രാമൻനായരും കല്യാണിഅമ്മയും ദമ്പതികളായിട്ടു കൊല്ലം ഏഴുകഴിഞ്ഞു. കത്താത്ത വിളക്കു പോലെയോ, കായ്ക്കാത്ത മരം പോലെയോ ഇവരുടെ ചേർച്ചകൊണ്ടു് ലോകത്തിലെ ജനസംഖ്യയ്ക്കു ഒരു വർദ്ധനവും ഉണ്ടായില്ല. ഇവർക്കു സന്താനമുണ്ടാകേണം എന്ന വിചാരം പിതൃകർമ്മംചെയ്യാൻ ആരും ഇല്ലാതായ് പോകുമല്ലൊ എന്ന ഭയംകൊണ്ടല്ല. ഒന്നു ജനിച്ചു കാണ്മാനുള്ള താല്പര്യംകൊണ്ടുമാത്രമാണു്. പുത്രകാമേഷ്ടി കഴിച്ചു പായസം സമ്പാദിച്ചു, അതു കുടിച്ചിട്ടു് സന്താനമുണ്ടാക്കുന്ന രീതിയും, വഴിവാടാകുന്ന കൈക്കൂലികൊണ്ടു് ഈശ്വരനെ പ്രസാദിപ്പിച്ചു ഒന്നിനെ കൈക്കലാക്കുന്ന ഉപായവും, കഠിന തപംചെയ്തു ഈശ്വരനെ ഭീഷണിപ്പെടുത്തി ഒന്നിനെ തരാൻ നിർബന്ധിക്കുന്ന സാഹസവും രാമൻനായർ അനുചിതമെന്നുവെച്ചു ദൂരെ ത്യജിച്ചു. എന്നാൽ ശ്രീബുദ്ധനോടുള്ള ബഹുമാനം നിമിത്തമൊ, മറ്റൊ, അയാൾ കോഴിക്കോട്ടിലെ ഒരു ഗുജറാട്ടി ശേട്ടു ചെയ്തുവരുന്നപോലെ പട്ടന്മാർക്കു ഊട്ടുകഴിക്കുന്നതിന്നു് പകരം പട്ടികൾക്കു ഊട്ടു് കഴിച്ചിട്ടു കൃതാർത്ഥനായി.
എന്നിട്ടും ഈശ്വരന്റെ കണ്ണുതുറന്നില്ല. കല്യാണിഅമ്മ മൂന്നുനേരം ജപംതുടങ്ങി. എന്നിട്ടും ആഗ്രഹം സാധിച്ചില്ല. ആ സ്ത്രീരത്നത്തിനു് വളരെ കുണ്ഠിതംതോന്നി. ഒരു ദിവസം ഈ സർവ്വീസ് തികഞ്ഞ ദമ്പതികൾ ഊണുംകഴിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുകയായിരുന്നു.
- ക. അ:
- നിങ്ങൾക്കു കുട്ടി ജനിക്കില്ലെന്നാണു് എനിക്കു തോന്നുന്നതു്.
- രാ. നാ:
- നീ മലടിയാണെന്നാണു് എനിക്കു തോന്നുന്നതു്.
- ക. അ:
- നമ്മൾക്കു കുട്ടി ജനിക്കുകയില്ലെന്നു് തോന്നുന്നു.
- രാ. നാ:
- അതും തീർച്ചപ്പെടുത്തേണ്ട.
- ക. അ:
- കാമൻനായരുടെ ഭാര്യർക്കു ഗർഭമാണത്രേ.
- രാ. നാ:
- അതുകൊണ്ടെന്താ?
- ക. അ:
- സംബന്ധം കഴിഞ്ഞിട്ടു് ഒരു മാസം കഴിഞ്ഞിട്ടെള്ളു.
- രാ. നാ:
- എന്നാൽ 280-ദിവസത്തിന്നുള്ളിൽ അവൾ പ്രസവിക്കും.
- ക. അ:
- നിങ്ങൾ ആ കണക്കുവെക്കാൻ മാത്രമേ കൊള്ളുകയുള്ളൂ.
- രാ. നാ:
- നീ അതിന്നും കൊള്ളില്ല.
- ക. അ:
- കോമൻ നായരുടെ ഭാര്യക്കും ഗർഭമാണത്രെ.
- രാ. നാ:
- ഏതു് കോമൻ നായരു്.
- ക. അ:
- ആ ഇൻഷുറൻസിന്റെ ഏജണ്ട്—താടിയും കൂടി മുളക്കാത്ത ആ ചെറുപ്പക്കാരൻ—താച്ചൻ മേനോന്റെ മകൾ പാറുക്കുട്ടിയെ സംബന്ധം ചെയ്തിട്ടു് മൂന്നുമാസമായിട്ടില്ല. പെണ്ണിനാണെങ്കിൽ പതിനഞ്ചുവയസ്സു് തികഞ്ഞിട്ടുമില്ല.
- രാ. നാ:
- ഒരു സമയം ഒരുമാംസക്കഷണത്തെയോ ഒരു കുരങ്ങിനെയൊ മറ്റൊ പ്രസവിക്കുമായിരിക്കും.
- ക. അ:
- എന്തിനാണു് വേണ്ടാത്ത വാക്കുകൾ പറയുന്നതു്.
- രാ. നാ:
- വേണ്ടപ്പെട്ട സമയം വരുമ്പോൾ വേണ്ടാത്തവാക്കും പറയേണ്ടിവരും.
- ക. അ:
- സംബന്ധം കഴിഞ്ഞ പെണ്ണുങ്ങൾക്കു ഗർഭമുണ്ടാകുന്നതാണോ അത്ഭുതം.
- രാ. നാ:
- ഗർഭമുണ്ടാകാത്തതാണു് അത്ഭുതം.
- ക. അ:
- തന്നെ. ഗർഭമുള്ളവർ പ്രസവിക്കുന്നതു് മാംസക്കഷണമാണോ!
- രാ. നാ:
- ചെറിയ കുട്ടികൾ മാംസക്കഷണങ്ങളല്ലാതെ മറ്റെന്താണു്.
- ക. അ:
- എന്നാൽ കുരങ്ങനാകേണമെന്നുണ്ടേ.
- രാ. നാ:
- കുരങ്ങോടു് വളരെ സാദൃശ്യം ഉണ്ടാകും.
- ക. അ:
- നിങ്ങൾ അസൂയാലുവാണു്.
- രാ. നാ:
- ആ ശീലം ആണുങ്ങളേക്കാൾ പെണ്ണുങ്ങൾക്കാണു് പ്രകാശിച്ചു കാണുന്നതു്.
- ക. അ:
- എന്നിട്ടു് ഞാൻ അങ്ങിനെ ഒന്നും പറഞ്ഞില്ലല്ലൊ.
- രാ. നാ:
- പറഞ്ഞിരുന്നു എങ്കിൽ അതു് അസൂയക്കു പകരം പരമാർത്ഥമായിരിക്കും.
- ക. അ:
- നിങ്ങൾ ഇങ്ങിനെ ഓരോ വേണ്ടാത്ത ന്യായങ്ങൾ പറഞ്ഞു കാലം കഴിക്കും.
