images/Marriage_at_Cana.jpg
Marriage at Cana, a painting by Giorgio Vasari (1511–1574).
ഉപദേശിയാർ
കെ. സുകുമാരൻ, ബി. എ.

രണ്ടുവാക്കു്

മോളിയർ എന്ന പ്രസിദ്ധനായ നാടകകൃത്തിന്റെ ഒരു വിശിഷ്ട സങ്കല്പസന്താനം, ഞാൻ നല്കിയ ഉടുപ്പുകളും ധരിച്ചു ഇതാ രംഗത്തിറങ്ങുന്നു. സല്ക്കരിക്കുന്നവരോടു നന്ദി പറയാനും, ദുഷിക്കുന്നവരോടു മുഷിയാതിരിക്കാനും ഞാൻ അവൾക്കു പ്രത്യേകം താക്കീതു നല്കിയിട്ടുണ്ടു്.

കെ. സുകുമാരൻ.

കഥാപാത്രങ്ങൾ

നെല്ലിമുത്തശ്ശി—അരാഗന്റെ അമ്മ

അരാഗൻ—എമിലിയുടെ ഭർത്താവു്

എമിലി—അരാഗന്റെ രണ്ടാമത്തെ ഭാര്യ

ദേവസ്സി—അരാഗന്റെ മകൻ

മറിയാനി—അരാഗന്റെ മകൾ

കാളാന്തൻ—അരാഗന്റെ അളിയൻ

ഉപദേശിയാർ—അരാഗന്റെ ആത്മമിത്രം

ദോറീന—മറിയാനിയുടെ വിശ്വസ്തദാസി

ലോനപ്പൻ—ആമീൻ

പനഞ്ചി—നെല്ലിമുത്തശ്ശിയുടെ ദാസി

വലീരി—ഒരു യുവാവു്

ഒന്നാം അങ്കം
രംഗം 1.

[അരാഗന്റെ ഭവനം. നെല്ലി മുത്തശ്ശിയും, ദാസി പനഞ്ചിയും, എമിലി കൊച്ചമ്മയും, മറിയാനിയും, കാളാന്തനും, ദേവസ്സിയും, ദോറീനയും പ്രവേശിക്കുന്നു.]

നെല്ലി മുത്തശ്ശി അമ്മ:
വാ, വാ, പനഞ്ചി! ഞാൻ എങ്ങിനെയെങ്കിലും ഇവിടന്നു കടന്നുപോകാൻ നോക്കട്ടെ.
എമിലി കൊച്ചമ്മ:
നിങ്ങൾക്കെന്താ ഇത്ര ധൃതി? എനിക്കു നിങ്ങളെ നല്ലവണ്ണം സല്ക്കരിക്കാൻ കൂടി സാധിച്ചിട്ടില്ല.
മുത്തശ്ശി അമ്മ:
എന്റെ പിറക്കാത്ത മകളെ! ഏതായാലും ബുദ്ധിമുട്ടേണ്ട. നീ ചുമ്മാ ഒരേടത്തു് ഇരുന്നോളൂ. നിന്റെ സല്ക്കാരമൊന്നും ആവശ്യമില്ല.
എമിലിക്കൊച്ചമ്മ:
മുത്തശ്ശീ, നിങ്ങളോടു ഞങ്ങൾ മുറപ്രകാരം ചെയ്യേണ്ടതു ചെയ്യേണ്ടയൊ? നിങ്ങൾ ഇത്ര ക്ഷണം എന്തിനാണു പൊയ്ക്കളയുന്നതു്.
മുത്തശ്ശി അമ്മ:
എനിക്കു നിങ്ങളുടെ വിളയാട്ടമൊന്നും പിടിക്കുന്നില്ലാ. എനിക്കു വേണ്ടപ്പെട്ട ശുശ്രൂഷചെയ്യാൻ ഒരാളും ഒരു പുല്ലോളം നോക്കുന്നില്ല. ഞാൻ പറയുന്നതു കേൾക്കൂ. ഞാൻ വളരെ വെറുത്തുപോയി. അതുകൊണ്ടാണു ഈ വീട്ടിൽനിന്നു വിട്ടുപോകുന്നതു്. ഞാൻ പറയുന്നതിനു വിപരീതമല്ലാതെ നീ പ്രവർത്തിക്കാറില്ല. നിനക്കു ഒരാളേയും ഒരു ബഹുമാനമില്ല. ഈ വീട്ടിലുള്ള ഓരോരുത്തരോടും എനിക്കു ഓരോന്നു എണ്ണി എണ്ണിപ്പറയാനുണ്ടു്. ഈ വീടു സാക്ഷാൽ മേൽക്കീഴില്ലാത്ത ഒന്നാണു്.
ദോറീന:
എന്നാൽ…
മുത്തശ്ശി അമ്മ:
എടി, ഗുരുത്വം കെട്ടവളെ! നീ ഇവിടെ ഒരു വേലക്കാരത്തി മാത്രമാണു്. നിന്റെ വായിലെ നാവു വളരെ നീണ്ടുപോയി. നിനക്കു അധികപ്രസംഗം അതിലും അധികമായിപ്പോയി. വല്ലവരും വല്ലതും പറയുന്നതിന്നിടക്കു നീയും ചാടിവരും. ചോദിക്കാതെ തന്നെ ഓരോ അഭിപ്രായങ്ങളും പാസ്സാക്കും.
ദേവസ്സി:
എങ്കിലും…
മുത്തശ്ശി അമ്മ:
എന്റെ കുട്ടി നീ ഒരു വിഡ്ഢിയാണു. വിടുവിഡ്ഢി! ഇതാണു നിനക്കു പറ്റിയ പേരു്. ഞാൻ നിന്റെ മുത്തശ്ശിയല്ലെ? എന്നാലെങ്കിലും ഞാൻ പറയുന്നതു കേൾക്കൂ! നിന്റെ അച്ഛൻ എന്റെ മകൻ അല്ലെ? എന്നിട്ടെന്താ? ഞാൻ നൂറുവട്ടം അവനോടു പറഞ്ഞുകൊടുത്തിരിക്കുന്നു, നീ ഒന്നിനും കൊള്ളാത്തവനാണെന്നു്. അവന്നു നിനക്കു ദ്രോഹവും വേദനയും ഉണ്ടാക്കാനല്ലാതെ മറ്റൊന്നിന്നും കഴിയുകയില്ല.
മറിയാനി:
ഞാൻ വിചാരിക്കുന്നു…
മുത്തശ്ശി അമ്മ:
ഹൂ! എന്റെ അച്ഛാ? ഇവന്റെ ചെറിയ പെങ്ങളൊ? നിങ്ങളൊക്കെ മൂധേവികളാണു. നിങ്ങൾ വായിലിട്ടാൽ വെണ്ണയുംകൂടി ഉരുകിപ്പോകയില്ല. നിന്റെ വായിൽ എന്താണെന്നാണു ഞാൻ പറയുന്നതു്. നിന്നെ കാണുമ്പോൾ ആർക്കും അങ്ങിനെ തോന്നിപ്പോകും. ആഴമുള്ള കുളത്തിലെ വെള്ളം. എന്തായിരുന്നു ആ പഴഞ്ചൊല്ലു് ? നിനക്കു നിശ്ചയമുണ്ടായിരിക്കും. നിന്റെ ഒളിവായിട്ടുള്ള പ്രവൃത്തികളൊന്നും എനിക്കു ഇഷ്ടമാകുന്നില്ല.
എമിലി:
എന്നാൽ അമ്മെ…
മുത്തശ്ശി അമ്മ:
മകളെ! നിനക്കു മുഷിച്ചൽ വേണ്ട. നീ ചെയ്യുന്നതു സകലം തെറ്റാണു്. നീയാണു ബാക്കിയുള്ളവർക്കു ഒരു മാതൃകയായി നില്ക്കേണ്ടതു്. അവരുടെ മരിച്ചുപോയ അമ്മ നിന്നേക്കാൾ ഗുണവതി ആയിരുന്നു. സ്നേഹിച്ചു പോകുന്ന സ്വഭാവമുള്ളവളായിരുന്നു. നീ ഒരു ദുർച്ചിലവുകാരിയാണു്. അതുകാണുമ്പോൾ എനിക്കു വെറുപ്പു പിടിക്കുന്നു. എല്ലായ്പോഴും ഒരു മഹാറാണിയെപ്പോലെ ഉടുപ്പുകൾ ചമയണം. നിനക്കു നിന്റെ ഭർത്താവിനെ സന്തോഷിപ്പിച്ചാൽ പോരെ? അതിന്നു വിലപിടിച്ച ഉടുപ്പുകൾ വേണൊ?
കാളാന്തൻ:
എന്നാലും മുത്തശ്ശി, ആകപ്പാടെ നോക്കിയാൽ…
മുത്തശ്ശി അമ്മ:
സാറെ. നീയാണെങ്കിൽ ഇവളുടെ സഹോദരനാണു. എനിക്കു നിന്നോടു വളരെ ആദരവുണ്ടു്. ഞാൻ നിന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടു്. എന്നാലും സാറെ? അവളുടെ ഭർത്താവിന്റെ സ്ഥാനത്തു—എന്നുവെച്ചാൽ എന്റെ മകന്റെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ, നിന്നോടു ഈ വീട്ടിന്റെ ഉള്ളിൽ കടക്കരുതെന്നു ഞാൻ അടിയന്തിരമായി അപേക്ഷിക്കുമായിരുന്നു. നിങ്ങൾ ജീവിതം നയിക്കുന്നമാതിരി അങ്ങിനെയാണു്. ഒരു കാര്യം എനിക്കു മനസ്സിലായാൽ അകത്തൊന്നും പുറത്തു മറ്റൊന്നും എന്ന പഠിപ്പു എനിക്കില്ല.
ദേവസ്സി:
നിങ്ങളുടെ സ്നേഹിതൻ തറിയൻ ഉപദേശിയാർ വളരെ ഭാഗ്യവാനാണു്…
മുത്തശ്ശിയമ്മ:
അയാൾ ഒരു ദൈവ ഭക്തനാണു. അയാൾ പറയുന്നതു കേട്ടു നടക്കേണ്ടതാണു്. തലച്ചോറു കേവലം ഇല്ലാത്ത നീ അയാളെപ്പറ്റി ദൂഷണം പറയുന്നതു് കേട്ടിരിക്കാൻ എനിക്കു ഒരിക്കലും ക്ഷമ ഉണ്ടാകയില്ല.
ദേവസ്സി:
എന്തു്! ഒരു കപട ഭക്തനായ ചെറ്റ ഇവിടന്നു അധികാരം കാണിക്കുന്നതു ഞാൻ നോക്കിനില്ക്കേണമെന്നോ? ഇവിടെ എന്തു അധികാരമാണു അയാൾക്കുള്ളതു? ഈ മഹാമനുഷ്യന്റെ സമ്മതത്തോടുകൂടി മാത്രമേ ഞങ്ങൾക്കു യഥേഷ്ടം വിനോദിക്കാൻ പാടുള്ളു എന്നൊ?
ദോറീന:
അയാളുടെ വാക്കും അയാളുടെ ഉപദേശവും വകവെച്ചാൽ ഞങ്ങൾ ചെയ്യുന്നതൊക്കെ അയാളുടെ കണ്ണിൽ കുറ്റമായിരിക്കും. സകലത്തിന്നും അയാൾ കുറ്റം പറഞ്ഞുകൊണ്ടിരിക്കും. കപടഭക്തൻ! എങ്ങുന്നൊ കടന്നു വന്നു അസത്തു്?
മുത്തശ്ശി അമ്മ:
കുറ്റം പറയേണ്ടുന്ന കാര്യത്തിൽ മാത്രമെ അയാൾ കുറ്റം പറയുകയുള്ളു. അയാൾ ഒരിക്കലും തെറ്റുപറകയില്ല. സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം നിങ്ങൾക്കു കാണിച്ചുതരികയാണു അയാൾ ചെയ്യുന്നതു്. അദ്ദേഹം മനഃപൂർവ്വം സ്നേഹിക്കുവാൻ എന്റെ മകൻ നിങ്ങളെ ശീലിപ്പിക്കുകയാണു വേണ്ടതു്.
ദേവസ്സി:
ഇല്ല മുത്തശ്ശി. അച്ഛനാകട്ടെ, എന്തോണ്ടാകട്ടെ അയാളെ പൊറുപ്പിക്കുവാൻ എന്നെ സംബന്ധിച്ചേടത്തോളം സാധിക്കുകയില്ല. അങ്ങിനെ പറയാതിരിക്കുന്നതു് എന്റെ മനസ്സാക്ഷിക്കു വിരോധമായിരിക്കും. എവിടെച്ചെന്നു നോക്കിയാലും അയാളുടെ കർമ്മങ്ങൾ എന്നെ ക്രോധിപ്പിക്കാതിരിക്കുന്നില്ല. എല്ലാറ്റിലും കയ്യിടുന്ന ഈ കള്ളത്തെമ്മാടിയോടു ഞാനും അടുത്തകാലത്തു് ഒന്നു കൊളുത്തേണ്ടിവരും എന്നു എനിക്കു തോന്നുന്നുണ്ടു്.
ദോറീന:
ഇതു മാത്രമൊ? ഈ തെണ്ടിപ്പെറുക്കി, യജമാനന്റെ ഈ വീട്ടിൽനിന്നു സർവ്വാധികാരം കാട്ടുന്നതു എത്രയും മോശമാണു. ഇവൻ ആരാണു? ഇവൻ എവിടന്നുവന്നു? ഈ തെണ്ടിപ്പണ്ടാരം ഇവിടെ വരുമ്പോൾ കാലിന്മേൽ ഒരു ചെരിപ്പൊ മേലിടുവാൻ ആറുകാശിന്റെ തോർത്തുമുണ്ടൊ ഉണ്ടായിരുന്നൊ? ഇപ്പോൾ താൻ ആരാണെന്നു് ഓർമ്മവിട്ടൊക്കെ ഭരിക്കുകയും പോരാഞ്ഞിട്ടു സകലരേയും കുറ്റക്കാരാക്കുകയും ചെയ്യുന്നു.
മുത്തശ്ശി അമ്മ:
ഭഗവാനെ! എന്തൊക്കെ അപരാധങ്ങളാണു നിങ്ങൾ അനാവശ്യമായി പറയുന്നതു. അയാളുടെ ഭക്തിപൂർവ്വമായ ശാസന നിങ്ങളൊക്കെ അനുസരിച്ചാൽ ഈ വീട്ടിന്നും നിങ്ങൾക്കും നന്മയായിരിക്കും.
ദോറീന:
നിങ്ങളുടെ അഭിപ്രായപ്രകാരം അയാൾ ഒരു സെയിന്റ് (പരമഭക്തൻ) തന്നെ ആയിരിക്കും. യഥാർത്ഥത്തിൽ അയാൾ ഒരു കൂട്ടുകൂട്ടാത്ത വഞ്ചകനാണു്.
മുത്തശ്ശി അമ്മ:
നിന്റെ നാവു അടക്കിവെക്കുന്നതാണു നല്ലതു്.
ദോറീന:
എനിക്കു അയാളെ ഒട്ടും വിശ്വാസമില്ല. അയാളുടെ വേലക്കാരൻ ലോനപ്പനേയും അങ്ങിനെ തന്നെ. ഇവരോടു നല്ല നടപ്പിന്നു് ജാമ്യവും കരാറും വാങ്ങേണ്ടതാണു്.
മുത്തശ്ശി അമ്മ:
അയാളുടെ വേലക്കാരൻ ഏതുമാതിരിക്കാരനാണെന്നു് എനിക്കു നിശ്ചയമില്ല. എന്നാൽ അവന്റെ യജമാനൻ ഒരു ദൈവവിചാരമുള്ള യോഗ്യനാണെന്നു എനിക്കു നിങ്ങളെ ബോദ്ധ്യപ്പെടുത്താം. മർമ്മത്തിന്നു കൊള്ളുന്ന യഥാർത്ഥം അപ്പപ്പോൾ പറഞ്ഞു വിടുന്നതു കൊണ്ടാണു നിങ്ങൾ അയാളെ വെറുക്കുന്നതും ഒഴിക്കുന്നതും. പാപം കണ്ടാൽ മാത്രമെ അയാൾക്കു കോപം ജനിക്കുകയുള്ളു. അദ്ദേഹത്തിന്റെ ഉദ്ദേശം ജഗദീശ്വരന്റെ പ്രീതി മാത്രമാണു്.
ദോറീന:
തന്നെയായിരിക്കും, സമ്മതിച്ചു. എന്നാൽ ഞാൻ ഒന്നു ചോദിക്കട്ടെ. കുറെ ദിവസമായിട്ടു അയാൾ വീട്ടിന്റെ അടുത്തുവരാൻ ആരേയും സമ്മതിക്കാത്തതു് എന്തു കൊണ്ടാണു? ലോഗ്യാവസ്ഥയിൽ വല്ലവരും വരുന്നതുകൊണ്ടു ദൈവത്തിന്നു് മുഷിച്ചൽ ഉണ്ടാകുമൊ? പിന്നെ അതിനെപ്പറ്റി ഇത്രയൊക്കെ ഘോഷിക്കുന്നതു് എന്തിനാണു് ? നിങ്ങൾ കോപിക്കാതിരിക്കുമെങ്കിൽ ഞാൻ വിചാരിക്കുന്നതു നിങ്ങളോടു പറഞ്ഞുതരാം. (എമിലിയെ ചൂണ്ടിക്കാണിച്ചിട്ടു്) ദൈവത്താണെ സത്യം. കൊച്ചമ്മയുടെ കാര്യത്തിൽ ഇയാൾക്കു അസൂയ ഉണ്ടു. അവിടെ അയാൾക്കു ഒരു കണ്ണുണ്ടു. അപ്പോൾ ആളുകൾ വരുന്നതു അവസരത്തിന്നു് വിഘ്നമായിരിക്കും.
മുത്തശ്ശി അമ്മ:
നീ മിണ്ടാതിരി—സൂക്ഷിച്ചിട്ടുവേണം വല്ലതും പറവാൻ. ഇവിടെ അന്യന്മാർ വരുന്നതിനെപ്പറ്റി അയാൾ മാത്രമല്ല പഴിച്ചു പറയുന്നതു. നിങ്ങളെപ്പോലെ ഉള്ളവർക്കു് ആ മാതിരി ദ്രോഹം സന്തോഷമായിരിക്കും. എല്ലായ്പോഴും അവരുടെ വണ്ടി വാതില്ക്കൽവന്നു നില്ക്കുന്നതും അവരുടെ വേലക്കാർ ഒന്നായിക്കൂടുന്നതും ശബ്ദമുണ്ടാക്കി അയൽപക്കക്കാരെ ഉപദ്രവിക്കുന്നതും, അപവാദം ഉണ്ടാക്കുന്നതും നിങ്ങൾക്കു് രസമായിരിക്കും. അമ്മാതിരിക്കാരെ അകറ്റുന്നതു തെറ്റല്ലെന്നുവെച്ചു് സന്തോഷിക്കുന്നുമുണ്ടു്. അതിനെപ്പറ്റി ചിലർ പറയുന്നുണ്ടു്. അവർക്കു് അങ്ങിനെ ഒന്നു പറവാൻ ഇടവെച്ചുകൊടുക്കാത്തതാണു നല്ലതു്.
കാളാന്തൻ:
അല്ല മുത്തശ്ശി അമ്മെ! നാട്ടുകാരുടെ വായ്ക്കു കോട്ടകെട്ടാൻ നിങ്ങൾക്കു സാധിക്കുമൊ? നമ്മളെപ്പറ്റി ബാക്കിയുള്ളവർ അതും ഇതും പറയുമെന്നു ഭയപ്പെട്ടിട്ടു നമ്മുടെ ബന്ധുക്കളെ വെടിഞ്ഞു കളയുന്നതു തെറ്റല്ലയൊ? കഠിനമായ തെറ്റല്ലയൊ? അതൊരിക്കലും പാടില്ലാത്തതാണു. നമ്മൾ അങ്ങിനെ ചെയ്വാൻ ഒരുങ്ങിയാൽകൂടി ലോകം മുഴുവനും നിശ്ശബ്ദമാകും എന്നു നിങ്ങൾ വിചാരിക്കുന്നൊ? ദൂഷണഭാഷണത്തെ തടുക്കാൻ ആർക്കും സാധിക്കയില്ല. നമ്മൾ പാപം ചെയ്യാതെ ജീവിച്ചിരിക്കാൻ നോക്കിയാൽ അപവാദത്തെ ഒന്നും വകവെക്കാനില്ല. ദൂഷണക്കാർ നാവുകടയുംവരെ അവിടന്നു ചിലച്ചുകൊള്ളട്ടെ. നമുക്കു് എന്താണു വരാൻ പോകുന്നതു്?
ദോറീന:
നമ്മുടെ അടുത്ത വീട്ടിൽ പാർക്കുന്ന ദാമിനിയും അവളുടെ കെട്ടിയവനുമാണു നമ്മളെ പഴിച്ചുപറയുന്നതു് എന്നു ഞാൻ വിചാരിക്കുന്നു. താന്താങ്ങളുടെ നടപടിയിൽ വീഴ്ച വരുത്തുന്നവരാണു ബാക്കിയുള്ളവരെ ദൂഷണം പറയാൻ ഒരുങ്ങിനില്ക്കുന്നവർ. ഒരു രഹസ്യത്തെപ്പറ്റി ചില്ലറ ഒരു ധ്വനിപോലും കിട്ടിയെങ്കിൽ അവർ അതു മെഴുപ്പിടിക്കാതിരിക്കയില്ല. ആ വർത്തമാനം ചില ഏറ്റലും മാറ്റവും വരുത്തി വളരെ സന്തോഷത്തോടെ അമ്മാതിരിക്കാർ പരത്തുകയും ചെയ്യും. ലോകം വിശ്വസിച്ചുപോകത്തക്കവണ്ണമാണു അവർ അതൊക്കെ പറയുന്ന മട്ടും. ബാക്കിയുള്ളവരുടെ കർമ്മങ്ങൾക്കു അവർ സ്വന്തം വകയായി ഒരു വാർണീഷ് കൊടുക്കും. എന്നിട്ടായിരിക്കും സ്വന്തം വീഴ്ചകൾ മിനുസമാക്കുന്നതു്. ചില സംഗതികളിൽ സാമ്യമുണ്ടെന്നുവെച്ചിട്ടു താന്താങ്ങളുടെ ദുർന്നടപ്പുകൾ ദോഷരഹിതങ്ങളാണെന്നു സ്ഥാപിക്കാനും തങ്ങളുടെമേൽ ലോകം ചുമത്തുന്ന ആക്ഷേപങ്ങൾ തങ്ങളുടെ അയൽപക്കക്കാരുടെ പണിയാണെന്നു വരുത്താനും അക്കൂട്ടർ നിരാശപ്പെടാതെ ശ്രമിച്ചുനോക്കും. സത്യം ഒരിക്കലും മാഞ്ഞുപോവുകയുമില്ല.
മുത്തശ്ശി അമ്മ:
ഈ വാദങ്ങൾകൊണ്ടൊന്നും ഫലമില്ല. ‘ഒറോന്ത’ ഒരു യോഗ്യമായ നിലയിലാണു നാളുകൾ കഴിക്കുന്നതെന്നു നമുക്കറിയാം. അവളുടെ ആലോചനയൊക്കെ ദൈവത്തിലാണു സമർപ്പിക്കുന്നതു്. നിങ്ങൾ സഹവസിക്കുന്ന കൂട്ടരെ അവൾ ബഹുമാനിക്കുന്നില്ലെന്നും ഞാൻ കേട്ടു.
ദോറീന:
ഹു! വിശേഷപ്പെട്ട ഒരു മാതൃകാതരുണി! കളങ്കമില്ലാത്ത യുവതി! കടുപ്പത്തിന്റെ കൂടായിട്ടാണു് അവൾ ജീവിച്ചുപോരുന്നതു്. വയസ്സു കുറേ ആയിപ്പോയതു കൊണ്ടാണു ദൈവപൂജയിൽ അവൾ കാലൂന്നേണ്ടിവന്നതു്. അവൾക്കു മറ്റൊരു നിർവ്വാഹവുമില്ലാഞ്ഞിട്ടാണു ഇതൊരു തൊഴിലാക്കിപ്പിടിക്കേണ്ടിവന്നതു്. അവൾ വെറുമൊരു നാട്യക്കാരത്തിയാണു്. ആണുങ്ങളെ ആകർഷിക്കാൻ കഴിവുണ്ടായ കാലത്തൊക്കെ അവസരമൊന്നും വിട്ടുകളയാതെ അവൾ തോന്നിയപോലെ ആചരിച്ചു. എന്നാൽ ഇപ്പോൾ അവളുടെ അഴകൊക്കെ അസ്തമിച്ചുപോയിട്ടുണ്ടെന്നു അവൾക്കു മനസ്സിലായി. ലോകം അവളെ അകറ്റുന്നുണ്ടെന്നു കണ്ടപ്പോൾ അവൾ ലോകത്തെ അകറ്റി എന്നു മാത്രം. വലിയ ചാരിത്രശുദ്ധിയുള്ളവളാണെന്നു യവനികകൊണ്ടു ദ്രവിച്ചുപോയ അവളുടെ സൗന്ദര്യത്തിന്റെ വീര്യക്കുറവു മറക്കുകയാണു ചെയ്യുന്നതു്. ഇതുതന്നെയാണു പണ്ടത്തെ തുള്ളിച്ചികളുടെ എല്ലാവരുടേയും മാതിരി. അവരുടെ കാമുകന്മാർ അവരെ വെടിഞ്ഞുപോകുന്നതു അവർക്കു കാണുവാൻ വയ്യാതാകും. ആരും തിരിഞ്ഞുനോക്കാതിരിക്കുമ്പോൾ അവർക്കു തുണയില്ലാതെയിരിക്കേണ്ടിവരും. മറ്റൊരു പണിയും ഇല്ലാതിരിക്കുമ്പോൾ പരദൂഷണം അവർ ഒരു പണിയായി സ്വീകരിക്കും. ഭക്തി നടിക്കുന്ന ഈ പെണ്ണുങ്ങൾക്കു എന്തു പുരാതിയും വിസ്തരിക്കാനൊ സൃഷ്ടിക്കാനൊ യാതൊരു പ്രയാസവുമുണ്ടായിരിക്കയില്ല. ഈ നിശ്ചലമനസ്ഥിതി കാണിക്കുന്നവർക്കു സകലത്തിലും കൈയിടണം. ഒന്നും മാപ്പാക്കുകയില്ല. മതതല്പരതകൊണ്ടല്ല, വെറും അസൂയകൊണ്ടു തങ്ങളുടെ അയൽപക്കക്കാരുടെ ജീവിതരീതിയെപ്പറ്റി അവർ ഉച്ചത്തിൽ കുറ്റം പറഞ്ഞു തുടങ്ങും.
മുത്തശ്ശി അമ്മ:
അതാ കണ്ടില്ലേ മകളേ! ഈ മാതിരി ബളബളകളെയായിരിക്കും നീ ഇഷ്ടപ്പെടുന്നതു്. ഇടയ്ക്കു മറ്റുള്ളവർക്കു ഒരു വാക്കു പറയാനുംകൂടി അവസരം കിട്ടുന്നില്ല. ഇതാണു വീട്ടുഭാരം മുഴുവനും അവളിൽ ചുമത്തിയാൽ വരുന്ന ഭവിഷ്യത്തു്. എന്നാലും എനിക്കു പറയാനുള്ളതു ഞാൻ പറഞ്ഞുകളയാം. ഈ ദൈവഭക്തനെ തന്റെ വീട്ടിൽ ക്ഷണിച്ചുവരുത്തി പാർപ്പിക്കുന്നതാണു എന്റെ മകൾ ചെയ്ത എത്രയോ ബുദ്ധിപൂർവ്വമായ ഉത്തമകർമ്മം. നിങ്ങൾക്കു അത്യാവശ്യം വന്ന കാലത്തു നിങ്ങൾ ചെയ്ത കുറ്റത്തെപ്പറ്റി പശ്ചാത്തപിക്കേണ്ടതിന്നായി ഈശ്വരൻ തന്നെയാണു ഈ പുണ്യപുരുഷനെ ഇവിടെ അയച്ചതു് എന്നു വിചാരിക്കണം. നിങ്ങൾക്കു സ്വർഗ്ഗം കിട്ടാൻ കാംക്ഷയുണ്ടെങ്കിൽ നിങ്ങൾ അയാൾ പറയും പ്രകാരം കേൾക്കണം. കുറ്റം പറയേണ്ടുന്ന കാര്യത്തിൽ മാത്രമേ അയാൾ കുറ്റം പറയുക പതിവുള്ളൂ. ഇവിടെ ആളുകൾ വരുന്നതും സഭ കൂട്ടുന്നതും ആടുന്നതും പാടുന്നതുമൊക്കെ പിശാചിന്റെ പ്രേരണകൊണ്ടാണു്. അവർ ഈശ്വരനാമം ഉച്ചരിക്കുന്നതു തന്നെ നീ കേൾപ്പാനിടയുണ്ടാവില്ല. അവർ പറയുന്നതൊക്കെ തോന്നിവാസവും കമ്പവും ബളബളാസുമാണു്. ഈ മാതിരി സംസാരം വളരെ ദൂരേയും പറന്നു ചെല്ലും. അപ്പോഴാണു ദൂഷണങ്ങളൊക്കെ ദിക്കെങ്ങും പരക്കുന്നതു. ഒന്നാമതു അയൽപക്കക്കാരാണു പുരാതി തുടങ്ങിവെക്കുന്നതു. ഇതു കാണുമ്പോൾ ഒരു വിവേകമുള്ളവന്റെ തല തന്നെ തിരിഞ്ഞുപോകും. ഈ കൂട്ടക്കാരുടെ കാതലില്ലാത്ത സംസാരം കേൾക്കുമ്പോൾ അറിവുള്ളവർക്കു് ഒന്നും മിണ്ടാൻ തോന്നുകയില്ല. പഠിപ്പുള്ള ഒരാൾ ഇന്നാളൊരു ദിവസം മർമ്മസ്പൃക്കായിട്ടു ഇങ്ങിനെ പറഞ്ഞിരുന്നു. “ഇതു ബാബിലോണിലെ ഗോപുരമാണു്. അവിടെ എല്ലാവരും അവധി ഇല്ലാതെ ചിലച്ചുകൊണ്ടിരിക്കും.” അപ്പോൾ ഉപദേശിയാർ വേണ്ടതു പറഞ്ഞു തരണ്ടയൊ? (കാളാന്തനോടു) അയാൾ പറഞ്ഞതു തെറ്റിപ്പോയി ഇല്ലെ. നിനക്കു ചിരിക്കണമെങ്കിൽ നീ പോയിട്ടു നിന്നെപ്പോലെയുള്ള വിഡ്ഢികളെ തേടിപ്പിടിച്ചുകൊൾക. (എമിലിയോടു) മകളെ, ഗുഡ്ബൈ! ഇനി ഒന്നും മിണ്ടിപ്പോകരുതു്. ഈ വീട്ടിന്റെ കാര്യം പകുതി കണ്ടു ഞാൻ പറയാതെ വിട്ടിരിക്കുന്നു. ഇവിടെ അടുത്തകാലത്തൊന്നും ഞാൻ വരിക ഉണ്ടാകയില്ല. (പനഞ്ചിയുടെ പിരടിപിടിച്ചിട്ടു) നീ വാ. അവലക്ഷണം! വായും പൊളിച്ചു നില്ക്കുന്നു. എന്താ അസത്തെ? നീ വല്ല സ്വപ്നവും കാണുന്നുണ്ടൊ? നിന്റെ ചെവിടത്തു് രണ്ടു തന്നിട്ടു് നിന്നെ ഞാൻ ഉണർത്തും. നടക്കു, ചൂലെ! നടക്കു. (എല്ലാരും പോയി.)
രംഗം 2

[കാളാന്തനും ദോറീനയും പ്രവേശിക്കുന്നു.]

കാളാന്തൻ:
അവരെ താഴത്തു് കൊണ്ടാക്കാൻവേണ്ടി ഞാൻ ഒന്നിച്ചു പോകയില്ല. പിന്നേയും എന്നെ ചീത്തപറഞ്ഞു കൂട്ടുമൊ എന്നു എനിക്കു ഒരു ഭയം. നമ്മുടെ നല്ല മുത്തശ്ശി അമ്മ.
ദോറീന:
കർത്താവു് രക്ഷിക്കട്ടെ. നിങ്ങൾ അവരെപ്പറ്റി പറയുന്നതു അവർ കേൾപ്പാൻ ഇടയില്ലാത്തതു് വലിയ സങ്കടമായ്പോയി. നിങ്ങൾ തരക്കേടില്ല എന്നവർ നിശ്ചയമായിട്ടും നിങ്ങളുടെ മുഖത്തുനോക്കി പറയുമായിരുന്നു. പോരാഞ്ഞിട്ടു് അവർക്കു് കാണുന്നത്ര വയസ്സായിട്ടില്ലെന്നും പറയുമായിരിക്കും.
കാളാന്തൻ:
നമ്മളോടൊക്കെ ഒരു കാരണവും കൂടാതെ അവർ എത്ര കോപിച്ചു. അവർക്കതറിയാൻ ഉപദേശിയെ ഇത്ര വളരെ പിടിച്ചതു എന്തുകൊണ്ടായിരിക്കും പോലും. ഒരു സമയം ആകാത്തവരെ മാത്രമെ മുത്തശ്ശിക്കു ബോധിക്കുകയുള്ളൂ.
ദോറീന:
അവരുടെ മകന്റെ കാര്യം വിചാരിച്ചാൽ അവരുടെ കേസ് കേവലം സാരമില്ലെന്നു തന്നെ പറയാം. അയാളെ കണ്ടാൽ അയാൾ ഇവരിലും പതിന്മടങ്ങു മോശമാണെന്നു മനസ്സിലാകും. കഴിഞ്ഞ ലഹളയിൽ അയാൾ ഗവർമ്മേണ്ടിന്റെ ഭാഗത്തുചേർന്നു് കാണിച്ച ധൈര്യം പലരുടെ പ്രശംസക്കും പാത്രമായിട്ടുണ്ടു്. ഇപ്പോൾ അയാൾ ഒരു മണ്ണുതിന്ന മണ്ഡലിയെപ്പോലെ ഇരിക്കുന്നു. തറിയൻ ഉപദേശിയാർ അയാളെ ആകമാനം മയക്കിക്കളഞ്ഞിരിക്കുന്നു. അയാൾ ഉപദേശിയാരെ വിളിക്കുന്നതു് “സഹോദര” എന്നാണു. തന്റെ സ്വന്തം അമ്മയെക്കാളും മകനേക്കാളും മകളെക്കാളും ഭാര്യയെക്കാളും നൂറിരട്ടി സ്നേഹിക്കുന്നതു് ഉപദേശിയാരെയാണു്. അയാൾ സകല കാര്യങ്ങളും ഉപദേശിയാരോടു പറഞ്ഞു കൊടുക്കുന്നു. അയാളുടെ സകല കർമ്മങ്ങളും നിയന്ത്രണം ചെയ്യുന്നതും അയാളുടെ മനസ്സാക്ഷിയെ ഭരിക്കുന്നതുംകൂടി എങ്ങുന്നൊ തെണ്ടിവന്ന ഈ ഉപദേശിയാർ തന്നെ. അയാൾ ആ അസത്തിനെ തലോടുകയും ഇടക്കു ചുംബിക്കയും ചെയ്യുന്നതു കാണുമ്പോൾ ആരും അറച്ചുപോകും. ഒരു കാമിനിയോടുകൂടെ മനുഷ്യന്മാർ ഇത്രത്തോളം ഓമനയായി പെരുമാറില്ല. മേശയുടെ അരികെ ഉണ്ണാൻ വരുമ്പോൾ ഉത്തമസ്ഥാനം ഒഴിച്ചുകൊടുക്കുന്നതു് ഉപദേശിയാർക്കാണു. ആ തൊടലൻ ആറാൾ തിന്നുന്നത്ര തിന്നുന്നതു നമ്മുടെ യജമാനൻ വളരെ സന്തോഷത്തോടും തൃപ്തിയോടും നോക്കുന്നുണ്ടാകും. രുചിയുള്ള സകല സാധനങ്ങളും അയാൾക്കു വിട്ടുകൊടുക്കണം. അയാൾ ഏമ്പലിട്ടാൽ “ദൈവാനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ” എന്നാണു യജമാനൻ ഉച്ചത്തിൽ പറയുന്നതു്. യജമാനന്റെ ബ്രഹ്മാണ്ഡവും നായകനും ആ തെണ്ടി കൊശവനാണു്. അയാളുടെ ആരാധനയിൽ മുഴുകിട്ടാണു യജമാനന്റെ നിൽപ്പു. അവസരമുള്ളപ്പോഴൊക്കെ അയാളുടെ വാക്കുകളാണു് എടുത്തു പറയുക. അയാളുടെ നിസ്സാര കർമ്മങ്ങൾ അത്ഭുതകർമ്മങ്ങളാണെന്നു വരുത്തുക. അയാളുടെ വാക്കുകൾ ഭാവിഫലങ്ങളാണെന്നു വിചാരിക്കുക—ഇതാണു യജമാനന്റെ ഇപ്പോഴത്തെ ജോലി. ഉപദേശിയാരാകട്ടെ, നമ്മുടെ യജമാനൻ ശുദ്ധനും ക്ഷണവഞ്ചിതനും ആണെന്നു് മനസ്സിലാക്കിക്കൊണ്ടു ആ തോതു പിടിച്ചിട്ടു ഇഷ്ടമുള്ള കാര്യങ്ങളൊക്കെ സാധിച്ചുപോരുന്നു. നിസ്സീമഗുണങ്ങളുള്ള ആളാണെന്നു നടിച്ചിട്ടു് യജമാനനെ എളുപ്പത്തിൽ കബളിക്കുകയും യജമാനനോടു ഏതു സമയത്തും പണം പിടുങ്ങുകയും ചെയ്യുന്നു. പോരാഞ്ഞിട്ടു ഞങ്ങളെ നേരെ തിരിഞ്ഞു കടിപ്പാനും വരുന്നു. അയാളുടെ ഒന്നിനും കൊള്ളാത്ത അമുക്കി പെറുക്കി ചണ്ടി വേലക്കാരനും കൂടി ഞങ്ങളോടു ഓരോന്നു കല്പിക്കുന്നതു് പതിവായിരിക്കുന്നു. കണ്ണും ഉരുട്ടിക്കൊണ്ടാണു ഞങ്ങളെ ഓരോന്നു പറഞ്ഞു ധരിപ്പിക്കാൻ ആ കഴുവേറി കേറിവരുന്നതു്. ഞങ്ങളുടെ റിബണും, സിന്ദൂരവും ഒട്ടിക്കുന്ന കോപ്പുകളും എടുത്തു് എറിഞ്ഞുകളയുന്നു. ആ കഴുവേറി കഴുത ഇന്നാൾ ഒരു ദിവസം ഒരു വേദപുസ്തകത്തിന്റെ ഉള്ളിൽവെച്ചിരുന്ന ഒരു ഉറുമാൽ കണ്ടിട്ടു അതു വലിച്ചു ചീന്തിക്കളഞ്ഞു. പുണ്യസാധനങ്ങളുടെ ഒന്നിച്ചു പിശാചിന്റെ ആഡംബരങ്ങൾ ഒന്നിച്ചുചേർത്തു് വെക്കുന്നതു് ഒരു ഭയങ്കര കുറ്റമെന്നാണു ആ അധമൻ ആ സമയത്തു് പറഞ്ഞതു്. (പോയി.)
രംഗം 3

[എമിലിയും, മറിയാനിയും, ദേവസ്സിയും, കാളാന്തനും, ദോറീനയും പ്രവേശിക്കുന്നു.]

എമിലി:
(കാളാന്തനോടു) വാതിലിന്റെ സമീപത്തുവച്ചു മുത്തശ്ശി ഞങ്ങളോടു ചെയ്ത പ്രസംഗം കേൾപ്പാൻ നീ ഇല്ലാഞ്ഞതു നിന്റെ പരമഭാഗ്യമാണെന്നു വിചാരിച്ചുകൊൾക. എന്റെ ഭർത്താവു വന്നുകേറിയതു് ഞാൻ കണ്ടു. അവർ എന്നെ ഇനിയും കണ്ടിട്ടില്ല. അതുകൊണ്ടു് ഞാൻ മുകളിൽപോയി അവർ വരുന്നതും കാത്തിരിക്കട്ടെ. കാളാന്തൻ സമയം കളയാതിരിപ്പാൻ വേണ്ടി, ഞാൻ അവരേയും കാത്തു ഇവിടെ തന്നെ നില്ക്കാം. ഞാൻ അയാളോടു ഒരു ‘ഗുഡ്മോർണിങ്ങ്’ മാത്രം പറയും. എന്നിട്ടു ക്ഷണം പോകും.

[രണ്ടാളും രണ്ടുവഴിയായി പോയി.]

രംഗം 4

[കാളാന്തനും ദേവസ്സിയും ദോറീനയും പ്രവേശിക്കുന്നു.]

ദേവസ്സി:
എന്റെ പെങ്ങളുടെ വിവാഹത്തെപ്പറ്റി നീ അവരോടു ഒരു വാക്കെങ്കിലും പറയണം. തറിയൻ ഉപദേശിയാർ അതിന്നു് തടസ്ഥം പറഞ്ഞിട്ടുണ്ടെന്നു് ഞാൻ ഊഹിക്കുന്നു. അയാളാണു അച്ഛന്റെ മനസ്സു് വേണ്ടാതെ കണ്ടു കൂടെക്കൂടെ ഇളക്കി മറിക്കുന്നതു്. ഞാനും ഈ കാര്യത്തിൽ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരം നിനക്കുണ്ടല്ലൊ. അന്യോന്യരാഗത്തിന്റെ ശക്തി എന്റെ സഹോദരിയേയും വലീരിയേയും ഒന്നാക്കുമെങ്കിൽ ഞാൻ അയാളുടെ സഹോദരിയേയും രാഗിക്കുന്നുണ്ടു്. ഈ വിവാഹം നടന്നു…
ദോറീന:
യജമാനൻ വരുന്നുണ്ടു. (രണ്ടാളും പോയി.)
രംഗം 5

[അരാഗനും കാളാന്തനും ദോറീനയും പ്രവേശിക്കുന്നു.]

അരാഗൻ:
ഹാ, സഹോദര! ഗുഡ് മോർണിങ്ങ്! (മടക്കിക്കിട്ടുന്നു)
കാളാന്തൻ:
ഞാൻ ഇപ്പോൾതന്നെ പോകുമായിരുന്നു. എന്നാൽ നിങ്ങളോടും ഗുഡ്മോർണിങ്ങ് പറവാൻ ഇടവന്നതിൽ എനിക്കു സന്തോഷമുണ്ടു്. നാട്ടിലുള്ള ലഹള ഒരുവിധത്തിൽ ശമിച്ചായിരിക്കും. നിങ്ങൾ ഒരു കാര്യത്തിനു് തുനിഞ്ഞാൽ അതു നിറവേറ്റാതെ മടങ്ങുമോ?
അരാഗൻ:
ദോറീനേ! (കാളാന്തനോടു്) അളിയാ! അല്പനേരം ഇവിടെ ഇരിക്കൂ. എന്റെ കുടുംബത്തിന്റെ വിവരം ചോദിച്ചറിഞ്ഞിട്ടു് എന്റെ അസ്വാസ്ഥ്യം ഞാൻ ഒന്നാമതു് തീർക്കട്ടെ. (ദോറീനയോടു്) കഴിഞ്ഞ രണ്ടു ദിവസത്തിൽ എല്ലാ കാര്യങ്ങളും ശുഭമായിത്തന്നെ കഴിഞ്ഞില്ലേ? എന്താണു് ഉണ്ടാവാൻ പോകുന്നതു്? എല്ലാവർക്കും സുഖം തന്നെയല്ലേ?
ദോറീന:
മിനിഞ്ഞാന്നു് പകൽ മുഴുവനും, വൈകുന്നേരവും കൊച്ചമ്മയ്ക്കു കഠിനതലവേദനയും പനിയും ഉണ്ടായിരുന്നു.
അരാഗൻ:
തറിയൻ ഉപദേശിയാർ എങ്ങിനെയിരിക്കുന്നു?
ദോറീന:
ഉപദേശിയാരോ? അയാൾക്കു സുഖംതന്നെ. അയാളെ സുഖക്കേടു ബാധിക്കുമോ? അയാൾക്കു് ഒട്ടും കുറവില്ല. രൊമ്പം കൊഴുപ്പു്. വെളുപ്പുനിറം. ചുകന്ന ചുണ്ടു്.
അരാഗൻ:
സാധു മനുഷ്യൻ!
ദോറീന:
കൊച്ചമ്മയ്ക്കു് വൈകുന്നേരം മനംപിരിച്ചൽ ഉണ്ടായിരുന്നു. ഭക്ഷണമായിട്ടു് യാതൊന്നും തൊടാൻപോലും അവർക്കു് സാധിച്ചിരുന്നില്ല. ആ സമയത്തുകൂടി അവർക്കു കഠിന തലവേദനയുണ്ടായിരുന്നു.
അരാഗൻ:
ഉപദേശിയാർക്കു സുഖമല്ലെ?
ദോറീന:
കൊച്ചമ്മ ഊണുകഴിക്കാറുള്ള സമയത്തിനു മുമ്പു് അയാൾ ഊണുകഴിച്ചു. അത്യാർത്തിയോടെ രണ്ടു കോഴികളെ റോസ്റ്റാക്കി വെച്ചതു് മുഴുവനും തിന്നുതീർത്തു. ഒരു ആടിന്റെ തുട സ്റ്റുവാക്കിയ നിലയിൽ അടിവറ്റിച്ചു.
അരാഗൻ:
സാധു മനുഷ്യൻ!
ദോറീന:
കൊച്ചമ്മയ്ക്കു രാത്രി തീരെ ഉറക്കമുണ്ടായില്ല. പനി അവരെ വളരെ ക്ലേശിപ്പിച്ചു. പുലരുന്നതുവരെ ഞങ്ങൾ ഉറക്കമൊഴിച്ചു് അവരുടെ അടുക്കെ ശുശ്രൂഷയ്ക്കുവേണ്ടി ഇരിക്കേണ്ടിവന്നു.
അരാഗൻ:
തറിയൻ മൂപ്പരുടെ വർത്തമാനമെന്തു്?
ദോറീന:
വയറു് പൊക്കൂട്ടിക്കപോലെ ആക്കിയതുകൊണ്ടു് അയാൾ ഉറക്കം തൂക്കി. മെല്ലെ അയാൾ അവിടന്നു് എഴുന്നേറ്റു് അയാളുടെ മുറിയിലേക്കു പോയി. നേരെ ചെന്നു് ആ നല്ല തണുത്ത മെത്തയിൽ സുഖമായിക്കിടന്നു. പിറ്റേന്നു് പുലരുംവരെ ഒരു അലോഗ്യവുംകൂടാതെ തൃപ്തനായി കിടന്നുറങ്ങി.
അരാഗൻ:
സാധു മനുഷ്യൻ!
ദോറീന:
ഒടുവിൽ, ഞങ്ങളുടെ നിർബന്ധപ്രകാരം കൊച്ചമ്മ അനുസരിച്ചു—കൊമ്പുവെച്ചു് കുറെ ചോര എടുത്തുകളയുവാൻ അവർ സമ്മതിച്ചു. അക്ഷണംതന്നെ അവരുടെ സുഖക്കേടു് മാറുകയും ചെയ്തു.
അരാഗൻ:
തറിയൻ ഉപദേശിയാരുടെ കാര്യമോ?
ദോറീന:
അദ്ദേഹം വേണ്ടിടത്തുതന്നെ ധൈര്യം കാണിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനെ ദോഷങ്ങൾ നേരിടാതിരിപ്പാൻ വേണ്ടുന്ന മനശ്ശക്തിയാകുന്ന ഒരു കോട്ടകെട്ടി ധൈര്യത്തോടെ രക്ഷിച്ചു. കൊച്ചമ്മയ്ക്കു നഷ്ടംവന്ന രക്തം പിന്നെയും അവർക്കുണ്ടായിവരാൻവേണ്ടി ഉച്ചയ്ക്കലത്തെ ഊണിനു് അയാൾ മൂന്നാലുകുപ്പി വൈൻ മൂക്കറ്റം കുടിച്ചു.
അരാഗൻ:
സാധു മനുഷ്യൻ!
ദോറീന:
അതുകൊണ്ടു് ഇപ്പോൾ രണ്ടാൾക്കും സുഖംതന്നെ. കൊച്ചമ്മയുടെ സുഖക്കേടു് ഭേദമായതുകൊണ്ടു് നിങ്ങൾ അത്യന്തം സന്തോഷിക്കുന്നുണ്ടെന്ന വിവരം ഞാൻ ഇപ്പോൾതന്നെ പോയി അവരെ അറിയിക്കട്ടെ. (പോയി)
രംഗം 6

[അരാഗനും കാളാന്തനും പ്രവേശിക്കുന്നു.]

