images/Albert_Bierstadt_The_Alps.jpg
The Alps from Visp, a painting by Albert Bierstadt (1830–1902).
സാഹിത്യമഞ്ജരി (ഒന്നാം ഭാഗം)
വള്ളത്തോൾ നാരായണമേനോൻ
മാതൃവന്ദനം (കേക)

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ

എത്രയും തപശ്ശക്തിപൂണ്ട ജാമദഗ്ന്യന്നു,

സത്രാജിത്തിനു പണ്ടു സഹസ്രകരൻപോലേ,

പശ്ചിമരത്നാകരം പ്രീതിയാൽദ്ദാനം ചെയ്ത

വിശ്വൈകമഹാരത്നമല്ലി നമ്മുടെ രാജ്യം?

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ

വന്ദിപ്പിൻ സമുദ്രാത്മഭൂവാമി ശ്രീദേവിയെ.

പച്ചയാം വിരിപ്പിട്ട സഹ്യനിൽത്തലവെച്ചും,

സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും

പള്ളികൊണ്ടീടുന്ന നിൻ പാർശ്വയുഗ്മത്തെകാത്തു-

കൊള്ളുന്നു കുമാരിയും ഗോകർണ്ണേശനുമമ്മേ

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ

വന്ദിപ്പിനുപാസ്യരായുള്ളോർക്കുമുപാസ്യയെ

ആഴിവീചികളനുവേലം വെൺനുരകളാൽ-

ത്തോഴികൾപോലേ, തവ ചാരുതൃപ്പദങ്ങളിൽ

തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നൂ തൃപ്തി

കൈവരാഞ്ഞഴിക്കുന്നു! പിന്നെയും തുടരുന്നൂ

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിനനന്യസാധാരണ സൌഭാഗ്യയെ!

മിന്നൽക്കാറുകളായ പൊന്നണിദ്വിപങ്ങളു-

മന്യൂനസ്തനിതമാം പടഹസ്വനവുമായ്

ഭാസമാനേന്ദ്രായുധതോരണം വർഷോത്സവം

ഭാർഗ്ഗവക്ഷേത്രത്തിൽപ്പോലെങ്ങാനുമുണ്ടോ വേറെ?

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിൻ സുഭിക്ഷാധിദേവതയായുള്ളോളെ

ചന്ദനവനകുളിർത്തെന്നലിൻ കളികളാൽ

മന്ദമായ്ത്തലയാട്ടിക്കൊണ്ടു മാമലകളിൽ

ഉല്ലസിച്ചീടും ജയവൈജയന്തികളേലാ-

വല്ലികൾ നിൻ തൂമണമെങ്ങെങ്ങു വീശാതുള്ളു?

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിൻ ഗുണഗണാവർജ്ജിതജനൌഘയെ

ഹഹ, നിൻ തോട്ടങ്ങളിൽത്താംബൂലലതകളാൽ-

ഗ്ഗൃഹസ്ഥാശ്രമികളായ്ച്ചമഞ്ഞ കമുങ്ങുകൾ

കായ്കൾതൻ കനംകൊണ്ടു നമ്രമൌലികളായി

ലോകോപകാരോന്മേഷാൽച്ചാഞ്ചാടി നിന്നീടുന്നു

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിനാഗന്തുകോദ്ഗീയമാനൌദാര്യയെ

പഴുപ്പു കായ്കൾക്കെത്തുങ്കാലത്തു പവിഴച്ചാർ-

ത്തഴകിലണിയുന്ന മുളകിൻകൊടികളും,

കനകക്കുടങ്ങളെച്ചുമന്ന കേരങ്ങളും-

നിനയ്ക്കിൽ നിതാന്താഭിരാമമേ നിന്നാരാമം!

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിൻ ശുഭഫലപ്രാർത്ഥികൾക്കാരാധ്യയെ

പിന്തിരിയ്ക്കൊല്ലേ ദൂനവർണ്ണമാം മുഖം വീണ്ടും;

നിന്തിരുവടിയുടെ മക്കളായ് ത്തീരും ഞങ്ങൾ!

നിത്യവും മുന്നോട്ടേയ്ക്കേ പാഞ്ഞുപോം കാലക്കപ്പ-

ലെത്തിപ്പൂ പുറപ്പെട്ട ദിക്കിൽത്താൻ യാത്രക്കാരെ.

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിൻ പ്രജാസ്നേഹവ്യാകുലഹൃദന്തയെ!

പാഴ്മണ്ണു പിടിച്ചൊ,രുമൂലയിൽക്കിടപ്പതാം

സ്വാമിനിയുടെ പള്ളിവാളിതു, വീണ്ടും നമ്മൾ

നന്മെഴുക്കിടുകയാൽ നിർമ്മലാഭമായ് മേന്മേൽ-

ച്ചുംബിതമായീടട്ടെ മാർത്താണ്ഡമരീചിയാൽ

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിൻ നിജസ്തന്യപോഷിതപ്രവീരയെ!

വാൾകൊണ്ടെന്നതുപോലെവായ്കൊണ്ടും പ്രതിയോഗി-

ലോകത്തെജ്ജയിച്ചോരാം പൂർവകരുടെ രക്തം

അല്പാല്പം സിരകളിൽ ബാക്കിയുണ്ടതിൻ ചൂടാ-

ലിപ്പോഴെന്നാലും, തെല്ലു കൺമിഴിച്ചല്ലോ നമ്മൾ.

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിൻ ചിരന്തന സുപ്രജാവതിയാളെ!

മാതാവിൻ മഹാഗൃഹം തുണ്ടുതുണ്ടാക്കിത്തീർത്തു

വേർതിരിപ്പതീ വെറും മാറാലമറകളോ?

ഇവയെപ്പറപ്പിപ്പാനുണർന്ന നമ്മൾ മൂരി-

നിവർന്നു നേരേ വിടും നെടുവീർപ്പൊന്നേ പോരും!

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിൻ യോഗക്ഷേമകല്പന പ്രശസ്തയെ!

ചേലോടെ പല പൂക്കൾകൊണ്ടു സൌഭ്രാത്രപ്പട്ടു-

നൂലിന്മേൽകോർക്കപ്പെട്ട നമ്മുടെ നവമാല്യം

മാലിന്യമേലാതെന്നും നിർവൃതി നൽകിക്കൊണ്ടു

ലാലസിക്കട്ടെ മാതൃദേവിതൻ തിരുമാറിൽ!

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിനദ്വൈതസിദ്ധാന്താദ്ധ്യാപികയാളെ!

മാതൃവാക്കൊന്നാകണം നമുക്കു സാക്ഷാൽവേദം

മാതൃശുശ്രൂഷായത്നമാകണം മഹായജ്ഞം;

മാതാവിന്നുഴിഞ്ഞീടുകാത്മ ജീവിതം പ്രിയ-

ഭ്രാതാക്കന്മാരേ, പാരിൽദ്ദൈവമേതുള്ളൂ വേറേ?

വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,

വന്ദിപ്പിൻ സർവ്വാഭീഷ്ടസാധകപ്രസാദയെ.

ഉൾനാട്ടിലെ മഞ്ഞുകാലം

കഴിഞ്ഞുപോയ് നിർമ്മലതാഗുണത്താൽ-

ക്കൃതാഭമായ് വാണ ശരത്തുകാലം;

കനത്ത മഞ്ഞാൽക്കലുഷാശമായ

കാലം കരാളം കലിപോലണഞ്ഞു.

ഹാ കാലഭേദം ചെറുതോ? കരങ്ങ-

ളോരായിരം പൂണ്ട ദിവാകരന്നും

തടുത്തുകൂടാത്തവിധത്തിലല്ലോ

ജൃംഭിച്ചിടുന്നു ജഡമാം ഹിമൌഘം!

ആവോളമീടാർന്നു വളർന്ന മഞ്ഞാ-

ലാപാണ്ഡുരശ്രീപെടുമന്തരിക്ഷം

പെരുത്തുപാച്ചോറ്റിമരങ്ങൾ പൂത്ത

പാർത്തട്ടിനൊക്കും പരിപാടി നേടി.

താനേ ശരീരം മരവിച്ചുപോമീ

തണുപ്പു താങ്ങാനരുതാത്തമട്ടിൽ

എല്ലായ്പൊഴും നല്ല പനിപ്പുതപ്പി-

ട്ടിരിക്കയാണാശകൾപോലുമിപ്പോൾ!

ഇതാ, വിയുക്തപ്രമദാജനങ്ങൾ-

പോലുഗ്രശീതാനില ബാധമൂലം

നിഷ്പത്ര പുഷ്പാഭരണങ്ങളായി

വിളർത്തുനില്ക്കുന്നുലതാഗണങ്ങൾ.

ഹാ, ഹന്ത, ഹേമന്ത മഹോത്സവത്തിൽ

ക്രൌഞ്ചങ്ങളാം പക്ഷികൾ പാടിടുമ്പോൾ,

തണുത്തു തുള്ളും നരർ താടി കൊണ്ടു

താളംപിടിക്കുന്നു തരത്തിനൊപ്പം.

ദിനാധിപൻ വിത്തപദിക്കുവിട്ടു

നിശ്ശ്രീകനായ് വന്നതിലല്ലൽകൊണ്ടോ,

തുഷാരബഷ്പാർദ്രമുഖങ്ങളായി-

ക്കൃശങ്ങളാകുന്നു ദിനങ്ങളിപ്പോൾ.

ശരിക്കുഷസ്സിങ്കലുണർന്നെണീറ്റി-

ശ്ശീതത്തെയേതും വകവെച്ചിടാതേ,

കൂലിപ്പണിക്കായ് നടകൊണ്ടിടുന്നു,

ദാരിദ്ര്യതാപാവൃതരാം ജനങ്ങൾ.

പ്രശീതമാം പല്വലനീരിൽ നീണ്ട

കൊക്കൊന്നു മുക്കാനരുതായ്കമൂലം

പ്രാതല്ക്കു മീൻകുഞ്ഞിനെ നേടിടാഞ്ഞി-

ച്ചിത്രാംഗമാം പൊന്മയുഴന്നിടുന്നു.

ചെമ്പിച്ചതാം വൻചിറകും, വെളുത്ത

കഴുത്തുമുള്ളാരു പരുന്തിദാനീം

മത്സ്യത്തെ റാഞ്ചുന്നതിനായ്ക്കുളത്തിൻ

മേലേ വലംവെച്ചു പറന്നിടുന്നു.

ഹിമാക്രമാലാത്മജ പദ്മനാശ-

മാപ്പെട്ടതിൽദ്ദുഷ്പ്രസഹാർത്തിയാലോ,

ക്രമേണ ശോഷിച്ചുവരും കുളങ്ങൾ-

ക്കല്പേതരം ബാഷ്പമുയർന്നിടുന്നു!

പറമ്പിലങ്ങിങ്ങു വിരിഞ്ഞുനില്ക്കും

പട്ടിന്നുനേരാം പനിനീർ സുമങ്ങൾ,

ആകമ്പമിങ്ങേകിയ ശീതകാല-

ക്രൗര്യത്തെയൊട്ടൊട്ടു മറച്ചിടുന്നു!

തലേന്നു രാവിൽ പനിനീർ മലർക്കു

മേലേ വിരിച്ചോരു നനുത്ത വസ്ത്രം

കാലത്തെടുത്തൊന്നു പിഴിഞ്ഞു,നല്ല

ഗന്ധദ്രവം നാരികൾ ശേഖരിപ്പൂ.

വിലോലപത്രങ്ങളിൽ മുത്തുരത്നം

പോലേ വിളങ്ങും ഹിമബിന്ദുതോറും

ബാലാതപം തട്ടി വിചിത്രഭാസ്സായ്

കാണപ്പെടുന്നു കദളീ കദംബം.

അങ്കസ്ഥലം കേറിയിരിക്കുമാട്ടിൻ

കിടാവിനെ,പ്പുത്രനെയെന്നപോലെ,

മാറോടണയ്ക്കുന്നിടയർക്കു ശീതം

മഹാർഹസൗഖ്യപ്രദമെന്നുതോന്നും!

കടുത്ത നക്രങ്ങളിതാ കുളത്തിൻ

കരപ്പുറത്താതപമേല്ക്കുവാനായ്

കേറിക്കിടക്കുന്നു പലേടമോരോ

നെടും കരിങ്കല്ലു പതിച്ചപോലെ.

തങ്ങൾക്കു കൺകാഴ്ച കെടുക്കുമർക്ക-

ന്നുച്ചയ്ക്കുമിപ്പോളൊളി കെട്ട മൂലം

മഹാരസംപൂണ്ടു, മരങ്ങൾ തന്മേ-

ലിരുന്നിതാ, മൂങ്ങകൾ മൂളിടുന്നു!

അതാതിടം വീടുകൾ, മിക്കവാറും

വാതായനക്കണ്ണു തുറന്നിടാതേ

കാണായ്വരാൻ കാരണമിത്തുഷാര-

വിഷസ്രവോല്പന്നവിമൂർച്ഛതാനോ!

പെരുംപിശുക്കുള്ള ജനങ്ങൾ വെച്ചു

സൂക്ഷിച്ച നാണ്യങ്ങളിലെന്നപോലെ,

വ്യാപാരലോപാലിഹ താലവൃന്ത-

വൃന്ദങ്ങളിൽ ‘പൂപ്പൽ’ പിടിച്ചിടുന്നു.

രാവിങ്കലത്യുഗ്രഹിമാക്രമത്താൽ

പേർത്തും വിറയ്ക്കുന്ന ജനത്തിനെല്ലാം

ശരണ്യമിപ്പോൾ പകലാണ,—തിന്നോ,

ക്രമത്തിലായുസ്സു കുറഞ്ഞുമായി!

മഞ്ഞായ മാറ്റാനൊടു തോറ്റുഴന്നോ,

മഹാജവാൽപ്പോയ് മറയുന്നു സൂര്യൻ:

അത്യുന്നതസ്ഥാനഗർ മാറ്റലർക്കു

കീഴ്പെട്ടിരുന്നീടുകയില്ലയല്ലോ!

ഉടല്ക്കു ദൈവം ദയയാൽക്കൊടുത്ത

രോമാഞ്ചമാമഞ്ചിതകഞ്ചുകത്താൽ

തണുപ്പു തട്ടാത്തവർ പോലെ പിച്ച-

ക്കാരങ്ങുമിങ്ങും നടകൊണ്ടിടുന്നു.

‘സാൽവ’പ്പുതപ്പിട്ട നരേന്ദ്രനേയും

ചെന്നാക്രമിക്കും ജഡിമോച്ചയത്തെ

അഹോ, കരസ്വസ്തികബന്ധമൊന്നാ-

ലടക്കിനിർത്തുന്നിതകിഞ്ചനന്മാർ.

തണുപ്പിനാൽക്കോച്ചി വലിച്ചിടുന്ന

കൈകാല്കളിൽക്കിഞ്ചന ചോരയോടാൻ

തോട്ടങ്ങളിൽച്ചപ്പില കൂട്ടി നന്നായ്-

തീയിട്ടു കായുന്നു കൃഷിപ്പണിക്കാർ.

ജ്വാലയ്ക്കു നേരേ മുകളിൽക്കമഴ്ത്തി-

പ്പിടിച്ചിടും പാണികൾകൊണ്ടു നൂനം,

അനുഗ്രഹിക്കുന്നു, ഹിമാർത്തി തീർത്തു

രക്ഷിച്ചു് ധൂമധ്വജനെജ്ജനങ്ങൾ!

ചെന്തീക്കനൽച്ചാർത്തകമേ നിറച്ച

വെറും നെരിപ്പോടിനെ ലോകരിപ്പോൾ

രത്നങ്ങളുൾത്തിങ്ങിയ പൊൻകുടത്തെ-

പ്പോലാണുമാനിപ്പതു കാലഭേദാൽ!

ഗൃഹത്തിലെജ്ജോലി കഴിച്ചു, കാന്തൻ

വരുന്നതും കാത്തമരും വധുക്കൾ

പൂമച്ചിലന്തിക്കു പുകച്ച മട്ടി-

പ്പാലിൻ മണം ഹാ, പകരുന്നു പാരിൽ!

അതാതിടം കൊയ്ത്തു കഴിഞ്ഞിടാത്ത

പാടങ്ങൾ പാടേ വിളവാർന്ന നെല്ലാൽ,

തണ്ടാരിൻ മാതൻപൊടു നൃത്തമാടും

തങ്കത്തറയ്ക്കൊത്തു വിളങ്ങിടുന്നു.

‘ചെമ്പോത്തിനും പ്രീതി കുറഞ്ഞിതെന്നെ-

ക്കൊണ്ടാടുവാനെ’ന്നഴലാർന്നപോലെ,

നിറഞ്ഞ മഞ്ഞിൻ നിരയാൽ നിതാന്തം

വിവർണ്ണമായ്ത്തീർന്നിതു വെണ്ണിലാവും.

പാടത്തു നെൽകാപ്പതിനായ്ച്ചുവട്ടിൽ-

ത്തീയിട്ട മാടത്തിലെഴും ജനങ്ങൾ

ഇടയ്ക്കിടയ്ക്കീ നിശപോലെ നീണ്ടു-

നില്ക്കും നിനാദത്തോടു കൂക്കിടുന്നു.

മഞ്ജുശ്രീയണിമഞ്ഞുകാലമിതിനെപ്പാടിപ്പുകഴ്ത്തുംവിധം,

കർണ്ണത്തിന്നമൃതാം കളസ്വനമുതിർക്കുന്നോരിളന്തത്തകൾ

നിത്യം, നല്പവിഴപ്പൊളിക്കുശരിയാം കൊക്കിന്നലങ്കാരമായ്

മിന്നും പൊന്നെതിർ നെല്ക്കതിർക്കുലമുദാ നേടുന്നു സമ്മാനമായ്!

ഒരു ചിത്രം (മഞ്ജരി)

നിയ്യിതു കാൺകൊ,രാൺകുഞ്ഞിതാ, തൻകുഞ്ഞി-

ക്കയ്യിൽച്ചെറിയ പാല്പാത്രവുമായ്,

പയ്യിനെക്കാലേ കറന്നീടുമമ്മതൻ

മെയ്യിൻ വലംവശം ചാരിനില്പൂ.

മാതാവോ, പൈക്കറ നിർത്തി, മണിവള-

വ്രാതമണിഞ്ഞ വലത്തുകയ്യാൽ

പൈതലെപ്പേർത്തുമണച്ചു പുണർന്നതി-

പ്രീതയായ് കോൾമയിർക്കൊണ്ടിടുന്നു

ചേലുറ്റ പാത്രത്തിലമ്മ നറുംചൂടു

പാലും പകർന്നു കൊടുത്തതിനാൽ

ബാലന്റെ ചെന്തൊണ്ടിവായ്മലരിൽച്ചെറ്റു

പാലഞ്ചും പുഞ്ചിരി തഞ്ചിടുന്നു.

