ആർഷസംസ്കാരത്തിന്റെ ഇന്നത്തെ പ്രതിനിധിയാണല്ലോ വിനോബാജി. ഉപനിഷത്തുകളുമായി തന്മയത്വം സാധിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സൂക്തികൾ ആർഷജ്ഞാനത്തിന്റെ മുത്തുമണികളാണ്. രാഗദ്വേഷങ്ങളുടെ അഭാവം നിമിത്തം നിർമ്മലമായ അദ്ദേഹത്തിന്റെ അന്തഃകരണത്തിൽ ജ്ഞാനം വസ്തുനിഷ്ഠമായിത്തന്നെ പ്രകാശിയ്ക്കുന്നു. നിക്ഷിപ്തമായ എന്തെങ്കിലും താല്പര്യം (vested interest) ഉള്ളവർക്കൊഴിച്ച്, ചിന്തിയ്ക്കാൻ കഴിവുള്ള എല്ലാവർക്കും സ്വാഭാവികമായിത്തന്നെ ആസ്വാദ്യവും അംഗീകാര്യവും ആണു് അദ്ദേഹത്തിന്റെ സൂക്തികളും ഉപദേശങ്ങളും എന്നതിൽ പക്ഷാന്തരമുണ്ടാവാനിടയില്ല. ആ ഋഷികല്പന്റെ അടുത്തകാലത്തുള്ള പ്രവചനങ്ങളിൽ ഏറ്റവുമധികം കേൾക്കപ്പെടാറുള്ള രണ്ടു വാക്കുകളാണ് ആധ്യാത്മികത, ശാസ്ത്രീയത എന്നിവ. ആദ്ധ്യാത്മികമായ വീക്ഷണവും ശാസ്ത്രീയമായ സമീപനവും (spiritual outlook and scientific approach) ആണദ്ദേഹത്തിന്റെ നിർദ്ദേശം. തികഞ്ഞ യുക്തിവാദി എന്നു യുക്തിവാദികൾ തന്നെ അംഗീകരിയ്ക്കുന്ന നമ്മുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനു പോലും ആദരണീയമായിത്തീർന്നതാണാ നിർദ്ദേശം. നെഹ്രുജിയും പ്രശ്നങ്ങളുടെ പരിഹാരത്തിനായി ആദ്ധ്യാത്മികമായ വീക്ഷണത്തേയും ശാസ്ത്രീയമായ സമീപനത്തേയും നിർദ്ദേശിയ്ക്കുക ഇയ്യിടെ സാധാരണയായിത്തീർന്നിരിയ്ക്കുന്നു. സൂക്ഷ്മമാലോചിച്ചാൽ, ജ്ഞാനത്തിന്റെ സമഗ്രത അതിൽ അന്തർഭവിച്ചിരിയ്ക്കുന്നു എന്നു കാണാൻ വിഷമമില്ല.
ഈശ്വരൻ തന്നെയാണ് ജീവകലയായി പ്രവേശിച്ചിരിയ്ക്കുന്നത് എന്നു മനസ്സിലാക്കി ശ്വാവ്, ചണ്ഡാലൻ, പശു, കഴുത എന്നിവയെക്കൂടി, നിലത്തു വീണ് ദണ്ഡ നമസ്കാരം ചെയ്യേണ്ടതാണ്. ഇങ്ങനെയുള്ള മനോഭാവം നിരന്തരമായുണ്ടായിരിയ്ക്കേണ്ടതാണെന്ന്, അദ്ധ്യാത്മജ്ഞാനനിത്യത്വം എന്ന ജ്ഞാനലക്ഷണം കൊണ്ട് വ്യക്തമാവുന്നു.
