പത്തു് ഇന്റു പത്തു്
ഇതാണു് നരകത്തിന്റെ അളവു്
നരകത്തിന്റെ ചുവരുകൾക്കു്
ഇളംമഞ്ഞനിറമാണു്.
ചുവരിൽ ഒരു ചിത്രമുണ്ടു്.
അതിന്റെ നിറങ്ങൾ കണ്ടാൽ
സൂര്യൻ ഇപ്പോൾ ഉദിക്കും എന്നു് തോന്നും
പക്ഷേ, ഉദിക്കില്ല.
അതു് ഒരു അമൂർത്തചിത്രം മാത്രമാണു്.
ഒരു ചലനവും അനുവദിക്കാത്തതു്.

എട്ടു് ഇന്റു എട്ടു്
ചുവരുകൾ ചുകപ്പു്
ഒരു ജനലുണ്ടു്. പണ്ടു് അതിലൂടെ
നോക്കിയാൽ കുട്ടികൾ കളിക്കുന്നതു്
കാണാമായിരുന്നു, പക്ഷേ,
അവർ കളിക്കുന്നതു് നിർത്തിയിരിക്കുന്നു.
ആകാശം അവിടെത്തന്നെയുണ്ടു്
അതിൽ പകൽ ചാരനിറമുള്ള പക്ഷികളും
രാത്രി ക്ഷണികനക്ഷത്രങ്ങളും വന്നുപോകുന്നു.
മഴവില്ലുകൾ ഇയ്യിടെ വരാറില്ല.
ആറു് ഇന്റു ആറു്
ചുവരുകൾ നീല
മേശപ്പുറത്തു് വെള്ളമുണ്ടു്;
പകുതി വായിച്ച ഒരു പുസ്തകത്തിലെ
പകുതി പെയ്ത മഴയും.
ഞാനിപ്പോൾ ജീവിക്കുന്നതു്
നിഴലുകളുടെ ലോകത്തിലാണു്.
അവ സംസാരിക്കുന്നു, അവയോടു് ഞാനും.
ചിലപ്പോൾ കവിതപോലും ചൊല്ലാറുണ്ടു്.
നിഴലുകളോടു്,
നിഴലുകളെക്കുറിച്ചു്,
നിഴലുകളുടെ ഭാഷയിൽ എഴുതിയവ.
നാലു് ഇന്റു നാലു്
വാർത്തകൾ സ്ക്രീനിൽ
വരാറുണ്ടു്, പൂക്കളില്ലാത്ത വാർത്തകൾ.
പൂക്കളെല്ലാം വാക്കു കിട്ടാതെ
മരിച്ചവർക്കു് നൽകി.
ഗാസയിലെ കൊല്ലപ്പെട്ട
കുട്ടികൾക്കുപോലും നൽകാൻ
പൂക്കളോ വാക്കുകളോ ഇല്ല.
കണ്ണുനീരിന്റെ ഉറവകളോ,
ഭൂഗർഭജലത്തോടൊപ്പം വറ്റിപ്പോയി.

രണ്ടു് ഇന്റു രണ്ടു്
ചുവരുകൾ തവിട്ടുനിറം
ഇവിടെ എനിക്കു് സുഖമാണു്.
നിങ്ങൾക്കും സുഖമെന്നു് വിശ്വസിക്കുന്നു.
ജനലുള്ളവർ ഭാഗ്യവാന്മാർ.
ജയിലുകൾ രാജ്യസ്നേഹികളാൽ
നിറഞ്ഞിരിക്കുന്നു.
എനിക്കു് അവിടെയും സ്ഥലമില്ല.
ഒന്നു് ഇന്റു ഒന്നു്
ചുവരുകൾ കറുപ്പു്.
ഇരുട്ടു് കനക്കുന്നു, അതു
പതുപതുത്തിരിക്കുന്നു.
അതിൽ പ്രാണവായു കുറഞ്ഞുവരുന്നു
പുസ്തകങ്ങൾ ഇപ്പോൾ എന്നെ
ആകർഷിക്കുന്നില്ല
ജീവിതം, അത്ര പോലും.

കവിത നിരവധി സംവേദനങ്ങളുടെ ശരീരമാണു്. അതിനു് ശിരസുണ്ടു്, ഉടലുണ്ടു്, തലച്ചോറും ഹൃദയവുമുണ്ടു്. ആവശ്യമുള്ളവർക്കു് ഏതു വേണമെങ്കിലും എടുക്കാം. സന്ദർഭാനുസരണം മാറ്റുകയും ചെയ്യാം. എങ്കിലും ഒരൊറ്റ വഴിയിൽ അതിനെ നിർത്തരുതു്. അതിനെ അതിന്റെ വഴിക്കു് പോകാൻ അനുവദിക്കുക. അതിനു് എവിടെയും സംവേദനമുണ്ടു്. അതു് വിവിധ ഇടങ്ങളിൽ വിവിധ ശരീരങ്ങളിൽ വ്യത്യസ്തമായിരിക്കും. അതിനു് ഒരു പേരുണ്ടെങ്കിലും പ്രത്യേകതകൾ അനുസരിച്ചു് വിഘടിക്കുന്നു. ഈ വിഘടനമാണു് വിഷയത്തിലേയ്ക്കു് എത്തിക്കുന്നതു്. ചിലപ്പോൾ അതു് തന്നെ വിഷയമായി മാറാം. ചിലപ്പോൾ അതിന്റെ ആദ്യ വാക്കു്. ചിലപ്പോൾ കവിതാ ഘടന, അതല്ലെങ്കിൽ അതിലെ അദൃശ്യത. ചിലപ്പോൾ അതു് ദൃശ്യപ്പെടുത്തുന്ന ഒറ്റപ്പെടൽ. അതല്ലെങ്കിൽ അതിൽ നിന്നു പ്രസരിക്കുന്ന ആസക്തികൾ. അല്ലെങ്കിൽ ദർശനാഭിമുഖ്യം. ഓരോരുത്തർ എന്തുകൊണ്ടാണോ അഭിമുഖീകരിക്കുന്നതു് അതിനനുസരിച്ചു് ആ കവിത (കലാനിർമ്മിതി) അവർക്കു മുന്നിൽ നിൽക്കും. അതു് കവി (നിർമ്മിതിക്കാരൻ) അഭിമുഖീകരിച്ചതു് ആയിരിക്കണമെന്നില്ല. കവി അഭിമുഖീകരിച്ച ഏതെങ്കിലും സംവേദനമായിരിക്കാം അതു്. സംവേദനത്തിന്റെ ഏതെങ്കിലും ഒരു തുള്ളി. അതു് വായനക്കാരിലെത്തുന്നുവെങ്കിൽ വായനക്കാരിൽ ആ കവിത സംവേദിച്ചു തുടങ്ങി എന്നാണു് മനസ്സിലാക്കേണ്ടതു്. ‘നളിനി’ എന്നു കേൾക്കുമ്പോൾ കുമാരനാശാന്റെ നളിനി മനസ്സിലെത്തുകയാണെങ്കിൽ നളിനിയിൽ പ്രവേശിച്ചു തുടങ്ങിയെന്നാണു്. ‘കണ്ണീർപ്പാടം’ എന്നു കേൾക്കുമ്പോൾ വൈലോപ്പിളളിയുടെ കണ്ണീർപ്പാടം ഓർക്കുകയാണെങ്കിൽ ആ കവിതയിലേയ്ക്കെത്തിയെന്നും ‘ബംഗാൾ’ എന്നു ചിന്തിക്കുമ്പോൾ അതു് കെ ജി എസ്സിന്റെ കവിതയാണെന്ന ബോധമുദിയ്ക്കുകയാണെങ്കിൽ ആ കവിതയിലേയ്ക്കു വഴി തുറന്നെന്നും ഗുലാം അലിയുടെ ‘ഗസൽ’ കേൾക്കുമ്പോൾ ദൈവത്തിന്റെ ചിത്രമില്ലാത്ത മുറി എന്ന വരി ഓടിയെത്തുകയാണെങ്കിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗസലിലേയ്ക്കും എത്തിത്തുടങ്ങിയെന്നാണു കരുതേണ്ടതു്.
ഈ രീതിയിൽ കവിത ദൃശ്യവും അദൃശ്യവുമായി നമ്മോടൊപ്പമുണ്ടു്. പക്ഷേ, അതു് നമ്മളോടു് എങ്ങനെ സംവേദിക്കുന്നു? എപ്പോൾ? എവിടെ വച്ചു്? എപ്രകാരം? എന്നു മാത്രമെ ആലോചിക്കേണ്ടതുള്ളൂ. എപ്പോൾ വേണമെങ്കിലും അതുണ്ടാകാം. ചിലപ്പോൾ ഒരു കരച്ചിൽ കേൾക്കുമ്പോഴാകാം. ജോലി ചെയ്തു് അവശനായി യാത്ര ചെയ്യുമ്പോഴാകാം. അതല്ലെങ്കിൽ സിനിമ കാണുമ്പോൾ പശ്ചാത്തല സംഗീതത്തിന്റെ വൈകാരികതയിൽ നിന്നാകാം. അല്ലാതെ ആ കവിതയിൽ പ്രവേശിക്കുമ്പോൾ ആകണമെന്നില്ല. കലാനിർമ്മിതി എന്ന നിലയ്ക്കു് എപ്പോഴും കവിതയ്ക്കു് സംവേദിക്കാനാകും. സ്വയം നിർമ്മിച്ചെടുക്കുന്ന അന്തരീക്ഷത്തിലാണതു് സംഭവിക്കുന്നതു്. അല്ലാതെ (വെറും) സ്വകാര്യ അന്തരീക്ഷത്തിലല്ല. എഴുത്തും സംവേദനവും സ്വകാര്യ അന്തരീക്ഷത്തിന്റെ സൃഷ്ടി എന്നു് പഴയ രീതിയിൽ പറഞ്ഞിരുന്നതു് കലാനിർമ്മിതികാരനും ദൈവവും തമ്മിൽ (നിർമ്മിതിയുടെ കാര്യത്തിൽ) ഒന്നാണെന്നുള്ള പരിവേഷത്തിലാണു്. ആ പരിവേഷം ഇന്നില്ല. പുനരുല്പാദനം പോലും ലാബോറട്ടറികളിൽ സാദ്ധ്യമാകുന്ന ഇക്കാലത്തു് കലാനിർമ്മിതികളും ആ രീതിയിൽ സാദ്ധ്യമാണു്. ഈ രീതിയിൽ നിർമ്മിതി സാദ്ധ്യമെങ്കിൽ ആസ്വാദനവും സാദ്ധ്യമാണു്. അതാണു് സംവേദനത്തിലെ ഇന്നത്തെ വഴി. സന്ദർഭോചിതം. അങ്ങനെ ചിന്തിക്കുമ്പോൾ ഭൂതകാലത്തെ മാത്രം അഭിസംബോധന ചെയ്യേണ്ടി വരില്ല. ഭാവിയെ സൗന്ദര്യപ്പെടുത്തേണ്ടിയും വരില്ല. വർത്തമാനത്തെ സസൂക്ഷ്മം വീക്ഷിക്കാം. ദുരന്തങ്ങളേയും മഹാമാരികളേയും നേർക്കുനേർ കാണാം. അതിന്റെ സംവേദനത്തെ നിർമ്മിതിയുമാക്കാം. സച്ചിദാനന്ദൻ അത്തരം സംവേദനം നിർമ്മിക്കുകയാണു് ‘പച്ച ഇല്ല ഒരു സെൽഫ് ക്വാറന്റീൻ ഡയറി’യിൽ.