കാളാന്തൻ:
സഹോദര! നിങ്ങളുടെ മുഖത്തു നോക്കി അവൾ (ഭാര്യ) മക്കാറാക്കുന്നു. എനിക്കു നിങ്ങളെ കോപിപ്പിക്കണമെന്ന വിചാരംതന്നെ. ഇല്ല. എന്നാലുംകൂടി അവൾ ചെയ്യുന്നതു് ശരിയും ന്യായവുമാണെന്നു് ഞാൻ തുറന്നു പറയുന്നു. ഇങ്ങിനെ ഒരു ഭ്രമം ഇതുവരെ ആരെങ്കിലും കേട്ടിട്ടുണ്ടായിരിക്കുമോ? ബാക്കി സകലതും മറന്നുകളയുവാൻ നിങ്ങളെ പ്രേരിപ്പിക്കാൻ തക്കവണ്ണം ഒരു ആണിന്നു് ഇത്രവലിയ കാന്തശക്തി എങ്ങിനെ വരും? നിങ്ങൾ അയാളെ ദാരിദ്ര്യത്തിൽനിന്നു രക്ഷിച്ചു. ഇവിടെ പാർപ്പിച്ചിട്ടു് നിങ്ങൾ അയാൾക്കൊരു വീടും കൊടുത്തു. ഇതൊന്നും പോരെ? പിന്നെ…
അരാഗൻ:
പ്രിയ സഹോദരാ! ഈ വിഷയത്തെപ്പറ്റി നീ ഇനിയും സംസാരിച്ചിട്ടു് ഫലമില്ല. നീ ഇനിയും അറിഞ്ഞിട്ടില്ല.
കാളാന്തൻ:
നിങ്ങൾ അങ്ങിനെയാണു് വിചാരിക്കുന്നതെങ്കിൽ ഞാൻ അയാളെ അറിയില്ല എന്നുതന്നെ സമ്മതിക്കും.
അരാഗൻ:
അയാളോടുള്ള എന്റെ അതിരറ്റ സ്നേഹത്തിന്നു് ഒരിക്കലും ക്ഷമയുണ്ടാകയില്ല. ആ മനുഷ്യൻ… ആരാണു്…ഹാ! വാസ്തവത്തിൽ അയാൾ… എന്നുവെച്ചാൽ അയാളുടെ ഇഷ്ടത്തിന്നനുസരിച്ചു് ആരു് പ്രവർത്തിക്കുന്നുവോ അവർക്കു് മാത്രമേ മനസ്സമാധാനം ഉണ്ടാകയുള്ളൂ. അങ്ങിനെചെയ്യാത്തവർ മുഴുവനും അയാൾക്കു് കാഷ്ഠങ്ങൾ മാത്രമാണു്. അയാളുടെ സംസർഗ്ഗംകൊണ്ടു് ഞാൻ നല്ല ഒരാളായി ഭേദപ്പെട്ടുപോയിരിക്കുന്നു. എന്റെ മിത്രങ്ങൾ കൊള്ളാത്തവരാണെന്നു് തോന്നിയാൽ എന്റെ ഹൃദയം അവരിൽനിന്നു് അപ്പോൾ പിന്നോക്കം തിരിച്ചുവരുത്തുന്നു. ഭൂമിയിലുള്ള യാതൊന്നിലും സ്നേഹമോ തൃഷ്ണയോ വെക്കരുതെന്നു് എന്നെ കണിശമായി പഠിപ്പിച്ചുതരുന്നു. അതിന്റെ ഫലമായി എന്റെ കൺമുമ്പിൽവെച്ചു്, എന്റെ സഹോദരനൊ, മക്കളൊ, അമ്മയോ, ഭാര്യയോ ഒന്നിച്ചു മരിച്ചുപോയാലും എനിക്കൊരു കൂസലും ഉണ്ടാകയില്ല; ഒരു മണ്ണാങ്കട്ടയുമില്ല.
കാളാന്തൻ:
സഹോദരാ! വളരെ മനസ്സലിവുള്ള വാക്കുകൾതന്നെയാണു് നിങ്ങൾ പറയുന്നതു്, സംശയമില്ല.
അരാഗൻ:
അയ്യോ, ദൈവമേ! ഞാൻ ആദ്യം കണ്ട കോലത്തിൽ നിങ്ങൾ അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ, ഞാൻ അദ്ദേഹത്തെ സ്നേഹിച്ചുപോയതുപോലെ നിങ്ങളും അയാളെ സ്നേഹിക്കുമായിരുന്നു. പശ്ചാത്താപം സൂചിപ്പിക്കുന്ന മുഖഭാവത്തോടെ അയാൾ എല്ലാ ദിവസവും പള്ളിയിൽ വരും. എന്റെ എതിർഭാഗത്തു് രണ്ടു മുട്ടുംകുത്തിയാണു് ഇരിക്കുന്നതു്. പള്ളിയിൽ വന്നുകൂടുന്ന സർവ്വരും സ്വർഗ്ഗസ്ഥനായ പിതാവിനോടുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ വീര്യം കണ്ടിട്ടു് സ്തംഭിച്ചുപോകും. ദീർഘമായി നിശ്വസിച്ചിട്ടും, ഇടക്കിടെ ഉറക്കെ ശബ്ദിച്ചുകൊണ്ടും നിമിഷംതോറും എത്രയോ വിനീതനായി നിലം ചുംബിച്ചുകൊണ്ടിരിക്കും. ഞാൻ പള്ളിയിൽനിന്നു മടങ്ങുമ്പോൾ വാതില്ക്കൽവെച്ചു പരിശുദ്ധവെള്ളം എനിക്കു തരാൻവേണ്ടി എന്നെക്കാൾ മുമ്പിൽ അവിടെ ഹാജരുണ്ടാവും. അയാളെപ്പോലൊരു ഭക്തനാണു് തന്റെ ദാസൻ. അവനോടു ചോദിച്ചിട്ടാണു് ഞാൻ അയാൾ ആരാണെന്നും അയാൾക്കു് പരാധീനം വളരെയുണ്ടെന്നും മനസ്സിലാക്കിയതു്. അന്നുമുതല്ക്കാണു് ഞാൻ അയാൾക്കു പണമായിട്ടും സാധനങ്ങളായിട്ടും സംഭാവന കൊടുത്തു തുടങ്ങിയതു്. നാണമുള്ള മനുഷ്യനായിരിക്കകൊണ്ടു് ചിലതെല്ലാം മടക്കിത്തരുവാൻ അയാൾ നോക്കാറുണ്ടെന്നു് കേട്ടു. “ഇതൊക്കെ വേണ്ടതിലധികമായിപ്പോയി. കണക്കിലേറെയായിപ്പോയി. നിങ്ങളുടെ ഔദാര്യത്തിനു് ഞാൻ അർഹനാണെന്നു് തോന്നുന്നില്ല.” ഇങ്ങിനെ പറഞ്ഞു് ചിലതൊക്കെ മടക്കിത്തരാൻ നോക്കും. ഞാനതു് വാങ്ങാതിരുന്നാൽ അയാൾ എന്റെ മുമ്പിൽവെച്ചുതന്നെ അതു ഗതിയില്ലാത്ത ദരിദ്രർക്കു കൊടുക്കും. ഒടുവിൽ എന്റെ വീട്ടിൽ അയാളെ കൂട്ടിക്കൊണ്ടുപോവാൻ ഈശ്വരനാണു എനിക്കു തോന്നിച്ചുതന്നതു്. അയാൾ എന്റെ വീടിന്റെ പടികയറിയാൽ പിന്നെ വീടിന്നു് വർക്കത്തു വന്നുകൂടി. ഭാഗ്യവും സമൃദ്ധിയും കൂടിവന്നു. അയാൾ സകലതിനും കുറ്റപറയുന്നതും തെറ്റല്ല. എനിക്കുവേണ്ടി—എന്നെ വിചാരിച്ചിട്ടു മാത്രമാണു് അയാൾ എന്റെ ഭാര്യയോടുംകൂടി വളരെ പ്രതിപത്തി കാണിക്കുന്നതു്. അവളുടെമേൽ കള്ളനോട്ടം വെക്കുന്നതു് ആരാണെന്നു് അയാൾ എന്നോടു് പറഞ്ഞുതരുന്നു. എന്റെ ഭാര്യയുടെ കാര്യത്തിൽ എന്നെക്കാൾ ആറിരട്ടി അസൂയ അയാളെയാണു ബാധിക്കുന്നതു്. അയാളുടെ തൃഷ്ണ എത്ര കൈകടന്നതാണെന്നു് ഞാൻ പറഞ്ഞാലൊന്നും നിങ്ങൾക്കു ബോദ്ധ്യം വരില്ല. ചില്ലറക്കാര്യങ്ങളിൽതന്നെ അയാൾ തന്നെപ്പറ്റി പാപിയെന്നാണു പറയുന്നതു്. നിസ്സാരമായ ചില്ലറക്കാര്യവുംകൂടി അയാളെ കലശലായി പ്രകമ്പിപ്പിക്കുന്നു. എത്രത്തോളം കൈകടന്നുപോകുന്നെന്നു് ഞാൻ പറഞ്ഞുതരാം. അയാൾ പ്രാർത്ഥനയിൽ മുഴുകിയിരിക്കെ തന്നെ ദ്രോഹിക്കാൻ വന്ന ഒരു കൊതുവിനെ, പെട്ടെന്നു് അടിച്ചുകൊന്നുപോയതുകൊണ്ടു് അയാൾ ഒരു ദിവസം തന്നെ ശപിക്കുന്നതും പഴിക്കുന്നതും ഞാൻ കേട്ടു.
കാളാന്തൻ:
സഹോദരാ! ദൈവത്താണെ നേരു്, നിങ്ങൾക്കു ഭ്രാന്താണു്; ഞാൻ അങ്ങിനെ വിചാരിക്കുന്നു. അല്ലെങ്കിൽ ഇങ്ങിനെ ഒരു പ്രസംഗം കഴിച്ചിട്ടു് എന്നെ മക്കാറാക്കാനാണു് നിങ്ങൾ ഭാവിക്കുന്നതു്. അല്ലെങ്കിൽ ഈ വിഡ്ഢിത്തം വിളമ്പിട്ടു് എന്തു കാര്യം നേടാനാണു് നിങ്ങൾ വിചാരിക്കുന്നതു്?
അരാഗൻ:
സഹോദരാ! നിങ്ങളുടെ സംസാരത്തിൽ നാസ്തികത്വം മുഴക്കുന്നു. അതുകൊണ്ടു് നിങ്ങളുടെ ആത്മാവു് മലിനപ്പെട്ടുപോയിട്ടുണ്ടെന്നു് ഞാൻ ശങ്കിക്കുന്നു. നിങ്ങൾ നിങ്ങളുടെ തലയിൽ വല്ല ന്യായവിധിയും വലിച്ചിടുവാൻ മതി എന്നു് ഞാൻ നിങ്ങളോടു് ചുരുങ്ങാതെ ഇരുപതു കുറി പറഞ്ഞുതന്നിരിക്കുന്നു.
കാളാന്തൻ:
നിങ്ങളെപ്പോലെ ഉള്ളവരുടെ ഒരു ഒഴിച്ചുകൂടാത്ത സ്വഭാവമാണു് ഇതു്. ബാക്കിയുള്ളവരും അവരെപ്പോലെ അന്ധന്മാരായിരിക്കണം എന്നാണു അവരുടെ പിടിത്തം. നിങ്ങൾക്കു കാര്യം കണ്ടറിവാൻ മിടുക്കുള്ള കണ്ണുകളുണ്ടെങ്കിൽ അവർ നിങ്ങളെ നാസ്തികനെന്നു വിളിക്കും അവരുടെ കോപ്രാട്ടികളൊക്കെ നിങ്ങൾ ആദരിക്കാഞ്ഞാൽ നിങ്ങൾക്കു വിശ്വാസമൊ പുണ്യസാധനങ്ങളോടു വിലയൊ ഇല്ലന്നു് പറയും. ഇതൊന്നും വേണ്ട തന്നെ. ഈ മാതിരി സംസാരംകൊണ്ടു ഞാൻ പേടിക്കയില്ല. ഞാൻ പറയുന്നതു് എന്താണെന്ന ബോദ്ധ്യം എനിക്കു നല്ലവണ്ണം ഉണ്ടു്. ഈശ്വരൻ എന്റെ ഹൃദയം കാണുന്നുണ്ടു്. അർത്ഥം ഇല്ലാതെ വല്ലതും സംസാരിക്കുന്ന ചില കപടന്മാരുടെ വലയിൽ ഞങ്ങളാരും പെടുകയില്ല. ധീരോദാത്തന്മാരെപ്പോലെ നടിക്കുന്ന ചില വഞ്ചകന്മാരും ചില കപടസന്യാസികളും. തങ്ങളുടെ സ്തുത്യർഹമായ കർമ്മങ്ങളെപ്പറ്റി സാക്ഷാൽ വീരപുരുഷർ കൊട്ടിഘോഷിക്കാതിരിക്കുന്നപോലെ നാം മാതൃകയായിപ്പിടിക്കുന്ന യഥാർത്ഥ ഭക്തന്മാരും വേണ്ടാത്ത വേഷം കെട്ടൽകൊണ്ടൊ കാട്ടിക്കൂട്ടൽ കൊണ്ടൊ തൃപ്തിപ്പെടുന്നവരല്ല. എന്താണു ഞാൻ പറയേണ്ടതു്? യഥാർത്ഥ ഭക്തിയും കാപട്യവും തമ്മിൽ വ്യത്യാസം നിങ്ങൾ കാണുന്നില്ല എന്നൊ? അതുകൊണ്ടു നടക്കുന്നവരോടും സാക്ഷാൽ ഭക്തരോടും ഒരേ വിധത്തിൽ നിങ്ങൾ പെരുമാറുമൊ? മറച്ച മുഖത്തേയും തെളിഞ്ഞ മുഖത്തേയും ഒരുപോലെയാണൊ നിങ്ങൾ ബഹുമാനിക്കേണ്ടതു്? കെട്ടിക്കോലവും യഥാർത്ഥ കോലവും ഒരുപോലെ ആയിരിക്കുമൊ? യാഥാർത്ഥ്യവും നാട്യവും ഒന്നാണൊ? ഒരു മനുഷ്യനെപ്പോലെ അവന്റെ നിഴലിനെ നിങ്ങൾ ആദരിക്കുമൊ? കള്ളനാണ്യം ശരിയായ നാണ്യത്തിന്നു് തുല്യമായിരിക്കുമൊ? ശരിയായ പട്ടും ഇമിറ്റേഷൻ പട്ടും ഒന്നാണൊ? നിശ്ചയമായിട്ടും മനുഷ്യന്മാർ മിക്കവരും അത്ഭുതജന്തുക്കളാണു. അവരിൽ ആരും ഒരു മദ്ധ്യഭാവം സ്വീകരിക്കുന്നില്ല. ഒന്നുമില്ലെങ്കിൽ ഉത്തമൻ. അല്ലെങ്കിൽ അധമൻ. നല്ല ബുദ്ധിയുടെ അതിരു് വളരെ നേർമ്മയായിട്ടു തോന്നീട്ടു അവർ അവിടന്നു നേരെ പോകുന്നതിന്നു പകരം ഇടത്തൊ വലത്തൊ തിരിഞ്ഞു കളയുകയാണു ചെയ്യുന്നതു്. അതിരു് കവിഞ്ഞു് പോയിട്ടു് ഉൽകൃഷ്ടവസ്തുക്കളെത്തന്നെ അവർ ചീത്തയാക്കുന്നുണ്ടു്. അവർ അഗാധത്തിൽ തള്ളിവിടുന്നതുകൊണ്ടാണു പൊരുളില്ലായ്മയിൽ ചെന്നു തുഞ്ചുന്നതു. ഞാൻ ഇതൊക്കെ പറയുന്നതു് ചില കാര്യങ്ങളിൽ നല്ലവണ്ണം കണ്ണുതുറക്കേണ്ടതിനാണു്.
അരാഗൻ:
ഓഹോ. ഈ തത്വത്തെ ഒന്നാമതു് വ്യാഖ്യാനിക്കുന്നതു നിങ്ങൾ ഒരുവനാണു്. പ്രിയസഹോദരാ! നിങ്ങളോടുകൂടി വിവേകവും അസ്തമിച്ചുപോകും. സംശയമില്ല. നിങ്ങളാണു ഒരേ ഒരു വിവേകി. ഹൃദയത്തിൽ വെളിച്ചം വന്ന ആൾ! പ്രവാചകൻ? ഇക്കാലത്തിലെ ശലോമോൻ! നിങ്ങളോടു് ഒത്തുനോക്കുമ്പോൾ ബാക്കി മനുഷ്യരൊക്കെ വങ്കന്മാരാണു്.
കാളാന്തൻ:
ഈ തത്വത്തെ മുറുകെപ്പിടിച്ചവൻ ഞാൻ മാത്രമല്ല. വിവേകവും എന്നോടൊപ്പം അസ്തമിച്ചുപോകയില്ല. എന്റെ അറിവു് അപാരമല്ലെങ്കിലും ഒരു കാര്യം എനിക്കു നല്ലവണ്ണം അറിയാം. നേരും കളവും തമ്മിൽ പകലും രാവുംപോലെ വ്യത്യാസമുണ്ടു്. യഥാർത്ഥമതവിശ്വാസിയെപ്പോലെ പുകഴ്ത്താനർഹനായ ഒരു വീരപുരുഷനെ മറ്റു കാര്യങ്ങളിൽ വിരുതുള്ളവരുടെ ഇടയിൽ കാണുകയില്ല. യഥാർത്ഥഭക്തിയിലുള്ള പുണ്യതൃഷ്ണയോളം മനോഹരവും ഉൽകൃഷ്ടവുമായിട്ടു മറ്റൊന്നുമില്ല. നേരെ മറിച്ചു് ലോകത്തെ കബളിപ്പിക്കാൻവേണ്ടി ഭക്തിയുണ്ടെന്നു നടിക്കുന്നവനെപ്പോലെ അധമരിൽവെച്ചു് അധമൻ ഉണ്ടാകയില്ല. ലജ്ജയില്ലാത്ത വഞ്ചകന്മാർ! സ്വാർത്ഥത്തിനോ കാര്യലാഭത്തിനോ ഭക്തിയും പൂശി നടക്കുന്ന നാണമില്ലാത്ത നായ്ക്കൾ! അവരുടെ വഞ്ചനാമയവും ദോഷഭൂയിഷ്ഠവും ഭക്തിനാശകവുമായ നാട്യംകൊണ്ടു് ആളുകളുടെ കണ്ണിൽ പൊടിയിട്ടു് നടക്കുന്ന കരിങ്കള്ളന്മാർ! മനുഷ്യർ ആരാധ്യമായി വെച്ചിരിക്കുന്ന സകലതിനേയും നിർഭയം പുച്ഛമാക്കിവിടുന്നവർ. താന്താങ്ങളെ സ്വാർത്ഥത്തിന്റെ അടിമകളാക്കി, നന്മകളെ കച്ചവടസ്സാമാനങ്ങളാക്കി, സ്വാധീനശക്തിക്കും പദവിക്കും വേണ്ടി കൊള്ളക്കൊടുക്ക ചെയ്തുകൂട്ടുന്ന ദുസ്സാമർത്ഥ്യക്കാർ!കപടമായി കണ്ണുരുട്ടുകയും സന്തോഷം നടിക്കുകയും ചെയ്യുന്ന ദുഷ്ടക്കൂട്ടർ! ഇവർ സ്വർഗ്ഗത്തിൽ പോകാനുള്ള മാർഗ്ഗത്തിൽ പ്രവേശിച്ചവരാണെന്നു നടിച്ചു്, വഴിക്കുവെച്ചു് അസാധാരണ തൃഷ്ണയോടെ സ്വാർത്ഥത്തിന്നുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരാണു്. ഇരക്കുവാനുള്ള സാമർത്ഥ്യം കണക്കിലേറെ ഉള്ളതുകൊണ്ടു്, പലതിനും ദൈവത്തോടു് അർത്ഥിക്കുന്നവരാണു്. രാജസഭയിൽ കേറിച്ചെല്ലുന്നതു്, ചിലരോടു് ജോലി രാജിവെച്ചു് ശാന്തന്മാരായി ബാക്കികാലം കഴിപ്പാൻ ഉപദേശിക്കാൻവേണ്ടിയാണു്. ഇവർ അവരുടെ ദുർന്നടപടികൾ ന്യായീകരിക്കുവാൻ വേദപ്രമാണം ഉച്ചരിക്കുന്നവരാണു്. മുങ്കോപികളും, പഹയരും, അവിശ്വസ്തരും, ചതിയന്മാരുമാണു്. ഒരാളെ നശിപ്പിക്കണമെങ്കിൽ, അതിന്നു കാരണം പണ്ടുപണ്ടേയുള്ള ശത്രുത്വമാണെന്നു് പറയുന്നതിന്നു പകരം ദൈവകോപമാണെന്നു മാത്രം ധൈര്യത്തോടെ പറയും. ഇതിലും എത്രയോ ഭയങ്കരകാര്യങ്ങൾ ഇനിയും പറയുവാനുണ്ടു്. നമ്മളോടു് കോപിക്കുമ്പോൾ, നമ്മുടെ നേരെ അവർ പ്രയോഗിക്കുന്ന ആയുധങ്ങൾ മനുഷ്യർ പല കാലമായി ആദരിച്ചും ആരാധിച്ചും പോരുന്ന ചില ചടങ്ങുകളെ തിരിച്ചു പിടിച്ചാണു്. അവരുടെ ദുഷ്കാമങ്ങളെ നല്ലതാണെന്ന നിലയിൽ അവർ ലോകത്തെക്കൊണ്ടു് അഭിനന്ദിപ്പിക്കുന്നു. തന്നിമിത്തം പുണ്യവാൾകൊണ്ടു് നമ്മെ വെട്ടുവാൻ അവസരവും പാർത്തു നില്ക്കുന്നു. ഇപ്പോഴും അത്തരം കള്ളപ്പിശാചുക്കളെ വളരെ കാണാം. എന്നാലുംകൂടി പരമാർത്ഥികളെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. സുന്ദരമാതൃകാജനങ്ങൾ ഇപ്പോഴും നമ്മുടെ ഇടയിൽ കാണും. എത്രയോ പാതിരിഅച്ചന്മാരുടെ പേരുകൾ നമുക്കു അഹന്തയോടെ എടുത്തുപറയാനുണ്ടു്. അവർ യഥാർത്ഥമതവിശ്വാസികളാണെന്നതു് ആരും നിഷേധിക്കുകയില്ല. എന്നാൽ അവർ താന്താങ്ങളുടെ ഗുണങ്ങളെ കൊട്ടിഘോഷിക്കുന്നവരല്ല. ദുസ്സഹമായ നാട്യംകൊണ്ടു് അവർ ചുറ്റുവട്ടക്കാരെ വെറുപ്പിച്ചു വിടുന്നില്ല. അവരുടെ മതം ദയാപരവും സ്വീകാര്യവും ആണു്. നമ്മുടെ എല്ലാകർമ്മങ്ങളും തുറിച്ചുനോക്കി വിധിപറയാൻനോക്കാൻ അവരാരും ആറ്റുനോറ്റിരിക്കുന്നവരല്ല. അങ്ങനെ ഒരു വിധികല്പന ധിക്കാരമാണെന്നതാണു് അവരുടെ പക്ഷം. വാക്കുകൊണ്ടു മാത്രമുള്ള മഹിമ അവർ അങ്ങിനത്തെ കൂട്ടർക്കു വിട്ടുകൊടുത്തിരിക്കുന്നു. അവരുടെ കർമ്മങ്ങളിൽ പ്രകാശിപ്പിക്കുന്ന ഗുണം കാണിച്ചിട്ടാണു് അവർ നമ്മുടെ കർമ്മങ്ങളിൽ കാണുന്ന ദോഷത്തെ ആക്ഷേപിക്കുന്നതു്. ദോഷം മറച്ചുവെച്ച മുഖഭാവങ്ങൾ അവരെ മയക്കിവിടാൻ ശക്തിപോരാത്തവയാണു്. അവർ സാധാരണായായി നല്ലവണ്ണം അറിയാത്തവരെ, നന്മയുള്ളവരാണെന്ന പട്ടികയിലെ ഒന്നാമതു് പെടുത്താറുള്ളു. അവരാരും കർണ്ണേജപന്മാരോ, വഴിക്കുണ്ടു കുഴിക്കുന്നവരോ അല്ല. അവരുടെ ശരിയും കൃത്യവുമായിട്ടുള്ള ജീവിതത്തിന്റെ വിചാരംമാത്രമെ അവർക്കു മുഖ്യമായിട്ടുള്ളു. പാപം ചെയ്തവരെ അവർ കടിച്ചുകീറാൻ നോക്കാറില്ല എന്നാലോ, പാപകർമ്മം ഒന്നു മാത്രമാണു് അവർ മനഃപൂർവ്വം വെറുക്കുന്നതു്. ഈശ്വരൻ അവരെക്കൊണ്ടു് ഇത്രത്തോളമേ സാധിക്കുകയുള്ളൂ എന്നു കണക്കാക്കിയതിനേക്കാളും കവിഞ്ഞു്, ഈശ്വരന്നുവേണ്ടി അദ്ധ്വാനിപ്പാനുള്ള തൃഷ്ണയും അവർ കാണിക്കാറില്ല. അതാണു് യഥാർത്ഥ ജീവിതം. അങ്ങിനെ ജീവിക്കുന്നവരാണു് എന്റെ വന്ദ്യനായകന്മാർ. ഈ മാതിരി ഒരു മാതൃകയേയാണു് നമ്മൾ പിന്തുടരേണ്ടതു്. നിങ്ങൾ പറയുന്ന ഉപദേശിയാർ ഇത്തരത്തിൽ വാർക്കപ്പെട്ട ഒരാളല്ല. അയാൾ കാണിക്കുന്ന തൃഷ്ണയെ പ്രശംസിക്കുന്നതു് നിങ്ങളുടെ പരമാർത്ഥബുദ്ധികൊണ്ടായിരിക്കാൻ മതി. എന്നാൽ കപടനാട്യങ്ങൾ കണ്ടിട്ടു് നിങ്ങൾ വഞ്ചിതരായിപ്പോയെന്നാണു് ഞാൻ വിചാരിക്കുന്നതു്.
അരാഗൻ:
എന്റെ ഗുണകാംക്ഷിയായ പ്രിയ അളിയാ! നിങ്ങൾ പറയേണ്ടതു് മുഴുവൻ പറഞ്ഞുകഴിഞ്ഞോ?
കാളാന്തൻ:
അതെ.
അരാഗൻ:
നിങ്ങളുടെ വിനീതദാസൻ…(പോകാൻ ഭാവിക്കുന്നു.)
കാളാന്തൻ:
ഒരു വാക്കുകൂടി പറയുവാനുണ്ടു്. ഉപദേശിയാരെപ്പറ്റിയുള്ള സംസാരം അവിടെ നില്ക്കട്ടെ. നിങ്ങൾക്കോർമ്മയില്ലെ നിങ്ങളുടെ മകളെ വലീരിക്കു കൊടുപ്പാൻ വാഗ്ദത്തം ചെയ്തതു്?
അരാഗൻ:
ഉണ്ടു്.
കാളാന്തൻ:
വിവാഹദിവസം കുറിച്ചോ?
അരാഗൻ:
ഉവ്വു്.
കാളാന്തൻ:
പിന്നെ എന്തിനാണു് അടിയന്തരം നീട്ടിവെക്കുന്നതു്?
അരാഗൻ:
തീർച്ച പറയാൻ ആയിട്ടില്ല.
കാളാന്തൻ:
നിങ്ങളുടെ ഉള്ളിൽ വേറെ വല്ല ഉദ്ദേശവും ഉണ്ടായിരിക്കുമോ?
അരാഗൻ:
ഉണ്ടെന്നും വരാം.
കാളാന്തൻ:
നിങ്ങൾ വാക്കു മാറ്റാൻ ഭാവമുണ്ടോ?
അരാഗൻ:
അത്രത്തോളം ഞാൻ പറയുന്നില്ല.
കാളാന്തൻ:
വാക്കു കൊടുത്ത പ്രകാരം കാര്യങ്ങൾ നടത്തുന്നതിൽ യാതൊരു തടസ്ഥവും നിങ്ങൾ ഗണിക്കുകയില്ലെന്നു് ഞാൻ വിശ്വസിക്കുന്നു.
അരാഗൻ:
അതൊക്കെ കാര്യങ്ങളുടെ സ്ഥിതിപോലെ ആയിരിക്കും.
കാളാന്തൻ:
എന്തിനാണു് നിങ്ങൾ വളയുകയും തിരിയുകയും ചെയ്യുന്നതു്? ഈ കാര്യം നിവൃത്തിച്ചുകൊടുപ്പാൻ വേണ്ടിയാണു് വലീരി എന്നെ ഇങ്ങോട്ടു അയച്ചതു്.
അരാഗൻ:
ദൈവത്തെ സ്തുതിക്കുമാറാകട്ടെ.
കാളാന്തൻ:
എന്തു മറുപടിയാണു് ഞാൻ കൊണ്ടുപോകേണ്ടതു്?
അരാഗൻ:
എന്തെങ്കിലും നിങ്ങൾക്കു് ഇഷ്ടമുള്ളതു്.
കാളാന്തൻ:
അങ്ങിനെയല്ല. നിങ്ങളുടെ കർമ്മക്രമം ഞങ്ങൾക്കു അറിയേണ്ടതുണ്ടു്. അതു് എന്തൊക്കെയാണു്?
അരാഗൻ:
ഞാൻ ദൈവം കല്പിക്കും പോലെ ചെയ്യും.
കാളാന്തൻ:
ശരിയായിട്ടു് ചോദ്യത്തിനു് സമാധാനം പറയൂ. നിങ്ങൾ വലീരിക്കു വാക്കുകൊടുത്തുപോയിരിക്കുന്നു. അപ്രകാരം പ്രവർത്തിക്കാനുള്ള ഭാരം നിങ്ങൾക്കുണ്ടു്.
അരാഗൻ:
ഗുഡ് ബൈ. (പോയി)
കാളാന്തൻ:
വലീരിയുടെ രാഗം ഗുണത്തിൽ കലാശിക്കുമോ എന്നു് ഞാൻ വളരെ ഭയപ്പെടുന്നു. ഇവിടെ നടക്കുന്നതു് എന്തൊക്കെയാണെന്നു് അവനെ ധരിപ്പിക്കാൻ എനിക്കു പോകാതെ നിവൃത്തിയില്ല. (പോയി)
രണ്ടാം അങ്കം
രംഗം 1

[അരാഗനും മറിയാനിയും പ്രവേശിക്കുന്നു.]

അരാഗൻ:
മറിയാനി ഇങ്ങോട്ടു വാ.
മറിയാനി:
ഞാൻ എന്തുവേണം അപ്പാ?
അരാഗൻ:
വാ. എനിക്കു നിന്നോടൊരു ഗോപ്യമായ കാര്യം പറയാനുണ്ടു്. (ഒരു ചെറിയ കുളിമുറിയുടെ നേർക്കു് നോക്കുന്നു.)
മറിയാനി:
അങ്ങിനെ ആകട്ടെ. എന്താ നിങ്ങൾ ഇത്ര സൂക്ഷിച്ചു നോക്കുന്നതു്?
അരാഗൻ:
നാം പറയുന്നതു് ഒളിച്ചു കേൾപ്പാൻ അവിടെ ആരും പതിയിരിപ്പില്ലെന്നു ബോദ്ധ്യംവരാൻ. ഈ ചെറിയ കുളിമുറി ഒളിപ്പാൻ നല്ല ദിക്കാണു്. ശരി. ഇപ്പോൾ നമുക്കു് ഒന്നും ഭയപ്പെടാനില്ല. മറിയാനി! നീ എല്ലായ്പോഴും അനുസരണവും ശാന്തസ്വഭാവവും കാണിക്കുന്ന എന്റെ ഓമനമകളാണു്. അതുകൊണ്ടു് എനിക്കു നിന്നെ വളരെ സ്നേഹമാണു്.
മറിയാനി:
അച്ഛൻ എന്നെ സ്നേഹിക്കുന്നതുകൊണ്ടു് ഞാൻ വളരെ സന്തോഷിക്കുന്നു. ആ നന്ദി എന്നെ വിട്ടുപോകയില്ല.
അരാഗൻ:
മക്കളെ! അതാണു ശരിയായ വാക്കു്. എല്ലാ കാര്യത്തിലും ഞാൻ പറയുംപ്രകാരം ചെയ്യുമെന്നു ബോദ്ധ്യം വന്നാൽ എന്റെ സ്നേഹം നിന്നിൽ ഏതുകാലത്തും ക്ഷയിക്കാതെ നിലനില്ക്കുന്നതാണു്.
മറിയാനി:
നിങ്ങൾ പറയുമ്പോലെ ഞാൻ ചെയ്യുമെന്നുമാത്രമല്ല, അങ്ങിനെ ചെയ്യുന്നതു എനിക്കൊരു അഭിമാനവുംകൂടിയാണു്.
അരാഗൻ:
വളരെ നല്ലതു്. ഞാൻ ഒന്നു ചോദിക്കട്ടെ. തറിയൻ ഉപദേശിയാരെപ്പറ്റി നീ എന്തു വിചാരിക്കുന്നു?
മറിയാനി:
ആരു് ? ഞാനോ?
അരാഗൻ:
അതേ, നീതന്നെ. ആലോചിച്ചിട്ടുമാത്രം മറുപടി പറഞ്ഞാൽ മതി.
മറിയാനി:
ശരി. ശരി. ഞാൻ അയാളെപ്പറ്റി പറയുന്നതു്—പറഞ്ഞു കേൾപ്പാൻ നിങ്ങൾക്കു് ഇഷ്ടമുള്ളതു് ഏതോ അതുതന്നെ.
രംഗം 2

[അരാഗനും മറിയാനിയും പ്രവേശിക്കുന്നു. ദോറീന ബദ്ധപ്പെട്ടു പ്രവേശിച്ചു. അരാഗൻ കാണാതെ അയാളുടെ പിന്നിൽ വന്നു നില്ക്കുന്നു.]

അരാഗൻ:
നേരത്തെ നീ പറഞ്ഞതു് ഉചിതമായ വാക്കാണു്. നീ നല്ല ഒരു പെൺകുട്ടിയാണു്. മകളെ! ഉപദേശിയാരുടെ ശരീരം മുഴുവനും അദ്ദേഹത്തിന്റെ ഗുണംകൊണ്ടു തിളങ്ങുന്നില്ലേ? നീ തന്നെ പറയുക. നിന്റെ സ്നേഹം അയാളിൽ പതിഞ്ഞുപോയിട്ടില്ലേ? എന്റെ ഇഷ്ടത്തിന്നനുസരിച്ചു് അയാളെ ഭർത്താവായി സ്വീകരിപ്പാൻ നിനക്കു ഇഷ്ടവും സമ്മതവുമാണെന്നു് എനിക്കു് നല്ലവണ്ണം അറിയാം. അങ്ങിനെ അല്ലേ?
മറിയാനി:
എന്താണതു്?
അരാഗൻ:
നീ എന്തു പറയുന്നു?
മറിയാനി:
നിങ്ങൾ എന്തായിരുന്നു പറഞ്ഞിരുന്നതു്?
അരാഗൻ:
ഇത്രവേഗം മറന്നോ?
മറിയാനി:
ഞാൻ കേട്ടതു് ശരിയല്ലെന്നു് തോന്നിപ്പോകുന്നു.
അരാഗൻ:
അതിനു് എന്തു സംഗതി?
മറിയാനി:
അച്ഛാ, എന്റെ രാഗം ആരുടെമേൽ പതിഞ്ഞുപോയെന്നു് പറയാനാണു് നിങ്ങൾ ഇഷ്ടപ്പെടുന്നതു്? നിങ്ങളുടെ ഇഷ്ടപ്രകാരം എന്റെ ഭർത്താവായി ഞാൻ സ്വീകരിക്കേണ്ടതു് ആരെയാണു്?
അരാഗൻ:
തറിയൻ ഉപദേശിയാരെ.
മറിയാനി:
അച്ഛാ! അതു് സത്യമായിരിക്കയില്ല. ഞാൻ അതു സമ്മതിക്കുകയില്ല. ഈ ഭയങ്കരമായ അസത്യം പറയാൻ നിങ്ങൾ എന്നെ പ്രേരിപ്പിക്കുന്നതു് എന്തിനാണു്?
അരാഗൻ:
അതു് നിന്റെ അപ്രകാരമായ ആചരണംകൊണ്ടു് സത്യമായി വരുത്താൻവേണ്ടി നീ ഇത്രത്തോളം ധരിച്ചാൽ മാത്രം മതി. ഞാൻ വേണ്ടുന്ന ഏർപ്പാടുകളൊക്കെ ചെയ്തുകഴിഞ്ഞിരിക്കുന്നു.
മറിയാനി:
എന്താണച്ഛാ, നിങ്ങൾ എങ്ങിനെ ഞാൻ അറിയാതെ…
അരാഗൻ:
അതേ കുട്ടി. ഉപദേശിയാരെ വിവാഹംകൊണ്ടു് എന്റെ കുടുംബത്തിലെ ഒരു അംഗമാക്കാൻ ഞാൻ ഉറച്ചിരിക്കുന്നു. നിന്റെ മുറ… (ദോറീനയെ കാണുന്നു) നീ എന്താണു് ഇവിടെ ചെയ്യുന്നതു്? നിന്റെ ഈ മാതിരി വാസന കേമംതന്നെ. ഞങ്ങൾ സ്വകാര്യം സംസാരിക്കുന്നതു് ഒളിച്ചു കേൾപ്പാൻ നിനക്കു തോന്നിയല്ലൊ?
ദോറീന:
ദൈവത്താണെ നേരു്. ഈ വിവാഹശ്രുതി എങ്ങിനെ ഉത്ഭവിച്ചു എന്നു് ഞാൻ അറിയുകയില്ല. ഇതു് വെറും ഒരു ഊഹമോ? യാദൃച്ഛാസംഭവമോ? എന്നാൽ ഈ വിവാഹവിഷയത്തെപ്പറ്റി ഒരു കിംവദന്തി ഞാനും കേട്ടിരുന്നു. എന്നാൽ അതൊക്കെ ഭോഷ്ക്കും, ഭോഷത്വവുമാണെന്ന നിലയിൽ ഞാൻ തള്ളിക്കളഞ്ഞിരുന്നു.
അരാഗൻ:
എന്തു്? അതു് വിശ്വസിക്ക വയ്യാത്ത കാര്യമാകണം എന്നുണ്ടോ?
ദോറീന:
നിങ്ങളുടെ നാവിൽനിന്നു കേട്ടാൽകൂടി ഞാൻ അതു വിശ്വസിക്കയില്ല. അത്രത്തോളം പാടില്ലാത്ത ഒന്നാണു്, യജമാനനേ!
അരാഗൻ:
നിന്നെ വിശ്വസിപ്പിച്ചു വിടാനുള്ള മാർഗ്ഗം എനിക്കറിയാം.
ദോറീന:
ഒരിക്കലും ഇല്ല. നിങ്ങൾ ഞങ്ങളോടു് ഒരു കെട്ടു കഥയാണു പറയുന്നതു്.
അരാഗൻ:
അടുത്ത അവസരത്തിൽ ഉണ്ടാകാൻ പോകുന്ന ഒരു കാര്യമാണു് ഞാൻ നിങ്ങളോടു പറയുന്നതു്.
ദോറീന:
വെറും ധൂർത്തു്. പച്ചക്കള്ളം !
അരാഗൻ:
മകളെ, ഞാൻ നിന്നോടു പറഞ്ഞതു് വളരെ കാര്യമായിട്ടാണു്.
ദോറീന:
ഇതാ, മറിയാനിയമ്മേ! നിങ്ങളുടെ അച്ഛൻ പറഞ്ഞതു് ഗൗനിക്കേണ്ട. അവർ നിങ്ങളെ തമാശ ആക്കുകയാണു്.
അരാഗൻ:
ഞാൻ പറയുന്നതു് കേൾക്കൂ…
ദോറീന:
വളരെ ഒന്നും പറയേണ്ട. പറഞ്ഞിട്ടു ഫലമില്ല. അവർ അതു വിശ്വസിക്കുകയില്ല.
അരാഗൻ:
എന്നെ വെറുതെ കോപിപ്പിക്കേണ്ട.
ദോറീന:
എന്നാൽ അങ്ങിനെയാകട്ടെ. നിങ്ങൾ പറയുന്നതു് ഞങ്ങൾ വിശ്വസിക്കുന്നു. അതു് നിങ്ങൾക്കു് അത്യാപത്തായിരിക്കും. എന്തു് ! ബാല്യമൊക്കെ കഴിഞ്ഞ ഒരു മുതിർന്ന, തല നരച്ച ആൾ, മുഖം മുഴുവനും നീണ്ട താടികൊണ്ടു മറഞ്ഞുപോയ ഒരാൾ ഈ മാതിരി ഒരു നടത്തക്കു കാംക്ഷിക്കാൻ തക്കവണ്ണം ഭ്രാന്തനായി…
അരാഗൻ:
(ദോറീനയെ നോക്കീട്ടു്) നീ ഞാൻ പറയുന്നതു് കേൾക്കൂ. അതിനാണു് നിന്നെ ഇവിടെ നിർത്തിയതു്. വളരെക്കാലമായി നീ ഈ വീട്ടിൽവെച്ചു വലിയ വമ്പും അധികാരവും കാണിക്കുന്നു. മേലാൽ അതൊന്നും ഇവിടെ വേവുകയില്ല. എടീ, പെണ്ണേ! ഇതൊന്നും എനിക്കു രസിക്കുകയില്ല. ഞാൻ തുറന്നുപറയാം. നീ നല്ലവണ്ണം കരുതിക്കോ!
ദോറീന:
വരട്ടെ. വരട്ടെ. എന്റെ പൊന്നെജമാനനെ? നിങ്ങളുടെ കാലാണെ നേരു്. ഇതു് കോപിക്കേണ്ടുന്ന അവസരം ഒന്നും അല്ല. എന്നാൽ നിങ്ങൾ സകല ആളുകളെയും കളിയാക്കി വിടുകയാണു് ചെയ്യുന്നതു്. ഒരു അലർച്ചക്കാരനു് വിഴുങ്ങാൻ കൊടുക്കത്തക്കവണ്ണം നിങ്ങളുടെ മകൾ ഒരു കഷണം മാംസമല്ല. അയാൾ ഇതിലും ഗൗരവമായ കാര്യങ്ങളാണു് വയസ്സായാൽ ചിന്തിക്കേണ്ടതു്. ഇനി ഈ മാതിരി ഒരു ബന്ധംകൊണ്ടു് നിങ്ങൾക്കു എന്തു കാര്യലാഭമാണു് ഉണ്ടാകാൻ പോകുന്നുപോലും! നിങ്ങളെപ്പോലെ ധനികനും മാനിയും ആയ ഒരാൾ, ഒന്നിനും കൊള്ളാത്ത ഒരു തെണ്ടിപ്പിശാചിനെ, മകളുടെ ഭർത്താവായി എങ്ങിനെ സ്വീകരിക്കും? നിങ്ങൾ കണ്ണുകൊണ്ടു് കാണുന്നില്ല. ബുദ്ധികൊണ്ടു് ആലോചിക്കുന്നില്ല.
അരാഗൻ:
നിന്നോടാണു് നാവു് അടക്കിവെക്കാൻ പറയുന്നതു്. അയാൾക്കു് എത്രത്തോളം ഒന്നും ഇല്ലാതിരിക്കുന്നുവോ, അത്രത്തോളം അയാളെ ബഹുമാനിക്കാനുള്ള കാരണം നമുക്കും ഉണ്ടു് എന്നു് നീ അറിയണം. അയാളുടെ ദാരിദ്ര്യം സൽഗുണംകൊണ്ടു് അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യമാണു്. ലോകാഡംബരങ്ങളെക്കാളും അയാളെ ഉന്നത പദവിയിൽ കൊണ്ടുവെച്ചതു്, നീ ഒന്നും അറിയാതെ ആക്ഷേപിക്കുന്ന ആ ദാരിദ്ര്യമാണു്. ബാക്കിയുള്ളവർ അയാളുടെ സർവ്വസ്വവും ഇഷ്ടംപോലെ എടുത്തുകൊള്ളുവാൻ അയാൾ അനുവദിച്ചുകൊടുത്തിരിക്കുന്നു. സംസാരസൗഖ്യങ്ങളെ അവഗണിക്കുന്ന മനഃസ്ഥിതിയാണു് അയാൾക്കുള്ളതു്. അയാൾ ശ്രദ്ധ മുഴുവനും സനാതന വിഷയങ്ങളിലാണു പതിപ്പിച്ചതു്. പണത്തെ സംബന്ധിച്ചിടത്തോളം അയാളെ നേർക്കു കൊണ്ടുവരാൻ എനിക്കു സാധിക്കും. ഞാൻ ധനസഹായം ചെയ്തിട്ടു് അയാളുടെ സ്വത്തുക്കളൊക്കെ വീണ്ടെടുക്കും. അയാളുടെ രാജ്യത്തു് അയാൾക്കു് രാജധാനിപോലെ ഒരു വീടും പിടിപ്പതു മുതലും ഉണ്ടെന്നാണു് അയാൾ എന്നോടു പറഞ്ഞതു്. എന്തുചെയ്യാം. അതൊക്കെ കടക്കാരുടെ കയ്യിലായി. തന്മൂലം അയാൾ ഒരു കുലീനനായ ഉദാരശീലൻ എന്താണു് തെളിയുന്നതു്. അയാൾ വിശ്വസ്തനായ ഒരു യോഗ്യപുരുഷനാണു്. കപടവും, പീഡയും അയാളെ കാണുമ്പോൾ ദൂരെ നിൽക്കും. വിശ്വസിച്ചിട്ടു ഒരു വീട്ടിൽ കേറ്റുവാൻ ഇങ്ങിനെ ഒരു മഹാത്മാവിനെ കണ്ടുകിട്ടുകയില്ല.
ദോറീന:
ശരി. ഇതൊക്കെ പറഞ്ഞുതരുന്നതു് ആരാണു്? മറ്റാരുമല്ല. അയാൾ തന്നെ യജമാനനേ! ഈ മാതിരി ആത്മപ്രശംസ ഒരു ഭക്തന്നു് പറ്റിയതല്ല. പുണ്യസമ്പാദനം മാത്രം കാംക്ഷിക്കുന്നവൻ, അയാളുടെ പേരും പെരുമയും തറവാടിത്വവും മറ്റും ഇത്ര ഘോഷമായി എടുത്തു പറയാനും കീർത്തിക്കാനും മുതിരുകയില്ല. സാക്ഷാൽ ഭക്തന്മാർ വളരെ വിനീതന്മാരായിരിക്കും. ലൗകിക വിഷയങ്ങളിലുള്ള പ്രാധാന്യമോ, ആഡംബരമോ അവർ കേവലം വകവെക്കാറില്ല. ഈ ഉപദേശിയാർ എന്തിനാണു് ഇത്ര പത്രാസ് കാണിക്കുന്നതു്? നിങ്ങൾക്കു കോപം വരുന്നെന്നു തോന്നുന്നു. ഇരിക്കട്ടെ. ആയാളുടെ സ്ഥാനമാനങ്ങളെപ്പറ്റിയൊന്നും നിങ്ങളെ വിചാരിച്ചിട്ടു് ഞാൻ ഇപ്പോൾ ഗുണദോഷിക്കുന്നില്ല. അയാളെ ഒരു മനുഷ്യന്റെ നിലയിൽ നമുക്കൊന്നു പരിശോധിച്ചുനോക്കാം. നിങ്ങളുടെ മകളെപ്പോലെയുള്ള ഒരു പെൺകിടാവിനെ അയാളെപ്പോലെയുള്ള മഹാപാപിയുടെ ആധിപത്യത്തിന്നു കീഴാക്കിവെച്ചുകൊടുപ്പാൻ നിങ്ങൾ സാഹസപ്പെടുമോ? നിങ്ങൾക്കു ഏതു നിയമപ്രകാരമെങ്കിലും അങ്ങിനെ ചെയ്യുവാൻ പാടുണ്ടോ എന്നാണു് ഞാൻ ചോദിക്കുന്നതു്. എന്തെല്ലാം പരാതികൾ അതു നിമിത്തം ഉണ്ടായിവരുമെന്നു് നിങ്ങൾ വല്ലതും ആലോചിച്ചോ? ഒരു പെണ്ണിനെ അവൾ വെറുക്കുന്ന ഒരാൾക്കു് നിർബന്ധമായി കെട്ടിക്കൊടുത്താൽ സൽഗുണം ദുർവിധിക്കു് അടിമപ്പെട്ടുപോകയില്ലേ? ഒരു സത്യവതിയായ സ്ത്രീയായി ജീവിച്ചുപോരുവാനുള്ള ഉദ്ദേശം സാധിച്ചുകൊള്ളേണമെങ്കിൽ, അവർക്കു് സിദ്ധിക്കുന്ന ഭർത്താവിനു് മനുഷ്യർക്കു് സാധാരണ ആരോപിച്ചുപോരുന്ന ഗുണങ്ങൾ ഉണ്ടായിരിക്കേണ്ടതാണു്. കവിഞ്ഞ ഔന്നത്യത്തിനു് കാംക്ഷിക്കുന്ന ഒരു പുരുഷൻ, തന്റെ ഭാര്യയുടെ വീഴ്ച ഇത്രത്തോളം ലഘുവായിട്ടേ ഉള്ളൂ എന്ന ആശ്വാസത്തിന്മേൽ തൃപ്തനാകേണ്ടതാണു്. തന്റെ അഭിപ്രായത്തിന്നു് ഒത്ത ഗുണങ്ങളുള്ള ഒരു ഭർത്താവിനെ കിട്ടിയാൽ ഏതു സ്ത്രീക്കും പതിവ്രതയായിരിപ്പാൻ സാധിക്കുന്നതാണു്. ഒരുത്തിയുടെ ഇഷ്ടത്തിന്നു് എതിരായി അവളെ ഒരാൾക്കു വിവാഹംചെയ്തു കൊടുക്കുന്ന അവിവേകി, അവൾക്കു് വല്ല വ്യതിയാനവും വന്നുപോയാൽ, ഈശ്വരനോടു് സമാധാനം പറയേണ്ടിവരും. നിങ്ങളുടെ ഈ ഉദ്യമത്തിൽ ഏതെല്ലാം ആപത്തുകൾ ഉണ്ടാകാനിടയുണ്ടെന്നു് നല്ലവണ്ണം ആലോചിക്കേണ്ടുന്നതു് നിങ്ങളുടെ ധർമ്മമാണു്.
അരാഗൻ:
(മറിയാനിയോടു്) അങ്ങിനെയോ? നീ നോക്കു. കാര്യങ്ങളുടെ സ്വഭാവം അയാൾ പറഞ്ഞിട്ടുവേണോ ഞാൻ ഗ്രഹിക്കാൻ.
ദോറീന:
എന്റെ ഉപദേശം കേൾക്കുന്നതിനേക്കാളും ചീത്തകർമ്മങ്ങൾ നിങ്ങൾക്കു ചെയ്യാൻ സാധിക്കും.
അരാഗൻ:
(മറിയാനിയോടു്) മകളെ! ഈ വഷളായ സംസാരം കേട്ടിട്ടു് നമ്മുടെ സമയം പാഴാക്കാൻ പാടില്ല. ഞാനാണു് നിന്റെ അച്ഛൻ. നിനക്കു് നന്മ ഏതുവിധത്തിൽ സിദ്ധിക്കുമെന്നു് ഞാനാണു് അറിയേണ്ടതും നോക്കേണ്ടതും. വലീരിക്കു് നിന്നെ വിവാഹംചെയ്തു കൊടുക്കാൻ ഞാൻ വാഗ്ദത്തം ചെയ്തതു് സത്യമാണു്. എന്നാൽ അയാൾ ഒരു ചൂതുകളിക്കാരനാണെന്നു് എന്നോടു ഒരാൾ പറഞ്ഞു. പിന്നെ അയാൾക്കു് നിന്നോടു് നിലനില്ക്കത്തക്ക ഒരു പ്രണയമില്ലെന്നും കേട്ടു. പോരാഞ്ഞിട്ടു് അയാൾ പതിവായി പള്ളിയിൽ പോകുന്ന ആളല്ലെന്നും ഞാൻ മനസ്സിലാക്കിയിരിക്കുന്നു.
ദോറീന:
നിങ്ങൾ പള്ളിയിൽ ചെല്ലുമ്പോൾ അയാളെ അവിടെ കാണാഞ്ഞാൽ, അയാൾ പള്ളിയിൽ ഒരിക്കലും പോകാറില്ലെന്നു് തീരുമാനിക്കാമോ? ചിലരൊക്കെ പോകുന്നതു് അവരെ അവിടെ കാണട്ടെ എന്ന വിചാരത്തോടെ ആയിരിക്കാൻ മതി. ഒരു സമയം അയാൾ ആ ഇനത്തിൽപെട്ടവനായിരിക്കാം.
അരാഗൻ:
ഈ കാര്യത്തിൽ നിന്റെ അഭിപ്രായം എന്താണെന്നു് ഞാൻ ചോദിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ഉപദേശിയാർ വളരെ ഈശ്വരകാരുണ്യം സമ്പാദിച്ച ആളാണു് അതാണു് എല്ലാ സമ്പാദ്യത്തേക്കാളും അമൂല്യധനം. നീ ആശംസിക്കുന്ന സകലമാതിരി സുഖങ്ങളും ഈ വിവാഹം കൊണ്ടു നിനക്കു സിദ്ധിക്കും. നീ സന്തോഷത്തിലും മാധുര്യത്തിലും മുങ്ങിക്കുളിക്കും. രണ്ടു് അനർഘരായ കുട്ടികളെപ്പോലെയോ, രണ്ടു് മാടപ്രാവുകളെപ്പോലെയോ അന്യോന്യാനുരാഗം ആസ്പദമാക്കി, ആനന്ദമായി കാലം കഴിക്കാം. നീ പിണങ്ങിയാലും ശകാരിച്ചാലും ഉപദ്രവിച്ചാലും, നീ ഏതുവിധത്തിൽ അദ്ദേഹത്തോടു് പെരുമാറിയാലും അയാൾക്കു് ഒരിക്കലും നിന്നോടു് വിപരീതബുദ്ധി തോന്നുകയില്ല.
ദോറീന:
അയാളുടെ കൂടെപ്പോലും! ഇങ്ങിനെ ഒരു ചരക്കിനെ ഭർത്താവായി കിട്ടിയാൽ, ഭാര്യ പാടുള്ളപ്പോഴൊക്കെ വ്യഭിചരിക്കുന്നതുംകൂടി കുറ്റമല്ല. അതു് എനിക്കു ഉറപ്പാണു്.
അരാഗൻ:
കടന്നുപോടീ, അസത്തേ!
ദോറീന:
അതിന്നുവേണ്ടിയാണു് അയാളെ സൃഷ്ടിച്ചതെന്നു് തോന്നും. നിങ്ങളുടെ മകളുടെ ചാരിത്രശുദ്ധി എത്ര ഉറച്ചതായാലുംകൂടി അയാൾ അനുഭവിക്കേണ്ടിവരുന്ന വിധിക്കു് അതിലും എത്രയോ ശക്തികൂടും.
അരാഗൻ:
ഒരാൾ സംസാരിക്കുമ്പോൾ കടന്നു പറകെല്ലെടീ, നിനക്കു് നാവു് ഒതുക്കിവെക്കാൻ സാധിക്കയില്ലെന്നോ? ബാക്കിയുള്ളവരുടെ കാര്യത്തിൽ കൈയ്യിടുവാൻ നിനക്കെന്തു കാര്യമുണ്ടു്?

