images/Court_of_Wards.jpg
Cecil Court of Wards, a painting by Unknown artist .
കോടതി വിധിക്കു മുമ്പു്
എസ്. വി. വേണുഗോപൻ നായർ

പുരാതനവും പരിപാവനവുമായ സെഷൻസ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകിൽ അത്യുന്നതത്തിൽ തൂങ്ങുന്ന കൂറ്റൻ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ചു് പ്രതി നിർന്നിമേഷനായി നിന്നു.

അയാൾക്കുവേണ്ടി ഉടുപ്പിട്ട ധർമവക്കീൽ വഴിപാടു് നിവേദിച്ചു് വിരമിച്ചു. പിന്നെ പ്രോസിക്യൂഷൻ അറുവീറോടെ തോറ്റം പാടി. അതും കഴിഞ്ഞു. ഇനി…

images/kodathi-1.png

യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപൻ തിളങ്ങുന്ന കണ്ണുകളുയർത്തി പ്രതിയെ ഒന്നുനോക്കി. അങ്ങിങ്ങു് പാണ്ടു് കണക്കു് നര പടർന്ന കുറ്റിത്താടിയുള്ള പ്രാകൃതനായ പ്രതി ഭക്ത്യാദരപൂർവ്വം എന്തോ പറയുവാൻ വെമ്പി. അതു കണ്ടു് ന്യായാധിപൻ കനിഞ്ഞു.

“പ്രതിക്കു് വല്ലതും ബോധിപ്പിക്കാനുണ്ടോ?”

“ഉവ്വു്.” വടിപോലെ നിന്ന പ്രതിയുടെ സ്വരം ഏതോ അഗാധഗഹ്വരത്തിൽ നിന്നുയരും പോലെ മുഴങ്ങി.

“ബഹുമാനപ്പെട്ട അങ്ങു് തന്നെ എന്റെ വിധി പറയണമെന്നു് താത്പര്യപ്പെടുന്ന പക്ഷം കേസ് അവധിക്കു വെയ്ക്കാതെ, ഇപ്പോൾ തന്നെ വിധി പ്രസ്താവിക്കണമെന്നു് താഴ്മയായി അപേക്ഷിക്കുന്നു.”

സഹൃദയനായ ന്യായാധിപനു് രസമുദിച്ചു. ആ രസം കോടതിയിലെങ്ങും പടർന്നു. വക്കീലന്മാരിൽ, ബഞ്ചുക്ലാർക്കിൽ, പോലീസുകാരിൽ, ഗുമസ്തന്മാരിൽക്കൂടി ആ നർമ്മബോധം തുളുമ്പിത്തൂകി. എല്ലാ ദൃഷ്ടികളും ആ പ്രതിയിൽ ചാഞ്ഞു. പുറത്തു് ആർത്തിപിടിച്ച കാതുകളുമായി നിന്ന ജനത്തിന്റെ ജാഗ്രത ജനാലക്കമ്പികളുടെ തുരുമ്പിൽ നാസികയുരസി.

“കാരണം?” ശാന്തഗംഭീരമായിത്തന്നെ ബഹു: കോടതി ചോദിച്ചു.

പ്രതിയുടെ ശബ്ദം ഖിന്നമായി. “അതുബോധിപ്പിക്കുവാൻ സങ്കടമുണ്ടു്. ബഹുമാനപ്പെട്ട അങ്ങേക്കു് ഇനി ഒരു മണിക്കൂറും മൂന്നു മിനിട്ടും കൂടി മാത്രമേ ജീവിതമുള്ളൂ!”

“ഹോ!” ആരോ ഞെട്ടിയ ഒച്ച എങ്ങോ കേട്ടു.

നേർത്ത ഒരിടവേളതെന്നിക്കടന്നു് ന്യായാസനം ഊറിച്ചിരിച്ചു. ആ മന്ദഹാസം മഞ്ഞച്ച നിർജ്ജീവിതയിലലിഞ്ഞു.

അഭിഭാഷകരും പോലീസും ആ ചിരി എറ്റുവാങ്ങി. വക്കീൽഗുമസ്തരും. ചിരിക്കാതിരിക്കുവാനാകാത്തപോലെ എല്ലാവരും ചിരിച്ചു. എല്ലാ ചിരികളും ഒരു വർണ്ണശൂന്യതയിൽ പരുങ്ങി. തങ്ങളുടെ ചിരി വിലക്കുന്ന ആരോ ആ പഴയ മുറിയിലെവിടെയോ പതുങ്ങിനില്പുണ്ടെന്നു് അവർക്കെല്ലാം തോന്നി. എങ്കിലും ആരും തല തിരിച്ചില്ല. എല്ലാ കണ്ണുകളും പ്രതിയിൽത്തന്നെ ഉറഞ്ഞുകൂടി.

“നിങ്ങൾ ഈശ്വരനാണോ?” ആദ്യം ചിലച്ചതു് പ്രോസിക്യൂഷനാണു്. കോടതിയാണെന്നു മറന്നു് അദ്ദേഹമെണീറ്റു. ആ അലക്ഷ്യം തടയാൻ കോടതിയും മറന്നു.

“അല്ലാ… ”

“പിന്നെ? ദേവജ്ഞനാണോ? അതോ പ്രവാചകനോ?”

“അല്ലാ… ”

പ്രതിയുടെ വക്കീലും ഭാഗം മറന്നു് എതിർഭാഗത്തെണീറ്റു.

“ചിത്രഗുപ്തനാണോ?”

“അല്ലാ… ” പ്രതി കുടഞ്ഞു.

അനേകം പേർക്കു് വധശിക്ഷ വിധിച്ചിട്ടുള്ള ബഹു. ജഡ്ജി എല്ലാം വെറുതെ നോക്കിയിരുന്നു. ആ പ്രതി നാഴികമണിയിൽ മിഴിയൂന്നിക്കൊണ്ടു് ആരോടെന്നില്ലാതെ ചൊല്ലി.