- രാ. നാ:
- ന്യായം ഏതു കാലത്തും വേണ്ടുന്നതാണു്.
- ക. അ:
- നിങ്ങൾ ഒന്നിനും കൊള്ളില്ല.
- രാ. നാ:
- നിന്റെ ഭർത്താവാകാൻ മാത്രം കൊള്ളു.
- ക. അ:
- മറ്റുള്ളവർ അങ്ങിനെ വിചാരിക്കുമോ എന്നുസംശയമാണു്.
- രാ. നാ:
- ഈ കാര്യത്തിൽ മറ്റുള്ളവർ നിന്നെപ്പോലെ അറിയുന്നവരല്ല.
- ക. അ:
- ഓരോരോ കർമ്മം അതിന്റെ ഫലംകൊണ്ടാണു് അനുമാനിക്കേണ്ടതു്.
- രാ. നാ:
- ഫലേച്ഛയില്ലാത്ത കർമ്മത്തിന്നാണു് അധികമാധുര്യം കിടക്കുന്നതു് എന്നു് ശ്രീകൃഷ്ണഭഗവാൻ പറയുന്നു.
- ക. അ:
- അദ്ദേഹത്തിന്നു് ഒരു ലക്ഷത്തറുപതിനായിരത്തെൺപതു സന്താനങ്ങൾ ഉണ്ടായിരുന്നത്രേ.
- രാ. നാ:
- നിനക്കും അങ്ങിനെയായാൽ കൊള്ളാമെന്നുണ്ടോ?
- ക. അ:
- എനിക്കു ഒരേ ഒരു കുട്ടി മാത്രം മതിയായിരുന്നു.
- രാ. നാ:
- രണ്ടുണ്ടായാൽ ഒന്നിനെ കൊന്നുകളയുമോ.
- ക. അ:
- എനിക്കു പ്രസവം മാറുന്നതുവരെ പ്രസവിച്ചുകൊണ്ടു തന്നേ ഇരിക്കണം.
- രാ. നാ:
- അങ്ങിനെ തന്നെയാണു് എല്ലാ സ്ത്രീകളും ചെയ്യുന്നതു്.
- ക. അ:
- ഞാൻ പ്രസവത്തിനു ആരംഭിച്ചിട്ടുതന്നെ ഇല്ല.
- രാ. നാ:
- ആരംഭിക്കുന്നതു ഗർഭമായതിൽ പിന്നെ മാത്രം മതി.
- ക. അ:
- ഗർഭമാകാത്തതു എന്റെ ദോഷമല്ല.
- രാ. നാ:
- ഗർഭമാകാത്തതു എന്റെ ദോഷമെന്നാണോ നീ പറഞ്ഞുകൊണ്ടുവരുന്നതു്.
- ക. അ:
- അങ്ങിനെ ഞാൻ പറഞ്ഞിട്ടില്ല.
- രാ. നാ:
- നിനക്കു പറവാനുംപാടില്ല.
- ക. അ:
- ഞാൻ അതല്ലപറയുന്നതു്.
- രാ. നാ:
- പിന്നെ എന്താണു്.
- ക. അ:
- ഗുരുവായൂരപ്പനെ അവിടെ ചെന്നു ഭജിച്ചാൽ സന്താനമുണ്ടാകുമെന്നാണു കേൾക്കുന്നതു്.
- രാ. നാ:
- ആരാണു് ഇങ്ങിനെ പറഞ്ഞു ധരിപ്പിച്ചതു്.
- ക. അ:
- പറഞ്ഞതു് ഭാഗീരഥി മുത്തശ്ശിയാണു്. ധരിച്ചതു ഞാനാണു്.
- രാ. നാ:
- എങ്ങിനെയാണു പോലും ഭജിക്കേണ്ടതു്.
- ക. അ:
- ഗുരുവായൂരിൽ കേശവൻ എമ്പ്രാന്തിരി എന്ന ഒരു ഭക്തനുണ്ടത്രേ. താടിയും മുടിയും നീട്ടിയിട്ടാണു. അദ്ദേഹത്തിന്റെ മുഖേന പോയാൽ ശ്രീകൃഷ്ണഭഗവാൻ ക്ഷണംപ്രസാദിക്കുമത്രേ. അദ്ദേഹം കഴിക്കുന്ന വഴിവാടിന്നു് ഒരു പ്രത്യേകത ഉണ്ടത്രേ. നമുക്കെന്താ ഒന്നു പരീക്ഷിച്ചു നോക്കുന്നതിനു വിരോധം.
- രാ. നാ:
- താടിനീട്ടിയ എമ്പ്രാന്തിരിമാരെക്കാൾ താടിയില്ലാത്ത പെണ്ണുങ്ങളോടാണു ശ്രീകൃഷ്ണന്നു പ്രേമം എന്നു് എല്ലാവർക്കും നിശ്ചയമുണ്ടു്.
- ക. അ:
- അതുകൊണ്ടു്?
- രാ. നാ:
- ഒരു അഴകുള്ള പെൺകിടാവിനെയാണു് ശ്രീകൃഷ്ണഭഗവാനുകാഴ്ചവെക്കേണ്ടതു്.
- ക. അ:
- അങ്ങിനെയൊരു പെണ്ണിനെ വല്ലവരും തരുമോ?
- രാ. നാ:
- തരുവാനാളുണ്ടൊ എന്നു കണ്ടുപിടിക്കണം.
- ക. അ:
- ലക്ഷത്തിൽ ഒരാളെ അങ്ങിനെ കാണുമൊ എന്നു സംശയമാണു്.
- രാ. നാ:
- കണ്ടിട്ടില്ലെംകിൽ വേണ്ട.
- ക. അ:
- വഴിവാടുതന്നെ വേണ്ടേന്നോ?
- രാ. നാ:
- വേണ്ടുന്നതു കിട്ടാഞ്ഞാൽ ചെയ്യേണ്ടതു് എങ്ങനെ ചെയ്യും.
- ക. അ:
- കിട്ടാനുള്ളതെ വേണ്ടു എന്ന നില സ്വീകരിക്കണം.
- രാ. നാ:
- നിന്റെ അഭിപ്രായത്തിൽ ഗുരുവായൂരപ്പനു് എന്തിനോടാണു് വളരെ ഇഷ്ടം.
- ക. അ:
- ആനയോടു്.
- രാ. നാ:
- അല്ല. ആനയാനയോടാണു് ഇഷ്ടം.
- ക. അ:
- അങ്ങിനെയെംകിൽ അങ്ങിനെയാകട്ടെ. പിന്നെയെന്താ.
- രാ. നാ:
- അതുകൊണ്ടു് നീ തന്നെ ഗുരുവായൂരിൽ പോയി ഇഷ്ടംപോലെ വഴിവാടു കഴിക്കണം.
- ക. അ:
- നിങ്ങൾ എന്റെ കൂടെ വരുന്നില്ലെ.
- രാ. നാ:
- എന്റെ പണം നിന്റെകൂടെ വന്നാൽമതി.