എന്താണ് ആദ്ധ്യാത്മികത? ‘സ്വഭാവോദ്ധ്യാത്മമുച്യതേ’—അദ്ധ്യാത്മമെന്നു പറഞ്ഞാൽ സ്വഭാവം എന്നർത്ഥം. നിരുപാധികമായ ‘അക്ഷര’ത്തെ ആണല്ലോ പരബ്രഹ്മമെന്നു പറയുന്നത്. പാരിണാമികമായോ ആത്യന്തികമായോ ഏതെങ്കിലും തരത്തിലുള്ള ഭേദമോ നാശമോ ഇല്ലാത്തതാണത്. അതുകൊണ്ടാണതിനെ അക്ഷരമെന്നു പറയുന്നത്. ആഭരണങ്ങളിൽ സ്വർണ്ണമെന്ന പോലെയും ഘടശരാവാദികളിൽ, കുടം ചട്ടി മുതലായവയിൽ മണ്ണെന്ന പോലെയും, ‘യേന സർവ്വമിദം തത്വം’—ഇക്കാണ്മതെല്ലാം യാതൊന്നിനാൽ വ്യാപ്തമായിരിക്കുന്നുവോ അതാണ് ബ്രഹ്മം. അതിന്റെ സ്വഭാവമാണ് അദ്ധ്യാത്മം. പ്രതിദേഹം പ്രത്യഗാത്മാവായിരിയ്ക്കുന്ന അവസ്ഥ തന്നെയാണ് സ്വഭാവം. ‘ആത്മാനം അധികൃത്യപ്രവൃത്തം അദ്ധ്യാത്മം’. ആത്മാവ് എന്നതിന് ഇവിടെ ദേഹമെന്നർത്ഥം. ദേഹത്തെ ഉപാധിയാക്കിക്കൊണ്ട് പ്രവർത്തിയ്ക്കുന്ന ജീവാത്മാവെന്ന പരമാത്മാവിന്റെ ഭാവത്തെയാണ് അദ്ധ്യാത്മശബ്ദം കൊണ്ട് വിവക്ഷിയ്ക്കുന്നത് എന്നു താല്പര്യം.
ഔപാധികമായിട്ടല്ലാതെ, ബ്രഹ്മത്തിനു വ്യക്തീഭാവം ഇല്ലാത്തതുകൊണ്ട് സ്വഭാവം എന്നതിനു സ്വസ്യഭാവഃ എന്നർത്ഥത്തിൽ വ്യക്തീഭാവം (manifestation) എന്നർത്ഥം പറയാവുന്നതാണല്ലോ. അതുകൊണ്ടു്, ഉപാധിഭേദം നിമിത്തം വേറെവേറെ (പ്രത്യക്) എന്നപോലെ അവിവേകികൾക്കു് തോന്നലുണ്ടാക്കുന്നതാണെങ്കിലും, പരമാർത്ഥത്തിൽ പരമാത്മാഭിന്നമായിത്തന്നെ പ്രതിദേഹം സ്ഥിതി ചെയ്യുന്ന വസ്തുവിനെ സംബന്ധിയ്ക്കുന്നത് എന്ന അർത്ഥമാണ് ആദ്ധ്യാത്മികമെന്നതുകൊണ്ടു സിദ്ധിയ്ക്കുന്നത് എന്നു കരുതാവുന്നതാണ്. വിഭിന്നങ്ങളായിക്കാണപ്പെടുന്ന ഒട്ടൊഴിയാതെയുള്ള വസ്തുക്കളിൽ വിഭക്തമെന്ന പോലെ തോന്നിയാലും, പരമാർത്ഥത്തിൽ അവിഭക്തവും ഏകവും സമവും ആയ പരമാത്മാവ് ഒന്നു തന്നെയാണ്. സർവ്വത്ര സമവസ്ഥിതമായിരിയ്ക്കുന്നത് എന്ന ഭാവന തന്നെയാണ് ആദ്ധ്യാത്മികത എന്നു വ്യക്തമാകുന്നു. ‘സർവ്വഭൂതേഷു യേ നൈകം ഭാവമവ്യയമീക്ഷതേ അവിഭക്തം വിഭക്തേഷു തജ്ഞാനം വിദ്ധി സാത്വികം’—എന്നു നിർവ്വചിയ്ക്കപ്പെട്ടിരിയ്ക്കുന്ന സാത്വികമായ ജ്ഞാനം തന്നെയാണ് ആദ്ധ്യാത്മികമായ ജ്ഞാനം. എപ്രകാരം ഒരേഒരു സൂര്യൻ ഈ ലോകത്തെ ആകെ പ്രകാശിപ്പിയ്ക്കുന്നുവോ അപ്രകാരം ഒരേഒരു ക്ഷേത്രി (ക്ഷേത്രജ്ഞൻ, ബ്രഹ്മം, പരമാത്മാവ്) തന്നെയാണു് സർവ്വമായ ക്ഷേത്രത്തെ, ഒട്ടൊഴിയാതെയുള്ള എല്ലാ ക്ഷേത്രങ്ങളെയും ശരീരങ്ങളെയും പ്രകാശിപ്പിയ്ക്കുന്നതു് എന്ന അദ്വൈതഭാവനയുടെ സാക്ഷാൽക്കാരമാണത്. ആത്യന്തികമായ പരസ്പരഭിന്നതയെ അതു കുറിയ്ക്കുന്നു. ജ്ഞാനത്തിന്റെ പരമമായ കാഷ്ഠയും പരമമായ ഫലവും അതുതന്നെയാകുന്നു.
