images/The_Singing_Bird_of_Heaven.jpg
The Singing Bird of Heaven, a painting by Warwick Goble (1862–1943).
വിധവയുടെ വാശി
കെ. സുകുമാരൻ, ബി. എ.

പൂത്താലിത്തറവാട്ടുകാർ അവരുടെ എടുത്താൽ പൊന്തുന്നതും എടുത്താൽ പൊന്താത്തതും ആയ സകല സ്വത്തും ആറായി ഭാഗിച്ചു് അറ്റാലടക്കമായി ആറു താവഴികളായി കൊത്തിപ്പിരിഞ്ഞു. ഒരു താവഴിയിൽ വാസന്തി അമ്മയും തന്റെ മൂന്നു പെൺമക്കളും അടങ്ങുകയോ കുടുങ്ങുകയോ ചെയ്തു. രണ്ടു പെൺമക്കൾ ഭാഗം കഴിഞ്ഞ ഉടനേയും വാസന്തി അമ്മ പാർത്തു കൊല്ലം കഴിഞ്ഞതിൽപിന്നേയും അന്തകന്റെ തറവാട്ടിൽ അതിഥികളിലും കവിഞ്ഞ നിലയിൽ സ്ഥിരതാമസമാക്കി. പട്ടണത്തിൽനിന്നു് അഞ്ചു നാഴിക അകലെ നില്ക്കുന്ന ആവലിയ കെട്ടിടത്തിൽ ജാനകി എന്നു പേരായ ഒരു തരുണിയും അവളുടെ ഭൃത്യന്മാരും മാത്രമായി. ജാനകി എന്ന പെണ്മണിയെ ഇണയും തുണയും ഇല്ലാതെ തനിച്ചു വിട്ടേക്കുന്നതു തന്റെ പൗരുഷത്തിനു പരുക്കാണെന്നുവെച്ചു് പൊന്നരജനാർദ്ദനമേനോൻ എന്ന യുവസുന്ദരൻ, ജാനകിയുടെ കെട്ടിടം അവളെ കെട്ടിയ ഇടം ആക്കിത്തീർത്തു. ഭർത്താവു പരിഷ്കാരത്തിന്റെ മൂർത്തിത്വം ആയിരുന്നു. അയാൾ കുതിരഭ്രാന്തനും നായാട്ടുനൊസ്സനും കലഹപ്രിയനും സ്ത്രീലമ്പടനും ‘സ്ത്രീവെങ്കിടനും’ ആയിരുന്നു. ജാനകിയുടെ ഉറങ്ങിക്കിടന്നിരുന്ന വീട്ടിന്നു് ഒരു എടുത്തുചാട്ടവും തിരിച്ചുമറിയലും, പൊട്ടിത്തെറിപ്പും ലഹളബഹളവും ഭൂകമ്പംപോലെ അനുഭവമായി. ആഗാഖാന്റെ കുതിരഭ്രമംപോലെ ജനാർദ്ദനമേനോന്റെ നായാട്ടുഭ്രമവും നാടോടെ പുകൾപെരിയതായിരുന്നു. മാനു്, നരിയെ പേടിച്ചപോലെ, നരി മേനോനെയും പേടിച്ചിരുന്നു. കുതിരമേലേറി സവാരി ചെയ്വാനും തോക്കെടുത്തു കാട്ടുമൃഗങ്ങളെ വെടിവെക്കാനും മേനോൻ തന്റെ പ്രാണപ്രേയസിയെ ആദ്യം പരിചയപ്പെടുത്തുകയും പിന്നെ ശീലിപ്പിക്കയും പിന്നെ വിദഗ്ദ്ധയാക്കയും ഒടുവിൽ മാനമുദ്രയ്ക്കു അർഹയാക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ കുതിരസ്സവാരി കൂടാതെ കുന്തമെടുത്തു കുത്താനും വാളെടുത്തു വെട്ടാനും തോക്കെടുത്തു വെടിവെക്കാനും ജാനകി മിടുക്കത്തിയായി. കണക്കിലേറെ ഭൃത്യന്മാരും നായാട്ടുതെളിക്കാരും നായകളും നായാടികളും കാളകളും കുതിരകളും ആയുധങ്ങളും അഭ്യാസങ്ങളുംകൊണ്ടും തീനുകൊണ്ടും പാനംകൊണ്ടും ആ വീട്ടുകാർ എല്ലാ നാളുകളും ഗുരുവായൂർ ഏകാദശിപോലെയും തൃശൂർ പൂരംപോലെയും അതിസാഹസമായും അതിസാരസ്യമായും പൊടിപൂരമായിക്കഴിച്ചു.

കൃഷ്ണനെപ്പോലെയുള്ള ഭർത്താവിനു ഭാമയെപ്പോലെയുള്ള ഭാര്യ ഇടിയും മിന്നലുംപോലെ ശോഭിച്ചു. ഓരോന്നായി കൊല്ലവും അങ്ങിനെ കഴിഞ്ഞു. ഏഴു കൊല്ലം കഴിഞ്ഞിട്ടും സന്തതി ഒന്നും ഇല്ലാഞ്ഞിട്ടു്, അതിന്റെ കാരണം എന്താണെന്നറിവാൻവേണ്ടി ഒരു ദിവസം ഭാര്യയെ ഉഹലോകത്തിൽ ഇട്ടേച്ചിട്ടു് ജനാർദ്ദനമേനോൻ പരലോകത്തിൽ പ്രവേശിച്ചു. നിർദ്ധനനായിപ്പോയവന്റെ ചങ്ങാതികൾ എന്നപോലെ അദ്ദേഹത്തിന്റെ ചരമാനന്തരം ചുരുക്കം പേർ ഒഴികെ എല്ലാ ഭൃത്യരും വീടുവിട്ടുപോയി.

ചുറ്റുമുള്ള ദളമൊക്കെ വീണുപോയ്

ഞെട്ടുമാത്രനിലപൂണ്ട റോസുപോൽ-ജാനകിയും

ഒറ്റയ്ക്കു പിന്നേയും നില്ക്കേണ്ടിവന്നു.

ഏഴു കൊല്ലം ഭർത്താവുമായി സുഖിച്ചിരുന്ന ജാനകി എന്ന വിധവയ്ക്കു ഗർഭവേദനയുടെ അനുഭവം ഉണ്ടായിട്ടില്ലെങ്കിലും അതിനേക്കാൾ തീവ്രമായ വിരഹവേദനയുടെ അനുഭവം ഉണ്ടായി. അവൾക്കു പണ്ടു കഴിഞ്ഞതൊക്കെ ഒരു സിനിമ കണ്ടതുപോലെയായി. പണ്ടു റബ്ബർപ്പന്തുപോലെ തുള്ളിച്ചാടി മദിച്ചിരുന്ന അവൾ, വെറുമൊരു മുട്ടി ചാരിവെച്ചപോലെ മുക്കിലായി. പത്നിവ്രതൻ അല്ലായിരുന്ന ഭർത്താവിന്റെ പതിവ്രതയായ ഭാര്യ ‘സംസാരേ കിം സാരം’ എന്ന മട്ടിൽ നല്ല ആഹാരവും നല്ല വസ്ത്രവും നല്ല നേരംപോക്കും, ആമ, തന്റെ തലയും അവയവങ്ങളും എന്നപോലെ—ഉള്ളോട്ടു വലിച്ചുകളഞ്ഞു. ജാനകിയുടെ സൗന്ദര്യം വനകുസുമത്തിന്റെ സൗരഭ്യംപോലെ പാഴാക്കാൻ അവൾ നിശ്ചയിച്ചു.

അവൾ സർവ്വ സുഖങ്ങളും ഉപേക്ഷിച്ചു ഒരു തപസിയെപോലെ മേലാൽ കാലം കഴിപ്പാൻ നിശ്ചയിച്ചു. അഹോ! ലോകരീതി! കുബേരന്മാർക്കു കുചേലന്മാരായാൽ മതി. കുചേലന്മാർക്കു കുബേരന്മാരാവാൻ കൊതി. ആദ്യത്തേതു് അലംഭാവം. രണ്ടാമത്തേതു് അഹംഭാവം. വേണ്ടാത്തവർക്കു ദൈവം എന്തിനു കൊടുക്കുന്നു? വേണ്ടുന്നവർക്കു ദൈവം എന്തുകൊണ്ടു കൊടുക്കുന്നില്ല. ജഗദ്വിഷയമായ ഈശ്വരവിശ്വാസഗതികളായ നമുക്കുണ്ടോ മനസ്സിലാവാൻ പോകുന്നു! ജാനകി ശുദ്ധ ഒരു സന്യാസിമട്ടായി നിത്യജപത്തിൽ കാലം കഴിച്ചു.

ജാനകി ചുമരിന്മേൽ തൂക്കിവെച്ച ഭർത്താവിന്റെ ചിത്രവും നോക്കി തന്റെ ജപമുറിയിൽ വ്യസനത്തോടെ ഇരിക്കുമ്പോൾ പഞ്ചുനായർ എന്ന വൃദ്ധനായ വിശ്വസ്തദാസൻ അവിടെ വന്നു.

പഞ്ചുനായർ:
ഇതു ശരിയല്ല കൊച്ചമ്മേ. നിങ്ങൾ തന്നേത്താൻ നശിപ്പിക്കുകയാണു ചെയ്യുന്നതു്. ഈ മുറിയിൽ അടച്ചുപൂട്ടി ഇരുന്നു, നിധി ഇരിപ്പുള്ള പാത്രംപോലെ ആരും കാണാതേയും ആരെയും കാണാതേയും നാളുകൾ കഴിച്ചുകൂട്ടുന്നു. ഈ മുറി നിങ്ങൾ തപസ്സുചെയ്യുന്ന ഒരു ഗുഹയാണെന്നു് ആരും വിചാരിച്ചുപോകും. കന്യകസ്ത്രീകളെപ്പോലെ സംസാരദുഃഖം മുഴുവനും നിങ്ങൾ വേണ്ടെന്നുവെച്ചിരിക്കുന്നു. ഞാൻ വാസ്തവമാണു പറയുന്നതു്. നിങ്ങൾ വീട്ടിൽനിന്നു പുറത്തിറങ്ങീട്ടു് ഏഴു മാസം തികഞ്ഞു.
ജാനകി:
ഞാൻ ഒരിക്കലും പുറത്തിറങ്ങുകയില്ല. എന്തു കാര്യത്തിന്നു ഞാൻ ഇറങ്ങണം. എന്റെ ജീവകാലം അവസാനിച്ചു എന്നുവേണം പറയുവാൻ. എന്റെ ഭർത്താവു മണ്ണിൻചുവട്ടിലായി. ഞാൻ ഈ നാലു ചുമരിന്റെ നടുവിൽ, കുഴിച്ചിടപ്പെട്ടതുപോലെ കഴിയട്ടെ. എന്റെ ഭർത്താവു മാത്രമല്ല, അദ്ദേഹത്തിന്റെ കൂടെ ഞാനും മരിച്ചുപോയി എന്നു വിചാരിച്ചുകൊള്ളുക.
പ: നാ:
പിന്നേയും നിങ്ങൾ ഇങ്ങിനെതന്നെ പറയുന്നു. ഭർത്താവു മരിച്ചു. ശരി. ഈശ്വരകല്പിതം അങ്ങിനെയാണു്. അതുകൊണ്ടു നിങ്ങൾ വേണ്ടതിലധികം ദുഃഖിച്ചും കഴിഞ്ഞു. അതു് ന്യായവും ശരിയുംതന്നെ; സമ്മതിച്ചു. എന്നാൽ, നിങ്ങൾ കരഞ്ഞിട്ടും കാവി ഉടുത്തിട്ടും എന്നെന്നും ഇരുന്നുകളവാൻ പാടുണ്ടോ? ജീവകാലം അത്രയ്ക്കുമാത്രം ഉണ്ടോ? താരുണ്യത്തിന്റെ ഏഴു സാരസ്യമാസങ്ങളാണു വെറുതെ കഴിഞ്ഞുപോയതു്.
ജാനകി:
എന്റെ കാലം ഇങ്ങിനെ കഴിയട്ടെ.
പ: നാ:
ഇതെന്തു കഥ! കോഴപ്പടക്കത്തിന്നു തീകൊളുത്തിയപോലെ പൊട്ടിത്തെറിച്ചിരുന്ന നിങ്ങൾ ആ കാലമൊക്കെ ശുമ്മാ കൂടിക്കളഞ്ഞതു എനിക്കു ആശ്ചര്യമായിരിക്കുന്നു. യജമാനന്റെ ആത്മാവിനുകൂടി ഇതു രസിക്കയില്ല.
ജാനകി:
എന്തുകൊണ്ടു്?
പ: നാ:
നിങ്ങൾ ഒരു ദിക്കിലേയ്ക്കും ഇറങ്ങുന്നില്ല. ഒരാളെ കാണുന്നും ഇല്ല. നിങ്ങൾ ഉറയിലെ പുഴുവെപ്പോലെ ഒരു മുക്കിൽ പറ്റിക്കൂടിയാൽ മതിയോ? പുറത്തിറങ്ങി വെളിച്ചവും കാറ്റും കൊള്ളേണ്ടയോ.
ജാനകി:
നിണക്കു വേണമെങ്കിൽ പുറത്തിറങ്ങി വിനോദിച്ചുകൊൾക.
പ: നാ:
നിങ്ങൾ ഇങ്ങിനെ ഇരുന്നുകളഞ്ഞാൽ എനിക്കെന്തു വിനോദമാണു്?
ജാ:
എന്തു കാണാനാണു ഞാൻ പുറത്തിറങ്ങേണ്ടതു്?
പ: നാ:
ഇവിടുന്നു കുറെ നാഴിക അകലെ ഒരു നായർ റജിമണ്ടു വന്നു തമ്പടിച്ചു താമസമാക്കീട്ടുണ്ടു്. ആഫീസറന്മാർ നല്ല കോലമുള്ള ചെറുപ്പക്കാരാണു്. അവരെ എത്ര നോക്കിയാലും മടുത്തുപോകയില്ല. അവർ വിവാഹാലോചന ഉള്ളവരാണുപോലും. എല്ലാ ദിവസവും സിനിമ ഉണ്ടു്. ഇങ്ങിനെ ഇരുന്നാലൊന്നും പോരാ കൊച്ചമ്മേ! നിങ്ങളുടെ താരുണ്യം ഇനിയും പോയിട്ടില്ല, സൗന്ദര്യവും വേണ്ടതുണ്ടു്. നിങ്ങൾ അല്പമായിട്ടെങ്കിലും ഓരോ വിനോദത്തിൽ പങ്കുകൊള്ളേണ്ടതാണു്. സ്ത്രീകൾക്കു താരുണ്യവും സൗന്ദര്യവും വളരെ നാൾ നില്ക്കുകയില്ല.
ജാ:
(ഉറപ്പോടെ) ഇതിനെപ്പറ്റി മേലാൽ എന്നോടൊന്നും മിണ്ടരുതു്. എന്റെ ഭർത്താവു മരിച്ച മുതൽ എന്റെ ജീവിതം നിരർത്ഥമായി. മേലാൽ ഞാൻ ആരെയും വിവാഹിക്കയില്ലെന്നു് ഉറപ്പാണു്. ഞാൻ മരിക്കുംവരെ വ്യസനം എന്നെ വെടിയുകയില്ല. വെളിയിലിറങ്ങുകയും ഇല്ല. ഞാൻ മേലാൽ പുരുഷനെ കാമിക്കാത്ത നിത്യകന്യകവ്രതയാണെന്നു മനസ്സിലാക്കിക്കൊൾക.
പ: നാ:
ഇങ്ങിനെ സംസാരിക്കുന്നതിനെക്കാൾ നിങ്ങൾക്കിറങ്ങി തോട്ടത്തിൽകൂടെ ലാത്തുകയായിരിക്കും നല്ലതു്. ലാത്തിച്ചാർജ്ജു ചെയ്യുന്ന ആണാരും ഇവിടെ ഇല്ല.

ഇതു കേട്ടപ്പോൾ ഭർത്തൃസ്മരണ പിടിപെട്ട ജാനകി കണ്ണുംപൊത്തി ഏങ്ങിക്കരഞ്ഞു.

പ: നാ:
കൊച്ചമ്മേ! കൊച്ചമ്മേ! ഇനിയും ഇതു നന്നല്ല.

വൃദ്ധദാസൻ വളരെ വ്യസനത്തോടെ തന്റെ യജമാനത്തിയെ ആശ്വസിപ്പിക്കുമ്പോൾ ആരോ വെളിയിൽ വന്നിട്ടുണ്ടെന്നു് അറിയിക്കുന്ന വിളിമണിയുടെ നാദം തുരുതുരെ കേൾക്കായിവന്നു. അനവസരത്തിൽ ആരോ വന്നതു വിചാരിച്ചിട്ടു് വൃദ്ധൻ വിറച്ചുകൊണ്ടു അവിടെ പരുങ്ങി നിന്നു.

ജാ:
ആരായിരിക്കും അതു്?
പ: നാ:
ഇവിടെ ആരും വരാനില്ലല്ലോ.
ജാ:
ആരായാലും വേണ്ടില്ല, നീ ചെന്നു ഞാൻ ആരെയും കാണാൻ ഭാവമില്ലെന്നു അയാളോടു പറഞ്ഞേക്കൂ.

പഞ്ചുനായർ വരാന്തയിലേക്കു പോയപ്പോൾ മുറിയിൽ തൂക്കിവച്ച തന്റെ ഭർത്താവിന്റെ ചിത്രം നോക്കി ജാനകി ഇങ്ങിനെ മെല്ലെ പറഞ്ഞു. ‘എന്റെ ജനാർദ്ദനമേനവാ! എനിക്കെത്രത്തോളം നിങ്ങളെ പ്രേമിക്കാനും നിങ്ങളുടെ വീഴ്ചകൾ മാപ്പാക്കാനും സാധിക്കുമെന്നു് നോക്കൂ. എന്റെ പ്രേമം എന്റെ മരണത്തോടുകൂടിയേ നശിക്കയുള്ളു. നിങ്ങളുടെ സ്മരണ നിമിത്തം മേലാൽ മറ്റൊരാളെ വിവാഹം ചെയ്ക എന്ന കാര്യം ഞാൻ കേവലം വേണ്ടെന്നു വെച്ചിരിക്കുന്നു. നിങ്ങളേയും വിചാരിച്ചു ഞാൻ ഈ മുറിയിൽ മരണംവരെ ഒരു ഏകാന്തത്തടവുകാരിയെ പോലെ കഴിച്ചുകൂട്ടുവാനാണു് ഉറച്ചതു്.’

മനോരാജ്യം പൂർത്തിയാകുന്നതിനു മുൻപേ പഞ്ചുനായർ ധൃതിയോടെ മുറിയിൽ വന്നു.

ജാ:
എന്താ! വന്നയാൾ പോയോ?
പ: നാ:
കൊച്ചമ്മേ! അയാൾ നിങ്ങളെപ്പറ്റി പലതും ചോദിക്കുന്നു.
ജാ:
എനിക്കതൊന്നും കേൾക്കേണ്ട. അയാൾ പോയോ?
പ: നാ:
അയാൾക്കു നിങ്ങളെ ഒന്നു കാണണം പോലും.
ജാ:
നീ പറഞ്ഞില്ലേ! ഞാൻ ആരെയും കാണുന്നില്ലെന്നു്.
പ: നാ:
ഞാൻ അതും പറഞ്ഞു. ഭർത്താവു് മരിച്ച വ്യസനത്തിലാണെന്നും പറഞ്ഞു.
ജാ:
എന്നിട്ടു്?
പ: നാ:
എന്നിട്ടൊന്നും ആ മനുഷ്യപ്പുലി കൂട്ടാക്കുന്നില്ല.
ജാ:
ഇതെന്തു ധിക്കാരമാണു്.
പ: നാ:
അടിയന്തരക്കാര്യമാണു് കണ്ടേ കഴിയൂ എന്നു ശഠിക്കുന്നു.
ജാ:
ഞാൻ ഒരാളേയും കാണാൻ ഭാവമില്ല.
പ: നാ:
ആ വിവരവും ഞാൻ പറഞ്ഞു. എന്നിട്ടെന്താ! ആ സുംഭൻ എന്നെ ഏറിയതു ശകാരിച്ചു. വാതിൽ ഉന്തിത്തുറന്നു് അകത്തു കേറി അവിടെ ഇരിക്കുന്നുണ്ടു്. അങ്ങോട്ടു ചെല്ലാഞ്ഞാൽ ഇവിടെക്കൂടി എത്തും. കണ്ണുകണ്ടാൽ പേടിയാകും.
ജാ:
ഈ കൂട്ടർ എന്തിനാണു് എന്നെ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നതു്?
പ: നാ:
നിക്ഷേപം ഉള്ളേടത്തു് സർപ്പങ്ങൾ എത്തിച്ചേരും കൊച്ചമ്മേ.
ജാ:
അയാൾക്കു എന്നെക്കൊണ്ടു് എന്തു കാര്യമാണുപോലും.
പ: നാ:
നിങ്ങൾക്കു നിങ്ങളെക്കൊണ്ടു് ഒന്നുമില്ലെങ്കിലും അയാൾക്കു വല്ലതും ഉണ്ടാകും.
ജാ:
എന്തിനാണു് എനിക്കു സ്വൈരക്കേടുണ്ടാക്കുന്നതു്?
പ: നാ:
എന്നാലേ അയാൾക്കു സ്വൈരം ഉണ്ടാകയുള്ളു എന്നു തോന്നുന്നു.
ജാ:
(ദീർഘമായി നിശ്വസിച്ചിട്ടു്) ഇങ്ങിനെ ഇരുന്നാലും പോര, താപസി ആയിട്ടു വല്ല ആശ്രമത്തിലും കടന്നുകൂടാൻ നോക്കണം. ആശ്രമം തന്നെയാണു് നല്ലതു് അല്ലാഞ്ഞാൽ ദ്രോഹത്തിന്നു് ഒടുക്കമുണ്ടാകയില്ല.
പ: നാ:
ഞാൻ എന്തു പറയണം. എനിക്കു ഭയമാകുന്നു.
ജാ:
എത്ര മര്യാദകെട്ടവനാണവൻ.
പ: നാ:
ശുദ്ധ പിശാചു കൊച്ചമ്മേ!
ജാ:
ആട്ടെ. അയാളെ ഇങ്ങട്ടു വിളിക്കു്.
II

ശാന്തൈകരതയായ ജാനകിക്കു വളരെ നേരം കാത്തുനില്ക്കേണ്ടി വന്നില്ല. പഞ്ചുനായരുടെ കൂടെ ദീർഘകായനും ക്രോധിയുമായ കുമാരൻ നായരും അവൾ ഇരുന്ന മുറിയിൽ വരുന്നതു കണ്ടു.

കുമാരൻ നായർ:
(പഞ്ചുനായരെ നോക്കി) എടാ വിഡ്ഢി! നിണക്കു സൊള്ളു പറവാനുള്ള തൃഷ്ണ കുറെ കവിഞ്ഞു പോയി. കൊച്ചമ്മ ജപിക്കുകയാണുപോലും. ജപിക്കുക എന്നു വച്ചാൽ ദൈവത്തോടു സ്വകാര്യം പറയുക അല്ലേ. ദൈവം നമ്മുടെ അങ്ങേയിലെ കോമനോ ചാമനോ ആണോ സ്വകാര്യം പറവാൻ! ജപിക്കുന്നതൊക്കെ പാപികളുടെ ലക്ഷണമല്ലേ! ഉടലോടെ നരകത്തിൽ ചെല്ലേണ്ടുന്ന കുറുക്കു വഴിയല്ലേ! വഞ്ചകരുടെ വഴിപാടല്ലേ! ജപം ആരിക്കു പറ്റിയതാണു്.
പ: നാ:
നിങ്ങൾ ജപിക്കാറില്ലേ?
കു: നാ:
അന്നു ഞാൻ എന്റെ നാവു മുറിച്ചു നായിക്കിട്ടുകൊടുക്കും.
പ: നാ:
കൊച്ചമ്മ ജപിക്കുന്നതു തെറ്റാണോ?
കു: നാ:
ഫൂ കഴുതേ! വൃദ്ധകൾക്കു പറ്റിയതു് തരുണികൾക്കു പറ്റുമോ?
പ: നാ:
അതാ കൊച്ചമ്മ ഇരിക്കുന്നു.
കു: നാ:
(ജാനകിയുടെ മുഖത്തു നോക്കിയ ഉടനെ ബഹുമാനാദരഭാവത്തോടെ മന്ദസ്വരത്തിൽ) എനിക്കു നിങ്ങളെ കാണാൻ വരാതെ കഴികയില്ല എന്ന ഘട്ടം നേരിട്ടു. അനവസരത്തിൽ ആണെങ്കിൽ ക്ഷമിക്കാതെ നിവൃത്തി ഇല്ല. കാലാവലോകനം പിഴച്ചു എങ്കിലും എന്റെ കാര്യസാദ്ധ്യം പിഴയ്ക്കാതിരുന്നാൽ മതി.
ജാ:
നിങ്ങളെ എനിക്കു മനസ്സിലായില്ല. പേരു കേട്ടാൽ കൊള്ളാം.
കു: നാ:
എനിക്കു അർജ്ജുനനെപ്പോലെ പല ബിരുദു നാമങ്ങളും ഉണ്ടു്.
ജാ:
നിങ്ങളെ ക്ഷണം മനസ്സിലാക്കുന്ന പേർ പറഞ്ഞാൽ മതി.
കു: നാ:
ഞാൻ കടിച്ചാൽ പൊട്ടാത്ത കുമാരൻ നായരാണു്.
ജാ:
ഇവിടെ കടിച്ചുനോക്കുന്നവർ ആരും ഇല്ല.
കു: നാ:
കടി കിട്ടേണ്ടുന്നവരും ഇല്ലെന്നു തോന്നുന്നില്ല.
ജാ:
ഹൈ! നിങ്ങൾ ആരാണെന്നു വിവരിച്ചു പറയൂ.
കു: നാ:
ഞാൻ ഒരു ജന്മിയാണു്. ഒരു കൃഷിക്കാരനാണു്. ഒരു പോരാളിയാണു്. പെണ്ണുങ്ങളുടെ മുഖത്തു നോക്കാത്തവനാണു്.
ജാ:
ഇവിടെ പിന്നെ എന്തിനാണു വന്നതു്?
കു: നാ:
ഒന്നാമതു നീ ആണുങ്ങളുടെ മുഖത്തു നോക്കാത്തവളായതുകൊണ്ടു്.
ജാ:
രണ്ടാമതോ?
കു: നാ:
ഇയ്യടേയാണു് പട്ടാളത്തിൽനിന്നു് എന്നെ പിരിച്ചുവിട്ടതു് ആളുകളെ കൊന്നിട്ടു് എനിക്കു നല്ല ശീലമുണ്ടു്. അതുകൊണ്ടു സിദ്ധിച്ച ദൈവാധീനംകൊണ്ടു് പ്രമോഷൻ എനിക്കു വേഗം കിട്ടി. ഇതിലും വളരെ ആളെ ഇനിയും കൊല്ലാനുള്ള സൗകര്യത്തിനുവേണ്ടി ദൈവസഹായംകൊണ്ടു് എന്നെ പീരങ്കിപ്പടയിൽ ഒരു മേജറായി നിശ്ചയിച്ചു.
ജാ:
അതൊന്നും എനിക്കു കേൾപ്പാൻ രസമോ അവസരമോ ഇല്ല.
കു: നാ:
ഒരു അടിയന്തിരക്കാര്യം നിമിത്തമാണു് ഞാൻ ഇപ്പോൾ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ നിർബ്ബന്ധിതനായതു്.
ജാ:
എന്താണെന്നു വേഗം പറയൂ.
കു: നാ:
നിങ്ങളുടെ മരിച്ചുപോയ ഭർത്താവും ഞാനും തമ്മിൽ വെപ്പും ചെപ്പുംപോലെ അടുപ്പായിരുന്നു.
ജാ:
എന്തുപോലെ?
കു: നാ:
സൂചിയും നൂലുംപോലെ—ചൂരലും കസേരയുംപോലെ—ബേറ്റും ബോളുംപോലെ—മഹർഷിയും മഹിളയുംപോലെ—ചെണ്ടയും കോലുംപോലെ—ചാണയും ചന്ദനവുംപോലെ—ഭക്തനും നരകവുംപോലെ—ബലരാമനും മദ്യവും…
ജാ:
മതി, മതി. ശേഷം പറയൂ.
കു: നാ:
നിങ്ങളുടെ ഭർത്താവു് ജനാർദ്ദനമേനോൻ രണ്ടു പ്രോനോട്ടു പ്രകാരം അയ്യായിരം ഉറുപ്പിക എന്നോടു വാങ്ങിയിരുന്നു. നാളെ എനിക്കു ഫൈനൽ വിധിക്കു മുമ്പേ ഒരു പണയം കൊടുത്തു തീർക്കാനുണ്ടു്. അതുകൊണ്ടു നോട്ടു പ്രകാരം എനിക്കു കിട്ടേണ്ടതു് ഇന്നു തന്നെ കിട്ടണം. അതു ചോദിക്കാനും മേടിക്കാനും വേണ്ടിയാണു് ഞാൻ വന്നതു്.
ജാ:
നിങ്ങളോടു കടം വാങ്ങാൻ എന്റെ ഭർത്താവിനു് എന്തു തിടുക്കം നേരിട്ടുപോലും.
കു: നാ:
അതു് അദ്ദേഹത്തെപ്പോലെ ഞാൻ അറിയില്ല.
ജാ:
അദ്ദേഹത്തിന്റെ കടം ഞാൻ നിശ്ചയമായിട്ടും വീട്ടാം. എന്നാൽ ഇന്നു എനിക്കു തരമില്ല. ഇവിടെ ഇപ്പോൾ പണം തികയുകയില്ല. പട്ടണത്തിൽ പോയ എന്റെ കാര്യസ്ഥൻ മറ്റന്നാൾ മടങ്ങിവരും. അപ്പോൾ നിങ്ങളുടെ കടം തീർക്കാം. എന്റെ ഭർത്താവു മരിച്ചിട്ടു് ഇന്നേക്കു ഏഴുമാസമേ ആയിട്ടുള്ളു, എടവാടുകളിലും മറ്റും ശ്രദ്ധവെക്കാൻ എന്റെ തല്ക്കാലത്തെ മനഃസ്ഥിതി സമ്മതിക്കുന്നില്ല.
കു: നാ:
നിങ്ങളുടെ മനഃസ്ഥിതിക്കു വഴങ്ങാൻ എന്റെ ധനസ്ഥിതി സമ്മതിക്കുന്നില്ല. നാളെ കൊടുക്കാതെ പോയാൽ എന്റെ വസ്തുക്കൾ ലേലത്തിൽ വിറ്റുപോകും.
ജാ:
നിങ്ങൾക്കു കിട്ടാനുള്ള ഉറുപ്പിക മറ്റെന്നാൾ കിട്ടും.
കു: നാ:
മറ്റന്നാൾ എനിക്കു പണം വേണ്ട. ഇന്നു തന്നെ വേണം.
ജാ:
എന്റെ കൈവശം തല്ക്കാലം പണമില്ലാഞ്ഞാൽ ഞാൻ എന്തുചെയ്യും?
കു: നാ:
എനിക്കു പണം തരില്ലെന്നോ നിങ്ങൾ പറയുന്നതു്?
ജാ:
എനിക്കു തല്ക്കാലം തരാൻ സാധിക്കയില്ലെന്നു മാത്രം.
കു: നാ:
ഇതാണോ നിങ്ങളുടെ ഒടുവിലത്തെ വാക്കു്.
ജാ:
അതു ഞാൻ മരിച്ചതിൽ പിന്നെ നിർണ്ണയിക്കേണ്ടതാണു്.
കു: നാ:
ഇതാണോ നിങ്ങളുടെ അപ്പീലില്ലാത്ത വിധി?
ജാ:
ഈ വിധിക്കു നിങ്ങൾ അനുകൂലിക്കേണ്ടിവരും.
കു: നാ:
(മെല്ലെ) ശിവ! ശിവ! ഇങ്ങിനെയായാൽ കോപം വരാതിരിക്കുമോ?

കോപിക്കാൻ ആർക്കും പാടില്ല. കോപം പാപത്തിന്റെ വിത്താണുപോലും. തേങ്ങാപ്പിണ്ണാക്കു്!

ജാ:
നിങ്ങൾ ഇതൊക്കെ ആരോടാണു പറയുന്നതു്?
കു: നാ:
(കോപത്തോടെ) നിന്നോടു്. പണം എനിക്കു അത്യാവശ്യമാണു്. ഇന്നലെ ഞാൻ എനിക്കു പണം തരാനുള്ള സകലരുടെ വീട്ടിലും ചുറ്റിനടന്നു് പിരിപ്പാൻ നോക്കി. ഒരൊറ്റക്കുട്ടിയെങ്കിലും എനിക്കു ഒരു കാശും തന്നില്ല. ആ ദ്രോഹങ്ങളെല്ലാം സഹിച്ചതിൽ പിന്നെ ഇവിടെ വന്നാൽ വല്ലതും കിട്ടുമെന്നു നിശ്ചയിച്ചു. അപ്പോൾ നിണക്കൊരു പ്രത്യേക മനഃസ്ഥിതിയാണത്രേ. എനിക്കു ക്രോധം ജനിക്കാൻ വേറെ വല്ലതും വേണോ?
ജാ:
എന്റെ കാര്യസ്ഥൻ മടങ്ങി വന്നാൽ അയാൾ തരും എന്നു് ഞാനല്ലേ നിങ്ങളോടു കണിശമായി പറഞ്ഞതു്.
കു: നാ:
(ഉറക്കെ) ഞാൻ നിന്റെ കാര്യസ്ഥന്റെ അടുക്കേ, അല്ല. നിന്റെ അടുക്കേയാണു വന്നതു്.
ജാ:
സാറെ! ഒരു കാര്യമുണ്ടു് ഉച്ചത്തിൽ സംസാരിക്കുന്നതു് എനിക്കു കേട്ടിട്ടു ശീലമില്ല. കേൾക്കുകയും വേണ്ട.
കു: നാ:
എന്റെ ത്രിപുരാന്തക! അതായിരിക്കും ഇപ്പോഴത്തെ മനഃസ്ഥിതി. ഭർത്താവു മരിച്ചിട്ടു് ഏഴുമാസമേ ആയിട്ടുപോലും. ഏഴു ദിവസമായാലെനിക്കെന്താ! എനിക്കു എന്റെ പണയക്കടം തീർക്കേണ്ടയോ? കടക്കാരെ വിട്ടുകിട്ടാൻ ഒരു ബലൂണിൽ പറന്നു പോയാലും വല്ല കാര്യവുമുണ്ടോ? ഒരു കരിങ്കല്ലിന്റെ നേരെ പാഞ്ഞുകെട്ടി എന്റെ തല ഉടച്ചുകളയണമെന്നോ വിചാരിക്കുന്നതു്?
ജാ:
അതു് അത്രവേഗം ഉടയുകയില്ല.
കു: നാ:
പിന്നെയോ?
ജാ:
അതിന്റെ ഉള്ളു് പൊള്ളയാണെന്നു് വെളിപ്പെടുകയേ ഉള്ളു.
കു: നാ:
നിന്റെ ഹൃദയം കരിങ്കല്ലാണെന്നേ വെളിപ്പെടുകയുള്ളു.
ജാ:
നിങ്ങളെപ്പോലെയുള്ള ആളുകൾ വരുമ്പോൾ എന്റെ ഹൃദയം കരിങ്കല്ലാകട്ടെ എന്നാണു് എന്റെ ആഗ്രഹം.
കു: നാ:
കൂടെക്കൂടെ അകാലമരണം പ്രാപിക്കാനായി നിണക്കു് ഇനിയും ഭർത്താക്കന്മാർ വളരെ ഉണ്ടാകട്ടെ എന്നാണു് എന്റേയും ആഗ്രഹം.
ജാ:
ഏതായാലും അനുഗ്രഹിച്ചു കഴിഞ്ഞല്ലോ. ഇനി വേഗം പോയാൽ വേണ്ടില്ല.
കു: നാ:
ഞാൻ ദക്ഷിണക്കു കാത്തുനില്ക്കുകയല്ല, ഇവിടെ വന്നതു് എനിക്കു വരാനുള്ള കടം തീർത്തുതരാനാണു്.
ജാ:
അതിന്നു് ഇപ്പോൾ ഇവിടെ വന്നതു് വെറുതെയാണു്. ഈ വാചകം നൂറ്റി ഒന്നു പ്രാവശ്യം നിങ്ങളുടെ മുമ്പിൽവെച്ചു് ആവർത്തിക്കാൻ ഞാൻ പഞ്ചുനായരെ വേണമെങ്കിൽ ഏർപ്പെടുത്തിത്തരാം.
കു: നാ:
(കോപത്തോടെ) തരാനുള്ളവരുടെ അരികെ അല്ലാതെ പേപ്പട്ടിയെപ്പോലെ എവിടെ എങ്കിലും പാഞ്ഞു ചെല്ലാമോ? നീ കേൾക്കു. കുളത്തു അയ്യർ കുറെ തരാനുണ്ടു്. അയാളുടെ മഠത്തിൽ ചെന്നുനോക്കി. ആ കോമാട്ടിയെ അവിടെ കണ്ടില്ല. പിന്നെ തരാനുള്ളതു് പറങ്ങോടൻ നായരാണു്. അയാളെയും നോക്കി അവിടെ ചെന്നു. പണവുംകൊണ്ടു പുറമെ വരുന്നതിനു പകരം അയാൾ പണവുംകൊണ്ടു പിറകേ ഓടിക്കളഞ്ഞു. പിന്നെ കുരിയാക്കുവും ഞാനും വേളയും കൊരളും ആയിപ്പോയി. ഞാൻ ഒരു കമ്പക്കാരനായ കുമ്പക്കാരനെ കൂട്ടിപ്പിടിച്ചെടുത്തു ജനലിൽകൂടി തെരുവിൽ ഇടാൻ നോക്കി. ജനൽ വിസ്താരം പോരാതായി. അവൻ മരിച്ചുപോയാൽ എനിക്കു കിട്ടാനുള്ള പണവും മരിച്ചുപോകുമെന്നു പേടിച്ചു ഞാൻ അവനെ മരത്തടിപോലെ ‘ചടോ’ എന്നു നിലത്തിട്ടു. മുരുകന്റെ അടുക്കെ ചെന്നപ്പോൾ അവന്റെ കുടൽമാല ഒരു നൂലാമാലയായി കിടപ്പിലാണെന്നു കണ്ടു. ഞാൻ എന്റെ ‘മാലയും’ കൊണ്ടു, ആ-ന-പൂ-ന-ചീ-പ്പു-ചീനുപ്പട്ടരുടെ അരികെ പോയി. അയാൾ ഒരു ചെറിയ കെട്ടു് വെറ്റിലയും ഒരു വലിയ ഭാരം കാമഭ്രാന്തും പേറി തന്റെ സംബന്ധവീട്ടിൽ പോയിക്കഴിഞ്ഞിരിക്കുന്നു. മറ്റൊരു ശരണവും ഇല്ലാതെ ഞാൻ ഇവിടെ വന്നപ്പോൾ ഈ സ്ത്രീക്കു ഒരു മണ്ണാങ്കട്ട മനഃസ്ഥിതിയാണെത്രേ. ഒരു പന്നികൾക്കും എനിക്കു കിട്ടേണ്ടതു തരാൻ ഭാവമില്ല.
ജാ:
(കോപത്തോടെ മുഷ്ടിചുരുട്ടീട്ടു്) നിങ്ങൾക്കു കിട്ടേണ്ടതു തരാൻ ഞാൻ ഒരു പെണ്ണായിപ്പോയി.
കു: നാ:
പെണ്ണുതന്നെയാണു് എനിക്കു കിട്ടേണ്ടതു തരേണ്ടതു്.
ജാ:
ഞാൻ ഒരാണായില്ലല്ലോ.
കു: നാ:
ഞാൻ ഒരു പെണ്ണായിപ്പോയി എന്നു പറയൂ. ഒരു പശിമരാശിയായിപ്പോയി. ഒരു കീറത്തുണിക്കഷണം ആയിപ്പോയി. ഇവളുടെ കയ്യിൽ വെറും കളിമണ്ണായിപ്പോയി. ഇരിക്കട്ടെ! ഞാൻ കാണിച്ചുതരാം.
ജാ:
ഇവിടെ നോക്കുവാൻ ആരും നിന്നിട്ടില്ല.
കു: നാ:
എന്നെ പുല്ലാക്കാൻ ഞാൻ സമ്മതിക്കയില്ല.
ജാ:
പുല്ലിനെ പുല്ലാക്കേണ്ടുന്ന കാര്യമില്ല.
കു: നാ:
എനിക്കു പറഞ്ഞു പറഞ്ഞു ക്രോധമാണു് വർദ്ധിക്കുന്നതു്. കമ്പത്തിന്നു തീകൊടുത്താൽ പൊട്ടിത്തെറിപ്പുണ്ടാകുന്നതു് ആശ്ചര്യമല്ല. നീ എന്തു വിചാരിക്കുന്നു?
ജാ:
നിങ്ങൾ ക്ഷണം പോയാൽ മതി എന്നു്.
കു: നാ:
(കോപത്തോടെ) പണം കിട്ടാതെ പോകയോ? പോകുന്നതെങ്ങിനെ എന്നു കാണിച്ചുതരാം. പണം കിട്ടുന്നവരെ ഞാൻ ഇവിടെ ഇരിക്കാനാണു പോകുന്നതു്.
ജാ:
എന്നാൽ ഇരുന്നോളു. തിരിഞ്ഞോളു. മറഞ്ഞോളു. (പോയി)
III

(ജാനകിയുടെ മുറിയുടെ അടുക്കേനിന്നു്)

കു: നാ:
എനിക്കു പണം കിട്ടേണ്ടതു് അത്യാവശ്യവും കിട്ടാഞ്ഞാൽ അത്യാപത്തുമാണു്. എന്നിട്ടുകൂടി അവൾ തരില്ലപോലും. എന്തുകൊണ്ടു്? ഒരു വിഡ്ഢിത്തമായ മനഃസ്ഥിതികൊണ്ടു് ഇതു നന്ദിയില്ലാത്ത പെണ്ണുങ്ങളുടെ ഒഴികഴിവാണു്. അതാണു പെണ്ണോടു സംസാരിപ്പാൻ ഞാൻ പണ്ടേ ഇഷ്ടപ്പെടാത്തതു്. എനിക്കു എപ്പോഴും ഇഷ്ടമില്ലാത്തതു് മനഃസ്ഥിതി! നായിന്റെ വാലു്! അവളുടെ കൊങ്കകൾ ബോമ്പുകളാണെങ്കിലുംകൂടി ഒരു ചെറുപ്പക്കാരത്തി പെണ്ണിനെ ഞാൻ പേടിക്കയില്ല. ഈ ചപലകളെ ദൂരെനിന്നു് നോക്കുന്നതുംകൂടി എനിക്കു പൊറുത്തുകൂടാത്ത കാര്യമാണു്. സകലത്തെയും സംഹരിക്കണം.

ആ സമയത്തു പഞ്ചുനായർ വാതിലും തുറന്നു് ഉള്ളിൽ കടന്നുവന്നു.

