ജൂലൈ മദ്ധ്യത്തിൽ ഇൻഡ്യൻ കലാകാര പ്രതിനിധിസംഘത്തിലെ ഒരംഗമെന്ന നിലയിൽ മഹാകവി വള്ളത്തോളും ചൈന സന്ദർശിച്ചു. ഇതു് “ഒരപൂർവ്വ സൗഭാഗ്യമായി ഈ എഴുപത്തിഅഞ്ചുകാരൻ കരുതുന്നു”. പീക്കിങ്ങിലെ തീവണ്ടിയാപ്പീസിൽ ചീനപ്പെൺകുട്ടികൾ അർപ്പിച്ച കുസുമോപഹാരം, ആ കുമാരികളുടെ പിഞ്ചുമുഖങ്ങളിൽ നിന്നു പൊഴിഞ്ഞ പുഞ്ചിരിപ്പുകൾ, മാവോസെതൂങ്ങിന്റെ സൽക്കാരം, സസ്യശ്യാമളമായ പാടങ്ങൾ, ഗ്രാമങ്ങളിലെ വിദ്യാഭ്യാസം, ഇൻഡ്യൻകലകളെപ്പറ്റി ചീനക്കാരുടെ അഭിനന്ദനങ്ങൾ ഇതെല്ലാം നമ്മുടെ മഹാകവിയെ ആകർഷിച്ചു. അദ്ദേഹത്തിന്റെ ഒരു സന്ദേശം ഇവിടെ ചേർക്കുന്നു…
ഇക്കഴിഞ്ഞ ജൂലായി മദ്ധ്യത്തിൽ ഇന്ത്യയിൽനിന്നു് ചീനത്തേക്കുള്ള കലാകാരപ്രതിനിധിസംഘത്തിൽ ഒരംഗമായിപ്പോകാൻ എനിക്കും ഭാഗ്യം സിദ്ധിച്ചു. പ്രാചീനസംസ്ക്കാരകേദാരമായ ആ മഹാരാജ്യത്തെപ്പറ്റി തല്പരകക്ഷികൾ പറഞ്ഞുപരത്തുന്ന അസത്യങ്ങളുടെ അർദ്ധസത്യങ്ങളുടെയും ഇരുൾപ്പരപ്പിലേക്കു സ്വന്തം ബാഹ്യാന്തരനേത്രങ്ങളുടെ ഒരു കൊച്ചുവെളിച്ചം പായിച്ചു. വാസ്തവത്തിന്റെ വല്ല നുറുങ്ങുകളും പെറുക്കിയെടുക്കാൻ ഒരു കൗതുകം എന്റെ ഉള്ളിൽ മുളച്ചുപൊന്തിനിന്നിരുന്നു. അതു് ഇത്തിരിയെങ്കിലും ഫലിക്കുമാറു് കാലാനുകൂല്യം കൈവന്നതു് ഒരു വിലയേറിയ നേട്ടവും അപൂർവ്വ സൗഭാഗ്യവുമായി ഈ എഴുപത്തഞ്ചുവയസ്സുകാരൻ കരുതുന്നു.
അതോടൊപ്പം കുറെ സംവത്സരങ്ങൾക്കു മുമ്പു് ഒരിക്കൽ ബർമ്മയിലല്ലാതെ മറ്റൊരു വിദേശത്തും ഇതേവരെ കടൽ താണ്ടിചെന്നിട്ടില്ലാത്ത കഥകളിയെ നാട്യകലകളുടെ റാണിയെന്ന പുതിയലോകം പുകഴ്ത്തിത്തുടങ്ങിയിരിക്കുന്ന ഈ പഴയ കേരളീയ പ്രതിഭയെ — ചീനരാജ്യത്തിന്റെ സുപ്രസിദ്ധമായ കലാബോധത്തിന്റെ മുമ്പിൽ ഇദംപ്രഥമായി പ്രത്യക്ഷമാക്കാനും സന്ദർഭം കിട്ടിയതാകട്ടെ, എന്റെ സന്തോഷത്തെ അഭിമാനം പൂശിച്ചു. ഈ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കനകദ്വാരം മലർക്കെ തുറന്നുതന്ന ഭാരത-ചീനസമാധാനസമിതികളുടെ ഔദാര്യത്തിനും സ്നേഹത്തിനും നന്ദി പറയാൻതക്ക വാക്കുകൾ എവിടെ കിട്ടും.
