സായാഹ്ന പ്രസിദ്ധീകരിക്കുന്ന ‘കാഴ്ചയുടെ കോയ്മ’ എന്ന പുസ്തകത്തിൽനിന്നു്.
‘ക്ഷുരസ്യധാരാ നിശിതാ ദുരത്യയാ’ എഴുപതുകളുടെ അവസാനത്തിൽ തുംഗമാംമീനച്ചൂടിൽ തേഞ്ഞിപ്പാലം കാമ്പസിലെ കരിമ്പാറക്കെട്ടുകളെല്ലാം പഴുത്തുരുകുന്ന ഒരുച്ചയ്ക്കു് ഞാനും യുവകവിയായ എന്റെ ഒരു സുഹൃത്തും നഗരത്തിലെ അളകാപുരി ഹോട്ടലിൽ അഭയം തേടി. കണ്ണിലെ മഞ്ഞളിപ്പുമാറ്റി അകത്തെ അരണ്ട വെളിച്ചവുമായി പരിചയിക്കാൻ രണ്ടുമൂന്നു നിമിഷം വേണ്ടിവന്നു. അപ്പോഴോ, ആദ്യം വിശ്വാസം വന്നില്ല, മുക്കാലും വിജനമായ ബാറിലെ കൗണ്ടറിനടുത്തുള്ള പൊക്കമേറിയ പീഠത്തിൽ അതാ വി. കെ. എൻ. നഗരത്തിലെ അറിയപ്പെടുന്ന സഹൃദയനും നല്ല സുഹൃത്തുമായ കെ. സി. കെ. നമ്പ്യാരെവിടെയുണ്ടു് എന്നു കണ്ടുപിടിക്കാനായി ഫോൺ വിളികളിൽ മുഴുകിയിരിക്കുകയാണു് ആ അതികായൻ. ഇടയ്ക്കിടയ്ക്ക് ഒളികണ്ണിട്ടു് ഞങ്ങളുടെ മേശയിലേക്കും ചോദ്യഭാവത്തിൽ നോക്കുന്നുമുണ്ടു് ലോ കോമ്പറ്റിഷൻ ലോ ഇൻകം ഇക്വിലീബ്രിയത്തിലുള്ള ഗവേഷണ വിദ്യാർത്ഥികളുടെ ബജറ്റ് കഥാപുരുഷനുമായി ചങ്ങാത്തംകൂടിയാൽ എങ്ങനെ കീഴ്മേൽ മറിയുമെന്ന സാമാന്യബോധം കലശലായി ഉണ്ടായിരുന്നതുകൊണ്ടു് ഞാൻ എന്റെ കവി സുഹൃത്തിന്റെ ക്യൂര്യോസിറ്റിയെ ‘പൂച്ചയാവും’ എന്നു കർശനമായി വിലക്കി. ഒരു പരിചയവും കാട്ടാതെ, കൗണ്ടറിന്റെ ഭാഗത്തു നോക്കുകപോലും ചെയ്യാതെ കുറച്ചുനേരം ഞങ്ങളിരുന്നു. മൂത്ര ശങ്കതീർക്കാനിടയ്ക്കൊന്നു ഞാൻ എഴുന്നേറ്റു. തിരിച്ചു വന്നപ്പോൾ സുഹൃത്തു് ശരിയായ നമ്പൂതിരി ശൈലിയിൽ കട്ലറ്റിൽ സോസ് സുഭിക്ഷമായൊഴിച്ചു് കുഴച്ചു കഴിക്കുന്നു. (നാട്ടുമ്പുറത്തുകാരനായ അവൻ ആദ്യമായി കട്ലറ്റ് കഴിക്കുന്നതു് അന്നാണു്.) ആ കാഴ്ച സാകൂതം വീക്ഷിച്ചുകൊണ്ടു് തിളങ്ങുന്ന കണ്ണുകളുമായി വി. കെ. എന്നും ഞങ്ങളുടെ മേശയിൽ ഇരിക്കുന്നു.