താമരത്താരിതൾപോലേ നെടുതായി-

ത്തൂമയ്യെഴുതിയ കണ്ണിണയിൽ

പ്രേമവും ഹർഷവുമുൾക്കൊള്ളുമുണ്ണിത-

ന്നോമനവക്ത്രമിതെത്ര രമ്യം!

എമ്മട്ടെന്നോതുവാനേതും കഴിവില്ലാ-

ത്തിമ്മധുരാനനമൊന്നു കണ്ടാൽ,

അമ്മയ്ക്കു മാത്രമല്ലാർക്കുമേ ചെന്നെടു-

ത്തുമ്മവെച്ചീടുവാൻ തോന്നുമല്ലോ!

കേവലഭംഗ്യാ കൊഴുത്തുരുണ്ടുള്ളോരി-

പ്പൂവൽമെയ് പൂണ്മോർതാൻ പുണ്യവാന്മാർ

ലാവണ്യദുഗ്ദ്ധം കടഞ്ഞെടുത്തീടിന

തൂവെണ്ണയോ ഇതു തമ്പുരാനേ!

ക്ഷോണിക്കിരുൾ നീങ്ങാൻദൈവംതാൻ കത്തിച്ചു

കാണിക്കും കാഞ്ചനക്കൈവിളക്കോ

ചാണയ്ക്കുവെച്ചേറെച്ചന്തംവരുത്തിയ

മാണിക്യക്കല്ലോ,യീ മഞ്ജുരൂപം!

വെൺതിങ്കൾബിംബത്തിൻസൌമ്യപ്രകാശവും,

മുന്തിരിസ്സത്തിന്റെ മാധുര്യവും,

പൂന്തയ്യൽത്തെന്നലിൻ പൂർണ്ണക്കുളിർമ്മയും,

മാന്തളിർത്തൊത്തിന്റെ മാർദ്ദവവും,

വാനിൽ നവരത്നതോരണം കെട്ടുന്ന

വാർമഴവില്ലിന്റെ നല്ലഴകും,

വാടാതെ സന്ധ്യയ്ക്കു മന്ദം വിരിയുന്ന

വാസന്തിപ്പൂവിന്റെ വാസനയും-

മറ്റുമാനന്ദമേകുന്ന പദാർത്ഥങ്ങൾ

മുറ്റുമൊത്തിട്ടുണ്ടിക്കൊച്ചുമെയ്യിൽ;

മറ്റാരുമല്ലിതു മാന്യയശോദ തൻ

കറ്റക്കിടാവായ കണ്ണനത്രേ!

അമ്മയ്ക്കു് പാല്പാത്രം കാണിച്ചു നിന്നീടു-

മിമ്മലർക്കോമളതൃക്കയ്യല്ലോ,

അമ്മഹാമല്ലരാം ചാണൂരമുഖ്യരെ-

ച്ചമ്മന്തി പ്രായമരച്ചുവിട്ടു!

ആറേഴുനാളൊരു കുന്നിനെയൊറ്റക്കൈ

ത്താരാൽക്കുടയായ് പിടിച്ചോനിവൻ,

ഏറിയാൽ മൂഴക്കു കൊള്ളുമിപ്പാത്രത്തെ-

ക്കൈരണ്ടുകൊണ്ടും പിടിച്ചിരിപ്പൂ!

പീലികൾ വെച്ചു മേല്പോട്ടാക്കിക്കെട്ടിയ

നീലിമകോലുന്ന കൂന്തലിന്മേൽ

മാലിന്യമേലാത്ത മുത്തുമണിമയ-

മൗലി വിഭൂഷണമൊന്നണിഞ്ഞും;

നന്മഷിക്കോലിനെ വെല്ലുന്ന ചില്ലികൾ-

തൻ മദ്ധ്യഭാഗത്തായ്ത്തെല്ലു മീതേ,

ഗോപിമാർ ചുംബിച്ച നിർമ്മലനെറ്റിമേൽ-

ഗ്ഗോപി ചെങ്കുങ്കുമംകൊണ്ടു തൊട്ടും;

കർണ്ണങ്ങൾ രണ്ടിലും കഞ്ജകുസുമത്തിൻ

കർണ്ണികയ്ക്കൊത്ത കുടക്കടുക്കൻ

കണ്ണാടിച്ചില്ലൊക്കും ഗണ്ഡത്തിൽ ബിംബിച്ചു

കണ്ണാടിച്ചിന്നുമാറുജ്ജ്വലിച്ചും;

കൊച്ചിളം കണ്ഠത്തെ മാറോളം തൂങ്ങിയോ-

രച്ഛഹാരത്താലലങ്കരിച്ചും;

പിച്ചിപ്പൂമാലകൾ പോലാം ഭുജങ്ങളിൽ-

പച്ചക്കൽ വെച്ച വളകളിട്ടും;

മൊട്ടുള്ള പൊൻതുടർ മിന്നുമരയിങ്കൽ

പട്ടാടക്കോണമുടുത്തും ചെമ്മേ;

പട്ടും പണിയുന്ന പാദങ്ങളിൽ വില-

പ്പെട്ടുള്ള രത്നച്ചിലമ്പുപൂണ്ടും,

അമ്മതൻ മെയ്ചാരിനില്പോനേ, ലോകങ്ങൾ-

ക്കമ്മയുമച്ഛനുമായവനേ,

ധർമ്മസംരക്ഷയ്ക്കായ്ക്കുടെക്കൂടെജ്ജന്തു-

ധർമ്മം കൈക്കൊള്ളും പരമാത്മാവേ!

ഭാവം പാർത്ത,മ്പാടിപ്പെണ്ണുങ്ങൾ തൻ മുന്നിൽ-

പ്പാൽവെണ്ണയൊട്ടൊട്ടു കിട്ടുവാനായ്,

മൂവടി കൊണ്ടു മുപ്പാരുമളന്ന തൃ-

ക്കാൽ വെച്ചു തത്തിക്കളിക്കുവോനേ,

ഓടക്കുഴലൂതിശ്ശീലിച്ചുപോരുമി-

പ്പാടലപേലവച്ചുണ്ടിനാലേ,

പ്രൗഢനാം ഫൽഗുനന്നുല്ക്കൃഷ്ടധർമ്മത്തിൻ

ഗൂഢമാം സത്തുപദേശിച്ചോനേ;

ബാലകരൂപനാം നിന്നുടെയത്ഭുത-

ലീലകൾക്കുണ്ടോ പറഞ്ഞാലറ്റം!

നീലകളേബര, നിശ്ശേഷവിശ്വൈക-

പാലക, പോറ്റി, പണിഞ്ഞിടുന്നേൻ!

വൃക്ഷവൃന്ദങ്ങളിൽച്ചെന്തെങ്ങാണങ്ങുന്നു;

നക്ഷത്രവർഗ്ഗത്തിൽ ശുക്രനത്രേ;

രക്ഷിക്കും ബാന്ധവശ്രേണിയിലമ്മതാൻ

പക്ഷികുലത്തിലോ, പച്ചക്കിളി;

നാനാചെടികളിൽത്തൃത്താവാകുന്നു നീ;

മാനായ ജാതിയിൽക്കൃഷ്ണമൃഗം;

നൂനമൃതുക്കളിൽ മാധവമാസം നീ

പാനവസ്തുക്കളിൽ പാലുതന്നേ;

ഗാനയന്ത്രങ്ങളിൽ വീണാപ്രകാണ്ഡം നീ;

സൂനങ്ങളിൽ പനിനീർപ്പൂവു നീ;

സ്നാനം കഴിക്കേണ്ടും തീർത്ഥശതങ്ങളിൽ

വാനവഗംഗ നീ വാസുദേവ!

എന്തിലും മീതേ വിളങ്ങുന്ന ദൈവമേ,

ചിന്തിത സർവസ്വചിന്താമണേ,

അന്തിക്കു നാമംജപിക്കുമ്പോൾ നിത്യമീ

നിൻ തിരുമെയ്യുള്ളിൽതോന്നേണം മേ!

ഒരരിപ്പിറാവു്

പുലർകാലമെനിക്കു പുണ്യമിന്നു,-

ജ്ജ്വലതേജസ്സെഴുമോമനപ്പിറാവേ!

ഉലകിൽ പ്രിയദർശനൻ ഭവാനെൻ

നിലയോപാന്തമലങ്കരിച്ചുവല്ലോ!

ചിറകിന്റെ ചിതപ്പെടുന്ന നാനാ-

നിറവും തുണ്ഡപദങ്ങൾതൻ തുടുപ്പും-

പറവാൻ പണി, ഗാത്രസൌഭഗം തേ

പറവച്ചാർത്തിനു മാനഹേതു പാരം.

ഇരുകണ്ണിതു, കുങ്കുമദ്രവത്താൽ

നറുതേൻവാണികൾ തൊട്ട പൊട്ടുപോലെ;

ചുരുളിപ്പൊഴുതേ വിടുർത്ത വാഴ-

ച്ചെറുകൂമ്പിൻപടി കോമളം തവാംഗം.

അലസാതൊരു സൂചിശില്പദക്ഷൻ

പല വർണ്ണങ്ങളിലുളള പട്ടുനൂലാൽ

നലമോടിഹ തയ്ച്ചു തീർത്തതോ,നിൻ-

മലർമെയ്യെത്ര മനോഹരം പിറാവേ!

ജനിസിദ്ധമനോജ്ഞ മാർദ്ദവത്താൽ

ത്തനിവില്ലീസൊടിടഞ്ഞ താവകാംഗം

കനിവിൽത്തടവുന്നു ബാലസൂര്യൻ,

പനിനീർപ്പൂ പണിയുന്ന തൻകരത്താൽ!

സ്ഫുരദംഗമരീചിവീചിയാലെൻ

പുരമുറ്റത്തു, പുരന്ധ്രിമാർ കണക്കേ,

വിരവോടു വിചിത്രമംഗളപ്പൂ-

നിര കാലത്തു വിരിച്ചിടുന്നിതോ നീ!

ഭുവനത്രയശില്പി ചിത്രരത്ന-

പ്രവരശ്രേണി പതിച്ചതിൻ പ്രകാശം

തവ മെയ്യിലിതാ, പതിന്മടങ്ങായ്

നവസൂര്യക്കതിരേറ്റു മിന്നിടുന്നു.

അതിരറ്റഴകുള്ളതായ കാർവി-

ല്ലതിവേഗേന മറഞ്ഞുപോകുമല്ലോ;

അതിനാൽ വിധി പേർത്തു തീർത്തതാവാ,-

മതിനൊന്നൊളി വീശുമിക്ഖഗത്തെ!

തവ ഗേഹിനിയെങ്ങു? ലോകനേത്രോ-

ത്സവമേ, താങ്കൾ തനിച്ചു പോന്നതെന്തേ?

അവൾ കൊച്ചു കിടാങ്ങൾ തൻ തുണയ്ക്കായ്-

ബ്ഭവനത്തിങ്കൽ വസിക്കയായിരിക്കാം!

പ്രകൃതിസ്പൃഹണീയ, നിൻ കുടുംബ-

പ്രകൃതപ്രശ്നസമുദ്യമം വൃഥാ മേ;

പ്രകൃതീശ്വരി തന്നെ കാത്തുപോരും

സുകൃതാത്മാക്കളിലെങ്ങു സൗഖ്യഭംഗം?

അരി ഞാൻ വിതറിത്തരാം നിനക്കെ-

ന്നരികത്തേക്കണകൊന്നരിപ്പിറാവേ!

ശരിയായ് മമ മന്ദിരാഗതൻ നീ-

യരിമപ്പെട്ട വിരുന്നുകാരനത്രേ.

മിതമാകിലു,മുൾപ്രിയത്തൊടെന്നാൽ

കൃതമാതിത്ഥ്യമിതാദരിച്ചിടാതേ,

ധൃതമൗനമൊഴിഞ്ഞുപോവതെന്താ-

ണി,തരാന്വേഷണസക്തനാംവിധം നീ!

അഥവാ, തവ കുറ്റമല്ലിതോർത്താൽ;

കഥമെന്നിൽ പ്രതിപത്തി തോന്നിടും തേ!

‘കഥ’യേറുകയാൽ സ്വകാര്യമാത്ര-

പ്രഥമാനോദ്യമനല്ലയോ മനുഷ്യൻ!

നരർ മേന്മ നടിച്ചു ജന്തുഹിംസാ-

കരമാം ജീവിതസംഗരം മുതിർക്കേ,

പരപീഡ പെടാതെ നാൾ കഴിപ്പൂ,

ചിരമിസ്സാധുഖഗങ്ങൾ ശാന്തവൃത്ത്യാ.

ധരതൻ ദയകൊണ്ടു വല്ലതും തെ-

ല്ലിര കിട്ടീടിലിതിന്നു തൃപ്തിയായി;

മരണംവരെയും മനുഷ്യനുണ്ടോ

ദുര മാറുന്നു, സുഖോപഭുക്തിയിങ്കൽ?

അതിമോഹനരത്നമേട കേറി-

സ്ഥിതി ചെയ്താലുമവന്നു തുഷ്ടി തോന്നാ;

ഇതിനോ, ചെറുതായ വല്ല പൊത്തും

മതി, പൈതങ്ങളുമായ് സുഖിച്ചു പാർപ്പാൻ.

അവനീശത വേണമാഢ്യനു;-ർവ്വീ-

ധവനാശിപ്പതു ചക്രവർത്തിയാകാൻ;

അവനോ, ഭുവനാധിപത്യലുബ്ധൻ;

ശിവനേ, മർത്ത്യനു തൃഷ്ണ തീരലുണ്ടോ?

ഗുരുഗർവൊടു തന്റെ മേന്മമാത്രം

കരുതും ‘ബുദ്ധിവിശേഷ’മുള്ള മർത്ത്യൻ

ഒരു കോലളവൂഴി കിട്ടുവനായ്-

പുതുരക്തക്കടലായിരം ചമപ്പൂ!

മുടിയും ഭുവനങ്ങളൊക്കെയെന്നാൽ

മുടിയട്ടേ, നരനത്ര ഭീരുവാണോ;

ചൊടികൂടുമവന്നു തൻജയപ്പൊൻ-

കൊടി പൊങ്ങിക്കണമിന്ദ്രനാട്ടിലോളം!

അതിനിഷ്ഠുരജീവിതാഹവാഹ-

ങ്കൃതിയാലെത്ര ഭയങ്കരം പ്രപഞ്ചം;

അതിനൊട്ടൊരു സൗമ്യഭാവമേകു-

ന്നതിനാണീദൃശസത്ത്വസൃഷ്ടി നൂനം!

മഴവില്ലു പിഴിഞ്ഞെടുത്ത സത്താ-

മഴകേ, മന്ദമകന്നകന്നുപോയ് നീ

അഴലിങ്ങരുളായ്ക സൗകുമാര്യ-

പ്പുഴതൻ കൊച്ചുതരംഗമേ, പിറാവേ!

ഭുവി കൊക്കുകൾകൊണ്ടു കൊത്തിയും, തൻ

പവിഴച്ചെങ്കഴൽ മെല്ലെമെല്ലെ വെച്ചും,

സവിലാസമിവന്റെ കൺ കുളിർപ്പി-

ച്ചിവിടെത്തെല്ലിടകൂടി ലാത്തണേ നീ.

ഇവനിൽക്കനിയാതെ തോപ്പിലുൾപ്പു-

ക്കവശം ചപ്പിലയിൽച്ചരിക്കൊലാ നീ;

തവ, പട്ടുവിരിപ്പിൽ വെച്ചിടേണ്ടു-

ന്നവയാം കാല്കളിൽ മുള്ളു തട്ടിയാലോ!

വളരെച്ചെറുരക്തരേഖ ചേരും

ഗളമേതാനുമുയർത്തിയെന്നെ നോക്കി,

പുളകപ്രദമാം മൃദുസ്വനത്താൽ

കളകണ്ഠോത്തമ, യാത്രചൊൽവിതോ നീ?

എന്നാലങ്ങനെയെങ്ങു തൃപ്തി തവമെയ്യീക്ഷിക്കവർക്കൊ—ട്ടിട-

യ്ക്കെന്നാലും സുഖമെൻ മിഴിക്കരുളിയോരങ്ങയ്ക്കിതാ; വന്ദനം!

ചെന്നാശ്വാസമണയ്ക്ക സമ്പ്രതിഭവൽ പ്രത്യാഗമം കാത്തിരി-

ക്കുന്നാത്മീയ കുടുംബകത്തിനി,തുതാനത്രേ ഗൃഹസ്ഥവ്രതം.

ഒരു നായർ സ്ത്രീയും മുഹമ്മദീയനും

പുരുഷമണി പുലസ്ത്യ പൗത്രഹന്താ-

വരുളിന ‘വില്വമഹാദ്രി’തൻ പ്രദേശം,

ഒരു പകലറുതിക്കു പോക്കുവെയ്ലേ-

റ്റുരുകിയ തങ്കമൊഴിച്ചപോലെ മിന്നീ.

പ്രകടതരമുയർന്ന താപമാറി-

സ്സകലരുമൊട്ടു സമാശ്വസിക്കുമാറായ്,

പകലിനെ മറുദിക്കിലേക്കയപ്പാൻ

മികവെഴുമന്തിമ സന്ധ്യ വന്നടുത്തു.

സ്വയമലഘുതരാഭിതാപകൃത്താ-

കിയ പകലിന്റെ കഠോരമാം കഴുത്തിൽ,

നിയതിയുടെ ബലേന കത്തി വീണൂ;

വിയതി വിസൃത്വരമായ് നിണത്തുടുപ്പും!

അകലുഷഗിരിതൻ മുടിസ്ഥലത്തും

സ്വകടകഭൂവിലുമുള്ള കോവിൽതോറും

പകലൊളിയിൽ മയങ്ങി മിന്നി, ചാമ്പേ

യകമലർമൊട്ടണിപോലെ ദീപജാലം.

പെരുമലയുടെ നേർകിഴക്കു നാനാ-

തരുലതികാദി നിറഞ്ഞു കാനനാന്തം,

അരുണകരമണഞ്ഞിടാത്തതായി-

ട്ടൊരു പുകപോലിടചേർന്നിരുണ്ടു കാണാം.

ധ്രുവമിഹ സുലഭം ബഹുപ്രകാരോ-

ത്സവകരമാം വനമെന്നു കാണ്കയാലോ,

സ്വവസതി തിരുവില്വശൈലമാക്കീ,

ദിവസശതങ്ങൾ വനേ രമിച്ച രാമൻ!

