മലയാളി സിനിമ കാണാൻ തുടങ്ങിയിട്ടു് ഏറെ കാലമായി. നിശബ്ദ സിനിമ മുതൽ അതാവർത്തിക്കുകയാണു്. ഇന്ത്യൻ സിനിമകൾ, വിദേശ സിനിമകൾ അങ്ങനെ എത്രയെത്ര സിനിമകൾ മലയാളികൾ ഇതിനകം കണ്ടിരിക്കുന്നു. അവയിലെല്ലാം മലയാളി പ്രവേശിക്കുകയും ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടു്. സിനിമയെ ഇല്ലാതാക്കാൻ വേണ്ടി ആയിരുന്നില്ല അതെല്ലാം. സിനിമയ്ക്കു വേണ്ടി തന്നെയായിരുന്നു. അതിന്റെ ഫലമായി മലയാളത്തിൽ വിലപ്പെട്ട സിനിമകളും സമാന്തരസിനിമകളും ജനകീയ സിനിമകളും മദ്ധ്യവർത്തി സിനിമകളുമുണ്ടായി.
ഈ നിലയ്ക്കു് കാഴ്ചയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകാനും അവയെ വ്യാഖ്യാനിക്കാനും ശേഷിയുള്ള സമൂഹത്തിനു മുന്നിലാണു് വിധു വിൻസന്റ് ‘മാൻ ഹോൾ’ തുറന്നിട്ടതു്. നമ്മുടെ അഴുക്കുകൾ കോരിക്കളയുന്ന ഒരു കൂട്ടം ആളുകളെയാണു് അതിലൂടെ പരിചയപ്പെടുത്തിയതു്. ഈ നിർമ്മിതി ഡോക്യുമെന്ററി ആണോ എന്നു ചോദിച്ചാൽ ഡോക്യുമെന്ററി നേരിടുന്ന പ്രശ്നങ്ങൾ അതു് അഭിമുഖീകരിച്ചു കാണുന്നില്ല. ഡോക്യുഫിക്ഷനാണോ എന്നു ചോദിച്ചാൽ അതും ഉറപ്പിച്ചു പറയാൻ കഴിയില്ല. ഫീച്ചർ ഫിലിമാണോ എന്നു ചോദിച്ചാൽ കാര്യകാരണങ്ങൾ തിരഞ്ഞു് നാം അസ്വസ്ഥരാകും.
ആ സിനിമകളിലെ അപാകതകളെക്കുറിച്ചു്, രാഷ്ട്രീയത്തെക്കുറിച്ചു്, സമൂഹ സങ്കല്പങ്ങളെക്കുറിച്ചെല്ലാം മലയാളി ആസ്വാദകർ ചർച്ച ചെയ്തിട്ടുമുണ്ടു്. അതെല്ലാം ‘സിനിമ’യെ മുന്നോട്ടു കൊണ്ടു പോകുവാൻ തന്നെയായിരുന്നു. സിനിമ ഒരു ‘കലാ നിർമ്മിതി’ എന്ന നിലയിൽ ആ നിർമ്മിതി കൈവരിക്കേണ്ട ഊർജ്ജത്തിനു വേണ്ടിയായിരുന്നു. അതു മൂലം സംവിധായകർക്കു് വേറിട്ടു ചിന്തിക്കാനും അവസരമുണ്ടായി. അതിന്റെ ഭാഗമായി ഫിലിം സൊസൈറ്റി പ്രവർത്തനം കേരളത്തിലങ്ങോളമിങ്ങോളമുണ്ടായി. തീവ്ര ഇടതുപക്ഷമുണ്ടായി. അടൂർ ഗോപാലകൃഷ്ണൻ, ജോൺ ഏബ്രഹാം, അരവിന്ദൻ, കെ. പി. കുമാരൻ, കെ. ജി. ജോർജ്, എം. പി. സുകുമാരൻ നായർ, ആസാദ്, പവിത്രൻ, കെ. ആർ. മോഹനൻ, പത്മരാജൻ, സത്യൻ (മലയാളിയുടെ ലൈംഗീകതയെ വിചാരണ ചെയ്ത സംവിധായകനായിരുന്നു അദ്ദേഹം. സംവത്സരം എന്ന സിനിമയ്ക്കു ശേഷം അദ്ദേഹം അപ്രത്യക്ഷനായി.) തുടങ്ങിയ എത്രയോ പ്രഗത്ഭ സംവിധായകരുണ്ടായി. മലയാളി ആ മാധ്യമത്തോടു കൂറുപുലർത്തുകയും ജനാധിപത്യപരമായി സമീപിക്കുകയും ചെയ്തതുകൊണ്ടാണു് അങ്ങനെ സംഭവിച്ചതു്.