ഫിസിക്സിൽ ഗവേഷണം ചെയ്യുകയാണു്, സാഹിത്യം എന്നു കേട്ടിട്ടുകൂടിയില്ല എന്നൊക്കെ ഒരു പാടു് നുണ പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹം വിട്ടില്ല. മേശപ്പുറത്തെ ആഷ്ട്രേയിൽ ഉണ്ടായിരുന്ന ഒരു ഫിൽട്ടറിന്റെ കുറ്റി അദ്ദേഹം തപ്പിയെടുത്തു. അതും അല്പം ലിപ്സ്റ്റിക് പുരണ്ട ഒരു കുറ്റി. അതിൽ നിന്നു തുടങ്ങി, ഞങ്ങൾ എത്തുന്നതിനു് അല്പം മുമ്പു് മാത്രം അവിടെ നിന്നിറങ്ങിപ്പോയ സായ്പ്പിനിയെപ്പറ്റി അവളുടെ നാട്യത്തെപ്പറ്റി ‘ഓളെ നമ്മുടെ കണ്ണൂക്കാരി കൗസു ആടാ’ എന്ന ജോയീഷ്യൻ എപ്പിഫണിയിൽ (വെളിപാടു്) കലാശംകൊട്ടുന്ന ഒരസാധാരണമായ അപസർപ്പക ആഖ്യാനം ഉണ്ണായി വാര്യരുടെ ‘ഊർജ്ജിതാശയൻ’ എന്ന പ്രയോഗത്തിന്റെ അർത്ഥവ്യാപ്തി അന്നാണെനിക്കു് ശരിക്കും മനസ്സിലായതു്. ‘Like to razo’s-edge, and difficult to traverse’ മനസ്സു മന്ത്രിച്ചുകൊണ്ടേയിരുന്നു. വളരെ നിസ്സാര ഭാവത്തിൽ ചെഷയറർ പൂച്ചയുടെ ചിരിയുമായി വി. കെ. എൻ. തുടർന്നുള്ള കാലങ്ങളിൽ സാഹിത്യകാരന്മാരുമായി കാര്യമായ ബന്ധങ്ങളൊന്നും പുലർത്താത്ത എനിക്കു് അത്ര അടുത്തുനിന്നു് ആ മനസ്സിന്റെ നിശിരത്വം നോക്കിക്കാണാൻ വീണ്ടും ഒരവസരം ഉണ്ടായിട്ടില്ല. എങ്കിലും ആ ഉച്ചയ്ക്കു് ആകസ്മികമായി വീണുകിട്ടിയ അപൂർവ്വ നിമിഷങ്ങൾ മനസിൽ വജ്രംകൊണ്ടു് കോറിയിട്ട വരകളായി, മായാതെ കിടക്കുന്നു.
വി. കെ. എന്നിന്റെ ശവസംസ്കാര വാർത്തകൾക്കിടയിൽ മന്ത്രിമാരാരും സാംസ്കാരിക വകുപ്പ് മന്ത്രിപോലും തിരുവില്വാമലയിലേക്കു് തിരിഞ്ഞു നോക്കിയില്ല എന്നും ഒരു ഔദ്യോഗിക ബഹുമതിയും ഈ ഹാസ്യ സാമ്രാട്ടിനു് അവർ വച്ചു നീട്ടിയില്ല എന്നുമുള്ള വിമർശനം കണ്ടു. ഒരർത്ഥത്തിൽ പണ്ടു് വി. കെ. എന്നിന്റെ ‘അധികാര’ത്തിനെതിരെ യു. ഡി. എഫ് ഭരണകൂടം പ്രകടിപ്പിച്ച അസഹിഷ്ണുത അനുസ്മരിക്കുമ്പോൾ ഇതിൽ അസ്വാഭാവികത ഒട്ടുമില്ല. അങ്ങനെ നോക്കുമ്പോൾ അധികാരത്തിന്റെ ആസ്ഥാനങ്ങളെ എന്നും തന്റെ നിശിതമായ ഹാസ്യംകൊണ്ടു് എരിപൊരി കൊള്ളിച്ചിട്ടുള്ള ഈ സ്ഥലത്തെ പ്രധാന ‘എതിരന്റെ’ അന്ത്യയാത്രാ വേളയിൽ ശകുനം മുടക്കികളായി വിദ്യുജ്ജിഹ്വവേഷങ്ങൾ സന്നിഹിതരായിരുന്നില്ല. എന്നതു് എത്ര നന്നായി എന്ന വിപരീത ചിന്തയാണു് എന്റെ മനസ്സിൽ ഉദിച്ചതു്.