- ക. അ:
- അതു് എപ്പോഴും കൂടെ വരുന്നതല്ലേ.
- രാ. നാ:
- ഇപ്പോഴും ഇരിക്കട്ടെ.
- ക. അ:
- എനിക്കു തുണയായി ഒരാളാണു് വേണ്ടതു്.
- രാ. നാ:
- ആണോ! പെണ്ണൊ!
- ക. അ:
- നിങ്ങളാണെംകിൽ ആണു്. മറ്റുള്ളവരാണെങ്കിൽ പെണ്ണു്.
- രാ. നാ:
- എന്നാൽ ഭാഗീരഥി മുത്തശ്ശിതന്നെ ആകട്ടെ.
- ക. അ:
- ധാരാളംമതി.
- രാ. നാ:
- വേലക്കാരൻ വേലായുധനും ഇരിക്കട്ടെ.
- ക. അ:
- മുത്തശ്ശിക്കു അവൻ ഉപകാരത്തിനെത്തും.
- രാ. നാ:
- വേണമെംകിൽ നിനെക്കും.
*****
ഗുരുവായൂരിൽ പോയ കൂട്ടർ പത്തുദിവസംകൊണ്ടു മടങ്ങിവന്നു. താനും വല്ലതും പ്രവർത്തിക്കേണമെന്നു വെച്ചു അതിന്നിടയിൽ രാമൻ നായർ ദേഹസുഖത്തിനുവേണ്ടി ഒരു പ്രത്യേക (Patent) മരുന്നും കഴിച്ചു. കല്യാണി അമ്മ വളരെ ആശയോടും ആനന്ദത്തോടും തൃപ്തിയോടും നാളുകൾ കഴിച്ചു അങ്ങിനെ ഇരിക്കുമ്പോൾ “സുദക്ഷിണാദൗഹൃദലക്ഷണം ദധൗ” എന്നു പറഞ്ഞ കൂട്ടത്തിൽ കല്യാണിഅമ്മയും അസ്പഷ്ടമായ ഗർഭലക്ഷണങ്ങൾ കാണിച്ചു. ഈ ഭാഗ്യം ഗുരുവായൂരിൽ ചെന്നു ഭജിച്ചതിന്റെ ഫലമാണെന്നു കല്യാണി അമ്മയും താൻ കഴിച്ച ‘Huxley’s Nerve Vigour’ എന്ന മരുന്നിന്റെ ഫലമാണെന്നു് രാമൻ നായരും വിശ്വസിച്ചു. ഒരു ശുഭമുഹൂർത്തത്തിൽ കല്യാണിഅമ്മ പ്രസവിച്ചു. കൂട്ടരുടെ പരമഭാഗ്യത്തിനു് കുട്ടി ഒരു ആണായിട്ടുംവന്നു. ഗുരുവായൂരപ്പനെ ഭജിച്ചിട്ടുണ്ടായ സന്തതിയാണെന്നു് വിചാരിച്ചു കല്യാണിഅമ്മ കൃഷ്ണൻ എന്നു് കുട്ടിക്കു പേരിട്ടു് കുട്ടൻ എന്ന ഓമനപേരും അവന്നു് വിളിച്ചു. 5 വയസ്സു് കഴിഞ്ഞപ്പോൾതന്നെ കുട്ടൻ തീക്ഷ്ണബുദ്ധിയുടെ ലക്ഷണങ്ങൾ കാണിച്ചു. അവന്റെ ബുദ്ധിപൂർവ്വകമായ ചോദ്യങ്ങൾക്കു ഉത്തരം പറയാൻ അമ്മയച്ഛന്മാർ കുഴങ്ങി.
ഒരു ദിവസം ഒരു വയോവൃദ്ധൻ രാമൻനായരെ കാണാൻവന്നു കവിളും ഒട്ടി, പല്ലില്ലാത്ത ആ വൃദ്ധന്റെ ചിറികൾ ഉള്ളോട്ടു വലിഞ്ഞുപോയിരുന്നു. കുട്ടൻ അയാളെ വളരെ കൗതുകത്തോടെ സൂക്ഷിച്ചുനോക്കി. അയാൾ പോയ ഉടനെതന്നെ കുട്ടൻ അച്ഛനോടു് ചില ചോദ്യങ്ങൾ തട്ടിമൂളിച്ചു.
- കുട്ടൻ:
- എന്താണച്ചാ ഇപ്പോൾ പോയ കിളവന്റെ ചിറികൾ മലർന്നുകാണാതെ ഉള്ളോട്ടു വലിഞ്ഞുപോയതു്.
- രാമൻനായർ:
- അയാൾക്കു പല്ലൊന്നും ഇല്ലാഞ്ഞിട്ടു്.
കുട്ടൻ കുറെനേരം ആലോചിച്ചു.
- കുട്ടൻ:
- അങ്ങേവീട്ടിലെ ദേവകി അമ്മയുടെ മകനില്ലേ. എത്രയോചെറിയകുട്ടി. ശിന്നൻ എന്നു പേരായിട്ടു്. ആ കുട്ടിക്കു പല്ലൊന്നുപോലുമില്ലല്ലൊ. എന്നിട്ടുകൂടി ആ കുട്ടിയുടെ ചുണ്ടുകൾ എത്ര നല്ലവണ്ണം മലർന്നു കാണുന്നുണ്ടു്. അതെന്തുകൊണ്ടച്ചാ അങ്ങനെ വരുന്നതു്.
- രാമൻനായർ:
- അതു് അവൻ കുട്ടിയായതുകൊണ്ടായിരിക്കും.
- കുട്ടൻ:
- പല്ലില്ലാഞ്ഞിട്ടാണെങ്കിൽ അവന്റെ ചുണ്ടും ഉള്ളോട്ടു വലിഞ്ഞു പോകണ്ടെ!
ഇവിടെ അച്ഛൻ തോറ്റു.
പിന്നെ ഒരുദിവസം നല്ലൊരു കാറ്റുവീശി മരത്തിന്റെ ഇലകൾ നൃത്തംവെച്ചു. കാറ്റു ശമിച്ചപ്പോൾ ഇലകളുടെ നൃത്തവും ശമിച്ചു.
- കുട്ടൻ:
- എന്തുകൊണ്ടാണച്ചാ ഇലകൾ ഇത്രനേരം ഇളകിക്കളിച്ചതു്.
- രാമൻനായർ:
- കാറ്റു തട്ടീട്ടു്.
- കുട്ടൻ:
- കാറ്റു് എന്നു പറഞ്ഞാലെന്താണച്ചാ. അതിനെ എന്താണു കാണാത്തതു്.
- രാ. നാ:
- അതിനെ നാം ഒരിക്കലും കാണില്ല.
- കുട്ടൻ:
- പിന്നെ എങ്ങനെയാണു് അതു് കാറ്റാണെന്നറിഞ്ഞതു്.
- രാ. നാ:
- അനുഭവംകൊണ്ടു്.
- കുട്ടൻ:
- അനുഭവം എന്നു പറഞ്ഞാലെന്താണച്ചാ.
