images/The_butterfly.jpg
The butterfly, a painting by Frederick Morgan (1847–1927).
ലാവണ്യവും കവിതയും
വിജു നായരങ്ങാടി
images/Sugathakumari.jpg
സുഗതകുമാരി

കവിതയെന്ന സങ്കീർണമായ ജൈവഘടനയെ അത്യന്തം ലാവണ്യപൂർണമായ അനുഭവമാക്കിത്തരാൻ ഒരായുസ്സു മുഴുവനായും പ്രയത്നിച്ചിട്ടാണു്, കനൽക്കിടക്കയിലേക്കു് സുഗതകുമാരി നടു ചായ്ച്ചതു്. മലയാള കവിതയിലെ ആധുനികതയുടെ കാലുഷ്യമാർന്ന രാഷ്ട്രീയ സങ്കടങ്ങളും സന്ത്രാസങ്ങളും വായനയിലേക്കെത്തിയതു് എങ്ങനെയെന്നു് സുഗതകുമാരിയുടെ കവിതയെ ചേർത്തു നിർത്തിയാണു് പരിശോധിക്കേണ്ടതു്. മുത്തുച്ചിപ്പിയും പാതിരാപ്പൂക്കളും ഇരുൾച്ചിറകുകളും പാവം മാനവ ഹൃദയവുമടങ്ങുന്ന എഴുപതുകൾക്കു മുമ്പുള്ള സുഗതകുമാരിയുടെ കാവ്യസമാഹാരങ്ങളിലെ കവിതകളുടെ പതിഞ്ഞ ടോൺ ശങ്കരക്കുറുപ്പു് സ്കൂൾ ഓഫ് തോട്ടിന്റെ സ്വാധീനതയിലാണു് രൂപപ്പെട്ടതു്.

images/Ayyapapanicker.jpg
അയ്യപ്പപണിക്കർ

എങ്കിലും ആ കവിതകൾ ജീവിതത്തിന്റെ ഏതൊരു വന്യമായ രാഷ്ട്രീയാവസ്ഥയെയും നേരിടാൻ അന്നേ സജ്ജമായിരുന്നു. അതു കൊണ്ടാണു് അറുപതുകളിലെ ആധുനിക കവിതയുടെ രാഷ്ട്രീയാന്തരംഗവുമായി സുഗതകുമാരിക്കവിതയുടെ രാഷ്ട്രീയാന്തരംഗത്തിനു് ഒരു തരത്തിലുമുള്ള ഭിന്നതയും ഉണ്ടാവാതിരുന്നതു്. അയ്യപ്പപണിക്കരെ യും സച്ചിദാനന്ദനെ യും കടമ്മനിട്ട യെയും കെ. ജി. എസി നെയും വായനക്കാരന്റെ മുന്നിൽ ഏകാഗ്രമായ ഒരു വായനയ്ക്കു പാകത്തിൽ അക്കാലത്തു നിരത്തി നിർത്താൻ ആധുനിക കവിതയുടെ പ്രാഥമിക ഘട്ടത്തിനു് സാധിച്ചതു് ഈ സന്ദർഭത്തിൽ മനസ്സിലോർക്കുക.

images/Kadaman.jpg
കടമ്മനിട്ട

സുഗതകുമാരിക്കവിതയുടെ സക്രിയമായ ഇടപെടലാണു് അത്തരമൊരു വായനക്കു് ആധുനിക കവിതയെ സഹായിച്ചതു്. രാഷ്ട്രീയതലത്തിൽ തികച്ചും ദൃശ്യമായ ഒരാത്മബന്ധത്തിന്റെ സ്പർശം മലയാളത്തിന്റെ ആധുനിക കവിതയോടു സുഗതകുമാരിയുടെ കവിതയ്ക്കുണ്ടായിരുന്നു. ആർദ്രമായ കാവ്യ ഭാഷയിൽ ആധുനിക കവിതയുടെ രാഷ്ട്രീയാന്തരംഗത്തെ സുഗതകുമാരി തന്റെ കവിത കൊണ്ടു് ഏകോപിച്ചതുകൊണ്ടാണു് ഇത്രയും ആധികാരികത ആധുനികതയുടെ പ്രഥമ ഘട്ടത്തിന്റെ വായനക്കു ലഭിച്ചതെന്നു പറയാം. ആധുനിക കവിതയുടെ രാഷ്ട്രീയത്തെ വായിപ്പിക്കുക എന്ന ജീവധർമമായിരുന്നു ആ നിലയിൽ സുഗതകുമാരിക്കവിത അന്നേറ്റെടുത്തതു്.

images/kgs-new.jpg
കെ. ജി. എസ്.

