ബി. കെ. മേനോൻ ബാർ-അറ്റ്-ലാ, വിമലയെ വിവാഹം കഴിച്ചിട്ടു കഷ്ടിച്ചു രണ്ടുമാസമേ ആയിട്ടുള്ളൂ. അപ്പോഴാണു്, അയാൾ കിടപ്പുമുറിയിൽ വെച്ചിരുന്ന ഒരു മരപ്പെട്ടിയിന്മേലേയ്ക്കു ഭാര്യയുടെ ശ്രദ്ധയെ ആകർഷിച്ചതു്.
വിമല മനോഹരമായ കഴുത്തു കുനിച്ചു് അതിന്റെ ഭംഗി നോക്കി രസിച്ചു. “പണി വൃത്തിയായിട്ടുണ്ടു്,” അവൾ പറഞ്ഞു: “അല്ലാ, മേല്പലകയിലെ ഈ വിടവെന്തിനാണു്? ഓ, മനസ്സിലായി; വീട്ടിലെ സേവിങ്സ് ബാങ്കാണു് അല്ലേ?”
മേനോൻ വളരെ ഗൌരവത്തിൽ കർക്കശമായ രീതിയിൽ മറുപടി പറഞ്ഞു. “അതു ബാങ്കൊന്നുമല്ല. അതൊരാക്ഷേപപ്പെട്ടിയാണു്.”
“ആക്ഷേപപ്പെട്ടിയോ!”
“ആ, അതേ. പാശ്ചാത്യരാജ്യങ്ങളിൽ ചില ഹോട്ടലുകളുടെ ഉമ്മറത്തു ഇതുപോലെ കാണാം. ‘ഞങ്ങളുടെ പരിചരണം കൂടുതൽ നന്നാക്കുവാനുള്ള നിദ്ദേർശങ്ങളും ആക്ഷേപങ്ങളും ഈ പെട്ടിയിൽ ഇടുക.’”
“പക്ഷേ, എനിക്കു് എന്താക്ഷേപം ഉണ്ടാവാനാണു്?”
“ഉണ്ടാവരുതു് എന്നാണു് എന്റെയും പ്രാർത്ഥന,” അയാൾ ഇതു പറഞ്ഞതു വലിയ മനഃപ്രസാദത്തോടുകൂടിയല്ല. കാരണം, ഭാര്യയെക്കുറിച്ചു തനിക്കുള്ള ചില ആക്ഷേപങ്ങൾ ഏതുതരത്തിലാണു് പ്രകടിപ്പിക്കേണ്ടതെന്നാലോചിച്ചു് അയാൾ കുഴങ്ങുകയായിരുന്നു. മുഖം വീർപ്പിക്കലും കണ്ണിൽ വെള്ളം നിറയ്ക്കലും കരച്ചിലും മറ്റും കൂടാതെ അതു നിവർത്തിച്ചു കിട്ടുക ബഹുപ്രയാസമാണു്. വിമല വളരെ സുന്ദരിയാണു് തന്നെയല്ലാ, അയാൾ അവളെ അതിയായി സ്നേഹിക്കുകയും ചെയ്യുന്നു. എന്നാൽ അവളുടെ അശ്രദ്ധയും സൂക്ഷ്മക്കുറവും! തന്നെയോ? ആ ദേഷ്യം പിടിപ്പിക്കുന്ന മറവിയും, മറ്റും.
“കാര്യം ഇതാണു്,” അയാൾ കൂടുതൽ വിവരിച്ചു കൊടുത്തു: “എനിക്കു്—അതായതു നമുക്കു പരസ്പരം വല്ല ആക്ഷേപവും ഉണ്ടായെന്നിരിക്കട്ടെ, എന്നാൽ അതിനെക്കുറിച്ചു ബാലിശമായ വാദപ്രതിവാദവും ലഹളയും മറ്റും വേണ്ടാ. അതു് എനിക്കു്, അതായതു നമുക്കു്, ഒരു കഷ്ണം കടലാസ്സിലെഴുതി ഈ പെട്ടിയിലിടാം. എന്നുവെച്ചാൽ, അതിനെപ്പറ്റി ആവേശത്തോടേ ലഹള കൂട്ടുകയും മറ്റും, വേണ്ടാ; വാദപ്രതിവാദം ഒരു കാര്യത്തിനെയും പറ്റി ചെയ്യില്ലെന്നുള്ളതു്. ഒരു നിർബ്ബന്ധമായ നിയമമായിരിക്കണമെന്നു താൽപര്യം.”