കു: നാ:
എന്താണു വന്നതു്?
പഞ്ചുനായർ:
കൊച്ചമ്മയ്ക്കു ദണ്ഡമാണു്. ആരെയും കാണാൻ പാടില്ല.
കു: നാ:
ദണ്ഡമാണെങ്കിൽ ഡാക്ടരെ വിളിക്കരുതേ?
പ: നാ:
അതിന്നു നിങ്ങൾ ഇവിടുന്നു് ഒന്നാമതു പോകണം.
കു: നാ:
ഒന്നാമതു നിന്നെ ഞാൻ പിടിച്ചു തലകീഴാക്കി ഈ ചുമരിന്മേൽ ചാരിവെയ്ക്കട്ടെ. എന്നിട്ടു മറ്റുള്ള കാര്യം.
പ: നാ:
അയ്യോ! ഞാൻ കിഴവനാണു്.
കു: നാ:
പിന്നെ എന്തിനെടാ! ഞാൻ പോണമെന്നു ശഠിക്കുന്നതു്? കള്ളക്കഴുവേറി! നീയും നിന്റെ കൊച്ചമ്മയും! ലോകത്തിൽ നിങ്ങളേ ഉള്ളു. ഞാൻ എന്തിനു പോവുന്നു? എങ്ങിനെ പോവും? പണം തരുംവരെ ഞാൻ ഇവിടെത്തന്നെ ഇരിക്കും. എനിക്കു കിട്ടേണ്ടതു കിട്ടാതെ കഴികയില്ല. ഒരു വിധവയുടെ സുന്ദരമുഖംകൊണ്ടോ, കിളിക്കൂടുകൊണ്ടോ, മറ്റുള്ള ആകർഷണങ്ങൾകൊണ്ടോ ഞാൻ ഭ്രമിച്ചുപോകയില്ല. ചെന്നു പണം കൊണ്ടുവാ.

പഞ്ചുനായർ പോയ ഉടനെതന്നെ കുപിതയായ ജാനകി അവിടെ കേറിവന്നു.

ജാ:
ഇതാ ഇവിടുന്നു കൂക്കിവിളിക്കരുതു്. ഇതു ചന്തസ്ഥലമല്ല.
കു: നാ:
ചന്തത്തിലെ ഞാനും പറയുമായിരുന്നുള്ളു—
ജാ:
സ്ത്രീകളോടു പെരുമാറുന്ന മാതിരി നിങ്ങൾക്കു നിശ്ചയമില്ല.
കു: നാ:
എന്നെപ്പോലെ നിശ്ചയമുള്ളവർ ലോകത്തിൽ ഇല്ല.
ജാ:
നിങ്ങൾ ഒരു മര്യാദകെട്ട നീചനാണു്. തറവാട്ടുകാരാരും ഈ വിധത്തിൽ സംസാരിക്കയില്ല.
കു: നാ:
നീ ഇപ്പോൾ പറഞ്ഞതു് തറവാട്ടുകാരിയുടെ അമൃതും തേനും ചൊരിയുന്ന വാക്കുകളായിരിക്കും, അല്ലേ? നോക്കമ്മാ! ഞാൻ പരന്ത്രീസിൽ സംസരിച്ചാൽ മതിയോ? അല്ല, കാബുൾക്കാർ സംസാരിക്കുന്ന “പുസ്തു” ഭാഷയിൽ ആയാൽ മതിയോ? എനിക്കാണോ പെണ്ണുങ്ങളോടു സംസാരിക്കാൻ വയ്യാത്തതു്?
ജാ:
അതേ. നിങ്ങൾക്കുതന്നെ.
കു: നാ:
ചെറുപ്പക്കാരത്തി! നീ ഉറുമ്പുകളെ കണ്ടതിനേക്കാൾ ഞാൻ പെണ്ണുങ്ങളെ കണ്ടിട്ടുണ്ടു്. കാമിനിമൂലമായി ഞാൻ അറുപതു പ്രാവശ്യം അടികലശൽ നടത്തീട്ടുണ്ടു്. വിവാഹാലോചനയോടുകൂടി വന്ന മുപ്പത്തെട്ടു സ്ത്രീകളെ ഞാൻ തിരസ്കരിച്ചിട്ടുണ്ടു്. ഇരുപത്തേഴു സ്ത്രീകൾ എന്നേയും തിരസ്കരിച്ചിട്ടുണ്ടു്. വൈറ്റ് റോസ്, ചെറിബ്ലോസം, ലവണ്ടർ മുതലായ സുഗന്ധതൈലം പൂശുക, അമൃതവാക്കുകൾ ചൊരിയുക, കാമജ്വരംകൊണ്ടു വലയുക, ചന്ദ്രനെ നോക്കി നിശ്വസിക്കുക, മന്മഥനേയും വിധിയേയും ശകാരിക്കുക എന്നീ ചടങ്ങുകളിലൊക്കെ ആപാദചൂഡം നിമഗ്നനായവനാണു ഞാൻ.
ജാ:
എനിക്കു ഈ ആഭാസങ്ങളൊന്നും കേൾക്കേണ്ട.
കു: നാ:
കേൾപ്പിക്കാതെ വിടില്ല. നീലക്കണ്ണു്, ചുമന്ന ചുണ്ടു്, കുഴിയുള്ള ചെള്ള, വെള്ളപ്പല്ലു്, ഉത്തുംഗ സ്തനം, വണ്ണിച്ച നിതംബം, ഹംസനട ഇതൊക്കെക്കണ്ടു മയങ്ങിപ്പോയ പുരുഷന്മാർ അവരെ ഭഗവതികളെപ്പോലെ ആരാധിക്കുന്നു. എന്നാൽ, സ്ത്രീകൾ യഥാർത്ഥത്തിൽ ആരാണെന്നറിയുമോ? ഞാൻ പറഞ്ഞുതരാം.
ജാ:
അറിയാത്ത കാര്യത്തിനു് ഒരുമ്പെടാത്തതാണു നല്ലതു്.
കു: നാ:
അറിയാത്തതു് അവിടെ നില്ക്കട്ടെ. ഇതു കേൾക്കു. എല്ലാ പെണ്ണുങ്ങളും വലിയവരായാലും ചെറിയവരായാലും ശരി വഞ്ചനരതകളും വക്രഗതികളും ചപലകളും പരദൂഷണപ്രിയരും അസൂയാലുക്കളും അസത്തുക്കളും അസത്യവാദികളുമാണു്. അരണയുടെ ബുദ്ധികൂടിയുള്ള ഒന്നിനെ കാണുകയില്ല.
ജാ:
അങ്ങിനെയുള്ളവരയേ നിങ്ങൾ കണ്ടിട്ടുണ്ടാകയുള്ളു.
കു: നാ:
ഞാൻ കണ്ടവരൊക്കെ വസ്ത്രാഡംബരക്കാരാണു്. സരസവിനോദോല്പത്തിസ്ഥാനങ്ങളാണു്, സരളശരകളാണു്. ലാവണ്യനിധികളാണു് എന്നൊക്കെ സമ്മതിക്കാം. എന്നാൽ, അവളുടെ മനസ്സിന്റെ കോലം ചീങ്കണ്ണിയുടെ കോലമാണു്. ഒരു നക്കുന്ന നായക്കുട്ടിയേയോ ഒരു കക്കുന്ന പൂച്ചക്കുട്ടിയേയോ അല്ലാതെ, ഒരു സ്ത്രീ മറ്റുവല്ലവരേയും യഥാർത്ഥത്തിൽ സ്നേഹിച്ചിട്ടു ഞാൻ കണ്ടിട്ടില്ല.
ജാ:
നിങ്ങൾ കണ്ടിട്ടില്ലായിരിക്കും.
കു: നാ:
നീ ഇതുവരെ ഒരു വിശ്വസ്തയും സ്ഥിരപ്രജ്ഞയും പതിവ്രതയും ആയ ഒരു സ്ത്രീയെ കണ്ടിരിക്കുന്നോ? അതു പറ. ഉണ്ടെങ്കിൽ അവൾ വിരൂപിണിയോ വൃദ്ധയോ ആയിരിക്കും. സുന്ദരിയായ ഒരു പതിവ്രതയെ കാണുന്നതു് കൊമ്പുള്ള പൂച്ചയേയോ വെളുത്ത കാക്കയേയോ കണ്ടപോലെ അപൂർവ്വമായിരിക്കും.
ജാ:
പ്രേമത്തിൽ സ്ഥൈര്യം കാണിക്കുന്നതു് പുരുഷന്മാരാണോ?
കു: നാ:
അതേ, പുരുഷന്മാർ മാത്രം.
ജാ:
നിങ്ങൾ കുറെ മുമ്പെ ആത്മചരിത്രം പറഞ്ഞതു് ഇപ്പോൾ എവിടെ വെക്കുന്നു?
കു: നാ:
സ്ത്രീയുടെ മണ്ടയിൽ. അവളാണു സകലത്തിനും കാരണം.
ജാ:
എന്നാൽ എന്റെ അനുഭവം നേരെ മറിച്ചാണു് സ്ത്രീകൾ മിക്കവാറും പതിവ്രതകളാണു്. പുരുഷൻ പരമവിടനുമാണു്.
കു: നാ:
മരിച്ചുപോയ ഭർത്താവിനെ വിചാരിച്ചു ഇവിടെ അടച്ചുപൂട്ടി കൂടിക്കളയുന്നവളല്ലേ നീ. എന്നിട്ടുകൂടി നിന്റെ ചെള്ള റോസുപോലെ ഇരിക്കുന്നതു് ചായമിട്ടു മോടിപിടിപ്പിച്ചതുകൊണ്ടല്ലേ?
ജാ:
(ഉച്ചത്തിൽ) എന്നെ ഇങ്ങിനെ ആക്ഷേപിക്കാൻ നിങ്ങൾക്കു എവിടന്നു ധൈര്യം വന്നു.
കു: നാ:
(അതിലും ഉച്ചത്തിൽ) ദയവുചെയ്തു് കൂക്കി വിളിക്കേണ്ട.
ജാ:
കൂക്കിവിളിക്കുന്നതു ഞാനല്ല നിങ്ങളാണു്.
കു: നാ:
അതുകൊണ്ടെന്താ?
ജാ:
എന്റെ വീട്ടിൽനിന്നു പോയാൽ ഉപകാരം.
കു: നാ:
എന്റെ പണം തന്നാൽ പോകാം.
ജാ:
ഞാൻ നിങ്ങൾക്കു ഒരു പണവും തരാൻ വിചാരിക്കുന്നില്ല.
കു: നാ:
നീ നിശ്ചയമായിട്ടും തരും.
ജാ:
ഞാൻ ഒരു പയ്യും തരില്ല. ഇവിടെ അന്യരാരും നില്ക്കേണ്ടുന്ന ആവശ്യവും ഇല്ല. പോവിൻ.
കു: നാ:
‘പോ’ എന്നു പറവാൻ ഞാൻ നിന്റെ ഭർത്താവോ കാമുകനോ അല്ല. ആ സ്ഥിതിയിലാകുന്നതു് എനിക്കു സന്തോഷവുമില്ല. ദയവുചെയ്തു എനിക്കു നീണ്ടുനിവർന്നു കിടപ്പാൻ നീ ഒരു ചാരുകസേല കൊണ്ടയിടുവാൻ പറയുമോ?
ജാ:
എന്താ! ഇതു നിങ്ങളുടെ തറവാടാണോ?
കു: നാ:
ഇതു നിന്റെ രാജധാനിയല്ലേ?
ജാ:
ഞാൻ പറഞ്ഞതു് ഇവിടുന്നു പോവാനാണു്.
കു: നാ:
ഞാൻ വന്നതു പണത്തിനാണു്.
ജാ:
ഇവിടുന്നു പുറത്തു പോ… എന്താ പോവാത്തതു്? പോവില്ലേ?
കു: നാ:
ഇല്ല.
ജാ:
അതു കാണാം.
കു: നാ:
കാണട്ടെ.
ജാ:
പുറത്തു പോവാനാണു പറയുന്നതു്. ഉടനെ പോ.
കു: നാ:
അകത്തുതന്നെ നില്ക്കട്ടെ പണം കിട്ടുന്നവരെ.
ജാ:
ഞാൻ പഞ്ചുനായരോടു പിടിച്ചു പുറത്താക്കാൻ പറയും.
കു: നാ:
ഞാൻ അവന്റെ പുറത്തു കേറും.
ജാ:
ഇതെന്തൊരു ദ്രോഹമാണപ്പാ.
കു: നാ:
നിണക്കു കുറേക്കൂടി മര്യാദയിൽ സംസാരിച്ചു കൂടെ?
ജാ:
നീ ഒരു ദ്രോഹിയാണു്. ഒരു ജായൻകരടിയാണു് ഒരു നീചത്തെമ്മാടിയാണു്.
കു: നാ:
ഈ മര്യാദക്കാരനായ എന്നെ നീ എന്തു പറഞ്ഞു!
ജാ:
ഇവിടുന്നു കടന്നു പോ, പകയപ്പിശാചേ!
കു: നാ:
(അവളുടെ കുറെ അടുക്കെച്ചെന്നുനിന്നിട്ടു്) എന്നെ അപമാനിക്കാൻ നിനക്കു വല്ല അധികാരവുമുണ്ടോ?
ജാ:
മാനം ഉണ്ടെങ്കിലല്ലേ അപമാനിക്കാൻ വയ്ക്കു.
കു: നാ:
നീ ഒരു മനോമോഹിനിയാണെന്നുവച്ചിട്ടു് നിണക്കു എന്നെ യഥേഷ്ടം ശകാരിക്കാൻ പാടുണ്ടോ?
ജാ:
നിന്നെ ശരിയായി ശകാരിക്കത്തക്ക ആഭാസവാക്കുകൾ ഒരു ഭാഷയിലും ഉണ്ടാകയില്ല.
കു: നാ:
ഒരാൾ അപമാനിച്ചാൽ ധീരന്മാർ അവരുടെ മാനം രക്ഷിക്കുന്നതു് അന്യോന്യം അങ്കം വെട്ടീട്ടാണു്. നിണക്കു വാളുകൊണ്ടു വെട്ടാനും തോക്കുകൊണ്ടു പൊട്ടിക്കാനും നല്ല ശീലമുണ്ടു്. ഉണ്ണിയാർച്ചയായ നിന്നോടു് ഒരു കുത്തു നോക്കാൻ എനിക്കും ശങ്ക വേണ്ട. അതുകൊണ്ടു് അങ്കത്തിന്നു ക്ഷണം ഒരുങ്ങിക്കോ.
ജാ:
എന്താണൊരുങ്ങണ്ടേ? ഫൂ എനിക്കു നിന്നേ വലിയ പേടിയോ?
കു: നാ:
അതു കാണിച്ചുതരാം. അങ്കത്തിനു് എന്തായുധമാണെടുക്കെണ്ടതെന്നാണു് ഇനി നോക്കാനുള്ളതു് വാളുകൊണ്ടുമാവാം കൈത്തോക്കുകൊണ്ടുമാവാം. എന്റെ കയ്യിൽ കിട്ടിയാൽ ഏതു വാളും ഒരു ചന്ദ്രഹാസമാണു്. നിന്റെ മുഖവും ചന്ദ്രഹാസമാണു്. അതുകൊണ്ടു നിന്നെ പതിനായിരം കഷണമായ് നുറുക്കാൻ എനിക്കത്ര രസമല്ല. കൈത്തോക്കുകൊണ്ടു വെടിവയ്ക്കയാണെങ്കിൽ നമ്മൾ ഇരുവരും തുല്യരാകും. എന്റെ നെഞ്ഞു തൃശൂർ മൈതാനിപോലെ വിസ്താരമുള്ളതാണു്. തല ബലൂണുപോലെ വണ്ണിച്ചിട്ടുമാണു്. അതുകൊണ്ടു നിണക്കു സൂത്രം പിഴച്ചുപോവാൻ തരമില്ല. അങ്കത്തിന്നു് ഒരുക്കമില്ലെങ്കിൽ എന്നെ ചീത്ത പറഞ്ഞതിന്നു് ഇപ്പോൾതന്നെ മാപ്പു ചോദിക്കേണം.
ജാ:
മാപ്പു നീയാണു ചോദിക്കേണ്ടതു്, എന്റെ ഭൃത്യൻ പഞ്ചുനായരോടു്. അയാൾ ചവിട്ടാതിരിപ്പാൻവേണ്ടി.
കു: നാ:
ഞാൻ ആരാണെന്നാ വിചാരിക്കുന്നതു്.
ജാ:
കരടി, കരടി. ചെറ്റക്കരടി.
കു: നാ:
അങ്കം കൂടിയേ കഴിയൂ. ഒരു നിവൃത്തിയും കാണുന്നില്ല. എടാ പഞ്ചു, (വിളി കേട്ട പഞ്ചുനായർ വന്നു വിനീതഭാവത്തിൽ നിന്നു.)
കു: നാ:
എടാ! ആയുധശാലയിൽ ചെന്നു രണ്ടു കൈത്തോക്കു ഓരോ നിറയും നിറച്ചിട്ടു ക്ഷണം കൊണ്ടുവാ.

പഞ്ചുനായർ പേടിയോടെ പരുങ്ങി നില്ക്കുന്നു. എന്നാൽ ‘ക്ഷണം കൊണ്ടുവാ’ എന്ന ജാനകിയുടെ കല്പന കേട്ടപ്പോൾ അയാൾ ക്ഷണം പോയി.

കു: നാ:
നമുക്കു അന്യോന്യം ഒന്നു വെടിവെച്ചുനോക്കാതെ കഴികയില്ല. നീയാണെങ്കിൽ വളരെ വെടി വെച്ചു ശീലിച്ചവളാണു്.
ജാ:
കാണാൻ പോകുന്ന പൂരം പറഞ്ഞു കേൾപ്പിക്കണോ?
കു: നാ:
അപ്പാ! അബലകളും മിനുസാംഗികളും ഇവരാണുപോലും.
ജാ:
നിന്റെ കാളക്കഴുത്തും ചളിത്തലയും കണ്ടിട്ടു എനിക്കു എള്ളോളം പേടിയില്ല.
കു: നാ:
നിന്നെ ഇങ്ങിനെ കാണുമ്പോൾ ആർക്കും തൃപ്തി തോന്നുകയില്ല.
ജാ:
ഒരൊറ്റ വെടികൊണ്ടു നിന്റെ മണ്ട തുളച്ചു് അതിലേ ചെളി ഒലിച്ചുവരുന്നതു കണ്ടാലേ എനിക്കു തൃപ്തി ഉണ്ടാകയുള്ളു.

അപ്പോൾ പഞ്ചുനായർ വന്നു് ഓരോരുവരുടെ കയ്യിൽ ഓരോ കൈത്തോക്കും കൊടുത്തു പരവശനായി ഓടിപ്പോയി.

കു: നാ:
വളരെ നന്നായി. അതിൽ നിറ ഉണ്ടോ എന്നു നോക്കു.
ജാ:
അതൊക്കെ ഞാൻ നോക്കി. ഇനി നിന്റെ മണ്ടയ്ക്കു കുറി നോക്കുകയേ വേണ്ടൂ.
കു: നാ:
നമുക്കു മുറ്റത്തിറങ്ങി നില്ക്കാം.
ജാ:
അങ്ങിനെയാകട്ടെ. വരൂ.
കു: നാ:
നില്ക്കു. ഒരു വൈഷമ്യമുണ്ടു്.
ജാ:
എന്താണതു്.
കു: നാ:
നമ്മൾ രണ്ടാളും ഒന്നിച്ചല്ലേ വെടി വെയ്ക്കേണ്ടതു്?
ജാ:
സംശയമുണ്ടോ?
കു: നാ:
അതിന്നു നമ്മൾ രണ്ടാളേയും ഓരോ നിശ്ചിതസ്ഥാനത്തു നിർത്തി “തുടങ്ങിക്കോ” എന്നു പറവാൻ ഒരു മദ്ധ്യസ്ഥൻ വേണ്ടയോ?
ജാ:
ഇതു് ഒരു വിഘ്നമായല്ലോ.
കു: നാ:
അതിന്നു് ഒരുപായം ഞാൻ പറയാം.
ജാ:
കേൾക്കട്ടെ.
കു: നാ:
ഒന്നാമതു നീ എന്നെ വെടി വെക്കു. അതിൽ പിന്നെ ഞാൻ ബാക്കി ഉണ്ടെങ്കിൽ ഞാൻ നിന്നെ വെടി വെക്കാം.
ജാ:
അതു പാടില്ല. ഒന്നാമതു പോരിന്നു വിളിച്ചതു നീയാണു്. അതുകൊണ്ടു ഒന്നാമത്തെ വെടി നിന്റേതാകട്ടെ.
കു: നാ:
അപ്പോൾ ഇതിന്നും ഒരു മദ്ധ്യസ്ഥൻ വേണമല്ലേ.
ജാ:
എല്ലാം നിന്റെ ദുശ്ശാഠ്യംകൊണ്ടാണു്.
കു: നാ:
നിന്റേതു നല്ല ശാഠ്യമായിരിക്കും.
ജാ:
സ്ത്രീകളുടെ വാക്കാണു വില വെയ്ക്കേണ്ടതു്.
കു: നാ:
അവരുടെ വാക്കും പഴയ ചാക്കും സമമാണു്. വില വെയ്ക്കേണ്ടതല്ല.
ജാ:
ആ വാക്കു വില ഇല്ലാത്തവരുടെ ലക്ഷണമാണു്.
കു: നാ:
വില പിടിപ്പറ്റു കൊടുത്താലും എന്നെപോലെ ഒരാളെ കിട്ടുകയില്ല.
ജാ:
നിന്നേക്കാൾ നല്ലവരെ മാത്രമെ കിട്ടുകയുള്ളു.
കു: നാ:
എന്നെപോലെ ഒരുവനെ എന്നാണു ഞാൻ പറഞ്ഞതു്.
ജാ:
ലോകത്തിൽ നിന്നോളം താണവരില്ല.
കു: നാ:
എന്നോളം മുന്തിയവരും ഇല്ല.
ജാ:
ഉള്ളൂർ പറഞ്ഞപോലെ നീ നാവെട്ടു മുളം നീട്ടി വാ വെട്ടുവാനേ കൊള്ളു.
കു: നാ:
നാവുകൊണ്ടു ശ്രുതി പെണ്ണിനെപ്പോലെ ആണിനില്ല.
ജാ:
നാവുകൊണ്ടല്ല നമ്മുടെ ജയാപജയം തീർച്ചപ്പെടുത്തേണ്ടതു്.
കു: നാ:
എന്തുകൊണ്ടായാലും നീ ജയിച്ചു എന്നു ഞാൻ സമ്മതിക്കാം.
ജാ:
സമ്മതിച്ചാൽ പോരാ. നീ ഗതിയില്ലാതെ നിർബ്ബന്ധിതനാകണം.
കു: നാ:
അങ്ങിനെയാണെങ്കിൽ ആരാണു് വെടി വെയ്ക്കേണ്ടതു് എന്നു നമുക്കു നറുക്കിട്ടു എടുത്തുനോക്കാം.
ജാ:
എനിക്കു സമ്മതം തന്നെ.

കുമാരൻ നായർ ജാനകിയുടെ പേർ മാത്രം എഴുതിയ രണ്ടു നറുക്കുണ്ടാക്കി അതിൽ ഒന്നെടുപ്പാൻ ജാനകിയോടപേക്ഷിച്ചു. അവൾ നറുക്കെടുത്തു. ‘ജാനകി’ എന്നു വായിച്ചു.

കു: നാ:
ഇപ്പഴോ! വഴിപ്പെടാതെ നിവൃത്തിയുണ്ടോ?
ജാ:
ആയിട്ടില്ല. ഞാനും രണ്ടു നറുക്കെഴുതി ഒന്നു നീയും എടുത്തു നോക്കണം. എന്നിട്ടേ തീർച്ചപ്പെടുത്താൻ പാടുള്ളു.

കുമാരൻ നായരുടെ പേർ മാത്രം എഴുതി ജാനകിയും രണ്ടു നറുക്കുണ്ടാക്കി. നറുക്കെടുത്തു നോക്കി ‘കുമാരൻ നായർ’ എന്നു വായിച്ചു.

ജാ:
ഇപ്പോൾ എന്തു പറയുന്നു?
കു: നാ:
നമ്മൾ രണ്ടാളും വഞ്ചകരാണെന്നു്.
ജാ:
ഇനി എന്താ നിവൃത്തി?
കു: നാ:
വഞ്ചന വേണ്ടെന്നു വെയ്ക്കുക.
ജാ:
ശരി. നീ എന്നെ വെടി വെച്ചോ.
കു: നാ:
മാവിനോ മുമ്പു് മാങ്ങക്കോ മുമ്പു് എന്നു തർക്കിച്ചിട്ടു ഫലമില്ല.
ജാ:
തർക്കിക്കേണ്ട. വെടിവെക്കു.
കു: നാ:
നിന്നെ കൊല്ലാൻ എനിക്കു മനസ്സുവരുന്നില്ല.
ജാ:
പിന്നെ ആരെയാണു കൊല്ലേണ്ടതു്?
കു: നാ:
നിന്നെ കൊല്ലാൻ വരുന്നവനെ ഞാൻ കൊല്ലും.
ജാ:
അതെന്തിനു്?
കു: നാ:
നീ മഹാലക്ഷ്മിയാണു്.
ജാ:
മഹാലക്ഷ്മി ക്ഷീരസാഗരകന്യകയാണു്.
കു: നാ:
നീയും പാൽകടഞ്ഞിട്ടുണ്ടായവളാണെന്നേ ഞാൻ വിചാരിക്കയുള്ളു.
ജാ:
നിന്റെ വിചാരത്തിനു ഞാൻ ഉത്തരവാദിയല്ല.
കു: നാ:
എന്റെ വിചാരത്തിനു നീ ഉത്തരവാദിയാണു്.
ജാ:
ധൈര്യമില്ലായ്മയ്ക്കോ?
കു: നാ:
കാമപാരവശ്യത്തിന്നു്.
ജാ:
എങ്ങിനെ?
കു: നാ:
എന്റെ പ്രണയം നിന്നിൽ വീണുപോയി. ഞാൻ നിന്നെ കാറ്റും കോളും പോലെ അതികലശലായി പ്രേമിക്കുന്നു.
ജാ:
(ചിരിച്ചു്) ഇവന്നു് എന്നെ പ്രേമമാണുപോലും. ഇതു പറവാൻ ഇവന്നു് ധൈര്യം വന്നല്ലോ. (വാതിൽ ചൂണ്ടിക്കാണിച്ചിട്ടു്) അതിലെ കടന്നുപോ.
കു: നാ:
കാമുകന്മാരോടു് ഇരിക്കാനല്ലേ പറയേണ്ടതു്?
ജാ:
അതിന്നു് നിന്നെ ഞാൻ കാമിച്ചിട്ടുവേണ്ടേ?
കു: നാ:
നീ എന്നെ കാമിക്കുന്നുണ്ടു്.
ജാ:
എന്തു പറഞ്ഞിട്ടു്?
കു: നാ:
നിന്റെ മുഖം പറഞ്ഞിട്ടു്.
ജാ:
നീയാണോ സ്ത്രീകളെ പ്രേമിക്കാൻ!
കു: നാ:
ഞാനാണു്.
ജാ:
സ്ത്രീകളെ പ്രേമിക്കേണ്ടതു് ധീരന്മാരായ പുരുഷന്മാരാണു്.
കു: നാ:
ഞാൻ ഭീരുവാണെന്നു് ആരും പറഞ്ഞു കേട്ടിട്ടില്ല.
ജാ:
തോക്കെടുത്തു വെടിവെക്കാനുംകൂടി വയ്യാത്തവനാണു നീ.
കു: നാ:
നിന്നെപ്പോലെ എനിക്കും വയ്ക്കാം.
ജാ:
എന്നാൽ നോക്കു. മുപ്പതുവാര അകലെ നില്ക്കുന്ന ആ പുളിമരത്തിന്റെ തടിമേൽ മുക്കാൽവട്ടത്തിൽ ഒരു വെളുത്ത പാടുകണ്ടോ?

കുമാരൻനായർ ‘കണ്ടു’ എന്നു പറയുമ്പോൾ തന്നെ ജാനകിയുടെ വെടിയും കഴിഞ്ഞു. ആ വെള്ളപ്പാടിന്മേൽ തന്നെ ഉണ്ടകൊണ്ട അടയാളവും കണ്ടു.

ജാ:
(പത്രാസോടെ) അങ്ങിനെ നിണക്കു വയ്ക്കാമോ?
കു: നാ:
(നെഞ്ഞിന്മേൽ മുട്ടീട്ടു്) അതിലപ്പുറവും എനിക്കു വയ്ക്കാം.
ജാ:
എന്നാൽ കാണട്ടെ.
കു: നാ:
ഇതാ നോക്കിക്കോളു.

കുമാരൻ നായർ മേശമേൽ വെച്ച കൈത്തോക്കെടുത്തു കീശയിൽ നിന്നു് ഒരു മുക്കാലും എടുത്തു, ആ നാണ്യം മേലോട്ടെറിഞ്ഞു് അതു ചോടെ വീഴും മുമ്പേ ഒരൊറ്റ വെടിക്കു അതിന്റെ നടു തുളഞ്ഞു പോയതു് എടുത്തുകാണിച്ചു. ജാനകി ഒന്നു ഞെട്ടിയെങ്കിലും അതു കാണിച്ചില്ല.

ജാ:
അതുകൊണ്ടെന്താ?
കു: നാ:
യന്ത്രം മുറിഞ്ഞ അർജ്ജുനന്നു് പാഞ്ചാലിയെ ഭാര്യയായി കിട്ടി. നാണ്യം തുളച്ച എനിക്കു നിന്നെ ഭാര്യയായി കിട്ടേണ്ടയോ?
ജാ:
നിന്നെ ഞാൻ എന്റെ ഭൃത്യനായിട്ടുകൂടി സ്വീകരിക്കയില്ല.
കു: നാ:
ആ നിലയിൽ സ്വീകരിപ്പാൻ ഞാൻ അപേക്ഷിച്ചിട്ടും ഇല്ല.
ജാ:
നീ ഇവിടുന്നു പോയാൽ മതി.
കു: നാ:
എനിക്കതു മതിയാകുന്നില്ല.
ജാ:
നീ വെറുതെ ഇവിടെ നില്ക്കേണ്ട. പോ പുറത്തു്.
കു: നാ:
വെറുതെ നില്ക്കാൻ ഞാനും വിചാരിക്കുന്നില്ല.

ഇങ്ങിനെ പറഞ്ഞു കുമാരൻ നായർ പെട്ടെന്നു ചെന്നു് അവളുടെ കൈ പിടിച്ചു് ഒന്നു ഞെക്കി. വേദനകൊണ്ടു് അവൾ നിലവിളിച്ചു.

ജാ:
എന്റെ കൈ വിടു്, പിശാചിന്റെ മകനെ.
കു: നാ:
പാണിഗ്രഹണം കഴിഞ്ഞില്ലേ! പിന്നെ എന്തുകൊണ്ടു വിട്ടുകൂടാ?
ജാ:
ഈ ചൈത്താൻ പോകുന്നില്ലല്ലോ. പോ പുറത്തു്.
കു: നാ:
ഞാൻ ചൈത്താനും നീ രംഭയും തന്നെ. സമ്മതിച്ചു. ഞാൻ നിന്നോടു് നമ്മുടെ വിവാഹക്കാര്യത്തെപ്പറ്റി ചോദിച്ചു. അതിന്റെ തീർച്ച അറിയായ്കകൊണ്ടാണു് ഞാൻ നില്ക്കുന്നതു്. ഞാൻ പോകണമോ പോകണ്ടയോ എന്നുമാത്രം പറഞ്ഞാൽ മതി. ഞാൻ ഉചിതംപോലെ പ്രവർത്തിച്ചുകൊള്ളാം.

അവർ ഇരുവരും ഒന്നും മിണ്ടാതെ അന്യോന്യം മുഖത്തു നോക്കിനില്ക്കുന്നു.

കു: നാ:
ഒന്നും മിണ്ടുന്നില്ലേ! എന്നാൽ നിണക്കു എന്നെ വേണ്ടായിരിക്കും. അങ്ങനെ ആകട്ടെ. ഞാൻ ഇതാ പോകുന്നു, സലാം.
ജാ:
നില്ക്കു.
കു: നാ:
എന്താ!
ജാ:
ഒന്നുമില്ല, പൊയ്ക്കോളു… ഹേ! പോകൊല്ല… വേണ്ട പൊയ്ക്കൊളു. ക്ഷണം പൊയ്ക്കോളു. ഞാൻ നിങ്ങളെ വെറുക്കുന്നു… അല്ലെങ്കിൽ വേണ്ട പോകൊല്ല. ഹോ! എനിക്കെത്ര കോപമുണ്ടെന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ (പല്ലുകടിച്ചിട്ടു്) എന്റെ കോപത്തിന്റെ കടുപ്പം നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ (കൈത്തോക്കു ദൂരെ എറിഞ്ഞു് കൈലെയിസ് കീറിച്ചാടുന്നു. പിന്നെ കുമാരൻ നായരെ നോക്കീട്ടു്) എന്താ നില്ക്കുന്നതു് ? പുറത്തു പോവിൻ.
കു: നാ:
നീ നന്നായ്വരട്ടെ. രാമാ രാമാ.
ജാ:
അതേ. അങ്ങിനെയാകട്ടെ. പൊയ്ക്കോളു. (ഉച്ചത്തിൽ) നിങ്ങൾ എവിടെ പോകുന്നു? നില്പിൻ… വേണ്ട, പൊയ്ക്കോളു. ഹു! എന്റെ കോപം തണുത്തു പോകുന്നില്ല. എന്റെ അടുക്കേ വരരുതു്. എന്റെ അടുക്കെ വരികയേ വേണ്ട.

കുമാരൻ നായർ അടുത്തുചെന്നു് അവളുടെ കൈ പിടിച്ചു.

ജാ:
എന്റെ കൈവിട്ടു കടന്നു പോവു. കൈ എടുത്തുകളയൂ. ഞാൻ നിങ്ങളെ വെറുക്കുന്നു. ഇതെന്തു ദ്രോഹം!

കുമാരൻ നായർ അവളെ കൂട്ടടങ്ങനെ പിടിച്ചു ചുണ്ടിന്മേൽ ഒരു നാഴിക നീണ്ട ചുംബനംവെച്ചു.

അപ്പോഴാണു പഞ്ചുനായർ ഒരു മഴുത്തായയും കുതിരക്കാരൻ ഒരു ഇരുമ്പുകോലും മറ്റുള്ളവർ വലിയ വടിയും പിടിച്ചു കുമാരൻ നായരെ അടിച്ചു പുറത്താക്കാൻ വേണ്ടി അവിടെ എത്തിയതു്. അവരുടെ മുഖം തമ്മിൽ പറ്റിച്ചു കെട്ടിപ്പിടിച്ച നില്പു കണ്ടപ്പോൾ പുതുമകൊണ്ടു് പഞ്ചുനായരുടെ വായ് കെട്ടുപൊട്ടിയ ചാലുപോലെ പിളർന്നു നിന്നുപോയി. ജാനകിയുടെ കെട്ടിപ്പിടിത്തത്തിനു മുറുക്കം ജാസ്തിയുണ്ടെന്നു കണ്ടപ്പോൾ അയാൾ തന്റെ ഒരുമിച്ചുവന്നവരെ പിരിച്ചയച്ചു. താൻ അവിടെ നില്ക്കുകയോ പോകയോ വേണ്ടതെന്നു് ശങ്കിച്ചുനിന്നു. അപ്പോൾ കെട്ടിപ്പിടിച്ചു തന്നെ ചുംബിച്ച ധീരവരന്റെ പിടിത്തത്തിൽ നിന്നു് ജാനകി പ്രയാസപ്പെട്ടു് ഒഴിഞ്ഞുനിന്നു.

കു: നാ:
ഓ. പഞ്ചുനായരോ! ഒരു സന്തോഷവർത്തമാനം കേൾക്കൂ. ധനു പൊട്ടിച്ചിട്ടു് ഒരു മകരാക്ഷിയെ പണ്ടു ശ്രീരാമനു കിട്ടി. കുംഭം പൊട്ടിക്കാതെ ഒരു മീനാക്ഷിയെ ഇന്നു ശ്രീകുമാരനും കിട്ടി.
ജാ:
(പഞ്ചുനായരോടു്) ഞങ്ങളുടെ വിവാഹം ഇന്നു കഴിഞ്ഞു. വിവാഹം കൊണ്ടാടുന്നതു് മറ്റൊരു ദിവസമാണു്. അതിനുവേണ്ടുന്ന സകല ഒരുക്കങ്ങളും നിങ്ങൾ ചെയ്തുകൊള്ളണം.
പ: നാ:
തെങ്ങു പറഞ്ഞപോലെ സകല ഭാരവും എന്റെ തലയിൽ ഇരിക്കട്ടെ.
ജാ:
(കുമാരൻ നായരോടു്) ഹോ. ഒന്നു മറന്നുപോയി. എന്റെ പരേതനായ ഭർത്താവു് നിങ്ങൾക്കു് അയ്യായിരം ഉറുപ്പിക കൊടുക്കാനില്ലേ?
കു: നാ:
അയ്യായിരം ഉറുപ്പിക ഞാനാണു് അയാൾക്കു് കൊടുക്കാനുള്ളതു്.
ജാ:
അപ്പോൾ പണയവിധിയോ?
കു: നാ:
അങ്ങിനെ ദൈവവിധിയുംകൂടി ഇല്ല.
ജാ:
അതും കളവാണോ?
കു: നാ:
അതേ, കളവാണീ!
നായരുടെ തിരിപ്പു്
കെ. സുകുമാരൻ, ബി. എ.

ഒരുവൻ: ഒരുവൾ:

അവൻ, കൃഷ്ണക്കുറുപ്പാണു്. ആ കാലത്തു് അതിസുന്ദരനും, ഇരുപത്തഞ്ചു മാത്രം പ്രായം ഉള്ളവനും, കഴിവാൻ കൂടി സ്വത്തില്ലാത്തവനും, ഉള്ളതിൽ പാരിച്ച കടം പിടിപ്പിച്ചവനും ആണു്. പണം സമ്പാദിക്കേണ്ടുന്ന സാമർത്ഥ്യം ഇല്ലെങ്കിലും, പണം ചിലവാക്കേണ്ടുന്ന വിഡ്ഢിത്തം ധാരാളം ഉണ്ടു്. സ്ത്രീകളോടു് പ്രഥമദൃഷ്ടിയിൽ പ്രേമം പതിഞ്ഞുപോക പതിവുള്ള ആളാണെന്നല്ലാതെ, സ്ത്രീകളെ മിരട്ടിപ്പാട്ടിലാക്കാനുള്ള യാതൊരു വിരുതോ, വൈഭവമോ കേവലം ഇല്ലാത്ത ആളാണു്. സ്ത്രീകളെ കാണുമ്പോൾ ശങ്കയും ഭയവുംകൊണ്ടു് വികാരങ്ങളൊക്കെ, ആമ, തന്റെ അവയവങ്ങളെ എന്നപോലെ, ഉള്ളോട്ടു് വലിച്ചുകളയുന്ന ആളാണു്. അവരുടെ ആയിരം നിഷേധം അരസ്സമ്മതമാണെന്നു് ഈ സാധു അറിഞ്ഞിട്ടേയില്ല. “ശൃണ്വൻ കർണ്ണസുഖം നിഷേധവചനം” എന്ന സരസ സംഭവം അയാൾ ഇതുവരെ ആസ്വദിച്ചിട്ടില്ല; അഥവാ കേട്ടു എന്നുവരികിൽ അടികൊണ്ട പട്ടിയെപ്പോലെ അവിടംവിട്ടു് ഓടുകയേ ചെയ്കയുള്ളു.

അവൾ ക്ഷീരസാഗര കന്യകയാണു്. പഠിപ്പുള്ളവർ അവളെ ക്ഷീരം എന്നും, പഠിപ്പില്ലാത്തവർ ശീരം എന്നും, അതിലും താണവർ ചീരു എന്നുമാണു്, ചുരുക്കത്തിൽ വിളിച്ചുവരുന്നതു്. വയസ്സു പത്തൊമ്പതായി. കഴുത്തു് ഇല്ലാത്തതുകൊണ്ടു് മുഖം നെഞ്ഞത്തു് എടുത്തുവച്ചപോലാണു് നില്ക്കുന്നതു്. ആ മുഖമോ അടിച്ചുപരത്തി വട്ടത്തിൽ ആക്കിവിട്ടതാണെന്നു തോന്നും: വട്ടമൂക്കു്, അഗ്രം മാത്രം തടിച്ചു, അവിടന്നു പിന്നോട്ടു ഞെളിഞ്ഞു്, ദ്വാരം രണ്ടും ഉരുണ്ട കുഴികളെപ്പോലെ കാട്ടുന്നു. കോങ്കണ്ണു് തവളയുടേതുപോലെ തുറിച്ചിട്ടാണു്. കാതു വളരെ പാരിച്ചതാണു്. ഉന്തിയ പല്ലു് ദംഷ്ട്രംപോലെ എപ്പോഴും പുറത്താണു്. “തലമുടി ഒരു ചാൺ നീണ്ടുചെമ്പിച്ചു് വക്രി”ച്ചതാണു്. പിന്നെ “മുല ബഹുകൃശമൊ,ന്നൊന്നു, പാരം തടിച്ചും” എന്ന മട്ടിൽ അന്യോന്യമത്സരം കൂടാതെ നെഞ്ഞത്തു് വീണുറങ്ങുന്നു. പൃഷ്ഠം ആരോ അരിഞ്ഞുകൊണ്ടുപോയപോലെ ആ സ്ഥാനത്തു് ഒരു ഉയർച്ചയും കൂടി പുറമേ കാണാനില്ല. നിറം ഇല്ലത്തിലെ അട്ടത്തിലെ കരിയേക്കൂടി വെളുപ്പിക്കുന്നതാണു്. പിമ്പിൽനിന്നു നോക്കിയാൽ ഒരു തടിച്ച കൂനു് ജന്മനാ കുള്ളച്ചിയെ പിന്നെയും കുള്ളച്ചി ആക്കിത്തീർത്തിരിക്കുന്നു. ഒരു കാൽ, മറ്റേക്കാലെക്കാൾ നീളമുള്ളതുകൊണ്ടു് “സീസോ” കളിക്കും പ്രകാരമാണു് നടത്തം. ഇത്ര വൈരൂപ്യം ഉള്ള രൂപം, രണ്ടാമതൊന്നു സൃഷ്ടിപ്പാൻ, ബ്രഹ്മാവു് വിചാരിച്ചാൽ തന്നെ സാധിക്കുമോ എന്നു് സംശയമാണു്. അവൾക്കു ബുദ്ധിയും പഠിപ്പും ജാസ്തി ഉണ്ടെങ്കിലും, അവ ഒരു നോട്ടത്തിനു വ്യക്തമാകയില്ല.

ഇതൊക്കെ ആണെങ്കിലും അവൾക്കു കയ്യിരിപ്പുള്ള നിസ്സീമധനം, അവളുടെ വൈരൂപ്യങ്ങളായ മുഴകളെ മിനുസപ്പെടുത്തിക്കളഞ്ഞിരിക്കുന്നു. ഗുണസന്നിപാതം ഏകദോഷത്തെ മയ്ച്ചുകളയുംപോലെ ഏകഗുണം ദോഷസന്നിപാതത്തെ, ഇവളുടെ കാര്യത്തിലും മായ്ച്ചുകളഞ്ഞിരിക്കുന്നു.