ഒ. എൻ. വി., സുഗതകുമാരി, വിഷ്ണുനാരായണൻ നമ്പൂതിരി എന്ന ഒരു ത്രിത്വത്തെ കാല്പനിക കവിതയുടെ അവസാന നീർച്ചാലുകൾ എന്ന രീതിയിലൊരു സമീപനം പൊതുവെ നാം സൂക്ഷിച്ചു പോരുന്നുണ്ടു്. അതു് കൃത്യമല്ലെന്നു മാത്രമല്ല, അങ്ങനെയൊരു വേറിട്ട കാല്പനിക ധാരയ്ക്കകത്തു് ഒടുങ്ങിയ കവിയുമല്ല സുഗതകുമാരി. ആധുനികതയുടെ ലോകബോധത്തോടു് അയ്യപ്പപണിക്കരുടെ കവിത എത്രമാത്രം ഇണങ്ങി നിൽക്കുന്നു എന്നറിയാൻ അദ്ദേഹത്തിന്റെ കുടുംബപുരാണം എന്ന കവിത പരിശോധിക്കുന്നതു പോലെത്തന്നെ സുഗതകുമാരി 1980-ൽ എഴുതിയ ‘മരത്തിനു സ്തുതി’ എന്ന ഒറ്റക്കവിത പരിശോധിച്ചാൽ സുഗതകുമാരി ആധുനിക ലോകബോധത്തോടു് ഇണങ്ങി നിന്നതിന്റെ ആഴം നമുക്കു് ബോധ്യപ്പെടും.

images/Satchidanandan.jpg
സച്ചിദാനന്ദൻ

അയ്യപ്പപണിക്കരിൽ പ്രവർത്തിച്ച അതേ ആയത്തിൽ തന്നെയാണു് ആധുനികതയുടെ ലോകബോധം സുഗതകുമാരിയുടെ കവിതയിലും പ്രവർത്തിച്ചതെന്നു സാരം. സുഗതകുമാരി പക്ഷേ, ഛന്ദോമുക്തമാവാതെയും ഈണരാഹിത്യത്തിലേക്കു വീഴാതെയും കാവ്യശില്പത്തിന്റെ പാരമ്പര്യ ബോധത്തെ അവനവനിൽ നവീകരിച്ചു കൊണ്ടു് മുന്നോട്ടു പോവുകയാണുണ്ടായതു്. ആ നിലപാടു് സത്യത്തിൽ ചങ്ങമ്പുഴയിലും കുഞ്ഞിരാമൻ നായരിലും തറഞ്ഞു പോയ വായനക്കാരെ ഞൊടിയിടയിൽ മറ്റൊരു കാവ്യമേഖലയിലേക്കും ഭാവുകത്വ മേഖലയിലേക്കും എത്തിച്ചു. ബീഹാർ പോലെ ഒരു കവിത അവരെഴുതുന്നതു് 1967-ലാണു്. നമ്മുടെ കാവ്യകാലം കേരളീയാധുനികതയും രാഷ്ട്രീയാധുനികതയും ചേർന്നു് ഒരു പുതിയ നൈതികബോധത്തെയും നീതിയുടെ സമാകലന സാധ്യതകളെയും സമസ്ത മണ്ഡലങ്ങളിലും അന്വേഷിക്കുന്ന കാലമായിരുന്നു അതു് എന്നോർക്കുക.

ദേശീയ പ്രസ്ഥാനത്തിന്റെ വഴിയിൽ നിന്നു്, ഗാന്ധിയുടെ വഴിയിൽ നിന്നു്, ജീവ-ജന്തു കേന്ദ്രിതമായ നീതിയുടെ വഴിയിൽ നിന്നു് പോസ്റ്റ് കൊളോണിയൽ ഇന്ത്യ മാറിപ്പോവുന്നു എന്നു് ഒ. എൻ. വി. അടക്കമുള്ളവർ കവിതയിൽ നിരീക്ഷിച്ച കാലവും അതു തന്നെയാണു്.

images/Onv1.jpg
ഒ. എൻ. വി.