ഗിരിയിതിലരുളുന്ന രാഘവശ്രീ-

ഹരിയുടെ തൃച്ചരണത്തിൽനിന്നു വീണ്ടും

പരിചിലവതരിച്ച ഗംഗപോല-

ങ്ങരിയ ‘നിളാ’ നദി നിർമ്മലം വിളങ്ങീ.

തളരുമിനകരാങ്കുരങ്ങളൊട്ടൊ-

ട്ടിളകിന വീചികളിൽ പതിക്കയാലേ

വളരുമൊരഴകാർന്നിരുന്നു പേരാ-

റി,ളയുടെ പൊന്നണിമുത്തുമാലപോലേ.

പ്രതിനവമിരകൊണ്ടു കൂട്ടിലെത്തു-

ന്നതിനിനമൊത്തു പറന്നുപോം ഖഗങ്ങൾ

പ്രതിഫലനമിഷാൽ നിളാജലത്തിൽ

ദ്ധൃതിയൊടു ചെയ്തു ദിനാന്തമജ്ജനത്തെ.

പരിണതി പകലിന്നടുത്തതോർത്ത-

സ്സരിതി കുളിച്ചു വിലാസിയാം സമീരൻ

പരിസരവിപിനപ്രസൂനപാളീ-

പരിമളപൂരമെടുത്തെടുത്തു പൂശി.

തിരുനിളയുടെ തീരമോടടുത്തു-

ള്ളൊരു വിപുലോന്നതമാം പറമ്പിലൂടേ

തരുണിയൊരുവൾ പോയിരുന്നു, താനേ

പെരുകുമതിൻ വിജനത്വമൊട്ടകറ്റി.

തടിമരവുമിടയ്ക്കിടയ്ക്കു വള്ളി-

ക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പിൽ

വടിവൊടവൾ വിളങ്ങി, വാനിൽനിന്നും

ഝടിതി പതിച്ചൊരു കൊച്ചു താരപോലേ.

ധവളപടമുടുത്ത രീതി, കണ്ഠാ-

ദ്യവയവമണ്ഡനവൃന്ദ സമ്പ്രദായം,

സുവദന ശശിതൻ വിശേഷതേജ,-

സ്സിവയിവൾ നായർ നതാംഗിയെന്നു ചൊല്ലി.

കുളിയതു പൊഴുതേ കഴിഞ്ഞ കൊണ്ടൽ-

ക്കുളിർകുഴലാളുടെ കോമളാമലാംഗം

ഒളിവിതറി, മിനുക്കുവേല തീരും

ലളിത സുവർണ്ണശലാകയെന്നപോലെ.

ഹരിണമിഴി ചുരുണ്ടു തുമ്പു കെട്ടി-

പരിചൊടു പിൻവശമിട്ട കേശപാശം

പെരികെ വിലസി, നല്ക്കളിന്ദജോർമ്മി-

പ്പരിഷകണക്കു നിതംബസൈകതത്തിൽ.

സുതനുവിനുടെ ശുഭ്രഭസ്മരേഖാ-

ങ്കിതവുമുദാരവുമായ നെറ്റിയിന്മേൽ,

ചിതമിയലിന തെന്നലേറ്റു ചിന്നി-

ച്ചിതറി ലസിച്ചിതു ചൂർണ്ണകുന്തളങ്ങൾ.

നളിനവദനതൻ ജപം നിമിത്തം

ലളിതചലന്മൃദുലാധരാന്തരത്തിൽ

തെളിരദനിര ദൃശ്യമായിരുന്നു,

തളിരിടയിൽച്ചില മുല്ലമൊട്ടുപോലെ.

മലരഴകിൽ നിറച്ചൊരോട്ടുപാത്രം

വിലസി, വിലാസിനി തന്നിടങ്കരത്തിൽ;

അലസതനു പൊതിച്ച രണ്ടിളന്നീർ

വലതുകരത്തിലുമുദ്വഹിച്ചിരുന്നു.

വരശുഭവിഭവോന്നതിക്കു സർവോ-

ത്തരമുതകുന്നൊരു തിങ്കളാഴ്ച നോമ്പാൽ

ഹരഭജനവിധിക്കു പോകയാണി-

പ്പരമകൃശോദരിയമ്പലത്തിലേക്കായ്.

സതി നിജസദനത്തിൽനിന്നു പോരു-

ന്നതിനു കുറച്ചിട താമസിച്ചമൂലം

പതിവുസഖികൾ മുൻകടന്നുപോയ്പ്പോ-

യതി,ലിവൾ കേവലമേകയായി മാർഗ്ഗേ.

ചുമലണി വസനത്തിനുള്ളിൽ വിങ്ങും

സുമഹിതവാർമുലയും, നിതംബവായ്പും

ശ്രമമൊടനുവദിച്ച വേഗമാർന്ന-

ക്കമനി നടന്നു കരൾക്കൊരിണ്ടലോടേ.

മടയവർമണിയാ മരുപ്രദേശ-

ക്കടലൊരുമട്ടു കടന്നു പാതിയോളം;

ഉടനടിയവൾതന്റെ മുന്നിലെത്തീ,

സ്ഫുടതരരാക്ഷസരൂക്ഷരൂപനേകൻ.

കൊടിയൊരുടലെടുത്ത രൗദ്രമാമ-

ത്തടിയനെ മുന്നിലടുത്തു കാൺകയാലേ

ഝടിതി പതറിയൊന്നു ഞെട്ടി, നാല-

ഞ്ചടിയറിയാതവൾ പിന്നിലേക്കു മാറി.

പിരിമുറുകി വളഞ്ഞ മീശ, ചെന്തീ-

പ്പൊരി ചിതറും മിഴി, വട്ടമൊത്ത താടി-

ഹരി, ഹരി, യമനും നടുങ്ങുവൊന്ന-

ക്കരിമലയന്റെ കരാളമായ വക്ത്രം!

വെറിയനവന,താതിടത്തു തട്ടി-

പ്പറി തൊഴിലായ്പ്പുലരും മുഹമ്മദീയൻ,

മറിമൃഗമിഴി നിസ്സഹായ; മാർഗ്ഗം

കുറിയതുമല്ല, മനുഷ്യഗന്ധശൂന്യം!

പകലിരവവനാചരിക്കുമോരോ-

വക ദുരിതത്തൊഴിലിന്റെ ലാഞ്ഛനങ്ങൾ

അകരുണതരനാമവന്റെ പൈശാ-

ചികവദനത്തെയലങ്കരിച്ചിരുന്നു!

ഒരുവക വലുതായ കത്തി കൂറ്റൻ

തിരുകിയിരുന്നു വലത്തുപാടരയ്ക്കൽ

പരുഷമതു രസേന പാന്ഥരക്ത-

ക്കുരുതിയിലൂളിയിടാത്തനാൾ ചുരുങ്ങും!

ഒരു ചിരി കൊടുതായ്ച്ചിരിച്ചു, ചെമ്പ-

ല്ലിരുവരിയും ശരിയായ്പ്പുറത്തു കാട്ടി,

തരുണിയോടതി നീചഭാഷയിൽത്താൻ

കരുതിയ കാര്യമവൻ കഥിച്ചുകൊണ്ടാൻ.

പരധനഹരനാമിവന്റെ നോട്ടം

വരതനുവിൻ മണിഭൂഷണത്തിലല്ലാ;

ഹര, ഹര, ശിവ, തൽസതീത്വരത്നം

വിരയെ ഹരിപ്പതിനാണിവൻ കൊതിപ്പൂ.

“പെരിയ ഭയമിതെന്തിനാണു? ശോണാ-

ധരികളെ‘യുത്ത’നുപദ്രവിക്കയില്ല;

വരിക, മമ പുരയ്ക്കലേക്കു പോകാം”

ത്വരിതമിതാണുരചെയ്തതുഗ്രശീലൻ

കയൽ മിഴിയുടെ കണ്ണിരുട്ടടഞ്ഞു;

മയമിയലും മനമത്രയും മയങ്ങി;;

ഉയരുമഴലറിഞ്ഞിടായ്വതിന്നീ-

ബ്ഭയപരിമൂർച്ഛ തുണച്ചിതൊട്ടുനേരം.

ചടുലപദ,മൊരുന്നതാചലത്തിൻ

കൊടുമുടി തന്റെ മുനമ്പിൽ നിന്നു, താഴേ

പടുകുഴിയിൽ വീഴാൻ തുടങ്ങിടുമ്പോൾ-

പ്പെടുമൊരവസ്ഥയിലായിതക്കുമാരി.

ശിലയുമലിയുമോമനസ്വരത്തിൽ-

പ്പലതരമർത്ഥന ചെയ്തുനോക്കിയിട്ടും

ഫല,മഹഹ, ലഭിച്ചതില്ലവൾക്ക;-

ക്ഖലനൊരുമിച്ചു ഗമിച്ചിടേണ്ടിവന്നു.

സ്മരഹര, ഭഗവൻ, ഭവൽപദാബ്ജ-

സ്മരണയിലാണ്ടൊരു സദ്വ്രതാഢ്യയാളെ

സ്മരവശനൊരു നീചനാക്രമിപ്പാൻ

സരസമൊരുങ്ങുവതങ്ങു കാണ്മതില്ലേ!

ചപലതയുടെ ശാസനത്തിനാലോ,

വിപദി കഥഞ്ചന ധൈര്യമേല്ക്കയാലോ,

അപഭയ നിലയെ ക്രമേണ പൂണ്ടാ

ദ്വിപനടയാളവനിൽ പ്രസന്നയായി.

തരുതതിമതിലൊത്തു, പുല്ലു മേഞ്ഞു-

ള്ളാരു കുടിലിൽ ദ്രുതമെത്തി രണ്ടുപേരും;

ഉരുതരകൃതകൃത്യഭാവമോടാ-

ത്തരുണിയുമൊത്തിറയത്തിരുന്നി‘തുത്തൻ’.

സുതനുവിരുകരിക്കിലൊന്നിനാൽത്താൻ

വ്രതജ പിപാസയടക്കുവാനൊരുങ്ങീ;

ഇതരമൊരുപചാരമായ്ക്കൊടുത്താ-

ളതനു നവജ്വരമാർന്ന മാപ്പിളയ്ക്കായ്.

അലഘുദുരിതനക്കരിക്കെടുത്ത-

ക്കൊലകൾ പയറ്റിയ കത്തിയാൽത്തുരന്നു;

മലരൊരുപിടി വാരി വായിലാക്കി,-

ക്കുലവനിതയ്ക്കു കൊടുത്തു കത്തി പിന്നെ.

ആരണ്യായതനത്തിലങ്ങതിഥിയായ്ച്ചെന്നഗ്ഗൃഹസ്ഥന്നു സൽ-

ക്കാരം ചെയ്ത നതാംഗിയോ,വിനയമോടക്കത്തി കൈക്കൊണ്ടുടൻ,

ഘോരം വട്ടമുഖം മലർത്തിയിളനീർവെള്ളം ചെലുത്തും ജള-

ക്രൂരൻ തൻ നെടുതാം കഴുത്തിലൊരുവെട്ടൂക്കിട്ടു വെട്ടീടിനാൾ.

‘ഹള്ളാ’ എന്നു മലച്ചു മാപ്പിളനിലത്ത;—ക്കാലപാശത്തെയും

തള്ളാൻ പോന്ന കരാളനെങ്ങു?കമലത്തണ്ടൊത്ത കയ്യെങ്ങഹോ?

ഉള്ളാ നായർ വധൂമണിക്കെരികയാൽ,പ്പേർകേട്ട തൽപൂർവകർ-

ക്കുള്ളാ ക്ഷത്രിയരക്തമൊട്ടിടയുണർന്നുൾപ്പാഞ്ഞിരിക്കാമതിൽ!

സന്താനസൗഖ്യം

ചിന്താശതം ചേർന്നു സദാ ഹൃദന്തം

വെന്താളുമിപ്രാണിനിരയ്ക്കു, പാരിൽ

സന്താനസൗഖ്യത്തോടു തുല്യമായി-

ട്ടെന്താണു നിർവാണദമൊന്നു വേറേ?

പൈതങ്ങളെസ്സംസ്കൃതപണ്ഡിതന്മാർ

പോതങ്ങളെന്നോതുവതെത്ര സാർത്ഥം:

ആതങ്കസിന്ധുക്കളിൽനിന്നു ബന്ധു-

വ്രാതത്തെയിക്കൂട്ടർ കരേറ്റുമല്ലോ.

കരൾക്കു ദുർവ്വാശിപെടും കിടാവിൻ

കരച്ചിലും നല്ക്കുളിരേകിടുന്നു;

പരക്കെയാഹ്ലാദസുധാവിശേഷം

പുരണ്ട പൂപ്പുഞ്ചിരിയെന്തു പിന്നെ!

ഹാ, കള്ളവെള്ളച്ചിരിയാൽ നിറഞ്ഞ

ലോകത്തിൽ നമ്മൾക്കു സമാശ്വസിപ്പാൻ,

ആകമ്രനിഷ്കൈതവമായ്ക്കിടാവാൽ-

ത്തൂകപ്പെടും പുഞ്ചിരിയൊന്നുമാത്രം!

കാന്തം കുമാരസ്മിതമൊന്നു, ചന്ദ്ര-

കാന്തത്തിനിന്ദുച്ഛവിയെന്നപോലെ,

ശാന്തത്വമറ്റെത്ര കടുപ്പമേന്തും

സ്വാന്തത്തിനും നല്ലലിവേകുമല്ലോ.

കിടന്നുരുണ്ടും ഭുവി, മുട്ടുകുത്തി

നടന്നു,മൊട്ടൊട്ടു പിടിച്ചുനിന്നും,

ഇടർച്ച വായ്ക്കുമ്പടി പിച്ചവെച്ചു-

മിടയ്ക്കിരുന്നും, ധൃതി പൂണ്ടെണീറ്റും,

പൂവമ്പിളിക്കീറിനു വാനിലേക്കു

പൂവല്ക്കരം നീട്ടിയുമാശയോടേ,

പാവയ്ക്കു കാട്ടും പലഹാരമൊന്ന-

പ്പാവം ഭുജിക്കാത്തതു പാർത്തുഴന്നും,

മൊട്ടിന്നുനേർ പല്ലുകൾ കാണുമാറു

പൊട്ടിച്ചിരിച്ചും, സഹസാ കരഞ്ഞും,

പട്ടിക്കു പിമ്പേ പതറിക്കുതിച്ചും,

തട്ടിത്തടഞ്ഞാശു കമിഴ്‌ന്നുവീണും,

തമ്മിൽത്തകർക്കും കളിവിട്ട,ഴിഞ്ഞ

ധമ്മില്ലകം വേർത്ത മുഖത്തു ചിന്നി,

‘അമ്മിഞ്ഞ’യെന്നമ്മയൊടോതി, രേണു-

സമ്മിശ്രമാം മെയ്യൊടു പാഞ്ഞണഞ്ഞും,

താതന്റെ മേൽക്കേറിമറിഞ്ഞു,മേറെ

സ്വാതന്ത്ര്യമോടേ പലമട്ടിലേവം

പൈതങ്ങൾ ചേഷ്ടിപ്പതു കണ്ടിരിക്കെ-

ച്ചേതസ്സിലാർക്കന്യവിചാരലേശം?

ദേഹപ്രഭിന്നൻ പരമുണ്ണി മർത്ത്യ-

വ്യൂഹത്തിനെത്രയ്ക്കു സുഖം വളർത്താ?

സ്നേഹത്തിൽനിന്നാണു സുഖാപ്തി; പുത്ര-

സ്നേഹം സമസ്താതിഗമാണുതാനും.

തപസ്സു, ദാനം മുതലായ പുണ്യ-

പ്രപഞ്ചമന്യത്ര സുഖത്തിനത്രേ;

അപങ്കമായുള്ള കുലത്തിലുണ്ടാ-

മപത്യമോ, സൗഖ്യദമങ്ങുമിങ്ങും.

എന്താണു,പൊന്നിന്മലപോലെടുത്താൽ-

പ്പൊന്താത്ത വിത്തം നരർ നേടിയാലും?

അന്താവശിഷ്ടം കടമാകെ വീടാൻ

സന്താനസമ്പത്തിതു വേറെ വേണം!

അഖണ്ഡമായ്ഗേഹിനിതൻ മുലയ്ക്കു

മുഖം കറുക്കുംപൊഴുതിൽ, പ്രിയന്നോ,

സുഖം തരും സന്തതിലാഭമോർത്തു

മുഖം മുഴുക്കെത്തെളിവാർന്നിടുന്നു.

തുംഗപ്രഹർഷം ജനയിത്രി കുഞ്ഞിൻ

മംഗല്യസന്ദർശനമൊന്നിനാലേ

തൻ ഗർഭഭാരപ്രസവാദിഖേദ-

സംഗത്തെയൊട്ടുക്കു മറന്നിടുന്നു.

താനാഞ്ഞുപുല്കും ശിശുവിൻ മുഖാബ്ജ-

ത്തേനായ ലാലാജലമാരിൽ വീഴ്‌വൂ,

നാനാതരം പുണ്യമൊരാൾക്കു തീർത്ഥ-

സ്നാനാൽക്കിടയ്ക്കുന്നതവന്നു സിദ്ധം!

പെറ്റമ്മമാർ പിച്ച നടത്തിടുന്ന

കറ്റക്കിടാവിൻ പദപങ്കജങ്ങൾ

ചെറ്റങ്ങുമിങ്ങും പതിയുന്ന വീട്ടിൻ-

മുറ്റത്തണിപ്പൂവിടൽ വേണ്ട വേറേ!

തകർത്തുമണ്ടിപ്പല ‘കാടുകാട്ടും’

മകന്റെ പൂമേനി പുണർന്നിടുമ്പോൾ

പകർന്ന പങ്കം മനുജർക്കുടല്ക്കൊ-

രകല്മഷാനർഘതരാംഗരാഗം!

അമായമായ്പ്പൈങ്കിളികൾക്കു തുല്യം

കുമാരർ കൊഞ്ചും കളഭാഷിതത്തെ

സമാസ്വദിപ്പാൻ കഴിയാത്ത കർണ്ണം

പുമാനു തന്നാനനഭൂഷമാത്രം!

ആ വർണ്ണശുദ്ധ്യാദിഗുണങ്ങളെന്തി-

ന്നീ? വത്സർതൻ ജല്പിതമെത്ര രമ്യം!

ഹാ, വശ്യവാക്കാം കവിതൻ കൃതിക്കു-

മീവണ്ണമുണ്ടോ ഹൃദയംഗമത്വം?

നിരന്തരം വീടിനു നൈവിളക്കു;മെ-

യ്ക്കൊരത്ഭുതപ്പാല്ക്കിഴി; കണ്ണിനുത്സവം;

ഉരഃസ്ഥലത്തിന്നു മണിപ്പതക്ക;മീ

നരർക്കു നാനാസുഖസംഗ്രഹം സുതൻ.