- രാ. നാ:
- ഇപ്പോൾ ഇലകൾ ഒന്നും ഇളകുന്നില്ലല്ലോ. നീ ഒരു ഇലയുടെ മേലെ ഒന്നു ഊതിനോക്കൂ.
- കുട്ടൻ:
- (ഊതിട്ടു്) അതെ ഇപ്പോൾ ഇളകുന്നുണ്ടു്.
- രാ. നാ:
- അതാണു് കാറ്റു് എന്നു പറഞ്ഞതു്.
- കുട്ടൻ:
- കാറ്റെങ്ങിനെയാണച്ചാ എല്ലാമരങ്ങളുടെയും ഇലകൾ ഇളക്കുന്നതു്?
- രാ. നാ:
- അതു് അതിന്റെ സഹജമായ ശക്തിയാണു്.
- കുട്ടൻ:
- നാം ഒരു വസ്തുംകാണുന്നില്ലല്ലൊ. പിന്നെ സഹജമായ ശക്തി എന്നു പറഞ്ഞാലെന്താണച്ചാ.
- രാ. നാ:
- നമ്മുടെ കണ്ണുകൊണ്ടുകാറ്റു കാണുകയില്ല.
- കുട്ടൻ:
- നമുക്കു കണ്ണെന്തിനാണച്ചാ. എല്ലാം കാണാനല്ലേ?
- രാ. നാ:
- ചിലതൊക്കെ കാണാൻ.
- കുട്ടൻ:
- എന്തുകൊണ്ടാണച്ചാ മുഴുവൻ കാണാൻ നമ്മുടെ കണ്ണിന്നു് കഴിയാത്തതു്?
- രാ. നാ:
- ഈശ്വരൻ നമ്മുടെ കണ്ണു് അങ്ങിനെയാണു് സൃഷ്ടിച്ചതു്.
- കുട്ടൻ:
- ഈശ്വരൻ എന്തിനാണച്ചാ നമ്മുടെ കണ്ണു് അങ്ങിനെ സൃഷ്ടിച്ചതു്?
- രാ. നാ:
- അതു ഈശ്വരന്റെ ഇഷ്ടം
- കുട്ടൻ:
- ഈശ്വരൻ എന്നു പറഞ്ഞാലാരാണച്ചാ?
- രാ. നാ:
- നാം കാണുന്ന സകലവസ്തുക്കളും സൃഷ്ടിച്ചവൻ.
- കുട്ടൻ:
- ഈശ്വരൻ എവിടെയാണച്ചാ പാർക്കുന്നതു്?
- രാ. നാ:
- സകലദിക്കിലും ഉണ്ടു്.
- കുട്ടൻ:
- സകലദിക്കിലും ഉള്ളതു ആകാശമല്ലെ?
- രാ. നാ:
- അതും ഉണ്ടു്.
- കുട്ടൻ:
- ആകാശമാണോ ഈശ്വരൻ.
- രാ. നാ:
- അല്ല.
- കുട്ടൻ:
- അതെങ്ങിനെയാണച്ഛാ അറിഞ്ഞതു്?
ഇവിടെയും അച്ഛൻ തോറ്റു.
മറ്റൊരുദിവസം നല്ല ഒരു മഴ പെയ്തു ചോർന്നു. കട്ടൻ മഴ പെയ്യുന്നതു വളരെ ശ്രദ്ധയോടെ നോക്കി. പിന്നെ മഴചോർന്നപ്പോൾ ആകാശവും നോക്കി.
- കുട്ടൻ:
- എവിടുന്നാണച്ചാ മഴപെയ്യുന്നതു്.
- രാ. നാ:
- ആകാശത്തിൽനിന്നു്.
- കുട്ടൻ:
- ഇത്ര അധികം വെള്ളം ആകാശത്തിൽ എവിടെയാണു നിൽക്കുന്നതു്?
- രാ. നാ:
- മേഘത്തിൽ എന്നുവെച്ചാൽ കാറിൽ.
- കുട്ടൻ:
- ഇത്ര അധികം വെള്ളം കാറിൽ എങ്ങിനെയാണു് നിൽക്കുന്നതു് ?
- രാ. നാ:
- കാറിന്നു് അങ്ങിനെ ഒരു ശക്തി ഉണ്ടു്.
- കുട്ടൻ:
- പിന്നെ കാറു് അവിടെ തന്നേ നിർത്താതെ വെള്ളം ചിലപ്പോൾ എന്തിനാണു് താഴത്തുവിടുന്നതു്?
- രാ. നാ:
- നമുക്കൊക്കെ വെള്ളം തരുവാൻ.
- കുട്ടൻ:
- നമുക്കു വെള്ളം വെണ്ടുന്നതെപ്പോഴാണെന്നു് കാറു് എങ്ങിനെയാണു് അറിയുന്നതു്?
- രാ. നാ:
- അതു് എങ്ങിനെയെങ്കിലും അറിയും.
- കുട്ടൻ:
- കാറിന്നു് കാണാൻ കണ്ണും അറിവാൻ ബുദ്ധിയും ഉണ്ടൊ?
ഇവിടെയും അച്ഛൻ തോറ്റു.
മറ്റൊരുദിവസം ഒരു നായ് വഴിയെ പാഞ്ഞിട്ടു് ഒരു പശു മണ്ടുന്നതു കണ്ടു.
- കുട്ടൻ:
- നമുക്കു നടക്കാനും ഓടാനും രണ്ടു കാലല്ലേ ഉള്ളൂ. നായ്ക്കും പശുവിന്നും മറ്റും എന്തിനാണു് നാലു് കാലു്.
- രാ. നാ:
- അതിവേഗത്തിൽ ഓടുവാൻ വേണ്ടി.
- കുട്ടൻ:
- കാലു് അധികമുള്ളതിനു വളരെ വേഗത്തിൽ ഓടാൻ കഴിയുമൊ?
- രാ. നാ:
- സംശയമില്ല. മാനിനെയും മറ്റും കാണുന്നില്ലേ?
- കുട്ടൻ:
- തേരട്ടക്കു എത്ര അധികം കാലുകളുണ്ടു്. എന്നിട്ടു് അതിനെന്താണച്ചാ വേഗത്തിൽ ഓടാൻ കഴിയാത്തതു് ?
- രാ. നാ:
- ഒരു സമയം കാലു് വളരെ കവിഞ്ഞുപോയതുകൊണ്ടായിരിക്കും.
- കുട്ടൻ:
- അപ്പോൾ വളരെ വേഗത്തിൽ ഓടാൻ എത്ര കാലുകൾ വേണം.
- രാ. നാ:
- നാലു് കാലുകൾ മാത്രം മതി. അതു കൂടാതെ കഴികയില്ല.
- കുട്ടൻ:
- പാമ്പിന്നു് കാലു് കേവലമില്ലല്ലൊ. പിന്നെ അതെങ്ങിനെയാണച്ചാ ഇത്ര വേഗത്തിൽ ഓടുന്നതു്?
ഇവിടെയും അച്ഛൻ തോറ്റു.
