ഓരോ തലമുറയിലും പെട്ട ജനതയെ അടയാളപ്പെടുത്തുന്നിനായി കാലം കരുതിവെക്കുന്ന ചില ‘സംഭവ’ങ്ങളുണ്ടു് (event). വ്യക്തികളെ, സമൂഹങ്ങളെ, ദേശീയതകളെ ഈ രീതിയിൽ അടയാളപ്പെടുത്താവുന്ന നിരവധി ‘സംഭവ മുഹൂർത്തങ്ങൾ’ ചരിത്രത്തിലുടനീളം കാണാൻ സാധിക്കും. ‘സ്വാതന്ത്ര്യലബ്ധി’, ‘അടിയന്തിരാവസ്ഥ’ തുടങ്ങിയവ ഇന്ത്യൻ ജനതയുടെ വ്യത്യസ്ത തലമുറകളെ അടയാളപ്പെടുത്തുന്ന ഏതാനും ‘സംഭവ’ങ്ങളിൽ ചിലതുമാത്രമാണു്. സമകാലീന ഇന്ത്യയിൽ ഒരു തലമുറയെ അടയാളപ്പെടുത്താൻ മാത്രം ശക്തിപ്രാപിച്ച ഒരു ‘സംഭവ’മായി, കഴിഞ്ഞ ആറ് മാസക്കാലമായി തുടർന്നുവരുന്ന, കർഷക പ്രക്ഷോഭം മാറി എന്നതിൽ തർക്കങ്ങൾക്കു് സ്ഥാനമില്ല. ചരിത്രത്തിന്റെ ഗതിവിഗതികൾക്കിടയിൽ, സാമ്പ്രദായിക അവസ്ഥാനിയമങ്ങളെ തകർത്തുകൊണ്ടു്, ഉറവെടുക്കുന്ന ഇത്തരം ‘സംഭവമുഹൂർത്തങ്ങളിൽ’ ആഗ്രഹിച്ചാലും ഇല്ലെങ്കിലും അതിന്റെ ഭാഗമായി നാം മാറുന്നുവെന്നതും അത്രതന്നെ യാഥാർത്ഥ്യമായ സംഗതിയാണു്. ഇന്ത്യയിൽ പുതുതായി ഉടലെടുത്ത കർഷക പ്രക്ഷോഭങ്ങളുടെ ‘സംഭവമാനങ്ങളെ’ സംബന്ധിച്ച ദാർശനിക അവലോകനമാണു് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം എന്നതുകൊണ്ടുതന്നെ അതിന്റെ വിശദാംശങ്ങളിലേക്കു് കടക്കാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. അതേസമയം, ഒരർത്ഥത്തിൽ ജഡസമാനമായി നിലനിന്നിരുന്ന ഇന്ത്യൻ സമൂഹത്തെ കുലുക്കിയുണർത്താനും, അതിന്റെ സഹജസ്വഭാവമായ ‘ആലസ്യ’ത്തിന്മേൽ (inertia) ശക്തമായ പ്രഹരമേൽപ്പിക്കുവാനും ഈ പ്രക്ഷോഭങ്ങൾക്കു് സാധിച്ചതെങ്ങിനെ എന്നു് വിലയിരുത്തുന്നതു് നന്നായിരിക്കും എന്നു കരുതുന്നു.
