കവിതയിലെ ആധുനികതയുടെ ആഴങ്ങളിലേക്കു കടക്കുമ്പോൾ ഇന്നും കടമ്മനിട്ട യുടെ കവിതകൾ വിസ്മയിപ്പിക്കുന്നുണ്ടു്. എഴുത്തിന്റെ പ്രകാശന വഴികളിലേക്കു് വൈകി കയറി വന്ന ആളായിരുന്നു കടമ്മനിട്ട. എത്രയോകാലം എഴുത്തിനെ ഉള്ളിലിട്ടു നീറ്റിയിട്ടുണ്ടാവും ആ മനുഷ്യൻ. മദ്രാസ്സിൽ എം. ഗോവിന്ദനെ കണ്ടു മുട്ടും വരെ ദിക്കറിയാതെ കപ്പലോട്ടിയ നാവികനെ പോലെ ആ ആവിഷ്കാരം കൊതിച്ച മനസ്സു് നടന്നിരിക്കണം.
തൊണ്ണൂറുകളുടെ തുടക്കത്തിലായിരിക്കണം തവനൂർ വന്ദന ക്ലബ് കുറച്ചുകാലം എം. ഗോവിന്ദൻ അനുസ്മരണം കുറച്ചുകാലം മുടങ്ങാതെ നടത്തിയിരുന്നു. ഗോവിന്ദനുമായി വ്യക്തി ബന്ധമുള്ള പലരും അക്കാലത്തു് അവിടെ വന്നു സംസാരിച്ചിട്ടുണ്ടു്. അക്കാലത്തു് ഒരിക്കൽ വന്നതു് കടമ്മനിട്ടയായിരുന്നു. അന്നു് കടമ്മനിട്ട പറഞ്ഞ ഒരു കാര്യം ‘എനിക്കു് ഗോവിന്ദനോടു് ഈർഷ്യ കലർന്ന ഇഷ്ടമായിരുന്നു’ എന്നു്. ‘ഞാനീ തവനൂർ കുന്നത്തും കൂരടക്കുന്നത്തും പലതവണ വന്നിട്ടുണ്ടു്, അന്നൊക്കെ ചെറിയ ഉരുളൻ ചരൽക്കല്ലുകൾ പെറുക്കി എടുത്തു ‘ഗോവിന്ദാ…’ എന്നു് ഉറക്കെ വിളിച്ചു ദൂരേക്കു് വലിച്ചെറിയാറുണ്ടായിരുന്നു’ എന്നും കടമ്മനിട്ട പറഞ്ഞിരുന്നു. ആ ഒരൊറ്റ പറച്ചിലിൽ ഗോവിന്ദനും കടമ്മനിട്ടയും തമ്മിൽ ഉണ്ടായിരുന്ന കെമിസ്ട്രി വളരെ വ്യക്തവും ആയിരുന്നു.
ഗോവിന്ദൻ അനുഭവങ്ങളിലെ നെല്ലും പതിരും ചേറിക്കൊഴിച്ചു ചേറിക്കൊഴിച്ചു മേദസ്സറ്റവയെ കവിതയിലേക്കു് കുടിയിരുത്തി. അതുകൊണ്ടു തന്നെ അവ എണ്ണത്തിൽ കുറവായി. ഇതിനു നേരെ എതിർദിശയിൽ നിന്നുകൊണ്ടാണു് കടമ്മനിട്ട കവിതയിൽ പ്രവർത്തിച്ചതു്. ജീവിതത്തിന്റെ ഏതു പ്രത്യയശാസ്ത്രമുഖത്തെയാണു് തനിക്കു നേരിടേണ്ടതു് എന്നു കടമ്മനിട്ടയ്ക്കു പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു. അപ്പോൾ അതിനു വേണ്ടുന്ന കരുക്കൾ അദ്ദേഹത്തെ തേടി വരികയാണുണ്ടായതു്. ഒരു കവി എന്ന നിലയിൽ അദ്ദേഹത്തിനു ലഭിച്ച വരം അതായിരുന്നു. അവസാന ചിത്രം എന്ന രചനയിൽ നിന്നു് ആരംഭിക്കുന്ന ആ ഗൌരവ രചനകൾ പിന്നീടു് ഒരു കാലഘട്ടം ആവശ്യപ്പെടുന്ന ആവേഗം ആഞ്ഞു പിടിച്ചെടുക്കുകയായിരുന്നു. കവിത ശബ്ദത്തിന്റെ ഒരനുഷ്ഠാനം ആണെന്നു് അകാലത്തേക്കു മറന്നു തുടങ്ങിയ നമ്മുടെ കാവ്യാവബോധത്തെയാണു് കടമ്മനിട്ട ആദ്യം തിരിച്ചു പിടിച്ചതു്. ചെകിട്ടത്തു് ആഞ്ഞു കിട്ടുന്നതിന്റെ പുളച്ചിൽ പോലും പകർന്നു തന്നു കുറത്തി എന്നു് അക്കാലത്തെ സാഹിത്യ ചരിത്രം.