കുറുപ്പു് ഇവൾ നടത്തിയ സ്ക്കൂളിൽ രണ്ടുമൂന്നുകൊല്ലം മാസ്റ്റരായി ഇരുന്നതുകൊണ്ടു വളരെ അടുത്ത പരിചയത്തിന്നു സംഗതിയായി. ഇവൾക്കു് കുറുപ്പിന്റെ സൗന്ദര്യവും, കുറുപ്പിന്നു് ഇവളുടെ ധനവും വളരെ ഇഷ്ടമാണു്. ഇവൾക്കു് കുറുപ്പിന്റെ സൗന്ദര്യം, കൂടിയേ കഴിയൂ എന്നു് ലവലേശം പിടിത്തമില്ല. കുറുപ്പിന്നു് ഇവളുടെ ധനം നിഷ്കാസിച്ചുകൂടാത്തവണ്ണം വേണ്ടിവന്നിരിക്കുന്നു. ഒരു സമയം തന്റെ വിവാഹാലോചനയ്ക്കു ഹാനി വന്നാലോ എന്നുവെച്ചു കുറുപ്പു്, മാസ്റ്റർ പ്രവൃത്തി കുറേ മുമ്പുതന്നെ, കാര്യാന്തരം ഉണ്ടെന്നുപറഞ്ഞു് രാജിവെച്ചിരുന്നു. കാര്യാന്തരം കടക്കാരോടു് അവധി വാങ്ങാനുള്ള ഉദ്യമം മാത്രമാണു്. കുറുപ്പിന്നു് പണം വേണം. പണം കിട്ടേണമെങ്കിൽ ഇവളേയും കിട്ടേണം. ഇവളുടെ വൈരൂപ്യമാകുന്ന കയ്പു് ഇറക്കാനും വയ്യ, ഇവളുടെ സ്വത്താകുന്ന മധുരം തുപ്പാനും വയ്യ. ദീനം മാറേണമെങ്കിൽ കഷായം കുടിക്കാതെ നിവൃത്തിയില്ല. കുടിക്കാൻ നിശ്ചയിച്ചപ്പോൾ കഷായം കിട്ടുമോ എന്ന ശങ്കയായി. “വിത്തിന്നു് നീർത്തുള്ളി എന്നപോലെ” ഒരു എണ്ണംപറഞ്ഞ മാന്യന്റെ ശിപാർശകൂടെ കിട്ടിയാൽ കാര്യം ഒക്കും എന്ന നിശ്ചയം കുറുപ്പിനും ഉണ്ടായിരുന്നു. അങ്ങനെ വിഷമിച്ചുകൊണ്ടിരിക്കുമ്പോളാണു്, അയാളുടെ പരമഭാഗ്യത്തിന്നു് തുപ്പൻ നമ്പൂതിരി അവിടെ കേറിവന്നതു്. കുറുപ്പിന്നു് വളരെ വീഴ്ചകൾ ഉണ്ടെങ്കിലും ഒരു സരസനായ “പണംപിടുങ്ങി” ആണെന്നു് അറിഞ്ഞതുകൊണ്ടാണു് ഉദാരമതിയായ നമ്പൂതിരി അനേകം സംവത്സരദീർഘമായ തന്റെ സഖിത്വത്തെ പുലർത്തിപ്പോരുന്നതു്.

കുറുപ്പിന്റെ ബുദ്ധിമുട്ടുകളെപ്പറ്റി അയാൾ നമ്പൂതിരിയെ വിവരിച്ചു കേൾപ്പിച്ചു. ക്ഷീരസാഗരകന്യകയെ വശപ്പെടുത്തുന്നതിൽ നമ്പൂതിരി സഹായിക്കണമെന്നു് അയാൾ അപേക്ഷിച്ചു.

കൃ: കു:
ഞാൻ അനേകമാതിരി വീഴ്ച ഉള്ളവനാണു്. അതുകൊണ്ടു് നിങ്ങൾ ചെന്നു എന്നെ ശിപാർശ ചെയ്തു അവളെ പാട്ടിലാക്കിത്തരണം.
തു: ന:
എടോ പാവി. എന്നെ ദൂതൻ (Pimp) ആക്കാനാണോ ഭാവം?
കൃ: കു:
നിങ്ങളെ നളൻ ആക്കാനാണു് ഭാവം.
തു: ന:
അതിന്നു് നീ ദേവൻ ആകേണ്ടയോ?
കൃ: കു:
ഞാൻ കാമദേവനല്ലേ!
തു: ന:
ഞാനോ?
കൃ: കു:
നിങ്ങൾ ഭൂദേവനല്ലേ!
തു: ന:
തരക്കേടില്ല, ഞാൻ അവളുടെ അടുക്കേപോയി നിന്നെ പിടിപ്പതു പ്രശംസിച്ചുവിടാം.
കൃ: കു:
പോര.
തു: ന:
ഞാൻ അവളുടെ കുറുമ്പു് കുറയ്ക്കാം.
കൃ: കു:
അതും പോര.
തു: ന:
ഞാൻ, നിന്നെ വിവാഹം ചെയ്വാൻ അവളെ അനുകൂലിപ്പിക്കാം.
കൃ: കു:
അതും പോര.
തു: ന:
പോരെങ്കിൽ നിന്റെ മുഖത്തു് ഒരു കുത്തും പിരടിക്കു ഒരു പിടയും തരാം.
കൃ: കു:
അങ്ങിനെ അല്ല. എല്ലാറ്റിനും വഴിപ്പെട്ടു സമ്മതിച്ചപ്രകാരം അവളുടെ സ്വഹസ്താക്ഷരത്തിൽ ഒരു എഴുത്തും വാങ്ങിവരണം.
തു: ന:
അതെന്തിനാണു്!
കൃ: കു:
എന്നാലേ എനിയ്ക്കു മനസ്സമാധാനം ഉണ്ടാകയുള്ളു.
തു: ന:
വാക്കു പറഞ്ഞാൽ അവൾ തെറ്റുകയില്ല.
കൃ: കു:
എന്നാലും എനിക്കു ഒരു രേഖ വേണം.
തു: ന:
അവളുടെ രേഖ നിനക്കു ഇത്ര വേഗം കിട്ടുമോ?
കൃ: കു:
പോകുന്ന ആൾ നിങ്ങളല്ലേ!
തു: ന:
ശരി. എഴുത്തും കൊണ്ടുവരാം.
II

കുമാരൻ നായർ എത്ര വികടനായാലും ഒരു സുന്ദരൻ അല്ലെന്നു് ഒരാളും പറയുകയില്ല. കുറുപ്പിന്റെ സൗന്ദര്യം ഒരു പെണ്ണിന്റെ മട്ടാണു്. കുമാരൻ നായരുടേതു് “വ്യൂഢോരസ്കോവൃഷസ്കന്ധഃ സാലപ്രാംശുർമ്മഹാഭുജഃ” എന്ന മട്ടാണു്. അദ്ദേഹം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. “വിവാഹം കഴിച്ചിട്ടു് സ്വാതന്ത്ര്യഭംഗം വരുത്തുന്നതു വെറും വിഡ്ഢിത്തമാണു്; വിവാഹം കഴിഞ്ഞ വളരെ വങ്കന്മാർക്കു നല്ല നല്ല ഭാര്യമാർ ഉണ്ടായിരിക്കേ എനിക്കു പ്രത്യേകം ഒരു ഭാര്യ അനാവശ്യമാണു്” എന്നാണു് കുമാരൻ നായരുടെ കണിശമായ അഭിപ്രായം.

കുമാരൻ നായർക്കു് ജോലി ഒന്നും ഇല്ല. എന്നാൽ കുമാരൻ നായർ പണം സമ്പാദിപ്പാനും പണം ചിലവാക്കാനും ഒരുപോലെ വിദഗ്ദ്ധനാണു്. അയാൾ സാക്ഷാൽ ഒരു പുഴ ആണു്. അയാളുടെ വരവും ചിലവും പുഴയിലെ വെള്ളംപോലെയാണു്. പുഴയിൽ എപ്പോഴും ഒരു ഭാഗത്തിൽകൂടെ വെള്ളം ഒലിച്ചുവരുന്നുണ്ടാകും. അതു വന്നപാടെ ഒരേടത്തു് നില്ക്കാതെ മറുഭാഗത്തു് ഒലിച്ചു പോകുന്നുമുണ്ടാകും. പുഴ പണ്ടത്തേ മട്ടിൽത്തന്നെ നില്ക്കുന്നുമുണ്ടാകും. എന്നാൽ ഉറവുവെള്ളം ഇല്ലാതെപോയാൽ ഒഴുക്കു നിന്നുപോകും. അതു വരാൻ പാടില്ലെന്നു വെച്ചിട്ടാണു് കുമാരൻ നായർ വളരെ നാളായിട്ടു് ക്ഷീരസാഗരകന്യകയേ ചുറ്റിച്ചുറഞ്ഞു കളിച്ചുകൊണ്ടിരിക്കുന്നതു്. അയാൾ ക്ഷീരത്തിന്റെ വീട്ടിൽ ഒരു നിത്യനായി. അവളുടെ വീട്ടുകാര്യത്തിലും സ്വത്തുകാര്യത്തിലും അവളെ സഹായിച്ചിരുന്നു. അവളുടെ രഹസ്യക്കാരനായാൽ കൊള്ളാമെന്ന വിചാരം നായർക്കുണ്ടായിരുന്നു. അല്ലാതെ പോയാൽ അവളുടെ സ്വത്തിന്മേൽ കൈവെക്കാൻ നായർക്കു സാധിക്കയില്ല. നായർ പഠിച്ച പണി ഒക്കെ നോക്കീട്ടും ഇതുവരെ ഫലിച്ചിട്ടില്ല. എന്നാലും ഒരിക്കൽ ഫലിക്കാതിരിക്കില്ല എന്ന വിശ്വാസം നായർക്കു ഉണ്ടാകാതെയിരുന്നില്ല. “മുള്ളുള്ള വൃക്ഷത്തേയുമന്തികസ്ഥിതമായാൽ—വള്ളിയും ചുറ്റിപ്പറ്റിക്കേറുമെന്നറിഞ്ഞാലും” എന്ന പരമാർത്ഥം നായർക്കു പൂർണ്ണബോദ്ധ്യമാണു്. നായരുടെ സൂചനയും ക്ഷീരത്തിന്റെ തിരസ്കാരവും കൂടക്കൂടേ ഉണ്ടായിക്കൊണ്ടിരുന്നു. ഒരു ദിവസം സംഗതിവശാൽ അവർ തമ്മിൽ ഇങ്ങനെ ഒരു സംഭാഷണം നടന്നു.

ക്ഷീരം:
കാണാൻ കൊള്ളാത്ത പെണ്ണു് വിവാഹം കഴിക്കരുതു്.
കു: നാ:
അവൾക്കും കാമാർത്തി ഉണ്ടാകാതിരിക്കുമോ?
ക്ഷീരം:
ഉണ്ടാകുമ്പോൾ ഒതുക്കിക്കളയണം.
കു: നാ:
ഒതുക്കുമ്പോൾ തീഷ്ണത വർദ്ധിക്കും.
ക്ഷീരം:
കത്തുന്ന തിയ്യിൽ വെള്ളം പകർന്നാൽ അതു കെടുകയില്ലേ.
കു: നാ:
വെള്ളം നിറഞ്ഞാൽ, ചിറയുടെ തീരവുംകൂടി പൊട്ടിത്തകർന്നു പോകുകയില്ലേ.
ക്ഷീരം:
വിവാഹം കഴിക്കാതിരിക്കുന്നതു് ദുസ്സാദ്ധ്യമാണോ?
കു: നാ:
ദുസ്സാദ്ധ്യം മാത്രമല്ല. കേവലം അസാദ്ധ്യവുമാണു്.
ക്ഷീരം:
നിങ്ങൾ എന്താ വിവാഹം കഴിക്കാത്തതു്?
കു: നാ:
വിവാഹം കഴിച്ചാലുള്ള ഫലം ഞാൻ ഉണ്ടാക്കുന്നതുകൊണ്ടു്.
ക്ഷീരം:
ഞാനും അങ്ങനെ ഒരു ഫലം ഉണ്ടാക്കണം എന്നായിരിക്കും സൂചന.
കു: നാ:
സംശയം ഒന്നുകൊണ്ടും വേണ്ട.
ക്ഷീരം:
ഞാൻ ഒരു സ്ത്രീയല്ലേ?
കു: നാ:
അതുകൊണ്ടെന്താ?
ക്ഷീരം:
എനിക്കു വല്ലതും വന്നുപോയാലോ?
കു: നാ:
വയറ്റിൽ വേദന വന്നുപോയാലോ എന്നു് ശങ്കിച്ചിട്ടു് വല്ലവരും ഊണു് വെണ്ടെന്നുവെക്കുമോ?
ക്ഷീരം:
വയറ്റിൽ വേദനയ്ക്കു മരുന്നില്ലേ?
കു: നാ:
ഏതിനും മരുന്നുണ്ടാകും.
ക്ഷീരം:
നിവാരണമാണു് നിവൃത്തിയേക്കാൾ നല്ലതു്.
കു: നാ:
പ്രകൃതിനിയമത്തിനു് ശക്തി കൂടുമ്പോൾ ഒരു നിവൃത്തിയും ഉണ്ടാകയില്ല.
ക്ഷീരം:
മദം പൊട്ടിയ ആനയേയും പിടിച്ചുനിർത്തുന്നില്ലേ!
കു: നാ:
മദം പൊട്ടുന്നതു്, പോകേണ്ടതു് പിടിച്ചു നിർത്തീട്ടാണു്.
ക്ഷീരം:
പോകേണ്ടതു് നിങ്ങളേപോലെയുള്ള ആണാണു്.
കു: നാ:
ഒന്നിച്ചു വരേണ്ടതു് നിന്നേപോലേയുള്ള പെണ്ണാണു്.
ക്ഷീരം:
അതിന്നു് കാത്തോളൂ.
കു: നാ:
കാക്കാതിരിക്കില്ല.
ക്ഷീരം:
അസുരന്മാർ അമൃതത്തിന്നു് കാത്തപോലെ.
കു: നാ:
യയാതി ശർമ്മിഷ്ഠയേ എന്നപോലെ.

ഈ സംഭാഷണവും കഴിഞ്ഞു. ക്ഷീരം തോട്ടത്തിലേയ്ക്കു കടന്നുപോയി. കുമാരൻനായർക്കു ക്ഷീരം വഴിപ്പെട്ടുവരുന്നുണ്ടു് എന്ന വിശ്വാസം നിമിത്തം വളരെ ആശ്വാസവും ഉണ്ടായി. ഇങ്ങനെ നായർ ഓരോ മനോരാജ്യവും സമ്പാദിച്ചുകൊണ്ടിരിക്കേ പടിവാതിലും കടന്നു തുപ്പൻ നമ്പൂതിരി വരുന്നതാണു് കണ്ടതു്. നായർ ഒന്നു ഞെട്ടി. ക്ഷീരത്തെ വിവാഹം കഴിപ്പാൻ ശ്രമിക്കുന്നതു്. ഫലത്തിൽ വരാത്ത ഒരു ഉദ്യമമായിരിക്കും എന്നു് കൃഷ്ണക്കുറുപ്പിനെ നായർ പറഞ്ഞു ധരിപ്പിച്ചിരുന്നു. ക്ഷീരത്തെ ആരു വിവാഹം കഴിക്കുന്നതും, നായരുടെ ഉദ്ദേശശുദ്ധിക്കു ഹാനികരമാകയാൽ, നായർ അതു വിരോധിക്കാൻ എപ്പോഴും കച്ചകെട്ടി നിന്നിരുന്നു. അങ്ങിനെ ഇരിക്കേ കൃഷ്ണക്കുറുപ്പിന്റെ ഗുണകാംക്ഷിയായ നമ്പൂതിരി പിന്നേയും അവിടെ വരേണമെങ്കിൽ “ഗൂഢമായൊന്നുണ്ടിതിങ്കലും” എന്നു് നായർക്കു തോന്നി. പൂമുഖത്തു് വെച്ചായിരിക്കും സംഭാഷണം നടക്കുന്നതു്. അടുത്ത മുറിയിൽ ഒളിച്ചു നിന്നിട്ടു് അതൊക്കെ കേൾപ്പാൻ നായരും സന്നദ്ധനായി. നമ്പൂതിരി വരുന്നതു തോട്ടത്തിൽനിന്നു് കണ്ടപ്പോൾ, ക്ഷീരം മന്ദഹാസത്തോടെ അദ്ദേഹത്തേയുംകൂട്ടി, പൂമുഖത്തു് കേറിവന്നു. രണ്ടുപേരും അടുക്കേ ഇരുന്നു.

ക്ഷീരം:
എന്താ അങ്ങുന്നേ! ഇവിടെ വരാൻ തോന്നിയതു്?
തു: ന:
നിന്നേ കാണ്മാൻ തന്നേ.
ക്ഷീരം:
വീടു് മാത്രം കണ്ടു പോവാനല്ലെന്നു് എനിക്കും മനസ്സിലായിരിക്കുന്നു.
തു: ന:
നിന്നെ മുഖദാവിൽ കാണ്മാനാണു് വന്നതു്.
ക്ഷീരം:
എന്റെ മുഖം കാണ്മാൻ കൊള്ളുന്നതല്ലല്ലൊ.
തു: ന:
ഞാൻ അമ്മാതിരിക്കാഴ്ചയ്ക്കുവന്ന ആളല്ല.
ക്ഷീരം:
നിങ്ങൾ ഏതുമാതിരി വന്നാലും സന്തോഷം തന്നെ.
തു: ന:
ഇന്നു് ഞാൻ ഒരു വക്കീലിന്റെ മാതിരി വന്നതാണു്.
ക്ഷീരം:
എന്തു വാദിക്കാനാണു് വന്നതു്?
തു: ന:
വാദിക്കാനല്ല. പ്രസംഗിക്കാൻ വന്നതാണു്.
ക്ഷീരം:
ഏതു വിഷയത്തിൽ?
തു: ന:
ഒരു വിലയേറിയ സ്വത്തിന്റെ കാര്യത്തിൽ.
ക്ഷീരം:
ഇളകുന്ന സ്വത്തോ ഇളകാത്ത സ്വത്തോ?
തു: ന:
രണ്ടും.
ക്ഷീരം:
ഏതൊക്കെ ആണതു്.
തു: ന:
ഇളകുന്ന സ്വത്തു് നീ. ഇളകാത്ത സ്വത്തു്, നിന്റെ കൃഷിസ്ഥലം മുതലായതു്.
ക്ഷീരം:
സ്വത്തു് വെപ്പാണു്. ഞാൻ അതു കൊണ്ടു നടക്കുന്ന “ചെപ്പാണു്.”
തു: ന:
എന്നാൽ ഞങ്ങൾക്കു വെപ്പുവേണ്ട. ചെപ്പു മാത്രം മതി.
ക്ഷീരം:
നിക്ഷേപം ഉപേക്ഷിച്ചിട്ടു് അതു വെച്ച പാത്രം മാത്രം ആരെങ്കിലും സ്വീകരിക്കുമോ.
തു: ന:
ചെപ്പിൽ വെപ്പും ഉണ്ടായിരിക്കുമെന്നാണു് ഞങ്ങളുടെ ബോദ്ധ്യം.
ക്ഷീരം:
ആട്ടെ ഞാൻ രണ്ടും കൂടിയ സ്വത്തു തന്നെ. സമ്മതിച്ചു.
തു: ന:
സമ്മതിക്കാതിരുന്നാലും അതു ഞങ്ങൾക്കു പൂർണ്ണബോദ്ധ്യമാണു്.
ക്ഷീരം:
അതുകൊണ്ടു് ഞാൻ എന്താ വേണ്ടതു്?
തു: ന:
അതു ചാർത്തിക്കിട്ടിയാൽ വേണ്ടില്ലെന്നു് ഒരാൾക്കു ആഗ്രഹം ഉണ്ടു്.
ക്ഷീരം:
അയാൾക്കു സ്വത്തിന്മേൽ പ്രത്യേകാവകാശം വല്ലതും ഉണ്ടോ?
തു: ന:
ഉണ്ടു് എന്നാണു് വിചാരിക്കേണ്ടതു്.
ക്ഷീരം:
ആരാണു് ഈ അവകാശി.
തു: ന:
രാജമാന്യ രാജശ്രീ, കൃഷ്ണക്കുറുപ്പു്.
ക്ഷീരം:
കാശിനു വിലയില്ലാത്ത അവകാശിയോ?
തു: ന:
കാശു കയ്യിലില്ലാത്തതുകൊണ്ടു് ആരുടേയും വില പോയിപ്പോവുകയില്ല.
ക്ഷീരം:
എന്തു വിലയാണു് അയാൾക്കു പോയിപ്പോകാൻ ഉള്ളതു്?
തു: ന:
ഒന്നും ഇല്ലെന്നോ?
ക്ഷീരം:
അയാളുടെ ദേഹത്തിന്നും വിലയില്ല. സ്വത്തിന്നും വില ഇല്ല.
തു: ന:
എന്താ കൃഷ്ണക്കുറുപ്പിനെ കണ്ണിൽ പിടിക്കാത്തപോലെ പറയുന്നതു്?
ക്ഷീരം:
അയാളുടെ പിരടി പിടിച്ചാലും അയാൾക്കു ഒന്നും പറവാൻ ഉണ്ടാകയില്ല.
തു: ന:
നീ കൃഷ്ണക്കുറുപ്പിനെ ശരിയായി മനസ്സിലാക്കീട്ടില്ലെന്നു് വരുമോ?
ക്ഷീരം:
എന്റേ സ്ക്കൂളിൽ പണ്ടു മാസ്ടരായിരുന്ന കൃഷ്ണക്കുറുപ്പിനെക്കൊണ്ടല്ലേ പറയുന്നതു്?
തു: ന:
അതേ.
ക്ഷീരം:
എന്നാൽ എന്നേപ്പോലെ നിങ്ങൾ അയാളെ അറിയില്ല.
തു: ന:
അയാളേ ആരെന്നാണു് നീ മനസ്സിലാക്കിയതു്?
ക്ഷീരം:
ആണല്ലാത്ത പേടിക്കുടലൻ എന്നു്.
തു: ന:
എന്തു്! നാടുമുഴുവൻ നടുക്കുന്ന കൃഷ്ണക്കുറുപ്പോ?
ക്ഷീരം:
നാടുമുഴുവൻ നാറ്റിയ കൃഷ്ണക്കുറുപ്പു്.
തു: ന:
അയാളുടെ പേർ കേട്ടാൽ വിറച്ചുപോകാത്തവർ നാട്ടിലുണ്ടോ!
ക്ഷീരം:
നാട്ടിലുള്ള ആരുടെ പേർ കേട്ടാലും അയാൾ വിറച്ചുപോകും.
തു: ന:
എന്നാൽ നീ മാത്രമേ അയാളെ യഥാർത്ഥത്തിൽ അറിയാതേയുള്ളു.
ക്ഷീരം:
അയാളുടെ സ്തുതിപാഠകനായിട്ടായിരിക്കും നിങ്ങൾ പുറപ്പെട്ടതു്.
തു: ന:
അല്ല, അയാളുടെ ദൂഷണങ്ങൾ എണ്ണിയെണ്ണിപ്പറവാനാണു് ഞാൻ പോകുന്നതു്.
ക്ഷീരം:
എന്നാൽ തുടങ്ങിക്കോളു.
തു: ന:
ഒന്നാമതു് അവൻ ഒരു മഹാ പെണ്ണുപെറുക്കിയാണു്. കന്നിമാസത്തിലേ നായേപ്പോലെ രാവും പകലും പെണ്ണുങ്ങളേയും തേടി നടക്കലാണു് ഇവന്നു് പതിവു്. ആരു കണ്ടാലും എന്തു കേട്ടാലും ഇവന്നു് കണക്കില്ല.
ക്ഷീരം:
ഇയ്യാൾ തല പോകാതെ എങ്ങിനെ പൊറുപ്പിക്കുന്നു?
തു: ന:
മറു തലയുടെ ഔദാര്യംകൊണ്ടു്.
ക്ഷീരം:
എന്നു് വെച്ചാൽ—
തു: ന:
പെണ്ണുങ്ങളുടെ അനുകമ്പകൊണ്ടു്.
ക്ഷീരം:
സ്ത്രീകൾക്കു ഇയ്യാളേ ഇഷ്ടം ആണെന്നോ?
തു: ന:
മറ്റോ! ഇവൻ നിമിത്തം സ്ത്രീകൾ തമ്മിലല്ലേ കെട്ടിമറിയുന്നതു്! ഞാൻ അറിയേ, പഞ്ചസാരയും ഉറുമ്പുംപോലെ, പെരുമാറിയിരുന്ന മുപ്പതു സ്ത്രീകൾ ഇപ്പോൾ, കീരിയും മൂർഖനുംപോലെയാണു് കഴിച്ചുകൂട്ടുന്നതു്.
ക്ഷീരം:
ആണുങ്ങൾക്കൊന്നും ഈ വിവരം ഇല്ലെന്നോ?
തു: ന:
ഇവൻ, വിവാഹിതരായ മറ്റെല്ലാരേയും വഞ്ചിക്കുന്നുണ്ടെന്ന ദൃഢവിശ്വാസം എല്ലാവർക്കും ഉണ്ടെങ്കിലും, താന്താങ്ങളും വഞ്ചിക്കുന്നുണ്ടെന്ന വിശ്വാസം ഒരാൾക്കും ഇല്ല.
ക്ഷീരം:
ഇയ്യാൾ സ്ത്രീകളേ വശീകരിക്കുന്നതു് എങ്ങിനെയാണു് പോലും.
തു: ന:
സ്ത്രീകളല്ലേ ഇവനെ വശീകരിക്കുന്നതു്! ഈ നാട്ടിലെ സ്ത്രീകൾക്കു നമ്മുടെ കൃഷ്ണൻ, ഗോപവാടിയിലെ സ്ത്രീകൾക്കു ശ്രീകൃഷ്ണൻ എന്നപോലെയാണു്. ശ്രീകൃഷ്ണഭഗവാൻ കരിപോലെ കറുത്തിട്ടാണെങ്കിൽ, ശ്രീകൃഷ്ണക്കുറുപ്പു് പാലു് പോലെ വെളുത്തിട്ടാണു് എന്ന വ്യത്യാസമേ തമ്മിലുള്ളു.
ക്ഷീരം:
ഇതു അത്ഭുതമാണല്ലോ.
തു: ന:
അത്ഭുതം ഇതു മാത്രമോ! ഇവന്നു് പെണ്ണുങ്ങൾ അയച്ച കാമലേഖനങ്ങൾ കീറാതെ സ്വരൂപിച്ചിരുന്നാൽ, ഒരു തീവണ്ടിവേഗണിൽ സ്ഥലമില്ലാതാകും. ഇവന്നു് സ്മാരകമായി, യുവതികൾ അപ്പപ്പോൾ അയച്ചുകൊടുക്കുന്ന മുടിക്കഷണങ്ങൾ, വലിച്ചെറിയാതെ പോയാൽ, അമ്പട്ടൻ ചെല്ലന്റെ ഷാപ്പുംകൂടി നാണിച്ചുപോകും. പെണ്ണുങ്ങൾ ഇവന്നു് സമ്മാനമായി തുന്നിക്കൊടുത്ത പട്ടൂർമാലകൾ, തൊട്ടുതൊട്ടു വിരിച്ചുവെച്ചാൽ നിലംതൊടാതെ പത്തു നാഴിക ദൂരം നമുക്കു നടക്കാൻ സാധിക്കും.
ക്ഷീരം:
സത്യമായിട്ടും ഞാൻ ഈ വിവരം ഒന്നും അറിഞ്ഞിരുന്നില്ല.
തു: ന:
നിങ്ങൾ അറിയാത്തതു കൃഷ്ണക്കുറുപ്പിന്റെ ഭാഗ്യം! ഒരിക്കൽ ഇവൻ ഗുസ്തിക്കാരൻ ബാപ്പനോടല്ലേ പടവെട്ടാൻ പോയതു്. മതിലൂർ ഗുരിക്കൾ, പൊന്നിയത്തു് വരാൻ തച്ചോളി ഒതേനനോടു് വീരവാദം പറഞ്ഞപോലെ, ചന്തദിവസം മീൻകടയുടെ മുമ്പിൽ, മല്ലയുദ്ധത്തിനു് വരാൻ ബാപ്പനോടു് ചൊല്ലിയയച്ചു. അന്നു് എത്ര ജനങ്ങളാണു് അവിടെക്കൂടിയതു് പറഞ്ഞിട്ടെന്താ?കാലിന്നു് ഒരു കുരുവാണെന്നും പറഞ്ഞു ബാപ്പൻ ഒഴിഞ്ഞുകളകയാണു് ചെയ്തതു്.
ക്ഷീരം:
അതു വലിയ ഭാഗ്യം ആയിപ്പോയി.
തു: ന:
ഭാഗ്യം ബാപ്പന്നു് എന്നാണു് പറയേണ്ടതു് പയറ്റിന്നിറങ്ങാൻ കുറുപ്പിന്നും നല്ല നിശ്ചയം ഉണ്ടു്. ഒരിക്കൽ ദേവദാസി രാജമ്മയുടെ സംഗതിയിൽ, കുറുപ്പും കുമാരൻനായരും തമ്മിൽ ഈടും മുട്ടും ആയിപ്പോയി. “നീ അത്ര കടന്നു പറയേണ്ട” എന്നു ചീറിക്കൊണ്ടു്, കുറുപ്പു് ചന്തപ്പുരയുടെ തൂണാണു് വലിച്ചെടുത്തതു്. അപ്പോൾ കുമാരൻനായർ പാഞ്ഞ പാച്ചിൽ ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു. പന്തയക്കുതിരയുംകൂടി പന്തിയിൽ അടങ്ങിപ്പോവും.
ക്ഷീരം:
അതുവ്വോ? അക്കാര്യം നായർ എന്നോടു് മിണ്ടിയതേ ഇല്ല.
തു: ന:
ഞാൻ ഇതൊക്കെ പറഞ്ഞുതരുന്നതു് കുറുപ്പു് ഒരു സാഹസിയാണെന്ന വിവരം നീ അറിഞ്ഞിരിക്കണം എന്ന പിടിത്തംകൊണ്ടാണു്.
ക്ഷീരം:
അറിഞ്ഞതു ഏതായാലും നന്നായി.
തു: ന:
ഞാൻ എപ്പോഴും നിന്റെ അഭ്യുദയകാംക്ഷിയാണെന്നു് നിനക്കു നിശ്ചയമില്ലേ?
ക്ഷീരം:
തീർച്ചയായിട്ടും.
തു: ന:
അങ്ങിനെ ഇരിക്കേ എനിക്കു ഉള്ളതു തുറന്നു പറയാതെ നിവൃത്തി ഇല്ല. അല്ലെങ്കിലോ ഞാൻ ഒരു വിവാഹത്തിന്റെ ശിപാർശുംകൊണ്ടാണു് വന്നതു്. കൃഷ്ണക്കുറുപ്പിനെ നീ വിവാഹം കഴിക്കണമെന്ന അപേക്ഷയോടെ വന്നവനാണു് ഞാൻ. അപ്പോൾ അവന്റെ ദൂഷ്യങ്ങൾ മുഴുവൻ പറഞ്ഞുതരേണ്ടതു് എന്റെ മുറയല്ലേ.
ക്ഷീരം:
നിങ്ങൾ ഇപ്പോൾ പറഞ്ഞതൊക്കെ പ്രശംസകളായിട്ടാണു് ഞാൻ എണ്ണുന്നതു്.
തു: ന:
നീ ഏതു പ്രകാരത്തിൽ എണ്ണിയാലും എനിക്കു വിരോധമില്ല. എന്റെ മുറ ഞാൻ ചെയ്തു എന്നുമാത്രം.
ക്ഷീരം:
(ആലോചിച്ചിട്ടു്) അയാൾക്കു കുറേ കടമുണ്ടു് എന്നല്ലേ കേൾക്കുന്നതു്?
തു: ന:
അതുകൊണ്ടെന്താ! എല്ലാർക്കും അയാളെ വലിയ വിശ്വാസവും ബഹുമാനവും ആണെന്നല്ലേ അതുകൊണ്ടു് തെളിയുന്നതു്?
ക്ഷീരം:
അതു ശരിയായിരിക്കും.
തു: ന:
പിന്നേ, നിങ്ങൾ രണ്ടാളുടേയും സ്വത്തുക്കൾ ഒന്നിച്ചുകൂട്ടി രണ്ടുകൊണ്ടു് ഹരിച്ചാൽ ഓരോരുത്തർക്കും എത്ര വലിയ തുക വീഴുമെന്നു് ആലോചിച്ചുനോക്കൂ.
ക്ഷീരം:
ആ ഭാഗത്തെപ്പറ്റി ഇപ്പോൾ ഞാൻ ആലോചിക്കുന്നില്ല.
തു: ന:
ശരി. വിവാഹത്തിന്റെ കാര്യം മാത്രം ഇപ്പോൾ ആലോചിച്ചാൽ മതി.
ക്ഷീരം:
കൃഷ്ണക്കുറുപ്പു് എല്ലാംകൊണ്ടും എനിക്കു ഒരു അനുരൂപനായ ഭർത്താവാണെന്നു നിങ്ങൾക്കു ബോധ്യമുണ്ടോ?
തു: ന:
സമ്പൂർണ്ണബോദ്ധ്യമാണു്.
ക്ഷീരം:
അങ്ങിനെയാണെങ്കിൽ അയാളെ വിവാഹം കഴിക്കാൻ എനിക്കും മനസ്സാണു്.
തു: ന:
അനുഗ്രഹീതമായ നിശ്ചയം. എനിക്കും വളരെ സന്തോഷമായി.
ക്ഷീരം:
ഇനി ഞാനെന്താണു് വേണ്ടതു്?
തു: ന:
ആ വിവരത്തിന്നു് ഒരു സരസമായ എഴുത്തു്, കൃഷ്ണക്കുറുപ്പിന്നു് എഴുതി എന്റെ വശം തരണം. അതു അവന്നു് ഒരു രേഖയുമായിരിക്കും.
ക്ഷീരം:
എഴുത്തു ഞാൻ ആലോചിച്ചു എഴുതിവെക്കാം. ഇന്നു് അഞ്ചു മണിക്കു വന്നാൽ നിങ്ങൾക്കു അതുംകൊണ്ടു് മടങ്ങാം.
തു: ന:
കൃത്യസമയത്തു് ഞാൻ വരാം. ഇപ്പോൾ എനിക്കു പോവാൻ അനുവാദം തരണം.
III

നമ്പൂതിരി പോയപ്പോൾ, ക്ഷീരം, വീട്ടിന്റെ ഉള്ളിൽ വന്നു, തന്റെ നിത്യജോലിയിൽ പ്രവേശിച്ചു. കുമാരൻനായർ ഒരു സൗകര്യം ഉള്ള മുറിയിൽ ചെന്നു ഇങ്ങിനെ ഓരോരോ ആലോചനയിൽ മുഴുകി—“ഹൈ! ഈ കഴുവേറികൾ എന്നെ പറ്റിച്ചു— അങ്ങിനേയല്ല. വിവാഹം കഴിക്കയില്ല എന്ന പിടിത്തമാണു് എന്നെ പറ്റിച്ചതു്. ഈ കള്ളൻ നമ്പൂതിരി പറഞ്ഞ കളവുകൾക്കു സീമ ഉണ്ടോ! ജാതിയുടെ വലിപ്പം കളവിന്റെ വലിപ്പത്തിലും കാണിച്ചിരിക്കുന്നു. എന്തു കണ്ടിട്ടാണു് പോലും ഈ പൂണൂലുകാരൻ, നമ്മുടെ വങ്കൻ കുറുപ്പിനെ ഇങ്ങിനെ പൂജിക്കുന്നതു്. ശരി ശരി, കുറുപ്പിന്റെ തറവാട്ടിലെ പെൺകുട്ടികളെ കണ്ടിട്ടായിരിക്കണം. ഹാ! അവരെ ഓരോന്നിനേയും കണ്ടാൽ “ആകൃതികണ്ടാലതിരംഭേയം:ആരാലിവരുടെയധരംപേയും” എന്നുതന്നേ തോന്നിപ്പോകും. കല്യാണിക്കുട്ടിയുടെ നിലം നോക്കി, നിന്നുകളയുന്ന സമ്പ്രദായം—മുഖം ഉയർത്തി, മുന്നോട്ടു നടന്നുകളയുന്ന നാണിക്കുട്ടിയുടെ നാട്യം—പത്മത്തിന്റെ നാണംകുണുങ്ങിയ തിരിഞ്ഞുനോട്ടം—മണിയുടെ ചന്തി കുലുക്കിയ നടത്തം—തങ്കത്തിന്റെ, പിടിച്ചു ചുംബിക്കാൻ തോന്നിപ്പോകുന്ന, ചുകന്ന നിറം—പല്ലിന്റെ വെണ്മ തിളങ്ങുന്ന പാറുക്കുട്ടിയുറ്റെ സഹിക്കവയ്യാത്ത മന്ദഹാസം—കാർത്തിയുടെ കറുത്ത കണ്ണിന്റെ കളിയാട്ടം—ദേവിയുടെ മുഖത്തു് മിന്നുന്ന തേജസ്സു്—മീനിയുടെ മുടിക്കെട്ടിന്റെ ധിക്കാരം—രംഭയുടെ പ്രശംസനീയമായ പ്രസരിപ്പിന്റെ പ്രസന്നത—ഇങ്ങിനെ ഓരോതരം രമ്യത പരിപാലിച്ചുപോരുന്ന പെൺകൊടികളാണുതാനും. അവരെ ഒക്കെ കാണുമ്പോൾ ഒരു ശുദ്ധാന്തത്തിൽ കൊണ്ടുവെച്ചു ശുശ്രൂഷിക്കാമെന്നു് ശുദ്ധാന്തഃക്കരണന്മാർക്കുപോലും തോന്നിപ്പോകുന്നതാണു്. പിന്നെ ഊഞ്ഞാലു് പോലെ ചുമലിൽ കുത്താൻനോക്കുന്ന കാതും ആട്ടി, വട്ടംവലിയ ഓലക്കുടയും ചെരിച്ചുപിടിച്ചു, കണക്കിലേറെ ഓട്ടു് വളകൾകൊണ്ടു് കയ്യും വഷളാക്കി, ശവത്തെ എന്നപോലെ ദേഹത്തെ വെള്ളത്തുണികൊണ്ടു് പൊതിഞ്ഞുകെട്ടി, ആണുങ്ങളെ കാണുമ്പോൾ ആർത്തിയോടെ തുറിച്ചുനോക്കി, കുറേ മുമ്പിൽ, ദാസിയുടെ നിലയിൽ, വായുവലി പിടിച്ചപോലെ കൂടക്കൂടെ നിലവിളിക്കാൻ താന്താങ്ങളുടെ മാംസക്കൂമ്പാരത്തിന്നു് ഒരു പരിഹാരമെന്നു തോന്നിപ്പോകുംപ്രകാരം സുന്ദരിയായ ഒരു ശൂദ്രപ്പെണ്ണിനേയും നിർത്തിച്ചു, ബാക്കിയുള്ളവരെ യഥാർത്ഥത്തിൽ തങ്ങളാണു് അശുദ്ധമാക്കുന്നതു്, എന്നതിന്റെ നേരെ വിപരീതഭാവം അവലംബിച്ചു, എരുമകളെപ്പോലെ നടന്നുപോകുന്ന നമ്പൂതിരിയുടെ കാര്യം പറയേണ്ടതുണ്ടോ? നമ്പൂതിരി കുറുപ്പിന്റെ ഭാഗത്തു് ആകാതിരിക്കുമോ? കുറുപ്പിനെ വിചാരിച്ചു വിചാരിക്കവയ്യാത്തവണ്ണം നമ്പൂതിരി എന്നെ ദുഷിച്ചു. ഞാൻ കുറുപ്പിനെ പേടിച്ചു പാഞ്ഞുകളഞ്ഞുപോലും. അതാണു് എനിക്കു സഹിച്ചുകൂടാത്തതു്. എടാ, നമ്പൂതിരി! നിന്നേയും കുറുപ്പിനേയും ഞാൻ തമ്മിൽ തല്ലിച്ചില്ലെങ്കിൽ നിങ്ങൾ രണ്ടുപേരേയും ഞാൻ തല്ലാതിരിക്കയില്ല. കുറുപ്പിന്റെ വിവാഹം നടക്കും. ആ സമയത്തു് ക്ഷീരത്തിന്റെ വീടുവിട്ടു് ഞാൻ പോകേണ്ടിവരും. “കൊട്ടാരത്തിൽ കൊടിയപദമായോരു സർവ്വാധികാരം” കുറുപ്പിന്നു് കിട്ടും. അപ്പോൾ ഞാൻ ആലോചിച്ച പണത്തിന്റെ മാർഗ്ഗവും അടഞ്ഞു പോകും. അങ്ങനെ വരുന്നതും കഷ്ടമല്ലേ; ഇവരെ തമ്മിൽ തല്ലിക്കയും വേണം. കുറേ പണം എനിക്കു കിട്ടുകയും വേണം. അങ്ങിനെയാണു് എന്റെ യുക്തി പോകേണ്ടതു്. അഞ്ചുമണിക്കല്ലേ നമ്പൂതിരി എഴുത്തിന്നു് വരാമെന്നു പറഞ്ഞതു് ഇരിക്കട്ടെ, ആലോചിക്കാം. ഒരു സൂത്രം കണ്ടു പിടിക്കേണം. ധാരാളം സമയം ഉണ്ടല്ലോ.

*****

മൂന്നു മണിക്കു ക്ഷീരം കൃഷ്ണക്കുറുപ്പിന്നു് കത്തെഴുതി മേശമേൽ വെച്ചു കുറേ വിശ്രമിക്കാൻ പോയി. കുമാരൻ നായർ കവർ കീറാതേ തുറന്നു എഴുത്തു വായിച്ചു അതു് തന്റേ പോക്കറ്റിൽ ഇട്ടു. അതിന്നു പകരം താൻ എഴുതിക്കൊണ്ടുവന്ന എഴുത്തു കവറിൽ ഇട്ടു് കവറു് അതിന്റെ സ്ഥാനത്തുതന്നേ വെച്ചു. അഞ്ചുമണിക്കു നമ്പൂതിരി ക്ഷീരത്തോടു് ആ എഴുത്തും വാങ്ങി നടന്നു.

അതാ കൃഷ്ണക്കുറുപ്പു് തന്റെ ഭവനത്തിന്റെ പൂമുഖത്തിരിക്കുന്നു. തന്റെ വിവാഹാനന്തരം സകല കടങ്ങളും വീട്ടിത്തീർക്കാം എന്നു് ആശ്വസിപ്പിച്ചു നിർത്തിയ കടക്കാരൊക്കെ നമ്പൂതിരി പോയ കാര്യം ശുഭത്തിൽ കലാശിച്ചോ എന്നറിവാനുള്ള ജിജ്ഞാസയോടെ അവിടെ നാലുമണിക്കുതന്നെ വന്നുകൂടിയിരിക്കുന്നു. എല്ലാരുടേയും മൂപ്പനായിട്ടു് കുബേരനായ കുഞ്ഞികൃഷ്ണ കർത്താവിനേയും അവിടെ കാണാൻ ഉണ്ടായിരുന്നു. അയാൾ, തന്റെ വാക്യാമൃതത്താൽ കടക്കാരെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. ദൂരേനിന്നു് നമ്പൂതിരി വരുന്നതു കണ്ടപ്പോൾ, മഴക്കാലത്തു് സൂര്യനെ കണ്ടപോലെ എല്ലാവരും സന്തോഷിച്ചു. നമ്പൂതിരി അടുത്തെത്തിയപ്പോൾ “എന്തായി” “കാര്യം നേരേ ആയില്ലേ?” എന്നു പലരും അക്ഷമരായി ചോദിച്ചു.

