തുമ്പത്തടത്തിൽ കുഴിച്ചിട്ടതും മച്ചുംപുറത്തേക്കു് വലിച്ചെറിഞ്ഞതുമായ അനേകായിരം പൽക്കുഞ്ഞുങ്ങളുടെ ഒരു കൂമ്പാരത്തിനകത്തു് നീലിമ മുഖം പൂഴ്ത്തിക്കിടന്നു.
ചക്രങ്ങൾ ആർത്തു കരയുന്ന ഒരു ചൂളം വിളിയോടെ കോടിക്കണക്കിനു് തൊണ്ടൻ പല്ലുകളുടെ ഒരു നിര അവളെ വലിച്ചിഴച്ചു് കൂമ്പാരങ്ങളുടെ പല്ലു കൊട്ടാരത്തിൽ നിന്നും പുറത്തിട്ടു. കെട്ടുനാറിയ പുക മുകളിലേക്കുയരുകയും ആ ചക്രങ്ങൾ അവളുടെ പിൻ കഴുത്തിലൂടെ തുന്നുവീഴ്ത്തി കടന്നു പോകുകയും ചെയ്തു.
തുമ്പത്തടത്തിൽ കുഴിച്ചിട്ടതും മച്ചുംപുറത്തേക്കു് വലിച്ചെറിഞ്ഞതുമായ അനേകായിരം പൽക്കുഞ്ഞുങ്ങൾ അടുത്ത ജന്മത്തിലേക്കായി സ്വയം അഴുകിക്കൊണ്ടിരുന്നു.
“രണ്ടു് പല്ലു് കെട്ടിറ്റ്ണ്ടു്. എടക്കെടക്കു് ചോര വരും. കുത്തിവലിക്ക്ന്ന വേദന തൊടങ്ങിയാ പിന്നെ ഇരിക്കാനും നിക്കാനും കയ്യൂല. രണ്ടും അങ്ങു് പൊരിച്ചു് കളഞ്ഞേക്കു് ഡോക്ടറേ.”
വലതു കവിളിൽ നിന്നു് കയ്യെടുക്കാതെ ആഷിക്ക് പല്ലു ഡോക്ടറോടു് പറഞ്ഞു.
അയാൾ വെളുത്ത കയ്യുറകളിട്ടു് രണ്ടു് സ്റ്റീൽകമ്പുകൾ കൊണ്ടു് ആഷിക്കിന്റെ വായ പൊളന്നു് മേശപ്പുറത്തു വെച്ചു. കെട്ടപ്പല്ലിൽ നിന്നുള്ള നാറ്റം മുറിയിലാകമാനം നിറഞ്ഞു കേറി. വലിയ രണ്ടു് കുഴികളിലേക്കു് ആ പല്ലുകളുടെ നടുഭാഗം കുഴിഞ്ഞു പോയിരിക്കുന്നു. കേടുപറ്റിയ വേരുകളിലൂടെ ചോര അല്പാല്പമായി പുറത്തേക്കു വരുന്നു. രണ്ടു് പല്ലു കഷ്ണങ്ങൾ തത്സ്ഥാനത്തു് അവശേഷിക്കുന്നു.
സ്റ്റീൽ കമ്പു കൊണ്ടു് പല്ലിന്റെ ഓരത്തൊന്നു തട്ടിയപ്പോഴേക്കും ആഷിക്ക് വലിയ വായിൽ നിലവിളിച്ചു. ഇരു കൈകൾ കൊണ്ടും കവിളമർത്തിപ്പിടിച്ചു് അവൻ മടിയിലേക്കു് ചൂഴ്‌ന്നുപോയി.
“വേദനയുള്ളപ്പോ പല്ലെടുക്കാൻ പറ്റില്ല. ഒരു ഗുളികയെഴുതാം. കഴിച്ചു് വേദന മാറീട്ടു് രണ്ടു് ദിവസം കഴിഞ്ഞു് വരൂ.”
ഡോക്ടർ കമ്പും കയ്യുറകളും അണുനാശിനി ഒഴിച്ചുവെച്ച പരന്ന പാത്രത്തിലേക്കു് താഴ്ത്തിവെച്ചുകൊണ്ടു പറഞ്ഞു.
“ഈ വേദന സഹിക്കാൻ പറ്റൂല ഡോക്ടറേ.”