‘അധികാര’ത്തെ പാഠപുസ്തകപ്പട്ടികയിൽ നിന്നും നീക്കാനുള്ള സർക്കാർ നടപടികൾക്കെതിരെ കേരളത്തിലെ കലാലയങ്ങളിലും യൂണിവേഴ്സിറ്റികളിലുമെല്ലാം വിദ്യാർത്ഥിസമരം ആഞ്ഞടിച്ചിരുന്ന നാളുകളിൽ ദില്ലിയിലെ ഗാന്ധിസമാധിയിലും ഒരു പ്രതിക്ഷേധയോഗം നടക്കുകയുണ്ടായി. കേരളത്തിന്റെ വികസനാനുഭവത്തെക്കുറിച്ചുള്ള അന്തർദേശീയ സെമിനാറിൽ സംബന്ധിക്കാനായി ദില്ലിയിൽ എത്തിയിരുന്ന എനിക്കും ആ യോഗത്തിൽ പങ്കെടുക്കാനായി, പോകുമ്പോൾ കുറെ ദില്ലി മലയാളികൾ ഒത്തുകൂടുന്ന ഒരു ചെറിയ പരിപാടിയാണു് മനസ്സിലുണ്ടായിരുന്നതു്. എന്നാൽ ദില്ലിയിലെ ധൈഷണിക മണ്ഡലത്തിലെ ഒട്ടേറെ പ്രമുഖർ—റോമിളാഥാപ്പർ, യാമിനി കൃഷ്ണമൂർത്തി, വി. കെ. മാധവൻകുട്ടി, കെ. എൻ. പണിക്കർ, എം. മുകുന്ദൻ, സച്ചിദാനന്ദൻ, എൻ. എസ്. മാധവൻ, കാർട്ടൂണിസ്റ്റ് ഉണ്ണി, എം. എ. ബേബി—പെട്ടെന്നു് ഓർമ്മ വരുന്ന പേരുകൾ ഇതൊക്കെയാണു്—ഇവിടെ സന്നിഹിതരായിരുന്നു. ഈ മനീഷികളുടെയെല്ലാം മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള ആ മഹാപ്രതിഭയ്ക്കെന്തിനു് കേരള സർക്കാരിന്റെ ബഹുമതി?
ദില്ലിയിലെ യോഗത്തിൽ, ഫാസിസത്തിന്റെ നാളുകളിൽ ഒരു പ്രൊട്ടസ്റ്റന്റ് പാതിരി നടത്തുന്ന പ്രസിദ്ധമായ പരിദേവനത്തെപ്പറ്റിയുള്ള കവിത ഉദ്ധരിച്ചുകൊണ്ടു് സച്ചിദാനന്ദൻ ഫാഷിസ്റ്റ് ഭീഷണിയുടെ വ്യാപ്തിയെക്കുറിച്ചു് സംസാരിക്കുന്നുണ്ടു്. അന്നു് പുറപ്പാടുവേളയിൽ ആയിരുന്ന ഫാഷിസം ഇന്നു് വിശ്വരൂപം പ്രകടിപ്പിച്ചുകൊണ്ടു് നമ്മുടെ സമൂഹത്തിലെ ഒരു ഭീഷണ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ നിലപാടെടുത്തിരുന്ന പല കവികളും ബുദ്ധിജീവികളും ഒരു മൃദുഹിന്ദുത്വ നിലപാടിലേക്കു് മാറാനും കാലുമാറ്റിച്ചവിട്ടാനും തുടങ്ങിയിരിക്കുന്നു. എന്നാൽ ‘കാവി’യിലൂടേയും ‘ചൂർണാനന്ദനി’ലൂടേയും എല്ലാം വി കെ എൻ പ്രകടിപ്പിച്ചുപോരുന്ന ഫാഷിസ്റ്റ് വിരുദ്ധത അചഞ്ചലമായിത്തന്നെ തുടരുകയാണു്. അസാധാരണമായ ചരിത്രബോധം കൊണ്ടു് ദീപ്തമാണു് അവസാനകാലത്തുപോലും അദ്ദേഹം എഴുതിയ കഥകൾ ‘ഹിറ്റ്ലറുടെ കൊച്ചുനാണി’ എന്ന കഥ തന്നെ എടുക്കുക: ചരിത്ര വസ്തുതകളും നർമ്മവും ഇതിൽ ഇഴചേരുന്നു.
പെങ്കൊച്ചിന്റെ പതിനാറാമത്തെ വയസ്സിൽ മറിയാറെയ്തർ എന്നു പേരായ സുന്ദരി അഡോൾഫ് ഹിറ്റ്ലറെ ആദ്യമായിക്കാണുമ്പോൾ മുറിമീശക്കാരൻ യൂറോപ്പിലെ 35 ഹിമപാതം പിന്നിട്ടിരുന്നു. തന്നെയല്ല തന്റെ രാഷ്ട്രീയമായ ആരോഹണത്തിനു് വിലങ്ങാവാതിരിക്കാൻ അവളെ തഴയാനും തുനിഞ്ഞു. അപ്പോൾ മേരിക്കുഞ്ഞു് ആത്മഹത്യയ്ക്കും ശ്രമിച്ചുപോൽ.
