നിങ്ങൾ പറഞ്ഞു:
നിനക്കെഴുത്തറിയാം
എഴുതെടാ ഖുണമേ
പാട്ടറിയാം
പാടെടാ കഴുതേ
വരയറിയാം
വരക്കെടാ ഞവണീ
കുരയറിയാം
കുരയ്ക്കെടാ പട്ടീ
നിങ്ങൾ തുടർന്നു:
വാടാ
വിളിയെടാ
പോടാ
നാടു നന്നാകട്ടെടാ
നിനക്കെന്തറിയാമതു
ചെയ്യെടാ…
പാവം
പാവം ഞാൻ
പൂവിതൾ പോലൊരു ഹൃദയം
കൈകളിലേന്തിയിരുന്ന വിധേയൻ
എഴുതി
പാടി
വരച്ചു
കുരച്ചു
അതു ചെയ്തു
ഇതു ചെയ്തു
മറ്റേതു ചെയ്തു
വിമോചന സുന്ദര
സ്വപ്നം നെയ്തു.
യുഗാന്തര സംസ്കൃതി
പെയ്തു.
നിങ്ങൾ
ഇന്നും പുറകിൽ നിന്നും
എന്നെക്കുത്തിപ്പറയുന്നു:
നാടു നന്നാക്കെടാ
നീതാനല്ലോ ബാദ്ധ്യസ്ഥൻ
നാടു നന്നാക്കെടാ…
ഞാൻ
ഇന്ന്
ഈ ഇന്നിൽ
എത്തിയോരീ ഞാൻ
തിരിഞ്ഞു നിൽക്കുന്നു
തിരിച്ചുരയ്ക്കുന്നു:
ആരാരെന്നറിയുന്നേൻ
നാടേതെന്നറിയുന്നേൻ
നമ്മൾ
ഞാനും നിങ്ങളുമല്ലല്ലോ.
നമ്മുടെ നാടും
നിങ്ങടെ നാടും രണ്ടല്ലോ.
ക്ഷുദ്രം
നിങ്ങടെ നാടുതുലഞ്ഞീടാൻ
ഭദ്രം
നമ്മുടെ നാടു പുലർന്നീടാൻ
ഈ മണ്ണു
ചവിട്ടയരച്ചു കുഴച്ചീ
കാലത്തിൻ
ചുമരുകൾ നീളെ
എനിക്കു തോന്നിയതുപോലെ
ഞാൻ
എഴുതും
പാടും
പറയും
ചെയ്യും
ക
മ
1974
അല്പം മുമ്പേ
നീട്ടിവിളിച്ചതു താങ്കളെയാവാം.
ആരാണ്?
ആരെന്നറിയുവതെങ്ങനെ
ചേരിക്കപ്പുറമല്ലോ നിന്നത്
സ്വന്തം പേരു പറഞ്ഞതുമില്ല!
എന്നാലറിവേൻ
എന്നെപ്പോലൊരു
പേരില്ലാത്ത…
പേരില്ലെന്നോ…?
ഇല്ലേയില്ല
ജനത്തിനു
സ്വന്തം പേരുണ്ടെങ്കിൽ
അവരുടെ
അവരാൽ
അവർക്കുവേണ്ടി
ഭരണം
നിങ്ങൾ നടത്തുവതെങ്ങനെ?
1978
തലയിൽ
തലയിൽ
തലയിൽത്തന്നെ
ഇവിടെ
ഇവിടെ
ഇവിടെപ്പൂണ്ടു കിടപ്പൂ
യന്ത്രം.
ഉറ്റവർ
ഉടയവർ
അയലത്തുള്ളവർ
ഇവരിലൊരുത്തൻ
(പേരു പറഞ്ഞാൽ
തീരുകയില്ലീ ദോഷം)
ഒരോലത്തകിടിൽ
മഞ്ഞളു തേച്ചു ചുരുട്ടി
തലയിൽക്കെട്ടി
തലവെട്ടി
അതിട്ടിട്ടുണ്ടീ മണ്ണിൽ
കുഴി ഇവിടെക്കുഴി
ഇവിടെത്തന്നെ
അതുവേണ്ടിവിടെ
ഇവിടെ ഇവിടെ ഇവിടെ.
