images/Vasily_Pukirev.jpg
The Unequal Marriage, a painting by Vassili Vladimirovich Pukiryov (1832–1890).
വിവാഹത്തിന്റെ വില
കെ. സുകുമാരൻ, ബി. എ.

അമ്മയുടെ ശാഠ്യവും മകളുടെ ശാഠ്യവും കുറിക്കുന്ന ഒരു കഥ.

അസ്ഥാനവിവാഹം അനാശാസ്യമാണെന്നു് തെളിയിക്കുന്ന ഒരു സാരവത്തായ കഥ.

യഥാർത്ഥ സംഭവങ്ങൾ ധൈര്യസമേതം പ്രസ്ഥാപിക്കുന്ന വീര്യമുള്ള കഥ.

കഥയിൽ വിവരിക്കാൻ പോകുന്നവരുടെ പട്ടിക
  • യൂ. മണ്ടോടി—ഉപദേശിയാർ.
  • മന്ദാരം—ഉപദേശിയാരുടെ ഭാര്യ.
  • യൂജീൻ—ഉപദേശിയാരുടെ മകൾ.
  • ജന്നി—ഉപദേശിയാരുടെ യുവതിയായ ദാസി.
  • മോശ—ഉപദേശിയാരുടെ വൃദ്ധനായ ദാസൻ.
  • ബർനാഡ്—ഒരു കരാറുകാരൻ.
  • മേറി—ബർനാഡിന്റെ ഭാര്യ.
  • മിമി—ബർനാഡിന്റെ മകൾ. (15 വയസ്സു്)
  • യൂസ്റ്റെയിസ്—ബർനാഡിന്റെ കീഴിൽ കരാറുകാരൻ. (18 വയസ്സു്)
  • ദാവീദ്—പലചരക്കു കച്ചവടക്കാരൻ (45 വയസ്സു് വിഡ്ഢി)
  • ജറാഡ്—സുഗന്ധദ്രവ്യ വ്യാപാരി.
  • റഷേൽ—ജറാഡിന്റെ ഭാര്യ.
  • ജോവേൽ—ജറാഡിന്റെ മകൻ. (9 വയസ്സു്)
  • സിസീലി—ജറാഡിന്റെ, കല്യാണം കഴിയാത്ത പെങ്ങൾ. (40 വയസ്സു്)
  • എഡോൾഫി—ഒരു ചെറുപ്പക്കാരനായ സുന്ദരൻ.
  • ഡാൾമണ്ട്—എഡോൽഫിയുടെ അച്ഛൻ.
  • സീലി—എഡോൽഫിയുടെ അടുക്കെപ്പാർക്കുന്ന ഒരു യുവതി.
  • ജെയിക്സ്—ഒരു മദ്യപാനി
  • കേതറൈൻ—ജെയിക്സിന്റെ ഭാര്യ.
  • ചാർലി—മാതൃകാദമ്പതി.
  • ലൂയിസ്—മാതൃകാദമ്പതി.
പൂമുഖം

ബാസൽ ജർമ്മൻ മിഷ്യൻ സംഘം, യൂറോപ്പിലെ മദ്ധ്യഭാഗത്തിൽ സ്ഥിതിചെയ്യുന്ന ഹിമഭൂയിഷ്ഠപർവ്വതങ്ങളിൽ സ്ഥാനമുറപ്പിച്ചിട്ടു് വളരെ സംവത്സരങ്ങൾ കഴിഞ്ഞു. ആ പൊതുജനോപകാരികളായ സംഘക്കാരുടെ നേതാക്കന്മാർ, മറ്റു രാജ്യങ്ങളിൽ പോയി സ്വമതവിതരണം ചെയ്യുവാൻ, അനേകം പാതിരിമാരേ അയക്കുക പതിവാക്കി. അക്കാലത്തു പരിഷ്ക്കാരത്തിന്റെ പടപ്പു യൂറോപ്പിൽ പോഷിച്ചു വരുന്നേ ഉള്ളൂ. മറ്റു പല രാജ്യങ്ങളിലും ദ്വീപുകളിലും നിറഞ്ഞിരുന്ന നിവാസികൾ മിക്കവരും, നഗ്നന്മാരും വനചരന്മാരും നരബലി കഴിക്കുന്നവരും നരഭുക്കുകളും കൂടിയായിരുന്നു. അവരുടെ ഇടയിൽ നടപ്പുള്ള ഭാഷ തന്നെ വളരെ ചുരുക്കം പദങ്ങളോടു കൂടിയവ മാത്രമായിരുന്നു. മൃഗപ്രായത്തിൽനിന്നു അത്രത്തോളം മാത്രമെ അവർ പരിണമിച്ചു വന്നിട്ടുള്ളൂ. എന്നിട്ടുകൂടി, ദൈവസഹായം ഒന്നു മാത്രം ആധാരമാക്കി യാതൊരു അപായവും അദ്ധ്വാനവും പ്രതിബന്ധവും വൈഷമ്യവും ശീതോഷ്ണസ്ഥിതികളും, സാംക്രമികരോഗങ്ങളും ദുഷ്ടമൃഗബാധകളും പ്രമാണിയാതെ, പാതിരിമാർ ഓരോ രാജ്യങ്ങളിൽ പ്രവേശിച്ചതും, രാക്ഷസന്മാരുടെ കൂടെ നിവസിച്ചതും അവിടത്തെ ഭാഷപഠിച്ചതും, ആ ഭാഷക്കു പാടുള്ളേടത്തോളം എഴുത്തുണ്ടാക്കിക്കൊടുത്തതും, അവരെ സത്യവേദം (Holy Bible) പഠിപ്പിച്ചതും അക്കൂട്ടരിൽ പരസ്പര സഹായവും സാഹോദര്യവും വർദ്ധിപ്പിച്ചതും മറ്റും ആലോചിച്ചാൽ, മിഷ്യൻ പാതിരികളുടെ ക്ഷമയും, സ്ഥൈര്യവും, ധൈര്യവും, സഹിഷ്ണുതയും എത്രതന്നെ പ്രശംസിച്ചാലും മതിയാകുമെന്നു തോന്നുന്നില്ല.

അങ്ങിനെ ഒക്കെ ചെയ്തുവരുന്ന കാലത്താണു് ഒരു കൂട്ടം പാതിരിമാർ നമ്മുടെ കേരളത്തിലും എത്തിയതു്. അവർ എത്തിയ കാലത്തു ഇംഗ്ലീഷുകാർക്കു മലയാളരാജ്യത്തു പ്രവേശനം സിദ്ധിച്ചിട്ടു വളരെ സംവത്സരങ്ങൾ കഴിഞ്ഞിരുന്നില്ല. പടപ്പാച്ചിൽകൊണ്ടും ജാതിബാധകൊണ്ടും അക്കാലത്തിലെ അധഃകൃതർ അത്യന്തം പീഡിതന്മാരായിരുന്നു. അവർ വനദേവതകളെയും മലദേവതകളേയും ആരാധിച്ചു വന്നിരുന്ന ശുദ്ധ കാടന്മാരായിരുന്നു. അക്കൂട്ടർക്കു മലയാള ഭാഷയിലെ രാമായണാദി ഗ്രന്ഥങ്ങളൊന്നും അറിഞ്ഞുകൂടായിരുന്നു. അക്ഷരാഭ്യാസം കേവലം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല ആ വിദ്യ അവർക്കു കല്പിച്ചു കൂട്ടി നിഷേധിച്ചും ഇരുന്നു. തോറ്റം പാട്ടു്, കൃഷിപ്പാട്ടു് എന്നു തുടങ്ങിയ ചില കണ്ടങ്ങളും മുണ്ടങ്ങളും മാത്രമെ അവർ പരമ്പരയായി ഗ്രഹിച്ചിരുന്നുള്ളൂ.

അങ്ങിനെ ഇരിക്കുമ്പോൾ സവർണ്ണരിൽ നടപ്പുണ്ടായിരുന്ന വട്ടെഴുത്തും കോലെഴുത്തും വകവെക്കാതെ, തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ നടപ്പാക്കിയ ആര്യനെഴുത്തു (ഇപ്പോഴത്തെ എഴുത്തു) പുതുശ്ശേരി ഗുരുനാഥന്മാർ വടക്കെ മലയാളത്തിലും നടപ്പാക്കി, വിദ്യാഭ്യാസത്തിന്നു, ഒരു പ്രോത്സാഹനമാർഗ്ഗവുംകൂടി അടിസ്ഥാനപ്പെടുത്തി. അവർ വളരെ തിയ്യരെ എഴുത്തും പഠിപ്പിച്ചു. അവർ എഴുത്തു പഠിച്ചതും വെറും ഒരു യാദൃശ്ചിക സംഗതികൊണ്ടുമാത്രമായിരുന്നു.

നാരങ്ങോളിച്ചിറക്കലെ ആഢ്യന്മാരായ നായന്മാർ വടശ്ശേരി ഗുരു എന്ന ഒരു ബ്രാഹ്മണവിദ്വാനെ അവിടെയുള്ള നായന്മാരുടെ വിദ്യാഭ്യാസത്തിന്നു നിയോഗിച്ചു. ആ കാലത്തു പുതുശ്ശേരി ഗുരുനാഥന്മാർ എന്നു പിന്നീടു പ്രസിദ്ധപ്പെട്ട തിയ്യക്കുട്ടികൾ, കന്നുമേച്ചു നടക്കുന്ന മുട്ടാളന്മാരായിരുന്നു. അവർ ദൂരേനിന്നു കേട്ടു പഠിച്ച ചില ദുഷ്കരശ്ലോകങ്ങൾ, കണ്ടറിവാൻ ഇടവന്ന വടശ്ശേരി ഗുരു അത്യന്തം തൃപ്തനായി അവർക്കും വിദ്യ ഉപദേശിച്ചു. അവരുടെ വാസന കണ്ടിട്ടു ഗുരു അവർക്കു സംസ്കൃതവും വൈദ്യവും ഗണിതവും മറ്റും പഠിപ്പിച്ചു. അങ്ങിനെ വിദ്യ പഠിച്ച ശിഷ്യന്മാരാണു് പുതുശ്ശേരി ഗുരുനാഥന്മാർ, അവരിൽ ചിലരാണു് ഡോക്ടർ ഗുണ്ടട്ട് എന്ന പ്രസിദ്ധനായ പാതിരിയുടെ ഒന്നിച്ചു തിരുവിതാംകൂർ വരെയും സഞ്ചരിച്ചു മലയാള നിഘണ്ടു നിർമ്മിക്കുവാൻ അദ്ദേഹത്തെ സഹായിച്ചതു്.

ഈ പാതിരിമാരിൽനിന്നു മലയാളികൾക്കും മലയാള ഭാഷയ്ക്കും സിദ്ധിച്ച നന്മക്കു സീമ ഉണ്ടായിരുന്നില്ല. ഒന്നാമതു അവർ മലയാള ഭാഷാ കരുക്കൾ വാർപ്പിച്ചു ഒരു അച്ചുകൂടം മംഗലാപുരത്തു സ്ഥാപിച്ചു; വളരെ വൃത്തിയിലും ചുരുക്കവിലയിലും ഓരോരോ പുസ്തകങ്ങൾ അച്ചടിച്ചു പുറത്താക്കി. കൊല്ലംതോറും പലവിവരങ്ങൾ അടങ്ങിയ ഓരോ പഞ്ചാംഗവും പ്രസിദ്ധം ചെയ്തു എന്നു മാത്രമല്ല, “കേരളോപകാരി” എന്നു പേരായ ഒരു മാസികയും ഒന്നാമതു് നടപ്പാക്കി. പിന്നെ തത്വോപദേശപരമായ ഓരോ കഥാപുസ്തകങ്ങൾ അച്ചടിച്ചു സ്വലാഭചിന്തകൂടാതെ ഓരോന്നു ഓരോ പൈക്കും ഓരോ മുക്കാലിന്നും മറ്റുമായി വിറ്റു തുടങ്ങി. സത്യവേദം മലയാളത്തിൽ തർജ്ജമ ചെയ്തു. ഒന്നാമതു മലയാള ഇംഗ്ലീഷ് നിഘണ്ഡു ഉണ്ടാക്കിയതും ഒരു മലയാളവ്യാകരണം സൃഷ്ടിച്ചുതന്നതും ഡോക്ടർ ഗുണ്ടട്ട് എന്ന പാതിരിയാണു്. മറ്റൊരു വ്യാകരണം ഉണ്ടാക്കിയതു വേക്കോർട്ട് അച്ചുതപ്പണിക്കരുടെ സഹായത്തോടെ ഗാർത്ത്വെയിട്ട് എന്ന കൃസ്ത്യാനാണു്. മിസ്റ്റർ തത്തക്കണാരി എഴുതിയതിലും മുമ്പു മലയാളത്തിലും ഇംഗ്ലീഷിലും തർജ്ജമചെയ്യേണ്ടുന്ന മാതിരിയും രീതിയും കാണിച്ചുകൊടുത്തതും ഒരു പാതിരിതന്നെയാണു്. ചെർമ്മകളുടെ ഭാഷയുംകൂടി അതിൽ കൊണ്ടുവെക്കാൻ അദ്ദേഹത്തോടു വിട്ടുപോയിട്ടില്ല. പിന്നെ, ഇംഗ്ലീഷ്, മലയാള അകാരാദി ഉണ്ടാക്കിയതും ഒരു കൃസ്ത്യാനിയാണു്. കേരളമാഹാത്മ്യം, കേരളപഴമ എന്നീ പുസ്തകങ്ങൾ അച്ചടിച്ചതും അവരാണു്. കേരളത്തിലെ അനാചാരങ്ങളെ കഠിനമായിടിച്ചുംകൊണ്ടു് “അജ്ഞാനകുഠാരം” എന്ന ഒരു പുസ്തകം, കൃസ്ത്യാനിയായ ഒരു നമ്പൂരിയെക്കൊണ്ടു എഴുതിപ്പിച്ചതും പാതിരിമാരുടെ ഉത്സാഹത്തിന്മേലാണു്.

അവിടവിടെ ഒരോ സ്കൂൾ സ്ഥാപിച്ചു ഇംഗ്ലീഷുകാരേക്കാൾ മുമ്പിൽ നാട്ടുകാർക്കു ഇംഗ്ലീഷുഭാഷ പഠിപ്പിച്ചു കൊടുത്തതു പാതിരിമാരാണു് നാട്ടുകാരുടെ ഇടയിൽ നെയ്ത്തുപണി, ഓടുപണി, ഇഷ്ടികപ്പണി മുതലായ വ്യവസായശാലകൾ സ്ഥാപിച്ചു ആ വക മാർഗ്ഗങ്ങളിലേക്കു വാസന വരുത്തിയതും പാതിരിമാരല്ലാതെ മറ്റാരുമല്ല. കോഴിക്കോട്ടു്, പാലക്കാട്ടു്, ചോമ്പാൽ, തലശ്ശേരി, കണ്ണനൂർ മുതലായ സ്ഥലങ്ങളിലും, അവർ, ഹിന്ദുക്കളായ നാട്ടുകാരെ സ്വമതത്തിൽ ചേർത്തി ഓരോ സമാജമായി (Colony) പാർപ്പിച്ചു ഇങ്ങിനെയാണു് നാട്ടുകൃസ്ത്യാനികൾ എന്ന ഒരു പുതിയ വർഗ്ഗക്കാർ മലയാളത്തിൽ ആവിർഭവിച്ചതു. അവർക്കു പള്ളികളും ഏർപ്പെടുത്തി. ഇങ്ങിനെ കൃസ്ത്യാനികളായിത്തീർന്ന നാട്ടുകാർക്കു, സ്വാതന്ത്ര്യവും ബുദ്ധിയും വിവേകവും ശുചിയും ഭക്തിയും പരിഷ്ക്കാരവും ബാക്കിയുള്ള അധഃകൃതരെ സംബന്ധിച്ചു വളരെ ജാസ്തിയായി.

അങ്ങിനെ ഉത്ഭവിച്ചു വളർന്നു പോഷിച്ചുവന്നവരാണു് നാം ഇപ്പോൾ കാണുന്ന കൃസ്ത്യാനികൾ. അവരോടു ഒരു പ്രത്യേക ബഹുമാനം ഉള്ളതുകൊണ്ടു ഞാൻ ഈ കഥയും അവരുടെ ഇടയിലാക്കിക്കൊണ്ടുവന്നു. കോഴിക്കോട്ടു് നാട്ടുകൃസ്ത്യാനികൾ വളരെ ഉള്ളതു പുതിയറയിലാണു്. ഈ കഥയുടെ രംഗസ്ഥാനവും അതുതന്നെയാണു്. പഠിപ്പുകൊണ്ടും പണംകൊണ്ടും പരിഷ്ക്കാരംകൊണ്ടും സംസ്കാരം കൊണ്ടും ആകൃതികൊണ്ടും വർണ്ണംകൊണ്ടും അവർ മറ്റെല്ലാ കൃസ്ത്യാനികളുടെയും മുന്നണി നില്ക്കുന്നവരാണു്. വളരെ പേർ യൂറോപ്യൻ സമ്പ്രദായത്തിൽ ഉടുപ്പിടുന്നു. ചുരുക്കം പേർ—എന്നുവെച്ചാൽ പണവും പരിഷ്കാരവും ജാസ്തിയുള്ളവർ—യൂറോപ്യൻ സമ്പ്രദായത്തിൽ തന്നെ തീനും കൂടി കഴിക്കുന്നു. അങ്ങിനെയുള്ള ഒരു കൂട്ടം പരിഷ്ക്കരിച്ച നാട്ടു കൃസ്ത്യാനികളുടെ കഥയാണു് ഞാൻ ഇവിടെ വിസ്തരിക്കാൻ പോകുന്നതു. ലോകഗതി മുഴുവൻ വ്യക്തമാക്കുവാൻ തുറന്നു പറയേണ്ടിവന്ന ചില സംഗതികൾ ഒരു ഗ്രന്ഥകർത്താവിന്നു അനുവദിച്ചുകൊടുക്കാവുന്ന സ്വാതന്ത്ര്യങ്ങളിൽ ഒന്നാണെന്നു വെച്ചു പലരും പഴിച്ചു പറയുകയില്ലെന്നു വിശ്വസിക്കുന്നു. സുഖവും ദുഃഖവും മിശ്രമായി വരുമ്പോലെ നല്ലതും ചീത്തയും ലോകഗതിയിൽ മിശ്രമായി വരാതെ ഇരിപ്പാൻ സംഗതിയില്ല. ഏകദേശം ഒരു തർജ്ജമയാണെങ്കിലും, ഇതു ഒരു തർജ്ജമയെല്ലെന്നു തോന്നും വിധത്തിൽ കൊണ്ടുവരാനുള്ള എന്റെ ശ്രമം എത്രകണ്ടു് ഫലിച്ചിട്ടുണ്ടെന്നു വായനക്കാർ തീർച്ചപ്പെടുത്തട്ടെ.

കെ. എസ്സ്.

3—11—34.

ഒന്നാം അദ്ധ്യായം

(കഥാപാത്രങ്ങൾ)

ഒരു കഥ തുടങ്ങുംമുമ്പെ പ്രധാനികളായ കഥാപാത്രങ്ങളുടെ ചുരുങ്ങിയ ഒരു വിവരണം വായനക്കാരെ അറിയിക്കുന്നതു് കഥയുടെ മൃദുഗതിക്കു കാരണമായിത്തീരും എന്ന ബോദ്ധ്യംകൊണ്ടാണു് ഞാൻ ഇതിന്നു ഒരുമ്പെടുന്നതു്.

യൂ. മണ്ടോടി:
ജോലികൊണ്ടു് ഇദ്ദേഹം പുതിയറയിലെ ഉപദേശിയാരാണു്. ആൾ തടിച്ചു നീണ്ടിട്ടാണു്. തലമുടി മുക്കാലും ഭാഗം നരച്ചിട്ടാണെങ്കിലും വളരെ നീണ്ട താടിരോമത്തിൽ നരയൊന്നും കാണാത്തതു് കറപ്പു് ചായം തേച്ചിട്ടായിരിക്കണം. പ്രായം ഏകദേശം 50 കഴിഞ്ഞിരിക്കും. മുഖം ചെമ്പിന്റെ വർണ്ണമാണു്. ഇദ്ദേഹം ഒരു സാമാന്യം സ്വത്തുകാരനാണു്. ചിലവിനൊത്ത വരവും അസാരം മെച്ചവും കൂടി ഉണ്ടായിരിക്കും. രാജ്യക്കാർക്കു് ഇദ്ദേഹത്തെ വളരെ ബഹുമാനമാണു്. കൊടുക്കേണ്ടതൊക്കെ ശരാശരിക്കു കൊടുക്കാൻ മറന്നു പോകാത്ത ആളെന്നു മാത്രമല്ല ആളുകളെ യഥാശക്തി സഹായിക്കുവാനും മടിക്കാത്ത മനുഷ്യനാണു്. ഇദ്ദേഹത്തിനു് വല്ല ദോഷവും ഉണ്ടെങ്കിൽ അതു് തന്റെ ഭാര്യയുടെ അടിമയായി നിന്നുകളയുന്നു എന്ന ഏക കാരണംകൊണ്ടാണു്. അവൾ അദ്ദേഹത്തെ ഭരിക്കുന്നതു് സ്വേച്ഛാഭരണ നിയമത്തിന്മേലാണു്. ഭാര്യയുടെ രൂപലാവണ്യംകൊണ്ടോ, തന്റെ ശീലഗുണംകൊണ്ടോ ഇദ്ദേഹം യാതൊരു മുഷിച്ചലും കൂടാതെ എല്ലാറ്റിന്നും വഴിപ്പെടുകയാണു് പതിവു്. രാവിലെ ലാത്താൻ പോകുമ്പോൾ അല്ലാതെ ഉപദേശിയാരുടെ ഭാര്യ (മന്ദാരം) ഇദ്ദേഹത്തെ സ്വകാര്യം പുറത്തിറങ്ങാൻ സമ്മതിക്കാറില്ല. മന്ദാരത്തിന്റെ പണത്തിനോടൊ മധുരദ്രവ്യത്തോടൊ ഉള്ള ഭ്രമം താഴെ പറയുന്ന സംഗതികൊണ്ടു ഗ്രഹിക്കാം. മടങ്ങി വരുമ്പോൾ ഉപദേശിയാർ ഒരു ചായക്കടയിൽ നിന്നു് ഓരോ കോപ്പ ചായ കുടിക്കാറുണ്ടു്. രണ്ടു കഷണം കല്ക്കണ്ടം വെറുതെ കിട്ടുകയും ചെയ്യും. അതു ദിവസേന മന്ദാരത്തിനു് കൊണ്ടുകൊടുക്കേണമെന്നാണു് അവളുടെ പിടിത്തം.

മന്ദാരത്തിന്നു് മുപ്പത്തേഴ് പ്രായമെ ആയിട്ടുള്ളൂ. അവളുടെ സഹജമായ സൗന്ദര്യത്തിനു് യാതൊരു ഉടവും സിദ്ധിച്ചിട്ടില്ല. എല്ലാരെയും അടക്കി വാഴാനുള്ള ഒരു സ്വഭാവവും അതിന്നു് വേണ്ടുന്ന ധൈര്യവും ശാസനയും യുക്തിയും അവളിൽ എപ്പോഴും ഉണ്ടു്. അവൾ ഭർത്താവിനോടു് പെരുമാറുന്ന രീതി ഒരു ചില്ലറ സംഗതികൊണ്ടു് വായനക്കാർക്കു മനസ്സിലാക്കിത്തരാം.

ഒരു ദിവസം ഉപദേശിയാർ തന്റെ മകളുടെ പിറന്നാളിന്നു് ചില കൂട്ടരെ ക്ഷണിച്ചിരുന്നു. എല്ലാരും ഇരുന്നപ്പോൾ പതിവിന്നനുസരിച്ചു റോസ്റ്റുമുറിക്കാൻ ഉപദേശിയാർ ശ്രമിച്ചു. പക്ഷിയുടെ ഒരു ഭാഗം മന്ദാരം മുള്ളുകൊണ്ടു കുത്തിപ്പിടിച്ചിരുന്നു. ഉപദേശിയാർ മറ്റേ ഭാഗം വെട്ടി അനാവശ്യശക്തിയോടെ ഒരു വലി വലിച്ചപ്പോൾ പെട്ടെന്നു ആ ഭാഗം അടർന്നു ഉപദേശിയാർ തന്റെ കസേലമേൽ ചാഞ്ഞു മലർന്നുപോയി.

മന്ദാരം:
എനിക്കറിയാം. ഇതിനൊന്നും നിങ്ങൾക്കു വയ്യാ എന്നു്. നമ്മുടെ വിവാഹം കഴിഞ്ഞിട്ടു് ഇരുപതു കൊല്ലമായി. വല്ലപ്പോഴെങ്കിലും നിങ്ങൾ ഒരുപക്ഷിയെ മുറിപ്പാൻ ശ്രമിച്ചിട്ടുണ്ടോ?
ഉപദേശിയാർ:
(വിനീതഭാവത്തോടെ) ഇല്ലമ്മാ.
മന്ദാരം:
ഒരു ഉരുളക്കിഴങ്ങു് മുറിക്കാൻകൂടി വയ്യാത്ത ആളാണു് തർക്കിറോസ്റ്റ് മുറിക്കാൻ നോക്കുന്നതു്.
ഉപദേശിയാർ:
പക്ഷേ, ഇവിടുന്നു്—
മന്ദാരം:
ഇവിടുന്നും വേണ്ട. എവിടുന്നും വേണ്ട. നിങ്ങൾക്കു അറിവും പരിചയവും ഇല്ലാത്ത കാര്യത്തിൽ വെറുതെ എന്തിന്നു് കയ്യിടുന്നു. എപ്പോഴും വിഡ്ഢിവേഷം കെട്ടുവാൻ ആറ്റുനോറ്റിരിക്കുകയാണോ. നാണമില്ലല്ലോ.

ഇങ്ങിനെയുള്ള സംഭവങ്ങൾ ഒരു ദിവസത്തിൽ പല പ്രാവശ്യം ഉണ്ടാകാറുണ്ടു്.

യൂജിൻ, ഉപദേശിയാരുടേയും മന്ദാരത്തിന്റേയും ഏക സന്താനമായിരുന്നു. ഇവൾ പതിനെട്ടു വയസ്സുള്ള ഒരു സുന്ദരി ആയിരുന്നു. അഴകുകൊണ്ടു് ഇവളെ കവിച്ചുവെക്കുന്നവർ ആ രാജ്യത്തിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. അവൾ അവളുടെ അമ്മയെപ്പോലെ കർക്കശമാനസ ശ്രുതിപ്പെട്ട യൂജീൻ അനുസരണമുള്ളവളും അനഘയും മധുരസ്വഭാവം പൂണ്ടവളും ആയിരുന്നു. അവളുടെ അവയവങ്ങൾക്കു അന്യോന്യം ചേർച്ചയും നല്ല വളർമ്മയും ഉണ്ടായിരുന്നു. വെളുത്ത മുഖത്തോടു് കറുകറുങ്ങനെ കറുത്ത മുടിയും ഹൃദയത്തിന്റെ മാർദ്ദവം സൂചിപ്പിക്കുന്ന കണ്ണും വളരെ യോജിച്ചിരുന്നു. എന്നാലോ അവൾക്കു അവളുടെ അമ്മയെ സഹിച്ചുകൂടാത്ത ഭയമായിരുന്നു. ചെറുപ്പത്തിലെ അളവില്ലാതെ ശാസിച്ചു വളർത്തിയതുകൊണ്ടായിരിക്കും ഇപ്പോഴും ആ ഭയം നിലനിന്നുപോരുന്നതു്. അവൾക്കു ഇഷ്ടംപോലെ എഴുന്നേറ്റു നടക്കാനുംകൂടി ഭയമായിരുന്നു. അനുരാഗവും പ്രണയശക്തിയും അവൾ എന്തെന്നറിഞ്ഞിരുന്നില്ല.

ഉപദേശിയാരുടെ ദാസിയുടെ പേർ ജന്നി എന്നാണു്. ഇവൾ ഒരു ചെറുപ്പക്കാരിയും നല്ല അദ്ധ്വാനശീലയും ആയിരുന്നു. ജന്നിക്കും യൂജിനും അന്യോന്യം വളരെ സ്നേഹമായിരുന്നു. അച്ഛനോടുള്ള ആദരവുകൊണ്ടും അമ്മയോടുള്ള ഭയംകൊണ്ടും യൂജീനിന്നു അവരോടു ഒന്നും തുറന്നു പറവാൻ പാടില്ലായിരുന്നു. എല്ലാ കാര്യവും തുറന്നു പറവാൻ യൂജീനിന്നു തന്റെ ദാസി ജന്നി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതു ജന്നിയും നല്ലവണ്ണം അറിയുന്നകാര്യമാണു്. അങ്ങിനെ ഇരിക്കെ അവർ തമ്മിൽ സ്നേഹം എങ്ങിനെ ഉല്പാദിക്കാതിരിക്കും.

പിന്നെ ആ വീട്ടിലുള്ളതു മോശ എന്ന അത്യന്തം വൃദ്ധനായ ഒരു ദാസനാണു്. വാർദ്ധക്യംകൊണ്ടു ഇവനെ ആ വിട്ടുകാർ ഒരു കാര്യസ്ഥനെപ്പോലെ വിചാരിച്ചു വരികയാണു്.

ഉപദേശിയാരുടെ കൂട്ടർ താമസിക്കുന്നതു നിരത്തുവക്കിനുള്ള ഒരു ലൈനിലാണു്. ആ വീടിന്റെ തൊട്ടവീട്ടിലാണു് ചിലപ്പോൾ മദ്യം ധാരാളം പെരുമാറിക്കളയുന്ന ജെയിക്സും അവന്റെ ഭാര്യ കേതറൈൻ എന്നവളും പാർക്കുന്നതു്.

ബർനാഡ് എന്ന ആൾ ഉപദേശിയാരുടെ ഒരു ചങ്ങാതി ആണു്. പ്രായവും അത്രതന്നെ കാണണം. കരാറാണു് പ്രവൃത്തി. നല്ല സ്വഭാവിയാണു്. നേരംപോക്കു പ്രവർത്തിപ്പാനും പറവാനും വളരെ ഇഷ്ടമുള്ള ആളാണു്.

മേറി എന്നവളാണു് ബെർനാഡിന്റെ ഭാര്യ. വയസ്സു് കുറെ ആയെങ്കിലുംകൂടി ഇവൾ ഒരു കളിക്കാരത്തിയാണു്. മകൾ മിമിക്കു പതിനഞ്ചു വയസ്സായെങ്കിലും അവൾക്കിടുവാൻ കൊടുക്കുന്നതു് എട്ടുവയസ്സുള്ള പെൺകുട്ടികളുടെ ഉടുപ്പുകൾ മാത്രമാണു്. ഇതൊക്കെ തന്റെ സ്വന്തം വയസ്സു കുറപ്പാനുള്ള ശ്രമങ്ങൾ മാത്രമാണു്. പതിനെട്ടു വയസ്സു മാത്രമുള്ള യൂസ്ടെയിഡ എന്ന ചെറുപ്പക്കാരൻ ബെർനാഡിന്റെ കീഴിൽ ഒരു കരാറുകാരനാണു്. ഇവൻ പ്രകൃത്യാ ഒരു കലശലായ നാണംകൊതിയനാണു്. അവനോടു ആരെങ്കിലും സംസാരിക്കുമ്പോഴാകട്ടെ സംസാരിക്കാതെ വിട്ടുകളഞ്ഞാലാകട്ടെ അവന്റെ മുഖം പെട്ടെന്നു ചുകന്നു പോകുന്നതു കാണും. ഇവനെ ഒരു ആണാക്കിക്കൊണ്ടുവരാൻ ബെർനാഡ് തന്റെ ഭാര്യ മേറിയെ ആണു് ഏല്പിച്ചിരുന്നതു് എന്നു തോന്നിപ്പോകും.

യൂജീനിന്റെ മുഖത്തു് ചോരകുടിയൻ ഓന്തിനെപ്പോലെ എല്ലായ്പ്പോഴും നുണച്ചുനോക്കിക്കൊണ്ടിരിക്കുന്ന ആൾ ദാവീദ് എന്ന വർത്തകവര്യനാണു്. ആൾ തടിച്ചു് ഒരു കുമ്പയുള്ളവനാണു്. ദീർഘം വളരെ കുറയും. മുഖവും തടിച്ചിട്ടാണു്. പല്ലു തുറുത്തിക്കൊണ്ടാണു്. വർണ്ണം കറപ്പാണു്. കഷണ്ടിയുടെ ആക്രമംകൊണ്ടു തലയുടെ പിൻഭാഗത്തു് മാത്രമെ അസാരം രോമം കാണുകയുള്ളൂ. അവിടെയുംകൂടി നരഉണ്ടു്. വയസ്സു് നാല്പത്തഞ്ചു കഴിഞ്ഞു. ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. പല ചരക്കു കച്ചവടംകൊണ്ടു വളരെ പൈസ്സ സമ്പാദിച്ചിട്ടുണ്ടു്. ഇത്രയധികം കൈമുതൽഉണ്ടായിട്ടു പുതിയറയിൽ ഒരാളെ കാണാൻ പ്രയാസമാണു്. എന്നാലോ ആകൃതിയിൽ ശുദ്ധവങ്കനാണെന്നു എഴുതിപ്പറ്റിച്ചപോലെ തോന്നും. വളരെ വിലപിടിച്ച ഉടുപ്പുകൾ മാത്രമെ അയാൾ പെരുമാറുകപതിവുള്ളു. എന്നിട്ടുകൂടി അയാളെപ്പോലെ വിദഗ്ദ്ധനും, എതിർപറഞ്ഞുകൂടാത്തവനും, ലോകത്തിലില്ലെന്നാണു് ആ സാധുവിന്റെ ഭാവം. ആ അഭിപ്രായം ശരിയെന്നു കല്പിച്ചുകൂട്ടി വിചാരിച്ചുപോരുന്നതു് വിവാഹം കഴിയാത്ത പെൺകുട്ടികളും അവരുടെ അമ്മമാരും ആണു്. ദാവീദ് വിവാഹം കഴിയാത്ത ഒരു ധനികനാണെന്നു മറക്കുന്ന പെണ്ണുങ്ങൾ ഉണ്ടോ!

പിന്നെ പറവാനുള്ള ആൾ ജെറാഡ് എന്ന ഒരു സുഗന്ധദ്രവ്യവ്യാപാരിയാണു്. സുഗന്ധദ്രവ്യം വാരിത്തേക്കാതെ ഇയ്യാളും ഇയ്യാളുടെ ഭാര്യ റഷേലും പുറിത്തിറങ്ങ പതിവില്ല. അവരെ കാണുന്നതിന്റെ കാൽ മണിക്കുർ മുമ്പുതന്നെ അവർ വരുന്നുണ്ടെന്ന വിവരം ആർക്കും മനസ്സിലാക്കാം. റെഷേൽ കണ്ടാൽ നല്ല ഒരു ചെറു സ്ത്രീയാണു്. പതിനഞ്ചു വയസ്സിൽതന്നെ അവളുടെ വിവാഹം കഴിഞ്ഞുപോയിരിക്കുന്നു. മകൻ ജോവേലിന്നു് ഒമ്പതു പ്രായമായി. കണ്ടാൽ, തന്റെ അമ്മ, തന്റെ സഹോദരിയാണെന്നു മാത്രമേ തോന്നുകയുള്ളൂ. ജറാഡിന്റെ വിവാഹം കഴിയാത്ത പെങ്ങളാണു്, സിഡിൽ. ഇവൾക്കു പ്രായം കുറെ കവിഞ്ഞുപോയി. ഭർത്താവു് വരുന്നതു് പ്രയാസമായിരിക്കും. അതുകൊണ്ടായിരിക്കും സിഡിലി താനൊരു പുരുഷ വിരോധിയാണെന്നു നടിക്കുന്നതു്. അവൾക്കു വിവാഹം വേണ്ടപോലും. ഇങ്ങിനെയുള്ള പിടിത്തക്കാരത്തിയായിട്ടുകൂടി, തനിക്കു പറ്റിയ ആളാണെന്ന ഭാവത്തിൽ ദാവീദിന്റെ മുഖത്തു് സന്തോഷത്തോടെ കൂടക്കൂടെ നോക്കുന്നതു് എന്തിനായിരിക്കും പോലും.

എഡോൾഫിക്കു ഇരുപതു വയസ്സായി. കാഴ്ചക്കു അയാൾ നീണ്ടു് സുന്ദരനായ ഒരു യുവാവാണു്. മുഖം കണ്ടാൽ ഒരു ദൃഢമനസ്തനും എല്ലാറ്റിന്നും പോരുന്നവനുമാണെന്നു തോന്നും. അയാൾ അമ്പതുറുപ്പിക ശമ്പളം വാങ്ങുന്ന ഒരു ഗുമസ്തനാണു്. പണി കോഴിക്കോട്ടു് കോമൺവെൽത്തിലാണു്. അദ്ദേഹത്തിന്റെ അച്ഛൻ പിടിപ്പതു കടമുള്ള രണ്ടു മൂന്നു പറമ്പിൽനിന്നു പിഴിഞ്ഞെടുക്കുന്ന പിരിവു് കൊണ്ടു കഷ്ടിപിഷ്ടിയായി നാൾ കഴിക്കുന്ന ഡാൾമണ്ട് എന്നു പേരായ ഒരു മദ്ധ്യവയസ്ക്കനാണു്. അയാളുടെ സ്ഥിരതാമസം പാലക്കാട്ടു് മേപ്പറമ്പത്താണു്. ഭാര്യ മരിച്ചു പോയിരിക്കുന്നു. എഡോൾഫിയുടെ ലൈനിൽ തൊട്ടമുറിയിൽ താമസിക്കുന്നതു് സീലി എന്ന ഒരു ചെറുപ്പക്കാരത്തിയാണു്. വിനോദത്തിൽ വാസനയുള്ള ഇവൾ കോമൺ വെൽത്തിൽ ലെയിസ് മടയുന്നവളാണു്. പണ്ടു് നാടകത്തിലും ഒരു വേഷക്കാരത്തിയായിരുന്നു.

രണ്ടാം അദ്ധ്യായം

(ഒരുക്കങ്ങൾ)

യുസ്റ്റെയിച്ച് മണ്ടോടി ഉപദേശിമാർ ജനിച്ചതു യൂസ്റ്റെയിസ് എന്ന ഭക്തൊത്തമൻ (Saint) ജനിച്ച തിയ്യതിയിൽതന്നെ ആയിരിക്കകൊണ്ടു്, ഉപദേശിയാർ, തന്റെ പിറന്നാൾ വളരെ ആഘോഷത്തോടെ കൊണ്ടാടുവാൻ വേണ്ടുന്ന ഏർപ്പാടുകൾ ചെയ്തു. ഒരു വിനോദയാത്രവേണമെന്നും, അതു പുതുപ്പാടിയുടെ അടുക്കെ ഒരു കാട്ടിലാക്കാമെന്നും ഒന്നാമതു അഭിപ്രായപ്പെട്ടതു ഉപദേശിയാരുടെ ഭാര്യമന്ദാരമായിരുന്നു സ്ത്രീജിതനായ സാധു ഉപദേശിയാർക്കു ഇതു വളരെ സന്തോഷമായ ഒരു കാര്യമായി.

ഉപദേശിയാർ:
പ്രിയേ! നിന്റെ ആലോചന വളരെ നന്നായിരിക്കുന്നു. പുതുപ്പാടിയിലെ കാട്ട്പ്രദേശം കാമുകന്മാർക്കുവേണ്ടി ഉണ്ടാക്കിവെച്ചപോലെ തോന്നും.
മന്ദാരം:
നിങ്ങൾ മിണ്ടാതിരിക്കുമൊ. നാവടക്കിവെക്കരുതോ? ഈ അസംബന്ധം യൂജിനൊമറ്റൊ കേട്ടോ ആരറിഞ്ഞു.
ഉപദേശിയാർ:
ഞാനതാലോചിച്ചില്ല. കഷ്ടമായ്പോയി.
മന്ദാരം:
ഞാൻ വിചാരിക്കുന്നതു് കുറെകൂട്ടരെ ക്ഷണിക്കേണമെന്നു തന്നെയാണു്. എനിക്കറിയാം നിങ്ങൾക്കൊന്നും കുറ്റം പറവാനുണ്ടാകയില്ലെന്നു്.
ഉപദേശിയാർ:
ആരാണു് കുറ്റം പറയുന്നതു്? ഈ കാര്യത്തിൽ നിന്നെപ്പോലെ നിപുണ മറ്റാരാണു്?
മന്ദാരം:
മതി. അപ്പാ! എന്നെ വല്ലതും പറവാൻ സമ്മതിക്കുമൊ നിങ്ങൾ? ഞാൻ എങ്ങിനെയാണു് വല്ലതും പറയുന്നതു് നിങ്ങൾ സകലത്തിനും എതിർ പറവാൻ തുടങ്ങിയാൽ.
ഉപദേശി:
ഞാൻ ഒന്നും മിണ്ടുന്നില്ല. നീ പറയേണ്ടതൊക്കെ പറഞ്ഞുകൊൾക.
മന്ദാരം:
ഞാൻ വിചാരിക്കുന്നതു ദാസി ജന്നിയെ കൂട്ടേണ്ട എന്നാണു്. വീടു കാക്കാൻ വല്ലവരും വേണ്ടേ! തിന്നാനുള്ളതൊക്കെ ഒരു കൊട്ടയിലാക്കി ബസ്സുവരെ വൃദ്ധൻ മോശ പോരേണ്ടിവരും. വൃദ്ധനാണെങ്കിലും അതിനൊക്കെ അവന്നു ശക്തി ഉണ്ടു്. നല്ല ഘനമുണ്ടാകുമെന്നു തോന്നുന്നു.
ഉപദേശി:
വേണമെങ്കിൽ ഞാനും സഹായിക്കാം.
മന്ദാരം:
ച്ഛി! അസംബന്ധം പുലമ്പുന്നതു നോക്കു. അങ്ങിനെ യാതൊന്നും നിങ്ങൾ ചെയ്വാൻ പാടില്ല. നിങ്ങൾ എത്രയോ വേഗത്തിൽ ക്ഷീണിച്ചുപോകും. വൈകുന്നേരമാകുമ്പോൾ പിന്നെ നിങ്ങൾക്കൊന്നിനും വയ്ക്കില്ല. നമുക്കു നമ്മുടെ വിരുന്നുകാരെ വിനോദിപ്പിപ്പാൻ ഒരാളെ കൂടാതെ കഴികയില്ല. നിങ്ങളെക്കൊണ്ടു അതിനൊന്നും സാധിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടു ബർനാഡിനേയും കൂട്ടരേയും ക്ഷണിക്കേണ്ടിവരും. അവരെ ക്ഷണിക്കുന്നതും ഒരുവക ബുദ്ധിമുട്ടുതന്നെ ആയിരിക്കും. ഇതാ ഒരു കാര്യമുണ്ടു. ഞാൻ ഇപ്പോൾതന്നെ പറഞ്ഞുതരാം. നിങ്ങൾ ബർനാഡിന്റെ ഭാര്യ മേറിയേയും കൂട്ടി നെല്ലിക്ക പറിക്കാൻ കാട്ടിൽ പോകരുതു. അതൊന്നും എനിക്കു രസിക്കില്ല. മേറി വിചാരിക്കുന്നു അവൾ ഇപ്പഴും ഒരു യുവതിയാണെന്നു.
ഉപദേശി:
ഇഷ്ടത്തി! ഞാൻ വിചാരിച്ചിരുന്നില്ല:—
മന്ദാരം:
എന്നാൽ എനിയെങ്കിലും വിചാരിച്ചു കൊൾക. പോരാഞ്ഞിട്ടു അവളുടെ കൂടെ യുവാവായ യൂസ്ടെയിസും ഉണ്ടാകും. ആ മുഖം കൂടക്കൂടെ ചുകപ്പിക്കുന്ന ഓന്തു്! അവനെ പാട്ടിലാക്കാനാണു് മേറിയുടെ ഉദ്യമം മുഴുവനും. പിന്നെ എനിക്കു ജെറാഡിനെയും ക്ഷണിക്കേണ്ടിവരും. അയാളും കൂടിയുണ്ടായാലെ നമ്മുടെ വിരുന്നിനു ഒരു പൂർത്തി ഉണ്ടാകയുള്ളൂ. അയാൾ എല്ലാരേയും പ്രീതിപ്പെടുത്തുവാൻ നോക്കുന്ന ഒരു സ്ത്രീബന്ധുവാണു്.
ഉപദേശി:
പക്ഷേ, അദ്ദേഹത്തിന്റെ രൂക്ഷതയുള്ള സുഗന്ധമാണു് സഹിച്ചു കൂടാത്തതു്.
മന്ദാരം:
(ഭർത്താവിനെ കോപത്തോടെ ഒരിക്കൽ നോക്കീട്ടു) സഹിച്ചുകൂടാത്ത സുഗന്ധം പോലും. നിങ്ങളുടെ വാക്കാണു് സഹിച്ചുകൂടാത്തതു്. ഒന്നാന്തരം സുഗന്ധം വായുവിൽ വ്യാപിക്കുന്നതു നന്നല്ലപോലും. ആ സുഗന്ധദ്രവ്യങ്ങളോ? അദ്ദേഹം തന്നെ സ്വന്ത ബുദ്ധിശക്തികൊണ്ടു കണ്ടു പിടിച്ചവയാണു്.
ഉപദേശി:
എന്നിട്ടെന്തുവേണം. അതു നേരെ ഒരാളുടെ തലക്കാണു് കേറിപ്പിടിക്കുന്നതു്.
മന്ദാരം:
മറ്റെവിടെയാണു് സുഗന്ധങ്ങളൊക്കെ കേറിച്ചെല്ലേണ്ടതു്. നിങ്ങളുടെ വാക്കു കേൾക്കുമ്പോൾ ഭ്രാന്തുപിടിക്കുന്നു. എന്തെങ്കിലും ഏതെങ്കിലും പറയുന്നതു കേൾക്കൂ. ജെറാഡിനെ വിളിക്കുമ്പോൾ അയാളുടെ ഭാര്യ റഷേലിനേയും വിളിക്കേണ്ടിവരും. അവൾ ഒരു ബുദ്ധിയില്ലാത്ത ചപലയാണു്. എനിക്കു അവളുടെ മാതിരി ഒട്ടും പിടിച്ചിട്ടില്ല. പിന്നെയുള്ളതു സിഡീലിയാണു്. ഒരു ഇണയും തുണയും കിട്ടാഞ്ഞിട്ടു കുഴങ്ങിക്കഴിക്കുന്ന സാധു. എങ്ങിനെ കിട്ടും. അവളുടെ മൂക്കു കുറെ ജാസ്തി നീണ്ടുപോയി.
മോശ:
കുറച്ചൊ. മൂന്നു ഇഞ്ചിൽ കുറയില്ല.
മന്ദാരം:
അപ്പപ്പാ. പിന്നെ മുഖ്യമായി നാം ക്ഷണിക്കേണ്ടതു ആ രസികശിരോമണിയായ ദാവീദിനെയാണു്. ഹാ! അയാൾ എന്തൊരു അസാമാന്യ പുരുഷനാണു്. കച്ചവടത്തിൽ ഒരു രാജാവാണെന്നു വേണം പറവാൻ. നിങ്ങൾ നോക്കിക്കൊൾവിൻ പെണ്ണായ പെണ്ണൊക്കെ അദ്ദേഹത്തിന്റെ പിന്നാലെ ഓടും. അദ്ദേഹം വിളിക്കുന്നേടത്തു പട്ടികളെപ്പോലെ ചെല്ലും. അതിലെന്താണു് ആശ്ചര്യപ്പെടാനുള്ളതു്? അയാൾ ആൾ പണംകൊണ്ടു ഒരു ശാലോമോൻ രാജാവല്ലെ. അയാൾക്കു ഏതു പെണ്ണിനേയും—ഇഷ്ടമുള്ള ഏതു് പെണ്ണിനെയും—തിരഞ്ഞെടുപ്പാനുള്ള അധികാരവും അവകാശവും ഇല്ലേ! അദ്ദേഹത്തിന്റെ ഭാര്യാപദം സിദ്ധിക്കുന്ന പെണ്ണു്—അദ്ദേഹത്തിന്റെ വീട്ടിന്റെ അധികാരിണിയായിച്ചെല്ലാൻ തക്ക ഭാഗ്യമുള്ള പെണ്ണു നിശ്ചയമായിട്ടും ഒരു മഹാ ഭാഗ്യവതിതന്നെ ആയിരിക്കണം. യൂജിൻ! ഞാൻ പറയുന്നതൊക്കെ നീ ശ്രദ്ധവെച്ചു കേൾക്കുന്നുണ്ടോ?
മന്ദാരം:
എത്ര സന്തോഷത്തോടുകൂടെയാണു് പോലും അയാൾ നമ്മളുടെ ക്ഷണനം സ്വീകരിച്ചതു്. നമ്മൾ ക്ഷണിച്ചാൽ അദ്ദേഹം എപ്പോഴും അങ്ങിനെയാണു്. എന്തുകൊണ്ടായിരിക്കും പോലും.
ഉപദേശിയാർ:
അപ്പോൾ അദ്ദേഹത്തെ ക്ഷണിച്ചുകഴിഞ്ഞോ.
മന്ദാരം:
അതു ഒന്നാമതു് കഴിച്ചു.
ഉപദേശിയാർ:
ഇരിക്കട്ടെ. അയാൾക്കു സന്തോഷമായി എന്നല്ലേ നീ പറയുന്നതു്. അയാളും സന്തോഷിച്ചു കൊള്ളട്ടെ.
മന്ദാരം:
അതു എന്തുകൊണ്ടായിരിക്കുംപോലും.
ഉപദേശി:
നമ്മൾ കാപ്പി അയാളുടെ ഷാപ്പിൽ നിന്നല്ലേ വാങ്ങുന്നതു്. ഇശ്ശി ധാരാളം കാപ്പി നമ്മൾ വാങ്ങുന്നില്ലേ. എന്നാലോ ഒരു കാര്യമാണു് അയാൾ നമുക്കു തരുന്നതു നല്ല കാപ്പി തന്നെയാണു്. ഉലുവയുടെ ഒരു പൊടിപോലും കാണില്ല.

ഇങ്ങിനെ ദാവീദിനെ അപമാനിക്കാൻ വേണ്ടി പറഞ്ഞ വാക്കുകളൊന്നും ഉപദേശിയാരുടെ ഭാര്യയുടെ ഉള്ളിൽ കടന്നില്ല. ഭർത്തൃഹരി പറഞ്ഞപോലെ പെണ്ണുങ്ങൾക്കു.

യസ്യാസ്തി വിത്തം സനരഃ കുലീനഃ

സപണ്ഡിതഃ സശ്രുതവാൻ സധീരഃ

സ ഏവ വാഗ്മീ സച ദർശനീയഃ

സർവ്വേഗുണ: കാഞ്ചനമാശ്രയന്തി.

ഈ പ്രമാണമായിരിക്കും എല്ലാറ്റിലും വെച്ചു വലിയ പ്രമാണം.

മന്ദാരം:
ഒരു സമയം അയാൾ നമുക്കു കുറെ വീഞ്ഞു (Wine) കൊണ്ടുവരുമായിരിക്കും. അതു അദ്ദേഹത്തിന്റെ പതിവാണു്.
മോശ:
അമ്മെ! എനിക്കിതൊന്നും ബസ്സ് വരെ ചുമക്കാൻ സാധിക്കയില്ല. അല്ലെങ്കിൽ തന്നെ എനിക്കു വലിയ ഒരു കൊട്ട ചുമക്കാനുണ്ടു്. ഇവിടുന്നു റെയിൽവേ സ്റ്റേഷനിലേക്കു കുറെ ദൂരമുണ്ടു്. അവിടെ മാത്രമെ ബസ്സ് കിട്ടുകയുള്ളു.
മന്ദാരം:
മതി. മിണ്ടാതിരിക്കൂ.
മോശ:
ഞാൻ ഒന്നു ചോദിക്കട്ടെ.
മന്ദാരം:
എന്താണതു്!
മോശ:
നമ്മുടെ എഡോൾഫി ഈ കൂട്ടത്തിൽ പെട്ടിട്ടുണ്ടോ?

ഭാഗ്യവശാൽ ഈ ഘട്ടത്തിൽ മന്ദാരം അവളുടെ മകളെ നോക്കാഞ്ഞതു് ആരുടെ ഭാഗ്യമോ എന്നറിയുന്നില്ല. മന്ദാരത്തിന്റെ ഭാഗ്യമല്ല. യൂജീനിന്റെ ഭാഗ്യമെന്നേ പറയേണ്ടതുള്ളൂ.

എന്തുകൊണ്ടെന്നാൽ എഡോൾഫിയുടെ പേരു കേട്ട മാത്രയിൽ യൂജീനിന്റെ മുഖം എന്തുകൊണ്ടൊ എന്നറിഞ്ഞില്ല (സകലരും അറിവാൻ പ്രയാസപ്പെടാത്ത കാര്യം) ചുകന്നുപോയിരിക്കുന്നു.

മന്ദാരം:
ഒന്നാമതു് അവനെ ക്ഷണിക്കേണമെന്നു വിചാരിച്ചിരുന്നില്ല. എന്നാൽ അവനെ കൂടാതെ പോയാൽ ഞാൻ ക്ഷണിച്ച കൂട്ടരുടെ എണ്ണം പതിമൂന്നാണെന്നു കണ്ടു. ആ കൂട്ടത്തിൽ പെണ്ണുങ്ങളും ഉണ്ടു്. അവർ എന്തും വിശ്വസിക്കുന്ന കൂട്ടരുമാണു്. പിന്നെ മിസ്റ്റർ സുവാളാണു് എന്നോടു ഇന്നാൾ പറഞ്ഞതെന്നു തോന്നുന്നു. അദ്ദേഹം ചെറുപ്പക്കാരനെ വളരെ സ്തുത്യമായിപ്പറഞ്ഞു. അവന്റെ കുടുംബവും ഒരു എണ്ണംപറഞ്ഞ കുടുംബമായിരുന്നുപോലും.
ഉപദേശി:
എന്നാൽ അതൊക്കെ മതി. നമുക്കു ആഹാരാവശ്യം വേണ്ടുന്നതു്, പൈ (Pie) തണുത്തമാംസം, ശിക്കാർ മാംസം, പാല്ക്കട്ടി, പഴം, വീഞ്ഞു എന്നൊക്കെയാണു്. എന്നാൽ നമ്മൾ എത്ര മണിക്കു പുറപ്പെടണം.
മന്ദാരം:
എല്ലവരോടും നാളെ പത്തുമണി രാവിലെ ഇവിടെ വരാൻ പറഞ്ഞിരിക്കുന്നു. എല്ലാരും വന്നാൽ നമുക്കു പത്തരമണിക്കു പുറപ്പെടാം.

ഇങ്ങിനെ പറഞ്ഞു മന്ദാരം അവളുടെ മുറിയിലേക്കു പോയി പിറ്റേന്നു അവളുടെ പുറപ്പാടിനുള്ള സാമഗ്രികളൊക്കെ അവിടെ ഒരുക്കി വെച്ചിരുന്നൊ എന്നു ചെന്നു നോക്കി.

തന്റെ മുറിയിലേക്കു പുറപ്പെട്ടിരുന്ന യൂജിൻ അവളോടു സംസാരിക്കാൻ വേണ്ടി അവിടെ നിന്നു.

വാസ്തവം പറഞ്ഞാൽ ഒരു ചെറുപ്പക്കാരത്തിപെണ്ണിന്നു അവളുടെ ചില രഹസ്യങ്ങൾ നിക്ഷേപിക്കാൻ ഒരു വിശ്വസ്ത അത്യാവശ്യമാണു്. ഒരുവൾക്കു ഭക്ഷണവും വായുവും ഉറക്കവും എത്രകണ്ടു് ആവശ്യമൊ അത്രതന്നെ ഒഴിച്ചു കൂടാത്ത ഒരു വസ്തുവാണു് ഒരു വിശ്വസ്ത ചങ്ങാതി. യൂജീനിനാകട്ടെ അവളുടെ മാതാപിതാക്കന്മാരോടു യാതൊന്നും പറവാനാവതില്ല. അതുകൊണ്ടു വല്ലതും പറവാനുണ്ടെങ്കിൽ യൂജീൻ അവളുടെ വിശ്വസ്തദാസി ജന്നിയോടാണു് എല്ലാ കാര്യവും തുറന്നു പറയാറുള്ളതു്. ജന്നിക്കാകട്ടെ യൂജീൻ അവളുടെ പ്രാണനാണു്. ജന്നി നല്ല വിശേഷബുദ്ധിയും ധൈര്യവും കായബലവും ഉള്ള ഒരു ദാസിയാണു്. യൂജീനിനെ—അവളുടെ ചെറുപ്പക്കാരിയായ കൊച്ചമ്മയെ അവൾക്കു വളരെ ബഹുമാനവും വാത്സല്യവുമാണു്.

ജന്നി:
എന്താ കൊച്ചമ്മെ! നിങ്ങളുടെ മുഖത്തിന്നു ഇത്ര തെളിവു കാണുന്നതു്.
യൂജീൻ:
സംഗതി ഉണ്ടു്. നാളെ അച്ഛന്റെ സല്കാരദിവസമാണെന്നു നീ അറിയില്ലെ!
ജന്നി:
ഞാനറിയാതെ ഇരിക്കുമൊ. എനിക്കു ചില്ലറസാധനങ്ങളും പാകം ചെയ്വാനുള്ള ഭാരമില്ലേ! എനിക്കു ഇവിടുന്നു പോയാൽമതി എന്നായി കൊച്ചമ്മെ! ഏതായാലും എല്ലാ സാധനങ്ങളും ബസ്സുവരെ പേറെണ്ടതു ആ വൃദ്ധൻ മോശയാണെന്നു കേട്ടതുകൊണ്ടു ഞാൻ വളരെ സന്തോഷിക്കുന്നു.
യൂജീൻ:
അതു നിന്റെ പ്രതികാരബുദ്ധിയാണു്. അതു തെറ്റാണു്.
ജന്നി:
അതിനെപ്പറ്റി ഞാനൊന്നും മിണ്ടുന്നില്ല. ഇപ്പോൾ ഞാനെന്തു വേണം.
യൂജീൻ:
എന്റെ ഉടുപ്പുകളൊക്കെ ഇസ്ത്രിയിട്ടൊ? എനിക്കു എന്റെ ഇളനീലപ്പാവാടയും റോസ് ധാവണിയും ആണു് വേണ്ടതു.
ജന്നി:
എന്താ കൊച്ചമ്മേ! ഉടുപ്പിന്റെ കാര്യത്തിൽ നിങ്ങൾക്കിത്ര വലിയ ശ്രദ്ധ കാണുന്നതു?
യൂജീൻ:
വളരെ സ്ത്രീകൾ ഒത്തുകൂടുന്ന ഒരേടത്താകുമ്പോൾ—
ജന്നി:
അവരെ ഒക്കെ നിങ്ങൾ സൗന്ദര്യംകൊണ്ടു കടത്തിവിടും എന്നു എനിക്കു ബോദ്ധ്യമുണ്ടു.
യൂജീൻ:
എന്താ ജന്നീ! നേരാണൊ നീ പറയുന്നതു! നീ വിശ്വാസയോഗ്യയാണെന്നു എനിക്കറിയാം. നീ എന്നെ അനാവശ്യമായി പ്രശംസിക്കയില്ല. അല്ലെ! സത്യമല്ലെ! ചില സ്ത്രീകളൊക്കെ കണ്ടാൽ ബഹുമോശങ്ങളാണു്. അല്ലെ!
ജന്നി:
പുരുഷന്മാരും അങ്ങിനെതന്നെയാണു് കൊച്ചമ്മേ! അവരൊക്കെ ഒന്നിനും കൊള്ളാത്തവരാണു്. എന്നാൽ ആ ചെറുപ്പക്കാരൻ യൂസ്ടെയിഡ് തെല്ലു ഭേദമാണു്. ഇപ്പോഴാകട്ടെ അവനെ ഒരു പെണ്ണിനെക്കാൾ അമാന്തമായിട്ടാണു് കാണുന്നതു്.
യൂജീൻ:
പുരുഷന്മാരെ ഒക്കെയും നീ കുറ്റം പറയേണ്ട. ഒരു പുരുഷനുണ്ടു്. നീ അദ്ദേഹത്തെ കണ്ടിട്ടുണ്ടൊ എന്നു ഞാൻ അറിയില്ല. അയാൾ കോമൺവെൽത്തിൽ ഒരു ഗുമസ്ഥനാണു്.
ജന്നി:
നിങ്ങൾ പറയുന്നതു എഡൊൾഫിയെപ്പറ്റി ആയിരിക്കുമൊ?
യൂജീൻ:
അതെ! അദ്ദേഹം ഒരു സുന്ദരപുരുഷനല്ലെ!
ജന്നി:
നിശ്ചയമായിട്ടും അദ്ദേഹം ഒരു സുന്ദരൻതന്നെയാണു്. ഞാൻ അതിലെ കടന്നുപോകുമ്പോഴൊക്കെ അദ്ദേഹം നിങ്ങളെപ്പറ്റി അന്വേഷിക്കാറുണ്ടു.
യൂജീൻ:
കഷ്ടം! നീ ഇതുവരെ ആ വിവരം എന്നോടു പറഞ്ഞില്ലല്ലൊ.
ജന്നി:
എന്നോടു മറന്നു പോകയാണു്. മറ്റൊന്നുമല്ല പോരാഞ്ഞിട്ടു ഞാൻ കണ്ടുമുട്ടുന്ന എല്ലാ ചെറുപ്പക്കാരും നിങ്ങളെപ്പറ്റി അന്വേഷിക്കാറുണ്ടു്. അവർ ഓരോരുവരും പറയുന്നതൊക്കെ ഞാൻ മറന്നു കളയുകയാണു് പതിവു്. വാസ്തവം പറഞ്ഞാൽ എനിക്കു ഇതൊരു വലിയ ദ്രോഹമായിത്തീർന്നിട്ടുണ്ടു് ഇവരൊക്കെ എന്നെ ബുദ്ധിമുട്ടിക്കുന്നതു്.
യൂജീൻ:
എന്നാൽ ഒന്നുമാത്രം നീ നല്ലവണ്ണം മനസ്സിലാക്കിക്കൊള്ളൂ. എഡോൾഫി അവരിൽനിന്നൊക്കെ ഭേദപ്പെട്ട ഒരു മാന്യനാണു്. അയാൾ ഒരു സുരൂപിയും സമർത്ഥനുമാണു്. എന്നാലോ ഞാൻ അയാളോടു ഇതുവരെ ഒന്നു സംസാരിക്കപോലും ഉണ്ടായിട്ടില്ല. എന്നെ കാണുമ്പോളൊക്കെ അദ്ദേഹം പരിചയമുള്ളപോലെ തലയൊന്നു താഴ്ത്തും. എന്റെ മുഖത്തു് തന്നെ നോക്കുകയും ചെയ്യും. അതൊക്കെ പോകട്ടെ. അമ്മ അദ്ദേഹത്തേയും നാളത്തെ അടിയന്തരത്തിന്നു ക്ഷണിച്ചു എന്നു കേട്ടിട്ടു എനിക്കു വളരെ, വളരെ, സന്തോഷം.
ജന്നി:
ഓ ഹോ! അങ്ങിനെയാണൊ കൊച്ചമ്മേ! നിങ്ങളുടെ ഒന്നിച്ചു ഞാനുംകൂടി നാളെ വേണ്ടതായിരുന്നു.
യൂജീൻ:
എന്റെ ആഗ്രഹവും അങ്ങിനെ തന്നെ ആയിരുന്നു. ഇരിക്കട്ടെ. ഉണ്ടായ സംഭവങ്ങളൊക്കെ നാളെ രാത്രി ഒന്നും പൊത്തിവെക്കാതെ ഞാൻ നിന്നോടു പറഞ്ഞുതരാം.
ജന്നി:
നല്ലതു.
യൂജീൻ:
ജന്നി! കുറച്ചുനാളായിട്ടു, അമ്മ എന്റെ കാര്യത്തിൽ, റെയിൻസ് കുറെ അഴച്ചു വിട്ടിട്ടുണ്ടെന്നു നിണക്കു തോന്നുന്നില്ലെ. അവർക്കു ഞാൻ നല്ല ഉടുപ്പിടുവാനും ഞാൻ ചെല്ലുന്നേടത്തിൽ ബാക്കിയുള്ളവരേക്കാൾ വിളങ്ങുവാനും കണ്ടു രസിപ്പാൻ ഒരു പ്രത്യേക കൗതുകമുണ്ടെന്നു കാണുന്നില്ലെ. ആ കാര്യം എനിക്കു കുറെ അത്ഭുതമായി തോന്നുന്നുണ്ടു്.
ജന്നി:
കൊച്ചമ്മെ! എനിക്കതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. ഞാൻ പറയുന്നതു കേൾക്കൂ. നിങ്ങൾക്കിപ്പോൾ പതിനെട്ടു വയസ്സു് തികഞ്ഞില്ലെ! ഒരു പെൺകിടാവു് വിവാഹം കഴിക്കേണ്ടുന്ന ശരിയായ പ്രായമല്ലെ അതു്. ആ കാര്യം നിർവ്വഹിക്കാൻ വേണ്ടി നിങ്ങളെ നിങ്ങളുടെ അമ്മ ഒരിക്കിവെക്കുക മാത്രമാണു് ചെയ്യുന്നതു്. അതാണു് പരമാർത്ഥം.
യൂജീൻ:
വിവാഹമൊ? ഞാൻ അതിനെപ്പറ്റി ആലോചിച്ചിട്ടേ ഇല്ല. ഞാൻ അതിനെപ്പറ്റി വിചാരിക്കുമ്പോളൊക്കെ എനിക്കു കലശലായ പരുങ്ങൽ നേരിട്ടുപോകുന്നു. അതൊക്കെ ഇരിക്കട്ടെ. ജന്നി! എനിക്കു നാളത്തെ പുറപ്പാടിന്റെ കാര്യമൊക്കെ ആലോചിക്കാനില്ലെ.

ജന്നി അടുക്കളയിലുള്ള തന്റെ ജോലിക്കു വേണ്ടി പോയി. പോകുമ്പോൾ അവൾ താഴെ പറയുംപ്രകാരം തന്നോടുതന്നെ പിറുപിറുത്തു:—

“അതെ! അതെ! എനിക്കൊക്കെ അറിയാം. വരാൻ പോകുന്നതൊക്കെ ഞാൻ നല്ലവണ്ണം അറിയുന്നും കാണുന്നും ഉണ്ടു്. സാധുക്കൊച്ചമ്മ. അവർക്കു് ആരെയാണു് പിടിച്ചുവലിച്ചിടാൻ പോകുന്നതു് എന്നു എനിക്കറിയാം! എഡോൾഫിയെ അല്ലെന്നു എനിക്കു സത്യം ചെയ്തു പറയാം. അയാളാണു് ഒത്തുതു്. കൊച്ചമ്മയുടെ അമ്മക്കു പണത്തിന്നു മീതെ വല്ലതും ഉണ്ടൊ? എന്തു ചെയ്യും? കൊച്ചമ്മയുടെ കഴുത്തിൽ ആരെയാണു് വലിച്ചിടാൻ പോകുന്നതു് എന്നു് എനിക്കു നല്ലവണ്ണം അറിയാം. എന്നാലും ഞാൻ അതു് ഇപ്പോൾ അവരോടു പറഞ്ഞു അവർക്കു അനാവശ്യമായ മനക്ലേശം ഉണ്ടാക്കാൻ ഭാവിക്കുന്നില്ല.”

മൂന്നാം അദ്ധ്യായം

(വിനോദയാത്രക്കാർ)

പുതുപ്പാടിക്കാട്ടിലേക്കുള്ള വിനോദയാത്രാ (Pic—nic) ദിവസം നിർമ്മേഘമാകും വിധത്തിൽ മന്ദഹാസത്തോടെ ഉദിച്ചു. ഉപദേശിയാർ പുലർച്ചക്കുതന്നെ എഴുന്നേറ്റു. ആഡംബരം ലേശം കുറയാത്ത വിധത്തിൽ തന്റെ പുറപ്പാടൊക്കെ നിർവ്വഹിച്ചു. നീലപ്പാവാടയിലും ചുകന്ന ധാവണിയിലും വിലസുന്ന യൂജിനാകട്ടെ ഒരു പുഷ്പംപോലെയോ പൂമ്പാറ്റയെപ്പോലെയൊ വിളങ്ങി. ദേഹസുഖത്തിന്റെ മൂർത്തിത്വമെന്നപോലെ അവളുടെ വെളുത്ത മുഖത്തിന്നു ഒരു തിളക്കവുംകൂടി ഉണ്ടായി. കണ്ണാടിയിൽ മിന്നുന്ന അവളുടെ ഛായയുടെ നിസ്സർഗ്ഗസൗന്ദര്യം കണ്ടിട്ടു അവളുടെ മുഖം ഒരു മനോഹരമന്ദഹാസംകൊണ്ടു വിടർന്നു. പെട്ടെന്നു പിന്നെ അവൾ എന്തൊ ഒരു ആലോചനയിൽ നിമഗ്നയായി, ചില സമയത്തു വ്യക്തമാകും വണ്ണം ഒരു തരം ചാഞ്ചല്യം അവളെ ബാധിച്ചു. അവൾ ആ മാതിരിവികാരങ്ങളൊക്കെ മെല്ലെ മനസ്സിൽതന്നെ ഒതുക്കി, വിരുന്നുകാരുടെ വരവും പ്രതീക്ഷിച്ചുനിന്നു.

ഒന്നാമതു എത്തിയതു വൃദ്ധൻ മോശയായിരുന്നു. സാമാനത്തിന്നു പല വീട്ടിലും പോകേണ്ടതുണ്ടായിരുന്നു. കിതച്ചുംകൊണ്ടു വന്ന അവൻ രണ്ടു വലിയ കൊട്ട നിറച്ചും സാമാനങ്ങൾ പേറി വന്നതു, നിലത്തുവെച്ചു ആശ്വാസഭാവത്തിൽ ഒരേടത്തുനിന്നു. വളരെ ഉഷ്ണമുള്ള ദിവസമായിരിക്കും എന്നു അഭിപ്രായപ്പെട്ടതോടുകൂടി, മോശ, കൊട്ടകൾ പിന്നേയും പേറി നടക്കേണ്ടുന്ന പ്രവൃത്തി തനിക്കും സാധിക്കുമൊ എന്നുകൂടി ശങ്കിച്ചു ഉപദേശിയാർ പുറത്ത വന്നു.

മോശ:
ഏതെങ്കിലും ഒരു ദോവിയോടു അവന്റെ കഴുതയെ വായ്പു വാങ്ങിയാൽ എത്ര നന്നായിരുന്നു. ബസ്സുവരെ ഈ സാമാനങ്ങളൊക്കെ അതു പേറിക്കൊള്ളുമായിരുന്നില്ലെ!

പല വീടുകളിലും ചെന്നു ഓരോ വീട്ടുകാർ ഒരുക്കിവെച്ച സാമാനങ്ങളൊക്കെ ശേഖരിച്ചുകൊണ്ടുവരാനുള്ള ഭാരം മോശക്കായിരുന്നു. ആ പ്രവൃത്തിയും നിർവ്വഹിച്ചു മടങ്ങിവന്നതാണു് മോശ.

ഉപദേശി:
എന്റെ ഭാര്യക്കു കഴുതയെ കണ്ടുകൂട. എല്ലാം നീ തന്നെ ചുമക്കുന്നതാണു് നല്ലതു. ബസ്സുവരെയല്ലെ വേണ്ടു.
മോശ:
അതുവരയ്ക്കും വേണ്ടെ?
ഉപദേശി:
അതു സാരമില്ല.
മോശ:
ഒരു കൈ വണ്ടിപിടിച്ചാലൊ? എന്താ വിരോധം.
ഉപദേശി:
എന്റെ ഭാര്യ ഒരുങ്ങി വരുന്നവരെ ക്ഷമിച്ചിരിക്കൂ. എല്ലാ കാര്യവും അവളോടു ചോദിച്ചിട്ടാക്കാം.
മോശ:
കൈവണ്ടി സഹായത്തിന്നു കിട്ടും. ഞാൻ പോയിക്കൊണ്ടുവരാം.
ഉപദേശി:
കൈവണ്ടിയിൽ നീയും നിന്റെ സാമാനവും കൊള്ളുമായിരിക്കും. ഞങ്ങൾ പതിനാലാളുകൾ എന്തുചെയ്യും! നിന്റെ സൗകര്യം മാത്രം ആലോചിച്ചാൽ മതിയോ? എന്റെ ഭാര്യയിതാ വരുന്നു. നീ അവളോടു കണ്ടുപറയുക.

മന്ദാരം പൂമുഖത്തു എത്തിയ ഉടനെ ദാവീദും അവിടെ എത്തി. എല്ലാവരുടെയും സുഖസ്ഥിതിയെപ്പറ്റി അയാൾ വിനയത്തൊടെ അന്വേഷിച്ചു. മന്ദാരത്തെ നോക്കി മന്ദഹാസത്തോടെ തന്റെ തടിച്ച തല ഒന്നു താഴ്ത്തി. പിന്നെ അടുക്കെ നില്ക്കുന്ന സുന്ദരിയായ യൂജീനോടു ഇങ്ങിനെ പറഞ്ഞു.

ദാവീദ്:
നിന്റെ പണ്ടേ അഴകുള്ള മുഖത്തിന്നു ഇന്നു ഒരു ശോഭ ജാസ്തി വന്നു കൂടിയപോലെ തോന്നുന്നു. എനിക്കു കണ്ടതും കണ്ടതും പോരെന്നു തോന്നിപ്പോകുന്നു.
മന്ദാരം:
യൂജിൻ! നീ കേൾക്കുന്നില്ലെ മിസ്റ്റർ ദാവീദ് പറയുന്നതൊന്നും. നിന്നോടല്ലെ അദ്ദേഹം പറഞ്ഞതു. വല്ലവരും ഒന്നു പറഞ്ഞാൽ ഒരു മറുപടികൂടി പറവാൻ പാടില്ല എന്നൊ?

യൂജിൻ മറുവടിയായി ആർക്കും വ്യക്തമാകാത്ത വിധത്തിൽ എന്തൊ ചിലതൊക്കെ പിറുപിറുത്തു.

മന്ദാരം:
(ദാവീദോടു)എന്റെ മകൾക്കു എല്ലാ കാര്യത്തിലും ഒരു പേടിയാണു്. തനിച്ച ഭീരുവാണെന്നു തോന്നുന്നു. വാസ്തവം പറഞ്ഞാൽ പ്രായംകുറഞ്ഞ പെണ്ണുങ്ങൾ അങ്ങിനെതന്നെയാണു് വേണ്ടതു. എന്നെയും പോറ്റിയതു ആ രീതിയിലാണു്. പെൺകുട്ടികൾക്കു വേണ്ടതു ഭയവും അനുസരണവുമാണു്.

ഭയത്തിന്റെയും അനുസരണത്തിന്റെയും മൂർത്തിത്വമായ ഉപദേശിയാർ “അതേ” എന്ന സമ്മതവാക്കു മറുപടിയായി പറഞ്ഞു.

ദാവീദ്:
വീട്ടിൽനിന്നു ചിലതൊക്കെ കെട്ടി അയച്ചതു കൂടാതെ ഞാൻ വേറെയും രണ്ടു സാമാനങ്ങൾ കൊണ്ടുവന്നിട്ടുണ്ടു ഇതാ രണ്ടു കുപ്പികൾ. ഒന്നു ബദത്തിന്റെ സർവ്വത്തും മറ്റേതു വീഞ്ഞും ആണു്.
മന്ദാരം:
ഞങ്ങളുടെ ഭാഗ്യംകൊണ്ടാണു് നിങ്ങളും ഞങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ സംഗതിയായതു. മോശേ! ഈ കുപ്പികൾ രണ്ടും നിന്റെ കൊട്ടയിൽ അടക്കിവെക്കു. അതു ഉടഞ്ഞുപോകാതിരിപ്പാൻ കരുതിക്കൊള്ളണം. കെട്ടോ മോശേ!

