ഒരു പുരാതനവും കീർത്തിയുമുള്ള നാട്ടുക്രിസ്ത്യാനികുടുംബത്തിൽ നടന്ന സംഭവമാണു് ഇവിടെ പറയുവാൻ പോകുന്നതു്.
നമ്മുടെ കഥാരംഗമായ വീടു നിൽക്കുന്നതു്, കോഴിക്കോട്ടു പുതിയറയിൽനിന്നു രണ്ടു നാഴിക കിഴക്കാണു്. വയോവൃദ്ധയായ ജ്ഞാനം എന്ന സ്ത്രീ പാർക്കുന്ന സുഖമുളള ഭവനത്തിൽ ഒരു പ്രത്യേകമായ നിശ്ശബ്ദത വ്യാപിച്ചിരുന്നു. ഇഷ്ടികകൊണ്ടു് ഉണ്ടാക്കിയതും, വള്ളികൾ പടർത്തിയ വലക്കെട്ടുകൾ പൂണ്ട പൂമുഖമുള്ളതും ആയ ആ വലിയ വീട്ടിൽ ഇങ്ങിനെ ഒരു നിശ്ശബ്ദത വ്യാപിക്കുവാൻ ധാരാളം കാരണമുണ്ടായിരുന്നു. ആ വീട്ടിലെ മേലേത്തട്ടിൽ ഉണ്ടായിരുന്ന ഒരു വലിയ ഉറക്കറയിൽ ജ്ഞാനം എന്നു പേരായ മുത്തശ്ശി മരണവും പ്രതീക്ഷിച്ചു കിടക്കുകയായിരുന്നു. “മുക്തിയാം നാരി വരുന്നതും പാർത്തുപാർത്തത്യന്തശുദ്ധനാം” ഭീഷ്മർ കിടന്നിരുന്നപോലെ നമ്മുടെ മുത്തശ്ശിയും മരണത്തിന്നു തയ്യാറായി കാത്തുകൊണ്ടിരിക്കയായിരുന്നു. മുത്തശ്ശിയുടെ ആണും പെണ്ണും മക്കൾ അമ്മയുടെ പ്രാണനിര്യാണാവസരവും കാത്തിരിക്കയായിരുന്നു എന്നു പറയുമ്പോൾ ആ അറയിൽ എന്നുവേണ്ട, വീട്ടിൽ ആകപ്പാടെ നിശ്ശബ്ദത ബാധിച്ചു കാണുന്നതിൽ അത്ഭുതപ്പെടുവാനില്ലല്ലൊ.
മരണം സമീപമായെന്നു മുത്തശ്ശിക്കു തോന്നിയപ്പോൾ ദാവീദ് എന്ന മൂത്തമകനോടു മാത്രം തന്റെ കിടക്കയുടെ ഓരത്തു ഇരിക്കാൻ ആജ്ഞാപിച്ചു; ബാക്കിയുള്ള മക്കളോടു് താഴേ ഒരു മുറിയിൽ ചെന്നിരുന്നുകൊൾവാൻ ആ സ്ത്രീ പറഞ്ഞു.
താഴേ ഇറങ്ങിയിരുന്ന മുത്തശ്ശിയുടെ വിവാഹം കഴിഞ്ഞ രണ്ടു പെൺമക്കൾ, ഒരു മുറിയിൽ ഓരോ വലിയ കസാലമേൽ ഇരുന്നിരുന്നു. ഒരുവളുടെ ഭർത്താവും ഭാര്യയെ വിട്ടുപിരിയാതെ സമീപംതന്നെ ഇരുന്നിട്ടുണ്ടായിരുന്നു. മുത്തശ്ശിയുടെ ഇളയ മകൻ (തോമസ്) ഒരു കോച്ചിന്മേലും ഇരുന്നിരുന്നു.
നേരം സന്ധ്യയായിത്തുടങ്ങി. ഒരു പതിഞ്ഞ ധാമം: അത്യുഷ്ണംകൊണ്ടു് തിളച്ച വെയിലിന്റെ പിൻതുടർച്ചയായി സാധാരണ വന്നുകാണുന്ന ഒരു ധാമം ദിക്കെങ്ങും വ്യാപിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ വിടരുന്ന പുഷ്പങ്ങളുടെ സൗരഭ്യവും, കൊയ്തുകൂട്ടിയ നെൽകറ്റകളുടെ വല്ലാത്ത സുഗന്ധവും തുറന്നുവെച്ചിരുന്ന ജനൽവഴിയായി, കടുപ്പമായിരുന്നു എങ്കിലും അനുഭവയോഗ്യമായ വിധത്തിൽ മുറിയിൽ വ്യാപിച്ചിരുന്നു.
- മറിയ (മുത്തശ്ശിയുടെ മൂത്തമകൾ):
- അമ്മയുടെ അവസാനകാലം വളരെ ശാന്തമായി വന്നുകാണുന്നതുകൊണ്ടു് എനിക്കു സന്തോഷം ഉണ്ടു്.
ഇത്രത്തോളം പറഞ്ഞപ്പോൾ തൊണ്ട വിറച്ചു, വേദനയോടെ പൊന്തിവന്ന ഒരു നിശ്വാസത്തെ അവൾ പ്രയാസപ്പെട്ടു അടക്കിവെച്ചു.
- മറിയ:
- എന്റെ പ്രിയ അമ്മ എത്ര ശാന്തവും സുഖകരവും ആയ ജീവിതമാണു കഴിച്ചതു്. പിന്നെ അമ്മക്കു ഒടുക്കം കാലത്തു ശാന്തി എങ്ങിനെ വരാതിരിക്കും. അമ്മയുടെ അന്ത്യം ഇങ്ങനെതന്നെ ഒരു ബുദ്ധിമുട്ടും നേരിടാതെ കഴിയട്ടെ.
ഇത്രത്തോളം പറഞ്ഞു അവൾ അവളുടെ രണ്ടു കയ്യും മടിയിൽ പിണച്ചുവെച്ചു, നാലുഭാഗത്തും നോക്കി. പിന്നേ കുട്ടിക്കാലത്തു് എടുത്ത തന്റെയും, തന്റെ സഹോദരസഹോദരിമാരുടേയും ഛായാപടം, ചുവരിന്മേൽ തൂക്കിവെച്ചതു കൗതുകത്തോടെ നോക്കി. ചിത്രം നോക്കിക്കൊണ്ടിരിക്കേ, തൊണ്ടയിൽ ഒന്നു ഉരുണ്ടുകെട്ടിയപോലെ തോന്നി, അവൾ കരയുവാൻ തുടങ്ങി. താൻ ഇരുന്ന മുറിയിൽ ഉണ്ടായിരുന്ന ശാന്തത മറിയയ്ക്കു വല്ലാത്ത വികാരം ഉണ്ടാക്കി.
