ആയിരത്തി തൊള്ളായിരത്തി എൺപത്തിനാലിലാണു് ‘പരിണാമ സങ്കീർത്തനം’ എന്ന കവിത വിഷ്ണുനാരായണൻ നമ്പൂതിരി യെഴുതുന്നതു്. എൺപത്തിനാലു് ഡിസംബറിൽ തുഞ്ചൻ പറമ്പിൽ നടന്ന തുഞ്ചൻ ഉത്സവത്തിന്റെ കവി സമ്മേളനത്തിലാണു് ആ കവിത ആദ്യം പുറത്തു വരുന്നതു്, ഞാനാ സദസ്സിൽ കവിത കേൾക്കുന്നുണ്ടു്. ഒരുപക്ഷേ, എൺപതുകളുടെ ആദ്യ പകുതിയിൽ കവിത വായിച്ചു തുടങ്ങുന്ന ഒരു കൗമാരക്കാരനിലേക്കു് അത്രയൊന്നും പരിചയമില്ലാതിരുന്ന ഒരു കവി ക്രാഷ്ലാന്റു് ചെയ്ത സന്ദർഭമായിരുന്നു അതു്. അതിനു ശേഷമുള്ള ഒന്നു രണ്ടു വർഷക്കാലം മുഖമെവിടെ വരെയുള്ള സമാഹാരങ്ങളിലൂടെ തീർത്തും ഭിന്നമായ ഒരു കാവ്യരുചിയിലൂടെ സഞ്ചരിക്കുകയായിരുന്നു, എന്റെ ജീവിതം.
ഭിന്നമായ കാവ്യരുചി എന്ന പ്രയോഗം ഇവിടെ എത്രമേൽ സംഗതമെന്നു് അറിഞ്ഞുകൂടാ. എന്റെ കവിതാവായന ആധുനികരുടെ കവിതകളിലാണു് ആരംഭിച്ചതു്. എന്നിട്ടും അക്കിത്തമോ സുഗതകുമാരി യോ അന്നു ഭിന്ന രുചിയായിരുന്നില്ല. ആവിഷ്കാരത്തിൽ അക്കിത്തവും സുഗതകുമാരിയും ഒ. എൻ. വി. യുമെല്ലാം സൂക്ഷിച്ച പാരമ്പര്യ ബോധത്തോടൊപ്പം തന്നെ അവരുടെ കാവ്യത്തിന്റെ ആത്മാവിൽ സ്പന്ദിച്ച ആധുനികതാ വിമർശം അവരെ ഏതു രുചിക്കൊപ്പവും ചേർത്തുവെച്ചു വായിക്കാൻ പ്രയാസപ്പെടുത്തിയിരുന്നില്ല. പലതിൽ നിന്നും പലരിൽ നിന്നുമുള്ള എക്സ്റ്റൻഷൻ പോലെയാണു് ഇടശ്ശേരി യ്ക്കു ശേഷം വന്ന, വിഷ്ണുനാരായണനൊഴികെയുള്ള കവികൾ പ്രവർത്തിച്ചതു്. വിഷ്ണുമാഷ് ആരുടെയെങ്കിലും എക്സ്റ്റൻഷൻ ആയിരുന്നുവെങ്കിൽ അതു് എഴുത്തച്ഛന്റെ എക്സ്റ്റൻഷനായിരുന്നു.
ഭാരതീയം എന്ന വാക്കു് വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യാനാരംഭിയ്ക്കുന്നതു് എൺപതുകളുടെ മധ്യത്തോടെയാണു്. അതു പക്ഷേ, ആധുനിക കവികളിൽ കക്കാടൊഴികെയുള്ളവരിൽ ഒരു കേന്ദ്ര ചിന്താധാരയായിരുന്നില്ല. എൻ. വി.യിൽ നിന്നു് എന്നേ ആ ധാര പിൻമടങ്ങിത്തുടങ്ങിയിരുന്നു. പക്ഷേ, കക്കാടിൽ ‘വലതാദിയായ് ’ വൈദിക സംസ്കൃതി ആധുനികതാ വിമർശത്തിന്റെ ആയുധമായി നിലനിന്നു പോന്നു. കക്കാടിൽ അതു് സ്വയംഭൂവായ അവസ്ഥയായിരുന്നു. എന്നാൽ ഇതേ ഭാരതീയതയേയും വൈദിക സംസ്കൃതിയേയും നിലപാടു തറയാക്കി ഒരേ സമയം ഇന്ത്യയെന്ന സാംസ്കാരിക ദേശത്തിന്റെയും, സംസ്കൃതമെന്ന, എഴുത്തച്ഛനെന്ന കാവ്യദേശത്തിന്റെയും പിൻബലത്തിൽ ക്രമികമായി വികസിച്ചു വന്ന കാവ്യചേതനയായിരുന്നു, ഇന്ത്യയെന്ന വികാരമായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി.
ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊമ്പതിലാണു് ഇന്ത്യയെന്ന വികാരം എന്ന ശീർഷകത്തിൽ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഒരു കാവ്യസമാഹാരം പുറത്തു വരുന്നതു്. എന്നാൽ ആ ശീർഷകത്തിലൊരു കവിത ആ പുസ്തകത്തിലില്ല. വിഷ്ണുനാരായണൻ നമ്പൂതിരിയെ വായിച്ചു തുടങ്ങിയ കാലത്തു് ‘എന്തുകൊണ്ടിങ്ങനെ’ എന്നാലോചിക്കാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം ആർജ്ജിക്കുന്നതേയുണ്ടായിരുന്നുള്ളു. തീവ്രവിപ്ലവ ചിന്തയുടെ ചിത അപ്പോഴേക്കും എരിഞ്ഞു തീർന്നിരുന്നു. എസ്റ്റാബ്ലിഷ്മെന്റിന്റെ ചില്ലുകൂട്ടിലേക്കു് കയറിപ്പറ്റാനും ഉത്തമ മദ്ധ്യവർഗ്ഗിയാവാനുമുള്ള പ്രായോഗിക പരിജ്ഞാനം നേടാൻ ഉപഭോഗ സംസ്കൃതി നിരന്തരം സമ്മർദ്ദം ചെലുത്തുന്ന കാലവുമായിരുന്നു. നിരാശ്രയവും നിരാശാഭരിതവുമായ യൗവ്വനാരംഭമായിരുന്നു. അക്കാലത്തു് വിഷ്ണുമാഷുമായി സംസാരിച്ചതിനെ കേന്ദ്രീകരിച്ചു കൊണ്ടു് വൈലോപ്പിള്ളി ‘ഇത്തിരി മാത്രം രക്തം’ എന്നൊരു കവിത എഴുതിയിട്ടുണ്ടു്. ആ കവിതയ്ക്കകത്തു് വൈലോപ്പിള്ളി എൻഡോഴ്സ് ചെയ്യുന്ന വിഷ്ണുനാരായണൻ നമ്പൂതിരിയിൽ നിന്നാണു് അദ്ദേഹത്തിനകത്തെ ഇന്ത്യയെന്ന വികാരത്തേയും നാം അന്വേഷിയ്ക്കേണ്ടതു്.