ദൽഹിയിൽനിന്നു് ഒരു രാത്രിയിലെ വിമാനയാത്രയിൽ ഹോങ്ങു്കോങ്ങിലും അവിടെനിന്നു രണ്ടുരണ്ടരമണിക്കൂർ നേരത്തെ തീവണ്ടിയാത്രയാൽ ചീനത്തിന്റെ തെന്നതിർത്തിയിലും ചെന്നെത്തിയ ഈ ഇന്ത്യാക്കാരെ സുന്ദരമായ മന്ദഹാസത്താലും പ്രസന്നമായ കുശലാന്വേഷണത്തിലും കുതിർത്ത സ്വാഗതോക്തികളും സൗഹാർദ്ദസുദൃഢങ്ങളായ ആലിംഗനങ്ങളും ഹസ്തദാനങ്ങളും നൽകി എതിരേറ്റ ആ ചിത്രം എന്റെ മനസ്സിൽ എന്നെന്നും മറക്കാതെ നിൽക്കും.
ഹോങ്ങ്കോങ്ങിന്റെ അതിർത്തിയിൽനിന്നു് ചീനപ്രാന്തത്തിൽ കടന്നപ്പോൾ കണ്ട വിപുലമായ വ്യത്യാസം ആ പരിമിതമായ പരിധികളിൽത്തന്നെ രണ്ടു ലോകം അടങ്ങിയിരിക്കുന്നതായി എനിക്കു തോന്നി. തെക്കുവശത്തു് പ്രായേണ വൻപട്ടണങ്ങളിൽ കാണാറുള്ള വിശപ്പും ഇരപ്പും, വെടിപ്പുകേടും, വടക്കു വശത്തെ സംതൃപ്തി, സ്വഛത, ഒരു ജീവചൈതന്യത്തിന്റെ പരിസ്ഫുരണം.
ചീനത്തിന്റെ അതിർത്തിയിൽനിന്നു പീക്കിങ്ങിലേക്കുള്ള യാത്രയും പിന്നീടുണ്ടായ പര്യടനങ്ങളും സകല സുഖസാമഗ്രികളോടു കൂടിയ സ്പെഷ്യൽ ട്രെയിനിലായിരുന്നു. ജൂലൈ 20-ആം തീയതി പിക്കാങ്ങിലെത്തി, ഇതിനിടയിൽ കാന്റണിൽ ഒരു വമ്പിച്ച ഹോട്ടലിൽ ഒരുനാൾ പരസുഖമായി വിശ്രമിച്ചതും മറക്കുക വയ്യ.
ഞങ്ങൾ 20-ആം തീയതി രാത്രി പിക്കിങ്ങിലെ വലിയ തീവണ്ടിയാപ്പീസ്സിൽ ഇറങ്ങിയപ്പോൾ ഞങ്ങളെ എതിരേൽക്കാൻ വന്നു ചേർന്നിരുന്ന മാന്യപൗരന്മാരുടെ പിന്നിൽ ഓരോ പൂച്ചെണ്ടും കൈയിൽ പിടിച്ചു അതിന്റെ സൗകുമാര്യമുള്ള ഇരുപത്തൊൻപതു പെൺകുട്ടികൾ — പന്ത്രണ്ടും ഇരുപതും വയസ്സുകൾക്കിടയിലുള്ളവർ — ആഹ്ലാദിത്തുടുപ്പിയന്ന മുഖങ്ങളാൽ പാട്ടുംപാടി നിന്നിരുന്നു. അവർ ക്രമേണ സമീപിച്ചു പൂച്ചണ്ടൂ കൈയിൽത്തന്നു സംഘത്തിലെ ഇരുപത്തൊൻപതു പേരെയും ഉപചരിച്ചു. അവരുടെ പിഞ്ചുമുഖങ്ങളിൽനിന്നു പുഞ്ചിരിപ്പൂക്കൾ ഞങ്ങളിൽ പൊഴിഞ്ഞു. ഞങ്ങൾ ചെന്ന ഓരോ തീവണ്ടിയാപ്പിസിലുമുണ്ടായിരുന്നു കുമാരികളുടെ ഈ കുസുമോപഹാരം. ചീനക്കാരുടെ പുഷ്പപ്രേമം പ്രസിദ്ധമാണല്ലോ. അങ്ങനെ അവരുടെ നിഷ്ക്കളങ്കമായ ഭാരതീയസ്നേഹമാകുന്ന വസന്തം ഈ വള്ളത്തോളെന്ന കിഴവന്മരത്തേയും പൂവണിയിച്ചു.
