1947 ഫെബ്രുവരിയിൽ ചാപ്ലിന്റെ സുഹൃത്തും സംഗീതജ്ഞനുമായ ഐഡ്ലറെ എഫ്. ബി. ഐ. അറസ്റ്റു ചെയ്തു. കമ്യൂണിസ്റ്റ് ആണെന്നും രാജ്യതാല്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നുമായിരുന്നു ആരോപണം. അതോടൊപ്പം ചാപ്ലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയർന്നുവന്നു. അമേരിക്കൻ സെനറ്റിൽ പ്രശ്നം ഉന്നയിക്കപ്പെട്ടു. “കമ്യൂണിസ്റ്റ് ചായ്വുള്ള, നിയമനിഷേധിയായ, 16–17 വയസ്സു മാത്രം പ്രായമുള്ള അമേരിക്കൻ പെൺകുട്ടികളെ ബലാൽക്കാരവും ലൈംഗിക ചൂഷണവും നടത്തുന്ന ചാർളി ചാപ്ലിനെപ്പോലുള്ള ഒരു വ്യക്തി ഈ രാജ്യത്തു് എന്തിനു് വസിക്കണം?” വില്യം ലാംഗർ എന്ന സെനറ്റർ ചോദിച്ചു.
രണ്ടാം ലോകയുദ്ധത്തിനു മുമ്പുമുതൽ തന്നെ ചാപ്ലിന്റെ കമ്യൂണിസ്റ്റ് ബന്ധങ്ങളെപ്പറ്റി എഫ്. ബി. ഐ. അന്വേഷണം ആരംഭിച്ചതാണു്. ഒരിക്കൽ അവർ തുടർച്ചയായി നാലുമണിക്കൂറാണു് അദ്ദേഹത്തെ ചോദ്യം ചെയ്തതു്. 1947 ആയപ്പോഴേയ്ക്കു് ഏഴു വാല്യങ്ങൾ നീണ്ട ഒരു റിപ്പോർട്ടായി അതു മാറിയിരുന്നു. മലയാളികളായ നമുക്കു് ഒരാൾ കമ്യൂണിസ്റ്റാവുന്നതു് എങ്ങിനെ ഒരപരാധമാവുമെന്നു് അത്ഭുതം തോന്നിയേക്കാം. എന്നാൽ അമേരിക്കയിലെ അവസ്ഥ തികച്ചും വിഭിന്നമായിരുന്നു. പ്രത്യേകിച്ചും രണ്ടാംലോകയുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ കമ്യൂണിസ്റ്റുകാർക്കെതിരെ ഹിസ്റ്റീരിയാ ബാധിച്ചവരെപ്പോലെയാണു് അമേരിക്കൻ ഭരണകൂടവും മാധ്യമങ്ങളും പൊതുജനങ്ങളും പെരുമാറിയിരുന്നതു്.
എന്നാൽ ചാപ്ലിനെതിരെ സംശയലേശമന്യേ തെളിയിക്കപ്പെടാവുന്ന യതൊന്നും എഫ്. ബി. ഐ.-യ്ക്കു ലഭിച്ചില്ല. അമേരിക്കൻ രാജ്യതാല്പര്യങ്ങൾക്കു വിരുദ്ധമായി ചാപ്ലിൻ എന്തെങ്കിലും ചെയ്തതായി അവർക്കു് തറപ്പിച്ചുപറയാനായില്ല. കമ്യൂണിസ്റ്റുകാർക്കു് ചാപ്ലിൻ 25,000 ഡോളർ സംഭാവന ചെയ്തപ്പോൾ റെഡ്ക്രോസിനു് 100 ഡോളർ മാത്രമേ കൊടുത്തുള്ളൂ എന്നിങ്ങനെയുള്ള പത്ര റിപ്പോർട്ടുകളായിരുന്നു എഫ്. ബി. ഐ.-യുടെ പ്രധാന ‘രേഖകൾ’. അജയ്യരായ ലോകശക്തികളാണു് തങ്ങൾ എന്ന അഹങ്കാരത്തിനു വിലങ്ങുതടിയായി സോവിയറ്റ് യൂണിയൻ ഉയർന്നുവന്നതു് അമേരിക്കയ്ക്കു് ഒരു തരത്തിലും സഹിക്കാൻ കഴിഞ്ഞില്ല. അങ്ങിനെയുള്ള സോവിയറ്റ് യൂണിയനെ ചാപ്ലിൻ പുകഴ്ത്തുന്നതു് അവരുടെ കണ്ണിൽ ഘോരാപരാധം തന്നെയായിരുന്നു.