“എന്നെ ഒരു ഭാരംപേറുന്ന കഴുതയെന്നാണൊ നിങ്ങളൊക്കെ ധരിച്ചുവെച്ചിരിക്കുന്നതു” എന്നു സാധുമോശ ആരും കേൾക്കാതെ തന്നോടുതന്നെ പറഞ്ഞു. പിന്നെ അവൻ കൈവണ്ടിയുടെ കാര്യം വീണ്ടും കുത്തിപ്പൊന്തിച്ചു. ഉപദേശിയാരെ നോക്കി അവൻ മുഖംകൊണ്ടു ചിലതൊക്കെ കാട്ടിക്കൂട്ടിയെങ്കിലും അദ്ദേഹം ഒന്നും പൊരുളിച്ചില്ല.

മുല്ല, റോസ്, വയലറ്റ് മുതാലയവയുടെ ഒരു സമ്മിശ്രമായ സൗരഭ്യത്തിന്റെ പുറപ്പാടു ജറാഡും കൂട്ടരും വരുന്നുണ്ടെന്ന വിവരം പരസ്യമാക്കി. ഇങ്ങിനെപെണ്ണുങ്ങൾ പലരും വന്നു കഴിഞ്ഞു. ഓരോ സ്ത്രീയും ബാക്കിയുള്ള സ്ത്രീകളുടെ പുറപ്പാടുകളുടെ മാതിരി സൂക്ഷിച്ചുനോക്കി സമയം കഴിച്ചു ജറാഡ് വന്നതിൽപിന്നെ യുവാവായ എഡോൾഫിയും എത്തി. അയാൾ ഉപദേശിയാർക്കും ഭാര്യക്കും വളരെ വിനീതഭാവത്തിൽ ഓരോ സലാംകൊടുത്തു. പിന്നെ യൂജീനോടു എന്തോ ചില ലോഹ്യം പറയട്ടെ.

ജറാഡ്:
(മേറിയെ നോക്കീട്ടു). നിങ്ങളുടെ ഭർത്താവിനെ വളരെ പ്രസന്നനായിട്ടാണു് കാണുന്നതു. അയാൾ മിക്കസമയത്തും ഇങ്ങിനെതന്നെയാണോ?
മേറി:
ആഴ്ചയിൽ മൂന്നു പ്രാവശ്യം.
ജറാഡ്:
ആ മറുപടിയിൽ അർത്ഥം വളരെ കിടക്കുന്നുണ്ടല്ലൊ. അയാളുടെ ഭാര്യ ഒരു സുന്ദരിയായിരിക്കെ ഞാൻ നിങ്ങൾ പറഞ്ഞതു എന്തിന്നു വിശ്വസിക്കാതിരിക്കുന്നു.
മന്ദാരം:
മതി. അസംബന്ധം പറഞ്ഞതു. നമുക്കു പുറപ്പെടാം.
ഉപദേശി:
നടക്കുവാൻതന്നെയാണോ തീർച്ചയാക്കിയതു.
മന്ദാരം:
അതിന്നു സംശയമുണ്ടോ? അര മണിക്കൂർ നടക്കണമായിരിക്കും. ക്ഷീണിച്ചുപോകുംമുമ്പെ നമുക്കു ബസ്സിൽ കേറാം.
ബർനാഡ്:
(കണ്ണു ചിമ്മിട്ടു) പബ്ലിക്കു നിരത്തായതുകൊണ്ടു വഴിക്കൽവെച്ചു യാതൊരു തമാശകളിക്കും നിവൃത്തിയില്ല.

എല്ലാവരും നടക്കാൻ പുറപ്പെട്ടു. ആണും പെണ്ണുമായി ഓരോ ജോടായി എങ്ങിനെ പിരിയേണമെന്ന പരിഭ്രമമാണു് ആണിന്നും പെണ്ണിനും ഒരുപോലെയുണ്ടായതു്. മേറി യൂസ്റ്റെയിഡിന്റെ കൈകോർത്തുപിടിച്ചു. മിമി (മേറിയുടെ മകൾ) ജറാഡിന്റെ ഒന്നിച്ചു കൂടി. സിസീലി ഉപദേശിയാരേയും ബർനാഡ് മന്ദാരത്തേയും ആശ്രയിച്ചു. എഡോൾഫി മെല്ലെ യൂജീനിന്റെ അടുക്കെ ചെന്നു. എഡോൾഫിയോടു അടുത്തു പെരുമാറാൻ സംഗതി വരുമല്ലൊ എന്ന വിചാരത്തിന്മേൽ ആ പെൺകിടാവു് പരമാനന്ദംകൊണ്ടു വിറച്ചു.

“യൂജിൻ! മിസ്റ്റർ ദാവീദിന്റെ കൂടെ പോകൂ” എന്നു തന്റെ അമ്മയുടെ ശാസന യൂജീനിന്റെ ആ ഭാഗ്യവും തടഞ്ഞു. കല്പന കേട്ട ഉടനെ യൂജീൻ നിർവ്വാഹമില്ലെന്നപോലെ എഡോൾഫിയെ നോക്കി ഒന്നു മന്ദഹസിച്ചു. എന്നിട്ടു് ആ പാവം പ്രയാസപ്പെട്ടിട്ടാണെങ്കിലും കൂടി അമ്മയുടെ കല്പന നിറവേറ്റുവാൻ പുറപ്പെട്ടു. തന്റെ വേശാറും വിഴുങ്ങിനില്ക്കുന്ന എഡോൾഫിയെ റഷെൽ ഒന്നിച്ചുകൂട്ടിയെങ്കിലും അവൾ യൂജീനിന്റെ സന്നിധാനത്തിൽനിന്നു വളരെദൂരം വിട്ടുപോകാതിരിപ്പാൻസൂക്ഷിച്ചു.

അവർ നിരത്തുംവിട്ടു ഒരു ഇടവഴിയിൽ ഇറങ്ങി. പിന്നെ ഒരു വിശാലമായ വയലിൽ എത്തി. ബെർനാഡ് വളരെ ചുറുചുറുക്കു കാണിച്ചു. മന്ദാരത്തെക്കൊണ്ടു് ഒരു കണ്ടൂറാഴി തുള്ളിച്ചു പിന്നെ ഒരു കട ബുദ്ധിമുട്ടിക്കയറി മറിയിച്ചു. മന്ദാരം പേടിച്ചു നിലവിളിച്ചുപോയി.

മന്ദാരം:
ബെർനാഡേ നിങ്ങൾ ഒരു പിശാചാണു്. ഇപ്പോൾ തന്നെ ഇങ്ങിനെ കളിച്ചാൽ, കുറെ കഴിഞ്ഞാൽ നിങ്ങളുടെ സ്ഥിതി എന്തായിരിക്കും?
ബെർനാഡ്:
(മന്ദഹാസത്തോടെ) അതു നിങ്ങൾക്കു കാണാമല്ലോ.
മന്ദാരം:
ഇങ്ങിനെ ഓരോ കിറുക്കു പറഞ്ഞാൽ ഞാൻ നിങ്ങളേയും വിട്ടു വേറെ പോകും.
ബെർനാഡ്:
എങ്ങിനെ ഓരോന്നു പറഞ്ഞാൽ.
മേറി:
യൂസ്റ്റെയിഡെ! കുറെ ചുണ കാണിക്കൂ. യുവാക്കൾക്കൊന്നും ഈ മാതിരി ശങ്ക അരുതു്. നാണൻകൊതിയനായ ഒരു യുവാവു് വെറും വിഡ്ഢിയാണെന്നു ബാക്കിയുള്ളവർക്കു തോന്നും.

ജറാഡാകട്ടെ, ഒരു ചെറിയ ബൊമ്മയെപോലെ ഇരിക്കുന്നു. മിമിയേയും കൂട്ടി, ബാക്കിയുള്ളവരൊന്നും താൻ പറയുന്നതു കേൾക്കാതിരിപ്പാൻ വേണ്ടി എല്ലാരെയും കടത്തി നടന്നു. എന്നാൽ സ്ക്കൂൾ കുട്ടിയേപോലെ ഇരിക്കുന്ന മിമിയുടെ ചിരി കൂടക്കൂടെ കേട്ടുതുടങ്ങി. ജറാഡ് പറയുന്നതു മുഴുവൻ മനസ്സിലാകാഞ്ഞാൽ കൂടി എല്ലാം മനസ്സിലായെന്ന നാട്യത്തിലും കൂടി മിമി ചിരിച്ചു.

തന്റെ പച്ചക്കറിത്തോട്ടത്തെപ്പറ്റി വർണ്ണിച്ചിട്ടു്, ഉപദേശിയാർ സിസീലിയുടെ ക്ഷമയൊക്കെ പോക്കി. സിസീലി, ബാക്കിയുള്ളവർ പറയുന്നതൊക്കൊ എന്തായിരിക്കും എന്ന കൗതുകത്തോടെ അവരെയും നോക്കി നടന്നു. യൂജീനിന്റെ സന്നിധിയിൽ നിന്നു എഡോൾഫിനെ വിടുത്താൻ വേണ്ടി റഷെൽ ചെയ്യുന്ന ശ്രമങ്ങളൊക്കെ, കല്പിച്ചുകൂട്ടിച്ചെയ്യുന്ന സാഹസമൊക്കെ, എഡോൾഫി വിഫലമാക്കി. ആ യുവാവു് യൂജീനോടു അളവറ്റ അനുരാഗത്തിൽ ചാടിപ്പോയിട്ടില്ലെങ്കിലും അവളുടെ നേരെ വളരെ ആകർഷണം തോന്നിയിരുന്നു. അവൾക്കു അയാളോടും അതെ സ്ഥിതിയായിരുന്നു. എല്ലാവർക്കും അങ്ങിനെ ഒരു ഊഹം ജനിച്ചിരുന്നു. എന്നാൽ മാതാപിതാക്കന്മാർക്കും ഭർത്താക്കന്മാർക്കും കണ്ണു വേഗം തുറക്കാറില്ല.

ദാവീദിന്നു തന്റെകൂടെ നടക്കുന്ന യൂജീൻ കൂടക്കൂടെ നിശ്വസിക്കുന്നതും പിന്നോക്കം തിരിഞ്ഞു നോക്കുന്നതും എന്തിനാണെന്നു മനസ്സിലായില്ല. അവളെ വിനോദിപ്പിപ്പാൻ വേണ്ടി അയാളുടെ ഭഗീരഥപ്രയത്നങ്ങളൊന്നും ഫലിച്ചില്ലെങ്കിലും അയാൾ അപജയം നടിച്ചില്ല.

ദാവീദ്:
ഇന്നു ഒരു സുദിനംതന്നെയാണു്. ഉഷ്ണത്തിന്നും കുറവില്ല. ഞാൻ ഒരു സമയം മഴ പെയ്യാൻ മതി എന്നു ഭയപ്പെട്ടു.

യൂജീനിന്റെ മറുവടി ഒക്കേ ഒരു വാക്കിൽ മാത്രം കലാശിച്ചപ്പോൾ ദാവീദ് ഇങ്ങിനെ വിചാരിച്ചു. “ശരിതന്നെ. ഇവൾ നല്ലവണ്ണം ശിക്ഷിച്ചുവളർത്തപ്പെട്ട ഒരു പെൺമണി തന്നെയാണു്” അക്കൂട്ടത്തിൽ നിസ്സഹായനായി തനിയെ നടന്നിരുന്നതു് വൃദ്ധൻ മോശ മാത്രമായിരുന്നു. ഓരോ കൊട്ട ഓരോ കയ്യിലുംതൂക്കി മോശ എന്തൊക്കെയൊ പിറുപിറുത്തുംകൊണ്ടു നടന്നു. വല്ലവരും തന്റെ സ്ഥിതി കാണട്ടെ എന്നുവിചാരിച്ചു അയാൾ ചിലപ്പോൾ വഴിക്കൽ ഇരിക്കുന്നുണ്ടാകും. എന്നിട്ടൊന്നും അവനോടു സാമാനം ഏറ്റുവാങ്ങി അവന്നു അല്പമെങ്കിലും ആശ്വാസം കൊടുപ്പാൻ ആരും ഒരുമ്പെടുന്നതു കണ്ടില്ല. ഒരു സമയം അവന്റെ ആവലാതികളുടെശബ്ദം ബാക്കിയുള്ളവരുടെ നിരന്തരമായസംസാരത്തിൽ ആണ്ടുപോയിരിക്കാം.

മോശ:
(ആത്മഗതം) ഞാൻ ചുമക്കുന്ന സാധനങ്ങളിൽ ചിലതു് തിന്നാനെങ്കിലും എന്നെ സമ്മതിച്ചാൽ മതിയായിരുന്നു. അവർ അങ്ങിനെ ചെയ്യാത്തതും എന്റെ നിർഭാഗ്യംതന്നെ.

ആ വിശാലമായ സ്ഥലം ഓരോരുത്തർക്കു ഇഷ്ടംപോലെ പറവാനും ചെയ്വാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുത്തു. ബെർനാഡാണു് ആ കാര്യത്തിൽ തലവനായി നിന്നതു്. ജറാഡ്, ഒരു നല്ല തരത്തിന്നു ആ ചെറിയമിമിയെ ഒരു പൊന്തയിലേക്കു കളിയായി തള്ളി, അവളുടെ ദേഹത്തിന്മേൽ തനിക്കു ഇഷ്ടമുള്ളേടാത്തൊക്കെ നുള്ളി. അവൾ തടുത്തപ്പോൾ അതൊക്കെ വെറും തമാശയാണെന്നും പറഞ്ഞു അയാൾ അവളെ സമാധാനപെടുത്തി. യൂസ്റ്റെയിസിനെ ഒന്നു ഉണർത്തുവാൻ വേണ്ടി “എന്നെ പിടിക്കാൻ കിട്ടില്ല” എന്നു പറഞ്ഞുകൊണ്ടു് മേറി യൂസ്റ്റെയിസിനേയും വിട്ടുപാഞ്ഞു (വയസ്സാകുന്നുണ്ടെന്ന ബോധം പെണ്ണുങ്ങൾക്കു വല്ലപ്പോഴും ഉണ്ടാകുന്നതാണോ?) ഇതുതന്നെ തരമെന്നു യൂജീനും പെട്ടെന്നു തോന്നി. ദാവീദിന്റെ ചില മുഖസ്തുതികൾ കേട്ടിട്ടില്ലെന്നു നടിച്ചു അവളും ഒന്നു മുന്നോട്ടു കുതിച്ചുപാഞ്ഞു. സാധു ദാവീദിന്നു അയാളുടെ കുമ്പയുംകൊണ്ടു അവളുടെ പിന്നാലെ ഓടുവാൻ സാധിച്ചില്ല. അയാൾ ഒരേടത്തു് കുറേനേരം നിന്നപ്പോൾ മന്ദാരം അദ്ദേഹത്തിന്റെ സമീപത്തെത്തി.

ദാവീദ്:
നിങ്ങളുടെ മകൾ എന്തൊരു അസ്സൽ കുട്ടിയാണു് ! അവൾ ഒരുവീട്ടിലേക്കു ഒരു അലങ്കാരമായിരിക്കും. വീടു്, ഒരു ആകർഷിക്കത്തക്ക സ്ഥലമാണെന്ന ബോദ്ധ്യം വരുത്തും. എനിക്കു അവളെ പ്രശംസിച്ചതൊന്നും പോരെന്നു തോന്നന്നു.
മന്ദാരം:
നിങ്ങൾക്കു് അങ്ങിനെ തോന്നുന്നതുതന്നേ എനിക്കു വളരെ തൃപ്തിയും സന്തോഷവും ഉണ്ടാക്കുന്നു.
ദാവീദ്:
ഇങ്ങിനെ മാത്രം പറയുന്നതുകൊണ്ടൊ? എന്റെ പൊന്നിഷ്ടത്തി! എനിക്കു മറ്റൊരു കാര്യവും കൂടി അവളെപ്പറ്റിപ്പറവാൻ ആഗ്രഹമുണ്ടു്. അതു് ഒരു അടുത്ത അവസരത്തിലാക്കാം. വിനോദിപ്പാൻ വേണ്ടി വന്ന ഈ ദിവസത്തിലൊന്നും കാര്യം പറവാൻ പാടില്ല.
മന്ദാരം:
ശരിതന്നെ സ്നേഹിതാ “നമുക്കു അതൊക്കെ പിന്നെ പറയാം.”
ദാവീദ്:
പക്ഷേ, നിങ്ങളുടെ ഭർത്താവു്:—

ഇതു കേട്ടപ്പോൾ മന്ദാരം പുച്ഛഭാവത്തിൽ ഒന്നു ചിരിച്ചു.

മന്ദാരം:
എന്റെ മകൾക്കു നല്ലതെന്താണെന്നു് ഒരു പുരുഷൻ അറിയുന്നതിനേക്കാൾ ഞാനാണു് അറിയുന്നതു്. ഞാൻ എന്തു പറഞ്ഞാലും അവർ അതിന്നു് വഴിപ്പെടും. എന്റെ കാര്യത്തിൽ അയാൾ കയ്യിടുന്നതു് ഞാൻ കാണട്ടെ! അയാൾക്കുറച്ചോ?
ദാവീദ്:
(ആശ്വസിപ്പിക്കുന്ന മട്ടിൽ) അതെ. അതേ ശരി. നിശ്ചയമായിട്ടും. ഞാൻ വെറുതെ ശങ്കിച്ചു.

ഇങ്ങിനെ തങ്ങളുടെ എതിരായി നിശ്ചയിക്കപ്പെട്ട ആലോചനകളും നിർബന്ധനകളും ഒന്നും അറിയാതെ ചെറുപ്പക്കാരായ എഡോൾഫിയും യൂജീനും ഒരേടത്തു് അന്യോന്യം കണ്ടുമുട്ടി. സാധാരണ കമനീകമനന്മാരെപോലെ അവർക്കു വളരെ ഒന്നും അന്യോന്യം പറവാനുണ്ടായിരുന്നില്ല. എന്നാലും ഓരോരുത്തരുടെ ഉള്ളിൽ നിറഞ്ഞു കിടക്കുന്ന വിചാരം രണ്ടാൾക്കും നല്ലവണ്ണം മനസ്സിലായി. യൂജിൻ ജനിച്ചതുതന്നെ പ്രണയം ദാനം ചെയ്വാനും പ്രണയം സ്വീകരിപ്പാനും വേണ്ടിയാണു്. കള്ളനോട്ടങ്ങളും കള്ളച്ചിരികളും മറ്റു തുള്ളിത്തങ്ങളും ഒന്നും അവളുടെ അരികെ പോയിട്ടുകൂടി ഇല്ല. ഒരു സമയം അവൾക്കു പ്രണയം ജനിക്കുന്നതു ഒരു പ്രാവശ്യം മാത്രമായാൽ കൂടി, അവളുടെ ഹൃദയവും ആത്മാവും ആ പ്രണയത്തോടു ലയിച്ചുപോയിട്ടു അതിന്റെ വീര്യത്തിന്നു കട്ടികൂട്ടും. എന്നതിന്നു സംശയമില്ല. ഇങ്ങിനെ ഒരു കുട്ടി ഉപദേശിയാർക്കും മന്ദാരത്തിന്നും എങ്ങിനെ പിറന്നുപോലും?

ഒന്നാമതു് എടുത്തു പറയേണ്ടതു് എഡോൾഫി ഒരു ധനികനല്ലെന്ന സംഗതിയാണു്. എന്നാലും കൂടി അയാൾക്കു സാമർത്ഥ്യവും സത്യവും ഔദാര്യവും പ്രവൃത്തിയിൽ തൃഷ്ണയും ഉണ്ടു്. ഈ ഗുണങ്ങളൊന്നും യൂജീനിന്റെ പണത്തിനാലാണു് മാതാവോടു ഫലിക്കുകയില്ല. എഡോൾഫി പണം കിട്ടാനോ സമ്പാദിപ്പാനോ ഉള്ള മാർഗ്ഗവും ഇല്ല. പ്രണയത്തിൽ മുഴുകിയ ഒരു യുവാവിന്നു മനോരാജ്യവും പ്രണയവീര്യവും കൊണ്ടു് എല്ലാം ശുഭത്തിൽ കലാശിക്കുമെന്ന ഒരു വിശ്വാസം മാത്രമേ ഉണ്ടാകാനിടയുള്ളു. ഒരുവളെ കലശലായി ഒരുവൻ സ്നേഹിച്ചാൽ അവളെ ലഭിക്കുവാനുള്ള അവകാശവും അവന്നു സിദ്ധിച്ചുപോയെന്നാണു് സാധു എഡോൾഫിയുടെ ധാരണ. ഈ സംഗതിയേപ്പറ്റി ഗാഢമായി വിചാരിപ്പാനൊന്നും അയാൾക്കു അവസരമൊ ക്ഷമയൊ ഉണ്ടായില്ല. പണ്ടും പലേ പെണ്ണുങ്ങളോടു അയാൾക്കു കൊതി വീണുപോയിട്ടുണ്ടായിരുന്നു. അയാൾക്കു സാധിക്കണം എന്നു തോന്നി ശ്രമിച്ച കാര്യങ്ങളൊക്കെ, അയാൾ ഏതുപ്രകാരത്തിലും ഉടവും തടവും കൂടാതെ സാധിപ്പിച്ചും വന്നിരുന്നു. അതുകൊണ്ടു യൂജീനിനെ തനിക്കു കിട്ടാതെ പോകുമെന്ന ഒരു വിചാരം അയാൾക്കു ഉണ്ടായിരുന്നേ ഇല്ല.

എഡോൾഫിയും താനും മാത്രമേ ഒരേടത്തു് അപ്പോൾ ഉണ്ടായിരുന്നുള്ളൂ എന്ന ബോധം യൂജീനിന്നും തൽക്ഷണം ഉണ്ടായി. ബാക്കിയുള്ളവരിൽനിന്നു അകലെയും മറയപ്പെട്ടിട്ടുമാണു് ആ രണ്ടു ചെറുപ്പക്കാരുടേയും തല്ക്കാലത്തെ നില്പു്. ഈ നിലയിൽ തന്നെ തന്റെ അമ്മ കണ്ടു പിടിച്ചുകളയുമോ എന്ന ഒരു പേടി യൂജീനിനെ വിറപ്പിച്ചു. തന്റെ മകളുടെ സഹജമായ ഭീരുത്വവും തന്റേടവും നിമിത്തം അവൾ അധർമ്മ വിഷയത്തിലേക്കുള്ള യാതൊരു ചിന്തകളും പരിപാലിക്കുന്നതല്ലെന്നു അവളുടെ അമ്മക്കു ദൃഢവിശ്വാസമുണ്ടായിരുന്നു. എന്നാൽ എത്രവിവേകമുള്ള മാതാക്കന്മാരും എല്ലാ കാര്യവും കാണുകയില്ല.

എഡോൾഫി:
(വിചാരം) ദിവസം എത്ര വേഗമാണു് പറക്കുന്നതു്. അവളോടു എനിക്കു പ്രണയമുണ്ടെന്നും, അവളെ ഒരു ഈശ്വരിയെപ്പോലെ ഞാൻ ആരാധിക്കുന്നുണ്ടെന്നും, ഇതുതന്നെ ഞാൻ പറയാതെ പോയാൽ എനിക്കു അതിന്നു് പിന്നേ എന്നു് സാധിക്കും?

യൂജിനും ആലോചനയിൽ മുഴുകിയിരുന്നു “എന്നേപ്പറ്റി അയാൾ എന്തു വിചാരിക്കുന്നുണ്ടായിരിക്കും. അയാൾക്കു എന്നോടു് പ്രേമമുണ്ടായിരിക്കുമോ? അയാൾ അതിനെപ്പറ്റി വല്ലതും എന്നോടു് പ്രസ്ഥാപിക്കുമോ? ഈശ്വരാ! എനിക്കു ഇതൊക്കെ അറിഞ്ഞാൽ മതിയായിരുന്നു” എന്നൊക്കെ ആയിരുന്നു യൂജീനിന്റെ ആലോചന.

സാധു കമനീകമനന്മാർ! നിങ്ങൾ അന്യോന്യം നിങ്ങളുടെ രഹസ്യം തുറന്നു പറവാൻ വെന്തുരുകുന്നു. ഭയം നിങ്ങൾക്കു തടസ്ഥമായി നില്ക്കുന്നു. നിങ്ങളുടെ ചുണ്ടുകൾ അനങ്ങുന്നില്ലെങ്കിലും നിങ്ങളുടെ ഹൃദയവികാരം ഭാഷണരൂപത്തിൽ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടു. ക്ഷമയോ? നിങ്ങൾ ഇപ്പോൾ എത്തിയതു് ആരും കാണാത്ത ഒരു ദിക്കിലല്ലേ! ഒരു സമയം ഇവിടുന്നു നിങ്ങൾ ചിലതൊക്കെ ഗ്രഹിക്കാനുള്ള വഴി കാണാനും മതി. ഈ ബഹളത്തിന്റെ ഇടയിൽനിന്നു് വിട്ടൊഴിവാനും സ്വകാര്യമായി ചില ദിവ്യ സുഖാനുഭവത്തിന്നും നിങ്ങൾക്കു ഇട കിട്ടുമായിരിക്കും.

നാലാം അദ്ധ്യായം

(കാട്ടിനുള്ളിൽ)

എല്ലാവരും സ്റ്റേഷനിൽ എത്തി ഒരു ബസ്സും പിടിച്ചു രണ്ടു മണിക്കൂറിന്നുള്ളിൽ പുതുപ്പാടിയിൽ എത്തി. അവിടെ ഇറങ്ങി. “എന്റെ ക്ഷീണം ഇനിയും തീർന്നിട്ടില്ലെ”ന്നു പറഞ്ഞു മോശ നിരത്തോരത്തു് ഇരുന്നു.

ഉപദേശി:
എനിക്കും ഇവിടെ ഒന്നു വിശ്രമിക്കാമെന്നുണ്ടു.
മന്ദാരം:
വരട്ടെ ഇത്തിരി ക്ഷമിക്കൂ. നമുക്കു സുഖമായി വിശ്രമിക്കാനും വിനോദിപ്പാനും നല്ല ഒരു ദിക്കു ഒന്നാമതു കണ്ടു പിടിക്കാനുണ്ടു.

ഇങ്ങിനെ പറഞ്ഞു മന്ദാരം മുന്നിലും ബാക്കിയുള്ളവർ പിന്നിലുമായി കുറെ ദൂരം നടന്നു. അവർ പച്ചപ്പുല്ലുകൊണ്ടു മൂടിയ ഒരു നല്ല തുറസ്സിൽ എത്തി.

മന്ദാരം:
ഇതു ധാരാളം മതി.

ഉപദേശിയാർ ഇരിക്കാൻതക്കവണ്ണം തന്റെ ഉറുമാൽ നിലത്തു വിരിച്ചു. മോശ രണ്ടാമതും തന്റെ ഘനമുള്ള കൊട്ടകൾ ചോടെ വെച്ചു.

മേറി:
ഈ സ്ഥലം എനിക്കിത്ര പിടിച്ചില്ല.
റഷെൽ:
എനിക്കും അങ്ങിനെതന്നെ. ഒരു ചാഞ്ഞപ്രദേശം ഇതിലും നന്നായിരിക്കും. മോശ! എഴുന്നേല്ക്ക. നീ എന്തിന്നിരുന്നു? എന്തായിരുന്നു ഇത്ര ബദ്ധപ്പാടു? നടക്കൂ.

എല്ലാരും ഏകദേശം അര മൈൽ ദൂരം നടന്നു. ഒരേടത്തു് എത്തി.

ജറാഡ്:
ഇതുതന്നെയാണു് നമുക്കു പറ്റിയ സ്ഥലം. ധാരാളം വൃക്ഷങ്ങൾ ഉണ്ടു്. തണലും സുഖവും ഉണ്ടു്. വിനോദത്തിന്നും വഴിയുണ്ടു്. നിങ്ങളൊക്കെ എന്തു പറയുന്നു.

ഇതു നോക്കിയപ്പോൾ ആർക്കും വിരോധം പറവാനുണ്ടായില്ല. മോശ കൊട്ടയും വെച്ചു നടുവിൽ അമർന്നിരുന്നു. ഇനി അവിടുന്നു ഇളകുകയില്ലെന്നു അവൻ ഉറപ്പിച്ചു. എല്ലാവരും ഓരോ ദിക്കിൽ ഇരിപ്പാൻ ഒരുമ്പെട്ടു. പെണ്ണുങ്ങൾ താന്താങ്ങളുടെ ഉടുപ്പു് ശരിപ്പെടുത്താൻ കുറെ സമയവ്യയംചെയ്തു. യൂജീൻ തന്റെ മുഖത്തു് നോക്കി ആരും കാണാതെ തലയൊന്നു കുനിച്ചതു് തന്നെ അടുത്തുചെല്ലുവാൻ ക്ഷണിച്ചതാണെന്നുള്ള നാട്യത്തിന്മേൽ എഡോൾഫി യൂജീനിന്റെ അരികെ ഇഴഞ്ഞുവരാൻ തുടങ്ങി. എന്നാൽ അയാൾ ആ സ്ഥാനത്തു് എത്തുംമുമ്പെ, ദാവീദ്, യൂജീനിന്റെ ദേഹത്തിൽ വീണോ എന്നു ശങ്കിച്ചുപോവാൻ തക്കവണ്ണം പെട്ടെന്നു അവളുടെ അടുക്കെ ചാടുംപോലെ ചെന്നിരുന്നു. ദാവീദിന്നു യൂജീനോടുള്ള സ്നേഹം ഒരു ആഹാരപ്രിയന്നു് തന്റെ ഭക്ഷണസാധനത്തൊടെന്നപോലെ ആയിരുന്നു. അയാൾക്കു് അവളെ കിട്ടണം എന്ന പിടിത്തം ഉണ്ടായപ്പോൾ വേറെ ആർക്കും അവളെ ഒഴിച്ചുകൊടുക്കരുതെന്ന നിശ്ചയവും അയാൾക്കുണ്ടായി. ഈ സംഭവം നടന്നപ്പോൾ സാധുവായ യൂജീനിന്നു് ഒരു നല്ല ദിവസം വെറുതെ പോയ്പോകുമല്ലോ എന്ന പരിതാപവും ഉണ്ടായി. ദാവീദിനെ അവൾക്കു പണ്ടേ ഇഷ്ടമില്ലായിരുന്നു. ഇപ്പോഴോ അയാളെ ദൃഷ്ടിച്ചുകൂടാതായി.

മന്ദാരം:
(തന്റെ ഭർത്താവൊടു) നോക്കിൻ. നിങ്ങൾ ചെന്നു ആ കൊട്ടയിൽ നിന്നു കുറെ വീഞ്ഞു് കുപ്പികൾ എടുത്തുകൊണ്ടു വരീൻ. ഞങ്ങൾക്കെല്ലാവർക്കും ദാഹിക്കുന്നു. വേണമെങ്കിൽ സഹായത്തിന്നു മോശയേയും കൂട്ടിക്കൊൾക.
മോശ:
ഈശ്വരാ! ഞാൻ ഇപ്പോൾ ഇവിടെ ഇരുന്നിട്ടേ ഉള്ളൂ.
മന്ദാരം:
തരക്കേടില്ല. കുറെ കഴിഞ്ഞാൽ നിണക്കു വിശ്രമിക്കാൻ വേണ്ട സമയം കിട്ടും. ഭക്ഷണം കഴിക്കുന്നതിനു മുമ്പു് നാം എങ്ങിനെയാണു് വിനോദിക്കേണ്ടതു്? നിങ്ങളൊക്കെ വിനോദിക്കാൻ വട്ടം കൂട്ടുകയാണെങ്കിൽ സിസീലിയും ഞാനും ഈ കൊട്ടകൾക്കു കാവലായി ഇവിടെ ഇരുന്നുകൊള്ളാം.
ജറാഡ്:
(മീമിയെ അർത്ഥത്തോടു കൂടെ നോക്കീട്ടു്) നാം ഒളിച്ചുകളിപ്പാൻ തുടങ്ങുക.

തന്റെ സ്ഥാനത്തിൽ നിന്നെഴുനേല്പാൻ ഒരു ഒഴികഴിവിന്നു് മാത്രം കാത്തുകൊണ്ടിരുന്ന യൂജീൻ സന്തോഷത്തോടുകൂടെ എഴുന്നേറ്റു എഡോൾഫി തെല്ലുകൂടി അവളുടെ അടുക്കെ എത്തി, എല്ലാവരും ഓരോരുവരെ പിടിപ്പാൻ പാഞ്ഞു. കളി ഒടുവിൽ “എന്നെക്കണ്ടു പിടിച്ചാട്ടെ” എന്ന രീതിയിൽ കലാശിപ്പാൻ തുടങ്ങി. ബദ്ധപ്പെട്ടു് ഓടുന്ന യൂജീനിനെ ചെന്നു പിടിക്കുന്നതു മിക്ക സമയത്തും എഡോൾഫി ആയിരിക്കും. കിതച്ചു ദീർഘശ്വാസം വലിക്കുന്ന സാധു ദാവീദിന്നു് എത്ര സാഹസപ്പെട്ടിട്ടും കൂടി യൂജീനിനെ തൊടാൻപോലും കിട്ടിയില്ല. അയാൾ “അത്ര ക്ഷണം ഓടല്ല. യൂജിൻ അത്ര വേഗത്തിൽ ഓടല്ല. എന്നെ വിചാരിച്ചു കുറെ മെല്ലെ ഓടു. ഞാനും നിന്നെ ഒരിക്കൽ തൊട്ടുകൊള്ളട്ടെ” എന്നൊക്കെ പരവശനായി നിലവിളിക്കുമ്പോളൊക്കെ യൂജീൻ അവളുടെ ഓട്ടത്തിന്നു മുറുക്കവും വേഗതയും കൂട്ടിയതേ ഉള്ളൂ. ഒടുവിൽ അവൾ ദാവീദിനേയും വിട്ടു വളരെ ദൂരെ എത്തി.

വിനോദം, എല്ലാവരും ഒളിക്കാനും ഒരാൾ മാത്രം കണ്ടുപിടിക്കാനും എന്ന നിലയിലായി. ദാവീദിനെയാണു് മറ്റുള്ളവരെ കണ്ടുപിടിക്കാനുള്ള ഭാരം ഏല്പിച്ചതു്. ജറാഡും മീമിയും ഒന്നിച്ചിറങ്ങി. ബാക്കിയുള്ളവരും ഈരണ്ടീരണ്ടായി ഒളിക്കാൻ പിരിഞ്ഞു.

എഡോൾഫി മെല്ലെ യൂജീനിന്റെ കൈ ചെന്നു പിടിച്ചു. “വരൂ നമുക്കു ചെന്നൊളിപ്പാൻ ഒരു വിശേഷമായ സ്ഥലം ഞാൻ കണ്ടുവെച്ചിട്ടുണ്ടു്. താമസിയാതെ നമ്മൾ അങ്ങട്ടു് ചെല്ലുക” എന്നു മന്ത്രിച്ചു. “വിരോധമില്ല” എന്നു യൂജീനും മറുപടി പറഞ്ഞു. എഡോൾഫി അവളുടെ കൈ പിടിച്ചപ്പോൾ, യൂജീൻ അതു് അവന്നു സന്തോഷത്തോടെ വഴിപ്പെട്ടുകൊടുത്തു. അവർ ഇരുവരും ഒളിക്കാൻ വേണ്ടി നിബിഡമായി വൃക്ഷങ്ങളുള്ള ഒരു കാട്ടിലേക്കു പാഞ്ഞു.

യൂജീൻ:
നാം മറ്റുള്ളവരിൽനിന്നു വളരെ അകലെ ആയ്പോയല്ലോ.
എഡോൾഫി:
ദാവീദ് നിന്നെ ക്ഷണത്തിൽ കണ്ടുപിടിക്കേണമെന്ന വിചാരം നിണക്കുണ്ടോ?

“അപ്പാ! അതുമാത്രം വയ്യാ” എന്നു യൂജീൻ ഖണ്ഡിച്ചു പറഞ്ഞു താൻ പറഞ്ഞതു് കുറെ കവിഞ്ഞുപോയോ എന്നു സംശയിച്ചു, ക്ഷണംകൊണ്ടു് അവളുടെ മുഖം ചുകന്നു. എഡോൾഫി അവളുടെ കൈ പിടിച്ചു, കുനിഞ്ഞുംങ്കൊണ്ടു് അതിന്മേൽ ചുംബനങ്ങൾ ചൊരിഞ്ഞു. അനുരാഗമുള്ള ഒരാളുടെ താലോലങ്ങൾ അനുഭവിക്കുന്നതു് എത്ര ഹൃദയംഗമമായ സംഭവമാണു്. ഭയംകൊണ്ടും സംശയം കൊണ്ടും, ശാസനകൊണ്ടും ദീർഘകാലം സാധിക്കാത്ത ഒരു അനുഭവം പിന്നെ പെട്ടെന്നു സാദ്ധ്യമായ്വരുമ്പോൾ അതിന്റെ സുഖാനുഭൂതി എത്രകണ്ടു ഇരട്ടിക്കും. അവരുടെ മൗനം വളരെ നേരം നിലനില്ക്കത്തക്കവണ്ണം കടുപ്പമുള്ളതായിരുന്നു എഡോൾഫി മൗനം മുറിച്ചു.

എഡോൾഫി:
(നിറഞ്ഞുവഴിയുന്ന അനുരാഗത്തോടെ) യൂജിൻ! എനിക്കു നിന്നോടു തോന്നുന്ന അനുരാഗം അളവില്ലാത്തതെന്നു പറവാൻ ഞാൻ ഇന്നത്തെ തിയ്യതി വരെ കാക്കേണ്ടി വന്നു. എനിക്കു സഹിച്ചു കൂടാത്തതുകൊണ്ടു മാത്രം ഞാൻ ഇങ്ങിനെ തുറന്നു പറയുന്നതാണു്. എല്ലാം പറവാൻ ഇപ്പോൾ അവസരമുണ്ടെന്നു തോന്നുന്നില്ല. എനിക്കു നിന്നേയും പിരിഞ്ഞിട്ടു് അരനിമിഷം കഴിക്കുന്നതു് തന്നെ സങ്കടമായിരിക്കുന്നു. എനിക്കു എപ്പോഴും നിന്റെ ഒന്നിച്ചു കൂടിക്കഴിവാൻ മാത്രമെ ആഗ്രഹമുള്ളു. ഈശ്വരാ! നിണക്കു എന്താണു് വന്നു പിടിച്ചുപോയതു്?

എഡോൾഫിയുടെ വാക്കുകൾ ഉല്പാദിപ്പിച്ച സന്തോഷത്തിന്റെ ആധിക്യമാണു് യൂജീനിന്നു സഹിക്കവയ്യാതായിട്ടു ഒരുതരം തളർച്ച ഉണ്ടാക്കിയതു്. വെറും ആനന്ദംകൊണ്ടു് അവൾക്കു ബോധക്ഷയം നേരിടാറായി. ഒരുതുള്ളിച്ചിക്കു അവളുടെ സന്തോഷം പൊടുന്നനേ ഒതുക്കുവാൻ ഒരു സമയം സാധിച്ചെന്നു വരാം. എന്നാൽ യൂജീനിന്നു്, അവൾ എല്ലാറ്റിലും വെച്ചു ഇഷ്ടപ്പെടുന്ന പുരുഷനെ വഞ്ചിക്കുവാൻ സമ്മതിക്കാത്തവണ്ണം ഹൃദയശുദ്ധതയും അനുരാഗ വീര്യവും ഉണ്ടായിരുന്നു. സുഖം ഒരാളെ കൊല്ലുകയില്ലെങ്കിലും അതിസുഖം മനോവേദന ഉണ്ടാക്കി എന്നു വരും. എഡോൾഫി അവളെ പൊത്തിപ്പിടിച്ചു “നിണക്കു എന്നോടു പ്രേമം ഉണ്ടൊ ഉണ്ടൊ എന്നു മൃദുവായി ചോദിച്ചു. അത്യന്ത തൃപ്തിസൂചകമായി ഒന്നു നിശ്വസിച്ചിട്ടും പരമാനന്ദത്തോടെ ഒന്നു മന്ദഹസിച്ചിട്ടും അവൾ അയാളോടുള്ള അനുരാഗത്തെ റിക്കാഡാക്കി. അവൾ അയാളുടെ പിടിത്തത്തിൽ നിന്നു കുതറിപ്പോവാൻ ശ്രമിച്ചില്ല. ശ്രമിക്കുവാനുള്ള ശക്തിയും അവൾക്കുണ്ടായില്ല. സന്തോഷംകൊണ്ടു മതിമറന്നു പോയ എഡോൾഫി, അവളുടെ സുന്ദരവദനത്തിൽ വീണ്ടും വീണ്ടും ചുംബിക്കുവാൻ ഒരുമ്പെടുമ്പോൾ “പിടി കിട്ടിപ്പോയി” എന്ന നിലവിളി അവരുടെ ഏർപ്പാടിന്നു പ്രതിബന്ധമായി.

ആ നിലവിളി ദാവീദിന്റെതാണെന്നു ഭയവിഹ്വലയായ യൂജീനിന്നു ബോദ്ധ്യമായി. അവൾ അവളുടെ കാമുകന്റെ കയ്യിൽനിന്നു കുതറി ഒരു ഒഴിഞ്ഞ സ്ഥലത്തേക്കു മരണപ്പാച്ചിൽ പാഞ്ഞു.

എന്നാൽ ദാവീദ് കണ്ടു പിടിച്ചതു എഡോൾഫിയേയും യൂജീനിനേയും ഒന്നുമല്ലായിരുന്നു. ആ സാധു വളരെ നേരത്തോളം കാട്ടിൽ ഒളിച്ചവരെ കണ്ടു പിടിപ്പാൻ ഭഗീരഥപ്രയത്നം ചെയ്യുകയായിരുന്നു. ഇണയിണയായിപ്പിരിഞ്ഞവർ വളരെ ഭദ്രമായി ഒളിച്ചിരുന്നതുകൊണ്ടു ദാവീദിന്റെ അദ്ധ്വാനമെല്ലാം വളരെ നേരത്തോളം വിഫലമായി. അങ്ങിനെ ഇരിക്കുമ്പോൾ ഒരു ഇടതൂർന്ന വള്ളിക്കെട്ടിന്റെ അടുക്കെക്കൂടെ കടന്നുപോകുമ്പോൾ ഒരു സുഗന്ധദ്രവ്യത്തിന്റെ വാസന ദാവീദിന്നു ശ്വസിച്ചറിവാൻ സാദ്ധ്യമായി. “ജറാഡ്” അടുത്തുണ്ടായിരിക്കണം എന്നു അദ്ദേഹം നിശ്ചയിച്ചു.

വള്ളിക്കെട്ടിന്റെ മറുവശത്തു ചെന്നുനോക്കിയപ്പോൾ തന്റെ ഊഹം തെറ്റിപ്പോയിട്ടില്ലെന്നു അദ്ദേഹത്തിന്നു മനസ്സിലായി. ജറാഡ്, ചെറിയ മിമിയെ തൊടുംപ്രകാരത്തിൽ ഒരേടത്തു ഇരിക്കുകയായിരുന്നു. തങ്ങളെ, സ്വൈരസല്ലാപത്തിന്നിടയിൽ, ഉപദ്രവിച്ചതുകൊണ്ടു രണ്ടാൾക്കും നീരസത്തിന്നു ഹേതുവായെങ്കിലും, ദാവീദ് അവരെ കണ്ടു പിടിച്ച സന്തോഷംകൊണ്ടു മേലെഴുതിയ പ്രകാരം നിലവിളിച്ചു. നിലവിളിയും, ആളുകളുടെ സംസാരവും ചിരിയും ഒക്കെ കേട്ടപ്പോൾ യൂജിനും അവളുടെ കാമുകനും അവിടെ എത്തി എല്ലാവരും ചിരിച്ചു. ഉഷ്ണം ജാസ്തിയാകുന്നു എന്ന കാരണത്തിന്മേൽ വല്ലതും കഴിപ്പാനായി മടങ്ങിച്ചെല്ലാൻ ചിലർ അഭിപ്രായപ്പെട്ടു. യൂജീനും എഡോൾഫിയും സന്താപത്തൊടെ അന്യോന്യം നോക്കി. ആ ചെടിക്കൂട്ടത്തിൽ അവർ രണ്ടും അല്പം മുമ്പു് എത്ര പരമാനന്ദത്തോടെ സമയം പോക്കിയിരുന്നു. എന്നാലുംകൂടി അവരുടെ ശങ്കയൊക്കെ അസ്തമിച്ചതു അവർക്കു ഭാഗ്യോദയമായിത്തോന്നി. ഒരുസമയം കുറെ കഴിഞ്ഞാൽ അവർക്കു മറ്റൊരു തരവുംകൂടി കിട്ടുകയില്ലെന്നു എങ്ങിനെ വിശ്വസിക്കുന്നു.

എഡോൾഫി:
(ദാവീദിനോടു.)ബർനാഡെവിടെ.
ദാവീദ്:
ഞാനെന്തറിയും. അറിഞ്ഞിരുന്നു എങ്കിൽ അയാളെ ഞാൻ കണ്ടു പിടിക്കുമായിരുന്നില്ലെ!

അപ്പോൾ ഒരു മരത്തിന്റെ മുകളിൽനിന്നു “ഇതാ എല്ലാവരും വാങ്ങിനിന്നു കൊൾവിൻ” എന്ന ശബ്ദം പുറപ്പെട്ടതോടുകൂടി ബർനാഡും അയാൾ ഇരുന്നിരുന്ന ഒരു മരക്കൊമ്പും ഇടിഞ്ഞുപൊളിഞ്ഞു താഴെ വീണു. മരക്കൊമ്പു ചോട്ടിലായ്പോകകൊണ്ടു ബർനാഡിന്നു അപായകരമായ പരുക്കൊന്നും ഏറ്റില്ല. അയാൾ ക്ഷണത്തിൽ എഴുന്നേറ്റു നേരം പോക്കൊന്നും വിട്ടുകൊടുക്കാതെ “ഇതാ ഞാൻ. ആരാണു് എന്നെ വിളിച്ചതു എന്റെ നെറ്റിക്കു ഒരു വലിയ മുഴമാത്രം ലാഭമായി. ആട്ടെ. എല്ലാവരും മന്ദാരത്തിന്റെ സമീപത്തെക്കു പുറപ്പെടുക” എന്നു ഉച്ചത്തിൽ പറഞ്ഞു. മുഴ കണ്ടപ്പോൾ, മന്ദാരം “എന്റെ ഈശ്വരാ! നിങ്ങൾ എന്താണു് കാട്ടിക്കൂട്ടിയതു്” എന്നു ചോദിച്ചു.

ബെർനാഡ്:
(സാരമില്ലാത്ത ഭാവത്തോടെ) ഞാൻ ഇവരെഒക്കെ വിനോദിപ്പിക്കുകയായിരുന്നു.

അപ്പോൾ ബർനാഡ്; തന്റെ ഭാര്യയും യൂസ്ടെയിവും വരുന്നതു കണ്ടു. മേറിയുടെ മുഖം വളരെ ചുകന്നിരുന്നു. ആ ചെറുപ്പക്കാരൻ യൂസ്ടെയീഡിന്റെ കണ്ണുകൾ, സ്ഥാനത്തിൽനിന്നു വീണുപോകുമൊ എന്നു തോന്നുമാറു് തുറിച്ചിരുന്നു.

ബർനാഡ്:
നിങ്ങൾ നല്ലപോലെ വിനോദിച്ചൊ?
മേറി:
വളരെ രസത്തിൽ കഴിച്ചു. ദാവീദ് ഞങ്ങളെ കണ്ടു പിടിച്ചു കളയുമൊ എന്നുകൂടി ഞങ്ങൾ ഭയപ്പെട്ടു. ഞങ്ങൾ ഇവിടുന്നു വളരെ അകലെ പോവാൻ നോക്കിയില്ല.
മന്ദാരം:
നിങ്ങൾ എവിടെയായിരിക്കും പോയതു എന്നു ഞാൻ അതിശയിച്ചു. വഴിക്കൽവെച്ചു യൂസ്ടെയിഡിന്നു വല്ല കടും തലവേദന പിടിപെട്ടൊ.
മേറി:
ഇല്ല. ഒരു പൂപ്പറിക്കാൻവേണ്ടി വളരെ ചായേണ്ടിവന്നതുകൊണ്ടു് അവന്റെ അംഗങ്ങളുടെ മയത്വം പോയ്പോയി. നിങ്ങളുടെ ഭർത്താവും മോശയും വീഞ്ഞും കൊണ്ടു ഇനിയും മടങ്ങിവന്നില്ലെ!
മന്ദാരം:
ഇതാ വരുന്നവർ (അവരെ നോക്കീട്ടു) ഭക്ഷണം കൊണ്ടുവരാൻ നിങ്ങൾ പോയിട്ടു രണ്ടു മണിക്കൂർ കഴിഞ്ഞു എന്നാൽ ഭക്ഷണത്തിന്റെ കാഴ്ചകൊണ്ടു ഞങ്ങൾക്കു നിങ്ങളോടുണ്ടായ പരിഭവവും തീർന്നു.

നല്ലവണ്ണം വിശ്രമിക്കാൻ വേണ്ടി എല്ലാവരും പുല്ലിന്മേൽ ഇരുന്നു. എല്ലാരും വീഞ്ഞു കുടിച്ചു. ഉഷ്ണത്തിന്റെ കാഠിന്യവും വർദ്ധിച്ചു. ഒളിച്ചുകളിപ്പാനുള്ള അവരുടെ ആഗ്രഹവും അസ്തമിച്ചു. യൂജിനും എഡോൾഫിയും ക്ഷമയോടെ എല്ലാം സഹിച്ചു. അവരേപ്പോലെ തന്നെ ബാക്കി ചില കൂട്ടർക്കും ഒന്നുകൂടി കാട്ടിൽ കടന്നു വിനോദിക്കാം എന്നു തോന്നിയിരുന്നു. നേരം ക്ഷണം പോയതു ആരും അറിഞ്ഞില്ല. പിന്നെ അവർ കാര്യമായ ഊണിന്നു വേണ്ടുന്ന ഏർപ്പാടുകൾ ചെയ്വാൻ തുടങ്ങി. ആണുങ്ങളും പെണ്ണുങ്ങളും ഒരേടത്തു് വട്ടമിട്ടിരുന്നു. സകല സാമഗ്രികളും വളരെ രുചികരമായി അവർക്കു തോന്നി. തുറസ്സു് സ്ഥലത്തിൽ ഇരിക്കുമ്പോൾ അങ്ങിനെ ഒക്കെ തോന്നാനിടയുണ്ടു്. എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു. എല്ലാരുടേയും ചുറുചുറുക്കിന്നും യാതൊരു കുറവും ഉണ്ടായിരുന്നില്ല. മനുഷ്യവിരോധികളുടെ അഗ്രേസരനായ ആ വൃദ്ധൻ മോശമാത്രം ഇങ്ങിനെ തന്നോടുതന്നെ പിറുപിറുത്തു.

“തുടക്കംപോലെ തന്നെ ഒടുക്കവും നന്നായാൽ എല്ലാം ഗുണമായി കലാശിക്കും. ഇങ്ങിനെ മതിമറന്ന വിനോദങ്ങളൊക്കെ എനിക്കു നല്ല നിശ്ചയമുണ്ടു്. ഇതിന്റെ കലാശം അസംബന്ധത്തിലും പിണക്കിലുമാണു്. അതുകൊണ്ടൊന്നും ഞാൻ എന്റെ തീനിന്നും കുടിക്കും ഒട്ടും കുറവു വരുത്താൻ ഭാവമില്ല. യഥാർത്ഥം പറഞ്ഞാൽ എന്നാലാവുംവരെ ഞാൻ തിന്നും. എന്നാൽ ഞാൻ ചുമക്കേണ്ടി വരുന്ന സാധനങ്ങളുടെ ഭാരം അത്രക്കത്ര കുറയുമല്ലൊ.”

അഞ്ചാം അദ്ധ്യായം

(ഒരു നല്ല നാളിന്റെ ഒടുവിലത്തെ തല)

മോശയുടെ കഷ്ടകാലത്തിന്നു കൂട്ടരൊക്കെ റോസ്റ്റാക്കിക്കൊണ്ടുവന്ന ആ ഘനമുള്ള തർക്കി, കടുപ്പംകൊണ്ടു വായിൽ വെപ്പാൻ പാടില്ലാത്തക്കതാകകൊണ്ടു ഇശ്ശി മുക്കാലും ബാക്കിയായി. അതു അവർ മോശ പേറേണ്ടുന്ന കൊട്ടയിൽ ഇട്ടു. എന്നാൽ തർക്കിയുടെ പോരായ്മയൊക്കെ ദാവീദ് കൊണ്ടുവന്ന വീഞ്ഞിന്റെ മാധുര്യം പരിഹരിച്ചു. അവിടെ കൂടിയവരുടെ സന്തോഷവും രസവും അപ്പപ്പോൾ വർദ്ധിച്ചുവന്നു.

മേറി:
കുറെ കഴിഞ്ഞാൽ നമുക്കൊക്കെ ഡാൻസ് ചെയ്യുന്നതിനെന്താണു് വിരോധം (നൃത്തം വെക്കുക) ഇടക്കിടക്കു ബാണംപോലെ തിരിയുവാൻ എനിക്കു കൊതി കൂടുന്നു.
ജറാഡ്:
ഒട്ടും വിരോധമില്ല. കുറെ കഴിഞ്ഞിട്ടു നമുക്കു സ്ത്രീകളെ ഒക്കെ കുത്തിപ്പൊന്തിക്കാം. എല്ലാവരും ഒന്നു ഉണരട്ടെ. അല്ലാ! മന്ദാരവും സിസീലിയും എന്താണു് സ്വകാര്യം പറയുന്നതു്. അതിലും നല്ലതു നിങ്ങളാരെങ്കിലും ഒന്നു പാടുന്നതാണു്. യൂജിൻ ദയവിചാരിച്ചു ഒരു പാട്ടു പാടുമോ?
മന്ദാരം:
യൂജിൻ ഒന്നു പാടിക്കേൾപ്പിക്കൂ.

എഡോൾഫിയുമായുള്ള അടുത്തു് പെരുമാറ്റംകൊണ്ടു് സന്തോഷത്തിൽ കുളിച്ച യൂജീനിന്നു് പാട്ടിന്റെ അക്ഷരങ്ങൾ തന്നെ വ്യക്തമായിത്തോന്നാത്ത വിധം മറന്നു പോയിരുന്നു. ആദ്യം അവളുടെ സ്വരത്തിന്നു അസാരം ഇടർച്ചയുണ്ടായെങ്കിലും പിന്നീടു് അതിന്റെ എടുപ്പും രീതിയും മാധുര്യമാകുംപടി വിളങ്ങുംവണ്ണം അവൾ തന്റെ പാട്ടിൽ ലയിച്ചു. അവൾ അവസാനിപ്പിച്ചപ്പോൾ എല്ലാരും അവളെ പുകഴ്ത്തി. ഉപദേശിയാർ സന്തോഷംകൊണ്ടു നനഞ്ഞ കണ്ണോടെ തന്റെ മകളെ നോക്കി. എന്നാൽ ബാക്കിയുള്ളവരിൽ നിന്നു അവൾക്കു സിദ്ധിച്ച എല്ലാവിധ പ്രശംസയേക്കാളും അവളുടെ നേരെ എഡോൾഫിവിട്ട ഒരൊറ്റ നോട്ടത്തെ അവൾ വിലവെച്ചു.

ബർനാഡ്:
ഇനി ഇതിലും കുറേകൂടി നേരംപോക്കുള്ള ഒന്നിന്നു്—ശൃംഗാരം തൂളുമ്പുന്ന മറ്റൊരു പാട്ടിന്നും കൂടി വട്ടം കൂട്ടുക.
മന്ദാരം:
(കടുപ്പത്തിൽ.) ഇതാ പെൺകിടാങ്ങൾ ഈ കൂട്ടത്തിൽ ഉണ്ടെന്നു് ഓർമ്മിക്കണേ.
ബർനാഡ്:
(രസിക്കാത്തപോലെ) ഞാൻ അതു മറന്നു കളയുമെന്നു തോന്നുന്നില്ല.
ഉപദേശി:
അതിലും നല്ലതു നമുക്കു ഒരു കുടിയന്റെ പാട്ടു പാടുന്നതാണു്.
മന്ദാരം:
അതു് മദ്യപാനത്തിന്നു പിന്നേയും ആഗ്രഹം വരുത്തും.
ബർനാഡ്:
“എന്തിനിന്നു ഖിന്നഭാവം” എന്ന പാട്ടായാലോ.
മന്ദാരം:
എന്തു്. അങ്ങിനെയുള്ള പാട്ടു് എന്റെ മകളുടെ മുന്നിൽവെച്ചു പാടുകയൊ. അതു് ആണുങ്ങൾ മാത്രമുള്ളപ്പോൾ പാടേണ്ടുന്ന ഒന്നാണു്.
ബർനാഡ്:
(വിരോധഭാവത്തിൽ). ഇതെന്തൊരു കഷ്ടമാണു്. നിങ്ങളുടെ ഇടക്കു ഒരു പാട്ടുംകൂടി പാടിക്കൂട എന്നായൊ? മഹാ മോശം തന്നെ—തമാശക്കും രസത്തിന്നും അല്പം ഇങ്ങിനെയൊക്കെ വേണ്ടേ.
ദാവീദ്:
(കൈപൊക്കീട്ടു്) ഓ. നാം തമ്മിൽ കലഹിക്കേണ്ട. പാട്ടുകേൾപ്പാൻ മനസ്സില്ലാത്ത ചെറുപ്പക്കാരൊക്കെ കുറേ അകലേച്ചെന്നു ഡാൻസുചെയ്തു വിനോദിച്ചുകൊൾവിൻ. ഞങ്ങൾക്കു എന്തു വിരോധമായാലും വേണ്ടില്ല അസാരം സംഗീതം കൂടാതെ കഴിയുകയില്ല.

ഈ ബഹളത്തിന്റെ ഇടയിൽ മോശ, തർക്കിയുടെ ഒരു കഷണം കൊട്ടയിൽനിന്നെടുത്തു അടുത്ത പൊന്തയിലേക്കെറിഞ്ഞു. “അത്രത്തോളം ഘനം കുറയട്ടെ” എന്നു് തന്നോടുതന്നെ പിറുപിറുത്തു.

മന്ദാരം:
(മക്കളെ നോക്കീട്ടു്.) നീ ഡാൻസ് ചെയ്വാൻ പോയ്ക്കോ! ഈ കെട്ടു് പാട്ടുകളൊന്നും കേൾപ്പാൻ നില്ക്കേണ്ട.

യൂജീൻ ബദ്ധപ്പെട്ടു് എഴുനേറ്റു നടന്നപ്പോൾ എഡോൾഫിയും അവളെ പിന്തുടർന്നു, യൂസ്റ്റേയിസും, മിമിയും ജറാഡിന്റെ ചെറിയ മകൻ ജോവേലും ഡാൻസിന്നു പുറപ്പെട്ടപ്പോൾ സിസീലിയും അവരുടെ പിന്നാലെ പുറപ്പെട്ടു. സിസീലിക്കു് ഇന്നും താനൊരു പെൺകിടാവെന്ന ഭാവമെ ഉണ്ടായിരുന്നുള്ളൂ. ദാവീദ് എന്തു വേണമെന്നറിയാതെ കുഴങ്ങി. ഓട്ടത്തിന്നും ചാട്ടത്തിന്നും കഴിയുകയില്ലെന്ന ധാരണയോടെ അവിടതന്നെ കഴിച്ചുകൂട്ടാമെന്നായിരുന്നു അയാളുടെ ആഗ്രഹം. യൂജിൻ പുറപ്പെട്ടുപോയതു കണ്ടിട്ടു അവളുടെ സമീപത്തുതന്നെ ഉണ്ടായിരിക്കണമെന്ന മോഹവും അയാളെ കലശലായി ബാധിക്കാതിരുന്നുമില്ല. ഇങ്ങിനെ ഒന്നും ഉറപ്പിക്കാതെ ഉഴലുമവസരത്തിൽ ചെറുപ്പക്കാരൊക്കെ വളരെ ദൂരെ എത്തി. എല്ലാരും ഒന്നിച്ചു കൂടുന്ന അവസരത്തിലാക്കാം ഓട്ടവും ചാട്ടവുമെന്നുവെച്ചു അദ്ദേഹം പണ്ടേത്തെ സ്ഥാനത്തു തന്നെ നിന്നു.

എഡോൾഫി, ധൈര്യത്തോടെ യൂജീനിനെ പിടികൂടി. യൂസ്റ്റെയിസ് മിമിയേയും അഭയം പ്രാപിച്ചു ജോവെൽ മുന്നോട്ടോടിത്തുടങ്ങി. ബാല്യവും ബാല്യവും തമ്മിലും സൗന്ദര്യവും സൗന്ദര്യവും തമ്മിലും ഉണ്ടാവുന്ന സ്വാഭാവികാകർഷണം മനസ്സിലാക്കാതെ തുണയാരുമില്ലാതെ ഒറ്റക്കു നടക്കേണ്ടിവന്ന സിസീലി ചെറുപ്പക്കാരുടെ ചീത്ത നടവടികളെ ദുഷിച്ചു.

ഡാൻസ്ചെയ്യുക എന്നതു് തുള്ളിച്ചാടുക എന്നുമാത്രമെ ഈകൂട്ടർകരുതിയിരുന്നുള്ളൂ. അവർ ഒരു തുറസ്സു് സ്ഥലം കണ്ടുപിടിക്കാൻ പോകുന്ന വഴിക്കു യൂജീനും എഡോൾഫിയും കൂട്ടത്തിൽനിന്നു് തെറ്റി, അവിവാഹിതയായ സിസീലിയുടെ അസൂയാവലോകനങ്ങളിൽ നിന്നു് മോചനം സിദ്ധിക്കുവാൻ വേണ്ടി ഒരു ഇടതിങ്ങിയ വള്ളിക്കെട്ടിൽ ഒളിച്ചു. അവർ ഇരുവരും അതിന്റെ ഉള്ളിൽ പ്രവേശിച്ച ഉടനെ, എഡോൾഫി അവളെ കെട്ടിപ്പിടിച്ചു, മാറോടണച്ചു, അവളുടെ ചുകന്ന ചുണ്ടുകളിൽ ചുംബനവർഷം ചൊരിഞ്ഞു. എഡോൾഫിക്കു ധൈര്യം വർദ്ധിച്ചുവരുന്തോറും യൂജീനിന്നു് സഹിഷ്ണുതയും വർദ്ധിച്ചു. അവരുടെ കൂട്ടക്കാർ അടുത്തെങ്ങാൻ ഉണ്ടായിരിക്കും എന്ന ബോധവുംകൂടി ഇല്ലായിരുന്നു എങ്കിൽ കാര്യം പിന്നേയും അതിരു് കവിഞ്ഞ മട്ടിൽ കലാശിച്ചുപോകുമായിരുന്നു. എന്നാലുംകൂടി അവർക്കു് ഒരു തരം സ്വപ്നമയമായ സുഖാനുഭവം ഉണ്ടായി. ആ അനുഭവം അവരുടെ പ്രണയസംസാരംകൊണ്ടു് അവർ അന്യോന്യം അറിയിച്ചു.

യൂജീൻ:
ഹോ. ഇതുപോലെയുള്ള ഒരു ദിവസംഒരിക്കലും അവസാനിച്ചു പോകരുതായിരുന്നു. എന്തു മഹത്തായ ആനന്ദമാണു്.
എഡോൾഫി:
എന്റെ ജീവിതസർവ്വസ്വമേ! നിന്നെ ഞാൻ ഇനി എന്നു കാണും.
യൂജീൻ:
അതിന്നു കാലതാമസം നേരിടരുതെന്നാണു് എന്റെ ആഗ്രഹം. എന്റെ അമ്മ ബഹുകൃത്യക്കാരത്തിയായിരിക്കകൊണ്ടു അതും പ്രയാസമായിരിക്കും. നിങ്ങൾ എന്റെ വീട്ടിന്റെ മുന്നിൽക്കൂടെ നടന്നാൽ എനിക്കു കൂടക്കൂടെവന്നു നോക്കുകയെങ്കിലുംചെയ്യാം. ഞാൻ ഏണിപ്പലകമേൽ വന്നുനില്ക്കാം. അതിലും അപ്പുറം ചെയ്വാൻ എനിക്കു സാധിക്കുകയില്ല.

വീടു നിരത്തുവക്കിനുള്ള ഒരു ലൈനിലാണു്. വീട്ടിന്റെ കാര്യമായ ഭാഗത്തും കുസ്നിയുടെ ഭാഗത്തും നിരത്തിന്മേൽ പോവാൻ ഓരോ വാതിലുണ്ടു്. മുകളിൽ പോകുന്ന ഏണി കുസ്നിയുടെ അടുക്കെയാണു്. അതിന്റെ മുകളിൽ നിന്നാലും, മുകളിലെ അകത്തേക്കോലായിൽ നിന്നാലും നിരത്തിൽ കൂടെ പോകുന്നവരെ നല്ലവണ്ണം കാണാം.

എഡോൾഫി:
എനിക്കു എല്ലായ്പ്പോഴും നിന്റെ ഒന്നിച്ചു കഴിക്കണം എന്നാണു് മോഹം.
യൂജീൻ:
എനിക്കും അങ്ങിനെതന്നെ. എന്നിട്ടെന്തു ഫലം. നമ്മുടെ താല്ക്കാലസ്ഥിതികൊണ്ടു ഒന്നിനും സൗകര്യമുണ്ടാകുവാൻ തരമില്ല. ഈ നിലയിൽതന്നെ നിങ്ങളുടെ ഒന്നിച്ചു ഇപ്പോൾ ഇരിക്കാനുംകൂടി ഭയമുണ്ടു്. അതുകൊണ്ടു വരൂ. വല്ലവർക്കും ദുശ്ശങ്കജനിക്കുംമുമ്പെ നാം മറ്റുള്ളവരുടെ ഒന്നിച്ചു കൂടുവാൻ പോകുക.

കമനീകമനന്മാർ തങ്ങളെ സംബന്ധിച്ചേടത്തോളം അന്നത്തെ ദിവസത്തെ ആനന്ദം അസ്തമിച്ചെന്നറിഞ്ഞു. അവർ വിനോദത്തിൽ ഏർപ്പെട്ടതു് ഏതായാലും പൂർണ്ണമനസ്സോടു കൂടെയല്ലായിരുന്നു. എഡോൾഫി, കാട്ടിന്റെ നിർബ്ബാധവും അന്ധകാരമയവും ആയ ചില വള്ളിപ്പടർപ്പുകളുടെ ഉള്ളിൽ, യൂജീനിനേയും കൂട്ടി പോയ്ക്കളവാൻ ശ്രമിച്ചു എങ്കിലും അവളുടെ അമ്മ അറിഞ്ഞുപോയാൽ അബദ്ധത്തിലാവും എന്ന ഭയങ്കൊണ്ടു് അവൻ ആ സാഹസത്തിൽ നിന്നു പിൻവലിഞ്ഞു. അവർ തല്ക്കാലം സമ്പാദിച്ചു കഴിഞ്ഞ പ്രേമബന്ധം ആ നിലയിൽ കൊണ്ടുനടപ്പാൻതന്നെ അവരുടെ സർവ്വനടപടികളിലും മുന്നാലോചനയും ചരിതവും വേണ്ടിവരുന്നതാണു് എന്നു് കൂട്ടർ മറന്നിരുന്നില്ല.

പലരുടേയും ശബ്ദങ്ങൾ ഒന്നിച്ചു കേട്ടപ്പോൾ ബാക്കിയുള്ളവരും വന്നു ചേരുന്നുണ്ടെന്നറിഞ്ഞു. ആ കൂട്ടത്തിൽ മുൻനടന്നിരുന്നതു് ബർനാഡും റഷേലും ആയിരുന്നു. ബാക്കിയുള്ളവരുടെ പ്രതിഷേധങ്ങളൊന്നും, പ്രമാണിയാതെ നേരംപോക്കുകാരനായ ബർനാഡ്, തന്റെ തൊപ്പി ഒരു ചെവി മൂടാൻ തക്കവണ്ണം ചരിച്ചുവെച്ചു ചാപല്യം കൊണ്ടു പരവശനായ പോലെ, റഷേലിനെ രണ്ടാമതും കാട്ടിലേക്കു പിടിച്ചുകൊണ്ടു പോവാൻ ഒരുമ്പെട്ടു. പഞ്ചസാരയിൽ നിന്നു വിട്ടൊഴിഞ്ഞ ഒരു ഈച്ചയേപ്പോലെ, ഉപദേശിയാർ വ്യവസ്ഥയില്ലാത്ത വിധത്തിൽ നടന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ശീലം ഒരു പന്തിയല്ലാത്ത വിധത്തിൽ ഇളിഞ്ഞുപോയതും കണ്ടു. ചില നാട്ടുംപുറക്കാരായ സ്ത്രീ പുരുഷന്മാരും ഇവരുടെ കൂട്ടത്തിൽ പെട്ടു.

ദാവീദ്, ഓടിക്കളിപ്പാൻ എന്ന ഭാവത്തോടെ യൂജീനിന്റെ നേരെ എത്തി. യൂജീൻ നിവൃത്തിയില്ലാത്തതുകൊണ്ടു അദ്ദേഹത്തിന്റെ അപേക്ഷക്കു വഴിപ്പെടേണ്ടിവന്നു. എഡോൾഫി ഒരു നയജ്ഞന്റെ തന്ത്രം സ്വീകരിച്ചപോലെ മന്ദാരത്തിന്റെ അടുക്കെ ചെന്നുനിന്നു വിനോദിക്കാൻ ഒരുക്കമുണ്ടോ എന്നു ചോദിച്ചു. അവൾ കൂട്ടാക്കിയില്ല. എഡോൾഫി ദയവു വിചാരിച്ചു ഉപദേശിയാരെ കൂട്ടിക്കൊണ്ടു വന്നാൽ ഉപദേശിയാരും താനും ഒരേടത്തു് ശുമ്മാ ഇരുന്നുകൊള്ളാം എന്നു മന്ദാരം എഡോൾഫിയോടു പറഞ്ഞു. ഉപദേശിയാരുടെ ഭാര്യയുടെ കല്പന അത്ര രസിച്ചില്ലെങ്കിലും ഉപേക്ഷിക്കാൻ നിർവ്വാഹമില്ലെന്നു കരുതി മടിയനായ കുട്ടി സ്ക്കൂളിലേക്കു പോകുമ്പോലെപോയി. പോകുന്ന വഴിക്കു മോശയോടു ഇങ്ങിനെ ഒന്നു മന്ത്രിച്ചു. “ഇതു വലിയ സൊല്ല തന്നെ. ഞാൻ എല്ലാങ്കൊണ്ടും ഇന്ന കൂട്ടത്തിൽ കൂടി ഒന്നു വിനോദിക്കാം എന്നു കരുതിയിരുന്നു. എന്റെ ഒന്നിച്ചു കൂടിയ അവളെയും വിട്ടു വരേണ്ടിവന്നതു കഷ്ടമായ്പോയി.”

ദാവീദ് യൂജീനിന്റെ ഹൃദയത്തിൽ തന്റെ നേരെ നല്ല അഭിപ്രായം ജനിപ്പിക്കാൻ വേണ്ടിയൊ എന്നു തോന്നുമാറു, ഒരു ഫൂട്ട്ബോൾപോലെ ഓടാനും ചാടാനും തുള്ളാനും തുടങ്ങി. അവന്റെ ഘടികാരച്ചങ്ങലയിന്മേൽ തൂക്കിയിരുന്ന മെഡിലുകൾ തെറിച്ചു പോകുമൊ എന്നുകൂടി യൂജിൻ ശങ്കിച്ചു, അവൾ കൂടക്കൂടെ ചിരിച്ചെങ്കിലും അയാളുടെ ഒന്നിച്ചുകൂടി അതെ വിധമാചരിക്കാൻ അവളും മടിച്ചില്ല. ആ സാധു, കച്ചവടക്കാരൻ ദാവീദിനു അന്നത്തെപ്പോലെ അവളെ അത്ര സൗന്ദര്യവതിയായിട്ടു അതിന്നു മുമ്പൊന്നും തോന്നിയിരുന്നില്ല. അവളെ വശീകരിച്ചൊ അല്ല സ്വാധീനീകരിച്ചൊ കഴിഞ്ഞു എന്ന ഒരു ചാരിതാർത്ഥ്യവും കൂടി ആ നിസ്തേജന്റെ മനസ്സിൽ തോന്നാതിരുന്നില്ല.

മന്ദാരം:
(ദാവീദിനെ നോക്കീട്ടു.) അയാൾ അസ്സലായി നൃത്തം വെക്കുന്നുണ്ടു്.
മോശ:
സാധു വിയർത്തു കുളിച്ചുപോയിരിക്കുന്നു.
മന്ദാരം:
എന്താണു്. വിയർക്കാത്തതു ആരാണു്? കൊട്ടപേറിയതുകൊണ്ടു ഇന്നു രാവിലെ നീയും വിയർത്തിരുന്നില്ലെ നിന്നെക്കണ്ടാൽ വെള്ളത്തിൽ നിന്നു കേറി വന്ന ഒരു താറാവിനെപോലെയിരുന്നു അല്ലെ. മോശേ! നീ എന്താണു് എന്റെ ഭർത്താവിനെ കൂട്ടിക്കൊണ്ടു വരാത്തതു.
മോശ:
വരുന്നു എന്നാണു് പറഞ്ഞതു. എന്തുകൊണ്ടാണാവൊ വരാത്തതു.

പെട്ടെന്നു ഒരു വലിയ ബഹളം ഉണ്ടായതു കേട്ടു. നിലവിളിയും കൈകൊട്ടലും ഒന്നിച്ചുണ്ടായി. നോക്കിയപ്പോൾ നീണ്ടു വിരൂപിയായ ഒരു നാട്ടുംപുറക്കാരൻ ബർനാഡിന്റെ വേള പിടിച്ചു ഞെക്കുന്നതുകണ്ടു. വേറെ ഒരു കൂട്ടം നാട്ടുംപുറക്കാർ, തങ്ങളുടെ ചങ്ങാതിയെ സഹായിപ്പാൻ സന്നദ്ധരായി ചുറ്റും നിന്നു ലഹള കൂട്ടുന്നുണ്ടായിരുന്നു.

ഒരുവൻ:
(ബർനാഡിനെ നോക്കീട്ടു). അവൻ എത്രയെങ്കിലും ചാടിക്കളിച്ചുകൊള്ളട്ടെ. എന്താണു് വിരോധം. ഞങ്ങളെ കൂട്ടത്തിൽ കൂറ്റനെപ്പോലെ കേറി ഞങ്ങളുടെ പെണ്ണുങ്ങളെത്തള്ളേണ്ടുന്ന കാര്യമെന്താണു്. നിങ്ങളെപ്പോലെ ഞങ്ങൾക്കും വിനോദിച്ചു കൂടാ എന്നൊ.
മേറി:
(ഒരു കുലീന പുറത്തിറക്കുന്ന പുച്ഛരസത്തോടെ). ച്ഛീ! ഈ ഒന്നിനും കൊള്ളാത്ത നാട്ടുംപുറക്കാർ!

ഈ ഉരുസലിന്റെ ഇടയിൽ മോശ, തന്റെ കൊട്ടയുടെ ഘനം കുറക്കാൻവേണ്ടി അതിൽനിന്നു ചില സാധനങ്ങൾ ഒക്കെ എടുത്തു വലിച്ചെറിഞ്ഞു. അതിന്നിടയിൽ മന്ദാരം പെട്ടെന്നു കണ്ടതു, ഒരു ചെറിയ പെൺകിടാവിന്റെ ഒപ്പം ഇരുന്നു തന്റെ ഭർത്താവു് ചില ഭക്ഷണസാധനങ്ങൾ അവൾക്കു വെച്ചുകാട്ടുന്നതായിരുന്നു. ആ പെണ്ണു് ഒരു നാട്ടുംപുറക്കാരത്തിയും ആയിരുന്നു.