വിമല സാവധാനത്തിൽ പെട്ടി തുറന്നുനോക്കി. അതു കണ്ടാൽ, അതിന്റെ ഉള്ളിൽനിന്നു് എന്തെങ്കിലും ഇപ്പോൾ പൊട്ടിത്തെറിക്കും എന്നു തോന്നും. അതിന്റെ ഉള്ളിൽ അയാളുടെ വല്ല ആക്ഷേപങ്ങളും വരാൻ തുടങ്ങിയോ എന്നു നോക്കാനാണു് അവളതു തുറന്നതു്. അമ്മമാർ മക്കളുടെ പേരിൽ ചെറിയ തുകകൾ സമ്പാദിക്കാൻ ആദ്യത്തെ ഇടപ്പിറന്നാൾ മുതൽ നന്നാലണയുടെ നാണ്യം ഇട്ടു സൂക്ഷിക്കൽ പതിവുണ്ടല്ലോ; അതുപോലെ വല്ലതും ഉണ്ടോ? പെട്ടി ശൂന്യമായിരുന്നു.
അങ്ങനെ ഒരു മാസം കഴിഞ്ഞു. തന്റെ ആ സമ്പ്രദായം തീരെ നിർദ്ദോഷമാണെന്നു പറയാൻ പാടില്ലെങ്കിലും അതുകൊണ്ടു ഗുണമുണ്ടെന്നു മേനോൻ കണ്ടു. തന്റെ എല്ലാ നിർദ്ദേശങ്ങൾക്കും ഉടനടി ഫലം കണ്ടിരുന്നു എന്നല്ല താൽപര്യം; ചിലവയ്ക്കു പൊടുന്നനെ ഫലം കണ്ടില്ലെന്നുമില്ല അതിലെല്ലാം വെച്ചു മെച്ചം, വീട്ടിലെ ശാന്തമായ, സമാധാനപരമായ, അന്തരീക്ഷമത്രേ. ദാമ്പത്യ സാധാരണമായ ചില്ലറ കശപിശകളും അതിനെത്തുടർന്നുണ്ടാവാറുള്ള ലഹളകളും കരച്ചിലും മുഖം വീർപ്പിക്കലുമൊന്നും ആ കുടുംബത്തിന്റെ സമാധാനത്തെ അലങ്കോലപ്പെടുത്തിയില്ല. നിശ്ശബ്ദത സനിഷ്കർഷം പാലിക്കപ്പെട്ടു എന്നുവെച്ചാൽ, കുടുംബകലഹങ്ങൾക്കു് ഇടംകൊടുക്കുന്ന വിഷയങ്ങളെസ്സംബന്ധിച്ച നിശ്ശബ്ദത. ഒരു നിർദ്ദേശപത്രികയ്ക്കു ഫലമില്ലെന്നു കണ്ടാൽ വീണ്ടും അയാൾ അതിനെപ്പറ്റി എഴുതും. എന്നിട്ടുമില്ലെങ്കിൽ പിന്നെയും എഴുതും. ഒരു വിഷയത്തെപറ്റി എത്ര തവണ എഴുതേണ്ടിവന്നാലും അയാളതു വലിയ സാരമായിഗ്ഗണിച്ചില്ല; അതിനെപ്പറ്റി ശബ്ദിക്കരുതു് എന്ന വ്രതം നിഷ്കർഷയോടെ ആദരിച്ചു പോന്നു.
അങ്ങനെയിരിക്കെ ആ ഭയങ്കരമായ വിഷമഘട്ടം എത്തിച്ചേർന്നു. മേടമാസത്തിലെ മനോഹരമായ ഒരു പ്രഭാതം; അയാൾ പതിവിലും നേരത്തേ എഴുനേറ്റു് ഉമ്മറത്തേയ്ക്കു വന്നു. തലേദിവസം ഒരു മഴ ചാറിയിരുന്നതു കൊണ്ടു്, വിശേഷിച്ചും ആകർഷകമായിരുന്നു ആ പ്രഭാതം. അതുകൊണ്ടു പതിവില്ലാത്ത ഉന്മേഷത്തോടുകൂടിയാണു അയാൾ പുറത്തേയ്ക്കു വന്നതു്. മുറ്റത്തിറങ്ങി അല്പം നടന്നപ്പോൾ. തലേന്നാൾ വടക്കു പുറത്തു് ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ അങ്ങനെതന്നെ നനഞ്ഞു തൂങ്ങിനില്ക്കുന്നതു കണ്ടു.
