വേലായുധൻ എന്ന തന്റെ പേർ അവൻ വെറുത്തു. അച്ഛൻ അവനെ വിളിച്ചിരുന്നതു വേലപ്പ എന്നാണു്. ആ പേരും അവന്നിഷ്ടമല്ല. അവന്റെ ഉറ്റ ചങ്ങാതിമാർ അവനെ വിളിച്ചിരുന്നതു വേലായു എന്നാണു്. അതും അവനു വലിയ തൃപ്തിയുള്ളതായിരുന്നില്ല. എങ്കിലും അതു മറ്റുള്ള എല്ലാ പേരിനേക്കാളും ഭേദമായിരുന്നു. വേലായുധൻ എന്ന പേരിൽനിന്നുണ്ടാക്കാവുന്ന എല്ലാ നാമധേയങ്ങളും അവൻ വെറുത്തു—വേലു, വേലപ്പ, വേലായു, വേലായുധൻ, വേലായുട്ടി, വേലായുധൻകുട്ടി. ഇതിനെല്ലാം പുറമേ സ്കൂളിൽ പഠിക്കുന്ന ഒരു അധികപ്രസംഗിച്ചെക്കൻ വേലായുധസ്വാമി എന്നൊരു പുതിയ പേരുകൂടി അവനു കൊടുത്തിരിക്കുന്നു. അതാണു് അവൻ എല്ലാറ്റിലും വെച്ചു വെറുത്തതു്. വേലായുധൻ എന്ന പേരിൽനിന്നുണ്ടാക്കാവുന്ന എല്ലാ നാമങ്ങൾക്കും അറപ്പു തോന്നിക്കുന്ന ഒരു വല്ലായ്മയുണ്ടെന്നു് അവനു തോന്നി. ഒരു അസഹ്യത, ആ പേരു കേൾക്കുമ്പോൾ. അവനെ അമ്മ തവിടുകൊടുത്തു വാങ്ങിയതാണെന്നു നന്നെ കുട്ടിക്കാലത്തു പണ്ടു മറ്റുള്ള കുട്ടികൾ പറഞ്ഞു കളിയാക്കിയിരുന്നപ്പോൾ തോന്നിയിരുന്ന ഒരു കുണ്ഠിതവും അസഹ്യമായ മാനഹാനിയുമാണു് മേല്പറഞ്ഞ പേരുകൾ കേൾക്കുമ്പോൾ അവനു തോന്നിയിരുന്നതു്. അക്കാലങ്ങളിൽ, “മോൻ അമ്മയുടെ വയറ്റിൽ നിന്നുണ്ടായ കുട്ടിയാണു്?” എന്നു് അമ്മ പലവട്ടം ഭഗവതിയെ പിടിച്ചു ആണയിട്ടുകഴിഞ്ഞതിനു ശേഷമാണു് അവനു മനസ്സമാധാനം കിട്ടിയിട്ടുള്ളതു്.
അവന്റെ മുത്തച്ഛന്റെ പേർ വേലായുധൻ എന്നാണു്. അതാണു്, അവന്നും വേലായുധൻ എന്നു പേരിടാൻ കാരണം. തനിക്കു സ്വന്തമായി ഒരു പേരില്ലല്ലോ എന്നോർത്തു് അവൻ വിഷാദിച്ചു. പക്ഷേ, ഈ വിവരം അവൻ ആരോടും പറഞ്ഞില്ല. വാത്സല്യനിധിയായ അമ്മയോടുകൂടി ഇതിനെപ്പറ്റി അവൻ ഒരു വാക്കു മിണ്ടിയില്ല. വേലായുധൻ എന്ന തന്റെ പേരിന്റെ സ്ഥാനത്തു രാമദാസ് എന്നായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്നവൻ ആലോചിക്കാറുണ്ടു്. ആ പേർ അവനു വളരെ ഇഷ്ടപ്പെട്ടിട്ടുള്ളതാണു്. ആ പേർ ഇട്ടിരുന്നെങ്കിൽ മഠത്തിൽ രാമദാസ് എന്ന തന്റെ പേർ എം. ആർ. ദാസ്, രാമദാസ് മഠത്തിൽ, റാം ഡി. മഠത്തിൽ എന്നു്, ഏതെല്ലാം വിധത്തിൽ, ഭംഗിയായി എഴുതാമായിരുന്നു! ആ പേരുകൾ കേൾക്കുമ്പോൾത്തന്നെ എന്തൊരു പരിഷ്കൃതാശയത്വമാണു്. വേലപ്പേ എന്നോ വേലായുധസ്വാമി എന്നോ വിളിച്ചുകേൾക്കുമ്പോൾ ഒരാൾക്കു് എങ്ങനെയാണു് മനസ്സുഖം തോന്നുക? ആദ്യത്തെ പേരു കേട്ടാൽ അതു വല്ല ആയുധവുമാണെന്നു തോന്നും; രണ്ടാമത്തേതു കേൾക്കുമ്പോൾ കലശം കഴിക്കുന്നതിന്റെ ഓർമ്മയാണു് മനസ്സിൽ വരുക.