മന്ദാരം:
(കോപത്തോടെ). നിങ്ങൾ എന്താണു് അവിടുന്നു ചെയ്യുന്നതു.
ഉപദേശി:
ഞാൻ നിണക്കു കുറെ ചോക്കളെട്ടു കൊണ്ടു വരികയായിരുന്നു. വരുന്നവഴിക്കു ഈ യുവതി കുറെ അവൾക്കുവേണം എന്നു പറഞ്ഞു.
മന്ദാരം:
നിങ്ങൾ ദയവുചെയ്തു വേഗം ചെന്നു യൂജീൻ എവിടെയാണെന്നു തിരഞ്ഞുനോക്കുമൊ? നിങ്ങൾ ഇപ്പോൾ കാണിച്ച അഴിമതിക്കു ഞാൻ പിന്നീടു പകരം ചോദിച്ചുകൊള്ളാം.

ഉപദേശിയാർ അടികിട്ടിയ പട്ടിയെപോലെ വരുമ്പോൾ അവർ ഇരുവരും ദാവീദിനെ കണ്ടുമുട്ടി. ദാവീദിന്റെ മുഖം അസ്വാസ്ഥ്യവും അസന്തോഷവുംകൊണ്ടു വികൃതമായിരുന്നു.

ഉപദേശി:
ദാവീദേ! നിങ്ങൾ യൂജീനിനെ കണ്ടോ? നിങ്ങളല്ലേ അവസാനം അവളേയും കൂട്ടിപ്പോയതു.
ദാവീദ്:
ആ ബഹളത്തിന്നിടയിൽ ഞാൻ പിന്നെ അവളെ കണ്ടില്ല. അവൾ തനിച്ചല്ലാതിരുന്നതുകൊണ്ടു അവൾക്കൊന്നും വരാനിടയില്ല. എഡോൾഫി അവളുടെ കൂടെ ഉണ്ടായിരുന്നു.

വാസ്തവം പറയേണമെങ്കിൽ, പ്രേമം ബാധിച്ചിരുന്ന ആ രണ്ടുപേരും (യൂജീനും എഡോൾഫിയും) ആ ബഹളത്തിന്റെയും ലഹളയുടെയും മദ്ധ്യെ വല്ല സ്വൈരസല്ലാപത്തിന്നും തരം കിട്ടുമൊ എന്നു കാത്തുകൊണ്ടിരുന്നു. പ്രണയം ബാധിച്ച കൂട്ടർ എപ്പോഴും ഈ മാതിരി സ്വഭാവക്കാരായിരിപ്പാനെ തരമുള്ളൂ. അവർ ഇരുവരും പിന്നേയും സ്വകാര്യമായി കണ്ടുമുട്ടാൻ വഴികണ്ടപ്പോൾ, അവർക്കു അന്യോന്യം സ്നേഹമുണ്ടെന്നും, അവരുടെ പ്രേമം മരിച്ചാലും മറന്നുപോകത്തക്കതല്ലെന്നും അന്യോന്യം ആവർത്തിച്ചു പറഞ്ഞുകൊണ്ടു ആശ്വസിച്ചിരുന്നു. അങ്ങിനെയുള്ള മനോഹര നിമിഷങ്ങൾ എത്ര വേഗം ഒടുങ്ങിപ്പോകുന്നു! ആ സുഖം എത്ര കാലത്തിന്നിടയിൽ ഓരോ ദിക്കിൽ മാത്രം കിട്ടുന്ന ഒന്നായിത്തീർന്നു പോകുന്നു! വാസ്തവത്തിൽ അവർക്കു പത്തുമിനുട്ടു മാത്രമെ ആ പ്രാവശ്യം ഒന്നിച്ചു വിനോദിപ്പാൻ സമയം കിട്ടിയിരുന്നുള്ളൂ. അപ്പഴാണു്, അവർ മന്ദാരം യൂജീനിനെ വിളിക്കുന്നതു കേട്ടതു. യൂജീൻ മെല്ലെ എഡോൾഫിയുടെ കൂടെ വെളിക്കുവന്നു കൂട്ടത്തിൽ ചേർന്നു. ലഹളയും ബഹളവും ഉണ്ടായതിന്മദ്ധ്യെതന്നെ രക്ഷിപ്പാൻ വേണ്ടിമാത്രം എഡോൾഫി വന്നതാണെന്നു അവൾ തന്റെ അമ്മയോടു പറഞ്ഞു.

മന്ദാരം:
(നന്ദിയോടെ എഡോൾഫിയോടു) വളരെ നന്നായി. ഇവളെയുംകൂട്ടി എന്റെ അരികെ വരുന്നതായിരുന്നു ഉത്തമം. ഇനി നമുക്കൊക്കെ മടങ്ങാറായെന്നു തോന്നുന്നു യൂജീൻ! നീ ദാവീദിനെത്തുണയായിപ്പിടിച്ചോളു. ഒരു നിസ്സാരനായ നാട്ടുംപുറക്കാരനോടു കശപിശ കൂടാൻ ചെന്നിട്ടു, ബർനാഡ് നമ്മുടെ ഇന്നത്തെ നേരംപോക്കു അമാന്തമാക്കിക്കളഞ്ഞതു വളരെ സങ്കടമായ്പോയി.
മേറി:
(വളരെ ഉച്ചത്തിൽ) എന്തു്! ഒന്നുംകൂടി പറയുന്നതു ഞാൻ കേൾക്കട്ടെ. നിന്റെ വിഷമുള്ള നാവും പുച്ഛമായ നോട്ടവുംകൊണ്ടല്ലെ അവർക്കു കോപം ജനിക്കാൻ ഇടവന്നതു നീയല്ലേ എല്ലാറ്റിന്നും കാരണം!
മന്ദാരം:
പറയുന്നതു കേട്ടൊ. അങ്ങിനെ അവരെ കോപിപ്പിക്കേണമെങ്കിൽ എന്റെ നാവു നിന്റെ നാവുപോലെ കർക്കശമായിരിക്കണ്ടെ!
മേറി:
നിന്റെ എല്ലാവരെയും അടക്കാൻ പുറപ്പെടുന്നമാതിരിയും നടവടിയും കൊണ്ടു ഞാൻ മടുത്തു. എനിക്കു സഹിക്കാൻ പാടില്ലാതായി. നിണക്കു നിന്റെ ഭർത്താവിനെ എന്നപോലെ ബാക്കിയുള്ളവരേയും ഭരിക്കാൻ മോഹമുണ്ടെന്നു നിന്റെ മാതിരി കണ്ടാൽ ആരും വിചാരിച്ചുപോകും.
മന്ദാരം:
അല്ലാ, കൈകടന്നവാക്കും പറഞ്ഞുതുടങ്ങിയൊ. ആട്ടെ. ഞാൻ നല്ല ഒരു പാഠം പഠിച്ചു. എന്റെ ചങ്ങാതിമാർ ആരാണെന്നു എനിക്കു ഇതുവരെ മനസ്സിലായിരുന്നില്ല. മിസ്റ്റർ ബർനാഡേ. മേറി അമ്മേ! ഇന്നുമുതൽ നമ്മൾ അന്യോന്യം ലോഹ്യമില്ല.

ഈ വഴക്കിന്നു ഒരു മുറുക്കവുംകൂടി ഇടാൻവേണ്ടിയൊ എന്നു തോന്നും പടിക്കു മഴയും പെയ്തുതുടങ്ങി. എല്ലാവർക്കും (യൂജീനിനും എഡോൾഫിക്കും ഒഴികെ) ക്ഷമയില്ലാതായി. എഡോൾഫിയെ ബസ്സു നിർത്താൻവേണ്ടി റോഡിലേക്കു അയച്ചപ്പോൾ മോശയോടും അവന്റെ കൂടെ പോവാൻ പറഞ്ഞു. എഡോൾഫിയുടെ ഉത്സാഹങ്കൊണ്ടും ബസ്സുകാരന്റെ വിനയംകൊണ്ടും ഒരു മണിക്കൂറിനുള്ളിൽ എല്ലാവർക്കും ബസ്സു കേറാൻ സംഗതിവന്നു. “നിങ്ങൾ ചെയ്തതു വളരെ ഉപകാരമായി. ഞങ്ങൾക്കൊന്നും നിങ്ങളെ അത്രക്ഷണത്തിൽ മറക്കാൻ പാടില്ലാതായി” എന്ന മന്ദാരത്തിന്റെവാക്കുകൾ എഡോൾഫിയുടെ “കർണ്ണരന്ധ്രങ്ങളിൽ” “അമൃതതതി ധാരാളമായ് ധാരചെയ്ത”പോലെ ആയി.

ആറാം അദ്ധ്യായം

(യജമാനത്തിയും) (കൊച്ചമ്മയും) (വേലക്കാരത്തിയും)

നേരം രാത്രിയായി ഊണെല്ലാം കഴിഞ്ഞു ഉപദേശിയാരും മന്ദാരവും ശയനഗൃഹത്തിൽ പ്രവേശിച്ചപ്പോൾ യൂജീൻ മുകളിൽ പോവാൻ പുറപ്പെട്ടു. പോകുംവഴിക്കു കുസ്നിയിലേക്കു ഒരു നോട്ടം വെച്ചു. ജന്നി, ഉറങ്ങാൻ കിടക്കുമ്പോൾ ഓരൊന്നു അതതിന്റെ സ്ഥാനത്തു വെക്കാൻ വേണ്ടി അങ്ങുമിങ്ങും നടക്കുന്നതു കണ്ടു.

യൂജീൻ:
(മൃദുവായി) ജന്നി! എല്ലാവരും ഉറങ്ങിയാൽഞാൻ മെല്ലെ ചോടെ ഇറങ്ങിവരും. നീ എന്നേയും കാത്തിരിക്കണേ! എനിക്കു നിന്നോടു പലതും പറവാനുണ്ടു്.
ജന്നി:
അങ്ങിനെയാകട്ടെ. ഞാൻ ഉറങ്ങാതെ കാത്തിരിക്കാം.

അരമണിക്കൂർ കഴിഞ്ഞപ്പോൾ യുജീൻ അവളുടെ മുറിയും വിട്ടു ചോടെ ഇറങ്ങിവന്നു. അവളുടെ നീണ്ടിരുണ്ടു ചുരുണ്ട തലമുടി അഴിഞ്ഞുവീണു, പുറം മൂടിയിരുന്നു. ഒരു നേരിയ അങ്കികൊണ്ടു മാത്രം ശരീരം മൂടിയിരുന്നു. ഈ മനോഹരനിലയിൽ ആ സുന്ദരിയെ ഒരു നോക്കു കാണുവാൻ ഇടവരാത്തതു് എഡോൾഫിയുടെ നിർഭാഗ്യമെന്നേ പറയേണ്ടതുള്ളൂ.

ജന്നി:
(കുസ്നിയുടെ വാതിൽ ഉന്തിത്തുറന്നിട്ടു്) ചെറിയമ്മെ! ഞാൻ ഇവിടെ ഉണ്ടു്. ഇവിടുന്നു നമുക്കു സ്വൈരമായി സംസാരിക്കാം.

അവർ ഇരുവരും ഓരോ ദിക്കിൽ ഇരുന്നു.

ജന്നി:
നിങ്ങളുടെ യാത്ര നിങ്ങൾക്കു പിടിച്ചോ? ഞാൻ കേട്ടതു എന്തോ ചില ലഹളയും തല്ലുംപിടിയും ഉണ്ടായി എന്നാണു്. പോരാഞ്ഞിട്ടു് വാക്കും പിണക്കവും ഉണ്ടായി എന്നും കേട്ടു.
യൂജീൻ:
അതെന്തെങ്കിലുമാകട്ടെ. എന്റെ കാര്യമാണെങ്കിൽ ഞാൻ ജനിച്ചതിൽ പിന്നെ ഇത്ര സുഖവും രസവും അനുഭവിച്ചിട്ടില്ല.
ജന്നി:
നിങ്ങളുടെ അമ്മ മടങ്ങിവന്നതു് മുഖവും വീർപ്പിച്ചു കൊണ്ടാണല്ലൊ.
യൂജീൻ:
അതൊന്നും എനിക്കറിയേണ്ട.
ജന്നി:
ചെറിയമ്മെ! പോരാഞ്ഞിട്ടു ഇടിയും മഴയും കൂടി ഉണ്ടായിരുന്നല്ലൊ.
യൂജീൻ:
അതൊക്കെ എന്തു സാരം? എന്റെ വിനോദത്തിന്നു സീമ ഉണ്ടായിരുന്നില്ല.
ജന്നി:
എനിക്കൊന്നും മനസ്സിലാകുന്നില്ല.
യൂജീൻ:
ഞാൻ അയാളുടെ അടുക്കെതന്നെയായിരുന്നു.
ജന്നി:
ഏതാൾ?
യൂജീൻ:
എഡോൾഫി.
ജന്നി:
എന്നിട്ടു്.
യൂജീൻ:
അയാൾ എന്തൊരു നല്ല മനുഷ്യനാണെന്നു് നീയോ മറ്റൊ അറിഞ്ഞിരുന്നു എങ്കിൽ—ഞങ്ങൾ ഒളിച്ചു കളിച്ചു—ചാടിക്കളിച്ചു—അമ്മയേക്കാളും പരിതാവസ്ഥകൾ ഞങ്ങളെ സഹായിച്ചു.
ജന്നി:
അതു ഞാനും ഊഹിച്ചു. നിങ്ങളെ ഇത്രത്തോളം സന്തോഷപ്പെടുത്താൻ മിസ്റ്റർ എഡോൾഫി നിങ്ങളോടു എന്തു പറഞ്ഞു?
യൂജീൻ:
എല്ലാം പറവാൻ മാത്രം എനിക്കു ധൈര്യമുണ്ടായിരുന്നു എങ്കിൽ—എനിക്കു പറഞ്ഞുതരാനും വളരെ ആഗ്രഹമുണ്ടു്.
ജന്നി:
ഞാൻ നിങ്ങളുടെ അമ്മയല്ലല്ലൊ. നിങ്ങൾക്കു എന്നോടു എന്തും പറയാമല്ലോ.
യൂജീൻ:
ജന്നീ! അയാൾക്കു എന്നോടു പ്രണയമുണ്ടെന്നു അയാൾ എന്നോടു പറഞ്ഞു. അയാൾ ജീവനുള്ള കാലംവരെ എന്നെ സ്നേഹിക്കുമെന്നു സത്യം ചെയ്തു. നിശ്ചയമായിട്ടും എനിക്കു അയാളെ വിശ്വസിക്കാതിരിപ്പാൻ പാടില്ല. അയാൾ കളവു പറയുമെന്നു തോന്നുന്നില്ല.
ജന്നി:
ചെറിയമ്മേ! ഏതു് ആണും കളവു പറയും. അവരുടെ ശപഥത്തിലൊന്നും നിങ്ങൾ വിശ്വസിക്കരുതു്. ഒരു പെണ്ണിൽ അവർക്കു കാംക്ഷ നേരിട്ടാൽ അവർ എന്തും പറവാൻ മടിക്കില്ല. അവർ മുഖസ്തുതി പറയുന്നതു ഞാൻ എച്ചിൽ വലിച്ചെറിയുമ്പോലെ എളുപ്പത്തിലായിക്കും.
യൂജീൻ:
അയാൾ വെറുതെ ഒന്നും പറയില്ല എന്നു എനിക്കു നിശ്ചയമുണ്ടു്. എന്നുവെച്ചാൽ എനിക്കു ഉള്ളാലെ ഒരു തോന്നൽ. എനിക്കു ഉള്ളതൊക്കെ പറവാൻ നീ എങ്കിലും അടുക്കെയുള്ളതു് എന്റെ ഭാഗ്യം. എനിക്കു അയാളോടു മാത്രമല്ല അയാളുടെ പേരോടും കൂടി പ്രേമം ചേർന്നുപോയി.
ജന്നി:
അയ്യോ! ചെറിയമ്മെ! നിങ്ങൾ വളരെ മാറിപ്പോയി. നിശ്ചയമായിട്ടും സ്നേഹത്തിന്റെ വലയിൽ നിങ്ങൾ കെണിഞ്ഞു.
യൂജീൻ:
ശരിയാണു് ജന്നി! നീ പറഞ്ഞതു. അതൊന്നും പോരെങ്കിൽ എനിക്കു അയാളോടും പ്രണയമുണ്ടെന്നു ഞാനും അയാളോടു പറഞ്ഞു.
ജന്നി:
എന്തു ഒന്നാമത്തെ ദിവസം തന്നെയൊ?
യൂജീൻ:
അതെ. എനിക്കു നിവൃത്തിയില്ലാതായ്പോയി.
ജന്നി:
അത്ര വേഗം വേണ്ടിയിരുന്നില്ല.
യൂജീൻ:
അയാൾക്കു വളരെ മനോവേദന ഉണ്ടായിരുന്നു. അതുകൊണ്ടു എന്റെ അവസ്ഥയും അയാളോടു പറഞ്ഞു അയാളെ ആശ്വസിപ്പിക്കേണ്ടതു എന്റെ മുറയാണെന്നു എനിക്കു തോന്നി.
ജന്നി:
ചെറിയമ്മെ! ഇതൊക്കെ എങ്ങിനെയാണു് കലാശിപ്പാൻ പോകുന്നതു്?
യൂജീൻ:
ഞാൻ ഒന്നും അറിയില്ല. ആ വിചാരവും കൂടി എനിക്കു ഉണ്ടായിട്ടില്ല. എനിക്കു അതിസുഖമൊ പരമാനന്ദമൊ ഉണ്ടായെന്ന ബോദ്ധ്യമെ എനിക്കു തല്ക്കാലം അനുഭവമായിരുന്നുള്ളൂ.
ജന്നി:
അതിൽപിന്നെ എന്തുണ്ടായി.
യൂജീൻ:
അയാൾ ഈ വീട്ടിന്റെ മുമ്പിലുള്ള നിരത്തിൽകൂടെ കഴിയുമ്പോഴൊക്കെ നടക്കുമെന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു.
ജന്നി:
എന്തിന്നു?
യൂജീൻ:
തരമുണ്ടെങ്കിൽ സംസാരിപ്പാൻ വേണ്ടി. വറാന്തയിൽ മോശയുണ്ടെന്നു കണ്ടാൽ ഞങ്ങൾ അന്യോന്യം നോക്കുകയല്ലാതെ ഒന്നും മിണ്ടുകയില്ല.

ഇതൊക്കെ കേട്ടപ്പോൾ സമർത്ഥയായ ജന്നി തന്റെ തല ഒന്നു രണ്ടുവട്ടം ആട്ടിയതെ ഉള്ളു.

ജന്നി:
പെട്ടെന്നു ജനിക്കുന്ന പ്രണയം എപ്പോഴും അത്യാപത്തിന്റെ വിത്താണു്. മേലാൽ എന്തൊക്കെ വരുമെന്നു ആരറിഞ്ഞു. ഇപ്പോളൊക്കെ ഭംഗിയായി തോന്നും. ഒരു സമയം ലജ്ജയും സങ്കടവും ആയിരിക്കും ഫലം. പ്രാരംഭമാധുര്യം, സ്നേഹത്തിന്നു വിധിച്ചതാണു്. ഇന്നലേത്തേക്കാൾ ഇന്നാണു് എനിക്കു അധികസുഖമെന്നു ഒരാൾ പറയുമായിരിക്കും. പിന്നീടു അയാൾക്കു തീരാത്ത സങ്കടത്തിന്നു ഇടവന്നു എന്നും വരും.
യൂജീൻ:
ഇപ്പോൾതന്നെ നീ കറ്റവാഴയുടെ നീർ ഉറ്റിക്കാൻ പുറപ്പെട്ടൊ?
ജന്നി:
എന്നാൽ ഞാൻ ഒന്നു പറയട്ടെ! അയാളെ വിവാഹം കഴിപ്പാൻ അമ്മ നിങ്ങളെ ഒരിക്കലും സമ്മതിക്കുകയില്ല.
യൂജീൻ:
ജന്നീ! അവരു് സമ്മതിക്കേണ്ടതാണു്. അവരു് സമ്മതിക്കും.
ജന്നി:
എനിക്കു തോന്നുന്നില്ല ചെറിയമ്മെ! ഞാൻ ചിലതൊക്കെ മനസ്സിലാക്കിയതു നിങ്ങളോടു പറഞ്ഞു തരാനുള്ള അവസരം ഇതുതന്നെയാണു്. നിങ്ങളുടെ അമ്മ നിങ്ങൾക്കു ഒരു ഭർത്താവിനെ കണ്ടുവെച്ചിട്ടുണ്ടു. അയാൾ മിസ്റ്റർ എഡോൾഫിയെപ്പോലെ പണമില്ലാത്ത ഒരാളല്ല, അതുകൊണ്ടു സാഹസത്തിലൊന്നും വെറുതെ ചെന്നു കയ്യിടേണ്ട. ഒരു ചെറുപ്പക്കാരന്റെ ചഞ്ചല മനസ്സും വിശ്വസിച്ചു വേണ്ടുവോളം പണവും സുഖകരമായ വീടും മറ്റും പുല്ലാക്കിക്കളയുവാൻ പാടില്ല. ഞാൻ പ്രായമധികമില്ലാത്ത ഒരു ബുദ്ധിശൂന്യയും നാട്ടുമ്പുറക്കാരത്തിയും ആണെങ്കിലും എനിക്കു നിങ്ങളെ വളരെ സ്നേഹമാണു്. എനിക്കു എപ്പോഴും നിങ്ങളെ സന്തോഷവും സുഖവുമുള്ള നിലയിൽ കാണ്മാനാണു് ഇഷ്ടം. ഇതൊന്നും പോരെങ്കിൽ പ്രണയത്തിന്റെ രുചി ഒരിക്കൽ ഞാനും അനുഭവിച്ചവളാണു്.
യൂജീൻ:
(മൃദുവായി) എങ്ങിനെ എന്നു പറയൂ.
ജന്നി:
എനിക്കു ജെറോം എന്നു പേരായ ഒരു കാമുകൻ ഉണ്ടായിരുന്നു. എഡോൾഫി നിങ്ങളോടു പറഞ്ഞപോലെയും സത്യംചെയ്തപോലെയും ഉള്ള സകലചടങ്ങുകളും അയാൾ എന്റെ നേരെയും പ്രയോഗിച്ചു. ഒരു സമയം എഡോൾഫിയെപ്പോലെ ഭംഗിയിൽ പറവാൻ സാധിച്ചില്ലായിരിക്കുമെങ്കിലും അയാളുടെ വാക്കുകൾ കേൾപ്പാൻ എനിക്കു വളരെ കൗതുകവവും സന്തോഷവും തൃപ്തിയും ഉണ്ടായി.
യൂജീൻ:
എന്നാൽ പിന്നെ നീ അയാളെ എന്തുകൊണ്ടു വിവാഹം കഴിച്ചില്ല.
ജന്നി:
പ്രണയം കലർന്ന ഒരാളെ വിവാഹം കഴിപ്പാൻ എല്ലായ്പോഴും എല്ലാവർക്കും സാധിക്കുന്നതല്ല. അയാളുടെ മാതാപിതാക്കന്മാർ സാമാന്യം സ്വത്തുകാരയിരുന്നു. ഞാൻ കാശിന്നു ഗതി ഇല്ലാത്തവളും. അയാളെ കാണ്മാൻതന്നെ അച്ഛനമ്മമാർ എന്നെ സമ്മതിച്ചില്ല. അയാൾ എന്തുചെയ്തു എന്നുകേൾക്കു. ഒരിക്കലും മടങ്ങിവരില്ല എന്നു പറഞ്ഞുങ്കൊണ്ടു അയാൾ തന്റെ വീട്ടിൽനിന്നു പോയ്ക്കളഞ്ഞു. അതിൽപിന്നെ അയാളുടെ യാതൊരു വിവരവും എനിക്കു കിട്ടിയില്ല. ഒരു സമയം അയാൾ മരിച്ചൊ എന്തോ! നിർഭാഗ്യയായജന്നിയുടെ കണ്ണിൽവെള്ളവും നിറഞ്ഞു.
ജന്നി:
ചെറിയമ്മേ! ഇതൊക്കെ പത്തുകൊല്ലംമുമ്പെ കഴിഞ്ഞ കാര്യമാണു്. എനിക്കിപ്പോൾ ഇരുപത്തേഴ് വയസ്സായി. അതിപിന്നെ എനിക്കു ആരോടും പ്രണയം തോന്നീട്ടുമില്ല. ജെറോം പോയതിൽപിന്നെ മറ്റൊരു പുരുഷന്റെ പ്രണയസംസാരം കേൾക്കാനും ഞാൻ നിന്നിട്ടില്ല.
യൂജീൻ:
നീ അയാളെ വളരെ സ്നേഹിച്ചിരുന്നിരിക്കണം.
ജന്നി:
അതൊക്കെ സത്യംതന്നെ. എന്നാൽ അച്ഛനമ്മമാർ അനുകൂലികളല്ലെങ്കിൽ പ്രണയം വ്യസനത്തിൽ കലാശിക്കും. നിങ്ങൾ പ്രണയത്തിന്റെ പ്രാരംഭം കണ്ടിട്ടേ ഉള്ളൂ. അതുകൊണ്ടു് ആ ബാധ പടർന്നു പിടിക്കുംമുമ്പെ അതിനെ എളുപ്പത്തിൽ ഒതുക്കാൻ സാധിക്കും.
യൂജീൻ:
എങ്ങിനെ?
ജന്നി:
അയാളെ മറന്നു കളഞ്ഞിട്ടു്.
യൂജീൻ:
അയാളെ മറക്കാനോ? നീ അങ്ങിനെ എന്നോടു പറയുകയോ? ജന്നീ! ആ കാലമൊക്കെ കഴിഞ്ഞു പോയി. സാധു എഡോൾഫി! അയാൾ സങ്കടം കൊണ്ടു മരിച്ചുപോകും.
ജന്നി:
അതൊന്നും ഉണ്ടാവില്ല. പുരുഷന്മാർ സങ്കടം കൊണ്ടു മരിച്ചുപോകുന്നവരൊന്നുമല്ല. സ്ത്രീകളും അങ്ങിനേതന്നെ.
യൂജീൻ:
നീ അറുപതു വയസ്സായ ഒരു കിഴവിയെപ്പോലെ സംസാരിക്കുന്നു.
ജന്നി:
അതുകൊണ്ടു നിങ്ങൾക്കുദോഷം നേരിടാനില്ല. എന്നാൽ നിങ്ങൾക്കും ഈ പ്രണയത്തിൽ വാശിയും പിടിത്തവും ഉണ്ടെങ്കിൽ നിങ്ങളെ ഒന്നിപ്പിക്കാൻ എന്നാൽ കഴിയുന്നതൊക്കെ ചെയ്വാൻ ഞാൻ ഒരുക്കമാണു്. നിങ്ങളുടെ ഇഷ്ടവും പ്രീതിയുമാണു് എനിക്കു എല്ലാറ്റിലും വലിയ കാര്യം. നിങ്ങളുടെ വിചാരമുണ്ടായിരുന്നില്ലെങ്കിൽ ഞാൻ പണ്ടെങ്ങാൻ ഈ വീടും വിട്ടു പോയ്ക്കളയുമായിരുന്നു. നന്ദികൊണ്ടു പരവശയായ യൂജീൻ ദാസിയുടെ കൈ പൊത്തിപ്പിടിച്ചു.
യൂജീൻ:
ജന്നി! എന്റെ ചങ്ങാതി! അതൊക്കെ ഞാനറിയും. എനിക്കു നിന്നേയും വളരെ സ്നേഹമാണു്. ഈ കാര്യത്തെപ്പറ്റി സംസാരിപ്പാൻ എല്ലാ ദിവസവും നമുക്കു ഓരോ അവസരം കണ്ടുപിടിക്കണം. അതല്ലെ നല്ലതു്. ഒരു സമയം അമ്മ സമ്മതിക്കുമായിരിക്കും. അവരു് ഞങ്ങളുടെ വിവാഹത്തിന്നു സമ്മതിച്ചാൽ അന്നു നീ ഞങ്ങളുടെ കൂടെ പോരണം.
ജന്നി:
നിങ്ങൾ വിളിച്ചാൽ ഞാൻ സംശയമില്ലാതെവരും.
യൂജീൻ:
ഒഴിവു് ദിവസങ്ങളിൽ ഞങ്ങൾ രണ്ടാളും വിനോദസഞ്ചാരത്തിന്നു പോകുമ്പോൾ നീയും ഞങ്ങളുടെ കൂടെ പോരണം. നമുക്കൊക്കെ എത്രയൊ സുഖവും സന്തോഷവുമായിക്കഴിയാം. നീ വിചാരിക്കേണ്ട ജന്നി! എല്ലാം ശുഭമായി കലാശിക്കും.
ജന്നി:
എന്റെയും ആഗ്രഹം അങ്ങിനെയാണു്.
യൂജീൻ:
നീ ഓരോന്നിന്റെ ദൂഷ്യഭാഗമേ നോക്കുകയുള്ളൂ.
ജന്നി:
ആ ഭാഗവും നോക്കേണ്ടേ!
യൂജീൻ:
നീ മിണ്ടാതിരിക്കൂ. നമുക്കു നാട്ടുപുറത്തു് വലിയ പറമ്പുള്ള ഒരു വീടു് വാങ്ങാം. ഒരു ബങ്കളാവു് പുതുപ്പാടിയിലും എടുപ്പിക്കാം—ആ കാട്ടിൽ യാതൊരാളും ഉപദ്രവിക്കാനോ ശാസിക്കാനോ ഇല്ലാതെ അവിടുന്നു നമുക്കു വിട്ടുപിരിയാതെ നിർബ്ബാധമായി കാലം കഴിക്കാം. നമുക്കു ഒരു തോട്ടം ഉണ്ടാക്കി പൂക്കൾ വിടരുന്നതു നോക്കാം. ഊണു് കഴിക്കുംമുമ്പെ നമുക്കു വ്യായാമത്തിന്നുവേണ്ടി ഉലാത്താം. നല്ല വിശപ്പോടെ മടങ്ങിവരികയും ചെയ്യാം. ഊണു് കഴിഞ്ഞാൽ എഡോൾഫിക്കു എഴുതാനൊ വായിക്കാനൊ ഉണ്ടാകും. ആ സമയത്തു് നമുക്കു രണ്ടാൾക്കും ജോലിയെടുത്തോ സൊള്ളു പറഞ്ഞോ സമയംപോക്കാം. ഹാ! ജന്നി! ഇതൊക്കെ എന്തു സുഖമായിരിക്കും?
ജന്നി:
(ഒരു കോട്ടു് വായ് അമർത്തിക്കൊണ്ടു്). അതെ.
യൂജീൻ:
ഞങ്ങൾക്കു കുട്ടികളും ജനിക്കുന്നുണ്ടായിരിക്കും. നിശ്ചയമായിട്ടും. കുഞ്ഞിന്മക്കൾ—എനിക്കു അവരോടു് എത്ര സ്നേമഹായിരിക്കും. അവർ ഞങ്ങളെ മാതാപിതാക്കന്മാരെ പോലെയൊ ചങ്ങാതിമാരെപോലെയൊ സ്നേഹിക്കും. അവർക്കു എന്നോടുള്ള വിശ്വാസം കാണുമ്പോൾ എന്റെ പ്രണയത്തിന്നു് വീര്യവുംകൂടും. പിന്നെ അവർ എന്നോടു കുഞ്ഞിഞ്ഞായം പറഞ്ഞു തുടങ്ങും… ഞങ്ങൾ അവരെ അന്യ രാജ്യത്തിലെ ബോഡിങ്ങ് സ്ക്കൂളിലൊന്നും പറഞ്ഞയക്കയില്ല. അങ്ങിനെയയാൽ അവർക്കു മാതാപിതാക്കന്മാരോടുള്ള വീര്യം കുറഞ്ഞു പോവും. അവർക്കു പഠിപ്പു ജാസ്തിയാകുന്നതിനേക്കാൾ ഞങ്ങളോടുള്ള പ്രണയമാകുന്നു ജാസ്തിയാകേണ്ടതു്. അവർക്കു വാസനയില്ലാത്ത യാതൊരു പ്രവൃത്തികളിലും ഞാൻ അവരെ വിടുകയില്ല.
ജന്നി:
(ഉറക്കം തൂക്കിക്കൊണ്ടു്) അതെ ചെറിയമ്മെ!
യൂജീൻ:
എന്റെ മകനെ ഞാൻ പട്ടാളത്തിൽ ചേരാൻ ഒരിക്കലും സമ്മതിക്കുകയില്ല. അവനെങ്ങാൻ യുദ്ധത്തിൽ മരിച്ചുപോയാലൊ? ഞാൻ ഉദ്ദേശിക്കുന്നതു:—ഓ. ജന്നി ഉറങ്ങിപ്പോയൊ? കഷ്ടമായിപ്പോയി. എന്റെ മനോരാജ്യമൊക്കെ ഇതുകൊണ്ടു തീരട്ടെ. എനിക്കിപ്പോൾ ഭർത്താവുമില്ല. മക്കളുമില്ല. സ്വന്തമായി വീടും ഇല്ല. ഞാൻ മനസ്സിന്നു് സ്വാസ്ഥ്യമില്ലാതെ എന്റെ മാതാപിതാക്കന്മാരുടെ വീട്ടിന്റെ കുസ്നിയിൽ ഇരിക്കുന്ന ഒരു പെൺകിടാവാണു്. മാത്രം മനോരാജ്യംകൊണ്ടു കോട്ടകെട്ടുകയായിരുന്നു. സാധു ജന്നി! എന്റെ സ്വാർത്ഥംകൊണ്ടു ഞാൻ അവളുടെ ക്ഷീണം അറിഞ്ഞില്ല. അതാ ഘടികാരം രണ്ടു മുട്ടുന്നു. സമയം വേഗം പോകുന്നതു, കേട്ടു നില്ക്കുന്നവരേക്കാൾ സംസാരിക്കുന്നവർക്കാണു്. എനിക്കു ഉറക്കം വരുന്നതു് പൂജ്യമാണെങ്കിലും എനിക്കു ഉറങ്ങാൻ പോകാതെ നിവൃത്തിയില്ല. ജന്നി! എഴുന്നേല്കൂ. നമുക്കു കിടക്കാൻ പോകാം. നേരം വളരെ വൈകി.

ഇങ്ങിനെ അവളോടു യാത്രയും പറഞ്ഞു കുസ്നിയും വിട്ടു ജന്നി ശബ്ദമുണ്ടാക്കാതെ മുകളിലേക്കു കേറി. ഒരു വെളിച്ചം എടുക്കാനും കൂടി അവൾക്കു ധൈര്യമുണ്ടായില്ല. പിന്നെ ആരോ ഒരാൾ ഏണിമേൽ നിന്നു മൂന്നുനാലു് പടി ചോടെ വീഴുംപോലെയുള്ള ശബ്ദവും ഒരു ക്രോധസ്വരവും ഒന്നിച്ചു പുറപ്പെടുന്നതു കേട്ടു. ഒരു വെളിച്ചത്തിന്നുവേണ്ടി അവളുടെ അച്ഛൻ താഴെ വരുന്നതായിരിക്കുമോ എന്നു ശങ്കിച്ചിട്ടു് ഭയംകൊണ്ടു് പെൺകിടാവു് ഒരേടത്തു് തന്നെ അനങ്ങാതെ നിന്നു. പിന്നീടു് അവൾ കേട്ടതു് മോശ തന്നോടുതന്നെ ഇങ്ങിനെ പറയുന്നതായിരുന്നു. “നിശ്ചയമായിട്ടും എനിക്കു ഇതൊരു ദുർദ്ദിനമാണു്. എന്റെ പള്ളക്കു തണുപ്പു പിടിച്ചിരിക്കാൻ മതി. അല്ല ഞാൻ കുറെ മുമ്പെ കുടിച്ച വീഞ്ഞിന്റെ ഫലമായിരിക്കുമോ? ഏതായാലും നാലു പടി കുറയാതെ ഞാൻ വീണു. പണ്ടൊന്നും ഇങ്ങിനെ ഒരു സംഭവം എനിക്കുണ്ടായിട്ടില്ല. ഒരു സൊല്ലപിടിച്ച ഏണിയും ഓ എനിക്കു നല്ലവണ്ണം വേദനയായി.”

യൂജീൻ, മോശ, തന്നെ കാണാതിരിക്കത്തക്കവണ്ണം ചുമരോടു പറ്റിനിന്നു. മോശ അതിലെ കടന്നുപോകേണ്ടുന്ന ഘട്ടത്തിൽ എത്തി. അവൻ അവിടെ എത്തിയപ്പോഴെക്കു പെട്ടെന്നു ഒന്നു ചാഞ്ഞുപോകയും അറിയാതെ യൂജീനിന്റെ ദേഹത്തിൽ ചെന്നു മുട്ടിപ്പോകുകയും ചെയ്തു ആരോ ഇവിടെ ഒളിച്ചിരിക്കുന്നുണ്ടെന്നു തീർച്ചയായപ്പോൾ ഭയാതുരനായ മോശ “വരീൻ! വരീൻ! കള്ളന്മാർ! കള്ളന്മാർ!” എന്നു നിലവിളിച്ചു.

നരിയേപ്പോലെ ഒരൊറ്റ ചാട്ടവും ചാടി, യൂജീൻ ഏണിയും കയറി അവളുടെ മുറിയിൽ ശരണം പ്രാപിച്ചു മോശയാകട്ടെ പിന്നേയും പിന്നേയും നിലവിളിച്ചു ഏണിമേൽ കലശലായി ചവിട്ടിത്തുടങ്ങി. അവന്റെ നിലവിളിയുടെ കടുപ്പം കേട്ടാൽ കള്ളന്മാർ അവനെ പിടിച്ചു കൊല്ലാൻ പോകുന്നുണ്ടെന്നു തോന്നിപ്പോകും.

മന്ദാരം ക്ഷീണിച്ചുറങ്ങുന്ന തന്റെ ഭർത്താവിനെ ഉരുട്ടിയും നുള്ളിയും ഉണർത്തി “എണീക്കൂ. കർത്താവിനേയും വിചാരിച്ചു എണീക്കൂ. നിലവിളിയൊന്നും കേൾക്കുന്നില്ലെ?” എന്നു ഉച്ചത്തിൽ പറഞ്ഞു.

ഉപദേശി:
(പകുതി ഉറക്കോടെ) അതു നിരത്തിന്മേൽ നിന്നാണു്.
മന്ദാരം:
(ഉച്ചത്തിൽ) അതു് വിട്ടിൽ നിന്നാണു്. അവൻ! മോശയാണു് സഹായത്തിന്നു് വിളിക്കുന്നതു്. വീട്ടിന്നു തീപ്പറ്റീട്ടുണ്ടെന്നു തോന്നുന്നു.

മുറിക്കു മരുന്നുവെക്കുംപോലെയുള്ള ആ വാക്കു കേട്ടപ്പോൾ ഉപദേശിയാർ ചാടി എഴുന്നേറ്റു ഏണിയുടെ മേൽഭാഗത്തു് വന്നുനിന്നു.

ഉപദേശി:
മോശെ! നീ എവിടെയാണു് കള്ളന്മാരെ കണ്ടുപിടിച്ചതു്?
മോശ:
കള്ളന്മാർ!—കള്ളന്മാർ!—ഏണിയുടെ മേലെയും താഴെയും എല്ലാടത്തും കള്ളന്മാർ? ഓടിവരിൻ! കള്ളന്മാരെ പിടിക്കാൻ ഓടിവരീൻ!
മന്ദാരം:
ജന്നി! എഴുന്നേല്ക്കൂ. യൂജീൻ! നീ നിന്റെ മുറിയിൽ പോകുക. ഞാൻ ജനലും തുറന്നു സഹായത്തിന്നു നിലവിളിക്കട്ടെ!

“ഞാൻ എന്റെ തോക്കും എടുത്തു വരട്ടെ” എന്നു പറഞ്ഞുങ്കൊണ്ടു ഉപദേശിയാർ ഒരു തുരിമ്പു പിടിച്ചു, ചടമായും കൂടി ഉപയോഗിച്ചുകൂടാത്ത ഒരു സാധനം എടുത്തുകൊണ്ടുവന്നു. ബഹളം കേട്ടിട്ടു് അയൽവക്കക്കാരും ഉണർന്നു. ഒന്നാമതു് അടുത്ത വീട്ടിലെ അപ്പക്കാരനും മകനും ഓടി എത്തി. “എന്താണു് ഉപദേശിയാരെ!” എന്നു ചോദിച്ചു.

ഉപദേശി:
ഞങ്ങളുടെ വീടു നിറച്ചും കള്ളന്മാരാണു്.
അപ്പക്കാരൻ:
എന്നാൽ വാതിൽ തുറക്കു. ഞങ്ങൾ അകത്തു കടക്കട്ടെ കള്ളന്മാരെ പിടിച്ചുകെട്ടാൻ ഞങ്ങളും സഹായിക്കാം.

ഉപദേശിയാർ വളരെ ആശ്വാസത്തോടെ അവരെ അകത്താക്കി. എല്ലാരും ഒന്നിച്ചു സംസാരിച്ചിട്ടു ബഹളം വർദ്ധിപ്പിച്ചു. അപ്പക്കാരൻ മന്ദാരത്തെ സമാധാനിപ്പിച്ചു.

അപ്പക്കാരൻ:
കള്ളന്മാരെവിടെ?
മന്ദാരം:
ഞാൻ അറിയില്ല. മോശ അവരെ കണ്ടു.
അപ്പക്കാരൻ:
മോശേ! അവർ എവിടെപോയെന്നു പറഞ്ഞു തരൂ.

മോശ തന്റെ മുണ്ടും വലിച്ചുകേറ്റി വളരേ ദീനസ്വരത്തിൽ:—“ഞാൻ ഉറങ്ങുകയായിരുന്നു—എന്റെ മുറിയിൽ—എന്റെ പായയിൽ—അപ്പോൾ എനിക്കു വയറ്റിൽനിന്നു വേദനയായി—ഞാൻ താഴത്തേക്കു വരാൻ നോക്കി—എന്തിന്നെന്നു വെച്ചാൽ…

അപ്പക്കാരൻ:
അതെ. ഞങ്ങൾക്കു കാര്യം മനസ്സിലായി. എന്നിട്ടു് ?
മോശ:
ഞാൻ തപ്പിപ്പിടിച്ചു കോണി, മെല്ലേ ഇറങ്ങുകയായിരുന്നു. ഞാൻ അടിതെറ്റി നാലു് കോണിപ്പടി ഉരുണ്ടു വീണു. ഞാൻ എഴുന്നേറ്റു കോണിയുടെ ചാരും പിടിച്ചു നിന്നു.
അപ്പക്കാരൻ:
അതൊക്കെ പോട്ടെ. കാര്യം പറ.
മോശ:
ഞാൻ ഒരു ശബ്ദംകേട്ടു. അല്ല. ഞാൻ തപ്പുമ്പോൾ ആരുടേയോ ഒരു കയ്യൊ കാലൊ എനിക്കു തടഞ്ഞു. അപ്പോൾ ഞാൻ നിലവിളിച്ചു. ആ സമയത്തു് കള്ളന്മാർ കോണിയുംകേറി മുകളിൽപോയി. എവിടെയെന്നു എനിക്കു നിശ്ചയമില്ല.

“ഈശ്വരാ” എന്നു പറഞ്ഞുകൊണ്ടു് ഉപദേശിയാർ തോക്കു പൊന്തിച്ചപ്പോൾ, ആരൊ അതിന്മേൽ എപ്പഴൊ ചുറ്റിവെച്ചിരുന്ന ഒരു വാടിയ പൂമാല ചോടെവീണു.

മന്ദാരം:
ഞാൻ എന്റെ മകളുടെ മുറിയിലേക്കു പോകുന്നു. നിങ്ങളെല്ലാവരുംകൂടി വീടു് മുഴുവനും തിരഞ്ഞു നോക്കുവിൻ.

തന്റെ മകൾക്കു യാതൊരു കൂസലൊ വികാരമോ ഇല്ലെന്നു കണ്ടിട്ടു് മന്ദാരം ആശ്ചര്യപ്പെട്ടു. ബാക്കിയുള്ള സകലരുടേയും ഉറക്കം ഞെട്ടിപ്പോയിരിക്കേ ഈ ഭയങ്കരബഹളം കേട്ടിട്ടുകൂടി യൂജീൻ സുഖമായെങ്ങിനെ ഉറങ്ങിയെന്നു് മന്ദാരത്തിന്നു് ഒരു വല്ലായ്മ ഉണ്ടായി. എങ്കിലും മുറിയിൽ പ്രവേശിച്ച ഉടനെ ആ സ്ത്രീ വാതിൽ പൂട്ടി.

അതിന്നിടയിൽ ഉപദേശിയാരും, മോശയും, അപ്പക്കാരനും, മകനും വീടെല്ലാം പരതി. എല്ലാ മുറികളും തിരഞ്ഞു. കട്ടിലിന്റെ ചുവട്ടിലുംകൂടെ നോക്കി. ഒന്നും കാണാഞ്ഞപ്പോൾ അവർക്കും ക്ഷമയില്ലാതായി. അവർ വീട്ടിന്റെ അട്ടത്തിന്മേൽ ഒടുക്കത്തെ കയ്യായി കേറണമെന്നുവെച്ചു അപ്പക്കാരൻ അട്ടത്തിന്റെ ദ്വാരത്തിന്റെ എതിരായി ഒരു ഏണിമേൽ കയറിനിന്നു. ബാക്കിയുള്ളവർ അണിയായി ചോടേയും നിന്നു. അപ്പക്കാരൻ “എടാ കള്ളന്മാരെ! ഇറങ്ങിവരുന്നതാണു് നിങ്ങൾക്കു നല്ലതു്” എന്നു് ധൈര്യത്തോടെ ക്ഷണിച്ചു. ആരും ഉത്തരം പറയുന്നതു കേട്ടില്ല. അപ്പോൾ ഒരു പൂച്ച കരഞ്ഞു. ആ ശബ്ദം കേട്ടപ്പോൾ എല്ലാരുടേയും ഭയം വിട്ടൊഴിഞ്ഞു. അവർ ചെന്നു നോക്കിയപ്പോൾ അട്ടത്തിന്മേൽ ഒരു കരിമ്പൂച്ചയെ കണ്ടു. അപ്പക്കാരൻ ചിരിച്ചു.

അപ്പക്കാരൻ:
ഉപദേശിയാരെ! നിങ്ങളുടെ വീട്ടിൽ കള്ളന്മാരൊന്നും ഇല്ല. കള്ളന്മാർ ഉണ്ടെങ്കിൽ അവരുടെ വീട്ടിലായിരിക്കും ഇവിടെ നിന്നിട്ടു് എനിക്കും മകനും ഞങ്ങളുടെ സമയം കളവാൻ പാടില്ല. വീട്ടിലേക്കു മടങ്ങിച്ചെന്നു അവിടെ വല്ല കള്ളന്മാരും ഉണ്ടൊ എന്നു നോക്കണം.

ഇങ്ങിനെ പറഞ്ഞു മറ്റു യാതൊരാളോടും വിടവാങ്ങാതെ അപ്പക്കാരനും മകനും തൊപ്പിയും കോട്ടും ഇട്ടു ഉപദേശിയാരുടെ വീട്ടിൽനിന്നിറങ്ങി.

എന്നാൽ മോശയുടെ സംശയം ഇതുകൊണ്ടൊന്നും ഒതുങ്ങിയില്ല. ഉപദേശിയാർ മന്ദാരത്തിനെ വിളിക്കാൻ പോയപ്പോൾ മോശ തന്റെ മുറിയിൽ കടന്നു വാതിൽ അടച്ചു തഴുതും ഇട്ടു.

ഉപദേശി:
ഒന്നുമുണ്ടായിരുന്നില്ലമ്മ. വെറുതെ പാടുപെട്ടു.

കള്ളന്മാരൊന്നും ഉണ്ടായിരുന്നില്ലെന്നും, ആപത്തിന്നു കാരണമൊന്നും ഉണ്ടായിട്ടില്ലെന്നും കണ്ടപ്പോൾ മന്ദാരം ഇച്ഛാഭംഗം പിടിപെട്ടപോലെ “ഒന്നുമുണ്ടായിരുന്നില്ലേ?” എന്നു ഉച്ചത്തിൽ പറഞ്ഞു.

ഉപദേശി:
ഒരു കണ്ടൻപൂച്ചമാത്രം.
മന്ദാരം:
ഇതിന്നുവേണ്ടിയായിരുന്നൊ നിങ്ങളും മോശയും എന്നെ ഉണർത്തിയതു്.
ഉപദേശി:
നീയല്ലേ! എന്നെ ഉണർത്തിയതു്.
മന്ദാരം:
മിണ്ടാതിരിക്കരുതൊ? വിഡ്ഢിത്തം പറയുന്നോ? പുരുഷന്മാരൊക്കെ വിഡ്ഢികളാണു് നമ്മളെപ്പറ്റി അയൽവക്കക്കാർ ചിരിക്കയില്ലേ—എന്തിനാണു് ജന്നി! നീ ഇളിക്കുന്നതു്? നീയും യൂജിനേ! ഉപദേശിയാരെ! ഉറങ്ങാൻ വരൂ! ഈ സംഗതി വളരെ കാലത്തോളം ഞാൻ മറക്കുകയില്ല. നല്ലവണ്ണം കരുതിക്കോളു.

ഉപദേശിയാർ നിർദ്ദോഷിയാണെങ്കിലും ഒന്നു് ഞരങ്ങി ഭാര്യയുടെ മാതിരി തനിക്കു് നല്ലവണ്ണം അറിയാമല്ലൊ.

ഏഴാം അദ്ധ്യായം

(ഇടക്കു് ചിലതു്)

ഒരു ദിവസം മോശ “ഇന്നല്ലെങ്കിൽ നാളെ ഇന്നാൾ രാത്രിയത്തെ പരമാർത്ഥം ഞാൻ കണ്ടുപിടിക്കും” എന്നു് തന്നോടുതന്നെ പറഞ്ഞു.

യൂജീൻ പ്രണയം എന്ന വ്യാധി പിടിപെട്ട മുതല്ക്കു് തന്റെ കാര്യംമാത്രം ആലോചിക്കുന്നവളായി, ബാക്കിയുള്ള കാര്യങ്ങളൊക്കെ അവൾ ശ്രദ്ധവെക്കാതെയൊ മറന്നൊ ഉപേക്ഷിച്ചു. എല്ലാ ദിവസവും എഡോൾഫി പുറപ്പെട്ടുവന്നു് അരനാഴിക നേരത്തോളം വീട്ടിന്റെ മുൻവശത്തൂടെ ചാലിയന്റെ ഓടംപോലെ അങ്ങട്ടും ഇങ്ങട്ടും നടക്കും. അവളെ ദൂരെ നിന്നു് കാണുമ്പോൾ പ്രണയസൂചക വാക്കുകൾ പലതും പിറുപിറുക്കും. അവളുടെ തിളങ്ങുന്ന കണ്ണുകളിൽനിന്നു് മറുവടി ഗ്രഹിക്കുകയും ചെയ്യും. ചില സമയത്തു്, മന്ദാരം ഷാപ്പിൽ പോവാൻവേണ്ടിയൊ മറ്റൊ വീട്ടിൽ തല്ക്കാലം ഇല്ലാതെ പോയാൽ, കുറെ കാറ്റുകൊള്ളാൻവേണ്ടി എന്ന നാട്യത്തിന്മേൽ യൂജീൻ ചോടെ വന്നു് നിരത്തുവക്കിൽ നില്ക്കും. ആ സമയത്തു് കാമം കെണിഞ്ഞ രണ്ടാൾക്കും കൈപിടിച്ചമർക്കാനും മറ്റും ചില സമയത്തു് അവസരം കിട്ടി എന്നും വരാം. പോരാഞ്ഞിട്ടു് ഇണപ്രാവുകളെപോലെ അന്യോന്യം കുറുകുറുക്കുന്നും ഉണ്ടാകും.

ഇങ്ങിനെ കിട്ടുന്ന അവസരങ്ങളൊക്കെ അവരുടെ പ്രേമമാകുന്ന വഹ്നിയിൽ വിറകിട്ടുകൊടുക്കുമ്പോലെ തോന്നി. പ്രണയാധിക്യംമൂലം അവർ ഒരാൾ മറ്റെ ആൾക്കു് വേണ്ടി എന്നപോലെ മാത്രം ജീവിതം കരുതി അവരുടെ ഉള്ളിൽ നവീനപ്രണയത്തിന്റെ മനോരാജ്യങ്ങൾക്കല്ലാതെ മറ്റു്, യാതൊരു ചിന്തക്കും കടന്നുകൂടാൻ ഇടമില്ലാതായി. എന്നാൽ അവർക്കു് സംശയത്തിനു് ഇടനല്കാത്തവണ്ണം അവരുടെ സകല സ്വഭാവങ്ങളും ആചരണങ്ങളും ഒരാൾ ഒളിച്ചുനോക്കിക്കൊണ്ടിരുന്നു. മേലേയുള്ള തന്റെ മുറിയിൽ നിന്നു് മോശക്കു് യൂജീൻ പുറമെയുള്ള വാതിലിന്റെ അടുക്കെ കൂടക്കൂടെ പോകുന്നതും എഡോൾഫി അങ്ങട്ടും ഇങ്ങട്ടും നടക്കുന്നതും വളരെ സ്പഷ്ടമായിക്കാണാമായിരുന്നു. എന്നു മാത്രമല്ല മാതാപിതാക്കന്മാരുടെ ഇടയിൽ ഇരിക്കുമ്പോഴും യൂജീനിന്റെ ഇടക്കിടെയുള്ള ദീർഘശ്വാസവും മനോരാജ്യവും ഓർമ്മക്കേടും, മോശ, നല്ലവണ്ണം സൂക്ഷിച്ചിരുന്നു. അവിവാഹിതയായ വൃദ്ധയെപ്പോലെയോ, അപ്പോലെയുള്ള ഒരു ആണിനെപ്പോലെയോ, തുല്യരായ ഒറ്റുകാരെ ഈ മാതിരി വിഷയത്തിൽ കണ്ടുകിട്ടാനുണ്ടാകയില്ല.

മോശ:
(ഉള്ളിൽ വിചാരം) ഓ. ഓ. വലിയ മൂപ്പത്തി (മന്ദാരം) കബളിക്കപ്പെട്ടുപോയതു് എനിക്കു് സന്തോഷം—അതുതന്നയൊ, സ്വന്തം മകളെക്കൊണ്ടും, ശരി. ശരി. അന്നത്തെ കള്ളന്റെ കാര്യത്തിൽ എനിക്കിപ്പോൾ ചില ഊഹങ്ങൾ തോന്നുന്നു. എന്നാൽ ആരോടും മിണ്ടാൻ പാടില്ല. ദാവീദെങ്ങാൻ അറിഞ്ഞിരുന്നു എങ്കിൽ എന്തു് പറയുമോ ആവൊ! ഇപ്പോഴെന്നപോലെ അയാൾ എല്ലാ ദിവസവും രാത്രി ഇവിടെ വന്നു് ഊണും കഴിച്ചു് പോകുമോ എന്നു് ഞാനറിയുന്നില്ല.

യൂജീൻ തന്റെ ഉടുപ്പിന്റെ കാര്യത്തിലും മുഖത്തിന്റെ കാര്യത്തിലും നടവടിയിലും വളരെ തൃഷ്ണ വെക്കുന്നതു് കണ്ടപ്പോൾ മന്ദാരം അവളുടെ മകളെ അത്യധികം സ്നേഹിച്ചു. അമ്മയുടെ വിചാരം മകളുടെ ഈ ആചരണങ്ങളൊക്കെ ദാവീദ് എന്ന ഒരാളെ വശീകരിച്ചു് പാട്ടിലാക്കാൻവേണ്ടി മാത്രമായിരിക്കുമെന്നാണു്. പോരാഞ്ഞിട്ടു് ദാവീദും ഉപദേശിയാരുടെ വീട്ടുകാരും തമ്മിലുള്ള പെരുമാറ്റത്തിന്നു് അന്നന്നു് അടുപ്പും ശക്തിയും വർദ്ധിച്ചുവന്നു. ദാവീദ്, തന്റെ മകളുടെ ഭർത്താവു് ആയിക്കഴിഞ്ഞപോലെ ഉപദേശിയാർ അയാളുടെ ചുമലും തൊട്ടു് നടക്കുന്നുണ്ടാകും. യൂജീൻ ഇല്ലാത്തപ്പോൾ ബാക്കി മൂവരും അന്യോന്യം ചില ഗൂഢസംസാരങ്ങൾ കൂടക്കൂടെ നടക്കുന്നതും കാണാം.

ഇതിനിടയ്ക്കു് കമനീയകമനന്മാർ അന്യോന്യം കാണലും സംസാരവും മുറക്കു് നടത്തിക്കൊണ്ടിരുന്നു. മിഷ്യൻഷാപ്പ് മാനേജർ എഡോൾഫി തന്റെ പണിയിൽ ശ്രദ്ധയും തൃഷ്ണയും അന്നന്നു് കുറവാകുന്നെന്നു് മനസ്സിലാക്കി എഡോൾഫിയെ വല്ല കാര്യത്തിന്നും വിളിക്കുമ്പോൾ അയാളെ അയാളുടെ സ്ഥാനത്തുതന്നെ കാണാതായിത്തുടങ്ങി. എഡോൾഫി മാസ്പടി വാങ്ങുന്നതു് യാതൊരു പ്രവൃത്തിയും ചെയ്യാതെ കണ്ടാണെന്നു് മാനേജർ സൂചിപ്പിച്ചു് തുടങ്ങി.

വിനോദയാത്ര കഴിഞ്ഞതിൽ പിന്നെ, എഡോൾഫി ഒന്നുരണ്ടു് കുറി ഉപദേശിയാരുടെ വീട്ടിൽ പോയിരുന്നു. അയാൾ അവരെ തൃപ്തിപ്പെടുത്തുവാൻ തന്നാലാകുംവണ്ണം നോക്കിയെങ്കിലും; അവർ അവനെ നീരസം കാണിക്കാതെ സ്വീകരിച്ചെങ്കിലും; അവനോടു് മറ്റൊരിക്കൽ കൂടി വരാനൊ കൂടക്കൂടെ വരാനൊ ഒരിക്കലും പറഞ്ഞില്ല. മന്ദാരത്തിന്റെ അഭിപ്രായത്തിൽ അവന്റെതു് പ്രയോജനമില്ലാത്ത വരവെന്നാണു്. എന്നു് മാത്രമല്ല ഒന്നാം പ്രാവശ്യം വിനോദയാത്രയ്ക്കു് അവനെ ക്ഷണിച്ചതു് തന്നെ തെറ്റിപ്പോയെന്നു് മന്ദാരത്തിന്നു് തോന്നി. അവളുടെ മകളോടു് എഡോൾഫിക്കു് കലശലായ പ്രേമം ജനിച്ചുപോയിട്ടുണ്ടെന്നു് മന്ദാരത്തിനു് മനസ്സിലായെങ്കിലും തന്റെ മകൾക്കും കലശലായ പ്രേമം എഡോൾഫിയോടുണ്ടെന്ന വിവരം മന്ദാരം മനസ്സിലാക്കിയതേ ഇല്ല.

പതിമൂന്നു് ആൾ ഉള്ള ഒരു ഏർപ്പാടു് കഷ്ടതയിൽ അവസാനിക്കും എന്ന അന്ധവിശ്വാസംകൊണ്ടാണു് മന്ദാരം എഡോൾഫിയേയും ക്ഷണിച്ചു് ആളുകളുടെ തുക പതിനാലാക്കിയതു്. പ്രേമോദയം തന്നെ മിക്ക സമയത്തും കഷ്ടതയുടെ ആരംഭമാണു്. എഡോൾഫി അന്നത്തെ ആഘോഷത്തിൽ പങ്കുകൊണ്ടിട്ടില്ലായിരുന്നു എങ്കിൽ പ്രണയം എന്നതു് എന്താണെന്നു് യൂജീൻ അറിയുകതന്നെ ഇല്ലായിരുന്നു. അവൾ, അമ്മ പറയും പ്രകാരം യാതൊരു ശങ്കയും കൂടാതെ ദാവീദിനെ വിവാഹം ചെയ്വാൻ എപ്പോഴും ഒരുങ്ങി നില്ക്കുമായിരുന്നു. ഒരു സമയം ആ വിവാഹംകൊണ്ടു് അവൾക്കു് ഇച്ഛാഭംഗത്തിന്നും ഇടയുണ്ടാകയില്ലെന്നും വരുമായിരുന്നു. എന്നാലൊ, ഈശ്വരൻ കണ്ടുവെച്ചതു് മാറ്റുവാൻ അച്ഛനും അമ്മയ്ക്കും സാധിക്കയില്ല. പ്രണയത്തിന്റെ ശക്തിക്കു് ഈശ്വരനും കൂടി വഴിപ്പെടേണ്ടിവരും എന്നാണു് കാണുന്നതു്.

എട്ടാം അദ്ധ്യായം

(വിവാഹ നിശ്ചയം.)

മാസം രണ്ടു് കഴിഞ്ഞു. തന്റെ ആലോചനയും ആഗ്രഹവും ഇന്ന പ്രകാരത്തിലാണെന്നു് മകൾക്കു് അറിവൊ സൂചകമൊ കൊടുക്കാതെ മന്ദാരം യൂജീനിന്റെ വിവാഹം കഴിയും ക്ഷണത്തിൽ കൊണ്ടാടുവാൻ നിശ്ചയിച്ചു.

ഇതിനിടയിൽ എഡോൾഫി ജന്നിയുടെ സേവ പിടിച്ചു് അവളെ പാട്ടിലാക്കാൻ ഭഗീരഥ പ്രയത്നം ചെയ്തു് നോക്കി. വീട്ടിലുള്ള എല്ലാവരും ഉറങ്ങിയാൽ, തനിക്കും യൂജീനിന്നും ഓരോ കൂടിക്കാഴ്ച ഉണ്ടായ്വരാൻ തക്കവണ്ണം, ജന്നിയോടു് വാതിൽ തുറന്നു്, തന്നെ അകത്താക്കാൻ എഡോൾഫി ആവശ്യപ്പെട്ടു. കൂടിക്കാഴ്ച എപ്പോഴും ജന്നിയുടെ മുന്നിൽ വെച്ചായിരിക്കും എന്നുംകൂടി ജന്നിയുടെ ഭയനിവാരണത്തിന്നു് വേണ്ടി എഡോൾഫി കണിശമായ വാഗ്ദത്തം ചെയ്തു. അങ്ങിനെ ഒരു അടുത്ത ഏർപ്പാടിന്നു് ഒരിക്കൽ വഴിപ്പെട്ടു് കൊടുത്താൽ, ആ ചെറുപ്പക്കാരനെക്കൊണ്ടു് പിന്നീടു് വരുന്നതൊക്കെ ആപത്തായിരിക്കും എന്നു് ജന്നി അറിഞ്ഞു. അത്യന്താപേക്ഷകൊണ്ടു് അധീനപ്പെട്ടുപോകുന്നതാണു് പെണ്ണുങ്ങളുടെ പശിമയേറിയ ഹൃദയം എന്നു് അവളോടു് ആരും പറഞ്ഞുകൊടുക്കേണമെന്നില്ല. തന്നെ ഒരു പെണ്ണു് സ്നേഹിക്കുന്നുണ്ടു് എന്ന അറിവു് കിട്ടിപ്പോയാൽ ആ പുരുഷന്റെ ശക്തി പിന്നെ തടുപ്പാൻ നിവൃത്തി ഉണ്ടാകയില്ല. അങ്ങിനെയുള്ള ഒരു ഘട്ടത്തിൽ എല്ലാംകൊണ്ടും കേവലം അബലയായ യൂജീനിനെ രക്ഷിക്കേണ്ടതു് തന്റെ കൃത്യവും ബാദ്ധ്യതയും ആണെന്നു് ജന്നി നല്ലവണ്ണം മനസ്സിലാക്കിയിരുന്നു. അവന്റെ വിട്ടൊഴിയാതെ കണ്ടുള്ള അപേക്ഷകൾ കേൾക്കുന്തോറും അവളുടെ മനസ്സലിഞ്ഞു് പോകുന്നുണ്ടെങ്കിലുംകൂടി ജന്നി ഒരേ പിടുത്തം പിടിച്ചു. അവൾ എഡോൾഫിയുടെ അപേക്ഷ അനുചിതവും അതിർ കടന്നതും എന്ന നിലയിൽ ശക്തിയോടെ നിഷേധിച്ചു.

മോശയുടെ പണി, ഇവരുടെ സംസാരമൊക്കെ വാതിലിന്റെ വിടകളിൽകൂടേയും ഓരോ മൂലയിൽ പതിഞ്ഞു് നിന്നിട്ടും ശ്രദ്ധവെച്ചു് കേൾക്കുകയായിരുന്നു. എന്തോ ഒരു ഗൗരവകാര്യം വന്നുഭവിക്കാൻ കാലമെടുത്തു എന്നു് അവൻ ഉറപ്പാക്കി. ഒരു ദിവസം വളരെ രാവിലെ മന്ദാരം അവളുടെ മകളുടെ മുറിയിൽ ചെന്നു. അന്നു് ഉച്ചക്കു് മിസ്റ്റർ ദാവീദ് അവരുടെ ഒന്നിച്ചു് ഉണ്ണാൻ വരും എന്ന വിവരം അറിയിച്ചു. ഇതു് പറവാൻ കാരണം മറ്റൊന്നുമല്ല. ആ സമയത്തു് യൂജീനിന്റെ ചമയപ്പാടു് വളരെ വിശേഷപ്പെട്ട നിലയിലായിരിക്കണം എന്നു് താക്കീതു് ചെയ്വാൻവേണ്ടി മാത്രമായിരുന്നു. പോരാഞ്ഞിട്ടു് അന്നു് ഒരു പ്രത്യേകമോ വിശേഷവിധിയൊ ആയ ഒരു ദിവസമാണെന്നു് മന്ദാരം മകളെ അറിയിച്ചു. മകളോടു് അത്രയൊക്കെ പറഞ്ഞാൽ മതി എന്നായിരിക്കും സ്വേച്ഛാഭരണതല്പരയായ മന്ദാരത്തിന്റെ മനസ്ഥിതി.

അമ്മയുടെ ഒടുവിൽ പറഞ്ഞ വാക്കിന്റെ താല്പര്യം മനസ്സിലാക്കാൻ യൂജീനിന്നു് വളരെ ജിജ്ഞാസ ജനിച്ചു. എന്തു് പ്രത്യേകതയായിരിക്കും അമ്മ സൂചിപ്പിച്ചതു് എന്നു് അവൾ ആശ്ചര്യപ്പെട്ടു. ഒരു സമയം അന്നു് മിസ്റ്റർ ദാവീദിന്റെ ജനനദിവസം ആയിരിക്കുമോ? അതും പോരാഞ്ഞിട്ടു് അവളുടെ അമ്മയുടെ സംസാരത്തിന്റെ രീതിക്കു് ഒരു അസാധരണത്വം ഉണ്ടെന്നും അവൾക്കു് തോന്നി. അവൾ എഴുന്നേറ്റു് മെല്ലെ ഉടുപ്പിടാൻ തുടങ്ങി. അവൾക്കു് എന്തെന്നറിയാത്ത ഒരു ഭയം ഒന്നാമതായി ഉണ്ടായിത്തുടങ്ങി. അതു് സമയം ചെല്ലുന്തോറും രൂപീകരിച്ചു് തുടങ്ങി. ഒടുവിൽ അതു് സ്പഷ്ടമാകുംവണ്ണം പ്രകാശിച്ചു് വന്നപ്പോൾ യൂജീൻ വെറുപ്പുകൊണ്ടോ, ഭയംകൊണ്ടൊ ഒന്നു് ഞരങ്ങി.

അസ്വാസ്ഥ്യത്തിന്നു് ശമനമൊന്നുമില്ലെന്നു് കണ്ടപ്പോൾ അവൾ ചോടെ ഇറങ്ങിവന്നു. അപ്പോൾ ദാവീദും അവളുടെ അച്ഛനമ്മമാരും ഒന്നിച്ചുകൂടി സംഭ്രമത്തോടെ സംസാരിക്കുന്നതു് കണ്ടു. അവൾ വരുന്നതു് കണ്ടപ്പോൾ അവരെല്ലാവരും ഒന്നു് അത്യന്തം കൗതുകത്തോടെ നോക്കി. പിന്നെ മന്ദാരം അവളെ അടുക്കെ വിളിച്ചു.

മന്ദാരം:
മകളെ! ഇങ്ങട്ടുവാ. നിണക്കെന്താണു് ഒരു ഭയം. മിസ്റ്റർ ദാവീദെ! അവളെ ചെന്നു് ആശ്വസിപ്പിക്കൂ. ദാവീദ് ക്ഷണത്തിൽ യൂജീനിന്റെ അടുക്കെ ചെന്നു. അവളുടെ കൈപിടിച്ചു് അവളെ സാവധാനം ഒരു കസേലമേൽ ഇരുത്തി. യൂജീൻ ഒതുക്കുവാൻ പാടില്ലാത്ത മനോവികാരംകൊണ്ടു് മൗനവും അവലംബിച്ചു. തന്റെ ഒടുവിലത്തെ ആക്കവും രക്ഷയും എന്നപോലെ അച്ഛന്റെ മുഖത്തു്, മകൾ, അപേക്ഷാഭാവത്തോടും ദീനഭാവത്തോടും ഒന്നുനോക്കി. ഉപദേശിയാർക്കു് ചിലതൊക്കെ പറവാൻ വായ പൊട്ടുന്നുണ്ടായിരുന്നു. എങ്കിലും തന്റെ ഭാര്യയുടെ മുന്നിൽവെച്ചു് ഒന്നും ചെയ്വാൻ ധൈര്യമുണ്ടായില്ല.

ഒന്നാമതു് കാപ്പി കൊണ്ടുവന്നുവെച്ചു. കാലാവസ്ഥയെപ്പറ്റി എല്ലാരും ഓരോന്നു് പറഞ്ഞു. അന്നേരവും അന്നത്തെ “പ്രത്യേകത” എന്താണു് പുറത്തു് വരാത്തതു് എന്നു് യൂജീൻ ആശ്ചര്യപ്പെട്ടു. എന്നാൽ എന്തെന്നറിവാൻ അവൾക്കു് കാലതാമസം അധികമൊന്നും ഉണ്ടായില്ല. മന്ദാരം കൈകൊണ്ടു് ഉപദേശിയാരോടു് മിണ്ടാതിരിക്കാൻ ആജ്ഞാപിച്ചു, അവളുടെ മകളോടു് ഇങ്ങിനെ പറഞ്ഞു് തുടങ്ങി.

ഉപദേശി:
അതെ. അതെ. ഒക്കെയും നിന്റെ ഉത്സാഹം കൊണ്ടുതന്നെ.
മന്ദാരം:
നിങ്ങൾ എന്നെ വല്ലതും പറവാൻ സമ്മതിക്കുമൊ?

ഉപദേശിയാർ വണക്കത്തോടെ ഒരു നുള്ളു പൊടി വലിച്ചു.

മന്ദാരം:
ചുരുക്കിപ്പറഞ്ഞാൽ എനി നിണക്കു് വിവാഹം ചെയ്വാൻ കാലമായി. നിന്റെ അമ്മയെപ്പോലെ തന്നെ നിന്റെ വിവാഹജീവിതവും അഭിനന്ദനീയമായിവരേണം.
ഉപദേശി:
നിന്റെ അമ്മക്കു് അവളുടെ ഇഷ്ടംപോലെ:—
മന്ദാരം:
പിന്നേയും ചിലക്കുന്നതു് നോക്കു്. എന്നെ വല്ലതും പറവാൻ സമ്മതിക്കുമോ? സംസാരിക്കാൻ ഇത്ര ഭ്രമം ഇതിന്നു് മുമ്പൊന്നും കണ്ടിരുന്നില്ലല്ലൊ. (യൂജീനിനെ നോക്കി) ഞങ്ങൾ ഇതുവരെ നിന്റെ വിവാഹത്തെപ്പറ്റി സ്വപ്നത്തിലുംകൂടി ആലോചിച്ചിരുന്നില്ല. എന്നാൽ നിണക്കു് അനുരൂപനും എത്രയോ യോഗ്യനും ആയ ഒരാൾ (ഈ സമയത്തു് ദാവീദ് ഒന്നു് കുരച്ച തന്റെ ഘടികാരത്തിന്റെ ചങ്ങല പിടിച്ചുഴിഞ്ഞുതുടങ്ങി) നിന്നെ അന്വേഷിച്ചു് വന്നതുകൊണ്ടു് ഞങ്ങളും അതിന്നു് സന്തോഷത്തോടെ അനുകൂലിച്ചു് നിന്നെ അയക്കാനാണു് ഭാവം. നിന്നെയും അന്വേഷിച്ചു് വന്ന ആ മാന്യൻ എല്ലാംകൊണ്ടും നിന്റെ പ്രണയത്തിന്നും ബഹുമാനത്തിന്നും അനുസരണത്തിന്നും തക്കയോഗ്യതയുള്ള ഒരു മഹാൻ തന്നെയാണു്.

ഇത്രത്തോളമായപ്പോൾ മിസ്റ്റർ ദാവീദ് എഴുന്നേറ്റു് മന്ദാരത്തിനെ നോക്കി ഒന്നു് വണങ്ങി ഒരു കണ്ണുചിമ്മലോടും ഇളിയോടുംകൂടി ഇങ്ങിനെ പറഞ്ഞു. “ആ മഹാനാരാണെന്നു് നിങ്ങളുടെ മകളോടു് ക്ഷണം പറഞ്ഞു് കൊടുക്കൂ”

മന്ദാരം:
(എത്രയോ കൃതാർത്ഥ ഭാവത്തോടും പൊങ്ങച്ചത്തോടും കൂടെ.) ഞാൻ ഇത്രത്തോളം പറഞ്ഞുകൊണ്ടുവന്ന പുരുഷൻ—നിണക്കു് വരനായ് ഞാൻ സങ്കല്പിച്ച പുരുഷൻ—നമ്മുടെ വിശ്വസ്ത ചങ്ങാതിയായ—ഈ മിസ്റ്റർ ദാവീദാണു്. ഇദ്ദേഹമാണു് നിന്നെ വിവാഹം ചെയ്വാൻ കാംക്ഷിക്കുന്നതു്. അദ്ദേഹത്തിന്നു് തന്നെയാണു് ഞാൻ നിന്നെ വിവാഹം കഴിച്ചുകൊടുപ്പാൻ പോകുന്നതും.

ദാവീദ് പിന്നെയും എഴുന്നേറ്റു് മന്ദാരത്തെ ഒന്നു് വണങ്ങി. പിന്നെ അയാൾ പരിഭ്രമംകൊണ്ടു് കസേല എവിടെ, ഉണ്ടെന്ന നിർണ്ണയമില്ലാതെ വെറും ഒരു ഊഹംകൊണ്ടു് ഇരുന്നതു് ഢം എന്നു് നിലത്തായിരുന്നു. ആ സാധു വേദനയൊന്നും പൊരുളിക്കാതെ ബദ്ധപ്പെട്ടു് എഴുന്നേറ്റു്, യൂജീനിന്റെ അടുത്തുണ്ടായിരുന്ന ഒരു കസേലമേൽ ചെന്നിരുന്നു് അവളെ വിനോദിപ്പിപ്പാൻ ഒരുങ്ങി. എന്നാൽ അയാളുടെ അത്യാശ്ചര്യത്തിന്നു് അവൾ ബോധമില്ലാതെ കിടക്കുന്നതാണു് അയാൾ കണ്ടതു്.

