട്ടുമില്ല. ജാനകിയുടെ വിവാഹം കഴിഞ്ഞതിൽപിന്നെ മാത്രമെ രണ്ടാമതൊരു വിവാഹത്തിനൊരുമ്പെടുകയുള്ളു. വക്കീലിന്റെ വീട്ടിൽ അദ്ദേഹവും അദ്ദേഹത്തിന്റെ മകളും ഒരു വേലക്കാരനും ഒരു വേലക്കാരത്തിയും ഒരു മുത്തിത്തള്ളയും മാത്രമേയുള്ളൂ. ഒടുവിൽ പറഞ്ഞവൾ ആ വേലക്കാരത്തിയുടെ അമ്മയാണു്. വീട്ടിൽ കേറാതെ ഒരു കാര്യവും സാധിപ്പാൻ കഴികയില്ല. ഞാൻ നാലഞ്ചുദിവസം വീട്ടിന്റെ അടുത്തുള്ള റോഡിൽകൂടെ, ചാലിയന്റെ ഓടംപോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കഴിച്ചു. ഒരു ദിവസം ആ മുത്തി റോഡിൽകൂടെ എവിടെയോ പോകുന്നതുകണ്ടു. അവളെ പാട്ടിലാക്കാൻ നോക്കിയാൽ വല്ലഗുണവും സിദ്ധിയ്ക്കുവാനുണ്ടോ എന്നു പരിശോധിപ്പാൻ ഞാനുറപ്പാക്കി.
- ഞാൻ:
- നിങ്ങൾക്കു എന്നെ മനസ്സിലായോ? ഞാൻ നിങ്ങളുടെ വീട്ടിൽ കൂടക്കുടെവരാറുണ്ടു്.
- മുത്തി:
- സുകുമാരൻ മാട്ടറേ എനിക്കാണൊ അറിഞ്ഞുകൂടാത്തതു്.
- ഞാൻ:
- നിങ്ങൾ ശങ്കരൻവക്കീലിന്റെ പെങ്ങളല്ലേ? എന്താണു് ഒരു ദാസിയെ ഒന്നിച്ചുകൂട്ടാതെ പുറപ്പെട്ടതു്.
- മുത്തി:
- ഞാനോ?
- ഞാൻ:
- അതേ.
മുത്തിത്തള്ള എന്റെ മുഖത്തുനോക്കി ഒന്നു ചിരിച്ചു. ഞാൻ യാതൊരു ഭാവവികാരവും കാണിക്കാതെ അവിടത്തന്നെ വളരെ ആദരവോടെ നിന്നു.
- മുത്തി:
- നിങ്ങളോടാരാണു് പറഞ്ഞതു ഞാൻ വക്കീലിന്റെ പെങ്ങളാണെന്നു.
- ഞാൻ:
- മുഖത്തുള്ള ശ്രീത്വവും ജന്മിത്വവും കണ്ടാൽ ആർക്കാണു് മനസ്സിലാക്കൻ സാധിക്കാത്തതു? മുഖം കണ്ടാൽ ഒരാൾ കുലത്തിൽ പിറന്നതോ അല്ലയോ എന്നു ക്ഷണം കണ്ടുപിടിക്കാം. ഞാൻ നിങ്ങളെ ഒന്നാമതു കണ്ടപ്പോൾതന്നെ ആ കാര്യം ഗണിച്ചെടുത്തിരിക്കുന്നു.
- മുത്തി:
- നിങ്ങൾ എന്തൊക്കെയാണു് പറയുന്നതു്? ഞാൻ വക്കീലിനു് ഒന്നുമാവില്ല. അവിടത്തെ വേലക്കാരത്തിയുടെ അമ്മയാണു്.
- ഞാൻ:
- വേലക്കാരത്തിയുടെ അമ്മയോ? ശിവ! ശിവ! എനിക്കു് വിശ്വാസം വരുന്നില്ല. മുഖത്തെന്തൊരു തേജസ്സു്. വയസ്സു് കേവലം മതിക്കില്ല.
- മുത്തി:
- അതൊക്കെ പറഞ്ഞിട്ടെന്താ? ദൈവം വരുത്തുമ്പോലെയല്ലേ വരൂ.
- ഞാൻ:
- അതും കാര്യം തന്നെ. ഇപ്പോഴെങ്ങോട്ടാണു് പോകുന്നതു്?
- മുത്തി:
- മാധവൻവക്കീലിന്റെ മകൾക്കു് ഒരെഴുത്തുകൊടുപ്പാൻ.
- ഞാൻ:
- ആരുടെ എഴുത്തു്?
- മുത്തി:
- ജാനകിക്കുട്ടിയുടെ.
- ഞാൻ:
- എന്താ, വിശേഷിച്ചോ?
- മുത്തി:
- വക്കീലും ജാനകിക്കുട്ടിയും ഇന്നു് നാടകംകാണ്മാൻ പോകുന്ന വിവരം അറിയിക്കാനാണു്.
- ഞാൻ:
- ആട്ടെ. എന്നാലൊട്ടും താമസിക്കണ്ട.
ഇങ്ങിനെപറഞ്ഞു് ഞാൻ ഒരാലോചനയിൽ മുഴുകി. നാടകത്തിന്നിവർ പോകും ഒന്നാം ക്ലാസ്സ് ടിക്കറ്റെടുക്കും. ഒരു സീറ്റിൽ എനിക്കും വിലസണമെന്നുറച്ചു് ഞാൻ വീട്ടിലേക്കു് മടങ്ങി. ദൈവം എന്റെ ഭാഗത്തല്ലാത്ത അവസരത്തിൽ ഞാൻ ദൈവത്തിന്റെ ഭാഗത്തായിരിക്കും എന്നു് പറഞ്ഞപോലെ എനിക്കു് പെട്ടെന്നൊരു യുക്തി തോന്നി. സന്ധ്യയായപ്പോൾ ഞാൻ എന്റെ ചങ്ങാതി കുന്നനത്തു് കല്യാണിയെച്ചെന്നു് കണ്ടു. ഇവളുടെ ഭർത്താവു് ഒരു നാടകക്കാരനാണു്. വേഷമണിയുന്ന സകല സാമഗ്രികളും അവിടെ ഉണ്ടു്. ഞാൻ അവിടെച്ചെന്നു് ഒരു പെണ്ണിന്റെ വേഷം ധരിച്ചു. മുക്കുപണ്ടംകൊണ്ടുള്ള വിവിധാഭരണങ്ങളും ധരിച്ചു. കണ്ണാടി നോക്കിയപ്പോൾ എന്റെ സൗന്ദര്യംകണ്ടിട്ടു് സത്യമായിട്ടും ഞാൻതന്നെ ഒന്നു് ഞെട്ടിപ്പോയി. എന്നെകണ്ടാൽ മോഹിച്ചുപോകാത്ത ആണുങ്ങൾ ഉണ്ടാകയില്ല. ഞാൻ കൃത്യസമയത്തിനു് ഒരു ജടുക്കയിൽ നിന്നിറങ്ങി, വിളക്കുകൾകൊണ്ടു് നിറഞ്ഞ ഹാളിൽ പ്രവേശിച്ചു. “ചന്തംകൊണ്ടു് സമസ്ത നാരികളേയും ജയിച്ചു” ഒരു മനോഹര മന്ദഹാസത്തോടെ ഒന്നാംക്ലാസ്സിൽ ജാനകിയുടെ അടുത്തിട്ടിരുന്ന ഒരു കസാലമേൽ സുഖമായ് ചെന്നിരുന്നു. എന്റെ ജാനകിയുടെ സമീപത്തിരിക്കുന്നതുതന്നെ അവളെ ഞാൻ വിവാഹം പകുതി കഴിച്ചപോലെയുള്ള ആനന്ദം ഉണ്ടാക്കി. ഇരുന്ന ക്ഷണം തന്നേ പരിചയമുള്ളവർ ചിരിക്കുംപോലെ ഞാൻ അവളുടെ മുഖത്തു് നോക്കി ഒന്നു് മന്ദഹസിച്ചു. അവളും എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു. നാടകത്തിലെ ഓരോ പാത്രങ്ങളേപ്പറ്റി ഞാൻ സംസാരിച്ചു് തുടങ്ങി. ഞാൻ ചില ഫലിതങ്ങൾകൊണ്ടു് അവളെ രസിപ്പിച്ചു. ഞാൻ ചില പൊടിക്കൈകൾകൊണ്ടു് അവളെ മയക്കി. എന്റെ സംസാരംകൊണ്ടു് എന്നെക്കാൾ ശുദ്ധഹൃദയമുള്ള ഒരു നാരി വേറെ ഇല്ലെന്നു് ഞാൻ അവളെ ഒരു നിമിഷംകൊണ്ടു് ബോദ്ധ്യപ്പെടുത്തി. ലോകപരിചയമില്ലാത്ത ആ യുവതിക്കു് എന്നിൽ ഒരു ദൃഢവിശ്വാസം ജനിച്ചു. ഞാൻ സീമയില്ലാത്ത പരിചയവും സ്നേഹവും നടിച്ചു് ചില പ്രത്യേക ഘട്ടങ്ങളിൽ അവളുടെ ചുമലിന്മേലും മറ്റും ചിരിച്ചുകൊണ്ടു് ഓരോരോ നുള്ളു വെച്ചു് കൊടുക്കാനും തുടങ്ങി. ഞങ്ങളുടെ സഖ്യം നിമിഷംതോറും വർദ്ധിച്ചു് ഞാൻ “ജാനകി” എന്നു് മനോഹരമാകുംവണ്ണം അവളെ ഒന്നു് വിളിച്ചു. അവൾ പുഞ്ചിരിയോടുകൂടെ എന്റെ നേരെ തിരിഞ്ഞു് എന്റെ കയ്യിന്മേൽ അവളുടെ പല്ലവകോമളമായ കൈ വെച്ചു. എനിക്കു് ഒരു രോമാഞ്ചമുണ്ടായി.
- ജാനകി:
- നിങ്ങൾ എങ്ങിനെ എന്റെ പേരു് മനസ്സിലാക്കി.
- ഞാൻ:
- അന്വേഷിച്ചറിഞ്ഞു.
- ജാനകി:
- നിങ്ങളാരെന്നു് മനസ്സിലായില്ലല്ലോ.
- ഞാൻ:
- ഞാൻ സുകുമാരൻമാസ്റ്റരുടെ പെങ്ങളാണു്. എന്റെ പേരു് സുകുമാരി എന്നാണു്.
- ജാനകി:
- ഓഹോ! അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ടു്. വീട്ടിൽ വരാറുണ്ടു്. അച്ഛന്റെ ഒരു ചങ്ങാതിയാണു്.
- ഞാൻ:
- എന്നാൽ നാം തമ്മിലുള്ള സഖ്യം ഇരട്ടിച്ചു എന്നു തന്നെ പറയാം. എനിക്കു് നിങ്ങളോടുള്ള സ്നേഹം ജാസ്തിയാകുന്നു. നാം തമ്മിൽ ജനിച്ചന്നു മുതൽ പരിചയിച്ചു് വളർന്നവരാണെന്നു് തോന്നിപ്പോകുന്നു.
ഉത്തരത്തിനു് പകരം അവൾ എന്റെ കയ്യൊന്നു് പിടിച്ചു് ഞെരുക്കി ഞാനും അവളുടെ കൈ ഒന്നു് പിടിച്ചു് ഞെക്കി. എനിക്കു് പിന്നേയും ഒരു രോമാഞ്ചമുണ്ടായി. ഞാൻ ആനന്ദക്കടലിൽ നീന്തിക്കളിച്ചു. ആരും തുണയില്ലാതെ പുറപ്പെട്ടതെന്താണെന്നു് ജാനകി ചോദിച്ചപ്പോൾ ജ്യേഷ്ഠൻ എന്നെ ഇവിടെ കൊണ്ടാക്കിയതാണെന്നും ചില പരീക്ഷക്കടലാസ്സുകൾ പരിശോധിപ്പാനുള്ളതുകൊണ്ടു് അവരങ്ങട്ടു് മടങ്ങിയതാണെന്നും അവർ ശരിയായ സമയത്തു് എന്നെ കൂട്ടാൻ വരുമെന്നും ഒരു കോട്ടംകൂടാതെ ഞാൻ അകളങ്കമില്ലാത്ത കന്യകയെ പറഞ്ഞു് ധരിപ്പിച്ചു. ഇങ്ങിനെ ഞങ്ങൾ പല വിഷയത്തെപറ്റിയും സംസാരിച്ചു. അവൾക്കു് എന്നോടു് സ്നേഹവും എനിക്കു് അവളോടു് അനുരാഗവും അതികലശലായി. ഞങ്ങൾ അനേകകൊല്ലം സഖ്യമുള്ളവരേപ്പോലെ ഞങ്ങളുടെ ഹൃദയം തുറന്നു് സംസാരിച്ചു. കളി അവസാനിച്ചപ്പോൾ ജാനകി എന്നോടു് യാത്ര പറഞ്ഞു. അവർ അടുത്ത ഞായറാഴ്ച അങ്ങട്ടു് ചെല്ലാൻ എന്നെ ക്ഷണിക്കുകയും ഞാൻ അതിനു് ഹൃദയപൂർവ്വം അനുകൂലിക്കുകയും ചെയ്തു. ഇങ്ങിനെ എന്റെ ഉദ്ദേശം നിറവേറ്റുവാൻ ഞാൻ അഭിനയിച്ചു് തുടങ്ങിയ നാടകത്തിന്റെ വിഷ്കംഭവും പൊട്ടാതെയും പൊളിയാതെയും പൊടിപൂരമായി കലാശിച്ചതിൽ ഞാൻ അത്യന്തം തൃപ്തിപ്പെട്ടു. എന്റെ ഉള്ളിൽ അളവില്ലാത്ത ഉന്മേഷവും ജനിച്ചു.
ഞായറാഴ്ച ദിവസം ഞാൻ കസവുപുള്ളികളുള്ള ഒരു നീല ബനാറീസ് ചേല ധരിച്ചു് ചുകപ്പുകല്ലുകൾ പടർത്തിയ ഒരു പൊന്നിന്റെ പട്ട അരയിൽ ഇട്ടു് മുറുക്കി. ചുകപ്പു കല്ലുവെച്ച കമ്മൽ കാതിൽ കടിപ്പിച്ചു. ചന്ദ്രകലാകൃതിയിൽ മുല്ലപ്പൂമൊട്ടു് നിരത്തി വെച്ചപോലെ തോന്നുന്ന ഒരു മുടിപ്പൊന്നു് മുടിക്കെട്ടിൽ കുത്തിവെച്ചു. കഴുത്തിൽ പറ്റിനില്ക്കും വണ്ണം ഒരു മുത്തുമാലയും അതിന്റെ കീഴിൽ ഒരു പതക്കവും അതിന്റെ കീഴിൽ അഞ്ചാറിഴയുള്ള ഒരു കാശിമാലയും ധരിച്ചു് കയ്യിന്മേൽ കണ്ണിന്നടയാളമായി പച്ചക്കല്ലുവെച്ച ഓരോ നാഗവളയും വിരലിന്മേൽ പലമാതിരി വൈരമോതിരങ്ങളും ഇട്ടു. പൊഞ്ചിലങ്കയുടെ കണ്ണുകളിലൊക്കെ ഇന്ദ്രനീലക്കണ്ണുകൾ പതിച്ചിരുന്നു. കൈമുട്ടോളം എത്തുന്ന ഒരു ചുകന്ന വില്ലുമ്പിന്റെ ജേക്കറ്റായിരുന്നു ഞാൻ ഇട്ടിരുന്നതു്. ‘ചെമ്പ്ലോസം” (Cherry blossom) എന്ന സുഗന്ധദ്രവ്യം ഞാൻ എന്റെ ഉടുപ്പുകളിൽ പിരട്ടിയിരുന്നു. എന്തിനു് പറയുന്നു, ഞാൻ ഒരു ജടുക്കവണ്ടിയിൽ വക്കീലിന്റെ വീട്ടിലേക്കു് പുറപ്പെട്ടു. ഞാൻ പൂമുഖത്തു് കയറിയപ്പോൾ ഇളംപുഞ്ചിരി പൂണ്ടിരുന്ന എന്നെ, ജാനകി ഓടിവന്നു, കയ്യും പിടിച്ചു് അവളുടെ മുറിയിലേക്കു് കൊണ്ടുപോയി. ഞങ്ങൾ രണ്ടുപേരും വളരെ സന്തോഷിച്ചു. അന്നു് നാട്ടുവർത്തമാനങ്ങൾ വളരെപ്പറഞ്ഞു. ഞങ്ങൾ കവികളേയും കവിതകളേയും പറ്റി സംസാരിച്ചു. ഞങ്ങൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തെപ്പറ്റിയും മലയാളത്തിലെ സംബന്ധത്തെപ്പറ്റിയും പറഞ്ഞു. ഞങ്ങൾ ഗോവധത്തെപ്പറ്റിയും ഊട്ടുപുരയെപ്പറ്റിയും ആക്ഷേപിച്ചു. ഞങ്ങൾ എല്ലാ ജനുസ്സിലുള്ള ആഭരണങ്ങളെപ്പറ്റിയും എല്ലാ നിറത്തിലുള്ള ഉടുപ്പുകളെപ്പറ്റിയും പ്രസ്താവിച്ചു. ഞങ്ങൾ നാട്ടുപക്ഷികളെപ്പറ്റിയും കാട്ടുമൃഗങ്ങളെപ്പറ്റിയും സംസാരിച്ചു. ഞങ്ങൾ പുരാണങ്ങളെപ്പറ്റിയും ഇതിഹാസങ്ങളെപ്പറ്റിയും വിസ്തരിച്ചു. അവൾ ഭഗവൽഗീതയെ വർണ്ണിച്ചപ്പോൾ ഞാൻ അമരുശതകത്തേയും വർണ്ണിച്ചു. അവൾ ഭഗദത്തിന്റെ നാരായണാസ്ത്രത്തെ പ്രശംസിച്ചപ്പോൾ ഞാൻ കർണ്ണന്റെ നാഗാസ്ത്രത്തേയും വാഴ്ത്തിപ്പറഞ്ഞു. അവൾ ഹനുമാന്റെ വാലിന്റെ രോമത്തെപ്പറ്റി വിവരിച്ചപ്പോൾ ഞാൻ വിശ്വാമിത്രന്റെ താടിയുടെ നീളത്തെപ്പറ്റിയും വിവരിച്ചു. അവൾ വേദാന്താർത്ഥ നിഗൂഢതത്വസാരസംക്ഷേപത്തെപ്പറ്റി പ്രലപിച്ചപ്പോൾ ഞാൻ ഋഗ്വേദമഹിമാശ്ചര്യാദിശയ വിസ്തീർണ്ണതയെപ്പറ്റി ആലോചിച്ചു. അവൾ അതും ഇതും പറഞ്ഞപ്പോൾ ഞാൻ ഇതും അതും പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ചിരിക്കുകയും മദിക്കുകയും കളിക്കുകയും രസിക്കുകയും ചെയ്തു. ഇങ്ങിനെ ഒരു ദിവസം ഒരു നിമിഷംപോലെ കഴിഞ്ഞു. അന്നുതൊട്ടു് എല്ലാ ദിവസം വൈകുന്നേരവും ഒഴിവുള്ള ദിവസം മുഴുവനും ഞങ്ങൾ ഒന്നിച്ചുതന്നെ കഴിക്കലായി. വിട്ടുപാർപ്പാൻ കഴിയാത്തവണ്ണം ഞങ്ങളുടെ സ്നേഹം വർദ്ധിച്ചു. ഇങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം ഞാനവളെ മാറോടണച്ചുകെട്ടി ഒന്നു് ചുംബിച്ചു. തന്റെ മറ്റുചങ്ങാതികളൊന്നും തന്നെ ഇതുവരെയും ചുംബിച്ചിട്ടില്ലെന്നു് ആ ജഗന്മോഹിനി പറഞ്ഞപ്പോൾ മറ്റുള്ളവർക്കൊന്നും അങ്ങിനെ തോന്നാത്തതു് സ്നേഹത്തിനു് ആധിക്യം പോരാഞ്ഞതുകൊണ്ടാണെന്നും വ്യസനം ജാസ്തിയുള്ളവർ കരഞ്ഞുംകൊണ്ടിരിക്കുമ്പോലെ സ്നേഹം ജാസ്തിയുള്ളവർ ചുംബിച്ചുംകൊണ്ടിരിക്കുമെന്നും പറഞ്ഞു. ഞാൻ അവളുടെ ചുണ്ടിലും കവിളിലും കണ്ണിലും കർണ്ണങ്ങളിലും നെറ്റിയിലും നെറുകയിലും തിരിച്ചും മറിച്ചും, മറിച്ചും തിരിച്ചും അലക്ഷ്യമായും അലംഭാവമില്ലാതെയും തിരുവാതിര ഞാറ്റുവേലയിലെ മഴപോലെ ചുംബനവർഷം ചെയ്തുതുടങ്ങി. പിന്നേയുള്ള കൂടിക്കാഴ്ചകളിൽ ഞങ്ങൾക്കു് അന്യോന്യം ചുംബിക്കുവാനല്ലാതെ വർത്തമാനം പറവാനുംകൂടി സമയമുണ്ടായിരുന്നില്ല. പരമാനന്ദലഹരിയിൽ മുഴുകി പല ദിവസങ്ങളും കഴിഞ്ഞപ്പോൾ ചുംബിക്കാതിരിക്കുന്ന ഒരു അസാധാരണാവസരത്തിൽ ഞങ്ങൾ അന്യോന്യം ഇങ്ങനെ ഒരു സംഭാഷണം നടനു.
- ജാനകി:
- നിങ്ങളുടെ ജ്യേഷ്ഠൻ ഒരു നൊസ്സനാണെന്നു് തോന്നുന്നു.
- ഞാൻ:
- എന്താണിങ്ങിനെ തോന്നിയതു്.
- ജാനകി:
- ഒരുദിവസം അയാൾ എനിക്കൊരു സലാം തന്നു.
- ഞാൻ:
- നിന്റെ കാന്തിക്കു് സലാം കൊടുക്കാത്ത ആണുങ്ങളുണ്ടോ?
- ജാനകി:
- അറിയാത്തവർക്കു് സലാം കൊടുക്കുന്നതു് തെമ്മാടിത്തരമല്ലേ?
- ഞാൻ:
- ഒരിക്കലുമല്ല. നമുക്കു് ബഹുമാനം ജനിപ്പിക്കുന്നവരെ നമുക്കു് നിശ്ചയമായിട്ടും സലാം ചെയ്യാം.
- ജാനകി:
- എനിക്കങ്ങിനെ തോന്നുന്നില്ല.
- ഞാൻ:
- നല്ലകാര്യം. എന്റെ ജ്യേഷ്ഠനു് ഒരു തെമ്മാടിയാണെന്നോ വിചാരിക്കുന്നതു്?
- ജാനകി:
- അങ്ങിനെ ഞാൻ ഏതായാലും ധരിച്ചിട്ടില്ല.
- ഞാൻ:
- ജ്യേഷ്ഠനെ നീ അറിയാഞ്ഞിട്ടല്ലേ? ഇങ്ങനെ ഒരു മാതൃകാപുരുഷൻ ഈ രാജ്യത്തുണ്ടോ എന്നു് സംശയമാണു്.
- ജാനകി:
- നേരോ?
- ഞാൻ:
- ഇതു് നാടോടെ പ്രസിദ്ധമാണല്ലോ. നീ എങ്ങിനെ കേൾക്കാതെപോയി.
- ജാനകി:
- എന്നോടാരും പറഞ്ഞില്ല.
- ഞാൻ:
- ഇതിലും വലിയ ആശ്ചര്യം ലോകത്തിലെന്താണു്? ജ്യേഷ്ഠന്റെ പേരും ഗുണവും കേൾക്കാത്തവർ കുട്ടികളിൽപോലും ഇല്ലെന്നായിരുന്നു എന്റെ വിശ്വാസം. ഗുരുത്വം കുറഞ്ഞ യുവാക്കന്മാരെ മാതാപിതാക്കന്മാർ ശാസിക്കുന്നതു് ജ്യേഷ്ഠനെ നോക്കിപ്പഠിച്ചു് കൊൾവാനാണു്. അവർക്കാണെങ്കിൽ വ്യഭിചാരമില്ല. സുരപാനമില്ല, ചുരുട്ടുവലി ഇല്ല, പൊടി വലിയില്ല, വഞ്ചനയും ഡംഭവുമില്ല, സത്യത്തിന്നെതിരായി യാതൊരു നടപടിയും ഇല്ല. യാതൊരു കുറ്റവും ഇല്ലെന്നുള്ളതാണു് ജ്യേഷ്ഠന്റെ മേൽ ആരോപിക്കാനുള്ള ഒരേ കുറ്റം. എന്തെല്ലാം നന്മകളാണു് അവർ ചുറ്റുവട്ടത്തിലുള്ളവർക്കു് ചെയ്തുകൊടുക്കുന്നതു്. ദൈവം ഒരാളല്ലേ ഇതൊക്കെ അറിയൂ.
- ജാനകി:
- നിങ്ങൾ എന്തൊക്കെയാണു് ഉതിർത്തു് വിടുന്നതു്?
- ഞാൻ:
- ഉള്ളതു് പറയുന്നതിന്നു് ആരേയും ശങ്കിക്കേണ്ട. കോടാലിക്കോമൻ നായരുടെ വ്യഭിചാരം നിറുത്തിയതു് ജ്യേഷ്ഠനാണു്. മോട്ടാലി ഉണ്ണിനായരുടെ കുടി വിടീപ്പിച്ചതു് ജ്യേഷ്ഠനാണു്. കാരോട്ടു് കുഞ്ഞിക്കാവയെ ബി. ഏ. ക്ലാസ്സിൽ ചേർത്തതു് ജ്യേഷ്ഠന്റെ ഉത്സാഹംകൊണ്ടാണു്. ഭാര്യയെ ഒഴിച്ചുകളഞ്ഞ മൂരാട്ടു മുത്തോറൻനായരെക്കൊണ്ടു് അവളെ വീണ്ടെടുപ്പിച്ചതു് ജ്യേഷ്ഠനാണു്. നീലോത്തുകാരുടെ ജീവനാംശ വ്യവഹാരവും പൊഴുതിനക്കാരുടെ കാരണവസ്ഥാന വ്യവഹാരവും രാജിയാക്കിച്ചതു് ജ്യേഷ്ഠനാണു്. തനിക്കു് ശമ്പളം ജാസ്തിയില്ലെങ്കിലും ഈ രണ്ടു് സാധുക്കളായ കുട്ടികളെ ഫീസുകൊടുത്തു് പഠിപ്പിക്കുന്നുമുണ്ടു്.
- ജാനകി:
- ഇതൊക്കെയാരറിഞ്ഞു. ആണുങ്ങളായാലങ്ങിനെയിരിക്കണം.
- ഞാൻ:
- അതുകൊണ്ടൊക്കെയായിരിക്കാം വിവാഹത്തിനു് എത്ര പെണ്ണുങ്ങളെപ്പറ്റിയാണു് ജ്യേഷ്ഠനു് ശുപാർശ കിട്ടിക്കൊണ്ടിരിക്കുന്നതു്. എല്ലാം വേണ്ടെന്നു വെക്കയാണു് ചെയ്തതു്.
- ജാനകി:
- എന്താ, വിവാഹം കഴിക്കുന്ന ആളല്ലെന്നുണ്ടോ?
- ഞാൻ:
- അങ്ങിനെയല്ല, വിവാഹം കഴിക്കുന്ന ഒരുവളെ മനസ്സുകൊണ്ടു് നിശ്ചയിച്ചിട്ടുണ്ടു്. അവളെയല്ലാതെ മറ്റൊരുവളെ സ്മരിക്കപോലുമില്ലെന്നാണു് ജ്യേഷ്ഠന്റെ പിടുത്തം. ഉറക്കത്തുപോലും അവളുടെ പേരുതന്നെ വിളിച്ചുകൊണ്ടിരിക്കുന്നു.
- ജാനകി:
- ആരാണുപോലും ആ ഭാഗ്യവതി?
- ഞാൻ:
- ആ സ്ത്രീരത്നം എന്റെ മുമ്പിൽ ഇരിക്കുന്ന ഈ സുന്ദരിയായ ജാനകിക്കുട്ടിതന്നെയാണു്.
- ജാനകി:
- എനിക്കത്ര വലിയ ഭാഗ്യം വേണമെന്നു് തോന്നുന്നില്ല.
- ഞാൻ:
- നിണക്കു് വരണാർഹനായി ഉലകത്തിൽ ഒരാളും തന്നെയില്ലെങ്കിലുംകൂടി ബാക്കിയുള്ളവർക്കു് ഭാഗ്യം കൊടുപ്പാനെങ്കിലും നീ ഇതിൽ അനുകൂലിക്കണം. എനിക്കു് ഒരേ ഒരു ജ്യേഷ്ഠൻ മാത്രമേ ആധാരമായുള്ളു. ആ ജ്യേഷ്ഠൻ അസാദ്ധ്യാനുരാഗംകൊണ്ടു് ക്ഷയിച്ചുപോകാതെ ഭൂമിയിൽ ജീവിച്ചിരിക്കണമെങ്കിൽ എന്റെ ചങ്ങാതിയായ നിന്റെ കാരുണ്യം ഒന്നു് മാത്രം മതി. ഒരായുസ്സു്, ഒരു ലോകോപകാരിയുടെ ആയുസ്സു് രക്ഷിച്ച പുണ്യം നിനക്കു് എല്ലായ്പോഴും ഉണ്ടാകുന്നതാണു്. എന്റെ ജ്യേഷ്ഠന്റെ അനുരാഗത്തിന്റെ വലിപ്പവും നാം തമ്മിലുള്ള സഖ്യത്തിന്റെ വലിപ്പവും ആലോചിച്ചാൽ ഇതൊരിക്കലും ഒരു നന്മയില്ലാത്ത വിവാഹമായിരിപ്പാൻ തരമില്ല. അതുകൊണ്ടു് എന്റെ ജാനകിക്കുട്ടി, ഞാൻ പ്രാണനെക്കാൾ വില മതിക്കുന്ന എന്റെ സ്വന്തം ചങ്ങാതി, ഇക്കാര്യത്തിൽ എന്തു് പറയുന്നു?
- ജാനകി:
- ഞാനെന്തു് പറയാനാണു്?
- ഞാൻ:
- നിനക്കു് സമ്മതമോ?
- ജാനകി:
- എന്റെ അച്ഛനു് സമ്മതമാണെങ്കിൽ എനിക്കും സമ്മതം തന്നെ.
- ഞാൻ:
- ആവൂ. എന്റെ ജാനകിക്കുട്ടീ! ഇത്ര നല്ല വാക്കു് നീ എന്നോടു് ഇതുവരെ പറഞ്ഞിട്ടില്ല. ഇന്നത്തെ ദിവസംപോലെ എനിക്കിത്ര ആനന്ദമുണ്ടായ ദിവസം ഉണ്ടായിട്ടില്ല. എന്റെ ജ്യേഷ്ഠനു് ജീവൻ നീ വെപ്പിച്ചു. എനിക്കുള്ള ഒരേ ഒരു ആധാരത്തെ നീ രക്ഷിച്ചു.
ഇങ്ങിനെ പറഞ്ഞു് സഹിക്കവയ്യാത്ത അനുരാഗത്തോടെ ഞാൻ ജാനകിയുടെ മുഖത്തു് ചുംബനങ്ങൾ ചൊരിഞ്ഞു. എന്നെ വിവാഹം ചെയ്യാമെന്നു് സമ്മതിച്ച ഈ തിയ്യതിക്കു് ഇന്നത്തെ തുകയോടുകൂടി ഏകദേശം മുപ്പത്താറുലക്ഷത്തെഴുപത്തെണ്ണായിരത്തഞ്ഞൂറ്റി നാല്പത്തിരണ്ടു് ചുംബനങ്ങൾ അവളുടെ ചുണ്ടിൽതന്നെ പതിഞ്ഞു് പോയിരിക്കുന്നു. ഇതില്പരം രസമെന്താണു്!!!
