images/Young_Housewife.jpg
Young Housewife, a painting by Alexey Vassilievich Tyranov (1808–1859).
അടുക്കളയിൽ നിന്നു്
എസ്. വി. വേണുഗോപൻ നായർ

ആനന്ദകൃഷ്ണൻ ആകെ വലഞ്ഞു. അരിശമോ, സങ്കടമോ, പൊറുതികേടോ എന്താണതെന്നു് അയാൾക്കു് തന്നെ നിശ്ചയമില്ല.

വീട്ടിലിരുന്നു് ആലോചിക്കുമ്പോൾ തോന്നും ‘ഹേയ്, കാര്യമൊന്നുമില്ല. വെറും ഒരു പേടി, അത്രേയുള്ളു’. പിന്നെ കൌമാരത്തിൽ താൻ ചെയ്ത സാഹസിക കൃത്യങ്ങളോർത്തു് അഭിമാനംകൊളളും. തന്നെത്തന്നെ നോക്കി ഒന്നൂറി ചിരിക്കും. ശാന്തമായൊന്നു് മയങ്ങും.

പക്ഷേ, മയക്കം മുറുകുംമുമ്പു് ഞെട്ടി ഉണരും. പിന്നെയും വേവലാതി, പ്രാണസഞ്ചാരം.

ഓഫീസിൽ എല്ലാം കുഴഞ്ഞമട്ടായിരിക്കുന്നു. പതിനഞ്ചു കൊല്ലം വെളിമ്പറമ്പിലിരുന്നു് ഫയൽ കരണ്ടിട്ടാണു് പ്രത്യേകം ക്യാബിനുളള ആഫീസറായതു്. ആദ്യമൊക്കെ അതിലൊരു അന്തസ്സുണ്ടെന്നു് തോന്നിയിരുന്നു. ഇപ്പോൾ ഈ ഏകാന്തത്തടവിൽ നിന്നു് മോചനം കൊതിക്കുന്നു. മഹാജനത്തെ കണ്ടും പേശിയും ഇരുന്നാൽ ഇത്രയ്ക്കു് വിമ്മിട്ടം ഉണ്ടാവില്ല.

മുന്നിലിരിക്കുന്ന ഫോണിൽ കണ്ണുവീണാലുടനെ ഉൽക്കണ്ഠ നെഞ്ചുപിളർന്നുപൊങ്ങും. വിരലുകൾ നിവർന്നു് ചാടും.

എട്ടു് ഒന്നു് എട്ടു് രണ്ടു് പൂജ്യം…

അപ്പുറത്തു് റിസീവറെടുക്കാൻ വൈകിയാൽ ഇരിപ്പുറക്കില്ല. ‘ഹലോ യമുനയാണോ… വീട്ടിൽ വിശേഷം എന്തെങ്കിലും…?’ അതുകേട്ടു് ചിലപ്പോൾ അവൾ ചിരിക്കും.

‘ഇവിടുന്നു് പോയിട്ടു് ഒരു മണിക്കൂറായില്ലല്ലോ. അതിനിടയ്ക്കു് എന്തു വിശേഷം വരാൻ?’

ചിലനേരം അവൾ പൊട്ടിത്തെറിക്കും. ‘പുന്നാരിക്കാൻ കണ്ട നേരം. എന്തെല്ലാം ജോലി കിടക്കുന്നു.’

‘നിന്റെ ജോലിക്കാര്യം തന്നെയാണു് പറയാൻ തുടങ്ങിയതു്. ഗ്യാസിന്റെ വാൽവ്…’

‘ഓ!’ അവളുടെ ഒച്ചയിലുള്ളൊരു പരിഹാസം.

എല്ലാം സഹിക്കുകയേ നിവർത്തിയുള്ളു. മർത്ത്യവിധി ഇങ്ങനെയും! ആറ്റിൽ കുളിച്ചു്, കിണറ്റുവെളളം കുടിച്ചു്, മൺകലത്തിൽ വച്ച ചോറുണ്ടു് വളർന്നു. മണ്ണെണ്ണ വിളക്കിനു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു് പഠിച്ചു.

തൊട്ടുടുത്ത കൊച്ചുപട്ടണത്തിലെ കൊച്ചു് ഓഫീസിൽ പണിയെടുത്തു. വൈകീട്ടും, കാലത്തും പ്രൈവറ്റ് ബസ്സിൽ തൂങ്ങി സഞ്ചരിച്ചു. ഇതിനിടെ കല്യാണം കഴിച്ചു. ഓണത്തിനും, വിഷുവിനും, ദീപാവലിക്കും സദ്യയുണ്ടു. കൊട്ടകയിൽ സിനിമ കണ്ടു. അല്ലലറിയാത്ത കാലം.

ശനിദശയുടെ തുടക്കത്തിലാണു് ഒരു ടെസ്റ്റെഴുതാൻ തോന്നിയതു്. പ്രതീക്ഷിച്ചതല്ലെങ്കിലും ജയിച്ചു. അന്നു് തന്നെക്കാൾ മണ്ടന്മാരാണു് മറ്റെല്ലാരും എന്നോർത്തു് ആനന്ദകൃഷ്ണൻ ചിരിച്ചു. ഒറ്റയടിക്കു് രണ്ടു പടി കയറ്റം. സ്ഥലം മാറ്റം. പുതിയ ഓഫീസ്. വലിയ പട്ടണം. ഏറിയ ചുമതല.

വേവലാതി പൂണ്ട യമുനയോടു പറഞ്ഞു: ‘ഞാൻ അവിടെ ലോഡ്ജിൽ കഴിഞ്ഞു കൊള്ളാം. വാരാന്ത്യത്തിൽ വരാം. എല്ലാം നോക്കി നടത്തണം.’ അവൾ നിറകണ്ണുകൾ തിളങ്ങുന്ന തലയാട്ടി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ യമുനയുടെ മനം ലേശം ഇളകി. രാത്രി തനിച്ചു് കിടക്കാൻ ഭയന്നിട്ടോ, അയൽക്കാരികൾ മന്ത്രിച്ചു് പിരി കേറ്റിയിട്ടോ അവൾ അല്പാല്പം ശാഠ്യംപിടിച്ചു തുടങ്ങി.

‘നമുക്കു സിറ്റിയിലു് ഒരു വീടു് എടുത്താലെന്താ? കുട്ടികളുടെ പഠിത്തം നോക്കണ്ടേ… നാട്ടിലെ സ്ക്കൂള് അറുവഷളായിരിക്കയാണു്. പിള്ളേരു് അവിടെ നിന്നു് വേണ്ടാതീനമേ പഠിക്കൂ.’