നീണ്ടുനിന്ന ചോദ്യംചെയ്യലുകളിൽ തന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കളെ തള്ളിപ്പറയാൻ ചാപ്ലിൻ തുനിഞ്ഞില്ല. അവരുമായുള്ള ബന്ധം നിഷേധിച്ചുമില്ല. മനുഷ്യനുവേണ്ടിയാണു് താൻ നിലകൊള്ളുന്നതെന്നും തന്റെ ആശയങ്ങളിൽ ചിലതെങ്കിലും കമ്യൂണിസ്റ്റുകാരുടേതാവുന്നതും കമ്യൂണിസ്റ്റുകാരുടെ ചില കാഴ്ചപ്പാടുകൾ തന്റേതാവുന്നതും കേവലം യാദൃഛികമാണെന്നുമായിരുന്നു ചാപ്ലിന്റെ നിലപാടു്.
മൊസ്യേ വെർദൂ ചാപ്ലിൻ വരുദ്ധലോബിയെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ‘അൺ അമേരിക്കൻ ആക്റ്റിവിറ്റീസ് കമ്മിറ്റി’യും ‘കാത്തലിക് വാർ വെറ്ററൻസ്’ എന്ന സംഘടനയും ചാപ്ലിനെ നാടുകടത്തണമെന്നു് ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ അവർക്കു് തല്ക്കാലം ഒന്നും ചെയ്യാനായില്ല. അവർ അവസരം പാർത്തിരുന്നു.
തനിക്കുനേരെ ഉയരുന്ന ഭീഷണികളെപ്പറ്റി ചാപ്ലിനു വ്യക്തമായ ധാരണകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലണ്ടനിലേയ്ക്കു് ഒരു സന്ദർശനത്തിനു പോകണമെന്നുണ്ടായിരുന്നെങ്കിലും അമേരിക്കവിട്ടു പുറത്തുപോയാൽ തിരിച്ചുവരാൻ അനുമതി ലഭിച്ചില്ലെങ്കിലോ എന്ന ആശങ്കമൂലം അതുവേണ്ടെന്നു വയ്ക്കുകയായിരുന്നു. (ചാപ്ലിൻ അമേരിക്കൻ പൗരത്വം സ്വീകരിച്ചിരുന്നില്ല.) താൻ ഒരു ലോകപൗരനാണെന്നായിരുന്നു ചാപ്ലിൻ വിശ്വസിച്ചിരുന്നതു്. താൻ മാത്രമല്ല, മനുഷ്യരാശി മൊത്തം ലോകപൗരന്മാരാണെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. “ലോകം പിന്താങ്ങിയ, പ്രോത്സാഹിപ്പിച്ച ഏറ്റവും വലിയ ഭ്രാന്താണു് രാജ്യസ്നേഹം” എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രസിദ്ധമാണു്.
ഇങ്ങിനെ കാറ്റും കോളും നിറഞ്ഞ ഒരു പശ്ചാത്തലത്തിലാണു് ‘ലൈം ലൈറ്റ് ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ നിർമ്മാണത്തിലേയ്ക്കു് അദ്ദേഹം പ്രവേശിക്കുന്നതു്.