ഈ മാതിരി ഉരസലിൽതന്നെ, ഞാൻ എന്റെ ജാനകി അറിയാതെ മറ്റൊരു മറക്കവയ്യാത്ത നാടകവും അഭിനയിച്ചുപോരുന്നുണ്ടു്. ഞാൻ ചെല്ലുമ്പോഴൊക്കെ നമ്മുടെ ശങ്കരൻ വക്കീൽ എന്നെ ഒരു വല്ലാത്ത ഭാവത്തിൽ നോക്കുന്നതു് കണ്ടിട്ടു് ഞാൻ അദ്ദേഹത്തിന്റെ ഭ്രമം മൂപ്പിക്കാൻ, ചില പൊടിക്കൈകളൊക്കെ തട്ടിമൂളിക്കാതിരുന്നിട്ടില്ല. ഒന്നാമത്തെ ദിവസം ഞാൻ വക്കീലിനെ ഒന്നു് ഇടങ്കണ്ണിട്ടു് നോക്കിയതേയുള്ളു. രണ്ടാമത്തെ ദിവസം ഒരു നിമിഷനേരം അദ്ദേഹത്തിന്റെ മുഖത്തേക്കു് ഗൗരവഭാവത്തോടെ നോക്കി ഞാൻ ശുമ്മാ നടന്നുകളഞ്ഞു. മൂന്നാമത്തെ ദിവസം അതിലും കവിഞ്ഞ നേരത്തോളം നോക്കി മുഖം തിരിച്ചു് മന്ദാക്ഷത്തോടും മന്ദഹാസത്തോടും മന്ദഗതിയായി നടന്നുകളഞ്ഞു. നാലാമത്തെ ദിവസം മാത്രമേ ഞാൻ അദ്ദേഹത്തെ ഒരു പുതുമാതിരി പുഞ്ചിരികൊണ്ടു് കുളിപ്പിച്ചതുള്ളു. ആ സാധു ഭ്രമിച്ചുപോയിട്ടുണ്ടെന്നു് ഞാൻ ക്ഷണം മനസ്സിലാക്കി. പിന്നെ വരുമ്പോഴൊക്കെ പരിചയംകൊണ്ടു് ഭയം കുറഞ്ഞപോലെ. ഞാൻ മനോഹരമാകുന്ന മന്ദാക്ഷഭാവം വെടിയാതെ അദ്ദേഹത്തിനെ പുഞ്ചിരിപൂണ്ട എന്റെ കാമോദിതകടാക്ഷങ്ങൾക്കു് ഇരയാക്കിത്തീർക്കയാണു് പതിവു്. ആ സാധുവായ അപത്നികൻ കാമപരവശനായി വരുന്തോറും എന്റെ ഹൃദയം ഉല്ലാസംകൊണ്ടു് വികസിച്ചു. അദ്ദേഹത്തിന്റെ മനോവികാരം ഞാൻ ഗ്രഹിച്ചിട്ടുണ്ടെന്നും ആ കാര്യത്തിൽ എനിക്കു് വിരോധമില്ലെന്നും ഞാൻ പലവിധങ്ങളായ എന്റെ അഭിനയനടപടികൾകൊണ്ടു് അദ്ദേഹത്തെ അറിയിച്ചു. ഞാൻ അയാളെ, എന്റെ നേർക്കടുക്കുവാൻ അടിക്കടി ധൈര്യപ്പെടുത്തി. പിന്നെപ്പിന്നെ അദ്ദേഹം എന്നെക്കാണുമ്പോഴൊക്കെ ലോഹ്യംപറവാനുള്ള സ്വാതന്ത്ര്യം എടുത്തുതുടങ്ങി. ഞാൻ അതിനും വഴിപ്പെടാതിരുന്നില്ല. ഒന്നുരണ്ടു് ദിവസം ഞാൻ നിലത്തു് നോക്കീട്ടേ സംസാരിക്കാറുള്ളു. എങ്കിലും പിന്നെ ക്രമേണ മുഖത്തു് നോക്കിത്തന്നെ സംസാരിച്ചുതുടങ്ങി. രണ്ടോ മൂന്നോ വാക്കല്ലാതെ പൂമുഖത്തുനിന്നു് ഞാൻ സംസാരിക്കാറില്ല. ഞാനും ജാനകിയും സല്ലപിക്കുന്ന മുറി തെക്കെ അകമാകുന്നു. ജാനകി വല്ല കാരണത്താലും മുറി വിട്ടുപോകുന്ന അവസരത്തിൽ അദ്ദേഹം മെല്ലെ അകത്തേ കോലായിൽ കടന്നു്, തെക്കെ അകത്തെ വാതിലിന്നരികെ വന്നു് എന്നെ ഉറ്റുനോക്കുന്നുണ്ടാകാം. അദ്ദേഹം നോക്കുന്നതു് ഞാനറിയാറുണ്ടെങ്കിലും ഒന്നു് രണ്ടു് ദിവസം കാണാത്ത ഭാവത്തിൽ ഒരു പുസ്തകവും വായിച്ചു് ഞാൻ കഴിച്ചു. പിന്നെ ഒരു ദിവസം അദ്ദേഹം ഇങ്ങിനെത്തന്നെ വന്നുനോക്കുമ്പോൾ ഞാൻ പുസ്തകത്തിൽ നിന്നു് യദൃച്ഛയാ എന്നപോലെ കണ്ണുപൊക്കി അദ്ദേഹത്തെ പെട്ടെന്നു് കണ്ടതുപോലെ ഒന്നു് കടാക്ഷിച്ചു. ക്ഷണം എഴുന്നേറ്റുനിന്നു് നിലവും നോക്കി പുഞ്ചിരി തൂകിക്കൊണ്ടുനിന്നു. മറ്റൊരു ദിവസം ഇങ്ങിനെ അദ്ദേഹം വാതിലിന്നരികെ വന്നുനോക്കിയപ്പോൾ ഞാൻ എഴുന്നേറ്റു് ചോടെ നോക്കി. ജാസ്തി പുഞ്ചിരിയോടെ കാൽകൊണ്ടു് നിലത്തു് ഓരോ വര വരച്ചു് തുടങ്ങി. അങ്ങിനെയിരിക്കുമ്പോൾ ഞാൻ ഒരു ദിവസം എന്നെയും ധ്യാനിച്ചു് പൂമുഖത്തിരിക്കുന്ന അദ്ദേഹത്തെ മന്ദഹാസത്തോടെ ഒന്നു് ഏന്തി നോക്കി തെക്കെ മുറിയിലേക്കു് തിരിച്ചു. പിന്നാലെതന്നെ വന്ന അദ്ദേഹത്തിനു് പെട്ടെന്നുള്ള ജാനകിയുടെ വരവുകൊണ്ടു് എന്റെ മുറിയിൽ കടപ്പാൻ സാധിച്ചില്ല. പിന്നെ ഒരു ദിവസം ഞാൻ അകത്തേ കോലായിൽ ചെന്നുനിന്നു, അദ്ദേഹം അവിടെ പ്രവേശിക്കുന്നതു് കണ്ടപ്പോൾ ലജ്ജയോടുകൂടെ തെക്കെ മുറിയിൽ എത്തിച്ചേർന്ന അദ്ദേഹം വാതിലിന്നരികെ വന്നുനിന്നു് ഒന്നുരണ്ടു് കുറി വടക്കോട്ടു് നോക്കിക്കൊണ്ടു് വായിപ്പാൻ അസ്സൽ ബുക്കാണെന്നും പറഞ്ഞു് പല്ലു് കാണെ മന്ദഹസിക്കുന്ന എന്റെ കയ്യിൽ അതും തന്നു് എന്റെ മുഖത്തേക്കു് വല്ലാത്ത പാരവശ്യത്തോടെ ഒന്നു നോക്കി മടങ്ങിപ്പോയി. കള്ളി എനിക്കു് ക്ഷണം ഓടി ഞാൻ ജാനകി വരുംമുമ്പേതന്നെ ആ ബുക്കിൽ അടക്കം ചെയ്തിരുന്ന കത്തു് തുണിയുടെ കുത്തിൽ ഇറക്കിവെച്ചു. വീട്ടിൽ മടങ്ങിച്ചെന്നു് കത്തു് വായിച്ചപ്പോൾ എനിക്കു് വല്ലാതെ ചിരി വന്നു. ഞാൻ ചിരിച്ച ചിരിക്കു് ഒരു കയ്യും കണക്കുമുണ്ടായിരുന്നില്ല. “എന്റെ മനോമോഹനരൂപം കണ്ടിട്ടു് രാത്രിയിൽ ഉറങ്ങാറില്ലെന്നും, സുശീലയായ ഞാൻ തന്നെ വിവാഹം ചെയ്യാതെ പോയാൽ തന്റെ ജീവകാലം പാഴായിപ്പോകുമെന്നും, എനിക്കു് തന്നോടും കേവലം വൈമുഖ്യമില്ലെന്നു് താൻ വിശ്വസിക്കുന്നുണ്ടെന്നും, എന്റെ കാരുണ്യമില്ലാതെ പോയാൽ താൻ നിന്റെ സങ്കടത്തിന്നു് പാത്രമാകുമെന്നും, എന്റെ പാദദാസനായി താൻ മരിക്കുംവരെ ഇരുന്നുകൊള്ളുന്നതു് ഒരു പരമഭാഗ്യമായി കരുതുന്നുണ്ടെ”ന്നും മറ്റുമായിരുന്നു വക്കീലിന്റെ രസകരമായ കാമലേഖനത്തിന്റെ ഒരു ചുരുക്ക വിവരണം. പിറ്റെ ദിവസം ഞാൻ എന്റെ വേഷത്തിനു് തെല്ലുകൂടി മോടികൂട്ടി ചുണ്ടു് നല്ലവണ്ണം ചുകപ്പിച്ചു; പല്ലു് നല്ലവണ്ണം വെളുപ്പിച്ചു; മുടി വേണ്ടപോലെ കറുപ്പിച്ചു. ദൂരെനിന്നു് എന്നെ കണ്ടപ്പോൾതന്നെ തന്റെ ഉള്ളിലുള്ള സംശയവും ഭയവും തീർന്നുപോയതു് കൊണ്ടായിരിക്കും വക്കീൽ മന്ദഹസിക്കാൻ തുടങ്ങിയിരിക്കുന്നതു്. ഞാനും എത്രയോ പ്രസന്നമുഖിയായി പുഞ്ചിരിതൂകിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുഖത്തുനോക്കി. ഞാൻ ഹംസത്തെ നിന്ദിച്ചുംകൊണ്ടു് പൂമുഖത്തെത്തി. അവിടന്നു് അസാരം ഒന്നു് തിരക്കിനടന്നു് നമ്മുടെ തെക്കെ മുറിയിൽ എത്തി. അന്നു് ജാനകിയെ അവിടെ കണ്ടില്ല. ഇതു് വക്കീലിന്റെ യുക്തിയായിരിക്കണം എന്നു് ഞാൻ മനസ്സിലാക്കി. ഞാൻ വാതിലിന്റെ അടുക്കെ വന്നുനിന്നു് അതിന്റെ ഒരു പൊളിയും പിടിച്ചു് അതു് മെല്ലെ തുറന്നും അടച്ചുംകൊണ്ടു് അവിടെ നിന്നു. വക്കീൽ വരുമ്പോൾ ഞാൻ വാതിലിന്റെ പൊളികൊണ്ടു് കളിക്കുംപോലെ തന്നെ നിന്നു. വക്കീൽ അടുത്തെത്തിയപ്പോൾ ഞാൻ ആ നിമിഷത്തിൽ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളു എന്നു് നടിച്ചു് “സ്” എന്നു് മന്ദഹസിച്ചുകൊണ്ടുച്ചരിച്ചു, ചുണ്ടും കടിച്ചുപിടിച്ചു് ആ വാതിൽപൊളിയുടെ മറവിൽ വക്കീൽ എന്നെ വന്നു് പിടികൂടുമോ എന്ന നാട്യവും നടിച്ചു, ചുമരുംചാരിനിന്നപ്പോൾ ആ കാമാതുരൻ മുറിയിൽ കടന്നു്, എന്നെ കെട്ടിപ്പിടിച്ചു് ഗാഢമായൊന്നു് ചുംബിച്ചു. വിടു വിടു ആരെങ്കിലും കാണും. ജാനകി ഇപ്പോൾ വരും എന്നു് മൃദുവായി മന്ത്രിച്ചുംകൊണ്ടു് ഞാൻ പ്രയാസപ്പെട്ടു് അദ്ദേഹത്തിന്റെ പാണിബന്ധനത്തിൽനിന്നു് വിട്ടൊഴിഞ്ഞുനിന്നു. “കണ്ടാലെന്താണു്? നീ എന്റെ മേലാലത്തെ ഭാര്യയല്ലേ?” എന്നു് പറഞ്ഞുംകൊണ്ടു് അദ്ദേഹം രണ്ടാമതും ചില കുണ്ടാമണ്ടിക്കു് പുറപ്പെട്ടപ്പോൾ ഞാൻ വഴിപ്പെട്ടില്ല. “നീ എന്റെ കത്തു് വായിച്ചില്ലേ? അതിനെന്താണു് മറുപടി ഒന്നും തരാത്തതു് ?” എന്നു് അദ്ദേഹം നെഞ്ഞത്തു് കയ്യുംവെച്ചു് എന്നോടു് യാചിച്ചു. ഞാൻ ലജ്ജയും അഭിനയിച്ചു് തലയും താഴ്ത്തിനിന്നു.
- വക്കീൽ:
- എന്നെ എന്തിനാണിങ്ങനെ കഷ്ടത്തിലാക്കുന്നതു്? എന്താണൊന്നും മിണ്ടാത്തതു്. വിവാഹകാര്യത്തെപ്പറ്റി നീ എന്തു് പറയുന്നു?
- ഞാൻ:
- (ചോടെനോക്കിക്കൊണ്ടു്) ഈ കാര്യത്തിൽ ഞങ്ങളെപ്പോലെയുള്ളവർക്കു് എന്തു് സ്വാതന്ത്ര്യമാണു്.
- വക്കീൽ:
- ഞാൻ പിന്നെ ആരോടാണു് അന്വേഷിക്കേണ്ടതു്?
- ഞാൻ:
- എന്റെ ജ്യേഷ്ഠനോടു് ചോദിച്ചാൽ അദ്ദേഹം മറുപടി പറയും.
- വക്കീൽ:
- അദ്ദേഹം സമ്മതിച്ചില്ലെങ്കിലോ?
- ഞാൻ:
- എന്നാൽ വിവാഹം നടക്കുകയില്ല.
- വക്കീൽ:
- സമ്മതിപ്പാനെന്തു് വഴി?
- ഞാൻ:
- അതു് നിങ്ങൾ ആലോചിക്കേണ്ടുന്ന കാര്യമാണു്.
- വക്കീൽ:
- ഞാനൊന്നും കാണുന്നില്ല. ചോദിക്കുമ്പോൾ തന്നെ സമ്മതിച്ചില്ലെങ്കിൽ പിന്നെ വളരെ വൈഷമ്യം നേരിടും. നീ എന്തെങ്കിലും വഴി കാണുന്നുണ്ടോ?
- ഞാൻ:
- (മന്ദഹസിച്ചുംകൊണ്ടു്) ആലോചിച്ചാലൊക്കെ വഴി ഉണ്ടാകും.
- വക്കീൽ:
- എന്താണാവഴി? എന്തെങ്കിലും ഒരു വഴി പറഞ്ഞുതരൂ. ഞാൻ എന്തും ചെയ്വാനൊരുക്കമാണു്.
- ഞാൻ:
- ജ്യേഷ്ഠനു് നിങ്ങളുടെ മകൾ ജാനകിക്കുട്ടിയെ വലിയ പിടിത്തമാണു്. ജാനകിക്കുട്ടിക്കും അതു് സമ്മതമാണു്. അവർക്കു് അവളെ വിവാഹം കഴിച്ചുകൊടുത്താൽ പിന്നെ നിങ്ങളുടെ വിവാഹത്തിനും ജ്യേഷ്ഠൻ വിരോധം പറയുവാനിടയില്ലെന്നു് തോന്നുന്നു.
- വക്കീൽ:
- ഹാ, ഹാ. അസ്സൽ ഉപായം. ഒരിക്കലും ഉപായം പറയില്ല.
- ഞാൻ:
- എന്നാൽ അതിനു് നിങ്ങൾ ഉറച്ചോ?
- വക്കീൽ:
- അദ്ദേഹത്തിനു് ജാനകിക്കുട്ടിയെമാത്രമല്ല, എന്റെ സർവ്വസ്വവും ഞാൻ കൊടുക്കുമല്ലൊ. ഞാൻ ഇന്നുതന്നെ അദ്ദേഹത്തിനു് കത്തെഴുതിക്കളയാം. വിവാഹം അടുത്ത ദിവസത്തിൽതന്നെ കഴിക്കണം. എന്നാൽ നമുക്കും അധികം കാക്കേണ്ടിവരില്ല.
*****
ഇങ്ങിനെ വക്കീലിന്റെ അനുമതിയോടുകൂടി ഞാൻ ജാനകിയെ വിവാഹം ചെയ്തു് എന്റെ വീരവാദം നിറവേറ്റിട്ടു് ദിവസം പത്തായി. പെൺഹൃദയവും, ജീവിതകാലവും ഒരുപോലെ അതിശയചഞ്ചലമായിരിക്കകൊണ്ടു് ഞാൻ പെണ്ണായ കള്ളി എന്റെ ജാനകിയോടു് മിണ്ടിയതേ ഇല്ല. സുകുമാരി, ബ്രഹ്മവിദ്യാസമാജത്തിന്റെ സെക്രട്ടറി മിസ്സിസ് പീറ്റർ പെസാന്തു മദാമ്മയുടെ ഒന്നിച്ചു് അമേരിക്കയിൽ പൊയ്ക്കളഞ്ഞു എന്ന ഒരു “കബളം” അവളെ പറഞ്ഞു് ബോദ്ധ്യപ്പെടുത്തി. എങ്കിലും അപ്പോൾ തന്നെ “നിന്നെ കിട്ടിയെനിക്കു് സുന്ദരി; മഹായത്നത്തിനാൽ ജാനകീ” എന്ന പദം പതുക്കെ ചൊല്ലി വിട്ടിട്ടുമുണ്ടു്. ഈ വർത്തമാനം കേട്ടപ്പോൾ എന്റെ നൂറ്റമ്പതുറുപ്പിക കബളിപ്പിച്ച വക്കീലിന്റെ കാര്യം എടുക്കാനും തൊടാനുമുണ്ടായിരുന്നില്ല. അദ്ദേഹം ബാക്കിയുള്ള സ്വത്തുക്കളുംകൂടി തന്റെ ഏകപുത്രിയായ ജാനകിക്കു് ഒസ്യത്തെഴുതി വെച്ചു. പാട്ടം പിരിപ്പിക്കാൻ എനിക്കു് മുക്ത്യാർ നാമവും തന്നു് കാശിക്കു് വെച്ചടിച്ചു. ഞാൻ ആ സ്വത്തുക്കളുടെ ആദായത്തിൽനിന്നു് തന്നെ ആവശ്യപ്പെട്ട പണം എടുത്തു് അദ്ദേഹം മേലാൽ മടങ്ങിവരാതിരിപ്പാൻ വേണ്ടി വളരെ വഴിപാടുകൾ ചെയ്തു.
ഇ. കെ. ഗോപാലക്കുറുപ്പും കെ. വി. കൃഷ്ണക്കുറുപ്പും വലിയ ചങ്ങാതിമാരാണു്. ബസ്രയിൽനിന്നു് ശത്രുക്കളുടെ ഉണ്ടക്കു നെഞ്ഞും കാട്ടി ഹാനിതട്ടാതെ ഞെളിഞ്ഞു് മടങ്ങിവന്നതിൽപിന്നെ കൂറായി കച്ചവടം നടത്തിവരുന്നവരാണു്. രണ്ടാളും സ്ത്രീജിതന്മാരാണെന്നു് മാത്രമല്ല; സ്ത്രീകളിൽ എളുപ്പത്തിൽ ഇണങ്ങുന്നവർ—പണിപ്പെട്ടു് ഇണങ്ങുന്നവർ—എന്ന രണ്ടു് തരക്കാരെ ഉള്ളു എന്നു് വിശ്വസിച്ചു് വരുന്നവരുമാണു്. ചാരിത്രശുദ്ധി എന്നൊരു വാക്കുള്ളതു് യഥാർത്ഥമാണെന്നു് സമ്മതിച്ചാലും, അങ്ങിനെ ഒന്നുള്ള ഒരു സ്ത്രീ ഉണ്ടായിരിക്കുമെന്നു് അവർ കൊന്നാലും സമ്മതിക്കില്ല. അങ്ങിനെ വല്ല സ്ത്രീകളുമുണ്ടെങ്കിൽ അവൾ അവളുടെ കള്ളി നല്ലവണ്ണം ഒളിച്ചുവെക്കാൻ സാമർത്ഥ്യമുള്ളവളൊ അല്ലെങ്കിൽ ഹിതാനുസരണം പ്രവർത്തിക്കാൻ തരമില്ലാഞ്ഞു് ക്ലേശിക്കുന്നവളൊ ആയിരിക്കാനേ ഇടയുള്ളു എന്നാണു് നമ്മുടെ രണ്ടു് ചങ്ങാതിമാരുടേയും ദൃഢമായ വിശ്വാസം. ഇതും പോരെങ്കിൽ, ചാരിത്രശുദ്ധി എന്നതു് പ്രകൃതിവിരുദ്ധമായ ഒരു വലിയ ദോഷമാണെന്നു് അവർ വിധിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു് അതു കൊണ്ടു നടക്കുന്ന സ്ത്രീകളെ ക്രിമിനൽ തടവിൽ ജീവപര്യന്തം കൊണ്ടയിടണം എന്നുകൂടി ഈ സരസന്മാർക്കു് ഒരു പിടിത്തമുണ്ടു്. നിയമനിർമ്മാണസഭയിൽ ഇവർക്കു് ഓരോ മെമ്പർസ്ഥാനം കിട്ടാത്തതു് ആരുടെ ഭാഗ്യംകൊണ്ടൊ എന്നറിയുന്നില്ല. ഒരു ദിവസം നിരത്തുവക്കിനുള്ള തങ്ങളുടെ ചെറിയ ഷാപ്പിൽ കൃഷ്ണക്കുറുപ്പും, തന്റെ ചങ്ങാതിയും കൂറുകാരനുമായ ഗോപാലക്കുറുപ്പും സിഗറട്ടു് വലിച്ചുകൊണ്ടു് ഓരോ കസേലമേൽ ഇരുന്നു് ഓരോരോ പെൺകിടാങ്ങളുടെ ചാരിത്രശുദ്ധിക്കു് ഹാനികരങ്ങളായ മനോരാജ്യങ്ങളിൽ ലയിക്കുകയായിരുന്നു. അപ്പോൾ നിരത്തിന്മേൽകൂടെ തുന്നൽ പഠിക്കാനായി കോൺവെണ്ടിൽപോകുന്ന ഒരു പെണ്ണിന്റെ മേനിയിൽ അടിതൊട്ടു് മുടിവരെ ഇക്കൂട്ടരുടെ നാലു കണ്ണുകളും തോട്ടുവെള്ളത്തിലെ മിൻകൂറകളെപോലെ ചുഴന്നു് കളിപ്പാൻ തുടങ്ങി. പെണ്ണു്, വെളുപ്പും ഒത്ത തടിയും പതിനേഴു വയസ്സും ഉള്ള ഒരു സുമുഖി തന്നെയായിരുന്നു. അവൾ ക്ഷണം അതിലെ കടന്നുപോകുന്നതിനിടയ്ക്കു് ഷാപ്പും, ഷാപ്പുകാരേയും പ്രസന്നമുഖിയായൊന്നു് കടാക്ഷിച്ചു. നിവൃത്തിയില്ലാതെ ഭ്രമിച്ചുപോയ നമ്മുടെ തറവാട്ടുകാരായ രണ്ടു് പുള്ളികളും അന്യോന്യം മിഴിച്ചുനോക്കിത്തുടങ്ങി.
- കൃഷ്ണക്കുറുപ്പ്:
- ആരാ, ആ കടന്നുപോയ പെണ്ണു്?
- ഗോപാലക്കുറുപ്പ്:
- ആർക്കറിയാം! ഞാനിന്നൊന്നാമതു് കാണുകയാണു്.
- കൃ:
- ഹാ! എന്തൊരു നിറമാണു്!
- ഗോ:
- ഹൂ! എന്തൊരു മുടിയാണു്!
- കൃ:
- അയ്യാ! എന്തൊരു നോട്ടമാണു്!
- ഗോ:
- ദൈവമേ! എന്തൊരു നടത്തമാണു്! ആ നിതംബം കുലുക്കിക്കൊണ്ടുള്ള നടത്തം!
- കൃ:
- എന്റെ ഭഗവാനേ! മന്ദഹാസത്തോടെ നോക്കിയ നോട്ടമോ!
- ഗോ:
- ആകപ്പാടെ ഇത്ര നല്ല പെണ്ണിനെ ഞാനീരാജ്യത്തു് കണ്ടിട്ടില്ല.
- കൃ:
- ഇങ്ങിനെ ഒന്നിനെ കാണാൻ എത്ര പുണ്യം ചെയ്യണം!
- ഗോ:
- ഇങ്ങിനെ ഒന്നിനെ വഹിക്കാൻ ഭൂമിക്കെത്ര ഭാഗ്യം വേണം!
- കൃ:
- ഇങ്ങിനെ ഒന്നിനെ വരിക്കാൻ ആണിന്നെത്ര ഭാഗ്യം വേണം!
- ഗോ:
- ഇങ്ങിനെ ഒന്നിനെ തൊടാൻ യോഗ്യതയുള്ള ആണുങ്ങളുണ്ടോ?
- കൃ:
- അവളുടെ രൂപം എന്റെ മനസ്സിൽനിന്നു് വിട്ടുപോകുന്നില്ല.
- ഗോ:
- അവളെ ഞാൻ മരിച്ചാലും മറക്കില്ല.
ഈ സുന്ദോപസുന്ദരന്മാരിൽ ഓരോരുത്തർക്കും മറ്റേവൻ അറിയാതെ ഈ ‘ഇഹലോകതിലോത്ത’മയെ പാട്ടിലാക്കണം എന്നു് കലശലായ ആശയും വാശിയും ഉണ്ടായി. രണ്ടുപേരും അന്യോന്യം അന്തർഗ്ഗതം മറച്ചുവെച്ചു. ഇതൊന്നും പോരാഞ്ഞിട്ടു് രണ്ടുപേരും അന്യോന്യം അതിയായ അസൂയയും ജനിച്ചു. രണ്ടുപേരും കുറേനേരത്തോളം ചിന്താമഗ്നന്മാരായി മിണ്ടാതെ നിന്നു.
- കൃഷ്ണക്കുറുപ്പ്:
- നീ എന്തു് വിചാരിക്കുന്നു?
- ഗോപാലക്കുറുപ്പ്:
- ഞാനെന്തു് വിചാരിക്കാൻ?
- കൃ:
- അവളുടെ ചാരിത്രം നമ്മളെന്തിന്നു് പോക്കുന്നു?
- ഗോ:
- ആ പാപം ഏതായാലും നമ്മൾക്കു് വേണ്ടാ.
- കൃ:
- എനിക്കെന്തോ? ആ പളുങ്കിൽ ഒരു കളങ്കമുണ്ടാക്കാൻ മനസ്സു് വരുന്നില്ല.
- ഗോ:
- എനിക്കു് ആ പൂങ്കാവിൽ ഒരു നായക്കുരണ നട്ടു കാണിക്കാനിഷ്ടമില്ല.
- കൃ:
- നമ്മൾ, എന്നുതന്നേയല്ല, ആ കണ്ണാടിക്കു് കറ പിടിപ്പിക്കാൻ ആരുംതന്നെ നോക്കരുതു്.
- ഗോ:
- ആ 1703-ാം നമ്പ്ര് മല്ലിൽ മഷിയൊഴിക്കാനാരേയും സമ്മതിക്കരുതു്.
- കൃ:
- ആ തങ്കബിംബത്തിൽ ആതങ്കത്തെ ഒരുവനും ഉണ്ടാക്കരുതു്.
- ഗോ:
- ആ നിർമ്മലജലത്തിൽ വിഷം കലക്കാൻ ഏതു് കോമനേയും അനുവദിക്കരുതു്.
- കൃ:
- അവളെ സർവ്വദുർമ്മാർഗ്ഗങ്ങളിൽ നിന്നും കാക്കേണ്ടതു് നമ്മുടെ മുറയാണു്.
- ഗോ:
- എടത്തരക്കാരായവരുടെ യാതൊരു സഹവാസവും അവൾക്കു് വിരോധിക്കേണ്ടതു് നമ്മളാണു്.
- കൃ:
- ആ തളിരിന്മേൽ ഒരു പുഴുക്കുത്തു് വീഴുന്നതു് എനിക്കു് സഹിച്ചുകൂടാത്ത സങ്കടമായിരിക്കും.
- ഗോ:
- ആ വെള്ളക്കല്ലിന്മേൽ ഒരു കേടു് കൂടുന്നതു് എനിക്കു് മയഞ്ഞുപോകാത്ത ഒരു പശ്ചാത്താപമായിരിക്കും.
- കൃ:
- ആ വെൺതാമരയിൽ യാതൊരു വണ്ടിനേയും വീഴാനനുവദിക്കരുതു്.
- ഗോ:
- ആ ലതയിൽ യാതൊരാളും ഒരു പൂപോലും അപഹരിക്കരുതു്.
- കൃ:
- ഞാൻ ഏതായാലും അവളെ മോശപ്പെടുത്താൻ ശ്രമിക്കില്ല.
- ഗോ:
- എന്നെക്കൊണ്ടൊരിക്കലും അവൾക്കൊരു ദോഷവും നേരിടുകയില്ല.
- കൃ:
- അപ്പോൾ നമ്മൾ രണ്ടാളും ഇവളുടെ കാര്യത്തിൽ ഒരേ മനസ്സാണു്.
- ഗോ:
- എന്നെ ഈ കാര്യത്തിൽ ശങ്കിക്കതന്നെ വേണ്ട.
- കൃ:
- എനിക്കതു് വളരെ സന്തോഷം.
- ഗോ:
- എനിക്കും അങ്ങിനെ തന്നെ.
വായനക്കാരെ, ഈ കൂട്ടരുടെ കുറുമ്പു് നോക്കൂ! ഇവരുടെ സംസാരം കേട്ടാൽ ഇവര ഇരുവരേയും പെണ്ണിന്റെ രക്ഷിതാക്കന്മാരായി സർക്കാറിൽനിന്നു് നിശ്ചയിച്ചതാണെന്നു് തോന്നിപ്പോകും. മറ്റു, ഇത്രയൊക്കെ എങ്ങാൻ ക്ലേശിക്കാനുണ്ടോ? ഗതിരഹിതകളും വൃദ്ധകളും ആയ എത്ര പെണ്ണുങ്ങൾ പട്ടിണിയിട്ടു് ദിവസം പോക്കുന്നുണ്ടു്! അവരിൽ ഏതെങ്കിലും ഒരുത്തിക്കു് ഇവരുടെ വകയായി ഒരു നേരത്തെ ആഹാരം കൊടുക്കാൻ ഇവർക്കു് തോന്നിയോ? ഇങ്ങിനെ അന്യോന്യം ഉള്ളം മറച്ചുവെച്ചു് രണ്ടുകള്ളന്മാരും തങ്ങളുടെ മനസ്സിൽ കണ്ണാടിയിൽ എന്നപോലെ നിഴലിച്ച ആ തരുണിയുടെ മുഖപത്മം തന്നെ ആലോചിച്ചു് കഴിച്ചുകൂട്ടി. അവളോടു് വല്ലവിധത്തിലും അടുത്തുകൂടുവാൻ ഈ രണ്ടു് വിടന്മാരും അവരുടെ ബുദ്ധിശക്തിക്കനുസരണമായ ഓരോ സൂത്രം എടുത്തുനോക്കാനും, ഫലിപ്പിക്കുവാൻ സാധിക്കുമോ എന്നു് തൂക്കിനോക്കാനും തുടങ്ങി. രണ്ടുകൂട്ടർക്കും അന്നു് ഊണു് നല്ലവണ്ണം ചെന്നില്ല. ഊണും കഴിഞ്ഞു് രണ്ടു കൂട്ടരും അടിയന്തിരമായി കാര്യം ഉണ്ടായിരുന്നപോലെ, ഷാപ്പിലേക്കു് ക്ഷണം മടങ്ങിയെത്തിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ആ മങ്കയുടെ മടക്കം കാണ്മാൻ രണ്ടുപേരും ആറ്റുനോറ്റിരിക്കുകയായിരുന്നു. വരും വരും ബാലിക ഇപ്പഴിപ്പഴു് എന്നോർത്തും നിരാശപ്പെട്ടും കാലം കഴിക്കുന്ന ഈ രണ്ടു് സരസന്മാർക്കും ഒരു മാതിരി അസഹ്യത പിടിപെട്ടു. അവർ ഇരിപ്പുമാറ്റിയും, ആവിയിട്ടും മുഖം മിനുക്കിയും, ഉറ്റുനോക്കിയും, കോഴിയുടെ വരവും പ്രതീക്ഷിച്ചു് നില്ക്കുന്ന കുറുക്കനെപ്പോലെ, വളരെനേരം കാത്തുനിന്നു. നാലു് മുട്ടാറായപ്പോൾ ദൂരെനിന്നു് ആ പെൺകിടാവു് പതുക്കെ വരുന്നതുകണ്ടു. കണ്ടതു് ഒന്നാമതു് ഗോപാലക്കുറുപ്പാണെങ്കിലും, അദ്ദേഹം കൃഷ്ണക്കുറുപ്പിനോടു കള്ളി മിണ്ടിയില്ല. എങ്കിലും ഗോപാലക്കുറുപ്പിന്റെ കണ്ണു് പറിക്കാത്ത നോട്ടം കണ്ടപ്പോൾ എന്താണെന്നറിവാനുള്ള കൗതുകത്തോടെ കൃഷ്ണക്കുറുപ്പും അങ്ങോട്ടേക്കു് നോക്കി. കൃഷ്ണക്കുറുപ്പിന്റെ കണ്ണിന്നും ദേവന്മാരുടെ കണ്ണിന്നുള്ള അനിമേഷചിഹ്നം വന്നുചേർന്നു. രണ്ടുപേരും താന്താങ്ങളെ മറന്നു് ചോരകുടിയൻ ഓന്തുകളെപ്പോലെ ആ സുന്ദരിയുടെ ആസ്യാസവം കുടിപ്പാൻ തുടങ്ങി. ഷാപ്പിലെ സാമാനം ആകപ്പാടെ എടുത്തു് പോയാലും ഈ കൂട്ടരിൽ ഒരാളും അറിഞ്ഞെന്നു് വരില്ലായിരുന്നു. ഈ മാതിരി ഏകാന്ത ശ്രദ്ധ ഇവരുടെ കച്ചവടത്തിൽ ഇവർക്കു് പതിപ്പിക്കാൻ സാധിച്ചിരുന്നു എങ്കിൽ ഇവർ പണ്ടെങ്ങാൻ ലക്ഷാധിപന്മാരായിപ്പോകുമായിരുന്നു. പെണ്ണു് ഷാപ്പിന്റെ നേരെ മുന്നിൽ എത്തിയപ്പോൾ അല്പം ശങ്കയോടെ ഒന്നു് നിന്നു് രണ്ടു് കുറുപ്പന്മാരേയും മന്ദഹാസത്തോടെ ഓരോകുറി നോക്കി. കൃഷ്ണക്കുറുപ്പിന്റെ നെഞ്ഞിടിപ്പു് ഗോപാലകുറുപ്പും, ഗോപാലക്കുറുപ്പിന്റെ നെഞ്ഞിടിപ്പു് കൃഷ്ണക്കുറുപ്പും സ്പഷ്ടമായി കേട്ടുതുടങ്ങി. അല്പം ഒന്നു് സംശയിച്ചു് കളിച്ചെങ്കിലും, ആ വല്ലാത്തപെണ്ണു് ഷാപ്പിന്റെ ഉമ്മറത്തു് ചെന്നുനിന്നു.