ആദ്യമാദ്യം ആനന്ദകൃഷ്ണൻ അതു കേട്ടില്ലെന്നു നടിച്ചു. പക്ഷേ, യമുന നിസ്തന്ദ്രം ധാര കോരി.

‘ഹോട്ടലിലുണ്ടുണ്ടു് ശരീരം എന്തു കോലമായി എന്നറിയാമോ. കണ്ണാടിയിൽ ഒന്നു നോക്കിയേ’.

‘നാൽപതായില്ലേ, ഇനി ഉണങ്ങുന്നതാ നല്ലതു്’.

ആനന്ദകൃഷ്ണൻ ഒരു ചിരി പൂശി നോക്കി. ഒരു മറുപടിയും യമുനയ്ക്കു് ബോധിച്ചില്ല. അവളുടെ കിനാവും നാവും നഗരവാസത്തിൽക്കുരുങ്ങിക്കിടക്കുന്നു. ആനന്ദകൃഷ്ണൻ എത്രനേരം ഊമ കളിക്കും! ഒടുവിൽ അവളുടെ വാ മൂടാൻ ഒരു ഒറ്റമൂലി കണ്ടെത്തി.

‘നീ എന്താ ഇപ്പറയുന്നേ? വാടകവീട്ടിലു് കൂടിക്കിടക്കണോ? വീട്ടുടമസ്ഥന്റെയും കെട്ടിയോളുടേയും വായിലിരിക്കണതെല്ലാം നമ്മൾ ഏറ്റുപിടിക്കണം. ഒരുനേരം സ്വൈര്യമുണ്ടാവില്ല.’

യമുന മൌനം പൂണ്ടു. അയാൾക്കു സന്തോഷമായി. അടുത്ത വാരാന്ത്യത്തിൽ അതിനും അവൾ മറുമരുന്നു് തയ്യാറാക്കിയിരുന്നു. ‘വാടക വീടു് വേണ്ട. നമുക്കൊരെണ്ണം വിലയ്ക്കു് വാങ്ങാം.’

‘വിലയ്ക്കൊ!’ അന്തംവിട്ടു് അയാൾ ചോദിച്ചു. ‘എത്ര രൂപയാകുമെന്നാ നിന്റെ വിചാരം’

‘എത്രയോ ആയിക്കോട്ടെ, ഞാൻ തരാം.’

‘നീയോ!’

അയാൾ പകച്ചു നോക്കി. യമുന ചിരിച്ചു. ‘അച്ഛൻ വന്നിരുന്നു. കഴിഞ്ഞമാസം സർവ്വീസീന്നു പിരിഞ്ഞപ്പോ നല്ലൊരു തുക കിട്ടിയത്രേ. ഇനിയും എന്തോ കിട്ടുംന്നു്. ഞാൻ സിറ്റിയിൽ ഒരു വീടു് വാങ്ങണ കാര്യം പറഞ്ഞപ്പോൾ അച്ഛനു് വലിയ ഉത്സാഹം. പിന്നെ, അച്ഛൻ ഓർമ്മിപ്പിച്ചപോലെ നമുക്കൊരു പെൺകുഞ്ഞില്ലേ. സിറ്റിയിൽ ഒരു വീടു് കൊടുക്കാമെന്നു പറഞ്ഞാൽ ഏതു വമ്പനും വീഴും.

വീടിനുവേണ്ടി മുടക്കുന്ന പണം ഡെഡ് ഇൻവെസ്റ്റ്മെന്റാണെന്നൊക്കെ ആനന്ദകൃഷ്ണൻ വാദിച്ചാലുണ്ടോ യമുന അടങ്ങുന്നു.

പിറ്റേ ആഴ്ച മകളുടെ ഭാഗം വാദിക്കാൻ പിതാവുമെത്തി.

അദ്ദേഹം നഗരത്തിൽ രണ്ടുമൂന്നു വീടുകൾ കണ്ടുവെച്ചു കഴിഞ്ഞു.

ആനന്ദകൃഷ്ണൻ ചെന്നൊന്നു് നോക്കുക, അഡ്വാൻസ് കൊടുക്കുക,അത്രേ വേണ്ടൂ.

ആ വാർത്ത കേട്ടപ്പോൾ കുട്ടികൾക്കു് പൊന്നോണം അവർ ഇടംവലം നിന്നു് ആനന്ദകൃഷ്ണനെ മെരുക്കി. ഒടുവിൽ ആനന്ദകൃഷ്ണന്റെ അമ്മയും വേദിയിലെത്തി. ‘മോനേ, എല്ലാം കൊണ്ടും അതാ നന്നു്.’ ‘അമ്മയെ നോക്കാൻ ഇവിടാരും വേണ്ടേ?’ അയാൾ ഓതിരം പയറ്റി. ‘കുഴിയിൽ പാതി ഇറങ്ങിയ എന്നെ ഇനി നോക്ക്ണു! ഇവിടെ നെന്റെ ഇളയ ഒരുത്തി ഇല്ലേ. പോരെങ്കിൽ വേലക്കാരീം. നീ സിറ്റിയിലു് താമസമാക്കിയാലു് എനിക്കവിടെ വന്നു് പദ്മനാഭസ്വാമിയെയും ആറ്റുകാലമ്മേമൊക്കെ തൊഴുകേം ചെയ്യാം.’

images/adukala-03.png

അങ്ങനെ പഴുതുകളെല്ലാമടച്ചു് മൂന്നുതലമുറ നിന്നപ്പോൾ ആനന്ദകൃഷ്ണൻ പത്തിയൊതുക്കി. നഗരത്തിലെ ഒരു ഊടുവഴിയോരത്തെ വീടു് വിലപേശിയൊതുക്കി. കഴുകിത്തേച്ചു ചായമടിച്ചു മിനുക്കിയപ്പോൾ അതൊരു നേട്ടമായെന്നുതന്നെ അയാൾക്കുതോന്നി. പിന്നെ കുടുംബ കണിയാരെക്കൊണ്ടു് നാളും തിഥിയും നോക്കി, കാലദോഷങ്ങൾ പോക്കി, സകുടുംബം കുടിയേറി. സിറ്റി ബസിൽ ഇരുപതു മിനിട്ടിരുന്നാൽ ആപ്പീസ്സ്. വൈകീട്ടു് മെല്ലെ നടന്നിങ്ങു പോരാം. സങ്കടങ്ങളേതുമില്ലാതെ മാസം രണ്ടു് പറന്നുപോയി.