അവൾ ഒരു നാഗരികാംഗനയായിരുന്നതുകൊണ്ടു്, നാട്ടുംപുറത്തെ പച്ചച്ചെടികളൊന്നും അവൾക്കു കൗതുകമുണ്ടാക്കിയില്ല. അവൾ കത്തുകളിച്ചും, ചിരിച്ചും, വിനോദിച്ചും, പുരുഷന്മാരുമായി സംസാരിച്ചും പട്ടണവാസത്തിൽ ഭ്രമിച്ചിരുന്നതുകൊണ്ടു്, ശാന്തതയെന്നൊന്നു വളരെ സംവത്സരങ്ങളോളം അറിഞ്ഞിരുന്നെ ഇല്ല. അവൾ കൂടക്കൂടേ അമ്മയെ വന്നു കാണാറും ഇല്ല. അവൾക്കു ഒന്നിനും സമയമുണ്ടായിരുന്നില്ല.
ഒരു ലെയിസുവെച്ച ഉറുമാൽകൊണ്ടു് അവൾ കണ്ണുനീർ തുടച്ചു ഇങ്ങിനെ പറഞ്ഞു. “ഞാൻ അമ്മയെ ഈ കാലത്തു് കൂടക്കൂടെ വന്നു കണ്ടിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. ഒരു ആഴ്ച പാർക്കാൻ വരേണമെന്നു ഞാൻ ആലോചിച്ചുതന്നെ കഴിച്ചു. ഓരോ അലട്ടുകൾ വന്നുചേരും. എന്റെ വരവിനു് തടസവും നേരിടും.”
അപ്പോൾ അവളുടെ സഹോദരി ‘കൃശാ’ ജേഷ്ഠത്തിയുടെ നേരേ; ഇരുന്ന കസേലമേൽനിന്നു പറഞ്ഞു. അവൾ മുത്തശ്ശിയുടെ രണ്ടാമത്തേ മകളാണു്. നീണ്ടു, അഴകുള്ള ആ സ്ത്രീ, സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ പ്രത്യേക തൃഷ്ണവെച്ചിരുന്ന ഒരു മഹിളയായിരുന്നു. സ്ത്രീസഭയിൽ അദ്ധ്യക്ഷത വഹിക്കുകയും, അവരുടെ കാര്യത്തെപ്പറ്റി വിലയേറിയ ലേഖനങ്ങൾ പത്രങ്ങളിലും മാസികകളിലും എഴുതുകയും ചെയ്തുവന്നിരുന്നു. അവൾ ജേഷ്ഠത്തിയോടു ഇങ്ങിനെ പറഞ്ഞു. “എന്റെ കാര്യവും നിങ്ങൾ പറഞ്ഞപോലെയാണു്. എനിക്കും അമ്മയുടെ കൂടെ വന്നു താമസിക്കാൻ കൂടക്കൂടെ ആഗ്രഹം ജനിച്ചിരുന്നു. എനിക്കു ഒരുദിവസം പോയിട്ടു്, ഒരു മണിക്കൂർ നേരംപോലും ഇടയുണ്ടായിരുന്നില്ല.”
(ഭർത്താവിനെ നോക്കി) “അല്ലേ! സിസിൽ?”
അവളുടെ ഭർത്താവു് ഒരു എണ്ണും പറഞ്ഞ വക്കീലായിരുന്നു. ആ നാട്ടിൽ വെച്ചു വളരെ അദ്ധ്വാനിക്കുന്നവളും, അദ്ധ്വാനിക്കാൻ മടിയില്ലാത്തവളും തന്റെ ഭാര്യയാണെന്നു ഭർത്താവും സമ്മതിച്ചു. “
ശരിതന്നെ; അമ്മയെ കൂടക്കൂടെ വന്നു കാണാത്തതു തെറ്റിപ്പോയെന്നു് ഇപ്പോൾ എല്ലാവർക്കും വിചാരമുണ്ടു്. എല്ലാവരും പശ്ചാത്തപിക്കുന്നുമുണ്ടു്.” ഇങ്ങനെ കസേലമേൽ നിവർന്നിരുന്നു തോമസു പറഞ്ഞു. അദ്ദേഹം നീണ്ടു സുന്ദരനായ ഒരു പുരുഷനായിരുന്നു. മുപ്പതു വയസ്സുണ്ടു്. മുത്തശ്ശിയുടെ ഇളയ മകനാണു്.
അദ്ദേഹം പിന്നെയും തുടർന്നു പറഞ്ഞു. “ഞാൻ എന്തു ചെയ്യും. ഒരുത്തൻ വളരെ സ്വത്തുള്ള ഒരു പെണ്ണിനെ വിവാഹം കഴിച്ചാൽ തന്നാലാവും വണ്ണം ഭാര്യയുടെ സ്വത്തുക്കൾ നോക്കി നടക്കേണ്ടുന്ന ഭാരം അവനില്ലേ; പിന്നെ ജസ്സിക്കാണെങ്കിൽ (തൊമാസിന്റെ ഭാര്യ) ഇങ്ങട്ടു വരുന്നതും ഇഷ്ടമല്ല. പിന്നെ കഴിഞ്ഞ നാലഞ്ചു മാസമായിട്ടു… ” ഇത്രത്തോളം പറഞ്ഞു അദ്ദേഹം നിർത്തി. അയാൾ വിരമിച്ചതു് എന്തിനാണെന്നു് എല്ലാവർക്കും മനസ്സിലായി. തോമസിന്റെ ഭാര്യ പ്രസവിക്കാൻ സമീപിച്ചിരുന്നു.