- ഗോ-കു-:
- (എഴുന്നേറ്റിട്ടു്) ഇങ്ങട്ടു കേറാം. എന്താണു് വേണ്ടതു്?
- കൃ-കു-:
- (എഴുന്നേറ്റിട്ടു്) ഇവിടെ ഇരിക്കാം. വേണ്ടുന്ന സാമാനങ്ങൾ ഓരോന്നായി ഞാൻ എടുത്തുകൊണ്ടുവന്നു് കാണിച്ചുതരാം.
- ഗോ:
- മികച്ച സോപ്പുണ്ടു്.
- കൃ:
- പലവർണ്ണത്തിലുള്ള വൂളുണ്ടു്.
- ഗോ:
- പെറ്റൽഡസ്റ്റ് കവറുണ്ടു്.
- കൃ:
- സൗരഭ്യ കത്തു കടലാസ്സുണ്ടു്.
- ഗോ:
- ഒപ്പുകടലാസ്സുണ്ടു്.
- കൃ:
- വർണ്ണക്കടലാസ്സുണ്ടു്.
- ഗോ:
- സൂചിപ്പെട്ടിയുമുണ്ടു്.
- കൃ:
- സുഗന്ധദ്രവ്യങ്ങൾ ഉണ്ടു്.
- ഗോ:
- ജേക്കറ്റിനു് പറ്റിയ ലേസുണ്ടു്.
- കൃ:
- പാവാടക്കു് പറ്റിയ മസ്ലിനുണ്ടു്.
- പെണ്ണു്:
- ലോകത്തിലുള്ള മിക്ക സാധനങ്ങളും ഈ ചെറു മുറിയിൽ ഉണ്ടെന്നു് ഞാൻ സമ്മതിച്ചു. എനിക്കു് വേണ്ടതുണ്ടോ എന്നു് പരീക്ഷിക്കട്ടെ.
- ഗോ:
- നിനക്കെന്താണു് വേണ്ടതു് ?
- കൃ:
- അതു് ഇവിടെ ഇല്ലെങ്കിൽ ഞാൻ തലശ്ശേരിയിൽ നിന്നു് വരുത്തിത്തരും.
- ഗോ:
- തലശ്ശേരിയിലും ഇല്ലെങ്കിൽ ഞാൻ മതിരാശിയിൽനിന്നു് വരുത്തിത്തരും.
- പെണ്ണു്:
- മതിരാശിയിലും ഇല്ലെങ്കിൽ നിങ്ങൾ ശീമയിൽ നിന്നു് വരുത്തിത്തരുമായിരിക്കും. അതൊക്കെ എനിക്കു് നല്ല നിശ്ചയമുണ്ടു്. എന്നാൽ ആവശ്യത്തിന്നു് കിട്ടുമോ എന്നു് സംശയമാണു്.
- ഗോ:
- വേണ്ടതെന്താണെന്നു് കാണുന്നില്ലെങ്കിൽ, കാണുന്നതെന്താണു് വേണ്ടതെന്നു് പറയരുതേ?
- കൃ:
- (ഒരു അളമാരി തുറന്നിട്ടു്) എന്തു് സാമാനമാണു് വേണ്ടുന്നതെന്നു് നോക്കൂ. ഞങ്ങൾക്കു് ഭാഗ്യമുണ്ടെങ്കിൽ ഒരു സമയം ഇവിടെനിന്നുതന്നെ എടുക്കാനുണ്ടാകും. സാമാനങ്ങളൊക്കെ നോക്കിക്കോളൂ. ഒക്കെ കാണിച്ചു് തരാം.
- പെണ്ണു്:
- നിങ്ങളുടെ ഷാപ്പിൽ ഇന്നിന്ന സാമാനങ്ങൾ ഉണ്ടെന്നു് കണക്കു് നോക്കാനല്ല ഞാൻ വന്നതു്. എനിക്കു് വേണ്ടുന്നതുണ്ടോ എന്നറിവാൻ വേണ്ടിയാണു്.
- ഗോ:
- അതല്ലേ നിന്നോടാദ്യം തന്നെ ചോദിച്ചതു്.
- കൃ:
- അതു് കേൾക്കാനല്ലേ ഞങ്ങൾ തയ്യാറായി നിന്നതു്.
- പെണ്ണു്:
- അതു് പറവാനല്ലേ നിങ്ങൾ എന്നെ സമ്മതിക്കാത്തതും.
- ഗോ:
- എന്നാലിനി ഞങ്ങളാരും മിണ്ടുന്നില്ല.
- കൃ:
- ഞങ്ങളെക്കൊണ്ടു് നിണക്കു് ഒരു ശല്യവും ഉണ്ടാകില്ല.
- പെണ്ണു്:
- എന്നാൽ ഞാൻ വേണ്ടതെന്തെന്നു് പറഞ്ഞു് കൊള്ളട്ടെ.
- കൃ:
- യഥേഷ്ഠം പറഞ്ഞോളു.
- പെണ്ണു്:
- ഇവിടെ കാരാബുന്നി ഉണ്ടോ?
- കൃ:
- പൊള്ളുന്ന വട ഉണ്ടു്.
- പെണ്ണു്:
- ഇവിടെ ജെംബിസ്തറ്റുണ്ടോ?
- ഗോ:
- വിശേഷപ്പെട്ട ലോസഞ്ചറുണ്ടു്.
- പെണ്ണു്:
- ഇവിടെ ടിൻമത്തിയുണ്ടോ?
- കൃ:
- അസ്സലു് ചെട്ടിയച്ചാറുണ്ടു്.
- പെണ്ണു്:
- അരിയെത്ര എന്നു് ചോദിച്ചാൽ പയറിത്ര എന്നാണോ മറുപടി!
- ഗോ:
- ഉള്ളതു് പറഞ്ഞു എന്നേ ഉള്ളു.
- പെണ്ണു്:
- ഇല്ലാത്തതു് ചോദിക്കുമ്പോഴോ?
- കൃ:
- അതു് കച്ചവടക്കാരുടെ മാമൂലാണു്.
- ഗോ:
- അല്ലെങ്കിലോ, വലിയപണം മുടക്കുള്ള കച്ചവടവുമാണു്.
- പെണ്ണു്:
- നിങ്ങൾ എത്ര പണം മുടക്കീട്ടുണ്ടു്?
- കൃ:
- പന്തീരായിരം.
- ഗോ:
- എണ്ണായിരം കടം വാങ്ങിച്ചേർത്തതു് ഇതിൽ പെടില്ല.
- പെണ്ണു്:
- എന്തു്! ഇരുപതിനായിരം ഉറുപ്പിക മുടക്കമോ?
- കൃ:
- അധിലുമധികം മുടക്കുമായിരുന്നു, അമ്പതിനായിരം വാർലോണിൽ കൊടുത്തിട്ടില്ലായിരുന്നു എങ്കിൽ.
- ഗോ:
- പതിനായിരം ഏറനാട്ടിലെ അഗതികൾക്കു് സംഭാവനയും ചെയ്തില്ലായിരുന്നു എങ്കിൽ.
- പെണ്ണു്:
- നിങ്ങൾ ലക്ഷാധിപന്മാരാണോ?
- കൃ:
- ഞങ്ങൾ നല്ല തറവാട്ടുകാരാണു്.
- പെണ്ണു്:
- നിങ്ങൾ തറവാട്ടിൽ കാരണവന്മാരാണോ?
- കൃ:
- കാരണവന്മാർക്കു് ഞങ്ങളല്ലാതെ തറവാട്ടിൽ ഒരാശ്രയമില്ല.
- പെണ്ണു്:
- ഷാപ്പ് തറവാടു് വകയാണോ?
- ഗോ:
- ഞങ്ങളുടെ സ്വന്തം വകയാണു്. ഇവിടെ ഉള്ള കീറിയ കടലാസുംകൂടി ഞങ്ങളുടെ സ്വന്തമാണു്. ഇതാ, ഈ സാമാനങ്ങളൊക്കെ ഒന്നു് നോക്കിയാൽ വേണ്ടില്ലായിരുന്നു.
- പെണ്ണു്:
- ഇരുപതിനായിരം ഉറുപ്പികയുടെ സാമാനങ്ങൾ നോക്കിത്തീർക്കാൻ വേഗത്തിൽ സാധിക്കുമോ?
- കൃ:
- ഇടയുള്ളത്രത്തോളം നോക്കുന്നതിന്നു് തരക്കേടില്ലല്ലോ.
- പെണ്ണു്:
- തരമുള്ളപ്പോൾ നോക്കാൻ ഞാൻ വന്നുകൊള്ളാം.
- ഗോ:
- മറ്റു് വല്ലതും വേണമോ എന്നറിഞ്ഞില്ല.
- പെണ്ണു്:
- ഇവിടെ ഉണ്ടനൂലുണ്ടോ?
- കൃ:
- ഉണ്ടു്.
- പെണ്ണു്:
- ഒരു ബോളിന്നെന്താ വില?
- കൃ:
- ഒരണ.
- പെണ്ണു്:
- എന്തു്! ഈ ചെറിയ ബോളിന്നൊരണയോ?
- കൃ:
- ഞങ്ങൾ സാധാരണ ഒരണയായിട്ടാണു് വില്ക്കുന്നതു്.
- ഗോ:
- കാലേ അരക്കാൽ പയ്യേ ലാഭമുള്ളു.
- പെണ്ണു്:
- ഹേ: ശരിയായ വില പറയിൻ കൂട്ടരേ.
- കൃ:
- ഇവിടെ സാധാരണ ഒറ്റവിലയാണു്.
- പെണ്ണു്:
- ഹൂ! എനിക്കു് കേൾക്കണ്ട. ഇതു് സ്പെൻസറും റെൻബെനറ്റും ഒന്നുമല്ലല്ലോ.
- ഗോ:
- അധികമൊന്നും പറയുന്നില്ല. നിണക്കു് മുക്കാലണക്കു് തരാം.
- കൃ:
- ഇന്നു് നടാടെ വന്നതുകൊണ്ടാണു്. ഞങ്ങൾക്കു് ഇതിൽ ചേതമാണു്. മേലാൽ ഈ വിലക്കു് തരില്ല.
- പെണ്ണു്:
- ആട്ടെ എന്നാൽ ആറു ഡസൻ എടുക്കു.
കൃഷ്ണക്കുറുപ്പു് നൂലെടുക്കുമ്പോഴേക്കു് ഗോപാലക്കുറുപ്പു് അതിട്ടു് കൊടുക്കാൻ ഒരു കൗതുകമുള്ള സോപ്പുപെട്ടി—പച്ചനിറത്തിലുള്ള ഒന്നു്—എടുത്തുകൊണ്ടുവന്നു് അതിൽ ഇട്ടു. ചുകന്ന റിബൺകൊണ്ടു് പെട്ടിക്കൊരു കെട്ടും ഇട്ടു. പെണ്ണിന്റെ കയ്യിൽ കൊടുത്തു. പെണ്ണു് ഗോപാലക്കുറുപ്പിനോടു് ഒന്നു് മന്ദഹസിച്ചു. കൃഷ്ണക്കുറുപ്പിന്റെ മുഖം പെട്ടെന്നു് പച്ചില പോലെ ആയി.
- പെണ്ണു്:
- ആ കുപ്പിയിലെന്താ?
- കൃ:
- അതു് നിനക്കു് പറ്റുന്ന സാധനമല്ല.
- പെണ്ണു്:
- അതു് നീ ചോദിച്ചാലും ഞങ്ങൾ തരില്ല.
- കൃ:
- അപ്പോളതു് വില്പാൻ വെച്ചതല്ലേ?
- കൃ:
- വില്പാനുള്ളതു് തന്നേയാണു്.
- പെണ്ണു്:
- എനിക്കു് മാത്രം വില്പാൻ പാടില്ലെന്നു് വല്ല ഗവർമ്മേണ്ട് കല്പനയും ഉണ്ടോ?
- കൃ:
- ഗവർമ്മേണ്ടിന്നു് അങ്ങിനെ ഒരു കല്പന കല്പിക്കാൻ പാടില്ല.
- പെണ്ണു്:
- നിങ്ങൾക്കു് ഗവർമ്മേണ്ടിനേക്കാൾ വലിയ കല്പന കല്പിക്കാമെന്നോ?
- ഗോ:
- ഞങ്ങൾ നിന്നോടിങ്ങനെ കല്പിക്കുന്നതു് നിന്നൊടുള്ള സ്നേഹംകൊണ്ടാണു്.
- കൃ:
- പെണ്ണുങ്ങളെ ആദരിക്കുന്നതു് ഞങ്ങളുടെ മുറയാണു്.
- പെണ്ണു്:
- വില്ക്കാനുള്ള സാധനം വില്ക്കില്ലെന്നു് ശാഠ്യം പിടിച്ചിട്ടാണോ പെണ്ണുങ്ങളെ ആദരിക്കുന്നതു്?
- കൃ:
- ആ സാധനമെന്താണെന്നു് കേട്ടാൽ ഞങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നു് മനസ്സിലാവും.
- ഗോ:
- ഞങ്ങൾ ദുശ്ശാഠ്യം പിടിച്ചതാണെന്നു് ശങ്കിക്കരുതു്. വാസ്തവം പറഞ്ഞാൽ അതു് വിസ്കിയാണു്.
- പെണ്ണു്:
- വിസ്കി എന്നു് പറഞ്ഞാലെന്താണു്?
- ഗോ:
- അതൊരു ലഹരിദ്രവ്യമാണു്.
- പെണ്ണു്:
- ലഹരി എന്നു് പറഞ്ഞാലെന്താണു്?
- ഗോ:
- അതു് ഒരു മദമാണു്.
- പെണ്ണു്:
- ഒരുവക മദം എന്നാൽ കന്മദമോ?
- ഗോ:
- അതല്ല; ഒരുവക മത്തു്.
- പെണ്ണു്:
- മത്തു് എന്നു് പറഞ്ഞാലോ?
- കൃ:
- അതു് കുടിച്ചുനോക്കിയാലേ മനസ്സിലാവൂ.
- പെണ്ണു്:
- ഉടുപ്പു് എന്താണെന്നു് മനസ്സിലാവണമെങ്കിൽ ഉടുത്തുനോക്കിയാലെ കഴിയൂ എന്നു് പറയുന്നതെന്താണു്?
- ഗോ:
- മാംസത്തിന്റെ രസമെന്തെന്നു് ചോദിച്ചാൽ ഞാൻ എന്തെന്നു് സമാധാനം പറയും?
- പെണ്ണു്:
- നിങ്ങൾക്കു് സമാധാനം പറവാൻ കഴിയില്ലെങ്കിൽ അതെന്റെ കുറ്റമല്ല.
- ഗോ:
- ആർക്കാണു് അതു് പറവാൻ സാധിക്കുന്നതു്?
- പെണ്ണു്:
- നിങ്ങൾക്കറിവില്ലെങ്കിൽ ഞാൻ പറഞ്ഞുതരാമല്ലോ.
- കൃ:
- അങ്ങിനെയാവട്ടെ. അതാണു് ഞങ്ങൾക്കു് കേൾക്കേണ്ടതു്.
- പെണ്ണു്:
- അതു് നിങ്ങൾ വിചാരിക്കുമ്പോലെ അത്ര പ്രയാസമുള്ളതൊന്നുമല്ല. മാംസത്തിന്റെ രസം ശൃംഗാരരസമാണു്.
- ഗോ:
- എന്നാൽ ലഹരി എന്നു് വെച്ചാൽ ചോരത്തിളപ്പുകൊണ്ടുള്ള ഒരു വക ചാഞ്ചാട്ടമാണു്.
- പെണ്ണു്:
- മാംസത്തിന്റെ രസം അറിഞ്ഞശേഷമേ ലഹരി വ്യാഖ്യാനിച്ചുകൂടു എന്നു് വല്ല റൂളുമുണ്ടോ?
- കൃ:
- അങ്ങിനെ ഒരു റൂളുമില്ല. റൂളരുമില്ല.
- ഗോ:
- (മന്ദഹസിച്ചിട്ടു്) നിന്നോടു് സംസാരിക്കുന്നതു് ഞങ്ങൾക്കു് വളരെ രസമായിരിക്കുന്നു.
- പെണ്ണു്:
- നിങ്ങളുടെ സംസാരം കേൾക്കുന്നതു് എനിക്കും വളരെ നേരമ്പോക്കായിരിക്കുന്നു.
- കൃ:
- ആദായമുള്ള സാധനങ്ങൾ പലതും ഈ ഷാപ്പിൽ ഉണ്ടു്.
- പെണ്ണു്:
- ഉണ്ടെന്നു് ഞാനും സമ്മതിച്ചു. മുഖസ്തുതിക്കും മുഖസ്തുതിക്കാർക്കും വളരെ ആദായം കാണുന്നുണ്ടു്.
- കൃ:
- സത്യം പറയുന്നതു് മുഖസ്തുതിയാണോ?
- പെണ്ണു്:
- ഞാൻ സത്യമേ പറഞ്ഞിട്ടുള്ളു. മുഖസ്തുതിയൊന്നും പറഞ്ഞിട്ടില്ല.
- ഗോ:
- ഇനിയെന്താണു് വേണ്ടുന്നതു്?
- പെണ്ണു്:
- വേണ്ടുന്നത്ര മുഖസ്തുതി കിട്ടിയല്ലോ.
- ഗോ:
- ഇനിയെന്തു് പറഞ്ഞിട്ടാണു്, എന്തു് തന്നിട്ടാണു് ഞങ്ങൾ നിന്നെ തൃപ്തിപ്പെടുത്തേണ്ടതു്?
- പെണ്ണു്:
- എന്തുപറവാനും നിങ്ങൾക്കു് ലൈസൻസുണ്ടോ? എന്തുതരുവാനും നിങ്ങൾക്കു് സാമാനങ്ങളും ഉണ്ടോ?
- ഗോ:
- പാടുള്ളേടത്തോളമേ ഞങ്ങൾ പറഞ്ഞിട്ടുള്ളു.
- പെണ്ണു്:
- അങ്ങിനെ പറവാനല്ല നിങ്ങൾക്കിപ്പോൾ പാടുള്ളു.
- കൃ:
- ഇനിയെന്താണു് ഞങ്ങൾ നിങ്ങളോടുപറയേണ്ടതു്?
- പെണ്ണു്:
- നിങ്ങളുടെ ഷാപ്പിൽ വന്നാൽ ഞാനല്ലേ നിങ്ങളോടു് വല്ലതും പറയേണ്ടതു്?
- കൃ:
- നീയൊന്നും പറയുന്നില്ലല്ലോ.
- പെണ്ണു്:
- എന്നാൽ ഞാനിതാ, യാത്രയെങ്കിലും പറയുന്നു.
- കൃ:
- പോകുംമുമ്പേ ഒരു കാര്യം വേണ്ടതുണ്ടു്.
- പെണ്ണു്:
- “ഞാനിതാ പോണു” എന്നു് പറക. അല്ലേ!
- കൃ:
- അതല്ല; നിന്റെ പേരെന്താണെന്നു് അറിഞ്ഞാൽ കൊള്ളാം.
- പെണ്ണു്:
- സാമാനം മേടിക്കുന്നവരോടു് പണം വാങ്ങുകയല്ലാതെ, അവരുടെ പേരും വീട്ടുപേരും വയസ്സും പാസും മറ്റും ഷാപ്പുടമകൾ അറിയേണ്ടുന്ന കാര്യമെന്താണു്.
- കൃ:
- അതു് ഇവിടത്തെ ലീസ്റ്റിൽ കുറിച്ചുവെക്കാനാണു്.
- പെണ്ണു്:
- കെ. ഡി. ലീസ്റ്റിലൊന്നും എന്നെ പെടുത്തേണ്ട.
- കൃ:
- അതു് നിണക്കു് കാര്യം മനസ്സിലാകാഞ്ഞിട്ടാണു്.
- പെണ്ണു്:
- എന്നാലെന്തു് കാര്യത്തിനാണെന്നു് പറയരുതേ?
- കൃ:
- സാമാനങ്ങളുടെ ചിത്രത്തോടുകൂടിയ കേറ്റലോക്ക് ഞങ്ങൾക്കടുത്തെത്തും. അതിന്റെ ഒരു കോപ്പി അയച്ചുതരാനാണു്.
- ഗോ:
- ഭംഗിയുള്ള ചുമരുപഞ്ചാംഗം ഞങ്ങൾക്കു് പല ഭൂഖണ്ഡങ്ങളിൽനിന്നും വരും. അപ്പോൾ ഓരോന്നു് മുദ്ര വില ചുമത്താതെ നിന്റെ പേരിൽ അയച്ചുതരാനാണു്.
- പെണ്ണു്:
- ചിത്രത്തിൽ സാമാനങ്ങൾ കാണുന്നതിനേക്കാൾ യഥാർത്ഥത്തിൽ സാമാനങ്ങൾ കാണുന്നതാണു് നല്ലതു്. ചുമരിന്മേൽ തൂക്കുന്ന പഞ്ചാംഗത്തേക്കാൾ പുസ്തകരൂപത്തിലിരിക്കുന്ന പഞ്ചാംഗമാണു് നല്ലതു്. അതുകൊണ്ടു് നിങ്ങൾപറയുന്നതു് രണ്ടും എനിക്കു് വേണ്ട.
- ഗോ:
- എന്നാൽ പേരെന്താണെന്നറിഞ്ഞാൽ കൊള്ളാമെന്നൊരു മോഹമുണ്ടു്.
- പെണ്ണു്:
- എന്റെ പേരറിയേണ്ടുന്ന കാര്യം നിങ്ങൾക്കില്ല.
- ഗോ:
- മറ്റൊന്നുമല്ല. സജ്ജനങ്ങളുടെ ഒരു പരിചയം സമ്പാദിക്കണം എന്ന ഒരാഗ്രഹംകൊണ്ടു് മാത്രം ചോദിച്ചതാണു്.
- പെണ്ണു്:
- ഞാനൊരു സജ്ജനമാണെന്നു് മനസ്സിലാക്കിയവർക്കു് എന്റെ പേരറിവാനെന്തു് പ്രയാസം?
- കൃ:
- മുഖംകൊണ്ടു് സ്വഭാവമല്ലാതെ പേർ മനസ്സിലാക്കാൻ സാധിക്കില്ല.
- പെണ്ണു്:
- പേരുകൊണ്ടു് ആളെ അറിയുന്നതിലും സ്വഭാവംകൊണ്ടു് ആളെ അറിയുന്നതാണു് നല്ലതു്.
- കൃ:
- ഹു! എന്തു് പൊട്ടിത്തെറിച്ച പെണ്ണപ്പാ.
- ഗോ:
- ഈ മാതിരി നാട്ടിലേയ്ക്കൊന്നു് മതി!
- കൃ:
- എന്തു് കളി കളിച്ചിട്ടും പേർ പറഞ്ഞില്ലല്ലോ!
- ഗോ:
- നമുക്കു് പേരറിഞ്ഞിട്ടെന്തു് കാര്യമാണു്?
- കൃ:
- ആളെ മനസ്സിലാക്കാമെന്നു് മാത്രം.
- ഗോ:
- മനസ്സിലാക്കേണ്ടുന്ന ഒരാളു് തന്നെയാണവൾ.
- കൃ:
- മനസ്സിലാക്കുന്ന ആളുമാണു് നമ്മൾ.
പോകുംമുമ്പേ പെണ്ണു് തന്നോടാണു് വിട വാങ്ങിയതെന്നു് കൃഷ്ണക്കുറുപ്പും, തന്നോടാണു് മന്ദഹസിച്ചതെന്നു് ഗോപാലക്കുറുപ്പും കൃതാർത്ഥന്മാരായി തൃപ്തിപ്പെട്ടു. രണ്ടു് പുള്ളികളുടേയും ഉള്ളിൽ എന്തൊക്കെ വിചാരങ്ങളാണു് തിരമാലകൾപോലെ തെള്ളിപ്പുറപ്പെട്ടതെന്നു് വിചാരിക്ക വയ്യാ. കൃഷ്ണക്കുറുപ്പു്, അവൾ ഒരു ഉർവ്വശി എന്നു് വിചാരിച്ച ഉടനെ ഗോപാലക്കുറുപ്പു് അവൾ ഒരു മേനകയെന്നു് നിനച്ചുകഴിഞ്ഞു. കൃഷ്ണക്കുറുപ്പു് അവൾ ഭൂമിയിൽനിന്നു് പൊട്ടിമുളച്ചവളോ എന്നു് ഉൽപ്രേക്ഷിച്ചപ്പോൾ, ഗോപാലക്കുറുപ്പു് അവൾ ആകാശത്തിൽനിന്നു് പൊട്ടി വീണവളോ എന്നും ഉൽപ്രേക്ഷിച്ചു. കൃഷ്ണക്കുറുപ്പു്, അവളുടെ അച്ഛന്നു് തിരുമുൽക്കാഴ്ച വെക്കേണ്ടതാണെന്നു് നിശ്ചയിച്ചപ്പോൾ, ഗോപാലക്കുറുപ്പു് അവളുടെ കാരണവന്നു് തന്റെ ചില ശ്ലോകങ്ങൾ സമർപ്പണം ചെയ്വാനും നിശ്ചയിച്ചു. കൃഷ്ണക്കുറുപ്പു് ഭഗവതിക്കു് ഒരാട്ടിനെ വെട്ടിക്കൊടുപ്പാനേറ്റപ്പോൾ ഗോപാലക്കുറുപ്പു് ഇളികന്നു് രണ്ടു് കലശവും നേർന്നു. ഒന്നിന്നും തരമില്ലെങ്കിൽ ഇവളെ വിവാഹം കഴിപ്പാനുദ്യമിക്കേണമെന്നുകൂടി രണ്ടു് കുറുപ്പന്മാരും മനസ്സുകൊണ്ടു് ഉറപ്പാക്കി. എന്തെന്നറിഞ്ഞില്ല, രണ്ടു് കുറുപ്പന്മാർക്കും അന്യോന്യം ചില അകാരണമായ ശങ്കയും രസക്കേടും പുറപ്പെട്ടുതുടങ്ങി. വരാൻ പോകുന്ന കാര്യം ചിലപ്പോൾ മുൻകൂട്ടി മനസ്സിൽ നിഴലിക്കുമെന്നു് കേൾക്കുന്നു. അങ്ങിനെയാണെങ്കിൽ ഇവരുടെ സഖിത്വം വളരെ ദിവസത്തോളം നിലനില്ക്കുമോ എന്നാരു കണ്ടു! ഇങ്ങിനെ ദിവസം രണ്ടു് കഴിഞ്ഞു. മൂന്നാമത്തെ ദിവസം ഗോപാലക്കുറുപ്പു് പതിവുപോലെ ഉണ്ണാൻവേണ്ടി വീട്ടിൽ ചെന്നപ്പോൾ തന്റെ മേൽവിലാസത്തിൽ അവിടെ ഒരു കത്തു് കിടക്കുന്നതു് കണ്ടു. ഉടനെ തന്നെ ഉറയും കീറി കത്തെടുത്തു് വായിച്ചപ്പോൾ മുഖത്തിന്നു് നിധി കിട്ടിയപോലെ, ഒരു തെളിവുണ്ടായി. ഒരു പതിനായിരം ഉറുപ്പികയുടെ പ്രോനോട്ടോ മറ്റോ ഭദ്രമായി കൊണ്ടുവെക്കുമ്പോലെ, അദ്ദേഹം അതു് തന്റെ എഴുത്തുപെട്ടി തുറന്നു് അതിൽ എത്രയോ മൃദുവായിക്കൊണ്ടു് വെച്ചു. കത്തിലെ വാചകം താഴെ എഴുതിയ പ്രകാരമായിരുന്നു.
പ്രിയ സാറേ,
ഇന്നലെ ഷാപ്പിൽനിന്നു് നിങ്ങൾ പേരു് ചോദിച്ചപ്പോൾ, നിങ്ങളുടെ കൂറുകാരനും കൂടി ഉണ്ടായതിനാൽ പറയാതെ കഴിച്ചതാണു്. വാസ്തവം പറയേണമെങ്കിൽ എനിയ്ക്കയാളെ കേവലം പിടിച്ചിട്ടില്ല. ആ അസത്തു് ഷാപ്പിൽ ഉള്ളപ്പോൾ എനിയ്ക്കവിടെ വരാനുംകൂടി മടിയാകുന്നു. നിങ്ങൾ എങ്ങിനെ അവനെ കൂറുകാരനാക്കിച്ചേർത്തതു് എന്നുകൂടി ഞാൻ അതിശയിക്കുന്നു. നിങ്ങളെപ്പോലെയുള്ള യോഗ്യന്മാർക്കു് മുഖം കണ്ടിട്ടു് ആളുടെ സ്വഭാവം ഗണിച്ചെടുപ്പാൻ സാധിക്കാഞ്ഞതു് വളരെ ആശ്ചര്യമായിരിക്കുന്നു. നിങ്ങളെ കണ്ടിട്ടു് മാത്രമാണു് ഞാൻ ഉണ്ടനൂൽ വാങ്ങേണമെന്ന വ്യാജേന ഷാപ്പിൽ കടന്നുവന്നതു്. നിങ്ങളെ കണ്ട ഉടനെതന്നെ എന്റെ മനസ്സു് നിങ്ങളുടെ നേരെ ചാടിക്കഴിഞ്ഞിരിക്കുന്നു. നിങ്ങളെ ഇന്നലെക്കണ്ടു എന്ന ഭാഗ്യത്തിനേക്കാളും, ഇതുവരയ്ക്കും കണ്ടില്ലല്ലോ എന്ന നിർഭാഗ്യത്തിനു് ഘനം കൂടുന്നു. ശകുന്തളയ്ക്കു്, ഒരു പ്രാവശ്യം മാത്രം കണ്ട ദുഷ്യന്തനു് കത്തയയ്ക്കാമെങ്കിൽ ഈ പാപിനിയ്ക്കു് അങ്ങയ്ക്കു് പത്തെണ്ണമയയ്ക്കുന്നതിന്നും വിരോധമില്ല. പൂഞ്ചേരിക്കാവിന്റെ നേരെ മീതെ ഉള്ള മാളിക വീടൊഴിവാണു്. അതു് ആളാരും ഇല്ലാത്ത ഒരു ദിക്കുമാണു്. നാളെ വൈകുന്നേരം ആറുമണിക്കു് തെക്കുഭാഗത്തിൽകൂടെ അവിടെ വന്നാൽ വീട്ടിന്റെ പടിഞ്ഞാറെ മുറ്റത്തു് ഞാൻ നില്ക്കുന്നുണ്ടാകും. ശേഷം ചിന്ത്യം.
എന്നു്, സ്വന്തം,
മാങ്കുഴി മാളു.
