വി. സനിലിന്റെ ‘ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങനെ?—കൊറോണയോടൊപ്പം’ എന്ന ലേഖനത്തിനു് പ്രതികരണമായി ശ്രീ കെ. വിനോദ് ചന്ദ്രൻ എഴുതിയ കുറിപ്പാണു് ഇന്നു പ്രസിദ്ധീകരിക്കുന്നതു്. സായാഹ്നയിൽ വരുന്ന കൃതികളോടു് വിശദമായ പ്രതികരണം എഴുതാനുദ്ദേശിക്കുന്നവർ തങ്ങളുടെ രചനകൾ സായാഹ്ന മെയിലിലേക്കോ (info@sayahna.org) 9747110880 എന്ന വാട്സ് ആപ്പ് നമ്പരിലേക്കോ അയച്ചാൽ സപ്ലിമെന്ററി പതിപ്പായി പ്രസിദ്ധീകരിക്കാം. വായനയ്ക്കു് കൂടുതൽ സൗകര്യവും എഴുത്തിനു കൂടുതൽ സ്വാതന്ത്ര്യവും കൈവരാൻ ഇതു് പ്രയോജനപ്രദമാവുമെന്നു കരുതുന്നു. –സായാഹ്ന പ്രവർത്തകർ
വി. സനിലിന്റെ ‘ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങനെ?—കൊറോണയോടൊപ്പം’ എന്ന ലേഖനം മഹാമാരിയുയർത്തുന്ന ബഹുതലപ്രശ്നങ്ങളെ ‘മരണാഭിമുഖീകരണം’ എന്ന സമസ്യയിലേക്കു് ചുരുക്കുന്നതായിത്തോന്നുന്നു.
ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടർന്നുണ്ടായ കറുത്തവരുടെ കലാപങ്ങൾ, കൊറോണാഭീതിയുടെ കാലത്തും ലോകത്തിന്റെ നാനാഭാഗങ്ങളിലും പൊട്ടിപ്പുറപ്പെടുന്ന ജനകീയ പ്രക്ഷോഭങ്ങൾ, എല്ലാം തന്നെ സൂചിപ്പിക്കുന്നതു് രോഗത്തിനും മരണത്തിനുമപ്പുറം ജനങ്ങൾ സ്വാതന്ത്ര്യത്തെ പ്രതിഷ്ഠിക്കുന്നുവെന്നല്ലേ?
WHO-യും ഭരണകൂടങ്ങളും മാദ്ധ്യമങ്ങളും ആരോഗ്യപ്രവർത്തകരും മുദ്രാവാക്യമാക്കിമാറ്റിയ ‘കൊറോണയോടൊപ്പം എങ്ങനെ ജീവിക്കാം’ എന്ന ലോകപ്രസിദ്ധമായ നിർദ്ദേശത്തിന്റെ ഒരു പാരഡീകരണം കൂടിയാണു് ഈ ടൈറ്റിൽ. ‘മരണം ഒരു സംഭവമാണു് ഒരു ചെയ്തിയല്ല’ എന്നു് പറഞ്ഞു കൊണ്ടു് ആദ്യം മുതലേ ഈ ചോദ്യത്തിന്റെ അസാംഗത്യത്തെപ്പറ്റി, അശാസ്ത്രീയതയെപ്പറ്റി, മുന്നറിയിക്കുന്നുണ്ടെങ്കിലും, ലേഖനം ആദ്യാവസാനം ചുറ്റിപ്പറ്റി നില്ക്കുന്നതു് ഈ മരണ പ്രമേയത്തിൽ തന്നെ.