പിന്നെയും വളരെ നേരത്തോളം ആരും മിണ്ടിയിരുന്നില്ല. ആ നിശ്ശബ്ദതയ്ക്കു “അമ്മ ചെറുപ്പത്തിൽ ഒരു സുന്ദരി ആയിരിക്കണം.” എന്ന മറിയയുടെ വാക്കു തൽക്കാലം ഭംഗമുണ്ടാക്കി. ഇങ്ങനെ പറഞ്ഞു അവളുടെ നീലക്കണ്ണുകൾ ചുവരിന്മേൽ തൂക്കിയിരുന്ന ഒരു വലിയ ചിത്രത്തിൽ പതിപ്പിച്ചു. ആ ചിത്രം അമ്പതു കൊല്ലം മുമ്പേ എഴുതിയതായിരുന്നു. ഒരു വെള്ള മസ്ലീൻ പാവാടയും ഒരു ജായ്ക്കറ്റും ധരിച്ച ഒരു പെൺകുട്ടിയുടെ സ്വരൂപമായിരുന്നു അതിൽ കണ്ടിരുന്നതു്.
കൃശാ, കൗതുകത്തോടെ ആ ചിത്രം നോക്കി, ഒരു പതിഞ്ഞ സ്വരത്തിൽ ഇങ്ങിനെ പറഞ്ഞു. “ആ ചിത്രം എഴുതിയതു് അമ്മ വിവാഹം കഴിക്കുന്നതിനടക്കെയാണു്. മുഖത്തു് എത്ര ഭംഗിയുള്ള പുഞ്ചിരിയാണു സ്ഫുരിക്കുന്നതു്.”
- കൃശാ:
- (ചിത്രം നോക്കിട്ടു പിന്നെയും) വിവാഹം നിശ്ചയിച്ച സമയത്തു് അച്ഛൻ സമ്മാനിച്ച മുത്തുമാലയും അമ്മ അണിഞ്ഞു കാണുന്നു; ഞാൻ വിചാരിക്കുന്നു…
ഇത്രത്തോളം പറഞ്ഞപ്പോൾ അവൾ പെട്ടെന്നു വിരമിച്ചു. രണ്ടു സഹോദരികളും അന്യോന്യം അർത്ഥത്തോടെ നോക്കി. എന്തുകൊണ്ടെന്നാൽ ഈ വിചാരം അവർക്കു് ഏകകാലത്തുതന്നെ ഉല്പാദിച്ചു. ഈ വല്ലാത്ത വിചാരം!
അങ്ങുന്നു് ശാന്തമായി, ബുദ്ധിമുട്ടൊന്നുമില്ലാതെ മരിക്കാനൊരുങ്ങുന്ന അവരുടെ അമ്മ ആ മുത്തുമാല ആർക്കായിരിക്കും കൊടുക്കുന്നതു് എന്നു് അവർ ഭൂമിച്ചു. ആ മുത്തുമാല നാടെങ്ങും കേളിയുള്ള ഒരു മുത്തുമാല തന്നെയായിരുന്നു. പതിനയ്യായിരം പവൻ. വിലയുള്ള മുത്തുമാലയാണു്. “
ഹോ, ഈ മുത്തുമാലയെപ്പറ്റിയാണു നീ എപ്പോഴും പറയാറുള്ളതു്” എന്നു പറഞ്ഞുകൊണ്ടു കൃശയുടെ ഭർത്താവു മെല്ലെ എഴുന്നേറ്റു. എന്നിട്ടു് അദ്ദേഹം ചുമരിനരികെ ചെന്നു ആ മുത്തുമാല അണിഞ്ഞ സ്വരൂപത്തെ നല്ലവണ്ണം നോക്കി, ഇങ്ങിനെ പറഞ്ഞു: “
ഈ മുത്തുമാല നിന്റെ അമ്മ ഒന്നു രണ്ടു കുറി ഇട്ടു കണ്ടതായി എനിക്കോർമ്മയുണ്ടു്. എല്ലായ്പ്പോഴും ഇടാറില്ല. കൂടക്കൂടെയും കൂടി ഇടാറില്ല. അവരു് ഈ മാല ദാവീദിന്നു കൊടുക്കുമായിരിക്കും. അവരല്ലേ മൂത്തമകൻ. അതു് ആ വീട്ടുകാർ സൂക്ഷിച്ചു വെക്കുന്ന ഒരു നിധിതന്നെ ആയിരിക്കും”
- മറിയ:
- കൃശേ, അമ്മ ദാവീദിന്നു് ഈ മുത്തുമാല കൊടുക്കുവാൻ ഞാൻ യാതൊരു കാരണവും കാണുന്നില്ല. കൊടുക്കുന്നുണ്ടെങ്കിൽ അവർ പെൺമക്കളിൽ ഏതെങ്കിലും ഒരുവൾക്കേ കൊടുക്കയുണ്ടാകയുള്ളു. നിനക്കോ എനിക്കോ. വംശപാരമ്പര്യമായി സൂക്ഷിച്ചു വെക്കേണ്ടുന്ന ഒരു വസ്തുവാണു് അതെന്നു് എനിക്കു തോന്നുന്നില്ല. ആ മാല അച്ഛൻ അമ്മയ്ക്കു കൊടുത്ത ഒരു സമ്മാനം മാത്രമാണു്. ദാവീദിന്റെ ഭാര്യയ്ക്കു ഒരു വൈരമാല ഉണ്ടായിരിക്കേ അവൾക്കു് അമ്മയുടെ മുത്തുമാല കൂടെ കിട്ടേണ്ടുന്ന കാര്യമില്ല.
- തോമസ്:
- അങ്ങിനെയാണെങ്കിൽ അമ്മയുടെ മാല എന്തുകൊണ്ടു് എന്റെ ഭാര്യയ്ക്കു കിട്ടിക്കൂടാ. ഞാൻ വിവാഹം കഴിക്കുന്ന കാലത്തു തന്നെ എന്റെ പ്രിയ അമ്മയ്ക്കു് എന്റെ ഭാര്യയെ വളരെ ഇഷ്ടമായിരുന്നു. എന്റെ ഭാര്യയ്ക്കു സ്വകാര്യസ്വത്തു ധാരാളം ഉണ്ടെങ്കിലും ആഭരണത്തിന്റെ രൂപത്തിൽ അവർക്കു യാതൊന്നും കൊടുപ്പാൻ എനിക്കു സാധിച്ചിട്ടില്ലെന്നു് എന്റെ അമ്മയ്ക്കു നല്ല ബോധ്യമുണ്ടു്.
- മറിയ:
- ച്ഛി, അമ്മ അങ്ങു മരിക്കാൻ കിടക്കുമ്പോൾ നാം ഈ മാതിരി സംഭാഷണത്തിൽ ഏർപ്പെടുന്നതു ലജ്ജാവഹമാണു്.