മാളു എന്ന പേരിന്നു തന്നെ മാധുര്യമുണ്ടെന്നു് ഗോപാലക്കുറുപ്പിന്നു് തോന്നി. ഏറ്റവും പ്രമോദത്തെ മർത്ത്യനു് ജാതമാക്കാൻ വിദുരർ വിവരിച്ച എട്ടു് വസ്തുക്കളിലും വെച്ചു് മികച്ച വസ്തു തനിക്കു് സിദ്ധിച്ചതു് മഹാ ഭാഗ്യമാണെന്നു് ഗോപാലക്കുറുപ്പുറപ്പിച്ചു. സഹിക്കാൻ പാടില്ലാത്ത സന്തോഷത്തോടുകൂടെ ഗോപാലക്കുറുപ്പു് തന്റെ ചുറ്റുവട്ടത്തിലുള്ള സകലരോടും അതിയായ ലോഗ്യവും അതിരു കവിഞ്ഞ സ്നേഹവും കാണിച്ചുതുടങ്ങി. വേലക്കാരത്തി അമ്മുവിന്റെ നാറിപ്പിരണ്ടിയ കാളിക്കുട്ടിയെയും ഉക്കലിലാക്കി നാലുനാഴിക നേരത്തോളം ചുംബിച്ചും കളിപ്പിച്ചും പാഴിയാരം പറഞ്ഞും താലോലിച്ചും നടക്കുന്നതു് കണ്ടപ്പോൾ മൂപ്പർക്കു് നൊസ്സു് പിടിച്ചുപോയൊ എന്നുകൂടി അമ്മു ശങ്കിച്ചുപോയി. പൈക്കാരൻ കണ്ണന്നു് പഴം മേടിച്ചു് തിന്നുകൊള്ളാൻ ഒരണ സംഭാവന ചെയ്തപ്പോൾ അവനും അത്യധികം അമ്പരന്നുപോയി. കാരണവരുടെ മകന്നു് കുപ്പായശീട്ടു് കൊണ്ടുകൊടുക്കാമെന്ന വാഗ്ദത്തം കേട്ടപ്പോൾ അമ്മായിയും കൂടി മന്ദഹസിച്ചുപോയി. ഗോപാലക്കുറുപ്പിന്നു് കച്ചവടത്തിൽ എന്തോ കേമമായ ലാഭമുണ്ടായിട്ടുണ്ടായിരിക്കുമെന്നു് നിശ്ചയിച്ചു്, പറ്റിയ പെൺകുട്ടികളൊന്നും തനിക്കില്ലാതെ പോയല്ലോ എന്നു് ക്ലേശിക്കുന്ന അമ്മായി തന്റെ അനുജത്തിയുടെ മകൾ സൗദാമിനിയെ ഗോപാലക്കുറുപ്പിന്നു് വേളികഴിച്ചു് കൊടുപ്പാൻ അന്നു രാത്രി അമ്മാമനോടു്, തലയണമന്ത്രം വഴിയായി ചില നിർവ്വാഹമില്ലാത്ത നിർബ്ബന്ധവാഗ്ദത്തങ്ങൾ സമ്പാദിച്ചുവെച്ചു. ഇതെതൊരു കഥയാണു്! ഇങ്ങിനെ ഒരു ശുക്രദശ ഏതു് പുരുഷനാണു് കിട്ടുന്നതു്?
*****
ഗോപാലക്കുറുപ്പു് ഉണ്ണാൻ പോയ അവസരത്തിൽ കൃഷ്ണക്കുറുപ്പു് ഷാപ്പിൽ സ്വകാര്യമായി ഓരോ മനോരാജ്യവും വിചാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഏകദേശം പന്ത്രണ്ടു് വയസ്സുള്ള ഒരു പെൺകുട്ടിവന്നു് കൃഷ്ണക്കുറുപ്പിന്റെ കൈവശം ഒരെഴുത്തു് കൊടുത്തു. എവിടുന്നാണെന്നു് ചോദിച്ചപ്പോൾ മൂപ്പത്തി തന്നതാണെന്നും പറഞ്ഞു് ആ പെൺകിടാവു് നടന്നു. കത്തു് ഇങ്ങിനെയായിരുന്നു:
പ്രിയ സാറേ,
ഇന്നലെ ഷാപ്പിൽ വന്നപ്പോൾ പേർ പറവാൻ മടിച്ച ഞാൻ ഇന്നു് ഒരു കത്തയപ്പാൻ ധൈര്യപ്പെട്ടതിൽ നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. അങ്ങുന്നു് സാക്ഷാൽ ഒരു കാമദേവനാണെന്നുള്ള ബോധം പ്രഥമദൃഷ്ടിയിൽതന്നേ വന്നുപോയതുകൊണ്ടു് ഈയുള്ളവളുടെ ധൈര്യത്തിന്നു് മറ്റു് കാരണങ്ങളൊന്നും വിളിച്ചുപറയേണ്ടതില്ലല്ലോ. നിങ്ങളുടെ അടുക്കെക്കണ്ട അസത്തിനെ കൂറുകാരനായിക്കണ്ടതുകൊണ്ടാണു് അധികലോഗ്യത്തിനൊന്നും ഞാൻ നില്ക്കാഞ്ഞതു്. ഒരു അബലയുടെ അപേക്ഷ അവിടത്തെ അനിഷ്ടത്തിന്നിടവരുത്തുകയില്ലെങ്കിൽ പൂഞ്ചേരിക്കാവിന്റെ നേരേ മീതെ കാണുന്ന ഒഴിഞ്ഞ മാളിക വീട്ടിലേക്കു്, വടക്കുഭാഗത്തിൽ കൂടെ നാളെ അസ്തമിക്കാനടുക്കുമ്പോൾ പടിഞ്ഞാറെ ഭാഗത്തു് പരമാനന്ദത്തോടുകൂടെ കാത്തുനില്ക്കുന്ന എന്നെ കാണാവുന്നതാണു്. നിങ്ങളേപ്പോലെയുള്ള ബുദ്ധിമാന്മാരോടു് വളരെ ഒന്നും തുറന്നു് പറയേണ്ടുന്ന ആവശ്യമില്ലെന്നു് കരുതി തല്ക്കാലം മതിയാക്കുന്നു.
എന്നു്, സ്വന്തം,
കട്ടാല കാളി.
ഈ കത്തു് വായിച്ചപ്പോൾ കൃഷ്ണക്കുറുപ്പിന്നു് നാടുതിരിയാത്തവണ്ണമുള്ള പരമാനന്ദ ലഹരി പിടിപെട്ടെന്നു് പ്രത്യേകിച്ചു് പറയേണ്ടതില്ലല്ലോ. കൊതിച്ച വസ്തു കാലിന്നു് തടഞ്ഞു എന്ന ഭാഗ്യം എത്ര അപൂർവ്വമാണു്! അദ്ദേഹം ആ കത്തു് ചുംബനംകൊണ്ടു് നനച്ചു. ആ കത്തു് എത്ര തവണ വായിച്ചിട്ടും തുഞ്ചന്റെ കിളിപ്പാട്ടുപോലെ, പിന്നേയും വായിക്കാമെന്നു് തോന്നി. ജനിച്ചതിൽപിന്നെ ഇത്ര വലിയ സന്തോഷം കൃഷ്ണക്കുറുപ്പു് അനുഭവിച്ചിട്ടുണ്ടോ എന്നു് സംശയമാണു്. പ്രസാദംകൊണ്ടു് പ്രകാശിക്കുന്ന അദ്ദേഹത്തിന്റെ മുഖത്തിന്നു് ഒരു വക ബാല്യം വെച്ചു. ഒരാൾക്കും ഉപദ്രവം കൊടുക്കാനൊരുക്കമില്ലാത്തവണ്ണം അദ്ദേഹത്തിന്നു് ഭൂമി ഒരു രമ്യലോകമായിത്തീർന്നു. താൻ അയച്ച റജസ്തർനോട്ടീസ്സുപ്രകാരം നൂറുറുപ്പികയും ഒരുക്കി തന്റെ കടക്കാരനായ മൊയ്തു വന്നപ്പോൾ അതുവരയ്ക്കും അവനെ ഓർക്കുമ്പോൾ മുഖം വീർപ്പിക്കുകയും, അവനെ കാണുമ്പോൾ ശകാരിക്കുകയും ചെയ്യാറുള്ള കൃഷ്ണക്കുറുപ്പ്, അവനെ വളരെ ആദരവോടുകൂടെ മന്ദഹാസംകൊണ്ടു് കുളിപ്പിച്ചു, ഒരു ബെഞ്ചിന്മേൽ ഇരുത്തി, വലിക്കാൻ സിഗറട്ടും കൊടുത്തു. തല്ക്കാലം തിടുക്കമുണ്ടെങ്കിൽ പണം ഒന്നുരണ്ടുമാസംകഴിഞ്ഞിട്ടു് കിട്ടിയാൽ മതി എന്നു പറഞ്ഞു് ഒരു കാശും വാങ്ങാൻ കൂട്ടാക്കാതെ, ആ അന്ധാളിച്ചുപോയ മാപ്പിളയെ മടക്കി അയച്ചു. സ്ക്കൂളിൽനിന്നു് വീട്ടിലേക്കു് മടങ്ങുന്ന ചെറിയ കുട്ടികൾക്കൊക്കെ തന്റെ വകയായി ലോസഞ്ചസ്സും, ട്രാൻസ്ഫറിങ്ങ് ചിത്രങ്ങളും വേണ്ടുന്നടത്തോളം സമ്മാനിച്ചു. തന്റെ ഷാപ്പിന്റെ മുന്നിൽക്കൂടെ കടന്നുപോകുന്ന സകല പിച്ചക്കാരേയും, ആവശ്യപ്പെടാതെ എറിഞ്ഞുകൊടുക്കുന്ന അരയണ നാണ്യങ്ങളെക്കൊണ്ടു് അത്ഭുതപ്പെടുത്തി. ഇടയുള്ളപ്പോളൊക്കെ, കത്തു് വായിച്ചും മന്ദഹസിച്ചും സമയംപോക്കി അപ്പഴാണു് മറ്റേപ്പരമാനന്ദക്കാരനായ ഗോപാലക്കുറുപ്പു് ഷാപ്പിൽ കേറിവന്നതു്.
- ഗോ:
- എന്താ? കത്തുംവായിച്ചു് മന്ദഹസിക്കുന്നതു്?
- കൃ:
- അതൊന്നുമില്ല. നെല്ലുകാരൻ രാമുണ്ണിനായരുടെ എഴുത്താണു്. നൂറ്റമ്പതുറുപ്പികയുടെ തുണിസ്സാമാനം കടത്തിന്നു് ചോദിക്കുന്നു. അല്ലെങ്കിൽതന്നെ ഇവിടെ വളരെ പണം കുറ്റിയിൽ കിടപ്പാണു്. ഇങ്ങിനെ കടം കൊടുക്കാൻ കെഞ്ചിയാൽ കച്ചവടം നടക്കേണ്ട!
- ഗോ:
- രാമുണ്ണിനായർ നല്ലപുള്ളിയല്ലേ? എന്തായിരുന്നു വിരോധം?
- കൃ:
- ആർക്കും കൊടുക്കേണ്ട.
- ഗോ:
- നല്ലതു്.
- കൃ:
- നിങ്ങൾക്കും ഒരു കത്തുണ്ടായിരുന്നു എന്നു് തപാൽശ്ശിപായി പറഞ്ഞല്ലോ? അതു് കിട്ടിയോ?
- ഗോ:
- അതേ; കിട്ടി.
- കൃ:
- ആരുടേതായിരുന്നു?
- ഗോ:
- കമ്പിളിക്കാരൻ മമ്മുവിന്റെതാണു്. ഞാനിന്നാളവിടെ പോയി ഒരു കമ്പിളിക്കു് വിലയെന്താണെന്നു് ചോദിച്ചിരുന്നു. മുപ്പതുറുപ്പികയിൽ കുറഞ്ഞ യാതൊരു കമ്പിളിയും അവന്റെ ഷാപ്പിലില്ലത്രേ. ഇവരൊക്കെ ഇങ്ങിനെ വില പറഞ്ഞാൽ എങ്ങിനെയാണു് ഈ കാലത്തു് കഴിഞ്ഞുകൂടുന്നതു്!
ഇങ്ങിനെ ഈ രണ്ടു് പരമാനന്ദ പുരുഷന്മാരും, കത്തിന്റെ കാര്യത്തെപ്പെറ്റി അന്യോന്യം കബളിപ്പിച്ചുകൊണ്ടു് ഓരോ വെടി പറഞ്ഞിരിക്കുമ്പോൾ ഇവരുടെ കഷ്ടകാലത്തിന്നു് നെല്ലുകാരൻ രാമുണ്ണിനായരും കമ്പിളിക്കാരൻ മമ്മുവും മന്ദഹസിച്ചുകൊണ്ടു് ഒന്നിച്ചുകേറിവന്നു. ദൈവഗതിക്കു് മറുകയ്യുണ്ടോ? മന്ദഹാസത്തിന്നു് മറുപടിയായി ഒരു മന്ദഹാസവും കൂടി കൊടുക്കാൻ കഴിയാത്തവണ്ണം അന്ധാളിച്ചുപോയ ഈ രണ്ടു് വഞ്ചകന്മാർക്കും ഏകകാലത്തു് നെഞ്ഞിടിപ്പു് പുറപ്പെട്ടു. അന്യോന്യം ഭയമുണ്ടായ രണ്ടു് കൂറുകാരായ ചങ്ങാതിമാർക്കും വന്നു് കേറിയവരോടു് ല്യോഹ്യം പറവാനും കൂടി സാധിച്ചില്ല.
- രാമുണ്ണിനായർ:
- എന്താ, ഞങ്ങളോടു് വല്ല വിരോധവുമുണ്ടോ? കണ്ടിട്ടു് മിണ്ടാനുംകൂടി ഭാവമില്ലല്ലോ?
- മമ്മു:
- എന്താ, ലണ്ടാക്കും മോറിനൊരു ബാട്ടം?
- ഗോ:
- വിശേഷിച്ചൊന്നുമില്ല.
- കൃ:
- എന്താണു് ഒന്നിങ്ങട്ടു് വരാൻ തോന്നിയത?
- രാ:
- ഞങ്ങൾക്കൊരാളെ കാണാനുണ്ടായിരുന്നു. പോകുന്ന വഴിക്കു് ഒന്നിവിടെ കേറി. അത്രയേ ഉള്ളു.
- മമ്മു:
- ഇബിടത്തെ ചരക്കിനൊക്കെ നല്ല അയിച്ചലുണ്ടോ?
- കൃ:
- ഒരു വക.
- മമ്മു:
- ഞമ്മന്റെ ഷാപ്പിൽനല്ല മൊഞ്ചുള്ള കമ്പിളികൾ എത്ര ദേസായി ബന്നിറ്റ്. നല്ല ശെലവു്. ബെല പെരുത്തി ആദായം. അഞ്ചുറുപ്പിക ഒന്നിന്നു. കോപാലക്കുറുപ്പ് ഇന്നാള് ബന്നു കണ്ടിറ്റ് പെരുത്തി മനാരം പറഞ്ഞിക്ക്.
ഇതു് കേട്ടപ്പോൾ കൃഷ്ണക്കുറുപ്പ് അത്യാശ്ചര്യത്തോടെ ഗോപാലക്കുറുപ്പിനെ ഒന്നു് നോക്കി. അപ്പോൾ ഗോപാലക്കുറുപ്പു് അടിയന്തിരമായ എന്തോ തിരഞ്ഞു് കണ്ടുപിടിക്കാനുള്ളതുപോലെ പേരേടയുടെ ഓരോ ഭാഗങ്ങൾ വളരെ ശ്രദ്ധയോടെ മറിച്ചുമറിച്ചു് നോക്കിത്തുടങ്ങി.
- രാമുണ്ണിനായർ:
- മാപ്പിളയുടെ പത്രാസ്! വലിയ വില്പനപോലും. കമ്പിളി അഴിയാഞ്ഞിട്ടു് എന്റെ മേൽ നൂറു് കമ്പിളി പിടിപ്പിക്കാൻ നോക്കി വിറ്റു് പണമുണ്ടാക്കിക്കൊടുക്കാൻ. എന്നാൽ എനിക്കൊരു പിടിത്തമുണ്ടു്. കടം വാങ്ങുകയോ കടം ചോദിക്കുകയോ ചെയ്യുന്ന കാര്യമേ ഇല്ല. എന്റെ ആയുസ്സിന്നിടക്കു് വല്ല സാമാനവും കടത്തിനൊ, വല്ല പണവും കടമായോ ഇതുവരെ ഒരാളോടും ചോദിച്ചിട്ടില്ല.
ഇതു് കേട്ടപ്പോൾ ഗോപാലക്കുറുപ്പു് കൃഷ്ണക്കുറുപ്പിനെ ആശ്ചര്യത്തോടെ ഒന്നു് നോക്കി. തല്ക്കാലം മറ്റൊരു ഒഴികഴിവും തോന്നാത്ത കൃഷ്ണക്കുറുപ്പ്, രാമുണ്ണിനായരോടു് എന്തോ സ്വകാര്യം പറവാനുണ്ടെന്ന നാട്യത്തിന്മേൽ അദ്ദേഹത്തിന്റെ കയ്യും പിടിച്ചു് നിരത്തിന്മേലിറങ്ങി. കുറേ നേരം കഴിഞ്ഞതിൽ പിന്നെ, നെല്ലുകാരനും കമ്പിളിക്കാരനും ഷാപ്പും വിട്ടുപോയപ്പോൾ ഇതുവർക്കും അന്യോന്യം വിശ്വസിച്ചും സ്നേഹിച്ചും പോന്നിരുന്ന രണ്ടു് കൂറുകാരും ഓരോ കസേലമേൽ ഇരുന്നു, ഓരോരുവൻ മറ്റവന്റെ വഞ്ചനബുദ്ധിയുടെ കാരണത്തെപ്പറ്റി തലയിട്ടടിക്കലായി. ആ വല്ലാത്ത പെണ്ണുമൂലം ഈ രണ്ടു് വിടന്മാരും വേണ്ടതിലധികം വേശാറായി. ഒരേ ഒരു പെണ്ണിന്റെ കുസൃതിയാണെങ്കിലും അവളെ മങ്കുഴി മാളുവയി ഗോപാലക്കുറുപ്പും, കാട്ടാലകാളിയായി കൃഷ്ണക്കുറുപ്പും, ഒരേ ദൈവത്തെ പല പേരുകളായിട്ടെന്നപോലെ, നിർഭയം ആരാധിച്ചു.
കാമരസികന്മാരായ രണ്ടു് കുറുപ്പന്മാരും അന്നുതന്നെ തപ്പാൽ വഴിയായി കത്തിന്നു് ഓരോ മറുവടി അയച്ചു. ഗോപാലക്കുറുപ്പിന്റെ മറുവടി താഴെ പറയുന്ന പ്രകാരമായിരുന്നു.
പ്രിയ മങ്കുഴി മാളു,
നിന്നെ കണ്ട അന്നുതന്നെ എനിക്കു് നിന്നോടു് കൊതി വീണുപോയിരിക്കുന്നു. നീ എന്റെ സ്വന്തം സ്വർണ്ണക്കട്ടിയായിതന്നെ ഞാൻ വിചാരിക്കുന്നു. ഇന്നു് വൈകുന്നേരം ആറുമണിക്കു് ഞാൻ അവിടെ എത്താതിരിക്കില്ല. ഇങ്ങിനെ ഒരു നിസ്സീമമായ ഭാഗ്യം ഉണ്ടാവാൻ നീ ഇടവരുത്തിത്തന്നതുകൊണ്ടു് നിണക്കു് എന്റെ സർവ്വസ്വവും തരുവാൻ ഞാൻ മടിക്കുന്നതല്ല. നീ പറഞ്ഞപോലെ കൃഷ്ണക്കുറുപ്പിനെ എനിക്കു് പത്ഥ്യമല്ല. ഒരു വഞ്ചകനാണു്. വിശ്വസിച്ചുകൂടാത്തവനാണു്. നിന്റെ നേരെ ഓടി എത്താനുള്ള അവസരവും പാർത്തുതന്നെ ഇരിക്കുന്നു.
കൃഷ്ണക്കുറുപ്പിന്റെ കത്തു് താഴെ പറയുന്ന പ്രകാരമായിരുന്നു.
എന്റെ ജീവിതസർവ്വസ്വമായ കാട്ടാല കാളി!
എന്നെ നീ പരമാനന്ദത്തിൽ മുക്കിയിരിക്കുന്നു. നിന്നെ കാണുന്നതുതന്നെ പരമാനന്ദമായി വിചാരിക്കുന്ന എനിക്കു് നിന്നെ ആലിംഗനം ചെയ്യുന്നതു് ബ്രഹ്മാനന്ദമല്ലാതെ മറ്റെന്താണു്. എന്റെ സ്ഥിതി ഒരു സ്വപ്നം കണ്ടവന്റെ മാതിരി ആയിരിക്കുന്നു. നിന്നെ കെട്ടിപ്പിടിപ്പാനുള്ള അവസരവും കാത്തു് ഞാൻ നിമിഷങ്ങൾ എണ്ണി എണ്ണി കഴിക്കുന്നു. ഗോപാലക്കുറുപ്പ് ഒരു ചെറ്റയാണെന്നു് മനസ്സിലാക്കിയതിൽ സന്തോഷിക്കുന്നു.
ഈ കത്തുകൾ രണ്ടുപേരും തപ്പാലിൽ ഇട്ടതോടുകൂടി രണ്ടുപേർക്കും വളരെ കൃതാർത്ഥത ഉണ്ടായി. രണ്ടുപേർക്കും വരാൻപോകുന്ന ദിവസം ഓണമൊ, വിഷുവോ എന്നപോലെ തോന്നി.
ആ വല്ലാത്ത പെണ്ണു് കുറുപ്പന്മാർക്കു് കുറിച്ചയച്ച ദിവസവും പുലർന്നു. രണ്ടു് കുറുപ്പന്മാരും ഷാപ്പിൽ നിന്നു് തെറ്റുവാൻ ഓരോ ഉപായം കണ്ടുപിടിപ്പാൻ തുടങ്ങി. ഓരോരുത്തരും അന്നു് നാലുമണിക്കു് തന്നെ ഷാപ്പിൽനിന്നു് പിരിയുവാൻ തരം നോക്കി.
- ഗോ-കു:
- ഇന്നു് വടകരയിലെ ചന്തയാണു്. നാലര മണി വണ്ടിക്കു് എനിക്കവിടെ ചെല്ലാതെ നിവൃത്തിയില്ല.
- കൃ-കു:
- എന്താണു് ഇത്ര അടിയന്തിരം.
- ഗോ-കു:
- മറ്റൊന്നുമല്ല. മുളകുകാരൻ കുഞ്ഞാലിക്കു് ഞാൻ മുന്നൂറു ഉറുപ്പിക കടം കൊടുത്തിരുന്നു. പിറ്റെ ചന്തക്കു് തരാമെന്നായിരുന്നു പറഞ്ഞതു്. ആ ചന്ത കഴിഞ്ഞു. ഇന്നത്തെ ചന്തക്കു് ആയാളെ കണ്ടുപിടിച്ചാലെ പണം കിട്ടുകയുള്ളു.
- കൃ-കു:
- ഇനിയത്തെ ചന്തവരെ കാത്തുനിന്നുകൂടെ.
- ഗോ-കു:
- ഇല്ല. എനിക്കു് പണത്തിന്നു് നന്ന തിടുക്കമുണ്ടു്.
- കൃ-കു:
- എന്നാൽ പണം ഞാൻ തരാം.
- ഗോ-കു:
- എന്റെ വകയായി പണം ഉള്ളപ്പോൾ നിങ്ങളോടു് ഞാൻ കടം വാങ്ങണോ.
- കൃ-കു:
- അതു് കൊണ്ടെന്താ വിരോധം.
- ഗോ-കു:
- അക്കാര്യം പറയേണ്ട.
- കൃ-കു:
- പറവാൻ നിവൃത്തിയില്ലാഞ്ഞിട്ടാണു്.
- ഗോ-കു:
- എന്തുകൊണ്ടു്.
- കൃ-കു:
- എനിക്കു് ഇന്നു് നാല് മണിക്കു് ഒരു അടിയന്തര കാര്യത്തിന്നു് തലശ്ശേരിക്കു് പോവാനുണ്ടു്.
- ഗോ-കു:
- എന്നാൽ അതു് നാളെയാക്കുന്നതാണു് നല്ലതു്.
- കൃ-കു:
- ഒട്ടും പാടില്ല. എന്റെ മച്ചിനന്നു് വേണ്ടി ഒരു പെണ്ണിനെ കാണാൻ പുറപ്പെടാൻ ഇന്നാണു് ഏർപ്പാടു് ചെയ്തതു്. എന്നെയും കാത്തു് നാലഞ്ചു് പേർ നില്ക്കുന്നുണ്ടാകും.
- ഗോ-കു:
- ഈ വിവരം എന്നോടു് ഇതുവരെ പറഞ്ഞില്ലല്ലോ.
- കൃ-കു:
- എന്തുചെയ്യാം. വിട്ടുപോയി.
- ഗോ-കു:
- എന്നാൽ ഒരു കാര്യം ചെയ്യാം. നമുക്കു് നാല് മണിക്കു് ഷാപ്പ് പൂട്ടിക്കളയാം.
- കൃ-കു:
- ഒട്ടും വിരോധമില്ല. അതു് തന്നെയാണു് നല്ലതു്.
വാസ്തവം പറഞ്ഞാൽ ഈ ഷാപ്പിൽ കച്ചവടം നല്ലവണ്ണം നടക്കുന്നതു് നാലു് മണിക്കു് ശേഷമാണു്. അതും വേണ്ടെന്നുവെച്ചു് കുറുപ്പന്മാർ രണ്ടുപേരും ഒരുങ്ങി. ഓരോരുവൻ മറ്റവൻ ഇല്ലാത്തപ്പോൾ പെണ്ണിനു് സമ്മാനിക്കാൻ സോപ്പ്, സെണ്ട്, പട്ടുറുമാൽ തുടങ്ങി പത്തിരുപതു് ഉറുപ്പിക വിലക്കുള്ള കണ്ണിൽ പൊടിയിടുന്ന സാമാനങ്ങൾ അപഹരിച്ചു് ഷാപ്പും പൂട്ടി രണ്ടുപേരും താന്താങ്ങളുടെ വീട്ടിലേക്കു് പുറപ്പെട്ടു് രണ്ടുപേരും താന്താങ്ങളുടെ വിവാഹത്തിനു് ചെല്ലുംപോലെയുള്ള വസ്ത്രാഡംബരംകൊണ്ടു് താന്താങ്ങളെ അലങ്കരിച്ചു. അഞ്ചെമുക്കാൽ മണിക്കുതന്നെ, കള്ളു് ഷാപ്പിലേക്കു് പോകുന്ന കള്ളുകുടിയന്മാർ തിന്നാനുള്ള ഓരോ പൊതിയും കൈക്കലാക്കി പോകുമ്പോലെ സമ്മാനം നിറച്ച പെട്ടിയും കൈവശം വെച്ചു് പൂഞ്ചോരിക്കാവിന്റെ കിഴക്കുഭാഗത്തുള്ള ഒഴിഞ്ഞ വീട്ടിലേക്കു് പുറപ്പെട്ടു. കാവിന്റെ ചുറ്റും നിബിഡമായ പൊന്തക്കാടാണു്. കിഴിക്കുഭാഗത്തു് കഷ്ടിച്ചു് ആളുകളെ നടക്കാൻ തക്കവണ്ണം ഒരു വരപോലെയുള്ള ഊടു് വഴി മാത്രമെ ഉള്ളു. ആ ഉടുവഴി തെക്കുവടക്കായിട്ടാണു് കിടക്കുന്നതു്. ഒഴിഞ്ഞ വീട്ടിൽ ചെല്ലേണമെങ്കിൽ ആ വഴിയുടെ ഒത്ത മദ്ധ്യത്തിൽനിന്നു് കിഴക്കോട്ടു് തിരിയണം. അന്നു് ഊടുവഴിയുടെ തെക്കെ അറ്റത്തിൽനിന്നു് ഗോപാലക്കുറുപ്പും വടക്കെ അറ്റത്തിൽ നിന്നു് കൃഷ്ണക്കുറുപ്പും പലേ മനോരാജ്യങ്ങളും ആലോചിച്ചു് പുറപ്പെട്ടു.
നേരം സന്ധ്യയാകുന്നതേയുള്ളു. ചേക്കിരിക്കാനായി കാക്കകൾ കൂട്ടംകൂട്ടമായി പോയിത്തുടങ്ങുന്നേ ഉള്ളു. ഉന്മേഷചിത്തന്മാരായ രണ്ടുരസികന്മാരും തങ്ങൾ അന്യോന്യം എതിരായിട്ടാണു് വരുന്നതു് എന്നറിയാതെ നടന്നുതുടങ്ങി. ദൂരെ നിന്നു് അന്യോന്യം കണ്ടു് മനസ്സിലായപ്പോൾ രണ്ടുപേരും ഒന്നു് ഞെട്ടി പരിഭ്രമത്തോടെ കുറെ നേരം നിന്നു. ദേശാന്തരത്തിന്നു് പോയ രണ്ടാളും സ്വരാജ്യത്തിൽ നിന്നുതന്നെ കണ്ടുമുട്ടുന്നതു് ആശ്ചര്യമല്ലെ. ഓരോരുവൻ കടന്നുപോയ്ക്കൊട്ടെ എന്ന നിലയിൽ രണ്ടുപേരും പൊന്തയിൽ കേറി ഒളിച്ചു. അപ്പോൾ ആ വല്ലാത്ത പെണ്ണിന്റെ ദാസി കൃഷ്ണക്കുറുപ്പിന്റെ അടുക്കെ വന്നു് ഗോപാലക്കുറുപ്പിന്നു് എന്തോ സംശയം ജനിച്ചിട്ടുണ്ടെന്നും നിങ്ങളെ കണ്ടുപിടിക്കാൻവേണ്ടി ഒരേടത്തു് ഒളിച്ചിട്ടുണ്ടെന്നും അതുകൊണ്ടു് ഇരുട്ടാകുംവരെ അങ്ങിനെതന്നെ അവിടെ ഇരിപ്പാനും ഇരുട്ടായാൽ അവൾ കൂട്ടിക്കൊണ്ടുപോവാൻ വരുമെന്നും പറഞ്ഞു് സമ്മാനങ്ങൾ ഒക്കെ മേടിച്ചു് വീട്ടിൽ കൊണ്ടുവെച്ചു. പിന്നെ ഗോപാലക്കുറുപ്പോടും മേൽപ്രകാരം തന്നെ പറഞ്ഞു് അദ്ദേഹം കൊണ്ടുവന്ന സാമാനങ്ങളും മേൽപ്രകാരം കൊണ്ടുവെച്ചു. നല്ല ഇരുട്ടാകുന്നതുവരെ രണ്ടു് കുറുപ്പന്മാരും പൊന്തയിൽതന്നെ ഉക്കറ്റിരിക്കേണ്ടിവന്നു.
അങ്ങിനെ ഇരിക്കുമ്പോൾ ആ വല്ലാത്ത പെണ്ണിന്റെ ദാസി കൃഷ്ണകുറുപ്പിന്റെ അടുക്കെ ചെന്നു് വരാൻ പറഞ്ഞു. കുറുപ്പു് ദാസിയുടെ പിന്നാലെ നടന്നു. ആ ഒഴിഞ്ഞ വീട്ടിൽ എത്തി, അതിന്റെ വടക്കെ മുറിയിൽ കുറുപ്പിനെ നിർത്തി. മുറിയിൽ വെളിച്ചമൊന്നും ഉണ്ടായിരുന്നില്ല. എന്നതിൽപിന്നെ ഗോപാലക്കുറുപ്പിനേയും കൂട്ടി വീട്ടിന്റെ തെക്കെമുറിയിൽ നിർത്തി. അതിലും വെളിച്ചമുണ്ടായിരുന്നില്ല. മൂപ്പത്തിയെ ഇപ്പോൾ കൂട്ടിക്കൊണ്ടുവരാമെന്നു് ഗോപാലക്കുറുപ്പോടു് പറഞ്ഞു. ആ സരസയായ ദാസി കൃഷ്ണക്കുറുപ്പോടു് മൂപ്പത്തി തെക്കെ മുറിയിൽ തന്നെയും കാത്തിരിക്കുന്നുണ്ടെന്നും അങ്ങട്ടു് ചെല്ലാനും പറഞ്ഞു. നെഞ്ഞിടിപ്പോടെ കാത്തുനില്ക്കുന്ന ഗോപാലക്കുറുപ്പിന്റെ മുറിയിൽ നിഞ്ഞിടിപ്പോടെ കൃഷ്ണക്കുറുപ്പു് കേറിച്ചെന്നു. ഒരു നിമിഷത്തിന്നുള്ളിൽ രണ്ടാളും പൊത്തിപ്പിടിച്ചു് ഓരോ ചുംബനംവെച്ചു. പരുപരുക്കുന്ന രോമങ്ങൾ തടഞ്ഞു് രണ്ടാളും പരിഭ്രമിച്ചു.
- കൃ-കു:
- ഇതാരു്?
- ഗോ-കു:
- കൃഷ്ണക്കുറുപ്പൊ?
- കൃ-കു:
- ഗോപാലക്കുറുപ്പൊ?
- ഗോ-കു:
- നിങ്ങൾ എങ്ങിനെ ഇവിടെ എത്തി?
- കൃ-കു:
- നിങ്ങൾ എങ്ങിനെ ഇവിടെ എത്തി?
- ഗോ-കു:
- എന്നെ ചതിച്ചല്ലൊ.
- കൃ-കു:
- എന്നേയും ചതിച്ചു.
- ഗോ-കു:
- ഇനി മെല്ലെ കടന്നുപോവാൻ നോക്കുക.
- കൃ-കു:
- അതേ.