അല്ലെങ്കിൽ, മലയാളിയ്ക്കു് നവസിനിമകളും ന്യൂജെൻ സിനിമകളും ഉണ്ടാകുമായിരുന്നില്ല. ന്യൂവേവ് സിനിമകളുടെ പ്രചോദനം ഉൾക്കൊണ്ടാണു് മലയാളി സിനിമയെ പുതുക്കി എടുത്തതു്. ഇതോടനുബന്ധിച്ചു് കലാസിനിമകളും കൊമേഴ്സൽ സിനിമകളുമുണ്ടായി. കച്ചവടസിനിമകളിൽ തന്നെ മദ്ധ്യവർഗ സിനിമകളുമുണ്ടായി. സേതുമാധവൻ, ഐ. വി. ശശി, സിബി മലയിൽ, ലോഹിതദാസ്, രഞ്ജിത് തുടങ്ങിയവരുടെ വരവു് മദ്ധ്യവർഗ സിനിമയിൽ മാറ്റത്തിനു കാരണമായി. ഇവർ പ്രമേയം സ്വീകരിച്ച കാര്യത്തിൽ പല തർക്കങ്ങളും ഉന്നയിക്കാം. സ്ത്രീവിരുദ്ധമാണെന്നും പുരുഷാധിപത്യപരമാണെന്നും മറ്റിതര ഗണങ്ങളെ കാണുന്നില്ലെന്നും തർക്കിക്കാം. എങ്കിലും അവർ സിനിമ ചെയ്യാൻ ശ്രമിച്ചു. ചിലരൊക്കെ ആ ശ്രമത്തെ മുന്നോട്ടു കൊണ്ടുപോയി. കൂടുതലും കച്ചവടമാണെങ്കിലും സിനിമയെക്കുറിച്ചുള്ള ചിന്തകളും അതിന്റെ ആവിഷ്ക്കാരങ്ങളും എന്തായിരിക്കണമെന്ന കാഴ്ചപ്പാടു് അവർക്കുണ്ടായിരുന്നു.
ഇതിനിടയിൽ സത്യജിത് റേ യുടെ പഥേർപാഞ്ചാലി, ഡിസീക്ക യുടെ ബൈസിക്കിൾ തീവ്സ് തുടങ്ങി മലയാളി എത്ര വ്യത്യസ്തമായ ക്ലാസിക് സിനിമകൾ കണ്ടിരുന്നു. ആ സിനിമകളിൽ നിന്നു് താർക്കോവ്സ്കിയിലേക്കും ഹെർസോഗിലേക്കും പസോളിനി യിലേക്കും അലക്സാണ്ടർ സുക്കറോവിലേക്കുമുള്ള ദൂരം താണ്ടിയതു് മലയാളി കണ്ട സിനിമകളിലൂടെ തന്നെയായിരുന്നു. അതുകൊണ്ടാണു് മലയാളി ഇവരുടെ സിനിമകൾ കണ്ടപ്പോൾ തങ്ങളുടെ സിനിമയായി കണക്കാക്കിയതു്. ഇതിൽ പലതും പ്രദർശിപ്പിച്ചതും നമ്മുടെ സിനിമകൾക്കപ്പുറത്തു് സിനിമകളുടെ ചലന ഗണങ്ങളുണ്ടെന്നും അറിയിച്ചതു് ഫിലിം സൊസൈറ്റികൾ തന്നെയാണു്. അതുകൊണ്ടുതന്നെ യുവതലമുറയിൽ രാജീവ് രവി, കെ. എം. കമൽ, വിപിൻ വിജയൻ, ഗീതു മോഹൻ ദാസ് എന്നിവരെപ്പോലെയുള്ള സിനിമാ കുതുകികളുണ്ടായി. അവർ ഈ രംഗത്തു് പുതിയ സാധ്യതകളുമായി മുന്നോട്ടു പോയിട്ടുമുണ്ടു്. അതൊന്നും മറക്കാനാവില്ല. സമാന്തരസിനിമകളിൽ സംഭവിച്ചതു പോലുള്ള ഒരു തിരിമറിയെ കൂടിയാണിതു് അടയാളപ്പെടുത്തുന്നതു്.