“ഇനി അമ്പത്തേഴു മിനിട്ടേയുള്ളു.”

പോലീസ് ഇൻസ്പെക്ടർക്കു് ഉദ്വേഗമുണർന്നതു് അപ്പോഴാണു്. അദ്ദേഹം ചാടിയെണീറ്റു് പ്രതിയെ കൺനീട്ടിയൊന്നുകുത്തി. ധൃതഗതിയിൽ അടുത്തുചെന്നു് അയാളെ കേശാദിപാദം നോക്കിക്കണ്ടു. സംശയദൃഷ്ട്യാ അയാളുടെ മടിക്കുത്തുഴിഞ്ഞു.

“ഗുഢാലോചന വല്ലതുമുണ്ടോ?”

“ഒന്നുമില്ലേ.” പ്രതി കൈമലർത്തി.

മഹാസാത്വികനായ വക്കീൽ ശിങ്കാരം അസഹ്യതപ്പെട്ടു് വിറച്ചു കൊണ്ടു് ചോദ്യം ചെയ്തു. “നിങ്ങൾ ഇതെങ്ങനെ അറിഞ്ഞു?”

നൂറുനൂറു കൺവേലുകൾക്കിടയിൽപ്പെട്ടു് ഞെരുങ്ങുന്ന പ്രതി അതിവിനയത്തോടെ ഉണർത്തിച്ചു. “എനിക്കറിയാം. ഇനി നാല്പത്തൊമ്പതു് മിനിട്ട് പത്തു സെക്കൻഡ്.”

തികച്ചും അപ്രതീക്ഷിതമായി ന്യായാധിപനൊന്നു പൊട്ടിച്ചിരിച്ചു. അദ്ദേഹം ഒളികണ്ണാൽ തന്റെ വാച്ചു നോക്കി. സമയം 11: 24. അതായതു് 12: 13-നു് ഈ കോടതി പൊടുന്നനെ സ്തംഭിക്കുമെന്നാണു് ബഹു. പ്രതിയുടെ വിധി.

സ്ഥലത്തും കാലവും മറന്നു് ആത്മഗതം പൊഴിച്ചും പരസ്പരം സംസാരിച്ചും ആളുകൾ കോടതിയുടെ ഗൌരവം ഭഞ്ജിക്കുകയാണെന്ന വസ്തുത മിന്നലായി ജഡ്ജിയുടെ പ്രജ്ഞയിലാളി.

അദ്ദേഹം സപദി ഗൌരവം സർവ്വം വീണ്ടെടുത്തു കല്പിച്ചു: “ശരി” കോടതിയിൽ കല്ലോലജാലമടങ്ങി അദ്ദഹം പ്രതിയോടു് ആജ്ഞാപിച്ചു:

“കൂട്ടിൽ നിന്നിറങ്ങി മാറിനില്ക്കൂ… ”

പ്രതി ഘടിയന്ത്രത്തെ പേർത്തുമൊന്നു നോക്കിയിട്ടു് അവരോഹണം ചെയ്തു. ഡ്യൂട്ടിപോലീസുകാർ അയാളുടെ ഇരുപുറവുമേറ്റു. ചുമരോരംപറ്റി കൈകൾ മാറിൽ പിണച്ചു് നിഷ്ക്കന്മഷനായി പ്രതി നില്പായി.

images/kodathi-3.png

കോടതി കൃത്യാന്തരത്തിലേക്കു് കടന്നു. ബഞ്ചു ക്ലാർക്ക് സനാതനമായ ഈണത്തിൽ വിളിച്ചു—“സെഷൻസ് 80-ൽ 715. പ്രതി ദിനകരൻ ധർമ്മപാലൻ.”

ശിപായി ഏറ്റു വിളിച്ചു.

ഒരു മദ്ധ്യവയ്കൻ കൂട്ടിൽ പൊങ്ങി. ധർമ്മപാലന്റെ വക്കീൽ തന്റെ മുന്നിൽ അട്ടിവെച്ച ഫയലുകളിൽ ടി കേസ് പരതുവാൻ തുടങ്ങി. നാലഞ്ചുവട്ടം കെട്ടാകെ മറിച്ചിട്ടും 715-ന്റെ ഫയൽ കിട്ടിയില്ല. പിറകിൽ നിന്നു് ഗുമസ്ഥന്റെ പാതി ഉടലും കൈയും സഹായാർത്ഥം നീണ്ടു വന്നു.

എന്നിട്ടുമാ കടലാസ്സു് കിട്ടിയില്ല!

മറ്റുള്ള വക്കീലന്മാരുടേയും ഗുമസ്തന്മാരുടേയും കണ്ണുകൾ ചിത്രപ്പണി മങ്ങിയ ആ പഴയ ക്ലോക്കിനെ വട്ടം ചുറ്റി നിന്നു. പോലീസ് ഓഫീസർ തളർന്ന മട്ടിൽ പിറകോട്ടു് ചാരി സീലിംഗ് നോക്കി മലച്ചിരുന്നു.

ജഡ്ജിയുടെ ശിരസ്സിനു മുകളിൽ തൂങ്ങിയിരുന്ന പുരാതനമായ കൂറ്റൻ പങ്ക കാസരോഗിയെപ്പോലെ ഏങ്ങിയും വാതരോഗിയെപ്പോലെ മുടന്തിത്തെറിച്ചും ഓടി നടന്നു കൊണ്ടിരിക്കുന്നു.

715-ന്റെ അഭിഭാഷകൻ വിയർപ്പിൽ കുതിർത്തു. സ്വയം പ്രാകി ഗുമസ്തനെ പ്രാകി. അദ്ദേഹം വീണ്ടും അട്ടി പരതി.