ആ സമയത്തു് ആ വല്ലാത്തപെണ്ണും നാലു പുരുഷന്മാരും വിളക്കുമായി അവിടെ എത്തി.
- പെണ്ണു്:
- പോവാൻ വരട്ടെ. എനിക്കും ചിലതു് പറവാനുണ്ടു്. സ്ത്രീകളുടെ ചാരിത്രശുദ്ധിയിൽ നിങ്ങൾക്കു് രണ്ടാൾക്കും ഒട്ടും വിശ്വാസമില്ലെന്നു് ഞാൻ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടു് നിങ്ങളെ ഒന്നു് പഠിപ്പിക്കേണം എന്നു് വിചാരിച്ചു് ഞാൻ കരുതിക്കൂട്ടി ഇങ്ങിനെ ചെയ്തതാണു്. ഇനിയെങ്കിലും വ്യഭിചാരം വെടിഞ്ഞു് വിവാഹം കഴിച്ചു് സന്മാർഗ്ഗികളായി കാലം കഴിച്ചുകൊൾവിൻ.
ആ വല്ലാത്ത പെണ്ണു് ഇങ്ങിനെ പറഞ്ഞപ്പോൾ വേഗം പോവിൻ എന്നു് പറഞ്ഞുകൊണ്ടു് ഒന്നിച്ചുവന്ന പുരുഷന്മാർ രണ്ടു് കുറുപ്പന്മാരുടേയും പിരടിപിടിച്ചു് ഓരോരൊ തള്ളുകൊടുത്തു. ഇരുട്ടിൽനിന്നു് തപ്പിപ്പിടിച്ചു് രണ്ടു് കുറപ്പന്മാരും അന്യോന്യം ഉരിയാടാതെ താന്താങ്ങളുടെ വീട്ടിലേക്കു മടങ്ങി.
*****
ഇതുകൊണ്ടും മതിയായൊ. പിറ്റേന്നു പതിവുപോലെ ഷാപ്പും തുറന്നു രണ്ടു കുറുപ്പന്മാരും അവിടെ ഇരിക്കുമ്പോൾ മുക്കുവൻ കോമാളി കേറി വരുന്നതുകണ്ടു. അദ്ദേഹത്തിന്റെ മുഖം ക്രോധംകൊണ്ടു കറുത്തിരുന്നു. കോമാളി ഗോപാലക്കുറുപ്പിനെ നോക്കി ഇടിവെട്ടും പോലെയുള്ള സ്വരത്തിൽ “എന്തു മര്യാദയാണെ നിങ്ങൾ ചെയ്തതു. നിങ്ങളേക്കൊണ്ടു് ആരാന്റെ ഭാര്യാമാർക്കൊന്നും പൊറുത്തു കൂടാ എന്നൊ. ഇങ്ങിനെ ഒക്കെ ആയാൽ തല്ലുകൊണ്ടു എല്ലു മുറിഞ്ഞുപോകും.”
- ഗോ-കു:
- ഇതെന്തു കഥ. ഞാനുണ്ടൊ നിങ്ങളുടെ ഭാര്യക്കു് കത്തയച്ചിട്ടു്.
- കോമാളി:
- ഹൊ ഒന്നും അറിയാത്ത മാതിരി ഈ പിത്തലാട്ടമൊന്നും കൊണ്ടുവരേണ്ട.
- ഗോ-കു:
- ഈശ്വരനാണെ ഞാൻ നിങ്ങളുടെ ഭാര്യയ്യക്കു് കത്തയച്ചിട്ടില്ല.
- കോമാളി:
- കള്ളസ്സത്യം ചെയ്യാനുകൂടി ഒരുങ്ങിയിരിക്കുന്നോ? ഇതാ നോക്കു്. ഇതു് നിങ്ങളുടെ എഴുത്തല്ലെ.
- ഗോ-കു:
- അതെ; ഇതു് മാങ്കുഴി മാളുവിന്നല്ലെ.
- കോമാളി:
- അവൾതന്നെയല്ലെ എന്റെ ഭാര്യ. നിങ്ങളുടെ ഇടയിൽ നാട്ടിൽ ജനങ്ങൾ പൊറുക്കേണ്ടെ നിശ്ചയമായിട്ടും ഞാൻ നിങ്ങളുടെ പേരിൽ നമ്പർ കൊടുക്കും. കുറുപ്പന്മാരാണെന്നു വെച്ചു എന്തും ചെയ്യാമെന്നു കരുതേണ്ട. ആ കാലമൊക്കെ പോയി.
ഈ ലഹള ഒക്കെ കേട്ടപ്പോൾ ഷാപ്പിന്റെ മുന്നിൽ ആളുകൾ വളരെ നിറഞ്ഞു. അപ്പോൾ മറ്റൊരു നരകാസുരനെപോലെ മുക്കുവൻ കുഞ്ചക്കൻ കേറിവന്നു കൃഷ്ണക്കുറിപ്പിനെ നോക്കി. ആ നോട്ടത്തിൽതന്നെ കുറുപ്പു് ദഹിച്ചു പോവാറായ്പോയി.
- കുഞ്ചക്കൻ:
- എന്തൊരുധിക്കാരമാണു് നിങ്ങൾ ചെയ്തതു്? ഈ കാലത്തും ഇങ്ങിനെ കള്ളപ്പയറ്റു് നടത്താമെന്നൊ?
- കോമാളി:
- ഇപ്പോൾ എന്താണു് ചെയ്തതു്.
- കുഞ്ചക്കൻ:
- എന്താണെന്നൊ. നിങ്ങളാണെങ്കിൽ ഇത്രത്തോളം ക്ഷമിച്ചിരിക്കില്ല.
- കോമാളി:
- കാര്യമെന്താണു് കേൾക്കട്ടെ.
- കുഞ്ചക്കൻ:
- എന്റെ ഭാര്യ കാളിക്കു് ഒരു രഹസ്യക്കത്തയച്ചിരിക്കുന്നു. ഞാൻ ഞെട്ടിപ്പോകില്ലെ.
- കൃ-കു:
- അറിയാതെ വന്നുപോയ അബദ്ധമാണു് ഇതു ഞങ്ങൾക്കു കിട്ടിയ കത്തിന്നു ഒരു മറുപടി മാത്രമാണു്. ഇങ്ങിനെ പറഞ്ഞു രണ്ടാളും ഓരോ കത്തുകാണിച്ചു മുക്കുവാന്മാരെ സമാധാനപ്പെടുത്തുവാൻ നോക്കി.
- കോമാളി:
- ഇതൊന്നും ഞങ്ങൾക്കറിയേണ്ടുന്ന കാര്യമില്ല ഈ വർത്തമാനം നാട്ടിലൊക്കെ പുക്കാറായിപ്പോയി ഞങ്ങൾ അന്യായപ്പെടാതിരിക്കില്ല.
അപ്പോൾ കൂട്ടത്തിൽനിന്നു ഒരു വൃദ്ധൻ വന്നു കുറുപ്പന്മാർ ഓരോരുവരോടും മുക്കുവന്മാർക്കും പത്തുറുപ്പിക കൊടുപ്പാൻ വിധിച്ചു കാര്യം രാജിയാക്കി. ഗോപാലക്കുറുപ്പു് പത്തുറുപ്പിക കോമാളിക്കും കൃഷ്ണക്കുറുപ്പു് പത്തുറുപ്പിക കുഞ്ചക്കനും കൊടുത്തപ്പോൾ അവർ സംതൃപ്തന്മാരായി മടങ്ങി. ലഹള ഒക്കെ തീർന്നപ്പോൾ അവിടെ കൂടിയ ജനങ്ങളും പിരിഞ്ഞു. അപ്പോൾ കൂറൊക്കെ നീങ്ങി പുറത്തു വന്ന ചന്ദ്രനെപോലെ നിരത്തിന്റെ ഒത്ത നടുവിൽ നിന്നു “ആ വല്ലാത്ത പെണ്ണു്” കുറുപ്പന്മാരെ നോക്കി മന്ദഹസിച്ചതു കണ്ടു. നൂറു കൊല്ലം സൂപ്പു കുടിച്ച ഫലം പോലെ ഒരു നിമിഷംകൊണ്ടു രണ്ടു കുറുപ്പന്മാരുടെയും മുഖം വീർത്തു.
- കൃഷ്ണൻ:
- അല്ലാ വർത്തമാനം അറിഞ്ഞില്ലേ?
- ഞാൻ:
- എന്തായിരുന്നു?
- കൃഷ്ണൻ:
- നിങ്ങളുടെ മേൽ അഞ്ചാറു സിവിൽ വാറണ്ടുകൾ പിന്നെയും പുറപ്പെട്ടിട്ടുണ്ടത്രേ.
- ഞാൻ:
- എന്താ, കൂട്ടരൊക്കെ ഒന്നിച്ചു പുറപ്പെട്ടതു്?
- കൃഷ്ണൻ:
- ആപത്തു വരുന്നതു കൂട്ടത്തോടെയല്ലേ?
- ഞാൻ:
- ആകെ മുങ്ങിയാൽ ശീതമൊന്നു്.
- കൃഷ്ണൻ:
- ശീതം ജാസ്തിയായ്പോക്കുന്നതും സൂക്ഷിക്കണം.
- ഞാൻ:
- ആട്ടെ, എല്ലാംകൂടി തുകയെന്തുണ്ടാകും?
- കൃഷ്ണൻ:
- കോടതിച്ചെലവോടുകൂടെ കൂറേ ജാസ്തിഉണ്ടാകും.
- ഞാൻ:
- ജാസ്തി എന്നുവെച്ചാൽ:
- കൃഷ്ണൻ:
- ഇരുപത്തയ്യായിരത്തിലും മീതേ കാണണം.
- ഞാൻ:
- ഇത്രയേ ഉള്ളു.
- കൃഷ്ണൻ:
- എന്താ, അതു കുറഞ്ഞു പോയോ?
- ഞാൻ:
- പിന്നെ അല്ലാതെയോ?
- കൃഷ്ണൻ:
- അപ്പോൾ ഇരുപത്തയ്യായിരം കയ്യിരിപ്പുണ്ടോ?
- ഞാൻ:
- അങ്ങിനെ ഞാൻ പറഞ്ഞോ?
- കൃഷ്ണൻ:
- പിന്നെ എന്താണു് ഒരുകുലുക്കവും കാണാത്തതു.
- ഞാൻ:
- കുലുങ്ങിയാൽ വാറണ്ടുകൾ മടങ്ങുമോ?
- കൃഷ്ണൻ:
- പിന്നെ എന്താണു് വിചാരിക്കുന്നതു്?
- ഞാൻ:
- ഞാനിങ്ങു വിചാരിക്കാൻ തുടങ്ങിയോ?
- കൃഷ്ണൻ:
- തുടങ്ങുംമുമ്പെ ശിപായിമാർ ഇങ്ങെത്തും.
- ഞാൻ:
- ഇത്ര വേഗമോ?
- കൃഷ്ണൻ:
- താമസിച്ചിട്ടവർക്കെന്താണു് കാര്യം?
- ഞാൻ:
- എനിക്കു ഒഴികഴിവിന്നിടവേണ്ടെന്നോ?
- കൃഷ്ണൻ:
- വേണ്ടെന്നു തന്നെയല്ലേ അവരുടെ ഉദ്ദേശം.
- ഞാൻ:
- അങ്ങിനെയാണെങ്കിൽ വാറണ്ടു വരട്ടെ. അതിനേ പറ്റി തല്ക്കാലം ആലോചിക്കേണ്ടതില്ല.
- കൃഷ്ണൻ:
- ആലോചിക്കാതിരുന്നാൽ പറ്റുമോ?
- ഞാൻ:
- തല്ക്കാലം എന്നെ കാണാഞ്ഞാൽ പോരേ?
- കൃഷ്ണൻ:
- എത്ര നാളാണു് ഒരാൾ ഒളിച്ചിരിക്കുക?
- ഞാൻ:
- അധിക നാളൊന്നും വേണ്ടിവരില്ല.
- കൃഷ്ണൻ:
- ഇരുപത്തയ്യായിരം ഒരുക്കുവാനോ?
- ഞാൻ:
- അതെ.
- കൃഷ്ണൻ:
- എന്തുകൊണ്ടു്?
- ഞാൻ:
- നിന്റെ കൈയിൽ എന്റെ വകയായി ഇരിപ്പുള്ള പണംകൊണ്ടു്.
- കൃഷ്ണൻ:
- അതു അധികമൊന്നുമില്ലല്ലൊ.
- ഞാൻ:
- കുറച്ചു മതി.
- കൃഷ്ണൻ:
- കുറച്ചുകൊണ്ടു ഇരുപത്തയ്യായിരം വീടാമോ?
- ഞാൻ:
- വീടാൻ വഴികാണണം.
- കൃഷ്ണൻ:
- വഴി ഉണ്ടെങ്കിലല്ലേ അതു കാണാൻ തരമുള്ളു.
- ഞാൻ:
- വഴിയുണ്ടാക്കണം.
- കൃഷ്ണൻ:
- എന്നാൽ അതു വേഗമുണ്ടാക്കികൊള്ളു.
- ഞാൻ:
- അതൊക്കെ ഉണ്ടാക്കിക്കഴിഞ്ഞില്ലേ? തല്ക്കാലം എനിക്കു നിന്റെ കൈയിലുള്ള പണം മാത്രം മതി.
- കൃഷ്ണൻ:
- എന്റെ കൈയിൽ നിങ്ങളുടെ പണം എത്രയുണ്ടെന്നു വിചാരിക്കുന്നു?
- ഞാൻ:
- നീ തന്നേ പറക.
- കൃഷ്ണൻ:
- കഷ്ടിച്ചു ഒരഞ്ഞൂറോളംം കാണണം.
- ഞാൻ:
- ഹൂ, ധാരാളം മതിയല്ലൊ.
- കൃഷ്ണൻ:
- അഞ്ഞൂറു നമുക്കു രണ്ടു ദിവസത്തേക്കുണ്ടോ?
- ഞാൻ:
- അതു എത്ര ക്ഷണംകൊണ്ടു പെരുക്കാം.
- കൃഷ്ണൻ:
- അതേ, ആയിരംകൊണ്ടു പെരുക്കിയാൽ ഉടനെ അഞ്ചുലക്ഷമാകും.
- ഞാൻ:
- അങ്ങിനെ പെരുകിവരുവാൻ ഒരു മാർഗ്ഗം കാണണ്ടേ?
- കൃഷ്ണൻ:
- അതേ.
- ഞാൻ:
- നീ വല്ലതും കാണുന്നുണ്ടോ?
- കൃഷ്ണൻ:
- ഞാനോ! ഞാൻ നിങ്ങളെ എന്റെ മുമ്പിൽ കാണുന്നുണ്ടു.
- ഞാൻ:
- വാറണ്ടുവന്നാൽ ആ കാഴ്ചയും ഉണ്ടാകയില്ല.
- കൃഷ്ണൻ:
- ഇല്ല.
- ഞാൻ:
- നീയാണെങ്കിൽ ഈ അഞ്ഞൂറുറുപ്പിക എങ്ങിനെ വർദ്ധിപ്പിക്കും?
- കൃഷ്ണൻ:
- ഉള്ള പണംകൊണ്ടു തീവണ്ടിക്കരാറെടുക്കും.
- ഞാൻ:
- ഛീ, എത്ര ആളുടെ അടിമയാകണം തീവണ്ടി ഉദ്യോഗസ്ഥന്മാർ അവരുടെ അധികാരം കാട്ടുന്നതു കരാറുകാരരോടല്ലേ?
- കൃഷ്ണൻ:
- അതൊന്നും തകരാറുകാരായ കരാറുകാരോടു ഫലിക്കയില്ല.
- ഞാൻ:
- എന്നാലും ലാഭം മതിയാകയില്ല.
- കൃഷ്ണൻ:
- നിങ്ങൾ എത്ര ലാഭം കൊണ്ടു തൃപ്തിപ്പെടും?
- ഞാൻ:
- ചുരുങ്ങിയാൽ ഒരു ദിവസത്തിൽ അൻപതുറുപ്പിക ലാഭം വേണ്ടേ?
- കൃഷ്ണൻ:
- ഹു! ഹു! മാസത്തിൽ 1500-ക കൊല്ലത്തിൽ പതിനെണ്ണായിരം. അഞ്ഞൂറു റുപ്പികകൊണ്ടു കൊല്ലത്തിൽ പതിനെണ്ണായിരം ഉറുപ്പികലാഭമുണ്ടാക്കണമെന്നു വിചാരിക്കുന്നതു കുറേ കടന്ന കൈ ആയിപ്പോയില്ലേ?
- ഞാൻ:
- ഒരിക്കലും ഇല്ല.
- കൃഷ്ണൻ:
- ഇങ്ങിനെ ഒരു കാര്യം അസാദ്ധ്യമാണു്.
- ഞാൻ:
- ഇതിലും വലിയ കാര്യവുകൂടി എത്ര ആൾ സാധിപ്പിച്ചിട്ടുണ്ടു്?
- കൃഷ്ണൻ:
- അവരൊക്കെ അമാനുഷരായിരിക്കും.
- ഞാൻ:
- അതൊന്നും കരുതേണ്ടാ. നമ്മൾ ഒരു വഴി കാണണം.
- കൃഷ്ണൻ:
- ഞാനൊരു വഴിയും കാണുന്നില്ല.
- ഞാൻ:
- അങ്ങിനെ പറഞ്ഞാൽ പോരാ.
- കൃഷ്ണൻ:
- എന്നാൽ വല്ല ഷോടതിയിലും ചേരുക.
- ഞാൻ:
- പോയാൽ മുഴുവനും പോയില്ലേ?
- കൃഷ്ണൻ:
- മറ്റെന്തു നിവൃത്തി?
- ഞാൻ:
- എത്ര നിവൃത്തികളുണ്ടു?
- കൃഷ്ണൻ:
- എന്നാൽ ഒന്നെങ്കിലും പുറത്തിറക്കരുതോ?
- ഞാൻ:
- ആട്ടെ, ഞാൻ ഒന്നുചോദിക്കട്ടെ.
- കൃഷ്ണൻ:
- ചോദിച്ചോളു.
- ഞാൻ:
- നമ്മുടെ നാട്ടുകാർ മതസംബന്ധമായ കാര്യത്തിൽ അന്ധവിശ്വാസികളാണെന്നു നീ അറിയില്ലേ?
- കൃഷ്ണൻ:
- അതേ.
- ഞാൻ:
- അവർക്കു സന്യാസിമാരെയും യോഗിമാരേയും അത്യന്തം ഭക്തിയും ബഹുമാനവും ആണെന്നു നീ മനസ്സിലാക്കീട്ടില്ലേ?
- കൃഷ്ണൻ:
- ഉണ്ടു്.
- ഞാൻ:
- നാട്ടുകാർ യാതൊരറിവും വ്യുല്പത്തിയും ഇല്ലാത്തവരാണെന്നും എന്തു പറഞ്ഞാലും വിശ്വസിക്കുന്നവരാണെന്നും ജാതിവിഭാഗം കൂടി ശരിയാണെന്നു വിചാരിക്കുന്ന മൂഢന്മാരാണെന്നും നീ അറിയില്ലെ?
- കൃഷ്ണൻ:
- അതൊക്കെ അറിയാം.
- ഞാൻ:
- എന്നിട്ടാണോ നമുക്കു ദിവസംതോറും അൻപതീതുറുപ്പിക ഉണ്ടാക്കാൻ സാധിക്കാത്തതു്?
- കൃഷ്ണൻ:
- അവിടെയല്ലേ വിഷമം?
- ഞാൻ:
- ഒരു വിഷമവും ഇല്ല. അൻപതു എന്നു ഞാൻ പറഞ്ഞതു ഒരു ചുരുങ്ങിയ സംഖ്യയായിപ്പോയി. അതിലും അധികം ഉണ്ടാക്കാൻ ധാരാളം വഴിയുണ്ടു്.
- കൃഷ്ണൻ:
- കല്പവൃക്ഷവും കൂടിനാണിച്ചു പോകുന്ന ആ വഴി എന്തായിരിക്കും?
- ഞാൻ:
- ആ നാലുകൂടിയ നിരത്തുവഴി നീ കണ്ടിട്ടില്ലേ?
- കൃഷ്ണൻ:
- കണ്ടിട്ടുണ്ടു്.
- ഞാൻ:
- അതൊരു നല്ല വഴിയാണു്.
- കൃഷ്ണൻ:
- എന്തുകൊണ്ടു്?
- ഞാൻ:
- അതിന്റെ വക്കത്തുള്ള വലിയ മാളികപ്പീടിക ഇപ്പോഴും ഒഴിവല്ലേ?
- കൃഷ്ണൻ:
- ഏതു് ? ചീരൊത്തു ചാരന്റെ പാണ്ടികശാലയോ?
- ഞാൻ:
- അതേ.
- കൃഷ്ണൻ:
- അതു ഇപ്പോഴും ഒഴിവാണു്. മാസത്തിൽ അൻപതീതുറുപ്പിക വാടക വേണമെന്നു ശഠിച്ചാൽ ആരാണു് പീടിയ്ക്കു വരുന്നതു?
- ഞാൻ:
- അൻപതത്ര സാരമുണ്ടോ? അതിന്നുതന്നെ വേണമെങ്കിൽ ഞാൻ കൊടുക്കില്ലേ?
- കൃഷ്ണൻ:
- എവിടുന്നു?
- ഞാൻ:
- നമ്മുടെ കൈയിലുള്ള പണംകൊണ്ടു.
- കൃഷ്ണൻ:
- അതു പിന്നെ ബാക്കിയുണ്ടാകുമോ?
- ഞാൻ:
- അതൊന്നും നീ അറിയേണ്ടാ. നീ ചാരനോടു അൻപതുറുപ്പിക വാടയ്ക്കു രണ്ടു കൊല്ലത്തേക്കു ഷാപ്പെഴുതി വാങ്ങണം. ആറുമാസത്തേ വാടക മുൻകൂറായി കൊടുക്കാനും മടിക്കേണ്ടാ.
- കൃഷ്ണൻ:
- അങ്ങിനെ ചെയ്താൽ നമ്മൾ മുടിഞ്ഞുപോകും
- ഞാൻ:
- അങ്ങിനെ ചെയ്യാഞ്ഞാൽ നമ്മൾ മുടിഞ്ഞു പോകും.
- കൃഷ്ണൻ:
- എന്തു പൊടിക്കയ്യാണു് ഈ പ്രാവശ്യം എടുക്കുന്നതു എന്നു എനിക്കു മനസ്സിലാകുന്നില്ല. പൊടിക്കൈ എപ്പോഴും ഫലിക്കയില്ല.
- ഞാൻ:
- പൊടിക്കു ഫലമുണ്ടെങ്കിൽ പൊടിക്കൈകൾ ഫലമുണ്ടാകും.
- കൃഷ്ണൻ:
- ഈ ഏർപ്പാടു ഒരു സാഹസമായിപ്പോകുമെന്നാണു് ഞാൻ വിചാരിക്കുന്നതു.
- ഞാൻ:
- നീ എന്തെങ്കിലും വിചാരിക്കുന്നതിനു എനിക്കു യാതൊരുവിരോധവുമില്ല. പക്ഷേ, പറഞ്ഞപോലെ പീടിക ഇന്നുതന്നെ വാടകയ്ക്കു ഏറ്റെടുക്കണം.
- കൃഷ്ണൻ:
- ഞാൻ ഏറ്റെടുത്തോളാം. എന്നാൽ എന്റെ ദീപാളി നിങ്ങളും ഏറ്റെടുക്കേണ്ടിവരും.
- ഞാൻ:
- അതൊക്കെ ഞാനേറ്റു നീ ഞാൻ പറയുമ്പോലെ ചെയ്യുക. എന്നാൽ എല്ലാം ഗുണത്തിൽ കലാശിക്കും. പണം മഴ ചൊരിയുമ്പോലെ ചൊരിയും. അടുത്ത ദിവസം മോട്ടോർകാറിന്നെഴുതണം. ദേവേന്ദ്രന്നു മാതലി എന്നപോലെ നമുക്കും ഒരു സൂതൽവേണം.
- കൃഷ്ണൻ:
- ഇതൊക്കെ കാര്യത്തിൽ തന്നെയാണോ?
- ഞാൻ:
- കാര്യം ഇതുകൊണ്ടുമാത്രം തീർന്നൊ? ഇനിയും എത്ര കാര്യം വേറെ കിടക്കുന്നുണ്ടു്.
- കൃഷ്ണൻ:
- എന്നാൽ ഒന്നാമതു, ആദ്യം പറഞ്ഞ കാര്യത്തിന്നു ഏർപ്പാടുകൾ ചെയ്വാൻ പോവട്ടെ?
- ഞാൻ:
- പോവാൻ വരട്ടെ ചില കാര്യങ്ങളും കൂടി ചെയ്വാനുണ്ടു്.
- കൃഷ്ണൻ:
- ഏതായാലും പുറപ്പാടു ഘോഷമായിട്ടാണെന്നു തോന്നുന്നു.
- ഞാൻ:
- എന്തിനു കുറവാക്കുന്നു.
- കൃഷ്ണൻ:
- നിങ്ങളെന്തെങ്കിലും ചെയ്തോളു. ഞാനൊന്നും അറിയില്ല.
- ഞാൻ:
- അറിയുമ്പോൾ അറിയാം.
- കൃഷ്ണൻ:
- അതത്രെ ഉള്ളു.
- ഞാൻ:
- നീ കേൾക്കു്. കോടോത്തു മാമനോടു അഞ്ചാറു കണ്ണാടി അളമാറകൾ വാടയ്ക്കു വാങ്ങി ആ ഷാപ്പിന്റെ ചുവട്ടിലെ മുറിയിൽ വെയ്ക്കണം. ഷാപ്പിന്റെ മുൻഭാഗത്തു ഒരു മേശയും കസേലയും വേണം. മേശത്തുണിലേസ് വെച്ചതായിരിക്കണം മേശമേൽ ഒരു പൂക്കുപ്പിയും രണ്ടുപനിന്നീർകുപ്പിയും ഉണ്ടായിരിക്കണം.
- കൃഷ്ണൻ:
- ഇതൊക്കെ കുറിച്ചെടുക്കേണ്ടിവരുമോ?
- ഞാൻ:
- അത്ര അധികമൊന്നുമില്ല. ശ്രദ്ധവെച്ചു കേട്ടാൽ മതി. ചീക്കാസേട്ടുവോടു് അദ്ദേഹത്തിന്റെ പഴയ കേഷ്ബോക്സ് (പണമിടുന്ന ഇരുമ്പുപെട്ടി) എന്റെ പേരും പറഞ്ഞു വാങ്ങണം. ചായക്കാരൻ അമ്മതിനെക്കൊണ്ടു അതു ചായമിട്ടു പുതുക്കി പീടികയുടെ താഴേ അകത്തു തെക്കെ ഭാഗത്തു കൊണ്ടുവെക്കണം.
- കൃഷ്ണൻ:
- തീർന്നൊ?
- ഞാൻ:
- ഇല്ല. പീടികയുടെ പടിഞ്ഞാറെ ഭാഗത്തു നമ്മുടെ തേക്കിൻ മേശ കൊണ്ടുവന്നിടണം. അതിന്റെ പിന്നിൽ ഒരു വില്ലൂസടിച്ച കസേലയും കൊണ്ടുവെക്കണം. വലിയ കണ്ണാടികൾ, കുപ്പികൾ, ചട്ടത്തിലിട്ട ചിത്രങ്ങൾ മുതലായവ ഞാൻ തന്നെ ആലോചിച്ചുകൊള്ളാം.
- കൃഷ്ണൻ:
- എന്തു ഇന്ദ്രജാലമാണാവോ കാട്ടാൻ പോകുന്നതു്?
- ഞാൻ:
- കടപ്പുറത്തെ പൂഴിപോലെ ഉറുപ്പികയുണ്ടാക്കുന്നതു ഇന്ദ്രജാലമല്ലാതെ മറ്റെന്തൊന്നാണു്?
- കൃഷ്ണൻ:
- ഒക്കെ കണ്ടിട്ടു പറയാം.
- ഞാൻ:
- കണ്ടാൽ, ഒക്കേ പോയിട്ടു പകുതികൂടി പറവാൻ കഴികയില്ല. 26-ാം൹ മെയിൽ വണ്ടിക്കു വാച്ചാലിയുടെ ശങ്കരനാനയേയും, കോട്ടൂരിലെ ലക്ഷ്മിയാനയേയും,പാലപ്പുറത്തെ ഇട്യൂരനാനയേയും, കള്ളാടിയിലെ കുട്ടികൃഷ്ണനാനക്കുട്ടിയേയും, വേടൻകോടന്റെ സുൽത്താനായേയും പൊമ്പടങ്ങൾ അണിയിച്ചു. തീവണ്ടിയാപ്പീസ്സിൽ കൊണ്ടുവരണം. ചെണ്ടയും ചീനിയും, ഭജനവും, ഹാർമോണിയവും, പഞ്ചവാദ്യവും, വാളണ്ടിയർമാരുടെ ബാന്റും, മറ്റും ഒരുക്കണം. ചുരുങ്ങിയാൽ ഒരാറായിരം ആളുകൾ തീവണ്ടയാപ്പീസിൽ ഹാജരുണ്ടാവണം. ആപ്പീസു തോരണം, കുരുത്തോല. വർണ്ണക്കടലാസ്, പുഷ്പം മുതലായതുകൊണ്ടു വിതാനിക്കണം. ഒന്നാന്തരം ഒരു കർപ്പൂരമല്ലികമാലയ്ക്കു പൂക്കാരൻ മേസ്ത്രിയെ ഏല്പിക്കണം. ആലവട്ടം, വെഞ്ചാമരം തഴ, കുട മുതലായതൊക്കെ സാമൂതിരിത്തമ്പുരാനോടു തന്നെ മേടിക്കണം. എല്ലാം ഘോരഘോഷത്തിലായിരിക്കണം. നാടൊന്നു നടുങ്ങിപ്പോകണം. നിരത്തുവഴിയിൽ അവിടവിടേ കമാനും കെട്ടണം, കൂടക്കൂടെ കതിനാ മുഴങ്ങണം. സാധുക്കൾക്കു ചെമ്പിൻകാശുകൾ രണ്ടുഭാഗത്തും വാരിയെറിയണം.
- കൃഷ്ണൻ:
- ശിവ! ശിവ! ഈ ഒരുക്കങ്ങളൊക്കെ എന്തിനാണു് പോലും.
- ഞാൻ:
- പറഞ്ഞുതരാം. 26-ാം൹ രോഗാന്തകയോഗിയാർ എന്ന പ്രസിദ്ധ ഋഷീശ്വരൻ ഇവിടെ എത്തുമെന്ന വിവരം പരസ്യമടിച്ചു പരത്തണം. പരസ്യം ഏകദേശം ഇരുപതിനായിരം പ്രതി ഉണ്ടായിരിക്കണം. പരസ്യത്തിന്റെ വാചകം, ഞാനെഴുതിക്കൊണ്ടുവന്നപോലെ ഇങ്ങിനെയായിരിക്കണം.
പരസ്യം ആയുർവ്വേദപാരാവാരത്തിന്റെ മറുകര കണ്ടവരും, ഹഠയോഗിയും, 227 പ്രായമുണ്ടായിരുന്നിട്ടു കൂടി നാല്പതോളം പ്രായം മതിക്കാത്തവരും, മലയാളം ഉൾപ്പെടെ മുപ്പത്താറുഭാഷ എഴുതാനും വായിക്കാനും ശീലമുള്ളവരും, അഷ്ടാവധാനിയും, സകല കലാവിദഗ്ദ്ധനും, വടക്കേ ഇന്ത്യ മുഴുവനും തന്റെ ചികിത്സാ നൈപുണ്യംകൊണ്ടു കീർത്തിപ്പെട്ടവരും, നവീനപരിഷ്കൃത ലോകത്തിന്റെ ആശ്ചര്യം, ബഹുമാനങ്ങൾക്കു ഉത്തമഹേതുഭൂതരും, പതിനേഴായിരം മാനമുദ്രകളും ഇരുപത്തോരായിരം വീരശൃംഖലകളും നാനാ രാജാക്കന്മാരിൽനിന്നു ലഭിച്ചവരും, സിദ്ധൗഷധങ്ങളുടെ രഹസ്യം കണ്ടുപിടിച്ച സിദ്ധരും. അമാനുഷരും, ഋഷീശ്വരരും ജീവന്മുക്തരുമായ ബ്രഹ്മശ്രീ രോഗാന്തകയോഗിയാർ അവർകൾ ഇവിടെ എഴുന്നെള്ളി നമ്മുടെ രാജ്യത്തിന്റെ നന്മക്കുവേണ്ടി, തന്റെ അതിശയനീയമായ ചികിത്സാക്രമം കൊണ്ടു രോഗികൾക്കു ക്ഷേമം കൊടുക്കുവാൻ സദയം തീർച്ചയാക്കിയിരിക്കുന്നു. അതുകൊണ്ടു ആ ശുഭദിവസത്തിൽ മേല്പറഞ്ഞ ദിവ്യനേയഥോചിതം മാനിച്ചു് തീവണ്ടിയാപ്പീസ്സിൽനിന്നു തങ്ങൾക്കു മുൻകൂട്ടിത്തന്നെ ഒരുക്കിവെച്ചിട്ടുള്ള ചികിത്സാമന്ദിരത്തിലേക്കു സാഡംബരം കൂട്ടിക്കൊണ്ടുവരാൻ ഞങ്ങൾ ഇതിനാൽ എല്ലാവരേയും സവിനയംക്ഷണിച്ചുകൊള്ളുന്നു. ഒരിക്കലും പിഴച്ചുപോകാത്ത യോഗീശ്വരന്റെ ചികിത്സാഗുണം മേലാൽ അനുഭവിച്ചാശ്വാസിക്കേണ്ടവർ നമ്മൾ ആകകൊണ്ടു ആ ജഗൽപ്രസിദ്ധനേ വേണ്ടപോലെ മാനിച്ചും ആദരിച്ചും കൂട്ടിക്കൊണ്ടുവരാൻ മേപ്പടി ദിവസം തീവണ്ടിയാപ്പീസ്സിൽ സന്നിഹിതരാകുന്നതിന്നു ആരും ഉപേക്ഷ ചെയ്യുകയില്ലെന്നു വിശ്വസിക്കുന്നു. കേ. സുകുമാരൻ ഡി. കൃഷ്ണൻ.