വിശക്കുന്ന വയറുകൾക്കു മുന്നിൽ അന്നമല്ലാതെ അക്ഷരമെന്തിനു് എന്നു കവിതയിലെ രാഷ്ട്രീയാധുനികതയുടെ നൈതിക ബോധം കലഹമാരംഭിക്കുന്നതും ഇക്കാലത്തു തന്നെ. ഈ കലഹത്തിന്റെ പതികാലം കൊട്ടിത്തുടങ്ങുന്ന കവിതയാണു് സുഗതകുമാരിയുടെ ‘ബീഹാർ’. നീതി ആദ്യന്തം നിഷേധിക്കപ്പെട്ടതാർക്കു് എന്ന ചോദ്യം ഒരുപക്ഷേ, അന്നുവരെ കവിത ഉയർത്തിയിട്ടില്ല. പകരം നീതി നിഷേധിക്കപ്പെട്ടവന്റെ കണ്ണീരിനൊപ്പം നിൽക്കുന്നു എന്നു നിസ്സഹായപ്പെടുകയോ അത്തരമൊരു വ്യവസ്ഥിതിയുടെ രൂപപ്പെടലിൽ സ്വയം വികർഷിച്ചു മാറി നിൽക്കുകയോ ആയിരുന്നു കവിത അതുവരെ ചെയ്തു പോന്നതു്. പക്ഷേ, ബീഹാർ എന്ന കവിത ആ ചോദ്യമുയർത്തി. സാമൂഹ്യനീതിയില്ലായ്മയോടു് കലഹിക്കാനാഞ്ഞു നിൽക്കുന്ന അന്നത്തെ ഒരു ചെറുപ്പക്കാരനെ, നക്സലൈറ്റ് ആക്കാൻ പോലും ആ കവിതക്കു കരുത്തുണ്ടായിരുന്നു. ഒരുപക്ഷേ, ആധുനികതയുടെ നിശ്ചിത സന്ദർഭങ്ങളിൽ നമ്മൾ സൂചിപ്പിക്കാറുള്ള കവിതകൾക്കെത്രയോ മുമ്പെ, ഒരുപക്ഷേ, അതിലേറെ ശക്തമായി മലയാളത്തിൽ കവിത രാഷ്ട്രീയ നൈതികതയിൽ തിരുത്തൽ ശക്തിയായി ഇടപെടുന്നതിൽ സുഗതകുമാരിക്കവിതകൾ കാണിച്ച മിടുക്കും സൂക്ഷ്മതയും ബീഹാർ എന്ന കവിതയിൽ നിന്നാണു് ആരംഭിക്കുന്നതു്.

പ്രണയം, രതി, ഭക്തി എന്നീ കൺവെൻഷണൽ ഘടകങ്ങളെത്തന്നെയാണു് കവിതയിൽ സുഗതകുമാരി ആധാരശിലയായി സ്വീകരിച്ചതു്. അറുപതുകളുടെ തുടക്കത്തിൽ കവിതയിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയിൽ നിന്നു വിഷാദഭരിതയായ ഒരു കാമിനിയെത്തന്നെയാവണം വായനാ സമൂഹം പ്രതീക്ഷിച്ചിട്ടുണ്ടാവുക. പോക്കുവെയിലിന്റെ പ്രകാശവും ഒപ്പം വിഷാദവും ചേർന്ന മനോനിമിഷങ്ങളുടെ ആവിഷ്കരണങ്ങളായി അക്കാലത്തെ സുഗതകുമാരിക്കവിതകൾ മുന്നോട്ടു പോയി. അവിടെയാണു് കറുത്തിരുണ്ട രാത്രിയിലേക്കു് തടിൽ പ്രഭയിറങ്ങി വന്നു് ഒരു നിമിഷം പ്രപഞ്ചത്തെ ഉൻമിഷിത്താക്കും പോലുള്ള കൃഷ്ണകവിതകൾ സംഭവിക്കുന്നതു്.