പിന്നെയും ഒരു നിശ്ശബ്ദത ഉണ്ടായി. മുത്തശ്ശി മരിക്കാൻ കിടന്നിരുന്ന മുറിയിൽ ഉണ്ടായിരുന്നപോലെ ഗൗരവവും കടുപ്പവുമായ ഒരു നിശ്ശബ്ദം മറ്റെവിടെയും ഉണ്ടായിരുന്നില്ല.
അവരതാ കിടക്കുന്നു. കാഴ്ചക്കു ശ്വസിക്കുന്നുമില്ല. അനങ്ങുന്നുമില്ല. ഒരു വന്ദ്യയായ വൃദ്ധ. നരച്ച മുടിയാണെങ്കിലും മുഖത്തുള്ള ലക്ഷണവും പ്രകാശവും മങ്ങിപ്പോയിട്ടില്ല. വിധവയായതിൽ പിന്നെ മുത്തശ്ശി സ്വന്തമായിട്ടാണു കാലക്ഷേപം ചെയ്തിരുന്നതു്. അവർ അവരുടെ ബാല്യകാലത്തിലെ ഭർത്താവിന്റെ ഒന്നിച്ചു ചേരാനുള്ള അവസാനകാലത്തെ സന്തോഷത്തോടും തൃപ്തിയോടും പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. അവരുടെ നാലു മക്കളിൽ ആർക്കുംതന്നെ ഇടക്കിടയ്ക്കു തന്നെ വന്നു കാണാൻ അവസരമുണ്ടായില്ലല്ലൊ എന്നുവിചാരിച്ചിട്ടു തള്ളയ്ക്കു് അല്പം സങ്കടവും അല്പം മുഷിച്ചിലും ഇല്ലാതിരുന്നില്ല.
അതേ… ഒരു പ്രകാരത്തിൽ മുത്തശ്ശിയുടെ എല്ലാ മക്കളും അവർക്കു് ഇച്ഛാഭംഗമുണ്ടാക്കിയിരുന്നു. ദാവീദു് നിയമനിർമ്മാണസഭയിൽ ഒരു അംഗമാവാൻ യത്നിക്കുന്നതിനുപകരം ഒരു കച്ചവടത്തിലാണു് ഏർപ്പെട്ടതു്. തോമസ് വിവാഹം കഴിഞ്ഞ ഉടനേ പോലീസ് സൂപ്രണ്ടിന്റെ ഉദ്യോഗം രാജിവെച്ചു.
അവരൊക്കെ നല്ല മര്യാദക്കാരായ കുട്ടികളായിരുന്നു. ഒരാളുംതന്നെ പേടായ്പോയിട്ടില്ല. ലൗകികവിഷയത്തിൽ അവരെ സംബന്ധിച്ചെടത്തോളം അവർ വിജയികൾ തന്നെയായിരുന്നു. എല്ലാവരും ക്രിസ്തുമസ്സ് കാലത്തു് അമ്മയെ വന്നു കണ്ടിരുന്നു. ആ സമയത്തു് എല്ലാവരും വിലയേറിയ സമ്മാനങ്ങൾ അമ്മയ്ക്കു കൊണ്ടുവന്നു കൊടുത്തിരുന്നു. ക്രിസ്തുമസ്സ് കഴിഞ്ഞു അവരൊക്കെ മടങ്ങിയാൽ മുത്തശ്ശിക്കു നാനാദിക്കിൽ വിതറിക്കിടക്കുന്ന തന്റെ സന്താനങ്ങളെപ്പറ്റി ആലോചിച്ചുകൊണ്ടുതന്നെ ഇരിക്കാതിരിപ്പാൻ നിവൃത്തിയില്ലാതായി. ക്രമേണ, അറിയാതെ മന്ദമായിട്ടാണെങ്കിലും യഥാർത്ഥത്തിൽ മുത്തശ്ശിയുടെ ആൺമക്കളും പെൺമക്കളും മുത്തശ്ശിയുടെ സന്നിധാനത്തിൽനിന്നു അകന്നുപോയി. അതൊക്കെ വിധിയാണെന്നു മുത്തശ്ശി സമാധാനിച്ചു. എന്നാലുംകൂടി, ആ വിചാരം തടുത്തുകൂടാത്തതായിരുന്നു എങ്കിലും കൂടി, മുത്തശ്ശിയെ സങ്കടപ്പെടുത്തി.
കിടന്നേടത്തിൽനിന്നു മുത്തശ്ശി മെല്ലെ കണ്ണു തുറന്നു. അവർക്കു ക്ഷീണം വളരെ ബാധിച്ചിരുന്നു എങ്കിലും മുഖത്തു നല്ല ആശ്വാസവും തൃപ്തിയും സ്പുരിച്ചിരുന്നു. താൻ മരിക്കാൻ പോകയാണെന്ന വാസ്തവം അവർ നല്ലവണ്ണം ധരിച്ചിരുന്നു. എങ്കിലും അവർക്കു ലേശം ഭയമോ ഭ്രമമോ ഉണ്ടായിരുന്നില്ല. അവർ എന്തിനു ഭയപ്പെടേണം. ഈ സാധുവും ശാന്തയുമായ വൃദ്ധ ജീവകാലത്തു് ഒരാളെയും ദ്രോഹിക്കാത്ത തള്ള. പോരാഞ്ഞിട്ടു മായാമറയുടെ അങ്ങേ ഭാഗത്തു, തന്റെ വിവാഹസമയത്തു വിലയേറിയ ഒരു മുത്തുമാല സമ്മാനിച്ച ആളും, അതിലും വലുതായി വിചാരിക്കേണ്ടുന്ന പ്രണയം ദാനം ചെയ്ത ആളും ആയ തന്റെ പ്രിയഭർത്താവു കാത്തു നിൽക്കുന്നുണ്ടാകും എന്ന വിശ്വാസവും മുത്തശ്ശിയെ ആശ്വസിപ്പിച്ചു.