മഹാമാരിയാണു് കവിതയെ അഭിമുഖീകരിക്കുന്നതു്.
മഹാമാരിയിലെ ക്വാറന്റീൻ അനുഭവം ലോകവ്യാപകമാണു്. അതു് അനുഭവിച്ചവരും അനുഭവിക്കാനിരിക്കുന്നവരും മഹാമാരിയുടെ സൂക്ഷ്മ യാഥാർത്ഥ്യം അറിയുന്നുണ്ടു്. ആ അറിവു് ഓരോരുത്തർക്കും പലതാണു്. എങ്കിലും കോവിഡ് ഒരു സിരാപടലം പോലെ നമ്മെ ചുറ്റി നിൽക്കുന്നു; ലോകം നരകമായ്. നരകത്തിന്റെ വീതിയും നീളവും പത്തു് ഇന്റു പത്തു് എന്ന അളവിൽ. അങ്ങനെ നരകം അതിന്റെ അളവിൽ ഓരോ ജീവിയേയും ഒതുക്കുന്നു. അതു് ഒരു മുറിയുടെ വിസ്താരമാണു്. സ്വാഭാവികമായും കോവിഡ് ബാധിതരുടെ പ്രപഞ്ച വിസ്താരം. ആ പ്രപഞ്ചത്തിൽ ചുരുങ്ങി ചുരുങ്ങി കോവിഡ് ബാധിതർ സ്വയം നരകമായിത്തീരുന്നു. ഈ രീതിയിൽ പ്രപഞ്ചം നരകമായാലോ? ആ നരകത്തിൽ ഒരു മുറി മാത്രം ലഭിച്ചാലോ? ആ മുറിയിലെ സാഹചര്യം എന്തായിരിയ്ക്കും? അതെങ്ങനെ ബാധിക്കും? എങ്ങനെ ആ മുറി ലോകത്തെ കാണിക്കും? അതാണു് സച്ചിദാനന്ദൻ ‘പച്ച ഇല്ല’യിൽ വെളിപ്പെടുത്തുന്നതു്. രോഗാവസ്ഥ ജീവികളെ നരകത്തിലെത്തിക്കുമെന്ന വസ്തുത നിലനിൽക്കുന്നതിനാൽ ഈ കവിത ആ അവസ്ഥയിലേയ്ക്കു തിരിയുന്നു. നരകമങ്ങനെ രോഗാവസ്ഥയായി മാറുന്നു. അതു് ലോകത്തിലെ എല്ലാവർക്കുമായി മുറി തുറക്കുന്നു. അടഞ്ഞ മുറി. അടഞ്ഞ മുറിയിലെ ചലനമില്ലായ്മ തന്നെ രോഗാതുരതയെ സംവേദിപ്പിക്കുന്നു. ഇളം മഞ്ഞ നിറമുള്ള ചുവരും അതിൽ സൂര്യൻ ഉദിയ്ക്കുമെന്ന നിലയിലുള്ള അമൂർത്ത ചിത്രവും നരകം നൽകുന്ന വേദനയ്ക്കു തുല്യമാകുന്നു. മദ്ധ്യകാലഘട്ടത്തിൽ നരകമെന്നതു് അക്കാലത്തെ ജീവിതത്തിന്റെ പൊള്ളലും വേദനയുമായിരുന്നുവെന്നു് ‘നരക’ ചിത്രങ്ങളിലൂടെ വില്യം ബ്ലേയ്ക്ക് വെളിപ്പെടുത്തിയിട്ടുണ്ടു്. അക്കാല സംഭവങ്ങളിൽ നിന്നു് വ്യത്യസ്തമാണെങ്കിലും, ആ സംവേദനത്തിന്റെ വ്യസന വ്യാപനങ്ങളാണു് പച്ച ഇല്ലാതാകുന്നതിലൂടെ പകരുന്നതു്.
രോഗാവസ്ഥ, നരകം നൽകുമ്പോൾ അതുവരെയുണ്ടായിരുന്നവയിൽ പ്രത്യേകതയുള്ളതായിരിക്കും അന്വേഷിക്കുക. അതും ആനന്ദം നൽകിയവ. ആ അന്വേഷണത്തിൽ ദുരന്തങ്ങളൊഴിച്ചുള്ളതെല്ലാം പച്ചപ്പുള്ളതായിരിക്കും. പച്ച അങ്ങനെ പ്രകൃതിയുടെ പച്ച എടുത്തു് എല്ലാറ്റിനേയും പച്ചപ്പുള്ളതാക്കി മാറ്റും. ആ പച്ചയാണു് രോഗാതുരതയിൽ അന്വേഷിക്കുന്നതു്. അതിന്റെ അറ്റം ചേർന്ന തണുപ്പു് വറ്റിപ്പോയിരിക്കുന്നുവെന്നു് അറിയുന്നിടത്താണു് പച്ചയുടെ സംവേദനമുണ്ടാകുന്നതു്. ആ സംവേദനം നരകത്തിലെവിടെയാണുണ്ടാകുക?
നരക ദർശനം ജീവിതദർശനമാകുന്നിടത്താണു് പച്ചയെ ദർശിക്കാൻ തുടങ്ങുക. നരകം നൽകുന്ന ദുരന്തമാണു് പച്ചയെ സംവേദനക്ഷമമാക്കുന്നതും. അല്ലെങ്കിൽ പച്ചയെക്കുറിച്ചു് ആലോചിക്കേണ്ട ഒരാവശ്യവും വരില്ല. ജീവിതത്തിലും ജീവിത പരിസരത്തും പച്ചപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണു് അതിന്റെ ആവശ്യം? അതു് ജീവിതത്തെ അതിന്റെ പ്രസരിപ്പിനാൽ സമ്പുഷ്ടമാക്കും. എന്നാലിവിടെ പച്ചയുടെ സാന്നിധ്യം പ്രകടിപ്പിക്കാത്തതു കൊണ്ടു്, ഈ കവിത പച്ചയുടെ സംവേദനം തന്നെയാണെന്നു പറയാം.
