മജീദിന്റെ ജീവിതമാണു് മജീദിന്റെ കഥ.
ഒരു പുസ്തകപ്പുഴുവായി സായാഹ്നംതോറും വായനശാലയിൽ നിരങ്ങുന്ന കൗമാരകാലത്താണു് ഞാൻ മജീദിനെ ആദ്യം കാണുന്നതു്. അന്നു് റീഡിങ് റൂമിലെ മറ്റൊരു പുസ്തകപ്പുഴുവാണു് മജീദ്. ദിനംപ്രതി അഞ്ചു പത്രങ്ങൾ വായിക്കും. കൂടാതെ, കൈയിൽ തടയുന്ന ലോകക്ലാസിക്കുകളൊക്കെയും വായിച്ചുതള്ളും. ആയിരം പേജുള്ള ഒരു പുസ്തകം വായിക്കാൻ മജീദിനു് ഒരൊറ്റ ദിവസം മതി. മണിക്കൂറിൽ ഇരുന്നൂറു് പേജാണു് മജീദിന്റെ വേഗതയെന്നു് വായനശാലയ്ക്കകത്തു് പറഞ്ഞു കേൾക്കുന്ന കഥ. ഇതൊക്കെക്കൊണ്ടു് സാമാന്യത്തിൽ കവിഞ്ഞ ലോകപരിജ്ഞാനം. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലിനെക്കുറിച്ചൊരു ചർച്ചയുണ്ടായപ്പോൾ തന്റെ ലോകവിജ്ഞാനത്തിന്റെ പരപ്പുകൊണ്ടു് സർവ്വരെയും അമ്പരപ്പിച്ചുകളഞ്ഞ ചരിത്രമുണ്ടു് മജീദിനു്. അതുപോലെ ‘ആത്മഹത്യ ശരിയോ തെറ്റോ’ എന്ന ചർച്ചയിൽ പങ്കെടുത്തു് മജീദ് സംസാരിച്ചതു് പക്വമതിയായ ഒരു തത്ത്വജ്ഞാനിയെപ്പോലെയാണു്. ഈ രണ്ടു് സന്ദർഭങ്ങളിലും വിരുദ്ധാഭിപ്രായങ്ങളുമായി മജീദിനെ നേരിട്ടു എന്നതു് മാത്രമാണു് മജീദുമായി എനിക്കുള്ള ബന്ധം. അതിനപ്പുറം മജീദ് എനിക്കാരുമായിരുന്നില്ല. ഒരു പരിചയക്കാരൻ പോലും. എന്നിട്ടും…
ജീവിതത്തെ ജീവിതമായി ഏറ്റെടുത്തുകൊണ്ടു് മജീദ് ആദ്യം കെട്ടിയതു് ഒരു ചിട്ടിക്കമ്പനി നടത്തിപ്പുകാരന്റെ റോളാണു്. ഒരു സഞ്ചരിക്കുന്ന ചിട്ടിക്കമ്പനിയെന്നു പറയാം. പ്രീഡിഗ്രി തോറ്റു് തൊഴിലില്ലാതലയുന്ന കാലത്തു് തലയിൽ പൊന്തിയ ആശയമാണു്. അതിനിടയിൽ ഒരു ഇൻഷുറൻസ് കമ്പനിയുടെ ഏജന്റായും പ്രവർത്തിച്ചു. ചിട്ടിയുടെയും ഇൻഷുറൻസിന്റെയുമൊക്കെ മാസത്തവണകൾ വന്നുകുമിഞ്ഞു്, ഒന്നിനുമൊരു കണക്കുമില്ലാതെ പലവഴിയേ ഒഴിഞ്ഞുതീർന്നപ്പോൾ ചിട്ടിയും പൊട്ടി, ഇൻഷുറൻസും പോയി. അങ്ങനെ നിൽക്കക്കള്ളിയില്ലാതായപ്പോൾ മജീദ് നാടുവിട്ടു. സ്വന്തം വേരുകളുമായുള്ള ബന്ധം എന്നെന്നേയ്ക്കുമായി വിച്ഛേദിച്ചുകൊണ്ടുള്ള പ്രയാണത്തിന്റെ തുടക്കമായിരുന്നു അതെന്നു് അന്നു് മജീദുപോലും കരുതിയിരുന്നിരിക്കില്ല. എങ്കിലും അങ്ങനെയാണു് സംഭവിച്ചതു്.