ആ പരാക്രമം കണ്ടു് തൊട്ടടുത്തിരുന്ന ഗൌണിനു് മനമലിഞ്ഞു. അദ്ദേഹം സഹതാപപൂർവ്വം ആ ഫയൽക്കെട്ടിനെ നോക്കി. ഝടിതി അട്ടിയുടെ മേലേയ്ക്കുംമേലെ നിന്നുതന്നെ ടി രേഖ വലിച്ചെടുത്തു് സുഹൃത്തിനു നൽകി.

തന്റെ കൺപിശകിൽ ഒരു വളിച്ച ചിരിയോടെ നല്ലവനായ അയൽവാസിക്കു് അളവറ്റ നന്ദി മുരണ്ടുകൊണ്ടു് ആ വക്കീലതു് കൈപ്പറ്റി.

പിന്നെയുമെന്തോ ഓർമ്മപിശകു പറ്റിയ മട്ടിൽ ഒരു നിമിഷം നിന്നു. കോടതിയിൽ ഇത്തരം സ്വകാര്യമൌഢ്യത്തിനൊന്നും ഇടമില്ലല്ലോ. അതിനാൽ വക്കീലദ്ദേഹം വെമ്പലോടെ മുന്നോട്ടുചെന്നു് വാദത്തിനു് കോപ്പിട്ടു.

അദ്ദേഹം കൂടിനു് കൂട്ടുനിൽക്കുന്ന ധർമ്മപാലനെ ഒന്നു നോക്കി. പക്ഷേ, കണ്ണിൽ പതിച്ചതു് അയാൾക്കുമപ്പുറം നിൽക്കുന്ന പഴയ പ്രതിയുടെ നിശ്ചലദൃഷ്ടിയാണു്. അതിനാൽ വീണ്ടുമാവഴിക്കൊന്നും കണ്ണുയർത്താതെ ഫയലിലേക്കു് മുഖം താഴ്ത്തിപ്പിടിച്ചു് ഇന്ദ്രിയങ്ങളെ സ്വകൃത്യത്തിലാവാഹിച്ചു ബന്ധിച്ചു.

“യുവർ ഓണർ… ”

പെട്ടെന്നു് ക്ലോക്ക് ഒന്നു ചിലച്ചു.

11.30.

വക്കീലിനു് ഉമിനീരു വിക്കി. ശബ്ദം നെടുകെ മുറിഞ്ഞു.

വീണ്ടും പാടുപെട്ടു് തുടർന്നു. “യുവർ ഓണർ… ഓണർ… നാല്പത്തേഴു് വയസ്സുള്ള ഈ പ്രതി, ഭവനഭേദനം നടത്തുകയും, ഒന്നാം സാക്ഷിയുടെ ഉറങ്ങിക്കിടന്ന നിരപരാധിയായ ഭാര്യയേയും കുഞ്ഞിനേയും വെട്ടിക്കൊല്ലുകയും ചെയ്തുവെന്നാണല്ലോ പ്രോസിക്യൂഷൻ കേസ്… ”

കൂട്ടിൽ നിന്ന പ്രതി ഞടുങ്ങി.

ജഡ്ജി മുഖമുയർത്താതെ പറഞ്ഞു. “അല്ല… കേസ് അങ്ങനെയല്ലാ… ”

കോടതി സമൂലം പൊട്ടിച്ചിരിക്കേണ്ടുന്ന ഒരു വീഴ്ചയാണതെങ്കിലും ആരും പുഞ്ചിരിപോലും തൂകിയില്ല. ബഞ്ചുക്ലാർക്കിന്റെ ചുണ്ടു മാത്രമൊന്നു വക്രിച്ചു. പാവം വക്കീൽ വിറച്ചുപോയി.

അദ്ദേഹം തല ശക്തിയൊന്നു കുടഞ്ഞു. കൺകൾ കടലാസ്സിലുരുട്ടി വിട്ടു.

“യുവർ ഓണർ, ഐ ബെഗ്ഗ് പാർഡൻ… കൈന്റിലി പാർഡൻ. പ്രതിയുടെ പേരിൽ ആത്മഹത്യാശ്രമമാണു് ചാർജ് ചെയ്തിരിക്കുന്നതു്.”

ജെഡ്ജി നിസ്സഹായത അലയുന്ന സ്വരത്തിൽ പറഞ്ഞു—“മിസ്റ്റർ, നിങ്ങൾക്കെന്തു പറ്റി? ദയവായി കേസ് നേരെ പഠിച്ചുകൊണ്ടു വരൂ… അടുത്ത പത്താം തീയതിക്കു മാറ്റിയിരിക്കുന്നു.”

നിലത്തുനിന്ന പ്രതി തന്റെ ചുണ്ടിൽ സ്ഫുരിച്ചുയർന്നുപോയ ഏകാന്തമായ ചിരി മറയ്ക്കാൻ ബദ്ധപ്പെട്ടു.

വക്കീൽ ശ്വാസം മുട്ടി തെന്നിത്തെന്നി സീറ്റിലേക്കു മണ്ടി.

അസാധാരണമായ ഒന്നുമവിടെ സംഭവിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു മറ്റുള്ളവരുടെ മുഖസ്ഥിതി.

ഉന്നതങ്ങളിൽ മുഖം കുനിച്ചിരിക്കുന്ന നീതിമാനെ ഒന്നു നോക്കിയിട്ടു് ബഞ്ചുക്ലാർക്ക് അടുത്ത കേസ് വിളിച്ചു. ‘സെഷൻസ് 01-ൽ 1237. പ്രതി നാരായണൻ സൂര്യനാരായണൻ.

കഴുമരത്തിലേറും മട്ടിൽ സൂര്യനാരായണൻ കൂട്ടിലുദിച്ചുയർന്നു.

ഒന്നാം സാക്ഷിയും വിളിച്ചു കൂട്ടിലാക്കപ്പെട്ടു.