ദാവീദ്:
(ഭ്രമാകുലനായിട്ടു്) അയ്യോ! ഇവൾക്കു് ദണ്ഡമാണെന്നു് തോന്നുന്നു.
ഉപദേശി:
കഷ്ടം. അവൾക്കു് ബോധമില്ല. എന്താണു് വേണ്ടതു് ജന്നീ! മോശേ!
മന്ദാരം:
അതിസന്തോഷംകൊണ്ടു് അവൾക്കു് ബോധക്കേടു് വന്നു് പോയതാണു്. വിവാഹത്തിന്റെ വിവരം പറഞ്ഞു് കേൾക്കുമ്പോൾ എല്ലാ യുവതികളും അങ്ങിനെ ചെയ്യാറുണ്ടു്. അതൊന്നും സാരമില്ല.
മോശ:
എന്നാൽ സന്തോഷം, ഫലംകൊണ്ടു് അത്ര നന്നല്ലെന്നു് തോന്നുന്നു.

ഇതാണു്, കാര്യം എന്താണെന്നു് വന്നുനോക്കിയ മോശയുടെ ഒന്നാമത്തേ വാക്കു്. ജന്നി ഒന്നും മിണ്ടാതെ അവളുടെ ചെറിയമ്മയെ ശുശ്രൂഷിക്കാൻ ഒരുമ്പെട്ടു.

ഉപദേശി:
(മന്ദാരത്തെ നോക്കീട്ടു്) എന്റെ വിവാഹന്വേഷണം ഉണ്ടായ സമയത്തു് നീ ബോധം കെട്ടിരുന്നില്ലല്ലൊ.
മന്ദാരം:
അതു് വേറെ കാര്യമാണു്. ചെറുപ്പം മുതല്ക്കേ ഞാൻ ഒരു നല്ല മനസ്സുറപ്പുള്ളവളായിരുന്നു. യൂജീൻ നിങ്ങളെപ്പോലെ വെറും ഒരു പടയാണു്.
ദാവീദ്:
ബോധംകെടുന്നതു് അവളുടെ മൃദുത്വവും സ്ത്രീത്വവും വെളിപ്പെടുത്തുകയാണു് ചെയ്യുന്നതു്. എനിക്കങ്ങിനെയാണു് തോന്നുന്നതു്. അതേ നോക്കൂ. ഒരു മിനിട്ടിനുള്ളിൽ അവൾ കണ്ണു് തുറക്കും. ആരുടേമേലായിരിക്കും അവളുടെ കണ്ണു് ഒന്നാമതു് പതിയുന്നതു് എന്നു് നോക്കാം.

എന്നാലോ യൂജീനിന്റെ കണ്ണുകൾ മന്ദംമന്ദം തുറന്നു. അവൾ ഒന്നാമതു് നോക്കിയതു് ജന്നിയെയായിരുന്നു. മന്ദാരം അവളുടെ മകളുടെ അടുക്കെ വരുംമുമ്പെതന്നെ, യൂജീനും ജന്നിയും കാര്യം അന്യോന്യം മനസ്സിലായപോലെ തെളിഞ്ഞിരുന്നു. മകളോടു് അവളുടെ മുറിയിൽ ചെന്നു് കുറെ വിശ്രമിക്കാൻ മന്ദാരം കല്പിച്ചു. അവൾ അവളുടെ കൈ പിടിച്ചു് ഒന്നു് തടവി, ജന്നിയോടുംകൂടി അവിടം വിട്ടുപോകുമ്പോൾ അവളുടെ കണ്ണിൽനിന്നു് പൊട്ടിയൊലിച്ച കണ്ണുനീർ മന്ദാരം കാണാത്തപോലെ നടിച്ചു.

കണ്ണും അടച്ചു് സമാധിയടഞ്ഞപോലെ ദാവീദാകട്ടെ അവൾ മുറിയുംവിട്ടു് പോയ് വിവരം കേവലം അറിഞ്ഞിരുന്നില്ല. അവൾ അടുക്കെ ഇരിക്കുന്നുണ്ടെന്ന പോലെ അയാൾ അവളോടു് ഓരോന്നു് ഇങ്ങിനെ പറവാൻ തുടങ്ങി.

ദാവീദ്:
ഞാൻ ഒരു ദിവസം നിന്റെ ഭർത്താവായിരിക്കും എന്നു് വിചാരിച്ചിട്ടു് എന്റെ സന്തോഷം ഒതുക്കീട്ടും ഒതുങ്ങുന്നില്ല. നിണക്കു് വിരോധമില്ലെങ്കിൽ ഇന്നു് വൈകുന്നേരം ഹൃദയത്തിന്നു് ശക്തി ഉണ്ടാക്കുന്ന ഒരു ഔഷധം ഞാൻ കൊണ്ടുവന്നു് തരാം. അതു് മദനകാമേശ്വരി ലേഹ്യമാണു്. ഞാൻ ഉറങ്ങാൻ പോകുമ്പോളെല്ലാം അസാരം അതു് കഴിക്കാറുണ്ടു്. ഇത്രത്തോളം പറഞ്ഞപ്പോൾ മാത്രമെ യൂജീൻ തന്റെ അടുക്കെ ഉണ്ടായിരുന്നില്ലെന്നു് അയാൾക്കു് മനസ്സിലായതു്.
ദാവീദ്:
അല്ലാ! അവൾ പോയൊ. എന്റെ വാക്കു് കേട്ടിട്ടു് അവൾ നടുങ്ങിപ്പോയോ? ഞാൻ എന്തു് ക്രൂരതയാണു് കാട്ടിയതു്. അതു് തന്നെ അവൾ എന്നെ സന്തോഷത്തോടെ സ്വീകരിച്ച സമയത്തും?
മന്ദാരം:
അവൾ അങ്ങിനെ തന്നെയാണു് ചെയ്തതു്. അവൾ എന്നെ ധിക്കരിക്കുന്നതു് ഞാൻ ഒന്നു് കാണട്ടെ. പണ്ടു് ഉപദേശിയാരെ എന്നോടു് വിവാഹം ചെയ്വാൻ പറഞ്ഞ കാലത്തു് ഞാൻ അയാളുടെ മുഖം നോക്കാനും കൂടി പോയിരുന്നില്ല.
ഉപദേശി:
തന്നയോ?
മന്ദാരം:
ഇല്ലതന്നെ.
ഉപദേശി:
കഷ്ടം. അന്നു് നിന്നെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം ഞാൻ എത്ര അദ്ധ്വാനിച്ചു. എത്ര വിലപിടിച്ചതും വിശേഷപ്പെട്ടതുമായ ഉടുപ്പുകൾ അണിഞ്ഞിരുന്നു.
മന്ദാരം:
നിങ്ങളുടെ ഉടുപ്പു് എങ്ങിനെയാണെന്നു് കൂടി ഞാൻ നോക്കിയിരുന്നില്ല. എന്റെ വരൻ നല്ലവണ്ണം ആഡംബരത്തോടെ വന്നാൽ അതും നല്ലതു്. അല്ലാതെ പോയാൽ എന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തെ ഉടുപ്പിടുവിക്കാൻ പിന്നീടു് എനിക്കു് പഠിപ്പിക്കുകയും ചെയ്യാം എന്നു് ഞാൻ സമാധാനിച്ചു.

ഇതിന്നിടയിൽ യൂജീൻ അവളുടെ മുറിയും അടച്ചുപൂട്ടി കരയുകയായിരുന്നു. വ്യസനാധിക്യംകൊണ്ടു് ഒന്നിനും വയ്യാതെ അവൾ രണ്ടു് മണിക്കൂർ നേരത്തോളം അവിടെതന്നെ ഇരുന്നു. ഒരു സമയം ആ കോലത്തിൽ അവളെയെങ്ങാൻ അവളുടെ അമ്മ കണ്ടിരുന്നു എങ്കിൽ, അവരു് തന്റെ സാഹസത്തിൽ നിന്നു് പിൻവാങ്ങാൻ നോക്കിപ്പോകുമായിരുന്നു. എന്നാൽ അത്യാധി പിടിപെടുന്ന അവസരങ്ങളിൽ ആശ്വസിപ്പിപ്പാനായി അടുത്തും അകലെയും ഉള്ള യാതൊരു ബന്ധുക്കളും ഉണ്ടായില്ല. കഷ്ടമനുഭവിക്കേണ്ടുമാൾ തനിച്ചിരിപ്പാനെ സംഗതി വരികയുള്ളു.

അങ്ങിനെ ഇരിക്കുമ്പോൾ തന്റെ മുറിയുടെ വാതിലിന്നു് ആരോ മുട്ടുന്നതു് കേട്ടു് യൂജീൻ പെട്ടെന്നു് ഒന്നു് ഞെട്ടി അവൾ ഇടറുന്ന സ്വരത്തോടെ “ആരാണതു്” എന്നു് ചോദിക്കുമ്പോൾ “ഞാനാണു് ചെറിയമ്മെ” എന്നു് ജന്നി മറുപടി പറയുന്നതും കേട്ടു.

യൂജീൻ മുറിയുടെ വാതിൽ തുറന്നു് ജന്നിയെ കെട്ടിപ്പിടിച്ചു് കരഞ്ഞു. ജന്നിയും കരഞ്ഞു. വിവാഹം നിശ്ചയിച്ച ചെറുപ്പക്കാരത്തി കല്ലുംകൂടി അലിഞ്ഞുപോകുംവണ്ണം പൊട്ടിക്കരഞ്ഞു. ജന്നിയുടെ ആശ്വാസവാക്കുകളെല്ലാം വെളിയിലയിൽ വീണ വെള്ളംപോലെയായി.

യൂജീൻ:
(കരഞ്ഞുംകൊണ്ടു്) എനിക്കു് അയാളെ വിവാഹം ചെയ്വാൻ കഴിയില്ല. ജന്നി! എനിക്കു് അയാളെ എന്റെ കണ്ണിന്റെ മുമ്പിൽ കാണാൻ വയ്യാ. എന്റെ സ്നേഹം പതിഞ്ഞുപോയതു് എഡോൾഫിയുടെ മേലാണു്. ഞാൻ എന്നും അയാളെ മാത്രമേ സ്നേഹിക്കയുള്ളു. വിവാഹ കാര്യങ്ങളിൽ പണത്തിന്നിത്ര പ്രാധാന്യത കൊടുക്കുന്നതെന്തിനാണാവൊ?
ജന്നി:
(വിവേകത്തൊടെ) അനുരാഗം എന്നതു് ഒരാൾക്കു് യൗവ്വനകാലത്തു് വന്നുകൂടുന്ന അവസ്ഥയാണു്. പണം, വാർദ്ധക്യകാലത്തു് ആഹാരം കഴിപ്പാൻ ഉതകേണ്ടതിന്നാണു്.
യൂജീൻ:
(നിരാശയോടെ) ഈ കുടുക്കിൽ നിന്നു് ഒഴിവാൻ ഞാൻ യാതൊരു വഴിയും കാണുന്നില്ല.
ജന്നി:
ഒരു സമയം നിങ്ങളുടെ അമ്മയുടെ നിശ്ചയം മാറുമായിരിക്കും. പോരാഞ്ഞിട്ടു് നിങ്ങൾ ദാവീദിനെ വിവാഹം കഴിക്കാൻ തീർച്ചയാക്കിയതു് നാളേക്കൊന്നുമല്ലല്ലൊ. നിങ്ങൾക്കു്, ദാവീദിനെ കേവലം ഇഷ്ടമില്ലെന്നു് നിങ്ങളുടെ അമ്മയോടും പറയാമല്ലോ.
യൂജീൻ:
എനിക്കു് എഡോൾഫിയോടാണു് പ്രേമം എന്ന വിവരം എനിക്കു് അവരോടു് പറവാൻ പാടില്ലല്ലോ.
ജന്നി:
ഒരു സമയം നിങ്ങളുടെ അച്ഛൻ—

ജന്നി! എന്ന ഒരു വിളി ഉപദേശിയാരുടെ സഹായത്തിന്റെ കാര്യം ദൂരെ വലിച്ചെറിഞ്ഞപോലെയാക്കി.

ജന്നി:
ഇനി എനിക്കു് എന്റെ ജോലി നോക്കാൻ പോകേണം. ഇന്നു് രാത്രി നമുക്കു് ഇശ്ശിനേരം ഇതിനെപ്പറ്റി സംസാരിപ്പാൻ അവസരമുണ്ടാകും. ഞാൻ വെളിക്കു് പോകുമ്പോൾ എഡോൾഫിയെ കണ്ടുമുട്ടിയാൽ, നിങ്ങളെ ഇന്നു് രാവിലെ കാണാതിരുന്നതെന്തുകൊണ്ടാണെന്നു് അയാൾ ചോദിക്കുന്നപക്ഷം, നിങ്ങൾക്കു് വിരോധമില്ലെങ്കിൽ ഞാൻ സംഗതി പറഞ്ഞുകൊടുക്കാം.
യൂജീൻ:
നിണക്കു് എപ്പോഴും എന്നോടു് ദയയുണ്ടു്.

എന്നാലൊ, ആ ചെറുപ്പക്കാരനെ, അന്നു് തനിക്കു് കാണാൻ സാധിക്കുകയുണ്ടാകയില്ലെന്നു് ജന്നി നല്ലവണ്ണം അറിയുന്ന കാര്യമാണു്. എന്തുകൊണ്ടെന്നാൽ ചില വിരുന്നുകാരുടെ വരവുള്ളതുകൊണ്ടു്, അവൾക്കു് ഊണിന്നു് ഘോരഘോഷമായ ഏർപ്പാടുകൾ ചെയ്യേണ്ടതുണ്ടു്. ഈ ഊണു് യൂജീനിന്റെയും ദാവീദിന്റെയും വിവാഹനിശ്ചയം കൊണ്ടാടാൻ വേണ്ടിയായിരുന്നു. എന്നാൽ ആ വിവരം യൂജീനിനോടു് പറവാൻ ജന്നിക്കു് ധൈര്യം ഉണ്ടായില്ല.

വിനോദയാത്രയ്ക്കു് കൂടിയിരുന്ന മിക്കവരും അന്നത്തേ വിരുന്നുകാരായിരുന്നു. ബർനാഡിന്റെ കൂട്ടക്കാരോടു് മന്ദാരത്തിന്നുണ്ടായിരുന്ന ഈർഷ്യയുടെ മൂർച്ച അതെ നിലയിൽ ഇരുന്നിരുന്നതുകൊണ്ടു് അവരെയൊന്നും ക്ഷണിച്ചിട്ടില്ലായിരുന്നു. വിരുന്നുകാരാകട്ടെ എന്തൊരു പ്രത്യേക സംഗതികൊണ്ടാണു് തങ്ങളെ ക്ഷണിച്ചതു് എന്നു് അറിഞ്ഞിരുന്നും ഇല്ല. മന്ദാരത്തിന്റെ സംസാരത്തിൽനിന്നു് പുറപ്പെട്ട ചില സൂചനകൾ; വിശ്വസിക്കാൻ തക്കവണ്ണം വ്യക്തമല്ലായിരുന്നു.

അവസാനം എത്തിയതു് ദാവീദായിരുന്നു. അദ്ദേഹത്തിന്റെ മുഖം സന്തോഷംകൊണ്ടു് തുളുമ്പിയിരുന്നു. ഒരു ചുകന്ന റോസ്, (Rose) അദ്ദേഹത്തിന്റെ ബട്ടൺഹോളിൽനിന്നു് വിളങ്ങുന്നുണ്ടായിരുന്നു.

സിസീലി:
(ആത്മഗതം) സാധു വിഡ്ഢി! കാട്ടിൽ നിന്നു് കഴിഞ്ഞതൊക്കെ അന്നു് നോക്കി മനസ്സിലാക്കിയ എനിക്കു് യൂജീൻ ഇയ്യാളെ പുല്ലോളം വകവെച്ചിട്ടില്ലെന്നു് ഗ്രഹിക്കാം.

ആണുങ്ങളെ വെറുക്കുന്നു എന്ന നാട്യത്തിന്മേൽ നടക്കുന്ന സിസീലിതാനും; തനിക്കായിരുന്നു അങ്ങനെയൊരു വിവാഹാന്വേഷണം സിദ്ധിപ്പാൻ ഇടവന്നതു് എങ്കിൽ ധനവാനായ ദാവീദിനെ പക വീട്ടുവാൻവേണ്ടി അയാളുടെ ഇപ്പഴത്തെ വിവാഹനിശ്ചയം വല്ലവിധേനയും പൊട്ടിക്കുവാൻ സാധിച്ചിരുന്നു എങ്കിൽ അവൾ അതിന്നു് ഒരുമ്പെടുവാനും മടിക്കുകയില്ലായിരുന്നു. വന്നു് കേറിയപ്പോൾ അവൾ “എന്റെ ഓമനയൂജീൻ എവിടെ” എന്നായിരുന്നു ഒന്നാമതു് ചോദിച്ചതു്. മകൾക്കു് ആ മാതിരി അവസരങ്ങളിൽ എല്ലാവർക്കും എന്നപോലെ അല്പം ഒരു അസ്വാസ്ഥ്യം ഉണ്ടായെന്നും, അവളെ ക്ഷണം കൂട്ടിക്കൊണ്ടു് വരാമെന്നും മന്ദാരം പറഞ്ഞു.

യുജീൻ തന്റെ മുറിയുടെ ഒരു മുക്കിലിരുന്നു് ജനലിന്നുള്ളിലൂടെ പുറത്തേക്കു് നോക്കുന്നതായിട്ടാണു് മന്ദാരം ചെന്നപ്പോൾ കണ്ടതു്. അവൾ മകളുടെ വിഷാദഭാവം എന്നുവേണ്ട, മകൾ കരയുന്നും ഉണ്ടെന്നുകൂടി മനസ്സിലാക്കി. ഇതൊക്കെ കണ്ടപ്പോൾ അമ്മയുടെ കോപത്തിന്നും കടുപ്പത്തിന്നും ശക്തികൂടി.

മന്ദാരം:
അല്ല നീയെന്താണു് ഇവിടുന്നെടുക്കുന്നതു്? ഉണ്ണാൻ കാലമായി എന്നു് നീ അറിയുന്നില്ലേ?
യൂജീൻ:
ഞാൻ ഒന്നും ചെയ്യുന്നില്ല അമ്മെ? ഉണ്ണാനാണെങ്കിൽ എനിക്കു് വിശപ്പും തോന്നുന്നില്ല.
മന്ദാരം:
അതൊക്കെ ഇരിക്കട്ടെ നിണക്കു് അവരുടെ ഇടയിൽ ഒന്നു് വന്നുപോകാതെ നിവൃത്തിയില്ല. എന്തിനാണു് ഈ വേണ്ടാത്തെ സങ്കടഭാവമൊക്കെ. ദാവീദ് നിന്നെ വിവാഹം കഴിപ്പാൻ നിശ്ചയിച്ചതു് കൊണ്ടൊ? ആ മഹാ മാന്യനെ എന്റെ മകളുടെ ഭർത്താവു് എന്ന നിലയിൽ ആദരിക്കാനും സല്ക്കരിക്കാനും എനിക്കെത്ര ആഗ്രഹമുണ്ടു്. എത്ര അദ്ധ്വാനം ചെയ്തിട്ടാണു് എന്റെ ആശ ഫലിച്ചതു്! അതിന്നുംകൂടി നീ ശങ്ക കാട്ടുന്നതു് എത്ര അസംബന്ധവും എത്ര നന്ദികേടുമാണു്.

യൂജീൻ തന്റെ ധൈര്യമൊക്കെ ഒന്നിച്ചുകൂട്ടി ഒന്നു് നിശ്വസിച്ചു.

യൂജീൻ:
എന്നാൽ അമ്മെ! എനിക്കയാളെ സ്നേഹമില്ല.
മന്ദാരം:
എടി വിഡ്ഢി! കല്യാണം കഴിക്കുന്നതു് സ്നേഹിച്ചതിൽ പിന്നെയാണൊ? കല്യാണം കഴിഞ്ഞതിൽ പിന്നെയല്ലെ.
യൂജീൻ:
എനിക്കു് അയാളെ ഇഷ്ടമില്ലെങ്കിൽ എനിക്കു് അയാളെ വിവാഹം കഴിപ്പാനും ഇഷ്ടമുണ്ടാകയില്ല.
മന്ദാരം:
ഇല്ല. ഇല്ല എന്നോ? എന്തു്! എന്റെ മകൾ തന്നെയാണോ എന്നോടു് ധിക്കാരം പറയുന്നതു്? നീ എന്താണു് നിന്റെ അച്ഛനെപ്പോലെ ചാപല്യം കാട്ടുന്നതു്? ഞാൻ പറയുന്നതു്, ഇന്നുമുതൽ നിന്റെ വിവാഹം നിശ്ചയിച്ചുപോയി എന്നാണു്. ഇന്നുമുതൽ ഒരു മാസത്തിന്നുള്ളിൽ നിന്റെ വിവാഹവും കഴിയും. ഇപ്പോൾ എന്റെ ഒന്നിച്ചു് ചോടെയിറങ്ങി വാ. സാധാരണ പെണ്ണുങ്ങളെപ്പോലെ സന്തോഷവും പ്രസന്നതയും എല്ലാരുമായുള്ള എടവാടുകളിൽ കാണിക്കുക.

അങ്ങിനെ യൂജീൻ അവളുടെ കണ്ണുനീർ വിഴുങ്ങി, അമ്മയുടെ പിന്നാലെ ഇറങ്ങി. അവളുടെ അമ്മയിൽ നിന്നു് അവൾക്കു് അനുകമ്പയൊ, സഹായമൊ, മോചനമൊ സിദ്ധിക്കുകയില്ലെന്നു് യൂജീൻ അറിഞ്ഞു. എന്നാൽ അവളുടെ കമനന്റെ കാര്യമെന്തു്? എഡോൾഫി നിശ്ചയമായിട്ടും അവളെ മറ്റൊരുവന്റെ ഭാര്യയാവാൻ സമ്മതിക്കുമോ? മന്ദാരം മകളെ മുന്നോട്ടു് നടത്തി.

മന്ദാരം:
ഇതാ നോക്കുവിൽ ഇവളാണു് എന്റെ മകൾ യൂജീൻ. ഇദ്ദേഹമാണു് മിസ്റ്റർ ദാവീദ്. എന്റെ മകളുടെ ഭാവിവരൻ.

യൂജീൻ എല്ലാവരേയും നോക്കിത്തലതാഴ്ത്തിയപ്പോൾ വിരുന്നുകാരെല്ലാം ആശീർവ്വാദം ചെയ്വാൻ എഴുന്നേറ്റു.

ജറാഡ്:
ഈശ്വരാനുകൂല്യമുള്ള ഒരു വിവാഹമാണിതു്.

യൂജീനിനെ എല്ലാവരും അഭിനന്ദിച്ചു. ഏതാനും ചിലർ അവളെ ചുംബിച്ചു. ദാവീദിന്റെ കൈ പിടിച്ചു് എല്ലാവരും ഞെക്കി ഞരിച്ചു.

ഉണ്ണുന്നതിന്നിടയിലൊക്കെ മന്ദാരം തന്റെ മകളോടു് ഓരോന്നു് ചെയ്യേണ്ടതെന്തെന്നു് പല ആംഗ്യങ്ങൾ കൊണ്ടും അറിയിച്ചു. അമ്മ പറഞ്ഞുകൊടുപ്പാൻ ശ്രമിക്കുന്നതു് ഓരോ ഘട്ടത്തിനനുസരിച്ചു്, മന്ദഹസിപ്പാനും, തലതാഴ്ത്തുവാനും, തലയിളക്കുവാനും മറ്റുമായിരുന്നു. എന്നാൽ അവളുടെ ബൊമ്മപോലെ ഇരുന്നിരുന്ന മകൾ തല്ക്കാലം കല്ലുപോലെ ഇരുന്നുകളഞ്ഞതു് അവൾക്കത്ര രസിച്ചിട്ടില്ലെങ്കിലും ആ സഭയിൽ നിന്നു് ഒന്നും പറവാൻ പാടില്ലാതെ വന്നു. ഉപദേശിയാർ ദമ്പതിമാർക്കു് വരാൻ പോകുന്ന വിവാഹജീവിതത്തിന്റെ സുഖത്തെപ്പറ്റി കീർത്തിക്കുവാൻ തുടങ്ങി. എന്നാൽ അയാളുടെ ഭാര്യ തീപ്പറക്കുന്ന ഒരു നോട്ടംകൊണ്ടു് അയാളുടെ നാവടക്കിച്ചു.

സിസീലി:
(പരിഹാസത്തോടെ) ഭാവി ഭാര്യ ഒന്നും മിണ്ടുന്നില്ലെല്ലൊ.
മന്ദാരം:
വിവാഹം കഴിയുംവരെ അവളുടെ നടവടി അങ്ങിനെതന്നെയായിരിക്കും. മര്യാദയുള്ള എല്ലാ യുവതികളും ആചരിക്കേണ്ടതു് അങ്ങിനെയാണു്.
സിസീലി:
(അസൂയയോടെ ആത്മഗതം) ഈ മണവാട്ടിയാകുന്ന ദിവ്യകന്യകയെ ഒന്നു് അലട്ടുവാൻ വഴിയുണ്ടൊ എന്നു് നോക്കട്ടെ. (പിന്നെ ഉച്ചത്തിൽ) അല്ല! മന്ദാരം എനിക്കു് നിങ്ങളോടു് ഒന്നു് ചോദിക്കാനുണ്ടു്. അന്നു് വിനോദയാത്രയിൽ നമ്മുടെ കൂടെ വന്ന ചെറുപ്പക്കാരനെ നിങ്ങൾക്കോർമ്മ തോന്നുന്നുവോ? എഡോൾഫി എന്നൊ മറ്റൊ ആണു് അവന്റെ പേരെന്നു് തോന്നുന്നു.

അവളുടെ പ്രാണപ്രിയന്റെ പേർ കേട്ടമാത്രയിൽ യൂജീനിന്നു് അവളുടെ മുഖത്തുണ്ടായിരുന്ന ചോര മുഴുവൻ വറ്റിപ്പോയപോലെ തോന്നി.

മന്ദാരം:
അതേ; നിശ്ചയമായിട്ടും എന്തായിരുന്നു?
സിസീലി:
അയാളുടെ വിവാഹവും അടുക്കെ ഉണ്ടാകും എന്നു് ഞാൻ കേട്ടു.
യൂജീൻ:
വിവാഹം കഴിച്ചു എന്നൊ?

ഇതുവരെ ഒന്നും ശബ്ദിക്കാതിരുന്ന യൂജീൻ വായ തുറന്നപ്പോൾ എല്ലാവരുടെ കണ്ണുകളും അവളുടെ മേൽ പതിഞ്ഞു. മന്ദാരത്തിന്നു് മകളുടെ ആ നടവടി ഒട്ടും പിടിക്കാത്തതുകൊണ്ടു് സഹിക്കവയ്യാത്തകോപം ഉണ്ടായി. എന്നാൽ ഈ വർത്തമാനം കേട്ട ഉടനെ യൂജീനിന്നു് അവൾ എവിടെയാണെന്ന വിവരമോ ഒന്നും ഉണ്ടായില്ല. അവളുടെ ഹൃദയത്തിൽ എല്ലാറ്റിലും മുന്നിൽ നിന്നിരുന്നതു് അവളുടെ തണുത്തുപോകാത്ത പ്രണയം മാത്രമായിരുന്നു.

യൂജീൻ:
നിങ്ങൾക്കു് തീർച്ചവിവരമുണ്ടൊ?
സിസീലി:
അതേ. ആ പെൺകുട്ടിയുടെ അമ്മതന്നേയാണു് എന്നോടു് വിവരം പറഞ്ഞതു്.

ഈ വിവരം കേട്ടപ്പോൾ യൂജീൻ രണ്ടാമതും ബോധം കെട്ടുവീണു. ജറാഡ് അവളെ പിടിച്ചില്ലായിരുന്നു എങ്കിൽ കാര്യം അപകടത്തിൽ കലാശിക്കുമായിരുന്നു.

സിസീലി:
(സങ്കടത്തോടെ.) ഇതെന്തൊരതിശയമാണു്? ഞാൻ പറഞ്ഞതു് കേട്ടിട്ടായിരിക്കുമോ ഇവൾക്കു് ഇങ്ങിനെ ഒരു അസ്വാസ്ഥ്യം നേരിട്ടതു്.
മന്ദാരം:
അവളെ പരവശപ്പെടുത്തുവാൻ തക്കവണ്ണം നിങ്ങൾ എന്തെങ്കിലും വല്ലതും പറഞ്ഞൊ?

ഇങ്ങിനെ പറഞ്ഞു് മന്ദാരം, സിസീലിയേ, അവൾ ദഹിച്ചുപോംവണ്ണം ഒന്നു് നോക്കി. യൂജീൻ ബോധം കെടുവാനുള്ള സംഗതി എന്താണെന്നു് തനിക്കു് ഊഹമുണ്ടായിരുന്നു എങ്കിലും ആ സംഗതി ദാവീദിന്നു് അറിവാകണം എന്നു് മന്ദാരത്തിന്നു് അശേഷം ഇഷ്ടമല്ലായിരുന്നു.

മന്ദാരം:
ഉഷ്ണംകൊണ്ടായിരിക്കും.
സിസീലി:
തണുപ്പുകൊണ്ടായിരിക്കാനും മതി.
മന്ദാരം:
ഒരു സമയം ലജ്ജകൊണ്ടായിരിക്കും. ഞാൻ തന്നെ എന്റെ വിവാഹദിവസത്തിൽ ഏഴുവട്ടം മോഹാലസ്യപ്പെട്ടു് വീണുപോയിരുന്നു.
ഉപദേശി:
എന്തു് പറഞ്ഞു—

മന്ദാരം ഒരൊറ്റ നോട്ടത്തിന്നു് അയാളുടെ എതിരായിട്ടുള്ള പുറപ്പാടു് ഭസ്മമാക്കി. ഡോക്ടരെ കൂട്ടിക്കൊണ്ടു് വരാൻ മോശയെ പറഞ്ഞയച്ചു. യൂജീനിനെ അവളുടെ മുറിയിലേക്കു് എടുത്തുകൊണ്ടുപോയി. വിരുന്നുകാരെല്ലാം പോയിട്ടുംകൂടി ദാവീദ് പോകാതെ അങ്ങട്ടും ഇങ്ങട്ടും വളരെനേരം നടന്നുകളിച്ചു. പിന്നെ തന്റെ ഭാവിപത്നിയുടെ വിവരം ഗ്രഹിക്കാൻവേണ്ടി പിറ്റേന്നു് വരാമെന്നു് പറഞ്ഞു് ദാവീദും യാത്ര പറഞ്ഞു് പോയി.

ഒമ്പതാം അദ്ധ്യായം

(യഥാർത്ഥപ്രണയമാർഗ്ഗം ദുഷ്കരമാണു്.)

അന്നു് മുഴുവൻ, യൂജീനിന്റെ വീട്ടിന്റെ മുന്നിലത്തെ നിരത്തിന്മേൽകൂടെ, സാധു എഡോൾഫി യൂജീനിന്റെ ഒരു നിഴൽപോലും കാണാതെ അങ്ങട്ടും ഇങ്ങട്ടും നടന്നു് തന്നെ കഴിച്ചു. വൈകുന്നേരമായിട്ടുംകൂടി യൂജീനിനെ ഒരു പ്രാവശ്യമെങ്കിലും കണ്ടില്ല. അതുകൊണ്ടു് വളരെ അതൃപ്തിയോടെ എഡോൾഫിക്കു് അയാളുടെ വീട്ടിലേക്കു് മടങ്ങിപ്പോകേണ്ടിവന്നു.

പിറ്റേന്നും അയാൾ ഷാപ്പിൽനിന്നു് നേരത്തെ പിരിഞ്ഞു. യൂജീനിനു് എന്തുവന്നു് പിടിച്ചുപോയി എന്നു് കണ്ടുപിടിപ്പാനുള്ള ഒരു ആഗ്രഹവും ജാഗ്രതയും അയാളുടെ മനസ്സിൽ കത്തിത്തുടങ്ങി. മാനേജരുടെ അരികെക്കൂടി കടന്നുപോകുമ്പോൾ ആ മേലുദ്യോഗസ്ഥൻ അയാളെ പണിയിൽനിന്നു് പിരിച്ചുകളയും എന്ന താക്കീതുകൂടെ ചെയ്തു. എഡോൾഫി ആ വാക്കൊന്നും പുല്ലോളം പ്രമാണിയാതെ പുറമെ വന്നു, പിന്നെയും അരമണിക്കൂർ നേരത്തോളം യൂജീൻ മുഖം കാണിക്കുമൊ എന്ന വിചാരത്തിന്മേൽ കാത്തുനിന്നു.

അയാൾ ഇച്ഛാഭംഗത്തോടെ ആഫീസിലേക്കുതന്നെ മടങ്ങി. അന്നു മുതൽ അയാളെ പണിയിൽ നിന്നു് പിരിച്ചിരിക്കുന്നു എന്ന വിവരവും മനേജർ മുഖാന്തരം അയാൾക്കു് കിട്ടി. എന്നു മാത്രമല്ല എഡോൾഫിയോടു് ഉടനെ അവിടുന്നു് കടന്നുപോവാനും പറഞ്ഞു. എന്നാൽ പ്രണയത്തിൽ മുഴുകിയ ഒരു യുവാവിന്നു് തന്റെ പ്രണയിനിയുടെ വിചാരമല്ലാതെ ബാക്കിയൊന്നും തലയിൽ കടക്കുകയില്ല. തന്നെ പണിയിൽനിന്നു് പിരിച്ചതുകൊണ്ടു് തനിക്കു് സങ്കടമില്ലെന്നും അയാൾക്കു് ആ ഒന്നിനും കൊള്ളാത്ത ഷാപ്പും വിട്ടുപോകുന്നതു് സന്തോഷമാണെന്നും മറ്റും എഡോൾഫി മാനേജരോടു് പറഞ്ഞു.

എന്നാൽ ഒരു കാര്യം അയാൾ മുറയ്ക്കു് ചെയ്തു. ഉച്ചതിരിഞ്ഞതിൽ പിന്നെ രാത്രിയാവോളം യൂജീനിനെ കാണുമെന്ന ആശയോടെ അവളുടെ വീട്ടിന്റെ മുൻഭാഗത്തു് തന്നെ നിന്നു. അയാൾക്കു് വിശപ്പുകൊണ്ടു് നിവൃത്തിയില്ലായിരുന്നു. ബോധം കെട്ടു് വീണുപോകാത്തതു് തന്നെ അയാൾക്കു് അതിശയമായി.

എഡോൾഫി:
(വിചാരം) ഒരു സമയം അവൾക്കു് സുഖക്കേടായിരിക്കാൻ മതി. ഒരു സമയം ഞങ്ങളുടെ കള്ളി പുറത്തായെന്നും വരാം. ഈശ്വരാ! ദുശങ്കകൾ കൊണ്ടു് എന്റെ ഉള്ളം വെന്തുപോകുന്നു. എനിക്കിതിന്റെ സാരം കണ്ടുപിടിക്കണം. മോശയതാ അവരുടെ സ്വകാര്യം നില്ക്കുന്നു. ആ തോട്ടത്തിൽ കടന്നു് അവനോടു് വിവരം ചോദിക്കണം. ഹേ. മോശേ! സുഖം തന്നെയോ?
മോശ:
സുഖംതന്നെ. നിങ്ങൾക്കൊ?
എഡോൾഫി:
എനിക്കും സുഖം. ഉപദേശിക്കും ഭാര്യക്കും സുഖമോ?
മോശ:
അവർക്കു് സുഖക്കെടൊന്നുമില്ല.
എഡോൾഫി:
യൂജീൻ എങ്ങനെ?
മോശ:
അവൾക്കു് കേവലം സുഖമില്ല. അവൾ അവളുടെ മുറിയിൽ തന്നെയാണു് കഴിച്ചുകൂട്ടുന്നതു്.
എഡോൾഫി:
കേവലം സുഖമില്ലെന്നോ? ഈശ്വരൊ രക്ഷ. അവൾക്കെന്താണു് പോലും ദണ്ഡം.
മോശ:
എല്ലാരും പറയുന്നതു് അവൾക്കു് സന്തോഷം കൊണ്ടുള്ള സുഖക്കേടാണെന്നു്.
എഡോൾഫി:
സന്തോഷം കൊണ്ടൊ? നീ എന്തൊക്കെയാണു് പറയുന്നതു് മോശെ!
മോശ:
അവളുടെ വിവാഹം അടുത്തുണ്ടാകും എന്നു് നിങ്ങൾ അറിഞ്ഞിട്ടില്ലെ!
എഡോൾഫി:
വിവാഹമൊ? ആരുമായിട്ടു്? എപ്പോൾ? എങ്ങിനെ? യൂജീനിനു് വിവാഹമൊ? ഒരിക്കലും ഉണ്ടാവാൻ പാടില്ല.
മോശ:
പെണ്ണായാൽ ഒരാണു് വേണ്ടെ.
എഡോൾഫി:
വേണം.
മോശ:
പിന്നെ നിങ്ങൾക്കെന്തിനാണു് ഇത്ര അത്ഭുതം?
എഡോൾഫി:
ആരാണു് അവളെ വിവാഹം കഴിക്കുന്നതു്?
മോശ:
മിസ്റ്റർ ദാവീദ്.
എഡോൾഫി:
ദാവീദൊ? നേരു് പറ.

ഇങ്ങിനെ പറഞ്ഞു് എഡോൾഫി മോശയെ ചെന്നു് പിടിച്ചു.

മോശ:
അയ്യൊ എഡോൾഫി—എന്നെ ഞെക്കിക്കൊല്ലൊല്ല. എന്നെ വിടൂ.
എഡോൾഫി:
പിന്നെ നീ എന്തിനാണു് യൂജീൻ ദാവീദിനെ വിവാഹം ചെയ്വാൻ പോകുന്നു എന്ന കപടം എന്നോടു് പറഞ്ഞതു് ?

ഇങ്ങിനെ പറഞ്ഞു് എഡോൾഫി പിന്നെയും ആ സാധു മോശയെ പിടിച്ചു് കുലുക്കി. പോരാഞ്ഞിട്ടു് ശപിക്കുകയും ശപഥം ചെയ്യുകയും കൂടക്കൂടെ തട്ടിവിട്ടു് മോശ സഹായത്തിന്നു് നിലവിളിച്ചു. അപ്പോൾ ഉപദേശിയാരുടെയും ഭാര്യയുടേയും ദൃഷ്ടി അവിടെ എത്തി.

മന്ദാരത്തിന്നു് ആളെ മനസ്സിലായപ്പോൾ അവൾ ഉപദേശിയാരോടു് അവിടെതന്നെ ഇരിക്കാൻ പറഞ്ഞു. എന്നിട്ടു് അവൾ ഒരു ഉറച്ച ഭാവത്തിൽ എഡോൾഫിയുടെ നേരെ നടന്നു.

മന്ദാരം:
എന്താണു് നിങ്ങൾ ഇവിടെ വെച്ചു് ലഹള ഉണ്ടാക്കുന്നതു്?
മോശ:
വലിയമ്മെ! യൂജീൻ മിസ്റ്റർ. ദാവീദിനെ വിവാഹം കഴിപ്പാൻ പോകുന്നു എന്നു് മാത്രമെ ഞാൻ ഇയ്യാളോടു് പറഞ്ഞിട്ടുള്ളു.
മന്ദാരം:
അവൾക്കു് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കുന്നതുകൊണ്ടു് ഇയ്യാൾക്കെന്താ. ഹേ! എന്റെ ഇഷ്ടംപോലെ ഞാൻ പ്രവർത്തിക്കുന്നതിൽ നിങ്ങൾക്കു് വന്നു് കയ്യിടാൻ എന്തധികാരമാണുള്ളതു്? എഡോൾഫി! താൻ ഒരു മര്യാദക്കാരനാണെന്നല്ലെ ഞാൻ ധരിച്ചിരുന്നതു്! അതു് എന്റെ കയ്യിൽ ഒരു തെറ്റായിപ്പോയി എന്നാണോ ഞാൻ ഇപ്പോൾ മനസ്സിലാക്കേണ്ടതു്!
എഡോൾഫി:
നിങ്ങളുടെ മകളെ ഞാൻ വളരെ സ്നേഹിക്കുന്നു എന്നു് തുറന്നു് പറവാൻ എനിക്കു് ഒട്ടും ശങ്കയില്ല. അവളെ കൂടാതെ എനിക്കു് ജീവിതം ആവശ്യമില്ല. അവളെ വേറെ ഒരാൾ വിവാഹം ചെയ്യുന്നതു് എനിക്കു് സഹിപ്പാൻ നിവൃത്തി ഉണ്ടാകയില്ല.
മന്ദാരം:
തനിക്കു് ഉണ്ടായാലും ശരി, ഇല്ലെങ്കിലും ശരി, അതൊന്നും എനിക്കറിയേണ്ടുന്ന കാര്യമില്ല. തന്റെ സ്ഥിതിയിലുള്ള ഒരാൾ എന്റെ മകളെ വിവാഹം കഴിപ്പാൻ ആഗ്രഹം വെച്ചതു് ശുദ്ധ ധിക്കാരമെന്നാണു് ഞാൻ വിചാരിക്കുന്നതു്. തനിക്കെന്താണു് അവൾക്കു് കൊടുക്കാനും അവളെ പുലർത്താനും കയ്യിലുള്ളതു്. താൻ വല്ലതിനും പുറപ്പെടുമ്പോൾ എന്തെങ്കിലും ഒരു കോപ്പു് കരുതണ്ടെ! മിസ്റ്റർ. ദാവീദ് അവൾക്കു് കൊടുപ്പാൻ പോകുന്നതു് എന്തൊക്കെയാണെന്നു് തനിക്കു് വല്ല വിവരവും ഉണ്ടൊ? ഇന്നുതൊട്ടു് താൻ ഈ വീട്ടിന്റെ പടി കടക്കരുതു് കേട്ടോ.
എഡോൾഫി:
(നിവർന്നു് നിന്നിട്ടു്) നിങ്ങളുടെ സമ്മതമില്ലാതെ ഞാൻ കടന്നുവരും എന്നു് നിങ്ങൾ ധരിക്കരുതു്. നിങ്ങൾ ഇപ്പോൾ എന്നോടു് ചെയ്തതു് വളരെ സാഹസമായ്പോയെന്നു് വെച്ചു് നിങ്ങൾ പശ്ചാത്തപിക്കേണ്ടി വരുന്ന ഒരു കാലം വരും. സലാം. ഞാനിതാ പോകുന്നു.

ഇങ്ങിനെ പറഞ്ഞു് നിരത്തിന്മേൽ പ്രവേശിച്ചു് വാതിൽ ഉച്ചത്തിൽ അടച്ചു് അയാൾ അയാളുടെ പാട്ടിന്നു് പോയി. മന്ദാരം ആശ്ചര്യംകൊണ്ടു് കുറേനേരം അവിടെതന്നെ തരിച്ചു് നിന്നുപോയി.

മന്ദാരം:
അവന്റെ കുറുമ്പു് നോക്കൂ. എന്റെ മകളെ സ്നേഹിക്കുന്നു പോലും. നീ കേട്ടോ? ഇവനാരാണു് ഇങ്ങിനെ തല ഉയർത്താൻ?
മോശ:
അയാൾക്കു് അങ്ങിനെ ഒരു ഭ്രമമുണ്ടായിരിക്കും എന്നു് ഞാനും ശങ്കിച്ചു. കഴിഞ്ഞ ഒരു മാസത്തിൽ അധികമായിട്ടു് അയാളുടെ ജോലി ഈ വീട്ടിന്റെ മുമ്പാകെ നിരത്തിൽ കൂടെ അങ്ങട്ടും ഇങ്ങട്ടും നടക്കുക മാത്രമാണു്.
മന്ദാരം:
എന്റെ കർത്താവെ! യൂജീനും അവനെ കണ്ടിട്ടുണ്ടായിരിക്കുമൊ?
മോശ:
എനിക്കയാളെ കാണാൻ സാധിച്ചപ്പോൾ യൂജീനും കണ്ടിട്ടുണ്ടായിരിക്കും എന്നെല്ലെ വിചാരിക്കേണ്ടതു്?
മന്ദാരം:
അങ്ങിനെതന്നെയാണു് വിചാരിക്കേണ്ടതു്. എന്റെ മകൾക്കും അവൾക്കു് ദാവീദിനെ ഇഷ്ടമില്ലെന്നു് എന്നോടു് പറവാൻ ധൈര്യമുണ്ടായി. അതല്ലെ ഞാൻ വിചാരിക്കുന്നതു്! ആ മാന്യനും ഭാഗ്യവാനും ആയ പുരുഷനെ.
മോശ:
പലചരക്കു് കച്ചവടത്തിന്റെ രാജാവിനെ.
മന്ദാരം:
പോരാഞ്ഞിട്ടു് അവൾക്കു് രണ്ടുവട്ടം ബോധം കെട്ടു. ഇപ്പഴാണു് എനിക്കു് കാര്യം മനസ്സിലാകുന്നതു്. ഒരു മാസം കഴിഞ്ഞിട്ടു് അവളുടെ വിവാഹം നടത്തുന്നതിനു് പകരം, രണ്ടാഴ്ചക്കുള്ളിൽ അവളുടെ വിവാഹം നടത്താനാണു് ഭാവം.

മോശക്കു്, എഡോൾഫി, തന്റെ ശ്വാസം മുട്ടിപ്പോകും പ്രകാരം കടന്നുപിടിച്ച പിടിയുടെ ഓർമ്മ വന്നു.

മോശ:
അതാണു് നല്ലതു്.
മന്ദാരം:
എന്റെ മകൾ, ആ ചെറിയ കഷണം പെണ്ണു്, എന്നെ പാട്ടിലാക്കാനുംകൂടി ശ്രമിച്ചില്ലേ! എന്നാൽ വിവാഹം ഒരിക്കൽ കഴിഞ്ഞുപോയാൽ ഈ മാതിരി ചപലതകളൊക്കെ അസ്തമിച്ചു് പോകും.
മോശ:
ഞാൻ അതല്ല പറയുന്നതു്. അന്നു് രാത്രിയത്തെ കള്ളന്മാർ ആരായിരുന്നു? നിങ്ങളുടെ അഭിപ്രായമെന്താണു്?
മന്ദാരം:
എന്തു്! എന്റെ സ്വർഗ്ഗത്തിലെ പിതാവെ! യൂജീനിനു് അത്രമാത്രം:—ഇല്ല. ഒരിക്കലും ഇല്ല. ആ അധികപ്രസംഗി എഡോൾഫി അവിടെയെങ്ങാൻ ഉണ്ടായിരിക്കും എന്നു് കരുതാനും അവൾക്കു് അവകാശമുണ്ടായിരിക്കും എന്നു് ഞാൻ വിശ്വസിക്കുന്നില്ല. അതും ഒരു ലജ്ജാവഹമായ കാര്യംതന്നെ. അവന്റെ കൈകടന്ന കുറുമ്പു്—എന്റെ വീട്ടിലേക്കു് കടന്നുവരിക. അല്ല. കയ്യേറിക്കടക്കുക. തീർച്ചയായിട്ടും, മോശേ! എന്റെ ഭർത്താവെപോലെ ഒരു വങ്കനെ ഒരാൾക്കും ഭർത്താവായിക്കിട്ടിപ്പോയാൽ, അയാൾ എപ്പോഴും കണ്ണു് തുറന്നിരിക്കേണ്ടിവരും. ഞാൻ യൂജീനിന്റെ അടുത്തു് ചെന്നു് അവളുടെ വിവാഹദിവസം പിന്നേയും സമീപമാക്കിയിരിക്കുന്നു എന്ന വിവരം പറയട്ടെ. രണ്ടാഴ്ചക്കുള്ളിൽ അവളുടെ വിവാഹം കഴിക്കണം. ആ വിവരമാണു് ഞാൻ അവളോടു് ചെന്നു് പറവാൻ പോകുന്നതു്.
പത്താം അദ്ധ്യായം

(എഡോൾഫിയും സിസീലിയും)

ഇങ്ങിനെ കമനീകമനന്മാരുടെ തെറ്റിദ്ധാരണക്കും ഇച്ഛാഭംഗത്തിന്നും ഹേതുവായ ഓരോ കള്ളക്കാര്യങ്ങളുടെ പ്രാരംഭോദയം കണ്ടുതുടങ്ങി. അവർ തമ്മിൽതമ്മിൽ വിശ്വസിക്കാൻ കൊള്ളാത്ത ആളും ചാപല്യം ജാസ്തിയുള്ള ആളും എന്നു് മനസാ പഴിച്ചുതുടങ്ങി. പുരുഷന്മാരെപ്പറ്റി ജന്നി പറഞ്ഞതൊക്കെ കേട്ടിട്ടു്, യൂജീൻ ദീർഘനിശ്വാസം ഇട്ടു. എഡോൾഫിയാകട്ടെ പെണ്ണുങ്ങളെ ആകപ്പാടെ പുച്ഛമായ് കരുതി, എന്നു് മാത്രമല്ല അവരുടെ പണത്തിനോടും പദവിയോടും ഉള്ള കാംക്ഷയെ അത്യധികം നിന്ദിച്ചു് ഒരിക്കൽ യൂജീനിനെ ബലമായ് എടുത്തുകൊണ്ടുപോയ്ക്കളവാനുംകൂടി എഡോൾഫി ആലോചിച്ചു. അങ്ങിനെ ചെയ്താൽ ബന്ധുക്കളുടെ അനുവാദം കൂടാതെ അവളെ വിവാഹം ചെയ്യാമല്ലൊ എന്നു് മാത്രമേ ആ ശുദ്ധൻ കരുതിയിരുന്നുള്ളു. പിന്നെയും ശാന്തനായ് ആലോചിച്ചു് നോക്കിയപ്പോൾ അതൊക്കെ പ്രായോഗികമല്ലെന്നറിഞ്ഞു. അവർ ഇരുവരും പ്രണയാങ്കുരത്തിന്റെ മാധുര്യം അറിഞ്ഞതുകൊണ്ടു് അതിന്റെ ന്യായമായ കലാശം കാണുവാൻ കൗതുകത്തോടെ കാത്തുനിന്നു. ബാക്കിയുള്ളവർ അവരെ അകറ്റി നിർത്തിക്കുന്നതു്, അവരുടെ മൂറയായിരിക്കാൻ മതി. എന്നാലും യഥാർത്ഥാനുരാഗത്തിന്റെ കവാട നിരോധങ്ങൾ അവരാരും വലിയ കാര്യമായി പൊരുളിച്ചില്ല. മനുഷ്യർക്കു് ഓരോരോ നിമിഷത്തിൽ ഓരോ മാതിരി മനഃസ്ഥിതിയാണു്.

എഡോൾഫി യൂജീനിനെയും കാത്തുനില്ക്കുന്ന പതിവു് പിന്നേയും മാറ്റീട്ടില്ല. ഒരു ദിവസം ആ വീട്ടിൽ നിന്നു് ജന്നി നിരത്തിന്മേൽ ഇറങ്ങുന്നതു് കണ്ടപ്പോൾ എഡോൾഫി അവളുടെ നേരെ ബദ്ധപ്പെട്ടു് ചെന്നു. യൂജീനിനെപ്പറ്റി ആയിരം ചോദ്യങ്ങൾ, ഒരൊറ്റ ചോദ്യത്തിന്നുള്ള ഉത്തരം കിട്ടുംമുമ്പെ ചോദിച്ചു. ജന്നി കുഴങ്ങി. അവൾക്കു് പരമാർത്ഥം പറയാതെ നിവൃത്തിയില്ലെന്ന ഘട്ടം വന്നു ചേർന്നു.

ജന്നി:
നിങ്ങൾ കേട്ടതൊക്കെ ശരിയാണു്. ചെറിയമ്മ മിസ്റ്റർ ദാവീദിനെ വിവാഹം ചെയ്യുന്നതാണു്. എന്നാലൊ, ആ സംഗതികൊണ്ടു് ചെറിയമ്മ സങ്കടപ്പെട്ടു് ദണ്ഡംപൂണ്ടു് കിടക്കുകയാണു്. അതിന്നു് മുഖ്യകാരണം നിങ്ങളും വേറെ ഒരാളെ വിവാഹം കഴിപ്പാൻ പോകുന്നുണ്ടു് എന്ന വർത്തമാനം കേട്ടിട്ടാണു്.
എഡോൾഫി:
എന്തു്! ഞാനൊ? ഞാൻ മറ്റൊരാളെ വിവാഹം കഴിപ്പാൻ പോകുന്നു എന്നൊ? ഏതു് നായാണു് അങ്ങിനെ എന്നെക്കൊണ്ടു് പറവാൻ ധൈര്യപ്പെട്ടതു്. യൂജീൻ ഒരിക്കലും ആ കളവു് വിശ്വസിക്കയില്ലെന്നു് എനിക്കു് നല്ല ബോദ്ധ്യമുണ്ടു്.
ജന്നി:
അന്യോന്യം പ്രണയത്തിൽ ലയിച്ചവർക്കു് അസൂയക്കു് ഒരു ചില്ലറ സംഗതി മാത്രമുണ്ടായാൽ മതി.
എഡോൾഫി:
ജന്നീ! നീ അവളെ വെടിപ്പിൽ പറഞ്ഞു് മനസ്സിലാക്കി കൊടുക്ക. നീ അങ്ങിനെ ചെയ്യും എന്നു് എന്നോടു് വാഗ്ദത്തം ചെയ്യൂ. അവളോടു് നീ പറയണം, അവരുടെ അമ്മ എന്നോടു് ആ വീട്ടിന്റെ പടി കടക്കരുതു് എന്നു് താക്കീതു് ചെയ്തിട്ടുണ്ടെങ്കിലും കൂടി, ഞാൻ അവളെ വിവാഹം ചെയ്യാതിരിക്കുന്നതല്ലെന്നു്. കേട്ടൊ.
ജന്നി:
ചെറിയമ്മയും ആ കാര്യത്തിൽ ചുണ കാണിക്കാതിരുന്നിട്ടില്ല. ഏതായാലും നിങ്ങളുടെ വിവാഹത്തിന്റെ ആരംഭം അത്ര നന്നായിട്ടുണ്ടെന്നു് ആർക്കും തോന്നുകയില്ല. നിങ്ങൾ നാളെ രാവിലെ വരീൻ. ചെറിയമ്മയുടെ വർത്തമാനമൊക്കെ ഞാൻ അപ്പോൾ പറഞ്ഞുതരാം.

എഡോൾഫി അയാളുടെ ലൈനിൽ ഉണ്ടായിരുന്ന ഒരു വീട്ടിൽചെന്നു. പരിഭ്രമംകൊണ്ടും ക്ഷീണംകൊണ്ടും അയാൾ ആ വീട്ടിന്റെ മുറിയിൽ ഒരേടത്തിട്ടിരുന്ന കട്ടിലിന്മേൽ ചെന്നുവീണു. “ലൈൻ” എന്നു് വെച്ചാൽ തൊട്ടുതൊട്ടുംകൊണ്ടു് അനേകവീടുകൾ ഒരേ നിരയിൽ നില്ക്കുന്ന ഒരു തരം ഏർപ്പാടാണു്. പട്ടണങ്ങളിലാണു് ആ മാതിരി ഏർപ്പാടുകൾ കാണുന്നതും. അല്ലാതെ പോയാൽ പണമില്ലാത്തവർ പട്ടണത്തിൽനിന്നു് പരുങ്ങിപ്പോകുമായിരുന്നു. എഡോൾഫിക്കു് ഏകദേശം ഉറക്കം വന്നു് തുടങ്ങിയിരിക്കുന്നു. ആ സമയത്താണു് അവൻ ഒരു പെണ്ണിന്റെ ശബ്ദം കേട്ടതു്. അതു് അയാളുടെ തൊട്ട മുറിയിൽ പാർക്കുന്ന യുവതിയായിരുന്നു. അവൾ മടങ്ങിവരുന്നതു് സംശയമില്ലാതെ അവളുടെ ഒരു സേവക്കാരന്റെ ഒന്നിച്ചായിരുന്നു, എന്നു് അവരുടെ സംസാരംകൊണ്ടു് മനസ്സിലാക്കാമായിരുന്നു.

സീലി:
നിങ്ങൾക്കേ വിശപ്പുള്ളു. ബാക്കിയുള്ളവർക്കൊന്നും വിശപ്പില്ലെ? ഇപ്പഴല്ലെ നാം ഒരു ദിക്കിൽ നിന്നു് ചായ കഴിച്ചതു്. ആ സമയത്തു് നിങ്ങൾക്കു് കുറെ വിഭവങ്ങൾ കൂടി വരുത്തിക്കൂടായിരുന്നൊ? എന്തു് ചെയ്യും! ഏതു് സമയത്തും നിങ്ങൾ ഒരു പാപ്പറല്ലെ!
മറ്റെ ആൾ:
ഉള്ളപ്പോളൊക്കെ ഞാൻ വേണ്ടുന്നതു് തരാറുണ്ടു്. ഞാൻ മിഷ്യൻഷാപ്പിലെ മാനേജരാണെങ്കിലും കൂടി എന്റെ ചിലവു് വലിയ ചിലവാണു്. എന്റെ കീഴിലുള്ളവർക്കാണു് പണത്തിന്നു് പഞ്ചമില്ലാത്തതു്. ഞങ്ങൾ മറ്റൊരു ബ്രാഞ്ച് തുറക്കുന്നുണ്ടു്. അപ്പോൾ കുറെ ലാഭം കിട്ടുമായിരിക്കും.
സീലി:
നിങ്ങൾ ഇന്നാളത്തെ പെണ്ണിനെ അവിടെ നിശ്ചയിക്കരുതു്. എല്ലാവരുടേയും കണ്ണു് അവളുടെ മേലായിരിക്കും.
മറ്റെ ആൾ:
അതൊക്കെ നീ പറയുമ്പോലെ നിന്റെ സൗന്ദര്യം എന്നെ ആനന്ദിപ്പിക്കുന്നു.

ഇങ്ങിനെയുള്ള സംസാരം ചുംബനങ്ങളുടെ ശബ്ദം കൊണ്ടവസാനിച്ചു. “അവൾ എത്ര ഭാഗ്യവാന്മാരാണു്. അവർക്കു് അന്യോന്യം സ്നേഹമുണ്ടു്. അവർക്കു് അതു് യഥേഷ്ടം കാണിക്കാനും അനുഭവിപ്പാനും സാധിക്കുന്നു.” എന്നൊക്കെ എഡോൾഫി വിചാരിച്ചു.

നേരം രാവിലെ അഞ്ചടിച്ചപ്പോൾ പിന്നെയും അവരുടെ സംസാരം കേട്ടു. ചില സാമാനങ്ങൾ നീങ്ങുംപോലെയൊ നീക്കുംപോലെയോ കേട്ടു. “അവർ കാമംകൊണ്ടു് അവശപ്പെട്ടുപോയവരായിരിക്കും” എന്നു് എഡോൾഫി ധരിച്ചു. പിന്നെയും ശ്രദ്ധിച്ചപ്പോൾ അയാൾ കേട്ടതു് കോപത്തോടും കൂടേയുള്ള സംസാരവും അടിയുടേയും ശകാരത്തിന്റെയും ശബ്ദവും വിലകൊടുക്കുന്ന വാക്കും മറ്റുമായിരുന്നു.

മറ്റെ ആൾ:
മിണ്ടാതിരി ചൈത്താൻ പെണ്ണെ! വാച്ച് നിന്റെതാണെങ്കിൽ അതു് തന്ന ആളെ നീയുമായി പരിചയപ്പെടുത്തിയതു് ഞാനാണു്. ഗതിയില്ലാതെ നടന്നിരുന്ന നിണക്കു് ഞാനല്ലെ ഒരു പണി ആക്കിത്തന്നതു്. നന്ദിയില്ലാത്ത കഴുത നീ നാവു് അടക്കുകയില്ലെങ്കിൽ ഞാൻ ഈ കുപ്പി എടുത്തു് നിന്നെ എറിയും.

ഇതൊക്കെ എഡോൾഫി പിന്നെയും കേട്ടു. ഒടുവിൽ ആ കാമുകനും പോയി. സീലി ഏങ്ങിക്കരയുന്ന ശബ്ദവും കേട്ടു.

എഡോൾഫി:
(വിചാരം) ഇതല്ലെ പറയുന്നു. ഞാൻ സന്തോഷം കണ്ടിട്ടു് അവരെ അസൂയപ്പെടുകയായിരുന്നു. രാത്രി വരുമ്പോൾ അന്യോന്യം ചുംബിച്ചു് വിനോദിക്കുക. രാവിലെ പിരിയുമ്പോൾ അന്യോന്യം ശകാരിക്കുക. ഇത്തരക്കാരും ഉണ്ടല്ലൊ.

എഡോൾഫി പിന്നെയും ഉറങ്ങാൻ ഉറച്ചു് എന്നാലൊ സീലിയുടെ കരച്ചിൽ അവനെ അസ്വസ്ഥനാക്കി. ഏതായാലും വാതിലും തുറന്നു് അവളെ ആശ്വസിപ്പിക്കുവാൻ പോവാൻ തക്കവണ്ണം അവരുടെ പരിചയം അത്ര അടുപ്പുണ്ടായിരുന്നതല്ല. കരയുന്ന മദ്ധ്യെ അവളുടെ മുറിയുടെ അടുത്ത മുറിയുടെ വാതിൽ അസാരം തുറന്നതായി സീലി പെട്ടെന്നു് കണ്ടു. മാനേജരും അവളും അന്യോന്യം നടന്ന സംഭാഷണം തന്റെ അയൽവക്കക്കാരൻ കേൾക്കാനിടയായോ സീലി അയാൾ താൻ വിചാരിച്ച എഡോൾഫി തന്നെയോ അല്ല മറ്റു് വല്ലവരുമൊ എന്നറിവാൻ സീലിക്കു് ആഗ്രഹം മുഴുത്തു. അതുകൊണ്ടു് കരയുന്നതിന്നു് പകരം അവൾ ചിരിക്കാനും പാടാനും തുടങ്ങി.

എഡോൾഫി:
(വിചാരം) എന്തൊരു അത്ഭുതപ്പെട്ട പെണ്ണാണിവൾ ഇവളെയാണോ ഞാൻ ആശ്വസിപ്പിക്കേണമെന്നു് കരുതിയതു്. ഒരിക്കൽ കരയുന്നു. തൊട്ട നിമിഷത്തിൽ തന്നെ പാട്ടും പാടും.

ആരും തന്നെ വകവെക്കുന്നില്ലെന്നു് കണ്ടപ്പോൾ സീലി എഡോൾഫി കിടക്കുന്ന മുറിയുടെ ചുമരിന്നു് മുട്ടിത്തുടങ്ങി. “ഹേ! ഹേ! ഇതിൽ കിടക്കുന്ന ആളെ! ദയ വിചാരിച്ചു് സമയം എത്ര ആയെന്നു് പറഞ്ഞു് തരുമോ?” എന്നു് ചോദിച്ചു.

എഡോൾഫി:
(ഉള്ളിൽ നിന്നു്) ആറടിക്കാറായി.
സീലി:
(വിചാരം) ഒരാണിന്റെ ശബ്ദം തന്നെയാണു് കേട്ടതു്. ശബ്ദം കേട്ടാൽ ആൾ ഒരു ചെറുപ്പക്കാരനാണെന്നു് തോന്നുന്നു.
സീലി:
(ആളെ പാട്ടിലാക്കുംപോലെയുള്ള സ്വരത്തിൽ) വളരെ വന്ദനം. ഞാൻ സമയമറിയാതെ ബുദ്ധിമുട്ടുകയായിരുന്നു. എന്റെ വാച്ച് നടക്കുന്നില്ല.

ഇതിന്നു് യാതൊരു മറുവടിയും കേൾക്കാതിരുന്നപ്പോൾ സീലി പിന്നെയും പാടാൻ തുടങ്ങി. എന്നതിൽ പിന്നെ എഡോൾഫിയെ കേൾപ്പിക്കും പ്രകാരം ഒരു ചെറുപ്പക്കാരന്റെ കാമലേഖനം അവൾ ഉച്ചത്തിൽ വായിച്ചു. അവളെ മരിക്കുംവരെ സ്നേഹിക്കുമെന്നും അവൾ, അവളെ നോക്കുമ്പൊളൊക്കെ അയാൾക്കു് ദേവ സ്ത്രീകളെ പോലും പുച്ഛം തോന്നിപ്പോകുന്നു എന്നും, അയാൾക്കു് തല്ക്കാലം പണമില്ലെങ്കിലും സാമർത്ഥ്യമുണ്ടെങ്കിൽ എപ്പോഴെങ്കിലും പണം ധാരാളം ഉണ്ടാക്കാൻ സാധിക്കുമെന്നും മറ്റും അതിൽ എഴുതിയിട്ടുണ്ടായിരുന്നു. വായിച്ചുതീർന്നതിൽ പിന്നെ “പണമാണു് മുൻനടക്കേണ്ടതു്. ചക്കരവാക്കൊന്നും എനിക്കു് വേണ്ട” എന്നും സീലി തന്നോടുതന്നെ ഉച്ചത്തിൽ പറഞ്ഞു.

എഡോൾഫിയാകട്ടെ ഉറങ്ങുംപോലെ നടിച്ചു. സീലി അയാളെ ഉണർത്താൻ ആവുന്നതൊക്കെ നോക്കി. സീലിയെപ്പോലെയുള്ള ഒരു പെണ്ണിനെ, ഒന്നും ഗണ്യമാക്കാത്ത പുരുഷനെ വശീകരിക്കാൻ വാശി കൂടുകയാണു് ചെയ്യുക. അവൾ എഡോൾഫി കിടക്കുന്ന മുറിയുടെ ചുമരിന്നു് രണ്ടു് കൈകൊണ്ടും ഉച്ചത്തിൽ മുട്ടി.

സീലി:
ഹേ! ദയ വിചാരിച്ചു് ഒരു തുള്ളി വെള്ളം തരുമോ?

ഇതിന്നും എഡോൾഫി ഒന്നും മിണ്ടിയില്ല. അപ്പോൾ എന്തൊ ഒരാപത്തു് വന്നെത്തിയപോലെ ഒരു നിലവിളിയും അതു് തൊട്ടുകൊണ്ടു് ഇങ്ങിനെ ഒരു ദീനസ്വരവും കേൾക്കായി. “അയ്യൊ. ഇന്നെനിക്കെന്തൊരു നിർഭാഗ്യമാണു്. എന്റെ കാല്പടം ഉളുക്കിപ്പോയെന്നു് തോന്നുന്നു. എനിക്കു് സഹായത്തിന്നു് ഒന്നിച്ചാരുമില്ല താനും.”

ഇതൊക്കെ കേട്ടപ്പോൾ എഡോൾഫി എഴുന്നേറ്റു് ഉടുപ്പിട്ടു് തന്റെ തൊട്ട മുറിയുടെ വാതിന്നടുക്കെ ചെന്നു, മെല്ലെ ഒന്നുരണ്ടുവട്ടം മുട്ടി.

സീലി:
(ദീനഭാവത്തോടെ) ആരാണതു്.
എഡോൾഫി:
നിങ്ങളുടെ തൊട്ട മുറിയിലുള്ള ആൾ. നിങ്ങളുടെ വല്ലായ്മ കേട്ടിട്ടു് സഹായിപ്പാൻ വന്നതാണു്.
സീലി:
വളരെ ഉപകാരം. വാതിൽ അടച്ചിട്ടില്ല. തുറന്നു് അകത്തു കേറു.

സീലി ചോടെ ഒരു പുല്പായിലായിരുന്നു കിടന്നിരുന്നതു്. അവളുടെ അംഗങ്ങളുടെ ശോഭ പരിപൂർണ്ണമായി പ്രകാശിക്കത്തക്കവണ്ണമായിരുന്നു അവളുടെ കിടത്തത്തിന്റെ മാതിരി. അവൾക്കു് പതിനെട്ടു് കഴിഞ്ഞിരിക്കണമെങ്കിലും ഇരുപതു് വയസ്സു് പൂർത്തിയായിട്ടില്ല. സൗന്ദര്യവും നല്ല വളർമ്മയും ഉണ്ടു്. അവ ഒരു തിലോത്തമയല്ലെങ്കിലും ഒരു അഴകുള്ള പെണ്ണാണെന്നു് ആരും സമ്മതിക്കും. യൗവന്യത്തിന്റെ തിളക്കത്തിന്നു് അസാരം മങ്ങൽ നേരിട്ടിരുന്നു. നേരം പുലർന്നാൽ സീലി അത്ര സുന്ദരിയാണെന്നു് തോന്നുകയില്ലെങ്കിലും രാത്രി നല്ല സുന്ദരിയാണെന്നു് എണ്ണപ്പെട്ടു് പോകും. എഡോൾഫി അവളെ തുറിച്ചു് നോക്കാനൊന്നും പോയില്ല. അയാൾ അവിടെ വന്നതു് അവൾക്കു് ഒരു ഉപകാരം ചെയ്വാൻ വേണ്ടി മാത്രമാണു്. അവളെ നോക്കി രസിക്കാനൊന്നുമല്ല. എന്നാൽ സീലി അയാളെ വിളിച്ചു് വരുത്തിയതു്, അയാളെ നല്ലവണ്ണം ഒന്നു് കാണ്മാൻ വേണ്ടിയാണു്. സീലി, അയാളെ അടിതൊട്ടു് മുടിവരെ നല്ലവണ്ണം നോക്കി. ആ ചെറുപ്പക്കാരനെ അവൾക്കു് വളരെ ബോധിച്ചു.

എഡോൾഫി:
(മൃദുവായി) വളരെ വേദനയുണ്ടോ?
സീലി:
വളരെ വളരെ. എങ്ങിനെയോ അടിതെറ്റി ഞാൻ വീണു. എന്നെ എഴുന്നേല്പിച്ചു് എന്റെ കട്ടിലിന്മേൽ കിടത്തിത്തന്നാൽ വളരെ ഉപകാരം. നിങ്ങളുടെ കൈ എന്റെ അരയുടെ ചോടെ താങ്ങായ് പിടിക്കണം എന്റെ ഗൗൺ ഉലഞ്ഞു് പോകുമെന്നു് ഭയമൊന്നും വേണ്ട.

അവളെ താങ്ങിപ്പൊന്തിച്ചപ്പോൾ ആ ചെറുപ്പക്കാരനോടു് സീലി അവളുടെ വേദനയൊന്നും പ്രമാണിയാതെ വളരെ സന്തോഷത്തോടുകൂടെ ചിരിച്ചു. എഡോൾഫിക്കു് ഇനി തന്റെ മുറിയിലേക്കു് മടങ്ങാമെന്നു് തോന്നി. എന്നാൽ അവൾക്കു് അവനെ വിടാൻ ഭാവമുണ്ടായില്ല.

സീലി:
(ഞരങ്ങീട്ടു്) എന്റെ ശരീരം മുഴുവൻ കൊള്ളി പോലെ ഇരിക്കുന്നു. ഇതാ എന്റെ കാൽ തൊട്ടു് നോക്കൂ. ഈ കയ്യും ഒന്നു് തൊട്ടുനോക്കൂ. എനിക്കവയൊന്നും ഇളക്കാൻ വയ്യാ. എന്തൊരു തൊന്ത്രമാണു്. അല്ലെ!

എഡോൾഫി, യൂജീനെ സ്നേഹിക്കുന്നതൊക്കെ ശരിയാണെങ്കിലും കൂടി അവൻ നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരനാണെന്നു് നാം മറക്കരുതു്. അയാൾ “അതെ” എന്നു് മൃദുവായി മന്ത്രിച്ചു. ഈ യുവതിയുടെ വലയിൽ നിന്നു് വല്ല വിധത്തിലും ഒഴിഞ്ഞു് പോകാഞ്ഞാൽ കാര്യം അബദ്ധത്തിൽ കലാശിക്കുമെന്നു് കരുതി എഡോൾഫി വാതിലിന്റെ നേരെ തിരിഞ്ഞു.

സീലി:
എന്താ. പോകുന്നോ?
എഡോൾഫി:
അതെ. നിങ്ങൾക്കു് വേണ്ടതൊക്കെ ഞാൻ ചെയ്തുകഴിഞ്ഞു. നിങ്ങൾക്കു് സുഖമായെന്നാണു് എന്റെ വിശ്വാസം. വേണമെങ്കിൽ വേലക്കാരത്തിയെ ഞാൻ ഇങ്ങട്ടയക്കാം.
സീലി:
നിങ്ങൾ പെണ്ണുങ്ങളെ തിരിഞ്ഞുനോക്കാത്ത ആളാണൊ? അപ്പോൾ നിങ്ങൾ വിചാരിച്ചതു് എന്റെ കാൽ ഉളുക്കിപ്പോയിരുന്നു എന്നാണോ?
എഡോൾഫി:
അങ്ങിനെ അല്ലായിരുന്നു എങ്കിൽ എന്നോടു് വെറുതെ കളവു് പറഞ്ഞിട്ടെന്താണു് കാര്യം?
സീലി:
ഹൂ. എനിക്കു് നിങ്ങളുടെ ഗൗരവഭാവം കാണുമ്പോളാണു്. നിങ്ങൾ നാടകം അഭിനയിക്കാൻ കൊള്ളും. നമ്മൾ രണ്ടാളും ഒന്നു് നൃത്തം വെച്ചാലെന്താ.

സീലി നൃത്തംവെച്ചു. ചിലപ്പോൾ തുടകൾ കാണും. വണ്ണം ഉടുപ്പു് പൊന്തിച്ചു.

സീലി:
എനിക്കെന്തോ ഇന്നൊരു സന്തോഷം. ഒരു സമയം ഞാൻ സ്വതന്ത്രയായി എന്ന വിചാരം കൊണ്ടായിരിക്കും. ഞാൻ മാനേജരോടു് പിണങ്ങിയതു് നിങ്ങൾ കേട്ടായിരിക്കും. ഇപ്പോൾ എനിക്കു് ആരേയും ഭയമില്ല. പുരുഷന്മാർ മിക്കവരും രാക്ഷസന്മാരാണു്. സ്നേഹിക്കാൻ കൊള്ളാത്തവരാണു്. ഞാൻ മേലാൽ എന്റെ പ്രണയം ഒരാളിൽമാത്രമായി നിക്ഷേപിക്കാൻ വിചാരിക്കുന്നില്ല. ഞാൻ പാടുള്ളേടത്തോളം സുഖിക്കും. എനിക്കു് ഒരു നാടകക്കാരത്തിയാവാൻ വളരെ മോഹമുണ്ടു്. നിങ്ങൾക്കും എന്റെ ഷാപ്പിൽതന്നേയല്ലേ ജോലി?
എഡോൾഫി:
ഇപ്പോൾ എനിക്കു് ജോലിയില്ല.
സീലി:
ഭാഗ്യവാൻ! പ്രവൃത്തിയൊന്നുമില്ല. പണം വരവുമുണ്ടു്.
എഡോൾഫി:
അതും ഇല്ല.
സീലി:
നിങ്ങൾ ഒരു സുന്ദരനാണു്. അതുകൊണ്ടു് നിങ്ങൾക്കു് മറ്റു് പ്രകാരത്തിലും പണം സമ്പാദിക്കാൻ സാധിക്കും. ഹൊ! കോപിക്കുകയൊന്നും വേണ്ട സാറേ! എന്റെ ഉടുപ്പു് പിൻഭാഗത്തു് ഒരു കീറുള്ളതു് ഒരു പിൻകൊണ്ടു് തുന്നിച്ചേർത്തു് തരൂ.
എഡോൾഫി:
യുവതികളുടെ ഉടുപ്പു് നന്നാക്കുന്ന ജോലി എനിക്കു് വഴക്കമില്ല. ഞാൻ വേലക്കാരത്തിയെ ഇങ്ങട്ടയക്കാം.
സീലി:
വേലക്കാരത്തിയെക്കഴുവിന്മേലേറ്റു. എനിക്കു് അവളെ ആവശ്യമില്ല. നിങ്ങൾ എന്റെ ഒപ്പം ഊണുകഴിച്ചാൽ എനിക്കു് നല്ല വിശപ്പു് തോന്നുമായിരുന്നു.
എഡോൾഫി:
എനിക്കു് വേറെ പ്രവൃത്തി ഉള്ളതുകൊണ്ടു് അതിനൊന്നും തരമില്ല.