26-ആം തീയതി സംഘത്തിലെ അഞ്ചുപേർ — ഞാനുൾപ്പെടെ — ചീനാറിപ്പബ്ളിക്ക് ചെയർമേനായ മാവോസേതൂങ്ങി നെ ചെന്നു കണ്ടൂ. ഏറ്റവും ആദരവോടും ഒതുക്കത്തോടും കൂടിയാണു് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചതു്. കുശലപ്രശ്നാനന്തരം അദ്ദേഹം ഒന്നാമതായി പറഞ്ഞതു് കൊറിയായുദ്ധവിരാമസന്ധിയിൽ പിറ്റേന്നു 27-ആം തീയതി ഒപ്പുവെയ്ക്കാമെന്നാണു്. ഈ ആശ്വാസകരമായ വർത്തമാനം ഇന്ത്യവിട്ടതിനു ശേഷം ഒരു പത്രവും വായിച്ചിട്ടില്ലാത്ത ഞാൻ അപ്പോഴേ അറിഞ്ഞുള്ളൂ. ഇതു പുറപ്പെട്ടതു് അദ്ദേഹത്തിന്റെ സമാധാനവാഞ്ഛ തിളങ്ങുന്ന മുഖത്തുനിന്നാകയാൽ ഒരു വിശേഷമാധുര്യം എനിക്കനുഭവപ്പെട്ടു.
വണ്ണവും നീളവും കുറഞ്ഞ ഒരു സാധാരണ ചീനക്കാരനാണു മാവോ. തന്റെ വിശാലരാജ്യത്തെ ആ നരകയാതനകളിൽ നിന്നു് തീവ്രപ്രയത്നംകൊണ്ടുദ്ധരിച്ച ആളാണിതെന്നു് അദ്ദേഹത്തെ കണ്ടാൽ തോന്നുകയില്ല. വാസ്തവത്തിൽ അമ്പതുകോടി ജനങ്ങളുടെ ഭാരം വഴിപോലെ വഹിക്കാൻ കെൽപുണ്ടു് ആ കൃശഗ്രാത്രന്നു്. കുറിയ ദേഹം, പെരിയ ആത്മാവു് ഇതാണു് മാവോസേതൂങ്ങ്. രാജ്യക്ഷേമം, രാജ്യക്ഷേമം എന്ന ഒരൊറ്റ വിചാരമേ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകരന്മാർക്കുമുള്ളു. ആഡംബരത്തിനല്ല, നാടു നന്നാക്കാനാണു അവർ അധികാരത്തിലിരിക്കുന്നതു്. ഒരു കവിയും കൂടിയായ ആ മഹാപുരുഷനുമായി പരിചയപ്പെട്ടു. 1958 ജൂലായ് 26-നു എന്റെ എളിയ ജീവിതത്തിലെ ഒരു വലിയ ദിവസമാണു്.
