ആധുനിക വ്യവഹാരങ്ങളിൽ, ‘ആദിവാസി’കളെ അപരിഷ്കൃതർ, അരികുവൽരിക്കപ്പെട്ടവർ, പുതിയ ജീവിതശൈലികളോടും ഭാവുകത്വങ്ങളോടും മുഖംതിരിച്ചു നിൽക്കുന്നവർ തുടങ്ങിയ ‘നെഗറ്റീവു’കളിലാണു് പ്രതിഷ്ഠിച്ചിട്ടുള്ളതു്. ഇവയെല്ലാം മുൻവിധികളാണു്. ചരിത്രപരമായി ഈ പ്രശ്നത്തെ സമീപിച്ചാൽ, അവർ നാം തന്നെയെന്നും അവരുടെ ചരിത്രത്തിന്റെ അനുസ്യൂതി ഭാഗികമായി നമ്മിലൂടെ തുടരുന്നുവെന്നും മനസ്സിലാകും. വിഭവങ്ങൾ കൊള്ളയടിച്ചു് അവരുടെ ജൈവവ്യവസ്ഥ തകർത്തതു നാം തന്നെ. ആധുനിക ഉപഭോഗവസ്തുക്കളിൽ അവരെ വീഴ്ത്തി. പുരുഷലൈംഗികാർത്തിയുടേയും മദ്യത്തിന്റേയും ഇരകളാക്കി അവരെ നമ്മൾ നശിപ്പിച്ചു. തനതു ഗോത്രസംസ്കൃതിയെ നാടുകടത്തിയതു്, അവരുടെ ‘പരിഷ്കൃത’ പിന്തുടർച്ചക്കാരായ നമ്മളാണു്. അതിനാൽ, അവരിന്നു് നമ്മെ ഭയന്നു് ഉൾക്കാടിന്റെ സുരക്ഷിതത്വത്തിലേക്കു് പിൻവാങ്ങിയിരിക്കുന്നു: ‘പുത്തൻമനുഷ്യ’ന്റെ ഹിംസാവാസനയും ആർത്തിയും ഭയന്നു്, രാഷ്ട്രീയവഞ്ചനയും ഭരണകൂട അതിക്രമവും നീതിനിഷേധവും മടുത്തു്. കാട്ടിൽ ഇന്നു്, അവർ മൃഗങ്ങളേക്കാൾ കൂടുതൽ ‘നാടുവാസി’കളെ ഭയന്നുതന്നേയാണു് കഴിയുന്നതു്.
ഗോത്രവർഗ്ഗങ്ങളുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുന്നതു് ഈ പഠനത്തിനത്യാവശ്യമാണു്. കേരളത്തിന്റെ ഗോത്രസംസ്കൃതിക്കു് തമിഴകത്തിന്റെ അത്രതന്നെ പഴക്കവും അനുസ്യൂതിയുമുണ്ടു്. ഗോത്രത്തലവന്മാരായ മൂപ്പന്മാർക്കു കീഴിൽ വിവിധ ഗോത്രങ്ങൾ ഓരോന്നും ചെറിയ സാമൂഹ്യമാത്രകളായി ഏകീകരിക്കപ്പെട്ടു. ഓരോരോ മാത്രകളും സ്വയംപര്യാപ്ത ഏകകങ്ങളായിരുന്നു. തനതു വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ, കുലദൈവങ്ങൾ, കലാരൂപങ്ങൾ എല്ലാമുള്ള വൈവിധ്യമാർന്ന ഗോത്ര സംസ്കൃതി നേരിട്ട ആദ്യ പ്രഹരം പൊതുവർഷം എട്ടാം നൂറ്റാണ്ടോടെ കേരളത്തിൽ പലഘട്ടങ്ങളിലായി നടന്ന ബ്രാഹ്മണാധിനിവേശമാണു്. നൂതന കാർഷിക സങ്കേതങ്ങളുമായാണു് അധിനിവേശക്കാരുടെ വരവു്. ഇതു നടപ്പിലാക്കുന്നതിനാവശ്യമായവരെ ഗോത്രങ്ങളിൽ കണ്ടെത്തി. ഇങ്ങനെയാണു് സംഘടിത കൃഷിസമ്പ്രദായം ഉടലെടുക്കുന്നതു്. പുതിയ കാർഷിക സമൂഹത്തിന്റെ ആവിർഭാവം ഗോത്രസംസ്കൃതിയുടെ തകർച്ചക്കു ഹേതുവായി. എന്നിരുന്നാലും, ബ്രാഹ്മണഗ്രാമങ്ങളുടെ അതിർത്തിയ്ക്കു പുറത്തും ബ്രാഹ്മണേതര ഗ്രാമങ്ങളിലും ഗോത്രവാസികൾക്കു് ഒരു നിശ്ചിത ഇടമുണ്ടായിരുന്നു. കാടുകളിൽനിന്നു തേനും മറ്റു വനവിഭവങ്ങളും അങ്ങാടികളിൽ എത്തിച്ചിരുന്നതു് ഇവരാണു്. ഇവരുടെ ചില അനുഷ്ഠാനങ്ങൾ നാട്ടിലെ കാവുകളിൽ നടത്തിയിരുന്നു. അതിന്റെ തുടർച്ച ഇപ്പോഴും കാണാം. യുദ്ധകാലങ്ങളിൽ നാടുവാഴികൾ ഗോത്ര മൂപ്പന്മാരുടെ അനുഗ്രഹവും ആൾസഹായവും അഭ്യർത്ഥിച്ചിരുന്നുവെന്നു് മദ്ധ്യകാല പ്രമാണങ്ങളിൽ കാണാം. പഴശ്ശിരാജയുടെ കാര്യം ഒരുദാഹരണം: കുറിഞ്ഞി-കുറിച്ച ്യാ കലാപങ്ങൾ ഗോത്ര ജനതയുടെ ധീരത പ്രകടമാക്കുന്ന മറ്റൊന്നു്.