ശാസ്ത്രവിശ്വാസത്തെയും ശാസ്ത്രീയതയേയും പലകോണുകളിൽ നിന്നുകൊണ്ടു വിവേചിക്കുകയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ മരണകേന്ദ്രിതയെ വിമർശിക്കുകയും ചെയ്യുന്നുണ്ടു് ലേഖകൻ. പ്രസക്തങ്ങളായ പല ഉൾക്കാഴ്ചകളും ഈ വിചാരണയിൽ ഉരുത്തിരിഞ്ഞു് വരുകയും ചെയ്യുന്നുണ്ടു്.
ലോക്ഡൗൺ ‘ധാർമ്മികത’ ഉയർത്തിപ്പിടിക്കുന്ന ‘ജീവനാണോ പ്രധാനം അതോ സമ്പത്തോ സ്വാതന്ത്ര്യമോ’ എന്ന ചോദ്യം, ജീവൻ എന്ന ഏക ഉത്തരത്തിലേക്കു നമ്മെ തള്ളിവിടുന്നു എന്നു് ആക്ഷേപഹാസ്യത്തിലൂടെ വിവരിക്കുന്നുണ്ടു് അദ്ദേഹം. എന്നാൽ ‘എങ്ങനെ മരിക്കാം’ എന്ന ചോദ്യത്തെ മുഖ്യ പ്രശ്നമാക്കിയെടുക്കുക വഴി ജീവന്റെ—അതുകൊണ്ടു തന്നെ അനിവാര്യമായും മരണത്തിന്റെ—പ്രശ്നമാണു് കൊറോണ ആത്യന്തികമായും ഉയർത്തുന്നതെന്ന ഭരണാധികാരികളുടെ നിരന്തരപ്രചരണത്തെ ആത്യന്തികമായും ശരിവയ്ക്കുകയല്ലേ സനിൽ ചെയ്യുന്നതു്? സ്വാതന്ത്ര്യത്തെയും ജീവിതത്തെയും പ്രതിഷ്ഠാപനം ചെയ്യുന്ന, ‘പാരതന്ത്ര്യം മാനികൾക്കു് മൃതിയെക്കാൾ ഭയാനകം’ എന്ന ഉദാത്തമായ കാവ്യപ്രസ്താവം കോവിഡിന്റെ കാലത്തു് അപ്രസക്തമാണെന്നു് അദ്ദേഹം മുൻകൂർ വിധിക്കുന്നു. ‘തട്ടിവിടുക’ എന്ന സറ്റയർ ശൈലിയിലാണു് സ്വാതന്ത്ര്യത്തെ വാഴ്ത്തുന്ന ഈ കവിവചനത്തെ ലേഖകൻ തള്ളിക്കളയുന്നതു്. ഈ നിഷേധവാക്യം തന്നെയാണു് സനിലിന്റെ അന്വേഷണം അരാഷ്ട്രീയവും ജീവിതേതരവും മരണോന്മുഖവുമായ പാതയിലേക്കു് പാളുന്നു എന്ന ദിശാബോധം നമുക്കു നല്കുന്നതു്. യഥാർത്ഥത്തിൽ, കോവിഡിന്റെ കാലത്തു തന്നെയല്ലേ ജീവിതത്തെയും മരണത്തെയും സ്വാതന്ത്ര്യം എന്ന പരമോന്നത മൂല്യത്തിലൂടെ നിർവ്വചിക്കുന്ന ഈ മഹാ വചനങ്ങൾ കൂടുതൽ പ്രസക്തവും നിർണ്ണായകവുമാകുന്നതു്? ജോർജ്ജ് ഫ്ലോയിഡി ന്റെ മരണത്തെ തുടർന്നുണ്ടായ കറുത്തവരുടെ കലാപങ്ങൾ, കൊറോണാഭീതിയുടെ കാലത്തും ലോകത്തിന്റെ നാനാഭാഗങ്ങളിലും പൊട്ടിപ്പുറപ്പെടുന്ന ജനകീയ പ്രക്ഷോഭങ്ങൾ, എല്ലാം തന്നെ സൂചിപ്പിക്കുന്നതു് രോഗത്തിനും മരണത്തിനുമപ്പുറം ജനങ്ങൾ സ്വാതന്ത്ര്യത്തെ പ്രതിഷ്ഠിക്കുന്നുവെന്നല്ലേ?