മാതൃഭൂമിയോടു് (കേക)

എന്തിഹ തിരുമുഖം താഴ്ത്തിക്കൊണ്ടിരിക്കുന്നു

നിന്തിരുവടി,യമ്മേ നിഭൃതം കരകയോ

മാലിയന്നനേകമാപത്തുകൾ പലനാളായ്

ശീലിച്ച ഭവതിക്കും കണ്ണുനീർ പൊടിയുന്നോ

അഥവാ സ്വദുഃഖത്തിൽപ്പാറയായാലും പര-

വ്യഥയിൽ നറുംവെണ്ണ താനല്ലോ തവ ചിത്തം

ഞങ്ങളിത്തൂമ്പത്തഴമ്പുയർന്ന കരങ്ങൾകൊ-

ണ്ടെങ്ങനെ തുടയ്ക്കേണ്ടു കോമളം തവ മുഖം?

ഇന്നു കിട്ടിയ പണിക്കൂലിയുമിതാ കൊണ്ടു-

വന്നു നിൻതൃപ്പാദത്തിൽ സമർപ്പിക്കുന്നൂ ഞങ്ങൾ;

അയച്ചുകൊളളുകിതു,മാപത്തിൽപ്പതിച്ച നിൻ-

പ്രിയസോദരിമാർക്കങ്ങായതായെന്നേ വേണ്ടൂ

ഞങ്ങളെപ്പറ്റിച്ചിന്ത തേടേണ്ട തെല്ലുമൊരു

മംഗളവ്രതമമ്മേ നിന്മക്കൾക്കുപവാസം:

ഉളളം കൈക്കുഴിതന്നിലൊതുങ്ങും വെറും പച്ച-

വെളളത്താൽദ്ദിനവൃത്തി സുഖമായ്ക്കഴിപ്പാനും

ഉളള വാരിധികളെയൊക്കെയുമൊന്നായെടു-

ത്തുളളംകൈച്ചുഴിയിൽച്ചേർത്താചമിച്ചിടുവാനും

ത്രാണിയുളളവരല്ലോ താവകസന്താനങ്ങൾ

പാണിസംസ്ഥിതമിവർക്കാത്മസംയമഗുണം!

പട്ടിണികിടന്നേറ്റം ചടച്ച കൈകൊണ്ടു, നിൻ-

കുട്ടികൾ പെരുംകുന്നുമൊരടിക്കമർക്കില്ലേ?

പട്ടണപ്രാസാദവും പാഴ്കൊടുംകാന്താരവും,

പട്ടുമെത്തയും പാറപ്പുറവുമവർക്കൊപ്പം!

ത്യാഗമോ സർവോൽകൃഷ്ടമാകിയ ധർമ്മം, മഹാ-

ഭാഗയാം തവ പുത്രർക്കങ്ങയാലുപദിഷ്ടം!

ഏതോ പക്ഷിയെ രക്ഷപ്പെടുത്താൻവേണ്ടി, സ്വന്തം

മെയ്തന്നെയുപേക്ഷിപ്പോർ മറ്റേതു രാജ്യത്തുണ്ടാം?

തുഷ്ടിദം ധർമ്മോദ്ഗീതം കേട്ടുകൊണ്ടല്ലോ, കളി-

ത്തൊട്ടിലിൽക്കിടന്നുറങ്ങുന്നുതേ നിൻപൈതങ്ങൾ;

സത്യധർമ്മത്തെസ്സംരക്ഷിക്കുവാൻ സർവസ്വവും

നിസ്തർക്കം വെടികെന്നതായവരുടെ ശീലം.

അടരിൽദ്ധർമ്മാർത്ഥമായ്പൊരുതും നിൻപുത്രർക്കു

വെടിയുണ്ടകളും പൂമഴയുമൊരുപോലെ!

ചെറ്റേറെനാളായ്ക്കഷ്ടം, തുരുമ്പുപിടിക്കിലും

പറ്റലർപ്പടയ്ക്കു നിൻ പള്ളിവാളിടിവാൾ താൻ!

ഗർവകത്തൊതുങ്ങാത്തശ്ശത്രുക്കളവരുടെ

സർവശക്തികളെയും പുകച്ചുകളയട്ടേ.

അപ്പുക കാറ്റേറ്റകന്നാകാശം തെളിയുമ്പോൾ

തൽ പ്രിയസഖികൾതൻ വെറ്റിപ്പൊൻപതാകകൾ

രവിബിംബത്തെത്തൊട്ടു തുടയ്ക്കുന്നതായ്ക്കാണാം:

അവർതൻ ജയമല്ലോ നമുക്കും ജയമമ്മേ!

ഒരു ദിനാന്ത സഞ്ചാരം

ക്രമേണ മേല്പോട്ടു പടുത്തു, ചക്ര-

വാളത്തിൽ മുട്ടിച്ചൊരു കോട്ടപോലെ,

കിഴക്കുഭാഗത്തകലെപ്പരന്നു-

കിടന്നിടും കുന്നിതു നന്നു കാണ്മാൻ

ആദ്യത്തിലാരാൽപ്പുകപോലെ കണ്ട-

ത,ടുത്തിടും നമ്മുടെ കാഴ്ചയിങ്കൽ,

മരങ്ങൾ പൂവല്ലികൾ മറ്റുമോരോ-

ന്നായി ക്രമാൽ വേർതിരിയുന്നു ഭംഗ്യാ.

പ്രായേണ,പത്രങ്ങൾ നിറഞ്ഞു തിങ്ങി-

നിൽക്കുന്ന വല്ലീതരുമണ്ഡലത്താൽ

പരക്കെ നല്പച്ചനിറംപെടുന്നീ-

ക്കുന്നെത്രയും കൺകുളിരേകിടുന്നു.

ഇപ്പച്ചവർണ്ണത്തിനിടയ്ക്കിടയ്ക്കു

ശില്പജ്ഞർ ചായപ്പണിചെയ്തപോലെ,

കാണപ്പെടുന്നുണ്ടു ചുകന്ന മണ്ണും,

രണ്ടിന്നുമേറെ പ്രഭ ചേരുമാറായ്.

മരങ്ങൾതൻ പച്ചില,പല്ലവങ്ങൾ,

പുഷ്പങ്ങൾ, പുല്ലെന്നിവയിങ്കലെല്ലാം

ഇപ്പോക്കുവെയ്ലേല്ക്കുകയാൽ വിചിത്ര-

വർണ്ണം വഹിക്കുന്നിതു കുന്നിതേറ്റം.

ചിലേടമാച്ഛാദനശൂന്യമായും,

ചിലേടമോരോ മുകിലാൽ മറഞ്ഞും,

താന്നും ചിലേടം, ചില ദിക്കുയർന്നും

നാനാപ്രകാരം വിലസുന്നു ശൈലം

പത്രങ്ങളൊട്ടൊട്ടിളകുന്ന വൃക്ഷ-

ലതാഗണത്തിൻ പഴുതിങ്കലൂടെ

ഇളങ്കറുപ്പേന്തിടുമംബരാന്തം

കാണുന്നിതങ്ങേപ്പുറമാഴിപോലെ.

നൂനം മഹത്തുക്കളിൽവെച്ചു സാധു-

സംസേവ്യനായ്ത്തീരുവതിജ്ജഗത്തിൽ

ക്രമാൽ സമഭ്യുന്നതി നേടിയോനാ-

ണെ,ന്നീ നഗം തൻനിലയാൽക്കഥിപ്പൂ!

പലേതരം പക്ഷികൾ വിശ്വകൃത്തിൻ

നിർമ്മാണവൈചിത്ര്യസമൃദ്ധി കാട്ടി,

ചേലിൽച്ചലിക്കും ചിറകോടുകൂടി-

ത്തത്തിക്കളിപ്പൂ തരുശാഖതോറും.

സദാ സഹർഷാശയരാമിവറ്റിൻ

കളോല്ലളൽകൂജിതമെത്ര രമ്യം!

അഭ്യാസമേറുന്നൊരു ഗായകന്റെ

പാട്ടിന്നുമില്ലിത്ര മനോഹരത്വം!

തുറിച്ച കണ്ണാലകലേക്കു നോക്കി-

ക്കൊണ്ടിങ്ങിതാ, പൊങ്ങിയ പാറതന്മേൽ

വാഴുന്നു വൻപോടൊരു ഗൃധ്രവര്യ-

നി,ക്കുന്നിനെല്ലാം പ്രഭുവെന്നമട്ടിൽ.

നിത്യപ്പൊറുപ്പിന്നു ശവങ്ങൾ തേടു-

മിവന്നു, തൻകണ്ണിണകൊണ്ടുതന്നേ,

നാം വെച്ചു നോക്കും കുഴലൊന്നുമില്ലാ-

ത,തീവ ദൂരസ്ഥമടുത്തു കാണാം!

ഇപ്പർവതത്തിൻ ചെരുവിങ്കലായി-

ട്ടിതാ, മഹത്താം ഗുഹയൊന്നു കാണ്മൂ;

ഇതിന്നു, പൂത്തുള്ള ചെടിപ്പടർപ്പു

‘മേല്ക്കട്ടി’യായ്ത്താൻ വിലസുന്നു മീതേ.

പണ്ടി,സ്ഥലം വല്ല തപോധനർക്കു-

മേകാന്തസൗഖ്യത്തെ വളർത്തിരിക്കാം;

ഇതിൽച്ചിരം തത്ത്വവിചിന്തനങ്ങൾ

തിങ്ങിപ്പുറത്തേക്കു വഴിഞ്ഞിരിക്കാം!

മൈതാനമൊന്നീ മലതൻ വടക്കു-

വശത്തിതാ, വിസ്തൃതമായ്ക്കിടപ്പൂ

ഇളങ്കുളിർപ്പുല്ലുകളാൽ നിറഞ്ഞു,

നല്പച്ചവില്ലീസു വിരിച്ചപോലേ.

തന്മെയ്യിൽനിന്നെണ്ണയൊലിപ്പതായി-

ത്തോന്നിച്ചിടും കാലികളിസ്ഥലത്തിൽ

തിങ്ങുന്നിളം പുല്ലുകൾ തിന്നുകൊണ്ടു

മേയുന്നു മന്ദേതരഭംഗിയോടേ.

ചെമ്മണ്ണെഴും നീണ്ടു വളഞ്ഞ കൊമ്പൊ-

ത്തൊരൂക്കനാം വെള്ളെരുത,ങ്ങുമിങ്ങും,

അന്തസ്സിൽ വൻപൂഞ്ഞ തുളുമ്പുമാറു-

ലാത്തുന്നു പൈക്കൾക്കെജമാനനായി!

പുറത്തൊരോമൽക്കിളിയെച്ചുമന്നും-

കൊണ്ടിങ്ങു മേയുന്നൊരു പോത്തിദാനീം,

വട്ടച്ച കൊമ്പുള്ള ശിരസ്സു പൊക്കി

നോക്കുന്നു നമ്മെക്കൊടുതായ കണ്ണാൽ.

സംഭ്രാന്തനോട്ടത്തൊടു, സർവജീവി-

സാമാന്യമാം ശൈശവഭംഗി കാട്ടി,

അങ്ങിങ്ങു, വാൽ പൊക്കി, യിടയ്ക്കിടയ്ക്കു

ചാടിക്കുതിക്കുന്നു പശുക്കിടാങ്ങൾ.

കന്നാലിമേയ്ക്കും പല പിള്ളർ, തമ്മിൽ-

പ്പൊത്തിപ്പിടിച്ചും കരണംമറിഞ്ഞും

ഇടയ്ക്കു കൂട്ടത്തൊടു കൂക്കിയാർത്തു-

മോടിക്കിതച്ചും കളിയാടിടുന്നു.

അകിട്ടിൽമുട്ടിച്ചുടുപാൽ കുടിക്കും

കിടാവിനെ പ്രേമരസാർദ്രയായി,

നെറ്റിക്കു ചൂട്ടുള്ളൊരു പയ്യിതാ, തൻ

നാവാൽച്ചിരം നക്കിമിനുക്കിടുന്നു.

ഇസ്സാധുജന്തുക്കൾ വെറും തൃണത്താൽ-

സ്സംതൃപ്തിപൂണ്ടു,ത്തമമാത്മദുഗ്ദ്ധം,

പ്രായേണ തീരാദ്ദുരതീണ്ടിയോരാം

മർത്ത്യപ്രഭുക്കൾക്കു കൊടുത്തിടുന്നു!

ഇക്കോമളപ്പുൽത്തകിടിക്കു താഴേ,

തടങ്ങളിൽ പ്രൗഢതരുക്കൾ തിങ്ങി, സ്വ

ച്ഛാംബുചേരും പുഴയൊന്നു നീണ്ടു

വളഞ്ഞുകൊണ്ടുണ്ടൊഴുകുന്നു മന്ദം.

സായന്തനത്തെന്നൽ നനുത്തൊരോള-

മിയറ്റുമീ നിർമ്മലാഭം

മിന്നുന്നു, നൈസർഗ്ഗികലക്ഷ്മി ചാർത്തു-

മനർഘമുക്താമണിമാലപോലേ.

മലയ്ക്കുടുപ്പൂന്തുകിലാമിതിന്റെ-

യോളങ്ങളിൽ,പ്പൊൻകസവിട്ടപോലേ,

തടദ്രുമൗഘാന്തരപാതിയായ

വൃദ്ധാംശുമൽച്ചെങ്കതിർ മിന്നിടുന്നു.

തീരത്തു, താലദ്രുദളങ്ങൾതോറും

മനോജ്ഞമാം മർമ്മരശബ്ദമേറ്റി,

പൂവല്ലിവൃന്ദത്തെ വിലാസനൃത്തം

ചെയ്യിച്ചിളങ്കാറ്റിഹ വീശിടുന്നു

കാറ്റിൽ ചലിക്കുന്നൊരു ചാഞ്ഞ കൊമ്പിൽ

തുമ്പാൽ ജലം തൊട്ടെഴുമുങ്ങുവൃക്ഷം,

ആരോമലാമാറ്റിനെ മെല്ലെ മെല്ലെ

സ്നേഹാൽത്തലോടുന്നതുപോലെ തോന്നും.

മരങ്ങൾ തന്മേൽച്ചില കൂരിയാറ്റ-

ക്കൂടുണ്ടു ചന്തത്തൊടു തൂങ്ങിനില്പൂ,

ശിരസ്സു കീഴായ് നിലകൊള്ളുമുഗ്ര-

തപസ്വിമാർതൻ ജടയെന്നപോലേ.

ചാഞ്ഞിങ്ങു നീർതൊട്ടു കിടന്നിടുന്ന

വൻപാറമേൽ ശാന്തസരിൽപ്രവാഹം

ആമന്ദ്രശബ്ദത്തൊടു ചെന്നലയ്ക്കെ-

ച്ചിന്നുന്നു നീർത്തുള്ളി, പളുങ്കുപോലേ.

നല്ലോരു മഞ്ഞക്കിളി, തെല്ലുലച്ചിൽ

തേടുന്ന വല്ലിച്ചെറുചില്ലയിന്മേൽ

ഇതാ, നദീബിംബിതമൂർത്തിയായി-

ട്ടൂഞ്ഞാലിലാലുമ്പടി മേവിടുന്നു.

കരയ്ക്കിതാ, കാലികൾ നീർ കുടിപ്പാ-

നിറങ്ങിടും ഭാഗമിടിഞ്ഞു കാണ്മൂ,

സ്വതന്ത്രരായ്സേവകരാക്രമിക്കും

പ്രഭുക്കൾതൻ പ്രാഭവമെന്നപോലേ.

കാശങ്ങൾ കാറ്റേറ്റിളകിക്കളിക്കും

വെൺപൂങ്കുലച്ചാമരപംക്തിയാലേ,

ഹാ, രണ്ടു വക്കത്തുമിണങ്ങിനിന്നി-

ത്തരംഗിണീറാണിയെ വീശിടുന്നു.

കണ്ണാടിയിൽപ്പോലെ, നിതാന്തമന്തി-

ച്ചോപ്പാർന്ന വാനം നിഴലിക്കയാലേ,

ചെന്താമരപ്പൂക്കൾ നിറഞ്ഞപോലായ്-

ക്കാണ്മൂ സരിത്തിൻ നടുഭാഗമിപ്പോൾ.

സന്ധ്യാവധൂരത്നസമാഗമത്തിൽ-

സ്സൗരഭ്യമെങ്ങും ചിതറുംപ്രകാരം

നാനാമലർച്ചെപ്പുകളിങ്ങു മെല്ലെ-

മെല്ലെത്തുറക്കുന്നിതു ഗന്ധവാഹൻ.

ഇന്നേക്കു വേണ്ടുന്നിര ശേഖരിച്ചു

തൻകൊക്കിലാക്കി,പല പക്ഷിജാലം

പക്ഷങ്ങൾ വീശിഗ്ഗഗനേ പറന്നു

വന്നിങ്ങു തൻകൂടുകൾ പൂകിടുന്നു.

കാറ്റേറ്റു വെള്ളത്തിൽ വീഴും വിചിത്ര-

പുഷ്പങ്ങൾകൊണ്ടിപ്പുഴയെത്തരുക്കൾ

നിശാഗമം കണ്ടണിയിച്ചിടുന്നൂ,

നവോഢയെബ്ബന്ധുജനങ്ങൾപോലേ.

അകൃത്രിമശ്രീ,യളിഗീതി, നല്പൂ-

മണം, കുളിർകാറ്റ,മൃതൊത്ത വെള്ളം-

ഇതൊക്കെയൊത്തീ നദി മേവിടുന്നൂ,

പ്രാണിക്കു പഞ്ചേന്ദ്രിയനിർവൃതിക്കായ്.

പ്രപഞ്ചമേ, നീ പല ദുഃഖജാലം

നിറഞ്ഞതാണെങ്കിലു,മിത്രമാത്രം

ചേതോഹരക്കാഴ്ചകൾ നിങ്കലുള്ള-

കാലത്തു നിൻപേരിലെവൻ വെറുക്കും?

പോകാം നമുക്കിനി; മറഞ്ഞിതു ലോകചക്ഷു-

സ്സി;ക്കണ്ണുകൊണ്ടിഹ നടക്കുകയില്ല കാര്യം:

പാരാകെ നല്ലൊരു കരിമ്പടമിട്ടു മൂടു-

മക്കൂരിരുട്ടു വിളയാടുവതിന്നടുത്തു.

വിശ്രാന്തി, ജീവിതരണശ്രമമാർന്ന ലോക-

ത്തിന്നേകുവാൻ പതിവുപോലിരവെത്തിടുമ്പോൾ,

തൻതൂങ്ങുകൊമ്പുകളെവിട്ടുതൊഴില്ക്കൊരുമ്പെ-

ട്ടാവല്ക്കുലം പലവഴിക്കു പറന്നിടുന്നു.