യൂറോപ്പിയൻ കൊളോണിയൽ ശക്തികളുടെ വരവോടെ വ്യാവസായിക/മാർക്കറ്റ് ആവശ്യാനുസൃതം വനവിഭവങ്ങൾ കൊള്ളയടിക്കപ്പെട്ടു. കാടുകൾ വെട്ടിത്തെളിച്ചു് തേയില, ഏലം പ്ലാന്റേഷനുകൾ സ്ഥാപിതമായതോടെ ഗോത്രങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തകർച്ച നേരിട്ടു; വരുമാന മാർഗ്ഗം ചുരുങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, മലയാളിയുടെ ‘ഭൂആർത്തി’ വനമേഖലയിൽ അനിയന്ത്രിതമാം വിധത്തിൽ പ്രകടമായി. ഇതോടെ കാടു് നാടാവാൻ തുടങ്ങി. സ്വാതന്ത്ര്യാനന്തരം മാറിമാറിവന്ന സർക്കാരുകൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി വനഭൂമി ചട്ടലംഘനങ്ങളെ പട്ടയം നൽകി സാധൂകരിച്ചു. ഇതോടെ, ആദിവാസിഭൂമി വൻഭൂസ്വാമിമാരുടേയും ബിനാമികളുടേയും അധീനതയിലായി. സ്വന്തം വാസസ്ഥലങ്ങളും കൃഷിയിടങ്ങളും നഷ്ടപ്പെട്ട ‘കാടിന്റെ മക്കൾ’ പുത്തനധിനിവേശ മലയാളി ഭീകരതയുടെ ഇരകളായി. മദ്യവും മയക്കുമരുന്നും ഇവരെ വീഴ്ത്തി. കുടിയേറ്റക്കാരുടെ ലൈംഗികവെറിയിൽ ഞെരിഞ്ഞമർന്ന ആദിവാസി ബാലികമാർ അനാഥക്കുഞ്ഞുങ്ങളുടെ അമ്മമാരായി. തങ്ങളുടേതല്ലാത്ത തെറ്റിനു്, ഊരുവിലക്കും നേരിട്ടു.
ആദിവാസി ക്ഷേമപദ്ധതികൾ വിവിധ സർക്കാരുകൾ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും ഒന്നും കാര്യമായ വിജയം കണ്ടില്ല. സർക്കാർ പുനരധിവാസസമുച്ചയങ്ങൾ പലതും മലിനവും ചോർന്നൊലിക്കുന്നവയുമാണു്. സ്കൂളുകൾ, ആശുപത്രികൾ, വൈദ്യുതിവെളിച്ചം എന്നിവ ഇപ്പോഴും പല ഊരുകൾക്കും അപ്രാപ്യം. നഗരവാസികളുടെ ഉപഭോഗത്തിനായി നിർമ്മിച്ച ജലാശയവിസ്തൃതിയിൽ മുങ്ങിപ്പോയി അവരുടെ പല ഊരുകളും, ജീവിതം തന്നെയും. മലമുകളിൽ നടന്നുകൊണ്ടിരിക്കുന്ന അശാസ്ത്രീയ പാറഖനന ഭീഷണിയിൽ അവരും ഭയത്തിലാണു്. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന മലഞ്ചെരുവുകളിൽ അവർ മരണം മണക്കുന്നു. വർഷാവർഷം ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രളയത്തിൽ അവരും മണ്ണിനടിയിൽ അപ്രത്യക്ഷരാവുന്നുണ്ടു്, പുറംലോകമറിയാതെ. സർക്കാർ സഹായം അവർക്കു് ഫലപ്രദമായി ലഭിയ്ക്കുന്നതേയില്ല. എങ്കിലും, പ്രളയദുരന്തത്തിനിടയിൽ ആദിവാസികൾക്കുള്ള റേഷനുമായി മലകയറിയ പത്തനംതിട്ട കളക്ടർ പി. ബി. നൂഹ് ബ്യൂറോക്രസിയുടെ മാനവിക സാദ്ധ്യതകളെ തുറന്നുകാട്ടി ശ്രദ്ധേയനായി.
പ്രതികൂല സാഹചര്യങ്ങളിൽ ചില ഗോത്രസംസ്കൃതികൾ അപ്രത്യക്ഷമായെങ്കിലും പല സംസ്കൃതികളും ഇന്നും നിലനിൽക്കുന്നു: പട്ടിണിക്കും രോഗങ്ങൾക്കും നടുവിൽ. അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കലാരൂപങ്ങളും ഭാഷകളും ഇന്നും നിലവിലുണ്ടു്. അവയിൽ തെയ്യം, തിറ, പടയണി തുടങ്ങിയ കലാരൂപങ്ങൾ കാടിറങ്ങി വന്നവയാണു്. നമ്മുടെ കാവുകളും നാടോടി പാരമ്പര്യങ്ങളും വൈദ്യവും ഇപ്രകാരം കാടിറങ്ങിയതു്. ഇവയിൽ പലതുമിന്നു് പരിഹാസ്യമാംവിധം കമ്പോളവൽക്കരിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയയോഗങ്ങൾക്കു് കൊഴുപ്പായും ടൂറിസ്റ്റുകൾക്കു് നിറപ്പകിട്ടായും ഇവ വിപണനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം വിപരീത സാഹചര്യങ്ങളിലും ഗോത്രസ്വത്വം നിലനിർത്തുവാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ടു്, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ. പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അവരിന്നു് പുറംലോകം കാണുന്നുണ്ടു്, മനസ്സിലാക്കുന്നുണ്ടു്.