2020 നവമ്പർ 26-നു് ആരംഭിച്ച ‘ദില്ലി ചലോ’ മാർച്ചിന്റെ തയ്യാറെടുപ്പുകളിൽ നിന്നുതന്നെ, മറ്റു് പ്രക്ഷോഭങ്ങളിൽ നിന്നും കർഷക മുന്നേറ്റത്തെ വ്യതിരിക്തതയോടെ അടയാളപ്പെടുത്തുന്ന ഘടകങ്ങൾ കണ്ടെത്താൻ സാധിക്കും. ഒരുവേള, കർഷകർക്കു മാത്രം സാധ്യമാകുന്ന അവധാനതയും ദീർഘകാല തയ്യാറെടുപ്പുകളും ഇതിൽ കണ്ടെത്താൻ കഴിയും. കർഷക മാരണ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു് ദില്ലിയിലേക്കു് മാർച്ച് ചെയ്ത ലക്ഷക്കണക്കായ കർഷകർ ആറു മാസക്കാലത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും മറ്റു് അടിസ്ഥാന സൗകര്യങ്ങളും ചുമലിലേറ്റിയാണു് എത്തിച്ചേർന്നതെന്ന വസ്തുത ഇതിനെ സാധൂകരിക്കുന്നു. വളരെ എളുപ്പം വിജയം നേടാൻ കഴിയുന്ന എതിരാളികളോടല്ല തങ്ങൾ ഏറ്റുമുട്ടാൻ പോകുന്നതെന്ന ബോധ്യം കർഷകർക്കിടയിൽ ഉണ്ടായിരുന്നുവെന്ന് അവരുടെ ഓരോ നീക്കത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ശത്രുവാരാണെന്നും അവർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ എന്താണെന്നും വളരെ സൂക്ഷ്മതയോടെ മനസ്സിലാക്കുവാനും സാങ്കേതികമായ ഒത്തുതീർപ്പു പരിഹാരങ്ങൾ തങ്ങളെ ഒരുതരത്തിലും മുന്നോട്ടു നയിക്കുകയില്ലെന്നു് തിരിച്ചറിയാനും കർഷകർക്കു് സാധിച്ചിട്ടുണ്ടു്. മതത്തിന്റെയും ജാതിയുടെയും പേരിൽ തങ്ങൾക്കിടയിൽ വിഭജനത്തിന്റെ വേലികൾ തീർക്കാൻ പതിറ്റാണ്ടുകളായി ശ്രമിച്ചു വന്നവരുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ കഴിഞ്ഞതോടൊപ്പം, അതിനേക്കാളും ഉപരിയായി വർത്തിക്കുന്ന കോർപ്പറേറ്റ് സാമ്പത്തിക താൽപര്യങ്ങളെ കൃത്യമായി ചൂണ്ടിക്കാട്ടാനും കർഷകർ ശ്രമിച്ചു. രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾക്കും അധ്വാനശേഷിക്കും മുകളിൽ നീരാളികളെപ്പോലെ വരിഞ്ഞുമുറുക്കി നിൽക്കുന്ന കോർപ്പറേറ്റ് ശക്തികൾക്കു് നേരെ പ്രക്ഷോഭത്തിന്റെ കുന്തമുന കൂർപ്പിച്ചു് നിർത്തിയതോടെ തങ്ങളുടെ രാഷ്ട്രീയ നിലപാടു് വ്യക്തതയോടെ അവതരിപ്പിക്കാൻ കർഷകർക്കു സാധിച്ചു. രാഷ്ട്രീയ ഭരണകൂടങ്ങളെയും, ബ്യൂറോക്രസിയെയും ജുഡീഷ്യറിയെയും മാധ്യമങ്ങളെയും ഒരേപോലെ സ്വാധീനിച്ചു വരുതിയിൽ നിർത്താൻ കഴിവുള്ള വൻകിട കോർപ്പറേറ്റുകളുമായുള്ള ഏറ്റുമുട്ടൽ യവനകഥയിലെ ‘ദാവീദ്-ഗോലിയാത്ത്’ യുദ്ധത്തെ അനുസ്മരിപ്പിക്കുന്നതാണു്. ഈ യുദ്ധത്തിൽ കർഷകർക്കു് വിജയിച്ചേ മതിയാകൂ എന്നതുകൊണ്ടുതന്നെ ഒരു ദീർഘകാല പോരാട്ടത്തിനു് തയ്യാറായിക്കൊണ്ടുതന്നെയാണു് അവർ പ്രക്ഷോഭ രംഗത്തേക്കു് ഇറങ്ങിയിരിക്കുന്നതു്. ഭരണകൂടങ്ങൾ, മാധ്യമങ്ങൾ, മറ്റു് നിക്ഷിപ്ത താല്പര്യക്കാർ എന്നിവരുടെ നിരന്തര പ്രകോപനങ്ങളെപ്പോലും അന്യാദൃശമായ നിർമ്മമതയോടും സ്ഥിതപ്രജ്ഞയോടും കൂടി പ്രതികരിക്കാൻ കർഷകർക്കു് സാധിച്ചു. ഒരുപക്ഷേ, ഭരണകൂടത്തെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്ന സംഗതിയും ഇതുതന്നെയായിരിക്കും. അവമതിക്കുക, ഭീഷണിപ്പെടുത്തുക, നുഴഞ്ഞുകയറുക, ആക്രമിക്കുക തുടങ്ങി, പ്രക്ഷോഭങ്ങളെ നേരിടാനുള്ള, ഭരണകൂടങ്ങളുടെ സാമ്പ്രദായിക രീതികളെല്ലാം കർഷക പ്രക്ഷോഭത്തിനു മുന്നിൽ നിഷ്പ്രഭമാകുന്നതു് നാം കണ്ടു. അതിനു് അവയെ പ്രാപ്തമാക്കുന്ന ഘടകങ്ങളേതെന്നു് പരിശോധിക്കുന്നതു് ഗുണകരമായിരിക്കും.