അച്ഛന്റെ സ്റ്റേഷനറി ഷാപ്പിൽ നിന്നു കടലാസ്സു പൊടിതട്ടി വെയ്ക്കുകയോ, മഷിക്കുപ്പികൾ അടുക്കിവെയ്ക്കുകയോ, മറ്റു വല്ല പ്രവൃത്തിയിലും വ്യാപൃതനായിരിക്കുകയോ ചെയ്യുമ്പോൾ വേലായുധൻ തന്റെ പേരിന്റെ ലക്ഷണക്കേടിനെപ്പറ്റി ആലോചിച്ചു വ്യസനിക്കാറില്ല. “വേലപ്പേ, ഇന്നു് ആ പാർസൽ വന്നുവോ?” അല്ലെങ്കിൽ “പെൻസിലിനും കടലാസിനുമുള്ള ആ ഓർഡർ ഇന്നയച്ചുവോ, വേലപ്പേ?” എന്നോ അച്ഛൻ അവനെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുമ്പോൾ തന്റെ പേരിന്റെ സൌന്ദര്യഹീനതയെപ്പറ്റി അവൻ ആലോചിക്കാറില്ല. വൈകുന്നേരം സ്കൂൾക്കുട്ടികൾ വന്നു “വേലായുധസ്വാമീ, ഒരു ക്വയർ കടലാസ്സ്… എനിക്കൊരു കുപ്പി മഷി…” എന്നിങ്ങനെ കളിയാക്കി ആജ്ഞാപിക്കുന്നതു കേൾക്കുമ്പോഴാണു് തന്റെ പേരിന്റെ അപരിഷ്കൃതത്വത്തെപ്പറ്റി അവൻ ആലോചിച്ചു ഖേദിക്കാറുള്ളതു്.
അച്ഛന്റെ സ്റ്റേഷനറി ഷാപ്പുകൊണ്ടു മിക്കവാറും അവന്റെ ലോകം അവസാനിച്ചിരുന്നുവെങ്കിലും, മനസ്സിലുള്ള അവന്റെ ലോകം റോമാൻസുകൊണ്ടു നിറഞ്ഞതായിരുന്നു. വർത്തമാന പത്രങ്ങൾ വേണ്ടപോലെ വായിക്കാൻ അവനു കഴിയാറില്ല. കഴിഞ്ഞെങ്കിൽത്തന്നെ വെള്ളപ്പൊക്കത്തിന്റെ വർത്തമാനവും കുത്തുമുറിക്കേസ്സുകളും സഖാക്കന്മാരുടെ ആളില്ലാത്ത പൊതുയോഗങ്ങളും മറ്റും അവനെ ആകർഷിക്കാറില്ല. പത്രങ്ങളിൽ അതല്ലാതെ മറ്റൊരു വർത്തമാനവുമില്ലതാനും. അതുകൊണ്ടു തന്റെ നിത്യപ്രവൃത്തികൾക്കിടയിൽ കിട്ടുന്ന വിശ്രമസമയം അവൻ ചെലവിട്ടിരുന്നതു ‘രാമദാസ് ’ എന്ന പേരിനെപ്പറ്റിയുള്ള ദിവാസ്വപ്നങ്ങളിലാണു്.