മജീദിന്റെ ആ തിരോധാനം എന്നെ ഒരു തരത്തിലും അലട്ടുന്ന വിഷയമായിരുന്നില്ല. കാരണം, മജീദ് എന്റെ സുഹൃത്തല്ല. ഞാൻ മജീദിന്റെ ചിട്ടിയിൽ അംഗവുമല്ല. അതിനാൽ മജീദിനെ ഓർമ്മയിൽ വെയ്ക്കേണ്ട യാതൊരു ബാധ്യതയുമെനിക്കില്ല. എന്നിട്ടും ആകസ്മികതകളിലൂടെ മജീദ് എന്നിലേയ്ക്കു് കടന്നുകയറുകയായിരുന്നു.

ആ തിരോധാനത്തിനു രണ്ടു വർഷങ്ങൾക്കുശേഷം ഒരു ദിവസം തികച്ചും അവിചാരിതമായി മജീദ് എന്റെ മുന്നിലേക്കു് വന്നുചാടുകയായിരുന്നു. സ്ഥലം എറണാകുളം ട്രാൻസ്പോർട്ട് ബസ്സ്റ്റാന്റ്. ഞാൻ ബസ്സിലിരിക്കയാണു്. അപ്പോഴുണ്ടു് രണ്ടുരൂപ വിലയുള്ള ഒരു വിജ്ഞാനകോശത്തിന്റെ വിപണന വിളംബരവുമായി ഒരു സ്വരം ബസ്സിനകത്തെ തിരക്കിനിടയിലൂടെ നുഴഞ്ഞുവരുന്നു. മനുഷ്യന്റെ ശരീരത്തിൽ എത്ര എല്ലുകളുണ്ടു്?… ചിറകില്ലാത്ത പക്ഷിയേതു്?… ഡയനമറ്റ് കണ്ടുപിടിച്ച മഹാൻ ആരു്?… ലോകത്തിലെ ഏറ്റവും കൊടിയ വിഷമേതു്?… എന്നിങ്ങനെ പല ഗണങ്ങളിൽപ്പെട്ട ചോദ്യങ്ങൾ പ്രത്യേകമായൊരീണത്തിൽ വാരിയെറിഞ്ഞുകൊണ്ടു് ആ സ്വരം ഒരു അന്തർവാഹിനിയായി നീന്തിയടുക്കെ നെഞ്ചിൽ സോവിയറ്റ് യൂണിയനെക്കുറിച്ചൊരു ഓർമ്മ പാഞ്ഞു. ആത്മഹത്യയെക്കുറിച്ചൊരു അവ്യക്തവിചാരവും. ആ ആശ്ചര്യത്തോടെ തല പൊന്തിക്കുമ്പോൾ, അതാ നിൽക്കുന്നു മജീദ്.
രണ്ടുവർഷംകൊണ്ടു് മജീദിൽ ചില പരിണാമങ്ങളൊക്കെ സംഭവിച്ചിരുന്നു. മുഖത്തു് ഇൻസ്റ്റാൾമെന്റായി അല്പാല്പം താടി വളർന്നിരിക്കുന്നു. കണ്ണുകളിൽ മുമ്പേക്കാൾ കർമ്മവീര്യം.
എന്നെ കാൺകെ ആ മുഖത്തൊരു പുഞ്ചിരി വിടരാനാഞ്ഞതാണു്. എന്നാൽ തൊട്ടടുത്ത നിമിഷംതന്നെ, ഏതോ അപകടം മുന്നിൽ കണ്ടിട്ടെന്നപോലെ അതു് മാഞ്ഞുപോയി. പിന്നെ, വിജ്ഞാനസഹായിയിൽ മുഖംമറച്ചു് അവൻ ധൃതഗതിയിൽ തിരക്കിനുള്ളിലേക്കു് നുഴഞ്ഞുകയറി മറഞ്ഞു. എന്നെ ഇവിടെ കണ്ടവിവരം ആരോടും പറയരുതു് എന്ന അഭ്യർത്ഥനപോലുണ്ടായിരുന്നു, വെറിപിടിച്ച ആ ഒഴിഞ്ഞുമാറ്റം.