[അദ്ദേഹം തിരിഞ്ഞു മകളോടു് സംസാരിക്കാൻ നോക്കുമ്പോളൊക്കെ ദോറീന അയാളെ തടസ്ഥപ്പെടുത്തുന്നു.]

ദോറീന:
യജമാനനേ! ഒന്നും വിചാരിക്കരുതു്. ഇത്രത്തോളം പറഞ്ഞതു് നിങ്ങളുടെ മകളുടെ ഗുണത്തിനുവേണ്ടി മാത്രമാണു്.
അരാഗൻ:
നിന്റെ വാക്കു് വളരെ കവിഞ്ഞുപോകുന്നു. നിനക്കു് ഒരാളേയും കണക്കില്ല. നീ വായതുറക്കുവാൻ വളരെ ആലോചിക്കണം.
ദോറീന:
നിങ്ങളുടെ വീട്ടുകാരൊടുള്ള സ്നേഹം…
അരാഗൻ:
എനിക്കു നിന്റെ സ്നേഹമൊന്നും വേണ്ട.
ദോറീന:
എന്നാൽ നിങ്ങളുടെ വാക്കു പ്രമാണമാക്കാതെ ഞാൻ നിങ്ങളെ സ്നേഹിക്കും.
അരാഗൻ:
നീ സ്നേഹിക്കും ഇല്ലേ? അതാണു കാണേണ്ടതു്.
ദോറീന:
അതെ, യജമാനനേ എനിക്കു വളരെ സ്നേഹമാണു് ബാക്കിയുള്ളവരുടെ പരിഹാസത്തിനു് നിങ്ങൾ പാത്രമായിത്തീരുന്നതു് കാണുമ്പോൾ എനിക്കു് ഒട്ടും സഹിക്കാൻ കഴിയുന്നില്ല.
അരാഗൻ:
നിനക്കു മിണ്ടാതിരിക്കരുതോ?
ദോറീന:
ഈ മാതിരി ഒരു വിവാഹം നടത്താൻ നിങ്ങളെ സമ്മതിക്കുന്നതു് ഒരു മഹാപാപമായിരിക്കും.
അരാഗൻ:
നിന്നോടല്ലേ മിണ്ടാതിരിക്കാൻ ഞാൻ പറഞ്ഞതു്. ധിക്കാരിപ്പിശാചേ!!
ദോറീന:
എന്തു്! നിങ്ങളും ഒരു ഭക്തനല്ലേ. പിന്നെ എങ്ങിനെ ഈ മാതിരി കോപം കാട്ടും? ക്ഷമയല്ലേ നിങ്ങൾക്കു ഭൂഷണം.
അരാഗൻ:
നിന്റെ അർത്ഥമില്ലാത്ത ചിലയ്ക്കൽകൊണ്ടു് എന്റെ മനോവികാരം പൊട്ടിത്തെറിക്കുമെന്ന മട്ടിലായിപ്പോകുന്നു. ഞാൻ അവസാനത്തെ കൈയ്യായിട്ടാണു പറയുന്നതു്, നീ ഒന്നും ശബ്ദിക്കാതെ ചുമ്മാ ഇരുന്നുകൊള്ളണം.
ദോറീന:
എന്നാൽ പിന്നെ എനിക്കു നാവില്ല. ഞാൻ പറയേണ്ടതൊക്കെ വിചാരത്തിൽ കഴിച്ചുകൂട്ടാം.
അരാഗൻ:
നിനക്കു് ഇഷ്ടമുള്ളതൊക്കെ മനസ്സിൽ വിചാരിച്ചു കൊൾക. ഒരു അക്ഷരംപോലും എന്നോടു മിണ്ടിപ്പോകരുതു്. അല്ലെങ്കിൽ—സൂക്ഷിച്ചോ. (മകളുടെ നേരെ തിരിഞ്ഞിട്ടു്) ഒരു വിവേകമുള്ള അച്ഛനെപ്പോലെ ഞാൻ പലവട്ടം ആലോചിച്ചു് എല്ലാ കാര്യത്തിന്നും ഒരു വ്യവസ്ഥ വരുത്തിവെച്ചിട്ടുണ്ടു്.
ദോറീന:
മിണ്ടാതിരുന്നാൽ എനിക്കു് ഭ്രാന്തുപിടിച്ചുപോകും. [അയാൾ അവളെ തിരിഞ്ഞുനോക്കുമ്പോൾ അവൾ മിണ്ടാതിരിക്കുന്നു.]
അരാഗൻ:
സ്ത്രീകളോടു് വലിയ ഭ്രമമില്ലെങ്കിലും തറിയൻ ഉപദേശിയാർ ഒരു പോരുന്ന ആളാണു്.
ദോറീന:
നല്ല ബളബളാസ്!!
അരാഗൻ:
അതുകൊണ്ടു് അയാളുടെ ഉൽകൃഷ്ടഗുണങ്ങളൊന്നും നിനക്കു് മനസ്സിലാക്കാൻ ശേഷിയില്ലാതെ പോയാൽകൂടി…
ദോറീന:
അസ്സൽ സ്ത്രീധനം!!

[അരാഗൻ തിരിഞ്ഞു കൈ രണ്ടും നെഞ്ഞത്തുകെട്ടിവെച്ചു് അവളുടെ മുന്നിൽ ചെന്നുനിന്നു് അവളെ നോക്കുന്നു.]

ദോറീന:
നിങ്ങളുടെ മകളുടെ സ്ഥാനത്തു് ഞാനായിരുന്നു എങ്കിൽ, എന്റെ ഇഷ്ടത്തിന്നു വിരോധമായി വിവാഹം കഴിപ്പാൻ നിർബന്ധിക്കുന്ന ആളെ ഒരു പാഠം പഠിപ്പിക്കുമായിരുന്നു. പിന്നീടു അയാൾ ഇങ്ങിനെ ഒന്നിനു് ഒരുമ്പെടുകയില്ല. അതു തീർച്ചയാണു്. ഒരാഴ്ചക്കുള്ളിൽ ഒരു സ്ത്രീക്കു് അവളുടെ പകവീട്ടാൻ സാധിക്കുമെന്നു ഞാൻ അയാളെ കാണിച്ചുകൊടുക്കും.
അരാഗൻ:
(ദോറീനയോടു്) അതുകൊണ്ടു് ഞാൻ പറയുന്നതിനൊന്നിനും വില ഇല്ലെന്നോ?
ദോറീന:
ഹൈ! ഇപ്പോൾ തെറ്റു് ആരുടെ പക്കലാണു്? ഞാൻ നിങ്ങളോടു് വല്ലതും മിണ്ടിയിരുന്നോ?
അരാഗൻ:
പിന്നെ എന്തായിരുന്നു ഇതുവരെ ചെയ്തതു്?
ദോറീന:
ഞാൻ എന്നോടുതന്നെ സംസാരിക്കയായിരുന്നു.
അരാഗൻ:
ഓഹൊ. അങ്ങിനെയോ? ഇരിക്കട്ടെ. (ആത്മഗതം) അവളുടെ ഭയങ്കരമായ ധിക്കാരത്തിന്നു് തക്ക ശിക്ഷ മുഖത്തു് ചുട്ട ഒരു അടി കൊടുക്കുകയാണു്. (അയാൾ എഴുന്നേറ്റു് അവളെ അടിക്കാൻ ഓങ്ങുന്നു. മകളോടു് ഓരോന്നു് പറയാൻ ഭാവിക്കുമ്പോഴൊക്കെ ദാസിയുടെ മുഖത്തു നോക്കുന്നു. എന്നാൽ അവളാകട്ടെ ഒന്നും മിണ്ടാതെയും അനങ്ങാതെയും നിൽക്കുന്നു.)
അരാഗൻ:
മകളെ! ഞാൻ ചെയ്തുവെച്ച ഏർപ്പാടിൽ നീ അനുകൂലിക്കണം. ഞാൻ തിരഞ്ഞെടുത്ത ഈ ഭർത്താവു് നിനക്കെത്രയും ചേർച്ചയുള്ള ഒരു മഹായോഗ്യനാണു്. (ദോറീനയെ നോക്കീട്ടു്) നീ എന്താ നിന്നോടുതന്നെ സംസാരിക്കാത്തതു്?
ദോറീന:
പറയാൻ ഒന്നും ഇല്ലാഞ്ഞിട്ടുതന്നെ.
അരാഗൻ:
ഒരു ചില്ലറ വാക്കുപോലും ഇല്ലെന്നോ?
ദോറീന:
നിങ്ങളുടെ കരുണയുണ്ടായിട്ടു് ഇപ്പോൾ ഒന്നും പറയാൻ ഇല്ല.
അരാഗൻ:
നിശ്ചയമായിട്ടും നിന്റെ ആംഗ്യം ഞാൻ കണ്ടു പിടിച്ചിരിക്കുന്നു.
ദോറീന:
വാസ്തവത്തിൽ ഞാൻ അത്ര വിഡ്ഢിയല്ല.
അരാഗൻ:
(മകളെ നോക്കീട്ടു്) അതുകൊണ്ടു് മകളെ, നീ കാണിക്കേണ്ടതു് അനുസരണം ഒന്നു മാത്രമാണു്. നീ ഭയഭക്തിയോടുകൂടെ, ഞാൻ തിരഞ്ഞെടുത്ത ആളെ വരിച്ചുകൊള്ളണം.
ദോറീന:
(പാഞ്ഞുപോകുന്ന മദ്ധ്യേ) ഞാനാണെങ്കിൽ ആ കമലമാടനായ ജളജന്തുവിനെ എന്റെ ആയുസ്സു പോയാലും സ്വീകരിക്കുകയില്ല. (അരാഗൻ ഒരു അടി അടിച്ചതു് അവൾക്കു കൊണ്ടില്ല. അവൾ പോയി.)
അരാഗൻ:
മകളെ! നിന്റെ ഈ ലക്ഷണം കെട്ട ദാസി, ലജ്ജയില്ലാത്ത ഒരു തുള്ളിച്ചി, ആരെയും ഗണ്യമില്ലാത്ത എടുത്തുചാട്ടക്കാരി ആണു്. അവളെ ഇവിടെ വെച്ചുപൊറുപ്പിക്കുവാൻ ഞാൻ ആളാകയില്ല. ഇവിടന്നു പുറത്താക്കാത്തതു് പാപമായിരിക്കും. എനിക്കു് നിന്നോടു് സ്വൈരംപോലെ സംസാരിക്കാനുംകൂടി സമ്മതിക്കാഞ്ഞാലോ? അവളുടെ അധികപ്രസംഗം കൊണ്ടു് എന്റെ മനസ്സിന്നൊരു കിടിലം വന്നു പിടിച്ചുപോയിരിക്കുന്നു. എനിക്കു് ശാന്തി കിട്ടണമെങ്കിൽ ഒരു നടത്തം അത്യാവശ്യമാണു്. (രണ്ടാളും പോയി.)
രംഗം 3

[മറിയാനിയും ദോറീനയും പ്രവേശിക്കുന്നു.]

ദോറീന:
നിങ്ങളുടെ വായിൽനിന്നു് നാവു് തെറിച്ചുപോയിരുന്നോ? നേരത്തെ യജമാനനോടു് ഒന്നും മിണ്ടാതിരിക്കാൻ…? ആദ്യവസാനവേഷമായി നിങ്ങൾക്കുവേണ്ടി അഭിനയിക്കേണ്ടതു് ഞാനാണോ? അദ്ദേഹത്തെക്കൊണ്ടു് ആ വിഷയത്തെപ്പറ്റി സംസാരിപ്പാൻ സമ്മതിച്ചതുതന്നെ നിങ്ങളുടെ തെറ്റാണു്. അയാൾക്കു് എതിരായി നിങ്ങൾ ഒരൊറ്റ വാക്കെങ്കിലും മിണ്ടിയോ?
മറിയാനി:
ഞാനെന്തു ചെയ്യാനാണു്. ഇവിടത്തെ അധിപൻ അച്ഛനല്ലേ!
ദോറീന:
ചെയ്യേണ്ടതു് എന്തെന്നോ? ഈ അത്യാപത്തു് അകറ്റുവാനുള്ള സകല കാര്യങ്ങളും.
മറിയാനി:
എന്തു കാര്യങ്ങൾ? എങ്ങിനെ അകറ്റാൻ?
ദോറീന:
ഒരാൾക്കു തോന്നുമ്പോലെ ഒരുവനോടു് സ്നേഹം മറ്റൊരാൾക്കു് തോന്നാൻ ഇടയുണ്ടാകയില്ലെന്നു് യജമാനനോടു പറഞ്ഞുകൊടുക്കണം. എന്റെ ഇഷ്ടത്തിന്നു അനുകൂലമായിട്ടല്ലാതെ ഉപദേശിയാരെ ഞാൻ വിവാഹം കഴിക്കുകയില്ലെന്നു് അറുത്തുമുറിച്ചു പറയണം. വിവാഹം നിനക്കുവേണ്ടി ആണെങ്കിൽ, യജമാനനു് സന്തോഷമായാൽ പോര. നിന്റെ സന്തോഷമാണു് കാര്യമായിട്ടുള്ളതു്. അയാളുടെ തറിയൻ അയാളെ അത്രത്തോളം പാട്ടിലാക്കിയിരിക്കുന്നു. എങ്കിൽ അയാൾ തറിയനെ വിവാഹം കഴിച്ചുകൊള്ളട്ടെ. അതിനെന്തു വിരോധം! ആരും തടസ്ഥം പറയുകയില്ല.
മറിയാനി:
ഈവക കാര്യങ്ങളിൽ തീർപ്പു കല്പിക്കാനുള്ള പൂർണ്ണാധികാരം അച്ഛനാണുള്ളതെന്നു് എനിക്കു തോന്നുന്നു. അതിന്നെതിരായി ഒരു വാക്കുപോലും മിണ്ടാൻ എനിക്കു പാടുള്ളതല്ല.
ദോറീന:
വാ. നമ്മൾ ഒന്നു വാദിച്ചുനോക്കുക. വലീരി നിന്നെ വിവാഹം കഴിപ്പാൻ അന്വേഷിച്ചിട്ടില്ലേ? നേരു പറയൂ. യഥാർത്ഥത്തിൽ നിനക്കു് അവനോടു് അനുരാഗം ഉണ്ടോ ഇല്ലയോ എന്നാണു കേൾക്കേണ്ടതു്.
മറിയാനി:
ദോറീനേ! അയാളെ എനിക്കു വളരെ പ്രേമമാണെന്നു് നീ അറിഞ്ഞിരിക്കെ, എന്തിനാണു് ഈ വേണ്ടാത്ത ചോദ്യങ്ങൾ എന്നോടു് ചോദിക്കുന്നതു്. നൂറായിരം പ്രാവശ്യം എന്റെ ഹൃദയം നിനക്കു ഞാൻ തുറന്നു് കാട്ടിത്തന്നിട്ടില്ലേ? വലീരിയെ ഞാൻ എത്ര കലശലായി പ്രണയിക്കുന്നു എന്ന വിവരം നിനക്കില്ലേ?
ദോറീന:
പുറത്തു പറയുന്ന വാക്കും ഹൃദയത്തിലുള്ള വിചാരവും ഒരുപോലെ ഇരിക്കുമെന്നു് ഞാൻ എങ്ങിനെ അറിയും? നീ യഥാർത്ഥത്തിൽ അവനെ സ്നേഹിക്കുന്നൊ ഇല്ലയോ എന്ന വിവരവും നിനക്കല്ലാതെ എനിക്കെങ്ങനെ ഉണ്ടാകും?
മറിയാനി:
ദോറീനേ! എന്റെ പ്രണയത്തെപ്പറ്റി നീ സംശയിക്കുന്നുണ്ടെങ്കിൽ, നീ എന്നോടു ചെയ്യുന്ന വലിയ തെറ്റാണതു്. എന്റെ ഗൂഢവിചാരങ്ങളുംകൂടി ഞാൻ നിനക്കു സ്പഷ്ടമായി കാണിച്ചു തന്നിട്ടുണ്ടു്.
ദോറീന:
എന്നുവെച്ചാൽ നിങ്ങൾ അയാളെ യഥാർത്ഥത്തിൽ പ്രേമിക്കുന്നുണ്ടു്, അല്ലേ?
മറിയാനി:
അതെ. കലശലായിട്ടു്.
ദോറീന:
അയാൾ നിങ്ങളെയും അപ്രകാരംതന്നെ പ്രേമിക്കുന്നുണ്ടെന്നു് പ്രത്യക്ഷമാണു്.
മറിയാനി:
എന്നാണു് ഞാൻ വിചാരിക്കുന്നതു്.
ദോറീന:
അന്യോന്യം വിവാഹം കഴിക്കണമെന്നുള്ള അഭിലാഷം നിങ്ങൾ രണ്ടാൾക്കും ഒരുപോലെയുണ്ടു്.
മറിയാനി:
നിശ്ചയമായിട്ടും.
ദോറീന:
എന്നാൽ, നിങ്ങളുടെ അച്ഛൻ കൊണ്ടുവന്ന വിവാഹവിഷയത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണു് ?
മറിയാനി:
എന്റെ ഇഷ്ടത്തിന്നു വിരോധമായി നിർബ്ബന്ധിച്ചാൽ ഞാൻ മരിച്ചുകളയും.
ദോറീന:
നല്ലതു്. അങ്ങിനെ ഒരു പരിഹാരമാർഗ്ഗമുണ്ടെന്നു് ഞാൻ ആലോചിച്ചില്ല. നീ മരിച്ചുകളയുന്നതാണു നല്ലതു്. സകലതും എന്നാൽ ശരിപ്പെട്ടുപോകും. ഈ ഔഷധം എതിരില്ലാത്തതാണു്, സംശയമില്ല. ആളുകൾ ഇങ്ങനെ ഓരോ വിഡ്ഢിത്തം പുലമ്പുമ്പോൾ എനിക്കു് ഭ്രാന്താണു പിടിക്കുന്നതു്.
മറിയാനി:
എന്റെ പ്രിയ ദോറീനേ! നീയും എന്നോടു കലഹിച്ചു തുടങ്ങിയോ? എന്റെ സങ്കടത്തിൽ നീ സഹതപിക്കുന്നില്ലെന്നോ?
ദോറീന:
വിഡ്ഢിത്തം പറയുന്നവരോടു് ഞാൻ സഹതപിച്ചിട്ടെന്തു കാര്യമാണു്? എല്ലാറ്റിനും ശുമ്മാ വഴങ്ങിക്കൊടുത്താൽ പോര.
മറിയാനി:
ഞാൻ ഒരു ഭീരുവായിപ്പോയാൽ എനിക്കു് എന്തു കാണിക്കാൻ സാധിക്കും?
ദോറീന:
ധൈര്യത്തോടെ നിലനിർത്താൻ നോക്കാതിരുന്നാൽ അനുരാഗത്തിന്നു് എന്തു വിലയാണുള്ളതു്?
മറിയാനി:
അയാളോടുള്ള എന്റെ അനുരാഗം ഞാൻ എപ്പോഴും ഒരേ രീതിയിൽ നിലനിർത്തിപ്പോരുന്നില്ലേ? അച്ഛന്റെ ആധിപത്യത്തിൽനിന്നു് എന്നെ വീണ്ടെടുക്കേണ്ടതു് അയാളുടെ മുറയല്ലേ?
ദോറീന:
അതിനു് യജമാനൻ വിഡ്ഢിത്തരത്തിൽ മുഴുകിപ്പോയ ഒരു ഭ്രാന്തനല്ലേ? ഉപദേശിയാരുടെ വലയിൽ കെണിഞ്ഞു മറിഞ്ഞുപോയ ഒരു ചുദ്ധാത്മാവല്ലേ! അയാൾ ചെയ്ത വാഗ്ദത്തവുംകൂടി ഭംഗമാക്കാനല്ലേ നോക്കുന്നതു്. അതു് നിങ്ങളുടെ കാമുകന്റെ കുറ്റമാണോ?
മറിയാനി:
എനിക്കു അച്ഛൻ നടത്തുവാൻ ഭാവിക്കുന്ന വിവാഹം ഞാൻ നിഷേധിക്കുകയും പുല്ലു വിലയാക്കുകയും ചെയ്യുന്നു എന്നു് പബ്ളിക്കായി പറഞ്ഞിട്ടു്, എനിക്കു മറ്റൊരാളോടു് അനുരാഗം ഉണ്ടെന്ന പരമാർത്ഥം വെളിവാക്കേണ്ട ആവശ്യമുണ്ടോ? വലീരിയെ ഞാൻ എത്ര സ്നേഹിച്ചാലും, അയാൾക്കുവേണ്ടി ഞാൻ, സ്ത്രീകൾക്കു സഹജമായി വേണ്ടുന്ന ഒതുക്കവും, അച്ഛനോടുള്ള എന്റെ ബാദ്ധ്യതയും വലിച്ചെറിഞ്ഞുകളയുകയില്ല. എന്റെ അനുരാഗം പബ്ളിക്കായി പ്രദർശിപ്പിക്കണം എന്നാണോ നീ പറയുന്നതു്?
ദോറീന:
ഇല്ലേ ഇല്ല. ഞാൻ നിങ്ങളോടു ഒന്നും ചെയ്യാൻ പറയുന്നില്ല. നിങ്ങൾ തറിയന്റെ സ്വന്തമായി വരും. അല്ലാ, ഇപ്പോഴാണു് എനിക്കൊന്നു തോന്നുന്നതു്—യജമാനൻ നിങ്ങൾക്കു ഏർപ്പാടു ചെയ്ത വിവാഹത്തിൽനിന്നു് നിങ്ങളെ വിടുർത്താൻ യത്നിക്കുന്നതു് എന്റെ തെറ്റായി വരും. നിങ്ങളുടെ ഇഷ്ടത്തിന്നെതിരായി പ്രവർത്തിക്കാൻ എനിക്കെന്തു കാര്യമുണ്ടു്? അല്ലെങ്കിലോ, എത്ര വിശേഷമായ കൂട്ടിക്കെട്ടലാണു് ! ഇത്ര സമ്പൂർണ്ണസൗഭാഗ്യം ഒത്തൊരുമിച്ച ഒരു ബന്ധം മറ്റൊരേടത്തും കണികാണാനുണ്ടാകുമോ? തറിയൻ ഉപദേശിയാർ ചില്ലറക്കാരനാണോ? ഓഹൊ, ഈ ഏർപ്പാടു് എത്രയോ സാരവത്തല്ലേ. ആകപ്പാടെ വിചാരിച്ചാൽ ഉപദേശിയാർ ഒരു പോരാത്തവനാണെന്നു ആർക്കും പറഞ്ഞുകൂടാത്തതാണു്. ഓ, ഒരിക്കലും പാടുള്ളതല്ലെന്നു് ഉറപ്പിച്ചു പറയാം. അയാളുടെ ഭാര്യാപദം പ്രാപിച്ചു സന്തുഷ്ടി നേടുന്നവളുടെ ഭാഗ്യം ചില്ലറയൊന്നുമല്ല. അദ്ദേഹത്തിന്റെ പ്രശംസ കീർത്തിക്കുവാൻ ലോകം മുഴുവൻ ഒത്തുകൂടിക്കഴിഞ്ഞു. അയാളുടെ രാജ്യത്തിൽവെച്ചു് ഏറ്റവും വലിയ തറവാടി ഉപദേശിയാരാണു്. അയാൾക്കു സൗന്ദര്യത്തിനും കുറവില്ല. ചുകന്ന ചെവി. വിളർത്ത മുഖം. എന്റെ ഭഗവാനേ! നിങ്ങൾക്കു അയാളെ ഭർത്താവായി കിട്ടിപ്പോയാൽ നിങ്ങൾ പരമാനന്ദം ബുദ്ധിയിൽ വീണു്, ആഴുകയും, പൊന്തുകയും ചെയ്യും എന്നു് രണ്ടു പക്ഷമില്ലാതെ പറയാവുന്നതാണു്.
മറിയാനി:
അയ്യോ, ഈശ്വരാ!
ദോറീന:
ഇങ്ങിനെ ഒരു സുന്ദരപുരുഷന്റെ ഭാര്യയായാൽ നിങ്ങൾക്കു വന്നുചേരാവുന്ന ആനന്ദത്തിനും അഭിമാനത്തിനും വല്ല സീമയും ഉണ്ടാകുമോ?
മറിയാനി:
എന്റെ അപേക്ഷയാണു്. ഈ സംസാരം നിർത്തൂ. ഈ വിവാഹം ഇല്ലായ്മ ചെയ്യാൻ വല്ല വഴിയും കണ്ടു പിടിക്കൂ. ഞാൻ എല്ലാറ്റിനും വഴിപ്പെടാം. നീ പറയുമ്പോലെ ഒക്കെ ചെയ്യാൻ ഞാൻ ഒരുക്കമാണു്.
ദോറീന:
അതുമാത്രം പറയരുതു്. മകളായാൽ അച്ഛൻ പറയുന്നതു് അനുസരിക്കണം. അവർ ഒരു കുരങ്ങനെ വിവാഹം കഴിക്കാൻ പറഞ്ഞാൽക്കൂടി അങ്ങിനെ ചെയ്യണം. അതുപോകട്ടെ. നിങ്ങളുടെ വിധി ഒന്നാന്തരമല്ലേ? ഉപദേശിയാരെ കിട്ടുന്നതിനേക്കാൾ ഭാഗ്യം വേറേ വല്ലതും ഉണ്ടോ? അയാളുടെ വാഹനത്തിൽ കേറി ഒരു റാണിയെപ്പോലെ നിങ്ങൾക്കു് അയാളുടെ നാട്ടിൽ കടന്നുചെല്ലാം. അവിടെ അമ്മാമന്മാരും മച്ചിനന്മാരും വന്നുനിറഞ്ഞിട്ടുണ്ടാവും. അവരുടെ സംഭാഷണം നിങ്ങൾക്കു വളരെ സന്തോഷത്തിനു് കാരണമായിത്തീരും. അവരുടെ കൂട്ടത്തിൽ ബന്ധുവാണെന്ന പാശത്തിന്മേൽ നിങ്ങൾക്കു യഥേഷ്ടം സമയം പോക്കാം. അവരെ അഭിവാദ്യം ചെയ്യാൻ, അവരുടെ വീട്ടിൽ വിരുന്നുകാരിയായി നിങ്ങൾക്കു ചെല്ലാം. മിസ്സിസ് ആമീൻ; മിസ്സിസ് നികുതിപിരിവുകാരൻ മുതലായ പെണ്ണുങ്ങൾ മടക്കുകസാലകളും എടുത്തു നിങ്ങൾക്കു വേണ്ടപ്പെട്ട സല്ക്കാരവും ശുശ്രൂഷയും ചെയ്യാൻ എത്തും. കൊല്ലത്തിൽ ഒരിക്കൽ വരുന്ന പെരുന്നാളിനു് പല വിനോദങ്ങളിലും അവരോടുകൂടെ നിങ്ങൾക്കു ഏർപ്പെടാം. വാദ്യങ്ങൾ ഉണ്ടായിരിക്കും. കുഴലൂത്തും ഉണ്ടായിരിക്കും. ചില സമയത്തു് മെരുങ്ങിയ കുരങ്ങിന്റെ കോപ്രാട്ടികളും, ചിലപ്പോൾ പൊറാട്ടു കളിയും ഉണ്ടായിരിക്കും. നിങ്ങളുടെ ഭർത്താവിന്നു…
മറിയാനി:
ഹൂ! നീ എന്നെ കൊല്ലാൻ നോക്കണ്ട. നിന്റെ ഉപദേശവും ഉപായവുംകൊണ്ടു് ഈ കാര്യത്തിൽ എന്നെ സഹായിക്കൂ.
ദോറീന:
നിങ്ങളുടെ ദയവു്. നിങ്ങൾക്കു് വന്ദനം.
മറിയാനി:
എന്റെ ദോറീനേ! ഞാൻ നിന്നോടു് അപേക്ഷിക്കുന്നു.
ദോറീന:
ഉപദേശിയര്തന്നെ നിങ്ങളെ വിവാഹം കഴിക്കട്ടെ. എന്നാലേ നിങ്ങൾ ഒരു പാഠം പഠിക്കുകയുള്ളു.
മറിയാനി:
എന്റെ ഇഷ്ടത്തി!
ദോറീന:
മതി മതി.
മറിയാനി:
വലീരിയെയാണു് ഞാൻ അനുരാഗിക്കുന്നതെന്നു് പറഞ്ഞാൽ…
ദോറീന:
അതുമാത്രം പറയരുതു്. തറിയൻ ഉപദേശിയാരാണു് നിങ്ങൾക്കു് ഭർത്താവാകാൻ പറ്റിയ ആൾ. നിങ്ങൾ അയാളുടെ രുചി അറിയേണ്ടതാണു്.
മറിയാനി:
നിന്നെ ഞാൻ എപ്പോഴും വിശ്വസിച്ചുപോന്നിരുന്നു എന്നു് നീ അറിയില്ലേ! ഇപ്പോഴല്ലെ നീ എന്നെ സഹായിക്കേണ്ടതു്.
ദോറീന:
വേണ്ടാ. നിങ്ങളെ തറിയൻതന്നെ കൊണ്ടുപോകും. അതാണു് എന്റെ പൂർണ്ണ വിശ്വാസം.
മറിയാനി:
പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു. എന്നിട്ടുംകൂടി എനിക്കു് ഈ വരാൻപോകുന്ന വിധിയിൽ നിനക്കു് അനുകമ്പ തോന്നുന്നില്ല. എന്റെ നിരാശപ്പെട്ട മനസ്സോടുതന്നെ ഉപദേശം തരാൻ ഞാൻ യാചിക്കട്ടെ. എനിക്കു് ഉപദേശവും, സഹായവും ധൈര്യവും ഒരു സമയം അതു് തരാൻ മതി. ഏതായാലും അവസാനക്കൈയ്യായി ഉപയോഗിക്കാൻ ഒരു സിദ്ധൗഷധം എന്റെ പക്കലും ഉണ്ടു്. അതു് എന്റെ സർവ്വസങ്കടങ്ങളും തീർക്കുമെന്നു് എനിക്കു് നിശ്ചയമുണ്ടു്. (പോകാൻ ഭാവിക്കുന്നു)
ദോറീന:
അതാ. അതാ. പോകാൻ വരട്ടെ. എന്റെ കോപം ക്ഷണത്തിൽ ശമിക്കും. ഏതായാലും എനിക്കു് നിങ്ങളോടു് ദയ തോന്നാതിരിപ്പാൻ പാടില്ല.
മറിയാനി:
ദോറീനേ! നീ കാണുന്നില്ലേ, ഈ ദുഷ്ടവിധി അനുഭവിക്കേണ്ടിവന്നാൽ, ഞാൻ ആക്ഷേപമില്ലാതെ മരിച്ചുകളയുമെന്നു്.
ദോറീന:
വേണ്ടാത്തതൊന്നും പറയരുതു്. ഇതു് മുടക്കുവാൻ എന്തെങ്കിലും ഒരു വഴി നിശ്ചയമായിട്ടും നമുക്കു് കണ്ടു് പിടിക്കാം. എന്നാൽ … വലീരി, ഇതാ വരുന്നു നിങ്ങളുടെ കാമുകൻ. (രണ്ടാളും പോയി.)
രംഗം 4

[വലീരിയും, മറിയാനിയും ദോറീനയും പ്രവേശിക്കുന്നു.]

വലീരി:
പ്രിയേ, ഒരു വർത്തമാനം പറയാനുണ്ടു്. ഇതു് ഞാൻ നാടാടെ കേൾക്കുകയാണു്. ഇപ്പോൾ മാത്രമെ പുറത്തുവന്നിട്ടുള്ളു. അസ്സൽ വർത്തമാനം!
മറിയാനി:
എന്തു് വർത്തമാനം.
വലീരി:
നീ ഉപദേശിയാരെ വിവാഹം കഴിക്കുന്ന വർത്തമാനം.
മറിയാനി:
അച്ഛനു് അങ്ങിനെ ഒരു ഉദ്ദേശം മനസ്സിൽ ഉള്ളതു് വാസ്തവമാണു്.
വലീരി:
അല്ല. നിന്റെ അച്ഛൻ തന്നെയല്ലെ എന്നോടു്…
മറിയാനി:
ശരി. അവർ ഇപ്പോൾ പണ്ടുചെയ്ത വാഗ്ദത്തം മാറ്റിയിരിക്കുന്നു. അവർ ഉപദേശിയാരെ വിവാഹം കഴിപ്പാൻ എന്നെ നിർബ്ബന്ധിച്ചിട്ടു് വളരെ ആയിട്ടില്ല.
വലീരി:
എന്തു്! കാര്യമായിട്ടാണോ ഇങ്ങിനെ പ്രവർത്തിച്ചതു്?
മറിയാനി:
അതെ. വളരെ കാര്യമായിട്ടു് തന്നെ ഈ വിവാഹം നടക്കണമെന്നു് പച്ചയായി പറഞ്ഞിട്ടു് എന്നെ നിർബ്ബന്ധിച്ചിരിക്കുന്നു.
വലീരി:
ഇഷ്ടത്തീ! ഈ കാര്യത്തിൽ നീ നിശ്ചയിക്കുന്നതു് എന്താണു്?
മറിയാനി:
ഞാൻ ഒന്നും അറിയുന്നില്ല.
വലീരി:
അറിയില്ലെന്നോ? അതു് നല്ല ഉത്തരം തന്നെയാണല്ലൊ.
മറിയാനി:
അല്ല.
വലീരി:
അല്ലേ?
മറിയാനി:
നിങ്ങൾ ഈ കാര്യത്തിൽ എന്തു് പറയാനാണു് ഭാവിക്കുന്നതു്?
വലീരി:
ഞാനൊ? എല്ലാ കാര്യങ്ങൾകൊണ്ടും അയാളെ വിവാഹം ചെയ്യാനാണു് ഞാനും ഉപദേശിക്കുന്നതു്.
മറിയാനി:
ഇതാണോ നിങ്ങളുടെ ഉപദേശം?
വലീരി:
അതെ.
മറിയാനി:
നിങ്ങൾ കാര്യമായിട്ടാണോ പറയുന്നതു്?
വലീരി:
ഒന്നാംതരം തിരഞ്ഞെടുപ്പു്! വകതിരിവും വിവേകവും ശോഭിക്കുന്നുണ്ടു്. അയാൾ നീ സ്വീകരിക്കേണ്ടുന്ന ഒരു യോഗ്യൻ തന്നെയാണു്.
മറിയാനി:
ശരി തന്നെ സാറേ! നിങ്ങളുടെ ഉപദേശം ഞാൻ സ്വീകരിക്കാം.
വലീരി:
അതു് സ്വീകരിക്കുന്നതിൽ നിനക്കു് ബുദ്ധിമുട്ടൊന്നും വരില്ല. നിശ്ചയം.
മറിയാനി:
ഉപദേശം തരാൻ നിങ്ങൾക്കു് വല്ല ബുദ്ധിമുട്ടും ഉണ്ടായോ? പിന്നെ അതു് സ്വീകരിക്കുന്നതിൽ എനിക്കു് എന്തു് ബുദ്ധിമുട്ടാണു്?
വലീരി:
ചങ്ങാതീ! സത്യമായിട്ടും അങ്ങിനെ ഞാൻ ഉപദേശിച്ചതു് നിനക്കു് ഉപകാരമാണെന്നു് വെച്ചിട്ടാണു്.
മറിയാനി:
സാറെ, നിങ്ങളുടെ അഭിലാഷത്തിനുവേണ്ടി ഞാൻ അതു് സ്വീകരിക്കുകയും ചെയ്യാം.
ദോറീന:
(ഇവരുടെ പിന്നിൽചെന്നുനിന്നിട്ടു്) ഇവരുടെ വാദപ്രതിവാദം ഏതുവിധത്തിൽ കലാശിക്കുമെന്നു് നോക്കട്ടെ.
വലീരി:
അപ്പോൾ ഇതാണു് നിന്റെ അനുരാഗം. ഒക്കെ വെറും കള്ളത്തരമായിരുന്നു അന്നു് നീ—!
മറിയാനി:
അതിനെപ്പറ്റിയൊന്നും പ്രസ്താവിക്കാതിരിക്കാൻ ഞാൻ അപേക്ഷിക്കുന്നു. സാറേ! എനിക്കു് അച്ഛൻ കണ്ട ഭർത്താവിനെ എന്നോടു് സ്വീകരിച്ചുകൊൾവാൻ, നിങ്ങൾ എന്റെ മുഖത്തു് നോക്കി പറഞ്ഞില്ലേ? ഇത്രയും നല്ല ഉപദേശം നിങ്ങൾ എനിക്കു് തന്നതുകൊണ്ടു് ഞാൻ അയാളെ സ്വീകരിച്ചുകൊള്ളാമെന്നു് ഞാനും നിങ്ങളുടെ മുഖത്തു് നോക്കിപ്പറഞ്ഞു.
വലീരി:
എന്റെ ഉപദേശത്തിനെ ലാക്കാക്കി നിന്റെ കർമ്മം സാധൂകരിപ്പാൻ നോക്കണ്ട. നീ മുൻകൂട്ടിത്തന്നെ ഈ കാര്യം തീർച്ചപ്പെടുത്തിപ്പോയിട്ടുണ്ടെന്നു് തെളിയിപ്പാൻ പ്രയാസമില്ല. നിന്റെ വാദഭാഗത്തെ ന്യായീകരിപ്പാൻ വേണ്ടിയാണു് നിസ്സാരമായ ഒരു ഒഴികഴിവിനെ ഇപ്പോൾ ശരണം പ്രാപിക്കുന്നതു്.
മറിയാനി:
പറഞ്ഞപോലെ തന്നെ.
വലീരി:
അതു തന്നെ. സംശയമില്ല. യഥാർത്ഥാനുരാഗം എന്നെക്കുറിച്ചു് നിന്റെ ഹൃദയത്തിൽ അങ്കുരിച്ചിട്ടില്ല.
മറിയാനി:
നിങ്ങളുടെ ഊഹം അങ്ങിനെയാണെങ്കിൽ, അങ്ങിനെ വിചാരിപ്പാൻ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടല്ലൊ.
വലീരി:
ശരി. ശരി. അങ്ങിനെ വിചാരിപ്പാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടു്. നീ ചതികൊണ്ടു് ചവിട്ടി അരച്ചുകളഞ്ഞ എന്റെ അനുരാഗം, നിന്നെക്കാളും മുമ്പേ, സമ്പൂർണ്ണാത്മനാ മറ്റൊരേടത്തു് പ്രതിഷ്ഠിക്കുവാൻ ഞാൻ നോക്കട്ടെ.
മറിയാനി:
അതിനൊന്നും നിങ്ങൾക്കു് വൈഷമ്യമുണ്ടാകയില്ല. ഉൽകൃഷ്ട ഗുണങ്ങൾ സമൃദ്ധിയായി കിടക്കുന്ന നിങ്ങൾക്കു് ജയം…
വലീരി:
ജഗദീശ്വരാ! എന്റെ സൽഗുണങ്ങൾ കീർത്തിച്ചതു് മതി. എനിക്കു് എടുത്തുപറയാൻ തക്ക യാതൊരു ഗുണവും ഇല്ലെന്നു് ഞാൻ അറിയും. പോരാഞ്ഞിട്ടു് നീ അതു് തെളിയിച്ചിട്ടും ഉണ്ടു്. മറ്റൊരുവൾ എന്നോടു് നിന്നെക്കാളും ദയകാണിക്കാൻ മതി. നീ വലിച്ചറിഞ്ഞുകളഞ്ഞ എന്നെ മടികൂടാതെ സ്വീകരിപ്പാനും, എനിക്കു് നേരിട്ടനഷ്ടം പരിഹരിക്കാനും ശങ്കയില്ലാത്ത ഒരുവളെ ഞാൻ അറിയും.
മറിയാനി:
നിങ്ങൾക്കു് വന്ന നഷ്ടം വമ്പിച്ചതൊന്നുമല്ല. നിങ്ങൾ പറയുന്ന മറ്റേവളെ ശരണം പ്രാപിച്ചാൽ പ്രയാസമില്ലാതെ നിങ്ങൾക്കു് സമ്പൂർണ്ണാശ്വാസം കിട്ടും.
വലീരി:
നിനക്കു് വിശ്വാസം വരത്തക്കവണ്ണം ഞാൻ ആവുമ്പോലെ ഉത്സാഹിപ്പിച്ചുനോക്കാം. ഒരു സ്ത്രീ ഹൃദയപൂർവ്വം നമ്മളെ മറന്നുകളഞ്ഞാൽ നമുക്കു് അഭിമാനക്ഷയമാണു് നേരിടുന്നതു്. ആ സമയത്തു് നമ്മളും അവളെ മറന്നു് കളയണം. അതു് അസാദ്ധ്യമാണെന്നു് തോന്നിയാൽ, മറന്നുകളഞ്ഞെന്നു് നടിക്കണം. ഇപ്രകാരം ചെയ്താൽമാത്രമെ നിരാകരിക്കപ്പെട്ട ഒരു കാമുകനു്, കാമിനിയോടുള്ള തന്റെ അനുരാഗം തണുത്തുപോകാഞ്ഞാൽ, തന്റെ അഭിമാനം രക്ഷിക്കാൻ സാധിക്കുകയുള്ളു.
മറിയാനി:
സത്യമായിട്ടും ഉന്നതവും ഉൽകൃഷ്ടവും ആയ ആലോചന!
വലീരി:
തിരസ്കൃതരായ നിർഭാഗ്യജനങ്ങൾ സമ്മതിക്കേണ്ടുന്ന ഒരു കർമ്മം തന്നെയാണു് അതു്. എന്താണു് ഞാൻ പറയേണ്ടതു്? എന്റെ ഹൃദയത്തിൽ നിന്നോടുള്ള അനുരാഗം കത്തിക്കൊണ്ടിരിക്കെ, നീ മറ്റൊരാളുടെ പാണിഗ്രഹത്തിൽ പെടാൻ പാഞ്ഞു് ചെല്ലുന്നതു് ഞാൻ കണ്ടുനില്ക്കണമെന്നു് നീ ആശിക്കുന്നോ? എന്റെ കൺമുമ്പിൽ വെച്ചിട്ടു് നീ ഇങ്ങനെ പുല്ലാക്കിക്കളഞ്ഞ എന്റെ ഹൃദയം മറ്റൊരുത്തിക്കു് സമർപ്പിക്കാതെ ഞാൻ അടങ്ങിയിരിക്കണമെന്നോ?
മറിയാനി:
അയ്യയ്യൊ! അങ്ങിനെ വേണ്ട. നിങ്ങൾ അപ്രകാരം ആചരിച്ചു് കഴിഞ്ഞു എന്നു് കേട്ടാൽ എനിക്കു് വളരെ സന്തോഷമായിരിക്കും.
വലീരി:
എന്തു്? നിനക്കതു് വളരെ സന്തോഷമാണെന്നോ?
മറിയാനി:
മറ്റോ!
വലീരി:
തെറ്റു് ചെയ്തതും പോരാ, അപമാനിക്കയുംകൂടി വേണോ? നീ ഇഷ്ടപ്പെട്ടപോലെ ചെയ്യാൻവേണ്ടി ഞാൻ ഇതാ ക്ഷണം പോകുന്നു. (പോകാൻവേണ്ടി ഒന്നു് അടി വെക്കുന്നു.)
മറിയാനി:
എന്നാൽ അങ്ങനെയാകട്ടെ.
വലീരി:
(തിരിഞ്ഞു് നിന്നിട്ടു്) എന്നാൽ നീ ഒന്നു് ഓർമ്മ വെക്കാനുണ്ടു്. എന്നെ ഈ കെടുകാര്യം ചെയ്യാൻ പ്രേരിപ്പിച്ചതു നീയാണെന്നു്.
മറിയാനി:
ശരിതന്നെ.
വലീരി:
(പിന്നെ തിരിഞ്ഞു് നോക്കിയിട്ടു്) ഞാൻ കണ്ടുവെച്ച സൂത്രം നിന്നെ അനുകരിക്കുന്നതുപോലെ ആയിരിക്കും.
മറിയാനി:
തന്നെയോ?
വലീരി:
(വാതിലിന്റെ അരികെ നിന്നിട്ടു്) അത്രമാത്രമെ ഉള്ളു. എല്ലാം നീ ചെയ്തതിന്റെ നേരെ പകർപ്പായിരിക്കും.
മറിയാനി:
അതു് വളരെ നന്നായിരിക്കും.
വലീരി:
(പിന്നെയും മടങ്ങിവന്നിട്ടു്) ഇതു് എന്റെ ഒടുവിലത്തെ മടക്കമാണു്.
മറിയാനി:
അങ്ങിനെ ആകട്ടെ.
വലീരി:
(വാതിലിന്റെ അടുക്കെ പോകുന്നു. അവിടെ എത്തിയ ഉടനെ തിരിഞ്ഞു് നില്ക്കുന്നു.) ഹേ!
മറിയാനി:
എന്താണു്?
വലീരി:
എന്നെ വിളിച്ചില്ലേ?
മറിയാനി:
ഞാനൊ? നിങ്ങൾ സ്വപ്നം കാണുന്നുണ്ടായിരിക്കും.
വലീരി:
അങ്ങിനെ ആകട്ടെ. ഇതാ ഞാൻ പോകുന്നു. ഇഷ്ടത്തി! നിനക്കു് നന്മവരട്ടെ. (അയാൾ മെല്ലെ നടന്നു് പോകുന്നു.)
മറിയാനി:
സാറെ! നിങ്ങൾക്കു് നന്മ വരട്ടെ.
ദോറീന:
(മുന്നോട്ടു് വന്നിട്ടു്) നിങ്ങൾ രണ്ടാളുടേയും വിശേഷബുദ്ധിക്കു് ഒരു ശിഖരം ബാക്കിയില്ലാതെ ഒട്ടാകെ നശിച്ചുപോയി എന്നാണു് ഞാൻ പറയുന്നതു്. നിങ്ങൾ രണ്ടുപേരും തമ്മിൽ അങ്കം പിടിച്ചിട്ടു് ഒന്നാം അങ്കം കഴിയുന്നതുവരെ ഞാൻ മിണ്ടാതെ കൂടി. കാര്യം എത്രത്തോളം എത്തുമെന്നു് കാണാൻ വേണ്ടി. ഓഹൊ! ഹേ വലീരി മൂപ്പരെ!
വലീരി:
ദോറീനെ, നിനക്കെന്തു് വേണം?
ദോറീന:
ഇങ്ങോട്ടു് വരീൻ.
വലീരി:
ഇല്ലേ, ഇല്ല. എനിക്കു് മതിയായി. അവൾ ആഗ്രഹിക്കും പ്രകാരം ഞാൻ ചെയ്യുന്നതിനു് തടസ്ഥം ഉണ്ടാകരുതു്.
ദോറീന:
നിൽക്കിൻ.
വലീരി:
വേണ്ട. നീ കാണുന്നില്ല. ഞാൻ നിശ്ചയിച്ചിരിക്കുന്നു; ഉറപ്പിച്ചിരിക്കുന്നു. (കരിങ്കല്ലുപോലെ നിൽക്കുന്നു.)
ദോറീന:
ഹു! എനിക്കു് കേൾക്കണ്ട.
മറിയാനി:
(സ്വകാര്യമായി ദോറീനയോടു്) ഞാൻ ഇവിടെ നില്ക്കുന്നതു് അയാൾക്കു് സങ്കടമാണെങ്കിൽ അയാളെ പറഞ്ഞയച്ചുകളയൂ. അല്ലെങ്കിൽ ഞാൻ പൊയ്ക്കളയുന്നതാണു് നല്ലതു്. എന്നാൽ അയാൾക്കു് ബുദ്ധിമുട്ടേണ്ടുന്ന കാര്യമില്ലല്ലൊ.

[ദോറീന വലീരിയെ വിട്ടു്, പോകാൻ തുടങ്ങുന്ന മറിയാനിയുടെ പിന്നാലെ ഓടിച്ചെല്ലുന്നു.]

ദോറീന:
ഒരാളെ പിടിച്ചു് നിർത്തുമ്പോൾ മറ്റേയാൾ ഓട്ടം തുടങ്ങും. എങ്ങോട്ടാണു് പോകുന്നതു്?
മറിയാനി:
എന്നെ വിട്ടുകളയൂ.
ദോറീന:
മടങ്ങിവരുമോ?
മറിയാനി:
ഇല്ല. മടങ്ങിവന്നിട്ടു് ഫലമില്ല.
വലീരി:
(മനസ്സിൽ) എന്നെ കാണുന്നതുതന്നെ അവൾക്കു് വെറുപ്പാണെന്നു് ഇതുകൊണ്ടു് തെളിയുന്നു. എന്താണു് സംശയിക്കാനുള്ളതു്! അവളെ അവളുടെ ഇഷ്ടത്തിനു് വിട്ടുകൊടുക്കുന്നതാണു് നല്ലതു്. (പോകുന്നു.)