രാമദാസിനെ അവനു എത്ര നല്ലപോലെ അറിയാം! വെളുത്തു ദീർഘകായനായ രാമദാസ് കണ്ടാൽ നല്ല. പൌരുഷമുള്ള ആളാണു്. ആയാൾ ലജ്ജാശീലനല്ല, നിർഭയനുമാണു്. ചെറുപ്പക്കാരുടെ ഒരു നായകനാണു് രാമദാസ്. പന്തുകളിയിൽ ആയാളൊരു വിദഗ്ദ്ധനാണു്. സ്കൂൾ വാർഷികാവസരങ്ങളിലെ കായികമത്സരങ്ങളിൽ അവൻ സമ്പാദിക്കുന്ന കീർത്തിമുദ്രകൾ കണ്ടു സുന്ദരികളായ വിദ്യാർത്ഥിനികൾ അത്ഭുതപ്പെട്ടു സന്തോഷിച്ചു നില്ക്കാറുണ്ടു്. അവൻ ഖദർകൊണ്ടുള്ള ഒരു ലീഡർ ഷർട്ടിട്ടു സ്നേഹിതന്മാരൊന്നിച്ചു നടന്നുപോകുന്നതു കണ്ടാൽ ആരും രണ്ടാമതൊന്നു തിരിഞ്ഞുനോക്കും. തന്റെ ഷർട്ടിനു ചുളിവു പറ്റീട്ടുണ്ടോ എന്നു് അറിയുവാൻ ഷാപ്പുകളുടെ ചില്ലുജനാലകളിൽ കാണുന്ന തന്റെ പ്രതിബിംബത്തിൽ ആയാൾ നടന്നുപോകുമ്പോൾ നോക്കാറില്ല. കഷ്ടപ്പെടുന്നവരോടും സാധുക്കളോടും അയാൾക്കു വലിയ അനുകമ്പയുണ്ടു്. അവരെ ഉദാരമായി സഹായിക്കും. തന്റെ ജീവൻ പണയം വെച്ചും സൈക്കിളപകടങ്ങളിൽ നിന്നു് അയാൾ കുട്ടികളെ രക്ഷിച്ചിട്ടുണ്ടു്. ബഹളങ്ങളിൽനിന്നു സ്ത്രീകളെ അയാൾ രക്ഷപ്പെടുത്തും. അതു കഴിഞ്ഞ ഉടനെ അവിടെനിന്നു പിന്മാറുകയും ചെയ്യും. അവരുടെ കൃതജ്ഞത സ്വീകരിക്കാനോ, താനാരാണെന്നു് അറിയാനുള്ള അവരുടെ ഔത്സുക്യത്തെ തൃപ്തിപ്പെടുത്താനോ രാമദാസ് താമസിക്കാറില്ല.
എന്നാൽ മാതൃകാപുരുഷനായ രാമദാസിനെപ്പറ്റിയുള്ള ഇത്തരം ദിവാസ്വപ്നങ്ങളിൽനിന്നു് അവൻ ഇങ്ങനെ പെട്ടെന്നു ഉണർത്തപ്പെടും: “വേലായുധൻനായരേ, ഒരു കുപ്പി പ്രഭൂസ് ഇൻങ്ക്.” അതോടുകൂടി രാമദാസ് തിരോധാനം ചെയ്യുകയും, വേലായുധൻ നിരുന്മേഷകരങ്ങളായ ദിനകൃത്യങ്ങളിലേയ്ക്കു നീതനാവുകയും ചെയ്യും.
അന്നു വൈകുന്നേരം അവൻ രാമദാസിനെപ്പറ്റി ആലോചിച്ചിരിക്കുകയേ ആയിരുന്നില്ല. വേലായുധനായിത്തന്നെ അച്ഛനെ സഹായിക്കുന്ന കൃത്യത്തിൽ ഏർപ്പെട്ടിരിക്കുകയാണു്. ഒരു പാർസൽ വന്നിട്ടുണ്ടു്. അതു പൊളിച്ചു് അതിലെ സാധനങ്ങൾ ഓരോന്നായി അടുക്കിവെച്ചുകൊണ്ടു പീടികയുടെ പിന്നിലെ മുറിയിൽ നില്ക്കുകയാണു്. പാർസലിൽ നിന്നു പല തരത്തിലുള്ള മഷിക്കുപ്പികളെ പുറത്തെടുത്തു. ഒറ്റ ഒന്നെങ്കിലും പൊട്ടിയിട്ടില്ല. സാധനങ്ങൾ പാക്കു ചെയ്യുന്നതിൽ ഈ ഇംഗ്ലീഷുകമ്പനിക്കാർക്കു് എന്തൊരു പാടവമാണു് എന്നു് അവൻ, മഷിക്കുപ്പികൾ ഭംഗിയായി വെച്ചിരിക്കുന്നതു കണ്ടു്, മനസ്സിൽ വിചാരിച്ചു. അങ്ങനെ വിചാരിച്ചു കൊണ്ടു് അവ പുറത്തെടുത്തുകൊണ്ടിരിക്കേ ഒരു മഷിക്കുപ്പി യദൃച്ഛയാ അവന്റെ കയ്യിൽ നിന്നു വീഴുകയും പൊട്ടി തവിടുപൊടിയാവുകയും ചെയ്തു.