നമ്പൂതിരി:
എല്ലാം ഈ എഴുത്തിൽ കാണും.

എഴുത്തു നമ്പൂതിരി കൃഷ്ണക്കുറുപ്പിന്റെ വശം കൊടുത്തു. സംഭ്രമംകൊണ്ടു കൈ വിറവന്നുപോയ കുറുപ്പു് എഴുത്തു എല്ലാവരും കേൾക്കെ വായിക്കാൻവേണ്ടി കർത്താവിന്റെ വശം കൊടുത്തു.

കർത്താവു് എഴുത്തു് ഇങ്ങനെ വായിച്ചുതുടങ്ങി.

“എന്റെ മാന്യമിത്രമായ കുറുപ്പേ!”

ഈ സംബോധൻ കേട്ടപ്പോൾതന്നെ കടക്കാരുടെ ഹസ്തതാഡനംകൊണ്ടു് ദിക്കൊക്കെ മുഴങ്ങി. കർത്താവു് മന്ദമായി കടക്കാരെ ഒക്കെ ഓരോ വാചകം വായിക്കുന്തോറും ഇങ്ങനെ ലഹള കൂട്ടിയാൽ അയാൾ എഴുത്തും വലിച്ചെറിഞ്ഞു അയാളുടെ പാട്ടിന്നു് പോകും എന്നു് ഭീഷണിപ്പെടുത്തി. എല്ലാവരും എഴുത്തു വായിച്ചുതീരുംവരെ സ്ഥിരപ്രജ്ഞരായി ഇരിക്കും എന്ന വാഗ്ദത്തം സിദ്ധിച്ചതിൽപിന്നെ മാത്രമേ കർത്താവു് എഴുത്തു് വായിക്കാൻ തുടങ്ങിയുള്ളു.

എന്റെ മാന്യമിത്രമായ കുറുപ്പേ!

വിവാഹകാര്യത്തെപ്പറ്റി സംസാരിപ്പാൻ നിങ്ങൾ എന്റെ അടുക്കെ തുപ്പൻനമ്പൂതിരിയെ അയച്ചതു എന്തിനാണെന്നു് എനിക്കു മനസ്സിലാകുന്നില്ല. അയാൾ, മുഖം നോക്കാതെ, സത്യംമാത്രം പറയുന്ന ആളാണെന്നു നിങ്ങൾക്കു ബോധ്യമില്ലേ! നമ്പൂതിരി നിങ്ങളെപ്പറ്റിപ്പറഞ്ഞ വിവരങ്ങൾ കേട്ടിട്ടു് ഞാൻ ആശ്ചര്യപ്പെട്ടുപോയി. നിങ്ങളേപ്പോലെ ഒരു മദ്യപാനി ഈ നാട്ടിൽ ഉണ്ടായിട്ടില്ലപോലും. കുടിച്ചു ബോധമില്ലാതെ വീണ നിങ്ങളെ ആണിച്ചാലിൽനിന്നും, വേശ്യാത്തെരുവിൽനിന്നും പാടത്തിൽ നിന്നും പേറിക്കൊണ്ടുവരാൻ, അയാൾ നാലു ശമ്പളക്കാരെ പ്രത്യേകം വെയ്ക്കേണ്ടിവന്നുപോലും. നിങ്ങൾ കള്ളുഷാപ്പിലും ചാരായഷാപ്പിലും ഉണ്ടാക്കിയ കടം കൊടുത്തുതീർത്തിട്ടും, സുബോധമില്ലാത്ത നിലയിൽ നിങ്ങൾ എഴുതി ഒപ്പിട്ടുകൊടുത്ത പ്രോനോട്ടുകളുടെ സംഖ്യ കൊടുത്തുതീർത്തിട്ടും അയാൾ ഏകദേശം പാപ്പരായി എന്നാണു് പറഞ്ഞതു്. എന്നെ നിങ്ങൾ വിവാഹം ചെയ്വാൻ ആലോചിച്ചതു് നിങ്ങളുടെ കടം വീടാനും നിങ്ങളുടെ ധ്വംസനത്തിന്നു് വേണ്ടിവരുന്ന പണം വാങ്ങാൻ എന്നെ ഒരു ബേങ്കാക്കാനുംവേണ്ടി മാത്രമാണുപോലും. നിങ്ങൾ ആരാന്റെ കീശയിൽനിന്നു പണം പിടുങ്ങാൻ അതിവിദഗ്ദ്ധനാണത്രേ. നിങ്ങളുടെ ചങ്ങാതികൾ ഒക്കെ അറമുറിക്കുന്ന കള്ളന്മാരാണുപോലും. വേശ്യാസ്ത്രീകളോടു പ്രതിഫലം മേടിച്ചു, അവർക്കു കാമുകന്മാരെ ഉണ്ടാക്കിക്കൊടുക്കുന്ന ജോലി നിങ്ങൾ ഇന്നും പുലർത്തിവരുന്നുണ്ടുപോലും. മര്യാദക്കാരൊന്നും നിങ്ങളുടെ മുഖത്തു് നോക്കാറില്ല. വേശ്യകളുടെ ആട്ടും തുപ്പും കൊള്ളുന്നതിന്നു് നിങ്ങൾക്കു ശങ്കയോ സങ്കോചമോ ഇല്ലെന്നും കേട്ടു. നിങ്ങളെ വിവാഹം ചെയ്യുന്നതിനേക്കാൾ ശവം തിന്നുന്ന ചണ്ഡാളനേയോ കാഷ്ടമെടുക്കുന്ന തോട്ടിയേയോ വിവാഹം കഴിക്കുന്നതായിരിക്കും നല്ലതെന്നു് നമ്പൂതിരി പൂണൂൽ പിടിച്ചു സത്യം ചെയ്തു പറഞ്ഞിരിക്കുന്നു. ഇതൊക്കെ കേട്ടപ്പോൾ നിന്നെ വിവാഹിക്കാം എന്ന എന്റെ പണ്ടത്തെ വിചാരം പറപറന്നുപോയിരിക്കുന്നു. ഇപ്പോളാകട്ടെ, നിന്നെ വിവാഹിക്കുന്നതുപോകട്ടെ, നിന്നെ വിചാരിക്കുന്നതുതന്നെ എനിക്കു് അറപ്പും വെറുപ്പും ആണു്. അങ്ങനെ ഇരിക്കേ എന്റെ കാലു കഴുകിയ വെള്ളം കുടിപ്പാനുംകൂടി യോഗ്യത ഇല്ലാത്ത നീ, എന്നെ വിവാഹം ചെയ്വാൻ കാംക്ഷിച്ചതു് ഇയ്യം ഉരുക്കി നിന്റെ ചെവിട്ടിൽ പകരാനോ, ഇരുമ്പു പഴുപ്പിച്ചു നിന്റെ കണ്ണിൽ കുത്താനോ ആൾ ഇല്ലാതെ പോയിട്ടാണു്.

തുപ്പൻ നമ്പൂതിരിക്കു എന്നെ വിവാഹം ചെയ്വാൻ കാംക്ഷ ഉണ്ടെന്നു് അദ്ദേഹം എന്നെ അറിയിക്കുകയും ഞാൻ അതിന്നു അനുകൂലിക്കുകയും ചെയ്തിരിക്കുന്നു. നമ്പൂതിരിക്കു അന്നന്നു ഉൽക്കർഷം വർദ്ധിപ്പാനും നിന്റെ പൊള്ളത്തലയിൽ ഉടനെ ഇടിത്തീ വീഴാനും പ്രാർത്ഥിച്ചുകൊണ്ടു കാലം കഴിക്കുന്ന

ക്ഷീരസാഗരകന്യക.

“ശുദ്ധമേ നുണ. ആന വലിച്ചാൽ നീങ്ങാത്ത അസത്യം. പെണ്ണുങ്ങളുടെ കുസൃതിക്കു കയ്യും കണക്കും ഇല്ല. കുറുപ്പേ! ഇതൊന്നും വിശ്വസിക്കരുതു്” എന്ന നമ്പൂതിരിയുടെ വാക്കാണു് ഇതൊക്കെ കേട്ടു തരിച്ചുനിന്നുപോയ ജനങ്ങളുടെ നിശ്ശബ്ദത ഒന്നാമതു് ഭേദിപ്പിച്ചതു്. പിന്നെ അവിടെ ഉണ്ടായ ബഹളത്തിന്നു് സീമ കണ്ടവരില്ല. കുറുപ്പിനെ ശപിച്ചുകൊണ്ടു് പറിച്ചു കീറാൻ നോക്കിയ കടക്കാരേയും കൂടി “ഇനിയൊക്കെ കോടതി തീർച്ചപ്പെടുത്തട്ടെ” എന്നു സമധാനിപ്പിച്ചു കർത്താവു് പോയി. തുപ്പൻ നമ്പൂതിരിയും കുറുപ്പും തനിച്ചായി. കൃഷ്ണക്കുറുപ്പു് ത്രിപുരാന്തകനെപ്പോലെ നമ്പൂതിരിയെ നോക്കി. സത്യസന്ധനായ നമ്പൂതിരിക്കു വലിയ കൂസലൊന്നും കണ്ടില്ല. ക്ഷീരത്തിന്റെ കാപട്യത്തിന്റെ ഭയങ്കര കാർക്കശ്യം വിചാരിച്ചു നമ്പൂതിരി അതിശയിച്ചുപോയി. നമ്പൂതിരിയും കുറുപ്പും രണ്ടു പ്രകാരത്തിൽ കോപാകുലന്മാരായി.

കൃ: കു:
ഏതായാലും നിങ്ങളെ ഇപ്പോൾ നല്ലവണ്ണം മനസ്സിലായി.
തു: ന:
നീ മനസ്സിലാക്കേണ്ടതു് പെണ്ണുങ്ങൾ കള്ളത്തികൾ എന്നാണു്.
കൃ: കു:
പെണ്ണുങ്ങൾ എന്തെങ്കിലും ആയിക്കോട്ടെ.
തു: ന:
അവരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാണു്.
കൃ: കു:
എനിക്കു നിങ്ങളുടെ കാര്യമാണു് പറവാനുള്ളതു്.
തു: ന:
എനിക്കൊന്നും വന്നിട്ടില്ല. നിന്റെ കാര്യമാണു് അമാന്തമായതു്.
കൃ: കു:
വേണ്ട. എന്നേക്കൊണ്ടു് അധികം പറയിക്കേണ്ട.
തു: ന:
ഒന്നും പറയേണ്ട എന്നാണു് ഞാനും പറയുന്നതു്.
കൃ: കു:
എങ്ങിനെ പറയാതെ ഇരിക്കും.
തു: ന:
മിണ്ടാതിരുന്നു കാമദേവനെ ജപിച്ചിട്ടു്.
കൃ: കു:
അതു നിങ്ങളുടെ ഇല്ലത്തെ അന്തർജ്ജനങ്ങളോടാണു് പറയേണ്ടതു്.
തു: ന:
അവരേപ്പറ്റി പറവാൻ നിണക്കു വല്ല കാര്യവുമുണ്ടോ?
കൃ: കു:
നിന്നെ പെറ്റവളും നിന്റെ ഉടപ്പിറന്നവളും ആ ചാളയിലല്ലേ കിടക്കുന്നതു്.
തു: ന:
എടാ! തെമ്മാടി! സൂക്ഷിച്ചിട്ടുവേണം സംസാരിക്കാൻ.
കൃ: കു:
നീയാണു് സൂക്ഷിക്കേണ്ടതു്. ഒരു പൂണൂൽ ഇട്ടതുകൊണ്ടു് നിന്നെ ആരാണെടാ ബഹുമാനിക്കുന്നതു്?
തു: ന:
നിന്നേപ്പോലെ ഉള്ള നായ്ക്കളൊന്നും എന്നെ ബഹുമാനിക്കേണ്ട.
കൃ: കു:
ഈ പൂണൂലും ചുമന്നു നടക്കുന്നതെന്തിനാണു്. നായ്ക്കളെ കെട്ടാനുംകൂടി അതു് ഉതകില്ല.
തു: ന:
അതു നിന്റെ കഴുത്തിൽ കെട്ടി മുറുക്കുവാനാണു്.
കൃ: കു:
അതു എന്റെ അരയിൽ കെട്ടിയാൽ കോണകമെങ്കിലും ഉടുക്കാൻ കൊള്ളാം.

ഇതു് കേട്ട ഉടനെ ക്രോധാന്ധനായ നമ്പൂതിരി പെട്ടെന്നു് കുറുപ്പിന്റെ പള്ളയ്ക്കു ഒരു ചവിട്ടു കൊടുത്തു. കുറുപ്പു് നമ്പൂതിരിയെ സാഷ്ടാംഗം നമസ്കരിച്ചപോലെ കുമ്പിട്ടു വീണു. അവിടേ നിന്നു നമ്പൂതിരിയുടെ കാൽ രണ്ടും പിടിച്ചു വലിച്ചപ്പോൾ നമ്പൂതിരിയും പഠോ എന്നു തന്റെ ശരീരംകൊണ്ടു് ഭൂദേവിയെ ഒന്നു പ്രഹരിച്ചു, മലർന്നുവീണു. കുറുപ്പു് നമ്പൂതിരിയുടെ നെഞ്ഞത്തു കേറിയിരുന്നു വേള പിടിച്ചു ഞെക്കി. കണ്ണു് തുറുത്തിപ്പോയ നമ്പൂതിരി കുറുപ്പിന്റെ മദ്ധ്യഭാഗത്തു് കാൽ മടക്കി മുട്ടുകൊണ്ടു് ഒരു കുത്തു കുത്തി. മരണവേദനകൊണ്ടു് കിടന്നുപോയ കുറുപ്പു് മുഷ്ടി ചുരുട്ടി നമ്പൂതിരിയുടെ തലയ്ക്കു തെരുതെരെ കുത്തി. നമ്പൂതിരി ഒന്നു ചെരിഞ്ഞു കുറുപ്പിനെ ചോടെയാക്കി മുഖത്തു് അഞ്ചാറിടി കൊടുത്തപ്പോൾ കുറുപ്പിന്റെ മുഖം ഫുട്ട്ബാൾപോലെ വീർത്തു. കുറുപ്പു് നമ്പൂതിരിയുടെ മൂക്കു കടിച്ചു. നമ്പൂതിരി കുറുപ്പിന്റെ ചെവി കടിക്കാൻ നോക്കിയപ്പോൾ മാംസഭോജനം നിഷിദ്ധമെന്നുവച്ചു, കണ്ണിന്നു ഒരു ഇടി കൊടുത്തു. രണ്ടാളും അന്യോന്യം കെട്ടിപ്പിടിച്ചു നായ്ക്കളെപ്പോലെ ഉരുണ്ടുമറിയുവാൻ തുടങ്ങി. എന്തിന്നു പറയുന്നു

“ഏറ്റു മയച്ചുമടിച്ചുമിടിച്ചു മണ്ടൂറ്റം പിടിച്ചും

കടിച്ചും പൊടിച്ചുമ-

മാറ്റലരന്തകന്മാരായ്മരുവിന

കൂറ്റരും തങ്ങളിലേറ്റുപൊരുതവേ”

കുമാരൻനായരും കുഞ്ഞിക്കൃഷ്ണക്കർത്താവും അവിടെ കേറി വന്നു.

കുമാരൻനായർ:
ഇതെന്തു കഥ! കുറുപ്പും നമ്പൂതിരിയുമോ? ഇവർ തമ്മിൽ ഇത്രത്തോളം അടുപ്പാണെന്നു് ആരെങ്കിലും വിചാരിച്ചിരുന്നോ? ഹാ ഹാ. ഗാമയും റാംസിങ്ങും തമ്മിലുള്ള അങ്കമല്ലേ കാണുന്നതു്! പവൻ കൊടുത്താൽ ഇങ്ങിനെ ഒരു കാഴ്ച കിട്ടുമോ? നല്ലവണ്ണം കൊടുക്കിൻ കൂട്ടരേ! ദൂട്ടു് ഞാൻ തരും. തോല്ക്കുന്നതു പോരായ്മയാണു്. ആണുങ്ങളായാൽ ഉശിര് കാട്ടാതെ വിടരുതു്. ബാലിസുഗ്രീവന്മാരെപ്പോലെ ഇരിക്കണം. “മാരക്രീഡാമഹലഹളയിലും” കൂടി ഇങ്ങിനെ ഒരു കെട്ടിമറിച്ചിൽ ഞാൻ കണ്ടിട്ടില്ല.

കർത്താവു് ബലം പ്രയോഗിച്ചു രണ്ടു പോരാളികളേയും വിടുർത്തി. രണ്ടാളും കിതച്ചുകൊണ്ടു് എഴുനേറ്റു നിന്നു. നമ്പൂതിരിയുടെ മൂക്കിന്മേൽനിന്നു് ചോര ഒലിച്ചിരുന്നു.

കുമാരൻനായർ:
(നമ്പൂതിരിയോടു് സ്വകാര്യമായി) അസ്സലായി. ഇതുവരെ കുറുപ്പിന്റെ തറവാട്ടിലെ കൂട്ടരുടെ കടിയേറ്റു. ഇപ്പോൾ കുറുപ്പിന്റെ കടിയും ഏറ്റു. പൂർത്തിയായി ഇല്ലേ?

നമ്പൂതിരി എന്തൊക്കെയോ നൊടിഞ്ഞുങ്കൊണ്ടു് അവിടംവിട്ടു പോയി.

കുമാരൻനായർ മന്ദഹാസത്തോടെ കുറുപ്പിന്റെ പുറത്തു ഒന്നുരണ്ടു മുട്ടി.

കു: നാ:
ഒട്ടും വിഷാദിക്കേണ്ട കുറുപ്പേ! നിങ്ങൾ നമ്പൂതിരിയെ ക്ഷീരത്തിന്റെ അടുക്കെ അയച്ചതാണു് തെറ്റു്.
കൃ: കു:
എന്തു ചെയ്യും. അങ്ങിനെ വന്നുപോയില്ലേ!
കു: നാ:
ക്ഷീരത്തെ നിങ്ങൾക്കു വിവാഹം കഴിപ്പാൻ മോഹം ഉണ്ടെങ്കിൽ മദ്ധ്യസ്ഥനായി എന്നെ ആയിരുന്നു നിങ്ങൾ അയയ്ക്കേണ്ടതു്.
കൃ: കു:
നമ്പൂതിരിയെ വിവാഹം ചെയ്യാമെന്നു അവൾ വാഗ്ദത്തം ചെയ്തുപോയില്ലേ? ഇനി ഇപ്പോൾ എന്താണു് നിവൃത്തി?
കു: നാ:
അവളുടെ വാക്കു നമ്പൂതിരിക്കിരിക്കട്ടെ. ദേഹം നിങ്ങൾക്കും ഇരിക്കട്ടെ.
കൃ: കു:
അതെങ്ങിനെ സാധിക്കും?
കു: നാ:
നമ്പൂതിരിയുമായി വിവാഹത്തിന്റെ ഉടമ്പടി ഞാൻ റദ്ദാക്കും. നിങ്ങളുമായിട്ടുള്ള വിവാഹം ഞാൻ ഉറപ്പിച്ചും വരും.
കൃ: കു:
അങ്ങിനെ ചെയ്താൽ ഉപകാരമായിരുന്നു.
കു: നാ:
നിന്റെ വശം പണമില്ല. കർത്താവിന്റെ വശം പണം എത്രയെങ്കിലും ഉണ്ടു്. കർത്താവേ, നാളെ രാവിലെ കുറുപ്പിന്റെ കടക്കാരെ ഒക്കെ കൂട്ടിക്കൊണ്ടു വരിൻ. ആയിരം ഉറുപ്പിക റൊക്കം കൊണ്ടുവരികയും വേണം. കുറുപ്പിനെ വിവാഹം കഴിക്കാമെന്ന, ക്ഷീരത്തിന്റെ തറവാടു് സീൽവെച്ച സ്വഹസ്താക്ഷര എഴുത്തുംകൊണ്ടു് ഞാൻ വരുമ്പോൾ ആയിരം ഉറുപ്പികയുടെ കിഴി നിങ്ങൾ എനിക്കു തരണം. വിവാഹം കഴിഞ്ഞാൽ അതു നിങ്ങൾക്കു എളുപ്പത്തിൽ കുറുപ്പോടു് പിരിപ്പിക്കാമല്ലോ.
കുഞ്ഞികൃഷ്ണക്കർത്താവു്:
യാതൊരു സംശയവുമില്ല, റെഡി.
കൃ: കു:
ഞാൻ ഒരിക്കൽകൂടി വഷളാകുമോ എന്ന ഒരു ശങ്ക.
ആ സിഗററ്റ്
കെ. സുകുമാരൻ, ബി. എ.
കുമാരൻനായർ:
നീ മാത്രം സിഗറ്ട്ട് വലിച്ചാൽ മതിയോ?
കൃഷ്ണക്കുറുപ്പു്:
മതി എന്നു ആരും പറയുകയില്ല.
കു: നാ:
പിന്നെ എന്തുകൊണ്ടു് എനിക്കൊന്നു തന്നില്ല.
കൃ: കു:
നിങ്ങൾ ചോദിക്കാത്തതുകൊണ്ടു്.
കു: നാ:
ചോദിക്കണമെന്നു് വല്ല നിർബ്ബന്ധവുമുണ്ടോ?
കൃ: കു:
ചോദിക്കാഞ്ഞാൽ തരണം എന്ന നിർബ്ബന്ധവുമില്ല.
കു: നാ:
ഉണ്ടെങ്കിലല്ലേ ചോദിച്ചിട്ടു് ഫലമുള്ളു.
കൃ: കു:
അതും ചോദിച്ചാലേ അറികയുള്ളു.
കു: നാ:
ഉണ്ടെങ്കിൽ ഇതാ ഒന്നു് എന്നു നിനക്കു് പറഞ്ഞുകൂടയോ?
കൃ: കു:
അതിനു് നിങ്ങൾ പതിവായി സിഗറ്ട്ട് വലിക്കുന്ന ആളായിട്ടു് വേണ്ടേ!
കു: നാ:
പതിവായിട്ടു് വലിക്കാത്തവർക്കു നീ കൊടുക്കുകയില്ല.
കൃ: കു:
കൊടുത്തിട്ടു് കാര്യമില്ല.
കു: നാ:
ഇതു നീ തല്ക്കാലം ഉണ്ടാക്കിയ പുതിയ റൂളാണോ?
കൃ: കു:
ഇതു ഞാൻ ബഹുകാലമായി ആചരിച്ചുവരുന്ന റൂൾ ആണു്.
കു: നാ:
നിന്റെ റൂളൊന്നും എനിക്കു ബാധകമല്ല.
കൃ: കു:
എന്റെ റൂളു് ഒരു രാജശാസനയാണെന്നു് ഞാനും വിചാരിക്കുന്നില്ല.
കു: നാ:
നീ രാജാവല്ല എന്നു് എനിക്കു നിശ്ചയമുണ്ടു്.
കൃ: കു:
ഞാൻ കൃഷ്ണക്കുറുപ്പാണു്.
കു: നാ:
നീ ശ്രീകൃഷ്ണനല്ലെന്നും എനിക്കറിയാം.
കൃ: കു:
നിങ്ങൾക്കു പലതും അറിയാം.
കു: നാ:
അപ്പോൾ സിഗറട്ടൊ?
കൃ: കു:
വേണമെങ്കിൽ മര്യാദയ്ക്കു ചോദിച്ചോളു.
കു: നാ:
‘ഇല്ല’ എന്നു നീ പറഞ്ഞാലോ എന്നു് ശങ്കിച്ചിട്ടാണു് ഞാൻ ചോദിക്കാത്തതു്.
കൃ: കു:
ഇല്ലെങ്കിൽ ഇല്ലെന്നു പറയാതെ നിവൃത്തി ഉണ്ടോ?
കു: നാ:
നീ ഇല്ല എന്നു പറയുന്നതു കേൾക്കാൻ എനിക്കിഷ്ടമില്ല.
കൃ: കു:
ആരും ഇല്ലെന്നു പറയുന്നതു കേൾക്കാത്ത ആളാണോ നിങ്ങൾ?
കു: നാ:
ഇല്ല എന്നു പണത്തിന്റെ കാര്യത്തിലേ ഞാൻ കേട്ടിട്ടുള്ളു.
കൃ: കു:
ഇല്ല എന്നു പെണ്ണുങ്ങൾ പറഞ്ഞതു് നിങ്ങളെപ്പോലെ കേട്ടവർ വേറെ ഉണ്ടായിരിക്കയില്ല.
കു: നാ:
പെണ്ണുങ്ങളുടെ ‘ഇല്ല’യിൽ ഒരു സാരസ്യമുണ്ടു്.
കൃ: കു:
അതു നിങ്ങൾക്കു ഒരു മനോഹര ‘ഇല്ല’ ആയിരിക്കും
കു: നാ:
“ശൃണ്വൻ കർണ്ണസുഖം നിഷേധവചനം” അതിനെന്തു പറയുന്നു?
കൃ: കു:
അതേ. സാധാരണ അച്ചടിക്കു പകരം സ്വർണ്ണലിപിയിൽ അച്ചടിച്ച ‘ഇല്ല.’
കു: നാ:
അതിൽ ഒരു മാഹാത്മ്യമില്ലേ?
കൃ: കു:
ഇരുമ്പിന്റെ വടികൊണ്ടടിച്ചാലും സ്വർണ്ണത്തിന്റെ വടികൊണ്ടടിച്ചാലും വേദന ഒരുപോലെ മാഹാത്മ്യമുള്ളതാണു്. അതുപോലെയാണു് ‘ഇല്ല’യും.
കു: നാ:
എടോ! പെണ്ണുങ്ങൾ ആയിരം വട്ടം ‘ഇല്ല’ എന്നു പറയുന്നതു്, ഒരു പകുതി ‘അതേ’ ആണെന്നല്ലേ ഒരു മഹാകവി പറഞ്ഞതു്.
കൃ: കു:
ഞാൻ പെണ്ണുമല്ല, ഒരു മഹാകവിയുമല്ല.
കു: നാ:
നീ പിന്നേയും പലതുമല്ല.
കൃ: കു:
ഞാൻ നിങ്ങളുമല്ല.
കു: നാ:
ഞാൻ സല്ക്കാരപ്രിയനാണു്.
കൃ: കു:
ഞാനും അപ്രകാരംതന്നെ എന്നാണു് എന്റെയും വിചാരം.
കു: നാ:
എന്നാൽ വിചാരം കർമ്മംകൊണ്ടു് പൂരിപ്പിക്കരുതോ?
കൃ: കു:
ആവശ്യപ്പെടട്ടെ. അപ്പോൾ കർമ്മവും കാണും.
കു: നാ:
ഞാൻ ആവശ്യപ്പെടുന്നു.
കൃ: കു:
എന്തിന്നു്?
കു: നാ:
ഒരു സിഗറട്ടിന്നു്.
കൃ: കു:
അതാ ആ സഞ്ചിയിൽനിന്നു് ഒന്നെടുത്തോളു.
കു: നാ:
(സഞ്ചിയിൽ കയ്യിട്ടിട്ടു്) ഇതിൽ പരബ്രഹ്മംപോലെ ഒന്നേ ഉള്ളു.
കൃ: കു:
നിങ്ങളും അതുപോലെ ഒരാളേ ഉള്ളു.
കു: നാ:
ഒരാൾക്കു ഒരു സിഗറട്ട് മതിയോ?
കൃ: കു:
സിഗററ്റിനുംകൂടി നിങ്ങൾക്കു ഒരു സെനാന (Zenana) വേണമോ?
കു: നാ:
ഉണ്ടായാൽ തരക്കേടില്ല.
കൃ: കു:
ഒരേ സമയത്തു് ഒന്നുമാത്രം പോരേ?
കു: നാ:
ഒന്നു കഴിഞ്ഞാൽ ഉടനെ മറ്റൊന്നു വേണം.
കൃ: കു:
ഒന്നു് തീരട്ടെ. മറ്റൊന്നിന്റെ കാര്യം പിന്നെയാവാം.
കു: നാ:
(സിഗറട്ടെടുത്തു നോക്കീട്ടു്) ഇതു അലസന്റെ കോശം[1] പോലെ ചുക്കിച്ചുളിഞ്ഞിരിക്കുന്നല്ലോ.
കൃ: കു:
എനിക്കു നിങ്ങളുടെ ഉപമ മനസ്സിലാകുന്നില്ല.
കു: നാ:
ഇതു വൃദ്ധയുടെ സ്തനംപോലെ ഉള്ളൊഴിഞ്ഞു പോയതാണല്ലോ.
കൃ: കു:
തിടുക്കം നേരിടുമ്പോൾ അതും നന്നു്.
കു: നാ:
ഈ വലിച്ചെറിയേണ്ടുന്ന പണ്ടമോ?
കൃ: കു:
പണ്ടം ആരും വലിച്ചെറിയുകയില്ല.
കു: നാ:
എന്നാൽ ഈ പണ്ടം ഇവിടെത്തന്നെ ഇരിക്കട്ടെ.
കൃ: കു:
അതു ഒരേടത്തു വളരെനേരം ഇരിക്കുന്ന പണ്ടമല്ല.
കു: നാ:
എന്താ! ഇതു് പെണ്ണിന്റെ കണ്ണു്പോലെ, പാഞ്ഞുകളിക്കുന്ന പണ്ടമാണോ?
കൃ: കു:
കിട്ടാതാകുമ്പോൾ, പെണ്ണിന്നു് എന്നപോലെ, ഇതിനുവേണ്ടിയും പലരും പാഞ്ഞുകളിക്കും.
കു: നാ:
അതിനു് മന്മഥന്റെ സഹായവുംകൂടി വേണ്ടേ!
കൃ: കു:
ഇതിന്നു് ധൂമകേതുവിന്റെ ബാധമാത്രം മതി.
കു: നാ:
ഞാൻ കിട്ടിയതു് ഉപേക്ഷിക്കാനാണു് ഭാവം.
കൃ: കു:
അങ്ങനെ ഒരു അപേക്ഷ ഞാൻ ചെയ്യുന്നില്ല.
കു: നാ:
നീ വേണ്ടാതെ വെച്ച സിഗററ്റ് എനിക്കു വേണ്ട.
കൃ: കു:
എന്തുകൊണ്ടു്.
കു: നാ:
അതു നീ ഉപേക്ഷിച്ച പെണ്ണിനെപ്പോലെയാണു്.
കൃ: കു:
ആരുമില്ലെങ്കിൽ ചീരുവായാലും മതി.
കു: നാ:
തേങ്ങയില്ലെങ്കിൽ ചിരട്ട മതി എന്നോ?
കൃ: കു:
സർവ്വത്തില്ലെങ്കിൽ പച്ചവെള്ളംകൊണ്ടും ദാഹം കെടും.
കു: നാ:
പച്ചവെള്ളം ഇല്ലെങ്കിൽ കലക്കുവെള്ളം മതിയെന്നോ?
കൃ: കു:
അതുകൊണ്ടു് തൃപ്തിപ്പെടണം.
കു: നാ:
നീ നിന്റെ മോശം കാര്യമാണു് ഇപ്പോൾ പറഞ്ഞതു്.
കൃ: കു:
ഒന്നും കിട്ടാത്ത സമയത്തു മോശത്തിനും മഹിമകൂടും.
കു: നാ:
നിന്റെ മോശമൊന്നും എനിക്കു വേണ്ട.
കൃ: കു:
എനിക്കു കിട്ടിയതുകൊണ്ടു മാത്രം അതു മോശമായിരിക്കും എന്നില്ല.
കു: നാ:
മോശമല്ലാത്തതു് നിനക്കു കിട്ടാൻ വഴിയില്ല.
കൃ: കു:
അതുംകൂടി നിങ്ങൾക്കു കിട്ടിയില്ല.
കു: നാ:
വേണ്ടാത്തതു എനിക്കു കിട്ടുകയും വേണ്ട.
കൃ: കു:
വേണ്ടാത്തതു് നിങ്ങളിൽതന്നെ വളരെ കിടപ്പുണ്ടു്.
കു: നാ:
ഇപ്പോൾ ഒന്നു നിന്റെ കയ്യിലും.
കൃ: കു:
അതും എന്റെ ഭാഗ്യം.
കു: നാ:
നിനക്കു ഈ ഭാഗ്യം എവിടുന്നു കിട്ടി.
കൃ: കു:
ഭാഗ്യം എവിടുന്നും വാങ്ങാൻ കിട്ടില്ല.
കു: നാ:
നിന്റെ സിഗറട്ടും അങ്ങിനെ ആയിരിക്കും.
കൃ: കു:
സിഗറട്ട് ഞാൻ വാങ്ങിയതല്ല.
കു: നാ:
ഭാഗ്യംകൊണ്ടു് വീണുകിട്ടിയതായിരിക്കും.
കൃ: കു:
അതിലും ഭംഗിയുള്ള വിധത്തിലാണു് കിട്ടിയതു്.
കു: നാ:
ഭാഗ്യവും ഭംഗിയും ഇടകലർന്നിട്ടോ?
കൃ: കു:
അതേ.
കു: നാ:
ചാണകവും കരിയും പോലെയോ?
കൃ: കു:
ചന്ദനവും പനിനീരുംപോലെ.
കു: നാ:
സമ്പർക്കംകൊണ്ടു് നല്ല സാധനങ്ങളെ ചീത്തയാക്കൊല്ല.
കൃ: കു:
എന്നുവച്ചാൽ.
കു: നാ:
ഉപമാനത്തെ ഉപമേയംകൊണ്ടു് വഷളാക്കേണ്ട.
കൃ: കു:
ഞാൻ അതിനൊന്നും ആളല്ല.
കു: നാ:
എന്നാൽ ഇതു പറവാനെങ്കിലും നീ ആളാകുക.
കൃ: കു:
ഏതു് ?
കു: നാ:
ഈ സിഗറട്ട് നിനക്കു എവിടുന്നു കിട്ടി എന്നു്.
കൃ: കു:
അതു ഒരു സമ്മാനം ആണു്.
കു: നാ:
ഞാൻ ഊഹിച്ചു.
കൃ: കു:
കാരണം?
കു: നാ:
വില കൊടുത്തു വല്ലതും വാങ്ങുന്ന സമ്പ്രദായം നിനക്കില്ല.
കൃ: കു:
സമ്മാനത്തിനു് ആരും വില കൊടുക്കാറില്ല.
കു: നാ:
ആർക്കും വേണ്ടാത്തതു് നിനക്കിങ്ങനെ കൂടക്കൂടെ സമ്മാനം കിട്ടാറുണ്ടോ?
കൃ: കു:
എല്ലാവർക്കും വേണ്ടുന്നതേ കിട്ടാറുള്ളു.
കു: നാ:
എല്ലാവർക്കും വേണ്ടുന്നതു മോക്ഷമല്ലേ?
കൃ: കു:
അതു മരിച്ചതിൽപിന്നേയല്ലേ.
കു: നാ:
മരണത്തിന്റെ കാര്യം ഇപ്പോൾ വലിച്ചെറിയൂ.
കൃ: കു:
എന്നാൽ ജനനത്തിന്റെ കാര്യം പറയാം.
കു: നാ:
ജനിക്കേണമെങ്കിൽ മരിക്കേണ്ടയോ?
കൃ: കു:
എല്ലാംകൂടി ജനനവും മരണവും ഒന്നായിപ്പോയോ?
കു: നാ:
കാരസ്കരവും അതിന്റെ കൈയ്പുരസവും ഒന്നല്ലേ?
കൃ: കു:
നിങ്ങൾ എന്നെ ഭ്രാന്തുപിടിപ്പിക്കേണ്ട.
കു: നാ:
നിന്നെ ഈ സിഗറ്ട്ടാണു് ഭ്രാന്തുപിടിപ്പിക്കുന്നതു്.
കൃ: കു:
നേരെമറിച്ചു ഈ സിഗറ്ട്ടാണു് എനിക്കു ആശ്വാസവും തൃപ്തിയും ഉണ്ടാകുന്നതു്.
കു: നാ:
പിന്നെ നീ എന്തിനാണു് അതു കെടുത്തി വെച്ചതു്?
കൃ: കു:
ഇടയ്ക്കിടയ്ക്കു വലിക്കാൻ വേണ്ടിയാണു് അതു കൂടക്കൂടെ കെടുത്തുവെക്കുന്നതു്.
കു: നാ:
എന്നാൽ എന്തുകൊണ്ടു് കുറേ അധികം വാങ്ങിവെക്കുന്നില്ല.
കൃ: കു:
ഇപ്പോലെ ഒന്നു് വില കൊടുത്താൽ കിട്ടില്ല.
കു: നാ:
അതല്ലേ എവിടുന്നു കിട്ടി എന്നു് ഞാൻ ചോദിച്ചതു്.
കൃ: കു:
അതു ഒരു സമ്മാനമാണെന്നു ഞാൻ പറഞ്ഞില്ലേ.
കു: നാ:
ആരുടെ സമ്മാനം എന്നാണു് ഞാൻ ചോദിക്കുന്നതു്.
കൃ: കു:
അതു കേൾക്കുമ്പോൾ നിങ്ങൾക്കു അസൂയവരാൻ മതി.
കു: നാ:
ഇഷ്ടാ! ഞാൻ വല്ലവരേയും അസൂയപ്പെടാറുണ്ടോ?
കൃ: കു:
അതു ഞാൻ എങ്ങിനെ അറിയും?
കു: നാ:
നിനക്കെന്തു തോന്നുന്നു?
കൃ: കു:
സുന്ദരികളുടെ ഭർത്താക്കന്മാരെ ഒക്കെ നിങ്ങൾ അസൂയപ്പെടാറുണ്ടെന്നു് എനിക്കു സത്യത്തിന്മേൽ മൊഴി കൊടുക്കാം.
കു: നാ:
സുന്ദരികളായ ഭാര്യമാരുടെ കാമുകനാണു് ഞാൻ. പിന്നെ അവരുടെ ഭർത്താക്കന്മാരെ ഞാൻ എന്തിനു് അസൂയപ്പെടണം.
കൃ: കു:
ഭർത്താക്കന്മാർക്കു് പരസ്യമായി ചെല്ലാം. രഹസ്യക്കാർക്കു് അങ്ങിനെ ഒരു സ്വാതന്ത്ര്യം ഇല്ല.
കു: നാ:
അതു ഒരു കാംക്ഷിക്കത്തക്ക സ്വാതന്ത്ര്യമല്ല.
കൃ: കു:
ആ ന്യായത്തിനു് “മുന്തിരിങ്ങയും കുറുക്കനും” എന്നാണു് പേർ.
കു: നാ:
എടോ! നീ ന്യായം പറവാൻ തുടങ്ങുന്നതാണു് അന്യായം.
കൃ: കു:
ന്യായം ആർക്കും പറയാം.
കു: നാ:
നിന്റെ പ്രമാണംകൊണ്ടു ഞാൻ തോറ്റു.
കൃ: കു:
നിങ്ങൾ മാത്രം പ്രമാണിയായാൽ മതിയോ?
കു: നാ:
പ്രമാണിത്വം ജനങ്ങളുടെ ധാരണയിന്മേലാണു് കിടക്കുന്നതു്.
കൃ: കു:
ജനങ്ങൾക്കൊന്നും നിങ്ങളെ വിലയുണ്ടെന്നു് തോന്നുന്നില്ല.
കു: നാ:
അതുകൊണ്ടു് എനിക്കുള്ള വില പൊയ്പോകുമോ?
കൃ: കു:
ഉണ്ടായിട്ടുവേണ്ടേ വല്ലതും പൊയ്പ്പോകാൻ.
കു: നാ:
എടോ! പൂച്ചക്കു് പൊന്നിന്റെ വില തിരിയുമോ?
കൃ: കു:
അതിനെ പോറ്റുന്ന ആച്ചക്കു തിരിഞ്ഞാൽ മതി.
കു: നാ:
ആ വാക്കിൽ ഒരു ഈച്ചയുടെ ബുദ്ധിയുംകൂടി കിടപ്പില്ല.
കൃ: കു:
നിങ്ങൾ വലിയ ബുദ്ധിമാനായിരിക്കാം.
കു: നാ:
ഞാൻ ബുദ്ധിമാനോ കലമാനോ എന്തെങ്കിലുമാകട്ടെ. നീ ഉള്ളതെന്താണു് പറയാത്തതു്.
കൃ: കു:
നിങ്ങൾ ഒരു അസൂയകുക്ഷിയാണു്.
കു: നാ:
ശരി. എന്റെ കുക്ഷി ആരാന്റേ അസൂയകൊണ്ടു് നിറഞ്ഞതാണു്.
കൃ: കു:
അതെങ്ങിനെ?
കു: നാ:
എന്നേ അസൂയപ്പെടാത്തവർ ആരും ഇല്ലാത്തതുകൊണ്ടു്.
കൃ: കു:
ആരുമില്ലെങ്കിൽ ഞാനുണ്ടു്.
കു: നാ:
നീയോ: അതു പണത്തിന്റേ കാര്യത്തിലല്ലേ.
കൃ: കു:
എനിക്കു കിട്ടിയ സമ്മാനം എവിടെവെച്ചു.
കു: നാ:
ആ സിഗറട്ടൊ.
കൃ: കു:
അതേ.
കു: നാ:
ആർ തന്നതു്?
കൃ: കു:
ഒരാൾ തന്നതു്.
കു: നാ:
ഒരു മൃഗമായിരിക്കയില്ല എന്നു് എനിക്കും നിശ്ചയമുണ്ടു്.
കൃ: കു:
നിധിയേക്കാൾ മഹിമ ഉള്ള ഒരാൾ.
കു: നാ:
അതു ഞാൻ പിന്നെ തീർച്ചപ്പെടുത്താം. ആൾ ആണോ പെണ്ണോ.
കൃ: കു:
എന്നേ പ്രേമിക്കുന്ന ഒരു സ്ത്രീ.
കു: നാ:
ആ സ്ത്രീ നിന്റെ സിഗറട്ടു പോലെ ചുക്കിച്ചുളിഞ്ഞവളാണോ?
കൃ: കു:
നല്ല Gold flakes പോലെ സ്വർണ്ണവർണ്ണത്തിൽ മാംസളമായ ഒരു തരുണി.
കു: നാ:
മാംസമില്ലാത്ത ഒരു തരുണിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
കൃ: കു:
വേണ്ടുന്ന സ്ഥാനങ്ങളിൽ വേണ്ടതിലധികം മാംസമുള്ള തരുണി.
കു: നാ:
നിന്നെ അങ്ങിനെ ഒരു തരുണി പ്രേമിച്ചു എന്നോ?
കൃ: കു:
എന്താ; നിങ്ങളേയേ പാടുള്ളു എന്നുണ്ടോ?
കു: നാ:
നീ നിന്റെ കാര്യം പറയൂ.
കൃ: കു:
ഞാനെന്താ! ഒരു ആണല്ലെന്നുണ്ടോ?
കു: നാ:
എന്നോ? ഒന്നു പരിശോധിക്കേണ്ടതാണു്.
കൃ: കു:
നിങ്ങൾ ഒരാണെന്നു് പറവാൻ ഞാൻ പരിശോധിച്ചു നോക്കണമോ?
കു: നാ:
വേണ്ട, പെണ്ണുങ്ങളോടു് ചോദിച്ചാൽ മതി.
കൃ: കു:
ആണുങ്ങൾക്കൊന്നും ആ വിവരം ഉണ്ടാകയില്ലെന്നോ?
കു: നാ:
പെണ്ണുങ്ങളെപ്പോലെ ഉണ്ടാവാൻ ഇടയില്ല.
കൃ: കു:
നിന്റെ ചോദ്യമാണു് സംശയത്തിനു് ഇടവരുത്തിയതു്.
കു: നാ:
എല്ലാ കുറ്റവും എന്റെ പിരടിയിലിരിക്കട്ടെ.
കു: നാ:
നിന്റെ പിരടികണ്ടാൽ രണ്ടു് തല്ലാൻ ആർക്കും കൈപൊന്തിപ്പോകും.
കൃ: കു:
എന്നാൽ തല്ലിക്കൊൾക. നിങ്ങളുടെ പൂതി തീരട്ടെ.
കു: നാ:
എടോ! കേസരിക്കു് ആനകളെ ദ്രോഹിക്കാനേ മനസ്സുവരുള്ളു.
കൃ: കു:
നിങ്ങൾക്കു ദ്രോഹവിചാരം മാത്രമേ ഉള്ളു എന്നുണ്ടോ?
കു: നാ:
നീ നിന്റെ കാര്യം പറയൂ. എന്നിട്ടാവാം മറ്റുള്ളതു്.
കൃ: കു:
എന്റെ കാര്യമല്ലേ ഞാൻ പറഞ്ഞുതുടങ്ങിയതു്?
കു: നാ:
നീ പിടിച്ചുപറികൊണ്ടല്ലേ കാര്യം തുടങ്ങിയതു്.
കൃ: കു:
എന്താണു് അങ്ങിനെ പറയുന്നതു്.
കു: നാ:
നീ ഒരു കവർച്ച കഴിച്ചു എന്നല്ലേ പറഞ്ഞതു്?
കൃ: കു:
ഞാനുണ്ടോ അങ്ങിനെ വല്ലതും പറഞ്ഞിട്ടു്.
കു: നാ:
ഒരു പെണ്ണിന്റെ പ്രണയം നീ കവർന്നു എന്നു പറഞ്ഞില്ലേ?
കൃ: കു:
എനിക്കു ധ്വനിപ്രകടനമൊന്നും അറിഞ്ഞുകൂടാ.
കു: നാ:
നിനക്കു പ്രണയപ്രകടനം മാത്രം അറിയാം.
കൃ: കു:
അതിനു് വലിയ പഠിപ്പൊന്നും വേണ്ട.
കു: നാ:
നിനക്കു ചെറിയ പഠിപ്പും കൂടി ഇല്ല.
കൃ: കു:
പഠിപ്പില്ലാത്തവർ കാമമില്ലാത്തവരാണെന്നു വരുമോ?
കു: നാ:
പഠിപ്പുള്ളവർ കാമത്തെ അടക്കി നിർത്തും.
കൃ: കു:
ഞാൻ കാമിക്കുന്നതു എന്റെ കാമം അടക്കി നിർത്താനല്ല.
കു: നാ:
എന്നാൽ; നീ മൃഗം പോലെയുള്ള ഒരു വെറും സാധരണനാണു്.
കൃ: കു:
കാമത്തിന്റെ കാര്യത്തിൽ എനിക്കു അസാധാരണത്വം ഒന്നും വേണ്ട.
കു: നാ:
ആട്ടെ. കൃഷ്ണനേ കാമിക്കുന്ന ആ രാധാ ഏതാണുപോലും?
കൃ: കു:
ഞാൻ കാമിക്കുന്ന പെണ്ണു് ഏതാണെന്നോ?
കു: നാ:
നിന്നേ കാമിക്കുന്ന പെണ്ണു് ഏതാണെന്നു്?
കൃ: കു:
നിങ്ങൾക്കു വേണ്ടാത്ത ചോദ്യം ജാസ്തിയായിപ്പോകുന്നു.
കു: നാ:
നീയാകുന്ന മീനിനേ അഴകാകുന്ന ചൂണ്ടലിൽ കെണിച്ച ആ മീനാക്ഷി ഏതാണു്?
കൃ: കു:
തേഞ്ചാരിസ്സരോജം.
കു: നാ:
സരോജത്തിന്റെ തേൻ കുടിപ്പാൻ വണ്ടായ രാക്ഷസനെപ്പോലെ നീയും ചെന്നോ?
കൃ: കു:
ഞാൻ മാത്രമല്ല. മറ്റൊരു വണ്ടിന്റെ ഝങ്കാരവുംകൂടിക്കേട്ടുതുടങ്ങി.
കു: നാ:
ആരാണയാൾ?
കൃ: കു:
കൂമ്പാളച്ചെറുകോമൻനായർ.
കു: നാ:
അയാൾ ഒരു കമ്യൂണിസ്റ്റ് ലീഡരല്ലേ!
കൃ: കു:
അയാൾ ഒരു പണക്കാരനാണു്. പണം അപഹരിക്കാൻ നോക്കുന്ന ഒരു ലീഡരും കൂടിയാണു്.
കു: നാ:
പണം അപഹരിപ്പാൻ അയാൾക്കു മന്ത്രിപദവി ഒന്നും ഇല്ലല്ലൊ.
കൃ: കു:
രാജപദവിയാണു് അയാൾക്കിപ്പോൾ ഉള്ളതു്.
കു: നാ:
പിന്നെ എന്തിനാണു് പണം?
കൃ: കു:
ചക്രവർത്തിപദവി കാംക്ഷിക്കുന്നുണ്ടായിരിക്കും.
കു: നാ:
ലീഡർമാരായാൽ അങ്ങിനെയല്ലേ വേണ്ടതു്.
കൃ: കു:
കമ്യൂണിസ്റ്റുകാർക്കു അങ്ങിനെ പാടില്ല.
കു: നാ:
ഏതു പണത്തിന്മേലാണു് അയാൾ ഇപ്പോൾ കണ്ണുവെച്ചതു്?
കൃ: കു:
സരോജത്തിന്റെ ഒന്നര ലക്ഷത്തിന്മേൽ.
കു: നാ:
അയാൾക്കു സരോജത്തിന്റെ ദേഹം വേണ്ട. പണം മതി.
കൃ: കു:
ദേഹംകൂടാതെ പണം കിട്ടുകയില്ല.
കു: നാ:
നിനക്കു സരോജത്തിന്റെ ദേഹം മതി; പണം വേണ്ടാ.
കൃ: കു:
എനിക്കു രണ്ടും വേണം.
കു: നാ:
അപ്പോൾ നീ ചെറുകോമൻനായരെക്കാൾ വലിയ കൊള്ളക്കാരനാണു്.
കൃ: കു:
എനിക്കു് പ്രണയവും ഉണ്ടു് അതിന്റെ പ്രതിബിംബവും ഉണ്ടു്.
കു: നാ:
അയാൾക്കു് ജനസ്വാധീനവും ഉണ്ടു്; പണസ്വാധീനവും ഉണ്ടു്.
കൃ: കു:
സരോജത്തിനു് എന്നെ വിവാഹം കഴിക്കണം എന്ന പിടിത്തവും ഉണ്ടു്.
കു: നാ:
അവളുടെ അമ്മക്കും അങ്ങിനെ ഒരു പിടിത്തം ഉണ്ടോ?
കൃ: കു:
ഉണ്ടാവാനിടയില്ല.
കു: നാ:
അതെങ്ങിനെ.
കൃ: കു:
ചെറുകോമൻനായർക്കു് സരോജത്തിന്റെ ഒന്നരലക്ഷം വേണം. സരോജത്തിന്റെ അമ്മക്കു ചെറുകോമൻനായരുടെ ലക്ഷത്തിൽപരവും വേണം.
കു: നാ:
മകൾ നിന്നെ സ്വീകരിക്കാൻ. അമ്മ നിന്നെ നിരോധിക്കാൻ.
കൃ: കു:
അതാണു് ശരി.
കു: നാ:
നിധിയും ഉണ്ടു്, നിധികാക്കുന്ന ഭൂതവും ഉണ്ടു്.
കൃ: കു:
അതാണു് നിർഭാഗ്യം.
കു: നാ:
പോരാഞ്ഞിട്ടു് ഭൂതത്തിനു് തുണയായി ചെറുകോമൻനായരായ പിശാചും ഉണ്ടു്.
കൃ: കു:
ആ പിശാചിന്റെ ബാധ വിടുത്തിത്തന്നാൽ മതി.
കു: നാ:
ആ വള്ളി മരത്തോടു് നല്ലവണ്ണം ചുറ്റിപ്പോയല്ലോ.
കൃ: കു:
അതു മുരട്ടിൽ നിന്നു് വെട്ടിത്തന്നാൽ മതി.
കു: നാ:
അതിനു് തക്കതായ ഒരു ആയുധം കിട്ടേണ്ടയോ.
കൃ: കു:
എങ്ങിനെയെങ്കിലും സാധിപ്പിച്ചുതരണം.
കു: നാ:
“സാധിച്ചു കൊൾവാൻ പെരികപ്പണിയുണ്ടു്. ബാധിക്കവയ്ക്കുമോ വമ്പുള്ളരികളെ”
കൃ: കു:
അങ്ങിനെ പറഞ്ഞാൽ മതിയോ?
കു: നാ:
ബാധ പിടിപെട്ടവളുടെ അമ്മ, ബാധ വിട്ടൊഴിയരുതു് എന്ന പിടിത്തക്കാരിയാകുമ്പോൾ മറ്റെന്തു പറയും.
കൃ: കു:
അതാണു് ഏറ്റവും വലിയ സങ്കടം.
കു: നാ:
ഒരാൾ കവരാൻ വിചാരിച്ച സാധനം അതിന്റെ ഉടമ, അയാൾക്കു തന്നെ വിളിച്ചു കൊടുക്കാൻ ഒരുങ്ങുന്നു. അപ്പഴോ?
കൃ: കു:
ഞാനെന്തുവേണം?
കു: നാ:
നീ കണ്ണൻ മത്സ്യത്തെപോലെ, കഴുത്തിന്റെ ഉള്ളിൽ മെല്ലേ വലിഞ്ഞു മറഞ്ഞു കളയണം.
കൃ: കു:
എനിക്കു തിരുത മത്സ്യത്തെ (Grey Moullet) പോലെ മുന്നോട്ടു് ചാടിപ്പോകയാണു് വേണ്ടതു്.
കു: നാ:
അതെങ്ങിനെ സാധിക്കും.
കൃ: കു:
നിങ്ങൾ വിചാരിച്ചാൽ എന്തും സാധിക്കും.
കു: നാ:
കഴിഞ്ഞുപോയതു ഉണ്ടായിട്ടില്ലെന്നാക്കാൻ എനിക്കു സാധിക്കുമോ?
കൃ: കു:
അതു ദൈവം വിചാരിച്ചാലും സാധിക്കുകയില്ല.
കു: നാ:
നീ എന്നെ വിമാനത്തിൽ കേറ്റേണ്ട.
കൃ: കു:
ഞാൻ നിങ്ങളെ ബഹുമാനത്തിൽ കേറ്റും.
കു: നാ:
ആട്ടെ ഞാൻ ഒന്നു പറയാം.
കൃ: കു:
അതാണു് കേൾക്കേണ്ടതു്.
കു: നാ:
സരോജത്തിനു് അഴകും, പണവും, താരുണ്യവും, സുഖശരീരസ്ഥിതിയും ഉണ്ടു്.
കൃ: കു:
എല്ലാ പുഴയും കടലിൽ ചെല്ലുമ്പോലെ എല്ലാ ഗുണവും അവളിൽ ഒത്തു കൂടീട്ടുണ്ടു്.
കു: നാ:
എല്ലാ വർണ്ണങ്ങളും സൂര്യനിൽ തിങ്ങിയിരിക്കുന്നു.
കൃ: കു:
അവൾ ഒരു മാഹാത്മ്യമേറിയ സൃഷ്ടിയാണു്.
കു: നാ:
അവൾ സൗരഭ്യമുള്ള സ്വർണ്ണമാണു്.
കൃ: കു:
സ്വർണ്ണത്തെക്കാൾ മികച്ച രത്നമാണു്.
കു: നാ:
അവൾക്കു തൽക്കാലം രണ്ടു അപേക്ഷകന്മാരെയുള്ളു.
കൃ: കു:
ഞാൻ അറിഞ്ഞേടത്തോളം.
കു: നാ:
പിന്നയൊ?
കൃ: കു:
പിന്നെ ആരുമില്ല.
കു: നാ:
അതാണു് സരോജത്തിന്റെ നിർഭാഗ്യം.
കൃ: കു:
എന്തു്, രണ്ടുപോരെന്നോ.
കു: നാ:
രണ്ടു്, നാലു് മുതലായ ഇരട്ട സംഖ്യ ഭാഗ്യംകെട്ട സംഖ്യയാണു്. ഒന്നു്! മൂന്നു് മുതലായ ഒറ്റസംഖ്യ ഭാഗ്യമുണ്ടാക്കുന്ന സംഖ്യയാണു്.
കൃ: കു:
എന്നാൽ ചെറുകോമൻനായരെ വിടുത്തിയാൽ മതിയല്ലോ. അപ്പോ ഞാനൊരുത്തനെ ഉണ്ടാകയുള്ളു. ഒന്നു് ഒറ്റ സംഖ്യയാണു്.
കു: നാ:
ചെറുകോമൻനായരെ വിടുത്താൻ പാടില്ല.
കൃ: കു:
എന്തുകൊണ്ടു്?
കു: നാ:
അയാൾ ഒന്നുകൊണ്ടും വിട്ടൊഴിയുന്ന ആളല്ല.
കൃ: കു:
പിന്നെ ഞാൻ വിട്ടൊഴിയേണമെന്നോ?
കു: നാ:
അതും വേണ്ട.
കൃ: കു:
പിന്നേ ഒറ്റ സംഖ്യ എങ്ങിനേ വരും.
കു: നാ:
എടോ, രണ്ടിൽനിന്നു് ഒന്നു് കിഴിച്ചാൽ ഒറ്റയായി.
കൃ: കു:
അതാണു് എന്റെ വാദവും.
കു: നാ:
എടോ, രണ്ടോടു് ഒന്നുകൂടിയാലും ഒറ്റയല്ലേ!
കൃ: കു:
അതിനു് മൂന്നാമതു് ആരും അരങ്ങത്തു് വന്നിട്ടില്ലല്ലോ.
കു: നാ:
കണക്കു കൂട്ടാം. ഒന്നു്, ലക്ഷാധിപനായ ചെറുകോമൻനായർ. രണ്ടു്, ലക്ഷണം തികഞ്ഞ നീ. മൂന്നു ലക്ഷ്യമില്ലാത്ത മറ്റൊരാൾ.
കൃ: കു:
ആരാണു് ആ മറ്റൊരാൾ? അങ്ങിനെ ഒരാൾ ഇല്ലല്ലൊ.
കു: നാ:
ആ കുറവാണു് ഞാൻ പരിഹരിപ്പാൻ പോകുന്നതു്.
കൃ: കു:
അതു് എങ്ങിനെയെന്നു് എനിക്കു മനസ്സിലാകുന്നില്ല.
കു: നാ:
മൂന്നാമത്തേ അപേക്ഷകനായി ഞാനും ഇറങ്ങാം.
കൃ: കു:
നിങ്ങൾ വിവാഹിക്കുകയില്ലെന്നു് ശപഥം ചെയ്ത ആളല്ലേ!
കു: നാ:
അവൾ എന്നേപ്പോലെ ശപഥം ചെയ്തവളല്ലല്ലോ?
കൃ: കു:
അതുകൊണ്ടു്?
കു: നാ:
അവൾ എന്നേ വിവാഹിച്ചാൽ എന്റെ ശപഥത്തിനു് എങ്ങിനെ ഭംഗം വരും.
കൃ: കു:
അതു രണ്ടും ഒന്നല്ലേ.
കു: നാ:
എടോ, വങ്കാ! ഞാൻ നിന്നേത്തല്ലുന്നതും നീ എന്നേത്തല്ലുന്നതും ഒന്നാണോ?
കൃ: കു:
നിങ്ങൾക്കു നേരു് കളവാക്കാനും കളവു് നേരാക്കാനും കഴിയും.
കു: നാ:
ഞാൻ ഒക്കേ നേരേയാക്കുന്നവനാണു്.
കൃ: കു:
(പല്ലുകടിച്ചിട്ടു്) നിങ്ങൾ ഒരു വിശ്വാസവഞ്ചകനായ പിശാചാണു്, ഒരു നിഷ്ഠൂരനായ രാക്ഷസനാണു്, സ്വാർത്ഥപരനായ കിരാതനാണു്.
കു: നാ:
യഥാർത്ഥത്തിൽ ഞാൻ “ഉത്തമ” പുരുഷൻ ഏകവചനം മാത്രമാണു്.
കൃ: കു:
നിങ്ങളെ എന്തു ശകാരിച്ചാലും എത്ര ശപിച്ചാലും മതിയാകുകയില്ല.
കു: നാ:
എന്നാൽ രണ്ടു മൂന്നു ഭാഷയിലെ ശകാരവാക്കുകൾ കൂടി പഠിച്ചു വരൂ.
കൃ: കു:
എനിക്കു നിങ്ങളുടെ മുഖം കാണേണ്ട.
കു: നാ:
എന്റെ ശരീരം കാണിപ്പാൻ ഞാൻ തൽക്കാലം ഒരുക്കമില്ല.
കൃ: കു:
നിങ്ങളുടെ കണ്ണു് രണ്ടും പൊട്ടിപോകട്ടെ.
കു: നാ:
അപ്പോൾ എനിക്കു സരോജത്തെ കാണണ്ടെ!
കൃ: കു:
സരോജം എന്റെ പെണ്ണാണു്.
കു: നാ:
ഇഷ്ടാ നീ അവളെ വിവാഹം കഴിച്ചപോലെ സംസാരിക്കല്ല. അവൾക്കു നീയും ഞാനും ചെറുകോമൻനായരുമൊക്കെ അന്യന്മാരാണു്. അവളെ സംബന്ധിച്ചിടത്തോളം നമ്മിൽ എന്തു വിശ്വാസവഞ്ചനയാണു്.
കൃ: കു:
ഞാൻ സ്നേഹംവച്ച പെണ്ണിൽ നിങ്ങൾ കൈയിടുന്നതു് വിശ്വാസവഞ്ചനയല്ലേ?
കു: നാ:
എടൊ! നീ സ്നേഹിക്കാത്ത പെണ്ണു് ലോകത്തിൽ ഉണ്ടോ? അതുകൊണ്ടു് നിന്നെ വിചാരിച്ചിട്ടു് യാതൊരു പെണ്ണിന്മേലും ഞങ്ങൾക്കു കണ്ണോടിച്ചു കൂട എന്നോ?
കൃ: കു:
ഞാൻ അവളെ വിവാഹം കഴിപ്പാനല്ലേ പോകുന്നതു്.
കു: നാ:
ഞങ്ങളും അങ്ങിനെ തന്നെ.
കൃ: കു:
നിങ്ങൾക്കു വേറെ പെണ്ണിനെ കിട്ടുകയില്ലേ!
കു: നാ:
തനിക്കും കിട്ടും.
കൃ: കു:
എന്നേ സ്നേഹിക്കുന്ന പെണ്ണല്ലേ അവൾ!
കു: നാ:
എന്നേയും സ്നേഹിക്കുമെങ്കിൽ നിന്റേ വിചാരം തെറ്റാകയില്ലേ.
കൃ: കു:
ഈശ്വരനാണെ നേരു്, ഞാൻ ഒരു കാര്യം പറയാം.
കു: നാ:
ഈശ്വരനെ വിളിച്ചിട്ടു് ഒരു കാര്യവുമില്ല. നൂറോ ആയിരമോ പറഞ്ഞു കൊൾക. എനിക്കു ധാരാളം അവസരം ഉണ്ടു്.
കൃ: കു:
ഞാൻ നിങ്ങളെ കൊന്നുകളയും.
കു: നാ:
അതും ഈശ്വരനെ വിചാരിച്ചിട്ടു വേണോ?
കൃ: കു:
സരോജത്തിനെ വിചാരിച്ചിട്ടു്.
കു: നാ:
എന്നാൽ തലമുറിക്കുന്നതു് ഒന്നാമതു് ചെറുകോമൻനായരുടെതാകട്ടെ എന്നിട്ടുപോരെ എന്റേതു്. വഴിക്കു വഴിക്കല്ലേ നല്ലതു്.
കൃ: കു:
ഞാൻ നിങ്ങളുടെ ബന്ധം ഇന്നു മുതൽ മുറിച്ചു.
കു: നാ:
എന്റെ തല മുറിക്കുന്നതു് എന്നാണാവോ?
കൃ: കു:
അതു നിങ്ങൾ അറിയുന്നതു് എന്തിനാണു്?
കു: നാ:
അന്നു ബാക്കിയുള്ളവർക്കെങ്കിലും നിന്നെ “തല മുറിയാ” എന്നു വിളിക്കാമല്ലോ എന്നു വെച്ചിട്ടു്.