പ്രതിഭാഗം വക്കീലിന്റെ ക്രോസാണു്. അമാനുഷമായ ഉയരവും കൂട്ടുപുരികവുമുള്ള അഡ്വക്കേറ്റ് തന്റെ ഗൗൺ നേരെയാക്കിക്കൊണ്ടു് എണീറ്റു. തല തെക്കുവടക്കു തിരിച്ചു് റെഡിയാക്കി. ധീരമായ കാലടികൾ വെച്ചു് ഡയസിനു മുന്നിൽ, സ്വയം പ്രദർശനതൽപ്പരനായ അവർകൾ പഴയ നടനെപ്പോലെ അർദ്ധവൃത്തത്തിൽ നിന്നുകറങ്ങി. ചുറ്റിനും കണ്ണുനടത്തി.

അവിടുള്ള കണ്ണായകണ്ണൊക്കെയും ക്ലോക്കിന്റെ പെൻഡുലത്തിനൊത്തു് തളരാതെ ആടുകയാണെന്നു് ആ ബുദ്ധിശാലി കണ്ടു. ബഞ്ചുക്ലാർക്ക് പിന്നാക്കം മാറി. വരാന്തയിലേക്കൂർന്നു് കൂജയിൽനിന്നു് ജലം പകർന്നു് വായ് പൊളിച്ചു.

ഈ തക്കത്തിനു് മേശപ്പുറത്തു നിന്നു് തൊണ്ടിയായ കത്തിയെടുത്തു് സാക്ഷിക്കു മുന്നിൽ ഉയർത്തിപ്പിടിച്ചുകൊണ്ടു് അദ്ദേഹം ചോദിച്ചു. “ഈ കത്തി നിങ്ങൾ മുമ്പു് കണ്ടിട്ടുണ്ടോ?”

“ഇല്ല”

images/kodathi-2.png

വക്കീൽ വീണ്ടും ചുറ്റുമൊന്നു് നിരീക്ഷിച്ചിട്ടു് ഒരു മാന്ത്രികന്റെ കൈയടക്കത്തോടെ ആ മാരകായുധം എങ്ങോ മറച്ചു. മറ്റൊരു കത്തി ആ കൈയിൽ പ്രത്യക്ഷമായി.

“ജഗദീശനെ കുത്താൻ ഉപയോഗിച്ചതു് ഈ ആയുധമാണോ?”

“അറിയില്ല”

“പോലീസിനെ കത്തി ഏൽപ്പിച്ചതു് നിങ്ങളാണോ?”

“അല്ല”

ബഞ്ചുക്ലാർക്ക് മുഖം തുടച്ചു് മടങ്ങിയെത്തി.

“പിന്നെ എന്തായുധം ഉപയോഗിച്ചാണു് പ്രതി ജഗദീശനെ കുത്തിയതു്?”

“ജഗദീശനെ ആരും കുത്തുന്നതു് ഞാൻ കണ്ടില്ല”

“ജഗദീശൻ ചത്തദിവസം നിങ്ങൾ ഇരുവരും തമ്മിൽ കണ്ടിരുന്നില്ലേ?”

“ജഗദീശൻ ചത്തോ എന്നു് എനിക്കറിഞ്ഞുകൂടാ”

തന്റെ ക്രോസ് അതിശയനീയമായി മുന്നേറുന്നതിൽ ഉൾപ്പുളകത്തോടെ വക്കീൽ ശിരസ്സു് വെട്ടിത്തിരിച്ചു് നീതിപീഠത്തെ ഒന്നു നോക്കി.

ന്യായാധിപന്റെ മുന്നിലെ കടലാസു കണ്ടു് വക്കീൽ അമ്പരന്നു. അതിൽ അക്ഷരങ്ങളില്ല. അക്കങ്ങൾ. കുറെ അക്കങ്ങൾ മാത്രം. അപ്പോഴും അദ്ദേഹം കണക്കെഴുതുകയാണു്.

അമ്പരപ്പാറിയപ്പോൾ അതിബുദ്ധിമാനായ അഭിഭാഷകൻ അടവൊന്നു മാറ്റി. സാക്ഷിക്കു നേരെ ഒന്നു കണ്ണുരുട്ടിയിട്ടു് ബോധിപ്പിച്ചു:

“യുവർ ഓണർ സാക്ഷിക്കു സുഖമില്ല. മറ്റൊരു ദിവസം ക്രോസ് തുടരാൻ അനുവദിക്കണം.”

തന്റെ എഴുത്തിനു മുടക്കം വരുത്താതെ അന്യമനസ്ക്കനെപ്പോലെേ ജഡ്ജി മൂളി.

കൂടൊഴിഞ്ഞു. വക്കീൽ മടങ്ങി. അടുത്ത കേസ് വിളിക്കാനുള്ള ആജ്ഞക്കായി ബഞ്ചുക്ലാർക്ക് കാത്തുനിന്നു. കോടതിയുടെ അകർമണ്യനിശ്ശൂന്യതയെ ക്ലോക്കു മാത്രം താളമിട്ടുലച്ചുകൊണ്ടിരുന്നു.

ജഡ്ജി എന്തോ മൊഴിഞ്ഞു. ബഞ്ചുക്ലാർക്കിനതു വ്യക്തമായില്ല. അയാൾ ശിരസ്സു് നീതിപീഠത്തിലേക്കു് ഏന്തിനീട്ടി. കാര്യം ഗ്രഹിച്ചയുടനെ ഡയസ്സിനു പിറകിലേക്കു പാഞ്ഞു. ഒരു ഗ്ലാസ്സ് ശുദ്ധജലവുമായി പാറി വന്നു. ജഡ്ജി ജലം ഒറ്റവലിക്കു് കുടിച്ചിട്ടു് ശ്വാസവും ഗ്ലാസും സ്വതന്ത്രമാക്കി. ഒരു നിമിഷം വൈകിയെങ്കിലും നന്ദി പറയാനും മറന്നില്ല.