മരണകേന്ദ്രിതമായ പാശ്ചാത്യാധുനിക സങ്കല്പങ്ങളെയും വൈദ്യശാസ്ത്ര വ്യവഹാരങ്ങളെയും നിരാകരിച്ചു കൊണ്ടു് ജീവിതത്തിനു പ്രാമുഖ്യം കൊടുക്കുന്നു എന്നു് അവകാശപ്പെടുമ്പോഴും സനിലിന്റെ ജീവിത സങ്കല്പം സ്വാതന്ത്ര്യത്തെയും നൈതികതയെയും, രാഷ്ട്രീയത്തെയും സംബന്ധിച്ച മൂല്യപരമായ ചിന്തകളെ കയ്യൊഴിയുന്നു.
സ്വാതന്ത്ര്യവും ജീവിതവും ഒന്നാണെന്ന മൂല്യാധിഷ്ഠിതമായ ജീവിതനിർവ്വചനം റദ്ദാക്കപ്പെടുമ്പോൾ രാഷ്ട്രീയവും നൈതികതയുമായുള്ള ജീവിതത്തിന്റെ അഭേദ്യബന്ധവും റദ്ദാക്കപ്പെടുകയാണു്. കോവിഡ് മഹാമാരിയുടെ കാലത്തു് ഭരണകൂടങ്ങൾ അമിതാധികാരങ്ങൾ കയ്യടക്കുന്നതും സ്വയം ന്യായീകരിക്കുന്നതും ഇത്തരമൊരു ന്യൂനീകരണ പ്രക്രിയയിലൂടെയാണല്ലോ. ജീവന്റെയും മരണത്തിന്റെയും പ്രശ്നങ്ങളെ വൈദ്യശാസ്ത്രത്തിന്റെയും ശരീരശാസ്ത്രത്തിന്റെയും ജന്തുശാസ്ത്രത്തിന്റെയും പരിധിക്കുള്ളിൽ നിർവ്വചിക്കുന്നതിലൂടെയാണു് ബയോ-രാഷ്ട്രീയ ഭരണകൂടങ്ങൾ ബയോ-ഭീകരത ഉല്പാദിപ്പിക്കുന്നതെന്നർഥം. ജോർജ്ജിയോ അഗംബൻ മുന്നറിയിക്കുന്ന പോലെ ‘പൂർണ്ണ’ ജീവിതത്തെ (bios) ‘വെറും’ ജീവിതം (zoe or bare life) ആക്കി മാറ്റിക്കൊണ്ടാണു് ഭരണകൂടങ്ങൾ അപവാദഭരണകൂടങ്ങളായി (states of exception) മാറുന്നതും വിഭ്രാന്തിയുടെയും ഭീതിയുടെയും മഹാവ്യാധികൾ സൃഷ്ടിക്കുന്നതും.
