“ജീവിതവും നാടകവും രണ്ടാണെന്നു് എനിക്കു തോന്നിയിട്ടില്ല. ജീവിതം തന്നെ ഒരു നാടകമാണെന്നു് ആരോ പറഞ്ഞിട്ടുണ്ടല്ലോ—അങ്ങനെ കളിച്ചുപോകുന്ന ഒരു നാടകം. അതുകൊണ്ടുതന്നെ ജീവിതത്തെ വലിയ ഗൌരവത്തോടെ ഞാൻ കണ്ടിട്ടില്ല. ജീവിതത്തിൽ നിന്നു് എന്തെങ്കിലും കിട്ടണം, നേടണം എന്നൊന്നും തോന്നിയിട്ടില്ല; ഒന്നും ആരോടും ചോദിച്ചു വാങ്ങിയിട്ടുമില്ല. എന്തെങ്കിലും അറിയാതെ മേൽ വന്നുവീഴുമ്പോൾ വലിയ വിഷമമാണ്—ഒരു കല്യാണപ്പെണ്ണിന്റെ വിമ്മിഷ്ടമാണു്.”
തിക്കോടിയൻ (1916–2001) മലയാള സാഹിത്യത്തിനു ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തിയാണു്. കോഴിക്കോടു് ജില്ലയിലെ തിക്കോടിയിൽ ജനിച്ച അദ്ദേഹത്തിന്റെ പേരു് പി. കുഞ്ഞനന്തൻ നായർ എന്നായിരുന്നു. സഞ്ജയനാണു് അദ്ദേഹത്തിനു തിക്കോടിയൻ എന്ന പേരു നല്‍കിയതു്. ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ പ്രവേശം കവിതയിലൂടെയായിരുന്നു. പിന്നീടു് നാടകങ്ങളിലേക്കു തിരിഞ്ഞു. കോഴിക്കോടു് ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ ‘ജീവിതം’ അദ്ദേഹത്തിന്റെ ആദ്യ നാടകമാണു് എന്നു പറയാം. ശബ്ദസാദ്ധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിൽ തിക്കോടിയന്റെ നാടകങ്ങൾ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും അവയിൽ പലതും പ്രസിദ്ധീകരിച്ചിട്ടില്ല.
‘അരങ്ങു കാണാത്ത നട’നാണു് തിക്കോടിയന്റെ ആത്മകഥ. ഈ പുസ്തകത്തിൽ മലബാറിന്റെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെ സത്യസന്ധമായ വിവരണമുണ്ടു്. 1995-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ആ വർഷം തന്നെ ഈ കൃതിക്കു് വയലാർ രാമവർമ്മ പുരസ്കാരവും ലഭിച്ചു. ഏതാനും നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ടു്. യാഗശില, ഒരേ കുടുംബം എന്നീ റേഡിയോ പ്രോഗ്രാമുകൾ ആകാശവാണിയുടെ നാഷനൽ നെറ്റ്വർക്കിൽ വരികയും ഇന്ത്യയിലെ എല്ലാഭാഷകളിലും പ്രക്ഷേപണം ചെയ്യുകയും ചെയ്തു. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ തന്നെയാണു് തിക്കോടിയന്റെ നാടകങ്ങൾ. മനുഷ്യജീവിതത്തിലെ സ്നേഹവും പകയും വിധേയത്വവും വിദ്വേഷവും തെറ്റിദ്ധാരണകളും കലഹങ്ങളും പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമെല്ലാം ഉള്ളിൽ തട്ടുന്ന തരത്തിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടു്.
കൊയിലാണ്ടി ബാസൽ മിഷൻ മിഡിൽ സ്കൂളിൽ പഠിച്ചു. വടകര ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളിൽ നിന്നു പാസായശേഷം കൊയിലാണ്ടി സ്കൂളിൽ തന്നെ 1936-ൽ അദ്ധ്യാപകനായി നിയമനം ലഭിച്ചു. 1942-ൽ സ്കൂൾ അദ്ധ്യാപികയായിരുന്ന പാർവ്വതിയെ വിവാഹം കഴിച്ചു. ഏഴു വർഷം മാത്രമേ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളു. 1949-ൽ ഭാര്യ മരിച്ചു. മകൾ പുഷ്പ.
അദ്ധ്യാപക യൂണിയന്റെ സജീവ പ്രവർത്തകൻ ആയിരുന്നു. 38-ൽ പണിമുടക്കിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടു. പിന്നീടു് സാമൂഹിക സേവന രംഗത്തായി ശ്രദ്ധ. ദേവധാർ മലബാർ പുനരുദ്ധാരണ ട്രസ്റ്റിൽ അംഗമായി. കേളപ്പേന്റേയും വി. ആർ. നായനാരുടേയും ഒപ്പം സാമൂഹിക സേവന രംഗത്തു കർമ്മനിരതനായി. ഉത്തര മലബാറിൽ, രണ്ടാം ലോക യുദ്ധക്കാലത്തു പടർന്ന മഹാമാരിയും, ദുരിതവും പരിഹരിക്കാനുള്ള ശ്രമത്തിൽ വി. ആർ. നായനാരുടെ വലംകൈ ആയി പ്രവർത്തിച്ചു. ദിനപ്രഭ പത്രത്തിൽ ഉദ്യോഗസ്ഥനും ആയി. 1948 വരെ പത്രത്തിൽ തുടർന്നു. നായനാർ ബാലികാലസദനം തുടങ്ങിയവയുടെ നടത്തിപ്പിൽ തുടർന്നും സഹകരിച്ചു. ഭാര്യയുടെ അകാല മരണത്തെ തുടർന്നു നാട്ടിലേയ്ക്കു മടങ്ങിയ തിക്കോടിയൻ, വീണ്ടും കോഴിക്കോട്ടെത്തുന്നതു് 1950 ഒക്ടോബറിൽ ആകാശവാണിയിൽ ഉദ്യോഗസ്ഥനായിട്ടാണു്. 1976-ൽ പ്രൊഡ്യൂസറായി വിരമിച്ചു. ആ കാലം മുഴുവൻ കോഴിക്കോടിന്റെ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു തിക്കോടിയൻ. കേരള സാഹിത്യ സമിതി അദ്ധ്യക്ഷനും സംഗീത നാടക അക്കാദമി ചെയർമാനും ആയിരുന്നു.