മാവോസേതൂങ്ങിന്റെ പാർപ്പിടത്തിലുള്ള ഒരു അതിവിശാലമായ ഹാളിൽവച്ചു് അന്നു് രാത്രിതന്നെ ഇന്ത്യൻകലാപ്രകടങ്ങളും അദ്ദേഹത്തിന്റെ ഗംഭീരമായ ഒരു ചായ സൽക്കാരവും നടത്തപ്പെട്ടു. ആയിരത്തിൽപരം മാന്യ സ്ത്രീപുരുഷന്മാർ അതിൽ സംബന്ധിച്ചിരുന്നു. ആ സദസ്സിന്റെ അദ്ധ്യക്ഷൻ പ്രധാനമന്ത്രി ചൗഎൻലായ തന്നെയായിരുന്നു.
പീക്കിങ്ങിൽ സിനിമയും നാടകവും ഡാൻസും സർക്കസ്സും മറ്റും കണ്ടുകൊണ്ടും ഞങ്ങളുടെ കലകളെ കാണിച്ചുകൊണ്ടും കൂടക്കൂടെ സൽക്കാരങ്ങളിൽ സംബന്ധിച്ചുകൊണ്ടും പത്തു നാൾ പത്തു നിമിഷംപോലെ കഴിച്ചതിനുശേഷം ഞങ്ങൾ ട്രെയിനിൽ സഞ്ചരിക്കാൻ തുടങ്ങി. അന്നന്നായി അനേകായിരം നാഴിക ഞങ്ങൾ സഞ്ചരിച്ചു. പാതയുടെ ഇരുവശത്തും പരന്നുകിടക്കുന്ന പാടങ്ങളിൽ ഒരിടംപോലും സസ്യശ്യാമളമല്ലാതെ കാണപ്പെട്ടില്ല. നഭോവീഥിയോടു നർമ്മ സല്ലാപംചെയ്യുന്ന പച്ചയുടുപ്പണിഞ്ഞ പർവ്വതങ്ങൾ, ആ പച്ചവർണ്ണത്തെ പകർത്തെടുത്തതുപോലുള്ള പാടങ്ങൾ, ഇടയ്ക്കിടയ്ക്കു വലുതും ചെറുതുമായ താമരപ്പൊയ്കകൾ, അവയിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കളും നീന്തിക്കളിക്കുന്ന കൃഷീവലക്കിടാങ്ങളുടെ മുഖപത്മങ്ങളും — ഈ കോൾമയിർക്കൊള്ളിക്കുന്ന കാഴ്ചമൂലം മാർഗ്ഗദൈർഘ്യമോ അന്നു അവിടങ്ങളിലുണ്ടായിരുന്ന കടും ചൂടോ ഞങ്ങൾ തെല്ലും അറിഞ്ഞില്ല.
ഞങ്ങളെ കൊണ്ടുനടന്നിരുന്നതു പീക്കിങ്ങിലെ സമാധാനക്കമ്മിറ്റിയുടെ വൈസ് ഡയറക്ടർമാരിലൊരാളായ ഹൂ എന്ന യുവാവും അതിലെ മെമ്പർമാരായ കുറേ സ്ത്രീപുരുഷന്മാരുമാണു്.