ലൈം ലൈറ്റ് ചാപ്ലിന്റെ തന്നെ കഥയാണു്. കാൽവരോ എന്ന നായക കഥാപാത്രം ചാപ്ലിന്റെ പ്രതിരൂപവും. ഇംഗ്ലണ്ടിലെ ഒരു സംഗീത നാടകശാലയിലെ കൊമേഡിയനാണു് കാൽവരോ. ഇപ്പോൾ പ്രായമായി. ‘പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല.’ എന്ന തോന്നൽ അയാളെ മഥിക്കുന്നു. പഴയതുപൊലെ ജനപ്രീതിയില്ല, ഒരു തിരിച്ചുവരവിനു് കിണഞ്ഞു ശ്രമിക്കുകയാണു് അയാൾ. തന്റെ പ്രേക്ഷകരെ തുടർന്നും തനിക്കു ചിരിപ്പിക്കാൻ കഴിയില്ലേ എന്ന അതിരുകവിഞ്ഞ ആശങ്ക അയാളെ ഒരു മദ്യപാനിയാക്കുന്നു. കാൽവരോയുടെ മുറിയിൽ ചാപ്ലിന്റെ ട്രാംപിന്റെ ഒരു ചിത്രം ഭിത്തിയെ അലങ്കരിക്കുന്നു. ചാപ്ലിനെ പോലെ കാൽവരോയും ഇടതുകൈകൊണ്ടു് വയലിൻ വായിക്കുന്നു. പഴയ സ്റ്റെലിൽ, ബട്ടണുകളുള്ള ഷൂസു ധരിക്കുന്നു.
തന്റെ പ്രേമഭാജനമായിരുന്ന ഫ്ളോറൻസ് ആത്മഹത്യ ചെയ്തതു് ജനൽ വാതിലുകളടച്ചു് ഗ്യാസ് തുറന്നുവിട്ടായിരുന്നു. ടെറി അംബ്രോസെന്ന ലൈം ലൈറ്റിലെ നായികയും അങ്ങിനെ തന്നെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നു. ഫ്ളോറൻസിനെ രക്ഷിക്കാൻ ചാപ്ലിനു കഴിഞ്ഞില്ല. എന്നാൽ അനാരോഗ്യംമൂലം നൃത്തംചെയ്യാൻ കഴിയാത്തതിൽ നിരാശപൂണ്ട ഈ യുവനർത്തകിയെ സമയോചിതമായി ഇടപെടുന്ന കാൽവരോ മരണത്തിൽനിന്നു രക്ഷിക്കുന്നു. അവൾക്കു പക്ഷേ, അതിൽ യാതൊരു സന്തോഷവുമില്ല. തന്നെ എന്തിനു രക്ഷിച്ചു എന്നാണവളുടെ ചോദ്യം. കാൽവരോയുടെ മറുപടി: “എന്താ നിനക്കിത്ര തിരക്കു്? ലക്ഷക്കണക്കിനു് വർഷങ്ങളിലൂടെ ഉണ്ടായ പരിണാമത്തിന്റെ ഫലമാണു് മനുഷ്യർ. നീ എന്താ അതിനെ തുടച്ചുനീക്കാൻ ശ്രമിക്കുന്നോ? നക്ഷത്രങ്ങൾക്കും സൂര്യനും അവരവരുടെ അച്ചുതണ്ടിൽ കറങ്ങുകയും അഗ്നിജ്വാലകൾ വമിപ്പിക്കുകയുമല്ലാതെ മറ്റെന്തു ചെയ്യാൻ കഴിയും? സൂര്യനു ചിന്തിക്കാൻ കഴിയുമൊ? അതിനു ബോധമുണ്ടോ? ഇല്ല. പക്ഷേ, നിനക്കുണ്ടു്. നിനക്കു ചിന്തിക്കാൻ കഴിയും.” തന്റെ സിനിമകളിലൂടെ ചാപ്ലിൻ പറഞ്ഞുവയ്ക്കുന്ന ഏറ്റവും തത്വജ്ഞാനപരമായ വാചകങ്ങൾ ഈ ചിത്രത്തിലാണെന്നു പറയാം.