1960-ൽ, ഇരുപത്തിയാറാം വയസ്സിലാണു് സുഗതകുമാരി കാളിയമർദ്ദനം എഴുതുന്നതു്. നീണ്ട മുപ്പതു വർഷങ്ങൾക്കുള്ളിൽ അവർ കൃഷ്ണ സങ്കല്പത്തെ മുൻനിർത്തി അനേകം കവിതകളെഴുതി. കൃഷ്ണകവിതകൾ എന്നു് പിൽക്കാലത്തു് വിളിക്കപ്പെട്ട ആ കവിതകളിൽ രതിയും മൃതിയും ഇടത്തും വലത്തും നിന്നു. രതികാമനയിൽ നിന്നു് മൃതികാമനയിലേക്കുള്ള പടർന്നു കയറിപ്പോക്കു് അതിസൂക്ഷ്മമായി ആ കവിതകളിലുണ്ടു്. അവനവനിലും അവനവന്റെ പ്രാണസത്തയിലും ഒരു കവി വിശ്വാസമർപ്പിച്ചു് ഊന്നുമ്പോൾ മാത്രമാണു് അത്തരം കവിതകളുണ്ടാവുന്നതു്. എന്നാൽ അതിനപ്പുറത്തേക്കു് ആ കവിയുടെ സാധ്യതകൾ അടഞ്ഞുപോകുന്നു എന്നതാണു് സാധാരണയായി സംഭവിച്ചു കാണാറുള്ളതു്.

ഇതേ അറുപതുകൾ തൊട്ടു് തൊണ്ണൂറുകൾ വരെയുള്ള കാലത്തു തന്നെയാണു് അവർ നീതി എന്ന പദത്തേയും അതിന്റെ രാഷ്ട്രീയത്തേയും കാവ്യാന്തരീക്ഷത്തിൽ ഉയരുന്ന എല്ലാ കാല്പനിക ലാളിത്യങ്ങൾക്കും മുകളിൽ ഉയർത്തിപ്പിടിക്കുന്നതു്. ഓർക്കണം, എഴുപതുകൾ അവസാനിക്കുമ്പോൾ അനീതിയുടെ ഇരകളെക്കുറിച്ചു് പൊതുസമൂഹത്തിനു് ഒരു കൃത്യമായ ധാരണ രൂപപ്പെടാൻ പാകത്തിൽത്തന്നെ സുഗതകുമാരിയുടെ ഇടപെടലുകൾ ശക്തമാവുന്നുണ്ടു്. ഒരു ആക്ടിവിസ്റ്റിന്റെ തലത്തിൽ നിന്നു കൊണ്ടു് പ്രണയം/പീഡിതയായ സ്ത്രീ എന്ന രാഷ്ട്രീയ വിവക്ഷയിലേക്കും പിന്നീടു് പ്രകൃതി/പീഡിതയായ സ്ത്രീ എന്ന വിശാലമായ വിവക്ഷയിലേക്കും സുഗതകുമാരി വന്നെത്തുന്നുണ്ടു്. ഹരിത രാഷ്ട്രീയത്തിന്റെയും ഹരിത വിമർശനത്തിന്റെയും പെർസ്പെക്ടീവുകൾ രൂപപ്പെടുന്നതിനൊക്കെ എത്രയോ മുൻപാണു് സ്ത്രീ-പ്രകൃതി-പീഡിത എന്ന ഒരു സങ്കല്പനം തന്റെ എഴുത്തിലും പ്രവർത്തനങ്ങളിലും അവർ സ്ഥാപിച്ചെടുക്കുന്നതു്. സൈലന്റ് വാലി പ്രക്ഷോഭകാലത്തു് അവർ എഴുത്തിലൂടെയും അല്ലാതെയും നടത്തിയ ഇടപെടലുകളിൽ നിന്നു ബോധ്യമാവുന്നതു് അതാണു്.

അതിനു പാകത്തിൽ ഹൃദയത്തിലേക്കു് ചാട്ടുളി പോലെ പാഞ്ഞു കേറുന്നതും എന്നാൽ പാൽനിലാവിന്റെ ഇമ്പമൂറുന്നതുമായ ഒരു ഭാഷ അവർ കവിതയിലും അപൂർവ്വമായി എഴുതിയ ഗദ്യത്തിലും സൂക്ഷിച്ചു. അതു കൊണ്ടുതന്നെ ഭാഷയാണു കവിത എന്നു സുഗതകുമാരിയുടെ കവിതയെ ചൂണ്ടി ഉറപ്പിച്ചു പറയാൻ നമുക്കു സാധിക്കുന്നു. ആ ഭാഷയുടെ ജൈവികതയിലും ഭാഷ ഉയർത്തിപ്പിടിക്കുന്ന നൈതികതയിലും ഉള്ള ആത്മവിശ്വാസം താനേറ്റെടുത്ത വിഷയങ്ങളിൽ ഏതറ്റം വരെ പോകാനും അവർക്കു തുണയായി.