അതു കേവലം വൈദിക സംസ്കൃതിയെ പിൻതുടരുന്നതിലൂടെ വലതുപക്ഷ സാംസ്കാരിക ജീർണ്ണതയെ പ്രത്യാനയിക്കലല്ല. അത്തരമൊരു ധാരണ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളെക്കുറിച്ചു് പറയാൻ ശ്രമിച്ചവരൊക്കെ അറിഞ്ഞോ അറിയാതെയോ വരുത്തിവെച്ച വീഴ്ചയായിരുന്നു. സംസ്കൃതത്തെക്കുറിച്ചും വൈദിക സാഹിത്യത്തെക്കുറിച്ചും സംസാരിച്ചപ്പോഴെല്ലാം അദ്ദേഹം പ്രദർശിപ്പിച്ച വൈകാരിക നിലകളും അത്തരമൊരു തെറ്റിദ്ധാരണ പരത്താൻ കാരണമായിട്ടുണ്ടു്. മാറി നിന്നു കാണുമ്പോഴാണു് സത്യാവസ്ഥ ബോധ്യപ്പെടുക. യേറ്റ്സ് നെ എത്ര ആഴത്തിലാണോ ആ ജീവിതസംസ്കൃതി ഉൾക്കൊണ്ടതു് അത്ര തന്നെയേ സംസ്കൃത സാഹിത്യത്തെയും വൈദിക സാഹിത്യത്തെയും വിഷ്ണു മാഷ് പരിപാലിച്ചു് കൈക്കൊണ്ടിട്ടുള്ളു. അതല്ലെങ്കിൽ അത്രയെങ്കിലുമുണ്ടു് എന്നർത്ഥം. വേദചിന്തയിലെ അഭേദബോധത്തോടൊപ്പം ജീവബിന്ദുക്കളോടുള്ള സമഭാവത്തിന്റെ പരകോടിയിലെത്തൽ വരെ, സാമൂഹ്യ ജീവിതത്തിൽ ഒരു പാരഡിം ഷിഫ്റ്റ് നടക്കുന്ന ആ കാലത്തു്, ആ മനുഷ്യന്റെ എഴുത്തിലും ചിന്തയിലും ജീവിതത്തിലും നിറഞ്ഞു നിന്നു എന്നതാണു് ആ കവിതകളുടെ സമഗ്രതയിൽ വ്യക്തമാവുന്നതു്.
കവിതയെ കവിയോളം തന്നെ ഉപാസിക്കുന്ന സഹചാരിയെയാണു് വിഷ്ണുനാരായണൻ നമ്പൂതിരി കവിതയിൽ അഭിമുഖീകരിയ്ക്കാൻ ശ്രമിച്ചതു്. അതൊരു നിഷ്ഠ പോലെ എഴുത്തിന്റെ അവസാന ഘട്ടം വരെ അദ്ദേഹം സൂക്ഷിച്ചു പോന്നു. രണ്ടായിരത്തിയഞ്ചിൽ ഋതുസംഹാരവിവർത്തനത്തിനു് അദ്ദേഹമെഴുതിയ ‘കാളിദാസന്റെ ഉദയരാശി’ എന്ന ആമുഖക്കുറിപ്പു് വായിക്കുക. ഒട്ടും സജ്ജനല്ലാത്ത ഒരു വായനക്കാരനു് ആ കവിതയുടെ പരിക്രമണപഥത്തിൽ വിശേഷിച്ചൊന്നും ചെയ്യാനില്ല എന്നു ബോധ്യമാവും. വിഷ്ണുമാഷ് എഴുത്തിലെത്തുന്ന കാലം അത്തരത്തിലുള്ള സുസജ്ജരായ വായനക്കാരുടെ കാലം കൂടിയായിരുന്നു. എഴുത്തു പോലെത്തന്നെ വായനയും കലയായിരുന്ന കാലം. ‘ഹേ, കാളിദാസ!’ എന്നു് ആയിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ടിലാണു് വിഷ്ണു മാഷ് എഴുതുന്നതു്. ആ തലക്കെട്ടിൽ നിറയുന്ന സല്യൂട്ടേഷനിൽ ശ്രദ്ധിക്കുക. അതു കവിത എഴുതുന്ന വ്യക്തിയുടേതു മാത്രമല്ലെന്നും പുസ്തകം കയ്യിലെടുക്കുന്നവർ ആരൊക്കെയാണോ ആ സചേതനസംഘത്തിന്റേതാണെന്നുമുള്ള തോന്നൽ അത്രമേൽ ശക്തമാണു്. വിഷ്ണുമാഷിലൂടെ സഞ്ചരിക്കുന്നതിനു് കേവലകാളിദാസ പരിചയം പോര. രഘുവംശവും മേഘദൂതവും