തങ്ങൾ ചൂഷിതരും തിരസ്കൃതരുമെന്നു് അവർ തിരിച്ചറിയുന്നു. ഇതിനുത്തരവാദി മുഖ്യധാരാ സമൂഹവും രാഷ്ട്രീയക്കാരും ഭരണകൂടം തന്നെയുമെന്നു് അവർ മനസ്സിലാക്കുന്നു. പ്രതിരോധിക്കാൻ ഇവർക്കു് എഴുത്തുമാത്രമാണു് ആയുധം. തങ്ങളുടെ പൈതൃകാടിത്തറയിൽ നിന്നും വ്യതിചലിക്കാതെ പുതിയ ഗോത്രഭാവുകത്വം ആവിഷ്ക്കരിക്കാനാവുംവിധം അവരുടെ ഗ്രാമ്യഭാഷകൾ കരുത്തു നേടിക്കഴിഞ്ഞു. നാഗരിക ഭാവുകത്വങ്ങളിൽ നിന്നു് വേറിട്ടു് ഇവർ മറ്റൊരു ലോകവും സാദ്ധ്യതയും സ്വപ്നം കാണുന്നു. പുതുനാഗരികതയോടുള്ള ഭയവും അവജ്ഞയും പ്രകടമാവുന്ന അവരുടെ രചനകളിൽ തികഞ്ഞ പാരിസ്ഥിതിക അവബോധവും തെളിയുന്നുണ്ടു്. മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ, ലൈംഗികാതിക്രമങ്ങൾക്കെതിരെ, ബാലാവകാശങ്ങൾക്കു വേണ്ടി, തങ്ങളുടെ നാടോടിഭാഷയിൽ അകൃത്രിമമായി, ഛന്ദസുകളുടേയും കാവ്യശാസ്ത്രത്തിന്റേയും അകമ്പടിയില്ലാതെ അവരെഴുതുന്നു, അതീവ കരുത്തോടെ. ഇവയിൽ പ്രാതിനിധ്യ സ്വഭാവമുള്ള കുറച്ചു കവിതകളാണു് ഇവിടെ ചർച്ച ചെയ്യുന്നതു്.[1]
പി. ശിവലിംഗന്റെ ‘കത്താരി’[2] ഇരുള ഭാഷയിലെ മാജിക്കൽ ഉള്ളടക്കമുള്ള കവിതയാണു്. നാലായി പിളർന്ന ഒരു മുളംകോലിന്റെ വിവിധ ബിംബ പ്രതിനിധാനങ്ങളാണു് ഈ കവിതയിലെ കത്താരി. ജ്യാമിതീയ ബിംബങ്ങൾ ധാരാളമായി ഇതിലുപയോഗിച്ചിട്ടുണ്ടു്. അതുപോലെ ആഭിചാര, ഊർവ്വരതാ ബിംബങ്ങളും.
‘ഒരൊറ്റ മുളങ്കോൽ
നാലായു് പിളർന്നതു്.
മൂന്നു മൂലയും ചേർത്തു് ഉണ്ടാക്കിയ വായ.
ഇതു്, കുട്ടികൾക്കു് പഠിക്കാൻ കണക്കു് അദ്ധ്യാപകൻ
മെനഞ്ഞെടുത്ത ത്രികോണമാണെന്നു് [3] കരുതേണ്ട.’
ഗണിതാദ്ധ്യാപകൻ മെനഞ്ഞ ത്രികോണമല്ല ഇതെന്നു കവി പറയുന്നതോടെ കവിത വിശാലമായ ഒരു അർത്ഥവ്യാപ്തി കൈവരിക്കുന്നു. ജ്യാമിതീയ പരികല്പനകളെ ഉല്ലംഘിച്ചുകൊണ്ടു് പ്രാചീന ഗോത്ര സംസ്കൃതിയിലെ ഊർവ്വരതാ ബിംബമായി ഇവിടെ ത്രികോണം മാറുന്നു. ‘ഫെർട്ടിലിറ്റി കൾട്ടെ’ന്ന നിലയിൽ ഈ വിശ്വാസം എല്ലാ പ്രാചീനസമൂഹങ്ങളും ആചരിച്ചുപോന്നു.
‘രണ്ടു മൂലയും ചേർന്നു്
മൂന്നാമത്തെ മൂല നീണ്ടു നിൽക്കുന്ന കത്താരി.’
[1] മാധ്യമം വാരിക (നവംബർ, 9, 2020, പുസ്തകം 23, ലക്കം 1184, ‘ഗോത്രഭാഷാകവിതകൾ’, പു. 20–33).
[2] കത്താരിയും ആഭിചാരവിശ്വാസങ്ങളുമായി അതിന്റെ ബന്ധവും മറ്റു അർത്ഥസാദ്ധ്യതകളും എനിയ്ക്കു് പകർന്നു നൽകിയതു് ഗവ. വിക്ടോറിയ കോളേജിലെ ചരിത്രവകുപ്പു മേധാവിയായിരുന്ന ഡോ. പി. കെ. ശ്രീകുമാർ. കത്താരി കല്പവൃക്ഷങ്ങളിലൊന്നു്. മന്ദാരമെന്നും പറയുന്നു. കാവുകളിലർച്ചനക്കുപയോഗിക്കുന്നു. ഊർവ്വരതയുമായും ബന്ധം.