അവളിൽ ജീവിക്കാനുള്ളമോഹം പുനർജ്ജനിപ്പിക്കാൻ കാൽവരോയ്ക്കു് നന്നേ പാടുപെടേണ്ടിവന്നു. അയാൾ അവളോടു പറയുന്നു. “കുട്ടിയായിരുന്നപ്പോൾ എനിക്കു കളിപ്പാട്ടങ്ങളില്ലായെന്നു് ഞാൻ പരാതി പറയാറുണ്ടായിരുന്നു. അപ്പോൾ അച്ഛൻ പറയും (കാൽവരോ തന്റെ തലയിൽ തൊട്ടുകാണിക്കുന്നു) സൃഷ്ടിക്കപ്പെട്ടിട്ടുള്ളതിൽവച്ചു് ഏറ്റവും മഹത്തായ കളിപ്പാട്ടം ഇതാണു്. എല്ലാ സുഖത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യം ഇതിനുള്ളിലാണു്.”
ആത്മകഥാപരമായ പല അംശങ്ങളും വീണ്ടും ചിത്രത്തിൽ കടന്നുവരുന്നു. തന്നെപ്പറ്റി കാൽവരോ ടെറിയോടു വിവരിക്കുമ്പോൾ “ഞാനൊരു കൊടുംപാപി”യെന്നും തനിക്കു് അഞ്ചു ഭാര്യമാരുണ്ടായിരുന്നെന്നും പറയുന്നു. തന്റെ അഞ്ചു മക്കൾക്കു് ചാപ്ലിൻ ഈ ചിത്രത്തിൽ റോളുകൾ നൽകി. സിഡ്നി ചാപ്ലിൻ (ജൂനിയർ) സംഗീത സംവിധായകനായ നെവിലിന്റെ ഭാഗം ചെയ്യുന്നു. വീലർ ഡ്രൈഡനും അഭിനയിക്കുന്നുണ്ടു്. കാഴ്ചയിൽ ഏതാണ്ടു് ഊനയെപ്പോലുള്ള ബ്രട്ടീഷ് നടി ക്ലെയർ ബ്ലൂം ആണു് ടെറിയുടെ റോളിൽ. ഊനായോടു് രൂപസാദൃശ്യമുണ്ടെങ്കിലും ഹാന്നായുടെ സ്വഭാവ വിശേഷങ്ങൾ സന്നിവേശിപ്പിക്കാനാണു് ചാപ്ലിൻ ശ്രമിച്ചതു്. കൊസ്റ്റ്യൂം ചെയ്ത ബ്രൂക്സിനോടു്, ടെറിയുടെ വേഷവിധാനത്തെപറ്റി സംസാരിച്ചപ്പോൾ ഗായികയും നർത്തകിയുമായിരുന്ന തന്റെ അമ്മയുടെ വസ്ത്രസങ്കല്പം വിശദീകരിക്കുകയും അതേ പാറ്റേണിലുള്ള വേഷവിധാനം വേണമെന്നു് നിഷ്കർഷിക്കുകയും ചെയ്തു.