ഇങ്ങിനെ പല കാര്യങ്ങളിലും മകന്റെ ആലോചനാപരമായ ചോദ്യങ്ങളാൽ അച്ഛൻ തോറ്റു.
ഒരുദിവസം കുട്ടൻ കുറെ കോഴിക്കുഞ്ഞുങ്ങൾ തള്ളയുമായി മേയുന്നതു കണ്ടു. പൗഡറിടുന്ന വെൺനാരുകളുടെ കെട്ടു് (Powder Puff) പോലെ ഇരിക്കുന്ന കോഴിക്കുഞ്ഞുകളോടു് കുട്ടനു് വളരെ ഇഷ്ടവും കൗതുകവും തോന്നി. ആ കാഴ്ച കുട്ടന്റെ മനസ്സിൽനിന്നു വിട്ടുപോകുന്നില്ല. വീട്ടിൽ എത്തിയ ഉടനേതന്നെ അച്ഛന്റെ അടുക്കേ പാഞ്ഞു ചെന്നു.
- കുട്ടൻ:
- എവിടുന്നാണച്ചാ കോഴിക്കുട്ടികൾ വരുന്നതു്?
- രാ. നാ:
- അത് കോഴി ഇട്ടമുട്ടകളിൽനിന്നു് വിരിയുന്നതാണു്.
- കുട്ടൻ:
- മുട്ടയിൽനിന്നു് വിരിയുക എന്നുവെച്ചാൽ എന്താണു്?
- രാ. നാ:
- കുറെനാൾ കഴിഞ്ഞാൽ മുട്ടയുടെ ഉള്ളിൽനിന്നു് കോഴിക്കുഞ്ഞുകൾ പുറത്തുവരും.
- കുട്ടൻ:
- മുട്ടയുടെ ഉള്ളിൽ വെള്ളയും ചോപ്പും പശപോലെ കിടക്കുന്നതല്ലേ ഉള്ളു?
- രാ. നാ:
- അതിൽ നിന്നാണു് കോഴിക്കുഞ്ഞുകൾ ഉണ്ടാകുന്നതു്.
- കുട്ടൻ:
- കോഴിക്കുഞ്ഞിന്നു് കൊക്കും കണ്ണും തൂവലും മറ്റും ഉണ്ടല്ലൊ. മുട്ടയുടെ ഉള്ളിൽ അതൊന്നും കാണുന്നില്ലല്ലൊ?
- രാ. നാ:
- മുട്ടയുടെവെള്ളക്കുംചോപ്പിനും അങ്ങിനെ ഒരു മാറ്റമുണ്ടാക്കാൻ സാധിക്കും.
- കുട്ടൻ:
- മുട്ടയുടെ വെള്ളയും ചോപ്പും എങ്ങിനെയാണച്ചാ കോഴിക്കുഞ്ഞായി മാറിപ്പോകുന്നതു്?
- രാ. നാ:
- അത് ഉഷ്ണം കൊണ്ടാണു് എന്നുവെച്ചാൽ ചൂടുകൊണ്ടു്.
- കുട്ടൻ:
- ചൂടാക്കിയാൽ മുട്ട വെന്തു ഉറച്ചുപോകുന്നതല്ലേ നാം കാണുന്നതു്?
- രാ. നാ:
- നീ വേണ്ടാത്ത ചോദ്യങ്ങൾ ചോദിപ്പാൻ വലിയ വമ്പനാണു്.
ഈ അവസരത്തിൽ കല്യാണിക്കുട്ടിഅമ്മയും കേറിവന്നു. കുട്ടി തന്റെ സംശയം അമ്മയുടെ മുമ്പിലും വിചാരണയ്ക്കുവെച്ചു.
- ക. അ:
- നീ ചെന്നു ഉറങ്ങിക്കൊൾക. സമയമായി.
- കുട്ടൻ:
- മുട്ട ചൂടാക്കുമ്പോൾ എന്തു കൊണ്ടാണു് കോഴിക്കുഞ്ഞുങ്ങൾ പുറത്തുവരാത്തതു്?
- ക. അ:
- വെള്ളത്തിൽ ഇട്ടു ചുടാക്കുമ്പൊഴാ.
- കുട്ടൻ:
- അതെ.
- ക. അ:
- അപ്പോൾ പുറത്തുവന്നാൽ അതു് വെള്ളത്തിൽമുങ്ങിച്ചത്തുപോകയില്ലെ? ഒരുസമയം അതുകൊണ്ടായിരിക്കും പുറത്തുവരാത്തതു്.
- കുട്ടൻ:
- മുങ്ങിച്ചാകുമായിരിക്കും എങ്കിലും എന്തുകൊണ്ടു പുറത്തുവരുന്നില്ല.
- ക. അ:
- ചെറിയ കോഴിക്കുഞ്ഞുകൾക്കു തിളക്കുന്നവെള്ളം കണക്കിലേറെ ചൂടായിപ്പോകുന്നതുകൊണ്ടായിരിക്കും.
എത്ര ചൂടാണു വേണ്ടതു്?
- ക. അ:
- കുറെ.
- കുട്ടൻ:
- ഒരുവട്ടിയിൽ കുറെ ഉമി ഇട്ടു് അതിൽ മുട്ടവെച്ചു ഉമിക്കു തീകൊടുത്താൽ മുട്ട കോഴിക്കുഞ്ഞാകുമോ?
- ക. അ:
- അപ്പോൾ മുട്ടവെന്തുപോകയേ ഉള്ളൂ.
- കുട്ടൻ:
- ചൂടു് കണക്കാക്കുന്നതു് എങ്ങിനെയാണു്?
- ക. അ:
- മുട്ടമേൽ പിടക്കോഴിവന്നുകിടക്കുന്നതു് നീ കാണുന്നില്ലെ! കോഴിയുടെ ദേഹത്തിന്മേൽ മിതമായ ചൂടുണ്ടു്. ആ ചൂടു് തട്ടിട്ടാണു് മുട്ട ക്രമേണ വിരിയുന്നതു്. നീ ഉറങ്ങാൻ കിടക്കുമ്പോൾ കമ്പിളി പുതക്കുന്നില്ലെ? അപ്പോൾ നിന്റെ ദേഹം ചൂടാകുന്നില്ലെ? അത്ര ചൂടു് മാത്രംമതി. ഇനി നീ ചെന്നു കിടന്നുറങ്ങിക്കൊ.
- കുട്ടൻ:
- എനിക്കു ഉറക്കം വരുന്നില്ലമ്മെ!
- രാ. നാ:
- അവൻ ഉറക്കം വരുന്നവരെ അവിടെ ഇരുന്നോട്ടെ.
- ക. അ:
- അവനു നല്ല ഉറക്കമുണ്ടു്.
- കുട്ടൻ:
- ഇല്ലമ്മേ.
- ക. അ:
- നീ അല്ലേ ഇപ്പോൾ വായപൊളിച്ചു ആവി ഇട്ടതു്? (കോട്ടുവാ)
- കുട്ടൻ:
- ഞാൻ ആവി ഇട്ടതല്ല.
- ക. അ:
- പിന്നെ എന്തായിരുന്നു നീ ചെയ്തതു്?