നിനച്ചിരിക്കാത്ത നേരത്താണു് യമുനയുടെ തുടക്കം: ‘പിള്ളേർക്കു് എട്ടുമണിക്കു് പോണം. വെളുപ്പാൻകാലത്തേ എണീറ്റു് പെടപെടച്ചാലും സമയത്തൊന്നും ആവണില്ല. എനിക്കു വയ്യാ ഇങ്ങനെ ഓടിച്ചാടി ചാകാൻ’.

‘കുട്ടികൾക്കു് ഹോട്ടലിൽ ഏർപ്പാടാക്കാം’.

‘അയ്യാ! നല്ല പുകിലു്! ഒരു പ്രഷർകുക്കർ വാങ്ങിയാലു് കാര്യം കഴിഞ്ഞു. അരമണിക്കൂറു മതി അരി വേവാൻ’.

‘അത്രേയുള്ളോ. ഉദ്ദേശം എന്തു വില വരും?’

തന്റെ ബഡ്ജറ്റിലൊതുങ്ങാത്തതല്ലാ സൌകര്യത്തിന്റെ വിലയെന്നു കണ്ടപ്പോൾ ഒന്നാംതീയതി തന്നെ ക്ലേശമോചനം സാധിക്കാമെന്നു പ്രതിജ്ഞ ചെയ്തു.

പ്രഷറിൽ വെന്ത ചോറിന്റെ രുചി ആനന്ദകൃഷ്ണനു് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഭാര്യയുടെ ആശ്വാസമോർത്തു് ആഹ്ലാദിച്ചു.

പത്തുനാൾ കഴിഞ്ഞപ്പോഴാണു് ഓഫീസിലെ ലേഡീ ടൈപ്പിസ്റ്റിനു് സംഭവിച്ച അത്യാഹിതത്തിന്റെ വാർത്ത ആ കൂറ്റൻ കെട്ടിടത്തെയും നടുക്കി കൊണ്ടു് വരുന്നതു്.

പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു് മുപ്പതു തികയാത്ത ആ സുന്ദരിയുടെ ഉടലാകെ പൊള്ളിയത്രേ. മാംസം അങ്ങിങ്ങു് വെന്തിഴിഞ്ഞു. മുഖം അപ്പടി ബീഭത്സമായി. ഒന്നു കണ്ടാൽ ഉയിരുള്ളവർ നിലവിളിച്ചു പോകും.

‘രക്ഷപ്പെടുന്ന കോളില്ല. രക്ഷപ്പെട്ടാലും വിശേഷമില്ല.’ പ്യൂൺ അതു വിവരിച്ചപ്പോൾ ആനന്ദകൃഷ്ണൻ വിളറിവെളുത്തു.

ഉടൻ തന്നെ ഫോൺ കറക്കി—എട്ടു്, ഒന്നു്, എട്ടു്, രണ്ടു്, പൂജ്യം… ‘യമുനേ, വല്ല വിശേഷവും…?’ അയാളുടെ തൊണ്ട വിറയ്ക്കുന്നതു് അവളറിഞ്ഞു. അവളുടെ സ്വരവും വിറച്ചു. ‘എന്താ സുഖമില്ലേ?’

ആനന്ദകൃഷ്ണൻ മിണ്ടിയില്ല. ടൈപിസ്റ്റിന്റെ ദുര്യോഗം ഭാര്യയോടു പറയാനുള്ള ധൈര്യം ഒരിക്കലും അയാൾക്കു കൈവന്നില്ല.

പിറ്റേന്നു രാത്രി ഏറ്റവും നല്ല മുഹൂർത്തം നോക്കി അയാൾ പറഞ്ഞു: ‘മൺകലത്തിലെ ചോറുണ്ടു ശിലീച്ചിട്ടാവാം എനിക്കീ കുക്കർ ചോറുണ്ടിട്ടു് ഒരസ്കിത!’

കണവനൊരു കൺട്രിയാണെന്ന മട്ടിൽ യമുന ചിരിച്ചു: ‘മെല്ലെ ഇതും ശീലമായിക്കൊള്ളും.’

അയാൾ വാക്കുകൾക്കു പരതി. ‘ന്നാലും മൺകലത്തിൽ വേവിച്ചു വാർത്ത ചോറിന്റെ രുചി…

യുമന ആ വിലാപത്തിന്റെ ഇടയ്ക്കു കയറി. ‘അത്ര കൊതിയാണെങ്കിലു് അവധി ദിവസം പഴയ ചട്ടീം കലവുമാക്കിക്കളയാം. പോരെ?’

അതുപോരാ എന്നെങ്ങനെ പറയും!

പ്രഷർ കുക്കറിന്റെ ചൂളം കേൾക്കുമ്പോൾ ആനന്ദകൃഷ്ണന്റെ ഹൃദയം വേവും. പമ്മിപതുങ്ങി അടുക്കളയോളം ചെന്നു വട്ടം കറങ്ങി തിരികെ പോരും.

തന്റെ പാവം ഭാര്യയ്ക്കു് കൂട്ടായിരിപ്പാൻ പരദൈവങ്ങളോടു് പ്രാർത്ഥിക്കും.

ഒരു പ്രഭാതത്തിൽ, പത്രത്തിൽ മനമുരുട്ടിക്കൊണ്ടിരിക്കുമ്പോൾ മോള് ചിണുങ്ങിക്കൊണ്ടു വരുന്നു:

images/adukala-02.png

‘അച്ഛാ ദേ കണ്ടോ, ഏട്ടൻ എന്റെ ബ്ളൌസ് കേടാക്കി.’

ബ്ളൌസിൻറെ ഒരുഭാഗം കരിഞ്ഞുപോയിരിക്കുന്നു. പുക പൊങ്ങുന്ന ഇസ്തിരിപ്പെട്ടിയുമായി പ്രതിയുമെത്തി. ‘എനിക്കാ കുറ്റം, ഇവള് കണക്കില്ലാണ്ടു് തീയിട്ടിട്ടാ പെട്ടി ചുട്ടുപഴുത്തതു്. ചൂടിന്റെ അളവറിയാൻ മീറ്ററുണ്ടോ ഇതിലു്?’

ആനന്ദകൃഷ്ണൻ ഒരു ന്യായവിധി കരുപ്പിടിപ്പിക്കുന്നതിന്നിടയിൽ പുത്രൻ കൂട്ടിച്ചേർത്തു: ‘നാശംപിടിച്ച ഈ പെട്ടി കളയുകയാ നന്നു്. ചാരം പറന്നുവീണു് എന്റെ രണ്ടു പാന്റ്സ് കേടായി. നമുക്കൊരു ഇലക്ട്രിക് അയേൺ വാങ്ങണം.’