അവൻ കുപ്പിക്കഷ്ണങ്ങൾ വാരിക്കളഞ്ഞു. സാരമില്ല, ഒരു മഷിക്കുപ്പി പൊട്ടിയതു വലിയ കാര്യമല്ല. കവിഞ്ഞാൽ ഒന്നിനു നാലുപൈ വില വീഴും. മഷിക്കുപ്പികളുടെ ഒരു പെട്ടിയെടുത്തു് അവൻ ഷാപ്പിന്റെ മുൻവശത്തേയ്ക്കു വന്നു. ആ സന്ദർഭത്തിലാണു് അച്ഛൻ ഒരു ചെറിയ പാക്കറ്റു പൊളിക്കുന്നതു കണ്ടതു്. ചതുരശ്രാകാരത്തിലുള്ള ആ ചെറിയ പാക്കറ്റിൽ എന്താണുള്ളതെന്നു അതു കണ്ട ഉടനെ അവനു മനസ്സിലായി. അതവന്റെ പരമരഹസ്യമാണു്. അതുകൊണ്ടു്, അച്ഛൻ ആ പാക്കറ്റു പൊളിക്കുന്നതു കണ്ടപ്പോൾ അവന്റെ അകം കാളുകയും കൈകൾ വിറയ്ക്കുകയും ചെയ്തു. ആ പരിഭ്രമത്തിൽ അവന്റെ പക്കൽനിന്നു മഷിക്കുപ്പികൾ ഒന്നോടെ താഴെ വീണു് പൊട്ടിയേനെ.
ഒരാഴ്ച മുമ്പു വേലായുധൻ ഓർഡർ ചെയ്ത പാക്കറ്റാണു് അതു്. അതിന്റെ ഉള്ളിലുള്ളതു കുറ്റകരമായ യാതൊരു സാധനവുമല്ല. പക്ഷേ, അതവന്റെ ഒരു രഹസ്യമാണു്. നിർഭാഗ്യവശാൽ ഇപ്പോൾ അതു പൊളിക്കാൻ കിട്ടിയതു് അച്ഛന്റെ കൈവശമാണു്. ഇടത്തെ കൈയിൽ പാക്കറ്റുപിടിച്ചു് വലത്തെ കൈകൊണ്ടു അതു കെട്ടിയിരിക്കുന്ന നാട പതുക്കെ അഴിച്ചുകൊണ്ടിരിക്കുന്ന അച്ഛനെ നോക്കിക്കൊണ്ടു് ഒരു നിമിഷനേരം അവൻ നിന്നു. ഷാപ്പിലേയ്ക്കുള്ള ഒരു സാധനമാണന്നു തെറ്റിദ്ധരിച്ചാണു് അച്ഛൻ അതു കെട്ടഴിക്കുന്നതെനന്നു് അവന്നു മനസ്സിലായി. പെട്ടിയുടെ മൂടി നീക്കി അതിന്നുള്ളിൽ നിന്നു ഒരു കഷ്ണം കടലാസ്സെടുത്തു് അച്ഛൻ വായിച്ചു: “എം. ആർ. ദാസ്”
കാര്യം മനസ്സിലാവാത്ത ഒരത്ഭുതഭാവം മുഖത്തു പ്രകാശിപ്പിച്ചുകൊണ്ടു് അച്ഛൻ ചോദിച്ചു: “ഏതാണു് ഈ എം. ആർ. ദാസ് ? അങ്ങനെ ഒരാൾ ഇവിടെ ഇല്ലല്ലോ.”
അതിനുശേഷം പാക്കറ്റു പൊതിഞ്ഞുവന്ന കടലാസ്സെടുത്തു നോക്കി അദ്ദേഹം പറഞ്ഞു: “ഇതിന്റ മേൽവിലാസം നിനക്കാണല്ലോ എഴുതിയിരിക്കുന്നതു്, വേലപ്പേ.”