പിന്നെ, ബസ്സുവിടുന്നതുവരെ ആ വിളംബരം എങ്ങുനിന്നും ഉയർന്നുകേട്ടില്ല.
വെറും യാദൃച്ഛികമായ കൂട്ടിമുട്ടൽ. അത്രമാത്രം. ആ നിലയിൽ ആ സംഭവത്തെ അപ്പോൾത്തന്നെ മറന്നുകളയുകയും ചെയ്തു. അല്ലെങ്കിൽത്തന്നെ ബദ്ധപ്പാടുകൾ നിറഞ്ഞ ഈ ജീവിതത്തിനിടയിൽ ഇത്തരം കാര്യങ്ങൾ ഓർത്തുവെക്കാനെവിടെ നേരം?
എന്നിട്ടും, മജീദിനെ വീണ്ടും കാണേണ്ടിവന്നു. ഇക്കുറി സ്ഥലപശ്ചാത്തലം തിരുവനന്തപുരമാണു്. തമ്പാനൂരിലെ തിരക്കാർന്ന തെരുവിലൂടെ നടന്നുനീങ്ങുന്നതിനിടയിൽ ഫുട്പാത്തിൽ ഒരു ആൾക്കൂട്ടവും അതിനുള്ളിലെ വൃത്താകൃതിയാർന്ന വേദിയിൽ മൈക്കിലൂടെ ഒരു അനൗൺസ്മെന്റും. പല്ലുവേദനയ്ക്കുള്ള ഒരു ഒറ്റമൂലി മരുന്നിന്റെ വില്പനയാണു് നടക്കുന്നതെന്നു് അനൗൺസ്മെന്റിൽനിന്നു് മനസ്സിലായി. ശബ്ദത്തിലെ പരിചിതലിപികളാൽ ഞാൻ ആൾക്കൂട്ടത്തിലേക്കു് വലിച്ചടുപ്പിക്കപ്പെടുകയായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ തുളഞ്ഞു നോക്കുമ്പോൾ ആൾ അതുതന്നെ. മജീദ്. ആ ഒറ്റമൂലി പ്രയോഗിച്ചു് ചിലരുടെ പല്ലുകൾക്കിടയിൽനിന്നു് അത്ഭുതകരമാംവിധം പുറത്തെടുത്ത നാലഞ്ചു പുഴുക്കളെ ഒരു തകരപ്പാത്രത്തിൽ വിരിച്ചിട്ടു് അതു് ആൾക്കൂട്ടത്തിനു് മുമ്പിൽ പ്രദർശിപ്പിച്ചു് കസർത്തു നടത്തുകയാണവൻ: “…നോക്കൂ, ഇതുപോലൊരു പുഴു നിങ്ങളിലും കാണും. സൂക്ഷിക്കണം. ഇവൻ ഭയങ്കര അപകടകാരിയാണു്…”
അങ്ങനെ ആൾക്കൂട്ടത്തിനകത്തെ വട്ടപ്പൂജ്യത്തിൽ ചുറ്റിത്തിരിയുന്നതിനിടയിലാണു് ഞാൻ അവന്റെ കണ്ണിൽപ്പെടുന്നതു്. അതോടെ സർവ്വം നിശ്ചലം. അവന്റെ മുഖം പ്രവർത്തനം നിലച്ച യന്ത്രംപോലെയായി. അനൗൺസ്മെന്റും നിന്നു. അവന്റെയാ ദ്രുതവിരക്തി കണ്ടു് പരിഭ്രമിച്ചു്, അവനെ കൂടുതൽ അസ്വസ്ഥനാക്കേണ്ടെന്നു് നിശ്ചയിച്ചു് ഞാൻ ഒഴിഞ്ഞുമാറി രംഗം വിടുകയായിരുന്നു.