ആനന്ദകൃഷ്ണൻ കലിതുള്ളി: ‘ങും, ഇലക്ട്രിക് അയൺ! കടന്നുപോ.’

ഡെപ്യൂട്ടി സെക്രട്ടറി മേനോന്റെ മകൾ ഇസ്തിറിപ്പെട്ടീന്നു് ഷോക്കേറ്റ് ചത്തുകിടക്കുന്നതു് അയാൾ കണ്ടതാണു്. ഏക സന്തതി.

രണ്ടു ദിവസം കഴിഞ്ഞു് മോൾ അയാളുടെ ഷർട്ടും പൊക്കിപ്പിടിച്ചുകൊണ്ടെത്തി:

‘ദാ കണ്ടോ, ഇതിലപ്പടി ഇരുമ്പൂറലു്. ഇലക്ട്രിക് പെട്ടിയായിരുന്നേല്…’

ആനന്ദകൃഷ്ണൻ ചീറിക്കൊണ്ടു് ചാടി: ‘സർവ്വ തുണീം കരിഞ്ഞു പറന്നുപോട്ടെ. ആളു കരിയില്ലല്ലോ.’

നാലുനാൾ കഴിഞ്ഞൊരു സന്ധ്യക്കു് ഓഫീസ്സിൽ നിന്നു വന്നപ്പോ കുട്ടികളെ കാണാനില്ല. ‘അച്ഛൻ വന്നിട്ടുണ്ടു്. കുട്ടികളേം കൂട്ടി നടക്കാൻ പോയിരിക്കുന്നു.’ യമുന അറിയിച്ചു. തുള്ളിക്കളിച്ചുകൊണ്ടാണു് മോൾ മടങ്ങി വന്നതു്. വന്നപാടെ പുതിയ ഇലക്ട്രിക് അയേൺ ആനന്ദകൃഷ്ണന്റെ മുന്നിൽ വച്ചു. ‘അച്ഛാ ഇതുകണ്ടോ, എല്ലാ അഡ്ജസ്റ്റ്മെന്റുമുണ്ടു്.’ അതെടുത്തു് തെരുവിലെറിയാനുള്ള അരിശം അയാളിൽ പതഞ്ഞു. ചാടിയെണീറ്റപ്പോൾ കണ്ണിൽ വീണതു് ശ്വശുരന്റെ മുഖം. കുട്ടികളുടെ ആഹ്ളാദത്തിൽ ധന്യത നുണയുന്ന ആ ചിരി. ആനന്ദകൃഷ്ണൻ ആരോടെന്നില്ലാതെ പറഞ്ഞു: ‘സൂക്ഷിച്ചുപയോഗിക്കണം’. ഇലക്ട്രിഫൈ ചെയ്ത വീടു് അഗ്നിപഞ്ജരമാണെന്നയാൾ ചിന്തിച്ചു. വയറിങ്ങിനു് തീപിടിക്കുന്നതു് വാർത്തയല്ലാതായി. മറ്റൊരുവൻ വച്ച വീടാണു്. വയറിങ് കൺസീൽഡ്. ഷോർട്ട് സർക്യൂട്ടോ മറ്റു വല്ല കൂനാക്കുരുക്കൊ സംഭവിച്ചാൽ അറിയാനും വഴിയില്ല. പെയിന്റടിക്കാൻ വേണ്ടി നനച്ചപ്പോൾ രണ്ടു ചുമരിൽ ഷോക്കുണ്ടായിരുന്നു. നല്ല മഴയുള്ള ദിവസം ആനന്ദകൃഷ്ണനു് ഉറക്കം വരില്ല. ചോർച്ചയുണ്ടോ? ചുമരു് നനയുന്നുണ്ടോ? കഥയില്ലാത്ത കുട്ടികൾ നനഞ്ഞ ചുമരിൽ തൊടുമോ? ടെസ്റ്ററുംകൊണ്ടു് മഴ തീരുവോളം ചുറ്റിക്കറക്കം തന്നെ.

മറ്റൊരു രാത്രി ധന്വന്തരം കുപ്പിയുമായിട്ടാണു് യമുന അടുത്തു വന്നതു്.

‘ഈ കുഴമ്പൊന്നു പുരട്ടിത്തരുമോ?’ അവൾ കൈമുട്ടു നീട്ടി. ‘രണ്ടു മുട്ടിലും നീരു്.’

അയാൾ സ്നേഹപുരസ്സരം ഉഴിച്ചിൽ തുടങ്ങിയപ്പോൾ യമുന പറഞ്ഞു:

‘ഇന്നു് കറിക്കു് അരയ്ക്കുമ്പോൾ കൈ ഒടിഞ്ഞെന്നുതന്നെ തോന്നി. ഹൊ! എന്തൊരു വേദന. രാവിലത്തെ പലഹാരത്തിനു് മാവു് അരച്ചതുമില്ല.’

‘കാപ്പിക്കു് ഉപ്പുമാവോ, ബ്രഡോ ഒക്കെ മതി. അരയ്ക്കലിനെയങ്ങു വിട്ടേരു്.’

‘നന്നായി, സന്തതികള് അതൊന്നും തൊടില്ല.’

ഇനി എന്തു പറയേണ്ടു എന്നു് വ്യഥ പുണ്ടിരിപ്പായി ആനന്ദകൃഷ്ണൻ. ആ മൌനത്തെ തെല്ലൊന്നു മാനിച്ചിട്ടു് യമുന ചൊല്ലി: ‘ഒരു മിക്സി വാങ്ങിയെങ്കിൽ അരപ്പും പൊടിപ്പും എത്ര എളുപ്പം.’

അതാ വരുന്നു അടുത്ത കുന്ത്രാണ്ടം എന്നു് അയാൾ മനസ്സിൽ കുറിച്ചു. പെട്ടെന്നു് പൊന്തിയ കോപത്തിരയിൽ നാവു താണുപോയി. താൻ പറഞ്ഞതു് ഭർത്താവിനു് രസിച്ചില്ലെന്നു് തോന്നിയ യമുന ആ വിഷയം പൂഴ്ത്തിക്കളഞ്ഞു.

പിറ്റേന്നു് ഓഫീസിൽ ചെന്നയുടനെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സേനനെ വിളിച്ചുവരുത്തി നയത്തിൽ ചോദിച്ചു: ‘ഈ മിക്സി അപകടമൊന്നുമുണ്ടാകാത്ത സാധനമാ… അല്ലേ?’