ഒന്നമർന്നു് വായിച്ചിരിക്കണം. ഇന്ത്യയുടെ ആധ്യാത്മികതയുടെ ആത്മസ്പന്ദം വിഷ്ണുമാഷ് കണ്ടെത്തുന്നതു് ഋഗ്വേദ സൂക്തങ്ങളിലല്ല കാളിദാസ കവിതയിലാണു് എന്നതാണതിനു കാരണം. വേദപ്രോക്തമായ ഒരു സംസ്കൃതി കാവ്യജീവിത സംസ്കൃതിയായി കാലാന്തരങ്ങൾക്കിപ്പുറം പരിവർത്തിക്കപ്പെട്ടു മുന്നിലെത്തിയതാണു് കാളിദാസ കവിതകൾ എന്നും ആ ജീവിത സൗന്ദര്യമാണു് തുടരേണ്ടതെന്നും വിഷ്ണു മാഷ് പറയാതെ പറഞ്ഞു. അതു കൊണ്ടു തന്നെ കാളിദാസനെ ‘അറിയാത്തവർക്കു്’ ഇവിടെ നിന്നു പുറത്തു പോകാം എന്ന മുന്നറിയിപ്പു് അദ്ദേഹം കവിതയിൽ കോർത്തു വെച്ചിട്ടുണ്ടെന്നു് സാരം. കാളിദാസനിൽനിന്നു ഭാരതത്തിന്റെ പൂർവ്വഘട്ടങ്ങളിലേക്കും അതോടൊപ്പം തന്റെ വർത്തമാന ഘട്ടത്തിലേക്കും നിരന്തരം നടത്തിയ സാംസ്കാരിക സഞ്ചാരങ്ങൾ കൂടിയാണു് അദ്ദേഹത്തിന്റെ കവിതകൾ. മലയാളത്തിലെ മികച്ച കവികളെല്ലാവരും ഈ സംസ്കൃതിയെ വിമർശകാത്മകമായി ഉൾക്കൊണ്ടവരാണു്. വിഷ്ണുനാരായണൻ നമ്പൂതിരിയ്ക്കു് ഇവരിൽ നിന്നുള്ള വ്യത്യാസം അദ്ദേഹം മുന്നിൽ കിട്ടിയ ആരെയും കാളിദാസനുമായി ചേർത്തുവെച്ചു് ഉരച്ചു നോക്കി മാറ്ററിയാൻ ശ്രമിച്ചു എന്നതാണു്. ഇടശ്ശേരിയുടെ, വൈലോപ്പിള്ളിയുടെ, എൻ. വി.യുടെ, കക്കാടിന്റെ, പുലാക്കാട്ടു് രവീന്ദ്രന്റെയൊക്കെ കാവ്യലോകത്തെ ഇത്തരത്തിൽ വിഷ്ണു മാഷ് അത്ഭുതാദരങ്ങളോടെ മാറ്റുരച്ചു നോക്കിക്കൊണ്ടു നടന്നിട്ടുണ്ടു്.
ഉജ്ജയിനിയിലെ രാപ്പകലുകൾ, അതിർത്തിയിലേക്കൊരു യാത്ര എന്നീ കവിതകളെ ചേർത്തുനിർത്തി പരിശോധിക്കുമ്പോൾ ഈ സൗന്ദര്യം കൃത്യമായി വിശദമാവും. രണ്ടു കവിതകളും പ്രകടതലത്തിൽ രണ്ടു പ്രമേയങ്ങളും രണ്ടു തരം ആവിഷ്കാരങ്ങളുമാണു്. ഈ രണ്ടു കവിതകളുടെ രചനാകാലങ്ങൾക്കിടയിൽ പതിന്നാലു പതിനഞ്ചു വർഷങ്ങളുടെ ഇടവേളയുണ്ടു്. അതിർത്തിയിലേക്കൊരു യാത്ര ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലിലാണു് എഴുതുന്നതു്. പ്രണയമാണു് പ്രമേയം; പിരിഞ്ഞ പ്രണയികൾ ‘രണ്ടു വഴിക്കു പിരിഞ്ഞ നീർച്ചാലുകൾ!’ തിക്കിത്തിരക്കുന്ന ഒരു ബസ്സിൽ, കവി മാത്രം കാണുന്ന രീതിയിൽ, ആത്മഗതത്തിന്റെ ഘടനയിൽ ‘അല്ല,ല്ലിതാരു നീ?’ എന്നു കണ്ടുമുട്ടുന്നു. അവൾ ആഖ്യാതാവിനെ കാണുന്നില്ല, പാതി വഴിയിലെവിടയോ ഇറങ്ങിപ്പോവുന്നുണ്ടു്. പക്ഷേ, കവിതയിലുടനീളം കാളിദാസീയമായ ഒരിലഞ്ഞിയുടെ, കുടകപ്പാലയുടെ സൗമ്യ മദഗന്ധം വീശി നിൽക്കുന്നുണ്ടു്.