ഇങ്ങിനെ പ്രാണസ്നേഹിതന്മാരായിരുന്ന കൃഷ്ണക്കുറുപ്പും കുമാരൻനായരും ബദ്ധവൈരികളായിപ്പിരിഞ്ഞു. ഇതിനൊക്കെ കാരണം ആ സിഗറട്ടാണു്. അതിന്റെ പുക ഏതെല്ലാം രൂപങ്ങളിലാണു് വ്യാപിച്ചു പോയതു്. വെറുതേയല്ല സിഗറട്ട് വലി നന്നല്ലെന്നു് നീതിനിപുണന്മാർ പറയുന്നതു്.

കുറിപ്പുകൾ

[1] കോശം = പണസ്സഞ്ചി.

നായരുടെ നാവു്
കെ. സുകുമാരൻ, ബി. എ.

കയ്യിൽ പണം ഇല്ലാത്ത സമയത്തു്, കുമാരൻനായരും വിരഹം വന്ന കാമിനിയും ഒരുപോലെയാണു്. രണ്ടുകൂട്ടർക്കും പിടിപെടുന്നതു് ഒരുതരം ശല്യവും വെറുപ്പുമാണു്. എന്നാൽ കുമാരൻനായർക്കു ഒരു വിശേഷ വിധി ഉണ്ടു്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള മനോവികാരവും, പുറമേയുള്ള മുഖഭാവവും തമ്മിൽ, റേഷൻകാർഡും പഞ്ചസാരയും പോലെ, യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല. മുഖത്തു് എപ്പോഴും പ്രത്യക്ഷപ്പെടുന്നതു് പ്രസാദമാണു്. ആ മുഖം നാനാർത്ഥമുള്ള ഒരു പദം പോലെയാണു്. പദം ഒരേ രൂപത്തിൽതന്നെ ഇരിക്കുമെങ്കിലും സന്ദർഭോചിതമായി അർത്ഥം മാറി മാറി കണ്ടുകൊള്ളേണ്ടതായി വരും.

കുമാരൻനായർക്കു പണം വേണമെന്ന വിചാരം പണം ചിലവാക്കണം എന്ന വിചാരം കൊണ്ടാണു്. കുമാരൻനായർക്കു പണം ഉള്ള കാലവും ഇല്ല. ഇല്ലാത്ത കാലവും ഇല്ല. അയാളുടെ ധനസ്ഥിതി, ചിറാപ്പുഞ്ചിയിലെ വർഷസ്ഥിതി പോലെയാണു്. മഴ പെയ്യാത്ത ദിവസവും ഇല്ല മഴ പോരാത്ത ദിവസവും ഇല്ല. ഒരു ഭാഗത്തിൽകൂടെ വെള്ളം ഒഴുകി വരുന്നു. ആ വെള്ളം ഒരേടത്തും നില്ക്കാതെ, മറുഭാഗത്തിൽ കൂടെ ഒലിച്ചും പോകുന്നു. എന്നാലും പുഴ, പുഴയായിത്തന്നെ നില്ക്കുന്നു. എന്ന പോലെതന്നെ കുമാരൻനായരും നില്ക്കുന്നു.

കുമാരൻ നായർക്കു പ്രക്ഷോഭജനകമായ—എന്നു വെച്ചാൽ, കുളം കലക്കും പോലെയുള്ള—വർത്തമാനം വളരെ രസമാണു്. ബാക്കിയുള്ളതൊക്കെ ജലരേഖപോലെ ക്ഷണഭംഗുരമാണെങ്കിലും അതു ശിലാലേഖ്യം പോലെ അദ്ദേഹത്തിന്റെ മണ്ടയിൽ തങ്ങിനില്ക്കുന്നതാണു്. ഒരു കന്യകയുടെ വിവാഹനിശ്ചയത്തിൽ, തുപ്പൻനമ്പൂരിയും നീലകണ്ഠൻ ഭട്ടതിരിയും കൃഷ്ണാർജ്ജുനന്മാരെ പോലെ അന്യോന്യം അറിയാതെയും മുൻകരുതൽ കൂടാതെയും എതിരായി നില്ക്കേണ്ടിവന്നുപോയി. ഒടുവിൽ കൊച്ചി രാജവംശത്തിലെ ഒരു തമ്പുരാൻ ഇവരുടെ കലഹം രണ്ടു കക്ഷികൾക്കും ഉടവില്ലാത്ത വിധത്തിൽ തീർത്തു.

കുമാരൻനായരുടെ മനസ്സിൽ ഈ സംഗതി, മഴ വെള്ളത്തിലെ മീൻകൂറകളേപോലെ[2] ചുറ്റിത്തിരിയുന്നുണ്ടു്. എന്നാൽ തല്ക്കാലം, ആ വിചാരവും ദൂരെ വലിച്ചെറിഞ്ഞു് മദ്യപാനി, മദ്യത്തിന്റെ പാനി നിരത്തിയ കടയിലേക്കു എന്നുപോലെ ധിറുതിയായി നടക്കുമ്പോൾ, പിന്നിൽനിന്നു് ഒരു ചുമ കേട്ടിട്ടു് കുമാരൻനായർ തിരിഞ്ഞുനോക്കി.

കു: നാ:
തുപ്പൻനമ്പൂതിരിയോ?
തു: ന:
എന്തു തോന്നുന്നു?
കു: നാ:
നിങ്ങൾ ഇനിയും മരിച്ചിട്ടില്ലേ?
തു: ന:
ഞാൻ മരിച്ചാൽ നിന്റെ കാര്യം അമാന്തമാവില്ലേ?
കു: നാ:
എന്റെ കാര്യത്തിനുവേണ്ടി നിങ്ങൾ മരിക്കാതിരിക്കേണ്ട.
തു: ന:
നിന്നെ വിചാരിച്ചിട്ടു് ഞാൻ ജീവിക്കാതിരിക്കില്ല.
കു: നാ:
നിങ്ങൾ ജീവിച്ചിട്ടു് എനിക്കെന്തു് കാര്യമാണു്?
തു: ന:
ഞാൻ മുമ്പേ മരിച്ചാൽ നിന്നെ ആർ വലിച്ചു കുഴിയിലിടും?
കു: നാ:
കഴുക്കൾ ഉള്ളപ്പോൾ കുഴിയിൽ ഇടുന്നതു് എന്തിനാണു്?
തു: ന:
കഴുക്കൾ എല്ലു് തിന്നില്ല.
കു: നാ:
എന്നാൽ കുറുക്കനും മോറയും തിന്നട്ടെ.
തു: ന:
നിന്റെ എല്ലു് അവറ്റക്കും കൂടി കടിച്ചാൽ പൊട്ടില്ല.
കു: നാ:
എല്ലു് കടിച്ചാലും പൊട്ടാത്തതു് ഒരു ഗുണമാണു്.
തു: ന:
ആ ഗുണം പല്ലിനാണു് വേണ്ടതു്.
കു: നാ:
പല്ലാരും കടിച്ചുനോക്കാറില്ല.
തു: ന:
പല്ലുകൊണ്ടാണു് കടിച്ചു നോക്കേണ്ടതു്.
കു: നാ:
പല്ലു് കൊണ്ടു് കടിച്ചു നോക്കാൻ ശോണാധരവും കാണുന്നില്ല.
തു: ന:
അധരം കടിപ്പാനുള്ള ഏർപ്പാടല്ല.
കു: നാ:
എന്നാൽ കുടിപ്പാനുള്ള ഏർപ്പാടായിരിക്കുമോ?
തു: ന:
അതേ, ദാഹിക്കുമ്പോൾ വെള്ളവും മറ്റും കുടിപ്പാൻ.
കു: നാ:
കാമിക്കുമ്പോൾ അമൃതും മദ്യവും കുടിപ്പാനും.
തു: ന:
നീ കുടിക്കുന്നതു് എപ്പോഴും മദ്യമല്ലേ!
കു: നാ:
മദ്യവും അമൃതല്ലേ!
തു: ന:
അമൃതു് വിഷത്തിന്റെ ഉടപ്പിറപ്പല്ലേ?
കു: നാ:
വിഷം അമൃതിൽ ഒതുങ്ങിപ്പോയില്ലേ?
തു: ന:
നീ ഒന്നിലും ഒതുങ്ങിപ്പോകുന്നില്ല.
കു: നാ:
ഒന്നിലും എന്നെ ഒതുക്കാൻ വയ്ക്കില്ല.
തു: ന:
നിന്നെ ഒതുക്കേണ്ടതു് വടികൊണ്ടു് അടിച്ചിട്ടാണു്.
കു: നാ:
അടിച്ച വടിമേൽ ചുറക്കുന്നവനാണു് ഞാൻ.
തു: ന:
വടി മാറ്റുമ്പോൾ നിനക്കാരും സഹായത്തിനുണ്ടാകയില്ല.
കു: നാ:
ആരുമില്ലാത്തവർക്കു ദൈവം തുണ.
തു: ന:
നിനക്കു് ദൈവവിചാരം ഉണ്ടോ?
കു: നാ:
ദൈവത്തിനു് എന്റേ വിചാരം ഉണ്ടു്.
തു: ന:
നീ വല്ലപ്പോഴും കാവടി പേറിയിരിക്കുന്നോ?
കു: നാ:
ഞാൻ പലപ്പോഴും കാവിന്റെ അടി പേറീട്ടുണ്ടു്.
തു: ന:
നീ താടിയും നീട്ടി കറുപ്പും ഉടുത്തു “അയ്യപ്പാ” “അയ്യപ്പാ” എന്നു അട്ടഹസിക്കാറുണ്ടോ?
കു: നാ:
കൃഷിക്കാർ പാടത്തിലെ ജോലിക്കു് ചെർമ്മക്കളെ വിളിക്കുമ്പോലെ അയ്യപ്പനെ വിളിക്കുന്ന കുസൃതി എനിക്കില്ല.
തു: ന:
നീ വഴിവാടു് കൊടുക്കാറുണ്ടോ?
കു: നാ:
ഞാൻ വഴിയിലെ പാടു് സഹിക്കാറുണ്ടു്.
തു: ന:
നീ രാമനാമം ജപിക്കാറുണ്ടോ?
കു: നാ:
ഞാൻ രാമകളുടെ നാമം ജപിക്കാറുണ്ടു്.
തു: ന:
നീ ഗുരുവായൂരപ്പനെ ദർശിച്ചിട്ടുണ്ടോ?
കു: നാ:
ഞാൻ കൊടുങ്ങല്ലൂരമ്മയെ വിമർശിച്ചിട്ടുണ്ടു്.
തു: ന:
നീ തൃപ്രയാറിൽപോയി വെടി വെപ്പിച്ചിട്ടുണ്ടോ?
കു: നാ:
ഞാൻ നായാട്ടിന്നുപോയി വെടി തെറ്റിച്ചിട്ടുണ്ടു്.
തു: ന:
നീ പഴനി സുബ്രഹ്മണ്യനെ വന്ദിച്ചിട്ടുണ്ടോ?
കു: നാ:
ഞാൻ കാശി വിശ്വനാഥനെ നിന്ദിച്ചിട്ടുണ്ടു്.
തു: ന:
നീ ഗംഗാജലത്തിൽ കുളിച്ചു പാപം പോക്കീട്ടുണ്ടോ?
കു: നാ:
ഞാൻ ഭാരതപ്പുഴയിൽ കുളിച്ചു് ചേറു് പോക്കീട്ടുണ്ടു്.
തു: ന:
നീ ഭഗവതിയെ പൂജിക്കാറുണ്ടോ?
കു: നാ:
ഞാൻ രൂപവതിയെ ചുംബിക്കാറുണ്ടു്.
തു: ന:
നീ പാത്തുമ്മയെ (Lady of Fatima) വല്ലപ്പോളും കണ്ടിട്ടുണ്ടോ?
കു: നാ:
ഞാൻ ഉമ്മ—ന്നതു് പലപ്പോഴും കണ്ടിട്ടുണ്ടു്.
തു: ന:
നിനക്കു ദൈവഭക്തി കേവലം ഇല്ലേ?
കു: നാ:
എനിക്കു ദേഹശക്തി ധാരാളം ഉണ്ടു്.
തു: ന:
നീ കാര്യം പറയാത്തതു് എന്തുകൊണ്ടാണു്?
കു: നാ:
നിങ്ങൾ കാര്യം ഒന്നും പറയാത്തതുകൊണ്ടു്.
തു: ന:
നീ ഒന്നു പറയുമ്പോൾ മറ്റൊന്നിൽ ചാടുന്നതെന്തിനാണു്?
കു: നാ:
“ഒന്നുകൊണ്ടറിയേണം രണ്ടിന്റെ ബലാബലം” എന്നുവെച്ചിട്ടു്.
തു: ന:
അങ്ങിനെയാണെങ്കിൽ നീ മൂന്നിനെ നാലാൽ വശത്തു വരുത്താറുണ്ടോ?
കു: നാ:
നാലാലോ! നാനൂറാൽ വശത്തുവരുത്താറുണ്ടു്.
തു: ന:
നിനക്കു് വേദാന്തം പറഞ്ഞാൽ മനസ്സിലാവില്ലേ?
കു: നാ:
എനിക്കു വേദാന്തം വന്നാൽ ഒന്നും മനസ്സിലാക്കേണ്ട.
തു: ന:
നീയൊരു വങ്കനാണു്.
കു: നാ:
ഞാൻ ഒരു ചെങ്കനാണു്.
തു: ന:
നീ ഒരു സുന്ദരവിഡ്ഢിയാണു്.
കു: നാ:
ഞാൻ ഒരു വിഡ്ഢിത്തമില്ലാത്ത ഒരു സുന്ദരനാണു്.
തു: ന:
നിനക്കു് വിഡ്ഢിത്തം കേവലം ഇല്ലെന്നോ?
കു: നാ:
ഒന്നുണ്ടു് എന്നാണു് ചിലർ പറയുന്നതു്.
തു: ന:
എന്താണുപോലും ആ ഒന്നു്.
കു: നാ:
അതു പറയാത്തതാണു് നല്ലതു്.
തു: ന:
അതു കേൾക്കാത്തതല്ലേ ചീത്ത.
കു: നാ:
നിർബ്ബന്ധിച്ചാൽ പറയാം.
തു: ന:
അതെന്തെന്നു് ക്ഷണം പറയൂ.
കു: നാ:
അതു നിങ്ങളുമായിട്ടുള്ള സഹവാസമാണുപോലും.
തു: ന:
അതു എന്റെ വിഡ്ഢിത്തമല്ലേ?
കു: നാ:
ബ്രാഹ്മണൻ വിഡ്ഢിയാവാൻ പാടുണ്ടോ?
തു: ന:
ബ്രാഹ്മണനെ വിഡ്ഢിയാക്കാൻ നീ നോക്കേണ്ട.
കു: നാ:
ബ്രാഹ്മണനെ ഉദാരബുദ്ധിയുള്ളവനാക്കാനാണു് ഞാൻ നോക്കുന്നതു്.
തു: ന:
അതു എങ്ങിനെ എന്നു മനസ്സിലാക്കിത്തരാമോ?
കു: നാ:
ക്ഷമയോടെ കേട്ടാൽ ഞാൻ പറയാം.
തു: ന:
വിസ്തരിച്ചു പറഞ്ഞോളു, എനിക്കു ധാരാളം അവസരമുണ്ടു്.
കു: നാ:
വെള്ളം കെട്ടിനിന്നാൽ അതു ചളികെട്ടി അഴുക്കായി പല രോഗങ്ങൾക്കും വഴിവെച്ചുകൊടുക്കും.
തു: ന:
വെള്ളം കെട്ടിനിർത്തരുതു്. ശരി, പിന്നെ?
കു: നാ:
അങ്ങിനെതന്നെ ദേഹത്തിൽ വാതം-പിത്തം-കഫം-രക്തം മുതലായവയും വ്യാപിച്ചു കിടക്കുന്നുണ്ടു്. വ്യാപ്തിക്കു ഭംഗംവരുത്തിയാൽ അവറ്റ ഓരോ സ്ഥാനത്തു് ഊറിക്കൂടും. അപ്പോൾ പല രോഗങ്ങളും പിടിപെട്ടു ദേഹം ജീർണ്ണിച്ചു നശിച്ചുപോകും.
തു: ന:
ഒന്നും കെട്ടിനിർത്തരുതു്. ശരി. പിന്നേ?
കു: നാ:
അതുപോലെ തന്നെയാണു് പണവും പെണ്ണും.
തു: ന:
അമ്പട വമ്പ!
കു: നാ:
തുപ്പൻ നമ്പൂതിരി, നീലകണ്ഠൻ ഭട്ടതിരി മുതലായ കുബേരന്മാരുടെ ഇല്ലങ്ങളിൽ, അന്യപാണി സ്പർശം ഏല്ക്കാത്തതുകൊണ്ടു്, “മെല്ലീൻസ് ഫൂഡ്” പോലെ ഇരിക്കുന്ന, അന്തർദ്ധനങ്ങളും അന്തർജ്ജനങ്ങളും കിടപ്പുണ്ടു്. പണത്തെ കെട്ടിവെയ്ക്കരുതു്. പെണ്ണിനെ കെട്ടാതെ വെയ്ക്കരുതു് രണ്ടിനേയും മനുഷ്യോപയോഗത്തിനു് കെട്ടഴിച്ചു വിട്ടുകൊടുക്കേണ്ടതാണു്.
തു: ന:
പണവും പെണ്ണും കണ്ടവരുടെ പിരടിയിൽ വെച്ചുകൊടുക്കേണ്ടുന്ന പണ്ടങ്ങളാണോ?
കു: നാ:
രണ്ടും അന്യർ പാണിഗ്രഹണം ചെയ്യേണ്ടുന്ന വസ്തുക്കളാണെന്നേ ഞാൻ പറയുന്നുള്ളു.
തു: ന:
അതു ആലോചിച്ചിട്ടുവേണം എന്നേ ഞാനും പറയുന്നുള്ളു.
കു: നാ:
ഒന്നാമതു് പണത്തിന്റെ കാര്യം എടുക്കുക.
തു: ന:
അതായിരിക്കാം നിങ്ങൾക്കു മുഖ്യകാര്യം.
കു: നാ:
എനിക്കു പണത്തേക്കാൾ പെണ്ണാണു് മുഖ്യകാര്യം.
തു: ന:
പിന്നെ പണത്തിനെ മുഖ്യകാര്യമായി ഒന്നാമതു് പിടിച്ചതെന്തിനാണു്?
കു: നാ:
അതു് പെണ്ണിനു് മുഖ്യകാര്യമായിരിക്കകൊണ്ടു്.
തു: ന:
ആട്ടെ, പണത്തെപ്പറ്റിപ്പറയൂ.
കു: നാ:
നിങ്ങളുടെ പെട്ടിയിൽ എത്ര പണമുണ്ടു്, മലടിയുടെ ഗർഭപാത്രംപോലെ ഉപയോഗമില്ലാതെ കിടക്കുന്നു.
തു: ന:
പണം ഉപയോഹിക്കേണ്ടതു് ശരിയായ മാർഗ്ഗത്തിൽ ചിലവാക്കാനാണു്.
കു: നാ:
ശരിയായ മാർഗ്ഗം നിങ്ങളുടെ കണ്ണിൽ ഒന്നുപോലും കാണുകയില്ല.
തു: ന:
നഷ്ടം വരുന്ന മാർഗ്ഗത്തിൽ ഞാൻ പണം ചിലവാക്കുകയേ ഇല്ല.
കു: നാ:
പലിശക്കു മാത്രമേ കൊടുക്കുകയുള്ളു എന്നു്.
തു: ന:
പണത്തിനു് പലിശ കിട്ടാത്തതു് നഷ്ടമല്ലേ?
കു: നാ:
അതു ഭർത്തിയാക്കാൻ ആണുങ്ങളെ അന്തർജ്ജനങ്ങൾക്കു വിറ്റുകൂടെ?
തു: ന:
ഞങ്ങൾ യഹൂദൻ പറഞ്ഞപോലെ, പഴയ നിയമക്കാരാണു്.
കു: നാ:
അതു ഈ പുതിയ കാലത്തു് പറ്റുകയില്ല.
തു: ന:
പണം എങ്ങിനെ ചിലവാക്കണം എന്നാണു് നീ പറയുന്നതു്?
കു: നാ:
എന്നെപ്പോലെ ഉള്ള അർഹന്മാരായ അർത്ഥികളെ സഹായിച്ചിട്ടു്.
തു: ന:
അതിനു്, നരിയുടെ പക്കൽ പശുവിനെപ്പോറ്റാൻ കൊടുക്കുന്ന കാലംവരട്ടെ.
കു: നാ:
ഞാൻ നരിയല്ല, നരനാണു്.
തു: ന:
നീ നരനല്ല, നരകനാണു്.
കു: നാ:
അതൊന്നും ഞാൻ ചോദിച്ചതിനു് സമാധാനമാകയില്ല.
തു: ന:
നിനക്കു എത്ര പണം വേണം.
കു: നാ:
എനിക്കു എഴുന്നൂറു് ഉറുപ്പിക വേണം.
തു: ന:
എന്തിനു്?
കു: നാ:
ഒരു വിധിക്കടം തീർക്കാൻ.
തു: ന:
ഒരു കടം തീർക്കാൻ മറ്റൊരു കടം ഉണ്ടാക്കരുതു്.
കു: നാ:
വിധിക്കടം അടിയന്തിരമായിത്തീർക്കണം. നിങ്ങളുടെ കടം അടിയൻ തരംപോലെ തീർത്തുകൊള്ളാം.
തു: ന:
നീ വാങ്ങിയാൽ കൊടുക്കുന്നവനാണോ?
കു: നാ:
പിന്നയൊ? നിങ്ങൾ എന്നെ ഒന്നു തല്ലി നോക്കൂ.
തു: ന:
തല്ലു് നീ കൊടുക്കും. പണം നീ കൈക്കലാക്കും.
കു: നാ:
ഞാൻ തല്ലുകൊടുത്തു് പണം കൊള്ളാറില്ല.
തു: ന:
നീ കൊള്ളയേ ചെയ്യാറുള്ളു.
കു: നാ:
ആ സമ്പ്രദായം എനിക്കില്ല.
തു: ന:
എടോ കുമാരാ! ചോടെ വീഴുന്ന വെള്ളം മേലോട്ടു് ഒതറിപ്പോകുമോ?
കു: നാ:
അതു പ്രകൃതിവിരോധമല്ലേ?
തു: ന:
കടം വീട്ടുന്നതും നിന്റെ പ്രകൃതിക്കു് വിരോധമല്ലേ?
കു: നാ:
ഞാൻ വീട്ടാത്ത കടം ഉണ്ടോ?
തു: ന:
നീ വീട്ടിയ കടം ഉണ്ടോ?
കു: നാ:
വീട്ടിയാൽ പിന്നെ കടം ഉണ്ടാകുമോ?
തു: ന:
നീ വീട്ടാഞ്ഞാലുള്ള കഥയാണു് പറയുന്നതു്.
കു: നാ:
വീട്ടാഞ്ഞാൽ നഷ്ടത്തിൽ കഴിച്ചുകൂടെയോ?
തു: ന:
തരാഞ്ഞാൽ നഷ്ടം കൂടാതെയും കഴിക്കാം.
കു: നാ:
എഴുനൂറു് ഉറുപ്പിക നിങ്ങൾക്കു് വലിയ കാര്യമാണോ?
തു: ന:
അതു് എനിക്കു വലിച്ചറിഞ്ഞുകൂടാ.
കു: നാ:
പണമുള്ളവർക്കു അതിലപ്പുറവും സാധിക്കും.
തു: ന:
നീ ഞാൻ പറയുന്നതു് ഒന്നു് കേൾക്കാമോ?
കു: നാ:
കേൾക്കാം. അനുസരിക്കുന്നതു് ആലോചിച്ചിട്ടുവേണം.
തു: ന:
നീ പണത്തിന്റെ കാര്യം മാത്രം എന്നോടു് ഉച്ചരിക്കേണ്ട.
കു: നാ:
പെണ്ണിൽ നിങ്ങൾക്കു ഭ്രമവുമില്ല.
തു: ന:
ഇതു രണ്ടും മാത്രമേ ലോകത്തിൽ ഉള്ളു എന്നോ?
കു: നാ:
ഇതിലും മികച്ച രണ്ടു് ലോകത്തിൽ മറ്റൊന്നുമില്ല.
തു: ന:
ഇതു രണ്ടിലും എന്റെ സഹായം കാംക്ഷിക്കേണ്ടാ.
കു: നാ:
പണം തന്നാൽമതി. കാംക്ഷിക്കുന്നതു ഞാൻ ആയിക്കൊള്ളാം.
തു: ന:
പണം ഞാൻ തരില്ല എന്നു പറഞ്ഞില്ലേ.
കു: നാ:
നിങ്ങൾ വാക്കു മാറ്റുന്ന ആളും അല്ല.
തു: ന:
ഇപ്പോൾ എന്തു വിചാരിക്കുന്നു?
കു: നാ:
നിങ്ങളുടെ പണം ഷണ്ഡന്റെ ഭാര്യയേപ്പോലെ ആയതുകൊണ്ടാണു് ഞാൻ ചിലതെല്ലാം വിചാരിച്ചുപോയതു്.
തു: ന:
എന്റെ പണം ശുദ്ധാന്തകന്യകയാണു്.
കു: നാ:
ഞാൻ ശുദ്ധാന്തക്കരണനുമാണു്.
തു: ന:
നീ ശുദ്ധഭ്രാന്തനാണു്. ഞാൻ പോകുന്നു.
കു: നാ:
ഞാൻ കൂടെയുണ്ടു് നിങ്ങളുടെ പടിവരെ.