സാദാ അമ്മിയെപ്പോലെ തന്നെ നിരുപദ്രവിയാണു് മിക്സി എന്നു് സേനൻ ഉറപ്പിച്ചു.

എന്നിട്ടും സ്റ്റെനോടൈപ്പിസ്റ്റിനോടു് ഡിക്ടേഷനിടയിലൊന്നു ചോദിച്ചു.

‘ലതയുടെ വീട്ടിൽ മിക്സിയുണ്ടോ?’

‘ഉണ്ടു്.’

‘അതിൽ നിന്നു് വല്ല അപകടവും…’

‘എന്തപകടം?’

‘ഷോക്കടിക്കുക. ജാറു് പൊട്ടിത്തെറിക്കുക…’

ലത കുലുങ്ങിചിരിച്ചു: ‘ഈ സാറിന്റെ പേടി! ഒരു കുഴപ്പവും ഉണ്ടാവില്ല. സാർ ധൈര്യമായി വാങ്ങിക്കൊടുക്കണം.’

സന്ധ്യയ്ക്കു് മിക്സിയുമായി കയറിച്ചെന്നപ്പോൾ യമുന വിസ്മയവും സന്തോഷവും കൊണ്ടു് വീർപ്പുമുട്ടി.

‘ബ്ലേഡ് മാറ്റുമ്പോ സൂക്ഷിക്കണം.’ അയാൾ അടിക്കടി ഓർമ്മിപ്പിച്ചു.

എങ്കിലും മിക്സി ചിലയ്ക്കുമ്പോൾ ആനന്ദകൃഷ്ണനു് ഒരു വിങ്ങൽ. ആ ബ്ലേഡെങ്ങാൻ ഊരിത്തെറിച്ചാലോ. സേനന്റെയും ലതയുടെയും വാക്കുകൾ ഓർമ്മയിലെത്തും. അതോടെ മനം ശാന്തമാകും. പക്ഷേ, ഈ ഇലക്ട്രിക് അയണും പ്രഷർകുക്കറും മതിയല്ലോ സ്വൈരം കെടുത്താൻ.

ആനന്ദകൃഷ്ണൻ കുട്ടികളോടു് കർശനമായിത്തന്നെ പറഞ്ഞു:

‘ഇസ്തിരിയിടുന്നതു് ഞാൻ വീട്ടിലുള്ളപ്പോൾ മതി.’ മാത്രമല്ല ഓഫീസിൽ പോകുംമുൻപു് അതെടുത്തു് അലമാരയിൽ വെച്ചു പൂട്ടാനും അയാൾ പ്രത്യേകം ശ്രദ്ധിച്ചു. ഭയത്തിന്റെ ചതുപ്പിലൂടെ അയാളുടെ ദിനങ്ങൾ തങ്ങിയും താണും തെന്നിയും നീങ്ങിപ്പോകവേയാണു് അടുത്ത വൈതരണിയുടെ വരവു്. അതോ തികച്ചും ആകസ്മികമായി.

പീറ്ററും ഭാര്യയും ഒരു സൌഹൃദ സന്ദർശനത്തിനു വന്നതാണു്. ആനന്ദകൃഷ്ണൻ അവരോടു സംസാരിക്കേ കാപ്പിയുമായി യമുന കടന്നു വന്നു. അയാൾ ഭാര്യയെ ഒന്നേ നോക്കിയുള്ളൂ. തൊലിയാകെ ചുളുങ്ങിപ്പോയി. അവളുടെ മൂക്കിലും ഇടത്തേ കവിളിലും ബ്ളൌസ്സിലും കരി. അതിഥികൾ മാന്യരായതുകൊണ്ടു് ആ കരിച്ചാർത്തിനെ പറ്റി കമന്റൊന്നും പാസ്സാക്കിയില്ല. അതിഥികൾ പൊയ്ക്കഴിഞ്ഞപ്പോൾ തലയിലറഞ്ഞു സ്വയം ശപിച്ചു. ഈ നാണക്കേടു് എങ്ങിനെ മാറ്റുമെന്നു് പരിതപിച്ചു. ആനന്ദകൃഷ്ണൻ കുറേ പ്രസംഗിച്ചപ്പോൾ യമുന ഒരു കടലാസു് മുന്നിലേക്കിട്ടു. ഒരു ഗ്യാസ് ഏജൻസിയുടെ പ്രലോഭനശ്ശീട്ടു്. ഇപ്പോൾ റെജിസ്റ്റർ ചെയ്താൽ കൈയോടെ കണക്ഷൻ. കാത്തിരിക്കേണ്ടാ, തേടി നടക്കേണ്ടാ. ‘വിറകുകൊണ്ടു തീ കത്തിച്ചാലു് മോന്തയിൽ കരി പറ്റീന്നു വരും. ഗ്യാസ്സായാലു് ആ നാണക്കേടു് വരൂലാ.’ വിറകായാലു് കരി പറ്റുമെന്നല്ലേയുള്ളൂ. ആളു കരിഞ്ഞുപോവില്ലല്ലോ.’ ‘പിന്നെ ഗ്യാസ് വാങ്ങിയവരെല്ലാം ചാമ്പലായ് പറന്നു പോയിരിക്കയല്ലേ.’

അങ്ങനെ ഒരു വലിയ പിണക്കത്തിനു് തീ കത്തി. ആ സ്ട്രീറ്റിൽ ഗ്യാസ്സില്ലാത്ത ഒരേ ഒരു വീടു് അതുമാത്രം. പത്തു രൂപായുടെ വിറകു വാങ്ങാൻ മൂന്നു രൂപ കൂലി കൊടുക്കണം. ആ വിറകോ, വാഴപ്പിണ്ടിയേക്കാൾ കേമം. ഊതിയൂതി നെഞ്ചുപിളരും. പുക കയറി കണ്ണുകലങ്ങും. അയലത്തെ പെണ്ണുങ്ങൾ കളിയാക്കുന്നു…’ അങ്ങനെ പോയി യമുനയുടെ വായ്ത്താരി. പക്ഷേ, ആനന്ദകൃഷ്ണനു് ഗ്യാസ്സെന്നു കേൾക്കുമ്പോഴേ ശ്വാസം മുട്ടും. എത്രപേരെ ഉയിരോടെ ചുട്ട മാരണമാണതു്. വാൽവു് അടക്കുന്നതിലു് ലേശമൊരു അശ്രദ്ധ മതി വീടു് ചാമ്പലാകാൻ. ഒരു രാജവെമ്പാലയെ വീട്ടിൽ വളർത്തുകയാണു് ഇതിലും ഭേദം. ഭാര്യ പിണങ്ങിപ്പോയാലും ഈ വിന വിലയ്ക്കു് വാങ്ങില്ല—അയാളും തീരുമാനിച്ചു.