ഒരു യുവാവിന്റെ ആത്മസംയമം (മഞ്ജരി)

സാരമായുളളതിന്നൊക്കെ നിധാനമാം

ഭാരതഭൂവിൻ വടക്കുഭാഗേ,

ചേലേന്തും വില്ലിന്റെ ഞാൺപോലെ കാണാകും

പ്രാലേയശൈലത്തിൻ പ്രാന്താരണ്യം,

പശ്ചിമദിക്കിനെ പ്രാപിച്ച സൂര്യന്റെ

നൽച്ചെങ്കതിരുകളേല്ക്കയാലേ

കൺകക്കും വൈചിത്ര്യം പൂണ്ടു വിളങ്ങുന്നു,

തങ്കച്ചാറേറ്റം തളിച്ചപോലേ.

സായാഹ്നകാലമദ്ദിക്കിനു നൂതന-

മായോരോ മോടി പിടിപ്പിക്കുമ്പോൾ,

ആയതിലൊന്നും കൺചെല്ലാതെ യൌവന-

പ്രായസ്ഥനേകനുണ്ടങ്ങു നില്പൂ.

അക്കൃതകേതര സൌന്ദര്യലക്ഷ്മിതൻ

പക്കൽനിന്നിയ്യാൾതൻ മാനസത്തെ,

ഉല്ക്കടമായ് വരുമെന്തൊരു ചിന്തയോ

തക്കത്തിൽത്തട്ടിപ്പറിച്ചതാവോ?

ആരഹോ, ഗാത്രത്തിൽനിന്നെല്ലാം സൌന്ദര്യ-

പൂരം പൊഴിക്കുമിപ്പൂരുഷേന്ദ്രൻ?

ധീരപ്രശാന്തമായ് രമ്യമാം തന്മുഖ-

സാരസത്തിങ്കലെത്തേജസ്സിനാൽ,

മാറത്തു പൂണുനൂലില്ലെങ്കിൽക്കൂടിയു-

മാരണനാണിതെന്നാർക്കും തോന്നും.

അങ്ങതിഭംഗിയിൽ നീണ്ടുവളഞ്ഞുപോം

ഗംഗയിൽച്ചെന്നു നീരാടിയാടി,

മാമലത്തോപ്പണിമാകന്ദവൃന്ദത്തിൻ,

പൂമണമാവോളം പൂശിപ്പൂശി,

ഉത്തമപുഷ്പിതവല്ലികൾതോറും തൻ

നർത്തനശിക്ഷണം കാട്ടിക്കാട്ടി,

മത്തുള്ള വണ്ടിണ്ടയാലെ പുകഴ്ത്തപ്പെ-

ട്ടെത്തുന്ന സായാഹ്നത്തെന്നൽപോലും

ചിന്തയാലുള്ളെരിഞ്ഞീടുമസ്സൌമ്യനു

ഹന്ത,തെല്ലാശ്വാസമേകുന്നീല.

ദുഃഖസുഖങ്ങളും വിൺനരകങ്ങളു-

മൊക്കെ മനസ്സിന്റെ സൃഷ്ടിയല്ലോ!

ചിന്നുന്ന സായന്തനാതപമേറ്റൊട്ടു

മിന്നുന്ന തൂമഞ്ഞിൻ കട്ടകളെ

പാർത്ത,വനാർത്തിയോടൊന്നതിദീർഘമായ്

വീർത്ത,വയോടായി,ട്ടേവം ചൊന്നാൻ:

“നിങ്ങളെ വന്നു ചവുട്ടിയലിക്കയാ-

ലിങ്ങെന്നിൽ വൈരമിയന്നപോലേ,”

എൻകാലിൽത്തേച്ചിരുന്നോരു ദിവ്യൗഷധി-

പങ്കം കഴുകിക്കളഞ്ഞു നിങ്ങൾ;

“ഇന്നിവനില്ലത്തു ചെൽവതു കാണേണ’-

മെന്നെന്നെ നോക്കിച്ചിരിക്കയല്ലീ!”

കാലേ തിരിച്ചെത്താമൗഷധമാഹാത്മ്യ-

ത്താലേ മദ്ഗേഹത്തിലെന്നോർത്തല്ലോ,

ആയിരം യോജനയാം വഴി പിന്നിട്ടി-

ന്നീയിടത്തേക്കു ഞാൻ പോന്നതയ്യോ!

“അസ്തമിക്കാറായി സൂര്യനി,ന്നെന്നുടെ

നിത്യകർമ്മങ്ങൾ മുടങ്ങുമല്ലോ!

വല്ല മുനിയെയും കണ്ടുകിട്ടീടുകി-

ലില്ലത്തു ചെല്ലുവാൻ തക്കമാർഗ്ഗം

ചൊല്ലിത്തന്നേക്കാമദ്ദേഹ”മെന്നപ്പുമാ-

നല്ലൽപൂണ്ടങ്ങു നടന്നു മെല്ലേ.

മാമുനിദർശനം തേടുമവന്നങ്ങു,

മാമുനിമാർ തൻ മനസ്സുറപ്പും

ഓമനക്കൺകോണാലിട്ടുടയ്ക്കുന്നൊരു

കാമിനിയാളല്ലോ കാണായ് വന്നു.

ഈ വരവർണ്ണിനിയാരായിരിക്കു?—മാ

ലാവണ്യരൂപനെക്കണ്ടു കാട്ടിൽ

പൂവമ്പനാണിതെന്നോർത്താരാൽ മാനിപ്പാ-

നായ് വന്ന വാസന്തലക്ഷ്മിതാനോ!

മഞ്ഞുമലയിലങ്ങിങ്ങു വിളങ്ങുന്ന

മഞ്ജുളമന്ദാരവല്ലികളിൽ

മത്തമരാളിയോടഞ്ചിതസഞ്ചാര-

വിദ്യ ശീലിച്ചൊരു വല്ലികയോ!

ശക്രന്റെ ചൊല്ലിനാൽ,ത്താപസമുഖ്യർത-

ന്നുൾക്കണ്ണിൽ മന്മഥമയ്യെഴുതാൻ,

വമ്പൊക്കുമുമ്പർതൻശില്പി പണിപ്പെട്ടു

ചെമ്പൊന്നാൽത്തീർത്ത ശലാകയെന്നോ!

ആരാകിലുമങ്ങൊരാളെക്കണ്ടെത്തിയ

നേരമൊട്ടാശ്വാസം തോന്നിച്ചെമ്മേ,

സ്ത്രീകളിൽ വേണ്ടതാം മര്യാദ കാണിച്ചാ

ശ്രീകരനാരാൽച്ചെന്നേവം ചൊന്നാൻ:

“അല്ലയോ സോദരി, നീയാരാ?—ണോരാതെ-

യല്ലലിലാപ്പെട്ടൊരന്തണൻ ഞാൻ;

ഇല്ലത്തേക്കെത്തുവാനേതുമേ നിർവാഹ-

മില്ലാഞ്ഞു ചുറ്റുകയാണിക്കാട്ടിൽ.”

വിപ്രന്റെ സംബുദ്ധിവാക്കിതു കേൾക്കയാൽ

ക്ഷിപ്രമസ്സുന്ദരീരത്നത്തിന്റെ

നല്പനിനീർപ്പൂവിന്നൊത്ത കവിൾത്തട്ടി-

ലല്പം കുറഞ്ഞു തുടുപ്പുവർണ്ണം.

നല്ല യുവാവവൻ പ്രേമസ്വരത്തി,‘ലെൻ-

വല്ലഭേ!’ എന്നു വിളിച്ചു കേൾപ്പാൻ

തെല്ലല്ലാതാശിച്ചു വന്നവളാണവൾ;

ഇല്ല തനിക്കത്ര ഭാഗ്യമെന്നോ:

ദൂരത്തുനിന്നാ മനുഷ്യന്റെ സൗന്ദര്യ-

ധാരയെ നീണ്ടിടംപെട്ട കണ്ണാൽ

പാരം നുകർന്നു നുകർന്നവളുന്മാദ-

പൂരത്തിലാകണ്ഠമാണ്ടിരുന്നു.

വിപ്രൻ തുടർന്നോതി:

“യാതൊന്നിൻ മാഹാത്മ്യാ-

ലിപ്രദേശത്തു ഞാൻ വന്നണഞ്ഞു,

അപ്പാദലേപനമീ മഞ്ഞുവെള്ളത്തിൽ-

പ്പൊയ്പോയിതെ,ന്നാശയോടും കൂടെ!”

മെല്ലെപ്പടിഞ്ഞാറു ചായുന്ന പത്മിനീ-

വല്ലഭബിംബത്തെപ്പേർത്തും നോക്കി

വല്ലാതെ വീർപ്പിടും വൈദികനോടുടൻ

വല്ലകീവാണി വണങ്ങിച്ചൊന്നാൾ:

“അപ്രതിമോജ്ജ്വലകോമളമൂർത്തേ, ഞാ-

നപ്സരസ്ത്രീകളിലൊന്നാകുന്നു;

നാമം ‘വരൂഥിനി’യെന്നെനിക്ക;—ങ്ങയെ-

ക്കാണ്മതേ കണ്ണിന്നു കർപ്പൂരം മേ!

ശങ്കവിട്ടെന്നോടു ശാസിക്കാം വേണ്ടതു;

കിങ്കരിയങ്ങയ്ക്കുൾ പ്രേമത്താൽ ഞാൻ;

എൻകരൾപ്പൂവുകൊണ്ടെന്തണവര്യ, നിൻ-

ചെങ്കഴൽ പൂജിക്കയാണെൻ പുണ്യം!”

പ്രേമവും നാണവും പ്രൗഢിയുമുൾക്കൊണ്ട

കോമളഭാഷിതമോരോന്നേവം

വായ്മലർത്തേൻതുള്ളിപോലാ വരാംഗിത-

ന്നോമന്മുഖത്തുനിന്നുദ്ഗളിക്കേ,

മുത്തുമണികൾ തിരഞ്ഞെടുത്തൗചിത്യ-

മൊത്തു നിരത്തിയമാതിരിയിൽ

ചന്തവും വെണ്മയും ചേർച്ചയും പൂണ്ടത-

ദ്ദന്തനിരയുടെ രശ്മിരാജി,

അദ്ദ്വിജശ്രേഷ്ഠൻതൻ സ്വച്ഛവിശാലമാം

ഹൃത്തിലനുരാഗപ്പൊന്നീരാളം

ഇമ്പത്തിൽത്തുന്നിപ്പിടിപ്പിക്കുവാനുള്ള

വെൺപട്ടുനൂൽ പോലേ കാണപ്പെട്ടൂ.

ആരണൻ വെമ്പൽപൂണ്ടോതിനാൻ: “ദിവ്യസ്ത്രീ-

ഹീരമേ, സ്നേഹമുണ്ടെങ്കലെങ്കിൽ,

സന്ധ്യയ്ക്കുമുന്നമെൻസദ്മത്തിൽച്ചെന്നെത്താ-

നെന്തിനി മാർഗ്ഗമെന്നോതുക നീ.

പോയി ഹാ നേര:—മെന്നില്ലമോ, ഇങ്ങുനി-

ന്നായിരം യോജന ദൂരത്തല്ലോ.

വേട്ടിരിക്കുന്നവനായ ഞാനെങ്ങനെ

കാട്ടിൽക്കഴിക്കുന്നു നിത്യകർമ്മം?

അഗ്നിഹോത്രാദിക്കു വിഘ്നംഭവിക്കിലോ,

മഗ്നനാമല്ലോ ഞാൻ മാപാപത്തിൽ:

നിത്യനൈമിത്തികകർമ്മലോപത്തെക്കാ-

ളത്ര ഗൃഹാശ്രമിക്കെന്തധർമ്മം?”

ആശയാതങ്കമോടേവമുരച്ചവ-

നാശയാ തന്മുഖം നോക്കിനില്ക്കേ,

താമരപ്പൂമാലപോലാം കൈ കങ്കണ-

സ്തോമം കിലുങ്ങുമാറൊന്നുയർത്തി,

തൂവിരൽച്ചെന്തളിർപ്പൊന്മണിമോതിര-

ശ്രീവിരിച്ചീടിന പാണിയാലേ

തെല്ലഴഞ്ഞുള്ള വാർകൂന്തൽ തിരുകിക്കൊ-

ണ്ടുല്ലസൽസുസ്മിതമോതി തന്വി:

“യാതൊന്നിനായിട്ടു യാഗാദികർമ്മങ്ങൾ

ചെയ്തുപോരുന്നു യുഷ്മാദൃശന്മാർ,

ആ മഹാസ്വർഗ്ഗവുമിക്കുളിർക്കുന്നിന്റെ

നാമം ശ്രവിക്കിൽ നമസ്കരിക്കും!

അത്ര സമൃദ്ധവിശുദ്ധമാം ദേശത്താ-

ണ,ത്രഭവാനെത്തിച്ചേർന്നതിപ്പോൾ;

അത്രയല്ല, പരസ്ത്രീപോലും വന്നിതാ,

ഭൃത്യയായ്ക്കല്പന കാത്തുനില്പൂ!

ഭാഗ്യത്തിൽബ്ഭാഗ്യമിതെല്ലാമുപേക്ഷിക്ക

യോഗ്യമോ സൗഭാഗ്യപ്പാല്ക്കുഴമ്പേ?

ശർമ്മപ്രവേശം തടുത്തുകൊണ്ടാരാനും

കർമ്മത്താൽക്കന്മതിൽ കെട്ടാറുണ്ടോ?

മെയ്യോടേ, സ്വർഗ്ഗത്തിൽച്ചെന്നവന്നെന്തില്ല?-

മിയ്യോർമ്മയുള്ളിൽനിന്നാകെ നീക്കി,

ഇങ്ങെന്നോടൊന്നിച്ചു ദിവ്യസുഖങ്ങളെ-

ബ്ഭംഗ്യാ ഭുജിക്കുക ദിവ്യമൂർത്തേ!”

ഏവം പറഞ്ഞവൾ തീക്ഷ്ണകടാക്ഷമൊ-

ന്നാ വഴിപോക്കന്റെ നേർക്കു ചാട്ടി:

കാളിന്ദിയോളത്തിൽനിന്നു കരിമത്സ്യം

കേളിയാൽച്ചാടുംപോലുള്ളാ നോട്ടം,

സ്രഷ്ടാവാൽ സ്ത്രീകൾക്കു ദത്തമാം ശക്തിവാ-

യ്പൊട്ടുക്കു യോജിച്ചതായിരുന്നു;

എന്നാലുമായതു പര്യാപ്തമായീലാ

ചെന്നാ ദ്വിജേന്ദ്രന്റെയുള്ളിൽക്കേറാൻ.

തിട്ടമദ്ദേഹത്തിന്നെന്തസ്ത്രമേല്ക്കിലും

പൊട്ടാത്ത ചട്ടയൊന്നുണ്ടു നെഞ്ചിൽ!

ധീരനാം ബ്രാഹ്മണൻ ധർമ്മൈകലോലുപൻ

നേരം വൈകുന്നതിൽ സംഭ്രമിച്ചും

നാരിതന്നീദൃശചാപലത്തെക്കരൾ-

ത്താരിൽ വെറുത്തുമീവണ്ണം ചൊന്നാൻ:

“ഉള്ള നേരത്തെയുമിങ്ങനെ പോക്കുവാ-

നുള്ളതോ ദുർമ്മതേ, നിന്നാരംഭം?

അല്ലെങ്കിലെ,ന്തിനു നിന്നെപ്പഴിക്കുന്നു?

ശല്യം പിണഞ്ഞതെൻ തെറ്റാൽത്തന്നെ;

ദേശസന്ദർശനവാഞ്ഛപ്പിശാചെന്നെ

വേശിച്ചീയാപത്തിൽക്കൊണ്ടു വീഴ്ത്തി;

ലോകം പുലർത്തും ഗൃഹസ്ഥൻ ഗൃഹം വിട്ടു-

പോകയെക്കാളെന്തബദ്ധമയ്യോ!

ഇത്തിരിയുള്ളലിവുണ്ടെങ്കിലെ,ന്നില്ല-

ത്തത്തിക്കുകെന്നെ; നീ ദിവ്യയല്ലീ!”

പാറമേലാണു താനമ്പെയ്തതെന്നു ക-

ണ്ടേറിവരുന്ന വിഷാദത്താലും

മന്മഥവേദനയാലും വലഞ്ഞവൾ

നന്മധുരോക്തിയൊന്നോതി വീണ്ടും:

“ഇല്ലത്തു പോകേണമെങ്കിൽ

ഞാൻ കൊണ്ടാക്കാം

തെല്ലിട വിശ്രമിച്ചിസ്ഥലത്തിൽ,

ഭാവനീയാതിഥിയായ ഭവാനെന്റെ

യൗവനാതിഥ്യത്തെക്കൈക്കൊണ്ടാലും!

കല്ലുള്ള കാട്ടിൽ നടന്നു കഴച്ച നിൻ-

പല്ലവപേലവതൃപ്പദങ്ങൾ

മെല്ലേ മടിത്തട്ടിൽ വെച്ചു തലോടുവാൻ

വല്ലഭ, വെമ്പുന്നിതെൻകൈരണ്ടും;

കൊന്നതൻ പൂങ്കുലയ്ക്കൊത്ത തൃക്കൈകളാ-

ലൊന്നെൻഗളത്തെയനുഗ്രഹിക്ക!”

എന്നവളക്കനൽക്കട്ടയെ രത്നംപോ-

ലന്നെഞ്ചിൽച്ചേർക്കുവാൻ കൈകൾ നീട്ടി.

“ദുഷ്ടേ, തൊടായ്കെന്നെ;യന്യസ്ത്രീസ്പർശന-

മിഷ്ടപ്പെടുന്നവരല്ല ഞങ്ങൾ”

എന്നുരചെയ്തുകൊണ്ടഞ്ജസാ

പിൻവാങ്ങി ഇവിടെ

നിന്നു, നിവൃത്തിമാർഗ്ഗൈഷി വിപ്രൻ.

അണ്ടർനാരിക്കു ചെഞ്ചുണ്ടു വരണ്ടുപോയ്;

വെണ്ടപ്പൂപോലെ വിളർത്തു വക്ത്രം;

നീലാളകാഞ്ചിതനെറ്റിമേൽ മുത്തണി-

പോലെപ്പൊടിഞ്ഞു വിയർപ്പുതുള്ളി;

പാരാകെക്കീഴാക്കാൻ പോരുമദ്ദൃഷ്ടിയും

പാരാതെ ബാഷ്പത്താൽപ്പങ്കിലമായ്;

പുള്ളികൾ മിന്നിയ പൂമ്പട്ടുറൗക്കത-

ന്നുള്ളിൽ ഞെരുങ്ങുന്ന പോർകൊങ്കകൾ

തള്ളിപ്പുറപ്പെടും ദീർഘനിശ്വാസത്താൽ-

ത്തുള്ളിത്തുളുമ്പീ, നിലകൊള്ളാതെ.