ഇങ്ങിനെ പറഞ്ഞു് എഡോൾഫി തന്റെ മുറിയിലേക്കു് മടങ്ങി. “യൂജീനും ഇവളുമായിട്ടു് എത്ര വ്യത്യാസമുണ്ടു്. എനിക്കു് അടുത്ത മുറിയിലെ ചങ്ങാതിയായി എന്തൊരു തുള്ളിച്ചിയേയാണു് കിട്ടിയതു്.” എന്നൊക്കെ എഡോൾഫി വിചാരിക്കുമ്പോൾ “ഫൂ. വലിയ ചാരിത്ര ശുദ്ധിയുള്ള ചെറുപ്പക്കാരൻ! എന്നാലൊ മാനേജരെക്കാൾ എത്രയോ നല്ലവൻ. അയാളെ ഞാൻ വശീകരിക്കാതിരിക്കില്ല” എന്നു് സീലിയും വിചാരിച്ചു.

പതിനൊന്നാം അദ്ധ്യായം

(വിവേകികളും കൂടി ചിലപ്പോൾ ചെയ്യുന്നതു്.)

പിറ്റേ ദിവസം തന്റെ ഗതി നോക്കി മനസ്സിലാക്കുവാൻ സന്നദ്ധനായി മോശ നില്ക്കുന്നതു് കണ്ടപ്പോൾ എഡോൾഫിക്കു് ആധിയായി. മോശ ഉള്ളേടത്തോളം യൂജീനിനെ കാണുന്ന കാര്യം പൊക്കമായിരിക്കും എന്നു് എഡോൾഫി നല്ലവണ്ണം അറിഞ്ഞു. അയാൾ മടങ്ങി വൈകുന്നേരമാവാൻ കാത്തു. ജന്നി ആ സമയത്തു് വന്നു് യൂജീനിന്റെ വിവരം അറിയിക്കുമെന്നു് എഡോൾഫിയോടു് വാഗ്ദത്തം ചെയ്തിരുന്നു. പറഞ്ഞ പ്രകാരം തന്നെ ജന്നി കൃത്യസമയത്തു് വന്നു. അവൾക്കും വ്യസനവും പാരവശ്യവും ഉണ്ടായിരുന്നു. അവൾക്കു് പറവാനുണ്ടായിരുന്നതു് എഡോൾഫിക്കു് ആശ്വാസകരമായിട്ടുള്ളതല്ലായിരുന്നു. തന്റെ മകൾ അവളുടെ മുറിയിൽ തന്നെ ഇരുന്നുകൊള്ളേണ്ടതാണെന്നു് മന്ദാരം കണിശമായി താക്കീതു് ചെയ്തു് വിട്ടിരിക്കുന്നുപോലും. വിവാഹദിവസം വരെ ഈ നിയമം തെറ്റിക്കാൻ പാടില്ല എന്നും ജന്നി പറഞ്ഞു. എന്തു് ചെയ്തിട്ടും ഫലമില്ല. കമനീമകനന്മാർക്കു് ഒരു നിലയിലും സന്തോഷമാർഗ്ഗം ഉണ്ടാകില്ല.

എഡോൾഫി:
ഞാൻ വീട്ടീന്നു് തീ വെക്കും. എന്നാലെങ്കിലും അവൾക്കു് ദാവീദിനെ വിവാഹം ചെയ്യേണ്ടിവരില്ല. അതിൽപിന്നെ ഞാൻ വെള്ളത്തിൽ വീണു് മരിച്ചുകളയും.
ജന്നി:
ഈ സമയത്തു് വേണ്ട. വെള്ളത്തിന്നു് തണുപ്പു് ജാസ്തിയുണ്ടാകും. മറ്റു് ഞാനെന്തു് പറയട്ടെ! പ്രണയം പിടിപെട്ടവർ വല്ലാത്ത കൂട്ടരാണു്. ഹേ സാറേ! സ്വസ്ഥനായിരിക്കൂ. ഇനിയും രണ്ടാഴ്ചകൂടി ഉണ്ടു്. അതിനിടയിൽ ഒരു നിധി സമ്പാദിച്ചു് വെച്ചോളൂ.
എഡോൾഫി:
ഇങ്ങിനെതന്നെയാണു് എന്നെ ആശ്വസിപ്പിക്കേണ്ടതു്. എന്നെ പരിഹസിച്ചിട്ടു് എന്റെ അച്ഛന്നു് കഷ്ടിപിഷ്ടിയായി കഴിവാൻ മാത്രമെ പണമുള്ളു. എനിക്കു് പണം സഹായിപ്പാൻ ഒരാളും ഇല്ല. എന്റെ ഇളയച്ഛൻ എവിടെയാണെന്ന വിവരം വളരെ കൊല്ലത്തോളമായി ആർക്കും ഇല്ല. എനിക്കു് ചൂതോ പകിടയോ കളിച്ചു് നോക്കാമായിരുന്നു. എന്നാൽ അതൊക്കെ ശീലമായ്പോയാലൊ എന്നൊരു പേടി. ജന്നീ! എനിക്കു് യൂജീനിനെ കാണണം. കാണാതെ കഴികയില്ല.
ജന്നി:
എന്തു്! മകൾക്കു് വേറെ ഒരാളോടാണു് പ്രേമം എന്നറിഞ്ഞിട്ടു് വലിയമ്മ ഉറങ്ങുന്നതു് തന്നെ ഒരു കണ്ണു് തുറന്നിട്ടാണെന്നു് നിങ്ങൾ മനസ്സിലാക്കീട്ടില്ലെ! അതുകൊണ്ടു് സാധിക്കുമെന്നു് തോന്നുന്നില്ല.
എഡോൾഫി:
എനിക്കു് കാണാൻ കഴിയും. നീ വിചാരിച്ചാൽ—നീ എന്നെ സഹായിച്ചാൽ ഇന്നു് രാത്രി നീ വാതിൽ തുറന്നു് എന്നെ അകത്തു് കടത്തിത്തരണം.
ജന്നി:
എനിക്കു് ധൈര്യമില്ല.
എഡോൾഫി:
ഞാൻ ഒരൊറ്റ മിനുട്ടു് മാത്രമെ താമസിക്കയുള്ളു. നിണക്കും അടുക്കെ തന്നെ നില്ക്കാം. നിനക്കെന്തിനാണിത്ര ശങ്ക. നിണക്കു് യൂജീനിനോടു് സ്നേഹമുണ്ടെങ്കിൽ അവൾക്കു് ആശ്വാസം ഉണ്ടാകുന്ന കാര്യത്തിൽ നിണക്കെന്തിനാണു് മടി?

ജന്നി ആലോചിച്ചു് അവളുടെ മനസ്സിളകി.

ജന്നി:
നില്ക്കട്ടെ ഞാൻ യൂജീനുമായി ഒന്നു് ആലോചിച്ചു് നോക്കട്ടെ. അവൾ അനുകൂലിച്ചാൽ നിങ്ങൾക്കു് വരാം.
എഡോൾഫി:
അങ്ങിനെ തന്നെയാണു് വേണ്ടതു്.
ജന്നി:
പിന്നെ ഒരു കാര്യമുണ്ടു്. ഭ്രാന്തനെപോലെ ഒന്നും അഭിനയിക്കരുതു്. വഴി പോകുന്നവൻ ഇങ്ങട്ടു് നോക്കിത്തുടങ്ങി.

പിറ്റേന്നു് വൈകുന്നേരം സമയം എങ്ങിനെയെങ്കിലും കഴിച്ചുകൂട്ടുവാൻ എഡോൾഫി താൻ പാർക്കുന്ന ലൈനിലേക്കു് മടങ്ങിവന്നു. വരുന്ന വഴിക്കു് സീലി അവനെ തടുത്തിട്ടു്, അവനോടു് ഒരു മെഴുത്തിരിക്കു് ചോദിച്ചു. പിന്നെ വെളിച്ചത്തിന്നു് ചോദിച്ചു. അയാൾ ഒന്നും മിണ്ടാഞ്ഞപ്പോൾ സീലി അയാളെ ശകാരിപ്പാനും മടിച്ചില്ല.

എഡോൾഫി:
ഞാൻ നിണക്കു് എവിടുന്നെങ്കിലും ഒരു വെളിച്ചം കൊണ്ടുവന്നുതരാം. പിന്നെ എന്നെ ബുദ്ധിമുട്ടിക്കരുതു്. എനിക്കുറങ്ങണം.

അയാൾ ആ കാര്യം നിറവേറ്റാൻ പോയ ഉടനെ സീലി ശബ്ദമുണ്ടാക്കാതെ എഡോൾഫിയുടെ മുറിയിൽ കേറി, ധിക്കാരത്തിന്റെ കൊടുമകൊണ്ടു് അയാളുടെ കിടക്കയിൽ ചുരുണ്ടുകൂടി. എഡോൾഫി വെളിച്ചവുംകൊണ്ടു് വന്നു, “ഇനി എന്നെ ഉറങ്ങാൻ സമ്മതിക്കണം.” എന്നു് വിളിച്ചു് പറഞ്ഞു. ഉത്തരമൊന്നും കിട്ടാഞ്ഞപ്പോൾ അവൾ വറാന്തയിൽ നിന്നു് അവളുടെ മുറിയിൽ പോയായിരിക്കും എന്നു് വിചാരിച്ചു് ആശ്വസിച്ചു. അയാൾ തിരി നിലത്തിട്ടുകളഞ്ഞു. എന്നിട്ടു് അയാൾ അയാളുടെ സ്വന്തം മുറിയിൽ പ്രവേശിച്ചു് ഉടുപ്പൊക്കെ അഴിച്ചു, വാതിലും ചാരി തന്റെ കിടക്കയിൽ ശരണം പ്രാപിച്ചു.

കിടന്ന ഉടനെ രണ്ടു് മൃദുവായ കരങ്ങൾ അയാളെ പൊത്തിപ്പിടിച്ചു. അയാൾ എഴുന്നേറ്റു് അവളെ വിട്ടൊഴിവാൻ നോക്കി. അയാൾ ഒരു യുവാവാണെന്നു് മനസ്സിലാക്കണം. അവൾ നല്ല മറിമായക്കാരത്തിയുമായിരുന്നു. പോരാഞ്ഞിട്ടു് എഡോൾഫിയുടെ സ്ഥിതി ആരും തെറ്റിദ്ധരിച്ചുപോകും വിധവുമായിരുന്നു. അതുകൊണ്ടു് അയാൾ അവിടെതന്നെ കിടന്നു.

എഡോൾഫി:
(വിചാരം) ഇതു് എന്റെ കുറ്റമല്ല. ഇങ്ങിനെ ഒരു ഘട്ടത്തിൽ എന്നെപോലെതന്നെ എല്ലാവരും ചെയ്യും. ഞാൻ അവളെ ഒഴിവാൻ ആകുന്നതൊക്കെ നോക്കി. എന്തുചെയ്യും വരുന്നതു് വരട്ടെ.
സീലി:
(വിചാരം) ഒരു ഇണക്കവും മെരുക്കവിമില്ലാത്ത കരടി. എനിക്കു് കരടികളെ ഇഷ്ടമാണു്. ഈ കരടിയെ മെരുക്കുവാൻ ഞാൻ ശപഥം ചെയ്തുപോയിരിക്കുന്നു.

അവൾ അയാളെ നല്ലവണ്ണം മെരുക്കിവിട്ടായിരിക്കും. പിറ്റേന്നു് രാവിലെ ഒമ്പതുമണിയായിട്ടുംകൂടി അവർ ഇരുവരും ഒന്നായി മതിവിട്ടു് ഉറങ്ങുകയായിരുന്നു.

ഒന്നാമതു് ഉണർന്നതു് എഡോൾഫി ആയിരുന്നു. അയാൾ എഴുന്നേറ്റിരുന്നു് കണ്ണുംതിരുമ്പി, നോക്കിയപ്പോൾ സീലി പോയിട്ടില്ലെന്നും തന്റെ കൂടെത്തന്നെയാണു് കിടന്നുറങ്ങിയതു് എന്നും അറിഞ്ഞിട്ടു് ആശ്ചര്യപ്പെട്ടു. രാത്രിയിൽ കഴിഞ്ഞതൊക്കെ വിചാരിച്ചു് അയാൾക്കു് വളരെ പശ്ചാത്താപം ഉണ്ടായി.

എഡോൾഫി:
(വിചാരം) ഭഗവാനെ! ഞാൻ എങ്ങിനെ അപ്രകാരമൊക്കെ ചെയ്തു. ഒരൊറ്റനിമിഷത്തിന്നുപോലും എനിക്കു് യൂജീനിനെ മറന്നുകളവാൻ പാടുണ്ടൊ? അവളേയല്ലെ! ഞാൻ ഹൃദയപൂർവ്വം സ്നേഹിക്കുന്നതു്. ഈ തേവിടിശ്ശിയെ എനിക്കിഷ്ടമില്ലെന്നു് മാത്രമല്ല ഞാൻ വെറുക്കുകകൂടി ചെയ്യുന്നു. എനിക്കു് ഇവളെ പുല്ലുവിലയാണു്. എന്റെ യൂജീൻ കരഞ്ഞുകൊണ്ടിരിക്കുന്ന അവസരത്തിൽ ഞാൻ ഇങ്ങിനെയൊക്കെയാണോ ചെയ്യേണ്ടതു്? യൂജീനെ വിവാഹം കഴിപ്പാൻ ഞാൻ യോഗ്യനല്ല. ഒരു സമയം യോഗ്യനാവാൻ മതി. ഞാൻ മറ്റൊരിക്കൽ അവളെ വഞ്ചിക്കുന്നതല്ലെന്നു് സത്യം ചെയ്തുകൊള്ളുന്നു.

സീലി ഉണരുംമുമ്പെ, അയാൾ ഉടുപ്പിട്ടു് അവളേയും വിട്ടു് പുറത്തിറങ്ങി. അയാൾ നാട്ടുമ്പുറത്തു് ഒരു വലിയ നടത്തത്തിന്നു് പോയി. അയാളുടെ നെഞ്ഞു് ശുദ്ധവായുകൊണ്ടു് നിറഞ്ഞു. അയാളുടെ മനസ്സിൽ നിന്നു് ചീത്ത വിചാരങ്ങൾ ഒക്കെ പോയി. അയാൾക്കു് യൂജീനിന്റെ വിചാരംമാത്രമെ ഉണ്ടായിരുന്നുള്ളു. അയാൾ മേലാൽ ഏതു് പ്രകാരത്തിൽ പ്രവർത്തിക്കേണമെന്നു് ഓരോരോമാർഗ്ഗം കണ്ടുപിടിച്ചുതുടങ്ങി. ഈ മാതിരി മനോരാജ്യത്തോടെ പട്ടണത്തിൽകൂടെ നടന്നാൽ വല്ലബസ്സും വന്നു കേറി അയാൾ മരിച്ചുപോകുമായിരുന്നു. സ്മരണയില്ലാത്ത കാമുകന്മാർക്കു് പട്ടണം സുഖകരദിക്കല്ല. അയാൾ ഒരു ചെറിയ ഹോട്ടലിൽ കേറി ഊണു് കഴിച്ചു. ആശകൊണ്ടും ഭയംകൊണ്ടും ആകുലനായിട്ടു് അയാൾ മടങ്ങി ഉപദേശിയാരുടെ വീട്ടിന്റെ അരികെ എത്തി.

കുറേനേരം കഴിഞ്ഞപ്പോൾ ജന്നി അവന്റെ നേരെ ഓടിവന്നു.

ജന്നി:
മിസ്റ്റർ എഡോൾഫി. ചെറിയമ്മ സമ്മതിച്ചിരിക്കുന്നു. നിങ്ങളെ കാണുമെന്നു് പറഞ്ഞിരിക്കുന്നു.
എഡോൾഫി:
കർത്താവിന്റെ കാരുണ്യം.
ജന്നി:
സാർ. നിങ്ങളെ കാണാൻ അവരു് ആറ്റുനോറ്റു് കാത്തിരിക്കുന്നു. നിങ്ങൾ ഇവിടെ പാതിരാക്കു് വന്നുകൊള്ളണം. അതിന്നു് മുമ്പെ വരരുതു്. എല്ലാവരും പാതിരയാകുമ്പോൾ ഉറങ്ങാതിരിക്കില്ല.
എഡോൾഫി:
ശരി. മനസ്സിലായി.
ജന്നി:
വാതിൽ എത്രയോ പതുക്കെ ഉന്തിത്തുറന്നാൽ മതി. എന്നിട്ടു് എന്റെ പിന്നാലെ വന്നാൽ മതി. ശബ്ദമൊന്നും ഉണ്ടാക്കരുതു്. ഞാൻ നിങ്ങളെ എന്റെ മുറിയിൽ കൊണ്ടുവന്നിരുത്താം. ചെറിയമ്മ അവിടെ വന്നു് നിങ്ങളെ കാണും. ഞാൻ അടുത്തുതന്നെ ഉണ്ടാകും.
എഡോൾഫി:
എനിക്കവളെ ദ്രോഹിക്കാൻ ഭാവമുണ്ടെന്നു് നീ വിചാരിക്കുന്നൊ. എന്റെ പ്രണയം മൃഗപ്രായമായ കാമാധിക്യമല്ല. എനിക്കവളെ ഒന്നു് കാണണം. ഒന്നു് സംസാരിക്കണം എന്നു് മാത്രം.
ജന്നി:
നിങ്ങൾക്കു് ദ്രോഹവിചാരം ഉണ്ടെന്നു് ഞാൻ പറഞ്ഞിട്ടില്ല. കാമത്തിന്നു് കാമുകനേക്കാൾ ശക്തി ഉണ്ടെന്നു് ഞാൻ അറിയും. ഏതായാലും ഞാൻ അവിടെ അടുത്തുതന്നെ ഉണ്ടായിരിക്കുമല്ലൊ! ഇതാ ഞങ്ങളെ ഒക്കെ എന്തു് വികടത്തിലാക്കാനാണു് നിങ്ങൾ പോകുന്നതു് എന്നു് നല്ലവണ്ണം ഓർമ്മിക്കണം. വലിയമ്മയൊ മറ്റൊ അറിഞ്ഞു് പോയാൽ അന്നു് എന്നെ പിരിച്ചുവിടും. ചെറിയമ്മക്കു് നിങ്ങളോടു് വളരെ പ്രണയം—കൈ കടന്ന പ്രണയം—ഉണ്ടായിരിക്കണം. അല്ലാതെ പോയാൽ ഒരു കാലത്തും അവർ ഇങ്ങിനെ നിങ്ങളെ കാണാൻ കൂട്ടാക്കുന്നതല്ല.
എഡോൾഫി:
നിങ്ങൾക്കു് രണ്ടാൾക്കും ഇച്ഛാഭംഗമില്ലാത്ത വിധത്തിൽ ഞാൻ ആചരിച്ചുകൊള്ളാം.
ജന്നി:
സാറെ! ഇങ്ങിനെ എല്ലാം ഉറച്ചിരിക്കകൊണ്ടു് ഞാൻ ഇപ്പോൾ പോണു്. ആ ചെറിയ പടിവാതിലും തുറന്നു് പാതിരാവിന്നു് ഇവിടെ വന്നു് നിന്നാൽ മതി.
എഡോൾഫി:
ശരി. ഞാനെത്തും. ഇതാ നിന്നോടു് വരാൻ മറന്നുപോകരുതേ. ഉറങ്ങിപ്പോകരുതേ.
ജന്നി:
അപ്പേടി ഒന്നും വേണ്ട സാറേ! ഊഹിക്ക വയ്യാത്ത വല്ല സംഭവവും ഉണ്ടായെങ്കിലെ ഈ ഏർപ്പാടു് പിഴച്ചുപോകയുള്ളു.
എഡോൾഫി:
ജന്നി! ഇനി അർദ്ധരാത്രിയിൽ കാണാം.

എഡോൾഫി മടങ്ങി. അദ്ദേഹത്തിന്റെ ഹൃദയം സന്തോഷംകൊണ്ടു് നിറഞ്ഞുവഴിഞ്ഞു.

പന്ത്രണ്ടാം അദ്ധ്യായം

(കമനീയമകനന്മാർ.)

രാത്രി പന്ത്രണ്ടു്. മുട്ടാൻ അഞ്ചുമിനിട്ടുള്ളപ്പോൾ എഡോൾഫി ഉപദേശിയാരുടെ വീട്ടിന്റെ മുൻഭാഗത്തെത്തി. വീട്ടിലെ വിളക്കുകൾ കത്തുന്നതൊന്നും കാണാനില്ലായിരുന്നു. എല്ലാം നിശ്ശബ്ദമായിരുന്നു. നിരത്തിന്മേൽ ആളുകൾ വളരെ കുറവായിരുന്നു. പന്ത്രണ്ടടിച്ചു. അഞ്ചു് മിനുട്ടു് കഴിഞ്ഞപ്പോൾ ജന്നിയും എത്തി. അവൾ ശബ്ദമില്ലാതെ വേഗത്തിൽ നടന്നുവന്നു. മുൻകരുതലോടുകൂടെ അവൾ വെളിച്ചം ഒന്നും എടുത്തിട്ടില്ലായിരുന്നു.

ജന്നി:
(പതുക്കെ) നിങ്ങളുടെ കൈ ഞാൻ പിടിക്കാം. ശബ്ദമുണ്ടാക്കരുതു്. വലിയമ്മയുടെ ഉറക്കം ക്ഷണം ഞെട്ടും.

വേലക്കാരത്തി ആ ചെറുപ്പക്കാരനെ കുസ്നിയിൽ കൂട്ടിക്കൊണ്ടുപോയി. അവിടുന്നു് അവളുടെ മുറിയിൽ കൊണ്ടുപോയി. അവിടെ ഒരു ചെറിയ വെളിച്ചം ഉണ്ടായിരുന്നു. എഡോൾഫി അവിടെ യൂജീനിനെ കണ്ടു.

അവർ അന്യോന്യം കെട്ടിപ്പിടിച്ചു് ചുംബിച്ചു. വളരെ നേരത്തോളം അവർക്കു് മിണ്ടാൻ കഴിഞ്ഞില്ല. ഒടുവിൽ എഡോൾഫി ശ്വാസം മുട്ടിയപോലെ ഇങ്ങനെ പറഞ്ഞു. “ഓ. നിണക്കെന്നോടു് പ്രണയം ഉണ്ടു്. എന്നെ ഇപ്പോഴും നീ സ്നേഹിക്കുന്നുണ്ടു്.”

യൂജീൻ:
അതെ എഡോൾഫി! നിങ്ങൾ എന്നെ എന്നും ഇങ്ങിനെ സ്നേഹിച്ചാൽ ഞാൻ ഒരിക്കലും നിങ്ങളെ വഞ്ചിക്കുകയില്ലെന്നു് സത്യം ചെയ്യാം.

ഒരു സ്ത്രീ ആവശ്യപ്പെടുന്നതു് ഈ ഒരു സംഗതിമാത്രമായിരിക്കും. അവരെ വഞ്ചനകൂടാതെ സ്നേഹിക്കേണമെന്നു്. എന്നാലാകട്ടെ ഒരു പുരുഷന്നു് കൊണ്ടുനടക്കാൻ ഏറ്റവും പ്രയാസകരമായ കാര്യം ആ ഒന്നുതന്നെയാണു്. സീലിയുമായിട്ടുള്ള എടവാടു് ഓർമ്മയായപ്പോൾ എഡോൾഫിക്കു് വളരെ പശ്ചാത്താപമുണ്ടായി. അയാളുടെ പ്രാണപ്രിയയായ മറ്റൊരു പ്രാവശ്യം വഞ്ചിക്കയില്ലെന്നു് അയാൾ നിർണ്ണയിച്ചു. ഒരു സ്ത്രീക്കാകട്ടെ ഒരാളെ സ്നേഹിക്കുകയും അതെ സമയത്തു് ചതിക്കുകയും ചെയ്വാൻ ഒരിക്കലും സാധിക്കയില്ല. എന്നാൽ ഒരു പുരുഷന്നു് അങ്ങിനെ സാധിക്കും.

എഡോൾഫി:
(പെട്ടെന്നു്) യൂജീൻ! നിന്റെ വിവാഹമൊ? അതു് നടക്കാൻ പാടില്ല. അതിനെപ്പറ്റിയാണു് നാം ഒന്നാമതു് ആലോചിക്കേണ്ടതു്. ഞാൻ നിന്നെ എടുത്തുകൊണ്ടു് പോയ്ക്കളയും.
യൂജീൻ:
എന്റെ അച്ഛനമ്മമാരെ അവരുടെ സമ്മതം കൂടാതെ ഉപേക്ഷിച്ചു് പോയ്ക്കളവാനൊ! അതിന്നു് ഞാൻ സമ്മതിക്കുകയില്ല.
ജന്നി:
അങ്ങിനെ ചെയ്താൽതന്നെ നിങ്ങൾ ചെറിയമ്മയെ എവിടെക്കാണു് കൊണ്ടുപോകുക.
എഡോൾഫി:
ഒന്നാമതു് ലൈനിലുള്ള എന്റെ മുറിയിൽ. പിന്നെ പള്ളിയിൽ. പിന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞാൽ യൂജീനിന്റെ അമ്മ ഞങ്ങൾക്കു് മാപ്പു് തരുമായിരിക്കും.
ജന്നി:
വളരെ കാലം കഴിയണം. ഒരുപക്ഷേ, അവർ മാപ്പു് തരുന്നെങ്കിൽ അതുവരെ നിങ്ങൾ എവിടെ പാർക്കുവാനാണു് പോണതു്.
എഡോൾഫി:
എനിക്കു് ധൈര്യമുണ്ടു്. സാമർത്ഥ്യമുണ്ടു്. ഏതു് ജോലിയിൽ ഏർപ്പെടാനും മടിയില്ല.
ജന്നി:
ഇതൊക്കെ ഉണ്ടായാൽ മതിയൊ? പട്ടിണി കിടക്കാതെ കഴിവാൻ എന്തുമാർഗ്ഗമാണു് കണ്ടതു്.
എഡോൾഫി:
എന്താ ജന്നി! എന്നെ നിരാശപ്പെടുത്തുന്നതു്?
ജന്നി:
സേർ. എന്റെ ചെറിയമ്മ കഷ്ടപ്പെടരുതു് എന്ന ഒരു വിചാരം മാത്രമെ എനിക്കുള്ളു.

അവർ വിവാഹം മുടക്കുവാനായി ഓരോ ഉപായങ്ങൾ കണ്ടുപിടിച്ചും ഉപേക്ഷിച്ചുംകൊണ്ടു് മണിക്കൂർ ഒന്നു് കഴിഞ്ഞു. പ്രായോഗികമായ നിലയിൽ ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. നേരം വൈകുന്നു എന്ന ജന്നിയുടെ ഓർമ്മപ്പെടുത്തലിനൊന്നും ഫലമുണ്ടായില്ല. അവർ ഒന്നും പൊരുളിച്ചില്ല. എത്ര പ്രാവശ്യമാണു് അവർ പിരിഞ്ഞുപോവാൻ നോക്കിയതു് എന്നതിന്നു് കണക്കില്ല. എഡോൾഫി വാതിൽവരെ പോകും പിന്നെയും മടങ്ങും. പിന്നെയും അവളെ പൊത്തിപ്പിടിച്ചു് “എനിക്കു് നിന്നോടെത്ര പ്രണയമുണ്ടെന്നു് പറവാൻ വയ്യാ” എന്നു് ഉരുവിടും. ഒരു സമയം ഇങ്ങിനെ മറ്റൊരു അവസരത്തിൽ അവർക്കു് കണ്ടുമുട്ടാൻ സംഗതി ഉണ്ടാകയില്ലെന്നു് ഒരു മുന്നറിവു് അവർക്കിരുവർക്കും ഉണ്ടായൊ എന്നു് ആർ കണ്ടു.

ഒടുവിൽ അവർക്കു് വിട്ടുപിരിയാതെ നിവൃത്തിയില്ലെന്ന ഘട്ടം എത്തി. യൂജീൻ, മേലെ അവളുടെ മുറിയിൽ പോവാനൊരുമ്പെട്ടു. ജന്നി എഡോൾഫിയെ കസ്റ്റഡിയിലേക്കു് ഇറക്കിക്കൊണ്ടു് വരാനും ഒരുങ്ങി. അപ്പോൾ നിരത്തിന്മേലെക്കുള്ള വാതിൽ ഉന്തിത്തുറന്നു് ആരോ വരുമ്പോലെ ഉള്ള ഒരു ശബ്ദം ഉണ്ടായി.

ജന്നി:
അയ്യോ! കർത്താവേ! പുറത്തേക്കുള്ള വാതിൽ തഴുതിടാൻ ഞാൻ മറന്നു. ആർക്കും അതിലെ കടന്നു് ഇങ്ങട്ടു് വരാം.
എഡോൾഫി:
(യൂജീനിനോടു്) ഭയപ്പെടേണ്ട നിന്റെ രക്ഷയ്ക്കുവേണ്ടി ഞാൻ ഇവിടെത്തന്നെ നില്ക്കാം.

പെട്ടെന്നു് ഉച്ചത്തിലുള്ള ഒരു സംസാരം കേൾക്കായി വന്നു.

“അപ്പാ. ഒടുവിൽ എന്റെ വീടു് കണ്ടെത്തി. മേലേക്കുള്ള കോണിപ്പടി എവിടെ—പ്രിയെ കെതറൈൻ ഒരു വെളിച്ചം കൊണ്ടുവാ.”

ജന്നി:
ആരാണെന്നു് എനിക്കു് മനസ്സിലായി. അതു് തൊട്ട മുറൊയിൽ പാർക്കുന്ന ജെയിക്സാണു്. എല്ലാ ദിവസവും അവൻ മദ്യപിച്ചതിൽ പിന്നെമാത്രമേ വീട്ടിൽ അടങ്ങാറുള്ളു. നമ്മുടെ വീടു് അവന്റെ വീടാണെന്നു് അവൻ തെറ്റിദ്ധരിച്ചിട്ടുണ്ടു്. ചെറിയമ്മേ! നിങ്ങൾ നിങ്ങളുടെ മുറിയിലേക്കു് പോവിൻ. സാറേ! ആരെങ്കിലും വരുംമുമ്പെ നിങ്ങളും ചോടെ ഇറങ്ങിപോയ്ക്കൊൾവിൻ. ആ മനുഷ്യൻ സകലരേയും ഉണർത്താതിരിക്കില്ല.

യൂജീൻ ക്ഷണംപോയി. ജന്നി എഡോൾഫിക്കു് പോകേണ്ടുന്ന മാർഗ്ഗം കാണിച്ചുകൊടുത്തു. മദ്യപാനിയുടെ ശബ്ദം പിന്നേയും പിന്നേയും ഉച്ചത്തിലായി. അവരാർക്കും ഒരു നിമിഷംപോലും താമസിക്കാൻ ഇടയില്ലാതായി. മോശ ജനലിന്റെ അടുക്കെ എത്തി. മന്ദാരം ഉപദേശിയാരെ വിളിച്ചുണർത്തി.

ജന്നി:
(എഡോൾഫിയോടു്) സാറെ! ക്ഷണത്തിൽ ചോടെ ഇറങ്ങി പോക്കോളു, ഇരുട്ടാകകൊണ്ടു് ആ മനുഷ്യൻ നിങ്ങളെ കാണുകയില്ല.

ജന്നി അവളുടെ മുറിയിൽ പോയി വാതിലടച്ചു. എഡോൾഫി ബദ്ധപ്പെട്ടു് മൂന്നും നാലും പടിയായി കോണിയിറങ്ങി. അയാൾക്കു് വീണു് കയ്യൊ കാലൊ പൊട്ടും എന്ന വിചാരവുംകൂടി ഇല്ലായിരുന്നു. മദ്യപാനി നിരത്തിന്മേലുള്ള വാതിലും തുറന്നു് കോണിപ്പടിയുടെ കോലായിൽ നിന്നിരുന്നു. എത്ര പരതീട്ടും അയാൾക്കു് കോണി കാണാൻ സാധിച്ചില്ല. എഡോൾഫി മദ്യപനെ മുട്ടിപ്പോകാതെ ക്ഷണത്തിൽ അവനേയും കടന്നു് പോവാൻ ശ്രമിച്ചു. അങ്ങിനെ ചെയ്യുമ്പോൾ മദ്യപൻ ഒന്നു് ചാളി എഡോൾഫിയുടെ ദേഹത്തിന്മേൽ ശക്തിയോടെ വന്നുമുട്ടി.

ജെയിക്സ്:
“ഇതെന്തുകഥ! ഇവിടെ ആരോ ഉണ്ടു് അതും നന്നായി. അയാൾക്കു് എന്നെ സഹായിപ്പാൻ സാധിക്കുമായിരിക്കും.” എഡോൾഫി കടന്നു് പോവാൻ ശ്രമിച്ചു. ജെയിക്സ് അയാളെ പിടിച്ച പിടിത്തം വിട്ടില്ല.
ജെയിക്സ്:
നീയാർ? എന്താടൊ! മിണ്ടിക്കൂടെ! ആഹാ ഒരു സമയം നീ എന്റെ വീട്ടിൽ കക്കാൻ വന്നതായിരിക്കും. അല്ലെ! നീ ഒരു കള്ളനാണു്. നിന്നെ ഞാൻ വിടില്ല. അയ്യയ്യൊ! കള്ളൻ! കള്ളൻ! വരീൻ! വരീൻ! എല്ലാരും വരീൻ.

ജനലുകളുടെ ഇടയിലും ഏണിപ്പടിയിലും വെളിച്ചങ്ങൾ കണ്ടുതുടങ്ങി. ഉപദേശിയാരും കൂട്ടരും മോശയും താഴേ വന്നു. ഒരു നിമിഷവുംകൂടി താമസിച്ചു് പോയാൽ തന്റെ കള്ളി പുറത്തുവന്നുപോകുമെന്നു് കരുതി, എഡോൾഫി ബാണംപോലെ ഒന്നു് കുതറി ജെയിക്സിന്റെ മരണപ്പിടിത്തത്തിൽനിന്നു് ഒഴിഞ്ഞു് സ്വതന്ത്രനായി, പുറമേക്കുള്ള പടിവാതിലും തുറന്നു് നിരത്തിന്മേൽ ചാടി ഒരൊറ്റക്കുതികുതിച്ചു.

മന്ദാരവും ഉപദേശിയാരും ജന്നിയും ഒക്കെ വന്നു് എല്ലാടവും പരിശോധിച്ചു. ഈശ്വര, എഡോൾഫിയെ രക്ഷിക്കണെ എന്നു് പ്രാർത്ഥിച്ചുകൊണ്ടു് യൂജീൻ അവളുടെ മുറിയിൽതന്നെ കൂടി.

എല്ലാരുടെയും മുന്നിൽ നടന്നിരുന്നതു് മന്ദാരമായിരുന്നു. “ആരാണവിടെ! എന്താണു് വേണ്ടതു്” എന്നൊക്കെ ഉച്ചത്തിൽ ചോദിച്ചുകൊണ്ടാണു് മന്ദാരം നടന്നിരുന്നതു്.

മദ്യപാനിയായ ജെയിക്സ്:
ഓ. എന്റെ പ്രിയയാണൊ വരുന്നതു്? എന്റെ പ്രാണപ്രിയ, ഞാൻ രണ്ടു് മണിക്കൂർ നേരത്തോളമായല്ലൊ നിന്നെ വിളിക്കുന്നതു്. അതിനിടയിൽ ഇവിടെ എന്തൊക്കെ നടന്നു.
ജന്നി:
(ആശ്ചര്യം നടിച്ചിട്ടു്) അതു് ജെയിക്സാണു്. നല്ലവണ്ണം കുടിച്ചിട്ടുണ്ടു്.
മന്ദാരം:
അയാൾ ഈ ഭാഗത്തെങ്ങിനെ എത്തി അതാണു് എനിക്കാശ്ചര്യം. ജെയിക്സെ.
ജെയിക്സ്:
ഹാ എന്റെ പ്രിയ കെതറൈൻ! (മിഴിച്ചു് നോക്കീട്ടു്) ഹൊ. കർത്താവെ. എന്റെ ഭാര്യയല്ലെ ഇതു്. മന്ദാരമാണൊ വരുന്നതു്.
മന്ദാരം:
ഹെ. താൻ എന്റെ വീട്ടിന്റെ മുറ്റത്താണു്. തന്റെ വീട്ടിന്റെ മുറ്റത്തല്ല. മനസ്സിലായൊ?
ജന്നി:
പുറമെ പോവാനുള്ള വഴി ഞാൻ അയാൾക്കു് കാണിച്ചുകൊടുക്കാം.

എന്നാൽ മന്ദാരം അവളെ തടുത്തു.

മന്ദാരം:
നില്ക്കു ജന്നി! ഹെ ജെയിക്സ്. താൻ എന്റെ മുറ്റത്തെങ്ങിനെ എത്തി. അതാണു് കേൾക്കേണ്ടതു്.
ജെയിക്സ്:
നിങ്ങളുടെ വാതിലിന്മേൽ ചാളിപ്പോയി. അതു് ഉള്ളിൽനിന്നു് പൂട്ടാത്തതുകൊണ്ടു് ക്ഷണം തുറന്നുപോയി.
മന്ദാരം:
ജന്നി! ഇങ്ങിനെയാണോ നീ വീടു് കാക്കുന്നതു്?
ജെയിക്സ്:
പിന്നെ ഞാൻ ഏണിപ്പടി പരതുമ്പോൾ ഒരു കള്ളൻ—കള്ളനാണെന്നു് എനിക്കു് ഒരു സംശയവും ഇല്ല—എന്നോടു് വന്നു് മുട്ടിപ്പോയി. ഞാൻ ആദ്യം വിചാരിച്ചതു് അതു് എന്റെ ചങ്ങാതി ബെനോയി എന്നായിരുന്നു. അവനായിരുന്നു എങ്കിൽ അവൻ സത്യം പറയുമായിരുന്നു. എന്നെയും കുതറി ഓടിപ്പോകേണ്ട കാര്യമില്ലായിരുന്നു.
ജന്നി:
എന്തെങ്കിലും പറയുന്നു വലിയമ്മെ! അയാൾ ചുമരോടു് വന്നു് അടിച്ചുപോയതായിരിക്കും. പിടിപ്പതു് കുടിച്ചിരിക്കകൊണ്ടു് ചുമരും മനുഷ്യരും തമ്മിൽ തിരിച്ചറിവാൻ അയാൾക്കു് പാടുണ്ടായിരിക്കയില്ല.
ജെയിക്സ്:
അത്രയ്ക്കൊന്നും ഞാൻ കുടിച്ചിട്ടും ഇല്ല. എനിക്കു് ആണിനേയും പെണ്ണിനേയുംകൂടി തിരിച്ചറിവാൻ തക്ക ഉണർച്ചയും വകതിരിവും ഉണ്ടായിരുന്നു. ഞാൻ നല്ലവണ്ണം അറിയും. ഒരാൾ എന്നോടു് വന്നു് മുട്ടിപ്പോയി. എന്തൊരു ധിക്കാരം. അയാൾ കുടിച്ചിട്ടുണ്ടായിരിക്കുമൊ എന്നു് എനിക്കു് നിശ്ചയമില്ല. നിങ്ങളുടെ വീട്ടിന്റെ ഈ മുറ്റത്തുവെച്ചാണു് കാര്യം നടന്നതു്. ഒരു സമയം നിങ്ങളുടെ വീട്ടിൽനിന്നു് വല്ലതും കട്ടിട്ടുണ്ടായിരിക്കും. നിങ്ങളാണു് അയാളെ കണ്ടു് പിടിക്കേണ്ടതു്. ഞാൻ എന്റെ പാട്ടിന്നു് പോകുന്നു. നിങ്ങളുടെ മുറ്റത്തു് എപ്പോഴും ഒരു വിളക്കു് കത്തിച്ചു് വെക്കുന്നതാണു് നല്ലതു്. എന്നാൽ ഇതൊന്നും ഉണ്ടാകയില്ലായിരുന്നു.
മന്ദാരം:
അവൻ പോട്ടെ. വരീൻ.

ഇങ്ങിനെ പറഞ്ഞു് മന്ദാരം പുറത്തെ പടിവാതിൽ നല്ലവണ്ണം അടച്ചു. വീട്ടിൽ കടക്കുന്ന വാതിലും ഭദ്രമായ് പൂട്ടി “ഞാൻ മകൾ എന്തുചെയ്യുന്നു എന്നു് നോക്കട്ടെ” എന്നു് പറഞ്ഞുകൊണ്ടു് അങ്ങട്ടേക്കു് നടന്നു.

എല്ലാരും ഒന്നും മിണ്ടാതെ മന്ദാരത്തിന്റെ പിന്നാലെ നടന്നു. ജന്നി ഭയംകൊണ്ടും പാരവശ്യംകൊണ്ടും കിടുകിട വിറച്ചിരുന്നു. മന്ദാരം മകളുടെ മുറിയിൽ കടന്നു, ഉറക്കം നടിച്ചുകൊണ്ടു് കിടന്നിരുന്ന യൂജീനിനോടു് ഇങ്ങിനെ പറഞ്ഞു “എല്ലാരും ഉറക്കംഞെട്ടി പരിഭ്രമിച്ചിരിക്കെ നീ മാത്രം ഒന്നുമില്ലെന്നു് ഭാവത്തോടെ, ശാന്തമായി ഉറങ്ങുന്നു എന്നു് കാണുന്നതു് ആശ്ചര്യമായിരിക്കുന്നു.”

യൂജീൻ അവളുടെ അമ്മയുടെ മുഖത്തു് നോക്കാൻ ഭയപ്പെട്ടിട്ടു് അവളുടെ കണ്ണടച്ചുകളഞ്ഞിരുന്നു. ഈ നാട്യംകൊണ്ടു് മന്ദാരത്തിനെ തോല്പിക്കാൻ അവൾക്കു് സാധിച്ചില്ല. എന്തുകൊണ്ടെന്നാൽ മകളുടെ നെഞ്ഞിടിപ്പു് മന്ദാരം സ്പഷ്ടമായി കേട്ടു. അവൾ മുറി മുഴുവനും നല്ലവണ്ണം പരിശോധിച്ചു. എന്നിട്ടു് വാതിൽ താക്കോലിട്ടു് പൂട്ടി, താക്കോൽ തന്റെ കയ്യിൽ വെച്ചു.

മന്ദാരം:
(ഉപദേശിയാരോടു്) എന്തു് ചെയ്യണമെന്നു് എനിക്കു് ഇപ്പോൾ മനസ്സിലായി. കള്ളന്മാരൊന്നും ഇവിടെ കടന്നിട്ടില്ല. അഥവാ കടന്നാൽതന്നെ അയൽവക്കക്കാരെ സഹായത്തിന്നു് വിളിക്കേണ്ടുന്ന കാര്യവും ഇല്ല. കൂടക്കൂടെ ലഹള ഉണ്ടാക്കുന്നതുതന്നെ നന്നല്ല. എല്ലാരും വിചാരിക്കും നമുക്കു് ഭ്രാന്തുപിടിച്ചു് പോയി എന്നു്.
മോശ:
(വിചാരം) ഇതിന്റെ ഉള്ളിലൊക്കെ എന്തൊ ഒരു രസകരമായ കാര്യം കിടക്കുന്നുണ്ടെന്നു് എനിക്കു് സംശയമില്ല. ഞങ്ങൾക്കൊക്കെ സ്വൈരമായി കിടന്നുറങ്ങേണമെങ്കിൽ യൂജീനിന്റെ വിവാഹം കഴിയാതെ നിവൃത്തിയില്ലെന്നാണു് കരുതുന്നതു്.

മന്ദാരത്തിന്റെ ആലോചനയും ഏകദേശം ആ മട്ടിൽ തന്നെ ആയിരുന്നു. ജന്നി മുകളിൽ അവളുടെ മുറിയിലേക്കു് പോകുമ്പോൾ മന്ദാരം അവളെ വിളിച്ചുനിർത്തി.

മന്ദാരം:
ജന്നി! നീ വേറെ പ്രവൃത്തി അന്വേഷിച്ചുകൊള്ളണം. നിണക്കു് ഇനിമേൽ ഇവിടെ പ്രവൃത്തി ഇല്ല. നീ നാളെ ഇവിടുന്നു് വിടാൻ ഒരുങ്ങിക്കൊ.
ജന്നി:
ഞാൻ എന്തു് കുറ്റം ചെയ്തിരിക്കുന്നു വലിയമ്മേ.
മന്ദാരം:
അതൊക്കെ നിണക്കുതന്നെ ആലോചിച്ചാൽ അറിയാം. എന്റെ നിരത്തിന്മേലേക്കുള്ള വാതിൽ തുറന്നുവെച്ചു് മദ്യപന്നോ, കള്ളന്നോ, കാമുകന്നോ പ്രവേശനം അനുവദിച്ചുകൊടുക്കുന്ന ഒരു വേലക്കാരത്തിയെ പുലർത്താൻ എനിക്കു് സാധിക്കില്ല.
ജന്നി:
വലിയമ്മേ!
മന്ദാരം:
മതി. മിണ്ടാതിരി. നാളെ രാവിലെ എന്നെ വന്നു് കാണണം. നിന്റെ സമാധാനമൊന്നും എനിക്കു് ഇപ്പോൾ കേൾക്കേണ്ട. നീ ചെന്നു് കിടന്നുകൊൾക.

ജന്നി മെല്ലെ മുകളിൽ പോയി തന്റെ മുറിയിൽ പ്രവേശിച്ചു് വളരെ നേരം ഏങ്ങി ഏങ്ങി കരഞ്ഞു.

പതിമൂന്നാം അദ്ധ്യായം

(നല്ല നിശ്ചയങ്ങളുടെ കലാശം)

എഡോൾഫി:
ഞാൻ അപമാനത്തിലാകാതെ ഒഴിഞ്ഞതു് എന്റെ ഭാഗ്യം. എനിക്കിപ്പോൾ വളരെ സന്തോഷമായി. യൂജീൻ എന്നെ നല്ലവണ്ണം സ്നേഹിക്കുന്നുണ്ടു്. ഞാൻ അവളെ ഒരിക്കലും വഞ്ചിക്കയില്ലെന്നു് വാഗ്ദത്തവും ചെയ്തു. എല്ലാം ശുഭമായി കലാശിക്കും എന്നാണു് തോന്നുന്നതു്.

ഇങ്ങിനെ ഓരോന്നു് വിചാരിച്ചു് എഡോൾഫി താൻ പാർക്കുന്ന ലൈനിൽ എത്തി. എന്നിട്ടു് അയാൾ താക്കോലിന്നു് പരതി. നോക്കുമ്പോൾ അതു് തന്റെ കീശയിൽ കണ്ടില്ല. എത്രതന്നെ തിരഞ്ഞുനോക്കീട്ടും കണ്ടില്ല. ഒരു സമയം ജെയിക്സുമായിട്ടുള്ള മരണപ്പിടുത്തത്തിൽ അതു് വീണുപോയിരിക്കുമൊ? താക്കോൾ (key) കൂടാതെ അയാൾ തന്റെ മുറിയിൽ എത്തി വീഴാനും തരമില്ല. നേരം രാത്രി രണ്ടു് മണിയായിരിക്കകൊണ്ടു് വേലക്കാരത്തിയെ വിളിച്ചുണർത്താനും അയാൾക്കു് മനസ്സുവന്നില്ല. സീലിയെ ഉണർത്താനും അയാൾക്കു് ലേശം ആഗ്രഹമുണ്ടായില്ല. ലൈനിന്റെ മുമ്പുറത്തെ കോലായിൽ ഇരുന്നുകൊണ്ടു് രാത്രി കഴിക്കാനും അയാൾക്കു് വളരെ മടിയായി.

പെട്ടെന്നു് സീലിയുടെ വാതിലിന്റെ ചോടെ ഒരു വിളക്കു് കത്തുന്നതു് അയാൾ കണ്ടു. അവൾ ഉറങ്ങാതെ വല്ല കാര്യത്തിലും പ്രവേശിച്ചിരിക്കുമൊ എന്നു് അയാൾ അത്ഭുതപ്പെട്ടു. വേറെ യാതൊരു നിർവ്വാഹവുമില്ലെന്നു് കണ്ടിട്ടു് അയാൾ അവളുടെ വാതിലിന്നു് ചെന്നുമുട്ടി.

സീലി, ഉറക്കം നല്ലവണ്ണം തെളിയാത്ത വിധത്തിൽ കണ്ണും തുടച്ചുകൊണ്ടു് വാതിൽ തുറന്നു.

സീലി:
അപ്പാ. വരാൻ സമയമായൊ? പന്ത്രണ്ടു് മണിയായെങ്കിലും വരുമെന്നു് ഞാൻ കരുതിയിരുന്നു.
എഡോൾഫി:
നീ എന്നെയും കാത്തിരുന്നൊ. എന്തിന്നു്?
സീലി:
നിങ്ങൾ ഒരു വല്ലാത്ത ചെറുപ്പക്കാരനെന്നാണു് ഞാൻ പറയേണ്ടതു്. ഇന്നലെ രാത്രി എന്റെ ഒന്നിച്ചു് കഴിച്ചു. ഇന്നും അങ്ങിനെതന്നെ കഴിപ്പാൻ ഇഷ്ടപ്പെടും എന്നാണു് ഞാൻ കരുതിയതു്.
എഡോൾഫി:
നമ്മൾ അന്യോന്യം കഴിഞ്ഞതൊക്കെ ഇപ്പോൾ എടുത്തു് പറഞ്ഞിട്ടു് കാര്യമില്ല. ഞാൻ അതു് മറന്നുകളവാനാണു് ഭാവിക്കുന്നതു്. ചെയ്തതൊക്കെ തെറ്റാണു്. നിർവ്വാഹമില്ലാഞ്ഞിട്ടു് ചെയ്തുപോയതാണുതാനും. അതു് നിണക്കുതന്നെ ബോദ്ധ്യമില്ലെ!
സീലി:
ഓഹൊ. ഈ കാണുന്ന സുന്ദരനായ സന്യാസി തന്നെയാണോ? നിങ്ങളുടെ ഇപ്പോഴത്തെ കോലം കണ്ടാൽ ആ മാതിരി വിനോദങ്ങളിൽ സുലഭമായി ഏർപ്പെട്ടിട്ടു് വരുന്നതാണെന്നുതോന്നും. നിങ്ങളുടെ കോളറും ടയ്യും വളഞ്ഞുപിരിഞ്ഞുപോയിരിക്കുന്നു. കോട്ടു് കീറിയിരിക്കുന്നു. കയ്യിന്മേൽ ഒരു വിരലിന്റെ പാടുംകാണുന്നു. ഞാൻ ശപഥം ചെയ്യാം നിങ്ങൾ ഒരു പെണ്ണിന്റെ കാര്യത്തിൽ ആരോടോ തല്ലുകൂടീട്ടുണ്ടെന്നു്.
എഡോൾഫി:
ഇനി ഞാൻ അങ്ങിനെ ചെയ്താൽകൂടി നിണക്കെന്താണു്?
സീലി:
ഞാൻ ഒരു വലിയ അസൂയകക്ഷിയാണു്. ആ തേവിടിശ്ശിയെ എങ്ങാൻ ഞാൻ കണ്ടുപോയാൽ അവളുടെ കണ്ണു് ഞാൻ മാന്തിപ്പൊട്ടിക്കും.
എഡോൾഫി:
നല്ല കാര്യം! നീ ദയവുചെയ്തു് എന്റെ വാതിൽ തുറക്കാൻ വല്ല ആയുധവും തരുമൊ. എന്റെ താക്കോൽ വീണുപോയി.
സീലി:
അതിനു് വേണ്ടിമാത്രമാണോ എന്റെ വാതിലിന്നു് വന്നു് മുട്ടിയതു്. മതി. എനിക്കു് നിങ്ങളെ വെറുത്തുതുടങ്ങി. ഞാൻ നിങ്ങൾക്കു് യാതൊന്നും തരാൻ വിചാരിക്കുന്നില്ല. ഇഷ്ടമുണ്ടെങ്കിൽ പുറത്തുതന്നെ ഇരുന്നു് നേരം പുലർത്തിക്കൊൾവിൻ. അല്ലെങ്കിൽ എന്റെ മുറിയിൽ കടന്നു് വരീൻ.
എഡോൾഫി:
എന്നാൽ ഞാൻ പുറത്തു് തന്നെ കൂടിക്കൊള്ളാം.

ഇങ്ങിനെ പറഞ്ഞു് എഡോൾഫി നിരത്തിന്മേൽ ഇറങ്ങി. അപ്പഴൊ മഴയുടെ ഭാവവും വന്നുകണ്ടു. അയാൾ പിന്നേയും കോലായിൽ കേറി ഏണിപ്പലകമേൽ ഇരുന്നു.

ഒരു മിനിട്ടു് കഴിയും മുമ്പെ ശബ്ദമൊന്നും ഉണ്ടാക്കാതെ സീലിയും അയാളുടെ സമീപത്തു് വന്നുനിന്നു.

സീലി:
എന്റെ മുറിയിൽ കിടക്കാൻ നല്ല സുഖമുണ്ടു്. നിങ്ങൾക്കെന്താണു് അവിടെ വരുന്നതിന്നു് വിരോധം?
എഡോൾഫി:
(കോപത്തോടെ) എന്റെ പ്രണയം എത്രയൊ ചാരിത്രശുദ്ധിയുള്ള ഒരു പെണ്ണിൽ വീണു് കഴിഞ്ഞു. അവളെ വഞ്ചിക്കാൻ എനിക്കു് മനസ്സു് വരുന്നില്ല. അതാണു് കാര്യം.
സീലി:
അതുകൊണ്ടെന്താണു്. നിങ്ങളെ ഞാൻ മറ്റു് വല്ല വിഷയത്തിലേക്കും ഇപ്പോൾ ഉത്സാഹിപ്പിച്ചോ? നിങ്ങൾക്കു് ശുമ്മാ കിടന്നുറങ്ങാമല്ലോ.
എഡോൾഫി:
അതെങ്ങിനെ സാധിക്കും. നീ ഒരു സുന്ദരിയും യുവതിയുമാണു്. ഞാൻ ഒരു യുവാവും ആണു്.
സീലി:
എന്നാലാട്ടെ. നിങ്ങൾ ഇരിക്കുന്നേടത്തു് ഞാനും വന്നിരിക്കാം. തണുപ്പുകൊണ്ടു് മരിച്ചാലും വേണ്ടില്ല.
എഡോൾഫി:
അതെന്തിനാണു്?
സീലി:
അല്ലെങ്കിൽ എന്റെ മുറിയിൽ വന്നു് കിടക്കൂ. ഞാൻ നിങ്ങളെ ഉപദ്രവിക്കുകയില്ലെന്നു് സത്യം ചെയ്യാം.

ഒടുവിൽ എഡോൾഫിക്കു് അവളുടെ അപേക്ഷ സ്വീകരിക്കാതിരിപ്പാൻ നിവൃത്തിയൊന്നുമില്ലാതായി. അയാൾ അവളുടെ മുറിയിൽ കേറി ഉടനെ സീലി വാതിൽ തഴുതിട്ടു. എഡോൾഫി ആ മുറിയിൽ കണ്ട ഒരു കസേലമേൽ ചെന്നിരുന്നു. അവിടെ ഉറങ്ങാമെന്നു് നിശ്ചയിച്ചു. സീലി, പറഞ്ഞപോലെ തന്നെ, അയാളെ ദ്രോഹിക്കാനൊന്നും ചെല്ലാതെ അവളുടെ കട്ടിലിന്മേൽ ചെന്നു് കിടന്നു. എന്നാലും അവൾക്കു് ഉറക്കം വന്നില്ല. അവൾ തിരിയാനും മറിയാനും, നിശ്വസിപ്പാനും മൂളൽപാട്ടു് പാടാനും തുടങ്ങി. കുറേ നേരം ഇങ്ങിനെ കഴിച്ചപ്പോൾ, അവൾ പെട്ടെന്നു് പൊട്ടിക്കരഞ്ഞു. ഇതാണു് സ്ത്രീകളുടെ ബ്രഹ്മാസ്ത്രം. അവളെ ആശ്വസിപ്പിപ്പാൻ വേണ്ടി എഡോൾഫി അവളുടെ അടുത്തടുത്തു് വന്നു. അപ്പോൾ അവളുടെ കരച്ചിൽ ജാസ്തിയായി. അയാൾ പിന്നെ അവളെ തൊടത്തക്കവിധത്തിൽ അടുത്തെത്തിയപ്പോൾ അവളുടെ കരച്ചിലും ശമിച്ചു.

ശേഷം ചിന്ത്യം—കുറെ കഴിഞ്ഞപ്പോൾ, താൻ ചെയ്തുപോയ പിഴയെപ്പറ്റി വിചാരിച്ചിട്ടു് എഡോൾഫിക്കും കരയാമെന്നു് തോന്നി.

എഡോൾഫി:
(വിചാരം) ഞാൻ എന്തൊരു അസത്താണു്. ഞാൻ എന്റെ പ്രാണപ്രിയക്കു് ഒന്നുകൊണ്ടും അനുരൂപനല്ല. അല്ലെങ്കിലോ ഇങ്ങിനെ ഒരു കാര്യം മേലാൽ ഉണ്ടാകുന്നതല്ലെന്നു് ഞാൻ ആ അനഘയോടു് സത്യവുംകൂടി ചെയ്തുപോയിരിക്കുന്നു. എന്നെ ഒരിക്കലും മാപ്പാക്കാൻ പാടില്ല.

എന്നിട്ടെന്തു് കാര്യം:—ബാക്കി മനുഷ്യരെപ്പൊലെ തന്നെ അയാൾ പിന്നേയും മാപ്പാക്കേണ്ടി വന്നു.

ജന്നിയാകട്ടെ, മന്ദാരത്തോടു് കരഞ്ഞിട്ടും അപേക്ഷിച്ചിട്ടും, ഒരു ആഴ്ച ഇടവാങ്ങിയിരിക്കുന്നു. അതു് മറ്റൊരേടത്തു് പ്രവൃത്തിക്കു് ഉത്സാഹിക്കാൻ വേണ്ടിയായിരുന്നു. ജന്നിയോടു്, യൂജീനിനോടു് യാതൊന്നും മിണ്ടിപ്പോകരുതെന്നു് താക്കീതും ചെയ്തിരുന്നു. പോരാഞ്ഞിട്ടു്, നിരത്തിന്മേൽ വല്ലവരും ഉണ്ടോ എന്നറിവാൻ വേണ്ടി മോശയെ മുകളിലെ വറാന്തയിൽ കാവൽ നിർത്തിയിരുന്നു. യൂജീനിന്റെ വിവാഹത്തിന്റെ ഒരുക്കങ്ങൾ ജോറോടെ നടത്തിയിരുന്നു.

ജന്നിക്കു്, എഡോൾഫിയെ കാണാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. വിശേഷിച്ചു്, ഉപദേശിയാരുടെ വീട്ടിൽ കഴിയുന്ന വിവരങ്ങൾ അയാളെ അറിയിക്കുവാനായിരുന്നു. അയാൾക്കു് യൂജീനിനെപ്പറ്റിയുള്ള ഖേദവും പാരവശ്യവും വല്ല പ്രകാരത്തിലും സമാധാനമാക്കുവാൻ സാധിക്കാതെ പോയതിൽ അവൾ വ്യസനിച്ചു. എഡോൾഫിയുടെ വിലാസം ജന്നിക്കറിയാമായിരുന്നു. അതുകൊണ്ടു് നേരം പുലർച്ചെ, അവൾ അയാളുടെ ലൈനിലേക്കു് നടന്നു. വാതിലിന്നു് മുട്ടീട്ടൊന്നും ഒച്ചപ്പാടുണ്ടായിരുന്നില്ല. അതുകൊണ്ടു് അവൾ അയാളുടെ മുറിയുടെ അടുത്ത മുറിയുടെ (സീലിയുടെ) വാതിലിന്നു് മുട്ടി. സീലിയുടെ ഉറക്കം തെളിഞ്ഞിരുന്നു. അവൾ എഴുന്നേറ്റു് ക്ഷണത്തിൽ വാതിൽ തുറന്നു.

ജന്നി:
അയ്യൊ ക്ഷമിക്കണം. ഞാൻ തെറ്റിപ്പോയി ഞാൻ മിസ്റ്റർ എഡോൾഫിയേയും നോക്കി വന്നതാണു്.
സീലി:
നിങ്ങൾക്കു് അദ്ദേഹത്തെ കാണേണ്ടുന്ന ആവശ്യം എന്താണെന്നു് എന്നോടു് പറയാമൊ?
ജന്നി:
അതു് സ്വകാര്യമാകകൊണ്ടു് എനിക്കു് പറവാൻ പാടില്ല.
സീലി:
എന്തുകൊണ്ടു് പാടില്ല. കാര്യമൊക്കെ ഒന്നുതന്നെ. നീ മനസ്സിലാക്കണം ഞാനും എഡോൾഫിയും ഒന്നിച്ചാണു് പാർക്കുന്നതു് എന്നു്.
ജന്നി:
ഏതു് നിലയിൽ?
സീലി:
ഞങ്ങൾ സേവയാണു്.
ജന്നി:
എന്നാൽ അയാൾ ഞാൻ അന്വേഷിച്ചു് വന്ന എഡോൾഫി ആയിരിക്കാൻ പാടില്ല.
സീലി:
എന്നാൽ നീ വന്നിട്ടൊന്നു് നോക്കൂ. അയാൾ അതാ അവിടെ കിടന്നുറങ്ങുന്നു.

ജന്നി കിടക്കയിൽ കിടന്നിറങ്ങുന്ന ആളെ ഒന്നു് ഏന്തിനോക്കി. അക്ഷണംതന്നെ അവളുടെ മുഖം പച്ചില പോലെ ആയി.

സീലി കണ്ണുകൊണ്ടു് സാധു വേലക്കാരത്തി ജന്നിയെ പരിഹസിച്ചു. അവളുടെ നോട്ടത്തിൽ ഒരു ജയഭാവവും കൂടി ഉണ്ടായിരുന്നു.

സീലി:
നീ നോക്കിവന്ന ആൾ ഇദ്ദേഹം തന്നയൊ അല്ലയൊ.
ജന്നി:
അതെ. അതെ. ഇദ്ദേഹം തന്നെ (വളരെ സങ്കടത്തോടെ ഗൽഗദാക്ഷരത്തിൽ) മറ്റു് വല്ലവരും എന്നോടു് പറഞ്ഞതാണെങ്കിൽ ഞാൻ വിശ്വസിക്കുകയില്ലായിരുന്നു. ഒരിക്കലും ഇല്ല. ഇത്രയൊക്കെ അയാൾ അവളോടു് സത്യംചെയ്തു് പറഞ്ഞിട്ടുകൂടി? സാധുച്ചെറിയമ്മ. അവരെങ്ങാൻ ഈ വിവരം അറിഞ്ഞു് പോയാൽ മരിച്ചുകളയും. പോരാഞ്ഞിട്ടു് ഈ വിശ്വസിക്കാൻ കൊള്ളാത്ത ആൾക്കു് വേണ്ടിയാണു് ഞാൻ അവിടുന്നു് പണി പിരിയേണ്ടി വന്നതും.

ജന്നി, കണ്ണീരും വാർത്തുകൊണ്ടു് അവിടുന്നു് പിൻതിരിഞ്ഞു. അവൾ പുരുഷന്മാരെ ആകപ്പാടെ പഴിച്ചു. സീലി വളരെ സന്തോഷത്തോടെ ചിരിച്ചു് ഇങ്ങിനെ വിചാരിച്ചു് “ആ പെണ്ണിന്നു് ഭ്രാന്തായിരിക്കണം. എഡോൾഫി ഉണർന്നാൽ അയാളോടു് ഇതൊക്കെ പറഞ്ഞുകൊടുത്താലെന്താ! ഒരു നേരംപോക്കല്ലെ! പാടില്ല. ഒരു സമയം അയാൾ എന്നെ കൊന്നുകളവാൻ മതി. അല്ലെങ്കിൽ എന്നെ അയാൾ കേവലം വെടിഞ്ഞുകളയും. എനിക്കു് അയാളോടു് വളരെ പ്രേമമുണ്ടു്. അയാൾ മറ്റുള്ള ചെറുപ്പക്കാരെക്കാൾ വളരെ വ്യത്യാസപ്പെട്ടു് കാണുന്നു. ഒരു യുവാവിന്നു് പശ്ചാത്താപംപോലും? ഒരിക്കൽ ഇങ്ങിനെ… വളരെ ആശ്ചര്യംതന്നെ.”

എഡോൾഫിയോടു് പരമാർത്ഥം പറഞ്ഞുകൊടുക്കേണ്ട എന്നു വെച്ചതു് അവളുടെ മഹാഭാഗ്യമയ്പോയി. തന്നെ ഒരു മോശക്കാരത്തിയുമായി സേവയാണെന്നു് സ്വന്തം കണ്ണുകൊണ്ടു് ജന്നി കണ്ടുപോയി എന്നറിഞ്ഞിരുന്നു എങ്കിൽ, എഡോൾഫി, അപ്പോൾതന്നെ ജനലിന്മേൽ കേറി താഴെ തുള്ളി മരിച്ചുകളയുമായിരുന്നു. അവൾ ഒന്നും പറയാഞ്ഞതു് നന്നായി. ഉറക്കം ഞെട്ടിയപ്പോൾ എഡോൾഫി അയാളുടെ മുറിയിൽ ചെന്നു.

തനിക്കു് ഒരു കത്തു് ജനലിന്റെ ഉള്ളിലൂടെ ആരോ ഇട്ടതു് നിലത്തു് വീണുകിടക്കുന്നതുകണ്ടു. അതു് തന്റെ അച്ഛന്റെ കത്തായിരുന്നു. എഡോൾഫിയുടെ പണി പോയ്പോയെന്നു് കേട്ടിട്ടു് അച്ഛൻ അയാളോടു് വീട്ടിലേക്കു് മടങ്ങിച്ചെല്ലാൻ എഴുതിയിരുന്നു. അച്ഛന്നു് കുറേ സുഖക്കേടാണെന്നും അതുകൊണ്ടു് മകൻ അടുത്തുണ്ടാകുന്നതു് അച്ഛന്നു് ആശ്വാസമായിരിക്കും എന്നുംകൂടി കത്തിൽ ഉണ്ടായിരുന്നു.

എഡോൾഫിക്കു് അച്ഛനോടു് വളരെ വാത്സല്യമുണ്ടായിരുന്നതുകൊണ്ടു് അച്ഛന്റെ വാക്കു് കേൾക്കാതിരിക്കാതേ നിവൃത്തിയില്ല. “യൂജീനിന്റെ വിവാഹത്തിന്നു് ഇനിയും കുറെ ദിവസമുണ്ടു്. അതു് തെറ്റിപ്പാൻതക്കവണ്ണം എനിക്കു് മടങ്ങിവരാനും ധാരാളം അവസരമുണ്ടു്. എനിക്കു് ജന്നിക്കു് എഴുതി എന്റെ ആലോചനകളൊക്കെ അറിയിക്കാം. യൂജീനിന്റെ വിവരത്തെപ്പറ്റി അവൾക്കും എന്നെ അറിയിക്കാം. എന്നൊക്കെ വിചാരിച്ചു് എഡോൾഫി അന്നുതന്നെ പുറപ്പെടാൻ നിശ്ചയിച്ചു.

അയാൾ കുട്ടിക്കാലം മുഴുവനും ആ ഭവനത്തിന്റെ അടുത്തടുത്തു് വരുന്തോറും, അതിന്റെ സ്വാധീനശക്തി അയാളുടെ കാമിനീസ്നേഹത്തേക്കാൾ കവിഞ്ഞു. അയാളുടെ ബാല്യകാലത്തിലെ പല കാര്യങ്ങളും അയാൾ സ്മരിച്ചു. വിട്ടുപിരിയുമ്പോൾ അച്ഛൻ കൊടുത്ത വിവേകപരമായ—ഉപദേശം—അയാളുടെ എല്ലാവിധ ബുദ്ധിമുട്ടുകളും അച്ഛനെ അറിയിക്കേണം എന്ന ഉദ്ദേശം. (അതൊക്കെ എത്രയോ കാലമായിട്ടു് മറന്നുപോയിരിക്കുന്നു)—അയാളുടെ വാഗ്ദത്തം—അച്ഛനെ ഒരു ചങ്ങാതിയെപ്പോലെ വിശ്വസ്ഥനായി വിചാരിച്ചുകൊള്ളും എന്നു് തന്റെ വാഗ്ദത്തം—ഇതൊക്കെ ഓർക്കുന്തോറും തന്റെ അച്ഛന്റെ ഉപദേശം ഇത്രകാലംവരെ താൻ മറന്നുകളഞ്ഞതു് എങ്ങിനെയെന്നു് എഡോൾഫിക്കു് മനസ്സിലായില്ല. ഇപ്പഴോ അവൻ ചെന്നു് കാണുന്നതു് അച്ഛന്നു് ദണ്ഡം പിടിച്ച സ്ഥിതിയിലാണു്, അദ്ദേഹത്തിന്റെ ഹൃദയം പിതൃസ്നേഹത്തിൽ മുഴുകി.

ഒടുവിൽ അദ്ദേഹം പാലക്കാട്ടിന്റെ സമീപം മെപ്പറമ്പത്തു് എത്തി. രാത്രി ഇരുട്ടു് ജാസ്തി ഉണ്ടായിരുന്നെങ്കിലും തന്റെ ഭവനത്തിൽ എഡോൾഫിക്കു് കണ്ണുംപൂട്ടി ചെല്ലാമായിരുന്നു. അയാൾ വാതിലിന്റെ അടുക്കെ ചെന്നു് നിന്നു് ഒന്നു് ദീർഘമായ് നിശ്വസിച്ചു. പിന്നെ അയാൾ വാതിലിന്നു് മെല്ലെ ഒന്നു് മുട്ടി.

പതിനാലാം അദ്ധ്യായം

(മിസ്റ്റർ ഡാൾമണ്ട്.)

“അകത്തേക്കു് കടക്കൂ” എന്നു് ശക്തിയില്ലാത്ത സ്വരത്തിൽ ഉള്ളിൽനിന്നു് ഒരാൾ പറഞ്ഞു.

എഡോൾഫി ക്ഷണം കടന്നു. അച്ഛന്റെ അടുക്കെ പാഞ്ഞുചെന്നു, മുട്ടുകുത്തി അച്ചന്റെ കൈ പിടിച്ചു.

വൃദ്ധൻ:
എഡോൾഫി! എന്റെ മകനെ! നിന്നെ പിന്നേയും കണ്ടതു് വളരെ ആക്കമായി.
എഡോൾഫി:
അച്ഛ! എനിക്കു് നിങ്ങളെ കണ്ടതുകൊണ്ടും വളരെ സന്തോഷമായി.

തന്റെ അച്ഛന്നു് നേരിട്ട വ്യത്യാസം കണ്ടപ്പോൾ എഡോൾഫിയുടെ പ്രസാദം അസ്തമിച്ചു. മിസ്റ്റർ ഡാൾമണ്ടിന്നു് 42 വയസ്സെ ആയിട്ടുള്ളു. അയാളുടെ കണ്ണു് കുണ്ടിലായിരിക്കുന്നു. ശരീരം മെലിഞ്ഞു് പുഷ്ടി കുറഞ്ഞിരുന്നു. പനികൊണ്ടു് കവിൾത്തടം മിന്നിയിരുന്നു. കൂടക്കൂടെ കുരച്ചുകൊണ്ടിരുന്നു. കൈകളൊ വെറും എല്ലും തോലുംമാത്രമായിക്കണ്ടു. ഓരോ കുര കുരയ്ക്കുമ്പോൾ അയാൾ ആപാദചൂഡം ഓരോരിക്കൽ കുലുങ്ങിപ്പോകുന്നതും എഡോൾഫി കണ്ടു.

എഡോൾഫി:
എന്റെ പൊന്നച്ഛാ! നിങ്ങളെ ഇങ്ങിനെ സുഖക്കേടായ് കിടക്കുന്നതു് കണ്ടിട്ട് എനിക്കു് സങ്കടമാകുന്നു. ഞാൻ നിങ്ങളെ ശുശ്രൂഷിക്കാൻ വേണ്ടി വന്നതാണു്.
ഡാൾമണ്ട്:
മകനെ! അതു് സാരമില്ല. ഒരു ദ്രോഹം പിടിച്ച കുര. നിന്നെക്കണ്ടു് കിട്ടിയതുകൊണ്ടു തന്നെ അതു് സുഖപ്പെട്ടു് പോവാൻ മതി.
എഡോൾഫി:
(ഉറപ്പോടെ) നിങ്ങൾക്കു് ഭേദമായല്ലാതെ ഞാൻ നിങ്ങളേയും വിട്ടു് പോകുന്നതല്ല. പോരാഞ്ഞിട്ടു് നിങ്ങളെ നോക്കാൻ മറ്റാരും ഇല്ല.

സുഖക്കേടായിരുന്നിട്ടുകൂടി മിസ്റ്റർ ഡാൾമണ്ട്, തന്റെ ഉന്മേഷം വിട്ടിരുന്നില്ല. തന്റെ ഒരു ചങ്ങാതിക്കു് ഭാരവാഹിത്വവും അധികാരവീര്യവും ഉള്ള ഒരു പ്രവൃത്തി സിദ്ധിച്ചിട്ടുണ്ടെന്നും, എഡോൾഫിക്കു് നല്ല കാര്യമുള്ള ഉദ്യോഗം കൊടുപ്പാൻ ആ സ്നേഹിതൻ ഉത്സാഹിക്കുന്നുണ്ടെന്നും, അങ്ങിനെ കിട്ടിപ്പോയാൽ അച്ഛനും മകനും ഒരേ ദിക്കിൽ വിട്ടുപിരിയാതെ നാൾ കഴിക്കാമെന്നും മിസ്റ്റർ ഡാൾമണ്ട് മകനോടു് പറഞ്ഞു.

എഡോൾഫിക്കാകട്ടെ മറ്റുള്ളവരുടെ വാഗ്ദത്തങ്ങളിലൊന്നും വിശ്വാസമില്ലായിരുന്നു. എന്നാലും അച്ഛനെ വിചാരിച്ചു് മകൻ എല്ലാറ്റിന്നും വഴിപ്പെട്ടു. എല്ലാ ദിവസം പുലർച്ചെ അച്ഛനും മകനും ഓരോ മനോരാജ്യം കൊണ്ടു കഴിച്ചു. എല്ലാ ദിവസം പ്രഭാതത്തിൽ അച്ഛനെ നടക്കാൻ വേണ്ടി എഡോൾഫി നാട്ടുംപുറത്തു് കൂട്ടിക്കൊണ്ടു് പോകും. അതായിരുന്നു മനോരാജ്യത്തിന്നു് തക്കതായ അവസരം. വൈകുന്നേരം ഒരു ചെറിയ നടത്തവും കഴിഞ്ഞു് അവർ ഇരുവരും പതിഞ്ഞ മട്ടിലുള്ള അവരുടെ ഭാവനയുള്ള വിചാരം എഡോൾഫിയുടെ ഉള്ളിൽ കടക്കും. എന്നാൽ ജന്നിയുടെ എഴുത്തൊന്നും കിട്ടാത്തതുകൊണ്ടു് അയാൾക്കു് വല്ലതും പ്രവർത്തിക്കാനുള്ള അവസരം വന്നിട്ടില്ലെന്നറിഞ്ഞു് സമാധാനിക്കും.

തന്റെ മകന്റെ സ്നേഹവും ശുശ്രൂഷയുംകൊണ്ടൊന്നും മിസ്റ്റർ ഡാൾമണ്ടിന്റെ രോഗം ഭേദമായില്ല. അദ്ദേഹം കൂടക്കൂടെ ബലം ക്ഷയിച്ചു്, മെലിഞ്ഞു് ചടച്ചു് പരവശനായി. കുരയും വർദ്ധിച്ചു്, ഭയങ്കരമായി. ചിലപ്പോൾ അയാൾ തന്റെ അനുജൻ ജോർജ്ജിന്റെ വർത്തമാനം പറയും. അനുജന്നു് എന്തുവന്നു് പിടിച്ചുപോയെന്നും, എവിടെ ഉണ്ടെന്നും, അവനെ മരിക്കും മുമ്പെ കാണാൻ കഴിയുമൊ എന്നും വിചാരിച്ചു് മിസ്റ്റർ ഡാൾമണ്ട് ക്ലേശിക്കും.