ജഡ്ജി പൊടുന്നനെ ഉഷാറിലായി. “ശരി” അദ്ദേഹം പുഞ്ചിരി തൂകി. ആ പ്രതിയെ കടക്കണ്ണാലുഴിഞ്ഞു.

അടുത്ത കേസിന്റെ വാദിയും വക്കീലും രംഗത്തെത്തി. രസനിഷ്പത്തിക്കു പഴുതില്ലാത്ത കേസായതുകൊണ്ടാവാം ആ വിസ്താരം ഒരു നനഞ്ഞ സ്വകാര്യ സംവാദം പോലെ ജനശ്രദ്ധയാകർഷിക്കാതെ മുന്നോട്ടു നീങ്ങിയതു്. ആ സിവിൾ വക്കീലും വാദിയുമൊഴികെയുള്ളവരൊന്നൊകെ പുറത്തെ മരച്ചില്ലുകൾക്കിടയിലുടെ ഊളിയിട്ടൊഴുകുന്ന കാറ്റിന്റെ ചൂളത്തിൽ എന്തോ പരതും പോലെ, അതിന്റെ ദൂരൂഹതയിലേക്കു് ഞരമ്പുകളെറിഞ്ഞു് കാത്തിരിക്കും പോലെ…

എങ്ങോ നിന്നൊരു നരിച്ചീർ ചീറിപ്പറന്നു വന്നു. കറുത്തകോട്ടുകൾക്കു മേലെ ഒരു കൊടിക്കൂറപോലെ താണുമുയർന്നും അതു വട്ടം ചുറ്റി പാറി. മുറിയാകെ കറുപ്പിൻതിര തുള്ളി. തുളഞ്ഞു കയറുന്ന ശബ്ദത്തിൽ ഇടക്കിടെ അതെന്തോ ചിലച്ചു. ജഡ്ജിയുമതിനെയൊന്നു വീക്ഷിച്ചു. ബഞ്ചുക്ലാർക്ക് താൻ വിളിക്കാതെ കയറിവന്ന ആ കരിംപൂതത്തെ നോക്കി കർത്തവ്യമൂഢനായി മുഖം മലർത്തി നിന്നു.

ആ കരിങ്കൊടി ജഡ്ജിയുടെ ശിരസ്സിനു മേലേക്കു പറന്നു്, തെന്നിതുള്ളി ചിലമ്പിച്ചുറ്റുന്ന ആ പഴയ പങ്കയെ പ്രദക്ഷിണം വെയ്ക്കാൻ തുടങ്ങി.

ന്യായാധിപന്റെ തലക്കു മുകളിൽ രണ്ടു വൃത്തങ്ങൾ കറങ്ങി.

ഏകാന്ത സ്വൈരതയാർന്നു് ഗമിച്ചിരുന്ന ആ വിസ്താരം പോലും ഒരു നിമിഷം ഇടറി നിന്നു.

പെട്ടെന്നു് പങ്കയുടെ ചിറകിൽ ചിറകുമുട്ടി നരിച്ചീർ ഡയസ്സിന്റെ അഴകളിൽ പിടഞ്ഞുവീണു. വീണിടത്തു് മുഖം പൊത്തി കിടന്നു.

പലതായിരുന്ന കോടതി ഒന്നായി ഞെട്ടി. ആ കരിംപൂതം മരിച്ചോ ഇല്ലയോ എന്നു് തിട്ടം വരാഞ്ഞു് പലരിലും ഒരസ്കിത പൊങ്ങി. എണീറ്റുചെന്നു് പരിശോധിക്കുവാനുള്ള ഉദ്വേഗത്തിൽ പുകഞ്ഞെങ്കിലും ആരും ചലിച്ചില്ല.

ഇത്രയും നേരം ജഡ്ജിയിൽ തന്നെ മിഴിനട്ടു വെച്ചിരുക്കുകയായിരുന്ന ശിങ്കാരം വക്കീൽ തേങ്ങിക്കരഞ്ഞുപോയി. മറ്റുള്ളവരുടെ ദീനാനുകമ്പ ശിങ്കാരത്തിലേക്കു തിരിഞ്ഞു. അദ്ദേഹം കർചീഫെടുത്തു് ദുഃഖം പൊത്തി. പക്ഷേ, തേങ്ങലടങ്ങിയില്ല. അതേ അവസ്ഥയിൽ പൊങ്ങി വരാന്തയിലേക്കു പോയി.

പുറത്തെ വരണ്ട കാറ്റു് ശിങ്കാരത്തിന്റെ കണ്ണീരൊപ്പി. പക്ഷേ, നാവു വരണ്ടു താണു. അതിനാൽ സഹതാപാർത്തനായി അനുഗമിച്ച സ്വന്തം ഗുമസ്തനു നേരെ ഒരു കൈപ്പത്തി കാട്ടുവാൻ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. കോടിപ്പോയ കോടതിയെ വീണ്ടും ഞെട്ടിച്ചുകൊണ്ടു് നരീച്ചീർ ശടേന്നുയർന്നു. ഋജുരേഖയിൽ പാഞ്ഞു് ക്ലോക്കിന്റെ മുഖത്തു തന്നെ അള്ളിപ്പിടിച്ചു ചിറകു പൂട്ടി.

എല്ലാ മുഖങ്ങളും കരിവാളിച്ചു.

ജഡ്ജി സാവകാശം ടൌവ്വലെടുത്തു് ഉള്ളംകൈ അമർത്തിത്തുടച്ചു. അദ്ദേഹമെഴുതിക്കൊണ്ടിരുന്ന പാഡ് മഞ്ഞുപോലെ കുതിർന്നിരുന്നു. അദ്ദേഹം വിരൽ ചൂണ്ടി. ബഞ്ചു ക്ലാർക്ക് ആ ഭാഗത്തേക്കു നീങ്ങി. ഫാനിന്റെ വേഗം മാക്സിമത്തിലേക്കു തള്ളിനീക്കി. വയസൻപങ്ക ഏങ്ങലടിച്ചു് ഇളകിത്തുള്ളി.