[3] ത്രികോണ ബിംബങ്ങൾക്കും ഊർവ്വരതയുമായി ബന്ധം. പ്രാചീന ശിലായുഗ ഗുഹാചിത്രങ്ങളിൽ ത്രികോണാകൃതിയിലുള്ള ബിംബങ്ങൾ ദക്ഷിണ ഫ്രാൻസിലുണ്ടു്, കേടുകൂടാതെ. ബിംബാറ്റുക (ജപ്പാൻ) ഗുഹാചിത്രങ്ങളിലും ഊർവ്വരതയുമായി ബന്ധപ്പെട്ട ത്രികോണ ചിത്രങ്ങൾ കാണാം.
തുടർന്നു് ഈ കവിതയിൽ കത്താരി ഒരു ആഭിചാരരൂപിയായി മാറുന്നു. ഒരുപാടു് വിപരീതങ്ങൾ ചേർന്നതാണു് കത്താരി: ‘തലയില്ല, തലക്കു മുകളിലൂടെ വളഞ്ഞ വാലുണ്ടു്; കത്താരിക്കു് പല്ലില്ല എന്നാലും ഒരൊറ്റ കടിക്കു് ജീവനെടുക്കും. നാവുണ്ടു്, പക്ഷേ, രണ്ടായി പിളർന്നതു്.’ കൈയുണ്ടു്, ഒറ്റ കൈയ്. ഈ ഒറ്റകൈയാണവന്റെ സർവ്വതും. ‘ഉടലുണ്ടു്/എല്ലാമുക്കുമൂലകളുടേയും ജീവനുടലാണു്.’ ഈ കവിത, ഇവിടെവെച്ചു്, മാജിക്കൽ റിയലിസത്തിന്റെ സ്വഭാവം കൈവരിക്കുന്നു.
‘ഇതു് ആശാരി മെനഞ്ഞെടുത്ത കത്താരിയല്ല
കാലപ്പഴക്കം ചെന്ന കാട്ടുമന്ദാരത്തിൻ തോലു കൊണ്ടു്
പിരിച്ച ഒരു കയറുപോലെ
അവന്റെ മന്ദാര കയറിന്റെ കൌശലം.’
നാശോന്മുഖമായ ഒരു കാവിന്റെ ചിത്രം ഈ കവിതയിലുണ്ടു്. കയർപോലെ തൂങ്ങിക്കിടക്കുന്ന വള്ളികളുള്ള കാവുകൾ നമുക്കിന്നും പരിചിതമാണല്ലോ. മാത്രമല്ല, ഗോത്രാനുഷ്ഠാനങ്ങളുടെ അനുസ്യൂതിയും കാവുകളിൽ കാണാം.
കത്താരി ഒരു മാന്ത്രികപ്പൂട്ടു കൂടിയാണു്. അതു് എലിയെ പിടിയ്ക്കും. കോഴിയെ പിടിയ്ക്കും ‘വേണമെങ്കിൽ, മന്ദാര കയർവെച്ചു കത്താരി മെനഞ്ഞ അവന്റെ കൈയെയും എടുക്കും.’ ഇരയും ഇരതേടുന്നവനും മന്ദാരക്കത്താരിയും ഒരേ ബിന്ദുവിലേക്കു നീങ്ങുന്ന അവസാന വരികൾക്കു് ഒരു ക്ലൈമാക്സിന്റെ സൌന്ദര്യമുണ്ടു്.
‘ഇര വരുന്ന വഴി തന്നെ അവനും.
മന്ദാരക്കത്താരി ഇരയ്ക്കായി ഒരുങ്ങുന്നു.
അവൻ
ഇര പിടിക്കുന്ന കത്താരിയിലേക്കും
മന്ദാരക്കത്താരി ഇരപിടിക്കാനും.’
മാന്ത്രികക്കെണി പ്രാചീനഗോത്ര സംസ്കൃതിയിലെ ഒരനുഷ്ഠാനമാണു്, ഗുഹാചിത്രങ്ങളിൽ കാണുന്ന വേട്ടദൃശ്യങ്ങൾ പോലെ. ഗോത്രസംസ്കൃതിയിൽനിന്നു് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ, അനുഷ്ഠാനങ്ങളെ നമുക്കു അനുഭവവേദ്യമാക്കുന്നു ഈ കവിത.
പഴയ ഗോത്രക്കാവുകളുടെ തുടർച്ച ആധുനിക സമൂഹത്തിലും ദൃശ്യമാണു്, ഒട്ടേറെ മാറ്റങ്ങളോടെ. പ്രകാശൻ ചെന്തളം എഴുതിയ ‘കാവു്’ മലവേട്ടുവ ഭാഷയിലെ ബിംബ സൌന്ദര്യമുള്ള കവിതയാണു്. ‘ജീവന്റെ ഉറവകണങ്ങൾ അടിവേരാഴ്ത്തിയ’ കല്ലിലാണു് കാലത്തിന്റെ സാക്ഷിയായി അന്തിവിളക്കു് തിരിതെളിയിക്കുന്നതു്. കാട്ടുമൂപ്പന്റെ പിൻവിളി മന്ത്രങ്ങളും മൂർത്തിക്കോമരങ്ങളുടെ വെളിപാടുകളും അവയുടെ പൊരുളും കരിങ്കല്ലിലെ ആരാധനയിൽ തേടുകയാണു് കവി. തുടർന്നു്, അല്പം നാടകീയമായി, കാടുമുടിക്കാൻ പുറപ്പെട്ട പരിഷ്കൃത/ ആധുനിക മനുഷ്യനെ അവതരിപ്പിക്കുന്നു:
‘കവർന്നെടുക്കാൻ വരുന്നുണ്ടു്
പടയോട്ട പെരുക്കങ്ങൾ.
മണ്ണിലേക്കാഴ്‌ന്നിറങ്ങിയ
ഓരോ താഴു് വേരുകളും
കറുത്ത മക്കളുടെ
ഞരമ്പായിരുന്ന കാവു്.’