കവിത വായനക്കാരൻ ആധ്യാരോപിക്കുന്ന വായനയുടെ രീതിയാണു്. ഇക്കാര്യം ഏറ്റവും ഇണങ്ങുന്ന രണ്ടു കവികൾ അക്കാലത്തു് അയ്യപ്പ പണിക്കരും കടമ്മനിട്ടയുമായിരുന്നു. കടമ്മനിട്ട പക്ഷേ, വായനയെ അതിന്റെ ആധ്യാരോപങ്ങളെ അതിന്റെ ആദ്യ പടിയിൽ തന്റെ ചൊല്ലലിന്റെ ആയത്തിൽ കുടുക്കിയിട്ടു. പക്ഷേ, മാസ്മരമായ ആ ചൊൽക്കാഴ്ചകൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടെങ്കിലും കേരളത്തിൽത്തന്നെ അതിന്റെ ആദ്യകാല ഇടപെടലുകൾ എല്ലാ മുക്കിലും മൂലയിലും എത്തിയിരുന്നില്ല. അതു കൊണ്ടു തന്നെ ആ കവിതകൾ അതിന്റെ ശബ്ദ സൌഷ്ടവം ഇല്ലാതെത്തന്നെ വായനയിൽ മനസ്സിൽ മുഴങ്ങി. കുറത്തിയും കാട്ടാളനും ശാന്തയും കണ്ണൂർ കോട്ടയും കോഴിയും കടമ്മനിട്ടയും ആ പശുക്കുട്ടിയുടെ മരണവും പുഴുങ്ങിയ മുട്ടകളും നഗരത്തിൽ പറഞ്ഞ സുവിശേഷവും ആ വഴിയിൽ വായനയെ വിസ്മയിപ്പിച്ചു. ഗദ്യമായാലും അല്ലെങ്കിലും കരുണയറ്റ ജീവിതത്തെ കാരുണ്യത്തിന്റെ വാക്കുകൾ കൊണ്ടു് വെളിപ്പെടുത്തി. കടമ്മനിട്ട അത്യന്തം രോഷത്തിന്റെ വാക്കുകളാണു് ഉച്ചരിച്ചതെന്ന ഒരു ധാരണയുണ്ടു്, അതു തെറ്റാണു്, ആ വാക്കുകൾ അത്യന്തം കാരുണ്യമയമായിരുന്നു. വായനയെ അക്കാലത്തു് ആ അർത്ഥത്തിൽ വഴിതെറ്റിച്ചതു് ആ ശബ്ദത്തിലെ പരുക്കത്തരം മാത്രമായിരുന്നു.
കടമ്മനിട്ടയുടെ ശബ്ദം മറന്നു് ഏതെങ്കിലും ഒരു കവിത എടുത്തു വെച്ചു് മൌനമായി വായിച്ചു നോക്കുക, അപ്പോൾ കരുണയുടെ കടൽ ഇരമ്പുന്നതറിയാം. വാക്കിനെ മോഹിച്ചും വാക്കിൽ രമിച്ചുമാണു് ആ മനുഷ്യൻ കവിത എഴുതിയതു്. അദ്ദേഹം ഏറ്റവും കൂടുതൽ ഇഷ്ടത്തോടെ ഉപയോഗിച്ചു് പോന്ന ഒരു വാക്കു് സരിത്തു് എന്നതാണു്. അതു് കാരുണ്യത്തിന്റെ സരിത്തു തന്നെയായിരുന്നു. എന്തിനോടായിരുന്നു ഈ കാരുണ്യം എന്നു് പരിശോധിക്കാൻ ഇപ്പോൾ ബാധ്യത വരുന്നു.
കടമ്മനിട്ടക്കവിതയിൽ മൂന്നു തലത്തിൽ ഈ കാരുണ്യം മേൽക്കൈ നേടുന്നുണ്ടു്. ഒന്നു് കാവ്യപ്രമേയത്തിന്റെ സ്വീകാര്യത്തിലും അതിന്റെ പരിചരണത്തിലും. രണ്ടു് കവിതയുടെ ഭാവശില്പം രൂപപ്പെടുത്തുന്നതിലുള്ള ഇടപെടലിൽ. മൂന്നു് കവിതയുടെ ശില്പവിതാനത്തിൽ.
പ്രമേയ സ്വീകരണത്തിൽ കടമ്മനിട്ട കാണിച്ച ഒരു നിഷ്കർഷ, മനുഷ്യോന്മുഖ പ്രത്യയ ശാസ്ത്രത്തിനു് മുന്നിൽ നില്ക്കുക എന്നതായിരുന്നു. ആധുനികതയുടെ വിമർശം എന്ന നിലയിൽ തന്നെ അതിന്റെ മനുഷ്യ വിരുദ്ധതകളോടുള്ള കടുത്ത എതിർപ്പും കലഹവുമായിത്തീരുകയാണു് കവിതയുടെ വഴി എന്നു വൈകി കണ്ടെത്തിയ കവിയായിരുന്നില്ല കടമ്മനിട്ട. അതിനാൽ താൻ എന്താണു് എഴുതേണ്ടതു് എന്ന പൂർവ്വനിശ്ചിതമായ ഒരു തീരുമാനം കടമ്മനിട്ടയ്ക്കു് ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാവണം ഗോവിന്ദനെപ്പോലെ പ്രമേയത്തിന്റെ മാംസളതയെ ക്രമാതീതമായി ചെത്തിമാറ്റാൻ കടമ്മനിട്ട തയ്യാറാവാതിരുന്നതു്. വാക്കിന്റെ സമൃദ്ധി കടമ്മനിട്ടയിൽ ആഘോഷിക്കപ്പെട്ടതിനു മറ്റു കാരണങ്ങൾ ചികയേണ്ടി വരുമെന്നു തോന്നുന്നില്ല.