“നിങ്ങൾതന്നൗന്നത്യംകൊണ്ടെന്തു കാര്യ?”മെ-

ന്നിങ്ങനെ കീഴ്പോട്ടമർത്തുവാനോ,

അപ്പൊൻകുടങ്ങൾക്കു മീതേ കൈവെച്ചവ-

ളിപ്പടി ജല്പിച്ചാൾ ഗദ്ഗദത്തിൽ:

മൽപ്രാണനാഥ, തൻദാസിയോടീവിധം

കല്പിക്കൊല്ല,ങ്ങിത്ര കർക്കശനോ?

അങ്ങുപേക്ഷിച്ചാൽ വരൂഥിനി ജീവിക്കി-

ല്ല;-ങ്ങുന്നോ, പെൺകൊലപ്പാപിയുമാം!

എട്ടു ഗുണങ്ങളിൽ മുഖ്യം ദയയല്ലോ;

ശിഷ്ടനാമങ്ങയ്ക്കിതൊട്ടുമില്ലേ?

ബ്രാഹ്മതേജോമൃതം തൂകും വാർതിങ്കളാം

നിന്മുഖമൊന്നു മുകർന്നാവൂ ഞാൻ!

സ്വല്പം പ്രസാദിക്കു,കാർത്തസംരക്ഷണം

സൽപ്പുമാന്മാർക്കുപേക്ഷിക്കാവതോ?

ആഹന്ത, പെണ്ണുങ്ങൾക്കാണുപോൽക്കാഠിന്യ;-

മാണുങ്ങളെത്ര ദയാന്വിതന്മാർ?

മാനസം നീറുമാ മാനിനീമൗലിതൻ

ദീനപ്രലാപങ്ങൾക്കെങ്ങൊരറ്റം?

എന്നാലി,തൊന്നുമാ വിപ്രന്റെ കർണ്ണത്തെ

ച്ചെന്നാക്രമിച്ചീല ചെറ്റുപോലും;

അദ്ദേഹം പാവകദേവനെയേകാഗ്ര-

ചിത്തനായ്ദ്ധ്യാനിക്കയായിരുന്നു.

മുഗ്ദ്ധേ വരൂഥിനി, പോരും വിലാപമി-

ത;-സ്ഥാനത്തായിപ്പോയ് നിന്റെ രാഗം:

മെത്തവിരിപ്പാനല്ലീശ്വരപൂജയ്ക്കാ-

ണിത്തരം പുഷ്പങ്ങളുത്തമങ്ങൾ;

തീർത്ഥജലത്താൽക്കുറിക്കൂട്ടു ചാലിപ്പാ-

നോർത്തതു നിന്നവിവേകംതന്നെ;

നീ വിചാരിച്ചല്ലോ സമ്പൂജ്യമാം ‘പാമ്പിൻ-

കാവി’നെക്കേളീനികുഞ്ജമാക്കാൻ;

സാളഗ്രാമത്തെത്താൻകൈക്കൊണ്ടു കന്ദുക-

കേളിക്കൊരുങ്ങായ്ക ബാലികേ, നീ

നേരായ്ബ്ഭവതിക്കു സൗന്ദര്യസാരസ്യം

പോരാഞ്ഞിട്ടല്ലിണങ്ങാഞ്ഞു വിപ്രൻ:

ഭാരതഭൂമിയാം ഭവ്യമാതാവിന്നു

ചാരിത്രമെന്തിലും മീതെയത്രേ;

അത്ര പരസ്ത്രീപരാങ്മുഖരായ തൽ-

പുത്രരാം പൂരുഷാഗ്ര്യർക്കു മുറ്റും

നീയല്ല, നിന്നെക്കാൾ സുന്ദരിയായോളും

ചായം തേച്ചോരു മരപ്പാവതാൻ!

ധ്യാനം ചെയ്തഗ്നിയെത്തങ്കൽച്ചേർത്തുദ്ദീപ്യ-

മാനതേജസ്സായാ ബ്രാഹ്മണേന്ദ്രൻ

മിന്നൽ പോലാശു ഗമിച്ചു മറഞ്ഞാനി-

ത്തന്വി കണ്ണീരോടും നോക്കിനില്ക്കേ

ഒരു കീറത്തലയണ

പെരുതഴലു,പധാനമേ, നിനക്കീ-

യുരുദുരവസ്ഥ പിണഞ്ഞുകാൺകയാൽ മേ

ഒരു തല വഴിപോലെ താങ്ങുവാൻ നീ

വിരുതിയലുന്നവനായിരുന്നുവല്ലോ!

ചളിതടവി വിവർണ്ണമിന്നു, വില്ലീ-

സൊളിനിര വീശിയിരുന്ന നിൻശരീരം;

വെളിവിലിഹ മുതിർന്ന കാല ‘ജാല-

ക്കളി’യുടെ ചാതുരി നമ്മളെന്തു കണ്ടു?

തൊടുവതിനിരുകൈ തുടച്ചു വേണം

തുടുതുടെ മിന്നിയിരുന്ന നിന്നെ മുന്നം;

കെടുതികലരുമിപ്പൊഴോ, ത്വദംഗ-

ത്തൊടു പെരുമാറുകിൽവേണ്ടതാണതെന്നായ്.

ലളിതമുഴുമുഴുപ്പു,റപ്പു, വർണ്ണ-

ത്തെളിവിവ തിങ്ങിയിരുന്ന താവകാംഗം,

ചുളി പെരുകി,യതാതിടത്തു കീറി-

പ്പൊളിയുകകാരണമെത്ര ശോച്യമായി!

പുരുമലിനിമപൂണ്ട നിൻപിളർപ്പിൽ-

ത്തുരുതുരെയുന്തിയ പഞ്ഞിയുണ്ടു കാണ്മൂ,

ഒരു വികൃതവധൂടിതൻ കചത്തിൽ-

ത്തിരുകിയ കുന്ദസുമോൽക്കരംകണക്കേ.

വിലപെറുമുപധാനമേ, പുരാ നിൻ-

നില ദൃഢമെത്ര മികച്ചതായിരുന്നു:

ലലനകൾ മണിയാമൊരോമലാൾതൻ

മലരൊളിമെത്തയിലല്ലി നീ വസിച്ചു.

ചിരമവളുടെ വെൺകിടക്കയിന്മേൽ-

പരമദുകൂലമണിഞ്ഞു നീ വിളങ്ങി,

ശരദമലസരിത്തുതന്നിൽ നൈശാ-

കരരുചിപൂണ്ട മണപ്പുറം കണക്കേ,

നിയതമൊരു നിരപ്പുകേടു നിന്മെയ്-

ക്കിയലുകിലാ,യവൾ നിങ്കൽ മെല്ലെ മെല്ലേ,

സ്വയമിരവിലുറങ്ങുവാൻ കിടത്തും

പ്രിയശിശുവിൻ തുടയിങ്കലെന്നപോലേ,

സുലളിതമൃദുവായ കൈത്തലത്താൽ-

പലവുരു തല്ലിടുമപ്പൊഴൊക്കെയും നീ

മലർനിര വിതറുമ്പോഴാസ്വദിച്ചോ-

രലഘുസുഖം ലഘുവായ്ഗ്ഗണിച്ചിരിക്കും!

(യുഗ്മകം)

ധവനധരരസം കൊതിക്കെ, ലജ്ജാ-

വിവശിതയായ നവോഢതൻ മുഖാബ്ജം,

അവനധികമസൂയ ചേർത്തനേകം

തവണ ഭവാങ്കലഹോ, പതിഞ്ഞതില്ലേ?

നിജമൃദുലശിരസ്സു നിങ്കൽ വെച്ചാ

വിജനവിലാസഗൃഹക്കിടക്കയിന്മേൽ

രജനികളിൽ മുറയ്ക്കു തമ്മിലോരോ

ഭുജലതയാൽത്തഴുകിസ്സുഖം ശയിക്കേ,

പരമസുഭഗരാം നവീനജായാ-

വരരവർതൻ വദനത്തിൽനിന്നു മന്ദം

കരളിൽ വിരിയുമുത്തമാനുരാഗോ-

ത്തരളമലർക്കുലതൻ മധൂളിപോലെ,

പല പരിചിലുതിർന്ന നർമ്മലാപം

തലയണകൾക്കണിരത്നമായ നീ താൻ

സുലഭരുചി നുകർന്നശേഷമേ, തൽ-

സ്ഥലപവമാനനുമാർന്നതുള്ളുവല്ലോ!

(വിശേഷകം)

ഉലകിടമെരിയും നിദാഘരാവിൽ-

പ്പലകുറി, പട്ടുകിടക്കതൊട്ടിടാതെ,

അലസമവർ നിലത്തുതാൻ കിടക്കും-

നിലയിലുമങ്ങയെ വേർപിരിഞ്ഞതില്ല!

ഹരിണമിഴി ദിനാന്തമജ്ജനാർദ്ര-

പ്പുരികുഴൽ നിന്നിലഴിച്ചു ചിന്നിടുമ്പോൾ,

കരിമുകിൽ ചിതറും ശരന്നഭസ്സിൻ

പരിചു വഹിച്ചു, സിതാംശുകാസ്തൃതൻ നീ.

തരുണികൾ മണിതന്റെ താരണിഞ്ഞു-

ള്ളിരുളെതിർമഞ്ജുളകുന്തളത്തൊടേവം

പെരുതു ദിനമിണങ്ങി വാഴ്കയാൽ, ന-

ല്ലൊരു മണമിന്നുമിരിപ്പതുണ്ടു നിങ്കൽ.

അതിസുഖമയമാ മനോജ്ഞമാർഗ്ഗം

ഗതിയറിയാതെ ഭവാൻ കടന്നുപോന്നു;

അതിനെയിഹ വൃഥാ തിരിഞ്ഞുനോക്കി-

ക്കൊതിയൊടു നീ നെടുവീർപ്പിടുന്നതുണ്ടാം

ബത, ബത, തവ മുൻവശത്തിദാനീം

വിതതമരുക്ഷിതിയൊന്നുകാണ്കയാൽ നീ

ഗതസരണിയിലെസ്സുഖത്തെയെല്ലാം

ശതഗുണമായ് വിലകൂട്ടിയോർപ്പതുണ്ടാം!

തവ പുനര,ഥവാ, പ്രപഞ്ചപാന്ഥർ-

ക്കവസിതയിൽപ്പെടുമല്ലലേറ്റുകൂടാ;

ദിവസമനു പരോപകാരധർമ്മ-

പ്രവണതയാൽപ്പരിപൂത ജീവിതൻ നീ!

പകലിരവു പലർക്കു സൗഖ്യമേകി,

സ്വകതനു ജീർണ്ണവിവർണ്ണമാകിലെന്തോ?

മികവെഴുമൊരു കർമ്മയോഗിതൻമ-

ട്ട,കമവികാരമഖണ്ഡനിർമ്മലം തേ.

അരചനുടെയുടല്ക്കുമിങ്ങവസ്ഥാ-

ന്തരമിതുതാനൊടുവെന്നു കണ്ടു താൻതാൻ

ചിരമഹഹ, ചിരിക്കയോ ശുഭാന്തഃ-

കരണ, വെളിക്കു തുറിച്ച പഞ്ഞിയാൽ നീ?

പരാർത്ഥത്തിന്നല്ലോ തവ പിറവി;സാധിച്ചിതതു നീ;

ചിരാസംഗാൽ വന്നീലിതിൽമതി നിനക്കെങ്കിലു,ടനേ

ജരാക്രാന്തം തൻപാർപ്പിടമിതുവെടിഞ്ഞിട്ടു തവ സു-

സ്ഥിരാത്മാവെത്തട്ടേ പുതിയൊരുപുരത്തിൽപ്പുരുസുഖം.

ഭാരതപ്പുഴ

ഉലകിൽപ്പുകളാർന്ന സഹ്യശൈല-

ത്തലവന്നുള്ളൊരു തുംഗശൃംഗമായി

വിലസീടുമൊ‘രാന’യെന്നു പേരാം

മലതൻ നിർമ്മലദാനധാരയായും;

സ്വവരാത്മജകേരളോർവിയെ ശ്രീ-

ധവമൂർത്ത്യന്തരമാം മുനിക്കു നല്കി

ധ്രുവമക്കലശാബ്ധ്ധി മേന്മ തേടും

ലവണാബ്ധിക്കവരോധനാഥയായും;

അനഘം, മധുരം, മനോഭിരാമം,

ഘനസന്താപഹരം പയസ്സജസ്രം

അനപേക്ഷിതദോഹയത്നമായ്ത്താൻ

ജനതയ്ക്കേകുമപൂർവധേനുവായും;

ലളിതപ്രകൃതിപ്രഭാവമാകും

നളിനപ്പൂവിലെ നന്മധൂളിയായും;

വെളിവായി വിശുദ്ധിലക്ഷ്മി നിത്യം

കളിയാടും കളധൗതശാലയായും;

ശതനാഴിക നീണ്ട, താതിടത്ത-

ഞ്ചിതമാകും വളവൊത്ത,യൽസ്ഥലത്തിൽ

കൃതസസ്യസമൃദ്ധിയായ്, പടിഞ്ഞാ-

ട്ടിത, പോകുന്നു, കിഴക്കുനിന്നു ‘പേരാർ.’

തടസീമനി നിന്നിടുന്നു പച്ച-

ക്കുടകൾക്കൊത്ത കരിമ്പനദ്രുമങ്ങൾ;

സ്ഫുടകാശഗണങ്ങൾ വീശിടുന്നു-

ണ്ടിടയിൽപ്പൂങ്കുലയായ ചാമരത്താൽ.

വിലസദ്വിടപസ്ഥപക്ഷികോലാ-

ഹലമാകും ജയശബ്ദഘോഷമോടേ

ഇലയാമിളകുന്ന കൈയിനാൽത്തൂ-

മലർ തൂകുന്നു കരയ്ക്കെഴും ദ്രുമങ്ങൾ.

പല വൃക്ഷലതാദികൊണ്ടു വേണ്ടും-

നിലയിൽപ്പച്ചയുടുപ്പണിഞ്ഞപോലായ്,

തല വാനിലുരുമ്മുമാറു പൊക്കി-

ചലനംവിട്ടമരുന്ന പർവതങ്ങൾ,

പതിയായ പയോധിയോടു ചേരു-

ന്നതിനീസ്സഹ്യഗിരീന്ദ്രവംശനല്ലാർ

മതിമോഹനമോടിയിൽ ഗമിക്കും

ഗതി വീക്ഷിച്ചു രസിപ്പിതെന്നു തോന്നും.

(യുഗ്മകം)

ഇളനീരിലെ വെള്ളമൊത്ത തണ്ണീ-

രിളകിക്കൊണ്ടൊഴുകും മൃദുസ്വനത്താൽ

നിള, നല്ലൊരു പാട്ടുകാരിപോലേ

കളസംഗീതസുഖം ചെവിക്കണപ്പൂ.

ചില ദിക്കിലിതിൽക്കിടക്കുമോരോ

ശിലമേൽത്തല്ലി മുറിഞ്ഞുപോകയാലേ

അലമാലയിൽ നിന്നണിപ്പളുങ്കിൻ-

കുലമങ്ങിങ്ങു തെറിച്ചിടുന്നു ഭംഗ്യാ.

പരിചേറിയ കേരപാരിജാതം,

മരിചൈലാദികകല്പവല്ലിജാലം,

അരിയോരഴകിങ്കലപ്സരസ്ത്രീ-

പരിഷയ്ക്കൊത്ത പതിവ്രതാജനങ്ങൾ,

കുലശുദ്ധി തികഞ്ഞുദഗ്രതേജോ-

ബലമേന്തും ദ്വിജർ ദേവസന്നിഭന്മാർ-

പലതീവകയാർന്നു വിണ്ണിനൊക്കും

മലയാളത്തിനിതഭ്രഗംഗയത്രേ!

എവർതൻ ഗതജീവമായ ഗാത്രം

ശിവഗംഗാസഖി, നിങ്കലെത്തിവീഴും,

അവരൊക്കെയമർത്ത്യരൂപരായി-

ദ്ദിവമേറും ധ്രുവമംബ, നിൻ പ്രസാദാൽ.

സതി, നിന്നല തൊട്ട തെന്നലേറ്റാൽ

മതി, നൽസ്വർഗ്ഗസുഖം നരർക്കു കിട്ടാൻ;

അതിപാവനി, നിൻ ജലത്തിൽ മുങ്ങു-

ന്നതിനാലുള്ളൊരവസ്ഥയെന്തു പിന്നേ?

ഒടുവാം തിഥിയിൽജ്ജനങ്ങൾ നിന്മേ-

ലിടുമോരോ ബലിപുഷ്പവും ഗുണാഢ്യേ,

നെടുതാം പിതൃമണ്ഡലത്തെ വിണ്ണേ-

റ്റിടുമോരോ പടവായ്വരുന്നുപോലും.

കുലപാവനതീർത്ഥമേ, ത്വദീയാ-

മലതീരത്തരയാൽത്തരുക്കൾതന്മേൽ

അലമുഗ്രതപസ്സു ചെയ്കയാണോ

തലകീഴായ് നിലകൊള്ളുമാവൽ വൃന്ദം!

പരമേഷ്ഠിമുഖേഡ്യനാമെവൻ തൻ

ചരണക്ഷാളനവാരി ഗംഗയായി,

പരപൂരുഷനാ മുകുന്ദനും നിൻ

വിരഹത്തെസഹിയാഞ്ഞു നിന്നടുക്കൽ,

തിരുവില്വമഹാദ്രി നാവ മുമ്പാം

പുരുപുണ്യായതനങ്ങൾ പുക്കിരിപ്പൂ:

ഗുരുശംബരവട്ടനാഥനോ, ന-

ല്ലൊരു നീർദ്ദേവതയായ് വസിപ്പു നിന്നിൽ!

(യുഗ്മകം)

ഉയരെത്തിര തള്ളിയാർത്തിരമ്പി-

ബ്ഭയദാഗാധത പൂണ്ടലംഘ്യയായി,

സ്വയമർണ്ണവപത്നി, വർഷനാളിൽ

പ്രിയഭർത്താവൊടനൂനലീലയാം നീ.

മലവെള്ളമടിച്ചുകേറി മേന്മേ-

ലലയും വെൺനുരയും ചുഴിപ്പുമായി,

നില വിട്ടൊഴുകിത്തടം തകർത്താർ-

ത്തലറും നിൻവടിവോർക്ക കൂടി വയ്യാ!