ചീനസ്വർഗ്ഗത്തിന്റെ നാനാ ഭാഗങ്ങൾ കാട്ടിത്തരാൻ ഞങ്ങളെ കൊണ്ടുനടക്കുന്ന ഒരു ദേവദൂതൻ എന്നു ഞാൻ ഒരിക്കൽ അദ്ദേഹത്തെ വിശേഷിപ്പിച്ചതു നേരമ്പോക്കിലാണെങ്കിലും നേരുതന്നെയാണു്. ഒരൊറ്റക്കാര്യമേ ഞങ്ങളെ വിഷമിപ്പിച്ചുള്ളു. ഭാഷ അറിഞ്ഞുകൂടായ്കയാൽ സംഭാഷണം ദുസ്സാധമായിരുന്നു. ചീനരാജ്യത്തു് ഇംഗ്ലീഷറിയുന്നവരായി അമ്പതുകോടയിൽ അമ്പതിനായിരംപേരുണ്ടോ ആവോ. മാവോസേതൂങ്ങിന്നു തന്നെയും ഇംഗ്ലീഷറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ മന്ത്രിമാരിലും ഇംഗ്ലീഷറിയാവുന്നവർ ചുരുങ്ങും. ഇംഗ്ലീഷിനെ വിദേശിയരോടു ഇടപെടാനുള്ള ഒരു ഭാഷയായേ അവർ കരുതുന്നുള്ളു. അവിടെ വിദ്യാഭ്യാസം ചീനഭാഷയിൽത്തന്നെയാണു. അതിനാൽ അൽപ്പകാലംകൊണ്ടു് അനൽപ്പമായ അറിവു് അവിടത്തുകാർക്കു് കൈവരുന്നു. മാതൃഭാഷ വഴിക്കുള്ള വിദ്യാഭ്യാസമാണു് വിദ്യാഭ്യാസമെന്നു് — ആയയുടെ മുലപ്പാലല്ല, തായയുടെ മുലപ്പാൽ തന്നെയാണു് കുഞ്ഞുങ്ങൾക്കു് ആരോഗ്യകരം എന്നു അവർ മനസ്സിലാക്കിയിരിക്കുന്നു. ഇംഗ്ലീഷ് വേണമെന്നുള്ള വിദ്യാർത്ഥികൾക്കു് കോളേജിൽ ചേർന്നാൽ ഇംഗ്ലീഷ് പഠിക്കാം. ഇംഗ്ലീഷ് മാത്രമല്ല ഏതു വിദേശഭാഷയും കോളേജുകളിൽ പഠിപ്പിക്കപ്പെടുന്നുണ്ടു്. ഇക്കഴിഞ്ഞ മൂന്നുക്കൊല്ലത്തിനപ്പുറം ചെറുപ്പക്കാർ — വിശേഷിച്ചും യുവതികൾ-ഇംഗ്ലീഷ് പഠിക്കാനും ഡിഗ്രി സമ്പാദിക്കാനും തുടങ്ങിയിട്ടുണ്ടു്. അവരിൽ ചിലരാണു് സംഭാഷണങ്ങളിൽ ഞങ്ങളെ സഹായിച്ചിരുന്നതു്. യുവാക്കളുടേതിൽക്കവിഞ്ഞു് മിടുക്കുണ്ടു് ആ യുവതികൾക്കു്. അവർ എന്നെ എപ്പോഴും ഒരു കാരണവരെ എന്നപോലെ കൊണ്ടുനടക്കുകയും ഉപചരിക്കുകയും ചെയ്തു എന്നതു കൃതജ്ഞതാപൂർവ്വം ഒന്നെടുത്തു പറയേണ്ടിയിരിക്കുന്നു. ആഗസ്ത് 24-നു അവരോടു യാത്രപറഞ്ഞുപിരിയുമ്പോൾ ഞാനും അവരും ഒപ്പം പൊട്ടിക്കരഞ്ഞുപോയി.
ചീനത്തു വിദ്യാഭ്യാസം നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു വ്യാപിച്ചു വരുന്നുണ്ടു്. ഞങ്ങളിൽ ചിലർ ഒരു നാട്ടുംപുറത്തു ഒരു കൃഷിക്കാരന്റെ അതിഥികളായി ഒരു പകൽ താമസിച്ചു. അദ്ദേഹത്തിന്റെ ഭാര്യ എഴുത്തെന്തെന്നറിയാത്ത ഗ്രാണകളിൽ ഒരുവളായിരുന്നു. ഒരു മൂന്നുകൊല്ലം മുമ്പുവരെ ആ അമ്പത്തഞ്ചുവയസ്സുകാരി ഉത്സാഹപൂർവ്വം സ്ളേറ്റും പെൻസിലും കൈയിലെടുത്തു. വിജ്ഞാനത്തെ ക്രമേണ മനസ്സിലും ഇങ്ങനെ വാർദ്ധക്യദശയിൽ സരസ്വതിയെ സമീപിച്ച വളരെ വളരെ സ്ത്രീപുരുഷന്മാർ നവീനചീനത്തിലുണ്ടു്. തന്റെയും അയൽക്കാരിൽ പലരുടേയും എഴുത്തു പഠിക്കൽ ആ ഗ്രാമീണസ്ത്രീ വിവരിച്ചപ്പോൾ, ആ പച്ചവയലുകളിൽ പളുങ്കൊളിമെയ്യാളായ വാഗ്ദേവി താമരയിലപ്പടർപ്പിൽ ഒരു കളഹംസിയെന്നപോലെ പതുക്കെപ്പതുക്കെ ലാത്തുന്നതു് ഞാൻ മനസ്സുകൊണ്ടു കണ്ടു.