അതെനിക്കുള്ളതാണു്. പേർ മാറ്റി കത്തു കടലാസ്സ് അടിപ്പിച്ചതാണു്” എന്നു മറുപടി പറഞ്ഞു വേലായുധൻ നിലത്തു നോക്കി നിന്നു.
അച്ഛന്റെ മുഖഭാവം അത്ഭുതത്തിൽനിന്നു ദേഷ്യമായി മാറി. അദ്ദേഹം പറഞ്ഞു: “ഓഹോ, നിനക്കു് അച്ഛനും അമ്മയും തന്ന പേരു ചന്തം ബോധിച്ചില്ല, അല്ലേ?” അല്പം മിണ്ടാതിരുന്നതിനുശേഷം ദേഷ്യം സഹിക്കവയ്യാതെ അദ്ദേഹം വീണ്ടും പറഞ്ഞു: “ഈ പേരുകൊണ്ടു മതിയാക്കിയതു് എന്തിനേതു്? റാവുബഹദൂർ എം. ആർ. ദാസ്, എം. എ., പിഎച്ച്. ഡി. എന്നു് അച്ചടിപ്പിക്കാമായിരുന്നില്ലേ. തണ്ടുതപ്പി? എടുത്തുകൊണ്ടുപോ, കഴുതേ!”
ഇതു പറഞ്ഞു് അയാൾ പാക്കറ്റെടുത്തു ഒരേറു കൊടുത്തു. എന്നിട്ടു ഷാപ്പിന്റെ ഉള്ളിലേയ്ക്കു് എഴുനേറ്റുപോയി. പോകുന്ന വഴിക്കു് അച്ഛൻ പിറുപിറുക്കുന്നതു മകൻ കേട്ടു: ‘എം. ആർ. ദാസ്, എം. ആർ. ദാസ്! പിള്ളരുടെ ബുദ്ധി പോകുന്ന പോക്കു കണ്ടില്ലേ? അച്ഛനും അമ്മയും കൊടുത്ത പേർ ബോധിക്കുന്നില്ല പോലും!’
വേലായുധന്റെ ഉത്സാഹം കെട്ടു. ഈ കത്തുകടലാസ്സുകൾ ലോകത്തിലുള്ള മറ്റൊരാളെയും കാണിക്കില്ലെന്നു് അവൻ ശപഥം ചെയ്തിരുന്നു. അതു് ഒരു പരമ രഹസ്യമായി വെക്കണമെന്നാണു് അവൻ തീർച്ചപ്പെടുത്തിയിരുന്നതു്. ഇപ്പോൾ, ഇതാ, അതുമുഴുവൻ അച്ഛൻ അറിഞ്ഞുകഴിഞ്ഞു. അവനു അച്ഛനോടു് അതികലശലായ ഈറ ജനിച്ചു. ഏറ്റവും നിസ്സാരമായ ഒരു കാര്യത്തിന്മേൽ തന്നെ അച്ഛൻ ആവശ്യത്തിലധികം അപമാനിച്ചു. എന്നൊരു ബോധം അവന്റെ ഉള്ളിൽ അങ്കുരിച്ചു. ആ ഒരുനിമിഷത്തിൽ അച്ഛനെ കുത്തിക്കൊന്നാൽത്തന്നെ എന്താണെന്നു് ഒരു തോന്നൽ അവനുണ്ടായി.
എന്നാൽ ആ ഭയങ്കരനിമിഷം അവസാനിച്ചപ്പോൾ, അച്ഛൻ തന്നെ മനഃപൂർവ്വം അവമാനിക്കാനായിരിക്കയില്ല ആ പാക്കറ്റഴിച്ചതു് എന്നവൻ ആലോചിച്ചു. അച്ഛൻ സ്വതവേ ദയാലുവും മാന്യനുമാണു്. മറ്റുള്ളവർക്കുള്ള തപാലുകൾ അദ്ദേഹം പൊട്ടിക്കുക പതിവില്ല. അന്നതു് അബദ്ധത്തിൽ പറ്റിയതാവണം. എന്നിരിക്കിലും അച്ഛന്റെ സ്വഭാവം വല്ലാത്തൊരു മട്ടാണു്. താൻ വിചാരിക്കുന്നപോലെ മറ്റെല്ലാവരും വിചാരിച്ചുകൊള്ളണമെന്നാണു് അദ്ദേഹത്തിന്റെ മതം എന്നു തോന്നും. അത്ര രൂക്ഷമായിട്ടാണു് അഭിപ്രായ വ്യത്യാസമുള്ളവരോടു് അദ്ദേഹം പെരുമാറുക. അദ്ദേഹത്തെപ്പോലെ പ്രായം ചെന്നവരോടുകൂടി ഇതാണു് മട്ടു്. പിന്നെ തന്നെപ്പോലുള്ളവരോടുള്ള കഥ പറയണോ എന്നാലോചിച്ചു മകൻ സമാധാനിച്ചു.