പ്രകൃതിപീഡനത്തെ പ്രശ്നവത്കരിച്ചു എന്ന ഒറ്റ പ്രമേയത്തിൽ ഊന്നി മരക്കവി എന്ന ആക്ഷേപം കേട്ടയാളാണു് സുഗതകുമാരി. ഒരുപക്ഷേ, അന്നു് അവർ അത്തരത്തിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ കേരളത്തിന്റെ വനമേഖല മുഴുവനെന്നോണം ഇന്നു മലയിറങ്ങിപ്പോവുമായിരുന്നു. കഴിഞ്ഞ ഇരുപതു്-ഇരുപത്തിയഞ്ചു വർഷക്കാലം കൊണ്ടു് കേരളത്തിന്റെ വനമേഖല പഴയതിനേക്കാൾ ഉയർന്ന വോള ്യത്തിലേക്കെത്തുന്നു എന്ന ചില പ്രസ്താവനകൾ വായിക്കാൻ കഴിഞ്ഞിരുന്നു. അപ്പോൾ ആദ്യവും അവസാനവുമായി ഓർത്തതു് സുഗതകുമാരിയുടെ മുഖം തന്നെയായിരുന്നു.

‘ആദ്യാനുരാഗ നിശകളിൽ പോൽ നിന്നെ-

യോർത്തു കിടന്നു ഞാനെത്രയോ ദീർഘമാം

രാത്രിയുറങ്ങാതുഴന്നൂ ഭയാകുലം’

എന്നു സൈലന്റ് വാലി എന്ന കവിതയിൽ അന്തഃസംഘർഷമില്ലാതെ പിൽക്കാലത്തു് അവരെഴുതിയിട്ടുണ്ടു്. അക്കാലത്തു്, സാമൂഹിക നീതിയുടെ മുന്നിൽ തളർന്നു നിന്ന ഏതൊരു വിഷയത്തെയും അവർ ഏറ്റെടുക്കാൻ തുനിഞ്ഞാൽ, ആ വിഷയം അവരെ ആദ്യാനുരാഗം പോലെ ചുമലിലേറ്റിയിട്ടുണ്ടു്. അതിന്റെ ആയത്തിലും ആഴത്തിലുമുള്ള സ്നേഹം നിമിത്തമാണു് അനീതിയുടെ കൊമ്പുള്ള കാളകളെ നീതിയുടെ തൊഴുത്തിൽ കെട്ടുംവരെ പൊരുതാൻ അവർ സജ്ജയായിരുന്നതു്.