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത, അക്കാലത്തെ മറ്റേതു കവിതയെക്കാളും ഭൗതികമയമായിത്തീർന്നിരുന്നു. ആധുനിക ശാസ്ത്രാവബോധത്തെ ഉള്ളം കയ്യിലെ നെല്ലിക്ക പോലെ കൊണ്ടു നടന്ന എൻ. വി.യെയും അത്തരമൊരു ബോധത്തെ ഏതു കാവ്യയുക്തിക്കുമൊപ്പം പരിഗണിച്ച വൈലോപ്പിള്ളിയെയും ഇക്കാര്യത്തിൽ വിഷ്ണുമാഷ് അനുവർത്തിച്ചു. ആസക്തമായ ശരീരത്തെയും മനസ്സിനെയും കവിതയിൽ നിയന്ത്രിത ചേതസ്സായി അദ്ദേഹം കൊണ്ടു നടന്നു. ‘പോളപൊട്ടിയിളം കൈത വാസനിക്കുന്നു’ എന്നെഴുതുമ്പോൾ ക്രിയാപദം വാസനിയ്ക്കുക എന്നതാവുന്നു. മണക്കലും വാസനിക്കലും രണ്ടു തരം ക്രിയകളാണു്. മണം തിരഞ്ഞു വരും. വാസന തിരഞ്ഞു പോകണം. മൂക്കെടുക്കാതെ, പ്രതലത്തിൽ ആവർത്തിച്ചുരുമ്മിയാലേ വാസന നിർവ്വഹിക്കപ്പെടൂ. അതൊരബോധ പ്രവൃത്തിയാണു്. ഈ അബോധ പ്രവൃത്തി ജന്തുവർഗ്ഗം രതിക്രിയയിലാണു് ആചരിക്കുന്നതു്. ഈ രീതിയിലൊരു ഭൗതികാസക്തമായ കാവ്യാന്തരീക്ഷം വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യലോകത്തു് നിറഞ്ഞു നിൽപ്പുണ്ടു്. അത്തരമൊരു കാവ്യലോകത്തിനു് പാകവും പ്രാപ്തവുമായ മനസ്സുകൊണ്ടേ ശ്രീവല്ലഭനു് സാർത്ഥകമായ സഹസ്രനാമ പുഷ്പാഞ്ജലി പോലും സാദ്ധ്യമാകൂ എന്നു് അദ്ദേഹത്തിനു് ഉറപ്പായിരുന്നു.
നിയന്ത്രിതമെങ്കിലും ഈ ആസക്തമനോഘടനയാണു് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതയെ നിർണ്ണയിക്കുന്നതു്. ഒരു പക്ഷേ സുഗതകുമാരിയുടെ കൃഷ്ണകവിതകളിൽ തെളിയുന്ന ആസക്തിക്കൊപ്പം നിൽക്കുന്ന മനോഘടന തന്നെയാണതു്. പരസ്പര പൂരകങ്ങളോ പരസ്പരം ലയിച്ചു ചേർന്നു നിൽക്കുന്നവയോ ആണു് സുഗതകുമാരിയുടെ കൃഷ്ണകവിതകളും വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യലോകവും. ഈ മനോഘടനയുടെ സമ്യക്കായ നിർവ്വഹണം പോലെയൊരു കവിത പിന്നീടദ്ദേഹം എഴുതിയിട്ടുണ്ടു്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നിൽ ‘അതിർത്തി’ എന്ന പേരിലാണു് ആ കവിത വന്നതു്. വിഷ്ണുമാഷ് ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലിൽ തന്റെ മുപ്പത്തിയാറാമത്തെ വയസ്സിൽ, ഉദ്ദാമ യൗവനത്തിന്റെ ഉച്ചസ്ഥായിയിൽ എഴുതിയ കവിതയാണു് ‘അതിർത്തിയിലേക്കൊരു യാത്ര’. അതിർത്തിയിൽ അതേ ‘അവളെ’ മറ്റൊരു യാത്രാമധ്യേ, അവിചാരിതമായി കണ്ടുമുട്ടുന്ന ഒരു സന്ദർഭം കവിത രൂപപ്പെടുത്തി, ‘കൈതപ്പോള പോലെ ചിരിച്ചു കൊണ്ടന്തികത്താരു്—നീ!’