1993-ൽ കോഴിക്കോടു് മെഡിക്കൽ കോളേജ് കേന്ദ്രമാക്കി രൂപീകരിച്ച പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു തിക്കോടിയൻ. അതു് ഒരു ആലങ്കാരിക സ്ഥാനമായിരുന്നില്ല. സൊസൈറ്റിയുടെ ആദ്യകാല പ്രവർത്തനങ്ങളിലെല്ലാം സജീവ പങ്കു വഹിക്കുമായിരുന്നു. രോഗികളുടെ അനൗദ്യോഗിക സംഘടനയായ പ്രത്യാശയുടെ സ്ഥിരം ആതിഥേയനായിരുന്നു. അതിന്റെ ചെലവുകൾ മറ്റാരും വഹിക്കാൻ അദ്ദേഹം അനുവദിക്കുമായിരുന്നില്ല.
സൊസൈറ്റിക്ക് സാമ്പത്തിക ബുദ്ധിമുട്ടു നേരിട്ടപ്പോൾ ആരും ചോദിക്കാതെ, ആരെയും അറിയിക്കാതെ, അദ്ദേഹത്തിന്റെ കന്യാദാനം എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റി ടെക്സ്റ്റ് ആക്കിയതിന്റെ പകർപ്പവകാശം സൊസൈറ്റിക്ക് എഴുതിവെച്ചു. അന്നു് രണ്ടു ലക്ഷത്തിൽ താഴെയുള്ള ഒരു തുക സൊസൈറ്റിയുടെ അക്കൗണ്ടിലെത്തി.
തിക്കോടിയന്റെ കാലികപ്രസക്തി തെളിയിക്കുന്നതാണു് “അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ, പോരണ്ടാന്നു്” എന്ന പാട്ട്. ഏതോ കാലത്ത് ആകാശവാണിക്കുവേണ്ടി എഴുതിയ പാട്ടു് ഉറ്റ സ്നേഹിതൻ രാഘവൻ മാഷ് ഒരു സിനിമയിൽ വർഷങ്ങൾക്കു ശേഷം ഉപയോഗിച്ചു. അതു് എക്കാലത്തെയും ഹിറ്റായി കാമ്പസ്സുകളിൽ ഇന്നും അലയടിക്കുന്നു (https://www.youtube.com/watch?v=x44OhYbcTdc).
- തിക്കോടിയന്റെ സമ്പൂർണ്ണ നാടകങ്ങൾ
- തെരഞ്ഞെടുത്ത നാടകങ്ങൾ
- ജീവിതം
- കന്യാദാനം
- പുഷ്പവൃഷ്ടി
- പുതിയ തെറ്റു്
- ആൾക്കരടി
- പ്രേതലോകം
- ഒരേ കുടുംബം
- കണ്ണാടി
- തിക്കോടിയന്റെ ഏകാങ്കങ്ങൾ
- നിരാഹാരസമരം
- പ്രസവിക്കാത്ത അമ്മ
- പുതുപ്പണം കോട്ട
- പണക്കിഴി
- യാഗശില
- അറ്റുപോയ കണ്ണി
- ഷഷ്ഠിപൂർത്തി
- മഹാഭാരതം
- പഴയ ബന്ധം
- രാജമാർഗ്ഗം
- അശ്രുപൂജ
- പുണ്യതീർത്ഥം
- കനകം വിളയുന്ന മണ്ണു്
- ചുവന്നകടൽ
- അശ്വഹൃദയം
- മടക്കയാത്ര
- താളപ്പിഴ
- കൃഷ്ണസർപ്പം
- പഴശ്ശിയുടെ പടവാൾ
- അരങ്ങു കാണാത്ത നടൻ
- തീപ്പൊരി
- നമസ്തേ
- പൂത്തിരി
- പാലക്കുന്നിലെ യക്ഷി
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, കേരള സ്റ്റേറ്റ് ഫിലിം തിരക്കഥ അവാർഡ് (ഉത്തരായണം), സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്, ഓടക്കുഴൽ അവാർഡ്, മാതൃഭൂമി സാഹിത്യ പുരസ്കാരം, കേന്ദ്ര-കേരള സാഹിത്യ അവാർഡ്, ഓടക്കുഴൽ അവാർഡ്, ഭാരതീയ ഭാഷാ പരിഷത്തു് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.