കാവുകളുടെ ചുറ്റുമുള്ള ‘ഇണചേർന്ന വള്ളിപ്പടർപ്പുകൾ/മുറിച്ചെടുക്കുമോ/ കാട്ടാള പരിവേഷക്കാർ.’ കാവു കാക്കുന്നവനാണു് യഥാർത്ഥത്തിൽ കാട്ടാളൻ. കാട്ടാള പരിവേഷക്കാരായ വനംകൊള്ളക്കാർ എല്ലാം ചേർന്നു് കാടിന്റെ മക്കളെ പുറത്താക്കിയിരിക്കുന്നു. തുടർന്നു് കവിമനസ്സിൽ തെളിയുന്ന ഉൽക്കണ്ഠയോടെ കവിത അവസാനിക്കുന്നു.
‘എത്ര കാവുകളെ
ചിതൽ തിന്നിട്ടുണ്ടാവും
എത്രകൽവിളക്കുകൾ
മണ്ണിൽ മരിച്ചിട്ടുണ്ടാവും.’
ഇന്നു് നാട്ടിലവശേഷിച്ച ഒട്ടനവധി കാവുകൾ ബ്രാഹ്മണകുടിയേറ്റത്തെ തുടർന്നു് ഗോത്രസ്വത്വം നഷ്ടപ്പെട്ടു് വൈദിക-പുരാണിക് ചട്ടവട്ടങ്ങളോടുകൂടിയ ക്ഷേത്രങ്ങളായി മാറി. ഇതാണു് കാടിറങ്ങിയ കാവുകളുടേയും അതിൻ മക്കളുടേയും ദൈന്യം.
മലവേട്ടുവൻ ഭാഷയിൽ രാജി രാഘവൻ എഴുതിയ കവിതയാണു് ‘കാടു തേടി’. വനം കൊള്ളയും അതുണ്ടാക്കിയ പാരിസ്ഥിതിക ആഘാതവും ഒരു കിളിയുടെ ബിംബത്തിലൂടെ അന്വേക്ഷിക്കുകയാണു് കവി.
‘കാടു തേടി ഒരു കിളി പറന്നു
തന്റെ കൂടിരുന്ന ആ ഒറ്റ മരം
വേദനയോടെ കരയുന്നു
ശിഖരങ്ങൾ മുറിച്ചു മാറ്റിയിരിക്കുന്നു
അവയിൽനിന്നും രക്തം വാർന്നൊഴുകുന്നു
മണ്ണിൽ തകർന്നു കിടക്കുന്ന കൂട്ടിൽ
പ്രതീക്ഷകൾ ചിതറിക്കിടക്കുന്നു.’
കാടിന്റെ തകർച്ച പൂർണ്ണവും ദ്രുതഗതിയിലുമാണെന്നു് കവി വ്യക്തമാക്കുന്നതിങ്ങനെ:
‘കണ്ണടച്ചു് തുറക്കും മുമ്പേ
കാടു് തെളിഞ്ഞു
മരങ്ങൾ ആർത്തലച്ചു് വീണു
കിളികൾ ദിക്കറിയാതെ പറന്നു.’
അതുപോലെ മറ്റു ജീവികളും. പുല്ലുമുളയ്ക്കാത്ത മണ്ണായി കാടു മാറി, മഴ തഴുകാതെ ചുട്ടു പൊള്ളി. ഇന്നു് അവിടെ കാടില്ല. ‘കാടു് തേടി നാട്ടിൽ’ അലയേണ്ട അവസ്ഥ. ഇതിനിടയിലും, കരഞ്ഞുണങ്ങിയ മണ്ണു് കരയുന്നതു് ഒരാൾ കേൾക്കുന്നുണ്ടു്–ഗോത്രക്കാരണവർ. ‘മണ്ണിൽ തൊട്ടു കിളച്ചവർക്കു് മണ്ണു് കരയുന്നതു് കേൾക്കാം.’ അവർ കാടിന്റെ ഭാഷയും പൊരുളും ഒച്ചയും മറക്കില്ല.
പണിയഭാഷയിൽ ശാന്തി പനക്കൻ എഴുതിയ ‘കോലു കൊമ്പു’ (‘വടിയെ’ന്നു് മലയാള മൊഴി) എന്ന കവിത
‘കാട്ടിലൊരു വടി
ഒടിഞ്ഞു കിടപ്പുണ്ടു്
ചത്തോ…
അതോജീവനുണ്ടോ?’
എന്ന ചോദ്യത്തിന്റെ പൊരുൾ തേടുകയാണു്. ദിനം പ്രതി അതു കണ്ടുപോവുന്ന കവി ‘ഒരു നാളിൽ രണ്ടില തളിർത്തു’ കാണുന്നു. അതിൽ ഒരിലയിൽ അവൾ ‘സ്നേഹമെഴുതി./രണ്ടാമതൊന്നിൽ ജീവിതവും.’ ഇതു നൽകിയ പ്രതീക്ഷയിൽ കൊമ്പൊരു മരമായി വളരുന്നതു് ഭാവനയിൽ കാണുകയാണു് കവി:
‘കൊമ്പൊരു മരമായി…’
‘മകനൊരു ഏറുമാടം കെട്ടി
മകളൊരു ഊഞ്ഞാലുമിട്ടു.
കിളിയൊരു കുടുംബമുണ്ടാക്കി.
ഞാനൊരു കുടിലു കെട്ടി.
വേലി നാട്ടുമ്പോൾ
വേരുകൾ അതിരു കടന്നു.’