തെരുവിന്റെ അങ്ങേയറ്റത്തു താമസിക്കുന്ന ഭൈരവൻ ആനന്ദകൃഷ്ണന്റെ ഓഫീസ്സിലെ പ്യൂണാണു്. അയാൾ സൈക്കിളിനു് പിന്നിൽ ഗ്യാസ് സിലിണ്ടറുമായി പോകുന്നതു് ചൂണ്ടിക്കാണിച്ചു് യമുന പുലമ്പി: ‘വെറും പ്യൂണായാലെന്താ, ചില ഓഫീസ്സറന്മാരെക്കാൾ ബോധമുണ്ടു്.’ ആനന്ദകൃഷ്ണൻ പല്ലിറുമ്മിപ്പിടിച്ചു് നാവിനെ ബന്ധിച്ചു. ഒരു വാക്കു് മിണ്ടിയാൽ പൊട്ടിത്തെറിക്കുന്ന പരുവത്തിലായി ആ ദാമ്പത്യം. അതുകൊണ്ടു് ആകെ വലഞ്ഞതു് കുട്ടികളാണു്. ആരോടും ഒന്നും പറയാൻ വയ്യ. വീട്ടിന്റെ മുക്കിലും മൂലയിലും കൈബോംബ് പൊതികൾ വെച്ചിരിക്കും പോലെ.

ആ മഞ്ഞിനു് ആക്കം കൂട്ടിക്കൊണ്ടു് വൃശ്ചികമാസം എത്തി. വിരുന്നു പാർത്തു് ദൈവങ്ങളെ തൊഴാൻ ആനന്ദകൃഷ്ണന്റെ അമ്മ വന്നു. വൃദ്ധയ്ക്കു് ആ വീട്ടിലെ അടിയന്തരാവസ്ഥ മനസ്സിലാക്കാൻ രണ്ടുനാൾ വേണ്ടി വന്നില്ല.

മൂന്നാം ദിവസം ആഫീസിൽ നിന്നും എത്തിയ ആനന്ദകൃഷ്ണൻ യമുനയുടെ മുഖത്തു് പണ്ടെങ്ങോ നഷ്ടപ്പെട്ട പ്രസാദം കണ്ടു് വിസ്മയിച്ചു. അയാളെ കണ്ടതും അവൾ തെല്ലൊരു നാണത്തോടെ അകത്തേക്കു പോയി. അമ്മ സഹസ്രനാമം ചൊല്ലി കണ്ണുമടച്ചിരിപ്പാണു്.

ആനന്ദകൃഷ്ണൻ യമുനയെപ്പറ്റി ചിന്തിച്ചു കൊണ്ടുതന്നെ മോൾ കൊണ്ടുവന്ന ചായ നുണഞ്ഞു. അപ്പോൾ മോൾ ചോദിച്ചു: ‘അച്ഛാ, ചായയ്ക്കു് രുചി വ്യത്യാസമുണ്ടോ?’

ചോദ്യത്തിനു് അർത്ഥം പിടികിട്ടാതെ അയാൾ നോക്കി.

‘ഇതു് ഗ്യാസിൽ തിളപ്പിച്ചതാ’

‘ങേ’

അയാൾ ചാടിയെണീറ്റു് തുറിച്ചുനോക്കി.

‘അതേന്നു്, അമ്മൂമ്മയാ പണം കൊടുത്തതു്. ഏതോ കുറി കിട്ടിയ പണവുമായിട്ടാ അമ്മൂമ്മ വന്നതെന്നു്.’

ഈ ലോകത്തെ പെണ്ണുങ്ങൾ ഒന്നാകെ തന്നെ ദ്രോഹിക്കാൻ കച്ച കെട്ടി നിൽക്കുന്നതായി ആനന്ദകൃഷ്ണനു് തോന്നി. അയാൾ കപ്പു് മുറ്റത്തേക്കു് വലിച്ചെറിഞ്ഞിട്ടു് മുറിയിൽ ചെന്നു് കമിഴ്‌ന്നുകിടന്നു.

ഒരു നാഴിക കഴിഞ്ഞപ്പോൾ അമ്മ വന്നു് കട്ടിലിൽ ഇരുന്നു. ഓരോ നാട്ടു വിശേഷങ്ങൾ പറഞ്ഞു് അയാളെ ആശ്വസിപ്പിക്കാൻ തുടങ്ങി. ഇടയ്ക്കു് അവർ മകന്റെ നെറ്റിയിൽ തലോടി.

images/adukala-01.png

‘അയ്യോ മോനെ, നെറ്റി ചുടുന്നുണ്ടല്ലോ.’

വൃദ്ധ ബഹളം വച്ചു. മരുമകളെ വിളിച്ചു. കട്ടൻകാപ്പി, മരുന്നു്, പുതപ്പു്—കല്പനകൾ പുറപ്പെട്ടു.

ആനന്ദകൃഷ്ണൻ ഒന്നിനും ശക്തനല്ലാതെ വിനീതവിധേയനായി കിടന്നു.

പിറ്റേന്നു് ആഫീസിലെത്തി അരമണിക്കൂർ കഴിഞ്ഞപ്പോൾ ഏതോ ഉൾവിളിയാൽ ടെലിഫോൺ എടുത്തു:

‘യമുന അല്ലേ… ഗ്യാസിന്റെ വാൽവ്… ശ്രദ്ധിച്ചോണേ’

അങ്ങേത്തലയ്ക്കൽ അവളുടെ ചിരി. പന്ത്രണ്ടു് കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു.

‘ഗ്യാസിന്റെ…’

ഇതിനകം അയാൾ ഒരു ലക്ഷം തവണ പറഞ്ഞിരിക്കുന്നു… ‘കുട്ടികളെ അതിനടുത്തു് വരാൻ സമ്മതിക്കരുതു്. ലേശം ലീക്കുണ്ടായാൽ മതി…’

ചുറ്റിപ്പടർന്നു്, ആളിക്കത്തി, ഓടിച്ചിട്ടു് ദഹിപ്പിക്കുന്ന അഗ്നിനാളങ്ങൾ സദാ അയാളുടെ കണ്മുന്നിൽ നാവുനീട്ടി പുളഞ്ഞു. ഓരോ നിമിഷത്തിന്റെ തിരിവിലും അയാൾ മരണത്തിന്റെ ഗന്ധം ശ്വസിച്ചു.