പ്രക്ഷോഭത്തിൽ അണിചേർന്ന ‘കർഷകർ’, ഏകശിലാരൂപമായ (Homogenous) സാമൂഹ്യ വിഭാഗങ്ങളല്ലെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ടു്. സമകാലിക ഇന്ത്യൻ സാമൂഹ്യ സങ്കീർണ്ണതകളെ മുഴുവൻ വെളിപ്പെടുത്തുന്ന നിരവധി ‘കൂട്ടുകൾ’ ഇവിടെ കാണാവുന്നതാണു്. സാമൂഹ്യ സങ്കീർണ്ണതകൾ എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്, പ്രധാനമായും ജാതീയമായ വേർതിരിവുകൾ, സ്ത്രീകളുടെ പദവി, വർഗ്ഗ വൈജാത്യങ്ങൾ എന്നിവയാണു്. ഈ പറയുന്ന ഘടകങ്ങൾ എല്ലാം തന്നെ അതേപടി നിലനിൽക്കുമ്പോഴും പ്രക്ഷോഭ കേന്ദ്രങ്ങളിൽ നിന്നു് വരുന്ന വാർത്തകൾ സന്തോഷ സൂചകങ്ങളാണു് എന്നു് പറയേണ്ടതുണ്ടു്. ജാതി ശ്രേണിയിൽ മുന്നിലെന്നു് അവകാശപ്പെടുന്ന ജാട്ട് കർഷകർക്കും അവരെ പ്രതിനിധീകരിക്കുന്ന ഖാപ് പഞ്ചായത്തുകൾക്കും ദളിത് കർഷകരോടും കർഷക തൊഴിലാളികളോടുമുള്ള തിരസ്കാര മനോഭാവം കുപ്രസിദ്ധമാണു്. എന്നാലതേസമയം സമരഭൂമിയിൽ കർഷക തൊഴിലാളികൾ അടക്കമുള്ളവരുടെ പാത്രങ്ങൾ കഴുകുന്ന ജാട്ട് കർഷകരുടെ ചിത്രങ്ങൾ സമൂഹത്തിലേക്കു് വലിയൊരു സന്ദേശം സന്നിവേശിപ്പിക്കുന്നുണ്ടു്. സാമൂഹ്യ ഇടപെടലുകളുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും സവിശേഷ സ്വഭാവമെന്ന നിലയിൽ ഉയർന്നുവരുന്ന, ചെറുതെങ്കിലും മഹത്തരമായ ഇത്തരം ദൃശ്യങ്ങളെ ഉയർത്തിപ്പിടിക്കുവാൻ നമുക്കു കഴിയേണ്ടതുണ്ടു്.
ദളിത് കർഷക തൊഴിലാളികൾ, ദരിദ്ര-ഇടത്തരം-സമ്പന്ന കർഷകർ തുടങ്ങി ഭിന്നങ്ങളായ സാമൂഹ്യ ശ്രേണികളിൽ കഴിയുന്ന ജനങ്ങൾ, ജാതീയവും സാമ്പത്തികവും ആയ എല്ലാ വൈജാത്യങ്ങളും നിലനിൽക്കുമ്പോഴും, പൊതുവായ ഒരൊറ്റ ലക്ഷ്യത്തിന്മേൽ ഒരുമിക്കുന്ന അപൂർവ്വ കാഴ്ചയാണു് കർഷകപ്രക്ഷോഭത്തിലൂടെ ഉരുവെടുത്തിരിക്കുന്നതു്. സമൂഹത്തിൽ പൊതുവിൽ നലനിൽക്കുന്ന സാമൂഹിക ഉച്ചനീചത്വങ്ങളുമായി സംഘർഷത്തിലേർപ്പെടാതെയല്ല കർഷക പ്രക്ഷോഭം മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നതു്. ലിംഗപരവും ജാതീയവുമായ വിഷയങ്ങളടക്കം ഇവിടെ ചർച്ചാ വിഷയമാകുകയും അവയുമായി ‘എൻഗേജ്’ ചെയ്യാൻ സമൂഹത്തെ നിർബ്ബന്ധിതമാക്കുകയും ചെയ്യുന്നുണ്ടു് കർഷക പ്രക്ഷോഭം. കർഷക പ്രക്ഷോഭങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും അതു് ഉയർത്തുന്ന നിരവധി ചോദ്യങ്ങളും ഇതിനു് ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയും.