‘ഉടമസ്ഥതാബോധം മണ്ണിനെ പൊന്നാക്കുന്നുണ്ടു്’ എന്നു ഒരു യൂറോപ്യൻ ചിന്തകൻ പ്രസ്താവിച്ചതിന്റെ യാഥാർത്ഥ്യം ചീനഗ്രാമങ്ങളിൽ തെളിഞ്ഞുകാണാം. ഗവർമ്മെണ്ടു ജന്മികൾക്കു നേടേണ്ടതു കൊടുത്തു ബാക്കിയുള്ള ഭൂമികളെല്ലാം കൃഷിക്കാരെ ഏല്പിച്ചതോടുകൂടി അവിടങ്ങളിൽ കൃഷിയ്ക്കുണ്ടായ വളർച്ച പറഞ്ഞറീക്കാവതല്ല. സ്ത്രീകളും പുരുഷന്മാരും സംതൃപ്തിയോടും അഭിമാനത്തോടും ഉത്സാഹത്തോടുംകൂടി നാൾതോറും പത്തുമണിക്കൂർനേരം വയലുകളിൽ ജോലി ചെയ്യുക എന്ന പതിവു് ചീനത്തെങ്ങും പടർന്നിരിക്കുന്നു. മൂന്നുകൊല്ലം മുമ്പുവരെ അവിടെ മത്സരിച്ചിരുന്ന ദുർഭിക്ഷരക്ഷസ്സു് ഈ കരുത്തൂള്ള കൈക്കോട്ടുകളാൽ കുഴിച്ചുമൂടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വയറ്റിൽ മൃഷ്ടന്നവും പോക്കറ്റിൽ കാശുമില്ലാത്ത ഒരു തൊഴിലാളിയെ അവിടെ കാണില്ല. മറ്റൊന്നല്ല ചീനക്കാരുടെ ദൃഷ്ടി കലാസംസ്ക്കാരങ്ങളിൽ അഭൂതപൂർവമാംവണ്ണം പതിഞ്ഞതിനു് കാരണം ഗീത — നട്യ — നൃത്താദികളിൽ അവർക്കുള്ള പഠിപ്പും മതിപ്പും എത്രമേൽ സിദ്ധിച്ചിട്ടുണ്ടെന്നു് ഇൻഡ്യൻ കലാപ്രകടനങ്ങളെ ആസ്വദിച്ചിരുന്ന അവരുടെ സരസമുഖങ്ങളിൽനിന്നു് എനിക്കു ഒട്ടാകെ മനസ്സിലായ്. അവരുടെ പഴയ ഓപ്പറ എന്ന കളിതന്നെ ഒരുൽകൃഷ്ടകലയാണു്. പുതിയ തരം നാടകങ്ങളും ഞാൻ കാണുകയുണ്ടായി. അഭിനയത്തിൽ അദ്വിതീയരായ ചില നടന്മാരും നടികളും അവിടെ മിക്കപട്ടണങ്ങളിലുമുണ്ടു്. ഷാങ്ങ്ഹായിൽവെച്ചു ഞാൻ കണ്ട ഒരു മദ്ധ്യവയസ്ക്കയായ നാടകക്കാരിയുടെ അഭിനയം അസാദ്ധ്യമാണെന്നു പറഞ്ഞാൽത്തന്നെ അതിശയോക്തിയാവില്ല. അത്രയും കലാവിരുതു് സിദ്ധിച്ചിട്ടുള്ളവർ ഇത്ര കൊണ്ടാടിയെന്നതു് ഇന്ത്യൻകലകൾക്കു ഒരു ബഹുമതിയായിക്കരുതാം. കഥകളി അവരെ അധികം ആകർഷിച്ചുവത്രെ. ഒരു പണ്ഡിതൻ എന്നോടു നേരിട്ടു പറകയുണ്ടായി ഈ ഇന്ത്യൻകലകളെല്ലാം ഉൽകൃഷ്ടങ്ങൾതന്നെ. എന്നാൽ എന്നെ ഏറെ രസിപ്പിച്ചതു് കഥകളിയാണു്. കേരളമേ എണ്ണായിരം നാഴിക ദൂരത്തുനിന്നു കിട്ടിയ ഈ പ്രശംസാപത്രം നീ സൂക്ഷിച്ചുവെച്ചുകൊൾക. ഓപ്പറ എന്ന കളിയോടു ഒട്ടൊക്കെ സാമ്യമുള്ളതുകൊണ്ടായിരിക്കാം കഥകളി ചീനക്കാർക്കു കൂടുതൽ കമനീയമായിത്തോന്നിയതു്.