കൂടുതൽ മാരകായുധങ്ങളൊന്നും വരാനില്ലല്ലോ എന്നു് ആശ്വസിച്ചിരിക്കുമ്പോഴാണു അളിയന്റെ വരവു്. അച്ഛനോടു് കലമ്പി നാടുവിട്ട പയ്യൻ അഞ്ചുകൊല്ലത്തിനുശേഷം വരികയാണു്. ഒറ്റത്തടിയായതുകൊണ്ടു് ആനയ്ക്കെടുപ്പതു് പണവും കൊണ്ടാവും വരവെന്നു് ആനന്ദകൃഷ്ണൻ കണക്കുകൂട്ടി.

ചേച്ചിക്കു് നഗരത്തിൽ വീടുണ്ടായതിൽ അനിയനു ബഹുസന്തോഷം. ഒരാഴ്ച താമസിച്ചിട്ടേ പോകൂ എന്നൊരു പ്രഖ്യാപനവും നടത്തി.

യമുനയ്ക്കും കുട്ടികൾക്കും പുതിയൊരുണർവു്. അയാളുടെ തമാശകൾ ആനന്ദകൃഷ്ണന്റെ ഭയത്തിനും ഇടവേളകളൊരുക്കി.

ചേച്ചിയ്ക്കും അളിയനും എന്താ വാങ്ങിക്കൊടുക്കുക എന്നു് അവൻ ചിന്തിച്ചു തുടങ്ങി.

‘അളിയൻ പറ. പുതിയ വീടിനു എന്റെ വകയായിട്ടു് എന്താ വേണ്ടതു്?’

‘ശിവന്റെയോ, സരസ്വതിയുടെയോ ചില്ലിട്ടു് വലിയ പടമായിക്കോട്ടെ’. നിവൃത്തിയില്ലാതെ ആനന്ദകൃഷ്ണൻ പറഞ്ഞു.

അതുകേട്ടു് ഗൾഫ് മലയാളി ഒരു പരിഹാസച്ചിരി ചിരിച്ചു.

‘കുട്ടികളുമായി ആലോചിക്കാം. അവർക്കാണല്ലോ മോഡേൺ സെൻസുള്ളതു്’. അയാൾ അകത്തു പോയി.

ഏതു നീരാളിയെയാവും ഇവൻ പൊക്കിക്കൊണ്ടു വരിക എന്നാലോചിച്ചു് ആനന്ദകൃഷ്ണൻ ഉറക്കമിളച്ചു.

പിറ്റേന്നു് ഓഫീസിൽ ചെന്നിട്ടും വേവലാതി മാറിയില്ല. ആയിരമോ രണ്ടായിരമോ രൂപയ്ക്കു് എന്തൊക്കെ സ്ഫോടനയന്ത്രങ്ങൾ വാങ്ങാൻ കഴിയുമെന്നു് സഹപ്രവർത്തകരോടു് സംസാരിച്ചു മനസ്സിലാക്കാൻ അയാൾ ശ്രമിച്ചു. വലിയ ദ്രോഹമൊന്നും ഉണ്ടാവാനിടയില്ലെന്ന നിഗമനത്തിലെത്തി ശാന്തചിത്തനായി.

അളിയൻപയ്യൻ എന്തെങ്കിലും വാങ്ങിക്കൊണ്ടു് വന്നോ എന്നു് യമുനയോടു് ഫോണിൽ തിരക്കാൻ മൂന്നുനാലുവട്ടം തുനിഞ്ഞെങ്കിലും പതിവു ചോദ്യത്തിനപ്പുറം നാവെത്തിയില്ല.

വൈകീട്ടു് വീടിന്റെ പടി കടന്നപ്പോഴും വിശേഷിച്ചു് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്നു് തോന്നിയില്ല. സ്വന്തം മുറിയിലേക്കു് കടക്കുമ്പോൾ കണ്ണു് ഡൈനിങ്ങ്ഹാളിന്റെ മൂലയിൽത്തെളിയുന്ന ചുമന്ന വെളിച്ചത്തിൽ വീണു. ഒരു നെറ്റിക്കൺവെട്ടം. സ്റ്റെബിലൈസറിന്റെ ചെങ്കണ്ണു്. താഴെ ആ ദുഷ്ടമൃഗം. ഫ്രിഡ്ജ്!

ചീഫ് എക്സിക്യുട്ടീവിന്റെ ഭാര്യ അമ്മാൾ ഫ്രിഡ്ജിൽ പിടിച്ചപ്പോഴാണു ഷോക്കടിച്ചതു്. നിലത്തു വീഴുമ്പോഴും അമ്മാൾ പിടിവിട്ടില്ല. ശീതപ്പെട്ടി അവരേയും ഉപേക്ഷിച്ചില്ല. ഉടനടി മീതേതന്നെ ചരിഞ്ഞു. നീലച്ചായം തേച്ച രാക്ഷസനു കീഴെ കിടന്നു് ഞെരിഞ്ഞു് പിടഞ്ഞു് ആ അമ്മാൾ മരവിച്ചു. ആ കിടപ്പു് അയാൾ ഇന്നും ഓർക്കുന്നു.

‘അച്ഛനെന്താ ഇങ്ങനെ നിൽക്കുന്നെ?’—തൊട്ടുണർത്തിയതു് മോളാണു്. അയാൾ മുറിയിലേക്കു് തിരിയുമ്പോൾ അവർ പറഞ്ഞു: ‘അമ്മാവൻ മൂന്നുമണിയുടെ വണ്ടിക്കു് പോയി.’

ബെഡ്ഡിൽ മലർന്നുകിടക്കെ ആനന്ദകൃഷ്ണനു് തലയ്ക്കുമുകളിൽ കറങ്ങുന്ന ഫാൻ പിടിവിട്ടു് താഴേയ്ക്കുവീഴുമെന്നു തോന്നി. അയാൾ ബെഡ് നീക്കിയിട്ടു് കമിഴ്‌ന്നു കിടന്നു. രാത്രി യമുന അനിയന്റെ സമ്മാനത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ അയാൾ മുറ്റത്തു് ഇറങ്ങി ഉലാത്തുവാൻ തുടങ്ങി. യമുന വിളിച്ചിട്ടും, പരിഭവിച്ചിട്ടും, കെഞ്ചിയിട്ടും അയാൾ നടന്നുകൊണ്ടേയിരുന്നു, കോഴി കൂവും വരെ.