തന്റെ കാമുകൻ മേരിയെ മിസ്സി എന്നാണു് വിളിച്ചിരുന്നതു്. എന്റെവളെ ഞാൻ നങ്ങേമ എന്ന പോലെ. 1992-ൽ ജീവിതത്തോടു് ടാറ്റാ പറയുംവരെ മേരി ഹിറ്റ്ലറുടെ കാലം വിളർപ്പിച്ച പ്രേമലേഖനങ്ങൾ കെട്ടിപ്പൊതിഞ്ഞുവച്ചിരുന്നു. ബാങ്ക് ബാലൻസ് അഞ്ചു് ഡോളർ ആയിരുന്നു. ‘നാസികളുടെ നാരികൾ’ എന്ന പരമ്പരയിൽ മൂന്നാമത്തേതാണു് അന്ന മറിയ എഴുതിയ സിഗ്മൺ എന്നു പേരായ ഒരു സ്ത്രീ എഴുതി ഇപ്പോൾ ഹാംബർഗിൽ വിൽക്കുന്ന ഈ പുസ്തകം. ലെനിറിഷെൻസ്തോൾ, സത്യകീർത്തി, ഗീബൽസിന്റെ നേരംപോക്കിയ മഗ്ദ തുടങ്ങിയവരെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാണു് ഇതിനുമുമ്പു് ഇറങ്ങിയവ.
തനിക്കു് കാട്ടിൽ നിന്നും കിട്ടിയ നിധി എന്നാണു് ഹിറ്റ്ലർ മരിയയെ കൊഞ്ചിച്ചിരുന്നതു്. താൻ ചത്താലും തനിക്കു് അവളോടുള്ള കമ്പം അവസാനിക്കുന്നില്ലെന്നും കുമ്പസാരിച്ചിരുന്നു. ദശവർഷങ്ങൾക്കുശേഷവും മരിയയ്ക്കു് ഹിറ്റ്ലറെക്കുറിച്ചു് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. ഓനാ ‘പുരുസ’നെന്നും ലൈംഗികമായി ആശാൻ സദാ കണ്ടീഷനിലായിരുന്നുവെന്നും മരിയ കുറിച്ചിട്ടു. ‘കാലം ഏറെക്കഴിഞ്ഞല്ലോ ഇനി സത്യം പറയാം’. എന്നായിരുന്നു വൃദ്ധ നാരീപതി പറഞ്ഞതു്. ‘ഞാൻ നിന്നെയും കൊണ്ടു് അങ്ങു് പറക്കും’ എന്നു് പറയും മട്ടു് അമ്പേ വികാരഭരിതനായിരുന്നുവത്രേ ഹിറ്റ്ലർ. ദ്വയാർത്ഥത്തിൽ ‘ഭവനെ ചെന്നായോ’ എന്നും അദ്ദേഹം ചേങ്ങില കൊട്ടി നളചരിതവും പാടിയിരുന്നുവത്രേ. (ഹൂവിനു ശേഷം ഹൂ, ഡി. സി. ബുക്സ്, 208 പേജ് 11).
ഫാഷിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ അടിസ്ഥാന സ്രോതസ്സുകളെ വിശകലനം ചെയ്തുകൊണ്ടു് തിയോഡോർ ഡബ്ല്യു അഡോർണോ നടത്തുന്ന ഒരു പഠനമുണ്ടു്. ഫാഷിസ്റ്റ് അണികളിലെ ‘ചെറിയ മനുഷ്യർ’ എങ്ങനെ നായകസ്ഥാനത്തു് അവരോധിച്ചിട്ടുള്ള ഹിറ്റ്ലറെപ്പോലെയുള്ള വലിയ മനുഷ്യരുമായി താദാത്മ്യം ചെയ്യുന്നുണ്ടെന്നു് ഫ്രോയിഡിയൻ പരികൽപനകളേയും ചാപ്ലിന്റെ പ്രസിദ്ധമായ ഹിറ്റ്ലർ ചരിത്രത്തേയും (Great Dictator) ഉപജീവിച്ചുകൊണ്ടു് അഡോർണോ നിർദ്ധാരണം ചെയ്യുന്നുണ്ടു്. ഇസ്തിരിയിട്ട യൂണിഫോമുകളും ശബ്ദമുണ്ടാക്കുന്ന ബൂട്ടുകളും കൃത്രിമമായ ഗൗരവഭാവവും അലറുന്ന ഒച്ചയും എല്ലാം ചേർന്നു് സൃഷ്ടിച്ചെടുക്കുന്ന നേതൃത്വ സങ്കല്പത്തിനു് പിന്നിലുള്ള സാധാരണ മനുഷ്യരെ തിരിച്ചറിയുക എന്നതു് ഫാഷിസത്തിന്റെ മിത്ത് വത്ക്കരണത്തെ ചെറുക്കാൻ ആവശ്യമാണു്. ഹ്രസ്വമായ ഈ കഥയിലൂടെ വി. കെ. എൻ. സാധിക്കുന്നതും ഈ വിഗ്രഹഭഞ്ജനമാണു്. കാഥാന്ത്യം ശ്രദ്ധേയമാണു്. 1930-കളിൽ ഹിറ്റ്ലർ അവളെ മ്യൂണിക്കിലെ ഒരു ഫ്ലാറ്റിൽ കുടിയിരുത്തി. ഇവിടെ ഒരു ഹിറ്റായിരിക്കുന്നു നീ എന്നു പറഞ്ഞു. അല്പകാലത്തേക്കു് അവളുടെ ഭർത്താവായ ഫെർഡിനന്റ് എന്ന ഒരു തടിയൻ നായരെപ്പറ്റി അനന്തരം ആരും കേട്ടുമില്ല.