ആറു ചെറു ഭാഗങ്ങളാണു് ഈ കവിതയ്ക്കുള്ളതു്. ‘പത്തു് ഇന്റു പത്തു്,’ ‘എട്ടു് ഇന്റു എട്ടു്,’ ‘ആറു് ഇന്റു ആറു്,’ ‘നാലു് ഇന്റു നാലു്,’ ‘രണ്ടു് ഇന്റു രണ്ടു്,’ ‘ഒന്നു് ഇന്റു ഒന്നു്’. പത്തിൽ നിന്നു് ഒന്നിലേയ്ക്കു് ചുരുങ്ങി സമൂഹ ജീവിതം ഇല്ലാതാകുന്ന ഒന്നെന്ന അവസ്ഥ. അതു് ബയോപൊളിറ്റിക്സിന്റെ ശോഷണം കൂടിയാണു്. അങ്ങനെ ലോക വ്യാപകമായി രോഗാതുരത മനുഷ്യബന്ധങ്ങളെ ചുരുക്കി എല്ലാ പ്രവർത്തനങ്ങളും ഒരു കേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണു്. ഇതു് ബഹുത്വം അനിവാര്യമല്ലെന്നു് വരുത്തിയിരിക്കുന്നു. സമൂഹം അതിന്റെ ഘടനയിൽ ശോഷിച്ചു് വ്യക്തി ക്രിയാത്മക ശേഷി ഇല്ലാത്തതായി മാറിയിരിക്കുന്നു. ഇതിപ്പോൾ വ്യക്തിയുടെ ഉടലിലും മനസ്സിലും പ്രവർത്തിക്കുന്നുണ്ടു്. അങ്ങനെ സ്വയം ഓഷ്വിറ്റ്സുകളോ അസൈലങ്ങളോ ആയിത്തീർന്നിരിക്കുന്നു. പത്തിൽ നിന്നു് ഒന്നിലേക്കെത്തുന്ന ഈ പ്രവണത അത്തരം നൈരാശ്യങ്ങളെയാണു് ഉണർത്തുക. അതു് സ്വയം കുറച്ചു് കുറച്ചു് ഇല്ലാതാകും. അതു് ശ്വാസത്തിന്റെ ഗതി പോലെയാണു്. പത്തിൽ നിന്നു് എട്ടിലെത്തുമ്പോൾ ലോകത്തിന്റെ വിന്യാസങ്ങൾ അതേ രീതിയിൽ തന്നെയുണ്ടെങ്കിലും നമ്മുടെ സന്തോഷങ്ങൾ കുറയുകയാണു്. ആകാശം, പകൽ, രാത്രികൾ ഉണ്ടെങ്കിലും ആനന്ദത്തിന്റെ ഏഴു് അഴകുകൾ അവിടെ ഇല്ലാതാകുന്നു. ‘മഴവില്ലുകൾ’ പെട്ടെന്നു വന്നു് മായുമെങ്കിലും അതു് മനസ്സിനെ സന്തോഷത്തിലെത്തിക്കുന്നതാണു്. അല്പമാത്രയെങ്കിലുമുണ്ടാകുന്ന ആ സംവേദനം മറ്റെല്ലാ ദുരന്തങ്ങളേയും ഇല്ലാതാക്കി ജീവിതത്തിന്റെ പച്ചപ്പിനെ പുറത്തെടുക്കുന്നു. പക്ഷേ, ആ പച്ചപ്പു് എവിടെ? ആ ചോദ്യമാണു് കവിതയുടെ അടുത്ത ഭാഗത്തിലെത്തിക്കുന്നതു്.
ആറു് ഇന്റു ആറിൽ. അവിടെ നിഴലുകൾ ആണു് കൂട്ടിനുള്ളതു്. ആ നിഴലുകളോടാണു് നിഴലുകളുടെ ഭാഷയിൽ എഴുതിയ കവിത പോലും ചൊല്ലുന്നതു്. അങ്ങനെ ആറു് ഇന്റു ആറു് മരണത്തിന്റെ നീളമാകുന്നു. മരിച്ചവന്റെ ഭാഷ, മരിച്ചവന്റെ കൂട്ടു് നിഴലുകളല്ലാതെ എന്താണു്? ആറു് ഇന്റു ആറു് അങ്ങനെ മരണ (ആറടിമണ്ണു്) സംവേദനമാകുന്നു. അദൃശ്യമായ പച്ചപ്പിനെ എന്ന പോലെ അദൃശ്യമായ മരണത്തേയും ഈ രോഗാതുരത വെളിവാക്കുന്നു. ആ രോഗാതുരത മരണമില്ലാത്ത ലോകത്തു് ജീവിതത്തിന്റെ പച്ചപ്പിനെക്കുറിച്ചു് ചിന്തിക്കുന്നു. എന്നാൽ സെൽഫ് രോഗാതുരമാണു്. അതിനു് ഭൗതീകലോകത്തേയ്ക്കു് എത്താൻ പ്രസരിപ്പുകൾ ആവശ്യമാണു്; പച്ചപ്പിന്റെ സംവേദനം. അതു് ആരോഗ്യപരമായ അവസ്ഥയിൽ നിന്നു മാത്രമെ ഉണ്ടാകൂ. നിലനില്ക്കുന്ന അവസ്ഥയെ വിഭജിച്ചു കൊണ്ടു് യാഥാർത്ഥ്യത്തെ അഥവാ സൂക്ഷ്മ യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞാലേ അതു സംഭവിക്കൂ. യാഥാർത്ഥ്യം രോഗാതുരവും ക്രൂരതകളും നിറഞ്ഞതാണെങ്കിലോ? അതു് പൂക്കളില്ലാത്ത വാർത്തകളായി കണ്ണുനീരിന്റെ ഉറവകളില്ലാതെ ഭൂഗർഭ ജലത്തോടൊപ്പം വറ്റിപ്പോകും. ഈ കവിതയിലെ നാലു് ഇന്റു നാലു് സൂചിപ്പിക്കുന്നതു് അതാണു്. മരിച്ചവർക്കു് വാക്കുകളെല്ലാം നൽകി കഴിഞ്ഞിരിക്കുന്നു, നമ്മുടെ രോഗാതുരത. അതിനാൽ ക്രൂരതയുടെയും രാജ്യതാല്പര്യത്തിന്റെയും പേരിൽ ക്രൂരമായി കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾക്കു (ഗാസയിലെ കുട്ടികൾക്കു) പോലും നൽകാൻ വാക്കുകളോ പൂക്കളോ ഇല്ലാതാകുന്നു. ഒരു ഭാഗത്തു് രോഗവും മറുഭാഗത്തു് മതത്തിന്റെയും ജാതിയുടെയും പേരിൽ ക്രൂരത അരങ്ങേറുമ്പോൾ നിശബ്ദമായിപ്പോകുന്ന നമ്മുടെ ബോധത്തെ പച്ചയായി അറിയിക്കുകയാണിവിടെ.