ഈ സന്ദർഭത്തിൽ ജോൺ എബ്രഹാം നടത്തിയ ജനകീയാന്വേഷണങ്ങളിലെ ബദലും എടുത്തു പറയേണ്ടതുണ്ടു്. അമ്മ അറിയാൻ മലയാള സിനിമയിലുണ്ടാക്കിയ ‘വേർതിരിവു്’ ഇന്നും വേർതിരിവായി കാണേണ്ടി വരുന്നതു് അതുകൊണ്ടാണു്. അതിലെ രാഷ്ട്രീയവും മലയാളിയുടെ കപട വിനിമയങ്ങളുമാണു് അതിനെ വേറിട്ടു നിർത്തുന്നതു്. ആ സിനിമയ്ക്കു് അച്ചടക്കമില്ലെന്ന പരാതിയുണ്ടെങ്കിലും അതിനു മുൻപു് ജോൺ സംവിധാനം ചെയ്ത ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും അഗ്രഹാരത്തിലെ കഴുതയും സിനിമയുടെ സംവേദന യുക്തിയെ മാറ്റുന്നതാണു്. ഇതിലെല്ലാം സിനിമയെക്കുറിച്ചുള്ള അന്വേഷണമാണു് സംവിധായകൻ നടത്തുന്നതു്. അതിലൂടെ കേരള സമൂഹത്തിന്റെ ദിശകളെ വേർതിരിക്കുകയും ചെയ്തിട്ടുണ്ടു്. പിന്നീടു് ചിന്ത രവി യും ടി. വി. ചന്ദ്രനും ബക്കറും രാജീവ് വിജയരാഘവനും തങ്ങളുടേതായ രീതിയിൽ രാഷ്ട്രീയം ചർച്ച ചെയ്യാനും സിനിമയുടെ പ്രത്യേകതകളിൽ യുക്തി സംവേദനം നിലനിർത്താനും ശ്രമിച്ചിട്ടുണ്ടു്. ഇതു് ചലച്ചിത്രമെന്ന മാധ്യമത്തിലെ അന്വേഷണമായി ചെറിയ തോതിലെങ്കിലും കാണേണ്ടതുണ്ടു്. എന്നാൽ കലയിലെ ചന്തരൂപങ്ങളുടെ കടന്നു വരവും പ്രൊഫഷണലിസത്തിൽ നിന്നു് വ്യത്യസ്തമായി ചിന്തിക്കാമെന്ന ധാരണയും തുടർന്നു് സിനിമയിലുണ്ടായി. അതു് സിനിമയെ കൂടുതൽ ബലവത്താക്കുകയിരുന്നു. അതിലൂടെ സ്ത്രീ, ദളിത്-ആദിവാസി വിഷയങ്ങൾ (പ. രഞ്ജിത്തിനെപ്പോലുള്ളവർ അംബേദ്ക്കർ ചിന്തകൾ ചർച്ച ചെയ്തിട്ടുള്ളതു് ‘നല്ല’ നിലയിൽ ഓർക്കുക) ചർച്ച ചെയ്യുകയുണ്ടായി. ഈ രീതിയിൽ വളർച്ചയുടെ നല്ല വശമായി അതിനെ കണക്കാക്കാം. ഇതൊന്നും സിനിമയിൽ നിന്നു് സിനിമയെ ഇല്ലാതാക്കാനുള്ള പ്രവണതയായിരുന്നില്ല. ആഫ്രോ-ലാറ്റിനമേരിക്കൻ സിനിമകൾ അതിനു് നല്ല ഉദാഹരണങ്ങളാണു്. സിനിമാ ലോകം മറച്ചു വച്ച പലതും ആ സിനിമകൾ പുറത്തു കൊണ്ടുവന്നു. അബോറിജിൻ ജീവിതങ്ങൾ, അവയുടെ വൈവിധ്യങ്ങൾ തുറന്നു കാട്ടിയപ്പോൾ ഭൂമിയിലെ മറ്റുജീവിതാവസ്ഥകൾ എന്തെന്നറിയാനും കഴിഞ്ഞു. അതിനൊപ്പം