ഇങ്ങനെ ശാന്തമായി കുറച്ചാലോചിച്ചുകഴിഞ്ഞതിന്നുശേഷം തന്റെ പക്കലാണു് തെറ്റു് എന്നവൻ തീർച്ചപ്പെടുത്തിയെങ്കിലും, ഒരുന്മേഷഹീനതയും ശൂന്യതയും അവനെ ബാധിച്ചു. സഹിഷ്ണുതയും സഹതാപവും ലഭിക്കാത്ത ഈ ലോകത്തിൽ കഴിച്ചുകൂട്ടുന്നതിൽ യാതൊരാനന്ദവുമില്ലെന്നു് അവൻ വിചാരിച്ചു. ഇനി മുതൽ അച്ഛനു് അവനെപ്പറ്റിയുള്ള വിശ്വാസവും മതിപ്പും കുറഞ്ഞുവരും. പണ്ടുതന്നെ അച്ഛനു ഷാപ്പുനടത്തിപ്പിലുള്ള മകന്റെ സാമർത്ഥ്യക്കുറവിനെപ്പറ്റി ആക്ഷേപമുണ്ടു്: “നിനക്കു് ഇംഗ്ലീഷുവിദ്യാഭ്യാസം ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. പത്തൊമ്പതു വയസ്സു കഴിയുകയും ചെയ്തു. എന്നിട്ടും എനിക്കു് ഒമ്പതു വയസ്സിൽ നിശ്ചയമുണ്ടായിരുന്ന കാര്യങ്ങൾ കൂടി നിനക്കു നിശ്ചയമില്ല” എന്നു് അച്ഛൻ അവനെ ഇടയ്ക്കു ശകാരിക്കാറുണ്ടു്. ഈ ആക്ഷേപം അവൻ കലശലായി വെറുത്തിരുന്നു. കാരണം അതിൽ വാസ്തവാംശം കുറച്ചുണ്ടായിരുന്നു. അതിലധികം അച്ഛനെപ്പോലുള്ളവർക്കു തന്നെപ്പോലുള്ള ചെറുപ്പക്കാരുടെ ആഗ്രഹാഭീഷ്ടങ്ങൾ അഭിനന്ദിക്കാനറിയില്ലെന്നു് ഒരു കുണ്ഠിതവും ഉണ്ടായിരുന്നു.
എന്നാൽ ഈമാതിരി വ്യർത്ഥങ്ങളായ ആലോചനകൾകൊണ്ടു് അധികനേരം കഴിക്കാൻ അവനു കഴി ഞ്ഞില്ല. അതിനുമുമ്പു് ഒരു കുട്ടി വന്നു, “വേലായുധൻ നായരേ, ഒരു റീം കടലാസ്സ്?” എന്നു ചോദിച്ചു അവനെ ഈ ആലോചനകളിൽ നിന്നുണർത്തി.
അന്നു രാത്രി ഉണ്ണാനിരിക്കുമ്പോൾ അച്ഛൻ യാതൊന്നും സംസാരിച്ചില്ല. അവനും ഒന്നും പറഞ്ഞില്ല. അമ്മമാത്രം പതിവുപോലെ ഉന്മേഷത്തോടെ ഓരോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടു് അന്നു നടന്ന സംഭവങ്ങൾ അച്ഛൻ അമ്മയോടു പറഞ്ഞിട്ടില്ലെന്നു് അവൻ തീർച്ചപ്പെടുത്തി. അതവനെ അല്പം സന്തോഷിപ്പിച്ചു. പക്ഷേ, അച്ഛന്റെ അന്നത്തെ അസഹ്യമായ പെരുമാറ്റത്തെപ്പറ്റി ഓർത്തപ്പോൾ അദ്ദേഹത്തിന്റെ തല പൊട്ടിത്തെറിച്ചെങ്കിൽ നന്നായിരുന്നു എന്നു് ഒരു നൂറാമത്തെ തവണ അവൻ ആലോചിച്ചു. എന്നാൽ അവന്റെ ഹൃദയാന്തർഭാഗത്തു് അച്ഛനെപ്പറ്റി അഭിമാനംകൊള്ളണമെന്നു് അത്യധികമായ ഒരാഗ്രഹം കുടികൊണ്ടിരുന്നു. പക്ഷേ, ഷാപ്പിലെ സാധനങ്ങളെപ്പറ്റിയും അവ വിറ്റു പണമാക്കുന്നതിനെപ്പറ്റിയും മാത്രം ആലോചിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെപ്പറ്റി ഒരാൾക്കു് എത്രകണ്ടു് അഭിമാനം കൊള്ളാൻ കഴിയും എന്നവൻ വിചാരിച്ചു.