ഭക്തിയുടെയും പരമാവസ്ഥ അതുതന്നെയാണ്. ‘ഈശ്വരഃ സർവഭൂതാനാം ഹൃദ്ദേശേർജ്ജുന തിഷ്ഠതി’, ‘സമം സർവേഷു ഭൂതേഷു സമവസ്ഥിതമീശ്വരം’ എന്നും മറ്റും ഗീതയിലുണ്ടല്ലോ. “ഈശ്വരോ ജീവകലയാ പ്രവിഷ്ടോ ഭഗവാനിതി പ്രണമേദ്ദണ്ഡവൽ ഭൂമൗ ആശ്വചണ്ഡാല ഗോഖരം” എന്നു ഭാഗവതത്തിൽ നിർദ്ദേശിച്ചിരിയ്ക്കുന്നു. ഈശ്വരൻ തന്നെയാണ് ജീവകലയായി പ്രവേശിച്ചിരിയ്ക്കുന്നത് എന്നു മനസ്സിലാക്കി ശ്വാവ്, ചണ്ഡാലൻ, പശു, കഴുത എന്നിവയെക്കൂടി, നിലത്തു വീണ് ദണ്ഡനമസ്കാരം ചെയ്യേണ്ടതാണു്. ഇങ്ങനെയുള്ള മനോഭാവം നിരന്തരമായുണ്ടായിരിയ്ക്കേണ്ടതാണെന്ന്, അദ്ധ്യാത്മജ്ഞാനനിത്യത്വം എന്ന ജ്ഞാനലക്ഷണം കൊണ്ടു് വ്യക്തമാവുന്നു. ഞാൻ എന്നു പ്രത്യേകമായി ഒന്നില്ല, അഥവാ എല്ലാം ഞാൻ തന്നെയാകുന്നു എന്ന ജ്ഞാനത്തിന്റെ സാക്ഷാൽക്കാരത്തിങ്കൽ ഉണ്ടാകുന്ന മനോഭാവം എന്താകുന്നു? പരിപൂർണ്ണമായ രാഗദ്വേഷരാഹിത്യം തന്നെ. അപ്പോൾ പ്രത്യേകമായി രാഗത്തിന്നോ ദ്വേഷത്തിന്നോ വിഷയമായി പ്രത്യേകം ഒന്നും ഉണ്ടാവുന്നതല്ലല്ലോ.
വേറൊരാളെ വെറുക്കുന്നു അഥവാ മറ്റൊന്നിൽ പ്രത്യേകമായ, അനാശാസ്യമായ ആസക്തി വെയ്ക്കുന്നു എന്ന് വരുമ്പോൾ വാസ്തവത്തിൽ വെറുക്കുന്നതും ആസംഗിയ്ക്കുന്നതും തന്നെത്തന്നെയാണെന്നു മനസ്സിലാക്കിയാൽ രാഗദ്വേഷങ്ങൾ സ്വയമേവ—വിഷയം ലഭിയ്ക്കായ്ക മൂലം—ശമിയ്ക്കുമല്ലോ. അങ്ങനെ സമുപപന്നമാവുന്ന വൈരാഗ്യം കൊണ്ടു മാത്രമേ സ്വധർമ്മത്തെ തിരിച്ചറിയാനും തിരഞ്ഞെടുക്കാനും അനുഷ്ഠിയ്ക്കാനുമുള്ള തന്റേടവും സാമർത്ഥ്യവും സിദ്ധമാവുകയുള്ളൂ. അതില്ലാതെ സിദ്ധമാകുന്ന കഴിവുകളും പ്രാഭവങ്ങളുമെല്ലാം, അവിവേകിയുടെ കയ്യിൽച്ചെന്നുപെട്ട ആയുധമെന്ന പോലെ തനിയ്ക്കും മറ്റുള്ളവർക്കും ഹാനികരമായിത്തീരാതിരിയ്ക്കയില്ല. മതം എന്നത് സാധനയാണു്, അനുഷ്ഠാനങ്ങൾ യോഗ്യതാനുസാരം സാധനാഭേദങ്ങളെ നിർദ്ദേശിയ്ക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മതവും അനുഷ്ഠാനങ്ങളുമെല്ലാം ആദ്ധ്യാത്മികമായ ഈ വൈരാഗ്യത്തിൽ എത്തിയ്ക്കുന്നതിനു സഹായിയ്ക്കുന്നേടത്തോളം മാത്രമാണു പ്രയോജനപ്പെടുക. പാരമാർത്ഥികമായ ജ്ഞാനം കൊണ്ടുണ്ടാവുന്ന പരമമായ സംസ്കാരത്തെയാണ് ആധ്യാത്മികതയെന്നും ആദ്ധ്യാത്മികമായ വീക്ഷണമെന്നും പറയുന്നതെന്ന് സിദ്ധിയ്ക്കുന്നതായിക്കരുതാം.