ആഷിക്ക് പല്ലുകൾ അമർത്തിക്കടിച്ചു് കണ്ണുകൾ തുറക്കാതെ തന്നെ പറഞ്ഞു തീർത്തു.
അയാൾ താൽകാലികാശ്വാസത്തിനായി ആഷിക്കിനെ കമിഴ്ത്തിക്കിടത്തി ചന്തിക്കു മുകളിൽ ഒരു ഇഞ്ചക്ഷനെടുത്തു് സൗമ്യനായി തലോടിക്കൊണ്ടിരുന്നു.
“പോയി രണ്ടു ദിവസം കഴിഞ്ഞു് വരൂ…”
പുറത്തു് കാത്തിരുന്നു് മുഷിഞ്ഞ അർജ്ജുൻ സോഫാസെറ്റിൽ കിടന്നു് ഉറങ്ങിപ്പോയിരുന്നു. വണ്ടി ഓടിക്കുന്നതിനിടയിൽ അർജ്ജുൻ പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരുന്നു. ആഷിക്ക് വലം കവിളിൽ നിന്നു് കയ്യെടുക്കാതെ ചന്തി തിരുമ്മിക്കൊണ്ടിരുന്നു.
ഇരു കൈകളിലൂടെയും ഇക്കിളിപ്പെടുത്തുന്ന ഒരോന്തു് ആഷിക്കിന്റെ പുറം കഴുത്തിൽ വന്നു് ചടഞ്ഞിരുന്നു. അതിന്റെ വഴുവഴുപ്പിൽ അവൻ അസ്വസ്ഥനായി. ഓക്കാനിക്കാൻ വരുംപോലെ അവന്റെ തൊണ്ട കയ്ച്ചു.
“എന്തു് കോപ്പിനാടാ വണ്ടി നിർത്തിയതു്”—അർജ്ജുന്റെ തലയ്ക്കിട്ടു് കിഴുക്കി ആഷിക്ക് ദേഷ്യപ്പെട്ടു.
റെയിൽവേ ക്രോസായിരുന്നു. ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു.
മംഗലാപുരത്തേക്കുള്ള ട്രെയിൻ വെന്ത പരിപ്പു മണത്തെ കാറ്റിൽ ഉപേക്ഷിച്ചു് അതിവേഗത്തിൽ പാഞ്ഞുപോയി.
നീലിമ ഗേറ്റു തുറന്നു.
പരസ്പരം വിരുദ്ധ ചേരികളിലായിരുന്ന രണ്ടു റോഡുകൾ ഗേറ്റിനകത്തെ പാളത്തിലേക്കു് കൂട്ടിമുട്ടി.
ആഷിക്ക് പാളത്തിലേക്കു് തെറിച്ചു വീണു. അടുത്ത വണ്ടി വരുന്നതിനു മുൻപു് റെയിൽവേ ക്രോസിൽ കൂടി നിന്ന ആൾക്കാരെ നീക്കാനും കൂട്ടിയിടിച്ച വണ്ടികൾ മാറ്റി ആഷിക്കിനെയും അർജുനെയും ഓട്ടോക്കാരനെയും ആശുപത്രിയിലേക്കെത്തിക്കാനും പോലീസ് നന്നെ പാടുപെട്ടു.
നീലിമ അടുത്ത വണ്ടിയുടെ വരവറിയിച്ചു കൊണ്ടു് ഗേറ്റു് ഒന്നുകൂടി കറക്കിത്താഴ്ത്തി. ചോര വീണ റോഡിൽ കുറച്ചു തുള്ളി മൂത്രമിറ്റിച്ചു് ഒരു ഉത്തരേന്ത്യൻ വണ്ടി ചീറിപ്പാഞ്ഞു പോയി.
മുറിവുകൾ തുന്നിക്കെട്ടി വീട്ടിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. കയ്യിലും തലയ്ക്കു പിറകിലും മുറിവുകൾ ഉള്ളതു കാരണം കിടക്കാൻ ആഷിക്കിനു ബുദ്ധിമുട്ടു തോന്നി. ഒന്നുറങ്ങിത്തുടങ്ങിയപ്പോഴേക്കും മോണകൾക്കിടയിലൂടെ കുത്തിവലിച്ചു് വേദന ചെവിയിലേക്കും അവിടെ നിന്നു് തലച്ചോറിലേക്കും കയറി വന്നു. വലതു കവിൾ പൊത്തിപ്പിടിച്ചു് അവൻ ചാടിയെണീറ്റു. ഞരമ്പുകളിലൂടെ വേദന കയറിയിറങ്ങുന്നു. ഒരു ഭാഗം മുഴുവനായും പൊള്ളി വീണതു പോലെ നീറുന്നു.