പിന്നീടു് കവിത, ഒട്ടും ഏച്ചുകെട്ടാത്ത തീവ്രജീവിതാഭിലാഷവും ജീവിത നിയോഗങ്ങളും കർമ്മവൈപരീത്യങ്ങളും ‘ദെന്തൊരു ജീവിതമാണു്’ എന്ന പിടികിട്ടായ്മയുമെല്ലാം ചേർന്നു് ഒരത്ഭുത സൗന്ദര്യശില്പമായിത്തീരുകയാണു്. ഈ കവിതയിലെ കഥാപാത്രങ്ങളോടു് വിഷ്ണുമാഷിനു് യാതൊരു തരത്തിലുള്ള ചാർച്ചയുമുണ്ടാവാൻ ഇടയില്ല. ഫസ്റ്റ് പേർസൺ നരേറ്റീവിലാണു് ആഖ്യാനമെങ്കിലും ആഖ്യാതാവു് മാഷല്ലാതിരിക്കാനും തുല്യ സാദ്ധ്യതയുണ്ടെന്നു സാരം. കാരണംഏതവസ്ഥയെയും വിഭാവനം ചെയ്യാനുള്ളത്രമാത്രം സൗന്ദര്യബോധം മാഷുടെ രൂപം പോലെത്തന്നെ മനസ്സിനുമുണ്ടായിരുന്നു. ഒരു ചരമക്കുറിപ്പു് എന്ന പേരിൽ മാഷുടെ ഒരു കവിതയുണ്ടു്. ആ ചരമക്കുറിപ്പു് ആരെക്കുറിച്ചെന്നതിനു് കോൺക്രീറ്റായ ഒരു സൂചനയും കവിതയിലില്ല. എന്നാലതു വളരെ പ്രോമിനന്റ് ആയ ആരോ ആണെന്നതിനുള്ള സൂചനകൾ സമൃദ്ധമാണു താനും. മാഷുമായും മാഷുടെ കവിതകളുമായും നിത്യചിര സഹവാസമുണ്ടായിരുന്ന ആത്മാരാമനോടു് ‘അതാരാവും’ എന്നു ഞാൻ ചോദിക്കുകയുണ്ടായി. അപ്പോൾ ‘അതങ്ങനെ ഒരാളുമല്ല, അതു് ആരുമാവാം’ എന്നു വിഷ്ണു മാഷ് തന്നെ അറ്റസ്റ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു കൃഷ്ണകുമാറേട്ടന്റെ രസകരമായ മറുപടി. അപ്പോഴാണു് സമഗ്രത സൗന്ദര്യത്തിന്റെ അനേക മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്നു ബോധ്യപ്പെടുന്നതു്. ഇവിടെ പ്രവർത്തിക്കുന്നതു് ജീവിതസമഗ്രതയാണു്. ഈ സമഗ്രതയാണു് പരിണാമസങ്കീർത്തനം പോലുള്ള കവിതകളുടെ ഊർജ്ജം.
കവിത ക്രാഫ്റ്റിന്റെ കലയാണു്. മുളപൊട്ടുന്ന ഒരാൽവിത്തിൽ അതിന്റെ അവസാനത്തെ വേരുപടലവും ഉണങ്ങി വരണ്ടു പോകുന്നതുവരെ അതിൽ വിരിയാനിരിക്കുന്ന ശതകോടി ദലങ്ങളുടെയും ശാഖോപശാഖകളുടെയും വിസ്തൃത ചരിത്രം സൂക്ഷ്മ സൂക്ഷ്മാർത്ഥത്തിൽ കുറിച്ചുവെച്ചിട്ടുണ്ടു്. അതു പോലെ എഴുതപ്പെടുന്ന കവിതയുടെ ആദ്യപദത്തിൽ അതിന്റെ പൂർണ്ണരൂപം അവ്യക്തമായി തന്നെ പടം വിരിക്കും എന്നു മികച്ച ഏതൊരു കവിതയുടെ വായനയും അനുഭവിപ്പിക്കുന്നുണ്ടു്. അത്തരത്തിലൊരത്ഭുത രചനയാണു് പരിണാമ സങ്കീർത്തനം.