സിനിമാപഠനങ്ങളും വികസിച്ചു. ദെല്യൂസ്, സീസെക്ക് തുടങ്ങിയവർ പുതിയ രീതിശാസ്ത്രങ്ങളും കാഴ്ചാരീതികളും സിനിമയുടെ ഭൗതീകതയിൽ എഴുതിച്ചേർത്തു. അതിന്റെ തുടർച്ച എന്നോണം പുതിയ സിനിമാപഠനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതുപോലെ തന്നെ ഇന്ത്യൻ സിനിമയിലും ഇത്തരം എഴുത്തന്വേഷണങ്ങളുണ്ടാകുന്നുണ്ടു്. സിനിക്കിൽ നിന്നും കോഴിക്കോടനിൽ നിന്നും മാറി സിനിമയുടെ ദർശനത്തിലേക്കും രാഷ്ട്രീയത്തിലേക്കും കടക്കുന്ന സിനിമാപഠനങ്ങളും കേരളത്തിലുണ്ടായി. ജെ. ഗീത, ജാനകി, എൻ. പി. സജീഷ്, ജെനി റൊവിനോ, അമർനാഥ്, ഗീഥ, രതീഷ് രാധാകൃഷ്ണൻ, ബിനു ശാർങ്ഗധരൻ തുടങ്ങി എത്രയോപേർ ഈ രംഗത്തെ സമകാലീകമാക്കുന്നുണ്ടു് (ഇതിനെല്ലാം മുന്നോടിയായിരുന്ന കെ. വേലപ്പനെ മറന്നു കൊണ്ടല്ല). മലയാള സിനിമ അങ്ങനെ എല്ലാ രീതിയിലും ചലനത്തെ ചലനം കൊണ്ടറിയുമ്പോഴാണു് അതിനെ പിന്നോട്ടടിക്കുന്ന പ്രവണത ഉണ്ടായിക്കൊണ്ടിരിക്കുന്നതു്.
ഇവർ പ്രമേയം സ്വീകരിച്ച കാര്യത്തിൽ പല തർക്കങ്ങളും ഉന്നയിക്കാം. സ്ത്രീവിരുദ്ധമാണെന്നും പുരുഷാധിപത്യപരമാണെന്നും മറ്റിതരണ ഗണങ്ങളെ കാണുന്നില്ലെന്നും തർക്കിക്കാം. എങ്കിലും അവർ സിനിമ ചെയ്യാൻ ശ്രമിച്ചു. ചിലരൊക്കെ ആ ശ്രമത്തെ മുന്നോട്ടു കൊണ്ടുപോയി. കൂടുതലും കച്ചവടമാണെങ്കിലും സിനിമയെക്കുറിച്ചുള്ള ചിന്തകളും അതിന്റെ ആവിഷ്ക്കാരങ്ങളും എന്തായിരിക്കണമെന്ന കാഴ്ചപ്പാടു് അവർക്കുണ്ടായിരുന്നു.
അടുത്ത കാലത്തു് ധാരാളം പേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നിറങ്ങിയിട്ടുണ്ടു്. സംവിധായകരായ വിപിൻ വിജയൻ, കെ.എം. കമൽ, രാജീവ് രവി, അമൽ നീരദ് ക്യാമറാമാനായ മധു നീലകണ്ഠൻ തുടങ്ങി മലയാളിക്കു് അഭിമാനിക്കാനാവുന്ന എത്രയോ പേർ. അവരുടെ സംഭാവനകൾ ഈ രംഗത്തു് വിലയേറിയതുമാണു്. ഉദാഹരണത്തിനു് രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ എടുത്താൽ അതു മനസ്സിലാവും. അന്നയും റസൂലി ലും ഞാൻ സ്റ്റീവ് ലോപ്പസി ലും തന്റെ വഴി