ആഷിക്ക് എഴുന്നേറ്റു് കണ്ണാടിക്കു മുന്നിലേക്കു നീങ്ങി. വായ വട്ടാകൃതിയിൽ തുറന്നു് കണ്ണാടിയിലേക്കു നോക്കി. വായ മൂലകളിൽ നിന്നു് ഉമിനീരു ചുണ്ടിനു പുറത്തേക്കു് ചുരത്തപ്പെട്ടു. വെളുത്ത കീഴ്‌വരിപ്പല്ലുകൾക്കിടയിൽ രണ്ടു കുഴികൾ ദൃശ്യമായിരുന്നു. ചോര നിന്ന നൊണ്ണിറച്ചിയിലേക്കു് നോക്കി ആഷിക്ക് ഉറപ്പിച്ചു. അവിടെ രണ്ടു് കെട്ടപ്പല്ലുകൾ ഉണ്ടായിരുന്നില്ല.
നേരമെത്ര കഴിഞ്ഞിട്ടും ആഷിക്കിനു് ഉറങ്ങാൻ കഴിഞ്ഞില്ല. നൊണ്ണിൽ പുഴുവിരിയുന്ന പോലെ—കൂർത്ത മുനയുള്ള കാരമുള്ളു കൊണ്ടു് ആരോ അവിടങ്ങളിലെ പച്ചിറച്ചിയിലേക്കു് ആഞ്ഞാഞ്ഞു് കുത്തുന്നതു പോലെ. നാവിന്റെ അറ്റംകൊണ്ടു് തൊടുമ്പോൾ കെട്ടപ്പല്ലിന്റെ അഴുകിയ പോടുകൾ അവിടെത്തന്നെ ഉള്ളതുപോലെ. ഓരോ വട്ടം തൊടുമ്പോഴും അഴുകിയ ഭക്ഷണത്തിന്റെ ഉമിനീരു കലർന്ന മണം വായ വഴി മൂക്കിലേക്കെത്തുന്നു.
കെട്ടപ്പല്ലുകൾ അവിടെത്തന്നെയുള്ളതായി അവനു തോന്നി.
കണ്ണാടിക്കുള്ളിൽ തന്റെ മുഖത്തു് വായയ്ക്കു പകരം വലിയൊരു കിണർ കുഴിക്കപ്പെട്ടതായി അവൻ കണ്ടെത്തി. കപ്പിയും കയറും കൊണ്ടു് ഒരോന്തു് അവന്റെ പൽപ്പടവുകളിലൂടെ കയറി വന്നു. മൂക്കോളം വെള്ളത്തിൽ കയറിട്ടു് ആഷിക്കിന്റെ കെട്ടപ്പല്ലുകൾ പറിച്ചെടുത്തു.
ഒരു കവിൾച്ചോര തുപ്പിക്കളഞ്ഞിട്ടു് ആഷിക്ക് ഒന്നുകൂടി നാവുകൊണ്ടു് തപ്പിനോക്കി.
ഇല്ല—പോയിട്ടില്ല.
കെട്ടപ്പല്ലുകൾ അവിടെത്തന്നെയുണ്ടു്. കണ്ണാടി പിന്നെയും രണ്ടു വലിയ കുഴികൾ തന്നെ കാട്ടിക്കൊടുത്തു.
അർജ്ജുനെയും കൂട്ടി റെയിൽവേ ക്രോസിലെത്തിയപ്പോൾ പരിപ്പു ഛർദ്ദിച്ച മണവും കൊണ്ടു് ഒരു ചരക്കു വണ്ടി വളരെ പതിയെ നടന്നു പോയി. ആഷിക്ക് റോഡിലും പാളങ്ങളിലുമെല്ലാം തന്റെ കെട്ടപ്പല്ലിനു വേണ്ടി പരതി.