അപ്പോഴും താഴെ വിസ്താരം അവസാനിച്ചിരുന്നില്ല. വക്കീൽ എന്തെല്ലാമോ ചോദിച്ചുകൊണ്ടിരുന്നു. വാദി ഓർത്തും മറന്നും എന്തോ മൊഴിഞ്ഞുകൊണ്ടിരുന്നു. അവരിരുവരും ഓരോ കൈ അഴിയിൽ ബലമായി പിടിച്ചിരുന്നു.

ബഞ്ചിൽ വയറും ചാരി നിന്നിരുന്ന ഗുമസ്തൻമാർ ഓരോരുത്തരായി പിന്നോക്കം മാറി ചുമരിൽ ഉടലും തലയും താങ്ങി നില്പായി.

ജഡ്ജി വെറുതെ ഓർത്തു. ഇന്നലെ ഈ നേരത്തു് കുപ്രസിദ്ധമായ കൊലക്കേസിന്റെ വിധി വായിക്കുകയായിരുന്നു. പതിനാറു പേജ് വിധിന്യായം. ജനം ശ്വാസമടക്കി ഓരോ വാക്കും ശ്രദ്ധിച്ചിരുന്നു. അവസാനം പ്രതിയെ മരിക്കുവോളം തൂക്കുവാൻ വിധിച്ചപ്പോൾ അവരിൽ ആശ്വാസവും ആഹ്ലാദവും മിന്നിപ്പടർന്നു. അതേവരെ നിസ്തോഭനെപ്പോലെ നിന്ന പ്രതി മാത്രം ഉരുൾപൊട്ടും മട്ടിൽ അലറിക്കരഞ്ഞു.

ഒരു നീതിനിർവഹണത്തിന്റെ ആത്മസംതൃപ്തിയിൽ ഇന്നലെ സുഖമായൊന്നുറങ്ങി. “നിന്റെ ജനത്തിനുമേൽ നിന്റെ നീതി നടത്തുവാൻ ഈ ഭൗതിക ന്യായപീഠത്തിൽ നീ എന്നെ നിയോഗിച്ചിരിക്കുന്നു. നീ നിന്റെ സത്യത്താൽ ഈ ലോകത്തെ വിധിക്കുവാൻ എഴുന്നെള്ളി വരുവോളം… അന്ത്യവിധി വന്നെത്തുവോളം… ” സത്യപ്രതിജ്ഞാവേളയിൽ മനസ്സു ചൊല്ലിയ വാചകം ഓർമ്മയിലെങ്ങോ തിര നീക്കിയെത്തി.

ന്യായാധിപൻ വക്കീലന്മാരെ ഒളികണ്ണാലൊന്നു നോക്കി. നിൽക്കാൻ കൂടി നേരമില്ലാതെ കോടതികൾതോറും ഗൗണും പാറിച്ചു് ഓടിനടക്കാറുള്ളവർപോലും താടിക്കു് കൈയും കൊടുത്തു് ഇരിക്കുകയാണു്. രാവിലെ ഇതിനുള്ളിൽ കടന്നവരാരും പുറത്തു പോയിട്ടില്ല. കാലം എങ്ങോവെച്ചു മുറിഞ്ഞുപോയെന്നോ? “മനുഷ്യൻ സദാ കാലത്തെ കൊല്ലുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാലതാവട്ടെ അവനെ കൊല്ലുന്നതിൽ അവസാനിക്കുന്നു-” എവിടെയാണതു വായിച്ചതു്?

അടുത്ത നിമിഷം ജഡ്ജിക്കു വിസ്മയം തോന്നി. നൂറ്റാണ്ടു പഴക്കമുള്ള കോടതിമുറിയാണിതു്. ഇവിടെ മരണം അപരിചിതനായൊരു സന്ദർശകനല്ല. മരണവും ശിരസ്സിലേറ്റുവാങ്ങിക്കൊണ്ടു് എത്രയെത്ര മനുഷ്യർ ഈ കൂട്ടിൽ നിന്നിറങ്ങിപ്പോയിട്ടുണ്ടു്. കോടതി വളപ്പിൽ മരണം സഹതാപമർഹിക്കുന്നൊരു സംഭവമല്ല.

ചിലർ മരണം വഴി ഇവിടെ ഇടം നേടുന്നു. മറ്റു ചിലർ മരണം വാങ്ങാനിവിടെ വരുന്നു. അത്രമാത്രം. എന്നിട്ടുമിതാ…

ഒരു ഭ്രാന്തന്റെ അർത്ഥശൂന്യമായ രണ്ടു വാക്കു കേട്ടു് യുക്തിയിലും ന്യായവാദത്തിലും ജീവിക്കുന്ന വക്കീലന്മാർകൂടി! ആശ്ചര്യം തന്നെ.

അദ്ദേഹം കോടതിയെ വിഭ്രാന്തമാക്കിയ പ്രതിയെ നോക്കി.അയാൾ നരിച്ചീർ മുഖമടച്ച ക്ലോക്കിനെ ധ്യാനിച്ചു നിൽപ്പാണു്.

ജഡ്ജി തന്റെ കൈത്തണ്ടയിൽ മിടിക്കുന്ന കാലതാളത്തെപ്പോലും അവഗണിച്ചു് താഴെ നടക്കുന്ന വിസ്താരത്തിൽ മനസ്സിനെ ഊന്നിപ്പിടിച്ചു.