വ്യത്യസ്തമാണെന്നു് തെളിയിച്ച രാജീവ്, കമ്മട്ടിപ്പാടത്തിലൂടെ ദളിത് അനുഭവത്തിന്റെ പാഠങ്ങൾ മലയാളിക്കു് നൽകുകയുണ്ടായി. അതേക്കുറിച്ചു് ദളിത് വെർഷനിലുള്ള പഠനങ്ങൾ നടക്കുകയും ദളിതനോടു് നീതി പുലർത്തുന്നില്ല എന്ന വ്യാഖ്യാനമുണ്ടാകുകയും ചെയ്തു. ഇതൊക്കെ ഏറെക്കുറെ ശരിയാണെങ്കിലും ദളിത് ശരീരത്തിന്റെ പ്രയോഗം മലയാള സിനിമയിൽ തികച്ചും വ്യത്യസ്തമായി കൊണ്ടുവന്ന സിനിമയായിരുന്നു കമ്മട്ടിപ്പാടം. സ്വന്തം സ്ഥലത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ചിന്തിക്കാത്തവർ സ്വന്തം ഭൂമിയെക്കുറിച്ചു് ചിന്തിക്കണമെന്ന കാഴ്ചപ്പാടു് നൽകിയ ചലച്ചിത്രം, പ്രമേയത്തിന്റെ കാര്യത്തിലും ആവിഷ്ക്കാരത്തിന്റെ കാര്യത്തിലും സിനിമാറ്റിക്കായ നിർവ്വചനങ്ങളെ മുന്നോട്ടു വച്ചിട്ടുണ്ടു്. വർഷങ്ങൾ കഴിഞ്ഞു് മലയാള സിനിമയെക്കുറിച്ചു് പഠിക്കുന്ന ഒരാൾക്കു് കമ്മട്ടിപ്പാടം കാണാതെ പോകാൻ കഴിയില്ല. കാരണം അതു് ചരിത്രത്തിൽ നോക്കുകയും ചരിത്രത്തിൽ ഇല്ലാത്തവരെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ടു്. കൂടാതെ അതു് ഉല്പാദിപ്പിച്ച ശരീരം ഏഴു്, എട്ടു് പതിറ്റാണ്ടിന്റെ ചരിത്രമുള്ള മലയാള സിനിമക്കു് കിട്ടിയ മാറുന്ന ‘ബോഡികളെ’ക്കുറിച്ചുള്ള മുന്നറിയിപ്പാണു്. സിനിമയെക്കുറിച്ചുള്ള ഭാഷ തന്നെ ഈ സിനിമയിൽ മാറുന്നുണ്ടു്. ഈ നിലയ്ക്കു് മദ്ധ്യവർഗ സിനിമയിൽ തന്നെ മാറ്റത്തെക്കുറിച്ചു് ചിന്തിച്ച സിനിമയാണു് കമ്മട്ടിപ്പാടം. രാജീവിന്റെ മറ്റു് രണ്ടു് സിനിമകളിലും ഇത്തരം പ്രവണതകളുണ്ടു്. വയലൻസ് മലയാളി എങ്ങനെ ഉൾക്കൊള്ളുന്നുവെന്നതിന്റെ ചില സൂചനകൾ ഇവ നൽകുന്നുണ്ടു്. വ്യക്തി, കുടുംബം, സമൂഹം ഇവ കേന്ദ്രീകരിച്ചു് വയലൻസ് രൂപപ്പെടുമ്പോൾ മറ്റുള്ളവരുടെ അപരത്വം ചോദ്യമായി മാറുന്നതിന്റെ പശ്ചാത്തലം പരിശോധിക്കാൻ കൂടി രാജീവിന്റെ ചിത്രങ്ങൾ ശ്രമിക്കുന്നുണ്ടു്. ഒരു പക്ഷെ, ഏറ്റവും നല്ല രാഷ്ട്രീയ സിനിമകൾ രാജീവിൽ നിന്നുണ്ടാകാമെന്നതിന്റെ സൂചനകളാണു് ഇവ നൽകുന്നതു്.