തലയിൽ
ഒരു പൂച്ചത്തലയിൽ
ഒരു കണ്ടൻപൂച്ചത്തലയിൽ
ഇരുളിൽ വളർന്ന
കരിമ്പൂച്ചത്തലയിൽ
കൊണ്ടികൊളുത്തി-
ക്കൊണ്ടിവിടെത്തി
പകലിൻ ചോര വടിച്ചുപുരട്ടി
പകയുടെ പുകയിൽ
പൂഴ്ത്തിയതാരെന്നറിയാം
പിണിയാ,ളിന്നതു പോട്ടെ…
കുഴിക്കുക
വാഴച്ചോട്ടിലെ
എക്കലിൽനിന്നും
പൊക്കിയെടുക്കുക
കൂടോത്രത്തിൻ
കൂരാക്കൊള്ളികൾ
കുരുതിക്കുള്ളൊരു
കോഴി വരട്ടെ
കുഴിക്കുക നിങ്ങൾ
നെല്ലിട തെറ്റാതിവിടെത്തന്നെ
കുഴിക്കുക
കുഴിയുടെയാഴം കൂട്ടുക
മുട്ടു മുഴുക്കെത്താഴുംവരെയും
കുഴിതോണ്ടുക
കുഴിയിൽ
തപ്പുക, വിരകുക
വിരലിൽ
തലയുടെ പൂടയുടക്കുന്നെങ്കിൽ
നിർത്തുക
കുഴിയിലൊഴിക്കാൻ കള്ളു വരട്ടെ
കുഴിക്കുക നിങ്ങൾ
ബിലാത്തിത്തെങ്ങിൻ
തെക്കേ ചെറ്റയിൽ നിന്നും
ഒരംഗുലമകലെ
ഒരുക്കോൽത്താത്തു കുഴിക്കുക
ദക്ഷിണ വേഗമൊരുക്കുക
നാലുപണത്തിൽ വെറ്റില വെച്ചു മടക്കുക
സന്തതിയറ്റു മുടിഞ്ഞേ പോകും
നിങ്ങടെ വംശം
അതിന്നും മുമ്പേ
മാന്തിയെടുക്കുക
കണ്ടൻ പൂച്ചത്തലയിലെ
ഓലത്തകിടിലെ
ഓം ഹ്രീം സ്വാഹ
കുഴിക്കുക
പുരയുടെ ദിക്കുവിദിക്കുകൾതോറും
ഉയർത്തുക
മുറ്റുമസൂയ വളർന്നു ഫലിച്ചതു
വിത്തായ് മാറിയ
ക്ഷുദ്രം
പോരാ
കുഴിയിതു പോരാ
പോരുമൊരരയാൾ താഴ്ച
കുഴിക്കുക
കിട്ടുന്നില്ലവിടേലസ്സെങ്കിൽ
തക്കുറിയോരോന്നിട്ടേക്കാം ഞാൻ
അക്കുഴി തോറും
ഗാർഹിക രക്ഷ
വരട്ടെയരിപ്പറ നെൽപ്പറ
പറയുക പിണിയാളേ, നീ
എവിടെയൊളിച്ചൂ
ദുഷ്ടത കെട്ടിയ
നാഗക്കെട്ടുകൾ
കുഴിക്കുക
പുരയുടെ ചുറ്റും
പുരയിടമാകെ
ഒരാൾത്താഴ്ചയിൽ
അക്കുഴിയൊന്നിൽ നിന്നും
ഒരിക്കൽ
കുഴി ഒന്നായ്ത്തീരുമതിങ്കൽനിന്നുമൊരിക്കൽ
പൊക്കിയെടുക്കും ഞാനാ
ക്ഷുദ്രത്തിന്റെ
കറുത്ത തുരുമ്പുകൾ
നിങ്ങൾ കുഴിക്കുക
നിങ്ങൾ കുഴിക്കും കുഴിയിൽ
നിങ്ങളിറങ്ങുക
മുങ്ങുക