ഈ വർത്തമാനങ്ങൾ, അമ്മയോടു പറയാൻ തരമുണ്ടോ? അമ്മ എത്രതന്നെ പുത്രവാത്സല്യമുള്ളവളാണങ്കിലും പറയാനുള്ള കാര്യം അച്ഛനെപ്പറ്റിയുള്ളതല്ലേ, അതുകൊണ്ടു പറയാൻ പാടുണ്ടോ, എന്നെല്ലാം വിചാരിച്ചു് അവൻ മൌനിയായിരുന്നു.
അത്താഴം കഴിഞ്ഞു കുപ്പായമെടുത്തിട്ടു് അവൻ സിനിമ കാണുവാൻ പോവാൻ അച്ഛന്റെ സമ്മതം ആവശ്യപ്പെട്ടു. അച്ഛൻ “ഉം…” എന്നു സമ്മതം മൂളിയെങ്കിലും, “ഈ തണുപ്പിൽ ഞാനാണെങ്കിൽ എങ്ങും പോവാതെ ഒരിടത്തു വേഗം കിടക്കുകയാണു്. ചെയ്യുക” എന്നു് അവൻ കേൾക്കെ അമ്മയോടു പറയുന്നതു കേട്ടപ്പോൾ സിനിമയ്ക്കു പോകേണ്ടെന്നു് അവൻ തീർച്ചപ്പെടുത്തി; എന്നിട്ടും അഭിമാനം നിമിത്തം പുറത്തിറങ്ങി നടന്നു.
നക്ഷത്രനിബിഡമായി ശാന്തമായ അന്തരീക്ഷം. നിശ്ശബ്ദവും ജനശൂന്യവുമായ നിരത്തു് അതിൽക്കൂടി മന്ദമന്ദം നടന്നുപോകുമ്പോൾ താനൊരു നന്ദിയില്ലാത്തവനാണെന്നു വേലായുധൻ വിചാരിച്ചു. സുഖമായി താമസിക്കുവാൻ തനിക്കൊരു വീടുണ്ടു്. ശങ്കരന്റെ ചെറ്റക്കുടിൽപോലുള്ള ഒരു വീടല്ല തന്റേതു് എന്നോർത്തു് അവൻ സന്തോഷിച്ചു. തന്റെ ഭാവിജീവിതത്തെ ക്ലേശകരമല്ലാതാക്കാനായി വയസ്സുകാലമായിട്ടും അച്ഛൻ പ്രവൃത്തിയെടുത്തു സമ്പാദിക്കാൻ നോക്കുന്നു. അമ്മയാകട്ടേ, വാത്സല്യനിധിയും വിശ്രമരഹിതയുമാണു്. ഈ കാരണങ്ങളാൽ അവൻ അച്ഛനോടും അമ്മയോടും അത്യന്തം കൃതജ്ഞനാണു്. എന്നിരിക്കിലും ആ വീട്ടിൽനിന്നു രക്ഷപ്പെടുവാൻ അവൻ ആഗ്രഹിച്ചു. ആ വീട്ടിലാണെങ്കിൽ അവനെപ്പോഴും വേലപ്പയായിത്തന്നെ കഴിയേണ്ടിവരും. അവനാഗ്രഹിക്കുന്നതാകട്ടേ, അപകടങ്ങളും അത്ഭുതസംഭവങ്ങളും നിർഭയം നേരിടുന്ന പുതിയ ചെറുപ്പക്കാരനായ രാമദാസനായിത്തീരാനാണു്.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)