പുതിയ സംവിധായകർ ഈ നിലയിൽ തങ്ങളുടെ ചിന്തകൾ സിനിമകളാക്കി മാറ്റുന്നുണ്ടു്. അതിനോടൊപ്പം സിനിമയിൽ കൂടിയാട്ടങ്ങളും നടക്കുന്നുണ്ടു്. ക്യാമറയുമായെത്തി തങ്ങളും സിനിമക്കാരാണെന്ന വ്യാജേനയുള്ള നിർമ്മിതികൾക്കിടയിലൂടെയാണു് ഇപ്പോൾ മലയാള സിനിമ പരമാവധി പോയിക്കൊണ്ടിരിക്കുന്നതു്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയില്ലെങ്കിലും സിനിമ ബാധിച്ചു് സംവിധായകരായവരാണു് മലയാള സിനിമാ ഇൻഡസ്ട്രിയിലുണ്ടായിരുന്നതു്. അവർ കഴിവതും തങ്ങളുടെ ജ്ഞാനം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടു്. സാങ്കേതികതയ്ക്കു് പ്രാധാന്യമുള്ള സിനിമയിൽ അതറിയാതെ സിനിമാവിഷ്ക്കാരം നടത്തുക പ്രയാസമാണു്. ഈ സാങ്കേതിക പ്രവർത്തനത്തെ സ്വായത്തമാക്കുന്നതോടുകൂടി മാത്രമെ സിനിമ ഉദ്ദേശിച്ച നിലയിലേയ്ക്കു് എത്തിക്കാൻ കഴിയൂ. ഈ കുറവുകളുടെ വലിയ ശേഖരമാണു് ന്യൂജെൻ സിനിമകൾ. എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുന്ന ന്യൂജെൻ സിനിമകളുടെ തള്ളലിൽ പലപ്പോഴും സിനിമ അറിയുന്നവരെ ഒഴിവാക്കുന്നുണ്ടു്. ഇതു് സാഹിത്യത്തിലും കലയിലുമുണ്ടു്. ക്രിയാത്മകമല്ലാത്തവരുടെ കൂത്തരങ്ങാണു് ഇപ്പോൾ ഈ മേഖലകൾ. എഡിറ്ററെ സ്വാധീനിച്ചോ വേഷം കെട്ടുകളിലൂടെയോ ഗ്രൂപ്പുകളികളിലൂടെയോ ആണു് ഇവർ നിർമ്മിതികൾ പുറത്തുവിടുന്നതു്. അതുകൊണ്ടു് എന്തു് പ്രയോജനമാണുണ്ടാകുന്നതു്? സാഹിത്യത്തിനും കലയ്ക്കും സിനിമയ്ക്കും ചിന്തകൾ പങ്കുവയ്ക്കാനുള്ള ശേഷിയുണ്ടു്. ആ ശേഷി കാര്യക്ഷമമാകുന്നതു് സമൂഹത്തിലാണു്. പക്ഷെ അതിനൊന്നും കഴിയാത്തവർ ഇടപെടുമ്പോൾ വ്യക്തിയും സമൂഹവും ക്ഷയിക്കും. അതു് കേരള സമൂഹത്തിൽ നടക്കുന്നുണ്ടെന്നാണു് തോന്നുന്നതു്. അതു കൊണ്ടു തന്നെയാണു് കേരളം മത-ജാതി സംഘടനകളിൽ വീണു പോയതു്. ഇതു് പൊതു ഇടങ്ങളെപ്പോലും ജാതീയമാക്കി. സദാചാര ബോധമുള്ളവരാക്കി. ഇതിനെല്ലാം കാരണം തങ്ങളുടെ മാനസികാവസ്ഥയാണെന്നു് ഈ പ്രവർത്തികളിൽ ഏർപ്പെടുന്നവർ ആലോചിക്കുന്നില്ല. തങ്ങൾ ചെയ്യുന്ന സ്ത്രീവിരുദ്ധ ഇടപെടലുകളാണു് സദാചാര കോളനിയ്ക്കു് കാരണമാകുന്നതു്. തങ്ങൾ ജീവിക്കുന്നതു് മത-ജാതിയ്ക്കിടയിലാണെന്നു് ഇതു് രേഖപ്പെടുത്തുന്നു. വിദ്യാഭ്യാസം കൊണ്ടു് ജനാധിപത്യ മൂല്യങ്ങളെ വളർത്താനോ ആശയങ്ങളുടെ ജനാധിപത്യവ്യാപനം കൊണ്ടു് സംസ്കാരങ്ങളെ വളർത്താനോ കഴിഞ്ഞില്ലെന്നു വരുന്നതു് കഷ്ടം തന്നെയാണു്. വീടും സമൂഹവും ചുരുങ്ങുമ്പോൾ കാപട്യങ്ങളുടെ മൂല്യ വിചാരം ഉയർന്നു വരും. അതാണു് കേരള സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്നതു്. ഇതു് ശബ്ദത്തിന്റെയും ഇമേജിന്റെയും ചലനത്തിന്റെയും കലയായ സിനിമയ്ക്കും ബാധിച്ചതായി കാണാം.