കഴിഞ്ഞില്ല. മൂന്നാമതും അവനെന്റെ മുമ്പിൽ വന്നുപെട്ടു. കാലം പിന്നെയും ഒന്നരവർഷം കഴിഞ്ഞിരിക്കുന്നു. ഗവേഷണസംബന്ധമായി തൃശൂർനഗരത്തിൽ ചുറ്റിത്തിരിയുകയാണു് ഞാൻ. ആ ചുറ്റിത്തിരിയലിനിടയിലൊരു വിരസമുഹൂർത്തത്തിൽനിന്നു് രക്ഷതേടി ഞാനുമൊരു സുഹൃത്തും ഒരു സിനിമാ തിയേറ്ററിനു മുമ്പിൽ ചെന്നുപെട്ടിരിക്കയാണു്. എന്നാൽ അപ്പോഴേക്കും ടിക്കറ്റ് ക്ലോസായിക്കഴിഞ്ഞിരുന്നു. ഹൗസ്ഫുൾ എന്ന ബോർഡിനു മുമ്പിൽ ഗതികെട്ട രണ്ടു് അഭയാർഥികളെപ്പോലെ ഞങ്ങളങ്ങനെ അപമാനവ്യഥയുമായി നിൽക്കുമ്പോഴുണ്ടു്, ഒരാൾ എട്ടുരൂപയുടെ ടിക്കറ്റിനു് അമ്പതുരൂപ വിലയിട്ടു് ഒരു സംഘം സിനിമാക്കൊതിയന്മാരെ പ്രലോഭിപ്പിച്ചുകൊണ്ടു് അവിടെ വിലസുന്നു. കരിഞ്ചന്തയെങ്കിൽ കരിഞ്ചന്ത എന്ന ദാരുണവ്യാമോഹത്തോടെ അങ്ങോട്ടു നടക്കുമ്പോൾ, അത്ഭുതം! അവൻ വീണ്ടും—മജീദ്.
അവനും കണ്ടു. ഓടി മറയാൻ സമീപത്തൊരു വനമില്ലാത്തതുകൊണ്ടു് അവൻ നിന്നേടത്തുതന്നെ നിന്നു.
‘ഒരു ദേശത്തിന്റെ കഥ’യിലെ ഒരു കഥാപാത്രത്തെയാണപ്പോൾ ഓർത്തുപോയതു്—ബസ്രാ കുഞ്ഞപ്പു. ജീവിക്കാൻവേണ്ടി പല വേഷങ്ങൾ മാറിമാറിയണിയുന്ന കഥാപാത്രമാണു്. ആദ്യം പട്ടാളക്കാരൻ, പിന്നെ പെയിന്റർ, കോൺഗ്രസ് വാളണ്ടിയർ, അങ്ങനെയങ്ങനെ… പല സ്ഥലങ്ങളിൽ പല മുഖച്ഛായകളിൽ…
ഒരു കീഴടങ്ങൽപോലെ, അധികതുക വാങ്ങാതെ അവൻ രണ്ടു ടിക്കറ്റുകൾ എനിക്കു് ദാനം ചെയ്തു.
തിയേറ്ററിലേയ്ക്കു് നടക്കുംമുമ്പായി ഒരു നിമിഷം അവനെ പിടിച്ചു നിർത്തി ഞാൻ പറഞ്ഞു:
“നിനക്കു് പറ്റിയൊരു പേരുണ്ടു്. പറയട്ടെ, കുഞ്ഞപ്പു. ബസ്രാ കുഞ്ഞപ്പു… മനസ്സിലായോ?”
അവന്റെ കണ്ണുകളിൽ, ധ്വനി മനസ്സിലായെന്ന തിളക്കം. പക്ഷേ, ആ തമാശ കേട്ടു് അവൻ ചിരിക്കുകയോ ഒരു വാക്കു് പ്രതികരിക്കുകയോ ചെയ്തില്ല.