അന്യൂനമായ ആനന്ദമായിരുന്നു സുഗതകുമാരിയെഴുതുമ്പോൾ മലയാളം അനുഭവിച്ചതു്. വിശേഷിച്ചും 1981-ൽ പ്രസിദ്ധീകരിച്ച ‘അമ്പലമണി’ എന്ന സമാഹാരത്തിനു ശേഷം വന്ന കവിതകൾ. അവരുടെ കവിതകളിലെ അസാധ്യമായ വൈവിധ്യങ്ങൾ അത്ഭുതകരമായി ആവിഷ്കരിക്കപ്പെട്ട കാലമാണതു്. ‘കാടാണു്’, ‘കൃഷ്ണ, നീയെന്നെയറിയില്ല’ മുതൽ ‘പാദപ്രതിഷ്ഠ’ വരെയുള്ള ഒരു സ്ട്രീം, മരത്തിനു സ്തുതി, ഇനിയീ മനസ്സിൽ കവിതയില്ല, ഒരു പാട്ടു പിന്നെയും, തോഴരേ നന്ദി, കുറുഞ്ഞിപ്പൂക്കൾ മുതലുള്ള മറ്റൊരു സ്ട്രീം, പ്രിയദർശിനി നിനക്കുറങ്ങാമിനി, പെൺകുഞ്ഞു് 90 തുടങ്ങിയ വേറൊരു സ്ട്രീം എന്നിങ്ങനെ അനന്ത വിചിത്രമായ ആവിഷ്കാരങ്ങളും പ്രമേയ പരിസരങ്ങളും ഉപയോഗിച്ചു കൊണ്ടു് സാമൂഹിക നീതിക്കായുള്ള ആധികാരികത നിറഞ്ഞ ഭാഷയിലാണു് അന്നവർ കവിതയെഴുതിയതു്. പവിഴമല്ലി പോലുള്ള കവിതകളുടെ ഭാഷ സൂക്ഷിച്ച പേലവത്വം പാടേ മാഞ്ഞു പോവുകയും എന്നാൽ അങ്ങേയറ്റം ലാവണ്യത്തോടു കൂടിത്തന്നെ കവിത നിലയുറപ്പിക്കുകയും ചെയ്തു. എൺപതുകളുടെ അന്ത്യത്തിൽ, ആധുനികത പിൻമടങ്ങുന്ന ഘട്ടത്തിൽ, ഭാവുകത്വ പരിണതിയുടെ ഇങ്ങേയറ്റത്തെ പാലമായും അവർ വർത്തിച്ചു. ആ പാലത്തിലൂടെയാണു് അയ്യപ്പപണിക്കർ ഗോപികാദണ്ഡകവും കൊണ്ടു് വിസ്മയിപ്പിച്ചു് പുതിയ യാത്ര തുടങ്ങിയതു്, ഇവനെക്കൂടിയിലൂടെ സച്ചിദാനന്ദൻ സ്വയം പുതിയ അംഗവസ്ത്രം ധരിച്ചെത്തിയതു്, കെ. ജി. എസ്. ആവിഷ്കാരത്തിന്റെ നൂതനത്വം തിരഞ്ഞു തുടങ്ങിയതു്. ആധുനികതയുടെ ആരംഭഘട്ടത്തിൽ അവർ കവിതയിൽ ഏറ്റെടുത്ത ദൗത്യം അത്യന്ത ഭിന്നമായി അവസാനഘട്ടത്തിലും ഏറ്റെടുത്തു നിർവ്വഹിച്ചു. ആ ഘട്ടത്തിലെഴുതിയ മറ്റൊരു കവിക്കും അവകാശപ്പെടാനാവാത്ത ധർമമാണു് സുഗതകുമാരിയുടെ കവിത നിർവ്വഹിച്ചതു്.

പ്രവർത്തിച്ച മാധ്യമത്തിൽ കാലത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടി വരികയെന്നതു് അപൂർവമാണു്. അത്തരം ദൗത്യനിർവ്വഹണങ്ങൾ അവയുടെ നിർവ്വഹണ ഘട്ടങ്ങളിൽ വെളിപ്പെടണം എന്നില്ല. എന്നാൽ കാറ്റടിച്ചു് മണൽക്കൂന നീങ്ങുമ്പോൾ മണലിനിടയിൽ തെളിയുന്ന നിധിശേഖരം പോലെ അവ പിന്നെയൊരു കാലത്തു് പ്രത്യക്ഷപ്പെടും. സുഗതകുമാരി മലയാളത്തിൽ അസ്തമിക്കാത്ത വെളിച്ചമാവുന്നതു് അങ്ങനെയാണു്.

വിജു നായരങ്ങാടി
images/viju.jpg

1965-ൽ പൊന്നാനിയിൽ ജനിച്ചു. പൊന്നാനിയിൽ ജീവിച്ചു വരുന്നു. വിവിധ ഗവ. കോളേജുകളിൽ ദീർഘകാലം മലയാള വിഭാഗം അദ്ധ്യാപകനായും വകുപ്പു് അദ്ധ്യക്ഷനായും പ്രവർത്തിച്ചു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ നിന്നും പ്രിൻസിപ്പാളായി വിരമിച്ചു. ആനുകാലികങ്ങളിൽ എഴുതുന്നു. പ്രഭാഷണ രംഗത്തു് സജീവമാണു്.

Colophon

Title: Lavanyavum Kavithayum (ml: ലാവണ്യവും കവിതയും).

Author(s): Viju Nayarangadi.

First publication details: Sayahna Foundation; Trivandrum, Kerala; 2023-02-28.

Deafult language: ml, Malayalam.

Keywords: Article, Viju Nayarangadi, Lavanyavum Kavithayum, വിജു നായരങ്ങാടി, ലാവണ്യവും കവിതയും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 28, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The butterfly, a painting by Frederick Morgan (1847–1927). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.