- കൃഷ്ണൻ:
- ഇതേതാണു് ഈ യോഗിയാർ? ഇദ്ദേഹത്തിന്റെ വരവിനേപ്പറ്റി ഇതുവരയ്ക്കും നിങ്ങൾ പറഞ്ഞില്ലല്ലൊ.
- ഞാൻ:
- വേണ്ടപ്പോൾ പറഞ്ഞാൽപോരെ?
- കൃഷ്ണൻ:
- പോരാ, കുറേകൂടി മുമ്പേ പറഞ്ഞിരുന്നു എങ്കിൽ ഇത്ര ബദ്ധപ്പാടു വേണ്ടായിരുന്നു.
- ഞാൻ:
- കുറേ മുമ്പേ ഇത്ര ബദ്ധപ്പാടു നേരിട്ടിട്ടുണ്ടായിരുന്നോ?
- കൃഷ്ണൻ:
- എനിക്കു മനസ്സിലായില്ല.
- ഞാൻ:
- നിന്റെ തലയിൽ ചളിയാണു്.
- കൃഷ്ണൻ:
- അതെന്താണെന്നു പിളർന്നുനോക്കിയാൽ അറിയാം.
- ഞാൻ:
- നീ വങ്കനാണു്.
- കൃഷ്ണൻ:
- അതെന്താണെന്നു പിളർന്നുനോക്കിയാൽ അറിയാം.
- ഞാൻ:
- നിണക്കു യാതൊന്നും ഓടുന്നില്ല.
- കൃഷ്ണൻ:
- എന്നേ പലദിക്കിലും ഓടാനല്ലേ ഏല്പിച്ചതു?
- ഞാൻ:
- നീ ഓടാനും കൊള്ളില്ല.
- കൃഷ്ണൻ:
- ഞാൻ ഒന്നിന്നും കൊള്ളില്ല.
- ഞാൻ:
- പിന്നെ ഞാനെന്തു പറയും?
- കൃഷ്ണൻ:
- എന്തെങ്കിലും പറഞ്ഞോളു.
- ഞാൻ:
- യോഗിമാർ ആരെന്നു ഇതുവരെ അറിഞ്ഞിട്ടില്ല പോലും.
- കൃഷ്ണൻ:
- അറിവാനുള്ള മാർഗ്ഗം ഉണ്ടാക്കിത്തരരുതോ.
- ഞാൻ:
- നീ അറിയുന്ന കാര്യത്തിൽ ഞാൻ പെരുത്തു പറയാനുണ്ടോ? നീ പത്രങ്ങൾ വായിക്കാറില്ലെ?
- കൃഷ്ണൻ:
- ഇല്ല.
- ഞാൻ:
- നീ പരസ്യം വായിച്ചില്ലെ?
- കൃഷ്ണൻ:
- വായിച്ചു. എന്നാലും ഞാൻ അയാളെ അറിയില്ല എന്നല്ലേ ഞാൻ പറഞ്ഞതു.
- ഞാൻ:
- നീ അയാളെ അറിയും എന്നല്ലേ ഞാൻ പറയുന്നതു.
- കൃഷ്ണൻ:
- അസംബന്ധം പറയാതിരിക്കൂ. അയാൾ ആരാണു്?
- ഞാൻ:
- അയാളല്ലേ രോഗാന്തകയോഗിയാർ?
- കൃഷ്ണൻ:
- പേരറിഞ്ഞതുകൊണ്ടു മതിയോ. ആളാരാണെന്നറിയണ്ടേ?
- ഞാൻ:
- അയാൾ ഒരു പ്രസിദ്ധയോഗിയും വേദാന്തിയും വൈദ്യനും സന്യാസിയുമാണെന്നു പരസ്യത്തിലെ വാചകങ്ങൾകൊണ്ടു തെളിയുന്നില്ലേ?
- കൃഷ്ണൻ:
- അതു മനസ്സിലായി എന്നാൽ നിങ്ങളുമായിട്ടുള്ള അറിവു എങ്ങിനെയാണു്?
- ഞാൻ:
- ഞാൻ കാശിയിൽവെച്ചു കണ്ടതാണു്. ആ ദേശക്കാർ ഇദ്ദേഹത്തെ ഒരു ദൈവംപോലെ കരുതിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ഒരു സേവകനായിക്കൂടി. ചുരുങ്ങിയകാലംകൊണ്ടു അദ്ദേഹത്തിനു എന്നെ വലിയ സ്നേഹമായി ഞാൻ അയാളെ ഇങ്ങോട്ടു ക്ഷണിച്ചു വരുത്താനാണു് ഭാവം. അല്ലാതെ നമ്മുക്കുയാതൊരൊഴിവുമില്ല. ഞാനിപ്പോൾ തന്നെ ക്ഷണിക്കും.
- കൃഷ്ണൻ:
- നിങ്ങളോ?
- ഞാൻ:
- അതേ.
- കൃഷ്ണൻ:
- ഇതെന്തിനു്?
- ഞാൻ:
- മറ്റൊരുവഴി വേണ്ടേ?
- കൃഷ്ണൻ:
- ഇതൊരു വഴിയായോ?
- ഞാൻ:
- പിന്നെ ഇല്ലയോ?
- കൃഷ്ണൻ:
- എനിക്കു മനസ്സിലായില്ല.
- ഞാൻ:
- നിനക്കെന്താണപ്പാ വന്നു പിടിച്ചതുപോയതു. അദ്ദേഹം ഇവിടെ എത്തിയാൽ വൈദ്യം കൊണ്ടു എത്ര പണം സമ്പാദിക്കും. കയ്യും കണക്കുമുണ്ടാകുമോ? ഇവിടെ എത്തിയ ഉടനെ അദ്ദേഹത്തെ ശുശ്രൂഷിച്ചു കൂടിയാൽ നിണക്കും എത്രപണം കൈക്കലാക്കാം. നല്ലവണ്ണം സേവിച്ചാൽ എന്റെ കടമൊക്കെ വീട്ടാമെന്നു മാത്രമല്ല ഭാഗ്യമുണ്ടെങ്കിൽ പണവും നമുക്കു സമ്പാദിക്കാം.
- കൃഷ്ണൻ:
- അതൊക്കെ ശക്തിയുടെ ഫലത്തിൽ കിടക്കുന്നു.
- ഞാൻ:
- എനിക്കിതിൽ ലേശം സംശയമില്ല.
- കൃഷ്ണൻ:
- നിങ്ങൾക്കു എല്ലാറ്റിന്നും ധൈര്യമാണു്.
- ഞാൻ:
- അതു ഒരു ചീത്തഗുണമല്ല.
- കൃഷ്ണൻ:
- ഒന്നും ജാസ്തിയായാൽ നന്നല്ല.
- ഞാൻ:
- പണവും ജാസ്തിയായാൽ നന്നല്ലെന്നോ? എന്തൊക്കെയാണെടോ പറയുന്നതു? എത്ര എളുപ്പവഴിയാണു് ഞാൻ കണ്ടുപിടിച്ചതു. നീ നോക്കിക്കോ. ആ യോഗിയാർ തീവണ്ടിയാപ്പീസ്സിൽ ഇറങ്ങിയാൽ മതി. നിങ്ങളൊക്കെ അദ്ദേഹത്തെ മേല്പറഞ്ഞ ആഡംബരത്തൊടെ ചാരന്റെ ഷാപ്പിലേക്കു എതിരേറ്റു കൊണ്ടുവരണം. നീ അദ്ദേഹത്തിന്റെ ശിഷ്യന്റെയും പരിചാരകന്റെയും നിലയിൽ നില്ക്കണം. നീ ചെയ്യേണ്ടതു എന്തൊക്കെയാണെന്നു ഞാൻ പിന്നെ വിവരിച്ചുതരാം. യുക്തി ചെറുതാണെങ്കിലും ഫലം വമ്പിച്ചതാണു്.
- കൃഷ്ണൻ:
- ഒക്കയും നിങ്ങളുടെ സാമർത്ഥ്യത്തിൽ കിടക്കുന്നു.
- ഞാൻ:
- യുക്തി കണ്ടുപിടിച്ചതോടുകൂടി എന്റെ സാമർത്ഥ്യം അവസാനിച്ചു എന്നാണു് വിചാരിക്കേണ്ടതു. ഇനിയുള്ള തൊക്കെ നിന്റെ സഹായസഹകരണങ്ങളിലാണു് ഇരിക്കുന്നതു.
- കൃഷ്ണൻ:
- അപ്പോൾ നിങ്ങളോ?
- ഞാൻ:
- എന്നെ ഇന്നുതുടങ്ങി ഈ ദിക്കിൽ കാണാൻ പാടുണ്ടോ? വാറണ്ടുകാർ എന്നെ ബാക്കിവെച്ചേക്കുമോ?
- കൃഷ്ണൻ:
- നിങ്ങളടുത്തില്ലാതെ എനിക്കു ശങ്ക തീരില്ല.
- ഞാൻ:
- ഒന്നും ശങ്കിക്കേണ്ട. എനിക്കുവേണ്ടി അദ്ധ്വാനിക്കുന്നതാണെന്നു മാത്രം വിചാരിച്ചാൽ മതി.
- കൃഷ്ണൻ:
- എതായാലും ഒന്നു പരീക്ഷിക്കാം.
- ഞാൻ:
- അല്ലാതെ നമുക്കു മോക്ഷമുണ്ടോ?
- കൃഷ്ണൻ:
- ഇതു ഫലിക്കാതെ പോയാലൊ.
- ഞാൻ:
- നമ്മുടെ നാട്ടുകാർ നാട്ടുകാരായിരിക്കും വരെയും ഇതെങ്ങിനെ ഫലിക്കാതെ പോകുന്നു. നീ അധൈര്യപ്പെടുകയേ വേണ്ടാ. എനിക്കു ഈ പൊട്ടന്മാരെ നല്ലവണ്ണം അറിയാം. വങ്കന്മാരൊക്കെ ബുദ്ധിയുള്ളവർക്കു കപ്പം കൊടുക്കണം. നമ്മൾക്കു ജയസിദ്ധി ഉണ്ടാകുമെന്നു ഞാൻ ആധാരം എഴുതിഒപ്പിട്ടുതരാം. എനിക്കത്രപോലും സംശയമില്ല. യോഗിയാരുടെ യോഗ്യത നീ അറിയാഞ്ഞിട്ടാണു്. കള്ളന്മാരെത്തന്നേ വണങ്ങുന്നവർക്കു ഇങ്ങിനെ ഒരു സിദ്ധൻ തങ്ങളുടെ ഇടയിൽ എത്തിയാൽ വെറുതെ ഇരിക്കുവാൻ തോന്നുമോ? മഴപ്പാറ്റപോലെ വന്നടിയില്ലേ?
എല്ലാ ദിവസവും പോലെ തന്നെ കോഴി കൂകിക്കൊണ്ടും കാക്ക കരഞ്ഞുകൊണ്ടും ഇരുപത്താറാം തീയതിയും പുലർന്നു. ഞാൻ കുറെ മുമ്പുതന്നെ വാറണ്ടു ഭയപ്പെട്ടിട്ടു രാജ്യം വിട്ടു പോയിരിക്കുന്നു. ഇരുപത്താറാം തീയതി മെയിൽ വണ്ടിക്കു സ്വർണ്ണപ്പിടിയുള്ള കുട, മെതിയടി, ചുവന്ന കാവിവസ്ത്രം, സ്വർണ്ണംപതിച്ച രുദ്രാക്ഷം, യോഗദണ്ഡ്, ഊക്കാൻ ജട, നീണ്ടതാടി, ദേഹംനിറച്ചും ഭസ്മം, കുറിയും വരയും എന്നിങ്ങിനെയുള്ള അലങ്കാരങ്ങളോടുകൂടെ, എന്റെ ക്ഷണം പ്രമാണിച്ചു രോഗാന്തകയോഗിയാർ കോയമ്പത്തൂരിൽനിന്നു ഒന്നാം ക്ലാസ്സു മുറിയിൽ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഒന്നിച്ചു ഒരു വിശ്വസ്ഥകാര്യസ്ഥനായ കേശവസ്വാമിമാത്രമേ ഉണ്ടായിരുന്നുള്ളു. കോയമ്പത്തൂർ സ്റ്റേഷനിൽ ലഹള ഒന്നും വേണ്ടെന്നു വെച്ചിട്ടോ മറ്റോ യോഗിയാർ, താൻ പുറപ്പെടുന്നവിവരം ആരേയും അറിയിച്ചിരുന്നില്ല. എന്നാലും വണ്ടി പുറപ്പെടാറായപ്പോൾ പത്തുനൂറാളുകൾ ഒന്നാംക്ലാസ്സുവണ്ടിയുടെ അരുകെ യോഗിയാരെ സന്ദർശിച്ചുകൊണ്ടും തൊഴുതുകൊണ്ടും ഹാജരുണ്ടായിരുന്നു എന്നു കേട്ടു. നമ്മുടെ കോഴിക്കോട്ടെ കാര്യം വിശേഷിച്ചൊന്നും പറയുവാനില്ല. പരസ്യം കണ്ടിട്ടു ഭ്രമിച്ചുപോകാത്തവർ ആരുംതന്നെ അവിടെ ഉണ്ടായിരുന്നില്ല. നാട്ടുകാരും, നാട്ടിൽ പ്രമാണികളും, ഹൈക്കോടതി വക്കീൽമാരും സർക്കാരുദ്യോഗസ്ഥന്മാരും ഈ ദിവ്യനേയും കാത്തു സ്റ്റേഷ്യനിൽ നിന്നിട്ടുണ്ടായിരുന്നു. വണ്ടി സ്റ്റേഷ്യനിൽ എത്തിയപ്പോൾ എല്ലാവരും വിചാരിച്ചതിലും എത്രയോ അധികം പുരുഷാരം പരമഹംസനായ യോഗിയാരുടെ വരവും പ്രതീക്ഷിച്ചു കൗതുകത്തോടെ കാത്തുനിന്നിരുന്നു. യോഗിയാർ ഇറങ്ങിയ ഉടനെ കൃഷ്ണൻ വളരെ ആദരവോടുകൂടെ അദ്ദേഹത്തെ ഒന്നു താണു തൊഴുതും അദ്ദേഹത്തിന്റെ കഴുത്തിൽ ഒരുവലിയ മാലയിട്ടു കൃഷ്ണൻ വക്കീലും രാമയ്യർ വക്കീലും നരകാരി മുതലിയാരും യോഗിയാരുടെ വരവിനെപ്പെറ്റി അനുമോദിച്ചും അഭിനന്ദിച്ചും കൊണ്ടു് സരസമധുരങ്ങളായി ഓരോരോ പ്രസംഗം ചെയ്തു. യോഗിയാർ ഘനഭാവം വിടാതെ എത്രയോ ഗാംഭീര്യസ്വരത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും മറുവടി പറഞ്ഞപ്പോൾ അവിടെ കൂടിയ സീമയില്ലാത്ത ജനങ്ങളുടെ കൈമുട്ടൽകൊണ്ടു രാജ്യം മുഴുവൻ നടുങ്ങി. സ്റ്റേഷ്യനിൽനിന്നു പുറത്തുവന്നപ്പോൾ യോഗിയാരെ കാണാൻ വന്ന ജനസംഖ്യ പതിനായിരത്തിലും ജാസ്തിയുണ്ടെന്നു കണ്ടു. ഭക്തികൊണ്ടു സംഭ്രാന്തരായ ജനങ്ങളിൽ ചിലർ തൊഴുകയും, ചിലർ നിലത്തുവിണു തൊഴുകയും ചെയ്തു. യോഗിയാരെ കാലതാമസംകൂടാതെ ഒരു വലിയ ആനക്കഴുത്തിലേറ്റി കുട, തഴ, ചാമരം മുതലായ രാജചിഹ്നങ്ങളോടുകൂടെ മുൻപറഞ്ഞ ഷാപ്പിലേക്കു എഴുന്നള്ളിച്ചു. “ജയ ജയോ ജയ” എന്ന ആർപ്പും കതിനാമുഴക്കവും, പൂക്കൾ വാരി എറിയലും, പനിനീർ കുടയലും മറ്റുംകൊണ്ടു പരമയോഗ്യനും, പരമഹംസനുമായ യോഗിയാരുടെ എഴുന്നള്ളത്തു അത്യധികം കോലാഹലമുള്ളതായിത്തീർന്നു. ഷാപ്പിൽ എത്തിയ ഉടനെ അദ്ദേഹം വിശ്രമിക്കാനായി മുകളിലേക്കു കേറിപ്പോയി അദ്ദേഹത്തോടു സംസാരിക്കാനും മറ്റും കാംക്ഷിച്ചുകൊണ്ടു എണ്ണിയാൽ തീരാത്ത ജനങ്ങൾ ഷാപ്പിന്റെ മുകൾഭാഗത്തും കോലായിലും തിക്കിത്തിരക്കി നിന്നുതുടങ്ങി. നാട്ടുകാരും, നാട്ടിൽ പ്രമാണികളും കാത്തു ക്ലേശിക്കുന്നതു കണ്ടപ്പോൾ യോഗിയാരുടെ കാര്യസ്ഥനായ കേശവസ്വാമി ഇറങ്ങിവന്നു എല്ലാവരോടും ഇങ്ങിനെ പറഞ്ഞു.
“ഇന്നു യോഗിയാർക്കു ആരെയും കാണാൻ അവസരമുണ്ടാകയില്ല. അടിയന്തരമായിട്ടു ചില കത്തുകൾ എഴുതുകയാണു്. കാര്യങ്ങൾക്കൊക്കെ വലിയ കൃത്യവും ചിട്ടയുമാണു്. മൈസൂർ രാജാവയച്ച ആയിരം പവൻ കിട്ടിയ വിവരത്തിന്നു ദിവാനെ അറിയിക്കണം. തിരുവിതാംകൂറിൽ തല്ക്കാലം ചെല്ലാൻ നിവൃത്തിയില്ലെന്നു പൊന്നുതമ്പുരാനെ അറിയിക്കണം. പെരുമ്പടപ്പുസ്വരൂപത്തിലേക്കു ശിഷ്യൻ വിവേകാനന്ദനേ അയച്ചിട്ടുണ്ടെന്നു അറിയിക്കണം. ആഴുവാഞ്ചേരി തമ്പ്രാക്കൾക്കു സ്റ്റേഷ്യനിൽവന്നു വഴിയിൽ വെച്ചുതന്നേ കണ്ടതിനു നന്ദിസൂചകമായ ഒരു എഴുത്തെഴുതണം. പത്തുദിവസത്തിനുള്ളിലൊന്നും കോലോത്തു ചെല്ലാൻ സാധിക്കയില്ലെന്നു സാമൂതിരിരാജാവിനെ അറിയിക്കണം. വടക്കേ മലയാളത്തിൽ എപ്പോൾ വരുമെന്നു പറവാൻ തല്ക്കാലം നിവൃത്തിയില്ലെന്നു കോട്ടയത്തു തമ്പുരാനേയും ചിറയ്ക്കൽതമ്പുരാനേയും അറിയിക്കണം പിന്നെ പല മഹാന്മാർക്കും കത്തെഴുതാനുണ്ടു്”.
ഇങ്ങിനെ പറഞ്ഞതു കേട്ടപ്പോൾ യോഗിയാരുടെ യോഗ്യതയും കീർത്തിയും കണ്ടു അവിടെ കൂടിയവരൊക്കെ ആശ്ചര്യബഹുമാനങ്ങൾ കൊണ്ടു അമ്പരന്നുപോയി. പിറ്റേന്നുതന്നെചികിത്സയ്ക്കായിക്കൊണ്ടു അനേകം പേർ ഷാപ്പിൽ കെട്ടിനിന്നു. അന്നു യോഗിയാർക്കു മറ്റനേകം കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ടായിരുന്നു. കേശവസ്വാമി കൂടക്കൂടെ മുകളിൽചെന്നു ഓരോ വിവരവുംകൊണ്ടു മടങ്ങി രോഗികളെ സമാധാനപ്പെടുത്തി. ഒരിക്കൽ ചെല്ലുമ്പോൾ യോഗിയാർ മക്കിക്കേയിയുടെ കാര്യസ്ഥനുമായി വിശേഷം പറയുകയായിരുന്നു. ഒരിക്കൽ കുറ്റിപ്പുറത്തു തമ്പുരാന്റെ അനന്തിരവനു ഒരു യോഗം എഴുതിക്കൊടുക്കുകയായിരുന്നു. ഒരിക്കൽ ചെന്നു നോക്കിയപ്പോൾ അദ്ദേഹം കോട്ടയത്തുതമ്പുരാന്റെ തിരുവെഴുത്തു വായിക്കയായിരുന്നു. മറ്റൊരിക്കൽ അറയ്ക്കലേ ബീബി കൊടുത്തയച്ച സമ്മാനങ്ങൾ പരിശോധിക്കയായിരുന്നു. വേറെഒരിക്കൽ ചിറക്കൽതമ്പുരാൻ അയച്ച പല്ലക്കു സമയക്കുറവിനാൽ, ഭംഗിവാക്കുകൾ പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നു. ഇങ്ങിനെ ഓരോ വിവരങ്ങൾ കേശവസ്വാമി വന്നു പറഞ്ഞതു കേട്ടപ്പോൾ രോഗികളൊക്കെ ഇച്ഛാഭംഗം കൊണ്ടു ആതുരന്മാരായെങ്കിലും വളരെ ആശ്ചര്യഭരിതരായിത്തീർന്നു. കോഴിക്കോട്ടിൽ ക്ഷണകാലംകൊണ്ടു യോഗിയാരുടെ കീർത്തിക്കും കേളിക്കും കൈയും കണക്കുമുണ്ടായിരുന്നില്ല. നാട്ടുകാരുടെ സംസാരവിഷയം മുഴുവനും യോഗിയാർതന്നെ ആയിരുന്നു. ഇരുന്നൂറ്റിച്ചില്വാനം വയസ്സായിട്ടു് ഒരാളെകാണുന്നതു ചില്ലറ അതിശയമായിരിക്കുമോ? ഇങ്ങനെ ഒരു മഹാനെ കോഴിക്കോട്ടുകാർ എവിടുന്നു കണ്ടിരിക്കുന്നു? ഏതു നാട്ടിലാണു് ഈ മാതിരി ഒരു സിദ്ധനു ബഹുമാനമുണ്ടാകാത്തതു. രണ്ടുമൂന്നു ദിവസംകൊണ്ടു ചികിത്സക്കു വന്ന രോഗികൾക്കു സീമ ഉണ്ടായിരുന്നില്ല. സമുദ്രത്തിൽ പുഴകൾ ഒഴുകിവരുമ്പോലെ യോഗിയാരുടെ പെട്ടിയിൽ പണംവന്നു വീണുതുടങ്ങി. എന്റെ യുക്തി വിചാരിച്ചതിലും അധികം ഫലിച്ചതു കണ്ടിട്ടു കൃഷ്ണന്നു സന്തോഷമുണ്ടായിരുന്നു. എങ്കിലും യോഗിയാരോടു പണത്തിന്നാവശ്യപ്പെടാൻ വേണ്ടപ്പെട്ട തരവും ഘട്ടവും കിട്ടായ്കയാൽ എന്റെ കാര്യം വിചാരിച്ചു അവന്നു വലിയ ഖേദവും ഉണ്ടായി. ഏതായാലും യോഗിയാർ നാടുവിടുംമുമ്പേ പണം കൈക്കലാക്കാമെന്നു വിചാരിച്ചു കൃഷ്ണൻ ആശ്വസിച്ചു. ഞാൻ അടുക്കെ ഇല്ലാത്തതു കൃഷ്ണനു വലിയ വിഷാദമായി. രോഗികളെ ഓരോന്നോരോന്നായി കൃഷ്ണനാണു് യോഗിയാരുടെ അടുക്കലേക്കു കൊണ്ടുവന്നതു. അഞ്ചീറ്റുറുപ്പിക അടച്ചാൽമാത്രമേ ഒരാളെ യോഗിയാരുടെ മുമ്പിൽ കൊണ്ടുവരാൻ പാടുള്ളു. പണം വാങ്ങി കണക്കുപിടിക്കുന്നതു കേശവസ്വാമിയാണു്. മരുന്നിന്നു ചാർജ്ജുവേറെയുമുണ്ടു്. യോഗിയാരുടെ ചികിത്സയുടെ രീതികേട്ടാൽ ആരും നടുങ്ങിപ്പോകും. പണ്ടാരും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത രീതിയിലാണു് എന്നു പറയുന്നതിൽ അതിശയോക്തിയല്ല. വായനക്കാരുടെ അറിവിനുമാത്രം ഒരു ചുരുങ്ങിയ സമയത്തു കഴിഞ്ഞ വിഷയങ്ങൾ ഇവിടെ ചേർക്കാം.
- കൃഷ്ണൻ:
- ഇതാ, ഇവന്റെ അമ്മക്കു പ്രസവവേദനയാണു പോലും.
- യോഗി:
- പ്രസവവേദനയ്ക്കു അസനവില്വാദി അസ്സലാണു് അരേരനാഴികതോറും അരയ്ക്കാൽകുപ്പി പള്ളയ്ക്കു പിരട്ടട്ടേ.
- കൃഷ്ണൻ:
- ഇവന്നു ശോധനയില്ല.
- യോഗി:
- നമ്മുടെ ശൂർപ്പണഖാഹൈലം ഒരു കുപ്പി എടുത്തു കൊടുക്കൂ.
- കൃഷ്ണൻ:
- ഇവനു ദഹനമില്ലപോലും.
- യോഗി:
- രാമബാണം ഗുളിക ഒരു ഡപ്പി കൊടുക്കൂ.
- കൃഷ്ണൻ:
- ഒരാളെ പാമ്പുകടിച്ചിട്ടു ബോധമില്ലാത്ത നിലയിൽ കൊണ്ടുവന്നിരിക്കുന്നു.
- യോഗി:
- പാമ്പിനെ വല്ലവരും കണ്ടിരിക്കുന്നോ?
- കൃഷ്ണൻ:
- ഒന്നിച്ചുണ്ടായിരുന്ന ആൾ കണ്ടിരുന്നു.
- യോഗി:
- എന്തു പാമ്പാണുപോലും?
- കൃഷ്ണൻ:
- അയാൾക്കു നിശ്ചയമില്ലെന്നു പറഞ്ഞു.
- യോഗി:
- ആട്ടെ അവനെ ഇങ്ങട്ടു കൊണ്ടുവരട്ടെ.
രണ്ടുമൂന്നാൾ ബോധരഹിതനായ ഒരാളേയും എടുത്തു രോഗാന്തകയോഗിയുടെ മുന്നിൽ കൊണ്ടുവന്നു കിടത്തി. ദഷ്ടൻ ജീവച്ഛവംപോലെ കിടന്നിരുന്നു. അവൻ ഇനി ഇങ്ങോട്ടില്ലെന്നു എല്ലാവരും കരുതിയിരുന്നു. രോഗാന്തകയോഗിയാർ എഴുന്നേറ്റു ദഷ്ടനേ ഒന്നു ആകപ്പാടെ നോക്കി പിന്നെ അവിടെ ഇരുന്നു കടിവായ് കുറേനേരം സൂക്ഷിച്ചുനോക്കി എന്നതിൽപ്പിന്നെ ദഷ്ടന്റെ കൈനാഡി പിടിച്ചുനോക്കി കുറേനേരം താടിയുംതടവി ആലോചിച്ചു.
- യോഗി:
- കടിച്ചതു രാജിലമാണു്. എന്നു വെച്ചാൽനിങ്ങളുടെ ഭാഷയിൽ വളേരിപ്പനെന്നും വെള്ളിക്കെട്ടൻ എന്നു പറയുന്ന പാമ്പു. ഒരു ചെട്ടുവിദ്യകൊണ്ടു ഈ വിഷം ഇറങ്ങിപ്പോകും. മറ്റൊന്നും വേണ്ട. പച്ചവെള്ളം, കഞ്ഞിവെള്ളം, കാടിവെള്ളം, തോടു വെള്ളം, ചിറവെള്ളം, പുഴവെള്ളം, മഴവെള്ളം, കടൽവെള്ളം ഇവ ഓരോ അടക്കാത്തോട്ടിൽ കൊള്ളുന്ന അത്ര എടുത്തുഒന്നിച്ചു ചേർക്കുക. അതിൽ അരക്കുപ്പി വാഴപ്പോളയുടെ നീർ പകരുക. എന്നിട്ടു ഒക്കപ്പാടെ ചൂടാക്കി പതച്ചു വരുമ്പോൾ രണ്ടുംദ്രാംചൊറുക്കയും പകർന്നു ഈ രണ്ടു നാഴികതോറും ആറീതു കരണ്ടി കുടിപ്പിക്കുക. അറുപതു നാഴികക്കുള്ളിൽ വിഷം ഇറങ്ങും പാമ്പിനെ ഒന്നും വരുത്തേണ്ടതില്ല. ചികിത്സ തുടങ്ങും മുമ്പെ കിഴക്കേ മുറ്റത്തു ഒരു കുന്നിച്ചാണകത്തിന്മേൽ ഒരു തുളസിയുടെ ഇല കുത്തി വെക്കണം.
- കൃഷ്ണൻ:
- ഇതാ ഇവനു ഒന്നും രണ്ടും രോഗമൊന്നുമല്ല. ഏറിയ ആവലാതി പറയുന്നു.
- യോഗി:
- ആവലാതിക്കു കൈകണ്ട മരുന്നു ഭൃംഗാവിലാദിയാണു്. കൊടുക്ക ഒരു കുപ്പി.
- കൃഷ്ണൻ:
- ഇവനു ഏക്കമാണുപോലും.
- യോഗി:
- പിപീലികേയം ആസവം കൊടുക്ക.
- രോഗി:
- അതിന്റെ യോഗം അറിഞ്ഞാൽ വേണ്ടില്ലായിരുന്നു.
- യോഗി:
- മുഴുവൻ പറവാൻ പാടില്ല. ചിറകുള്ള ഉറുമ്പിന്റെ കാൽ, മഴപ്പാറ്റയുടെ കണ്ണു്, തേനീച്ചയുടെ ഉദരം മുതലായ വല്ലാത്ത മരുന്നുകൾ അടങ്ങിയ, വളരെ വിലപിടിച്ച ഒരാസവമാണു്. കുപ്പിക്കു മുപ്പത്തേഴാ ഉറുപ്പികയാണു്.
- രോഗി:
- തൽക്കാലം ഒരു കുപ്പി മതി.
- കൃഷ്ണൻ:
- ഇവനു ക്ഷയമാണു് പോലും.
- യോഗി:
- അതേ, രോഗം വിഷമിച്ചിട്ടില്ല. പശുവിൻനൈ ഞാൻ ജപിച്ചുതരും. അതു തേച്ചുകുളിക്കണം. കുളികഴിഞ്ഞ ഉടനേ പൂവൻകോഴിയുടെ തലയിലെ പൂവും, ആട്ടിന്റെ വാലും ഇറക്കിളിയുടെ നെഞ്ഞിന്റെ മാംസവും, കിരിയാത്തും, ആടലോടകവും, ഒക്കെസമം ചേർത്തു ഒരു സൂപ്പാക്കി കുടിക്കണം. പത്തുദിവസത്തിനുള്ളിൽ പനിയും 31 ദിവസത്തിനുള്ളിൽ രോഗവും ഭേദമാകും.
- കൃഷ്ണൻ:
- ഇവനു മൂത്രം നല്ലവണ്ണം പോകുന്നില്ല.
- യോഗി:
- കള്ളിൽ ബാർലി ചേർത്തു കുടിക്കട്ടെ.
- കൃഷ്ണൻ:
- ഇവനു ചൊറിയാണു്.
- യോഗി:
- വെടിയുപ്പിൽ അപ്പയുടേയും കീഴാർനെല്ലിയുടേയും ഇല അരച്ചു വടിക്കട്ടെ.
- കൃഷ്ണൻ:
- ഇവനു പ്രമേഹമാണു്.