തന്റെ ബാല്യകാലത്തെ ലണ്ടനെപ്പറ്റി ചാപ്ലിൻ ക്ലെയറിനോടു് വളരെ വിശദമായി ദിവസങ്ങളോളം സംസാരിച്ചു. താൻ വിഭാവനം ചെയ്യുന്ന അന്തരീക്ഷം ക്ലെയർ ഉൾക്കൊള്ളണമെന്നു് ചാപ്ലിനു് നിർബന്ധമുണ്ടായിരുന്നു “തന്നെ മുറിവേല്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്ത ഒരു ലണ്ടനാണു് ചാർളി എനിക്കുകാണിച്ചു തന്നുകൊണ്ടിരുന്നതു്. എനിക്കു തീർത്തും അപരിചിതമായ ഒരു ലണ്ടൻ. ഉദാഹരണത്തിനു്, എനിക്കു് ആഹ്ലാദവും ഉന്മേഷവും പകർന്നുതന്നിരുന്ന ലണ്ടനിലെ ഉദ്യാനങ്ങൾ ചാപ്ലിന്റെ ഓർമ്മയിൽ ഏകാന്തരുടേയും അഗതികളുടേതും അഭയസ്ഥാനങ്ങളായിരുന്നു.” ക്ലെയർ ബ്ലൂം പറഞ്ഞു. ക്ലെയറിനു് വളരെ കർശനമായ ഒരു ദിനചര്യയാണു് ചാപ്ലിൻ നിർദ്ദേശിച്ചതു്. സ്റ്റുഡിയോയിലെത്തിയാൽ ഒരു മണിക്കൂർ ജിംനേഷ്യത്തിൽ വ്യായാമം, അഞ്ചു മണിക്കൂർ റിഹേഴ്സൽ, പിന്നെ ഒരു മണിക്കൂർ ബാലേ ക്ലാസ്സ്. ക്ലെയറിനെ ബാലേ പഠിപ്പിക്കാനായി അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ ബാലേ ഡാൻസർ, മെലിസ്റ്റാ ഹെയ്സനെയാണു് ചാപ്ലിൻ കൊണ്ടുവന്നതു്. തന്റെ കലാസൃഷ്ടി പരിപൂർണ്ണതയുടെ മകുടോദാഹരണമാവണം എന്ന ചാപ്ലിന്റെ നിർബന്ധബുദ്ധിയുടെ ദൃഷ്ടാന്തമാണിതു്. വ്യക്തിജീവിതം എത്രയേറെ കുത്തഴിഞ്ഞതായിരുന്നോ അത്രയേറെ അടുക്കും ചിട്ടയുമുള്ളതും കുത്തിക്കെട്ടിയതുമായിരുന്നു ചാപ്ലിന്റെ കലാജീവിതം.
കാൽവരോ, ടെറിയെ അകമഴിഞ്ഞു സ്നേഹിക്കുന്നു. എന്നാൽ താൻ അവൾക്കു് അനുയോജ്യനല്ലെന്നു് അയാൾക്കറിയാം. അവളുടെ ശാരീരികമായ പ്രശ്നങ്ങൾ, മാനസികവും മനഃശാസ്ത്രപരവുമാണെന്നു് മനസ്സിലാക്കി, അയാൾ അവളെ പരിചരിച്ചും ധൈര്യം നൽകിയും വീണ്ടും സ്റ്റേജിൽ കയറാവുന്ന അവസ്ഥയിലെത്തിക്കുന്നു. യുവാവും സുമുഖനുമായ നെവിലിനെ അവൾ സ്നേഹിക്കാൻ വേണ്ട അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്നു, രംഗത്തുനിന്നു സ്വയം നിഷ്കാസിതനാവുന്നു.