ശാസ്ത്രീയത അഥവാ ശാസ്ത്രീയമായ സമീപനം എന്നാൽ എന്താണ്? ശാസ്ത്രീയം എന്നത് കൊണ്ട് Scientific എന്ന ഇംഗ്ലീഷ് ശബ്ദത്തെയാണ് കുറിയ്ക്കുന്നതു്. Science എന്നു പറയപ്പെടുന്ന ശാസ്ത്രം ആധിഭൗതികമാണ്. അതിന്റെ വിഷയം ഭൗതികമാകുന്നു. ഭൂതങ്ങൾ ആകട്ടെ ക്ഷരങ്ങൾ ആകുന്നു; നാശമുള്ളവയാകുന്നു. അവയുടെ അസ്തിത്വം തന്നെ വ്യാവഹാരികമാണെന്നു പറയാം. അപ്പോൾ സയൻസ് വ്യാവഹാരികമായ ജ്ഞാനമാണെന്നു കരുതുന്നതിൽ തെറ്റുമെന്നു തോന്നുന്നില്ല. പാരമാർത്ഥികമായ ജ്ഞാനത്തിനുള്ള പോലെയുള്ള നിയതത്വം വ്യാവഹാരികമായ ജ്ഞാനത്തിനുണ്ടാവുക സാദ്ധ്യമല്ല. അതുകൊണ്ട് സയൻസിന്റെ നിഗമനങ്ങൾ അനിയതങ്ങളും അനിത്യങ്ങളുമായിക്കാണുന്നതിൽ ആശ്ചര്യമില്ല.
സയൻസ് വസ്തുനിഷ്ഠമാണ് (Objective) എന്നു വാദിയ്ക്കാറുണ്ടെങ്കിലും മുഴുവൻ അങ്ങനെയാണെന്നംഗീകരിയ്ക്കുക സാദ്ധ്യമല്ല. ഗ്രഹണവും ധാരണവും വ്യക്തിനിരപേക്ഷമായിട്ടുണ്ടായിരിയ്ക്കുക എളുപ്പമല്ലല്ലോ. ഗ്രഹിയ്ക്കാനും ധരിയ്ക്കാനുമുള്ള നമ്മുടെ കഴിവിന്നൊത്തിരിയ്ക്കും ആ ജ്ഞാനത്തിന്റെ സ്വഭാവവും. സ്വന്തം ഗ്രഹണധാരണസാമർത്ഥ്യം വെച്ച് നോക്കുമ്പോൾ ഓരോന്നിന്റെയും വസ്തുത ഇങ്ങനെയാണെന്നു തോന്നുന്നു. എന്നല്ലാതെ ഉറപ്പിച്ച് ഇങ്ങനെ തന്നെയാണ് എന്ന് പറയുന്നത് ശരിയാവുകയില്ല. സയൻസിന്റെ പുരോഗതിയുടെ സ്വഭാവത്തിൽ നിന്നു തന്നെ വെളിവാകുന്ന വാസ്തവമാണിത്. അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തപ്പെടുന്ന നിരീക്ഷണപരീക്ഷണാത്മകമായ ഗവേഷണം തന്നെയാണല്ലോ സയൻസിന്റെ മുഖ്യമായ ഉപാധി. ഗവേഷണം മൂലം അതു വരെ വസ്തുതയാണെന്നംഗീകരിയ്ക്കപ്പെട്ടിരുന്ന പലതും വസ്തുതകളല്ലെന്നു തെളിയിയ്ക്കപ്പെടാറുണ്ട്. സാമഗ്രികളിൽ ഉണ്ടാവുന്ന പരിഷ്കാരങ്ങളുടെ വ്യത്യാസങ്ങൾ നിമിത്തം വ്യത്യസ്തങ്ങളായ അറിവുകൾ ലഭിയ്ക്കുകയും അങ്ങനെ അതു വരെയുണ്ടായിരുന്ന സങ്കല്പങ്ങൾക്കു പൊളിച്ചെഴുത്തു വേണ്ടി വരികയും ചെയ്യുന്നത് സാധാരണമാകുന്നു.