മരണകേന്ദ്രിതമായ പാശ്ചാത്യാധുനിക സങ്കല്പങ്ങളെയും വൈദ്യശാസ്ത്ര വ്യവഹാരങ്ങളെയും നിരാകരിച്ചു കൊണ്ടു് ജീവിതത്തിനു പ്രാമുഖ്യം കൊടുക്കുന്നു എന്നു് അവകാശപ്പെടുമ്പോഴും സനിലിന്റെ ജീവിത സങ്കല്പം സ്വാതന്ത്ര്യത്തെയും നൈതികതയെയും, രാഷ്ട്രീയത്തെയും സംബന്ധിച്ച മൂല്യപരമായ ചിന്തകളെ കയ്യൊഴിയുന്നു. വൈദ്യശാസ്ത്രത്തിന്റെയും ജീവശാസ്ത്രത്തിന്റെയും അതിരുകൾക്കുള്ളിൽ ജീവിത നിർവ്വചനത്തെ തളയ്ക്കുന്നു. വൈദ്യശാസ്ത്ര നിരാസത്തെപ്പറ്റിയും ശാസ്ത്രത്തിന്റെ പരിമിതികളെപ്പറ്റിയും ഊന്നിപ്പറയുമ്പോഴും വൈദ്യശാസ്ത്രത്തിന്റെയും ആധുനികതയുടെയും വ്യവഹാരങ്ങൾക്കുള്ളിൽ തന്നെയാണു് ജീവിതത്തെയും മരണത്തെയും സംബന്ധിച്ച അദ്ദേഹത്തിന്റെ ആലോചനകൾ നിലയുറപ്പിച്ചിരിക്കുന്നതു്. ജൈവ ജാഗ്രതയെപ്പറ്റി ആഹ്വാനം ചെയ്യുമ്പോഴും സനിലിന്റെ ചിന്തകൾ മരണത്തെ വട്ടമിട്ടു പറക്കുന്നതു് അതുകൊണ്ടാണു്.
വൈദ്യശാസ്ത്രഗവേഷണങ്ങളുടെ പരിതാപകരമായ അവസ്ഥയേയും ശാസ്ത്രപഠനങ്ങളുടെ അവിശ്വസനീയതയെയും പറ്റിയുള്ള വിമർശനാത്മകമായ വിശകലങ്ങൾ തീർച്ചയായും പ്രസക്തങ്ങളാണു്. ‘വൈദ്യശാസ്ത്രനിരാസം’ എന്ന സങ്കല്പത്തെ അവതരിപ്പിച്ചു കൊണ്ടു് വിശ്വാസത്തെ വൈദ്യശാസ്ത്രവ്യവഹാരങ്ങളിൽ നിന്നു് പ്രായോഗികവും നൈതികവുമായ അനുഭവ വിവേകത്തിലേക്കു വിമോചിപ്പിക്കുവാനുള്ള നിർദ്ദേശങ്ങളും ശ്രദ്ധേയമാണു്. എന്നാൽ കൊറോണയുയർത്തുന്ന നൈതികവും രാഷ്ട്രീയസംബന്ധവും തത്വചിന്താപരവുമായ പ്രശ്നങ്ങളുടെ മർമ്മത്തിലേക്കെത്തുവാൻ സനിലിനു കഴിയാതെ പോകുന്നു.
കേവലം വൈറോളജിയുടെയോ എപ്പിഡെമിയോളജിയുടെയോ, പ്രശ്നമായി മഹാമാരിയെ കാണാനാവില്ല. നൈതികവും രാഷ്ട്രീയപരവുമായ തലങ്ങളിൽ നിന്നു് വേർപെടുത്തിക്കൊണ്ടു് കൊറോണയെ നേരിടുവാനുള്ള വൈദ്യശാസ്ത്രപരവും ഭരണകൂടപരവുമായ പദ്ധതികളെല്ലാം പരാജയപ്പെടുന്നതു് ഇക്കാരണത്താലാണു്. ഭരണകൂടങ്ങളും അധികാര കേന്ദ്രങ്ങളും ഉല്പാദിപ്പിക്കുന്ന വിദ്വേഷത്തിന്റെയും വിഭ്രാന്തിയുടെയും, ഭീതിയുടെയും, വംശീയതയുടെയും ജാതീയതയുടെയും രോഗാണുക്കൾ കൊറോണാ വൈറസ്സുമായി സംയോഗം ചെയ്യുമ്പോൾ നിരവധിവ്യാധികളുടെ സമുച്ചയമായി മാറുന്നു മഹാമാരി.