[ദോറീന മറിയാനിയേയും വിട്ടു് പിന്നാലെ ഓടിച്ചെല്ലുന്നു.]

ദോറീന:
ആദ്യത്തെപ്പോലെ പിന്നെയും കളിച്ചുനോക്കുന്നോ? നിങ്ങൾ രണ്ടാൾക്കും എന്തു് വന്നു് പിടിച്ചുപോയി. ഈ വിഡ്ഢിത്തങ്ങളൊക്കെ മതിയാക്കൂ. രണ്ടാളും എന്റെ അടുത്തു് വരൂ. (ഓരോരുത്തരെയായി അവരുടെ കൈപിടിച്ചുവലിച്ചു് നടുക്കു് ബലമായി കൊണ്ടുനിർത്തുന്നു. ഇരുവരും അതിന്നു് വഴങ്ങുന്നു.)
വലീരി:
(ദോറീനയോടു്) എന്താണു് നിന്റെ ഉദ്ദേശം?
മറിയാനി:
(ദോറീനയോടു്) എന്തുചെയ്യാനാണു് നീ ഭാവിക്കുന്നതു്?
ദോറീന:
നിങ്ങൾ ഇരുവരേയും രഞ്ജിപ്പിക്കാൻ. നിങ്ങളുടെ വഴക്കുകളൊക്കെ തീർത്തു് പണ്ടത്തെപ്പോലെയാക്കാൻ. (വലീരിയോടു്) മറിയാനിയോടു് ഇപ്പോൾ പിണങ്ങുവാൻ നിങ്ങൾക്കു് മൂത്ത ഭ്രാന്തായിപ്പോയോ?
വലീരി:
അവൾ എന്തൊക്കെയാണു് എന്നോടു് പറഞ്ഞതെന്നു് നീ കേട്ടില്ലേ?
ദോറീന:
(മറിയാനിയോടു്) ഇത്രത്തോളം ക്രോധിപ്പാൻ തക്കവണ്ണം നിങ്ങൾക്കു് ഭ്രാന്തായിപ്പോയോ?
മറിയാനി:
അയാൾ എന്നോടു് ആചരിച്ച മാതിരി നീ കണ്ടില്ലേ?
ദോറീന:
രണ്ടാൾക്കും തലച്ചോറില്ല. (വലീരിയോടു്) നിങ്ങൾക്കു് അനുകൂലമായി നില്ക്കണം എന്നല്ലാതെ മറിയാനിക്കു് മറ്റൊരു വിചാരവും ഇല്ല. ഞാനാണു് നിങ്ങളെ പറഞ്ഞു് ബോദ്ധ്യപ്പെടുത്തുന്നതു്. അതിന്നു് രണ്ടുപക്ഷമില്ലെന്നു് കരുതിക്കൊൾവിൻ. (മറിയാനിയോടു്) വലീരി നിങ്ങളെയല്ലാതെ മറ്റാരെയും അനുരാഗിക്കുന്നില്ല. നിങ്ങളെ വിവാഹം കഴിപ്പാൻ ഇവർ സന്തോഷത്തോടെ അവസരവും പാർത്തു് കാലം കഴിക്കുകയാണു്. ഇതു് സത്യമാണെന്നു് ഞാൻ എന്റെ ആയുസ്സു് പണയം വെച്ചിട്ടു് പറയുന്നു.
മറിയാനി:
(വലീരിയോടു്) അല്ല. പിന്നെ നിങ്ങൾ എന്തിനാണു് അപ്രകാരം ഉപദേശിച്ചതു്?
വലീരി:
(മറിയാനിയോടു്) ഇക്കാര്യത്തിൽ എന്റെ ഉപദേശം നീ എന്തിനു് ചോദിച്ചു?
ദോറീന:
നിങ്ങൾ രണ്ടാളും അന്ധാളിച്ചു. നിങ്ങൾ രണ്ടാളുടേയും വലംകൈ ഇങ്ങോട്ടു് നീട്ടുവിൻ. (വലീരിയോടു്) തരൂ, നിങ്ങളുടെ കൈ. (വലീരി അടുത്തു് ചെന്നു് ദോറീനയ്ക്കു് കൈ നീട്ടിക്കൊടുക്കുന്നു.)
വലീരി:
ഇതു് എന്തിനായിരിക്കാം?
ദോറീന:
(മറിയാനിയോടു്) നിങ്ങളുടെ കൈയ്യും ഇങ്ങോട്ടു് തരുവിൻ. (മറിയാനി ദോറീനയ്ക്കു് കൈ നീട്ടിക്കൊടുക്കുന്നു.)
മറിയാനി:
ഇതുകൊണ്ടു് എന്തു് ഫലമാണു്?
ദോറീന:
ഓ! വരിൻ. വേഗമാകട്ടെ. കൊണ്ടുവരൂ, നിങ്ങളുടെ രണ്ടാളുടേയും കൈകൾ. (ദോറീന രണ്ടു് കൈയ്യും പിണച്ചുവെച്ചപ്പോൾ വലീരിയും മറിയാനീയും അന്യോന്യം മുഖം നോക്കാതെ കൈയ്യും പിടിച്ചു് കുറച്ചുനേരം നില്ക്കുന്നു.) നിങ്ങൾ രണ്ടാളും വിചാരിക്കുന്നതിനേക്കാൾ നിങ്ങൾ രണ്ടാൾക്കും അന്യോന്യം അതികലശലായ അനുരാഗം ഉണ്ടു്.
വലീരി:
(മറിയാനിയോടു്) വാ. കഴിഞ്ഞതിനെപ്പറ്റി വൃഥാ വിഷാദിക്കേണ്ട. നീ വെറുക്കുന്നില്ല എന്നു് തോന്നുംവിധത്തിൽ എന്റെ മുഖത്തൊന്നു് നോക്കൂ. (മറിയാനി ഒരു ചെറിയ മന്ദഹാസത്തോടെ വലീരിയുടെ നേരെ തിരിഞ്ഞു് മുഖത്തു് നോക്കുന്നു.)
ദോറീന:
സത്യമായിട്ടും ഈ കാമിനീകാമുകന്മാർ എന്തു് വിഡ്ഢിത്തരങ്ങളാണു് കാട്ടിക്കൂട്ടുന്നതു്?
വലീരി:
(മറിയാനിയോടു്) വരാൻ എന്തിനു് വിഷമിക്കുന്നു? ആവലാതിപറയാൻ എനിക്കു് ന്യായമായ കാരണങ്ങളില്ലേ? എന്നെ സങ്കടപ്പെടുത്തുന്നതു് പറയുന്നതിൽ ഉല്ലാസം തോന്നത്തക്കവണ്ണം നീ അത്ര ദയയില്ലാത്തവളല്ലെന്നു് എനിക്കു് നല്ലവണ്ണം അറിയാം.
മറിയാനി:
നന്ദിയില്ലാത്തവരിൽ അഗ്രഗണ്യനല്ലേ നിങ്ങൾ?
ദോറീന:
തർക്കമൊക്കെ മറ്റൊരു അവസരത്തിലേക്കു് നീട്ടി വെക്കൂ. മറിയാനിക്കു് കല്പിച്ചുവെച്ച ഈ കണ്ടാമാല വിവാഹത്തിനു് തടസ്ഥമുണ്ടാക്കുന്ന മാർഗ്ഗങ്ങളാണു് ഇനി നമുക്കു് കണ്ടുപിടിക്കേണ്ടതു്.
മറിയാനി:
അതു് ആരംഭിക്കേണ്ടതു് ഏതു് വിധത്തിലാണെന്നു് പറഞ്ഞുതരൂ.
ദോറീന:
ശരി. നമുക്കു് പല വഴികളും കണ്ടുപിടിച്ചു് ശ്രമിക്കണം. (മറിയാനിയോടു്) പിടിത്തം മുഴുവനും നിങ്ങളുടെ അച്ഛനാണു്. (വലീരിയോടു്) സൂത്രം ഫലിക്കാതായിപ്പോകരുതു്. (മറിയാനിയോടു്) നിങ്ങളുടെ അച്ഛന്റെ ഉദ്ദേശത്തിനു് വഴിപ്പെട്ടതുപോലെ നടിച്ചു് അയാളുടെ സംശയം കളയണം. എന്നാൽ നിർബ്ബന്ധം കൊണ്ടു് വല്ല തരക്കേടും നേരിട്ടാൽ നിങ്ങൾക്കു് തെല്ലുകൂടി ഇട വാങ്ങിയിട്ടു് ഒരു നീട്ടൽകൊണ്ടു് തല്ക്കാലം ഒരു തടസ്ഥം ഉണ്ടാക്കിവെക്കാൻ സാധിക്കും. സമയം കുറെ കിട്ടിക്കഴിഞ്ഞാൽ ബാക്കിയൊക്കെ പ്രയാസം കൂടാതെ ഞാൻ നോക്കിക്കൊള്ളാം. ഒരു ദിവസം പെട്ടെന്നു് സുഖക്കേടാണെന്നു് നടിച്ചിട്ടു് തടസ്ഥമുണ്ടാക്കും. മറ്റൊരു ദിവസം ശവം വെക്കുന്ന വണ്ടി കണികണ്ടതുകൊണ്ടോ, കണ്ണാടി പൊട്ടിയതുകൊണ്ടോ, കലക്കവെള്ളം സ്വപ്നം കണ്ടതുകൊണ്ടോ ശകുനം നന്നായില്ലെന്നു് പറഞ്ഞു് അവധി നീട്ടണം. എല്ലാറ്റിലുംവെച്ചു് നല്ല വഴി പറഞ്ഞുതരാം. നിങ്ങൾ സമ്മതംതന്നെയാണെന്നു് പറയാതെ നിങ്ങളെ ഒരുവനും വിവാഹം കഴിച്ചുകൊടുക്കാൻ പാടുള്ളതല്ല. മേലാൽ നിങ്ങളും വലീരിയും ഒരിടത്തിരുന്നു് കുശുക്കുശുക്കുന്നതു് യജമാനൻ കണ്ടു് പോകരുതു്. (വലീരിയോടു്) നിങ്ങൾ ഉടനെ തന്നെ പോയിട്ടു് യജമാനന്റെ അടുക്കെ നിങ്ങളുടെ ചങ്ങാതിമാരെ വിടണം. നിങ്ങൾക്കു് മറിയാനിയെ വിവാഹം കഴിച്ചുതരുമെന്ന യജമാനന്റെ വാഗ്ദത്തം അവരെ ഓർമ്മപ്പെടുത്തി. അതുപ്രകാരം അവരെക്കൊണ്ടു് നടത്തിക്കുവാൻ നിങ്ങളുടെ ചങ്ങാതിമാർ ആവുംവണ്ണം ശ്രമിക്കണം. ഭ്രാതാവിന്റെ സ്വാധീനശക്തിയും നമ്മുടെ കാര്യസാദ്ധ്യത്തിനു് സഹായകമായി വരുത്താം. പിറക്കാത്ത അമ്മയേയും നമ്മുടെ അനുകൂലയാക്കാൻ പ്രയത്നിക്കണം. അപ്പോൾ നമുക്കു് വിജയപ്രാപ്തി വരാതിരിക്കയില്ല. ഇപ്പോൾ ഗുഡ്ബൈ!
വലീരി:
(മറിയാനിയോടു്) ഏതു് വിധത്തിൽ നമ്മൾ ശ്രമിച്ചാലും ജയിക്കുന്നതിനു് ഞാൻ പ്രത്യേകമായി എണ്ണുന്നതു് നിന്നെ മാത്രമാണു്.
മറിയാനി:
(വലീരിയോടു്) എന്റെ അച്ഛന്റെ ചാപല്യങ്ങൾക്കു് ഉത്തരവാദിത്വം എടുക്കാൻ എന്നാൽ സാധിക്കുന്നതല്ല. എന്നാൽ നിങ്ങൾക്കല്ലാതെ വിവാഹം കഴിച്ചിട്ടു് എന്നെ കിട്ടുകയും ഉണ്ടാവില്ല.
വലീരി:
നീ സന്തോഷംകൊണ്ടു് എനിക്കു് രോമാഞ്ചം ഉണ്ടാക്കുന്നു. എന്തു് വന്നാലും…
ദോറീന:
ഓഹൊ! ഈ കാമിനീകാമുകന്മാരുടെ കുറുക്കൽ ഇനിയും തീർന്നിട്ടില്ല. നിങ്ങൾക്കു് പോകാൻ വൈകിപ്പോയി.
വലീരി:
(എഴുന്നേറ്റു് കുറെ പോയിട്ടു് ഉടനെ മടങ്ങുന്നു.) ഒടുവിലത്തെ വാക്കായിട്ടു് ഒന്നു് പറയാനുണ്ടു്.
ദോറീന:
എന്തൊരു തീരാത്ത വർത്തമാനമാണിതു്? ഇനി താമസിക്കാൻ പാടില്ല. (മറിയാനിയോടു്) നിങ്ങൾ ഈ വാതിലിൽക്കൂടെ പൊയ്ക്കോളു. (വലീരിയോടു്) നിങ്ങൾ മറ്റേ വാതിലിൽക്കൂടെ പൊയ്ക്കോളു.

[എല്ലാവരും പോയി.]

മൂന്നാം അങ്കം
രംഗം 1

[ദേവസ്സിയും ദോറീനയും പ്രവേശിക്കുന്നു]

ദേവസ്സി:
എന്തുകൊണ്ടാണു് മിന്നൽപ്പിണർ വീണിട്ടും ഞാൻ ഇപ്പോൾ മരിച്ചുപോകാത്തതു്? എന്തുകൊണ്ടാണു് എല്ലാവരും എല്ലാ ദിക്കിൽ നിന്നും ഞാൻ ഒരു കള്ളനാണെന്നു് വിളംബരം ചെയ്യുന്നതു്? ബാക്കിയുള്ളവരുടെ ബലംകൊണ്ടോ, ചിലരോടു് എനിക്കു് തോന്നുന്ന ആദരവുകൊണ്ടോ ഞാൻ എന്തുകൊണ്ടു് അടങ്ങിനില്ക്കണം? ഞാൻ വേഗം പോയി എന്തെങ്കിലും ഒരു സാഹസം ചെയ്യാൻ എന്തിനു് മടിക്കണം?
ദോറീന:
ഇതാ, ഞാൻ നിങ്ങളോടു് അപേക്ഷിക്കുന്നു. ഈ ഉഗ്രകോപം ഒന്നു് അടക്കിവെക്കണം. നിങ്ങളുടെ അച്ഛൻ അങ്ങിനെ ഒന്നു് പറഞ്ഞു എന്നേയുള്ളു. ജനങ്ങൾ പറയുന്നതൊക്കെ യഥാർത്ഥത്തിൽ വന്നുകൂടും എന്നു് നിശ്ചയിക്കാനും പാടില്ല. ചിലപ്പോൾ ആലോചനകൾ കർമ്മമായി ഫലിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ കാലതാമസംകൊണ്ടു് ദുർഗ്ഗമമായിപ്പോവാനും മതി.
ദേവസ്സി:
അങ്ങിനെയല്ല. ആ നിസ്സാരൻ ഉപദേശിയാരുടെ ദുരാലോചനകൾക്കു് ഞാൻ ഒരു അടിയറവു് വെക്കണം. എന്റെ വായിൽ നിന്നു് ഒന്നുരണ്ടു് പരമാർത്ഥങ്ങൾ വീഴുന്നതു് ആ നീചൻ കേട്ടിട്ടു് ഒരു പാഠം പഠിക്കണം.
ദോറീന:
അങ്ങിനെയോ? അതിനിന്നിത്ര ബദ്ധപ്പെടണമെന്നില്ല. തൽക്കാലം ആ മഹാപാപിയെ ശുമ്മാ വിട്ടുകളയൂ. നിങ്ങളുടെ അച്ഛനേയും ചെറിയമ്മയുടെ അധീനത്തിൽ വിട്ടുകളയൂ. ഉപദേശിയാരോടു് അവർക്കു് സ്വല്പം സ്വാധീനമുണ്ടു്. ചെറിയമ്മ പറയുന്നതൊക്കെ അനുസരിക്കുന്നതു് അയാൾ ഒരു പതിവാക്കിയിരിക്കുന്നു. അയാൾക്കു് അവരോടു് ഒരു ഭ്രമമുണ്ടെന്നു് കൂടി എനിക്കു് ഒരു ശങ്കയുണ്ടു്. അതു് യഥാർത്ഥമാണെങ്കിൽ ഒരു ദൈവസഹായമായി കരുതാമായിരുന്നു, അതു് വളരെ നേരമ്പോക്കിനു് വഴിയുണ്ടാക്കിത്തരുമായിരുന്നു. ഈ വിവാഹത്തെ സംബന്ധിച്ചും അയാളുടെ അഭിപ്രായം അറിയാൻവേണ്ടി, നിങ്ങളുടെ ആവശ്യമാണെന്നുവെച്ചിട്ടു് എമിലിക്കൊച്ചമ്മ അയാളെ വിളിച്ചുകൊണ്ടുവരുവാൻ ആളെ വിട്ടിട്ടുണ്ടു്. ഈ ആലോചനക്കു് അയാൾ വഴിപ്പെടാതെയിരിക്കില്ലെന്നു് ശാഠ്യംപിടിച്ചാൽ അദ്ദേഹം മൂലംവരെ ഏടാകൂടങ്ങൾ ഉണ്ടായിവരുമെന്നു് സ്പഷ്ടമായി അയാളോടു് പറഞ്ഞുകൊടുക്കാൻ വേണ്ടിയാണു് അയാളെ വിളിച്ചുവരുത്തുന്നതു്. അയാളുടെ കാര്യസ്ഥൻ പറയുന്നതു് ഉപദേശിയാർ പ്രാർത്ഥനയിൽ ഏർപ്പെട്ടിരിക്കയാണെന്നും, ആ സമയത്തു് അയാളുടെ അരികെച്ചെല്ലാൻ തനിക്കു് പാടില്ലെന്നുമാണു്. എന്നാൽ, അയാൾ പ്രാർത്ഥനകഴിഞ്ഞു് പുറത്തു് വരാറായെന്നും കാര്യസ്ഥൻ പറഞ്ഞിട്ടുണ്ടു്. അതുകൊണ്ടു് നിങ്ങൾ ഇവിടെനിന്നു് പോകുന്നതാണു് നല്ലതു്. അയാളെയും കാത്തു് ഞാൻ ഇവിടെ ഇരിക്കുന്നുണ്ടു്.
ദേവസ്സി:
ഈ കൂടിക്കാഴ്ചയിൽ ഞാനുംകൂടി ഉണ്ടായാൽ എന്തു് വൈഷമ്യമാണു് വരുന്നതു്?
ദോറീന:
ഹെ! ഒട്ടും പാടില്ല. അവരെ രണ്ടാളെയും സ്വകാര്യമായി വിട്ടേക്കണം.
ദേവസ്സി:
ഞാൻ അയാളോടു് മിണ്ടാനേ പോകുന്നില്ല. എന്നാലോ?
ദോറീന:
എന്നാലും വേണ്ട. എന്നാൽ നിങ്ങൾ എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളു. നിങ്ങളേയും നിങ്ങളുടെ തന്ത്രങ്ങളുടെ മഹിമയും ഞങ്ങൾക്കു് അറിയാം. കാര്യങ്ങളൊക്കെ നിങ്ങൾ അവതാളത്തിലാക്കും. ക്ഷണം പൊക്കോളു.
ദേവസ്സി:
ഇല്ല. ഈ കൂടിക്കാഴ്ച എനിക്കും കാണണം. എന്റെ കോപം ഞാൻ അടക്കിക്കൊള്ളാം.
ദോറീന:
ഇതെന്തൊരു മാലാകാരമാണു്. അയാൾ അതാ വരുന്നു. നിങ്ങൾ ഈ കുളിമുറിയിൽ കേറി ഒളിച്ചുകൊൾവിൻ. മറ്റു് യാതൊരു നിവൃത്തിയുമില്ല. (ദേവസ്സി അവിടെച്ചെന്നു് ഒളിക്കുന്നു.)
രംഗം 2

[തറിയൻ ഉപദേശിയാരും ദോറീനയും പ്രവേശിക്കുന്നു.]

ഉപദേശിയാർ:
(ദോറീനയെ കണ്ടപ്പോൾ കാര്യസ്ഥനെ വിളിക്കുന്നു.)
കാര്യസ്ഥൻ:
എന്താ വിളിച്ചതു്?
ഉപദേശിയാർ:
നീ ചെന്നിട്ടു് എന്റെ കമ്പിളിഷർട്ട് എടുത്തുകൊണ്ടുവാ. ദൈവവെളിച്ചം നിന്റെമേൽ വിളങ്ങട്ടെ എന്നു് പ്രാർത്ഥിച്ചുകൊണ്ടിരിപ്പാൻ ഒരിക്കലും മറന്നുപോകരുതേ. ആരെങ്കിലും എന്നെ കാണാൻ വന്നെങ്കിൽ തടവുകാരുടെ ഇടയിൽ ചെന്നു് എനിക്കു് കിട്ടിയ സാധനങ്ങൾ അനുഭവിക്കാൻ പോയിരിക്കുന്നു എന്നു് പറഞ്ഞാൽ മതി.
ദോറീന:
(മനസ്സിൽ) എന്തൊരു നാട്യമാണു്? എന്തൊരു പത്രാസാണു്?
ഉപദേശിയാർ:
എന്നെക്കൊണ്ടു് നിനക്കു് വല്ലതും വേണ്ടതുണ്ടോ?
ദോറീന:
നിങ്ങളോടു് പറയാനുള്ളതു്…
ഉപദേശിയാർ:
(കീശയിൽ നിന്നു് ഉറുമാൽ എടുത്തിട്ടു്) വരട്ടെ. നീ പറയുന്നതിനു് മുമ്പു് ഈ ഉറുമാൽ എടുത്തു് കൊള്ളുക.
ദോറീന:
എന്തു് കാര്യത്തിനു്?
ഉപദേശിയാർ:
നിന്റെ നെഞ്ഞത്തു് തുറിച്ചു് നില്ക്കുന്ന ആ മാംസക്കഷണം—കാമാർത്തന്മാർ മുലയെന്നു് പറയുന്ന ആ നിസ്സാരസാധനം! (തുറിച്ചു് നോക്കീട്ടു്) അതു് നോക്കുന്നതു് തന്നെ എനിക്കു് അറപ്പാണു്. ആ പന്തുപോലെയുള്ള വസ്തുക്കൾ മനസ്സിൽ പാപവിചാരങ്ങൾ ജനിപ്പിച്ചു് ആത്മാവിനെ മലിനപ്പെടുത്തുന്നു. അതുകൊണ്ടു് അവയെ ക്ഷണം ഈ ഉറുമാൽകൊണ്ടു് മറച്ചുകളയൂ.
ദോറീന:
അപ്പോൾ ക്ഷണം നിങ്ങൾക്കും കാമം പിടിപെട്ടു് പോകുമെന്നാണോ? പച്ചമാംസത്തിനു് നിങ്ങളുടെ ഇന്ദ്രിയങ്ങളെ വശീകരിപ്പാൻ ഇത്ര കലശലായ ശക്തി ഉണ്ടോ? ഇത്രവലിയ ഭ്രമത്തിൽ നിങ്ങൾ എങ്ങിനെ പെടുന്നു എന്നു് ഞാൻ അറിയുന്നില്ല. എനിക്കാണെങ്കിൽ ഒന്നുകൊണ്ടും കാമവികാരം ജനിക്കാറേയില്ല. നിങ്ങൾ ഉടുപ്പൊക്കെ അഴിച്ചിട്ടു് നിങ്ങളെ ഞാൻ കാൽമുതൽ തലവരെ എത്രനേരം നോക്കിയാലും ശരി, ഭ്രമമോ, തൃഷ്ണയൊന്നും എന്നെ എള്ളോളം ബാധിക്കുകയില്ല.
ഉപദേശിയാർ:
നിന്റെ സംസാരത്തിൽ കുറെക്കൂടി അടക്കം കാണിക്കൂ. സഭ്യമായതേ പറയാവൂ. അല്ലാഞ്ഞാൽ ഈ നിമിഷത്തിൽ നിന്നെയും വിട്ടു് ഞാൻ പൊയ്ക്കളയും.
ദോറീന:
വേണ്ട. വേണ്ട. നിങ്ങളെ തനിച്ചാക്കി ഞാൻ ക്ഷണം പൊയ്ക്കോളാം. എനിക്കു് ഒന്നുമാത്രമേ പറയാനുള്ളു. കൊച്ചമ്മ ക്ഷണം താഴത്തു് വരും. അവർക്കു് എന്തോ ഒരു കാര്യം പറയാനുണ്ടുപോലും. ദയവുചെയ്തു് കുറേ നേരം ഇവിടെ കാത്തുനില്ക്കണം.
ഉപദേശിയാർ:
ഓ, സമ്പൂർണ്ണസമ്മതം.
ദോറീന:
(മനസ്സിൽ) എത്ര ക്ഷണത്തിൽ ശാന്തനായിപ്പോയി! എന്റെ ശങ്ക അസ്ഥാനത്തല്ലെന്നു് തോന്നുന്നു.
ഉപദേശിയാർ:
അവർ വേഗം വരുമോ?
ദോറീന:
അവർ ഇറങ്ങിവരുന്നുണ്ടെന്നു് തോന്നുന്നു. അതെ. ഇതാ അവർ എത്തിപ്പോയി. ഇനി എന്നെക്കൊണ്ടു് ഉപദ്രവം വേണ്ട. ഞാൻ ഇതാ പോകുന്നു. (പോയി.)
രംഗം 3

[തറിയൻ ഉപദേശിയാരും എമിലിയും പ്രവേശിക്കുന്നു.]

ഉപദേശിയാർ:
ജഗദീശ്വരന്റെ ജലപ്രവാഹംപോലെ ഒഴുകിവരുന്ന ദയ നിങ്ങളുടെ ദേഹത്തിന്നും ആത്മാവിന്നും ഏതു് സമയത്തും അത്യന്തം സുഖവും ശാന്തിയും ഉണ്ടാക്കട്ടെ. ആ സർവ്വേശ്വരന്റെ ഭക്തനും, ദാസനുമായ എന്റെ പ്രാർത്ഥനക്കും ആഗ്രഹത്തിനും ഫലം ഉണ്ടെങ്കിൽ ഞാനും നിങ്ങളെ അനുഗ്രഹിക്കുന്നു.
എമിലി:
നിങ്ങൾ തന്ന പുണ്യാനുഗ്രഹത്തിനു് ഞാൻ വളരെ നന്ദി പറയുന്നു. എന്നാൽ നമുക്കൊരിടത്തു് ഇരിക്കാം. എന്നാലേ നമുക്കു് സ്വൈരത്തോടെ സംസാരിക്കുവാൻ സാധിക്കയുള്ളു.
ഉപദേശിയാർ:
നിങ്ങൾക്കു് ഇപ്പോൾ എങ്ങിനെയിരിക്കുന്നു? സുഖക്കെടെല്ലാം ഭേദമായോ?
എമിലി:
പൂർണ്ണ ഭേദമായി. പനി ഉടനെതന്നെ വിട്ടുപോയി.
ഉപദേശിയാർ:
ഉന്നതനായ ഈശ്വരന്റെ അനുകമ്പ ഇങ്ങിനെ കീഴ്പ്പോട്ടു് ആകർഷിച്ചുവരുത്തുവാൻതക്ക അദൃശ്യ ശക്തി എന്റെ നിരന്തരപ്രാർത്ഥനകളുടെ ഫലമാണെന്നു് എനിക്കു് പറയാൻ ധൈര്യം വരുന്നില്ല. എന്നാലും കുറെ നാളായി ഞാൻ ഈശ്വരനോടു് തേടിയ ഓരോ വരവും നിങ്ങളുടെ സുഖക്കേടുകൾ ക്ഷണം മാറേണമെന്ന ഒരേയൊരു അപേക്ഷമാത്രമായിരുന്നു.
എമിലി:
നിങ്ങൾ എന്റെ കാര്യത്തിൽ ഞാൻ അപേക്ഷിക്കുന്നതിലും കവിഞ്ഞ തൃഷ്ണ കാണിച്ചിട്ടുണ്ടു്.
ഉപദേശിയാർ:
വിലപിടിച്ച നിങ്ങളുടെ ദേഹസുഖം നിലനില്ക്കാൻ ഞങ്ങളിൽ ചിലർ വേണ്ടതു് പ്രവർത്തിക്കാൻ എന്നും നോറ്റുനില്ക്കുന്നുണ്ടു്. നിങ്ങളുടെ രോഗശമനത്തിനു് എന്റെ ശരീരസുഖംതന്നെ ഞാൻ ബലികഴിക്കാൻ ഒരുക്കമായിരുന്നു.
എമിലി:
ക്രിസ്തീയധർമ്മത്തെ നിങ്ങൾ കവിഞ്ഞ നിലയിൽ പരിപാലിച്ചുപോരുന്നു. ഇത്രത്തോളം കാണിച്ച ദയക്കു് ഞാൻ നന്ദി പറയുന്നു.
ഉപദേശിയാർ:
എന്റെ കർമ്മം നിങ്ങൾ അർഹിക്കുന്നതിലും വളരെ കുറഞ്ഞുപോയിരിക്കുന്നു.
എമിലി:
അതു് അങ്ങിനെ ഇരിക്കട്ടെ. എനിക്കു് നിങ്ങളോടു് ഗോപ്യമായി സംസാരിക്കാൻ ആഗ്രഹമുള്ള ഒരു കാര്യം നമ്മൾ പറയുന്നതു് കേൾക്കാൻ ഇവിടെ ആരും ഇല്ലാത്തതുകൊണ്ടു് എനിക്കു് തൃപ്തിയുണ്ടു്.
ഉപദേശിയാർ:
പ്രിയ സഹോദരി! ഞാൻ സന്തോഷത്തിൽ മുഴുകിയിരിക്കുന്നു. നിങ്ങളുടെ ഒന്നിച്ചു് സ്വകാര്യമായി ഇരിക്കാൻ ഇടകിട്ടുന്നതു് ഒരു മധുരാവസ്ഥയാണു്. ഇങ്ങിനെ ഒരു അവസരം കിട്ടുവാൻവേണ്ടി ഞാൻ ദൈവത്തോടു് പല പ്രാവശ്യവും ഫലമില്ലാതെ പ്രാർത്ഥിച്ചിട്ടുണ്ടു്. ഇന്നുമാത്രമേ ഈശ്വരൻ അതിനു് സംഗതി വരുത്തിത്തന്നിട്ടുള്ളു.
എമിലി:
ഞാൻ നിങ്ങളിൽനിന്നു് കിട്ടാൻ ആഗ്രഹിക്കുന്നതു് ഒരു ചെറിയ ശുപാർശ മാത്രമാണു്. ഒക്കെ വെട്ടാവെളിച്ചത്തു്, തുറന്ന രാശിയിൽ എന്നിൽനിന്നു് ഒന്നും ഒളിച്ചു് വെക്കാൻ പാടില്ല.
ദേവസ്സി:
(അവർ കാണാതെ കുളിമുറിയുടെ വാതിൽപ്പൊളി പകുതി തുറന്നുവെക്കുന്നു.)
ഉപദേശിയാർ:
ഈശ്വരന്റെ പ്രത്യേക കാരുണ്യംകൊണ്ടു് നിങ്ങളുടെ കൺമുന്നിൽ എന്റെ ആത്മാവും തുറന്നുവെച്ചു് തരുവാൻ ഞാനും ആഗ്രഹിക്കുന്നുണ്ടു്. നിങ്ങളുടെ സൗന്ദര്യം കണ്ടിട്ടു് ആകൃഷ്ടന്മാരായി ഇവിടെ വന്നുകൂടുവാൻ നിർബ്ബന്ധിതരായ ചിലരെപ്പറ്റി ആക്ഷേപിച്ചിട്ടു് ഞാനുണ്ടാക്കിയ ദ്രോഹം നിങ്ങളോടു് വെറുപ്പു് തോന്നിയതിന്റെ ഫലമല്ലെന്നും നിങ്ങളോടു് എനിക്കുണ്ടായിവന്ന അത്യന്തസ്ഥായിനിമിത്തം എനിക്കുണ്ടായ പരിശുദ്ധമായ വിചാരപരമ്പരയുടെ ഫലം മാത്രമാണെന്നും ഞാൻ ഇപ്പോൾ നിങ്ങളോടു് സത്യം ചെയ്തു് പറഞ്ഞുകൊള്ളുന്നു.
എമിലി:
അങ്ങിനെയാണു് ഞാനും വിചാരിച്ചിരുന്നതു്. നിങ്ങളുടെ ഉദ്ദേശം എന്റെ പാപമോചനം മാത്രമായിരുന്നു.
ഉപദേശിയാർ:
(അവളുടെ വിരലുകളുടെ അറ്റം ഒന്നു് ഞെക്കുന്നു.) സഹോദരി! അതു് അക്ഷരംപ്രതി ശരിയാണു്. എന്റെ സ്ഥായി എത്രത്തോളം…
എമിലി:
അപ്പാ! നിങ്ങൾ വളരെ ഊക്കിൽ ഞെക്കുന്നു.
ഉപദേശിയാർ:
അതു് നിന്റെ ഗുണകാംക്ഷയുടെ ആധിക്യംകൊണ്ടാണു്. ഞാൻ വേണമെങ്കിൽ എളുപ്പത്തിൽ…

[ഉപദേശിയാർ അദ്ദേഹത്തിന്റെ കൈ എമിലിയുടെ കാലിന്റെ മുട്ടിന്മേൽ വെക്കുന്നു.]

എമിലി:
നിങ്ങളുടെ കൈ എന്താ അവിടെ ച്വെയ്യുന്നതു്?
ഉപദേശിയാർ:
നിങ്ങളുടെ ഉടുപ്പു് തൊട്ടു് നോക്കുകമാത്രം. അതിനു് നല്ല മാർദ്ദവമുണ്ടു്.
എമിലി:
ഇരിക്കട്ടെ. ഒന്നു് പറയട്ടെ. എനിക്കു് വളരെ ഇക്കിളിയാകുന്നു.

[ഇരുന്ന കസേര അവൾ ദൂരെ നീക്കിയപ്പോൾ ഉപദേശിയാർ അയാളുടെ കസേരയും അവളുടെ അടുക്കലേക്കു് വലിച്ചിടുന്നു.]

ഉപദേശിയാർ:
നിങ്ങളുടെ ഈ ലൈസിലെ തുന്നൽപ്പണി എത്ര വിചിത്രമായിരിക്കുന്നു! ഈ കാലത്തു് തുന്നക്കാർ അത്ഭുതകരമായ പലതും ഉണ്ടാക്കി വിടുന്നുണ്ടു്. സകല സാധനങ്ങളും പണ്ടുള്ളതിനേക്കാൾ എത്രയോ മെച്ചമായി ഉണ്ടാക്കുന്നു! (അതു് പൊന്തിച്ചുനോക്കുന്നു)
എമിലി:
ശരി ശരി. എന്നാൽ നമ്മൾ കാര്യത്തിലേക്കു് പ്രവേശിക്കുക. എന്റെ ഭർത്താവു് അവരുടെ വാക്കു് തെറ്റി നടക്കാൻ പോകുന്നുണ്ടെന്നു് ഒരു വർത്തമാനം കേട്ടു. അവരു് മറിയാനിയെ നിങ്ങൾക്കാണുപോലും വിവാഹം ചെയ്തുതരുന്നതു്. ഇതു് സത്യമാണോ?
ഉപദേശിയാർ:
ഏകദേശം അതുപോലെ അയാൾ സൂചിപ്പിച്ചിട്ടുണ്ടു്. എന്നാൽ, സഹോദരി! സത്യം പറയുകയാണെങ്കിൽ, അതുപോലെ ഒരു ആനന്ദത്തിന്നല്ല ഞാൻ കാത്തുകെട്ടിനില്ക്കുന്നതു്. സൗഭാഗ്യത്തിന്റെ നിവൃത്തിയില്ലാത്ത മധുരാകർഷണം ഞാൻ മറ്റൊരേടത്തു് കണ്ടിട്ടാണു് എന്റെ കണ്ണു് കുളിർപ്പിക്കുന്നതു്. ആ സമ്പാദനംകൊണ്ടുമാത്രമേ എന്റെ ആഗ്രഹം പൂർത്തിയാകുകയുള്ളു.
എമിലി:
ഭൂമിയിലെ സൗഖ്യങ്ങൾ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നാണോ പറഞ്ഞുകൊണ്ടുവരുന്നതു്?
ഉപദേശിയാർ:
എന്റെ നെഞ്ചിനുള്ളിൽ കിടക്കുന്ന ഹൃദയം കരിങ്കല്ലല്ല.
എമിലി:
നിങ്ങളുടെ നോട്ടം എപ്പോഴും ദൈവസന്നിധിയിലേക്കാണെന്നു് ഞാൻ നല്ലവണ്ണം വിശ്വസിക്കുന്നുണ്ടു്. ചോടെ കിടക്കുന്ന ഭൂമിയിലെ യാതൊന്നിനും നിങ്ങളുടെ വിചാരം പിടിച്ചുനിർത്താൻ സാധിക്കയില്ല.
ഉപദേശിയാർ:
സനാതന സാധങ്ങളുടെ സൗന്ദര്യത്തോടുള്ള പ്രേമം, ഭൂമിയിലെ സൗന്ദര്യത്തോടു് ജനിക്കുന്ന പ്രേമത്തെ നശിപ്പിച്ചുകളയുകയില്ല. ഈശ്വരൻ ഈ ലോകത്തു് സൃഷ്ടിച്ചുവെച്ച പൂർണ്ണശോഭങ്ങളായ രൂപങ്ങൾ കാണുമ്പോൾ, മനുഷ്യരുടെ ഇന്ദ്രിയങ്ങൾ സ്പന്ദിച്ചുപോകുന്നതു് അതിശയമല്ല. നിങ്ങളെപ്പോലെയുള്ളവരിൽ പ്രതിബിംബിക്കുന്നതു് ആ മനോഹര ദിവ്യശോഭയാണു്. അവറ്റയുടെ അപൂർവ്വാശ്ചര്യാവസ്ഥ നിങ്ങളിൽ നിറഞ്ഞു് കാണുന്നു. ആ ദിവ്യശോഭ നിങ്ങളുടെ മുഖകമലത്തിൽ അതിശയകരമാംവണ്ണം വിളയാടുന്നതുകൊണ്ടു് നോക്കുന്നവരുടെ കണ്ണുകൾ പ്രകാശംകൊണ്ടു് കത്തിപ്പോകുന്നു. ഹൃദയം ഛിന്നഭിന്നമായിപ്പോകുന്നു. പരിപൂർണ്ണ സൃഷ്ടിയാണെന്നു് പറയാവുന്ന നിങ്ങളെ, ഈ പ്രകൃതിയെ നിർമ്മിച്ച ഉൽകൃഷ്ട കർത്താവിനെ അഭിനന്ദിക്കാതെയോ, ആ കർത്താവിന്റെ രമ്യമായ ഒരു പ്രതിമതന്നെയാണു് നിങ്ങൾ എന്നു് വിചാരിക്കാതെയോ, എനിക്കു് നിങ്ങളെ നോക്കുവാൻ സാധിക്കുന്നില്ല. എന്റെ ഈ ഗൂഢാനുരാഗം പിശാചിന്റെ കൗശലം കൊണ്ടുണ്ടായ ഒരു വലയായിരിക്കുമോ എന്നു് ശങ്കിച്ചിട്ടു് എനിക്കു് ആദ്യം ഒരു കിടിലം ഉണ്ടായിരുന്നു. നിങ്ങളുടെ സൗന്ദര്യത്തിന്റെ സന്നിധാനത്തിൽനിന്നു് പറന്നു് പോകുവാൻ എന്റെ ഹൃദയത്തെ ഞാൻ പഠിപ്പിച്ചുനോക്കി. അതു് എന്റെ സ്വർഗ്ഗപ്രാപ്തിക്കു് ഒരു തടസ്ഥമായി നിന്നേക്കുമോ എന്നുകൂടി ഞാൻ ആലോചിച്ചു. ഓ! എന്റെ സൗന്ദര്യസർവ്വസ്വമേ! എനിക്കു് അപ്പോൾ പെട്ടെന്നു് ഒരു ദിവ്യവെളിച്ചം ഉണ്ടായി. എന്റെ അനുരാഗം നിഷ്കന്മഷമായിരിക്കും എന്നു് ഞാൻ കണ്ടു. പെണ്ണിന്റെ ചാരിത്ര്യശുദ്ധിയോടും അതു് അനുകൂലമായി വരുത്താൻ എനിക്കു് സാധിക്കുമെന്നു് ബോദ്ധ്യമായി. അതിന്നുവേണ്ടി എന്റെ ദേഹവും ആത്മാവും സമ്പൂർണ്ണമായി വഴങ്ങിക്കൊടുക്കുന്നതു് വിരോധമല്ലെന്നും എന്റെ മനസ്സാക്ഷി എന്നെ ഉപദേശിച്ചു. എന്റെ ഹൃദയം നിങ്ങൾക്കു് കാഴ്ചവെക്കാൻ ഞാൻ ധൈര്യപ്പെട്ടതു് എന്റെ ധിക്കാരമല്ലേ എന്നു് നിങ്ങൾക്കു് തോന്നുമെന്നു് ഞാൻ ശങ്കിച്ചു. എന്നാൽ ഞാൻ എന്റെ മനസ്സാക്ഷിയുടെ ഉപദേശം പ്രമാണമാക്കിപ്പിടിച്ചു. എന്റെ അനുരാഗം ഫലസിദ്ധിക്കു് കാംക്ഷിക്കുന്നതു്, നിങ്ങളുടെ അനുകമ്പയും ശുദ്ധമനസ്സും ആശ്രയിച്ചിട്ടല്ലാതെ എന്റെ നിസ്സാരമായ ശ്രമവും പ്രേരണയും കൊണ്ടല്ലെന്നു് എനിക്കു് നല്ല ബോദ്ധ്യമുണ്ടു്. നിങ്ങളാണു് എന്റെ ആശ്വാസം. എന്റെ ആധാരം. എന്റെ മനഃസമാധാനം. എനിക്കു് വന്നുചേരുവാൻ പോകുന്നതു് സ്വർഗ്ഗമോ, നരകമോ എന്നു് നിങ്ങളാണു് തീർച്ചപ്പെടുത്തേണ്ടതു്. നിങ്ങൾ എനിക്കു് കല്പിച്ചുതരാത്ത വിധികൊണ്ടു് ഞാൻ നിങ്ങളുടെ ഇഷ്ടംപോലെ സദാനന്ദനോ, ദൈവഹതകനോ ആയിത്തീരുന്നതാണു്.
എമിലി:
നിങ്ങളുടെ വാഗ്വാദങ്ങൾ നിങ്ങൾ സംരക്ഷിച്ചു് പോരുന്ന സ്വഭാവത്തിനു് വിരുദ്ധമായിപ്പോയി. നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ അടക്കിവെക്കാൻ ഇനിയും നല്ലവണ്ണം നോക്കാത്തതുകൊണ്ടു് ഞാൻ അത്ഭുതപ്പെടുന്നു. ഈ വിഷയത്തിലേക്കുള്ള നിങ്ങളുടെ ചാട്ടം അസ്ഥാനവും അസംഗതവുമായിപ്പോയി. നിങ്ങളെപ്പോലെയുള്ള ഒരു ഭക്തൻ, ലോകം മുഴുവൻ കേൾവിയുള്ള…
ഉപദേശിയാർ:
ഭക്തനാണെങ്കിലും ഞാനും ഒരു മനുഷ്യൻ തന്നെയാണു്. ഒരു മനുഷ്യൻ നിന്റെ സ്വർഗ്ഗസ്ത്രീകളെക്കൂടി നിന്ദിക്കുന്ന സൗന്ദര്യം കാണുമ്പോൾ, അവന്റെ ഹൃദയം തന്നെത്താനറിയാതെ ആകൃഷ്ടമായിപ്പോകുന്നു. ബാക്കി ആലോചനകൾ മങ്ങിപ്പോകുന്നു. എന്റെ നാവിൽനിന്നു് വീഴുമ്പോൾ ഈ വാക്കുകൾ നിങ്ങൾക്കു് വിസ്മയജനകമായിരിക്കും എന്നു് എനിക്കറിയാം. എന്നാൽ ഇഷ്ടത്തി! എല്ലാംകൊണ്ടും എന്നെ ഒരു അമാനുഷനായി കരുതരുതു്. ഞാൻ എന്റെ രഹസ്യം തുറന്നുപറഞ്ഞതു് അബദ്ധമായിപ്പോയി എന്നു് നിങ്ങൾ വിചാരിക്കുന്നെങ്കിൽ അതിന്നു് കുറ്റക്കാരൻ ഞാനല്ല. ആണുങ്ങളെ അടിമകളാക്കിക്കളയുന്ന നിങ്ങളുടെ അമാനുഷിക സൗന്ദര്യം ഞാൻ ഒന്നാമതു് കണ്ട ഉടനെ, നിങ്ങൾ എന്റെ ഹൃദയത്തിൽ ചക്രവർത്തിനി സ്ഥാനം വഹിച്ചിരിക്കുന്നു. നാവാൽ പറയാൻ വയ്യാത്തെ മാധുര്യം നിങ്ങളുടെ കണ്ണുകളിൽ സ്ഫുരിച്ചിരിക്കുന്നു. ആ കണ്ണുകൾ വഴിപ്പെടാൻ മടിച്ചിരുന്ന ഹൃദയത്തെ ബലാൽ പിടിച്ചടക്കിക്കളഞ്ഞിരിക്കുന്നു! അതോടുകൂടി എന്റെ ദേഹവും, പട്ടിണിക്കിടൽ, പ്രാർത്ഥനകൾ, മാനസാന്തരംകൊണ്ടു് പൊഴിച്ച കണ്ണുനീർ, മുതലായ എന്റെ ആരാധനക്രമങ്ങളുംകൂടി അസ്തമിച്ചുപോയിരിക്കുന്നു. എന്റെ ആരാധന മുഴുവൻ നിങ്ങളിൽത്തന്നെ ലയിച്ചുപോയി. എന്റെ നോട്ടവും, നിശ്വാസവും ആ വിവരം നിങ്ങളോടു് ആയിരം തവണ ആവർത്തിച്ചുതന്നിരിക്കുന്നു. ഇപ്പോഴാകട്ടെ അതൊക്കെ പുറത്താക്കാൻ എന്റെ നാവിന്റെ സഹായം തന്നെ വേണ്ടിവന്നിരിക്കുന്നു. നിങ്ങളുടെ ഈ ഒന്നിനും കൊള്ളാത്ത അടിമയുടെ സങ്കടത്തിൽ അല്പം അനുകമ്പ കാണിച്ചാൽ, നിങ്ങളുടെ നിഷ്കളങ്കമായ മനസ്സലിവുകൊണ്ടു്, എനിക്കു് ആശ്വാസം തന്നാൽ, ഈ ഒരു ഗുണവുമില്ലാത്ത നിസ്സാരനോടു് ഇണക്കം കാണിച്ചാൽ, ഞാൻ തക്കതായ കൃതജ്ഞത ഏതുപ്രകാരത്തിൽ കാണിക്കണമെന്നു് എനിക്കു് തന്നെ നിശ്ചയമില്ല. നിങ്ങൾ ഒരു അത്ഭുതകരമായ മാധുര്യനിധിയാണു്. അസാദൃശ്യമായ ആരാധനക്കും വിശ്വാസത്തിനും പാത്രമായിവരേണ്ടതാണു് നിങ്ങളുടെ കോമളശരീരം. എന്നോടുചേർന്നാൽ നിങ്ങൾക്കു് ദൂഷണമോ, ദുഷ്പേരോ വന്നുകൂടും എന്ന ശങ്കയേ വേണ്ട. പെണ്ണുങ്ങളുടെ പ്രേമം ക്ഷണം പതിച്ചുപോകുന്ന ഇപ്പോഴത്തെ യുവാക്കൾ അവരുടെ കാമലീലകളെപ്പറ്റി എല്ലാവരോടും കീർത്തിക്കുന്ന കൂട്ടരാണു്. അവർ രഹസ്യമൊക്കെ പരസ്യമാക്കുന്നവരാണു്. ബഹുജനങ്ങളുടെ മദ്ധ്യത്തിൽവെച്ചു് അവരുടെ കാമവിജയങ്ങളെപ്പറ്റി, ഈ യുവാക്കന്മാർ ഒന്നിനുപത്താക്കി പറയുന്നതു് കേട്ടാൽ അവിടെനിന്നും എഴുന്നേറ്റു് പാഞ്ഞുകളയാൻ തോന്നും. മിക്ക സമയത്തും അവർക്കു് വഴിപ്പെട്ട സ്ത്രീകളുടെ പേരുംകൂടി പറയാൻ അവർ മടിക്കാറില്ല. ഹൃദയപൂർവ്വം അവരെ ആരാധിച്ചുവന്ന സ്ത്രീകളെ അവർ പുച്ഛിക്കുന്നതു് കേട്ടാൽ ആരും ആശ്ചര്യപ്പെട്ടുപോകും. എന്നാൽ എന്നെപ്പൊലെയുള്ളവരെ ഒരിക്കലും ആ കൂട്ടത്തിൽ കൂട്ടുവാൻ പാടില്ല. ഞങ്ങൾക്കു് രഹസ്യം രഹസ്യമാണു്. പുറമെ പറഞ്ഞു് ഘോഷിക്കേണ്ടുന്ന ഒരു നിസ്സാര കാര്യമൊന്നുമല്ല. നിങ്ങൾ എന്നോടു് ആനുകൂല്യം കാണിച്ചെങ്കിൽ ആ വിവരം ഞാൻ മരിക്കുംവരെ പുറത്തു് പൊയ്പോകയില്ല എന്നു് ദൃഢമായി വിശ്വസിച്ചുകൊൾവിൻ. ഞാൻ എന്റെ നല്ലപേർ നിലനിർത്തുവാൻ എത്രത്തോളം പണിപ്പെടുന്നുവോ, അത്രത്തോളം എന്റെ അനുരാഗം പതിഞ്ഞുപോയ കാമിനിയുടെ പേർ പുറത്താകാതെ സൂക്ഷിക്കാനും പണിപ്പെടുമെന്നതു് സ്പഷ്ടമല്ലേ? നമ്മൾ അന്യോന്യം വിശ്വസിച്ചു് വേണ്ടുന്നതു് പ്രവർത്തിച്ചാൽ നമുക്കു് സിദ്ധിക്കുന്നതു് ദുഷ്പേരില്ലാത്ത സംഭോഗവും ഭയമില്ലാത്ത ആനന്ദവും ആണു്.
എമിലി:
നിങ്ങൾ പറയുന്നതൊക്കെ ഞാൻ ശ്രദ്ധവെച്ചു് കേട്ടു. ഒന്നുമില്ലെങ്കിൽ നിങ്ങളുടെ വാക്കുകളുടെ സാരം എളുപ്പത്തിൽ ഗ്രഹിക്കാവുന്നവിധത്തിലാണു്. എന്നാൽ, നിങ്ങളുടെ ദുസ്സഹമായ കാമത്തെപ്പറ്റി എന്റെ ഭർത്താവിനോടു് പറഞ്ഞുകൊടുപ്പാൻ ചിലപ്പോൾ തോന്നിപ്പോകുമെന്ന ഭയം നിങ്ങൾക്കില്ലേ? ഇപ്പറഞ്ഞതുതന്നെ ചൂടാറുംമുമ്പെ ഞാൻ എന്റെ ഭർത്താവിനോടു് റിപ്പോർട്ടുചെയ്താൽ നിങ്ങൾ തമ്മിലുള്ള സ്നേഹത്തിനു് ഭംഗം വന്നു് പോകുമെന്നും നിങ്ങൾക്കു് ബോധ്യമില്ലേ?
ഉപദേശിയാർ:
നിങ്ങളുടെ നന്മയിലും, ഉദാരശീലത്തിലും എനിക്കു് ദൃഢവിശ്വാസമുണ്ടു്. എന്റെ ഭവിഷ്യത്തു് വകവെക്കാതെ ഈ എടുത്തുചാട്ടം നിങ്ങൾ ക്ഷമിക്കുമെന്നും എനിക്കറിവുണ്ടു്. എന്റെ പ്രേമത്തിന്റെ കടുപ്പം കണ്ടിട്ടു് നിങ്ങൾക്കു് മുഷിച്ചിലാണു് തോന്നുന്നതെങ്കിൽ മാനുഷികചാപല്യമാണെന്നുവെച്ചു് എന്നെ മാപ്പാക്കിയാൽ മതി.
എമിലി:
ഒരു സമയം മറ്റു് ചില സ്ത്രീകൾ മറ്റൊരു പ്രകാരത്തിൽ ആചരിക്കുമായിരിക്കും. എന്നാൽ എന്റെ അഭിലാഷം എന്റെ യുക്തിക്കനുസരിച്ചു് തോന്നിയതു്, എന്റെ ഭർത്താവോടു് ഈ സംഗതി ഒന്നും പറയേണ്ടുന്ന കാര്യമില്ലെന്നാണു്. എന്നാൽ ഞാൻ അങ്ങിനെ നിങ്ങൾക്കുവേണ്ടി ചെയ്യണമെങ്കിൽ നിങ്ങളും എനിക്കുവേണ്ടി ഒന്നു് ചെയ്തുതരേണ്ടതുണ്ടു്. വലീരിക്കു് മറിയാനിയെ വിവാഹം ചെയ്തുകൊടുപ്പാൻവേണ്ടി, ഒരു വിശ്വസ്ത സ്നേഹിതനെന്ന നിലയിൽ എന്റെ ഭർത്താവിനെ ഉപദേശിക്കയും ഉത്സാഹിപ്പിക്കുകയും ചെയ്യണം. പിന്നെ ഭർത്താവിന്റെ അവകാശാധികാരങ്ങൾ നിങ്ങളുടെ അന്യായമായ സ്വാധീനശക്തികൊണ്ടു് എന്നിൽനിന്നു് അപഹരിച്ചുകളയാമെന്ന മോഹം നിങ്ങൾ തീരെ വർജ്ജിക്കണം. (എല്ലാവരും പോയി.)
രംഗം 4

[എമിലിയും ഉപദേശിയാരും നേരത്തെ പറഞ്ഞതുപോലെ വാദം മുഴുവനാക്കും മുമ്പേ കുളിമുറിയിൽ അതുവരെ ഒളിച്ചിനിന്നിരുന്ന ദേവസ്സി പുറത്തു് വരുന്നു.]