നമ്മുടെ സംവേദനങ്ങളിൽ ആ പച്ചപ്പിന്റെ മിടിപ്പുണ്ടെന്നും അതു് നമ്മുടെ നോട്ടങ്ങളെ സജീവമായി നിലനിർത്തുന്നുണ്ടെന്നും ഓർമ്മപ്പെടുത്തുന്നു. ആ ഓർമ്മപ്പെടുത്തലിലും സ്വയം പുറത്താക്കപ്പെടുന്നവനാണു് (എവിടെ നിന്നും) താനെന്നു് സ്വയം അറിയുന്നു. രോഗാതുരനായിരിക്കുന്നതിനാൽ കഠിന തടവിലാക്കപ്പെടുന്ന പോലെ ജനലില്ലാത്ത ലോകത്താണു്. ജയിലുകൾ രാജ്യസ്നേഹികളാൽ നിറയ്ക്കപ്പെട്ടിരിക്കുന്നതിനാൽ (രാജ്യസ്നേഹം എന്നതു് വിമർശനാത്മകമായിട്ടാണു് ഉപയോഗിക്കപ്പെട്ടിരിക്കുന്നതു്) അവിടെയും സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു. താൻ ആരെന്നു് സ്വയം ചോദിക്കുന്ന വേദനാജനകമായ അവസ്ഥയെയാണു് രണ്ടു് ഇന്റു രണ്ടു് സൂചിപ്പിക്കുന്നതു്. അതിൽ നിന്നു തന്നെ തനിക്കു് ജീവിതത്തിന്റെ പച്ചപ്പു് ആവശ്യമെന്നു വരുന്നു. തന്നെപ്പോലെ അനാഥർക്കും ആ പച്ചപ്പു് ആവശ്യമെന്ന സംവേദനവും ഇവിടെ കൈമാറുന്നുണ്ടു്. എങ്കിലും ലോകം പൂർണ്ണമായും രോഗത്തിന്റെ കയ്യിലും മിക്കവാറും രാജ്യങ്ങൾ രാജ്യസ്നേഹികളുടെ കൈകളിലുമാണുള്ളതു്. രോഗം അധികാരത്തിന്റെ കൈകളിലും അധികാരം ഈ രാജ്യസ്നേഹികളുടെ കൈകളിലുമായിരിക്കുമ്പോൾ അവിടെ എവിടെയാണു് സ്വതന്ത്രമായി കഴിയുക? ഇതിൽ നിന്നാണു് കവിതയുടെ ആറാം ഭാഗമായ ഒന്നു് ഇന്റു ഒന്നിലെത്തുന്നതു്. അവിടെ കറുപ്പും ഇരുട്ടുമാണുള്ളതു്. പ്രാണവായു കുറഞ്ഞിരിക്കുന്നു. പുസ്തകം (ജ്ഞാനങ്ങൾ) ആകർഷിക്കാതെ ആയിരിക്കുന്നു. ജ്ഞാനമില്ലാത്ത ലോകത്തു് എന്താണു് ആകർഷകമായിരിക്കുക? അവിടെ നിന്നു് തിരസ്കൃതമാകുന്നതു് എന്തൊക്കെ ആയിരിക്കും? സത്ത എന്ന നിലയിൽ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതെല്ലാം തിരസ്ക്കരിക്കപ്പെടും. സ്വയം അജൈവമായി തീരും. അതു കൊണ്ടാണു് ജീവിതം, അത്ര പോലും ആകർഷിക്കുന്നില്ലെന്നു് പറയേണ്ടി വരുന്നതു്. പച്ച ഇല്ലാത്തിടത്തു് എന്താണു് ജീവിതം? ജീവിതം, അത്ര പോലും അവിടെ ഉണ്ടാകില്ല. അതു കൊണ്ടു തന്നെ പച്ച ഇല്ല—ജീവിതം, അത്ര പോലും എന്നു് ചേർത്തുവായിക്കുമ്പോളാണു് ഈ കവിതയിൽ പച്ചയുടെ പ്രസക്തിയും സംവേദനവും ആരംഭിക്കുന്നതു്.