നോക്കൂ, വ്യത്യസ്തമായ മൂന്നിടങ്ങളിൽ മൂന്നു കാലങ്ങളിൽ മൂന്നു സാഹചര്യങ്ങളിലാണു് ഞാൻ മജീദിനെ കണ്ടുമുട്ടിയതു്. ഇതിനെയെല്ലാം എങ്ങനെയാണു് യാദൃച്ഛികതയെന്നു് വിശേഷിപ്പിക്കുക? എൺപതുകോടി മനുഷ്യരുള്ള ഈ രാജ്യത്തു്, ഒരിക്കൽ കാണുന്ന ഭൂരിപക്ഷത്തേയും പിന്നീടൊരിക്കലും കാണാനാവാത്തവിധം തിരക്കാർന്ന ഈ ലോകത്തു് ഞാനും മജീദും തമ്മിലിങ്ങനെ നിരന്തരം കൂട്ടിമുട്ടാനെന്തു കാരണം? ഒരു കള്ളനെപ്പോലെ ഈ ലോകത്തിന്റെ നൂറായിരം വഴികളിലൂടെ പതുങ്ങി നടക്കുന്ന മജീദ് ഏതു് നിയോഗത്താലാണു് എന്റെ മുമ്പിലിങ്ങനെ പലവട്ടം വന്നുചാടുന്നതു്?

വർഷങ്ങൾ പിന്നെയും നാലഞ്ചു് കടന്നുപോയി. തൊഴിൽ സംബന്ധമായി ദൽഹിയിലേയ്ക്കുള്ള സഞ്ചാരമധ്യത്തിലാണു് ഞാൻ. സ്ഥലം മദ്രാസ് സെൻട്രൽ സ്റ്റേഷനുസമീപമുള്ള ഒരു തെരുവു്. ദൽഹിയിലേക്കുള്ള ഗ്രാന്റ് ട്രങ്ക് എക്സ്പ്രസ്സിൽ ഒരു ടിക്കറ്റ് സൂത്രത്തിൽ തരപ്പെടുത്താൻ ഒരു ട്രാവൽ ഏജൻസിയെ ചുമതലപ്പെടുത്തി, ടിക്കറ്റ് കിട്ടുംവരെയുള്ള ഇടവേളയിലെ മടുപ്പു് അതിജീവിക്കാനായി സമീപത്തുള്ള തെരുവുകളിലൂടെ അലഞ്ഞു തിരിയുകയാണു് ഞാൻ. ആ അലച്ചിലിനിടയിലൂടെ സമയം സന്ധ്യയായി. സന്ധ്യയ്ക്കും നിയോൺബൾബുകൾക്കുമിടയിലെ ഒരു മങ്ങിയ ഇരുട്ടിലൂടെ ഞാൻ നടന്നുനീങ്ങെ പിന്നിൽനിന്നു് അവ്യക്തമായൊരു വിളിയും തിടുക്കംപൂണ്ട ഒരു കാൽപ്പെരുമാറ്റവും!
“പെണ്ണുവേണമാ സാർ?”
ചോദ്യത്തിന്റെ അശ്ലീലതയിലും അപരിചിതത്വത്തിലും പകച്ചു് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ—നിൽക്കുന്നു മജീദ്. ബസ്രാ കുഞ്ഞപ്പു. കവിളുകളുടെ പ്രകാശമൊക്കെയും ചോർന്നുപോയ, കണ്ണുകൾ കുഴിയിലാണ്ട ഒരു മുഖം. തല പാതിയും നരച്ചിരിക്കുന്നു. മുപ്പത്തിരണ്ടിൽ അമ്പതിന്റെ വാർധക്യം. മാറ്റമില്ലാത്തതു് അവന്റെ ശബ്ദത്തിനും പുളിങ്കുരു പല്ലുകൾക്കും മാത്രം.
ആശ്ചര്യം സഹിക്കാനാവാതെ ഞാൻ ആർത്തുപോയി:
“ഓ… മജീദ്! നീയിവിടെ?”
എന്നെ കാൺകെ, പതിവുരീതിയിൽ അവന്റെ മുഖം ഇരുണ്ടു മ്ലാനമായി. ആ തളർച്ചയോടെ അവൻ മൊഴിഞ്ഞു:
“ഇവിടേം വന്നു. അല്ലേ. എനിക്കറിയാം നീ ഇവിടേം വരുമെന്നു്.”
ആ പ്രതികരണത്തിൽ ഞാൻ അമ്പരന്നു നിൽക്കെ അവൻ തുടർന്നു:
“ഓരോ തവണയും നിന്നെക്കാണുമ്പോൾ ഞാൻ ചൂളിപ്പോവുകയാണു്. എന്തിനെന്നു് എനിക്കുതന്നെ അറിഞ്ഞുകൂടാ. എങ്കിലും നിന്നെ കാണുന്നതോടെ എവിടേക്കെങ്കിലും ഓടിയൊളിക്കാനാണു് എനിക്കു തോന്നുന്നതു്.”