നരർ കൂസണമെങ്കിൽ വേണമൊട്ടി-

ത്തരമാം രൗദ്രനടിപ്പുമെന്നിതോർത്തോ,

ശരദി സ്ഫുടമാം മണല്പുറത്താൽ

വരകല്ലോലിനി, നീ സ്വയം ചിരിപ്പൂ!

അതുലദ്യുതി നിൻമണല്പുറം ഹാ,

ചതുരം ശാരദവാനിനോടെതിർപ്പാൻ;

ഇതു കൺകുളിരെത്ര നല്കിടുന്നൂ,

പുതുകർപ്പൂരസമുച്ചയംകണക്കേ!

കുളിർവെണ്മതി, പുണ്യപൂതമാം നിൻ-.

പുളിനത്തിൽ,പ്പുതുസൗഭഗോദയാർത്ഥം,

ലളിതാഭനിലാവുകൊണ്ടു നൂനം

വെളിവിൽപ്പാലഭിഷേകമാചരിപ്പൂ!

ചെടി പുല്ലിവ ചേർന്ന നൽത്തുരുത്തും,

സ്ഫടികശ്രീസലിലം നിറഞ്ഞ ചാലും-

തടിനി, ത്വദുപാന്തഗോവിനുണ്ടോ

തടിവാട്ടം? ശരി വേനലും ശരത്തും.

നിരഘക്കുളിർനീർപെറും നിളേ, നിൻ

കരയിൽപ്പാർത്തുവരുന്നവർക്കു മുറ്റും

വരളിച്ച വളർത്ത വേനൽനാളിൻ

വരവെ,ന്തോ വലുതായൊരുത്സവംതാൻ.

എരിവേനലിലന്തിവേളയിങ്കൽ-

പരിണാമശ്ലഥപാടലാതപത്താൽ

ശരിയായ്ക്കസവിട്ടപോലെയാമി-

ത്തരിവെൺപൂമണലായ മെത്തയിന്മേൽ,

പല ചായമിണങ്ങിടും വിഹായ-

സ്ഥലമാം ചിത്രപടം വിചിത്രശോഭം

നലമോടു തെളിഞ്ഞുനിന്നിടും നിൻ-

ജലമാം ചില്ലിനകത്തമർന്ന മട്ടും,

ഉലകിന്റെ മനോജ്ഞശാന്തമാമ-

ന്നിലയും കണ്ടു രസിച്ചുകൊണ്ടിരിക്കേ,

മലർമഞ്ജുളനീർക്കണങ്ങൾ ചിന്നി-

ച്ചലതോറും തവ കേളിയാടിയാടി,

തടവാടികളിൽത്തഴച്ച തെങ്ങിൻ

മടലിന്മേൽ മൃദുമർമ്മരപ്രണാദം

തടവിച്ചണയുന്ന തൈമണിക്കാ-

റ്റുടൽ പുല്കുന്നൊരു സൗഖ്യമാണു സൗഖ്യം!

(കലാപകം)

കരുണാനിധി കംസവൈരി മേവും

തിരുനാവായിൽ നികന്ന നിൻതടാന്തം

ഒരു കാലമുദാരകേരളീയർ-

ക്കുരുമല്ലക്കളമായിരുന്നുവല്ലോ.

പരമാണ്ടുകൾ പന്തിരണ്ടുകൊണ്ട-

ന്നരചന്മാർ പലരെന്തു ശക്തിനേടും,

ചിരകാലമതിന്റെ മാറ്റു നോക്കാ-

നുരകല്ലായിതു നിൻകരപ്പുറം പോൽ.

നെടുവാൾ പരിചപ്പയറ്റിൽ മുന്തും

പടുനായർപ്പടയാളിവീരരന്നാൾ

തൊടുവിച്ചു, രണക്ഷതാംഗരക്ത-

ത്തുടുകാശ്മീരവിശേഷകങ്ങൾ നിങ്കൽ.

ഉരപെറ്റ ‘മഹാമഹോത്സവേ’ നിൻ-

കരയാകും മണിമണ്ഡപാന്തരത്തിൽ

തരളായുധപാതതാളമോടേ

സരസം നർത്തനമാടി വീരലക്ഷ്മി.

ആ രംഗം സർവമാച്ഛാദിതമഹഹ,ചിരാൽ: കാലമാം ജാലവിദ്യ-

ക്കാരൻതൻ പിഞ്ഛികോച്ചാലനമുലകിൽ വരുത്തില്ലയെന്തെന്തു മാറ്റം?

നേരമ്പോക്കെത്രെ കണ്ടൂ ഭവതിയിഹപദംതോറും! എന്തൊക്കെ മേലിൽ

സ്വൈരം കാണും! പുരാണപ്രഥിതനദി,നിളാദേവി, നിത്യം നമസ്തേ!

ഒരു വീരപത്നി (മഞ്ജരി)

സച്ചിത്രവസ്തുക്കൾ കൊണ്ടഴകാർന്ന പൂ

മച്ചിന്നകത്തൊരു മഞ്ചം ചാരി,

എന്തോ വിചാരത്താൽ സ്തബ്ധയായ് മേവുന്നു

ചെന്തൊണ്ടിവായ്മലരാളൊരുത്തി,

ശീമയിൽപ്പേർ കേട്ട ശില്പികൾ തീർത്തോരു

കോമള തങ്കപ്പെൺ പാവപോലേ.

കാർകുലം പോലെ കറുത്തു മിനുത്തുള്ള

വാർകുഴൽ പിന്നിലഴിഞ്ഞുതിർന്നും;

നീലാളകാവൃതമാകിയ നിർമ്മല-

ഫാലദേശത്തൊരു മങ്ങൽ പാഞ്ഞും;

നീണ്ടിടംപെട്ടതിഭംഗിയും ദീപ്തിയും-

പൂണ്ട നേത്രങ്ങൾ കുറച്ചടഞ്ഞും;

കണ്ണാടി ചെമ്പട്ടിൽ വെച്ച പോലോമന-

ഗ്ഗണ്ഡം കരത്തളിർതന്നിൽച്ചാഞ്ഞും;

നീളമുള്ളുന്നതമാറണിപ്പൂഞ്ചേല

തോളത്തു നിന്നിടം കൈമേൽ വീണും;

തന്നന്തികത്തിലായ്, ശുക്ലപക്ഷത്തിലെ-

ച്ചിന്നപ്പൂന്തിങ്കൾപോലുള്ളൊരുണ്ണി,

ആടുക പാടുക മുമ്പാകുമോരോരോ

കാടു കാട്ടുന്നതും കണ്ടീടാതെ,

ശുദ്ധം നിലത്തിരുന്നീടുകയാണിവ-

ളിത്തരുണിക്കിത്ര ചിന്തയെന്തോ?

അമ്മതൻ ദുഃഖത്തിൽപ്പങ്കുകൊണ്ടീടുന്നീ-

ലമ്മകൻ ക്രീഡാരസൈകതാനൻ:

ചിന്താപരിക്ലേശമെന്തുള്ളു ബാലർക്കു?

ഹന്ത, നൽസ്വർഗ്ഗംതാൻ ബാല്യകാലം!

പൈതലവനിനി യൗവനമാകുമ്പോ-

ളേതൊരു രൂപത്തെപ്പൂണ്ടിടുമോ,

ആ രൂപമൊത്തൊരു പൂരുഷനപ്പൊഴാ-

ച്ചാരുവാം മച്ചിൽക്കടന്നുവന്നാൻ.

അക്ഷണം തൻകളിപ്പാട്ടങ്ങളിട്ടെറി-

ഞ്ഞക്ഷമനാകിയ കൊച്ചുബാലൻ,

“അച്ഛാ,ച്ഛാ” എന്നേവമസ്പഷ്ടവർണ്ണമായ്

സ്വച്ഛാമൃതോപമം കൊഞ്ചിക്കൊണ്ടേ

പാഞ്ഞുചെന്നാ വന്ന ധന്യന്റെ ജാനുക്ക-

ളാഞ്ഞുപുണർന്നാനിളംകൈകളാൽ.

ആയാളോ, കുഞ്ഞിനെയാശു കുനിഞ്ഞെടു-

ത്തായാമമേറിയ തന്മാർത്തട്ടിൽ,

മൂല്യം മതിക്കാവല്ലാത്തൊരു മാണിക്യ-

മാല്യത്തെപ്പോലവേ ചേർത്തുചാർത്തി,

ആയിളംചെഞ്ചോരിവായ്മലർതന്നിലൊ-

രായിരം പ്രാവശ്യമുമ്മവെച്ചാൻ,

കുട്ടിതൻ കൊഞ്ചലാൽ ഞെട്ടിയുണർന്നതി-

ന്മട്ടിലെഴുന്നേറ്റ മംഗളാംഗി,

കട്ടിപ്പൊൻ കാപ്പിട്ട കൈകളാൽ കാർകുഴൽ

കെട്ടിയൊരുമട്ടൊതുക്കി വെക്കം

സന്തതപ്രേമാർദ്രപ്പുഞ്ചിരികൊണ്ടു ത-

ന്നന്തർഗൃഹാതിഥിക്കർഘ്യമേകീ.

യുദ്ധയാത്രോചിതമാകിയ വേഷത്തിൽ-

ബ്ഭർത്താവെക്കണ്ടൊരു മാത്രയിൽത്താൻ,

അത്തൽ വിട്ടാശ്വാസമുൾച്ചേർന്ന മാതിരി-

ക്കത്തന്വിയാൾക്കു തെളിഞ്ഞു വക്ത്രം.

നന്ദനത്തങ്കത്തെ ലാളിച്ചുകൊണ്ടു ത-

ന്മന്ദിരലക്ഷ്മിതൻ ചാരത്തെത്തി,

സുന്ദരനാ യുവാവായവൾതൻ തോളിൽ

മന്ദമായ്ക്കൈവെച്ചുനിന്നു ചൊന്നാൻ:

“എന്തിരിപ്പാണിഹ ഞാൻ കണ്ടതോമനേ,

എന്തിത്ര ഭീരുവായ്ത്തീരുവാൻ നീ?

ആണുങ്ങൾ വീട്ടിലടച്ചിരിക്കുന്നതി-

ന്നാണോ, കനത്ത കൈ തന്നതീശൻ?

മാതൃഭൂമിക്കരിബാധ വരുമ്പോഴു-

മേതുമനങ്ങാതിരിക്കാമെങ്കിൽ,

അത്രയും കാലം ഞാനെന്തിനു ചെന്നുപോ-

ന്നസ്ത്രക്കളരിയശുദ്ധമാക്കി?

യുദ്ധമെന്നുള്ളൊരു ശബ്ദമേ ഞങ്ങൾക്കു

മുഗ്ദ്ധമധുരമാം ഗാനമത്രേ;

പോരിതോ, സാമാന്യപ്പോരൊന്നുമല്ലല്ലോ;

ശൂരർക്കതിൽപ്പരമെന്തു വേണ്ടൂ?”

ചൊല്ലിലെദ്ധൈര്യം തികച്ചുമപ്പോരാളി-

ക്കുള്ളിലുണ്ടായിരുന്നില്ലന്നേരം.

തെല്ലൊരു തൊണ്ടയിടർച്ച,യമർക്കിലും

നില്ലാത,തിൽ വെളിപ്പെട്ടിരുന്നു.

പോരെങ്കിൽ, “കുട്ടാ,ഞാൻ പോയിവരട്ടെ”യെ-

ന്നാ,രോമൽപ്പുത്രനോടായൊടുവിൽ

യാത്രചൊന്നപ്പോഴാക്കല്യനു കൈലേസ്സാൽ

നേത്രം തുടയ്ക്കുക വേണ്ടിവന്നു!

ആഹവമുത്സവമാണവന്നാ,യതിൽ-

സ്സാഹസശീലനുമാണെന്നാലും,

എങ്ങനെ വിട്ടവൻ പോകുമീ പ്രാണനാ-

മംഗനയാളെയും കുഞ്ഞിനെയും!

“ഞാനുമുണ്ടച്ഛനോടൊപ്പ”മെന്നാൻ നറും-

തേനുറ്റ ഭാഷയിൽ ബാലനപ്പോൾ;

“പോവാമെൻപൈതല്ക്കുംതെല്ലു കഴിഞ്ഞാലെ”-

ന്നാ, വധു കുഞ്ഞിൻ പുറം തലോടി,

പ്രേമവും പ്രൗഢിയും തേടിയ ഭാഷയിൽ-

ത്തൂമധു തൂകിനാൾ പ്രാണേശങ്കൽ:

“പോർകളിൽ പ്രോത്സാഹശാലിയാമെൻ നാഥൻ

പോകുന്നതോർത്തല്ല മാഴ്കിനേൻ ഞാൻ;

പോകാതിരുന്നാലോ എന്നായിരുന്നു മേ

ശോകവും ഭീതിയും ശോഭനാത്മൻ!”

“ആവതില്ലാത്തൊരീപ്പിഞ്ചുകിടാവു, മീ-

പ്പാവമാം സ്ത്രീയുമെൻവിപ്രയോഗം

എങ്ങനെ ഹാ ഹാ,പൊറുത്തീടു”മെന്നായി

ഞങ്ങളിലേറിയ വാത്സല്യത്താൽ

ആയുധം കൈക്കൊണ്ടീലിപ്പോൾ ഭവാനെങ്കി-

ലാ,യതിൻ ഹേതു ഞാനാകുമല്ലോ

ഭർത്താവിൻ കർത്തവ്യനിഷ്ഠയ്ക്കു വിഘ്നമായ്

വർത്തിക്കും ഭാര്യതാൻ ഭാര്യയാമോ?

വേളിക്കുശേഷമിതേവരെ നാമൊരു

നാളിലും വേർപെട്ടിട്ടില്ലെന്നാലും, വല്ലഭ,

തെല്ലുനാളയ്ക്കീ വിയോഗം ഞാൻ

വല്ല ഭാഷയ്ക്കും സഹിച്ചുകൊള്ളാം.

എന്നാൽബ്ഭവാനുടെ വീരപ്രശസ്തിക്കി-

ന്നൊന്നാമതായ് വല്ല മാലിന്യവും

വന്നുപോയെങ്കിലെനിക്കു സഹിക്കാവ-

ല്ലെന്നു,മെൻജീവിതസർവസ്വമേ!

ആകയാൽ വൈരിജയത്തിനായ്

നിശ്ശങ്കം പോക; തേ മംഗളമാക മാർഗ്ഗം.

ധീരപ്രശാന്തമായിങ്ങനെ തൻപ്രിയ-

ദാരങ്ങൾ ചൊല്ലുമുദാരവാക്യം

ശ്രോത്രപുടംവഴിക്കപ്പടയാളിതൻ

ഗാത്രത്തിലെങ്ങുമുൾപ്പുക്കു ഗാഢം,

ചോരക്കുഴൽകൾക്കു ചൂടുപിടിപ്പിച്ചി-

ട്ടോരോ ഞരമ്പിനും വേറെ വേറെ

നൂതനമായൊരു കെല്പേകി, ദിവ്യമാ-

മേതോ രസായനമെന്നപോലേ.

തൻകരൾക്കേതാനുമിണ്ടലുണ്ടായിരു-

ന്നെങ്കിലതുമുടൻ വിട്ടുമാറി;

നേത്രതാരങ്ങളിൽ മുമ്പത്തേക്കാളേറെ

ക്ഷാത്രതേജസ്സും സമുജ്ജ്വലിച്ചു:

“ഉത്തമസ്ത്രീമണേ, മാപ്പുതരണമെ-

ന്നസ്ഥാനശങ്കയ്ക്കെ”ന്നാത്തഹർഷം

കൊണ്ടാടിപ്പത്നിയെക്കോമളദോർദ്ദണ്ഡം-

കൊണ്ടാഞ്ഞു പുല്കിപ്പറഞ്ഞു കാന്തൻ

“ധീരഗൃഹിണിക്കു ചേർന്നതേ ചൊല്ലി നീ;

ദാരവാന്മാരിലാരെന്നോടൊപ്പം?

എന്നാലിറങ്ങി വരട്ടേ ഞാൻ, കുട്ടിയെ

നന്നായ് മനംവെച്ചു നോക്കേണമേ!”

വല്ലഭാശ്ലേഷസുഖാൽക്കണക്കക്ഷികൾ

തെല്ലടഞ്ഞസ്സാധ്വി നന്മനേർന്നാൾ:

“ദുഷ്ടരെശ്ശിക്ഷിച്ചും ശിഷ്ടരെ രക്ഷിച്ചും

വിഷ്ടപമൊക്കെബ്ഭരിക്കുമീശൻ

ക്ഷത്രധർമ്മസ്ഥാനമെൻ പ്രാണനാഥനു

നിത്യവും പിന്തുണയായ് വരട്ടേ!

ദുഷ്കരകൃത്യങ്ങൾ സാധിച്ചു മേല്ക്കുമേൽ

മുഷ്കരമാറ്റലർവൻപടയിൽ

ഉത്കടാടോപമായ്ത്തത്തിക്കളിക്കട്ടേ

ത്വത്കരവാളിടിവാളുപോലേ.”

“സ്വച്ഛന്ദം മാറ്റാർത്തലയ്ക്കു ചവുട്ടാൻ പോ-

മച്ഛന്റെ തൃക്കാൽ വണങ്ങു കുഞ്ഞേ!”

പൈതലെപ്പേർത്തിതു ചൊല്കെ, മനസ്വിനി-

യാൾതൻ മിഴികളിൽനിന്നു താനേ

വീണുപോയ്, ഹാ, രണ്ടു വെൺപളുങ്കുമണി

ചേണുറ്റ ഭർത്താവിൻ ചേവടിയിൽ!

ദാദാബായി നവറോജി

മാറ്റിത്തമെന്തൊന്നിതു? മാരിയേറ്റു

നനഞ്ഞുതൂങ്ങും ചിറകോടുകൂടി,

പുരപ്പുറത്തേറിയിരുന്നു, കൂടെ-

ക്കൂടെക്കഠോരം കരയുന്നു കാകൻ.

മുഖത്തു നീലാഭ്രനിചോളമിട്ടും,

നാനാമരച്ചാർത്തിൽ മറഞ്ഞുനിന്നും,

മണ്ഡകചണ്ഡധ്വനിയാലിതാ, ദി-

ക്കെല്ലാമുദഗ്രം മുറയിട്ടിടുന്നു!

കാറ്റേറ്റ നാനാവിധപാദപങ്ങ-

ളിടയ്ക്കിടയ്ക്കശ്രുകണങ്ങൾ തൂകി,

ചലൽപലാശാവലിനിസ്വനത്താ-

ലോരോന്നു തമ്മിൽ പ്രലപിപ്പതെന്തോ?