നിറങ്ങളുടെ കവിതയാണു്—പച്ച ഇല്ല. ഇളം മഞ്ഞ, ചുകപ്പു്, നീല, തവിട്ടു്, കറുപ്പു്, ചാര എന്നിങ്ങനെ നിറങ്ങൾ ഈ കവിതയിൽ പൂണ്ടു നിൽക്കുന്നുണ്ടു്. ഈ നിറങ്ങൾ അടുത്തടുത്തു വച്ചു നോക്കിയാൽ അസ്വസ്ഥത തോന്നും. ഈ അസ്വസ്ഥത ജീവിതത്തിലുള്ളതാണെങ്കിലോ? ആ അസ്വസ്ഥതയോടൊപ്പം ഈ നിറങ്ങൾക്കൂടി ചേർന്നാലോ? അതാണു് കവിതയെ ഒന്നു കൂടി അസ്വസ്ഥമാക്കുന്നതു്. ഈ നിറങ്ങൾ ഓരോന്നും നമ്മെ വൈകാരിക പ്രതിസന്ധികളിൽ എത്തിക്കാൻ ശേഷിയുളളവയാണു്. അവ ഒരുമിച്ചു വന്നാൽ ആ പ്രതിസന്ധി എന്തായിരിക്കുമെന്നു് കണക്കാക്കിയാൽ തന്നെ അവയുടെ ചേർച്ച മനസ്സിലാകും. ഈ നിറങ്ങളുടെ ചേർച്ചയാണു് പച്ചയെ സംവേദനക്ഷമമാക്കുന്നതു്. ഈ നിറങ്ങൾ പരസ്പരം ചേർന്നാൽ മരണത്തിന്റെ നിറമെന്നു പറയുന്ന കറുപ്പിലേയ്ക്കാണെത്തുക. കറുപ്പു് എല്ലാ നിറങ്ങളേയും ഒന്നാക്കുന്നു. ഒന്നിലേയ്ക്കുള്ള യാത്രയിൽ ജീവിതം അത്ര പോലും പച്ചപ്പില്ലാത്തതാകും. അപ്പോൾ പച്ചപ്പിനെ അറിയുക എന്ന മാർഗ്ഗമല്ലാതെ മറ്റൊന്നും ഇല്ല. ആ നിമിഷമാണു് ദുരന്തങ്ങളിൽ പച്ചയായി മാറുക. പച്ച എന്നതു് നിറമായി കണ്ടാൽ ഈ കവിതയുടെ സൂക്ഷ്മ യാഥാർത്ഥ്യത്തിൽ എത്തിച്ചേരാൻ കഴിയില്ല. അതിൽ ശരീരവും തലച്ചോറും ചേരേണ്ടതുണ്ടു്. അങ്ങനെ അനുഭവങ്ങളുടെ സംവേദനമായി തീരേണ്ടതുണ്ടു്. പച്ച ഒരു നിറം മാത്രമായി സങ്കല്പിച്ചാൽ അതു് പ്രകൃതിയെക്കുറിച്ചുള്ള പൊതുധാരണയിലാണെത്തുക.
ആ പച്ചപ്പിൽ ആശ്വാസത്തിന്റെ കണ്ണുകളാണു പതിയുക. അതിൽ ആശ്വാസം കണ്ടെത്തും. അതുവരെ ഉണ്ടായിരുന്ന വിഷമതകൾ അവിടെ വച്ചു പോരുകയും ചെയ്യും. പച്ച നമ്മുടെ ഉള്ളിൽ പുതിയ സംവേദനമുണ്ടാക്കുകയും നാം മറ്റൊരു പ്രവൃത്തിയിലേയ്ക്കു കടക്കുകയും ചെയ്യും. അതു വഴി പച്ച എന്നതു് ഉണർവ്വും പുതു ചിന്തയുമായി മാറുന്നു. രോഗത്തിൽ നിന്നു രക്ഷപ്പെടാനുള്ള പുതു ചിന്ത. അഥവാ ശരീരവും മനസും പുറപ്പെടുവിക്കുന്ന സംവേദനം. അതു് രോഗവുമായുള്ള സംവേദനമാണു്. രോഗത്തെ തോല്പിക്കാൻ ശരീരം ചെയ്യുന്ന സംവേദനം. അതിലൂടെ ഇളം മഞ്ഞയും ചുകപ്പും നീലയും തവിട്ടും കറുപ്പും ചാരയും പച്ചയായി മാറുന്നു. ‘ആത്മഗീത’യിൽ ഒളിപ്പിച്ചിരുന്ന രോഗാതുരതയെ സെൽഫ് ക്വാറന്റീനിലൂടെ പച്ചയായി മാറ്റുന്നു. ഈ പച്ചപ്പു് പഴയ കാലത്തെപ്പോലും തിരിച്ചറിയാൻ കഴിയുംവിധം ആത്മവിചാരണയ്ക്കുകൂടി ഉതകുന്നതാണു്. അവിടെയാണു് എന്താണു് ജീവിതമെന്ന സംവേദനത്തിനു് കുറെക്കൂടി വ്യക്തത കിട്ടുക. അതു് രോഗാതുരമാണെന്നു് അറിയുന്നതിന്റെ ആത്മസംഘർഷവുവാണു്. കാത് ലീൻ ഫെരിയർ എന്ന ഗായിക, എന്താണു് ജീവിതമെന്നു് മരണസിരകളോടു് ചോദിക്കുന്നതു അതുകൊണ്ടാണു്. ജീവിതാസക്തി എതൊരാളേയും അവസാന നിമിഷം വരെ പിൻതുടരുമെന്നു് അവർ നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ആസക്തിയുടെ അങ്ങേത്തല വരെ പോകുന്ന വാസവദത്ത ഇതിനു് മറ്റൊരുദാഹരണമാണു്. അതാണു് പച്ചപ്പു്. ഉപഗുപ്തന്റെ മനസ്സിൽ നിന്നു് രോഗാതുരത ഒഴിവാക്കുന്നതും, വാസവദത്തയുടെ പ്രണയമെന്ന രോഗാതുരതയ്ക്കു കാരണവും ഈ പച്ചപ്പാണു്. അങ്ങനെ ജീവിതത്തിൽ പച്ച ആനന്ദത്തിന്റെയും ദുരന്തത്തിന്റെയും പ്രതീകമായി മാറുന്നു. എങ്കിലും ഉപഗുപ്തൻ അവർ ആഗ്രഹിക്കുന്ന നേരത്തു് എത്തിയിരുന്നെങ്കിൽ അവരിൽ ഉപഗുപ്തനെന്ന സംവേദനം പച്ചയായി നിലനില്ക്കില്ലായിരുന്നു. ഈ ഭാവ ശക്തിയാണു് വായനക്കാരിലെത്തുന്നതു്. പച്ച ഇല്ലെന്നു പറയുമ്പോഴും പച്ചയുണ്ടെന്നു് അറിയുന്നതും ഈ ഭാവ ശക്തിയാണു്. ഇതു് ആന്തരിക സംവേദനവുമാണു്. ഇവ രണ്ടും കൂടി സംയോജിപ്പിച്ചാണു് സച്ചിദാനന്ദൻ ഈ കവിത അവതരിപ്പിക്കുന്നതു്. അതുകൊണ്ടാണു് ജീവിതം എന്ന സൂക്ഷ്മ യാഥാർത്ഥ്യത്തെ അവതരിപ്പിക്കേണ്ടി വരുന്നതു്. അതു് പക്ഷേ, ഇല്ലാതായിരിക്കുന്നു.