പഞ്ചഭൂതങ്ങൾ, അവ നൽകുന്ന അഞ്ചു് ഇന്ദ്രിയാനുഭവങ്ങൾ. ഈ ഇന്ദ്രിയാനുഭവങ്ങളുടെ ഭൂതപ്രതലങ്ങളിലൂടെ തൊട്ടനുഭവിപ്പിച്ചും രുചിപ്പിച്ചും ദൃശ്യപ്പെടുത്തിയും നാദാനുഭവങ്ങളിലൂടെ സഞ്ചരിപ്പിച്ചും ഗന്ധപരിസരങ്ങളിലേക്കു വലിച്ചെറിഞ്ഞും വാക്കു് നൃത്തം ചെയ്തു നീങ്ങുന്ന കവിതയാണു് പരിണാമ സങ്കീർത്തനം. ‘ഹേ, ഗന്ധമോഹിനീ ധരിത്രീ’ എന്നു ഭൂമിയെ സംബോധന ചെയ്തു് കവിതയാരംഭിയ്ക്കുന്നു. ഈ സംബോധനയിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വായന കാവ്യലക്ഷ്യം കുറിക്കുന്നുണ്ടു്. പക്ഷേ, നേരത്തേ പറഞ്ഞ സുശിക്ഷിതനായ, കാളിദാസീയമായ കാവ്യലോകത്തോടു് മനസ്സങ്കല്പ പ്രണയമുള്ള ഒരു വായനക്കാരന്റെ ഉള്ളു പിടയാൻ പാകത്തിലാണു് ആ സംബോധനയെന്നു് മനസ്സിലാക്കണം. ഭൂമി ഗന്ധത്തെ പ്രദാനം ചെയ്യുന്നു എന്നു സങ്കല്പം. ഈയൊരു സങ്കല്പത്തെ, ഗന്ധമോഹിനിയായ ധരിത്രീവിശേഷത്തെ എവിടെയെവിടെച്ചെന്നു് അടയാളപ്പെടുത്തും എന്നു വായന പരിഭ്രമിക്കും. എന്നാൽ ഒട്ടും പരിഭ്രമമില്ലാതെ ‘പുലർമഞ്ഞത്തു് കാളും കരിമ്പുവയലിൻ പുകമണം’ എന്നു് അത്യപൂർവ്വവും എന്നാൽ ഭാവനാനിഷ്ഠവുമായ ഒരു ഗന്ധത്തിലേക്കു കവിത വിരിയുന്നു. തുടർന്നു് നിത്യസാധാരണങ്ങളായ എന്നാൽ വേണ്ടത്ര ആരുടേയും ശ്രദ്ധയിൽ വരാനിടയില്ലാത്ത, വിഭാവനാ ലോകത്തു മാത്രം വിരിയുന്ന അനേകഗന്ധങ്ങളിലൂടെ, ഗന്ധം എന്ന വാക്കു് ഇവിടെ എത്ര പരിമിതാർത്ഥം ഉള്ളതാണെന്നു് അറിഞ്ഞു കൊണ്ടു തന്നെ, കവിത ചേതനയുടെ ഭരണ ഭാരമേൽക്കുന്നു. ‘ഹേ, രസതരംഗിത സമുദ്ര!’ എന്നും ‘ഹേ, രൂപസുന്ദര ജ്വാലാപരീത!’ എന്നും ‘ഹേ, സുഖ സ്പർശന സമീര!’ എന്നും ‘ഹേ, നാദ നിർമ്മല മഹാകാശ!’ എന്നും പരിണാമ ക്രമത്തിലെ ഗുണ പരിണാമങ്ങളെ കവിത ആദരം തികഞ്ഞു സംബോധന ചെയ്യുന്നു. തുടർന്നു് ഈ ഇന്ദ്രിയാനുഭവങ്ങളെ വായന അനുഭൂതീ സാന്ദ്രമായി അനുഭവിക്കുന്നു. ആ കവിത വായിക്കുമ്പോഴാണു് കവിതയിൽ എത്രയനായാസമായിട്ടാണു്, ശില്പം മെനയും പോലെ പദഘടന മുന്നോട്ടു