ദേവസ്സി:
ഈ കരാറു് ഞാൻ അനുവദിക്കുകയില്ല. ഈ കാര്യം തീർച്ചയായിട്ടും പരസ്യമാക്കണം. ഞാൻ ഈ അടുത്ത കുളിമുറിയിൽ ഒളിച്ചിരുന്നു. ഉണ്ടായ എല്ലാ സംഭാഷണങ്ങളും ഞാൻ കേട്ടിരിക്കുന്നു. ഈശ്വരന്റെ കടാക്ഷംകൊണ്ടാണു് ഞാൻ അവിടെ എത്തിച്ചേർന്നതു്. ഈ കരിങ്കള്ളന്റെ ഡംഭു് ചവിട്ടിത്തേക്കാനും, ഇവന്റെ കാപട്യത്തിനും വഞ്ചനക്കും അഹംഭാവത്തിനും തക്കതായ ശിക്ഷ കൊടുത്തുവിടാനും ഒരു അവസരം എനിക്കു് കിട്ടിപ്പോയി. നിങ്ങളോടു് കാമലീലക്കു് കെഞ്ചുന്നവിധത്തിലാണു് ഈ ധൂർത്തനെ ഞാൻ കണ്ടുപിടിച്ചതു്. ഈ വിവരം അച്ഛനെ ഗ്രഹിപ്പിച്ചിട്ടു് അദ്ദേഹത്തിനു് ഈ കള്ള ജൂദാസിനോടു് തോന്നുന്ന സ്നേഹവും വിലയും പറ്റെ ഖണ്ഡിച്ചുകളയണം.
എമിലി:
വേണ്ട. വേണ്ട. ഉപദേശിയാരെ നല്ല മാതിരി കൊണ്ടുനടന്നാൽ മതി. നിന്റെ അച്ഛൻ അയാളോടു് കാണിച്ച സ്നേഹവും വിശ്വാസവും അസ്ഥാനത്തല്ലെന്നു് അയാൾ മേലാലുള്ള നടപടികൾകൊണ്ടു് ഉദാഹരിക്കണം. ഞാൻ അങ്ങിനെ വാഗ്ദത്തം ചെയ്തുകൊടുത്തുപോയതുകൊണ്ടു് എന്റെ വാക്കിന്നു് വിലയില്ലെന്നു് നീ വരുത്താൻ പാടില്ല. ദൂഷണഭാഷണങ്ങൾ പബ്ളിക്കായി വിടുന്നതു് എന്റെ സ്വഭാവത്തിനു് വിപരീതമാണു്. ചാരിത്ര ശുദ്ധിയുള്ള ഒരു ഭാര്യയ്ക്കു് ഈ മാതിരി വിഡ്ഢിത്തങ്ങളൊന്നും രസമാവില്ല. ആ മാതിരി കാര്യങ്ങൾ ഭർത്താവോടു് പറഞ്ഞിട്ടു് അവരെ വെറുപ്പിക്കരുതു്. തങ്ങൾ നിലയ്ക്കു് നിന്നാൽ മതി.
ദേവസ്സി:
ഇങ്ങിനെ ആചരിക്കുന്നതിന്നു് നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയായ കാരണങ്ങൾ ഉണ്ടു്. അതിനു് വിപരീതമായി പ്രവർത്തിപ്പാൻ എനിക്കും ന്യായമായ കാരണങ്ങൾ ഉണ്ടു്. ഇയ്യാളെ ഇപ്പോൾ വിട്ടുകളയുന്നതു് വെറും വിഡ്ഢിത്തമാണു്. ഇയ്യാൾ ഭക്തനാണെന്ന നാട്യംകൊണ്ടു് സമ്പാദിച്ചുവെച്ച അഹന്ത വളരെക്കാലമായി എല്ലാരെയും ഒതുക്കാൻവേണ്ടിയാണു് ഉപയോഗിക്കുന്നതു്. എന്റെ കാര്യമായ കോപം വകവെക്കാതെ നമ്മുടെ കുടുംബത്തിനു് അനേകം ദ്രോഹങ്ങൾ ഉണ്ടാക്കിത്തീർക്കാൻ ഇയ്യാളാണു് കാരണഭൂതനായി നിന്നതു്. ഈ കരിങ്കള്ളൻ വളരെ നാളായി അച്ഛനെക്കൊണ്ടു് മച്ചാൻകളി കളിപ്പിക്കുന്നു. ഇയ്യാളാണു് എന്റെ പെങ്ങളുടെ രാഗത്തിനും എന്റെ രാഗത്തിനും തടസ്ഥങ്ങൾ വാരിവലിച്ചിട്ടതു്. അച്ഛന്റെ മുമ്പിൽവെച്ചുതന്നെ ഈ കള്ളക്കാർക്കോടകന്റെ കള്ളി മുഴുവനും പുറത്താക്കണം. അതു് ചെയ്യുവാൻ ഈശ്വരൻ എനിക്കു് സകല ഉപകരണങ്ങളും കല്പിച്ചുതന്നിരിക്കുന്നു. ഈ അവസരം കാട്ടിത്തന്നതുകൊണ്ടു് ഞാൻ ദൈവത്തോടും നന്ദിപറയുന്നു. ഇപ്പോൾ അതു് എനിക്കു് സിദ്ധിച്ചിരിക്കുന്നു. വേണ്ടപോലെ ഉപയോഗിക്കാതെപോയാൽ പിന്നെ ഒരിക്കൽ ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ അതു് കേവലം വിട്ടൊഴിഞ്ഞു് പോകുന്നതാണു്. അതുകൊണ്ടു് ഞാൻ അതു് മുറുകെപ്പിടിച്ചിരിക്കുന്നു.
എമിലി:
ദേവസ്സി!
ദേവസ്സി:
എന്നെ വെറുതെ വിളിക്കണ്ട. നിങ്ങൾ ചുമ്മാ ഇരുന്നാൽ മതി. എനിക്കു് ആരുടേയും ഉപദേശം ആവശ്യമില്ല. ഞാൻ സന്തോഷത്തിൽ മുഴുകിയിരിക്കുന്നു. പ്രതികാരം ചെയ്യാനുള്ള എന്റെ ഹൃദ്യമായ സന്തോഷം വിട്ടുകളയാനൊന്നും പറയാൻ നിങ്ങൾ ഉദ്യമിക്കാത്തതാണു് നല്ലതു്. ഇയ്യാളുടെ കെടുകാര്യത്തിനു് ഞാൻ ഇപ്പോൾത്തന്നെ അറുതിവരുത്തും. എന്നോടു് യോജിക്കാൻ ഇതാ എന്റെ അച്ഛനും വരുന്നു.

[അരാഗൻ പ്രവേശിക്കുന്നു.]

ദേവസ്സി:
അച്ഛാ! നിങ്ങളെ അഭിവാദ്യം ചെയ്യാൻ ആകപ്പാടെ നവീനവും ആശ്ചര്യജനകവുമായ ഒരു വർത്തമാനം ഞങ്ങൾക്കു് കിട്ടിയിരിക്കുന്നു. നിങ്ങളുടെ ഉദാരനടവടികൾക്കു് നിങ്ങൾക്കു് നല്ല കൂലിയാണു് കിട്ടിയിരിക്കുന്നതു്. ഈ ഉപദേശിയാർ—ഈ മാതൃകാപുരുഷൻ, നിങ്ങൾ കാണിച്ച സ്നേഹവിശ്വാസങ്ങൾക്കു് എത്ര വിശേഷമായ നന്ദിയാണു് കാണിച്ചുതന്നതെന്നു് നിങ്ങൾക്കു് വല്ല വിവരവും ഉണ്ടോ? ഈ മഹാമനുഷ്യൻ ഭക്തിയും സൽസ്വഭാവവും നടിച്ചിട്ടു്, ചെറിയമ്മയുടെ ചാരിത്രഹാനിക്കാണു് ശ്രമിച്ചതു് എന്നതിനു് ഞങ്ങൾക്കു് സാരമായ തെളിവുകൾ കിട്ടിയിരിക്കുന്നു. നിങ്ങളുടെ ഭാര്യയോടു് അയാളുടെ ദുഷ്കാമത്തിനു് വഴിപ്പെടാൻ നിർബ്ബന്ധിക്കുന്നതു് ഞാൻ കേൾക്കുകയും, പെട്ടെന്നു് ചെന്നിട്ടു് അയാളെ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അവരാകട്ടെ, ഔദാര്യവും ഒതുക്കവും കവിഞ്ഞുപോയതുകൊണ്ടു് ഈ വിവരം നിങ്ങളിൽനിന്നു് മറച്ചുവെക്കാൻ അപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഈ ലജ്ജയില്ലാത്ത നടപടി ഗോപ്യമായി വെച്ചിട്ടു് കണ്ണു് ചിമ്മിക്കളയാൻ തക്കവണ്ണം ഗൗരവം കുറഞ്ഞ ഒന്നല്ല. അങ്ങിനെ ചെയ്താൽ നിങ്ങളോടു് തെറ്റുചെയ്തു എന്നും നിങ്ങളുടെ മാനഭംഗത്തിനു് ഞാൻ അനുകൂലിയാണെന്നും വന്നുപോകും. വേണ്ടാത്ത ദുഷ്പേരൊന്നും എനിക്കു് ചുമന്നു് നടക്കാൻ സാധിക്കയില്ല.
അരാഗൻ:
(എമിലിയോടു്) നീ എന്തു് പറയുന്നു?
എമിലി:
ഈ മാതിരി പരാതികൊണ്ടൊന്നും ഒരു ഭാര്യ തന്റെ ഭർത്താവിന്റെ മനസ്സിനു് അസ്വാസ്ഥ്യമുണ്ടാക്കി അവരെ ദ്രോഹിക്കരുതെന്നാണു് എന്റെ മതം. ഒരു സ്ത്രീയുടെ തന്റേടം, ബാക്കിയുള്ളവരുടെ ദുർഭാഷണങ്ങളെ അടിസ്ഥാനമാക്കീട്ടല്ല നില്ക്കുന്നതു്. അവൾ അനാവശ്യങ്ങൾക്കൊന്നിനും വഴിപ്പെടാതിരുന്നാൽ മാത്രം മതി. ഏതായാലും ഇതാണു് എന്റെ അഭിപ്രായം. ദേവസ്സീ! നീ എന്റെ ഉപദേശം സ്വീകരിച്ചിരുന്നു എങ്കിൽ ഇതൊന്നും നിന്റെ അച്ഛനോടു് പറയുകയില്ലായിരുന്നു. (പോയി.)
അരാഗൻ:
എന്റെ കർത്താവെ! ഞാൻ കേട്ടതൊക്കെ എനിക്കു് വിശ്വസിക്കാമൊ?
ഉപദേശിയാർ:
അതെ, സ്നേഹിതാ! ഞാൻ ദുഷ്ടനും കുറ്റക്കാരനും ആണെന്നു് സമ്മതിച്ചേക്കാം. ഒരു ഒന്നിനും കൊള്ളാത്ത മഹാപാപി! ദോഷങ്ങളിൽ മുഴുകിക്കിടക്കുന്നവൻ! ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽവെച്ചു് ഏറ്റവും വലിയ ഘാതകൻ! എന്റെ ജീവകാലത്തിന്റെ ഓരോ നിമിഷവും ദോഷകർമ്മങ്ങൾകൊണ്ടു് മലിനപ്പെട്ടതാണു്. ഞാൻ ദോഷങ്ങളുടേയും, മലിനതകളുടേയും, ദുരാചാരങ്ങളുടേയും, കൃതഘ്നതയുടേയും ഒരു മൂർത്തിത്വമാണു്. ഈശ്വരൻ എന്നെ ശിക്ഷിക്കാൻവേണ്ടി, എന്നെ ചവിട്ടി അമർത്തുകയാണു് ചെയ്യുന്നതെന്നു് ഇപ്പോൾ ഞാൻ സ്പഷ്ടമായി കാണുന്നുണ്ടു്. എന്നിൽ എത്രതന്നെ ഭയങ്കരകുറ്റങ്ങൾ ഇവർ ആരോപിച്ചാലും, അതൊന്നും നിഷേധിപ്പാൻ ഞാൻ ഭാവിക്കുന്നില്ല. അതിനൊക്കെ ഉത്തരം പറഞ്ഞു് കുറ്റങ്ങളിൽനിന്നു് എന്നെ ഉദ്ധരിപ്പിക്കാൻ നോക്കുന്നതു് ഒരുതരം അഹന്തയാണെന്നു് എനിക്കു് തോന്നുന്നു. ആ അഹന്തയുടെ ബാധയിൽനിന്നു് ദൈവം എന്നെ രക്ഷിച്ചാൽ മാത്രം മതി. സകല കാര്യങ്ങളും ദൈവം അറിയുമല്ലൊ എന്ന ഒരു ആശ്വാസം ഏതു് സമയത്തും എനിക്കുണ്ടു്. അതുകൊണ്ടു് സ്നേഹിതാ! ഇവർ പറയുന്ന കഥകളൊക്കെ വിശ്വസിച്ചുകൊള്ളുക. എന്റെ നേരെ നിങ്ങളുടെ കോപമാകുന്ന ആയുധം പ്രയോഗിച്ചുകൊൾക. നിങ്ങളുടെ വീട്ടിൽനിന്നു് ഒരു കള്ളച്ചതിയൻ എന്ന നിലയിൽ എന്നെ അടിച്ചോടിച്ചു് കളയുക. എനിക്കു് ഇത്ര വമ്പിച്ച ഒരു നാണക്കേടു് ഇതുവരെ നേരിട്ടിട്ടില്ല. എന്നാൽ ഇതിലും അധികത്തിനു് ഈ നിസ്സാരനായ ഞാൻ പാത്രമാകണമെന്നു് വിനീതനായ ഞാൻ പറഞ്ഞുകൊള്ളുന്നു. നിങ്ങളുടെ ദയവുണ്ടായിട്ടു് ഞാൻ കുറെ കരയട്ടെ.
അരാഗൻ:
(മകനോടു്) എടാ, കഴുവേറി! ഈ മാതിരി കളവു് കെട്ടിയുണ്ടാക്കി ഇദ്ദേഹത്തിന്റെ നന്മകളുടെ വെണ്മയ്ക്കു് കളങ്കമുണ്ടാക്കാൻ നീ എങ്ങിനെ ധൈര്യപ്പെട്ടു?
ദേവസ്സി:
ഇവനാണു് കള്ളക്കഴുവേറി! ഈ വഞ്ചകൻ കാട്ടിക്കൂട്ടുന്ന വിനീതഭാവംകൊണ്ടു് നിങ്ങൾ എന്നെ വിശ്വസിക്കാതെ…
അരാഗൻ:
മിണ്ടാതിരിക്കൂ. ശപിക്കപ്പെട്ട മാലാകാരമേ!
ഉപദേശിയാർ:
അയ്യോ! അതു് പാടില്ല. അയാൾ പറഞ്ഞുകൊള്ളട്ടെ. നിങ്ങൾ ശകാരിക്കുന്നതു് തെറ്റാണു്. നിങ്ങൾക്കു് നല്ലതു് അയാളുടെ കഥകൾ വിശ്വസിക്കുന്നതാണു്. ഈ ചില്ലറക്കാര്യത്തിൽ എന്നെ ഇത്രത്തോളം താങ്ങിപ്പറയേണ്ടുന്ന ആവശ്യം ഇല്ല. ഞാൻ എന്തെല്ലാം ചെയ്യാൻ മതി എന്നു് നിങ്ങൾക്കു് വല്ല നിശ്ചയവും ഉണ്ടോ? സ്നേഹിതരേ! എന്റെ പുറമേയുള്ള കോലം കണ്ടിട്ടു് ഞാൻ നല്ല മനുഷ്യനാണു് എന്നു് എങ്ങിനെ എന്നെപ്പറ്റി ഒരു അഭിപ്രായം പാസ്സാക്കും? വേണ്ട. വേണ്ട. പുറമെയുള്ള കോലംകൊണ്ടു് വഞ്ചിതനാകുന്നതിനു് വഴങ്ങിക്കൊടുക്കുകയാണു് നിങ്ങൾക്കു് നല്ലതു്. എന്നെപ്പറ്റി പറഞ്ഞതൊക്കെ സകലതും സത്യമാണെന്നേ കരുതേണ്ടതുള്ളു. എന്റെ ജഗദീശ്വരാ! ഞാൻ ഒരു ഭക്തനെന്നാണു് എല്ലാവരും വിശ്വസിച്ചുപോരുന്നതു്. യഥാർത്ഥത്തിൽ ഞാൻ ഒരു പുല്ലിന്നും വിലപിടിക്കാത്ത ജന്തുവാണു്. (താഴ്മയോടെ ദേവസ്സിയെ നോക്കീട്ടു്) എന്റെ പ്രിയ മകനെ! ശരിയാണു് നീ പറഞ്ഞതു്. വേണ്ടതു് പറഞ്ഞുകൊൾക. എന്നെ വിശ്വാസവഞ്ചകനെന്നും, വർജ്ജ്യനായ ഏഷണിക്കാരനെന്നും, കള്ളനെന്നും, കൊലപാതകി എന്നും മറ്റും യഥേഷ്ടം വിളിച്ചുകൊൾക. പോരെങ്കിൽ ഇതിലും നാറിയ പേരുകൾകൊണ്ടും എന്നെ വിളിച്ചുകൊൾക. ഞാൻ നിങ്ങളെ വിരോധിക്കുവാൻ നോക്കുകയില്ല. എല്ലാറ്റിനും ഞാൻ പാത്രമാണു്, സമ്മതിച്ചു. ഞാൻ ഈ ദൂഷ്യാരോപണങ്ങളെല്ലാം മുട്ടുകുത്തി സഹിച്ചുകൊള്ളാം. ഞാൻ ചെയ്തിട്ടുണ്ടെന്നു് പറയുന്ന കുറ്റങ്ങൾക്കു്, ലജ്ജകൊണ്ടു് തലയുംതാഴ്ത്തി ഞാൻ ഈശ്വരനോടു് മാപ്പാക്കാൻ അപേക്ഷിച്ചുകൊള്ളാം. (മുട്ടുകുത്തി പ്രാർത്ഥിക്കുന്നു.)
അരാഗൻ:
ഹേ, സ്നേഹിതാ! അതു് കടന്ന കയ്യായിപ്പോകും. (മകനെ നോക്കീട്ടു്) എടാ, ദുഷ്ടാ! നീ ഇപ്പോൾ വ്യസനിക്കുന്നില്ലേ?
ദേവസ്സി:
എന്തിനു്? ഈ ചൈത്താന്റെ വാക്കുകൾ കേട്ടിട്ടു് നിങ്ങൾ വഞ്ചിതൻ…
അരാഗൻ:
മിണ്ടാതിരിക്കൂ, നായേ! (ഉപദേശിയാരെ നോക്കിട്ടു്) സ്നേഹിതാ! എഴുന്നേൽക്കു. ഞാൻ അപേക്ഷിക്കുന്നു. (മകനെ നോക്കീട്ടു്) വകതിരിവില്ലാത്ത ചെറ്റ!!
ദേവസ്സി:
ഞാൻ ചോദിക്കട്ടെ. ഇയ്യാൾക്കു്…
അരാഗൻ:
മിണ്ടാതിരിക്കാനാണു് പറയുന്നതു്.
ദേവസ്സി:
എന്തു്?
അരാഗൻ:
നോക്കു, ഇനിയും വല്ലതും പറഞ്ഞാൽ ഞാൻ നിന്റെ എല്ലു് ബാക്കിവെക്കുക ഉണ്ടാവില്ല.
ഉപദേശിയാർ:
സ്നേഹിതാ! ഈശ്വരനെ വിചാരിച്ചു് അവനോടു് കലശൽ കൂടേണ്ട. ഞാൻ നിമിത്തമായി ഒരു മാന്തുപോലും അവൻ അനുഭവിക്കുന്നതിനേക്കാൾ ദുസ്സഹഭേദ്യങ്ങൾ ഞാൻ സഹിച്ചുകൊള്ളാം.
അരാഗൻ:
(മകനെ നോക്കീട്ടു്) നന്ദിയില്ലാത്ത രാക്ഷസൻ!
ഉപദേശിയാർ:
വരട്ടെ. നിങ്ങൾ അവനെ മാപ്പാക്കാൻ ഞാൻ ഇങ്ങനെ മുട്ടുകുത്തി അപേക്ഷിക്കുന്നു.
അരാഗൻ:
(മുട്ടുകുത്തി ഉപദേശിയാരെ ചുംബിച്ചിട്ടു്) അയ്യോ, ദൈവമേ! എന്തിനാണു് ഇത്രയൊക്കെ? (മകനെ നോക്കീട്ടു്) എടാ; കള്ളക്കുട്ടാ! ഇവരുടെ നന്മനോക്കി പഠിക്കുക.
ദേവസ്സി:
ഈ പുള്ളിയുടെ…
അരാഗൻ:
നീ വായതുറക്കേണ്ട.
ദേവസ്സി:
എന്തു് കഥയാണിതു്? ഈ ആളെ വിഴുങ്ങുന്ന പെരുമ്പാമ്പിനെ… …
അരാഗൻ:
ഞാനല്ലേ പറഞ്ഞതു്, ഒന്നും മിണ്ടരുതെന്നു്. നീ ഇദ്ദേഹത്തെ പഴിക്കുന്നതിന്റെ ഉദ്ദേശം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നീ അയാളെ വെറുക്കുന്നു. നീ മാത്രമല്ല. ഇവിടെ ഉള്ളവരൊക്കെയും. ഭാര്യയും, കുട്ടികളും, വേലക്കാരും അയാളുടെ എതിരായി തിരിഞ്ഞിരിക്കുന്നു. ഈ ദൈവഭക്തനെ എന്റെ വീട്ടിൽനിന്നു് പുറത്താക്കുവാൻ നിങ്ങളൊക്കെ ലജ്ജാകരമായ പല കൗശലവും നോക്കിയിരിക്കുന്നു. എത്രവളരെ നിങ്ങൾ ഉത്സാഹിച്ചാലും ആ ധന്യനെ എന്റെ കൂടെ ഇവിടത്തന്നെ പാർപ്പിക്കുവാൻ ഞാൻ അതിലും വലിയ വാശി കാണിക്കാതിരിക്കയില്ല. നിങ്ങളുടെ പത്രാസ് പൊട്ടിത്തെറിപ്പിക്കാൻവേണ്ടി ഇയ്യാൾക്കു് ഞാൻ എന്റെ മകളെ ഇപ്പോൾത്തന്നെ വിവാഹം കഴിച്ചു് കൊടുക്കും.
ദേവസ്സി:
എന്തൊക്കെയാണു് നിങ്ങൾ പറയുന്നതു്? ഞങ്ങളോടുള്ള ദേഷ്യംകൊണ്ടു് സാധു മറിയാനിയെ ശിക്ഷിക്കുന്നതെന്തിനാണു്? അവളുടെ ഹിതത്തിനു് വിരോധമായി ഈ തെണ്ടിവന്നു്, ഗതികെട്ട ആരോരുമില്ലാത്ത പെറുക്കിക്കു് കെട്ടിക്കൊടുക്കുകയോ?
അരാഗൻ:
നിന്റെ ശകാരം ഒരു രോമത്തിന്റെ അത്ര ഞാൻ വിലവെക്കുന്നില്ല. അതു് ഈ കാര്യം നിറവേറ്റാൻ എന്നെ പ്രോത്സാഹിപ്പിക്കുകയാണു് ചെയ്യുന്നതു്. നീ ചെറുപ്പമാണെങ്കിലും ഒരു അരമുറിക്കള്ളനാണു്. നിങ്ങളെയൊക്കെ ഒരു പാഠം പഠിപ്പിക്കാൻവേണ്ടി ഞാൻ ഇന്നു് വൈകുന്നേരം തന്നെ വിവാഹം നടത്തും. നിങ്ങളെ ഒന്നും ഒരു പുല്ലോളം ഞാൻ ഗണ്യമാക്കുകയില്ല. ഞാനാണു് ഇവിടത്തെ അധിപൻ. ഞാൻ പറയുമ്പോലെയാണു് എല്ലാരും നടക്കേണ്ടതു് എന്നുള്ള പാഠം ഞാൻ നിങ്ങൾക്കു് വെടിപ്പിൽ പഠിപ്പിച്ചുതരും. എടാ, കള്ളാ! ഉടനെ നീ മുട്ടുകുത്തി നീ പറഞ്ഞതൊക്കെ മടക്കി എടുത്തു് അയാളോടു് ക്ഷമായാചനം ചെയ്തുകൊള്ളുക.
ദേവസ്സി:
ആരു്, ഞാനൊ? ഈ തറവാടും കൂടിയില്ലാത്ത ഇരപ്പശ്ശനിയനോടു് ഞാൻ മാപ്പുചോദിക്കയോ?
അരാഗൻ:
എടാ, പെറുക്കി! ഞാൻ പറയുന്നതു് നീ കൂട്ടാക്കില്ലെ? പോരാഞ്ഞിട്ടു് ഈ മഹാനെ പിന്നെയും അപമാനിക്കയൊ? ആരവിടെ! ഒരു തടിച്ച വടികൊണ്ടുവാ. ഞാൻ കുത്തിനടക്കുന്ന വടി. (ഉപദേശിയാരോടു്) എന്നെ പിടിച്ചുനിർത്തണ്ട. (മകനോടു്) കടന്നുപോടാ! എന്റെ വീട്ടിൽനിന്നു് ഉടനെ തന്നെ പുറത്തുപോ. മേലാൽ ഇവിടെ കാലെടുത്തുവെച്ചുപോകയും അരുതു്. നല്ലവണ്ണം കരുതിക്കോ.
ദേവസ്സി:
അതെ. ഈ പെരുങ്കള്ളന്റെ ഒന്നിച്ചു് പാർക്കുന്നതിനേക്കാൾ എനിക്കു് വീടുവിടുന്നതാണു് നല്ലതു്.
അരാഗൻ:
ന്യായമൊന്നും ഇളക്കേണ്ട. ഉടനെതന്നെ കടന്നു് പോ. എടാ, തെമ്മാടി! എന്റെ സ്വത്തിനു് നിനക്കവകാശമില്ലെന്നു് വരുത്തും. അതിനു് പകരം എന്റെ ശാപമാണു് നിനക്കു് കിട്ടുന്നതു്. (ആദ്യം ദേവസ്സിയും പിന്നെ മറ്റുള്ളവരും പോയി.)
രംഗം 5

[അരാഗനും തറിയൻ ഉപദേശിയാരും ദേവസ്സി പോയതിൽപ്പിന്നെ പ്രവേശിക്കുന്നു.]

അരാഗൻ:
എന്തൊരു കഷ്ടമാണു്? ദിവ്യനായ ഒരു ഭക്തനെ ഇങ്ങിനെ അപമാനിക്കുകയോ?
ഉപദേശിയാർ:
എന്നോടുചെയ്ത കെടുതികൾക്കൊക്കെ ഈശ്വരൻ മാപ്പുകൊടുക്കട്ടെ. അവന്നു് സൽബുദ്ധി ദിവ്യകാരുണികൻ കൊടുക്കട്ടെ. (അരാഗനോടു്) അയ്യോ! എന്റെ സ്നേഹിതാ! അവരൊക്കെ അനാവശ്യമായി എന്നെക്കൊണ്ടു് ദൂഷണങ്ങൾ പറഞ്ഞതു് എത്രയാണെന്നു് നിങ്ങൾ മുഴുവൻ അറിഞ്ഞിരുന്നെങ്കിൽ—എല്ലാം ദൈവം അറിയട്ടെ.
അരാഗൻ:
ശരിയാണു്.
ഉപദേശിയാർ:
അവർ എന്റെ മേൽ ആരോപിച്ച നന്ദികേടു് ഓർക്കുന്തോറും നരകവേദനയാണു് എന്റെ ആത്മാവു് ഭയങ്കരമായി അനുഭവിക്കുന്നതു്. വിചാരിക്കുന്തോറും ഞാൻ നടുങ്ങിപ്പോകുന്നു. (കരയുമ്പോലെ നിശ്വസിച്ചിട്ടു്) വ്യസനംകൊണ്ടു് എന്റെ ഹൃദയം നിറഞ്ഞുപോയിരിക്കുന്നു. എനിക്കു് സംസാരിക്കാൻ വയ്യ. എന്റെ മരണം അടുത്തുപോയി. അതു് പിടിപെട്ടാൽ എത്ര ഉപകാരമായിരുന്നു.
അരാഗൻ:
(കരഞ്ഞുകൊണ്ടു് തന്റെ, മകനെ പുറത്താക്കിയ വാതിലിന്റെ അരികെ ഓടിച്ചെന്നിട്ടു്) എന്റെ അറുവഷളനായ പുത്രാ! നിന്നെ ഞാൻ വിട്ടുപോവാൻ സമ്മതിച്ചതു് തെറ്റിപ്പോയി. നിന്നെ എന്റെ കൈകൊണ്ടു് കൊല്ലുകയായിരുന്നു വേണ്ടിയിരുന്നതു്. (ഉപദേശിയാരോടു്) സ്നേഹിതാ! ആശ്വസിക്കൂ. ക്രോധംവേണ്ട.
ഉപദേശിയാർ:
അതെ, സ്നേഹിത! ഈ മാതിരി സങ്കടവഴക്കുകൾ ഇല്ലാതാക്കുക. നിങ്ങൾക്കു് എന്തൊക്കെ ദ്രോഹങ്ങളാണു് ഞാൻ മൂലം വരുന്നതു് എന്നു് വിചാരിച്ചുകൂടാ. ഓർക്കുംതോറും എന്റെ ഹൃദയം ചക്രം തിരിയുന്നു. അതുകൊണ്ടു് ഞാൻ ഈ വീടും വിട്ടു് എവിടെയെങ്കിലും പോകുന്നതാണു് നല്ലതു് എന്നു് എനിക്കു് തോന്നുന്നു.
അരാഗൻ:
എന്തു്? വീടുവിട്ടുപോകയോ? നിങ്ങൾക്കു് അങ്ങിനെ തോന്നുന്നതാണു് ആശ്ചര്യം!
ഉപദേശിയാർ:
അതെ. ഇവിടെയുള്ളവരെല്ലാം എന്നെ വെറുക്കുന്നു. നിങ്ങൾക്കു് എന്നോടുള്ള വിശ്വാസം മങ്ങിപ്പോകാൻ അവരൊക്കെ നിരന്തരം ശ്രമിക്കുന്നു.
അരാഗൻ:
അതുകൊണ്ടെന്താ? ഞാനുണ്ടോ അവർ പറയുന്നതു് പൊരുളാക്കാൻ പോകുന്നു?
ഉപദേശിയാർ:
ഇത്രത്തോളം കൊണ്ടൊന്നും അവർ മതിയാക്കുമെന്നു് തോന്നുന്നില്ല. നിങ്ങൾ ഇപ്പോൾ തള്ളിക്കളഞ്ഞ ഏഷണികൾ തന്നെ മേലാൽ മറ്റൊരു അവസരത്തിൽ നിങ്ങൾ വിശ്വസിച്ചുപോയി എന്നു് വരാനും മതി.
അരാഗൻ:
ഇല്ല, സ്നേഹിതാ! ഒരിക്കലും ഇല്ല.
ഉപദേശിയാർ:
അയ്യോ! എന്റെ പ്രാണസ്നേഹിതാ! ഒരു ഭാര്യക്കു് അവളുടെ ഭർത്താവിനെ എളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കാൻ സാധിക്കും.
അരാഗൻ:
ഇല്ല. ഇല്ല തന്നെ.
ഉപദേശിയാർ:
അതുകൊണ്ടു് കാലതാമസം കൂടാതെ ഞാൻ ഇവിടന്നു് പൊയ്ക്കളയാം. അവരുടെ ആക്ഷേപങ്ങൾക്കു് വേരായിനിന്ന കാരണം അതോടുകൂടി മുറിഞ്ഞുപോകട്ടെ.
അരാഗൻ:
പോകാൻ നിങ്ങളെ സമ്മതിക്കുകയില്ല. നിങ്ങൾ ഇവിടെത്തന്നെ പാർക്കണം. അല്ലാഞ്ഞാൽ ഞാൻ മരിച്ചുകളയും.
ഉപദേശിയാർ:
അങ്ങിനെയാണെങ്കിൽ ഞാൻ നിങ്ങളുടെ ഇഷ്ടത്തിന്നു് വഴങ്ങാം. എന്റെ ഇഷ്ടം എന്റെ സ്നേഹിതരുടെ ഇഷ്ടമാണു്. അവരുടെ സുഖകാംക്ഷയല്ലാതെ എന്റെ സുഖത്തിനു് ഒരു കാംക്ഷയും എനിക്കില്ല. എന്നാലും കൂടി നിങ്ങൾ മറ്റുള്ളവരെപ്പോലെ ആഗ്രഹിക്കുന്നപക്ഷം.
അരാഗൻ:
മറ്റൊന്നും വിചാരിക്കേണ്ട. ഞാനല്ലേ പറയുന്നതു്.
ഉപദേശിയാർ:
എന്നാൽ അങ്ങിനെ ആകട്ടെ. ആ കാര്യത്തെപ്പറ്റി ഇനി ഞാൻ ഒന്നും മിണ്ടുന്നില്ല. അപ്പപ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾക്കനുസരിച്ചു് എന്റെ നടത്തയും ഞാൻ ക്രമപ്പെടുത്തിക്കൊള്ളാം. അഭിമാനം പശിമരാശിയിലുള്ള ഒരു മനസ്ഥിതിയാണു്. നിങ്ങളോടുള്ള സ്നേഹം, ദുശ്ശങ്കകളെ കാലേകൂട്ടി നിവാരണം ചെയ്യാൻ എന്നെ നിർബ്ബന്ധിതനാക്കുന്നുണ്ടു്. എല്ലാ ദുശ്ശങ്കകളും തടുത്തുനിർത്താൻ വേണ്ടി, നിങ്ങളുടെ ഭാര്യയെ നിങ്ങൾ എന്റെ സമീപത്തുനിന്നു് കുറേക്കാലത്തോളം അകറ്റി നിർത്തണം. എന്നാൽ എന്നെക്കൊണ്ടു് പരാതികൾ കേൾക്കേണ്ടതില്ലല്ലോ.
അരാഗൻ:
നിങ്ങളെപ്പറ്റി ശങ്കയുണ്ടായിട്ടുവേണ്ടെ ഞാൻ അവളെ അകറ്റിനിർത്താൻ? ഞാൻ അങ്ങിനെ ഒരു ചെറ്റത്തരം കാട്ടുകയില്ല. അവരെ ശിക്ഷിക്കാൻ വേണ്ടി നിങ്ങൾ എപ്പോഴും എന്റെ ഭാര്യയുടെ ഒപ്പം തന്നെ ഇരിക്കണം. അവരെ ക്രോധിപ്പിക്കുന്നതു് എനിക്കു് ഒരു വിനോദം മാത്രമാണു്. ഏതു് സമയത്തും നിങ്ങൾ ഇരുവരേയും ഒന്നിച്ചായിത്തന്നെ കാണണം. അതു് മാത്രമല്ല, അവരെ നല്ലവണ്ണം ചവിട്ടിത്താഴ്ത്തുവാൻവേണ്ടി, നിങ്ങളെ ഞാൻ എന്റെ എല്ലാ സ്വത്തുക്കൾക്കും ഒരേ ഒരു അവകാശിയായി വരുത്താൻ ഏർപ്പാടുകളും ചെയ്യാം. ഞാൻ ഇപ്പോൾത്തന്നെ ഒരു ദാനാധാരം എഴുതി സ്വത്തുക്കളൊക്കെ നിങ്ങൾക്കു് കൈവശം തരികയും ചെയ്യാം. അതിന്റെ ശരിയായ വാചകം എഴുതാൻ ഒരു വക്കീലിനെ ഏല്പിക്കുകയും ചെയ്യാം. എന്റെ മകളുടെ ഭർത്താവാകാൻ പോകുന്ന എന്റെ വിശ്വസ്തനായ പ്രാണചങ്ങാതിയാണു് എനിക്കു് എന്റെ ഭാര്യയെക്കാളും മകനെക്കാളും ബന്ധുക്കളെക്കാളും വിലമതിക്കേണ്ടുന്ന ആൾ. എന്റെ ഈ ദാനം നിങ്ങൾ സ്വീകരിക്കുമെന്നു് ഞാൻ വിചാരിക്കുന്നു. അങ്ങിനെതന്നെയല്ലേ?
ഉപദേശിയാർ:
ഈശ്വരൻ കല്പിച്ചതുപോലെ നടക്കും.
അരാഗൻ:
സാധു മനുഷ്യൻ! ആധാരം നിയമപ്രകാരം എഴുതി രജിസ്ത്രാക്കാൻ നമുക്കു് ഇപ്പോൾത്തനെ പോകാം. അസൂയയും വെറുപ്പും കരിമരുന്നും തീയും പോലെ ഒന്നിച്ചു് ചേർന്നു് പൊട്ടിത്തെറിച്ചു് പോകട്ടെ.

[എല്ലാവരും പോയി.]

നാലാം അങ്കം
രംഗം 1

[കാളാന്തനും ഉപദേശിയാരും പ്രവേശിക്കുന്നു.]

കാളാന്തൻ:
അതെ. നാടൊക്കെ പറഞ്ഞു് നടക്കുന്നതു് ഈ വർത്തമാനമാണു്. നാട്ടുകാർക്കു് നിങ്ങളുടെ എതിരായിട്ടു് ഒരു ഇളക്കമോ, കോപമോ വന്നിട്ടുണ്ടു്. സാറെ! നിങ്ങളെ ഞാൻ ഇപ്പോൾ കണ്ടുമുട്ടിയതു് നല്ല തരത്തിനാണു്. എന്റെ ശരിയായ അഭിപ്രായങ്ങൾ ഞാൻ നിങ്ങളോടു് ചുരുക്കിപ്പറഞ്ഞുതരാം. ഈ അപവാദത്തിന്റെ നാരായ വേരു് കുഴിച്ചുനോക്കിയാൽ ഇതിനൊക്കെ ഹേതു നമ്മളാണെന്നു് തെളിഞ്ഞുപോവാൻ ഇടയുണ്ടു്. ദേവസ്സി ഏഷണികെട്ടിയുണ്ടാക്കിയതാണെന്നും, നിങ്ങളെ വെറുതെ കുറ്റക്കാരനാക്കിയതാണെന്നും തെളിവുണ്ടാക്കിയാൽത്തന്നെ അവന്റെ കുറ്റം മാപ്പാക്കേണ്ടതു് ഒരു ക്രിസ്ത്യാനിയുടെ മുറ അല്ലേ? അരാഗനു് പ്രതികാരം ചെയ്യാനുള്ള ആഗ്രഹം ഒതുക്കിവെച്ചുകൂടാ, എന്നു് എങ്ങിനെ കണക്കാക്കും? നിങ്ങളുടെ ചില്ലറ വഴക്കുകൊണ്ടു്, ഒരു മകനെ അച്ഛൻ വീട്ടിൽനിന്നു് കേവലം പുറത്താക്കിക്കളയാനായി, നിങ്ങൾക്കു് സമ്മതിക്കുകയോ, ഉത്സാഹിപ്പിക്കുകയോ ചെയ്യാമോ? ഞാൻ ഒന്നുകൂടി പറയുന്നു. അതുതന്നെ തുറന്നു് പറയുന്നു. ഈ നാട്ടിലുള്ള ചെറിയവരും വലിയവരും ഒരുപോലെ ഈ കാര്യത്തിൽ നിങ്ങളെ അപരാധിയാക്കുകയും ശകാരിക്കുകയും ചെയ്യുന്നുണ്ടു്. എന്റെ അഭിപ്രായം സ്വീകരിക്കുമെങ്കിൽ ഈ കാര്യം രാജിയാക്കുന്നതാണു് നിങ്ങൾക്കു് നല്ലതു്. കാര്യങ്ങൾ കൈകടന്നുപോകുന്ന നിലയിൽ തള്ളിവിടരുതു്. നിങ്ങളുടെ കോപം ദൈവത്തിനുവേണ്ടി ബലികഴിച്ചു് കളയൂ. അച്ഛനെ പുത്രനുമായി ഇണക്കിക്കൊണ്ടു് വരൂ. അതാണു് വെടിപ്പു്.
ഉപദേശിയാർ:
അയ്യൊ! എനിക്കു് ഇതിനൊക്കെ സ്വാധീനശക്തി ഉണ്ടായിരുന്നുവെങ്കിൽ, എത്ര സന്തോഷത്തോടെ ഇക്കാര്യം നിറവേറ്റുമായിരുന്നു. എനിക്കു് ദേവസ്സിയോടു് ഒരു മുഷിച്ചിലും ഇല്ല. ഞാൻ അവന്റെ സകല കുറ്റങ്ങളും ക്ഷമിച്ചിരിക്കുന്നു. എന്നെക്കൊണ്ടു് അവന്നു് വല്ല ഉപകാരത്തിന്നുമെത്തുമെങ്കിൽ അതിനും ഞാൻ തയ്യാറായിരുന്നു. എന്നാൽ ഈശ്വരേച്ഛ, ദൈവത്തോടുള്ള നമ്മുടെ കടമ, അതിന്നു് എന്നെ സമ്മതിക്കുന്നില്ല. അങ്ങിനെയുള്ള കർമ്മത്തിനു് ഈശ്വരാനുഗ്രഹം ഉണ്ടാകയില്ല. അവൻ മടങ്ങി വരുന്നതായാൽ എനിക്കു് ഈ വീടു് വിടേണ്ടിവരും. മുമ്പു് ആരും പറഞ്ഞുകേൾക്കാത്തവിധത്തിലുണ്ടായ ദുർഭാഷണംനിമിത്തം മേലാൽ ഞങ്ങൾ തമ്മിൽ രഞ്ജിപ്പോടെ പെരുമാറിയാലും ആരുടെ ഹൃദയത്തിൽനിന്നും മാഞ്ഞുപോകയില്ല. ജനങ്ങൾ ആദ്യം വിചാരിക്കുന്നതു് എന്തായിരിക്കുമെന്നു് കർത്താവിന്നു് മാത്രമേ നിശ്ചയമുള്ളു. അതു് എന്റെ സൂത്രമാണെന്നേ അവർ വിചാരിക്കുവാൻ ഇടയുള്ളു. എന്റെ കുറ്റമാണെന്നു് ഞാൻ അറിഞ്ഞിട്ടു് എന്റെ മേൽ കുറ്റം ചുമത്തിയ അവനോടു് ക്രിസ്ത്യാനിയുടെ ധർമ്മമാണെന്നു് നടിച്ചു് സ്നേഹം കാണിച്ചതാണെന്നേ നാട്ടുകാർ വിചാരിക്കുകയുള്ളു. എനിക്കു് അവരെ ഉള്ളാലെ ഭയമാണെന്നും. അവന്റെ സേവ പിടിച്ചതു് അവനെക്കൊണ്ടു് എന്റെ കള്ളി പുറത്താക്കാതിരിക്കാൻവേണ്ടിയാണെന്നുംകൂടി ലോകത്തിനു് തോന്നിപ്പോകും.
കാളാന്തൻ:
നിങ്ങൾ ശരിയെന്നു് തോന്നിപ്പോകുന്ന വാദങ്ങൾകൊണ്ടു് നിങ്ങൾ ചെയ്തതു് ശരിയെന്നു് ഞങ്ങളെ ബോധ്യപ്പെടുത്താനാണു് ശ്രമിക്കുന്നതു്. അതു് ലാക്കിനു് എത്രയോ അകലെ വീണു് പോകുന്നു. ചിലതൊക്കെ അസംഗതമാണു്. ഈശ്വരന്റെ ഇച്ഛ എന്തെന്നു് അറിയുവാൻ നിങ്ങൾക്കു് വല്ലതും സാധിക്കുമോ? പിന്നെ ദൈവനാമത്തെ കൂടക്കൂടെ അഗൗരവസംഗതികളിൽ വലിച്ചുകൊണ്ടു് വരുന്നതു് എന്തിനാണു്? ദൈവം നിങ്ങൾക്കുമാത്രമെ ഉള്ളെന്നും, മറ്റുള്ളവർക്കൊന്നും ഇല്ല എന്നും നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഈശ്വരന്നു് പാപികളെ രക്ഷിപ്പാൻവേണ്ടി നമ്മുടെ സഹായവുംകൂടി വേണോ? പ്രതികാരം ചെയ്യുവാനുള്ള ഭാരം നിങ്ങൾ ഏറ്റെടുക്കാതെ ദൈവത്തിങ്കൽതന്നെ സമർപ്പിച്ചുകൊള്ളുക. ദൈവം നമ്മോടു് കണിശമായി കല്പിച്ചതു് അന്യരുടെ കുറ്റങ്ങൾ മാപ്പാക്കാനാണു്. പിന്നെ നിങ്ങൾ ദൈവാനുകൂല്യം പ്രമാണിച്ചു് വല്ല കർമ്മങ്ങളും ചെയ്യുമ്പോൾ, മനുഷ്യരുടെ അഭിപ്രായം അത്രമാത്രം ഗൗനിക്കേണ്ടതില്ല. ലോകം എന്തു് വിചാരിക്കും എന്ന തുച്ഛഭയം കാരണമാക്കിപ്പിടിച്ചുകൊണ്ടു് ഒരു ഉൽകൃഷ്ടകർമ്മം ചെയ്യാതിരിക്കുന്നതു് യോഗ്യമാകുമോ? ഒരിക്കലും ഇല്ല. ഈശ്വരൻ കല്പിക്കുംപോലെ നമ്മൾ എപ്പോഴും പ്രവർത്തിക്കേണ്ടതാണു്. നമുക്കു് ഈശ്വരന്റെ പ്രതിനിധി നമ്മുടെ മനസ്സാക്ഷിയാണു്. നമുക്കു് ലൗകികമായ പല ചോദ്യവും വാദവുംകൊണ്ടു് നമ്മുടെ തലപുണ്ണാക്കേണ്ടുന്ന കാര്യമില്ല.
ഉപദേശിയാർ:
ഞാൻ അവനു് മാപ്പു് കൊടുത്തിരിക്കുന്നു എന്നു് ഞാൻ നിങ്ങളോടു് പറഞ്ഞുകഴിഞ്ഞു. സാറേ! ഈശ്വരന്റെ കല്പനക്കു് അനുകൂലമായിട്ടാണു് അങ്ങിനെ ചെയ്തതും. എന്നാൽ അവൻ ഇന്നു് ഉണ്ടാക്കിത്തീർത്ത ദൂഷണവും ധിക്കാരവുംകൊണ്ടു് അവന്റെ കൂടെ പാർക്കരുതെന്നു് ഈശ്വരനാണു് എന്നോടു് കല്പിക്കുന്നതു്.
കാളാന്തൻ:
അവന്റെ അച്ഛനു് തല്ക്കാലദേഷ്യംകൊണ്ടു് തോന്നിപ്പോയ ഒരു ദുശ്ചേഷ്ടിതത്തെ നടത്തുന്നതിൽ നിങ്ങൾ അനുകൂലിക്കണമെന്നു് ഈശ്വരൻ കല്പിക്കുന്നുണ്ടോ? ന്യായപ്രകാരം നിങ്ങൾക്കു് യാതൊരു അവകാശവും ഉണ്ടാകാൻ പാടില്ലാത്ത സ്ഥാവരജംഗമസ്വത്തുക്കൾ അരാഗൻ നിങ്ങൾക്കു് ദാനമായിത്തരുന്നതു് സ്വീകരിച്ചുകൊൾവാൻ ഈശ്വരൻ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ?
ഉപദേശിയാർ:
എന്നെ അറിഞ്ഞവരാരും ഞാൻ സ്വാർത്ഥത്തിനുവേണ്ടി വല്ലതും ചെയ്യുമെന്നു് വിചാരിക്കകൂടി ഇല്ല. ഇഹത്തിലെ നന്മകളൊന്നും ഞാൻ കാംക്ഷിക്കുന്നേ ഇല്ല. അവയുടെ അപായകരമായ തിളക്കെമൊന്നും എന്റെ കണ്ണിൽ പ്രവേശിക്കുകയില്ല. അരാഗൻ എനിക്കു് നിർബ്ബന്ധമായി തരുന്ന ദാനം ഞാൻ സ്വീകരിക്കാൻ വഴിപ്പെടുന്നെങ്കിൽ, ഞാൻ അങ്ങിനെ ചെയ്യുന്നതു് തീർച്ചയായിട്ടും എന്റെ ലാഭത്തിനുവേണ്ടി അല്ല, ഈ സ്വത്തുക്കൾ ദൈവഭയം ഇല്ലാത്തവരുടെ കൈയിൽ പെട്ടുപോകും എന്ന ഭയംകൊണ്ടുമാത്രമാണു്. അങ്ങിനെ കൈവശം കിട്ടാനിടയുള്ള ദുർജ്ജനങ്ങൾ സ്വത്തുക്കളൊന്നും വഴിപോലെ നോക്കി നടക്കുകയില്ല. എന്നെപ്പോലെ ഈശ്വരന്റെ മാഹാത്മ്യത്തിനും, സമീപസ്ഥരുടെ നന്മയ്ക്കും ഉതകുംപ്രകാരം അവയൊക്കെ പരിപാലിക്കാൻ അവർക്കാർക്കും തോന്നുകയില്ല.
കാളാന്തൻ:
ഹൈ! സാറെ! ഈ മാതിരി തന്ത്രങ്ങളൊക്കെ തോട്ടിലെ കലക്കവെള്ളത്തിൽ ഒഴുക്കിക്കളയൂ. നിങ്ങളുടെ സഹായം കൂടാതെ ഈ സ്വത്തുക്കൾ ഉടവൊന്നുമില്ലാതെ ഇതുവരേക്കും നിലനിന്നില്ലേ? ഇതിലും അധികം ഇന്നലെയെങ്ങാൻവന്ന നിങ്ങൾക്കു് എന്തു് ചെയ്യാൻ സാധിക്കും? നിങ്ങളുടെ കർമ്മം ന്യായമായ അവകാശിക്കു് ആവലാതി ഉണ്ടാക്കിത്തീർക്കരുതു്. നിങ്ങൾ അനാവശ്യമായി ഭാരവാഹിത്വത്തിനൊന്നും തല കൊടുക്കേണ്ടതില്ല. ന്യായമായ അവകാശി സ്വത്തുക്കൾ കൈവശം വെച്ചുകൊള്ളട്ടെ. അതു് നന്നായാലും നശിച്ചാലും ഗുണവും ദോഷവും അയാൾ സഹിക്കട്ടെ. നിങ്ങൾ അവന്റെ സ്വത്തുക്കൾ അപഹരിച്ചെടുത്തു എന്ന കുറ്റത്തിനർഹനാകുന്നതിനേക്കാൾ, നല്ലതു് അവൻ അതു് ധ്വംസനം ചെയ്യുന്നതാണെന്നു് നിങ്ങൾ ഓർമ്മിച്ചുകൊൾക. ഇങ്ങിനെ ദാനം തരുന്നതു് കൈയ്യും നീട്ടി ലജ്ജയില്ലാതെ സ്വീകരിപ്പാൻ ഒരുമ്പെട്ടതു് കണ്ടിട്ടു് ഞാൻ നടുങ്ങിപ്പോകുന്നു. ന്യായമായ അവകാശിയുടെ സ്വത്തുക്കളൊക്കെ തട്ടിപ്പറിക്കണമെന്നു് ഉപദേശിക്കുന്ന വല്ല പ്രമാണവും സത്യമതത്തിൽ ഉണ്ടോ എന്നു് എന്നോടു് പറഞ്ഞുതരിൻ. ദേവസ്സിയും നിങ്ങളും ഈ വീട്ടിൽ ഒന്നിച്ചുപാർക്കുന്നതു് അസാദ്ധ്യമാണെന്നു് ഈശ്വരകല്പിതമുണ്ടായാൽ, ഇവിടുന്നു് ആരും അറിയാതേയും ഉള്ള മാനം കളയാതെയും നിങ്ങൾ വിട്ടൊഴിയുന്നതല്ലേ ന്യായവും മര്യാദയും. നിങ്ങൾക്കുവേണ്ടി ഇവിടുന്നു് ന്യായമായ അവകാശിയായ പുത്രനെ ആട്ടിയോടിപ്പിക്കുവാൻ കോപ്പുകൂട്ടിയതു് യഥാർത്ഥത്തിൽ വഞ്ചനയും മഹാ പാപവും ആണു്. അതുകൊണ്ടു് നിങ്ങൾക്കു് സത്യസന്ധനെന്നോ, ന്യായസ്ഥനെന്നോ ദൈവഭക്തനെന്നോ ഒരു പേർ സമ്പാദിക്കേണമെങ്കിൽ സ്വത്തുക്കളൊന്നും വാങ്ങാതെ, നിങ്ങൾ ഈ വീടുവിട്ടു് വന്നപോലെ മടങ്ങേണ്ടതാണു്.
ഉപദേശിയാർ:
സാറെ! നേരം മൂന്നര മണിയായി. എനിക്കു് ചില നേർച്ചകൾ ഒപ്പിക്കാൻവേണ്ടി പ്രാർത്ഥനമുറിയിൽ പോകേണ്ടതുണ്ടു്. വേഗത്തിൽ നിങ്ങളെയും വിട്ടു് പോകേണ്ടിവന്നതിൽ ക്ഷമിക്കണം. (പോയി.)
കാളാന്തൻ:
കള്ളൻ! മൂരാച്ചിക്കള്ളൻ! ഒളിവിൽ വഞ്ചനയും വെളിയിൽ പ്രാർത്ഥനയും! ഇവരാണു് അർത്ഥചോരന്മാരെക്കാൾ നികൃഷ്ടചോരന്മാർ!