വേരുകൾ അതിരു കടന്നതിനാൽ മരം മുറിച്ചുമാറ്റപ്പെട്ടു. ചോര പിടഞ്ഞു കിടപ്പുണ്ടു്
‘ഇന്നലെ ഞാൻ കണ്ട വടിയും
നാളെ ഞാൻ കണ്ട കാടും’
എന്ന തിരിച്ചറിവോടെ അവസാനിക്കുന്ന കവിത പരിഷ്കൃതരെന്ന മേനി നടിക്കുന്നവർ നശിപ്പിച്ച കാടിന്റെ നേർക്കാഴ്ചയും അതിൽ പിടയുന്ന ഗോത്രമനസ്സുകളുടെ നിസ്സഹായതയും ലളിതമായി ആവിഷ്ക്കരിക്കുന്നു.
ഗോത്രസമൂഹത്തിലെ പുതുഭാവുകത്വത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയകവിതയാണു് മലവേട്ടുവൻ ഭാഷയിൽ ലിജിന കടുമേനി എഴുതിയ ‘കാലത്ത്ണ്ടൈ കയ്യ’ (കാലത്തിന്റെ കരങ്ങൾ). നാടും നാട്ടാരേയും കബളിപ്പിച്ചു് ഭരണം നടത്തുന്ന അധികാരവർഗ്ഗത്തേയും പുഴയും ഖനിയും കുഴിച്ചു് സംഹാരതാണ്ഡവമാടുന്ന കുത്തകകളേയും വോട്ട് ബാങ്ക് രാഷ്ട്രിയത്തേയും വിചാരണ ചെയ്യുകയാണു് ഈ കവിത.
‘കാടും നാടും മുടിച്ചു്
വീമ്പു പറഞ്ഞു
നാടും നാട്ടാരെയും പറ്റിച്ചു്
നാടു് ഭരിക്കുന്നു
പുഴകുഴിച്ചോ ഖനി കുഴിച്ചോ
പണമതു കൊയ്യുന്നു.’
കൊടിനിറങ്ങൾക്കു് മനുഷ്യത്വം നഷ്ടമായി; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ മായയിൽ ജനമോ ഇരുട്ടിൽ. കാടും നാടും മുടിച്ചവർ വിലസുന്നു നിർബ്ബാധം. രോഷം പൂണ്ട പ്രകൃതി കലി തുള്ളിയലറി; കൊടുങ്കാറ്റും പ്രളയവും കൂടെയെത്തി. ഇനിയുള്ള ഭാഗത്തിനു് ഒരു ദാർശനിക ഉൾക്കാഴ്ച്ചയുണ്ടു്.
‘തനിക്കു മുന്നേ ദൈവവും
നിഷ്ഫലമെന്നോതി മനുഷ്യൻ
ഇതു് കണ്ടൊരാ ദൈവമോ
വാതിലടച്ചുടൻ മൌനിയായി
ഭൂമിയിലിന്നോ മഹാമാരിയങ്ങനെ
സംഹാരമാടിടുന്നു
ധനമാണു് മുഖ്യമെന്നോതിയ മർത്യനോ
ചെറു കൃമിയെ ഭയന്നങ്ങിരിപ്പു വസതിയിൽ…’
ഈ ദുരിതം കണ്ടും നാം പാഠമൊന്നും പഠിച്ചില്ല എന്ന പാരിസ്ഥിതിക തിരിച്ചറിവിന്റെ ശക്തമായ ഒരു സന്ദേശം കൂടിയാണു് ഈ കവിത.
രമ്യ എഴുതിയ ‘മലവേട്ട്വൻ മലയെറങ്ങിയപ്പോൾ’ (മലവേട്ടുവൻ മലയിറങ്ങിയപ്പോൾ) (മലവേട്ടുവൻ ഭാഷ) ഇന്റെർനെറ്റ് യുഗത്തിലെ എല്ലാ ബിംബസാദ്ധ്യതകളേയും പ്രയോജനപ്പെടുത്തിയിട്ടുള്ള കവിതയാണു്:
‘കാട്ടിലെ നെറ്റ്വർക്ക് തിരക്കിലാണു്
പുനംകൃഷിയുടെ ഓർമ്മകൾ പങ്കുവെച്ചു്
മണ്ണു് ഇ-മെയിൽ ചെയ്തു
അന്നം തേടിവരുന്നവനെ കാത്തുകിടന്നു്
കാട്ടുകോഴിയും, കീരിയും മുയലുമെല്ലാം
വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി,
വിരഹം പങ്കുവെച്ചു.’
ഇവിടെ അവസാനിക്കുന്നില്ല ഡിജിറ്റൽ ബിംബങ്ങളുടെ പ്രയോഗസാദ്ധ്യതകൾ… ‘മരുന്നു തേടിയെത്തുന്ന ചങ്ങാതിയെ കാണാതെ പച്ചിലകൾ മെസ്സഞ്ചറിൽ പരിഭവം പറഞ്ഞു.’ കാട്ടുകനികൾ സദ്യ ഒരുക്കി ടെക്സ്റ്റ് മെസ്സേജ് ചെയ്തു. ക്ഷയിച്ചുകൊണ്ടിരിക്കുന്ന മലകളെ രക്ഷിക്കാൻ വീഡിയോ കോൾ നടത്തി… പക്ഷേ, മലവേട്ടുവൻ ഇതൊന്നുമറിയുന്നില്ല:
‘അപ്പോഴും,
ചങ്ങാതിമാരുടെ പരിഭവങ്ങൾ അറിയാതെ
മലവേട്ടുവൻ പട്ടയത്തിനായി
ഓഫീസുകളിൽ കയറി
ഇറങ്ങുകയായിരുന്നു.’