ചില മികച്ച യുവകവികളെയും ഞാൻ കാണുകയുണ്ടായി. അവരെല്ലാം സാമാന്യജനങ്ങളുടെ മനോവൃത്തികളെ ഉത്തേജിപ്പിക്കുന്ന കൃതികൾ എഴുതുന്നവരാണു്. ഇന്നു് അവരുടെ പ്രധാനവിഷയം ലോകസമാധാനം തന്നെ. ശാന്തി ചീനത്തു ആബാലവൃദ്ധം ജനങ്ങളുടെയും ഒരു പരസ്യദേവതയായിത്തീർന്നിരിക്കുന്നു. നോക്കുക, അവരുടെ മനസ്സംസ്ക്കാരം ഞാൻ ഒരു സൽക്കാരത്തിൽവച്ചു സംസാരിക്കുന്നതിനിടയിൽ ഇങ്ങനെ പറയുകയുണ്ടായി. “പാൻമുഞ്ചോണിൽ വെച്ചു ഒപ്പിട്ട സന്ധിപ്പത്രം ലോകഭിത്തിന്മേൽനിന്നു യുദ്ധച്ചെളി തുടച്ചു നീക്കാൻ പര്യാപ്തമാവുമെന്നുറച്ചു കൂടാ. വോൾഗാ യാങ്ങ്ട്സ്, ഗംഗ എന്നീ മഹാനദികളിലെ വെള്ളം ഒന്നിച്ചുപകർന്നാലേ യുദ്ധത്തീ നിശ്ശേഷം കെട്ടടങ്ങുകയുള്ളൂ. അതേ റഷ്യയും ചീനയും ഇന്ത്യയും ഒത്തൊരുമിച്ചു മുൻനിന്നു പരിശ്രമിച്ചാലേ യുദ്ധപ്പുക പുരളാത്ത അന്തരീക്ഷം കാണുമാറാകയുള്ളൂ.”