ഗവേഷണങ്ങളുടെ ഫലമായി സയൻസിന്റെ ഇന്നത്തെ പല നിഗമനങ്ങളും തിരുത്തപ്പെടേണ്ടതായി വരുമെന്നതും സംശയമറ്റതത്രേ. അതു സയൻസിന്റെ തരക്കേടല്ല, സ്വഭാവം മാത്രമാകുന്നു. വ്യാവഹാരികമായ ജ്ഞാനത്തിന്റെ സമ്പ്രദായം മാത്രമാണത്. ശാസ്ത്രത്തിന്റെ ഈ രീതിയ്ക്കിണങ്ങിയ സമീപനമാണു് ശാസ്ത്രീയമായ സമീപനം. തെറ്റാണെന്നും തിരുത്തപ്പെടേണ്ടതുണ്ടെന്നും വ്യക്തമായാൽ, അതിനനുസരിച്ച് പെരുമാറുക എന്നതാണു് ശാസ്ത്രീയത. ഇവിടെ, തെറ്റാവാൻ സാധ്യതയുണ്ടെന്നും, വേണ്ടിവന്നാൽ തിരുത്താൻ തയ്യാറാണെന്നും കരുതിക്കൊണ്ട് മുന്നോട്ടു പോകുമ്പോൾ കൂടുതൽക്കൂടുതൽ അറിയാനുള്ള ഉത്കണ്ഠയും ഉത്സാഹവും വർദ്ധിയ്ക്കുകയാണ് ചെയ്യുക. അന്ധമായല്ലാതെ, അറിഞ്ഞനുസരിയ്ക്കുന്നതിനുള്ള പ്രവണത അതുമൂലം ഉണ്ടാവുന്നു. വ്യാവഹാരികമായ സത്യനിഷ്ഠയാണത്.
ശാസ്ത്രവും മതവും തമ്മിലും, ശാസ്ത്രവും അദ്ധ്യാത്മവിചാരവും തമ്മിലും അഥവാ ഇവ മൂന്നും തമ്മിൽ വൈരുദ്ധ്യവും വഴക്കുമുണ്ടെന്നു ചിലർ കരുതാറുണ്ട്. ആലോചിച്ചാൽ അങ്ങനെയില്ലെന്നു വ്യക്തമാകും. ശാസ്ത്രം വ്യാവഹാരികമായ കാര്യങ്ങളിൽ വെളിച്ചം വീശുമ്പോൾ, മതം ആത്മസംയമനത്തിനുള്ള സാധനകൾക്കു രൂപം നൽകുന്നു. അദ്ധ്യാത്മവിചാരമാകട്ടെ പാരമാർത്ഥികമായ തത്വത്തെക്കുറിച്ചു ബോധം നൽകുകയും അങ്ങിനെ മാർഗ്ഗത്തെ, ജീവിതത്തെ ആകെത്തന്നെ സംസ്കരിയ്ക്കുന്നതിനും ഏകാഗ്രമാക്കുന്നതിനും സഹായിയ്ക്കുന്നു. പാരമാർത്ഥികമായ ബോധത്താൽ നിയന്ത്രിതമല്ലാത്ത വ്യാവഹാരികമായ ജീവിതം പുരുഷാർത്ഥസാധകമായിത്തീരുകയില്ല. പുരാണങ്ങളിലും മറ്റും വ്യാവഹാരികങ്ങളായ സംഗതികളെക്കുറിച്ച് കാണപ്പെടുന്ന പരാമർശങ്ങൾ ശാസ്ത്രവിരുദ്ധമായിക്കാണപ്പെടുന്നുവെന്നതു വാസ്തവം തന്നെ. എന്നാൽ അന്നത്തെ അറിവിൽപ്പെട്ടേടത്തോളം അക്കാലത്ത് അവ ശരിയായിരുന്നിരിയ്ക്കാമെങ്കിലും, വ്യാവഹാരികമായ വിജ്ഞാനം വികസിയ്ക്കുന്നതനുസരിച്ചു ലഭിച്ചിരിയ്ക്കുന്ന അറിവുവെച്ച് അവയെ അംഗീകരിയ്ക്കുക സാദ്ധ്യമല്ല.