തന്റെ അമ്മ മെല്ലേ മന്ദഹസിക്കുന്നുണ്ടെന്നു കണ്ടിട്ടു ദാവീദു് കിടക്കയുടെ നേരേ കുനിഞ്ഞു അമ്മയുടെ മുഖത്തു നോക്കി. അദ്ദേഹം ജന്മനാ ഒരു കഠിനഹൃദയനായിരുന്നു. പണം സമ്പാദിച്ചതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ ഹൃദയം ഇളമപ്പെടുകയോ, ആത്മാവു പരിഷ്ക്കരിക്കയോ ഉണ്ടായില്ല. എന്നാലും കൂടി എങ്ങിനെ ഇരിക്കുന്നു എന്നും, ശുശ്രൂഷിക്കുന്ന സ്ത്രീയെ വിളിക്കേണമോ എന്നും, താൻ വല്ലതും ചെയ്യേണ്ടതായുണ്ടോ എന്നും അമ്മയോടു ചോദിച്ചപ്പോൾ. അദ്ദേഹത്തിന്റെ സ്വരത്തിൽ ഒരുതരം ആർദ്രത ഇല്ലായിരുന്നു എന്നും പറവാനും പാടില്ല. “
അതേ ദാവൂ നീ എനിക്കുവേണ്ടി ഒന്നു ചെയ്യേണ്ടതായിട്ടുണ്ടു്. (അമ്മയുടെ ശബ്ദം എത്രയോ മന്ദമായിരുന്നു.) ദാവൂ, ഞാൻ മരിക്കും മുമ്പേ നിന്റെ കൈയിൽ ഒരു സാധനം എടുത്തു തരാൻ എനിക്കു വളരെ ആഗ്രഹമുണ്ടു്. ഈ സാധനം ഞാൻ ഒരു വിലപിടിച്ച നിക്ഷേപംപോലെ വളരെ സംവത്സരങ്ങളായി സൂക്ഷിച്ചുവെച്ച ഒന്നാണു്.”
മുത്തശ്ശി സംസാരിച്ചിരുന്നതു ക്ഷീണംകൊണ്ടു് ഇടയ്ക്കിടെ വിരമിച്ചുകൊണ്ടായിരുന്നു. എന്നാൽ സംസാരവിഷയം കേട്ടപ്പോൾ ദാവീദിന്റെ ഹൃദയം ആശകൊണ്ടു് ഒന്നു തെള്ളാതിരുന്നില്ല. എന്തുകൊണ്ടെന്നാൽ തന്റെ അമ്മയുടെ ഭവനത്തിൽ കാലുവെച്ച മുതൽക്കേ തന്റെ അമ്മ അവരുടെ വിലപിടിച്ച മുത്തുമാല, പ്രഥമപുത്രന്റെ നിലയിൽ തനിക്കുതന്നെ ദാനം ചെയ്യും എന്ന ബോധം ദാവീദിന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ആ നിക്ഷേപത്തിന്റെ സാക്ഷാൽ അവകാശി താൻ തന്നെയാണെന്നു ദാവീദിന്നു ബോദ്ധ്യവും ഉണ്ടായിരുന്നു. ആ മുത്തുമാല ധരിപ്പാനുള്ള യോഗ്യതയും അവസ്ഥയും തന്റെ ഭാര്യയ്ക്കേ ഉള്ളൂ എന്ന ഒരു അഹന്തയുംകൂടി ദാവീദിന്നു് ഉണ്ടായിരുന്നു. അതേ… തന്റെ അമ്മ തനിക്കു മുത്തുമാല കൊടുപ്പാൻ ഒരുമ്പെടുകയാണു് എന്നതിനു ദാവീദിന്നു് എള്ളോളം സംശയമുണ്ടായിരുന്നില്ല. അങ്ങിനെ ചെയ്യുന്നതിൽ ആശ്ചര്യവും ഉണ്ടായിരുന്നില്ല. ഒരു വിജയിയുടെ മന്ദഹാസം ദാവീദിന്റെ മുഖത്തിൽ സ്ഫുരിച്ചു. എന്തുകൊണ്ടെന്നാൽ തന്റെ രണ്ടു സഹോദരിമാർക്കും ആ മുത്തുമാലയിൽ ഒരു കണ്ണുണ്ടെന്നു ദാവീദിന്നു് അറിവുണ്ടായിരുന്നു. ഒരിക്കൽ തന്റെ അമ്മ മുത്തുമാല തന്റെ പെങ്ങൾ കൃശയ്ക്കു, കൊടുത്തുകളയുമെന്ന ഒരു ഭയവും കൂടി ദാവീദിന്റെ ഉള്ളിൽ കടന്നിരുന്നു. ഇപ്പോൾ യാതൊരു ഭയത്തിന്നും അവകാശമില്ലെന്നു ദാവിദു് നിശ്ചയിച്ചു.
- ദാവീ:
- നിങ്ങൾ അതു് എവിടെ വെച്ചിരിക്കുന്നു എന്നു പറഞ്ഞു തരീൻ, പ്രിയ അമ്മേ! ഒരു നിമിഷം കൊണ്ടു ഞാൻ അതു നിങ്ങളുടെ വശം എടുത്തുതരാം.
മുത്തശ്ശി തന്റെ പ്രഥമപുത്രന്റെ മുഖത്തു നോക്കി, അവരുടെ നീലക്കണ്ണുകൾ അല്പം മിന്നുമാറു് ഒന്നു മന്ദഹസിച്ചു. അല്പം മങ്ങലും അന്ധകാരവും ബാധിച്ചുപോയതാണെങ്കിലും ആ കണ്ണുകൾ ആ സമയത്തു വാടിയ നീലപ്പൂക്കളെപ്പോലെ ശോഭിച്ചിരുന്നു. “
ദാവൂ! എന്റെ പൊന്മകനേ!” വളരെ വന്ദനം എന്നു മുത്തശ്ശി പറഞ്ഞപ്പോൾ അവരുടെ ആ സ്വരത്തിനു് അത്യന്തം ആർദ്രതയും മാധുര്യവും ഉണ്ടായിരുന്നു എന്നു പറയാതെ മതിയാവില്ല. പുത്രവാത്സല്യം അത്രത്തോളം ആ സ്ത്രീയുടെ ഉള്ളിൽ സ്ഫുരിച്ചിരുന്നു.
- മുത്തശ്ശി:
- എന്റെ കണ്ണാടിവെച്ച മേശപ്പുറത്തു നോക്കിയാൽ ഒരു വള കാണും. കൊത്തുപണിയൊന്നുമില്ലാത്ത ഒരു ഒഴുക്കൻമട്ടിലുള്ള വളയാണു്. അതിന്റെ മുകളിൽ ഒരു താക്കോൽ കെട്ടിവെച്ചിട്ടുണ്ടു്. ആ താക്കോൽ കൊണ്ടു നീ ദയവുചെയ്തു് എന്റെ മേശയുടെ ഇടത്തേ വലിപ്പു തുറക്കണം. എന്നാൽ അതിൽ ഒരാനക്കൊമ്പിന്റെ ഒരു ചെറിയ പെട്ടി കാണും. ഉറുമാലുകളുടെ ചുവട്ടിലാണു് ആ പെട്ടി ഭദ്രമായി വെച്ചിരിക്കുന്നതു്. അതു് എടുത്തുകൊണ്ടു വരൂ.