സമൃദ്ധമായ വാക്കുകളുടെ പ്രവാഹത്തിൽ കാവ്യപ്രമേയം മെഴുകു ശില്പം പോലെ വായനയിൽ യഥേഷ്ടം വഴങ്ങി. ആധുനികത അന്നു സൃഷ്ടിച്ച വായനയുടെ ക്ലിഷ്ടതകളോടു് കടമ്മനിട്ടയുടെ കവിതകൾ സമരസപ്പെട്ടു. പൂതപ്പാട്ടിലെ പൂതത്തിന്റെ വരവും കുറത്തിയിലെ കുറത്തിയുടെ വരവും സമാനമായി വായിച്ചെടുക്കാൻ സാധിക്കുന്നതു് അതു കൊണ്ടാണു്. പൂതം സൌമ്യവും കുറത്തി രൌദ്രവും ആണെന്ന വ്യത്യാസമേ കാണൂ. രണ്ടും പക്ഷേ, നിഷ്കാസിതന്റെ അടിപ്പടവിൽ നിന്നാണു വരുന്നതു്. രണ്ടും അരങ്ങിന്റെ മുന്നിൽ മുറുക്കിത്തുപ്പി ഇരിക്കുന്നവനോടാണു ചോദിക്കുന്നതു്. രണ്ടും രണ്ടു കാലത്തിൽ ആയതു കൊണ്ടാണു് രണ്ടു ചോദ്യങ്ങളുടെയും ഘടന മാറുന്നതു് എന്നു മാത്രം. ഇതൊരു കാതലായ വ്യത്യാസം അല്ല തന്നെ. രൂപപ്പെട്ടു വരുമ്പോൾ പക്ഷെ വായനയുടെ അതിരുകൾ കാരുണ്യം കൊണ്ടു് നനഞ്ഞു പോകുന്നതെന്തു് എന്ന ചോദ്യം പൂതപ്പാട്ടു് വായിച്ച ആൾ കുറത്തി വായിച്ചു നിർത്തുമ്പോൾ ഉന്നയിച്ചാൽ വിസ്മയിക്കേണ്ടതില്ല.
‘അവസാന ചിത്രം’ മുതൽ ‘കിളിയും ഞാനും’ വരെയുള്ള കടമ്മനിട്ടയുടെ കവിതകളുടെ പ്രമേയത്തെ നിർണ്ണയിച്ചതു് ഈ കാരുണ്യത്തിന്റെ സാന്നിദ്ധ്യമാണു്. മനുഷ്യാവസ്ഥകളുടെ വിവിധങ്ങളായ പരമസങ്കടങ്ങളെ രൂക്ഷമായും കടുപ്പിച്ചും പറഞ്ഞൊഴിക്കുകയും നെറിയും നെറികേടുകളും നിറഞ്ഞ പരമ ദരിദ്രമായ സാംസ്കാരികാന്തരീക്ഷത്തെ അതി തീവ്രതയോടെ മുന്നിലേക്കു് ആഞ്ഞെറിഞ്ഞു തരികയും ചെയ്യുമ്പോൾ പോലും കടമ്മനിട്ട ഈ കാരുണ്യ ബോധത്തെ കയ്യൊഴിച്ചില്ല. ഓരോ കവിതയുടെയും അകത്തേക്കുള്ള വഴികളിൽ മറ്റു കവിതകളുമായുള്ള ഈ സൂത്രബന്ധം അതീവ ശ്രദ്ധയോടെയാണു് നിർവഹിചിട്ടുള്ളതെന്നു കാണാം. ഈ സൂത്ര ബന്ധമാണു് കടമ്മനിട്ടക്കവിത കൈയ്യിലെടുക്കുമ്പോളെല്ലാം ആഹ്ലാദമുണർത്തുന്നതു്.
1965-ൽ പൊന്നാനിയിൽ ജനിച്ചു. പൊന്നാനിയിൽ ജീവിച്ചു വരുന്നു. വിവിധ ഗവ. കോളേജുകളിൽ ദീർഘകാലം മലയാള വിഭാഗം അദ്ധ്യാപകനായും വകുപ്പു് അദ്ധ്യക്ഷനായും പ്രവർത്തിച്ചു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ നിന്നും പ്രിൻസിപ്പാളായി വിരമിച്ചു. ആനുകാലികങ്ങളിൽ എഴുതുന്നു. പ്രഭാഷണ രംഗത്തു് സജീവമാണു്.