ഭീകര മന്ത്രത്തിന്റെ
കുരുക്കഴിയട്ടെ
കുഴിക്കുക
നിങ്ങൾ കുഴിക്കും കുഴിയിൽ
നിങ്ങളിറങ്ങുക
നിങ്ങൾ കുഴിക്കുക
കുഴിയിലിറങ്ങുക
നിങ്ങൾ കുഴിക്കുക
കുഴിയിലിറങ്ങുക
നിങ്ങൾ കുഴിക്കുക
കുഴിയിലിറങ്ങുക
നിങ്ങൾ…
1970

മലയാള കവിതയിൽ ഭാഷാപരമായും പ്രമേയപരമായും വലിയ മാറ്റങ്ങൾക്കു തുടക്കമിട്ട കവിയാണ് വി. കെ. നാരായണൻ. 1970-കളുടെ തുടക്കത്തിൽ നമ്മുടെ ആധുനികതയുടെ പൊതുവഴികളിൽ നിന്നു മാറി സാധാരണ മനുഷ്യരുടെ സംസാരഭാഷയിൽ നിന്ന് മുളപ്പിച്ചെടുത്ത മുന കൂർത്ത ഗദ്യവും താളക്കെട്ടുകളും കൊണ്ട് ഇദ്ദേഹമെഴുതിയ കവിതക്ക് അന്ന് സ്വീകാര്യത ലഭിക്കുകയുണ്ടായില്ല. അഭിമാനത്തോടെ ജീവിക്കാൻ വേണ്ടിയുള്ള പൊരുതലായിരുന്നു അദ്ദേഹത്തിനു കവിത. ഉപരിവർഗ്ഗ പാർലമെന്ററി വ്യാമോഹങ്ങളിൽ കരുവാക്കപ്പെടുന്ന അടിസ്ഥാനമനുഷ്യന്റെ സഹനവും പ്രതിരോധവും ഈ കവിയുടെ മുഖ്യ പ്രമേയമായിരുന്നു. ദളിത് കവിത എന്ന പരികല്പനയെ എഴുപതുകളുടെ തുടക്കത്തിൽ തന്നെ സ്വന്തം കവിതയിലൂടെ പ്രബലപ്പെടുത്തി, ഇദ്ദേഹം. മറാത്തി ദലിത് കവിതകൾ അക്കാലത്തേ അദ്ദേഹം മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തി. എല്ലാത്തരം പ്രമേയങ്ങളിലേയ്ക്കും തന്റെ കവിതയെ അദ്ദേഹം പടർത്തുകയും ചെയ്തു. ‘രതിവിതാനം’ പോലെ ലൈംഗികത വിഷയമാക്കുന്ന അപൂർവതയുള്ള ഒരു കൃതി അദ്ദേഹമെഴുതി എന്നതു ശ്രദ്ധിക്കുക. കവി എന്ന നിലയിൽ അർഹമായ അംഗീകാരം മരണം വരെയും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായില്ല.
1940-ൽ കോട്ടയം ജില്ലയിലെ ആറുമാനൂരിൽ ജനിച്ച വി. കെ. നാരായണൻ കേരള പബ്ളിക് റിലേഷൻസ് ഡയറക്ടറായിരുന്നു. ആത്മായനം, രതിവിതാനം, ഏകലവ്യൻ ഞാൻ, കറ എന്നിവ കവിതാ പുസ്തകങ്ങൾ. കഴിഞ്ഞവർഷം അന്തരിച്ചു.