- കുട്ടൻ:
- ഞാൻ എന്റെ വായ്പൊളിച്ചതേ ഉള്ളൂ.
- ക. അ:
- വെറുതേ വായ പൊളിച്ചു എന്നോ? നീ ആരോടാണു ഇതൊക്കെ പറയുന്നതു്. നീ ആവി ഇടുമ്പോൾ നിന്റെ കണ്ണു് ഉറക്കംകൊണ്ടു കുന്നിക്കുരുപോലെ ചെറുതായ് പോകുന്നതു ഞാൻ കണ്ടല്ലോ. പോരെങ്കിൽ നീ അതു് കൂടക്കൂടെ തിരുമ്മിക്കൊണ്ടിരിക്കുന്നല്ലോ.
- രാ. നാ:
- അവന്നു് അത്രത്തോളം ഉറക്കമുണ്ടെന്നു തോന്നുന്നില്ല. നീ ഇങ്ങട്ടു് വാ കുട്ടാ—നീ നിന്റെ അച്ഛന്റെ മടിയിൽ കുറേനേരംഇരുന്നൊ
- ക. അ:
- വേണ്ട വേണ്ട. അവൻ അവിടെക്കിടന്നുറങ്ങും. പിന്നെ അവനെ എടുത്തുകൊണ്ടുപോയിക്കിടത്താൻ എനിക്കു വലിയ പാടായിരിക്കും. ഇങ്ങട്ടു് വാ.
കല്യാണി അമ്മ കുട്ടിയെ ഒരു വിധേനകൊണ്ടുപോയിക്കിടത്തി. എല്ലാവരും ക്രമേണപോയിക്കിടന്നു. പിറ്റെന്നു രാവിലെ തളർച്ചതീർന്നു എല്ലാവരും എഴുന്നേറ്റു. ഇങ്ങിനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞു. ഒരു ദിവസം രാവിലെ പതിവുപോലെ കുട്ടൻ എഴുന്നേറ്റു വരുന്നതുകണ്ടില്ല. കല്യാണിഅമ്മ ചെന്നുവിളിച്ചിട്ടൊന്നും അവൻ കൂട്ടാക്കിയില്ല. കല്യാണിഅമ്മ അസാരം പരിഭ്രമത്തോടെ തന്റെ ഭർത്താവിന്റെ അടുക്കെ ചെന്നു.
- ക. അ:
- ഇന്നു അനദ്ധ്യായദിവസമാണു്. എന്നിട്ടുകൂടി കുട്ടൻ എഴുന്നേല്ക്കാൻ കൂട്ടാക്കുന്നില്ല. അവന്നു സുഖമില്ലെന്നു പറയുന്നു.
- രാ. നാ:
- സുഖമില്ലെന്നോ? ഞാൻ ഒന്നു വന്നുനോക്കട്ടെ.
- ക. അ:
- വേണ്ട. അവൻ ഇപ്പോൾ സുഖത്തിൽ കിടന്നുറങ്ങുകയാണെന്നു തോന്നുന്നു.
- രാ. നാ:
- പിന്നെ എന്താണു സുഖമില്ലെന്നു പറഞ്ഞതു്.
- ക. അ:
- എന്നു് അവൻ പറഞ്ഞതാണു്. ഇന്നലെ വൈകുന്നേരം അവനെ നടക്കാൻ കൂട്ടിക്കൊണ്ടു പോകുമ്പോൾ നിങ്ങൾ മിട്ടായി വാങ്ങിക്കൊടുത്തതു് തെറ്റിപ്പോയെന്നാണു ഞാൻ വിചാരിക്കുന്നതു്.
- രാ. നാ:
- അതൊന്നും സാരമില്ല. അവൻവേഗം എഴുനേൽക്കും അവന്നു് ദണ്ഡം കലശലായിട്ടുണ്ടോ?
- ക. അ:
- കലശലായദണ്ഡം ഒന്നും അവനില്ല. സുഖമില്ല എന്നു മാത്രമെ അവൻ പറഞ്ഞിട്ടുള്ളൂ. എന്നാലും എനിക്കു മനസ്സിനു ഒരു സമാധാനമില്ല.
- രാ. നാ:
- ഇന്നലെ ഞാൻ അവന്നൊരു മുക്കാൽ കൊടുത്തിരുന്നു.
- ക. അ:
- നിങ്ങളെന്തൊരാളാണു്?
- രാ. നാ:
- മുട്ടായി വാങ്ങേണ്ട എന്നു ഞാൻ പ്രത്യേകം താക്കീതു ചെയ്തിട്ടുണ്ടു്. അവൻ വാങ്ങീട്ടുണ്ടായിരിക്കയില്ല.
- ക. അ:
- ഒരു സമയം മറ്റുവല്ല ദഹിക്കാത്ത സാധനവും അവൻ വാങ്ങിയിരിക്കും. ആരറിഞ്ഞു. നിങ്ങൾ എന്തിന്നു് അവന്നു് ഒരു മുക്കാൽ കൊടുക്കാൻ പോയി?
- രാ. നാ:
- അവൻ ചോദിച്ചു. ഞാൻ കൊടുത്തു.
കല്യാണി അമ്മ ഒരു അലമാരിയുടെ വാതിൽചെന്നു തുറന്നു. അപ്പോൾ—
- രാ. നാ:
- “നീ അവന്നു് എണ്ണ (castor oil) കൊടുക്കാൻ ഭാവിക്കുന്നുണ്ടൊ”?
- ക. അ:
- അവൻ ഉണരട്ടെ. എന്നിട്ടു കൊടുക്കാം. ഞാൻ നിങ്ങളോടൊന്നു പറയട്ടെ.
- രാ. നാ:
- എന്തു്?
- ക. അ:
- കുട്ടൻ ചോദിക്കുന്നതൊന്നും നിങ്ങൾ കൊടുക്കരുതു്. കുട്ടികളല്ലേ! കുറെ സൂക്ഷിക്കേണ്ടയോ. വരിൻ കാപ്പി തയ്യാറായിട്ടുണ്ടു്.
കാപ്പി കഴിഞ്ഞ ഉടനെ കല്യാണി അമ്മ പിന്നെയും കുട്ടന്റെ അടുക്കെചെന്നു. അവൻ കണ്ണും തുറന്നു കിടക്കുന്നതു കണ്ടു.
- ക. അ:
- മകനെ! ഇപ്പോൾ നിനക്കു അല്പം സുഖമുണ്ടൊ?
- കുട്ടൻ:
- ഇല്ല.
- ക. അ:
- നിനക്കെവിടെയാണു് സുഖമില്ലായ്മ തോന്നുന്നതു്.
- കുട്ടൻ:
- ഞാൻ അറിയില്ലമ്മേ! എനിക്കു് ഇവിടുന്നു എഴുന്നെല്ക്കേണ്ട. മുക്കാലിന്റെ കാര്യമൊന്നും അമ്മ മകനോടു മിണ്ടിയില്ല.
- ക. അ:
- നീ അല്പം എണ്ണ കഴിക്കണം എന്നു തോന്നുന്നു.