അവർ പിന്നേയും കുറേദൂരം നടന്നു. നീലകണ്ഠൻ ഭട്ടതിരിയുടെ മനയുടെ പടിക്കൽ എത്തി. അപ്പോഴാണു് കുമാരൻനായർക്കു് ഒരു (Brain Wave) മിന്നൽ പോലെ ഉള്ള തോന്നൽ ഉണ്ടായതു്. തുപ്പൻ നമ്പൂതിരിയും നീലകണ്ഠൻ ഭട്ടതിരിയും തമ്മിൽ സ്വരച്ചേർച്ച ഉണ്ടാക്കിയതു് കൊച്ചിയിലെ ഒരു തമ്പുരാനാണു്. എന്നാലുംകൂടി ഇവർ രണ്ടാളും പണ്ടത്തെ അടുപ്പിൽ എത്തീട്ടില്ല. അന്യോന്യം ലോഹ്യം പറയാമെന്ന മോഹം രണ്ടുകൂട്ടർക്കും തുളുമ്പുംപോലെ ഉണ്ടായിരുന്നുവെങ്കിലും അതിനായി മറ്റേ മനയിലേക്കു് ചെല്ലാൻ ഓരോരുത്തർക്കും ശങ്ക തോന്നീട്ടു് ഇരുവരും, ഓരോ നല്ല അവസരത്തിനു കാത്തുനില്ക്കുകയായിരുന്നു. തുടക്കം തുപ്പൻനമ്പൂതിരിയിൽ നിന്നു വരട്ടെ എന്നു തുപ്പൻ നമ്പൂതിരിയും ആശിച്ചു ആറ്റുനോറ്റിരിക്കുകയായിരുന്നു. ഇതു തന്റെ കാര്യസാദ്ധ്യത്തിനു് ഒരു ഒന്നാംതരം അവസരമാണെന്നു് കുമാരൻനായർ കണ്ടു് കുറേ കളവു പറവാൻ കുമാരൻനായർ നിശ്ചയിച്ചു. നായരുടെ കളവും കവികളുടെ കളവും വെറും നവീനാശയങ്ങളാണു്.

കു: നാ:
നിങ്ങൾ ഒരു മിനിട്ട് ഇവിടെ നില്ക്കിൻ. എനിക്കു ഭട്ടതിരിയോടു് ഒരു വാക്കു പറവാനുണ്ടു്. ഇവിടെ നിന്നാൽ പൂമുഖത്തിലുള്ളവർ നിങ്ങളെ കാണുകയില്ല.
തു: ന:
വേഗം വരണേ.

കുമാരൻനായർ ഉത്തരമായി തലയും ഒന്നിളക്കി, ഭട്ടതിരിയുടെ പൂമുഖത്തു് കേറി ചെന്നപ്പോൾ, ബേങ്കറായ ഭട്ടതിരി ഒരു കസേലമേൽ കിടക്കുന്നതും കാര്യസ്ഥൻ ചിലർക്കു പണം എണ്ണിക്കൊടുക്കുന്നതുമാണു് കണ്ടതു്.

ഭട്ടതിരി:
എന്താ വന്നതു്.
കു: നാ:
പേടിക്കേണ്ട. എന്റെ കാര്യത്തിനു വന്നതല്ല.
ഭ:
പിന്നെ ആരുടെ കാര്യത്തിനു വന്നതാണു്.
കു: നാ:
(സ്വകാര്യം) അയാൾ അതാ അവിടെ നിൽക്കുന്നുണ്ടു്. നിങ്ങൾ ഇവിടുന്നു നോക്കിയാൽ കാണില്ല. വരിൻ.

ഭട്ടതിരിയേയുംകൂട്ടി കുമാരൻനായർ ഒരു ചെറിയ തിണ്ടിന്മേൽ കേറി തുപ്പൻ നമ്പൂതിരി ഒരേടത്തു് നിൽക്കുന്നതു കാണിച്ചുകൊടുത്തു. ഭട്ടതിരിക്കു ആശ്ചര്യവും സന്തോഷവും ഒരേ നിമിഷത്തിൽ ഉണ്ടായി.

ഭ:
എന്തുകൊണ്ടു് അദ്ദേഹത്തെ ഇങ്ങോട്ടു് വിളിച്ചില്ല.
കു: നാ:
അദ്ദേഹത്തെ കാണിച്ചുതന്നതുതന്നെ എന്റെ പക്കൽവന്ന തെറ്റാണു്. കാര്യം അത്ര ഗോപ്യമായിരിക്കണം എന്നാണു് താക്കീതു്.
ഭ:
എന്തുണ്ടായി.
കു: നാ:
അദ്ദേഹത്തിന്നു് ഇന്നു് ഒരു ദുശ്ശകുനം പറ്റി.
ഭ:
എങ്ങിനെ?
കു: നാ:
എഴുനേറ്റപാടു് കണ്ടതു്, നാഴിയും മുറവും എടുത്തു ഒരു വൃഷലി വടക്കിൽനിന്നു് തെക്കോട്ടു് പോകുന്നതാണു്.
ഭ:
അതു മോശം ശകുനമായിപ്പോയി അല്ലേ?
കു: നാ:
അല്ലെങ്കിലോ ആ വൃഷലി ഒരു ഉത്തുംഗസ്തനിയുംകൂടി അല്ലായിരുന്നു.
ഭ:
എന്നിട്ടു്?
കു: നാ:
പണം ഇടപാടു്—സ്ത്രീസേവ—കർമ്മാരംഭം—എന്നതൊക്കെ ഇന്നത്തെ ദിവസം വേണ്ടെന്നുവച്ചു.
ഭ:
ശകുനപ്പിഴ ഉള്ളപ്പോൾ അതൊട്ടും നന്നല്ല.
കു: നാ:
എന്നാൽ ഖജനാപ്പെട്ടി തുറക്കുകയില്ല എന്ന പിടിത്തംകൊണ്ടു് അദ്ദേഹത്തിനു് ഒരു അബദ്ധം പിണഞ്ഞു.
ഭ:
എന്താണതു്?
കു: നാ:
ഇന്നു് വന്നാൽ കുറേ ഉറുപ്പിക കൊടുക്കാമെന്നു് ഇന്നലെ ഒരാളോടു് വാഗ്ദത്തം ചെയ്തുപോയിരുന്നു.
ഭ:
എന്നിട്ടു്?
കു: നാ:
വാഗ്ദത്തപ്രകാരം വന്നു, പണത്തിനു് അയാൾ കാത്തുനില്ക്കുന്നുണ്ടു്. ഖജനാ തുറക്കില്ലെന്നു് ഒരു ശപഥം നമ്പൂതിരി ചെയ്തുപോയിട്ടും ഉണ്ടു്.
ഭ:
അപ്പോൾ പണത്തിനു് ബുദ്ധിമുട്ടി.
കു: നാ:
പണം തീണ്ടാരിയായ ഭാര്യയെപോലെയായി.
ഭ:
(ആലോചിച്ചിട്ടു്) അല്ല നായരേ! നാരായണമേനോന്റെ “സ്യമന്തകം” ബേങ്ക് തുപ്പൻനമ്പൂതിരിയുടെ ഇല്ലത്തിന്റെ അടുത്തല്ലേ?

കുമാരൻനായർ ഒന്നു ഞെട്ടി. എന്നാൽ വിരോധത്തിനു് ആ നിമിഷത്തിൽ പരിഹാരം കാണാൻ കുമാരൻ നായരെപ്പോലെ ഭൂമിയിൽ ആളില്ല.

കു: നാ:
മുഷിച്ചൽ സമന്മാരോടാണു്. തന്നിൽ താണവരോടല്ല എന്ന പ്രമാണം കേട്ടിരിക്കുന്നോ?
ഭ:
ആ പ്രമാണവും കടവുമായിട്ടു് എന്താ സംബന്ധം?
കു: നാ:
കടം വാങ്ങേണ്ടതും സമന്മാരോടായിരിക്കണം. തന്നിൽ താണവരോടാവാൻ പാടില്ല എന്ന പിടുത്തവുംകൂടി നമ്പൂതിരിക്കുണ്ടു്.
ഭ:
ആ പിടിത്തത്തിൽ ഒരു തെറ്റും ഇല്ല.
കു: നാ:
നമ്പൂതിരി കടം മേടിക്കേണ്ടതു നമ്പൂതിരിയോടു തന്നെയാണുപോലും.
ഭ:
അതും ഉചിതംതന്നെ.
കു: നാ:
പോരാഞ്ഞിട്ടു് അദ്ദേഹത്തിന്നു് നിങ്ങളാണു അടുത്തുള്ള ആൾ.
ഭ:
അതും ശരി.
കു: നാ:
എന്നിട്ടാണു് ഇവിടെ വന്നതു്.
ഭ:
ഒരു തരക്കേടും ഇല്ല.
കു: നാ:
അപ്പോൾ പണ്ടെത്തേ കഥ ഓർത്തു അദ്ദേഹത്തിനു് ഒരു ശങ്ക.
ഭ:
അതൊക്കെ രാജിയായ കഥയല്ലേ?
കു: നാ:
അഭിമാനികൾക്കു ശങ്ക തീരാൻ കുറേ പിടിക്കും.
ഭ:
കാലഹരണപ്പെടുത്തേണ്ടുന്ന കാലവുംകൂടിക്കഴിഞ്ഞു.
കു: നാ:
ശരി. എന്നാലും അയാൾക്കു ബദലായി ഞാൻ വന്നു എന്നുമാത്രം.
ഭ:
അദ്ദേഹം എപ്പോൾ വരുന്നതും എനിക്കു സന്തോഷമാണെന്നു പറയണം.
കു: നാ:
അതു ഞാൻ വെടിപ്പായി ബോധിപ്പിച്ചുകൊള്ളാം.
ഭ:
നല്ലതു്. ഇപ്പോൾ എത്ര വേണ്ടിവരും?
കു: നാ:
ആയിരം മതി.

*****

ആയിരം ഉറുപ്പികയുടെ നോട്ടുകളും കീശയിലാക്കി, കുമാരൻനായർ ജയഭാവത്തോടെ തുപ്പൻ നമ്പൂതിരിയുടെ അടുത്തേന്നുവന്നു.

കു: നാ:
നിങ്ങളുടെ നിഷേധം, മറ്റൊരു ദിക്കിൽനിന്നു എനിക്കു അനുകൂലഫലം ഉണ്ടാക്കി.
തു: ന:
നിന്റെ ഭാഗ്യത്തിനു് എതിരില്ല.
കു: നാ:
സ്ത്രീകളുടെ നിഷേധം അര അനുകൂലം എന്നാണെങ്കിൽ നിങ്ങളുടെ നിഷേധം മുഴുവനിലും കവിഞ്ഞ അനുകൂലമായിപ്പോയി.
തു: ന:
എന്തുകൊണ്ടു്?
കു: നാ:
എഴുന്നൂറ്റിനു് അർഹതയിലെന്നു് നിങ്ങൾക്കു തോന്നിയ ഞാൻ ആയിരത്തിനു് കൂടി അർഹനാണെന്നു് ഭട്ടതിരിക്കു തോന്നി.
തു: ന:
ആ, തോന്നൽ അദ്ദേഹം വളരെക്കാലംകൊണ്ടു നടക്കയില്ല.
കു: നാ:
എന്തുകൊണ്ടു്?
തു: ന:
വാങ്ങുമ്പോൾ, മടക്കിക്കൊടുക്കേണമെന്ന വിചാരം നിങ്ങൾക്കു ഉണ്ടാകയില്ല.
കു: നാ:
തിന്നുമ്പോൾ വയറ്റിൽ വേദനയുടെ വിചാരം എനിക്കു ഉണ്ടാകാറില്ല.
തു: ന:
ഏതായാലും നിനക്കു ഒരു വലിയ സിദ്ധി ഉണ്ടു്.
കു: നാ:
അങ്ങിനെ ഒരു പ്രസിദ്ധി എനിക്കുവേണ്ട.
തു: ന:
ഉള്ളതു് ഇല്ലാതാക്കാൻ നിവൃത്തി ഇല്ല.
കു: നാ:
എന്നാൽ ഉണ്ടെന്നു് തോന്നുന്നതു് എന്തെന്നു് പറയൂ.
തു: ന:
നിന്റെ നാവിൽ സരസ്വതി എപ്പോളും വിളയാടുന്നു.
കു: നാ:
അതൊരു തൊന്ത്രമാണു്.
തു: ന:
നിന്റെ ഉള്ളങ്കയ്യിൽ ലക്ഷ്മിയും വിളയാടുന്നു.
കു: നാ:
ഇവർ രണ്ടും എന്റേ ശയനമേടയിൽ വിളയാടിയാൽ നന്നായിരുന്നു.
തു: ന:
എനിക്കു നിന്നോടു അസൂയ തോന്നുന്നു.
കു: നാ:
എനിക്കു നിങ്ങളെ ഒന്നു പിടിച്ചു കുലുക്കാൻ തോന്നുന്നു.
കുറിപ്പുകൾ

[2] എഴുത്തശ്ശന്മാർ എന്നും പറയാറുണ്ടു്.

ചില കൂട്ടുകെട്ടു്
കെ. സുകുമാരൻ, ബി. എ.

കൃഷ്ണകുറുപ്പു് ശബ്ദം ഒന്നും ഉണ്ടാക്കാതെ, അണ്ണാക്കൊട്ടൻ മാണിയുടെ പോളയിൽ എന്നപോലെ അസാരം വിടർന്നുനില്ക്കുന്ന വാതിൽപ്പൊളിയും ഉന്തിത്തുറന്നു കുമാരൻനായരുടെ വീട്ടിന്റെ പൂമുഖത്തു് കേറിച്ചെന്നു. നേരംപോക്കുകൊണ്ടു് നേരം പോക്കാമെന്നുവച്ചിട്ടാണു് കുറുപ്പു എഴുത്തു തപാൽപെട്ടിയിൽ ഇടുമ്പോലെ, അവിടെച്ചെന്നു തുഞ്ചിയതു്. അപ്പോൾ യുവതികളുടെ ഫോട്ടോകൊണ്ടു നിറഞ്ഞ, ഒരു വലിയ ആൽബവും മടിയിൽവെച്ചു ഓരോ മധുരമനോരാജ്യത്തിൽ മുഴുകിയിരുന്ന (എന്നും പതിനാറായ) നായർ, സഹജമായ മന്ദഹാസത്തോടെ കുറുപ്പോടു് ഇരിപ്പാൻ പറഞ്ഞു.

കൃഷ്ണക്കുറുപ്പു്:
എന്താ ഒരാലോചനയിൽ ലയിച്ചപോലെ ഇരിക്കുന്നതു്?
കുമാരൻനായർ:
ചിലപ്പോൾ ആലോചനയിൽ ലയിക്കും. ചിലപ്പോൾ സുലോചനയിൽ ലയിക്കും.
കൃ: കു:
ചിലപ്പോൾ മദ്യപാനത്തിലും ലയിക്കും.
കു: നാ:
എടോ! സകല പാനവും എനിക്കു രസമാണു്.
കൃ: കു:
ഈ മദിരവും മദിരേക്ഷണയും മതി എന്നു വെക്കരുതോ?
കു: നാ:
അന്നു് എന്റെ ജീവിതവും മതിയെന്നു് വെക്കും.
കൃ: കു:
എന്തായിരുന്നു ആലോചന?
കു: നാ:
ഞാൻ കാമിനിയുടെ കണ്ണിന്റെ കളിയുടെ കാന്തിയുടെ കടുപ്പത്തിന്റെ കൗതുകത്തെപ്പറ്റി ആലോചിക്കുകയായിരുന്നു.
കൃ: കു:
നിങ്ങൾക്കു നായയുടെ വാലിന്റെ വളവിന്റെ ചലനത്തിന്റെ ചാപല്യത്തിന്റെ ചപ്പടാച്ചിയെപ്പറ്റി ആലോചിച്ചുകൂടായിരുന്നോ?
കു: നാ:
എടോ! വായിപ്പാൻ മിസ്റ്റർ. പി. കുഞ്ഞിരാമൻനായരുടെ കവിത കയ്യിലുള്ളപ്പോൾ മിസ്റ്റർ. കീര്യാട്ടു് കുഞ്ഞമ്പുവിന്റെ കവിതയിൽ കണ്ണോടിക്കേണ്ട കാര്യമുണ്ടോ?
കൃ: കു:
അങ്ങുന്നേ. ‘കവിയുടെയും കവിത’യുടേയും കാര്യം അവിടെ വെക്കൂ.
കു: നാ:
ഇഷ്ടാ! കുടിപ്പാൻ മദ്യമുള്ളപ്പോൾ ചളിവെള്ളത്തിൽ കണ്ണു് വെക്കുന്ന സമ്പ്രദായം എനിക്കില്ല.
കൃ: കു:
എന്നാൽ ചളിവെള്ളം ഉണ്ടാക്കിയതു് എന്തിനായിരിക്കും?
കു: നാ:
നിന്നെപ്പോലെയുള്ള അട്ടകൾക്കുവേണ്ടി.
കൃ: കു:
അട്ടയ്ക്കു ചോരയാണു് ഇഷ്ടം.
കു: നാ:
അതെ. ചോര അതു കുടിക്കും, ചളിയിൽ അതു കിടക്കും.
കൃ: കു:
ഞാൻ ഓന്തുമല്ല, താമരയുമല്ല.
കു: നാ:
നീ താന്തോന്നിയും മേത്തോന്നിയുമാണു്.
കൃ: കു:
നാന്ദി കഴിഞ്ഞില്ലേ. ഇനി കാര്യത്തിൽ പ്രവേശിച്ചുകൂടെ?
കു: നാ:
നാന്ദി നാടകാരംഭത്തിലെ മംഗളാശംസയല്ലേ?
കൃ: കു:
വല്ലതിന്റേയും ആരംഭത്തിൽ നിങ്ങളുടെ നാന്ദി എന്നെ ശകാരിക്കുകയല്ലേ!
കു: നാ:
ഞാൻ നിന്നെ ഇപ്പോൾ ശകാരിച്ചോ?
കൃ: കു:
ഇല്ലെങ്കിൽ നിങ്ങൾ എന്നെ നിന്ദിച്ചിട്ടുണ്ടു്.
കു: നാ:
നിന്നെ നിന്ദിക്കുന്നതു് എനിക്കു രസമാണു്.
കൃ: കു:
ഞാൻ നിങ്ങളെ നിന്ദിക്കുന്നതോ?
കു: നാ:
അതിലും വലിയ രസം.
കൃ: കു:
ഈ രസങ്ങളൊന്നും കൂടാതെ നിങ്ങൾക്കു വല്ലതും ആലോചിച്ചുകൂടയോ?
കു: നാ:
എന്റെ ആലോചന എന്തെന്നു് നീ അറിഞ്ഞോ?
കൃ: കു:
കാമിനിയുടെ കല എന്നോ മറ്റോ നിങ്ങൾ പറഞ്ഞില്ലേ?
കു: നാ:
നാവുകൊണ്ടു് പറഞ്ഞതു് അതാണു്.
കൃ: കു:
മനസ്സിൽ വിചാരിച്ചതു് മറ്റൊന്നും!
കു: നാ:
അതാണു് വാസ്തവം.
കൃ: കു:
എന്നാൽ ആ “മറ്റൊന്നു്” ബോക്സിൽനിന്നു് ജേക്കിനെ പുറത്താക്കുംപോലെ തുറന്നുപറയരുതോ?
കു: നാ:
ഞാൻ വൈശമ്പായനെപ്പോലെ പറയാം.
കൃ: കു:
നൈമിശാരണ്യത്തിലെ മുനികളെപ്പോലെ ഞാൻ കേൾക്കാം.
കു: നാ:
കേട്ടാൽപോരാ. നല്ലവണ്ണം ശ്രദ്ധിക്കണം.
കൃ: കു:
ഞാൻ മനസ്സുവെച്ചു കേൾക്കാം; എന്നാൽ പോരേ?
കു: നാ:
നീ ഒരു ഉണ്ണപ്പനാണു്.
കൃ: കു:
കുണ്ടാമണ്ടി കൂടാതെ പറഞ്ഞാൽ ഉണ്ണപ്പനും മനസ്സിലാവും.
കു: നാ:
കുണ്ടാമണ്ടി വന്നുപോകുന്നതു് സന്ദർഭോചിതമായാൽ നന്നു്.
കൃ: കു:
അങ്ങിനെ വരുത്താമോ?
കു: നാ:
ചില വാക്കിന്റെ ദ്വയാർത്ഥംകൊണ്ടു് ബന്ധമില്ലാത്തേടത്തു് ബന്ധം ഉണ്ടാക്കാം.
കൃ: കു:
എനിക്കു മനസ്സിലായില്ല.
കു: നാ:
ഉദാഹരണംകൊണ്ടു് ഞാൻ മനസ്സിലാക്കിത്തരാം.
കൃ: കു:
ഉപകാരം.
കു: നാ:
എന്നാൽ കേൾക്കൂ; കഴുവിൽ കേറ്റുന്ന ജയിൽവാർഡറും, സത്യവാനായ കച്ചവടക്കാരനും തമ്മിൽ വല്ല ബന്ധവും ഉണ്ടോ?
കൃ: കു:
ഒന്നുമില്ല.
കു: നാ:
ഇല്ലെന്നോ? രണ്ടും കൂട്ടരും ശരിയായി തൂക്കുന്നവരല്ലേ?
കൃ: കു:
ഓഹോ! മനസ്സിലായി. ഒരാൾ തൂക്കുന്നതു് ആളെക്കൊല്ലാൻ, മറ്റേ ആൾ തൂക്കുന്നതു് ആളുകൾക്കു് സാമാനം കൃത്യമായി കൊടുപ്പാൻ.
കു: നാ:
തൂക്കുക എന്ന വാക്കിന്റെ രണ്ടർത്ഥമാണു് ഈ ബന്ധം ഉണ്ടാക്കിയതു്.
കൃ: കു:
ശരി. ഒരു ഉദാഹരണവുംകൂടിപ്പറയാമോ?
കു: നാ:
ആട്ടെ, പറയാം. വള്ളത്തോളിന്റെ കവിതയും ഭാരതപ്പുഴയും തമ്മിൽ വല്ല ബന്ധവും കാണുന്നുണ്ടോ.
കൃ: കു:
ഇല്ല.
കു: നാ:
എന്തു്! രണ്ടിലും നല്ല ഒഴുക്കില്ലേ!
കൃ: കു:
ഉണ്ടു്.
കു: നാ:
ഇതൊക്കെ മനുഷ്യരായ നമ്മൾ, വാക്കുകൾകൊണ്ടു് മാത്രം ഉണ്ടാക്കുന്ന ബന്ധങ്ങളാണു്.
കൃ: കു:
മൃഗങ്ങൾക്കു് ഏതായാലും ഇതിനൊന്നും സാധിക്കയില്ല.
കു: നാ:
ഈശ്വരനും ഈ മാതിരി ദ്വന്ദ്വബന്ധം ഉണ്ടാക്കിവിട്ടിട്ടുണ്ടു്.
കൃ: കു:
ഈശ്വരൻ നിശ്ചേഷ്ടനും നിർവികാരനുമല്ലേ?
കു: നാ:
എടോ ഈശ്വരനെപ്പോലെ ഒരു തികഞ്ഞ തമാശക്കാരൻ ഉണ്ടോ?
കൃ: കു:
മിണ്ടാതിരിക്കൂ മഹാപാപി!
കു: നാ:
ജീവികൾ വർദ്ധിക്കണമെങ്കിൽ സ്ത്രീപുരുഷന്മാർ എന്ന വിപരീതലിംഗധാരികൾക്കു് അന്യോന്യം ചിരിച്ചുപോകുന്ന ഒരു കൊള്ളരുതാത്ത തോന്നലും, അറച്ചുപോകുന്ന ചില ആഭാസാചരണങ്ങളും ഉണ്ടാകണമെന്നു നിയമിച്ച ഈശ്വരനെപ്പോലെ ഒരു തമാശക്കാരനും പരിഹാസിയും വേറെ ഉണ്ടോ?
കൃ: കു:
അങ്ങുന്നേ! ഈശ്വരൻ സർവ ദിക്കിലും ഉണ്ടു്.
കു: നാ:
എന്നിട്ടെന്താ, അമ്പലത്തിലെ ബിംബംപോലെ, വിളിച്ചാൽ വിളിയാടുകയില്ല. വെള്ളത്തിൽ വീണ മഴത്തുള്ളിപോലെ നോക്കിയാൽ കാണുകയുമില്ല.
കൃ: കു:
ഈശ്വരസന്നിധിയിൽ ഒരിക്കൽ നമ്മളൊക്കെ എത്തുമല്ലോ.
കു: നാ:
നേരോ! എത്തിയാൽ നീ എന്തുചെയ്യും.
കൃ: കു:
ഞാൻ ഭക്തിയോടെ അവരെ ദണ്ഡനമസ്ക്കാരം ചെയ്യും. നിങ്ങളോ?
കു: നാ:
ഞാൻ അവരെ കിക്കിളിയാക്കിച്ചിരിപ്പിക്കും.
കൃ: കു:
മഹാപാപീ! ഈശ്വരനെ എങ്കിലും പരിഹസിക്കാതിരിക്കൂ.
കു: നാ:
കൊടുങ്ങല്ലൂരിൽ കാണുന്ന ഈശ്വരിയെ നിങ്ങൾക്കു് ശകാരിക്കുകയുംകൂടിച്ചെയ്യാമെങ്കിൽ ഒരേടത്തും കാണാത്ത ഈശ്വരനെ എനിക്കു് എന്തുകൊണ്ടു് പരിഹസിച്ചുകൂടാ.
കൃ: കു:
പരിഹാസം ഒരേടത്തും പാടില്ലാത്തതാണു്.
കു: നാ:
കപടഭക്താ! രൂപമില്ലാത്ത ഈശ്വരനെ വല്ലവർക്കും പരിഹസിക്കാൻ വയ്ക്കുമോ?
കൃ: കു:
മതി, മതി നാസ്തികന്റെ നഹി “നഹി” ന്യായം.
കു: നാ:
ഈശ്വരൻ ഉണ്ടെങ്കിൽ ഒരേടത്തു് അയാളും ഇരിക്കട്ടെ.
കൃ: കു:
അതിന്നു് നിങ്ങളുടെ ശിപാർശ വേണമോ?
കു: നാ:
എമ്പ്രാന്തിരിയുടെ ശുശ്രൂഷ മതി.
കൃ: കു:
എമ്പ്രാന്തിരിക്കു അമ്പലത്തോടല്ലാതെ ഈശ്വരനോടെന്തു ബന്ധമാണു്! തവളയ്ക്കു വെള്ളത്തോടല്ലാതെ താമരയോടു് വല്ല ബന്ധവുമുണ്ടോ?
കു: നാ:
ഈശ്വരനെ പരിപാലിക്കുന്നതു് എമ്പ്രാന്തിരിയല്ലേ?
കൃ: കു:
സകല ലോകവും പരിപാലിക്കുന്ന ഈശ്വരനേയോ?
കു: നാ:
അതെ.
കൃ: കു:
അയാൾ കോമളകളായ കാമിനികളെയാണു് പരിപാലിക്കുന്നതു്.

ഇഷ്ടാ! എമ്പ്രാന്തിരിയെ നീ ആരെന്നാണു് വിചാരിച്ചതു്. അയാൾ ഈശ്വരന്റെ പ്രതിനിധിയാണു്. ഈശ്വരനെ വൃത്തിയോടെ നിർത്തുന്നതും എമ്പ്രാന്തിരിയാണു്, ഈശ്വരനു് തിന്നാനും കുടിക്കാനും കൊടുക്കുന്നതും എമ്പ്രാന്തിരിയാണു്. ഈശ്വരന്റെ കണ്ണിൽ പൊടിയിടുവാൻ വേണ്ടി അയാളെ സ്തുതിക്കുന്നതും പൂജിക്കുന്നതും എമ്പ്രാന്തിരിയാണു്. ഈശ്വരനു് പോക്കറ്റ്മണി കൊടുക്കുന്നതും എമ്പ്രാന്തിരിയാണു്.

ബീഡിയും സിഗരട്ടും കൊടുക്കാറുണ്ടോ എന്നു് എനിക്കു് നിശ്ചയമില്ല.

തീവണ്ടി ആപ്പീസുകളിൽ എന്നപോലെ, “ഈശ്വരനു് മാത്രം” എന്നു് എഴുതീട്ടു് ഒരു Septic Latrine വെപ്പാൻ ആലോചന ഉണ്ടോ എന്നും എനിക്കു് നിശ്ചയമില്ല. അതു ചില സ്ത്രീരത്നങ്ങൾക്കു് ഇഷ്ടവുമല്ല.

കൃ: കു:
ഒരാളെ ദുഷിച്ചാൽ മാത്രം പോരാ. ഉള്ളതും പറയണമല്ലോ.
കു: നാ:
ഈശ്വരനെ വേണ്ടുംപോലെ കൊണ്ടുനടക്കുന്നതു് എമ്പ്രാന്തിരിയാണെന്നു് സമ്മതിച്ചേ തീരൂ. എമ്പ്രാന്തിരിയുടെ സർവതോഭദ്രമായ നോട്ടം ഇല്ലാതിരുന്നു എങ്കിൽ ഈശ്വരൻ പണ്ടെങ്ങാൻ മരിച്ചു മണ്ണായിപ്പോകുമായിരുന്നു.
കൃ: കു:
ആരുടെ ശുശ്രൂഷകൊണ്ടായാലും ഈശ്വരൻ അവിടെത്തന്നെ ഉണ്ടല്ലോ, ഇനി നിങ്ങൾ പറഞ്ഞ ഈശ്വരാകൃതമായ ദ്വന്ദ്വം എന്തെന്നാണു് അറിയേണ്ടതു്.
കു: നാ:
പൂച്ചയുടെ കണ്ണിന്റെ നിറവും അതിന്റെ ചെവിയുടെ കൂർമ്മതയും തമ്മിൽ വല്ല ബന്ധവുമുണ്ടോ?
കൃ: കു:
ഉണ്ടെന്നു ആരും പറയുകയില്ല.
കു: നാ:
എന്നിട്ടെന്താ! നീലകണ്ണുള്ള പൂച്ചയ്ക്കു ചെവി കേവലം കേൾക്കയില്ല.
കൃ: കു:
ഞാൻ അതു സൂക്ഷിച്ചിട്ടില്ല.
കു: നാ:
കഷണ്ടിയും രാജയക്ഷ്മാവും. (Pthysis-Con-sumption = ക്ഷയം) തമ്മിൽ വല്ല ബന്ധവും ഉണ്ടായിരിക്കുമോ?
കൃ: കു:
ഉണ്ടാവാൻ ഇടയില്ല.
കു: നാ:
എന്നിട്ടെന്താ! കഷണ്ടിത്തലയനെ ക്ഷയം ബാധിക്കയില്ല.
കൃ: കു:
അതു ആർക്കും പരിശോധിക്കാമല്ലൊ.
കു: നാ:
ആകാശത്തിലെ വെൺകാറിന്റെ ആകൃതിയും, കടലിലെ ഐലമത്സ്യവും തമ്മിൽ വല്ല ബന്ധവുമുണ്ടോ?
കൃ: കു:
ബാക്കി മത്സ്യങ്ങൾക്കില്ലാത്ത എന്തൊന്നാണു് ഐലക്കുള്ളതു്.
കു: നാ:
എന്നിട്ടുകൂടി പൊളികൾപോലെ വെൺകാറിൻകഷണങ്ങൾ ആകാശത്തു നിരന്നു നിൽക്കുന്നതു് കണ്ടാൽ കടലിൽ ഐല പെട്ടിട്ടുണ്ടെന്നു് ഉടനെ മനസ്സിലാക്കാം.
കൃ: കു:
ഇങ്ങിനെ ആരും പറഞ്ഞുകേട്ടിട്ടില്ല.
കു: നാ:
എന്നാൽ ആകാശമാകുന്ന നീലക്കടലാസ്സിൽ ഈശ്വരനാകുന്ന ഹൈക്കോടതി ജഡ്ജി, വെൺകാറിൻകഷണങ്ങളായ അക്ഷരങ്ങളാൽ, ഐല ഒഴിഞ്ഞ ബാക്കി മത്സ്യങ്ങളെ സമീപമൊന്നും കാണ്മാൻ പാടില്ലെന്ന ഒരു തല്ക്കാലനിരോധന കല്പനകൊണ്ടു് മുടക്കിയിരിക്കുന്നു എന്നു് കവിവചനത്തിലും പറയാം.
കൃ: കു:
ഈ ബന്ധങ്ങൾ ഒക്കെ പറഞ്ഞുകൊണ്ടുവരുന്നതു് എന്തിനാണെന്നു് വ്യാഖ്യാനിക്കാൻ ഞാൻ നിർബന്ധിക്കട്ടെയോ.
കു: നാ:
വെറുതെ ഒന്നുമല്ല.
കൃ: കു:
ഫലേച്ഛ ഇല്ലാത്ത കർമ്മങ്ങൾ നിങ്ങൾ ഒരിക്കലും ചെയ്കയില്ലെന്നു് എനിക്കു് നല്ല ബോദ്ധ്യമുണ്ടു്.
കു: നാ:
അതും ഞാൻ എത്രയെങ്കിലും ചെയ്തിട്ടുണ്ടു്.
കൃ: കു:
ഒന്നെങ്കിലും പറയാമോ?
കു: നാ:
ഇഷ്ടാ! രഹസ്യത്തിനുവേണ്ടി വിവാഹം കഴിയാത്ത യുവതികളെ പ്രാപിക്കുമ്പോൾ, അവർക്കു ഗർഭം ഉണ്ടാകേണമെന്നു് ഞാൻ കാംക്ഷിക്കാറേ ഇല്ല.
കൃ: കു:
ഭേഷ്, ഭേഷ്, ഫലേച്ഛയില്ലാത്ത കർമ്മം! നിങ്ങൾ ഒന്നാന്തരം യോഗി തന്നെ.
കു: നാ:
ഒന്നാന്തരമോ രണ്ടാന്തരമോ എന്നു് ആരു് കണ്ടു. എന്നാൽ ഒരു തരവും ഞാൻ വെറുതേ വിട്ടുകളയാറില്ല.
കൃ: കു:
സ്ത്രീകളുമായി ബന്ധം തല്ക്കാലം വിടൂ. നിങ്ങൾ ഇതുവരെ പറഞ്ഞ ബന്ധത്തെപ്പറ്റിത്തുടർന്നു പറയൂ.
കു: നാ:
എന്നാൽ കേൾക്കൂ. ഞാൻ ഇതുവരെ വിവരിച്ചുതന്നതായ ഒരു മാതിരി ബന്ധത്തെപ്പറ്റി ഒരു പ്രബന്ധം ഗുരുനാഥൻ മാസികയിലെ, 1113 മകരം ലക്കം ആറിൽ വിവരിച്ചുകണ്ടു.
കൃ: കു:
നിങ്ങളേക്കാൾ മുമ്പു് സംബന്ധമില്ലാത്തതിൽ ബന്ധംകണ്ട ആ മഹാൻ ആരായിരുന്നു.
കു: നാ:
പണ്ഡിതർ ഇ. വി. രാമൻനമ്പൂതിരി അവർകൾ. ഭക്തിയും ശൃംഗാരവും തമ്മിൽ ഒരു ബന്ധമുണ്ടെന്നാണു് അദ്ദേഹം തെളിയിക്കുന്നതു്.
കൃ: കു:
എന്നാൽ നിങ്ങളെപ്പോലെ ഒരു മഹാഭക്തൻ ലോകത്തിലുണ്ടോ?
കു: നാ:
ഞാൻ സകലവും ചേർന്ന ഒരു അവീലാണെന്നു് നീ അറിയില്ലേ?
കൃ: കു:
പല ദ്വന്ദ്വങ്ങളും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാൻവയ്ക്കുന്ന നിങ്ങൾക്കു ഈ ബന്ധത്തോടു് പരിഭവിക്കാൻ മാർഗ്ഗമില്ലല്ലോ.
കു: നാ:
ഞാൻ അങ്ങിനെ വിചാരിച്ചിട്ടേ ഇല്ല.
കൃ: കു:
പിന്നെ എങ്ങിനെയാണു് വിചാരിച്ചതു്?
കു: നാ:
ശൃംഗാരം എല്ലാ മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന ഒരു മനോവികാരമെന്നാണു് ഞാൻ വിചാരിച്ചതു്.
കൃ: കു:
മനുഷ്യരെ മാത്രമല്ല, സകല ജീവികളെയും എന്നു പറഞ്ഞാൽ കൂടി ഒട്ടും അബദ്ധമില്ല.
കു: നാ:
ആ അഭിപ്രായമാണു്; ഭക്തന്മാർക്കു് സാധാരണന്മാരേക്കാൾ ശൃംഗാരം ജാസ്തിയാണെന്ന സ്ഥാപനകൊണ്ടു് നമ്പൂതിരി ഇടിച്ചുപൊളിച്ചുകളഞ്ഞതു്.
കൃ: കു:
നിങ്ങൾക്കു് അദ്ദേഹത്തോടു് ഒന്നു് തർക്കിച്ചുകൂടായിരുന്നോ?
കു: നാ:
എന്തു കോപ്പുംകൊണ്ടാണു് ഞാൻ അദ്ദേഹത്തിന്റെ നേരെ ചെല്ലേണ്ടതു്.
കൃ: കു:
അണ്ണാരാക്കൊട്ടൻ തന്നാലാകുംവണ്ണം എന്നില്ലേ!
കു: നാ:
അദ്ദേഹം ബ്രഹ്മാസ്ത്രമാണു്. ഞാൻ മുള്ളന്റെ അമ്പാണു്.
കൃ: കു:
മലയോടു് കല്ലെറിഞ്ഞിട്ടു് ഫലമില്ല അല്ലേ?
കു: നാ:
അങ്ങിനെ പറയേണ്ടുന്ന അവസരം വന്നിട്ടില്ല.
കൃ: കു:
എന്തുകൊണ്ടു്?
കു: നാ:
അദ്ദേഹത്തിന്റെ അഭിപ്രായത്തോടു് ഞാൻ സമ്പൂർണ്ണമായി യോജിക്കുന്നതുകൊണ്ടു്.
കൃ: കു:
പിന്നെ എന്താണിത്ര വിമ്മിഷ്ടം.
കു: നാ:
ആ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ നിന്നു് ഞാൻ മറ്റൊന്നിൽ ചാടിവീഴുകയാണു് ചെയ്യുന്നതു്.
കൃ: കു:
നിങ്ങൾ എന്നാണു് കുരങ്ങായതു്.
കു: നാ:
എടോ ചാടുന്നതു് കുരങ്ങൻ മാത്രമല്ല കുരഗവും ചാടും.
കൃ: കു:
അവ രണ്ടും എവിടെയെങ്കിലും ചാടട്ടെ. നിങ്ങളുടെ കാര്യമാണു് ക്ഷണം വെളിക്കു ചാടേണ്ടതു്.
കു: നാ:
ഭക്തിയുടെ ഫലം ശൃംഗാരമാണെന്നു് നമ്പൂതിരി പറഞ്ഞു.
കൃ: കു:
ശരി.
കു: നാ:
അപ്പോൾ ഭക്തി എന്തിന്റെ ഫലമാണു് എന്നാണു് എന്റെ ചോദ്യം.
കൃ: കു:
അങ്ങനെയാണു് നിങ്ങളുടെ ആലോചന പോയതു് എന്നിട്ടു്?
കു: നാ:
പതിനഞ്ചു കൊല്ലം മുഴുവൻ ഞാൻ ആലോചനയിൽ കഴിച്ചു.
കൃ: കു:
എന്നിട്ടു് വല്ല കാര്യവും ഉണ്ടായോ?
കു: നാ:
ബോധിവൃക്ഷത്തിന്റെ സഹായം കൂടാതെ എനിക്കും ഒരു വെളിച്ചം കിട്ടി.
കൃ: കു:
എന്താണുപോലും ഭക്തിയുടെ കാരണം.
കു: നാ:
അതു കേട്ടാൽ നിങ്ങൾ അതിശയിച്ചുപോകും.
കൃ: കു:
എന്നാലും കേൾക്കട്ടെ. നിങ്ങളുടെ ദീർഘാലോചനയുടെ ഫലമല്ലേ?
കു: നാ:
ഭക്തിയുടെ നാരായ വേരു് നീണ്ട താടിയാണു്. താടിരോമത്തിന്റെ ഓരോ ഇഴയും ഭക്തി നിലനിർത്തിപ്പോരാൻ മതിയായ ഓരോ അക്ഷൗഹിണിസേനയാണു്.
കൃ: കു:
താടിയും ഭക്തിയും തമ്മിൽ ബന്ധം ഉണ്ടെന്നോ?
കു: നാ:
പുരുഷന്റെ ഹൃദയവും കാമിനിയുടെ കണ്ണും പോലുള്ള ബന്ധം.
കൃ: കു:
കാറ്റും മഴയുംപോലെ എന്നു് പറഞ്ഞാൽ മതിയോ? എങ്ങിനെയാണു് ഇതു് സ്ഥാപിക്കുന്നതു്.
കു: നാ:
എളുപ്പത്തിൽ സ്ഥാപിക്കാം. മതത്തിൽ വളരെ പ്രതിപത്തിയുള്ളവർ ജൂതരും, മുസ്ലിമുകളും, പാതിരിമാരും, സന്യാസികളുമാണു്. ഇവരൊക്കെ നീണ്ട താടിക്കാരാണു്.
കൃ: കു:
സ്വാമി വിവേകാനന്ദനു് താടി ഉണ്ടോ?
കു: നാ:
രാമകൃഷ്ണ പരമഹംസനു് താടി ഇല്ലേ?
കൃ: കു:
അപ്പോൾ താടിക്കാർ ആദരണീയന്മാരാണു്.
കു: നാ:
പെണ്ണുങ്ങൾ അവരെ ആദരിക്കുമായിരിക്കും.
കൃ: കു:
പെണ്ണുങ്ങളോ! എന്തിനു്?!
കു: നാ:
പെണ്ണുങ്ങൾക്കു് വേണ്ടാസനയിൽ വാസന ജാസ്തിയാണു്.
കൃ: കു:
നിങ്ങൾക്കു് താടിക്കാരേ ഇഷ്ടമില്ലേ?
കു: നാ:
എനിക്കവരെ കണ്ണെടുത്തു കണ്ടുകൂട.
കൃ: കു:
അവരെ കാണുമ്പോൾ ഭക്തിയുംകൂടി നിങ്ങൾക്കു തോന്നാറില്ലേ?
കു: നാ:
കേവലം ഇല്ല.
കൃ: കു:
താടിക്കാരെ കാണുമ്പോൾ നിങ്ങൾക്കു വല്ലതും തോന്നാറുണ്ടോ?
കു: നാ:
താടിക്കാരേ ഓരോ ജോടായി നിർത്തുക. ഓരോ ജോടിന്റെയും താടി ഒന്നായി കൂട്ടികെട്ടി നിർത്തുക. എന്നിട്ടു് കൂട്ടിക്കെട്ടിയ താടിയുടെ നടുക്കു ഉലക്ക എടുത്തു ഉറക്കേത്തല്ലുക.
കൃ: കു:
ഇതൊരു വല്ലാത്ത തോന്നലാണല്ലൊ.
കു: നാ:
ശുക്രനും വസിഷ്ഠനും ഒരേടത്തു്—വിശ്വാമിത്രനും ദുർവാസാവും ഒരേടത്തു്, വേദവ്യാസനും വൈശമ്പായനനും ഒരെടത്തു്, എന്നിട്ടു് തല്ലുമ്പോൾ സിനിമാനിർമ്മാതാക്കൾ കൈകുഴയുംവരേ പണം വാരി എറിഞ്ഞു തരില്ലേ.
കൃ: കു:
താടിക്കാരേ കാണുമ്പോൾ മറ്റൊന്നും തോന്നാറില്ലേ?
കു: നാ:
താടിയും ഭക്തിയും എന്ന വിഷയത്തിൽ ഒരു സംശയം എനിക്കു് ഇന്നും തീർന്നിട്ടില്ല.
കൃ: കു:
അതെന്താണു്?
കു: നാ:
നീണ്ട താടി ഭക്തിയുടെ ഫലമോ, അല്ല ഭക്തി നീണ്ട താടിയുടെ ഫലമോ എന്നു്.
കൃ: കു:
അതു് തീർച്ചപ്പെടുത്താൻ കുറേ വിഷമമുണ്ടു്.
കു: നാ:
എന്നാൽ ശ്രീ പാർവതിയുടെ അധീരനോട്ടം കണ്ടിട്ടു് ഒരാൾക്കു് ഇങ്ങിനെതന്നെ തോന്നീട്ടുണ്ടു്.
കൃ: കു:
എങ്ങിനെയെന്നു പറയൂ.
കു: നാ:
മാമ്പേടയോടു ഗിരികന്യകതാൻ ഗ്രഹിച്ചോ മാമ്പേടതന്നെ ഗിരികന്യകയൊടഭ്യസിച്ചോ?
കൃ: കു:
ഇതു എവിടെയാ കണ്ടതു്.
കു: നാ:
Encyclopaedia ബ്രിട്ടാനിക്കയിൽ.
കൃ: കു:
അതെന്താ.
കു: നാ:
ഒരു വലിയ കോശം.
കൃ: കു:
നിങ്ങൾ വായിക്കാത്ത പുസ്തകമില്ല.
കു: നാ:
ഞാൻ കാമിക്കാത്ത പെണ്ണുമില്ല.
ആ വിവാഹം
കെ. സുകുമാരൻ, ബി. എ.