ദാവീദ് അമ്മയുടെ കല്പനപോലെ ഇടത്തേ വലിപ്പു തുറന്നു നോക്കി. നേരിയ ഒരു കൂട്ടം ഉറുമാലുകൾ അട്ടിയട്ടിയായി വെച്ചിരുന്നതു പൊന്തിച്ചു നോക്കിയപ്പോൾ ഒരു വിശേഷപ്പെട്ട ആനക്കൊമ്പിന്റെ ചെറുപെട്ടി കണ്ടു. ദാവീദ് ആ പെട്ടി സന്തോഷത്തോടുകൂടെ എടുത്തു. തന്റെ അമ്മയുടെ കട്ടിലിന്റെ അടുക്കേ ശബ്ദമുണ്ടാക്കാതേ നടന്നു ചെന്നു, ആ സാധനം അമ്മയുടെ കയ്യിൽ കൊടുത്തു. അമ്മ അതു വളരെ ആശയോടെ വാങ്ങുമ്പോൾ, അമ്മയുടെ വിരലുകൾ ആ പെട്ടി ചുറഞ്ഞ സമയത്തു, ആ വിരലുകൾ അയിസ്സുപോലെ അത്യന്തം തണുത്തിട്ടുണ്ടെന്നു സ്പർശം കൊണ്ടു ദാവീദിന്നു മനസ്സിലായി. അമ്മ ഒരു സന്തോഷവും സംതൃപ്തിയും കലർന്ന ഭാവത്തോടു കൂടിയാണെങ്കിലും പുത്രന്നു് ഒരു കൗതുകമോ അത്ഭുതമോ ഉണ്ടാക്കത്തക്കവിധം ഇങ്ങിനെ പറഞ്ഞു. “ഈ വിലപിടിച്ച ആനക്കൊമ്പിന്റെ പെട്ടിയിൽ ഞാൻ നിക്ഷേപിച്ചു വെച്ചതെന്താണെന്നു് നീ അറിയുമോ?”
- ദാവീ:
- (മന്ദസ്വരത്തിൽ) എന്റെ പൊന്നമ്മേ, എനിക്കറിയാം. നിങ്ങൾ എന്നോടു പറഞ്ഞുതരേണ്ടാ. നിങ്ങൾ ആ മുത്തുമാല എനിക്കോ എന്റെ ഭാര്യയ്ക്കോ തരുവാൻ പോകുന്നുണ്ടു്. ആ രമണീയമായ മുത്തുമാല, നാടോടെ കേളിയുള്ള ആ വിലപിടിച്ച മുത്തുമാല.
ഇതു കേട്ടപ്പോൾ അമ്മ മകന്റെ മുഖത്തു ഒരു ഇച്ഛാഭംഗം കാണിക്കുന്ന ഒരു നോട്ടം വെച്ചു. ഒരു മനസ്സിലാകാത്ത സ്വഭാവം മുത്തശിയുടെ മുഖത്തു സ്ഫുരിച്ചു. മുത്തശ്ശി എത്രയൊ മൃദുവായി ഇങ്ങിനെ മന്ത്രിച്ചു. “എന്തു് എന്റെ മുത്തുകളൊ? അയ്യോ മകനേ! എന്റെ മരണശേഷം ആ മുത്തുകളൊക്കെ വിറ്റു കിട്ടുന്ന തുക എന്റെ എല്ലാ മക്കൾക്കും ഒരുപോലെ ഭാഗിച്ചു കൊടുപ്പാൻ ഞാൻ മുമ്പുതന്നെ ഒസ്യത്തു ചെയ്തുവെച്ചുപോയി. ഒരാൾക്കു മാത്രം ഇത്ര വില പിടിച്ച സാധനം കൊടുത്തു കളയുന്നതു ന്യായമല്ലെന്നു് എനിക്കു് തോന്നി. എന്റെ മകനെ ദാവൂ! നിനക്കു അതു വേണമെന്നു യഥാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ… ” ഇത്രത്തോളം പറഞ്ഞപ്പോൾ മുത്തശ്ശി പിന്നെയും സംഭൂമിച്ചു. നിശ്ചയമായിട്ടും മുത്തശ്ശിയുടെ ഭാവം കണ്ടാൽ അവർ സ്പഷ്ടമായി സങ്കടപ്പെടുകയും വലയുകയും ചെയ്യുന്നുണ്ടെന്നു് ആർക്കും മനസ്സിലാകും.
ഇതൊക്കെ കണ്ടപ്പോൾ കഠിനഹൃദയനായ ദാവീദ് അവന്റെ നിശ്വാസം ഒതുക്കി. അവൻ അത്യധികം നിരാശപ്പെട്ടു. എന്നാലുംകൂടി ആ വിവരം മരിക്കാൻപോകുന്ന തന്റെ അമ്മയെ അറിയിക്കുവാൻ തക്കവണ്ണം അവൻ അത്രത്തോളം കർക്കശനായിരുന്നില്ല. ഇതുകൂടാതെ തന്റെ അമ്മ തനിക്കു തരുവാൻ തക്കവണ്ണം ആ ആനക്കൊമ്പു് പെട്ടിയിൽ വെച്ചതു് ഒരു സമയം നല്ല വിലപിടിച്ച സാധനമായിരിക്കാമെന്നും ദാവീദ് സമാധാനിച്ചു. ഏതായാലും അമ്മയുടെ സമ്മതപ്രകാരം അതു തുറന്നുനോക്കിയതിൽ പിന്നെ തന്റെ വിധിയിൽ തൃപ്തനാകാമെന്നു ധൈര്യത്തോടേ വിചാരിച്ചു ദാവീദ് ഇങ്ങനെ മറുപടി പറഞ്ഞു: “സാരമില്ല അമ്മോ? അതങ്ങിനെതന്നെ ഇരിക്കട്ടെ. ഞാൻ ഈ ആനക്കൊമ്പിന്റെ പെട്ടി തുറക്കട്ടെയോ?”