ഒരു നിമിഷം നിർത്തി, തിരിച്ചു നടക്കാനാഞ്ഞുകൊണ്ടു് അവൻ പറഞ്ഞു:
“ഞാനും നിനക്കൊരു പേരു് കണ്ടുവെച്ചിട്ടുണ്ടു്. പറയട്ടെ. ഴാവേർ…”
ഴാവേർ! വിക്ടർ യൂഗോവിന്റെ പാവങ്ങളിലെ കഥാപാത്രം. ഴാങ്വാൽ ഴാങിനെ നിഴൽപോലെ പിന്തുടർന്നു് അയാളുടെ ജീവിതത്തെ ആദ്യന്തം ഒരു ഒളിച്ചോട്ടമാക്കി മാറ്റിയ പൊലീസുദ്യോഗസ്ഥൻ.
കൂടുതലൊന്നും പറയാൻ നിൽക്കാതെ മജീദ് ആൾക്കൂട്ടത്തിനിടയിൽ, മങ്ങിയ ഇരുട്ടിൽ എവിടെയോ മറഞ്ഞു. മനസ്സിലാകാത്ത ഒരു കഥാപാത്രത്തെയെന്നപോലെ ഞാൻ അവനെ നോക്കിനിന്നു.
ഇപ്പോഴും, ഞാനവനെ നോക്കിനിൽക്കുകയാണു്.
(1996)

എറണാകുളം ജില്ലയിൽ 1963-ൽ ജനനം. എറണാകുളം ജില്ലയിലെ കോളേജുകളിൽ നിന്നു് റാങ്കോടെ ബി. എ.യും എം. എ.യും വിജയിച്ചു. തുടർന്നു് കേരള സർവ്വകലാശാലയിൽ നിന്നു് എം. എഫിൽ, പിഎച്ച്. ഡി. ബിരുദങ്ങൾ. വിദ്യാർത്ഥിയായിരിക്കെ മലയാളമനോരമയും മാതൃഭൂമിയും നടത്തിയ കഥാമത്സരങ്ങളിൽ പുരസ്കാരം നേടി. ഗുഹാചിത്രങ്ങൾ, മറുപുറം, ഗ്യാസ്ചേംബർ, ചുവരെഴുത്തു് (കഥകൾ), വാർഷികരേഖ, വിഷമവൃത്തം (നോവൽ), കഥയും ഫാന്റസിയും, കഥയുടെ ന്യൂക്ലിയസ്, ഒറ്റയാന്മാരുടെ വഴി, പരീക്കുട്ടി എന്ന വാസ്കോ ഡ ഗാമ, മലയാള സാഹിത്യനിരൂപണം അടരുകൾ അടയാളങ്ങൾ (നിരൂപണകൃതികൾ), മലകൾ യാത്രകൾ (യാത്ര) തുടങ്ങിയ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. അഞ്ചു ഫീച്ചർ ഫിലിമുകൾക്കും നിരവധി ഷോട്ട് ഫിലിമുകൾക്കും തിരക്കഥയെഴുതി. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് (ടൈപ്പ്റൈറ്റർ, 2007). തിരക്കഥയെഴുതിയ അങ്കുരം (2014), സ്വനം (2018) എന്നീ സിനിമകൾ മികച്ച കുട്ടികളുടെ ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ നേടി. ഇടശ്ശേരി അവാർഡ്, എസ്. ബി. ടി. അവാർഡ്, മലയാറ്റൂർ അവാർഡ്, വി. ടി. കുമാരൻ അവാർഡ്, അപ്പൻ തമ്പുരാൻ അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ.
അലിഗഢ് മുസ്ലീം സർവ്വകലാശാലയിലും മാഹി മഹാത്മാഗാന്ധി ഗവ. കോളേജിലും അദ്ധ്യാപകനായിരുന്നു. ഇപ്പോൾ കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ മലയാളം പ്രൊഫസർ.
ഭാര്യ: ഡോ. ബി. പാർവതി, മകൾ: അഭിരാമി.