ഇന്നു്, എം. ഡി. വിളിച്ചപ്പോൾ ഗൗരവമുള്ള എന്തോ ചർച്ചചെയ്യാനാണെന്നാണു് ആനന്ദകൃഷ്ണൻ വിചാരിച്ചതു്. ലേശവും വൈകാതെ അങ്ങ് ചെന്നു. പക്ഷേ, ആ മുഖം കണ്ടപ്പോൾ എന്തോ പന്തികേടു് തോന്നി. ശരവർഷം പോലെയായിരുന്നു ശകാരം.

നിങ്ങൾക്കു് എന്തു പറ്റി? നോട്ടെഴുന്നതു് പരസ്പരബന്ധമില്ലാതെ എന്തൊക്കെ വങ്കത്തരങ്ങൾ. എത്ര ഫയൽ തന്റെ മേശപ്പുറത്തു് അടയിരിപ്പുണ്ടെന്നു് അറിയാമോ? എന്തിനാണു് ആഫീസിലെ ഓരോരുത്തരോടായി അവരുടെ വീട്ടിൽ മിക്സിയുണ്ടോ, ഗ്യാസുണ്ടോ എന്നൊക്കെ തിരക്കുന്നതു്? ‘നല്ല സുഖമില്ലെങ്കിൽ അവധിയെടുക്കൂ. അല്ലെങ്കിൽ പെൻഷൻ വാങ്ങിപ്പിരിയൂ…’

എന്തെങ്കിലം സമാധാനം ബോധിപ്പിക്കാൻ ആനന്ദകൃഷ്ണൻ ഒരുങ്ങുമ്പോഴേക്കും എം. ഡി. ഗർജ്ജിച്ചു.

‘കടന്നു പോകൂ’.

വിഷണ്ണനായി ലിഫ്റ്റിനു് കാത്തു നിന്നു. അപ്പുറത്തു കുറെ കീഴ് ജീവനക്കാരികൾ വായ്തോരാതെ എന്തോ പറയുന്നു. ചിരിക്കുന്നു. അവർക്കു് കാത്തുനിൽപും ഒരു രസം.

ഒന്നിലും മനസ്സുറയ്ക്കാതെ ആനന്ദകൃഷ്ണൻ വട്ടം കറങ്ങി നിൽക്കെ, മഹാനുഗ്രഹം പോലെ ലിഫ്റ്റ് എത്തി. അതിനകത്തേക്കു പാഞ്ഞുകയറുമ്പാൾ ആ പെണ്ണുങ്ങളിൽ ഒരുത്തി തെല്ലുറക്കെത്തന്നെ പറഞ്ഞു.

‘ഇതിലെങ്ങനെ വിശ്വസിച്ചു കയറുമപ്പാ! കറണ്ടു പോവുകയോ കയററ്റു വീഴുകയോ ചെയ്യില്ലേ…’

ലിഫ്റ്റ് അനങ്ങിത്തുടങ്ങിയപ്പോൾ അവരുടെ കൂട്ടച്ചിരി.

സ്വന്തം മാളത്തിൽ എത്തിയ ഉടനെ ആനന്ദകൃഷ്ണൻ ഫോണെടുത്തു. ഗൗരമാർന്ന ചോദ്യം—‘യമുനയല്ലേ, വിശേഷം വല്ലതും…?’

പിന്നെ ശാന്തനായി പറഞ്ഞു—

‘ഇവിടെയുമങ്ങനെതന്നെ.’

എസ്. വി. വേണുഗോപൻ നായർ
images/SVVenugopanNair_01.jpg

ചെറുകഥാകൃത്തും അദ്ധ്യാപകനുമായ എസ്. വി. വേണുഗോപൻ നായർ, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, “ഉച്ചരാശികളിൽ രവിയും ശുക്രനും വ്യാഴവും, മേടത്തിൽ ബുധനും ഇടവത്തിൽ ശനിയും നിൽക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തിൽ ജനിച്ചു”.

അച്ഛൻ: പി. സദാശിവൻ തമ്പി

അമ്മ: വിശാലാക്ഷിയമ്മ

ജന്മദേശമായ നെയ്യാറ്റിൻകര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി. എസ്. സി, എം. എ., എം. ഫിൽ., പി. എച്ച്. ഡി. ബിരുദങ്ങൾ നേടി. എൻ. എസ്. എസ്. കോളേജിയറ്റ് സർവ്വീസിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്നു് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.

‘രേഖയില്ലാത്ത ഒരാൾ’ ഇടശ്ശേരി അവാർഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാർഡിനും അർഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ്ജ് അവാർഡും ലഭിച്ചു.

ഭാര്യ: കെ. വത്സല

മക്കൾ: ശ്രീവത്സൻ, ഹരിഗോപൻ, നിശാഗോപൻ

പ്രധാനകൃതികൾ
 • കഥകളതിസാദരം (കഥാസമാഹാരം, സായാഹ്നയിൽ ലഭ്യമാണു്)
 • ഗർഭശ്രീമാൻ (കഥാസമാഹാരം)
 • മൃതിതാളം (കഥാസമാഹാരം)
 • ആദിശേഷൻ (കഥാസമാഹാരം)
 • തിക്തം തീക്ഷ്ണം തിമിരം (കഥാസമാഹാരം)
 • രേഖയില്ലാത്ത ഒരാൾ (കഥാസമാഹാരം)
 • ഒറ്റപ്പാലം (കഥാസമാഹാരം)
 • ഭൂമിപുത്രന്റെ വഴി (കഥാസമാഹാരം)
 • ബുദ്ധിജീവികൾ (നാടകം)
 • വാത്സല്യം സി. വി.-യുടെ ആഖ്യായികകളിൽ (പഠനം)
 • ആ മനുഷ്യൻ (നോവൽ വിവർത്തനം)
 • ചുവന്ന അകത്തളത്തിന്റെ കിനാവു് (നോവൽ വിവർത്തനം)
 • ജിംപ്രഭു (നോവൽ വിവർത്തനം)
 • മലയാള ഭാഷാചരിത്രം (എഡിറ്റ് ചെയ്തതു്)

(ഈ ജീവചരിത്രക്കുറിപ്പു് കഥകളതിസാദരം എന്ന പുസ്തകത്തിൽ നിന്നു്.)

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Adukalayil ninnu (ml: അടുക്കളയിൽ നിന്നു്).

Author(s): SV Venugopan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2022-05-22.

Deafult language: ml, Malayalam.

Keywords: short story, SV Venugopan Nair, Adukalayil ninnu, എസ്. വി. വേണുഗോപൻ നായർ, അടുക്കളയിൽ നിന്നു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Young Housewife, a painting by Alexey Vassilievich Tyranov (1808–1859). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Illustration: VP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.