ഇങ്ങിനെ പറഞ്ഞു ദാവീദ് അവന്റെ അമ്മയുടെ മുഖത്തൊന്നു നോക്കി. ആ ശാന്തമായ മുഖത്തിൽ ഇതുവരേക്കും ഉണ്ടായിരുന്ന ആ ചൈതന്യവും അസ്തമിച്ചു പോയിട്ടുണ്ടെന്നും അവർ ശുദ്ധവിളറിയ നിറമായ്പോയെന്നും ഭയന്നഞ്ചിപ്പോയ ദാവീദിന്നു് മനസ്സിലായി.
മകനെ കുറേനേരം തുറിച്ചു നോക്കിയതിൽ പിന്നെ മുത്തശ്ശി രണ്ടാമതും എത്രയോ പ്രയാസപ്പെട്ടു്, നരച്ച രോമം കൊണ്ടു് നിറഞ്ഞ തന്റെ മുഖം തൃപ്തിസൂചകമായൊന്നിളക്കി ഇങ്ങിനെ പറഞ്ഞു: “അതെ മുത്തുകളുടെ കാര്യം ഞാൻ പറഞ്ഞപോല്ലെതന്നെ ഇരിക്കട്ടെ. ഈ പെട്ടിയിൽ കാണുന്ന സാധനം, ഇപ്പോൾ നീ നിന്റെ ഭാര്യയുടെ കൈവശംതന്നെ കൊടുക്കണം. നിന്നെ വിചാരിച്ചു ഞാൻ എന്റെ ജീവാവസാനം വരെ ഇതു് ഒരു നിക്ഷേപംപോലെ സൂക്ഷിച്ചുവെച്ചു. ഇനി അതിന്റെ ന്യായമായ അവകാശി നിന്റെ ഭാര്യയാണു്. അതു് അവൾക്കുതന്നെ നീ കൊടുക്കണം. നിന്റെ പ്രാണപ്രിയയ്ക്കു്… ”
വിറയ്ക്കുന്ന വിരലുകളോടുകൂടെ ദാവീദ് ആനക്കൊമ്പിന്റെ ചെറിയ പെട്ടി തുറന്നു. അതിൽ എത്രയോ ഭദ്രമായി കെട്ടിച്ചുറച്ചുവെച്ചുകണ്ടതു്, നാല്പതു കൊല്ലം മുമ്പേ ഒന്നാമതായി തന്റെ തലമുടി വെട്ടിയ കാലത്തു് തന്റെ അമ്മ എടുത്തുവെച്ച ഒരുപിടി തലമുടി മാത്രമായിരുന്നു. ഇതായിരുന്നു തന്റെ അമ്മ ഈ കാലംവരെ നിക്ഷേപം പോലെ സൂക്ഷിച്ചു വെച്ചിരുന്നതു്.
ഈ കാഴ്ച, ദാവീദിന്റെ കഠിനഹൃദയവുംകൂടി അലിഞ്ഞുപോകത്തക്ക ഒന്നായിത്തീർന്നു. ദാവീദിന്നുകൂടി ഇതു് സഹിക്കാൻപാടില്ലാത്ത ഒരു അവസ്ഥയായി. ഇതുവരെക്കും ആത്മാവിനെ മറച്ചിരുന്ന ദാവീദിന്റെ കഠിനഹൃദയം ഈ കാഴ്ചയാകുന്ന മരുന്നുകൊണ്ടു് ഉണർന്നു. ഹൃദയത്തിന്റെ തടിച്ചു തോലുപോലെ ഉണ്ടായിരുന്ന കഠിനമായ മറ അലിഞ്ഞു. ദാവീദിന്റെ ആത്മാവു പ്രകാശിച്ചു. ദാവീദ് ഒരു ചെറിയ കുട്ടിപോലെ പശിമരാശിയായി. ദാവീദിന്നു് ചെറുപ്പുകാലത്തുണ്ടായിരുന്ന അതുന്ത പ്രേമംതന്നെ ഈ സമയത്തും തന്റെ അമ്മയുടെ നേരെ ഉണ്ടായി. ദാവീദിന്റെ സ്വാർത്ഥവും ദുഷ്ടതയുമൊക്കെ നശിച്ചു. അവൻ ഒരു പുതിയ ആളെപ്പോലെ അമ്മയുടെ കട്ടിലിന്റെ അരികേ തെറ്റു ചെയ്തു ഒരു കുട്ടിയേപ്പോലെ മുട്ടുംകുത്തി നിന്നു.
അമ്മയുടെ വിരലുകൾ ദാവീദിന്റെ കുട്ടിക്കാലത്തിൽ എന്നപോലെ അവന്റെ മുടിയിൽക്കൂടെ അങ്ങും ഇങ്ങും തലോടുംപോലെ വിഹരിച്ചു. ഇപ്പോഴോ ആ മുടിയിൽ ഇടയ്ക്കിടെ നരയുംകൂടി ഉണ്ടായിരുന്നു. അതൊന്നും മാതാവിന്നു് ഒരു തടസ്സമായിത്തീർന്നില്ല.
- മുത്തശ്ശി:
- എന്റെ പൊന്നുമകനേ ദാവു നിനക്കു ഇച്ഛാഭംഗമുണ്ടോ? സങ്കടമുണ്ടോ? നിനക്കു യഥാർത്ഥത്തിൽ വേണ്ടിയിരുന്നതു് മുത്തുകളായിരുന്നു അല്ലേ? തീർച്ചയായിട്ടും എന്റെ പ്രഥമപുത്രൻ നീയല്ലേ, ഇപ്പോഴും എന്റെ ഒസ്യത്തു് മാറ്റി എഴുതുവാൻ സമയമുണ്ടു്. ദാവൂ! അങ്ങിനെ ചെയ്യാം കേട്ടോ.
ഇതു കേട്ടപ്പോൾ “വേണ്ടമ്മേ വേണ്ട” എന്നു ദാവീദ് പറഞ്ഞു. അവന്റെ ശബ്ദം പരുപരുത്തതായിരുന്നെങ്കിലും അവ്യക്തമായിരുന്നു. അവന്റെ കണ്ണിൽനിന്നു പോരാഞ്ഞിട്ടു് ധാരയായി വെള്ളവും ഒഴുകി.