കുട്ടൻ മറുപടിയായി ഒരക്ഷരം മിണ്ടിയില്ല.
- ക. അ:
- ഞാൻ അല്പം എണ്ണതരാം. ഉച്ചയാകുമ്പോൾ നിന്റെ സുഖക്കേടൊക്കെ പോകും. നിനക്കു നല്ലവണ്ണം ചോറുണ്ണാൻ കഴിയും.
- കുട്ടൻ:
- നിങ്ങൾ പറയുംപോലെ ഞാൻ ചെയ്യാം.
എങ്ങിനേയെങ്കിലും കണ്ണുംപൂട്ടി, ദുസ്വാദൊന്നും ഗണിക്കാതെ കുട്ടൻ എണ്ണ കുടിച്ചു. ഉച്ചയായപ്പോൾ നല്ല കണക്കിൽ ചോറും തിന്നു. അമ്മയ്ക്കു അത്ഭുതം തോന്നി. പിന്നെ, കുറെക്കൂടെ കിടന്നുറങ്ങട്ടെ എന്നുംപറഞ്ഞു അവൻ വീണ്ടും കിടക്കാൻ പോയി. കല്യാണിഅമ്മ രാമൻനായരുടെ അടുക്കൽചെന്നു.
- ക. അ:
- നോക്കിൻ. കട്ടനു് എന്തുവന്നു പിടിച്ചുപോയി എന്നു ഞാൻ അറിയുന്നില്ല. അവൻ നല്ല വിശപ്പുണ്ടു്. കണക്കിലേറെ ഉറക്കവുമുണ്ടു്. നിങ്ങൾ കൊടുത്ത മുക്കാൽകൊണ്ടു് അവൻ എന്തായിരിക്കും വാങ്ങിയതു്? അതിൽ വല്ല വിഷവുംപെട്ടുപോയിരിക്കുമോ? തൊട്ടവീട്ടിലല്ലേ ദേവകിക്കുട്ടി. അവളുടെ മകൻ ഗോപാലന്റെ ഒന്നിച്ചു കുട്ടൻ കളിക്കുന്നതു കണ്ടിരുന്നു. ഒന്നു് അവിടെ ചെന്നു വിവരം അറിഞ്ഞാലൊ?
- രാ. നാ:
- നീ എപ്പോഴും ആ മുക്കാലിന്റെ കാര്യംതന്നെ പറയുന്നു.
- ക. അ:
- ആലോചിച്ചിട്ടേ വല്ലതും പ്രവർത്തിക്കാവൂ. ചെറിയ കുട്ടികളല്ലെ. പൈസ കയ്യിൽ കിട്ടിയാൽ അവർക്കു വല്ല അന്തവും കുന്തവും ഉണ്ടാകുമോ?
കല്യാണിക്കുട്ടി കുസ്നിയിലേക്കുപോയി. രാമൻനായർ അസാരം നെഞ്ഞിടിപ്പോടെ തന്റെ മകൻ കിടക്കുന്നേടത്തുചെന്നു അവന്റെ മുഖം കുറെനേരം നോക്കി. ഉടനെതന്നെ കുട്ടൻ കണ്ണുതുറന്നു.
- രാ. നാ:
- എന്താ മകനേ നീ എഴുന്നേൽക്കുന്നില്ലേ?
- കുട്ടൻ:
- ഇല്ല.
- രാ. നാ:
- നിന്റെ സുഖമില്ലായ്മ ഇനിയും ഭേദമായില്ലെ?
- കുട്ടൻ:
- (ക്ഷീണഭാവത്തോടെ) ഇല്ല.
- രാ. നാ:
- ഞാൻ നിനക്കുതന്ന മുക്കാൽകൊണ്ടു് നീ എന്തുചെയ്തു.
- കുട്ടൻ:
- ഞാൻ അതു ചിലവാക്കി.
- രാ. നാ:
- എങ്ങനെ ചിലവാക്കി. നീ അതിനെക്കൊണ്ടു് മുട്ടായിയൊ ഹലുവായോ മറ്റോ വാങ്ങിത്തിന്നോ?
- കുട്ടൻ:
- ഇല്ല.
- രാ. നാ:
- പൈസ നീ എന്തുചെയ്തു, നീ വാങ്ങിയതെന്താണു്?
- കുട്ടൻ:
- ആ കഥയൊക്കെ മറ്റൊരിക്കൽ പറയാം. ഇപ്പോൾ എനിക്കു നല്ല സുഖമില്ല.
- രാ. നാ:
- നിനക്കു ഇന്നലെ വല്ല മധുരപദാർത്ഥവും തിന്നാൻ കിട്ടിയൊ.
- കുട്ടൻ:
- ഇല്ല. അങ്ങനെ വല്ലതും തിന്നാൻ എനിക്കു വളരെ കൊതി ഉണ്ടു്. അച്ഛാ! നിങ്ങൾ എനിക്കു കൊണ്ടുവന്നു തരുമോ?
- രാ. നാ:
- ഇപ്പോൾ നിനക്കതൊന്നുംപാടില്ല. സുഖക്കേടല്ലെ?
- കുട്ടൻ:
- അയി, എന്റെ സുഖക്കേടു് തിന്നാൻ പാടില്ലാത്ത സുഖക്കേടൊന്നുമല്ല.
രാമൻനായർ തന്റെ മകനെ നോക്കി, നിഷേധം കാണിക്കുവാൻ വേണ്ടി വ്യസനത്തോടെ തന്റെ തലയിളക്കി. പിന്നെ വളരെ നേരത്തോളം രണ്ടാളും ഒന്നും മിണ്ടാതെ നിന്നു.
- കുട്ടൻ:
- അച്ചാ.
- രാ. നാ:
- എന്താ മകനെ.
- കുട്ടൻ:
- ഞാൻ ഒന്നു ചോദിക്കട്ടെ.
- രാ. നാ:
- ശരി.
- കുട്ടൻ:
- മുട്ടയിൽനിന്നു് കോഴിക്കുഞ്ഞു വിരിഞ്ഞുവരാൻ എത്ര ദിവസം വേണ്ടിവരും.
- രാ. നാ:
- ഏ. എന്താണു പറഞ്ഞതു്.
- കുട്ടൻ:
- രണ്ടാമതുംമുൻപറഞ്ഞ പ്രകാരം ചോദിച്ചു.
- രാ. നാ:
- എനിക്കു തീർച്ച പറയാൻ സാധിക്കുകയില്ല. ഏതായാലും ഇരുപത്തൊന്നു ദിവസത്തിൽ കുറയില്ല.
- കുട്ടൻ:
- അയ്യൊ! ഇത്ര ഒക്കെ വേണമോ?
തന്റെ മകന്റെ സ്വരത്തിന്റെ കാഠിന്യം കേട്ടപ്പോൾ രാമൻനായർതന്നെ ഒന്നു ഞെട്ടിപ്പോയി.
- രാ. നാ:
- എന്താ മകനെ ഇതറിഞ്ഞതുകൊണ്ടു് ഇത്ര സങ്കടം.