രാഹുകേതുക്കൾ ബാധിച്ചിട്ടാണ് ഗ്രഹണങ്ങൾ ഉണ്ടാവുന്നതെന്നു പുരാണങ്ങളിൽക്കാണാമെങ്കിലും, ഏതു വലിയ വേദാന്തിയും ഭക്തനും അതങ്ങനെതന്നെ പ്രത്യക്ഷരം ശരിയാണെന്ന് ഇന്നു വിശ്വസിയ്ക്കുകയോ വാദിയ്ക്കുകയോ ചെയ്യുകയില്ലല്ലോ. സൂക്ഷ്മമാലോചിച്ചാൽ, പ്രാചീന ഭാരതീയശാസ്ത്രജ്ഞന്മാരും ഗ്രഹങ്ങളുടെ ചാരവശാൽ ഉണ്ടാകുന്ന സ്ഥിതിഭേദമാണ് ഗ്രഹണത്തിനു കാരണമെന്നു ധരിച്ചിരുന്നുവെന്ന് “ഗണിതത്തിൽ” നിന്ന് ഗ്രഹിയ്ക്കാവുന്നതാണ്—പുരാണകഥകളെ യഥാശ്രുതമായ അർത്ഥത്തിൽ വിശ്വസിയ്ക്കാവുന്നതാണെന്നോ, വിശ്വസിയ്ക്കേണ്ടതാണെന്നോ പറഞ്ഞു കൂടാ. ഭാഗവതത്തിൽത്തന്നെ, വിജ്ഞാനവൈരാഗ്യവിവക്ഷയാണ് ഇത്തരം കഥകൾക്കുള്ളത്, അല്ലാതെ യഥാശ്രുതാർത്ഥത്തിന്നുള്ള പ്രാധാന്യമല്ല എന്നു സൂചിപ്പിച്ചിട്ടുണ്ടല്ലോ. സാധന എന്ന നിലയിലുള്ള മതത്തിന്റെ സ്ഥാനം കൈക്കലാക്കുവാൻ സയൻസിനും സാദ്ധ്യമല്ല—സാധന എന്ന നിലയിൽക്കൂടുതൽ അവകാശപ്പെടുവാൻ മതത്തിനും അധികാരമില്ല. രണ്ടിനേയും നിയന്ത്രിയ്ക്കേണ്ടതാണ് അദ്ധ്യാത്മവിചാരം.
ഇത്രയും പറഞ്ഞതിൽ നിന്ന്, ‘ആദ്ധ്യാത്മികമായ മനോഭാവത്തോടുകൂടിയ ശാസ്ത്രീയമായ സമീപന’മെന്ന സന്ദേശത്തിന്റെ സാരം വ്യക്തമായിരിക്കണമല്ലോ. ശാസ്ത്രീയമായ പുരോഗതി നിമിത്തം മനുഷ്യനു് അഭൂതപൂർവങ്ങളും അത്ഭുതാവഹങ്ങളുമായ കഴിവുകൾ സിദ്ധിച്ചിരിയ്ക്കുന്നുവല്ലോ. ആ കഴിവുകളെ ലോകക്ഷേമത്തിനു വേണ്ടി പ്രയോജനപ്പെടുത്തണമെങ്കിൽ, ആദ്ധ്യാത്മികമനോഭാവത്താൽ നിയന്ത്രിതമാവണമെന്നതാണു പരമാർത്ഥം. അല്ലെങ്കിൽ രാഗദ്വേഷങ്ങൾ നിമിത്തമുണ്ടാവുന്ന മത്സരങ്ങൾക്കു് ശക്തികൂട്ടാൻ മാത്രമായി അത്തരം കഴിവുകൾ ദുർവിനിയോഗം ചെയ്യപ്പെട്ടേയ്ക്കും. ശാസ്ത്രീയമായ പുരോഗതിയെ അവഗണിയ്ക്കുക എന്നതും കണ്ണടച്ചിരുട്ടാക്കുന്നതു പോലെ മാത്രമാണ്. നാം അറിയാതെ തന്നെ നമ്മുടെ ജീവിതത്തിൽ ശാസ്ത്രം പ്രഭാവം ചെലുത്തിക്കഴിഞ്ഞിരിയ്ക്കുന്നു. അതിനെ ആദ്ധ്യാത്മികത്വം കൊണ്ട് സംസ്കരിയ്ക്കയല്ലാതെ ഗത്യന്തരമില്ല. വേദാന്തത്തിനല്ലാതെ അതിനു സാധിയ്ക്കുകയുമില്ല എന്നുകൂടി പറയേണ്ടിയിരിയ്ക്കുന്നു.