എഡോൾഫി, കോഴിക്കോടു് വിട്ടിട്ടു് ഏകദേശം ആറാഴ്ചയായി. യൂജീനിനെപ്പറ്റി അതിന്നിടയിൽ അയാൾക്കു് യാതൊരു വിവരവും കിട്ടിയിരുന്നില്ല. എന്നാൽ അവൾക്കു് തന്നോടുള്ള പ്രണയത്തിൽ ഉണ്ടായിരുന്ന വിശ്വാസംകൊണ്ടും അവളോടു് തനിക്കുണ്ടായിരുന്ന വിശ്വാസംകൊണ്ടും, യാതൊരു വികടവും വന്നു് ഭവിക്കാനിടയില്ലെന്നു് അയാൾ മനസ്സിലാക്കി. ഇനി വല്ല ഘട്ടങ്ങളും വന്നുചേർന്നാൽതന്നെ തന്റെ അച്ഛന്റെ തല്ക്കാലാവസ്ഥക്കു് അയാളേയും വിട്ടു് അങ്ങട്ടു് ചെല്ലാനും അയാൾക്കു് സാധിക്കയില്ലെന്നു് എഡോൾഫി നല്ലവണ്ണം അറിഞ്ഞു. എന്തുകൊണ്ടെന്നാൽ മിസ്റ്റർ ഡാൾമണ്ടിന്നു് ഇപ്പോൾ തന്റെ മുറിയിൽക്കൂടെ നടക്കാനും ശക്തിയില്ലാതായി. മേലാൽ അയാൾ മരിക്കുംവരെ കിടന്നുതന്നെ കഴിക്കേണ്ടിവരും.

ദീനക്കാരന്നു് അങ്ങിനെ ഒരു വിചാരം ഒരു ദിവസം ഉണ്ടായെന്നു് തോന്നുന്നു.

ഡാൾമണ്ട്:
മകനെ! നീ വളരെ വാത്സല്യത്തോടുകൂടെ എനിക്കു് വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ടു്. നിന്റെ ദയയോടുകൂടിയുള്ള ശുശ്രൂഷകൊണ്ടൊന്നും ഫലമില്ലെന്നാണു് തോന്നുന്നതു്.
എഡോൾഫി:
അച്ഛാ! അങ്ങിനെ കരുതേണ്ട. വേനല്ക്കാലം വന്നുചേരട്ടെ. അന്നു് നിങ്ങൾക്കു് എത്ര ആശ്വാസം കിട്ടുമെന്നു് നോക്കിക്കൊൾക. ഇപ്പോൾ നിങ്ങൾക്കു് കുറെ ക്ഷീണമുണ്ടു്, സമ്മതിച്ചു. അതു് നിങ്ങളുടെ നാഡിക്കു് ബലക്ഷയം നേരിട്ടതുകൊണ്ടാണു്.
ഡാൾമണ്ട്:
എന്നെ ഓരോന്നു് തീറ്റിച്ചിട്ടു് നീ ഒന്നും തിന്നാതായി.
എഡോൾഫി:
അച്ഛാ! അതൊന്നും സാരമില്ല. അങ്ങിനെ ഒരു ചിന്തയേ നിങ്ങൾക്കു് വേണ്ട. നിങ്ങൾ കുറേ ദിവസത്തിനുള്ളിൽ ദണ്ഡമൊക്കെ മാറി ശക്തനായിത്തീരും.

എന്നാലുംകൂടി എഡോൾഫിയുടെ ആ വാക്കുകൾക്കു് ഒരു ഇടർച്ച ഉണ്ടായിരുന്നു. എഡോൾഫിക്കു് തന്റെ അച്ഛൻ ആ ദീനത്തിൽനിന്നു് സുഖപ്പെട്ടെഴുന്നേല്പാൻ സംഗതി വരില്ലെന്ന ബോധമുണ്ടായിരുന്നു.

എഡോൾഫിക്കു് രാവു് പകൽ പരവശപ്പെടാനുള്ള ഘട്ടവും വന്നുചേർന്നു. അയാൾ ഇടവിടാതെ അച്ഛന്റെ ശുശ്രൂഷയിൽ സകല സമയവും ചിലവിടേണ്ടിവന്നു. മിസ്റ്റർ ഡാൾമണ്ടിന്നു് സംസാരിപ്പാനും വയ്യാതായി. എന്നാൽ കൂടെക്കൂടെ അയാൾ മന്ദഹസിക്കുകയും മകന്റെ കൈ പിടിച്ചു് മൃദുവായി ഞെക്കുകയും ചെയ്തു. ഒരു രാത്രി എഡോൾഫി തന്നെത്താനറിയാതെ ഉറങ്ങിപ്പോയി. അയാൾക്കു് നാലു്, രാവു് പകൽ കാലം ഉറക്കില്ലാഞ്ഞിട്ടു് വളരെ ക്ഷീണമുണ്ടായിരുന്നു.

അയാൾ ഉണരുമ്പോൾ പകൽ അതിക്രമിച്ചുപോയിരുന്നു. നോക്കുമ്പോൾ, തന്റെ അച്ഛന്റെ കൈ തന്റെ കൈമേൽ വെച്ചതായിക്കണ്ടിട്ടു് ആശ്ചര്യപ്പെട്ടു. എന്നാൽ അച്ഛന്റെ കയ്യൊ ഐസിനെക്കാൾ തണുത്തിരുന്നു, അതിനു് യാതൊരു ചലനവും ഉണ്ടായിരുന്നില്ല. അച്ഛനും അനക്കമില്ലാതെയും മുഖത്തെ രക്തപ്രകാശമില്ലാതെയും കിടന്നിരുന്നു. മകൻ ഉച്ചത്തിൽ വിളിച്ചുനോക്കീട്ടും അപേക്ഷിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. അതു് ഒരിക്കലും ഉണരാത്ത നിദ്രയായിരുന്നു.

എഡോൾഫി മുട്ടും കുത്തി അച്ഛന്റെ ശരീരത്തിന്മേൽ കയ്യുംവെച്ചു് മാറാത്ത സങ്കടത്തോടെ അനങ്ങാതിരുന്നു. അയൽവക്കക്കാർ പിടിച്ചുവലിച്ചിട്ടും എഡോൾ കൂട്ടാക്കിയില്ല, പാടുള്ളേടത്തോളം അച്ഛനെ തൊട്ടുംകൊണ്ടു് തന്നെ ഇരിപ്പാൻ അയാൾ ഉറപ്പാക്കി.

മിസ്റ്റർ—ഡാൾമണ്ട് പണമില്ലാത്ത ആളായിരിക്കകൊണ്ടു്, അയാളുടെ ശവം മറവു് ചെയ്വാൻ പോകുമ്പോൾ എഡോൾഫിയുടെ ഒന്നിച്ചു് അധികം പേരോന്നുമില്ലായിരുന്നു. എന്നാൽ അച്ഛന്റെ ആത്മാവിന്റെ തൃപ്തിക്കു് വാത്സല്യമുള്ള ഒരു മകൻ, സ്നേഹമില്ലാത്ത നൂറാളുകളെക്കാൾ മതിയായിരുന്നു.

പതിനഞ്ചാം അദ്ധ്യായം

ജന്നി ഒരു ചെറുപ്പക്കാരത്തിയായിരുന്നെങ്കിലും കാര്യങ്ങൾ കണ്ടു് മനസ്സിലാക്കുന്നതിൽ വളരെ വിദഗ്ദ്ധയായിരുന്നു. യൂജീനിനെ വിട്ടുപിരിയേണ്ടി വന്നതിൽ അവളുടെ ഹൃദയം പൊട്ടിപ്പോകും പ്രകാരം അവൾ കൂടക്കൂടെ കരഞ്ഞു് കാലം കഴിച്ചിരുന്നു. അങ്ങിനെ ഇരിക്കുമ്പോൾ അവൾക്കു് ഒരു ഉപായം തോന്നി. മിസ്റ്റർ ദാവീദ് അവളെ വളരെ കാര്യമായിട്ടാണു് എപ്പോഴും കരുതി വന്നിരുന്നതു്. വിവാഹം കഴിഞ്ഞാൽ യൂജീൻ, ദാസിയായി, തന്നേയാണു് ഇഷ്ടപ്പെടുന്നതു് എന്ന വിവരം മിസ്റ്റർ ദാവീദിനെ അറിയിച്ചാൽ അയാളെങ്കിലും സന്തോഷത്തോടെ അവളെ സ്വീകരിക്കുമെന്നു് ജന്നിക്കുറപ്പായിരുന്നു. അങ്ങിനെയായാൽ വിവാഹാനന്തരം യൂജീനിനെ സ്വീകരിക്കുവാൻ എല്ലാവിധ ഒരുക്കങ്ങളും ഏർപ്പാടുകളും അവൾക്കു് കാലെക്കൂട്ടി ചെയ്യാമല്ലൊ.

ഇങ്ങിനെ ആലോചിച്ചിട്ടു് മിസ്റ്റർ ദാവീദ് വരുന്നതും കാത്തു്, ജന്നി ഒരേടത്തു് നിന്നു. അവൾ വിചാരിച്ചപോലെതന്നെ സകല കാര്യവും വന്നുചേർന്നു. അവളുടെ സാമാനങ്ങളൊക്കെ മിസ്റ്റർ ദാവീദിന്റെ വീട്ടിൽകൊണ്ടു് വെപ്പാൻ അവൾക്കു് കല്പനകിട്ടി എന്നുമാത്രമല്ല യൂജീനിനു് വേണ്ടുന്നതൊക്കെ ചെയ്വാൻ മിസ്റ്റർ ദാവീദ് അവളെ ഏല്പിക്കുകയും ചെയ്തു.

വിവാഹം നടക്കുവാൻ ദിവസം മൂന്നേ ഉണ്ടായിരുന്നുള്ളു. അവളുടെ കമിതാവായ എഡോൾഫിയുടെ യാതൊരു ചിഹ്നവും കാണാതിരുന്നതുകൊണ്ടു് യൂജീനിന്നു് അസഹ്യമനോവേദന പിടിപെട്ടു. വിവാഹത്തിന്നു് പ്രതികൂലമായി കല്പിച്ചുകൂടാത്ത വല്ല സംഭവങ്ങളും നേരിടുമെന്ന ഒരു അന്ധവിശ്വാസം അവൾക്കു് കൂടക്കൂടെ ജനിച്ചു. വിചരിച്ചു്, വിചാരിച്ചു്, വിവാഹം പിറ്റേന്നു് എന്ന ഘട്ടത്തിൽ എത്തി. ഇനി യാതൊരു നിർവ്വാഹവുമില്ലെന്നു് അവൾക്കു് ബോദ്ധ്യം വന്നു. താൻ മരിച്ചു് പോകാത്തതു് എന്തുകൊണ്ടാണെന്നുകൂടി യൂജീൻ നൈരാശ്യത്തോടെ ആലോചിച്ചു. “ആട്ടെ. വിവാഹം കഴിയുന്നു എങ്കിൽ കഴിയട്ടെ. എന്നാലുംകൂടി ഞാൻ എഡോൾഫിയെ അല്ലാതെ അന്യ പുരുഷനെ തൊടില്ല” എന്നു് അവൾ നിശ്ചയിച്ചു.

വിവാഹ ദിവസവും പുലർന്നു. മന്ദാരം മകളുടെ അടുത്തുചെന്നു.

മന്ദാരം:
മകളേ! നിന്റെ ഗുണത്തിന്നു് വേണ്ടി മാത്രമാണു് ഞാൻ ഇങ്ങിനെയൊക്കെ ചെയ്യുന്നതു് എന്നു് മനസ്സിലാക്കിക്കൊൾക. ആറു് മാസം കഴിയുംമുമ്പെ നിന്നെ മിസ്റ്റർ ദാവീദിന്നു് വേളികഴിച്ചു് കൊടുത്തതുകൊണ്ടു് നീ എന്നെ സ്നേഹിക്കുകയും എനിക്കു് നന്ദി പറയുകയും ചെയ്യും. നീ ഒരിക്കൽ മാത്രമേ എന്റെ ശാസനക്കു് വിപരീതമായി നടന്നിട്ടുള്ളു. നിണക്കു് മറ്റൊരുവനെയാണു് ഇഷ്ടം എന്നുകൂടി നീ പറഞ്ഞു. എന്നാൽ, വൃദ്ധനായാലും ശരി, ഒരാളെ ഭർത്താവായി കിട്ടിക്കഴിഞ്ഞാൽ, കാലാന്തരംകൊണ്ടു് അയാളോടു് സ്നേഹമല്ലാതെ വെറുപ്പു് തോന്നുകയില്ല. ഒരു യുവതി, കാണാനിടവരുന്ന ചെറുപ്പക്കാരൻ മിക്കവരും, കാണും മാത്രയിൽ മുഖസ്തുതി പറവാനും സ്നേഹിക്കുന്നുണ്ടെന്നു് നടിക്കാനും തുടങ്ങിക്കൊള്ളും. എന്നാൽ അവർ മിരിട്ടുമ്പോഴൊക്കെ അവർക്കു് വിവാഹം ചെയ്വാനുള്ള വിചാരമല്ല, അവരുടെ കാര്യം തീർപ്പാനുള്ള വിചാരം മാത്രമേ ഉള്ളു എന്നു് ക്ഷണത്തിൽ മനസ്സിലാക്കാം.

ഈ വിവേകപരമായ വാക്കുകൊണ്ടൊന്നും യൂജീനിന്നു് ലേശം സമാധനമൊ ആശ്വാസമൊ ഉണ്ടായില്ല. അവൾക്കു് അവളുടെ കാമുകനിൽ ദൃഢ വിശ്വാസമുണ്ടായിരുന്നു. അവൾക്കു് മനസ്സിലാകാത്തതു് ഈ ഘട്ടത്തിൽ അയാളെ കാണാതിരുന്നതു് എന്തുകൊണ്ടാണെന്നു് മാത്രമായിരുന്നു. പ്രണയത്തിൽ മുഴുകിയ ഒരു യുവതിക്കു് അത്യാനന്ദപ്രദമായി ഉദിക്കേണ്ടുന്ന വിവാഹദിനം യൂജീനിന്നു് നിരാശയും പരിതാപവും ഉണ്ടാക്കി. അവളുടെ കമിതാവിനെ അപ്പപ്പോൾ കാണുമെന്നു് അവൾ മിനുട്ടുതോറും ആകാംക്ഷിച്ചുനിന്നു. അവളുടെ വാതിലിന്മേൽ വീഴുന്ന ഓരോ മുട്ടു് കേൾക്കുന്തോറും അവളുടെ ഹൃദയം ആശകൊണ്ടും ആശംസകൊണ്ടും തുടിച്ചു.

അവളെ ചില കൂട്ടർ വന്നു് ഉടുപ്പു് അണിയിപ്പിക്കുന്നതും അവളുടെ മുടി മടഞ്ഞു് കെട്ടുന്നതും ഒന്നും യൂജീൻ പൊരുളിച്ചില്ല. അവളുടെ ആകൃതിയും സൗന്ദര്യവും കണ്ടിട്ടു് ഒരോരുവർ ഇഷ്ടംപോലെ തട്ടിമൂളിക്കുന്ന പ്രശംസാപരവാക്കുകളൊന്നും അവളുടെ ചെവിയിൽ കടന്നതേ ഇല്ല. അവളുടെ ഒരു ആഗ്രഹം ദാവീദ് തന്നെ അതിരു് കവിഞ്ഞു് മോഹിച്ചുപോകരുതു് എന്നു് മാത്രമായിരുന്നു. അല്ലാതെ പോയാൽ അവളുടെ അദ്ധ്വാനത്തിന്നു് ശക്തി കൂട്ടേണ്ടി വരുമെന്നു് അവൾ വിചാരിച്ചു. സന്തോഷത്തോടുകൂടേയല്ലെങ്കിലും വളരെ ചന്തത്തിൽ അവൾ താഴെ ഇറങ്ങി പൂമുഖത്തു് വന്നുനിന്നു. അച്ഛനും അമ്മക്കും കൈ കൊടുത്തു. അമ്മ അവളുടെ നെറ്റിക്കു് ചുംബനം വെച്ചു് ഇങ്ങിനെ പറഞ്ഞു. “നിന്റെ മുഖത്തു് ഹാനി ഒന്നും കാണാത്തതുകൊണ്ടു് എനിക്കു് വളരെ സന്തോഷം.”

മന്ദാരം മകളെ പ്രശംസിച്ചതു് ഒന്നാമതായി ആ അവസരത്തിൽ മാത്രമായിരുന്നു.

ഉപദേശി:
മകളേ! നിണക്കു് യാതൊരു കുറവും ഞാൻ കാണുന്നില്ല. നിന്റെ വിവാഹത്തിന്റെ ഉടുപ്പു് നിണക്കു് വളരെ ചേർച്ചയുണ്ടു്. വിവാഹം ഒരു നല്ല കാര്യം തന്നെയാണു്. നിന്റെ അഭിപ്രായം എന്താണെന്നു് നീ പിന്നീടു് എന്നോടു് പറയണം.

ഇത്രത്തോളം പറഞ്ഞപ്പോൾ മന്ദാരം അദ്ദേഹത്തിന്റെ കോട്ടിന്റെ കൈ പിടിച്ചുവലിച്ചു് അദ്ദേഹത്തിന്റെ മുഖത്തു് ക്രുദ്ധിച്ചു് നോക്കി. ആ ശുദ്ധാത്മാവിന്റെ സംസാരം ബലാൽക്കാരേണ നിർത്തൽ ചെയ്തു.

മന്ദാരം:
നിങ്ങൾക്കു് മിണ്ടാതിരിക്കരുതോ. എന്തു് വിഡ്ഢിത്തങ്ങളാണു് പുലമ്പുന്നതു്.

അങ്ങനെയാണെങ്കിൽ മിസ്റ്റർ ദാവീദ് അക്ഷമനായിട്ടു് കാത്തിരിക്കുകയാണു്. അയാൾ കുളിച്ചു് ഉടുപ്പു് ഇട്ടുകഴിഞ്ഞിരിക്കുന്നു. അയാൾ ഓരോ മുറിതോറും നാഡിപിഴച്ചവനേപ്പോലെ നടന്നു് കളിച്ചിരുന്നു. കൂടക്കൂടെ തന്റെ ഉടുപ്പിന്റെ കാര്യത്തിൽ ചില ചില്ലറ കേടുപാടുകൾ തീർക്കാൻ അദ്ദേഹം ജന്നിയേയോ മറ്റു് വേലക്കാരേയോ വിളിച്ചുകൊണ്ടിരുന്നു. മിക്ക സമയത്തും അവരെ വിളിച്ചുവരുത്തുന്നതു് തന്റെ തല്ക്കാലത്തെ അവസ്ഥ വർണ്ണിച്ചുകേൾപ്പാൻ വേണ്ടിയായിരുന്നു. ഓരോ മുറിയിൽ ചെല്ലുന്തോറും അവിടെ തൂക്കിയിരുന്ന കണ്ണാടിയുടെ മുന്നിൽ അഞ്ചു് മിനുട്ടുനേരം നിന്നിട്ടു് തന്റെ സ്വരൂപം പരിശോധിക്കുന്നതും അയാൾ ഒരു കൃത്യംപോലെ നിർവ്വഹിച്ചു.

പിന്നേയും, നൂറാമത്തെ പ്രാവശ്യമാണെന്നു് തോന്നുന്നു അയാൾ പെട്ടെന്നു് ഇങ്ങിനെ വിളിച്ചു. “ജന്നി! ഇങ്ങട്ടുവാ. വന്നുനോക്കു് എന്റെ ഉടുപ്പിൽ വല്ലതും നേരേയാക്കാനുണ്ടൊ എന്നു്. എന്റെ ബൂട്സിനെപ്പറ്റി എന്തു് വിചാരിക്കുന്നു.”

ജന്നി:
അതിവിശേഷം തന്നെ.
ദാവീദ്:
എന്റെ കറുത്ത വട്ടിന്റെ ബ്രീച്ചസ്സൊ.
ജന്നി:
വളരെ സോക്കുണ്ടു്. കുറെ മുറുകിപ്പോയി.
ദാവീദ്:
തന്നേ എന്നു് തോന്നുന്നു. ഞാൻ നടക്കുമ്പോൾ ഒരു പിടിത്തം. കുറെ നടന്നാൽ അഴവു് വരുമായിരിക്കും. ജന്നി! ഞങ്ങളൊക്കെ പള്ളിയിലേക്കു് പോകുമ്പോൾ നീ ഇവിടെതന്നെ ഇരുന്നു് വീടു് കാക്കണം. പ്രത്യേകിച്ചു് യൂജീനിന്റെ മുറി അവൾ വന്നുകേറും സമയത്തു് റെഡിയായിരിക്കണം. ഒരു കുറവും ഉണ്ടാകരുതു്. ഇനി ഞങ്ങൾ പുറപ്പെടാറായി. എനിക്കു് ചില്ലറ ദ്രോഹം ഉണ്ടാക്കുന്നതു് ഈ ബ്രീച്ചസ്സാണു്. രാത്രി, ഡാൻസൊ മറ്റൊ ഉണ്ടെങ്കിൽ എനിക്കു് യാതൊരു നിവൃത്തിയും ഉണ്ടാകയില്ല.

യൂജീൻ, ദാവീദിനെത്തന്നെയാണു് വിവാഹം കഴിക്കുന്നതു് എന്ന പൂർണ്ണബോധം വന്നപ്പോൾ സിസീലി നൈരാശ്യംകൊണ്ടു് അവളുടെ പല്ലുകടിച്ചു. വിരുന്നുകാർക്കൊക്കെ വണ്ടി ഉണ്ടായിരുന്നെങ്കിലും മോശമാത്രം നടക്കേണ്ടിവന്നു.

“അതും എന്റെ നിർഭാഗ്യം” എന്നു മോശ തന്നെത്താൻ പിറുപിറുത്തു. യൂജീനാകട്ടെ എല്ലാവരുടെ സ്തുതികളും ആശീർവാദങ്ങളും യാതൊരു സ്തോഭവും കൂടാതെ കേട്ടു. വിവാഹത്തിനെപ്പറ്റി ഓരോരുത്തർ തട്ടിമൂളിക്കുന്ന ഇരട്ടഅർത്ഥത്തിൽ എടുക്കാവുന്ന നേരംപോക്കുകളുടെ മർമ്മങ്ങളൊന്നും അവൾക്കു ഗ്രഹിപ്പാൻ സാധിച്ചില്ല. കൂടക്കൂടെ എന്തൊ ഒന്നു ആശിക്കുകയൊ കാത്തിരിക്കുകയൊ ചെയ്യുമ്പോലെ അവൾ അവളുടെ മുഖം ഉയർത്തി നാലുപാടും നോക്കി.

ദാവീദ് തന്റെ വണ്ടിയിൽനിന്നിറങ്ങി, ബ്രീച്ചസ്സിന്റെ മുറുക്കുംകൊണ്ടുള്ള ബുദ്ധിമുട്ടും സഹിച്ചു. ദിഗ്ജയം ചെയ്തുവരുന്ന വീരപുരുഷനെപ്പോലെ യൂജീനിന്റെ അടുക്കെ വന്നുനിന്നു.

മന്ദാരം:
മകളേ! അദ്ദേഹത്തിന്നു കൈകൊടുക്കൂ! നിന്നെ കയ്യുംപിടിച്ച വണ്ടിയിലേക്കു കൂട്ടികൊണ്ടുപോകേണ്ടതു മിസ്റ്റർ ദാവീദാണെന്നു മറക്കരുതു.

ഈ അവസരത്തിൽ വല്ല പ്രസംഗവും വേണ്ടിവന്നാലോ എന്നു വിചാരിച്ചിട്ടു് മിസ്റ്റർ ദാവീദ് നാലഞ്ചു വാചകങ്ങൾ എഴുതി മനഃപാഠം പഠിച്ചു ഒരുങ്ങിയിരുന്നു എന്നാൽ തല്ക്കാലം അതൊന്നും തോന്നാഞ്ഞിട്ടും പുതുതായി ഒന്നുണ്ടാക്കുവാൻ തനിക്കു ചാതുര്യമില്ലാഞ്ഞിട്ടും അയാൾ യാതൊന്നും മിണ്ടാതെ യൂജീനിനെ വണ്ടിയിൽ കേറ്റി, താനും ഒരു വണ്ടിയിൽ കേറി മിഷ്യൻ പള്ളിയിലേക്കു അടിച്ചു. അടിയന്തരം കാണുവാൻ പള്ളി നിറച്ചും ആളുകൾ വന്നുകൂടിയിരുന്നു. തന്റെ അവസ്ഥ തെല്ലുകൂടി സ്പഷ്ടമാക്കുവാൻ തക്കവണ്ണം തനിക്കു പള്ളിയുടെ പൂമുഖംവരെ വണ്ടിയിൽ നിമിത്തം മിസ്റ്റർ ദാവീദിന്നു പരിതാപമുണ്ടായി. തന്റെ ബ്രീച്ചസ്സിന്റെ ദ്രോഹംനിമിത്തം അയാൾ വണ്ടിയിൽനിന്നു വളരെ സൂക്ഷിച്ചിട്ടു പുറത്തിറങ്ങി. അതു കണ്ടപ്പോൾ അവിടെ കൂടിയവരൊക്കെ “ഇതാണോ മണവാളൻ” എന്നു പറഞ്ഞു ഹാസ്യഭാവത്തോടെ ചിരിച്ചു. എന്നാൽ മുഖം അല്പം വ്യസനം കൊണ്ടു മങ്ങിയിരുന്നെങ്കിലും സൗന്ദര്യത്തിന്നു ഒട്ടും കുറവില്ലാത്ത മണവാട്ടിയെ കണ്ടപ്പോൾ ആർക്കും ചിരിവന്നില്ല. അവൾ അല്പം വിറയലോടെ ആല്ട്ടറിന്നു (Altar) സമീപിച്ചപ്പോൾ ഒരു കാംക്ഷയോടുകൂടെയുള്ള നോട്ടം പിന്നെയും ചുറ്റുംവെച്ചു. സാധു എഡോൽഫി! അയാളുടെ വളരെ നാഴിക അകലെ നിന്നു നടക്കുന്ന ഈ സംഭവങ്ങളൊന്നും അയാൾ വല്ലതും അറിയുന്നുണ്ടോ?

യൂജീൻ:
(വിചാരം) എന്റെ കാമുകൻ ഇവിടെ ഇല്ല. അഥവാ അദ്ദേഹത്തിന്നു വരാൻ സാധിച്ചില്ലായിരിക്കും. ഏതായാലും അതും ഒരു സന്തോഷമായ കാര്യം തന്നെ. എന്തുകൊണ്ടെന്നാൽ അദ്ദേഹത്തെയോ മറ്റൊ കണ്ടുപോയാൽ എന്റെ ധൈര്യം മുഴുവൻ തകർന്നുപോകുമായിരുന്നു. പോരാഞ്ഞിട്ടു തലക്കാലം അദ്ദേഹം വല്ല സാഹസവും പ്രവർത്തിച്ചേക്കാനും മതി.

മണവാളനാണെന്ന പൊങ്ങച്ചംംകൊണ്ടു മിസ്റ്റർ ദാവീദ്, ആടിയും കുഴഞ്ഞും, തിരിഞ്ഞും മറിഞ്ഞും നടന്നു തുടങ്ങി ഇത്ര സുന്ദരിയായ ഒരു ഭാര്യയെ കിട്ടിയതുകൊണ്ടു തന്നെ വല്ലവരും അസൂയയോടെ നോക്കുന്നുണ്ടോ എന്നറിവാൻവേണ്ടി അയാൾ വളരെ ആളുകളെ ഇടങ്കണ്ണിട്ടുനോക്കിത്തുടങ്ങി. അയാൾക്കു ഒരു ദ്രോഹം മുട്ടുകുത്തേണ്ടി വരുമല്ലോ എന്ന സംഗതി ആലോചിച്ചിട്ടാണു്. ബ്രീച്ചസ്സി അഴഞ്ഞുവരാതെ മുറുകെത്തന്നെ നില്ക്കുമ്പോൾ മുട്ടുകുത്തുന്നതു പ്രയാസമായ ഒരു കർമ്മമാണു് താനും.

ഉപദേശിയാർ തന്റെ മകൾ തന്നേയും വിട്ടു പോകുന്നതാകകൊണ്ടും മറ്റും കരഞ്ഞു. അതു കണ്ടപ്പോൾ മന്ദാരവും കരയുമ്പോലെ നടിച്ചു.

പെട്ടെന്നു മിസ്റ്റർ ദാവീദ് എന്തോ ഒന്നു പൊട്ടുമ്പോലെ ഒരു ശബ്ദം കേട്ടു. നോക്കുമ്പോൾ അദ്ദേഹത്തിന്റെ അതിയായ ദ്രോഹത്തിന്നു ബ്രീച്ചസ്സ് നാഭിയുടെ മുമ്പിൽനിന്നു ചീന്തിപ്പോയിരിക്കുന്നു. ഉടുപ്പിടുന്നതൊക്കെ മദ്ധ്യപ്രദേശത്തിന്റെ മറവിന്നാണു്. അതിന്റെ മറവു് പോയ്പോയാൽ, ഒരു സഭയിൽ ചെല്ലേണ്ടിവരുന്ന മനുഷ്യന്റെ സ്ഥിതി എന്താണു്? പോരാഞ്ഞിട്ടു വല്ല ഒഴികഴിവും പറഞ്ഞിട്ടു വിട്ടുപോരേണ്ടുന്ന അവസരവും ഇതല്ല. ആ സാധുവിന്റെ നെറ്റിമേൽ സ്വേദബിന്ദുക്കൾ ഉണിലുകൾപോലെ പറ്റി. “ഈശ്വരാ! ഈ അവസ്ഥ ആരും കാണാതെ പോകട്ടെ” എന്നു അയാൾ പ്രാർത്ഥിച്ചു. സകലരും കണ്ണും വീഴുന്നതു മണവാളന്റെ മുഖത്തും ഉടുപ്പിലും ആയിരിക്കും. പിന്നെ ഇതെങ്ങിനെ കാണാതേ പോണു്. ആളുകൾ പല്ലും കടിച്ചു ചിരി അടക്കാൻ നോക്കി. ചെറിയ പെൺകുട്ടികൾ പൊട്ടിച്ചിരിച്ചു. ചെറുപ്പക്കാർ അന്വോന്യം കണ്ണും ചിമ്മി “ ആ മനുഷ്യൻ ഇപ്പ നന്നായി” എന്നുഅന്യോന്യം പറഞ്ഞു മന്ദഹസിച്ചു. ഇതു കേട്ടപ്പോൾ സാധു ഉപദേശി “അയാൾക്കു യൂജീനിനോടു വളരെ പ്രണയമാണു്. അവൾ അയാളെ തൃപ്തിപ്പെടുത്തുമെന്നു ഞാൻ വിചാരിക്കുന്നു” എന്നു അസ്ഥാനത്തിൽ ഒരു അഭിപ്രായവും എഴുന്നെള്ളിച്ചു.

മന്ദാരം:
ഹേ. ഇങ്ങിനെ തുമ്പുകേടു കാണിക്കുന്നതു പറ്റിയില്ല.
ഒരുപെണ്ണു്:
നേരം പാതിരായായെന്നു മണവാളൻ കരുതേണ്ട.

എന്നാൽ സിസീലി കൂടക്കൂടെ നിശ്വസിച്ചതേ ഉള്ളു.

മന്ദാരവും തെറ്റിദ്ധരിച്ചു. അക്ഷമകൊണ്ടു മിസ്റ്റർ ദാവീദിന്റെ കാര്യം കുറെ കൈകടന്നുപോയെന്നാണു് ആ സ്ത്രീയുടേയും വിശ്വാസം. അവൾ മിസ്റ്റർ ദാവീദിന്റെ അരികെ ചെന്നു ഒരു സ്വകാര്യം പറവാനുള്ള പോലെ അയാളെ ഒരേടത്തു പിടിച്ചു വലിച്ചു. കൊണ്ടുപോയി, ആസ്ത്രീയുടെ, കണ്ടാൽ കണ്ടതു പറയുന്ന സ്വഭാവത്തോടെ മൗനംപൊട്ടിച്ചു.

മന്ദാരം:
പ്രിയ ദാവീദേ! ഒരാളുടെ വിവാഹദിവസത്തിൽ ഈ മാതിരി ചിന്തകളൊക്കെ ഉണ്ടാകും എന്നു എനിക്കറിയാം എന്നാലും ആ മാതിരി കാര്യത്തിന്നു അവസരം ഇനിയും അടുത്തിട്ടില്ലെന്നു നിങ്ങൾ മനസ്സിലാക്കേണ്ടെ! സകലാളുകളും നോക്കിച്ചിരിക്കുന്നതു കാണുന്നില്ലെ! പോരാഞ്ഞിട്ടു നിങ്ങൾ ഇപ്പോൾ ആ സ്ഥലം കൈലെയിസ്സു് കൊണ്ടു മറയ്ക്കുകയും ചെയ്യുന്നു. മനുഷ്യനായാൽ കുറെ ക്ഷമവേണ്ടേ. വിചാരിക്കുമ്പോൾ തന്നെ ഇങ്ങിനെയുള്ള ഗോഷ്ഠി പുറപ്പെട്ടാലോ?
ദാവീദ്:
അമ്മെ! ഞാനതു മനസ്സിലാക്കിയിരിക്കുന്നു. എനിക്കതു് വളരെ പരിഭ്രമത്തിന്നിടയായിട്ടും ഉണ്ടു. അതൊന്നു ശരിപ്പെടുത്തി തന്നാൽ മതിയായിരുന്നു. നിങ്ങൾ ആ കാര്യത്തിൽ എന്നെ ഒന്നു സഹായിച്ചാൽ നന്നായിരുന്നു.

മിസ്റ്റർ ദാവീദിന്റെ വാക്കുകൾ തെറ്റിദ്ധരിച്ചിട്ടു് മന്ദാരം ഒരു നിലവിളി പ്രയാസപ്പെട്ടൊതുക്കി അയാളുടെ സമീപത്തിൽനിന്നു നാലഞ്ചുവാര അകലംവിട്ടുനിന്നു.

മന്ദാരം:
മിസ്റ്റർ ദാവീദെ! നിങ്ങൾ ഒരു സമയം നേരം പോക്കു പറഞ്ഞതായിരിക്കും. അല്ലെ!
ദാവീദ്:
അമ്മെ! ഒരിക്കലും അല്ല. എനിക്കു ദ്രോഹം സഹിച്ചുകൂടാതായി.
മന്ദാരം:
(പിന്നെയുംതെറ്റിദ്ധരിച്ചിട്ടു്) ഈ കാര്യത്തിൽ എന്നേപ്പോലെയുള്ള സ്ത്രീകളെ സഹായത്തിന്നു വിളിക്കരുതു് കുളിമുറിയിലേക്കു നടക്കരുതേ. കുറെ തണുത്ത വെള്ളം എടുത്തോളു. കുറേ കുടിച്ചോളു. കുറേ പിന്നെ…
ദാവീദ്:
എന്താണമ്മേ പറയുന്നതു? എന്റെ ബ്രീച്ചസ്സ് കീറിപ്പോയതുകൊണ്ടു ഞാൻ നിങ്ങൾ പറഞ്ഞപോലെ ഒക്കെ ചെയ്യേണമോ!

മന്ദാരം;—ഓഹൊ ബ്രീച്ചസ്സ് വിട്ടുപോയതുകൊണ്ടാണൊ? എന്നാൽ ആ വിവരം ഉടനെ പറയേണ്ടേ! ജനങ്ങൾ എന്തൊക്കെയാണു് പറഞ്ഞു ചിരിക്കുന്നതെന്നു നിങ്ങൾക്കു വല്ല നിശ്ചയമുണ്ടൊ—സാധു ദാവീദേ! നമുക്കു ഉടനെതന്നെ അതു തുന്നിക്കൂട്ടാം.

ഇങ്ങിനെ പറഞ്ഞു മന്ദാരം അയാളെയും കൂട്ടി ഒരു മുറിയിലാക്കി, സൂചിയും നൂലും കൊണ്ടുവന്നു ആ കീറലൊക്കെ തുന്നിശ്ശരിപ്പെടുത്തിക്കൊടുത്തു. പിന്നെ കാര്യത്തിന്റെ യഥാർത്ഥസംഗതി മനസ്സിലാക്കിച്ചു, ഹാസ്യജനകമായ സംസാരമൊക്കെ ശമിപ്പിക്കാൻവേണ്ടി അവൾ സഭയിൽ അങ്ങും ഇങ്ങും നടന്നു ചില സൂചനകൾ പറഞ്ഞു. എല്ലാവരേയും സമാധാനപ്പെടുത്തി.

പിന്നെ എല്ലാവർക്കും ഒരുപോലെ ഇഷ്ടമായ് തീർന്ന ഒന്നു്, മേശയുടെ അരികെചെന്നു തീനിന്നിരിക്കുന്നതായിരുന്നു. യൂജീൻ ഒഴികെ എല്ലാവരും സുഭിക്ഷമായിതിന്നു. പ്രാർത്ഥനയും പാട്ടും ഒക്കെ കഴിഞ്ഞു. എല്ലാരെക്കൊണ്ടും പൂമുഖം നിറയുകയും അവരുടെ സംസാരംകൊണ്ടുചുറ്റുപാടും മുഴങ്ങുകയും ചെയ്തിരുന്നു.

അനവധി വെളിച്ചവും അതിർ കവിഞ്ഞ ബഹളവും, സംസാരവും നേരംപൊക്കുകളും കണ്ടുംകേട്ടും സഹിക്കവയ്യാതായ യൂജിൻ ആരും കാണാതെ ആ മുറിയും വിട്ടു മറ്റൊരു ഒഴിഞ്ഞ മുറിയിലേക്കു അല്പനേരമെങ്കിലും തനിക്കു സ്വാതന്ത്ര്യമനുഭവിക്കാലൊ എന്ന വിചാരത്തിന്മേൽ കടന്നുകൂടി.

യൂജീൻ:
(വിചാരം) ഇങ്ങിനെ എന്റെ വിവാഹവും കഴിഞ്ഞു. എന്റെ ആശയോടും ആഗ്രഹത്തോടും സുഖത്തോടും ഞാൻ യാത്ര പറയേണ്ടുന്ന അവസരവും വന്നു. ഇതുവരെ എന്റെ ഹൃദയത്തിൽ സ്ഥലം പിടിച്ചിരുന്നതൊക്കെ സ്വപ്നമയമായ മനോരാജ്യങ്ങളും അർത്ഥമില്ലാത്ത ആശംസകളും മാത്രമായിരുന്നു. അതാ! ആരോ, “ദാവീദിന്റെ പ്രണയനി” എന്നു വിളിക്കുന്നു. ഈശ്വരാ! ഇനി ഞാൻ എപ്പോഴും ആ നിലയിലല്ലെ കഴിച്ചുകൂട്ടേണ്ടതു്. എനിക്കു വിചാരിക്കുന്തോറും ഭയമാകുന്നു. എന്തൊരു തൊന്ത്രമാണു്. ഒരു അഞ്ചു മിനുട്ടു് നേരമെങ്കിലും ഇവിടെ വന്നു ഇരിക്കാൻ കൂടി കൂട്ടരൊന്നും എന്നെ സമ്മതിക്കുന്നില്ല എഡോൾഫിയെ എനിക്കു മേലാൽ സ്നേഹിക്കാനും പാടില്ലെന്നു വന്നു. അയാളെപ്പറ്റി വിചാരിക്കുന്നതും കൂടി തെറ്റിയിരിക്കും. എന്തെങ്കിലുമാവട്ടെ. അയാളോടു് ചെയ്ത വാഗ്ദത്തം ഞാൻ നിറവേറ്റും.

മിസ്റ്റർ ദാവീദാകട്ടെ കാണുന്നവരോടൊക്കെ, “ആരെങ്കിലും എന്റെ ഭാര്യയെ കണ്ടിരിക്കുന്നോ” എന്നു അന്വേഷിച്ചുകൊണ്ടു് പാഞ്ഞു നടക്കുകയായിരുന്നു. അവൾ എവിടെയായിരിക്കും എന്നു എനിക്കറിയാം എന്നു മന്ദാരം സൂചിപ്പിച്ചു പറഞ്ഞു.

ഉപദേശി:
മേശൊ! നീ എന്താണു് കമ്പനിയിൽ കൂടി ഓടുകയും പാടുകയും ചെയ്യാത്തതു.
മോശ:
അതു പാടില്ല. എന്റെ വെളുത്ത സ്റ്റോക്കിൻസ് കേടുവന്നുപോകും.

ഒടുവിൽ എല്ലാവരും ഒത്തുകൂടിയ പൂമുഖത്തിൽ യൂജിനും വന്നുചേർന്നു. മിസ്റ്റർ ദാവീദ്, അവകാശിയുടെ നിലയിൽ ഓടി എത്തി അവളുടെ അടുക്കെ നിന്നു “നിന്നെ കണ്ടുകിട്ടിയതു എനിക്കു വളരെ സന്തോഷം. ഞാൻ എവിടെയെല്ലാം നിന്നെ തേടി നടന്നു” എന്നു പറഞ്ഞു.

യൂജീൻ:
(മടുപ്പോടെ) രാത്രി വളരെ ദീർഘമുള്ള പോലെ തോന്നുന്നു സമയം കേവലം പോകുന്നില്ല.
ദാവീദ്:
(സന്തോഷത്തോടെ) ശരിയാണു് നീ പറഞ്ഞതു. ദീർഘിക്കട്ടെ എന്നാണു് എന്റെയും അഭിപ്രായം. (പിന്നെ വിചാരം) പെണ്ണിന്നു എന്നൊടു കലശലായ ഭ്രമം ഉള്ളപോലെ തോന്നുന്നു. ഞങ്ങൾക്കു പരമാനന്ദം തന്നെയായിരിക്കും.

വിരുന്നുകാർ പോകുവാൻ വളരെവൈകുന്നു എന്നു അക്ഷമനായമിസ്റ്റർ ദാവീദിന്നു തോന്നാതിരുന്നില്ല. വേഗം പോയാൽ അത്രത്തോളം കാലം ജാസ്തി ഭാര്യയുമായി വിനോദിക്കുവാൻ കിട്ടുകയില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ആലോചന ഒടുവിൽ സംഗീതം പെട്ടെന്നു നിന്നു. പല സംഗതികൊണ്ടും ക്ഷീണിച്ചുപോയ എല്ലാ വിരുന്നുകാരും താന്താങ്ങളുടെ വീട്ടിൽപോയി ഉറങ്ങിയാൽ കൊള്ളാമെന്ന വിചാരക്കാരായി.

മന്ദാരംമിസ്റ്റർ ദാവീദിന്റെ അടുത്തുവന്നു “നിങ്ങൾക്കു രണ്ടാൾക്കും ഇനി നിങ്ങളുടെ വീട്ടിലേക്കു പോവാം. സമയംവൈകി” എന്നു മന്ത്രിച്ചു.

ഈ വാക്കു് കേട്ടപ്പോൾ മണവാളന്നു പരമാനന്ദമായി. കാര്യം മുഴുവൻ മനസ്സിലാകുംമുമ്പെ യൂജീനിന്റെ കൈപിടിച്ചു കൂട്ടി ഒരു വണ്ടിയിൽ കേറ്റി, മിസ്റ്റർ ദാവീദും അവളുടെ കൂടെ ഇരുന്നു മണവാളന്റെ വീട്ടിലേക്കു വണ്ടി ഓടിപ്പാൻ ദാവീദ് ഉപദേശിക്കുന്നതാണു് അവൾക്കു അനുഭവമായതു.

അന്നു ഇവർ ഇരുവരുംസ്വകാര്യമായി കൂടിക്കണ്ടതു അപ്പോൾ മാത്രമായിരുന്നു. വിവാഹം കഴിഞ്ഞയുവതീയുവാക്കന്മാർക്കു ഇങ്ങിനെ കിട്ടാനിടയുള്ള അവസരംസ്വർഗ്ഗാനന്ദമായി സാധാരണ പരിണമിക്കുന്നതാണു്. യൂജീനിനാകട്ടെ ഈ അവസരം ഭയവും വെറുപ്പും ഉണ്ടാകും പ്രകാരം മോശമായിരുന്നു. കുറെനേരം മുമ്പെ അവൾ അനുഭവിക്കേണ്ടിവരാനിടയുള്ള സങ്കടങ്ങളൊക്കെ അനുഭവിച്ചുകഴിഞ്ഞു പോയി എന്നായിരുന്നു അവൾ വിചാരിച്ചിരുന്നതു. ഇനിയും പലതും അനുഭവിക്കാൻ ബാക്കികിടക്കുന്നുണ്ടെന്നു യൂജീനിന്നു ഇപ്പഴാണു് നല്ലവണ്ണം മനസ്സിലായതു. ആ ബാക്കികിടക്കുന്ന അനുഭവം, ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യക്കു കൂടി ഉള്ളിൽ കിടിലം ജനിപ്പിക്കുന്ന അനുഭവമാണെന്നു യൂജിൻ മനസ്സിലാക്കി.

വണ്ടിയുടെ ഒരു മൂലയിൽ യൂജിൻ പാടുള്ളേടത്തോളം ഒതുങ്ങിയിരുന്നു. ദാവീദോ അവളുടെ നേരെ എതൃഭാഗത്തു് മാര്യാദക്കിരുന്നു. കുറെ അസ്വാസ്ഥ്യം നേരിട്ടപ്പോൾ അയാൾ അന്യോന്യ സംഭാഷണത്തിന്നു് വേണ്ടി ചില ലോഹ്യങ്ങൾ പുറത്തിറക്കി. അവൾ എല്ലാറ്റിനും “‘ഏസ്” മൂളിയതേയുള്ളു. അവൾ അല്പമേ സംസാരിച്ചിരുന്നുള്ളു. എങ്കിലും ആ സംസാരം മറ്റൊരാളെ സ്വാതന്ത്ര്യമായി പെരുമാറാൻ അധൈര്യപ്പെടുത്തിയിരുന്നു. അയാൾ അവളുടെ കൈ പിടിച്ചപ്പോൾ അവൾ അതു് പരമാനന്ദമായി കഴിക്കണം” എന്നു ദാവീദ് പറഞ്ഞു അവൾ വ്യസനത്തോടെ നിശ്വസിച്ചതേയുള്ളു. ഒരു സമയം അവൾ താലോലത്തിന്നും ചുംബനത്തിനും വേണ്ടി കാത്തുനില്ക്കുകയായിരിക്കും എന്നു കരുതി, ദാവീദ് തന്റെ ധൈര്യമെല്ലാം ശേഖരിച്ചു അവളെ പെട്ടെന്നു കെട്ടിപ്പിടിച്ചു.

അങ്ങിനെ ഒരു ഏർപ്പാടിന്നു അവിടെവെച്ചു അയാൾ ഒരുമ്പെടും എന്നു് കേവലം കരുതാത്ത യൂജിൻ ശക്തിയൊക്കെ ഉപയോഗിച്ചു അയാളെ അകറ്റി നിർത്തി. മിസ്റ്റർ ദാവീദിന്നു് വാശിയും കാമവും മൂത്തു. യൂജീനിന്നു് ക്ഷീണവും ശക്തിക്ഷയവും പിടിപെട്ടു. വണ്ടി തൽസമയത്തു് വീട്ടിന്റെ പടിക്കൽ എത്തിയില്ലായിരുന്നു എങ്കിൽ യൂജീൻ തന്റെ ഭർത്താവിന്റെ അധികാരശക്തിക്കു കീഴടങ്ങിപ്പോകുമായിരുന്നു.

യൂജീൻ തന്റെ ഭർത്താവിന്റെ വീട്ടിൽ വന്നു കേറും മുമ്പെ തന്നെ ജന്നി അവളുടെ ചെറിയമ്മയെ എതിരേല്ക്കുവാൻ വേണ്ടി ഓടി വന്നു, അവളേയുംകൂട്ടി, അവൾക്കു ഒരുക്കി വെച്ച മുറിയിൽ കൊണ്ടുപോയി. ദാവീദും ആ മുറിയിൽ ചെല്ലാനൊരുമ്പെട്ടു. എന്നാൽ യൂജീനിന്നു സർവ്വനാഡികളും ക്ഷയിച്ചുപോയിട്ടുണ്ടെന്നും അവളെ ഒന്നിന്നും ഒന്നു കൊണ്ടും ഉപദ്രവിപ്പാൻ പാടള്ളതല്ലെന്നും ജന്നി അദ്ദേഹത്തെ ഭയഭക്തി ബഹുമാനങ്ങളോടെ അറിയിച്ചു.

ദാവീദ്:
നാഡിക്ഷയം എത്രനാൾ നില്ക്കുംപോലും മണവാട്ടി വഴിപ്പെടേണ്ടതിന്നു വഴിപ്പെടേണം. അതാണു് മുറ ഒരു മണവാളന്റെ നിലയിൽ ഞാൻ—
ജന്നി:
എന്തു ചെയ്യും. നിവൃത്തിയില്ലാഞ്ഞിട്ടല്ലെ. സുഖക്കേടു എട്ടൊമ്പതു ദിവസം നില്ക്കും.
ദാവീദ്:
എന്തു്? അര മണിക്കൂറിനുള്ളിൽ സുഖമാവും എനിക്കറിയാം. അവൾക്കു ഉറക്കം വന്നുതുടങ്ങി ഞാൻ വിചാരിച്ചിരുന്നു—
ജന്നി:
നിങ്ങളുടെ ഭാര്യയ്ക്കു ദണ്ഡമുള്ളപ്പോൾ, അപ്രകാരമൊക്കെ നിങ്ങൾ എങ്ങിനെ വിചാരിക്കും.
ദാവീദ്:
ഒരു സമയം അതു എന്റെ തെറ്റുതന്നെ ആയിരിക്കും ജന്നി! നീയാണോ അവളെ ശൂശ്രുഷിക്കാൻ പോകുന്നതു അല്ല ഞാനോ?
ജന്നി:
ഞാൻ തന്നെ സാർ. രാത്രി മുഴുവനും ഞാൻ അവരുടെ കൂടേതന്നെ ഉണ്ടാകും.
ദാവീദ്:
എന്താണു് പറഞ്ഞതു? അതും വേണോ?
ജന്നി:
ചെറിയമ്മക്കു വേറേതന്നെ ഒരു ഉറക്കുമുറി ഞാൻ ഒരുക്കിവെച്ചിട്ടുണ്ടു്. അതാണു് ചെറിയമ്മ ഇഷ്ടം. ഇപ്പഴത്തേ സമ്പ്രദായം പ്രകാരം ദമ്പതികൾ വെവ്വേറെ മുറികളിലാണു് കിടക്കെണ്ടതുപോലും.
ദാവീദ്:
ഇതാണൊ സമ്പ്രദായം?
ജന്നി:
അതെ! അവൾക്കു സുഖക്കേടു കഠിനമാണെങ്കിൽ ഞാൻ നിങ്ങളെ വിളിക്കാം.
ദാവീദ്:
സുഖക്കേടു കഠിനമായാലൊ! അപ്പോൾ വിളിക്കേണ്ട. സുഖക്കേടു ഭേദമായാൽ മാത്രം വിളിച്ചാൽമതി.

തന്റെ ഭർത്താവു് കടന്നുപോയ ഉടനെ കപടസ്സുഖക്കേടുകാരത്തിയായ യൂജിൻ കണ്ണു തുറന്നു.

യൂജീൻ:
ജന്നി! അയാൾ പോയൊ?
ജന്നി:
അതെ ചെറിയമ്മെ!
യൂജീൻ:
വാതിൽ ചെന്നു തഴുതിട്ടുകളയൂ എന്നാലെ എനിക്കു രക്ഷയുള്ളു.
ജന്നി:
കുറെ ദിവസത്തോളം മാത്രം അദ്ദേഹം നിങ്ങളുടെ ഭർത്താവാണു്. ഒരിക്കൽ അദ്ദേഹം അയാളുടെ അവകാശാധികാരങ്ങൾ പിടിച്ചു വാങ്ങാതിരിക്കില്ല.
യൂജീൻ:
ഒരിക്കലും ഞാൻ അതിന്നു സമ്മതിക്കുകയില്ല. അയാൾ അതു ബലമായി പിടിച്ചെടുക്കുമൊ എന്ന ശങ്കമാത്രമെ എനിക്കുള്ളു. ഇന്നു വണ്ടിയിൽ വെച്ചു തന്നെ… എന്റെ വിലാപവും എന്റെ അപേക്ഷയും അദ്ദേഹം ഗണ്യമാക്കാൻ ഭാവമില്ലായിരുന്നു. എനിക്കു സങ്കടവും ഭയവും ഉണ്ടായി. അങ്ങിനെ ഒരു സംഭവം രണ്ടാമതു ഒരിക്കൽകൂടി തടുക്കുവാനൊ സഹിക്കുവാനൊ എനിക്കു ശക്തിയും ധൈര്യവും ഉണ്ടാകുന്നതല്ല. ഭാഗ്യവശാൽ വണ്ടി ഇവിടെ എത്തി നിന്നില്ലായിരുന്നു എങ്കിൽ… ഈശ്വരാ എനിക്കു ഒരു സ്വസ്ഥതയും ഇല്ല. ഈ വിവരമൊക്കെ എഡോൾഫി അറിഞ്ഞാൽ അദ്ദേഹം എന്നെപ്പറ്റി എന്തുവിചാരിക്കുമൊ, എന്നു ആർ കണ്ടു. ഒരു സമയം അദ്ദേഹത്തിന്നു എന്നോടു ക്രോധം ജനിക്കുമായിരിക്കും. ഒരു സമയം അദ്ദേഹം മറ്റൊരുവളെ വിവാഹം ചെയ്യുമായിരിക്കും.

തന്റെ ചെറിയമ്മ തല്ക്കാലം വേണ്ട സങ്കടം സഹിക്കേണ്ടുന്ന ഭാരം ഉണ്ടെന്നു കണ്ടിട്ടു്, ജന്നിക്കു അവളുടെ കാമുകന്റെ വിശ്വാസവഞ്ചന പറഞ്ഞുകൊടുക്കാൻ മനസ്സുവന്നില്ല. അവൾ സംസാരവിഷയം മാറ്റി. എന്നിട്ടു് അവൾ, ദാവീദിന്റെ വീട്ടിൽ അവൾക്കു പ്രവൃത്തി കിട്ടാൻ ഇടവന്ന സംഗതികളൊക്കെ യൂജീനിനോടു സവിസ്തരം പറഞ്ഞുകൊടുത്തു.

യൂജീൻ:
ജന്നി! നീ എന്നോടു് എത്ര ദയയാണു് കാട്ടിയതു്? നീ എന്റെ ഒന്നിച്ചുള്ളതുകൊണ്ടു എനിക്കു എന്റെ സങ്കടങ്ങളൊക്കെ സഹിക്കാൻ സാധിക്കും. എനിക്കു നീ ഒരു വലിയ ആശ്വാസമായിരിക്കൂം. എന്റെ ഭർത്താവോടു് ആ കാര്യത്തിലെങ്കിലും ഞാൻ നന്ദിയുള്ളവളായിരിക്കും. അതു് ഞാൻ അയാൾക്കു തെളിയിച്ചു കൊടുക്കുകയും ചെയ്യും. എന്നാൽ തന്റെ ഇഷ്ടത്തിന്നു വിപരീതമായി ഒരാളെ വിവാഹം ചെയ്യേണ്ടി വന്ന ഒരു പെണ്ണിന്നു അയാളെ പിന്നീടു ഇഷ്ടപ്പെടാനുള്ള ബാദ്ധ്യത ഇല്ല. അങ്ങിനെ ഒരു പ്രണയം എന്നിൽനിന്നു അയാൾക്കു സിദ്ധിക്കുകയും ഇല്ല.
ജന്നി:
നിങ്ങൾ തോറ്റുപോകും. ഭർത്താവിന്റെ വീട്ടിൽ സകല അധികാരവും ഭർത്താവിനുള്ളതാണു്.
യൂജീൻ:
എന്റെ അച്ഛനാണോ അവരുടെ വീട്ടിൽ അധികാരം നടത്തുന്ന ആൾ? എനിക്കു് എന്റെ ജീവനേക്കാൾ വലുതായ എന്റെ ചാരിത്രം രക്ഷിക്കുവാൻ ഞാൻ എന്നാൽ കഴിയുന്നത്ര ശ്രമിക്കും. എന്റെ പ്രണയത്തിന്നു എഡോൾഫി ഒരുവൻ മാത്രമാണു് അവകാശി. അയാൾക്കു അതു് കിട്ടാതെ പോയാൽ ബാക്കി വല്ലവർക്കും അതുകിട്ടുമെന്നു വിചാരിക്കേണ്ട.
ജന്നി:
വരാൻപോകുന്നതു് എന്തൊക്കെയാണൊ?
യൂജീൻ:
എന്തെങ്കിലുമാകട്ടേ. അയാളെ (എഡോൾഫിയെ)പ്പറ്റി വല്ല വിവരവും ഉണ്ടെങ്കിൽ പറയൂ. അതാണു് എനിക്കു കേൾപ്പാനിഷ്ടം.
ജന്നി:
അയാൾ പാലക്കാട്ടു്, മേപ്പറത്തു് അയാളെ അച്ഛനെകാണ്മാൻ പോയിരിക്കുന്നു. അച്ഛൻ വളരെ അപായാത്തിലാണു്.
യൂജീൻ:
(സങ്കടത്തോടെ) പിന്നെ അദ്ദേഹത്തെ എങ്ങിനെ മാപ്പാക്കാതിരിക്കും അല്ലായിരുന്നു എങ്കിൽ അദ്ദേഹം എന്റെ സഹായത്തിന്നു നിശ്ചയമായിട്ടും ചാടി എത്തുമായിരുന്നു. സഹായത്തിന്നാരുമില്ലാത്ത എഡോൾഫി! അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ടായിരിക്കും. അദ്ദേഹത്തിന്റെ വ്യസനത്തിൽ പങ്കുകൊള്ളുവാൻ എനിക്കു സാധിക്കാഞ്ഞതു് തന്നെ ഒരു വ്യസനഹേതുവായിതീർന്നു.
ജന്നി:
ചെറിയമ്മെ! അതൊന്നും പൊരുളിക്കാനില്ല. മരണത്തെ ആർക്കും തടുത്തുകൂട. ഇന്നു രാത്രി ഭദ്രമായി ഉറങ്ങാൻ നോക്കൂ. നിങ്ങളുടെ സങ്കടം സഹിക്കുവാൻ നിങ്ങൾക്കുള്ള ശക്തിയൊക്കെ വേണ്ടിവരുന്നതാണു്. ഞാൻ എതായാലും നിങ്ങളെയും വിട്ടുപോവാൻ ഭാവമില്ല. നാളെ നമുക്കു ഈ സംഗതിയെപ്പറ്റി പിന്നെയും സംസാരിക്കാം. അപ്പോൾ കാര്യത്തിന്റെ മർമ്മം ഇതിലും സ്പഷ്ടമായ രീതിയിൽ നമുക്കു കാണാൻ ഇടവന്നു എന്നു വന്നേക്കാം.
പതിനാറാം അദ്ധ്യായം

(ദാവീദ് മന്ദാരത്തെ അഭയം പ്രാപിക്കുന്നതു്)

ദാവീദ്:
(വിചാരം) ഞാൻ വണ്ടിയിൽ വെച്ചു അത്രത്തോളം സാഹസപ്പെടേണ്ടിയിരുന്നില്ല. ഞാൻ യുജീനിനെ വളരെ ഭയപ്പെടുത്തിക്കളഞ്ഞു എന്നാണു് തോന്നുന്നതു്. അവളുടെ സുഖക്കേടു് എങ്ങിനെ ഇരിക്കുന്നു എന്നു് ഞാൻ ചെന്നുനോക്കട്ടെ.

എന്നാൽ ആയിരിക്കും എന്നു് ജന്നി ദാവീദോടു പറഞ്ഞു. ദാവീദിന്നു അതു് സങ്കടമായിരിക്കുമെങ്കിലും അയാൾക്കു ഒന്നും ഖേദിക്കാനില്ലെന്നും കുറെ ദിവസവും കൂടി ക്ഷമിച്ചാൽ വിവാഹിത കാലം വളരെ സുഖത്തിൽ രണ്ടു പേർക്കും കഴിക്കാമെന്നും കൂടി യൂജിൻ പറഞ്ഞയച്ച വിവരവും ജന്നി ദാവീദോടു പറഞ്ഞു.

ദാവീദ്:
ഓരോ ദിവസം ചെല്ലുന്തോറും എനിക്കു വയസ്സേറുന്നു. എന്റെ ബാല്യം നഷ്ടമാകുന്നു. വാർദ്ധക്യം ബാധിക്കും മുമ്പെയാണു് സുഖങ്ങളൊക്കെ അനുഭവിക്കേണ്ടതു്. ഞാൻ ഇപ്പോൾ തന്നെ ഒരു ഡോക്ടരെ വിളിക്കാൻ അയക്കും.
ജന്നി:
അതിന്നൊന്നും യൂജിൻ വഴിപ്പെടുകയില്ല. നാഡിപ്പിഴയുള്ള സ്ത്രീകൾക്കു ആ സുഖക്കേടു് ഭേദമാകേണമെങ്കിൽ അവരുടെ ഇഷ്ടത്തിന്നു് എതിരായിട്ടു് യാതൊന്നും ചെയ്യരുതു്.
ദാവീദ്:
അങ്ങിനെയാണൊ? എന്നാൽ ഞാൻ ഈ കാര്യത്തിൽ വിശേഷാൽ ഒന്നും പ്രവർത്തിക്കുന്നില്ല.
ജന്നി:
ബാക്കിയൊക്കെ ഞാനായിക്കൊള്ളാം. അവൾക്കു കൊടുക്കേണ്ടതു് എന്തൊക്കൊയാണെന്നു് എനിക്കറിയാം. ഞാൻ വളരെ കാലത്തോളം അവളുടെ ദാസിയായിട്ടാണു് നിന്നിരുന്നതു്.
ദാവീദ്:
അതൊക്കെ ശരിയായരിക്കാം. എന്നാലുകൂടി ഞാൻ അവളുടെ അമ്മയുമായി ഒന്നു് ആലോചിക്കട്ടെ. മകൾക്കു ഇങ്ങിനെ ചില രോഗോപദ്രവം നേരിടാറുണ്ടെന്നു അവരു് എന്നോടു മുൻകൂട്ടി പറയേണ്ടിയിരുന്നു.
ജന്നി:
എന്താണു് സാറേ! വിവാഹദിവസം അവർ ഒന്നുരണ്ടു് കുറി ബോധംകെട്ടുപോയതു് നിങ്ങൾ തന്നെ കണ്ടിട്ടില്ലെ! അതു കണ്ടിട്ടു് നിങ്ങൾക്കു മനസ്സിലാക്കാമായിരുന്നു. അന്നു് നിങ്ങൾ പറഞ്ഞതു് ആ സംഭവം നിങ്ങൾക്കു ഇഷ്ടമായി എന്നാണു്.
ദാവീദ്:
പകൽ അവൾ ബോധം കെടുന്നതിന്നു് എനിക്കു വിരോധമില്ല. രാത്രി ബോധം കെടുന്നതല്ലെ അലമ്പു്. എന്തുതന്നെയായാലും ഞാൻ അവളുടെ അമ്മയെ ഒന്നു ചെന്നു കാണട്ടെ.

ദാവീദ് ഉപദേശിയാരുടെ വീട്ടിലേക്കു നടന്നു. എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. ദാവീദിനെ കണ്ടപ്പോൾ എല്ലാവരും ആദരിക്കുകയും ലോഹ്യം പറയുകയുംചെയ്തു. മന്ദാരം അർത്ഥത്തോടുകൂടെ അയാളുടെ മുഖത്തു നോക്കിച്ചിരിച്ചു. ഉപദേശിയാർ ദാവീദിന്റെ മുഖത്തു് തിളങ്ങിക്കണ്ടിരുന്ന പ്രസന്നതയെപ്പറ്റി പ്രശംസിച്ച എല്ലാവരും ഓരോ നേരംപോക്കുകൾ പറഞ്ഞിരുന്നു എങ്കിലും ദാവീദ് അതിലൊന്നും പങ്കുകൊള്ളാതെ മൗനമായിരുന്നു.

മന്ദാരം:
എന്താ ദാവീദേ! ദാമ്പത്യസൗഖ്യം നിങ്ങളെ ഊമയാക്കിക്കളഞ്ഞോ?
ദാവീദ്:
അതൊന്നുമില്ല.
മന്ദാരം:
ഇന്നു് രാവിലെ നിങ്ങളുടെ മുഖത്തു് നോക്കാൻ യൂജീനിന്നു് വളരെ ലജ്ജയുണ്ടായിരുന്നോ?
ദാവീദ്:
ഞാൻ ഇന്നു് രാവിലെ അവളെ കണ്ടിട്ടേ ഇല്ല.
മന്ദാരം:
ഓ.
ദാവീദ്:
ഇല്ല ഞാൻ കളവു് പറകയല്ല. വാസ്തവം പറഞ്ഞാൽ നിങ്ങളുടെ മകൾ ചില്ലറ ചില വീഴ്ചകൾക്കു അധീനയാണെന്നു ഞാൻ അറിഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞ രാത്രിതന്നെ ഒരാൾക്കു…ഒരാൾക്കു… ഞാൻ പറയുന്നതു് നിങ്ങൾക്കു മനസ്സിലായിരിക്കും. അതൊക്കെ വളരെ ഇച്ഛാഭംഗത്തിന്നു് സംഗതിയാകയില്ലെ?
മന്ദാരം:
ഏതൊക്കെ! എനിക്കൊന്നും മനസ്സിലാകുന്നില്ല. വാസ്തവം പറകയാണെങ്കിൽ ഇന്നു രാവിലെ നിങ്ങളുടെ മുഖത്തു് കാണുന്ന ദുസ്വഭാവം എനിക്കു ഒട്ടും തന്നെ പിടിക്കുന്നില്ല. ഏതായാലും നിങ്ങളായിരിക്കകൊണ്ടു് ഞാൻ ഒക്കെ പൊറുത്തുകൊള്ളാം നിങ്ങൾ ശരിക്കു പറവിൻ. നിങ്ങൾക്കു എന്തു സാധിച്ചില്ല.
ദാവീദ്:
എന്നുവെച്ചാൽ എന്റെ ഭാര്യയുടെ സ്ഥിതി അവളുടെ സുഖമില്ലായ്മ.
മന്ദാരം:
അവൾക്കു സുഖക്കേടാണൊ?
ദാവീദ്:
എന്നാണു് വിചാരിക്കേണ്ടതു്. അവൾക്കു അതു് നല്ലവണ്ണം പിടിപ്പെട്ടിട്ടുണ്ടു്.
മന്ദാരം:
ഏതു് ?
ദാവീദ്:
ഏതു് ? എന്നൊ. ഞാൻ പറയുന്നതു് എന്താണെന്നു് നിങ്ങൾക്കു നല്ലവണ്ണം മനസ്സിലായിട്ടുണ്ടു്. അങ്ങിനെ വിട്ടു പിരിയാത്ത ഒരു ഉപദ്രവം ഉണ്ടെങ്കിൽ, ആ വിവരം ഭർത്താവിനെ മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നു. ഞാൻ കാപ്പി വാങ്ങാൻ ഏർപ്പാടു് ചെയ്യുമ്പോൾ—
മന്ദാരം:
എല്ലാമറിയുന്ന കർത്താവേ! എന്തൊക്കെയാണു് നിങ്ങൾ പറഞ്ഞുകൊണ്ടുവരുന്നതു് എന്റെ മകളും നിങ്ങളുടെ കാപ്പി വാങ്ങാനുള്ള ഏർപ്പാടും തമ്മിൽ എന്തു ബന്ധമാണുള്ളതു്? വിട്ടുപിരിയാത്ത എന്തെങ്കിലും ഉപദ്രവമോ? അവളുടെ ജീവകാലത്തു് ഇന്നേവരെ അവൾ സുഖക്കേടായിട്ടു് ഒരൊറ്റ ദിവസം പോലും കിടന്നു പോകേണ്ടി വന്നിട്ടില്ല. എന്നാൽ ഇന്നലത്തെപോലെയുള്ള ഒരു ദിവസത്തിൽ നിങ്ങൾക്കും കുറെ വിട്ടുകൊടുക്കാമായിരുന്നു. ചില കാര്യങ്ങളിൽ പുരുഷന്മാർ വെറും കുട്ടികളെപോലെ കാട്ടികൂട്ടുന്നു. ഇതൊക്കെ കേട്ടു ഞാൻ മടത്തു നിങ്ങൾക്കു അസാരം വിശേഷബുദ്ധിയെങ്കിലും ഉണ്ടായിരിക്കുമെന്നു ഞാൻ കരുതിയിരുന്നു. വീട്ടിൽ നിങ്ങളുടെ ഭാര്യയുടെ അടുക്കെ ചെല്ലൂ—വിവേകപൂർവ്വം അവളോടു് പെരുമാറാൻ നോക്കൂ.

സാധു ദാവീദ് മന്ദാരം പറഞ്ഞപ്രകാരം അനുസരിച്ചു വീട്ടിൽ എത്തിയ ഉടനെ യൂജീനുമായി ഒരു കൂടിക്കാഴ്ച നടത്തണം എന്നു ഉറപ്പാക്കി.

അവൾ അവളുടെ മുറിയിൽ ഇരിക്കുന്നതു് കണ്ടു. വെള്ളപ്പട്ടിന്റെ പുടവയും, മഞ്ഞപ്പട്ടിന്റെ ബോഡിയും, ചുകുന്നപട്ടിന്റെ ധാവണിയും അണിഞ്ഞു സ്വർഗ്ഗാംഗനയെ പോലെ സൗന്ദര്യം തിളങ്ങി മിന്നുന്ന അവളെ കണ്ടപ്പോൾ, അവളെ അധീനത്തിലാക്കാനുള്ള അദ്ദേഹത്തിന്റെ തൃഷ്ണ പണ്ടേത്തേതിലും പത്തിരട്ടി വർദ്ധിച്ചു. അവളാകട്ടേ ഭർത്താവിനെ കണ്ടപ്പോൾ എഴുന്നേറ്റു വിനീതഭാവത്തിൽ തലതാഴ്ത്തി, അവളുടെ അടുക്കെ ഇരിപ്പാൻ ഭർത്താവിനെ ക്ഷണിച്ചു. അയാൾ വളരെ പാരവശ്യത്തോടെ അവളുടെ ദേഹസ്ഥിതിയെപ്പറ്റി അന്വേഷിച്ചു. ആ സമയത്തു് ജന്നിയെ തനിക്കു ദാസിയായി നിർത്തിത്തന്ന അദ്ദേഹത്തിന്റെ ദയയെ യൂജീൻ വളരെ ശ്ലാഘിച്ചു.

ദാവീദ്:
ജന്നി ഒരു നല്ല പെണ്ണാണു്. കുസ്നിപ്പണിയും നല്ലവണ്ണം അറിയാം. നിന്നോടു് അവൾക്കു വളരെ സ്നേഹവമുണ്ടു്. അതു് വിചാരിച്ചിട്ടു് എനിക്കു അവളോടു് ചില്ലറ അസൂയയും കൂടി ഉണ്ടു് അവൾ ഇന്നലെ രാത്രി മുഴുവനും നിന്നെ ശുശ്രൂഷിച്ചു കഴിച്ചു. ഇല്ലേ? നിന്റെ ഭർത്താവായ ഞാനോ, മറ്റൊരു മുറിയിൽ കിടന്നു നേരം പുലർത്തേണ്ടി വന്നു. ഇരിക്കട്ടെ. ഇരിക്കട്ടെ. അധിക കാലത്തോളമൊന്നും ഞാനിതിന്നു വഴിപ്പെടുകയില്ല.

യൂജീൻ ഒന്നും പറയാതെ നിലം നോക്കിക്കഴിച്ചു.

ദാവീദ്:
എന്താണൊന്നും മിണ്ടാത്തതു്.
യൂജീൻ:
എനിക്കു നിങ്ങളുടെ വീട്ടിൽ പാർപ്പാനിഷ്ടമില്ല സാറേ!
ദാവീദ്:
എന്താണു് നീ പറഞ്ഞതു്. ഞാൻ കേട്ടതു് എനിക്കു വിശ്വസിക്കാമൊ! ഭർത്താവിന്റെ ഒന്നിച്ചു് നിണക്കു പാർക്കുവാൻ മനസ്സില്ലെന്നൊ? ഒരു ഭാര്യയായാൽ അങ്ങിനെയാണൊ വേണ്ടതു്?
യൂജീൻ:
അല്ല.
ദാവീദ്:
പിന്നെ നീ എന്തു വിചാരിച്ചിട്ടാണു് എന്നെ വിവാഹം കഴിച്ചതു്?
യൂജീൻ:
എന്റെ മാതാപിതാക്കന്മാർ എന്നോടു് പറഞ്ഞതു് അനുസരിച്ചിട്ടു്.
ദാവീദ്:
അതിൽ പിന്നെ നിന്റെ ഭർത്താവു് പറയുന്നതു് കേൾപ്പാനുള്ള ഭാരം എവിടെപ്പോയി.
യൂജീൻ:
എനിക്കു പാടുള്ളേടത്തോളം ഭർത്താവിന്റെ ഇഷ്ടത്തിന്നു ഞാൻ നിന്നുകൊള്ളാം.
ദാവീദ്:
ഇതു വളരെ കടന്ന കയ്യായിപ്പോകുന്നു. വളരെ അതിക്രമമായ്പോകുന്നു (കോപത്തോടെ) കാര്യങ്ങളൊക്കെ ഇങ്ങിനെ നടന്നാൽ പോര. ഈ അവസരത്തിൽ നിന്റെ അമ്മയുടെ അഭിപ്രായം കാര്യമായിട്ടു് ഞാൻ ചോദിക്കുന്നു. ഞാൻ വല്ല അക്രമവും പ്രവർത്തിച്ചു എന്നു വരരുതു്.

എന്നിട്ടു് യൂജീനിന്റെ മറുവടിയും കൂടി കേൾപ്പാൻ നില്ക്കാതെ, വാതിലും “ചഠേ” എന്നടച്ചു, കോട്ടും തൊപ്പിയും ഇട്ടു ദാവീദ് മന്ദാരത്തിനെ കാണ്മാൻവേണ്ടി ഉപദേശിയാരുടെ വീട്ടിൽ കേറിച്ചെന്നു.

ദാവീദ് ഇത്രക്ഷണം മടങ്ങിവരുന്നതു കണ്ടിട്ടു് ഉപദേശിയാരും ഭാര്യയും വളരെ ആശ്ചര്യപ്പെട്ടു, സംഗതി എന്തായിരിക്കും എന്നറിവാൻ അവർക്കു വളരെ കൗതുകമുണ്ടായി.