പുത്തൻ നാഗരിക ആർത്തികൾ ദുരിതപൂർണ്ണമാക്കിയ മലവേട്ടുവന്റെ ദൈന്യം ഈ കവിതയിൽ ആവിഷ്ക്കരിച്ചിട്ടുള്ളതു് ഡിജിറ്റൽ ബിംബങ്ങളുടെ സമർത്ഥമായ ഉപയോഗത്തിലൂടെയാണു്.
ഗോത്രവർഗ്ഗ രാഷ്ട്രീയപ്രബുദ്ധതയുടെയും, പൊതുവെ, കോവിഡ് മഹാമാരിസൃഷ്ടിച്ച ആത്മവിശ്വാസത്തകർച്ചയുടേയും വേറിട്ട ഒരനുഭവമാണു് മാവലിൻ തുളുഭാഷയിൽ സുരേഷ് എം. മഞ്ഞളംബര എഴുതിയ ‘എക്കു് പണിയെ ഇള്ളത്’ (എനിക്കു് പറയുവാനുള്ളതു്). കൈകഴുകലെന്ന കോവിഡ് കാല പുതുശീലത്തിലൂടെയാണു് കവിത ആരംഭിക്കുന്നതു്.
‘അപ്പപ്പോൾ കൈ കഴുകാൻ
ശീലിച്ചതുകൊണ്ടു്
കണ്ണു കാണുന്ന അന്ധന്മാരാവാൻ
എളുപ്പത്തിൽ പറ്റുന്ന ചിലർക്കു്
അവനവന്റെ ശ്വാസത്തോട്പോലും
വിശ്വാസം നഷ്ടമാവുന്ന
കാലത്തിലൂടെ നടക്കുമ്പോൾ
പുറകോട്ടും, മുമ്പോട്ടും
നോക്കാതിരിക്കുന്നതെങ്ങനെ…?’
തുടർന്നു് നമ്മുടെ സമകാലിക രാഷ്ട്രീയ, സാമൂഹ്യ അവസ്ഥകളെ വിചാരണ ചെയ്യുകയാണു് തികഞ്ഞ ആദിവാസി സ്വത്വബോധമുള്ള ഈ കവിത. വിശന്നപ്പോൾ ഭക്ഷണം കവർന്നതിനു് മധുവും പുരുഷലൈംഗികാർത്തിയുടെ ഇരകളായി അമർന്നൊടുങ്ങിയ വാളയാറിലെ പിഞ്ചുബാലികമാരും ഈ കവിതയിലെ ഉണങ്ങാത്ത മുറിവുകളാണു്, അനീതിയുടെ ബിംബങ്ങളാണു്.
‘വിശപ്പിനാലൊരന്നം എടുത്തവനെ
തല്ലിക്കൊന്ന നാടു്
രണ്ടു് കയർതുമ്പത്തു് പെൺകുട്ടികളുടെ
നിലവിളികളിന്നും നിന്നിട്ടില്ല…’
ആദിവാസി യുവത്വത്തിന്റെ പ്രതിരോധ സന്നദ്ധത ഉറപ്പിക്കുന്ന ഈ കവിത കാടു് കൊള്ളയടിക്കാൻ വരുന്നവരോടു് പറയുന്നതിതാണു്.
‘ഞങ്ങൾ ഒറ്റവേരിലും
മുളയ്ക്കും, പൂക്കും, കായ്ക്കും എന്നു് മാത്രം…’
റവുള ഗോത്രഭാഷയിൽ സുകുമാരൻ ചാലിഗദ്ധ എഴുതിയ ‘കിളിയുറങ്ങിയോ’ ഗോത്രസംസ്കൃതിയുടെ അസ്തിത്വ വ്യാകുലതകളെ ആവിഷ്ക്കരിക്കുന്നു.
‘ഇനിമേൽ ഞാനീ പുഴകളിൽ പോകില്ല
ആഴങ്ങളായിരം സൂര്യന്റെ കിരണങ്ങൾ
മുങ്ങി ഞാൻ തെളിനീരിൽ മേപ്പാട്ടു നോക്കില്ല
പരുന്തുകൾ പെറ്റിട്ട കുഞ്ഞുങ്ങൾ
കളിയാടിയ കൊമ്പുകൾ ഞാനിനി കാണില്ല….
നോവുന്ന മരക്കൊത്തിച്ചുണ്ടത്തും ചോര
മരവെട്ടി പഴത്തൊലിയിലുണങ്ങുന്ന ചോര
പെൺമരം ആൺമരം കെട്ടിപ്പുണരുമ്പോൾ
ഒരുഭൂമി ഒരുപുഷ്പത്തെ മാത്രം നനച്ചു…’
വരിവരിയായി തന്നെയെണ്ണി മറക്കുന്ന ഒരു ഹൃദയകൈക്കുമ്പിളിൽ, ഒരുകൂട്ടിൽ സ്വപ്നങ്ങൾ നെയ്തിട്ട മുട്ടകൾ കാക്കുന്ന കിളിയുറങ്ങിയോ എന്ന ചോദ്യത്തിലാണു് ഈ കവിത അവസാനിക്കുന്നതു്. സ്വപ്നങ്ങളുടെ മുട്ടയിൽ അടയിരിയ്ക്കുന്ന ഗോത്രബിംബമാണു് ഈ കവിതയിലെ കിളി.