അടുത്ത സൂപ്പർഫാസ്റ്റിനു് ഇഴഞ്ഞു പോകാൻ ഗേറ്റ് അടക്കുന്നതിനു വേണ്ടി കുടുസുമുറിയിൽ നിന്നും നീലിമ കൂട്ടിലേക്കു കയറി. ഒരൊറ്റ ദിശയിലേക്കു് വിരിച്ചിട്ട റോഡിന്റെ നടുവിൽ ജല്ലിയിട്ടു നിറച്ച ഇരുമ്പുപാളങ്ങൾക്കപ്പുറത്തും ഇപ്പുറത്തും മഞ്ഞയും കറുപ്പും നിറത്തിൽ രണ്ടു് റെയിൽവേ ഗേറ്റുകൾ പൊങ്ങി നിൽക്കുന്നു. ആരുടെയൊക്കെയോ വഴികൾ തടസപ്പെടുത്തിക്കൊണ്ടു് അവ നിരന്തരം മറ്റാർക്കൊക്കെയോ വേണ്ടി കാവൽ നിൽക്കുന്നു. ഒന്നോടിപ്പോകാനുള്ള സമയവും കയ്യിൽ പിടിച്ചു കൊണ്ടു് ഒരഞ്ചലോട്ടക്കാരനെ പോലെ ഓരോ തീവണ്ടിയും കടന്നു പോകുന്നു. ഗേറ്റിനിരുവശത്തും ആ നേരങ്ങളിൽ നീലിമ വലിയ വലിയ ധാരാളം തീവണ്ടികൾ കാണുന്നു.
ഒരാവർത്തി ഓടിപ്പോയ തീവണ്ടിച്ചക്രങ്ങളുടെ കമ്പനം പാളങ്ങളിൽ അവസാനിക്കും മുൻപു് ഇരുമ്പു താക്കോലുമായി നീലിമ തീവണ്ടി സമയങ്ങൾ മാത്രം അലാറമടിക്കുന്ന മുറിയിൽ നിന്നും പുറത്തിറങ്ങും. വലിയ താഴിലേക്കു് ചൂഴ്ത്തിയിട്ടു് തിരിക്കും. വലതു കയ്യിലേക്കു് തന്റെ എല്ലാ ശക്തിയുമെടുത്തു് വളരെ വേഗം കറക്കി ഗേറ്റു തുറക്കുന്നു. ഇരുവശത്തെയും തീവണ്ടികൾ പല ബോഗികളായി ചിതറിത്തെറിച്ചു്—ക്രമങ്ങൾ തെറ്റിച്ചു് ഒച്ചയുണ്ടാക്കി ഓടിപ്പോകുന്നു. പിന്നെയും വന്നു കൊണ്ടിരിക്കുന്ന വണ്ടികൾ കാണാൻ നിൽക്കാതെ അടുത്ത അലാറസമയത്തിലേക്കു് അവൾ ഇറങ്ങിപ്പോകുന്നു.
ഏറെ നേരം തിരഞ്ഞിട്ടും ആഷിക്കിനു് തന്റെ പല്ലുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പതിയെപ്പതിയെ വേദന മേൽവരിയിലേക്കു കൂടി കേറിത്തുടങ്ങി. കറയും പോടും അണപ്പല്ലുകളിലേക്കു കുഴിയെടുക്കാൻ തുടങ്ങി. അവൻ പല്ലുകൾ കടിച്ചു പിടിച്ചു. ചോരയുടെ രസം നാവിന്റെ തുമ്പത്തേക്കു് അരിച്ചു വന്നു. ഇല്ലാത്ത പല്ലിൽ നിന്നും അഴുകിയ ചോരയുടെ നാറ്റം മൂക്കിലേക്കരിച്ചു കയറി.
നീലിമയുടെ മുറിയിൽ അടുത്ത അലാറം മുഴങ്ങി. അടയുന്ന ഗേറ്റുകൾക്കിടയിലൂടെ അതിസാഹസികമായി വെട്ടിച്ചു കടന്നു പോയ ഒരു മഞ്ഞ ബൈക്കുകാരൻ അവളെ നോക്കി ഓരിയിട്ടു. അടഞ്ഞ ഗേറ്റുകൾക്കപ്പുറവും ഇപ്പുറവും സമയം നോക്കികളുടെ നീണ്ട നിരയിലൂടെ അവളുടെ കുടുസു മുറിയിലേക്കു് നോട്ടങ്ങൾ വന്നു തുടങ്ങി.