(1963 ജനുവരി ശ്രീ അയ്യപ്പൻ വിശേഷാൽപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതു്)
(20 മേയ് 1920 – 21 നവംബർ 2010) ചികിത്സകൻ, എഴുത്തുകാരൻ, ദാർശനികൻ, അദ്ധ്യാപകൻ, ഗാന്ധിയൻ, കവി, വിവർത്തകൻ, സംസ്കൃത പണ്ഡിതൻ എന്നീ നിലകളിലെല്ലാം നിസ്തുലമായ സംഭാവനകൾ നൽകിയ ശ്രീ വൈദ്യഭൂഷണം രാഘവൻ തിരുമുല്പാടിന്റെ ജന്മശതാബ്ദി ദിനമാണ് 2020 മേയ് 20.
ഒരേസമയം ശാസ്ത്രീയമായ സൂക്ഷ്മതയോടെയും നൈതികജാഗ്രതയോടെയും ഒപ്പം യുക്തിയുക്തമായും രാഷ്ട്രീയബോധ്യങ്ങളോടെയും അദ്ദേഹം തന്റെ ചിന്തയേയും പ്രയോഗത്തെയും അദ്ധ്യാപനത്തെയും ആവിഷ്ക്കരിച്ചു. ഇന്ത്യൻ പരിസരത്തിലും മണ്ണിലും ഉറച്ചുനിന്നുകൊണ്ട് ആരോഗ്യദർശനം, ആയുർവേദം, നൈതികജീവിതം, ആത്മീയത, രാഷ്ട്രീയം എന്നീ വിഷയങ്ങളെക്കുറിച്ച് തിരുമുല്പാട് ചിന്തിച്ചു, എഴുതി, പ്രസംഗിച്ചു, പഠിപ്പിച്ചു. ചിന്തിച്ചത് പ്രയോഗിച്ചു, പ്രയോഗിച്ചതിനെ ചിന്തയിലൂടെ നിരന്തരം പുതുക്കിക്കൊണ്ടിരുന്നു. തന്റെ കൃതികളിലൂടെ പാരമ്പര്യത്തെ നിരന്തരം പുനർവിചാരണ ചെയ്തുനവീകരിച്ചു; അതേസമയം ആധുനികവും പാശ്ചാത്യവുമായ ചിന്താപദ്ധതികളേയും മാറ്റങ്ങളേയും പിന്തുടരുകയും ഉൾകൊള്ളുകയും ചെയ്തു. ഈ രീതിയിൽ അകവും പുറവുമായി, സ്വന്തം പാരമ്പര്യവും കാലവുമായി, നിശിതവും ക്രിയാത്മകവുമായി സംവാദത്തിലേർപ്പെട്ട അപൂർവ്വം ‘ആന്തരികവിമർശക’രിലൊരാൾ ആയിരുന്നു തിരുമുല്പാട്. ബുദ്ധനും ഗാന്ധിയും ശ്രീനാരായണഗുരുവും ആയിരുന്നു ചിന്തയിലും ചികിത്സയിലും പ്രവൃത്തിയിലും അദ്ദേഹത്തിന്റെ പ്രചോദനങ്ങളായിരുന്നു എന്നത് അതുകൊണ്ടുതന്നെ യാദൃച്ഛികമല്ല.
സ്ഥൂലപ്രകൃതിയും സൂക്ഷ്മപ്രകൃതിയുമായുള്ള മനുഷ്യവംശത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള തിരിച്ചറിവുകൾക്ക് അടിയന്തിരപ്രസ്കതി കൈവന്നിരിക്കുന്ന ഇക്കാലത്ത് തിരുമുല്പാടിന്റെ ചിന്തകളും ജീവിതവും അതീവപ്രസക്തി ആർജ്ജിക്കുന്നു.