അന്വേഷണാവസാനം സനിൽ എത്തിച്ചേരുന്ന നിഗമനം തന്നെയാണിതിനുദാഹരണം. ‘ശാസ്ത്രീയമായി മരിക്കുന്നതെങ്ങനെ’ എന്ന ചോദ്യത്തിനു് ലേഖകൻ നൽകുന്ന ഉത്തരമിതാണു്: “ആത്മഹത്യയ്ക്കും കൊലയ്ക്കും അപ്പുറം, ബലിയാടോ രക്തസാക്ഷിയോ ആകാതെ മരണത്തെ ജീവിതം തന്നെയായി കാണാനുള്ള രാഷ്ട്രീയ ബാദ്ധ്യതയാണു് കൊറോണ മുന്നോട്ടു് വയ്ക്കുന്നതു്.” കെ. എച്ച്. ഹുസ്സൈൻ സൂചിപ്പിക്കുന്നതു പോലെ ഈ ലളിതീകരണം കൊറോണ ഉന്നയിക്കുന്ന നൈതികവും രാഷ്ട്രീയപരവും ആയ ജീവന്മരണ പ്രശ്നങ്ങളെ ലഘൂകരിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നു. മരണവും ജീവിതവും തമ്മിലുള്ള മൂല്യപരവും തത്വചിന്താപരവുമായ സൂക്ഷ്മവിവേചനങ്ങളെ ഈ പ്രസ്താവം ഫലത്തിൽ മായ്ച്ചു കളയുന്നു.
മഹാമാരിയുടെ കാലത്തെ മരണോല്പാദനത്തിന്റെ ഉത്തരവാദിത്വം വെറും വൈറസ്സ് ബാധയിലോ, വൈദ്യശാസ്ത്രപരമായ വ്യവഹാരത്തിലോ പരിമിതപ്പെടുത്താനാവില്ല. വൈറസ്സും ഭരണകൂടങ്ങളും തമ്മിലുള്ള സംരചനയിൽ നിന്നാണു് കൊറോണാവ്യാധി ഒരു മഹാമാരിയായി വളരുന്നതെന്നു് രോഗത്തിന്റെ ആവിർഭാവചരിത്രം തെളിയിക്കുന്നുണ്ടു്. അതുകൊണ്ടു തന്നെ കേവലം വൈറോളജിയുടെയോ എപ്പിഡെമിയോളജിയുടെയോ, പ്രശ്നമായി മഹാമാരിയെ കാണാനാവില്ല. നൈതികവും രാഷ്ട്രീയപരവുമായ തലങ്ങളിൽ നിന്നു് വേർപെടുത്തിക്കൊണ്ടു് കൊറോണയെ നേരിടുവാനുള്ള വൈദ്യശാസ്ത്രപരവും ഭരണകൂടപരവുമായ പദ്ധതികളെല്ലാം പരാജയപ്പെടുന്നതു് ഇക്കാരണത്താലാണു്. ഭരണകൂടങ്ങളും അധികാര കേന്ദ്രങ്ങളും ഉല്പാദിപ്പിക്കുന്ന വിദ്വേഷത്തിന്റെയും വിഭ്രാന്തിയുടെയും, ഭീതിയുടെയും, വംശീയതയുടെയും ജാതീയതയുടെയും രോഗാണുക്കൾ കൊറോണാ വൈറസ്സുമായി സംയോഗം ചെയ്യുമ്പോൾ നിരവധിവ്യാധികളുടെ സമുച്ചയമായി മാറുന്നു മഹാമാരി. രോഗത്തിന്റെയും മരണത്തിന്റെയും ഭീകരതയുടെയും ഉല്പാദന സമ്പ്രദായങ്ങൾ അങ്ങനെ രൂപാന്തരീകരണത്തിനു വിധേയമാകുന്നു.