ഉപദേശി:
(ഭാര്യയോടു മെല്ലെ) ഇയ്യാളുടെ മുഖം വളരെ ചുകന്നു കാണുന്നു.
മന്ദാരം:
ഇരിക്കിൻ ദാവീദേ! ഇപ്പോൾ വന്ന കാര്യമെന്താണെന്നു പറയൂ.
ദാവീദ്:
കാര്യമെന്താണെന്നു്? എനിക്കു വളരെ കോപം തോന്നുന്നു. ഞാൻ വല്ലാതെ മുഷിഞ്ഞു. എന്റെ ഭാര്യ എനിക്കു തൃപ്തികരമല്ലാത്ത വിധത്തിൽ ആചരിച്ചു തുടങ്ങി.
മന്ദാരം:
രണ്ടാമതും തുടങ്ങിയൊ? ഭാര്യയേപ്പറ്റി ആവലാതി പറവാനൊ നിങ്ങൾ പിന്നേയും ഇങ്ങട്ടു് മടങ്ങിയതു്? ഒന്നാമത്തെ ആവലാതി അവൾക്കു സുഖക്കേടാണു് എന്നായിരുന്നു. ഇപ്പോൾ അവളുടെ നടവടിയെപ്പറ്റിയാണു് ആവലാതി. വിവാഹം കഴിഞ്ഞിട്ടാണെങ്കിൽ ഒരു ദിവസം ഇനിയും തികഞ്ഞിട്ടില്ല. ഇത്ര വേഗം നിങ്ങൾ ഒരു വലിയ പിടിത്തക്കാരനായിത്തീർന്നാലൊ? നിങ്ങളാണു് ഇപ്രകാരം കാട്ടികൂട്ടുന്നതു് എന്നു എനിക്കു വിശ്വാസവും കൂടിവരുന്നില്ല.
ദാവീദ്:
എന്നാൽ യൂജീൻ—
മന്ദാരം:
യൂജീൻ ഒരു ദേവാംഗനയാണു് അങ്ങിനെയാണു് ഞാൻ അവളെ വളർത്തിക്കൊണ്ടു വന്നതു്. അവൾ എന്റെ ഒന്നിച്ചുണ്ടായിരുന്ന കാലമൊക്കെ എന്റെ ചൊല്പടിക്കു നില്ക്കാൻ ഞാൻ അവളെ പഠിപ്പിച്ചു. ഇപ്പോഴാകട്ടെ അവൾക്കു സ്വന്തമായി ഒരു വീടുണ്ടു്. അങ്ങിനെ ഒരു ഇടകിട്ടുമ്പോൾ ആ വീടു് അവളും ഭരിക്കും. അതൊക്കെ ലോകാവസ്ഥയാണു്. പിന്നെ ഒന്നുകൂടി നിങ്ങൾ കരുതേണ്ടതുണ്ടു് എന്റെ ശാസനയിലും മേലന്വേഷണത്തിലും വളർന്ന ഒരു കുട്ടി ഒരു കാലത്തും തെറ്റു് ചെയ്കയില്ലെന്നു്.

*****

ആഴ്ച പിന്നേയും ഒന്നു കഴിഞ്ഞു. എന്നിട്ടുകൂടി ആഗ്രഹ നിവൃത്തിക്കു ഒരു വഴിയും കണ്ടുകിട്ടാതെ സാധു ദാവീദ് പിന്നെയും ഒരിക്കൽ തന്റെ, ഭാര്യയെ ചെന്നു കണ്ടു കാര്യം ഒരു വിധേന പറഞ്ഞു തീർക്കാൻ ആലോചിച്ചു.

അവളുടെ മുറിയുടെ ജനലിന്റെ അടുക്കെ തന്റെ ഭാര്യ ഇരുന്നു എന്തോ തുന്നുന്നതു് കണ്ടു. അവളുടെ കണ്ണാകട്ടെ തെരുവിൽകൂടെ പോകുന്ന എല്ലാരുടെ മുഖത്തും സൂക്ഷിച്ചു നോക്കിയിരുന്നു. കൂടക്കൂടെ എന്തൊരു ആശയോ ആശംസയോ നിമിത്തം അവളുടെ മുഖം പ്രകാശിക്കുന്നതും കണ്ടു. തൊട്ടക്ഷണം തന്നെ ആ പ്രകാശം മങ്ങിപ്പോകുന്നതും കണ്ടു.

ഭർത്താവു് വരുന്നതു കണ്ടപ്പോൾ അവൾ എഴുനേറ്റു അയാൾക്കു ഇരിക്കാൻ വേണ്ടി ഒരു കസേല നീക്കിക്കൊടുത്തു.

ദാവീദ്:
പ്രിയെ! നിന്റെ സുഖക്കേടൊക്കെ കേവലം ഭേദമായെന്നു ഞാൻ വിശ്വസിക്കുന്നു. ഈ ദിവസങ്ങളൊക്കെ നിന്റെ സ്ഥിതി വിചാരിച്ചിട്ടു് എനിക്കു ഒട്ടും മനസ്സമാധാനമുണ്ടായിരുന്നില്ല.
യൂജീൻ:
എനിക്കിപ്പോൾ ഒരു സുഖക്കേടും ഇല്ല.
ദാവീദ്:
ഇങ്ങിനെ കേട്ടതുകൊണ്ടു് ഞാൻ വളരെ സന്തോഷിക്കുന്നു. എന്തുകൊണ്ടെന്നാൽ, നിണക്കു മനസ്സിലായില്ലേ! നമുക്കു ഇപ്പോൾ മറ്റെക്കാര്യത്തിന്നു—അതേ, അതിന്നു്—തുടങ്ങാമല്ലൊ?
യൂജീൻ:
ഏതു് കാര്യത്തിന്നു്?
ദാവീദ്:
മനസ്സിലായില്ലേ! നമ്മൾ ദമ്പതിമാരാണെന്നു് തെളിയിക്കേണ്ടുന്ന കാര്യത്തിന്നു്.
യൂജീൻ:
നമ്മൾ ദമ്പതിമാരാണെന്ന വിവരം ഞാൻ മറന്നിട്ടില്ല.
ദാവീദ്:
എന്നാൽ ഇന്നു് രാത്രി നീ മറ്റൊരു പ്രകാരത്തിൽ—എന്നു വെച്ചാൽ സാധാരണ വേണ്ടും പ്രകാരത്തിൽ ആചാരിക്കുമായിരിക്കും. ഞാൻ സ്വകാര്യം കിടക്കയില്ല. നീയും ഒറ്റക്കു കിടപ്പാൻ പാടില്ല. നമ്മൾ—തീർച്ചയായിട്ടും എനിക്കു പറവാനുള്ള കാര്യം നിണക്കു മനസ്സിലാകാതിരിപ്പാൻ വഴിയില്ല. ആ കാര്യം തന്നെയാണു് ഞാൻ പറഞ്ഞുകൊണ്ടു വരുന്നതു,
യൂജിൻ:
എനിക്കു നിങ്ങൾ പറയുന്നതു് ഒട്ടുംതന്നെ മനസ്സിലാകുന്നില്ല.
ദാവീദ്:
എന്നാൽ ഞാൻ മനസ്സിലാക്കിത്തരാം.
യൂജീൻ:
അതു് നിങ്ങൾക്കു സാധിക്കുമെന്നു തോന്നുന്നില്ല. നിങ്ങൾ പറയുന്നതു് ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഭാര്യയാണു് ഞാൻ. എന്താണെന്നു് മനസ്സിലാക്കി, അതുപോലെ പ്രവർത്തിക്കുകയും ചെയ്യാം. അതൊക്കെ ഭാര്യയുടെ മുറയാണു്. എന്നാൽ ഒരു കാര്യം ഞാൻ അറത്തുറപ്പിച്ചു പറഞ്ഞേക്കാം. നിങ്ങൾക്കു അതിലും അടുത്ത ഒരു ഇടവാടു് എന്നോടു നടത്തിക്കളയാമെന്നു് സ്വപ്നത്തിൽ പോലും നിങ്ങൾ കരുതേണ്ട.
ദാവീദ്:
നമ്മൾ വിവാഹം കഴിച്ചതു് ഒന്നിച്ചു കാപ്പിയും ചായയും ഊണും കഴിപ്പാൻ വേണ്ടി മാത്രമാണോ? നമ്മൾ വിവാഹം കഴിച്ചതു് കിടപ്പാനും കൂടി വേണ്ടിയല്ലെ!
യൂജീൻ:
ഞാൻ അതിന്നു വേണ്ടി വിവാഹം ചെയ്തിട്ടില്ല.
ദാവീദ്:
കർത്താവെ! ഞാനെന്തു പറയട്ടെ. മന്ദാരത്തിന്റെ പഠിപ്പിക്കൽ വളരെ കഠിനവും കൈകടന്നതു നല്ലതു തന്നെ ആയിരിക്കും. എന്നാൽ ഒരു ഭർത്താവിനെ ഭാര്യക്കു ധിക്കരിക്കാൻ പാടില്ല. ഭർത്താവു് പറയുന്നതിന്നു വഴിപ്പെടേണം പ്രണയത്തിന്നു് ആരും കിഴടങ്ങണം.
യൂജീൻ:
സാറേ! പ്രണയത്തിന്നു് കീഴടങ്ങണം എന്നു് ഞാനും സമ്മതിച്ചു. എന്നാൽ നിങ്ങളോടെനിക്കു ഇതുവരയ്ക്കും അശേഷംപോലും പ്രണയമുണ്ടായിട്ടില്ല. അതുകൊണ്ടു് ചില കാര്യങ്ങൾ എനിക്കു നിഷേധിക്കാതിരിപ്പാൻ നിവൃത്തിയില്ല.
ദാവീദ്:
നിണക്കു ഇതുവരെ എന്നൊടു് പ്രണയമുണ്ടായിട്ടില്ലേ.
യൂജീൻ:
ഇല്ല.
ദാവീദ്:
പിന്നെ ഉണ്ടെന്നപോലെനടിച്ചതെന്തിനാണു്.
യൂജീൻ:
ഞാൻ അങ്ങിനെ നടിച്ചിട്ടില്ല. എനിക്കു ഒരു തരം സിദ്ധിച്ചിരുന്നു എങ്കിൽ വിവാഹത്തിന്നു മുമ്പു് തന്നെ ഞാൻ വിവരം തുറന്നു പറയുമായിരുന്നു.
ദാവീദ്:
ഒരു സമയം ഒന്നിച്ചിങ്ങിനെ പാർക്കുമ്പോൾ പ്രണയം പൊട്ടിവരുമായിരിക്കും. ഏതായാലും അങ്ങിനെ ഒരു പരിശോധന കഴിച്ചു നോക്കേണ്ടതു് നിന്റെ മുറയാണു്. നിണക്കു ഇഷ്ടമായാലും ശരി അനിഷ്ടമായാലും ശരി, ഞാൻ പറയും പ്രകാരം നീ ചെയ്യേണ്ടി വരും. അങ്ങിനെ വരുത്തും. ഞാൻ എന്റെ വാക്കു നിറവേറ്റുന്നതു് നീ അനുഭവിച്ചു കാണും.

അവളുടെ ഭർത്താവിന്റെ ആലോചന തിരസ്കരിക്കാനുള്ള വാശി അവൾ പണ്ടെതിലും ബലമായിപ്പിടിക്കും എന്നു യൂജീൻ പിന്നീടു് ജന്നിയോടു പറഞ്ഞു.

പതിനേഴാം അദ്ധ്യായം

(ദാവീദും പാതിരിസായ്വും.)

പുതിയറയിൽ മത്തീസൻ എന്നു പേരായ ഒരു പാതിരിസായ്വുണ്ടായിരുന്നു. ഈശ്വരഭക്തി, സൽസ്വഭാവം, സത്യം, ധർമ്മം മുതലായ ഗുണങ്ങളെക്കൊണ്ടു് ഈ പാതിരിയെ എല്ലാവർക്കും വളരെ ആദരവും ബഹുമാനവുമായിരുന്നു. നാട്ടുകൃസ്ത്യാനികളുടെ ഇടയിൽ ഉണ്ടാകാറുള്ള ചില്ലറക്കൂട്ടങ്ങളൊക്കെ പറഞ്ഞു തീർക്കുന്നതു് ഇദ്ദേഹമാണു്. കോടതിയിലെ തീർപ്പിനേക്കാൾ ജനങ്ങൾ വകവെച്ചിരുന്നതു് ഇദ്ദേഹത്തിന്റെ തീർപ്പാണു്. നാട്ടുകൃസ്ത്യാനികളെപ്പറ്റിയുള്ള സകല വിവരവും ഇദ്ദേഹത്തിന്നുണ്ടായിരിക്കകൊണ്ടു ഇദ്ദേഹത്തിന്റെ തീർപ്പു് ഒരിക്കലും പിഴച്ചു പോകാറില്ല. അതുകൊണ്ടു് തൊട്ടതിനും തൊടാത്തതിനും വേണ്ടതിനും ജനങ്ങൾ ആവലാതി പറവാൻ ഇദ്ദേഹത്തിന്റെ ഭവനത്തിൽ എത്തിക്കൂടിയിരുന്നു. പത്തുമണിയാകുമ്പോൾ അന്യായം പ്രതികൾ അനേകർ ഇദ്ദേഹത്തിന്റെ ഭവനത്തിന്റെ മുറ്റത്തും പൂമുഖത്തുമായി നില്ക്കുന്നുണ്ടാകും. ചില്ലറക്കാര്യത്തിൽ ചില്ലറയായും ഗൗരവകാര്യത്തിൽ ഗൗരവമായും ഉള്ള തീർപ്പുകൾ ഇദ്ദേഹം ക്ഷണം പറഞ്ഞു കഴിയും ആ തീർപ്പു് വേദവാക്യംപോലെ ജനങ്ങൾ പ്രമാണിക്കുകയും ചെയ്യും. ദാവീദ് പാതിരിയോടു തന്റെ സങ്കടം ബോധിപ്പിക്കാൻ തീർച്ചപ്പെടുത്തി. അവിടെ ചെല്ലുമ്പോൾ പതിവുപോലെ ആളുകൾ വളരെ കൂടിയിരിക്കും. അക്ഷമനായ ദാവീദ് വറാന്തയിലേക്കു കേറിചെല്ലേണ്ടുന്ന ഒരു കോണിയുടെ ഓരത്തു് ചെന്നിരുന്നു. തന്റെ ആവലാതി വിചാരണക്കെടുക്കും മുമ്പെ തന്നേക്കാൾ മുമ്പെവന്നവരുടെ ആവലാതി വിചാരണ ചെയ്യേണ്ടിവന്നിരിക്കകൊണ്ടു് കുറേനേരം വിചാരണ കേൾക്കാതിരിപ്പാൻ നിർവ്വാഹമില്ലാതെ അയാൾ കാക്കേണ്ടിവന്നു. ഒന്നാമതു് ചെന്നതു ഒരു കീറിപ്പന്നാസായ ഉടുപ്പിട്ട ഒരു വൃദ്ധയായിരുന്നു.

വൃദ്ധ:
(ഭ്രമത്തോടെ) സായ്പെ! എന്റെ അടുത്ത വീട്ടിൽ ഒരാളെക്കൊണ്ടു് എനിക്കു അന്യായം ബോധിപ്പിപ്പാനുണ്ടു്. അവൾക്കു ഒരു പട്ടിയുണ്ടു്. ആ പട്ടി അതിന്നു ബോധിക്കുമ്പോക്കെ എന്റെ വീട്ടിൽ കേറിവരുന്നു. സ്വന്തം വീടെന്നപോലെ കണ്ണിൽ കണ്ടതൊക്കെ തിന്നുകളയുന്നു.
പാതിരി:
പിടികിട്ടിയാൽ നല്ലകണക്കിൽ അടിച്ചു വിട്ടുകളയൂ.
വൃദ്ധ:
എനിക്കു നായ്ക്കളെ ഇഷ്ടമല്ല. പോരാഞ്ഞിട്ടു് അതു് കടിക്കുകയും ചെയ്യും.
പാതിരി:
എന്നാൽ വീട്ടിന്റെ വതിൽ അടച്ചുകളയൂ അത്യാവശ്യം നേരിട്ടാൽ തുറന്നാൽ മതി—പോയ്ക്കൊ. പിന്നെ:—

ഒരു മെലിഞ്ഞുനീണ്ട മനുഷ്യൻ മുന്നോട്ടു് വന്നു.

നീണ്ടമനുഷ്യൻ:
(ഒരാളേചൂണ്ടീട്ടു്) ഇതാ; ഈ നില്ക്കുന്ന മനുഷ്യന്റെ നേരേയാണു് എന്റെ ആവലാതി. അയാൾ എനിക്കു ശരിയായ വണ്ടിക്കൂലിതന്നിട്ടില്ല. ഞാൻ എലത്തൂരിൽ കോഴിക്കോട്ടു് വരെ അയാളെ കൊണ്ടുവന്നു. അയാളുടെകൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. വളരെ തടിച്ചു ഘനമുള്ള ഒരു സ്ത്രീ എന്റെ കുതിരക്കുതന്നേ വളറെ പ്രയാസപ്പെട്ടിട്ടെ വണ്ടി വലിക്കാൻ കഴിഞ്ഞുള്ളു.

വണ്ടിയിൽ സവാരിചെയ്ത മനുഷ്യൻ വണ്ടിക്കാരനെ കോപത്തോടുകൂടെ നോക്കി “ഞാൻ അവന്നു ന്യായമായ കൂലികൊടുത്തതു കൂടാതെ ഒരു മുക്കാൽ ഇനാമും കൊടുത്തിരിക്കുന്നു. അതു് എന്നാൽ ധർമ്മമായി കൊടുത്തതാണു് ” എന്നു പറഞ്ഞു.

വണ്ടിക്കാരൻ:
ഹൊ, ഹൊ വലിയ ധർമ്മം. എനിക്കു കേൾക്കേണ്ട.
സവാരിചെയ്ത ആൾ:
സായ്പേ! ഇവൻ എന്നെ അപമാനിച്ചിരിക്കുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീയേ കൂടി കളികയാക്കിയിരിക്കുന്നു. ഒരു കാശുപോലും ഇനി ഞാൻ അവന്നു കൊടുക്കുകയില്ല.
വണ്ടിക്കാരൻ:
തരാനായി കയ്യിൽ വല്ലതും വേണ്ടേ! തന്നതു് തന്നെ ആ സ്ത്രീയോടു് വായ്പമേടിച്ചിട്ടാണു്.
സാവരിചെയ്ത ആൾ:
കുരുത്തം കെട്ടവനെ. മിണ്ടാതിരിക്കൂ.
പാതിരി:
സ്ത്രീക്കു ഘനം ജാസ്തിയുണ്ടെന്നു വെച്ചു വണ്ടിക്കാരന്നു കൂലി ജാസ്തി കിട്ടാൻ അവകാശമില്ല. എന്നാൽ സവാരിചെയ്ത ആൾ അവന്നു ന്യായമായകൂലി, എട്ടണ കൊടുക്കേണ്ടതാണു്.
സാവരിചെയ്ത ആൾ:
എന്റെ വശം തല്ക്കാലം പണമില്ല.
പാതിരി:
ഇതാ, ഞാൻ കടം തരാം വണ്ടിക്കാരന്നു കൊടുത്തേക്കൂ പിന്നെ,പിന്നേ:—
ഒരു ചെറുപ്പക്കാരത്തി:
ഞാൻ എന്റെ ജനലിന്റെ പടിയിന്മേൽ ഒരു റോസച്ചെടിയുള്ള ചട്ടിവെക്കുന്നതിന്നു അടുത്ത വീട്ടിലെ ആൾ വിരോധം പറയുന്നു.
പാതിരി:
ക്ഷണം പോയ്ക്കൊ. ഈ മാതിരി നിസ്സാര സംഗതിയുംകൊണ്ടു എന്റെ മുമ്പിൽ മേലാൽ വരരുതു്. പിന്നേ:—
ഒരു നീണ്ടുമെലിഞ്ഞ സ്ത്രീ:
‘സായ്പേ എന്റെ അയൽവക്കക്കാർ ചിരിച്ചും പാട്ടുപാടിയും നിലവിളിച്ചും കൊണ്ടു് രാത്രി മുഴുവനും കഴിക്കുന്നു. എനിക്കു ഒരു നിമിഷനേരം ഉറക്കം കിട്ടുന്നില്ല. പിന്നേ അവിടത്തെ കുട്ടികളൊ, ശുദ്ധ ചൈത്താൻ കുട്ടികൾ!
പാതിരി:
വീട്ടിന്റെ ഉടമസ്ഥനോടു് ചെന്നു ആവലാതി പറയൂ.
സ്ത്രീ:
ഉടമസ്ഥന്നു കൂട്ടികളെ ഇഷ്ടമാണു്.
പാതിരി:
ഒന്നുകൂടി ചെന്നു ആവലാതി പറഞ്ഞു നോക്കു.

പിന്നേ:—

മുടിചുരുളയാക്കാനുള്ള കടലാസിൽ കോപ്പുകളോടു കൂടിയ ഒരു പെണ്ണാണു് പിന്നെ വന്നതു്.

പെണ്ണു്:
സായ്പേ! എന്റെ ഭർത്താവു് എന്നെ അടിച്ചു കൊല്ലാനാക്കിയിരിക്കുന്നു.
പാതിരി:
എന്തു സംഗതിക്കു?
പെണ്ണു്:
സംഗതിയെ? അതെങ്ങിനെ ഞാനറിയും? ഞാൻ ഒരു അയൽവക്കക്കാരനോടു് വിശേഷം പറയുകയായിരുന്നു. അതുകൊണ്ടു് ഊണിന്നു അസാരം വൈകിപ്പോയി. അതുകാരണം ഇത്രയൊക്കെത്തല്ലി എന്നേക്കൊല്ലാറാക്കാനുണ്ടൊ?
പാതിരി:
മേലാൽ അനാവശ്യമായി ആരോടും വിശേഷം പറവാൻ പോകാതെ കാലെകൂട്ടി ഊണു് തെയ്യാറാക്കി വെച്ചോളു? പിന്നേ:—
ഇരക്കുന്ന ഒരുവൻ:
സായ്പേ! ഒരു ധനികന്റെ കാർ എന്റെ ദേഹത്തിൽ വന്നുമുട്ടി. ഞാൻ ചത്തുപോകെണ്ടതായിരുന്നു.
പാതിരി:
ഈ മാതിരി അപകടം മൂന്നാമത്തെ പ്രാവശ്യമാണു് നിണക്കു നേരിടുന്നതു്. എന്നാൽ നിണക്കു് കേടൊന്നും പറ്റാഞ്ഞതു് കൊണ്ടു കർത്താവിനെയും പ്രാർത്ഥിച്ചു പോയ്ക്കോളു പിന്നെ:—
ഒരു യുവാവു്:
ഇതാ സായ്പെ! ഈ സ്ത്രീയെ നോക്കുവിൻ! ഇന്നലെ രാത്രി ഇവളുടെ വീട്ടിന്റെ ജനലിന്റെ ചോടെയുള്ള നിരത്തിൽകൂടെ ഞാൻ കടന്നു പോകയായിരുന്നു. ജനലിന്റെ ഉള്ളിൽകൂടെ ഒരു പാത്രം വെള്ളം ചോടെ നോക്കാതെ ഒഴിച്ചു ഞാൻ വെള്ളത്തിൽ കുളിച്ചു. വിശേഷദിവസങ്ങളിൽ ഞാൻ അണിഞ്ഞിരുന്ന കോട്ടും ചീത്തയായി. അങ്ങിനെ മറ്റൊരു കോട്ട് തുന്നിക്കാൻ എനിക്കു ആസ്ഥിയുമില്ല.
ആ സ്ത്രീ:
ശരിതന്നെ. അതു വെറും വെള്ളമായിരുന്നു.
യുവാവു്:
വെള്ളമോ. പിന്നെ ഈ കോട്ടിൽ എങ്ങിനെ കല വന്നു. നോക്കരുതോ?
സ്ത്രീ:
അതിനു് ഞാനാണോ ഉത്തരവാദി! നീ ചായം ശരിക്കു ഇടീക്കാഞ്ഞിട്ടല്ലെ!

ഇതിനിടയിൽ “എന്റെ ജന്മി എന്നെ ഒഴിപ്പിച്ചു” എന്നു പലരും ഒന്നിച്ചു നിലവിളിച്ചു. ഒരാൾ “അവൾ എന്റെ പൂച്ചയെ വിഷംകൊടുത്തു കൊന്നുവെന്നും; ഒരാൾ “അവൻ എന്റെ ഭാര്യയെ തല്ലി” എന്നും, ഒരാൾ “അവന്റെ കണക്കു് ഞാൻ മൂന്നു പ്രാവശ്യം കൊടുത്തുപോയിട്ടുണ്ടു” എന്നും, ഒരാൾ “ആ മാതിരി ഒരു വേലക്കാരനെ ഞാൻ എങ്ങിനെ പൊറുപ്പിക്കും.” എന്നും മറ്റും കാക്കക്കൂടിന്നു ഏറുകൊണ്ടപോലെ പലരും പലദിക്കിൻനിന്നും നിലവിളിച്ചുതുടങ്ങി. പാതിരിസായ്പ് ബഹളം സഹിക്കവയ്യാതായിട്ടു് ചെവിയിൽ വിരലിട്ടു. പിന്നെ ഒരുവിധേന പത്തു മിനിട്ടിനുള്ളിൽ അവരെയൊക്കെ സമാധാനിപ്പിച്ചുവിട്ടു. അതിൽ പിന്നെ വന്നതു്, മിസ്റ്റർ ദാവീദീന്റെ അവധിയാണു്.

ദാവീദ്, പ്രാർത്ഥിക്കുവാൻ അവലംബിക്കുന്ന ഭാവത്തോടെ തനിക്കു ബോധിപ്പിക്കാനുള്ള കാര്യം വളരെ ഗൗരവമായതായിരിക്കകൊണ്ടു സ്വകാര്യം പറവാനെവയ്ക്കുള്ളു എന്ന നിലയിൽ ശാന്തനായി നിശ്ശബ്ദനായി പാതിരിയുടെ അടുത്തുചെന്നു. ഇതു കണ്ടപ്പോൾ ബാക്കി ചില്ലറകൂട്ടം തീർപ്പാൻ പാതിരി ഒരു വൃദ്ധനായ ഇവാഞ്ചെലീസ്റ്റിനെ ബതൽ നിർത്തി, തന്നെ ആരും വന്നു ഉപദ്രവിക്കരുതെന്നു താക്കീതും ചെയ്തു ദാവീദിനെയും കൂട്ടി ഉള്ളിൽ ഒരു മുറിയിൽപോയി ധനികന്മാർക്കു എവിടെ ചെന്നാലും ബഹുമാനം തന്നെ.

താൻ വന്ന സംഗതിയെപ്പറ്റി പ്രസ്താപിപ്പാൻ ഒരുമ്പെടുന്നതു് ഒരു എളുപ്പമായ ഏർപ്പാടല്ലെന്നു സാധുദാവീദിന്നു തോന്നി. പാതിരി ഒന്നു രണ്ടു പ്രാവശ്യം വന്ന കാര്യത്തെപ്പറ്റി ചോദിച്ചു. ഉത്തരം ഒന്നും ഉണ്ടായില്ല. പിന്നെ അവർ തമ്മിൽ കഴിഞ്ഞ സംഭാഷണം താഴെ എഴുതിയ പ്രകാരമായിരുന്നു.

ദാവീദ്:
വളരെ ഗൗരവമായ് ഒരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം എന്തെന്നറിവാനാണു് ഞാൻ വന്നതു്.
പാതിരി:
ഞാൻ കേൾക്കാൻ തയ്യാറായി നില്ക്കുന്നു.
ദാവീദ്:
ഞാൻ വിവാഹം കഴിഞ്ഞ ഒരാളാണു്.
പാതിരി:
നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
ദാവീദ്:
ഞാൻ ഒരു ഭാര്യയെ കൊണ്ടുവന്നതു് അവിവാഹിതന്റെ നിലയിൽ കാലം കഴിപ്പാൻ എനിക്കു ഇഷ്ടമില്ലായ്മകൊണ്ടാണു്.
പാതിരി:
തന്നെ ആയിരിക്കണം.
ദാവീദ്:
എന്റെ വിവാഹം കഴിഞ്ഞു. എന്നാലും എന്റെ വിവാഹം യഥാർത്ഥത്തിൽ കഴിഞ്ഞിട്ടില്ല.
പാതിരി:
ഞാൻ പറയുന്നതു് എനിക്കു നിങ്ങൾ പറഞ്ഞതു് നല്ലവണ്ണം മനസ്സിലാകുന്നില്ല എന്നാണു്.
ദാവീദ്:
എന്റെ ഭാര്യ അനുകൂലമായി—കേവലം നിഷേധിക്കുന്നു—
പാതിരി:
പറവാനുള്ളാതു് വ്യക്തമായി പറയൂ.
ദാവീദ്:
ഞാൻ അഞ്ചാറാഴ്ചകളോളമായി അതു് ചെയ്വാൻ വേണ്ടി പാടുപെടുന്നതു്.
പാതിരി:
നിങ്ങൾ തമാശയാണൊ പറയുന്നതു്.
ദാവീദ്:
ഞാനുമല്ല എന്റെ ഭാര്യയുമല്ല.
പാതിരി:
നിങ്ങൾക്കു പറവാനുള്ളതു് ക്ഷണത്തിലും വ്യക്തമായും പറവാൻ സാധിക്കയില്ലെങ്കിൽ നിങ്ങൾ മടങ്ങിപ്പോകുന്നതാണു് നല്ലതു്.
ദാവീദ്:
ശരി, എന്നാൽ കാര്യം ഇങ്ങിനെയാണു്. എന്റെ വിവാഹം കഴിഞ്ഞിട്ടു് ആറാഴ്ച കഴിഞ്ഞു. എനിക്കു ഒരു ദിവസമെങ്കിലും എന്റെ ഭാര്യയുടെ ഒപ്പം ഉറങ്ങാൻ സാധിച്ചിട്ടില്ല.
പാതിരി:
ഈ നിസ്സാര കാര്യത്തെപ്പറ്റി എന്നോടു പറവാനോ നിങ്ങൾ ഇവിടെ വന്നതു്?
ദാവീദ്:
എന്നെ സംബന്ധിച്ചിടത്തോളം കാര്യം ഒരിക്കലും നിസ്സാരമല്ല. എന്റെ ഭാര്യ സംഗമത്തിന്നു എന്നെ സമ്മതിക്കുന്നില്ല. അവൾ എന്നോടു് സംഗമം ചെയ്വാൻ ഇഷ്ടപ്പെടുന്നുമില്ല. അതുകൊണ്ടു നിങ്ങളുടെ സഹയാത്തിന്നും ഉപദേശത്തിന്നും വേണ്ടി ഞാൻ വന്നതാണു്.
പാതിരി:
ഈ മാതിരി അന്യായവുംകൊണ്ടു് ഒരാൾ എന്റെ മുമ്പിൽ വന്നതു് നടാടെയാണു്. ഇതിൽ ഞാൻ നിങ്ങളെ ഏതു് വിധത്തിൽ സഹായിക്കേണമെന്നു എനിക്കു മനസ്സിലാകുന്നില്ല.
ദാവീദ്:
എന്തു്? ഈ കാര്യത്തിൽ നിയമമൊന്നുമില്ലെ! ഭാര്യയെ അവളുടെ വിവാഹധർമ്മം നിറവേറ്റാൻ നിർബന്ധിച്ചുകൂടേ?
പാതിരി:
സത്യവേദത്തിൽ ചിലേടത്തു് ഓരോരുവരുടെ ബാദ്ധ്യതയെപ്പറ്റി നിയമിച്ചിട്ടുണ്ടു്… ഭാര്യാഭർത്താക്കന്മാരുടെ മുറകളും ബാദ്ധ്യതകളും ഒരേടത്തു വിവരിച്ചിട്ടുണ്ടു്. “ഭാര്യയും ഭർത്താവും അന്യോന്യവിശ്വാസത്തിന്നും സഹായത്തിന്നും കടപ്പെട്ടിരിക്കുന്നു. ഭാര്യയെ രക്ഷിക്കേണ്ടതു് ഭർത്താവിന്റെ കടമയാണു്. ഭർത്താവിനെ അനുസരിപ്പാനുള്ള ബാദ്ധ്യത ഭാര്യയ്ക്കുമുണ്ടു്” എന്നാണു് ഞാൻ ഓർമ്മിക്കുന്നതു്.
ദാവീദ്:
അനുസരിക്കേണ്ടുന്ന ഭാരം അവൾക്കില്ലേ. “അതാണു് ഞാനും പറയുന്നതു്,” എന്റെ ഭാര്യ ആ സംഗതിയാണു് മറന്നുകളയുനതു്. അഥവാ കല്പിച്ചുകൂട്ടി വിസ്മരിക്കുന്നതു്.
പാതിരി:
വേദത്തിൽ ഇങ്ങിനേയും പ്രത്യേകിച്ചു പറയുന്നുണ്ടു്—“ഭാര്യ ഭർത്താവിന്റെ ഒന്നിച്ചു താമസിക്കാൻ ബാദ്ധ്യതപ്പെട്ടിരിക്കുന്നു. അയാൾ എവിടെ താമസിക്കുവാൻ ഇഷ്ടപ്പെടുന്നുവോ അവിടെയൊക്കെ അദ്ദേഹത്തിന്റെ ഒന്നിച്ചു പോവാനും പാർക്കാനും അവൾക്കു നിർബ്ബന്ധമാണു്.”
ദാവീദ്:
നല്ലതു് ! നല്ലതു്! ഇപ്പോൾ നിങ്ങൾ എന്നെ ഉപദേശിക്കുന്നതു് എന്തു ചെയ്വാനാണു്.
പാതിരി:
അവൾക്കു ആ വാക്കുകൾ വായിച്ചു കൊടുക്കൂ.
ദാവീദ്:
വളരെ ഉപകാരം സായ്പെ! ഞാൻ നിങ്ങൾ പറഞ്ഞപോലെ ചെയ്യാം—എന്നിട്ടു് കൂടെ അവൾ കൂട്ടാക്കാതിരുന്നാലോ?
പാതിരി:
ഇതൊക്കെ നിന്റെ ഭാര്യയുടെ ഒരു മായക്കളി മാത്രമാണു്. കുറെ കഴിഞ്ഞാൽ അവൾ എല്ലാറ്റിന്നും വഴിപ്പെട്ടുകൊള്ളും. അല്ലാ അവൾ ഒരു വിധവയാണെന്നുണ്ടോ?
ദാവീദ്:
അല്ല. സായ്പെ! ആണിനെ തൊടാത്തവളാണു്.
പാതിരി:
എന്നാൽ ധൈര്യപ്പെട്ടിരിക്കുക. പ്രണയവും ക്ഷമയും മൃദുത്വവും കാണിച്ചാൽ അല്പകാലത്തിന്നുള്ളിൽ പെണ്ണുങ്ങൾ വശമാകാതിരിക്കില്ല. നിങ്ങൾ ആ നിയമം അടങ്ങിയ വേദപുസ്തകം ഒന്നു വാങ്ങികൊൾക, എന്നാൽ നിങ്ങളുടെ ഉപദ്രവങ്ങൾ ഒക്കെ തീരും എന്നു ഞാൻ കരുതുന്നു, അങ്ങിനെയാകട്ടെ സലാം.
പതിനെട്ടാം അദ്ധ്യായം

(എഡോൾഫിയുടെ മടക്കം)

അച്ഛൻ മരിച്ചതോടുകൂടി എഡോഫിക്കു ഭൂമിയിൽ ആരും ഒരു സഖി ഇല്ലാതായി ആ വലിയ നഷ്ടത്തെ പ്പറ്റി അയാൾക്കു പിടിപെട്ട സങ്കടം കേവലം അമേയമായിരുന്നു. അച്ഛനെ വേണ്ടും പ്രകാരം ശുശ്രൂഷിപ്പാനും, മരണം വരെ അടുത്തുതന്നെ നില്ക്കാനും ഇടവന്നതു് മാത്രമെ അയാൾക്കു കുറെ ആശ്വാസത്തിന്നു ഹേതുവായുള്ളു. രണ്ടു മാസത്തോളം എഡോൾഫി തന്റെ അച്ഛനെ വേണ്ടുംവണ്ണം നോക്കി. ഇപ്പഴാകട്ടെ അയാൾ ഭൂമിയിൽ ഏകനായി ഏകാന്തവ്യസനത്തോടുകൂടിയവനുമായി.

ജന്നിയിൽ നിന്നു യാതൊരു വിവരവും അയാൾക്കു കിട്ടിയിരുന്നില്ല. അതിൽ അയാൾക്കു കുറെ അത്ഭുതം തോന്നാതിരുന്നുമില്ല. അതുകൊണ്ടു തന്റെ യൂജീനിന്റെ സ്ഥിതിയൊക്കെ പണ്ടെത്തെപ്പോലെ തന്നെ യാതൊരു വ്യത്യാസവും ഇല്ലാതെ നിലനിന്നു പോരുന്നുണ്ടാകും എന്നു അയാൾ ഊഹിച്ചു. ഏതായാലും അച്ഛന്റെ ശവസംസ്കാരം ചെയ്തതിൽ പിന്നെ, അദ്ദേഹത്തിന്നു ലൗകികമായും മാനസികമായും ഉള്ള ചില കാര്യങ്ങളെപ്പറ്റി ചിന്തിക്കേണ്ടി വന്നു. അച്ഛന്റെ കടധനങ്ങളുടെ കണക്കെടുത്തു, പിരിക്കേണ്ടതു പിരിച്ചും കൊടുക്കേണ്ടതും കൊടുത്തും തീർത്ത അയാൾ കോഴിക്കോട്ടിൽ പുതിയറയിൽ ഉള്ള തന്റെ ലൈനിൽ മടങ്ങി എത്തി.

ഉപദേശിയാരുടെ വീട്ടിൽ ഒരു ലക്ഷ്മിത്വം കുറഞ്ഞ പോലെ അയാൾക്കു തോന്നി. യൂജീൻ അവിടെ ഉണ്ടായിരിക്കുമെന്നതിന്നു യാതൊരു അടയാളവും അയാൾ കണ്ടില്ല. ആ വീട്ടിന്റെ മുൻവശത്തെ നിരത്തിന്മേൽ അയാൾ രാവും പകലും കാത്തുനിന്നു. യുജീനേയൊ ജന്നിയെയൊ ഒരു നോക്കു കാണും എന്ന അയാളുടെ ആശ നിഷ്ഫലമായതേ ഉള്ളു.

ഒരിക്കൽ പെട്ടെന്നു നോക്കുമ്പോൾ അയാൾ മോശയെ കണ്ടു. അയാൾ വീട്ടിന്റെ ഉൾഭാഗത്തിൽ നിന്നു് വെള്ളം കോരുകയായിരുന്നു. മോശയും തൽസമയത്തു് തന്നെ മുഖം പൊക്കിയപ്പോൾ എഡോൾഫിയെ കണ്ടു.

മോശ:
സലാം സാറെ, നിങ്ങൾ പുതിയറ വിട്ടുപോയിട്ടു് വളരെ നാളായല്ലൊ.
എഡോൾഫി:
മോശെ! എനിക്കു എന്റെ അച്ഛനേയും വിട്ടു പോരുവാൻ സാധിച്ചില്ല. അവരു് കുറെനാൾ മുമ്പെ മരിച്ചുപോയി.
മോശ:
സാറെ ഞാൻ വളരെ വ്യസനിക്കുന്നു.
എഡോൾഫി:
നിങ്ങൾക്കു സുഖം തന്നെയോ? വിശേഷവർത്തമാനങ്ങൾ വല്ലതും ഉണ്ടൊ? ഉപദേശിയാർക്കും മറ്റും സുഖം തന്നെയല്ലെ?
മോശ:
എനിക്കു സുഖക്കേടൊന്നുമില്ല. വർത്തമാനം വളരെയൊന്നുമില്ല. ഉപദേശിയാരും ഭാര്യയും പണ്ടേ പോലെതന്നെയിരിക്കുന്നു. യുജീനിന്റെ കാര്യമാണെങ്കിൽ—അവൾക്കും സുഖംതന്നെ ആയിരിക്കും.
എഡോൾഫി:
എന്താണു് ഒരു സംശയംപോലെ പറയുന്നതു്?
മോശ:
അവളുടെ വിവാഹം കഴിഞ്ഞുപോയതുകൊണ്ടു തന്നെ—എന്താണു് എഡോൾഫി—നിങ്ങൾക്കു പെട്ടെന്നു വല്ല ദണ്ഡവും പിടിച്ചുപോയൊ. നിങ്ങളുടെ മുഖം കടലാസ്സുപോലെ വെളുത്തുപോയല്ലൊ.
എഡോൾഫി:
യൂജീനിന്റെ വിവാഹം കഴിഞ്ഞു എന്നൊ? ഒരിക്കലും ഉണ്ടാവാൻ പാടില്ല.
മോശ:
ഉണ്ടായ കാര്യം എങ്ങിനെ ഇല്ലാതാകും അവളുടെ വിവാഹം കഴിഞ്ഞിട്ടു ആറാഴ്ചയായി. ഈ പള്ളിയിൽ വെച്ചായിരുന്നു. നിങ്ങൾ ചെറുപ്പക്കാരൊന്നും നിങ്ങളുടെ ശരീരത്തിന്നു വേണ്ടുന്ന രക്ഷചെയ്യുന്നില്ല. എന്തുകൊണ്ടെന്നാൽ നിങ്ങൾ മലമ്പനി പിടിച്ചപോലെ വിറക്കുന്നു. പനിയുണ്ടെങ്കിൽ ഈ തണുപ്പിൽ നടക്കരുതു്.
എഡോൾഫി:
അവളുടെ ഭർത്താവാരാണു്?
മോശ:
ആ കറുത്തു തടിച്ച വങ്കൻ, ദാവീദ്. അയാളുടെ മുഖം കണ്ടാൽ തുപ്പാൻ തോന്നും. നിങ്ങൾ അയാളെ അറിവാനിട ഉണ്ടു്. നല്ല നേരംപോക്കായ വിവാഹമായിരുന്നു. അന്നു് അയാളുടെ വേഷവും കോലവും കണ്ടിട്ടു് ചിരിക്കാത്തവർ ആരുമില്ലായിരുന്നു.
എഡോൾഫി:
ജന്നിയുടെ വിവരമെന്തു്? അവൾ എവിടെ?
മോശ:
അവൾ ഇപ്പോൾ ദാവീദിന്റെ വീട്ടിലാണു്.
എഡോൾഫി:
ദാവീദിന്റെ ഭാര്യയുടെ കൂടെ എന്നുപറയൂ. ശരി.

അന്നു രാത്രി എഡോൾഫി എവിടെ ഒക്കെ നടന്നെന്നു അയാൾക്കുതന്നെ പറവാൻ സാധിക്കയില്ല. അയാൾ നടന്നു—പിന്നെയും നടന്നു—പിന്നെയും നടന്നു. ഒടുക്കമില്ലാത്ത നടത്തം. “അവളുടെ വിവാഹം കഴിഞ്ഞു. അതെ കഴിഞ്ഞു. അവളുടെ വാഗ്ദത്തങ്ങൾക്കും ശപഥങ്ങൾക്കും ഒന്നും വിലയില്ലാതായി. അവൾ അവളുടെ സത്യവും ലംഘിച്ചു ദാവീദിനെ വിവാഹം കഴിച്ചു്” എന്നൊക്കെ തന്നോടുതന്നെ പലപ്രാവശ്യം ഉരുവിട്ടു. അവൾക്കു അങ്ങിനെ ചെയ്യേണ്ടിവന്നതിൽ പ്രാണസങ്കടമുണ്ടായിരുന്നു എന്ന ഒരു വിചാരം അയാളുടെ മണ്ടയിൽ കടന്നതേ ഇല്ല. അവനിൽ സ്ഥിരപ്രജ്ഞയായിട്ടു മറ്റു യാതൊരാളുടെയും പ്രണയത്തിന്നു അടിമപ്പെട്ടു കൊടുക്കാതെ എഡോൾഫിക്കു വേണ്ടി മാത്രം അവൾ എല്ലാ ദിവസവും പോരാടിക്കഴിക്കുന്നുണ്ടെന്ന ഒരു ഊഹവും ശങ്കയും കൂടി അയാൾക്കു് ഉണ്ടായില്ല. പ്രണയപുരുഷന്മാർ സ്വാർത്ഥതല്പരന്മാരാണു്.

അയാൾ പാലത്തിന്റെ അടുക്കെ പുഴവക്കത്തെത്തി. പുഴയിൽ ധാരാളം വെള്ളം ഉണ്ടായിരുന്നു. ക്ഷീണംകൊണ്ടു നിവൃത്തിയില്ലാതെ അയാൾ പുഴക്കരയിൽ ഒരേടത്തിരുന്നു. എന്നാൽ കുറെ ദൂരെ രണ്ടു് കമനീകമനന്മാർ അന്യോന്യം ചുംബിച്ചുംകൊണ്ടു് സമയം പോകുന്നതു് അയാൾ കണ്ടു. എഡോൾഫി പെട്ടെന്നു അവിടുന്നു എഴുന്നേറ്റു കുറെ അകലെ പോയി. അവരുടെ ആനന്ദം കണ്ടിട്ടു അയാൾക്കു പൊറുത്തുകൂടാതായി. അയാളുടെ വിചാരം വ്യസനമയവും അന്ധകാരമയവുമായിത്തീർന്നു. അദ്ദേഹത്തിന്റെ ആത്മാവു് ഭൂമിയും വിട്ടു വളരെ അകന്നു നില്ക്കും പോലെ തോന്നി. തണുത്തു നിശ്ചലമായ ആ വെള്ളത്തിനടിയിൽ തന്റെ ഒന്നിനും കൊള്ളാത്ത ശരീരം ആഴ്ത്തുന്നതല്ലേ നല്ലതു് എന്നു പെട്ടെന്നു അയാൾക്കു തോന്നി. എല്ലാറ്റിന്നും ഒരുങ്ങിയപോലെ “എനിക്കു ഈ ഭൂമിയിൽ ഇനി എന്തു ചെയ്വാനാണുള്ളതു്. അവളാണെങ്കിൽ അന്യന്റെതായിക്കഴിഞ്ഞു. എനിക്കു അവളെ ഇനി ഒരിക്കലും കിട്ടാനുമിടയില്ല. എന്റെ അച്ഛനും മരിച്ചു. എന്നെപ്പറ്റി ചിന്തിപ്പാൻ ഭൂമിയിൽ ഒരാളും ഇല്ലാതായി” എന്നു കുറെ ഉച്ചത്തിൽ പറഞ്ഞു.

അപ്പോൾ തന്റെ സമീപത്തിൽനിന്നു ഒരു മൃദുവായ വാക്കു് ഇങ്ങിനെ കേട്ടു. “എന്നാലുംകൂടി നിങ്ങൾ ധൈര്യപ്പെടേണം നിങ്ങൾക്കു പ്രായമധികമായിട്ടില്ല. ആശയും ചിന്താശ്വാസവും ഇത്രക്ഷണം വെടിഞ്ഞു കളയുന്നതു ഭീരുക്കളുടെ ലക്ഷണമാണു് പോലും അങ്ങിനെയല്ലെ ചാർലി. നിങ്ങൾ ചെയ്യാൻ പോകുന്നതെന്താണെന്നു ഞങ്ങൾ കണ്ടു മനസ്സിലാക്കി. ഞങ്ങൾ ഒരിക്കലും അതിന്നു നിങ്ങളെ സമ്മതിക്കുകയില്ല. സാറേ! നിങ്ങൾ വെള്ളത്തിൽ ചാടി മരിക്കാൻ പുറപ്പെടുകയായിരുന്നു”.

എഡോൾഫി:
(വ്യസനത്തോടെ)അതും പരമാർത്ഥമാണു.

അപ്പോൾ മറ്റൊരാൾ വന്നു എഡോൾഫിയുടെ കൈ പിടിച്ചു മൃദുവായി ഒന്നു അമർത്തി ഇങ്ങിനെ ദയാപൂർവ്വം പറഞ്ഞു. “സാറേ! എന്റെ ഭാര്യ പറഞ്ഞതു് ശരിയാണു്. നിങ്ങൾ ഒരിക്കലും ഭീരുവെപ്പോലെ ആശാശംസകൾ വെടിഞ്ഞുകളയരുതു് നിങ്ങൾക്കു ബുദ്ധിമുട്ടുകൾ ജാസ്തി നേരിട്ടിട്ടുണ്ടായിരിക്കും. എന്നാലും എപ്പോഴെങ്കിലും അതിൽ നിന്നു ഒഴിവാൻ ഒരു മാർഗ്ഗം എത്തിപ്പെടാതിരിക്കില്ല. ഒരു സമയം നിങ്ങളുടെ ഈ സങ്കടങ്ങൾക്കു കാരണം പണമില്ലായ്മ ആണെങ്കിൽ നിങ്ങളെ സഹായിപ്പാൻ ഞങ്ങൾ ആകുംപോലെ ശ്രമിക്കാം. നിങ്ങൾ അങ്ങിനെ ചെയ്വാൻ ഞങ്ങളെ സമ്മതിക്കണം. ഞങ്ങളും അരിഷ്ടുകൾ അനുഭവിച്ചവരാണു്.

എഡോൾഫി:
പണമില്ലായല്ല പ്രധാന കാരണം ആരുമോരും സഹായമില്ലായ്മയാണു്.
ചാർലിയുടെ ഭാര്യ:
അങ്ങിനെയാണെങ്കിൽ ഞങ്ങൾ നിങ്ങളെ സംരക്ഷിച്ചുകൊള്ളാം. ഞങ്ങളെ നിങ്ങൾക്കു സഖികളായി എണ്ണാം. അല്ലെ ചാർലി! എന്നാൽ നിങ്ങൾക്കു ആരുമില്ലെന്ന കുറവു് തീർന്നുപോകും.

തന്നോടു സംസാരിക്കുന്ന ആളുകളെ എഡോൾഫി ഒന്നു നല്ലവണ്ണം നോക്കി താൻ കുറെ മുമ്പെ വിട്ടൊഴിഞ്ഞുപോന്ന കമനികമനന്മാരായിരുന്നു അവർ. കാമുകൻ ഒരു കൂലിപണിക്കാരനെപ്പോലെ തോന്നി. അവന്റെ ഭാര്യയൊ പതിനെട്ടു വയസ്സു് മതിക്കുന്ന ഒരു യുവതിയും ആയിരുന്നു. അവരുടെ അപരിമിതമായ മനസ്സലിവും ദയയും കണ്ടപ്പോൾ എഡോൾഫിയുടെ ദുരാലോചനകളൊക്കെ നശിച്ചു. പശ്ചാത്താപം നിമിത്തം അയാളുടെ കണ്ണിൽനിന്നു വെള്ളം ചൊരിഞ്ഞു.

ചാർലി:
ഞങ്ങളുടെ കൂടെ വരൂ. ഇന്നു രാത്രി നിങ്ങളെ ഞങ്ങൾക്കു തനിച്ചു വിടാൻ പാടില്ല. വരൂ! നിങ്ങളെ ഞങ്ങൾ പുലർത്തിക്കൊള്ളാം. ഞങ്ങൾക്കു അങ്ങിനെ ചെയ്യുന്നതു് വളരെ സന്തോഷമാണു്.

എഡോൾഫിയെ അവർ മദ്ധ്യത്തിലാക്കി അവരുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി. നടന്നുകൊണ്ടിരിക്കുമ്പോൾ എഡോൾഫിയുടെ പുതിയ ചങ്ങാതിമാർ അവരുടെ അവസ്ഥയെപ്പറ്റി ഏതാണ്ടു് ചിലതൊക്കെ സംസാരിച്ചു അവർ വളരെ സാധുക്കളാണു് എന്നാലും അവരുടെ ആനന്ദത്തിന്നു ഒട്ടും കുറവില്ലായിരുന്നു. ചാർലി ഒരു കൊത്തു പണിക്കാരനായിരുന്നു. അയാളുടെ ഭാര്യ ഇടയുള്ളപ്പോളൊക്കെ തുന്നൽപ്പണിയും ചെയ്യും. “ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു് അഞ്ചുമാസമേ ആയിട്ടുള്ളു. ഞങ്ങളുടെ അന്യൊന്യപ്രണയത്തിന്നു ഇതുവരെ ഒരു മാന്ദ്യമൊ കുറവൊ ഉണ്ടായിട്ടില്ല. ഞങ്ങൾക്കു പാടുള്ളേടത്തൊളം ഒന്നിച്ചിരുന്നു കഴിക്കാനാണു് ആഗ്രഹം. അതുകൊണ്ടു ജീവിതകാലത്തുണ്ടാവുന്നതും നേരിടുന്നതും ആയ കഷ്ടാരിഷ്ടതകൾ കൊണ്ടൊന്നും ഞങ്ങൾ കുഴങ്ങുകയൊ കുലുങ്ങുകയൊ ചെയ്തു പോകാറില്ല”—എന്നു ചാർലി തുടർന്നു പറഞ്ഞു.

എഡോൾഫി:
നിങ്ങൾ ആശ്ചര്യപ്പെടെണ്ടുന്ന കൂട്ടർ തന്നെയാണു്.

അവർ ചാർലിയും ഭാര്യയും താമസിക്കുന്ന ദിക്കിൽ എത്തി. അവർ താമസിക്കുന്നതു് ഒരു വീട്ടിന്റെ രണ്ടാം തട്ടിൽ (മീതെ) ആയിരുന്നു. മുറികളൊക്കെ വളരെ ചെറുതായിരുന്നു. വീട്ടുസാമാനങ്ങളും വളരെ കൂറവായിരുന്നു. ചാർലി അടുപ്പിന്നു തീപിടിപ്പിപ്പാൻ ഒരുമ്പെട്ടു ഭാര്യ ഒരു ചില്ലറ തീൻ പണ്ടങ്ങളും ഒരുക്കി. എഡോൾഫി ചുരുക്കത്തിൽ തന്റെ ജീവ ചരിത്രത്തെയും ആശാഭംഗത്തേയും ഇച്ഛാഭംഗത്തെയും പറ്റി പറഞ്ഞു. നവീനദമ്പതിമാർ എഡോൾഫിയുടെ ചരിത്രം വളരെ ശ്രദ്ധയോടെ കേട്ടു. ചരിത്രം അവസാനിച്ചപ്പോൾ ചാർലി യൂജീനിനെപ്പറ്റിപ്പറഞ്ഞതു് ഇങ്ങിനെയായിരുന്നു:—

“അവളെ മറന്നുകളയൂ. അമ്മാതിരിയുള്ള യുവതി മനസ്സിന്നു ദാർഢ്യമില്ലാത്തവളാണു്. അവളെ ഓർമ്മിക്കത്തക്ക യോഗ്യത അവൾക്കു തീരേ ഇല്ല.”

ലൂയിസ്:
(ചാർലിയുടെ ഭാര്യ) ഇനി അവളെ മറക്കാൻ സാധിക്കുകയില്ലെങ്കിൽ അവളെയും വിചാരിച്ചു മരിക്കാതിരുന്നാൽ മതി. അവൾ അത്രക്കുമാത്രം ഇല്ല. ഇനി നിങ്ങൾക്കു ഉറങ്ങാൻ ഞങ്ങൾ വിരിച്ചുവെക്കാം.
എഡോൾഫി:
എനിക്കു വേണ്ടി നിങ്ങൾക്കു ബുദ്ധിമുട്ടു് ഉണ്ടാകരുതു്.
ലൂയിസ്:
ഞങ്ങൾക്കു അതൊക്കെ സന്തോഷമാണു്. എല്ലാം ക്ഷണത്തിലാക്കാം.

ലൂയിസ് എഡോൾഫിക്കു കിടപ്പാനുള്ള ഏർപ്പാടുകളൊക്കെ ചെയ്തു കൊടുത്തു. അവരുടെ പൂമുഖത്തായിരുന്നു എഡോൾഫിക്കു വിരിച്ചുകൊടുത്തതു്. അവൻ കിടന്നുറങ്ങാൻ പോകുമ്പോൾ തന്നോടു ഇത്രയൊക്കെ ദയവു് കാണിച്ച ദമ്പതിമാരെ വിചാരിച്ചു. അയാളുടെ കണ്ണിൽ കൃതജ്ഞതാസൂചകമായി വെള്ളം നിറഞ്ഞു. അവർ ഇരുവരുടേയും സന്തോഷവും ഉള്ളതുകൊണ്ടുള്ള തൃപ്തിയും മറ്റും വിചാരിച്ചിട്ടു് എഡോൾഫിക്കു ആശ്ചര്യംകൊണ്ടു് കുറേ നേരത്തോളം ഉറക്കം വന്നില്ല.

പിറ്റേന്നു എഡോൾഫിക്കു അവരോടു് യാത്ര പറയേണ്ടുന്ന ഘട്ടമായി.

എഡോൾഫി:
ഞാൻ ഇപ്പോൾ പോകുകയാണെങ്കിലും നിങ്ങളെ കൂടക്കൂടെ ഞാൻ വന്നു കാണാതിരിക്കില്ല. എനിക്കു ലോകത്തിൽ വല്ല ചങ്ങാതിയും ഉണ്ടെങ്കിൽ അവർ നിങ്ങൾ ഇരുവർ മാത്രമാണു്. നിങ്ങളുടെ സുഖാവസ്ഥ കാണുമ്പോൾ എനിക്കും ജീവിച്ചിരിപ്പാനുള്ള ആഗ്രഹവും ദൈവവിശ്വാസവും വളരെ വർദ്ധിക്കുന്നു.
ചാർലി:
നിങ്ങൾ ഞങ്ങളുടെ ബന്ധുവായിരിക്കുമ്പോൾ നിങ്ങൾക്കെന്നാണു് ഞങ്ങളെ വന്നു കണ്ടുകൂടാത്തതു്—ആട്ടെ. തല്ക്കാലം നിങ്ങളുടെ ഉദ്ദേശമെന്താണു്? കയ്യിൽ പണമുണ്ടൊ? എന്തു കാര്യത്തിന്നും തുടക്കത്തിൽ അതു കൂടാതെ സാധിക്കയില്ലല്ലൊ.
എഡോൾഫി:
അച്ഛന്റെ വക അല്പം എന്റെ വശം ഇരിപ്പുണ്ടു്. എന്തെങ്കിലും ഒരു ജോലി കിട്ടുന്നവരെ എനിക്കു അതുകൊണ്ടു് കഴിയാം. ഒരു ചെറിയ മുറിവാടകക്കെടുക്കാം.
ചാർലി:
കഴിയുമെങ്കിൽ അതു ഞങ്ങളുടെ വീട്ടിന്റെ അടുക്കെത്തന്നേയാകട്ടേ.
ലൂയിസ്:
(ചിരിച്ചിട്ടു്) അസംബന്ധം പറയേണ്ട യൂജീനിന്റെ വീട്ടിന്നടുത്തായിരിക്കും അയാൾ വാങ്ങാനിടയുള്ള വീടു്.

എഡോൾഫിയുടെ ഒന്നാമത്തെ ഉദ്ദേശം ലൈനിൽ തന്നെ ചെന്നു, അതൊഴിഞ്ഞിട്ടുണ്ടെങ്കിൽ പണ്ടേ പോലെ അതിൽ തന്നെ താമസിക്കാമെന്നായിരുന്നു. ഇനി അവിടെ പോകേണമെങ്കിലൊ അതിന്റെ തൊട്ടമുറിയിൽ സീലി ഉണ്ടായിരിക്കുകയും അരുതു്. വന്നു നോക്കിയപ്പോൾ സീലി കുറെ ദിവസംമുമ്പെ ഒഴിഞ്ഞു പോയിരിക്കുന്നു. വീട്ടിന്റെ ഉടമകൾക്കു അവന്നു് പണ്ടേത്തെ മുറികൾ കൊടുക്കുന്നതിന്നും വിരോധമുണ്ടായിരുന്നില്ല.

എഡോൾഫി:
(വിചാരം) ഇനി എനിക്കു യൂജീനിനെ മറന്നു കളവാൻ ശ്രമിക്കണം. എന്നാലും കൂടി അവളെ ഒന്നുകൂടി കാണ്മാൻ എനിക്കു അത്യന്തം ആഗ്രഹമുണ്ടു്. ഒന്നുമില്ലെങ്കിൽ എനിക്കിപ്പോൾ അവളെ ഗണ്യമില്ലെന്നു കാണിക്കണം. എനിക്കു അവളോടുള്ള പുച്ഛവും അഗണ്യസ്ഥിതിയ്യും ഒന്നു് അവളെ ബോദ്ധ്യപ്പെടുത്തണം. ഞാൻ മിസ്റ്റർ ദാവീദിനെ ഒന്നു ചെന്നു കാണട്ടെ. ഉടനെതന്നെ പോയ്ക്കളയാം. ഞങ്ങൾക്കു അന്യോന്യം വിരോധമില്ലല്ലൊ.

അങ്ങട്ടു് ചെന്നപ്പോൾ മിസ്റ്റർ ദാവീദ് അയാളുടെ ആപ്പീസ് മുറിയിൽ ഉണ്ടായിരുന്നു. അദ്ദേഹം പാതിരിസായ്പ് കൊടുത്ത നിയമ പുസ്തകത്തിലെ ചില വകുപ്പുകൾ മറിച്ചും തിരിച്ചും നോക്കുകയായിരുന്നു. പലചരക്കു് കച്ചവടക്കാരന്നു നിയമപുസ്തകം കിട്ടുന്നതു് കുറുക്കന്നു് ആമയെ കിട്ടുമ്പോലെയല്ലേ! എന്നാലും കൂടി വേലക്കാരൻ വന്നു എഡോൾഫിയുടെ പേർ പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷത്തോടെ അവിടുന്നെഴുന്നേറ്റു.

ദാവീദ്:
എനിക്കു നിങ്ങളെ നല്ലവണ്ണം ഓർമ്മയുണ്ടു്. സാറേ! നിങ്ങളും അന്നത്തെ വിനോദയാത്രയിൽ ഉണ്ടായിരുന്നില്ലേ! പുതുപ്പാടിയിൽ?
എഡോൾഫി:
സാറേ! നിങ്ങളെ ഞാനും മറന്നിട്ടില്ല. നിങ്ങളെപ്പറ്റിഎപ്പോഴും വിചാരിക്കാറുണ്ടു്.
ദാവീദ്:
അതു് നിങ്ങളുടെ വിനയം കുറിക്കുന്നു.
എഡോൾഫി:
നിങ്ങളുടെ വിവാഹം കഴിഞ്ഞു എന്നു കേട്ടു. ഞാൻ ഇതിലെ പോകുമ്പോൾ, നിങ്ങളെ വന്നു കണ്ടു “നിങ്ങളുടെ സന്തോഷത്തിൽ ഞാനും സന്തോഷിക്കുന്നു” എന്നു പറവാൻ ഒന്നു കേറിയതാണു്.
ദാവീദ്:
അതു വളരെ നന്നായി. നിങ്ങൾക്കു എന്റെ ഭാര്യയെ പരിചയമുണ്ടെന്നു വിചാരിക്കുന്നു. ഉപദേശിയാരുടെ മകൾ യൂജീനിനെ ഓർമ്മയില്ലേ! അന്നു വിനോദയാത്രയിൽ നിങ്ങൾ ഒന്നിച്ചു ചാടിക്കളിക്കുന്നതു കണ്ടതുപോലെ തോന്നുന്നു. നിങ്ങളെ രണ്ടാളെയുമല്ലെ അന്നു കാട്ടിൽപെട്ടിട്ടു് കാണാതായ്പോയതു്.
എഡോൾഫി:
അതേ. എനിക്കോർമ്മയുണ്ടു്.
ദാവീദ്:
എന്റെ ഭാര്യ അതിസുന്ദരിയാണു്. നിങ്ങൾ കണ്ടിരിക്കുമല്ലൊ. വളരെ ശീലഗുണമുള്ള ആളാണു്. ഞാൻ എന്നു പറഞ്ഞാൽ അവൾക്കു ജീവനാണു് മറ്റൊരു കനിയില്ല.
എഡോൾഫി:
ഓ. അങ്ങിനേയൊ?
ദാവീദ്:
നിങ്ങൾക്കു അവളെ ഒന്നു കാണണ്ടേ! തീർച്ചയായിട്ടും. മന്ദാരം വിവാഹത്തിന്നു നിങ്ങളെ ക്ഷണിക്കാഞ്ഞതെന്തായിരിക്കുമെന്നു് ഞാൻ അന്നുതന്നെ അതിശയിച്ചിരുന്നു വരു! നമുക്കു മുകളിൽ പോകാം.

എഡോൾഫി ഒന്നു പതുങ്ങി. യൂജീനിനെ കാണാൻ വളരെ ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്തൊ ഒരുവക ഭയവും അയാൾക്കുണ്ടായി. അങ്ങിനെ നില്ക്കുമ്പോൾ മിസ്റ്റർ ദാവീദ് അയാളെ കയ്യും പിടിച്ചു വലിച്ചു മുകളിൽ കേറിച്ചെന്നു.

യൂജീൻ അവളുടെ മുറിയിൽ തനിച്ചായിരുന്നു. ജന്നിതെല്ലു് മുമ്പെ ചോടെ പോയിട്ടെ ഉണ്ടായിരുന്നുള്ളു, യൂജീൻ പതിവുപോലെ തുന്നുകയായിരുന്നു. അവളുടെ ഭർത്താവു് മുകളിൽ വരുന്നുണ്ടെന്നു തോന്നിയപ്പോൾ തന്റെ കച്ചവടം വക പരിചയക്കാരെ കൂട്ടിക്കൊണ്ടുവരുന്നതായിരിക്കും എന്നു അവൾക്കു തോന്നി. കാൽപെരുമാറ്റം അടുത്തെത്തി. അവളുടെ മുറിയുടെ വാതിലും തുറന്നു അവളുടെ ഭർത്താവു് ഒന്നാമതു് മുറിയിൽ കടന്നു.

ദാവീദ്:
എനിക്കു ഇന്നു വളരെ സന്തോഷമായി നിണക്കു പണ്ടേ പരിചയമുള്ള ഒരാളെ ഞാൻ ഇതാ ഇന്നു:—

യൂജീൻ തിരിഞ്ഞു നോക്കുകയും എഡോൾഫിയെ കാണുകയും ഒന്നായ് കഴിഞ്ഞു. ഹൃദയം പെട്ടിപോകും പ്രകാരം അവൾ ഉച്ചത്തിൽ ഒന്നു നിലവിളിച്ചു, മരം മറിഞ്ഞു വീഴുപോലെ കസേലമേൽ നിന്നു് ബോധമില്ലാതെ ഉരുണ്ട മറിഞ്ഞു നിലത്തു വീണു.

അവളുടെ പണ്ടേത്തെ സുഖക്കേടായിരിക്കണം എന്നു് തെറ്റിദ്ധരിച്ചുപോയ ദാവീദ് കോപംകൊണ്ടു് നിലത്തു് അഞ്ചാറു തവണ ചവിട്ടി.

ദാവീദ്:
എന്തു് പിന്നേയും ഒരു ബാധയുടെ പുറപ്പാടോ! എന്റെ ഭാര്യക്കു ഈ നാട്യം ഒരു നേരം പോക്കായിത്തീർന്നിരിക്കുന്നു. ഞാൻ മണപ്പിക്കേണ്ടുന്ന മരുന്നു കൊണ്ടു വരാം. സാറേ! ഇവളുടെ അടുക്കത്തന്നെ നില്ക്കണേ.

ദാവീദ് മുറിയിൽനിന്നു പോയപ്പോൾ സഹിച്ചുകൂടാത്ത പ്രണയത്തോടെ എഡോൾഫി അവളുടെ അടുക്കെ മുട്ടു കുത്തി “അയ്യോ! ഞാൻ എന്തൊരു വങ്കനാണു്. ഇങ്ങിനെയായാൽ അവൾ മരിച്ചുപോകയില്ലായിരുന്നൊ? യൂജീൻ! എന്റെ ജീവേ! എന്നൊടൊന്നു മിണ്ടൂ. നിന്റെ സ്വന്തം എഡോൾഫിയാണു് ഞാൻ. ഒന്നു് മിണ്ടൂ. നീ എന്നെ സ്നേഹിക്കുന്നു എന്നു ഒരു പ്രാവശ്യമെങ്കിലും പറയൂ” എന്നു ഞരങ്ങുംപോലെ പറഞ്ഞു.

ബദ്ധപ്പെട്ടു മടങ്ങിവന്നിരുന്ന ദാവീദിന്നു എഡോൾഫി ഒടുവിൽ പറഞ്ഞതൊക്കെ വ്യക്തമായി കേൾക്കാമായിരുന്നു. എഡോൾഫി അദ്ദേഹത്തെ കാണാഞ്ഞിട്ടൊ എന്തൊ പിന്നെയും ഇങ്ങിനെ പറഞ്ഞു തുടങ്ങി:—“നിണക്കു ഇപ്പോഴും എന്നോടു പ്രണയമുണ്ടെന്നു പറയൂ യൂജീൻ”.

ദാവീദ്:
(കോപത്തോടെ) നിങ്ങക്കു ഭ്രാന്തു് പിടിച്ചുപോയൊ സാറേ! എന്റെ ഭാര്യയോടു നിങ്ങൾ എന്തു വിചാരിച്ചിട്ടു് ഇപ്രകാരം പറവാൻ ധൈര്യപ്പെട്ടു.
എഡോൾഫി:
ഈ സ്ഥിതിയിൽ അവളെ കണ്ടിട്ടുകൂട്ടി നിങ്ങൾ എന്തിനാണു് അവളേപ്പറ്റി പുച്ഛിച്ചു സംസാരിച്ചതു്. (കണ്ണിൽനിന്നു തീപ്പറപ്പിച്ചുകൊണ്ടു) ഭാര്യക്കു ഇതൊക്കെ ഒരു നേരംപോക്കായിരിക്കുന്നു. എന്നല്ലെ! നിങ്ങൾ പറഞ്ഞതു് ദയയില്ലാത്ത കഴുതേ!

ഇങ്ങിനെ പറഞ്ഞു ദേഷ്യം സഹിക്കാവയ്യാതായി, എഡോൾഫി ദാവീദിന്റെ നേരെ നരിയെപ്പോലെ ചാടി അയാളുടെ വേളപിടിച്ചു അയാളെ ചുമരോടമർത്തു. “ഓടി വരീൻ. ഓടിവരീൻ എന്നെ ഇതാ കൊല്ലുന്നേ” എന്നു് ദാവീദ് ഉച്ചത്തിൽ നിലവിളിച്ചു അപ്പോൾ ജന്നി അവിടെ എത്തി എഡോൾഫിയുടെ കൈ പിടിച്ചു വലിച്ചു.

ജന്നി:
എന്താണിതു എഡോൾഫി ചെറിയമ്മയുടേയും ഞങ്ങളുടേയും തലയിൽ നിങ്ങൾ ആപത്തു് വലിച്ചിടുന്നോ? ചെറിയമ്മയെ വിചാരിട്ടെങ്കിലും ഇവിടുന്നു ക്ഷണം പോകരുതൊ? ഇങ്ങിനെ ഇവിടെ വന്നിട്ടു് നിങ്ങൾക്കു എന്തു് നന്മയാണു് കിട്ടാൻ പോകുന്നതു്?

താൻ ചെയ്ത അബദ്ധങ്ങളൊക്കെ വിചാരിച്ചിട്ടു് എഡോൾഫിക്കു നാടു് തിരിയാതായി. ജന്നി അയാളുടെ കൈപിടിച്ചു മെല്ലെചോടെ ഇറക്കി. എഡോൾഫി ഒരു മദ്യപാനിയെപ്പോലെ നിരത്തിന്മേൽ ഇറങ്ങി. ഭ്രാന്തൻ നോട്ടവും അവലംബിച്ചു വഴിപോക്കരെ ഭയപ്പെടുത്തിയും കൊണ്ടു അയാൾ എങ്ങെന്നല്ലാതെ നടന്നു.

ദാവീദാകട്ടെ കിതച്ചുംകൊണ്ടു് ഒരു കസേലമേൽ ചാഞ്ഞിരുന്നു. എന്നിട്ടു ജന്നിയോടു “നീ കേട്ടില്ലെ! ജന്നി ആ ചെറുപ്പക്കാരൻ പറഞ്ഞതൊക്കെ. അവൻ എന്റെ ഭാര്യയെ പ്രിയേ എന്നു വിളിച്ചു. എന്നിട്ടും പോരാഞ്ഞിടു അവൾക്കു അവനോടു പ്രിയം ഇപ്പോഴും കൂടി ഉണ്ടെന്നു പറവാനും ആവശ്യപ്പെട്ടു” എന്നു പറഞ്ഞു.

ജന്നി:
അയാൾക്കു ഭ്രാന്തായിരിക്കണം. അയാൾ പറഞ്ഞതൊക്കെ ഭ്രാന്തന്മാർ പറയാറുള്ള തോന്നിവാസങ്ങളാണു് മൂപ്പരെ! അതൊക്കെ കണക്കുവെക്കാൻ പാടുണ്ടോ?
ദാവീദ്:
ഞാനും അങ്ങിനെതന്നെയാണു് വിചാരിച്ചതു്. എന്റെ സാധു ഭാര്യക്കു എങ്ങിനെ ഇരിക്കുന്നു.
ജന്നി:
ചെറിയമ്മക്കു കഠിനമായ് സുഖക്കേടാണു്. ഈ പ്രാവശ്യം നമുക്കു ഡോക്ടരെ വിളിക്കാതിരിപ്പാൻ പാടില്ലെന്നു തോന്നുന്നു.

ജന്നി പറഞ്ഞതു് ശരിയായിരുന്നു. യൂജീനിന്നു് പനി കലശലായിരിക്കകൊണ്ടു അവൾ കിടക്കയിൽതന്നെ കിടക്കേണ്ടിവന്നു. പിറ്റേന്നു രാവിലെ അവൾക്കു സന്നികേറി. പതിനഞ്ചു ദിവസത്തോളം അവൾ അത്യാസന്നനിലയിൽ കിടന്നു.

ജന്നി രാവു് പകൽ അവൾക്കു ശുശ്രുഷ ചെയ്തു. തന്റെ ഭാര്യയുടെ സുഖക്കേടു് നിമിത്തം യഥാർത്ഥത്തിൽ സങ്കപ്പെട്ടിരുന്ന ദാവീദ്, അവളുടെ സുഖത്തിന്നും സൗകര്യത്തിന്നും ശുശ്രൂഷക്കും വേണ്ടുന്ന സകല മാതിരി ഏർപ്പാടുകളും ചെയ്തുവെച്ചു. മന്ദാരവും കൂടി മകൾ കിടന്നിരുന്ന കിടക്കയുടെ ഓരത്തു് വന്നിരുന്നു കരഞ്ഞു.

അങ്ങിനെ ഇരിക്കുമ്പോൾ ഡോക്ടർ ഒരു ദിവസം യൂജീനിന്റെ അപായസ്ഥിതി വിട്ടൊഴിഞ്ഞു എന്നു പറഞ്ഞു. എന്നാൽ ആദ്യത്തെ കോലത്തിലെത്താൻ ദിവസം കുറെ പിടിക്കുമെന്നും, ശുശ്രൂഷ എത്രയോ കണിശമായി നടത്തേണ്ടതാണെന്നും കൂടിപ്പറഞ്ഞു. ദാവീദ് കല്യാണം കഴിഞ്ഞതിൽപിന്നെ സുഖമെന്തെന്നറിഞ്ഞിട്ടുണ്ടായിരുന്നില്ല. പോരാഞ്ഞിട്ടു് അദ്ദേഹത്തിന്നു നേരിട്ട ബുദ്ധിമുട്ടിന്നും ദ്രോഹത്തിന്നും സീമയുണ്ടായിരുന്നില്ല. ഭാര്യയെ ശുശ്രൂഷിപ്പാൻ മതിയായവർ അടുത്തുണ്ടെന്നു കണ്ടിട്ടു അദ്ദേഹം കച്ചവടാവശ്യമായി കൊച്ചിയിലേക്കും പോയി.

എഡോൾഫിയുടെ ഇന്ദ്രിയങ്ങൾ ക്രമേണ നേർക്കുവന്നു. അയാൾക്കു വെറുപ്പു് വല്ലാതെ പിടിപെട്ടിട്ടു് രണ്ടാമതും ആത്മഹത്യക്കൊരുങ്ങാമെന്നു തോന്നി. അന്നുതന്നെ അയാൾ ആശ്വാസം വല്ലതും കിട്ടുമോ എന്നറിവാൻവേണ്ടി അയാളുടെ പുതിയ ചങ്ങാതികളായ ചാർലിയുടെയും ലൂയിസിയുടെയും അടുക്കെ പോയി ഉണ്ടായ വിവരങ്ങളൊക്കെ പറഞ്ഞു അവരുടെ അഭിപ്രായത്തിന്നു ആവശ്യപ്പെട്ടു. എന്നാൽ ലൂയിസ് അയാളോടു പറഞ്ഞതു്, ജന്നി അയാളോടു പറഞ്ഞ പ്രകാരമായിരുന്നു.

