ദുർഘടമായ വഴി വരച്ചു വെച്ച ചെവി,
കാറ്റടിച്ചാൽ മാത്രം മുഖം തൊടുന്ന മുടി,
നിറം മങ്ങിയ വെള്ളാരങ്കല്ലു പോലെ
ഉലഞ്ഞ മുലഞെട്ടു്.
അടിവയർ മടക്കിൽ
ആലസ്യം പതഞ്ഞു് തുടങ്ങുന്നു.
രോമകൂപങ്ങളിൽ ഏതു നേരവും തുടങ്ങാവുന്ന
വിയർപ്പിന്റെ ഫ്ലാഷ് മോബ്.
പെട്ടുപോയാൽ തിരിച്ചുവരവില്ലാത്ത
പൊക്കിൾ ചുഴി
വസന്തം വരുമെന്ന തോന്നലിൽ
തുറിച്ചു നോക്കി.
വീട്ടുമുറ്റത്തെ കടപ്പുറത്തു് കിടന്നു്
അസ്തമയ സൂര്യൻ കക്ഷത്തിലേക്കു്
ഇറങ്ങിപ്പോകുന്നതും
നോക്കിനിൽക്കെ
നിന്റെ മുലകൾക്കിടയിൽ ഞാൻ
വരച്ചൊരു മീൻ ഉണ്ടായിരുന്നല്ലോ?
ഏതു നിമിഷവും
ഉൾക്കടലിലേക്കു് ഊളിയിട്ടിറങ്ങാൻ
വെമ്പലുകൂട്ടികൊണ്ടിരിക്കുന്നതു്…
അതെവിടെപ്പോയി?
തുടകൾക്കിടയിലെ
കാക്കപ്പുള്ളികളിൽ വരെ തിരഞ്ഞിട്ടും,
നേർത്ത വിരലുകളിൽ പറ്റിയിരിപ്പുണ്ടോയെന്നു്
എന്റെ വിരൽ കോർത്തു് നോക്കിയിട്ടും,
നിന്റെ നാവിനടിയിൽ എന്റെ നാവു്
നങ്കൂരമിട്ടപ്പോഴും
മീനടയാളങ്ങൾ ഒന്നും കണ്ടതേയില്ല.
ഉടൽപെടപ്പിലെപ്പോഴോ
നിന്റെ മുഖത്തേക്കു്
എന്റെ കാഴ്ച്ചയുടെ പ്രതലം നീണ്ടു.
പൊടുന്നനെ നിന്റെ കണ്ണിൽ നിന്നൊരു
പൊന്മാൻ ചിറകടിച്ചുയർന്നതു കണ്ടു.
അതിന്റെ തൂവലിൽ ഒരു മീൻകണ്ണു്
പറ്റിപ്പിടിച്ചിരുന്നു.
നിന്റെ പുരികങ്ങൾക്കിടയിൽ നിന്നാണു്
മെലിഞ്ഞുണങ്ങിയ ഒരു
ശിലായുഗനദിയുടെ ഭൂപടം
ഞാൻ ആദ്യം കണ്ടെടുത്തതു്.
ആദിമമായ കാഴ്ച്ചകൾ പേറിയ കണ്ണിൽ
ചരിത്രാതീതകാലത്തെ നഗരാവശിഷ്ടങ്ങൾ
ചിതറി കിടന്നു.
നിന്റെ സാമ്രാജ്യത്തിന്റെ അതിരുകാത്ത
മുടിയിഴകളിലെല്ലാം
അന്യാധീനപ്പെട്ടു പോയൊരു
ഭാഷ കലമ്പൽ കൊണ്ടു.
ഒരു നൃത്തം വെയ്ക്കുന്ന പെൺകുട്ടിയുടെ ശില്പമോ,
മെലൂഹയെന്ന പോലൊരു പേരോ,
അങ്ങനെ
അടയാളങ്ങൾ കണ്ടുപിടിക്കാൻ
ബാക്കി ഒന്നും ഉണ്ടായിരുന്നില്ല.
നീ പ്രചരിപ്പിച്ച മതമോ
നീ അച്ചടിച്ച നാണയങ്ങളോ
നിന്റെ പടുകൂറ്റൻ പ്രതിമകളോ
നീ കടന്നു പോയ വഴിയോ വേഗമോ ഒന്നും
ഒരു ലിപികളിൽ പോലും കണ്ടെടുത്തില്ല.
നിന്റെ കാലത്തെ യുദ്ധങ്ങളോ,
നീ തടവിൽ വെച്ച അടിമകളോ,
ഇടയിൽ വന്ന വെള്ളപ്പൊക്കമോ,
കാണാതെ പോയ കാടോ, കടലോ
ഒന്നിനും തെളിവുകളുണ്ടായിരുന്നില്ല.
ഇടക്കു് തോന്നാറുണ്ടു്
ഏതോ ഒരു ഓർമ്മയുടെ
അവശേഷിച്ച വരിയിൽ
തൊട്ടു നിന്ന രണ്ടു് അടയാളചിഹ്നമായിരുന്നു നമ്മളെന്നു്.
ഓർമ്മിക്കാൻ വേണ്ടി
കാലം സ്റ്റാംപുകൾ പോലും
ഉണ്ടാക്കുകയില്ലെന്നു് തീർച്ചയാണു്.
മറ നീക്കി പുറത്തു വരുന്നതുവരെ
ആഴത്തിൽ പിന്നെയും പിന്നെയും
തിരഞ്ഞു നോക്കുകയല്ലാതെ
മറ്റെന്തു ചെയ്യാനാണു്?
കരിങ്കൽ ചീളുകളുടെ മേൽക്കൂരക്കു് മുകളിൽ
തണുപ്പിന്റെ വിത്തുകൾ മുളച്ചു പൊന്തുന്നു.
താഴെ
ഉരുകാതെ പിടിച്ചു നിൽക്കുന്ന
ചുമരുകൾക്കിടയിൽ നിന്നു്
കല്ലുകൾ പല്ലിറുമ്മുന്നു.
നിശബ്ദത ഒലിച്ചിറങ്ങിയ അടുപ്പിൽ
തണുത്തുറഞ്ഞ തീ പടരുന്നു
വിഷാദത്തിന്റെ നീലിച്ച മുറിവിലേക്കു്
ഉറുമ്പിൻ കൂട്ടങ്ങൾ വരിനിൽക്കുന്നു…
ഒരാൾക്കുവേണ്ടി മാത്രം
നട്ടുനനച്ച വീടു്
ഒരൊറ്റ ചിത്രമായി തീരുന്നു.
വിചിത്രമായൊരു തോന്നലിൽ
ആ വീടു് ഇടക്കിടെ
ചിറകു് കുടയുന്നു,
അടുക്കളകൾ ഓളിയിടുന്നു,
ജനലുകൾ കൈ കൊട്ടുന്നു.
പതിയെ വീടിറങ്ങി നടക്കുന്നു.
കോഴിക്കോടു് സ്വദേശി. പോയട്രി ഇൻസ്റ്റലേഷൻ അവാർഡ്, പൂർണ്ണ പബ്ലിക്കേഷൻ സുവർണ്ണ ജൂബിലി കവിത പുരസ്കാരം എന്നിവ നേടി.
ചിത്രങ്ങൾ: വി. മോഹനൻ