രോഗവ്യാപനവും മരണോല്പാദനവും—ആത്മഹത്യ, കൊല, ബലി, രക്തസാക്ഷിത്വം എന്നിങ്ങനെ വിവിധ രൂപങ്ങളിലുള്ള മരണങ്ങളുടെ ഉല്പാദനം—ബയോരാഷ്ട്രീയ പദ്ധതികളായി മാറുന്ന ഒരു രുഗ്ണകാലത്തു്, മരണത്തെ നേരിടൽ ആരോഗ്യ-വൈദ്യ-ഭരണ-നടപടികൾക്കപ്പുറം നൈതികവും രാഷ്ട്രീയപരവുമായ പ്രയോഗങ്ങൾ ആവശ്യപ്പെടുന്നു. ജീവിതത്തെ മരണമായി കാണുകയല്ല, ‘ജീവിത’രാഷ്ട്രീയവും (bio-politics)[1] —ജീവിതത്തിനു മേലുള്ള രാഷ്ട്രീയം/അധികാരം എന്ന അർത്ഥത്തിൽ) “മരണ” രാഷ്ട്രീയവും (necro-politics) ഒരേ ബിന്ദുവിൽ സന്ധിക്കുന്ന ഈ സന്ദർഭത്തിൽ, (പൂർണ്ണ) ജീവിതത്തിലും (ജീവിതത്തിന്റെ ‘അന്തഃസ്ഥിത ശക്തിയിലും’) നൈതികതയിലും അധിഷ്ഠിതമായ ഒരു ബദൽ ‘ജീവിത’രാഷ്ട്രീയത്തിന്റെ ബഹുതല സമഗ്രമായ സമരമുഖങ്ങൾ തുറക്കുക എന്നതാണു് ആവശ്യമെന്നു് ഇതു സൂചിപ്പിക്കുന്നു. ജീവിതത്തെയും നൈതികതയേയും ഉയർത്തിപ്പിടിച്ച മഹാതത്വചിന്തകനായ സ്പിനോസ യുടെ പ്രസിദ്ധമായ വചനങ്ങൾ ഈ സന്ദർഭത്തിൽ പ്രസക്തമാണെന്നു കരുതുന്നു:
“ഒരു സ്വതന്ത്ര മനുഷ്യൻ ഏറ്റവും കുറവു് ചിന്തിക്കുക മരണത്തെപ്പറ്റിയായിരിക്കും. മരണത്തെപ്പറ്റിയല്ല, ജീവിതത്തെപ്പറ്റിയുള്ള അനുധ്യാനമാണു് അയാളുടെ വിവേകം.” (“A free man thinks of nothing less than of death, and his wisdom is a meditation, not on death, but on life.” Baruch Spinoza, Ethics.)
[1] Bio-politics, ജൈവ രാഷ്ട്രീയം (ബി. രാജീവന്റെ പരിഭാഷ) എന്ന പേരിലാണു് പൊതുവേ കേരളത്തിൽ അറിയപ്പെടുന്നതു്. എന്നാൽ ജീവിത രാഷ്ട്രീയം എന്ന പദമാണു് ഉചിതം എന്നു ഞാൻ കരുതുന്നു. ജൈവരാഷ്ട്രീയം എന്ന പദം ജീവിത രാഷ്ട്രീയത്തെ വെറും ഓർഗാനികമോ അതല്ലെങ്കിൽ പ്രകൃതി സഹജമോ ജീവശാസ്ത്രപരമോ ആയ തലത്തിലേക്കു ചുരുക്കുന്നു എന്നു ഞാൻ കരുതുന്നു. എന്നാൽ മിഷെൽ ഫൂക്കോ യുടെയും, നെഗ്രി യുടെയും, ദെല്യൂസിന്റെയും ചിന്തകളിൽ വികസിതമാവുന്ന ബയോ-രാഷ്ട്രീയ സങ്കല്പം ജൈവ ജീവിതത്തെയല്ല ജീവിതത്തിന്റെ സാകല്യത്തെയാണു്, വംശ ജീവിതത്തെയോ സാമൂഹ്യ ജീവിതത്തെയോ ആണു് ആധാരമാക്കുന്നത്—ഗ്രീക്കുകാർ bios എന്നു വിളിക്കുന്ന പൂർണ്ണ ജീവിതത്തെ, ജീവിത സർവ്വസ്വത്തെ. Bio-politics എന്ന പദം ഇന്നു് വിവേചനാരഹിതമായാണു് പൊതുവേ ഉപയോഗിക്കപ്പെടുന്നതു് Bio-politics എന്ന സങ്കല്പത്തെ പ്രകടമായും രണ്ടു വ്യത്യസ്ഥ അർഥത്തിലാണു് യൂറോപ്യൻ ചിന്തകന്മാർ വ്യവഹരിച്ചു വരുന്നതു്. ഫൂക്കോയും അഗംബനും മറ്റും Bio-politics നെ Bio-Power (Power as potestas—ജീവിതാധികാരം) എന്ന നിഷേധാത്മകമായ അർത്ഥത്തിലാണു് നിർവ്വചിക്കുന്നതെങ്കിൽ അന്തോണിയോ നെഗ്രിയെപ്പോലുള്ളവർ ‘ജീവിതശക്തിയിലധിഷ്ഠിതമായ (small letter power as potentia) രാഷ്ട്രീയം’ എന്ന ധനാത്മകമായ അർത്ഥത്തിലാണു് അതിനെ വിവക്ഷിക്കുന്നതു്. ആദ്യത്തെ നിർവ്വചനം ജീവിതത്തിനുമേൽ പ്രയോഗിക്കപ്പെടുന്ന അധികാരത്തെ, രാഷ്ട്രീയത്തെ സൂചിപ്പിക്കുമ്പോൾ, നെഗ്രിയുടെ നിർവ്വചനം ജീവിതത്തിന്റെ അന്തഃസ്ഥിത ശക്തിയിൽ അധിഷ്ഠിതമായതും അധികാരത്തെ ചെറുക്കുന്നതുമായ രാഷ്ട്രീയം എന്ന വിപ്ലവകരമായ സങ്കല്പത്തിലേക്കതിനെ ഉയർത്തുന്നു. എങ്കിലും കൊറോണാകാലഘട്ടത്തിൽ പുനരുജ്ജീവിപ്പിക്കപ്പെട്ട ബയോരാഷ്ട്രീയ ചർച്ചകളിൽ ഭൂരിഭാഗം ചിന്തകരും ബയോ-അധികാരം എന്ന നിഷേധാത്മക അർഥത്തിലാണു് ബയോ-രാഷ്ട്രീയ സങ്കല്പത്തെ ഉപയോഗിക്കുന്നതു്. തത്ഫലമായുണ്ടാകുന്ന അവിവേച്യതയേയും സന്ദിഗ്ദ്ധതയേയും ഒഴിവാക്കുവാനാണു് ‘ബദൽ ജീവിത രാഷ്ട്രീയം’ എന്ന സങ്കല്പം ഇവിടെ സനിഷ്ക്കർഷം ഉപയോഗിക്കുന്നതു്.

പ്രസിദ്ധ നിരൂപകനും പത്രപ്രവർത്തകനും വാഗ്മിയുമായിരുന്ന സി. പി. ശ്രീധരന്റെ മകൻ. 2004-ൽ JNU, Centre For Historical Studies-ൽ നിന്നു് പി. എച്. ഡി. ബിരുദം. ഡോ: കെ. എൻ. പണിക്കരുടെ മേൽനോട്ടത്തിൽ നടത്തിയ തീസിസ്സിന്റെ ശീർഷകം: “The Counter-Narratives of Power and Identity in Colonial Keralam—A Reading of C. V. RamanPilla’s Historical Novels”. തൃശൂർ കേരളവർമ്മ കോളേജിലെ ചരിത്രവിഭാഗം മേധാവിയായി വിരമിച്ചു.