ആ ഇല്ലായ്മ രോഗാതുര ഘട്ടങ്ങളിൽ സംഭവിക്കാറുണ്ടു്. ഭാവ ശക്തി ജീവിതത്തോടു് ഏറ്റവും അടുക്കാൻ ശ്രമിക്കുന്ന സാഹചര്യമാണു് രോഗാവസ്ഥ. കാസ്ട്രഷൻ പോലെയാണു്. എന്നാൽ രോഗവസ്ഥയിൽ കാസ്ട്രഷനു വിപരീതമായി ആനന്ദ നിർവൃതിയ്ക്കു് ശ്രമിക്കാറുണ്ടു്. സന്യസ്ഥതയിൽ നിന്നു് കാമനാമനുഷ്യനിലേയ്ക്കുള്ള വരവു് എന്നതിനെ പറയാം. ഇതു് മരണത്തിനു മുൻപുള്ള നിമിഷം വരെ സംഭവിക്കാറുണ്ടു്. ചൈനീസ്-അമേരിക്കൻ കവിയായ മറിലിൻ ചിൻ ഇതു പോലെ ‘ഹോസ്പിറ്റൽ ഇൻ ഓറിഗോണി’ൽ ചിന്തിക്കുന്നുണ്ടു്. ഈ കവിതയിൽ മോർഫിൻ നൽകിയിരിക്കുന്ന മുത്തശ്ശിയാണു് ഇത്തരം കാമനയിലെത്തുന്നതു്. ചിൻ അവളുടെ കവിതയിൽ സംവേദനത്തിലെ പച്ചയെ സ്വന്തം ജീവിതത്തിലെ നല്ല കാലമായി കാണുന്നു. മരണം സംഭവിക്കാം. എന്നാൽ മറവിയിലേയ്ക്കു പോകാൻ ആരുടെയും കാമന ആഗ്രഹിക്കുന്നില്ലെന്നിതു് വെളിപ്പെടുത്തുന്നു. ഇതു പോലെ എലിസബത്ത് ബിഷപ്പിന്റെ ‘വൺ ആർട്ട്’ എന്ന കവിതയും ചിന്തിക്കുന്നുണ്ടു്. നഷ്ടമാകുമ്പോളുണ്ടാകുന്ന പച്ചപ്പിനെക്കുറിച്ചുള്ള ഓർമ്മയായിട്ടാണു് വെളിപ്പെടുന്നതു്. അതു് ജീവിതം രൂപപ്പെടുത്തുന്ന ആലങ്കാരികതയാണെന്നു് നാമൊരിക്കലും ഓർക്കില്ല. പക്ഷേ, അതൊരു ആലങ്കാരികതയാണു്. ആ ആലങ്കാരികതയുടെ ഭാവ ശക്തിയാണു് ജീവിതത്തെ സംവേദനക്ഷമമാക്കുന്നതു്.
സച്ചിദാനന്ദന്റെ എഴുപതെന്ന കവിതയിൽ ‘വഴി താണ്ടാൻ, വേണ്ടാ എനിക്കു മോക്ഷം’ എന്നു് സ്വയം സംവേദനക്ഷമമാകുന്നുണ്ടു്. മുന്നോട്ടു പോക്കാണു് ഏതൊരു ജീവിയുടേയും ചിന്ത. അതു് ചിലപ്പോൾ നിഷേധമെന്ന രീതിയിൽ വരാം. എങ്കിലും ആ നിഷേധത്തിൽ, ഭവ ശക്തിയും ഭാവ ശക്തിയും മുന്നോട്ടെന്നു് സ്വകാര്യമായി പറയുന്നതു് കാണാൻ കഴിയും. സമൂഹയന്ത്രം പ്രവർത്തിപ്പിക്കാനുള്ള നിർമ്മിതികാരന്റെ ദർശനം കൂടിയാണിതു്. ഇതാണു് കലാനിർമ്മിതി സമൂഹത്തിനു നൽകുന്നതു്. അല്ലാതെ ആ നിർമ്മിതിയിലെ പ്രത്യക്ഷത്തിലുള്ള ആകർഷണ വാക്യങ്ങളോ ആകർഷണങ്ങളോ അല്ല. അതിന്റെ അടിത്തട്ടിലുള്ള ജിജ്ഞാസയാണു്. ആകർഷണ വാക്യങ്ങളോ ആകർഷണങ്ങളോ ആയിരുന്നെങ്കിൽ ലോകത്തു് ഒരൊറ്റ ഉല്പന്നമോ ഒരൊറ്റ ആശയമോ മാത്രമേ മുന്നേറുമായിരുന്നുള്ളൂ. മറിച്ചു് അതിനെ തന്നെ മറികടക്കുന്ന അടിത്തട്ടിലുള്ള ജിജ്ഞാസയിലെ റൈസോമാണു് ഇങ്ങനെ പ്രവർത്തിക്കുന്നതു്. അതിനു് എവിടേയും മുറിയാനും അവിടന്നു് കിളിർക്കാനുമുള്ള ശേഷിയുണ്ടു്. അതുകൊണ്ടാണു് ഇല്ലാത്ത പച്ച തളിർക്കുന്നതു്. ആകുലതകളിൽ ജീവിതം കണ്ടെത്തുന്നതു്.
‘ഇരുളിന്റെ അറകളിൽ നിന്നു് ഓർമ്മ എടുക്കുക’ (സഫലമീ യാത്ര) എന്നു് എൻ. എൻ. കക്കാടു് ജീവിതത്തോടു് പറയുന്നതു് ജീവിതത്തിനു് മറ്റൊരു സഫലതയുണ്ടെന്നു് മനസ്സിലാക്കുന്നതുകൊണ്ടാണു്. ജനലിനപ്പുറത്തു് അന്തർഗാമിയായ ജീവിതമുണ്ടു്. അതു് പ്രപഞ്ചത്തെ അറിയുന്നതും തന്നിലെ തളിർപ്പുകളെ വികസിപ്പിക്കുന്നതുമാണു്. വേദനകളെ വസന്തമാക്കുവാൻ അതിനാകും. ‘നിഴലുകളുടെ ലോകത്തു് നിഴലുകളെക്കുറിച്ചു് നിഴലുകളുടെ ഭാഷയിൽ എഴുതി കവിത ചൊല്ലാൻ’ കഴിയുന്നതു് വേദനകൾ, വേദനകൾ മാത്രമല്ലെന്നു് അറിയുന്നതിനാലാണു്. ഒരാവിഷ്ക്കാരത്തിനു് ദുരന്തത്തെ മാത്രമല്ല സംവേദിപ്പിക്കാനാവുന്നതു്. അതു് വിടർത്തുന്ന അനുഭൂതിയുടെ വസന്തമുകുളങ്ങളെകൂടി പുറത്തെടുക്കാനാവും. അതുകൊണ്ടാണു് നിഴലുകളുടെ ലോകത്തു പോലും നിർമ്മിതി നടത്താൻ കഴിയുന്നതു്. അതുകൊണ്ടാണു് സച്ചിദാനന്ദൻ ഈ കവിതയിൽ അദൃശ്യമായി പച്ച കാണുന്നതും സംവേദനത്തിനായി വിട്ടു നൽകുന്നതും. സ്വന്തം ശരീരത്തിലുണ്ടായ ക്യാൻസറിനെ കലാനിർമ്മിതിയാക്കി ട്രേസി എമിൻ ആവിഷ്ക്കരിച്ചതും അതിനാലാണു്. ഒരു ബോഡി പെർഫോമൻസിനേക്കാൾ നമുക്കതു് അനുഭവിക്കാനായെങ്കിൽ നിഴലിൽ നിഴലായി ആവിഷ്ക്കരിക്കപ്പെട്ടതിന്റെ സംവേദനം അതിലുണ്ടു്. താൻ ദുരന്തമാകുകയും കലാനിർമ്മിതിയായി മാറുകയും ചെയ്യുമ്പോൾ കല മുന്നേറുന്ന ദൂരത്തെയാണു അതു കാട്ടിത്തരുന്നതു്. കലയ്ക്കു് രോഗാതുരതയെ അതിജീവിക്കാനാവുമെന്നാണതു പറയുന്നതു്. ഇതു് അതിവാസത്തിനു ശേഷമുള്ള ശ്രാദ്ധമല്ല. നിരന്തര പ്രവർത്തനമാണു്. എങ്കിൽ മാത്രമെ അതിജീവിക്കാൻ കഴിയൂ. അതിനാൽ ഇല്ല എന്നുള്ളതാണു് ഇവിടെ അതിജീവനത്തിനുള്ള വഴി. ഇല്ല എന്ന സംവേദനമാണു് അതിജീവനത്തെ ഇവിടെ സാദ്ധ്യമാക്കുന്നതും.
അങ്ങനെ അല്ലായിരുന്നെങ്കിൽ സംവേദനം നേരെ തിരിച്ചാകുമായിരുന്നു. അതിനാൽ ‘പച്ച ഇല്ല’ എന്നതു് ‘പച്ച’ ഉണ്ടെന്നിടത്തെത്തിക്കുന്നു. ‘സെൽഫ്’ അതിനോടു ചേരുമ്പോൾ അതു് അതിജീവനത്തെക്കുറിച്ചുള്ള നിർമ്മിതിയായും മാറുന്നു. യഥാർത്ഥത്തിൽ ഈ കവിത ഈ പേരിലൂടെ അതിന്റെ നിർമ്മിതിയെ തന്നെ മാറ്റിമറിക്കുകയും ചെയ്യുന്നു. അതു് ‘പച്ച ഇല്ല’ എന്നാകുകയും സെൽഫ് ക്വാറന്റീൻ ഡയറിയുടെ ഭാഗമാകുകയും ചെയ്തതുകൊണ്ടു് സംവേദനം വേറെയായി മാറിയെന്നു മാത്രം. അതിനു് ഉടലും തലച്ചോറും ഹൃദയവുമുള്ളതുകൊണ്ടു് ബയോ ജനറ്റിക് ഗ്ലോബലൈസ്ഡ് പവറിനെ (ക്യാപ്പിറ്റലിസം) നേരിടേണ്ടതുമുണ്ടു് ‘പച്ച’യായി, പച്ചയുടെ സംവേദനമായി.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി ജോലി ചെയ്യുന്നു. അഞ്ചു് കവിതാ സമാഹാരങ്ങൾ, ഒരു ചിത്രകലാനിരൂപണ ഗ്രന്ഥം, 25 വിവർത്തന പുസ്തകങ്ങൾ.
(പോൾ ക്ലീ ചിത്രങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്.)