- കുട്ടൻ:
- ഞാനും കിടന്നേടത്തിൽ നിന്നു് എഴുന്നേൽക്കാനാണു് പോകുന്നതു്.
- രാ. നാ:
- നിന്റെ സുഖക്കേടൊക്കെ പോയൊ?
- കുട്ടൻ:
- ഒക്കെ പോയി.
രാമൻനായർ കുട്ടിയുടെ മുഖത്തു് വളരെ കനിവോടു് നോക്കി.
- രാ. നാ:
- എന്താ മകനെ! നിന്റെ ഉള്ളിൽ എന്തോ കിടന്നു കളിക്കുമ്പോലെ തോന്നുന്നതു്. പറയൂ.
ഇങ്ങിനെ പറഞ്ഞു രാമൻനായർ വളരെ വാത്സല്യത്തോടെ തന്റെ മകനെ പൊത്തിപ്പിടിച്ചു മൂർദ്ധാവിൽ ഒന്നു ചുംബിച്ചു.
- കുട്ടൻ:
- ഞാൻ വിചാരിച്ചു കോഴിക്കുഞ്ഞുങ്ങൾ വേഗംവിരിയുമെന്നു്.
- രാ. നാ:
- കോഴിക്കുഞ്ഞോ?
- കുട്ടൻ:
- അതെ.
- രാ. നാ:
- അതെങ്ങിനെ ഇവിടുന്നു വിരിയും?
- കുട്ടൻ:
- വിരിയുമോ എന്നു് ഞാൻ നോക്കിയതാണു്. കോഴിയെപ്പോലെ പൊരുത്തിൽ കിടന്നു കോഴിക്കുഞ്ഞു വിരിഞ്ഞുവരുവാൻ വേണ്ടി ഞാൻ ശ്രമിച്ചു. മൂന്നാഴ്ചയോളം ഇങ്ങിനെ കിടക്കണം എന്നു് നിങ്ങൾ പറഞ്ഞത് കൊണ്ടാണു് ഞാൻ വേണ്ടെന്നുവെച്ചതു്.
അപ്പഴാണു് രാമൻനായർക്കു കാര്യം മനസ്സിലായതു്. കുട്ടൻ കിടക്കവിരിയിൽനിന്നു് ഒരു കമ്പിളിക്കഷണം വലിച്ചെടുത്തു. അതിന്റെ ഉള്ളിൽ ഭദ്രമായ് സൂക്ഷിച്ചുവെച്ച ഒരു കോഴിമുട്ട എടുത്തു തന്റെ അച്ഛന്നു കാണിച്ചുകൊടുത്തു.
- കുട്ടൻ:
- നിങ്ങൾ എനിക്കു തന്നെ ഒരു മുക്കാലിന്നു് ഞാൻ ഒരു കോഴിമുട്ടയാണു് വാങ്ങിയതു്. അതിൽ ഒരു കോഴിക്കുഞ്ഞില്ലെങ്കിലും, കോഴി കിടക്കുമ്പോലെ അതിന്മേൽ കിടന്നു് അതു് ചൂടു്പിടിപ്പിച്ചാൽ ആ മുട്ട വിരിഞ്ഞു ഒരു കോഴിക്കുഞ്ഞു് പുറത്തുവരും എന്നു നിങ്ങൾ പറഞ്ഞു. അതു് കൊണ്ടാണു് ഞാൻ മുട്ട ഒരു കമ്പിളിയിൽ പൊതിഞ്ഞു അതിന്മേൽ കോഴിക്കിടക്കുമ്പോലെ പൊരുത്തിന്നു് കിടന്നതു്. ഒരു കോഴിക്കുഞ്ഞു അതിൽനിന്നു് വിരിഞ്ഞു കാണ്മാൻ എനിക്കു അത്ര ആശയായിരുന്നു. നിങ്ങളെയും അമ്മയേയും ഒന്നു പുതുമപ്പെടുത്തണം എന്നു ഞാൻ വിചാരിച്ചു. അതു് കഴിഞ്ഞില്ല. കഷ്ടമായ്പോയി.
ഈ കാര്യത്തിൽ മകനും തോറ്റു.
- രാ. നാ:
- നീ ഒരു വല്ലാത്ത കുട്ടി തന്നെ.
കല്യാണിഅമ്മ അവിടെ എത്തി വിവരം കേട്ടപ്പോൾ ആ സ്ത്രീക്കു് അത്ഭുതത്തെക്കാൾ കരുണയാണുണ്ടായതു്.
- ക. അ:
- മകനെ! നീ വ്യസനിക്കേണ്ട. നിനക്കു ഞാൻ ആ മുട്ട നല്ലവണ്ണം പുഴുങ്ങിത്തരാം.
- കുട്ടൻ:
- എനിക്കതു് നെയ്യിൽ ഇട്ട് പൊരിച്ചിട്ടാണു് ഇഷ്ടം.
*****
നിങ്ങൾക്കൊ? വായനക്കാരെ!
കെ. സുകുമാരന്‍ കാമ്പില്‍ തട്ടായിലത്തു ഗോവിന്ദന്റെയും, ഇടമലത്തു മാധവിയുടേയും മകനായി 1876 മെയ് 20-നു് ജനിച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സിപ്പല്‍ സ്ക്കൂള്‍, ബാസല്‍ മിഷന്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലാണു് പഠിച്ചതു്. ഇന്റര്‍മീഡിയറ്റ് പഠനം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പാലക്കാട് വിക്ടോറിയയിലും ആയിരുന്നു. ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും 1894-ല്‍ ബിരുദം നേടി. തുടര്‍ന്നു് സിവില്‍ കോടതി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 1915-ല്‍ സിവില്‍ ജുഡീഷ്യറി ടെസ്റ്റ് പാസായി. 1931-ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റി. കൗസല്യയെ ആണു് സുകുമാരന്‍ വിവാഹം ചെയ്തതു്. അദ്ദേഹം 1956 മാര്‍ച്ച് 11-നു് മരിച്ചു. ചെറുകഥ, നോവല്‍, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി അമ്പതോളം കൃതികള്‍ ഉണ്ടു് സുകുമാരന്റേതായി. സുകുമാരകഥാമഞ്ജരി, ചെറുകഥ, അഞ്ചുകഥകള്‍ എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ കഥകള്‍ ലഭ്യമാണു്.
കൃതികള്‍: അഴകുള്ള പെണ്ണു്, വിധി, ആ വല്ലാത്ത നോട്ടം, ഇണക്കവും പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി, വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമന്‍.
[1] അതീവ ഖേദത്തോടെ പറയട്ടെ. ഇത്രയും പ്രശസ്തനായിരുന്ന ഈ സാഹിത്യകാരന്റെ ഒരു ഫോട്ടോ പോലും കിട്ടാനില്ല. വായനക്കാരിൽ ആർക്കെങ്കിലും ഫോട്ടോ അയച്ചു തരാൻ കഴിയുമെങ്കിൽ നമുക്കു് ഈ ഡോക്യുമെന്റേഷൻ പൂർണതയിലെത്തിക്കാം.