[എമിലിയും മറിയാനിയും ദോറീനയും പ്രവേശിക്കുന്നു]

ദോറീന:
(കാളാന്തനോടു്) സാറെ! മറിയാനിയുടെ കാര്യത്തിൽ ഞങ്ങളെ ഒക്കെ സഹായിക്കാൻ നിങ്ങളോടു് ഞങ്ങൾ അപേക്ഷിക്കുന്നു. ഹൃദയത്തിനു് പൊറുക്കവയ്യാത്ത വേദനയും സഹിച്ചിട്ടാണു് അവർ കാലം കഴിക്കുന്നതു്. ഇവരെ ഇന്നു് രാത്രിതന്നെ യജമാനൻ ഉപദേശിയാർക്കു് വിവാഹം കഴിച്ചുകൊടുപ്പാൻ തീർച്ചയാക്കിയിരിക്കുന്നു. ഈ കാര്യം ഇവരെ നിരാശാഗർത്തത്തിൽ തള്ളിവിടുന്നു. യജമാനൻ ഇതാ വരുന്നു. നമ്മൾ എല്ലാവരും ഒന്നിച്ചുകൂടി ഈ ബന്ധത്തെ ഉടക്കാൻ നോക്കണം. അവരുടെ ഉദ്ദേശം ബലമായിട്ടോ കൗശലമായിട്ടൊ, ഏതുപ്രകാരത്തിലെങ്കിലും തടയാതെ നിവൃത്തിയൊന്നുമില്ല.
അരാഗൻ:
(പ്രവേശിച്ചു്) ആഹാ! നിങ്ങൾ എല്ലാവരേയും ഒന്നിച്ചു് കണ്ടിട്ടു് ഞാൻ സന്തോഷിക്കുന്നു. (മറിയാനിയോടു്) നിനക്കു് സുഖവും സന്തോഷവും മേലാൽ ഉണ്ടാക്കുന്ന വിവാഹക്കരാർ ഇതാ. അതിന്റെ പൊരുളൊക്കെ നീ അറിഞ്ഞിരിക്കും.
മറിയാനി:
(അച്ഛന്റെ മുമ്പിൽ മുട്ടുകുത്തിയിരുന്നിട്ടു്) എന്റെ സങ്കടമറിയുന്ന ഈശ്വരന്റെ മഹിമ ആലോചിച്ചിട്ടോ അല്ല നിങ്ങളുടെ ഇപ്രകാരമായ അഭീഷ്ടത്തിനു് വിപരീതമായ മറ്റു് വല്ല സംഗതിയും ആലോചിച്ചിട്ടോ നിങ്ങൾക്കു് അച്ഛൻ എന്ന നിലയിൽ എന്റെ മേലുള്ള അവകാശാധികാരങ്ങളെ അല്പമൊന്നു് അഴച്ചുവിട്ടു്, ഈ ബന്ധത്തിന്നു് വഴിപ്പെടാതിരിക്കത്തക്കവണ്ണം എന്റെ രാഗത്തിന്നു് സ്വാതന്ത്ര്യം തരുവാൻ ഞാൻ അപേക്ഷിക്കുന്നു. ഓ! ഈ മാതിരി കല്പനയുടെ ക്രൂരമായ നിഷ്കർഷകൊണ്ടു് നിങ്ങൾ എന്റെ അച്ഛനല്ലെന്നു് വരുംവിധത്തിൽ ഈശ്വരനോടു് ആവലാതി പറയാൻ എന്നെ ഒരുമ്പെടുത്തരുതു്. നിങ്ങൾ എനിക്കു് തന്ന ഈ എളിയ ജീവനത്തെ കഷ്ടപ്പെടുത്തരുതേ! നിങ്ങൾതന്നെ ഉണ്ടാക്കിത്തന്നതും, ഞാൻ അനുകൂലമായി നിന്നതുമായ രാഗബന്ധം വകവെക്കാതെ ഞാൻ സ്നേഹിക്കാൻ ധൈര്യപ്പെട്ട എന്റെ ഭാവിഭർത്താവെ വിവാഹംചെയ്യാൻ നിങ്ങൾ സമ്മതിക്കുകയില്ലെങ്കിൽ, ഞാൻ വെറുക്കുന്നതായ ഒരാളോടൊന്നിച്ചു് എന്നെകൂട്ടിക്കെട്ടുന്നതായ വേദനയിൽനിന്നെങ്കിലും എന്നെ ഒഴിച്ചുവിടാൻ ഞാൻ മുട്ടുകുത്തി അപേക്ഷിക്കുന്നു. നിങ്ങളുടെ അധികാരങ്ങൾ എന്റെ ഹിതത്തിനെതിരായി എന്റെ മേൽ പ്രയോഗിച്ചാൽ പൊറുതിമുട്ടിപ്പോകുന്ന ഞാൻ വല്ല കടുംകൈയും ചെയ്തേക്കാൻ മതി. അതിന്നു് ഉത്തരവാദിത്വം നിങ്ങൾ വഹിക്കേണ്ടിവരും.
അരാഗൻ:
(അനുകമ്പയോടെ) എന്റെ കുഞ്ഞെ! എഴുന്നേല്ക്കു. കുറേക്കൂടി സ്ഥിരബുദ്ധി കാണിക്കൂ. മനുഷ്യരുടെ വീഴ്ചകളൊക്കെ അകറ്റുക.
ദോറീന:
അവർ സ്ഥിരബുദ്ധിതന്നെയല്ലേ കാണിച്ചതു്?
അരാഗൻ:
നീ മിണ്ടാതിരി.
മറിയാനി:
നിങ്ങൾക്കു് ഉപദേശിയാരോടു് സ്നേഹമുണ്ടെങ്കിൽ എനിക്കു് അയാളോടു് അസൂയയില്ല. നിങ്ങൾ വേണ്ടുന്നത്ര അയാളെ സ്നേഹിച്ചുകൊള്ളുക. അയാൾക്കു് നിങ്ങളുടെ സ്വത്തുക്കൾ മുഴുവനും കൊടുത്തുകൊള്ളുക. അതും പോരെങ്കിൽ എന്റെ സ്വത്തും കൂട്ടിച്ചേർത്തുകൊള്ളുക. ഞാൻ അതൊക്കെ ഉപേക്ഷിക്കാൻ സന്തോഷത്തോടെ വഴിപ്പെട്ടുകൊള്ളാം. എന്നാൽ നിങ്ങളുടെ മകളായ എന്നെ അയാൾക്കു് കൊടുക്കാതിരുന്നാൽ മാത്രം മതി. ദൈവം എനിക്കു് കല്പിച്ചുതന്ന കഷ്ടഭൂയിഷ്ടമായ ആയുഷ്കാലം ഒരു കോൺവെന്റിൽ ചെന്നു് അതിന്റെ കണിശനിയമങ്ങൾ അനുസരിച്ചു് കഴിക്കുന്നതായിരിക്കും ഈ ബന്ധത്തെക്കാൾ എനിക്കു് എത്രയും നല്ലതു്.
അരാഗൻ:
ഈ പെൺകുട്ടികൾക്കൊന്നും തലച്ചോറില്ല. അച്ഛന്മാർ അവരുടെ നിരർത്ഥ രാഗഗതികൾ മുടക്കുമ്പോൾ കോൺവെന്റിലേക്കു് ചാടിപ്പോകാനാണു അവർ നോക്കുന്നതു്. എഴുന്നേൽക്കാനല്ലെ ഞാൻ പറയുന്നതു്. അയാളെ സ്വീകരിപ്പാൻ എത്രത്തോളം വെറുപ്പു് തോന്നുന്നുവോ, അത്രത്തോളംതന്നെ നിന്റെ ആത്മാവിന്റെ മോക്ഷമാർഗ്ഗം സമ്പാദിപ്പാനുള്ള യത്നത്തിനു് നിനക്കു് ആനുകൂല്യവും സിദ്ധിക്കും. അതുകൊണ്ടു് ഈ വിവാഹംകൊണ്ടു് നിന്റെ ഇന്ദ്രിയങ്ങളെ നീ ജയിക്കുക. അതിനെപ്പറ്റി മേലാൽ എന്നെ വെറുപ്പിക്കാതിരിക്കുക.
ദോറീന:
എന്നാലിതെന്തു്?…
അരാഗൻ:
നിന്നെക്കാൾ പെരിയവരുടെ മുമ്പിൽനിന്നു് നിന്റെ നാവടക്കിവെക്കാനാണു് ഞാൻ പറയുന്നതു്. നീ ആരെയും ഗണ്യമാക്കാത്ത വിധത്തിൽ ഒരു വാക്കുപോലും മിണ്ടിപ്പോകരുതെന്നാണു് ഞാൻ പറയുന്നതു്.
കാളാന്തൻ:
നിങ്ങൾ എന്നെ മറുപടി പറയാനും ഉപദേശിക്കാനും സമ്മതിക്കുമെങ്കിൽ…
അരാഗൻ:
ഞാൻ നിങ്ങളുടെ ഉപദേശത്തിന്നു് വളരെ വിലമതിക്കുന്നു. എന്നാൽ ഈ കാര്യം ഞാൻ ആലോചിച്ചിട്ടു് ചെയ്യുന്നതാണു്. ഇതിലും നല്ല ഒരാളെ കിട്ടാനില്ല. എന്നാൽ ഞാൻ ഇങ്ങിനെ പറയുന്നതുകൊണ്ടു് നിങ്ങൾക്കു് മുഷിച്ചിൽ വേണ്ട. ഈ ഉദ്ദേശം നിറവേറ്റരുതെന്നു് മാത്രം നിങ്ങൾ പറയരുതു്.
എമിലി:
(ഭർത്താവിനോടു്) ഈ കാര്യത്തിൽ തക്കതായ ഒരഭിപ്രായം പറയാൻ എനിക്കു് വേണ്ടപ്പെട്ട വാക്കുകൾ കിട്ടുന്നില്ല. നിങ്ങളുടെ അന്ധത്വം വിചാരിച്ചിട്ടു് ഞാൻ അത്യന്തം ആശ്ചര്യപ്പെട്ടുപോകുന്നു. നടുങ്ങിപ്പോകുകയും ചെയ്യുന്നു. നിങ്ങളെ ആ ഉപദേശിയാർ വല്ലാതെ വശീകരിച്ചുകളഞ്ഞിരിക്കുന്നു. ഇന്നു് ഇവിടെ കഴിഞ്ഞ സംഭവങ്ങൾ വിശ്വസിക്കാതെയിരിക്കണമെങ്കിൽ മറ്റൊരു കാരണവും ഞാൻ കാണുന്നില്ല.
അരാഗൻ:
ഞാൻ നീ പറയുന്നതു് പ്രകാരം അനുസരിക്കുന്നവനാണു്. മനുഷ്യരുടെ മുഖത്തെ മൂക്കുപോലെ സ്പഷ്ടമായ കാര്യം എനിക്കും കാണാൻ സാധിക്കുന്നു. എന്റെ ഗുണംകെട്ട മകന്റെ പക്ഷപാതിയാണു് നീ എന്നും ഞാൻ അറിയുന്നു. ഈ സാധു മനുഷ്യന്റെ നേരെ അവൻ പ്രയോഗിപ്പാൻ നോക്കിയ കള്ളസൂത്രം നീയുംകൂടി നിഷേധിക്കുവാൻ ധൈര്യപ്പെടുമെന്നു് എനിക്കു് തോന്നുന്നില്ല. അതുംപോരാഞ്ഞിട്ടു് നിന്റെ ശാന്തസ്വഭാവം അവന്റെ വാക്കു് വിശ്വാസയോഗ്യമല്ലെന്നു് തെളിയിച്ചു. അവൻ പറഞ്ഞ പ്രകാരം നടന്നിരുന്നു എങ്കിൽ നിന്റെ സ്വഭാവം കലങ്ങിമറിഞ്ഞ നില കാണിക്കുമായിരുന്നു; ഒരിക്കലും തെളിഞ്ഞ നില കാണില്ല.
എമിലി:
അന്യായമായ കാമത്തിന്റെ നാമമാത്രയിൽത്തന്നെ ചാരിത്രശുദ്ധിയുള്ള പെണ്ണുങ്ങൾ ആയുധമെടുക്കാൻ എപ്പോഴും ചാടിപ്പോകണമെന്നുണ്ടോ? തീ പറക്കുന്ന കണ്ണുകളോടും, പുച്ഛിക്കുന്ന കോട്ടിയ ചുണ്ടുകളോടുംകൂടിയല്ലാതെ അതിനെ എതിർത്തു് നിർത്തുവാൻ ഞങ്ങൾക്കു് സാധിക്കയില്ലെന്നോ? ആ മാതിരി അസംബന്ധങ്ങൾ എന്റെ അനുഭവത്തിൽ കാണുമ്പോൾ എനിക്കു് ചിരിച്ചു് ഒഴിഞ്ഞുകളയാൻ യാതൊരു പ്രയാസവും കാണുന്നില്ല. എനിക്കു് ഒരിക്കലും ഒരു ഒയ്യാരം ഉണ്ടാക്കുവാൻ ആഗ്രഹം വരില്ല. നമ്മുടെ ചാരിത്രശുദ്ധിക്കു് മൃദുസ്വഭാവമാണു് വേണ്ടതെന്നു് ഞാൻ വിചാരിക്കുന്നു. ഒരു ചെറിയ സൂചന കേട്ട മാത്രയിൽ മാനരക്ഷയ്ക്കുവേണ്ടി ആണുങ്ങളെ കടിച്ചുകീറുകയും മാന്തിപ്പൊളിക്കുകയും ചെയ്യുന്ന ദുഷ്ടകളായ നാണംകൊതിച്ചികളുടെ നടപടികളും എനിക്കു് ഇഷ്ടമായില്ല. ആ മാതിരി ബഹുമതി സമ്പാദനത്തിൽനിന്നു് ഈശ്വരൻ എന്നെ രക്ഷിക്കട്ടെ. എന്റെ ചാരിത്രം ഒരു പെൺകുറുക്കന്റെ സ്വഭാവം കാട്ടണമെന്നു് എനിക്കിഷ്ടമില്ല. ഒരു കാമിയെ അകറ്റിനിർത്താൻ ഒന്നാന്തരം ഔഷധം അവന്നു് വളം കൊടുക്കാതേയും ഗൗരവം വിട്ടുകളയാതേയും ഉള്ള നിൽപ്പാണു് വളരെ ഫലിക്കുന്നതു്. അങ്ങിനെയാണു് എന്റെ വിശ്വാസം.
അരാഗൻ:
അതൊക്കെ ശരി. എന്നാലും വിഷയത്തിൽനിന്നു് എന്നെ പിന്തിരിപ്പിക്കാൻ നിനക്കു് കഴിയുകയില്ല.
എമിലി:
നിങ്ങളുടെ ശക്തിയില്ലായ്മയെപ്പറ്റി ഞാൻ പിന്നെയും നടുങ്ങിപ്പോകുന്നു. ഞങ്ങൾ പറഞ്ഞതൊക്കെ പരമാർത്ഥമാണെന്നു് ഞാൻ നിങ്ങളെ അറിയിച്ചുതന്നാൽ നിങ്ങളുടെ വിശ്വാസമില്ലായ്കയൊക്കെ എവിടെപ്പോകുമെന്നാണു് ഞാൻ അതിശയിക്കുന്നതു്.
അരാഗൻ:
നിനക്കു് എന്നെ ബോദ്ധ്യപ്പെടുത്താൻ സാധിക്കുമോ?
എമിലി:
അതെ.
അരാഗൻ:
വെറും തോന്നിവാസം!
എമിലി:
എന്നാൽ വരൂ. പകൽപോലെ വെളിവായി നിങ്ങൾക്കു് കാണിച്ചുതരാനുള്ള വഴി ഞാൻ കാട്ടിത്തരാം.
അരാഗൻ:
വെറും സംഭ്രാന്തി!
എമിലി:
നിങ്ങൾ എന്തൊരു മനുഷ്യനാണു്? എന്നാലും എന്നോടു് സമാധാനം പറയൂ. നിങ്ങൾ ഞങ്ങളെ കണ്ണുംപൂട്ടി വിശ്വസിക്കാൻ ഞങ്ങൾ പറയുന്നില്ല. എന്നാൽ ഇവിടെ നിങ്ങൾ വേണ്ടുംപ്രകാരം ഒളിച്ചുകൂടിയാൽ നിങ്ങൾക്കു് കാണേണ്ടതു് വ്യക്തമായി കാണുകയും, കേൾക്കേണ്ടതു് കേൾക്കുകയും ചെയ്യാം. അപ്പോൾ നിങ്ങളുടെ ഗുണവാനും, ഭക്തനും, സ്നേഹിതനുമായ ഉപദേശിയാരെപ്പറ്റി നിങ്ങൾ എന്തു് പറയും എന്നാണു് കേൾക്കേണ്ടതു്.
അരാഗൻ:
എന്നാൽ ഞാൻ പറയും—ഞാനൊന്നും പറയില്ല. അങ്ങിനെ ഒന്നും ഉണ്ടാവാൻ ഇടയില്ല.
എമിലി:
നിങ്ങളുടെ തെറ്റിദ്ധാരണ വളരെ ദീർഘിച്ചുപോയി. ദുസ്സഹമായിപ്പോയി. അല്ലെങ്കിൽ എന്നെ ഒരു കള്ളിയാക്കി വിശ്വസ്തയല്ലെന്ന വിധത്തിൽ തള്ളിക്കളയുകയില്ല. എന്റെ സ്വന്തം തൃപ്തിക്കുവേണ്ടി ഞങ്ങൾ പറഞ്ഞ കാര്യങ്ങളെ കാലതാമസം കൂടാതെ നിങ്ങൾക്കു് കാണിച്ചു് തരേണ്ടിവന്നിരിക്കുന്നു.
അരാഗൻ:
വേണ്ട. എനിക്കു് നിന്റെ വാക്കു് മാത്രം മതി. എന്തെല്ലാം സൂത്രങ്ങളാണു് നീ കൊണ്ടുവരുന്നതെന്നു് ഞങ്ങൾ കാണട്ടെ. നീ എന്നോടു് ഇപ്പോൾ ചെയ്ത വാഗ്ദത്തം എങ്ങിനെ നിറവേറ്റുന്നു എന്നു് കാണട്ടെ.
എമിലി:
(ദോറീനയോടു്) ഉപദേശിയാരെ എന്റെ അടുക്കലേക്കു് അയക്കൂ.
ദോറീന:
(എമിലിയോടു് സ്വകാര്യം) അയാൾ ഒരു വിളഞ്ഞ വഞ്ചകനാണു്. അയാളെ അവതാളത്തിൽ ചാടിക്കാൻ നിങ്ങൾക്കു് പ്രയാസമായിരിക്കും.
എമിലി:
(ദോറീനയോടു്) അങ്ങിനെ ധരിക്കേണ്ട. ഒരു കാമാർത്തനെ ചതിപ്പാൻ പ്രയാസമുണ്ടാകയില്ല. ആത്മപ്രഭാവം നേരെ തുഞ്ചുന്നതു് ആത്മവഞ്ചനയിലാണു്. അയാളോടു് എന്റെ അരികെ ഇറങ്ങിവരാൻ പറയൂ.
കാളാന്തൻ:
ഞങ്ങൾ പോകുന്നു.
എമിലി:
അങ്ങിനെ ആകട്ടെ. (കാളാന്തനും മറിയാനിയും പോയി.) നിങ്ങൾ തുണി വിരിച്ച മേശ ഇങ്ങോട്ടു് എടുത്തു് കൊണ്ടുവരൂ. എന്നിട്ടു് അതിന്റെ ഉള്ളിൽ ഒളിക്കൂ.
അരാഗൻ:
എന്തു്?
എമിലി:
നിങ്ങളെ കാണാത്തവണ്ണം ഒളിച്ചിരിക്കുന്നതാണു് ഒന്നാമത്തെ കർത്തവ്യം.
അരാഗൻ:
എന്തു്! അതിന്റെ ചുവട്ടിലോ?
എമിലി:
ഇതെന്തൊരു കഷ്ടമാണു്? ഞാൻ പറയുമ്പോലെ ചെയ്യുവിൻ. ഞാൻ ചെയ്യുന്നതൊക്കെ എന്തിനാണെന്നു് എനിക്കു് നല്ലവണ്ണമറിയാം. അതു് പിന്നെ നിങ്ങൾക്കു് കാണുകയും ചെയ്യാം. ഇപ്പോൾത്തന്നെ അതിന്റെ ചുവട്ടിൽ പോയി ഇരുന്നോളു. അവിടെ ചെന്നിരുന്നാൽ, മറ്റാരെങ്കിലും നിങ്ങളുടെ ദേഹം കാണുകയോ, ശബ്ദം കേൾക്കയോ ചെയ്യാതിരിക്കാൻ കരുതിക്കൊൾകയും വേണം.
അരാഗൻ:
നിന്റെ തൃപ്തിക്കുവേണ്ടി ഞാൻ കവിഞ്ഞതും ചെയ്യേണ്ടിവരുന്നു. എന്നാലും നിന്റെ സൂത്രം മുഴുമിപ്പിക്കുവാൻ ഞാൻ ഒരുങ്ങാം.
എമിലി:
അങ്ങിനെ ചെയ്താൽ പിന്നെ നിങ്ങൾക്കൊന്നും പറയാൻ ഉണ്ടാകയില്ല.

[അരാഗൻ മേശയുടെ ചുവട്ടിൽച്ചെന്നു് ഒളിക്കുന്നു.]

എമിലി:
എന്നാൽ ഒരു കാര്യം വേണം. ഞാൻ കൈയ്യിടുവാൻ പോകുന്നതു് അതിശയപ്പെട്ട കാര്യങ്ങളിലാണു്. യാതൊന്നുകൊണ്ടും സംഭ്രമിച്ചുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണ്ടതാണു്. ഞാൻ പറയുന്ന വാക്കുകളൊന്നും നിങ്ങൾ പ്രമാണിക്കരുതു്. അതൊക്കെ എന്റെ വാഗ്ദത്തപ്രകാരം നിങ്ങളെ ബോദ്ധ്യപ്പടുത്തിത്തരുവാൻ വേണ്ടിയാണു്. ആകർഷിക്കത്തക്ക വാക്കുകളെക്കൊണ്ടു്—അങ്ങിനെ എനിക്കു് ചെയ്യാതിരിക്കാനും നിവർത്തിയില്ല—ആ കപടഭക്തന്റെ യഥാർത്ഥഭാവം നിങ്ങൾക്കു് കാണിച്ചുതരാം. അയാളുടെ ലജ്ജാവഹമായ കാമപ്രേരണയെ അനുകൂലമായ വാക്കുകൾകൊണ്ടു് ഞാൻ ഉദ്ദീപിപ്പിക്കാം; അയാളുടെ ധിക്കാരത്തെ യഥേഷ്ടം പ്രവർത്തിപ്പിക്കുവാൻ സ്വാതന്ത്ര്യം വെച്ചുകൊടുക്കാം. ഇതൊക്കെ നിങ്ങൾക്കുവേണ്ടിയും അയാളുടെ കുറ്റം നിങ്ങളുടെ മുമ്പിൽവെച്ചു് തെളിയിക്കാൻ വേണ്ടിയും ആയിരിക്കകൊണ്ടു് അയാളുടെ ദുഷ്കാമത്തിൽ എനിക്കു് പങ്കുകൊള്ളുവാൻ രസമുണ്ടെന്നു് ഞാൻ നടിക്കാം. നിങ്ങൾക്കു് ബോദ്ധ്യംവന്നു എന്നു് മനസ്സിലായാൽ ഞാൻ എന്റെ അഭിനയം അപ്പോൾത്തന്നെ നിർത്താം. അഭിനയം നിങ്ങൾ ഉദ്ദേശിക്കുന്നതിനേക്കാൾ കവിഞ്ഞുപോകയുമില്ല. ഈ നാട്യം വേണ്ടുന്നത്ര കവിഞ്ഞുപോയി എന്നു് നിങ്ങൾക്കു് തോന്നിയാൻ അയാളുടെ പ്രമാദമായ താലോലങ്ങളെ പെട്ടെന്നു് വന്നു് തടുക്കേണ്ടതു് നിങ്ങളുടെ കർത്തവ്യമാണു്. നിങ്ങളുടെ ഭാര്യയായ എന്നെക്കൊണ്ടു് അനാവശ്യമായ ദ്രോഹം സഹിപ്പിക്കേണ്ടിവരുത്തരുതു്. നിങ്ങൾക്കു് ബോദ്ധ്യം വന്നുകഴിഞ്ഞാൽ എന്നെ വെറുതെ അയാളുടെ തലോലങ്ങൾക്കു് വിട്ടേക്കരുതു്. ഇതു് നിങ്ങളുടെ സ്വന്തം കാര്യമാണെന്നു് വിചാരിച്ചിട്ടു് നിങ്ങൾ ക്ഷണം അവസാനിപ്പിക്കേണ്ടതാണു്. അയാൾ അതാ വരുന്നു. അടങ്ങി ഇരുന്നോളൂ. നിങ്ങളെ കണ്ടുപോകരുതു്.

[ഉപദേശിയാർ പ്രവേശിക്കുന്നു.]

ഉപദേശിയാർ:
എന്നോടു് ആരോ പറഞ്ഞു നിങ്ങൾക്കെന്നെ ഇവിടെവച്ചു് കാണണമെന്നു്.
എമിലി:
അതെ. എനിക്കു് നിങ്ങളോടു് പറയാൻ ചില ഗോപ്യവർത്തമാനങ്ങൾ ഉണ്ടു്. മറ്റാരും അറിയരുതു്. വാതിൽ ഒന്നാമതു് ചെന്നടയ്ക്കു. ഒളിച്ചു് കേൾക്കാൻ ആർക്കും ഇട വെച്ചുകൊടുക്കരുതു്. (അയാൾ വാതിൽ അടച്ചു് മടങ്ങി വരുന്നു.)
എമിലി:
കുറെ മുമ്പു് കഴിഞ്ഞപോലെ മറ്റൊരു ഏടാകൂടമായ ഘട്ടം വരുത്തിക്കൂട്ടാൻ നമുക്കു് പാടില്ല. ആരെയെങ്കിലും ഇത്ര പച്ചയിൽ പിടികിട്ടിപ്പോയിട്ടുണ്ടോ? നിങ്ങൾ കാരണമായി ദേവസ്സി എന്നെ കണക്കിലേറെ ഭയപ്പെടുത്തി. അവന്റെ ഉദ്ദേശം വിഫലമാക്കാനും അവന്റെ കോപം ശമിപ്പിക്കാനും ഞാൻ എന്നാലാകുംവണ്ണം ശ്രമിച്ചിരുന്നു എന്നു് നിങ്ങൾ കണ്ടിരിക്കുന്നല്ലൊ. എന്നാലും ഞാൻ അത്യന്തം പരിഭ്രമിച്ചുപോയി. അവന്റെ വാക്കുകൾ ഖണ്ഡിക്കുവാൻ എനിക്കു് തോന്നിയില്ല. എന്നാൽ ഈശ്വരകാരുണ്യം കൊണ്ടു് കാര്യങ്ങൾ വന്നു് കലാശിച്ചതു് നാം വിചാരിച്ചിരുന്നതിലും മെച്ചത്തിലാണു്. ഇപ്പോൾ നമുക്കു് ആരെയും ഭയപ്പെടാനില്ല. ഇവിടെ നമ്മൾ അറിയാതെ ആരും വരാനും ഇടയില്ല. നിങ്ങളെപ്പറ്റിയുള്ള വലിയ അഭിപ്രായമാണു് വഴക്കുകളൊക്കെ കത്തിയ മാത്രയിൽതന്നെ കെട്ടുപോയതു്. എന്റെ ഭർത്താവിനു് നിങ്ങളുടെ പേരിൽ യാതൊരു സംശയമോ ശങ്കയോ ഇല്ല. ദൂഷണക്കാരോടുള്ള പകവീട്ടുവാൻവേണ്ടി നമ്മളോടു് എപ്പോഴും ഒന്നിച്ചിരുന്നു് സമയം പോക്കുവാൻ നിഷ്കർഷിക്കുകയുംകൂടി ചെയ്യുന്നു. അതുകൊണ്ടാണു് കുറ്റാരോപണം കൂടാതെ ഞാനും നിങ്ങളുമായി അടച്ചുറപ്പിച്ച ഒരു മുറിയിലിരിപ്പാൻ സംഗതി വന്നതു്. എന്റെ ഹൃദയത്തിലെ വികാരം എനിക്കു് തുറന്നുപറയാനും ഈ അവസരത്തിൽ പേടിക്കാനില്ല. നിങ്ങളുടെ കാമത്തെ കൈക്കൊൾവാൻ ഒരു സമയം എന്റെ ഹൃദയത്തിനായിരിക്കും തൃഷ്ണ വായ്ക്കുന്നതു്.
ഉപദേശിയാർ:
നിങ്ങളുടെ വാക്കുകളുടെ സാരം മനസ്സിലാക്കുവാൻ അസാരം പ്രയാസം തോന്നുന്നു.
എമിലി:
അന്നത്തെ തിരസ്കാരം നിങ്ങളുടെ മുഷിച്ചലിനു് കാരണമായിട്ടുണ്ടെങ്കിൽ ഒരു സ്ത്രീയുടെ ഹൃദയം നിങ്ങൾക്കു് കേവലം മനസ്സിലായിട്ടില്ല. നിങ്ങൾ അറിഞ്ഞിരിക്കേണ്ടുന്ന കാര്യം ഒന്നു് മാത്രമാണു്. അതു് നിങ്ങൾ ഊഹിച്ചെടുക്കുന്നതും അല്ല. അന്നു് ഞാൻ കാട്ടിക്കൂട്ടിയതു് വെറും നാട്യം മാത്രമാണെന്നു് തെളിയിപ്പാൻ കൊണ്ടുവരുന്ന വാദങ്ങൾക്കു് ശക്തിപോരായിരിക്കും. എന്നാൽ സത്യമാണു് വലിയ ശക്തി. ഒന്നാമതു്, എല്ലായ്പോഴും ഞങ്ങൾക്കു് സഹജമായ ലജ്ജ ഞങ്ങളെ പിന്നോട്ടടിച്ചുവിടുന്നു. അപ്പോൾ നിങ്ങളോടു് ഞങ്ങൾക്കു് തോന്നുന്ന മൃദുവായ രാഗം ഇല്ലെന്നവിധത്തിലാണു് നിങ്ങൾ ധരിച്ചു് പോകുന്നതു്. ഞങ്ങളുടെ അടിമപ്പെടുന്ന അനുരാഗത്തെ ന്യായീകരിപ്പാൻ എത്ര കാരണങ്ങൾ ഉണ്ടായാലും അങ്ങിനെ ഉണ്ടെന്നു് സമ്മതിക്കുവാൻ എത്ര ലജ്ജ കുറഞ്ഞവർക്കും കൂടി, ആ ചുരുങ്ങിയ ലജ്ജയുടെ വ്യാപാരം നിമിത്തം ഒരിക്കലും തോന്നുകയില്ല. അതും പോരാഞ്ഞിട്ടു് അനുരാഗം പുറത്തു് കാണിപ്പാനായി ഉള്ളിൽ ആഗ്രഹമുണ്ടായാലും, പുറമേയുള്ള ആചരണങ്ങൾകൊണ്ടും അനുരാഗം കേവലം ഇല്ലെന്നു് കാട്ടാനാണു് ഞങ്ങൾ ശ്രമിക്കാറുള്ളതു്. എന്നാൽ അങ്ങിനെ വരുത്തുവാൻ ഞങ്ങൾ ഉപയോഗിക്കുന്ന സൂത്രങ്ങളൊക്കെ ഞങ്ങളുടെ ഹൃദയചോരന്മാർക്കു് ഞങ്ങൾ വഴിപ്പെട്ടുപോയിട്ടുണ്ടെന്നു് അറിവുകൊടുക്കുംപ്രകാരത്തിലായിരിക്കും. മാനരക്ഷയ്ക്കുവേണ്ടി ഞങ്ങളുടെ ചുണ്ടുകൾ ഹൃദയത്തിലുള്ള ആഗ്രഹത്തിനു് വിപരീതം പറയുമെങ്കിലും വാഗ്ദത്തം കൊടുപ്പാൻ നിഷേധിക്കുമെങ്കിലും ഉള്ളിലുള്ള രാഗം ക്ഷമയില്ലാതെ വർത്തിക്കുകയും ചെയ്യുന്നുണ്ടായിരിക്കും. ഞാൻ നിങ്ങളോടു് എന്റെ ഗോപ്യങ്ങൾ വളരെ സ്വാതന്ത്ര്യത്തോടും ലജ്ജകൊണ്ടുണ്ടാകേണ്ട ഒതുക്കം തീരെ വകവെക്കാതെയുമാണു് പറഞ്ഞുതരുന്നതു്. എന്നാൽ ഞാൻ ഇപ്പോൾ എനിക്കു് പറയാനുള്ളതൊക്കെ ധൈര്യത്തോടെ പറഞ്ഞുതന്നിരിക്കെ എന്നോടു് ചില കാര്യങ്ങൾ നിങ്ങളും ദയവിചാരിച്ചു് പറഞ്ഞുതരേണ്ടതുണ്ടു്. ഞാൻ ദേവസ്സിയെ കള്ളിപുറത്താക്കുന്ന കാര്യത്തിൽ തടയേണ്ടയോ? നിങ്ങളുടെ അനുരാഗ കഥനം ഞാൻ കേൾക്കുകയും നിങ്ങൾ ചെയ്ത വാദങ്ങൾ സഹിക്കുകയും ചെയ്യേണ്ടയോ? അങ്ങിനെയുള്ള പ്രസ്താവം എനിക്കു് രസിക്കാത്തവിധത്തിൽ ഞാൻ അന്നു് ആചരിച്ചതു് തെറ്റാണോ? ഞാൻ നിങ്ങൾക്കു് അന്നു് ഉദ്ദേശിച്ചുവെച്ച വിവാഹത്തിനു് ഒരിക്കലും ചെവികൊടുക്കരുതെന്നു് എന്നാൽ കഴിയുംപ്രകാരം നിങ്ങളെ നിർബ്ബന്ധിക്കാൻ ശ്രമിച്ചതു് എന്തിനായിരിക്കും എന്നു് വിചാരിക്കുന്നു? എന്റെ സ്ഥിരപ്രതിജ്ഞകൊണ്ടു് ഞാൻ സൂചിപ്പിച്ചതു് നിങ്ങളുടെമേൽ എന്റെ അനുരാഗം അങ്കുരിച്ചിട്ടുണ്ടെന്നു് മാത്രമാണു്. അങ്ങിനെ ഒരു വിവാഹം നന്നുപോയാൽ, നിങ്ങളുടെ ഭാര്യയെപ്പോലെതന്നെ നിങ്ങളുടെ അനുരാഗം ഞാനും പങ്കുകൊള്ളേണ്ടിവരുമെന്ന പാപവുംകൂടി ഞാൻ ചെയ്യേണ്ടിവരും എന്ന ബോധം എന്നെ ക്ലേശിപ്പിച്ചിട്ടുണ്ടായിരുന്നു.
ഉപദേശിയാർ:
ഞാൻ ആരാധിച്ചുപോരുന്ന ചുണ്ടുകളിൽനിന്നു് ഇങ്ങനെയുള്ള മനോഹരവാക്കുകൾ പൊഴിയുന്നതു് ആനന്ദത്തിന്റെ പരമകാഷ്ഠാസ്ഥിതിയാണെന്നതിനു് സംശയമില്ല. അവയുടെ തേനുപോലെയുള്ള മാധുര്യം, നിരുപമമായ കാന്തി പാനം ചെയ്യുമ്പോലെയുള്ള ഒരു വിശിഷ്ടാനുഭവം എന്റെ ഇന്ദ്രിയങ്ങൾക്കു് ഉണ്ടാക്കിത്തരുന്നു. എന്റെ ഹൃദയം നിങ്ങളെ സന്തോഷിപ്പിക്കാൻ അതിയായ തൃഷ്ണകാണിക്കുകയും നിങ്ങളുടെ രാഗം അതിന്നു് പരമാനന്ദാവസ്ഥയാണെന്നു് എണ്ണുകയും ചെയ്യുന്നു. എന്റെ ഹൃദയം പറയുന്നതു് നിങ്ങൾ അതിന്റെ സന്തോഷത്തെ അല്പമെങ്കിലും ശങ്കിപ്പിക്കാൻ ഇടവരുത്തി എന്നാണു്. എന്നെക്കൊണ്ടു് നിശ്ചയിച്ച വിവാഹം മുടക്കം ചെയ്യാൻ വേണ്ടിയുള്ള യഥാർത്ഥ സൂത്രമാണു് നിങ്ങളുടെ വാക്കുകളെന്നു് എനിക്കു് ചിന്തിപ്പാനും അവകാശമുണ്ടു്. എന്നെ തുറന്നു് പറയുവാൻ നിങ്ങൾ സമ്മതിക്കുമെങ്കിൽ, എനിക്കു് ഈ ഗിൽട്ട് ജാസ്തിയായിപ്പോയ വാക്കുകൾ വിശ്വസിപ്പാനും വയ്യാതെവന്നിരിക്കുന്നു. ഞാൻ ആശിച്ചു് നില്ക്കുന്ന ചില സ്പർശസുഖങ്ങൾ എന്നെക്കൊണ്ടു് അനുഭവിപ്പിച്ചുതന്നാലല്ലാതെ നിങ്ങളുടെ വാക്കു് പരമാർത്ഥമാണെന്നു് എനിക്കു് ബോദ്ധ്യംവരില്ല. നിങ്ങളുടെ മധുരമായ വണക്കത്തിൽ എനിക്കുണ്ടാകേണ്ടുന്ന വിശ്വാസം ഉറപ്പുള്ള അടിസ്ഥാനത്തിന്മേൽ പ്രതിഷ്ഠിച്ചതാണെന്ന സത്യബോധം എന്റെ ആത്മാവിനു് ഉദിക്കണമെങ്കിൽ ഞാൻ ഇപ്പോൾ ആവശ്യപ്പെടുംപ്രകാരം നിങ്ങൾ ആചരിക്കേണ്ടതാണു്.
എമിലി:
(ഭർത്താവിന്റെ ശ്രദ്ധ ആകർഷിപ്പാൻ തക്കവണ്ണം കുരച്ചിട്ടു്) എന്തു്? ഇത്ര ക്ഷണത്തിൽ ഓരോന്നും ബോദ്ധ്യമാക്കിത്തരേണമോ? ഒരു ഞൊടിയിടകൊണ്ടു് ഒരു സ്ത്രീയുടെ ഹൃദയത്തിൽ ഉള്ള പൂർണ്ണാനുരാഗഫലസിദ്ധിയും വരുത്തിക്കണമെന്നുണ്ടോ? തന്റെ രാഗത്തിന്റെ പ്രേമപരമായ കഥനത്തിന്റെ കടുപ്പംകൊണ്ടുതന്നെ ഒരു സ്ത്രീ തളർന്നുപോകാൻ ഇടയുണ്ടു്. എന്നിട്ടുകൂടി നിങ്ങൾക്കു് തല്ക്കാലം മതിയാവുന്നില്ല. സകലത്തിനും വഴിപ്പെട്ടുതന്നാൽ മാത്രമേ നിങ്ങൾക്കു് തൃപ്തിയാകയുള്ളു എന്നു് തോന്നുന്നു.
ഉപദേശിയാർ:
ഒരു ഭാഗ്യാനുഭവത്തിനു് അർഹത കുറയുമെങ്കിൽ, അതിനെ ധൈര്യത്തോടെ കാംക്ഷിപ്പാനുള്ള വിചാരവും കുറഞ്ഞുപോകും. കാമവികാരത്തിന്റെ ഫലസിദ്ധികൾ വെറും വാക്കുകൾകൊണ്ടൊന്നും ഉണ്ടാകാൻ കഴികയില്ല. സന്തോഷപൂർണ്ണമായ ഒരു അവസ്ഥ നമുക്കു് വിധിച്ചിരിക്കുന്നോ എന്ന കാര്യം ഇപ്പോഴും സംശയത്തിൽ കിടക്കുന്നു. നമ്മൾക്കു് വിശ്വാസം വരുംമുമ്പെതന്നെ സംഗമസുഖം നമ്മൾ അനുഭവിച്ചുകഴിയേണ്ടതാണു്. നിങ്ങളുടെ ഔദാര്യത്തിനു് ഒന്നുകൊണ്ടും അർഹനല്ലെന്ന ബോധമുള്ള ഞാൻ എന്റെ ധൈര്യംകൊണ്ടു് സിദ്ധിച്ച ഭാഗ്യത്തെ ശങ്കിക്കാതിരിക്കുന്നില്ല. നിങ്ങളുടെ രാഗം യഥാർത്ഥത്തിൽ ഉള്ള ആചരണം കൊണ്ടു് ബോദ്ധ്യപ്പെടുത്തിയല്ലാതെ മറ്റു് യാതൊരുപ്രകാരത്തിലും എനിക്കു് വിശ്വാസം ജനിക്കയില്ല.
എമിലി:
ഹാ! നിങ്ങളുടെ അനുരാഗം സ്വേച്ഛാഭരണമാകുന്നു അവലംബിക്കുന്നതു്. എന്റെ മനസ്സിൽ വിവരിക്കാൻ വയ്യാത്ത ഒരു പരിഭവമാണു് ജനിക്കുന്നതു്. അധീനത്തിൽ വരുത്തപ്പെട്ട ഒരു ഹൃദയത്തെ എന്തൊരുഭയങ്കരാധികാരത്തോടെയാണു് അതു് ഭരിക്കുന്നതു്! അതിന്റെ ആഗ്രഹനിവൃത്തി മാർദ്ദവേതരവിധത്തിലാണു് കലാശിപ്പിക്കാൻ നോക്കുന്നതു്. എന്തു് പറയട്ടെ! നിങ്ങളുടെ പിടുത്തത്തിൽ നിന്നു് ഒഴിയാൻ നിവൃത്തിയില്ലെന്നു് കണ്ടാൽ അൽപ്പനേരമെങ്കിലും ക്ഷമിച്ചുകൂടാ എന്നോ? ഒരു നിശ്വാസസമയത്തിനുംകൂടി ഇടതരില്ലെന്നോ? അല്ല. ഇത്ര നിഷ്കർഷിക്കുന്നതു് ഒരു ഭംഗിയാണോ? എന്റെ വഴിപെടൽ ചീത്തവിധത്തിൽ ഉപയോഗിപ്പാൻ ഇത്ര അടിയന്തിരംവേണോ? ഞാൻ എല്ലാറ്റിനും ഹൃദയപൂർവ്വം വഴിപ്പെട്ടിരിക്കുന്നു എന്നു് നിങ്ങൾ നല്ലവണ്ണം മനസ്സിലാക്കിയ കാര്യമല്ലേ?
ഉപദേശിയാർ:
എന്റെ ആരാധനകൊണ്ടു് നിങ്ങളുടെ ഹൃദയം വഴിപ്പെട്ടുപോയി എന്ന ബോധം വന്നാൽ, അതിന്റെ മതിയായ തെളിവായ കർമ്മം തൽക്കാലം നിഷേധിക്കുന്നതു് ആനന്ദാനുഭവത്തെ നീട്ടിവെക്കുംപോലെയല്ലേ വരുന്നതു്.
എമിലി:
നിങ്ങൾ സർവ്വദാ, സർവ്വാത്മനാ ഭജിച്ചുവരുന്ന ഈശ്വരനെ മുഷിപ്പിക്കത്തക്ക വിധത്തിൽ നിങ്ങളുടെ ആഗ്രഹ നിവൃത്തിക്കു് ഞാൻ എങ്ങിനെ സമ്മതിച്ചുതരും?
ഉപദേശിയാർ:
ഈശ്വരൻ മാത്രമെ എനിക്കു് ഇപ്പോൾ പ്രതിബന്ധമായി നില്ക്കുന്നുള്ളു എങ്കിൽ ആ നിസ്സാരമായ തടസ്ഥം ഞാൻ എളുപ്പത്തിൽ നീക്കിക്കളയാം. ഈ ഒരു ശിഥിലകാര്യം മാത്രം പ്രമാണമാക്കി നിങ്ങളുടെ കാമം പിൻവലിച്ചു് കളയരുതു്.
എമിലി:
ഈശ്വരകല്പന ലംഘിക്കുന്നതു് വലിയ പാപമാണെന്നല്ലേ നിങ്ങൾ ബാക്കിയുള്ളവരെ എപ്പോഴും പറഞ്ഞു് മനസ്സിലാക്കിക്കൊടുക്കുന്നതു്.
ഉപദേശിയാർ:
പ്രിയ എമിലീ! അതൊക്കെ നാട്ടിൽ പതിനായിരങ്ങൾക്കുവേണ്ടി ഞാൻ പറഞ്ഞുവിട്ടതാണു്. നമ്മളെ ആ നിയമങ്ങളൊന്നും ബാധിക്കുകയില്ല. നിന്റെ വിലയില്ലാത്ത ശങ്കകളൊക്കെ എനിക്കു് അകറ്റുവാൻ സാധിക്കും. മനസ്സാക്ഷിയുടെ കുത്തൽ സമാധാനിപ്പിക്കുവാനുള്ള ഉപായം എന്റെ പക്കൽ ഉണ്ടു്. ചില ആഗ്രഹനിവൃത്തികൾ ഈശ്വരൻ നിരോധിച്ചിരിക്കുന്നു എന്നതു് വാസ്തവമാണു്. എന്നാലുംകൂടി ദൈവം മുഖേന ആ കുറ്റം പരിഹരിക്കപ്പെടാനുള്ള മാർഗ്ഗങ്ങളും ഈശ്വരൻ കല്പിച്ചുതന്നിട്ടുണ്ടു്. നമ്മുടെ മനസ്സാക്ഷിയുടെ പരിധി വിസ്തീർണ്ണമാക്കാൻ പഠിപ്പിക്കുന്ന ഒരു ശാസ്ത്രം ഉണ്ടു്. അതതവസരങ്ങളിൽ നമ്മളോടും ചെയ്തുപോകുന്ന പല കർമ്മങ്ങളുണ്ടായിവന്നേക്കാം. നമ്മുടെ ഉദ്ദേശശുദ്ധിക്കനുസരിച്ചു് ആ കർമ്മത്തിന്നു് മതിക്കാവുന്ന പാപവും പരിഹരിക്കപ്പെട്ടുപോകും. പ്രിയേ! ഈ രഹസ്യങ്ങളൊക്കെ ഞാൻ യഥാവസരം നിനക്കു് പഠിപ്പിച്ചുതരാം. ഞാൻ വഴിതിരിച്ചു് കാണിക്കുംപോലെ നീ ആചരിച്ചാൽ മാത്രം മതി. എന്റെ കാമത്തിനു് അനുകൂലമായി ആചരിച്ചുതരിക. യാതൊരു ഭയവും നിനക്കു് വേണ്ട. വിശപ്പു് ഭക്ഷണംകൊണ്ടും, കാമം സംഗമംകൊണ്ടും മാത്രമേ പൂർത്തിയാവൂ. (എമിലി ഉറക്കെകുരക്കുന്നു) ഈ കുര നിനക്കു് നല്ലതല്ല.
എമിലി:
അതെ. ഞാൻ വളരെ വേദന അനുഭവിക്കുന്നുണ്ടു്.
ഉപദേശിയാർ:
ഇതാ, (കീശയിൽനിന്നു് എടുത്തിട്ടു്) ഈ ഉണക്ക കുരുമുളകു് മണികൾ ചവച്ചിറക്കിക്കോളൂ.
എമിലി:
ഇതു് ഉറച്ചുപോയ ഒരു രോഗമായിട്ടാണു് ഞാൻ കാണുന്നതു്. നാഴി കുരുമുളകുതിന്നാലും ഇതിനു് ശാന്തി വരില്ല.
ഉപദേശിയാർ:
അതു് വലിയ ബുദ്ധിമുട്ടുതന്നെ.
എമിലി:
വാക്കാൽ പറഞ്ഞറിയിപ്പാൻ പ്രയാസം.
ഉപദേശിയാർ:
അതൊക്കെ അവിടെ ഇരിക്കട്ടെ. ഞാൻ ഇതുവരെ പറഞ്ഞതൊക്കെ ശ്രദ്ധവെച്ചു് കേട്ടില്ലേ? ഏതായാലും നിന്റെ ദുശ്ശങ്കകളൊക്കെ വിട്ടുപോയില്ലെ? എന്നെയല്ലേ നീ സ്വീകരിക്കുന്നതു്. അതുകൊണ്ടു് ഈ ഗോപ്യം പുറത്തുപോകയില്ലെന്നു് നിനക്കു് ഉറപ്പിക്കാമല്ലൊ. പിന്നെ വിശേഷിച്ചു് രഹസ്യമായിച്ചെയ്യുന്ന കർമ്മങ്ങൾ പുറത്തു് അറിഞ്ഞുപോയെങ്കിൽ മാത്രമേ ദോഷം നേരിടുകയുള്ളു എന്നതും വാസ്തവമല്ലേ? പിന്നെ ജനങ്ങൾക്കു് പറഞ്ഞുനടപ്പാൻ വല്ലതും കിട്ടിപ്പോയെങ്കിലല്ലേ, അതു് ചെയ്യുന്നവർക്കു് ദൂഷണമുണ്ടാകയുള്ളു. ആരും അറിയാതെ ചെയ്യുന്ന പാപം ഒരിക്കലും ഒരു പാപമായിരിക്കയില്ല.
എമിലി:
(പിന്നെയും കുരച്ചിട്ടു്) അതെ. അതെ. എനിക്കിപ്പോൾ നിങ്ങൾക്കു് വഴങ്ങാൻ ഉറക്കുകയല്ലാതെ നിവൃത്തിയില്ല. നിങ്ങൾക്കു് സകലവും സമ്മതിച്ചുതരുന്നതു് ഇപ്പോൾ എന്റെ മുറയാണു്. ഇതിനേക്കാൾ ലഘുവായ കാര്യംകൊണ്ടൊന്നും എനിക്കു് നിങ്ങൾക്കു് പൂർണ്ണ തൃപ്തിതരുവാനോ, നിങ്ങളുടെ സമ്പൂർണ്ണവിശ്വാസം നേടുവാനോ ആശിക്കുന്നതു് വിഫലമായിരിക്കും. എന്നാൽ ഇങ്ങിനെ വഴിപ്പെടേണ്ടിവരുന്നതും എനിക്കു് സന്തോഷമാണെങ്കിലുംകൂടി ദുർഘടമാണെന്നതിനു് സംശയമില്ല. എന്റെ മനസ്സാക്ഷിക്കു് എതിരായിട്ടാണു് ഞാൻ ഇത്രത്തോളം വഴിപ്പെടാൻ ഒരുങ്ങുന്നതു്. എന്നാൽ അപ്രകാരമായ ഒരു സംഭവത്തിനു് നിങ്ങൾ എന്നെ നിർബ്ബന്ധിക്കുന്നതുകൊണ്ടും, ഞാൻ അതിനു് തടസ്ഥം പറയുന്നതു് നിസ്സാരമാണെന്നു് നിങ്ങൾ കാരണങ്ങൾകൊണ്ടു് തെളിയിച്ചിരിക്കകൊണ്ടും, ബോദ്ധ്യം വരണ്ട തെളിവു്, സംഗമം ഒന്നുമാത്രമാണെന്നു് നിങ്ങൾ ശാഠ്യം പിടിക്കുന്നതുകൊണ്ടും, നിങ്ങളെ അപ്രകാരം ചെയ്തു് പാട്ടിലാക്കാൻ മനസ്സുറപ്പിക്കേണ്ടിവന്നിരിക്കുന്നു. എന്നാൽ എന്റെ സമ്മതം കുറ്റത്തിനു് കാരണമാകുമെങ്കിൽ, എന്നെ ഇതിനു് വഴിപ്പെടുത്തിയ ആളാണു് ആ കുറ്റം ഏറ്റെടുത്തു് ചുമക്കേണ്ടതു്. കുറ്റം എന്റേതാണു് എന്നു് ഒന്നുകൊണ്ടും എണ്ണാൻ പാടുള്ളതല്ല.
ഉപദേശിയാർ:
അങ്ങിനെ ഒന്നും എണ്ണേണ്ടുന്ന ആവശ്യം ഇല്ല. സത്യവേദത്തിൽ ഈശ്വരൻ ജന്തുക്കളോടും കല്പിച്ചതു്, നിങ്ങളൊക്കെ പോയി പെരുകാനുള്ള വഴിനോക്കിക്കൊൾക എന്നാണു്. നമ്മൾ ഇപ്പോൾ ചെയ്യാൻ പോകുന്ന കർമ്മവും ഈ കല്പനയ്ക്കു് എതിരായ ഒന്നല്ല. (അടുക്കെ ചെന്നു് കൈ പിടിക്കുന്നു.)
എമിലി:
വരട്ടെ. ആ വാതിൽ തുറന്നു് ഹാളിൽ എന്റെ ഭർത്താവു് ഇല്ലെ എന്നു് നോക്കി വരുവിൻ. അല്ലാഞ്ഞാൽ നമ്മുടെ ഭയം ഒതുങ്ങുകയില്ല.
ഉപദേശിയാർ:
അയാളെ എന്തിനു് ഇത്ര വലിയ കണക്കിലെടുക്കുന്നു. നമ്മൾ രണ്ടാളും ഒത്താൽ നമുക്കു് അയാളെ പട്ടിയെപ്പോലെ കളിപ്പിക്കാം. നമ്മുടെ കൂടിക്കാഴ്ച മൈഥുന വ്യാപാരത്തിൽ തുഞ്ചുമെന്നു് ധരിക്കാതെ അയാൾ സന്തോഷത്തിൽ മുഴുകുകയേ ഉണ്ടാകയുള്ളു. പോരെങ്കിൽ ഇതു് ഒരു അഭിമാനമായിട്ടു് അയാൾ വിചാരിക്കുന്നു. ആ വിഡ്ഢിയെ ഞാൻ അത്രത്തോളം വട്ടംതിരിച്ചു് വിട്ടിട്ടുണ്ടു്. കണ്ടാൽത്തന്നെ അയാൾ നിഷേധിക്കാനേ നോക്കുകയുള്ളു. പിന്നെ നീ എന്തിനു് പുല്ലോളം ഭയപ്പെടുന്നു.
എമിലി:
എന്നാലും ചെല്ലൂ. ഞാൻ അപേക്ഷിച്ചിട്ടല്ലേ! സകല മുക്കുകളും ഒന്നു് നല്ലവണ്ണം പരിശോധിച്ചിട്ടു് വരൂ. എന്നിട്ടാവാം സ്വൈരസല്ലാപം. (ഉപദേശിയാർ പോയ ഉടനെ എമിലിയും പോകുന്നു.)
രംഗം 2