കൃഷി എന്നതു് പൊതുവിൽ പുരുഷന്മാരുടെ കാര്യമായി അവതരിപ്പിക്കപ്പെടുന്ന പ്രവണത പൊതുവിൽ നിലനിൽക്കുന്നുണ്ടു്. ഫാമിലി ലേബറിന്—പ്രധാനമായും സ്ത്രീകളുടെ അധ്വാനത്തിനു—മൂല്യം കൽപ്പിക്കാതെയാണു് കാർഷിക വിളകൾക്കുള്ള മിനിമം സഹായ വില കണക്കാക്കുന്നതെന്നു് എം.് എസ്. പി.-യുടെ കോസ്റ്റിംഗ് മെത്തേഡിനെക്കുറിച്ചു് ധാരണയുള്ളവർക്കു് മനസ്സിലാകും. ഭൂസ്വത്തിൽ സ്ത്രീകൾക്കു് അവകാശമില്ലാത്ത അവസ്ഥയും പൊതുവിൽ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നുണ്ടു്. ഇത്തരം വിഷയങ്ങൾ കൂടി കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി പല കോണുകളിൽ നിന്നായി ഉന്നയിക്കപ്പെടുന്നുവെന്നതു് ആശാവഹമായ കാര്യമാണു്. ഭൂസ്വത്തിന്മേലുള്ള സ്ത്രീകളുടെ അവകാശം സ്ഥാപിച്ചെടുക്കണമെങ്കിൽ ആദ്യം കുത്തകകളുടെ കൈകളിലേക്കു് തങ്ങളുടെ ഭൂമി ചെന്നെത്തുന്നതു് തടയേണ്ടതുണ്ടു് അതുകൊണ്ടുകൂടിയാണു് ഈ സമരത്തിൽ തങ്ങൾ പങ്കെടുക്കുന്നതു് എന്നു് പ്രക്ഷോഭകാരികളായ സ്ത്രീകളിൽ ചിലരെങ്കിലും പറയുമ്പോൾ നാളിതുവരെ ‘പെരിഫെറി’യിൽ നിന്നിരുന്ന പല വിഷയങ്ങളും കേന്ദ്രസ്ഥാനത്തോടു് അടുക്കുന്നതായി കാണാൻ കഴിയും.
എല്ലാ സാമൂഹ്യ-സാംസ്കാരിക വൈജാത്യങ്ങളെയും അട്ടിമറിച്ചുകൊണ്ടുള്ള ഒന്നാണു് ഇപ്പോൾ നടക്കുന്ന കർഷക പ്രക്ഷോഭം എന്ന തെറ്റുധാരണയിൽ നിന്നുകൊണ്ടല്ല ഞാനിക്കാര്യം സൂചിപ്പിക്കുന്നതു്. മറിച്ച്, മുൻകാലങ്ങളിൽ നിന്നു് ഭിന്നമായി പുതിയ കാലത്തു് ഉന്നയിക്കപ്പെടാൻ നിർബന്ധിതമാകുകയും കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയിൽ ഉയർന്നുവരികയും ചെയ്യുന്ന പുതുപ്രവണതകളെ സവിശേഷമായി ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടതു് രാഷ്ട്രീയ കടമയായി തിരിച്ചറിയുന്നതുകൊണ്ടാണു്.