- യോഗി:
- സാരമില്ല. രോഗം പിഴച്ചുപോയിട്ടില്ല. പ്രസാരിണീലേഹ്യം രണ്ടുറാത്തൽ കഴിക്കട്ടെ. അതു കഴിക്കുമ്പോഴൊക്കെ നട്ടുച്ചക്കു ഞാറക്കയും, പേരക്കയും, തുല്യമെടുത്തിടിച്ചു മെഴുകുപ്രായമാകുമ്പോൾ ഓരോ ചെറുനാരങ്ങവണ്ണത്തിൽ കഴിക്കുകയും വേണം.
- കൃഷ്ണൻ:
- ഇവനു തലവേദനയാണു പോലും.
- യോഗി:
- പുളിയാറലിന്റെ ഇല അരച്ചുവടിക്കട്ടെ.
- കൃഷ്ണൻ:
- ഇവനു പനിയാണു്.
- യോഗി:
- പനി ആയിരത്തറുനൂറ്റി എഴുപത്തൊൻപതു വിധമുണ്ടെന്നാണു് ബൃഹസ്പതി വചനം. അതുകൊണ്ടു ഇവനെ ഒന്നു പരിശോധിക്കാതെ നിവൃത്തിയില്ല.
ഇങ്ങിനെ പറഞ്ഞു രോഗാന്തക യോഗിയാർ അവന്റെ നാഡിയും നാവും പരിശോധിച്ചു. ദീനം നല്ലവണ്ണം മനസ്സിലാകാത്തപോലെ അദ്ദേഹം തന്റെ താടിയും തടവി ഒന്നാലോചിച്ചു.
- യോഗി:
- “ജരോ രോഗപതി” എന്നാണു് പറഞ്ഞിട്ടുള്ളതു്: ഇതിനു പഞ്ചീകരണം ചെയ്തിട്ടുവേണം ചികിത്സിപ്പാൻ.
- കൃഷ്ണൻ:
- അതെന്തെന്നു മനസ്സിലായില്ല.
- യോഗി:
- അതു എത്രയോ പ്രയാസമുള്ള ഒരു പ്രയോഗമാണു്. ആറു റാത്തൽ തൂങ്ങുന്ന ഒരു ശരീരത്തിന്മേൽ ഇത്ര ഇത്ര റാത്തൽ തൂക്കത്തിൽ പഞ്ചഭൂതങ്ങളിൽ ഓരോന്നു ഉണ്ടായിരിക്കേണ്ടതാണെന്നു കണക്കുണ്ടു്.
- കൃഷ്ണൻ:
- അതുകൊണ്ടു്?
- യോഗി:
- അതുകൊണ്ടു് ഒന്നാമതു ഇവനെ തൂക്കിനോക്കിഘനം എത്രയുണ്ടെന്നു കാണണം. എന്നിട്ടു് ദേഹത്തിലെ വിസർജ്ജനദ്രവ്യങ്ങൾ തൈലബിന്ദുക്കൾ ഊറ്റിച്ചു പരിശോധിച്ചു പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറവു കണ്ടുപിടിക്കണം. എന്നിട്ടു അതു ശരിയായ തുകയിൽ കൊണ്ടുവരാനുള്ള മരുന്നു കൊടുക്കണം. പരിശോധന തുടങ്ങുംമുമ്പെ പത്തുദിവസം ഒരു മരുന്നു കുടിക്കാനുണ്ടു്. അതു കുടിച്ചുകഴിഞ്ഞാൽ നൂറു ഉറുപ്പികയും ഒരുക്കി ഇങ്ങോട്ടു വരണം.
- കൃഷ്ണൻ:
- തല്ക്കാലം എന്തുമരുന്നാണു് കൊടുക്കേണ്ടതു്?
- യോഗി:
- കുറെ ഇന്ദ്രാണിതൈലവും, വാന്മീകിലേഹ്യവും തന്ത്രിണീകഷായവും എടുത്തു കൊടുക്കൂ രോഗം അല്പം സൂക്ഷിക്കേണ്ടതാണു്.
ഇങ്ങിനെ യോഗിയാരുടെ വിവിധങ്ങളായ ചികാത്സാക്രമങ്ങൾ കണ്ടിട്ടും, താനിക്കവൈദ്യേർ കുഞ്ഞിക്കണ്ണൻ വൈദ്യേർ, ജടയൻ വൈദ്യേർ, താടിക്കാരൻ വൈദ്യേർ, കുഞ്ഞിക്കണാരൻവൈദ്യേർ മുതലായ തദ്ദേശഭിഷഗ്വരന്മാരൊക്കെ മൂക്കിൽ വിരൽവെച്ചുപോയി. യോഗിയാരുടെ പ്രയോഗങ്ങളൊന്നും അഷ്ടാംഗഹൃദയത്തിൽ ഒരിടത്തും പ്രസ്താവിച്ചു കാണാത്തതായിരുന്നു. എങ്കിലും ചികിത്സയ്ക്കു വളരെ ഫലം കണ്ടതുകൊണ്ടു യോഗിയാർക്കു ഓരോ ദിവസത്തിൽ ആയിരത്തിൽ കുറയാതെ ഉറുപ്പിക വരവുണ്ടായി. ഖജാന നിറഞ്ഞുവരുന്തോറും യോഗിയാരുടെ കാര്യസ്ഥൻ കേശവസ്വാമി പണം മദ്രാസുബേങ്കിൽ കൊണ്ടിട്ടുതുടങ്ങി. ഇങ്ങിനെ ഒരു കൊല്ലം കഴിഞ്ഞു. നാട്ടിലുള്ള ബാക്കിവൈദ്യന്മാരുടെ ചികിത്സയൊക്കെ നിന്നുപോയി. അവർ ഷാപ്പിൽ വന്നുനിന്നു യോഗിയാരുടെ അത്ഭുതകരമായ ചികിത്സാമാർഗ്ഗം ഗ്രഹിപ്പാൻ നോക്കി. ഹിമാലയത്തിൽനിന്നു കൊണ്ടുവന്ന ഗുൽഗുലുമഹർഷിയുടെ കാലകേയം എന്ന വൈദ്യഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി യോഗിയാർ തുടങ്ങിയ ചികിത്സാക്രമത്തെ മനസ്സിലാകാതെ ബാക്കി വൈദ്യന്മാർ അന്ധാളിക്കുന്നതിൽ വല്ല ആശ്ചര്യവുമുണ്ടോ? യോഗിയാർ ഒരുക്കിവെച്ചിരുന്ന മരുന്നിന്റെ പേരും കൂടി മറ്റാരും ഇതുവരെ കേട്ടിട്ടില്ലായിരുന്നു. യോഗിയാരുടെ മാഹാത്മ്യമുണ്ടോ ആർക്കെങ്കിലും മനസ്സിലാവാൻ പോകുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ യോഗിയാർ ലക്ഷാധിപനായിത്തീർന്നു. അദ്ദേഹം പൈസ്സ കൈകൊണ്ടു തൊടാറില്ലെന്നു മാത്രമല്ല. അദ്ദേഹത്തിന്റെ ദൈനന്ദിനാവശ്യങ്ങളും വളരെ ലഘുവായ മട്ടിലായിരുന്നു. കേശവസ്വാമി കണക്കു നല്ലവണ്ണം വെച്ചിരുന്നു കൃഷ്ണൻ ഇതുവരെയ്ക്കും ശങ്കകൊണ്ടു യോഗിയാരോടു ഒരു കാശുപോലും ചോദിച്ചില്ല. അവൻ യോഗിയാരുടെ ഈ നല്ല ദശയിൽ തന്റെ കാര്യം വരുത്തുന്നതിന്നു പകരം മറ്റൊരു അവസരവും കാത്തു കാലം കഴിച്ചു. യോഗിയാരുടെ സാമർത്ഥ്യത്തെപ്പറ്റിയും ഔദാര്യത്തേപ്പറ്റിയും പുകഴ്ത്താത്തനാട്ടുകാർ ആരും തന്നേ ഇല്ലാതായി. എന്നിട്ടുകൂടി കൃഷ്ണൻ അവന്റെ കാര്യം വരുത്തുവാനുള്ള അവസരം സംഗതിയില്ലാതെ നീട്ടിവെച്ചു. നല്ലകാലം ഒരാൾക്കു വളരെക്കാലത്തോളം ഒരേനിലയിൽ നിലനിൽക്കാൻ ഇടയില്ലെന്ന പരമാർത്ഥം കൃഷ്ണൻ മനസ്സിലാക്കാതെ പോയതിൽ വ്യസനിക്കേണ്ടി വന്നിരിക്കുന്നു. യോഗിയാരുടെ അസാധാരണയായ ചികിത്സാപുഷ്ടിയും ധനപുഷ്ടിയും കണ്ടപ്പോൾ നാട്ടിലുള്ള, മുറിവൈദ്യന്മാർക്കൊക്കെ അസൂയ മുഴുത്തു അവർ യോഗിയാരുടെ ചികിത്സാക്രമത്തിന്നു കുറ്റം പറഞ്ഞുതുടങ്ങി എങ്കിലും ഫലമുള്ള ചികിത്സയാണെന്നു അനുഭവംകൊണ്ടു അറിഞ്ഞ നാട്ടുകാർ ആ ദൂഷ്യാരോപങ്ങളൊന്നും പൊരുളിച്ചില്ല. അന്യദേശങ്ങളിൽനിന്നു അനേകം പേർ യോഗിയാരുടെ ചികിത്സയ്ക്കായി വന്നുതുടങ്ങി. ഇതൊന്നും ബാക്കിയുള്ള മുറിവൈദ്യന്മാർക്കു സഹിച്ചുകൂടാതായി. അവരൊക്കെ ഓരോദിക്കിൽ ഓരോ സംഘമായി കൂടി രോഗാന്തകയോഗിയാരെ അനാവശ്യമായി പഴിച്ചുതുടങ്ങി. ഒടുവിൽ വൈദ്യന്മാരെല്ലാം ഒത്തു അടുത്ത അംശത്തിലെ പ്രസിദ്ധവൈദ്യനായ കുട്ടാണിച്ചോപ്പന്റെ അടുക്കൽ പോയി അയാളും താനിക്കവൈദ്യരും വളരെ നേരം ആലോചിച്ചു. അവസാനം അവർ ഇൻഡ്യയിൽ പലേ ദിക്കിലുമുള്ള പല വൈദ്യന്മാരോടും രോഗാന്തകയോഗിയാരുടെ വിവരത്തെപ്പറ്റി എഴുതി ചോദിച്ചു. എന്നിട്ടു മറുപടിക്കു വളരെ ആശയോടെ കാത്തു. കുറെ ദിവസം കഴിഞ്ഞപ്പോൾ മുറിവൈദ്യന്മാരുടെ കലശലായ സന്തോഷത്തിനും ആശ്ചര്യത്തിനും അങ്ങിനെ ഒരു യോഗിയാർ ഇല്ലെന്നും ഉണ്ടെങ്കിൽ അവർ കേൾക്കാതിരക്കയില്ലെന്നുമായി ഒരിടത്തുനിന്നു ഒരു മറുപടി കിട്ടി. മുറി വൈദ്യന്മാരുടെ ഉത്സാഹവും വാശിയും ഒന്നു മൂത്തു. നാളുകൾ ചെല്ലുന്തോറും അവർക്കു കിട്ടിത്തുടങ്ങിയ മറുപടിക്കത്തുകൾ പണ്ടത്തേ അഭിപ്രായത്തെ പലപ്രകാരത്തിലും പിൻതാങ്ങി തങ്ങൾക്കു ജയസിദ്ധി ഉണ്ടാകുമെന്നു കണ്ടപ്പോൾ, മുറിവൈദ്യന്മാരുടെ ഉത്സാഹം നൂറിരട്ടി ശക്തിയോടെ ഇറങ്ങിത്തുടങ്ങി. ക്രമേണ മൈസൂർ രാജാവു പവനയച്ചതും, പൊന്നുതമ്പുരാൻ ചെല്ലാൻപറഞ്ഞതും, ആഴുവഞ്ചേരി തമ്പ്രാക്കൾ വഴിക്കൽവന്നു കണ്ടതും ശുദ്ധമേകളവാണെന്നു പല യോഗ്യന്മാരുടെ മുഖേനതന്നെ വൈദ്യന്മാക്കു അറിവുകിട്ടി. വൈദ്യന്മാർ ഈ വർത്തമാനം നാടൊക്കെ “പുക്കാറാക്കി” താനിക്കവൈദ്യർ “കേരളകേദാരഗൗഡം” എന്ന കടലാസ്സിൽ യോഗിയാരുടെ ചികിത്സാക്രമത്തേ അത്യധികം ആക്ഷേപിച്ചു. കുട്ടാണിച്ചോപ്പൻ “ശൃംഗാരസാഹിത്യ സരോമരാളീ” മാസികയിൽ യോഗിയാരെ വിശ്വസിച്ചുകൂടാ എന്നും, യോഗിയാരുടെ മുഴുവൻ ചരിത്രം അറിവാൻ ഗവർമ്മേന്റും ഉത്സാഹിക്കേണ്ടതാണെന്നും, യോഗ്ഗിയാരെപ്പോലെയുള്ള കള്ളന്മാർ ആളുകളെ പറ്റിക്കാൻ നാടോടെ നടക്കുന്നുണ്ടെന്നും നിർഭയമായി എഴുതിവിട്ടു, നാടൊക്കെ ഭൂകമ്പം കൊണ്ടെന്നപോലെയൊ, ജലപ്രളയംകൊണ്ടെന്നപോലെയോ ഒന്നു ഞെട്ടി. ഒന്നാമതു പുറനാട്ടുകാരുടെ വരവിനു വിഘാതം നേരിട്ടു. പിന്നീടു നാട്ടുകാരുടെ വരവു കുറഞ്ഞു. വൈദ്യന്മാർ രോഗാന്തകയോഗിയാരുടെ കുമിലുപോലെയുള്ള മുളയെപ്പറ്റി പോല്ലീസിലും അറിവുകൊടുത്തു. നാട്ടുകാരെ ആകപ്പാടെ പറ്റിക്കാൻ വന്ന ഒരു പെരുങ്കള്ളനാണെന്നും കൂടിപറവാൻ ആ കൂട്ടർ മടിച്ചില്ല. പോലീസുദ്ദ്യോഗസ്ഥന്മാർക്കു മിണ്ടാതിരിക്കാൻ നിവൃത്തി ഇല്ലാതായി. അവർ കമ്പിവഴിയായും കത്തുവഴിയായും യോഗിയാരെപ്പറ്റി പലേടങ്ങളിലും അന്വേഷിച്ചു. ഒരു തുമ്പുംവാലും കിട്ടാത്തതുകൊണ്ടു അവർ യോഗിയാരുടെ കാര്യത്തിൽ ഒറ്റു നിറുത്തി. ഏതാനും ചില വിവരങ്ങൾ കൃഷ്ണൻ കൊണ്ടുവന്നു കൊടുത്തെങ്കിലും തന്റെ പരമാർത്ഥത്തിൽ ഉള്ള വിശ്വാസം കൊണ്ടു യോഗിയാർ അതൊന്നും കേവലം പൊരുളിച്ചില്ല. പണത്തിന്റെ സീമയില്ലാത്ത വരവു യോഗിയാർക്കു മദമുണ്ടാക്കിക്കഴിഞ്ഞു എന്നു വൈദ്യന്മാർ ഓർത്തു. അങ്ങിനെ ഇരിക്കുമ്പോൾ കുറേക്കാലം മുമ്പേ താടിയും മുടിയും നീട്ടിയ ഒരു ബ്രഹ്മാണ്ഡവഞ്ചകൻ ബൊംബെയിൽനിന്നു അനേകരെ വഞ്ചിച്ചു ചാടിപ്പോയിട്ടുണ്ടെന്ന വിവരം ഇവിടുത്തെ പോലീസിന്നു കിട്ടി. സമയം കണക്കാക്കിനോക്കിയപ്പോൾ അതു യോഗിയാരുടെ വരവിനു ഏകദേശം സാദൃശ്യമുള്ളതായിക്കണ്ടു പോലീസുകാർ മേലധികാരികളുടെ കല്പനയ്ക്കുമാത്രം കാത്തുനിന്നു. ഈ സങ്കടവർത്തമാനങ്ങളൊന്നും യോഗിയാർ അറിഞ്ഞിട്ടില്ലെന്നും വിചാരിച്ചുകൂടാ. യോഗിയാരുടെ ആസന്നാപത്തേപ്പറ്റി കൃഷ്ണൻ കൂടക്കൂടെ അദ്ദേഹത്തിനു അറിവു കൊടുത്തു. പണത്തിനു ഇപ്പോൾതന്നെ ചോദിക്കാമെന്നു തീർച്ചപ്പെടുത്തിയ കൃഷ്ണനു അദ്ദേഹത്തിന്റെ താഴെ എഴുതിയ സമാധാനം കേട്ടിട്ടു അവസരം വന്നിട്ടില്ലെന്നു തോന്നി. “ഞാൻ ന്യായരഹിതമായി ഒന്നും ചെയ്തിട്ടില്ല. മര്യാദക്കാരെ പിടിക്കാൻ ന്യായവും ഇല്ല. അഥവാ ന്യായക്കേടായി എന്നെ പിടിപ്പാൻ വല്ലവരും വരികയാണെങ്കിൽ അവർക്കാർക്കും എന്നെ തൊടാൻ കിട്ടുകയില്ല. പട്ടാളംവന്നാൽ തന്നെ എന്നെപിടുത്തം കിട്ടുകയില്ല. നീ യാതൊന്നും ഭ്രമിക്കേണ്ട”. മുകളിലെ പടിഞ്ഞാറെ ചാലുമുറിയിൽ ഇട്ടിട്ടുള്ള ആ വലിയ ചട്ടിയിൽ എപ്പോഴും തീ കത്തികൊണ്ടിരിക്കണം എന്നു യോഗിയാർ കേശവസ്വാമിയോടു നിഷ്കർഷിച്ചു കുറേ വലിയ ആണിയും ഒരു മുട്ടികയും അതിന്റെ അടുക്കെ ഇട്ടിരുന്നു. കൃഷ്ണനു ഇതിന്റെ ഉദ്ദേശം യാതൊന്നും മനസ്സിലയിരുന്നില്ലെങ്കിലും യോഗിയാരുടെ ദിവ്യത്വത്തിൽ ദൃഢവിശ്വാസമുണ്ടായിരുന്നതുകൊണ്ടു യാതൊരു ചോദ്യവും ചെയ്യാതെ ഒരു അവസരവും പ്രതീക്ഷിച്ചു കാത്തുനിന്നു. അങ്ങിനെ ഇരിക്കുമ്പോൾ യോഗിയാരെ പിടിപ്പാൻ കലക്ടർസായ്പ് വാറണ്ടെഴുതി ഒപ്പിട്ടു കൊടുത്തിട്ടുണ്ടെന്ന വിവരവും കൃഷ്ണൻ കൊണ്ടുവന്നു. യോഗിയാർ അതുകേട്ടപ്പോൾ ഒന്നു പുച്ഛമായി ചിരിച്ചതേയുള്ളു. കേശവസ്വാമി ഇക്കാര്യത്തിൽ കലശലായ അന്വേഷണം നടത്തി. ഒടുവിൽ ഒരു വെള്ളിയാഴ്ചപന്ത്രണ്ടുമണിക്കു നാലു പോലീസ്സുകാർ യോഗിയാരെ പിടിക്കാൻ വരുന്നുണ്ടെന്ന യഥാർത്ഥവിവരം കേശവസ്വാമി അദ്ദേഹത്തിന്നു കൊടുത്തു. യോഗിയാർക്കു ഒരു പുല്ലോളം കുലുക്കവും കണ്ടില്ല. പതിവിലധികമായി അന്നു ഷാപ്പിൽ രോഗികൾ എത്തിക്കൂടിയിരുന്നു. ഏകദേശം പതിനൊന്നര മണിയായപ്പോൾ യോഗിയാർ ജപിക്കാനായ്ക്കൊണ്ടു എല്ലാവരും കാണ്കേ മുകളിൽ കേറിപ്പോയി. നടുമുറിയുടെ വാതിലും തഴുതിട്ടു യോഗിയാർ പതിവുപോലെ ജപിക്കാൻ ഇരുന്നു.
ഈ ദിവസത്തിലാണു് വാറണ്ടുപേടിച്ചു ഒളിവിലിരുന്ന ഞാൻ ഒന്നാമതു യോഗിയാരുടെ ഷാപ്പിൽ പ്രത്യക്ഷമായതു ഞാൻ യോഗിയാരേയും നോക്കിപ്പോയിട്ടു മുകളിൽനിന്നു ഇറങ്ങുമ്പോളാണു് താഴെകൂടിയ രോഗികളൊക്കെ എന്നോടു ചില ചോദ്യം ചെയ്തുതുടങ്ങിയതു.
- രോഗികൾ:
- നിങ്ങൾ ഇതുവരെ എവിടെയായിരുന്നു? നിങ്ങൾ ഇപ്പോൾ യോഗിയാരെ കണ്ടോ?
- ഞാൻ:
- ഞാൻ ഇവിടെയില്ലായിരുന്നു. ഇന്നാണു് വന്നതു. വന്നയുടനെ നമ്മുടെ യോഗിയാരെ ഒന്നു കാണാമെന്നുവെച്ചു മുകളിൽചെന്നു. അപ്പോൾ അദ്ദേഹം നടമുറിയിൽ കടന്നു വാതിലടയ്ക്കുന്നതു കണ്ടു ജപിക്കാനാണെന്നു മനസ്സിലാക്കി ഞാൻ താഴെ ഇറങ്ങിപോന്നു.
- രോഗികൾ:
- ജപിക്കാൻ വളരെ സമയം പിടിക്കുമോ?
- ഞാൻ:
- ഇതൊന്നും നിങ്ങൾ ഇതുവരെ മനസ്സിലാക്കീട്ടില്ലേ? ഏറിവന്നാൽ രണ്ടുനാഴിക. ജപം പന്ത്രണ്ടു മുട്ടും മുമ്പേ കഴിയേണമെന്നേ ശാഠ്യമുള്ളു.
- ഒരു രോഗി:
- നാട്ടുകാരെന്തെങ്കിലും പറയട്ടെ. ഇദ്ദേഹത്തെപ്പോലെ ഒരു മഹായോഗിയെ ആരു കണ്ടിരിക്കുന്നു. ഇങ്ങിനെ ഒരു ധന്യനെ കാണാൻ എത്ര പുണ്യം ചെയ്യണം.
- മറ്റൊരാൾ:
- അതൊന്നും പറയേണ്ടാ ഈ മഹാനെ ദുഷിക്കുന്നവരുടെ നാവു കരിഞ്ഞുപോകും.
- ഒരു രോഗി:
- ശിവ, ശിവ മുന്നൂറോളം പ്രായമുണ്ടത്രേ. കഷ്ടിച്ചു, ഒരു അമ്പതു മതിക്കുന്ന ആളില്ല. എന്തൊരു ചികിത്സയാണു്. രോഗത്തിന്റെ പേരുകേട്ടാൽ മതി. അപ്പോൾത്തന്നെ മരുന്നു പറഞ്ഞുകഴിഞ്ഞു പോയി. ഇങ്ങിനെ ഒരു മഹാത്മിവിനെ ഞാനിതുവരെ കണ്ടിട്ടില്ല.
- ഞാൻ:
- ഇന്ത്യാരാജ്യം മുഴുവനും കേളിയുള്ള മഹാനല്ലേ? ചില്ലറക്കാർക്കുആർക്കും അതു സാധിച്ചു എന്നു വരുമോ?
- ഒരു രോഗി:
- അദ്ദേഹം കൊടുക്കുന്നതൊക്കെ മരുന്നല്ലേ? എന്തെങ്കിലുമുണ്ടോ പിഴച്ചുപോയിട്ടു?
- ഞാൻ:
- വിഷവൈദ്യം, ജോതിഷം, മന്ത്രം എന്നിവയിൽ അദ്ദേഹം വിദഗ്ദ്ധനാണു് പോലും. അദ്ദേഹത്തിന്നറിഞ്ഞുകൂടാത്തതു, ഒന്നും തന്നെ ഇല്ലെന്നു പറയാം.
- ഒരാൾ:
- ചമ്പാടൻ ചാമന്റെ ഭ്രാന്തുമാറ്റിയ ആളല്ലേ! അല്ലെങ്കിൽ ഏതെല്ലാം വൈദ്യന്മാരും മന്ത്രവാദികളും നോക്കി ഒഴിഞ്ഞുപോയതാണു്.
- ഞാൻ:
- ദിവ്യത്വമുള്ളവർക്കു എന്താണു് സാധിപ്പാൻ കഴിയാത്തതു?
ഇങ്ങിനെ ഒരിടത്തുനിന്നു ഞങ്ങളൊക്കെ രോഗാന്തകയോഗിയാരുടെ അമാനുഷശക്തിയെപ്പറ്റി പ്രശംസിക്കുമ്പോൾ കടാ പടാ എന്നു മാധവൻ നായർ ഇൻസ്പെക്ടരും നാലു പോലീസുകാരും ഷാപ്പിൽ കേറിവന്നു. കാര്യത്തിന്റെ ഏതാനും വിവരം മാത്രമുണ്ടായിരുന്ന രോഗികൾ പോല്ലീസുദ്യോഗസ്ഥന്മാരേ അന്ധാളിച്ചുകൊണ്ടുനോക്കി നിന്നു പോല്ലിസിന്റെ വരവു കണ്ടപ്പോൾ എനിക്കും അസാരം അത്ഭുതമുണ്ടായി.
- ഇൻസ്പെക്ടർ:
- ആ കള്ളനെവിടെയെടോ?
- ഞാൻ:
- ഏതു കള്ളൻ?
- ഇൻ:
- രോഗാന്തകയോഗിയാർ എന്നു വിളിച്ചുവരുന്നു പെരുങ്കള്ളൻ.
- ഞാൻ:
- അയ്യോ സാർ! ആ ദിവ്യനേപ്പറ്റി അങ്ങിനെ പറയുന്നതു വലിയ പാപമാണു്.
- ഇൻ:
- പാപമൊക്കെ, പിടിച്ചു ആമമിടുമ്പോൾ കാണാം.
- ഞാൻ:
- യോഗശക്തിയുള്ള ആളാണേ. എന്തും ചെയ്യാമെന്നു വിചാരിക്കരുതു.
- ഇൻ:
- അതേ, അതേ, അവന്റെ യോഗത്തിന്നു നല്ല ശക്തിയുണ്ടു, ജെയിലിൽ കിടക്കാനാണു് യോഗം.
- ഞാൻ:
- എന്തൊക്കെയാണീശ്വരാ നിങ്ങൾ പറയുന്നതു. അദ്ദേഹത്തെ തൊടാൻ തന്നെ സൂക്ഷിക്കണം.
- ഇൻ:
- തൊട്ടാലെന്തു മണ്ണാങ്കട്ടയാണെടൊ. എനിക്കുകേൾക്കേണ്ടാ ആ കള്ളസ്സുബറെവിടത്തു?
- ഞാൻ:
- ഇത്ര ആക്ഷേപിച്ചു പറയേണ്ട കാര്യമുണ്ടോ? അദ്ദേഹം മുകളിലേ നടുമുറിയിൽ നിന്നു ജപിക്കുകയാണു്?
- ഇൻ:
- ജപമൊക്കെ ജെയിലിൽ നിന്നാക്കാം. കൺസ്റ്റബിൾമാരൊക്കെ വരട്ടെ.
ഇങ്ങിനെ പറഞ്ഞു നാലു പോല്ലീസുകാരേയും കൂട്ടി ഇൻസ്പെക്ടർ മുകളിൽ ചെന്നു. ഞാനും അനേകം രോഗികളും പിന്നാലേ പോയി. നടമുറിയിലേ വാതിൽ അടച്ചതു കണ്ടിട്ടു ഇൻസ്പെക്റ്റർ വാതിലിനു ഉറക്കേ മുട്ടി, വാതിൽ തുറക്കാൻ യോഗിയാരോടാവശ്യപ്പെട്ടു. ജപിച്ചു തീരുംവരയും യോഗീശ്വരനെ ബുദ്ധിമുട്ടിക്കരുതെന്ന ഞങ്ങളുടെ അപേക്ഷ ഇൻസ്പെക്ടർ പുല്ലോളം വകവെച്ചില്ല. അദ്ദേഹം കൺസ്റ്റബിൾമാരോടു വാതിൽ ചവിട്ടിത്തുറക്കാൻ പറഞ്ഞു. പോല്ലീസുകാർ കുറേ നേരത്തോളം അദ്ധ്വാനിച്ചു വാതിൽ ചവിട്ടിപ്പൊളിച്ചു. ഇൻസ്പെക്ടരും രണ്ടുപോലീസുകാരും അകത്തു കടന്നു. ഞങ്ങളൊക്കെ പുറമേ നിന്നുകൊണ്ടു മുറിയുടെ ഉള്ളിലേക്കു പാളിനോക്കി. ഇൻസ്പെക്ടർ മുറി മുഴുവനും, അടച്ചുറപ്പുള്ള പാർക്കും, ഇരുമ്പഴി ഇട്ടു മുറുക്കിയ ജനലും വിസ്മയഭാവത്തോടെ നോക്കി. അപ്പഴല്ലേ ഞങ്ങൾക്കൊക്കെ വിവരം മനസ്സിലായതു്? എന്തൊരു മഹാവിസ്മയം എന്തൊരു ഭയങ്കര ദിവ്യത്വം! രോഗാന്തകയോഗിയെ ആ മുറിയിൽ കാണാനുണ്ടായിരുന്നില്ല.
- ഇൻ:
- ഇതെന്തു കഥ! യോഗിയെ ഇവിടെ കാണാനില്ലല്ലോ?
- ഞാൻ:
- മുറിയിൽ കടന്നു വാതിലടയ്ക്കുന്നതു ഞാൻ കണ്ടിരിക്കുന്നു.
- പോല്ലീസ്:
- ജനലുകൾക്കൊക്കെ ഇരുമ്പഴി ഉണ്ടു്. പാക്ക് പൊളിച്ചാൽ തന്നേ ഓടിൻമുകളിൽ കൂടെ മാത്രമേപുറത്തു പോകാൻ സാധിക്കയുള്ളു.
- രോഗികൾ:
- പുറത്തു പോയിട്ടില്ലെന്നു ഞങ്ങളെല്ലാവരും കണ്ടിരിക്കുന്നു. ഞങ്ങൾ ഒത്തുകൂടി നിന്നിരുന്ന മുറിയിൽ കൂടെയല്ലാതെ പുറത്തേക്കു വഴിയില്ല.
- ഇൻ:
- പിന്നേ ഈ കള്ളൻ എങ്ങിനെ മറഞ്ഞുകളഞ്ഞു.
- ഞാൻ:
- ഇനിയെങ്കിലും കുറേ ബഹുമാനമായി സംസാരിച്ച കൂടയോ.
- ഇൻ:
- നീ നിന്റെ പാടുംകൊണ്ടു പോടാ. ഈ പാക്കും മറ്റും ഒന്നു നല്ലവണ്ണം പരിശോധിക്കൂ.
ഇതുകേട്ടപ്പോൾ പോല്ലീസുകാർ വീട്ടിന്റെ പാക്കിട്ടതട്ടിന്മേൽ കേറിനോക്കി. അവിടെയൊന്നും ആരെയും കണ്ടില്ല ഓടു പൊന്തിച്ചു പോയാതാണെങ്കിൽ പുറമേ നിന്നു അനേകം ആളുകൾ കാണാതിരിക്കില്ല. യോഗിശ്വരൻ എങ്ങിനെ മറഞ്ഞുകളഞ്ഞെന്നു ആർക്കും രൂപമില്ലാതായി ഇൻസ്പെക്റ്റർക്കും പോല്ലീസുകാർക്കും യോഗീശ്വരനേക്കുറിച്ചു ഉള്ളാലെ ഭയവും ബഹുമാനവുമുണ്ടായി. ലജ്ജകൊണ്ടും ആശ്ചര്യംകൊണ്ടും തന്നെത്താനറിയാതെ തരിച്ചു പോയ ഇൻസ്പെക്ടർ മേശമേൽ ഒരു ചെറിയ എഴുത്തു കിടക്കുന്നതു കണ്ടു. അതു താഴെക്കാണുന്ന പ്രകാരമായിരുന്നു.
മാന്യനാട്ടുകാരേ!
എന്നേ അന്യഥാ ശങ്കിച്ചു അവമാനിക്കാൻ പുറപ്പെടുന്ന രാജ്യത്തിൽനിന്നു ഞാൻ തിരസ്കരണീവിദ്യകൊണ്ടു മറഞ്ഞു വന്നേടത്തു പോയിരിക്കുന്നു.
എല്ലാവർക്കുംം വന്ദനം
എന്നു്,
രോഗാന്തകയോഗി.
കത്തു വായിച്ചുകേട്ടപ്പോൾ അവിടെ കൂടിയിരുന്നവരുടെ ആശ്ചര്യത്തിനു സീമയുണ്ടായിരുന്നില്ല. രോഗാന്തകയോഗി ഒരു ദിവ്യനാണെന്ന ബോധം നാട്ടുകാരേവർക്കും ഉണ്ടായി. ഇൻസ്പെക്ടരും പോലീസുകാരും ലജ്ജയോടും ഇച്ഛാഭംഗത്തോടും മടങ്ങേണ്ടിവന്നു.