പോവുന്നതെന്നറിയുന്നതു്. അഞ്ചു തരം അനുഭവങ്ങളെയും നാം അവയുടെ സമഗ്രതയിൽ അനുഭവിക്കുന്നു. ഗന്ധങ്ങളുടെ ഖണ്ഡത്തിൽ ‘കാമം വിയർക്കും മണം’ എന്നൊരു പ്രയോഗം, രുചിയിൽ ‘വളയണിക്കയ്യിലെച്ചായ തൻ ചുടുരുചി’ എന്നൊരു പ്രയോഗം, രൂപത്തിലെ ‘കുതി കൊള്ളുമാവേശ ദൃഢമുഷ്ടി വടിവു്’ എന്നൊരു പ്രയോഗം, സ്പർശത്തിലെ ‘പൊള്ളുന്ന നെറ്റിയിൽ തലോടുന്ന തോഴന്റെ കൈക്കുളുർമ്മ’ എന്നൊരു പ്രയോഗം, നാദങ്ങളിൽ ‘ഉരുൾപൊട്ടി മലമുടികൾ ചിതറുന്ന നാദം’ എന്നൊരു പ്രയോഗം! ഇവയിലൂടെ കടന്നു പോകുമ്പോൾ, എൺപത്തിനാലിൽ ആദ്യമായി മാഷുടെ മുഖത്തു നിന്നു് ആ കവിത കേട്ടപ്പോൾ അനുഭവിച്ച അത്ര തന്നെ ഫ്രഷ്നസ് ഇപ്പോഴും അനുഭവവേദ്യമാവുന്നുണ്ടു്. വലിയ കവികളുടെ രാജ്യഭാരത്തിന്റെ കാലത്താണു് മറ്റൊരു വലിയ കവി അന്നും ഇന്നും ഒരുപക്ഷേ, ഇനിയും നാലോ അഞ്ചോ പതിറ്റാണ്ടിനു ശേഷവും ഇത്ര തന്നെ വെരിഫ്രഷ് ഫ്രം ദ ഫാം എന്നു് തോന്നിപ്പിക്കാവുന്ന ഈ രചനയടക്കം നൂറുകണക്കിനു കവിതകൾ എഴുതിയതു്. നരച്ച നിലാവും നരച്ച ആകാശവും ആ കവിതയിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടപ്പോഴും ജീവിതാസക്തിയുടെ ചംക്രമണത്തിനു ഭംഗം വന്നിരുന്നില്ല. മറവി അദ്ദേഹത്തിനു് ആ അർത്ഥത്തിൽ രോഗമായിരുന്നില്ല, കാമചാരിയായിരിക്കുമ്പോഴും ജീവൻമുക്തനെപ്പോലെ ആശയാഭിലാഷങ്ങളെ ഒരു തടവറയ്ക്കുള്ളിലടച്ചു് അതിലേക്കു കണ്ണു പായിച്ചിരുന്ന കാലപൂരുഷനു് മാത്രമറിയാമായിരുന്ന ഒളിച്ചുകളിയുടെ മന്ത്രമായിരുന്നു. ആ ഒളിച്ചിരിപ്പിൽ ‘അഹോ, ഉദഗ്ര രമണീയാ പ്രഥ്വീ’ എന്നു് എത്ര വട്ടം ആ മനസ്സു് ഉച്ചരിച്ചിട്ടുണ്ടാവണം!
1965-ൽ പൊന്നാനിയിൽ ജനിച്ചു. പൊന്നാനിയിൽ ജീവിച്ചു വരുന്നു. വിവിധ ഗവ. കോളേജുകളിൽ ദീർഘകാലം മലയാള വിഭാഗം അദ്ധ്യാപകനായും വകുപ്പു് അദ്ധ്യക്ഷനായും പ്രവർത്തിച്ചു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ നിന്നും പ്രിൻസിപ്പാളായി വിരമിച്ചു. ആനുകാലികങ്ങളിൽ എഴുതുന്നു. പ്രഭാഷണ രംഗത്തു് സജീവമാണു്.