ചരിത്ര സന്ദർഭങ്ങളിലെ പല ചിഹ്നങ്ങളെയും പ്രതീകങ്ങളെയും രൂപഭേദങ്ങളോടെ ഉപയോഗപ്പെടുത്താൻ കർഷകർ ശ്രമിച്ചുവെന്നതിന്റെ തെളിവുകളും നാളിതുവരെയുള്ള പ്രക്ഷോഭ പ്രവർത്തനങ്ങളിൽ നിന്നു് കണ്ടെത്താൻ കഴിയും. അതിൽ ഏറ്റവും ഉജ്വലമായ ഒരേടാണു് രാജ്യവ്യാപകമായി നടന്ന ‘മിട്ടി (മണ്ണ്) സത്യാഗ്രഹം’. സ്വാതന്ത്ര്യ സമര കാലത്തെ, ഉപ്പുസത്യാഗ്രഹത്തെ അനുസ്മരിച്ചുകൊണ്ടു്, അതേസമയം തികച്ചും വികേന്ദ്രീകൃതമായ രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കൃഷിഭൂമിയിൽ നിന്നുള്ള മണ്ണു് ശേഖരിച്ചുകൊണ്ടു് ദില്ലിയിലേയ്ക്കു് നടത്തിയ ‘മിട്ടി സത്യാഗ്രഹം’ വളരെ സൂക്ഷ്മവും വ്യക്തവുമായ രാഷ്ട്രീയ സന്ദേശം നൽകുന്നതായിരുന്നു. 2021 മാർച്ച് 12-നു് ആരംഭിച്ചു് ഏപ്രിൽ 6-നു് ദില്ലിയിലെത്തുന്ന വിധത്തിൽ സംഘടിപ്പിക്കപ്പെട്ട മിട്ടി സത്യാഗ്രഹം, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾക്കു് പുറമെ, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഒഡീഷ, ആന്ധ്രപ്രദേശ്, കർണ്ണാടക, യുപി, മദ്ധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയുണ്ടായി. വനം, കൃഷി, പ്രകൃതി വിഭവങ്ങൾ എന്നിവയെ പ്രതീകവൽക്കരിക്കുന്ന മണ്ണു്, കോർപ്പറേറ്റുകളുടെ കൈകളിലേക്കു് എത്തിക്കുവാനുള്ള ഏതു നീക്കത്തെയും എതിർത്തു തോൽപ്പിക്കുമെന്നും ഭൂമിയിന്മേലുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുമെന്നും ഉള്ള പ്രതിജ്ഞകളിലൂടെയായിരുന്നു ഈ നാളുകളിൽ ഇന്ത്യൻ കർഷകർ കടന്നുപോയതു്. രാജ്യം മുഴുവൻ കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള സന്ദേശമെത്തിക്കാനും കർഷകർക്കിടയിൽ ഏകീകരണം സാധ്യമാക്കാനും ഈയൊരു യാത്രയിലൂടെ സാധിച്ചു.
ഇന്ത്യൻ കർഷകർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പുതിയ നിയമ നിർമ്മാണവുമായി മാത്രം ഉയർന്നുവന്നതല്ലെന്ന വസ്തുത നാം മനസ്സിലാക്കേണ്ടതുണ്ടു്. കഴിഞ്ഞ അരനൂറ്റാണ്ടു് കാലമായെങ്കിലും കാർഷിക മേഖലയോടു് ഭരണകൂടങ്ങൾ കാണിച്ചുപോന്ന അവഗണനയുടെ അനിവാര്യ പരിണതഫലം കൂടിയാണതു്. ആത്മഹത്യകളിലേക്കും കടക്കെണിയിലേക്കും ഭൂമി അന്യാധീനപ്പെടലിലേക്കും അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്ന കർഷക സമൂഹത്തിനു് മുന്നിൽ പ്രക്ഷോഭമല്ലാതെ മറ്റു് മാർഗ്ഗങ്ങളൊന്നും അവശേഷിച്ചിരുന്നില്ല.