ഇന്നുള്ള നിൻ പുത്രരിലെന്തുകൊണ്ടും

ജ്യേഷ്ഠൻ വരിഷ്ഠൻ നവറോജി–ഹാഹാ!

അസഹ്യ,മമ്മേ ഭരതോർവി, ദേവി-

യ്ക്കാപ്പെട്ട സീമന്തകുമാരദുഃഖം!

തൊണ്ണൂറ്റിരണ്ടിൽപ്പുറമായ് വയസ്സെ-

ന്നതീയഴല്ക്കെങ്ങനെ ശാന്തി ചേർക്കും?

അമ്മയ്ക്കു നൂനം മകനെത്ര വൃദ്ധ-

നായ്പോകിലും പിഞ്ചുകിടാവുതന്നെ!

പരാശ്രയോത്താപമിയന്ന നിങ്കൽ-

പലപ്പൊഴും ബാഷ്പപയസ്സൊഴുക്കി

നിർവാണമൊട്ടേകിയ നിർവ്യളീക-

നേത്രങ്ങളെന്നേക്കുമടഞ്ഞിതയ്യോ!

ഇന്ത്യാവനീദേവി, ഭവച്ഛിരസ്സിൽ

സ്വാതന്ത്ര്യകോടീരമെടുത്തു ചാർത്താൻ

ആ ‘വൈദികാ’ഗ്ര്യന്റെ കരങ്ങളെപ്പോ-

ലർഹങ്ങളായുള്ളവ വേറെയുണ്ടോ?

ഒന്നാമതായാരുടെ കയ്യുകൊണ്ടാ

സ്വാതന്ത്ര്യസിദ്ധിക്കിഹ വിത്തുപാകി;

അക്കർഷകൻ, സാമ്പ്രതമിന്ത്യയാകും

ഗൃഹത്തിലെക്കാരണവൻ, ഗഭീരൻ,

വളർന്നു തൻപുഞ്ച വിളഞ്ഞുവന്ന-

പ്പൊഴേക്കുമെങ്ങോട്ടു ഗമിച്ചിതയ്യോ!

അല്ലെങ്കില,സ്സൽപുരുഷൻ തനിക്കാ-

യിട്ടല്ലയല്ലോ തൊഴിൽ ചെയ്തുപോന്നു

(യുഗ്മകം)

കല്യാണമാമിക്കൃഷി കൊയ്തെടുപ്പാൻ

കരങ്ങൾ നന്നായ്ക്കഴുകേണമെങ്കിൽ,

അതമ്മഹാൻതൻ മൃതിയാലുറന്ന

കണ്ണീരുകൊണ്ടോ ശിവരാമ, വേണ്ടൂ!

എൻമാതൃഭൂവെന്നൊരു ചിന്തയല്ലാ-

തുണ്ടായിരുന്നില്ലവിടേക്കു പണ്ടേ;

സ്വരാജ്യനിശ്രേയസയത്നമാണ-

ദ്ധീമാന്റെ വേദത്തിൽ വിധിച്ച യജ്ഞം!

സർവോപരി പ്രോജ്ജ്വലരാജ്യഭക്തി-

യാലും പരിത്യാഗഗുണത്തിനാലും

നിറഞ്ഞൊരന്യാദൃശഹൃത്തിലല്ലോ

യമന്റെ കയ്യാമെരികൊള്ളി വീണു!

അധ്യക്ഷനില്ലാസ്സഭപോലെ, കപ്പി-

ത്താനോടു വേർപെട്ടൊരു കപ്പൽപോലേ,

അസ്സൽ പുമാൻ വിട്ട ജഗത്തിതൃത്വി-

ഗ്വിഹീനമാമധ്വരശാലപോലേ!

സ്വജന്മതാരങ്ങളിലാ മുമുക്ഷു

സന്ദേശമോരോന്നരുൾചെയ്തുപോന്നു;

അതെത്രയുൽകൃഷ്ടപവിത്ര,മിന്ത്യാ-

സ്വാതന്ത്ര്യമന്ത്രപ്രണവം കണക്കേ!

ഇയ്യാണ്ടിലേതഗ്ഗുരുവിന്റെയന്ത്യ-

സന്ദേശമാണെന്നെവനോർത്തിരുന്നു?

ഹാ, മൃത്യുവിന്നേതൊരു വാതിൽപോലും

തോന്നുന്നനേരം കയറിത്തുറക്കാം!

ആയീ വൃഥാ ദുഃഖമിത:—മ്മഹാന്റെ-

യാത്മാവു മേല്പോട്ടു ഗമിച്ചിദാനീം

വാനത്തൊരോമല്പ്പുതുതാരമായി-

ച്ചമഞ്ഞിരിക്കും, പുരുപുണ്യയോഗാൽ!

കല്പാന്തകാലംവരെ നില്പതാമീ

നക്ഷത്രമേകുന്ന നറുംവെളിച്ചം,

‘മനുഷ്യ’രായ് നമ്മൾ നടന്നിടേണ്ടും

മാർഗ്ഗത്തിലെക്കൂരിരുൾ നീക്കിടട്ടേ!

ത്വൽപാദപീഠത്തിലനന്യഹൃത്താ

വൃദ്ധർഷിയർപ്പിച്ച സുമങ്ങളമ്മേ,

എന്നെന്നുമെങ്ങെങ്ങു പരത്തുകില്ലാ

മനം തണുപ്പിപ്പൊരു തൂമണത്തെ?

അദ്ദീർഗ്ഘദർശിപ്രവരൻ ചമച്ച

വൻചാലിലൂടേ ഗമനം തുടർന്നാൽ,

നിൻജീവിതക്കപ്പലെളുപ്പമിന്ത്യേ,

ചെന്നെത്തു,മാപ്പൊൻ വിളയും കരയ്ക്കൽ.

സ്വർഗ്ഗസ്ഥനസ്സൽഗുരുവിജ്ജനത്തി-

ന്നേകേണമേ വീണ്ടുമനുഗ്രഹങ്ങൾ,

മാതാവുതൻ തൃച്ചരണം തലോടി

മാഹാത്മ്യമാർജ്ജിച്ച കരങ്ങളാലേ!

ഒരു ഭാവന

കരൾ മമ കുളിരുന്നു മേല്ക്കുമേലേ

ഹര, ഹര, കോൾമയിർകൊണ്ടിടുന്നു ഗാത്രം;

സുരഭിലമൊരു തെന്നൽ വന്നു മൈത്രീ-

ഭരമൊടു തൊട്ടുതലോടിടുന്നു മന്ദം.

പരിമളവിഭവത്തൊടെങ്ങുനിന്നാ-

ണരിയ മരുത്തിതണഞ്ഞിടുന്നതാ,വോ?

ശരി, ചെറുതകലത്തിതാ, മലർപ്പു-

ഞ്ചിരിയുടയോരു കദംബവാടി കാണ്മൂ.

ജലദരുചികലർന്ന കാവിതിൽ,ച്ചെ-

റ്റുലയുമഖണ്ഡശിഖണ്ഡമണ്ഡലത്താൽ

വലരിപുധനുരാഭ വീശി നൃത്ത-

ക്കലവി മുതിർക്കുവതുണ്ടു കേകിവൃന്ദം.

ഒളിചിതറിയ പക്ഷയുഗ്മമോടൊ-

ത്തളികുലനീലതമാലവല്ലിതോറും,

ലളിതരുതമുതിർത്തുകൊണ്ടനേകം

കിളികൾ പറന്നു കളിച്ചിടുന്നു ഭംഗ്യാ

വനനടുവിലിതാ, വിഭൂതിവായ്ക്കും

കനകമഹാമണിമണ്ഡപാന്തരത്തിൽ

ഘനതരമൊരു ദിവ്യമായ തേജ-

സ്സനഘമനോഹരമായ് വിളങ്ങിടുന്നു.

സുലളിതതരമാമിതെന്തു; പെട്ടെ-

ന്നുലകമുണർത്തുമുഷസ്സുതന്നുദിപ്പോ?

ഇലകൾ മറയുമാറിളംകുളിർപ്പൂ-

മലർ നിറയും പനിനീർച്ചെടിപ്പടർപ്പോ?

പ്രകൃതിയുടെ നിരർഗ്ഘസൗകുമാര്യ-

പ്രകൃതിയശേഷമൊരേടമൊത്തുകൂടി,

സുകൃതികളുടെയർത്ഥനാബലത്താ-

ലകൃതകഭംഗിയൊരംഗമാർന്നതാമോ?

ചില ഞൊടിയിട നിർന്നിമേഷമായ് നി-

ശ്ചലതയിൽ നില്ക്കുക ‘തെണ്ടി’യായ കണ്ണേ;

അലമിതു ലഘുവായ കാഴ്ചയൊന്ന

ല്ലു—ലകിലിതിൽപ്പരമെന്തു ദർശനീയം!

തനതണിയുടൽകൊണ്ടു ഭദ്രസിംഹാ-

സനമതിശോഭനമാക്കി, നാലുപാടും

അനവധിജനമൊത്തു വാഴുമീയോ-

മനമടവാർ ഭുവനൈകരാജ്ഞിയാവാം!

അലഘുസുഭഗപാദപീഠമേ, നി-

സ്തുലരുചി നിന്നിലെ രത്നരാജിയേക്കാൾ

വില പെരുകിന വസ്തുവാണു, നിന്മേൽ

വിലസിടുമിപ്പരിപൂതപാദയുഗ്മം!

യുവതികളിരുപേർകൾ വീശിടുന്നു-

ണ്ടിവളെ വികസ്വരമായ ചാമരത്താൽ,

അവരിലൊരുവൾ പൂനിലാവുതാൻ, മ-

റ്റവളൊരു കാഞ്ചനവല്ലിയെന്നുതോന്നും

അരുണമധുരസം നിറച്ച തങ്ക-

ത്തിരുചഷകത്തെ വലത്തുകയ്യിലേന്തി

അരുവയർമണിതൻ വലത്തുഭാഗ-

ത്തൊരു തരുണൻ മരുവുന്നു പുണ്യശാലി;

അവനഴകിലിടത്തുകയ്യിനാലി-

ശ്ശിവമയിതൻ മൃദുപൂവൽമേനി ചുറ്റി

ഇവളുടെ മുഖമേ നുകർന്നിടുന്നൂ

നവനിബിഡപ്രണയാർദ്രലോചനത്താൽ.

അനഘമധുമദാൽത്തുടുത്ത തൃക്കൺ-

മുനയെ മുദാ രമണന്റെ നേർക്കു നീട്ടി,

മനതളിർകവരും മൃദുസ്മിതത്താൽ-

ത്തനതധരപ്പവിഴത്തിൽ മുത്തിണക്കി,

ഒരു കനകവിപഞ്ചിയെ, പ്രിയപ്പെ-

ട്ടൊരു നിജപുത്രിയെയെന്നപോലെ മന്ദം

തിരുമടിയിലെടുത്തു വെച്ചിടുന്നൂ

തരുണികൾ മാലികയായ തമ്പുരാട്ടി.

(യുഗ്മകം)

കിളിമൊഴിയുടെ കൊച്ചുകൈവിരൽച്ചെ-

ന്തളിരുകൾതൻ മഹനീയമാർദ്ദവത്തെ

തെളിവൊടനുഭവിച്ചു വീണയെന്തോ

കുളിർമ തരും ചില പാട്ടുപാടിടുന്നു.

പ്രണിഹിതസുഖമെൻചെകിട്ടിലേശും

ക്വണിതമിതെന്ത,മൃതിൻ തനിച്ച സത്തോ?

ഗുണികൾ യതിവരർക്കുമുച്ചരിപ്പാൻ

പണിപെടുമാ പ്രണവാർദ്ധമാത്രതാനോ?

അതുലപരിമളം വിരിഞ്ഞ സച്ചിൽ-

പ്പുതുമലരിൽത്തിരളുന്ന തേൻകുഴമ്പോ?

ഇതുമതി കൃതകൃത്യതയ്ക്കു; കേൾക്കേ-

ണ്ടതു ബത, കേൾക്കുക ധന്യകർണ്ണമേ, നീ!

സതി, തവ വിളയാട്ടുകാവിതിൽത്താൻ

സ്ഥിതി മമ; വേണ്ട വികുണ്ഠവാഴ്ച പോലും;

അതിനനുമതിയമ്മ നല്കിയേച്ചാൽ

മതി; യിവനിങ്ങൊരു മുക്കിൽ നിന്നുകൊള്ളാം

കരതലമധികം ചുകന്നു, ഫാലാ-

ന്തരഭുവി കിഞ്ചന തൂവിയർപ്പു ചിന്നീ;

പരമൊരു പുതുശോഭപൂണ്ടു, വീണാ-

ചിരപരിവാദനഖിന്നയായ തന്വി.

“മതി മതി മണിവീണ മീട്ടൽപൂപോ-

ലതിമൃദു കയ്യിതു വേദനിക്കു”മെന്നോ,

മതിമുഖിയുടെ നേർക്കലിഞ്ഞു നോക്കും

പതിയുടെ കണ്ണിണയിൽപ്പതിഞ്ഞ സൂക്തം!

അല്ലാ, കേൾപ്പീല വീണാരണിത;മിവിടെനിന്നെങ്ങുപോയ് ദേവി? കാണു-

ന്നില്ലാ മുൻകണ്ട പൊന്മണ്ഡപ;മുപവനവും പാഴ്ക്കിനാവായിരുന്നോ?

എല്ലാം ശൂന്യം: മനസ്സേ തവചപലതയാലെത്രവേഗത്തിൽ ഞാന-

പ്ഫുല്ലാരാമത്തിൽ നിന്നിപ്പെരുമരുനടുവിൽത്തന്നെ വന്നെത്തിവീണു!

പാഠനിവേശം
images/nirmalacollege-workshop.jpg

അഭിമന്യു ടി എം, അനന്തു കെ ബാബു, അതുൽ മനോജ്, ബേസിൽ ബൈജു, ജിഷ്ണു ശശി, അലീന ചാക്കോച്ചൻ, അനഘ പ്രമോദ്, അനുപമ കെ എ, അശ്വതികുമാർ കെ കെ, അശ്വതി വിശ്വംഭരൻ, ആതിര മനോജ്, ബെൻസിയ ബെന്നി, എലിസബത്ത് ട്രീസ്, ലിൻസി മാത്യു, നിള വിജയൻ, സൂറത്തുന്നിസ എം പി, ശ്രദ്ധ ജോസ്, ശ്രുതിലയ എം എം, ശ്വേതമോൾ സജി, വർഷ വിജയൻ, ലിജോ കെ എസ്, അക്സ ജോർജ്, അമൃത തങ്കപ്പൻ, അഞ്ജലി സജീവ്, അഞ്ജന കെ ബി, ആൻ മരിയ ജോസ് ജെയിംസ്, ആതിര മനോജ്, ബബിത ബിജു, ഫാത്തിമ നസീർ, ഗോപികാദേവി എൻ, ഇസ്മി സി ഷാജി, മരിയ ബിജു, പാർവ്വതി സജീവ്, റോസ്മേരി ഷൈജി, ശ്രീക്കുട്ടി പി എസ് എന്നീ മലയാള വിഭാഗം ബിരുദാനന്തര വിദ്യാർത്ഥികൾ, നിർമ്മല കോളേജ്, മുവാറ്റുപുഴ 14-11-2023-നു സംഘടിപ്പിച്ച ഭാഷാ ശില്പശാലയിൽ തയ്യാറാക്കിയതു്.

വള്ളത്തോൾ നാരായണമേനോൻ
images/Vallathol-Narayana-Menon.jpg

കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണു് വള്ളത്തോൾ നാരായണമേനോൻ. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനതു് കലയായ കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ടു്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു. 1958 മാർച്ച് 13-നു് അദ്ദേഹം അന്തരിച്ചു.

ജീവിതരേഖ

1878 ഒക്ടോബർ 16-നു് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു് മല്ലിശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. അമ്മാവനായിരുന്ന വള്ളത്തോൾ രാവുണ്ണിമേനോനു് കീഴിൽ നടന്ന സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്നു് അദ്ദേഹം ബധിരനായി. ഇതേത്തുടർന്നാണു് ‘ബധിരവിലാപം’ എന്ന കവിത രചിച്ചതു്. 1915-ൽ ‘ചിത്രയോഗം’ പ്രസിദ്ധീകരിച്ചു. അതേവർഷം കേരളോദയത്തിന്റെ പത്രാധിപനായി.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായ അദ്ദേഹം ദേശസ്നേഹം തുളുമ്പുന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ടു്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ വള്ളത്തോൾ പങ്കെടുത്തിരുന്നു.

അവസാനകാലത്തു് വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ വള്ളത്തോൾ, 1958 മാർച്ച് 13-നു് 79-ാം വയസ്സിൽ എറണാകുളത്തെ മകന്റെ വീട്ടിൽ വച്ചു് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം വളപ്പിൽ സംസ്കരിച്ചു.

സാഹിത്യ ജീവിതം

പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. ‘കിരാത ശതകം’, ‘വ്യാസാവതാരം’ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകാല കൃതികൾ. 1894-ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്കാരം അദ്ദേഹം നേടി. തുടർന്നു് ഭാഷാപോഷിണി, കേരള സഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാൽമീകി രാമായണത്തിന്റെ മലയാളത്തിലേക്കുള്ള വിവർത്തനമായിരുന്നു വിവർത്തനത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സാഹിത്യ സംഭാവന. 1905-ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ടു് വർഷമെടുത്തു.

1913-ലാണു് ‘ചിത്രയോഗം’ എന്ന മഹാകാവ്യം രചിച്ചതു്. വാല്മീകിരാമായണം, അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയ സംസ്കൃതകൃതികൾ അദ്ദേഹം മലയാളത്തിലേക്കു് വിവർത്തനം ചെയ്തിട്ടുണ്ടു്.

മഹാത്മ ഗാന്ധിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാത്മജിയെപ്പറ്റിയെഴുതിയ കൃതിയാണു് ‘എന്റെ ഗുരുനാഥൻ’. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചു് അദ്ദേഹം എഴുതിയ വിലാപകാവ്യമാണു് ‘ബാപ്പുജി’.

പുരസ്കാരങ്ങൾ
  • കവിതിലകൻ
  • കവിസാർവഭൗമ
  • പത്മവിഭൂഷൺ

Colophon

Title: Sahithyamanjari (ml: സാഹിത്യമഞ്ജരി).

Author(s): Vallathol Narayana Menon.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Poem, Vallathol Narayana Menon, Sahithyamanjari, വള്ളത്തോൾ നാരായണമേനോൻ, സാഹിത്യമഞ്ജരി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 30, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Alps from Visp, a painting by Albert Bierstadt (1830–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.