ജില്ലാ ജഡ്ജിക്കു് സുമാർ അമ്പതു വയസ്സായി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ ലക്ഷ്മിഅമ്മയ്ക്കു മുപ്പതു വയസ്സായി. അദ്ദേഹത്തിന്റെ ആദ്യത്തെ ഭാര്യയിലെ പുത്രി, ജാനു എന്നുകൂടി പറയുന്ന ജാനകിയ്ക്കു പതിനെട്ടു വയസ്സായി. ഇപ്പോൾ ഇത്രത്തോളം അറിഞ്ഞാൽ മതി.

വൈകുന്നേരം ഊണു കഴിച്ചു, ജഡ്ജി പുറത്തേ കോലായിൽ ഇട്ട ചാരുകസാലമേൽ കിടന്നു ചുരുട്ടു് വലിക്കുമ്പോഴാണു്, തന്റെ പ്രേമഭാജനമായ ഭാര്യ അടുത്തുണ്ടായിരുന്ന കസേലമേൽ വന്നിരുന്നതു്.

ജഡ്ജിയുടെ തടിച്ചു നീണ്ട ദേഹത്തിൽ കുമ്പയും, വണ്ണം ഉള്ള തലയിൽ കഷണ്ടിയും വിസ്താരമുള്ള നെഞ്ഞത്തു് രോമവും, ഒരു നോക്കിനു കാണാമായിരുന്നു. ഈ ചെമ്പൻജഡ്ജി നേരംപോക്കിൽ വാസനയുള്ള ആളാണെന്നു് ലോകബോധ്യമാണു്. എന്നാലുംകൂടി ഗന്ധർവ്വനെപ്പോലെയുള്ള ഒരു മനുഷ്യൻ ആകകൊണ്ടു് എല്ലാവർക്കും വളരെ ഭയവുമാണു്. പോരാഞ്ഞിട്ടു് അക്കാലത്തു ജില്ലാജഡ്ജി എന്നുവച്ചാൽ ഒരു ഗവർണർജനറൽ തന്നെയാണു്.

ലക്ഷ്മിഅമ്മ കുറെനേരം ഭർത്താവിന്റെ മുഖത്തു നോക്കി. ഭർത്താവു് അയാളുടെ വായിൽനിന്നു്, തീവണ്ടി ഇൻജിനിൽനിന്നു് എന്നപോലെ ഉരുണ്ടുമറിഞ്ഞു. പൊങ്ങിപ്പോകുന്ന പുക നോക്കി. എന്താണു ഭാര്യ പറയാൻ പോകുന്നതു് എന്നു കേൾപ്പാൻവേണ്ടി ഭർത്താവു് ഒന്നും മിണ്ടിയില്ലാ. എന്താണു് ഭർത്താവു് മിണ്ടാതിരിക്കുന്നതു് എന്നുവച്ചു ഭർത്രിക്കു് നാവു് അടക്കിവയ്ക്കാൻ സാധിച്ചില്ലാ.

ലക്ഷ്മിഅമ്മ:
നിങ്ങൾ എന്താണു് ഇത്ര ഗാഢമായി ആലോചിക്കുന്നതു്?
ജഡ്ജി:
ഗാഢമായിട്ടു് ഒരു ഗൂഢമായ ആലോചന.
ലക്ഷ്മി:
ഗൂഢമായിട്ടു് ഒരു ഗാഢമായ ആലോചന എന്നുംവരാം.
ജഡ്ജി:
ഏതായാലും നിനക്കെന്താ?
ലക്ഷ്മി:
കോടതിക്കാര്യം ആണെങ്കിൽ എനിക്കു് ഏതും ഇല്ലാ.
ജഡ്ജി:
ബാക്കിയുള്ളവരുടെ കാര്യം ആണെങ്കിലോ?
ലക്ഷ്മി:
ബാക്കിയുള്ളവരുടെ കാര്യം ആണെങ്കിൽ എനിക്കു് അതു കേൾക്കണം.
ജഡ്ജി:
കോടതിക്കാര്യം ബാക്കിയുള്ളവരുടെ കാര്യം അല്ലെ?
ലക്ഷ്മി:
ആ വകുപ്പിൽപ്പെടാത്ത കാര്യം മാത്രമേ എനിക്കു കേൾക്കേണ്ടതുള്ളു.
ജഡ്ജി:
കേൾക്കണമെന്നു് നിനക്കു് എന്തിനാണു് ഇത്ര ശാഠ്യം?
ലക്ഷ്മി:
പറയണമെന്നില്ലാ എന്ന നിങ്ങളുടെ ശാഠ്യം തകർത്തുകളയാൻ.
ജഡ്ജി:
കേട്ടേ മതിയാവൂ എങ്കിൽ ഞാൻ പറയാം.
ലക്ഷ്മി:
കേൾപ്പാൻ ഞാൻ റെഡി എന്നുവെച്ചു പറഞ്ഞോളു.
ജഡ്ജി:
ഞാൻ ഒരാളെപ്പറ്റി ആലോചിക്കുകയായിരുന്നു.
ലക്ഷ്മിഅമ്മ:
ഞാൻ അറിയുന്ന ഒരാളെ ആണോ?
ജഡ്ജി:
എനിക്കു നല്ലവണ്ണം അറിയേണം എന്നു തോന്നുന്ന ഒരാളെ.
ലക്ഷ്മിഅമ്മ:
അതു എന്റെ ചോദ്യത്തിനു ശരിയായ ഒരു സമാധാനം ആയില്ലാ.
ജഡ്ജി:
ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞാൽ മതിയോ?
ലക്ഷ്മിഅമ്മ:
തല്ക്കാലം അതുമതി.
ജഡ്ജി:
ഞാൻ വിചാരിച്ചതു്—ഞാൻ വിചാരിച്ചതു്—എങ്ങിനെയാണു് പറയുക.
ലക്ഷ്മിഅമ്മ:
നാവുകൊണ്ടു്.
ജഡ്ജി:
നിന്നേപ്പോലെ നാവിന്നു് ദീർഘം എനിക്കു് ഇല്ലാ.
ലക്ഷ്മിഅമ്മ:
ചുരുങ്ങിയ നാവാണെങ്കിൽ— ചുരുക്കത്തിൽ പറഞ്ഞാൽ മതി.
ജഡ്ജി:
വളരെ വിസ്തരിച്ചു് പറയേണ്ടുന്ന ഒരു കാര്യമാണു് ഇതു്.
ലക്ഷ്മിഅമ്മ:
വിസ്താരം കോടതിയിൽനിന്നു് കഴിക്കാം.
ജഡ്ജി:
വിസ്താരമല്ലാ. വിസ്തരിച്ചു പറയേണം എന്നു്.
ലക്ഷ്മിഅമ്മ:
വിസ്തരിച്ചു പറയേണ്ടതു് സംക്ഷേപിച്ചിട്ടും പറയാം.
ജഡ്ജി:
എത്രത്തോളം ചുരുക്കണം എന്നാണു് ആലോചന.
ലക്ഷ്മിഅമ്മ:
നിങ്ങൾ “പ്രസി” എന്ന പരീക്ഷ പാസായ ആളല്ലെ.
ജഡ്ജി:
ഞാൻ അതിലുംവലിയ പരീക്ഷയും പാസ്സായിട്ടുണ്ടു്.
ലക്ഷ്മിഅമ്മ:
നിങ്ങൾ വിചാരിച്ചതു പറവാൻ വലിയ പരീക്ഷകൾ പാസ്സാകേണ്ടതുണ്ടോ?
ജഡ്ജി:
ഒരു പരീക്ഷയും വേണ്ടാ.
ലക്ഷ്മിഅമ്മ:
എന്നാൽ പേരു മാത്രം പറഞ്ഞാൽമതി. നിങ്ങൾ ആരെയാണു് വിചാരിച്ചതു്?
ജഡ്ജി:
ഇന്നാൾ നിന്നെ കാണാൻ വന്ന ചെറുപ്പക്കാരത്തിയായ പാറുക്കുട്ടിയെ.
ലക്ഷ്മിഅമ്മ:
അതിനുമുൻപു ഇവിടെ വന്ന കല്യാണിക്കുട്ടിയെ മറന്നുപോയോ?
ജഡ്ജി:
ഇല്ല, അവളുടെ വിചാരം ഞാൻ മറ്റൊരു ദിവസത്തേക്കു് നീട്ടിവെച്ചിരിക്കുന്നു.
ലക്ഷ്മിഅമ്മ:
കല്യാണിക്കുട്ടി കോടതിയിലെ നമ്പറല്ലാ, നീട്ടിവയ്ക്കാൻ.
ജഡ്ജി:
കോടതിയിലെ നമ്പർ നീട്ടിവയ്ക്കുന്നതു് ഒരു ജാതി വേറെ. കല്യാണിക്കുട്ടിയെ നീട്ടിവെയ്ക്കുന്നതു് ഒരു ജാതി വേറെ.
ലക്ഷ്മിഅമ്മ:
ഇപ്പോൾ വിചാരണ ചെയ്വാൻ എടുത്തതു് പാറുക്കുട്ടിയുടെ നമ്പർ ആയിരിക്കും.
ജഡ്ജി:
അതും ഞാൻ തൽക്കാലം നീട്ടി.
ലക്ഷ്മിഅമ്മ:
എന്തുകൊണ്ടു്?
ജഡ്ജി:
ഈ വീട്ടിൽനിന്നു് വിചാരണ ചെയ്യേണ്ടതു് മറ്റൊരു നമ്പർ ആയിരിക്കകൊണ്ടു്.
ലക്ഷ്മിഅമ്മ:
ഏതു നമ്പർ?
ജഡ്ജി:
നിന്റെ നമ്പർ തന്നെ.
ലക്ഷ്മിഅമ്മ:
അതു് എത്രയോ പ്രാവശ്യം വിചാരണയും പുനർവിചാരണയും മറ്റും കഴിഞ്ഞുപോയ നമ്പറല്ലേ?
ജഡ്ജി:
എന്നിട്ടും നമ്പർ തീരുന്നില്ലാ. എപ്പോഴും നിലവിൽതന്നെ. രേഖയാണെങ്കിൽ എത്ര വിടർത്തി നോക്കിയിട്ടും, മതിയാകുന്നില്ലാ. കുടുക്കും മുട്ടുംതന്നെ. എന്നാലും എനിക്കു് അതൊക്കെ രസമാണുതാനും.
ലക്ഷ്മിഅമ്മ:
അതു് എന്റെ ഭാഗ്യം.
ജഡ്ജി:
എന്റെ ഭാഗ്യമാ
ലക്ഷ്മിഅമ്മ:
നിങ്ങൾക്കു വിചാരിച്ചാൽ കിട്ടാത്ത പെണ്ണു് ഏതാണു്?
ജഡ്ജി:
നിന്നെപ്പോലെ ഒന്നിനെ എനിക്കു് ഒരിക്കലും കിട്ടുകയില്ലാ.
ലക്ഷ്മിഅമ്മ:
ആരെപ്പോലെയും ഒന്നിനെ കിട്ടുകയില്ല.
ജഡ്ജി:
ഞാൻ നിന്റെ സൗന്ദര്യം എന്ന ഒന്നിനെയാണു് പറഞ്ഞതു്.
ലക്ഷ്മിഅമ്മ:
ഞാൻ നിങ്ങളുടെ സൗന്ദര്യം ഉള്ള പലതിനെപ്പറ്റിയുമാണു് പറയുവാൻ പോകുന്നതു്.
ജഡ്ജി:
നിന്റെ സൗന്ദര്യത്തെക്കാൾ വലുതായിട്ടു് എനിക്കു് മറ്റൊരു കാര്യവും ഇല്ല.
ലക്ഷ്മിഅമ്മ:
ഇല്ലെന്നോ! നിങ്ങളുടെ കുമ്പയില്ലേ! കഷണ്ടിത്തലയില്ലേ! രോമം നിറഞ്ഞ ദേഹം ഇല്ലേ! ഒടുങ്ങാത്ത നേരമ്പോക്കില്ലേ? ഇതിനൊന്നും വലിപ്പം ഇല്ലെന്നു വല്ലവരും പറയുമോ?
ജഡ്ജി:
ആ വലിപ്പം നിന്റെ ചെറുപ്പത്തെ സ്പഷ്ടം ആക്കുകയാണു് ചെയ്യുന്നതു്.
ലക്ഷ്മിഅമ്മ:
മുപ്പതു വയസ്സായാലും ഒരുത്തിക്കു ചെറുപ്പമാണോ?
ജഡ്ജി:
അമ്പതു വയസ്സുള്ളവന്റെ കണ്ണിൽ അങ്ങിനെയേ തോന്നുകയുള്ളു.
ലക്ഷ്മിഅമ്മ:
ഞാൻ ചെറുപ്പം ആണെങ്കിൽ എന്നെക്കാൾ ചെറുപ്പം ആയിട്ടു് എത്ര ആളുകളുണ്ടു്.
ജഡ്ജി:
ലോകത്തിൽ വളരെ ഉണ്ടായിരിക്കും.
ലക്ഷ്മിഅമ്മ:
ലോകത്തിലെ കാര്യം അവിടെ ഇരിക്കട്ടെ. ഇവിടെ ഈ വീട്ടിൽത്തന്നെയില്ലേ!
ജഡ്ജി:
എന്റെ മകളോ?
ലക്ഷ്മിഅമ്മ:
അതേ.
ജഡ്ജി:
അതുകൊണ്ടെന്താ?
ലക്ഷ്മിഅമ്മ:
ചെറുപ്പക്കാരത്തി ഇവിടെ തന്നെ ഇരിക്കട്ടെ എന്നോ?
ജഡ്ജി:
ഇവിടെ അല്ലാതെ അവളെ എവിടെയെങ്കിലും കൊണ്ടിടാൻ എനിക്കു് പാടുണ്ടോ?
ലക്ഷ്മിഅമ്മ:
അവളെ ഇവിടെത്തന്നെ വച്ചുകൊണ്ടിരിപ്പാനും നിങ്ങൾക്കു പാടുണ്ടോ?
ജഡ്ജി:
പിന്നെ ഞാൻ എന്തു വേണം?
ലക്ഷ്മിഅമ്മ:
അവളെ ഒരു ഭർത്താവിനു കൊടുക്കണം.
ജഡ്ജി:
അതിനു ഭർത്താവു വരണ്ടെ.
ലക്ഷ്മിഅമ്മ:
വരുന്നില്ലെങ്കിൽ ഒരു ഭർത്താവിനെ ഉണ്ടാക്കിക്കൊടുക്കണം.
ജഡ്ജി:
ആഭരണം ഉണ്ടാക്കിക്കൊടുക്കുംപോലെ ഒരു ഭർത്താവിനെ ഉണ്ടാക്കിക്കൊടുക്കാൻ എനിക്കു് സാധിക്കുമോ?
ലക്ഷ്മിഅമ്മ:
നിങ്ങൾക്കു് എളുപ്പത്തിൽ സാധിക്കും.
ജഡ്ജി:
പ്രയാസപ്പെട്ടാലും സാധിക്കുമെന്നു തോന്നുന്നില്ലാ.
ലക്ഷ്മിഅമ്മ:
നിങ്ങൾ ഇതിനുവേണ്ടി പ്രയാസപ്പെട്ടിരിക്കുന്നോ?
ജഡ്ജി:
പ്രയാസപ്പെട്ടിട്ടില്ലാ. പ്രയാസപ്പെടാൻ ഉദ്ദേശിക്കുന്നുമില്ലാ.
ലക്ഷ്മിഅമ്മ:
വരുംപോലെ വരട്ടെ എന്നൊ?
ജഡ്ജി:
യോഗംപോലെ വരും എന്നു്.
ലക്ഷ്മിഅമ്മ:
‘അർദ്ധം താൻ അർദ്ധം ദൈവം’ എന്നു കേട്ടിട്ടുണ്ടോ?
ജഡ്ജി:
കേട്ടിട്ടുണ്ടു്.
ലക്ഷ്മിഅമ്മ:
അപ്പോൾ പകുതിഭാരം നിങ്ങളിൽ കിടക്കുന്നില്ലെ?
ജഡ്ജി:
എന്റെ ഭാരം മുഴുവനും അട്ടിപ്പേർ ജന്മമായി ഉദകപൂർവ്വം നിനക്കു തന്നിരിക്കുന്നു.
ലക്ഷ്മിഅമ്മ:
നിങ്ങൾക്കുവേണ്ടി ഞാൻ ഭക്ഷിച്ചാൽ മതിയോ?
ജഡ്ജി:
ഞാൻ തരുന്നതു് നീ ഭക്ഷിച്ചാൽമതി.
ലക്ഷ്മിഅമ്മ:
ഞാൻ അല്ലല്ലോ അവളെ പ്രസവിച്ചതു്.
ജഡ്ജി:
അവളെ പ്രസവിച്ച ഭാരം എന്റെ മരിച്ചുപോയ ഭാര്യ ഏറ്റു, അവളെ രക്ഷിക്കേണ്ടുന്ന ഭാരം ഞാനും ഏറ്റു. ഇനി അവൾക്കു ഒരു ഭർത്താവിനെ കൊണ്ടുവരുന്ന ഭാരം നീയും ഏൾക്കു.
ലക്ഷ്മിഅമ്മ:
ആ ഭാരം നിങ്ങൾ പറഞ്ഞാൽ ഞാൻ ഏൾക്കാം. എന്നാൽ ഒന്നുണ്ടു്.
ജഡ്ജി:
എന്താണതു്?
ലക്ഷ്മിഅമ്മ:
എന്നെ സഹായിക്കേണ്ട ഭാരം നിങ്ങളും ഏൾക്കണം.
ജഡ്ജി:
പണം കൊണ്ടോ?
ലക്ഷ്മിഅമ്മ:
അല്ലാ പദവികൊണ്ടു്.
ജഡ്ജി:
അതെങ്ങിനെ?
ലക്ഷ്മിഅമ്മ:
നിങ്ങൾ ഒരു ജഡ്ജി അല്ലേ?
ജഡ്ജി:
എന്നാണു് തോന്നുന്നതു്?
ലക്ഷ്മിഅമ്മ:
ഞാനോ?
ജഡ്ജി:
നീ ഇപ്പോൾ ഒരു വക്കീൽ.
ലക്ഷ്മിഅമ്മ:
എന്നാൽ എന്റെ വാദം ശ്രദ്ധിച്ചു കേൾക്കുക.
ജഡ്ജി:
ദീർഘിച്ചുപോകയില്ലെങ്കിൽ കേൾക്കാം.
ലക്ഷ്മിഅമ്മ:
ദീർഘിച്ചുപോയതു് നിങ്ങളുടെ മകളുടെ വയസ്സാണു്.
ജഡ്ജി:
അതു് വെട്ടിക്കുറക്കുവാൻ എന്നാൽ സാധിക്കുകയില്ല.
ലക്ഷ്മിഅമ്മ:
വയസ്സുകുറക്കുകയും വേണ്ടാ, മാനത്തിനു് കുറക്കുകയും വേണ്ടാ.
ജഡ്ജി:
അതു രണ്ടിനും ഞാൻ ഭാവിക്കുന്നില്ല.
ലക്ഷ്മിഅമ്മ:
ശരി. ഞാൻ ഒന്നു ചോദിക്കട്ടെ!
ജഡ്ജി:
അതിന്നു എന്റെ സമ്മതം വേണോ?
ലക്ഷ്മിഅമ്മ:
വേണ്ടെങ്കിൽ വേണ്ടാ.
ജഡ്ജി:
എന്നാൽ ചോദിക്കുക.
ലക്ഷ്മിഅമ്മ:
വിവാഹം കഴിയാത്ത എത്രയോ യോഗ്യന്മാരായ വക്കീലന്മാർ നിങ്ങളുടെ കോടതികളിൽ ഇല്ലേ?
ജഡ്ജി:
എല്ലാ ജഡ്ജിമാരുടെ കോടതിയിലും ഉണ്ടു്.
ലക്ഷ്മിഅമ്മ:
ഈ കോടതിയിൽ ഉള്ളപോലെ എല്ലാ കോടതികളിലും നിങ്ങൾക്കു് അധികാരം ഉണ്ടോ?
ജഡ്ജി:
ഒരിക്കലും ഇല്ലാ.
ലക്ഷ്മിഅമ്മ:
എന്നാൽ ആ അധികാരം നിങ്ങൾ ഒന്നു വിളയാടുക വേണ്ടേ?
ജഡ്ജി:
ഞാൻ ജോലി ചെയ്യുന്നതൊക്കെ ആ അധികാരത്തിൻമേലല്ലേ?
ലക്ഷ്മിഅമ്മ:
ആ അധികാരം ഒന്നു വളച്ചാലും തിരിച്ചാലും മതി.
ജഡ്ജി:
എന്തിനു്?
ലക്ഷ്മിഅമ്മ:
ഒന്നു സൂചിപ്പിച്ചാൽ മതി. ആരോടെങ്കിലും മതി. അങ്ങനെ ഒരു ജോലി നിർവ്വഹിച്ചാൽ മകൾക്കു് ഭർത്താവും ആയി; നിങ്ങൾ ഒരു പോരുന്ന ജഡ്ജിയുമായി.
ജഡ്ജി:
ജഡ്ജിക്കു കോടതിയിലെ കെയിസ് വിചാരണ ചെയ്തു വിധിപറയുകയാണു് ജോലി.
ലക്ഷ്മിഅമ്മ:
നിങ്ങൾ ഒരു ജഡ്ജിയാകകൊണ്ടു് ഒരു മനുഷ്യൻ അല്ലെന്നു വരുമോ?
ജഡ്ജി:
മനുഷ്യനല്ലാതെ ജഡ്ജിയും മറ്റും ആകാൻ തരമുണ്ടോ?
ലക്ഷ്മിഅമ്മ:
മനുഷ്യനു് സാമുദായികമായി വേറേയും പല ജോലികൾ ഉണ്ടാകയില്ലെ!
ജഡ്ജി:
ആ മാതിരി ഒരു ജോലി നിർവ്വഹിച്ചതുകൊണ്ടല്ലെ, ഞാൻ നിന്നെ വിവാഹം കഴിച്ചതു്.
ലക്ഷ്മിഅമ്മ:
അതുപോലെ മറ്റൊരു ജോലിയുംകൂടെ നിർവഹിക്കുക. നിങ്ങളുടെ മകളെ വിവാഹം നിവർത്തിക്കുവാൻ എന്നെ സഹായിക്കുക.
ജഡ്ജി:
ഞാൻ എന്തു സഹായമാണു് ചെയ്യേണ്ടതു്?
ലക്ഷ്മിഅമ്മ:
മകൾക്കു് ഭർത്താവു് വരത്തക്കവണ്ണമുള്ള സഹായം.
ജഡ്ജി:
അതു എങ്ങിനെ എന്നു പറയൂ.
ലക്ഷ്മിഅമ്മ:
നിങ്ങൾ വിധിന്യായം എഴുതുംപോലെ.
ജഡ്ജി:
അതിനു എനിക്കു് പ്രയാസം ഇല്ലാ.
ലക്ഷ്മിഅമ്മ:
ഇതിനും ഇല്ല. നിങ്ങൾക്കു എളുപ്പത്തിൽ സാധിക്കും.
ജഡ്ജി:
(ആലോചിട്ടു്) എന്നാൽ എളുപ്പത്തിൽ സാധിപ്പിക്കാം.
ലക്ഷ്മിഅമ്മ:
ഹേ! അതുതന്നെ കേട്ടാൽ മതി.
ജഡ്ജി:
മറ്റു് നിന്നെക്കൊണ്ടുള്ള പാടു് നീങ്ങണ്ടേ!
ലക്ഷ്മിഅമ്മ:
പറയുന്നതു കേട്ടാൽ എനിക്കു വല്ല ഉപകാരവും ചെയ്തുതരികയാണെന്നു് തോന്നുന്നു.
ജഡ്ജി:
ജാനു പോകുന്നതു് നിനക്കു് സന്തോഷം അല്ലേ?
ലക്ഷ്മിഅമ്മ:
പോകുന്നതു് സന്തോഷം, പോകാത്തതു് ഭയം.
ജഡ്ജി:
ഭയപ്പെടേണ്ട. ജാനുവിന്റെ വിവാഹം ക്ഷണത്തിൽ കഴിയും.
ലക്ഷ്മിഅമ്മ:
കഴിഞ്ഞുപോയി എന്നു ഞാൻ വിചാരിക്കും.
ജഡ്ജി:
അല്ലാ കെയ്സ് ഫയലാക്കും മുമ്പേ വിധി പറഞ്ഞുകഴിഞ്ഞോ?
ലക്ഷ്മിഅമ്മ:
കെയ്സ് ഞാൻ ഫയലാക്കിക്കഴിഞ്ഞു. വിധി നിങ്ങൾ പറഞ്ഞുകഴിഞ്ഞു.
ജഡ്ജി:
എന്നാൽ എന്റെ ജോലിയും കഴിഞ്ഞു.
ലക്ഷ്മിഅമ്മ:
ഒരിക്കലും ഇല്ലാ. വിവാഹം നടത്തിതരേണ്ടയോ?
ജഡ്ജി:
വിധി നടത്തേണ്ടതു് ആമീൻമാരാണു്.
ലക്ഷ്മിഅമ്മ:
ചില അവസരത്തിൽ ജഡ്ജിയും നടത്തേണ്ടിവരും.
ജഡ്ജി:
അങ്ങനെ ഒരവസരം വരണ്ടേ?
ലക്ഷ്മിഅമ്മ:
അവസരം വന്നുകഴിഞ്ഞില്ലേ? കഴിഞ്ഞിട്ടു് എത്ര കാലമായി?
ജഡ്ജി:
ഓരോന്നു കഴിയുംമുമ്പേ കഴിഞ്ഞു എന്നു പറഞ്ഞാലോ?
ലക്ഷ്മിഅമ്മ:
വിധിന്യായം എഴുതുംമുമ്പേ നിങ്ങൾ വിധി പറയാറില്ലേ?
ജഡ്ജി:
അന്യായംതന്നെ ആദ്യം ഫയലാക്കട്ടെ. എന്നിട്ടല്ലേ വിധി!
ലക്ഷ്മിഅമ്മ:
എന്നാൽ ഞാൻ തെറ്റിപ്പോയി. ഇനി ആദ്യവസാനം നിങ്ങൾതന്നെ ഏറ്റെടുത്തോളു.
ജഡ്ജി:
അങ്ങിനെ ആകട്ടെ. ഇതു് ഒരു ആദ്യനമ്പറായി കരുതാം. നീ അന്യായക്കാരി. ഞാൻ പ്രതി. ജാനു സ്വത്തു്. ജാനുവിനെ എന്റെ കൈവശത്തിൽ നിന്നു് ഒഴിപ്പിച്ചു പിടിച്ചതു് കുഴിക്കൂറുണ്ടാക്കാൻ വേണ്ടി മറ്റൊരു കുടിയാനു് കുറെ കാലത്തേക്കു് ചാർത്തിക്കൊടുക്കണം.
ലക്ഷ്മിഅമ്മ:
ശാശ്വതമായിട്ടു്.
ജഡ്ജി:
എന്നാൽ ചാർത്തുമ്പോൾ പണം വേണ്ടേ?
ലക്ഷ്മിഅമ്മ:
ചിലവൊക്കെ നിങ്ങളുടേതു്.
ജഡ്ജി:
സ്വത്തു് ഏറ്റുവാങ്ങുന്ന ആൾ അല്ലെ ചിലവു വഹിക്കേണ്ടതു്.
ലക്ഷ്മിഅമ്മ:
സ്വത്തു് അയാളുടെ കൈവശം കിട്ടണ്ടേ? അപ്പോൾ അയാളോടു് കണക്കു് പറയാം.
ജഡ്ജി:
അപ്പോൾ അയാൾ നഞ്ചയും പുഞ്ചയും കൂടി വിതച്ചുകഴിയും.
ലക്ഷ്മിഅമ്മ:
അതു് അപ്പോൾ പറയാം.
ജഡ്ജി:
ഇപ്പോൾ ഞാൻ എന്തുവേണം?
ലക്ഷ്മിഅമ്മ:
നിങ്ങളുടെ വാക്കാകുന്ന റജിസ്ത്രാധാരപ്രകാരം ജാനുസ്വത്തിനെ നല്ല ഒരാൾക്കു ചാർത്തിക്കൊടുക്കണം.
ജഡ്ജി:
ശരി, ആധാരം ഉടൻതന്നെ റജിസ്ത്രർ ചെയ്യാം.
ലക്ഷ്മിഅമ്മ:
വിവാഹം കഴിഞ്ഞിട്ടു് ആധാരം റജിസ്ത്രർ ചെയ്യാം.
ജഡ്ജി:
വിവാഹം കഴിഞ്ഞാൽ ആധാരം ഭർത്താവായി.
ലക്ഷ്മിഅമ്മ:
അങ്ങിനെ ആയാലും മതി.
ജഡ്ജി:
അങ്ങനെ ആക്കാം. പരമേശ്വരൻ സാക്ഷി.
ലക്ഷ്മിഅമ്മ:
നമശ്ശിവായ.

ലക്ഷ്മിഅമ്മ ജയഘോഷത്തോടെ വീട്ടിന്റെ ഉള്ളിലേക്കു പോയി. ജാനു കിടന്നുറങ്ങുന്നതു് വീട്ടിന്റെ പടിഞ്ഞാറ്റയിലാണു്. അച്ഛൻ പുറമേക്കുള്ള വാതിലും അടച്ചു മുകളിൽ കിടക്കാൻപോയാൽ മാത്രമേ, അവൾ പടിഞ്ഞാറ്റയുടെ വാതിൽ അടക്കാറുള്ളു. പടിഞ്ഞാറ്റയിൽനിന്നു്, ഇടനാഴിയിലേക്കു ഇറങ്ങുന്നതിനു് ഈ ഒരേ വാതിൽ മാത്രമേയുള്ളു. ജഡ്ജി ഗംഭീരമായ ആലോചനയിൽ മുഴുകി ചാരുകസേലമേൽതന്നെ കിടന്നു.

II

പൂങ്കുന്നിൽ ശങ്കരൻനായർ ഒരു പുതിയ വക്കീലാണു്. ബി. ഏ. ബി. ൽ. ആണു്. ശുദ്ധനാണു്, സ്നിഗ്ദ്ധനാണു്, അനംഗനാണു് അനഘനാണു്. ആണുങ്ങളോടു കൂസലില്ലാതെ പെരുമാറുന്ന ആളാണെങ്കിലും പെണ്ണുങ്ങളെ കാണുമ്പോൾ ഒച്ചിനെപ്പോലെയോ ആമയെപ്പോലെയോ ഉള്ളിലേക്കു പിൻവലിഞ്ഞുകളയുന്ന ഒരു മാതിരിക്കാരനാണു്. ആ സമയത്തു് ശങ്കരൻ ആണെങ്കിലുംകൂടി ശങ്കയുടെ കൂടാണു്. നാണക്കാരുടെ ജാതിയിൽ ഒരു പൂണുനൂൽക്കാരനാണു്. എടുത്തിട്ടാൽ കടിക്കാത്ത തോയമാണു്. മറന്നാലും കൂടി തറവാടിത്തം പോവാത്ത ഒരു തറവാട്ടുകാരൻ താനുമാണു്.

ജഡ്ജി, കമ്മീഷൻ കണക്കിൽനിന്നു് പത്തുകൊല്ലം വസ്തു കൈവശക്കാർക്കു് അവകാശപ്പെട്ട കുഴിക്കൂർ വില കണ്ടുപിടിക്കാൻ അദ്ദേഹത്തെ പ്രത്യേകം ഏൽപ്പിച്ചിരുന്നു. ആ കണക്കു അന്നുരാത്രി ഒൻപതു മണിക്കു കൊടുക്കണം എന്നായിരുന്നു നിശ്ചയം. മണി ഒൻപതോടടുത്തപ്പോൾ ജഡ്ജി ഡഫേദാർ അച്ചുതൻ നായരോടു എന്തൊക്കെയോ മന്ത്രിച്ചു, അയാളെ പോവാൻ അനുവദിച്ചു. എന്നിട്ടും നേരംപോക്കുകാരനായ ജഡ്ജി ശങ്കരൻ നായരുടെ വരവും കാത്തു നില്ക്കുകയായിരുന്നു. ഒൻപതു മണി ശരാശരിക്കു ശങ്കരൻ നായർ വക്കീൽ സിംഹത്തിന്റെ ഗുഹയിൽ ചെല്ലാൻ നിർബ്ബന്ധിതനായ മുയലിനെപ്പോലെ വളരെ ഭയഭക്തികൾ നടിച്ചു അവിടെ കേറി വന്നു. ജഡ്ജി റിക്കാർഡുകൾ വാങ്ങി തന്റെ പെട്ടിയിൽ ഇട്ടു് വക്കീലിനോടു ഇരിക്കാൻ പറഞ്ഞപ്പോൾ ബാലി വിജയം കഥകളിയിൽ രാവണന്റെ ആജ്ഞാനുസരണം ഇരിപ്പാൻ കല്പിക്കപ്പെട്ട നാരദനെപ്പോലെ അയാൾ ഒരു വിധേന കസേലയുടെ ഒരു വക്കത്തു് ചന്തി കൊള്ളിച്ചു ഇരുന്നു. ജഡ്ജിയുടെ കണ്ണിൽ പൊടി ഇട്ടു എന്നു വക്കീലും വക്കീലിനെ പാട്ടിലാക്കണം എന്നു ജഡ്ജിയും ഒരേ സമയത്തു് ആലോചിച്ചു.