കർഷക പ്രക്ഷോഭങ്ങൾ ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലേക്കു് സൂക്ഷ്മവും സ്ഥൂലവുമായ നിരവധി വിഷയങ്ങൾ ഉയർത്തിവിടുന്നുണ്ടു്. കർഷകരുടെ വരുമാനം, വില നിർണ്ണയാധികാരം, ഭൂമിയിന്മേലുള്ള അവകാശം തുടങ്ങിയ സ്ഥൂല രാഷ്ട്രീയ വിഷയങ്ങളോടൊപ്പം തന്നെ മണ്ണിന്റെ ഉർവ്വരത, ഭൂഗർഭജല ശോഷണം, അസന്തുലിത കൈമാറ്റം (unequal exchange), കേന്ദ്രവും പ്രാന്തപ്രദേശവും (centre and periphery) തമ്മിലുള്ള ബന്ധം തുടങ്ങി ഒട്ടനവധി സൂക്ഷ്മ രാഷ്ട്രീയവും ഇതോടൊപ്പം ഉയർന്നുവരുന്നുണ്ടു്. മുഖ്യധാരാ സംവാദമണ്ഡലങ്ങൾ ഇനിയും ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന, വികസനത്തിന്റെ മറുപുറ യാഥാർത്ഥ്യങ്ങൾ വലിയ തോതിലുള്ള സാമൂഹ്യാസ്വസ്ഥതകളായി ബഹിർഗ്ഗമിക്കുക തന്നെ ചെയ്യും.
കർഷക മാരണ നിയമങ്ങൾ ഒരു ഓർഡിനൻസ് രൂപത്തിൽ പുറത്തിറങ്ങിയിട്ടു് ജൂൺ 5-നു് ഒരു വർഷം പൂർത്തിയാകുന്നു. തൊട്ടടുത്ത ദിവസം തന്നെ (2020 ജൂൺ 6) കേന്ദ്ര ഭരണ മുന്നണിയായ എൻഡിഎയുടെ കോലം കത്തിച്ചുകൊണ്ടു് പഞ്ചാബിലെ കർഷകർ തങ്ങളുടെ പ്രതിഷേധങ്ങൾക്കു് തുടക്കമിട്ടു. തുടർന്നുള്ള നാളുകളിൽ പഞ്ചാബിലും ഹരിയാനയിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന കർഷകരോഷം നവമ്പർ 26-ന്റെ ‘ദില്ലി ചലോ’ മാർച്ചോടുകൂടി ഇന്ത്യയിലെ പ്രക്ഷോഭ ചരിത്രത്തിലെ ഏറ്റവും സമുജ്ജ്വലമായ അദ്ധ്യായമായി മാറുകയായിരുന്നു. സാമാന്യ നിർവ്വചനങ്ങൾക്കും സമവാക്യങ്ങൾക്കും പിടികൊടുക്കാതെ ഓരോ ഘട്ടത്തിലും നവീന ആശയങ്ങളുടെ ആവിഷ്കരണമായി അതു് സമൂഹത്തിനു മുന്നിൽ അവതരിക്കുന്നു. ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നതുപോലെ, “ചരിത്രത്തിന്റെ കാര്യകാരണത്തുടർച്ചകളെ ഭേദിച്ചുകൊണ്ടു്, അവസ്ഥാ നിയമങ്ങളെ തകിടംമറിച്ചുകൊണ്ടു്, പുതിയ സാധ്യതകളെ, തുറസ്സുകളെ, വെട്ടിത്തുറക്കുന്ന, ചരിത്രത്തെ, സമൂഹത്തെ, രാഷ്ട്രീയത്തെ, കർത്തൃത്വത്തെ, സൂക്ഷ്മമായി മാറ്റിമറിക്കുന്ന ഒരു പ്രകമ്പന/പരിവർത്തന പരമ്പരയായി” കർഷക പ്രക്ഷോഭം ഉയിരെടുക്കുകയാണു്. ഓരോ നിമിഷവും സ്വയംനവീകരിച്ചും, സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളെ നവീകരണത്തിനു് വിധേയമാക്കിയും അതു് മുന്നോട്ടുനീങ്ങുന്നു. പുതിയ ലോകത്തെ, പുതിയ കർത്തൃത്വങ്ങളെ, പുതിയ ജനതയെ സൃഷ്ടിച്ചുകൊണ്ടു് മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ ‘സംഭവമാനങ്ങളെ’ക്കുറിച്ചു് പ്രൊഫ. വിനോദ് ചന്ദ്രൻ അവതരിപ്പിക്കുന്ന നിരീക്ഷണങ്ങൾ പുതിയ ചില കാഴ്ചകൾ നമുക്കു് സാധ്യമാക്കിത്തരുന്നുണ്ടു്.
കെ. സഹദേവൻ
ട്രാൻസിഷൻ സ്റ്റഡീസ്
തൃശൂർ
2021 ജൂണ്‍ 2