കോടതിക്കു ഞരമ്പുകളില്ല. തിളയ്ക്കുകയും തണുത്തുറയുകയും ചെയ്യുന്ന രക്തമില്ല. പൊട്ടുവാൻ രക്തവാഹിനികളില്ല. കോടതി ഒരഗ്നികുണ്ഡമാകുന്നു. സത്യത്തിന്റെ എണ്ണയിൽ ആളിജ്വലിക്കുന്ന അഗ്നിദേവന്റെ സനാതനക്ഷേത്രം.

വെടി പൊട്ടും പോലെ ക്ലോക്ക് ചിലച്ചു. ഒന്നു്, രണ്ടു്, മൂന്നു്…

അതു നീണ്ടു. ഏതോ ദാരുണമായ കുളമ്പടിപോലെ, ദുഃഖമണിപോലെ ഇടവിട്ടിടവിട്ട്… പന്ത്രണ്ടു വട്ടം. കാലമാനത്തിന്റെ സീമന്തബിന്ദു.

ഓരോ ഹൃദയഭിത്തിയിലുമാ ഉത്തോലകം ആഞ്ഞു മുട്ടി.

അതിനിടയിൽ ആ നരീച്ചീർ പിന്നോക്കം ഞെട്ടിത്തെറിച്ചു പറന്നുമാറി. ആ മുറിയെ ഭയക്കും മട്ടിൽ കരഞ്ഞുകൊണ്ടു് തുറന്നുകിടന്ന ജനാലയിലൂടെ ശരംകണക്കെ പുറത്തേക്കു പാഞ്ഞു.

ആ മണിമുട്ടലിൽ ക്രോസു് മുട്ടി. വീണ്ടും ഉയർത്തിയെടുക്കാനാവാത്ത വിധം അഭിഭാഷകന്റെ നാവു താണു.

ക്ലോക്ക് വാ പൂട്ടിയപ്പോൾ വക്കീൽ നിശ്ശബ്ദം പിൻവാങ്ങി. ഒന്നു പകച്ചു ശങ്കിച്ചു നിന്നിട്ടു് കക്ഷിയും നിലംപറ്റി. മുന്നോട്ടു പോകാനറിയാതെ നിമിഷം നിന്നു വിറങ്ങലിച്ചു.

ന്യായാധിപൻ കണ്ണു കുനിച്ചിരുപ്പാണു്. മറ്റുള്ളവരും നിശ്ചലതയെടുത്തു പുതച്ചുകഴിഞ്ഞു.

ഏതോ നിമിഷാർദ്ധത്തിൽ ജഡ്ജി ഉണർന്നു. അപ്പോൾ മാത്രം കാലജ്ഞാനമുണ്ടായ മട്ടിൽ തന്റെ ക്ലാർക്കിനെ നോക്കി. ആ നോട്ടം വിറയ്ക്കുന്നതു് സ്നേഹമുള്ള കീഴുദ്യോഗസ്ഥൻ കണ്ടു.

അയാൾ അടുത്ത കേസ് പൊക്കി. വിറയ്ക്കുന്ന കടലാസിൽ നോക്കി തെല്ലുനിന്നിട്ടു് ഒരു നമ്പരും വിളിച്ചു.

ആരുമതു കേട്ടതായി തോന്നിയില്ല. നിമിഷങ്ങളുടെ പരിചമുട്ടു മാത്രം ത്രസിച്ചു നിന്നു. സ്വയം മറന്നു് ലേശം നിന്നശേഷം ആ സാധു പേരും നമ്പരും ദീനമായ് ആവർത്തിച്ചു.

ശിപായിക്കു് അതേറ്റു വിളിക്കാൻ അല്പം ഒരുങ്ങേണ്ടി വന്നു. എന്നിട്ടും വാക്കു തൊണ്ടയിൽ കുത്തി.

ജഡ്ജി ബലാൽക്കാരേണ ഒരു പുഞ്ചിരി തൂകി.

ബന്ധപ്പെട്ട വക്കീൽ എണീറ്റു ചുറ്റുമൊന്നു വീക്ഷിച്ചു. പിന്നെ സ്വന്തം കൈത്തണ്ടയിലേക്കാ കണ്ണുകൾ ചാഞ്ഞു. അദ്ദേഹം ഒന്നുമേ മിണ്ടാതെ തിരികെ ഇരുന്നു.

ക്ലോക്കിൽ നെടിയസൂചി പന്ത്രണ്ടാം മിനിട്ടിൽ നിന്നും തെന്നി. ജഡ്ജി ഒരാത്മാലാപം കണക്കേ ടി കേസ് മാറ്റി വെച്ചതായി കല്പിച്ചു. ബഞ്ചു ക്ലാർക്ക് ഫയലുകൾ തട്ടിയടുക്കിക്കൊണ്ടിരുന്നു.

ക്ലോക്കിൽത്തന്നെ ദൃഷ്ടിവെച്ചു നിന്നിരുന്ന ആ പ്രതി ഒരടി മുന്നോട്ടു നീങ്ങി എന്തോ പറയാൻ ഭാവിച്ച വായ് തുറന്നെങ്കിലും വാക്കു പുറപ്പെട്ടില്ല. അയാൾ ഒരു നിമിഷം കണ്ണുകൾ ഇറുകെ അടച്ചു നിന്നു.

സൂചി അപകടമേഖല താണ്ടി.

അടുത്ത ക്ഷണം ജഡ്ജിയിൽ, ബഞ്ചു ക്ലാർക്കിൽ, വക്കീലന്മാരിൽ പോലീസുകാരിൽ അങ്ങനെ യഥാക്രമം ഒരു മന്ദഹാസം പരന്നു.

മുറിക്കുള്ളിൽ കുളിർകാറ്റു് പരന്നുവന്നു. ആശ്വാസത്തിന്റെ നിശ്ശബ്ദ നിശ്വാസം ചുമരുകളിൽ തട്ടി.

ജഡ്ജി എണീറ്റു. മറ്റുള്ളവർ എണീറ്റു നിന്നു വണങ്ങി, ഒരഭിനന്ദന ഭാവത്തിൽ പുഞ്ചിരി തൂകി.