ജഡ്ജി:
കുറെ ബുദ്ധിമുട്ടി അല്ലേ.
ശങ്കരൻനായർ:
ബുദ്ധിമുട്ടു അധികം ഉണ്ടായിട്ടില്ല.
ജഡ്ജി:
അതു ഏറെക്കുറെ ഏതു കാര്യത്തിനും ഉണ്ടാകും.
ശങ്കരൻനായർ:
എനിക്കു ബുദ്ധിമുട്ടു വളരെ കുറവായിരുന്നു.
ജഡ്ജി:
അതും നന്നായി. ചെറുപ്പകാലത്തു് ഒന്നും ബുദ്ധിമുട്ടായി തോന്നുകയില്ലാ.
ശങ്കരൻനായർ:
എനിക്കു ചെറുപ്പം അല്ലാ.
ജഡ്ജി:
എത്ര വയസ്സായി.
ശങ്കരൻനായർ:
ഇരുപത്തഞ്ചു് തികയാറായി.
ജഡ്ജി:
എന്നാൽ യൗവ്വനത്തിൽ പ്രവേശിച്ചിട്ടേ ഉള്ളു.
ശങ്കരൻനായർ:
എന്തോ!
ജഡ്ജി:
ചോലക്കരത്തറയിന്മേലല്ലേ താമസം?
ശങ്കരൻനായർ:
അവിടെയാണു് തറവാടു്. ഇവിടുന്നു പത്തുനാഴിക ഉണ്ടു്.
ജഡ്ജി:
ഞാൻ തന്റെ കൂട്ടരെ നല്ലവണ്ണം അറിയും. എനിക്കു തന്റെ മാതാപിതാക്കന്മാരെ വളരെ പരിചയമാണു്. അവരൊക്കെ കാലധർമ്മം പ്രാപിച്ചതു് ഇന്നപ്പഴാണെന്നുകൂടി നിശ്ചയമുണ്ടു്.
ശങ്കരൻനായർ:
നിങ്ങളെപ്പറ്റി പലരും പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ടു്.
ജഡ്ജി:
തറവാട്ടുഭാഗം കഴിഞ്ഞതും ഞാൻ അറിയും.
ശങ്കരൻനായർ:
ഇപ്പോൾ എന്റെ ഭാഗത്തു ഞാൻ മാത്രമേ ഉള്ളു.
ജഡ്ജി:
അതും ഞാൻ അറിയും. കഴിഞ്ഞകൊല്ലം അല്ലെ അടുത്ത അനന്തരവൻ ക്ഷയംകൊണ്ടു് മരിച്ചതു്.
ശങ്കരൻനായർ:
ഉവ്വു്.
ജഡ്ജി:
തന്റെ ഭാഗത്തു് തിരിച്ചുവച്ച വസ്തുക്കൾ എത്രകാലാനുഭവം ഉണ്ടു്.
ശങ്കരൻനായർ:
ആയിരംപറ നെല്ലു വാരംവരുന്ന നിലങ്ങളും പന്തീരായിരം ഉറുപ്പിക പാട്ടം വരുന്ന നിലങ്ങളും ഉണ്ടു്.
ജഡ്ജി:
ഇതു് ഒരാൾക്കു് വളരെ അധികം ആയിപ്പോയിട്ടില്ലെ?
ശങ്കരൻനായർ:
എനിക്കു് ഇതു് വളരെ ധാരാളം ആണു്.
ജഡ്ജി:
താൻ ഒരു ഭാഗ്യവാൻതന്നെ.
ശങ്കരൻനായർ:
തന്നെ ആയിരിക്കും.
ജഡ്ജി:
പിന്നെ ഉചിതംപോലെ ഒക്കെ പ്രവർത്തിച്ചായിരിക്കും.
ശങ്കരൻനായർ:
വസ്തുക്കൾ നോക്കിനടക്കാൻ ഒരു കാര്യസ്ഥനെ നിശ്ചയിച്ചിട്ടുണ്ടു്.
ജഡ്ജി:
തന്നെ നോക്കിനടക്കാനോ?
ശങ്കരൻനായർ:
എനിക്കു മനസ്സിലായില്ല.
ജഡ്ജി:
യൗവനകാലമായ കർമ്മം ആചരിച്ചോ എന്നു്.
ശങ്കരൻനായർ:
ഞാൻ വക്കീലായി പ്രാക്ടീസ് തുടങ്ങീട്ടേ ഉള്ളു.
ജഡ്ജി:
അതു് സമ്പത്തുപെരുക്കാനുള്ള മാർഗ്ഗമായി. തന്നെ പെരുക്കാനുള്ള മാർഗ്ഗം എടുത്തോ എന്നു്.
ശങ്കരൻനായർ:
ഇവിടത്തെ അന്തർഗ്ഗതം എനിക്കു് മനസ്സിലായില്ല.
ജഡ്ജി:
സംബന്ധം കഴിഞ്ഞോ എന്നു്.
ശങ്കരൻനായർ:
ഇല്ല.
ജഡ്ജി:
ഒന്നിനെ കണ്ടുവച്ചിട്ടുണ്ടായിരിക്കും.
ശങ്കരൻനായർ:
ഇല്ല.
ജഡ്ജി:
അതും ഇല്ലെന്നോ?
ശങ്കരൻനായർ:
ആ കാര്യത്തിൽ ഞാൻ എന്റെ മനസ്സു് ചാടിച്ചിട്ടില്ല.
ജഡ്ജി:
ചാടിക്കണോ? ചാടിപ്പോകയില്ലേ?
ശങ്കരൻനായർ:
അങ്ങിനെ ഒരു ചാട്ടം എനിക്കു ഉണ്ടായിട്ടില്ലാ.
ജഡ്ജി:
ചോലക്കരത്തറയിൽ ഏകദേശം ആയിരത്തിൽ അധികം നായന്മാരില്ലേ?
ശങ്കരൻനായർ:
രണ്ടായിരത്തിലും അധികം ഉണ്ടെന്നാണു് തോന്നുന്നതു്.
ജഡ്ജി:
രണ്ടായിരത്തിൽ നിന്നു് ഒന്നിനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നോ?
ശങ്കരൻനായർ:
ഞാൻ ശ്രമിച്ചിട്ടില്ല.
ജഡ്ജി:
തന്റെ ഭാഗ്യത്തിനു് പൂർത്തിവന്നിട്ടില്ല.
ശങ്കരൻനായർ:
എല്ലാ ഭാഗ്യവും ഒരാൾക്കു കിട്ടുകയില്ല.
ജഡ്ജി:
ഇതു ഭാഗ്യക്കേടല്ല. തന്റെ ഉദാസീനതയാണു്.
ശങ്കരൻനായർ:
ആ കാര്യത്തിൽ ഞാൻ ഒരു ഉപേക്ഷ കാണിച്ചു.
ജഡ്ജി:
രസം ഉള്ള കാര്യത്തിൽ ആരെങ്കിലും ഉപേക്ഷ കാണിക്കുമോ?
ശങ്കരൻനായർ:
അങ്ങിനെയാണു് വന്നുകൂടിയതു്.
ജഡ്ജി:
തനിക്കു ബോധിച്ച ഒരു പെണ്ണിനെ ഇതുവരെ കണ്ടില്ലെന്നോ?
ശങ്കരൻനായർ:
ഇല്ല.
ജഡ്ജി:
താൻ പെണ്ണുങ്ങളെ നോക്കാറില്ലേ?
ശങ്കരൻനായർ:
ഇല്ലാ.
ജഡ്ജി:
പെണ്ണുങ്ങൾ തന്നെയും നോക്കാറില്ലേ?
ശങ്കരൻനായർ:
എന്തോ.
ജഡ്ജി:
പിന്നെ താൻ എന്തു നോക്കീട്ടാണു് നടക്കുന്നതു്?
ശങ്കരൻനായർ:
പ്രത്യേകിച്ചു ഒന്നും നോക്കാറില്ല.
ജഡ്ജി:
അമ്പലത്തിൽ പോകാറില്ലേ?
ശങ്കരൻനായർ:
വിശേഷദിവസങ്ങളിൽ പോകാറുണ്ടു്.
ജഡ്ജി:
അപ്പോളൊന്നും പെണ്ണുങ്ങളെ കാണാറില്ലേ?
ശങ്കരൻനായർ:
ഞാൻ തൊഴുതു മടങ്ങാറെ ഉള്ളു.
ജഡ്ജി:
അമ്പലത്തിൽ ആണുങ്ങൾ തൊഴാൻ പോകുമോ?
ശങ്കരൻനായർ:
പിന്നെ എന്തിനാണു് പോകുന്നതു്?
ജഡ്ജി:
പെണ്ണുങ്ങളെ കാണ്മാൻ.
ശങ്കരൻനായർ:
അതു അമ്പലത്തിൽനിന്നു വേണോ?
ജഡ്ജി:
അമ്പലത്തിൽനിന്നാണു് അധികം സൗകര്യം.
ശങ്കരൻനായർ:
ഈശ്വരനെ ധ്യാനിക്കുമ്പോൾ സ്ത്രീകളുടെ വിചാരം എനിക്കു് ഉണ്ടാകാറില്ല.
ജഡ്ജി:
സ്ത്രീകൾ ഈശ്വരികളല്ലെ?
ശങ്കരൻനായർ:
അല്ലാ.
ജഡ്ജി:
എന്തുകൊണ്ടു്?
ശങ്കരൻനായർ:
നമ്മൾ ഈശ്വരന്മാരല്ലാ.
ജഡ്ജി:
പിന്നെ എന്തിനാണു് ആണിനു ഈശ്വരന്റെ പേർ ഇടുന്നതു്?
ശങ്കരൻനായർ:
അതു തെറ്റായിരിക്കാം.
ജഡ്ജി:
തനിക്കു് ശങ്കരൻ എന്നു പേരിട്ടതു തെറ്റായിരിക്കുമോ?
ശങ്കരൻനായർ:
എന്റെ പേരിനു് ഞാൻ ഉത്തരവാദിയല്ല.
ജഡ്ജി:
താൻ ഒരരസികനാണു്.
ശങ്കരൻനായർ:
തന്നെ ആയിരിക്കും.
ജഡ്ജി:

“അരസികേഷു കവിത്വ നിവേദനം-

ശിരസി മാ ലിഖ മാ ലിഖ.”

എന്നു കേട്ടിരിക്കുമോ?

ശങ്കരൻനായർ:
‘നപേ കവിത്വം’ അല്ലല്ലാ എന്നോടു പറഞ്ഞതു്.
ജഡ്ജി:
കവിത്വം സ്ത്രീത്വമാണു്. സ്ത്രീ ഇല്ലാതെ കവിത ഉണ്ടോ?
ശങ്കരൻനായർ:
പുരുഷൻ ഇല്ലാതെയും ഉണ്ടാകയില്ല.
ജഡ്ജി:
അതുകൊണ്ടു് സ്ത്രീപുരുഷന്മാർ തനിച്ചു നിൽക്കരുതു് യോജിച്ചിരിക്കണം എന്നു സാരം.
ശങ്കരൻനായർ:
തനിച്ചു നിന്നാലും അവർ സ്ത്രീപുരുഷന്മാർ തന്നെ.
ജഡ്ജി:
തനിച്ചുനിൽക്കുന്നതു് യോജിക്കാൻ മാർഗ്ഗം ഇല്ലാഞ്ഞിട്ടാണു്.
ശങ്കരൻനായർ:
ഒരു സമയം ഉണ്ടായിട്ടും നോക്കാഞ്ഞിട്ടായിരിക്കും.
ജഡ്ജി:
നോക്കാനും ആൾ ഉണ്ടാകും.
ശങ്കരൻനായർ:
ഞാൻ അറിയില്ല.
ജഡ്ജി:
താനാണു് അറിയേണ്ടതു്.
ശങ്കരൻനായർ:
എന്റെ അടുക്കെ ആരും വന്നിട്ടില്ല.
ജഡ്ജി:
നിനക്കു പിച്ചുഅയ്യരെ അറിയാമോ?
ശങ്കരൻനായർ:
കണ്ടിട്ടുണ്ടു്?
ജഡ്ജി:
ഏച്ചുനായരെ അറിയാമോ?
ശങ്കരൻനായർ:
കണ്ടിട്ടുണ്ടു്.
ജഡ്ജി:
അവർ രണ്ടാളെയും നല്ല പരിചയം ഇല്ലേ?
ശങ്കരൻനായർ:
ഇല്ല.
ജഡ്ജി:
അവർ രണ്ടുപേരും തന്നെ അറിയാതിരിക്കില്ല.
ശങ്കരൻനായർ:
എന്തോ?
ജഡ്ജി:
അവരുടെ ജോലി സംബന്ധം ഉണ്ടാക്കിക്കൊടുക്കലാണു്.
ശങ്കരൻനായർ:
അതുകൊണ്ടു് നാൾ കഴിയുമോ?
ജഡ്ജി:
അവർ നാൾ കഴിയുമെന്നു മാത്രമല്ല അവർക്കു കെട്ടിയിരിപ്പു മുതലു് കൂടിയുണ്ടു്.
ശങ്കരൻനായർ:
അത്ഭുതം തന്നെ.
ജഡ്ജി:
അത്ഭുതം ഒന്നും ഇല്ല.
ശങ്കരൻനായർ:
എങ്ങനെ ഇല്ലാതിരിക്കും?
ജഡ്ജി:
പട്ടത്തികൾ തിരളാറാകുമ്പോൾ ജാതകവുംകൊണ്ടു അച്ഛന്മാർ പായേണ്ടേ!
ശങ്കരൻനായർ:
ആ സമ്പ്രദായം അച്ഛന്മാർക്കല്ലേ ഉള്ളു?
ജഡ്ജി:
അച്ഛന്മാരുടെ ജോലി പിച്ചു അയ്യർ ഏറ്റെടുക്കും.
ശങ്കരൻനായർ:
എന്നിട്ടോ?
ജഡ്ജി:
എന്നിട്ടു് ലേലം വിളി. വിളി കഴിഞ്ഞാൽ പൈശാചിക ബ്രിട്ടീഷു ഗവണ്മെന്റ് പൗണ്ടേജ് എടുക്കുംപോലെ ഇവരും തുക വസൂലാക്കും.
ശങ്കരൻനായർ:
അതു നമ്മുടെ ഇടയിൽ ഇല്ലല്ലോ?
ജഡ്ജി:
പിന്നെ ഏച്ചുനായർ എങ്ങനെ നാൾ കഴിയും?
ശങ്കരൻനായർ:
എനിക്കു മനസ്സിലാകുന്നില്ല.
ജഡ്ജി:
നമ്മുടെ കൂട്ടത്തിൽ പ്രായം തികഞ്ഞ മക്കൾ ഉള്ള അച്ഛന്മാർ ശിപാർശിക്കുവേണ്ടി ഏച്ചുനായർക്കു പണവുംകൂടി കൊടുക്കയില്ലേ?
ശങ്കരൻനായർ:
ശിപാർശി എടുക്കാത്തവർ ആണെങ്കിലോ?
ജഡ്ജി:
അവർ പത്രങ്ങളിൽ പരസ്യം ചെയ്യേണ്ടിവരും.
ശങ്കരൻനായർ:
എങ്ങിനെ?
ജഡ്ജി:
അഞ്ചുപ്രവശ്യം വിധവയായ ഒരു ഭാഗ്യവതിയ്ക്കു ആറാമതു ഒരു ഭർത്താവു ആവശ്യമുണ്ടു്—വിധവ വെളുത്ത നിറത്തിൽ, മാറും പിമ്പും വണ്ണമുള്ളവളാണു്. ഭർത്താവു യുവാവും ധനികനും സുമുഖനും തൃപ്തിപ്പെടുത്തുന്ന പുരുഷനും മുഴുത്ത ശൃംഗാരിയും ആയിരിക്കണം.
ശങ്കരൻനായർ:
ഇതുകൊണ്ടു വല്ല കാര്യവും ഉണ്ടോ?
ജഡ്ജി:
ഒന്നുമില്ലെങ്കിൽ പേപ്പർ വായിക്കാൻ ആളുണ്ടാകുകയില്ലേ?
ശങ്കരൻനായർ:
വായിക്കുന്നവർ പെണ്ണിനെ വേണ്ടാത്തവരാണെങ്കിലോ?
ജഡ്ജി:
പെണ്ണിനെ വേണ്ടാത്താ ആൺ ഉണ്ടോ?
ശങ്കരൻനായർ:
ഞാൻ ഉണ്ടു്.
ജഡ്ജി:
അതു നിനക്കു ഒരു പെണ്ണിനെ കിട്ടാഞ്ഞിട്ടാണു്.
ശങ്കരൻനായർ:
കിട്ടേണം എന്നു തോന്നിയാൽ ഞാൻ ഏച്ചുനായരെ സേവ പിടിച്ചോളാം.
ജഡ്ജി:
ഞാൻ ഉള്ളപ്പോൾ അതൊന്നും വേണ്ട.
ശങ്കരൻനായർ:
ആവശ്യം നേരിട്ടാൽ നിങ്ങളെ വന്നു സേവിച്ചോളാം.
ജഡ്ജി:
ആവശ്യം നിനക്കു ഇപ്പോൾ നിലവിലാണു്.
ശങ്കരൻനായർ:
അതു് അവിടെ കിടക്കട്ടെ. നേരം വൈകിപ്പോയി.
ജഡ്ജി:
മണി പത്തു കഴിഞ്ഞു.
ശങ്കരൻനായർ:
എന്നാൽ ഞാൻ പോകുന്നു.
ജഡ്ജി:
വേണ്ട, ഇവിടെ കിടക്കാം.
ശങ്കരൻനായർ:
അതു നിങ്ങൾക്കു ബുദ്ധിമുട്ടല്ലെ?
ജഡ്ജി:
എന്റെ ഒന്നിച്ചുകിടക്കുന്നതേ എനിക്കു ബുദ്ധിമുട്ടായിരിക്കയുള്ളു.
ശങ്കരൻനായർ:
എന്നാൽ ഞാൻ ഈ പൂമുഖത്തു കിടക്കാം.
ജഡ്ജി:
എന്റെ വീട്ടിന്റെ അകത്തു ധാരാളം സ്ഥലം ഉണ്ടു്.
ശങ്കരൻനായർ:
എന്നാൽ ഞാൻ ഉള്ളിൽ കിടക്കാം.
ജഡ്ജി:
വരൂ.

ജഡ്ജി ശങ്കരൻനായരെകൂട്ടി അകത്തെ കോലായിൽ കടന്നു് അവിടുന്നു പടിഞ്ഞാറ്റയുടെ വാതിൽ തള്ളിത്തുറന്നു ശങ്കരൻനായരെ ഒരു ഉന്തിനു് അതിന്റെ ഉള്ളിലേയ്ക്കു് തള്ളി, പുറമെനിന്നു് വാതിലിന്റെ ഓടാമ്പൽ ഇട്ടതിൽ പിന്നെ, വാതുക്കലെ വാതിലും തഴുതിട്ടു. കടാ-പിടാ-എന്നു ഏണിയും കേറി മുകളിൽ തന്റെ പ്രാണപ്രണയിനി കിടക്കുന്ന മുറിയിൽ പ്രവേശിച്ചു കുറെ ചിരിച്ചു.

III

ശങ്കരൻനായർ സ്വകാര്യമായി സുഖരഹിതനായി നിൽക്കേണ്ടിവന്ന ആ പടിഞ്ഞാറ്റമുറിയിൽ വെളിച്ചം കേവലം ഉണ്ടായിരുന്നില്ല. പോരാഞ്ഞിട്ടു വൃശ്ചികം കാലം ആയിരിക്കകൊണ്ടു് പടിഞ്ഞാറെ ഭാഗത്തുണ്ടായിരുന്ന ഒരേ ഒരു ജനവാതിലും അടച്ചുകഴിഞ്ഞിരിക്കനിമിത്തം ഇരുട്ടിനു കടുപ്പം വർദ്ധിച്ചു. വക്കീലിനു് ഇടവും വലവും തിരിയുവാൻ ധൈര്യം ഉണ്ടായിരുന്നില്ല. കുറേ നേരം ഇടിവെട്ടിയ മരംപോലെയോ കുലവെട്ടിയ കുട്ടിവാഴപോലെയോ അയാൾ തരിച്ചുനിന്നു. അപ്പോൾ മുറിയിൽ നിന്നു് ആരോ ഒരാൾ ഇളകുന്ന ഒച്ചകേട്ടു. “ആ ആൾ പായുന്ന അച്ഛന്റെ പറക്കുന്ന മകൾ” ആയ ഗുരുത്വംകെട്ട ജാനുവായിരുന്നു. ഒന്നും അറിയാത്ത ഭാവം നടിപ്പാൻ ജാനു മിടുക്കത്തി ആയിരുന്നു.

ജാനു:
എന്താ അമ്മു നീ വാതിൽ അടക്കാതെ നിൽക്കുന്നതു്. അല്ലെങ്കിൽതന്നെ നേരം ഇന്നു വൈകിയിരുന്നു. ആ അസത്തുവക്കീലിന്റെ ഗതികെട്ട വരവാണു് ഹേതു. അച്ഛനെ കാണാൻ എന്നു പറഞ്ഞുകൊണ്ടു ഓരോ കള്ളപ്പുള്ളികൾ ലജ്ജയില്ലാതെ ഇങ്ങുപോരും. ഇവറ്റയൊക്കെ ഒരു വീടും കുടിയും ഇല്ലാത്ത തെണ്ടികൾ ആയിരിക്കുമോ? വക്കീലുപോലും. ഇരക്കാൻ നടക്കുന്നതാണു് ഭേദം.

തന്നെപ്പറ്റി ഉണ്ടായ വർണ്ണനകൾ ഒന്നും കൂട്ടാക്കാതെ, ശങ്കരൻനായർ തപ്പിപ്പിടിച്ചു വാതൽ അടച്ചു. ദാസിയേയും കാത്തു് ആ മുറിയിൽ തനിയെ കിടക്കുന്നതു് ജഡ്ജിയുടെ സുന്ദരിയായ മകൾ ആണെന്നും ശങ്കരൻ നായർ അറിഞ്ഞു. ഇങ്ങിനെ ഒരു വികടത്തിൽ കെണിഞ്ഞുപോയിട്ടുകൂടി “ഹാ—എന്തൊരു മനോഹര സ്വരം” എന്ന മനോഭാവമാണു് അയാൾക്കു് ഉണ്ടായതു്. അവളുടെ മിനുസമായ ശരീരം കൈനീട്ടിയാൽ തൊടത്തക്കവണ്ണം തന്റെ സമീപത്തു് ഉണ്ടെന്ന വിചാരംകൊണ്ടു് യുവാവായ ശങ്കരൻനായർക്കു് നെഞ്ഞിടിപ്പു് ഉണ്ടായതിൽ ആശ്ചര്യം ഇല്ല. താൻ അമ്മു അല്ല എന്ന വിവരം ബഹളം ഉണ്ടായിവരാതെ എങ്ങിനെ അറിയിക്കും എന്ന ഭയമാണു് ശങ്കരൻനായരെ അത്യധികം പരവശനാക്കിയതു്.

ജാനു:
അമ്മു! നീ എന്താണു് മിണ്ടാതിരിക്കുന്നതു്. നിന്റെ നാവു് താണുപോയോ? ഇനി പതിവുപോലെ പാ വിരിച്ചു് നിനക്കു കിടക്കാൻ നോക്കരുതോ? ജപിക്കയാണെങ്കിൽ കിടന്നിട്ടു ജപിച്ചാൽ മതി. ശിവായനമഃ എന്നതിന്നു് ശങ്കരൻനായരായനമഃ എന്നു ജപിച്ചുകൊൾക. ഇന്നുവന്ന വക്കീലിന്റെ പേർ അതാണുപോലും. നിനക്കുപറ്റിയ ആളാണു്.
ശങ്കരൻനായർ:
(പേടിച്ചുവിറച്ചുകൊണ്ടു പതുക്കെ) ഞാൻ അമ്മു അല്ല.

“പിന്നെ ആരാണു നീ” എന്നു പറഞ്ഞുകൊണ്ടു് ജാനു കട്ടിലിന്മേൽ നിന്നു പിടഞ്ഞെണീക്കുന്നതും തീപ്പെട്ടി ഉരയ്ക്കുന്നതും നിലവിളക്കു കത്തിക്കുന്നതും ഒരു നിമിഷത്തിൽ കഴിഞ്ഞു. വിളക്കിന്റെ പ്രഭയിൽ തരുണനും തരുണിയും അന്യോന്യം നോക്കി.

ജാനു:
നേർത്തത്തെ വക്കീലോ! ഇതെന്തു കഥ? എന്റെ അറയിലോ? നീ എന്തു വിചാരിച്ചിട്ടാണു് ചെറ്റേ എന്റെ അറയിൽ കടന്നുവന്നതു്?
ശങ്കരൻനായർ:
ഞാൻ അറിയാതെ വന്നുപോയതാണു്.
ജാനു:
എന്താ കഴുവേറി! എന്തെങ്കിലും ഏതെങ്കിലും പറയുന്നതു്. നീ അറിയാതെയാണോ ഈ വീട്ടിൽ ഇന്നു രാത്രി വന്നതു് ? നീ അറിയാതെയാണോ അകത്തേ കോലായിൽ കടന്നതു്. നീ അറിയാതെയാണോ കള്ളനെപ്പോലെ എന്റെ അറയിൽ കടന്നു വാതിൽ അടച്ചതു്. നീ അറിയാതെയാണോ എന്റെ സംസാരം മിണ്ടാതെ കേട്ടതു്. ഇനിയും നീ അറിയാതെ എന്തൊക്കെ ചെയ്തുകൂട്ടുമെന്നു ഞാൻ അറിയുന്നില്ല. അവിടെ മിഴിച്ചുനില്ക്കാതെ ഇനിയെങ്കിലും വാതിൽ തുറന്നു വന്ന വഴിയേ മടങ്ങിപ്പോ. അല്ലെങ്കിൽ ഞാൻ ഇപ്പോൾ നിലവിളിക്കും.
ശങ്കരൻനായർ:
ദയ വിചാരിച്ചു ബഹളം ഒന്നും ഉണ്ടാക്കരുതെ. ഞാൻ പൊയ്ക്കോളാം.

ഇങ്ങിനെ പറഞ്ഞു ശങ്കരൻനായർ മെല്ലെ വാതിലിന്റെ തഴുതു നീക്കി തുറക്കാൻ വേണ്ടി പൊളികൾ പിടിച്ചുവലിച്ചു. പുറമേ നിന്നും ഓടാമ്പൽ ഇട്ടുകളഞ്ഞ വാതിൽ എത്ര പിടിച്ചുവലിച്ചാലും തുറക്കാൻ സാധിക്കുമോ?

“ഇതു തുറക്കാൻ സാധിക്കുന്നില്ലാ” എന്നു പരവശനായ ശങ്കരൻനായർ അപേക്ഷാഭാവത്തോടെ അവളെ നോക്കി പറഞ്ഞു.

ജാനു:
എന്തു്! പുറമേ നിന്നു അടച്ചു കളഞ്ഞിരിയ്ക്കുന്നു എന്നോ?
ശങ്കരൻനായർ:
അങ്ങനെയാണു തോന്നുന്നതു്.
ജാനു:
തോന്നുന്നതു് എന്തോ, തോന്നിവാസി! ഉള്ളതു ശരിയ്ക്കു പറഞ്ഞുകൂടയോ.
ശങ്കരൻനായർ:
അടച്ചു പോയിരിക്കുന്നു.
ജാനു:
ഇപ്പോൾ എനിക്കു് കാര്യം മനസ്സിലായി. നീയും എന്റെ അമ്മുവും സേവയാണു് അല്ലേ! ശിവ! ശിവ! വീട്ടിൽ ഒരു വേലക്കാരത്തിയെ വച്ചുകൂടാ. ഈ ബി. എ. ബി. എൽക്കാരെ ഇടക്കു്; ചത്തേടത്തു കഴു എത്തുംപോലെ അവർ എവിടുന്നെങ്കിലും വന്നു കൂടും. നാണം ഇല്ലാത്ത ചെളുക്കകൾ! ഒന്നിനും കൊള്ളാത്ത കഴുവേറികൾ.
ശങ്കരൻനായർ:
എന്തും പറഞ്ഞുകൊൾക. ഞാൻ സഹിക്കാം.
ജാനു:
എന്തെങ്കിലും ആണോ പറയുന്നതു്. നീ ആണോ സഹിക്കുന്നതു്. അടാ കൊശവാ! ഞാൻ അല്ലേ ഈ അപമാനം ഒക്കെ സഹിക്കേണ്ടിവരുന്നതു്. നിനക്കു് എന്തുവന്നാലും എന്താ. സകലത്തിനും സ്ത്രീക്കല്ലെ കുറ്റം.
ശങ്കരൻനായർ:
ഞാൻ വരുത്തിയതൊന്നും അല്ല.
ജാനു:
കള്ളാ. പിന്നെ ആർ വരുത്തിയതാണു്. നീ അമ്മുവെ വശത്താക്കി. നിന്റെ ആവശ്യപ്രകാരം നിന്നെ അവൾ ഇവിടെ കൊണ്ടുവിട്ടു. എന്നിട്ടു് പുറമേനിന്നു വാതലും ഓടാമ്പലിട്ടു് അവൾ പോയി. ഇതിനു് സകലത്തിനും ഉത്തരവാദി നീ അല്ലെ? ഇവിടെ സാധുവെപ്പോലെ നിൽക്കുന്ന നീ ഒരുവൻ അല്ലെ? കപടസന്യാസി. പൂച്ചമാമുനി, വിശ്വാസവഞ്ചകനായ വിശ്വാമിത്രൻ! ദാനം ചെയ്തു കൈയ്ക്കുതന്നെ കൊത്തുന്ന കാർക്കോടകൻ! അളവറ്റ ദ്രോഹംചെയ്യുന്ന അഴകുരാവണൻ.
ശങ്കരൻനായർ:
എന്നെ ആക്ഷേപിക്കരുതു് !
ജാനു:
പിന്നെ ആരെയാണു് ആക്ഷേപിക്കേണ്ടതു്. ആരാണു് സ്ത്രീയുടെ അറയിൽ ഭ്രാന്തൻനായയെപ്പോലെ ഓടിവന്നതു്. ഇവിടെ ഉള്ളവർ വേശ്യകളാണെന്നോ തെമ്മാടി നീ കണക്കാക്കിയതു്. സ്ത്രീകളിൽ ചാരിത്ര്യശുദ്ധിയുള്ളവർ ഇല്ലെന്നാണോ നീ എണ്ണിയതു്. നിന്റെ നാട്ടിലെ പെണ്ണുങ്ങളുടെ പഠിപ്പുപോലാണു് എല്ലാ നാട്ടിലെ പെണ്ണുങ്ങൾക്കും എന്നു നീ എങ്ങിനെ ധരിക്കും?
ശങ്കരൻനായർ:
ഞാൻ അങ്ങിനെ ഒന്നും പഠിച്ചിട്ടില്ല.
ജാനു:
ചൂരൽകൊണ്ടും ചൂലുകൊണ്ടും തല്ലു് കിട്ടേണ്ടുന്ന പഠിപ്പാണു് നീ പഠിച്ചതു്. മറ്റല്ലാതെ നീ എങ്ങനെ ഇത്ര ധൈര്യപ്പെട്ടു എന്റെ അറയിൽ കടന്നുവന്നു.
ശങ്കരൻനായർ:
ഞാൻ വന്നതല്ല. എന്നെ കൊണ്ടു വിട്ടതാണു്.
ജാനു:
കൊണ്ടുവിട്ടതോ! കൂട്ടിലിട്ടു കാഴ്ചക്കുവയ്ക്കേണ്ടുന്ന പുള്ളിയല്ലേ ഒരേടത്തു് കൊണ്ടുയിടാൻ. എനിക്കു് കേൾക്കണ്ട. അമ്പലത്തിൽ പ്രതിഷ്ഠിക്കേണ്ടുന്ന ശ്രീകൃഷ്ണബിംബം അല്ലേ സ്ത്രീകൾ വന്നു ആരാധിക്കാൻ വേണ്ടി അറയിൽ കൊണ്ടുവിടാൻ. അത്രയൊന്നും നാട്യം വേണ്ട. ബി. എൽ. പാസായതുകൊണ്ടു് നീ വാദവക്കീൽ അല്ല എന്നു മാത്രം. തറവാട്ടിൽ ജനിച്ചതുകൊണ്ടു് കാട്ട്കമ്മാരി അല്ല എന്നു മാത്രം. വെളുപ്പു് വർണ്ണം ഉള്ളതുകൊണ്ടു് നീ ചണ്ഡാലൻ അല്ല എന്നു മാത്രം. പത്രാസൊക്കെ വലിച്ചെറിഞ്ഞുകളയൂ. ഇവിടെ പഴയ ചെരിപ്പില്ലാത്തതു നിന്റെ ഭാഗ്യം.
ശങ്കരൻനായർ:
ഒരു സമയം എന്റെ നിർഭാഗ്യം ആയിരിക്കും.
ജാനു:
അതേ. അതുകൊണ്ടു കിട്ടാനുള്ള യോഗ്യതയേ നിനക്കുള്ളൂ. നീ ഈ മുറിയിൽനിന്നു് പോയിട്ടില്ലെങ്കിൽ ഞാൻ ഇവിടെ നിന്നു് ഒരു ഭൂകമ്പം ഉണ്ടാക്കും.
ശങ്കരൻനായർ:
ഞാൻ ഏതിലേ പോകാനാണു്?
ജാനു:
നീ കടന്നുവന്ന വഴിയിൽകൂടെ.
ശങ്കരൻനായർ:
ഞാൻ കടന്നുവന്നതല്ല.
ജാനു:
നീ കടക്കാതെ എങ്ങിനെ വരും?
ശങ്കരൻനായർ:
എന്നെ ഇവിടെ ഉന്തിത്തള്ളിയതാണു്.
ജാനു:
നിന്നെ ആർ ഇവിടുന്നു് ഉന്തിത്തള്ളാനാണു്. ഈ വീട്ടിലുള്ളവരൊക്കെ ഭ്രാന്തന്മാരാണോ? അല്ലെ നിണക്കു് ഭ്രാന്തോ? നീ എന്തു വിചാരിക്കുന്നു?
ശങ്കരൻനായർ:
ജഡ്ജിയെ ഒന്നു കാണണം എന്നു്.
ജാനു:
ഈ നിലയിലോ?
ശങ്കരൻനായർ:
അതെ.
ജാനു:
എന്നാൽ നിന്റെ പണി ഒതുങ്ങി. ഗോകർണ്ണം മുതൽ കന്യാകുമാരി വരെ നിന്നെ ചവിട്ടി വിടും. നൊണ്ണിലെ പല്ലുകളൊക്കെ വായിൽ ആയിപ്പോകും. ഗംഭീരമായ കേസരിയെക്കാണാൻ നിസ്സാരനായ കുറുക്കൻ ആവശ്യപ്പെടരുതു്.
ശങ്കരൻനായർ:
കേസരിയാണു് കുറുക്കനെ ഇവിടെ തള്ളിവിട്ടതു്.
ജാനു:
എന്നുവച്ചാൽ എന്റെ അച്ഛൻ നിന്നെ ഇവിടെ തള്ളിവിട്ടു എന്നോ?
ശങ്കരൻനായർ:
അതേ.
ജാനു:
എടാ കുരങ്ങാ! എന്റച്ഛൻ ആരെന്നാണു് നീ മനസ്സിലാക്കിയതു്.
ശങ്കരൻനായർ:
ജഡ്ജി രാമൻനായർ.
ജാനു:
അവരു് നിന്നെ എന്റെ മുറിയിൽ തള്ളിവിട്ടു എന്നോ?
ശങ്കരൻനായർ:
സത്യമായിട്ടും അതേ?
ജാനു:
എടാ വങ്കാ! എന്റെ അച്ഛൻ സത്യസന്ധൻ—എന്നു കേളികേട്ട ന്യായാധിപൻ അല്ലേ; ബുദ്ധിശക്തികൊണ്ടു് വിശ്രുതനായ വിശ്വാസ്യനല്ലേ. എന്റെ ബഹുമാനപ്പെട്ട അച്ഛനെയാണോ നീ ദുഷിക്കുന്നതു്.

ഇങ്ങനെ പറഞ്ഞുകൊണ്ടു് ജാനകി ഒന്നു അട്ടഹസിച്ചു. അവൾ ഒരു അപസ്മാരരോഗിയെപ്പോലെ മുറിയിൽ നിന്നു് അങ്ങും ഇങ്ങും പാഞ്ഞുതുടങ്ങി. ശങ്കരൻനായർ നടുങ്ങിനിന്നുപോയി.

ഭ്രാന്തുപിടിച്ചതുപോലെ പായുന്ന ആ അവസരത്തിൽ ശങ്കരൻനായരുടെ കഴുത്തു പിടിച്ചുവലിച്ചു നാവുകൊണ്ടും കൈകൊണ്ടും അയാളെ ഇങ്ങനെ ദ്രോഹിച്ചു.

“എന്റെ അച്ഛനെ മാനിയാത്ത പിച്ചക്കാര, (മുഖംകൊണ്ടു മുഖം ഒരു അമർക്കൽ) ഞാൻ പെണ്ണായി പോയിട്ടല്ലെ നീ ധിക്കാരം കാണിച്ചതു് (വക്കീലിന്റെ ചെള്ളയ്ക്കു ഒരു കടി) ഈ അബലകൾക്കു് എന്തും ചെയ്വാൻ സാധിക്കും (വക്കീലിന്റെ ചെകിട്ടത്തു ഒരടി). ഞങ്ങൾ പ്രകൃത്യാ മാർദ്ദവശീലകളല്ലെ: (വക്കീലിന്റെ കഴുത്തിനു് ഒരു മാന്തു്) പുരുഷന്മാർ ഇങ്ങിനെ കാട്ടിക്കൂട്ടിയാൽ പെണ്ണുങ്ങൾ എന്തുചെയ്യും? (വക്കീലിന്റെ നെഞ്ഞെത്തൊരിടി) ഞങ്ങൾ എപ്പോഴും അബലമാരല്ലെ. (വക്കീലിന്റെ വാരിക്കു ഒരു വെട്ടു്). പൂമാല കെട്ടേണ്ടുന്ന കയ്യല്ലെ ഞങ്ങളുടേതു്. (വക്കീലിന്റെ മുടി ഒരു പിടിച്ചു പറി) അയ്യയ്യോ എനിക്കു ഒന്നും തിരിയുന്നില്ല.“അമ്മൂ-അമ്മു (വക്കീലിന്റെ താടിക്കു ഒരു തട്ടു്.)

എന്തിനു പറയുന്നു! ദേഹോപദ്രവം നേരിട്ട ശങ്കരൻനായരെക്കാൾ ജാനുവാണു് തളർന്നു പോയതു്. അവൾ പുതപ്പു് ശങ്കരൻനായരുടെ തലയിൽ ഇട്ടു. റൗക്ക കീറി അയാളുടെ മുഖത്തു് എറിഞ്ഞു. എന്നിട്ടു കട്ടിലിന്മേൽ ചെന്നു വീണു. ചുമരിന്നു മുഖമാക്കി ചരിഞ്ഞുകിടന്നു. “അമ്മൂ എന്റെ പുറം തലോടു അല്ലെങ്കിൽ ഞാൻ ചാകുകയേയുള്ളു” എന്നു പറഞ്ഞപ്പോൾ ഭയാകുലനായ ശങ്കരൻനായർ, കട്ടിലിന്മേൽ ചെന്നിരുന്നു. വെണ്ണയേക്കാൾ വെളുപ്പും മാർദ്ദവവുമുള്ള പരന്ന പുറം കൈകൊണ്ടു ഉഴിച്ചുകാരനെപ്പോലെ മെല്ലെ തലോടിത്തുടങ്ങി. ആ നാട്യക്കാരത്തി കണ്ണും അടച്ചു കണക്കിലേറെ രസം അനുഭവിച്ചു.

*****

പൂങ്കോഴി കൂകിയ ഉടനെ ലക്ഷ്മിഅമ്മ ഭർത്താവിനെ വിളിച്ചുണർത്തി.

ലക്ഷ്മിഅമ്മ:
അല്ല നിങ്ങൾ ചെയ്തതു നന്നായോ?
ജഡ്ജി:
മകൾക്കു് മാന്യനായ ഒരു ഭർത്താവിനെ ഉണ്ടാക്കിക്കൊടുക്കുന്നതു് ഒരു ചീത്ത കാര്യമല്ല.
ലക്ഷ്മിഅമ്മ:
നാട്ടുമര്യാദപ്രകാരം ആയില്ല.
ജഡ്ജി:
ഏതു മര്യാദയും കലാശിക്കുന്നതു് ഇങ്ങനെയാണു്.
ലക്ഷ്മിഅമ്മ:
ഇതു് ഒരു രഹസ്യംപോലെ ആയിപ്പോയി.
ജഡ്ജി:
വിവാഹം ഒരു പരസ്യമായ രഹസ്യമാണു്.
ലക്ഷ്മിഅമ്മ:
പരസ്യം വേണ്ടെ.
ജഡ്ജി:
കാർഡ് അച്ചടിച്ചു അയച്ചു കളയാം.
ലക്ഷ്മിഅമ്മ:
എങ്ങിനെ.
ജഡ്ജി:
ഇന്ന ആൾ ഇന്ന ആളെ ഇത്രാം തിയ്യതി വിവാഹം കഴിച്ചു എന്നു്.
ലക്ഷ്മിഅമ്മ:
ഇതൊക്കെ നാലാൾ കാണേ വേണ്ടെ.
ജഡ്ജി:
നീ പേടിക്കേണ്ട. അതും നിവർത്തിച്ചുതരും.

*****

മുത്തുകൃഷ്ണയ്യർ, വീരരാഘവയ്യർ, ശേഖരൻനായർ, ചാത്തുമേനോൻ മുതലായ വക്കീലന്മാർ വന്നിട്ടുണ്ടെന്നു് അറിഞ്ഞിട്ടു് ജഡ്ജി ചോടെ ഇറങ്ങി “ചില കാര്യങ്ങൾ കണ്ടാൽ മാത്രമേ ആരും വിശ്വസിക്കയുള്ളു. നിങ്ങൾ ഇങ്ങോട്ടു കടന്നുവരിൻ” എന്നു പറഞ്ഞു. ജഡ്ജി പടിഞ്ഞാറ്റയുടെ ഓടാമ്പൽ തുറന്നു. നോക്കീൻ! എന്റെ വീട്ടിൽ വന്നു എന്റെ കോടതിയിൽ പ്രാക്ടീസു ചെയ്യുന്ന ഒരു വക്കീൽ ഈ മാതിരി അക്രമം പ്രവർത്തിച്ചതു നന്നായോ—എനിക്കു നാട്ടിൽ നടക്കേണ്ട എന്നോ.”

വക്കീൽമാർ നോക്കിയപ്പോൾ ശങ്കരൻനായർ ജാനുവിന്റെ അരികേ തലയും താഴ്ത്തി നില്ക്കുന്നതുകണ്ടു. അവർ ശങ്കരൻനായരെ കഠിനമായി ആക്ഷേപിച്ചു.

ജഡ്ജി:
ആട്ടെ വന്നതോ വന്നു. ഇനി നല്ലതു എന്താണെന്നു് ഞാൻ പറയാം. നിങ്ങൾ എല്ലാവരും കൂടി ഈ രണ്ടാളേയും കൂട്ടി രജിസ്ത്രാർ ആപ്പീസിൽ ചെന്നു വിവാഹം രജിസ്ത്രാക്കിച്ചു. എല്ലാ ചങ്ങാതിമാരെയും കൂട്ടി ഇങ്ങട്ട് വരിൻ. സദ്യക്കു വേണ്ടുന്ന കോപ്പുകളൊക്കെ ഞാൻ ആക്കാം.

വിവാഹവും സദ്യയും ഒക്കെക്കഴിഞ്ഞു. നവദമ്പതിമാർ അറയിൽ എത്തി. ആദ്യത്തെ അവിവാഹിതരാത്രി കീരിയും മൂർഖനുംപോലെ കഴിഞ്ഞിരുന്നു. എങ്കിലും ഇന്നത്തെ രാത്രി പൂവനും പിടയുംപോലെ വളരെ ഇണക്കത്തിൽ കഴിഞ്ഞു. പണ്ടു് ചെയ്ത കെടിതികൾക്കു ഇന്നു് അവളെ ശിക്ഷിക്കുവാൻ ശങ്കരൻനായർക്കു നല്ല അവസരം കിട്ടി. അയാൾ കൊടുത്ത ശിക്ഷയൊക്കെ ശിക്ഷയായി എന്നു “മന്മഥനും” സർട്ടിഫിക്കറ്റ് കൊടുത്തതോടുകൂടി ആ വിവാഹം സമ്പൂർണ്ണസുഖത്തിൽ കലാശിക്കുകയും ചെയ്തു.

കെ. സുകുമാരൻ, ബി. എ.[3]

കെ. സുകുമാരന്‍ കാമ്പില്‍ തട്ടായിലത്തു ഗോവിന്ദന്റെയും, ഇടമലത്തു മാധവിയുടേയും മകനായി 1876 മെയ് 20-നു് ജനിച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സിപ്പല്‍ സ്ക്കൂള്‍, ബാസല്‍ മിഷന്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലാണു് പഠിച്ചതു്. ഇന്റര്‍മീഡിയറ്റ് പഠനം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പാലക്കാട് വിക്ടോറിയയിലും ആയിരുന്നു. ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും 1894-ല്‍ ബിരുദം നേടി. തുടര്‍ന്നു് സിവില്‍ കോടതി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 1915-ല്‍ സിവില്‍ ജുഡീഷ്യറി ടെസ്റ്റ് പാസായി. 1931-ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റി. കൗസല്യയെ ആണു് സുകുമാരന്‍ വിവാഹം ചെയ്തതു്. അദ്ദേഹം 1956 മാര്‍ച്ച് 11-നു് മരിച്ചു. ചെറുകഥ, നോവല്‍, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി അമ്പതോളം കൃതികള്‍ ഉണ്ടു് സുകുമാരന്റേതായി. സുകുമാരകഥാമഞ്ജരി, ചെറുകഥ, അഞ്ചുകഥകള്‍ എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ കഥകള്‍ ലഭ്യമാണു്.

കൃതികള്‍: അഴകുള്ള പെണ്ണു്, വിധി, ആ വല്ലാത്ത നോട്ടം, ഇണക്കവും പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി, വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമന്‍.

കുറിപ്പുകൾ

[3] അതീവ ഖേദത്തോടെ പറയട്ടെ. ഇത്രയും പ്രശസ്തനായിരുന്ന ഈ സാഹിത്യകാരന്റെ ഒരു ഫോട്ടോ പോലും കിട്ടാനില്ല. വായനക്കാരിൽ ആർക്കെങ്കിലും ഫോട്ടോ അയച്ചു തരാൻ കഴിയുമെങ്കിൽ നമുക്കു് ഈ ഡോക്യുമെന്റേഷൻ പൂർണതയിലെത്തിക്കാം.

Colophon

Title: Vidhavayude Vasi (ml: വിധവയുടെ വാശി).

Author(s): K. Sukumaran, B. A..

First publication details: P. K. Brothers; Kozhikode; 1960.

Deafult language: ml, Malayalam.

Keywords: Story, K. Sukumaran, B. A., Vidhavayude Vasi, കെ. സുകുമാരൻ, ബി. എ., വിധവയുടെ വാശി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 27, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Singing Bird of Heaven, a painting by Warwick Goble (1862–1943). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Sreeja Anil; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.