എങ്കിലും സിനിമ ആശയപരവും സാങ്കേതികവുമായുണ്ടാക്കിയ വികാസം, വികാസം തന്നെയാണു്. അതു് കച്ചവടമോ കലയോ ആകാം. ആസ്വാദകരുടെ അഭിരുചിയാണു് അതു് തരംതിരിക്കുന്നതു്. അതു കൊണ്ടു തന്നെ സാങ്കേതികത്വം തള്ളിക്കളയാനാവില്ല. താൻ മണ്ണിൽ തൊട്ടുനിന്നുകൊണ്ടേ ചലച്ചിത്രം നിർമ്മിക്കൂ എന്ന അഭിപ്രായ പ്രകടനം ആശയപരമായി നല്ലതായി തോന്നാമെങ്കിലും സാങ്കേതികത്വത്തെ ഒഴിച്ചു നിർത്താനാവില്ല. ആശയം മാത്രമല്ലല്ലോ സിനിമ? അതിനെ മറികടക്കുന്നുവെന്ന വ്യാജേന സിനിമകളുണ്ടാക്കി മലയാളികളായ പ്രേക്ഷകരോടു് ആദർശം വിളമ്പേണ്ടതുണ്ടോ? സിനിമയുടെ സൈദ്ധാന്തികതയ്ക്കൊപ്പം നില്ക്കാൻ കഴിവുള്ള ആസ്വാദകരുടെ നാടാണു് കേരളം. സിനിമയുടെ പടച്ചെഴുത്തല്ല അവരെ സിനിമയുടെയോ മറ്റു് കലാരൂപങ്ങളുടെയോ മൂല്യങ്ങളിലോ മൂല്യരാഹിത്യങ്ങളിലോ എത്തിക്കുന്നതു്. ഉള്ളു പൊള്ളയായ കാര്യങ്ങൾ തികഞ്ഞ ജാഗ്രതയോടെ തിരിച്ചറിയാനുള്ള ശേഷി അവർക്കുണ്ടു്. മുദ്രവാക്യങ്ങളെ മുദ്രവാക്യങ്ങളായി കണക്കാക്കാനുള്ള കഴിവും മലയാളത്തിലെ ആസ്വാദകർക്കുണ്ടു്.
സിനിമാ ലോകം മറച്ചു വച്ച പലതും ആ സിനിമകൾ പുറത്തു കൊണ്ടുവന്നു. അബോറിജിൻ ജീവിതങ്ങൾ, അവയുടെ വൈവിധ്യങ്ങൾ തുറന്നു കാട്ടിയപ്പോൾ ഭൂമിയിലെ മറ്റുജീവിതാവസ്ഥകൾ എന്തെന്നറിയാനും കഴിഞ്ഞു. അതിനൊപ്പം സിനിമാപഠനങ്ങളും വികസിച്ചു. ദെല്യൂസ്, സീസെക്ക് തുടങ്ങിയവർ പുതിയ രീതിശാസ്ത്രങ്ങളും കാഴ്ചാരീതികളും സിനിമയുടെ ഭൗതീകതയിൽ എഴുതിച്ചേർത്തു. അതിന്റെ തുടർച്ച എന്നോണം പുതിയ സിനിമാപഠനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഈ നിലയ്ക്കു് കാഴ്ചയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകാനും അവയെ വ്യാഖ്യാനിക്കാനും ശേഷിയുള്ള സമൂഹത്തിനു മുന്നിലാണു് വിധു വിൻസന്റ് ‘മാൻ ഹോൾ’ തുറന്നിട്ടതു്. നമ്മുടെ അഴുക്കുകൾ കോരിക്കളയുന്ന ഒരു കൂട്ടം ആളുകളെയാണു് അതിലൂടെ പരിചയപ്പെടുത്തിയതു്. ഈ നിർമ്മിതി ഡോക്യുമെന്ററി ആണോ എന്നു ചോദിച്ചാൽ ഡോക്യുമെന്ററി നേരിടുന്ന പ്രശ്നങ്ങൾ അതു് അഭിമുഖീകരിച്ചു കാണുന്നില്ല. ഡോക്യുഫിക്ഷനാണോ എന്നു ചോദിച്ചാൽ അതും ഉറപ്പിച്ചു പറയാൻ കഴിയില്ല. ഫീച്ചർ ഫിലിമാണോ എന്നു ചോദിച്ചാൽ കാര്യകാരണങ്ങൾ തിരഞ്ഞു് നാം അസ്വസ്ഥരാകും. എങ്കിലും ചിന്തകൾ കൊണ്ടു് ഞെട്ടിച്ച അസാധ്യ സിനിമകൾ കണ്ടിട്ടുള്ള മലയാളി പ്രേക്ഷകർക്കു