കാൽവരോയുടെ ബഹുമാനാർത്ഥം. അയാളുടെ സുഹൃത്തുക്കൾ ഒരുക്കുന്ന പരിപാടിയിൽ അയാളും ടെറിയും പങ്കെടുക്കുന്നു. തന്റെ ഒരു നർമ്മരംഗം അവതരിപ്പിക്കുമ്പോൾ സ്റ്റേജിൽ നിന്നു താഴെവീഴുന്ന കാൽവരോയ്ക്കു് ഹൃദയാഘാതമുണ്ടായി അവശനും മൃതപ്രായനുമാവുന്നു. എന്നാൽ തന്റെ അവശത അവളുടെ മുൻപിൽ പ്രദർശിപ്പിക്കാതെ സന്തോഷവദനനായി “ഇനി മുതൽ ഇങ്ങിനെയാവും പെണ്ണേ, നീ ബാലേനൃത്തമാടും, ഞാൻ കോമഡി അഭിനയിക്കും” എന്നു പറയുന്നു. കാൽവരോയുടെ ചുറ്റും കൂടിയവരിൽ നെവിലുമുണ്ടു്. “ആകുലമായ ഒരു സായം സന്ധ്യയുടെ ആർദ്രതയിൽ നിന്നെ സ്നേഹിക്കുന്നുവെന്നു് ഇയാൾ നിന്നോടു പറയും.” “അതൊക്കെ പോട്ടെ ഞാൻ നിങ്ങളെയാണു് സ്നേഹിക്കുന്നതു്.” കാൽവരോയുടെ കൈകൾ തന്റെ കവിളിൽ ചേർത്തു് അവൾ വിതുമ്പി.
നൃത്തം ചെയ്യാൻ ടെറിക്കു് സ്റ്റേജിൽ കയറേണ്ട സമയമായി. “ഞാൻ വേഗംവരാം ഡാർളിങ്” എന്നു വാഗ്ദാനം ചെയ്തുകൊണ്ടു് അവൾ സ്റ്റേജിൽ കയറുന്നു. തനിക്കു് അവളുടെ നൃത്തം കാണണമെന്നു് കാൽവരോ ആവശ്യപ്പെടുന്നു. സൈഡ് കർട്ടനുകളുടെ ഇടയിലേയ്ക്കു് കാൽവരോയെ കൊണ്ടുപോകുന്നു. എന്നാൽ അവളുടെ ഒരു ദൃശ്യം മാത്രമേ അയാൾക്കു ലഭിക്കുന്നുള്ളൂ, അപ്പോഴേയ്ക്കും മരണം അയാളെ മാടിവിളിച്ചു കഴിഞ്ഞു. സ്ക്രീനിൽ ടെറിയുടെ നൃത്തം തുടരുന്നു. വലിയ സ്റ്റേജിൽ ഏകയായൊരു നർത്തകി, പൂർണ്ണതയുടെ മകുടോദാഹരണമായ ഒരു ബാലേ പോസിൽ.
(ചാർളി ചാപ്ലിൻ—ജീവിതവും സിനിമയും.)
സ്വതന്ത്ര പത്രപ്രവർത്തകൻ. മലയാളം, ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു. ഒലിവർ ട്വിസ്റ്റ്, റോബിൻസൺ ക്രൂസോ, അനശ്വര കഥകൾ, അനശ്വര പ്രണയകഥകൾ, ഇവാൻ ദെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം (സോൾഷെനിറ്റ്സിൻ), പതനം (അൽബേർ കമു), ഫാർ ഫ്രം ദ് മാഡിങ് ക്രൗഡ് (തോമസ് ഹാർഡി), അപുവുമൊത്തുള്ള എന്റെ വർഷങ്ങൾ (സത്യജിത് റേ), പത്രപ്രവർത്തനത്തിലെ പാഠങ്ങൾ—പോത്തൻ ജോസഫിന്റെ കഥ (ടി. ജെ. എസ്. ജോർജ്) എന്നിവ മലയാളത്തിലേയ്ക്കും ഒ. വി. വിജയന്റെ ലേഖനങ്ങൾ, അന്ധകാരനഴി (ഇ. സന്തോഷ് കുമാർ) എന്നിവ ഇംഗ്ലീഷിലേയ്ക്കും വിവർത്തനം ചെയ്തിട്ടുണ്ടു്.
- ചാർളി ചാപ്ലിൻ—ജീവിതവും സിനിമയും (ജീവചരിത്രം)
- അഭിമുഖം:
- ബുദ്ധദേവ് ദാസ്ഗുപ്ത
- മേരി റോയി
- വി. ആർ. കൃഷ്ണയ്യർ
- ക്ലോസ് ലീബിഗ്