മണവും നിറവും രുചിയുമില്ലാത്ത കാതടപ്പിക്കുന്ന ഒച്ച മാത്രം ഞൊണ്ടി ഞൊണ്ടി കടന്നു പോയി. നീല നിറമുള്ള ഷർട്ടിനും പാന്റിനുമുളളിൽ പുഴുങ്ങി വീർത്തു് അവൾ ഇരുമ്പു താക്കോലുമായി പുറത്തിറങ്ങി.
താക്കോൽ പിടിച്ച കൈകളിലേക്കു്—പടികൾ കയറുമ്പോൾ തുടകളിലേക്കു്—താക്കോൽ തിരിക്കുമ്പോൾ അനങ്ങുന്ന ഇറച്ചികളിലേക്കു്—ചക്രം കറക്കുമ്പോൾ ഇളകുന്ന മുലകളിലേക്കു് മഞ്ഞയും കറുപ്പും വരകളുള്ള ഗേറ്റു് തുറക്കപ്പെടുമ്പോൾ മുഖാമുഖം ചീറിപ്പായുന്ന ഓരോ വരി പല്ലുകളും തുളച്ചു കയറുന്നു.
ഉമിനീരു നക്കിയ നാവുകളെ പൊതിഞ്ഞു കൊണ്ടു് ആ നിരപ്പല്ലുകൾ പാളം മുറിച്ചു പോകുമ്പോൾ അടുത്ത അലാറത്തിനായി നീലിമ കുടുസു മുറിക്കകത്തേയ്ക്കു് തിരിച്ചു കയറുന്നു.
അതിനകത്തു് അവൾക്കു് തുപ്പലു മണക്കുന്നു. ഉളുമ്പു നാറുന്നു. അഴുകിയ ചോറിന്റെയും മീൻമുള്ളിന്റെയും കള്ളിന്റെയും നാറ്റമടിക്കുന്നു. ആ മുറി നിറച്ചു് ആഴത്തിൽ പതിയുന്ന പല്ലടയാളങ്ങൾക്കു മീതെ അടുത്ത വണ്ടിക്കുള്ള അലാറമടിക്കുന്നു.
ആഷിക്കിന്റെ നൊണ്ണുകൾ വീർത്തു് പല്ലുകൾ ചെറുതായി. കൂനിക്കൂനി അവ നൊണ്ണുകൾക്കകത്തേക്കു കയറിപ്പോയി. ഉമിനീരു വറ്റിയ നാവു് കടലാസു കഷ്ണം പോലെ ചത്തു കിടന്നു. പിൻകഴുത്തിൽ നിന്നും ഒരോന്തു് തൊണ്ടക്കുഴിയിലേക്കു് കപ്പി വലിക്കുന്നു.
നൊണ്ണുകൾ വിഴുങ്ങിയ പല്ലുകളിലേക്കു് പച്ച കത്തിച്ചു് ആ ഓന്തു് ഓടിപ്പോകുന്നു.
നീലിമ ആഷിക്കിന്റെ കെട്ട പല്ലുകൾ മീൻമുളളിൽ കൊരുത്തു കൊണ്ടു് അടുത്ത വണ്ടിക്കായുള്ള അറിയിപ്പിനായി ഉറങ്ങാതിരുന്നു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാള വിഭാഗം ഗവേഷക. കാസർഗോഡു് ജില്ലയിലെ തൃക്കരിപ്പൂർ ആണു് സ്വദേശം. മാതൃഭൂമി വിഷുപ്പതിപ്പു് സാഹിത്യ മത്സരം ചെറുകഥാ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. 2019-ൽ “പേൻചൂരു്” എന്ന കഥയിലൂടെ സംഘശബ്ദം ചെറുകഥാ പുരസ്കാരത്തിനു് അർഹയായി. “ചിമ്മിണിക്കടലിന്റെ പ്രസവം” ആദ്യ ചെറുകഥാ സമാഹാരം. 21 ചെറുകഥകളുള്ള പുസ്തകം ഭാഷാ ബുക്സ് ആണു് പ്രസിദ്ധീകരിച്ചതു്.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