ലൂയിസ്:
യൂജീനിന്റെ വിവാഹം കഴിഞ്ഞുപോയതുകൊണ്ടു മേലാൽ നിങ്ങൾ അവളെ കാണാതിരിക്കുന്നതായിരിക്കും ഉത്തമം. എന്നാൽ അവിവേകത്തിന്നൊന്നും ഇടവരില്ല.
ചാർലി:
ഒരു വിവാഹം കഴിഞ്ഞപെണ്ണിന്റെ ജീവിതം വ്യസനപരമാക്കീട്ടു് പ്രയോജനമെന്താണു്? ഈ മാതിരി ചാപല്യം കാണിക്കുന്നതു് നിങ്ങൾക്കു അഭിമാനക്ഷയമല്ലെ? ഭാര്യയായിട്ടു ഒരുവളെ വേണമെങ്കിൽ തിരഞ്ഞെടുപ്പാൻ വേറേയും പെണ്ണുങ്ങൾ കിടപ്പുണ്ടല്ലൊ.
എഡോൾഫി:
അതൊക്കെ ശരിയായിരിക്കും. എന്നാലും കൂടി അവളുടെ സുഖക്കേടു് എങ്ങിനെയിരിക്കുന്നു എന്നറിവാൻ എനിക്കു വളരെജിജ്ഞാസ ഉണ്ടു്.
ലൂയിസ്:
(ദയയോടെ)അതു് വേണ്ടതു് തന്നെയാണു്. ആ വിവരം ഞാൻ നിങ്ങൾക്കു കൊണ്ടുവന്നു തരാം.
എഡോൾഫി:
നിങ്ങൾക്കു അതിന്നു കഴിയുമൊ?
ലൂയിസ്:
അതെ, എളുപ്പത്തിൽ ഉപദേശിയാരുടെ അടുത്തു പാർക്കുന്ന ഒരാളുമായി ഞാൻ അടുത്ത പരിചയമുണ്ടു്. അയാൾക്കു നാട്ടുവർത്തമാനങ്ങൾ ഗ്രഹിപ്പാനും ബാക്കിയുള്ളവരെ ഗ്രഹിപ്പിക്കുവാനും വളരെ ഇഷ്ടമാണു്. എനിക്കറിയേണ്ടതൊക്കെ അവൾ എന്നോടു പറഞ്ഞു തരും.
എഡോൾഫി:
അതു വലിയ ഉപകാരമായിരുന്നു.

ഇങ്ങിനെ ഒരു മണിക്കൂർ കഴിഞ്ഞിട്ടു, ദീർഘശ്വാസവും ഇട്ടു ലൂയിസ് തന്റെ വീട്ടിൽ മടങ്ങി എത്തി. യൂജീൻ അപായസ്ഥിതിയിലാണു് കിടക്കുന്നതു് എന്ന വിവരം മാത്രം ലൂയിസ്, എഡോൾഫിയോടു പറഞ്ഞില്ല. എഡോൾഫിയുടെ തല്ക്കാലത്തെ സ്ഥിതി, ആ മാതിരി വിവരം സഹിക്കത്തക്ക ശക്തിയുള്ളതല്ലെന്നു തോന്നിട്ടാണു് ലൂയിസ് ആ കാര്യം മറച്ചുവെച്ചതു്.

ലൂയിസ്:
യൂജീനിനു് അസാരം ആശ്വാസമുണ്ടു്. ഞാൻ അവൾക്കെങ്ങിനെയിരിക്കുന്നു എന്നു കുടക്കൂടെ ചെന്നു അന്വേഷിക്കുകയും ചെയ്യാം. നിങ്ങൾ ധൈര്യപ്പെട്ടിരുന്നാൽ മതി. യൂജീനിന്നു ചെറുപ്പവും ദേഹബലവും ഉണ്ടു്. അതുകൊണ്ടു് അവൾക്കു ക്ഷണം സുഖം കിട്ടും.
പത്തൊമ്പതാം അദ്ധ്യായം

(ഭാഗ്യത്തിന്റെ തിരിവു്.)

യൂജീനിന്നു ക്രമേണ ശക്തിയും പുഷ്ടിയും കൂടി വന്നു ലൂയിസ് പറഞ്ഞപ്രകാരം തന്നെ അവളുടെ സുഖക്കേടു് ഭേദമായി. ജന്നി എത്രതന്നെ ശ്രമിച്ചിട്ടും അവളുടെ ചെറിയമ്മയുടെ മുഖത്തു് ഒരു മന്ദഹാസം സ്ഫുരിക്കുവാൻ സാധിച്ചില്ല. ദാവീദിന്റെ അഭാവംകൊണ്ടു് അവളുടെ ഭയത്തിന്നും ദ്രോഹത്തിന്നും അസാരം ശാന്തി വന്നെങ്കിലും കൂടി യൂജീനിനെ പണ്ടെത്തെ പ്രസന്നതയോടുകൂടെ കാണുവാൻ ജന്നിക്കു് തരമുണ്ടായില്ല. വാസ്തവം പറഞ്ഞാൽ ചെറിയമ്മയുടെ വ്യസനം ജാസ്തിയായതേ ഉള്ളു.

ജന്നി:
(വിചാരം) അവരുടെ പ്രണയം നിലനില്ക്കുന്ന കാലത്തോളം അവർക്കു സങ്കടത്തിനെ അവകാശമുണ്ടാകയുള്ളു. ആ പ്രണയം നശിപ്പിക്കുന്നതാണു് നല്ലതു്. എഡോൾഫി അവരുടെ പ്രണയത്തിന്നു യോഗ്യനല്ലെന്ന പരമാർത്ഥം പറഞ്ഞു കൊടുക്കുന്നതാണു് നല്ലതു്.

ഒടുവിൽ ജന്നി ചെറിയമ്മയോടു സീലിയുടെ വിവരം മുഴുവനും പറഞ്ഞുകൊടുത്തു. ഇവൾ കേട്ട സംഗതികൾ കൂടാതെ ഒരു ദിവസം കണ്ടതാണെന്നുകൂടി ചെറിയമ്മയോടു പറഞ്ഞു. ഒന്നാമതു് കേട്ടപ്പോൾ യൂജീൻ ഒന്നു വിറക്കുകയും വിളർക്കുകയും ചെയ്തു. പിന്നെ അവളുടെ സുഖക്കേടു് കഴിഞ്ഞതിൽപിന്നെ ഒന്നാമതായി ഒരിക്കൽ മന്ദഹസിച്ചു.

യൂജീൻ:
നീ തെറ്റിദ്ധരിക്കുകയാണു് ജന്നി! അയാൾ എഡോൾഫി ആയിരിക്കയില്ല.
ജന്നി:
ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതല്ലെ.
യൂജീൻ:
ഹേ ഒരിക്കലുമില്ല. എന്നോടു അയാൾക്കു പ്രണയമുള്ള സമയത്തോ? ഇത്ര കലശലായ പ്രണയമുള്ളപ്പോളൊ? നീ തെറ്റിദ്ധരിച്ചതു് തന്നെയാണു്. ഞാൻ പിന്നേയും അതുതന്നെ പറയുന്നു. ഏതായാലും ഈ കാര്യംം ഇതിന്നു മുമ്പു് നീ എന്തുകൊണ്ടു എന്നോടു പറഞ്ഞില്ല.
ജന്നി:
ഇതു് അറിയാതെ തന്നെ നിങ്ങൾക്കു വേണ്ട വേശാറുകൾ സഹിപ്പാനുണ്ടായിരുന്നതുകൊണ്ടു്.
യൂജീൻ:
ജന്നീ! നീ ഇപ്പോൾ ഇതൊക്കെ എന്നോടു് പറയുന്നതു് എന്തിനാണെന്നു് ഞാൻ മനസ്സിലാക്കിയിരിക്കുന്നു. നിണക്കു എന്നേക്കൊണ്ടു അയാളെ വെറുക്കുമാറാക്കണം. മേലാൽ അയാളെ ഞാൻ വിചാരിക്കാത്ത മാതിരി വരുത്തണം. ഇതുകൊണ്ടൊന്നും എന്നെ കബളിപ്പിക്കാൻ വിചാരിക്കേണ്ട. എന്നാലും അയാളെ ഇങ്ങിനെ ദൂഷ്യാരോപണം ചെയ്തതു് നന്നായില്ല. ഞാൻ എന്റെ പ്രണയം മറക്കുവാൻ ശ്രമിക്കാം. എന്നാൽ അയാളോടുള്ള ബഹുമാനം ഞാൻ ഒരിക്കലും മറക്കുകയില്ല.
ജന്നി:
(വിചാരം)പ്രണയബാധ പിടിപെട്ട പെണ്ണുങ്ങളുടെ ഉള്ളിൽ മറ്റൊന്നും കടക്കുകയില്ലായിരിക്കും. ഞാൻ കണ്ടപോലെ ആ കള്ളൻ ചെയ്തു് ഒരിക്കൽ ചെറിയമ്മയും കണ്ടെങ്കിൽ നന്നായിരുന്നു.

അങ്ങിനെയിരിക്കുമ്പോൾ ഒരു തുണിഷാപ്പിലെ അറ്റണ്ടർ (തുണിയും മറ്റും അളന്നുവില്ക്കുക) എന്ന ജോലിയിൽ എഡോൾഫിയും ലൂസിയും വളരെ വ്യസനിച്ചു. “എഡോൾഫി നിങ്ങളുടെ ശക്തിയൊന്നും കെട്ടുപോയിട്ടില്ല. നിങ്ങൾക്കു വേണ്ടതിലധികം പഠിപ്പുണ്ടു്. ആ മാതിരി ജോലി നിങ്ങളുടെ സ്ഥിതിക്കു പോരായ്മയാണു്.” എന്നൊക്കെ അവർ പറഞ്ഞിട്ടും അവന്റെ മറുപടി “എനിക്കു എന്തെങ്കിലും ഒരു ജോലി വേണ്ടെ? ദേഹത്തിന്നു ക്ഷീണമുണ്ടാകുമ്പോൾ മനസ്സിന്നു സ്വാസ്ഥ്യം കൂടും” എന്നു മാത്രമായിരുന്നു.

എഡോൾഫി:
എന്റെ പുതിയ ജോലിയിൽ ഞാൻ നാളെ ചെന്നു ചേരും. ഇന്നു നമുക്കൊക്കെ സുഖമായി ഇവിടെ കൂടാം. അല്ലെങ്കിൽ നമുക്കു നടക്കാൻ പോകാം. നല്ല രസമുള്ള ദിവസമാണു് ഇന്നു. വസന്തം ആരംഭിച്ചെന്നു തോന്നുന്നു.

എഡോൾഫി പുറത്തേക്കു പോവാൻ ഒരുമ്പെട്ട സമയത്തു് തന്റെ മുറിയുടെ നിലത്തു്, തന്റെ മേൽവിലാസത്തിൽ ഒരു കത്തു് കിടക്കുന്നതു കണ്ടു. കയ്യക്ഷരം ആരുടെതാണെന്നു എഡോഫിക്കു നിശ്ചയമില്ലായിരുന്നു. അവൻ കൗതുകത്തോടെ കത്തു് തുറന്നു. നോക്കിയപ്പോൾ കത്തു് ഒരു വക്കീലിന്റെതാണെന്നു മനസ്സിലായി. “അടിയന്തരമായ ഒരു കാര്യം ഉണ്ടായിരിക്കകൊണ്ടു് എഡോൾഫിയോടു കത്തു് കണ്ട ഉടനെ വക്കീലിനെ കാണ്മാൻ ചെന്നു കൊള്ളേണം” എന്നായിരുന്നു കത്തിന്റെ താല്പര്യം.

എഡോൾഫി:
(വിചാരം) ഇതിന്നു് സംഗതി എന്തായിരിക്കും? ഒരു വക്കീലിന്നു് എന്നെ കാണാൻ ആവശ്യം നേരിടുന്നതിന്നു്. ഞാൻ യാതൊരു കാരണവും കാണുന്നില്ല. ഏതായാലും എഴുതിയ സ്ഥിതിക്കു ഒന്നു് പോകേണ്ടതു് എന്റെ മുറയാണെന്നു തോന്നുന്നു. ഒരു സമയം എന്റെ കഴിഞ്ഞുപോയ അച്ഛന്റെ ചില എടവാടുകളുടെയൊ കടങ്ങളുടെയൊ സംഗതിയായിരിക്കും. ഉച്ചയാകും മുമ്പെ ഞാനൊന്നു പോയ്ക്കളയാം.

എഡോൾഫി ഉടനെതന്നെ വക്കീലിന്റെ വീട്ടിലേക്കു പുറപ്പെട്ടു. ചാർലിയുടെ വീട്ടിൽ നിന്നു അവിടെക്കു് അരമണിക്കൂറോളം പിടിക്കുന്ന നടത്തം മാത്രമെ ഉണ്ടായിരുന്നുള്ളു. ഇത്ര മനോഹരമായ ഒരു പ്രഭാതം ഒരു ജോലിയിൽ കഴിക്കേണ്ടിവന്നല്ലൊ എന്ന ഒരു ഇച്ഛാഭംഗം എഡോൾഫിക്കു ഉണ്ടായെങ്കിലും തന്നോടു ചെല്ലാൻ പറഞ്ഞതിന്റെ ഉദ്ദേശം എന്തായിരിക്കും എന്ന ഒരു കൗതുകവും അയാൾക്കു ഉണ്ടാകാതിരുന്നില്ല.

വക്കീലിന്റെ പുറമെ ഉണ്ടായിരുന്ന ആപ്പീസ്സിൽ ചെന്നു കേറിയപ്പോൾ, പല ചെറുപ്പക്കാരായ ഗുമസ്ഥന്മാരും, തിരിഞ്ഞു അയാളെ ആപാദചൂഡം നോക്കിത്തുടങ്ങി. എന്നാൽ ഒരു പോരുന്ന കക്ഷിയാണെന്ന വിചാരം അയാളെപ്പറ്റി ആർക്കും തോന്നാതിരുന്നതുകൊണ്ടു് അവരാരും അടുത്തു വന്നില്ല. വക്കീലിനെ കാണേണമെന്ന എഡോൾഫിയുടെ അപേക്ഷ കേട്ടപ്പോൾ, വക്കീൽ അടിയന്തര ജോലിയിലാണെന്നു കുറെ കാത്തു നില്ക്കാതെ നിവൃത്തിയില്ലെന്നും അവരിൽ ഒരാൾ ലോഹ്യം കുറഞ്ഞ ഭാവത്തോടെ ഉത്തരം പറഞ്ഞു.

എഡോൾഫി അവന്റെ വടി തുടയുടെ നടുവിൽ വെച്ചുകൊണ്ടു് ഒരു കസേലമേൽ ഇരുന്നു മേശമേലും അളമാരിയിലും നിരത്തിവെച്ചിരുന്ന, നിയമ പുസ്തകങ്ങളുടെ എണ്ണവും വണ്ണവും കണ്ടിട്ടു് അയാൾ ആശ്ചര്യത്തോടെ നോക്കി. വക്കീൽ ഗുമസ്ഥന്മാർ അയാളുടെ ആഗമനം നിമിത്തം പെട്ടെന്നു് നിർത്തിവെക്കേണ്ടി വന്ന അവരവരുടെ സംസാരം പിന്നെയും തുടങ്ങി. സംസാര വിഷയം സ്ത്രീകൾ മാത്രമായിരുന്നു. എന്നാൽ ഉള്ളിലെ മുറിയിൽ നിന്നു കസേലകൾ പിന്നോക്കം തള്ളുന്ന ശബ്ദം കേട്ടപ്പോൾ എല്ലാവരും അവരുടെ മുമ്പുറത്തുണ്ടായിരുന്ന മേശമേൽ വെച്ചിരുന്ന കടലാസുകളിൽ തലയും കുനിച്ചു, അവർ വളരെ നേരമായി അവരവരുടെ ജോലിയിൽ ഏർപ്പെട്ടിട്ടു് എന്ന ഭാവത്തിൽ പ്രവൃത്തി മുറക്കു നടത്താൻ തുടങ്ങി.

വക്കീൽ എണ്ണം പറഞ്ഞ ഒരാളോടു സംസാരിച്ചും മന്ദഹസിച്ചും അവർ തമ്മിൽ നടന്ന എടവാടു് കൊണ്ടു് വളരെ തൃപ്തിപ്പെട്ടും നടന്നുവന്നു, ആ കക്ഷിയെ പുറത്തേക്കുള്ള വാതിൽവരെ അനുയാനം ചെയ്തു അദ്ദേഹം മടങ്ങുമ്പോൾ, എഡോൾഫി എഴുത്തും കയ്യിൽപിടിച്ചു വക്കീലിന്റെ നേർക്കുചെന്നു.

എഡോൾഫി:
ഈ കത്തു് നിങ്ങൾ എനിക്കു അയച്ചതാണു്. അപ്രകാരം ഞാൻ നിങ്ങളെ കാണ്മാൻ വരുന്നതാണു്. ഞാൻ ഡാൾമണ്ടിന്റെ മകൻ എഡോൾഫിയാണു്.
വക്കീൽ:
എഡോൾഫിയൊ? ഞാൻ എത്ര ദിവസമായി നിങ്ങളെയും കാത്തു് അക്ഷമനായി നിന്നതു്. ദയ വിചാരിച്ചു ഒരിക്കൽ എന്റെ ഒന്നിച്ചു ആ മുറിയിലേക്കു വരൂ.

വക്കീൽ വളരെ ആദരവോടും തന്റെ മുറ നല്ല നിശ്ചയമുള്ള പോലേയും സംസാരിച്ചു. എഡോൾഫി കടന്നു പോയപ്പോൾ ചില ചെറുപ്പക്കാരായ ഗുമസ്ഥന്മാർ അന്യോന്യം ഇങ്ങിനെ മന്ത്രിച്ചു:—“ഓ ഹോ ഇയ്യാളാണു് ഡാൾമണ്ടിന്റെ മകൻ എഡോൾഫി! അല്ലേ? ആരെങ്കിലും വിചാരിച്ചിരുന്നൊ?

വക്കീലിന്റെ മുറിയിൽ എത്തിയപ്പോൾ അയാൾ പെട്ടെന്നു് എഡോൾഫിയോടു് ഇങ്ങിനെ പറഞ്ഞു.

വക്കീൽ:
നിങ്ങളാണു് എഡോൾഫിഡാൾമണ്ട് എഡ്രിയൻ ഡാൾമണ്ട് എന്നവരുടെ മകൻ. നിങ്ങളുടെ അച്ഛന്റെ നേരെ അനുജനാണു് ജോർജ്ജ് ഡാൾമണ്ട് എന്നവരു്.
എഡോൾഫി:
അതെ.
വക്കീൽ:
നിങ്ങൾക്കു പ്രയാസം കൂടാതെ നിങ്ങളുടെ ജനന സർട്ടിഫിക്കെറ്റ് ഹാജരാക്കാൻ സാധിക്കുമായിരിക്കും.
എഡോൾഫി:
അതു് ഇപ്പോൾതന്നെ എന്റെ കയ്യിൽ ഇരിപ്പുണ്ടു്.
വക്കീൽ:
നിങ്ങളുടെ അച്ഛന്റെതൊ?
എഡോൾഫി:
അതും ഉണ്ടു്.
വക്കീൽ:
നിങ്ങളെ ഞാൻ വളരെ അന്വേഷിച്ചു. പോരാഞ്ഞിട്ടു് കടലാസുകളിൽ പരസ്യങ്ങളും കൂടി പ്രസിദ്ധപ്പെടുത്തി. എന്നിട്ടൊന്നും പ്രയോജനമുണ്ടായില്ല. ഒടുവിൽ എന്റെ ഭാര്യക്കു മോശ എന്ന ഒരുവനെ അറിയാമായിരുന്നു. അയാൾ എന്തൊ ഒരു കാര്യത്തിൽ സംഗതിവശാൽ ഒന്നു രണ്ടു വട്ടം നിങ്ങളുടെ പേർ എടുത്തു പറഞ്ഞതായി കേട്ടിരുന്നു. ആ വഴിയായിട്ടാണു് നിങ്ങളുടെ വിലാസം കിട്ടുവാൻ ഇടവന്നതു്.
എഡോൾഫി:
അങ്ങിനെയൊ? എന്താണു് കാര്യം.
വക്കീൽ:
അതായിരുന്നു ഞാൻ ഒന്നാമതു് നിങ്ങളോടു് പറഞ്ഞുതരേണ്ടിയിരുന്നതു്. നിങ്ങളുടെ അച്ഛന്റെ അനുജൻ ജോർജ്ജ് എന്ന ആൾ പെനാങ്കിൽ വെച്ചു പതിനെട്ടു് മാസം മുമ്പെ മരിച്ചുപോയി. അയാളുടെ എല്ലാ മുതലുകൾക്കും അവകാശി ഇപ്പോൾ നിങ്ങളായിരിക്കുന്നു.
എഡോൾഫി:
എന്റെ ഇളയച്ഛൻ ജോർജ്ജൊ?
വക്കീൽ:
അതെ. അയാൾ സ്വന്തം രാജ്യത്തേക്കു് മടങ്ങിവരാൻ ഒരുക്കങ്ങൾ ചെയ്തുവരികയായിരുന്നു. ചായത്തോട്ടത്തിന്റെ ഏർപ്പാടു് കൊണ്ടു് പിടിപ്പതു മുതലും സമ്പാദിച്ചിരുന്നു. അയാൾ ഒസ്യത്തു് പ്രകാരം നിങ്ങൾക്കു പത്തുലക്ഷം ഉറുപ്പിക തന്നിട്ടുണ്ടു്.

“പത്തുലക്ഷം ഉറുപ്പികയെ” എന്നും പറഞ്ഞു വക്കീലിന്റെ മുഖവും നോക്കിയിരുന്ന എഡോൾഫിക്കു മുറി പമ്പരം പോലെ തിരിയുന്നുണ്ടെന്നു തോന്നി. അയാൾ സന്തോഷംകൊണ്ടു് പെട്ടെന്നു ബോധംകെട്ടു വീഴാഞ്ഞതും അത്ഭുതം കുറുക്കനെക്കാൾ കൗശലക്കാരനായ വക്കീലിന്റെ മുഖത്തിന്നു യാതൊരു വികാരവും നേരിട്ടതായി കണ്ടില്ല.

പത്തുലക്ഷം ഉറുപ്പിക! അയാൾ നിശ്ചയമായിട്ടും ഒരു ധനികനായി ആയുസ്സുള്ള നാൾവരയ്ക്കും ധനികനായി. എന്നാലൊ ആ ധനം എഡോൾഫിക്കു് അസാരം മുമ്പു് കിട്ടിയിരുന്നു എങ്കിൽ അയാൾക്കു യൂജീനിനെ വിവാഹം കഴിക്കാമായിരുന്നു.

തല്ക്കാലം വല്ല പണവും വേണമൊ എന്നു വക്കീൽ ചോദിച്ചതൊന്നും എഡോൾഫി കേട്ടില്ല. ഇത്ര അധികം പണം പെട്ടെന്നു ഒരാൾക്കു സിദ്ധിച്ചതായി കേൾക്കുമ്പോൾ ആർക്കാണു് അമ്പരപ്പും ഭ്രമവും ഉണ്ടാകാതിരിക്കുന്നതു്?

എഡോൾഫിക്കു ബുദ്ധി ഒടുവിൽ നേർക്കു വന്നു. ഗുമസ്ഥന്മാരുടെ ഇടയിൽ കൂടെ മടങ്ങി വരുമ്പോൾ അവരൊക്കെ ആദരവോടുകൂടെ എഴുന്നേറ്റു് സലാം കാട്ടി. എഡോൾഫിക്കു തന്റെ പെട്ടെന്നു മാറിയ അവസ്ഥ കണ്ടിട്ടു ഉള്ളിൽ നിന്നു ഒരു പുഞ്ചിരി ഉണ്ടായി.

അദ്ദേഹം നേരെ ചെന്നു വിവരമെല്ലാം തന്റെ പുതിയ ചങ്ങാതിമാരായ ചാർലിയോടും ലൂയിസിയോടും പറഞ്ഞു. എഡോൾഫി ഒന്നാമതു് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ, ബുദ്ധിമുട്ടുകൾകൊണ്ടു് എഡോൾഫിക്കു അസാരം തലക്കിളക്കമുണ്ടായതാണെന്നു അവർ ധരിച്ചു പോയി. എന്തുകൊണ്ടെന്നാൽ എഡോൾഫി പെട്ടെന്നു അവരോടു ചെന്നു പറഞ്ഞതു് “ചങ്ങാതിമാരെ! പത്തുലക്ഷം ഉറുപ്പിക എനിക്കു വീണുകിട്ടുംപോലെ കിട്ടി. നിങ്ങൾക്കു പത്തു പന്ത്രണ്ടു കുട്ടികൾ പിറന്നാലൊന്നും ഭയപ്പെടേണ്ട. ഞാൻ എല്ലാറ്റിനേയും പുലർത്തും.”

“അയ്യൊ? എന്റെ പ്രിയ എഡോൾഫി നിങ്ങൾക്കു ഇങ്ങിനെ പെട്ടെന്നു സുഖക്കേടായ്പോയല്ലോ. ഞാൻ ഉടനെ ഒരു ഡോക്ടരെ വിളിച്ചു കൊണ്ടു വരട്ടയൊ” എന്നും പറഞ്ഞു ലൂയിസ് കരയുവാൻ തുടങ്ങി.

എഡോൾഫി:
എടോ. എന്റെ ചെറുപ്പക്കാരിയായ ചങ്ങാതി! എനിക്കു സുഖക്കേടൊന്നും ഇല്ല. എനിക്കു ഭ്രാന്തും ഇല്ല. എനിക്കു ഒസ്യത്തു് പ്രകാരം പത്തുലക്ഷം ഉറുപ്പിക സിദ്ധിപ്പാൻ ഭാഗ്യമുണ്ടായി. അതിൽ ഒരു പങ്കു് എടുത്തുകൊള്ളുവാൻ വേണ്ടിമാത്രം ഞാൻ നിങ്ങളെ ക്ഷണിക്കുന്നതാണു്.
ലൂയീസ്:
അതൊക്കെയെങ്ങിനെങ്കിലുമാവാമെല്ലൊ?
എഡോൾഫി:
അങ്ങിനെ പറഞ്ഞാൽ പോര. നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ വെള്ളത്തിൽ മുങ്ങിച്ചത്തു കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.
ലൂയിസ്:
ഓ എഡോൾഫി—നിങ്ങളെ അങ്ങിനെ ഒരിക്കൽ രക്ഷിച്ചതുകൊണ്ടു് ഞങ്ങൾ നിങ്ങളോടു് അതിന്നു ഒരു പ്രതിഫലം വാങ്ങണമെന്നോ? നമുക്കു അന്യോന്യം സ്നേഹിച്ചിട്ടു് കാലം കഴിഞ്ഞാൽ മതി. അതിലും വലിയ കാര്യം മറ്റൊന്നുമില്ല.
എഡോൾഫി:
എനിക്കു പണം എന്തിനാണു്? നല്ല വിഷയത്തിൽ ചിലവു് ചെയ്വാൻ വേണ്ടി മാത്രമാണു്. ഒന്നാമതു് എന്റെ ചങ്ങാതികളായ നിങ്ങളെയാണു് ഞാൻ സഹായിക്കാൻ ഭാവിക്കുന്നതു് നിങ്ങൾക്കു് ഒരു നല്ല ഷാപ്പ് ഞാൻ വെച്ചുതരും. നിങ്ങൾക്കു കൊത്തുപണി മുതലായ ജോലികൾ തന്നെ ആരംഭിക്കാം. സകല ചിലവും ഞാൻ നടത്താം നിങ്ങൾ ഇതിന്നൊ മറ്റൊ വിരോധം പറയുകയാണെങ്കിൽ ഈ നിമിഷത്തിൽ ഞാൻ നിങ്ങളോടു് യാത്രയും പറഞ്ഞു ഇറങ്ങി നടക്കും പിന്നെ ഒരിക്കൽ എന്നെ കാണുമെന്നും കരുതേണ്ട.
ലൂയിസ്:
എന്നാൽ ഞങ്ങൾ സ്വീകരിക്കും. ഇല്ലേ ചാർലി! എഡോൾഫിയെപ്പോലെയുള്ള ഒരു ചങ്ങാതിയോടു് നാം അഭിമാനവും മറ്റും കാട്ടുന്നതെന്തിനാണു്? നിങ്ങൾ തരുന്നതൊക്കെ ഞങ്ങൾ സന്തോഷത്തോടും നന്ദിയോടും സ്വീകരിപ്പാൻ ഒരുക്കമാണു്.

അന്നുരാത്രി അവർക്കാർക്കും തിന്നാനോ ഉറങ്ങാനോ സാധിച്ചില്ല. അവർക്കു ആകസ്മികമായി വന്നുചേർന്ന ഭാഗ്യം നിമിത്തം സന്തോഷംകൊണ്ടു് അവർക്കാർക്കും ഉറക്കമില്ല. എഡോൾഫിക്കാകട്ടെ അവന്റെ സമ്പത്തിനെപ്പറ്റിയുള്ള വിചാരം അയാൾക്കു സന്തോഷവും വ്യസനവും ഉണ്ടാക്കി. ഒരു പ്രകാരത്തിൽ അതിന്റെ വരവു് കുറെ താമസിച്ചുപോയി എന്നു പറഞ്ഞാൽ അവന്റെ പ്രണയം പതിഞ്ഞ പെൺകിടാവിനെ തനിക്കു കിട്ടാതെ പോകത്തക്കവണ്ണം ആ വരവു് താമസിച്ചുപോയി. എഡോൾഫി പലതും പറഞ്ഞ കൂട്ടത്തിൽ ഒടുവിലേത്തതു് ചാർലിക്കു അത്ര രസിച്ചില്ല.

ചാർലി:
എന്തു പറഞ്ഞു. അവളെ വിലക്കു വാങ്ങാൻ താമസിച്ചു പോയെന്നോ? നിങ്ങൾക്കു സുഖമായി ജീവിക്കാൻ ഇതാ ഇപ്പോൾ ഒരു അവസരം സിദ്ധിച്ചു. ആ ദുരിതം പിടിച്ച പെണ്ണിനെപ്പറ്റി പിന്നേയും ആലോചിച്ചിട്ടു് നിങ്ങളുടെ സുഖമൊന്നും ഇനി വെറുതെ വെടിഞ്ഞുകളയരുതു്.
എഡോൾഫി:
നിങ്ങൾ പറയുന്നതു് ശരിയാണു്.

ആ ഉപദേശപ്രകാരം ആചരിപ്പാൻ എഡോൾഫി ഉറപ്പാക്കി. അവന്റെ സമ്പത്തു് കൊണ്ടൊന്നും അവൻ അനുഭവിക്കുന്ന ഏകാന്തതക്കു ശാന്തമുണ്ടായില്ല. പണമൊക്കെ തനിക്കുവേണ്ടി മാത്രം ചിലവാക്കുവാനേ പാടുള്ളു എന്നു വിചാരിക്കാൻ തക്കവണ്ണം എഡോൾഫി ഒരു സ്വാർത്ഥപ്രതിപത്തിക്കാരനായിരുന്നില്ല. ഒരു ദിവസം അയാൾക്കു സീലിയെ കണ്ടുമുട്ടാൻ ഇടയായി. സംസാരിക്കുന്നതിന്നിടയിൽ അവൾ തല്ക്കാലം അവളേക്കാൾ വളരെ പ്രായമുള്ള ഒരു കാമുകന്റെ രക്ഷയിലാണു് ഇരിക്കുന്നതു് എന്നു കേട്ടപ്പോൾ എഡോൾഫിക്കു അവളുടെ നേരെ തോന്നിയ വെറുപ്പു് പിന്നെയും വർദ്ധിച്ചു.

എഡോൾഫി:
അയാൾക്കു എത്ര വയസ്സയി.
സീലി:
വയസ്സു് ഏകദേശം നൂറു് തികഞ്ഞിട്ടുണ്ടാകും. എങ്കിലും പണം വേണ്ടതുണ്ടു്.
എഡോൾഫി:
(വിചാരം) ഫൂ സീലിയേക്കാൾ ഗുണശാലിനികൾ എത്രയെങ്കിലും ഭൂമിയിൽ ഉണ്ടു്.

ഇങ്ങിനെ അവർ പിരിഞ്ഞു. എഡോൾഫി ഒരു പണക്കാരനായ ചെറുപ്പക്കാരന്റെ മട്ടിൽ വളരെ ഷോക്കിലും അവസ്ഥയിലും നടന്നുതുടങ്ങി. അയാളുടെ ചെറുപ്പം, സൗന്ദര്യം, ധനം, ഔദാര്യം മുതലായ ഗുണഗണങ്ങളെക്കൊണ്ടു് എവിടെ ചെന്നാലും അയാളെ എല്ലാവരും ആദവരവോടെ സ്വീകരിച്ചു.

യൂജീനിനെ ഭാര്യയായി കിട്ടുന്ന കാര്യം പൂജ്യമാണെന്നു നിശ്ചയിച്ചിട്ടു് എഡോൾഫി, വളരെ സുന്ദരിയും ചുറുക്കുള്ളവളും നേരംപോക്കുകാരിയുമായ ഒരു യുവതിയെ തന്റെ വെപ്പാട്ടിയാക്കി വെച്ചു. അവർ എപ്പോഴും ഒന്നിച്ചു തന്നെ നടന്നിരുന്നു. സിനിമ കാണാൻ പോകുന്നവർ ഈ രണ്ടുകൂട്ടരെ അവിടെ കാണാതിരിക്കില്ല. എഡോൾഫി ഏകനായി ഒരു ഉൾനാട്ടിൽ പാർക്കുന്ന കാലത്താണെങ്കിൽ ഈ മാതിരി ഒരു ബന്ധം ഒരിക്കലും ഇഷ്ടപ്പെടുകയില്ലായിരുന്നു, എന്നാൽ വിനോദത്തിന്നു പല വഴികളും ഉള്ള ഒരു പട്ടണത്തിലാകുമ്പോൾ, ധനികനായ ഒരു ചെറുപ്പക്കാരന്നു ഈ മാതിരി ഒരു കൂട്ടിക്കെട്ടു് അത്യാവശ്യമായിരുന്നു.

അങ്ങിനെ ഇരിക്കെ യൂജീനിന്റെ സുഖേക്കേടെല്ലാം ഭേദമായി. അവളുടെ ശരീരത്തിന്നും പുഷ്ടികൂടി. എന്നാൽ അവളുടെ എഡോൾഫിയെപ്പറ്റിയുള്ള സംസാരവും അയാളെപ്പറ്റിയുള്ള വിചാരവുംകൊണ്ടു് ജന്നിമടുത്തു. ജന്നിക്കു ദ്രോഹമായി എന്നുകൂടിപ്പറയാം. എഡോൾഫിക്കു എന്തൊ ഒരു ഭേദഗതി നേരിട്ടിട്ടുണ്ടെന്നു കൂടി യൂജീൻ മനസ്സിലാക്കി. അവൾ ബോധംകെട്ടുവീഴും മുമ്പെ ആകാര്യവും കൂടി ഒരു നിമിഷത്തിന്നുള്ളിൽ മനസ്സിലാക്കിക്കളഞ്ഞിരിക്കുന്നു.

യൂജീൻ:
സാധു എഡോൾഫി! അയാൾ എത്ര സങ്കടപ്പെട്ടിട്ടുണ്ടായിരിക്കാം. ഇപ്പോഴും സങ്കടപ്പെടുന്നുണ്ടായിരിക്കും.
ജന്നി:
(കോപത്തോടേ) അങ്ങിനെയൊന്നും നിങ്ങൾ വിശ്വസിക്കേണ്ട അയാൾ, നിങ്ങൾ പറഞ്ഞപോലെ സങ്കടപ്പെട്ടിട്ടുണ്ടായിരിക്കും. ആശ്വാസം അയാൾക്കു ക്ഷണം വന്നുചേരുകയും ചെയ്തിട്ടുണ്ടായിരിക്കും. ബാക്കിയുള്ള മനുഷ്യന്മാരെപ്പോലെ തന്നെയാണു അയാളും.
യൂജീൻ:
തന്നെ ആയിരിക്കും.

ഇതിനിടയിൽ എഡോൾഫി, അത്യന്തം ധനവാനായിത്തീർന്ന വിവവരം മന്ദാരത്തിന്നും കിട്ടിയിരുന്നു. എന്നാൽ അതിനെപ്പറ്റി യതൊന്നും ആ സ്ത്രീ മകളോടു മിണ്ടിയതേ ഇല്ല. അവൾക്കു പങ്കുകൊള്ളുവാൻ സാധിക്കാതെ തന്റെ പ്രണയം കവർന്ന ആൾക്കു ധനം വന്നുചേരുന്നതിൽ യൂജീനിന്നു വ്യസനമുണ്ടാവാനേ തരമുള്ളു എന്നാണു് മന്ദാരം മനസ്സിലാക്കിയതു്. എന്നാൽ അമ്മമാർക്കു മിക്കവാറും തങ്ങളുടെ പെൺമക്കളുടെ ഹൃദയത്തിന്റെ യഥാർത്ഥസ്ഥിതി നിശ്ചയമുണ്ടാകയില്ല.

ജന്നി വല്ല നാടകമൊ സിനിമയോ കാണാൻ തന്റെ ചെറിയമ്മയോടു് പലപ്പോഴും പറഞ്ഞിരുന്നു. തനിക്കു അതിനൊന്നിനും പോവാൻ ഇഷ്ടമുണ്ടായിരുന്നില്ലെങ്കിലും ജന്നിയെ തൃപ്തിപ്പെടുത്തുവാൻ വേണ്ടി മാത്രം ഒരു ദിവസം സിനിമ കാണാൻ പോകാൻ യൂജിൻ തീർച്ചപ്പെടുത്തി. റിസർവ്വ് സീറ്റിൽ അവർ ഇരുവരും ചെന്നിരുന്നു. കളിയുടെ രസത്തിൽ മുഴുകിയ ജന്നിക്കു ഹോളിൽ മറ്റു് യാതൊന്നിന്മേലും കണ്ണു് പതിഞ്ഞിട്ടില്ലായിരുന്നു. യൂജീനാകട്ടെ ഹോളിൽ ഹാജരായിരുന്ന ഓരോ ആളുടേയും മുഖം നോക്കി മനസ്സിലാക്കുകയായിരുന്നു. ഒരു ഭാഗത്തേക്കു നോക്കിയപ്പോൾ യൂജീനിന്റെ മുഖം പെട്ടെന്നു പച്ചയില പോലെയായി. ഒരു സുന്ദരിയും സുവസ്ത്രാലങ്കൃതയും ആയ ഒരു യുവതിയുടെ ചാരത്തു്, യൂജീനിന്റെ പ്രണയഭാജനമായ എഡോൾഫി ഇരിക്കുന്നതാണു കണ്ടതു്. അവൾ ഈർഷ്യയോടും ഇച്ഛാഭംഗത്തോടും ജന്നിയുടെ കൈപിടിച്ചു.

യൂജീൻ:
ജന്നി! നോക്കു ആരാണവിടെ ഇരിക്കുന്നതു് എന്നു എന്നോടു പറഞ്ഞു തരൂ.
ജന്നി:
കളി വളരെ നന്നായിരിക്കുന്നു.
യൂജീൻ:
നമ്മളുടെ വലത്തെ സീറ്റിൽ ആരാണു് ഇരിക്കുന്നതെന്നു നല്ലവണ്ണം നോക്കു.

കളിയുടെ രസത്തിൽ മുഴുകിപ്പോയ ജന്നി ഞെട്ടി, വിപ്രതീസാരമഗ്നയായി ഒന്നു തിരിഞ്ഞുനോക്കി.

ജന്നി:
ഓ. അവർ രാജകുമാരിയെ ഇപ്പോൾ കൊല്ലുമെന്നു തോന്നുന്നു.
യൂജീൻ:
ജന്നി!
ജന്നി:
ചെറിയമ്മെ! നിങ്ങൾക്കു വല്ല സുഖക്കേടുമുണ്ടോ?
യൂജീൻ:
ഇല്ല. നീ ഒന്നു നോക്കീട്ടു് പറക. ആ ഇരിക്കുന്നതു് എഡോൾഫി ആണോ?
ജന്നി:
അതെ, ഓ ഹോ മൂപ്പർക്കു ചിലവാക്കാൻ പണം ധാരാളത്തിലധികം ഉണ്ടെന്നു തോന്നുന്നല്ലൊ.
യൂജീൻ:
അയാളുടെ ഒന്നിച്ചേതാണു് ഒരു ചെറുപ്പക്കരത്തി സ്ത്രീയെ കാണുന്നതു്, നിന്റെ അഭിപ്രായമെന്താണു് അവൾ ഒരു സുന്ദരിയാണോ?
ജന്നി:
സംശയമുണ്ടോ.
യൂജീൻ:
ഒരു സമയം അയാളുടെ ഭാര്യയായിരിക്കും.
ജന്നി:
അയാൾ അവളുടെ സുഖത്തിന്നു വേണ്ടി വളരെ യത്നിക്കുന്നുണ്ടു്. എല്ലാ ഉപചാരങ്ങളും ചെയ്വാൻ റെഡിയായി നില്ക്കുന്നുണ്ടു്.
യൂജീൻ:
അതെ.
ജന്നി:
ചെറിയമ്മെ! എനി നമ്മൾ മടങ്ങിപോകുക. എന്തോ. നിങ്ങൾക്കു നല്ല സുഖമില്ലെന്നപോലെ തോന്നുന്നു.
യൂജീൻ:
ഇല്ല വരുന്നില്ല നിന്റെ സന്തോഷം ഞാൻ എന്തിന്നു മുടക്കുന്നു? ഈ കാഴ്ച ഒരു സമയം എന്റെ കുറ്റങ്ങൾക്കും മൂലച്ഛേദം വരുത്തുന്നു ഒരു മരുന്നായിരിക്കും.

ജന്നി ഇടക്കിടെ രംഗത്തും കൂടക്കൂടെ യൂജീനിന്റെ മുഖത്തും നോക്കിത്തുടങ്ങി. എന്നാൽ മറ താഴുംവരെ യൂജീൻ വിളറിയ മുഖത്തോടെ മിണ്ടാതെ ഇരുന്നു.

യൂജീൻ:
(വിചാരം) അയാൾക്കു വയസ്സു് നന്ന ബാധിച്ചിരിക്കുന്നു. അയാൾ സുഖമായി കഴിഞ്ഞു കൂടാൻ ഈശ്വരൻ കടാക്ഷിക്കട്ടെ.

കളിയും തീർന്നു എല്ലാരും മടങ്ങാൻ ആരംഭിച്ചു. ഹാളിന്റെ വരാന്തയിൽ എത്തിയപ്പോൾ യൂജീൻ എഡോൾഫിയുടെയും അയാളുടെ ഒന്നിച്ചുണ്ടായിരുന്ന പെണ്ണിന്റെയും അടുത്തെത്തി. ജന്നി യൂജീനിന്റെ കൈ പിടിച്ചു വലിച്ചപ്പോൾ “വിടു അതു് എഡോൾഫിതന്നയൊ എന്നു തീർച്ചയാക്കാൻ വേണ്ടിയാണു്” എന്നു യൂജീൻ ഉത്തരം പറഞ്ഞു ആ സമയത്തു് എഡോൾഫി ആ വാക്കുകേട്ടു. തിരിഞ്ഞുനോക്കി യൂജീനിനെ കണ്ടു.

ഒരു ശപഥത്തോടുകൂടെ എഡോൾഫി തന്റെ കൈ പിടിച്ചിരുന്ന പെണ്ണിനെ കുറെ അകറ്റി, യൂജീനിനോടു സംസാരിക്കാൻ തക്കവണ്ണം ഓടിച്ചാടിവന്നു. എന്നാൽ ആളുകളുടേ തിരക്കുകൊണ്ടു് രണ്ടാളും അന്യോന്യം അകന്നുപോയി. പോരാഞ്ഞിട്ടു് ജന്നി തന്റെ ചെറിയമ്മയുടെ കൈ പിടിച്ചു. എഡോൾഫിയിൽനിന്നു വളരെ അകന്നു പോവാൻ തക്കവണ്ണം മെല്ലെ വലിച്ചുകൊണ്ടുപോയി.

ഇങ്ങിനെ യൂജിനും എഡോൾഫിയും അന്യോന്യം കണ്ടുമുട്ടാതെ പിരിഞ്ഞു.

ഇരുപതാം അദ്ധ്യായം

(വിധി)

പിറ്റേന്നു രാവിലെ ജന്നി, തന്റെ ചെറിയമ്മയെ ഉറക്കില്ലായ്മകൊണ്ടു കാതരയായും, രോഗംകൊണ്ടും സങ്കടംകൊണ്ടും ആതുരയായും, കാണുമെന്നായിരുന്നു ജന്നി നിനച്ചിരുന്നതു്. എന്നാലൊ യൂജിൻ ശാന്തയായും പണ്ടെത്തെക്കാൾ പ്രസന്നയായും വിലസുന്നതു കണ്ടപ്പോൾ ജന്നിയുടെ ആശ്ചര്യത്തിന്നു അളവുണ്ടായിരുന്നില്ല. എന്നു മാത്രമല്ല യൂജീൻ അവളുടെ ഭർത്താവിനെപ്പറ്റി കൗതുകത്തോടെ അന്വേഷിച്ചതും കൂടി കേട്ടപ്പോൾ ജന്നി ആശ്ചര്യംകൊണ്ടു ബോധംകെട്ടുപോകാഞ്ഞതു് ഭാഗ്യമായ്പോയി എന്നുതന്നെ പറയാം.

യൂജീൻ:
അയാൾ ക്ഷണത്തിൽ മടങ്ങിവരുമൊ?
ജന്നി:
ഏതാൾ ചെറിയമ്മെ.
യൂജീൻ:
എന്റെ ഭർത്താവു്.

ദാവീദിനെ ഒന്നാമതായി ഭർത്താവു് എന്ന സംജ്ഞ മൂലം യൂജീൻ അപ്പോൾ സൂചിപ്പിച്ചതു് ഒന്നാം പ്രാവശ്യമായിരുന്നു.

ജന്നി:
ഞാനറിയില്ല. അദ്ദേഹം പോയതു് കൊച്ചിക്കാണു്.
യൂജീൻ:
ജന്നി! ചോടെ അദ്ദേഹത്തിന്റെ കാര്യസ്ഥൻ ജോസഫ് ഉണ്ടായിരിക്കും. അയാളോടു എന്റെ ഭർത്താവിന്റെ വിലാസം വാങ്ങി വരൂ.

ജന്നി ചോടെ പോയപ്പോൾ മേശയുടെ പിന്നിൽ പോയിരുന്നു ദാവീദീന്നു ഇങ്ങിനെ ഒരു എഴുത്തെഴുതി.

പ്രിയ അങ്ങുന്നേ!

കാലതാമസം നേരിട്ടുപോയിരിക്കാമെങ്കിലും കൂടി, ഞാൻ നിങ്ങളോടു ഇതുവരയ്ക്കും പെരുമാറിയ മാതിരിയും രീതിയും തെറ്റാണെന്നു എനിക്കു ഇപ്പോൾ ബോദ്ധ്യം വന്നിരിക്കുന്നു. എന്നാലും കൂടി നിങ്ങളുടെ ഔദാര്യശീലം ഓർക്കുന്തോറും നിങ്ങൾ എന്റെ പിഴകളെല്ലാം ക്ഷമിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ഇന്നു തുടങ്ങി ഞാൻ നിങ്ങളുടെ അനുസരണവും സ്നേഹവും ഉള്ള ഭാര്യയായി തന്നെ സഹവസിക്കുന്നതാണു്.

എന്നു്, നിങ്ങളുടെ

സ്വന്തം യൂജീൻ.

ഈ എഴുത്തു സീല് വെച്ചു, വിലാസം എഴുതി തപ്പാലാപ്പീസ്സിലിടാൻ യൂജിൻ ജന്നിയെതന്നെ എല്പിച്ചു. വിലാസം വായിച്ചുനോക്കിയപ്പോൾ ജന്നിക്കു തന്റെ പെട്ടെന്നു തുറന്നുപോയ കണ്ണുകൾ പൂട്ടാൻ വയ്യാതായി. “മിസ്റ്റർ ദാവീദിന്നു ഒരു എഴുത്തൊ! കാര്യം ഇത്രത്തോളമായൊ” എന്നു ജന്നി പിറുപിറുത്തു.

അതു് കേട്ടപ്പോൾ യൂജീൻ “ദാവീദിന്നു എന്നല്ല പറയേണ്ടതു്. എന്റെ ഭർത്താവിന്നു് എന്നു് പറയൂ.”

ഈ തെറ്റു് തിരുത്തലും ജന്നിയുടെ ആശ്ചര്യം വർദ്ധിപ്പിച്ചു.

അങ്ങിനെ ഇരിക്കുമ്പോൾ മിസ്റ്റർ ദാവീദിന്നു് ഒരു ദിവസം തന്റെ ഭാര്യയുടെ എഴുത്തു കിട്ടി. അതു പൊളിച്ചു വായിച്ചപ്പോൾ അദ്ദേഹം പരമാനന്ദംകൊണ്ടു് ലഹരി പിടിച്ച ഭ്രാന്തനെപ്പോലെയായി. അയാൾ തന്റെ ദാസനെ വിളിച്ചു, അടിയന്തമായിട്ടു് അന്നുതന്നെ കോഴിക്കോട്ടേക്കു പോകേണ്ടതായിരിക്കകൊണ്ടു് തന്റെ സാമാനങ്ങളൊക്കെ ഭദ്രമായികെട്ടി ഒരുക്കിവെക്കാൻ പറഞ്ഞു. അയാൾ മുറ്റത്തു് ചാടിവന്നു, സാമാനം കെട്ടുന്നതിൽ സഹായിക്കാൻ ബാക്കിയുള്ളവരോടും ആജ്ഞാപിച്ചു “എന്താണിത്രധൃതി” എന്നു മിസ്റ്റർ ദാവീദിനോടു് ഒരു പരിചയക്കാരൻ ചോദിച്ചപ്പോൾ “ഞാൻ എന്റെ ഭാര്യയുടെ ഒന്നിച്ചു ഉറങ്ങാനാണു് പോകുന്നതു്. ഒടുവിൽ അവൾ സംയോഗത്തിന്നു എന്നെ സമ്മതിച്ചു” എന്നൊക്കെ നിർലജ്ജം മറുവടി പറഞ്ഞതു കേട്ടപ്പോൾ ഹോട്ടൽ ഉടമസ്ഥൻ തന്റെ മുഖത്തു് പൊന്തിവന്ന ചിരി കാണാതിരിപ്പാൻ വേണ്ടി മുഖം ഒരു ഭാഗത്തു് തിരിച്ചുകളഞ്ഞു. ഈ വാക്കുകൾ പെട്ടെന്നു കേട്ടിട്ടു് ചില സ്ത്രീകൾ, തങ്ങളുടെ ജോലികളൊക്കെ നിർത്തി ഈ അസാധാരണ ശീലനായ ഭർത്താവിന്റെ മുഖം കാണാൻ വേണ്ടി ജനലുകളുടെ ഉള്ളിൽക്കൂടെ നോക്കി.

യൂജീൻ അവളുടെ വിധിക്കു വഴങ്ങുന്നപോലെ, ശാന്തമായും നിർഭയമായും തന്റെ ഭർത്താവായ ദാവീദിന്റെ വരവും പ്രതീക്ഷിച്ചു നിന്നു. എഡോൾഫിയുടെ പേർ തന്നെ മേലാൽ തന്നോടു പറഞ്ഞുപോകരുതെന്നു, യൂജീൻ ജന്നിയെ താക്കിതു് കൂടിച്ചെയ്തിരുന്നു.

ജന്നി:
(വിചാരം) ചെറിയമ്മയുടെ മനസ്സിലുണ്ടായിരുന്നവ്രണം ഉണങ്ങിപ്പോയെന്നു തോന്നുന്നു. എല്ലാം കാലവൈഭവം. എന്നാലുംകൂടി ഈ മാറ്റംകൊണ്ടു് എനിക്കു സന്തോഷമുണ്ടൊ എന്ന കാര്യം സംശയത്തിലിരിക്കുന്നു.

നാളുകൾ പിന്നെയും കുറെ കഴിഞ്ഞു. എന്നിട്ടും യുജീനിന്നു അവളുടെ ഭർത്താവിന്റെ യാതൊരു വിവരവും കിട്ടിയില്ല. യൂജീൻ അദ്ദേഹത്തിന്നു എന്തുവന്നു പിടിച്ചു പോയി എന്നു വിചാരിച്ചു ആശ്ചര്യപ്പെട്ടു. എല്ലാംകൂടി അദ്ദേഹത്തിന്നും കൂടി തന്റെ നേരെ ഉണ്ടായിരുന്ന പ്രണയം വിട്ടുപോയൊ എന്നുംകൂടി അവൾ ആലോചിച്ചു. ഒടുവിൽ ഒരുവിധേന അവൾ എല്ലാറ്റിന്നും വഴിപ്പെട്ടുകൊടുത്തപ്പോൾ, തന്റെ ഭർത്താവിനും കൂടി തന്നെ വേണ്ടെന്ന നിലവന്നുപോയാൽ അവൾ ജീവിച്ചിരുന്നിട്ടു് പ്രയോജനമില്ലെന്നും അവൾക്കു തോന്നി അങ്ങിനെയൊരു വിചാരം ഉള്ളിൽ കടന്നുകൂടിയപ്പോൾ ലജ്ജകൊണ്ടു് അവളുടെ മുഖം തുടുത്തു.

ഇങ്ങിനെ കാത്തുകൊണ്ടിരിക്കുമ്പോൾ യൂജീനിന്നു് അവസാനം ഒരു എഴുത്തുകിട്ടി. അതിൽ അവളുടെ ഭർത്താവിന്റെ വിവരമുണ്ടായിരിക്കുമെന്നു മുൻകൂട്ടിത്തന്നെ അവളുടെ മനസ്സിൽ ഒരു തോന്നാൽ ഉണ്ടായി. അതു് ശരിയായിരുന്നു.

എഴുത്തു് കൊച്ചിൻമുൻസിപ്പാലിട്ടി ചെയർമേൻ അവർകളുടേതായിരുന്നു. ഒരു ബസ്സ് അപകടത്തിൽപെട്ടു പോയിട്ടു് നേരിട്ട ഭയങ്കരപരുക്കുകളും മുറികളും നിമിത്തം മിസ്റ്റർ ദാവീദ് പരലോകം പ്രാപിച്ചു എന്നായിരുന്നു അതിൽ എഴുതിയിരുന്ന വിവരം! ഈ സംഭവം ഉണ്ടായതു് കോഴിക്കോട്ടേക്കു വരുന്ന വഴിക്കായിരുന്നു അത്രെ. പെട്ടെന്നു ദാവീദിന്റെ ഭാര്യക്കു വന്നുചേർന്ന വൈധവ്യതാപം നിമിത്തം ചെയർമേനും സഹതപിക്കുന്നു എന്നുകൂടി ആ എഴുത്തിൽ കണ്ടിരുന്നു.

യൂജീൻ യഥാർത്ഥമായി കരഞ്ഞു. ജന്നിയും അവളുടെ ഒന്നിച്ചു കരഞ്ഞു. തന്റെ ഭർത്താവിന്റെ ഗുണങ്ങളൊക്കെ അല്പം വർദ്ധിച്ചുപോയ നിലയിൽ യൂജിൻ ഓർക്കുവാൻ തുടങ്ങി. മിസ്റ്റർ ദാവീദ് വാസ്തവത്തിൽ അസാരം ബുദ്ധികുറയുന്ന ആളാണെങ്കിലും കൂടി ഒരിക്കലും ഒരു ചീത്ത മനുഷ്യനല്ലായിരുന്നു എന്നു എല്ലാവരും ഒന്നാമതായി അഭിപ്രായപ്പെട്ടു തുടങ്ങി.

ഉപദേശിയാരും ഭാര്യയും മകളെ ആശ്വസിപ്പിപ്പാൻ എത്തി. ദാവീദിന്റെ മരണം നിമിത്തം മന്ദാരത്തിന്നു പ്രത്യേകം ഒരു വ്യസനമൊന്നും ഉണ്ടായിരുന്നില്ലെന്നപരമാർത്ഥവും യൂജീനിന്നു മനസ്സിലാക്കാൻ ഇടവന്നു. പോരാഞ്ഞിട്ടു, തന്റെ ഒന്നിച്ചുവന്നു പാർത്തുകൊൾവാനായി മന്ദാരം മകളോടു ആവശ്യപ്പെടുകയും ചെയ്തില്ല. ചുരുക്കിപ്പറഞ്ഞാൽ യൂജീനിനെ അവളുടെ ഇഷ്ടംപോലെചെയ്യുവാൻ വിട്ടുകൊടുത്തു.

അക്കാലത്തു യൂജീനിനെ കേവലം മറന്നുകളയുവാൻ വേണ്ടി എഡോൾഫി തെക്കൻ കർണ്ണാടകത്തിൽ ഇഷ്ടമുള്ള ദിക്കിൽ സഞ്ചരിച്ചു കഴിക്കുകയായിരുന്നു… അവന്റെ വെപ്പാട്ടിക്കു അയാളുടെ ഉള്ളിൽ വെറുപ്പു തോന്നിപ്പിക്കാനേ സാധിച്ചുള്ളു. അവളോടുണ്ടായിരുന്ന എടവാടു നിമിത്തം അയാൾക്കു ദാവീദിന്റെ ഭാര്യയോടുണ്ടായിരുന്ന പ്രണയത്തിന്നു ശക്തി കൂടിവന്നതേ ഉള്ളു. അയാൾ കോഴിക്കോടു് വിട്ടുപോയിട്ടു ഇപ്പോൾ ഏകദേശം ഒമ്പതുമാസമായി മടങ്ങിവന്നപ്പോൾ താൻ പുറപ്പെട്ടു പോകുന്ന സമയത്തെപോലെ തന്റെ ആധിക്കു യാതൊരു ശമനവും ഉണ്ടായിക്കണ്ടില്ല.

നാട്ടിൽ എത്തിയപ്പോൾ അയാളുടെ ഒന്നാമത്തെ വിചാരം ചാർലിയെയും ലൂയിസയേയും പറ്റി ആയിരുന്നു. അയാൾ അവരുടെ സ്ഥിതി എങ്ങിനെയെന്നു അറിവാൻ വേണ്ടി അങ്ങട്ടു ചെന്നു. ചാർലി എഡോൾഫിയെ കണ്ടപ്പോൾ മന്ദഹാസത്തിൽ മുഴകിയിരുന്നു. ഘനം ഒരേടത്തു ജാസ്തി കൂടിയപോലെ നടന്നിരുന്ന ലൂയിസ് “നീ എനിക്കു പന്ത്രണ്ടുണ്ടാവാനല്ലേ വിധിച്ചിരുന്നതു. ഞാൻ ഒന്നാമതായി അതിന്നിതാ ഒരുമ്പെട്ടിരിക്കുന്നു. ആ കുട്ടിയെ വളർത്താനുള്ള ഭാരം നിങ്ങൾ ഏറ്റെടുത്തുകൊൾവിൻ” എന്നു പറഞ്ഞു.

എഡോൾഫി:
അതിനൊന്നും വിരോധമില്ല. ഞാൻ ഇല്ലാത്ത സമയത്തു മോശ എന്റെ വീടു എതുപ്രാകാരത്തിൽ വെച്ചിരിക്കുന്നു എന്നു ഞാനൊന്നു ചെന്നു നോക്കട്ടെ അവനാണു് എന്റെ ഇപ്പഴത്തെ കാര്യസ്ഥൻ. ഞാൻ വരുന്ന വിവരത്തിന്നു അവന്നു എഴുതുകയും ചെയ്തിട്ടുണ്ടു്. എന്തു വിചാരിക്കാനും! ഒരു കാര്യസ്ഥനെ വെക്കേണ്ടുന്ന യോഗവും കൂടി എനിക്കു വന്നുകൂടി.

അങ്ങുട്ടു ചെന്നപ്പോൾ എല്ലാം റെഡിയായിക്കിടക്കുന്നതു കണ്ടു. മോശയെ കിട്ടിയതു എഡോൾഫിക്കു ഒരു നിധികിട്ടിയപോലെ ആയി. എല്ലാകാര്യവും തെറ്റു വ്യത്യാസമില്ലാത്ത ഒരു ഘടികാരം പോലെ നടക്കുന്നതായിക്കണ്ടു കുടിയാന്മാർ ശരിക്കു അവരുടെ പാട്ടസംഖ്യ അടച്ചു. അവരൊക്കെ തൃപ്തിയിലും സന്തോഷത്തിലും കഴിഞ്ഞിരുന്നു. കാലികൾക്കൊന്നും കേടു പറ്റിയിരുന്നില്ല. ചിറയിൽ മത്സ്യങ്ങളും ധാരാളമുണ്ടായിരുന്നു. തോട്ടക്കാരനെ കുസ്നിക്കാരൻ കണക്കു പഠിപ്പിക്കുകയായിരുന്നു.

എഡോൾഫി:
ഒന്നിനും ഒരു കുറവു ഞാൻ കാണുന്നില്ല. നീ എല്ലാം ശരിക്കു കൊണ്ടുനടന്നിരിക്കുന്നു. പിന്നെ എന്തെല്ലാമാണു് മോശേ! വർത്തമാനം.
മോശ:
സാറെ! ഒരു കാര്യം എന്നോടു ഓർമ്മവിട്ടുപോയി. ഉപദേശിയാരുടെ ഭാര്യയുടെ ഒരു കത്തുണ്ടായിരുന്നു.
എഡോൾഫി:
നിണക്കൊ എനിക്കൊ?
മോശ:
നിങ്ങൾക്കു വന്നിട്ടു ആറേഴുമാസമായി നിങ്ങളെ അറിയിച്ചതു ഒരു സമയം ആ വിവരം ആയിരിക്കും എഡോൾഫിയുടെ മുഖം വിളർത്തു.
എഡോൾഫി:
ഏതു വിവരം?
മോശ:
മന്ദാരത്തിന്റെ മകളുടെ ഭർത്താവു മരിച്ചുപോയി എന്ന വിവരം.
എഡോൾഫി:
അവൾക്കു വൈധവ്യം നേരിട്ടെന്നൊ?
മോശ:
അതെ, മിസ്റ്റർ ദാവീദ് മരിച്ചുപോയി.
എഡോൾഫി:
എപ്പോൾ, എങ്ങിനെ, ഏതു പ്രകാരത്തിൽ അയാൾ മരിച്ചു.
മോശ:
ഇവിടെക്കു വരുന്ന വഴിക്കു ഒരു ബസ്സ് അപകടത്തിൽ പെട്ടുപോയി. മരിച്ചിട്ടു ഇപ്പോൾ ഒമ്പതു് മാസം കഴിഞ്ഞു.
എഡോൾഫി:
എന്നിട്ടുംകൂടി നീ ആ വിവരം എനിക്കെഴുതി അറിയിച്ചില്ല അല്ലേ!
മോശ:
നിങ്ങൾക്കു കേൾക്കേണ്ടുന്ന ആവശ്യമില്ലെന്നല്ലേ! ഞാൻ കരുതിയതു്.
എഡോൾഫി:
മിണ്ടാതിരിക്കു മോശേ! അവൾ ഇപ്പോൾ എവിടെ ഉണ്ടു്? ഇവിടെത്തന്നെ ഉണ്ടൊ? അവളുടെ വിലാസം എന്താണു്. ബസ്സൊന്നുമില്ലെങ്കിൽ ഒരു ജടുക്ക കൊണ്ടുവാ. യൂജിൻ ഇപ്പോൾ സ്വതന്ത്രയായല്ലൊ. ഇനി മറ്റാരേയും കൂട്ടാക്കേണ്ടുന്ന കാര്യമില്ലല്ലൊ.
മോശ:
(വിചാരം) ഇയ്യാൾക്കു രണ്ടാമതും ഭ്രാന്തുപിടിച്ചോ?

എഡോൾഫി യൂജീൻ പാർക്കുന്നേടത്തേക്കു പുറപ്പെട്ടു വണ്ടി വേഗത്തിൽ തെളിക്കാൻ അയാൾ വണ്ടിക്കാരനോടു പറഞ്ഞു. അയാളുടെ വിചാരം അസാരം വ്യസനംകൊണ്ടു കലങ്ങിയിരുന്നു. യൂജീനിന്നു് പണ്ടേപോലെതന്നെ തന്നോടു് തോന്നിയിരുന്ന പ്രണയം നിലനില്ക്കുന്നുണ്ടായിരിക്കുമോ? അവളല്ലേ മറ്റൊരു പെണ്ണിന്റെ ഒന്നിച്ചു എന്നെ കണ്ടതു്! ഒരു യുവതി അങ്ങിനെ ഒരുകാര്യം മാപ്പാക്കാനിടയുണ്ടോ? ആലോചിക്കാത്തതും ചില സമയത്തു് സംഭവിച്ചേക്കാൻ മതി.

തന്റെ മകൾക്കു രണ്ടാമതും ഒരു വിവാഹത്തിന്നു് കാലമായെന്നു കണ്ടപ്പോൾ മന്ദാരം, എഡോൾഫിക്കു സിദ്ധിച്ചതായ സ്വത്തന്റെയും പണത്തിന്റെയും വിവരം യൂജീനിനോടു് പറയാതിരുന്നില്ല.

യൂജീൻ:
(വിചാരം) ഒടുക്കം ഇങ്ങിനെയാണു് കലാശിക്കുക. പണമുള്ളതുകൊണ്ടു് അയാൾ എന്നെ മറക്കും. എനിക്കാണെങ്കിൽ അയാളെ മറക്കാൻ സാധിക്കുന്നില്ല.

അങ്ങിനെ ഇരിക്കുമ്പോൾ ഒരു വണ്ടിയുടെ ശബ്ദം കേൾക്കായി വന്നു പല ശബ്ദങ്ങളും കേട്ടകൂട്ടത്തിൽ ഒരു ശബ്ദം എഡോൾഫിയുടെതാണെന്നു യൂജീനിന്നു തോന്നി. ജന്നിയുടെ സന്തോഷസൂചകമായ ഒരു നിലവിളിയും മുഴങ്ങി. എന്തിന്നു പറയുന്നു രണ്ടു ശക്തിയുള്ള കൈകൾ യൂജീനിനെ വന്നു പൊത്തിപ്പിടിച്ചു. എഡോൾഫിയുടേയും അവളുടേയും മുഖം ഒന്നിച്ചു ചേർന്നു.

ആദ്യം യൂജീൻ അയാളുടെ പിടിത്തത്തിൽ നിന്നു വിട്ടൊഴിവാൻ ശ്രമിച്ചു എന്നാലും അടങ്ങിക്കൂടുന്നതാണു് പരമാനന്ദമെന്നു അവൾക്കു തോന്നി. അയാളോടു് ചിലകാര്യങ്ങൾ ചോദിക്കാനുള്ളതും മറ്റൊരവസരത്തിലേക്കു നീട്ടിവെച്ചു. എന്തുതന്നെയായാലും യഥാർത്ഥമായ പ്രണയം അയാൾക്കു തന്നോടാണെന്ന കാര്യം യൂജീനിന്നു് നല്ലവണ്ണം മനസ്സിലായി.

എഡോൾഫി:
യൂജീനേ! എന്റെ ഒരേ ഒരു പ്രിയേ! എനിക്കെന്താനന്ദമാണെന്നു നീ വല്ലതും അറിയുന്നുണ്ടോ?
ജന്നി:
(വിചാരം) ദാവീദുമായിട്ടു യാതൊന്നും നടന്നിട്ടില്ലെന്നും കൂടി അയാൾ അറിഞ്ഞിരുന്നു എങ്കിൽ അയാളുടെ ആനന്ദത്തിന്നു് ഇതിലും ശക്തി കൂടുമായിരുന്നു.

ജന്നിയുടെ ഉദ്ദേശം മനസ്സിലായപ്പോൾ യൂജീനിന്റെ മുഖം നാണംകൊണ്ടു ചുവന്നു. ആ കാര്യം എഡോൾഫിയോടു് പറവാൻ യൂജീൻ ജന്നിയെ സമ്മതിച്ചില്ല. എങ്കിലും ജന്നി വിവാഹത്തെപ്പറ്റി സംസാരിപ്പാൻ തുടങ്ങി.

എഡോൾഫി:
എന്റെ പ്രിയപ്പെട്ട യൂജീനേ! വിവാഹം കഴിയുന്ന വേഗത്തിൽ നടക്കട്ടെ. വളരെ കാലം നമുക്കു കാത്തു കെട്ടിനില്ക്കേണ്ടി വന്നു.

എന്നാൽ യൂജീൻ വളരെ ഗൗരവഭാവത്തിൽ ഇങ്ങിനെ പറഞ്ഞു. “എന്റെ പ്രിയപ്പെട്ട എഡോൾഫി! എന്തു തന്നെയായാലും ദാവീദ് എന്നെ എത്രയോ സ്നേഹിച്ച ഒരാൾ ആണെന്ന പരമാർത്ഥം മറന്നുകളവാൻ പാടില്ല. അദ്ദേഹം മരിച്ചിട്ടു് ഒരു കൊല്ലം കഴിയുംമുമ്പെ എനിക്കു മറ്റൊരു വിവാഹത്തിന്നു ഏർപ്പാടു ചെയ്വാൻ പാടില്ല. ഇനി മുന്നൂ മാസവും കൂടി കഴിഞ്ഞാൽ മതി. അപ്പോൾ ഒരു കൊല്ലം തികയും.

ഉപദേശിയാരും ഭാര്യയും എഡോൾഫിയെ വേണ്ടതിലധികം പൊന്തിച്ചുവെച്ചു. എഡോൾഫിക്കു അവർക്കു തന്നോടുള്ള സ്നേഹത്തിന്നു കാരണം ഇന്നതാണെന്നു മനസ്സിലായിരുന്നെങ്കിലും അതു് പുറമേ പറഞ്ഞു അവരെ വെറുപ്പിക്കാൻ അദ്ദേഹത്തിന്നു ഉദ്ദേശമില്ലായിരുന്നു. തനിക്കു തന്റെ പരമാനന്ദം തന്നെ മതിയായിരുന്നു. അയാൾ എല്ലാരെയും താൻ വാങ്ങിയ വീട്ടിലേക്കു ക്ഷണിച്ചു. വീടൊക്കെ നടന്നു കണ്ടപ്പോൾ മന്ദാരത്തിന്നു ആശ്ചാര്യവും സന്തോഷവും തൃപ്തിയും ഒരേ സമയത്തു് ജനിച്ചു. ചാർലിയും ലൂയിസയും ആ സമയത്തു് അവിടെ ഉണ്ടായിരുന്നു. എഡോൾഫിയുടെ സന്തോഷത്തിൽ അവരും ഭാഗഭാക്കുകളായി.

ലൂയിസ്:
(മന്ദഹാസത്തോടെ) ചാർലി! നമ്മെപ്പോലെ തന്നെ അവരും ഭാഗ്യവാന്മാരാവാൻ പോകുന്നുണ്ടു്.

വിവാഹദിവസം പുലർന്നപ്പോൾ എഡോൾഫിയുടെ ആനന്ദത്തിനു് സീമയുണ്ടായിരുന്നില്ല. പള്ളിയിലേക്കു പുറപ്പെട്ടു പോകുന്ന മണവാട്ടിയുടെ സൗന്ദര്യം കണ്ടിട്ടു എല്ലാവരും പുകഴ്ത്തിത്തുടങ്ങി. പിന്നിടു് യൂജീൻ “അനാഘ്രാതം പുഷ്പമെന്നും” “അനാവേധോൽ കീർണ്ണംമണി”യെന്നും യഥാർത്ഥത്തിൽ അറിയാറായപ്പോൾ എഡോൾഫിയുടെ സന്തോഷത്തിന്നും അനുരാഗത്തിന്നും സീമ ഉണ്ടായിരുന്നില്ല. ഒരു മണവാളന്നു യോനിക്ഷതം സിദ്ധിയാത്ത കന്യകയാണെന്നു, താൻ വിചാരിച്ചു വിവാഹം ചെയ്ത പെണ്ണു്, മുൻകൂട്ടി പുരുഷനെ അറിഞ്ഞുപോയ ഒരു പെണ്ണാണെന്നു് ബോദ്ധ്യം വരുന്നതു് സങ്കടമാണെങ്കിൽ, വിധവയാണെന്നു് അറിഞ്ഞിട്ടു് വിവാഹം ചെയ്തു ഒരു പെണ്ണു് യഥാർത്ഥത്തിൽ പരപുരുഷസ്പർശം അനുഭവിക്കാത്ത ഒരു കന്യകയാണെന്നു അറിയുമ്പോൾ എത്ര കണ്ടു് പരമാനന്ദപ്രദമായിക്കണം.

ക്ഷമയോടെ കാത്തുനില്ക്കുന്ന ഏതാൾക്കും ഈ ഭൂമിയിൽ സുഖം നിലവിലുണ്ടായിരിക്കുമെന്നാണു് വിചരിക്കേണ്ടതു്.

കെ. സുകുമാരൻ, ബി. എ.[1]

കെ. സുകുമാരന്‍ കാമ്പില്‍ തട്ടായിലത്തു ഗോവിന്ദന്റെയും, ഇടമലത്തു മാധവിയുടേയും മകനായി 1876 മെയ് 20-നു് ജനിച്ചു. നോര്‍മന്‍ സ്ക്കൂള്‍, മുന്‍സിപ്പല്‍ സ്ക്കൂള്‍, ബാസല്‍ മിഷന്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലാണു് പഠിച്ചതു്. ഇന്റര്‍മീഡിയറ്റ് പഠനം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പാലക്കാട് വിക്ടോറിയയിലും ആയിരുന്നു. ജന്തുശാസ്ത്രം ഐച്ഛികമായി, മദിരാശി പ്രസിഡന്‍സി കോളേജില്‍ നിന്നും 1894-ല്‍ ബിരുദം നേടി. തുടര്‍ന്നു് സിവില്‍ കോടതി ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 1915-ല്‍ സിവില്‍ ജുഡീഷ്യറി ടെസ്റ്റ് പാസായി. 1931-ല്‍ കോഴിക്കോട്ട് അസിസ്റ്റന്റ് സെഷന്‍സ് കോര്‍ട്ടില്‍ നിന്നും പെന്‍ഷന്‍ പറ്റി. കൗസല്യയെ ആണു് സുകുമാരന്‍ വിവാഹം ചെയ്തതു്. അദ്ദേഹം 1956 മാര്‍ച്ച് 11-നു് മരിച്ചു. ചെറുകഥ, നോവല്‍, നാടകം, കാവ്യം, ഹാസ്യം, ശാസ്ത്രം എന്നിങ്ങനെ പല ഇനങ്ങളിലായി അമ്പതോളം കൃതികള്‍ ഉണ്ടു് സുകുമാരന്റേതായി. സുകുമാരകഥാമഞ്ജരി, ചെറുകഥ, അഞ്ചുകഥകള്‍ എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ കഥകള്‍ ലഭ്യമാണു്.

കൃതികള്‍: അഴകുള്ള പെണ്ണു്, വിധി, ആ വല്ലാത്ത നോട്ടം, ഇണക്കവും പിണക്കവും, ഒരു പൊടിക്കൈ, പാപത്തിന്റെ ഫലം, ആരാന്റെ കുട്ടി, വിധവയുടെ വാശി, വിവാഹത്തിന്റെ വില, വിരുന്നു വന്ന മാമന്‍.

കുറിപ്പുകൾ

[1] അതീവ ഖേദത്തോടെ പറയട്ടെ. ഇത്രയും പ്രശസ്തനായിരുന്ന ഈ സാഹിത്യകാരന്റെ ഒരു ഫോട്ടോ പോലും കിട്ടാനില്ല. വായനക്കാരിൽ ആർക്കെങ്കിലും ഫോട്ടോ അയച്ചു തരാൻ കഴിയുമെങ്കിൽ നമുക്കു് ഈ ഡോക്യുമെന്റേഷൻ പൂർണതയിലെത്തിക്കാം.

Colophon

Title: Vivahaththinte Vila (ml: വിവാഹത്തിന്റെ വില).

Author(s): K. Sukumaran, B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Novel, K. Sukumaran, B. A., Vivahaththinte Vila, കെ. സുകുമാരൻ, ബി. എ., വിവാഹത്തിന്റെ വില, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Unequal Marriage, a painting by Vassili Vladimirovich Pukiryov (1832–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.