ഞാൻ നിരത്തിന്മേൽ ഇറങ്ങിയപ്പോൾ, ഞങ്ങൾ നിരത്തിന്മേൽ ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു. രോഗാന്തകയോഗിയുടെ സ്മരിക്കവയ്യാത്ത ഗൂഢാന്തർദ്ധാനം സകലരേയും ഒരു പോലെ ആശ്ചര്യപ്പെടുത്തി. ആ ദിവ്യനേപ്പറ്റി പ്രശംസിക്കാത്തവർ അവിടെ ആരും തന്നെ ഇല്ലായിരുന്നു. അടച്ച മുറിയിൽനിന്നു ആളറിയാതെയും വാതിൽ തുറക്കാതെയും ഒരാൾക്കു പട്ടാപ്പകൽ പോകാൻ സാധിച്ചാൽ അയാൾക്കു എന്താണു സാധിച്ചുകൂടാത്തതു്? കുറേ വാര ദൂരം നടന്നപ്പോൾ യോഗിയുടെ അതിശയകരമായ ഗമനത്തേപ്പറ്റി കേട്ടിട്ടു വിഷാദം കൊണ്ടു വിവശനായ കിട്ടൻ ഓടിവരുന്നതുകണ്ടു. കേശവസ്വാമി ഷാപ്പും പൂട്ടി അതിന്റെ കോലായിൽ ഏകനായി കൂടാരമൊഴുക്കിയ പട്ടാണിയെപ്പോലെ യാതൊരു സന്തോഷവുമില്ലാതെ ഇരിക്കുകയായിരുന്നു. കൃഷ്ണൻ എന്നെ കണ്ടപ്പോൾ എന്തൊക്കെയോ പറവാൻ ഭാവിച്ചു. ഞാൻ തല്ക്കാലം ഒന്നും മിണ്ടരുതെന്നു അവനെ ആംഗ്യംകൊണ്ടറിയിച്ചു. കൃഷ്ണന്റെ മുഖത്തു സ്ഥിരമായ ഒരു സങ്കടം കെട്ടിനിന്നിരുന്നു. ഞാൻ ഒരക്ഷരവും മിണ്ടാതെ അവനേയുംകൂട്ടി കടപ്പുറത്തുവന്നു, ഞങ്ങൾ രണ്ടാളും കടപ്പുറത്തു ആരും ഇല്ലാത്ത ഒരേടത്തു ഇരുന്നു.
- ഞാൻ:
- എന്താ കൃഷ്ണാ! വർത്തമാനം? എന്റെ യുക്തി ഫലിച്ചോ?
- കൃഷ്ണൻ:
- എന്റെ പൊന്നു ചങ്ങാതീ! ഞാൻ എന്തു പറയട്ടെ. എനിക്കു സങ്കടംകൊണ്ടു തൊണ്ടവിറച്ചിട്ടു ഒന്നും പറഞ്ഞുകൂടാ.
- ഞാൻ:
- എന്തു്? എന്റെ യുക്തി ഫലിച്ചില്ലെന്നോ? രോഗാന്തകയോഗിക്കു വരവൊന്നും ഉണ്ടായില്ലെന്നോ?
- കൃഷ്ണൻ:
- നിങ്ങളുടെ യുക്തി ശരാശരിക്കു ഫലിച്ചിരിക്കുന്നു. അയാൾക്കു നാലഞ്ചുലക്ഷം ഉറുപ്പികയുടെ വരവുണ്ടായിട്ടുണ്ടു.
- ഞാൻ:
- പിന്നെ എന്തു വൈകല്യമാണുണ്ടായതു?
- കൃഷ്ണൻ:
- ഞാൻ അദ്ദേഹത്തോടു് ചോദിച്ചു പണമൊന്നും വാങ്ങിയില്ല.
- ഞാൻ:
- എന്തുകൊണ്ടു്?
- കൃഷ്ണൻ:
- അദ്ദേഹം ഇത്രവേഗം മറഞ്ഞുകളയുമെന്ന വിചാരം എനിക്കില്ലായിരുന്നു.
- ഞാൻ:
- കഷ്ടം! ശുഭസ്യശീഘ്രം എന്ന പ്രമാണം നീ മറന്നുകളഞ്ഞു.
- കൃഷ്ണൻ:
- അങ്ങുന്നേ! എന്നെ നിങ്ങൾ അടിച്ചു കൊന്നാലുംകൂടി എനിക്കു ഖേദമില്ല.
- ഞാൻ:
- എന്നിട്ടെന്തുഫലം?
- കൃഷ്ണൻ:
- ഈശ്വരാ! ഞാനിത്ര നിസ്സാരനായ ജ്യേഷ്ഠയായിപ്പോയല്ലോ ഞാനിത്ര തന്റേടമില്ലാത്ത കഴുവേറിയായ്പോയല്ലോ. ഞാനിങ്ങിനെ ഒന്നിനുംകൊള്ളാത്ത പൊണ്ണനായ്പോയല്ലോ.
- ഞാൻ:
- നീ ഇത്രവേഗം ഇതൊക്കെ ആയിപ്പോയോ?
- കൃഷ്ണൻ:
- എന്നെ ശരിയായി പഴിച്ചു പറവാൻ തക്കശക്തിയുള്ള പദം ഞാൻ മലയാളഭാഷയിൽ കാണുന്നില്ല.
- ഞാൻ:
- ആട്ടെ, എന്നാൽ പഴിച്ചുപറയുന്നതൊക്കെ ഇനി തമിഴു പഠിച്ചതിന്റെ ശേഷമാകാം.
- കൃഷ്ണൻ:
- നിങ്ങൾ ഈ മഹാ കൃതഘ്നനും പാപിയുമായ എന്നെ വെറുക്കാതെ, എന്നോടു സംസാരിക്കുന്നതിലാണു് എനിക്കാശ്ചര്യം.
- ഞാൻ:
- വെറുത്തതുകൊണ്ടും പഴിച്ചതുകൊണ്ടും നമ്മുടെ കാര്യം വരുമോ?
- കൃഷ്ണൻ:
- സാധിച്ച കാര്യമല്ലേ എന്റെ മോശം കൊണ്ടു വിട്ടുപോയതു്.
- ഞാൻ:
- വിട്ടുപോയി എന്നു നീ ഉറപ്പാക്കിയോ?
- കൃഷ്ണൻ:
- മറ്റോ, ഇനി ആ ദിവ്യനെ എവിടെ കാണും?
- ഞാൻ:
- കാണാനൊരു വഴി കണ്ടുപിടിക്കണം.
- കൃഷ്ണൻ:
- ഇതെങ്ങിനെ സാധിക്കുന്നു?
- ഞാൻ:
- സാധിക്കാത്തതു ഭൂമിയിൽ നന്നേകുറയും.
- കൃഷ്ണൻ:
- നിങ്ങളുടെ ശാന്തത എനിക്കു ഭ്രാന്താണു് പിടിപ്പിക്കുന്നതു.
- ഞാൻ:
- എടോ, ശാന്തതയും ഭ്രാന്തും എത്രയോ വിരുദ്ധവസ്തുക്കളാണെന്നു നീ അറിയില്ലേ?
- കൃഷ്ണൻ:
- അതേ, നിങ്ങളും ഞാനുംപോലെ വ്യത്യാസപ്പെട്ട വസ്തുക്കളാണെന്നു എനിക്കു ബോദ്ധ്യമായി.
- ഞാൻ:
- എന്നിട്ടു നമ്മൾ രണ്ടാളും എത്ര ഐക്യമത്യത്തിലാണു് നടക്കുന്നതു.
- കൃഷ്ണൻ:
- ഭ്രാന്തുള്ളവരുടെ ഭ്രാന്തുംകൂടി നിങ്ങളേക്കണ്ടാൽ നശിച്ചുപോകും.
- ഞാൻ:
- എന്നിട്ടെന്താ നിന്റെ ഭ്രാന്തു അതേനിലയിൽ തന്നെ നില്ക്കുന്നതു?
- കൃഷ്ണൻ:
- എന്റെ ഉപേക്ഷകൊണ്ടു ഞാൻ നിങ്ങളുടെ രക്ഷ പോക്കിയില്ലേ.
- ഞാൻ:
- ഏതുപേക്ഷ. നിന്റെ പണം വാങ്ങാത്ത ഉപേക്ഷയോ?
- കൃഷ്ണൻ:
- അതുതന്നെയല്ലേ ഞാൻ ഇതുവരെ പറഞ്ഞതു.
- ഞാൻ:
- അതു സാരമില്ല.
- കൃഷ്ണൻ:
- എന്തുകൊണ്ടു സാരമില്ല?
- ഞാൻ:
- അതിനു രോഗാന്തകയോഗിയെ കണ്ടാൽപോരെ.
- കൃഷ്ണൻ:
- കണ്ടുകിട്ടാനല്ലേ പ്രയാസം.
- ഞാൻ:
- അതിനല്ലേ നീ ഒരു മാർഗ്ഗം കാണേണ്ടതു്?
- കൃഷ്ണൻ:
- യാതൊരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ടല്ലേ ഞാനിത്ര ക്ലേശിക്കുന്നതു.
- ഞാൻ:
- ഇല്ലെന്നു നീ പറയുന്നോ?
- കൃഷ്ണൻ:
- സത്യമായിട്ടും എനിക്കങ്ങിനെയാണു് തോന്നുന്നതു.
- ഞാൻ:
- നീ ആട്ടിൻതല കൊണ്ടുവന്നു കുറേനാൾ സൂപ്പുകുടിക്കണം.
- കൃഷ്ണൻ:
- ഇതെന്തിനു്?
- ഞാൻ:
- നിണക്കു തലച്ചോറില്ല.
- കൃഷ്ണൻ:
- ഞാൻ നല്ലവണ്ണം ചോറു തിന്നുന്ന ആളാണല്ലോ.
- ഞാൻ:
- രോഗാന്തകയോഗിയെ നീ വിചാരിച്ചാൽ ഏളുപ്പത്തിൽ കാണും.
- കൃഷ്ണൻ:
- നിങ്ങൾ എന്നെ കളിയാക്കുരുതു.
- ഞാൻ:
- രോഗാന്തകയോഗിയെ നീ കാണുന്നുണ്ടു്.
- കൃഷ്ണൻ:
- ഇപ്പോഴോ?
- ഞാൻ:
- അതേ.
- കൃഷ്ണൻ:
- (കടപ്പുറത്തുള്ള ആളെ നാലുഭാഗവും സൂക്ഷിച്ചു. നോക്കീട്ടു്) ഇല്ലെന്നു ഞാൻ സത്യം ചെയ്തു പറയാം.
- ഞാൻ:
- ഉണ്ടെന്നു ഞാനും സത്യം ചെയ്യാം.
- കൃഷ്ണൻ:
- ഇല്ലാത്തവരെ ഉണ്ടെന്നു വരുത്തി നിങ്ങൾ അളുകളെ ഭ്രാന്താക്കേണ്ട.
- ഞാൻ:
- ഭ്രാന്തുകൊണ്ടു ഉള്ളവരെ ഇല്ലെന്നു നീയും വരുത്തേണ്ട.
- കൃഷ്ണൻ:
- എന്നാലൊന്നു അയാളെ കാണിച്ചു തരൂ. എനിക്കിപ്പോഴെങ്കിലും പണത്തിനു ചെന്നു ചോദിക്കാമല്ലോ.
- ഞാൻ:
- കണ്ടിട്ടുകൂടി കാണുന്നില്ലെന്നു വിചാരിക്കന്നതിനു ഞാനെന്താ വേണ്ടതു.
- കൃഷ്ണൻ:
- ഒന്നു കാണിച്ചുതരുവിൻ സത്യമായിട്ടും ഒന്നു കാണിച്ചു തരുവിൻ.
- ഞാൻ:
- നിന്റെ മുമ്പിൽ കാണുന്ന ആളേതന്നെ നിനക്കു തിരിയില്ലെന്നോ?
- കൃഷ്ണൻ:
- എന്റെ മുമ്പിൽ കാണുന്നതു ഇപ്പോൾ നിങ്ങളെയല്ലേ.
- ഞാൻ:
- എടോ വങ്കാ! ഞാൻ തന്നെയല്ലേ രോഗാന്തക യോഗിയാർ.
- കൃഷ്ണൻ:
- നിങ്ങളോ?
- ഞാൻ:
- മറ്റാരാണു്? വടക്കെ ഇന്ത്യയിൽനിന്നു പെട്ടെന്നു മുളച്ചുണ്ടായ ഒരുവൻ എന്റെ എഴുത്തു കിട്ടിയ മാത്രയിൽ ഇവിടെ ഓടി എത്തുമെന്നോ?
- കൃഷ്ണൻ:
- ഈശ്വരാ! ഇപ്പോൾ എനിക്കു കാര്യമെല്ലാം മനസ്സിലായി.
- ഞാൻ:
- വെറുതേ ധൂർത്തുപറയേണ്ടാ. നിനക്കു മനസ്സിലാകാത്ത കാര്യങ്ങൾ ഇനിയും വളരെ ഉണ്ടു്.
- കൃഷ്ണൻ:
- നിങ്ങൾ പറഞ്ഞു തരൂ.
- ഞാൻ:
- പെരുത്തൊന്നും പറയാനില്ല. ഞാൻ ഒരു യോഗിയാരുടെ വേഷവും കെട്ടി കോയമ്പത്തൂരിൽനിന്നും പുറപ്പെട്ടു.
- കൃഷ്ണൻ:
- എന്നിട്ടു്.
- ഞാൻ:
- ഇവിടെ ഇറങ്ങിയതിന്റെ ശേഷമുള്ള വിവരമൊക്കെ നീ അറിയില്ലേ?
- കൃഷ്ണൻ:
- നിങ്ങൾ കാണാതായ്പോയതു മാത്രം ഞാൻ കണ്ടില്ല.
- ഞാൻ:
- അതല്ലേ ഞാൻ പ്രയോഗിച്ച ബ്രഹ്മാസ്ത്രം.
- കൃഷ്ണൻ:
- അതേ, അതേറ്റിട്ടു മയങ്ങിപ്പോകാത്തവർ ആരും ഉണ്ടായിരുന്നില്ല.
- ഞാൻ:
- അതു സാധിച്ചതോ എത്ര എളുപ്പത്തിൽ.
- കൃഷ്ണൻ:
- നേരോ?
- ഞാൻ:
- കേൾക്കൂ. ഞാൻ മുൻകൂട്ടിത്തന്നെ ജപിക്കുന്ന മുറിയുടെ ഒരു കഷണം പാക്കു നീക്കി അതിന്റെ അടുത്തുള്ള ഉത്തരത്തിന്മേൽ ഒരു ചളുണ്ടക്കയർ കെട്ടിത്തൂക്കിയിട്ടിരുന്നു. ചെന്നു കയറുന്ന ആ ചാലുമുറിയിൽ, ഒരു വലിയ ചട്ടിയിൽ തീ കത്തിക്കൊണ്ടിരുന്നതും അതിന്റെ സമീപം ഒരു മുട്ടിയും കൂറേ ആണികളും ഇട്ടിരുന്നതും നീ കണ്ടിട്ടില്ലേ?
- കൃഷ്ണൻ:
- അതേ, അതൊക്കെ അർത്ഥത്തോടുകൂടെയാണെന്നു ഞാൻ അന്നു മനസ്സിലാക്കിയില്ല.
- ഞാൻ:
- പ്രയോജനമില്ലാത്ത കർമ്മത്തിൽ ഞാൻ സമയം കളയുമോ? എന്നെ നീ നല്ലവണ്ണം അറിയുമൊ?
- കൃഷ്ണൻ:
- അസാരം കണ്ടു പരിചയമുണ്ടു്.
- ഞാൻ:
- വാസ്തവത്തിൽ അത്രമാത്രമേ നീ അറിയുന്നുള്ളു. നീ കേൾക്കൂ. എന്നെ പിടിക്കാൻ വരുന്നുണ്ടെന്നു അറിഞ്ഞ ദിവസം ജപിക്കാനാണെന്ന ഭാവത്തിൽ ഞാൻ മുകളിൽ കയറി താടിയും മുടിയും കാഷായവും മറ്റും ആ തീയിൽ ഇട്ടു ചുട്ടു. കർപ്പൂരം ഇട്ടിരുന്നതുകൊണ്ടു ദുർഗ്ഗന്ധം ഉണ്ടായില്ല. പിന്നെ അവിടെ ഉണ്ടായിരുന്ന മുട്ടിയു ആണികളും കൈക്കലാക്കി ഞാൻ നടുമുറിയിൽ കടന്നു വാതിലടച്ചു ചളുണ്ടയും പിടിച്ച ഒരു നിമിഷം കൊണ്ടു നീക്കിവെച്ച പാക്കിലൂടെ തട്ടിന്മേലെത്തികയറഴിച്ചെടുത്തു പാക്കു രണ്ടാമതും അതിന്റെ സ്ഥാനത്തുവെച്ചു ആണിയിട്ടു തറച്ചു. അവിടുന്നു ചാലുമുറിയിൽ ഇറങ്ങി എന്റെ മുണ്ടും ഷർട്ടും ഇട്ടു, ഞാൻ ഞാനായിത്തന്നെ ഒരു മന്ദഹാസത്തോടുകൂടി താഴത്തിറങ്ങി. ഇറങ്ങി വന്നതു കുറേ മുമ്പേ ജപിക്കാൻ പോയിരുന്ന രോഗാന്തകയോഗിയാണെന്നു ആരും അറിഞ്ഞതുമില്ല.
- കൃഷ്ണൻ:
- എങ്ങിനെ അറിയും?
- ഞാൻ:
- അതല്ലേ ഞാൻ ചോദിക്കുന്നതു.
- കൃഷ്ണൻ:
- നിങ്ങളുടെ അഭിനയം സമ്മതിക്കണം.
- ഞാൻ:
- അഭിനയം മുഴുവനുമായോ. താഴെ എത്തിയതിൽ പിന്നെ ബാക്കിയുള്ളവരുടെ സംസാരത്തിൽചെന്നു കൂടി അവർക്കു ഒരിക്കലും സംശയം ജനിക്കാത്തവിധത്തിൽ ഓരോന്നു തട്ടിവിട്ടു. പിന്നെ ആരെ പേടിക്കേണം?
- കൃഷ്ണൻ:
- സത്യമായിട്ടും ഒരു വലിയ കള്ളനാവാൻ നിങ്ങൾ എല്ലാംകൊണ്ടും യോഗ്യനാണു്.
- ഞാൻ:
- അല്ല, എന്തു കളവാണു് ഞാൻ ചെയ്തതു?
- കൃഷ്ണൻ:
- ജനങ്ങളുടെ പണം അപഹരിച്ചില്ലേ?
- ഞാൻ:
- ജനങ്ങൾ സ്വമേധയായി പണം കൊണ്ടുതരുന്നതു അപഹരണമാണോ?
- കൃഷ്ണൻ:
- മറ്റോ?
- ഞാൻ:
- എന്നാൽ അവർ എന്റെ ചികിത്സയും അപഹരിച്ചിട്ടുണ്ടു്.
- കൃഷ്ണൻ:
- എനിക്കാണെങ്കിൽ ഇങ്ങിനെ ചെയ്യാനുറയ്ക്കില്ല.
- ഞാൻ:
- എനിക്കാണെങ്കിൽ അദാലത്തു തടവിൽ ചെന്നിരിക്കാനും ഉറയ്ക്കില്ല.
- കൃഷ്ണൻ:
- ഇനി ആ മാതിരിക്കൊന്നും ഉറയ്ക്കേണ്ടതില്ലല്ലോ.
- ഞാൻ:
- അതൊക്കെ എന്റെ ഉറപ്പുകൊണ്ടുതന്നെയല്ലേ.
- കൃഷ്ണൻ:
- അതു ഉറപ്പുതന്നെ. പണമൊക്കെ എവിടെ വെച്ചു?
- ഞാൻ:
- ഇമ്പീരിയൽ ബേങ്കിൽ.
- കൃഷ്ണൻ:
- ഏകദേശം എത്ര ഉണ്ടാകും?
- ഞാൻ:
- അതിനൊട്ടും കുറവില്ല.
- കൃഷ്ണൻ:
- കുറവില്ല എന്നു എനിക്കു ബോദ്ധ്യമുണ്ടു്.
- ഞാൻ:
- എന്താ പറഞ്ഞാൽ?
- കൃഷ്ണൻ:
- അതു പൂർവ്വാപരവിരുദ്ധമായിരിക്കും.
- ഞാൻ:
- അങ്ങിനെയല്ലാഞ്ഞാലോ?
- കൃഷ്ണൻ:
- എങ്ങിനെ എന്നു കേൾക്കട്ടെ.
- ഞാൻ:
- എന്നാൽ കേൾക്കു മൂന്നുലക്ഷത്തിനു അല്പം കുറഞ്ഞുപോയി എന്നൊരു കുറവുണ്ടു്.
- കൃഷ്ണൻ:
- എത്ര വലിയ സംഖ്യയും അതിലും വലിയ സംഖ്യയോടു കണക്കാക്കിയാൽ കുറവായിരിക്കും.
- ഞാൻ:
- ഹോ, കണക്കുശാസ്ത്രത്തിലെ ഒരു നിയമം നീ ഇത്രവേഗം ഉണ്ടാക്കിക്കഴിഞ്ഞോ?
- കൃഷ്ണൻ:
- നിങ്ങൾ രണ്ടുമൂന്നുലക്ഷം ഉണ്ടാക്കിയ വേഗത നോക്കിയാൽ ഇതൊന്നു എടുത്തുപറവാനുണ്ടോ?
- ഞാൻ:
- ഞാൻ പണമുണ്ടാക്കും തോറും ബുദ്ധിക്കു സൂക്ഷ്മത കൂടുന്നതു നിനക്കാണു്.
- കൃഷ്ണൻ:
- എന്നാൽ എന്റെ കൂർമ്മബുദ്ധിക്കു ഒന്നറിയേണ്ടതുണ്ടു്.
- ഞാൻ:
- എന്താണു്?
- കൃഷ്ണൻ:
- ഈ പണമൊക്കെ എന്തു ചെയ്വനാണു് ഭാവം?
- ഞാൻ:
- വാരി കടലിൽ എറിവാനൊന്നും ഭാവമില്ല.
- കൃഷ്ണൻ:
- അതു വെറും അഹംഭാവമായിപ്പോകും.
- ഞാൻ:
- വരുന്നവർക്കൊക്കെ വാരി എറിഞ്ഞുകൊടുപ്പാനും ഭാവമില്ല.
- കൃഷ്ണൻ:
- എന്നാൽ ഒന്നാമതു വാരി കടക്കാർക്കു എറിഞ്ഞു കൊടുക്കുക.
- ഞാൻ:
- ശരി, ശരി ഒന്നാമതും കടക്കാരെ തോല്പിക്കാനുള്ള മാർഗ്ഗം തന്നെയാണു് കാണേണ്ടതു.
- കൃഷ്ണൻ:
- ആ പുതിയ ബേങ്കിന്റെ സ്ഥാപനം.
- കൃഷ്ണൻ:
- ബേങ്കുവെച്ചാൽ കടക്കാർക്കു തോൽമയാണോ? ജയമല്ലേ.
- ഞാൻ:
- ആദ്യം ജയം. പിന്നെ തോൽമ.
- കൃഷ്ണൻ:
- അതെങ്ങിനെ?
- ഞാൻ:
- ഹൈ, നിന്റെ ബുദ്ധിക്കു കൂർമ്മത പോര.
- കൃഷ്ണൻ:
- നിങ്ങൾ കൂറെക്കൂടി പണം ഉണ്ടാക്കൂ. കൂർമ്മത കുറേക്കൂടെ വർദ്ധിക്കട്ടെ.
- ഞാൻ:
- അപ്പോൾ നീ പിന്നെയും കാത്തുനില്ക്കണ്ടേ.
- കൃഷ്ണൻ:
- എന്തിനു കാക്കുന്നു, നിങ്ങൾക്കു ക്ഷണം കഴികയില്ലേ?
- ഞാൻ:
- പറഞ്ഞുതരുംപോലെ അത്ര ക്ഷണം സാധിക്കയില്ലല്ലോ.
- കൃഷ്ണൻ:
- എന്നാൽ ദയവുചെയ്തു പറഞ്ഞുതരൂ.
- ഞാൻ:
- കേൾക്കു ഒന്നാമതു കടം തീർക്കുക. പിന്നെ കടം കൊടുക്കുക. പലതവണയായി പിന്നെയും പണം കൊടുക്കുക. അനവധി വിധി സാമ്പാദിക്കുക. നാലും അഞ്ചുമായി വാറണ്ടെടുക്കുക. ഇങ്ങിനെയാണു് അവരെ പറ്റിക്കാൻ വിചാരിക്കുന്നതു.
- കൃഷ്ണൻ:
- അവരെ പറ്റിക്കാൻ നോക്കീട്ടു നിങ്ങളുടെ പണം പറ്റിപ്പോകേണ്ട.
- ഞാൻ:
- പറ്റാൻ തക്ക പശ എന്റെ പണത്തിന്മേൽ കാണുകയില്ല. അതു നല്ലവണ്ണം മനസ്സിലാക്കിക്കോ.
- കൃഷ്ണൻ:
- പശയില്ലാത്ത പണംകൊണ്ടു സ്ഥാപിക്കുന്ന ബേങ്കേതാണു്?
- ഞാൻ:
- ബേങ്കിന്റെ പേർ കേട്ടാൽ തന്നെ ആളുകളൊക്കെ നടുങ്ങിപ്പോകണം.
- കൃഷ്ണൻ:
- എന്നാൽ പേർവിളിക്കാൻ ശേഷഗിരി പ്രഭുവോടൊന്നു ആലോചിച്ചാലൊ?
- ഞാൻ:
- എന്തിനു്? ഞാൻ പോരാഞ്ഞിട്ടോ?
- കൃഷ്ണൻ:
- നിങ്ങൾ മതിയോ എന്നു ആ പേർ കേട്ടാലല്ലേ നിശ്ചയിച്ചുകൂടു.
- ഞാൻ:
- പേരെടുക്കുന്ന പേരെടുക്കാൻ എനിക്കു യാതൊരു അദ്ധ്വാനവും കാണുന്നില്ല.
- കൃഷ്ണൻ:
- എന്നാൽ അതു പറയുവാനെന്തിനാണു് ഇത്ര അദ്ധ്വാനം.
- ഞാൻ:
- എളുപ്പത്തിലായാൽ വീര്യം കുറഞ്ഞുപോകും.
- കൃഷ്ണൻ:
- എന്നാൽ വീര്യത്തോടെ ഒന്നു പറഞ്ഞുകളയൂ.
- ഞാൻ:
- പറയാം. രോഗാന്തകയോഗിബേങ്ക്.
- കൃഷ്ണൻ:
- പേരസ്സലായി.
- ഞാൻ:
- ബേങ്കിലെ നിയമം ഇതിലും അസ്സലാണു്.
- കൃഷ്ണൻ:
- അതെന്താ?
- ഞാൻ:
- പണ്ടം വെച്ചിട്ടുമാത്രം ഈ ബേങ്കിൽനിന്നു പണം കൊടുക്കയില്ല.
- കൃഷ്ണൻ:
- പണം വെച്ചിട്ടു പണം കൊടുപ്പാൻ സാധിക്കുമോ.
- കൃഷ്ണൻ:
- ഉറപ്പുള്ള വഴിയൊന്നും ഞാൻ കാണുന്നില്ല.
- ഞാൻ:
- നീ കണ്ണുപൂട്ടിത്തന്നെ ഇരുന്നോളു. വെറും പ്രോനോട്ടിന്മേൽ മാത്രമേ ഈ ബേങ്കിൽനിന്നു പണം കൊടുക്കയുള്ളു.
- കൃഷ്ണൻ:
- അതുകൊണ്ടെന്താ നന്മ?
- ഞാൻ:
- ഒന്നാമതു ആരാന്റെ പണ്ടം സൂക്ഷിക്കേണ്ടുന്ന ഭാരമില്ല.
- കൃഷ്ണൻ:
- പിന്നെയോ?
- ഞാൻ:
- പിന്നെത്തേതല്ലേ കേൾക്കേണ്ടതു. ബാക്കിയുള്ളബേങ്കുകളൊക്കെ ഞാൻ പൊളിക്കുന്നതു നീ കണ്ടോ. രണ്ടു മാസംകൊണ്ടു പൊളിക്കില്ലേ.
- കൃഷ്ണൻ:
- എന്തു ക്രിമിനലായും പ്രവൃത്തിക്കാൻ ഭാവമുണ്ടോ.
- ഞാൻ:
- ഒരിക്കലും ഇല്ല.
- കൃഷ്ണൻ:
- പിന്നെ എങ്ങിനെ പൊളിക്കും?
- ഞാൻ:
- എടോ! പണ്ടംവങ്ങാൽ പണ്ടം ഉള്ളവരും ഇല്ലാത്തവരും എല്ലാം നമ്മുടെ ബേങ്കിലല്ലാതെ വരുമോ? ഭ്രാന്തന്മാരല്ലാതെ മറ്റുള്ള ബേങ്കുകളിൽ ആരെങ്കിലും പോകുമോ? ഭാരത ബേങ്കിന്റേയും, ഏറാടി ബേങ്കിന്റേയും മാനേജർമാരെകൊണ്ടു ഞാൻ ശതകം പാടിപ്പിക്കുന്നതു നോക്കൂ.
- കൃഷ്ണൻ:
- അവർ പാടുമ്പോൾ ഞൻ കേൾക്കാൻ പോകാം.
- ഞാൻ:
- അങ്ങിനെ പോയ്ക്കാളു. നീ അതിന്നു മാത്രമേ കൊള്ളു.
- കൃഷ്ണൻ:
- അതിന്നു മാത്രമോ? എന്റെ പെരുങ്കൊടലു മറന്നോ? എനിക്കു വിശന്നിട്ടു നിവൃത്തിയില്ല.
- ഞാൻ:
- ഓ! ഹോ, അതിന്നും കൊള്ളും. ഞാൻ മറന്നതു കൊണ്ടു ക്ഷമിക്കണം. മിസ്റ്റർ കാശ്മീർക്കണ്ടിയുടെ വിക്ടോറിയാ ഹോട്ടലിലേക്കുതന്നെ നോക്കു. അവിടുന്നേ നല്ല സാധനങ്ങൾ കിട്ടുകയുള്ളു.
കെ. സുകുമാരന്‍ കാമ്പില്‍ തട്ടായിലത്തു ഗോവിന്ദന്റെയും, ഇടമലത്തു മാധവിയുടേയും മകനായി 1876 മെയ് 20-നു് ജനിച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സിപ്പല്‍ സ്ക്കൂള്‍, ബാസല്‍ മിഷന്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലാണു് പഠിച്ചതു്. ഇന്റര്‍മീഡിയറ്റ് പഠനം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പാലക്കാട് വിക്ടോറിയയിലും ആയിരുന്നു. ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും 1894-ല്‍ ബിരുദം നേടി. തുടര്‍ന്നു് സിവില്‍ കോടതി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 1915-ല്‍ സിവില്‍ ജുഡീഷ്യറി ടെസ്റ്റ് പാസായി. 1931-ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റി. കൗസല്യയെ ആണു് സുകുമാരന്‍ വിവാഹം ചെയ്തതു്. അദ്ദേഹം 1956 മാര്‍ച്ച് 11-നു് മരിച്ചു. ചെറുകഥ, നോവല്‍, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി അമ്പതോളം കൃതികള്‍ ഉണ്ടു് സുകുമാരന്റേതായി. സുകുമാരകഥാമഞ്ജരി, ചെറുകഥ, അഞ്ചുകഥകള്‍ എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ കഥകള്‍ ലഭ്യമാണു്.
കൃതികള്‍: അഴകുള്ള പെണ്ണു്, വിധി, ആ വല്ലാത്ത നോട്ടം, ഇണക്കവും പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി, വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമന്‍.
[2] അതീവ ഖേദത്തോടെ പറയട്ടെ. ഇത്രയും പ്രശസ്തനായിരുന്ന ഈ സാഹിത്യകാരന്റെ ഒരു ഫോട്ടോ പോലും കിട്ടാനില്ല. വായനക്കാരിൽ ആർക്കെങ്കിലും ഫോട്ടോ അയച്ചു തരാൻ കഴിയുമെങ്കിൽ നമുക്കു് ഈ ഡോക്യുമെന്റേഷൻ പൂർണതയിലെത്തിക്കാം.
Title: Kadamkondu Kittiya Muthal (ml: കടംകൊണ്ടു കിട്ടിയ മുതൽ).
Author(s): K. Sukumaran, B. A..
First publication details: Not available;;
Deafult language: ml, Malayalam.
Keywords: Story, K. Sukumaran, B. A., Kadamkondu Kittiya Muthal, കെ. സുകുമാരൻ, ബി. എ., കടംകൊണ്ടു കിട്ടിയ മുതൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.
Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.
Date: September 1, 2024.
Credits: The text of the original item is in the public domain. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4.0 International License (CC BY-SA 4.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.
Cover: Bharadwaja, a painting by Company School . The image is taken from Wikimedia Commons and is gratefully acknowledged.
Production history: Proofing: Sreeja Anil; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.
Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.
Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
Web site: Maintained by KV Rajeesh.