നായർ ചാവുന്നതിനുമുമ്പു് (ചത്തതോ കൊന്നതോ എന്നു് ചാക്യാർ) മിസ്സി ഇടയ്ക്കിടെ അയാളുമായി അടിപിടി കൂടുമായിരുന്നത്രേ. ഇത്തരം സന്ദർഭങ്ങളിൽ പെട്ടിയും പൂട്ടി അവർ മ്യൂണിക്കിലുള്ള ഹിറ്റ്ലറുടെ വീട്ടിലേക്കു് പറക്കും. എന്റെ ഹെഡ്മിസ്ട്രസ്സായി ഇവിടെ കൂടിയേക്കൂ എന്നു് ഹിറ്റ്ലർ പറയാറുണ്ടായിരുന്നെങ്കിലും മിസ്സി കേൾക്കാറില്ലായിരുന്നത്രേ. പകരം ഫ്യൂറർ നല്ല സംസ്കൃതത്തിൽ പാടുമായിരുന്നത്രേ ‘സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം’ (പേജ് 12).
ഹാസ്യത്തിന്റെ വിധ്വംസകമായ ഉള്ളടക്കത്തെപ്പറ്റിയുള്ള ഫ്രോയിഡിന്റെയും ബക്തന്റേയും പാഠങ്ങൾ വളരെ മുമ്പേതന്നെ ചാക്യാന്മാരും ഓട്ടൻതുള്ളൽ കലാകാരന്മാരും മലയാളിക്കു് ഓതിത്തന്നിട്ടുണ്ടു്. ഒഴിഞ്ഞമ്പ്രാനെ മുന്നിലിരുത്തി ‘ഒഴിഞ്ഞതോ ഒഴിപ്പിച്ചതോ’ എന്നു ചോദിക്കുന്ന ധൈര്യം ഈ വിധ്വംസകതയുടെ കൊടിപ്പടമാണു്. ഒരിക്കലും മാറാത്തതു് എന്ന തോന്നലുളവാക്കുന്ന ചൂഷക സമൂഹത്തിന്റെ നിർദയക്രമങ്ങളെ ഹാസ്യം അട്ടിമറിക്കുന്നു. സ്ഥിരസ്ഥിതി (status quo) സംരക്ഷകമായ സാമാന്യബോധത്തിന്റെ തലയണ മന്ത്രങ്ങളെ അതു നിർദയമായി പരിഹസിക്കുന്നു. മുതലാളിത്തക്രമം ഇംഗ്ലണ്ടിൽ സ്ഥാപിതമാവുന്ന നാളുകളിൽ ക്രിസ്ത്യൻ, സോഷ്യലിസ്റ്റ് ആശയങ്ങളുടെ പിൻബലത്തോടെ ഇതിനെ ചെറുക്കാൻ നടന്ന വിഫലശ്രമങ്ങളെ വിവരിക്കുന്ന ഒരു ചരിത്രകാരൻ ‘കീഴ്മേൽ മറിഞ്ഞ ലോകം’ (The world Turned Upside Down) എന്നു് തന്റെ കൃതിക്കു് പേരിട്ടതു് വെറുതെയല്ല. അധികാരത്തിലും കാവിയിലും എല്ലാം നാം കാണുന്നതു് വ്യവസ്ഥയുടെ കീഴ്മേൽ മറിച്ചിലാണു്. ‘പൂർവ്വികം’ എന്ന കഥയിൽ വലിയ കാരണവർ പയ്യൻ എന്ന വലിയ മൂത്ത നായർ മരയഴിയിട്ട ചാരു കസേരയിൽ കിടന്നു് ബഹുസൂക്ഷമമായി മുറുക്കുമ്പോൾ കാര്യസ്ഥൻ ജാടവേടൻ നമ്പൂതിരി ദൂരെ മാറി ഓച്ഛാനിച്ചു നിന്നുവെന്നു പറയുമ്പോൾ സംഭവിക്കുന്നതു് ജന്മിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമകത്തു് നിലനിന്നിരുന്ന