ന്യായാധിപൻ സമുചിതമായി പ്രത്യഭിവന്ദനം ചെയ്തു് ചേംബറിലേക്കു് അടിവെച്ചു. ഡഫേദാർ പിറകെ ചെന്നു.

എല്ലാ കണ്ണുകളും എന്നിട്ടും ക്ലോക്കിനെ തന്നെ തുറിച്ചു നോക്കി നില്ക്കുന്ന ആ പ്രതിയിലേക്കു പാഞ്ഞു. എല്ലാ മുഖങ്ങളിലും ഈർഷ്യയും നിന്ദയും ഇടകൂടിയിടഞ്ഞു. ചിലർ പല്ലിറുമ്മി. പലരും മുരണ്ടു.

എസ്. ഐ. ബെൽറ്റു മുറുക്കി. ഒരു നിന്ദാഗർഭചിരിയോടെ പ്രതിയെ സമീപിച്ചു. ക്രോധവിവശനായ പുലിയുടെ മട്ടു്. ക്രോസ്ബെൽറ്റ് ഒന്നമറി. ആ കൊഴുത്തുരുണ്ട കൈകൾ അസഹ്യമായി തരിച്ചു.

മുഖമിളക്കാതെ നിർവ്വികാരനായി നില്പാണു് പ്രതി. ഇരുപുറവും നിന്ന പോലീസുകാരുടെ പേശികൾ വിങ്ങി.

പ്രതി ശാന്തഗംഭീരമായി സ്ഫുടമായി പറഞ്ഞു “മനുഷ്യരുണ്ടാക്കിയ യന്ത്രത്തിനു് ചെറിയ തെറ്റു പറ്റാം”.

വീണ്ടും മുഖങ്ങളിരുണ്ടു. ഞരമ്പുകൾ മുറുകി. കണ്ണുകൾ പകച്ചു. അവ തങ്ങളിൽ മുട്ടി ഇടറി. പിന്നെ കൈത്തണ്ടകളിലെ യന്ത്രങ്ങളിലേക്കു് തളർന്നു ചാഞ്ഞു.

വിറയാർന്ന ആ രംഗത്തേക്കു പാഞ്ഞുവന്ന ഡഫേദാർ പറയാനോങ്ങിവന്നതു് തൊണ്ടയിൽ കുരുങ്ങി നിന്നു കിതച്ചു.

(മാതൃഭൂമി വാരിക, 1983 മാർച്ച്)

എസ്. വി. വേണുഗോപൻ നായർ
images/SVVenugopanNair_01.jpg

ചെറുകഥാകൃത്തും അദ്ധ്യാപകനുമായ എസ്. വി. വേണുഗോപൻ നായർ, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, “ഉച്ചരാശികളിൽ രവിയും ശുക്രനും വ്യാഴവും, മേടത്തിൽ ബുധനും ഇടവത്തിൽ ശനിയും നിൽക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തിൽ ജനിച്ചു”.

അച്ഛൻ: പി. സദാശിവൻ തമ്പി

അമ്മ: വിശാലാക്ഷിയമ്മ

ജന്മദേശമായ നെയ്യാറ്റിൻകര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി. എസ്. സി, എം. എ., എം. ഫിൽ., പി. എച്ച്. ഡി. ബിരുദങ്ങൾ നേടി. എൻ. എസ്. എസ്. കോളേജിയറ്റ് സർവ്വീസിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ നിന്നു് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.

‘രേഖയില്ലാത്ത ഒരാൾ’ ഇടശ്ശേരി അവാർഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാർഡിനും അർഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ്ജ് അവാർഡും ലഭിച്ചു.

ഭാര്യ: കെ. വത്സല

മക്കൾ: ശ്രീവത്സൻ, ഹരിഗോപൻ, നിശാഗോപൻ

പ്രധാനകൃതികൾ
  • കഥകളതിസാദരം (കഥാസമാഹാരം, സായാഹ്നയിൽ ലഭ്യമാണു്)
  • ഗർഭശ്രീമാൻ (കഥാസമാഹാരം)
  • മൃതിതാളം (കഥാസമാഹാരം)
  • ആദിശേഷൻ (കഥാസമാഹാരം)
  • തിക്തം തീക്ഷ്ണം തിമിരം (കഥാസമാഹാരം)
  • രേഖയില്ലാത്ത ഒരാൾ (കഥാസമാഹാരം)
  • ഒറ്റപ്പാലം (കഥാസമാഹാരം)
  • ഭൂമിപുത്രന്റെ വഴി (കഥാസമാഹാരം)
  • ബുദ്ധിജീവികൾ (നാടകം)
  • വാത്സല്യം സി. വി.-യുടെ ആഖ്യായികകളിൽ (പഠനം)
  • ആ മനുഷ്യൻ (നോവൽ വിവർത്തനം)
  • ചുവന്ന അകത്തളത്തിന്റെ കിനാവു് (നോവൽ വിവർത്തനം)
  • ജിംപ്രഭു (നോവൽ വിവർത്തനം)
  • മലയാള ഭാഷാചരിത്രം (എഡിറ്റ് ചെയ്തതു്)

(ഈ ജീവചരിത്രക്കുറിപ്പു് കഥകളതിസാദരം എന്ന പുസ്തകത്തിൽ നിന്നു്.)

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Kodathi vidhik munpu (ml: കോടതി വിധിക്കു മുമ്പു്).

Author(s): SV Venugopan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2022-09-19.

Deafult language: ml, Malayalam.

Keywords: Short story, Kodathi vidhik munpu, SV Venugopan Nair, എസ്. വി. വേണുഗോപൻ നായർ, കോടതി വിധിക്കു മുമ്പു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Cecil Court of Wards, a painting by Unknown artist . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Illustration: VP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.