ചീനത്തു നഗരങ്ങളിലും നാട്ടുംപുറങ്ങളിലുമൊക്കെ നാനാപ്രകാരങ്ങളായ മരാമത്തുവേലകൾ നടക്കുന്ന കാലമാണിതു്. വീടും, റോഡും തോടും പാടവും, പറമ്പും ഒക്കെ പരിഷ്കരിക്കപ്പെടുന്നു. ജലവിതരണത്തിനും വിദ്യുത്ഛക്തിക്കുമായി വലിയ വലിയ അണകൾ കെട്ടുന്നു. പാലങ്ങൾ പണിയുന്നു. സുഭിക്ഷത്തിന്റെയും സുഖത്തിന്റെയും ഒരു അത്യുന്നത വിശാലമായ കൊട്ടാരം പുറത്തുയർത്തുകയാണു് അവിടുത്തെ തൊഴിലാളികൾ ചെയ്യുന്നതു്. പീക്കിങ്ങിലെ പ്രധാന ബുദ്ധക്ഷേത്രത്തിന്റെ ജീർണ്ണത തീർക്കുന്നതു് ഞങ്ങൾ കണ്ടു. പണ്ടു് ആ ക്ഷേത്രം എങ്ങിനെയായിരുന്നുവൊ അങ്ങിനെതന്നെയാക്കണമെന്നാണു് അതികൃതന്മാരുടെ നിശ്ചയം. ആ അത്ഭുതകരമായ പഴയ മരാമത്തിൽ പരമ്പരാസമൃദ്ധമായ പാടവമുള്ള ശില്പികൾ ഭാഗ്യംകൊണ്ടു് ഇന്നും അവിടെ ജീവിച്ചിരിപ്പുണ്ടു്. മതമില്ലാത്ത നാസ്തികരാജ്യത്തു് എന്തിനാണാവോ പഴഞ്ചൻ ബുദ്ധക്ഷേത്രം. അഴകും അന്തസ്സുമേറിയ ഒരു മുസ്ലീംപള്ളിയിലേക്കു ഞങ്ങളിൽ ചിലർ ക്ഷണിക്കപ്പെട്ടു. അവിടത്തെ മൗലവി ഞങ്ങളോടു പറഞ്ഞതു് “ഈ പുതിയ ഭരണം ഏർപ്പെട്ടതിനുശേഷമേ ഞങ്ങൾക്കു നഷ്ടമായിരുന്ന മതസ്വാതന്ത്ര്യം തിരിച്ചുകിട്ടുകയുള്ളു” എന്നാണു്. മതങ്ങളെ മർദ്ദിക്കുയല്ല, മാനിക്കുക തന്നെയാണു്. ഇന്ത്യേ, ഭവതിയുടെ ആ ചിരന്തന സഖി ചെയ്യുന്നതു്.
ആനന്ദമായ ഒരു മാസമാണു് ഞങ്ങൾ ചീനത്തു കഴിച്ചതു്. 29 പേരെ സഞ്ചരിപ്പിക്കാനും സൽക്കരിക്കാനും സന്തോഷിപ്പിക്കാനുമായി ചീന രാജ്യത്തിലെ സമാധാനക്കമ്മിറ്റിക്കാർ പണം വാരി വർഷിച്ചതു കണ്ടാൽ വൈശ്രവണനും വയറു തലോടും. അഹോ, ഈ കടം നമ്മൾ എങ്ങിനെ വീട്ടും എന്നെനിക്കറിഞ്ഞുകൂടാ. അവർക്കു പണിയെടുക്കാനും പണമുണ്ടാക്കാനും അറിയാം. നമുക്കോ?
നെപ്പോളിയൻ ബോണപ്പാർട്ട് ഒരിക്കൽ പ്രസ്താവിച്ചുപോൽ, ഒരു ഭീമൻ കിടന്നുറങ്ങുന്നു, അവനെ ഉണർത്തിയാൽ ലോകം അമ്പരക്കും. എത്രശരി, ആ ഭീമൻ — മഹത്തായ ചീനരാജ്യം — ഉണർന്നു, ലോകം അമ്പരക്കാനും തുടങ്ങി. ഈ അമ്പരപ്പിന്റെ ഒരു വകഭേദമല്ലയോ ചീന റിപ്പബ്ളിക്കിന്റെ നേരേ ചിലർ കണ്ണു മുറുകെ ചിമ്മുന്നതു്. എന്നാൽ കൂമന്മാർ കണ്മിഴിക്കാത്തതുകൊണ്ടു് സൂര്യരശ്മി കൂരിരുട്ടായിപ്പോവില്ല.
(അരുണ മാസിക, 1953 നവംബർ ലക്കം.)
1878 ഒക്ടോബർ 16-നു് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്നു് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണു് ‘ബധിരവിലാപം’ എന്ന കവിത രചിച്ചതു്. 1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി. 1958 മാർച്ച് 13-നു് 79-ാം വയസ്സിൽ വള്ളത്തോൾ അന്തരിച്ചു.