ഉച്ചനീചത്വസങ്കല്പങ്ങളിലെ കീഴ്മേൽ മറിച്ചിലാണു്. മൂത്തനായർ സുമതിക്കുട്ടിയുടെ സംബന്ധത്തിനു് ജാടവേടൻ തന്നെ മതിയെന്നു് കല്പിക്കുന്നതോടെ ഈ പ്രക്രിയ പൂർത്തിയാവുന്നു. ഒരിടിക്കുറിപ്പായി വടക്കിനിയിൽ നിന്നു് സുമതിക്കുട്ടി: ‘എനിക്കാവുമ്പോൾ ഒന്നു്. വെറും ഒന്നു്. അതും നമ്പൂതിരി. പൂർവ്വികർക്കൊക്കെ രണ്ടും മൂന്നും ചെരുപ്പും കൂടി രണ്ടു് ജോടി ഒരുമിച്ചാ മേടിച്ചുതരാറു്. ഇതാവ്മ്പളക്കും ഒന്നു് പൂജ്യം. ഹീ… ഹീ…’ (പയ്യൻകഥകൾ, വി. കെ. എൻ., ഡി. സി. ബുക്സ്, 2002, പേജ് 425) എന്നു കരയുമ്പോൾ ജന്മിത്തത്തിനു് കീഴിൽ കേരളത്തിൽ സ്ഥാപിതമായ ദുസ്സഹ കുടുംബക്രമം കൂടി തകർന്നടിയുന്നു.
ഒരു ട്രീപ്പീസ് കളിക്കാരന്റെ മെയ്വഴക്കത്തോടെ ഭാഷകളിൽ നിന്നു് ഭാഷകളിലേക്കു് ദ്രുതഗതിയിൽ മാറിക്കൊണ്ടാണു് വി. കെ. എൻ. ഉപരിവർഗ പ്രത്യയശാസ്ത്രത്തിന്റെ മിഥ്യാനിർമ്മിതികളെ പൊലിച്ചെഴുതുന്നതു്. കുചേലവൃത്തം ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലേക്കു് പറിച്ചു നടപ്പെടുമ്പോൾ സംഭവിക്കുന്ന മാറ്റം നോക്കുക.
പദേ, പദേ, പദേ, പദേ
ഇല്ലങ്ങളിൽ ചെന്നു് നടന്നിരന്നാ-
ലില്ലെന്നു ചൊല്ലുന്ന ജനങ്ങളേറും
ധരിക്ക നീ നാഥാ നമുക്കിദാനീം
ഒരിക്കലഷ്ടിക്കുമുപായമില്ല
അപ്പോൾ ബ്രാഹ്മണപത്നിയെ നോക്കി കുചേല അയ്യറവാൾ പറയും: ‘നാൻ ആപ്പീസ്ക്കു് പോറേൻ, നീ ഒഴുങ്കാ ഇരുന്തുക്കോ അശടേ! കേൾക്കും മുന്നേ കൊടുക്കറവൾ നീ എന്നു് കേൾവിപ്പെട്ടിരിക്കറേൻ’.
ബ്രഹ്മണപത്നി വളരെ ദയനീയമായി നോക്കിയാൽ ടിയാൻ തുടരും: ‘അഷ്ടിക്കു് ഉപായമില്ലൈ എന്നു് ശൊന്നായെ അവനോടു് അരയ്ക്കുവരും എകരത്തിൽ ഒരു പൂവൻകോഴി തമ്പുരാൻ നാനും. ദ്വിതീയക്ഷരപ്രാസവാദിയുമാച്ചേ. അഷ്ടി കഷ്ടി എന്നു താനേ നീ ശൊല്ലറുതു്. അപ്പോൾ ദരിദ്രയില്ലത്തെയവാഗുപോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തി പറയും: ആം എന്നല്ലാതെന്തുരിയാടാൻ. (ഹൂവിനു ശേഷം ഹൂ, പേജ് 77).