[എമിലി പിന്നേയും പ്രവേശിക്കുന്നു.]

എമിലി:
ആ കള്ളൻ കാമാർത്തിയോടെ ഇങ്ങുവരട്ടെ എന്നിട്ടു് വേണം അവനെ ഒന്നു് പഠിപ്പിച്ചുവിടാൻ.
അരാഗൻ:
(മേശയുടെ ചുവട്ടിൽനിന്നും പുറത്തുവന്നിട്ടു്) അല്ലാ! ഇതാണൊ ഞാൻ ആദരവോടെ പരിപാലിച്ചു് ബഹുമാനിച്ചുപോന്ന മനുഷ്യൻ! കഷ്ടമേ കഷ്ടം! ഇതെന്തു് ഭക്തി? ഇതെന്തു് വഞ്ചന! ഇതു് എന്തു് കഥ! ഏതു് കാലത്തു് മനസ്സിൽനിന്നു് വിട്ടുപോകും? എന്തു് പശ്ചാത്താപം ഇതിനു് പരിഹാരമായിത്തീരും? ഇതൊക്കെ കണ്ടിട്ടും ഇതൊക്കെ കേട്ടിട്ടും ഞാൻ അട്ടിമറിഞ്ഞുപോയി. എന്റെ ബുദ്ധി പമ്പരംപോലെ തിരിയുന്നു. ഒന്നും കാണാത്ത കണ്ണു് ഞാൻ കുത്തിപ്പൊട്ടിക്കട്ടെ! എന്നെ എത്ര തന്നെ കുറ്റം പറഞ്ഞാലും, അടിച്ചാലും, ചവിട്ടിയാലും മതിയാകയില്ല. ഇങ്ങിനെ ഒരു അപമാനം ഞാൻ സഹിക്കേണ്ടിവന്നിട്ടില്ല.
എമിലി:
അല്ല! നിങ്ങൾ ഇത്രവേഗം പുറത്തുവന്നുകളഞ്ഞോ? കളി കഴിഞ്ഞതിൽപ്പിന്നെയല്ലേ ഹാൾ വിട്ടുപോകേണ്ടതു്? മേശയുടെ ചുവട്ടിൽ തന്നെ പതിയിരിക്കൂ. പുറത്തുവരാൻ സമയം ആയിട്ടില്ല. നിങ്ങൾക്കു് എല്ലാം കണ്ടിട്ടു് ബോദ്ധ്യം വരേണമെങ്കിൽ ഇനിയും കുറച്ചുകൂടി കാത്തു് നില്ക്കണം. ഊഹംകൊണ്ടു് ഒന്നും വിശ്വസിക്കണമെന്നില്ല.
അരാഗൻ:
നരകത്തിൽനിന്നു് ഇത്ര ദുഷ്ടനായ ഒരു പിശാചു് പുറത്തുവന്നിട്ടില്ലെന്നു് തോന്നുന്നു.
എമിലി:
അല്ലാ! ഇപ്പോൾ ഇങ്ങിനെ ആയോ? ഇത്ര ക്ഷണത്തിൽ കണ്ടതൊക്കെ വിശ്വസിപ്പാൻ പാടുണ്ടോ? ഇതൊന്നും മതിയാവില്ല. നിങ്ങൾ ഇനിയും കൈ കടന്ന കാര്യങ്ങൾക്കു് സാക്ഷിയായി നിന്നാൽ മാത്രമേ, നിങ്ങൾക്കു് പൂർണ്ണവിശ്വാസം ജനിക്കയുള്ളു. ക്ഷണം തൃപ്തിപ്പെടേണ്ടതില്ല. നിങ്ങൾ തെറ്റിദ്ധരിച്ചുപോയതാണെന്നു് പിന്നീടു് നിങ്ങൾക്കു് തോന്നുവാൻ കേവലം അവകാശം ഉണ്ടാവരുതു്.

[ഉപദേശിയാർ മടങ്ങിവരുമ്പോൾ എമിലി തന്റെ ഭർത്താവിനെ ഉപദേശിയാർക്കു് കാണാൻ പറ്റാത്ത വിധത്തിൽ തന്റെ പിന്നിൽ ഒരിടത്തു് നിർത്തുന്നു.]

ഉപദേശിയാർ:
പരിതഃസ്ഥിതികളെല്ലാം എന്റെ ആഗ്രഹനിവൃത്തിക്കു് അനുകൂലികളാണെന്നു് തോന്നിപ്പോകും. പ്രാണപ്രിയേ! ഞാൻ ഹാൾ മുഴുവനും ഒരു പഴുതും വിടാതെ തിരഞ്ഞുനോക്കി. ഒരാളും അവിടെ ഇല്ല. ഒരു ഭയവും വേണ്ട. എന്റെ ആത്മാവിനെ പ്രണയോദയംകൊണ്ടു് കവർന്നെടുത്ത സുന്ദരി! വരൂ! സംഗമം തുടങ്ങുന്നതിനു് മുമ്പെ നിന്നെ നഗ്നയാക്കി കെട്ടിപ്പിച്ചു് ആ ചുകന്ന ചുണ്ടുകളെ ഒരു ദീർഘചുംബനംകൊണ്ടു് ആഹ്ലാദിപ്പിക്കട്ടെ. (ഉടുപ്പു് അഴിപ്പാൻ കൈവെക്കുന്നു.)
അരാഗൻ:
(പെട്ടെന്നു് വന്നു് അയാളെ തടഞ്ഞിട്ടു്) ബദ്ധപ്പെടേണ്ട, സ്നേഹിതാ! കാമക്രീഡയോടുള്ള നിങ്ങളുടെ തൃഷ്ണ വളരെ കവിഞ്ഞുപോകുന്നു. ഇത്ര അധികം ഭദ്രമാവശ്യമില്ല. ഹാ! ഹാ! എന്റെ പരമഭക്താ! ഭക്തിയൊക്കെ എന്നെ കബളിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു അല്ലേ? നിങ്ങളുടെ നിഷ്കളങ്കമായ ആത്മാവു് ഈ മാതിരി ദുഷ്പ്രേരണക്കു് അധീനമായിപ്പോയി. എന്റെ മകളെ വിവാഹം കഴിക്കണം അല്ലേ? അതിനു് മുമ്പെ, എന്റെ ഭാര്യയേയും, കൈകൊള്ളണം, അല്ലേ? അച്ഛാ! സബാഷ്!! ഇതൊക്കെ കാര്യമായിരിക്കുമോ എന്നു് വളരെ നേരത്തോളം ഞാൻ സംശയിച്ചുപോയി. സംസാരത്തിന്റെ രീതി മാറിവരും എന്നു് വിചാരിച്ചു് വളരെ നേരം കാത്തു. ഇപ്പോളൊ, വേണ്ടതിലധികം തെളിവുകൾ കിട്ടിപ്പോയി. എനിക്കു് സമ്പൂർണ്ണബോദ്ധ്യം വന്നുപോയി. ഇനി എനിക്കു് വേറെ യാതൊരു തെളിവും ആവശ്യമില്ല. ഞാൻ നോക്കുന്നില്ല.
എമിലി:
(ഉപദേശിയാരോടു്) ഇങ്ങിനെ ഞാൻ അഭിനയിക്കേണ്ടിവന്നതു് എന്റെ സാധാരണ സ്വഭാവത്തിനു് വിപരീതമായിട്ടാണു്. എന്നാൽ എനിക്കു് നിങ്ങളോടു് അങ്ങിനെ പെരുമാറേണ്ടതു് നിർബ്ബന്ധമായിപ്പോയി.
ഉപദേശിയാർ:
എന്തു്? നിങ്ങൾ വിശ്വസിക്കുന്നു എന്നോ?
അരാഗൻ:
മതി. മതി. എതിർവാക്കു് പറഞ്ഞിട്ടു് ഫലമില്ല. ഇവിടുന്നു് ക്ഷണം ഇറങ്ങിപ്പോ? അനാവശ്യമായ ബഹളം ഒന്നും ഉണ്ടാക്കേണ്ട.
ഉപദേശിയാർ:
ഞാൻ ആലോചിക്കുന്നതു്…
അരാഗൻ:
നിങ്ങളുടെ വാക്കൊന്നും ഇനി ഇവിടെ ഫലിക്കില്ല. ഈ നിമിഷത്തിൽ നിങ്ങൾ എന്റെ വീടുവിട്ടു് പോകണം.
ഉപദേശിയാർ:
നിങ്ങളാണു് ഇവിടം വിട്ടു് പോകേണ്ടതു്. ഈ വീടിന്റെ ഉടമസ്ഥൻ നിങ്ങളാണെന്നു് നടിക്കേണ്ട. ഈ വീടു് എന്റെ സ്വന്തമാണു്. നിങ്ങളെ എനിക്കും പിടിത്തം കിട്ടും. എന്നോടു് വഴക്കുകൂട്ടാനായി ഈ നിസ്സാരസൂത്രങ്ങൾ കൊണ്ടുവരുന്നതു് വെറുതെയാണെന്നു് ഞാൻ നിങ്ങൾക്കു് കാട്ടിത്തരാം. നിങ്ങളുടെ ഇഷ്ടംപോലെ എന്നെ അപമാനിക്കാനൊന്നും കരുതേണ്ട. നിങ്ങളുടെ ഈ പറഞ്ഞ ധിക്കാരം അട്ടിമറിച്ചുകളയുവാനുള്ള കോപ്പുകൾ എന്റെ പക്കലുണ്ടു്. നിങ്ങൾ എതിർക്കേണ്ടതു് ഈശ്വരന്റെ കോപത്തോടാണു് എന്നോടു് ഇറങ്ങുവാൻ പറയുന്നവരെ ഈശ്വരൻ നിർബ്ബന്ധമായി പശ്ചാത്തപിപ്പിക്കുന്നതാണു്. സൂക്ഷിച്ചോ. (പോയി.)
എമിലി:
എന്തുമാതിരി വാക്കാണു് അയാൾ പറഞ്ഞതു്? എനിക്കു് അതിന്റെ സാരം മനസ്സിലായില്ല.
അരാഗൻ:
സത്യമായിട്ടും ഞാൻ അമ്പരന്നുപോയി. ഇതു് നിസ്സാരമായി കരുതേണ്ടതുമല്ല.
എമിലി:
എന്താണു് നിങ്ങൾ പറയുവാൻ ഭാവിക്കുന്നതു്?
അരാഗൻ:
അയാളുടെ വാക്കുകൊണ്ടു് ഞാൻ ചെയ്തുപോയ വലിയ തെറ്റാണു് എനിക്കോർമ്മവന്നതു്. ഞാൻ അയാൾക്കു് എഴുതിക്കൊടുത്ത ദാനാധാരമാണു് ഇപ്പോൾ എല്ലാ ബുദ്ധിമുട്ടുകൾക്കും കാരണമായി നില്ക്കുക.
എമിലി:
ദാനാധാരമോ?
അരാഗൻ:
അതെ. ആ ആധാരം എനിക്കു് റദ്ദാക്കാൻ സാധിക്കയില്ല.
എമിലി:
പിന്നെ ഒന്നും ഇല്ലല്ലോ?
അരാഗൻ:
മറ്റൊരു കാര്യവുംകൂടി എനിക്കു് കിടിലം ഉണ്ടാക്കുന്നുണ്ടു്.
എമിലി:
അതു് എന്തായിരിക്കും?
അരാഗൻ:
ഒക്കെ പറയാം. നമ്മൾ ക്ഷണം ചെന്നു് മുകളിൽ ആ പ്രത്യേക പെട്ടി ഉണ്ടോ എന്നു് നോക്കണം. (പോയി.)
അഞ്ചാം അങ്കം
രംഗം 1

[കാളാന്തനും അരാഗനും പ്രവേശിക്കുന്നു.]

കാളാന്തൻ:
എവിടേക്കാണു് ഇത്ര ധൃതിയായി പോകുന്നതു്?
അരാഗൻ:
എനിക്കുതന്നെ നല്ല ധാരണയില്ല.
കാളാന്തൻ:
നമ്മൾ വക്കീൽമാരുടെ അഭിപ്രായമാണു് ഒന്നാമതു് ഗ്രഹിക്കേണ്ടതു്, ഈ കേസിൽ വല്ല മാർഗ്ഗവുമുണ്ടോ എന്നു് കാണാൻ.
അരാഗൻ:
ആ നാശംപിടിച്ച പെട്ടി കാണാഞ്ഞിട്ടാണു് എനിക്കു് ഈ സ്വൈരക്കേടു് മുഴുവനും. മറ്റെല്ലാ കാര്യങ്ങളെക്കാളും ഇതാണു് എന്നെ തൊന്തരവാക്കുന്നതു്.
കാളാന്തൻ:
ഈ പെട്ടിയിൽ അറിയാതെ മറഞ്ഞുകിടക്കുന്ന വല്ല കാര്യത്തിന്റേയും അറിവുതരുന്ന മർമ്മം ഉണ്ടായിരിക്കുമോ?
അരാഗൻ:
എന്റെ സ്നേഹിതൻ പത്രോസ്, എന്തോ ഒരു കുടുക്കിൽ കെണിഞ്ഞപ്പോൾ അയാൾതന്നെ വന്നു് എത്രയോ ഗോപ്യമായിട്ടു് എന്റെ വശം സൂക്ഷിക്കാൻ തന്നതാണു്. അയാൾ നാടുവിട്ടു് പോകുമ്പോൾ എന്നോടുള്ള വിശ്വാസം കൊണ്ടാണു് ആ പെട്ടി ഇവിടെ ഇട്ടേച്ചു് പോയതു്. ആ പെട്ടിയിൽ അടുക്കിവെച്ച ആധാരങ്ങളിലാണു് അയാളുടെ സ്വത്തുക്കളുടേയും സ്വന്തം ജീവന്റെയും രക്ഷ കിടക്കുന്നതെന്നു് അയാളുടെ വാക്കുകൾകൊണ്ടു് എനിക്കു് മനസ്സിലായിട്ടുണ്ടു്.
കാളാന്തൻ:
അങ്ങിനെയുള്ള ഒരു പെട്ടി നിങ്ങൾ എങ്ങിനെ മറ്റൊരുവനെ വിശ്വസിച്ചു് ഏല്പിക്കും?
അരാഗൻ:
എന്റെ മനസ്സാക്ഷിയുടെ ഒരു കുത്തു് ഹേതുവായിട്ടു് ഞാൻ നേർക്കു് ചെന്നതു് ആ കള്ളൻ ഉപദേശിയാരുടെ അടുക്കെയാണു്. ഞാൻ അയാളോടു് വിവരം ഒക്കെ പറഞ്ഞുകൊടുത്തു. പെട്ടി സൂക്ഷിക്കാൻ അയാളുടെ പക്കലാണു് കൊടുക്കേണ്ടതെന്നു് അയാൾ ചില ന്യായങ്ങൾ പറഞ്ഞു് എന്നെ മിരട്ടി. ഞാൻ വഴിപ്പെടുകയും ചെയ്തു. അയാൾ അന്നു് പറഞ്ഞതു് എനിക്കു് കാര്യമായി. സത്യവിരോധം ഇല്ലാതെ ആരെങ്കിലും വീടുപരിശോധിക്കാൻ വന്നാൽ, പെട്ടി എന്റെ കൈവശത്തിൽ ഇല്ലെന്നു് എനിക്കു് ധൈര്യത്തോടെ പറയാമല്ലൊ. ഈ ഒഴികഴിവുകൊണ്ടു് വാസ്തവത്തിനു് വിരോധമായി സത്യം ചെയ്താലും എന്റെ മനഃസാക്ഷികേടു് വരില്ലല്ലൊ എന്നൊക്കെ ആയിരുന്നു.
കാളാന്തൻ:
ഞാൻ കാണുന്നേടത്തോളം നിങ്ങളുടെ കേസ് അമാന്തത്തിലാണിരിക്കുന്നതു്. ഈ ദാനാധാരം, ആരാന്റെ ഗോപ്യം അയാളെ വിശ്വസിച്ചു് പറഞ്ഞുകൊടുത്തതു്—ഈ രണ്ടും എന്റെ അഭിപ്രായപ്രകാരം നിങ്ങൾ ശരിയായ ധാരണകൂടാതെ ചെയ്ത അവിവേകങ്ങളാണു്. ഇവ രണ്ടും ആയുധങ്ങളായി ഉപയോഗിച്ചിട്ടു് നിങ്ങളെക്കൊണ്ടു് എന്തു് കാര്യം ചെയ്യിക്കാനും അയാൾക്കു് സാധിക്കുന്നതാണു്. നിങ്ങൾ ഇങ്ങിനെ അയാളുടെ കയ്യിൽ കെണിഞ്ഞുപോയതുകൊണ്ടു് അയാളെ പിന്നെയും കോപിപ്പിക്കുന്നതു് നിങ്ങൾക്കു് പ്രതികൂലമായി കലാശിക്കാതെയിരിക്കുവാൻ ദൈവം തുണക്കട്ടെ. അതുകൊണ്ടു് മൃദുവും ശാന്തവുമായ ഭാവത്തിൽ പെരുമാറാനെ നിങ്ങൾക്കു് നിവൃത്തി ഉണ്ടാകയുള്ളു.
അരാഗൻ:
ഇതിൽപ്പരം ആശ്ചര്യം മറ്റെന്താണു്? എത്രയോ നീചമായ ഒരാത്മാവു്! എത്രയോ കപടമായ ഹൃദയം! ഇതൊക്കെ ഭക്തിയുടെ നാട്യത്തിന്റെ ഊറ്റംകൊണ്ടു് മറച്ചുവെക്കാൻ ആർക്കു് സാധിക്കും? ആ എരപ്പത്തെണ്ടിയെ ഞാനാണു് വീട്ടിലേക്കു് ക്ഷണിച്ചുവരുത്തിയതു്. അപ്പാ! വളരെ കൈകടന്നുപോയി. ഭക്തന്മാരുടെ സഹവാസം ഇനി എനിക്കു് വേണ്ടേ വേണ്ട. ഞാൻ ഇനി അവരെ വിഷംപോലെ വെറുക്കും. അവരോടു് പെരുമാറുന്നതു് പിശാചുക്കളേക്കാൾ കഠിനമായിട്ടായിരിക്കും. വേദാന്തികളെ വിശ്വസിക്കരുതെന്നു് ഹിന്ദുക്കളുടെ ഇടയിൽ ഒരു പഴഞ്ചൊല്ലുകൂടി ഉണ്ടു്.
കാളാന്തൻ:
ഹു! പിന്നെയും അസംഗതത്തിലാണു് നിങ്ങളുടെ പോക്കു്. നോക്കൂ! ലക്കുതെറ്റിപ്പോകരുതു്. ഒരു കാര്യത്തിലും ശാന്തസ്വഭാവം നിലനിർത്തുവാൻ നിങ്ങൾക്കു് അറിവില്ല. ഒന്നാമതു് ചാടിയതു് തലക്കലാണെങ്കിൽ പിന്നെ ചാടുന്നതു് മറുതലക്കാണു്. നിങ്ങൾ സ്വന്തം തെറ്റു് കാണണം. കപടഭക്തിയുടെ പുറംപൂച്ചു് കണ്ടിട്ടു് നിങ്ങൾ വഞ്ചിതനായിപ്പോയെന്നു് മനസ്സിലാക്കണം. അതു് പരിഹരിപ്പാൻ വേണ്ടി ശരിയാണെന്ന ന്യായത്തിന്മേൽ ഇതിനെക്കാളും വലിയ തെറ്റിൽ ചെന്നു് ചാടാൻ നിങ്ങൾ എന്തിനു് പുറപ്പെടുന്നു? നിങ്ങൾ എന്തുകൊണ്ടാണു് ഒരു നിസ്സാരനായ കഴുവേറിയും, സജ്ജനങ്ങളും കാട്ടുന്ന നടപടിയിൽ വ്യത്യാസം കാണാത്തതു്? എന്തു് പറയാനാണു്! കപടഭക്തിയുടെ നാട്യത്തിന്റെ ഊറ്റംകൊണ്ടു് ഒരു കള്ളക്കഴുവേറി നിങ്ങളെ വഞ്ചിച്ചതുകൊണ്ടു് ബാക്കി എല്ലാവരും അയാളെ ആദരിച്ചുകൊള്ളണം എന്നു് നിങ്ങൾ ശാഠ്യംപിടിച്ചതു് ന്യായമാണോ? ഈ കാലത്തു് യഥാർത്ഥ ഭക്തന്മാർ ആരും ഇല്ലെന്നുതന്നെ പറയാം. ആ കാര്യങ്ങളൊക്കെ മതവിശ്വാസമില്ലാത്തവർക്കു് വിട്ടുകൊടുക്കൂ. നന്മയെ അതിന്റെ കാട്ടിക്കൂട്ടലിൽനിന്നു് വേർതിരിക്കൂ. ഒരു മിടുക്കിനു് ഒരാളെ ബഹുമാനിക്കാൻ ചാടിച്ചെല്ലാതിരിക്കൂ. രണ്ടു് അഗാധം വിട്ടിട്ടു് ഒരു മദ്ധ്യം മാത്രം നിങ്ങൾ മുറുകെപ്പിടിക്കൂ. നിങ്ങൾക്കു് സാധിക്കുമെങ്കിൽ കപടനാട്യക്കാർക്കു് വളം വെച്ചുകൊടുക്കാതിരിക്കുക. എന്നാലോ, സാക്ഷാൽ ഭക്തി കാണുമ്പോൾ നിന്ദിക്കയും അരുതു്. ഏതെങ്കിലും ഒരു ഭാഗം പിടിക്കാതെ നിവൃത്തിയില്ലെന്നു് വന്നാൽ, നന്മയുള്ള ഈ ഭാഗം കണ്ടറിഞ്ഞിട്ടു് ആ ഭാഗം മാത്രമെ പിടിക്കാവൂ.

[ഇരുവരും പോയി.]

രംഗം 2

[ദേവസ്സിയും അരാഗനും കാളാന്തനും പ്രവേശിക്കുന്നു.]

ദേവസ്സി:
അച്ഛാ! എന്താണു് ഞാൻ കേൾക്കുന്നതു്? ആ കഴുവേറി നിങ്ങളെ ഭീഷണിപ്പെടുത്തി എന്നോ? നിങ്ങൾ ചെയ്തുകൊടുത്ത സകല നന്മകളും മറന്നുകളഞ്ഞെന്നോ? ആ പെറുക്കിച്ചെറ്റ പൊറുത്തുകൂടാത്ത നീചവാക്കുകൊണ്ടു് നിങ്ങൾ ചെയ്തുകൊടുത്ത ഉപകാരങ്ങൾതന്നെ നിങ്ങളുടെ കണ്ഠകോടാലിയാക്കിവെക്കാൻ ഭാവിക്കുന്നുണ്ടോ?
അരാഗൻ:
എന്റെ മകനെ! അതൊക്കെ സത്യമാണു്. അതൊക്കെ ആലോചിക്കുമ്പോൾ ദുസ്സഹ സങ്കടംകൊണ്ടു് ഞാൻ വലയുന്നു.
ദേവസ്സി:
എന്നെ നിങ്ങൾ വിടുവിൻ. ആ കാളക്കഴുത്തിന്റെ ചെവി രണ്ടും മുറിച്ചു് പട്ടികൾക്കു് ഇട്ടുകൊടുക്കാനും കൂടി മടിയില്ല. എന്നാൽ ഇപ്പോൾ നമുക്കു് അതിനൊന്നും പാടില്ലെന്നല്ലേ കേൾക്കുന്നതു്! അതു് ഞാൻ കൂട്ടാക്കില്ല. അവന്റെ ധിക്കാരത്തിനു് അവനു് ഊഹിച്ചെടുപ്പാൻ കഴിയാത്ത വിധത്തിൽ അവനു് ഒരു ഇടിവെക്കണം. ഒറ്റ അടികൊണ്ടു് ആ പിശാചിന്റെ ബാധയിൽനിന്നു് നിങ്ങളെ സ്വതന്ത്രമാക്കണം. കാര്യമൊക്കെ ശരിപ്പെടുത്തുവാൻവേണ്ടി ഞാനാണു് അവനെ തല്ലിത്തകർക്കേണ്ടതു്.
കാളാന്തൻ:
പറഞ്ഞതു് സത്യസന്ധനായ ഒരു യുവാവിന്റെ മാതിരിക്കാണു്. എന്നാൽ അതൊന്നും ഇപ്പോൾ പാടില്ല. ഇപ്പോൾ കുറെ ശാന്തനായിരിക്കൂ. നിങ്ങളുടെ പൊട്ടിത്തെറിക്കുന്ന തന്ത്രങ്ങളൊക്കെ പാകതയിൽ വരുത്തൂ. അതാണു് വേണ്ടതു്. കേട്ടോ. നമ്മൾ ആ മാതിരി ഒരു കാലത്താണു്, അങ്ങിനെയുള്ളൊരു രാജാവിന്റെ ഭരണാധീനത്തിലാണു് ജീവിച്ചു് പോരുന്നതു്. അക്രമം കൊണ്ടൊന്നും നമുക്കു് ജീവിക്കുവാൻ സാധിക്കുകയില്ല.
രംഗം 3

[മുത്തശ്ശിഅമ്മയും അരാഗനും എമിലിയും കാളാന്തനും മറിയാനിയും ദേവസ്സിയും ദോറീനയും പ്രവേശിക്കുന്നു.]

മുത്തശ്ശിഅമ്മ:
ഞാൻ ഭയങ്കരാത്ഭുതവർത്തമാനങ്ങൾ കേൾക്കുന്നല്ലൊ!
അരാഗൻ:
അത്ഭുതസംഗതികൾതന്നെ. സംശയമില്ല. എന്റെ സ്വന്തം കണ്ണുകൾകൊണ്ടു തന്നെയാണു് കണ്ടതും. എന്റെ ഔദാര്യത്തിന്നു് എനിക്കു് പകരം കിട്ടിയതു് എന്താണെന്നു് നിങ്ങൾ അറിഞ്ഞില്ലേ? ഞാൻ എത്രയോ തൃഷ്ണയോടെ ഒരു നിസ്സാരനായ എരപ്പനെ സ്വീകരിച്ചു് അവനെ എന്റെകൂടെ പാർപ്പിച്ചു. എന്റെ സഹോദരനേക്കാൾ ഉപരിയായി ദിവസംതോറും അവനെ സല്ക്കരിച്ചു. സമ്മാനങ്ങളും സംഭാവനകളുംകൊണ്ടു് ദിനംപ്രതി അയാളെ അഭിഷേകം ചെയ്തു! എന്റെ മകളെ വിവാഹം കഴിപ്പാൻ വാഗ്ദത്തം കൊടുത്തു. എന്റെ സ്വത്തൊക്കെ അവനു് ദാനം ചെയ്തു. ആ വഞ്ചകൻ, ആ പെരുംകള്ളൻ, ആ പിശാചു് അതിഥിധർമ്മങ്ങളൊക്കെ മറന്നു് ഗൂഢമായി അതിനിടയിൽ എന്റെ ഭാര്യയെ വശീകരിക്കാൻ ശ്രമിച്ചു. ഈ നീചോദ്ദേശം വെച്ചതും പോരാഞ്ഞിട്ടു് ഞാൻ ചെയ്തുകൊടുത്ത ഉപകാരങ്ങൾ എന്നെ ദ്രോഹിപ്പാനുള്ള ഉപകരണങ്ങളാക്കി എന്നെ ഭീഷണിപ്പെടുത്തിവരാൻ ധൈര്യപ്പെടുന്നു. എന്റെ മൗഢ്യംകൊണ്ടു് ഞാൻ ദയാപൂർവ്വം അവന്റെ അധീനത്തിൽ പെടുത്തിക്കൊടുത്ത കോപ്പുകളും സൗകര്യങ്ങളും എന്നെ നശിപ്പിക്കാൻവേണ്ടി ഓരോ തരം ആയുധങ്ങളാക്കി അവൻ ഉപയോഗിച്ചു് എന്റെ സ്വത്തുക്കളൊക്കെ കൈവശം വെച്ചിരിക്കുന്നു. അവനെ ഞാൻ ഏതു് ദാരിദ്ര്യത്തിൽനിന്നു് രക്ഷിച്ചുവോ ആ ദാരിദ്ര്യം അവൻ എന്റെ മേൽ ചുമത്തിയിരിക്കുന്നു.
ദോറീന:
സാധു മനുഷ്യൻ!
മുത്തശ്ശിഅമ്മ:
എന്റെ മകനെ! ഇത്ര പൈശാചികമായ ഒരു കർമ്മം ചെയ്യാൻ അയാൾ ഉദ്ദേശിക്കുന്നുണ്ടെന്നു എനിക്കു് ഒന്നുകൊണ്ടും വിശ്വാസം വരുന്നില്ല.
അരാഗൻ:
എന്തുകൊണ്ടു്?
മുത്തശ്ശിഅമ്മ:
വർക്കത്തുള്ള ജനങ്ങളൊക്കെ അസൂയക്കു് ലക്ഷ്യമായി വരും. അയാൾ വർക്കത്തുള്ള ഒരാളാണു്.
അരാഗൻ:
അമ്മെ! ആ വാക്കുകൊണ്ടു് നിങ്ങൾ സൂചിപ്പിക്കുന്ന അർത്ഥം എന്താണു്?
മുത്തശ്ശിഅമ്മ:
നിന്റെ വീട്ടിൽവെച്ചു് പല കാര്യങ്ങളും നടക്കുന്നുണ്ടു്. നിന്റെ കുടുംബക്കാർക്കു് അയാളെ കണ്ടുകൂട എന്നതു് എല്ലാവരും അറിയുന്ന ഒരു പരമാർത്ഥവുമാണു്.
അരാഗൻ:
ഞാൻ ഇപ്പോൾ നിങ്ങളോടു് പറഞ്ഞ കാര്യങ്ങളും നിങ്ങൾ ഇപ്പോൾ പറഞ്ഞതും തമ്മിൽ എന്തു് ബന്ധമാണുള്ളതു് ?
മുത്തശ്ശിഅമ്മ:
എന്റെ മകനെ! നീ ചെറുപ്പമായിരുന്നപ്പോൾതന്നെ ഈ ഭൂമിയിലുള്ളവർ ഇപ്പോഴും നന്മ വെറുക്കുന്നവരാണെന്നു് നിന്നോടു് പറഞ്ഞുതന്നിരുന്നു. അസൂയക്കാർ ഭൂമിയിൽനിന്നു് മരിച്ചുപോകുമായിരിക്കും. എന്നാൽ അസൂയ ഭൂമിയിൽ എന്നും നിലനില്ക്കും.
അരാഗൻ:
ഇപ്പോഴത്തെ യഥാർത്ഥ സംഗതികളും നിങ്ങളുടെ വിശിഷ്ടപ്രസംഗവും തമ്മിൽ എന്തു് ബന്ധമാണുള്ളതു് ?
മുത്തശ്ശിഅമ്മ:
അവരൊക്കെ സാരമില്ലാത്ത നൂറു് കളവുകൾ കെട്ടിയുണ്ടാക്കിയതാണെന്നു് എനിക്കു് ഉറപ്പാണു്. ഉപദേശിയാർ വിശ്വസ്തനാണു്.
അരാഗൻ:
എന്റെ കണ്ണുകൾകൊണ്ടു് കണ്ടതാണെന്നു് ഞാൻ ഒരു തവണ നിങ്ങളോടു് പറഞ്ഞുതന്നല്ലോ.
മുത്തശ്ശിഅമ്മ:
ദൂഷണക്കാർ ഇഷ്ടപ്പെടുന്നതു് കുറ്റങ്ങൾ കണ്ടുപിടിച്ചു് ഘോഷിപ്പാനാണു്.
അരാഗൻ:
അമ്മേ! എനിക്കു് ആത്മാവുതന്നെ ഇല്ലെന്നു് നിങ്ങൾ എന്നെ വിശ്വസിപ്പിക്കാൻ ഭാവിക്കുന്നൊ? അവന്റെ ലജ്ജാവഹമായ പെരുമാറ്റങ്ങളൊക്കെ ഞാൻ എന്റെ സ്വന്തം കണ്ണുകൊണ്ടു് കണ്ടിരിക്കുന്നു എന്നാണു് ഞാൻ പറയുന്നതു്. കേട്ടില്ലേ?
മുത്തശ്ശിഅമ്മ:
നുണയന്മാരായാൽ അവരുടെ നാവുകൾ എപ്പോഴും വിഷം തുപ്പിക്കൊണ്ടിരിക്കും. ഭൂമിയിൽ അവർ കുറ്റം പറയാതെ വിട്ടുകളയുന്ന ഒന്നുംതന്നെ ഉണ്ടാകയില്ല.
അരാഗൻ:
നിങ്ങളുടെ വാക്കുകളിൽ ഒരു തരിപോലും പൊരുൾ കാണുന്നില്ല. നല്ലവണ്ണം കേൾക്കു. ഞാൻ ഒക്കെ കണ്ടു. ഞാൻ കണ്ടു എന്നു് പറഞ്ഞാൽ അതിന്റെ അർത്ഥം നിങ്ങൾക്കു് മനസ്സിലാകുന്നില്ലേ? ഞാൻ പിന്നേയും നൂറുതവണ ആവർത്തിക്കണോ? അതു് നിങ്ങളുടെ ചെവിയിൽ വലിയതോക്കു് പൊട്ടുംപോലെ ഉച്ചത്തിൽ പറയണമോ?
മുത്തശ്ശിഅമ്മ:
പ്രിയ മകനെ! ആകൃതികൊണ്ടും കാഴ്ചകൊണ്ടും പലപ്പോഴും വഞ്ചിതരായിപ്പോകും. കണ്ണുകൊണ്ടു് കാണുന്നതു് എല്ലാ കാര്യത്തിലും വിശ്വാസയോഗ്യമല്ലെന്നും വരും.
അരാഗൻ:
നമ്മൾ ഇപ്പോൾ സംസാരിക്കുന്നതുംകൂടി നിങ്ങൾക്കു് വിശ്വാസയോഗ്യമല്ലായിരിക്കും. വെറുതെ നിങ്ങൾ ആളുകളെ ഭ്രാന്തുപിടിപ്പിക്കേണ്ട.
മുത്തശ്ശിഅമ്മ:
തെറ്റായ ശങ്കകൾ നമ്മുടെ ബുദ്ധിയെ മയക്കിക്കളയും. നന്മ തിന്മയാണെന്നു് തെറ്റിദ്ധരിച്ചുപോകും.
അരാഗൻ:
ആർക്കെങ്കിലും എന്റെ ഭാര്യയെ ചുംബിക്കണം എന്നു് തോന്നിയാൽ അതു് ക്രിസ്തീയ ധർമ്മമാണെന്നു് വിചാരിക്കേണമൊ? ഒരു കവിളിൽ ചുംബിച്ചാൽ ആരാന്റെ ഭാര്യ അതു് ചെയ്തവന്നു് മറ്റെ കവിളുംകൂടി കാണിച്ചു് കൊടുക്കണോ?
മുത്തശ്ശിഅമ്മ:
ആളുകളെ കുറ്റക്കാരാക്കി ഗണിക്കുന്നതിനു് നിനക്കു് ഒന്നുമില്ലെങ്കിൽ ശരിയായ ഒരു അടിസ്ഥാനമെങ്കിലും വേണ്ടതാണു്. ഒരു കാര്യം ശരിയും സത്യവുമാണെന്നു് ബോദ്ധ്യം വരുന്നതുവരെ നീ കാത്തുനില്ക്കണം. ധൃതി ഒന്നിലും അരുതു്.
അരാഗൻ:
തേങ്ങപ്പുണ്ണാക്കാണു്! ഒരു കാര്യം കണ്ണുകൊണ്ടു് നല്ലവണ്ണം കണ്ടതു് ശരിയോ എന്നു് ബോദ്ധ്യമാവാൻ എത്ര പ്രാവശ്യം നോക്കണം പോലും? അവൻ എന്റെ ഭാര്യയെ… അതുവരെ കാത്തുനില്ക്കേണമോ? അസംബന്ധം പറഞ്ഞിട്ടു് കൈകടന്ന വിധത്തിൽ സംസാരിക്കുവാൻ എന്നെ നിർബ്ബന്ധിക്കാത്തതാണു് നല്ലതു്.
മുത്തശ്ശിഅമ്മ:
ചുരുക്കിപ്പറഞ്ഞാൽ നിഷ്കളങ്കമായ മനസ്സിൽ തോന്നാവുന്ന അതിതൃഷ്ണകൊണ്ടാണു് അയാൾ ഇപ്രകാരം ചെയ്യാൻ പ്രേരിതനായതെന്നു് എല്ലാവരും അറിയേണ്ടതാണു്. അതുകൊണ്ടു് അയാളുടെ മേൽ ആരോപിക്കുന്ന കുറ്റം അയാൾ യഥാർത്ഥത്തിൽ ചെയ്യാൻ നോക്കിയതാണെന്നു് എനിക്കു് ഒന്നുകൊണ്ടും വിചാരിക്കാൻ പാടില്ലാതെ വന്നിരിക്കുന്നു.
അരാഗൻ:
കഷ്ടകാലത്തിനു് നിങ്ങൾ എന്റെ അമ്മയായിപ്പോയി. അല്ലെങ്കിൽ ഞാൻ പറയുന്ന മറുപടിയുടെ രീതി മറ്റൊരു വിധത്തിൽ ആകുമായിരുന്നു. എനിക്കൊന്നും തോന്നുന്നില്ല. ക്രോധം സഹിക്കാനും കഴിയുന്നില്ല.
ദോറീന:
(അരാഗനോടു്) നിങ്ങളുടെ വാക്കു് ഇങ്ങിനെ അവഗണിക്കേണ്ടിവന്നതിൽ നിങ്ങൾക്കു് അധികമൊന്നും പരിഭവിക്കാനില്ല. ഞങ്ങളുടെ റിപ്പോർട്ട് പണ്ടു് നിങ്ങൾ വിലവെച്ചില്ല. ഇപ്പോൾ നിങ്ങളുടേതും ഇവർ വിലവെക്കുന്നില്ല. “വരമ്പത്തുവെച്ചു് ചെയ്തതിന്നു് വയലിൽവെച്ചുകൂലി” എന്നില്ലേ?
കാളാന്തൻ:
വെറും വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞു് നമ്മൾ അനാവശ്യമായി സമയം കളയുന്നു. ഈ കഴുവേറിയുടെ ഭീഷണികൾ തടഞ്ഞുനിർത്താൻ മാർഗ്ഗങ്ങൾ ആലോചിക്കുവാൻ വേണ്ടിയാണു് നമ്മുടെ സമയം ഇപ്പോൾ വിനിയോഗിക്കേണ്ടതു്.
ദേവസ്സി:
അവന്റെ ധിക്കാരം അത്രത്തോളം കൈകടന്നുപോകുമെന്നു് നിങ്ങൾ വിചാരിക്കുന്നോ?
എമിലി:
അതൊന്നും ഉണ്ടായിരിക്കില്ലെന്നാണു് എന്റെ വിശ്വാസം. അങ്ങിനെയല്ലെങ്കിൽ അയാളുടെ കൃതഘ്നത വെട്ടാവെളിച്ചത്തിൽ ആയിപ്പോവില്ലേ?
കാളാന്തൻ:
എന്താ വന്നുകൂടാത്തതു്? അവൻ നിങ്ങളോടു് ചെയ്ത കെടുതികൾക്കു് കളവാകുന്ന വാർണിഷിട്ടു് കേടു് ഉന്തിനില്ക്കാത്ത വിധത്തിൽ നിങ്ങളെ കുറ്റപ്പെടുത്തി പറയുവാൻ പല ന്യായങ്ങളും പറയുവാനും മതി. ഇതിനെക്കാളും ചില്ലറ കാരണങ്ങൾകൊണ്ടുകൂടി ഒരു ദുർബുദ്ധിക്കു് മറ്റൊരുവന്റെ ജീവകാലം മുഴുവനും സങ്കടമയമാക്കാനും സാധിക്കും. ഞാൻ ഒന്നുകൂടി പറയാം. വേണ്ട രേഖകളെല്ലാം അവന്റെ വശമാണുള്ളതു്. പറഞ്ഞിട്ടു് കാര്യമില്ല. അവനെ എത്രത്തോളം വിശ്വസിച്ചാലും രേഖകൾ ഏല്പിച്ചുകൊടുത്ത അവിവേകം ചെയ്യാതെ കഴിക്കാമായിരുന്നു.
അരാഗൻ:
ശരിതന്നെ. ചെയ്യേണ്ടതു് ചെയ്തുകഴിഞ്ഞുപോയി. പറയേണ്ടതു് പറഞ്ഞതു് കാലം വൈകിയിട്ടും ആയിപ്പോയി. ആ കള്ളന്റെ അഹന്ത കണ്ടപ്പോൾ എന്റെ കോപം പിടിച്ചാൽ പിടി കിട്ടാത്ത വിധം പൊട്ടിപ്പോയി.
കാളാന്തൻ:
നിങ്ങൾ തമ്മിൽ ഒരു പേരിനെങ്കിലും ഇണക്കം കൈക്കൊണ്ടു് വാഴാൻ ഞാൻ സർവ്വാത്മനാ കാംക്ഷിക്കുന്നു.
എമിലി:
നമ്മളെ ദ്രോഹിപ്പാനുള്ള ആയുധങ്ങൾ പലതും അവന്റെ പക്കൽ ഇരിപ്പുണ്ടെന്നു് ഞാൻ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഇത്രത്തോളം കർക്കശമായി എന്റെ അഭിനയം നടത്തുകയില്ലായിരുന്നു. അല്ലാ! ഒരു അറിയാത്ത ആളോ?
അരാഗൻ:
(ലോനപ്പൻ ആമീൻ വരുന്നതു് കണ്ടിട്ടു് ദോറീനയോടു്) ആരാണു് ഈ സമയത്തു് വരുന്നതു് ? വേഗം ചെന്നിട്ടു് അറിഞ്ഞുവാ. വിരുന്നുകാരെ സ്വീകരിപ്പാൻ തക്കവണ്ണം നല്ല കോലത്തിലാണു് ഞാൻ നില്ക്കുന്നതു്. ബഹുവിശേഷപ്പെട്ട കോലം!