അല്പം ക്ഷോഭത്തോടുകൂടി അയാൾ അകത്തേയ്ക്കു പോയി എഴുതാനിരുന്നു: “പുറത്തു് ഉണങ്ങുവാനിടുന്ന വസ്ത്രങ്ങൾ രാത്രി എടുത്തു മാറ്റണമെന്നു മൂന്നാമത്തെത്തവണ പറഞ്ഞുകഴിഞ്ഞു. മാത്രമല്ല, പടിവാതിൽ അടച്ചുപൂട്ടിയിട്ടില്ല—നാലാമത്തെ നോട്ടീസ്. അവിടേയും അവസാനിക്കുന്നില്ല: പശുക്കുട്ടിയെ പിടിച്ചു കെട്ടിയില്ല അഞ്ചാമത്തേതു്. ഇതൊന്നും ചെയ്തിരുന്നില്ലെന്നുള്ളതു പോകട്ടെ; എന്നെ അധികം വേദനിപ്പിക്കുന്നതു് കുടുംബകാര്യങ്ങളിൽ വിമല കാണിക്കുന്ന ഈ മാറാത്ത അശ്രദ്ധയാണു്. ഇതു ദാമ്പത്യജീവിതത്തെ സുഖകരമല്ലാതാക്കും.”
അയാൾ പെൻസിലിന്റെ തല കടിച്ചു കൊണ്ടു കുറച്ചു നേരം, ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ രൂപത്തെ സ്മരിച്ചുകൊണ്ടിരുന്നു. വീണ്ടും തുടർന്നു: “ഈ സംഗതികളിൽ കുറെക്കൂടി ശ്രദ്ധ ചെലുത്തിക്കാണുവാൻ അപേ…”
ഈ നിലയ്ക്കു കുറെ ഭംഗിയായ രീതിയിൽ അയാളതു് എഴുതിത്തീർത്തേനേ; അപ്പോഴയ്ക്കും, മനസ്സിന്റെ ശാന്തമായ സ്ഥിതിക്കൊത്തവണ്ണം ഇരിപ്പിനേയും ഒന്നു സുഖപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ കാൽമുട്ടു്, പകുതി തുറന്നുവെച്ചിരുന്ന മേശയുടെ വലിപ്പിന്മേൽ വല്ലാത്തൊരു മുട്ടു മുട്ടി. അസാമാന്യമായി വേദനിച്ചു. അയാൾ വലിപ്പിനുള്ളിലേയ്ക്കു നോക്കി. അവിടെ യാതൊരു ക്രമവുമില്ലാതെ, കത്തുകടലാസ്സുകളും എഴുത്തുകളും രശീതികളും ഹെയർപിന്നുകളുമെല്ലാം താറുമാറായി ചിന്നിച്ചിതറിക്കിടക്കുന്നു. മേനോന്റെ പ്രകൃതം ആകെയൊന്നു മാറി. ഉദിച്ചുവന്നിരുന്ന ശാന്തഭാവം, യാതൊരു ദയയും കൂടാതെ ഭയങ്കരമായ ശുണ്ഠിയായി മാറി.
പിന്നെ, എത്ര കടലാസ്സിൽ, കലശലായ ഭാഷയിൽ, എന്തൊക്കെയാണെഴുതിക്കൂട്ടിയതെന്നു് അയാൾക്കു തന്നെ അറിഞ്ഞുകൂടാ. ഒടുവിൽ, എഴുതിത്തീർന്നതിന്നു ശേഷം, ഒരാവൃത്തി വായിച്ചു്, ‘ഇതു അധികമായിട്ടില്ല’ എന്നു സമാധാനിച്ചു് അതുംകൊണ്ടു മുകളിലേയ്ക്കു ചെന്നു.