ഇന്ത്യയിലെ കാഷായ ഫാഷിസ്റ്റുകളുടെ ആക്രമണങ്ങൾക്കു് ഏറ്റവുമധികം വിധേയമാകുന്ന വിജ്ഞാനമേഖല ചരിത്രമാണു്. ചരിത്രപഠനം എന്നതു് സംഘർഷഭരിതമായ ഒരു മേഘലയാണിന്നു്. ഐ. സി. എച്ച്. ആർ. ആർക്കിയോളജിക്കൽ ഡിപ്പാർട്ടു്മെന്റുകളെല്ലാം കയ്യടക്കിക്കൊണ്ടു് ഭൂതകാലത്തെക്കുറിച്ചു് ഫാഷിസ്റ്റുകൾക്കു് സ്വീകാര്യമായ ഒരു ചരിത്രം കെട്ടിപ്പടച്ചെടുക്കാനുള്ള തിരക്കിലാണവർ, സ്ഥലപുരാണങ്ങളെപ്പറ്റിയും ലോകായതത്തെപ്പറ്റിയും സ്ഥലനാമങ്ങളെപ്പറ്റിയും ഒക്കെയുള്ള വി. കെ. എന്നിന്റെ കൊച്ചുകൊച്ചു കഥകൾ സവിശേഷ പ്രാധാന്യം കൈവരിക്കുന്നതു് ഈ പശ്ചാത്തലത്തിലാണു്.
ദേവീപ്രസാദ് ചതോപാദ്ധ്യായ യും എസ്. ഗോപാലുമായുമുള്ള ഗുരുശിഷ്യ ബന്ധത്തെപ്പറ്റിയും ഉദ്ദണ്ഡശാസ്ത്രികൾ കണ്ട കേരളത്തെപ്പറ്റിയും കാവിയുടെ ആവിർഭാവത്തെപ്പറ്റിയും എല്ലാം ആനുഷംഗികമായി നമുക്കു് വി. കെ. എൻ. നല്കുന്ന പാഠങ്ങൾ ചരിത്രത്തെ തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ തിരുത്തിയെഴുതാനായി സംഘപരിവാരം നടത്തുന്ന മഹാപ്രസ്ഥാനത്തിനെതിരായ ഗറില്ലാ സമരങ്ങളാണു്. ‘അശ്വമേധ’മെന്ന കഥ ഇതിനു നല്ല ഉദാഹരണമാണു്.
‘കേരളത്തിൽ എവിടെ നോക്കിയാലും അമ്പലങ്ങളുണ്ടു്. അമ്പലമുകളുകളുണ്ടു്. ഹൈന്ദവവും മുൻകുടുമ ‘ഫിക്സ്’ ചെയ്തവരുമായ ആൾക്കൂട്ടങ്ങളുടെ ആരാധനാലയങ്ങളാണിവ. ദീപാരാധനയ്ക്കു് ഈ പ്രദേശങ്ങളിലെ തിരക്കു് സഹിക്കില്ല. പണ്ടൊക്കെ തീകൊളുത്തിയ പന്തങ്ങൾ തലങ്ങും വിലങ്ങും എറിഞ്ഞാണത്രേ ഈ വഹക്കാരുടെ തിരക്കു് നിയന്ത്രിച്ചിരുന്നതു്. 144-ാം വകുപ്പു് നിലവിൽ വരാൻ പിന്നേയും ശതാബ്ദങ്ങൾ വരുമായിരുന്നു. ശാലീന സുന്ദരങ്ങളാവണം തങ്ങളുടെ ദേവസ്ഥാനങ്ങൾ എന്ന ദുരമൂത്താവണം ഓടും ചെങ്കല്ലും ചേർത്തു് ഇവ നിർമ്മിക്കപ്പെട്ടതു്. മേസിൻ ചെയ്തതു്. സാമ്പത്തിക ശാസ്ത്ര ദൃഷ്ട്യാ മേസിന്റെ കഥ വേറൊന്നാണു്. ചേര-ചോള-പാണ്ഡ്യർ പടുത്തുയർത്തിയ ക്ഷേത്രങ്ങളെപ്പോലെ പലവ കെട്ടിപ്പൊക്കണമെങ്കിൽ കണ്ടമാനം പണം വേണം. കുത്തബ് മിനാർ, താജ്മഹൽ എന്നിവകളെപ്പോലെ പണിതുടങ്ങിയാൽ അതു തീരില്ല. ഡെഫിസിറ്റ് ഫൈനാൻസിംഗ്, പട്ടിണി എന്നിവ മൂലം ജനം തുരുതുരാ ചാവും ആശാരി, മൂശാരി, കരുവാൻ, തട്ടാൻ, പട്ടുപണിയാളർ, പട്ടന്മാർ തുടങ്ങിയവർക്കു് ഒരു നേരമെങ്കിലും അന്നാഹാരം കൊടുക്കണമല്ലോ. അപ്പോൾ അതിനുള്ള മിച്ചമൂല്യം ആന്ധ്ര, കർണാടക, തമിഴ് രാജ്യത്തെപ്പോലെ കേരളത്തിലും വേണം. അതിനിവിടെ നൂറ്റാണ്ടുകളായി മിച്ചമുള്ളതു് കഞ്ഞിയും പുളിവെള്ളവുമാണു്; വാചകവും. വേറെ യാതൊരു കുന്തവുമില്ല. കോപ്പും നാസ്തി. അപ്പോൾ ഞങ്ങൾക്കു് ശാലീനസുന്ദരം താൻ പളക്കം. ശിന്നതേ ചുന്തരം. അയ്യങ്കാർ എന്നെല്ലാം പറഞ്ഞതു് അന്നം കാണാതെ മെലിഞ്ഞു ശുഷ്കിച്ചു് തടിതപ്പുകതന്നെ. ഞാൻ വിതച്ച കണ്ടത്തിൽ നിന്നു് കേറുന്ന വിളവു് നൂറുമേനി എന്നുദ്ഘോഷിക്കുകതന്നെ. ആരും എതിർത്തു് കോടതിയിൽ പോകില്ല. അഥവാ പോയാൽ ഒരു കക്ഷിക്കു് അനുകൂലമായ വിധിക്കെതിരായി മറ്റേ വിദ്വാൻ അപ്പിൽ പോകും. അവിടെയും തോൽക്കും. അതുതാൻ പളക്കം.’ (ഹൂവിനു ശേഷം ഹൂ, പേജ് 47).
