ഈ പുസ്തകത്തിൽ സമാഹരിച്ച ലേഖനങ്ങൾ രണ്ടു പതിറ്റാണ്ടിലേറെക്കാലത്തിനിടയിൽ എഴുതപ്പെട്ടവയാണു്. കൃത്യമായി പറഞ്ഞാൽ കലാവിമർശം: മാർക്സിസ്റ്റ് മാനദണ്ഡം പ്രസിദ്ധീകരിക്കപ്പെട്ട 1983 മുതൽക്കുള്ളവ. അതുകൊണ്ടുതന്നെ ചില ആവർത്തനങ്ങൾ ഇവയിൽ ഉണ്ടായിരിക്കാം. പക്ഷേ, വിശദമായൊരു തിരുത്തിക്കുറിക്കലിനു് ഞാൻ മുതിർന്നിട്ടില്ല. അതുകൊണ്ടു് മിക്കലേഖനങ്ങളും അവ പ്രസിദ്ധീകരിക്കപ്പെട്ട രൂപത്തിൽതന്നെയാണു് ഇവിടേയും കൊടുത്തിട്ടുള്ളതു്.
പ്രസിദ്ധ ബ്രിട്ടീഷ് ചിന്തകനായ റെയ്മണ്ട് വില്ല്യംസിന്റെ കൃതികളുമായി പരിചയപ്പെട്ടതു മുതൽ സാംസ്കാരിക പഠനത്തിന്റെ സവിശേഷ പ്രസക്തിയെക്കുറിച്ചു് ഞാൻ ബോധവാനായിരുന്നു. അതു് ഇതിലെ വിഭിന്ന മണ്ഡലങ്ങളെ സ്പർശിക്കുന്ന പഠനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ചരടായിക്കാണാം. റെയ്മണ്ട് വില്ല്യംസ് തുടങ്ങിയിട്ട സാംസ്കാരിക വിമർശപദ്ധതി സാംസ്കാരിക ഭൗതികവാദമെന്ന വിപുലമായ പ്രസ്ഥാനമായി ഇന്നു് വികസിച്ചിട്ടുണ്ടു്. വില്ല്യംസിനെ വിമർശനാത്മകമായി സമീപിക്കുന്ന ഈഗിൾടണിനെ പോലുള്ള നിരൂപകർ പോലും ഈ സിദ്ധാന്തസ്വരൂപവും ഉത്തരാധുനികതയുടെ ഭാഗമായ സാംസ്കാരികമാത്രാവാദവുമായുള്ള വ്യതിരേകത്തെപ്പറ്റി ചൂണ്ടിക്കാട്ടുന്നു. വില്ല്യംസിനെ സംബന്ധിച്ചിടത്തോളം സാംസ്കാരിക പഠനങ്ങൾ രാഷ്ട്രീയത്തിനും വർഗസമരത്തിനും പകരം നിൽക്കാവുന്ന ഒരു പുതിയ ഗണത്തെ സൃഷ്ടിച്ചെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമല്ല. സാംസ്കാരിക മണ്ഡലത്തെക്കൂടി രാഷ്ടീയ പരിപാടികളിൽ ഉൾക്കൊള്ളിക്കേണ്ട ആവശ്യകത ചൂണ്ടിക്കാണിക്കുകയാണു് വില്ല്യംസിന്റെ ലക്ഷ്യം. അതുകൊണ്ടു് അദ്ദേഹം സൃഷ്ടിക്കാൻ ശ്രമിച്ചതു് സാംസ്കാരികരാഷ്ട്രീയമല്ല—ഒരു രാഷ്ട്രീയസംസ്കാരമാണു്. ആ കാഴ്ചപ്പാടാണു് ഈ ലേഖനങ്ങൾ പൊതുവിൽ പിൻപറ്റുന്നതു്.
ഏതൊരു ചരിത്രഘട്ടത്തിലും സംസ്കാരത്തിൽ ഇഴുകിച്ചേർന്നു കിടക്കുന്ന ‘ബാക്കിയാവുന്ന’ (residual) അംശങ്ങളും രൂപംകൊണ്ടുവരുന്ന (emergent) അംശങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള വില്ല്യംസിന്റെ നിരീക്ഷണങ്ങൾ പ്രധാനമാണു്. ഇതിലാദ്യത്തേതു് ഗതകാലസമരങ്ങളുടെ ഈടുവെപ്പുകളാണു്; രണ്ടാമത്തേതു് വരാനിരിക്കുന്ന ആന്തോളനങ്ങളെപ്പറ്റിയുള്ള മുന്നറിവുകളും. ഇവ തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധം ഭാവിയിൽ സംസ്കാരം എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്ന ഏതൊരു ആലോചനയിലും വിഷയമാവേണ്ടതാണു്.
ഐറിഷ് നാടകകൃത്തായ ജെ. എം. സിങ് പറയുംപോലെ എല്ലാ സൃഷ്ടി പ്രവർത്തനങ്ങളും കൂട്ടായ സംരംഭങ്ങളാണു്. ഈ ലേഖനങ്ങളും അതിനു് അപവാദമല്ല. പല കാലങ്ങളിൽ നടന്നിട്ടുള്ള ചർച്ചകളും കലഹങ്ങളും ആശയവിനിമയവും ഒക്കെയാണു് അവയുടെ ആശയപരിസരം. അതു് കടപ്പാടുകളെപ്പറ്റിയുള്ള ഏതെങ്കിലും ഔപചാരികമായ പ്രസ്താവങ്ങളിൽ ഒതുക്കാവുന്നതല്ല.
—ടി. കെ. രാമചന്ദ്രൻ
വിഷയവിവരം →