മുന്നിൽ വച്ചു കൊണ്ടു് മാൻഹോൾ കളിക്കുന്ന കളി മലയാളി പ്രേക്ഷകർ ഒന്നുമല്ലെന്നു കാട്ടുന്ന തരത്തിലുള്ളതാണു്. കലാ നിർമ്മിതിയിൽ ആശയം വേണ്ടെന്ന അഭിപ്രായമല്ല ഇവിടെ പ്രകടിപ്പിക്കുന്നതു്. അതു് വേണം. അതോടൊപ്പം കലയെക്കുറിച്ചുള്ള ചിന്തയും വേണം. വിധു വിൻസന്റിന്റെ സിനിമാ നിർമ്മിതി ഒരു മുദ്രാവാക്യം മാത്രമാണു്. ഒരു സ്ത്രീ സിനിമാ നിർമ്മിതി നടത്തിയതുകൊണ്ടു് പുരുഷലോകത്തിന്റെ ആക്ഷേപമല്ലിതു്. ഇതു് മലയാള സിനിമയ്ക്കു് എന്തു മാറ്റമുണ്ടാക്കുന്നുവെന്ന ചോദ്യത്തിനു് ഉത്തരം കിട്ടാത്തതു കൊണ്ടു മാത്രമാണു് ഇങ്ങനെ പറയേണ്ടി വരുന്നതു്. മാൻഹോളിലിറങ്ങി കൊല്ലപ്പെട്ടവരെപ്പോലും അതു് ഇല്ലാതാക്കുന്നില്ലേ? സിനിമ എന്ന കലാരൂപം നടത്തിയ നിക്ഷേപങ്ങളെപ്പോലും അതു് ഒറ്റയടിയ്ക്കു് റദ്ദാക്കുകയല്ലേ? ഇത്തരം നിർമ്മിതികളെ ചുമക്കേണ്ട ബാധ്യത നമുക്കുണ്ടോ?
കെട്ടുകാഴ്ചകൾ പലതും ചുമന്ന സമൂഹത്തിന്റെ പാപ്പരത്തമല്ലേ മാൻഹോളിലൂടെ ആഘോഷിക്കപ്പെട്ടതു? ഇത്തരം നിർമ്മിതികൾ ആഘോഷിക്കുന്നതിലൂടെ കലാ നിർമ്മിതികൾ ആഘോഷിക്കുന്നതു സംബന്ധിച്ചുള്ള തെറ്റായ സന്ദേശമല്ലേ നൽകുന്നതു്? മാൻഹോൾ മുന്നിൽ വയ്ക്കുന്ന ആശയം ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോൾ തന്നെ കലാ നിർമ്മിതികളെ അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാനോ തിരസ്ക്കരിക്കാനോ ഉള്ള മാനസികാവസ്ഥ നാമുണ്ടാക്കിയില്ലെങ്കിൽ കലയോടു ചെയ്യുന്ന ക്രൂരതയായിരിക്കും അതു്. മലയാളി ഇത്ര കാലം സിനിമ കണ്ടതു് ഇതിനു വേണ്ടിയായിരുന്നെങ്കിൽ മലയാളിയ്ക്കു് എന്തോ പറ്റിയിരിക്കുന്നു. കലയ്ക്കു് ഇനി മുതൽ ഗ്രേയ്സ് മാർക്കു കൊടുക്കണമെന്നു വരികയാണെങ്കിൽ അതിൽ എന്തോ കുഴപ്പമുണ്ടു്. മാർത്താ മൊസാറിസിനെ പോലെയുള്ള സംവിധായകരുടെ സിനിമകൾ ഇനി എന്തിനു് കാണണം? അതിബുദ്ധി കാട്ടിയുള്ള സാഹസങ്ങളെ തിരസ്ക്കരിക്കണമെന്നല്ലേ ഇതെല്ലാം പറയുന്നതു? ന്യൂജെൻ സിനിമകളിലെ ചത്ത കുതിരകളെ ഇനിയെങ്കിലും തിരച്ചറിഞ്ഞില്ലെങ്കിൽ അതു് മലയാള സിനിമയെ എങ്ങും എത്തിയ്ക്കില്ല. ഇത്രയധികം സിനിമകൾ മലയാളി കണ്ടതു് ഇതിനായിരുന്നെങ്കിൽ അതു് വേണമായിരുന്നോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി ജോലി ചെയ്യുന്നു. അഞ്ചു് കവിതാ സമാഹാരങ്ങൾ, ഒരു ചിത്രകലാനിരൂപണ ഗ്രന്ഥം, 25 വിവർത്തന പുസ്തകങ്ങൾ.