ആവശ്യങ്ങളും (need) അത്യാഗ്രഹങ്ങളും (greed) തമ്മിൽ വ്യവച്ഛേദിക്കുന്ന ഒരു ‘ഗാന്ധിയൻ രീതിശാസ്ത്രം’ മാർക്സിസത്തോടു് ചേർക്കേണ്ടതാണു്. എന്നും മറ്റും വാദിക്കുന്ന പരിഷ്കരണവാദികൾക്കു് മാർക്സിയൻ സാമ്പത്തികശാസ്ത്രത്തിന്റെ വിശകലന രീതികളെ അയത്നലളിതമായി നിർധാരണം ചെയ്യുന്ന ഈ കഥയെഴുത്തുകാരൻ പാഠമാകേണ്ടതാണു് ഇതാണു് വി. കെ. എന്നിന്റെ ഹാസ്യപ്രപഞ്ചത്തെ ഭരിക്കുന്ന തമാശയല്ലാത്ത കാര്യം. തീൎച്ചയായും സാമ്രാജ്യത്വശക്തികൾക്കു് സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ലഭിച്ചിട്ടുള്ള സൈനികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരമായിട്ടുള്ള മേൽകൈ, പ്രതിരോധങ്ങളെ പ്രയാസമാക്കിയിട്ടുണ്ടു്. എന്നാൽ എല്ലാ അധികാര ശക്തികളുടെയും പൊള്ളത്തരവും കപടനാട്യവും തുറന്നുകാട്ടുന്ന ഹാസ്യത്തിന്റെ ആത്മനിന്ദാപരം പോലുമായ സത്യസന്ധത, ഇവർ പ്രസരിപ്പിക്കാൻ ശ്രമിക്കുന്ന കപടമായ ‘ഫീൽ ഗുഡ് ഫാക്ടി’നെ ചോദ്യം ചെയ്യുന്നു. അത്രയൊന്നും ആത്മസംതൃപ്തിക്കു് വക നല്കാത്ത ഒന്നാണു് വെള്ളവും ഭൂമിയും. എല്ലാം ജനങ്ങൾക്കു് നഷ്ടമാവുന്ന ഈ കാലഘട്ടം എന്നു് മനുഷ്യത്വപൂർവ്വം സ്നേഹപൂർവം നമ്മെ വീണ്ടും വീണ്ടും പഠിപ്പിക്കുന്നു എന്നതാണു് വി. കെ. എൻ. കഥകളുടെ കാലാതിശായിയായ പ്രസക്തി.
മാതൃഭൂമി ആഴ്ചപ്പതിപ്പു് 2004 ഫെബ്രുവരി 8.
തന്റെ ചിന്തകൾ കൊണ്ടും ഇടപെടലുകൾ കൊണ്ടും മതനിരപേക്ഷ-പുരോഗമന-ഇടതുപക്ഷ ആശയങ്ങളെ പോഷിപ്പിച്ച ചിന്തകനും അക്കാദമീഷ്യനും. സമൂഹത്തെപ്പറ്റിയും ആശയങ്ങളെപ്പറ്റിയുമുള്ള നിശിതമായ അവബോധം പ്രകടിപ്പിക്കുന്ന കൃതികളുടെ ഒരു ശേഖരം ബാക്കിവെച്ചാണദ്ദേഹം പോയതു്.