വിമല ഉണർന്നിരുന്നില്ല; അവൾ തലമുടി ചിന്നിച്ചിതറി, കൈത്തണ്ട ഉപധാനമാക്കി, ഒരു ഭാഗത്തേയ്ക്കു ചെരിഞ്ഞുകിടന്നു് അപ്പോഴും ഉറങ്ങുകതന്നെയാണു്. ആക്ഷേപപത്രിക സാമാന്യത്തിലധികം വലുതായിരുന്നതുകൊണ്ടു്, അതു മേല്പലകയുടെ വിടവിലൂടേ കൊണ്ടില്ല. അയാൾ പെട്ടി തുറന്നു. ആ പെട്ടി അവിടെ വെച്ചതിനുശേഷം അയാളതു തുറക്കുന്നതു് ഇതാദ്യമായിട്ടാണു്. അകത്തു നോക്കിയപ്പോൾ, ആക്ഷേപക്കത്തുകളെല്ലാം ഇട്ടപടി മടക്കു നിവർത്താതെ കിടക്കുന്നതു കണ്ടു. അയാൾ അവയെല്ലാം നിലത്തു കൊട്ടി. അയാളുടെ കയ്യക്ഷരത്തിലുള്ളവ മാത്രമല്ലാ, വിമലയുടെ കയ്യക്ഷരത്തിലും അതിൽ ചില കത്തുകൾ! “വിമലയ്ക്കു് എന്റെ പേരിൽ എന്താക്ഷേപം ഉണ്ടാവാനാണു്?” ചില കത്തുകൾ അയാൾ തുറന്നുനോക്കി! “താക്കോൽ ആപ്പീസിൽ മറന്നുംവെച്ചു് ഇവിടെ വന്നു ഇനി ലഹളകൂട്ടിയാൽ ഞാൻ ഇവിടെനിന്നു പോവും”… “ദയവുചെയ്തു് എനിക്കു വരുന്ന കത്തുകൾ പൊളിക്കരുതു്…” “കാർഷികാശ്വാസബില്ലും മറ്റും വിവരിച്ചു മനസ്സിലാക്കിത്തരാൻ മിനക്കെട്ടു് എന്നെ ബോറാക്കാതിരിക്കണം”… “സാരി കീറിയിട്ടുള്ള വിവരം പറയാൻ, പുറത്തിറങ്ങി കുറേ ദൂരം പോകുന്നതുവരെ കാക്കണമെന്നില്ല”… “പുറത്തേയ്ക്കിറങ്ങുമ്പോൾ പെട്ടിയുടെ താക്കോൽ ഇവിടെവെച്ചു…”
കട്ടിലിന്മേൽ ഒരനക്കം; വിമല പതുക്കെ കണ്ണു മിഴിച്ചു് എഴുനേല്ക്കാനുള്ള ഭാവമാണു്. അയാൾ ധൃതിയിൽ കടലാസ്സുകളെല്ലാം എടുത്തു പോക്കറ്റിൽ നിറച്ചു. വിമല എഴുനേറ്റിരുന്നു തലമുടി ഒതുക്കിക്കെട്ടുമ്പോൾ, അയാൾ ഒഴിഞ്ഞ പെട്ടിയും കയ്യിൽപ്പിടിച്ചു നില്ക്കുകയായിരുന്നു.
“അല്ലാ, എന്താ ഇത്ര നേർത്തെ എണീറ്റു ചെയ്യുന്നതു്?”
അവളുടെ വിടർന്ന കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ടിരിക്കേ, തന്റെ പ്ലാൻ പ്രതീക്ഷിച്ചതിലധികം ഫലവത്തായി എന്നു് അയാൾക്കു ബോധപ്പെട്ടു. ആ ആക്ഷേപങ്ങൾ മുഴുവനും വായിക്കപ്പെടാതെ അതേപടി പെട്ടിയിൽ കിടക്കുകയായിരുന്നു; അസ്വരസങ്ങളും വാദപ്രതിവാദങ്ങളും, അവയെ തുടർന്നു കണ്ണീരും ഉണ്ടാക്കുമായിരുന്ന ആ വിഷയങ്ങൾ ഒരൊച്ചപ്പാടും കൂടാതെ അതിൽച്ചെന്നു ലയിച്ചിരുന്നു. അപ്പപ്പോഴുണ്ടാകുന്ന രൂക്ഷങ്ങളായ മനഃക്ഷോഭങ്ങളെല്ലാം അങ്ങനെതന്നെ അതാതു നിമിഷം കടലാസ്സിൽപ്പകർന്നു നിശ്ശബ്ദമായി ആ പെട്ടിയിൽച്ചെന്നു സ്ഥലം പിടിക്കുകയും, പിന്നീടു മറക്കപ്പെടുകയും ചെയ്തു.
“ഈ പെട്ടി ഒന്നാണിയിട്ടുറപ്പിക്കാൻ പുറത്തേയ്ക്കെടുക്കയാണു്.”
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)