ഗോത്രഭാഷാകവിതകളിൽ പ്രണയവും പ്രണയഭംഗങ്ങളും തീവ്രാനുഭവമായി വരുന്നുണ്ടു്. സിന്ധു കോളിമൂല ചുള്ളിയോടിന്റെ പണിയ ഭാഷയിലുള്ള ‘കുരുതി’ വായനക്കാരിൽ ഒരു നൊമ്പരമായി ഇത്തരമൊരനുഭൂതി സൃഷ്ടിക്കുന്നു. പ്രണയം നടിച്ചു് ഏതോ ഒരാൾ—ഒരു പക്ഷേ, ഒരു നാഗരികൻ തന്നെയാവാം—ഗോത്രമനസ്സിനെ മുറിവേൽപ്പിക്കുന്നതിന്റെ തേങ്ങലോടേയാണു് ഈ കവിത ആരംഭിക്കുന്നതു്.
‘വാക്കുകൾ
കൊണ്ടെന്റെ നെഞ്ചിൽ തൊടുത്തു
നീവരുത്തീ മുറിവിൽനിന്നും
രക്തം വാർന്നു, ഒരു പക്ഷേ,
ഞാൻ മരിച്ചു പോയേക്കാം
എങ്കിലും…
പറയില്ല ഞാൻ
എന്നെ കൊന്നതു് നീയാണെന്നു്…’
ഇതിന്റെ ഭവിഷ്യത്തുകൾ അവളറിയുന്നുണ്ടു്. ആത്മഹത്യയെന്നും ഭീരുവെന്നും വിധിക്കപ്പെട്ടേക്കാം. ആൾക്കവലയിലെ അടക്കം പറച്ചിലുകളും മുറുമുറുപ്പുകളും കെട്ടടങ്ങിയേക്കാം. ഒടുവിൽ, പലതും ഒരു ചിതയായു് നിന്നിലും അമർന്നില്ലാതായേക്കാം. എങ്കിലും നീയറിയുക:
‘എന്നിലാകെയും നീയായിരുന്നു
നിന്നിലൊരംശമായ് പോലും
ഞാനില്ലെന്നറിയും വരെ…
എങ്കിലും…
പറയില്ല ഞാൻ നിന്റെ വാക്കിന്റെ
മുനയാണെന്നെ കൊന്നതെന്നു്…’.
ഈ കവിത ഒരേസമയം ആധുനികന്റെ/നാഗരികന്റെ വഞ്ചനാകൌശലവും ഗോത്രമനുഷ്യന്റെ നൈർമല്ല്യവും നേരിന്റെ നെറിയും ലളിതമായി നമ്മെ ബോധ്യപ്പെടുത്തുന്നു.
ഈ പുതു കവിതകൾക്കെല്ലാം പ്രമേയപരമായ സാമ്യങ്ങളുണ്ടെങ്കിലും ശൈലിയിൽ അവ വ്യത്യസ്തത പുലർത്തുന്നു. ജന്മസിദ്ധമായ കവിതാവാസന മാത്രമാണു് ഈ യുവ കവികളുടെ കൈമുതൽ. അവർക്കു് പരിചയക്കുറവുണ്ടു്, പരിശീലനക്കുറവും. ഇതിനുപുറമെ, തിക്താനുഭവങ്ങളും കൂടിച്ചേർന്നു് അവരുടെ കവിതകൾക്കു് ഒരു പരുക്കൻ പ്രകൃതം കൈവന്നിരിക്കുന്നു. പിൻതലമുറകളെപ്പോലെ തങ്ങൾ വഞ്ചിതരാവുന്നതു് മനസ്സിലാവാത്തതല്ല ഇന്നവരുടെ പ്രശ്നം. തങ്ങൾ അഭിമുഖീകരിക്കുന്ന പൊള്ളുന്ന പ്രശ്നങ്ങൾ അവരിന്നു് മനസ്സില്ലാക്കുന്നു, ബദൽ പോംവഴികൾ ആരായുന്നു. പക്ഷേ, രാഷ്ട്രീയ പാർട്ടികളെ അവർ ഭയപ്പെടുന്നു. അതിനാൽ, മാവോവാദം പോലേയുള്ള തീവ്രരാഷ്ട്രീയ നിലപാടുകൾക്കു് ഇവർ വശംവദരായില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. ഇവരുടെ രാഷ്ട്രീയ കവിതകളിൽ തീവ്ര നിലപാടുകൾ പ്രകടമാണു്. പൊതുവെ, കാടിന്റെ പുതുഭാവുകത്വങ്ങൾ ഈ കവിതകളിൽ വിടരുന്നു. അതു പുറംലോകം അറിയേണ്ടതുണ്ടു്, അംഗീകരിക്കേണ്ടതുണ്ടു്. ആരറിഞ്ഞില്ലെങ്കിലും, അവർ മലയാളകവിതയുടെ ഭാഗമാണു്.
തൃശ്ശൂർ ജില്ലയിലെ പെരിഞ്ചേരി സ്വദേശി. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദവും പ്രൊഫ. എം. ജി. എസ്സ്. അദ്ധ്യക്ഷനായിരുന്ന കോഴിക്കോടു് സർവ്വകലാശാല ചരിത്രവിഭാഗത്തിൽ നിന്നു ബിരുദാനന്തര ബിരുദവും. 1975 മുതൽ ചരിത്രാദ്ധ്യാപകൻ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നിനിലകളിൽ വിവിധ സർക്കാർ കലാലയങ്ങളിൽ പ്രവർത്തിച്ചു. 2007-ൽ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ നിന്നു് പ്രിൻസിപ്പലായി വിരമിച്ചു.
- ദേശചരിത്രം
- സമ്പത്തും അധികാരവും
- History and Theory
- State and Society in Pre-modern South India (edited jointly with R. Champakalakshmi and Kesavan Veluthat)
കൂടാതെ സമാഹരിക്കാത്ത കുറച്ചു ലേഖനങ്ങളും.
(ചിത്രങ്ങൾക്കു് വിക്കിമീഡിയ കോമൺസിനോടു് കടപ്പാടു്.)