- ദാവീദ്:
- എന്റെ പൊന്നമ്മേ! എനിക്കു വേണ്ടുന്നതൊക്കെ; എനിക്കു് ഇഹലോകത്തിൽനിന്നു് വേണ്ടുന്നതാകപ്പാടെ, നിങ്ങളുടെ അനുഗ്രഹം ഒന്നുമാത്രമാണു്. അമ്മമാർ അവരുടെ പ്രഥമസന്താനത്തിന്നു് നിക്ഷേപിച്ചുവെയ്ക്കുന്ന ആ അനുഗ്രഹം… എനിക്ക് അതൊന്നുമാത്രം ഇപ്പോൾമതി… ഭൂമിയിലുള്ള സകല സ്വർണ്ണത്തേക്കാളം സമുദ്രത്തിൽ ഉള്ള സകല മുത്തുകളേക്കാളും ഏറ്റവും വിലപിടിച്ച സമ്പാദ്യം എനിക്കിപ്പോൾ ആ അനുഗ്രഹം മാത്രമാണെന്നു് ഈശ്വരൻ തന്നെ അറിയുന്ന പരമാർത്ഥമാണ്ടു്.
ദാവീദു പറഞ്ഞതു് വളരെ കാര്യമായിട്ടുതന്നെയായിരുന്നു. അതു് അവന്റെ അമ്മ ഗ്രഹിക്കുകയും ചെയ്തു. മുത്തശ്ശിയുടെ പരിശുദ്ധഹൃദയം സന്തോഷജനകമായ നന്ദികൊണ്ടു നിറഞ്ഞു. പ്രസവിച്ചു വീണ ഉടനെ പേറ്റിച്ചി കുളിപ്പിച്ചു തന്റെ കയ്യിൽ വെച്ചുകൊടുത്തപ്പോൾ, തന്റെ ഒന്നാമത്തെ സന്താനമായ ദാവീദു കുമാരനെ ചുംബിച്ച സമയത്തു മുത്തശ്ശിയ്ക്കു ഉണ്ടായിരുന്ന അതേ ആനന്ദമാണു ഈ സമയത്തു മുത്തശ്ശിക്കുണ്ടായതു്. തന്റെ പണ്ടത്തെ ആ ചെറിയമകൻ തന്നെയാണു്, ഈ വലിയരൂപത്തിൽ തന്റെ അരികെ മുട്ടുകുത്തി നില്ക്കുന്നതെന്നു് മുത്തശ്ശിക്കു മനസ്സിലായി. മുത്തശ്ശി തന്റെ വിളറിത്തണുത്ത കൈ മകന്റെ നേരെ നീട്ടി എത്രയോ പതിഞ്ഞ സ്വരത്തിൽ ഇങ്ങിനെ പിറുപിറുത്തു. “സർവ്വശക്തനായ ഈശ്വരന്റെ അനുഗ്രഹം എന്റെ മകനായ നിനക്കു് ഉണ്ടാകട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ കനിവും നിന്നിൽ വിളങ്ങട്ടെ.”
മുത്തശ്ശിയുടെ ചെള്ളയിൽക്കൂടെ, വയസ്സുകൊണ്ടു ചുളിഞ്ഞ ആ ഗണ്ഡത്തിൽക്കൂടേ, കണ്ണീർത്തുള്ളികൾ; വലിയ കണ്ണീർത്തുള്ളികൾ; ഒഴുകി, തലതാഴ്ത്തിനിന്നിരുന്ന തന്റെ മകന്റെ മൂർത്തിയിൽ വീണു. അതുതന്നെയായിരുന്നു വിലമതിക്കാൻ പാടില്ലാതിരുന്ന മുത്തുകൾ.
മലയാളരാജ്യം 1930.
കാമ്പിൽ തട്ടായിലത്തു ഗോവിന്ദന്റെയും, ഇടമലത്തു നീലി എന്ന മാധവിയുടേയും മകനായി 1876 മെയ് 20-നു് ജനിച്ചു. നോർമൻ സ്ക്കൂൾ, മുൻസിപ്പൽ സ്ക്കൂൾ, ബാസൽ മിഷൻ സ്ക്കൂൾ എന്നിവിടങ്ങളിലാണു് പഠിച്ചതു്.
പ്രായം തികയാതിരുന്നതിനാൽ പ്രൈവറ്റായിട്ടാണു് 1890-ൽ മട്രിക്കുലേഷൻ എഴുതി ജയിച്ചതു്. ഇന്റർമീഡിയറ്റ് പഠനം തലശ്ശേരി ബ്രണ്ണൻ കോളേജിലും പാലക്കാടു് വിക്ടോറിയയിലും ആയിരുന്നു. ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡൻസി കോളേജിൽ നിന്നും 1894-ൽ ബിരുദം നേടി. തുടർന്നു് സിവിൽ കോടതി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. 1915-ൽ സിവിൽ ജുഡീഷ്യറി ടെസ്റ്റ് പാസായി. കോഴിക്കോടു് അസിസ്റ്റന്റ് സെഷൻസ് കോർട്ടിൽ 1931 വരെ ജോലി അനുഷ്ഠിച്ചു. അമ്മാവന്റെ മകൾ കൗസല്യയെ ആണു് സുകുമാരൻ വിവാഹം ചെയ്തതു്. 1956 മാർച്ച് 11 വരെ സർഗ്ഗാത്മ ജീവിതം നയിച്ചു് കാലയവനികക്കുള്ളിൽ മറഞ്ഞു. ശ്ലോകങ്ങളെഴുതിയാണു് സാഹിത്യകാരൻ എന്ന നിലയിലുള്ള രംഗപ്രവേശം. വെൺമണി ശൈലിയായിരുന്നു മാതൃക. കോഴിക്കോടു് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭാരതിയിൽ ആയിരുന്നു ഈ എഴുത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടതു്. പിന്നീടു് അദ്ദേഹം ഗദ്യത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചു. ചെറുകഥ, നോവൽ, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി അമ്പതോളം കൃതികൾ എഴുതിയിട്ടുണ്ടു്.
- ചെറുകഥകൾ:
- സുകുമാരകഥാമഞ്ജരി, ചെറുകഥ, അഞ്ചുകഥകൾ.
- നോവലെറ്റുകളും നോവലുകളും:
- അഴകുള്ള പെണ്ണു്, വിധി, ആ വല്ലാത്ത നോട്ടം, ഇണക്കവും പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി, വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമൻ തുടങ്ങിയവ ഈ കൂട്ടത്തിൽ പെടുന്നു.
- നാടകങ്ങൾ:
- ഭീഷണി, മിസ്രയിലെ റാണി, ഉപദേശിയാർ.
- കാവ്യങ്ങൾ:
- ഭാസാവിലാസം, അന്യാപദേശം.
ചിത്രീകരണം: വി. പി. സുനിൽകുമാർ