[എല്ലാവരുടേയും വഴിയിൽ ആമീനും ദോറീനയും നിൽക്കുന്നു.]

ആമീൻ:
(ദോറീനയോടു്) ഇഷ്ടത്തീ! ഗുഡ്ബൈ! എനിക്കു് വീട്ടുടമസ്ഥനെ ഒന്നു് കാണേണ്ടതുണ്ടു്. ഇടയുണ്ടെങ്കിൽ ഞാൻ വന്ന വിവരം ഒന്നു് അറിയിച്ചാൽ കൊള്ളാം.
ദോറീന:
യജമാനനു് ഒട്ടും ഇടയില്ല. അദ്ദേഹം ഇപ്പോൾ ആരേയും കാണുകയില്ല.
ലോനപ്പൻ:
എന്നെ സന്തോഷത്തോടെ സ്വീകരിപ്പാൻ ഏതു് വീട്ടുകാർക്കും ഇഷ്ടമായിരിക്കും. എന്റെ വരവു് ഒരിക്കലും അലോഗ്യമായിരിക്കയില്ല. ഞാൻ വന്ന കാര്യം ഒരുവേള അയാൾക്കു് ഉപകാരത്തിനാണെന്നു് വരാനും മതി.
ദോറീന:
ആർ വന്നിരിക്കുന്നു എന്നാണു് ഞാൻ ചെന്നു് പറയേണ്ടതു്?
ലോനപ്പൻ:
അദ്ദേഹത്തിന്റെ ചങ്ങാതി തറിയൻ ഉപദേശിയാർ എന്നെ അയച്ചതാണെന്നു് മാത്രം പറഞ്ഞാൽ മതി. അയാളുടെ മുതലുകൾക്കു്…
ദോറീന:
(അരാഗന്റെ അടുക്കെ ചെന്നിട്ടു്) അയാൾ ഉപദേശിയാർ അയച്ചിട്ടു് വന്ന ആളാണു്. ശീലവും നടപടിയും നന്നു്. അയാൾ വന്ന കാര്യം നിങ്ങൾക്കു് ബോദ്ധ്യമാവും എന്നാണു് പറഞ്ഞതു്.
കാളാന്തൻ:
(അരാഗനോടു്) നിശ്ചയമായിട്ടും നിങ്ങൾ അയാളെ കാണണം. ആരാണെന്നു് മനസ്സിലാക്കണം. അയാൾക്കു് വേണ്ടുന്നതെന്താണെന്നു് ചോദിക്കണം.
അരാഗൻ:
(കാളാന്തനോടു്) ഒരു സമയം ഉപദേശിയാർക്കു് ഞങ്ങൾ തമ്മിൽ രാജിയാകണം എന്ന വിചാരം ഉണ്ടായിരിക്കണം. ഞാൻ ഏതു് മട്ടിലാണു് അയാളെ സ്വീകരിക്കേണ്ടതു്?
കാളാന്തൻ:
നിങ്ങൾ കോപിക്കാതിരിപ്പാൻ ശ്രദ്ധിച്ചാൽ മതി. അയാൾ രാജിയെപ്പറ്റി സംസാരിച്ചാൽ അതിന്നു് നിങ്ങൾ വഴിപ്പെടണം.
ലോനപ്പൻ:
(അരാഗനോടു്) സാറേ! ഗുഡ്ബൈ!! ഈശ്വരൻ നിങ്ങൾക്കു് നന്മയും നിങ്ങളുടെ ശത്രുക്കൾക്കു് തിന്മയും ഉണ്ടാക്കട്ടെ.
അരാഗൻ:
(സ്വകാര്യമായി കാളാന്തനോടു്) ഈ ശാന്തസംസാരം എന്റെ ഊഹത്തിന്നു് അനുകൂലമായി കാണുന്നുണ്ടു്. ഇപ്പോൾ കഴിഞ്ഞ സംസാരം രാജിയുടെ ആരംഭമാണെന്നു് തോന്നുന്നു.
ലോനപ്പൻ:
നിങ്ങളുടെ വീടിനോടു് വളരെ മുമ്പുതന്നെ എനിക്കു് സ്നേഹമാണു്. സാറേ! നിങ്ങളുടെ അച്ഛനെ ഉപചരിപ്പാനുള്ള ബഹുമതിയും കൂടി എനിക്കു് സിദ്ധിച്ചിട്ടുണ്ടു്.
അരാഗൻ:
സാറേ! നിങ്ങളുടെ മുഖം തിരിച്ചറിയാനോ, നിങ്ങളുടെ പേർ ഓർമ്മവെക്കാനോ എനിക്കു് സാധിക്കാത്തതുകൊണ്ടു് എനിക്കു് ലജ്ജതോന്നുന്നു. ഞാൻ നിങ്ങളോടു് മാപ്പുചോദിക്കുന്നു.
ലോനപ്പൻ:
എന്റെ പേർ ലോനപ്പൻ എന്നാണു്. ഞാൻ മുള്ളൂർക്കരക്കാരനാണു്. ഞാൻ സിവിൽ കോടതിയിലെ ഒരു ആമീനാണു്. അതുകൊണ്ടു് പലർക്കും എന്നോടു് പരിഭവത്തിനിടയുണ്ടു്. എന്റെ പ്രവൃത്തി ഈശ്വരകടാക്ഷംകൊണ്ടു് നാല്പതുകൊല്ലത്തോളം മാനമോടെ നടത്താൻ എനിക്കു് ഭാഗ്യം സിദ്ധിച്ചിട്ടുണ്ടു്. അതുകൊണ്ടു് സാറേ! നിങ്ങളുടെ മനസ്സുണ്ടായിട്ടും ഒരു വാറണ്ട് നടത്താനാണു് ഞാൻ വന്നതു്.
അരാഗൻ:
എന്തു്? നിങ്ങൾ ഇവിടെ വന്നതു്?…
ലോനപ്പൻ:
സാറേ! ഞാൻ അപേക്ഷിക്കുന്നു. കോപം മാത്രം അരുതു്. ഇപ്പോൾ നടത്താൻ പോകുന്നതു് വാറണ്ട് മാത്രമല്ല. അതിന്റെ മുൻഗാമിയായ സമൻസും ഒപ്പമുണ്ടു്. നിങ്ങളും നിങ്ങളുടെകൂട്ടരും ക്ഷണം വീടു് ഒഴിച്ചുവിടണം എന്നാണു് കല്പന. വീട്ടുസാമാനങ്ങളൊക്കെ എടുത്തു് പുറത്തുകൊണ്ടുപൊയ്ക്കൊള്ളണം. വേറെ സാമാനങ്ങൾ ഇവിടെ കൊണ്ടുവെക്കേണ്ടതുണ്ടു്. യാതൊരു താമസവും അരുതു്. ‘തിടുതിപ്പു്’ എന്നായിരിക്കണം. എന്നുവെച്ചാൽ ഇടിയപ്പൊളിയേ. അതാണു് കല്പന.
അരാഗൻ:
ഞാനോ? ഈ വീടു് വിടേണമെന്നോ?
ലോനപ്പൻ:
അതു തന്നെ സാറേ! ദയവു് ഉണ്ടായിരിക്കണം. നിങ്ങൾ നിശ്ചയമായിട്ടും അറിഞ്ഞിരിപ്പാൻ ഇടയുണ്ടു്. ഈ വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥൻ തറിയൻ ഉപദേശിയാർ അവർകളാണു്. അദ്ദേഹം, ശരിയായ ഫോറത്തിലും ഉടവുകാണാത്ത വാചകത്തിലും എഴുതി രജിസ്ത്രാക്കിയ കരാറു് വാറണ്ടിന്റെ കൂടെ ഹാജരാക്കിയിരിക്കുന്നു. അതുകൊണ്ടു് ഇന്നു് മുതൽ അവിതർക്കമായി, ഇന്നു് മുതൽ ഇളകുന്നതും ഇളകാത്തതുമായ സകല മുതലുകൾക്കും അവകാശിയും അധികാരിയും കൈകാര്യകർത്താവും മേല്പടി ഉപദേശിയാർ തന്നെയാണു്.
ദേവസ്സി:
(ലോനപ്പനോടു്) നിങ്ങളുടെ അധികപ്രസംഗം കഠിനവും കർക്കശവും ദയാശൂന്യവുമാണു്.
ലോനപ്പൻ:
(ദേവസ്സിയോടു്) സാറേ! നിങ്ങളോടു് നേരിട്ടു് എനിക്കു് യാതൊരു ഇടപാടും ചെയ്യാൻ ഇല്ല. (അരാഗനെ ചൂണ്ടിക്കാണിച്ചിട്ടു്) അദ്ദേഹവുമായിട്ടാണു് ഞാൻ ഇടപെടേണ്ടതു്. അയാൾക്കു് നല്ല വിവരമുണ്ടു്. വളരെ ഔദാര്യവുമുണ്ടു്. അയാൾക്കു് മര്യാദക്കാരോടു് പെരുമാറാൻ നല്ല തഴക്കവുമുണ്ടു്. സിവിൽ നിയമങ്ങളുടെ നടത്തക്ക തടസ്ഥമുണ്ടാക്കരുതെന്ന ബോധവും അയാൾക്കു് ധാരാളമുണ്ടു്.
അരാഗൻ:
എന്നാൽ…
ലോനപ്പൻ:
സാറേ! ഒരു നിധി തന്നാലുംകൂടി ഈ കാര്യത്തിൽ വിരോധം പറയുകയോ തടസ്ഥം ഉണ്ടാക്കുകയോ ഇല്ലെന്നു് എനിക്കറിയാം. കോടതിയുടെ വിധി നേരാംവണ്ണം നടത്താൻ എനെ അനുവദിക്കണം.
ദേവസ്സി:
ആമീനെ, കാര്യമെന്തെന്നു് നിങ്ങൾക്കു് മനസ്സിലാകുംമുമ്പെ നിങ്ങളുടെ ദേഹം മൂടിയ അങ്കിമേൽ ചുട്ട അടി കണക്കിലേറെ വീഴും.
ലോനപ്പൻ:
(അരാഗനോടു്) സാറേ! നിങ്ങളുടെ മകനോടു് നാവടക്കിവെക്കാനൊ അല്ലെങ്കിൽ ഇവിടംവിട്ടു് പോവാനൊ പറയണം. എനിക്കു് ഇതിനെപ്പറ്റി ഒരു റിപ്പോർട്ട് എഴുതി രേഖപ്പെടുത്തുവാൻ നിങ്ങളെ വിചാരിച്ചിട്ടു് മടിയുണ്ടു്. റിപ്പോർട്ട് ഞാൻ തയാറാക്കിയാൽ നിങ്ങളുംകൂടി കെണിയും.
ദോറീന:
(മനസ്സിൽ) ലോനപ്പന്റെ മുഖം കാണുമ്പോൾ കള്ളനാണെന്നു് തോന്നുന്നില്ല.
ലോനപ്പൻ:
സാറേ! നിങ്ങളെപ്പോലെ സത്യവും ബഹുമാനവുമുള്ള സജ്ജനങ്ങളോടു് എനിക്കു് വളരെ അനുകമ്പയുണ്ടു്. നിങ്ങൾക്കു് വല്ല ഉപകാരവും ചെയ്യണമെന്നുള്ള ഉദ്ദേശത്തിന്മേലാണു് ഈ വാറണ്ട് നടത്താനുള്ള റിക്കാർട്ടുകൾ മുഴുവനും ഞാൻ ഏറ്റെടുത്തതു്. മറ്റു് ചിലർക്കൊന്നും നിങ്ങളുടെ കാര്യത്തിൽ എന്നെപ്പോലെ തൃഷ്ണ ഉണ്ടാകയില്ല. ശാന്തേതരഭാവത്തിൽ അവൻ കല്പിക്കും. കാര്യമൊക്കെ ചടപട എന്നു് കഴിക്കും. അമ്മാതിരിക്കാരുടെ ദ്രോഹത്തിൽനിന്നു് നിങ്ങളെ മോചിപ്പിക്കാനാണു് ഞാൻ ഈ വാറണ്ട് ഏറ്റുവാങ്ങിയതു്.
അരാഗൻ:
വീട്ടുകാരോടു് വീട്ടിൽനിന്നു് പുറത്തുപോകുവാൻ എത്ര മൃദുസ്വരത്തിൽ പറഞ്ഞാലും കടുപ്പം കുറഞ്ഞുപോകുമോ?
ലോനപ്പൻ:
അതിനെന്താ? നിങ്ങൾക്കു് വേണ്ടുന്ന സമയം തരുന്നില്ലേ? സാറേ! വാറണ്ടുകല്പന നടത്താൻ വേണമെങ്കിൽ നാളയ്ക്കു് നീട്ടിവെയ്ക്കാം. അപവാദം കൂടാതെയും ആരും അറിയാതെയും ഞാനും പത്തു് ഉദ്യോഗസ്ഥന്മാരും രാത്രി ഇവിടെ കഴിച്ചുകൊള്ളാം. ഒരു പേരിന്നു വേണ്ടി മാത്രം, നിങ്ങൾ ഉറങ്ങാൻ പോകുന്നതിനുമുമ്പേ സകല താക്കോലുകളും എന്റെ വശം തരണം. നിങ്ങൾ ഉറങ്ങുമ്പോൾ ഞങ്ങളാരും ഉപദ്രവിക്കാൻ വരികയുമില്ല. എന്നുമാത്രമല്ല, അസഭ്യനടപടികളൊന്നും ഇവിടെവച്ചു് കാണിക്കയുമില്ല. എന്നാൽ നാളെ പുലരും മുമ്പെ നിങ്ങളുടെ സാമാനങ്ങളൊക്കെ ഒന്നും ബാക്കിവെക്കാതെ കടത്തിക്കൊണ്ടുപോകയും വേണം. വേണമെങ്കിൽ എന്റെ കൂട്ടുകാർ നിങ്ങളെ സഹായിക്കും. സാമാനങ്ങളെല്ലാം കടത്തി വിട്ടു് ഒഴിച്ചുപോകുന്നതിൽ നിങ്ങളെ സഹായിക്കാൻ വേണ്ടി ഞാൻ ഒന്നിച്ചു് കൂട്ടിയതു് വളരെ മിടുക്കുള്ളവരെയാണു്. ഇത്ര ഔദാര്യമായി മറ്റാരും പെരുമാറുമെന്നു് തോന്നുന്നില്ല. ഞാൻ വളരെ ദയയോടെ നിങ്ങളോടു് പെരുമാറുമ്പോൾ, അതേ മാതിരി ഔദാര്യം എന്നോടും കാണിപ്പാൻ നിങ്ങൾക്കും ബാദ്ധ്യത ഉണ്ടു്. അതുകൊണ്ടു് എന്റെ പ്രവൃത്തി നടത്തുമ്പോൾ നിങ്ങളാരും കശപിശ ഉണ്ടാക്കിത്തീർക്കരുതു്.
അരാഗൻ:
ഇപ്പോൾ തന്നെ ഞാൻ സകലതും നിങ്ങൾക്കു് ഏല്പിച്ചുതന്നേക്കാം. അതിന്നു് ഒട്ടും വിരോധമില്ല. ഉപദേശിയാരുടെ മുഖത്തു് ഒരു ചുട്ട അടി കൊടുപ്പാൻ ഉള്ള തൃഷ്ണ പൂരിപ്പിക്കാൻ ഒരു അവസരം എനിക്കു് നിങ്ങൾ അനുവദിച്ചുതന്നാൽ നിങ്ങൾക്കു് നൂറു് ഉറുപ്പികതരാൻ ഞാൻ ഒട്ടും മടിക്കയില്ല.
കാളാന്തൻ:
(അരാഗനോടു്) സൂക്ഷിച്ചുകൊൾക. കാര്യങ്ങൾ ഇതിലും അവതാളത്തിൽ ചാടിക്കാൻ നോക്കണ്ട.
ദേവസ്സി:
വല്ലാത്ത ധിക്കാരം! എനിക്കു് അടങ്ങിനില്പാൻ സാധിക്കുന്നില്ല. എന്റെ കൈ ഇരിയുന്നു. അവന്റെ പിരടിക്കൊന്നു് കൊടുപ്പാൻ. മൃദുവായ വാക്കുകളെക്കൊണ്ടു് കടുപ്പമുള്ള കാര്യങ്ങളാണു് പറയുന്നതു്.
ദോറീന:
സുഖമായി ഉറങ്ങാൻ പറയുക. പുലരും മുമ്പെ സാമാനങ്ങളൊന്നും കാണരുതെന്നും പറയുക, പ്രിയ ലോനപ്പനങ്ങോരെ, നിങ്ങളുടെ പുറം നല്ല വീതിയുണ്ടു്. പരുപരുത്ത പ്രഹരം അതിന്മേൽ വീഴുന്നതു് നിങ്ങളുടെ ഗുണത്തിനായിരിക്കും.
ലോനപ്പൻ:
ഇഷ്ടത്തി! ഈ മാതിരി ദുർഭാഷണം ചെയ്താൽ മാനഭംഗ കുറ്റത്തിന്നു് കോടതിയിൽ കേറേണ്ടിവരും. സ്ത്രീകളെ പിടിക്കാനും വാറണ്ട് അയക്കാനും കഴിയും.
കാളാന്തൻ:
(ലോനപ്പനോടു്) സാറേ! വാദപ്രതിവാദങ്ങൾ ഒന്നും വേണ്ട. മതിയാക്കിയാൽ കൊള്ളാം. വാറണ്ട് പകർപ്പു് ഇവിടെ തന്നിട്ടു് പോയാൽ വലിയ ഉപകാരം.
ലോനപ്പൻ:
ഞാൻ പോകുന്നു. സലാം! നിങ്ങളെ ആപത്തിൽ നിന്നു് ദൈവം കാത്തുരക്ഷിക്കട്ടെ!
അരാഗൻ:
നിന്നെയും നിന്റെ യജമാനനെയും മഹാമാരി പിടിപ്പിച്ചിട്ടു് ഈശ്വരൻ നിലവിളിപ്പിക്കട്ടെ. (മുത്തശ്ശിയെ നോക്കീട്ടു്) ഇപ്പഴോ അമ്മേ! ഞാൻ പറഞ്ഞതു് ശരിയോ അല്ലയോ? ഈ സമൻസിന്റെ പകർപ്പു് വായിച്ചുനോക്കിയാൽ കാര്യത്തിന്റെ സ്ഥിതിയെപ്പറ്റി ശരിയായ അഭിപ്രായം പറവാൻ നിങ്ങൾക്കു് സാധിക്കും. അല്ല! ഇനിയും നിങ്ങൾ ഉപദേശിയാരുടെ കാപട്യം കാണുന്നില്ലെന്നുണ്ടോ?
മുത്തശ്ശി അമ്മ:
ഞാൻ അമ്പരന്നുപോയി. എന്റെ ഹൃദയം കലങ്ങിപ്പോയി. എന്റെ മനസ്സു് ചക്രംതിരിഞ്ഞുപോയി.
ദോറീന:
(അരാഗനോടു്) നിങ്ങൾക്കു് വളരെ തെറ്റിപ്പോയി. നിങ്ങൾക്കു് ഉപദേശിയാരെ കുറ്റം പറയുവാൻ ഒട്ടും അവകാശമില്ല. ഈ കർമ്മം അയാളുടെ ഉദ്ദേശസിദ്ധിയെ ആണു് കാണിക്കുന്നതു്. അയൽപക്കക്കാരോടുള്ള സ്നേഹം അയാളുടെ ഗുണം പൂർത്തിയാക്കുന്നു. ദോഷങ്ങൾക്കൊക്കെ വേരായി നില്ക്കുന്നതു് പണമാണെന്നു് കണ്ടിട്ടു്, സ്വർഗ്ഗപ്രാപ്തിക്കു് വിഘ്നമുണ്ടാക്കുന്നതുകൊണ്ടു് ആവക സാധനങ്ങളെല്ലാം ക്രിസ്തീയധർമ്മം ആലോചിച്ചിട്ടു് മാത്രം നിങ്ങളിൽനിന്നു് ആ ദൈവഭക്തൻ പിടിച്ചെടുത്തു് കളഞ്ഞതാണു്.
അരാഗൻ:
മിണ്ടാതിരിക്കൂ. ഇതു് നിന്നോടു് എപ്പോഴും ആവർത്തിക്കേണ്ടിവന്നിരിക്കുന്നു.
കാളാന്തൻ:
(അരാഗനോടു്) വരൂ. എന്തു് മാർഗ്ഗമാണു് നിങ്ങൾ എടുക്കേണ്ടതു് എന്നു് ആലോചിച്ചുനോക്കുക.
എമിലി:
പോയിട്ടു് ഉപദേശിയാരുടെ തീവ്രമായ കൃതഘ്നത നാട്ടിലെങ്ങും പരസ്യമാക്കുക. അങ്ങിനെ ചെയ്താൽ ഒരു സമയം കരാറു് റദ്ദായിപ്പോകാൻ മതി. അദ്ദേഹം ഉദ്ദേശിക്കുന്ന വിജയസിദ്ധിക്കു്, അദ്ദേഹത്തിന്റെ നിർലജ്ജമായ വിശ്വാസവഞ്ചന ഒരു എടുത്താൽ പൊന്താത്ത തടസ്ഥമായിത്തീരട്ടെ.

[വലീരി പ്രവേശിക്കുന്നു.]

വലീരി:
സാറേ! വളരെ സങ്കടത്തോടുകൂടിയാണു് ഞാൻ നിങ്ങളുടെ അടുക്കെ ഒരു വ്യസനവർത്തമാനം കൊണ്ടുവരുന്നതു്. അടുത്തുവരുന്ന ആപത്താണു് അതു് പറയാൻ എന്നെ നിർബ്ബന്ധിക്കുന്നതു്. എനിക്കു് വളരെ അടുപ്പമുള്ള ഒരു പ്രാണസ്നേഹിതൻ ഉണ്ടു്. നിങ്ങളുടെ കാര്യത്തിൽ തലയിടുന്നവനാണു് ഞാൻ എന്നു് അയാൾക്കു് ബോദ്ധ്യമുണ്ടു്. ഭരണാധികാരികൾ എത്രയോ ഗോപ്യമായി വെക്കുന്ന ചില ഗൂഢകാര്യങ്ങൾ അയാൾ എന്നെ വിചാരിച്ചിട്ടു് എന്നോടു് പറഞ്ഞുതരുവാൻ തക്കവണ്ണം ധൈര്യപ്പെട്ടു. അയാൾ ഇപ്പോൾ മാത്രമെ എന്നെ അറിയിച്ചിട്ടുള്ളു. നിങ്ങൾ എല്ലാവർക്കും രക്ഷവേണമെങ്കിൽ ഇനി ഒരൊറ്റ മാർഗ്ഗമെ ഉള്ളു. അതു് രാജ്യവും വിട്ടു് ഓടുക എന്നതുതന്നെ. ഇതുവരെ നിങ്ങളെ കബളിപ്പിച്ച ആ കള്ളൻ ഉപദേശിയാർ, ഒരു മണിക്കൂർമുമ്പെ രാജവംശത്തിലെ ഒരു മെമ്പറെ കണ്ടു് മുഖദാവിൽ സംസാരിക്കാൻ തക്കം ഉണ്ടാക്കി വളരെ കുറ്റങ്ങൾ നിങ്ങളുടെ മേൽ ചുമത്തി. എന്നാൽ എല്ലാറ്റിലും അപായകരവും ഗൗരവവുമായ ഒന്നേ ഇപ്പോൾ എടുത്തുപറയേണ്ടതുള്ളു. രാജദ്രോഹകുറ്റത്തിന്നു് അർഹനായ ഒരു ഘാതകനുണ്ടു്. പ്രജകളുടെ മുറപ്രകാരം സർക്കാരിനു് അറിയാതെ അവനെ നിങ്ങൾ പരിപാലിച്ചു. അവന്റെ കള്ളി നിങ്ങൾ പുറത്താക്കിയതേയില്ല. അപ്പോൾ നിങ്ങളും രാജദ്രോഹകുറ്റത്തിന്നു് അർഹരായി വന്നു. ആ കുറ്റം നിങ്ങളുടെ മേൽ സ്ഥാപിക്കാൻ കാരണമായിവന്നതു് നമ്മുടെ ഉപദേശിയാരാണു്. അയാൾ മുൻപറഞ്ഞ രാജദ്രോഹി, ചില രേഖകൾ സൂക്ഷിച്ചുവെച്ച പെട്ടി, നിങ്ങളുടെ വീട്ടിൽനിന്നു് കിട്ടിയതാണെന്നു് പറഞ്ഞു് കൊട്ടാരത്തിൽ ഹാജരാക്കിയിരിക്കുന്നു. ചെയ്തതു് കടുംകയ്യാണെങ്കിൽ നിങ്ങൾ അനുഭവിക്കേണ്ടിവരുന്ന ശിക്ഷ ഭയങ്കരമായിരിക്കും. സാറെ! നിങ്ങളെ പിടിച്ചു് ബന്ധനത്തിൽ വെക്കാനുള്ള ക്രിമിനൽ വാറണ്ട് ഒപ്പിട്ടുകഴിഞ്ഞിരിക്കുന്നു. നിങ്ങൾ പിടികിട്ടാതെ ഒഴിഞ്ഞുപോകാതിരിക്കാനുള്ള ഉറപ്പിനുവേണ്ടി നിങ്ങളെ പിടിച്ചു് ബന്തോവസ്സിൽ വെക്കാൻ പുറപ്പെട്ട പോലീസ് ഇൻസ്പെക്ടരുടെ ഒന്നിച്ചു് ആ കള്ളൻ ഉപദേശിയാരും വരുന്നുണ്ടുപോലും.
കാളാന്തൻ:
ആ കള്ളക്കൊശവൻ ചെയ്യുന്നതൊക്കെ രേഖകളുടെ അടിസ്ഥാനത്തിന്മേലാണു്. അയാൾ കൈവശമാക്കാൻ പോകുന്ന നിങ്ങളുടെ സകല വസ്തുക്കളും കിട്ടാൻ മറ്റൊരു കാരണവും ഉണ്ടാക്കിവെച്ചു് ആ കാർക്കോടകൻ രസിക്കുന്നുണ്ടായിരിക്കും.
അരാഗൻ:
മനുഷ്യൻ ജന്തുക്കളിൽവെച്ചു് ഏറ്റവും ദുഷ്ടനാണെന്നു് അനുഭവപ്രകാരം ഞാൻ പറയേണ്ടിവന്നിരിക്കുന്നു.
വലീരി:
സാറേ! കാലതാമസം അപായത്തിൽ ചെന്നു് തുഞ്ചിക്കും. എന്റെ വണ്ടി നിങ്ങളുടെ പടിയരികിൽ നിൽപ്പുണ്ടു്. നിങ്ങളുടെ യാത്രാച്ചിലവിലേക്കു് ആയിരം ഉറുപ്പികയും ഞാൻ കൊണ്ടുവന്നിട്ടുണ്ടു്. നേരം ഇനിയും വൈകാൻ പാടില്ല. വാറണ്ട് വളരെ അടിയന്തിരമായി സർക്കാർ എണ്ണുവാൻ ഇടയുള്ളതുകൊണ്ടു് രക്ഷ വേണമെങ്കിൽ നിങ്ങളുടെ ഓട്ടം അതിലും വേഗത്തിലായിരിക്കണം. ഒരു രക്ഷാസ്ഥലത്തു് എത്തുന്നതുവരെ ഞാനും കൂടെ വരാം. ഓരോ ദിക്കിൽ ഗൂഢമായി പാർക്കാനുള്ള ഏർപ്പാടുകളും കൂടെവന്നു് ഞാൻ ചെയ്തുതരാം.
അരാഗൻ:
പ്രയോജനേച്ഛയില്ലാത്ത നിങ്ങളുടെ രക്ഷയ്ക്കു് ഞാൻ വളരെ കടപ്പെട്ടിരിക്കുന്നു. നിങ്ങളോടു് നന്ദിപറയാൻ മറ്റൊരു നല്ല അവസരത്തിലേ സാധിക്കയുള്ളു. നിങ്ങളുടെ ഈ ഉപകാരത്തിനു് ഒത്തവണ്ണമുള്ള ഒരു ഗുണം നിങ്ങൾക്കുവേണ്ടിയും ചെയ്യാൻ ജഗദീശ്വരൻ അത്രമാത്രം പുണ്യം എനിക്കും ഉണ്ടാക്കിത്തരട്ടെ. ഇതു് നിങ്ങളുടെ ഓർമ്മയിലും ഇരിക്കണമെന്നാണു് ബന്ധുക്കളോടുള്ള എന്റെ അപേക്ഷ, ഗുഡ്ബൈ.

(വലീരി പോകുന്നു.)

കാളാന്തൻ:
വരൂ. ധൃതിപ്പെടുവിൻ! സഹോദരാ! വേണ്ടതൊക്കെ ഞങ്ങൾ നിറവേറ്റാം.

(അരാഗൻ പോവാൻ വട്ടംകൂട്ടുന്നു.)

[പോലീസ് ഇൻസ്പെക്ടരോടുകൂടെ തറിയൻ ഉപദേശിയാർ പ്രവേശിക്കുന്നു.]

ഉപദേശിയാർ:
(അരാഗനെ തടുത്തിട്ടു്) ബദ്ധപ്പെടേണ്ട. സാറേ! ബദ്ധപ്പെടേണ്ട. ഇത്ര വേഗത്തിൽ ഓടിപ്പോവാൻ നോക്കരുതു്. നിങ്ങളുടെ സാക്ഷാൽ ഇരിപ്പിടം കാണാൻ വളരെ നടക്കാനില്ല. രാജകല്പനപ്രകാരം നിങ്ങളെ ബന്ധനത്തിൽ വെക്കാനാണു് ഞങ്ങൾ ഇവിടെ വന്നതു്.
അരാഗൻ:
കശ്മലാ! ഈ സൗകര്യം നീ ഒടുവിലേക്കു് വെച്ചതായിരിക്കും. നിന്റെ വഞ്ചനകൾ ഇന്നുകൊണ്ടു് അവസാനിക്കുന്നു. എന്റെ നാശം ആരംഭിക്കാനേ ഉള്ളു.
ഉപദേശിയാർ:
നിങ്ങളുടെ നിന്ദാവാക്കുകൾകൊണ്ടൊന്നും എനിക്കു് കോപം ജ്വലിക്കുകയില്ല. എല്ലാ സംഭവങ്ങളും ആവലാതികൂടാതെ സഹിപ്പാൻ സർവ്വേശ്വരൻ മനഃസാക്ഷി മുഖേന എന്നെ ഉപദേശിച്ചു് തന്നിരിക്കുന്നു.
കാളാന്തൻ:
നിങ്ങളുടെ ഒതുക്കം സ്തുത്യർഹമെന്നു് ഞാൻ പറയും. നിങ്ങൾ സർക്കാരിന്റെ ഒരു സ്ഥാനത്തിനും കൂടി അവകാശിയാണു്. സത്യകീർത്തി എന്നോ ഔദാര്യശിരോമണി എന്നോ ഒന്നു് നിങ്ങൾക്കു് സിദ്ധിക്കേണ്ടതാണു്.
ദേവസ്സി:
എത്ര നാണമില്ലാതെയാണു് ഈ മഹാഖലൻ ഈശ്വരനെ സാക്ഷി വിളിക്കുന്നതു്.
ഉപദേശിയാർ:
നിന്റെ അപസ്മാര ഗോഷ്ടികൾകൊണ്ടൊന്നും എനിക്കു് കുലുക്കം തട്ടുകയില്ല. എനിക്കു് എന്റെ മുറ ചെയ്യണമെന്ന വിചാരമേ ഉള്ളു.
മറിയാനി:
ഈ ബഹുമാനപ്പെട്ട കർമ്മംകൊണ്ടു് നിങ്ങൾ വിശ്രുതനാകും.
ഉപദേശിയാർ:
എന്നെ ഇവിടെ വരുത്തിച്ച സർവ്വശക്തൻ തോന്നിച്ചതാകകൊണ്ടു് എന്റെ കർമ്മം ബഹുമാനകരമാകാതിരിക്കയില്ല.
അരാഗൻ:
നന്ദിയില്ലാത്ത നീചാ! നിന്നെ ദാരിദ്ര്യത്തിൽനിന്നു് വീണ്ടെടുത്തതു് ഞാൻ ആണെന്ന കാര്യം നീ ഇത്രവേഗം മറന്നോ?
ഉപദേശിയാർ:
നിങ്ങൾ തന്നിട്ടുണ്ടു് എന്നു് പറയുന്ന ചില്ലറ സഹായങ്ങളൊന്നും ഓർമ്മവെക്കത്തക്കതല്ലെങ്കിലും ഞാൻ മറന്നിട്ടില്ല. എന്റെ ഒന്നാമത്തെ ധർമ്മം രാജഭക്തിയാണു്. ആരാധ്യമായ അതെന്റെ അവകാശമാണു്. ഭൂമിയിലെ ഏറ്റവും വലിയ ശക്തി എന്നു് പ്രജകൾ മനസ്സിലാക്കേണ്ടതാണു്, ആ ശക്തി. നന്ദി മുതലായ ചില്ലറ വിചാരങ്ങളെ അമർത്തിപ്പിടിച്ചു് കളയേണ്ടതാണു്. അത്ര ശക്തിമത്തായ ഒരു ബന്ധത്തിന്നുവേണ്ടി ഞാൻ എന്റെ ഭാര്യയേയും കുടുംബത്തേയും എന്നെത്തന്നെയും ബലികഴിപ്പാൻ മടിക്കില്ല.
എമിലി:
ഹൂ! കപടഭക്തൻ!
ദോറീന:
നാം ഏറ്റവും വിലയുള്ളതായി എണ്ണുന്ന കാര്യങ്ങൾ തന്നെ രക്ഷിപ്പാൻ മറ്റൊരു വിധത്തിൽ കൊണ്ടുവെക്കാനുള്ള സാമർത്ഥ്യം ഈ ചെളുക്ക നല്ലവണ്ണം പഠിച്ചു് പാസ്സാക്കിവെച്ചിട്ടുണ്ടു്.
കാളാന്തൻ:
നിങ്ങൾ ഇത്രത്തോളം ഘോഷിച്ചുപറയുന്ന ഉദ്ദേശം നിങ്ങൾ പറയുമ്പോലെ ഉൽകൃഷ്ടമാണെങ്കിൽ, അദ്ദേഹത്തിന്റെ ഭാര്യയോടും അവ്യാകൃതം ചെയ്യാൻ നോക്കിയതു് കണ്ടുപിടിക്കുന്നതുവരെ നിങ്ങൾക്കു് താമസിക്കേണ്ടുന്ന കാര്യം എന്തായിരുന്നു? അദ്ദേഹം മാനരക്ഷയ്ക്കുവേണ്ടി നിങ്ങളെ വീട്ടിൽനിന്നും ആട്ടിപ്പുറത്താക്കുന്നതുവരെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ കൊട്ടാരത്തിൽചെന്നു് കുറ്റം ചുമത്താതെയിരുന്നുകളഞ്ഞതു് എന്തിനാണു്? പിന്നെ ഒന്നുകൂടി പറയട്ടെ. അദ്ദേഹം നിങ്ങൾക്കു് അവരുടെ സ്വത്തുക്കൾ മുഴുവനും ദാനം തന്നതിൽപ്പിന്നെ, നിങ്ങൾക്കു് മുൻകൂട്ടിത്തന്നെ അയാളെ കുറ്റക്കാരനാക്കിവെക്കേണമെന്ന വിചാരം ഉണ്ടായിരുന്നു എങ്കിൽ, ആ ദാനം സ്വീകരിപ്പാൻ നിങ്ങൾക്കു് എങ്ങിനെ മനസ്സുവന്നു?
ഉപദേശിയാർ:
(ഇൻസ്പെക്ടരോടു്) സാറേ! ഇയ്യാളുടെ വേണ്ടാത്ത വഴക്കുകൂട്ടലിൽനിന്നു് എന്നെ വിടുർത്തിത്തരുവിൻ. ദയ വിചാരിച്ചു് നിങ്ങളുടെ വാറണ്ടുകല്പന ക്ഷണം നടത്തുവിൻ.
ഇൻസ്പെക്ടർ:
(അരാഗനെ നോക്കി പുഞ്ചിരിയോടെ കണ്ണുചിമ്മി ഉപദേശിയാരോടു്) അതെ. അതു് നടത്തേണ്ടുന്ന കാര്യത്തിൽ ഞാൻ കുറെ താമസിച്ചുപോയി. നിങ്ങൾ എന്നെ അങ്ങിനെ ചെയ്യാൻ നിർബ്ബന്ധിച്ചതു് വളരെ ഉചിതമായിട്ടാണു്. അതുകൊണ്ടു് നിങ്ങളാണു് എന്റെ കൂടെ തടവിലേക്കു് പോരേണ്ടുന്ന കുറ്റക്കാരൻ! നിങ്ങൾക്കു് നീക്കിവെച്ച മുറി ഒരുക്കിവെച്ചിട്ടുണ്ടെന്നു് അവിടെ എത്തിയാൽ നിങ്ങൾക്കു് ബോദ്ധ്യമാവും. എന്താ ഉപദേശിയാരെ മിഴിച്ചു് നിൽക്കുന്നതു്?
ഉപദേശിയാർ:
എന്തു്, സാറെ! ഞാനൊ തടവിലേക്കു്!
ഇൻസ്പെക്ടർ:
അതെ. നിങ്ങൾ തന്നെ. നിങ്ങളുടെ ശരിയായ സ്ഥാനത്തേക്കു്.
ഉപദേശിയാർ:
എന്നെ ബന്ധനസ്ഥനാക്കുന്നതു് എന്തിനാണു്? ഞാൻ എന്തുചെയ്തു?
ഇൻസ്പെക്ടർ:
ഞാൻ സമാധാനം പറയേണ്ട ആൾ നിങ്ങളല്ല. (അരാഗനോടു്) സാറെ! നിങ്ങളുടെ മനഃക്ലേശമൊക്കെ ഉപേക്ഷിച്ചു് സമധാനമായി ഇരുന്നുകൊൾവിൻ. നമ്മുടെ രാജാവു് ഇരട്ടനാട്യക്കാരുടെ ഗുണകാംക്ഷിയല്ല. ഒരൊറ്റ നോട്ടത്തിന്നു് മനുഷ്യരുടെ ഉള്ളിൽ കാപട്യമുണ്ടെങ്കിൽ ആ തിരുമേനി മനസ്സിലാക്കിക്കളയും. കപടനാട്യക്കാരുടെ തന്ത്രങ്ങൾകൊണ്ടൊന്നും തിരുമേനി വഞ്ചിതനാകയില്ല. ആളുകളെ തിരിച്ചറിയാനുള്ള തിരുമേനിയുടെ സാമർത്ഥ്യം ഒരു പ്രത്യേകവരമാണു്. ഓരോരുത്തരുടെ കർമ്മങ്ങളുടെ ഉദ്ദേശം സത്യമായിട്ടും, സ്പഷ്ടമായിട്ടും തിരുമേനി കാണും. തിരുമേനിയെ പറഞ്ഞു് പാട്ടിലാക്കാൻ എത്ര പണിപ്പെട്ടാലും സാദ്ധ്യമാകുമെന്നു് തോന്നുന്നില്ല. വിശേഷബുദ്ധിയാണു് ഓരോ തീർപ്പിന്റെയും തുലാസ് പിടിക്കുന്നതു്. യഥാർത്ഥ ഭക്തന്മാരെ തിരുമേനി ബഹുമാനിക്കയും, ഉയർത്തുകയും ചെയ്യുന്നു. കള്ളന്മാരെ ക്ഷണം തിരിച്ചറിഞ്ഞിട്ടു് അത്യന്തം വെറുക്കുന്നു. ഈ കള്ളന്നു് തിരുമേനിയെ പറഞ്ഞു് ഫലിപ്പിക്കുവാൻ കേവലം പാടവം ഉണ്ടായിരുന്നില്ല. തിരുമനസ്സിന്റെ വിവേകത്തോടു് ഇതിലും വലിയ കൗശലങ്ങൾ ഫലിക്കാതെപോയിട്ടുണ്ടു്. ഇവന്റെ കളങ്കകലുഷമായ ഹൃദയത്തിൽ ഒളിച്ചുകിടന്നിരുന്ന നീചത്വം തിരുമനസ്സിന്റെ ഉള്ളുതുറന്ന വീക്ഷണസാമർത്ഥ്യംകൊണ്ടു് വല്ലവരും പറഞ്ഞുകൊടുത്തതുപോലെ മനസ്സിലാക്കി. നിങ്ങളുടെമേൽ കുറ്റം ആരോപിച്ചതിലാണു് ഈ കള്ളന്റെ കള്ളി വെളിച്ചത്തിലായതു്. ദൈവസഹായംകൊണ്ടു് ഇവൻ പല കള്ളപ്പേരുകളും ധരിച്ചു് ഇഷ്ടംപോലെ മാറ്റി തെണ്ടിപ്പെറുക്കി നടക്കുന്ന ഒരു കേഡിയാണന്നു് തിരുമനസ്സിന്നു് തോന്നിയ ശങ്ക, സി. ഐ. ഡി.-യിൽ ചിലരുടെ സാക്ഷ്യപ്രകാരം തെളിഞ്ഞുപോയി. ഇവൻ ചെയ്തുകൂട്ടിയ ഭയങ്കര കുരുമതകൾ വിവരിച്ചു് എഴുതിയാൽ അനേകം പുസ്തകങ്ങൾ നിറയാൻ മാത്രം ഉണ്ടാകും. നിങ്ങളെ ഈ അന്യായത്തിൽനിന്നു് ക്ഷണം മോചിപ്പിച്ചുവിടാൻ മഹാരാജാവു് ഉറച്ചു. അവന്റെ മറ്റു് കുറ്റങ്ങളോടു് കൂട്ടിച്ചേർക്കുവാൻ ഈ കുറ്റവും ഉണ്ടായിവന്നു. ഇവന്റെ നന്ദികേടും നീചത്വവും കണ്ടിട്ടു് മഹാരാജാവിന്നു് വെറുപ്പു് പിന്നേയും വർദ്ധിച്ചു. അവന്റെ ധിക്കാരം കൊടുമുടിയിൽ കൊണ്ടുവെച്ചു് പെട്ടെന്നു് തകർക്കുവാനും നിങ്ങളെ തൃപ്തിപ്പെടുത്താനും ഉള്ള ഉത്തരവോടുകൂടെയാണു് എന്നെ ഇവിടെ പറഞ്ഞയച്ചതു്. തന്റെ സ്വന്തമാണെന്നു് ഈ വഞ്ചകൻ പറഞ്ഞ നിങ്ങളുടെ ആധാരങ്ങൾ അവന്റെ കയ്യിൽനിന്നു് എടുത്തു് നിങ്ങൾക്കുതന്നെ മടക്കിത്തരുവാനും ഉത്തരവുണ്ടു്. നിങ്ങളുടെ വസ്തുക്കളെ സംബന്ധിച്ച ദാനാധാരവും ദുർബ്ബലപ്പെടുത്തിക്കഴിഞ്ഞു. നിങ്ങളുടെ ബന്ധുക്കളുമായി, ഈ കള്ളന്റെ ദുർബോധനമൂലം കർക്കശമായി പെരുമാറിയ കുറ്റവും മറ്റു് ചില ഗോപ്യമായ വ്യതിയാനങ്ങളും നിങ്ങളെ മാപ്പാക്കിയിരിക്കുന്നു. മഹാരാജാവിന്റെ അധികാരങ്ങൾ നിലനിർത്തുവാൻ നിങ്ങൾ കാണിച്ച തൃഷ്ണ കരുണയോടെ ഓർമ്മിക്കപ്പെടുന്നതാണു്. ഈ സംഗതികൊണ്ടാണു്, നിങ്ങൾ ലേശം വിചാരിക്കാത്ത വിധത്തിൽ, തിരുമനസ്സിന്റെ ഹൃദയത്തിന്നു്, ഒരു ഉൽകൃഷ്ടകർമ്മത്തെ സമ്മാനിക്കാനും, യഥാർത്ഥഗുണത്തെ പ്രശംസിക്കാതെ വിട്ടുകളയാതിരിപ്പാനും, തോന്നുന്നതു്. അദ്ദേഹത്തിന്റെ ഉള്ളിൽ ആളുകളുടെ നന്മ എത്ര കാലമെങ്കിലും നില്ക്കും. തിന്മ ശിക്ഷകഴിച്ചതിൽ പിന്നെ മറക്കുകയും ചെയ്യും.
ദോറീന:
ഇപ്പോൾ ഈശ്വരന്നു് ഒരു സ്തോത്രം പാടുന്നു.
മുത്തശ്ശി അമ്മ:
ഒടുവിൽ എന്റെ ശ്വാസം നേർക്കുവന്നു.
എമിലി:
സന്തോഷകരമായ ഫലം.
മറിയാനി:
ഇങ്ങിനെ വരുമെന്നു് ആശിക്കാൻ ആരെങ്കിലും ധൈര്യപ്പെട്ടിരുന്നോ?

[ഇൻസ്പെക്ടർ, കൈക്കു് ആമവുംവെച്ചു് ഉപദേശിയാരെ കൊണ്ടുപോകുന്നതു് കണ്ടിട്ടു്.]

അരാഗൻ:
അതാ. കള്ളക്കത്തനാർ പോകുന്നതു് നോക്കൂ. ഇപ്പഴോ കഴുവേറിക്കോപ്രാട്ടിക്കുരങ്ങാ!
കാളാന്തൻ:
സഹോദരാ! വേണ്ട. ഈ ചീത്തവാക്കുകൾകൊണ്ടു് സ്വാഭിമാനം പോക്കൊല്ല. ഈ വിഷപ്പല്ലു് പൊരിഞ്ഞുകളഞ്ഞ പാമ്പിനെ അതിന്റെ മാളത്തിൽ ചെന്നു് കൂടാൻ വിട്ടേക്കൂ എന്നാണു് എന്റെ അപേക്ഷ. നിങ്ങളല്ല, പശ്ചാത്താപമാണു് മേലാൽ അയാളെ ദ്രോഹിക്കേണ്ടതു്. അയാളുടെ ഹൃദയം ഇനിയെങ്കിലും സന്മാർഗ്ഗത്തിലേക്കു് തിരിയട്ടെ. അയാൾ പാപം വെറുക്കുമാറാകട്ടെ. നടപടി മാറ്റുവാൻ നോക്കട്ടെ. നമ്മുടെ ധർമ്മബുദ്ധിയുള്ള മഹാരാജാവിന്റെ അനുകമ്പക്കു് പാത്രമാകട്ടെ. മഹാരാജാവിന്റെ ഉൽകൃഷ്ടവും ഔദാര്യപരവുമായ അനുകമ്പക്കു് നന്ദിപറവാൻ തക്കവണ്ണം അവർക്കു് ഒരു ദണ്ഡനസ്കാരം വെക്കൂ.
അരാഗൻ:
കാര്യമാണു് നിങ്ങൾ പറഞ്ഞതു്. ആ തിരുമേനി കാണിച്ച ധർമ്മബുദ്ധിക്കും കനിവിന്നും ആ പൊന്നു തിരുമേനിയുടെ കാലിന്നു് വീഴുന്നതും മതിയല്ലെന്നു് തോന്നിപ്പോകുന്നു. അതുകൊണ്ടു് ആദരവോടും ആരാധനയോടും ആ വിശിഷ്ടകർമ്മം നിറവേറ്റിയതിൽ പിന്നെ മാത്രമെ നമുക്കു് മറ്റു് കാര്യങ്ങളിൽ ഏർപ്പെടുവാൻ പാടുള്ളു. വലീരിയുടെ കുലീനവും യഥാർത്ഥവും ആയ അനുരാഗത്തെ, മറിയാനിയെ വിവാഹം കൊടുത്തിട്ടുള്ള ദാമ്പത്യ സുഖത്തിൽ ചെന്നു് ലയിപ്പിക്കാനും നോക്കട്ടെ.
കാളാന്തൻ:
നമ്മുടെ മഹാരാജാവിന്നു് ഈശ്വരൻ ദീർഘായുസ്സു് കൊടുക്കട്ടെ. ഈ സ്വരൂപം ആചന്ദ്രതാരം അഭിവൃദ്ധിയിൽ നിലനില്ക്കട്ടെ.

[എല്ലാവരും പോയി.]

ശുഭം.

കെ. സുകുമാരൻ, ബി. എ.[1]

കെ. സുകുമാരന്‍ കാമ്പില്‍ തട്ടായിലത്തു ഗോവിന്ദന്റെയും, ഇടമലത്തു മാധവിയുടേയും മകനായി 1876 മെയ് 20-നു് ജനിച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സിപ്പല്‍ സ്ക്കൂള്‍, ബാസല്‍ മിഷന്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലാണു് പഠിച്ചതു്. ഇന്റര്‍മീഡിയറ്റ് പഠനം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പാലക്കാട് വിക്ടോറിയയിലും ആയിരുന്നു. ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും 1894-ല്‍ ബിരുദം നേടി. തുടര്‍ന്നു് സിവില്‍ കോടതി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 1915-ല്‍ സിവില്‍ ജുഡീഷ്യറി ടെസ്റ്റ് പാസായി. 1931-ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റി. കൗസല്യയെ ആണു് സുകുമാരന്‍ വിവാഹം ചെയ്തതു്. അദ്ദേഹം 1956 മാര്‍ച്ച് 11-നു് മരിച്ചു. ചെറുകഥ, നോവല്‍, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി അമ്പതോളം കൃതികള്‍ ഉണ്ടു് സുകുമാരന്റേതായി. സുകുമാരകഥാമഞ്ജരി, ചെറുകഥ, അഞ്ചുകഥകള്‍ എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ കഥകള്‍ ലഭ്യമാണു്.

കൃതികള്‍: അഴകുള്ള പെണ്ണു്, വിധി, ആ വല്ലാത്ത നോട്ടം, ഇണക്കവും പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി, വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമന്‍.

കുറിപ്പുകൾ

[1] അതീവ ഖേദത്തോടെ പറയട്ടെ. ഇത്രയും പ്രശസ്തനായിരുന്ന ഈ സാഹിത്യകാരന്റെ ഒരു ഫോട്ടോ പോലും കിട്ടാനില്ല. വായനക്കാരിൽ ആർക്കെങ്കിലും ഫോട്ടോ അയച്ചു തരാൻ കഴിയുമെങ്കിൽ നമുക്കു് ഈ ഡോക്യുമെന്റേഷൻ പൂർണതയിലെത്തിക്കാം.

Colophon

Title: Upadeshiyar (ml: ഉപദേശിയാർ).

Author(s): K. Sukumaran, B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Drama, K. Sukumaran, B. A., Upadeshiyar, കെ. സുകുമാരൻ, ബി. എ., ഉപദേശിയാർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 20, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Marriage at Cana, a painting by Giorgio Vasari (1511–1574). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.